നിശ്ശബ്ദ ഹരിതവന-
മെന്റെയുടൽ
ചർമ്മത്തിൻ കുളുർത്ത സാന്ത്വനം,
വിരലുകൾ… കാറ്റിൻ കിളുന്തുകൾ…
മിഴികളിൽ തെളിനീരിറ്റുകൾ
ചുണ്ടിൽ നനഞ്ഞ പൂവിതൾ,
മുലകളിൽപ്പൂക്കും വസന്തം,
അടിവയറ്റിൽ നീ മുഖം മറയ്ക്കവേ
പൊന്തും പുതുമണ്ണിൻ മണം
കടുംപച്ചപ്പിന്റെ കടൽ,
ഞരമ്പിന്റെ വഴികളിൽ
സ്പർശലഹരികൾ…
ഇതു നിശ്ശബ്ദ ഹരിതകാനനം
നിശ്ശബ്ദ ഹരിതവനമെന്റെ കരൾ,
അലിവുറവകൾ,
കൊടുംക്രോധത്തിന്റെ
മുരിക്കുകൾ
പൂത്തുലയും യൗവ്വനം,
രാത്രി ഒഴിഞ്ഞ ചില്ലയിൽ
തിരികെയെത്തുന്ന
സ്മൃതികൾ, പാപങ്ങൾ,
പഴയ പാട്ടുകൾ തിരയും
ചുണ്ടുകൾ, കിളികൾ
സ്നേഹത്തിൻ തളിരുകൾ,
പച്ചയിലകൾ,
പ്രണയത്തിൻ പച്ചക്കടൽ,
കാമത്തിൽ കൊടുംതീക്കണ്ണുകൾ,
ഇരുൾവള്ളിക്കെട്ടിൽപ്പിടയും
രോദനം…
പിന്നെ,
അതിലുമാഴത്തിൽ
സാന്ദ്രതരമായ്
തീവ്രമായ് മിടിക്കും
ഒറ്റപ്പെടലിന്റെ വനം
അതു കന്യാവനം…
നിൻ വിരലുകൾ,
എന്നെ ഞെരിച്ചുടയ്ക്കുന്ന വിരലുകൾ,
എന്നെക്കുടിച്ചു വറ്റിക്കും ചൊടികൾ,
എന്നെ മുളപ്പിക്കും
നിന്നെ വിതയ്ക്കുമഗ്നിയും
ഉരുക്കും ചേരുന്ന പുരുഷത്വം,
ഇവ കടന്നു ചെല്ലാത്ത
തരിശുഭൂമിയായ് ഒരുൾവനം.
നിശ്ശബ്ദ ഹരിതവനം തേടി-
പ്പോവുന്നു നീ…
എന്നിൽ നിന്നഭയം തേടി
എൻ ക്രോധാഗ്നിയിൽ നിന്നൊരു
കുളിർക്കുളം തേടി
തണൽ തേടി
എന്നരികിൽ നിന്നു നീ
ഒളിച്ചുപോകുന്നു…
ഗന്ധകമഴ പെയ്യും
ചീയുമുടൽ ഞാൻ,
അഴുകും മാംസത്തിൻ
സുഗന്ധമെൻ ചുണ്ടിൽ,
ചർമ്മം വരണ്ടുപൊള്ളുന്ന
നിലം,
വന്ധ്യാക്ഷരം വയർ,
അർബ്ബുദം കരളും മാറിടം
ഇവിടെ ഞാൻ
നിനക്കൊരു
ദുസ്വപ്നരാവൊടുങ്ങാരാവൊ-
രന്ത്യരാവൊരു
പേരാവു്.
മരണം പോലെ ഞാനുറങ്ങുന്നു,
ദുസ്വപ്നലഹരിയിൽ
താണു മറയുന്നു…
മൃ…തി…
ഇലക്കുമ്പിളിൽ വെയിലും
നിലാവും മഴപ്പളുങ്കും മോന്തി
വിടരുന്നൂ പ്രണയം…
ചിരികളികളായ്
തൊണ്ടയിൽപ്പടരുന്ന ദാഹമായ്,
വിരൽകൊണ്ടു കത്തിക്കുമഗ്നിയായ്,
പ്രണയമയൂരം, ചടുലനൃത്തം,
പീലിയഴകു്, വർഷത്തിന്റെ
തോരാത്ത പൊഴിയാത്ത
സ്ഫടികശരറാന്തൽ…
പളുങ്കുമേലാപ്പു്.
… … … …
ഇന്നതേ തീയ്
ഉടൽകൊണ്ടും മറയ്ക്കാത്ത ശീതമായ്,
ധ്രുവദൂരമായ് തമ്മിൽ
പിന്നെ ഒറ്റയ്ക്കൊരാൾ…
മറ്റൊരാൾ ദുസ്വപ്നലോകങ്ങളിൽ…
വിരൽതൊടൽപോലുമുഗ്രവിഷമായ്,
അസഹ്യമാം കയ്പായ്,
വാഴ്‌വിന്നിലകൾ കൊഴിഞ്ഞുപോയ്,
നിലാവലകളിൽ തീയായ്
ഒറ്റയായ് നീ…
ഞാനുമൊറ്റയായ്…
ഒറ്റയ്ക്കു നമ്മൾ സമാന്തരരേഖകൾ
അറ്റംവരെ നീണ്ടു നീണ്ടുപോയീടാം.
(1995)
പുഴയിൽ നീന്തണം,
നിറഞ്ഞു പായുന്ന പുഴയിൽ
ഓടുന്നൊരൊഴിക്കിൻ കൈകളിൽ
കിടന്നു നീന്തണം
ഒതുങ്ങുകൊട്ടിട,
ചെറുചൂടാർന്നോളവിരലാൽ
പാദങ്ങൾ തഴുകി
നിൻ മെയ്യിലെടുത്തുവയ്ക്കുക,
പുടവകളെല്ലാം
കരക്കെറിയുക,
കരിനാഗങ്ങൾപോൽ ചിതറും
കാർകൂന്തൽ നനഞ്ഞൊലിപ്പിക്ക,
നെറുകയിൽ ചുഴിയുഴിയുക,
നെറ്റിത്തടത്തിലോളങ്ങൾ കലമ്പുക,
ഒട്ടിട പൊറുക്കുക..
കണ്ണടയുന്നു മഴയിഴപോൽ
വേർത്തോരു വിരലടുക്കവേ
തൂവെള്ളിച്ചിറകുകൾപോലെ
ഉരുമ്മുന്നു ജലം കവിളിൽ…
കോവിലിൻ നടയിലെന്നപോൽ
കഴുത്തിൽ മുട്ടുന്നൂ,
കഴുത്തിനുതാഴേ
ജലവേഗം ഭ്രാന്തമിരമ്പുന്നൂ
പുഴ പറയുന്നൂ
നീന്താനിറങ്ങാറായീലേ?
ചുഴികൾ പൊന്തുന്നു
ജലനാഗത്തിന്റെ കിരീടരത്നങ്ങൾ
ജ്വലിക്കുമാഴത്തിലടിയുന്നു,
അമൃതകുംഭങ്ങൾ മറിഞ്ഞുടയുന്നൂ
പുഴയ്ക്കടിയിലെ
പളുങ്കുഗോപുരം തകർന്നു ചിന്നുന്നൂ
പുഴ, ഒരു പാലാഴിയെ
കടയുംപോലെന്നെക്കടയുന്നൂ.
ഉള്ളു പിടയുന്നു,
ഒടുവിൽ, ശാന്തമായ് പുഴ,
മണൽത്തട്ടിൻ വിരിപ്പിൽ ചായുമ്പോൾ
പറയുന്നൂ
“നീന്തൽ പഠിച്ചില്ലേ?
വീണ്ടും ചെറുപ്പമായില്ലേ?
ഞരമ്പയഞ്ഞൊന്നു ചിരിക്കുവാ-
നിന്നു പഠിച്ചില്ലേ?
ജലനാഗങ്ങളെ മെരുക്കുവാൻ
ഫണരത്നങ്ങളായ്
മിഴിതിളക്കുവാൻ പഠിച്ചില്ലേ?
ഉള്ളിലറിയാപ്പേടികൾ
കടലായ് ചീറ്റുന്നതറിയുമോ പുഴ?
നനഞ്ഞൊലിച്ചവൾ കുടിച്ചിറക്കുന്നു,
പ്രണയത്തിൻ പാപച്ചിരി വിഷം.
(സാഹിത്യലോകം, 1995.)
സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ കവിയാണു് വി എം ഗിരിജ. നാലു് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. 1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ ജനിച്ചു. വിദ്യാർത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകൾ എഴുതിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽനിന്നു് എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. 1983 മുതൽ ആകാശവാണിയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ കൊച്ചി എഫ് എം നിലയത്തിൽ പ്രോഗ്രാം അനൗൺസർ. പരിസ്ഥിതി പ്രവർത്തകനായ സി ആർ നീലകണ്ഠൻ ഗിരിജയുടെ ഭർത്താവാണു്.
- പ്രണയം ഒരാൽബം—കവിതാ സമാഹാരം (ചിത്തിര ബുക്സ്, 1997)
- ജീവജലം—കവിതാ സമാഹാരം (കറന്റ് ബുക്സ്, 2004)
- പാവയൂണു്—കുട്ടികൾക്കുള്ള കവിതകൾ (സൈൻ ബുക്സ്, തിരുവനന്തപുരം)
- പെണ്ണുങ്ങൾ കാണാത്ത പാതിരാ നേരങ്ങൾ—കവിതാ സമാഹാരം
- ഒരിടത്തൊരിടത്തു്—കുട്ടികൾക്കുള്ള നാടോടി കഥകൾ
ചങ്ങമ്പുഴ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം (2018).
ചിത്രങ്ങൾ: വി. മോഹനൻ