നിയമാനുസാരിയായതിന്റെ നിഷേധം സംസ്കാരത്തെ തകർക്കും. ആ തകർച്ചയുണ്ടാകുമ്പോൾ ജനങ്ങളാകെ തകരും. ജനാധിപത്യം ഉന്നതമൂല്യമുള്ളതാണു്. സ്വേച്ഛാധിപത്യം മൂല്യരഹിതവും. ജനാധിപത്യം എല്ലാരാജ്യങ്ങളിലും തകർക്കപ്പെടുന്നു. സാഹിത്യം കല ഇവയിലും നിഷേധങ്ങൾ ദർശിക്കാം. 1. നോവൽ: ഇതിവൃത്തമില്ല, നായകനില്ല, സംഭവങ്ങളില്ല: ഉള്ള സംഭവങ്ങൾക്ക് അന്യോന്യബന്ധമില്ല. 2. കവിത: ഛന്ദസ്സില്ല, പ്രാസമില്ല, ലയമില്ല സാർത്ഥകമായ പദസന്നിവേശക്രമമില്ല. 3. കഥ: ജിവിതപ്രതിഫലനമില്ല. സത്യാത്മകതയില്ല. സംഭവനിവേശമില്ല, പ്രമേയമില്ല, അർത്ഥമില്ല, പരിമാണമില്ല. (മൂന്നുവാക്കിൽ കഥയെഴുതാം. അഞ്ചുവാക്യത്തിൽ നോവലെഴുതാം.) 4. ചിത്രകല: മനുഷ്യനെ വരയ്ക്കുമ്പോൾ അവന്റെ രൂപമില്ല. സൗന്ദര്യമില്ല. 5. തത്വചിന്ത: അദ്ധ്യാത്മവിദ്യയില്ല. 6. സംഗീതം: ശ്രവണസുഖമില്ല, ലയമില്ല. ഈ നിഷേധങ്ങളൊക്കെ കണ്ടുകണ്ടു് നമുക്ക് ഒരു പ്രതികരണവുമില്ലാതെയായിത്തീർന്നിരിക്കുന്നു. വിമാനം റാഞ്ചിക്കൊണ്ടുപോയി എന്നു കേൾക്കുമ്പോൾ നമ്മൾ മുൻപു് ഞെട്ടിയിരുന്നു. ഇന്നു് ഞെട്ടലില്ലെന്നു മാത്രമല്ല, ആ വാർത്ത നമ്മൾ വായിക്കാൻ കൂട്ടാക്കുന്നതുമില്ല.

അന്യർക്കു സത്യമായി തോന്നുന്നതു് എനിക്കു പലപ്പോഴും മിഥ്യയായി അനുഭവപ്പെടുന്നു. അന്യർക്കു ഭാവനയായി തോന്നുന്നതു് എനിക്കു പലപ്പോഴും മിഥ്യാഭാവനയായി തോന്നുന്നു. പക്ഷേ, ഇതിനൊരു മാറ്റം വന്നിരിക്കുന്നു ഇപ്പോൾ. എല്ലാവർക്കും സത്യമായും ഭാവനയായും അനുഭവപ്പെടുന്നതു് എനിക്കും സത്യംതന്നെ: ഭാവനതന്നെ. ടി. പത്മനാഭൻ കലാകൗമുദി ഓണപ്പതിപ്പിൽ എഴുതിയ ‘വീടു നഷ്ടപ്പെടുന്നവർ’ എന്ന ചെറുകഥ സഹൃദയമുള്ളവർക്കെല്ലാം സത്യാത്മകമായും ഭാവനാത്മകമായും തോന്നും. എനിക്കും അങ്ങനെതന്നെ. നമ്മുടെ കേരളത്തിൽ ആർടിസ്റ്റുകൾ വിരളം. ആർടിസ്റ്റുകളായി ഭാവിക്കുന്ന ബാർബേറിയൻസ് വളരെക്കൂടുതൽ. വൈരള ്യമുള്ള ആർടിസ്റ്റുകളിൽ ശോഭയാർന്നു വിരാജിക്കുന്ന നക്ഷത്രമാണു് ടി. പത്മനാഭനെന്നു് ഇക്കഥ വായിച്ചപ്പോൾ എനിക്കു തോന്നി.
സാഹിത്യവാരഫലമെഴുതി ശത്രുക്കളെ ഏറെ സമ്പാദിച്ചതുകൊണ്ടു് ഞാൻ റിക്ലൂസായി—ഏകാന്തജീവിതം നയിക്കുന്നവനായി—കഴിയുകയാണു്. സർഗ്ഗാത്മകത്വത്തിൽ വ്യാപരിക്കാത്ത സഹൃദയർ മാത്രമേ എന്നോടു വിദ്വേഷം പുലർത്താത്തവരായുള്ളൂ. ഞാൻ ഒരു പൊതുസ്ഥാപനത്തിലിരിക്കുകയായിരുന്നു. സർവ്വകലാശാലയിൽ നടക്കുന്ന ഒരു പ്രഭാഷണപരമ്പരയ്ക്കുള്ള ഒരുകെട്ടു് എഴുത്തുമായി അവിടെയെത്തിയ ഒരു മാന്യൻ കള്ളക്കടത്തു സാധനം കൈമാറുന്നതുപോലെ ഒരു ക്ഷണക്കത്തു പൊതുസ്ഥാപനത്തിലെ അധികാരിക്കു നല്കിയിട്ടു് എന്നെ നോക്കുകപോലും ചെയ്യാതെ ഇരുന്നു. ആ അധികാരിക്ക് സാഹിത്യവുമായി, അധ്യാപനവുമായി ബന്ധമില്ല. അദ്ദേഹത്തെ ക്ഷണിക്കുന്നു. രണ്ടിനോടും ബന്ധമുള്ള എന്നെ ക്ഷണിക്കാതെ അപമാനിക്കുന്നു. വായനക്കാരോടുള്ള മാപ്പു ചോദിച്ചുകൊണ്ടു് അല്പം ആത്മപ്രശംസ നടത്തട്ടെ. സാഹിത്യത്തിൽ ഞാൻ ആരുമല്ലന്നിരിക്കട്ടെ. അധ്യാപനത്തിൽ അങ്ങനെയല്ല. ഞാൻ പഠിപ്പിച്ച ക്ലാസ്സുകളിൽ പട്ടണത്തിലെ മറ്റു കോളേജുകളിൽ പഠിച്ചിരുന്ന കുട്ടികൾ പതിവായി വന്നിരിക്കാറുണ്ടായിരുന്നു. ക്ലാസിൽ ഇരിക്കാൻ സ്ഥലമില്ലാതെയാവുമ്പോൾ കുട്ടികൾ വാതിലുകളിലും ജനലുകളിലും തിങ്ങിക്കൂടി നില്ക്കും. ആ രീതിയിലുള്ള അധ്യാപകനായ എന്നെയാണു് അദ്ധ്യാപനത്തോടു ബന്ധപ്പെട്ട മാന്യൻ അപമാനിച്ചതു്. ഞാൻ ഏകാന്തജീവിതം നയിക്കുന്നവനാണെങ്കിലും അതൊരു നല്ല ജീവിതമാണെന്നു് എനിക്കഭിപ്രായമില്ല. അന്യരോടു സമ്പർക്കം പുലർത്തുകയും അങ്ങനെ ആഹ്ലാദിക്കുകയും ചെയ്യുമ്പോഴാണു് വ്യക്തിക്ക് വളർച്ചയുണ്ടാകുന്നതു്. ഇംഗ്ലീഷിൽ ‘ഇൻറ്ററാക്ഷൻ’ എന്നു പറയുന്ന പരസ്പരപ്രവർത്തനമാണു് വളർച്ചയ്ക്കു ഹേതു. ദാമ്പത്യജീവിതത്തെസംബന്ധിച്ചും ഇതാണു ശരി. ഇൻറ്ററാക്ഷനില്ലാത്ത ഒരു ദാമ്പത്യജീവിതത്തിന്റെ ദുരന്തം ചിത്രീകരിക്കുകയാണു് ടി. പത്മനാഭൻ. ഭർത്താവു് പരസ്ത്രീഗമനലോലുപൻ. ഭാര്യ അതു മനസ്സിലാക്കി വിഷാദമൂകയായി ഇരിക്കുന്നു. അവരുടെ രണ്ടു മക്കൾക്കും വിഷാദം. ഭർത്താവിന്റെ സ്നേഹരാഹിത്യം മൂർദ്ധന്യാവസ്ഥയിലെത്തുമ്പോൾ ഭാര്യ തകർന്നടിയുന്നു. അവൾക്ക് ഉന്മാദം. വായനക്കാരെ പ്രകമ്പനം കൊള്ളിക്കുന്ന ഈ ട്രാജഡിയെ ന്യൂനോക്തിയിലൂടെ പത്മനാഭൻ ചിത്രീകരിക്കുന്നതിന്റെ ചാരുത കാണണമെങ്കിൽ കഥതന്നെ വായിക്കണം.
ശക്തി രണ്ടുതരത്തിലാണു്. ഒന്നു് കേന്ദ്രത്തെ അന്വേഷിക്കുന്നതു് (centripetal) രണ്ടു്: കേന്ദ്രത്തിൽനിന്നു് പലായനം ചെയ്യുന്നതു് (centrifugal)ഓരോ കഥാപാത്രത്തിന്റെയും അന്തരംഗസ്ഥിതമായ കേന്ദ്രത്തിൽനിന്നു് ബഹിർഗമിക്കുന്ന ശക്തികളെ അനായാസമായി ചിത്രീകരിച്ചു് പത്മനാഭൻ വിശ്വസിക്കാവുന്ന—കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. കലാകൗമുദിയിലെ ഈ കഥ മലയാളക്കഥയുടെ ശക്തിയും മനോഹാരിതയും എനിക്ക് അനുഭവപ്പെടുത്തിത്തന്നിരിക്കുന്നു.

ദാമ്പത്യജീവിതത്തിന്റെ സങ്കീർണ്ണതകളെ ചിത്രീകരിക്കുന്നതിൽ ജോൺ അപ്ഡൈക്ക് എന്ന നോവലിസ്റ്റ് വിദദ്ധനാണു്. കിളിയെ കൂട്ടിലിട്ടിരിക്കുന്നതുപോലെ ഭാര്യയെ കൂട്ടിലിട്ടിരിക്കുകയാണു് ഭർത്താവു്. തന്റെ ബന്ധനത്തിൽ അവൾ ദുഃഖിച്ചാൽ ഭർത്താവു് എന്തു പറയുമെന്നോ? “കൂട്ടിന്റെ വാതിൽ തുറന്നിരിക്കുകയാണു്” എന്നു്. ഇതുവരെ അപ്ഡൈക്കിന്റെ മതം. അതു കേട്ടാലുടനെ വാതിലിലൂടെ ചിറകുവിരിച്ചു പറന്നുപോകാൻ ഏതൊരുത്തിക്കു കഴിയുമോ അവളാണു് യഥാർത്ഥത്തിൽ സ്ത്രീ. ഇബ്സന്റെ നോറ പോയതുപോലെ പോകണം. അവൾ വാതിൽ വലിച്ചടച്ച ശബ്ദം കേട്ടു് യൂറോപ്പാകെ ഞെട്ടിയില്ലേ? അതുപോലെ ഞെട്ടണം കേരളവും. പക്ഷേ നമ്മുടെ സ്ത്രീകൾ ദുർബലരാണു്. ‘ഞാൻ എന്റെ വീട്ടിൽപോകുന്നു’വെന്നു പറഞ്ഞ് ഇറങ്ങിപ്പോകും. പത്തുമിനിറ്റ് കഴിഞ്ഞ് പതുങ്ങിപ്പതുങ്ങി തിരിച്ചു ഭർത്താവു താമസിക്കുന്നിടത്തു കയറിവരും. അപ്പോൾ അയാൾ കൂടുതൽ ഇടിക്കും. കൂടുതൽ ചവിട്ടും.
യേശുവിനു മുൻപു് പത്താം ശതാബ്ദത്തിൽ ഇസ്രായേലിലെ രാജാവായിരുന്ന സോളമൻ (Solomon) വലിയ വിദ്വാനും ബുദ്ധിമാനും ആയിരുന്നുപോലും. ആ മതത്തെ സാധൂകരിക്കുന്നതിനായി ഒന്നും കണ്ടില്ല. Proverbs, Ecclesiastes, Song of Songs ഇവ മൂന്നും സോളമന്റെ രചനകളായി കരുതിപ്പോരുന്നു. ഈ മൂന്നു കൃതികളും ഉപരിതലസ്പർശികളാണു്. ഡേവിഡ് രാജാവിന്റെ വെപ്പാട്ടിയായിരുന്ന അബഷശീനെ തനിക്കുവേണമെന്നു പറഞ്ഞ ചേട്ടൻ അഡനീജയെ കൊന്നുകളഞ്ഞ ഭയങ്കരനായിരുന്നു ഈ വിദ്വാൻ (Kings 2: 19–25). വധം നടത്തിയവനെ വിദ്വാനെന്നു വിളിക്കാൻ പ്രയാസം.
“ഞങ്ങൾക്കൊരു കൊച്ചനുജത്തിയുണ്ടു്. അവളുടെ മുലകൾ ഇപ്പോഴും ചെറുതാണു്. പ്രേമിച്ചുകൊണ്ടു് ഒരു യുവാവു് വരുമ്പോൾ അവൾക്കുവേണ്ടി ഞങ്ങൾക്കെന്തു ചെയ്യാൻ കഴിയും? അവളൊരു ഭിത്തിയാണെങ്കിൽ ഞങ്ങൾ അവൾക്കായി ഒരു വെള്ളിഗോപുരം നിർമ്മിക്കും. അവൾ വാതിലാണെങ്കിൽ ദേവദാരുവിന്റെ പലകകൊണ്ടു് ഞങ്ങൾ അവളെ രക്ഷിക്കും.” (Song of Songs—Sixth Song) എന്നെഴുതിയ സോളമൻ കവിയാണോ? വിദ്വാനാണോ? ഈ വരികളിലെ മറഞ്ഞ അത്യുക്തി ബുദ്ധിയുടെ സന്തതിയുമല്ല. ഈശ്വരനും ആളുകളും തമ്മിലുള്ള ബന്ധമാണു് ഈ ഗാനങ്ങൾ ചിത്രീകരിക്കുന്നതെന്നു് ജൂതന്മാരും. ക്രിസ്തുവും പള്ളിയും തമ്മിലുള്ള ബന്ധമാണു് ഇതു് ചിത്രീകരിക്കുന്നതെന്നു് ക്രിസ്ത്യാനികളും പറയുന്നു. രാധയുടെ ഉപരിസുരതത്തെ വർണ്ണിക്കുന്ന ഗീതഗോവിന്ദം ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ബന്ധത്തെ സ്ഫുടീകരിക്കുന്നു എന്നു് ഹിന്ദുക്കൾ പറയുന്നതുപോലെയാണിതു്. ജയദേവ കവിയുടേയും Song of Songs എഴുതിയ ആളിന്റെയും അടിച്ചമർത്തിയ വികാരം മാത്രമാണു് ഈ കൃതികളിൽ കാണുന്നതു്. അതിരിക്കട്ടെ. കവിതയിൽ അത്യുക്തിയും സ്ഥൂലീകരണവുമൊക്കെ ആകാമെങ്കിലും അവയ്ക്ക് ഒരു പരിധി കല്പിച്ചിട്ടുണ്ടു്. ആ പരിധി ലംഘിക്കുമ്പോൾ രചയിതാവിനോടു് പുച്ഛം തോന്നും. സഹോദരന്മാർ സഹോദരിയുടെ മുലകൾ ചെറുതാണെന്നും അവൾ ഭിത്തിയാണെന്നും വാതിലാണെന്നും കരുതുന്നു. ഭിത്തി വാതിൽ ഈ സങ്കല്പത്തിലടങ്ങിയ സ്ഥൂലീകരണമാണു് പുച്ഛത്തിനു ഹേതു. എന്നാൽ ഇംഗ്ലീഷുകാരോടു് ഇതു സംബന്ധിച്ചുള്ള പുച്ഛം ഒരിക്കലും നമുക്കു തോന്നുകയില്ലെന്നാണു് റവ:എം. എ. തോമസ് പറയുന്നതു്. അദ്ദേഹം മലയാളമനോരമയുടെ ആഴ്ചപ്പതിപ്പിൽ എഴുതുന്ന ഓർമ്മക്കുറിപ്പുകളിൽ എസ്. രാധാകൃഷ്ണന്റെ ഒരു പ്രഭാഷണത്തെക്കുറിച്ചു പറയുന്നുണ്ടു്. (എല്ലാവരും ഡോക്ടർമാരായി നടക്കുന്ന ഇക്കാലത്തു് രാധാകൃഷ്ണനെ ഡോക്ടർ എന്നു വിളിക്കാതിരിക്കുന്നതാണു ഭംഗി.) പ്രഭാഷണം കേൾക്കാൻ ചെന്ന ആളുകളുടെ സംഖ്യയെക്കുറിച്ചു പറയേണ്ടി വന്നപ്പോൾ “ഹാൾ നിറഞ്ഞിരുന്നു” എന്നു് റവറന്റ് തോമസ് ആരോടോ പറഞ്ഞു. അതുകേട്ട ഒരു ഇംഗ്ലീഷുകാരൻ ’ഹാൾ മിക്കവാറും നിറഞ്ഞിരുന്നു’ എന്നു തിരുത്തി. അതായിരുന്നു ശരി. ഇംഗ്ലീഷുകാരൻ ഒരിക്കലും അത്യുക്തി നടത്തുകയില്ല എന്ന തീരുമാനത്തിൽ ലേഖകൻ എത്തുന്നു. ഈ സാമാന്യവൽക്കരണത്തിൽ തെറ്റില്ല. ഇംഗ്ലീഷുകാരൻ എഴുതുന്ന സാഹിത്യനിരൂപണങ്ങൾ നോക്കുക. സമനില തെറ്റിയ ഒരു വാക്കെങ്കിലും ആ നിരൂപണങ്ങളിൽ കാണുകയില്ല. നമ്മുടെ ആളുകൾക്ക് അത്യുക്തിയിൽ അഭിരമിക്കാനാണു് കൗതുകം. അതിശയോക്തി നിർവഹിക്കൂ: സ്ഥൂലീകരണം നടത്തൂ. വാദങ്ങൾ ശക്തിഹീനങ്ങളാകും. അത്യുക്തി നടത്തുന്നവൻ അപരിഷ്കൃതനാണെന്നു വിവേകമുള്ളവർ കരുതും.
പ്രോവിഡന്റ് ഫണ്ടിൽ നിന്നു കടമെടുത്ത ഒരു വലിയ തുക പോക്കറ്റിൽ വച്ചുകൊണ്ടു് ഞാൻ സിറ്റി ബസ്സിൽ കയറി. ഇറങ്ങേണ്ടിടത്തു് ഇറങ്ങിയപ്പോൾ പണം കാണാനില്ല. ഇതു ജനിപ്പിച്ച ദുഃഖം താൽകാലികമായിരുന്നു. ഒരു വൈഷമ്യവും കൂടാതെ എനിക്കതു ഓർമ്മിക്കാൻ കഴിയും. പക്ഷേ ഈ പോക്കറ്റടിക്കു വളരെക്കാലം മുൻപു്, ഒരു നിരൂപകൻ കേരളത്തിലെ ഒരു കവി വാല്മീകിക്കു സദൃശ്യനാണെന്നു പ്രസംഗിക്കുന്നതു ഞാൻ കേട്ടു. ആ അത്യുക്തി കേട്ടപ്പോൾ എന്റെ ആത്മാവു് അപഹരിക്കപ്പെട്ടുവെന്നു് എനിക്കു തോന്നി. ഇന്നും അതെന്നെ ക്ലേശിപ്പിക്കുന്നു. അതിശയോക്തി നടത്തുന്നവൻ പോക്കറ്റടിക്കാരനാണു്.
കള്ളിച്ചെടിയുടെ ക്രൂരത മുള്ളായി പ്രത്യക്ഷപ്പെടുന്നതുപോലെ സമുദ്രത്തിന്റെ ഭീകരത മഹാതരംഗമായി ഉയരുന്നതുപോലെ, കാമാവേശം നഖക്ഷതമായി മാറുന്നതുപോലെ, ചെകുത്താന്റെ ദൗഷ്ട്യം അന്തർഭൗമജീവിയുടെ രൂപമാർന്നു വരുന്നതുപോലെ കലയെസ്സംബന്ധിച്ച അവിദഗ്ധത സന്ദേശമായി ആവിർഭവിക്കുന്നു. മാതൃഭൂമി ഓണപ്പതിപ്പിൽ ലളിതാംബിക അന്തർജനം എഴുതിയ ‘ഫസ്റ്റ് റാങ്ക്” എന്ന കഥയിൽ സന്ദേശത്തിനാണു പ്രാധാന്യം: കലയ്ക്കല്ല. കോളേജ് ലക്ചററുടെ മകൻ ഉണ്ണിയും അടുത്ത വീട്ടിലെ എൻ. ജി. ഒ.-യുടെ മകൾ സുനിതയും ഫസ്റ്റ് റാങ്കിനുവേണ്ടി മത്സരിച്ചു പഠിക്കുന്നു. ഉണ്ണി പ്രായമെത്തിയപ്പോൾ മുതലാളിയായി. സുനിത ടാക്സ് ഓഫീസറും. രണ്ടുപേരും തമ്മിൽ കാണുന്നു. ജീവിതത്തിൽ ഫസ്റ്റ് റാങ്കു കിട്ടുമോ എന്നു മുതലാളിയുടെ ചോദ്യം. “ജീവിതം പരീക്ഷയാണെന്നും അതിൽ ജയിച്ചാൽ മതിയെന്നും ടാക്സ് ഓഫീസഠുടെ മറുപടി. കഥ ഇവിടെ അവസാനിക്കുന്നു. നിത്യുപദേശ പ്രഖ്യാപനമാണു കലാഹംസത്തിന്റെ മോഹനഗളനാളത്തിൽ കത്തി താഴ്ത്തുന്നതു്. ഇതിൽ മിന്നാമിനിങ്ങു പ്രകാശം പ്രസരിപ്പിക്കുന്നതുപോലെ സന്ദേശം അല്ലെങ്കിൽ ഹിതോപദേശം മയൂഖങ്ങൾ പ്രസരിപ്പിക്കണം. അപ്പോൾ ഇരുട്ടുപോലും ആദരണീയമാകും. ലളിതാംബിക അന്തർജ്ജനം സന്ദേശത്തിന്റെ ആയിരം വാട്ട്സ് ബൾബ് സ്വിച്ചോൺ ചെയ്യുകയാണു്. കണ്ണുവേദനിക്കുന്നു. ഈ ബൾബ് ഒന്നു കെടുത്തൂ.
തിരുവനന്തപുരത്തു കൂടെക്കൂടെ കോൺഫറൻസുകൾ നടക്കാറുണ്ടു്. ഇവിടെയുള്ളവരും മറുനാട്ടിലുള്ളവരും ബാഡ്ജ് (badge—ബജ്ജ് എന്നു് ശരിയായ ഉച്ചാരണം) ഉടുപ്പിൽ കുത്തിവച്ചുകൊണ്ടുപോകുന്നതു കാണാം. അവരെക്കണ്ടാലുടൻ നമ്മൾ നോക്കുന്നതു് ആ ബാഡ്ജിലായിരിക്കും. കോൺഫറൻസ് അംഗങ്ങൾ കഥകളാണെങ്കിൽ ബാഡ്ജുകൾ സന്ദേശങ്ങളാണു്.

സമൂഹത്തിൽനിന്നു് ഒറ്റപ്പെട്ടു നില്ക്കുന്ന കവിയല്ല ഒ. എൻ. വി. കുറുപ്പ്. സമൂഹത്തിലെ വ്യക്തികളെയും അവരോടു ബന്ധപ്പെട്ട വസ്തുക്കളെയും വസ്തുതകളെയും അദ്ദേഹം എടുത്തു നിരത്തുന്നു. അപ്പോൾ ഓരോന്നും സാർത്ഥകമായി ഭവിക്കുന്നു. കവി ആവിഷ്കരിക്കുന്ന സമൂഹവും അദ്ദേഹത്തിന്റെ പ്രതീകവും ഇവിടെ വിഭിന്നങ്ങളല്ല. രണ്ടും വേർതിരിച്ചെടുക്കാൻ വയ്യാത്തവിധം ഒന്നായിഭവിക്കുന്നു. അപ്പോഴുണ്ടാകുന്നതു് സംവേദനമാണു്. ഈ സംവേദനമാണു്—സെൻസേഷനാണു്— ‘ഞണ്ടു്’ എന്ന കാവ്യത്തിന്റെ സവിശേഷത (ഇന്ത്യ 1984— മൂന്നു ഗീതങ്ങൾ, മാതൃഭൂമി ഓണപ്പതിപ്പു്). കായൽക്കരയിലെ പാവപ്പെട്ട ഞണ്ടാണു് ഇവിടെത്തെ പ്രതീകം. അതിനെ മക്കൾ ഞണ്ടുകൾ ഞെരിച്ചുകൊല്ലുന്നു. അവയും പ്രതീകങ്ങൾതന്നെ. ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ—ഒരു സമൂഹത്തിന്റെ —പ്രതിരൂപമായി വർത്തിക്കുന്ന തള്ളഞണ്ടിനെ ഭാരതീയർ എന്ന കുഞ്ഞു ഞണ്ടുകൾ ഹിംസിക്കുന്നതിന്റെ ഹൃദയസ്പർശകമായ ചിത്രം ഇവിടെ നിന്നു ലഭിക്കുന്നു അനുവാചകർക്ക്. ഒ. എൻ. വി. കുറുപ്പിന്റെ ഭൗതികലോകം പ്രതീകങ്ങളുടെ അന്തർഭാഗത്തേക്കു കടന്നുചെല്ലുകയാണിവിടെ. അപ്പോൾ ലോകമേതു് പ്രതീകമേതു് എന്നു നോക്കേണ്ടതില്ല. ഉളവാകുന്ന സംവേദനത്തിനു് വിധേയരായിപ്പോകുകയാണു് സഹൃദയർ. ഒ. എൻ. വി. കുറുപ്പിനും അദ്ദേഹത്തിന്റെ പരിതസ്ഥിതികൾക്കും തമ്മിൽ ഒരു വിഭിന്നതയുമില്ല. അതിൽ വിലയംകൊണ്ടാണു് അദ്ദേഹം സർഗ്ഗാത്മകത്വത്തിൽ വ്യാപരിക്കാറു്. കരയിൽനിന്നു് ചാടിക്കുതിച്ചു വഞ്ചിയിൽ കയറി തുഴഞ്ഞുപോകാനല്ല കവിയുടെ അഭിലാഷം. ജനിച്ച നാട്ടിൽതന്നെ നില്ക്കാനാണു്.

സംവേദനമാണു് ഒ. എൻ. വി. കവിതയുടെ മുദ്രയെങ്കിൽ ഇമോഷനാണു് (emotion)—വികാരമാണു്— സുഗതകുമാരി യുടെ കവിതയുടെ സവിശേഷത. ദൈനംദിന ജീവിതത്തിനു് ജാഡ്യമുണ്ടോ? വൈരസ്യമുണ്ടോ? എങ്കിൽ കലാത്മകത്വത്തിന്റെ യാനപാത്രത്തിൽ കയറൂ. കണ്ണാടിപോലെ ശോഭിക്കുന്ന ഈ കായൽപ്പരപ്പിലൂടെ സഞ്ചരിക്കാം മുകളിൽ നക്ഷത്രപൂർണ്ണമായ ആകാശം. കായൽപ്പരപ്പിലും അതുതന്നെ. നക്ഷത്രങ്ങൾ പ്രതിഫലിക്കുന്ന തരംഗങ്ങളെ വകഞ്ഞുകൊണ്ടു് വഞ്ചി മുന്നോട്ടു പോകുമ്പോൾ ജഗത്സംബന്ധീയമായ വികാരം നമ്മൾക്കുണ്ടാകുന്നു. അപ്പോൾ നക്ഷത്രവും അതിന്റെ പ്രതിഫലനവും ഒന്നുതന്നെ. കാടിന്റെ പാട്ടും കായലിന്റെ പാട്ടും ഒന്നുതന്നെ. മഴയും വെയിലും ഒന്നു തന്നെ. ഭാവനകൊണ്ടു് വസ്തുക്കളുടെ “പ്രതിഭാസങ്ങ”ളുടെ അതിരുകളെ ലംഘിച്ചിട്ടു് എല്ലാം ഒന്നായിക്കാണുന്ന ‘പാൻതീയിസ’മാണു് ഇതു്. പ്രകാശത്തിന്റെയും സ്നേഹത്തിന്റെയും ധാരാസമ്പാതമാണു് സുഗതകുമാരിയുടെ കവിത. അതിന്റെ മെലോഡി നമ്മെ തഴുകുന്നു.
കാടിന്റെ പാട്ടും കടൽപാട്ടുമൊന്നെന്നു
കാറ്റു പറഞ്ഞാണു ഞാനറിഞ്ഞു.
രണ്ടുമൊരുപോൽ കറമ്പികളാണെന്നു
വിണ്ടിലം ചൊന്നതും ഞാനറിഞ്ഞു.
കാടിരമ്പുന്നൂ കടലിരമ്പുംപോലെ-
യാടുന്നു പച്ചത്തിരകൾ പോലെ
(മാതൃഭൂമി ഓണപ്പതിപ്പു്, ‘കാടും കടലും’)

പ്രതിമാനിർമ്മാതാവു് ലിപ്ഷിറ്റ്സ് (Lipschitz) ഫ്രഞ്ച് ചിത്രകാരൻ സൂട്ടിന്റെയും (Soutine) ഇറ്റാലിയൻ ചിത്രകാരൻ മോഡീല്യാനിയുടേയും (Modigiliani) റഷ്യൻ ചിത്രകാരൻ ഷഗാലി ന്റെയും (Chagall) കൂട്ടുകാരനായിരുന്നു. ഒരിക്കൽ മറ്റൊരു ചിത്രകാരൻ ലിപ്ഷിറ്റ്സിനോടു പറഞ്ഞു അയാൾ മറോക്കോയിലേക്കു പോകുകയാണെന്നു്. ഫ്രാൻസിലെ സൂര്യപ്രകാശം അതേ രീതിയിൽ കാൻവാസ്സിലേക്കു ചായത്തിലൂടെ പകർത്തുമ്പോൾ ശരിപ്പെടുന്നില്ലത്രെ. അയാൾ അവിടെച്ചെന്നു് ചിത്രങ്ങൾ വരച്ചു. പക്ഷേ, പ്രകാശത്തിനു് ഒരു വ്യത്യാസവുമില്ല. അതറിഞ്ഞ ലിപ്ഷിറ്റ്സ് അയാളോടു പറഞ്ഞു: “പ്രകാശം ചിത്രകാരന്റെ ഉള്ളിൽ നിന്നാണു് വരേണ്ടതു്”. കവികളുടെ അന്തരംഗത്തിൽ നിന്നു പ്രകാശം കവിതയിൽ വന്നു വീഴുമ്പോൾ അവ രമണീയങ്ങളാകും. അത്തരം കാവ്യങ്ങളെക്കുറിച്ചു് എഴുതാൻ തോന്നും വായനക്കാരനു്. അല്ലാത്തവയെ കണ്ടില്ലെന്നു ഭാവിക്കും.
ഇന്ദ്രശത്രു എന്ന വാക്കിനു് രണ്ടു തരത്തിൽ അർത്ഥം പറയാം. ഇന്ദ്രന്റെ ശത്രുവെന്നും ഇന്ദ്രൻ ആർക്കാണോ ശത്രു അവനെന്നും. ആദ്യത്തേതു് തൽപുരുഷ സമാസം. രണ്ടാമത്തേതു് ബഹുവീഹ്രി സമാസം. അന്തോദാത്തമായ സ്വരമാണു് തൽപുരുഷനു്. ബഹുവീഹ്രിക്ക് ആദ്യദാത്തസ്വരം. (ഉച്ചാരണത്തിൽ ഉച്ചരിക്കുന്ന സ്വരൻ ഉദാത്തം. ‘ഉച്ചൈരുദാത്ത!)
ഇന്ദ്രനെ കൊല്ലാനായി ശക്തനായ ഒരു പുത്രനുണ്ടാകണമെന്നു് വിചാരിച്ചു് ഒരു രാക്ഷസൻ യാഗം തുടങ്ങി. “സ്വാഹേന്ദ്രശത്രുർവ്വർദ്ധസ്വ” എന്ന മന്ത്രം ചൊല്ലിയപ്പോൾ ഋത്വിക് ആദ്യുദാത്തമായിട്ടു ഉച്ചരിച്ചു കളഞ്ഞു. അതുകൊണ്ടു ഹോമകുണ്ഡത്തിൽ നിന്നു ജനിച്ച പുരുഷൻ ഇന്ദ്രനാൽ വധിക്കപ്പെട്ടു. ഉച്ചാരണത്തിലെ ആരോഹാവരോഹണ ക്രമമനുസരിച്ചു് അർത്ഥം മാറിവരും എന്നതത്ത്വം ഉദാഹരിക്കുന്ന കഥയാണിതു്. ഉദാത്തത്തിനും അനുദാത്തത്തിനും മറ്റും ഈ വ്യത്യാസമുണ്ടെങ്കിൽ വാക്കുകളുടെ പ്രയോഗത്തെക്കുറിച്ചു് എന്തുപറയാനിരിക്കുന്നു? മലയാളഭാഷയിലെ വാക്കുകളെടുത്തു ബഷീർ പ്രയോഗിക്കുമ്പോൾ ‘പൂവമ്പഴം’ എന്ന കഥയുണ്ടാകുന്നു. ജയന്തി വാക്കുകൾ പ്രയോഗിക്കുമ്പോൾ ദേശാഭിമാനി വാരികയിലെ ‘പടവുകൾ’ എന്ന രാക്ഷസീയത ഉണ്ടാകുന്നു.
വേമ്പനാട്ടുകായലിന്റെ നടുവിൽനിന്നു കരയിലേക്കു വള്ളത്തിൽ പോയിട്ടുണ്ടോ? ഞാൻ പലതവണ പോയിട്ടുണ്ടു്. അങ്ങകലെ കര അവ്യക്തമായി ചാരനിറത്തിൽ കാണപ്പെടും. ക്രമേണ അതു പച്ചനിറമാകും. പിന്നീടു് പച്ചയുടെ തീക്ഷ്ണത കൂടും. മരങ്ങളുടെ ആകൃതികൾ. കരയോടു് അടുക്കുമ്പോൾ ഓരോ തെങ്ങും വിഭിന്നം. തികഞ്ഞ ആഹ്ലാദമാണു് കരയിൽ കാലെടുത്തുവയ്ക്കുമ്പോൾ. തിരിച്ചു കായലിന്റെ മദ്ധ്യത്തിലേക്കു ചെന്നാലോ? തെങ്ങുകളുടെ ആകൃതി നഷ്ടപ്പെടുന്നു. തീക്ഷ്ണതയാർന്ന ഹരിതവർണ്ണം. അതിന്റെ തീക്ഷ്ണത ഇല്ലാതാവുന്നു. പിന്നീടു് ചാരനിറം. ചാരനിറം അവ്യക്തമായി മാറുന്നു. കായലിന്റെ നടുവിലെത്തുമ്പോൾ, സാഹിത്യകൃതികൾ വായിക്കുമ്പോൾ ഈ രണ്ടനുഭവങ്ങളും ഉണ്ടാകാറുണ്ടു്. പക്ഷേ, ആദ്യത്തെ നോട്ടത്തിൽത്തന്നെ സ്പഷ്ടതയോടുകൂടി എല്ലാം കാണപ്പെടുന്നതാണു് ഉത്കൃഷ്ട സാഹിത്യം.
സാഹിത്യത്തിലെ പരീക്ഷണങ്ങൾ പ്രതിഭാശക്തിയോടു ബന്ധപ്പെട്ടവയല്ല, ദൗർബ്ബല്യത്തോടു ചേർന്നുനില്ക്കുന്നവയാണു്.
ഇതെഴുതുന്ന ആൾ തിരുവനന്തപുരത്തെ സയൻസ് കോളേജിൽ പഠിക്കുന്നകാലം. അന്നുമുണ്ടു് കുട്ടികൾക്കു മിലിറ്ററി ട്രെയിനിങ്ങ്. ഇന്നത്തെ എൻ.സി.സി.ക്കു പകരം മറ്റൊന്നു്. മൈതാനത്തിൽ നിന്നു് ഞങ്ങളൊക്കെ ലഫ്റ്റ് റൈറ്റ് ചവിട്ടുകയാണു്. അപ്പോൾ ഒരു ചിരി പരന്നു. ഗോദവർമ്മരാജയാണു് ഞങ്ങളുടെ ഓഫീസർ. അദ്ദേഹത്തിനും ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എന്താണു കാര്യമെന്നു് ഞാൻ നോക്കി. ഒരു വിദ്യാർത്ഥിയുടെ കൗപീനം—പീതകൗപീനം എന്നു ശരിയായി പറയട്ടെ—അയാളുടെ നിക്കറിന്റെ ഇടയിലൂടെ ഊർന്നു താഴോട്ടിറങ്ങുന്നു. അയാൾമാത്രം അതറിയുന്നില്ല. ഞങ്ങളെല്ലാവരും കാണുന്നുണ്ടു്. കുട്ടികളെ പഠിപ്പിക്കാൻ ട്രാവൻകൂർ സ്റ്റേറ്റ് ഫോഴ്സസിൽ നിന്നെത്തിയ സുബേദാർ ‘ഹാൾട്ട്’ പറഞ്ഞ് ആ പീതകൗപീനധാരിയെ പറഞ്ഞയച്ചു.
സി. കെ. ശാന്ത ദേശാഭിമാനി വാരികയിലെഴുതിയ ‘നീലക്കുന്നുകളുടെ നിഴൽ’ എന്ന ചെറുകഥ ഉത്സാഹത്തോടെയാണു് ഞാൻ വായിച്ചുതുടങ്ങിയതു്. ഭർത്താവിന്റെ ജോലിസ്ഥലത്തു ഭാര്യ പോകുന്നു. തോമസ്കുട്ടി എന്ന ചെറുപ്പക്കാരനെക്കുറിച്ചു് ബസ്സിലിരിക്കുമ്പോൾ കേൾക്കുന്നു. എത്തേണ്ടിടത്തു് എത്തിയപ്പോൾ “ഉശിരുള്ള ചെറുപ്പക്കാരനായ” തോമസ്കുട്ടിയെ പ്രതിയോഗികൾ കൊന്നുകളഞ്ഞെന്നു് ഭർത്താവിൽനിന്നു ഗ്രഹിക്കുന്നു. കഥയുടെ ആരംഭത്തോടോ മദ്ധ്യത്തോടോ ഒരു ബന്ധവുമില്ലാത്ത മരണം. വിപ്ലവം തിരുകിവയ്ക്കാനുള്ള ഒരു കൊലപാതകം. തൊണ്ടു കയറ്റിപ്പോകുന്ന ചക്കടാവണ്ടിയിൽനിന്നു് ഒരു തൊണ്ടു വീഴുന്നതുപോലെ തോമസ്കുട്ടി അങ്ങു വീഴുന്നു. സതീർത്ഥ്യന്റെ പീതകൗശേയം ഊർന്നിറങ്ങിയതുപോലെ തോമസ്കുട്ടി ഊർന്നിറങ്ങുന്നു. ഗോദവർമ്മതിരുമേനിമാത്രം ചിരിക്കാനില്ല.
സാഹിത്യത്തിലെ പരീക്ഷണങ്ങൾ പ്രതിഭാശക്തിയോടു ബന്ധപ്പെട്ടവയല്ല, ദൗർബ്ബല്യത്തോടു ചേർന്നുനില്ക്കുന്നവയാണു്. കുട്ടികൃഷ്ണമാരാരെ പ്പോലെ, ജോസഫ് മുണ്ടശ്ശേരി യെപ്പോലെ എഴുതാൻ കഴിവില്ലാത്തവർ തങ്ങളുടെ അശക്തി മറച്ചുവയ്ക്കാൻവേണ്ടി ദുർഗ്രഹമായി എഴുതുന്നു. ആ ദുർഗ്രഹത പരീക്ഷണമാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. നവീനന്മാരുടെ ഏതുരചനയും നോക്കുക. ചിന്തയെ മറച്ചുവയ്ക്കാനുള്ള അവരുടെ താൽപര്യം ആ രചനകളിൽ പ്രകടമാണു്. എന്തുകൊണ്ടാണു് ആ താൽപര്യം? ചിന്തയില്ലാത്തതു കൊണ്ടുതന്നെ. ദുർഗ്രഹമായി എഴുതിയാൽ തങ്ങൾ സാഹിത്യത്തിന്റെ ആഴത്തോളം ചെല്ലുന്നവരാണെന്നു ബഹുജനം കരുതുമെന്നും ഇക്കൂട്ടർ വിചാരിക്കുന്നു.
ഇനി വേറൊരു പരീക്ഷണം നോക്കിയാലും ആന്റിനോവൽ എന്ന നോവൽ. രണ്ടാഴ്ചയ്ക്കു മുൻപു് അന്തരിച്ച ട്രൂമൻകപോട്ടി യാണു് ഇതിന്റെ ഉദ്ഘോഷകൻ. ഇദ്ദേഹം അന്തസ്സാരശൂന്യനായ സാഹിത്യകാരനാണു്: പക്ഷേ പ്രഗല്ഭനായ ജർണ്ണലിസ്റ്റ്തന്നെ. ഷണ്ഡനു സുന്ദരിയെ കിട്ടിയാലെങ്ങനെ? ങ്ങ്ഹു എന്നു ശബ്ദം കേൾപ്പിച്ചുകൊണ്ടു് അവളെ തലതൊട്ടു കാലുവരെ തടവും. അതല്ലാതെ ഒന്നും കഴിയുകയില്ല അയാൾക്ക്. ട്രൂമൻ കപോട്ടി അങ്ങനെ തടവിയതിന്റെ ഫലങ്ങളാണു് Other Voices, Other Rooms, Breakfast at Tiffany’s ഈ കൃതികൾ. ക്ഷുദ്രങ്ങളാണിവ. കപോട്ടിക്കു അതു മനസ്സിലായതുകൊണ്ടു് ന്യൂ ജർണ്ണലിസത്തിലേക്കു തിരിഞ്ഞു: ആന്റി നോവൽ എന്നു് അതിനു പേരുമിട്ടു. റിപോർട്ടാഷും ഫിക്ഷനും കൂട്ടിക്കലർത്തി. In Cold Blood എന്ന ഒരാന്റി നോവൽ അദ്ദേഹം രചിച്ചു. കുറെ ആളുകൾ അതിനെ വാഴ്ത്താനുണ്ടായി. പക്ഷേ, ഹ്രസ്വമായ കാലത്തിനകത്തു് അതു് അന്തർദ്ധാനം ചെയ്തു.
Genius is without strain— ആയാസരഹിതമായിട്ടാണു് പ്രതിഭ വിലസുന്നതു്— നല്ല കഥയെഴുതിക്കഴിഞ്ഞാൽ, നല്ല കാവ്യം രചിച്ചുകഴിഞ്ഞാൽ, നല്ല നിരൂപണം എഴുതിക്കഴിഞ്ഞാൽ തങ്ങളെങ്ങനെയാണു് ആ രചന നിർവ്വഹിച്ചതെന്നു വിചാരിച്ചു് എഴുത്തുകാർ അദ്ഭുതപ്പെടും. ആയാസപൂർണ്ണമായി എഴുതുന്ന നവീന കവികളും പ്രതിഭയുള്ളവരല്ല, ചിന്താശീലരല്ല.
സാധുജനസംരക്ഷകനായി ഭാവിക്കുന്ന മന്ത്രിയുടെ കാറിടിച്ചു് ഒരു പാവം മരിക്കുന്നു. ‘അലവലാതികൾ വലിഞ്ഞെത്തുന്നതിനുമുൻപു്’ കാറ് വിടാൻ മന്ത്രി ആജ്ഞാപിക്കുന്നു. ഇതാണു് ബിന്ദു തുറവൂർ, കുമാരി വാരികയിലെഴുതിയ ‘രക്ഷകൻ’ എന്ന കഥയുടെസാരം. കമന്റ്സ് നല്കട്ടെ. (1) എന്റെ ചെറുപ്പകാലത്തു് ഉണ്ടായിരുന്നതിനെക്കാൾ ബോറന്മാർ സാഹിത്യത്തിൽ കൂടിയിരിക്കുന്നു ഇക്കാലത്തു്. (2) ഞാൻ ഫിലിപ്പീൻസിലെ മാർകോസാ യിരുന്നെങ്കിൽ ബിന്ദുവിനെ ആക്വിനോ ആയി കരുതുമായിരുന്നു. (3) ഇമ്മാതിരി കഥകളെഴുതുന്നവരെല്ലാം ഒരുലക്ഷം രൂപ വീതം പിഴയൊടുക്കാൻ കോടതി ആജ്ഞാപിക്കണം. (4) കുമാരി വാരികയുടെ ശൂന്യമായ 21-ആം പുറം അക്ഷരങ്ങൾ കൊണ്ടു നിറയ്ക്കുന്ന ബിന്ദു പാവപ്പെട്ട വായനക്കാരന്റെ മനസ്സു് മാലിന്യം കൊണ്ടു നിറയ്ക്കുന്നു. (5) ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞാൽ ശവം അഴുകും. രണ്ടുമണിക്കൂർ കഴിഞ്ഞാൽ മീൻ ചീഞ്ഞു നാറും. അച്ചടി തുടങ്ങുന്ന നിമിഷംകൊണ്ടു് ‘രക്ഷകൻ’ നാറിത്തുടങ്ങുന്നു.