വെയിലിന്റെ ആകാശം 2 ബി. എച്ച്. കെ. ഫ്ലാറ്റിന്റെ അടഞ്ഞുകിടക്കുന്ന ജനലും മറികടന്നു് അകത്തേക്കു പല്ലിളിക്കുന്ന പ്രഭാതങ്ങളിലൊന്നിൽ, പതിവുപോലെ ഞങ്ങൾ പുറത്തിറങ്ങി. നിരാശയോടെ രേഷ്മയും ചങ്കിടിപ്പോടെ ഞാനും. രേഷ്മ ഇറങ്ങിയതു് പണിചെയ്യാനാണെങ്കിൽ, ഞാനിറങ്ങിയതു് പണിപിടിക്കാനാണു്. ഇരപിടിക്കലിന്റെ സമകാലിക രൂപമാണിതു്. ഉണ്ടായിരുന്ന ജോലി ഒരു മാസംമുമ്പു് കൈമോശംവന്നതോടെ എന്റെ ഗതി ഇതാണു്. രാജ്യം ഭരിക്കാൻ ആവശ്യമായ വൈഭവത്തോടെ കമ്പനിയുടെ സൈറ്റ് കൊണ്ടുനടന്നിരുന്ന സീനിയർ ഓപ്പറേഷൻ മാനേജരെ കണ്ണടച്ചുതുറക്കുന്ന നേരത്തിനുള്ളിൽ ശൂന്യതയിൽപ്പിടിച്ചുനിറുത്താൻമാത്രം ശേഷിയുണ്ടു് ‘ടെക്നിക്കൽ നിയതി’ക്കു്. എഞ്ചിനീയറിംഗിൽ ബാച്ലർ ഡിഗ്രിയും, സപ്ളെ ചെയിൻ ഓപ്പറേഷൻ ഫീൽഡിൽ ആറു വർഷത്തെ പ്രവർത്തനപരിചയവുമെല്ലാം വെയിലിൽ പോയി. ഫോർമൽ, ഇൻഫോർമൽ കോച്ചിംഗ് ഓപ്പർച്യൂണിറ്റികൾകൊണ്ടു് ജീവനക്കാരുടെ ജീവനെടുത്തിരുന്ന മാനേജരുടെ കീ മെഷേർസ് എവിടെയാണു് തെറ്റിപ്പോയതു്? സത്യം പറഞ്ഞാൽ, ഇപ്പോൾ ബുദ്ധി കുറഞ്ഞുപോയതുകൊണ്ടു് തോറ്റുപോകുന്നവരില്ല. സന്ദർഭമാണു് ഇക്കാലം വില്ലൻ.
രേഷ്മയും ഞാനും പ്രേമിച്ചാണു് വിവാഹിതരായതു്. എട്ടുകാലി വലനെയ്യുന്നതുപോലെ, പലവട്ടം പയറ്റി ഒരുവട്ടം വിജയിച്ച ചാർട്ടേർഡ് അകൗണ്ടന്റായിരുന്ന രേഷ്മയെ പ്രേമിച്ചു, പ്രേമിച്ചു് ഞാനൊരു ഐ. ടി. സ്ത്രീയാക്കി മാറ്റുകയായിരുന്നു. ഇക്കാലം ഒളിച്ചോട്ടത്തിനു് വ്യാപ്തി കൂടുതലായിരുന്നതുകൊണ്ടു് ഞങ്ങൾ ദില്ലിയിലാണു് ആദ്യമായി എത്തപ്പെട്ടതു്. അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹാദൂർഷാ സഫറിനെ മ്യാൻമറിലേക്കു തുരത്തിയ ദില്ലി ഞങ്ങളെയും ഓടിച്ചുവിട്ടു. അങ്ങനെയാണു് പിടിവിട്ടു് താഴെച്ചാടിയവർ രണ്ടാംകുതിപ്പിനായി ചെന്നൈയിലെത്തിയതു്.
പല്ലാവരത്തെ അലയൻസ് ഗാല എന്ന അപ്പാർട്ടുമെന്റിലെ പതിമൂന്നാംനിലയിലെ ഫ്ളാറ്റിലാണു് ഞങ്ങൾ. മുൻവശത്തെ വാതിൽ തുറന്നു്, കൈവരിയിൽ പിടിച്ചു താഴോട്ടുനോക്കിയാൽ, ചുറ്റിക്കയറിവരുന്ന ഗോവണിയുമായി ഒരു ചതുരൻ ഗർത്തം താഴേക്കു വീണുകിടക്കുന്നതു കാണാം. വന്നുചേർന്ന ആദ്യനാളുകളിൽ കൈകോർത്തുനില്ക്കുമ്പോൾ, താഴെ പൂക്കൾ പരവതാനിയിട്ടതുപോലെയാണു് തോന്നിയിട്ടുള്ളതു്. ഇപ്പോൾ ഉരുകിയ ടാറുപോലെ.
ചുരുക്കിപ്പറഞ്ഞാൽ, ഇതാണു് ഞങ്ങളുടെ ചരിത്രം.
ദില്ലി മാത്രമല്ല, ചെന്നൈയും ഞങ്ങൾക്കു് നിർഭാഗ്യംമാത്രം കൊണ്ടുവന്ന നഗരമാണു്. പുരാതന ശിലായുഗസംസ്കാരം മണ്ണിനടിയിലും പുറത്തും സൂക്ഷിക്കുന്ന പല്ലാവരം ഈ ഐ. ടി. ഉലകത്തിൽനിന്നും കണ്ണുകെട്ടി, ബി. സി.-യിലെത്തിക്കുമോ!
പണി നഷ്ടപ്പെട്ട ആദ്യവാരങ്ങളിൽ ലാപ്പ്ടോപ്പിനു മുന്നിലിരുന്നു് വിർച്വലായി അലയാത്ത ദൂരങ്ങളില്ല. അവിടെ തോറ്റുപോയതോടെയാണു്, ശരിയായ രൂപത്തിൽ നേരിട്ടിറങ്ങാൻ തുടങ്ങിയതു്. പണി കയ്യിലുണ്ടായിരുന്നപ്പോൾ കൈവശമുണ്ടായിരുന്ന ചങ്ങാതിമാരെ മാറിമാറി കാണുകയായിരുന്നു അതിലൊരു വഴി. പൊറോട്ടാ മേക്കർക്കു് പണികിട്ടുന്നതുപോലെ ലളിതമല്ലല്ലോ സീനിയർ ഓപ്പറേഷൻ മാനേജർക്കു്? പണിയുള്ളപ്പോൾ മറ്റൊരുവിധത്തിൽ പ്രയോഗിച്ചിരുന്ന പ്രോഗ്രാം ഇംപ്ളിമെന്റേഷൻ, പീപ്പിൾ മാനേജ്മെന്റ്, സ്ട്രാറ്റജിക്കൽ ചിന്ത, കൊളാബറേഷനു് ആവശ്യമായ കീ മെഷേർസ്, ഇന്റേണൽ ടൂൾസ് അങ്ങനെ എല്ലാമെടുത്തു പ്രയോഗിച്ചിട്ടും പണി കടന്നുവന്നില്ല. ഉറക്കത്തിൽ ഇതെല്ലാം പിച്ചുംപേയും പറയുന്ന ഘട്ടംവരെയായി. ഉന്നതവിദ്യാഭ്യാസത്തിനു് ഇങ്ങനെ ചില ഗുണങ്ങളുണ്ടു്, ഉറക്കത്തിനുപോലും ഉന്നതനിലവാരമായിരിക്കും.
ഓരോ ദിവസവും ഒഴിഞ്ഞ തലയോടുപോലെ മടങ്ങിയെത്തുന്ന എന്നേക്കൂടി തീറ്റിപ്പോറ്റാനുള്ള വരുമാനമൊക്കെ തത്ക്കാലം രേഷ്മക്കുണ്ടാവാം, എന്നാൽ, സ്വന്തം പണി കൊണ്ടുനടക്കാനാവശ്യമായ ഭൗതികസൗകര്യങ്ങൾ നിലനിർത്താൻവേണ്ടി തലയേറ്റിയ ബാങ്ക്ലോണുകൾ അടച്ചുപോകാനുള്ള വരുമാനത്തിനു് അതൊന്നും പോരാ. അഭിനവ അനാക്കൊണ്ട എന്നപേരിലാണു് ഞങ്ങൾ പലിശ വിശേഷിപ്പിക്കുക പതിവു്. ഒരിക്കൽ ചുറ്റിപ്പിടിച്ചാൽ, പുതിയ എല്ലുകളിൽ ഓരോന്നിനെയായി അതു് പിഴിഞ്ഞുപൊട്ടിക്കും.
ഉയരംവിട്ടു്, ഞങ്ങളുടെ കാർ താഴ്‌വരയെ നോക്കി ഓടിക്കൊണ്ടിരിക്കുമ്പോൾ, ആരുടേയോ പ്രതീക്ഷയുടെ ആകാശത്തേയ്ക്കെന്നവണ്ണം ചെന്നൈ എയർപോർട്ടിൽനിന്നും വിമാനമൊന്നു് ഉയർന്നുപൊങ്ങി. ഉയരത്തിൽ കിടക്കുന്ന കണ്ടോൺമെന്റ് ഏരിയായോടു ചേർന്നുകിടക്കുന്ന റെസിഡൻഷ്യൽ ഏരിയായിലാണു് ഞങ്ങളുടെ അപ്പാർട്ട്മെന്റ്. അവിടെ നിന്നാൽ, താഴെ എയർപോർട്ടിൽനിന്നും ഉയർന്നുപൊങ്ങുന്ന വിമാനങ്ങളെ ഏതാണ്ടു് കണ്ണിന്റെ വിതാനത്തിൽ കാണാം.
വിമാനം വിട്ടുവെച്ചുപോയ ശബ്ദത്തോടൊപ്പം എന്നെയും പല്ലാവരം റെയിൽനിലയത്തിൽ ഇറക്കിവിട്ടു്, രേഷ്മ നഗരത്തിലേക്കു് കാറോടിച്ചുപോയി. ഇതിങ്ങനെ ഏറെക്കാലമൊന്നും തുടരാനാവില്ലെന്ന മുന്നറിയിപ്പു് അവളുടെ ചുട്ട നോട്ടത്തിൽനിന്നു് ഞാൻ നിശ്ശബ്ദമായി വായിച്ചെടുത്തു. ഉന്നതവരുമാനംകൊണ്ടു് കടക്കെണികളെ തരണംചെയ്യാൻ ശേഷിയുള്ള ഭേദപ്പെട്ട മറ്റൊരാളെ എനിക്കു പകരമായി ജീവിതത്തിലേക്കു് കൊണ്ടുവരാൻ വൈകാതെത്തന്നെ അവൾ നിർബന്ധിക്കപ്പെട്ടേക്കാം. വാഴ്‌വിന്റെ പലവിധ ക്രമീകരണങ്ങളിലൊന്നുമാത്രമായി മാറിയിരിക്കുന്നു ഇക്കാലം, വിവാഹബന്ധവും. പ്ലേയ്സ്മെന്റ് സ്ട്രാറ്റജിയുടെ പരിധിയിൽപ്പെടുന്നതാണു് അതും. പരസ്പരസ്നേഹംകൊണ്ടു് ദുരന്തത്തിലവസാനിക്കുന്ന പതിവു് ഇപ്പോഴതിനു് നഷ്ടമായിരിക്കുന്നു.
താംബരത്തായിരുന്നു അന്നത്തെ വാക്-ഇൻ ഇന്റർവ്യൂ. പുതിയതായി മുട്ട വിരിഞ്ഞിറങ്ങിയ എഞ്ചിനീയർമാരോടൊപ്പം മത്സരിച്ചു് പതിവുപോലെ ഞാൻ പുറത്തായി. ഒരു ചെറിയ കമ്പനിക്കു് താങ്ങാവുന്നതിലധികം കേവുഭാരമുണ്ടായതുകൊണ്ടു് സ്വമേധയാ പുറത്താവുന്നതാണു് അതിന്റെയൊരു രീതി. കേവലം ഇരുപതിനായിരം രൂപയും കൈപ്പറ്റി കടിഞ്ഞൂൽപ്പൊട്ടൻമാരുടെ ചീത്ത കേൾക്കാൻ പറ്റിയവർ ‘കൂലിച്ചന്ത’യിൽനിന്നും തൊട്ടടുത്തു് വിരിഞ്ഞിറങ്ങിയവർതന്നെ. വികസിക്കാൻ കഴിയാതെവന്നാൽ, നിന്നനിൽപ്പിൽനിന്നും താഴെച്ചാടി, നാശത്തിലേക്കു് പാസ്പോർട്ടെടുക്കേണ്ടിവരുന്ന ഗതികേടു് സ്വമേധയാ തലയേറ്റുന്ന പ്രസ്ഥാനമാണല്ലൊ മുതലാളിത്തം, അതിനു കുഴലൂതുന്ന എന്നെപ്പോലുള്ളവന്റെ ഗതിയും ആനുപാതികമായി അതുതന്നെ.
ഉച്ചയോടെ അവിടെനിന്നും പുറത്തിറങ്ങി, നേരെ മെറീനാബീച്ചിലേക്കു കുത്തനെ വിട്ടു. വൈവിദ്ധ്യശൂന്യമായ ഇളംനീലയിൽ തുടരുന്ന ഉച്ചയുടെ ആകാശവും, കടലും കണ്ടുകൊണ്ടു് ഇഡിയറ്റിനെപ്പോലെ ചുമ്മാ നടന്നു. നഗരങ്ങളോടുചേർന്നുകിടക്കുന്ന ബീച്ചുകളിൽ ലോകത്തിൽ രണ്ടാംസ്ഥാനത്തുനില്ക്കുന്ന മെറീനായിൽ നട്ടുച്ചക്കുപോലും ആളനക്കങ്ങൾക്കു കുറവില്ല. ഹിമാലയമെന്നു കരുതി ഐസ് വില്പനക്കാരുടെ വർണ്ണക്കൂടാരങ്ങളിൽ കയറാൻ മടിച്ചുനില്ക്കുന്ന വെയിൽ അവിടെ സന്ദർശകരെ ആകർഷിക്കുന്ന പ്രധാനകാഴ്ചയാണു്. പതിവുപോലെ കടൽത്തിരകൾ ചീറിയാർക്കുന്നുണ്ടു്. ബജ്ജികളുടെ പലമാതിരി വാസനകൾ ദേശാന്തരം പോകാനെന്നോണം തിരികെപ്പോകുന്ന തിരകളിലേക്കു് ഓടിക്കയറുന്നു.
മണൽക്കുഴികളിലേക്കു നോക്കി സ്വന്തം കുള്ളൻനിഴലിനോടൊപ്പം നടക്കാനാരംഭിച്ചു. തിരകളുടെ താരയിൽനിന്നും മാറി, കുഴികളിൽനിന്നും കുഴികളിലേക്കിറങ്ങിപ്പോകുന്ന രൂപത്തിൽ, ജീവിതത്തിലേതുപോലെ സ്വയം കാണാൻ രസമുണ്ടു്. അതിബുദ്ധിമാന്റെ തോല്വിക്കു് ഇത്തരം ഉന്നതമാനമൊക്കെയുണ്ടു്, കേട്ടോ.
സൂര്യൻ പിടലിക്കു പിടിയിടാൻ തുടങ്ങിയപ്പോൾ പലിശക്കാരെ മുഴുവൻ ഓർമ്മ വന്നു. വിർച്വലായ നീക്കങ്ങൾ ഒടുവിൽ ഒടുങ്ങുന്നതു് ജപ്തിയിൽത്തന്നെ.
രണ്ടിലയും, പറക്കുംകുതിരയായ പെഗാസസും ഒത്തുചേർന്ന എം. ജി. ആർ. സ്മാരകകവാടത്തിനു മുന്നിൽവെച്ചാണു് ഞാൻ അദ്ദേഹത്തെ കണ്ടതു്. വെള്ളനിറത്തിലുള്ള ഫുൾഷർട്ടും, ഒറ്റമുണ്ടും ധരിച്ചു് മെലിഞ്ഞുയർന്ന അദ്ദേഹം പുറത്തേക്കിറങ്ങി വരുന്നു. ചെന്നൈയിലെ മെയ്മാസവെയിൽ പൊള്ളിച്ചുകളഞ്ഞ മുഖത്തു്, ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത ചുളിവുകൾ. മുഖക്ഷൗരം വൈകിയതുകൊണ്ടാവാം, ദിവസങ്ങൾ പ്രായമുള്ള കുറ്റിരോമങ്ങൾ. സ്വർണ്ണ ഫ്രെയിമിന്റെ കണ്ണടക്കു പകരമായി പാവപ്പെട്ട ഒരെണ്ണമാണു് മുഖത്തു്. ആകപ്പാടെ ഒരാശയക്കുഴപ്പം. ആൾ അതുതന്നെ. പക്ഷേ, ഈ വേഷത്തിൽ, അതും ഒറ്റ അംഗരക്ഷകരുടേയും അകമ്പടിയില്ലാതെ!
എം. ജി. ആർ. സ്മൃതിയ്ക്കു പുറത്തിറങ്ങിവരികയായിരുന്നു അദ്ദേഹം. മറ്റൊന്നും ചിന്തിക്കാതെ ഞാനങ്ങു പിൻതുടർന്നു. അദൃശ്യതയിൽ പതുങ്ങിനില്ക്കുന്ന അനുചരന്മാരുണ്ടെങ്കിൽ നീക്കം ആത്മഹത്യാപരംതന്നെ. കോളറിനുപിടിച്ചു് തൂക്കിയെടുത്തു് അവർ ഡിച്ചിൽ തള്ളും. അദ്ദേഹത്തിനു് അപമാനവീകരിക്കപ്പെട്ട അനുചരൻമാരുണ്ടെന്നതു് പരസ്യമായ രഹസ്യമാണു്. അവരിൽ ചിലരുടെ സാന്നിദ്ധ്യം ചാർട്ടഡ് ഫ്ളൈറ്റിൽപ്പോലും പതിവാണത്രേ. മാർവേഷംകെട്ടി മറ്റൊരാളായി നടക്കുന്ന രസികൻപതിവിനേപ്പറ്റി പല പുസ്തകങ്ങളിൽനിന്നും വായിച്ചറിഞ്ഞിട്ടുണ്ടു്. ഒരുവേള, സ്വയം മടുക്കാൻമാത്രം മാനസികബലമുണ്ടായിരിക്കണം. ആദ്യമൊക്കെ വിദേശരാജ്യങ്ങളിലേക്കായിരുന്നു യാത്ര. തന്നെ ഒട്ടും അറിയാത്തവർക്കിടയിൽ അലഞ്ഞുനടക്കുന്നതും അദ്ദേഹത്തേപ്പോലൊരാൾക്കു് വേഗംതന്നെ മടുത്തുതുടങ്ങിയിരിക്കണം. അടുത്തതായി തെരഞ്ഞെടുത്തതു് ഹിമാലയംപോലുള്ള സ്ഥലങ്ങളായിരുന്നു. സ്പിരിച്വാലിറ്റിയും, ഹിമവും തുല്യമായ അളവിൽ കെട്ടിക്കിടക്കുന്ന അത്തരം ഒഴിഞ്ഞസങ്കേതങ്ങൾ മലയാളിയുടെ ആളോഹരിവരുമാനം കൂടിയതോടെ ജനപ്രളയമായി. ഗൾഫിലെ എ. സി. മെക്കാനിക്കിനുപോലും ആദ്ധ്യാത്മികതയുടെ അസുഖം പിടിപെടാൻതുടങ്ങിയിരുന്നു. ഇടത്തരം നീചന്മാരിൽനിന്നും രക്ഷപ്പെടുന്നതു് നിസ്സാരകാര്യമല്ല. അതിനായി ഹിമത്തിനിടയിൽ അദ്ദേഹം കെട്ടിയാടാത്ത വേഷങ്ങളില്ല. സന്യാസി, പൊട്ടൻ, വട്ടൻ, ചട്ടുകാലൻ, കുഷ്ഠരോഗി… അഭിനയം സിനിമയിലായിരുന്നെങ്കിൽ, അദ്ദേഹം ശിവാജിഗണേശനെ വെല്ലുമായിരുന്നു. എന്നാൽ, നടിപ്പിൽ ശിവാജിയെ മറികടക്കുന്നതുപോലെ ലളിതമായിരിക്കില്ല മലയാളിയെ വെട്ടിക്കുന്നതു്. ആജന്മനടനും, അടിമുടി കള്ളനുമായ അവനെ കുഴപ്പത്തിലാക്കാൻ അവൻകഴിഞ്ഞാൽ പിന്നെ മറ്റൊരാളില്ല. ഇത്തരം മാർവേഷയാത്രകളെല്ലാം പത്രങ്ങൾ ഫീച്ചറുകളായി എഴുതിനിറച്ചു് പുള്ളിയെ നഗ്നനാക്കി. അതോടെ ഏതു വേഷത്തിലായാലും പിടിക്കപ്പെടുമെന്ന സ്ഥിതിയായി. അങ്ങനെ ആൾമാറാട്ടയാത്രകൾ ഏകപക്ഷീയമായി അദ്ദേഹം അവസാനിപ്പിച്ചു. ഏറെ മാസങ്ങൾക്കുശേഷം വീണ്ടും, അതിനു് ആരംഭം കുറിക്കുന്നതിനു് ഈ മെറീന സാക്ഷ്യംവഹിക്കുകയാണു്. അവിടെയും രണ്ടാംസാക്ഷിയായി ഒരു മലയാളി!
കടപ്പുറത്തേക്കു് നീക്കുപോക്കില്ലാത്തവിധം കുത്തനെ നടക്കുകയായിരുന്നു അദ്ദേഹം. ഓടിക്കയറിവന്നു്, പൊടുന്നനെ തിരിഞ്ഞോടുന്ന മൃദുതിരകളുടെ താരയിൽനിന്നും അല്പംപോലും മാറാതെ, അതിനോടുരുമ്മി നടക്കുമ്പോൾ, ഒരകലമിട്ടു് ഞാൻ പിന്നാലെ കൂടി. കുഴികൾക്കു മുകളിൽ അവനവനേത്തന്നെ ചവിട്ടിമെതിച്ചു്, കുള്ളൻനിഴലിനോടൊപ്പം, അദ്ദേഹം മുന്നോട്ടു നടക്കുകയാണു്, ഞാൻ പിന്നിലും. കൺവട്ടത്തൊന്നും അസ്വാഭാവികമായി ആരെയും കണ്ടില്ല. അനുചരന്മാരുണ്ടെങ്കിൽ, ഒരകലം പാലിച്ചു് അവരുടെ സാന്നിദ്ധ്യം കണ്ടേനെ.
കരിങ്കറുപ്പനായ ഒരു സവാരിക്കുതിരയ്ക്കു മുകളിലിരുന്നു് രണ്ടു കുട്ടികളും, കുതിരക്കാരനായ മറ്റൊരു കുട്ടിയും എതിരെ നടന്നുവന്നു. മൂന്നു് പിള്ളേരും ചുട്ട ചോളം തിന്നുകയായിരുന്നു. അതും നോക്കി അദ്ദേഹം തെല്ലുനേരം തങ്ങിനിന്നു. മര്യാദ കുറഞ്ഞ പിള്ളേരാവണം, അവരിലൊരുവൻ കൊഞ്ഞനംകുത്തി.
“പാത്ത്ന്ന്ര്ക്കാതെ, പോയിന്നേയ്ര്.”
ലജ്ജയോടെ (കൗതുകത്തോടെയല്ല!) അദ്ദേഹം മാറിനടന്നു. മറ്റൊരാൾ ചോളം തിന്നുന്നതും നോക്കി അദ്ദേഹം കൊതിയൂറി നില്ക്കുകയോ! വിശ്വസിക്കാനാവുന്നില്ല. ആകെയൊരു പന്തികേടു തോന്നി. അകലം കുറയ്ക്കാൻപോലും ധൈര്യപ്പെട്ടു് ഞാൻ മുന്നോട്ടുനീങ്ങി. ഞങ്ങളോടുരുമ്മാൻ തിരകളോടുചേർന്നു് അധികം ആരും നടന്നിരുന്നില്ല. തിര വന്നുകയറി തിരിച്ചുപോകുന്ന മണൽപ്പുറമായതുകൊണ്ടു് എനിക്കു ചവിട്ടാൻ അവിടെ കുഴികളുമില്ലായിരുന്നു. ഈശ്വരാ, ഒടുവിൽ ഞാനെന്റെ കുഴികൾ തരണംചെയ്തുകഴിഞ്ഞെന്നോ!
ചോളം ചുട്ടു വിൽക്കുന്ന അക്കാളുടെ കടക്കു മുന്നിലെത്തിയപ്പോഴാണു് അദ്ദേഹം നടത്തം നിർത്തിയതു്. കട അതിന്റെ പതിവുതിരക്കുകളിൽ എത്തിക്കഴിഞ്ഞിരുന്നില്ല. അക്കാൾ ചോളം ചുടുന്നതിന്റെ തിരക്കിലായിരുന്നു. അവിടെയും വെള്ളമിറക്കി, കൊതിയൂറി നില്പ്പായി അദ്ദേഹം. അക്കാൾ കാണാത്തതു് ഭാഗ്യം, കുട്ടികളുടെ മര്യാദപോലും അവൾ പാലിക്കണമെന്നില്ല. അദ്ദേഹത്തെപ്പോലൊരാൾക്കു് ഇത്തരമൊരു ഗതി വരികയെന്നുവെച്ചാൽ, ഏതൊരു കാരണത്തിനു പുറത്തായാലും, കണ്ടുനില്ക്കുന്നവർക്കു് സഹിക്കാവുന്നതല്ല. അദ്ദേഹത്തെ തിരിച്ചറിയാവുന്നവരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും.
ഞാൻ ചുറ്റിനും നോക്കി. അന്ത്യഘട്ടത്തിൽ പണവുമായി അംഗരക്ഷകർ കടന്നുവരാനുള്ള യാതൊരു സാദ്ധ്യതയും കാണാനില്ല. അദ്ദേഹം ചോളത്തിനടുത്തേക്കു് അല്പംകൂടി നീങ്ങി. ഒന്നുകിൽ ചോളത്തിനായി കൈനീട്ടും, അതല്ലെങ്കിൽ, അല്പം കടത്തി ചിന്തിക്കുകയാണെങ്കിൽക്കൂടി, എടുത്തുകൊണ്ടു് ഓടും. എന്തുകൊണ്ടു് കീശയിൽനിന്നു് കാശെടുത്തു നീട്ടുമെന്നു് ഞാൻ ചിന്തിച്ചില്ല എന്നു തോന്നാം. നൂറുശതമാനവും അതിനു സാദ്ധ്യതയില്ലെന്നു് ഞാൻ വാതുവെക്കാം. എങ്ങനെയാണെന്നറിയില്ല, ഇത്തരം കേസ്സുകളിൽ എന്റെ വിചാരം അതേപടി ശരിയാകുന്നതായിട്ടാണു് കണ്ടുവരുന്നതു്.
“ചോളം.”
അദ്ദേഹം അക്കാളോടു് ആവശ്യപ്പെട്ടു.
എന്റെ ഹൃദയം അതിദ്രുതം മിടിക്കാൻ തുടങ്ങി.
ചോളം കടലാസ്സിൽ ചുരുട്ടിയെടുത്തു് അവർ മുന്നോട്ടുനീട്ടി.
“കാശില്ല.”
അദ്ദേഹം മെല്ലെ പറഞ്ഞു. അതു് അക്കാൾ കേട്ടിരിക്കാനിടയില്ല. കേട്ടതു് ഞാനാണു്. അക്കാൾക്കു് തുടർന്നെന്തെങ്കിലും ചോദിക്കാൻ അവസരം കൊടുക്കാതെ കാശു് ഞാൻ ഏൽപ്പിച്ചു.
“സാർ.”
ബഹുമാനത്തോടെ ഞാൻ വിളിച്ചു. അദ്ദേഹം ഒട്ടും പതറിയതായി തോന്നിയില്ല. തന്റെ പൊയ്മുഖം തിരിച്ചറിയാൻ ഒരാൾപോലും ഇല്ലാതിരിക്കുന്നതിന്റെ ഹുങ്കിനുപുറത്തു വന്നുവീണ അടിയിൽ അദ്ദേഹം പതറുമെന്നുള്ള എന്റെ ഊഹം പൊളിഞ്ഞു. അടുത്ത നിമിഷംതന്നെ അനുചരൻമാർക്കുള്ള സിഗ്നൽ പോകുമെന്ന വിചാരവും തെറ്റി. കളി നീട്ടിക്കൊണ്ടുപോകാൻതന്നെയാണു് ഭാവമെന്നു് മനസ്സിലായി. എങ്കിൽ, അങ്ങനെത്തന്നെ കളി തുടരാൻ ഞാനും നിശ്ചയിച്ചു.
“എവിടെനിന്നു വരുന്നു കാരണവരേ?”
ഞാൻ വഴി മാറിച്ചവിട്ടി.
“പട്ടാമ്പി.”
കോഴിക്കോടാണെന്നു് ആർക്കാണറിയാത്തതു്! തമിഴർക്കു് ഒരുപക്ഷേ, അറിയില്ലായിരിക്കാം, മലയാളികൾ എന്തായാലും അറിയാതെ പോകില്ല. പുള്ളി ഫീച്ചർ രാജാവാണല്ലൊ. ഒന്നുമില്ലാത്തൊരു കിഴവന്റെ ഭാഗമാണു് ഇപ്പോൾ പുള്ളി അഭിനയിക്കുന്നതു്. എങ്കിൽ, അത്തരം ഒരാളെ സഹായിക്കുന്ന, അതിഥിയായി പരിഗണിക്കുന്ന നല്ല ശമരിയാക്കാരന്റെ വേഷത്തിനകത്തേക്കു് എന്തുകൊണ്ടു് എനിക്കങ്ങു കയറിക്കൂടാ? എന്റെ അഭിനയം ഒരുവേള അദ്ദേഹത്തിനു് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ, ആ കാരുണ്യം തുടർന്നു് ഏറ്റുവാങ്ങാനുള്ള അവസരമാണു് അടിവെച്ചു കടന്നുവരിക.
“കാരണവർക്കു് ചെന്നൈയിൽ ആരൊക്കെയുണ്ടു്?”
നിഷ്ക്കളങ്കതയുടെ മൂടിയൊന്നു് മുഖത്തു കയറ്റി ഞാൻ ചോദിച്ചു.
വിദൂരതയിലേക്കെന്നതുപോലെയും, താനൊരിക്കലും കടന്നുപോയിട്ടില്ലാത്ത ഒരിടത്തേക്കെന്നതുപോലെയും അദ്ദേഹം മുന്നിൽ കിടക്കുന്ന കടലിനെ നോക്കി. മണ്ണാന്റെ കൈയിലെ തുണിപോലെ, അനുനിമിഷം മടങ്ങി നിവരുകയും, ചുരുട്ടിയടിക്കപ്പെടുകയും ചെയ്യുന്ന തിരകൾ കരയിലേക്കു് വന്നു വീണുകൊണ്ടിരിക്കുന്നതും നോക്കിനില്ക്കുകയാണു്. ആർക്കറിയാം, ഒന്നും കൈയിലില്ലാത്തവന്റെ, ആരുമില്ലാത്തവന്റെ ദഃഖംകൂടി സ്വന്തം ജീവിതംകൊണ്ടറിയാൻ ഒരവസരമാണു് അദ്ദേഹത്തിനു് കിട്ടുന്നതു്, ഇതു് അദ്ദേഹം എത്രമേൽ ആഗ്രഹിച്ചിട്ടുണ്ടാവും! പക്ഷേ, വേഷത്തിന്റെ പൂർണ്ണതക്കു് അതു വിശ്വസിക്കാനും ഒരാൾ ആവശ്യമുണ്ടു്. ആരെയും ബോദ്ധ്യപ്പെടുത്താതെത്തന്നെ ഒറിജിനൽ ദരിദ്രനു് സ്വന്തം ദാരിദ്ര്യം അനുഭവിക്കാമെങ്കിൽ, ധനികനു് അതിനായി വിശ്വസ്തനായ ഒരു പ്രേക്ഷകൻകൂടി ആവശ്യമായിത്തീരും. അവൻ ശരിക്കുമൊരു ദരിദ്രനാണെങ്കിലോ? സ്വന്തം അവസ്ഥ മൂടിവെച്ചു് തനിക്കു മുന്നിൽ പ്രഭു ചമയുന്ന ശുദ്ധാത്മാവുകൂടിയാണെങ്കിലോ? അപ്പോൾ, നാടകം പണക്കാരനനുകൂലമായി, സുഖദമായ പിരിമുറുക്കത്തിലേക്കു പ്രവേശിക്കില്ലേ? എന്നാൽ, നാടകമായാലും ജീവിതമായാലും അതേരൂപത്തിൽ അവസാനിക്കുന്നതു് ഇരുകൂട്ടർക്കും നല്ലതല്ല. അവസാനരംഗത്തിൽ ശരിയായ പണക്കാരൻ മറനീക്കി പുറത്തുവരും. ആപൽബാന്ധവനായ അയാൾ ശരിയായ ദരിദ്രനെ കൈപിടിച്ചുയർത്തും. അപ്പോൾമാത്രമേ നാടകം പണക്കാർക്കു് അനുകൂലമായിത്തീരുകയുള്ളൂ. ലോകത്തു് എല്ലാ നാടകങ്ങളും രൂപംകൊള്ളുന്നതു് പണക്കാർക്കു് വിശുദ്ധിയും മനഃസുഖവും നല്കാനാണല്ലോ.
പൊരിവെയിലിൽ, പൊരിമണലിനുപുറത്തു് തുടരുന്നതു് ഒട്ടും ബുദ്ധിയല്ല. ഞാൻ കാരണവരെ മുന്നോട്ടു നടക്കാൻ ക്ഷണിച്ചു. പ്രധാനപാതയിലേക്കു് മണലിലൂടെ നടക്കുമ്പോൾ കണ്ടതു് കുഴികളായിരുന്നില്ല. നിമ്നോന്നതികളിൽ ഒറ്റയടിക്കു് ഞാൻ ഉന്നതിമാത്രം കൈയെത്തിപ്പിടിച്ചിരിക്കുന്നു!
ചോളം പുള്ളി തിന്നില്ല. കൈവശമുണ്ടായിരുന്ന മഞ്ഞപെരുങ്കായസഞ്ചിയിലേക്കു് തിരുകിവെച്ചു. ഒട്ടും വിശപ്പുകാണില്ല. പുറത്തെ അഭിനയമൊന്നും അകത്തെ വയർ സമ്മതിച്ചുതരില്ലല്ലോ. മനുഷ്യമനസ്സു് ശരിക്കുമൊരു നുണയനാണു്, ശരീരമോ സത്യവാൻസാവിത്രിയും.
“കാരണവരേ, നമുക്കോരോ ചായ കുടിച്ചാലോ?”
ഞാൻ ക്ഷണിച്ചു.
“ആയ്ക്കോട്ടെ, എന്നുവെച്ചാൽ, ദാഹം നന്നേണ്ടു്.”
സത്യത്തിൽ പരവശഭാവം അഭിനയിക്കുന്നതല്ലെന്നു തോന്നി. അവസ്ഥകൾ സ്വയം അനുഭവിക്കുന്ന വിധത്തിൽ അഭിനയത്തെ യാഥാർത്ഥ്യംകൊണ്ടു് അദ്ദേഹം പരിഷ്ക്കരിച്ചിട്ടുണ്ടാവണം. രണ്ടായാലും എനിക്കും അദ്ദേഹത്തിനുമുന്നിൽതുടരുമ്പോൾ തികഞ്ഞലാഘവത്വമൊക്കെ അനുഭവപ്പെടാനാരംഭിച്ചെന്നു പറഞ്ഞാൽതീർന്നല്ലോ.
ആനന്ദഭവനിൽ കയറി ഞങ്ങൾ ചായ പറഞ്ഞു. ഇഡ്ഡലി, വടകളെ വല്ലാതെ നോക്കുന്നതു കണ്ടപ്പോൾ, ഞാൻ അതും ഓർഡർ ചെയ്തു. കൈ കഴുകാനായി എഴുന്നേൽക്കുകകൂടിചെയ്യാതെ പുള്ളി നേരെ ആഹാരത്തിലേക്കു പ്രവേശിക്കുകയാണുണ്ടായതു്. ആദ്യം രണ്ടും, അതിനു പിന്നിലായി മറ്റൊരു രണ്ടും എന്ന കണക്കിനു് നാലു് ഇഡ്ഡലിയും വടയും ഒറ്റവീർപ്പിനു് അകത്താക്കുന്നതു് കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു. പുള്ളിയുടെ ചരിത്രവിതാനങ്ങളിലേക്കു് കുറഞ്ഞൊന്നു് യാത്രപോകാനുള്ള സമയമുണ്ടായിരുന്നതുകൊണ്ടു് ഞാനതിനു് മുതിർന്നു.
കോഴിക്കോടൻ വനമേഖലയായ കുറ്റ്യാടിയിലെ മുണ്ടവയലിൽ ചെറിയൊരു കുടിലിനകത്തു ജനിക്കുമ്പോൾ, പുള്ളിയുടെ പ്രദേശം മനുഷ്യൻ വല്ലാതെ കൈവെച്ചു് നശിപ്പിച്ചിട്ടില്ല. കവുങ്ങും, തെങ്ങും, വാഴയുമൊക്കെയായി ഭൂമി കുണുങ്ങിനില്ക്കും. മരുതോങ്കര, കാവിലുംപാറ, നീറ്റുകൊട്ട ഭാഗങ്ങളിൽനിന്നും പലവിധ സാധനങ്ങളും കൈയേറ്റി, കോഴിക്കോട്ടങ്ങാടിയിൽ എത്തിക്കാൻ ചെറുപ്പത്തിൽത്തന്നെ പുള്ളിക്കു് ആവേശമായിരുന്നു. അങ്ങനെ കൈയിൽ വന്നുചേരുന്ന ഓരോ ചില്ലറനാണയവും സൂക്ഷിച്ചുവെച്ചും പരിവർത്തിപ്പിച്ചും പുള്ളി പിടിച്ചുകയറി. കാലം ക്രമേണ നാഗരികവികാസത്തിലോട്ടു് പ്രവേശിച്ചപ്പോൾ, അതിനുപോന്ന ചരക്കുകളിലേക്കു് അപ്പപ്പോൾ മാറിക്കയറാനുള്ള വിരുതും വേണ്ടതുപോലുണ്ടായിരുന്നു. മലഞ്ചരക്കിൽ തുടങ്ങിവെച്ചതു് പിന്നെ മദ്യം വഴി കയറി വീട്ടുപകരണങ്ങളിലൂടെ കസറി, സ്വർണ്ണത്തിൽ ചെന്നു തൊട്ടു. കോഴിക്കോട്ടെ അറബിപ്പൊന്നു് നിയന്ത്രിച്ചിരുന്ന അപൂർവ്വം ഹൈന്ദവരിൽ ഒരാളായിരുന്നു പുള്ളി. ഉന്നതർക്കു പാർട്ടി നടത്താൻവേണ്ടി മാത്രമായി പലയിടങ്ങളിലും ബംഗ്ലാവുകൾ പണിതിട്ടിരുന്നു. സാംസ്കാരികതയുടെ അരികുതിണ്ണകളിൽ പാർന്നുകൊടുക്കുന്ന പുരസ്കാരങ്ങൾ ആർക്കായിരിക്കണമെന്നു് നിശ്ചയിച്ചിരുന്നതുപോലും അത്തരം ബംഗ്ലാവുപാർട്ടികളിൽവെച്ചാണു്. കീറട്രൗസറിനകത്തെ കൊച്ചുകീശയിലെ മൈക്രോ എക്കണോമിയൽനിന്നും, മാക്രോ എക്കണോമിയിലേക്കു് രൂപയെ അമ്മാനമാടിച്ച വിരുതു് ആ തലയ്ക്കകത്തുണ്ടു്. വെയിലേറ്റു കരുവാളിച്ച മുഖവും മുഷിഞ്ഞ വേഷങ്ങളും കണ്ടാൽ, അത്തരമൊരു യുഗപ്രഭാവനാണു് മുന്നിലിരിക്കുന്നതെന്നു് തോന്നുകയേയില്ല.
മയത്തിൽ ചുട്ടെടുത്ത തമിഴന്റെ പതുപതുപ്പുള്ള ഇഡ്ഡലി, മയത്തിൽ പുലർത്തിവന്നിരുന്ന സംയമനത്തിന്റെ ചരടുപൊട്ടിച്ചു് പുള്ളിയെ മയക്കത്തിലേക്കു് കൈപിടിക്കാൻ തുടങ്ങി.
“വിശ്രമിക്കണോ കാരണോരേ?”
ഞാൻ കരുണാമയനായി.
പുള്ളി ജാള ്യതയോടെ വേണമെന്നു് തലയാട്ടി. അതായിരുന്നു എന്റെ നിമിഷം. ആ സമ്മതം മൂളലിനു് എന്റെ ഐശ്വര്യത്തിന്റെ മുഴുവൻ സമ്മതപത്രങ്ങളിലും ഒപ്പുചാർത്തുന്നതിനോളം ബലമുണ്ടായിരുന്നു. മൂന്നരമണിയുടെ വെയിലിലേക്കു് ഞാൻ പുള്ളിയെ പുറത്തിറക്കി. കൈവന്ന ഭാഗ്യത്തിന്റെ കൃതാർത്ഥതയിൽ ഒരു ടാക്സിതന്നെ വിളിച്ചു് വേണമെങ്കിൽ അതിഥിയെ വീട്ടിലെത്തിക്കാമായിരുന്നു. പക്ഷേ, സ്വന്തം ദാരിദ്ര്യം പുള്ളി എന്നെ ബോദ്ധ്യപ്പെടുത്തിയ സ്ഥിതിക്കു് അതിനുള്ള രണ്ടാമത്തെ അവസരം എനിക്കാണല്ലോ.
ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽച്ചെന്നു് പല്ലാവരംവണ്ടി പിടിക്കാനായിരുന്നു പദ്ധതി. ഒന്നര മണിക്കൂറിനകം സഞ്ചരിച്ചെത്താവുന്ന ദൂരത്തിനു് രണ്ടു ഗുണങ്ങളാണുണ്ടായിരുന്നതു്. സ്വന്തം ദാരിദ്ര്യം സമയമെടുത്തു് വഴിപോലെ ബോദ്ധ്യപ്പെടുത്താം. മറ്റൊന്നു്, അതുവരെ ഒപ്പം സഞ്ചരിച്ചു് അടുപ്പം സമ്പാദിക്കാം.
ഓട്ടോറിക്ഷായിൽ കയറി സ്റ്റേഷൻപിടിച്ചപ്പോൾ മണി നാലിനോടടുക്കുന്നു. ചെന്നൈ ബീച്ച്– ചെങ്കൽപ്പേട്ട് എമു ട്രെയിൻ തയ്യാറായി നില്ക്കുന്നുണ്ടു്. വീക്കന്റ് അല്ലാത്തതുകൊണ്ടാവണം, തിരക്കും പ്രായേണ കുറവായിരുന്നു. ചെന്നൈ ഫോർട്ട് സ്റ്റേഷൻ കഴിഞ്ഞപ്പോൾത്തന്നെ പുള്ളി ഉറക്കംതൂങ്ങാൻ തുടങ്ങി. പാർക്കും, എഗ്മോറും കഴിഞ്ഞപ്പോഴേക്കും മുഴുവനായും ഉറക്കത്തിലേക്കു വീണുപോയി. ഇരുഭാഗത്തുള്ള ദാരിദ്ര്യവും പരസ്പരം കലരാതെത്തന്നെ ഞങ്ങളുടെ യാത്ര അവസാനിച്ചുപോകുമല്ലോ എന്നോർത്തുള്ള ആധി എന്നെ പിടിയിട്ടു. ട്രെയിന്റെ ജാലകത്തിലൂടെ കടലിന്റെ ദിശ നോക്കി, ‘കാറ്റുവാങ്ങി’ ഞാനങ്ങനെ ചുമ്മാ ഇരുന്നുകൊടുത്തു. ആദിത്തമിഴനെ ബർമ്മായിലും, എന്തിനു് ഇന്റോനേഷ്യയിൽപ്പോലും കൊണ്ടെത്തിച്ച കടലാണു്. തമിഴൻ മാത്രമല്ല, സംസ്കാരത്തിന്റെ ഭാണ്ഡവുമായി സാമ്രാജ്യങ്ങൾതന്നെയാണു് അങ്ങോട്ടൊക്കെ നീങ്ങിപ്പോയതു്. ജീവസന്ധാരണത്തിനു് മലയാളി ഗൾഫിലോട്ടു കെട്ടുകെട്ടിയ കഥപോലെയല്ല അതു്.
കാറ്റും വെയിലും പിന്നോട്ടോടി മറയുന്നതിനു് ആനുപാതികമായി പകരം സ്ഥലങ്ങൾ മുന്നോട്ടു വന്നുകൊണ്ടിരുന്നു. ഗിണ്ടിയും കടന്നു്, സെന്റ്തോമസ് മൗണ്ടെത്തിയപ്പോൾ, ഞാൻ തട്ടിവിളിച്ചു.
“ചായ കുടിക്കേണ്ടേ കാരണവരേ?”
സ്ഥലമെത്തിയോ എന്ന വെപ്രാളത്തോടെ ഉറക്കമുണർന്ന പുള്ളി അതിനിടയിൽ ചായക്കു് സമ്മതംമൂളി. വിശുദ്ധതോമാശ്ലീഹാ ബലിയായ മലയാണെന്നും പറഞ്ഞു് പുള്ളിയുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചെങ്കിലും ഞാനതിൽ വിജയിച്ചില്ല. ചരിത്രജ്ഞാനം തെല്ലുമില്ലാത്തൊരു ദരിദ്രന്റെ പരമദയനീയമായ റോളായിരിക്കാം തലയേറ്റാൻ തീരുമാനിച്ചിട്ടുള്ളതു്. ആ ഭീതിദമായ യാഥാർത്ഥ്യം ഞാൻ ഉൾക്കൊണ്ടു. ഇങ്ങനെപോയാൽ, ഇരുവർക്കുമിടയിൽ സേതുബന്ധനം തീർക്കാൻകഴിയാതെപോയേക്കുമോ എന്നോർത്തു് ആധിയായി. മുഴുനീള അരക്ഷിതനും, പൂർണ്ണാജ്ഞാനിയുമായ ഒരാളെ എങ്ങനെ സഹിക്കാനാണു്, അതു് കല്പ്പിച്ചുകൂട്ടിയ അഭിനയമാണെങ്കിൽപ്പോലും?
എമു ട്രെയിൻ അഞ്ചരമണിക്കു് പല്ലാവരത്തെ ചെന്നുപിടിച്ചു. രേഷ്മ തിരിച്ചെത്താൻ രാത്രി എട്ടു മണിയെങ്കിലും കഴിയും. മൂന്നുപേർക്കുമായി രാത്രിഭക്ഷണം ഹോട്ടലിൽനിന്നു് പൊതിഞ്ഞുവാങ്ങി, ഞാനൊരു ഓട്ടോറിക്ഷ പിടിച്ചു. സപ്പർ ശരിയായെന്നു് വാട്സ്-ആപ്പു വഴി അനൗൺസ് ചെയ്തു. പുള്ളിയേപ്പറ്റി ഒറ്റയക്ഷരം വെളിപ്പെടുത്തിയില്ല. നശിച്ച ഈ ജീവിതത്തിൽനിന്നു് പൊടുന്നനെ ഞാനവൾക്കു് വെച്ചുനീട്ടുന്ന മഹാശ്ചര്യമായിരിക്കും, അദ്ദേഹം.
പത്തരക്കണ്ടി കുഞ്ഞിരാമൻ. ബഹുനിലകളിൽ തലകളുള്ള രാവണൻ. മുട്ടൻ മുതലാളി!
കടുകടുപ്പൻ മുതലാളിയെ ലിവിംഗ് റൂമിലെ സോഫയിലിരുത്തി ഞാൻ എ. സി.-യാൽ ഹിമാലയം സൃഷ്ടിച്ചു. താൻ പ്രസവിച്ച കുഞ്ഞിനെയെന്നവണ്ണം വാത്സല്യത്തോടെ രേഷ്മ പരിചരിക്കുന്ന ഞങ്ങളുടെ അരുമയായ മൈക്രോഫൈബർ സോഫയിൽ എനിക്കു് മുഖംതന്നു് പുള്ളിയിരുന്നു. പെരുങ്കായസഞ്ചി ബഹുമാനത്തോടെ ടീപ്പോയിയിൽ വെച്ചപ്പോൾ, അതിനുമുകളിൽ വിടർത്തിവെച്ച മാഗസിൻ കണ്ടെങ്കിലും പുള്ളിയതൊന്നും ശ്രദ്ധിച്ചില്ല. പത്തരക്കണ്ടി ഗോൾഡ് സൂക്കിന്റെ നാലുനിലക്കെട്ടിടം ഉദ്ഘാടനവും കാത്തു് ചെന്നൈയിൽ തയ്യാറായിരിക്കുന്ന പരസ്യം വിലപിടിപ്പോടെ വർണ്ണംവിതറി അതിൽ വിളങ്ങിനിന്നിരുന്നു. ആരു ശ്രദ്ധിക്കാൻ? പുള്ളി ഭയങ്കരൻതന്നെ, കണ്ണിൽ തിരിച്ചറിവിന്റെ ചെറിയൊരു തിളക്കംപോലും കാണിക്കാതെ അഭിനയിച്ചു പിടിച്ചുനില്ക്കാൽ എങ്ങനെ കഴിയുന്നു! എന്നല്ല, കാണെക്കാണെ ഉറക്കംതൂങ്ങാനും തുടങ്ങി. ഏതായാലും മൂന്നുമണിക്കൂർ ബാക്കിയാണു്. ലിവിംഗ് റൂമിനോടു ചേർന്നുള്ള ഞങ്ങളുടെ രണ്ടാം ബെഡ്റൂമിലേക്കു് ഞാൻ പുള്ളിയെ കൊണ്ടുപോയി.
“രേഷ്മ വന്നാൽ വിളിക്കാം, കുറച്ചുനേരം ഉറങ്ങിക്കോളൂ, ക്ഷീണം മാറട്ടെ.”
ആ പറഞ്ഞതുപോലും മുഴുവനായും കേട്ടിട്ടുണ്ടാവില്ല. ഉറക്കം നടത്തത്തിനിടയിൽത്തന്നെ തുടങ്ങിവെച്ചിരുന്നല്ലോ. ഒരു വശത്തു് ഫോം ബെഡ്ഡിന്റെ ഡെത്ത് വാലി, മറുവശത്തു് എയർ കണ്ടീഷണറിന്റെ അന്റാർട്ടിക്ക, അങ്ങനെ രണ്ടു വൈരുദ്ധ്യങ്ങൾക്കിടയിൽ പുള്ളി കിടന്നുറങ്ങുമ്പോൾ, ഞാൻ ലിവിംഗ് റൂമിൽ വന്നു് കോരിത്തരിപ്പോടെ കുത്തിയിരുന്നു. അകത്തു കിടന്നുറങ്ങുന്നതു് കടുകടുപ്പനാണെങ്കിൽ, കടന്നുവരാനിരിക്കുന്നതു് കിടുകാച്ചിയാണു്. കാൾ യുങ്ങാണേ സത്യം, ശുദ്ധ ഇ. എസ്. ടി. ജെ. വ്യക്തിത്വം. ജി. ഡി. പി. ഗ്രോത്ത് എന്നൊക്കെ ഉറക്കത്തിൽ പിച്ചുംപേയും പറയുന്നവൾ. അൺ എംപ്ലോയ്മെന്റ് റേറ്റ് എന്നും മറ്റും മറുപേച്ചു നടത്തിയാണു് ഞാൻ സമശീർഷത സൃഷ്ടിച്ചെടുത്തിരുന്നതു്.
എട്ടു മണിയെന്ന മണിക്കു് കൃത്യമായി ഡോർബെൽ കിളിയായി ചിലച്ചു.
“എന്തോ മണക്കുന്നുണ്ടല്ലോ, ഡിയർ.”
അകത്തുകടന്നതും അവൾ മണംപിടിക്കുകയാണു് ചെയ്തതു്. അതവളെ ടീപ്പോയിയിലെത്തിച്ചിരിക്കണം, മഞ്ഞപ്പെരുങ്കായസഞ്ചി!
“ദേർ ഈസ് എ മിറക്ക്ൾ വെയിറ്റിംഗ് ഫോർ യൂ, ഡിയർ.”
ഞാൻ കിടപ്പുമുറിയിലേക്കു് കണ്ണെറിഞ്ഞു് മുദ്ര കാണിച്ചു.
“പ്രോക്സിമിറ്റി ഓഫ് എ ഫ്രോഡ്…”
സോഫ്റ്റായ കാളിയേപ്പോലെ തുടക്കത്തിൽത്തന്നെ അവൾ എന്റെ കഴുത്തറുത്തു, അവസാനിച്ചിട്ടില്ലാത്ത ആ ഒറ്റവാചകംകൊണ്ടു്. കാണുന്നതിനു മുമ്പുതന്നെ കാരണവരെ അവൾ പിടികൂടിയെന്നോ!
കിടപ്പുമുറിയിലേക്കു് പാളിനോക്കിയതും അടുത്ത ക്ഷണം അവൾ എന്റെ നെഞ്ചിലേക്കു് വാളുപോലെ മുഖം തിരിച്ചു.
“ഇവിടെ എന്താണു് നടക്കുന്നതു്?”
ടീപ്പോയിമേൽ കിടക്കുന്ന സഞ്ചിയുടെ വിപുലീകരണംപോലെ ഞങ്ങളുടെ ഫോം ബെഡ്ഡിൽ തലപൂഴ്ത്തിയുറങ്ങുന്ന കോടീശ്വരനെ ഞാൻ സ്വന്തംനിലക്കൊന്നു് പാളിനോക്കി. അതിലൂടെ രേഷ്മയെ നേരിടാനുള്ള ധൈര്യത്തിനാവശ്യമായ സംഭരണശേഷി കിട്ടി.
“പാംപ്ലോണ കാളപ്പോരിൽ, വഴിയിൽ വീണുപോകുന്നവർക്കിടയിൽ ഓടാൻ മടിച്ചും, പേടിയാൽ മിടിച്ചും നില്ക്കുന്ന ഒരുവൻ പിന്നീടു്, കാളയെ കരതലാമലകംപോലെ പോക്കറ്റിലാക്കുന്നുവെന്നു് നിനക്കു് സങ്കല്പ്പിക്കാമോ?”
ഞാൻ ചോദിച്ചു.
അവളുടെ പുരികം വില്ലുപോലെ ഇടതോരം നോക്കി ഉയർന്നു. കേൾക്കുന്നവർക്കു മനസ്സിലാവാത്ത ഉട്ടോപ്യൻ ലോജിക്കിനുനേരെ അവളിലെ എക്സിക്യൂട്ടീവിയൻ വ്യക്തിത്വം എഴുന്നുനില്ക്കുന്നതാണു്. ടീപ്പോയ് ഇപ്പോൾ, നമ്മുടെ ബാങ്കാണെന്നും, അതിനു മുകളിൽക്കിടക്കുന്ന പെരുങ്കായസഞ്ചി ഒരു കോടീശ്വരന്റെ അകൗണ്ടാണെന്നും വിശദമാക്കി. ഏറെ വൈകാതെ നഗ്നസത്യം ഞാനങ്ങു വെളിപ്പെടുത്തി.
“അതു് പത്തരക്കണ്ടി ഗ്രൂപ്പിന്റെ ഉടമയാണു്, കുഞ്ഞിരാമൻ മുതലാളി.”
“ഡൂ യൂ എക്സ്പെക്റ്റ് എ ലാഫ് ഫ്രം മീ?”
ചിരിയെന്നതു് മരണത്തിനു തൊട്ടുമുമ്പുപോലും അവളിൽനിന്നും പ്രതീക്ഷിച്ചുകൂടാ. ആൾമാറാട്ടക്കാരനായ യാത്രികനായി ഊരുതെണ്ടുന്ന കോടീശ്വരനെ ഒന്നുമറിയാത്തവനേപ്പോലെ സ്വന്തം കീശയിലാക്കുകയും, അതുവഴി പുള്ളിയുടെ ബിസിനസ്സ് ഗ്രൂപ്പിൽ ഉന്നതനായൊരു തൊഴിലാളിയാവുന്നതുമായ സ്വപ്നം, പിള്ളേർ വരച്ചുതോറ്റ സൂര്യന്റെ ചിത്രംപോലെ പ്രകാശരഹിതമായി മാറുകയാണോ? നടാനിറങ്ങേണ്ട സമയത്തു് കൊയ്യാനിറങ്ങിയ കൃഷിക്കാരനോ ഞാൻ? നല്ല കാലങ്ങൾ വർണ്ണക്കടലാസുകൾപോലെ വലിക്കുംതോറും വായ്ക്കകത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കാൻ, ജീവിതമൊരു ജാലവിദ്യക്കാരനല്ലെന്നറിയാതെപോയെന്നോ! എന്തായാലും അവളിൽനിന്നും ബഹുദൂരം പുറത്താവാനുള്ള പാതയെന്നോണം മനസ്സിനു മുന്നിൽ ദീർഘചതുരത്തിലൊരു ഇരുട്ടു് നീണ്ടുവരുന്നതുപോലെ എനിക്കു തോന്നി.
വേഷംപോലും മാറ്റാതെ ലിവിംഗ് റൂമിലെ സോഫയിൽ അവൾ ഒറ്റയിരിപ്പിരുന്നു. അതിഥിയെ ഇറക്കിവിടാനുള്ള മണിയടിച്ചതാവണം.
“അയാളെ വിളിക്കു്.”
അവൾ ആവശ്യപ്പെട്ടു.
പ്രതിയുമായി ന്യായാധിപനു മുന്നിൽ, കൂട്ടിൽക്കയറിനിന്നു. ഉറക്കത്തിനുപോലും മാറ്റിയെടുക്കാനാവാത്ത മുഖക്ഷീണവുമായി പുള്ളി ഇരിപ്പുപിടിച്ചപ്പോഴേക്കും അവൾ തുടങ്ങി.
“പ്രൈവറ്റ് ഇക്വിറ്റി എൻകറേജ് ചെയ്യുന്നതു് വളരെ ഗുണംചെയ്യും, അല്ലേ സാർ?”
പുള്ളി ആക്രമിക്കപ്പെടുന്നതിന്റെ ഭാവങ്ങൾ കാണിക്കാൻ തുടങ്ങി. അകത്തെ മുതലാളിയെ കുത്തിപ്പുറത്തുചാടിക്കാൻ നല്ലതു് ഞാനല്ല, അവൾതന്നെ. ദേ, ഇപ്പം പൂച്ചു് പുറത്തുചാടുമെന്നും കരുതി ഞാൻ ശ്വാസംപിടിച്ചിരുന്നു.
“വെഞ്ച്വർ കാപ്പിറ്റൽ എപ്പോഴും രാജ്യത്തിനു് ഗുണമേ ചെയ്യൂ, അല്ലേ? പക്ഷേ, പ്രൈവറ്റ് ഇക്വിറ്റിയിൽ ഹോൾഡിംഗുകൾ ലിക്വിഡേറ്റ് ചെയ്യാനാണു് കഷ്ടം അല്ലേ സാർ?”
മുതലാളി സമസ്ത രോമകൂപങ്ങളിലും തകർന്നടിഞ്ഞിട്ടുണ്ടാവണം.
“എന്തൊക്കെയാണു് കുട്ട്യേ നീ പറയുന്നതു്? എനിക്കൊന്നും തിരിഞ്ഞില്ല.”
പുള്ളി പിടിച്ചുനില്ക്കാൻ ശ്രമിക്കുകയാണോ, അതോ എനിക്കു് തെറ്റിയോ?
അടുത്തതായി അവൾ ചോദിച്ചതു് നേരെച്ചൊവ്വെത്തന്നെ.
“പൊട്ടൻകളിക്കരുതു് സാർ, നിങ്ങൾ പത്തരക്കണ്ടി കുഞ്ഞിരാമനല്ലേ?”
ഞാനപ്പോൾ ചാടിവീണു.
“മുതലാളി ഞങ്ങളെ സഹായിക്കണം. ഉണ്ടായിരുന്ന പണി പോയതോടെ ഇപ്പം ഞങ്ങൾ നീലക്കുറുക്കന്മാരേപ്പോലെയാണു്.”
പുള്ളി ഒന്നും മിണ്ടാതെ എഴുന്നേറ്റ് പെരുങ്കായസഞ്ചിയെടുത്തു.
“എന്നാൽ ശരി, യാത്രയില്ല.”
‘മുതലാളീ’യെന്നു് ഞാൻ എന്നിട്ടും പിന്നിൽനിന്നും വിളിച്ചു.
“നിങ്ങൾക്കു തെറ്റി,” അദ്ദേഹം പറഞ്ഞു, “എന്നാൽ ശരിയുടെ വക്കുവരെ എത്തുകയുംചെയ്തു. കുഞ്ഞിരാമൻ എന്റെ അനുജനാണു്. ഇരട്ടകളിൽ ഒരാൾ കോടീശ്വരനായി, മറ്റെയാൾ തെരുവിൽ ഒന്നുമില്ലാതെ തെണ്ടുന്നു.”
പിന്നീടൊരക്ഷരം പറയാൻ കാത്തുനില്ക്കാതെ അദ്ദേഹം വാതിലിനുനേരെ നടന്നു. ഒന്നും പറയാതെത്തന്നെ രേഷ്മ എഴുന്നേറ്റു് വിലങ്ങനെ നിന്നു.
“അപ്പാപ്പൻ ആഹാരം കഴിക്കാൻ വരൂ.”
അതു് ഞാൻ പ്രതീക്ഷിച്ചതല്ല.
ഡൈനിംഗ് ഹാളിലെ മേശക്കുമുന്നിൽ അദ്ദേഹത്തെ പിടിച്ചിരുത്തിയതിനു പിന്നിലായി അവൾ എന്നെ കിച്ചനിലേക്കു പിടിച്ചുകയറ്റി, ഒറ്റ ചോദ്യമാണു്.
“ക്യാപ്പിറ്റലിസത്തിനു് ഇങ്ങനെ ഒന്നുമില്ലാതാകുന്ന ഒരു ഇരട്ടയുമുണ്ടാകുമെന്നു് നിന്റെ ജീവിതംകൊണ്ടു് നീ തെളിയിച്ചുകഴിഞ്ഞതല്ലേ, യൂ വാണ്ടു് ഏൻ അനദർ സ്പെസിമിൻ ഫോർ റെക്കഗനൈസ് ദിസ്?”
‘പ്രോക്സിമിറ്റി ഓഫ് എ ഫ്രോഡ്’ എന്നു് നേരത്തെ അവൾ പറഞ്ഞതു് എന്നെ ഉദ്ദേശിച്ചായിരുന്നല്ലോ എന്ന വിഷമത്തിനിടയിൽ, സുഗമമായി തലപൊക്കാൻ ഒട്ടും കഴിഞ്ഞില്ല.
1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. 4 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടു്. ‘ഹൂ ഈസ് അഫ്റൈഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പുസ്തകത്തിനു് 2018-ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും രചിച്ചിട്ടുണ്ടു്. ആകാശവാണി ഡ്രാമാ ബി. ഗ്രേഡ് ആർട്ടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ടു്. വി. കെ. എൻ. അമ്മാമനാണു്. തിരുവില്വാമലയിൽ സ്ഥിരതാമസം.
ഭാര്യ: ജ്യോതി
മക്കൾ: ബ്രഹ്മദത്തൻ, നിരഞ്ജന
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.