images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
12
കവിയുടെ വിട
അൽഫോംസ് ദ് ലമാർത്തീൻ (ALPHONSE DE LAMARTINE (1790-1869))

ആത്മാവിഷ്കാരത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെ സ്വർശിക്കുന്ന ലമാർത്തീനിന്റെ ഈ കവിത ഫ്രഞ്ച് ഭാവഗാനപ്രസ്ഥാനത്തിന്റെ ഒരു പ്രകടനപത്രികയായണെന്നു പറയാം.

നിറനിലയിൽത്താൻ മദീയജീവിത–
ചഷകം പെട്ടെന്നു തകർന്നുപോയിതേ.
നെടുവീർപ്പുകളായ് നിമേഷം തോറുമേ
പാലയനം ചെയ്യുന്നിവന്റെ ചൈതന്യം. [1]
സഹതാപത്തിനോ ചുടുകണ്ണീരിനോ
കഴിയുകില്ലിതിൻ ഗതി തടയുവാൻ.
അണഞ്ഞിടുന്നന്ത്യമുഹൂർത്തമെന്നു ത–
ന്മണി മുഴക്കുന്നു മരണദേവത.
കരണീയമെന്താണിവനീയാസന്ന–
സ്ഥിതിയിൽ കേഴണോ, അതല്ല പാടണോ?
സരി പാടട്ടെ ഞാ, നിനിയും വീണയെ
വെടിഞ്ഞതില്ലയെൻ കരവിരലുകൾ. [2]
കളഹംസത്തിനു മരണവേളയിൽ
ഗളനാളേ ഗാനം നിറഞ്ഞൊഴുകുന്നു.
മരണമാവിധമിവനുമേ പേർത്തു–
മൊരു നവഗാനപ്രഭവകേന്ദ്രമായ്!
അഭികാമ്യമാകും മൃതശകുനമി–
തെനിക്കു ജന്മനാ ലഭിച്ചതാം വരം
പ്രണയം, സംഗീതമിവമാത്രമാണു [3]
മനുജർ നമ്മൾതന്നകതലം തന്നിൽ
നിറഞ്ഞിരിപ്പതെന്നരികിൽ, നാമൂഴി
വിടുന്ന നേരത്തു, വിടപറയലായ്
പുതുഗാനമൊന്നു വിയതി വായുവിൽ
തിരകൾ ചേർത്തു കൊണ്ടുയർന്നു പോകട്ടെ!
തകരുംവല്ലകി തടവെന്യേ തൂകു–
ന്നകമലിയിക്കുമൊരു ഗാനം കൂടി.
അണയും ദീപിക നവചൈതന്യമാർ–
ന്നധികകാന്തിയിൽ തെളിഞ്ഞുകത്തുന്നു;
മൃതിനേരത്തന്നം വിയത്തിനെ വീക്ഷി–
ച്ചുറക്കെപ്പാടുന്നു മികച്ച തൻഗാനം;
മനുജൻ മാത്രം തൻപിറകിൽ നോക്കീട്ടു
ദിനമെണ്ണിനോക്കി വിലപിച്ചീടുന്നു! [4]
[5] വിലപിച്ചീടുവാൻ, ഭുവനവാഴ്‌വെന്ന
പ്രതിഭാസമിതിൻ പൊരുളെന്തൊന്നുവാൻ?
ഒരു ദിനം, വീണ്ടുമൊരുദിനം, വീണ്ടും
വരുന്നിതിപ്പോലെ ദിനനികരങ്ങൾ.
ഒരു ദിനം നമുക്കരുളിടുന്നതു
തിരികെ വാങ്ങിടുന്നപരമാം ദിനം. [6]
ശ്രമവിശ്രാന്തിക, ഴഴൽ, ചില പൊഴു–
തൊരുസുഖസ്വപ്ന, മിതു തന്നെ ദിനം. [7]
ദിനപരമ്പരയ്ക്കറുതിയിൽ നിത്യ–
നിശയണഞ്ഞിടുന്നനിവാര്യമായും.
മുറുകെ വത്സരനിരകളെക്കെട്ടി–
പ്പുണരുവാനാശ പരം പുലർത്തുവോൻ,
തനതു ഭാവിയോടൊരുമിച്ചു തന്റെ
നിനവിലുള്ളാശാ കലികകളെല്ലാം
വികസിതമാകാതടിവതു കാണ്മോൻ
വിലപിച്ചീടട്ടെ മരണഭീതിയിൽ. [8]
ധരയിൽ വേരൂന്നാത്തിവന്നനായാസ–
മിവിടെ നിന്നുമേമറയാനാവുന്നു.
ദ്രുതമന്തിക്കാറ്റിന്നടിയേല്ക്കെപ്പൊങ്ങി–
യകലെപ്പാറിപ്പോം തൃണശകലംപോൽ [9]
തടിനി തൻ തടസ്ഥലിയിലോ വന–
തരുവിലോ കൂടു പണിതു തങ്ങാതെ
സതതസഞ്ചാരകുതുകികളായ്പോം
പതഗങ്ങൾപോലാം കവികളും പാർത്താൽ.
കരവിട്ടാറ്റിന്റെയൊഴുക്കിൽ താരാട്ടേ– [10]
റ്റവ പാടിപ്പാടിപ്പറന്നകലുന്നു. [11]
അവയെപ്പറ്റി, ത്തന്മനോജ്ഞഗീതിക–
ളൊഴികെ മറ്റൊന്നുമറിയില്ല ലോകം. [12]
വിരുതെഴാത്തതെൻ കരമെന്നാകിലും
പ്രിയതയേറുമീ വിപഞ്ചിമീട്ടുവാൻ
അതിനുണ്ടായിട്ടില്ലിതേവരേയ്ക്കുമൊ
രിതരമാം കരം വഴികാട്ടീടുവാൻ. [13]
ഹൃദയചോദന കഴിയില്ലാർജ്ജിക്കാ–
നപരശിക്ഷണപടുതയിലൂടേ.
ഒഴുകിപ്പോകുവാനരുവിയും വാനിൻ
വിരിമാറു പൂകാനരുമ്പറവയും
നൂറുതേൻ നിർമ്മിക്കാൻ മധുമക്ഷികയും
പഠനം ചെയ്യുക പതിവില്ലയല്ലോ.
അടിയേല്ക്കെ പ്പള്ളിമണി ചൊരിയുന്നു
മുദമോ താപമോ കലർന്ന രാഗങ്ങൾ,
വരണം കൊണ്ടാടാൻ, ജനനം കൊണ്ടാടാൻ,
മരണവൃത്താന്തം വിളംബരം ചെയ്യാൻ.
[14] ഉലയിങ്കൽ കേടറ്റുരുകി വന്നൊരാ
മണിതന്നോടുപോൽ മമ ഹൃദന്തവും:
വരുമോരോഭാവപ്രഹരമേല്ക്കെയെൻ–
കരളിൽ നിന്നൂറും നവനവ ഗാനം! [15]
ഇരവിലിമ്പലത്തിലനി‘ലനില സാരങ്കി’ [16]
യിളംകാറ്റുവന്നു പുണർന്നിടുന്നേരം
തനിയെ മൂളുന്നു കരുണസംഗീതി
തടിനിതൻ പാട്ടിലിണങ്ങിച്ചേരുവാൻ.
ചെവിയിലഗ്ഗീതമണയവേ പാന്ഥർ
വഴിയിൽ നിന്നതു നുകരും സാത്ഭുതം.
അറിയുകില്ലെന്നാ, ലവർക്കിസ്സ്വർഗ്ഗീയ
നെടുവീർപ്പുകൾതന്നുറവയേതെന്ന്
പറകിലെൻവീണ പലപൊഴുതുമേ
ചുടുകണ്ണുനീരാലഭിഷിക്തമത്രെ.
മിഴിനീർത്തുള്ളികൾ വിധിദത്തമായ
വിശുദ്ധവൈഭാതഹിമകണങ്ങളാം. [17]
നിയതം കാറൊഴിഞ്ഞൊരുവാനിൻകീഴിൽ
പരിപക്വമാകാ മനുജമാനസം. [18]
ഒഴുകാ, മുന്തിരിക്കുലയിങ്കൽ നിന്നും
പുതുചെഞ്ചാർ ഞെക്കിപ്പിഴിയുന്നില്ലെങ്കിൽ, [19]
പദമർദ്ദനത്താൽ ചതയവേ ഗന്ധ–
ലത പരത്തുന്നു സ്വകീയസൗരഭം.
നിരുപിച്ചീടുകിൽ, നിഖില നായക–
നെരിവീർപ്പൊന്നിനാലുയിരിവന്നേകി.
മമസ്പർശമേറ്റതഖിലവുമെരി–
ഞ്ഞൊടുങ്ങി തജ്ജ്വാലാപ്രസരം ഹേതുവായ്. [20]
മൃതികരവരം, ദഹിപ്പൂ ഞാനുമെൻ
പ്രണയാധിക്യത്തിന്നെരിവഹ്നിയിങ്കൽ. [21]
പ്രണയാലിംഗനാലടവിയെ ച്ചുട്ടു–
കരിയാക്കിയല്ലോ മറയുന്നു മിന്നൽ. [22]
കഴിഞ്ഞിതെൻ കാല, മിനിയിവനുമ–
പ്രസക്തൻ കാലത്തി, ന്നിതേപോലെൻ പേരും.
ഒരു വ്യർത്ഥനാദവുമുളവാക്കീടുന്ന
പ്രതിനാദമല്ലീ പ്രശസ്തിയെന്നതു? [23]
ഒരു നൂറ്റാണ്ടതു മറു നൂറ്റാണ്ടിന്റെ
ചെവിയിൽ കേൾപ്പിക്കു, മതിനുമപ്പുറം
വരാനിരിക്കുന്ന തലമുറകൾതൻ–
കരങ്ങളിലതു വെറും കളിപ്പാട്ടം
അതിന്നു ഭാവിതന്നനന്തസാമ്രാജ്യ–
മുറപ്പിച്ചീടുന്ന സുഹൃത്സമൂഹമേ,
മമ വീണാലാപമിതൊന്നു ശ്രദ്ധീക്കൂ:
ഞൊടിയിൽ വായുവിലതു പോയില്ലയോ? [24]
[25] കുടീരമൊന്നിനെച്ചുഴലുമെന്നാത്മ–
വിലപനത്തിന്റെ സ്മൃതിയെക്കാലവും
അലയടിയ്ക്കുമോ, യൊരുമൃതന്നു തൻ
നെടുവീർപ്പോ കീർത്തനിലയമാവതു?
അഖിലകാലത്തിൻ സ്മരണ ദാനമാ–
യതിന്നു നല്കുവാൻ മുതിർന്നിടുന്നോരേ,
മൃതിവശഗരേ, സ്വവശം നിങ്ങൾക്കി–
ങ്ങൊരുദിനം പോലുമിരിപ്പതില്ലല്ലോ.
പറവേൻ സത്യ, മീ ധരണിയിലിവൻ
പിറവികൊണ്ടന്നു മുതൽക്കിന്നോളവും
മനുജവിഭ്രാന്തി വിരചിച്ചതാമി–
പ്പെരിയപോരിനെ യൊരിക്കൽ പോലുമേ
ഒരു ലഘുഹാസസഹിതമല്ലാതെ–
യുരിയാടിയിട്ടില്ലിവന്റെ ചുണ്ടുകൾ.
പൊരുളറിവാൻ ഞാൻ വിരയുന്തോറുമി–
പ്പദമോ കൂടുതൽ പരിശൂന്യമല്ലോ.
വിരസമാമൊരു പഴത്തൊലിപോലെ
നിരസിച്ചേൻ ദൂരാലതിനെ ഞാൻ മുന്നേ.
മനുജനെയേന്തിക്കുതികൊള്ളും കാല–
നദിയിൽത്തൻ യാത്രയ്ക്കിടയിൽ പേരൊന്ന്
എറിഞ്ഞിടുന്നവ, നതു പക്ഷേ കാല–
ഗതിയിൽ മുറ്റുമേ തളർന്നു പോകുന്നു.
ചില നൂറ്റാണ്ടിടയതു മീതെപ്പോങ്ങി–
ത്തടവറ്റു മുന്നോട്ടൊഴുകിപ്പോയിടാം.
ഒടുവിലായതു മറവിതൻ കൊടും–
കയമതിലാണ്ടു മറഞ്ഞു പോകുന്നു. [26]
കരകാണാക്കാലത്തിരമാലകൾക്കാ–
യൊരു പേരെന്റെതുമെറിഞ്ഞിടുന്നു ഞാൻ.
[27] അതു പൊങ്ങീടട്ടെ, യതു മുങ്ങീടട്ടെ,
അനിലാന്തരീക്ഷസ്ഥിതികൾ പോലവേ.
വെറുമൊരു പേരാണിതു നിസ്സംശയ–
മിതിനാൽ ഞാനേറേ മഹിതനാകുമോ?
മുതിരുമോ മിത്യഗഗനം പൂകുവാൻ
പറന്നുപോകുന്നോരരയന്നം, താഴെ-
ത്തനതു പത്രത്തിൻ നിഴലു പാഴ്പ്പുല്ലിൽ
പതിയുന്നുണ്ടോയെന്നറിവതിന്നായി?
‘ശരി, പിന്നെന്തിനായിതേവരയ്ക്കും നീ
നിരന്തരം ഗാനനിരതനാ’യെന്നോ?
അരിയരാപ്പാടിക്കുരുവിയോടായി–
സ്സദയം ചോദിക്കൂ: നിശീഥിനികളിൽ
പുളച്ചുപായും കാട്ടരുവികളുടെ
കളകളാലാപശ്രുതിയോടൊപ്പമായ് [28]
ജഗത്തിനെയവൻ മധുരസംഗീത–
സരിത്തിൽ മുക്കുവതെതിന്നു വേണ്ടിയാം?
മനുജൻ വീർപ്പിടുന്നതുപോൽ, പൈങ്കിളി
കളകൂജം ചെയ്യുന്നതുപോൽ, പൂന്തെന്നൽ
നെടുനിശ്വാസങ്ങൾ വിടുന്നതുപോലെ,
കരളിലൂറുന്ന കവനധാരയെ–
യുലകിൻ കർണ്ണത്തിലൊഴുക്കിനേൻ ഞാനും! [29]
പ്രണയം, പ്രാർത്ഥന, കവനം– തോഴരേ,
ഇവ മാത്രമാണിങ്ങിവന്റെ ജീവിതം.
നിതരാം മാനവനഭിലഷിപ്പതാം
വിഭവസഞ്ചയമതിലൊന്നുപോലും
ഇടരിയറ്റുന്നില്ലിവന്നു തെല്ലുമേ
വിടപറഞ്ഞു ഞാൻ പിരിഞ്ഞിടുന്നേരം.
ഉടനെ, മൃത്യുവിൻ ചിറകിലെന്നാത്മാ–
വമലദ്യോവിലേയ്ക്കുയരുകയായി [30]
മനുജപ്രത്യാശ കതിരിട്ടു നില്ക്കു–
മിടമെങ്ങു, പോകുന്നിവനവിടേയ്ക്കായ്;
വിലയം പ്രാപിച്ചതെവിടെയെൻവീണാ–
ക്വണിതങ്ങ, ളദ്ദിക്കവനണയുന്നു;
മമ നെടുവീർപ്പിൻ നിവഹം ചെന്നതേ–
തിടമോ, ചെല്ലുന്നേനവിടേയ്ക്കായ് ഞാനും!
കൊടുമ കൂടമേതിരുളിലും കണ്ണു–
തെളിഞ്ഞു കാണ്മൊരു പറവയെപ്പോലെ
[31] മമ വിശ്വാസത്തിൻ മണിപ്രദീപമെ–
ന്നിരുളൊക്കെ നീക്കി വഴിതെളിയിപ്പൂ.
മനുജചേതനയണിയും ചക്ഷുസ്സാം
മഹിതവിശ്വാസം വിജയിപ്പൂതാക!
അതിന്റെയത്ഭുതക്കഴിവിനാലെനി–
ക്കനാവൃതമെന്റെ വിധിരഹസ്യങ്ങൾ.
മൃതിയെ മുന്നിട്ടു, വിടർന്ന ഭാവനാ–
ച്ചിറകിൽ മുമ്പെത്രകുറി യഥേച്ഛമായ്
പരിപൂതസ്ഥാനമതു സംപ്രാപിച്ചു
പരമനിർവൃതി നുകർന്നതില്ല ഞാൻ!
സഹജാതന്മാരേ, യരുതു പേരൊന്നു–
മെഴുതരുതെന്റെ കുഴിയിടത്തിന്മേൽ,
അതിനു മീതെയായ് കുടീരമൊന്നുമേ
പണിയരു, തതിന്നരുളായ്ക ഭാരം. [32]
അതുവഴി പോകും പരമദുഃഖിത–
ന്നവിടെ മുട്ടൂന്നാനിടമേകീടാവൂ. [33]
കുറയും ഭൂബന്ധം മനുജനു ശവ–
ക്കുഴിമേൽ കാലൂന്നുമളവിങ്കൽ നൂനം;
പരം വിശാലമാം ഗഗനാന്ത, മുള്ളം
ഗതഭരമായുന്മുഖതയാർന്നിടും.
ഇനിയെന്നാത്മാവിൻ വിളികൾക്കിങ്ങേക–
സ്വരമായുത്തരമരുരളിപ്പോന്നതാം
വിപഞ്ചികയിതു പ്രഭഞ്ജനം ചെയ്തു
കൊടുക്കു കാറ്റിനു, ജലത്തിനഗ്നിക്കും.
ഉടനെ വിണ്ണോർതൻ മണിവിപഞ്ചിയെൻ–
കരതലത്തിങ്കൽ മുഖരമായിടും.
അമരചൈതന്യമവരെപ്പോലാർന്നി–
ട്ടമോഘസംഗീതഝരി ചൊരിഞ്ഞു കൊ–
ണ്ടനുനയിച്ചീടുമിവനൊ, രുപക്ഷേ,
കുതുകനിർഭര നഭസ്ഥലങ്ങളെ. [34]
ഉടനെ ……യെന്തിതു, മൃതിയുടെ കനം
പെരുകും മൂകമാം, കരാഘാതത്തിനാൽ
തകരുന്നെൻ വീണ, പതിഞ്ഞതാമൊരു
കരുണരാഗമതെറിവു വായുവിൽ.
ജഡമെൻവല്ലകിയിനി മൂളുകയി–
ല്ലെടുക്കു നിങ്ങൾതൻ വിപഞ്ചികൾ വേഗം,
പ്രിയതോഴന്മാരേ, മമജീവൻ ഭവൽ–
സ്വരരാഗമേളയതിലാമഗ്നമായ്
ഒരു ലോകം വിട്ടു മറുലോകത്തേയ്ക്കു
തുടരട്ടെ യാത്ര സുകരമാം വിധം! [35]

LE POETE MOURANT

കുറിപ്പുകൾ
[1]
മൃതിയിലേയ്ക്കെന്റെ
ശരറാന്തൽത്തിരി
മുനിയുമ്പോൾ
(ബാലചന്ദ്രൻ ചുള്ളിക്കാട് — തേർവാഴ്ച)
ഒരു സ്റ്റെതസ്കോപ്പിൻ ഞരമ്പിലൂടന്ത്യ
ചലനവുമെന്നെ വെടിഞ്ഞു പോകുമ്പോൾ
… … …
കിനാവുപോലെ ഞാൻ പൊലിഞ്ഞുപോകുമ്പോൾ
(ബാലചന്ദ്രൻ ചുള്ളിക്കാട് — മരണവാർഡ്)
[2]
ആയതു പോട്ടെ ശയിക്കുന്നതുണ്ടിങ്ങൊ–
രായതനേത്രയാൾ നീണ്ടു നിവർന്നിതാ
ചേണാർന്നടുത്തു സഖിപോൽ കിടക്കുമീ
വീണയെച്ചുംബിക്കുമാസ്യപത്മത്തൊടും
തന്ത്രികളിൽത്തന്നെ തങ്ങും മൃദുവിരൽ
ച്ചെന്തളിർമഞ്ജരിയോടും തളമതിൽ
(ആശാൻ — ശ്രീബുദ്ധചരിതം)
[3]
മരുളിയെന്നോണമെന്നന്തരംഗം
മുഴുവനും സംഗീതമായിരുന്നു
(ചങ്ങമ്പുഴ — മങ്ങിയകിരണങ്ങൾ)
കരയെല്ലാം സമ്പന്നം
കരളെല്ലാം സംഗീതം
(വൈലോപ്പിള്ളി — തുയിലുണർത്തൽ)
പ്രേമഗാനങ്ങളാൽ പൂർണ്ണമാക്കീടാവൂ
പേർത്തുമീയാനന്ദജീവിതമന്ദിരം
(പി. കുഞ്ഞിരാമൻ നായർ — പരീക്ഷ)
[4]
മർത്ത്യനഹോ കരയുന്നു പിറപ്പിലും
മൃത്യുകാലത്തിലുമസ്വസ്ഥനായ്
(വള്ളത്തോൾ — എന്റെ കൊച്ചുമകൾ)
[5]
ജീവിതം വെറും മൂന്നക്ഷരമതി–
ന്നീവിധം നമ്മൾ കണ്ണീരൊഴുക്കണോ?
നമ്മൾ ജീവിതമെന്നഭിമാനിപ്പ–
തുണ്മയിൽ മൃത്യുരൂപത്തെയല്ലയോ?
(പാലാ — അകാലമരണം)
[6]
ഹാ സുഖങ്ങൾ വെറും ജ്വാല, മാരറിവൂ നിയതിതൻ
ത്രാസു പൊങ്ങുന്നതും താനേ താണുപോവുന്നതും
(ആശാൻ — കരുണ)
കാലം തരുന്നു, തിരിച്ചെടുക്കുന്നു തൻ
ബാലരാം നമ്മെക്കളിപ്പിച്ചു കൊണ്ടഹോ
(വള്ളത്തോൾ — ഇന്ദ്രനും മാബലിയും)
ഒരിടത്തു സുഖം കതിരിടുന്നാകി–
ലരിയുവാനെത്തുമുടനെദുഃഖങ്ങൾ
(ജി. — പിന്നത്തെ വസന്തം)
[7]
ഊഴിയിലോർക്കുമ്പോഴിക്കാറ്റിനും മനുഷ്യന്റെ
പാഴാം ജീവിതത്തിനും ഗതിയൊന്നതായത്–
കേഴുക, നെടുവീർപ്പിട്ടീടുക, തേങ്ങീടുക,
ചൂഴവും ചീറിക്കുതിച്ചോടുക, പിടയുക.
(ആശാൻ — ശ്രീബുദ്ധചരിതം)
ഉൽക്കടചിന്തയും കണ്ണുനീരു–
മുഗ്രവിഷാദവും വേദനയും
എന്നാലിടയ്ക്കിടയ്ക്കങ്ങുമിങ്ങും
മിന്നിപ്പൊലിയുന്ന പുഞ്ചിരിയും
(ചങ്ങമ്പുഴ — നിഴലുകൾ)
[8]
കൊതിയേറിടുമിന്ദ്രിയങ്ങളെ–
പ്പതിവായ്പോറ്റി നിരാശനായ് സദാ
മൃതിഭീതിയെ നീട്ടി വാഴുമാ–
സ്ഥിതി ഞാൻ ജീവിതമെന്നു ചിന്തിയാ
(ആശാൻ — സീത)
[9]
സ്നേഹഭാജനതയാർന്ന ഹൃത്തിതിൽ
ദേഹമിങ്ങിനെ വെടിഞ്ഞു പാറ്റപോൽ
(ആശാൻ — നളിനി)
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ
കരത്തിലുള്ളതൊക്കെ നാമതിർത്തിയിൽ ത്യജിക്കണം
ഇഹത്തിലെ ധനം, സുഖം, യശസ്സു, മാഭിജാത്യവും
വഹിച്ചുകൊണ്ടുപോകയില്ല മർത്ത്യനന്ത്യയാത്രയിൽ
(മേരി ജോൺ തോട്ടം — ലോകമേ യാത്ര)
[10]
രോഹിണി തന്നൊഴുക്കിന്നൊലിയായ
മോഹനത്താരാട്ടിനാൽ വളർത്തമ്മപോൽ
(ആശാൻ — ശ്രീബുദ്ധചരിതം)
[11]
യാന്ത്രികപരിഷ്കാരഹുങ്കാര
ഭ്രാന്തിലെൻ സ്വരം ചേർന്നരയാതെ
പാടലേ, ദേവപാതയിൽ പാടി–
പ്പാടിയങ്ങനെ പാറലേ കാമ്യം
(വൈലോപ്പിള്ളി — കുടിയൊഴിക്കൽ)
[12]
… … …എങ്കിലും പിന്നെയും
കാണാക്കുയിലുകളായ് ഞങ്ങൾ പാടുന്നു
(ഒ. എൻ. വി. കുറുപ്പ് — പാടുന്നു പക്ഷികൾ)
മേലിലുമറിയേണ്ട ഞങ്ങൾ തന്നൂരും പേരും
ചേലെഴുമുപഹാരം സ്വീകരിച്ചെന്നാൽ പോരും
(വി. എ. കേശവൻ നമ്പൂതിരി — പാടുന്ന തൂണുകൾ)
[13]
ഞാനൊരു ഗുരുവിന്റെ പാദസേവകൊണ്ടല്ലി
ഗ്ഗാനമഭ്യസിച്ചതെന്നറിയാമെല്ലാവർക്കും
(മേരി ജോൺ തോട്ടം — പൈങ്കിളി)
പാടുന്നു പക്ഷികൾ, ആരോ പഠിപ്പിച്ച
പാഠമുരുക്കഴിച്ചീടുകയല്ലിവർ
(ഒ. എൻ. വി. കുറുപ്പ് — പാടുന്നു പക്ഷികൾ)
[14]
ഉലയിൽ ഉരുകട്ടെ എന്നിലെ ഞാനിന്നിന്റെ
തലയിൽ ഒരു ശാപമാകുവാനൊരുങ്ങില്ല
(കടമ്മനിട്ട — ഞാനും തെണ്ടിയും)
[15]
തബലയടിച്ചതെൻ കരളോ, മനോഹരീ,
തടവും വിരൽത്തുമ്പിൽ തംബുരുവല്ലോ ഞാനും
(ഒ. എൻ. വി. കുറുപ്പ് — ആന്ധ്രഗ്രീഷ്മം)
വന്നാരാനുരസിയാലാത്മസൗരഭം വീശും
ചന്ദനത്തരുപോലായ്ത്തീരുകയാണെൻ ചിത്തം
(കൃഷ്ണൻ പറപ്പിള്ളി — ആത്മസൗരഭം)
[16]
കാറ്റുതട്ടിയാൽ തനിയെ മൂളുന്ന വീണ (ഇംഗ്ലീഷിൽ aeolian harp)
അങ്ങിനെയിരിക്കെ നൽക്കമ്പികൾ ശ്രുതികൂട്ടി–
യങ്ങുതൻ കിളിവാതിലിൽ പടിമേലൊരു രാവിൽ
വെച്ചിരുന്നതു വെള്ളിവീണയൊന്നിളങ്കാറ്റു
സ്വച്ഛന്ദമടിച്ചതിൽ സ്വപ്നങ്ങൾ പൊങ്ങും മട്ടിൽ,
കമ്പിയിൽ കാറ്റടിച്ചിട്ടോരോവിധം ചെവി–
ക്കിമ്പമാമ്മാറു പല നാദങ്ങൾ പൊങ്ങീ മന്ദം.
താനേ തന്ത്രികൾ തൂവും കാകളി കുമാരനു
വാനവർ വിണ്ണിൽ വീണ വായിപ്പിതെന്നു തോന്നി
(ആശാൻ — ശ്രീബുദ്ധചരിതം)
It was a splendid evening and my soul
Once more made trial of her strength nor lacked
Aeolian visitations, but the harp
Was soon defrauded and banded host
Of harmony dispersed in struggling sounds
And lastly utter silence
(Wordsworh — Prelude)
[17]
ദിവ്യദയാമൃതംപോലെ ഹിമകണം
ദീനദലങ്ങളെയുമ്മവച്ചു
(വൈലോപ്പിള്ളി — പള്ളിമണികൾ)
ചെറുകൈത്താരിൽ പകരട്ടെ ഞാൻ
മിഴിനീർ മുത്തിൻ നവമണികൾ
(പി. കുഞ്ഞിരാമൻ നായർ — മേടക്കാറ്റ്)
[18]
ദുഃഖാനുഭവങ്ങളില്ലാതെ മനസ്സ് പക്വത നേടുകയില്ല.
രുചയാൽ പരിപക്വ സത്വനായ്
(ആശാൻ — സീത)
വിശസനം സുഖികളെ വിജ്ഞരാക്കുന്നു
(ആശാൻ — കരുണ)
തേഞ്ഞ വജ്രങ്ങൾ കാന്തി ചിതറുന്നു, വെയിലേറ്റു
കാഞ്ഞ ചൂതങ്ങൾ കനിയുതിരാൻ പൂത്തിടുന്നു
(ആശാൻ — അദ്ധ്യാപകവൃത്തി)
എങ്കിലും കാലത്തോടെന്നുടെ വാദമ–
ത്തിങ്കളീയല്ലിലാണെന്നു തന്നെ
(നാലപ്പാടൻ — എങ്കിലും)
ശോകങ്ങളാചാര്യന്മാർ ജീവിതാധാരമങ്ങു
ലോകവ്യാപിയാണെന്നു ഞങ്ങൾക്കു ബോദ്ധ്യപ്പെട്ട
(ജി. — പുഷ്പഗീതം)
നിരന്തരാശ്രുക്കൾ നനച്ച ചിത്തേ
വിതച്ച ചിന്താകൃതമായ ബീജം
ക്രമത്തിൽ നന്നായി മുളച്ചുയർന്നു
മണം പെറും പൂക്കൾ വിരിഞ്ഞിടുന്നു
(കെ. എം. പണിക്കർ — ചിന്താതരംഗിണി)
പലദുഃഖ വിപത്തലയ്ക്കിലേ
നരനൊട്ടൊന്നു മനുഷ്യനായിടൂ
(പി. കുഞ്ഞിരാമൻ നായർ — ശ്രീരാമചരിതം)
ശോകമേ, ഹാ തകർന്ന ഹൃദയത്തെ
ലോകതത്വം പഠിപ്പിപ്പു നീ സദാ
(ചങ്ങമ്പുഴ — ബാഷ്പാഞ്ജലി)
മർത്ത്യനിൽച്ചേരുന്നിനൈശ്വര്യ ചൈതന്യ–
പൂർത്തി, വിയോഗത്തിൻ ദുഃഖവായ്പിൽ
(എൻ. വി. കൃഷ്ണവാരിയർ — ഫിറാക് ഗോരക്പുരിയുടെ ഗസൽ)
ഈ വിധം കണ്ണുനീരാൽക്കഴുകണം
ജീവിതമതിൽ മാധ്വീ പകരുവാൻ
(ഒളപ്പമണ്ണ — എന്റെ ജീവിതം)
നോവുകളുണരാത്ത ഹൃദയം നിർഗന്ധമാം
പൂവുതാനല്ലോ കവിഹൃദയം സൗഗന്ധികം
(എസ്. രമേശൻ നായർ — സൗഗന്ധികം)
ശോകമാമരിയചിപ്പിയേതരൂ
പാകമെത്തിയ മഹാർഹമൗക്തികം
(യൂസഫലി കേച്ചേരി — കുസുമദർശനം)
[19]
മാമകമൃദുരസമാദകഹൃദയം
നീ മടിയാതെ പിഴിഞ്ഞാലും
(കെ. കെ. രാജാ — നിത്യതയോട്)
[20]
ഭൂഗർഭാഗ്നികൊണ്ടു നെയ്തെടുത്ത നിൻ ഹൃദയം
എന്റെ വർത്തമാനത്തെ പൊള്ളിക്കുന്നു
(ബാലചന്ദ്രൻ ചുള്ളിക്കാട് — നെരൂദയ്ക്കു സ്തുതി ഗീതം)
[21]
അഗ്നിതൻ പ്രസാദമെൻ ജീവിതമെന്നാലിതേ
യഗ്നിയിങ്ങവസാനമെന്നെയും ഭക്ഷിക്കുന്നു
(ഒ. എൻ. വി. കുറുപ്പ് — അഗ്നി)
[22]
അത്രയേറെ ഞാൻ സ്നേഹിക്കയാലേ
മൃത്യുവുമൊരു മുത്തമായ്ത്തോന്നീ
(വൈലോപ്പിള്ളി — ഒരു ഗാനം)
[23]
ആകവേ പാർക്കുകിലാരുടെ കീർത്തിയും
ലോകത്തിൻ വായിലെ ലാലാബിന്ദു.
ആയതിൽ കാൽക്ഷണ മത്തയ്യലേറിനി–
ന്നാടിത്തകർപ്പതു പോലെ തോന്നും
(ഉള്ളൂർ — കർണ്ണഭൂഷണം)
സൂക്ഷിച്ചിടാനിത്ര കൊതിച്ചിടുന്നോ–
രിഖ്യാതിയെന്താണ്? നിനച്ചുകൊണ്ടാൽ
താൻമൂലമായ് ലോകർ സഹിച്ചുപോന്ന
വൻ സങ്കടത്തിന്നളവൊന്നു മാത്രം
(കെ. എം. പണിക്കർ — ചിന്താതരംഗിണി)
What care I for the wreaths that can give only glory
(Byron — All for love)
War, he sung, is toil and trouble
Honour but an empty bubble
(Dryden — Alexander’s Feast or Power of Music)
[24]
കമ്പമാർന്നതിൽ നില്ക്കുമീ പ്രേമം കാറ്റിൽ വീണ–
ക്കമ്പിമേലുണ്ടാം ക്ഷണസ്ഥായിയാം നാദം പോലെ
(ആശാൻ — ശ്രീബുദ്ധചരിതം)
[25]
എൽവീറിന്റെ കുടീരം
[26]
മറവി മാത്രം മരവിച്ചു പോം വെറും
മറവി മാത്രം ജയിക്കുന്നു ഭൂമിയിൽ,
അതിനഗാധമാം ഗർത്തമുണ്ടൊന്നതി–
ലടിയണമേതൊരത്ഭുതസിദ്ധിയും
(ചങ്ങമ്പുഴ — തപ്തസ്മൃതി)
[27]
പയസി നീന്തട്ടെ, മുങ്ങട്ടെ നീ കാക്കും
പരസഹസ്രായുതങ്ങളിലൊന്നിതും
(ബാലാമണിയമ്മ — തോണികൾ)
[28]
പൂഞ്ചോല തൻ ശ്രുതിക്കൊപ്പിച്ചു പൂങ്കുയിൽ
പഞ്ചമരാഗാലാപം തുടങ്ങവേ
(പി. കുഞ്ഞിരാമൻ നായർ — ഉഷസ്സുന്ദരിയോട്)
അന്തിക്കു പാണന്റെ പാട്ടിനൊപ്പ–
മാറ്റിന്റെയോളമുടുക്കടിച്ചു
(പി. കുഞ്ഞിരാമൻ നായർ — പിച്ചിച്ചീന്തിയ പുഷ്പചിത്രം)
[29]
കാണാനുമാരുമേ കേൾപ്പാനുമായല്ല
തേനൊലി നൃത്തഗീതങ്ങൾ മുതിർപ്പു ഞാൻ;
ആരുമേ കാണുവാനായല്ല സുന്ദര–
നാനന്ദലീലയിൽ മുങ്ങുന്നു ബാലകൻ;
എന്തിനിരുളിൽ വിടരുന്നു തൂമുല്ല–
യെന്നതപ്പൂവിനു തന്നെയറിയുമോ?
(പി. കുഞ്ഞിരാമൻ നായർ — കൊച്ചുനർത്തകി)
പൂവുകൾ വിരിയും പോൽ ചെടിയ്ക്കു, പറവയ്ക്കു
പൂഞ്ചിറകിളകുംപോൽ, എഴുതിപ്പോവുന്നു ഞാൻ
(കൃഷ്ണൻ പറപ്പിള്ളി — എഴുതിപ്പോവുന്നു ഞാൻ)
[30]
പഴയഹേമന്ത സുഷപ്തിയിലേയ്ക്കു
തിരിച്ചു പോയൊരെൻ പിതാവിലേയ്ക്കിതാ
സമാധികൊണ്ടു ഞാൻ പറന്നുപോകുന്നു
(സച്ചിദാനന്ദൻ — ഇനിയും)
[31]
മരണാനന്തര ജീവിതത്തെക്കുറിച്ചു ഊന്നിപ്പറയുന്ന ക്രൈസ്തവ വിശ്വാസത്തെയാണ് പരാമർശിച്ചിട്ടുള്ളത്.
വിശ്വാസമല്ലോ വിളക്കു മനുഷ്യനു
വിശ്വാസം ജീവസർവ്വസ്വമല്ലോ
(ആശാൻ — ദുരവസ്ഥ)
[32]
മറചെയ്ക പുൽത്തട്ടിലെന്നെ, മീതെ–
യൊരു കല്ലുപോലുമുയർത്തിടാതെ;
കരളിന്നു ഭാരമാം–അത്രനാളും
ചെറുപല്ലുമെങ്ങിനെ കാത്തുനില്ക്കും
(വൈലോപ്പിള്ളി — പുല്ലുകൾ)
തുച്ഛമാമിശ്ശവകുടീരത്തിൽ
വെച്ചിടായ്കൊരു ദീപവും:
കൊച്ചുപാറ്റതൻ പൂഞ്ചിറകുക–
ളശ്ശിഖയിൽ കരിഞ്ഞിടാം.
നട്ടിടായ്കൊരു കാട്ടുവള്ളിയു–
മിത്തറയ്ക്കുമുകളിലായ്;
അപ്പടർപ്പിലൊളിഞ്ഞുരാപ്പാടി
ദുഃഖഗീതം ചൊരിഞ്ഞിടാം
(എസ്. കെ. പൊറ്റക്കാട്ട് — കൂട്ടുകാരി (ചെറുകഥ))
Thus let me live unseen, unknown;
Thus unlamented let me die;
Steal from the world, and not a stone
Tell where I lie.
(Alexander Pope — The quiet life)
[33]
പഥിക, നായൊരു കണ്ണുനീർത്തുള്ളിയീ
മഥിതചിത്തത്തിനായുതിർക്കേണമേ,
അതു സമാശ്വസിക്കട്ടെ തെല്ലെങ്കിലും
ഇവിടെ വന്നൊന്നിരുന്നിട്ടുപോക നീ
(ചങ്ങമ്പുഴ — ഇരുളിൽ)
[34]
കൂടിതു വെടിഞ്ഞിപ്പോളമരർക്കിമ്പം ചേർക്കാൻ
പാടുകയാവാം വിണ്ണിൻവാടിയിൽ നീയെന്നാലും
(യൂസഫലി കേച്ചേരി — മുഹമ്മദ് റാഫി.)
ഗന്ധർവ ഗായകന്മാരുതിർത്തീടുന്ന
ബന്ധുരസംഗീതസാരം നുകർന്നിതോ?
(യൂസഫലി കേച്ചേരി — ജാതകം കുറിക്കുമ്പോൾ)
Where the bright seraphins in burining row
Their loud uplifted angel-trumpets blow,
And the Cherubic host in thousand quires
Touch their immortal harps of golden wires
(Milton — At a solemn music)
[35]
കിനാവുപോലെ ഞാൻ പൊലിഞ്ഞിപോകുമ്പോൾ
വരിക ജീവന്റെ മെഴുതിരിയുമായ്
ഒരു തലയോടി നിറയെ വീഞ്ഞുമായ്
ഹരിതചർമ്മത്തിന്നൊലീവിലയുമായ്
വരിക നീ, ശവമുറിയിൽ നിന്നെന്നെ വിളിച്ചുണർത്തുവാൻ
(ബാലചന്ദ്രൻ ചുള്ളിക്കാട് — മരണവാർഡ്)
പറഞ്ഞിടുന്നു യാത്ര ഞാൻ ശ്രവിക്ക മിത്രലോകമേ,
യിറങ്ങിടുന്നു, നിങ്ങളെപ്പിരിഞ്ഞു പോയിടുന്നിതാ.
കുറച്ചു കാലമീവിധം കഴിഞ്ഞിടട്ടെ, മേലിലേ
ക്കുറപ്പുഞാൻ തരുന്നു, ചേർന്നിടാം നമുക്കു നിത്യമായ്.
(മേരി ജോൺ തോട്ടം — ലോകമേ യാത്ര)
രാവും പകലും കരളിൽ സാധന ചെയ്തേനൊരുരാഗം
പോവും മുമ്പിജ്ജീവിത, മതുപരിപൂർണ്ണത പൂണ്ടെങ്കിൽ!
നിറവേലുന്നോരീജ്ജന്മത്തിലെ മമ സന്ദേശത്തെ,
പ്രവഹിപ്പിക്കാൻ സാധിച്ചെങ്കിൽ പ്രപഞ്ചസംഗീത–
പ്രപൂർണ്ണനദിവഴിയന്തിമപാരാവാരം പ്രാപിക്കാൻ
േനാക്കട്ടെ.
(ടാഗോർ — ഗീതാഞ്ജലി (ജി.))
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.