കഥാകഥനപാരമ്പര്യം നാടൻ കഥകളിലും നാടൻപാട്ടുകളിലും കാവ്യങ്ങളിലുമൊക്കെയായി നേരത്തെതന്നെ കേരളത്തിലും ഉണ്ടായിരുന്നെങ്കിലും പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനഫലമായിട്ടാണു് മലയാളത്തിൽ ‘ചെറുകഥ’ എന്ന സാഹിത്യരൂപം ഉരുവം കൊള്ളുന്നതു്. 19-ാം നൂറ്റാണ്ടിന്റെ ഒടുവുദശകങ്ങളിൽ മലയാളത്തിൽ ഈ സാഹിത്യരൂപം പിറന്നു. ആദ്യത്തെ മലയാളചെറുകഥ ഏതു് എന്നതിനെപ്പറ്റി സാഹിത്യചരിത്രകാരന്മാർ ഭിന്നാഭിപ്രായക്കാരാണു്. 1891-ൽ ‘വിദ്യാവിനോദിനി’ മാസികയിൽ വന്ന ‘വാസനാവികൃതി’ ആണു് മലയാളത്തിലെ ആദ്യ ചെറുകഥയെന്നു് ഭൂരിപക്ഷം സാഹിത്യചരിത്രകാരന്മാരും വിചാരിക്കുന്നു. കഥയുടെ കൂടെ കഥാകൃത്തിന്റെ പേരു് കൊടുത്തിരുന്നില്ല. അതെഴുതിയതു് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരാണു് (1861–1914) എന്നു് വിശ്വസിക്കപ്പെടുന്നു.
കുറ്റകൃത്യങ്ങളോ, അമളികളോ, അത്ഭുതങ്ങളോ, ഫലിതമോ ചിത്രീകരിക്കുക എന്നതാണു് ആദ്യകാലമലയാളകഥകളുടെ സ്വഭാവം. അക്കാലത്തെ സാമൂഹ്യപരിതഃസ്ഥിതികളുടെ ചെറിയചെറിയ മിന്നലാട്ടങ്ങൾ അങ്ങിങ്ങു് കാണാം. സ്ത്രീശരീരത്തിൽ ഭ്രമിക്കുന്നതുകൊണ്ടുള്ള ആപത്തു്, കള്ളന്മാരെ പിടിക്കുന്നതിലുള്ള രസം, അക്രമികൾക്കും അധർമ്മികൾക്കും വന്നുചേരുന്ന പരാജയം തുടങ്ങിയവ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ആ കഥകളിൽ അപൂർവ്വമായി അനാചാരവിമർശനം തല കാണിക്കുന്നുണ്ടു്. സാമൂഹ്യരാഷ്ട്രീയപ്രശ്നങ്ങളിലേക്കു് ഉണരുവാൻ മലയാളകഥയ്ക്കു് പിന്നെയും ചില ദശകങ്ങൾ വേണ്ടി വന്നു.
ഈ ഉണർവ്വിനൊപ്പമാണു്, കേരളത്തിൽ ആനുകാലികപ്രസിദ്ധീകരണങ്ങളും സാഹിത്യപാരായണവും സജീവമാകാൻ തുടങ്ങുന്നതു്. രാഷ്ട്രീയപ്രവർത്തനം കേരളീയസമൂഹത്തെ ഇളക്കിമറിക്കാൻ പോവുകയാണു്. മലബാറിൽ ബ്രിട്ടീഷ് ആധിപത്യത്തിനും തിരുവിതാംകൂർ–കൊച്ചി പ്രദേശങ്ങളിൽ രാജാധിപത്യത്തിനും എതിരായി ജനാഭിപ്രായം ശക്തിപ്പെട്ടു തുടങ്ങുന്ന കാലം. ജനാധിപത്യം, കമ്മ്യൂണിസം, സോഷ്യലിസം, മതേതരത്വം തുടങ്ങിയ ആധുനിക രാഷ്ട്രീയമൂല്യങ്ങൾ സമൂഹത്തിൽ സ്വാധീനം ചെലുത്തിത്തുടങ്ങുന്ന സന്ദർഭം. സമുദായപരിഷ്കരണപ്രസ്ഥാനങ്ങൾ ഏറ്റവും സജീവമായിരുന്ന ചരിത്രഘട്ടം. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ആദിരൂപമായ ‘ജീവൽസാഹിത്യസംഘം’ പ്രവർത്തിച്ചു തുടങ്ങുന്നേയുള്ളൂ.
സംസ്കൃതസാഹിത്യത്തിന്റെ സർവ്വാധിപത്യത്തിൽനിന്നു് മലയാളം തലയൂരാൻ തുടങ്ങുകയാണു്. മഹാകാവ്യം, ഖണ്ഡകാവ്യം, ആട്ടക്കഥ, കവിത, ശ്ലോകം തുടങ്ങിയവ മാത്രമല്ല സാഹിത്യമെന്നും കഥയും നോവലും ശ്രദ്ധേയമായ സാഹിത്യരൂപങ്ങളാണു് എന്നുമുള്ള ബോധം പരന്നുപിടിക്കുകയാണു്. ഇംഗ്ലീഷിന്റെ വഴിക്കുവന്നെത്തിയ ബ്രിട്ടീഷ്–ഫ്രഞ്ച്–റഷ്യൻ കൃതികൾ രൂപപരമായും ഭാവപരമായും മലയാള കഥാരചനയെ സ്വാധീനിക്കാൻ തുടങ്ങുന്ന സാഹചര്യം. പശ്ചാത്യസ്വാധീനം ജീവിതശൈലിയെയും സാഹിത്യമടക്കമുള്ള സാംസ്കാരികരൂപങ്ങളെയും സ്പർശിച്ചുതുടങ്ങുകയായിരുന്നു. ഫ്രഞ്ച് കവി വിക്തർ യൂഗോ (1802–1885)വിന്റെ ‘ലെ മിസറാബിലെ’ എന്ന നോവൽ ഇംഗ്ലീഷിൽ നിന്നു് മലയാളകവി നാലപ്പാട്ട് നാരായണമേനോൻ (1887–1954) ‘പാവങ്ങൾ’ എന്ന പേരിൽ പരിഭാഷപ്പെടുത്തി രണ്ടു് വാല്യമായി പ്രസിദ്ധീകരിച്ചതു് (1925) വളരെപ്പെട്ടെന്നു് മലയാള കഥാസാഹിത്യരചനാമണ്ഡലത്തിൽ വലിയ സ്വാധീനമായിത്തീർന്നു. ദരിദ്രരും കുറ്റവാളികളും അധഃസ്ഥിതരും ആയ പ്രാന്തസ്ഥാനീയർ സാഹിത്യത്തിൽ കേന്ദ്രസ്ഥാനത്തു് വരുന്നതിന്റെ ഉത്തമമാതൃക ആ കൃതി കേരളത്തിലെ എഴുത്തുകാർക്കും നിരൂപകർക്കും വായനക്കാർക്കും കാണിച്ചുകൊടുത്തു. ചെക്കോവ്, മോപ്പസാങ്ങ്, എമിലി, സോള തുടങ്ങിയ സാഹിത്യകാരന്മാരുടെ കൃതികൾ കേരളീയരുടെ രചനയെ ദിശതിരിച്ചു വിട്ടകാലം. സാധാരണക്കാരുടെ പ്രശ്നഭരിതമായ ജീവിതം പ്രമേയമാക്കുകയും അവരുടെ വാമൊഴിക്കു് ഇടം നൽകുകയും ജീവിതപ്രശ്നങ്ങളുടെ പരിഹാരത്തിന്നു വേണ്ടിയുള്ള പോരാട്ടത്തിനു ഉണർവ്വു് നൽകുകയും ചെയ്യുന്ന ഒന്നായി സാഹിത്യം രൂപാന്തരപ്പെടുകയായിരുന്നു. ‘സാഹിത്യക്ഷേത്രം’, ‘സരസ്വതീപ്രസാദം’, ‘അക്ഷരത്തിന്റെ ശ്രീകോവിൽ’ തുടങ്ങിയ ശൈലികൾ ലുപ്തപ്രചാരമാവാൻ തുടങ്ങുകയാണു്. സാഹിത്യത്തിന്റെ ഈ ജനാധിപത്യവൽക്കരണമാണു് കേരളീയസാഹിത്യത്തിൽ ‘നവോത്ഥാനകാലഘട്ടം’ എന്നറിയപ്പെടുന്നതു്. 1940-കളിൽ ആരംഭിക്കുന്ന ഈ കാലഘട്ടത്തിലെ പ്രധാനപ്പെട്ട കഥാകൃത്തുക്കളിൽ ഒരാളാണു് വൈക്കം മുഹമ്മദ് ബഷീർ.
അഞ്ചരപതിറ്റാണ്ടു് കാലം കൊണ്ടു് ബഷീർ എഴുതിയ നൂറോളം ചെറുകഥകൾ 13 പുസ്തകങ്ങളിലായി സമാഹരിക്കപ്പെട്ടിട്ടുണ്ടു്. ആദ്യകഥാസമാഹാരം ‘ജന്മദിനം’, 1945-ൽ പുറപ്പെട്ടു; അവസാനത്തേതു് ‘യാ ഇലാഹീ’! ബഷീറിന്റെ കാലശേഷം 1997-ലും.
അദ്ദേഹത്തിന്റെ ആദ്യത്തെ ചെറുകഥ എറണാകുളത്തുനിന്നു് പുറപ്പെടുന്ന ‘ജയകേസരി’ ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവന്ന ‘എന്റെ തങ്കം’ (1938) ആണു്. പുനഃപ്രകാശനങ്ങളിൽ ‘തങ്കം’ എന്നു് പേരുമാറ്റിയ ഈ കഥയിലെ നായിക ദരിദ്രയായ തൂപ്പുകാരിയാണു്. നായകനും കഥപറച്ചിലുകാരനുമായ ‘ഞാൻ’ ഒരു പിച്ചക്കാരനും. രണ്ടുപേരും രൂപസൗന്ദര്യമില്ലാത്തവർ. മഴകോരിച്ചൊരിയുന്ന ഒരു രാത്രിയിൽ പിച്ചതെണ്ടിച്ചെന്ന നായകനെ ഒരു സമ്പന്നഗൃഹത്തിലെ കൊച്ചെജമാനൻ ചവിട്ടിപ്പുറത്താക്കി. അന്നു് അയാൾക്കു് അഭയം കിട്ടിയതു് ദരിദ്രയായ ആ തൂപ്പുകാരിയുടെ ചെറ്റക്കുടിലിലാണു്. അവർ ഒരുമിച്ചു് ജീവിക്കുവാൻ തീരുമാനിച്ചു.
ഈ കൊച്ചുകഥ പിൽക്കാലത്തു് ബഷീറിൽ വികാസം പ്രാപിച്ച പല സവിശേഷതകളും മുകുളാവസ്ഥയിൽ കാണിച്ചുതരുന്നുണ്ടു്. ‘പ്രിയപ്പെട്ട കൊച്ചങ്ങുന്നേ, ഒരു കഥ പറയാം, കേൾക്കാൻ അപേക്ഷ’ എന്നു് പറഞ്ഞുകൊണ്ടാണു് തുടങ്ങുന്നതു്. സാമ്പ്രദായികരീതികളെ നിരാകരിക്കുന്ന തുടക്കം. അടുത്ത ഖണ്ഡിക കാമുകിയുടെ ശരീര വർണനയാണു്:
‘കവികളെല്ലാം ചുറ്റും നിന്നു് വെമ്പലോടെ വാഴ്ത്തത്തക്ക ആകാരസൗഷ്ഠവത്തിന്റെയും സൗന്ദര്യസമ്പത്തിന്റെയും സമ്മോഹനമായ ഒരു സമ്മേളനമാണു് എന്റെ തങ്കം എന്നു് നിങ്ങൾ വിശ്വസിച്ചുപോയിട്ടുണ്ടെങ്കിൽ അതൊരു വലിയ തെറ്റുതന്നെയാണു്. സൗന്ദര്യാരാധകന്മാരായ നമ്മുടെ കവികളാരും തന്നെ അവളെ കണ്ടുകാണുകയില്ല.’
‘എന്റെ തങ്കത്തിന്റെ നിറം തനി കറുപ്പാണു്. വെള്ളത്തിൽ മുക്കിയെടുത്ത ഒരു തീക്കൊള്ളി. കറുപ്പല്ലാതുള്ള ഭാഗങ്ങളായിട്ടു് കണ്ണിന്റെ വെള്ള മാത്രമേയുള്ളൂ. പല്ലും നഖങ്ങളും കൂടി കറുത്തതാണു്.’
കാമുകന്റെ ശരീരവർണന ഇങ്ങനെ പോകുന്നു:
‘സത്യം സത്യംപോലെ പറയുകയാണെങ്കിൽ എനിക്കു് രണ്ടു് കാലുമുണ്ടു്. പക്ഷേ, ഒന്നിനു് ഇത്ര നീളക്കൂടുതലാണു്. ഉണങ്ങിച്ചൊങ്ങിയ വേലി പത്തലുപോലെയാണു് ഇതിന്റെ സ്ഥിതി. മുളവടിയുടെ സഹായത്തോടെ നിരത്തിൽ കൂടി ആഞ്ഞുമുന്നോട്ടു നീങ്ങുന്ന ഞാൻ ഈ കാലു് നിലത്തിട്ടിഴച്ചുകൊണ്ടാണു് പോകുന്നതു്. കയറിട്ടു വലിച്ചതുപോലുള്ള ഒരടയാളം പൊടിമണ്ണുനിറഞ്ഞ നിരത്തിൽ കണ്ടാൽ അതിന്റെ ഒരറ്റത്തു് എന്നെക്കാണാം. ചാക്കിൽ പൊതിഞ്ഞു് പുറത്തു് തൂക്കിയിട്ടിരിക്കുന്ന ചക്കപ്പൊതിപോലെ ഒരു കൂനുമുണ്ടു് എനിക്കു്. എന്റെ ശിരോഭാഗമാണെങ്കിൽ തനി മത്തങ്ങയാണു്. മോട്ടോർ ടയറിന്റെ തുണ്ടുപോലുള്ള രണ്ടു ചുണ്ടുമുണ്ടെനിക്കു്, അലങ്കാരമായിട്ടു്. അതിന്റെ ഒരു കോണിൽ ഒരു ബീഡിത്തുണ്ടു് എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കും…’
പാരമ്പര്യസാഹിത്യരീതിയിലെ സൗന്ദര്യസങ്കൽപങ്ങളെയും രൂപവർണനകളെയും പരിഹസിക്കുന്ന ഒരംശം കൂടി ഇതിലുണ്ടു്.
1938-ൽ തന്നെ എഴുതിയ കഥയാണു് പിൽക്കാലത്തു് പ്രസിദ്ധമായിത്തീർന്ന ‘അമ്മ’. അനുഭവങ്ങൾ വികാരതീവ്രമായി ചിത്രീകരിക്കുന്ന ആ കഥനരീതി മൂപ്പെത്തിയ രൂപത്തിൽ തന്നെ ഈ രചനയിൽ കാണാം. തന്റെ നാട്ടിലെ വൈക്കം സത്യാഗ്രഹവും അവിടേയ്ക്കുള്ള ഗാന്ധി യുടെ വരവും സ്വാതന്ത്ര്യസമരത്തിലുള്ള തന്റെ പങ്കാളിത്തവും ജയിൽവാസവും ഒക്കെയാണു് പ്രമേയം. ഇതിന്റെയെല്ലാം ഇടയിൽ വ്യസനം ഉള്ളിലടക്കി തന്നെ കാത്തിരിക്കുന്ന സ്നേഹമയിയും ക്ഷമാമൂർത്തിയുമായ ഉമ്മ.
അതു് ബഷീറിന്റെ ഉമ്മ എന്ന പോലെ, സ്വാതന്ത്ര്യപോരാളികളെ കാത്തിരിക്കുന്ന ഇന്ത്യയിലെ ഏതു ഗ്രാമത്തിലെ ഏതു അമ്മയുമാവാം; ഭാരതമാതാവു തന്നെയാവാം.
ഈ മട്ടിൽ കഥാപാത്രങ്ങൾക്കു് പ്രതീകമായി വളരാനുള്ള സാധ്യത ഇദ്ദേഹത്തിന്റെ മിക്ക കഥകളിലും ഉണ്ടു്. ‘ടൈഗർ’ എന്ന കഥ ഇപ്പറഞ്ഞതിന്നു് മറ്റൊരു ഉദാഹരണമാണു്. പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറും പോലീസുകാരും അരുമയായി വളർത്തുന്ന കറുത്ത നായയാണു് ടൈഗർ. ലോക്കപ്പിൽ കിടക്കുന്ന തടവുപുള്ളികൾക്കു് കിട്ടേണ്ട ഭക്ഷണം കഴിച്ചു് തടിച്ചു കൊഴുത്ത അതിനെ ഒരിക്കൽ അവർ ഉപദ്രവിച്ചു. പോലീസുകാർ എത്ര മർദ്ദിച്ചിട്ടും ആരൊക്കെയാണു് ഉപദ്രവിച്ചതു് എന്നു് വെളിപ്പെടുത്തുവാൻ സ്വാതന്ത്ര്യപ്പോരാളികളും കുറ്റവാളികളും അടങ്ങുന്ന ആ തടവുകാരുടെ സംഘം തയ്യാറായില്ല. കൂടുതൽ മർദ്ദനമേറ്റ ഒരു കള്ളൻപോലും ആ രഹസ്യം സൂക്ഷിച്ചു. അയാളുടെ കാൽപടത്തിൽ നിന്നു് ചോരുന്ന ചോര ടൈഗർ നക്കിക്കുടിക്കുന്നേടത്താണു് കഥ അവസാനിക്കുന്നതു്. ക്രൂരനായ സബ് ഇൻസ്പെക്ടറുടെയും അതുവഴി ഗവണ്മെന്റിന്റെയും പ്രതിരൂപമായിത്തീരുന്നുണ്ടു് ആ നായ. അധികാരികളുടെ അക്രമത്തെ ആത്മബലംകൊണ്ടു് പ്രതിരോധിക്കുന്ന നിസ്സഹായരുടെ രൂപം ആഴത്തിൽ ചിത്രീകരിക്കുന്ന കഥകളിലൊന്നാണു് ‘ടൈഗർ.’
ഇപ്പറഞ്ഞ ഉദാഹരണങ്ങളിൽ സൂചിതമാവുന്നതുപോലെ, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കഷ്ടനഷ്ടങ്ങളുടെ സങ്കടവും ഏതു് നരകം അനുഭവിച്ചും അടിമത്തത്തെ ചെറുക്കുവാനുള്ള ഇന്ത്യൻ ജനതയുടെ ആത്മശക്തിയും ആണു് ബഷീറിന്റെ മികച്ച ചെറുകഥകൾക്കു് പ്രമേയമൊരുക്കുന്നതു്.
‘ഒരു ജയിൽപുള്ളിയുടെ ചിത്രം’ എന്ന കഥയിൽ സമൃദ്ധമായ ചുരുളൻ മുടിയും പുഞ്ചിരിതൂകുന്ന വലിയ കണ്ണുകളും ഉള്ള പ്രസരിപ്പോടുകൂടിയ സുമുഖനായ തടവുകാരന്റെ ചിത്രം കണ്ടു് കന്യാസ്ത്രീമഠത്തിൽ പഠിക്കുന്ന മറിയാമ്മയ്ക്കു് പ്രണയം ഉദിക്കുന്നു. ആ രൂപത്തെ എന്നതിലധികം അയാളുടെ അമ്മച്ചി പറഞ്ഞുകേട്ട കഥകളിൽ നിന്നു് ഉയർന്നുവന്ന വീരനായകനെയാണു് അവൾ പ്രേമിച്ചതു്. അവർ തമ്മിലുള്ള കത്തിടപാടുകളിലൂടെ ആ ബന്ധം മുറുകുകയാണു്. ഒരിക്കലും തമ്മിൽ കണ്ടിട്ടില്ലാത്ത രണ്ടുപേർ തമ്മിലുള്ള പ്രണയം! ജോസഫിന്റെ കത്തുകളിൽനിന്നാണു് അസ്വാതന്ത്ര്യത്തിന്റെ ദുരിതാനുഭവങ്ങളും സ്വാതന്ത്ര്യപ്പോരാളികളുടെ ത്യാഗവും അവൾ അറിഞ്ഞതു്. സ്വാതന്ത്ര്യസമരത്തിന്റെ അഗ്നികൊണ്ടെഴുതപ്പെട്ട ഈ ചിത്രം സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും രേഖയായി പരിണമിക്കുന്നു. ജോസഫിന്റെ കത്തു് സമാപിക്കുന്നു:
“…സഹോദരീ, നിങ്ങളെന്നെ മറന്നു കളയുക. വല്ലപ്പോഴും നിങ്ങളെന്റെ വീട്ടിൽ പോകയാണെങ്കിൽ എന്റെ അമ്മച്ചിയോടും അപ്പച്ചനോടും പറയണം, അവിടെ ആ ഇരിക്കുന്ന എന്റെ ചിത്രം നശിപ്പിച്ചുകളയാൻ. നിങ്ങൾ എനിക്കുവേണ്ടി എന്തെങ്കിലും ഒരു—എന്തെങ്കിലും പറയുക. ഈ സത്യം അറിയിക്കരുതു്. എന്റെ തലമുടി അധികവും കൊഴിഞ്ഞുപോയിരിക്കുന്നു. ബാക്കിയുള്ളതു് നരച്ചും. എനിക്കു് രണ്ടു് കണ്ണുകൾ ഉണ്ടായിരുന്നു. ഇപ്പോൾ വലത്തേതു മാത്രമേയുള്ളു. ചുവന്നു തുറിച്ചു് രക്തനക്ഷത്രം പോലെ…
‘മംഗളാശംസകളോടെ’
‘നിങ്ങളുടെ ജയിൽപുള്ളി നമ്പർ 1051’
ഒരു കണ്ണു് എങ്ങനെ പോയി? ക്ഷീണിച്ചു നരക്കാൻ കാരണം?
ഹൃദയവേദനയോടെ മറിയാമ്മ ജോസഫിനു മറുപടി അയച്ചു. ഒന്നും ചോദിച്ചില്ല: ‘ഞാൻ അങ്ങേക്കു വേണ്ടി കാത്തിരിക്കും—വേണ്ടി വന്നാൽ മരണം വരെ’ എന്നുമാത്രം എഴുതി അയച്ചു.
‘പോലീസുകാരന്റെ മകൾ’ എന്ന കഥയിൽ സ്വാതന്ത്ര്യസമരക്കാരനായ ജഗദീശൻ പോലീസിനെ പേടിച്ചോടുന്ന കൂട്ടത്തിൽ യാദൃച്ഛികമായി പോലീസുകാരന്റെ വീട്ടിൽ എത്തിപ്പെടുകയാണു്. പോലീസുകാരന്റെ മകൾ ഭാർഗവി അയാൾക്കു് അഭയം കൊടുത്തു. ആ രാഷ്ട്രീയക്കാരന്റെ ത്യാഗത്തോടു് അവൾക്കു് വലിയ മതിപ്പു തോന്നി. മറ്റൊരിക്കൽ അവളെ കാണാനെത്തിയ ജഗദീശനെ അവളുടെ അച്ഛൻ പിടികൂടി. അയാൾക്കു് ഇനാം കിട്ടി, പ്രമോഷൻ കിട്ടി, അയാൾ വേറെ കല്യാണവും കഴിച്ചു. ശിക്ഷ കഴിഞ്ഞിറങ്ങിയ ജഗദീശൻ ഭാർഗവിയെ കല്യാണം കഴിക്കുകയാണു്.
കൊല്ലം കസബാ പോലീസ് സ്റ്റേഷൻ ലോക്കപ്പിൽ കിടന്നു് എഴുതിയ ‘കൈവിലങ്ങു്’ എന്ന കഥയിലും ഈ തരത്തിൽ സ്വാതന്ത്ര്യപ്പോരാളികളുടെ ദുരിതാനുഭവങ്ങൾ കാണാം. സ്വാതന്ത്ര്യസമരത്തിന്റെ വിവിധ മുഖങ്ങൾ ആവിഷ്ക്കരിക്കുന്ന ബഷീർ കഥകൾ പലതുണ്ടു്. അത്തരം രചനകൾ സമാഹരിച്ചു് ചെറിയൊരു പുസ്തകം തന്നെ ഇറങ്ങുകയുണ്ടായി (സ്വാതന്ത്ര്യസമരകഥകൾ, ഡി സി ബുക്സ്, കോട്ടയം: 1998).
ബഷീറിന്റെ ദുരിതം നിറഞ്ഞ ജീവിതാനുഭവങ്ങൾ ‘ജന്മദിനം’ എന്ന കഥയിൽ കാണാം. ഒരു പിറന്നാളിന്നു് പട്ടിണി കിടക്കേണ്ടി വന്നതിന്റെയും രാത്രി ഒരു സുഹൃത്തിന്റെ അടുക്കളയിൽ കയറി ഭക്ഷണം കട്ടുതിന്നതിന്റെയും അനുഭവം നർമ്മം കലർത്തി വിവരിച്ചിരിക്കുകയാണു്. ദുരിതങ്ങളെ പ്രസാദമധുരമായി ആവിഷ്ക്കരിക്കുന്ന ഈ കഥയിലെ യഥാർത്ഥ പ്രമേയം മനുഷ്യാസ്തിത്വത്തിന്റെ വ്യഥ തന്നെയാണു്.
നർമ്മത്തിന്റെ പേരിൽ പ്രശസ്തമായിത്തീർന്ന ‘പൂവൻപഴ’ത്തിൽ ഭാര്യ ജമീലാബീബിയുടെ നിർബന്ധത്തിനുവഴങ്ങി രാത്രി പൂവൻപഴം വാങ്ങാൻ പോയ ഭർത്താവു് അബ്ദുൽഖാദർ അനവധി കഷ്ടപ്പാടുകൾ സഹിച്ചു് അന്വേഷിച്ചിട്ടും പൂവൻപഴം കിട്ടാതെ മടങ്ങുകയാണു്. പിന്നെ പകരം കിട്ടിയ ഓറഞ്ച് വാങ്ങിക്കൊണ്ടു വന്നതും പിണങ്ങിയ ഭാര്യയെക്കൊണ്ടു് പൂവൻപഴമാണു് എന്നു് പറയിച്ചു് ഓറഞ്ച് തീറ്റിക്കുന്നതുമാണു് ‘സംഭവം’. സ്ത്രീകളുടെ പൊങ്ങച്ചവും കുടുംബജീവിതത്തിലെ പ്രാരബ്ധങ്ങളും സ്ത്രീപുരുഷ ബന്ധത്തിലെ നൂലാമാലകളും നർമ്മമധുരമായി ഇതിൽ ചിത്രീകരിച്ചിട്ടുണ്ടു്. താൻ പ്രസവിക്കുമ്പോഴും ഡോക്ടർ വരണം എന്നു് പറഞ്ഞു് കരഞ്ഞു് ഡോക്ടറെ വരുത്തിയ നിരക്ഷരയായ ഒരു പെണ്ണിന്റെ പൊങ്ങച്ചമാണു് ‘ഐഷുക്കുട്ടി’യുടെ ഇതിവൃത്തം. സ്വന്തം പ്രണയാനുഭവത്തിലെ നുറുങ്ങുകളാണു് ‘ഹുന്ത്രാപ്പിബുസ്സാട്ടോ’വിൽ തമാശയായിത്തീരുന്നതു്.
ഭ്രമകൽപ്പനകളെ യാഥാർഥ്യം പോലെ അവതരിപ്പിക്കുന്ന അപൂർവ്വമായ രീതി ബഷീറിന്റെ ചെറുകഥകളിൽ കാണാം. ‘ഫാന്റസി’ എന്നു് സാധാരണ നിലയ്ക്കു് പറയാവുന്ന അനുഭവങ്ങൾ നടന്ന കാര്യമായി അവതരിപ്പിക്കുകയാണദ്ദേഹം. ‘ഈ കഥ ജീവിതത്തിലെ അത്ഭുതസംഗതികളിൽ ഒന്നാണു്’ എന്നു് സാക്ഷ്യപ്പെടുത്തിക്കൊണ്ടു് ആരംഭിക്കുന്ന ‘നീലവെളിച്ചം’ എന്ന കഥ നോക്കൂ: പ്രേതബാധയുള്ളതായി വിശ്വസിക്കപ്പെടുന്ന ‘ഭാർഗ്ഗവീനിലയം’ എന്ന ഒഴിഞ്ഞ ബംഗ്ലാവിൽ കഥയെഴുതാൻ വേണ്ടി ഒറ്റയ്ക്കു താമസിക്കുകയാണു് ബഷീർ. ദുർമരണം സംഭവിച്ച ഒരു യുവതിയുടെ പ്രേതം അവിടെ കുടിപാർക്കുന്നു എന്നാണു് വിശ്വാസം. ആ പ്രേതവുമായി ബഷീർ ലോഹ്യത്തിലായി. എന്നു പറഞ്ഞാൽ അവളോടു് സംസാരിച്ചും കഥ പറഞ്ഞും അവൾക്കു് പാട്ടുകേൾപ്പിച്ചുകൊടുത്തും ഒക്കെയങ്ങനെ കഴിഞ്ഞു പോകുന്നു. ഒരു ദിവസം എഴുതിക്കൊണ്ടിരിക്കുമ്പോൾ മണ്ണെണ്ണ തീർന്നു് വിളക്കു് കെട്ടു. മുറി പൂട്ടി പുറത്തിറങ്ങി മണ്ണെണ്ണയുമായി തിരിച്ചു വന്നു് മുറി തുറന്നു നോക്കുമ്പോൾ കണ്ട അത്ഭുതം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
‘വെള്ളച്ചുമരുകളും മുറിയും നീല വെളിച്ചത്തിൽ മുങ്ങിനിൽക്കുന്നു!… വെളിച്ചം വിളക്കിൽ നിന്നു്… രണ്ടിഞ്ച് നീളത്തിൽ ഒരു വെള്ളത്തീനാളം… ഞാൻ അത്ഭുതസ്തബ്ധനായി അങ്ങനെ നിന്നു: മണ്ണെണ്ണയില്ലാതെ അണഞ്ഞുപോയ വിളക്കു്, എങ്ങനെ, ആരാൽ കൊളുത്തപ്പെട്ടു?… ഭാർഗവീനിലയത്തിൽ ഈ നീലവെളിച്ചം എവിടെനിന്നുണ്ടായി?…’
‘പൂനിലാവിൽ’ എന്ന കഥ, സഞ്ചാരങ്ങൾക്കിടയിൽ നിലാവുനിറഞ്ഞ പാതിരയിൽ സ്ത്രീ എന്നു കരുതി ആലിംഗനം ചെയ്ത അസ്ഥിപഞ്ജരം ഞെരിഞ്ഞു് കുമ്മായംപോലെ പൊടിഞ്ഞു് ധൂളിയായി ലോകം മുഴുവൻ വ്യാപിക്കുന്നതായും പിന്നീടവയെല്ലാം പൂനിലാവിൽ പറ്റിച്ചേർന്നു വെണ്മയോടെ ചേരുന്നതായും ചിത്രീകരിക്കുന്നു.
യൗവ്വനകാലത്തു് ഒരിക്കൽ കടൽതീരത്തു് ഒറ്റക്കിരിക്കുമ്പോൾ പരിപൂർണനഗ്നയും പരമസുന്ദരിയുമായ ഒരു വെളുത്ത സ്ത്രീ തന്റെ മുമ്പിൽനിന്നു് കുളിക്കുന്നതും ദേഷ്യപ്പെട്ടപ്പോൾ ശൃംഗാരഭാവത്തിൽ തന്നെ നോക്കുന്നതും പിന്നെ പെട്ടെന്നു് അപ്രത്യക്ഷയാവുന്നതുമായ ‘അനുഭവ’ത്തിന്റെ ചിത്രീകരണമാണു് ‘നിലാവു കാണുമ്പോൾ’.
‘നിലാവു നിറഞ്ഞ പെരുവഴിയിൽ’ എന്ന കഥ മറ്റൊരു അത്ഭുതമാണു്. ബഷീർ പാതിരക്കു് പോലീസിനെ പേടിച്ചോടുകയാണു്. ഇതിനിടയിൽ ഒരു ക്ഷേത്രത്തിനു സമീപം ഒരു യുവാവു് കിടന്നുരുളുന്നതു കണ്ടു. അടുത്തു് ചെന്നു് നോക്കിയപ്പോൾ ഒരു കാളയായി ആ കോലം രൂപാന്തരപ്പെട്ടു!
നിലാവും പാതിരയും ഇരുളും വെളിച്ചവും ഭയവും സ്നേഹവും മിഥ്യയും യാഥാർത്ഥ്യവും അവ്യാഖ്യേയമായ ഏതോ പാകത്തിൽ ഇടകലരുന്ന ഈ കഥകൾ പല മട്ടിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടു്. യക്ഷി, ഭൂതം, പ്രേതം, പിശാചു് തുടങ്ങിയവയിൽ ബഷീറിനുള്ള വിശ്വാസം അദ്ദേഹത്തിന്റെ ഭ്രാന്തുമായി ബന്ധപ്പെട്ടതാണു് എന്നു് ലളിതമായി ഇവയെ മനസ്സിലാക്കുന്നവരുണ്ടു്. ഇവയെല്ലാം വെളിച്ചത്തിന്റെ രൂപഭേദങ്ങളെ കൊണ്ടാടുന്ന മനസ്സിന്റെ കാൽപ്പനികമിഥ്യകളാവാം. ‘നീലവെളിച്ച’ത്തിലെ ആരും കൊളുത്താത്ത വിളക്കു് ദൈവികസ്നേഹത്തിന്റെ പ്രതിബിംബമാവാം. ജീവിതത്തിന്റെ വിളക്കു് എരിയുന്നതു് പുറമെനിന്നു് വരുന്ന എണ്ണകൊണ്ടല്ലെന്നും ഉള്ളിൽനിന്നു് വരുന്ന സ്നേഹബുദ്ധിയുടെയും ത്യാഗബോധത്തിന്റെയും എണ്ണകൊണ്ടാണെന്നും ബഷീർ അറിഞ്ഞിരിക്കാം. ബഷീർ വെളിച്ചത്തിനുവേണ്ടി കത്തിച്ചുപിടിച്ചതു് സ്വന്തം ജീവിതം തന്നെയാണു്.
സാമൂഹ്യവിമർശനത്തിനു് പരിഹാസം ആയുധമാക്കുന്നവയാണു് ബഷീർക്കഥകളിൽ നല്ലൊരു ഭാഗം. യുദ്ധം അവസാനിക്കണമെങ്കിൽ എല്ലാവർക്കും വരട്ടുചൊറി വരണം എന്നു് സിദ്ധാന്തിക്കുന്ന ‘യുദ്ധം അവസാനിക്കണമെങ്കിൽ’ എന്ന കഥ ഉദാഹരണം.
അനുഭവമാണു് ബഷീർക്കഥകളുടെ അസംസ്കൃതവസ്തു. ഏതു് പ്രമേയം ആവിഷ്കരിക്കുമ്പോഴും വായനക്കാരുടെ വൈകാരികാനുഭവമായി മാറുക എന്നതാണു് അവയുടെ സ്വഭാവം. ഒറ്റപ്പെട്ട വ്യക്തികളെയാണു് സാമാന്യമായി ഈ കഥകൾ ചിത്രീകരിക്കുന്നതു്. ആ വ്യക്തികൾ ഉള്ളിന്റെ ഉള്ളിൽ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും കുടുംബത്തിന്റെയും മുറിവുകൾ പേറുന്നവരാണു്. സമൂഹത്തിൽനിന്നു് വ്യക്തിയിലേക്കു് എന്നതല്ല, വ്യക്തിയിൽനിന്നു് സമൂഹത്തിലേക്കു് എന്നതാണു് അവയുടെ ദിശ.
മലയാളത്തിലെ എക്കാലത്തെയും മഹത്തായ ചെറുകഥകളിൽ ചിലതു് എഴുതിയതു് ബഷീറാണു്. കുറച്ചു പേജിൽ വർത്തമാനകാലജീവിത സാഹചര്യങ്ങൾ സ്വന്തമായ ഒരു ദർശനത്തോടുകൂടി അടയാളപ്പെടുത്തിയ ആ കഥകൾ ചെറുകഥ എന്ന സാഹിത്യരൂപം കേരളത്തിൽ വിപുലപ്രചാരം നേടുന്നതിനു് വളരെ സഹായിച്ചിട്ടുണ്ടു്.
മലയാള ചെറുകഥയുടെ രൂപവും ഭാവവും മാറ്റിത്തീർക്കുന്നതിൽ ഈ കഥകൾ നൽകിയ സംഭാവന വലുതാണു്. സ്വാതന്ത്ര്യസമരംപോലെ ഉദാത്തമായ ജീവിതാനുഭവങ്ങളുടെ കഥയും (അമ്മ) പെൺകിടാവിന്റെ കീഴ്‌വായു പോകുന്ന കൂട്ടത്തിൽ പ്രണയത്തിന്റെ കാറ്റ് പോകുന്ന കഥയും (ഭർർർറ്!) അദ്ദേഹം ഒരുപോലെ എഴുതും! ‘കഥ’യുള്ള കഥകളെയും ആദ്യമധ്യാന്തപ്പൊരുത്തമുള്ള കഥകളെയും കൊണ്ടാടിയ സാഹിത്യപാരമ്പര്യത്തിന്റെ വിധിവിലക്കുകളെ ലംഘിക്കുന്ന അനൗപചാരികവും അനലംകൃതവും ആയ ഈ കഥാലോകം നിർമ്മിക്കുന്നതു്, സാമൂഹ്യജീവിതത്തിന്റെ അരികിലും മൂലയിലും കിടക്കുന്ന ദരിദ്രരും അധഃസ്ഥിതരും കള്ളന്മാരും തടവുപുള്ളികളും ലൈംഗികത്തൊഴിലാളികളും ദുഃഖിതരും അസംഘടിതരും ആയ മനുഷ്യജീവികളാണു്.
മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അധ്യാപകനായി. കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോട് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.
പുസ്തകങ്ങൾ: പുലിക്കോട്ടിൽകൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.
ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.