images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
13
ചെന്നായയുടെ മരണം
ആൽഫ്രെദ് ദ് വിഞ്ഞി (ALFRED DE VINGY (1797-1863))

റൊമാന്റിക്ക് കളരിയിൽ ഹ്യൂഗോവിന്റെയും ലമാർത്തീനിന്റെയും കൂട്ടികാരനായ അൽഫ്രെദ് ദ് വിഞ്ഞി പട്ടാളജീവിതത്തിൽ മടുപ്പുതോന്നി ആഫീസർജോലി രാജിവെച്ചാണ് സാഹിത്യജീവിതം ആരംഭിച്ചത്. ദാർശനികത മുന്നിട്ടുനില്ക്കുന്നവയാണ് അദ്ദേഹത്തിന്റെ കവിതകൾ. നോവൽ–നാടകകർത്താവ് കൂടിയാണ്. നൈരാശ്യത്തിന്നടിപെടാത്ത, മതവിശ്വാസത്തിൽ അഭയംതേടാത്ത, ഗർവും അതോടൊപ്പം അനുകമ്പയും കലർന്ന വിഷാദാത്മകതയാണ് വിഞ്ഞിയുടെ ദർശനത്തിന്റെ അടിസ്ഥാനഭാവം. ഗ്രീക്ക് ‘സ്റ്റോയിസിസ’ത്തിന്റെ ഒരു വകഭേദമെന്നു പറയാം.

നായാട്ടുകാരാം ഞങ്ങൾ
പെട്ടെന്നു വളഞ്ഞപ്പോൾ
പെട്ടുപോയിനിരക്ഷ–
യില്ലെന്ന ബോധത്തോടെ
ഇരുന്നൂ ചെന്നായ മുൻ–
കാലുകൾ മടക്കാതെ
വളഞ്ഞ നഖങ്ങള–
പ്പൂഴിയിൽ പൂഴും വണ്ണം.
ഇണയും കിടാങ്ങളും
മരുവും മടിയിലേ–
യ്ക്കിനിമേലാ മടങ്ങുവാൻ,
മാർഗ്ഗങ്ങളെല്ലാം മുട്ടി.
എന്നിരുന്നാലും കണ്ഠം
തൻവായിലകപ്പെട്ടു
വിമ്മുമച്ചുണയുറ്റ
പട്ടിയെ വിട്ടില്ലവൻ.
എരിയും വക്ത്രത്തിങ്ക–
ലുരുക്കുദംഷ്ട്രങ്ങൾ തൻ
പിടുത്തം മുറുകവേ
പിടവൂ ശ്വാവിൻ ഗളം.
ചീറുന്ന തീയുണ്ടകൾ തൻമാംസം തുളച്ചുപോയ്
ചാട്ടു കത്തികൾ മെയ്യിൽത്തറഞ്ഞു കിടയ്ക്കുന്നു.
കഴുത്തു ഞെരിയ്ക്കയാൽ ഞങ്ങൾതൻ നായിൻ കഥ
കഴിഞ്ഞെന്നുറപ്പായ വാറവൻ പിടിവിട്ടു.
തനിക്കുമുമ്പേ, തന്റെ ചാവൊരിക്കിന ശ്വാനൻ
മരിച്ചനേരത്തവൻ ഞങ്ങളെ നോക്കീടിനാൻ. [1]
നായ്വീണു കാൽക്കീഴിലെന്നാകിലും തന്മേനിയിൽ
താണിറങ്ങിയ ചാട്ടുകത്തികൾ വീണില്ലൊന്നും.
നോക്കിനാനവനൊന്നു കൂടവേ ചുഴലവും
തോക്കുമായ് നിലകൊള്ളും ഞങ്ങളെ, യതിൽ പിന്നെ
വായിനുചുറ്റും തങ്ങിനില്പുള്ള നിണം നക്കി
പയ്യവേ തലതാഴ്ത്തിക്കിടന്നാനവിടത്തിൽ–
തന്നുടെ ചുടുനിണത്തിങ്കൽ മുങ്ങിന പല്ലിൽ
ചാട്ടുകത്തികളാലേ ശരശയ്യയിലായി.
എങ്ങിനെ മരിപ്പുതാനെന്നോരാൻ മുതിരാതെ
തൻപെരും കൺകൾ പൂട്ടി മരിച്ചാൻ നിരാക്രന്ദം.
നിനച്ചുപോയേൻ ഞാനാ
വല്ലാത്ത നിമേഷത്തിൽ:
മനുഷ്യനെന്ന മഹ–
ന്നാമധാരികൾ നമ്മൾ
എത്രമേൽ ദൗർബല്യമാർ–
ന്നീടുവോർ, പറഞ്ഞാകിൽ
എത്രയും നാണംതോന്നി–
യെനിക്കു നമ്മെപ്പറ്റി.
അറിയാം നിങ്ങൾക്കെമ്മ–
ട്ടോതണം വിട വാഴ്‌വോ–
ടതിൻ മാൽകളോടെന്നു
മഹിതജന്തുക്കളേ. [2]
നാമെന്തായിരുന്നെന്നു–
മെന്തൊണു വിട്ടേച്ചു നാം
പോകുന്നുവെന്നും പാർത്താൽ
മൗനം താൻ മഹനീയം. [3]
ദൗർബല്യമല്ലോ മറ്റു
സർവവും വനചരാ.
നിന്നെ ഞാനിപ്പോൾ നന്നാ–
യറിവൂ, കടന്നുനി–
ന്നന്തിമ നോട്ടമെന്റെ
കരളിന്നകത്തേയ്ക്കു.
‘ആവതോ നിനയ്ക്കെങ്കി–
ലായത്തമാക്കിടു നി–
ന്നാത്മാവി, ന്നശ്രാന്തമാം
പഠനമനനത്താൽ
നിതരാമുദാത്തത
പൂണുന്ന സുഖദുഃഖ–
സമതയെന്നുള്ളതാ–
മായഭിമാനാവസ്ഥ, [4]
വനജാതൻ ഞാൻ നേർത്തേ
പ്രാപിച്ചൊരുച്ചാവസ്ഥ.
… … …
ആർത്തനായ്ത്തേങ്ങുന്നതും
കണ്ണുനീർവാർക്കുന്നതും
പ്രാർത്ഥനചെയ്യുന്നതു–
മൊരുപോൽ ഹീനത്വമാം. [5]
ഏതൊരു വഴിയിലോ
വിളിച്ചു വിധിനിന്നെ,
ആ വഴിയിങ്കൽ സ്വന്തം
കർത്തവ്യം നിറവേറ്റൂ.
ദീർഘിച്ചതാവാമതു,
ഭാരിച്ചതാവാമതു
നീയൂർജ്ജസ്വലമായി
നിർവഹിച്ചാവൂ ധർമ്മം. [6]
കൃതമായ് നിൻകൃത്യമെ–
ന്നാകിലോ, എന്നെപ്പോലേ
സഹനാത്മകനായ് നീ
മിണ്ടാതെ മരിച്ചാലും’ [8]
എന്നല്ലിയെന്നോടതി
നിന്റെയന്തിമനോട്ടം?

LA MORT DU LOUP

കുറിപ്പുകൾ
[1]
നായയോ കെടാനാളും ദീപനാളംപോൽ ഞെട്ടി–
പ്പായുന്നൂ ശരംപോലാനിഴലിൻ പിമ്പേ, താങ്കൾ
വെൺപുക, നാറ്റം മുയലിന്റെ പിന്നാലെ നായും
കുത്തനെപ്പാറപ്പുറം വിട്ടഗാധമാം മൃത്യു–
ഗർത്തത്തിൽ പോയ്മായുന്നൂ … … …
(എൻ. വി. കൃഷ്ണവാരിയർ — നായാട്ട്)
[2]
എന്തുപഠിപ്പുള്ളവരേക്കാളും
ജന്തുക്കൾക്കറിവേറെക്കാണ്മൂ
(നാലപ്പാടൻ — ദൈവഗതി)
[3]
വരൂ, മൗനത്തിന്റെ മടിത്തട്ടിൽ സത്യം
വരൂ മൗനത്തിന്റെ മുലഞെട്ടിൽ സൗഖ്യം
മഹാകാവ്യം മൗനം മഹാജ്ഞാനം
മഹാഗാനം മൗനം മഹാശില്പം മൗനം.
(സച്ചിദാനന്ദൻ — ജീവിതത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന്)
പാരിൽപലേ സുഖമയൂഖഗണത്തിനൊറ്റ–
വേരായടിക്കു വിലസും രവി മൗനമെത്ര
(ആശാൻ — വനയാത്ര)
[4]
മാഴ്കരുതുമഞ്ജുമുഖി, സത്യമൊടസത്യം
വ്യാകുലിതമായ പൊരുളാണു ഭുവനംകേൾ
ഏകരസമായ് ഗുണമെഴില്ലറികയെങ്ങും,
ലോകമിതിൽ നന്മയൊടു തിന്മപൊരുതുന്നു,
(ആശാൻ — നിഷ്ക്കപടതയോട്)
പോരുമീ വിഭ്രാന്തി: മോദവും ഖേദവും
വൈരോചിനിക്കില്ല ലബ്ധ നഷ്ടങ്ങളിൽ
(വള്ളത്തോൾ — ഇന്ദ്രനും മാബലിയും)
നന്നിതെന്നാൽ സുഖാസുഖശബ്ദങ്ങൾ–
ക്കൊന്നുതന്നെയാണർത്ഥം പ്രപഞ്ചത്തിൽ
(വള്ളത്തോൾ — എന്റെ ജോലി നോക്കട്ടെ)
അല്ലെങ്കിലേതോദുരപായദുഃഖം
വരട്ടെ; വന്നാലുമതിന്റെ കൂടേ
അതുംസഹിക്കുന്ന മനക്കരുത്തു–
ണ്ടാകുന്നിതല്ലോ ഭുവനസ്വഭാവം.
… … …
അണച്ചുകൊൾകെന്റെ ശിരസ്സിലാപ–
ത്താവോളമിഷ്ടപ്പടി ദുർവിധേ നീ
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
[5]
ക്ഷാളനം കണ്ണീരിലോ, പ്രാർത്ഥനയാരോടാവോ?
(വൈലോപ്പിള്ളി — കേരളകവി)
ദുരവസ്ഥകടിച്ചുണ്ടാം
വേദനാ വിഷമേല്ക്കിലും
മുടിഞ്ഞുപോവാനല്ലീ ഞാൻ
നീ തൃക്കൈനീട്ടിനില്ക്കവേ
(കെ. കെ. രാജാ — മരണമില്ല)
കഠിനശോകമതെത്ര ഞെരിക്കിലും
കരയുകയില്ല ഞാൻ മേലിലൊരിക്കലും
(ചങ്ങമ്പുഴ — അനുബന്ധകവിതകൾ)
[6]
ഓരോന്നായ് ദിവസങ്ങൾ തോറുമുളവാ–
കുംകൃത്യഭാരങ്ങളി–
ന്നോരാതൊത്തൊരു ദർശനത്തിലിഹനാം
കാണുന്നുവെന്നാകിലോ
പാരംബുദ്ധിമടുത്തു ഭാരമഖിലം
ചിന്തിച്ചു ചിത്താശയും
തീരെദ്ധീരതയും വെടിഞ്ഞിവിടെ നാ–
മെങ്ങും കുഴങ്ങില്ലയോ?
(ആശാൻ — നമ്മുടെ മൂടുപടം)
മച്ചപലതേ, മാപ്പുചോദിക്ക നീ:
ഇച്ചുമടിനുണ്ടെത്രമാത്രം കനം?
പാഴിലത്താണി തേടി നടക്കാതെ
പൗരുഷത്തൊടെൻ ജോലി നോക്കട്ടെ ഞാൻ
(വള്ളത്തോൾ — എന്റെ ജോലി നോക്കട്ടെ)
ജീവൻവരണ്ട തൃണമാണതുപോയിയെങ്കിൽ
പോവട്ടെയെൻകടമ ഞാൻ നിറവേറ്റുമെങ്കിൽ
(ചങ്ങമ്പുഴ — നാട്ടിന്നു)
[7]
(ജീവിതമൊരേതീവ്രസഹനം) പൊട്ടാറായ
വീണതന്നിറുകിയ കമ്പിയായ് സഹിക്കുമ്പോൾ
(ഒ. വി. ഉഷ — വീണക്കമ്പി)
[8]
നന്നാവില്ലി പ്രപഞ്ചം, ദുരയുടെ കൊടിയേ
പൊങ്ങു, നാറ്റം സഹിച്ചും
നിന്നീടാനിഛയെന്നോ, മഠയ, മനുജ നീ
പോക, മിണ്ടാതെ ചാകൂ
(ചങ്ങമ്പുഴ — സ്വരരാഗസുധ)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.