images/rajayogam-cover.jpg
Agni Yoga, an oil on canvas painting by Nicholas Roerich (1874–1947).
ധ്യാനവും സമാധിയും

രാജയോഗം നമ്മെക്കൊണ്ടുപോകുന്ന ഉദ്ദിഷ്ടസ്ഥാനവും ലക്ഷ്യവുമായ ഏകാഗ്രതയുടെ പരിശീലനമാകുന്ന സൂക്ഷ്മതരങ്ങളായ അഭ്യാസങ്ങളെ ഒഴിച്ചുള്ള രാജയോഗത്തിന്റെ പല പടികളെയും പറ്റിയ സാമാന്യമായ നിരൂപണം നാം ചെയ്തുകഴിഞ്ഞു. മനുഷ്യരുടെ നിലയിൽ നാം നമ്മുടെ ബുദ്ധിപൂർവകമാണെന്നു പറയുന്ന അറിവുകൾ എല്ലാം ഒരു സ്വബോധത്തെ സംബന്ധിച്ചിരിക്കുന്നതായി കാണുന്നു. ഈ മേശ ഇവിടെ ഇരിക്കുന്നു എന്നെനിക്കു ബോധമുണ്ടു്, നിങ്ങൾ ഇവിടെ ഉണ്ടെന്നു് എനിക്കു ബോധമുണ്ടു്, ഇത്യാദി നോക്കുക. അതാണു് ആ സ്വബോധം. നിങ്ങൾ ഇവിടെ ഉണ്ടു്, ഈ മേശ ഇവിടെയുണ്ടു്, ഞാൻ കാണുകയും തൊടുകയും, കേൾക്കുകയും ചെയ്യുന്ന വിഷയങ്ങൾ എല്ലാം ഇവിടെയുണ്ടു് എന്നൊക്കെ എന്നെ അറിയിപ്പിക്കുന്നതു് അതാണു്. എന്നാൽ അതോടുകൂടിത്തന്നെ എന്റെ ജീവിതത്തിന്റെ ഘടകാംശങ്ങളിൽ ഒരു വലിയ ഭാഗം എന്റെ ബോധത്തിലുൾപ്പെടാതെയുമിരിക്കുന്നു. ശരീരത്തിന്നുള്ളിലുള്ള ഇന്ദ്രിയങ്ങൾ എല്ലാം, തലച്ചോറിന്റെ നാനാ ഭാഗങ്ങൾ, തലച്ചോറ് ഈ വസ്തുക്കളെപറ്റി ആർക്കും ബോധമില്ലല്ലോ.

ഞാൻ ആഹാരത്തെ ഭക്ഷിക്കുമ്പോൾ അതു് ബോധത്തോടുകൂടി ചെയ്യുന്നു. അതിനെ ശരീരത്തിൽ പരിണമിപ്പിക്കുമ്പോൾ അതു് ഞാൻ ബോധത്തോടുകൂടാതെ ചെയ്യുന്നു. ആഹാരത്തെ രക്തമാക്കിത്തീർക്കുമ്പോൾ ഞാൻ ബോധരഹിതനായി ചെയ്യുന്നു. ആ രക്തത്തിൽ നിന്നു് എന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും നിർമ്മിക്കുമ്പോൾ അതു് ഞാൻ ബോധരഹിതനായി ചെയ്യുന്നു. എന്നാലും അങ്ങനെ ചെയ്യുന്നതൊക്കെ ഞാൻ തന്നെയാണു്. ഈ ഒരു ശരീരത്തിൽ പത്തിരുപതു് ആളുകൾ ഉണ്ടായിരിക്കുന്നതല്ലല്ലോ. ഞാനാണിതു് ചെയ്യുന്നതെന്നും മറ്റാരുമല്ലെന്നും എനിക്കു് എങ്ങനെ അറിയാം? എന്റെ പ്രവൃത്തി ആഹാരത്തെ ഭക്ഷിക്കുന്നതു് മാത്രമാണെന്നും, അതിനെ സാത്മ്യപ്പെടുത്തുകയും ആ ആഹാരത്തിൽ നിന്നു് ശരീരത്തെ നിർമ്മിക്കയും ചെയ്യുന്നതു് എനിക്കുവേണ്ടി മറ്റാരോ ആണെന്നു വാദിക്കുമായിരിക്കാം. അതു പാടില്ല. എന്തുകൊണ്ടെന്നാൽ നമ്മുടെ ബോധത്തിന്നു് വിഷയമാകാത്ത മിക്കവാറും എല്ലാ വ്യാപാരങ്ങളെയും നമ്മുടെ ബോധത്തിന്നു വിഷയമാക്കിത്തീർക്കാൻ കഴിയുന്നതായി തെളിയിക്കാവുന്നതാണു്. നമ്മുടെ ഹൃദയം പ്രത്യക്ഷത്തിൽ നമ്മുടെ വരുതി കൂടാതെ അടിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ ഇരിക്കുന്ന നമ്മിൽ ആർക്കും ഹൃദയത്തെ വരുതിയിൽ നിർത്താൻ കഴികയില്ല. അതു് അതിന്റെ വഴിയെ പോയിക്കൊണ്ടിരിക്കുന്നു. എന്നാൽ അഭ്യാസം കൊണ്ടു് മനുഷ്യന്നു് ഹൃദയത്തെപ്പോലും വരുതിയിൽ വയ്പാൻ കഴിയും. അതു് അവന്റെ ഇച്ഛപോലെ മന്ദമായോ ശീഘ്രമായോ മിക്കവാറും നിന്നുപോകതന്നെയൊ ചെയ്യും. മിക്കവാറും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ആജ്ഞയിൻകീഴ് കൊണ്ടുവരുവാൻ കഴിയും. ഇതു് എന്തിനെ കാണിക്കുന്നു? നമ്മുടെ ബോധസ്ഥാനത്തിനു താഴെയുള്ളവകളും നമ്മാൽ ചെയ്യപ്പെടുന്നവ തന്നെ എന്നും എന്നാൽ നാം അവയെ ബോധത്തോടുകൂടാതെ ചെയ്യുന്നു എന്നും തന്നെ. അപ്പോൾ നമുക്കു് മനസ്സു് വ്യാപരിച്ചുകൊണ്ടിരിക്കുന്നതായ രണ്ടു സ്ഥാനങ്ങൾ ഉണ്ടു്. ഒന്നാമതു് സ്വബോധത്തിന്റെ സ്ഥാനം. അതായതു് എപ്പോഴും അഹന്തയുടെ സ്ഫുരണയോടു കൂടി വരുന്ന ക്രിയകൾ. അടുത്തതു് അബോധസ്ഥാനം. അടിയിലുള്ള ക്രിയകൾ അതായതു് അഹന്തയുടെ സ്ഫുരണത്തോടു കൂടാതെവരുന്ന ക്രിയകൾ അഹന്താ സ്ഫുരണത്തോടുകൂടാതെ വരുന്ന മനോവ്യാപാരത്തിന്റെ ആ ഭാഗം അബോധവ്യാപാരവും, അഹന്താസ്ഫുരണത്തോടുകൂടി വരുന്ന ആ ഭാഗം സബോധ വ്യാപാരവും ആകുന്നു. താഴ്‌ന്ന തരം ജന്തുക്കളിൽ ഈ അബോധ വ്യാപാരത്തിന്നു് സഹജബോധമെന്നു് പറയുന്നു. ഉയർന്ന തരം ജന്തുക്കളിലും, എല്ലാ ജന്തുക്കളിലും വെച്ചു് ഉയർന്നവനായ മനുഷ്യനിലും അഹന്താ സ്ഫുരണത്തോടുകൂടിയതായ രണ്ടാമത്തെ വ്യാപാരം അധികം സാധാരണമായിരിക്കുന്നു. അതിന്നു് സബോധവ്യാപാരം എന്നു പറയുന്നു.

എന്നാൽ ഇതു് ഇവിടെ അവസാനിക്കുന്നില്ല. മനസ്സിനു് വ്യാപരിക്കാമെന്നുള്ളതായി ഇതിലും ഉയർന്നതായ ഒരു സ്ഥാനവുമുണ്ടു്. സ്വബോധത്തിന്റെ സ്ഥാനത്തെ അതിക്രമിച്ചു പോവാൻ മനസ്സിനു കഴിയും. ബോധരഹിത വ്യാപാരങ്ങൾ സ്വബോധസ്ഥാനത്തിനു് അടിയിലുള്ളവയായിരിക്കുന്നതുപോലെ സ്വബോധസ്ഥാനത്തിനു മുകളിലുള്ളതായും വേറൊരു വ്യാപാരമുണ്ടു്. അതും അഹന്താസ്ഫുരണത്തോടുകൂടാതെ വരുന്നതാകുന്നു. അഹന്തയുടെ സ്ഫുരണം കേവലം മദ്ധ്യസ്ഥാനങ്ങളിൽ മാത്രമേയുള്ളു. മനസ്സു ആ സ്ഥാനത്തിന്നുമുകളിലോ അടിയിലോ ആയിരിക്കുമ്പോൾ അഹം (ഞാൻ) എന്നുള്ള സ്ഫുരണമില്ല, എങ്കിലും മനസ്സു് വ്യാപരിക്കയും ചെയ്യുന്നു. മനസ്സു് സ്വബോധത്തിന്റെ അതിരിനെ അതിക്രമിച്ചു പോകുമ്പോൾ അതിനു് സമാധി അല്ലെങ്കിൽ ബോധാതീതാവസ്ഥയെന്നു പറയുന്നു. അതു് സ്വബോധത്തിന്നു മുകളിലാകുന്നു. സമാധിസ്ഥനായ ഒരുവൻ സ്വബോധത്തിന്റെ അതൃത്തി വിട്ടു താണു പോകയല്ല; ആ സ്ഥാനത്തിൽ നിന്നു് ഉയർന്നു് പോകയാണു ചെയ്തിരിക്കുന്നതെന്നുള്ളതിന്നു് എന്തു തെളിവാണു്? രണ്ടു സംഗതികളിലും വ്യാപാരങ്ങൾ അഹന്താസ്ഫുരണത്തോടുകൂടാത്തവയാണല്ലോ? ഉത്തരം എന്തെന്നാൽ കാര്യം കൊണ്ടു്, അതായതു് വ്യാപാരത്തിന്റെ ഫലങ്ങൾ കൊണ്ടു് ഏതാണു് മുകളിലെന്നും, ഏതാണു് താഴെ എന്നും നാം അറിയുന്നു. ഒരു മനുഷ്യൻ സുഷുപ്ത്യവസ്ഥയെ പ്രാപിക്കുമ്പോൾ അയാൾ സ്വബോധത്തിന്നു് താഴെയുള്ള ഒരു ഭൂമിയിൽ കടക്കുകയാകുന്നു. സുഷുപ്തിയിൽ പക്ഷേ, അഹന്താസ്ഫുരണത്തോടുകൂടാതെ തന്നെ അയാൾ ആ സമയമെല്ലാം തന്റെ ശരീരത്തെ വ്യാപരിപ്പിക്കുന്നു. അയാൾ ശ്വസിക്കുന്നു. അയാൾ ആ ശരീരത്തെ അനക്കുന്നു. നിദ്ര വിട്ടുണർന്നുവരുമ്പോൾ അതിൽ പ്രവേശിച്ച അതേ മനുഷ്യനായിത്തന്നെ തിരിയെ വരികയും ചെയ്യുന്നു. നിദ്രയിൽ പ്രവേശിക്കുന്നതിനുമുമ്പു് അയാൾ സമ്പാദിച്ചിരുന്ന അറിവുകളുടെ ആകത്തുക അങ്ങിനെത്തന്നെ ഇരിക്കുന്നു. അതൊട്ടും അധികമായിട്ടില്ല. ജ്ഞാനം വന്നിട്ടില്ല. എന്നാൽ ഒരുവൻ സമാധിയിലാണു പ്രവേശിക്കുന്നതെങ്കിൽ അവൻ മൂഢനായിട്ടു് അതിൽ എത്തി മുനിയായിട്ടു് വെളിയിൽ വരുന്നു.

ഈ വ്യത്യാസം എന്തുകൊണ്ടുണ്ടാകുന്നു. ഒരവസ്ഥയിൽ നിന്നു് ഒരുത്തൻ അതിൽ പ്രവേശിച്ചു് അതേമാതിരിതന്നെ വെളിയിൽ വരുന്നു. മറ്റൊരവസ്ഥയിൽ നിന്നു് ആ മനുഷ്യൻ ജ്ഞാനിയായിത്തീർന്നു ഒരു മുനിയായി, ഒരു ദീർഘദർശിയായി, ഒരു തപസ്വിയായി. അയാളുടെ മുഴുവൻ സ്വഭാവവും മാറിപ്പോയി. അയാളുടെ ജീവിതം മാറിപ്പോയി, ജ്ഞാനിയായി. ഫലങ്ങൾ രണ്ടും ഇവയാണു്. ഫലങ്ങൾ വ്യത്യസ്തങ്ങളായിരിക്കുന്നതുകൊണ്ടു് ഹേതുക്കളും വ്യത്യസ്തങ്ങളായിത്തന്നെയിരിക്കണം. സമാധിയിൽ നിന്നു് വെളിയിൽ വരുന്ന ഒരു മനുഷ്യന്റെ ജ്ഞാനം അബോധാവസ്ഥയിൽ നിന്നോ, സബോധാവസ്ഥയിൽ ഉള്ള ഊഹങ്ങളിൽ നിന്നോ ലഭിക്കപ്പെടാവുന്നതിനേക്കാൾ ഏറ്റവും ഉൽകൃഷ്ടതരമായിട്ടുള്ളതാകുന്നു. അതുകൊണ്ടു് അതു ബോധാതീതാവസ്ഥ തന്നെ ആയിരിക്കണം. ബോധാതീതാവസ്ഥ എന്നു പറഞ്ഞാൽ സമാധിയുമാണു്.

ചുരുക്കത്തിൽ സമാധി എന്നു പറയുന്നതിന്റെ താല്പര്യം ഇതാകുന്നു. എന്താണതിന്റെ ഉപയോഗം? അതിന്റെ ഉപയോഗം ഇവിടെയാണു്. ഊഹം അല്ലെങ്കിൽ മനസ്സിന്റെ സബോധവ്യാപാരത്തിന്റെ വ്യാപ്തിഭൂമി ഇടുങ്ങിയതും, ക്ലിപ്തമായ അവധിയുള്ളതുമാകുന്നു. മനുഷ്യന്റെ ഊഹത്തിന്നു് സഞ്ചരിപ്പാനുള്ളതു് ഒരു ചെറിയ ചക്രവാളം മാത്രമാണു്. അതിനെ അതിക്രമിച്ചു പോവാൻ അതിനു കഴികയില്ല. അതിക്രമിച്ചു പോവാനുള്ള ശ്രമമെല്ലാം അസാദ്ധ്യമത്രെ. എന്നാൽ മനുഷ്യവർഗ്ഗം ഏറ്റവും ഇഷ്ടതമമായി വിചാരിക്കുന്നതെല്ലാം കിടക്കുന്നതു് ആ ചക്രവാളത്തിനുവെളിയിലുമാണു്. അനശ്വരമായ ഒരു ആത്മാവുണ്ടോ? ഒരു ഈശ്വരനുണ്ടോ? ഈ പ്രപഞ്ചത്തിന്റെ നിയാമകമായ ഒരു മഹാബോധമുണ്ടോ? ഈ ചോദ്യങ്ങളെല്ലാം ഊഹത്തിന്റെ ഭൂമിക്കു അപ്പുറമുള്ളതാകുന്നു. ഊഹത്തിന്നു ഒരിക്കലും ഈ ചോദ്യങ്ങളുടെ ഉത്തരം പറവാൻ കഴികയില്ല. ഊഹം എന്തു പറയുന്നു? അതു പറയുന്നതാവിതു്. ‘ഞാൻ സംശയഗ്രസ്തനാണു്’ ഉണ്ടെന്നോ ഇല്ലെന്നോ ഉള്ളതൊന്നും എനിക്കറിഞ്ഞുകൂടാ. എന്നാൽ ഈ ചോദ്യങ്ങൾ നമുക്കു വളരെ പ്രധാനമായിട്ടുള്ളവയുമാണു്. അവയുടെ ശരിയായ ഉത്തരം അറിയാതെ മനുഷ്യജീവിതം ശക്യമല്ല. നമ്മുടെ എല്ലാ ധർമ്മശാസ്ത്ര സിദ്ധാന്തങ്ങളും, നമ്മുടെ എല്ലാ സദാചാരപരമായ നിലകളും, മനുഷ്യസ്വഭാവത്തിന്നുള്ള സത്തും മഹത്തുമായ എല്ലാവും ആ ചക്രവാളത്തിന്നു വെളിയിൽനിന്നു വന്നിട്ടുള്ള ഉത്തരങ്ങളിന്മേൽ സ്വരൂപിക്കപ്പെട്ടിരിക്കയാകുന്നു. അതുകൊണ്ടു് ഈ ചോദ്യങ്ങൾക്കു നമുക്കു ഉത്തരമുണ്ടാകണമെന്നുള്ളതു് വളരെ പ്രധാനമായ സംഗതിയത്രേ. ആ ഉത്തരങ്ങളോടു കൂടാതെ മനുഷ്യജീവിതം അശക്യമായിത്തീരും. ജീവിതം ഒരു അഞ്ചു നിമിഷത്തിന്റെ കാര്യമാണെങ്കിലും, ഈ പ്രപഞ്ചം പരമാണുക്കളുടെ ഒരു യാദൃശ്ചികമായ സംഘാതം മാത്രമാണെങ്കിലും എന്തുകൊണ്ടു് ഞാൻ മറ്റൊരുത്തനു നന്മ ചെയ്യണം? എന്തുകൊണ്ടു് കാരുണ്യമോ നീതിയോ, സമസൃഷ്ടി സ്നേഹമോ ഉണ്ടായിരിക്കണം? ഈ ലോകത്തിൽ ഉത്തമമായിട്ടുള്ളതു് ‘വെയിലുള്ളപ്പോൾ വയ്ക്കോൽ ഉണക്കിക്കൊൾക’ എന്നുള്ളതായിരിക്കും. ഓരോരുത്തനും അവന്റെ നന്മ മാത്രം നോക്കും. ആശിപ്പാൻ വേറെ ഒന്നുമില്ലെങ്കിൽ എന്തുകൊണ്ടു് ഞാൻ എന്റെ സഹോദരനെ സ്നേഹിക്കണം? എന്തുകൊണ്ടു് അവന്റെ കഴുത്തു് അറുത്തുകൂടാ. അപ്പുറത്തു ഒന്നുമില്ലെങ്കിലും സ്വാതന്ത്ര്യമില്ല. ജഡങ്ങളായ കഠിനനിയമങ്ങൾ മാത്രമേ ഉള്ളുവെങ്കിലും ഞാൻ എനിക്കിവിടെ സുഖമായി ഇരിപ്പാൻ മാത്രമേ ശ്രമിക്കൂ. ഇപ്പോൾ ചിലർ എല്ലാ സദാചാരങ്ങൾക്കും ഉപയോഗവാദി (utiltarian) കളുടെ അഭിപ്രായനുസാരമായ അടിസ്ഥാനമാണു് തങ്ങൾക്കുള്ളതെന്നു പറയുന്നതായി കേൾക്കാം. ഈ അടിസ്ഥാനമെന്താണു്? ഏറ്റവും അധികം പേർക്കും ഏറ്റവും അധികം സുഖം ഉണ്ടാക്കുക. എന്തുകൊണ്ടു് ഞാൻ അതുണ്ടാക്കണം? എന്റെ കാര്യത്തിന്നു് ഉപയോഗപ്പെടുമെങ്കിൽ എന്തുകൊണ്ടു് ഏറ്റവും അധികം പേർക്കു് ഏറ്റവും അധികം ദുഃഖം ഉണ്ടാക്കിക്കൂടാ. ഉപയോഗവാദികൾ ഈ ചോദ്യത്തിന്നു് എങ്ങനെ ഉത്തരം പറയും. ഏതു ശരിയാണെന്നും ഏതു തെറ്റാണെന്നും എങ്ങനെ നിങ്ങൾക്കു് അറിയാം. സുഖത്തിനുവേണ്ടി ഇച്ഛ എന്നെ തള്ളിവിടുന്നു. ഞാൻ അതിനെ നിറവേറ്റുകയും ചെയ്യുന്നു. അതെനിക്കു സ്വഭാവത്തിൽ ഉള്ളതുമാണു്. എനിക്കു അതല്ലാതെ ഒന്നും അറിഞ്ഞുകൂടാ. എനിക്കു ഈ വക ഇച്ഛകൾ ഉണ്ടു്. ഞാൻ അവയെ നിറവേറ്റുകയും ചെയ്യും. എന്തുകൊണ്ടു് നിങ്ങൾ ആവലാതി പറയണം? മനുഷ്യ ജീവിതത്തെയും, സദാചാരത്തെയും, അനശ്വരമായ ആത്മാവിനെയും ഈശ്വരനെയും, സ്നേഹം അനുകമ്പ ഇവയെയും, ഉത്തമനായിരിക്കുകയും സർവോപരി സ്വാർത്ഥത്യാഗി ആയിരിക്കുകയും എന്നുള്ളതിനെയും പറ്റിയുള്ള ഈ പരമാർത്ഥങ്ങൾ എല്ലാം എവിടെനിന്നു വരുന്നു.

എല്ലാ ധർമ്മശാസ്ത്രങ്ങളും, മനുഷ്യന്റെ എല്ലാ ക്രിയകളും, മനുഷ്യന്റെ എല്ലാ വിചാരങ്ങളും ഈ സ്വാർത്ഥപരിത്യാഗം എന്ന ഒരു ഉദ്ദേശ്യത്തെ അവലംബിച്ചിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ മുഴുവൻ ഉദ്ദേശ്യത്തെ ‘സ്വാർത്ഥപരിത്യാഗം’ എന്ന ഒരു വാക്കിൽ ഒതുക്കാം. എന്തുകൊണ്ടു് നാം സ്വാർത്ഥപരിത്യാഗികളായിരിക്കണം? ആവശ്യമെന്തു്? എനിക്കു സ്വാർത്ഥപരിത്യാഗിയാകാനുള്ള പ്രേരണയും ശക്തിയും എവിടെ? എന്തുകൊണ്ടു് ഞാൻ അങ്ങനെയിരിക്കണം? നിങ്ങൾ നിങ്ങളെ ഒരു ബുദ്ധിമാനെന്നും ഉപയോഗവാദി എന്നും പറയുന്നു. എന്നാൽ നിങ്ങൾ കാരണം കാണിച്ചു തരുന്നില്ലെങ്കിൽ ഞാൻ നിങ്ങളെ ബുദ്ധിഹീനനെന്നേ പറയൂ. എന്തുകൊണ്ടു ഞാൻ സ്വാർത്ഥപരനായിരുന്നു കൂടാ? അതിനു കാരണം കാണിച്ചു തരിക. എന്തുകൊണ്ടു് എനിക്കു് അകാരണമായി പ്രവർത്തിക്കുന്ന ഒരു മൃഗമായി ഇരുന്നുകൂടാ. അതു് (ഉപയോഗവാദം) ഒരു കവിതയുടെ രീതിയിൽ നന്നായി എന്നു വരാം. എന്നാൽ കവിത ന്യായവാദം അല്ല. എനിക്കു ഒരു ന്യായം കാണിച്ചുതരിക. എന്തുകൊണ്ടു ഞാൻ സ്വാർത്ഥത്യാഗി ആകണം? എന്തുകൊണ്ടു നന്നാകണം? ശ്രീമാൻ ഇന്നാരും ശ്രീമതി ഇന്നാരും അങ്ങിനെ പറയുന്നു, അതുകൊണ്ടു് എന്നു പറഞ്ഞാൽ അതു് എനിക്കു സമ്മതമാകുന്നതല്ല. ഞാൻ സ്വാർത്ഥത്യാഗി ആയിരിക്കുന്നതുകൊണ്ടുള്ള ഉപയോഗം എവിടെ. ഉപയോഗം എന്നു് വെച്ചാൽ ഏറ്റവും അധികം സുഖം എന്നാണർത്ഥമെങ്കിൽ, എന്റെ ഉപയോഗം ഞാൻ സ്വാർത്ഥപരനാകുന്നതാണു്. അന്യന്മാരെ ചതിക്കുകയും കൊള്ളയിടുകയും ചെയ്യുന്നതുകൊണ്ട് എനിക്കു് ഏറ്റവും അധികം സുഖം ലഭിച്ചെന്നു വരാം. ഉത്തരം എന്താണു്? ഉപയോഗവാദിക്കു് ഒരിക്കലും അതു് പറവാൻ കഴിയില്ല. ഈ ലോകം അപാരമായ ഒരു മഹാസമുദ്രത്തിലെ ഒരു നീർത്തുള്ളിയും അപരിച്ഛിന്നമായ ഒരു മഹാശൃംഖലയുടെ ഒരു കണ്ണിയും ആകുന്നു. ഇതാണു് ഉത്തരം. സ്വാർത്ഥത്യാഗത്തെ പ്രസംഗിക്കുകയും അതിനെ മനുഷ്യവർഗ്ഗത്തിനു പഠിപ്പിക്കുകയും ചെയ്ത ജനങ്ങൾക്കു് ഈ അഭിപ്രായം എവിടന്നു കിട്ടി? അതു് സഹജബോധമല്ല. സഹജബോധമുള്ള ജന്തുക്കൾ അതിനെ അറിയുന്നില്ല. ഇതു് ഊഹവുമല്ല. ഊഹത്തിനു ഈ അഭിപ്രായങ്ങളെ പറ്റി യാതൊന്നും അറിഞ്ഞുകൂടാ. അവ എവിടന്നു വന്നു?

ചരിത്രത്തെ സൂക്ഷിച്ചുനോക്കുമ്പോൾ ലോകത്തുണ്ടായിട്ടുള്ള മഹാന്മാരായ മതോപദേഷ്ടാക്കന്മാർ എല്ലാം ഒരു തത്വത്തെ ഒന്നുപോലെ സമ്മതിക്കുന്നതായി കാണുന്നു. ഈ പരമാർത്ഥങ്ങൾ പുറത്തുനിന്നു് കിട്ടിയതാണെന്നു് എല്ലാവരും വാദിക്കുന്നു. അവരിൽ പലരും അവർക്കു കിട്ടികൊണ്ടിരുന്നതിനെ അറിഞ്ഞില്ലന്നു മാത്രമേയുള്ളൂ. ദൃഷ്ടാന്തം പറയാം, ഒരു ദേവദൂതൻ മനുഷ്യാകൃതിയിൽ രണ്ടു ചിറകുകളോടുകൂടി കീഴപ്പോട്ടു പറന്നു വന്നു് ‘മനുഷ്യാ! നീ കേട്ടുകൊണ്ടാലും, ഇതാണു് സന്ദേശം’ എന്നു പറഞ്ഞു എന്നു് ഒരാൾ പറയും. മറ്റൊരാൾ, ഒരു ദേവന്റെ ഒരു തേജോമയമായ സ്വരൂപം തന്റെ മുമ്പിൽ പ്രത്യക്ഷമായി എന്നു പറയുന്നു. വേറെ ഒരാൾ തന്റെ പരേതനായ പൂർവികൻ സ്വപ്നത്തിൽ വന്നു ഇതെല്ലാം തനിക്കു പറഞ്ഞു കൊടുത്തതാണു് എന്നു പറയുന്നു. അതിനുമപ്പുറമായി അവൻ ഒന്നും അറിഞ്ഞില്ല. എന്നാൽ എല്ലാവരും വാദിക്കുന്നതു് ഒന്നുകിൽ അവർ ദേവദൂതനെ കണ്ടു, അല്ലെങ്കിൽ ഈശ്വരന്റെ വാക്യങ്ങളെ കേട്ടു, അല്ലെങ്കിൽ ആശ്ചര്യകരമായ പ്രത്യക്ഷമവർക്കുണ്ടായി എന്നുള്ളതാണെന്ന ഈ സംഗതി സർവ്വസാധാരണമായിരിക്കുന്നു. ഈ ജ്ഞാനം അവർക്കു പുറത്തു നിന്നു കിട്ടിട്ടുള്ളതാണെന്നു എല്ലാവരും വാദിക്കുന്നു. അവരുടെ ഊഹശക്തിയിൽനിന്നു കിട്ടിയതാണെന്നല്ല. യോഗശാസ്ത്രം എന്താണുപദേശിക്കുന്നതു്? അതുപദേശിക്കുന്നതു് ഈ ജ്ഞാനം എല്ലാ ഊഹത്തിന്റെ അതൃത്തിക്കു് പുറത്തുനിന്നു വന്നതാണന്നും, എന്നാൽ അതു അവരുടെ ഉള്ളിൽ നിന്നും തന്നെ വന്നതാണന്നും ആകുന്നു.

ഊഹത്തിന്നപ്പുറമായി ഒരു ബോധാതീതാവസ്ഥ അതായതു് ഒരു ഉയർന്നതരമായ സ്ഥിതി മനസ്സിന്നുതന്നെ ഉണ്ടെന്നും മനസ്സു് ആ ഉയർന്ന സ്ഥിതിയെ പ്രാപിക്കുമ്പോൾ ഊഹത്തിനു പുറത്തുള്ളതായ ഈ ജ്ഞാനം ഭൗതികജ്ഞാനങ്ങൾക്കു് എല്ലാം അതീതമായ ഈ അതിഭൗതികജ്ഞാനം മനുഷ്യനു വരുന്നു എന്നും യോഗി പറയുന്നു. അതിഭൗതികവും, അതീതവുമായ ജ്ഞാനം മനുഷ്യനു വരുന്നു. സാധാരണ മനുഷ്യസ്വഭാവത്തെ അതിയാനം ചെയ്തു് ഊഹത്തെ അതിക്രമിച്ചു പോകുന്ന ഈ അവസ്ഥ ചിലപ്പോൾ അതിന്റെ ശാസ്ത്രിയജ്ഞാനം ഇല്ലാത്ത ഒരു മനുഷ്യനുകൂടിയും വന്നേക്കാം. അയാൾ അതിന്മേൽ കാലിടറി വീഴുന്ന പോലെ ആകുന്നു. അതിൽ ഇടറി വീഴുമ്പോൾ സാധാരണമായും അതു പുറത്തുനിന്നും വന്നതാണു് എന്നയാൾ വാദിക്കുന്നു. അതുകൊണ്ടു് ഒരു അനുഗ്രഹബോധം, അല്ലെങ്കിൽ ഈ അതീതജ്ഞാനം ഭിന്നരാജ്യങ്ങളിൽ തുല്യമായിരിക്കുന്നതു് എന്തുകൊണ്ടാണെന്നു ഇതു വിശദമാക്കുന്നു. എന്നാൽ ഒരു രാജ്യത്തു് ഇതൊരു ദേവദൂതൻ മുഖേന വന്നതായും, മറ്റൊരു രാജ്യത്തു് ഇതൊരു ദേവൻ മുഖേന വന്നതായും, വേറൊരു രാജ്യത്തു് ഈശ്വരൻ മുഖേന വന്നതായും തോന്നാം. അതിന്റെ അർത്ഥമെന്തു്? അർത്ഥം ആ ജ്ഞാനം മനസ്സു തന്നെ അതിന്റെ സ്വന്തസ്വഭാവത്താൽ കൊണ്ടുവന്നതാണെന്നും, ആ ജ്ഞാനത്തിന്റെ സാക്ഷാൽകാരം ആരു മുഖേന വന്നുവോ ആ മനുഷ്യന്റെ വിശ്വാസത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സ്ഥിതിയെ അനുസരിച്ചു അതു വാഖ്യാനിക്കപ്പെട്ടു എന്നും ആകുന്നു. ഇതിന്റെ വാസ്തവമായ വസ്തുത ഈ നാനാ മനുഷ്യരും ഈ ബോധീതാവസ്ഥയിൽ ഇടറിവീണു എന്നുള്ളതാണു്.

ഇതിൽ (ഇടറിവീഴുന്നതിൽ) ഒരു വല്യ ആപത്തുണ്ടെന്നു യോഗി പറയുന്നു. വളരെ അധികം സംഗതികളിലും തലച്ചോറിനു കേടുപറ്റുന്നതായ ആപത്താണുള്ളതു്. സാധാരണമായും എത്ര മഹാന്മാരായിരുന്നു എങ്കിലും ഇതിനെ മനസ്സിലാക്കാതെ ഈ ബോധാതീതാവസ്ഥയിൽ ഇടറിവീണിട്ടുള്ള ആളുകൾ എല്ലാം സന്ദേഹഗ്രസ്തരായിരിക്കും അവരുടെ ജ്ഞാനത്തോടുകൂടിത്തന്നെ ഒരു അസാധാരണ മൂഢവിശ്വാസത്തെ വച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതായി കാണാവുന്നതാണു്. അവർ ഭ്രാന്തിദർശനങ്ങൾക്കു് സ്വയം അടിമകൾ ആയിത്തീരുന്നു. മുഹമ്മദ് ഒരു ദിവസം ഒരു ഗുഹയിൽ വച്ചു തന്റെ അടുക്കൽ ഗാബ്രിയേൽ എന്ന ദേവദൂതൻ വന്നു എന്നും തന്നെ ഹറാക്കു എന്ന ദിവ്യാശ്വത്തിന്മേൽ കയറ്റിക്കൊണ്ടുപോയി എന്നും അങ്ങനെ താൻ സ്വർഗ്ഗലോകം കണ്ടു എന്നും വാദിച്ചു. ഇങ്ങനെ ഒക്കെ ആണെങ്കിലും മുഹമ്മദ് ചില അത്ഭുതകരങ്ങളായ വാസ്തവങ്ങളെയും പറഞ്ഞിരുന്നു. നിങ്ങൾ കുറാൻ വായിക്കുക ആണെങ്കിൽ അതിൽ ഏറ്റവും ആശ്ചര്യകരങ്ങളായ വാസ്തവങ്ങൾ ഈ വക മൂഢവിശ്വാസത്തോടു് ഇടകലർന്നു കിടക്കുന്നതായി കാണും. അതിനു നിങ്ങൾ എന്തു കാരണം പറയും? അദ്ദേഹം അനുഗ്രഹീതപുരുഷൻ ആയിരുന്നു. സംശയമില്ല, എന്നാൽ ആ അനുഗ്രഹത്തിൽ അദ്ദേഹം ഇടറിവീണപോലെയാണിരിക്കുന്നതു്. അദേഹം ഒരു അഭ്യാസമുള്ള ഒരു യോഗി അല്ലായിരുന്നു. അതുകൊണ്ടു് താൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നതിന്റെ കാരണവും അദ്ദേഹത്തിനു അറിഞ്ഞു കൂടായിരുന്നു. മുഹമ്മദു ലോകത്തിനു ചെയ്ത ഗുണങ്ങളെ പറ്റി വിചാരിക്കുക. മതഭ്രാന്തു് മൂലം അദ്ദേഹത്താൽ ചെയ്യപ്പെട്ടിരിരിക്കുന്ന മഹത്തായ ദോഷത്തെയും വിചാരിക്കുക. അദ്ദേഹത്തിന്റെ ഉപദേശം മൂലം അനേകലക്ഷം ജനങ്ങൾ ഹിംസിക്കപ്പെട്ടിരുന്നതിനെ വിചാരിക്കൂ. അമ്മമാർക്കു കുട്ടികളില്ലാതായി, കുട്ടികൾക്കു് മാതാപിതാക്കന്മാരില്ലാതായി, മുഴുവൻ രാജ്യങ്ങൾ നശിച്ചു. ലക്ഷോപലക്ഷം ജനങ്ങൾ കൊല്ലപെട്ടു.

അതുകൊണ്ടു്, ഈ വലിയ ഉപദേഷ്ടാക്കന്മാരുടെ ജീവചരിത്രങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ ഈ ആപത്തുണ്ടായിരുന്നു എന്നു നാം കാണുന്നു. എങ്കിലും അവരെല്ലാം അനുഗ്രഹിക്കപ്പെട്ടവരാണന്നും നാം കാണുന്നു. ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ അവർ ബോധാതീതാവസ്ഥയിൽ കടന്നു. എപ്പോഴെങ്കിലും ആ അവസ്ഥയിൽ ഒരു ദീർഘദർശി കേവലം മനോഭാവങ്ങളുടെ ശക്തികൊണ്ടു് അതായതു് തന്റെ മനോവികാരരൂപമായ സ്വഭാവത്തെ ഉയർത്തീട്ടു കടന്നപ്പോൾ മാത്രമാണു് ആ അവസ്ഥയിൽ നിന്നു ചില പരമാർത്ഥങ്ങൾ കൊണ്ടുവരാൻ അയാൾക്കു സാധിച്ചതു്. എന്നാൽ ചില മതഭ്രാന്തുക്കളും ആ ഉപദേശങ്ങളുടെ മഹത്വം ലോകത്തിനു ചെയ്ത നന്മയുടെ അത്ര തന്നെ ലോകത്തിനു ഉപദ്ദ്രവം ചെയ്തിട്ടുള്ള ചില മൂഢവിശ്വാസങ്ങളും കൂടി അതിൽനിന്നും അവർ കൊണ്ടുപോന്നു. നാം മനുഷ്യജീവിതം എന്നു പറയുന്ന അസാംഗത്യത്തിന്റെ രാശിയിൽ നിന്നു് ഏതെങ്കിലും ഊഹം കിട്ടേണമെങ്കിൽ നാം നമ്മുടെ ഊഹത്തെ അതിക്രമിച്ചു പോകേണ്ടിയിരിക്കുന്നു. എന്നാൽ അതു ശാസ്ത്രീയമായും, മന്ദമായും ക്രമമായ അഭ്യാസംകൊണ്ടു വേണം ചെയ്വാൻ. എല്ലാ മൂഢവിശ്വാസങ്ങളെയും ത്വജിച്ചുകളയുകയും വേണം. ഇതിനെ നാം മറ്റേതെങ്കിലും ശാസ്ത്രത്തെപ്പോലെതന്നെ സ്വീകരിക്കണം. നമുക്കു് അടിസ്ഥാനം ഉറപ്പിക്കുന്നതിനു് ഊഹം കൂടിയേകഴിയു. ഊഹം നമ്മെ എത്രദൂരം കൊണ്ടുപോകുമോ അതുവരെ നാം അതിനെ പിന്തുടരുകയും വേണം. ഊഹത്തിനുകഴിയാതെ ആകുമ്പോൾ ഊഹം തന്നെ നമുക്കു് ഏറ്റവും ഉയർന്നതായ ആ സ്ഥാനത്തെ കാണിച്ചുതരുകയും ചെയ്യും. അതുകൊണ്ടു് എപ്പോഴെങ്കിലും ഒരു മനുഷ്യൻ ഞാൻ അനുഗ്രഹീതപുരുഷൻ (സിദ്ധൻ) ആണന്നു പറയുകയും, തീരെ യുക്തിശൂന്യമായ അസംബന്ധം പ്രലപിക്കുകയും ചെയ്യുന്നതായി കേട്ടാൽ അതിനെ അങ്ങനെതന്നെ തള്ളിക്കളയണം. എന്തുകൊണ്ടു്? കാരണം മനസ്സിന്റെ ഈ മൂന്നവസ്ഥകൾ സഹജബോധം, ഊഹം, ബോധാതീതം അല്ലെങ്കിൽ നിർബോധം, സബോധം ബോധാതീതം ഈ അവസ്ഥകൾ ഒരേ മനസ്സിന്നുതന്നെ ഉള്ളതാകുന്നു. ഒരു മനുഷ്യനു മൂന്നു മനസ്സുകൾ ഇല്ല. ഒരു മനസ്സു് തന്നെ വളർന്നു മറ്റവകളായി പരിണമിക്കയാകുന്നു. സഹജബോധം വളർന്നു് ഊഹമായി പരിണമിക്കുന്നു. ഊഹം വളർന്നു് അതീതബോധാവസ്ഥയായിത്തീരുന്നു. അതുകൊണ്ടു് ഒന്നു് ഒരിക്കലും മറ്റതിനു പ്രതികൂലമാകയില്ല. ആകയാൽ എപ്പോഴെങ്കിലും മാനുഷമായ ഊഹത്തിനും സാധാരണബുദ്ധിക്കും പ്രതികൂലമായ ഒരു അപരിഷ്കൃതവിവരണം കേട്ടാൽ ഒരു സംശയവും കൂടാതെ അതിനെ തള്ളിക്കളയുവിൻ. വാസ്തവമായ അനുഗ്രഹം ഒരിക്കലും പ്രതികൂലിക്കയില്ല. നിറവേറ്റുകയേ ചെയ്യു. മഹാന്മാരായ ദീർഘദർശികൾ ‘ഞാൻ വന്നതു നശിപ്പിപ്പാനല്ല, നിറവേറ്റാനാകുന്നു’ എന്നു പറയുന്നതായി കാണുന്നതുപോലെ തന്നെ ഈ അനുഗ്രഹം എല്ലായ്പ്പോഴും ഊഹത്തെ നിറവേറ്റാനായിട്ടാണു വരുന്നതു്. ഇതു് ഊഹത്തോടു് ശരിയായി യോജിച്ചും ഇരിക്കുന്നു. എപ്പോഴെങ്കിലും അതു ഊഹത്തിനു പ്രതികൂലിക്കുന്നതായി കണ്ടാൽ അതു അനുഗ്രഹമല്ലന്നും നിങ്ങൾ അറിയണം.

യോഗാഭ്യാസത്തിൽ ഉള്ള എല്ലാ മാർഗ്ഗങ്ങളും നമ്മെ ശാസ്ത്രീയമായ വിധത്തിൽ ബോധാതീതാവസ്ഥയിൽ അല്ലെങ്കിൽ സമാധിയിൽ എത്തിപ്പാൻ ഉദ്ദേശിച്ചുള്ളവയാണു്. എന്നുതന്നെയല്ല, അനുഗ്രഹം എന്നു പറയുന്നതു് പുരാതന ദീർഘദർശികളുടെ എന്നപോലെതന്നെ എല്ലാവരുടെയും സ്വഭാവത്തിൽ അടങ്ങിയിരിക്കയാണന്നു മനസ്സിലാക്കുന്നതു് ഏറ്റവും പ്രധാനമായ ഒരു സംഗതി ആകുന്നു. ഈ ദീർഘദർശികൾ കേവലം അസാധാരണ മനുഷ്യർ ആയിരുന്നില്ല. അവർ നിങ്ങളെയോ എന്നെയോ പോലെയുള്ളവർ തന്നെയായിരുന്നു. അവർ വലിയ യോഗികൾ ആയിരുന്നു. അവർ ഈ ബോധാതീതാവസ്ഥയെ പ്രാപിച്ചിരുന്നു. അതിനെ നിങ്ങൾക്കും എനിക്കും പ്രാപിക്കുകയും ചെയ്യാം. അവർ പ്രത്യേക ജാതി മനുഷ്യരല്ലായിരുന്നു. ഒരു മനുഷ്യൻ ആ അവസ്ഥയെ എപ്പോഴെങ്കിലും പ്രാപിച്ചു എന്നുള്ള ആ വസ്തുത തന്നെ എല്ലാ മനുഷ്യർക്കും അതു് സാധ്യമാണന്നുള്ളതിനെ തെളിയിക്കുന്നു. അതു് സാദ്ധ്യമാണന്നു മാത്രമല്ല, ഓരോ മനുഷ്യനും ഒടുവിൽ ആ അവസ്ഥയിൽ എത്തേണ്ടിതന്നെയും ഇരിക്കുന്നു. ‘മതം’ എന്നുള്ളതും അതു തന്നെ ആകുന്നു. നമുക്കുള്ള ഏക ഗുരു അനുഭവമാണു്. സത്യത്തെ നാം അനുഭവിച്ചറിയുന്നതുവരെ അതിനെ സംബന്ധിച്ച ഒറ്റ വാക്കിന്റെ അർത്ഥം പോലും മനസ്സിലാക്കാതെ നമ്മുടെ ജീവിതകാലം മുഴുവൻ നാം വഴക്കുപറയുകയും യുക്തിവാദം ചെയ്കയും ചെയ്തെന്നു വരാം. ഏതാനും പുസ്തകങ്ങൾ വാങ്ങിക്കൊടുത്തിട്ടു മാത്രം ഒരുത്തനെ ഒരു ശാസ്ത്രവൈദ്യനാക്കാമെന്നു് നിങ്ങൾ ആശിക്കേണ്ട. ഒരു രാജ്യം കാണുന്നതിനായുള്ള എന്റെ ആഗ്രഹത്തെ ഒരു ഭൂപടം കാണിച്ചു നിറവേറ്റാൻ നിങ്ങൾക്കു കഴിയുകയില്ല. എനിക്കു സാക്ഷാൽ അനുഭവം തന്നെ വേണം. ഭൂപടങ്ങൾക്കു കുറേകൂടി പൂർത്തിയായ അറിവു സമ്പാദിപ്പാനുള്ള ചെറിയ കൗതുകത്തെ നമ്മിൽ ജനിപ്പിപ്പാൻ മാത്രമേ കഴിയൂ. അതിന്നപ്പുറമായി അവക്കു വേറെ ഒരു വിലയുമില്ല. പുസ്തകത്തിൽ മുറുകെ പിടിക്കുന്നതെല്ലാം മനുഷ്യമനസ്സിനെ അപകർഷിക്ക മാത്രമാകുന്നു. ഈശ്വരനെ സംബന്ധിച്ച അറിവുകൾ എല്ലാം ഈ പുസ്തകത്തിൽ അല്ലെങ്കിൽ ആ പുസ്തകത്തിൽ അടങ്ങിയിരിക്കയാകുന്നു എന്നു പറയുന്നതിനേക്കാൾ ഭയങ്കരമായ ഒരു ദൈവ ദൂഷണം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ഈശ്വരനെ അപരിച്ഛിന്നൻ എന്നു വിളിക്കുകയും എന്നാൽ അദ്ദേഹത്തെ ഒരു ചെറിയ പുസ്തകത്തിനുള്ളിൽ ഞെരുക്കി വയ്ക്കുകയും ചെയ്വാൻ ജനങ്ങൾ എങ്ങനെ തുനിയുന്നു? പുസ്തകം പറയുന്നതിനെ വിശ്വസിക്കാഞ്ഞിട്ടും ഒരു പുസ്തകത്തിനുള്ളിൽ തന്നെ ഈശ്വരനെ സംബന്ധിച്ച എല്ലാ ജ്ഞാനങ്ങളും കാണാഞ്ഞിട്ടും എത്രയോ ലക്ഷം ജനങ്ങൾ കൊല്ലപ്പെട്ടിരിക്കുന്നു. ഈ വധങ്ങളും കൊലപാതകങ്ങളും എല്ലാം നിശ്ചയമായും ഇപ്പോൾ കഴിഞ്ഞുപോയിരിക്കതന്നെ. എങ്കിലും ലോകം ഇന്നും പുസ്തകത്തിനുള്ളിൽ ഉള്ള ഒരുതരം വിശ്വാസത്താൽ ഭയങ്കരമാംവണ്ണം ബന്ധിക്കപ്പെട്ടിരിക്കയാകുന്നു.

ബോധാതീതാവസ്ഥയെ ശാസ്ത്രീയമായ വിധത്തിൽ പ്രാപിക്കൂന്നതിനു ഞാൻ രാജയോഗസംബന്ധമായി നിങ്ങൾക്കു് ഉപദേശിച്ചു കൊണ്ടിരിക്കുന്ന ഈ വിധ മാർഗ്ഗങ്ങളിൽക്കൂടി കടന്നു പോകേണ്ടതാണു്. കഴിഞ്ഞ ഉപന്യാസത്തിൽ ഞാൻ നിങ്ങൾക്കു ഉപദേശിച്ച പ്രത്യാഹാരവും, ധാരണയും കഴിഞ്ഞിട്ടു നാം ധ്യാനത്തോടു് അടുക്കുന്നു. മനസ്സിനെ ആഭ്യന്തരമോ ബാഹ്യമോ ആയ ഒരു സ്ഥാനത്തിൽ സ്ഥിരമായി നിൽക്കത്തക്കവണ്ണം അഭ്യസിപ്പിച്ചു കഴിഞ്ഞാൽ അതിനു് ആ സ്ഥാനത്തേക്കു് അപരിച്ഛിന്നധാരമായി എന്നപോലെ പ്രവഹിപ്പാനുള്ള ഒരു ശക്തി ഉണ്ടാകുന്നു. ഈ അവസ്ഥക്കു് ധ്യാനം എന്നു പറയുന്നു. ഈ ധ്യാനശക്തി സാക്ഷാൽക്കാരത്തിന്റെ ബാഹ്യാംശങ്ങളെ നിരസിക്കുകയും ആന്തരമായ അംശത്തിൽ അതായതു് അർത്ഥത്തിൽ മാത്രം സ്ഥിരമായി ലയിച്ചുനിൽക്കുയും ചെയ്യത്തക്കവണ്ണം തീവ്രമാക്കപ്പെടുമ്പോൾ ആ അവസ്ഥക്കു സമാധി എന്നു പറയുന്നു. ധാരണ, ധ്യാനം, സമാധി ഈ ഈ മൂന്നിനും കൂടി ഒന്നായി സംയമം എന്നു പറയും. അതായതു് ഒരു മനസ്സിനു് ആദ്യം ഒരു വിഷയത്തെ ധ്യാനിപ്പാനും എന്നിട്ടു് ആ ധ്യാനത്തെ ഏതാനും സമയത്തേക്കു് അനുവർത്തിപ്പാനും പിന്നെ തുടർന്നുകൊണ്ടുള്ള ധ്യാനത്തിൽ വിഷയത്തിന്റെ കാരണമായിരിക്കുന്ന സാക്ഷാൽക്കാരത്തിന്റെ ആന്തരമായ അംശത്തിൽ മാത്രം സ്ഥിതി ചെയ്യുവാനും കഴിയുമാറായാൽ എല്ലാം ആ ഒരു മനസ്സിന്റെ നിയമനശക്തിക്കുള്ളിൽ അകപ്പെടുന്നു.

ഈ സംയമാവസ്ഥയാണു് ജീവിതത്തിൽ ഏറ്റവും ഉയർന്നതായ അവസ്ഥ. ആഗ്രഹമുള്ള കാലത്തോളം വാസ്തവമായ സുഖം വരുന്നതു സാദ്ധ്യമല്ല. ധ്യാനപരമായ, സാക്ഷിരൂപേണയുള്ള വിഷയങ്ങളുടെ ദർശനമാണു നമുക്കു് പരമാർത്ഥമായ സുഖാനുഭവത്തെയും, സൗഖ്യത്തെയും നൽകുന്നതു്. ജന്തുക്കളുടെ സുഖം ഇന്ദ്രിയങ്ങളിലും മനുഷ്യന്റെ സുഖം ബുദ്ധിയിലും, ഈശ്വരന്റെ സുഖം ആദ്ധ്യാത്മധ്യാനത്തിലും ആകുന്നു. ഈ ധ്യാനപരമായ അവസ്ഥയെ പ്രാപിച്ച ആത്മാവിനുമാത്രമേ ലോകം വാസ്തവത്തിൽ സൗഭാഗ്യമുള്ളതായിരിക്കുന്നുള്ളു. ഒരു വസ്തുവിനെ ആഗ്രഹിക്കാതെയും തന്റെ ആഗ്രഹങ്ങളോടു് കലർത്തി മിശ്രമാക്കാതെയും ഇരിക്കുന്നവനു പ്രകൃതിയുടെ പ്രഗുണിതങ്ങളായ പരിവർത്തനങ്ങൾ എല്ലാ സൗന്ദര്യത്തിന്റെയും ഉൽകർഷത്തിന്റെയും ഒരു മഹാചിത്രപടമായി പ്രകാശിക്കുന്നു

ധ്യാനവിഷയത്തിൽ താഴെ പറയുന്ന അഭിപ്രായങ്ങൾ ഹൃദിസ്ഥമാക്കിയിരിക്കേണ്ടതാണു്. നാം ഒരു ശബ്ദം കേൾക്കുന്നു. ആദ്യമുള്ളതു് ബാഹ്യവിസ്ഫുരണം. രണ്ടാമത്തേതു് അതിനെ മനസ്സിലേക്കു് കൊണ്ടുചെല്ലുന്ന സിരാചലനം. മൂന്നാമത്തേതു് മനസ്സിന്റെ പ്രതികരണം. അതോടുകൂടിയാണു് ആകാശത്തിന്റെ വിസ്ഫുരണം മുതൽ മനസ്സിന്റെ പ്രതീകരണംവരെയുള്ള ഈ പല മാറ്റങ്ങളുടെയും ബാഹ്യകാരണമായ വിഷയത്തിന്റെ ജ്ഞാനം സ്ഫുരിക്കുന്നതു്. ഈ മൂന്നിനും യോഗശാസ്ത്രത്തിൽ ശബ്ദം, അർത്ഥം, ജ്ഞാനം എന്നിങ്ങനെ യഥാക്രമം പേരുകൾ പറയുന്നു. പുതിയ ശരീരശാസ്ത്രത്തിന്റെ ഭാഷയിൽ ഇതിനു ആകാശീയവിസ്ഫുരണം എന്നും, (Ethereal vibration) തലച്ചോറിലെയും സിരകളിലെയും ചലനം എന്നും മാനസപ്രതികരണം എന്നും പറയുന്നു. എന്നാൽ ഇവ സ്പഷ്ടമായ ക്രമങ്ങളാണെങ്കിലും തീരെ വേർതിരിച്ചറിവാൻ പാടില്ലാത്തവണ്ണം അത്ര സമ്മിശ്രമായിത്തീർന്നിരിക്കയാണു്. വാസ്തവത്തിൽ നമുക്കിപ്പോൾ ഈ കാരണങ്ങളിൽ ഒന്നിനെയും സാക്ഷാൽകാരിക്കാൻ കഴികയില്ല. നാം ഈ മൂന്നിന്റെയും കാര്യത്തെ മാത്രം സാക്ഷാൽക്കരിക്കുന്നു. ആ കാര്യത്തിനാണു നാം ബാഹ്യവിഷയം എന്നുപറയുന്നതു്. സാക്ഷാൽക്കാരത്തിന്റെ എല്ലാ വ്യാപാരത്തിലും ഈ മൂന്നും അന്തർഭവിക്കുന്നു. അവയെ പരസ്പരം തിരിച്ചറിയുന്നതു് നമ്മാൽ കേവലം അശക്യമായിരിക്കണം എന്നുള്ളതിനു കാരണവുമില്ല.

മുൻപറഞ്ഞ അഭ്യാസങ്ങളെക്കൊണ്ടു് മനസ്സു് ശക്തിമത്തായും, നിയമിതമായും തീരുകയും, സൂഷ്മതരസാക്ഷാൽക്കാരത്തിനുള്ള ശക്തി സിദ്ധമാകുകയും ചെയ്തുകഴിഞ്ഞാൽ ആ മനസ്സിനെ ധ്യാനത്തിലേക്കു നിയോഗിക്കണം. ഈ ധ്യാനം സ്ഥൂലവിഷയങ്ങൾ കൊണ്ടു് ആരംഭിക്കുകയും എന്നിട്ടു് ക്രമേണ വിഷയത്തെ സൂഷ്മതരമാക്കി ഉയർത്തിക്കൊണ്ടു വരുകയും ഒടുവിൽ അതു കേവലം വിഷയരഹിതമായിത്തീരുന്നതുവരെ സൂഷ്മതരം സൂഷ്മതരമാക്കിചെയ്കയും ചെയ്യണം. മനസ്സിനെ ആദ്യം ഇന്ദ്രിയബോധങ്ങളുടെ ബാഹ്യകാരണങ്ങളെയും എന്നിട്ടു അന്തരമായ ചലനങ്ങളെയും, പിന്നീടു മാനസപ്രതികരണങ്ങളെയും സാക്ഷാൽക്കരിക്കുന്നതിനു നിയോഗിക്കണം. അതിനു് ഇന്ദ്രിയബോധങ്ങളുടെ ബാഹ്യകാരണങ്ങളെ സ്വയമേവ സാക്ഷാൽക്കരിക്കുന്നതിനു സാധിച്ചുകഴിഞ്ഞാൽ സൂഷ്മങ്ങളായ എല്ലാ ഭൗതികഭാവങ്ങളുടെയും എല്ലാ സൂഷ്മശരീരങ്ങളുടെയും രൂപങ്ങളുടെയും സാക്ഷാൽക്കരണത്തിനുള്ള ശക്തി ഉണ്ടാകും. ആന്തരങ്ങളായ ചലനങ്ങളെ സ്വയമേവ സാക്ഷാൽക്കരിക്കുന്നതിനു് അതിനു കഴിയുമ്പോൾ അതിലോ മറ്റു മനസ്സുകളിലോ ഉള്ള മാനസതരംഗങ്ങൾ അല്ലെങ്കിൽ വൃത്തികൾ ശരീരശക്തികളായി പരിണമിക്കുന്നതിനു മുമ്പുതന്നെ അവയുടെ എല്ലാം നിയമനത്തിനുള്ള ശക്തി അതിനുണ്ടാകുന്നു. യോഗി മാനസപ്രതികരണത്തെ സ്വയമേവ സാക്ഷാൽക്കരിക്കാൻ ശക്തനാകുമ്പോൾ അയാൾക്കു് സർവ്വജ്ഞത്വം ഉണ്ടാകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ ഇന്ദ്രിയഗ്രാഹ്യങ്ങളായ എല്ലാ വിഷയങ്ങളും, എല്ലാവിചാരങ്ങളും ഈ പ്രതികരണത്തിന്റെ ഫലങ്ങൾ ആകുന്നു. അപ്പോൾ അയാൾ തന്റെ മനസ്സിന്റെ സാക്ഷാൽ അടിസ്ഥാനത്തെത്തന്നെ നേരെ കാണുകയും അതു് അയാളുടെ നിയമനത്തിനു കേവലം കീഴ്പെടുകയും ചെയ്യും. യോഗിക്കു പലവിധത്തിലുള്ള സിദ്ധികളുണ്ടായി വരും. എന്നാൽ അവയിൽ ഏതെങ്കിലും ഒന്നിന്റെ ആകർഷണത്തിനു് അയാൾ വഴിപ്പെട്ടാൽ അയാളുടെ മേൽഗതിക്കുള്ള മാർഗ്ഗം തടയപ്പെട്ടു പോകുന്നു. ഭോഗങ്ങളെ തേടി നടക്കുന്നതിന്റെ ദോഷം അത്ര വലുതാണു്. എന്നാൽ ഈ അത്ഭുതസിദ്ധികളെപ്പോലും നിരസിക്കത്തക്കവണ്ണം ഒരുവൻ അത്ര ശക്തിമാനാണെങ്കിൽ അയാൾ യോഗത്തിന്റെ ലക്ഷ്യത്തിൽ അതായതു് മാനസമഹാസമുദ്രത്തിന്റെ തിരമാലകളുടെ പൂർത്തിയായ നിയമത്തിൽ എത്തും. അപ്പോൾ ആത്മാവിന്റെ മാഹാത്മ്യം മനസ്സിന്റെ വ്യാവർത്തനങ്ങളാലോ ശരീരത്തിന്റെ ചലനങ്ങളാലോ അവ്യാഹതമായി അതിന്റെ പൂർണ്ണമായ പ്രകാശത്തോടുകൂടി തിളങ്ങും. യോഗി താൻ നാശരഹിതവും സർവ്വവ്യാപകവുമായ ജ്ഞാനത്തിന്റെ കാതലാണെന്നും എപ്പോഴും താൻ അതായിരുന്നു എന്നും കാണുകയും ചെയ്യും.

സമാധി എല്ലാ മനുഷ്യജീവികളുടെയും എന്നുവേണ്ട എല്ലാ ജന്തുക്കളുടെയും സ്വത്താകുന്നു. ഏറ്റവും താണതരം ജന്തുമുതൽ ദേവൻ വരെയുള്ള ഓരോ ജീവിയും ഒരിക്കൽ അല്ലെങ്കിൽ പിന്നൊരിക്കൽ ഈ അവസ്ഥയിൽ വരേണ്ടതാകുന്നു. അപ്പോൾ മാത്രമാണു് ആ ജീവിക്കു ‘മതം’ ആരംഭിക്കുന്നതു്. ഇത്രയുകാലം നാം തന്നെ എന്തുചെയ്തുകൊണ്ടിരിക്കയാണു്? നാം ആ സ്ഥാനത്തേക്കു ക്ലേശിച്ചു കേറിചെല്ലുകയാകുന്നു. ഇപ്പോൾ നമുക്കും ‘മതമില്ലാത്ത” ആളുകൾക്കും തമ്മിൽ വ്യത്യാസമൊന്നുമില്ല. എന്തുകൊണ്ടെന്നാൽ നമുക്കു് അനുഭവം ഉണ്ടായിട്ടില്ല, ഈ അനുഭവത്തിൽ നമ്മെ എത്തിക്കുന്നതിനല്ലാതെ ചിത്തൈകാഗ്രത എന്തു ഗുണത്തിനായിട്ടാണു്? ഈ സമാധിയെ പ്രാപിക്കുന്നതിനുള്ള പടികളിൽ ഓാരോന്നും യുക്തിപൂർവ്വം നിർണ്ണയിക്കുകയും യഥായോഗ്യം ക്രമീകരിക്കുകയും ശാസ്ത്രീയമായി വ്യവസ്ഥാപിക്കയും ചെയ്തിരിക്കുന്നു. ശ്രദ്ധാപൂർവം അഭ്യസിച്ചാൽ അതു നമ്മെ ഉദ്ദിഷ്ടമായ ലക്ഷ്യത്തിൽ നിശ്ചയമായും എത്തിക്കുകയും ചെയ്യും. അപ്പോൾ എല്ലാ വ്യസനങ്ങളും അവസാനിക്കും. ദുഃഖങ്ങൾ അസ്തമിക്കും. കർമ്മബീജങ്ങൾ ദഹിക്കും. ആത്മാവു് നിത്യമുക്തനായിത്തീരും.

Colophon

Title: Rājayōgam (ml: രാജയോഗം).

Author(s): Swami Vivekanandan.

First publication details: ; Trivandrum, Kerala; 1914.

Deafult language: ml, Malayalam.

Keywords: Novel, Swami Vivekanandan, Rajayogam, trans: Kumaran Asan, സ്വാമി വിവേകാനന്ദൻ (വിവ: കുമാരൻ ആശാൻ), രാജയോഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Agni Yoga, an oil on canvas painting by Nicholas Roerich (1874–1947). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.