images/A_Gust_of_Wind.jpg
A Gust of Wind, a painting by Jean-Baptiste Camille Corot (1796–1875).
നാരായണഗുരു വെറുമൊരു പേരു്
വി. വി. ഗോവിന്ദന്‍നായർ
images/Narayana_Guru.jpg
നാരായണഗുരു

പ്രബുദ്ധകേരളീയർ സാദരം അനുസ്മരിച്ചുപോരുന്ന ഒരു സന്യാസിയാണു് നാരായണഗുരു. കേരളത്തിലെ നവോത്ഥാനത്തെക്കുറിച്ചു് പറയുമ്പോൾ അതിൽ അദ്ദേഹത്തിനുളള മഹത്തായ പങ്കിനെക്കുറിച്ചു് പറയാത്തവരില്ല. കേരളത്തിനു് ഒരു ആചാര്യനുണ്ടെങ്കിൽ അതു് ശങ്കരാചാര്യര ല്ല ശ്രീ നാരായണഗുരുവാണു് എന്നു് ഉറക്കെപ്പറയേണ്ട കാലമാണിതെന്നു് ഈയിടെ ഒരു മന്ത്രിമുഖ്യൻ പറയുകയുണ്ടായി. നാട്ടിന്റെ വികസനവും നവോത്ഥാനചിന്തയും കൂട്ടിയോജിപ്പിച്ചു മുന്നോട്ടുപോയ നാരായണഗുരുവിന്റെ കാഴ്ചപ്പാടാണു് സംസ്ഥാന സർക്കാർ ഉയർത്തിപ്പിടിക്കുന്നതെന്നു് മുഖ്യമന്ത്രിയും.

ഈ ആചാര്യവര്യന്റെ ഏറ്റവും മഹത്തായ സന്ദേശമായി നമ്മുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രമുഖർ എന്നും എടുത്തുപറയുന്നതു് ഈയൊരു വാക്യമാണു്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്’ പ്രത്യക്ഷവിരുദ്ധമായ ഈ പ്രസ്താവംകൊണ്ടു് അദ്ദേഹം ഉദ്ദേശിച്ചതെന്തെന്നുമാത്രം അവർ വെളിപ്പെടുത്താറില്ല. അതു നാംതന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.

ഒരു ജാതി എന്തെന്നു് അദ്ദേഹം വ്യക്തമായി പറഞ്ഞുവെച്ചിട്ടുണ്ടു്. ‘മനുഷ്യാണാം മനുഷ്യത്വം ജാതിർഗോത്വം ഗവാം യഥാ.’ മനുഷ്യർക്കു് മനുഷ്യത്വമാണു ജാതി. ഗോക്കൾക്കു് ഗോത്വംപോലെ.

അങ്ങിനെ പശു-പോത്തു്-പന്നി-പെരുച്ചാഴികളുടെ കൂട്ടത്തിൽ വേറിട്ടൊരാകാരമുള്ള ഒരു ജീവിയാണോ മനുഷ്യന്‍? അതോ, മനുഷ്യനെ ഇതരപ്രാണികളിൽനിന്നു് വേര്‍തിരിച്ചുനിർത്തുന്ന, മനുഷ്യനെ മനുഷ്യനാക്കുന്ന, ധർമ്മങ്ങൾ വല്ലതുമുണ്ടോ?

ഗുരുവിന്റെ നിർദ്ദേശമനുസരിച്ചു് അദ്ദേഹത്തിന്റെ ഉപദേശങ്ങൾ പദ്യരൂപത്തിലാക്കിക്കൊണ്ടു് ആത്മാനന്ദസ്വാമികൾ രചിച്ച ശ്രീനാരായണധർമ്മത്തിൽ സാമാന്യധർമ്മം ‘മർത്യാനാം ബ്രൂഹി ധർമവിദാം വര’ (ധർമ്മജ്ഞ ശ്രേഷ്ഠ, മനുഷ്യരുടെ സാമാന്യധർമ്മം അരുളിച്ചെയ്താലും എന്ന ശിഷ്യരുടെ അഭ്യർത്ഥനയ്ക്കു് ഉത്തരമായി ഗുരു പറയുന്നു:

അഹിംസാ സത്യമസ്തേയ-

സ്തഥൈവാവ്യഭിചാരിതാ

മദ്യസ്യ വർജനം ചൈവം

പഞ്ചധർമ്മാസ്സമാസതഃ

അഹിംസ, സത്യം, അസ്തേയം, അവ്യഭിചാരിത, മദ്യവർജനം—ചുരുക്കത്തിൽ ഈ അഞ്ചെണ്ണമാണു് (മനുഷ്യ) ധർമ്മങ്ങൾ.

ഇതിൽ ആദ്യത്തെ നാലെണ്ണവും പൂർവാചാര്യന്മാർ ആവർത്തിച്ചുപദേശിച്ചിട്ടുള്ളതാണു്. മദ്യം വർജിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ടു്. ഉദാഹരണത്തിന്നു്, മഹാഭാരതത്തിൽ പലേടത്തും മദ്യപാനത്തെ നിന്ദിയ്ക്കുകയും നിഷേധിക്കുകയും ചെയ്തിട്ടുണ്ടെന്നുമാത്രമല്ല, യദുവംശം മുടിഞ്ഞതുതന്നെ മദ്യപാനംകൊണ്ടാണെന്നു കാണിച്ചുതരികയും ചെയ്തിരിക്കുന്നു. എന്നാൽ, മദ്യപാനത്തെ മനുഷ്യൻ വർജിയ്ക്കേണ്ട ഒരു ദോഷമായി പറയുന്നതല്ലാതെ, മദ്യവർജനത്തെ ഒരു മനുഷ്യധർമ്മമായി എടുത്തുകാട്ടുന്നില്ല. മാതൃകാപുരുഷന്മാരെപ്പറ്റി പറയുമ്പോള്‍, സത്യവാൻ ധർമപരായണന്‍, ദയാവാന്‍, ജിതേന്ദ്രിയൻ മുതലായ വിശേഷണങ്ങളുടെ കൂട്ടത്തിൽ മദ്യവർജകൻ എന്നു കാണുകയുമില്ല. അതുകൊണ്ടു മദ്യവർജനത്തെ സത്യാഹിംസകൾക്കൊപ്പം പ്രതിഷ്ഠിച്ചുവെന്നതാണു്, മനുഷ്യലക്ഷണമായി നിർദ്ദേശിച്ചുവെന്നതാണു്, ഗുരുവിന്റെ തനതു സംഭാവന.

മദ്യവർജനം എന്നതുകൊണ്ടു് അദ്ദേഹം ഉദ്ദേശിയ്ക്കുന്നതു് എന്തെന്നുകൂടി വിശദീകരിക്കേണ്ടതുണ്ടു്. കാരണം, നമ്മുടെ ചില ബുദ്ധിജീവികളും രാഷ്ട്രീയനേതാക്കന്മാരും ഈ പദത്തിന്നു ചാർത്തിക്കൊടുത്തിരിക്കുന്ന അർത്ഥം ഒന്നു വേറെത്തന്നെയാണു്. മദ്യനിരോധനമല്ല മദ്യവർജനമാണു് വേണ്ടതു് എന്നു് അവർ പലപ്പോഴും പറയുന്നതു കേൾക്കാം. എന്താണു് ഇതിനർത്ഥം? കള്ളു് എത്ര വേണമെങ്കിലും ഉണ്ടാക്കാം, വില്ക്കാം, ആളുകൾ അതു മുഴുവൻ പണം കൊടുത്തു വാങ്ങി തെങ്ങിൻ ചുവട്ടിൽ ഒഴിച്ചുകളഞ്ഞേക്കണം എന്നു്—അല്ലേ?

ഇതല്ല ഗുരു ഉദ്ദേശിച്ച മദ്യവർജനം. അതെന്തെന്നു് അദ്ദേഹം വ്യക്തമാക്കുന്നു.

മദ്യസ്യവിക്രയാദാനേ

സന്ധനാദാനമേവ ച

കദാപി നാചരേദ്ധീമാന്‍

മഹാപാതകഹേതുകം

മദ്യം വിൽക്കുക, വാങ്ങുക, ശേഖരിക്കുക, കൊടുക്കുക—ഇവയൊന്നും ബുദ്ധിമാൻ ഒരിയ്ക്കലും ചെയ്യരുതു്. (ഇതിലോരോന്നും) മഹാപാതകത്തിന്നു കാരണമാണു്.

മദ്യമുണ്ടാക്കുന്നവനെ വേറെത്തന്നെ അധിക്ഷേപിയ്ക്കുന്നു.

മദ്യകർത്താ പൂതിഗന്ധി

പടശ്ചാസ്യ നികേതനം

ദുർഗന്ധകലുഷം തേന

സ്പൃഷ്ടം സർവമീദൃശം

മദ്യമുണ്ടാക്കുന്നവനെ നാറും. അവന്റെ ഉടുതുണിയും വീടും നാറിപ്പൊട്ടും. അവൻ തൊടുന്നതെന്തും ഇങ്ങിനെതന്നെ.

മദ്യപനെ ഇങ്ങിനെയും:

മദ്യാസക്തം സ്വസ്യ ഭാര്യാ

പിതാ മാതാ സഹോദരഃ

പുത്രോപിചേശ്വരോ ദ്വേഷ്ടി

തസ്മാന്മദ്യം പരിത്യജേത്.

മദ്യാസക്തനെ സ്വന്തം ഭാര്യയും അച്ഛനും അമ്മയും സഹോദരനും മകനും, ഈശ്വരന്‍പോലും, വെറുക്കും. അതുകൊണ്ടു് മദ്യം ഉപേക്ഷിയ്ക്കുക.

മദ്യലഹരിയിൽ യുവാവു് അമ്മയെ തലക്കടിച്ചുകൊന്നു എന്നും മറ്റുമുള്ള വാർത്തകൾ നാം കേൾക്കാറുണ്ടല്ലോ. അതൊരു മഹാപാതകമാണെന്നും നാം പറയും, നിയമം അവനെ ശിക്ഷിയ്ക്കുകയും ചെയ്യും. എന്നാൽ, ആ മഹാപാതകത്തിൽ മദ്യമുണ്ടാക്കിയവന്നും വിറ്റവന്നും വിളമ്പിയവന്നുമെല്ലാം പങ്കുണ്ടെന്നത്രേ ഗുരു നിഷ്കർഷിക്കുന്നതു്.

ഇവ്വണ്ണം, മദ്യവർജനം കൂടാതെ മനുഷ്യത്വം പൂർണമാവില്ലെന്നു പറയുന്നതെന്തുകൊണ്ടു്?

ബുദ്ധേര്‍വൈകല്യജനകം

മദ്യമിത്യുച്യതേബുധൈഃ

മദ്യസേവാം ന കുര്‍വീത

മദ്യം വിഷസമം വിദുഃ

ബുദ്ധിയ്ക്കു് വൈകല്യമുണ്ടാക്കുന്നതാണു് മദ്യം എന്നു് അറിവുള്ളവർ പറയുന്നു. മദ്യം കഴിക്കരുതു്. വിഷതുല്യമാണു് മദ്യം എന്നു് (വിവേകികൾക്കു്) അറിയാം.

മനനശീലമാണു് മനുഷ്യനെ ഇതരപ്രാണികളിൽനിന്നു് വേര്‍തിരിക്കുന്നതു്. അതിനെ തകിടം മറിക്കുന്ന മദ്യം മനുഷ്യത്വത്തെ കെടുത്തിക്കളയുന്നു. അതുകൊണ്ടത്രേ അതു് വിഷമാകുന്നതു്.

ഒരു മതം എന്നതിന്റെ പൊരുൾ ഇങ്ങിനെ വ്യക്തമാക്കുന്നു.

സാമാന്യസത്താ സര്‍വേഷാം

മതാനാമനുസന്ധിനീ

ഏകൈവാതോപ്യേകമേവ

മതം യുക്തിചമത്കൃതം.

എല്ലാ മതങ്ങളോടും ചേർന്നുള്ള സാമാന്യസത്ത ഒന്നുതന്നെ. അതുകൊണ്ടു് മതം ഒന്നേയുള്ളു എന്നതു യുക്തിസമ്മതമാണു്.

പലമതസാരവുമേകമെന്നു പാരാ-

തുലകിലൊരാനയിലന്ധരെന്ന പോലെ

പലവിധയുക്തി പറഞ്ഞു പാമരന്മാ-

ലവതു കണ്ടലയാതമർന്നിടേണം

എന്നു് ആത്മോപദേശശതകത്തിലും ഇതുതന്നെ പറഞ്ഞുവെച്ചിട്ടുണ്ടു്. ഈ സാമാന്യസത്ത, ഏകസാരം, എന്തെന്നു് തെളിമലയാളത്തിൽ, സംശയത്തിന്നു് ഒരു പഴുതുമില്ലാതെ, വെളിവാക്കുന്നു.

കൊല്ലാവ്രതമുത്തമമാമതിലും

തിന്നാവ്രതമെത്രയുമുത്തമമാം

എല്ലാ മതസാരവുമോർക്കുകിലിതെ-

ന്നല്ലേ പറയേണ്ടതു ധാർമ്മികരേ?

(ജീവകാരുണ്യപഞ്ചകം)

എന്തുകൊണ്ടു് തിന്നാവ്രതത്തിൽ ഈ ഊന്നല്‍?

കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം

കൊല്ലുന്നതിലുമുരത്തൊരഘം

മാംസം കഴിക്കുന്നവൻ ജീവികളെ കൊല്ലിക്കുന്നു, അതു് കൊല്ലുന്നതിലും വലിയ പാപമാണെന്നു് (മദ്യം വിൽക്കുന്നതും വിളമ്പുന്നതും മഹാപാതകഹേതുകമാണെന്നു പറഞ്ഞതും ഓർക്കുക)

പ്രാണിഹത്യ ചെയ്യുന്നവരെക്കുറിച്ചു് ഗുരുവിന്നു പറയാനുള്ളതിതാണു്;

കൊല്ലുന്നവനില്ല ശരണ്യത മ-

റ്റെല്ലാ വക നന്മയുമാർന്നിടിലും

ഒരേയൊരു ദോഷം ഗുണപ്പെരുപ്പത്തിൽ മുങ്ങിപ്പോകുമെന്നു് കാളിദാസൻ പറയുന്നതിന്റെ നേരേ എതിരാണു് ഗുരു ഇവിടെ പറയുന്നതു്—പ്രാണിഹത്യ എന്ന ഒറ്റ ദോഷത്തിൽ ഗുണപ്പെരുപ്പം മുഴുവൻ മുങ്ങിപ്പോകുമെന്നു്. ആ ദോഷം ചെയ്യുന്നവനെ മൃഗതുല്യൻ എന്നു വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ കണ്ണിൽ, അതിലും വലിയ പാതകം ചെയ്യുന്ന മാംസാഹാരിയുടെ നില എന്താവും?

‘ഒരു ദൈവം’ എന്തെന്നു് ‘ദൈവദശക’ത്തിൽ വ്യക്തമാക്കുന്നു.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-

വായതും സൃഷ്ടിജാലവും

നീയല്ലോ ദൈവമേ സൃഷ്ടി-

ക്കുള്ള സാമഗ്രിയായതും

നീ സത്യം ജ്ഞാനമാനന്ദം

നീ തന്നെ വർത്തമാനവും

ഭൂതവും ഭാവിയും വേറ-

ല്ലോതും മൊഴിയുമോർക്കിൽ നീ

(7)

മനുഷ്യന്റെ അറിവിന്നു വിഷയമായ പ്രപഞ്ചമാകെയും ആ അറിവുതന്നെയുമാണു് ഏകദൈവം. പ്രപഞ്ചത്തിന്നു് ഉണ്മയേകുന്ന, അഥവാ ഉണ്മതന്നെയായ, ആ ഏകസത്തയെ ബുദ്ധിഗ്രാഹ്യമായ ഒരാശയമായിമാത്രം കാണാതെ, ഉള്ളുകൊണ്ടു് തൊട്ടറിയാനാകുമാറ് ഒരു ഹൃദയാലുവായിക്കൂടി കണ്ടുകൊണ്ടാണു് ആ സ്തവം ഉപസംഹരിയ്ക്കുന്നതു്.

ജയിക്കുക മഹാദേവ

ദീനാവനപരായണ

ജയിക്കുക ചിദാനന്ദ

ദയാസിന്ധോ ജയിക്കുക

മനുഷ്യന്റെ അന്തസ്സത്തതന്നെയാണു് ദയ, സഹാനുഭൂതി. അതുകൊണ്ടത്രേ പരോപകാരം മനുഷ്യോചിതമായും പരപീഡനം മനുഷ്യാനുചിതമായും അവന്നു് ഉള്ളിന്നുമുള്ളിൽ തോന്നുന്നതു്. അതിനാൽ, മനുഷ്യരിൽ ഭഗവാൻ ദയാസ്വരൂപനായാണു് വാഴുന്നതെന്നു പറയാം. എന്നിട്ടു നാം പരപീഡനം, അധര്‍മം, ചെയ്തുപോകുന്നതു്, മഹാഭാരതം പറയുംപോലെ, കാമം കാരണമാണു്. അതു നീങ്ങിയാൽ ഭഗവാന്‍, നമ്മുടെ അന്തരാത്മാവു്, തെളിഞ്ഞുവരും. ഈ ആശയമാണു് ഭാഗവതത്തിൽ ഇങ്ങിനെ അവതരിപ്പിച്ചിട്ടുള്ളതു്.

നാതിപ്രസീദതി തഥോപചിതോപചാരൈ-

രാരാധിതഃ സുരഗണൈർ ഹൃദിബദ്ധകാമൈ.

യഃ സർഭൂതദയയാ സദലഭ്യയൈകോ

നാനാജനേഷ്വവഹിതഃ സുഹൃദന്തരാത്മാ

അസത്തുക്കൾക്കു് അപ്രാപ്യനും ഏകനും സർവജീവജാലങ്ങളിലും കുടികൊള്ളുന്നവനും സുഹൃത്തും ആയ അന്തരാത്മാവു്, കാമം കെട്ടിക്കിടക്കുന്ന മനസ്സോടെ ദേവന്മാർ ചെയ്യുന്ന ആരാധനകൊണ്ടുപോലും, സർവഭൂതദയകൊണ്ടെന്നപോലെ പ്രസാദിയ്ക്കുന്നില്ല.

അപ്പോൾ ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്നതുകൊണ്ടു് ഗുരു ഉദ്ദേശിച്ചതു് ഇതാണു്.

ഒരു ജാതി: മനുഷ്യത്വം, സത്യാഹിംസാദികളോടു് ചേർത്തു പറയേണ്ട മനുഷ്യധർമ്മം മദ്യവർജനം: ഉത്പാദനം തൊട്ടു് ഉപഭോഗം വരെ.

ഒരു മതം: പ്രാണികളെ കൊല്ലായ്ക, കൊല്ലിക്കായ്ക (മാംസാഹാരവർജനം)

ഒരു ദൈവം: പ്രപഞ്ചസത്ത, ദയാസ്വരൂപന്‍.

കേരളീയർ തങ്ങളുടെ ഈ ആചാര്യന്റെ വാക്കുകളെ എത്രത്തോളം മാനിയ്ക്കുന്നുണ്ടെന്നു നോക്കാം:

കേരളത്തിലെ മഹോത്സവവും മഹാസാംസ്കാരിക സംഭവവുമായ തിരുവോണം കഴിഞ്ഞാൽ പത്രങ്ങളിൽ ഒരു വാർത്ത കാണാം—ഇക്കൊല്ലത്തെ ഓണത്തിനു് കേരളീയർ മുന്നൂറ്റിമുപ്പത്തിമൂന്നു് കോടി ഉറുപ്പികയുടെ മദ്യം കുടിച്ചുതീർത്തുവെന്നു്. സംഖ്യയിൽ ഏറ്റക്കുറച്ചിലുണ്ടാവാം. എന്നാൽ, ഓണസദ്യയും ഓണക്കോടിയുംപോലെ ഓണാഘോഷത്തിന്റെ ഒരു മുഖ്യാംഗമാണു്. മദ്യപാനമെന്നു തീര്‍ച്ച, കഥകളിയും കളരിപ്പയറ്റും തിരുവാതിരക്കളിയും പോലെ കേരളീയസംസ്കാരത്തിന്റെ പ്രകാശനമാണു് മദ്യപാനമെന്നും.

കേരളത്തിൽ കൊറോണ തിരനോട്ടം നടത്തിയപ്പോള്‍ത്തന്നെ നമ്മുടെ സർക്കാർ വിദ്യാലയങ്ങൾ അടച്ചുപൂട്ടി, പക്ഷേ, മദ്യാലയങ്ങൾ തുറന്നുതന്നെ കിടന്നു. കുട്ടികളുടെ പഠിപ്പു് മുടങ്ങിക്കോട്ടെ, കുടിയന്മാർക്കു് കുടി മുടങ്ങരുതു് എന്ന ഈ തീരുമാനത്തിന്നു കാരണമായി മുഖ്യമന്ത്രി പറഞ്ഞതു്, കുടി മുടക്കിയാലുണ്ടാകുന്ന സാമൂഹ്യപ്രത്യാഘാതമാണു്. അങ്ങിങ്ങായി ഉണ്ടായേക്കാവുന്ന വല്ല അനിഷ്ടസംഭവവുമല്ല, ഉറപ്പായും സമൂഹം മൊത്തത്തിൽ നല്‍കാൻ പോകുന്ന, കോവിഡിനെക്കാൾ മാരകമായ തിരിച്ചടി! മദ്യത്തിന്നു നമ്മുടെ സമൂഹത്തിന്‍മേലുള്ള ആധിപത്യത്തിന്നു് ഇതിലും ആധികാരികമായ വേറെ തെളിവു വേണോ?

മദ്യലഹരിയിൽ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തിയ വാർത്തകൾ നാം എത്ര കേട്ടിരിക്കുന്നു! മദ്യനിർമ്മാണം തടയണമെന്നു് അന്നൊന്നും സർക്കാരിന്നു് തോന്നിയില്ല, ആരും ആവശ്യപ്പെട്ടുമില്ല. എന്നാൽ, ഒരു മന്ത്രവാദിയുടെ വാക്കുകേട്ടു് ചിലർ നരബലി നടത്തിയ വാർത്തയെത്തുടർന്നു്, അന്ധവിശ്വാസനിർമ്മാർജനത്തിന്നു നിയമം കൊണ്ടുവരാൻ ആരെല്ലാമാണു് തിടുക്കം കൂട്ടിയതു്! നിയമനിർമ്മാണം ആലോചനയിലുണ്ടെന്നു് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിരിയ്ക്കുന്നു. അതിന്നു് ഒരു സാമൂഹ്യപ്രത്യഘാതവും ഉണ്ടാകാൻ പോകുന്നില്ലെന്നർത്ഥം. ‘അന്ധവിശ്വാസം തടഞ്ഞോളു, മദ്യനിർമ്മാണം തടഞ്ഞാൽ അപ്പോൾക്കാണാം!’ എന്നാണു് പ്രബുദ്ധകേരളീയരുടെ നിലപാടു്!

ഈയിടെയായി, കേരളത്തെ ലഹരിവിമുക്തമാക്കാനുള്ള തത്രപ്പാടിലാണു് നമ്മുടെ സർക്കാരും രാഷ്ട്രീയ-സാമൂദായിക-സാംസ്കാരിക നായകന്മാരും മറ്റും. പക്ഷേ, അവരുടെ ലഹരിപദാർത്ഥപ്പട്ടികയിൽ മദ്യം ഉള്‍പ്പെടുന്നില്ല. മദ്യത്തെ ചിത്തഭ്രമണകാരണമെന്നു പറഞ്ഞ നാരായണഗുരുവിന്റെ വിവരക്കേടോർത്തു് അവർ ഉള്ളുകൊണ്ടു് ചിരിക്കുന്നുണ്ടാവും. ഇപ്പോഴിതാ, പഴങ്ങളിൽ നിന്നും മദ്യമുണ്ടാക്കാൻ സർക്കാരെടുത്ത തീരുമാനം നടപ്പാക്കുന്നതിന്നുള്ള നിയമതടസ്സം നീങ്ങി എന്നും വാർത്ത വന്നുകഴിഞ്ഞു. ഇനി പൂക്കളിൽ നിന്നും പിന്നെ മുലപ്പാലിൽനിന്നും മദ്യമുണ്ടാക്കാമെന്നു് ആരെങ്കിലും കണ്ടുപിടിച്ചാൽ അതും ഒരു വ്യവസായമായി വളർത്തിക്കൊണ്ടുവരാൻ സർക്കാർ, നാരായണഗുരുവിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ, എല്ലാ ഒത്താശകളും ചെയ്യുമെന്നും പ്രതീക്ഷിയ്ക്കാം.

ഈ മദ്യസേവകരുടെ, മദ്യാസക്തരുടെ, മദ്യദാസന്മാരുടെ ആചാര്യൻ ശങ്കരാചാര്യരല്ല നാരായണഗുരുവാണു് എന്നു പറയുന്നതു് ശങ്കരാചാര്യർക്കു് എത്ര വലിയ ബഹുമതിയാണോ, നാരായണഗുരുവിന്നു് അത്രയും വലിയ അവമതിയുമാണു്.

പണ്ടു് കേരളീയരിൽ ചെറിയൊരു വിഭാഗം, കേവലം ജാതിയുടെ പേരിൽ, മാംസാഹാരം വെടിഞ്ഞിരുന്നു. മറ്റു ചിലർ, മതത്തിന്റെ പേരിൽ, ചില മൃഗങ്ങളെയെങ്കിലും തിന്നാതെ വിട്ടിരുന്നു. മതത്തോടനുബന്ധിച്ചുതന്നെ, ചില വിശേഷദിവസങ്ങളിൽ മാംസം ഒഴിവാക്കുന്ന പതിവും ഉണ്ടായിരുന്നു. ഇന്നുള്ളതു്, അങ്ങിങ്ങായി ചില സസ്യഹാരികൾ മാത്രം—മറ്റുള്ളവരുടെ കണ്ണിൽ, ചില വിചിത്രജീവികൾ. ‘എന്താ, നമ്പൂതിരിയാണോ?’ എന്നാണു് അവർക്കു് പലപ്പോഴും നേരിടേണ്ടി വരുന്ന പരിഹാസഗർഭമായ ചോദ്യം.

നമ്മുടെ ടി. വി. ചാനലുകളിലെ അടുക്കളപ്പരിപാടികൾ വെച്ചുനീട്ടുന്ന വിഭവങ്ങളും ഒട്ടുമുക്കാലും ഇറച്ചിക്കറികള്‍തന്നെ. അവരുടെ പാചകകലയുടെ ആദ്യത്തെ അംഗം കോഴിയുടെയോ ആട്ടിന്റെയോ തലയറുക്കുക എന്നതാണു്. മാധ്യമങ്ങള്‍തന്നെ മാംസാഹാരപ്രചാരണം, പ്രാണിഹത്യാ പ്രോത്സാഹനം ദൗത്യമാക്കിയ ഒരു നാട്ടിൽ എന്തു കൊല്ലാവ്രതം, എന്തു തിന്നാവ്രതം?

പുരോഗമന ശീലരായ മലയാളികൾ ഇക്കാര്യത്തിൽ ഇനി പുറകോട്ടില്ലെന്നു തീര്‍ച്ചയാണു്. മനുഷ്യനെന്ന ഹിംസ്രജീവിയുടെ ആക്രമണത്തിൽ നിന്നു് ചില നിരുപദ്രവജീവികളെ, എളിയ തോതിലെങ്കിലും, രക്ഷപ്പെടുത്താൻ നമ്മുടെ അഭിശപ്തമായ ജാതിമതഭേദത്തിന്നു കഴിഞ്ഞുവല്ലോ എന്നാശ്വസിപ്പാനും ഇനി ഏറെപ്പേരുണ്ടാവില്ല.

ഇനി ‘ഒരു ദൈവ’ത്തിന്റെ കഥ നീരീശ്വരവാദം അംഗീകരിച്ചാലും കേരളീയർ ഏകേശ്വരവാദം അംഗീകരിക്കയില്ല. ശബരിമലക്കേസിൽ സുപ്രീംകോടതി വിധി വന്നപ്പോൾ എന്തൊരു വാദകോലാഹലമാണു് ഇവിടെ നടന്നതു് ! ശബരിമല അയ്യപ്പൻ ബ്രഹ്മചാരിയാണു്. യുവതീപ്രവേശനം ഉചിതമല്ല, ആചാരലംഘനമരുതു് എന്നു് യാഥാസ്ഥിതികർ. യുവതീപ്രവേശന നിരോധനം ആരാധനാ സ്വാതന്ത്ര്യ നിഷേധമാണു്, ലിംഗവിവേചനമാണു്, ഭരണഘടനാവിരുദ്ധമാണു് എന്നു് നവോത്ഥായികള്‍, ശബരിമല അയ്യപ്പൻ ഒന്നു വേറെത്തന്നെ, ക്ഷേത്രത്തിന്നു പുറത്തു് അവിടുത്തെ സാന്നിധ്യമില്ല എന്ന കാര്യത്തിൽ ഇരുകൂട്ടർക്കും ബഹുയോജിപ്പു്! അല്ലെങ്കിൽ, ക്ഷേത്രത്തിന്നു പുറത്തു് യുവതികൾ സഞ്ചരിയ്ക്കുന്നതുകൊണ്ടു് ദേവന്നു് ഒരു കുഴപ്പവും ഇല്ലെന്നിരിക്കെ, അവർ അകത്തു കടന്നാലും ഒന്നും വരാനില്ലെന്നു് യാഥാസ്ഥിതികർക്കു് സമാധാനിക്കാമായിരുന്നു. ദേവസാന്നിധ്യം എങ്ങുമുള്ളതുകൊണ്ടു്, ക്ഷേത്രത്തില്‍ച്ചെന്നില്ലെങ്കിലും ആരാധനയ്ക്കു് ഒരു തടസ്സവുമില്ലെന്നു് നവോത്ഥായികൾക്കും.

സ്ഥലപരിമിതനല്ല ഭഗവാൻ എന്ന ബോധം രണ്ടിലൊരു കക്ഷിയ്ക്കെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ വഴക്കു് ഒഴിവായേനെ. പക്ഷേ, കക്ഷി ചേർന്നു വഴക്കിന്നു കൊഴുപ്പുകൂട്ടാനാണു് നമ്മുടെ ബുദ്ധിജീവികളും അദ്വൈത പ്രഭാഷകര്‍പോലും മുന്നിട്ടിറങ്ങിയതു്. കൂട്ടത്തിൽ ചില പണ്ഡിതന്മാർ ‘ലിംഗഭേദമോ വർണഭേദമോ ആശ്രമഭേദമോ ഒന്നും എന്റെ ആരാധനയ്ക്കു് തടസ്സമല്ല’ എന്നു് അധ്യാത്മരാമായണത്തിൽ രാമൻ ശബരിയോടു് പറയുന്നതിനെ സ്വപക്ഷത്തിന്നു് പ്രമാണമായി ഉദ്ധരിയ്ക്കുന്നതും കണ്ടു. ‘എല്ലാ ജീവികളിലും എന്റെ സാന്നിധ്യത്തെ മാനിയ്ക്കുക’ എന്നു് തൊട്ടപ്പുറത്തു് രാമൻ പറയുന്നതിന്റെ പൊരുളറിയുന്ന ആരാണു് രാമവാക്യത്തെ ശബരിമലക്കേസിൽ പ്രമാണമാക്കുക? രാമായണത്തിലെ ഈശ്വരൻ സർവവ്യാപി, ഈശ്വരാരാധന സർവജീവസമാദരം—ഒരു സംസ്കാരം ശബരിമലക്കേസിലെ ഈശ്വരൻ ക്ഷേത്രബദ്ധന്‍, ആരാധന ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടൽ—ഒരു ചടങ്ങു് ചടങ്ങിനുള്ള സ്വാതന്ത്ര്യം അധികാരികൾക്കു് നിഷേധിയ്ക്കാം, കോടതിയിൽ നിന്നു് നേടിയെടുക്കാം. സംസ്കാരത്തെ ആർക്കു് നിഷേധിയ്ക്കാനാവും, ഏതു കോടതിയ്ക്കു് നല്‍കാനാവും? പറഞ്ഞിട്ടെന്തു്, വിദ്യകൊണ്ടറിയേണ്ടതറിയാതെ വിദ്വാനെന്നു നടിക്കുന്ന ചിലരാണു് ഇവിടെ അധ്യാത്മവിദ്യാപ്രചാരണത്തിന്നു് ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുന്നതു്. അന്ധേനൈവ നീയമാനാ യഥാന്ധാ (കുരുടൻ കുരുടന്നു വഴികാട്ടുംപോലെ) എന്നു് കഠോപനിഷത്തിൽ പറഞ്ഞതുപോലെത്തന്നെ.

വാസ്തവത്തിൽ വളരെ എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒരു പ്രശ്നമേ ശബരിമലവഴക്കിൽ ഉണ്ടായിരുന്നുള്ളു. പത്തു വയസ്സിന്നും അന്‍പതു വയസ്സിന്നും ഇടയിലുള്ള പുരുഷന്മാർക്കും പ്രവേശനം വിലക്കിയാൽ മതി—ആചാര സംരക്ഷണവുമായി, ലിംഗസമത്വവുമായി. ആള്‍ത്തിരക്കുകൊണ്ടുള്ള പ്രശ്നത്തിന്നും നല്ലൊരു പരിഹാരമാവും. പ്രായോഗികമായും ഒരു പ്രയാസവുമില്ല. ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണു് എന്നു് സ്ത്രീകൾക്കുമാത്രമേ പറഞ്ഞുകൂടൂ എന്നില്ലല്ലോ. എന്നിട്ടുമെന്തേ ആരും ഇങ്ങിനെയൊരു നിർദ്ദേശം പോലും മുന്നോട്ടുവെച്ചില്ല?

പ്രപഞ്ചസ്രഷ്ടാവും ജ്ഞാനവും ആനന്ദവും ദയാസിന്ധവുമായ ഒരു ദൈവം കേരളീയർക്കു് അജ്ഞാതനും അസ്വീകാര്യനുമാണു്. അവർ ആരാധിയ്ക്കുന്നതു് പുരോഹിതസൃഷ്ടരും ക്ഷേത്രബദ്ധരും പ്രാണിപീഡാരതരുമായ നാനാദേവീദേവന്മാരെയാണു്. ആ ദേവന്മാരുടെ ഇഷ്ടാനിഷ്ടങ്ങൾ വേവ്വേറെ, അവരിൽനിന്നു് മനുഷ്യർക്കു് നേടാനുള്ളതു് വെവ്വേറെ, അതിന്നുള്ള പ്രതിഫലവും വെവ്വേറെ, എല്ലാം നിശ്ചയിക്കുന്നതു് പുരോഹിതന്മാരും.

ഭാഗവതപ്രോക്തമായ ഭൂതദയയ്ക്കു്, നാരായണഗുരു അരുളുന്ന അനുകമ്പയ്ക്കു്, ഇവിടെ ഒരു സ്ഥാനവുമില്ല. മറിച്ചു്, പ്രാണിപീഡനത്തിന്നു് വലിയ പ്രാധാന്യവും പ്രാമുഖ്യവുമാണു്. കാട്ടിൽക്കഴിയേണ്ട ആനകളെ ചതിക്കുഴിയിൽ വീഴ്ത്തി നാട്ടിൽ തളച്ചിട്ടു് തേവരുടെ തിടമ്പു് ചുമന്നു നടത്തുന്നതുതൊട്ടു്, ആടുകോഴികളുടെ കഴുത്തറുക്കുന്നതുവരെയുള്ള ഹിംസാവൃത്തികൾ ഭഗവാന്നു് പെരുത്തു് സന്തോഷപ്രദമാണെന്നു് ഇവിടത്തെ ഭക്തർ വിശ്വസിയ്ക്കുന്നു. ഭഗവാൻ തങ്ങളോടു് ദയ കാണിക്കണമെങ്കിൽ തങ്ങൾ സഹജീവികളോടു് ക്രൂരത കാണിക്കണമെന്നാണു് അവരുടെ ഉറച്ച വിശ്വാസം.

മദ്യപാനവും മാംസാഹാരവും ബഹുദൈവവിശ്വാസവും ഒരിയ്ക്കലും വെടിയാൻ കൂട്ടാക്കാത്ത കേരളീയർക്കു് നാരായണഗുരു ആചാര്യനല്ല, ഒരു പേരുമാത്രമാണു്—ആർക്കും സ്വന്തം ആവശ്യത്തിന്നു് ഇഷ്ടംപോലെ എടുത്തുപയോഗിയ്ക്കാവുന്ന വെറുമൊരു പേരു്, എങ്കിലും, അദ്ദേഹത്തിന്റെ സന്ദേശങ്ങളെ ദൂരതഃ പരിവർജിയ്ക്കുമ്പോഴും നാം അദ്ദേഹത്തെ വേണ്ടുവോളം ആദരിയ്ക്കുന്നുണ്ടെന്നു സമ്മതിച്ചേ തീരൂ. ഒന്നാമതു്, ശ്രീനാരായണ ജയന്തി നാം മുടങ്ങാതെ, പതിവുചടങ്ങുകളൊന്നും വിടാതെ, ആഘോഷിയ്ക്കുന്നുണ്ടു്. തക്കം കിട്ടുമ്പോഴൊക്കെ, ‘ഒരു ജാതി ഒരു മതം’ എന്നും ‘നാരായണഗുരു നവോത്ഥാനം, നവോത്ഥാനം—നാരായണഗുരു’ എന്നും ഉരുവിടാൻ നമ്മുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രമുഖർ മറക്കാറുമില്ല. ഗുരുവിന്റെ പേരിൽ ഒരു സർവകലാശാലതന്നെ നാം സ്ഥാപിച്ചുകഴിഞ്ഞു. എല്ലാറ്റിന്നും മീതേ, ഗുരുവിന്റെ കാഴ്ചപ്പാടു് ഉയർത്തിപ്പിടിച്ചുകൊണ്ടാണു് സർക്കാരിന്റെ നില്പുതന്നെ. സർക്കാർ മാറിവന്നാലും അതു് ഒട്ടും താഴ്ത്തിപ്പിടിക്കില്ലെന്നു് ഉറപ്പുമാണു്.

ഒന്നേ ഒരു കുറവു പറയാനുള്ളു. ഗുരുവിന്റെ ഔന്നത്യത്തിന്നൊത്ത ഒരു പ്രതിമ നാം ഇതുവരെ സ്ഥാപിച്ചിട്ടില്ല. പ്രവാസിമലയാളികള്‍കൂടി തുണച്ചാൽ (തുണക്കാതിരിക്കില്ല) പട്ടേൽ പ്രതിമയുടെ പത്തിരട്ടി വലിപ്പത്തിൽ നമുക്കൊരു നാരായണപ്രതിമ നാട്ടാനാവും. അതിന്റെ ഉള്ളു് പൊള്ളയാക്കുക കൂടി ചെയ്താൽ നിർമ്മാണച്ചെലവു് ചുരുക്കാമെന്നുമാത്രമല്ല, ബീവറേജ് കോർപ്പറേഷൻ പോലുള്ള സർക്കാർ സ്ഥാപനങ്ങൾ അതിന്നുള്ളിൽ പ്രവർത്തിപ്പിച്ചു് സ്ഥലവും ലാഭിയ്ക്കാം.

ഇതിലെല്ലാം ഉചിതം ഗുരുവിന്റെ കൃതികളിൽ ചിലതു് നമ്മുടെ വിദ്യാലയങ്ങളിൽ പഠിപ്പിക്കുകയല്ലേ എന്നു് ചുരുക്കം ചില ശുദ്ധാത്മാക്കൾക്കു് തോന്നിക്കൂടായ്കയില്ല. അതുകൊണ്ടുണ്ടാകാവുന്ന സാമൂഹ്യപ്രത്യാഘാതത്തെപ്പറ്റി അവർക്കുണ്ടോ വല്ല ബോധവും! എന്തായാലും നമ്മുടെ സർക്കാരുകൾക്കു് അങ്ങിനെയൊരബദ്ധം പറ്റിപ്പോവില്ല. അല്ലെങ്കിലും, ഗുരുസ്മരണയ്ക്കു് പ്രതിമകളുള്ളപ്പോൾ പുസ്തകപാരായണമെന്തിനു്?

അങ്ങിനെ കേരളീയ സമൂഹത്തെ കുറ്റപ്പെടുത്താൻ വരട്ടെ. ഒരു ജാതി എന്നാൽ ഈഴവന്‍, നമ്പൂതിരി, നായർ എന്നിങ്ങനെ പല ജാതികളില്ല എന്നർത്ഥം; ഒരു മതം എന്നാൽ ക്രിസ്തുമതം, ഇസ്ലാംമതം, ഹിന്ദുമതം എന്നിങ്ങനെ പലതില്ല എന്നും. അങ്ങിനെ ജാതിമതഭേദമെന്യേ ഏവരും സോദരത്വേന വാഴുന്ന ഒരു സമൂഹമാണു് ഗുരു ഉദ്ദേശിച്ചതു്. ഈ ഇന്ത്യാരാജ്യത്തു് അങ്ങിനെയൊരു സമൂഹമുള്ളതു്, ദൈവത്തിന്നു് സ്വന്തമെന്നവകാശപ്പെടാൻമാത്രം ആകെയുള്ള ഒരു നാടായ ഈ കേരളത്തിലല്ലാതെ മറ്റെവിടെ?

ഈ അർത്ഥത്തിൽ ആ ഗുരുവാക്യം മാനവരാശിയ്ക്കു് നല്‍കാവുന്ന അത്ര വലിയ സന്ദേശമൊന്നുമല്ല എന്നു പറയേണ്ടിവരും. കാരണം, ജാതിഭേദമില്ലാതായാൽ അതു സംബന്ധിച്ച അസമത്വവും അനീതികളുംമാത്രമേ നീങ്ങിക്കിട്ടൂ, മതഭേദമില്ലാതായാൽ മതങ്ങൾ തമ്മിലുള്ള കലഹങ്ങളും, മനുഷ്യനും മനുഷ്യനും തമ്മിലുള്ള മത്സരങ്ങൾക്കും കലഹങ്ങൾക്കും പോരാട്ടങ്ങൾക്കും മറ്റും അപ്പോഴും ഒരു കുറവുമുണ്ടാവില്ല. ഒരേ ക്ഷത്രിയജാതിക്കാർ തമ്മിൽ യുദ്ധങ്ങളുണ്ടായിട്ടില്ലേ, ഒരേ മതാവലംബികൾ തമ്മിൽ ലോകമഹായുദ്ധങ്ങളുണ്ടായിട്ടില്ലേ?

രാഷ്ട്രീയപ്രബുദ്ധതയും നവോത്ഥാനമൂല്യബോധവും പുരോഗമനചിന്തയും കുറച്ചേറെയുള്ള നമുക്കു്, കേരളീയർക്കു്, വിശേഷിച്ചും ഒഴിവാക്കാനാവാത്ത മറ്റൊന്നുകൂടിയുണ്ടു്—പാർട്ടിക്കൊലകൾ. ജീവികളെ കൊല്ലരുതു് എന്നല്ലാതെ തിന്നരുതെന്നു് ബുദ്ധൻ പറഞ്ഞിട്ടില്ലാത്തതിനാൽ ചില ബുദ്ധസന്യാസിമാർ മാംസം കഴിക്കാറുണ്ടത്രെ. അതുപോലെ, നാരായണഗുരു ഒരു ജാതി, ഒരു മതം എന്നല്ലാതെ ഒരു പാർട്ടി എന്നു പറഞ്ഞിട്ടില്ലാത്തതിനാൽ മനുഷ്യർക്കു് പാർട്ടി പലതാവാം, അവ തമ്മിൽ മത്സരവും കലഹവുമാവാം, എതിര്‍പാർട്ടിക്കാരനെ അഥവാ സ്വന്തം പാർട്ടിയ്ക്കു് എതിരായി പ്രവർത്തിയ്ക്കുന്നവനെ, ഒരു കൈകൊണ്ടു് നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ, മറ്റേ കൈകൊണ്ടു് കുത്തിമലർത്തി കുടല്‍മാല പുറത്തുചാടിക്കാം, അതൊക്കെ വെറും സംഭവങ്ങള്‍, തലയ്ക്കു് തേങ്ങ വീണു് മനുഷ്യർ ചാവുംപോലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങൾ മാത്രം, അതിന്റെ പേരിൽ പാർട്ടിവിശ്വാസ നിർമ്മാർജനനിയമമൊന്നും കൊണ്ടുവരേണ്ടതില്ല എന്നൊക്കെയാണു് പ്രബുദ്ധ കേരളീയരുടെ നിലപാടു്. പക്ഷേ, കൊലയ്ക്കിരയായവന്റെ അച്ഛനമ്മമാർക്കും ഭാര്യാമക്കൾക്കും അങ്ങിനെ സമാധാനിയ്ക്കാനാവുമോ? മനുഷ്യരല്ലേ അവര്‍?

അപ്പോൾ സമുദായത്തിൽ ശാന്തിയും സമാധാനവും പുലരാൻ എന്തു വഴി?

ഒരൊറ്റ വഴിയേയുള്ളു—മനുഷ്യധർമ്മങ്ങളിൽ ആദ്യത്തെതായി പൂർവാചാര്യന്മാർ നിർദ്ദേശിതും നാരായണഗുരു ആവർത്തിച്ചതുമായ അഹിംസ. മഹാഭാരതം അതു് വിവരിയ്ക്കുന്നു.

ന തത് പരസ്യ സന്ദധ്യാത്

പ്രതികൂലം യദാത്മനഃ

ഏഷ സംക്ഷേപതോ ധര്‍മഃ

കാമാദന്യഃ പ്രവർത്തതേ.

തനിയ്ക്കു് അഹിതമായതു് മറ്റാരോടും കാട്ടരുതു്. ചുരുക്കത്തിൽ ഇതാണു് ധര്‍മം. മറിച്ചു ചെയ്യുന്നതു കാമംകൊണ്ടാണു്.

വ്യക്തികൾ ചെയ്യുന്നതെന്തും ലോകഹിതത്തിന്നുവേണ്ടിയാവണമെന്നുകൂടി മഹാഭാരതം നിഷ്കർഷിക്കുന്നുണ്ടു്. ‘ലോകസംഗ്രഹമേവാപി സംപശ്യൻ കര്‍തുമർഹസി’. ‘അവനവനാത്മസുഖത്തിനാചരിപ്പൊന്നവയപരന്നു സുഖത്തിനായ് വരേണം,’ എന്നു് നാരായണഗുരു ഇതു് മലയാളത്തിൽ പകർത്തിത്തന്നിട്ടുമുണ്ടു്. ഈ ഗുരുവാക്യത്തിന്റെ പൊരുളറിയാൻ അപര ശബ്ദത്തിന്റെ അർത്ഥ വ്യാപ്തിയും ഗരിമയും കണ്ടറിയേണ്ടതുണ്ടു്. അന്യൻ എന്ന അർത്ഥത്തിലാണു് ഈ പദം പ്രായേണ പ്രയോഗിയ്ക്കുന്നതു്. അതേ അർത്ഥത്തിൽ ഏറെ പ്രചാരമുള്ള മറ്റൊരു പദമാണു് ‘പരന്‍’. അതിന്നു് ശത്രു എന്നും അർത്ഥമുണ്ടു്. അന്യത്വബോധമാണു് ശത്രുത്വബോധത്തിന്നു് ഹേതു എന്നതാണു് അതിലെ തത്ത്വം. പക്ഷേ, അപരന്നു് ശത്രു എന്നു് അർത്ഥമില്ല. കാരണം, അതു് അ-പരനാണു്, അന്യനല്ലാത്തവനാണു്, താന്‍തന്നെയാണു്. അർത്ഥാൽ, അന്യനെന്നു വ്യവഹരിയ്ക്കുമ്പോഴും പരമാർത്ഥത്തിൽ അന്യനല്ലാത്തവന്‍, സ്വാത്മാവു്, എന്ന അർത്ഥമാണു് ആ പദം കുറിക്കുന്നതു്. കര്‍മം ലോകസംഗ്രഹാർഥമാവണമെങ്കിൽ ഈയൊരു ബോധം ആവശ്യമാണു്. ചുരുക്കത്തിൽ, ഉപനിഷത്തുകളിലും ഭഗവദ്ഗീതയിലും ബഹുധാ ഗീതവും ശങ്കരാചാര്യർ പുനഃപ്രതിഷ്ഠിച്ചതുമായ അദ്വൈതദർശനവും അതിന്റെതന്നെ പ്രായോഗിക രൂപമായ കർമയോഗവുമാണു് ഈ ഗുരുവാക്യത്തിൽ നിർദ്ദിഷ്ടമായിരിക്കുന്നതു്. അതുകൊണ്ടു്, ശങ്കരാചാര്യരെ തള്ളി ഗുരുവെ കൈവരിയ്ക്കാമെന്നു കരുതുന്നവർ ശങ്കരാചാര്യരെയും മനസ്സിലാക്കീട്ടില്ല, നാരായണഗുരുവെയും മനസ്സിലാക്കീട്ടില്ല.

images/Sunil_P_ilayidom.jpg
സുനിൽ പി. ഇളയിടം

എന്നാൽ, ‘ഏകത്തെക്കുറിച്ചുള്ള ധ്യാനാത്മകജ്ഞാനത്തിൽ സമ്പന്നമായിരിക്കുകയും ആ അറിവിനോടു് അഗാധമായ ഹൃദയബന്ധം പുലർത്താതിരിയ്ക്കുകയും ചെയ്ത അഥവാ അറിവിന്നു് അനുഭവമൂല്യമെന്ന നിലയിൽ നിലനിൽപ്പു് ഇല്ലാതിരുന്ന’ അതുകൊണ്ടുതന്നെ അതു് ‘നിഷ്പ്രയോജകവും നിരർത്ഥകവുമായിത്തീർന്ന.’ ‘സത്യത്തോടുള്ള രാഗബദ്ധതയില്ലായ്മയിൽ സത്യം താർക്കിക സംവർഗമായി ചുരുങ്ങിയ’ ഒരു കാലമാണു് ഗുരുവിന്നു മുന്‍പുണ്ടായിരുന്നതെന്നും, അദ്ദേഹമാണു് ‘പരമ്പരാഗതമായ അദ്വൈതഭാവനയുടെ അതിഭൗതികതയെയും കേവലതയെയും ഭേദിച്ചു് അതിനെ ഭാവപരമായി പുനർവിഭാവനം ചെയ്തതെ’ന്നും ഈയിടെ ഒരു പ്രശസ്തലേഖകൻ വാദിച്ചുകണ്ടു (2023 ജനുവരി 1-ലെ മാതൃഭൂമി ആഴ്ചപതിപ്പിൽ ശ്രീ. സുനിൽ പി. ഇളയിടം). ഈ വാദത്തിന്റെ പൂർവാർധത്തെ ഗുരു നേരത്തെതന്നെ തിരസ്കരിച്ചുവെച്ചിരിക്കുന്നു. അനുകമ്പാദശകത്തിൽ അനുകമ്പാശാലികളുടെ പരമമാതൃകകളായി, അനുകമ്പാമൂർത്തികളായി, എടുത്തുപറഞ്ഞ ആദ്യത്തെ മൂന്നുപേർ കൃഷ്ണനും ബുദ്ധനും ശങ്കരാചാര്യരുമാണു്. അപ്പോള്‍, ഏകത്വബോധത്തോടു് ഹൃദയബന്ധം പുലർത്താത്ത, അദ്വൈതവാദത്തിന്റെ താർക്കികതയിൽ കുടുങ്ങിക്കിടന്ന ഒരാളെയാണു് ഗുരു അനുകമ്പാമൂർത്തിയായിക്കണ്ടതു്. അതിഭൗതികതയും അനുഭവമൂല്യവും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന്നു് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നാവും ഇതിലെ ധ്വനി.

അങ്ങിനെ കരുതുന്നവർ അങ്ങിനെ കരുതട്ടെ. എന്നാൽ, ‘സരളാദ്വയഭാഷ്യകാരനാം ഗുരു’ എന്നു് ശങ്കാരാചാര്യരെ വിശേഷിപ്പിച്ച നാരായണഗുരു ആ ഭാഷ്യരചന മുന്‍നിർത്തിയാണു് അദ്ദേഹത്തെ കരുണാമൂർത്തിയായും ഗുരുവായും കണ്ടതു്, ആ ഭാഷ്യരചനയിൽ അദ്ദേഹം കണ്ടതു് അതിഭൗതികതയോ താർക്കികതയോ ഒന്നുമല്ല ലോകാനുകമ്പയാണു് എന്നു വ്യക്തമാണു്. അതെങ്ങിനെയെന്നു് ആരായുകയാണു് ഗുരുവചനത്തിന്റെ പൊരുളറിയാനുള്ള നേർവഴി. (കൂട്ടത്തിൽ ‘പരമാർത്ഥമുരച്ചു തേർവിടും പൊരുളോ’ എന്നെഴുതിയ ഗുരു ഗീതയിൽ കണ്ടതു് ലോകാനുകമ്പയാണെന്നും വ്യക്തം. എന്നാൽ, ഗീതയിൽ അഹിംസ കണ്ട മഹാത്മാഗാന്ധി അതിലില്ലാത്തതു് ഉണ്ടെന്നു പറഞ്ഞ ആളാണെന്നു് ഇതേ ലേഖകൻ ഒരു പ്രഭാഷണത്തിൽ പറഞ്ഞതായോർക്കുന്നു. ഗീതയിൽ അഹിംസ കണ്ട ഗാന്ധിജി അസത്യദർശിയാണെങ്കിൽ, അനുകമ്പ കണ്ട ഗുരുവും അസത്യദർശിതന്നെയല്ലേ?)

അവനവനാത്മസുഖത്തിന്നാചരിപ്പൊന്നവയപരന്നുസുഖത്തിനായ് വരേണം എന്ന മൊഴി ‘ലോകസംഗ്രവമേവാപി സമ്പശ്യൻ കർത്തുമർഹസി’ എന്ന ഗീതാവാക്യത്തിന്റെ പരാവർത്തനമാണെന്നു് നേരത്തെ ചൂണ്ടിക്കാട്ടിയല്ലോ. ലോകസേവനബുദ്ധിയോടെയുള്ള ഈ സ്വധർമ്മാചരണത്തെയാണു് ഗീത കർമയോഗം എന്നു വിളിയ്ക്കുന്നതു്. അതു് സ്വാപരഭേദം ഉറച്ചുപോയവർക്കു് ഒരിക്കലും സാധ്യമാവില്ല, അതിന്നു് ഏകാത്മകതാബോധം കൂടിയേ കഴിയൂ. അമ്മയച്ഛന്മാർ സ്വാർഥം വെടിഞ്ഞും സന്താനങ്ങളുടെ ഹിതത്തിന്നുവേണ്ടി പ്രയത്നിക്കുന്നതു്, അവരുടെ സുഖദുഃഖങ്ങൾ തങ്ങളുടെയും സുഖദുഃഖങ്ങളായി അനുഭവപ്പെടാൻമാത്രം അവരുമായി താദാത്മ്യം പ്രാപിയ്ക്കുന്നതുകൊണ്ടാണല്ലോ. അതുപോലെ, അപരഹിതത്തിന്നുവേണ്ടി പ്രയത്നിയ്ക്കണമെങ്കിൽ അവരുമായി താദാത്മ്യം പ്രാപിയ്ക്കേണ്ടതുണ്ടു്, ഏകതാബോധം കൈവരിയ്ക്കേണ്ടതുണ്ടു്. അതുകൊണ്ടു് ഏകാത്മകത ബോധിപ്പിക്കാതെ കർമയോഗം ഉപദേശിച്ചിട്ടു് കാര്യമില്ല—കർമയോഗത്തിന്റെ അടിത്തറയാണു് ജ്ഞാനയോഗം. അതുകൊണ്ടാണു് ആചാര്യന്മാർ പ്രായേണ ജ്ഞാനയോഗോപദേശത്തിന്നു ശേഷം കർമയോഗം ഉപദേശിയ്ക്കുന്നതു്. ഉദാഹരണത്തിന്നു്, ഈശാവാസ്യോപനിഷത്തിലെ പ്രഥമമന്ത്രത്തിന്റെ പൂർവാർധം ജ്ഞാനയോഗസൂചകവും ഉത്തരാർധം കർമയോഗസൂചകവുമാണല്ലോ. യുദ്ധസന്ദർഭത്തിൽ ഉപദേശിയ്ക്കപ്പെട്ട ഭഗവദ്ഗീതയിൽപ്പോലും സാംഖ്യ (ജ്ഞാന) യോഗം കഴിഞ്ഞാണു് കർമയോഗം വരുന്നതു്. ഇതേ ക്രമം പിൻതുടർന്നുകൊണ്ടു് നാരായണഗുരു ആത്മോപദേശശതകത്തിന്റെ ആദ്യത്തെ ഇരുപത്തൊന്നു ശ്ലോകങ്ങളിൽ ജ്ഞാനയോഗം വേണ്ടത്ര വിസ്തരിച്ചുകഴിഞ്ഞിട്ടാണു്, തുടർന്നുള്ള മൂന്നു ശ്ലോകങ്ങളിൽ കർമയോഗം ചുരുക്കിപ്പറഞ്ഞിരിയ്ക്കുന്നതു്. അവിടെത്തന്നെ 24-ാം ശ്ലോകത്തില്‍:

‘അവനിവന്നെറിയുന്നതൊക്കെയോർത്താലവനിയിലാദിമമാമൊരാത്മരൂപം’ എന്ന ജ്ഞാനയോഗോപദേശം കഴിഞ്ഞാണു് ‘അവനവനാത്മസുഖത്തിനാചരിപ്പൊന്നവയപരന്നു സുഖത്തിനായ് വരേണം.’ എന്ന കർമയോഗോപദേശം. ആ പൂർവാർധത്തെ അവഗണിച്ചുകൊണ്ടുള്ളഉത്തരാർധവ്യാഖ്യാനം അനാർജവദുഷ്ടമാണു്, ഗുരുവോടു കാണിക്കുന്ന നെറികേടാണു്.

ലോകസംഗ്രഹാർത്ഥമുള്ള കർമാനുഷ്ഠാനത്തിൽ ആത്മബോധത്തിന്നുള്ള ഈ അനിവാര്യതകാരണമാണു്, ആളുകൾ യാഗാദികർമ്മങ്ങളിൽ ഭ്രമിച്ചുവശായ ഒരു കാലത്തു് ശങ്കരാചാര്യർ ജ്ഞാനയോഗത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞതും വിപരീതമതങ്ങളെ യുക്തിയുക്തം ഖണ്ഡിച്ചതും. അതിന്നു പിന്നിലെ ലോകാനുഗ്രഹബുദ്ധി കണ്ടറിഞ്ഞതുകൊണ്ടാണു് നാരായണഗുരു അദ്ദേഹത്തെ ബുദ്ധനൊപ്പം കരുണാമൂർത്തിയായി വാഴിച്ചതു്.

ഈ ആത്മബോധം ഉറച്ചവന്റെ ഏതു കർമവും സ്വാഭാവികമായും ലോകസംഗ്രഹാർത്ഥമായിരിക്കും, കർമയോഗമായിരിക്കും. ഇതോർക്കാത്തതുകൊണ്ടാണു്, ‘ആത്മവും ബ്രഹ്മവും തമ്മിലുള്ള ഏകീഭാവത്തിൽനിന്നു് ആത്മവും അപരവും തമ്മിലുള്ള ഏകീഭാവത്തിന്റെ വഴിതിരിയലിന്റെ കേന്ദ്രത്തിലാണു് ഗുരു അനുകമ്പയെ പ്രതിഷ്ഠിച്ചതു് ’ എന്നു് ശ്രീ. ഇളയിടം എഴുതിക്കാണുന്നതു്. ആത്മാവും ബ്രഹ്മവുമായുള്ള ഏകീഭാവത്തിൽ, ആത്മബോധോദയത്തിൽ, സ്വാപരഭേദംതന്നെ മാഞ്ഞുപോകും, മറ്റു വാക്കുകളിൽ, ആത്മാവും ബ്രഹ്മവും തമ്മിലുള്ള ഏകീഭാവത്തിൽ അന്തർഭൂതമാണു് ആത്മാവും അപരനും തമ്മിലുള്ള ഏകീഭാവം. അതുകൊണ്ടു്, അദ്വൈതിയായ നാരായണഗുരു ഇവിടെയൊരു വഴിതിരിവിന്നും ഇടം കാണാനിടയില്ല, (ആത്മൻ അഥവാ ആത്മാ എന്നല്ലാതെ ആത്മം എന്നൊരു പദം കേട്ടുപരിചയമില്ലാത്തതുകൊണ്ടാണു് ഇവിടെ മലയാളരീതിക്കു് ആത്മാവു് എന്നെഴുതിയതു്, അപരന്നു് എന്നോ അപരന്റെ എന്നോ അല്ലാതെ അപരത്തിന്നു് എന്നോ അപരത്തിന്റെ എന്നോ ആത്മോപദേശശതകത്തിൽ ഒരിടത്തും എഴുതിക്കാണാനില്ലാത്തതുകൊണ്ടു് അപരൻ എന്നും. ആത്മോപദേശ ശതകത്തിന്റെ താക്കോൽവാക്കു് അപരം ആണെന്നു് ലേഖകൻ പറയുന്നുണ്ടെങ്കിലും അങ്ങിനെയൊരു വാക്കു് അതിൽ എവിടെയെങ്കിലുമുണ്ടോ എന്നു സംശയമാണു്. അപരനോ അപരമോ ഒന്നുമല്ല, അറിവാണു് അതിലെ കേന്ദ്രവിഷയം എന്നു് അതു് ഒരാവർത്തിയെങ്കിലും മുഴുവൻ വായിച്ച ആർക്കും ബോധ്യമാകുന്നതുമാണു്).

ലോകസംഗ്രഹാർത്ഥമല്ലാതുള്ള കർമാനുഷ്ഠാനത്തെപ്പറ്റി ഗുരു പറയുന്നതിനെ ഒരു നവദർശനമെന്നോണം ലേഖകൻ അവതരിപ്പിയ്ക്കുന്നതു നോക്കുക. ‘അപരത്തിനായുള്ള കരുതലാണു് അനുകമ്പയുടെ, കൃപാലുതയുടെ, കാതലെ’ന്നും അദ്ദേഹം പറയുന്നുണ്ടു്:

‘അപരനുവേണ്ടിയഹര്‍നിശം പ്രയത്നം

കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു

കൃപണനധോമുഖനായ് കിടന്നു ചെയ്യു-

ന്നപജയമവന്നു വേണ്ടിമാത്രം’

എന്നു് ആത്മോപദേശ ശതകത്തിൽ നിർദ്ദേശിയ്ക്കുന്നതു് ഇക്കാര്യമാണു്. അപരത്തിലേക്കു് ഉൻമുഖമാവാത്ത പ്രവൃത്തിയെ ആത്മവിരോധിയെന്നും അപരഹിംസയെ നരകത്തിലേക്കുള്ള സഞ്ചാരമെന്നും ഗുരു വിധിക്കുന്നു. അതിഭൗതികവും അമൂർത്തവുമായി നിന്ന ഒരു കേവലത്ത്വത്തെ നൈതികവും അനുഭാവികവുമായ ജീവിതമൂല്യമായി പരിഭാഷപ്പെടുത്തുകവഴിയാണു് ഗുരു അദ്വൈതവാദത്തിന്റെ ബ്രാഹ്മണാധിപത്യപരമായ ഉള്ളടക്കത്തെ മറികടന്നതു്. ‘ഭുഞ്ജതേ തേ ത്വഘം പാപാ യേ പചന്ത്യാത്മകാരണാത്’ എന്ന ഗീതാവാക്യത്തെ തെല്ലൊന്നു് വിസ്തരിക്കുകയാണു് ഗുരു ഇവിടെ ചെയ്തിട്ടുള്ളതു്. അതുകൊണ്ടു ഇവിടെ വല്ല മറികടക്കലുമുണ്ടെങ്കിൽ അതു് വ്യാസൻ പണ്ടേ ചെയ്തുകഴിഞ്ഞതാണെന്നും വരും.

ഇപ്പറഞ്ഞ ബ്രാഹ്മണാധിപത്യത്തെ ലേഖകൻ വേറെ ചിലേടത്തും എടുത്തുപറയുന്നുണ്ടു്. ഉദാ: ‘അദ്വൈതവാദത്തിന്റെ താർക്കികതയിൽനിന്നു് അദ്വൈതാനുഭൂതിയെ ഗുരു എങ്ങനെ പുറത്തു കൊണ്ടുവന്നു എന്നു് പരിശോധിച്ചാൽ, ഏകത്തെ മുന്‍നിർത്തിയുള്ള ബ്രാഹ്മണ്യത്തിന്റെ അതിഭൗതികതയിൽ നിന്നു് ഗുരുവിന്റെ അദ്വൈതദർശനം വിടുതി നേടുന്നതു് വ്യക്തമാവും.’ ഈ ബ്രാഹ്മണ്യം വിദ്യാവിനയസമ്പന്നതയാവില്ല, പൗരോഹിത്യമാവണം. അതിന്നാകട്ടെ, അദ്വൈതത്തോടു് ഒരു ബന്ധവുമില്ല. നാനാത്വത്തിലാണു് അതിന്റെ നിലനില്പും വളര്‍ച്ചയും. ഓരോ മനുഷ്യന്നും ഓരോ ആത്മാവു്, അവയ്ക്കു് വേണ്ടതെന്തും, ഇഹലോകഭോഗൈശ്വര്യങ്ങള്‍തൊട്ടു് സ്വർഗ-വൈകുണ്ഠ ലോകപ്രാപ്തിവരെ, നിറവേറ്റിക്കൊടുക്കാൻ വേണ്ട മന്ത്രതന്ത്രങ്ങളും യാഗാദികർമ്മങ്ങളും തങ്ങൾക്കധീനം എന്നു് പൊതുജനത്തെ വിശ്വസിപ്പിച്ചു് പ്രതിഫലം പറ്റുന്നവരാണു് പുരോഹിതന്മാർ—നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ മോഹനവാഗ്ദാനങ്ങൾ നൽകി അധികാരം കൈപ്പറ്റി സ്വന്തം തടി വീർപ്പിക്കുന്ന പാർട്ടി നേതാക്കന്മാരുടെ താളിയോലപ്പതിപ്പുകൾ. വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനിലും പശുവിലും ആനയിലും പട്ടിയിലും പട്ടിയിറച്ചിത്തീനിയിലും സ്വാത്മാവിനെ കാണുന്നവരാണു് അദ്വൈതികള്‍, പൂര്‍വ്വജന്മകർമ്മങ്ങൾക്കൊത്തു് നാനായോനിയിൽ പിറന്ന പുണ്യാത്മാക്കളോ പാപാത്മാക്കളോ ആണു് അവർ എന്നാണു് പുരോഹിതൻ വിശ്വസിപ്പിയ്ക്കുന്നതു്. പൗരോഹിത്യത്തിന്നു് ജനതയിലുള്ള സ്വാധീനമാണു് ഇവിടെ അദ്വൈതബോധവും തജ്ജന്യമായ കർമയോഗവും നഷ്ടപ്പെട്ടുപോവാൻ കാരണംതന്നെ. എന്തിന്നേറെ, പുരോഹിതന്മാർ രക്തത്തിൽ കുത്തിവെച്ച നാനാത്മവിശ്വാസത്തിൽ നിന്നും ബഹുദൈവവിശ്വാസത്തിൽനിന്നും നവോത്ഥായികളെന്നഭിമാനിയ്ക്കുന്നവർ പോലും മുക്തരായിട്ടില്ല. പൗരോഹിത്യത്തെ വാക്കുകൊണ്ടു് ധിക്കരിക്കുമ്പോഴും അവർ മാനസികമായി അതിന്നു് എത്രമാത്രം അടിമകളാണെന്നു് അടുത്ത കാലത്തുപോലും തെളിയിച്ച സംഭവമാണു് ശബരിമലവിവാദം. ഒന്നല്ല, ഒരായിരം ക്ഷേത്രങ്ങൾ വിലക്കു കല്പിച്ചാലും ഒരദ്വൈതിയ്ക്കു് അതു് ആരാധനാസ്വാതന്ത്ര്യനിഷേധമായി തോന്നുകയില്ല. കാരണം, ആഗ്രഹങ്ങൾ കെട്ടിക്കിടക്കുന്ന മനസ്സോടെ ദേവന്മാർ ചെയ്യുന്ന ആരാധനകൾകൊണ്ടുപോലും ഭഗവാൻ സർഭൂതദയകൊണ്ടെന്നപോലെ പ്രസാദിയ്ക്കുന്നില്ല എന്ന ഭാഗവതവചനം ഉള്ളിലലിഞ്ഞുചേർന്നവനാണു് അയാൾ. അയാളുടെ ഭഗവാൻ പുരോഹിതൻ ഒരിടത്തു് തളച്ചിട്ടവനല്ല, ഭാഗവതം പറയുംപോലെ ഏകനും സർഭൂതങ്ങളുടെയും അന്തരാത്മാവുമാണു്. അയാളുടെ ഈശ്വരാരാധന ഒരു ചടങ്ങല്ല, സർവഭൂതദയയെന്ന സംസ്കാരമാണു്—ഒരു ശക്തിക്കും വിലക്കാനാവാത്തതും ഒരു കോടതിയ്ക്കും നല്‍കാനാവാത്തതുമായ ഒരു സംസ്കാരം. മറിച്ചു്, പുരോഹിതപ്രതിഷ്ഠിതരായ നാനാദേവീദേവന്മാരുടെ പ്രീതി സമ്പാദിക്കാൻ പുരോഹിത നിർദ്ദിഷ്ടമായ ചടങ്ങുകളനുഷ്ഠിയ്ക്കലാണു് ഈശ്വരാരാധന എന്നുറച്ചു് വിശ്വസിച്ചു്, അവരിലൊരു ദേവതയെ പുരോഹിതർ പ്രതിഷ്ഠിച്ചേടത്തുതന്നെ ചെന്നു കണ്ടു് ആരാധിപ്പാനുള്ള അനുമതിയ്ക്കുവേണ്ടി കോടതി കയറിയവരെ പിൻതുണക്കാൻ ഉത്സാഹിച്ചിറങ്ങിയവരാണു് നമ്മുടെ നവോത്ഥായികളായ ബുദ്ധിജീവികൾ (കൂട്ടത്തിൽ ചില അദ്വൈതാചാര്യന്മാരും!) കഴുത്തറ്റം പുരോഹിത സ്വാധീനത്തിൽ മുങ്ങി നിൽക്കുന്നവർ. അതേതായാലും, ഒരദ്വൈതിയ്ക്കു് ബ്രാഹ്മണാധിപത്യത്തെ മറികടക്കേണ്ട ആവശ്യമേ വരുന്നില്ല. ബ്രാഹ്മണസ്വാധീനനായ ആരും അദ്വൈതിയാവുകയുമില്ല.

വാസ്തവത്തിൽ, ചിരന്തനമായ ആർഷദർശനത്തിൽനിന്നു് വേറിട്ടൊന്നുമല്ല ഗുരുദർശനം. എന്നാൽ മദ്യവർജനത്തെ മനുഷ്യധർമമായി അവതരിപ്പിച്ചതിലും പ്രാണിഹത്യയെക്കാൾ വലിയ പാപമാണു് മാംസഭോജനം എന്നനുശാസിച്ചതിലും ഒരപൂർവതയുണ്ടു്. ഇതുരണ്ടിനും നേർക്കു് ചെവിയടച്ചു പിടിച്ചുകൊണ്ടാണു് നമ്മുടെ നവോത്ഥായികളായ ബുദ്ധിജീവികളുടെ നില്പു്. ആർക്കു വേണം അപ്രിയസത്യം?

ആലോചിച്ചുനോക്കുക: പൊതുഹിതമോർത്തുമാത്രം എന്തും ചെയ്യുന്ന ഒരാൾ പല ജാതിമതാദികളിൽ വിശ്വസിയ്ക്കുന്നുവെന്നിരിയ്ക്കട്ടെ, ഞാൻ ഹിന്ദു, നായർ, ശിവഭക്തൻ എന്നു് ഉറച്ചുവിശ്വസിയ്ക്കുമ്പോഴും അയാൾ താൻ ചെയ്യുന്നതെന്തും മറ്റുള്ളവർക്കു് ഗുണപ്രദമാവണമെന്നു നിഷ്കർഷിയ്ക്കുന്നുവെന്നിരിയ്ക്കട്ടെ. സമുദായത്തിനു് അയാളെക്കൊണ്ടു് ഗുണമല്ലാതെ ദോഷം വല്ലതും വരുമോ? മറിച്ചു്, ഒരു ജാതി ഒരു മതം എന്നു്, അതും കടന്നു് ജാതിയും വേണ്ട മതവും വേണ്ട എന്നു വിശ്വസിയ്ക്കുന്ന ഒരാൾ തനിയ്ക്കു് തന്റെ കാര്യം, ജീവിത സമരത്തിൽ ശേഷിയുള്ളതു് അവശേഷിയ്ക്കും, അതുകൊണ്ടു് മത്സരിച്ചു മുന്നേറുക, തടസ്സങ്ങൾ തട്ടിമാറ്റുക എന്നുറച്ചു് എന്തും ചെയ്യാൻ തയ്യാറായാൽ അയാളെക്കൊണ്ടു് സമുദായത്തിന്നു് ദേഷമല്ലാതെ ഗുണം വല്ലതുമുണ്ടോ? മനുഷ്യകർമ്മങ്ങൾക്കു് ലോകസംഗ്രഹം മാത്രം പ്രചോദനമായ ഒരു സമൂഹത്തിൽ ആയിരം ജാതികളുണ്ടായാലെന്തു്, പതിനായിരം മതങ്ങളുണ്ടായാലെന്ത്? അപ്പോൾ. ഒരു ജാതി ഒരു മതം എന്നതോ, ‘അവനവനാത്മസുഖത്തിനാചരിപ്പൊന്നവയപരന്നു സുഖത്തിനായ് വരേണം’ എന്നതോ ഗുരുവിന്റെ മഹത്തരമായ സന്ദേശം?

മാത്രമല്ല, ഒരു ജാതി ഒരു മതം എന്ന വാക്യത്തിൽ സൂചിതമായ സമത്വസഹോദര്യങ്ങൾ മനുഷ്യസമുദായത്തിലൊതുങ്ങുന്നതാണു്. ഗുരുദർശനത്തിലെ സമത്വസാഹോദര്യങ്ങളാകട്ടെ, സര്‍വ്വഭൂതങ്ങളിലും ആത്മാവിനെയും ആത്മാവിൽ സർവഭൂതങ്ങളെയും കാണുക എന്നു് ഗീത ആവർത്തിച്ചുപദേശിയ്ക്കുന്ന സമദർശിതയാണു്. ജീവകാരുണ്യ പഞ്ചകവും അനുകമ്പാ ദശകവും വായിച്ചിട്ടുള്ള ആർക്കും ഇതിൽ ഒരു സംശയവുമുണ്ടാവില്ല. ജീവകാരുണ്യ പഞ്ചകത്തിലെ ആദ്യശ്ലോകം.

എല്ലാവരുമാത്മസഹോദരരെ-

ന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം

കൊല്ലുന്നതുമെങ്ങനെ ജീവികളെ-

ത്തെല്ലും കൃപയറ്റു ഭുജിക്കയതും.

അനുകമ്പാദശകത്തിലെ ആദ്യശ്ലോകം:

ഒരു പീഡയെറുമ്പിനും വരു-

ത്തരുതെന്നുള്ളനുകമ്പയും സദാ

കരുണാകര നല്‍കുകുള്ളിൽ നിന്‍

തിരുമെയ് വിട്ടകലാത ചിന്തയും.

ഈ അനുകമ്പ മനുഷ്യവർഗത്തിൽ ഒതുങ്ങുന്നതോ ഒതുക്കേണ്ടതോ അല്ലെന്നു്, തുടക്കത്തിൽത്തന്നെ എറുമ്പിനെ എടുത്തുപറഞ്ഞതിൽനിന്നു് വ്യക്തമാണല്ലോ. എന്നിട്ടും, ജാതിവിമർശനത്തിന്റെ കേന്ദ്രസങ്കല്പനം കൂടിയായി ഏകഭാവനയെ വികസിപ്പിക്കുകയാണു് ഗുരു ചെയ്യുന്നതെന്നു് ശ്രീ. ഇളയിടം വാദിക്കുന്നു. ഗുരുവിന്റെ സർഭൂതാശ്ലേഷിയായ അനുകമ്പയെ ജാതിവിമർശനത്തിലേയ്ക്കു് സങ്കോചിപ്പിച്ചുവെക്കുന്നതിലാണു് അദ്ദേഹത്തിന്നു് കൃതാർത്ഥത! ജാതിയെന്തെന്നുപോലും അറിയാത്ത രാജ്യങ്ങളിൽ അനുകമ്പാദശകത്തിന്നു് ഒരു പ്രസക്തിയുമില്ലേ? ഇന്ത്യയിൽത്തന്നെ ജാതിഭേദം നിശ്ശേഷം മാഞ്ഞുപോയാൽ അനുകമ്പാദശകം അപ്രസക്തമാകുമോ? പ്രാണിവർഗത്തിന്റെ ചെറിയൊരു വിഭാഗമായ മനുഷ്യജാതിയുടെ ചെറിയൊരു ഭാഗമായ ഹിന്ദുസമാജത്തിൽ മാത്രമാണല്ലോ ജാതിവ്യവസ്ഥ നിലനിന്നുപോന്നതു്. ആയിരത്താണ്ടുകളായി അതിലെ അനീതികൾക്കും അപമാനങ്ങൾക്കും ഇരയായവരുടെ സംഖ്യയെ, ഒരൊറ്റ ദിവസം, മനുഷ്യജീവി കൊന്നൊടുക്കുന്ന തിര്യക്കുകളുടെ സംഖ്യയുമായി തുലനം ചെയ്തുനോക്കിയാലറിയാം, ഗുരുദർശനത്തെ ലേഖകൻ എത്രമാത്രം സങ്കോചിപ്പിച്ചുകളഞ്ഞുവെന്നു്. ജാതി വിമർശനത്തിന്നു് അനുകമ്പയോടുള്ള ബന്ധം നിഷേധിയ്ക്കുന്നില്ല. എന്നാൽ ജാതികൃതമായ അസമത്വാനാചാരങ്ങളോടുള്ള അമർഷമാണു് ആ വിമർശനത്തിന്നു് മുഖ്യപ്രചോദനം. മറിച്ചു്, അനുകമ്പയ്ക്കു് മാംസാഹാരവർജനവുമായി അടുത്ത ബന്ധമുണ്ടെന്നു സ്പഷ്ടമാണു്. കാരണം, അനുകമ്പയ്ക്കു് വിപരീതമായ നിർദയത്വമാണു് പ്രാണിഹത്യയിലും അതിന്നു പ്രേരകമായ മാംസാഹാരശീലത്തിലും പ്രകടമാകുന്നതു്. ഇതുപോലെ, ജാതിവിമർശനത്തിന്നു പിന്നിലുള്ളതിൽ ഒട്ടും കുറയാത്ത അനുകമ്പതന്നെയല്ലേ മദ്യനിന്ദനത്തിന്നു പിന്നിലുള്ളതു്—മദ്യപാനം കാരണം ബുദ്ധിവൈകല്യവും ചിത്തഭ്രമവും ബാധിച്ചുഴലുന്ന മനുഷ്യരോടുള്ള അനുകമ്പ? എന്നിരിക്കെ ഈ അനുകമ്പാദശകത്തിന്നു് മദ്യമാസംവർജനത്തോടുള്ള അടുത്ത ബന്ധം അഗണ്യമാക്കിത്തള്ളി, അതിനെ അകലെക്കിടക്കുന്ന ജാതിവമർശനവുമായി ബന്ധിപ്പിയ്ക്കാൻ ലേഖകൻ വെമ്പിയതെന്തുകൊണ്ടെന്നു് വ്യക്തമല്ല. എന്തുകൊണ്ടായാലും, നാഴിയിൽ ഇടങ്ങഴി കൊള്ളിക്കാനുള്ള ഒരു ശ്രമമായിപ്പോയി അതു്.

‘മൈത്രിയുടെ സാമൂഹിക-രാഷ്ട്രീയമാനത്തെ നാരായണഗുരു അനുകമ്പ എന്ന അനുഭൂതിസാരമായി അവതരിപ്പിച്ചതുകാരണമാണു് കേരളത്തിൽ ജനാധിപത്യത്തിലേക്കുള്ള വഴി തുറന്നതെ’ന്നും ശ്രീ. ഇളയിടം വാദിക്കുന്നുണ്ടു്. അനുകമ്പാദശകം അത്ര വലിയ പ്രഭാവം ചെലുത്തിയ കേരളീയമനസ്സിൽ ജീവകാരുണ്യ പഞ്ചകം ഒരു ചലനവും ഉളവാക്കാത്തതെന്തേ, എന്തുകൊണ്ടു് ഇവിടെ മാംസാഹാരത്തിന്നു് പ്രചാരം ഏറിവരുന്നു? സോദരത്വത്തിന്നും അനുകമ്പയ്ക്കും മനുഷ്യസമുദായത്തിന്നപ്പുറം വ്യാപ്തി വേണ്ട, മനുഷ്യന്നു മാത്രമേ ഭൂമിയിൽ ജീവിയ്ക്കാൻ അവകാശമുള്ളു, മറ്റു ജീവികൾ അവന്റെ തടിവീർപ്പിക്കാൻ ‘ഒരു ദൈവം’ പടച്ചുവിട്ട തീറ്റപ്പണ്ടങ്ങൾ മാത്രം, അതുകൊണ്ടു് കൊല്ലാവ്രതവും തിന്നാവ്രതവും നവോത്ഥാനമൂല്യങ്ങളുടെ പടിക്കു പുറത്തു്, നവോത്ഥാന പങ്കാളി എന്നതിലപ്പുറം നാരായണ ഗുരുവിന്നു് കേരളചരിത്രത്തിൽ ഒരു നിലയുമില്ല വിലയുമില്ല എന്നുവെച്ചു് പ്രബുദ്ധ കേരളീയർ ജീവകാരുണ്യ പഞ്ചകത്തെ ഗുരുവിന്റെ കൃതികളിലെ അധികപ്പറ്റോ അധികപ്രസംഗമോ ആയി തള്ളിക്കളഞ്ഞതാവുമോ?

‘ജീവകാരുണ്യപഞ്ചക’വും ‘അനുകമ്പാദശക’വും എഴുതിയതു് 1914-ൽ ആണെന്നാണു് ഡോ. ടി. ഭാസ്കരൻ പറയുന്നതു്. എന്നാൽ, ‘അനുകമ്പാദശകം’ 1921-ൽ എഴുതിയതാണെന്നു് ശ്രീ. വിനയചൈതന്യ രേഖപ്പെടുത്തിയതായി ശ്രീ. ഇളയിടത്തിന്റെ ലേഖനത്തിൽ കാണുന്നു. കാലം ഏതായാലും രണ്ടിന്റെയും സന്ദേശം ഒന്നുതന്നെ അഹിംസ. മഹാഭാരതം പരമധർമ്മമായിക്കണ്ട അഹിംസ.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുവാക്യത്തിന്റെ പൊരുളും ഈ അഹിംസതന്നെ, അവിടെ മനുഷ്യജാതിയുടെ പ്രഥമധർമ്മം അഹിംസ, സർവമതസാരം പ്രാണികളെ കൊല്ലായ്ക, കൊല്ലിക്കായ്ക, ഏകദൈവം ദയാസിന്ധു.

ഒപ്പംതന്നെ പറയട്ടെ, ജാതി വേണ്ടാ മതം വേണ്ടാ ദൈവം വേണ്ടാ എന്നു് പുറമെയ്ക്കും മദ്യവും മാംസവും പാർട്ടിഹിംസയും മതി എന്നു് ഉള്ളാലെയും പറയുന്ന കേരളത്തിലെ പ്രബുദ്ധനവോത്ഥിതപുരോഗാമികൾ ഗുരുവെ മുന്നിൽനിന്നു് കൂപ്പുകയും പിന്നിൽനിന്നു് കൊഞ്ഞനം കുത്തുകയുമാണു് ചെയ്യുന്നതു്.

വി. വി. ഗോവിന്ദന്‍നായർ
images/vvgovindannair.jpg

ജനനം: 1942, അച്ഛൻ: വി. ഗോവിന്ദൻ നായർ, അമ്മ: വി. വി. നാരായണി, കൊൽക്കത്തയിലെ രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചറിൽ നിന്നു് സംസ്കൃതത്തിലും ബംഗാളിയിലും ഡിപ്ലോമ.

കൃതികൾ: ഗുരുദക്ഷിണ, സീതാകാവ്യചർച്ച, മാരാരുടെ കൂടെ, സാഹിതീ സപര്യ, ധർമജിജ്ഞാസ (പഠനങ്ങൾ), ഗീതാധ്യാനം (വ്യാഖ്യാനം), ഒരമ്മ പെറ്റ മക്കൾ (ബാലസാഹിത്യം).

പരിഭാഷ: പൂർണകുംഭം, അപരാജിതൻ, പഥേർ പാഞ്ചാലി (ബംഗാളിയിൽനിന്നു്).

പത്നി: ഉമാ നായർ, മക്കൾ: കൃഷ്ണപ്രസാദ്, അഭിജിത്ത്.

Colophon

Title: Narayanaguru Verumoru Peru (ml: നാരായണഗുരു വെറുമൊരു പേരു്).

Author(s): V. V. Govindannair.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, V. V. Govindannair, Narayanaguru Verumoru Peru, വി. വി. ഗോവിന്ദന്‍നായർ, നാരായണഗുരു വെറുമൊരു പേരു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 30, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A Gust of Wind, a painting by Jean-Baptiste Camille Corot (1796–1875). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.