images/Woman_with_a_Fan_Paris.jpg
Woman with a Fan, a painting by Amedeo Modigliani (1884–1920).
ഹാസസാഹിത്യത്തിന്റെ പണിപ്പുര
വി. കെ. കെ. രമേഷ്

പണ്ഡിതക്കൂട്ടങ്ങളെ ഭാഷാശബ്ദഗരിമകൊണ്ടു് ചുമ്മാ സ്വാധീനിക്കാനായേക്കും. പക്ഷേ, പാമരർ എന്ന ബലിഷ്ഠപ്രജകളെ അത്തരത്തിൽ പിടിച്ചുകെട്ടാൻ കഴിയില്ല.

കേരളത്തെ സംബന്ധിക്കുന്ന പലതിനേയുമെന്നതുപോലെ, മലയാളഭാഷാപ്രഫുല്ലവും ലോകകപ്പൽയാനങ്ങളുടെ ചരിത്രവുമായി കെട്ടുപിണഞ്ഞാണു് സംഭവിച്ചതെന്നു പറയാം. ചീനനും, അറബിയും, പോർച്ചുഗീസും, ജർമ്മനും, ഫ്രഞ്ചും, ബ്രിട്ടീഷുമെല്ലാം ഇന്ത്യൻ വിരിമാറിലൂടെ വേദപുസ്തകവും, വാളും, തോക്കുമായി മാർച്ചുചെയ്തു് നീങ്ങിയതിന്റെ ശേഷിപ്പിൽ മലയാൺമക്കുമുണ്ടു്, അതിന്റേതായ ഈടുവെയ്പ്പുകൾ. കച്ചവടവുമായി നിരന്തരസമ്പർക്കമുള്ള മലയാളിക്കു് എഴുതാനറിയുന്നതിനോളം, വഴുതാനും വശമുണ്ടു്. അതു് അവന്റെ ഭാഷയെ തെല്ലൊന്നുമല്ല വശ്യപ്പെടുത്തിയിട്ടുള്ളതു്. അധിനിവേശക്കാർ രാജ്യത്തിന്റെ സ്വത്തു കൊള്ളയടിക്കുന്ന നേരത്തെല്ലാം, ഇതരഭാഷകളിലെ വാക്കുകളേയും, വചനങ്ങളേയും, എന്തിനു് മനോവ്യാപാരങ്ങളെപ്പോലും ഭാഷാസ്വാംശീകരണമെന്ന ലേബലിൽ മലയാളി തിരിച്ചു മോഷ്ടിച്ചു. തൊട്ടുമുമ്പും, ഇടയ്ക്കുമൊക്കെയായി സംസ്കൃതവും, തമിഴും കൊള്ളയടിക്കപ്പെടലിനു് ഇരയായിട്ടുണ്ടു്. അതുകൊണ്ടു് മലയാളമെന്നതു് ഏതാണ്ടൊരു ലോകഭാഷാമിശ്രണമാകുന്നു. സ്വാമേധയാ പല ഭാഷകളോടു് വിവർത്തനംചെയ്യപ്പെട്ടമട്ടിൽ ചേർന്നുനിലനിന്ന മലയാളത്തിൽ വിവർത്തനസാഹിത്യം പുഷ്ടിപ്പെട്ടതിന്റെ കാരണം മറ്റെങ്ങും തപ്പിനടക്കേണ്ടതില്ലല്ലോ. ഭാഷയെന്നനിലയിൽ, മലയാളംതന്നെ തർജ്ജമയാണെന്നും അവകാശപ്പെടാവുന്നതാണു്.

പ്രബലമായ രണ്ടു് സെമിറ്റിക് മതങ്ങളോടും, ഇന്ത്യയിൽതന്നെ ഉരുവമെടുത്ത ബുദ്ധ, ജൈനമതങ്ങളോടും, ഉൾപ്രദേശസംബന്ധിയായ ഒട്ടേറെ പ്രാകൃതാചാരങ്ങളോടും, ഇതൊന്നും പോരാതെ, എന്താണെന്നു് ആർക്കും തീർച്ചയില്ലാത്ത ഹിന്ദുമതത്തോടുമൊക്കെ ഓരംചാരി നേടിയെടുത്ത ദർശനബലം മിക്കവാറും മറ്റെല്ലാഭാഷകൾക്കുമെന്നതുപോലെ മലയാളത്തിനും അവകാശപ്പെടാവുന്നതാണു്.

അധികാരത്തിന്റെ അനേകമാതൃകകൾ കണ്ടറിഞ്ഞതിനൊടുവിൽ, യൂറോപ്യൻകോളനിഭരണത്തിൽനിന്നു് ഒടുവിലൊരു ആഗസ്റ്റു പതിനഞ്ചിനു് നാം മുക്തമായി. ഇതിന്റെയെല്ലാം ഭാഗമായി ഉരുത്തിരിഞ്ഞിട്ടുള്ള അനുകൂലവും, പ്രതികൂലവുമായ അയത്നസങ്കീർണ്ണമനോവ്യാപാരങ്ങൾ ഭാഷാമനനസ്വഭാവങ്ങളിലേക്കു് തീർച്ചയായും ഭാഗഭാക്കായിട്ടുണ്ടാകുമല്ലോ. ഏതൊരു സാഹിത്യവും അതു് വികസിതമാകുന്നതിന്റെ സാമൂഹ്യപരിസരത്തു് പ്രബലമായ ചിന്താധാരകളെന്തായിരുന്നോ, ആയതിനെ കള്ളത്തൊണ്ടയിൽ പാരഡിചെയ്യുക പതിവാണു്. ഒരർത്ഥത്തിൽ, ഭാഷാസാഹിത്യം അതിന്റെ പ്രതലബലം നേടുന്നതു്, മിക്കവാറും അത്തരം ധാരകൾക്കടിയിൽനിന്നു് വലിച്ചെടുത്ത വളപ്പശിമകൊണ്ടാണു്. പ്രബലമായ രണ്ടു് സെമിറ്റിക് മതങ്ങളോടും, ഇന്ത്യയിൽതന്നെ ഉരുവമെടുത്ത ബുദ്ധ, ജൈനമതങ്ങളോടും, ഉൾപ്രദേശസംബന്ധിയായ ഒട്ടേറെ പ്രാകൃതാചാരങ്ങളോടും, ഇതൊന്നും പോരാതെ, എന്താണെന്നു് ആർക്കും തീർച്ചയില്ലാത്ത ഹിന്ദുമതത്തോടുമൊക്കെ ഓരംചാരി നേടിയെടുത്ത ദർശനബലം മിക്കവാറും മറ്റെല്ലാഭാഷകൾക്കുമെന്നതുപോലെ മലയാളത്തിനും അവകാശപ്പെടാവുന്നതാണു്. പതിനാലും, പതിനഞ്ചും നൂറ്റാണ്ടുകളോടെ മലയാളം അതിന്റെ വസന്തം വിരിയിക്കാനാരംഭിച്ചുവെന്നാണു് കണക്കുകൾ. ചെറുശ്ശേരിയിൽനിന്നു്, തുഞ്ചത്താചാര്യനിലൂടെയൊക്കെ വികസിച്ചു്, പടർന്നുകയറിയ ഭാഷ അതിന്റെ വിശ്വരൂപത്തിലേക്കു് പ്രവേശിക്കുന്നതിനുമുമ്പുതന്നെ ഇവിടെ, മറ്റൊരു സാഹിത്യരൂപം ഉദയംകൊണ്ടിരുന്നു. ഹാസസാഹിത്യം. എഴുത്തച്ഛനു് ഏതാണ്ടു് നാലുനൂറ്റാണ്ടിനുംമുമ്പു്. അതിന്റെ ഉപജ്ഞാതാവു് തോലകവിയായിരുന്നു. ലിഖിതചരിത്രപ്രകാരം, ഹാസസാഹിത്യത്തിന്റെ പൊടിപ്പു് അദ്ദേഹത്തിന്റെ സാഹിത്യത്തൊങ്ങലിലൂടെയാണു് വെളിതുറന്നതു്.

ഹാസഭാവമെന്നതു് മനുഷ്യന്റെ പൊതുസ്വത്താകയാൽ, ജനത അതിന്റെ ജീവിതസന്ധാരണത്തിനിടയിൽ, വാമൊഴികളിലൂടെയും മറ്റുമായി ഈ ഭാവത്തെ നിരന്തരം ഉപയോഗിച്ചിട്ടുണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതെല്ലാം ചുമ്മാ വായുവിൽപ്പോയി. പ്രയോഗിച്ചവരും, പ്രായോജകരുമെല്ലാം മണ്ണിനകത്തേക്കു് ഉരുവമൂരി അപ്രത്യക്ഷരായി. കൈമാറപ്പെട്ടു യാത്ര തുടരുന്ന കെടാവിളക്കെന്നമട്ടിൽ തേഞ്ഞും, തെളിഞ്ഞും ഹാസസിദ്ധി അതിന്റെ തുടർയാനം നടത്തിയിട്ടുണ്ടു്. കൂത്തും, പൊറാട്ടുമൊക്കെയായി അതു് വേദികളിൽ ശബ്ദിച്ചും, കാഴ്ചയൊരുക്കിയും കടന്നുമറഞ്ഞിട്ടുമുണ്ടു്. നാശനൈരന്തര്യങ്ങളിൽ അതത്രയും വീശിപ്പോയി. ഒരർത്ഥത്തിൽ ഒട്ടേറെ സന്ദർഭങ്ങളുടെ വൈവിദ്ധ്യബലമുപയോഗിച്ചു് അമുഖരായ അനേകർ പരക്കെ ഉപയോഗിച്ചിരുന്ന ഹാസത്തിന്റെ സാദ്ധ്യത ലിഖിതചരിത്രത്തിൽ പരാമർശിക്കപ്പെടുന്ന ചിലരിലേക്കു് ചുരുക്കിയെടുക്കുകയാണു് നാം ഇത്തരം ശ്രമങ്ങളിലൂടെ നടത്തിയെടുക്കുന്നതെന്നും സമ്മതിക്കേണ്ടിവരും.

തോലകവി നാം അറിഞ്ഞതിൻപടി, അക്കാലത്തെ ഉന്നതകുലജാതരിൽപ്പെട്ട ഒരാളായിരുന്നു. എന്നാൽ, അക്കാലം, അത്തരക്കാരിൽ കണ്ടുവരുന്ന മട്ടിൽ സംസ്കൃതം ഉപയോഗിക്കാനുള്ള വൈഭവം അദ്ദേഹത്തിനു് കുറവായിരുന്നുവെന്നും കേൾക്കുന്നുണ്ടു്. മാത്രവുമല്ല, അദ്ദേഹം വിവാഹംചെയ്തതു് കീഴ്‌നിലയിലുള്ള ഒരു സ്ത്രീയെ ആയിരുന്നത്രേ. സമുദായഭ്രഷ്ടിലൂടെ പൂണൂലിൽനിന്നും സിമ്പിളായി ഊരിപ്പോന്ന തോലൻ ദാസിയായിരുന്ന ചക്കിയെ ഭാര്യയാക്കി, കവനം തുടങ്ങി. അവരായിരുന്നു ആദ്യവായനക്കാരി. അതു് ഒരർത്ഥത്തിൽ വലിയൊരു വെല്ലുവിളിതന്നെയാണെന്നു് പറയണം. പണ്ഡിതക്കൂട്ടങ്ങളെ ഭാഷാശബ്ദഗരിമകൊണ്ടു് ചുമ്മാ സ്വാധീനിക്കാനായേക്കും. പക്ഷേ, പാമരർ എന്ന ബലിഷ്ഠപ്രജകളെ അത്തരത്തിൽ പിടിച്ചുകെട്ടാൻ കഴിയില്ല. അതിനാൽ, തന്റെ ആദ്യവായനക്കാരിക്കുവേണ്ടി ലാളിത്യത്തിൽ സങ്കീർണ്ണത ഒളിപ്പിച്ചുവെച്ചിട്ടുള്ള ഒരിനം കാവ്യസമ്പ്രദായം അദ്ദേഹത്തിനു് വിന്യസിക്കേണ്ടിവന്നിരിക്കാം. ഇതു് പിന്നീടു്, ഹാസസാഹിത്യത്തിന്റെ സഹജപ്രകൃതമായി മാറുകയുംചെയ്തു.

അക്കാലം, നിരർത്ഥകപദങ്ങൾ പദപൂരണത്തിനുപയോഗിക്കുന്നതു് സംസ്കൃതത്തിൽ പതിവായിരുന്നത്രേ. പ്രാസ, യമകപ്രയോഗങ്ങളുടേതായ ഇത്തരം കവനസമ്പ്രദായങ്ങൾക്കു് മലയാളത്തിലേക്കു് നേരിട്ടു് പ്രവേശനം അനുവദിക്കുന്നതിലൂടെ, തോലൻ അത്തരം സമ്പ്രദായത്തിന്റെ കഴുത്തിൽ കത്തി കയറ്റിയെന്നും പറയാം. ഒരു ഭാഷയിൽ ആശാസ്യമായതു്, അതിന്റെ പാരഡിയിലൂടെ മറ്റൊരു ഭാഷയിൽ അവതരിപ്പിക്കപ്പെട്ടാൽ, കൃത്യമായി അനാശാസ്യമാകുന്നു. വലിയഭാഷയെ ചെറിയഭാഷകൊണ്ടു് ശസ്ത്രക്രിയചെയ്തു ശുദ്ധീകരിക്കുന്ന ഇത്തരം രീതികൾ ഹാസത്തിന്റെ എക്കാലത്തേയും ചതുരോപായങ്ങളിൽപ്പെട്ടവയാകുന്നു. ഇത്തരത്തിൽ, ഹാസസാഹിത്യം തുടർന്നും, പലരിലൂടെ നിരന്തരം പ്രയോഗിക്കപ്പെടുകയുണ്ടായി. ഇതിലൂടെ, ആക്രമിക്കപ്പെടുന്നതു് മറ്റൊരു ഭാഷയിലെ ആലങ്കാരികജീർണ്ണതമാത്രമാണെന്നു് കണ്ടെത്തുന്നതിൽ സത്യമുണ്ടെങ്കിലും, അതിൽ സത്യം മാത്രമല്ല, ഭാഗികതകൂടിയുണ്ടെന്നു പറയേണ്ടിവരും. ഒരു വലിയഭാഷ എന്നതു്, പ്രബലതയുടെ ഒരു സംസ്കാരരൂപംതന്നെയാണെന്ന വികസിതവിചാരത്തിന്റെ തലത്തിൽ വേണം കാര്യങ്ങളെ കാണാൻ. അപ്പോൾ, ഭാഷാമർദ്ദനമെന്നതു്, സാംസ്കാരികമർദ്ദനംകൂടിയാണെന്നു തെളിയും. വലിയഭാഷ കൈകാര്യംചെയ്യുന്ന വിഭാഗങ്ങളേയും, അവരുടെ അപ്രമാദിത്വത്തിനു് കീഴ്‌വണങ്ങിക്കഴിയുന്ന ഭരണരൂപങ്ങളേയുമൊക്കെ ഇത്തരം ശസ്ത്രക്രിയ ഒരേസമയം നീറ്റായി നേരിടും.

വിദൂഷകരെ അവസാനിപ്പിക്കാൻ യഥാർത്ഥ അധികാരി വേണമെന്നില്ല, ഇവർതന്നെ ധാരാളം. ഇവരെ മറഞ്ഞു്, ജനതയെത്തന്നെ കാണാൻവയ്യാത്ത വല്ലാത്തൊരു പരിതസ്ഥിതിയിൽ ഇക്കാലം, സാമാന്യഹാസമെങ്കിലും സംഭീതമാണെന്നു സമ്മതിക്കണം.

പൊതുവെ, ഹാസസാഹിത്യത്തിന്റെ വർദ്ധിതവീര്യം ഉന്നമിടുന്നതു് അധികാരത്തേത്തന്നെയാണു്. അഥവാ, അധികാരജീർണ്ണതയെ. തോലൻ കുലശേഖരരാജാവിന്റെ സദസ്സിലെ ഒരംഗമായിരുന്നു എന്നാണു്, പൊതുവെ വിശ്വസിക്കപ്പെടുന്നതു്. ഒരർത്ഥത്തിൽ ഹാസസാഹിത്യംതന്നെയാണു് അതിനുള്ള പ്രബലമായ തെളിവെന്നും അവകാശപ്പെടാവുന്നതാണു്. കാരണം, അധികാരിയുടെ സിംഹാസനത്തിനരികിലാണല്ലോ, വിദൂഷകനു് ഇരിപ്പിടം. ജനതക്കു് രാജ്യഭരണവുമായി തീരെ ബന്ധമില്ലാത്ത കാലങ്ങളായിരുന്നു, അതെന്നു് ഓർക്കണം. അക്കാലം, അധികാരമെന്നതു് രാജാവും, മറ്റൊരു രാജാവും തമ്മിലുള്ള ഒരിടപാടായിരുന്നു. വിജയപരാജയങ്ങൾ പരസ്പരയുദ്ധങ്ങളാൽ അഭ്യൂഹിക്കപ്പെട്ടപ്പോഴെല്ലാം, ജനത തങ്ങൾ ചൊരിഞ്ഞ കണ്ണീരിലും, ചോരയിലും കുതിർന്നടിഞ്ഞു. അവർ ചരിത്രം മറഞ്ഞുനടന്ന വീഥികളിൽ, വിവിധാധികാരം നിരന്തരമായി അതിന്റെ കുതിരക്കുളമ്പടികൾ കേൾപ്പിച്ചുകൊണ്ടു മുന്നോട്ടുനീങ്ങി. എന്നാൽ, അവിടെയൊക്കെ, പൊതുയാനത്തോടു ചേർന്നുപോകാത്ത മറ്റൊരു അകമ്പടിക്കാരന്റെ സാന്നിദ്ധ്യം ശ്രദ്ധിച്ചാൽ കാണാനാകും, ഹാസസാഹിത്യത്തിന്റെ. അധികാരത്തിനെതിരെ മനുഷ്യൻതന്നെ തൊടുക്കുന്ന, ലക്ഷ്യവേധം സാർത്ഥകമാക്കുന്ന നൈതികജാഗ്രതയുടെ സുഖശരം, അതാണു് ഹാസ്യം.

ഉഭയകക്ഷിസമ്മതത്തിന്റെ ശ്രുതിയിലാണു് പൊതുസാഹിത്യം അതിന്റെ പ്രതിഷേധരാഗംപോലും ആലപിക്കുക. എന്നാൽ, പൊതുഘടനയെ വേർതിരിച്ചു് വിചാരണചെയ്യുകയും, അതിന്റെ ഘടകങ്ങളെ നാനാദിക്കിൽനിന്നു് വക്രീകരിക്കുകയുമാണു് ഹാസത്തിന്റെ സഹജരീതി. വക്രീകരണം പ്രാഥമികവും, ആത്യന്തികവുമായി എതിർപ്പുതന്നെയാണു്.

ഏഴു നൂറ്റാണ്ടുകൾ കഴിഞ്ഞതോടെ, കുഞ്ചൻ ആവിർഭവിച്ചു. അദ്ദേഹത്തിനും സ്ഥാനം രാജസദസ്സിൽതന്നെ. കൊട്ടാരങ്ങളുടെ അകത്തളങ്ങളുമായി ബന്ധപ്പെട്ടാണു് കുഞ്ചൻ ജീവിച്ചതു്. രാജാവു് ജീർണ്ണിക്കുന്നതിന്റെ കാരണങ്ങളെ പ്രഹരിക്കാൻ കുഞ്ചനും മിടുക്കനായിരുന്നു. അതും ശുദ്ധീകരണപ്രക്രിയയുടെ ഭാഗംതന്നെയാണു്. സാമാന്യനേത്രങ്ങൾക്കു് ഗോചരമാക്കാത്ത കാഴ്ചകൾ പിടിച്ചെടുക്കാനുള്ള വിചിത്രമാപിനിയുടെ ബലംതന്നെ ഒരർത്ഥത്തിൽ രാജാവിന്റെ ഗുണത്തിനും ഉപയുക്തമാകുമെന്നാണു് ഇതിന്റെ മെച്ചം. ഭരണത്തെ ജനഹിതത്തിലേക്കു് പരിവർത്തിപ്പിക്കുവാൻ രാജാവിലൂടെ പ്രവർത്തിക്കുന്ന എത്രയോ തമാശകൾക്കു് കൊട്ടാരസദസ്സുകൾ സാക്ഷ്യംപറയും. സിംഹാസനത്തിനടുത്തായി വിദൂഷകനു് കസേര കിട്ടുന്നതിന്റെ കാരണം, ഇതാണു്. എന്നാൽ, അതു് അവിടെയും അവസാനിക്കില്ല. ജനതയെ നിർണ്ണയിക്കുന്ന അധികാരത്തോടുരുമ്മിനിന്നുകൊണ്ടു്, അതിനെതിരെ ചാരപ്രവർത്തനം നടത്തുന്നതും ഹാസത്തിന്റെ അനുബന്ധപ്രക്രിയയാണു്. രാജാവിനെതിരെ ജനതയുടെ ചാരൻ. ആദ്യഘട്ടത്തിൽ അനുവദിച്ചതിനു വിപരീതമായി അതേയിടത്തുനിന്നു് ഇക്കാരണത്താൽ, വിദൂഷകനെ പറഞ്ഞുവിടാൻ രാജാവിനൊക്കില്ല. ജയപരാജയങ്ങളുടെ അധികാരക്കളികൾക്കിടയിലായി ഇത്തരം ചില വൈരുദ്ധ്യങ്ങൾക്കുമുണ്ടു് അതിന്റേതായ സ്ഥാനം.

images/sanjayan.jpg
സഞ്ജയൻ

ഹാസത്തിന്റെ മറ്റൊരു ലക്ഷ്യബിന്ദു കൊട്ടാരത്തിലെ കാര്യക്കാരാണു്. അതീവവിശ്വസ്തരുടെ വേഷങ്ങളിൽ കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ കറങ്ങിനടക്കുന്ന ഇവർ രാജാവിനേക്കാൾ വിഷമുള്ള ജീവികളാണെന്നു് അന്നല്ല, ഇന്നുപോലും നമുക്കു് കണ്ടെത്താൻ കഴിയും. പലപ്പോഴും, രാജാവിന്റെ ഗതിതന്നെ തിരിച്ചുവിടാനുള്ള ഇവരുടെ കഴിവു് കണ്ടില്ലെന്നുവെക്കാനാവില്ല. വിഷവാഹികളായ ഇത്തരം ഞാഞ്ഞൂളുകളുടെ ജീർണ്ണലോകത്തെ കുഞ്ചൻ മാത്രമല്ല, സഞ്ജയനും ധാരാളമായി ആവിഷ്കരിച്ചിട്ടുണ്ടു്. അഥവാ, നേരിട്ടിട്ടുണ്ടു്. നവോത്ഥാനകാലമെന്ന ഓമനപ്പേരിൽ നാം വിളിച്ചുപോരുന്ന ഒരു ചരിത്രസന്ദർഭത്തിൽ സ്വജീവിതം മുഴുനീളം കഴിച്ചുകൂട്ടിയ ഒരാളാണല്ലോ സഞ്ജയൻ. ആ കാലത്തെ ഹാസത്തിൽ പിടിച്ചുകെട്ടിയ അദ്ദേഹം ഇത്തരക്കാരെ ധാരാളമായി എഴുതിക്കാണിച്ചിട്ടുണ്ടു്. ബ്രിട്ടീഷുകാർക്കൊപ്പവും, ഗാന്ധിജി ക്കൊപ്പവും ഒരേപോലെ ഇത്തരം കാര്യക്കാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നതാണു് മറ്റൊരു കരിംഫലിതം. പൈംപികത്തിന്റെ ചേഷ്ടാബലത്തിനു് നാടനെന്നോ, വിദേശിയെന്നോ ഭേദമില്ല.

images/Writer_VKN.jpg
വി. കെ. എൻ.

സ്വതന്ത്രാനന്തരഭാരതത്തിൽ, തന്റെ വിനിമയങ്ങൾ വിന്യസിച്ച വി. കെ. എൻ. നേരിട്ടതും ഇവരേത്തന്നെയാണു്. അപ്പോഴേക്കും, അവരിൽ ചിലരെങ്കിലും ജനാധിപത്യത്തിൽ പൂർണ്ണമായ അധികാരബലം നേടിക്കഴിഞ്ഞിരുന്നു. പലപ്പോഴും അധികാരികളേക്കാളേറെ ജനതയെ ചിരിപ്പിച്ചതു് ഈ ഇടത്തരക്കാരാണു്. ഇക്കാലത്തു്, ഹാസം എഴുതാനിരിക്കുന്നവരുടെ മുന്നിൽ തികഞ്ഞ പൊളിറ്റിക്കൽ കറക്ട്നസ്സുമായി വിരിഞ്ഞുനിൽക്കുന്നതു് ഇതേ ഇടത്തരംതന്നെയാണു്. എന്നാൽ, അവർക്കു് അധികാരം മാത്രമല്ല, ഉന്നതവിദ്യാഭ്യാസവും, അയത്നയാനം ഉറപ്പാക്കുന്ന സാങ്കേതികതയുമൊക്കെ കൈവശമുണ്ടു്. വിദൂഷകരെ അവസാനിപ്പിക്കാൻ യഥാർത്ഥ അധികാരി വേണമെന്നില്ല, ഇവർതന്നെ ധാരാളം. ഇവരെ മറഞ്ഞു്, ജനതയെത്തന്നെ കാണാൻവയ്യാത്ത വല്ലാത്തൊരു പരിതസ്ഥിതിയിൽ ഇക്കാലം, സാമാന്യഹാസമെങ്കിലും സംഭീതമാണെന്നു സമ്മതിക്കണം.

ഹാസ്യത്തിന്റെ മറ്റൊരു ബലം കുടികൊള്ളുന്നതു്, അതിന്റെ പ്രയോഗപൂർത്തീകരണരീതിയിലാണു്. ഒറ്റതവണ തീർപ്പാക്കലിന്റെ ശീഘ്രകർമ്മഗതി തീർച്ചയായും അതിനവകാശപ്പെടാം. പ്രയോഗത്തിന്റെ ഓരോ ചുവടിലും പൂർത്തീകരിക്കപ്പെട്ടനിലയിലാണു് ഹാസം തുടരുന്നതു്. അതുകൊണ്ടു് അതിനു് യാത്രയുടെ ഇടയ്ക്കുള്ള സ്റ്റോപ്പിൽനിന്നു് കയറുകയും, അവസാനിക്കുന്നതിനിടക്കു് ഇറങ്ങിപ്പോകുകയുമാകാം. സാമൂഹ്യയാനത്തെ അതിന്റെ ജീർണ്ണതക്കൊപ്പം അവസാനംവരെയെന്നമട്ടിൽ പിൻതുടരാനുള്ള ബാദ്ധ്യത ഒരിക്കലും ഹാസസാഹിത്യത്തിനില്ല. പൊതുസാഹിത്യത്തിനു് ഇത്തരത്തിൽ പാതയേയും, യാനത്തേയും പാടേ അവഗണിക്കാനുള്ള സഹജബലമുണ്ടാകണമെന്നില്ല. കഥ തീരുന്നതുവരെ തുടരാനുള്ള ബാദ്ധ്യയുണ്ടെന്ന മട്ടിൽ, മോശം ആട്ടത്തിന്റെ അവസാനംവരെ തുടരാനുള്ള നിസ്സഹായത പൊതുസാഹിത്യത്തിനു് സ്വയംസിദ്ധമാണു്. മനുഷ്യന്റെ ആനുഭവികപരിസരങ്ങളെ പകർത്തിവെക്കുകവഴി, അതു് ജീവിതത്തെ നന്നായി അവതരിപ്പിക്കുന്നുണ്ടെന്നതു് ശരിതന്നെ. പക്ഷേ, ഏർപ്പെടുന്ന ജീവിതത്തെ അതുവഴി അതു് പ്രഥമികമായി അംഗീകരിക്കുകയുംചെയ്യുന്നു. ഉഭയകക്ഷിസമ്മതത്തിന്റെ ശ്രുതിയിലാണു് പൊതുസാഹിത്യം അതിന്റെ പ്രതിഷേധരാഗംപോലും ആലപിക്കുക. എന്നാൽ, പൊതുഘടനയെ വേർതിരിച്ചു് വിചാരണചെയ്യുകയും, അതിന്റെ ഘടകങ്ങളെ നാനാദിക്കിൽനിന്നു് വക്രീകരിക്കുകയുമാണു് ഹാസത്തിന്റെ സഹജരീതി. വക്രീകരണം പ്രാഥമികവും, ആത്യന്തികവുമായി എതിർപ്പുതന്നെയാണു്. അതു് അധികാരത്തിന്റെ ആനുഭവികമണ്ഡലത്തെ അതിനെതിരെ ചിരിപ്പിക്കും. ഇതൊരു പ്രചരണരീതിയാണു്. ചിരി അധികാരത്തെ നിർവീര്യമാക്കുന്നതിൽ പ്രധാനപങ്കുവഹിക്കുമെന്നു് ഒരോ അധികാരിക്കും നന്നായിട്ടറിയാം. ഇപ്പോഴും, അധികാരത്തിന്റെ ഏതൊരു സാമാന്യപരിസരത്തും ചിരി സ്വമേധയാ നിരോധിക്കപ്പെടുമെന്നു് നമുക്കറിയാമല്ലോ. ഉന്നതാർത്ഥത്തിൽ കാര്യങ്ങൾ പരിശോധിച്ചാൽ, വമ്പൻവിതാനങ്ങളിലും സംഭവിക്കുന്നതെന്നു് ഇതൊക്കെയാണെന്നു തെളിയും. അധികാരം അതിന്റെ മുഴുവൻ സംഹാരബലവും പ്രദർശിപ്പിക്കാൻമാത്രം നിസ്സഹായമാകുന്ന പരിതസ്ഥിതികളിൽ ആദ്യം അകത്തുപോകുന്നതു് മിക്കവാറും ഹാസം കൈകാര്യംചെയ്യുന്നവരായിരിക്കുമെന്ന ചരിത്രപാഠമാണു് അതിനുള്ള ഒന്നാംനമ്പർ തെളിവു്.

അപ്രമാദിത്വത്തിന്റെ ജീർണ്ണവശങ്ങളെ പ്രഹരിക്കാനുള്ള പ്രതലബലം ഹാസത്തിനു് ലഭിക്കുന്നതു് എവിടെനിന്നാണു് എന്നു ചിന്തിച്ചാൽ, അതിന്റെ കാരണമെന്നോണം തെളിയുന്നതു് പ്രസ്തുതസാഹിത്യത്തിന്റെ മറ്റൊരു സവിശേഷതയാണു്. സുവ്യക്തകാൽപനികവും, ഉന്നതവുമായ പ്രതീക്ഷയാണു് അതു്. ജീർണ്ണതയെ തിരിച്ചറിയാനുള്ള മാപിനിയായി ഹാസം സ്വയംപെരുമാറുന്നതു്, അതു് വെച്ചുപുലർത്തുന്ന പ്രതീക്ഷയുടെ ബലത്തിൻമേലാണു്. ജീർണ്ണസാഹിത്യം കളമൊഴിയുന്നതോടെ, സുഗമസംഗീതംപോലെ സുന്ദരസാഹിത്യം വന്നുവിരിയുമെന്നു് അതു് പ്രതീക്ഷിക്കുന്നു. ജീർണ്ണാധികാരം പരിഹാസ്യമായിത്തീരുന്നതോടെ, നേർത്തുനേർമ്മയുള്ള അധികാരം വെള്ളച്ചിറകുവീശി പറന്നെത്തുമെന്നും അതു് കിനാക്കാണുന്നു. (അങ്ങനെ സംഭവിക്കില്ലെന്നു് അറിയാമെങ്കിലും!) മനുഷ്യന്റെ വറ്റാത്ത പ്രതീക്ഷയുടെ നേർപ്പേരാണു് ഹാസം.

images/Charlie_Chaplin.jpg
ചാർലി ചാപ്ലിൻ

പ്രഹർഷസന്നിഹിതമായ കാലങ്ങളിൽ പ്രതീക്ഷ പുലർത്താൻ എളുപ്പമാണു്. എന്നാൽ, കാലത്തിനു് കാളിമ പുരളുന്നതോടെ, കാര്യങ്ങൾ ഊഷരമായിത്തീരും. മനുഷ്യർ ഒന്നടങ്കം പ്രതീക്ഷകൾ അസ്തമിച്ചവരായിത്തീരും. ലോകയുദ്ധങ്ങളുടെ പരിസരത്തുനിന്നു പെറുക്കിയെടുത്ത നിരാശ ലോകത്തിന്റെ കൈത്തലത്തിൽനിന്നു് താഴെവീഴാൻ പിന്നീടു്, ഏറെ കാലമെടുത്തെന്നു് നമുക്കറിയാവുന്നതാണു്. എന്നാൽ, അക്കാലത്തും ഒളിമങ്ങാത്ത പ്രതീക്ഷയെ കൈയാളിജ്വലിപ്പിച്ചതു് ചാർലി ചാപ്ലിനേ പ്പോലുള്ളവരുടെ ഹാസമഹത്വമാണു്. ഹിറ്റ്ലറേ പ്പോലുള്ള ഒരധികാരരൂപത്തെ പരിഹാസ്യമാക്കിക്കൊണ്ടു്, മാനവികപക്ഷത്തിന്റെ ആത്മവിശ്വാസം പുനഃസ്ഥാപിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾക്കു് വിജയമുണ്ടായി. എന്നല്ല, ദുരധികാരരൂപങ്ങൾക്കെതിരെയുള്ള അത്തരം പ്രഹരമുറയ്ക്കു് എക്കാലത്തും നിലനിൽപ്പുണ്ടെന്നു്, തുടരുന്ന സ്വന്തം നിലനിൽപിലൂടെ അദ്ദേഹം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

images/Adolf_Hitler.jpg
ഹിറ്റ്ലർ

ഇത്തരത്തിൽ ക്ലേശമുഖരിതമായൊരു കാലത്തു് എങ്ങനെയാണു് പ്രതീക്ഷയുടെ തിരി സ്വന്തം കീശക്കകത്തു സൂക്ഷിക്കാൻ കഴിയുന്നതു്? നിശ്ചയമായും കൗതുകകരമായൊരു സംശയം അവിടെ ഉടലെടുക്കും. ഹാസം സൃഷ്ടിക്കുന്നവരുടെ വ്യക്തിത്വബലത്തിനു് ചില പ്രത്യേകതകളൊക്കെയുള്ളതായി കാണാം. അവിടെയാണു് അതിന്റെ ശരിയായ കാരണമിരിക്കുന്നതു്. ജീവിതത്തിൽ ഒരു പൊതുപാതയാണു് ഒരാൾ സ്വീകരിക്കുന്നതെങ്കിൽ, അയാൾക്കു് അതിനെ അംഗീകരിക്കാനുള്ള ബാദ്ധ്യത സ്വമേധയാ ഏറ്റെടുക്കേണ്ടിവരും. സന്ദർഭങ്ങളെ അതിനുചേർന്നവിധത്തിൽ ഉപയോഗിക്കാൻമാത്രമേ അയാൾക്കു് കഴിയൂ. അത്തരം മനുഷ്യരാണു് ബഹുഭൂരിപക്ഷവും. ഏതാനും ചില നിയമനിർമ്മാണങ്ങളിലൂടെ ജീവിതാന്തരീക്ഷത്തെ മാറ്റിയെടുക്കുകവഴി, ഒറ്റയടിക്കു് അവരെയാകെ ഉരുവപ്പെടുത്താൻ ദുരധികാരിക്കു് നിഷ്പ്രയാസം കഴിയും. അത്തരം ജനതക്കുള്ള മോൾഡ് അധികാരി അയാൾക്കു് തോന്നിയമട്ടിൽ അപ്പപ്പോൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണു് പതിവു്. ജനതയുടെ ചിരിചിന്തകളെയെല്ലാം അവശതയുടെ പലവിതാനങ്ങളിലേക്കായി മാറ്റിപ്പണിയാൻ അധികാരിക്കു് ഏതാനും നിയമങ്ങളുടെ വിന്യാസംമാത്രം മതിയെന്നർത്ഥം. ജീവിതത്തെ അംഗീകരിക്കുന്ന മനുഷ്യരെ അധികാരത്തിനു് വളരെ വേഗം വരുതിയിലാക്കാനാകുമെന്നാണു് ഇതിന്റെ പാഠം. എന്നാൽ, ഏർപ്പെടുന്ന ജീവിതത്തിന്റെ വിതാനത്തിൽ മനസ്സു് പരുവപ്പെടുത്താൻ കൂട്ടാക്കാത്ത ഒരാളെ അസ്വസ്ഥനാക്കാൻ അധികാരിക്കു കഴിയില്ല. ചിരിക്കാത്തവനെ കരയിപ്പിക്കുന്നതെങ്ങനെ? പ്രഭാവമാണു് അഭാവത്തിന്റെ മാതാവു്. ഇതാണു് ഹാസസാഹിത്യമനസ്സിന്റെ ബലം. ഒരർത്ഥത്തിൽ അപമാനവീകരണത്തിന്റെ ലാഞ്ഛന അതിൽ ഊഹിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഖേദപ്രഹർഷങ്ങളെ സാന്ദർഭികമായി സ്വയം അനുവദിക്കാൻ തയ്യാറില്ലാത്തവർ, തങ്ങൾ പ്രയോഗിക്കുന്ന പ്രതികരണരീതികളിലും ആയതു് അതേപടി നിലനിർത്തുന്നു.

ദുരന്തത്തെ ദുഃഖമാക്കുകയാണു് പൊതുസാഹിത്യം ചെയ്യുന്നതെങ്കിൽ, ഹാസസാഹിത്യകാരൻ ദുരന്തത്തെ ഫലിതമാക്കുന്നു. സ്വന്തം ജീവിതത്തേപ്രതി സാക്ഷാത്കരിക്കാൻ ധൈര്യമില്ലാത്ത ഒന്നിനെ ആർക്കും സാഹിത്യത്തിലൂടെ നടപ്പാക്കാനാവില്ല.

പത്താംനൂറ്റാണ്ടിലെ തോലൻ കുലശേഖരരാജാവിനരികിലും, പതിനെട്ടാംനൂറ്റാണ്ടിലെ കുഞ്ചൻ അമ്പലപ്പുഴ രാജാവിന്റെ ഓരത്തും, കഴിഞ്ഞുകൂടിയതു് അധികാരത്തിനോടുള്ള ആഭിമുഖ്യംകൊണ്ടല്ലല്ലോ. വിചിത്രമായ ഇത്തരം ചേരിചേരാപ്രസ്ഥാനക്കാരുടെ തലയ്ക്കു് അത്തരമൊരു കുറ്റം കെട്ടിവെക്കാൻ ആർക്കെങ്കിലും കഴിയുമെന്നും തോന്നുന്നില്ല. ജനതയുടെ ജീവിതത്തെ തൊട്ടുപെരുമാറുന്ന പൊതുസാഹിത്യം അതേപ്രതി നിലനിൽക്കുമ്പോൾ, ഹാസസാഹിത്യം ചെയ്യുന്നതു് ഉല്ലംഘനം നടത്തുകയാണെന്നു് സൂചിപ്പിച്ചുവല്ലോ. ഇതേ ഉല്ലംഘനഭാവംകൊണ്ടുതന്നെയാണു് ഹാസം അധികാരത്തെപ്രതി നിലനിൽക്കാതെ, അതിനെ മറികടക്കുന്നതു്. തത്ത്വം ഒന്നുതന്നെയാണു്. ദുരന്തത്തെ ദുഃഖമാക്കുകയാണു് പൊതുസാഹിത്യം ചെയ്യുന്നതെങ്കിൽ, ഹാസസാഹിത്യകാരൻ ദുരന്തത്തെ ഫലിതമാക്കുന്നു. സ്വന്തം ജീവിതത്തേപ്രതി സാക്ഷാത്കരിക്കാൻ ധൈര്യമില്ലാത്ത ഒന്നിനെ ആർക്കും സാഹിത്യത്തിലൂടെ നടപ്പാക്കാനാവില്ല. അവനവനെ നോക്കി ചിരിക്കുന്നതിന്റെ ഒരു ഭാഷാവിപുലീകരണമാണു് ഹാസസാഹിത്യം. അതിനായി എഴുത്താളൻ തീവ്രദുഃഖത്തിലൂടെ കടന്നുപോകേണ്ടിവരും. അതിന്റെ മൈൽക്കുറ്റികളെ പിന്നിലാക്കിക്കൊണ്ടു്, ദുഃഖത്തിന്റെ തുറസ്സിൽ നടത്തുന്ന യാനം ക്രമേണ, അവനെ പരിധിയിലെത്തിക്കും. അവിടെ പരിമിതിബോധത്തിന്റേതായ ഒരു മണ്ഡലം അവനെ കാത്തിരിപ്പുണ്ടു്. അതു് വ്യക്തിപരമായ പരിമിതികളല്ല, മറിച്ചു്, അനന്തമായ വിശ്വപ്രകൃതിയിൽ ജീവിയെന്ന നിലയിലനുഭവിക്കുന്ന സഫലമായ പരിമിതിയാണു്. അതിലെത്തുന്നതോടെ, അവനു് തന്നെ സംബന്ധിക്കുന്ന ഗൗരവതരമായ ആലോചനകളെല്ലാം ഫലിതമായിത്തീരും. സ്വപക്ഷം ന്യായീകരിച്ചെടുക്കാനുള്ള മനുഷ്യന്റെ സ്വയംമറഞ്ഞിരിക്കുന്ന രക്ഷാശ്രമങ്ങളെല്ലാം അതോടെ, സ്വയം റദ്ദുചെയ്യപ്പെടുന്നു. തന്നേപ്രതി നിലനിൽക്കുന്ന അബദ്ധവിശ്വാസങ്ങളെല്ലാം പൊളിയുന്നതോടെ, അവകാശവാദങ്ങളുടെ സാദ്ധ്യത പര്യവസാനിക്കുകയായി. നിജരൂപത്തിലുള്ള സ്വന്തം ഉടൽക്കെട്ടാണു് അവിടെ ഹാസകാരനു് കണി. അതിനു് നേർക്കുനേർ നിൽക്കാനുള്ള ബലം അവനെ വർദ്ധിതാർത്ഥത്തിൽ ശാന്തനാക്കുകയാണു്. അവന്റെ മനസ്സിന്റെ ചുണ്ടിൽ മായാത്ത ചിരി തിരുകിവെക്കുന്നതു് അതാണു്.

ഇത്തരത്തിൽ ഒരാൾ അവനവനുനേരെ തിരിയുന്നതെന്തിനാണു്? അതു് ഈ പ്രസ്ഥാനത്തിനു് അവശ്യം ആവശ്യമാകുന്നതു് എന്തുകൊണ്ടാണു്? അതിന്റെ കാരണവും ഗുപ്തലളിതമാണു്. ആത്യന്തികമായി അധികാരത്തോടാണു് ഹാസത്തിന്റെ പ്രവർത്തനമെന്നു് സൂചിപ്പിച്ചല്ലോ. രാഷ്ട്രീയാധികാരംതൊട്ടു് മനുഷ്യൻ ഇന്നുവരെ ആവിഷ്കരിച്ച അധികാരപ്രസ്ഥാനങ്ങളുമായി പ്രതിപ്രവർത്തിക്കുന്ന ഒന്നുമാത്രമല്ല അതു്. സൂക്ഷ്മാർത്ഥത്തിൽ മനുഷ്യനിൽ രൂഢമൂലവും നിഗൂഢവുമായി നിലനിൽക്കുന്ന സഹജാധികാരവും അതിന്റെ പരിധിയിൽ വരും. അധികാരത്തിന്റെ സൂക്ഷ്മസ്ഥൂലങ്ങളെ ഛിദ്രിപ്പിക്കുകയാണു് ഹാസത്തിന്റെ കൃത്യമായ ഉന്നം. അധികാരം എവിടെയാണോ സമഗ്രരൂപം സമാഹരിക്കുന്നതു്, അവിടെ പുരോയാനം അപകടപ്പെടും എന്നതിൽ സംശയമില്ല. നിരന്തരചലനത്തിലായ ഹാസം കെട്ടിക്കിടക്കുന്ന ജീർണ്ണതയെ ഛിദ്രിപ്പിക്കാനുളള പണികൾ കൃത്യമായി ചെയ്യും. ഹാസം സ്വമേധയാ നിത്യപ്രതിപക്ഷമാകുന്നതു് ഇത്തരത്തിലാണു്.

സി. വി. കുഞ്ഞിരാമൻ തന്റെ തർക്കവ്യാപാരത്തേപ്പറ്റി നാരായണഗുരുവിനോടു് സൂചിപ്പിച്ചപ്പോൾ, ഗുരു ഒരു മാർഗ്ഗം നിർദ്ദേശിച്ചു. സത്യത്തിൽ അതു് ഹാസപദ്ധതിയുടെ ഓത്തായി മാറേണ്ടതാണു്. അദ്ദേഹം പറഞ്ഞതു് വാദത്തിനുവേണ്ടി വാദിക്കരുതെന്നാണു്. സത്യപ്രകാശനത്തിനാകാം. വാദം എന്നിടത്തു് ഹാസം എന്നാക്കിയാലും, ഒട്ടും അർത്ഥവ്യത്യാസം വരില്ല.

മനുഷ്യന്റെ സഹജക്രമങ്ങളുമായി ബന്ധപ്പെട്ടാണു് അധികാരവാഞ്ഛ നിലനിൽക്കുന്നതെന്നു് ഊഹിക്കാമെങ്കിൽ, അതിനെതിരെ സൂക്ഷിക്കപ്പെടുന്ന വിമർശനമാണു് ഹാസം എന്നുറപ്പാണല്ലോ. അവിടെ ഒരു അപകടം ഒളിഞ്ഞിരിപ്പുണ്ടു്. അധികാരത്തിനു് എതിരായി ഉരുണ്ടുകൂടുന്ന വിമർശനം തികച്ചും അധികാരസംബന്ധിയല്ല എന്നു് പറയാനൊക്കില്ല. പ്രഥമദൃഷ്ട്യാ രണ്ടാണെന്നു് തോന്നാമെങ്കിലും, വാസ്തവത്തിൽ അവ ഏകമാണെന്നു് അനുഭവംകൊണ്ടു് ആർക്കും തിരിച്ചറിയാം. ഇന്നത്തെ വിമർശകനാണു് നാളത്തെ അധികാരി. അധികാരം സിദ്ധിക്കുന്നതോടെ, അവൻ വിമർശനങ്ങൾക്കു് എതിരാവുകകൂടി ചെയ്യുന്നതായി കാണാം. ഇന്നലെ താൻ നേരിട്ട ശത്രുതന്നെയാണു്, ഇന്നത്തെ താനെന്നു് അവൻ ചരിത്രം ഉപയോഗിച്ചു് സാക്ഷാത്കരിക്കും. ഇത്തരം രൂപത്തിനകത്തേക്കാണു് കയറിനിൽക്കുന്നതെങ്കിൽ, നിശ്ചയമായും ഹാസകാരനും ഭാവിയിലെ അധികാരിയായിപ്പോകും. ഈ കടമ്പ മറികടക്കാനാണു്, ഹാസകാരൻ അവനവനെ തുരത്തുന്നതു്. അവനവനെ മറികടന്നവനു് സ്വയം സ്ഥാനിയാവാൻ കഴിയില്ല. അതുകൊണ്ടുതന്നെ, നിലവിലെ ദുരധികാരത്തിനപ്പുറം, നേർമ്മയുള്ള മറ്റൊരധികാരം കടന്നുവരുന്നതിനായി കിനാക്കാണുന്നിടത്തു് സ്വയം പിടിച്ചുനിർത്താനും, അധികാരത്തിലേക്കുള്ള സ്വന്തം ഉരുവമാറ്റത്തെ തടുക്കാനും അവനു് കഴിയും.

കാപട്യത്തിന്റെ ബഹുശാഖിയായ മനുഷ്യപ്രകൃതിയെ വശംകെടുത്തുകയാണു് ഹാസത്തിന്റെ മറ്റൊരു ഉന്നം. പ്രണയം അനന്തമാണെന്നും, അതിസുന്ദരമാണെന്നും അവകാശപ്പെടുകയും, അതു് പ്രയോഗിക്കുന്ന തങ്ങളേത്തന്നെ അതിനെതിരായി സാക്ഷാത്കരിക്കുകയും ചെയ്യുകയാണല്ലോ, പ്രണയിതാക്കൾ ചെയ്യുന്നതു്. ഇതാണു് ലൗകികത്തിലെ കളിയെങ്കിൽ ആദ്ധ്യാത്മികതയിലുമുണ്ടു് ഇത്തരം പന്തികേടുകൾ. ദൈവമാണല്ലോ അവിടെ പരമമുഖം. ആയതിനെ സാക്ഷാത്കരിക്കാനെന്ന മട്ടിൽ അവർ ചെയ്തുകൂട്ടുന്നതിനുപിന്നിൽ അതല്ലാത്ത എല്ലാ മുദ്രകളും മഹാഗർജ്ജനം നടത്തുന്നതായിട്ടാണു് കാണുന്നതു്. മിക്കവാറും മനുഷ്യപദ്ധതികൾക്കൊക്കെതന്നെ ഇത്തരം മുഖമാണുള്ളതു്.

images/Cvkunjuraman.jpg
സി. വി. കുഞ്ഞിരാമൻ

ഇവിടെ, ഹാസം എന്താണു് ചെയ്യുന്നതു്? മനുഷ്യമഹാപദ്ധതികളെ അതിന്റെ ആശയഗരിമയോടെയും, അതിലുൾചേർന്ന സഹജവൈരുദ്ധ്യത്തോടെയും നിലനിർത്തി, പ്രയോക്താക്കളെ പൊശുക്കുകയാണു് ഹാസത്തിന്റെ ഉത്തരവാദിത്തം. ഒരേസമയം യഥാർത്ഥരൂപം എന്താണെന്നു് ഉത്തമബോദ്ധ്യമുണ്ടായിരിക്കുകയും, അതേസമയം അതിന്റെ അശിക്ഷിതപ്രയോക്താക്കളുടെ അധീശത്വത്തിനെതിരാവുകയുംചെയ്തുകൊണ്ടു് സത്യത്തെ അഭിസംബോധനചെയ്യാനുള്ള ബലം ഹാസത്തിനു് ആവശ്യമായിവരുന്നതു് ഇതുകൊണ്ടാണു്. ഒരർത്ഥത്തിൽ ഇതൊരു മധ്യമമാർഗ്ഗമാണു്. വി. കെ. എൻ. സാക്ഷാത്കരിച്ച കാവി എന്ന നോവൽ ഇപ്പറഞ്ഞതിനു് നല്ലൊരു ഉദാഹരണമാണു്. ഭാരതീയമായ ആദ്ധ്യാത്മികതയെയാണു് ഇതു് സമൂലം പൊശുക്കിവിടുന്നതു്. എന്നാൽ, അത്തരം പ്രസ്ഥാനത്തിന്റെ ഒട്ടേറെ അവാന്തരവിഭാഗങ്ങളുടെ അടിസ്ഥാനപരിശീലനങ്ങളിലേക്കു് സ്വയം സന്നിവേശിക്കപ്പെടാനുള്ള മനോവാസനയില്ലെങ്കിൽ, ഒരാൾക്കു് ഇത്തരം ഒരു കൃതി എഴുതാനുമാവില്ല. ഒരേസമയം ആദ്ധ്യാത്മികപദ്ധതികൾക്കൊപ്പം മനസ്സു് നിൽക്കുകയും, അതേസമയം അതിനെ അംഗീകരിക്കാതിരിക്കുകയും ചെയ്യാനുള്ള ഇരുതലമൂർച്ചയുടെ ബലം സമാഹരിക്കപ്പെടുമ്പോഴാണു്, ഒരാൾക്കു് ഇത്തരം പരീക്ഷണങ്ങൾ ഏറ്റെടുക്കാനുള്ള സന്നദ്ധതയുണ്ടാകുന്നതു്. സി. വി. കുഞ്ഞിരാമൻ ഇതിനു് ഒരു ഉദാഹരണമാണു്. നാസ്തികരുമായി ചർച്ചയിലേർപ്പെടുമ്പോൾ, അദ്ദേഹം ആസ്തികനാകും. ആസ്തികരോടാകുമ്പോൾ, നാസ്തികത്തിലേക്കും കൂടുമാറും. ഇരുഭാഗവും നന്നായി സാക്ഷാത്കരിക്കാൻ അദ്ദേഹത്തിനാവും. ജീവിതത്തിലാകട്ടേ, ഇരുഭാഗത്തു തുടരാനും കഴിയില്ല. ഏതെങ്കിലും ഒരുഭാഗത്തു് നിലയുറപ്പിക്കുന്നതാണല്ലോ പൊതുശൈലി. എന്നാൽ, അങ്ങനെ ചെയ്യുന്നതോടെ, ഒരാൾ തികഞ്ഞ ദ്വേഷിയായി മാറുന്നു. അപരത്വത്തോടു് ആർക്കായാലും ഈർഷ്യ പുലർത്താതിരിക്കാനാവില്ല. എന്നാൽ, ഇവിടെ അതു് നടപ്പില്ല. കാരണം, ഹാസവും ദ്വേഷവും ഒരുമിച്ചുനിൽക്കുകയില്ല. അത്തരത്തിലെങ്കിലും ശുദ്ധാഭേദം നിലനിന്നില്ലെങ്കിൽ, ഹാസത്തിനു് തന്റെ ഇതളുകളിൽ മുള്ളു പൊടിച്ചുവരും. സി. വി. കുഞ്ഞിരാമൻ തന്റെ തർക്കവ്യാപാരത്തേപ്പറ്റി നാരായണഗുരുവിനോടു് സൂചിപ്പിച്ചപ്പോൾ, ഗുരു ഒരു മാർഗ്ഗം നിർദ്ദേശിച്ചു. സത്യത്തിൽ അതു് ഹാസപദ്ധതിയുടെ ഓത്തായി മാറേണ്ടതാണു്. അദ്ദേഹം പറഞ്ഞതു് വാദത്തിനുവേണ്ടി വാദിക്കരുതെന്നാണു്. സത്യപ്രകാശനത്തിനാകാം. വാദം എന്നിടത്തു് ഹാസം എന്നാക്കിയാലും, ഒട്ടും അർത്ഥവ്യത്യാസം വരില്ല.

രാഷ്ട്രീയാധികാരംതൊട്ടു് മനുഷ്യൻ ഇന്നുവരെ ആവിഷ്കരിച്ച അധികാരപ്രസ്ഥാനങ്ങളുമായി പ്രതിപ്രവർത്തിക്കുന്ന ഒന്നുമാത്രമല്ല അതു്. സൂക്ഷ്മാർത്ഥത്തിൽ മനുഷ്യനിൽ രൂഢമൂലവും നിഗൂഢവുമായി നിലനിൽക്കുന്ന സഹജാധികാരവും അതിന്റെ പരിധിയിൽ വരും. അധികാരത്തിന്റെ സൂക്ഷ്മസ്ഥൂലങ്ങളെ ഛിദ്രിപ്പിക്കുകയാണു് ഹാസത്തിന്റെ കൃത്യമായ ഉന്നം.

തെളിഞ്ഞുകിട്ടുന്നതു്, ഇതാണു്. സത്യാകാംക്ഷയാണു്, ശരിക്കും ഹാസപദ്ധതിക്കാവശ്യമായ അടിമരുന്നു്. അതില്ലെങ്കിൽ, പടക്കം ഒരിക്കലും അതിന്റെ കലാശം കാണില്ല. സത്യാകാംക്ഷയിലേക്കു് മാർഗ്ഗംകൂടുന്നതോടെ, ഒരാൾക്കു് സ്ഥിരമായ താവളപ്രദേശങ്ങൾ ഇല്ലാതാകും. നിരന്തയാനമാകുന്നു, അവന്റെ ഗതി. ഇതു് മനസ്സിന്റെ തുടർചലനമാണു്. സ്വമേധയാ ഇതു് ഇടത്തേയും, കാലത്തേയും ഇല്ലാതാക്കുന്നു. ഇതു രണ്ടും ഭേദിക്കപ്പെടുന്നതിന്റെ ക്ഷണികാനുഭവത്തിലാണു്, ഹാസ്യം സൃഷ്ടിക്കപ്പെടുന്നതു്. അതിന്റെ അനുയാത്രികരെ അതേ നിലയിൽ കൊണ്ടെത്തിക്കുന്നതാണു് അതിന്റെ തുടർപ്രക്രിയ. സ്വയം മറന്നുചിരിച്ചു എന്നാണല്ലോ ശൈലി. ചിരിക്കുമ്പോൾ, ഒരാളിൽ സ്ഥലകാലങ്ങൾ സ്തംഭിക്കുന്നതായിട്ടാണു് അനുഭവം. സ്ഥലകാലങ്ങളെ അട്ടിമറിക്കുന്ന രചനാവൈഭവം ഹാസസാഹിത്യത്തിന്റ മുഖമുദ്രയായി ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണു്. ഇതിനുള്ള പ്രതലബലം ആർജ്ജിക്കുന്നതു്, തുടർചലനത്തിന്റെ മനോമിടിപ്പു് അകമ്പടിയുള്ളതിനാലാണു്. നിലയ്ക്കാത്ത ഈ പെൻഡുലത്തിന്റെ ആട്ടം സമയസൂചികളില്ലാത്ത നിശ്ശൂന്യമായ ഒരു പ്രതലത്തിലാണു്. എന്തെല്ലാം വൈരുദ്ധ്യത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കാമെങ്കിലും, ശുദ്ധശൂന്യത്തിന്റെ രസമെടുത്തു് നൈമിഷികതയുടെ നാക്കിൽ ഇറ്റിക്കുന്ന ഹാസം അത്തരം ഒരു കലയാണു്.

വി. കെ. കെ. രമേഷ്
images/vkkramesh.jpg

1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. 4 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടു്. ‘ഹൂ ഈസ് അഫ്റൈഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പുസ്തകത്തിനു് 2018-ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും രചിച്ചിട്ടുണ്ടു്. ആകാശവാണി ഡ്രാമാ ബി. ഗ്രേഡ് ആർട്ടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ടു്. വി. കെ. എൻ. അമ്മാമനാണു്. തിരുവില്വാമലയിൽ സ്ഥിരതാമസം.

ഭാര്യ: ജ്യോതി

മക്കൾ: ബ്രഹ്മദത്തൻ, നിരഞ്ജന

എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക

ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.

images/rameshvkk22@okicici.jpg

Download QR Code

കൂടുതൽ വിവരങ്ങൾ ഇവിടെ.

Colophon

Title: Hasasahithyaththinte Panippura (ml: ഹാസസാഹിത്യത്തിന്റെ പണിപ്പുര).

Author(s): V. K. K. Ramesh.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, V. K. K. Ramesh, Hasasahithyaththinte Panippura, വി. കെ. കെ. രമേഷ്, ഹാസസാഹിത്യത്തിന്റെ പണിപ്പുര, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 1, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Woman with a Fan, a painting by Amedeo Modigliani (1884–1920). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.