images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
68
മിറാബോപ്പാലം
ഗിയ്യോം അപ്പൊല്ലിനേർ (GUILLAUME APOLONAIRE (1880-1918))

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചിത്രകലയിലും കവിതയിലും ക്യൂബിസത്തിലൂടെയും (Cubism) സർറിയലിസത്തിലൂടെയും (Surrealism) പുതിയൊരു മുന്നേറ്റത്തിനു ശംഖനാദം മുഴക്കിയ കലാനിരൂപകനും കവിയുമാണ് ഗിയ്യോം അപ്പൊല്ലിനേർ. ഇറ്റലിക്കാരനായ അച്ഛന്റെയും, പോളണ്ടുകാരിയായ അമ്മയുടേയും മകനായി ഫ്രാൻസിൽ വളർന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ സൈനിക സേവനത്തിനിടയിൽ വെടിയേറ്റിതനെത്തുടർന്നു അകാലമൃത്യുവിനിന്നിരയായി. യുക്തിയുടെ കെട്ടുപാടുകളില്ലാതെ വികാരങ്ങളും ചിന്തകളും മനസ്സിലുദിക്കുന്ന പടി–സ്വപ്നത്തിലെന്നപോലെ–ആവിഷ്കരിക്കുന്ന സർറിയലിസത്തിന്റെ സ്വാധീനം ഫ്രഞ്ച് കവിതയിലും ചിത്രകലയിലും രണ്ടാം ലോകമഹായുദ്ധംവരെയും പ്രബലമായിരുന്നു. പ്രേമത്തിന്റെ ചഞ്ചലതയിൽ പതറാതെ വർത്തമാനത്തിൽ–ജീവിതത്തിൽ–പിടിച്ചു നില്ക്കുന്ന ഒരു ഹൃദയത്തിന്റെ ശക്തിമത്തായ മിടിപ്പുകൾ ഈ കവിതയിൽ മാറ്റൊലിക്കൊള്ളുന്നു. ക്യൂബിസ്റ്റ് ചിത്രകാരി മറി ലൊറാംസേനും (Marie Laurencin, 1885–1956) അപ്പൊല്ലിനേറും മിറാബോപ്പാലത്തിന്റെ പ്രാന്തങ്ങളിൽ കുറച്ചുകാലം പ്രണയബദ്ധരായി കഴിഞ്ഞിരുന്നു. പിന്നീട് മറി ലൊറാംസേൻ ഈ ബന്ധത്തിനു വിരാമമിട്ടു.

വായനക്കാരന്റെ വ്യാഖ്യാനസ്വാതന്ത്ര്യത്തെ അംഗീകരിച്ചു കവിതയിൽ ചിഹ്നങ്ങൾ ഉപേക്ഷിക്കുന്ന സമ്പ്രദായത്തിനു തുടക്കം കുറിച്ചതും അപ്പൊല്ലിനേറാണ്.

തടവെഴാതെ യിമ്മിറാബോപ്പാലത്തി [1]
ന്നടിയിലൂടെ സേനൊഴുകിപ്പോകുന്നു [2]
ഉണർത്തിടേണമോ യിതെന്നിൽ നമ്മുടെ
പ്രണയത്തിൻ സ്മൃതിനികര മാനന്ദ–
മണഞ്ഞിരുന്നതെപ്പൊഴുതിലും തന്നെ
പരിവേദനത്തിൻ പിറകിലാണല്ലോ
[3] വരട്ടെ മൂവന്തി മുഴങ്ങട്ടെ മണി [4]
പൊഴിഞ്ഞു പോകുന്നു ദിനങ്ങൾ നിൽപു ഞാൻ [5]
പരസ്പരം കൈകൾ പിടിച്ചുകൊണ്ടു നാം
മുഖാമുഖമായി നിലകൊൾന്നേരം
നിരന്തരം വന്നു പതിയും വീക്ഷണ–
ശരങ്ങളാലേറെപ്പൊറുതിമുട്ടിയ [6]
തടിനിതൻ തണ്ണീരൊലിപ്പു നമ്മുടെ
ഭുജസേതുബന്ധമതിന്നടിയിലായ്
വരട്ടെ മൂവന്തി മുഴങ്ങട്ടെ മണി
പൊഴിഞ്ഞുപോകുന്നു ദിനങ്ങൾ നില്പുഞാൻ
[7] പ്രണയമീ ജലപ്രവാഹമെന്നോണം
വിനിർഗ്ഗളിക്കുന്നു വിനിർഗ്ഗളിക്കുന്നു
പറന്നുപോകുന്നു പ്രണയം ജീവിത–
ഗതി യെത്രമാത്രം പതുക്കെ പക്ഷെ യുൽ–
ക്കടമെത്രമാത്രം മനുജകാമന [8]
വരട്ടെ മൂവന്തി മുഴങ്ങട്ടെ മണി
പൊഴിഞ്ഞുപോകുന്നു ദിനങ്ങൾ നിൽപു ഞാൻ
മറഞ്ഞുപോകുന്നു ദിനങ്ങളാഴ്ചകൾ
[9] കഴിഞ്ഞകാലമോ പ്രണയമോ തിരി–
ച്ചണഞ്ഞിടുന്നില്ലാ മിറാബോപ്പാലത്തി–
ന്നടിയിലൂടെ സേനൊഴുകിപ്പോകുന്നു
വരട്ടെ മൂവന്തി മുഴങ്ങട്ടെ മണി
പൊഴിഞ്ഞുപോകുന്നു ദിനങ്ങൾ നില്പു ഞാൻ [10]

LE PONT MIRABEAU

കുറിപ്പുകൾ
[1]
മിറാബോപ്പാലം: പാരീസിൽ സേൻനദിക്കുള്ള അനേകം പാലങ്ങളിലൊന്നു്. മിറാബോ (Mirabeau, 1749–1791): ഫ്രഞ്ച് വിപ്ലവത്തിന്റെ തുടക്കത്തിൽ ബഹുജനപക്ഷത്ത് നിന്നു പൊരുതിയ പ്രഗത്ഭ വാഗ്മിയായ പാർളിമെണ്ടംഗം.
[2]
വക്രമായ്പുളച്ചലച്ചിരമ്പുന്നല്ലോ മഹാ–
നക്രസങ്കലം ചലനാത്മികേ പ്രവാഹംതേ
ആവതില്ലവയ്ക്കേതും പൂർണ്ണതയിലേക്കാടി–
പ്പോവും നിൻ കാൽവെപ്പുകൾക്കൊട്ടൊരു മാന്ദ്യം ചേർക്കാൻ
(ബാലാമണിയമ്മ — ഗംഗയിൽ)
ക്ഷുബ്ധമായ്ക്കലുഷമായ് പ്രവഹിക്കുന്നൂ കാലം
(വൈലോപ്പിള്ളി — യുഗപരിവർത്തനം)
മേൽക്കുമേലോളങ്ങളെച്ചുഴിയെപ്പതയേയും
മായ്ക്കലും കുറിക്കലും കൊണ്ടാറു നീളംവെയ്ക്കേ
(നാലപ്പാടൻ — തെറ്റി)
കാണിനേരം പോലുമാരേയും കാക്കാതെ
കാലപ്രവാഹമിരമ്പിക്കുതിക്കുന്നു
(ചങ്ങമ്പുഴ — ആ കാലങ്ങൾ)
നിയമിതോത്സുകം മുന്നോട്ടി പായുമീ
നിയതിനിമഗ്നഗ യെന്തിന്നു നില്ക്കണം
(ചങ്ങമ്പുഴ — ചരിതാർത്ഥതന്നെ ഞാൻ)
[3]
ദിനമേ, തവവാഴ്ചയീവിധം
നിഖിലോന്മേഷമണച്ചു നില്ക്കവേ
വരുമന്ധതചേർപ്പൊരന്തിയാം
ദശയെന്നോർത്തു നടുങ്ങുകില്ല ഞാൻ
(കെ. കെ. രാജാ — രാത്രിയും പകലും)
[4]
സമയസൂചകമായ മണി
[5]
ഉന്നിദ്രം കാലചക്രംതിരിയുമളവു പൊങ്ങി സ്ഫുലിംഗങ്ങൾ പോലി–
ങ്ങന്യൂനം മായുമോരോദിനമതിലമിതാനന്ദമിന്നുള്ളഹസ്സേ
(ആശാൻ — പള്ളിക്കെട്ട് മംഗളാശംസ)
[6]
മജ്ജീവനാഥ, ഞാൻ ലജ്ജയാലെൻമുഖം
പൊത്തി നിൻചാരത്തിരിക്കുന്ന വേളയിൽ
എത്തിനോക്കീടുന്നതെന്തിനാണിങ്ങോട്ടു
മുഗ്ദ്ധകളാകുമാ ത്താരാകുമാരികൾ
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
അജ്ജഗന്മോഹനനൊറ്റയ്ക്കാപ്പൂമണി–
മച്ചിലന്നല്ലിൽ സമുല്ലസിക്കേ
ജാലകമാർഗ്ഗമായ് നാലഞ്ചുതാരകൾ
നീലവാനിങ്കൽ നിന്നെത്തിനോക്കി
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
ജാലകദ്വാരത്തിലൂടെയിടയ്ക്കിടെ
ബാലേന്ദുരശ്മികളെത്തിനോക്കി
(ചങ്ങമ്പുഴ — നിഗൂഢദർശനം)
പരിമൃദുലമോഹനച്ചെഞ്ചൊടികൾ
പകുതി ചിബുകത്തൊടൊന്നിച്ചുപൊത്തി
മധുരമധുരസ്മിതം മൊട്ടിടുന്ന
മുഖമഴകിലൊട്ടു ചാച്ചോമലന്നാൾ … … …
മുകിൽമറകൾ നീക്കിയജ്ജന്നലൂടേ
മുഴുമതി ചിരിച്ചുകൊണ്ടെത്തിനോക്കി
(കെ. കെ. രാജാ — അന്നത്തെ രാത്രി)
[7]
പുഴനീർപ്പൊക്കം പോലാം
യൗവന, മെങ്ങോ കുതിപ്പൂ ദിവസങ്ങൾ
തിരികെ വരില്ലിരവുക–
ളെന്തിനുകെടുമാനമെന്മകളേ
(വള്ളത്തോൾ — ഗ്രാമസൗഭാഗ്യം)
കാലചക്രം മുടങ്ങാതെ കറങ്ങിക്കൊണ്ടിരിക്കുന്നു
നാളുകളോരോന്നായ് മറഞ്ഞകന്നീടുന്നു
(ചങ്ങമ്പുഴ — മദിരോൽസവം)
രാവും പകലും വന്നുംപോയുമിരിക്കുന്നു, യുഗങ്ങളും
യുഗാന്തരങ്ങളും വികസിക്കുകയും പൊഴിയുകയും ചെയ്യുന്നു.
(ടാഗോർ — ഗീതാഞ്ജലി (കെ. സി. പിള്ള, വി. എസ്. ശർമ്മ))
And bending down beside the glowing bars,
Murmur, a little sadly how love fled
(W.B. Yeats — When you were old)
[8]
എന്താകിലും ജീവിതയാത്രയിങ്ക–
ലുത്സാഹമില്ലാത്തൊരു ജന്തുവില്ല
വിപന്നഹസ്തത്തിലുമെങ്ങുമാശാ–
പതാക പാറാതെയിരിപ്പതുണ്ടോ?
(കെ. കെ. രാജാ — നമ്മുടെ ഘോഷയാത്ര)
മനുഷ്യലോകത്തിനു ലോകസംഗരാ–
ന്തരത്തിലുത്തുംഗഭയത്തിലിത്രയും
ഉണർച്ച നല്കുന്നൊരു ദിവ്യശക്തിയായ്
ജയിക്കുമാശേ, സതതം തൊഴുന്നു ഞാൻ
(കെ. കെ. രാജാ — ആശാപഞ്ചകം)
ഒരു താരകയെക്കാണുമ്പോളതുരാവുമറക്കും
പുതുമഴ കാൺകെ വരൾച്ച മറക്കും
പാൽച്ചിരികണ്ടതു മൃതിയെ മറന്നു
സുഖിച്ചേപോകും പാവം മാനവഹൃദയം
(സുഗതകുമാരി — പാവം മാനവഹൃദയം)
ആശിക്ക. സൃഷ്ടിക്ക ജഗൽപിതാവു,
മാശിച്ചുവെന്നായ്ശ്രുതി പൊങ്ങിടുന്നു
നരന്നു തൻജീവിതമാശമൃത്യു
നൈരാശ്യമെന്നാണഭിയുക്തവാക്യം
(ഉള്ളൂർ — ഭാവനാഗതി)
അതൃപ്തനപ്പോഴെപ്പോഴു–
മാശിയ്ക്കുന്നിതു വീണ്ടുമേ
വെറുപ്പുണ്ടായീലവന്നു
ജീവിതത്തിൽ നരാധിപ.
അതിലല്ലോ മനുഷ്യനു
ജീവിതാശകൾ നില്പതും
… … …
ജീവിതാശയിൽ നിർവേദ–
മണയുന്നില്ലശേഷവും
(വ്യാസൻ — മഹാഭാരതം, സ്ത്രീപർവ്വം (കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ തർജ്ജമ))
[9]
എന്തിനു നീയിനിയെന്തൊക്കെച്ചെയ്താലും
പിന്തിരിഞ്ഞെത്തില്ലാപ്പോയകാലം
(ചങ്ങമ്പുഴ — ആശ്വാസഗാനം)
ആവതെന്തയ്യോ വരില്ല വീണ്ടു–
മാവിട്ടുപോയ നിർവാണരംഗം
(ചങ്ങമ്പുഴ — നിരാശനല്ല)
എന്നെത്തഴുകിപ്പിരിയും നിമേഷങ്ങൾ
ക്കൊന്നും തിരിച്ചു വരവില്ലെന്നോ?
(ബാലാമണിയമ്മ — ഇന്നേയ്ക്കുമാത്രം)
അതാകാലം പോയ്പോയ് മുഴുവനുമെനി, ക്കേവമലയു–
ന്നതാണോ സംസാര പ്രചുരസുഖമെന്നോർപ്പതുജനം
(നാലപ്പാടൻ — ഒരു വാനപ്രസ്ഥന്റെ വിരക്തി)
അഹസ്സുകൾ തിരിച്ചെത്താ
വീണ്ടും മാസങ്ങളാണ്ടുകൾ
ജനിച്ച ജീവികൾക്കാർക്കും
പക്ഷങ്ങളിഹരാത്രികൾ
(വ്യാസൻ — മഹാഭാരതം, ശാന്തിപർവ്വം (കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ തർജ്ജമ))
[10]
ഇന്നലെകൾക്കാർക്കും ജീവിതം വ്യർത്ഥമായ്
വന്നിട്ടില്ലെന്നോരുണർവുതേടി
ഇന്നൊന്നു നോക്കുകെന്നെൻ കണ്ണിലുമ്മവെ–
യ്ക്കുന്നിതുഷസ്സിനാലൂഴി വീണ്ടും
(നാലപ്പാടൻ — ചക്രവാളം)
വർത്തമാന വൈജയന്തി നിൻ വഴിയിൽപ്പറപ്പിക്കൂ
വർത്തമാനമദ്യം കുടിച്ചാർത്തുമദിക്കൂ
കഷ്ടമല്ലേ ഭൂതഭാവിചിന്തകൊണ്ടുവെറും മഞ്ഞു–
കട്ടപോൽ നിൻ ജീവരക്തമുറഞ്ഞുപോയാൽ
(ചങ്ങമ്പുഴ — മദിരോത്സവം)
പോയെങ്കിൽ പോകട്ടെ പോയ്പോയനാളുകൾ
പോരും കരഞ്ഞതെൻ ചിത്തമേ, നീ
ഭാവിഭയങ്കരമാണെങ്കിലാവട്ടെ
ഭാവിച്ചിടായ്കതിൽ ഭീരുത നീ
സദ്രസം കോരിക്കുടിച്ചു മദിക്കുകീ
വർത്തമാനത്തിൻ മധുരമദ്യം … … …
ഇന്നാണു നിൻജയമിന്നാണു നിൻസുഖ–
മിന്നിനെത്തന്നെനീയാശ്രയിക്കൂ
(ചങ്ങമ്പുഴ — ആശ്വാസഗാനം)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.