നിലാവു് ചുരന്നു് നനഞ്ഞ
കാടകം…
പച്ച…
രാമ, നീ അരികിൽ…
രാപ്പക്ഷികൾക്കൂടി നിശ്ശബ്ദരായ്…
കാട്ടുമുല്ല മെല്ലെമെല്ലെ-
യിതൾ തുറക്കുന്നു…
ഇലത്തുമ്പിലൂറുന്നു
നിലാവു് മുത്തായ്, മരതകമായ്,
ഇല്ല രത്നക്കണ്ണുമിന്നും
വിളക്കുകൾ,
ഇല്ല തണുത്ത
വെണ്ണക്കൽച്ചുവരുകൾ,
ഇല്ല പതുത്ത കിടക്ക,
ഇല്ല മദം ചുരത്തുന്ന
സുഗന്ധങ്ങൾ,
സ്വർണ്ണത്തിളക്കങ്ങൾ,
ഗുരുവുപദേശിച്ച
രതിസംജ്ഞകൾ…
ഉള്ളതു്
ഇരുളാഴം വകഞ്ഞുതാഴും
മിഴിവിളക്കു്…
ഇരുളിലുമെല്ലാമറിയും
ഉണർന്ന മനസ്സു്…
പച്ചിലമരച്ചുവട്ടിൽ
ഏതോ കാട്ടുപെണ്ണു മറന്ന
മൺപറ്റിയ മരവുരി…
ഉൻമത്തയൗവ്വനം പോലൊഴുകുന്നു
നിലാവി,രമ്പുന്നൂ സിരകൾ…
കാടൊരോടക്കുഴലായി
പാടുന്നു വന്യഗീതങ്ങൾ,
ചെണ്ടയുണരുന്നു
വിരലുകൾ മിഴികളും
നിന്നിലൂന്നുന്നു…
രാമാ നീയലിയുന്നുവോ?
വിങ്ങുന്ന ഹൃത്തുമായ്
നീയെന്നിലേക്കു് ചായുന്നോ?
… … …
പക,
കണ്ണുനീർവീണു
നനഞ്ഞതാം രാവുകൾ,
അപമാനവേവിൽ തനിച്ചീ
ശിലാശയ്യയിൽ ഇന്നു് കിടന്നുരുളുമ്പോൾ…
(ഓർമ്മകൾ, ഓർമ്മകൾ…)
കറുമ്പി,
കാടത്തി
ഒളിഞ്ഞെത്ര
കണ്ടു നിൻമെയ്യാറ്റിൽ നീ
കുളിക്കേ,
രാവിൽ നിൻ പ്രിയയൊത്തു്
ചിരിച്ചിരിക്കേ,
പകമിന്നുന്നൊരമ്പായ് അടുക്കേ
തപസ്സാണ്ടു നിൻമിഴി
കൂമ്പിയിരിക്കേ…
എത്രനാൾ കണ്ടു…
പിന്നെ ഞാനറിയാതെ
താനേ മുളയ്ക്കുന്ന
കാട്ടുചെടിയായീ പ്രണയം…
നിന്റെ മുഖം,
നെഞ്ചിൻ ചന്ദനനിറം,
നിന്റെ പെണ്ണിനെ വിളിക്കവേ
അലിയും സ്വരം…
നിന്നിൽ നിറയാൻ
ഒരു രാത്രിയെങ്കിലും
നിൻ വാഴ്‌വെന്റെ പ്രാണനിൽ
മഴയായിത്തകർത്തു് മദിച്ചുല്ലസിച്ചു്
താനേയിറ്റുനീയെന്നിൽ
മുളയ്ക്കുവാൻ
എന്തൊരു കൊതി…
ഉയിരുടലും ത്രസിക്കുമെന്തൊ-
രാകർഷണമന്ത്രം,
പൗരുഷത്തിന്റെയെന്തനന്ത
സൗന്ദര്യം!
രാമ…
നീയെന്നാൽ നഗരത്തിന്റെ
പ്രാണൻ
നിന്റെ നാഡികൾതോറും പേടി,
അവിശ്വാസം,
അറിയാത്തതിൽ ചതികൾ,
ആഴങ്ങളിൽ
കയങ്ങൾ ഭയക്കുന്ന സുരക്ഷ…
പ്രണയത്തിനും ഗുരുസൂക്തികൾ,
ലയരാത്രിയിൽ
രതിവിദ്യാജ്ഞാനം,
ചുംബനങ്ങളിൽ മുദ്രാവടിവു്,
അലിവിലുമലിയാതലിയാതെ
ശിലയാകുമൊരുള്ളം…
സീത കടലായുയരവേ
തണുത്ത തപസ്സാലെയടക്കും
വൃഥാ ധൈര്യം…
എത്ര രാത്രികൾ,
അന്തിമങ്ങുഴക്കിനാവുകൾ
എത്ര കാറ്റുകൾ, എത്ര പൂവുകൾ
ഒരിക്കൽ ഞാൻ…
ഒറ്റയ്ക്കു് വന്നേൻ അരികിൽ…
ഇവൾ
സ്നേഹത്തിന്നാഴി കടയാൻ
പിറന്നവൾ,
ഇവൾ
സ്നേഹത്തിന്നാഴിയരികിലി-
രിക്കിലും
ഒരു തുള്ളിക്കായ് തൊണ്ട
വറ്റിവിണ്ടിരന്നവൾ,
ഇവൾ
ആണിനെയറിയാത്തോളല്ല,
സീതയായ് പതിയെ
പൂജിക്കുവോളല്ല,
വീട്ടടുപ്പിലെറിയപ്പെട്ടോളല്ല,
ധീര…
കാരിരുമ്പുടൽ അലിവാൽ
ചുരത്തിയ പാലിനാൽ
ഇളംവയർ നിറയെപ്പകർന്നവൾ,
ഈറ്റുനോവറിഞ്ഞവൾ,
ഇവൾ കാടകത്തിന്റെ മനസ്സായ്-
വസന്തത്തിൽ പൂവായി,
മഴക്കാലത്തുപൊടിക്കുന്ന
വേരായി
വേനൽച്ചൂടിൽ പൊടിയായ്
പരക്കുവോൾ…
ഇവളെങ്കിലും
വന്നു നിൻമുമ്പിൽ…
സീത വിടരും കണ്ണാൽ,
നോക്കിയെന്നെ…
(കാടത്തിയെക്കണ്ട കൗതുകം
നിന്റെ കണ്ണിലും)
മറയ്ക്കുന്നതെന്തിനു്? ക്ഷണിച്ചു
ഞാൻ
‘വരിക നീയെന്നൊപ്പം
അനന്തദിനങ്ങളെ
ഞൊടിയായ് മാറ്റാം,
എന്റെയുടൽപ്പച്ചയിൽ
തണലിളവേൽക്കുക,
നഗരം കാണാതെത്ര
വഴികൾ, അകങ്ങൾ,
ഉറവുകൾ, ശബ്ദം, ചിരി,
സുഗന്ധമിക്കാടിനു് …’
പെണ്ണിന്നടക്കമില്ലായ്മയിൽ
ക്കോപിച്ചോ,
സീതയിരിക്കെ വിളിച്ചതിൽ
അപമാനിതനായോ
നോക്കി നീയെന്നെ…
(സീതയ്ക്കുള്ളിൽ കറയോ
തന്റേതെന്ന പൊലിവോ?
നഗരത്തിൽ പ്രണയമവകാശം.
രാവിലുടൽനൽകലും
കരാർതീർപ്പു്,
ഈ സുന്ദരിയുമിതുപോലെ?
അമ്പരന്നു ഞാൻ)
എന്നെ നോക്കി നീ,
മുടി,
നെറ്റിയിൽ വിയർപ്പിൻ മുത്തുകൾ,
ചെവിയിലൊറ്റപ്പൂവിൻ ചിരി,
ചുണ്ടിന്റെ നനവിൽ ക്ഷണം,
തടിക്കുഴിയിലഭിലാഷത്തിളക്കം,
മഞ്ചാടിക്കുരുമാലകൾ,
കാട്ടുകല്ലുമാലകൾ,
പൂമാലകൾ നിറയും
കഴുത്തിന്റെ കലമ്പൽ…
മുടിനാഗത്തിൻ താഴെ-
പ്പൊന്തിയുയരും മുലകളിൽ
നാണവും കൊതിച്ചൂടും…
രാമ… നീയനുജനെ വിളിച്ചൂ…
ഇവളേതോ കാട്ടുപെണ്ണു്…
കാമത്താൽ മുറതെറ്റിയോൾ…
പ്രണയമെന്നിതിനെ
വിളിക്കാനും
മടിയില്ലാത്തോൾ-
ഇവളെ നിലാവുള്ള രാവിൽ
ഞാൻ നിഴൽപോലെ
അരികിൽ പലവട്ടം കണ്ടു.
പച്ചിലക്കുമ്പിൾ
കാട്ടുപൂക്കളാൽ
രസംമുറ്റിയ കനികളാൽ
നിറച്ചു മറയുന്നോൾ…
കാട്ടരുവിത്തെളിനീരിൽ
ഉടലാഴുമ്പോൾ
ഇവൾ നിശ്ശബ്ദയായ്
കാട്ടുമരക്കൊമ്പിന്മേൽ മിന്നും
രണ്ടു കണ്ണുകളായി…
ഇവൾ ഞാനെയ്യാനുന്നും
മാനിനെ
ക്ഷണംകൊണ്ടേയെറിഞ്ഞുവീഴ്ത്തുന്നവൾ,
ഇവൾ കാമരൂപിണി…
കാടായി,
പൂവായ്, കാട്ടുമണ്ണിന്റെ
പശിമയായ്, കാട്ടിലപ്പടർപ്പായി
മഴയായ്, വെയിലായി
നിലാവായെന്നെപ്പിന്തുടർന്നവൾ…
ഒരു രാത്രി…
നിലാവു്, കാട്ടുപൂമണം,
ഏകാന്തത,
നദിയോരത്തെക്കാറ്റിൻ
ചുണ്ടിലത്ഭുതഗന്ധം,
രതിഗന്ധംപോലേതോ
കാട്ടുമരം പൂത്തതിൻ മണം,
കൈതമണം,
പുതുമഴ മണ്ണിനെത്തേടും സ്വരം,
ഇവൾ മായാവിനി,
കാമരൂപിണി
ഇവയായി അരികിൽവന്നെൻ
തോളിൽ തലചായ്ച്ചുവോ?
ഒരുമാത്ര ഞാനെന്നെ മറന്നോ?
… … …
ഇവളെയകറ്റുക,
ഇവളെൻ വാഴ്‌വിൻ
ശൂന്യസ്ഥലങ്ങൾ പരതുന്നു
മിഴികൾ തുറക്കുന്നു
മിഴിനീർ നിറയ്ക്കുന്നു’
പറയാൻതുടങ്ങിയതിങ്ങനെ…
പക്ഷേ, സ്വരം
ഇടിവാളായിക്കാട്ടുതീയായിയു-
യരുന്നു…
‘ഇവളെയകറ്റുക ലക്ഷ്മണാ…
ഇവൾ നാരി
ഇവൾ പൂജ്യയാണത്രേ
കാടത്തി, കിഴവി
കാമദാഹാർത്തയെങ്കിലും
ആര്യന്മാർ നാം ഇതു
പിൻതുടരുന്നോർ…
ഇവളെക്കൊല്ലാതെതാൻ
ഇവളെത്തകർക്കുക’
നിനക്കായ് കാമച്ചൂടിലുയർന്നു്
തുടിച്ചവ,
നിനക്കായ്
വാൽസല്യത്തേൻ ചുരത്തി
നിറഞ്ഞവ,
നിൻ കണ്ണിൻ
കാന്തദണ്ഡിനാലൊരുമാത്ര-
യെങ്കിലുമറിഞ്ഞവ…
വാളിൻ മൂർച്ചകൊണ്ടിതു
ചൂഴ്‌ന്നെടുക്കുന്നതാർ?
അലിവൂറുമെൻ ദേഹം
ആയുധത്തിനാലെയാർ
മൃതവന്ധ്യമാക്കുന്നൂ?
(സീത നിന്ദയാൽ
ആശ്വാസത്താൽ
പുഞ്ചിരിച്ചുവോ?)
നീ കല്ലായ് മാറിയ
മുനിപ്പെണ്ണിനു് കരളും
തുടിക്കുന്നോരുടലും
കൊടുത്തവൻ…
നിന്നിലലിയാൻ കൊതിച്ചൊരെൻ
മുഖം,
മാറിടം, സ്നേഹം…
എല്ലാം നീക്കി,
ശിലയായ് വികൃതമായ്
മൃതിയിൽ വെടികയോ?
എങ്കിലുമിതാ രാവിൽ
ഞാൻ നിൻ സ്വരമോർമ്മിക്കുന്നു
അലിവാൽ പരക്കുന്ന
നിൻ മിഴിത്തെളിമയും
മുഖസൂര്യപ്രഭയുമോർമ്മിക്കുന്നൂ…
ശിലയ്ക്കു് ജീവൻ നൽകാനുന്നവേ
പാതിമുറിഞ്ഞൊരാശ്ലേഷത്തിൻ
കുളിരുമോർമ്മിക്കുന്നൂ…
… … …
രക്തപ്പുഴയിൽ ജയിച്ചു നീ
ഒരുനാൾ വരും,
സീതയെതിരേൽക്കവേ
പൊടിപുരണ്ടു്,
കണ്ണീർച്ചാലുകീറിയ
മുഖത്തു നീയലിയാതലിയാതേ
ശിലയായ്, വിജയിച്ച
യോദ്ധാവിന്നഹന്തയായ്
സ്വന്തം മുതൽ
എതിരാളിയിൽനിന്നും
നേടിയ ജേതാവായി…
അവളെത്തീക്കണ്ണാലേ കരിക്കും-
അന്നവൾ ശിലയാകുമോ?
ചുണ്ടുകൾ,
വിരൽത്തുമ്പുകൾ,
ചെവി,
മൂക്കു്
കണ്ണീരു് നനയിച്ച മുലകൾ,
കരളും
നഷ്ടപ്പെട്ടു്
മറ്റൊരു ഞാനാകുമോ?
ആരുനിൻ പ്രിയ?
ആരു് മോഹിപ്പിച്ചാകർഷിച്ചോൾ?
ആരെ നീ നേടി…
ആരെ വെടിഞ്ഞു?
ആരു ഞാൻ? ആരു സീത?
ചോദ്യമിരുളായ് പരക്കുന്നൂ.
(സമകാലീന കവിത 6, 1993)