images/chayakkada-cover.jpg
Anselm Kiefer artwork, an installation by Anselm Kiefer (1945–).
ചായക്കടയിലെ മിശ്രഭോജനം
സി. എസ്. വെങ്കിടേശ്വരൻ
images/chayakkada-01x.png

സഹോദരനയ്യപ്പന്റെ യും വിടി യുടെയുമൊക്കെ ശ്രമങ്ങളെത്തുടർന്നു് ചായക്കടകളാണു് കേരളത്തിൽ മിശ്രഭോജനത്തെ സാർവ്വത്രികവും സാധാരണവുമാക്കിയതു്; ചായക്കടകളിലും ചായക്കടകളിലൂടെയുമാണു് പന്തിഭേദങ്ങളില്ലാതായതും ആണുങ്ങൾ ആദ്യമായി തൊട്ടിരുന്നു് ഭക്ഷിക്കാൻ തുടങ്ങിയതും സാമൂഹികതയുടെ രുചികൾ അറിഞ്ഞതും.

മനുഷ്യന്റെ നിലനില്പിന്റെ അടിസ്ഥാനമാണു് ഭക്ഷണം. ഭക്ഷണത്തിന്റെ ഉല്പാദനം, സമാഹരണം, വിതരണം, ഉപഭോഗം—ഇവ ഒരു സംസ്ക്കാരത്തെയും സമ്പദ്വ്യവസ്ഥയെയും അടയാളപ്പെടുത്തുന്നു. ആരു്, എത്ര, എവിടെ, എങ്ങനെ, എപ്പോഴെല്ലാം, ആരുടെകൂടെയിരുന്നു് ഭക്ഷിക്കുന്നു എന്നതു് ആ സമൂഹത്തിലെ അധികാരവ്യവസ്ഥയെയും ബന്ധങ്ങളെയുംകൂടി സ്ഥാപിക്കുന്നു, വെളിപ്പെടുത്തുന്നു. കേരളം പോലുള്ള ഒരു ജാതിസമൂഹത്തിൽ ആരു് എത്ര ഭക്ഷണം കഴിക്കുന്നു എന്നതിനോടൊപ്പമോ അതിനെക്കാളേറെയോ പ്രാധാന്യം ആരൊക്കെ ആരോടൊപ്പം ഭക്ഷിക്കുന്നു/ഭക്ഷിക്കാം എന്നതിനുണ്ടായിരുന്നു. ‘ഒരു ജാതിയുമായി മറ്റൊരു ജാതിക്ക് എത്രമാത്രം, എവിടെവരെ ചെങ്ങാത്തമാവാം, ചെങ്ങാത്തം പാടില്ല എന്നു നിർണ്ണയിക്കുന്നതിൽ പ്രധാനഘടകവും അന്നം തന്നെയായിരുന്നു. തൊട്ടുണ്ണാനും തൊട്ടുണ്ണാതിരിക്കാനുമുള്ള ബന്ധവും ബന്ധനിഷേധവും പത്തൊമ്പതാം നൂറ്റാണ്ടിന്റെ വ്യവസ്ഥാപിതമായ സാമൂഹ്യമൂല്യമായിരുന്നു’ (പി. ഭാസ്ക്കരനുണ്ണി, പുറം 22) ഇതൊക്കെക്കൊണ്ടുതന്നെയാണു് ഇവിടെ മിശ്രഭോജനം ഒരു പ്രധാനപ്പെട്ട വിപ്ലവപ്രവർത്തനമായിത്തീർന്നതു്.

പരിഷ്ക്കരണപ്രസ്ഥാനങ്ങളെപ്പോലെ നമ്മുടെ സമൂഹത്തിൽ മിശ്രഭോജനം നടപ്പാക്കിയ സ്ഥാപനങ്ങളാണു് ചായക്കടകൾ.[1] ഇവിടെ തൊട്ടുകൂടായ്മയോ തീണ്ടിക്കൂടായ്മയോ ഇല്ല. പന്തിഭേദങ്ങളോ വരുന്നവർക്കിടയിലുള്ള ഉയർച്ചതാഴ്ച്ചകളോ ഇല്ല. കാശുകൊടുക്കാൻ കഴിവുള്ള ആർക്കും ഇവിടെ ചായയും ഭക്ഷണപദാർഥങ്ങളും ലഭിക്കും. എല്ലാവരും സമന്മാർ. അവിടെ വരുന്നവരുടെ സാമൂഹിക-ജാതി പദവിക്കുപരി അയാളുടെ സാമ്പത്തികശേഷി മാത്രമാണു് ഇവിടെ പ്രസക്തം. പണത്തെ അടിസ്ഥാനമാക്കിയ സമ്പദ്വ്യവസ്ഥയുടെയും സഞ്ചാരസ്വാതന്ത്ര്യത്തിന്റെയും ഫലവും സൂചകവുമാണു് ചായക്കടകൾ. ഇവിടെ എല്ലാ ജാതിമതസ്ഥരും ഇടപഴകുന്നു, തുല്യരായിരിക്കുന്നു. ഇവിടെ എല്ലാവർക്കും വിളമ്പുന്നതു് ഒരേ ഭക്ഷണം; വരുന്നവർക്കെല്ലാം സ്വന്തമിഷ്ടമനുസരിച്ച് വേണ്ടതു് ‘വാങ്ങി’ക്കഴിക്കാവുന്ന പൊതു ഇടമാണിതു്. പണമാണു് ഈ മതേതരസദസ്സിലെ ഏക വിനിമയമൂല്യം; അഥവാ അവിടെ കയറിപ്പറ്റാനുള്ള യോഗ്യത. പരിചയവും വിശ്വാസവുമാണു് ചായക്കടയിലെ കച്ചവടത്തിന്റെ സാമൂഹികമൂലധനം. അവിടത്തെ പറ്റു് മനുഷ്യപ്പറ്റിന്റെകൂടെയാണു് പറ്റിനിൽക്കുന്നതു്.

പണിക്കൂലി നെല്ലിൽനിന്നും പണമായി മാറിയ/മാറുന്ന, ഫ്യൂഡൽ സന്ധിബന്ധങ്ങൾ പൊട്ടിത്തുടങ്ങിയ ഒരു സമ്പദ്വ്യവസ്ഥയുടെയും തൊഴിലന്വേഷിച്ചും ഉത്പന്നങ്ങളുടെ വിപണനത്തിനുമായി മനുഷ്യർ ഗ്രാമാതിർത്തികൾവിട്ടു് പുറത്തേക്ക് സഞ്ചരിച്ചുതുടങ്ങിയ കാലത്തിന്റെയും സ്മാരകങ്ങൾ കൂടിയാണവ.[2] കുടുംബത്തിനും വീടിനും പുറത്തു നിലകൊള്ളുന്ന ആ ഭോജനയിടം കുടുംബത്തിൽനിന്നു് പുറത്തായവരുടെയും എന്തെങ്കിലും ആവശ്യത്തിനു് മറ്റൊരിടത്തു് എത്തിപ്പെട്ടവരുടെയും വഴിപോക്കരുടെയും—അഥവാ പലരീതിയിൽ ‘വ്യക്തി’കളായിത്തീർന്നവരുടെ—ആശ്രയവും കൂടിയാണു്.[3]

ചായക്കട ഒരു ഭക്ഷണശാല എന്നതിനോടൊപ്പം ഒരു പ്രാദേശിക വാർത്താകേന്ദ്രം കൂടിയായിരുന്നു. രാവിലത്തെ ചായയ്ക്കും ബീഡിക്കുമൊപ്പം ചായക്കടകളിൽ ഉണ്ടായിരുന്ന മറ്റൊരു വിഭവം ദിനപത്രമായിരുന്നു. ചായയടിക്കലിന്റെയും ദോശ ചുടലിന്റെയും തീറ്റയുടെയും ചർച്ചകളുടെയും എല്ലാം ബഹളത്തിനുള്ള ശ്രുതിയായി റേഡിയോ പ്രക്ഷേപണവും മിക്കവാറും എല്ലായിടത്തുമുണ്ടായിരുന്നു. അങ്ങിനെ അന്നന്നത്തെ ഗ്രാമവർത്തമാനങ്ങൾക്കൊപ്പം ലോകവാർത്തകളും അവിടന്നു് പ്രസരിച്ചു.

images/chayakkada-03x.png

സമൂഹത്തിലെ പല ശ്രേണികളിലും തുറകളിലും പെട്ട മനുഷ്യർ പരസ്പരം ഇടപെടുന്ന ഈ സ്ഥലം നമ്മുടെ സിനിമയിൽ തുടക്കം മുതൽക്കുതന്നെ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഒന്നാണു്.

ചായക്കടകൾക്കു് സിനിമയും സിനിമാതിയ്യറ്ററുകളുമായി ചില സമാനതകളുണ്ടു്; ചായക്കടകളും സിനിമാതിയ്യറ്ററുകളും മനുഷ്യർ ജാതിമതവർഗ്ഗഭേദമന്യെ ആദ്യമായി ഇടപഴകിയ സാമൂഹിക ഇടങ്ങളാണു്; ഒരു ആധുനിക മതേതര മലയാളിസമൂഹത്തിലുയർന്നുവന്ന—അതുകൊണ്ടുതന്നെ അതിനെ ഉണ്ടാക്കിയെടുത്തതുമായ—ആദ്യത്തെ ‘പൊതു ഇട’ങ്ങളായി അവയെ വിശേഷിപ്പിക്കാം. ഒന്നു് മനുഷ്യന്റെ ശാരീരികമായ രുചികളേയും വിശപ്പുകളേയുമാണു് ശമിപ്പിച്ചതു് എങ്കിൽ മറ്റേതു് മലയാളികളുടെ കാമനകൾക്കും സ്വപ്നങ്ങൾക്കും രൂപവും ഭാവവും നൽകി; പലതരം ഭാഷകളും സമുദായങ്ങളും രാഷ്ട്രീയ ഭാവനകളും പ്രാദേശിക രുചികളും എല്ലാം ഇവിടെ ഇടകലർന്നു, പലഹാരങ്ങളും കഥകളും പങ്കിട്ടു. മലയാളി എന്ന ജനതയും കേരളം എന്ന ദേശവും ഇവിടങ്ങളിലാണു് ആദ്യം പ്രവർത്തനക്ഷമമായതു്. തിയ്യറ്ററിൽ പോയി സിനിമ കാണുന്നതും ചായക്കടയിൽ പോയി ചായ കുടിക്കുന്നതും വ്യക്തിത്വത്തിന്റെയും ആധുനികതയുടേയും അനുഭവവും പ്രഖ്യാപനവും പ്രകാശനവുമായിരുന്നു.

ചായക്കട, വായനശാല, ബാർബർഷോപ്പ്, കള്ളുഷാപ്പ്

മതേതരവും ആധുനികവും ആയിക്കൊണ്ടിരുന്ന ഏതൊരു സമൂഹത്തിന്റെയും ഭൂമികയിലെന്ന പോലെ സിനിമകളുടെ ആഖ്യാനഗാത്രത്തിലും ചായക്കടകൾക്കു് സവിശേഷമായ ഒരു സ്ഥാനമുണ്ടായിരുന്നു. മനുഷ്യർ സ്വതന്ത്രവ്യക്തികളെന്ന രീതിയിൽ പരസ്പരം ഇടപെടുന്ന ചായക്കട നമ്മുടെ സമൂഹത്തിനകത്തുള്ള സമൂഹങ്ങളും സമുദായങ്ങളും വർഗ്ഗങ്ങളുമൊക്കെത്തമ്മിൽ നടക്കുന്ന സംവാദങ്ങൾക്കും സംഭാഷണങ്ങൾക്കുമുള്ള ഒരു അരങ്ങായി സിനിമകളിൽ ഇടം പിടിച്ചു. ഇതിനു സമാനമായി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന മറ്റു സാമൂഹിക ഇടങ്ങളാണു് വായനശാലകളും ബാർബർഷോപ്പും കള്ളുഷാപ്പും. എന്നാൽ ഇവിടങ്ങളിൽ നടക്കുന്ന സംവാദങ്ങളും മുഖാമുഖങ്ങളും ചായക്കടയുടേതുപോലെ വൈവിധ്യമോ തുല്യതയോ ഉള്ളതല്ല. വായനശാല സാക്ഷരരായ പത്രവായനക്കാരും സാഹിത്യപ്രേമികളായ പുസ്തകപ്രേമികളും അടങ്ങുന്ന വരേണ്യരിൽ ഒതുങ്ങുന്ന ഒന്നായിരുന്നു. മൌനികളും ബുദ്ധിജീവികളും മാന്യന്മാരുമടങ്ങിയ ഇവിടത്തെ ഉപസമൂഹവും, അവിടെ നടക്കുന്ന ചർച്ചകളും ഏതാണ്ടു് സ്ഥിരവും ചില മേഖലകളിൽ മാത്രമായി ഒതുങ്ങുന്നവയുമായിരുന്നു. ബാർബർ ഷോപ്പുകളിലാണെങ്കിൽ അവിടുത്ത സംവാദങ്ങളിൽ ബാർബർക്കാണു് മുൻതൂക്കം; മറ്റുള്ളവർ അവിടെ പ്രധാനമായും കേൾവിക്കാർ മാത്രമാണു്. ആൾക്കാരുടെ നിത്യേനയുള്ള സന്ദർശനവും അവിടെയില്ല.[4] ഇവ രണ്ടിൽനിന്നും വ്യത്യസ്തമായി കള്ളുഷാപ്പുകൾ പൊതുവെ വില്ലന്മാരുടെ ആവാസവ്യവസ്ഥകളാണു്; സിനിമകളിൽ അവ വില്ലനും നായകനും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വേദികളാകാം അല്ലെങ്കിൽ നായകന്റെ മാനസികപ്രശ്നങ്ങൾ/പ്രണയസംഘർഷങ്ങൾ എന്നിവ അയാളെ കൊണ്ടെത്തിക്കുന്ന താൽക്കാലിക ഇടമാകാം. മറ്റു രണ്ടിൽനിന്നും വ്യത്യസ്തമായി സാമൂഹ്യമര്യാദകൾ ലംഘിക്കാനുള്ള ‘പ്രചോദന’വും വെല്ലുവിളിക്കാനുമുള്ള സ്വാതന്ത്ര്യവും കള്ളുഷാപ്പിലുണ്ടു്. അതുകൊണ്ടുതന്നെ ഈ ഓരോ സ്ഥലങ്ങളുടെയും സാമൂഹികചരിത്രവും ആഖ്യാനങ്ങൾക്കകത്തെ അവയുടെ സ്ഥാനവുമെല്ലാം തന്നെ വ്യത്യസ്തങ്ങളുമാണു്.

ചായക്കട എന്ന ഒറ്റപ്പന്തി
images/chayakkada-10x.png

വായനശാല, ബാർബർഷോപ്പ്, കള്ളുഷാപ്പ് എന്നിവയെ അപേക്ഷിച്ച് കുറച്ചുകൂടി തുറന്ന ഇടങ്ങളാണു് ചായക്കടകൾ. വീടിനു പുറത്തുള്ള ഒരു തീനിടമാണതു്. കുടുംബത്തിനും ജാതിസമൂഹത്തിനും അതിന്റേതായ തീനിടങ്ങളുമുണ്ടു്; അവയ്ക്ക് അവയുടേതായ തീറ്റമര്യാദകളും നിയമങ്ങളും ക്രമങ്ങളും ഉണ്ടു്; ആ അടഞ്ഞ വ്യവസ്ഥകളിൽ ആരു്, എപ്പോൾ, എവിടെ, എങ്ങിനെ, ഏതു ക്രമത്തിൽ എന്നൊക്കെയുള്ളതിനെക്കുറിച്ച് ചില നിശ്ചയങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ടു്: ‘പന്തിയിലെ പദവിയും കോയ്മയും ഇനിയും എത്രയെങ്കിലുമുണ്ടു്. സ്ഥാനികൾക്കും പ്രമാണികൾക്കും വിശേഷാൽ സ്ഥാനത്തു് വിശേഷാൽ രീതിയിൽ, വിശേഷപ്പെട്ട ചടങ്ങുകളോടെയാവണം ഭക്ഷണമെന്നു് നിർബന്ധമുണ്ടു്.

പന്തിക്കു തന്നെ വകഭേദങ്ങളുണ്ടു്. ആദ്യം ഇല വയ്ക്കുന്നതിൽ വലിപ്പചെറുപ്പവ്യത്യാസമുണ്ടു്. അതൊന്നു തെറ്റിയാൽ തെറ്റിച്ചവന്റെ കുലം, കുളം കോരിയതുതന്നെ’ (പി. ഭാസ്ക്കരനുണ്ണി). കുടുംബത്തിലാണെങ്കിൽ ആദ്യം ഗൃഹനാഥൻ/കാരണവർ, പിന്നെ മുതിർന്നവർ/കുട്ടികൾ ഒടുവിൽ സ്ത്രീകൾ/വേലക്കാർ എന്നിങ്ങനെ; വിവാഹ/ സമുദായസദ്യകൾ മുതലായവയിൽ വരേണ്യർ/കുലീനർ എന്നിവരിലും ഓരോരുത്തർക്കിടയിലും തുടങ്ങി സർവ്വാണിയിലൊടുങ്ങുന്ന വ്യത്യസ്ത പന്തികൾ. എന്നാൽ ചായക്കടകൾ എന്ന ഭോജനശാല ഇതിനു രണ്ടിനും പുറത്താണു് നിലകൊള്ളുന്നതു്. വീടിനെപ്പോലെ സ്ഥലപരമായ നിശ്ചിതത്വവും, ഒരു സമൂഹസദ്യയിൽ എന്നപോലെയുള്ള പലരുടെയും പങ്കാളിത്തവും അവിടെയുണ്ടു്. പക്ഷെ കുടുംബത്തിന്റെ പരിമിതവൃത്തത്തിലോ സമുദായത്തിന്റെ പന്തിനിയമങ്ങൾക്കകത്തോ അല്ല അതിനകത്തെ പാരസ്പര്യവും വിനിമയങ്ങളും പലഹാരക്രമവും മറ്റും. ചായക്കടയിൽ കുടുംബത്തിൽ എന്നപോലെ ആർക്കും ആരെയും സേവിക്കാനോ കാത്തിരിക്കാനോ ഉള്ള ബാധ്യതയില്ല, സദ്യയ്ക്കെന്നപോലെ അവിടെച്ചെല്ലാൻ നടത്തുന്നയാളുടെ ക്ഷണവും ആവശ്യമില്ല. പന്തിനിയമങ്ങളില്ലാത്ത ആ സ്ഥലത്തു് കടന്നുവരുന്നവർക്ക് സ്വന്തം ഉദ്ദേശ്യം സാധൂകരിക്കുകയോ വിശദീകരിക്കുകയോ സ്ഥാപിക്കുകയോ വേണ്ടതില്ല. ഒരു രീതിയിലുമുള്ള വരേണ്യതയും അവിടെ വിലപ്പോവുകയുമില്ല. അവിടെ ജാതിപരമായ മാന്യതകളോ കുടുംബമഹത്വങ്ങളോ ഫലിച്ചിരുന്നില്ല എന്നുമാത്രമല്ല, അവയെ സംബന്ധിച്ചുള്ള പലതരം പരിഹാസങ്ങളും രഹസ്യങ്ങളും ദൂഷണങ്ങളും പങ്കുവെയ്ക്കുന്ന ഇടങ്ങൾ കൂടിയാണവ. കഴിച്ച ഭക്ഷണത്തിനു് പണം കൊടുക്കാൻ പ്രാപ്തിയുള്ള എല്ലാവരും അവിടെ തുല്യരാണു്. എല്ലാവർക്കും അവിടെ ഒരൊറ്റ പന്തി. അതുകൊണ്ടു തന്നെയായിരിക്കണം ആദ്യകാലത്തെങ്കിലും ഉപരിവർഗ്ഗത്തിൽപ്പെട്ടവരും ‘കുടുംബത്തിൽ പിറന്നവ’രും ചായക്കടകൾ പൊതുവെ ഒഴിവാക്കിയിരുന്നതും. ഓലമേഞ്ഞ ചായക്കടയിൽ ചായകുടിച്ചുകൊണ്ടോ പത്രം വായിച്ചുകൊണ്ടോ ഇരുന്നു പുറത്തു് നിരത്തിലൂടെ നടന്നു പോകുന്ന ‘മാന്യ’ന്മാരെ നോക്കി കമന്റടിക്കുന്ന രംഗം സിനിമകളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഒന്നാണു്. ചായക്കടകളുടെ പൊതുമയും ജനാധിപത്യവും, കുടയും ചൂടി നടക്കുന്നവന്റെ ആഢ്യത്തവും പ്രമാണിത്തവും തമ്മിലുള്ള ഒരു ഉരസൽ കൂടിയാണതു്.

വീട്ടിലെ ഭക്ഷണവിഭവങ്ങളുടെ ആവർത്തനവിരസതയിൽനിന്നും നിത്യരുചികളുടെ മടുപ്പിൽനിന്നുമുള്ള വിടുതൽ കൂടിയായിരുന്നു ചായക്കടപ്പലഹാരങ്ങൾ. ചായക്കടയിലെ ചായയ്ക്കും കടിയ്ക്കും എപ്പോഴും ഒരു പ്രത്യേകരുചി; എണ്ണമണം, നാവൂറുന്ന എരിവും പുളിയും… (കള്ളുഷാപ്പിലെ കറിപോലെ) വീട്ടുരുചികൾ ഏകതാനവും പരിചിതവും ആയിരിക്കുമ്പോൾ ചായക്കടയിലെ വിഭവങ്ങൾ വ്യത്യസ്തവും വൈവിധ്യമുള്ളതുമായിരുന്നു. അവിടത്തെ പല വിഭവങ്ങളും—പ്രത്യേകിച്ച് എണ്ണപ്പലഹാരങ്ങൾ പലതും വീടുകളിൽ അപൂർവ്വമായേ ഉണ്ടാക്കിയിരുന്നുള്ളൂ (ഇപ്പോഴത്തെ പൊറോട്ട പോലെ ചായക്കടയിൽ മാത്രം കിട്ടുന്ന കടികളായിരുന്നു അന്നു് അവ). ചായക്കടയിലെ പലതരം മസാലരുചികളും പലഹാരപരീക്ഷണങ്ങളും വീട്ടിലെ അടുക്കളകളിലേക്ക് വന്നതു്, ചായക്കടകളിൽനിന്നു് സ്നേഹമുള്ള ഗൃഹനാഥർ കൊണ്ടുവന്ന പലഹാരപ്പൊതികളിൽനിന്നായിരിക്കണം.

മലയാളസിനിമകളിലെ ചായക്കട
images/chayakkada-08x.png

ചായക്കടകൾക്ക് നമ്മുടെ ആദ്യകാലസിനിമകളിൽ സവിശേഷമായ ഒരു ഇടം ഉണ്ടായിരുന്നു. ഉദാഹരണത്തിനു്, നീലക്കുയിൽ (സംവിധാനം: പി. ഭാസ്ക്കരൻ, രാമു കര്യാട്ട്/1954) എന്ന ചിത്രത്തിന്റെ ആഖ്യാനകേന്ദ്രങ്ങളിലൊന്നാണു് അതിലെ ചായക്കട. ഈ ചിത്രത്തിന്റെ ആഖ്യാനഭൂമിക തന്നെ പലതരം അകം-പുറം ഇടങ്ങളിലൂടെ വികസിക്കുന്ന ഒരു നാടകമാണു്. ചായക്കടയ്ക്കു പുറമെയുള്ള വീടകങ്ങളിൽ നമ്മൾ കാണുന്ന കഥാപാത്രങ്ങൾ ചില പ്രത്യേക സ്ഥലങ്ങളിലും സ്ഥാനങ്ങളിലും കാലങ്ങളിലും കുടുങ്ങിപ്പോയ മനുഷ്യരാണു്. അതിനു വിരുദ്ധമായി ചായക്കട അത്തരം വ്യവസ്ഥകൾക്കും മനഃസ്ഥിതികൾക്കും പുറത്തു നിലകൊള്ളുന്ന ഒരിടമാണു്. നീലക്കുയിലിന്റെ ആഖ്യാനലോകത്തിലെ ആധുനികവും മതേതരവുമായ ഏകസ്ഥലമാണു് ചായക്കട. വഴിവാണിഭക്കാർ, മീൻകച്ചവടക്കാർ, കർഷകത്തൊഴിലാളികൾ, അഞ്ചൽക്കാരൻ, തുടങ്ങി പലയിടങ്ങളിൽനിന്നു വരുന്നവരും പലജോലികൾ ചെയ്യുന്നവരുമാണു് അവിടെ അരങ്ങു ഭരിക്കുന്നതു്. തന്റെ കാമുകിയായ നീലിയെ വഞ്ചിക്കുന്ന കഥാനായകനായ ശ്രീധരൻ നായർ (സത്യൻ) എന്ന സ്കൂൾമാസ്റ്റർ ഈ ആധുനികവേദിയിൽ ഒരിക്കലും പ്രത്യക്ഷപ്പെടാതിരിക്കുന്നതും, അതേസമയം മാറ്റത്തിന്റെ സന്ദേശവാഹകനും കൂടിയായ ശങ്കരൻ നായർ എന്ന അഞ്ചൽക്കാരൻ (പി. ഭാസ്ക്കരൻ) ഇവിടത്തെ ഒരു സ്ഥിരം കുറ്റിയാണു് എന്നതും യാദൃച്ഛികമല്ല. ചായക്കടയിൽ വരുന്ന ഏക ഉയർന്നജാതിക്കാരൻ ക്ഷയിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയുടെ പ്രതിനിധിയായ സ്ഥലത്തെ നായർതറവാട്ടിലെ ഒരംഗമാണു്. സ്വന്തം തറവാട്ടിൽനിന്നു മോഷ്ടിച്ച വസ്തുക്കൾ വിൽക്കാനാണു് അയാൾ ചായക്കടയിൽ പലപ്പോഴും വരുന്നതു്. സിനിമയിൽ നമ്മൾ കാണുന്ന മറ്റു ഇടങ്ങളായ നായർ തറവാടു്, നീലിയുടെ കൂര, ശ്രീധരൻ നായരുടെ വീടു് തുടങ്ങിയ സ്വകാര്യ ‘അക’ങ്ങളും പൊതുവഴികൾ പോലുള്ള ‘പുറ’ങ്ങളുമെല്ലാം ജാതിനിയമങ്ങളാൽ ചിട്ടപ്പെടുത്തിയവയാണു് എന്നു കാണാം. ആദ്യപകുതിയിൽ ജാതിനിയമങ്ങളെ അതിലംഘിച്ച് കഥാനായകനും നീലിയും സ്വച്ഛന്ദം വിഹരിക്കുന്ന പ്രണയത്തിന്റെ മായികഭൂമികകൾ മാത്രമാണ്—അതു് യഥാർഥമല്ലാത്തതുകൊണ്ടുതന്നെ—ഈ ജാതി ചിട്ടയുടെ സ്ഥലപരമായ ഏക അപവാദം. സാങ്കേതികമായി ‘പുറം’ ആയിരിക്കുമ്പോഴും ഇവിടെ നിരത്തുകളിലും ജാതിനിയമങ്ങൾ തന്നെയാണു് സഞ്ചരിക്കുന്നതു് എന്നുകാണാം. ‘പുറ’ത്തായിരിക്കുമ്പോഴും ഇനിയും ‘പൊതു’വായിത്തീരാത്ത ഇടങ്ങളാണിവ. എന്നാൽ ചായക്കട ഈ രണ്ടു സ്ഥലങ്ങളിൽനിന്നും വ്യത്യസ്തമായി ഒരേസമയം പുറത്തുള്ളതും പൊതുവായതുമാണു്.

രാരിച്ചൻ എന്ന പൌര’നിൽ (രചന: ഉറൂബ്, സംവിധാനം: രാമു കര്യാട്ട്, 1956) രാരിച്ചൻ എന്ന കിശോരൻ തന്റെ ഗ്രാമത്തിന്റെ അസ്വാതന്ത്ര്യങ്ങളിൽനിന്നു് ഒളിച്ചോടി പട്ടണത്തിലെത്തുമ്പോൾ അവിടെ അവനു് അഭയം നൽകുന്നതു് ഒരു മുസ്ലീം കുടുംബം നടത്തുന്ന ചായക്കടയാണു്; അവിടെനിന്നു് ലഭിക്കുന്ന മാനവികബോധമാണു് വ്യവസ്ഥയെ അതിവർത്തിക്കാൻ ആ ഭാവിപൌരനെ പ്രേരിപ്പിക്കുന്നതും. ഭാർഗ്ഗവീനിലയ ത്തിലും (രചന: വൈക്കം മുഹമ്മദ് ബഷീർ, സംവിധാനം: എ. വിൻസന്റ്, 1964) ചായക്കടയ്ക്ക് നിർണായകമായ ഒരിടമാണു് ആഖ്യാനത്തിലുള്ളതു്. നായകനായ എഴുത്തുകാരൻ ആദ്യം എത്തിച്ചേരുന്നതു് ഇവിടെയാണു്, അതിലും പ്രധാനമായി അയാൾ പിന്നീടു് എഴുതാനിരിക്കുന്ന കഥയിലെ പ്രതിനായകനെ—പി. ജെ. ആന്റണി അവതരിപ്പിക്കുന്ന ഭാർഗ്ഗവിയുടെ മുറച്ചെറുക്കനെ—കണ്ടുമുട്ടുന്നതും, അയാളുടെ തീക്ഷ്ണമായ നോട്ടത്തിനു് വിധേയനാകുന്നതും ഇവിടെവച്ചാണു്. കെ. ടി. മുഹമ്മദ് രചിച്ച ‘തുറക്കാത്ത വാതിലി’ൽ (പി. ഭാസ്ക്കരൻ, 1970) ചായക്കട മതേതരത്വത്തിന്റെയും മതസൌഹാർദ്ദത്തിന്റെയും പ്രഖ്യാപനസ്ഥലം തന്നെയാണു്. അവിടുന്നു് എന്നും ചായ പങ്കിടുന്ന അടുത്ത ചങ്ങാതിമാരായ ബാപ്പുട്ടിയും (പ്രേം നസീർ) നാരായണൻ കുട്ടിയും (ബഹദൂർ) ഒരേ ഗ്ലാസിൽ നിന്നു് മാറി മാറി ചായകുടിച്ചുകൊണ്ടു് സമൂഹത്തെ പരസ്യമായി വെല്ലുവിളിക്കുന്നതു് ഇവിടെ വച്ചാണു്. ‘ഓളവും തീരവും’ (രചന: എം. ടി. വാസുദേവൻ നായർ, സംവിധാനം: പി. എൻ. മേനോൻ, 1970) എന്ന ചിത്രത്തിലെ വരത്തനായ നായകൻ ബാപ്പുട്ടി തന്റെ സുഹൃത്തിന്റെ കുടുംബത്തെ അധിക്ഷേപിക്കുന്നവരെ വെല്ലുവിളിക്കുന്നതു് പുഴക്കടവിലുള്ള കുട്ടൻ നായരുടെ ചായക്കടയിലാണു്. ‘കൊടിയേറ്റ’ത്തിലെ (അടൂർ ഗോപാലകൃഷ്ണൻ, 1978) ഇനിയും ഒരു ‘വ്യക്തി’യായി വളർന്നിട്ടില്ലാത്ത ശങ്കരൻ കുട്ടിയുടെ (ഗോപി) ഏക അഭയമാണു് അവിടത്തെ ചായക്കട. വിവാഹപ്പിറ്റേന്നും അയാൾ എല്ലാം മറന്നു് അവിടെ രാവിലെത്തന്നെ ഹാജരാവുന്നുണ്ടു്. ‘മുഖാമുഖ’ത്തിലെ (അടൂർ ഗോപാലകൃഷ്ണൻ, 1984) എവിടുന്നോ എത്തിച്ചേരുന്ന വിപ്ലവനായകൻ ആദ്യം എത്തിച്ചേരുന്നതും അഭയം തേടുന്നതും അവിടെയുള്ള ചായക്കടയിലാണു്. അജ്ഞാതവാസം കഴിഞ്ഞുള്ള വരവിൽ തന്റെ മുൻ അണികളാൽ അയാൾ ചോദ്യം ചെയ്യപ്പെടുന്നതും അവിടെവച്ചുതന്നെയാണു്. വികെഎൻ രചിച്ച അപ്പുണ്ണിയിലെ (സത്യൻ അന്തിക്കാട്, 1984) കഥ നടക്കുന്നതു് പ്രധാനമായും പടനായർ കുടുംബത്തിൽ പിറന്ന അയ്യപ്പൻ നായർ (ഗോപി) നടത്തുന്ന നാടൻ ചായക്കടയിലാണു്. വീരപാരമ്പര്യം ശോഷിച്ച് തനിക്കിന്നു് ഒരു ചായക്കട നടത്തേണ്ടിവരുന്ന ദുരവസ്ഥയെക്കുറിച്ച് ഇടയ്ക്കിടെ അയ്യപ്പൻ നായർ പരിതപിക്കുന്നുണ്ടു്. പക്ഷെ ഇവിടെ നടക്കുന്ന പ്രണയമത്സരത്തിൽ ഒടുവിൽ വിജയിക്കുന്നതു് ചായക്കടയുടെ മൂല്യങ്ങളും ആണത്തവുമാണു്. അയ്യപ്പൻ നായരുടെ മകളും ചായക്കടയിൽ ജോലിചെയ്യുന്ന മരുമകനായ അപ്പുണ്ണിയുമായുള്ള പ്രണയത്തിൽ വില്ലനായി കടന്നുവരുന്നതു് വരത്തനായ പരിഷ്ക്കാരിയുമായ സ്കൂൾ മാസ്റ്ററാണു്. പക്ഷെ ഒടുവിൽ അപ്പുണ്ണിയുടെ ഗ്രാമീണമായ ആണത്തവും മുരടൻ പ്രണയവും സ്കൂൾ മാസ്റ്ററുടെ കുലീനമെങ്കിലും ഉറപ്പില്ലാത്ത വിടത്വത്തെ തോല്പിക്കുന്നു.

ചായക്കട എന്ന പുരുഷലോകം

ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അന്നത്തെ കേരള സർക്കാർ പാഠ്യപദ്ധതിയിലെ പത്താം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ചേർത്തിരുന്നു. അക്കാലത്തു് വാടാനപ്പള്ളിയിലെ സ്കൂൾ കുട്ടികളടങ്ങിയ ഒരു സദസ്സിൽ ഈ പാഠം അവതരിപ്പിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു വിദ്യാർത്ഥിനി ചോദിച്ച ആദ്യ ചോദ്യം ഇതായിരുന്നു: ‘നിങ്ങൾ പറയുന്ന മലയാളിയുടെ ഈ പൊതുസ്ഥലത്തിലും അവിടത്തെ പന്തിഭോജനത്തിലും പുരുഷന്മാർ മാത്രമേ ഉള്ളൂ. അപ്പോൾ അതിനെ ‘പൊതു’സ്ഥലം എന്നോ അവിടെ നടക്കുന്ന തീറ്റയെ ‘മിശ്ര’ഭോജനം എന്നോ വിളിക്കാമോ?’ ആ ചോദ്യം മലയാളസിനിമയെക്കുറിച്ചുമാത്രമല്ല, നമ്മുടെ ‘പൊതു’സമൂഹത്തെയും നമ്മൾ ഉദ്ഘോഷിക്കുന്ന നവോത്ഥാനത്തെയും കുറിച്ചുള്ളതുകൂടിയാണു്.

തീർച്ചയായും അവിടെ വന്നിരുന്നവരുടെ കാര്യത്തിൽ ചായക്കടകൾ ഏതാണ്ടു് പൂർണമായും ഒരു പുരുഷലോകമായിരുന്നു എങ്കിലും പല ചായക്കടകളും നടത്തിയിരുന്നതു് കുടുംബങ്ങൾ തന്നെയായിരുന്നതിനാൽ ചായക്കടക്കാരന്റെ ഭാര്യയും കുട്ടികളും മറ്റും അതിന്റെ ഭാഗമാകാറുണ്ടു്. ചായക്കടയുടെ പണമേശ പുരുഷന്റെ അധീനതയിലായിരിക്കുമെങ്കിലും അവിടുത്ത അടുക്കളയിലും ചിലയിടങ്ങളിൽ വിളമ്പൽ പണികളിലും സ്ത്രീസാന്നിദ്ധ്യമുണ്ടായിരുന്നു. പലസിനിമകളിലും ചായക്കടക്കാരിയും അല്ലെങ്കിൽ അവിടെയെത്തുന്ന ചെറുപ്പക്കാരനും ചായക്കടക്കാരന്റെ മകളുമായുള്ള പ്രണയം (അങ്ങിനെ കാമുകനു് രഹസ്യമായിക്കിട്ടുന്ന സൌജന്യസ്നേഹപ്പലഹാരങ്ങൾ, പുഴുങ്ങിയ മുട്ട തുടങ്ങിയവയും), അവിടെ പാൽ വിൽക്കാൻ വരുന്ന പെൺകുട്ടിയുമായുള്ള വിളമ്പുകാരന്റെ പ്രേമം എന്നിവ സിനിമയിൽ ധാരാളമായി കാണാം (നെല്ലു്, ആരവം …). ആരവത്തിൽ ‘ഏഴുനിലയുള്ള ചായക്കട’യെക്കുറിച്ച് പാടുന്നതുതന്നെ ഒരു സ്ത്രീയാണു്. എങ്കിലും കൂടുതലും ചായക്കടയുടെ പിന്നാമ്പുറങ്ങളിലായിരുന്നു സ്ത്രീകളുടെ സ്ഥാനവും പ്രവൃത്തിയും.[5]

ചായക്കട എന്ന ബഹുലത
images/chayakkada-06x.png

കൂലിവേലയിൽനിന്നോ തൊഴിലിൽനിന്നോ യാത്രയ്ക്കിടയിലോ ഉള്ള ഇടവേളയും ഇടവുമാണു് ചായക്കട. അവിടെ ഭക്ഷണത്തോടൊപ്പം കുറച്ചുനേരത്തെ വിശ്രമവും നേരമ്പോക്കുമുണ്ടു് അതുകൊണ്ടുതന്നെ അവിടം പലതരം ആൾക്കാരെക്കൊണ്ടു് മുഖരിതമാണു്. ജോലിക്കിടയിൽ ഒരു ചായ കുടിക്കാൻ കയറിയവർ, ഒരു തിരക്കുമില്ലാത്തവർ, സമയം കൊല്ലാനായി മാത്രം എത്തുന്നവർ, വായനോക്കികൾ, പത്രം വായിക്കാൻ വരുന്നവർ, അവിടെ വരുന്ന ആരെങ്കിലും ഒരു ചായയോ കടിയോ വാങ്ങിത്തരും എന്ന പ്രതീക്ഷയിൽ ചുറ്റിക്കറങ്ങുന്നവർ അങ്ങിനെ പലരും അവിടെയുണ്ടു്. ഇവിടെ നാട്ടുകാരോടൊപ്പം ചട്ടമ്പികളും രാഷ്ട്രീയക്കാരും വരത്തന്മാരും ഒരേപോലെ പറ്റുകാരാണു്. ചായകുടിയോടൊപ്പം പത്രവായനയും രാഷ്ട്രീയചർച്ചകളും പരദൂഷണവും നാട്ടുവിശേഷങ്ങൾ കൈമാറലും സൊറപറച്ചിലും എല്ലാം ഇവിടെ സാധ്യമാണു്. മാത്രമല്ല വിവിധ തുറകളിലും ശ്രേണിയിലും ഉള്ളവരും ഇവിടെ വന്നുപോകുന്നു. സാമൂഹ്യപ്രമേയങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്ന അക്കാലത്തെ സിനിമകളിൽ സമൂഹത്തിലെ വിവിധ മതത്തിലും ജാതിയിലും വർഗ്ഗത്തിലും തൊഴിലുകളിലും പെട്ട കഥാപാത്രങ്ങൾ ഒന്നിച്ചുവരുന്ന രംഗങ്ങൾ ചിത്രീകരിക്കാൻ ഉതകുന്ന ഒരു വേദിയായിരുന്നു ചായക്കടകൾ. ആഖ്യാനം ഉന്നയിക്കാൻ ശ്രമിക്കുന്ന പല സന്ദേശങ്ങളും സന്ദേഹങ്ങളും ആകാംക്ഷകളും ഇവിടെയുണ്ടാകുന്ന പരസ്പര സമ്പർക്കത്തിനിടയിലാണു് വെളിച്ചപ്പെടുക.

തുടർച്ചയും വൈജാത്യവും ഒരേസമയം ഉൾക്കൊള്ളുവാൻ കഴിയുന്ന ഒരാഖ്യാന ഇടമാണതു്. ഒരു സ്ഥാപനത്തിന്റേതായ സ്ഥിരതയും ഭക്ഷണരീതിയും സമയക്രമവും അതിനുണ്ടു്; പക്ഷെ പല സമയങ്ങളിലായി അവിടെയെത്തുന്നവരുടെ കാര്യത്തിൽ ഒരു പരിധിവരെ ആവർത്തനവും അതേ സമയം വൈവിധ്യവും യാദൃച്ഛികതയുമുണ്ടു്. എപ്പോൾ വേണമെങ്കിൽ ആരെയും പ്രവേശിപ്പിക്കാനും കഥാസന്ദർഭമനുസരിച്ചു് കഥാപാത്രങ്ങളെ കൂട്ടിമുട്ടിക്കാനും കഴിയുന്ന മതേതരവും വർഗ്ഗാതീതവും ജനാധിപത്യപരവും ആയ ഏക ഇടം ആയിരുന്നു ചായക്കടകൾ. കുടുംബത്തിന്റെ നാലുചുവരുകൾക്കും സമുദായത്തിന്റെയും വർഗ്ഗത്തിന്റെയും അതിർത്തികൾക്കും പുറത്തുള്ള കഥകൾ ആദ്യം പറഞ്ഞുതുടങ്ങിയതു് സിനിമ ആയതുകൊണ്ടുതന്നെ അതിനു് ഏറ്റവും പ്രിയപ്പെട്ട ഒരു അരങ്ങായതും ചായക്കടകളായിരുന്നു. കുടുംബത്തിലും സമൂഹത്തിലും മറച്ചുവെക്കപ്പെടുന്ന വിഷയങ്ങൾ പലതരം ജീവിതങ്ങളും ജീവനങ്ങളും ഇടകലരുന്ന രംഗങ്ങൾ, ജാതികളും വർഗ്ഗങ്ങളും തമ്മിൽ ഇടയുന്ന ചിത്രങ്ങൾ—ഇവയിലെല്ലാം തന്നെ ചായക്കടയ്ക്ക് മുഖ്യമായ ഒരു റോൾ ഉണ്ടാകും.

സിനിമ എന്ന ദൃശ്യരേഖ

സിനിമ ഒരു രേഖാമാധ്യമം (അതായതു് ‘കല’ എന്നതിനുപുറമെ ക്യാമറയ്ക്കുമുൻപിലുള്ള എല്ലാറ്റിനെയും ‘റെക്കോർഡ്’ ചെയ്യുന്ന, രേഖപ്പെടുത്തുന്ന ഒരു മാധ്യമം) കൂടി ആയതിനാൽ അതു് മുന്നിൽ പ്രത്യക്ഷപ്പെടുന്ന കാലത്തെയും സ്ഥലങ്ങളെയും സകല’മാന’ സ്ഥാവരജംഗമങ്ങളെയും കൂടി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ ചരിത്രം എന്നതു് അതു പറഞ്ഞ ആഖ്യാനങ്ങളുടെ മാത്രം കഥയല്ല, മറിച്ച്, നമ്മുടെ പരിസരങ്ങളുടേയും സംസാര-ശരീരഭാഷകളുടേയും വേഷഭൂഷാദികളുടെയും വാസ-വാസ്തുശീലങ്ങളുടെയും വസ്തുലോകത്തിന്റെയും എല്ലാം രേഖ കൂടിയാണു്. നമ്മുടെ അകവും പുറവും അവിടെ വെളിച്ചപ്പെടുക മാത്രമല്ല, രേഖപ്പെടുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ സിനിമകളെക്കുറിച്ചുള്ള പഠനങ്ങൾ അവയുടെ പ്രത്യയശാസ്ത്രനിർമ്മിതികളിലും പ്രതിനിധാനങ്ങളിലും ഭാവനാസഞ്ചാരങ്ങളിലും മാത്രമായി ഒതുങ്ങേണ്ട ഒന്നല്ല, അവ നമ്മുടെ സാമൂഹ്യചരിത്രരചനകളിലേക്കും വസ്തുപഠനങ്ങളിലേക്കും ഉപാദാനങ്ങളായും ദൃഷ്ടാന്തങ്ങളായും തെളിവുകളായും ഒക്കെ കടന്നുവരേണ്ടതുണ്ടു്.

അടിക്കുറിപ്പ്

2008-ൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലാണു് ഈ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചതു്. ആ ലേഖനത്തിൽ ചില തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ഇവിടെ നടത്തിയിട്ടുണ്ടു്.

കുറിപ്പുകൾ

[1] ഗ്രാമീണവും അനൌപചാരികവും ചിരപരിചിതവുമായ ഒരു അന്തരീക്ഷമാണു് ചായക്കടകളുടെ ആവാസവ്യവസ്ഥ. അവിടെ പരിചയക്കാരും പറ്റുകാരും നാട്ടുകാരുമായ നിത്യസന്ദർശകരാണു് കൂടുതലും. നേരെമറിച്ച് ഹോട്ടലുകൾ കുറച്ചുകൂടി ആധുനികവും മെച്ചപ്പെട്ട ഭൌതികസൌകര്യങ്ങൾ ഉള്ളവയും ആണു്. ചായക്കടയിലെ വിഭവങ്ങൾ ഗ്രാമ്യവും പരിമിതവും ആയിരിക്കുമ്പോൾ ഹോട്ടലുകളിലേതു് കൂടുതൽ സമീകരിക്കപ്പെട്ടതും സമയക്രമം പാലിക്കുന്നവയും (ഇഡ്ഡലി/ദോശ പോലുള്ളവ പ്രഭാതത്തിലും ഊണും ബിരിയാണിയും മറ്റും ഉച്ചയ്ക്കും, വൈകീട്ടു് പലതരം മറ്റു പലഹാരങ്ങളും, എല്ലാ സമയത്തും ലഭിക്കുന്ന വട, പഴമ്പൊരി, സുഖിയൻ പോലുള്ള വിഭവങ്ങളും) ആണു്, ഹോട്ടലിലെ ഇടപാടുകാരിൽ കൂടുതലും അപരിചിതരും, ഇടപാടുകൾ ഔപചാരികവും ആണു്. പട്ടണങ്ങളും നഗരങ്ങളും ഉണ്ടായിവന്നപ്പോഴാണു് ചില ചായക്കടകളെങ്കിലും ക്രമേണ ‘ഹോട്ടലു’കളും ‘റെസ്റ്റോറന്റുകളു’മായി മാറുന്നതു്. എങ്കിലും ഇന്നും മലയാളസിനിമയിൽ ചായക്കടകൾ ഒരു സ്ഥിരം സാന്നിദ്ധ്യമാണു്; ഗ്രാമീണതയും പൊതുമയും പലമയും ആണു് ഇന്നും അതിന്റെ മുഖമുദ്ര.

[2] പിന്നീടാണു് തിരശ്ചീനമായി ‘ബ്രാഹ്മണാൾ’ ഹോട്ടൽ, ‘ഉഡുപ്പി’ ഹോട്ടൽ, ‘നായർ’ ഹോട്ടൽ, ‘മിലിട്ടറി’ ഹോട്ടൽ തുടങ്ങിയ സസ്യ/സസ്യേതര ‘ബ്രാൻഡു’കളും, ലംബമാനമായി നക്ഷത്രമെണ്ണിക്കുന്ന ഹോട്ടലുകളും ഉയർന്നുവന്നതു്; ഇവിടെ വർഗ്ഗ/ജാതി/മത ഔന്മുഖ്യങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും അവയുടെ ‘ബ്രാന്റ് ഇമേജി’ന്റെ ഭാഗമായിമാറുന്നു… വീടിന്റെയും സമുദായത്തിന്റെയും ഒരു വലിച്ചുനീട്ടലാവാൻ ശ്രമിക്കുന്ന (‘ഹോം എവേ ഫ്രം ഹോം’ എന്നതാണല്ലോ വളരെ പ്രചാരമുള്ള ഹോട്ടൽ പരസ്യവാചകം) ഇത്തരം തീറ്റയിടങ്ങളിൽനിന്നു് തികച്ചും വ്യത്യസ്തമാണു് ചായക്കടയിലെ അന്തരീക്ഷവും അവിടെ വിളമ്പുന്ന മൂല്യങ്ങളും.

[3] രസകരമാണു് ചായക്കടകൾ പോലുള്ള പൊതു തീറ്റയിടങ്ങളും ഉയർന്ന ജാതിക്കാരുടെ മിശ്രഭോജനഭീതിയും തമ്മിലുള്ള കെട്ടിമറിച്ചിലുകൾ. ഒരു വശത്തു് വീടും പരിസരവും വിട്ടു് പോകേണ്ടി വരുന്ന സാമ്പത്തികസാഹചര്യം/ സമ്മർദ്ദങ്ങൾ. മറുവശത്തു് തന്റേതിനെക്കാൾ താഴ്‌ന്ന ജാതിക്കാർ ഉണ്ടാക്കിയ ഭക്ഷണം കഴിക്കേണ്ടിവരുമോ എന്ന ഭയം. ബ്രാഹ്മണാൾ ഹോട്ടലുകളുടെ അന്നത്തെ ഒരു പ്രധാന ഉദ്ദേശം തന്നെ വീടുവിട്ടു് സഞ്ചരിക്കേണ്ടിവരുന്ന ഉയർന്നജാതി പുരുഷന്മാരുടെ ഭക്ഷണസൌകര്യമായിരുന്നു—പൊതു ഇടം എന്ന നിലയിൽ അവിടെ മിശ്രഭോജനം ഒഴിവാക്കാനാകില്ലെങ്കിലും താഴ്‌ന്നജാതിക്കാർ പാചകം ചെയ്ത ഭക്ഷണം കഴിക്കേണ്ടിവരില്ല എന്ന സമാധാനം ആയിരുന്നു ലക്ഷ്യം. ചായക്കടകളെ സംബന്ധിച്ചിടത്തോളം ഇതു് കച്ചവടത്തിന്റെകൂടി പ്രശ്നമായിരുന്നു; അവർ ഈ പ്രശ്നത്തെ പലരീതിയിലാണു് പരിഹരിച്ചതു്; ഒന്നു് ജാതിയും മതവും പരോക്ഷമായെങ്കിലും സൂചിപ്പിക്കുക എന്നതായിരുന്നു. ആദ്യം അനാമികമായിരുന്ന ചായക്കടകൾ ക്രമേണ പേരിടാൻ തുടങ്ങിയതു് അതിനുവേണ്ടി കൂടിയാണു്. ആദ്യകാല പേരുകൾ (പ്രത്യേകിച്ച് ‘വിലാസ’വാലുള്ളവ) ശ്രദ്ധിച്ചാൽ അവ ജാതിശ്രേണിയുടെ ഇടനിലയിൽ നിൽക്കാനും ഹൈന്ദവാന്തരീക്ഷം പ്രഖ്യാപിക്കാനും ശ്രമിക്കുന്നതു് കാണാം; അതുപോലെത്തന്നെയാണു് ചായക്കടകളിൽ ഫ്രെയ്ം ചെയ്തുവച്ചിരുന്ന ഫോട്ടോകളുടെ തിരഞ്ഞെടുപ്പും. സുബ്രഹ്മണ്യനും അയ്യപ്പനും ശിവനുമായിരുന്നു അവിടത്തെ ഏറ്റവും ഇഷ്ടദൈവങ്ങൾ. (ഇവർ മൂവരും വീടില്ലാത്തവരോ വീടുവിട്ടവരോ വീടിനുപുറത്തുള്ള ഇടങ്ങൾ തിരഞ്ഞെടുത്തവരോ ആണു് എന്നതു് യാദൃച്ഛികമായിരിക്കാം; ഏതൊക്കെയോ രീതിയിൽ അകലവും സ്ഥലഭ്രംശവും സഞ്ചാരവും ഈ ദൈവസാന്നിദ്ധ്യങ്ങൾ ആവാഹിക്കുന്നുണ്ടു്) ഈ പടങ്ങൾക്കുമുന്നിൽ ദിവസവും മാലമാറ്റുകയും ചന്ദനത്തിരി കത്തിക്കുകയും പതിവുണ്ടായിരുന്നു. പിന്നീടു് ഭാരതമാതാവും ഗാന്ധിയും നെഹ്രുവും തുടർന്നു് ലെനിനും സ്റ്റാലിനും ഇ എം എസും ഏ കെ ജിയും ഒക്കെ ചായക്കടകളിൽ ചുമരേറുകയും അവിടത്തെ കൂടിച്ചേരലുകൾക്കു് അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു.

[4] ‘ഓർമ്മകൾ ഉണ്ടായിരിക്കണം’ (ടി. വി. ചന്ദ്രൻ, 1995), ‘ഗ്രാമപഞ്ചായത്തു്’ (അലി അക്ബർ, 1998) ‘കഥ പറയുമ്പോൾ’ (എം. മോഹനൻ, 2007) തുടങ്ങി ‘കുമ്പളങ്ങി നൈറ്റ്സ്’ (മധു നാരായണൻ, 2019) വരെയുള്ള ചിത്രങ്ങളിൽ നമ്മൾ കണ്ട ബാർബർമാരിൽ വന്ന പരിണാമത്തിലൂടെ മലയാളിയുടെ ആണത്തഭാവനകളുടെ ചരിത്രം എഴുതാവുന്നതാണു്.

[5] ഈ അവസ്ഥയ്ക്ക് വിപ്ലവകരമായ മാറ്റം വരുത്തിയതു് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ കുടുംബശ്രീയുടെ കടന്നുവരവോടെയാണു്. ഇന്നു് കേരളത്തിന്റെ മുക്കിലും മൂലയിലും ഉള്ള ചെറിയ ഭക്ഷണശാലകൾ കുടുംബശ്രീ കൂട്ടായ്മകൾ നടത്തുന്നവയാണു്. ഒട്ടേറെ സ്ഥാപനങ്ങളിലെ ക്യാന്റീനുകളും പലയിടങ്ങളിലെ കമ്മ്യൂണിറ്റി കിച്ചനും ഇവരുടെ നേതൃത്വത്തിലാണു് ഇന്നു് നടന്നുപോകുന്നതു്. അവിടെ പാചകം ചെയ്യുന്നതും വിളമ്പുന്നതും മേൽനോട്ടം വഹിക്കുന്നതുമെല്ലാം സ്ത്രീകൾ തന്നെയാണു്. ഏറ്റവും രുചിയുള്ളതും ലളിതവും ശുദ്ധവുമായ ഭക്ഷണം നൽകിയിട്ടും ഒരു സാമ്പത്തികമാതൃക എന്ന നിലയ്ക്ക് അതിലെ അംഗങ്ങളായ സ്ത്രീകൾ അതിൽ ചിലവഴിക്കുന്ന സമയത്തിനും ചെയ്യുന്ന അധ്വാനത്തിനും നിക്ഷേപിക്കുന്ന മുതൽമുടക്കിനും അനുസൃതമായ വരുമാനവും മാന്യതയും ലഭിക്കുന്നുണ്ടോ എന്നതു് മലയാളി പൊതുസമൂഹം സ്വയം ചോദിക്കേണ്ട ചോദ്യമാണു്. തീർച്ചയായും സ്ത്രീകളെ കുടുംബത്തിനു പുറത്തേക്കും സാമ്പത്തികരംഗത്തേക്കും പണമിടപാടു് വ്യവസ്ഥയിലേക്കും വമ്പിച്ച രീതിയിൽ കൊണ്ടുവന്ന ഒരു സംരംഭമാണു് കുടുംബശ്രീ. പക്ഷെ ഒരു സാമൂഹിക ഇടം എന്ന നിലയിൽ നോക്കുമ്പോൾ കുടുംബശ്രീ ചായക്കടകളിൽ സാമ്പ്രദായികമായ (പുരുഷ) ചായക്കടകളിലുള്ള പോലെയുള്ള വ്യവഹാരവൈവിധ്യം കുറവാണു്. അവിടെ വരുന്നവർ ആവശ്യത്തിലുമധികം സമയം അവിടെ ചിലവഴിക്കുന്നതും അപൂർവ്വമാണു്. അതുകൊണ്ടുതന്നെ കൂടുതലും ഫങ്ഷണൽ ആണു് കുടുംബശ്രീ ഭക്ഷണശാലകൾ; പ്രയോജനപരവും പ്രായോഗികവും ആണു് അവിടത്തെ ഇടപാടുകളും ഇടപെടലുകളും. ഇതു് കേരളത്തിൽ സ്ത്രീസ്ഥലങ്ങൾ തുറന്ന സാമൂഹിക ഇടങ്ങളായി മാറുന്നതിലെ പരിമിതികളുടെയും, ഒപ്പം സ്ത്രീയ്ക്ക് മുൻകൈയുള്ള രംഗങ്ങൾ സ്ത്രൈണമായ വേലകളിലേക്ക് ഒതുങ്ങുന്നതിന്റെയും/ഒതുക്കപ്പെടുന്നതിന്റെയും സൂചനകളായിരിക്കുമോ? അതോ മുമ്പു് പുരുഷന്റേതുമാത്രമായിരുന്ന പൊതുമണ്ഡലത്തിനു ബദലോ സമാന്തരമോ ആയി വളർന്നുവരുന്ന സ്ത്രീശക്തിയുടെ ഒരു ഇടമായി ഇവ മാറുമോ?

അനുബന്ധം
images/chayakkada-02x.png

തങ്കക്കുടം (1965) എന്ന ചിത്രത്തിൽ പി. ഭാസ്ക്കരൻ രചിച്ച ഈ ഗാനത്തിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള നാടൻ കടകളിലെ പലതരം ഭക്ഷണങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയും ജാതികളെയും കുറിച്ചുള്ള രസകരമായ വിവരണം തന്നെയുണ്ടു്. ഭക്ഷണ വിഭവങ്ങളുടെയും രുചികളുടേതുമായ ഒരു ഐക്യകേരള ഭൂപടം കൂടിയാണതു്:

കോയിക്കോട്ടങ്ങാടീലെ കോയാക്കന്റെ കടയിലെ

കോയീന്റെ കറിയുടെ ചാറ്-അഹ്ഹാ

വായക്കാ വറുത്തതും ജോറ്

കൊച്ചീലങ്ങാടീലുള്ള കൊച്ചീക്കാന്റെ ഹോട്ടലില്

വെച്ചുള്ള കരിമീന്റെ ചാറ്-മുന്നില്

വെച്ചാലോ മാറും ഞമ്മടെ മോറ്

അമ്പലക്കുളങ്ങരെ എമ്പ്രാന്റെ കടയിലെ

തുമ്പപ്പൂ പോലുള്ള ചോറ്-കൂട്ടാൻ

എമ്പ്രാത്തി വെച്ച സാമ്പാറ്

കൊല്ലത്തുള്ളോരു ചിന്നക്കടയിലെ

പുള്ളിക്കാരൻ പുള്ളേച്ചന്റെ

അവിയലു പൊരിയലു തീയലു കണ്ടാൽ കോള്

വായിൽ ആവിക്കപ്പൽ മൂളിവരുന്നൊരു ചേല്

(കോയിക്കോട്ടങ്ങാടീലെ…)

പട്ടരു കൂട്ടിയരച്ചൊരു ചട്ടിണി കട്ടീലെടുത്തൊരു

ദോശേക്കൂട്ടി പണ്ടെനിക്കു കൊണ്ടെത്തന്നു പോറ്റി

അങ്ങനെ പന്തിരണ്ടു ദോശയെന്നെ തീറ്റി

കോയിക്കോട്ടങ്ങാടീലെ കോയാക്കന്റെ കടയിലെ

കോയീന്റെ കറിയുടെ ചാറ്-അഹ്ഹാ

വായക്കാ വറുത്തതും ജോറ്

കൊച്ചീലങ്ങാടീലുള്ള കൊച്ചീക്കാന്റെ ഹോട്ടലില്

വെച്ചുള്ള കരിമീന്റെ ചാറ്-മുന്നില്

വെച്ചാലോ മാറും ഞമ്മടെ മോറ്

സി. എസ്. വെങ്കിടേശ്വരൻ
images/CSVenkiteswaran.jpg

തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ 1959-ൽ ജനിച്ചു. ചലച്ചിത്രപ്രവർത്തകൻ.

ചിത്രങ്ങൾ: അഷ്റഫ് മുഹമ്മദ്

Colophon

Title: Chayakkadayile Misrabhojanam (ml: ചായക്കടയിലെ മിശ്രഭോജനം).

Author(s): C. S. Venkiteswaran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-28.

Deafult language: ml, Malayalam.

Keywords: Article, C. S. Venkiteswaran, Chayakkadayile Misrabhojanam, സി. എസ്. വെങ്കിടേശ്വരൻ, ചായക്കടയിലെ മിശ്രഭോജനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Anselm Kiefer artwork, an installation by Anselm Kiefer (1945–). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.