images/rajayogam-cover.jpg
Agni Yoga, an oil on canvas painting by Nicholas Roerich (1874–1947).
പ്രത്യാഹാരവും, ധാരണയും

അടുത്തപടി പ്രത്യാഹാരം ആണു്. അതു് എന്തായിരിക്കും? പ്രത്യക്ഷജ്ഞാനം ഉണ്ടാകുന്നതെങ്ങനെയാണെന്നു് നിങ്ങൾ അറിഞ്ഞിരിക്കുന്നുവല്ലോ. ഒന്നാമതായി ബാഹ്യകാരണങ്ങൾ, പിന്നെ തലച്ചോറിലെ സ്ഥാനങ്ങൾ വഴിയായി ശരീരത്തിൽ വ്യാപരിക്കുന്ന ആന്തരങ്ങളായ പഞ്ചേന്ദ്രിയങ്ങൾ, മനസ്സു്, ഈ മൂന്നിനും ഏകോപിച്ചു ഏതെങ്കിലും ഒരു ബാഹ്യപദാർത്ഥത്തോടു സന്നികർഷമുണ്ടാകുമ്പോളാണു് ആ വസ്തുവിനെ നാം ഗ്രഹിക്കുന്നതു് അല്ലെങ്കിൽ പ്രത്യക്ഷികരിക്കുന്നതു്. എന്നാൽ മനസ്സിനെ ഏകാഗ്രപ്പെടുത്തി ഒരേ ഇന്ദ്രിയത്തോടുതന്നെ സംയോജിപ്പിച്ചുവെച്ചുകൊള്ളുന്നതു് വളരെ പ്രയാസമുള്ള ഒരു സംഗതിയുമാകുന്നു. മനസ്സു ഒരു അടിമയെപ്പോലെയാണു്.

‘നല്ലവരായിരിക്കുവിൻ, നല്ലവരായിരിക്കുവിൻ’ എന്നു ലോകം മുഴുവൻ ഉപദേശിച്ചുവരുന്നതായി നാം കേൾക്കുന്നുണ്ടു്. ലോകത്തുള്ള ഏതെങ്കിലും രാജ്യത്തു് ജനിച്ചവരിൽ ‘കക്കൊല്ല’ ‘കള്ളം പറകൊല്ല’ എന്നു ഉപദേശിക്കപ്പെടാത്ത കുട്ടി ദുർല്ലഭമാണു്. എന്നാൽ ആ കുട്ടി അതെങ്ങിനെ ചെയ്യാതിരിക്കാൻ കഴിയുമെന്നു് പറഞ്ഞുകൊടുക്കുന്നവരായി ആരുംതന്നെ ഇല്ല. പ്രലപിച്ചതു കൊണ്ടു മതിയാകുന്നതല്ല. എന്തുകൊണ്ടു് അവനു കള്ളനായിക്കൂടാ? കക്കാതിരിക്കുവാനുള്ള വഴി നാം അവനെ പഠിപ്പിക്കുന്നില്ലല്ലോ. നാം അവനോടു കേവലം കക്കരുതെന്നു മാത്രമേ പറയുന്നുള്ളൂ. അവന്റെ മനസ്സിനെ നിയമന ചെയ്യുവാൻ പഠിപ്പിക്കുമ്പോഴാണു് അവനെ വാസ്തവത്തിൽ നാം സഹായിക്കുന്നതു്. ആഭ്യന്തരമോ ബാഹ്യമോ ആയ എല്ലാ ക്രിയകളും ഉണ്ടാകുന്നതു് മനസ്സു് ചില സ്ഥാനങ്ങളോടു സംയോജിക്കുമ്പോഴാണു്. ആ സ്ഥാനങ്ങളെ ഇന്ദ്രിയങ്ങൾ എന്നു പറയുന്നു. താല്പര്യത്തോടു കൂടിയോ കൂടാതയോ മനസ്സു ഇന്ദ്രിയങ്ങളോടു സംബന്ധിപ്പാനായി ആകർഷിക്കപ്പെടുന്നു. അതുകൊണ്ടാണു് ജനങ്ങൾ അബദ്ധങ്ങൾ പ്രവർത്തിക്കയും ദുഃഖിക്കുകയും ചെയ്യുന്നതു്. മനസ്സു വരുതിയിൽ നിന്നിരുന്നു എങ്കിൽ അവർ ഒരിക്കലും അങ്ങനെ ചെയ്യുന്നതല്ലായിരുന്നു. മനസ്സിനെ സ്വാധീനമാക്കിയാൽ ഉണ്ടാകുന്ന ഫലമെന്താണു്? മനസ്സു പിന്നെ സ്വാഭാവികമായി പ്രത്യക്ഷജ്ഞാനകരണങ്ങളായ ഇന്ദ്രിയങ്ങളോടു സംബന്ധിക്കാൻ പോകയില്ല. അപ്പോൾ അനുഭവവും ഇച്ഛയും സ്വാഭാവികമായിതന്നെ നമ്മുടെ വരുതിയിൽ നിൽക്കുകയും ചെയ്യും. ഇത്രയും സ്പഷ്ടമാണു്. എന്നാൽ ഇതു സാദ്ധ്യമാണോ? പൂർണ്ണമായും സാദ്ധ്യമാണു്. ഈ പുതിയ കാലത്തു് നിങ്ങൾ അതിനെ കാണുന്നുണ്ടല്ലോ. വിശ്വാസചികിത്സകന്മാർ, അരിഷ്ടത, വേദന, ദുർവൃത്തി ഇവയെ നിഷേധിപ്പാൻ ജനങ്ങളെ പഠിപ്പിക്കുന്നു. അവരുടെ ശാസ്ത്രം കുറെ ചുറ്റി വളഞ്ഞതാണു്. എന്നാൽ അതു യോഗത്തിന്റെ ഒരു ഭാഗംതന്നെ ആകുന്നു. അവർ അതിൽ എങ്ങിനെയോ കാലിടറി വീണിരിക്കുന്നു. ഒരുത്തനും തന്റെ സൂഖക്കേടിനെ നിഷേധിക്കുന്നതുകൊണ്ടുതന്നെ അതിൽനിന്നു വിമുക്തി കിട്ടീട്ടുള്ളതായ സംഗതികളിൽ വാസ്തവത്തിൽ അവർ അവനു ‘പ്രത്യാഹാരത്തി’ന്റെ ഒരു ഭാഗത്തെയാണു് പഠിപ്പിച്ചിരിക്കുന്നതു്. അവർ ഇന്ദ്രിയങ്ങളുടെ തെളിവുകളെ വേണ്ട ശക്തിയോടുകൂടി നിഷേധിപ്പാൻ ആ മനുഷ്യന്റെ മനസ്സിനെ പഠിപ്പിച്ചിരിക്കയാകുന്നു. മാസ്മരനിദ്രാവിദ്യ പരിശീലിച്ചവർ അതുപോലെതന്നെ അവരുടെ ശപഥങ്ങളെക്കൊണ്ടു് രോഗിയിൽ തത്ക്കാലത്തേക്കു ഒരുവിധം വികൃതമായ പ്രത്യാഹാരത്തെ അങ്കുരിപ്പിക്കയാകുന്നു. മാസ്മരനിദ്രീയശപഥങ്ങൾ എന്നു പറയുന്നവയ്ക്കു് രോഗയുക്തമായ ശരീരത്തിലും ആവിലമായ മനസ്സിലും മാത്രമേ പ്രവർത്തിപ്പാൻ കഴിയുന്നുള്ളൂ എന്നുതന്നെയല്ല പ്രയോക്താവിനും പ്രയോജ്യന്റെ മനസ്സിനെ സ്ഥിരമായി ദൃഷ്ടി വിക്ഷേപമോ മറ്റോ ആയ ഉപായങ്ങളെക്കൊണ്ടു് ഒരുവിധം ഉദാസീനവും വികൃതവുമായ സ്ഥിതിയിൽ കൊണ്ടുവരാൻ സാധിക്കുന്നതുവരെ അയാളുടെ ശപഥങ്ങൾ ഫലിക്കുന്നുമില്ല. മാസ്മരവിദ്യാപ്രയോഗം കൊണ്ടോ വിശ്വാസചികിത്സകൊണ്ടോ ഒരു രോഗിയിൽ സാധിക്കപ്പെടുന്ന താത്ക്കാലികമായ അന്തഃകരണ നിയമനം കേവലം ആക്ഷേപയോഗ്യമായിട്ടുള്ളതാണു്. എന്തു കൊണ്ടെന്നാൽ ഒടുവിൽ അതു് നാശഹേതുവായിത്തീരുന്നു. അതു തലച്ചോറിലുള്ള സ്ഥാനങ്ങളെ ഒരുത്തന്റെ സ്വന്തമനഃശ്ശക്തികൊണ്ടു നിയമനം ചെയ്യുകയല്ല. പിന്നെയോ സ്വല്പനേരത്തേക്കു മറ്റൊരുത്തന്റെ മനഃശക്തി പെട്ടെന്നുള്ള പ്രഹരങ്ങൾകൊണ്ടു രോഗിയുടെ മനസ്സിനെ മൂർച്ചിപ്പിക്കുന്നതുപോലെ ആക്കുകയാകുന്നു. ഇതു വിരണ്ടോടുന്ന കുതിരയുടെ ഗതിയെ കടിഞ്ഞാൺകൊണ്ടോ കൈയ്യൂക്കുകൊണ്ടോ ക്രമപ്പെടുത്തുകയല്ല, പിന്നെയോ കുതിരയെ സ്വല്പനേരത്തേക്കു ബോധക്ഷയമുണ്ടാക്കി ശാന്തതയിൽ കൊണ്ടു വരാനായി അതിന്റെ തലയിൽ വലിയ തല്ലുകൾ തല്ലാൻ മറ്റൊരുത്തനോടു ആവശ്യപ്പെടുകയാകുന്നു. ഈ ക്രീയകളിൽ ഓരോ പ്രാവശ്യവും പ്രയോജ്യനായ മനുഷ്യനു് തന്റെ മാനസിക ശക്തിയുടെ ഓരോ അംശം നശിച്ചുപോകയും ഒടുവിൽ മനസ്സു് പൂർണ്ണമായ നിയമനം സമ്പാദിക്കുന്നതിനു പകരം രൂപവും ശക്തിയും കെട്ടു് ഒന്നിനും കൊള്ളാത്ത ശൂന്യഭാണ്ഡമായിത്തീരുകയും ചെയ്യുന്നു. ആ രോഗിക്കു ഭ്രാന്താശുപ്രതിതന്നെ ശരണമായും തീരുന്നു. ഇന്ദ്രിയനിയമനത്തിനായിട്ടുള്ള ഏതു ശ്രമവും ഇച്ഛാപൂർവ്വമായിട്ടുള്ളതല്ലെങ്കിൽ അതായതു് നിയാമകന്റെ സ്വന്തം മനസ്സാലെ ചെയ്യപ്പെടുന്നതല്ലെങ്കിൽ അപായകരമായിട്ടുള്ളതാണെന്നു മാത്രമല്ല ഉദ്ദേശ്യത്തെ തെറ്റിക്കുന്നതുമാകുന്നു. ഓരോ ആത്മാവിന്റെയും ഉദ്ദേശ്യം സ്വാതന്ത്ര്യമാണു്. അതായതു് സ്വാധീനത, വിഷയങ്ങളുടെ വിചാരങ്ങളുടെയും ദാസ്യത്തിൽ നിന്നുള്ള മോക്ഷം; ബാഹ്യവും അഭ്യന്തരവുമായ ലോകത്തിന്റെ സ്വാധീനത ആകുന്നു. അതിലേക്കു നയിക്കുന്നതിനു പകരം അന്യനിൽനിന്നും വരുന്ന മനഃശക്തിയുടെ ഓരോ ധാരയും അവ ഏതു രൂപത്തിൽ എന്റെ നേരേവന്നാലും അതായതു് ഒരു സമയം എന്റെ ഇന്ദ്രിയങ്ങളുടെ സാക്ഷാൽ നിയമനമായോ അല്ലെങ്കിൽ ഒരു മോഹാവസ്ഥയിൽവച്ചു് ഞാൻ തന്നെ അവയെ സ്വയമേവ നിയമനം ചെയ്യുവാൻ പ്രേരിതനാകത്തക്കവണ്ണമൊ പ്രയോഗിക്കപ്പെട്ടതായാലും കഴിഞ്ഞ വിചാരങ്ങൾ അല്ലെങ്കിൽ കഴിഞ്ഞ മൂഢവിശ്വാസങ്ങൾ കൂടിച്ചേർന്നു ഇപ്പോൾതന്നെയുള്ള മഹാശൃംഖലയിൽ ഒരു കണ്ണികൂടി ഉണ്ടാക്കിച്ചേർക്കയേ ആകുന്നുള്ളു. അതുകൊണ്ടു് അന്യന്മാരുടെ പ്രയോഗങ്ങൾ നിങ്ങളെ വിഷയമാക്കാൻ സമ്മതിച്ചു കൊടുക്കാതെ സൂക്ഷിച്ചുകൊള്ളുവിൻ! നിങ്ങൾ അറിവുകൂടാതെ മറ്റൊരുത്തനെ ദോഷപ്പെടുത്താതിരിക്കേണമെന്നും ഓർമ്മിച്ചു കൊള്ളുവിൻ! തങ്ങളുടെ മനോഗതികളിൽ സ്വല്പകാലത്തെക്കു ഒരു പുതിയ പരിവർത്തനം ഉണ്ടാക്കി വളരെ ആളുകൾക്കു് നന്മ ചെയ്യുവാൻ ചിലർക്കു് സാധിച്ചിട്ടുണ്ടെന്നുള്ളതു് ശരിതന്നെ. എന്നാൽ തങ്ങൾ പ്രയോഗിക്കുന്ന ബോധപൂർവമല്ലാത്ത മാസ്മരനിദ്രീയ ശപഥങ്ങൾ കൊണ്ടു് ഒടുവിൽ മിക്കവാറും ആത്മശൂന്യരായിത്തീരത്തക്കവണ്ണം സ്ത്രീപുരുഷന്മാർ വികൃതവും കേവലം ജഡവുമായ മാസ്മരനിദ്രീയാവസ്ഥയെ ഉണ്ടാക്കി അവരിൽ എത്രയോ ലക്ഷം പേരെ അവർ നശിപ്പിക്കയും ചെയ്തിട്ടുണ്ടു്. അതുകൊണ്ടു് കണ്ണും പൂട്ടി വിശ്വസിപ്പാൻ പറകയോ അല്ലെങ്കിൽ തന്റെ അസാധാരാണ മനഃശ്ശക്തികൊണ്ടു് നിയമനം ചെയ്തിട്ടു് മനുഷ്യവർഗ്ഗത്തെ പിന്നാലെ ആകർഷിക്കുന്ന ഏവനും, താൻ മനഃപൂർവമായി ദ്രോഹം ചെയ്വാൻ വിചാരിച്ചിട്ടില്ലെങ്കിൽ കൂടിയും ഒരു മനുഷ്യദ്രോഹി ആകുന്നു.

അതുകൊണ്ടു് നിങ്ങളുടെ സ്വന്തമനസ്സുകളെത്തന്നെ ഉപയോഗിപ്പിൻ; മനസ്സിനെയും ശരീരത്തെയും നിങ്ങൾ തന്നെ നിയമനം ചെയ്യുവിൻ; നിങ്ങൾ രോഗികളായിത്തീരുന്നതുവരെ വെളിയിലുള്ള യാതൊരു മനഃശ്ശക്തിയും നിങ്ങളുടെമേൽ ഫലിക്കുന്നതല്ലെന്നു ഓർമ്മിക്കുവിൻ; കണ്ണും പൂട്ടി വിശ്വസിപ്പാൻ പറയുന്ന ഒരുവൻ എത്രതന്നേ മഹാനും സൽപുരുഷനുമായിരുന്നാലും അയാളെ വിട്ടൊഴിക്കയും ചെയ്യുവിൻ. ലോകം മുഴുവനും ആടുകയും, തുള്ളുകയും, നിലവിളിക്കുകയും ചെയ്യുന്ന സംഘങ്ങൾ ഉണ്ടാകയും അവ ആടാനും പാടാനും പ്രസംഗിക്കാനും തുടങ്ങീട്ടു് വിഷബീജങ്ങൾ പോലെ എങ്ങും പരക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവരും മേല്പറഞ്ഞ കൂട്ടത്തിൽ ഉൾപ്പെട്ടവരാണു്. അവർ തൽക്കാലത്തേക്കു് സുകുമാരബുദ്ധികളായ ചിലരുടെമേൽ ഒരു വിലക്ഷണമായ നിയമനശക്തിയെ പ്രയോഗിക്കുന്നു. കഷ്ടം! ഒടുവിൽ പലപ്പോഴും അക്കൂട്ടരെ മുഴുവൻ അധോഗതിയിൽ ചാടിക്കയും ചെയ്യുന്നു. ഒരു മനുഷ്യനോ ഒരു കൂട്ടം ജനങ്ങളോ അപ്രകാരമുള്ള ബാഹ്യമായ വീകൃതനിയമനം വശമാക്കി കാഴ്ചയിൽ സൽപുരുഷരെന്നു നടിക്കുന്നതിനേക്കാൾ അസത്തുക്കളായിത്തന്നെ ഇരുന്നുകൊള്ളുന്നതു് ഭേദമാകുന്നു. നല്ല വിചാരത്തോടുകൂടിയാണെങ്കിലും അനുത്തരവാദികളായ അത്തരം മതഭ്രാന്തന്മാർ മനുഷ്യവർഗ്ഗത്തിന്നു് ചെയ്യുന്ന ദോഷങ്ങളുടെ കണക്കുനോക്കിയാൽ നമ്മുടെ ഹൃദയം തകർന്നുപോകും. സംഗീതവും പ്രാർത്ഥനയും കൊണ്ടുള്ള അവരുടെ ശപഥങ്ങളാൽ പെട്ടെന്നു ആദ്ധ്യാത്മികമായ ഒരു ഉയർന്ന അവസ്ഥയിൽ നയിക്കപ്പെടുന്ന മനസ്സുകൾ സ്വയമേവ ജഡങ്ങളും ആവിലങ്ങളും ദുർബ്ബലങ്ങളും ആയിത്തീരുകയും വേറെ ശപഥങ്ങൾക്കും അവ എത്രതന്നെ ചീത്തകളായിരുന്നാലും കീഴ്പ്പെടത്തക്കവണ്ണം ആയിപ്പോകയും ചെയ്യുമെന്നുള്ളതിനെപറ്റി അവർ അറിയുന്നില്ല.

മൂഢന്മാരും, മിഥ്യാജ്ഞാനമോഹിതരുമായ ഇത്തരക്കാർ തങ്ങൾക്കു ഉപരിലോകത്തുള്ള ഏതോ സ്വരൂപത്തിന്റെ അനുഗ്രഹത്താൽ സിദ്ധിച്ചതാണെന്നു വിചാരിച്ചു മനുഷ്യമനസ്സിനെ വ്യാമോഹിപ്പിപ്പാൻ ഉപയോഗിക്കുന്ന ഈ അത്ഭുതശക്തികളെക്കുറിച്ചു തന്നത്താൻ അഭിനന്ദിക്കുമ്പോൾ തങ്ങൾ ആ സാധുക്കളുടെ ഭാവിയായ അംഗഭംഗങ്ങൾക്കും പാപത്തിനും ബുദ്ധിഭ്രമത്തിനും വിത്തിടുകയാണു ചെയ്യുന്നതെന്നു് ഒട്ടും വിചാരിക്കുന്നില്ല. അതുകൊണ്ടു് നിങ്ങളുടെ സ്വാതന്ത്ര്യത്തെ അപഹരിക്കുന്ന ഏതിനെയും പറ്റി കരുതലുള്ളവരായിരിപ്പിൻ. അതു് അപായകരമാണെന്നറിയുകയും, അതിനെ കഴിയുന്ന വിധത്തിലൊക്കേയും വർജ്ജിക്കയും ചെയ്യുവിൻ. തന്റെ മനസ്സിനെ തന്റെ ഇച്ഛാനുസരണം ഇന്ദ്രിയങ്ങളോടു് സംയോജിപ്പിക്കയും അവയിൽ ചെന്നു വിയോജിപ്പിക്കയും ചെയ്വാൻ സാധിച്ചിട്ടുള്ള പുരുഷൻ പ്രത്യാഹാരത്തെ സാധിച്ചവനാകുന്നു. പ്രത്യാഹാരം എന്നാൽ തിരിയെ (തന്നിൽ) അടക്കുക, അതായതു് മനസ്സിന്റെ ബഹിർമ്മുഖങ്ങളായ ശക്തികളെ നിരോധിക്കയും അതിനെ ഇന്ദ്രിയങ്ങളുടെ ദാസ്യത്തിൽ നിന്നു് മോചിപ്പിക്കയും ചെയ്യുക എന്നർത്ഥമാകുന്നു. അതു ചെയ്യുവാൻ സാധിക്കുമ്പോളാണു് വാസ്തവത്തിൽ നാം നിഷ്ഠയുള്ളവരാകുന്നതു്. അപ്പോൾ മാത്രമാണു് മോക്ഷമാർഗ്ഗത്തിലേക്കുള്ള ഒരു വലിയ പടി നാം കടക്കുന്നതു്. അതിനു മുമ്പു് നാം വെറും യന്ത്രങ്ങൾ മാത്രമാകുന്നു.

മനസ്സിനെ നിയമനം ചെയ്യുന്നതു് എത്രയോ പ്രയാസമായിട്ടുള്ളതാകുന്നു. മനസ്സിനെ ഭ്രാന്തൻ കുരങ്ങിനോടു് സാദൃശപ്പെടുത്തീട്ടുള്ളതു് ശരിയാണു്. ഒരു കുരങ്ങച്ചാരുണ്ടായിരുന്നു. അവൻ മറ്റെല്ലാ കുരങ്ങന്മാരെയും പോലെ തന്നെ സ്വഭാവേന ചപലനായിരുന്നു അത്രെ. അതു പോരാഞ്ഞിട്ടു് ആരോ അവനു് ധാരാളം മദ്യം കൊടുത്തു. അതുകൊണ്ടു് അവൻ അതിലും അധികം ചപലനായി. ഉടനെ അവനെ ഒരു തേളു കുത്തി. മനുഷ്യരെ തേളു കുത്തിയാൽ ഒരു ദിവസം മുഴുവൻ കിടന്നു തുള്ളിച്ചാടുമാറുണ്ടു്. അതുകൊണ്ടു് കുരങ്ങച്ചാർക്കു് തന്റെ അവസ്ഥ അധികം കഷ്ടമായിത്തീർന്നു. എന്നിട്ടു് തന്റെ കഷ്ടതയെ പൂർത്തിയാക്കാനായി ഒരു പിശാചും അവനിൽ കടന്നുകൂടി. ആ കുരങ്ങിന്റെ അനിവാര്യമായ ചാപല്യത്തെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കാൻ കഴിയും? മനുഷ്യന്റെ മനസ്സു ആ കുരങ്ങിനെപ്പോലെ ആകുന്നു. സ്വഭാവേനതന്നെ അതു് ഇടവിടാതെ ചലിച്ചു കൊണ്ടിരിക്കുന്നു. പിന്നെ രാഗമാകുന്ന മദ്യം സേവിച്ചു് തന്റെ ചാപല്യത്തെ വർദ്ധിപ്പിക്കുന്നു. രാഗത്തിന്നു വശം വദമായി കഴിഞ്ഞിട്ടു് ഉടൻ അഭീഷ്ടം സാധിക്കുന്നു. ആളുകളുടേ നേർക്കുള്ള അസൂയയാകുന്ന തേളിന്റെ കുത്തേൽക്കുന്നു. അവസാനം അഭിമാനമാകുന്ന പിശാചിനാൽ ഗ്രസിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടു് അതു് തന്നത്താൻ കേമനാണെന്നു ഞെളിയുന്നു. അങ്ങനെയുള്ള മനസ്സിനെ നിയമനം ചെയ്യുന്നതു് എത്ര പ്രയാസമുള്ള സംഗതിയാണു്.

ഇനി ആദ്യത്തെ പാഠം ഇതാണു്. ഇരുന്നുകൊണ്ടു് കുറേ സമയം മനസ്സിനെ ഓടിനടക്കുവാൻ വിട്ടേക്കുക. ആ സമയമെല്ലാം മനസ്സു് തുള്ളിമറിഞ്ഞുകൊണ്ടേയിരിക്കും. അതു് കുരങ്ങ് തുള്ളിചാടുന്ന പോലെ ആകുന്നു. കുരങ്ങു അതിനു കഴിയുന്നത്ര ചാടട്ടെ. നിങ്ങൾ സൂക്ഷിച്ചു് കാത്തിരിക്കുവിൻ. ‘ജ്ഞാനമേ ശക്തി’ എന്നാണല്ലോ പഴഞ്ചൊല്ലു്. അതു വാസ്തവവുമാണു്. മനസ്സു് എന്തു ചെയ്യുന്നു എന്നറിയുന്നതു വരെ നിങ്ങൾക്കു് അതിനെ നിയമനം ചെയ്യുവാൻ കഴിയുന്നതല്ല. കടിഞ്ഞാൺ! മുഴുവൻ വിട്ടുകൊടുക്കുക, അനേകം അതിദുർഭഗങ്ങളായ വിചാരങ്ങൾ അതിൽ വന്നു കയറിയേക്കാം. ഇങ്ങനേയുള്ള വിചാരങ്ങൾ വിചാരിപ്പാൻ ഇടയായല്ലോ എന്നു് നിങ്ങൾക്കു് തന്നെ ആശ്ചര്യം തോന്നും. എന്നാൽ ഓരോ ദിവസവും മനസ്സിന്റെ അത്തരം തോന്ന്യാസങ്ങൾ കുറഞ്ഞു കുറഞ്ഞു വരുന്നതായും, ഓരോ ദിവസവും അതു അധികമധികം ശാന്തമായിത്തീരുന്നതായും നിങ്ങൾ കാണും. ആദ്യത്തെ ഏതാനും മാസങ്ങളിൽ, മനസ്സിനു് ഒരു ആയിരം വിചാരങ്ങൾ ഉള്ളതായി നിങ്ങൾ കാണും. കുറെ കഴിഞ്ഞാൽ അതു് ശാന്തമായി ഒരു എഴുനൂറായി കുറഞ്ഞിട്ടുണ്ടെന്നു കാണാം. പിന്നെയും ഏതാനും ചില മാസങ്ങൾ കൂടി കഴിയുമ്പോൾ വിചാരങ്ങൾ കുറഞ്ഞു കുറഞ്ഞു പോകയും ഒടുവിൽ മനസ്സു പൂർത്തിയായി നിയമനത്തിൻ കീഴിലാകുകയും ചെയ്യും. എന്നാൽ നാം ക്ഷമയോടുകൂടി അതിനെ അഭ്യസിക്കേണ്ടതാണു്. ആവി തിരിച്ചു വിട്ട ഉടൻ യന്ത്രം ഓടുക തന്നെ ചെയ്യും. വിഷയങ്ങൾ നമ്മുടെ മുമ്പിൽ എത്തിയ ഉടൻ നാം കാണുകതന്നെ ചെയ്യും. അതുകൊണ്ടു് മനുഷ്യൻ ഒരു വെറും യന്ത്രമല്ലെന്നു തെളിയിക്കേണമെങ്കിൽ അവൻ ഒന്നിന്റെയും അധികാരത്തിൻ കീഴിലല്ലെന്നു വെളിപ്പെടുത്തേണ്ടതാണു്. ഇങ്ങനെ മനസ്സിനെ നിയമിക്കുന്നതും അതിനെ സ്വേച്ഛപോലെ ഇന്ദ്രിയങ്ങളോടു ചേരാൻ അയക്കാതിരിക്കുന്നതുമാണു് പ്രത്യാഹാരം. ഇതിനെ എങ്ങനെ അഭ്യസിക്കാം? ഇതു് ഒരു ദീർഘമായ പ്രയത്നമാകുന്നു. ഒരു ദിവസം കൊണ്ടോ മറ്റോ സാധിക്കുന്നതല്ല. അനേക കൊല്ലം ക്ഷമയോടുകൂടിയും നിരന്തരമായും കഷ്ടപ്പെട്ടു ശ്രമിച്ചാൽ മാത്രമേ നമുക്കതു സാധിക്കൂ.

അടുത്ത പാഠം ഇതിനെ ആശ്രയിച്ചിരിക്കും. കുറെക്കാലം പ്രത്യാഹാരം അഭ്യസിച്ചശേഷം മനസ്സിനെ ചില സ്ഥാനങ്ങളിൽ വെച്ചുകൊണ്ടു് അടുത്ത പടിയായ ‘ധാരണ’ തുടങ്ങണം. ‘മനസ്സിനെ ചില സ്ഥാനങ്ങളിൽ വെക്കുക’ എന്നു വെച്ചാൽ അർത്ഥമെന്താണു്? ശരീരത്തിന്റെ ചില ഭാഗങ്ങളെമാത്രം മറ്റെല്ലാ ഭാഗങ്ങളെയും വിട്ടുകളഞ്ഞിട്ടു് ചിന്തിപ്പാൻ മനസ്സിനെ ഞെരുക്കുക എന്നർത്ഥമാകുന്നു. ദൃഷ്ടാന്തമായി, കയ്യെപ്പറ്റി മാത്രം, ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളെയും വിട്ടുകളഞ്ഞിട്ടു് ചിന്തിച്ചുനോക്കുക. ചിത്തം അല്ലെങ്കിൽ മനോവൃത്തികൾ ഒരുദിക്കിൽ നിരുദ്ധമായും പരിച്ഛിന്നമായും നിൽക്കുമ്പോൾ അതിന്നാണു് ‘ധാരണ’ എന്നു പറയുന്നതു്. ഈ ധാരണ പല പ്രകാരത്തിലുണ്ടു്. അതോടൊന്നിച്ചു് സ്വല്പം ഒരു സങ്കല്പവിലാസത്തെകൂടി ചേർത്തുകൊള്ളുന്നതു് നല്ലതാണു്. ദൃഷ്ടാന്തം പറയാം. മനസ്സിനെ ഹൃദയത്തിൽ ഒരു സ്ഥാനത്തെക്കുറിച്ചുമാത്രം ചിന്തിക്കത്തക്കവണ്ണം ആക്കണം. അതു വളരെ പ്രയാസമുള്ളതാണു്. കുറെ എളുപ്പമായ ഒരു മാർഗ്ഗം അവിടെ ഒരു പത്മത്തെ സങ്കൽപിക്കയാകുന്നു. ആ പത്മം പ്രകാശപൂർണ്ണമായിരിക്കുന്നു; ഉജ്ജ്വലമായ പ്രകാശത്താൽ പൂർണ്ണമായിരിക്കുന്നു. അവിടെ മനസ്സിനെ നിർത്തുക അല്ലെങ്കിൽ ആ പത്മത്തെ പ്രകാശപൂർണ്ണമായിട്ടുതന്നെ തലച്ചോറിലോ മുൻവിവരിച്ചിട്ടുള്ള സുഷുമ്നയിലുള്ള ഓരോ സ്ഥാനങ്ങളിലോ വിചാരിക്കുക.

യോഗി എല്ലായ്പ്പോഴും അഭ്യസിച്ചുകൊണ്ടിരിക്കണം. അയാൾ ഏകാന്തത്തിൽ ജീവിപ്പാൻ ശ്രമിക്കണം. പലവിധത്തിലുള്ള ജനങ്ങളുടെ സഹവാസം മനസ്സിനെ ബഹിർമുഖമാക്കും. യോഗി അധികം സംസാരിക്കരുതു്; എന്തുകൊണ്ടെന്നാൽ സംസാരം മനസ്സിനെ ബഹിർമുഖമാക്കിത്തീർക്കും. അധികം പ്രവൃത്തിക്കയും അരുതു്; എന്തുകൊണ്ടെന്നാൽ അതിമാത്രമായ പ്രവൃത്തി മനസ്സിനെ അസ്വസ്ഥമാക്കുന്നു. ഒരു മുഴുവൻ ദിവസവും ക്ലേശിച്ചു് പ്രവൃത്തി ചെയ്തശേഷം അന്നു മനസ്സിനെ നിയമനം ചെയ്വാൻ കഴിയുന്നതല്ല. ഇങ്ങനേയുള്ള നിശ്ചയബുദ്ധിയോടുകൂടിയ ഒരുത്തനാണു് യോഗിയായിത്തീരുന്നതു്. അത്യല്പമായി ചെയ്താൽപോലും മഹത്തായ ഗുണമുണ്ടാകുന്ന ശക്തിയാണു് നല്ലതിന്നുള്ളതു്. അതു് ആർക്കും ദോഷത്തെ ചെയ്കയുമില്ല; എന്നാൽ എല്ലാവർക്കും ഗുണത്തെ ചെയ്കയും ചെയ്യും. ആദ്യം തന്നെ അതു് (ധാരണ) സിരാക്ഷോഭത്തെ സൗമ്യപ്പെടുത്തുകയും ശാന്തതയുണ്ടാക്കുകയും വിഷയങ്ങളെ അധികം സ്പഷ്ടമായി ഗ്രഹിപ്പാൻ നമ്മെ ശക്തരാക്കുകയും ചെയ്യും. സ്വഭാവം നന്നാകുകയും ആരോഗ്യം അധികമാകുകയും ചെയ്യും. പൂർണ്ണമായ ആരോഗ്യവും, മാധുര്യമുള്ള സ്വരവും ആദ്യത്തെ ലക്ഷണങ്ങളിൽ ഒന്നാണു്. സ്വരത്തിലുള്ള ദോഷങ്ങൾ മാറിപ്പോകും. ഇതു് വരാനുള്ള ഫലങ്ങളിൽ ആദ്യത്തേതാണു്. പണിപ്പെട്ടു അഭ്യസിക്കുന്നവർക്കു് മറ്റ് അനേക ലക്ഷണങ്ങൾ കൂടി ഉണ്ടാകും. ചിലപ്പോൾ കുറേ ദൂരത്തിൽ നിന്നു് മണിനാദം പോലെയുള്ള ശബ്ദങ്ങൾ ഉണ്ടാകയും അവ കൂടി കലർന്നു് ഒരു നാദത്തിന്റെ ഇടമുറിയാത്ത പ്രവാഹം പോലെ ചെവിയിൽ എത്തിക്കൊണ്ടിരിക്കയും ചെയ്യും, ചിലപ്പോൾ ചില കാഴ്ചകൾ കാണും. പ്രകാശത്തിന്റെ ചെറിയ ശകലങ്ങൾ മുമ്പിൽ സഞ്ചരിക്കുകയും അവ വലുതായി വലുതായി വരികയും ചെയ്യും. ഇങ്ങനേയുള്ള സംഭവങ്ങൾ വരുമ്പോൾ നിങ്ങൾ വളരെ വേഗത്തിൽ യോഗവിഷയമായ അഭിവൃദ്ധിയെ പ്രാപിക്കയാണെന്നു് വിചാരിച്ചു കൊള്ളാം. യോഗികളാവാൻ ആഗ്രഹിക്കയും പണിപ്പെട്ടു അഭ്യസിക്കയും ചെയ്യുന്നവർ തങ്ങളുടെ ആഹാരസാധനങ്ങളെപ്പറ്റി ആദ്യം കുറേ ദൃഷ്ടി വെയ്ക്കണം. വളരെ വേഗത്തിൽ സിദ്ധി സമ്പാദിപ്പാൻ ആഗ്രഹിക്കുന്നവർ, പാൽ കൊണ്ടു് മാത്രമോ അല്ലെങ്കിൽ ധാന്യ വർഗ്ഗങ്ങളെക്കൊണ്ടോ ഏതാനും മാസങ്ങൾ കഴിപ്പാൻ കഴിയുമെങ്കിൽ അതു് ഗുണകരമായിട്ടുള്ളതാണെന്നു് കാണും. എന്നാൽ ദിവസംപ്രതി പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നുകൊണ്ടു് കുറേശ്ശെ മാത്രം അഭ്യസിച്ചു ജീവിതം നയിപ്പാൻ വിചാരിക്കുന്നവർ മിതാഹാരികളായിരുന്നാൽ മതി. മറ്റു വിധത്തിൽ അവർക്കിഷ്ടമുള്ളതെല്ലാം കഴിക്കുന്നതിന്നു് വിരോധമില്ല.

ശീഘ്രതരമായ അഭിവൃദ്ധിയെ ആഗ്രഹിക്കയും ക്ലേശിച്ചു് അഭ്യസിക്കയും ചെയ്യുന്നവർക്കു് പഥ്യാഹാരത്തിലുള്ള നിഷ്കർഷം അവശ്യം അവശ്യമത്രേ. ശരീരബന്ധം അധികമധികം മൃദുവായിത്തീരുന്തോറും ഏതെങ്കിലും അത്യല്പമായ സംഗതി കൂടി ശരീരാസ്വാസ്ഥ്യത്തിന്നു് ഭംഗം വരുത്തുന്നതായി നിങ്ങൾക്കു് കാണാം. പൂർണ്ണമായ നിയമനശക്തിയുണ്ടാകുന്നതുവരെ ഒരു ശകലം ആഹാരം അധികമായോ കുറഞ്ഞോ പോയാൽ നിങ്ങളുടെ മുഴുവൻ ശരീരത്തിന്നും ഉപദ്രവം തട്ടുന്നതായിരിക്കും. അതിനുശേഷം നിങ്ങൾക്കു് ഇഷ്ടമുള്ളതെല്ലാം ഭക്ഷിക്കാം. ധാരണ പരിശീലിച്ചുതുടങ്ങുമ്പോൾ ഒരു മൊട്ടു സൂചി വീഴുന്നശബ്ദം നിങ്ങളുടെ തലയിൽ കൂടി ഒരു ഇടിവെട്ടിയ പോലെ ഗംഭീരമായി നിങ്ങൾ കേൾക്കും. ഇന്ദ്രിയങ്ങൾ അധികം സൂക്ഷ്മങ്ങളായിത്തീരുന്നു. ഗ്രഹണശക്തികളും അധികം സൂക്ഷ്മങ്ങളായിത്തീരുന്നു. നമുക്കു് കടന്നു പോകാനുള്ള സ്ഥാനങ്ങൾ ഇവയാണു്. ഇടവിടാതെ ഇതിൽ പരിശ്രമിക്കുന്നവർക്കെല്ലാം സിദ്ധി ഉണ്ടാകയും ചെയ്യും. എല്ലാ യുക്തിവാദങ്ങളും മനോവികാരഹേതുക്കളായ മറ്റെല്ലാവും തള്ളിക്കളയുവിൻ. ഈ ബുദ്ധിവികൃതമായ ശുഷ്കപ്രലാപങ്ങളിൽ എന്തെങ്കിലും സംഗതിയുണ്ടോ? അതു് മനസ്സിന്റെ സ്വാസ്ഥ്യത്തെ ഭഞ്ജിക്കയും അതിനെ ഉപ്രദ്രവിക്കയും മാത്രം ചെയ്യുന്നു. ഈ സംഗതികൾ നാം അനുഭവിച്ചറിയേണ്ടവയാണു്. പ്രലാപങ്ങൾ കൊണ്ടു് അതു സാധിക്കുമോ? അതുകൊണ്ടു് നിരർത്ഥകമായ പ്രലാപങ്ങളെ വിട്ടുകളയുവിൻ. അനുഭവശാലികളാൽ എഴുതപ്പെട്ട പുസ്തകങ്ങൾ മാത്രം വായിക്കയും ചെയ്യുവിൻ.

മുത്തുച്ചിപ്പിയെ പോലെ ഇരിക്കുവിൻ. ഇന്ത്യയിൽ ഒരു ഭംഗിയുള്ള പഴങ്കഥയുണ്ടു്. എങ്ങിനെ എന്നാൽ; ചോതി നക്ഷത്രം ഉച്ചയാകുമ്പോൾ മഴയുണ്ടാകയും ഒരു മഴത്തുള്ളി ചിപ്പിയുടെ ഉള്ളിൽ വീഴുകയും ചെയ്താൽ അതു മുത്തായിത്തീരുമത്രെ. മുത്തുച്ചിപ്പികൾക്കു് അതറിയാം. അതുകൊണ്ടു് ആ നക്ഷത്രം ഉദിക്കുമ്പോൾ അവ മുകളിൽ വരികയും ആ മഴത്തുള്ളിയേറ്റുകൊൾവാനായി കാത്തിരിക്കയും ചെയ്യുന്നു. ഒരു തുള്ളി അതിന്റെ ഉള്ളിൽ വീണ ഉടൻ വേഗത്തിൽ അതു് തന്റെ ചിപ്പി പൂട്ടിക്കളുകയും, ക്ഷമയോടുകൂടി അതിനെ പോറ്റിവളർത്തി ഒരു മുത്താക്കാനായിട്ടു് കടലിന്നടിയിൽ മുങ്ങിക്കളുകയും ചെയ്യുന്നു. നാം അതിനെപ്പോലെ ഇരിക്കണം. ആദ്യം ഉപദേശം കേൾക്കുക, പിന്നെ മനസ്സിലാക്കുക; പിന്നെ എല്ലാ കുഴപ്പങ്ങളെയും വിട്ടുകളഞ്ഞിട്ടു് നമ്മുടെ മനസ്സിനെ വെളിയിലുള്ള പ്രേരണകളിൽ നിന്നു് നിരോധിക്കുക, എന്നിട്ടു് അതിനെക്കാൾ പുത്തനായ ഒന്നിനുവേണ്ടി അതിനെ വിട്ടുകളുകയും ചെയ്യുന്നതിനാൽ നമ്മുടെ ആത്മശക്തികൾക്കു് ക്ഷയം നേരിടുക എന്നുള്ള ആപത്തുണ്ടു്. ഒരു സംഗതിയെ എടുക്കുക, അതിനെ പ്രവൃത്തിയിൽ കൊണ്ടുവരിക; എന്നിട്ടു് അതിന്റെ അവസാനം കാണുക. അവസാനം കണ്ടല്ലാതെ അതിനെ വിട്ടുകളയരുതു്. ഒരു അഭിമതവസ്തുവിന്മേൽ ഉന്മത്തചിത്തനായിത്തീരുന്നതാരോ അവൻ മാത്രമേ അതിന്റെ തത്വത്തെ കാണുകയുള്ളു. അങ്ങുമിങ്ങും ഓരോന്നു് കടിച്ചും തുപ്പിയും മാത്രം നടക്കുന്നവർക്കു് ഒരിക്കലും ഒന്നും കിട്ടുകയില്ല. അവർ അവരുടെ ഞരമ്പുകളെ ചിലപ്പോൽ കിക്കിറിയാക്കും. അവിടത്തന്നെ അതവസാനിക്കയും ചെയ്യും. അവർ പ്രകൃതിയുടെ അടിമകളാകുന്നു; ഇന്ദ്രിയങ്ങളെ അതിക്രമിച്ചു് ഒരിക്കലും അവർ പോകുന്നതല്ല.

വാസ്തവത്തിൽ യോഗികളാവാൻ ആഗ്രഹിക്കുന്നവർ ഈ കുടിച്ചും തുപ്പിയും നടക്കുന്ന ശീലം അശേഷം തള്ളിക്കളയണം. ഒരഭിപ്രായത്തെ പിടിക്കുക. ആ അഭിപ്രായത്തെത്തന്നെ നിങ്ങളുടെ ജീവിതമാക്കിക്കൊള്ളുക. അതിനെപ്പറ്റി മനോരാജ്യം ചെയ്യുക. അതിനെപ്പറ്റി ആലോചിക്കുക, ആ അഭിപ്രായം കൊണ്ടുപജീവിക്കുക. തലച്ചോറും, ശരീരവും, മാംസപേശികളും, ഞരമ്പുകളും, ശരീരത്തിന്റെ ഓരോ ഭാഗവും ആ അഭിപ്രായം കൊണ്ടു നിറയട്ടേ. മറ്റുള്ള എല്ലാ അഭിപ്രായങ്ങളെയും ഉപേക്ഷിച്ചുകളയുകയും ചെയ്യുവിൻ. ഇതാണു് സിദ്ധിക്കുള്ള മാർഗ്ഗം, ഇങ്ങനെയാണു് മഹാന്മാരായ സിദ്ധപുരുഷന്മാരുണ്ടായതു്. മറ്റുള്ളവർ വെറും സംസാരിക്കുന്ന യന്ത്രങ്ങളത്രെ. നാം വാസ്തവത്തിൽ അനുഗ്രഹിക്കപ്പെട്ടവരാകണമെങ്കിലും മറ്റുള്ളവരെ നമുക്കു് അനുഗ്രഹിക്കപ്പെട്ടവരാക്കേണമെങ്കിലും നാം കുറെക്കൂടി അടിയിൽ കടന്നു നോക്കേണ്ടതാകുന്നു. അതിന്റെ ആദ്യത്തെ പടിയിൽ നാം മനസ്സിനെ ഉപ്രദ്രവിക്കാതിരിക്കയും മനസ്സിനെ ഉപദ്രവിക്കുന്ന അഭിപ്രായങ്ങൾ ഉള്ളവരുമായി സഹവസിക്കാതിരിക്കയും വേണം. ചില ആളുകളും ചില സ്ഥലങ്ങളും ചില ഭക്ഷണസാധനങ്ങളും നിങ്ങൾക്കു് വെറുപ്പുണ്ടാക്കുന്നതായി നിങ്ങൾ എല്ലാവരുമറിയുമല്ലോ അവയെ എല്ലാം വിട്ടൊഴിക്കുവിൻ. ഏറ്റവും ഉയർന്നതായ സ്ഥാനത്തിൽ എത്താൻ ആഗ്രഹിക്കുന്നവർ എല്ലാസഹവാസത്തെയും നല്ലതായാലും ചീത്തയായാലും വിട്ടൊഴിക്കേണ്ടതുമാകുന്നു. കഠിനമായി അഭ്യസിക്കുവിൻ. നിങ്ങൾ ജീവിക്കയോ മരിക്കയോ ചെയ്യട്ടേ! അതു സാരമില്ല. നിങ്ങൾ ഫലത്തെപ്പറ്റി ചിന്തിക്കാതെ അതിൽ ആണ്ടു കിടന്നു ശ്രമിക്കേണ്ടതാണു്. വേണ്ടിടത്തോളം ശൂരതയുണ്ടെങ്കിൽ ആറു മാസം കൊണ്ടു് നിങ്ങൾ ഒരു സിദ്ധയോഗിയാകും. ഇതിന്റെ ശകലം മാത്രം എടുക്കുന്നവർ അതായതു് എല്ലാറ്റിൽ നിന്നും അല്പാല്പം കൈക്കൊള്ളുന്ന മറ്റുള്ളവരാകട്ടെ, അല്പവും മുകളിൽ എത്തുന്നില്ല. കേവലം ഒരു കൂട്ടം പാഠങ്ങളെ പഠിച്ചുതീർത്തതുകൊണ്ടു് ഒരു പ്രയോജനമില്ല. താമസഗുണം കൊണ്ടു് നിറഞ്ഞു് മൂഢന്മാരും, മന്ദബുദ്ധികളുമായി, ഒരഭിപ്രായത്തിലും മനസ്സു് സ്ഥിരമായി നിൽക്കാത്തവരായി, വിനോദത്തിന്നായി മാത്രം എന്തെങ്കിലും വേണമെന്നു കാംഷിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്കു് മതവും തത്വജ്ഞാനവും കേവലം വിനോദമാത്രമായി കലാശിക്കും. അവർ വിനോദത്തിന്നായി മതത്തെ അന്വേഷിക്കയും വിനോദകരമായ കുറഞ്ഞൊന്നു് അതിൽ നിന്നു് അവർക്കു് കിട്ടുകയും ചെയ്യുന്നു. ഇവരാണു് സ്ഥിരപരിശ്രമവിമുഖന്മാർ. അവർ ഒരു പ്രസംഗം കേൾക്കുന്നു, അതു് വളരെ രസമുള്ളതാണെന്നു വിചാരിക്കുന്നു, ഉടനെ വീട്ടിൽ പോകുന്നു, അതിനെപറ്റിയുള്ളതു് ആകപ്പാടെ മറന്നു കളകയും ചെയ്യുന്നു. സിദ്ധിയുണ്ടാകണമെങ്കിൽ അതിമഹത്തായ സ്ഥിരപരിശ്രമം വേണം, അതിമഹത്തായ മനഃശ്ശക്തി വേണം. ‘ഞാൻ സമുദ്രത്തെ കുടിച്ചു വറ്റിക്കും, ഞാൻ വിചാരിച്ചാൽ പർവ്വതങ്ങൾ തകർന്നുവീഴും’ എന്നാണു് സ്ഥിരപരിശ്രമിയായ പുരുഷൻ പറയുന്നതു്. അതുപോലെയുള്ള പൗരുഷത്തെയും അതുപോലെയുള്ള മനഃശ്ശക്തിയെയും വഹിക്കുവിൻ. തീവ്രമായ ശ്രമം ചെയ്യുവിൻ. അപ്പോൾ നിങ്ങൾ ഉദ്ദേശിച്ച ദിക്കിൽ എത്തും.

Colophon

Title: Rājayōgam (ml: രാജയോഗം).

Author(s): Swami Vivekanandan.

First publication details: ; Trivandrum, Kerala; 1914.

Deafult language: ml, Malayalam.

Keywords: Novel, Swami Vivekanandan, Rajayogam, trans: Kumaran Asan, സ്വാമി വിവേകാനന്ദൻ (വിവ: കുമാരൻ ആശാൻ), രാജയോഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Agni Yoga, an oil on canvas painting by Nicholas Roerich (1874–1947). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.