images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
ഫ്രഞ്ച്—മലയാള സംഗമം
മംഗലാട്ട് രാഘവൻ

ഫ്രഞ്ചിൽ നിന്നു ഞാൻ പരിഭാഷപ്പെടുത്തിയ ഈ എൺപത്തൊന്ന് കവിതകൾ മുഴുവനും ആദ്യമായി വെളിച്ചം കാണുന്നവയല്ല. പലതും വളരെമുമ്പ് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിലും ഇടക്കാലത്ത് ‘കുങ്കുമ’ത്തിലും പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. അമ്പത്തൊന്ന് കവിതകളോടെ പുസ്തകത്തിന്റെ അച്ചടി തുടങ്ങിയതിനുശേഷം അതിന്റെ പ്രാതിനിദ്ധ്യസ്വഭാവം വിപലീകരിക്കാൻ എന്റെ സഹൃദയസുഹൃത്ത് കെ. എം. അഹമ്മദിന്റെ നിർബന്ധപൂർവമായ നിർദ്ദേശമനുസരിച്ച് കഴിഞ്ഞ ചില മാസങ്ങൾക്കുള്ളിൽ തർജ്ജമചെയ്തു ചേർത്തതാണ് ബാക്കിയുള്ളവ.

എന്നെ ആകർഷിച്ച ഫ്രഞ്ച് കവിതകളിൽ പരിഭാഷയ്ക്കു വഴങ്ങുമെന്ന് കണ്ടവയാണ് ഞാൻ തിരഞ്ഞെടുത്തത് — ലോകത്തിന്റെ എത് കോണിലുള്ള മനുഷ്യനും അന്യമായി തോന്നാതെ വായിച്ചാസ്വദിക്കാവുന്ന സാർവ ജനീന സ്വഭാവമുള്ള കവിതകൾ. എന്റെ ജന്മദേശമായ മയ്യഴിയിലെ സെൻട്രൽ ഫ്രഞ്ച് സ്ക്കൂളിലെ ബെഞ്ചിലിരുന്ന് ഞാനുൾക്കൊണ്ട ഫ്രഞ്ച് ഭാഷയും അതിലെ സാഹിത്യവും — വിശേഷിച്ചും കവിത — എനിക്കെന്നും പ്രിയങ്കരവും പ്രചോദനപ്രദവുമായ ഒരു സാംസ്കാരിക സ്രോതസ്സാണ്. ഇന്ത്യയും ഫ്രാൻസും തമ്മിലുണ്ടായ ബന്ധം കൊളോണിയലിസത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണെങ്കിലും അന്നും ഇന്നും യൂറോപ്പിന്റെ സാംസ്കാരിക ഭാഷയായ ഫ്രഞ്ചിന്റെ പഠനത്തിന് മയ്യഴിയുൾപ്പെടെ പഴയ ഫ്രഞ്ചിന്ത്യൻ പ്രദേശങ്ങളിലുണ്ടായിരുന്ന സംവിധാനം, പിന്തിരിഞ്ഞു നോക്കുമ്പോൾ, ഒരു ഉർവശീശാപമായിരുന്നുവെന്ന് പറയാൻ തോന്നുന്നു. നാമെന്നും വിലമതിക്കുന്ന സാംസ്കാരികസംഗമത്തിന്റെയും അതിലൂടെയുള്ള സമനയ്വത്തിന്റെയും ഒരുപാധിയായി അത് പ്രയോജനപ്പെട്ട് (മയ്യഴിപോലുള്ള മുൻ ഫ്രഞ്ച് പ്രദേശങ്ങൾ സംരക്ഷണാർഹമായ ഫ്രഞ്ച് സംസ്കാരത്തിന്റെ വാതായനങ്ങളായി തുടരുമെന്ന് സംസ്കാരപ്രേമിയായ നമ്മുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹറു പ്രഖ്യാപിച്ചത് ഇവിടെ ഓർമിക്കാവുന്നതാണ്). ചന്ദ്രനഗരത്തിലൂടെ ബംഗാളിയിൽ, പുതുശ്ശേരിയിലൂടെയും കാരിക്കാലിലൂടെയും തമിഴിൽ, യാനത്തിലൂടെ തെലുങ്കിൽ, മയ്യഴിയിലൂടെ മലയാളത്തിൽ — ഇതാണ് ഇന്ത്യൻ ഭാഷകളുമായി ഫ്രഞ്ചിനുണ്ടായ പ്രത്യക്ഷസമ്പർക്കത്തിന്റെ ചിത്രം. ഈ ഭാഷകളിലെല്ലാം ഏറിയും കുറഞ്ഞുമുള്ള അളവിൽ ഫ്രഞ്ചിന്റെ സ്വാധീനം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതൊരു ഏകമുഖ പ്രക്രിയ ആയിരുന്നില്ല. പരിമിതമായ തോതിലാണെങ്കിലും ഈ ഇന്ത്യൻ ഭാഷകൾ ഫ്രഞ്ചിനേയും സ്വാധീനിച്ചിട്ടുണ്ട്. ഫ്രാങ്കോ— മലയാളസംഗമത്തിന്റെ ഹിതകരമായ പരിണിതഫലങ്ങളിലൊന്നായി മലയാളത്തിലെ ഈ ഫ്രഞ്ച് കവിതാസമാഹാരത്തെ കണക്കാക്കുന്നതിൽ തെറ്റില്ല.

ഇവിടെ സ്വല്പം സ്വന്തം കാര്യം പറയുന്നത് പൊറുക്കണം. മയ്യഴിയിലെ ഫ്രഞ്ച് വാഴ്ചയെ കടപുഴക്കിയ പോരാട്ടത്തിൽ പങ്കെടുത്ത ഒരാളാണ് ഞാൻ. ഞങ്ങളന്നു പൊരുതിയത് ഫ്രഞ്ച് സാമ്രാജ്യത്വത്തിന്നെതിരായിട്ടാണ്. ഫ്രഞ്ച് ജനതയ്ക്കോ ഫ്രഞ്ച് സംസ്കാരത്തിനോ എതിരായിട്ടല്ല. ആ സമരത്തിൽ ഫ്രഞ്ച് ജനതയും ഫ്രഞ്ച് സാഹിത്യവും ഞങ്ങളുടെ ഭാഗത്തായിരുന്നു. റുസ്സോവും വൊൽത്തേറും വിക് തോർ ഹ്യുഗോവും റൊമേൻ റൊലാനുമെല്ലാം കുറച്ചൊന്നുമല്ല ഞങ്ങൾക്ക് പ്രചോദനമരുളിയത്. ദുഷ് പ്രഭുത്ത്വത്തിന്നെതിരായ പോരാട്ടത്തിൽ മറ്റെല്ലാവരും പിൻവാങ്ങി ‘ഒരാൾ മാത്രം അവശേഷിക്കുന്നുവെങ്കിൽ ആ ഒരാൾ ഈ ഞാനായിരിക്കും’ (S̀il nèn reste quùn, je serai celui–la) എന്ന ഹ്യൂഗോവിന്റെ ‘അന്ത്യവചന’ത്തിലെ (Ultima Verba) അനശ്വരമായ അവസാനവരി മയ്യഴിപ്പുഴയുടെ മറുകരയിൽ നടത്തപ്പെട്ട സമരയോഗങ്ങളിൽ അന്നത്തെ ഫ്രഞ്ച് സർക്കാരിന്റെ പിടികിട്ടാപ്പുള്ളിയായ ഞാൻ പലപ്പോഴും ഉദ്ധരിക്കാറുണ്ടായിരുന്നു. ഇതുപോലെ ഫ്രഞ്ച് ദേശീയഗാനമായ ലാ മർസെയ്യേസിലെ (La Marseillaise) ‘പൗരജനങ്ങളേ പടക്കോപ്പണിയുവിൻ, പടയണികൾ പടുക്കുവിൻ’ (Aux armes citoyens, formez vosbataillons) എന്ന ഉത്തേജകമായ പല്ലവിയും ഉച്ചഭാഷിണിയിലൂടെ മയ്യഴിയിൽ ഫ്രഞ്ച് ഭരണാധികാരികളുടെ കാതുകളിൽ ചെന്നലച്ചിരുന്നു.

സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിന്നുംവേണ്ടി ഏറ്റവും ശക്തിമത്തായ ആഹ്വാനങ്ങൾ മുഴങ്ങിയത് ഫ്രഞ്ച് സാഹിത്യത്തിലാണ്. സ്വന്തം സർക്കാരിന്റെ സാമ്രാജ്യത്വ നയത്തിന്നെതിരെ ഏറ്റവും ശക്തിമത്തായ പ്രക്ഷോഭം നടത്തിയത് ഫ്രഞ്ച് ജനതയാണ്. ആധുനിക ഫ്രാൻസിന്റെ യുഗപുരുഷനായ ജനറൽ ദ് ഗോൽ (De Gaule) ഫ്രഞ്ച് സാമ്രാജ്യം പിരിച്ചുവിടാൻ (decolonisation) തീരുമാനിച്ചതിനു പിന്നിലുള്ള പ്രേരകശക്തികളിലൊന്നു ഫ്രഞ്ച് ജനതയുടെ കടുത്ത സാമ്രാജ്യത്വവിരുദ്ധ നിലപാടാണ്. ഫ്രഞ്ച് ജനതയോടും അവരുടെ സംസ്കാരത്തോടും ഒരളവിൽ കടപ്പെട്ടവനാണ് ഞാൻ. സാംസ്കാരിക ഫ്രാൻസിന്റെ — La Belle France — ‘വാർമണവും വർണ്ണാഭയും’ വഹിക്കുന്ന കവിതകളുടെ വിവർത്തിത രൂപത്തിലുള്ള ഈ സമാഹാരം എന്നെ സംബന്ധിച്ചേടുത്തോളം ഒരു കടംവീട്ടൽകൂടിയാണ്.

എക്കാലത്തും തുടരുന്ന പരീക്ഷണങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും വേലിയേറ്റങ്ങളുണ്ടായിട്ടുകൂടി ഫ്രഞ്ച് കവിത അതിന്റെ സാരാംശത്തിൽ മനുഷ്യഗന്ധിയാണ്. പ്രകൃതി പാശ്ചാത്തലത്തിലുള്ള മനുഷ്യനാണ് അതിന്റെ കേന്ദ്രപ്രമേയം. ഈ സമാഹാരത്തിൽ വിക്തോർ ദ് ലപ്രാദിന്റെ ‘യുവകവയിത്രി’ എന്ന കവിതയിലെ

അക്ഷയനിധിയുണ്ട് രണ്ടെണ്ണമനർഘങ്ങൾ
ഇച്ഛപോലഖിലർക്കു മുൽഖനനത്തിന്നായി.
സാഹിതി സമസ്തവുമുർന്നൊഴുകീടുന്നതാം
വാഹിനി രണ്ടുണ്ടതിപാവനമനിരുദ്ധം.
ഗാനസങ്കലമാകും രണ്ടു ദിവ്യാരണ്യമു—
ണ്ടാരമ്യപ്രകൃതിയും മാനവഹൃദയവും

ഈ വരികൾ മറ്റേതു കവിതയ്ക്കുമെന്നപോലെ ഫ്രഞ്ച് കവിതയ്ക്കും ബാധകമായ ഒരു തത്വ പ്രഖ്യാപനമാണ്. ക്ലാസിക്ക്, റൊമാൻടിക്ക്, പർണാസ്യേൻ (Parnassien) സിമ്പോളിസ്റ്റ്, സർറീയലിസ്റ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലും അവാന്തര വിഭാഗങ്ങളിലും പെടുന്ന കവിതകളെല്ലാം വിക്തോർദ് ലപ്രാദ് ചൂണ്ടിക്കാട്ടുന്ന ആ രണ്ടു അക്ഷയനിധികളിൽനിന്ന് തങ്ങൾക്ക് വേണ്ട കരുക്കൾ ഖനനം ചെയ്തെടുത്തിട്ടുള്ളവരാണെന്നു കാണാൻ വിഷമമില്ല. ആവിഷ്ക്കാര രീതിയിൽ മാത്രമേ അവർ വ്യത്യസ്തരായി വർത്തിക്കുന്നുള്ളൂ.

ഫ്രഞ്ച് സാഹിത്യം അതത് കാലത്തുണ്ടായ പുതു പ്രസ്ഥാനങ്ങളിലൂടെയാണ് പുറംലോകത്തിന്റെ ശ്രദ്ധ കൂടുതലായും പിടിച്ചുപറ്റിയത്. പാശ്ചാത്യ സാഹിത്യത്തിലെ നവപ്രവണതകൾ മിക്കതും നാമ്പിട്ടത് ഫ്രഞ്ചിലാണ്. നീണ്ടുനിന്ന ക്ലാസിക്ക് യുഗത്തിന് വിരാമം കുറിച്ചുകൊണ്ട് വിക്തോർ ഹ്യൂഗോവിന്റെ നായകത്വത്തിൽ നടന്ന സർവപ്രധാനമായ റൊമാൻടിക്ക് വിപ്ലവവും പിന്നീട് നിലവിൽവന്ന പുതു പ്രസ്ഥാനങ്ങളും ഫ്രാൻസിന് വെളിയിൽ ചെലുത്തിയ സ്വാധീനം ഗണ്യമാണ്. പക്ഷെ ഈ പ്രസ്ഥാനങ്ങളൊന്നും ഇന്ന് പ്രസ്ഥാനങ്ങളായി നിലനില്ക്കുന്നില്ല. അവ ഫ്രഞ്ച് സാഹിത്യചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഓരോ പ്രസ്ഥാനത്തിലേയും കവികൾ അതതു പ്രസ്ഥാനത്തിന്റേതായി ഉയർത്തിപ്പിടിക്കപ്പെട്ട പ്രമാണങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിച്ച് കാവ്യരചന നടത്തിയിരുന്നുമില്ല. തുടക്കത്തിൽ ഒരു കൊടിയടയാളത്തിൻ കീഴിൽ ഒന്നിച്ചുനിന്ന് ഏകാഭിപ്രായം പ്രകടിപ്പിച്ചവരിൽ മിക്കവരും പിന്നീടു താന്താങ്ങളുടെ വഴിക്കു പോയിട്ടുള്ളവരാണ്. പക്ഷെ ഒന്നുണ്ട്. വിവിധ പ്രസ്ഥാനക്കാരിൽ യഥാർത്ഥ കവിത്വമുള്ളവരുടെ കവിതകൾ പ്രസ്ഥാനഭേദങ്ങൾക്കുപരിയായി ഇന്നും ജീവിക്കുന്നു.

പ്രാചീനകാലം മുതൽ ആധുനിക കാലംവരെയുള്ള എല്ലാ പ്രസ്ഥാനങ്ങളുടേയും പൊതു പരിധികളിൽ പെടുന്ന കവിതകൾക്കു ഈ സമാഹാരത്തിൽ പ്രാതിനിദ്ധ്യമുണ്ട്. ആ നിലയ്ക്കു ഫ്രഞ്ച് കവിതയുടെ ഒരു പരിച്ഛേദമാണിതെന്നു പറയാം. ആധുനിക ഫ്രഞ്ച് കവിതയിൽ വലിയൊരു വിഭാഗം ബുദ്ധിപരമായ അഭ്യാസ പ്രകടനമാണ്. ശ്ലേഷം, യമകം, അനുലോമ പ്രതിലോമങ്ങൾ മുതലായവ പോലുള്ള ബുദ്ധിപരമായ വ്യായാമങ്ങളിൽ അഭിരമിക്കുന്നവരാണ് ആധുനിക യുവകവികളിൽ പലരും. അഞ്ചാറ് ദശകങ്ങൾക്കു മുമ്പേ നാം പഴഞ്ചരക്കായി തള്ളിക്കളഞ്ഞ പദ്യക്കസറുത്തുകൾ, എക്കാലത്തും പുതുമയുടെ ഈ റില്ലമായ ഫ്രഞ്ച് കവിതയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കാണാൻ കൗതുകമുള്ള കാഴ്ചയാണ്. ഹൃദയത്തിന്റെ ഭാഷ സംസാരിക്കാത്ത സങ്കേതജടിലമായ ഇത്തരം കവിതകൾ ഇതിലുൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പരിഭാഷയിലൂടെ ആശയസംക്രമണം സാദ്ധ്യമല്ലെന്ന കാരണത്താൽ തന്നെ.

ഇതിലുൾപ്പെട്ട കവിതകൾ മാനവീയതയെന്ന പൊതുഘടകത്തിലൂടെ ഇതര ഭാഷകളിലെ കവിതകളുമായി സാമ്യമോ സാമീപ്യമോ പുലർത്തുന്നുവെങ്കിൽ അത്ഭുതപ്പെടാനില്ല. മനുഷ്യൻ ഒന്നാണ്. കവിത മനുഷ്യഹൃദയത്തിന്റെ ഭാഷയാണ്. മനുഷ്യന്റെ മൗലികവികാരങ്ങൾ എങ്ങും എന്നും ഒന്നാണ് താനും. ‘… ഏതു ജാതിയും കലരും പ്രാകൃതചിന്തയൊന്നു താൻ’ (ആശാൻ). കാട്ടരുവി പാട്ടുപാടുന്നതും പുലരി കണ്ണുനീർ വാർക്കുന്നതും ഇഷ്ടജനവിയോഗത്തിൽ വിരഹിയ്ക്കു ലോകം ഇരുണ്ടുപോകുന്നതുമെല്ലാം സാർവലൗകികങ്ങളായ കവികല്പനകളാണ്. സർവസാധാരണമെന്നുകൂടി വേണമെങ്കിൽ ഇവയെ വിശേഷിപ്പിക്കാം. ലോകകവിതയുടെ പൊതുനിധിയിൽ പെടാത്തവണ്ണം സ്വന്തം കവികളുടെ തനതെന്നു ഓരോ ഭഷക്കാരും കരുതുന്ന വിശിഷ്ടങ്ങളായ പല ആശയങ്ങളും കല്പനകളും നിരീക്ഷണങ്ങളുമുണ്ട്. ഇവയിൽ പലതും ചില്ലറ വ്യത്യാസങ്ങളോടെയോ ഒളിഞ്ഞോ തെളിഞ്ഞോ ഇതര ഭാഷാ കവിതകളിൽ കാണുമെന്നത് പരക്കെ അറിയപ്പെടാത്ത ഒരു സാഹിത്യ സത്യമത്രെ.

‘ഒരേ വികാരങ്ങളുദിച്ചുപൊന്താം
രണ്ടാളിലന്യോന്യമറിഞ്ഞിടാതെ
… … …
സർവർക്കുമേകുന്നതിനുണ്ടു കെട്ടി—
യിരിപ്പു വിശ്വേശ്വരിതൻ കരത്തിൽ’

നമ്മുടെ അനുഗൃഹീത കവി പി. കുഞ്ഞരാമൻ നായർ ഈ സത്യത്തിലേയ്ക്കു ഇങ്ങനെ വിരൽ ചൂണ്ടുകയുണ്ടായിട്ടുണ്ട്.

ലോകകവിതകളുടെ താരതമ്യപഠനം ഈ സത്യം മനസ്സിലാക്കാനും അതിലൂടെ ദേശകാലാതീതനായ സാർവലൗകിക മാനവനെ കണ്ടെത്താനും അനുവാചകനെ സഹായിക്കും, തീർച്ച. വലിയ അകലങ്ങളിലുള്ള വിഭിന്ന ഭാഷകളിലെ കവിതാസാദൃശ്യങ്ങളിലൂടെ സഞ്ചരിക്കുന്ന സഹൃദയഹൃദയം ഏകമാനവികതയുടെ മാനസസരസ്സിലാണ് എത്തിച്ചേരുന്നത്. സാഹിത്യസരണിയിലൂടെയുള്ളു ഇത്തരം തീർത്ഥയാത്ര ഏത് സഹൃദയനാണ് സ്പൃഹണീയമല്ലാത്തത്?

ഫ്രഞ്ച് കവിതകൾ കൂട്ടിക്കെട്ടിയ ഈയൊരു പൂച്ചെണ്ട് കേരളീയ സഹൃദയലോകത്തിന്റെ മുമ്പാകെ സമർപ്പിക്കുന്നതോടൊപ്പം, ഫ്രഞ്ച്–മലയാള കവിതകളിലൂടെ നടത്തിയ ഒരു തീർത്ഥാടനത്തിന്റെ അനുഭൂതികൾ ഞാനവരുമായി പങ്കിടുകകൂടി ചെയ്യുന്നുണ്ട്. ഇതിലെ കവിതകളുമായി സാദൃശ്യ സാമീപ്യമുള്ള മലയാള കവിതാഭാഗങ്ങൾ — എന്റെ പരിചയസീമയിൽ പെട്ടവ — താരതമ്യത്തിന്നു അതത് കവിതയോടൊപ്പം അടിക്കുറിപ്പായി ഉദ്ധരിച്ച് ചേർത്തിരിക്കുന്നു. പല സന്ദർഭങ്ങളിലും പ്രസക്തമായ ഇംഗ്ലീഷ് കവിതാശകലങ്ങളും കൊടുത്തിട്ടുണ്ട്. ടാഗോറിന്റെ ഇംഗ്ലീഷിലുള്ള ഉദ്ധരണങ്ങൾ മഹാകവി മരണത്തിന് തൊട്ടുമുമ്പത്തെ മാസങ്ങളിൽ എഴുതിയതും അപ്രകാശിതവുമായ കവിതകളിൽനിന്നാണ്. പ്രീതീഷ് നന്ദിയാണ് ഈ കവിതകളുടെ പരിഭാഷകൻ (Illustrated Weekly of india, സപ്തംബർ 7–13, 1991).

തോതു വ്യത്യാസങ്ങളുള്ള ഈ സമാനതകളും സാമീപ്യങ്ങളും സഹൃദയരിൽ കൗതുകമുണർത്തുകയും അവരുടെ ആസ്വാദനൗത്സുക്യത്തെ കൂടുതൽ ഉത്തേജിപ്പിക്കുകയും അങ്ങനെ ലോകകവിതയുടെ പുതിയ ചക്രവാളങ്ങളിലേയ്ക്കു പറന്നുയരാൻ അവർക്കു പ്രചോദനമരുളുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഫ്രഞ്ച് കവിതകളുടെ ഒരു പേടകമെന്നതിനു പുറമെ, ഫ്രഞ്ച്, ഇംഗ്ലീഷ്, മലയാള കവിതകളുടെ ഒരു താരതമ്യ പഠനം കൂടിയാണിത്. മലയാള കവിതയെ സംബന്ധിച്ചേടുത്തോളം ഇത് പുതിയൊരു കാൽവെപ്പാണെന്ന് ഞാൻ കരുതുന്നു.

ഫ്രഞ്ച്–മലയാള കവിതകളിലെ സാദൃശ്യങ്ങൾ ഈ സമാഹാരത്തിലെ കവിതകളിലോ, ഉദ്ധരണങ്ങളിലോ ഒതുങ്ങുന്നില്ലെന്ന് പറയേണ്ടതായിട്ടില്ല. കണ്ടെത്താൻ താല്പര്യമുള്ളവർക്കു അവ പരക്കെ കിടപ്പുണ്ടെന്ന് കാണാം. കുട്ടികളെ സംബന്ധിച്ച വിക്തോർ ഹ്യൂഗോവിന്റേയും ബാലാമണിയമ്മയുടേയും കവിതകളിലെ ആശയൈക്യത്തെക്കുറിച്ച് ബാലാമണിയമ്മയുടെ ഷഷ്ടിപൂർത്തി വർഷത്തിൽ 1968 ആഗസ്റ്റ് 4-ന്റെ ‘മാതൃഭൂമി’യിൽ ഞാൻ പ്രസിദ്ധപ്പെടുത്തിയ ലഘുപഠനമെന്നപോലെ ഇതും വിപുലമായ ഒരു പഠനത്തിന്റെ ഭാഗം മാത്രമെ ആകുന്നുള്ളൂ. ഈയൊരു യത്നം ഞാൻ മുഴുമിച്ചുവരികയാണ്.

ഫ്രഞ്ചിൽ നിന്ന് മലയാളത്തിലേക്കുള്ള പരിഭാഷ നിർവഹിച്ചിട്ടുള്ളത് സംവേദനത്തിന് പരമപ്രാധാന്യം കല്പിച്ചുകൊണ്ടാണ്. എങ്ങനെ പറഞ്ഞാൽ ഏറ്റവും ഫലപ്രദമാകണമെന്ന് തോന്നിയോ അങ്ങനെയാണ് പറഞ്ഞിട്ടുള്ളത് — പദാനുപദമായോ, ശൈലിയ്ക്കു പകരം ശൈലിയായോ, വിശദീകരിച്ചോ. എന്നിട്ടും എവിടെയെങ്കിലും മൂലകവിയും മലയാള വായനക്കാരനും തമ്മിൽ ഹൃദയസംവാദം നടക്കാതെ പോകുന്നുവെങ്കിൽ അത് എന്റെ കേവലമായ കഴിവുകേടുകൊണ്ടായിരിക്കുമെന്ന് ഏറ്റുപറയുന്നു.

സാഹിത്യപരിഭാഷ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. മൂലകൃതിയുടെ ജീവത്തായ ചില അംശങ്ങൾ വിവർത്തനത്തിൽ എങ്ങനെയായാലും നഷ്ടപ്പെടും. ‘പരിഭാഷകൻ വഞ്ചകൻ’ — Traduttore traditore എന്ന ലത്തീൻ ചൊല്ല് ഈ സത്യവും ഉൾക്കൊള്ളുന്നു. കവിതയാണെങ്കിൽ മൂലഭാഷയിൽ നിന്ന് ലക്ഷ്യഭാഷയിലേക്കുള്ള ചോർച്ച കൂടും. മൂലകവിതയുടെ സംഗീതം നിശ്ലേഷം നഷ്ടപ്പെടുന്നു. മൂലകൃതിയുടെ കർത്താവ് തന്നെ പരിഭാഷ നിർവഹിച്ചാലും വ്യത്യാസമൊന്നുമില്ല. സന്ദർഭാനുഗുണമായ സംഗീതാത്മകത പരിഭാഷയ്ക്കുണ്ടായാലും അത് മൂലത്തിന്റെ കാവ്യസംഗീതത്തിന് പകരമാകുന്നില്ല. ഒരു തരം നഷ്ട പരിഹാരം മാത്രമേ ആവുകയുള്ളൂ. വാസ്തവത്തിൽ മൂലകവിതയുടെ ആശയസംക്രമണം മാത്രമാണ് പരിഭാഷയിൽ സാധിതമാകുന്നത്. ഇവിടേയും പരിഭാഷയ്ക്ക് പരിമിതികളുണ്ട്. മൂലകവിതയിലെ എല്ലാ പദങ്ങൾക്കും തുല്യപദങ്ങൾ ലക്ഷ്യഭാഷയിൽ ഉണ്ടാവുകയില്ല. തുല്യ പദങ്ങൾക്ക് തന്നെയും അവയുടെ വ്യഞ്ജകത്വത്തിൽ ഏറ്റക്കുറിച്ചിലുകൾ ഉണ്ടാകും. ‘പാവങ്ങൾ’ തന്നെ ഒരുദാഹരണം. ഫ്രഞ്ചിൽ നിന്ന് ഇംഗ്ലീഷിൽ പ്രവേശിച്ച Miserable — മിസെറാബ്ല് — എന്ന വാക്കിന് ഫ്രഞ്ചിലും ഇംഗ്ലീഷിലുമുള്ള അർത്ഥവ്യാപ്തി മലയാളത്തിലെ ‘പാവ’ത്തിന്നില്ല. നമ്മുടെ പാവം ഏഴുമാത്രമാണ്. ഫ്രഞ്ചിലും ഇംഗ്ലീഷിലും Miserables-ൽ നിന്ദിതരും പീഡിതരുമെന്നപോലെ നിന്ദ്യരും നീചരും പെടും. പക്ഷെ മെച്ചപ്പെട്ട മറ്റൊരു വാക്കിന്റെ അഭാവത്തിൽ നാലപ്പാടൻ ‘പാവങ്ങ’ളെ തിരഞ്ഞെടുത്തു. അതാകട്ടെ ഒരു ഗ്രന്ഥനാമം എന്ന നിലയിൽ കുറിക്കു കൊണ്ടിട്ടുണ്ടുതാനും. ഇത്തരം സന്ദർഭങ്ങളിൽ ‘തമ്മിൽ ഭേദം’ തന്നെ പ്രമാണം. ഏറ്റവും മികച്ച പരിഭാഷകൾപോലും ഭാഷാവ്യത്യാസങ്ങളിൽ നിന്നുണ്ടാകുന്ന പദാർത്ഥപരമായ പൊരുത്തക്കുറവുകളിൽനിന്ന് വിമുക്തമാവുകയില്ല.

വിശുദ്ധ ബൈബിളിന്റെ പരിഭാഷയിൽപോലും പദാർത്ഥപരമായ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ‘ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല’ (I am innocent of the blood of this just man) എന്ന പിലാത്തോസിന്റെ വിശ്രുതവാക്യത്തിന്ന്, നമുക്കെല്ലാം കുറച്ച് മനപ്രയാസം തോന്നുമാറ്, പുതിയ ഇംഗ്ലീഷ് പരിഭാഷയിൽ മാറ്റം വന്നിരിക്കുന്നു. ലണ്ടനിലെ British and Foreign Bible Society-ക്കാർ മുമ്പ് പ്രസിദ്ധീകരിച്ച ബൈബിളിലുള്ളതും നമ്മുടെ ഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നതുമായ ഈ വാക്യം അവരുടെ തന്നെ പുതിയ ഇംഗ്ലീഷ് പരിഭാഷയിൽ ‘ഈ മനുഷ്യന്റെ രക്തത്തിൽ എനിക്കു കുറ്റമില്ല’ (I am innocent of this man’s blood) എന്നായി മാറിയിട്ടുണ്ട്. കത്തോലിക്കാ സഭയുടെ അംഗീകാരമുള്ള മോൺസിഞ്ഞോർ നോക്സിന്റെ (Mgr. Knox) പുതിയ ഇംഗ്ലീഷ് പരിഭാഷയിൽ ഇത് ‘I have no part in the death of this innocent man’ എന്ന രൂപത്തിലാണുള്ളത്. നീതിമാൻ (just man) നിരപരാധി (innocent man) ആയി മാറിയിരിക്കുന്നു. കേരള കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസിന്റെ അംഗീകാരമുള്ള മലയാള പരിഭാഷയിൽ ‘ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല’ എന്ന് നമുക്ക് സുപരിചിതമായ ആദ്യരൂപം ഒരൊറ്റ വാക്കിന്റെ വ്യത്യാസത്തോടെ നിലനിർത്തപ്പെട്ടിരിക്കുന്നു. പുതിയ ബൈബിൾ പരിഭാഷകളിൽ ഇതുപോലുള്ള ഭേദഗതികൾ പലതുമുണ്ട്.

വാക്കുകളുടെ നാനാർത്ഥമൂല്യം (valeur polysemique) ആണ് വിവർത്തനത്തിലെ മറ്റൊരു വൈതരണി. നാനാർത്ഥമൂല്യത്തിലൂടെ മൂലകവിതയ്ക്ക് അല്ലെങ്കിൽ കവിതാസന്ദർഭത്തിന് ഒന്നിലേറെ അർത്ഥവിതാനം ഉണ്ടായെന്നു വരും. വാല്മീകി രാമായണത്തിലെ

‘രാമം ദശരഥം വിദ്ധിം
മാം വിദ്ധി ജനകാത്മക
അയോദ്ധ്യാമടവിം വിദ്ധിം
ഗച്ഛ താത യഥാസുഖം’

എന്ന ശ്ലോകം പത്തിലേറെ അർത്ഥങ്ങളിൽ വ്യാഖ്യാനിക്കപ്പെട്ടു കണ്ടിട്ടുണ്ട്. ഇതെല്ലാം ഒരു പരിഭാഷയിൽ എങ്ങനെ വരുത്താനാകും? ഇതിനെല്ലാം പുറമെയാണ് വാച്യാർത്ഥത്തിന്നതീതമായ ഭാവാംശവുമായി ബന്ധപ്പെട്ടുകിടക്കുന്ന ധ്വനി. ഇതും പലപ്പോഴും നഷ്ടപ്പെട്ടുവെന്നു വരും. റെമ്പോവിന്റെ ഒരു കവിതയുടെ യാഥാർത്ഥമായ അർത്ഥം എന്തെന്ന ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി അർത്ഥഗർഭമാണ്: ‘അതെന്താണോ പറയുന്നത് അതാണ് ഞാൻ പറഞ്ഞിട്ടുള്ളത് — അക്ഷരാർത്ഥത്തിലും എല്ലാ അർത്ഥത്തിലും’ (J’ai voulu dire ce que ça dit, littéralement et dans tous les sens). പരിഭാഷയുമായി ബന്ധപ്പെട്ട ഈ പരിമിതികളെല്ലാം എല്ലാ ഭാഷകൾക്കുമുണ്ട്. ‘ഇങ്ങു ഭാഷയിതപൂർണ്ണം’ എന്നതു അങ്ങേയറ്റം വികസിച്ച ഭാഷകൾക്കും ബാധകമാണ്. മൂലകൃതിയെ സ്വാംശീകരിച്ച് സ്വഭാഷയിൽ അതിന്റെ ഭാവാംശം, മൂലകൃതിയുടെ വാച്യാർത്ഥത്തിന്റെ പിൻബലത്തോടെ, ആവിഷ്കരിക്കുന്നതിലാണ് ഒരു പരിഭാഷകൻ വിജയിക്കേണ്ടിയിരിക്കുന്നത്.

അസാമാന്യ പ്രതിഭയുള്ള കവിയും പരിഭാഷയിൽ വേണ്ടത്ര ശോഭിച്ചില്ലെന്നു വരാം. മലയാളത്തിൽ ശാകുന്തളത്തിന്റെ ഏറ്റവും മുന്തിയ തർജ്ജമ വള്ളത്തോളിന്റേതല്ലല്ലോ, വിക്തോർ ഹ്യൂഗോവിന്റെ കവിതകൾ ഇംഗ്ലീഷിലേയ്ക്ക് വിജയകരമായി വിവർത്തനം ചെയ്തിട്ടുള്ളത് John L. O’Sullivan, Andrew Lang, H. Hooper എന്നിങ്ങനെ ഇംഗ്ലീഷ് കാവ്യലോകത്തിൽ സ്വന്തം നിലയ്ക്കു സ്ഥാനമൊന്നുമില്ലാത്ത ചിലരാണ്. രണ്ടു വാക്കുള്ള വരിയിൽ ആരംഭിച്ച് കൂടുതൽ കൂടുതൽ പദങ്ങളോടെ വരികൾ അനുക്രമമായി വികസിച്ച് അതേ ക്രമത്തിൽ സങ്കോചിച്ച് പര്യവസാനിക്കുന്ന ഹ്യൂഗോവിന്റെ ‘ജിന്നുകൾ’ (Les Djinns) എന്ന അസാധാരണവും അതിമനോഹരവുമായ കവിതയ്ക്ക് അതേ ആരോഹാവാരോഹക്രമത്തിൽ John L. O’Sullivan വിരചിച്ച വിവർത്തനം വിഖ്യാതമാണ്. ഫ്രഞ്ച് കവിതാവിവർത്തനത്തിൽ വിജയം വരിച്ച തോരു ദത്ത് (1856–1877) ഇവിടെ അനുസ്മരണാർഹയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഇംഗ്ലീഷിലും ഫ്രഞ്ചിലും തുല്യ വൈദഗ്ദ്ധ്യത്തോടെ കവിതകളും കഥകളും രചിച്ചു ലോകത്തിന്റെ ആദരവാർജ്ജിക്കേ മരണം പെട്ടെന്നു തട്ടിക്കൊണ്ടുപോയ ബംഗാളിന്റെ ഈ പ്രതിഭാശാലിനിയായ പുത്രി ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ഫ്രഞ്ച് കവിതകളുടെ സമാഹാരം — A Shief gleaned from the French fields — അക്കാലത്ത് ഇന്ത്യയിലും യൂറോപ്പിലും പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പറഞ്ഞ പരാധീനതകൾക്കെല്ലാം വിധേയമാണ് ഏതു മികച്ച പരിഭാഷയും. ‘അപൂണ്ണ’ ഭാഷയുടെ അതിരുകൾക്കുള്ളിൽ ആകാവുന്നേടത്തോളം കൃത്യത പാലിക്കുകയെന്നതേ ഒരു പരിഭാഷ കന്ന് ലക്ഷീകരിക്കാൻ ആവുകയുള്ളൂ. ഈ കൃത്യതയുടെ ഏറ്റക്കുറിച്ചിലുകളാണ്പരിഭാഷയുടെ വിജയാപജയങ്ങൾ നിർണ്ണയിക്കുന്നത്.

ഒരു അന്യഭാഷാകൃതി വായിച്ചാസ്വദിക്കാൻ ആ ഭാഷയറിയാത്ത സാഹിത്യപ്രേമിക്ക് ആശ്രയിക്കാവുന്ന ദോഷം കുറഞ്ഞ ഉപാധി അതിന്റെ ആദ്യപരിഭാഷയാണെന്നത് നിസ്തർക്കമത്രെ. ഒന്നാം തർജ്ജമയിൽ സംഭവിക്കുന്നതിനേക്കാൾ കൂടുതൽ ചോർച്ച തർജ്ജമയുടെ തർജ്ജമയിൽ സംഭവിക്കുന്ന വിവർത്തനത്തിന്റെ ആവർത്തി കൂടുന്തോറും മൂലവുമായുള്ള അകലിച്ച കൂടിക്കൂടി വരും, പരിഭാഷകൻ എത്ര പ്രഗത്ഭനായാലും. ഇപ്പറഞ്ഞതുകൊണ്ട് ആദ്യപരിഭാഷ എല്ലായ്പ്പോഴും ദോഷം കുറഞ്ഞതായിക്കൊള്ളണമെന്നില്ല. പരിഭാഷയിലെ ദോഷാധിക്യം കാരണം പരിഭാഷാപുസ്തകം തന്നെ പിൻവലിക്കപ്പെട്ട ഒരു സംഭവം സാർവദേശീയ സാഹിത്യ രംഗത്ത് ഇയ്യിടെ ഉണ്ടായല്ലോ. പെൻഗ്വിൻ പ്രസിദ്ധീകരണശാലക്കാർ പ്രചാരത്തിൽ നിന്ന് പിൻവലിച്ച ടാഗോർ കഥകളുടെ കാര്യമാണ് പറയുന്നത്. ലണ്ടൻ സർവ്വകലാശാലയിലെ ബംഗാളി പ്രൊഫസർ William Radice ആണ് പരഭാഷകൻ. അദ്ദേഹം മുമ്പ് ടാഗോർക്കവിതകൾ തർജ്ജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിരുന്നു. അന്നു പരാതികളൊന്നുമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോഴത്തെ കഥാപരിഭാഷ അബദ്ധജടിലമാണെന്ന് ബംഗാളി സാഹിത്യലോകത്തിൽ ആക്ഷേപമുയർന്നു. ഇതിനെത്തുടർന്നാണ് പെൻഗ്വിൻ കഥാഗ്രന്ഥം പിൻവലിച്ചത്. വിചാരിച്ചതിലും കൂടുതൽ തെറ്റുകൾ തർജ്ജമയിൽ വന്നുപോയിട്ടുണ്ടെന്ന് പ്രൊഫസർ റാഡിസ് ഏറ്റുപറയുകയുമുണ്ടായി.

പരിഭാഷ ഏതു സാഹിത്യത്തിന്റെയും ഒരു ആവശ്യ ഘടകമാണെന്നതിൽ അഭിപ്രായവ്യത്യാസമുണ്ടാവില്ല. പരിഭാഷയുടെ തണലിലാണ് വിശ്വസാഹിത്യം പുലരുന്നത്. ദേശീയസാഹിത്യങ്ങളെ അത് കൂട്ടിയിണക്കുന്നു. പരിഭാഷകരാണ് വിശ്വസാഹിത്യത്തിന്റെ പ്രചാരകർ. ഈ കാര്യങ്ങളെല്ലാം ഞാനിവിടെ കുറച്ചൊന്ന് വിസ്തരിച്ചു പറഞ്ഞിട്ടുള്ളത് ഈ ‘ഫ്രഞ്ച് കവിത’ കളെ വിലയിരുത്തുന്നതിൽ ഇതെല്ലാം വായനക്കാക്കു പശ്ചാത്തല വിഭവങ്ങൾ ആകണമെന്ന വിചാരത്തോടുകൂടിത്തന്നെയാണ്. ഈ വിവർത്തന സംരംഭത്തിൽ ഞാൻ ആരെയെങ്കിലും മാതൃക ആക്കിയിട്ടുണ്ടെങ്കിൽ അത് മൂന്നോ നാലോ ഇംഗ്ലീഷ് കവിതകൾ മാത്രം മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്തിയ വൈലോപ്പിള്ളിയെയാണ്. ഷെല്ലിയുടെ Ode to a skylark എന്നുള്ള അദ്ദേഹത്തിന്റെ പരിഭാഷ (വാനന്വാടിയോട്) വിശേഷിച്ചും എനിക്കു വിവർത്തനതന്ത്രത്തിൽ വെളിച്ചം നല്കിയ ഒരു വഴിവിളക്കാണ്. അദ്ദേഹത്തിന്റെ മാതൃക അനുസരിച്ചതിൽ ഞാൻ വിജയിച്ചുവോ എന്നത് വേറെ കാര്യം.

മൂലകവിതകളുടെ തലക്കെട്ടുകൾ ആധികാരികതയെ മുൻനിർത്തി അതതു കൃതിയുടെ ഒടുവിൽ ഫ്രഞ്ചിൽ തന്നെ കൊടുത്തിരിക്കുന്നു. ചിലത്, കൂടുതൽ സംവേദനക്ഷമത കൈവരുമെന്നു കരുതി, പരിഭാഷയിൽ ഭേദപ്പെടുത്തിയിട്ടുണ്ട്. ആദ്യവരി തന്നെ തലക്കെട്ടായുള്ള കവിതകളുടെ കാര്യത്തിലാണ് മിക്കവാറും ഈങ്ങിനെ ചെയ്തിട്ടുള്ളത്.

കവികളുടെ പടങ്ങളധികവും എന്റെ മാന്യസുഹൃത്ത് കൊല്ലേരി നാരായണന്റെ ശ്രമഫലമായി പാരീസിലെ ഫ്രഞ്ച് ദേശീയ ഗ്രന്ഥശാലയുടെ (Bibliotheque Nationale) ഫോട്ടോ–കയ്യെഴുത്ത് വിഭാഗത്തിൽ നിന്ന് പിടിപ്പതു പണചിലവിൽ ശേഖരിച്ചവയാണ്. മറ്റുള്ളവ പ്രിയങ്കരനായ എം. മുകുന്ദന്റെ സഹകരണത്തോടെ ദില്ലിയിലെ ഫ്രഞ്ച് എംബസ്സിയുടെ സാംസ്കാരിക വകുപ്പിൽ നിന്നാണ് സമ്പാദിച്ചത്. ഫെലിക്സ് അർവേറിന്റെതും ലൂയി മെൻസിയെയുടേതുമൊഴികെ, മറ്റെല്ലാവരുടേയും പടം കൊടുക്കാൻ കഴിഞ്ഞത് വലിയൊരു കാര്യമായി ഞാൻ കണക്കാക്കുന്നു. വിക്തോർ ഹ്യൂഗോവിന്റെ രണ്ടു പടങ്ങളുണ്ട്. അർവേറിന്റേയും മെർസിയേയുടേയും പടങ്ങൾ കിട്ടാനില്ല.

പല കവികളുടേയും പേരുകൾ ഫ്രഞ്ചുച്ചാരണത്തിൽ മലയാളത്തിലെഴുതുക ദുഷ്കരമത്രെ. ഫ്രഞ്ചുച്ചാരണവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന വിധത്തിലാണ് പേരുകൾ എഴുതിയിട്ടുള്ളത്. Victor Hugo-വിന്റെ പേർ വിക്തോർ ഹ്യൂഗോ എന്ന് കൊടുത്തിട്ടുള്ളത് ശരിയ്ക്കു പറഞ്ഞാൽ ശരിയല്ല. ഫ്രഞ്ചിൽ ‘H‘ നിരുച്ചാരണമാണ്. വിക്തോറ്യൂഗൊ എന്നേ ഫ്രഞ്ചുകാരൻ പറയുകയുള്ളൂ. പക്ഷെ വളരെക്കാലമായി ‘ഹ്യൂഗൊ’ മലയാളത്തിൽ ലബ്ദപ്രതിഷ്ഠനാണ്. പേരും കുടുംബപ്പേരും കൂട്ടിച്ചേർത്തു വിക്തോറ്യൂഗൊ എന്നെഴുതിയാൽ ആളാരെന്ന് വായനക്കാർക്കു സംശയം തോന്നാനിടയുണ്ടെന്ന് ഞാൻ ആശങ്കിച്ചു. അതുകൊണ്ട് ഹ്യുഗൊവിനെ അനക്കിയില്ല. ഹാംറി ദ് റെഞ്ഞിയെയുടെ പേരും ഇങ്ങനെതന്നെ. കവിതകൾക്കു കൽപിക്കപ്പെട്ട അനുക്രമത്തിന്ന് കവികളുടെ ജീവിതകാലമാണ് അവലംബനം.

എന്റെ ജീവിതസായാഹ്നത്തിലെ ഈ സാഹിത്യ സംരംഭത്തിന് ധാർമ്മികസഹായം നല്കിയവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരും വേണ്ടപ്പെട്ടവരുമാണ്. പതിവിൻ പടി പേരെടുത്തു പറഞ്ഞുകൊണ്ടുള്ള ഒരു കൃതജ്ഞതാപ്രകടനം, അനാവശ്യം മാത്രമല്ല അനുചിതം കൂടിയാകുമാറ്, ഞങ്ങളുടെ സൗഹൃദം എല്ലാ ഔപചാരികതകൾക്കും അതീതമായിട്ടുള്ളതാണെന്നുമാത്രം പറഞ്ഞുകൊള്ളട്ടെ.

മംഗലാട്ട് രാഘവൻ

Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 19, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.