കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല… ശ്വാസം മുട്ടുന്നു… ഹൃദയമിടിപ്പു് അമിതമായി കൂടുകയും കുറച്ചു് നേരം കഴിഞ്ഞു് മിടിക്കാതിരിക്കുന്ന പോലെയും തോന്നുന്നു… വീട്ടിലെ ചിന്തകൾ വന്നു് പിടി മുറുക്കുന്നു; ശരീരത്തെ ചുറ്റി ഇറുക്കിയമർത്തുന്ന ചരൽമണ്ണിനെപ്പോലെ.
അമ്മയുടെ… ഭാര്യയുടെ… മക്കളുടെ… മുഖങ്ങൾ പലതും ഓരോന്നായി മനസ്സിൽ തെളിഞ്ഞു. സകല ദൈവങ്ങളെയും ഉറക്കെ വിളിക്കണമെന്നുണ്ടെങ്കിലും ഒന്നു് ചുണ്ടനക്കാൻ പോലും കഴിയാതെ ആ വിളികൾ വായ്ക്കു മുന്നിലടിഞ്ഞ കനത്ത, ചുവന്ന മണ്ണിൽ തട്ടി നിന്നു. ദൈവങ്ങളേക്കാൾ വിശ്വാസമുള്ള, നേരിൽ കണ്ടതും അല്ലാത്തവരുമായ, പ്രകൃതിയിലലിഞ്ഞ എന്റെ മുൻപരമ്പരകളെ വീണ്ടും വീണ്ടും ഓർത്തു…
ചുളിഞ്ഞു തൂങ്ങിയ തൊലിയുള്ള കൈകളാൽ തലയിലുഴിഞ്ഞു് വാൽസല്യത്തോടെ, ‘നന്നായി വരണം’ എന്നു് പറഞ്ഞനുഗ്രഹിച്ച മുത്തശ്ശിയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു വരുന്നു.
ചുക്കിച്ചുളിഞ്ഞ വെളുത്ത മുഖമുള്ള മുത്തശ്ശിയുടെ കൂടെ രാത്രിയിലുറങ്ങുമ്പോൾ പണ്ടൊരിക്കൽ പറഞ്ഞ കഥ ഓർമ്മയിൽ തികട്ടി വരുന്നു…
തമിഴ്‌നാട്ടിൽ നിന്നും മാരി എന്നൊരു സ്ത്രീ അങ്കത്തിനിടെ കാണാതായ തന്റെ ഭർത്താവിനെ തേടി അതീവ ദുഃഖിതയായി നടക്കുകയായിരുന്നു. തിരച്ചിലിനിടെ, പച്ചക്കലത്തിന്റെ അടിഭാഗം തിരക്കുപിടിച്ചു് തല്ലിക്കൂട്ടുന്ന ഒരു കുശവസ്ത്രീയുടെയടുത്തു് മാരി ചോദിച്ചു:
“നീ എന്റെ കണവനെ എവിടെ വെച്ചെങ്കിലും കണ്ടോ…?”
“നിന്റെ കണവനെ നോക്കിയിരിക്കുകയല്ല ഞാൻ… എനിക്കിവിടെ നൂറ്കൂട്ടം പണികള്ണ്ട്…”
എന്നു് കെറുവിച്ചു കൊണ്ടു് ആ കുശവസ്ത്രീ അവളുടെ ജോലികളിൽ മുഴുകി.
മാരി തന്റെ ഭർത്താവിനെ കാലങ്ങളോളം പലയിടത്തും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുക്കം, തന്റെ ഭർത്താവു് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുകാണുമെന്നു് ഉറപ്പിച്ചു് കരഞ്ഞുകൊണ്ടു തിരിച്ചു പോരുന്ന വഴിയിൽ വെച്ചു് ആ സ്ത്രീയെ മാരി വീണ്ടും കണ്ടുമുട്ടി. അവൾ അപ്പോഴും തിരക്കിട്ടു് മൺപാത്രങ്ങൾ വെയിലിൽ വെച്ചു് ഉണക്കുന്ന പണിയിലാണു്. തന്റെ ഭർത്താവിന്റെ തിരോധാനത്തെക്കുറിച്ചു് അന്വേഷിക്കുകയോ അതിൽ ദുഃഖിതയായിരിക്കുന്ന തന്നെയൊന്നു് ആശ്വസിപ്പിക്കുകയോ ചെയ്യാതെ സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്ന ആ സ്ത്രീയുടെ സ്വാർത്ഥതയോർത്തു് മാരിക്കു് കലശലായ കോപം വന്നു. മാരി കുശവസ്ത്രീയെ ശാപവാക്കുകൾ കൊണ്ടു് പൊതിഞ്ഞു…: “നീയും നിന്റെ ഭർത്താവിനെ നിലവിളിച്ചു് അന്വേഷിക്കാൻ ഇടവരട്ടെ… ഒരിക്കലും കാണാത്ത വിധത്തിൽ അവൻ മറഞ്ഞിരിക്കട്ടെ… എന്നെയോർത്തു് നിന്റെ പരമ്പര മുഴുവൻ ദുഃഖിക്കട്ടെ, നിന്റെ കുലത്തിന്റെ ജോലിത്തിരക്കു് ഒരു കാലത്തും തീരാതിരിക്കട്ടെ.”
“അതിനു ശേഷം കൊല്ലാകൊല്ലം കളിമണ്ണിനു് പോവുന്ന കുശവരിലെ ആണുങ്ങളിൽ പലരും മണ്ണിനടിയിൽ പെട്ടു് കാണാതായി! കുശവസ്ത്രീകളുടെ പണിത്തിരക്കു് ഒരിക്കലും ഒഴിഞ്ഞ വേളയുമില്ല, മാരി എന്ന മഴയെ ഓർത്തു് കാലാകാലങ്ങളിൽ അവൾ വ്യസനിച്ചും പോന്നു,”
മുത്തശ്ശി കൈവിരലുകൾ കൊണ്ടു് എന്റെ തലമുടിയിൽ വരകളിട്ടു് കൊണ്ടു് പറയും.
“അങ്ങനെ മാരീന്റെ ശാപം നമ്മടെ കുലത്തിന്റെ മോള്ല് കൊറേക്കാലം നെഴല്ച്ച് നിന്നു.”
മുത്തശ്ശി, ഞാനുറങ്ങുവോളം കഥ തുടരുമായിരുന്നു.
“മാരി അത്രയ്ക്കു് ദുഷ്ടയാണോ അച്ചമ്മാ…?” എന്ന ചോദ്യത്തിനു്,
“ആ ശാപത്ത്ന്ന് മോചനം കിട്ടാൻവേണ്ടി പല വഴികളും തെരഞ്ഞ കുംഭാരപ്പെണ്ണ്ങ്ങൾ, ഒടുക്കം മാരീനെ അമ്മേനെപ്പോലെക്കണ്ട് പൂജിക്കാൻ തൊടങ്ങി; കുംഭാരമ്മാര്ടെ കുലദൈവായി തൊടിയിലും നെഞ്ചിലും കുടിയിരുത്തി… അതാണ് കുട്ടാ… നമ്മ്ടെ മാര്യമ്മ!” എന്നാശ്വസിപ്പിക്കും.
“ന്റെ മാരിയമ്മേ…” ഞാൻ മനസ്സിൽ വിളിച്ചു.
എനിക്കെന്റെ കണ്ണുകൾ തുറക്കാൻ തോന്നി. കുറച്ചു പണിപ്പെട്ടെങ്കിലും, കണ്ണുകളൽപ്പം തുറന്നപ്പോൾ കൂരിരുട്ടാണു് മുന്നിൽ. പുറത്തു നിന്നു് ചില ശബ്ദങ്ങൾ അവ്യക്തമായി കേൾക്കാം. അതിലൊന്നു് രാജന്റെതാണെന്നു് തോന്നുന്നു.
അവനും ഞാനുമായിരുന്നു കുഴിയിലെ പണിക്കു്. രണ്ടു പേരും ഇന്നു നാട്ടിലേക്കു് പോവാനിരുന്നതാണു്. അതിന്റെ ഉത്സാഹമായിരുന്നു രാവിലെ മുതൽ. രാവിലെ മേസ്തിരി പറഞ്ഞേൽപ്പിച്ചതാണു്:
“കുഴിക്കടിയിലെ മണ്ണെടുത്തു് വൃത്തിയാക്കണം. കോൺക്രീറ്റ് ചെയ്യാനുള്ളതാണു്. അതു് കഴിഞ്ഞിട്ടു് നിങ്ങൾ പോയ്ക്കോളൂ…”എന്നു്.
ചളിയും മണ്ണും കോരിമാറ്റുന്ന പണിയായതുകൊണ്ടാവാം; എല്ലാവരും മടിച്ചു നിന്നപ്പോൾ ഞങ്ങൾ രണ്ടു പേരുമാണു് കുഴിയിൽ ഇറങ്ങിയതു്. മണ്ണുമാന്തിയന്ത്രം അതിന്റെ കർത്തവ്യം കഴിച്ചു് പോയതാണു്. ബാക്കി കൈക്കോട്ടു് കൊണ്ടു് കോരി നീക്കണം.
“ഏട്ടാ… ഞാൻ കുറച്ച് വെള്ളം കുടിച്ചു വരാം” എന്നു പറഞ്ഞു് ഇരുമ്പു്കോണി കയറി പോയതാണവൻ.
സാധാരണ വെള്ളം കുടിക്കാനെന്നു പറഞ്ഞു് പലവട്ടം കയറിയിറങ്ങുന്നയാളാണു് താൻ. പക്ഷേ, നാട്ടിലേക്കു പോവുന്നതു് കൊണ്ടാവാം, ഇന്നെനിക്കു് വിശപ്പും ദാഹവുമൊന്നുമില്ല.
ഇളയ മകന്റെ പിറന്നാളാണു് നാളെ.
“അച്ഛാ… ഇക്ക്യി സൈക്ക്ള് വാങ്ങിത്തരോ…?”
ഇന്നലെയവൻ ചോദിച്ചതാണു്.
കുറച്ചു് ബുദ്ധിമുട്ടിലാണു്. എന്നാലും വേണ്ടീല വാങ്ങിക്കൊടുക്കണം എന്നു തന്നെയാണു് തീരുമാനം. മകനോടു പക്ഷേ, ഉറപ്പൊന്നും പറഞ്ഞില്ല. ചിലപ്പോൾ കഴിഞ്ഞില്ലെങ്കിലോ?
വന്നിട്ടു് മൂന്നു മാസത്തോളമായി. സാധാരണ മുപ്പതു ദിവസത്തിൽ കൂടുതൽ നിൽക്കാറില്ല. അപ്പോഴേക്കും വീട്ടിലെയും നാട്ടിലെയും ചിന്തകൾ വന്നു് പിടിമുറുക്കി ശ്വാസം മുട്ടിക്കും.
“പെർന്നാളിന്റന്ന് തറവാട്ടിലേക്ക് പോണംട്ടോ… എത്ര കാലായി കാവിലേക്കൊന്ന് കേറിത്തൊഴുതിട്ട്.” ഭാര്യ പറഞ്ഞതാണു്.
വലിയ വിശ്വാസിയൊന്നുമല്ലെങ്കിലും, കുലദൈവത്തെ തൊഴുതാൽ കിട്ടുന്ന ഒരു ഊർജ്ജമുണ്ടു്, അതു് കുറേ ദിവസത്തേക്കു് ഒരു അദൃശ്യമെന്ന പോലെ ചുറ്റിലും നിറഞ്ഞങ്ങനെ നിൽക്കും.
വീട്ടിലെ ഓരോന്നോർത്തു കൊണ്ടു് മൺകുഴിയിലെ പണിയിൽ മുഴുകി.
ആ സമയത്താണു് അതു് സംഭവിച്ചതു്…!
കുഴിയോടു ചേർന്നു് മുകളിൽ കുന്നുപോലെ കൂട്ടിയിട്ട മണ്ണു് ഏകദേശം രണ്ടാൾ ആഴത്തിൽ ഞാൻ നിന്ന കുഴിയിലേക്കു് കുറേശ്ശെയായി ഊർന്നു വീണു! കാര്യം മനസിലായി ഓടിക്കയറാൻ ചിന്തിച്ചപ്പോഴേക്കും കൂടുതൽ മണ്ണിടിഞ്ഞു കുഴിയിലേക്കു വീണു. നിന്ന നിൽപ്പിൽ, എന്തെങ്കിലുമൊന്നു് ചെയ്യാനാവാതെ ഞാനതിൽ മുഴുവനായി മൂടപ്പെട്ടു!
എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ടു്… ഒന്നിനും ആവുന്നില്ല. ഒച്ചപോലും പൊന്തുന്നില്ല. ആയിരം ഇരുമ്പുചങ്ങലകൾ കൊണ്ടു് ശരീരം മുഴുവൻ കെട്ടി വരിഞ്ഞ പോലെ. എനിക്കിനിയെന്റെ കുടുംബത്തെ ഒരിക്കലും കാണാൻ കഴിയില്ലേ…? ഞാനീക്കുഴിയിൽ നിന്നു് ജീവനോടെ പുറത്തേക്കെത്തില്ലേ…?
ഓരോന്നു് ചിന്തിക്കുംതോറും പേടികൂടുന്നു…
ഇരുട്ടിനെ പേടിച്ചു് കണ്ണുകൾ ഇറുകിയടച്ചു… …എന്റെ ബോധം നഷ്ടപ്പെടുന്നതായി തോന്നുന്നു…
മുത്തശ്ശി അന്നു് ആ കഥ പറയാൻ എന്തായിരുന്നു കാരണം? അതെ…, എനിക്കോർമ്മ വരുന്നു. അന്നു് പകൽ മുതിർന്നവർ തമ്മിലുള്ള സംസാരങ്ങൾക്കിടയിൽ ‘ലെഷ്മീന്റെ ഗെത്യാവും’ എന്നു് എന്തിനെയോ ഉപമിച്ചതാണു് മുത്തശ്ശി. വലിയവരുടെ വാക്കുകൾ അവരറിയാതെ ശ്രദ്ധിക്കുന്ന ഞാൻ മുത്തശ്ശിയെ ഒറ്റയ്ക്കു കിട്ടിയപ്പോൾ ചോദിച്ചതാണു്:
“അച്ചമ്മാ… ലെശ്മിക്കെന്താ പറ്റീത്…?”
ആദ്യം മറ്റെന്തൊക്കെയോ പറഞ്ഞു് വഴിമാറ്റാൻ നോക്കിയെങ്കിലും ഒടുക്കം:
“കുട്ടനിന്ന് അച്ചമ്മേന്റെ കൂടെ ഒറങ്ങാണെങ്കി രാത്രി പറഞ്ഞ് തരാട്ടോ.” എന്നു് സമ്മതിച്ചതാണു് മുത്തശ്ശി.
അന്നു രാത്രി ഞാൻ അച്ഛനേയും അമ്മയേയും ഒഴിവാക്കി നേരത്തേ വന്നു് മുത്തശ്ശിയുടെ പ്ലാമഞ്ചലിൽ നേരത്തേ തന്നെ സ്ഥാനം പിടിച്ചു.
ലക്ഷ്മിയുടെ കഥ പറയണമെങ്കിൽ തമിഴത്തിയായ മാരിയിൽ തുടങ്ങണമെന്നു പറഞ്ഞാണു് മുത്തശ്ശി തുടങ്ങി വെച്ചതു്. മുത്തശ്ശി അന്നു രാത്രി പറഞ്ഞ, മണ്ണിന്റെ മണമുള്ള ആ സംഭവകഥയുടെ ഓർമ്മകളിലേക്കു് ചുറ്റും അതിശക്തമായി പിടിമുറുക്കുന്ന മണ്ണിനെ കുതറി തെറിപ്പിച്ചുകൊണ്ടു് ഞാൻ വീണ്ടും കയറിച്ചെന്നു;
“ചിന്നൻചെട്ട്യാരും ഭാര്യ ലക്ഷ്മിയും കളിമണ്ണിനു് പോയതാണു്. പാലക്കാട്ടെ കളിമൺപാടത്തേക്കു്. മുമ്പാരോ മണ്ണെടുത്തു് പകുതിയാക്കി വെച്ച കുഴിയിൽ നിന്നു് മണ്ണെടുക്കുകയാണു്. എളുപ്പ മാർഗ്ഗം നോക്കിയതാണു് ചിന്നൻ; കുഴിക്കുന്നതിനു പകരം തുരന്നെടുക്കുക.
തുരന്നു തുരന്നു് മുകളിൽ നിന്നു് കുഴിയിലേക്കു നോക്കിയാൽ ചിന്നനെ കാണില്ല എന്നായി. ചിന്നൻ കളിമണ്ണു് തുരന്നു് ഗുഹ പോലെയാക്കി പണിതുടരുകയാണു്. അരിഞ്ഞിടുന്ന കളിമണ്ണിനെ ഓരോ വലിയ ഉരുളകളാക്കി കുഴിയിൽ നിന്നു് പൊന്തിച്ചു് കൊടുത്തു കൊണ്ടിരുന്നു ചിന്നൻ. ലക്ഷ്മി അതിനെ കുറച്ചപ്പുറത്തു് കൊണ്ടുപോയി വെക്കുന്ന ജോലിയിലാണു്.
“മണ്ണിടിയാണ്ട് നോക്കണേ…” ലക്ഷ്മി ഇടയ്ക്കിടെ ഭർത്താവിനെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.
“നല്ല പശമയമുള്ള മണ്ണു്. അടുത്ത കാലത്തൊന്നും കിട്ടാത്തത്ര നല്ല മണ്ണു്!”
കളിമണ്ണിനോടുള്ള ആർത്തിയിൽ ഭാര്യയുടെ ഉപദേശം ചിന്നൻ ശ്രദ്ധിച്ചില്ല; ശ്രദ്ധിച്ചിട്ടും കാര്യമില്ല കുശവന്റെ ജോലിയുടെ ഭാഗമാണതു്.
ചിന്നന്റെ തലയ്ക്കു മുകളിൽ മേൽക്കൂര പോലെ മണ്ണാണു്. ലക്ഷ്മി അതിന്റെ മുകളിലൂടെ നടക്കാതെ വളരെ ശ്രദ്ധിച്ചു. എന്നിട്ടും…
അവർ കൂട്ടി വെച്ചിരുന്ന വലിയ മണ്ണുരുളകളിലൊന്നു് ഉരുണ്ടു താഴേക്കു വീണു. കൂടെ നാലഞ്ചെണ്ണവും. അതു് ഉരുണ്ടു ചെന്നതു് ചിന്നൻ നിൽക്കുന്നതിന്റെ മുകൾഭാഗത്തേക്കു്…
പൊടുന്നനെ മേൽമണ്ണു് മുഴുവനായി ഇടിഞ്ഞുവീണു. ചിന്നൻ മണ്ണിനടിയിലായി!
“കുട്ടാ…,” ഞാൻ ഉറങ്ങിയോ എന്നറിയാൻ മുത്തശ്ശി ഇടയ്ക്കൊക്കെ എന്നെയൊന്നു് വിളിച്ചു നോക്കുന്നതാണു്.
“കുട്ടാ…”
ഞാൻ ഓർമ്മകളിൽ നിന്നും ഉണർന്നു…
എന്റെ തലയ്ക്കു് മുകളിൽ മണ്ണുമാന്തിയുടെയും ഇരുമ്പായുധങ്ങളുടെയും നേർത്തരണ്ട ഒച്ച കേൾക്കാം. ചില നേരം പേടിയും കൂടി, മണ്ണുമാന്തിയന്ത്രത്തിന്റെ തുമ്പിക്കൈയിലെ ഇരുമ്പുകൊട്ട എന്റെ തലയിലോ കഴുത്തിലോ ചെറുതായൊന്നു് തൊട്ടാൽ…!?
ഞാൻ മുത്തശ്ശിയോടും മാരിയമ്മയോടും ഉള്ളുരുകി സങ്കടപ്പെട്ടു.
“അതാ… തലമുടി കാണുന്നുണ്ട്…” രാജന്റെയാണോ മറ്റാരുടെയോ ആണോ ആ ശബ്ദം എന്നു് മനസ്സിലാക്കും മുമ്പേ എന്റെ സ്വബോധം നശിച്ചുപോവുന്നതായി തോന്നി… തോന്നിയതല്ല. സത്യമാണു്.
അവസാനമായി, “ശ്വാസമുണ്ട്… പിടിച്ച് കയറ്റ്…” എന്നാരോ പറഞ്ഞതു മാത്രം ചെമ്മണ്ണു് പുതഞ്ഞ കാതിലൂടെ കേട്ടു.
മയക്കത്താലെന്റെ കണ്ണുകൾ കൂമ്പിയടയുന്നു…
പാളവിശറി കൊണ്ടു് ചൂടിനെ പതുക്കെ വീശിയകറ്റുകയാണു് മുത്തശ്ശി. ഞാൻ മുത്തശ്ശിയിലേക്കു് ഒന്നുകൂടി പറ്റിച്ചേർന്നു് കിടന്നു. മുത്തശ്ശിയ്ക്കു് അസ്വസ്ഥയായിക്കാണും.
“ഈ എല്ലുകളുടെ മോള്ല് കാലെട്ത്തിടല്ലേ കുട്ടാ… നെന്റമ്മേനെ പോലെ ശക്കിദി ഈ തള്ളയ്ക്കില്ലാട്ടോ…”
ഒന്നു് ചിരിച്ചതല്ലാതെ ഞാനൊന്നും മിണ്ടിയില്ല.
ഞാൻ ഉറങ്ങിയില്ല എന്നറിഞ്ഞാവാം മുത്തശ്ശി കഥ തുടർന്നു.
ഈ അവസ്ഥയിലും ആ കഥയിലൂടെ മനസ്സു് പാഞ്ഞു നടന്നു…
“മണ്ണിനടിയിലായ ഭർത്താവിനെ കാണാതെ ലക്ഷ്മി ആർത്തു വിളിച്ചു കൊണ്ടു് ഓടിനടന്നു, ഭ്രാന്തിയെപ്പോലെ. മരുഭൂമി കണക്കെ പരന്നുകിടന്ന കളിമൺപാടത്തിന്റെ പരിസരത്തു് അതു് കേൾക്കാൻ ആരുമുണ്ടായിരുന്നില്ല.
അവർ വാവിട്ടു് കരഞ്ഞുകൊണ്ടു് വെപ്രാളത്തോടെ വീണ്ടും കുറേ ദൂരേക്കോടി…”
അന്നു്, ലക്ഷ്മിയുടെ കൂടെ എന്റെ കുഞ്ഞുമനസ്സും ആരെയെങ്കിലും തിരഞ്ഞു് കളിമൺ പാടത്തു കൂടി വേഗത്തിൽ ഓടിക്കാണും.
“കുറെ ദൂരം ഓടിച്ചെന്നപ്പോൾ പശുവിനെ പുല്ലു് തീറ്റിക്കാൻ വന്ന ഒരു സ്ത്രീയെ ലക്ഷ്മി കണ്ടു…”
“കുട്ടാ… കുട്ടാ… ഒറങ്ങ്യോ നീ?” മുത്തശ്ശിയുടെ വിളി എന്നെ വീണ്ടും ഉണർത്തി.
“ദാ… ഏട്ടൻ കണ്ണു് തുറന്നു!”
രാജന്റെ ശബ്ദമാണെന്നു് തോന്നുന്നു.
ചുറ്റിലും കുറേ ആളുകൾ കൂടി നിൽക്കുന്നുണ്ട്. കത്തുന്ന വെയിലിൽ പാതി തുറന്ന കണ്ണുകളിലൂടെ എല്ലാം അവ്യക്തമായേ കാണുന്നൊള്ളു. എല്ലാം അപരിചിതമുഖങ്ങൾ.
ശരീരം മുഴുവൻ വേദനിക്കുന്നു; എല്ലുകൾ ചെറുകഷ്ണങ്ങളായി നുറുങ്ങിയ പോലെ. പലയിടത്തും വല്ലാതെ നീറുന്നുമുണ്ടു്.
ആരോ ഒരാൾ കുപ്പിവെള്ളം വായിലേക്കു് ഒഴിച്ചു തന്നു. ഞാനതു് അശക്തമായി പുറത്തേക്കു് തുപ്പി; വായിൽ പൊടിമണ്ണുണ്ടു്. കയ്യോ കാലോ ഉയർത്താനൊരു ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വേദന സഹിക്കാനാവാത്തതിനാലാവും വീണ്ടും മയക്കത്തിലേക്കു് വഴുതി വീണു. കളിമൺപാടത്തെ ഓർമ്മകളിലേക്കു്…
ചിന്നൻചെട്ട്യാരെ കുറേ ആളുകൾ കളിമണ്ണിൽ നിന്നു് വലിച്ചു് ഊരിയെടുക്കുന്നതു് കാണാം. പലരും നിലവിളിക്കുന്നതു് കേൾക്കാം. ബോധം ക്ഷയിച്ച ലക്ഷ്മിയെ കുറച്ചു് സ്ത്രീകൾ മരത്തണലിൽ കിടത്തി തോർത്തു വീശി തണുപ്പിക്കുന്നു.
കുറച്ചാളുകൾ ചേർന്നു് ചിന്നനെ പൊന്തിച്ചെടുത്തു് നടക്കുന്നു.
നേർത്ത നനവുള്ള കളിമണ്ണിൽ പൊതിഞ്ഞു് കുളിച്ച ചിന്നന്റെ കറുത്ത ശരീരം പതിയെ താഴെയിറക്കി പരിശോധിച്ച കൂട്ടത്തിലെ ആരോ പറഞ്ഞു:
“തീർന്നു.”
അവർക്കിടയിലൂടെ പരിഭ്രാന്തനായി ഓടിയ എന്റെ ഓർമ്മകളുടെ കുഞ്ഞുകാലുകളിൽ, എന്തോ തട്ടിത്തടഞ്ഞു് വയൽചതുപ്പിൽ വീണു.
“കുട്ടാ…” വീണ്ടും എന്നെ ആരോ വിളിക്കുന്നു. മുത്തശ്ശിയുടെ ശബ്ദമല്ല.
വേദന കൊണ്ടു് ഞെരുക്കത്തോടെ സാവധാനം കണ്ണുകൾ തുറക്കുമ്പോൾ…
അമ്മയുടെ മുഖം… പാതി നരച്ചു തീർന്ന അമ്മയുടെ വെളുത്ത തലമുടി മുത്തശ്ശിയെ ഓർമിപ്പിച്ചു. ഈറനണിഞ്ഞ കണ്ണുകളാൽ മുകളിലേക്കു് കൈ കൂപ്പി അമ്മ ആരെയോ തൊഴുതു. സാരിത്തലപ്പിൽ കെട്ടിവെച്ച ഒരു ചെറിയ കടലാസുപൊതിയെടുത്തു് തുറന്നു് എന്റെ നെറ്റിയിൽ അണിയിച്ചു തന്നു:
“തറവാട്ട് കാവിലെ ഭസ്മാണ്… ന്റെ മോന് ഒരാപത്തും ഉണ്ടാവൂല…”
ഞാൻ വേദനയോടെ പതുക്കെ തല തിരിച്ചു.
ഗ്ലൂക്കോസ് കുപ്പിയിൽ നിന്നു വന്ന പൈപ്പുകളിട്ട എന്റെ കൈയ്യിൽ പിടിച്ചിരിക്കുന്ന ആളുടെ മുഖം കണ്ടു; ഭാര്യയാണു്.
കാശിന്റെ കണക്കു പറഞ്ഞതിനു് ഇന്നലെക്കൂടി വഴക്കുണ്ടാക്കിയാണു് ഫോൺവിളി മുറിച്ചു് നിർത്തിയതു്.
ഞാൻ അവളുടെ മുഖത്തേക്കു നോക്കി. കട്ടിയിലെഴുതിയ കരിമഷി പരന്നിരിക്കുന്നു. അവളുടെ ഉണ്ടക്കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു. മുത്തശ്ശി പറഞ്ഞ കഥയിലൂടെ മാത്രം കേട്ട ലക്ഷ്മിയുടെ മുഖവും ഇവളെപ്പോലെയാവുമെന്നു് തോന്നി.
“മക്കൾ…?” ഞാൻ ചോദിച്ചു.
“വന്നിട്ടില്ല…, അറിയിച്ചില്ല… സ്ക്കൂളിൽ പോയി.”
“അച്ഛൻ…?”
“പൊർത്ത്ണ്ട്.”
ഒരുമിച്ച ശേഷം ഇതുവരെ കാണാത്ത ഭാവത്തിൽ അവളെന്നെ നോക്കിയിരുന്നു. അമ്മ അടുത്തുണ്ടായി അല്ലെങ്കിൽ അവളെയൊന്നു് ചുംബിക്കുമായിരുന്നു ഞാൻ.
“ന്റെ മാര്യമ്മ ന്നെ കൈവിട്ടില്ല…”
എന്റെ തൊലിയടർന്ന കൈകളിൽ അമർത്തിപ്പിടിച്ചു് അവൾ തേങ്ങി. എനിക്കു് ഒട്ടും വേദനിച്ചില്ല!
വീണ്ടും മയക്കത്തിലേക്കെന്ന പോലെ മനഃപൂർവ്വം ഞാൻ വഴുതിക്കൊടുത്തു… എനിക്കെന്റെ മുത്തശ്ശിയുടെ ചൂടുപറ്റി നന്നായൊന്നു് ഉറങ്ങണമായിരുന്നു…
അന്നു് മുഴുമിക്കാത്ത ലെശ്മിയുടെ കഥയും കേട്ടു്.
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പ്രേദേശത്തു് പിലാശ്ശേരി ഗ്രാമത്തിൽ കുടുംബസമേതം താമസിക്കുന്നു. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.