ഫിദൽ കാസ്ട്രോ മാത്രമാണു് ക്യൂബക്കാരുടെ (‘കൂവ’ എന്നാണു് അവർ പറയുക.) ആരാധനാമൂർത്തി എന്നായിരുന്നു എന്റെറ മുൻവിധി. പക്ഷേ, ക്യൂബയിലെത്തുമ്പോൾ മറ്റു് രണ്ടു് വ്യക്തികളുടെസാന്നിധ്യമാണു് ചിത്രങ്ങളിലൂടെയും പ്രതിമകളിലൂടെയും പലവിധ നാമകരണങ്ങളിലൂടെയും അവിടെ നിറഞ്ഞുനിൽക്കുന്നതു് എന്നു് നമുക്കു് മനസ്സിലാകുന്നു; ഹോസെ മാർട്ടിയും (Jose Marti) ചെ ഗുവേര യും. കഴിഞ്ഞ മാർച്ചിൽ കൊടുങ്ങല്ലൂരിലെ എന്റെ സുഹൃത്തു് അബ്ദുൾ ഗഫൂറും ഞാനും ഹവാനയിൽനിന്നു് ക്യൂബയുടെ തെക്കും വടക്കും അറ്റങ്ങളിലേക്കു് ബസിൽ പോയപ്പോഴാണു് മാർട്ടിയും ചെയും എത്രമാത്രം സർവവ്യാപികളാണെന്നു് മനസ്സിലായതു്.
മാർട്ടിയാണു് ഒരുപക്ഷേ, ഒന്നാം സ്ഥാനത്തു്. ചെയും തൂണിലും തുരുമ്പിലും നിറഞ്ഞുനിൽക്കുന്നു. കാസ്ട്രോയുടെ പരസ്യപ്പലകകൾ അങ്ങുമിങ്ങുമുണ്ടു്. പക്ഷേ, വിരളമാണു്. അദ്ദേഹം തന്റെ പ്രതിച്ഛായാപ്രചാരണംവിലക്കിയിരുന്നു എന്നാണറിവു്: ജനജീവിതത്തിൽ—കപ്പിലും പ്ലേറ്റിലും പേനയിലും തൊപ്പിയിലും ടി-ഷർട്ടിലും കുടയിലുമെല്ലാം—നിറഞ്ഞുനിൽക്കുന്നതു് മാർട്ടിയും ചെയുമാണു്. ഹോസെമാർട്ടിയെ ക്യൂബക്കാർ ഒരുസുഹൃത്തിനെയോ കുടുംബാംഗത്തെയോ എന്നപോലെയാണു് കാണുന്നതു്. നാം ഗാന്ധിജിയെയെന്നപോലെ, ഓരോരുത്തരും അവരവരുടെ ഭാവനാവിലാസമനുസരിച്ചു് മാർട്ടിയെ ചിത്രീകരിക്കുന്നു. ഉദാഹരണമായി ഹവാനയിലെ പത്രപ്രവർത്തക യൂണിയന്റെ ഓഫീസ് മുറ്റത്തു് വെച്ചിരിക്കുന്നതു് ഒരു പ്രത്യേകരീതിയിൽ കിടന്നുകൊണ്ടിരിക്കുന്ന ഹോസെ മാർട്ടിയുടെ പ്രതിമയാണു്. ഹവാനയുടെ കൂറ്റൻ മറീനയായ മലെക്കോണിൽ ഒരു മാർട്ടി ഇൻസ്റ്റലേഷൻ ഉണ്ടു്. അതിന്റെ കണ്ണട ആളുകൾ സ്ഥിരം അടിച്ചുമാറ്റുമായിരുന്നത്രെ. കണ്ണടയില്ലാതെയാണു് ഇപ്പോൾ രൂപം.
ആരായിരുന്നു ഹോസെ മാർട്ടി? 19-ാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിൽ, 1853-ൽ അന്നു് സ്പെയിനിന്റെ കോളനിയായിരുന്ന ക്യൂബയിൽ ജനിച്ച മാർട്ടിക്കു് ഒരൊറ്റ സ്വപ്നമേയുണ്ടായിരുന്നുള്ളൂ; സ്വതന്ത്ര ക്യൂബ. 42-ാം വയസ്സിൽ അവസാനിച്ച തന്റെ ഹ്രസ്വജീവിതം പൂർണമായും അദ്ദേഹം ക്യൂബൻ സ്വാതന്ത്ര്യത്തിനും ഒരു തനതായ ക്യൂബൻ രാഷ്ട്രീയ-സാംസ്കാരിക സ്വത്വരൂപവത്കരണത്തിനും വേണ്ടി ഉഴിഞ്ഞുവെച്ചു. ക്യൂബ കഴിഞ്ഞാൽ മാർട്ടി സ്നേഹിച്ചതു് കവിതയെയാണു്. മാർട്ടിയുടെ കവിതകൾ ഇന്നു് വായിക്കുമ്പോൾ മാർക്കേസി നെപ്പോലെയുള്ള ലാറ്റിനമേരിക്കൻ ആധുനികരിൽ പ്രകാശിക്കുന്ന സവിശേഷ ഭാവനയുടെ ഉദയകിരണങ്ങൾ അവിടെക്കാണാം.
ഹവാനയിൽ ഒരു സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ സ്പാനിഷ് അധീശത്വത്തിനെതിരേ പ്രവർത്തിച്ചു തുടങ്ങിയ മാർട്ടിയെ 1869-ൽ, 16-ാം വയസ്സിൽ, രാജ്യദ്രോഹക്കുറ്റം ചുമത്തി സ്പെയിനിലേക്കു് നാടുകടത്തി. അടുത്ത 2 വർഷങ്ങൾ അദ്ദേഹം സ്പെയിനിലും മെക്സിക്കോയിലും കരാക്കസിലും വെനസ്വേലയിലും അമേരിക്കയിലും നിഷ്കാസിതനായി അലഞ്ഞുകൊണ്ടു് ക്യൂബൻസ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം നടത്തി. ക്യൂബൻ പ്രവാസികളെ സംഘടിപ്പിച്ചു. രാഷ്ട്രീയ ചിന്തകനും പത്രപ്രവർത്തകനും അധ്യാപകനും പ്രഭാഷകനും കോളമിസ്റ്റും വിപ്ലവകാരിയുമായി സ്വതന്ത്രക്യൂബയ്ക്കുവേണ്ടി പൊരുതി. അമേരിക്കൻ മുതലാളിത്തം ക്യൂബയെ വിഴുങ്ങും എന്നു് ആദ്യമായി തുറന്നുപ്രവചിച്ചതു് മാർട്ടിയാണു്. മാർട്ടി അമേരിക്കയെപ്പറ്റി എഴുതിയ പുസ്തകമാണു് ഇൻസൈഡ് ദ് മോൺസ്റ്റർ (ഭീകരസത്വത്തിനുള്ളിൽ). 1895-ൽ മാർട്ടിയും ഒരു പറ്റം സായുധവിപ്ലവകാരികളും അമേരിക്കൻ തീരത്തുനിന്നു് ഒരു ബോട്ടിൽ സ്വാതന്ത്ര്യപോരാട്ടം തുടങ്ങാൻ ക്യൂബയിലെത്തിയതിന്റെ ഏതാണ്ടു് കൃത്യമായ ആവർത്തനമായിരുന്നു 64 വർഷത്തിനു ശേഷം 1959-ൽ ഫിദൽ കാസ്ട്രോയും ചെഗുവേരയും ഒരുകൂട്ടം ഒളിപ്പോരാളികളുമായി അമേരിക്കയിൽനിന്നു് ‘ഗ്രാൻമ’എന്ന
ബോട്ടിൽ ക്യൂബയിൽ വന്നിറങ്ങിയതു്. ഒരു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. മാർട്ടിയുടെ പടയോട്ടം പരാജയത്തിലും അദ്ദേഹത്തിന്റെ മരണത്തിലും കലാശിച്ചു. 1959-ലെ ചരിത്രപ്രസിദ്ധമായ വിപ്ലവത്തിൽ വിജയം നേടിയ ഫിഡലും ചെയും കൂട്ടാളികളുമാണു് മാർട്ടിയുടെ സ്വതന്ത്ര ക്യൂബ എന്ന സ്വപ്നത്തെയാഥാർത്ഥ്യമാക്കിത്തീർത്തതു്. 1895-ൽ മാർട്ടി തുടങ്ങിവെച്ച സ്വാതന്ത്ര്യ സമരം വളർന്നു് 1898-ൽ അമേരിക്കയുടെ ഇടപെടലിലേക്കും അമേരിക്കയും സ്പെയിനും തമ്മിലുള്ള യുദ്ധത്തിലേക്കും നയിച്ചു. പരാജയപ്പെട്ട സ്പെയിൻ ക്യൂബയിൽനിന്നു് മാത്രമല്ല ലത്തീനമേരിക്കയിൽനിന്നുതന്നെ പിൻവാങ്ങി. ക്യൂബ, മാർട്ടി ഭയപ്പെട്ടിരുന്നതുപോലെ അമേരിക്കയുടെ കോളനിയായി മാറി—അപ്രഖ്യാപിതമായിരുന്നുവെന്നു മാത്രം. അക്കാലത്തു് അമേരിക്ക സ്വന്തമാക്കിയ തുറമുഖ മേഖലയാണു് അമേരിക്കൻ പീഡന കാരാഗൃഹമായി കുപ്രസിദ്ധിയാർജിച്ച നേവൽ ബേസ് ഗ്വണ്ടാനമോ ബേ. 1933-ൽ ഒരുപട്ടാളവിപ്ലവത്തിലൂടെ ക്യൂബൻരാഷ്ട്രീയത്തിൽ പ്രവേശിച്ച ഫു ഹെൻസിയൊ ബാത്തിസ്ത പല തിരിമറികൾക്കും മലക്കംമറിച്ചിലുകൾക്കും അമേരിക്കയിലൊരു പ്രവാസത്തിനും ശേഷം 1952-ൽ മറ്റൊരു പട്ടാളവിപ്ലവത്തിലൂടെ സ്വയം പ്രസിഡൻറായി അവരോധിച്ചു. ഒരു സ്വേച്ഛാധിപതിയും അമേരിക്കയുടെ യന്ത്രപ്പാവയുമായി മാറി. 1959-ൽ ഫിഡലും കൂട്ടരും നിഷ്കാസനം ചെയ്തതു് ബാത്തിസ്തയെ മാത്രമല്ല, ക്യൂബയിലെ അമേരിക്കൻ പ്രമാണിത്തത്തെയുമായിരുന്നു. അതു് അമേരിക്കയ്ക്കു് പൊറുക്കാനായില്ല എന്നതാണു് ക്യൂബയോടുള്ള അമേരിക്കൻ ശത്രുതയുടെ തുടക്കം.
1895 മേയ് 19-നു് സ്പാനിഷ് ഭടന്മാരുടെ വെടിയേറ്റു മരിക്കുമ്പോൾ മാർട്ടിയ്ക്കു് വയസ്സ് 42. സ്പാനിഷ് പടയുടെ ശക്തി മനസ്സിലാക്കി വിപ്ലവകാരികളുടെ സേന പിൻമാറവേ, സായുധയുദ്ധത്തിൽ മുമ്പൊരിക്കലും പങ്കെടുത്തിട്ടില്ലാത്ത മാർട്ടിയുടെ അശ്രദ്ധമായ ഒരു നീക്കമാണത്രേ അദ്ദേഹത്തിനു് വെടിയേൽക്കാനിടയാക്കിയതു്.
മാർട്ടി എന്ന ബുദ്ധിജീവിയും കാല്പനികനും കവിയും യുദ്ധക്കളങ്ങൾക്കു് യോജിച്ച ആളായിരുന്നില്ല എന്നു വേണം കരുതാൻ. ചിത്രങ്ങളിൽ കാണും പോലെ അദ്ദേഹം തന്റെ മെലിഞ്ഞൊട്ടിയ സ്വപ്നാടകന്റെ മുഖത്തെ കട്ടമീശകൊണ്ടു് വിപ്ലവഗാംഭീര്യമുള്ളതാക്കിയെടുത്തതായിരുന്നിരിക്കാം! തൂലികയുപേക്ഷിച്ചു് പടവാളെടുത്ത മാർട്ടി താൻ തുടങ്ങിവെച്ച സമരത്തിന്റെ എട്ടാം ദിവസം മരിച്ചുവിണു. ക്യൂബക്കാർ പ്രേമിക്കുന്നതു് മാർട്ടിയിലെ പരാജിതനും ദുർബലനുമായ ഈ വിപ്ലവകാരിയെയാണു് എന്നെനിക്കു് തോന്നി. കാരണം അവർ സ്വയം മൃദുലഹൃദയരും സമാധാനപ്രിയരുമാണു്. ക്യൂബക്കാരുടെ പ്രിയങ്കര ദേശസ്നേഹ ഗാനമായ (ദേശീയഗാനമല്ല) ‘ഗ്വണ്ടാനമെരാ…’ (Guantanamera) ആരംഭിക്കുന്നതു് മാർട്ടിയുടെ പ്രശസ്തമായ ഒരു കവിതയുടെ ആരംഭവരികളോടെയാണു്; “ഒരു ആത്മാർഥ മനുഷ്യനാണു് ഞാൻ… ”
(ലോക പ്രശസ്തരായ ഗായകർ പലവിധത്തിൽ ചിട്ടപ്പെടുത്തി പാടിയിട്ടുള്ള ഗാനമാണിതു്. യൂ-ട്യൂബിൽ അവയിൽ ചിലതു് കേൾക്കാം. ‘ഗ്വണ്ടാനമെരാ’ എന്നാൽ ഗ്വണ്ടാനമോയിൽ നിന്നുള്ള പെൺകുട്ടി എന്നർഥം).
മാർട്ടിയുടെ സമ്പൂർണ രചനകൾ 26 വോള ്യങ്ങളിൽ പരന്നു കിടക്കുന്നു. അദ്ദേഹത്തിന്റെ ചിന്താശൈലി രുചിക്കാനായിമാത്രം, മൂലഭാഷയായ സ്പാനിഷിൽ നിന്നല്ല, ഇംഗ്ലീഷ് വിവർത്തനത്തിൽനിന്നു്, മലയാളത്തിലേക്കാക്കിയ കുറച്ചു് വരികൾ താഴെ കൊടുക്കുന്നു;
“ക്യൂബ നമ്മുടെ ജീവിതങ്ങൾ
അർപ്പിക്കാനുള്ള അൾത്താരയാണു്;
നമ്മെ ഉയർത്തിനിർത്താനുള്ള പീഠമല്ല”. (1981)
“മറ്റൊരു പദത്തിനും ഉദയസൂര്യവെളിച്ചത്തോടു്
ഇത്രസാദൃശ്യമില്ല.
മറ്റൊരു സമാശ്വാസവും ഇതിലേറെ ആനന്ദത്തോടെ
നമ്മുടെ ഹൃദയങ്ങളിലേക്കു് കടന്നുവരുന്നില്ല.
മായ്ക്കാനാവാത്ത, തീവ്രതപൂണ്ട
ആ പദമാണു് ക്യൂബൻ”. (1891)
“സംസ്കാരം നേടിയവരും നേടാത്തവരുമുള്ള
ഒരു രാഷ്ട്രത്തിൽ ഭരിക്കുക
സംസ്കാരം നേടാത്തവരായിരിക്കും.
കാരണം സംസ്കാരമുള്ളവർ
സദ്ഭരണം നടപ്പിലാക്കാതെ
വരുമ്പോൾ മുഷ്ടിബലമുപയോഗിച്ചു്
പ്രശ്നപരിഹാരം ഉണ്ടാക്കുക
സംസ്കാരമില്ലാത്തവരുടെ രീതിയാണു്”. (1891)
“സ്വന്തം രാജ്യത്തെ സന്തോഷമായി
ജീവിക്കാനുതകിയ ഒരിടമാക്കിമാറ്റാൻ വേണ്ടി
പോരാടുമ്പോഴാണു് രാജ്യസ്നേഹം
ഒരു പാവന കർത്തവ്യമായിത്തീരുന്നതു്
ചിലർ സ്വന്തം അവകാശങ്ങൾക്കുവേണ്ടി
പൊരുതുകയും മറ്റുള്ളവരുടടേതിനുവേണ്ടി
പൊരുതാൻ വിസമ്മതിക്കുകയും ചെയ്യുന്ന കാഴ്ച
ഏറ്റവും വേദനാജനകമാണു്”. (1892)
“നൂറ്റാണ്ടിനെ പാകപ്പെടുത്താൻ
ഒരു തരി കവിത മതി”. (1887)
“ദൈവ പുരോഹിതർ കവികളുടെ
പ്രശംസയർഹിക്കാതായിരിക്കുകയും
കവികൾ പുരോഹിതരാകാൻ
തുടങ്ങിയിട്ടില്ലാത്തതുമായ
വല്ലാത്ത കാലം”. (1883)
“മറ്റുള്ളവർ വെപ്പാട്ടിമാരോടൊത്തു്
ഉറങ്ങാൻ പോകുന്നു.
ഞാൻ എന്റെ ആശയങ്ങളോടൊത്തും”. (1890)
“നീഗ്രോയെ വെറുക്കുന്നവരാണു്
നീഗ്രോയിൽ വെറുപ്പു് കാണുന്നതു്”.[1] (1895)
“വംശങ്ങൾക്കിടയിൽ ശത്രുതയും
വിദ്വേഷവും വളർത്തുന്നവർ
മനുഷ്യവംശത്തിനെതിരെ പാപം ചെയ്യുന്നു.”
“ഒരേയൊരു സാഹിത്യത്തിന്റെ
സ്വേച്ഛാധിപത്യത്തിൽ നിന്നു
രക്ഷപ്പെടാനുള്ള ഏറ്റവും നല്ലമാർഗ്ഗം
പല സാഹിത്യങ്ങൾ അറിയുകയാണു്”. (1891).
“ആ വംശത്തിലോ ഈ വംശത്തിലോ
ജനിച്ചതുകൊണ്ടു് ആർക്കും ഒരു പ്രത്യേക
അവകാശവുമില്ല. മനുഷ്യൻ എന്ന പദം,
എല്ലാ അവകാശങ്ങളെയും നിർവചിക്കുന്നു”. (1893)
(മാർട്ടിയുടെ സ്പാനിഷ് മൂലവും അതിന്റെ ഇംഗ്ലീഷ് വിവർത്തനങ്ങളും ഗുഗ്ൾ ട്രാൻസ്ലേറ്റും ഉപയോഗിച്ചാണു് ഈ ഗദ്യപരിഭാഷ നടത്തിയതു്. ഒരു കഥാകൃത്തിന്റെ അവിദഗ്ദ്ധ കരങ്ങളിൽപ്പെട്ടു് ഇതിൽ വന്നിരിക്കാവുന്ന പിഴവുകൾക്കു് ഞാൻ മാത്രമാണു് ഉത്തരവാദി).
വിവർത്തനം: സക്കറിയ
പനകൾ വളരുന്ന നാട്ടിൽ നിന്നു്,[2]
മരിക്കുംമുൻപു് എന്റെ ആത്മാവിന്റെ കവിതകളെ
ഏല്പിച്ചുകൊടുക്കാൻ ഞാനാഗ്രഹിക്കുന്ന
നാട്ടിൽ നിന്നു്,
വന്ന ഒരാത്മാർഥ മനുഷ്യനാണു് ഞാൻ.[3]
ഞാൻ എല്ലായിടത്തുനിന്നും വന്നവനാണു്;
എല്ലായിടത്തും പോകുന്നവനും.
കലകൾക്കിടയിൽ ഞാൻ കലയാണു്;
മലകൾക്കിടയിൽ മലയും,
ചെടികളുടെയും പൂക്കളുടെയും
വിചിത്ര നാമങ്ങൾ എനിക്കറിയാം
മാരകവഞ്ചനകളെയറിയാം
ഉദാത്ത ദുഃഖങ്ങളെയുമറിയാം
ഇരുണ്ട രാത്രിയിൽ
സ്വർഗീയ സൗന്ദര്യത്തിന്റെ പരിശുദ്ധ രശ്മികൾ
എന്റെ ശിരസ്സിൽ വന്നു പതിക്കുന്നതു്
ഞാൻ കണ്ടിട്ടുണ്ടു്.
സുന്ദരികളുടെ തോളുകളിൽ നിന്നു്
ചിറകുകൾ മുളയ്ക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്.
ചവർക്കൂനയിൽനിന്നു് ചിത്രശലഭങ്ങൾ
പറന്നുയരുന്നതും കണ്ടിട്ടുണ്ടു്.
അരികിൽ വെച്ച കത്തിയുമായി
ജീവിക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടുണ്ടു്,
തന്നെ വധിച്ചവളുടെ പേർ
ഒരിക്കലും പറയാതെ.
ഝടുതിയിൽ, കണ്ണാടിയിൽ കാണുംപോലെ,
രണ്ടുതവണ ഞാൻ
എന്റെ ആത്മാവിനെ കണ്ടു.
രണ്ടുതവണ: എന്റെ പാവം
അപ്പൻ മരിച്ചപ്പോൾ;
പിന്നെ അവൾ വിടപറഞ്ഞപ്പോഴും.
ഒരിക്കൽ ഞാൻ വിറച്ചു;
മുന്തിരിത്തോപ്പിന്റെ കവാടത്തിൽ വച്ചു്
അക്രമിയായൊരു കടന്നൽ
എന്റെ കുഞ്ഞുമകളുടെ നെറ്റിയിൽ
കുത്തിയപ്പോൾ.
ആരും അനുഭവിക്കാത്ത
ഒരുസൗഭാഗ്യം എനിക്കു് ലഭിച്ചു;
എന്റെ വധശിക്ഷാവിധി
നഗരപിതാവ് കരഞ്ഞുകൊണ്ടു്
എന്നെ വായിച്ചു കേൾപ്പിച്ചപ്പോൾ.
ദേശങ്ങൾക്കും കടലിനും മീതെ
ഞാനൊരു നെടുവീർപ്പു് കേൾക്കുന്നു.
അതൊരു നെടുവീർപ്പല്ല—എന്റെ
മകൻ ഉണരാൻ തുടങ്ങുന്നതാണു്.
രത്നവ്യാപാരിയിൽനിന്നു്,
ഏറ്റവും നല്ലരത്നം കൈക്കൊള്ളാൻ
പറഞ്ഞാൽപ്പോലും,
പകരം ഞാനെടുക്കുക
ഒരാത്മാർഥ സുഹൃത്തിനെയാണു്.
എന്റെ സ്നേഹം അവനായി
മാറ്റിവെക്കുകയും ചെയ്യും.
മുറിവേറ്റ കഴുകൻ
പ്രശാന്ത നീലാകാശത്തിലേക്കു് പറക്കുന്നതു്
ഞാൻ കണ്ടിട്ടുണ്ടു്.
വിഷപ്പാമ്പു് അതിന്റെ മാളത്തിൽ
മരിക്കുന്നതും കണ്ടിട്ടുണ്ടു്.
എനിക്കറിയാം—ലോകം ക്ഷീണിതമായി
നിശ്ചലതയ്ക്കു് വഴങ്ങുമ്പോൾ
സൗമ്യമായ അരുവി അഗാധനിശ്ശബ്ദതയുടെ മർമരം
ഉയർത്തുന്നതു് കേൾക്കാനാവും.
എന്റെ വാതിൽക്കൽ പതിച്ച
മൃതിയടഞ്ഞ നക്ഷത്രത്തെ
പേടിച്ചും ആനന്ദിച്ചും
ധൈര്യം പൂണ്ട ഒരു കരത്താൽ
ഞാൻ തൊട്ടിട്ടുണ്ടു്.
എന്റെ രുദ്രമായ ഹൃദയത്തിൽ
വിങ്ങുന്ന വേദനയെ ഒളിപ്പിച്ചിട്ടുണ്ടു്.
അടിമപ്പെട്ട ഒരു ജനതയുടെ
ഈമകൻ അതുമായി,
നിശ്ചലനായി, മരിച്ചവനായി ജീവിക്കുന്നു.
എല്ലാം സുന്ദരവും സുസ്ഥിരവുമാണു്.
എല്ലാം സംഗീതവും സമചിത്തതയുമാണു്.
എല്ലാം, രത്നക്കല്ലിനെപ്പോലെ,
പ്രകാശിക്കുംമുമ്പു് കരിക്കട്ടയുമാണു്;
വിഡ്ഡിയെ സംസ്കരിക്കുന്നതു്
വൻ ആഡംബരത്തോടെയും
വിലാപത്തോടെയുമാണെന്നു്
എനിക്കറിയാം;
ലോകത്തിലെ ഒരു പഴവും
ശവപ്പറമ്പിലേതിനോടു് ഒക്കില്ല
എന്നും.
ഞാൻ നിർത്തുന്നു; ഞാൻ
മനസ്സിലാക്കുന്നു;
ഞാൻ കവിയുടെ മോടികൾ
എടുത്തുകളയുന്നു.
എന്റെ ജ്ഞാനത്തിന്റെ തൊപ്പി
ഒരു ഉണക്കമരക്കമ്പിൽ തൂക്കിയിടുന്നു.
(Versos Sencillos, Simple Verses, 1891)
വെണ്ണക്കൽ ഇടനാഴികളെപ്പറ്റി
ഒരു സ്വപ്നം!
അവിടെ ദൈവീക നിശ്ശബ്ദതയിൽ
വീരനായകന്മാർ വിശ്രമം കൊള്ളുന്നു.
രാത്രിയിൽ ആത്മാവിന്റെ വെളിച്ചത്തിൽ
ഞാനവരോടു് സംസാരിക്കുന്നു.
രാത്രിയിൽ!
അവർ വരികളായി നിൽക്കുകയാണു്.
വരികൾക്കിടയിലൂടെ നടക്കാം.
കല്ലുകൊണ്ടുള്ള കൈകളെ ചുംബിക്കാം
അവർ അവരുടെ
കൽക്കണ്ണുകൾ തുറക്കുന്നു.
കൽച്ചുണ്ടുകൾ അനക്കുന്നു.
കൽത്താടികൾ വിറപ്പിയ്ക്കുന്നു.
അവർ കൽവാളുകളിൽ പിടിമുറുക്കുന്നു.
അവർ കരയുന്നു.
വാളുകൾ ഉറകളിൽ സ്പന്ദിക്കുന്നു.
നിശ്ശബ്ദം, ഞാനവരുടെ
കൈകളെ ചുംബിക്കുന്നു.
ഞാനവരോടു് സംസാരിക്കുന്നു
രാത്രിയിൽ!
അവർ വരികളായി നിൽക്കുകയാണു്.
വരികൾക്കിടയിലൂടെ നടക്കാം.
കരഞ്ഞുകൊണ്ട്
ഞാനൊരു പ്രതിമയെ കെട്ടിപ്പിടിച്ചു.
“പ്രതിമേ! അവർ പറയുന്നത്
നിന്റെ പുത്രന്മാർ നിന്റെ രക്തം
അവരുടെ യജമാനന്മാരുടെ
വിഷം പുരട്ടിയ പാനപാത്രങ്ങളിൽനിന്നു്
കുടിക്കുന്നുവെന്നാണു്.
അവർ തെമ്മാടികളുടെ ചീഞ്ഞ ഭാഷ
പറയുന്നു.
രക്തം പുരണ്ട
മേശപ്പുറത്തു് അവരുമായി
നിന്ദയുടെ അപ്പം പങ്കുവെക്കുന്നു.
അവർ അർഥമില്ലാത്ത വാക്കുകളാൽ
അവസാനത്തെ തീപ്പൊരിയും
ഇല്ലാതാക്കുന്നു.
പ്രതിമേ! ഉറക്കം പൂണ്ട പ്രതിമേ!
പറയപ്പെടുന്നതു്
നിന്റെ വംശം മരിച്ചുകഴിഞ്ഞുവെന്നാണു്”.
ഞാൻ ആലിംഗനം ചെയ്ത വീരനായകൻ
എന്നെ നിലത്തെറിയുന്നു.
കഴുത്തിൽ പിടിച്ചു് എന്റെ തല
നിലത്തുരയ്ക്കുന്നു.
കൈയുയർത്തുന്നു സൂര്യനെപ്പോലെയുള്ള
കൈയുയർത്തുന്നു.
വെണ്ണക്കൽ മാറ്റൊലിക്കൊള്ളുന്നു.
വെളുത്ത കൈകൾ അരവാർ
തേടുന്നു.
വെണ്ണക്കൽ മനുഷ്യർ
ചാടിവരുന്നു.
(Versos Sencillos, Simple Verses, 1891)