കാലപ്പഴക്കംകൊണ്ടു് അലങ്കോലമാക്കപ്പട്ടതും, താമസക്കാരാൽ ശബ്ദായമാനവുമായ ഒരു സെറ്റപ്പായിരുന്നു ഞങ്ങളുടേതു്. വൃത്തിഹീനമായ അതിന്റെ അടുക്കള ജാലകത്തിലൂടെ പുറമേക്കു നോക്കിയാൽ, പൊടിപിടിച്ച നിരത്തും, അതിന്റെ വശങ്ങളിൽ വളർന്നു നില്ക്കുന്ന നരച്ച മരങ്ങളും കാണാമായിരുന്നു. അപ്രസന്നമായ ദിനങ്ങളങ്ങനെ ഊത്തുകാറ്റിൽ പാറിപ്പോകുന്നതുപോലെ നീങ്ങിയിരുന്നുവെന്നല്ലാതെ, ജീവിതമെന്നു ചൂണ്ടിക്കാണിക്കാൻ വർണ്ണാഭമായി അവിടെ ഒന്നുംതന്നെയില്ലായിരുന്നു.
പതിവു വൈകുന്നേരങ്ങളിലൊന്നിൽ, കുട്ടിയായ ഞാൻ വിണ്ടടർന്ന തിണ്ണയിൽ ചാരി ചുമ്മായിരിപ്പായിരുന്നു. അന്നേരമാണു് അയാൾ മുന്നിലെത്തിയതു്. കഷണ്ടികൊണ്ടു് ഏതാണ്ടു് മൊട്ടയായി മാറിത്തുടങ്ങിയിരുന്ന അയാൾ വാതിലിനു പുറത്തുനിന്നുകൊണ്ടു് മുകളിലേക്കുനോക്കി.
“ഡാനിയേൽ താമസിക്കുന്നതു് താഴെയോ, മുകളിലോ കുഞ്ഞേ?”
അയാൾ ചോദിച്ചു.

അയാൾ വിശേഷിപ്പിച്ചയാൾ ഡാനിയെന്നു് ഞങ്ങൾ വിളിക്കുന്ന എന്റെ അച്ഛനായിരുന്നു. പുള്ളിക്കു് ഖനിയിലോ മറ്റോ ജോലിയാണെന്നു് അമ്മ പറഞ്ഞറിയാം. വീട്ടിൽ കാണുകയേയില്ല. പണിസ്ഥലത്തെപ്പോഴും ഷിഫ്റ്റാണെന്നാണു് അമ്മ പറയുന്നതു്. ഞാനുമായി പുള്ളി നല്ല രസത്തിലല്ല. ഒരു കരിമാണ്ടി. ഞാനും കറുത്തിട്ടാണു്. ഞങ്ങൾ ആഫ്രിക്കക്കാരാണല്ലോ. എന്നുവെച്ചു് ഇങ്ങനെയുണ്ടോ ഒരു കറുപ്പു്!
“ഇല്ല, വന്നിട്ടില്ല.”
ഞാൻ പറഞ്ഞു.
“മോനാരാ?”
“മകനാണു്.”
അച്ഛന്റെ വക്കീലാണു് താനെന്നു് അന്നേരം അയാൾ പറഞ്ഞു. രാജ്യാന്തര രഹസ്യത്തോളം ബലമുണ്ടായിരുന്നു ആ വെളിപ്പെടുത്തലിനു്. എനിക്കു് ചിരിയാണു വന്നതു്. ജീവിക്കാൻ വകയില്ലാത്തവന്റെ വക്കീൽ! അച്ഛന്റെപേരിൽ ഏതാണ്ടൊരു കേസ്സുള്ളതായി അമ്മയെപ്പോഴോ പറഞ്ഞുകേട്ടിട്ടുണ്ടു്. സായിപ്പിന്റെ കൈയിൽനിന്നും പുള്ളിയൊരിക്കൽ നല്ല തല്ലുമേടിച്ചിട്ടുണ്ടത്രെ. കേസ്സായപ്പോൾ, വാദി പ്രതിയായി.
“കേസ്സ് നമ്മൾ ജയിച്ചിട്ടുണ്ടു്.”
അയാൾ ചില പല്ലുകളെങ്കിലും കുറവുള്ള തന്റെ മോണ പുറമെ കാണിച്ചു ചിരിച്ചു.
ഞാൻ മുകളിൽപ്പോയി അമ്മയെ കൂട്ടിവന്നു.
“കേസ്സ് ജയിച്ചതിന്റെ രേഖകൾ വക്കീലാഫീസിലുണ്ടു്. മകനെ പറഞ്ഞയക്കുകയാണെങ്കിൽ, അതു് കൊടുത്തുവിടാമായിരുന്നു.”
അമ്മ എന്നോടു് അയാളുടെ കൂടെപ്പോകാൻ പറഞ്ഞു. അതേ തെരുവിൽത്തന്നെയായിരുന്നു അയാളുടെ ഓഫീസ്. കൃത്യമായിപ്പറഞ്ഞാൽ, അമ്മയുടെ ചേട്ടന്റെ വർക്ക് ഷോപ്പിനടുത്താണതു്. അമ്മയുടെ സന്ദേശവാഹകനായി ഞാൻ പലപ്പോഴും അവിടെ പോയിട്ടുണ്ടു്. അങ്ങനെ ഞാൻ വക്കീലിനോടുചേർന്നു് നടന്നു. വലതോരംചേർന്നുനടക്കുമ്പോൾ, എന്റെ സ്പ്രിംഗ് മുടിയിൽ അയാൾ കരുണാമയമായി തടവിക്കൊണ്ടിരുന്നു. അച്ഛൻ ചെയ്യേണ്ടതാണു് അതൊക്കെ. എനിക്കു് ആകെപ്പാടെ സുഖംതോന്നി.

“എന്താണു് അങ്ങയുടെ പേരു്?”
ഞാൻ ചേദിച്ചു.
“ഗാന്ധി എന്നു വിളിച്ചോളൂ, മുഴുവൻ പേരു് മോഹൻദാസ് കരംചന്ദ് എന്നാണു്. കുഞ്ഞിനതു് വിഷമമാകും.”
മുഷിഞ്ഞൊരു കെട്ടിടത്തിൽ, വൃത്തിയായി സൂക്ഷിച്ച ഒരു കൊച്ചുമുറിയായിരുന്നു അയാളുടെ ഓഫീസ്. പഴയൊരു മരമേശയും, രണ്ടു് സന്ദർശകക്കസേരകളുമായിരുന്നു അവിടെ ആകെയുണ്ടായിരുന്നതു്. മേശമേൽ ഏതാനും ഫയലുകളും, നീളത്തിൽ മടക്കി സൂക്ഷിച്ച ഏതാനും രേഖകളും, തടിച്ച നിയമപുസ്തകങ്ങളുമൊക്കെ കാണാമായിരുന്നു. മൺകൂജയിൽ കുടിവെള്ളവുമിരിപ്പുണ്ടു്.
“വെള്ളം കുടിക്കു്.”
അയാൾ ക്ഷണിച്ചു.
രണ്ടുപാത്രം വെള്ളം ഞാൻ ഒറ്റവീർപ്പിനു കുടിച്ചുവെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. അതായിരുന്നു ഞങ്ങളുടെ രാജ്യത്തിന്റെ ദാഹം. അതിനു പിന്നിലായി അയാളെനിക്കു് രണ്ടു ബിസ്കറ്റും തന്നു. അതു തിന്നുമുഴുവനാവുന്നതുവരെ സന്ദർശകക്കസേരയിൽ പിടിച്ചിരുത്തുകയും ചെയ്തു.
“കളയരുതു് കേട്ടോ. സൂക്ഷിച്ചുകൊണ്ടുപൊയ്ക്കൊള്ളണം.”
കടലാസിൽപ്പൊതിഞ്ഞ ഏതാനും രേഖകളുമായി അവിടെ നിന്നിറങ്ങുമ്പോൾ, യാത്രാവാചകമെന്നതുപോലെ അയാൾ പറഞ്ഞു.

നീതി, നിയമം എന്നൊക്കെ കേൾക്കുമ്പോൾ, പിന്നീടെപ്പോഴും, മധുരമുള്ള രണ്ടു ബിസ്കറ്റുകളും തണുത്ത വെള്ളവുമാണു് എനിക്കോർമ്മവരിക. ഏറെക്കാലത്തിനുശേഷം അമേരിക്കയിലെ ജയിലിൽക്കിടക്കുമ്പോൾ, ഇതോർത്തു് ഞാൻ പ്രഹർഷംകൊള്ളും. ഞാൻ കടന്നുവന്ന വഴികളിലൂടെത്തന്നെ മകനും നടക്കേണ്ടിവരുമെന്നു് നന്നായിട്ടറിയാവുന്നതുകൊണ്ടു് കുഞ്ഞുനാളിൽ ഇക്കഥ ഞാനവനും പറഞ്ഞുകൊടുത്തിട്ടുണ്ടു്.
ഗോത്രവഴിക്കു് പഴംകഥകളൊന്നും പകർന്നുകിട്ടാത്തവനും വേണമല്ലോ ആശ്വാസത്തിനു് ചില കഥകൾ!

1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. 4 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടു്. ‘ഹൂ ഈസ് അഫ്റൈഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പുസ്തകത്തിനു് 2018-ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും രചിച്ചിട്ടുണ്ടു്. ആകാശവാണി ഡ്രാമാ ബി. ഗ്രേഡ് ആർടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ടു്. വി. കെ. എൻ. അമ്മാമനാണു്. തിരുവില്വാമലയിൽ സ്ഥിരതാമസം.
ഭാര്യ: ജ്യോതി
മക്കൾ: ബ്രഹ്മദത്തൻ, നിരഞ്ജന
ചിത്രീകരണം: വി. പി. സുനിൽകുമാർ