images/De_oogst.jpg
De oogst, an oil on canvas painting by Vincent van Gogh (1853–1890).
“സംഭവ”ത്തിന്റെ ആവിർഭാവ നേരങ്ങൾ

“ln historical phenomena such as the rcvolution of 1789, the Commune, The revolution of 1917, there is always one part of the event, that is irreducible to any social determinism, or to causal chains.

Historians are not very fond of this aspect: they restore causality after the fact. Yet the event is itself a splitting off from, or a breaking with causality. It is a bifurcation, a deviation with respect to laws, an unstable condition which opens up a new field of the possible… But even if the event is ancient, it can never be outdated: it is an opening onto the Possible. It passes as much into the interior of individuals as into the depths of a society.” (Gilles Deleuze, “May 26 Did Not Take Place”, Two Regimes of Madness: Texts and Interviews 1975-1995, Semio text (e), Columbia University, New York, 2007, p. 233.)

കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകർ നടത്തി വരുന്ന മഹാപ്രക്ഷോഭം അഞ്ചുമാസം കടന്നിരിക്കുന്നു. ജനുവരി 26 ലെ അക്രമസംഭവങ്ങൾക്കു ശേഷം ഭരണാധികാരികളുടെ ഭാഗത്തു നിന്നുണ്ടായ അടിച്ചമർത്തൽ നടപടികൾ കർഷക സമരത്തെ തളർത്തുന്നതിനു പകരം പൂർവ്വാധികം ശക്തവും വ്യാപകവുമാക്കുകയാണു് ചെയ്തതു്.

എങ്കിലും സമരത്തിന്റെ ജനപിന്തുണ നഷ്ടപ്പെടുന്നു എന്ന പ്രതീതി പരത്തിക്കൊണ്ടു് മുഖ്യ ധാരാ വാർത്താമാദ്ധ്യമങ്ങളും ചാനലുകളും കർഷക സമരവാർത്തകളെ തമസ്ക്കരിക്കുന്നു. സംസ്ഥാനങ്ങളിൽ ഇലക്ഷൻ പ്രഖ്യാപിച്ചതോടെ, കർഷക സമരത്തിന്റെ വാർത്താപ്രാധാന്യം നഷ്ടപ്പെടുന്നതും, കക്ഷി രാഷ്ട്രീയർക്കും, മാദ്ധ്യമങ്ങൾക്കും, ഒരളവോളം, പൊതുബുദ്ധിജീവികൾക്കും സമരത്തോടുള്ള പ്രതിപത്തി കുറഞ്ഞുവരുന്നതുമാണു് കണ്ടതു്. കർഷക സമരത്തെ സംബന്ധിച്ചുള്ള ഗൗരവകരവും നിശ്ശബ്ദവും ക്ഷമാപൂർവ്വവുമായ വിചിന്തനങ്ങൾക്കു് സമയമായി എന്നാണു് ഈ ഇടവേള സൂചിപ്പിക്കുന്നതു്.

ഒരു നിശ്ശബ്ദ സുനാമി

പൊതു മണ്ഡലത്തിൽ അദൃശ്യവൽക്കരിക്കപ്പെടുമ്പോഴും, അടിത്തട്ടിലൂടെ നിശ്ശബ്ദമായി, അതീവ രഹസ്യമായി കർഷക പ്രസ്ഥാനം മുന്നേറുകയാണു്. പഞ്ചാബിലെയും ഹരിയാനയിലെയും കർഷക സമൂഹങ്ങളിൽ നിന്നു്, പടിഞ്ഞാറേ യു. പി.-യിലേക്കും അവിടെ നിന്നു് യു. പി.-യുടെ മറ്റുഭാഗങ്ങളിലേക്കും, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഹിമാചൽ, മഹാരാഷ്ട്ര, ആന്ധ്ര, കർണ്ണാടക, ബംഗാൾ, തമിൾ നാട്, കേരളം എന്നിങ്ങനെ ഇന്ത്യയുടെ നാനാ ഭാഗങ്ങളിലേക്കു് ഒരു നിശ്ശബ്ദ സുനാമി പോലെ, അതു് ഒഴുകിപ്പടരുകയാണു്. മഹാറാലികൾ, ജനനിബിഡമായ മഹാപഞ്ചായത്തുകൾ, കോർപ്പറേറ്റു സ്ഥാപനങ്ങൾക്കെതിരേയുള്ള പ്രതിഷേധങ്ങൾ, ടോൾപ്ലാസകൾ തുറന്നു വിടൽ, ദേശീയ പാതകൾ ഉപരോധിക്കൽ, എന്നിങ്ങനെ ഒരു അദൃശ്യമഹാവ്യാധി പോലെ അടിത്തട്ടിൽ പെരുകിപ്പരക്കുകയാണു്. വെടിമരുന്നു് കത്തിപ്പിടിക്കുന്നപോലെ, ജനതയുടെ സൂക്ഷ്മകോശങ്ങളിൽ നിശ്ശബ്ദസ്ഫോടനങ്ങൾ വിതച്ചു് കൊണ്ടു്, പുതിയ ചുരങ്ങളും പാതകളും സാധ്യതകളും തുറന്നിട്ടു് കൊണ്ടു്.

“നാം കാണുന്ന പാദങ്ങൾക്കും പാതകൾക്കുമടിയിലൂടെ
നവീനവും ശക്തവുമായൊരവബോധം പോലെ,
രഹസ്യമായി മുന്നേറും, രഹസ്യമായി”…
(കെ. ജി. എസ്. “ബംഗാൾ”).

കൊടും ശൈത്യത്തെയും, ബയോഭീകരതയെയും ഭരണകൂട ഭീകരതയെയും ഒരു പോലെ നേരിട്ടു് കൊണ്ടു് പഞ്ചാബിലെയും ഹരിയാനയിലെയും യു. പിയിലെയും രാജസ്ഥാനിലെയും കർഷകർ ആരംഭിച്ച സമരം, എല്ലാത്തരത്തിലുള്ള പ്രതിഷേധങ്ങളെയും ചെറുത്തുനില്പുകളെയും അടിച്ചമർത്തിക്കൊണ്ടു്, അധൃഷ്യമായി മുന്നേറിയ മോദിയുടെ ഫാസിസ്റ്റ് ജൈത്രയാത്രയെ ആദ്യമായി പിടിച്ചു നിർത്തിയ രാഷ്ട്രീയ മുന്നേറ്റമായിരുന്നു. ഇന്ത്യയുടെ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്കു് തീറെഴുതിക്കൊടുക്കുവാനും ഫെഡറലിസ്റ്റ് സംവിധാനത്തെ തകർക്കുവാനും ലക്ഷ്യമിട്ടു് കൊണ്ടു് മോദി ഗവണ്മെന്റ് പാസ്സാക്കിയ മൂന്നു് കർഷകപരിഷ്ക്കാരബില്ലുകൾ പൂർണ്ണമായി പിൻവലിക്കുവാനാവശ്യപ്പെട്ടു കൊണ്ടു് കർഷകർ നടത്തുന്ന സമരം വെറും കർഷക സമരം എന്ന നിലവിട്ടു്, ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനയെയും, റിപ്പബ്ലിക്കിനെയും വീണ്ടെടുക്കുവാനുള്ള നവ സ്വാതന്ത്ര്യ സമരമായി മാറി. ഇതാണു് കർഷക പ്രക്ഷോഭത്തെ ഇന്ത്യാ ചരിത്രത്തിലെ, ലോക ചരിത്രത്തിലെ തന്നെ, അഭൂതപൂർവ്വമായ സംഭവമാക്കി മാറ്റുന്നതു്.

വാർത്താ മാദ്ധ്യമങ്ങളെ സംബന്ധിച്ചിടത്തോളം, കർഷക സമരം ഒരു ഡേറ്റ, വെറുമൊരു സമരവാർത്ത, വിവാദപരവും സെൻസേഷനലുമായ ഒരു സ്കൂപ്പ്, കൗതുകാവഹമായ ഒരു സ്റ്റോറി മാത്രം. രാഷ്ട്രീയ നിരീക്ഷകരെയും കക്ഷിരാഷ്ടീയരെയും സംബന്ധിച്ചിടത്തോളം അധികാര സമവാക്യങ്ങളെ അസ്വസ്ഥമാക്കുന്ന, അതുകൊണ്ടു് തന്നെ വോട്ടു് സംഭരണത്തിനു് അനുകൂലമോ പ്രതികൂലമായോ ബാധിക്കുന്ന അപ്രതീക്ഷിതവും ക്രമരഹിതവുമായ ഒരു സന്ദർഭം. ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം, തങ്ങളെ ആശങ്കാഭരിതരും പരിഭ്രാന്തരാക്കുകയും ചെയ്യുന്ന, ഒരു അപായ സന്ദേശം.

“സംഭവം”: താതികമായ ഒരു വിചിന്തനം

എന്നാൽ, കർഷക സമരത്തിൽ ശരീരവും പ്രാണനും സമർപ്പിച്ചു് ദേശീയപാതകളെ ഉപരോധിക്കുകയും ഗ്രാമനഗരാന്തരങ്ങളിൽ, പ്രതിഷേധവുമായി പ്രവഹിക്കുകയും ചെയ്യുന്ന പ്രക്ഷോഭകാരികളായ ലക്ഷക്കണക്കിനു് കർഷകരെയും അവരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും മിത്രങ്ങളെയും അവരോടു് സഹാനുഭാവം രേഖപ്പെടുത്തുന്ന ബഹുജനങ്ങളെയും ആക്റ്റിവിസ്റ്റുകളെയും സംബന്ധിച്ചിടത്തോളം കർഷക സമരം മറ്റൊരു സമരമല്ല, വ്യാഖ്യാനിക്കുവാനാവാത്ത, നിർവ്വചിക്കുവാനാവാത്ത, പ്രകമ്പനം കൊള്ളിക്കുന്ന, ഒരു അനുഭവ പരമ്പരയാണു്. ഇന്ത്യാചരിത്രത്തിലെയും ലോകചരിത്രത്തിലെയും അത്യപൂർവ്വമായ ഒരു രാഷ്ട്രീയ സംഭവമാണു് കർഷക സമരം എന്നത്രേ അതിന്റെ സൂക്ഷ്മമായ ഗതിവിഗതികൾ തെളിയിക്കുന്നതു്.

എന്താണു് “സംഭവം” (event)? ചരിത്രത്തിന്റെ കാര്യകാരണത്തുടർച്ചകളെ ഭേദിച്ചു് കൊണ്ടു്, അവസ്ഥാനിയമങ്ങളെ തകിടം മറിച്ചു് കൊണ്ടു്, പുതിയ സാധ്യതകളെ, തുറസ്സുകളെ, വെട്ടിത്തുറക്കുന്ന, ചരിത്രത്തെ, സമൂഹത്തെ, രാഷ്ട്രീയത്തെ, കർതൃത്വത്തെ, സൂക്ഷ്മമായി മാറ്റിമറിക്കുന്ന ഒരു പ്രകമ്പന പരമ്പര. പരിവർത്തന പരമ്പര. ദെല്യൂസിന്റെ ഭാഷയിൽ പറഞ്ഞാൽ ചരിത്രത്തെ ഭേദിച്ചുയരുന്ന കൂട്ടായ ആയിത്തീരലുകളുടെ (becomings) പൊട്ടിത്തെറികൾ. പുതിയ വേഗങ്ങളെ, തീക്ഷ്ണതകളെ, ഊർജ്ജങ്ങളെ, രൂപാന്തരീകരണ പരമ്പരകളെ, ബന്ധങ്ങളെ, ഘടനാസംയോഗങ്ങളെ, വിപ്ലവകരമായ സംഗ്രഥനങ്ങളെ, ഉല്പാദിപ്പിക്കുന്ന, ചരിത്രാന്തരമായി വളർന്നു പെരുകുന്ന, ഒരു ശക്തിപ്രക്ഷോഭം; തീക്ഷ്ണതകളുടെ പ്രവാഹം; രാഷ്ട്രീയ കാമനയുടെ വിസ്ഫോടനം; പുതിയ ജനതയെ, പുതിയ ഭൂമിയെ, പുതിയ കർതൃത്വങ്ങളെ, പുതിയ വാഴ്‌വിനെ, സൃഷ്ടിക്കുന്ന, പഴയതിനെയെല്ലാം സൂക്ഷ്മമായി സംഹരിക്കുന്ന, നവനവീനകാലം; ആദിവ്യത്യസ്തതകളുടെ ശാശ്വത-ആവർത്തനകാലം (eternal recurrence); ചരിത്രത്തെ, സംസ്കൃതിയെ, മനുഷ്യ ബന്ധങ്ങളെ വിമലീകരിക്കുന്ന, പുതുക്കിപ്പണിയുന്ന, ചൈതന്യകാരണപ്രകൃതിയുടെ (natura naturans) ഐഹികമായ വിളയാട്ടം; “ആയിത്തീരലിന്റെ” (becoming) അനന്തമായ “ഇതാ ഈ നിമിഷം” (here and now); ഭരണമാറ്റമോ അധികാരമാറ്റമോ അല്ല കർതൃ-ഘടനയിൽ, അധികാരബന്ധങ്ങളിൽ, ആഴത്തിൽ സംഭവിക്കുന്ന നിലമാറ്റം, സൂക്ഷ്മവിപ്ലവം; കർതൃത്വത്തിൽ, ഭാവശക്തികളിൽ, മനോഘടനകളിൽ, വാഴ്‌വിന്റെ അധോതലങ്ങളിൽ, സംഭവിക്കുന്ന ഉരുൾ പൊട്ടലുകൾ; കണികാപരമായ (molecular) രൂപാന്തരീകരണങ്ങൾ.

“സംഭവം” ഒരു സംയുക്തമാണു്. സംഭവത്തെ ചരിത്രത്തിലേക്കു് ചുരുക്കുവാനോ പൂർണ്ണമായും ചരിത്രവൽക്കരിക്കുവാനോ സാധ്യമല്ല. കാരണം ചരിത്രത്തിന്റെയും, ചരിതേതരമോ ചരിത്രാന്തരമോ ആയ ആയിത്തീരലിന്റെ/ശുദ്ധസംഭവത്തിന്റെ മിശ്രിതമാണു് അതു്. അതായതു് സംഭവത്തിനു് ഇരട്ടത്തലങ്ങളാണുള്ളതു്: ചരിത്രതലവും ചരിത്രാന്തരമായ ശുദ്ധ സംഭവതലവും. സംഭവത്തെ സംബന്ധിച്ച സങ്കല്പനത്തിൽ വ്യത്യസ്തരായിരിക്കുമ്പോഴും ഇമ്മാനുവെൽ കാന്റ്, ഫ്രെഡെറിക് നീത്ചേ, ല്യോതാർഡ്, ഴാക് ദെറിദ, അലെൻ ബാദ്യൂ, ഗിൽ ദെല്യൂസ്, തുടങ്ങിയ പാശ്ചാത്യ വിമർശ ചിന്തകരെല്ലാം തന്നെ ഒരു കാര്യത്തിൽ യോജിക്കുന്നു: ചരിത്രപരമോ പ്രതിനിധാനപരമോ ആയ വ്യവഹാരരൂപങ്ങൾക്കു് സംഭവങ്ങളെ അവതരിപ്പിക്കുവാനാവില്ല. സംഭവങ്ങളുടെ ചരിത്രപരമായ നിർവ്വഹണങ്ങളെ, സഫലീകരണങ്ങളെ, മാത്രമേ, ചരിത്ര-സാമൂഹ്യശാസ്ത്ര വ്യവഹാരപ്രകാരങ്ങൾക്കു് ആവിഷ്ക്കരിക്കുവാനാകൂ. “സംഭവത്വത്തെ” ചരിത്രത്തിലേക്കു് പരാവർത്തനം ചെയ്യുന്നതിനുപകരം ചരിത്രപരമായ നിർവ്വഹണങ്ങളിൽ (actualizations) നിന്നു് സംഭവത്തെ നീക്കം ചെയ്യുകയോ, അല്ലെങ്കിൽ അവയോടു് കൂട്ടിച്ചേർക്കുകയോ ചെയ്തു് കൊണ്ടു് മാത്രമേ, അഥവാ, പ്രതി നിർവ്വഹണത്തിലൂടെ (counter-actualization) മാത്രമേ ശുദ്ധസംഭവത്തിനു് ഉചിതമായ ആവിഷ്ക്കാരം സാധ്യമാവൂ. ചിന്തയിലെയും ഭാഷയിലെയും സംഭവങ്ങളായ കവിത, കല, സാഹിത്യം, (ചെറുനോവൽ + കഥ എന്നു് ദെല്യൂസ്) തത്വചിന്താപരമായ സങ്കല്പനങ്ങൾ, എന്നീ ആവിഷ്ക്കാര പ്രകാരങ്ങൾക്കു മാത്രമേ “സംഭവത്തെ” അതിന്റെ സംഭവത്വത്തെ ചോർന്നു പോകാത്ത വിധം പ്രകാശനം നൽകാനാവൂ എന്നർത്ഥം. സംഭവത്തിന്റെ ആവിഷ്ക്കാരരൂപം ത്രികാലികമായി സഞ്ചരിക്കുന്ന ചിഹ്നമെന്നു് ഇമ്മാനുവെൽ കാന്റും, ചെറുനോവൽ, കഥ, എന്നീ ആഖ്യാനരൂപങ്ങളുടെ സംയുക്തമെന്നു് ദെല്യൂസും (ഈ ലേഖകന്റെ നിരീക്ഷണത്തിൽ ‘ചരിത്ര-വീരപ്രണയാഖ്യാനവും’ (historical romance)) നിർദ്ദേശിക്കുന്നതു് അതു് കൊണ്ടാണു്.

ഷാൽ പെജി (Charles Peguy) എന്ന ഫ്രഞ്ച് കവിയുടെ വാക്കുകൾ ഉദ്ധരിച്ചു് കൊണ്ടു് ദെല്യൂസ് പറയുന്നതിതാണ്: “സംഭവത്തെ സമീപിക്കുന്നതിനു് രണ്ടു മാർഗ്ഗങ്ങളേയുള്ളു: ഒന്നു് സംഭവത്തിന്റെ ചരിത്രാവൃത്തിയിലൂടെ കടന്നു പോകൽ, ചരിത്രത്തിൽ സംഭവത്തിന്റെ നിർവ്വഹണത്തെ, ഉപാധീകരണത്തെ, അധഃപതനാവസ്ഥയെ, രേഖപ്പെടുത്തൽ. രണ്ടാമത്തെതാവട്ടെ, സംഭവത്തെ പുനസ്സംയോജനം ചെയ്യൽ, ഒരു “ആയിത്തീരലി”ലെന്നപോലെ അതിൽ സ്വയം സ്ഥാപിക്കൽ, ഒരേ സമയം തന്നെ അതിലൂടെ യുവവും വൃദ്ധവുമായിത്തീരൽ, അതിന്റെ എല്ലാ ഘടകങ്ങളിലൂടെയും അനന്യതകളിലൂടെയും കടന്നു പോകൽ”. കർഷക സമരത്തിന്റെ സംഭവമാനത്തെ സമീപിക്കുന്നതിൽ നിന്നും പൊതുബോധത്തെ, മുഖ്യ വ്യവഹാരങ്ങളെ, തടയുന്ന പ്രധാനഘടകങ്ങളെന്താണെന്നു് ഇതു വ്യക്തമാക്കുന്നു.

“സംഭവത്തിന്റെ” ആവിർഭാവനേരം

സുപ്രധാന ചോദ്യം ഇതാണു്. കർഷകസമരം ഒരു സംഭവമാണെങ്കിൽ അതിന്റെ സംഭവത്വത്തെ നിർവ്വചിക്കുന്നതെന്താണു്?

ഈ ചോദ്യത്തിലേക്കു് കടക്കുന്നതിനു മുമ്പ് കർഷക സമര സംഭവത്തിന്റെ ആവിർഭാവ നേരങ്ങളിലേക്കു് ശ്രദ്ധ തിരിക്കേണ്ടിയിരിക്കുന്നു. വെറും ഒരു യാദൃഛിക പ്രതിഭാസമോ അല്ലെങ്കിൽ ആസൂത്രിതമായ ഒരു പദ്ധതിയുടെ ഭാഗം മാത്രമോ ആയി കർഷക സമര സംഭവത്തെ കാണാനാവില്ല. അതേ സമയം, കർഷകരുടെ രാഷ്ട്രീയമായ ഇഛയിൽ നിന്നാണ്, സംഭവേഛയിൽ നിന്നാണു് സംഭവം ഉരുത്തിരിയുന്നതെന്ന വസ്തുതയും അവഗണിക്കുവാനാവില്ല. കർഷക നിയമം പിൻവലിക്കാതെ തങ്ങൾ പിന്മാറുകയില്ലെന്നു് 32 ഓളം കർഷക സംഘടനകൾ ഒന്നു ചേർന്നെടുത്ത കൂട്ടായ തീരുമാനത്തിൽ നിന്നാണു് സമരം രൂപം കൊള്ളുന്നതു്. സമരത്തിന്റെ സാന്ദ്ര ചടുലനടുനേരങ്ങളിൽ “സംഭവം” സംഭൂതമാവുന്നു. ഇഛയിൽ നിന്നു് മാത്രം സംഭവം ഉണ്ടാകണമെന്നില്ല. സംഭവത്തിന്റെ ഉപാധികളിലൊന്നുമാത്രമാണതു്. കാമന, ഇഛ, ധീരത, കൂട്ടായ പ്രവർത്തി, സമർപ്പണം എന്നീ ഘടകങ്ങളോടൊപ്പം പ്രകൃതിയും സംസ്കൃതിയും സംയോഗം ചെയ്യുന്ന ഒരു വ്യതിയാന കാലബിന്ദുവിൽ നിന്നാണു് സംഭവം സംജാതമാകുന്നതു്. ഒരു കലാസൃഷ്ടിപോലെ, കർഷകരുടെ ജീവസൃഷ്ടിപോലെ, അതീവ രഹസ്യമായി. സമരം സംഭവമായി മാറുമ്പോൾ പുതിയ കർതൃത്വങ്ങളെ പുതിയ ലോകത്തെ പുതിയ ജനതയെ അതു് സൃഷ്ടിക്കുന്നു. വീടും കുടിയും നാടും വിട്ടു കൊണ്ടു് അധികാരകേന്ദ്രത്തിലേക്കു് മാർച്ചു് ചെയ്യുവാനുമുള്ള കർഷകരുടെ നിർണ്ണായക തീരുമാനം ചരിത്രത്തിലപൂർവ്വമായി മാത്രം നടക്കുന്ന പരമമായ ഒരു അപദേശീകരണമായി (de-territorialization) മാറുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ബയോഭീകരതയും ഭരണകൂട ഭീകരതയും ഇണചേർന്നുല്പന്നമായ ബഹുഭീകരമായ ഒരു അതീതഭരണകൂട (Transcendental State) ത്തിനെതിരെ നിരവധി മാസങ്ങളോളം ഉപരോധസമരം നടത്തുവാനുള്ള സർവ്വ തയാറെടുപ്പുകളോടെയുമാണു് കർഷകർ തലസ്ഥാന നഗരിയിലേക്കുള്ള മാർച്ചിനും ഉപരോധ സമരത്തിനും തുടക്കം കുറിക്കുന്നതു്. നിർണ്ണായകമായ ഈ ദേശം വിടലും, (ദെല്യൂസിന്റെ ഭാഷയിൽ deterritorialization/leaving the territory) പലായന രഥ്യ (line of flight) യിലേക്കുള്ള പ്രവേശനവുമാണു് പുതിയ ഭൂമിയേയും പുതിയ ജനതയെയും കണ്ടെത്തുന്നതിലേക്കു് നയിക്കുന്ന ഒരു മഹാരാഷ്ട്രീയസംഭവത്തിനു് തീ കൊളുത്തുന്നതു്.

Colophon

Title: Kaṛṣakasarattinte sambhavamānangaḷ (ml: കർഷകസമരത്തിന്റെ “സംഭവ”മാനങ്ങൾ).

Author(s): K Vinod Chandran.

First publication details: Sayahna Foundation; Trivandrum, Kerala; 2021-12-01.

Deafult language: ml, Malayalam.

Keywords: Articles, K Vinod Chandran, title, വിനോദ് ചന്ദ്രൻ, കർഷകസമരത്തിന്റെ “സംഭവ”മാനങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: De oogst, an oil on canvas painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.