ഉത്തരേന്ത്യൻ ‘ഹൃദയ’ഭൂമിയിൽ നിന്നെത്തിച്ചേർന്ന ലക്ഷക്കണക്കിനു കർഷകർ കോർപ്പറേറ്റ്-സൗഹൃദ-ഫാസിസ്റ്റ്-ഭരണകൂടമയച്ച മാന്ത്രികാശ്വത്തെ പിടിച്ചു കെട്ടാൻ തലസ്ഥാന നഗരിയെ വളഞ്ഞു നിൽക്കുകയാണു്. അഭൂതപൂർവ്വമായ ഈ ചരിത്ര സന്ധിയിൽ കെ. ജി. എസ്സിന്റെ “തകഴിയും മാന്ത്രികക്കുതിരയും’ എന്ന കവിത (മാതൃഭൂമി വാരിക, മാർച്ചു് 31, 2019) കൂടുതൽ അർത്ഥവേദ്യമായി നമുക്കു് മുന്നിൽ വെളിപ്പെടുന്നു.
കർഷകന്റെ രാഷ്ട്രീയത്തിൽ ബോധത്തെക്കാൾ അബോധം, ജാഗ്രത്തിനെക്കാൾ സ്വപ്നം, വർത്തമാനത്തെക്കാൾ, ഭവിഷ്യവും ഭൂതവും, യുക്തിയെക്കാൾ ഭാവശക്തി, വഹിക്കുന്ന പങ്ക്, അതല്ലെങ്കിൽ, ബോധാബോധങ്ങളുടെ, ജാഗ്രത്സ്വപ്നങ്ങളുടെ, ഭൂതഭവിഷ്യങ്ങളുടെ അതിശക്തമായ പാരസ്പര്യം, എന്തെന്നു് വെളിവാക്കുന്നു ഈ കവിത. തകഴിയുടെ ദുഃസ്വപ്നം, അതിനു കവിത നൽകുന്ന സ്വപ്നവ്യാഖ്യാനം, സ്വപ്നത്തിനുള്ളിൽ മറ്റൊരു സ്വപ്നമായുയരുന്ന മാന്ത്രിക കഥാപ്രമേയം. കവിതയുടെ ഈ സ്വപ്നഘടന കർഷക രാഷ്ട്രീയത്തിന്റെ, കർതൃ-പരമായ ഘടനാമൂലകങ്ങളിലേക്കു് വെളിച്ചം പായിക്കുന്നു. ഭരണകൂട രാഷ്ട്രീയത്തിൽ നിന്ന്, ബോധാധിഷ്ഠിതവും ലാഭോന്മുഖവും ആയ കക്ഷിരാഷ്ട്രീയ യുക്തിഘടനയിൽ നിന്ന്, കർഷകന്റെ റാഡിക്കൽ രാഷ്ട്രീയം എത്രകണ്ടു് വ്യത്യസ്തമാണെന്നു് ഇതു് വെളിപ്പെടുത്തുന്നു. കവിത നിർമ്മിക്കുന്ന ഈ സ്വപ്ന യന്ത്രം ബോധഘടനയിൽ, ജാഗ്രത്തിൽ, ക്രമികത്വത്തിൽ, അട്ടിമറികൾ വിതയ്ക്കുന്നു. അധികാരത്തിന്റെ ഗണിതസൂത്രങ്ങളാൽ തളയ്ക്കപ്പെട്ട (മലയാളിയുടെ) സ്ഥൂലരാഷ്ട്രീയ ബോധത്തിൽ ഘടനാപരമായ അഴിച്ചുപണികൾ നടത്തുന്നു ഈ ദുസ്വപ്നസംഭവം.
ഫ്രഡറിക്കു് ജെയിംസൺ പറയുന്ന പോലെയുള്ള ‘രാഷ്ട്രീയ-അബോധമ’ല്ല, ‘അബോധത്തിന്റെ രാഷ്ട്രീയ’മാണ്—ദെല്യൂസും ഗൊത്താരിയും മറ്റും ഊന്നൽ നൽകുന്ന സ്വപ്നത്തിന്റെ, കാമനയുടെ, സൂക്ഷ്മരാഷ്ട്രീയം—ഈ കവിത പ്രതിജ്ഞാപനം ചെയ്യുന്നതു്. അബോധം എന്നതു് ഇവിടെ, അഭിലാഷത്തിന്റെ, സ്വപ്നത്തിന്റെ, അജ്ഞാത, ആന്തരിക, കാലസ്ഥലികളെ കുറിക്കുന്നു. മനുഷ്യ ചേതനയിൽ സ്പന്ദനം കൊള്ളുന്ന സർവ്വചരാചരപ്രജ്ഞാനുസ്യൂതിയെ, പ്രകൃതീസംസ്കൃതീനൈരന്തര്യത്തെ, മാനവ, അമാനവ, അതിമാനവ, സംവേദനത്തെ, മൃഗ-സസ്യ-വൃക്ഷ-പക്ഷീ-തൃണ-പ്രാണികളുടെ, ജീവ-ദ്രവ്യജാലങ്ങളുടെ, ഘനമൂകമായ അന്തർസംഭാഷണത്തെ. വയലും അതിലെ “നെല്ലും മീനും ചീവീടും, പുൽത്തളിരും, ചെറുമഞ്ഞും, നീർക്കോലിയും നീർത്തുമ്പിയും അവയുടെ നേർമൊഴിയും”, വിതപ്പാട്ടും, കൊയ്ത്തുപാട്ടും, എല്ലാം സഹവസിക്കുന്ന ഒരു ആവാസവ്യവസ്ഥയുടെ ഗൂഢവിനിമയമാണു് ഇവിടെ അബോധം, സ്വപ്നം. ദെല്യൂസ് പറയുന്ന പ്രപഞ്ച കാമനയുടെ അനംഗശരീരം(body without organs). വിശ്വാസത്തിന്റെയും വീര്യത്തിന്റെയും പ്രഭവകേന്ദ്രം. അഭിലാഷങ്ങളെ, സ്വപ്നങ്ങളെ ഉല്പാദിപ്പിക്കുന്ന സഞ്ജീവനയന്ത്രം. ജീവാജീവന്മാർ, ജൈവാജൈവങ്ങൾ, ചരാചരങ്ങൾ, സ്ഥാവര ജംഗമങ്ങൾ സർവ്വതും സംവേദനനിരതമാവുന്ന ഉർവ്വരമായ അന്തഃസ്ഥലി.
കൊയ്യാറായ വയൽ ആരോ കട്ടു് കൊയ്യുന്നെന്ന ദുസ്വപ്നം കണ്ടു് ഞെട്ടിയുണരുന്നു, (വിശ്വസാഹിത്യകാരനും അഭിഭാഷകനും കർഷകപ്രതിഭയുമായ) തകഴി. പേക്കിനാക്കൂക്കു് കേട്ടു്, ടോർച്ചും വടിയും കൂട്ടാളികളും നായ്ക്കുരകളുമായി പാടത്തേക്കു് പായവേ, തകഴി ശങ്കിക്കുന്നു: ഇതു് സത്യമോ വെറും സ്വപ്നമോ?
വിശ്വസിക്കാമോ സ്വപ്നത്തെ?
വന്നറിയിച്ച ദുരന്തമല്ലല്ലോ, സ്വപ്നമല്ലേ?
സ്വപ്നം തന്നെ ഒരു വന്നറിയിക്കലേല്ല?
അജ്ഞാതത്തിന്റെ സന്ദേശം?
ചരിത്രാതീത ഭാഷയിൽ മനെസ്സഴുതുന്ന
ഭാവിചരിത്രമല്ലേ സ്വപ്നം?
അതോ അരാഷ്ട്രീയത ഉറങ്ങുമ്പോൾ
രാഷ്ട്രീയതയുടെ ഉൾവിളിയോ?
…വയലനിക്കയച്ച വിപൽദൂതല്ല
ഈ പേക്കിനാവെന്നാരു് കണ്ടു?
സ്വപ്നമോ യാഥാർത്ഥ്യമോ, വർത്തമാനമോ, ഭൂതമോ ഭാവിയോ എന്നറിയാത്ത, ബോധമോ അബോധമോ എന്നു് വേർതിരിക്കാനാവാത്ത, എല്ലാം കെട്ടു് പിണഞ്ഞ ഒരു സ്വപ്നസ്ഥലിയിലൂടെയാണു് തകഴിയുടെ സഞ്ചാരം. സ്വപ്നത്തിൽ തന്നെ സ്വപ്നവിശകലനവും നടക്കുന്നു. സ്വപ്നത്തിനുള്ളിലെ സ്വപ്നത്തിലേക്കും കഥയ്ക്കുള്ളിലെ കഥയിലേക്കും ഓർമ്മയ്ക്കുള്ളിലെ എതിർ-ഓർമ്മകളിലേക്കും, പ്രജ്ഞയ്ക്കുള്ളിലെ എതിർപ്രജ്ഞയിലേക്കും, വർത്തമാനത്തിൽ നിന്നു് തെറ്റി ഭൂതഭവിഷ്യങ്ങളിലേക്കും നീളുന്നു ഈ സ്വപ്ന സഞ്ചാരം.
സ്വപ്നം/അബോധം അരുളുന്ന രാഷ്ട്രീയ പ്രബുദ്ധതയിലേക്കാണു് ഈ ദുഃസ്വപ്നം കവിതയെ ഉണർത്തുന്നതു്. ബോധാബോധങ്ങളുടെ വരമ്പത്തു കൂടിയുള്ള ഈ സ്വപ്നാടനത്തിനിടെ, സ്വപ്നത്തിന്റെ മനഃശാസ്ത്ര-രാഷ്ട്രീയ വിശകലനത്തിലേർപ്പെടുന്നുണ്ടു് കവിതയിലെ തകഴി.
സ്വപ്നത്തെ തള്ളുന്നതിനു പകരം സ്വപ്നത്തിന്റെ വിശ്വസനീയതയെ പ്രതിജ്ഞാപനം ചെയ്യുകയാണു് കർഷകകർതൃസ്വരൂപമായ തകഴി ഇവിടെ. സ്വപ്നം ‘ഒരു വന്നറിയിക്കലല്ലേ’? ‘അജ്ഞാതത്തിന്റെ സന്ദേശമല്ലേ’? സ്വപ്നവും ജാഗ്രത്തും ഭാവിയും ഭൂതവും വർത്തമാനവും എല്ലാം പ്രശ്നവൽക്കരിക്കപ്പെടുകയാണിവിടെ. ചരിത്രത്തെ, ബോധത്തെ, പിളർന്നുയരുന്ന പ്രബുദ്ധമായിത്തീരലിന്റെ സംഭവമാണു് സ്വപ്നം എന്ന വെളിപാടിലേക്കു് ചോദ്യങ്ങൾ വളർന്നു് മുറുകുന്നു. ‘ചരിത്രാതീതഭാഷയിൽ മനസ്സെഴുതുന്ന ഭാവിചരിത്രം’ സ്വപ്നമെന്ന്, ജാഗ്രദവസ്ഥ അരാഷ്ട്രീയതയുടെ നിദ്രാടനമാവുമ്പോൾ, ‘രാഷ്ട്രീയതയുടെ ഉൾവിളി’, അധിക ഉണർവ്വാകുന്നു, സ്വപ്നമെന്ന്, തകഴിമൊഴികളിലൂടെ കവിത പുനർനിർവ്വചിക്കുന്നു. വയലിനെ നെഞ്ചിൽച്ചേർത്ത കർഷകന്റെ ആധിയുടെയും ആഗ്രഹത്തിന്റെയും പ്രകാശനമെന്ന്, വയലയച്ചു് തന്ന വിപൽ സന്ദേശമെന്ന്, ഈ ദുഃസ്വപ്നത്തെ തകഴി വായിക്കുന്നു.
കർഷകകർത്തൃത്വത്തിന്റെ സ്വപ്നോന്മുഖത്വത്തിലേക്കു് തുടരെത്തുടരെ ടോർച്ചടിക്കുന്നു തകഴിയുടെ ആത്മഗതങ്ങൾ.
എന്നുണരുന്നതും കൂടുതൽ തകഴിയായിട്ടു്”
ബോധത്തെ ഞെട്ടിയുണർത്തുന്ന, ഭാവിയുടെ കിളിവാതിൽ വെട്ടിത്തുറക്കുന്ന, വംശത്തിന്റെ എതിർ സ്മൃതികൾ (counter-memories) തിരിച്ചു് പിടിക്കുന്ന, അബോധത്തിന്റെ ആന്തരിക ആഘാത വിദ്യയാണു് തകഴിയ്ക്കു് ദുഃസ്വപ്നം. ഓരോ ദുഃസ്വപ്നവും ഈ കർത്തൃത്വത്തെ കൂടുതൽ ഉണർവ്വിലേക്കാണു് നയിക്കുന്നതു്. ദുഃസ്വപ്നത്തിന്റെ പത്മവ്യൂഹത്തിൽ ഗ്രിഗർ സാംസയെപ്പോലെ തിരിച്ചു വരാനാവാത്ത വിധം ബന്ധിയാവുന്നില്ല കർഷക സത്വനായ തകഴി. ദുഃസ്വപ്നത്തിൽ നിന്നു് ജാഗ്രത്തിലേക്കു് കൂടുതൽ ശക്തനായാണയാൾ മടങ്ങിവരുന്നതു്. ഓരോ ദുഃസ്വപ്നത്താലും നവീകരിക്കപ്പെടുന്ന, രൂപാന്തരീകരിക്കപ്പെടുന്ന, ഒരു കർതൃപ്രവാഹത്തെയാണു് ‘തകഴി’ എന്നു് കവിത നാമകരണം ചെയ്യുന്നതു്. സ്വപ്നവിരുദ്ധനല്ല ബഹു-സ്വപ്നവിശ്വാസിയാണു് ‘തകഴി’. സ്വകാര്യമായ ഫാന്റസിയല്ല, യാഥാർത്ഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ല, സുഖസാന്ത്വനമല്ല, നഷ്ടപരിഹാരമല്ല, തകഴിയുടെ സ്വപ്നം. വംശത്തിന്റെ രാഷ്ട്രീയ ജാഗ്രതയാണതു്. വിപ്ലവത്തിന്റെയും, വിമോചനത്തിന്റെയും, വംശീയസ്വപ്നങ്ങളുടെ രാഷ്ട്രീയാഘോഷകനാണ്, ബഹു-കാല-ലോക-സ്വപ്നപ്രബുദ്ധനാണു് ‘തകഴി’.
എന്നുണരുന്നതും കൂടുതൽ തകഴിയായിട്ടു്;
ഭീമൻകീടമായിട്ടല്ല, ഗ്രിഗർ സാംസെയേപ്പാലെ.
മറ്റുള്ളോരുടെ സ്വപ്നം ഞാൻ വിശ്വസിച്ചു. പല കാലം.
മാർക്സ്, ലെനിൻ, ടോൾസ്റ്റോയ്, ഗോർക്കി, ബൽസാക്ക്,
കേസരി, മോപ്പസാങ്, എന്റെ ഭാര്യ കാത്ത,
കാരൂർ, ഫ്ലാബേർ, ബഷീർ… സ്വപ്നങ്ങൾ.
രണ്ടല്ലായിരുന്നു സ്വപ്നവും ദർശനവുമെനിക്കു്.
വംശീയ-അബോധത്തിന്റെ/സ്വപ്നത്തിന്റെ പ്രതിജ്ഞാപനമാണു് കർഷകനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്നു് ‘തകഴി’യുടെ വാക്കുകളിലൂടെ കാവ്യാഖ്യാതാവ് വെളിപ്പെടുത്തുന്നു. സ്വപ്നവും ദർശനവും തനിക്കു് രണ്ടല്ലെന്ന ‘തകഴി’യുടെ ആത്മനിർവ്വചനം ശ്രദ്ധേയമാവുന്നതിവിടെയാണു്.
ബോധാബോധങ്ങളുടെ വരമ്പത്തു കൂടി നടന്നു് നടന്നു് വയലിലെത്തിച്ചേരവേ, വീണ്ടും മറ്റൊരു സ്വപ്നത്തിലേക്കു് ഞെട്ടിയുണരുകയാണു് തകഴി. പണ്ടേ മരിച്ച കണ്ടൻ മൂപ്പൻ എന്ന വിതക്കാരൻ, കർഷക ‘ഋഷി’, പൂർണ്ണതേജസ്വിയായി മുന്നിൽ പ്രത്യക്ഷനാവുന്നു. ‘വയൽ നിറഞ്ഞു നിൽക്കുന്ന അസാധ്യതയായി’, അസാധ്യത്തിന്റെ ദർശനമായി, സംഭവമായി, സ്വപ്നം തകഴിയെ വീണ്ടും ഞെട്ടിച്ചുണർത്തുന്നു. മണ്മറഞ്ഞ വംശനായകന്റെ ഉയർത്തെണീപ്പ്. സ്വപ്നത്തിന്റെ വയൽസ്ഥലിയിൽ നിതാന്ത ജാഗ്രതയോടെ നിദ്രാ രഹിതനായി പാറാവ് നിൽക്കുന്ന മരണമില്ലാത്ത വംശ രക്ഷകൻ, ജീവന്റെ വിതക്കാരൻ. സ്വപ്നം വംശകാലത്തിലേക്കു് വർദ്ധമാനമാകുന്നു. വംശീയമായ എതിർ സ്മൃതികൾ ചരിത്രകാലത്തെ ഭേദിച്ചു് വയലിന്റെ സ്വപ്ന സ്ഥലിയിൽ മാന്ത്രിക യാഥാർത്ഥ്യം രചിക്കുന്നു. രേഖീയകാലത്തെ, ബോധത്തെ, തകർത്ത്, ഭൂതഭാവികളുടെ, ബോധാബോധങ്ങളുടെ, ജാഗ്രത്സ്വപ്നസുഷുപ്തികളുടെ, അതിർവരമ്പുകൾ മായ്ച്ചു്, വംശത്തിന്റെ ശാശ്വതകാലം വർത്തമാനത്തെ കയ്യേറുകയും യാഥാർത്ഥ്യത്തെ മാറ്റിയെഴുതുകയും ചെയ്യുന്നു. സ്വപ്നത്തിന്റെ മൃണാള നാളത്തിലൂടെ സഞ്ചരിച്ചു് വംശ-തുരീയത്തിലെത്തിച്ചേരുന്ന തകഴിയ്ക്കുമുന്നിൽ വംശനേതാവായ കണ്ടൻ മൂപ്പൻ ചിരഞ്ജീവിയായി, അതിമാനവനായി, അമൃതസ്വരൂപനായി, വെളിപ്പെടുന്നു. സ്വപ്നകാലം വംശത്തിന്റെ തുരീയകാലത്തിലേക്കു് മൂർഛിക്കുന്നു. ബോധാന്തരീകരണത്തിന്റെ, രൂപാന്തരീകരണത്തിന്റെ നാലാം കാലം. പ്രജ്ഞയുടെ (നിലയില്ലാത്ത) നാലാം നില. ചരിത്രവും ചരിത്രാതീതവും ഘർഷണം ചെയ്യുന്ന, ഭൂതഭാവികൾ, ഭൗമാഭൗമങ്ങൾ, പകർന്നാടുന്ന, വംശ രാത്രിയുടെ തുരീയ വെളിവിൽ വയൽ ഒരു നടനവേദിയായിമാറുന്നു. എതിരോർമ്മയുടെ മാന്ത്രികമുകുരത്തിൽ കണ്ടൻ മൂപ്പന്റെ കയ്യിലെ മാസ്മരവിതമുദ്ര നവ നടന മുദ്രയായി തെളിയുന്നു. വംശകാലത്തിന്റെ വ്യതിരാവർത്തനമായി (Deleuze, “the repetition of difference”), ശാശ്വതികമായ പുനരാഗമനത്തിന്റെ സംഭവമായി (Nietzsche, “eternal recurrence”) കണ്ടൻ മൂപ്പന്റെ വിത നടനം ഒരിക്കൽ കൂടി അരങ്ങേറുകയാണു്. കാഴ്ചയ്ക്കു് ശേഷവും കണ്ണിൽ നടനം തുടരുന്ന ശാശ്വതമായ വംശസംഭവം.
വയൽ നിറഞ്ഞു് നിൽക്കുന്നെതാരസാധ്യത:
കണ്ടൻ മൂപ്പൻ; പണ്ടേ മരിച്ച വിതക്കാരൻ.
കൃഷിയുടെ ഋഷി.
(എത്ര കണ്ടതാ ഞാനാ കൈയുടെ മാസ്മര വിതമുദ്ര.
ചൂണ്ടുവിരലും തള്ളവിരലും ചേർന്നൊരുക്കുന്ന
വിത്തുവാതിൽ കടന്നു് നെന്മണികൾ വായുവിലുയരും
വിതപ്പാട്ടിലെ വാക്കുകൾ പോലെ ചിറകു് വീശും
കാൽനിമിഷം വായുവിൽ തങ്ങും
ഓരോ വിത്തും വയൽനെഞ്ചിൽ സ്വന്തം ഇടം കാണും
ആ കുളിരിലേക്കു് താണിറങ്ങും.
കണ്ടു് കഴിഞ്ഞും കണ്ണിൽ തുടരും
കണ്ടൻ മൂപ്പന്റെ വിതനടനം.)”
ജീവന്റെ, ഭാവിയുടെ, വിത്തു വിതയ്ക്കുന്ന ജീവ രാഷ്ട്രീയ (‘zoe’-politics) നടനമാണു് നമുക്കു് മുന്നിൽ, നമുക്കു് പിന്നിൽ. കൃഷിയുടെ ഋഷിയും രക്ഷകനും മാന്ത്രികനും നട്ടുവനുമായ കണ്ടൻ മൂപ്പന്റെ വംശനൃത്തം നടരാജ നൃത്തത്തെയും കവിയുന്നു. അനുഗ്രഹ മുദ്രയ്ക്കു് പകരം ജീവന്റെ വിതമുദ്ര. വിതയാടുന്ന വിരലിന്റെ ചിന്മുദ്ര. ചൂണ്ടു് വിരലും തള്ളവിരലും ചേർന്നൊരുക്കിയ വിത്തു് വാതിൽ ഭേദിച്ചു് വായുവിലേക്കു ഉയർന്നുയരുന്ന നെന്മണിക്കുരുന്നുകൾ, വിതപ്പാട്ടിലെ വാക്കുകൾ പോലെ നെന്മണികളുടെ ചിറകു വീശിപ്പറക്കൽ, കാൽ നിമിഷം വായുവിൽ തങ്ങി, വയൽ നെഞ്ചിൽ സ്വന്തം ഇടം കണ്ടെത്തി, നെഞ്ചിന്റെ കുളിരിലേക്കു് താണിറങ്ങുന്ന നെന്മണിപ്പറവകൾ. ഇതാണു് ജീവന്റെ, ഭാവിയുടെ, വിത നടനം. വിതക്കാരനും, വിത്തായ നെന്മണിപ്രാക്കളും, വിതപ്പാട്ടുകാരും, വയൽ നെഞ്ചും, കുളിർവായുവും, വംശമൊന്നാകെയും, പകർന്നാടുന്ന ജീവന്റെ സംഘനൃത്തം.
കൃഷി വെറും ഒരു കായികാദ്ധ്വാനമല്ല. ഒരു മാസ്മര സർഗ്ഗനടനമാണു്. പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും പങ്കെടുക്കുന്ന സംഘകലയാണ്, “ജീവ”-രാഷ്ട്രീയത്തിന്റെ വംശോൽസവമാണു്.
അനന്തരം, കർഷകന്റെ ഇതിഹാസകാരനും വക്കീലുമായ തകഴി സാറിനോട് വംശ രക്ഷകനായ കണ്ടൻ മൂപ്പൻ ആസന്നമായ മഹാവിപത്തിന്റെ വൃത്താന്തം നാടോടിക്കഥനത്തിന്റെ സ്വപ്നമൊഴികളിലൂടെ റിപ്പോർട്ട് ചെയ്യുന്നു:
പാടെത്തേന്താ പന്തികേട് തോന്നി നോക്കുമ്പോൾ, കണ്ടത്തിൽ കുഞ്ചിനിലാവു കുലുക്കി മേയുന്ന പരദേശി മാന്ത്രികക്കുതിര. “മൂന്നാൾ പൊക്കം, തൂവെള്ള. തീനാവ്”. പ്രലോഭനീയം. “ഒറ്റയ്ക്കൊരു സൈന്യം”. ‘ആ ചതിക്കുതിരയിൽ നിന്നു് മാരകമൊരു സൈന്യപ്പാതിര ലോകത്തേയ്ക്കിറങ്ങുന്നു’. മേഞ്ഞിടം തരിശാക്കിക്കൊണ്ടു്.
കുഴിമാടങ്ങളിൽ കാവൽ നിൽക്കുന്ന ചാത്തന്മാരെ കണ്ടൻ മൂപ്പൻ തുറന്നു വിട്ടു. വംശാബോധത്തിന്റെ പ്രവിശ്യകൾ കാക്കുന്ന നാട്ടുരക്ഷാസൈന്യം. മാന്ത്രികക്കുതിര തൽക്കാലം മാഞ്ഞെന്നു് തോന്നിച്ചെങ്കിലും, മായാരൂപമാർന്നു് മണ്ണിലേക്കോ മാനത്തിലേക്കോ മനസ്സിലേക്കോ അധിനിവേശം ചെയ്തു. അതിന്റെ വാൽ ബോംബർപ്പുക പോലെ കാറ്റിൽ നീണ്ടുലഞ്ഞു. നഗരമായ കൊണ്ടു് അതു് മൂപ്പന്റെ കണ്ണുകെട്ടി. അരൂപിയും മായാവിയുമായ ഒരു മാരകശത്രു വംശത്തിനെതിരെ മായികമായ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നു. രാസവിഷം തുപ്പുന്ന ചതിക്കുതിര. കൊള്ളക്കുതിര. മായാവിക്കുതിര.
പീഡിത പോലെ മയക്കത്തിൽ.
ഓക്കാനിക്കുന്നതു് കണ്ണും മൂക്കും പൊള്ളിക്കും
രാസമണം.
കനകവയൽ കാർന്നൊടുക്കുമ്പോൾ
കൊള്ളക്കുതിരെയാലിപ്പിച്ച രാസ ഊറലിൽ
നെല്ലും മീനും ചീവീടും പുൽത്തളിരും ചെറുമഞ്ഞും
നീർക്കോലി, നീർത്തുമ്പിയുമവയുടെ
നേർമൊഴിയും… അടപടേല
നീറിച്ചീയുമൊരാവാസത്തിൻ നാറ്റം.
കാഴ്ചയിലിപ്പോൾ ശേഷിക്കുന്നതു്
ഉൾക്കനം വാർന്നു്
വളഞ്ഞ നട്ടെല്ലു് പോലെ ചില പതിർക്കുല;
ചുമ്മാ കിലുങ്ങുന്നതു്.
പിന്നെക്കാണുന്നതു് പീഢിതയായി മയങ്ങുന്ന പാടത്തെയാണു്. അതിന്റെ ഓക്കാനത്തിനു് കണ്ണും മൂക്കും പൊള്ളിക്കുന്ന രാസ മണം. കൊള്ളക്കുതിര കനകവയൽ കാർന്നെടുക്കുന്നു. അതിന്റെ രാസവിഷ സർജ്ജനത്തിൽ ‘നെല്ലും മീനും ചീവീടും പുൽത്തളിരും ചെറുമഞ്ഞും നീർക്കോലി നീർത്തുമ്പികളും അവയുടെ നേർമൊഴികളും’ ആഘോഷപൂർവ്വം സഹവസിക്കുന്ന വയലിന്റെ ആവാസവ്യവസ്ഥയാകെ പൊള്ളിനീറിച്ചീഞ്ഞു നാറുകയാണു്. ഇപ്പോളുയരുന്നതു് വംശനാശത്തിന്റെ ദുസ്സഹമായ നാറ്റം മാത്രം. ഉൾക്കനം വാർന്ന, നട്ടെല്ലു വളഞ്ഞു ചുമ്മാ കുലുങ്ങുന്ന ചില പതിർക്കുലകൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. ജീവന്റെ, ഭാവിയുടെ, വിതക്കാരൻ, വംശമൂർത്തിയായ കണ്ടൻ മൂപ്പൻ, വർത്തമാന അവസ്ഥയെ ബോധിപ്പിക്കുന്നതിങ്ങനെ. ഉൾക്കനമില്ലാത്ത, നട്ടെല്ലു വളഞ്ഞ, ചുമ്മാ കുലുങ്ങി ച്ചിലമ്പുന്ന പതിർക്കുലകൾ, സമകാലീന കേരളീയ സമൂഹമുല്പാദിപ്പിക്കുന്ന ദീനകർതൃത്വങ്ങളുടെ ഗുണശോഷണത്തെയല്ലേ രൂപകം ചെയ്യുന്നതു്?
മാന്ത്രികക്കുതിരയുടെ നാടോടി കഥനപ്രമേയത്തിലുടെ, നാട്ടുജനതയ്ക്കുമേൽ നടക്കുന്ന അദൃശ്യവും അന്യാദൃശവും മായികവുമായ ഒരു ആക്രമണത്തിന്റെ ചരിത്രവും അതിന്റെ ദുരന്തപരിണതികളുമാണു് കണ്ടൻ മൂപ്പൻ ആഖ്യാനം ചെയ്യുന്നതു്. കർഷകർക്കുമേൽ, കർഷകവൃത്തിയ്ക്കും ആവാസവ്യവസ്ഥയ്ക്കും മേൽ, ആഗോള കോർപ്പറേറ്റ് സാമ്രാജ്യത്വം നടത്തുന്ന പ്രഛന്നവും മാരകവുമായ അധിനിവേശ ആക്രമണത്തെ സൂക്ഷ്മമായി തിരിച്ചറിയുകയും ചെറുത്തുനിൽക്കുകയും ചെയ്യുന്ന കർഷകന്റെ അബോധ രാഷ്ട്രീയ നേരിടലുകളെയാണ്, സ്വപ്നപുരുഷനായ കണ്ടൻ മൂപ്പൻ മാന്ത്രികവും ഗൂഢവുമായ കഥനരീതിയിൽ മൊഴിയുന്നതു്. ചരിത്രപരവും രാഷ്ട്രീയപരവും ആയ ഒരു പ്രഛന്നാധിനിവേശ പീഢാനുഭവത്തിന്റെ സത്യവാങ്മൂലം. പ്രാദേശിക കാർഷിക സമ്പദ്വസ്ഥകളെ, സമൂഹങ്ങളെ, സാംസ്ക്കാരങ്ങളെ, പരിസ്ഥിതിയെ, കൊള്ള ചെയ്തു് കാർന്നു് തിന്നുന്ന, വിഷാണമായ ആഗോള ബയോരാഷ്ട്രീയ സാമ്രാജ്യത്വത്തിന്റെ മായാസ്വരൂപത്തെയാണു് ഈ പരദേശിമാന്ത്രികക്കുതിര മൂർത്തീകരിക്കുന്നതു്. ആധുനിക-ആധുനികോത്തര-സാങ്കേതികവിദ്യയുടെ, ശാസ്ത്രവിജ്ഞാനീയത്തിന്റെ, നവചൂഷണവിദ്യകളുടെ, പടക്കോപ്പണിഞ്ഞ, ഈ മാന്ത്രിക അശ്വയന്ത്രം ദക്ഷിണേഷ്യയുടെ, ഇന്ത്യയുടെ, പ്രത്യേകിച്ചു് കേരളത്തിന്റെ പ്രകൃതിയെ, കാർഷികാവാസവ്യവസ്ഥയെ, സാംസ്ക്കാരിക സാമൂഹ്യ മണ്ഡലത്തെ, വിഷസേചനംചെയ്തു് തരിശാക്കിയതെതെങ്ങനെ എന്നു് ഹരിതവിപ്ലവകാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. നാട്ടുമണ്ണിൽ, കൃത്രിമവിത്തിന്റെ, രാസവളത്തിന്റെ, കീടനാശിനികളുടെ, ബഹുരാഷ്ട്ര കുത്തകകക്കമ്പനികളുടെ പടയോട്ടക്കഥ. ബയോ ടെക്നോളജി, ബയോ എഞ്ചിനീയറിങ്ങ്, ജെനെറ്റിക്സ്, എന്നീ ശാസ്ത്ര-സാങ്കേതികതകവിദ്യകളുടെ, ദുരുപയോഗത്തിലൂടെ, അതിയന്ത്രവൽക്കരണത്തിലൂടെ, അധൃഷ്യശക്തിയായി മാറിയ ആഗോള ബയോ-സാമ്രാജ്യത്വം കർഷക ജനതയ്ക്കു് മേൽ നടത്തിയ മായികവും പ്രഛന്നവുമായ സൂക്ഷ്മയുദ്ധങ്ങളുടെ കഥ.
ഇതു് കൃഷിക്കാരന്റെ ദുരന്തകഥമാത്രമല്ല, കേരളത്തിന്റെ ദുരന്ത ചരിത്രം കൂടിയാണു്. പ്രലോഭനീയമായ ഈ ആഗോള മാന്ത്രികാശ്വയന്ത്രത്തിന്റെ തേരോട്ടത്തിൽ തകർന്നടിഞ്ഞതു് വയലേലകളും സമൃദ്ധ ഹരിതകങ്ങളും കർഷകസമൂഹങ്ങളും മാത്രമല്ല, കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യ-സാംസ്ക്കാരിക-ആവാസ-വ്യവസ്ഥയാകെയും, രാഷ്ട്രീയ-സ്വയം നിർണ്ണായകതയും, സാമ്പത്തിക സ്വയം പര്യാപ്തിയും, നട്ടെല്ലു വളയാത്ത കർതൃസ്വരൂപങ്ങളുമാണു്. അന്നവിളകളിൽ നിന്നു് നാണ്യ വിളകളിലേക്കു് കർഷകർ മാർഗ്ഗം കൂടിയതും, നെൽ വയലുകളെ, കോൺക്രീറ്റ് കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, കയ്യേറ്റം ചെയ്തതും, കൃഷിയുടെയും കർഷകന്റെയും വിലയിടിഞ്ഞ് ചോരവാർന്ന്, ആത്മഹത്യ കർഷന്റെ ആത്മാവിഷ്ക്കാരമാർഗ്ഗമായതും, മണ്ണും, മനവും, മാനവും, തോടും, പുഴയും„ കുന്നും, മലയും, മാലിന്യവിഷാസിക്തമായതും, അന്നം മുട്ടി, പൊറുതി മുട്ടി, അഭയാർഥികളായി നാട്ടുപൗരന്മാർ അന്യരാജ്യങ്ങളിലേക്കു് കുടിമാറേണ്ടി വന്നതും, വിത്തെടുത്തുണ്ണലും, നാടിനെ വിറ്റുമുടിക്കലും ആയി രാഷ്ട്രീയം കോലം കെട്ടതും, എല്ലാം ഈ നവാധിനിവേശ ദുരന്തകഥയുടെ അനന്തരപർവ്വങ്ങൾ മാത്രം.
കർഷകന്റെ ബോധാബോധങ്ങളിൽ അധിനിവേശം ചെയ്ത ഈ ബയോ സാമ്രാജ്യ-അശ്വയന്ത്രത്തിനെതിരേ, അബോധത്തിന്റെ, സ്വപ്നത്തിന്റെ, പ്രതിരോധ സൈന്യങ്ങളെ, സംവിധാനങ്ങളെ, വീണ്ടെടുക്കലാണു് തകഴിയുടെ ദുഃസ്വപ്നത്തിലൂടെ, കണ്ടൻ മൂപ്പന്റെയും നാട്ടുചാത്തന്മാരുടെയും അബോധ-രാഷ്ട്രീയ പ്രതിരോധത്തിലൂടെ, കവിത ചെയ്യുന്നത്: ഒരു എതിർ-ആഭിചാരം, ഒരു സ്വപ്നാഘാതപ്രയോഗം, ഒരു ബദൽ കർത്തൃ നിർമ്മിതി. ജീവനെ, ഭാവിയെ, വിതയ്ക്കുന്നവരെന്ന നിലയിൽ, അന്ന നിർമ്മാതാക്കളെന്ന നിലയിൽ ജീവശക്തിയെ (power as potentia) സമാഹരിക്കുകയും ഉല്പാദിപ്പിക്കുകയും ചെയ്യുന്ന കലാ-കായിക-ബൗദ്ധിക-സർഗ്ഗ വൃത്തിയിലേർപ്പെട്ട കർഷകരാണു് ഭരണകൂടത്തിന്റെയും, ആഗോള ബയോ-സാമ്രാജ്യശക്തികളുടെയും അധികാരത്തിനെ ചെറുക്കുവാൻ, അതിവർത്തിക്കുവാൻ, ജന്മനാ പ്രാപ്തരായ മുഖ്യ ബദൽ രാഷ്ട്രീയ ശക്തിയെന്നു്, കവിത സൂചിപ്പിക്കുന്നു. ആധുനികോത്തര ബൗദ്ധികത്തൊഴിലാളികളാണു്, ബയോരാഷ്ട്രീയ കർത്തൃത്വങ്ങളെന്നും നവീനമായ (ബയോ-) രാഷ്ട്രീയവിപ്ലവത്തിന്റെ മുന്നണിപ്പടയാളികൾ എന്നും ഉള്ള അന്റോണിയോ നെഗ്രിയുടെ ‘ജനസഞ്ചയ’ സങ്കല്പത്തെ ഈ ഉൾക്കാഴ്ചകൾ തിരുത്തിക്കുറിക്കുന്നു. (വ്യവസായത്തൊഴിലാളികളാണു് ലോകവിപ്ലവത്തിന്റെ മുഖ്യചാലകശക്തി എന്ന മാർക്സിയൻ സങ്കല്പത്തെയും). സ്വപ്നത്തെ, വിശ്വാസത്തെ, പ്രതിജ്ഞാപനം ചെയ്യുന്ന അബോധത്തിന്റെ രാഷ്ട്രീയമാണു് ഈ ബദൽ രാഷ്ട്രീയത്തിന്റെ രഹസ്യശക്തിയെന്നും കവിത ആത്യന്തികമായും പ്രതിജ്ഞാപനം ചെയ്യുന്നു. സ്വപ്നത്തിന്റെ, അബോധത്തിന്റെ, വിശ്വാസത്തിന്റെ, ജീവശക്തിയുടെ, ഈ സൂക്ഷ്മരാഷ്ട്രീയമണ്ഡലത്തിൽ നിന്നുള്ള വിഛേദനമാണു് മലയാളിയുടെ രാഷ്ട്രീയ അപചയത്തിന്റെ മുഖ്യകാരണമെന്നു് ഭംഗ്യന്തരേണ കവിത സൂചിപ്പിക്കുന്നുണ്ടു്.
ഉത്തരേന്ത്യയിലെ മഹാശൈത്യത്തെയും കൊറോണാ മഹാമാരിയുടെ ഭീഷണിയെയും, ഭരണകൂടത്തിന്റെ സൈനികശക്തിയെയും വെല്ലുവിളിച്ചു് കൊണ്ടു്, ആഗോള കോർപ്പറേറ്റ് ബയോസാമ്രാജ്യത്തിന്റെ അശ്വയന്ത്രങ്ങളെ പിടിച്ചു കെട്ടുവാൻ തലസ്ഥാനനഗരിയെ വളഞ്ഞു നിൽക്കുന്ന ലക്ഷക്കണക്കിനു കർഷകർ പ്രഖ്യാപിക്കുന്നതും ഇതാണു്: ജീവന്റെയും ഭാവിയുടെയും വിത്തു് വിതക്കാരും, അന്ന ദാതാക്കളുമായ കർഷകരാണു് ഇന്ത്യൻ വിപ്ലവത്തിന്റെ, ബദൽ ജീവരാഷ്ട്രീയത്തിന്റെ (“zoe” politics) മുഖ്യശക്തി, മുഖ്യകർത്തൃത്വം. സ്വപ്നത്തിന്റെയും വിശ്വാസത്തിന്റെയും അബോധത്തിന്റെയും രാഷ്ട്രീയത്തെ സംബന്ധിച്ചു് കവിത നൽകുന്ന ഉൾക്കാഴ്ചകളെ ചരിത്രപരമായി ന്യായീകരിക്കുകയും സാക്ഷാത്ക്കരിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നു ഈ മഹാസമരയജ്ഞം. ജനങ്ങളുടെ അന്തഃസ്ഥിത ശക്തിക്കു് (immanent power as puissance), ‘ജീവ’രാഷ്ട്രീയ ശക്തിക്കു, മുന്നിൽ ഭരണകൂടാധികാരം നിസ്തേജമെന്നു് ഈ സമരം തെളിയിക്കുന്നു. ‘തകഴി’യുടെയും കണ്ടൻ മൂപ്പന്റെയും സ്വപ്നവിവേകത്തെ സാക്ഷാത്ക്കാരത്തിലേക്കു് നയിക്കാനെന്ന വണ്ണം, വന്ദ്യവയോധികരായ ലക്ഷക്കണക്കിനു കർഷക ഋഷിമാർ ഈ മഹാപ്രക്ഷോഭത്തിന് നേതൃത്വം വഹിക്കുന്നതു് നാം കാണുന്നു. ഗുരുനാനാക്കിന്റെയും ഗുരു തേജ്ബഹദൂറിന്റെയും സാത്വികവും ആഗ്നേയവും സാമ്രാജ്യവിദ്ധ്വംസകവുമായ സ്വപ്നങ്ങളുടെ തലപ്പാവുകളിഞ്ഞ സിഖു് കർഷകർ ദില്ലിയിലേക്കു് പ്രവേശിക്കുന്ന ദേശീയപാതകളെ രാഷ്ട്രീയവും ആദ്ധ്യാത്മികവുമായ പ്രബുദ്ധതകളുടെ സംഗമസ്ഥാനങ്ങളാക്കി മാറ്റിയിരിക്കുന്നു.