images/munch-fantasia-di-parole-e-paesaggi.jpg
Girls on the Bridge, a painting by Edvard Munch (1863–1944).
മറ്റൊരു തോട്ടക്കാരൻ

നടുവിൽ വൃത്താകൃതിയിലുണ്ടാക്കിയ തടത്തിൽ ചുവപ്പുറോസിന്റെ കമ്പുകൾ നട്ടു. അതിനു ചുറ്റും ഒരു വട്ടത്തിൽ സീനിയയുടെ തൈകൾ. അതു പല നിറത്തിലുള്ള പൂക്കളാണെന്നാണു് സുമൻ പറഞ്ഞതു്. അതിനു ചുറ്റും പേരെന്തെന്നറിയാത്ത ഒരു ചെടിയുടെ തയ്യുകളാണു്. കുറേയധികമുണ്ടു്. പതിനഞ്ചു മിനിറ്റുനേരം ആ പൂവിന്റെ ആകൃതിയെപ്പറ്റി പറഞ്ഞിട്ടും മീനയ്ക്കു മനസ്സിലായില്ല. ഇനി അതു വലുതായി പൂവിടുമ്പോൾ കാണാം. പക്ഷേ, ധാരാളം കണ്ടിട്ടുള്ള പൂവാവാനും വഴിയുണ്ടു്. സൂര്യകാന്തിച്ചെടികൾ നാലു മൂലകളിൽ ചെറിയ തടങ്ങളുണ്ടാക്കി നട്ടു. പിന്നെ വൃത്താകൃതിയെ ചതുരമാക്കാൻ ചുറ്റും ടേബ്ൾ റോസ്. എല്ലാം വളർന്നു വലുതായാൽ താജ്മഹൽപോലെയുണ്ടാകും. സൂര്യകാന്തിച്ചെടികൾ അതിന്റെ നാലു മിനാറുകൾപോലെ.

ബക്കറ്റിൽ വെള്ളം കൊണ്ടുവന്നു്, സാരിയുടെ തല എളിയിൽ തിരുകി ചെറിയ പാത്രമെടുത്തു് അവൾ ഓരോ ചെടിയും നനച്ചു. നനയ്ക്കൽ കഴിഞ്ഞപ്പോൾ ബക്കറ്റു മാറ്റിവെച്ചു്, അകന്നുനിന്നു് അവൾ തോട്ടം പരിശോധിച്ചു. സീനിയത്തയ്യുകൾ വാടിയിരുന്നു. ആകപ്പാടെ രംഗം അത്ര ആശാവഹമായിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞു് ചെടികളുടെ വാട്ടം മാറികിട്ടിയാൽ കുറച്ചുകൂടി നന്നാവും. അവ പൂവിടാൻ തുടങ്ങിയാൽ എന്തു രസമായിരിക്കും!.

സൂര്യരശ്മികൾ അവളെ വാട്ടാൻ തുടങ്ങിയിരുന്നു. അവൾ പക്ഷേ, അതറിഞ്ഞില്ല. അവളുടെ കൺമുമ്പിലൂടെ ഋതുക്കൾ വെള്ളപ്രാവുകളെപ്പോലെ പറന്നകന്നു. തോട്ടം വളർന്നു വലുതായി. ചരൽ പാകിയ ഇടവഴികൾ, നിറയെ ജലധാരകൾ, മത്സ്യങ്ങൾ കളിക്കുന്ന തെളിഞ്ഞ വെള്ളമുള്ള ജലാശയം. അതിൽ വിരിഞ്ഞു നില്ക്കുന്ന താമരപ്പൂക്കൾ. ആ തോട്ടത്തിൽ ചരൽപ്പാതയിലൂടെ എല്ലാം മറന്നു നടക്കുമ്പോൾ വീട്ടിൽ നിന്നു് ഒരു വിളി:

“അമ്മേ… ”

മീനയ്ക്കു പരിസരബോധമുണ്ടായി. മുകളിൽ എരിയുന്ന സൂര്യനെ അവൾ കണ്ടു. അവൾ സാരിയുടെ അറ്റം തലയിലൂടെ ഇട്ടു് ബക്കറ്റുമായി വീട്ടിലേക്കു നടന്നു.

“അമ്മേ, അച്ഛൻ വരുന്നു.”

രാജിമോൾ സ്വീകരണമുറിയുടെ ജനലിൽ കയറി നിന്നു് അച്ഛനെ വിളിക്കുകയാണു്. അച്ഛൻ വീട്ടിനു പുറകിലുള്ള കുറുക്കു വഴിയിലൂടെ വന്നു് കമ്പിവേലി പൊട്ടിയിടത്തുകൂടി കയറുന്നതു മീന നോക്കിനിന്നു. അവർ ഈ പുതിയ വീട്ടിൽ ഒരാഴ്ചമുമ്പു് താമസമാക്കിയ അന്നുതൊട്ടു് അവൾ എന്നും നോക്കി നില്ക്കാറുള്ളതാണു്. ഭർത്താവു് ഓഫീസിൽ പോയാൽ അന്നത്തെ അടുക്കള ജോലികളെല്ലാം കഴിച്ചുവെക്കും. മോളെ കുളിപ്പിച്ചശേഷം അവളും കുളിക്കും. അതുകഴിഞ്ഞു് ഒരു പുസ്തകമെടുത്തു സോഫയിൽ ചാരിയിരിക്കും. അങ്ങനെയിരിക്കുമ്പോഴായിരിക്കും അച്ഛന്റെ വരവു്. ഒരാഴ്ചയായി എന്നും അദ്ദേഹം മോന്റെ പുതിയ വീടു കാണാൻ വരാറുണ്ടു്.

രാജി ജനലിൽനിന്നിറങ്ങി അടുക്കള വാതിലിന്നടുത്തു് അച്ഛനെ സ്വീകരിക്കാൻ തയ്യാറായിനിന്നു. അച്ഛൻ അവളെ വാരിയെടുത്താൽ അവൾ ആദ്യം തപ്പുക കീശയിലാണു്. അവൾക്കാവശ്യമുള്ള സാധനം കിട്ടിക്കഴിഞ്ഞാൽ അവൾ അച്ഛനെ വിടും.

അയാൾ അടുക്കളയിലൂടെ നടന്നു് ഹാളിലെത്തി.

“മീനുമോൾ, ആ ഫാൻ ഒന്നു കൂട്ടൂ. എന്തു ചൂടു്! തീവണ്ടിയിൽ ഏതു സമയത്തും തിരക്കാണെന്നു തോന്നുന്നു. ഇത്രയും മനുഷ്യർ എവിടേക്കാണു പോകുന്നതു്?”

അയാളുടെ കഷണ്ടിയിൽനിന്നു് വിയർപ്പു് നരച്ച പുരികത്തിന്മേലേക്കു് ഒലിച്ചിറങ്ങി. ഫാനിന്റെ കാറ്റു് ആ സ്വേദബിന്ദുക്കളെ സാവധാനത്തിൽ ഒപ്പിയെടുക്കുന്നതു് അവൾ ശ്രദ്ധിച്ചു.

ദാദറിൽനിന്നു് ബോറിവില്ലിക്കു കുറച്ചു ദൂരമല്ല ഉള്ളു! പിന്നെ സ്റ്റേഷനിൽനിന്നു് പതിനഞ്ചു മിനിറ്റു നടത്തം. ഇതെല്ലാം ഈ കിഴവൻ എങ്ങനെ സഹിക്കുന്നു? അത്ഭുതം തന്നെ!.

വിയർപ്പൊന്നടങ്ങി ക്ഷീണം മാറിയപ്പോൾ കിഴവൻ പറഞ്ഞു: ഇന്നു നമുക്കു് തോട്ടപ്പണി തുടങ്ങണം. ഞാൻ സാധനങ്ങളൊക്കെ കൊണ്ടു വന്നിട്ടുണ്ടു്.

അയാൾ ഒപ്പം കൊണ്ടുവന്ന തുണി സഞ്ചി തുറന്നു് സാധനങ്ങൾ പുറത്തെടുത്തു. ഉളിപോലെയുള്ള ഒരായുധം. ഒരു ചെറിയ പിക്കാക്സ്, കല്പണിക്കാർ ഉപയോഗിക്കുന്ന കൊലേര്.

ഓരോ ആയുധവും സഞ്ചിയിൽ നിന്നെടുത്തു് മുഖത്തിനടുത്തു പിടിച്ചു് തിരിച്ചും മറിച്ചും വിദഗ്ദമായി പരിശോധിച്ചു നിലത്തുവെച്ചു.

ആദ്യം കുറച്ചു കിളച്ചുമറിക്കാനുണ്ടു്. എന്നിട്ടു് തടം കൂട്ടിയിട്ടു വേണം ചെടികൾ കൊണ്ടുവരാൻ.

മീന മനസ്സിൽ ചിരിച്ചു.

“നമുക്കു് നടുവിൽ ഒരു തടത്തിൽ നിറയെ റോസ് ചെടികൾ നടാം.” വൃദ്ധൻ തുടർന്നു. “ചുറ്റും ഇതാ ഇത്ര വീതിയിൽ സീനിയ ചെടികൾ. അതിനുചുറ്റും ക്രിസാന്തെമം. ചുറ്റും ടേബ്ൾ റോസു കൊണ്ടു് ഒരു ചതുരം ഉണ്ടാക്കണം, പിന്നെ സൂര്യകാന്തികൾ.”

വൃദ്ധൻ നിർത്തി; മനസ്സിൽ തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു.

മീന ആശ്വസിച്ചു. അച്ഛൻ ഇപ്പോൾ പറഞ്ഞപ്രകാരം തന്നെയാണു് തോട്ടം ഉണ്ടാക്കിയിരിക്കുന്നതു്. അതു നന്നായി. താൻ തോട്ടമുണ്ടാക്കിയതിനെപ്പറ്റി അച്ഛനോടു പറയാൻ രണ്ടുപ്രാവശ്യം ഓങ്ങി, പക്ഷേ, പറയലുണ്ടായില്ല. അച്ഛൻ സ്വയം കണ്ടോട്ടെ. ഒരു ചെറിയ അത്ഭുതമെങ്കിലും ഉണ്ടാക്കണ്ടെ? അവൾ ആലോചിച്ചു ചിരിച്ചു.

വൃദ്ധൻ അപ്പോഴും സ്വപ്നം കാണുകയായിരുന്നു

“അച്ഛാ, ഞാൻ ചായയുണ്ടാക്കട്ടെ?”

അയാൾ ഉണർന്നു.

“ശരി മോളെ നല്ല കടുപ്പത്തിലാവട്ടെ.”

മീന അടുക്കളയിലേക്കു നടന്നു.

കടുപ്പമുള്ള ചായ, മോളെ എന്ന സ്നേഹപൂർവ്വമുള്ള വിളി, ഇതെല്ലാം വർഷങ്ങൾക്കു മുമ്പു് മരിച്ചുപോയ അച്ഛനെ ഓർമ്മിപ്പിക്കുന്നതായിരുന്നു. അതുപോലെ മകനുമായുള്ള കലഹം. എല്ലാം അവൾക്കു് അവളുടെ നഷ്ടപ്പെട്ട അച്ഛനെ തിരിച്ചു കൊടുത്തു.

ചിന്തകളിൽ മുഴുകിയിരുന്നതുകൊണ്ടു് അടുപ്പത്തുള്ള പാത്രത്തിലെ വെള്ളം തിളച്ചതും അതേ സമയത്തു് പുറത്തു പെട്ടെന്നുണ്ടായ പൊട്ടിത്തെറിയും അവളെ ഞെട്ടിപ്പിച്ചു. ഒരു നിമിഷനേരം എന്താണു ചെയ്യേണ്ടതെന്നറിയാതെ അവൾ സ്തംഭിച്ചു നിന്നു. പിന്നെ ചായപ്പൊടിയിട്ടു് ഗ്യാസ് സ്റ്റൗ കെടുത്തി പാത്രം അടച്ചു വെച്ചു് അവൾ തളത്തിലൂടെ നടന്നു് കിടപ്പുമുറിയുടെ ജനലിലൂടെ പുറത്തേക്കു നോക്കി.

അച്ഛൻ അപ്പോഴും അട്ടഹസിക്കുകയായിരുന്നു. മുഖം ദേഷ്യം കൊണ്ടു ചുവന്നിരുന്നു.

“ആരാണീ പണി ചെയ്തതു്? ഈ കാട്ടുചെടികളെക്കെ കൊണ്ടുവന്നു് നട്ടു് കാടാക്കാനോ? സീനിയയോ? നടാൻ കണ്ട സാധനം? ഈ റോസൊക്കെ ഇങ്ങനെ നട്ടാൽ നന്നോ? ഏതു നിറം പൂവാണെന്നുകൂടി അറിയില്ല. മനുഷ്യരു് കുറച്ചൊക്കെ വകതിരിവോടെ കാര്യങ്ങൾ ചെയ്താൽ എത്ര നന്നായിരുന്നു! ഇതൊക്കെ വലുതായാൽ വെറും ഒരു കാടാവില്ലെ ഇവിടെ? വല്ല പാമ്പെങ്ങാനും വന്നു കയറിയാൽ അറിയുമോ?”

പിന്നെ, മീന ജനലിൽക്കൂടി നോക്കിയതു് അബദ്ധമായെന്നു തോന്നത്തക്ക വിധം ഒരു സംഭവം നടന്നു. കിഴവൻ ദേഷ്യം സഹിക്കവയ്യാതെ ചെടികൾ ഓരോന്നോരോന്നായി പറിച്ചെടുത്തു കമ്പിവേലിക്കു മുകളിലൂടെ നിരത്തിലേക്കു വലിച്ചെറിഞ്ഞു. എന്നിട്ടു തിരിഞ്ഞുനോക്കാതെ മരത്തിന്റെ ഗെയ്റ്റു വലിച്ചുതുറന്നു് ഒരു കൊടുങ്കാറ്റുപോലെ പുറത്തേക്കു പോയി.

കാലുകൾ തരിച്ചു് അനങ്ങാൻ വയ്യാതെ മീന ജനൽക്കൽ നിന്നു. വാടിയ ചെടികൾ നിസ്സഹായരായി ടാറിട്ട നിരത്തിൽ മലർന്നടിച്ചു കിടക്കുന്നതു് അവൾ കണ്ടു. മണ്ണിൽ വേരൂന്നാനുള്ള അവസരം കൂടി കിട്ടിയില്ല. ഒരു കാർ ഇരമ്പിയടുക്കുന്നുണ്ടായിരുന്നു. അതിന്റെ ചക്രം ഒരു നിമിഷത്തിനുള്ളിൽ അവളുടെ ചെടികൾക്കു മീതെ പോകുമെന്നായപ്പോൾ അവൾ കൺതിരിച്ചു. കാണാൻ വയ്യ. കാറു പോയ ശേഷം നോക്കിയപ്പോൾ ഒരു റോസ് കൊമ്പും, കുറെ സീനിയത്തയ്യുകളും അരഞ്ഞു നാശമായിരിക്കുന്നു. അടുത്തു തന്നെ വേറൊരു കാർ വന്നപ്പോൾ ചെടികൾ അരയുന്നതു് മനസ്സുറപ്പോടെ നിസ്സംഗതയോടെ നോക്കിനിന്നു. അവസാനം നിരത്തിന്റെ അരുകിൽ വീണു വാഹനങ്ങളിൽ നിന്നു രക്ഷപ്പെട്ട ഒരു ചെറിയ ചെടി ഒരാളുടെ കനത്ത ഷൂസിന്നടിയിൽ അമരുന്നതുകൂടി കണ്ടപ്പോൾ അവൾ നിയന്ത്രിക്കാൻ കഴിയാതെ തേങ്ങി തേങ്ങി കരഞ്ഞു.

എത്രനേരം ജനലയ്ക്കൽ ഇരുന്നു കരഞ്ഞുവെന്നറിയില്ല. പെട്ടെന്നവൾ മകളെപ്പറ്റി ഓർത്തു. അവളുടെ ശബ്ദമൊന്നും കേൾക്കാനില്ല. മീന സ്വീകരണമുറിയിൽ പോയി നോക്കി. അവിടെ രണ്ടു സോഫകളുടെ ഇടയിലുള്ള ഇടുങ്ങിയ സ്ഥലത്തു് രാജിമോൾ മുഖം കുനിച്ചു് ഇരിക്കുകയായിരുന്നു. അവൾ മകളെ എഴുന്നേല്പിച്ചു. അവളുടെ കണ്ണുകളിൽ ഭീതിയുണ്ടായിരുന്നു.

“സാരല്യ മോളെ. അച്ഛനു ദേഷ്യം പിടിച്ചതല്ലെ?”

ഭീതി സങ്കടമായി മാറി. കണ്ണുതിരുമ്മിക്കൊണ്ടവൾ വിക്കി വിക്കി പറഞ്ഞു. “ഇനി പൂവുണ്ടാവില്ല്യ.”

തോട്ടത്തിൽ ചെടികൾ നടുമ്പോൾ അവൾ രാജിയോടു പറഞ്ഞതായിരുന്നു. ഈ ചെടികളെല്ലാം വലുതായാൽ നിറയെ പൂക്കളുണ്ടാവും. രാജിമോൾ ആ പൂവൊക്കെ അറുത്തു് അമ്മയ്ക്കു കൊണ്ടുവന്നു തരും. അമ്മ ആ പൂവോണ്ടു് മാലയുണ്ടാക്കി രാജിമോൾടെ തലമുടിയിൽ വെയ്ക്കും.

“എവിടെ തോട്ടം?”

മീന ഒരിക്കൽകൂടി പുറത്തേക്കു നോക്കി. നോക്കാതിരിക്കാൻ ശ്രമിച്ചിട്ടും കണ്ണുകൾ ചതഞ്ഞരഞ്ഞ ചെടികളിലേക്കു തന്നെ പോയി. അവൾ നെടുവീർപ്പിട്ടു.

പുറത്തു വെയിലായിരുന്നു. ഓളമടിക്കുന്ന വെയിൽ. ഈ പുതിയ വീട്ടിൽ താമസമാക്കിയ അന്നുമുതൽ അവൾക്കനുഭവപ്പെടാറുള്ളതാണിതു്. ഈ വെയിൽ കാണുമ്പോൾ വളരെ കുട്ടിക്കാലത്തു്, നിറയെ കള്ളിച്ചെടികളും പച്ച നിറത്തിൽ ഇരട്ട ഇലയുള്ള ഒരു പടർചെടിയും മുറ്റത്തിനരുകിൽ പച്ചപ്പായൽ പിടിച്ച മതിലുമുള്ള ഒരു വീട്ടിൽ പോയതു് ഓർമ്മവരുന്നു. വളരെ കുട്ടിയിൽ പോയതാണു്; പിന്നെ കുറെക്കൂടി വലുതായശേഷം ഇടയ്ക്കിടെ ആ വീടിനെപ്പറ്റി ഓർമ്മ വരുമ്പോൾ അവൾ അമ്മയോടു് ചോദിക്കാറുണ്ടു്: “ഏതാണു് അമ്മേ ആ വീടു്?” അങ്ങനെ ഒരു വീടിനെപ്പറ്റി അമ്മയ്ക്കറിയില്ല. അവളാകട്ടെ അതിന്റെ നിസ്സാരമായ അംശങ്ങൾകൂടി ഓർമ്മയിൽ സൂക്ഷിച്ചിരുന്നു. പൊട്ടിയ ഒരു മൂലയോടു്, മുറ്റത്തു നിന്നു് പഴയ ചെങ്കല്ലു പടുത്ത ഒതുക്കുകൾ, മുകളിലെ തട്ടിൽ പൊളിഞ്ഞ ഒരമ്പലം. “ഏതാണമ്മേ ആ വീടു്?”

ഇവിടെ ഈ പുതിയ വീട്ടിൽ ഇരുന്നു് പുറത്തു വെയിൽ ഓളം വെട്ടുന്നതു കാണുമ്പോൾ വീണ്ടും, ഇടയ്ക്കിടെ, ആ പഴയ, എന്നോ ഓർമ്മയിലേക്കു നഷ്ടപ്പെട്ട വീടു് അവൾ ഓർത്തു.

അങ്ങനെ നോക്കിയിരിക്കുമ്പോൾ അവൾ അച്ഛൻ വരുന്നതു കണ്ടു. കൈയിൽ കുറെ ചെടികൾ. ആദ്യം അവൾക്കു് അയാളുടെ മുഖം കാണാൻ പറ്റിയില്ല. ചെടികളുടെ ഇലകൾക്കിടയിൽ അയാളുടെ മുഖം മറഞ്ഞിരുന്നു. ദൂരെനിന്നു കാണുമ്പോൾ, കഴുത്തിൽ നിന്നു് ഇലകൾ തഴച്ചുവളരുന്ന ഒരു മനുഷ്യൻ നടന്നടുക്കുന്നപോലെ തോന്നി. പിന്നെ അയാൾ നടന്നടുത്തപ്പോൾ വിയർത്തൊട്ടിയ ജൂബ്ബയും, തേഞ്ഞുതുടങ്ങിയ ചെരുപ്പും നടത്തത്തിലുള്ള ആവേശവും ആ ചെടികൾ ഏറ്റിയിരുന്ന ആളുടെ വ്യക്തിത്വം അറിയിച്ചു.

അച്ഛൻ ഗെയ്റ്റു കടന്നുവന്നു. പണിയായുധങ്ങൾ മുറ്റത്തു ചിതറിക്കിടന്നിരുന്നു. ചെടികൾ നിലത്തു ശ്രദ്ധയോടെ വച്ചശേഷം അയാൾ കൊലേരു് എടുത്തു മണ്ണു നിരത്താൻ തുടങ്ങി. മരുമകൾ മണ്ണു കിളച്ചു മറിച്ചതുകൊണ്ടു് മൂപ്പരുടെ പണി എളുപ്പമായിരുന്നു. അപ്പോഴും ചിതറിക്കിടന്നിരുന്ന വലിയ കട്ടകൾ ഉടയ്ക്കുകയേ വേണ്ടൂ. അദ്ദേഹം നിഷ്കർഷയോടെ ജോലി ചെയ്തു. പണി വളരെ സാവധാനത്തിൽ ഇഞ്ചിഞ്ചായിമാത്രം നീങ്ങി.

നോക്കിനില്ക്കുക രസകരമായിരുന്നു. കട്ടകൾ ഉടയ്ക്കുന്നതോടൊപ്പം മണ്ണിലുള്ള വേരുകളും പുല്ലുകളും എടുത്തുമാറ്റി, പിന്നെ കൈകൊണ്ടു ചെറിയ കട്ടകളും ഉടച്ചു നിരത്തി. ഒരു പിഞ്ചുപൈതലിനു കിടക്ക ഒരുക്കുന്ന അമ്മയുടെ നിഷ്കർഷയോടെ അയാൾ ചെടികൾക്കുള്ള തടം ഒരുക്കി.

മീന അടുക്കളയിലേക്കു പോയി ചായയ്ക്കുള്ള വെള്ളം അടുപ്പത്തു വച്ചു. നേർത്തെ ചായപ്പൊടിയിട്ട വെള്ളം സിങ്കിൽ ഒഴിച്ചുകളഞ്ഞു.

ചായ കപ്പിലാക്കി സ്വീകരണമുറിയിലേക്കു നടക്കുമ്പോൾ അവൾ ജനലിലൂടെ പുറത്തേക്കു നോക്കി. അച്ഛൻ അപ്പോഴും കുമ്പിട്ടിരുന്നു തടം ശരിപ്പെടുത്തുകയായിരുന്നു. അവൾ ചായ മേശപ്പുറത്തു കൊണ്ടുപോയി വച്ചു. അച്ഛനെ വിളിക്കാനായി വാതിൽവരെ പോയി. അവൾക്കു ഭയമായി. ഒരിക്കൽ വിളിക്കാൻ ഓങ്ങിയെങ്കിലും വിളിച്ചില്ല. അവൾ വീണ്ടും തിരിച്ചു കിടപ്പറയുടെ ജനല്ക്കൽ വന്നു നില്പായി.

തടത്തിന്റെ പണി ഒരുമാതിരി കഴിഞ്ഞു തുടങ്ങി. അയാൾ ഇപ്പോൾ റോസ്കമ്പുകൾ ഓരോന്നോരോന്നെടുത്തു മുഖത്തോടടുപ്പിച്ചു പിടിച്ചു ചെറിയ പേനാക്കത്തി കൊണ്ടു കമ്പുകളുടെ അറ്റം ചെത്തി വൃത്തിയാക്കുകയായിരുന്നു. വൃത്തിയാക്കിയ ഓരോ കമ്പും ശ്രദ്ധയോടെ നിലത്തു നിരത്തിവച്ചു.

പെട്ടെന്നു മീന അച്ഛന്റെ കഷണ്ടിത്തലയിൽ തട്ടിത്തിളങ്ങുന്ന സൂര്യനെ കണ്ടു. ചുട്ടുപൊള്ളുന്ന വെയിലായിരുന്നു പുറത്തു്. അച്ഛന്റെ ജൂബ്ബ വിയർപ്പുകൊണ്ടു നനഞ്ഞു ദേഹത്തോടൊട്ടിയിരുന്നു. അയാൾ ഇതൊന്നും അറിഞ്ഞില്ല. അയാളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ആ ചെടികളും, അവ തഴച്ചുവളരാൻ പോകുന്ന കറുത്ത പശിമയുള്ള മണ്ണും മാത്രമേ നിലനില്പുള്ളു. അവിടെ ക്രൂരനായ സൂര്യനോ, തന്റെ തോട്ടം അപഹരിക്കാൻ ശ്രമിച്ച മരുമകൾക്കോ എവിടെ സ്ഥാനം?

ഉണ്ടാക്കിവച്ച ചായ തണുത്തിട്ടുണ്ടാകുമെന്നു് മീന ഓർത്തു. അവൾ അടുക്കളയിൽ പോയി ഒരു കപ്പു ചായകൂടി ഉണ്ടാക്കി മേശപ്പുറത്തുകൊണ്ടുപോയി വച്ചു. തണുത്താറിയ ചായ തിരിച്ചു് അടുക്കളയിൽ കൊണ്ടുപോയി കളയാൻ തോന്നാതെ മേശമേൽ വച്ചു. തിരിച്ചു വീണ്ടും ജനല്ക്കൽ നോക്കിനില്പായി.

റോസ്കമ്പുകൾ വൃത്താകൃതിയിൽ നട്ടുകഴിഞ്ഞു. ഇപ്പോൾ സീനിയ തൈകൾ നടുകയാണു്. വെയിലിൽ അവ വാടിക്കുഴഞ്ഞിരുന്നു. ഓരോ ചെടികളും നട്ടശേഷം അയാൾ അവയുടെ വാടിയ തല പിടിച്ചുയർത്തി താലോലിക്കും. കൈവിട്ടാൽ അവ വീണ്ടും തലകുനിച്ചു നില്ക്കും.

അച്ഛന്റെ കഷണ്ടിത്തലയിൽ വന്നടിക്കുന്ന വെയിലിനെപ്പറ്റി അവൾ വീണ്ടും ഓർത്തു. ഈ മനുഷ്യൻ വാടുന്നില്ലേ? സമയ മെത്രയായിട്ടുണ്ടാകും? മേശമേൽ വച്ച ടൈംപീസ് സമയം രണ്ടായെന്നു കാണിച്ചു. അവൾ മനസ്സിൽ ഗണിച്ചു. ഏകദേശം രണ്ടുമണിക്കൂറായി അദ്ദേഹം അവിടെ വെയിലത്തു ജോലിയെടുക്കാൻ തുടങ്ങിയിട്ടു്.

കൊണ്ടുപോയി വച്ച ചായ തണുത്തിരിക്കും. അവൾ അടുക്കളയിൽ പോയി വീണ്ടും ചായയ്ക്കു വെള്ളം വെച്ചു. വീണ്ടും ചായക്കപ്പുമായി വാതിൽവരെ പോയി സംശയിച്ചു നിന്നു. ധൈര്യം സംഭരിക്കാനാവാതെ തിരിച്ചു മേശപ്പുറത്തു കൊണ്ടുപോയി വച്ചു. തണുത്താറിയ ചായയുമായി തിരിച്ചു് അടുക്കളയിലേക്കു നടന്നു.

തോട്ടം വിപുലമായി വരുകയാണു്. സീനിയ തൈകളുടെ വൃത്തം വീതി കൂടി വന്നു. പിന്നെ അതിനുചുറ്റും വേറൊരു ചെടികളുടെ വൃത്തം, ഒരു കോട്ടമതിൽപോലെ. അതു് സുമൻ വളരെയധികം വിവരിച്ചിട്ടും അവൾക്കു മനസ്സിലാവാത്ത ആ പൂവിന്റേതാണു്. അതിന്റെ നാലു മൂലകളിലും സൂര്യകാന്തിച്ചെടികൾ പീരങ്കികൾ വഹിക്കുന്ന ഗോപുരങ്ങൾ പോലെ ശക്തമായി നിലകൊണ്ടു.

തോട്ടപ്പണി ഒരു മാതിരി കഴിഞ്ഞു. അച്ഛൻ ബക്കറ്റെടുത്തു വീടിന്റെ പിന്നിലെ ടാപ്പിൽനിന്നു് വെള്ളം കൊണ്ടുവന്നു ചെടികൾക്കു് ഓരോന്നായി നനച്ചു.

പെട്ടെന്നു് അവൾ ഓർത്തു, അച്ഛൻ നട്ട ചെടികൾ അവൾ രാവിലെ കൊണ്ടുവന്ന അതേതരം ചെടികളാണു്. അവ നട്ട ക്രമമാകട്ടെ, അവൾ ചെയ്തുപോലെ തന്നെയാണു്. ഒരു വ്യത്യാസവുമില്ല അവൾ മനസ്സിൽ ചിരിച്ചു.

നനച്ചു കഴിഞ്ഞു് അയാൾ ബക്കറ്റും പാത്രവും മാറ്റി വച്ചു. കുറച്ചു വിട്ടുനിന്നു് തോട്ടത്തിന്റെ ഭംഗി ആസ്വദിച്ചു, ബ്രഷും പാലിറ്റും പിടിച്ചു് പണി പൂർത്തിയായ ചിത്രത്തിന്നുമുമ്പിൽ നില്ക്കുന്ന ചിത്രകാരന്റെമാതിരി. അങ്ങനെ നില്ക്കുമ്പോൾ പെട്ടെന്നു മുകളിൽ കത്തുന്ന സൂര്യനെപ്പറ്റി അയാൾ ബോധവാനായി. നെറ്റിയിൽനിന്നു് ഊർന്നിറങ്ങുന്ന വിയർപ്പു തുള്ളികൾ കൈവിരലുകൊണ്ടു വടിച്ചെടുത്തു് അയാൾ ക്രുദ്ധനായി മുകളിലേക്കു നോക്കി. സൂര്യൻ നെറുകയിൽതന്നെ. അയാൾ നെറ്റിക്കു മുകളിൽ കൈകൊണ്ടു മറച്ചു് പെട്ടെന്നു്, പരുഷമായി ഇടപെടാൻ വന്ന സൂര്യനെ നോക്കി. പിന്നെ തിരിഞ്ഞു വീട്ടിലേക്കും. ജനലിലൂടെ വീട്ടിനകത്തേക്കു കാണാൻ വേണ്ടി കണ്ണുകൾ ചെറുതാക്കി നോക്കി. ആരേയും കാണാനില്ല. തൊണ്ടയനക്കി അയാൾ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.

“വെയിലത്തു ജോലിയെടുക്കുന്ന ഈ കിഴവനു് ഒരു ചായ തരാൻ ആരുമില്ലെ?”

അതിനു മറുപടിയൊന്നും പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു. മറുപടിയൊന്നുമുണ്ടായില്ല, അയാൾ വീണ്ടും തോട്ടത്തിലേക്കു തിരിഞ്ഞു. അല്ലറചില്ലറ പണികൾ ബാക്കിയുണ്ടായിരുന്നു. വല്ലാതെ കുഴഞ്ഞ ചെടികൾക്കു് ഊന്നു കൊടുക്കൽ, വളരെ ചെറിയ തൈകൾ വെള്ളമൊഴിച്ചപ്പോൾ മണ്ണിനടിയിൽപെട്ടതു പുറത്തെടുക്കൽ. അങ്ങനെ സ്വയം മറന്നു ജോലി തുടർന്നു കൊണ്ടിരിക്കുമ്പോൾ പേരക്കുട്ടി വിളിച്ചു:

“അച്ഛാ ചായ.”

അയാൾ ഉണർന്നു വീട്ടിലേക്കു നോക്കി. വെയിൽ അയാളുടെ കണ്ണുകളെ മഞ്ഞളിപ്പിച്ചിരുന്നു. അയാൾക്കു് പേരക്കുട്ടി വാതില്ക്കൽ നിന്നിരുന്നതു കാണാൻ കഴിഞ്ഞില്ല. അയാൾ ജോലി നിർത്തി വീട്ടിലേക്കു നടന്നു. പടികൾ കയറുമ്പോൾ രാജി വാതില്ക്കൽ നില്ക്കുന്നതു് അയാൾ കണ്ടു.

“അച്ഛാ ചായ.”

ആറാമത്തെ കപ്പു ചായയുമായി മീന വന്നു. ഫാൻ മുഴുവൻ വേഗത്തിലാക്കി അയാൾ സോഫയിലിരുന്നു് മരുമകളുടെ കൈയിൽനിന്നു ചായക്കപ്പുവാങ്ങി ആർത്തിയോടെ മൊത്തിക്കുടിക്കാൻ തുടങ്ങി. അയാളുടെ കൈകൾ വിറച്ചിരുന്നു.

“അച്ഛൻ എന്തിനാണു് ഇത്രനേരം വെയിലത്തിരുന്നു പണിയെടുത്തതു്? വെയിലാറുന്നവരെ കാക്കായിരുന്നില്ലെ?”

അയാൾ സങ്കോചത്തോടെ മരുമകളെ നോക്കി. ഇത്രയുംനേരം അയാൾ അവളുടെ കണ്ണുകളിൽ നേരിട്ടു നോക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.

“മോളെ, തോട്ടം ഉഗ്രാവും.” അയാൾ മടിയോടെ തുടർന്നു: “രണ്ടുദിവസം കഴിഞ്ഞു് ചെടികളുടെ വാട്ടമൊക്കെ ഒന്നു മാറട്ടെ.”

മരുമകളുടെ മുഖത്തു് അലോഗ്യമൊന്നുമില്ലെന്നു തീർച്ചയായപ്പോൾ അയാൾ ഉഷാറായി. നീ കണ്ടുവോ? നടുവിൽ നിറയെ റോസ്ചെടികൾ നട്ടിട്ടുണ്ടു്. അതിനു ചുറ്റും സീനിയ തൈകൾ…

അവൾ വാത്സല്യത്തോടെ അയാൾ പറയുന്നതു ശ്രദ്ധിച്ചു. ഒരു തോർത്തെടുത്തു് അയാളുടെ കഷണ്ടിയിൽ മുറ്റിനില്ക്കുന്ന വിയർപ്പു തുള്ളികൾ ഒപ്പിയെടുത്തു.

“ഇനി ചായ വേണോ?”

“വേണം മോളെ. ചായ നല്ല കടുപ്പമുണ്ടു്. നന്നായിട്ടുണ്ടു്.”

അവൾ അടുക്കളയിൽ പോയി ഒരു കപ്പു ചായകൂടി എടുത്തു കൊണ്ടുവന്നു. വൃദ്ധൻ ആ ചായ സാവധാനത്തിൽ ആസ്വദിച്ചു കുടിച്ചു. പിന്നെ വിയർപ്പുകൊണ്ടൊട്ടിയ ജൂബ്ബ അഴിച്ചിട്ടു് സോഫയിൽ നിവർന്നു കിടന്നു. മീന ഒരുതലയണ കൊണ്ടുവന്നു് അയാളുടെ തലച്ചുവട്ടിൽ തിരുകിക്കൊടുത്തു.

ആ ചൂടുള്ള അപരാഹ്നത്തിൽ ജനലിലൂടെ വന്ന കുളിർകാറ്റിൽ വൃദ്ധന്റെ കണ്ണുകൾ അടഞ്ഞുവന്നു. സുഷുപ്തിയിൽ പ്രജ്ഞ, നാട്ടിൻപുറത്തു കള്ളിച്ചെടികളും, പായൽപിടിച്ച പൊളിഞ്ഞ അരമതിലും, മൂലയോടു പൊട്ടിയ മേല്പ്പുരയുമുള്ള ഒരു വീടിന്നരുകിൽ വൃക്ഷത്തലപ്പുകളിൽ മഞ്ഞവെയിൽതട്ടിക്കളിക്കുന്ന ഇലകളിൽ തങ്ങി നിന്നപ്പോൾ, അയാൾ താൻതന്നെയാണു തോട്ടക്കാരൻ എന്നു് ആത്മവിശ്വാസത്തോടെ, സംതൃപ്തിയോടെ, മനസ്സിലാക്കി.

Colophon

Title: Kumkumam vithariya vazhikal (ml: കുങ്കുമം വിതറിയ വഴികൾ).

Author(s): E Harikumar.

First publication details: Sahitya Pravarthaka Sahakarana Sangham; Kottayam, Kerala; 1979.

Deafult language: ml, Malayalam.

Keywords: Short stories, E Harikumar, Kumkumam vithariya vazhikal, ഇ ഹരികുമാർ, കുങ്കുമം വിതറിയ വഴികൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 1, 2022.

Credits: The text of the original item is copyrighted to Lalitha Harikumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Girls on the Bridge, a painting by Edvard Munch (1863–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: E Harikumar; Proofing: KB Sujith; Typesetter: Sayahna Foundation; Editor: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.