SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-12-07-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ആ യു­വാ­വു് യൂ­ണി­വേ­ഴ്സി­റ്റി കോ­ളെ­ജി­ലെ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന കാ­ല­ത്തു് പ­തി­വാ­യി എന്റെ വീ­ട്ടിൽ വ­രു­മാ­യി­രു­ന്നു. സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു സം­സാ­രി­ക്കും. പു­സ്ത­ക­ങ്ങൾ വേ­ണ­മെ­ന്നു പറയും. എന്റെ കൈയിൽ ആ പു­സ്ത­ക­ങ്ങ­ളു­ണ്ടെ­ങ്കിൽ ഞാൻ കൊ­ടു­ക്കും. ഈ പ­രി­ച­യം ക്ര­മേ­ണ സ്നേ­ഹ­മാ­യി വി­ക­സി­ച്ച­പ്പോൾ അയാൾ വീ­ട്ടു­കാ­ര്യ­ങ്ങൾ, ജീ­വി­ത­ര­ഹ­സ്യ­ങ്ങൾ ഇ­വ­യൊ­ക്കെ എ­ന്നോ­ടു പ­റ­ഞ്ഞി­രു­ന്നു. അയാൾ വീ­ട്ടിൽ വന്നു ക­യ­റു­മ്പോൾ അ­ടു­ത്ത ബന്ധു വ­രു­ന്നു എന്ന തോ­ന്ന­ലാ­യി­രു­ന്നു എ­നി­ക്കു്. കാലം ക­ഴി­ഞ്ഞു. മ­ത്സ­ര­പ്പ­രീ­ക്ഷ­യിൽ ഒ­ന്നാ­മ­നാ­യോ മറ്റോ ആ­യി­ട്ടു് അയാൾ വി­ദേ­ശ­ത്തേ­ക്കു പോയി. അവിടെ അ­ടി­ക്ക­ടി ഉ­യർ­ന്നു. അ­ടു­ത്ത പദവി അം­ബാ­സി­ഡർ. അ­തി­ലേ­ക്കു ചെ­ല്ലു­ന്ന­തി­നു മുൻ­പു് അയാൾ ഞാൻ ജോലി ചെ­യ്യു­ന്ന സ്ഥാ­പ­ന­ത്തി­ലെ ഒ­ര­ദ്ധ്യാ­പി­ക­യെ കാണാൻ വന്നു. എന്റെ നേർ­ക്കു് ഒരു മ­ന്ദ­സ്മി­ത­മെ­റി­ഞ്ഞി­ട്ടു് യു­വാ­വു് അ­വ­രോ­ടു സം­സാ­രി­ച്ചു കൊ­ണ്ടി­രു­ന്നു. ദൃ­ഢ­മെ­ന്നു ഞാൻ വി­ചാ­രി­ച്ചി­രു­ന്ന ഒരു ബ­ന്ധ­ത്തെ അയാൾ ഇത്ര അ­നാ­യാ­സം പൊ­ട്ടി­ച്ചെ­റി­യു­ന്ന­ല്ലോ എന്നു വി­ചാ­രി­ച്ചു് ദുഃ­ഖ­ത്തോ­ടെ ഞാൻ ‘ഇ­ട­യ്ക്കു കയറി’ ചോ­ദി­ച്ചു. “ചൈന ന­മ്മു­ടെ രാ­ജ്യ­ത്തെ ആ­ക്ര­മി­ക്കു­ക­യാ­ണ­ല്ലോ. റഷ്യ ന­മ്മ­ളെ സ­ഹാ­യി­ക്കു­മോ?” യു­വാ­വു് രാ­ജ­കീ­യ­മാ­യി ശി­ര­സ്സൊ­ന്നു തി­രി­ച്ചു് മ­റു­പ­ടി നല്കി: “You see our most delightful day be that on which we could say thus. No more war” ഞാൻ അ­ത്ഭു­ത­പ്പെ­ട്ടു­പോ­യി. റഷ്യ സ­ഹാ­യി­ക്കും അ­ല്ലെ­ങ്കിൽ സ­ഹാ­യി­ക്കു­ക­യി­ല്ല. ഇവയിൽ ഏ­തെ­ങ്കി­ലും ഒരു മ­റു­പ­ടി­യാ­ണു് ഞാൻ പ്ര­തീ­ക്ഷി­ച്ച­തു്. അതിനു പകരം എ­നി­ക്കു കി­ട്ടി­യ­തു് ഇനി യു­ദ്ധ­മി­ല്ല എന്നു പറയാൻ ന­മു­ക്കു ക­ഴി­യു­ന്ന ദി­ന­മാ­ണു് ഏ­റ്റ­വും ആ­ഹ്ലാ­ദ­ദാ­യ­കം എന്ന പ്ര­സ്താ­വ­മാ­ണു്. ന­മ്മു­ടെ ആ പഴയ പ­യ്യ­നു് എ­ന്തൊ­രു മാ­റ്റം! അ­ദ്ദേ­ഹം ‘അ­മ്പാ­സി­ഡ­റി­യൻ ഡി­ഗ്നി­റ്റി’യോടു് ഇ­ത്ര­യും എ­ന്നോ­ടു പ­റ­ഞ്ഞി­ട്ടു് ആ ഡി­ഗ്നി­റ്റി ഉ­പേ­ക്ഷി­ച്ചു ത­രു­ണി­യോ­ടു സം­സാ­രി­ക്കു­ന്ന വേ­ള­യിൽ ഞാൻ പു­സ്ത­ക­മെ­ടു­ത്തു­കൊ­ണ്ടു് വ­രാ­ന്ത­യി­ലേ­ക്കു ചാടി. പി­ന്നെ ആ മ­നു­ഷ്യ­നെ ഞാൻ ക­ണ്ടി­ട്ടേ­യി­ല്ല. കു­റ്റം പ­റ­യാ­നി­ല്ല. പ­ദ­വി­ക­ളി­ലെ­ത്തു­മ്പോൾ അ­വ­യ്ക്കു യോ­ജി­ച്ച വി­ധ­ത്തി­ലേ സം­സാ­രി­ക്കാ­നാ­വൂ. രാ­ഷ്ട്രീ­യ നേ­താ­ക്ക­ന്മാർ പ്ര­സം­ഗി­ക്കു­ന്ന­തു കേ­ട്ടി­ട്ടി­ല്ലേ? ഹൃ­ദ­യ­ത്തിൽ­നി­ന്നോ മ­സ്തി­ഷ്ക­ത്തിൽ­നി­ന്നോ അല്ല അ­വ­രു­ടെ വാ­ക്കു­കൾ വ­രു­ന്ന­തു്. ടേ­പ്പിൽ നി­ന്നു ആ­ഗ­മി­ക്കു­ന്ന പ­ദ­ങ്ങ­ളും സ­മ­സ്ത­പ­ദ­ങ്ങ­ളും അ­വ­യ­ങ്ങ­നെ ഒ­ഴു­കും. ഒ­ഴു­കു­ന്ന സ­ന്ദർ­ഭ­ത്തിൽ നേ­താ­വു് അന്നു മ­ന്ത്രി­യെ­ക്ക­ണ്ടു് സം­സാ­രി­ക്കേ­ണ്ട കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചു ചി­ന്തി­ക്കു­ക­യാ­വും. യ­ന്ത്ര­ത്തിൽ നി­ന്നു വ­രു­ന്ന പ്ര­ഭാ­ഷ­ണം പോ­ലെ­യൊ­രു പ്ര­ഭാ­ഷ­ണം ന­മു­ക്കു ന­ല്കി­യി­ട്ടു് അ­ദ്ദേ­ഹം പോകും. ആ നേ­താ­വി­ന്റെ മ­ന­സ്സി­നു ച­ല­ന­മി­ല്ല. ശ്രോ­താ­ക്ക­ളാ­യ ന­മു­ക്കും ച­ല­ന­മി­ല്ല. ആർ­ജ്ജ­വ­ത്തോ­ടെ ന­ട­ത്ത­പ്പെ­ടു­ന്ന ഒരു സാ­ഹി­ത്യ പ്ര­ഭാ­ഷ­ണം ശ്രോ­താ­ക്ക­ളെ ചലനം കൊ­ള്ളി­ക്കും. ഒരു ‘രാ­ഷ്ട്രീ­യ പ്ര­സം­ഗ’വും ഇന്നു വരെ ആ­രെ­യും സ്പർ­ശി­ച്ചി­ട്ടി­ല്ല. ‘കൊടും പ­ട്ടി­ണി’, ന­ര­കീ­യ­യാ­ത­ന’, നാ­റു­ന്ന സർ­ക്കാർ,’ ‘ഒ­റ്റ­ക്കെ­ട്ടാ­യി നി­ല്ക്കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത’ ഇ­ങ്ങ­നെ ചൈ­ത­ന്യ­ര­ഹി­ത­ങ്ങ­ളാ­യ പ­ദ­ങ്ങൾ ഉ­ച്ച­ഭാ­ഷ­ണി­യി­ലൂ­ടെ വ­ന്നു് ന­മ്മു­ടെ ഈയർ ഡ്ര­മ്മിൽ അ­ടി­ച്ചി­ട്ടു് പ്ര­തി­ധ്വ­നി­യോ­ടെ വെ­ളി­യി­ലേ­ക്കു പോ­കു­ന്നു. എ­ന്നാൽ അതല്ല ആർ­ജ്ജ­വ­ത്തോ­ടെ കവി എ­ഴു­തു­മ്പോൾ ഉ­ണ്ടാ­കു­ന്ന അവസ്ഥ.

‘മ­രി­ക്ക സാ­ധ­ര­ണ­മീ­വി­ശ­പ്പിൽ

ദ്ദ­ഹി­ക്ക­ലോ ന­മ്മു­ടെ നാ­ട്ടിൽ മാ­ത്രം

ഐക്യക്ഷയത്താലടിമശ്ശങ്ങ-​

ള­ടി­ഞ്ഞു­കൂ­ടും ചു­ടു­കാ­ട്ടിൽ മാ­ത്രം

എ­ല്ലാ­വർ­ക്കും അ­റി­യാ­വു­ന്ന, എ­ല്ലാ­വ­രും പ­റ­യു­ന്ന ഒ­രാ­ശ­യ­മേ കവി ഇവിടെ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ള്ളൂ. എ­ന്നാൽ ഇതു നമ്മെ സ്പർ­ശി­ക്കു­ന്നു. ഒരു പുതിയ സത്യം ക­ണ്ടാ­ലെ­ന്ന­പോ­ലെ നമ്മൾ ആ­ഹ്ലാ­ദി­ക്കു­ന്നു. വാ­ക്കു­ക­ളെ വി­ന്യ­സി­ക്കേ­ണ്ട വി­ധ­ത്തിൽ വി­ന്യ­സി­ച്ച­തി­ന്റെ ഫ­ല­മാ­ണി­തു്. വി­ശ­പ്പി­നെ­ക്കു­റി­ച്ചും ഐ­ക്യ­ക്ഷ­യ­ത്തെ­ക്കു­റി­ച്ചും അ­വ്യ­ക്ത­ങ്ങ­ളും വി­ശാ­ല­ങ്ങ­ളു­മാ­യ ആ­ശ­യ­ങ്ങൾ ന­മു­ക്കു­ണ്ടു്. അവയിൽ ഒരു തി­ര­ഞ്ഞെ­ടു­പ്പു ന­ട­ത്തി പടം ച­ട്ട­ക്കൂ­ട്ടി­ലൊ­തു­ക്കു­ന്ന­തു­പോ­ലെ ഒ­ര­നു­ഭ­വ­ശ­ക­ല­ത്തെ ഫ്ര­യിം ചെ­യ്തു­വ­യ്ക്കു­ക­യാ­ണു് കവി. അ­പ്പോൾ ജ­നി­ക്കു­ന്ന­വ ഉ­ത്കൃ­ഷ്ട­മാ­യ ക­വി­ത­യും. അം­ബാ­സ­ഡ­റ­ന്മാ­രും രാ­ഷ്ട്രീ­യ­ക്കാ­രും സ­ന്ദി­ഗ്ദ്ധ­ഭാ­ഷ പ്ര­യോ­ഗി­ച്ചു­കൊ­ള്ള­ട്ടെ. ന­മു­ക്കു ക­വി­ഭാ­ഷ­ണ­ങ്ങൾ മാ­ത്രം മതി. അവ ന­മ്മു­ടെ മ­നു­ഷ്യ­ത്വ­ത്തെ വി­ക­സി­പ്പി­ക്കും.

സാ­ഹി­ത്യ­മെ­ന്നാൽ എ­ന്തു്?
images/GuydeMaupassantyoung.jpg
മോ­പ­സാ­ങ്

ബ­നി­ഡേ­റ്റൊ ക്രോ­ചേ വളരെ വാ­ഴ്ത്തി­യ ഒരു ക­ഥ­യു­ണ്ടു് മോ­പ­സാ­ങ്ങി ന്റേ­താ­യി. In Pccr എ­ന്നാ­ണു് അ­തി­ന്റെ പേരു്. കപ്പൽ തു­റ­മു­ഖ­ത്തു് അ­ടു­ത്തു. നാ­വി­കർ ഒരു വേ­ശ്യാ­ല­യം തി­ര­ഞ്ഞെ­ടു­ത്തു് അ­ക­ത്തു കയറി. അ­വ­രു­ടെ നേ­താ­വു് ആ­രോ­ഗ്യ­മു­ള്ള ദു­ക്ലോ എന്ന യു­വാ­വാ­ണു്. അയാൾ മ­ടി­യി­ലി­രു­ന്ന ചെ­റു­പ്പ­ക്കാ­രി­യെ ആ­ലിം­ഗ­നം ചെ­യ്തു­കൊ­ണ്ടു് സം­സാ­രി­ച്ചു. സം­ഭാ­ഷ­ണ­ത്തി­നി­ട­യ്ക്കു് അ­യാ­ളു­ടെ ജ­ന്മ­ദ്ദേ­ശ­വും മ­റ്റും മ­ന­സ്സി­ലാ­ക്കി­യി­ട്ടു് അവൾ ചോ­ദി­ച്ചു:

“നി­ങ്ങൾ­ക്കു ദു­ക്ലോ­യെ അ­റി­യാ­മോ?”

“എ­നി­ക്ക­റി­യാം” തു­ടർ­ന്നു­ള്ള സം­ഭാ­ഷ­ണം അവൾ പ­റ­ഞ്ഞു: “എന്റെ കാ­ര്യം ദു­ക്ലോ­യോ­ടു പ­റ­യു­ക­യി­ല്ലെ­ന്നു സത്യം ചെ­യ്യൂ”.

“ഞാൻ സത്യം ചെ­യ്യു­ന്നു”.

“ഞാൻ അ­യാ­ളു­ടെ സ­ഹോ­ദ­രി­യാ­ണു്”.

അ­വ­ളു­ടെ പേരു് അ­റി­യാ­തെ അ­യാ­ളു­ടെ ചു­ണ്ടു­ക­ളിൽ നി­ന്നു വീണു.

“ഫ്രാ­ങ്ങ്സ്വ­സ്”.

“ഓ! ദു­ക്ല­യാ­ണോ?”

സ­ഹോ­ദ­ര­നും സ­ഹോ­ദ­രി­യും. അയാൾ നാ­വി­ക­നാ­യി ജ­ന്മ­ദ്ദേ­ശം വി­ട്ടി­ട്ടു് വ­ള­രെ­ക്കാ­ല­മാ­യി. അ­ച്ഛ­ന­മ്മ­മാർ മ­രി­ച്ച­പ്പോൾ മറ്റു മാർ­ഗ്ഗ­മി­ല്ലാ­തെ അവൾ പ­രി­ചാ­രി­ക­യാ­യി. ഗൃ­ഹ­നാ­യ­കൻ അവളെ ബ­ലാൽ­സം­ഗം ചെ­യ്തു. അവിടം വി­ട്ടി­റ­ങ്ങി­യ അവൾ വേ­ശ്യ­യാ­യി മാറി. ഇ­പ്പോൾ താ­ന­റി­യാ­തെ സ­ഹോ­ദ­ര­നു­മാ­യി വേഴ്ച. അ­ത­റി­ഞ്ഞ­യു­ട­നെ ദു­ക്ലേ കൈ വി­ടർ­ത്തി­ക്കൊ­ണ്ടു് ക­മി­ഴ്‌­ന്നു വീണു. അയാൾ ത­റ­യിൽ­ക്കി­ട­ന്നു് ഉ­രു­ണ്ടു. നി­ല­വി­ളി­ച്ചു. മ­ര­ണ­യാ­ത­ന. നി­ല­ത്തു കൈ­കാ­ലു­കൾ ഇ­ട്ട­ടി­ക്കു­ന്ന അയാളെ നോ­ക്കി നാ­വി­കർ പ­രി­ഹ­സി­ച്ചു പ­റ­യു­ക­യാ­യി. “പാ­തി­യ­ല്ലേ കു­ടി­ച്ചു­ള്ളൂ”. അയാളെ സ്വീ­ക­രി­ച്ച യു­വ­തി­യു­ടെ കി­ട­ക്ക. അവൾ അ­തി­ന­ടു­ത്തു് ക­സേ­ര­യി­ലി­രു­ന്നു. നേരം വെ­ളു­ക്കു­ന്ന­തു­വ­രെ അവൾ ക­ര­ഞ്ഞു­കൊ­ണ്ടി­രു­ന്നു.

അ­യാ­ളു­ടെ­യും അ­വ­ളു­ടെ­യും തീ­വ്ര­വേ­ദ­ന­യും വി­ഷാ­ദ­വു­മാ­ണു് ക്രോ­ചെ­യെ ആ­കർ­ഷി­ച്ച­തു്. അതു ചി­ത്രീ­ക­രി­ച്ച മോ­പാ­സാ­ങ്ങ് ധർ­മ്മാ­നു­ഷ്ഠാ­ന ത­ല്പ­ര­നാ­യി സ­ന്മാർ­ഗ്ഗ­നി­ര­ത­നാ­യി കാ­ണ­പ്പെ­ട്ടു. ക­ല­യു­ടെ ഭം­ഗി­യും സ­ദാ­ചാ­ര­ത്തി­ന്റെ ഭം­ഗി­യും ഈ ക­ഥ­യു­ടെ സ­വി­ശേ­ഷ­ത­ക­ളാ­ണു് എന്നു മ­ന­സ്സി­ലാ­ക്കാൻ സാ­ഹി­ത്യം എ­ന്ത­ല്ല എന്നു മ­ന­സ്സി­ലാ­ക്കാൻ കു­ങ്കു­മം വാ­രി­ക­യിൽ ദേ­വ­സ്സി ചി­റ്റ­മ്മൽ എ­ഴു­തി­യ “ആ­ലീ­സേ­ച്ചീ” എന്ന കഥ വാ­യി­ച്ചു നോ­ക്കു­ക. ആലീസ് ചേ­ച്ചി നേ­ര­ത്തെ നാ­ടു­വി­ട്ടു പോ­യ­വ­ളാ­ണു്. അവൾ ഇന്നു വേശ്യ. വേ­ശ്യാ­ല­യ­ത്തിൽ ചെ­ന്നു കയറിയ സ്വ­ന്തം നാ­ട്ടു­കാ­ര­നാ­യ ചെ­റു­പ്പ­ക്കാ­ര­നെ അവൾ വെ­ള്ളി­ക്കു­രി­ശെ­ടു­ത്തു കാ­ണി­ച്ചു മാ­ന­സാ­ന്ത­രം വ­രു­ത്തി പ­റ­ഞ്ഞ­യ­യ്ക്കു­ന്നു. മോ­പാ­സാ­ങ്ങ് ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ മാ­ന­സി­ക­പ്ര­വർ­ത്ത­ങ്ങ­ളും വി­കാ­ര­ങ്ങ­ളും ചി­ത്രീ­ക­രി­ച്ചു് സാ­ന്മാർ­ഗ്ഗി­ക­ത്വ­ത്തി­ന്റെ പ­രി­വേ­ഷം നിർ­മ്മി­ക്കു­ന്നു. ചി­റ്റ­മ്മ­ലി­ന്റെ കഥയിൽ ഈ വി­കാ­ര­ങ്ങ­ളോ ചി­ന്ത­ക­ളോ ഇല്ല. ഗ്ര­ന്ഥ­കാ­ര­ന്റെ അ­ധീ­ശ­ത്വ­മേ­യു­ള്ളൂ. “മാ­ന­സാ­ന്ത­രം വ­രു­ന്നു എന്നു ഞാൻ ക­ല്പി­ക്കു­ന്നു” എ­ന്നാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ മ­ട്ടു്. മോ­പാ­സാ­ങ്ങി­ന്റെ ശ്ര­ദ്ധ മു­ഴു­വൻ രണ്ടു ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ­യും മാ­ന­സി­ക­നി­ല­ക­ളി­ലാ­ണു്. ദേ­വ­സ്സി ചി­റ്റ­മ്മൽ ശ്ര­ദ്ധി­ക്കു­ന്ന­തു് സ്ഥ­ല­ത്തെ­യാ­ണു്. വ്യ­ക്തി­ക­ളെ­യാ­ണു്. അ­ശ്ര­ദ്ധ ക­ല­യോ­ടു ബ­ന്ധ­പ്പെ­ട്ട­ത­ല്ല, കാരണം മാ­ന­സാ­ന്ത­രം ക­ലാ­പ­ര­മാ­യ വി­ശ്വാ­സ­മു­ള­വാ­ക്കു­ന്നി­ല്ല എ­ന്ന­ത­ത്രേ.

ഇ­ത്ര­യും എ­ഴു­തി­ക്കൊ­ണ്ടു ചില ബു­ദ്ധി­ര­ഹി­ത­ന്മാർ പറയും കൃ­ഷ്ണൻ നായർ മോ­പാ­സാ­ങ്ങി­ന്റെ ഭാവന ദേ­വ­സ്സി ചി­റ്റ­മ്മ­ലി­നു് ഇ­ല്ലെ­ന്നു എ­ഴു­തി­യെ­ന്നു്. ഞാ­ന­തു് ഉ­ദ്ദേ­ശി­ച്ചി­ട്ടേ­യി­ല്ല. സാ­ഹി­ത്യ­മെ­ന്തെ­ന്നു് വി­ശ­ദ­മാ­ക്കാൻ ഒരു പ­ടി­ഞ്ഞാ­റൻ കഥയെ ഉ­ദാ­ഹ­ര­ണ­മാ­യി സ്വീ­ക­രി­ച്ചെ­ന്നേ­യു­ള്ളൂ. ബഷീറി ന്റെ­യോ ഉറൂബി ന്റേ­യോ ക­ഥ­ക­ളെ­ടു­ത്തും എ­നി­ക്ക­തു് അ­നു­ഷ്ഠി­ക്കാ­വു­ന്ന­തേ­യു­ള്ളൂ.

അ­വി­ശു­ദ്ധ­മാ­യ വേ­ശ്യാ­ത്വ­ത്തെ­ക്കു­റി­ച്ചു­ള്ള ചിന്ത എന്നെ വി­ശു­ദ്ധ­മാ­യ ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ലേ­ക്കു ന­യി­ക്കു­ന്നു. ര­ണ്ടി­നും കാ­ര്യ­മാ­യ വ്യ­ത്യാ­സ­ങ്ങ­ളു­ണ്ടോ? ആ­ലോ­ചി­ക്കാം. ദാ­മ്പ­ത്യ­ജീ­വി­ത­ത്തിൽ കൂ­ടെ­ക്കൂ­ടെ­യു­ള്ള പ്ര­സ­വം കൊ­ണ്ടു ഭാ­ര്യ­യു­ടെ സൗ­ന്ദ­ര്യ­വും ആ­രോ­ഗ്യ­വും ന­ശി­ക്കു­ന്നു. വേ­ശ്യാ­ജീ­വി­ത­ത്തിൽ പല പു­രു­ഷ­ന്മാ­രു­മാ­യു­ള്ള വേഴ്ച നി­മി­ത്തം സ്ത്രീ­യു­ടെ സൗ­ന്ദ­ര്യ­വും ആ­രോ­ഗ്യ­വും ഇ­ല്ലാ­താ­കു­ന്നു. മ­ധു­വി­ധു ക­ഴി­ഞ്ഞാൽ അ­യാൾ­ക്കു് താ­ല്പ­ര്യ­മൊ­ന്നു­മി­ല്ല. മുറി മാ­റി­ക്കി­ട­ക്കു­ന്നു. അന്യർ തെ­റ്റി­ദ്ധ­രി­ക്കാ­തി­രി­ക്കാൻ വേ­ണ്ടി ര­ണ്ടു­പേ­രും ഒരു മു­റി­യിൽ കി­ട­ക്കു­മ്പോ­ഴും ഇ­ട­യ്ക്കു് അവർ തലയണ എ­ടു­ത്തു­വ­യ്ക്കു­ന്നു. പു­രു­ഷ­നു് ശാ­രീ­രി­കാ­വ­ശ്യം വ­രു­മ്പോ­ഴേ വേ­ശ്യ­യെ കാ­ണേ­ണ്ട­തു­ള്ളൂ. അതു ക­ഴി­ഞ്ഞാൽ അയാൾ പോ­കു­ക­യാ­യി. പി­ന്നെ വേ­ശ്യ­യെ­ക്കു­റി­ച്ചു ചി­ന്ത­യി­ല്ല. അ­ടു­ത്ത ആ­വ­ശ്യം വ­രു­ന്ന­തു­വ­രെ ഭർ­ത്താ­വി­ന്റെ മാ­ന­സി­ക­നി­ല­യും ഇ­തിൽ­നി­ന്നു വി­ഭി­ന്ന­മ­ല്ല, പു­രു­ഷൻ വേ­ശ്യ­യ്ക്കു പണം കൊ­ടു­ക്കു­ന്നു. വീ­ട്ടു­ചെ­ല­വി­നെ­ന്നു പ­റ­ഞ്ഞു് ഭർ­ത്താ­വു് കൊ­ടു­ക്കു­ന്ന പ­ണ­ത്തി­നു് അത്ര പാ­വ­ന­ത്വ­മൊ­ന്നു­മി­ല്ല. അ­ടു­ത്ത­കാ­ല­ത്തോ പ­ണ്ടെ­ങ്ങോ ഉ­ണ്ടാ­യ ശാ­രീ­രി­ക വേ­ഴ്ച­യു­ടെ പാ­രി­തോ­ഷി­ക­മാ­യി അതിനെ പ­രി­ഗ­ണി­ക്കാം. പ്ര­സ­വി­ച്ചും ഭർ­ത്താ­വി­നു വേ­ണ്ടി ക­ഷ്ട­പ്പെ­ട്ടും മ­ക്ക­ളെ പാ­ടു­പെ­ട്ടു വ­ളർ­ത്തി­യും ആ­രോ­ഗ്യം ന­ശി­ച്ചു് ഭാര്യ ക്യാൻ­സർ വന്നു മ­രി­ക്കു­ന്നു; വേശ്യ പല പു­രു­ഷ­ന്മാ­രെ പ്രാ­പി­ച്ചു് സി­ഫി­ലി­സ് പി­ടി­ച്ചു് മ­രി­ക്കു­ന്നു. ക­ല്യാ­ണ­മ­ണ്ഡ­പ­ത്തിൽ “ആ­ഹ്ലാ­ദ­ത്തി­ന്റെ പാൽ­ക്ക­ട­ലിൽ ല­ക്ഷ്മീ­ദേ­വീ”യെ­പ്പോ­ലെ നി­ല്ക്കു­ന്ന വധു അവിടെ വ­ച്ചു­ത­ന്നെ ഹോ­മി­ക്ക­പ്പെ­ടു­ന്നു. വേ­ശ്യാ­ല­യ­ത്തി­ലെ ഫോം റബ്ബർ കി­ട­ക്ക­യിൽ കി­ട­ക്കു­ന്ന വേശ്യ ആ­ദ്യ­ത്തെ വേ­ഴ്ച­കൊ­ണ്ടു­ത­ന്നെ ത­കർ­ന്ന­ടി­യു­ന്നു. ദാ­മ്പ­ത്യ­ജീ­വി­ത­ത്തിൽ പു­രു­ഷ­നു് അ­ന്യ­സ്ത്രീ­യിൽ ക­ണ്ണു്. വേ­ശ്യ­യെ പ്രാ­പി­ച്ച പു­രു­ഷ­നു മ­റ്റൊ­രു വേ­ശ്യ­യിൽ ക­ണ്ണു്. ര­ണ്ടും ത­മ്മി­ലെ­ന്തേ വ്യ­ത്യാ­സം? ഒരു വ്യ­ത്യാ­സ­മു­ണ്ടു്. ദാ­മ്പ­ത്യ­ജീ­വി­തം മാ­ന്യ­മാ­ണെ­ന്നു് ആ­ളു­ക­ളു­ടെ നാ­ട്യം. വേ­ശ്യ­യു­മാ­യു­ള്ള വേഴ്ച അ­മാ­ന്യ­ക­ര­മാ­ണെ­ന്നു് ആ­ളു­ക­ളു­ടെ മ­ട്ടു്.

അ­പ­രി­ചി­ത­ത്വം

ഒരു സം­ഭ­വ­ത്തെ­ക്കു­റി­ച്ചു വീ­ണ്ടു­മെ­ഴു­താൻ വാ­യ­ന­ക്കാർ സ­മ്മ­തി­ക്കു­മോ? സ്ത്രീ­ക­ളിൽ അമിത കൗ­തു­ക­മാർ­ന്ന ഒ­രാ­ളു­മാ­യി ഞാൻ ഒരു മീ­റ്റിം­ഗി­നു പോയി. അ­ദ്ദേ­ഹം അ­ദ്ധ്യ­ക്ഷ­നാ­ണു സ­മ്മേ­ള­ന­ത്തി­ന്റെ. കുറെ ദൂരം സ­ഞ്ച­രി­ച്ചാൽ ഒരു പ്രാ­സം­ഗി­ക കൂടെ കാറിൽ കയറും. കാറ് അ­വ­രു­ടെ വീ­ട്ടി­ന്റെ നടയിൽ നി­റു­ത്തി­യ­പ്പോൾ അ­ദ്ധ്യ­ക്ഷൻ എ­ന്നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു. “കൃ­ഷ്ണൻ നായർ, നി­ങ്ങൾ മുൻ­സീ­റ്റി­ലി­രി­ക്ക­ണം. അവർ ഇ­വി­ടെ­യി­രി­ക്ക­ട്ടെ”. ഞാൻ ഡോർ തു­റ­ക്കാൻ ഭാ­വി­ച്ച­പ്പോൾ പ്രാ­സം­ഗി­ക വീ­ട്ടിൽ നി­ന്നി­റ­ങ്ങി വ­രു­ന്നു. “അ­വ­രു­ടെ കൂ­ടെ­യു­ള്ള­തു് ആ­രാ­ണു്?” എന്നു അ­ദ്ധ്യ­ക്ഷ­ന്റെ ചോ­ദ്യം. “ഭർ­ത്താ­വു്” എ­ന്നു് എന്റെ മ­റു­പ­ടി. “അ­യാ­ളും കൂടെ വരുമോ?” എ­ന്നു് അ­ദ്ധ്യ­ക്ഷൻ. “വരും” എന്നു ഞാൻ. “എ­ന്നാൽ കൃ­ഷ്ണൻ നായർ ഇ­വി­ടെ­യി­രു­ന്നാൽ മതി” എ­ന്നു് നൈ­രാ­ശ്യ­ത്തോ­ടെ അ­ദ്ദേ­ഹം. കാറ് വീ­ണ്ടും നീ­ങ്ങി. അ­പ്പോൾ അ­സ്വ­സ്ഥ­നാ­യ അ­ദ്ധ്യ­ക്ഷൻ എന്റെ കാതിൽ ചോ­ദി­ച്ചു. “Why is she so lean?” ഞാൻ അ­ത്ഭു­ത­പ്പെ­ട്ടു് “She is not lean still” എ­ന്നു് അ­ദ്ദേ­ഹ­ത്തോ­ടു് പ­റ­ഞ്ഞു. അ­ദ്ധ്യ­ക്ഷൻ വി­ട്ടി­ല്ല. “No, No she is very lean” എ­ന്നാ­യി അ­ദ്ദേ­ഹം. അ­വ­രു­ടെ ജോലി എ­ന്താ­ണു്. എ­വി­ടെ­യാ­ണു് ജോലി സ്ഥലം എ­ന്നൊ­ക്കെ അ­ന്വേ­ഷി­ച്ചു ആ കാ­മാ­തു­രൻ. ഞാൻ വ­ള­രെ­പ്പ­തു­ക്കെ വി­വ­ര­ങ്ങൾ അ­ദ്ദേ­ഹ­ത്തെ അ­റി­യി­ച്ചു. “അ­പ്പോൾ ഉ­ച്ച­യ്ക്കു് അ­വ­രെ­ന്തു ക­ഴി­ക്കും? എന്നു പി­ന്നീ­ടും ചോ­ദ്യം.

ഞാൻ:
ഹോ­ട്ട­ലിൽ നി­ന്നു വ­ല്ല­തും ക­ഴി­ക്കും.
അ­ദ്ധ്യ:
അവിടെ ഹോ­ട്ട­ലു­കൾ ഇ­ല്ല­ല്ലോ.
ഞാൻ:
ചാ­യ­ക്ക­ട­കൾ ഏ­റെ­യു­ണ്ടു് സാർ. വല്ല വാ­ഴ­യ്ക്ക­പ്പ­മോ വടയോ വാ­ങ്ങി­ത്തി­ന്നു­മാ­യി­രി­ക്കും.
അ­ദ്ധ്യ:
അ­ങ്ങ­നെ വ­ര­ട്ടെ. ഉ­ച്ച­യ്ക്കു വാ­ഴ­യ്ക്ക­പ്പ­മോ വടയോ തി­ന്നാൽ ക്ഷീ­ണി­ക്കു­ല്ലേ ശരീരം? That is why she is so lean.

മുൻ­പി­ലി­രി­ക്കു­ന്ന നല്ല വ­ണ്ണ­മു­ള്ള സ്ത്രീ അ­ദ്ദേ­ഹ­ത്തി­ന്റെ കാ­മ­ചാ­പ­ല്യ­ങ്ങൾ അ­റി­യു­മെ­ന്ന­തു­കൊ­ണ്ടു് ഞാൻ പി­ന്നീ­ടു് ഒരു ചോ­ദ്യ­ത്തി­നും മ­റു­പ­ടി ന­ല്കി­യി­ല്ല. സ­മ്മേ­ള­ന സ്ഥ­ല­ത്തെ­ത്തി. വീ­ട്ടിൽ നി­ന്നു് മു­ഷി­ഞ്ഞ മു­ണ്ടും കീറിയ ഷർ­ട്ടും ധ­രി­ച്ചു വന്ന അ­ദ്ധ്യ­ക്ഷൻ ഒരു മു­റി­യിൽ കയറി വേഷം മാറി തി­രി­ച്ചെ­ത്തി­യ­പ്പോൾ മ­റ്റൊ­രു വ്യ­ക്തി. ഇളം നീല ബു­ഷ്ഷർ­ട്ട്. അതിനു ചേ­രു­ന്ന പാ­ന്റ്സ്. എ­ല്ലാം പ­ട്ടു്. ബ­നി­യ­ന്റെ ക­ഴു­ത്തു വെ­ളി­യിൽ കാണാം. അതും സി­ല്ക്ക് തന്നെ. ത­ല­മു­ടി ചീകി എന്തോ കു­ഴ­മ്പു തേ­ച്ചി­രി­ക്കു­ന്നു. ക­വിൾ­ത്ത­ട­ങ്ങ­ളിൽ ക്രീം പു­ര­ട്ടി­യി­രി­ക്കു­ന്നു. ആ­കെ­ക്കൂ­ടി ഒരു തേ­ജ­സ്സു്. ആരോ പ­റ­ഞ്ഞ­തു­പോ­ലെ ഒരു സു­ന്ദ­ര­ക്കു­ട്ട­പ്പൻ. അ­ദ്ദേ­ഹ­ത്തെ­ക്ക­ണ്ട പ്രാ­സം­ഗി­ക അ­റി­യാ­തെ പ­റ­ഞ്ഞു­പോ­യി. “ഹാ ഹാ ഇ­പ്പോൾ ഒരു പു­തി­യാ­ദ്ധ്യ­ക്ഷൻ തന്നെ. ഈ ഭം­ഗി­യൊ­ക്കെ എവിടെ ഒ­ളി­ച്ചു വ­ച്ചി­രു­ന്നു ഇ­ത്ര­നേ­രം?” പ്രാ­സം­ഗി­ക­യു­ടെ നർ­മ്മ­ബോ­ധം ക­ലർ­ന്ന ആ ചോ­ദ്യ­ങ്ങൾ എ­നി­ക്കും ഇ­ഷ്ട­പ്പെ­ട്ടു (പ്രാ­സം­ഗി­ക എന്ന പ്ര­യോ­ഗം ശ­രി­യ­ല്ല).

ഈ സം­ഭ­വ­ത്തിൽ ഒരു ക­ലാ­ര­ഹ­സ്യം ഒ­ളി­ഞ്ഞി­രി­പ്പു­ണ്ടു്. പ­രി­ചി­ത­ങ്ങ­ളാ­യ വ­സ്തു­ക്ക­ളെ അ­പ­രി­ചി­ത­ത്വം വ­രു­ത്തി പ്ര­ദർ­ശി­പ്പി­ക്കു­ന്ന­താ­ണു് കല. അ­ദ്ധ്യ­ക്ഷൻ പുതിയ അ­ദ്ധ്യ­ക്ഷ­നാ­കു­ന്ന­തു ത­ന്നെ­യാ­ണ­തു്. ഈ അ­പ­രി­ചി­ത­ത്വം അ­നു­രാ­ധ­യ്ക്കു് വ­രു­ത്താ­ന­റി­ഞ്ഞു­കൂ­ടാ എ­ന്ന­താ­ണു് അവർ വി­മൻ­സ് മാ­ഗ­സി­നിൽ എ­ഴു­തി­യ അ­സ്ത­മ­യ­ത്തി­നു മുൻപേ എന്ന ക­ഥ­യു­ടെ ദോഷം. ത­ന്നി­ഷ്ട­ക്കാ­രി­യാ­യ മകൾ ‘സ്വ­യം­വ­രം’ ന­ട­ത്തു­മ്പോൾ അച്ഛൻ ഒ­റ്റ­യ്ക്കാ­കു­ന്നു. ആ അച്ഛൻ ആ­ശു­പ­ത്രി­യിൽ കി­ട­ന്നു മ­രി­ക്കു­ന്നു. അ­തി­നു­മു­മ്പു് അയാൾ അ­വൾ­ക്കു് മാ­പ്പു കൊ­ടു­ക്കു­ന്നു­ണ്ടു്. സ­ദൃ­ശ്യ­മാ­യ ഒ­ര­വ­സ്ഥ­യിൽ­പ്പെ­ട്ട ഒരു നേ­ഴ്സ് മ­രി­ച്ച­യാ­ളി­ന്റേ­യും അ­യാ­ളു­ടെ മ­ക­ളു­ടെ­യും ച­രി­ത്ര­മ­റി­ഞ്ഞു് സ്വ­ന്തം പി­താ­വി­നെ­ക്ക­ണ്ടു് മാ­പ്പു ചോ­ദി­ക്കാൻ പോ­കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. റ­ഷ്യ­യി­ലെ ഒരു രൂ­പ­ശി­ല്പ­വാ­ദി­യാ­ണു് ക­ല­യു­ടെ ഈ അ­പ­രി­ചി­ത­ത്വ­സ്വ­ഭാ­വ­ത്തി­നു് ഊന്നൽ കൊ­ടു­ത്ത­തു്. Ostranenrye എന്ന റഷ്യൻ പ­ദ­മാ­ണു് അ­ദ്ദേ­ഹം പ്ര­യോ­ഗി­ച്ച­തു്. അ­തി­ന്റെ അർ­ത്ഥം അ­പ­രി­ചി­ത­ത്വം വ­രു­ത്തു­ക­യെ­ന്നും. രൂ­പ­ശി­ല്പാ­ദി­ക­ളെ നമ്മൾ അം­ഗീ­ക­രി­ച്ചി­ല്ലെ­ന്നു വരും. എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ ഈ ക­ലാ­സി­ദ്ധാ­ന്ത­ത്തിൽ തെ­റ്റി­ല്ലാ­ത്ത­തു­കൊ­ണ്ടു് ന­മു­ക്കു് എ­തിർ­പ്പു് ഉ­ണ്ടാ­വു­ക­യി­ല്ല.

ആർ­ജ്ജ­നം
images/Schumacher.jpg
ഷു­മാ­ഹർ

എന്റെ പെൺ­മ­ക്ക­ളു­ടെ വി­വാ­ഹ­ത്തി­നു ക്ഷ­ണ­ക്ക­ത്തു് അ­ച്ച­ടി­ച്ച­പ്പോൾ kindly avoid presents എ­ന്നും കൂടി ചേർ­ത്തി­രു­ന്നു. എ­ങ്കി­ലും ചാ­ല­ക്ക­ട­യി­ലെ സ്റ്റീൽ­പ്പാ­ത്ര­ങ്ങ­ളിൽ പലതും എന്റെ വീ­ട്ടി­ലേ­ക്കു് ഒഴുകി. ഞാൻ ഭ­വ­ന­ത്തി­ലി­ല്ലാ­ത്ത­പ്പോൾ പണം കൊ­ണ്ടു­കൊ­ടു­ത്തി­ട്ടു പോ­യ­വ­രു­ണ്ടു്. മേനി പ­റ­യു­ക­യോ ഹി­പോ­ക്ര­സി പ്ര­ദർ­ശി­പ്പി­ക്കു­ക­യോ അല്ല. സ­മ്മാ­ന­ങ്ങൾ വാ­ങ്ങി­ക്കു­ന്ന­തു് തി­ക­ച്ചും വേ­ദ­നാ­ജ­ന­ക­മാ­ണു് എ­നി­ക്കു്. എ­ന്നാൽ സ­മ്മാ­ന­ങ്ങൾ കി­ട്ടി­യേ തീരൂ എന്ന മ­ട്ടിൽ വി­വാ­ഹ­ത്തി­നു ക്ഷ­ണി­ക്കു­ന്ന­വ­രു­മു­ണ്ടു്. പെൺ­മ­ക്കൾ­ക്കു കി­ട്ടു­ന്ന സ­മ്മാ­ന­ങ്ങൾ വ­ര­ന്മാ­രു­ടെ ഭ­വ­ന­ങ്ങ­ളിൽ കൊ­ടു­ത്ത­യ­യ്ക്കാൻ സ­മ്മ­തി­ക്കാ­തെ അ­പ­ഹ­രി­ക്കു­ന്ന അ­മ്മ­മാർ ധാ­രാ­ളം. ഞാൻ കണ്ണു കൊ­ണ്ടു കണ്ട കാഴ്ച പറയാം. വി­വാ­ഹം ക­ഴി­ഞ്ഞു. പെ­ണ്ണു വ­ര­നോ­ടൊ­പ്പം പോകാൻ ത­യ്യാ­റെ­ടു­ക്കു­ക­യാ­ണു്. സ്റ്റീൽ പാ­ത്ര­ങ്ങൾ വ­ട്ടി­ക­ളി­ലാ­ക്കി വ­ച്ചി­രി­ക്കു­ന്നു. അതു ക­യ­റ്റാൻ തന്നെ നാലു കാ­റെ­ങ്കി­ലും വേണം. പെ­ണ്ണി­ന്റെ തള്ള എങ്ങു നി­ന്നോ ഓടി വന്നു. അവർ ഒരു സ്റ്റീൽ­ച്ച­രു­വം പൊ­ക്കി­യെ­ടു­ത്തു് “മോളേ ഇതു ഞാ­നെ­ടു­ക്ക­ട്ടോ?” എന്നു കെ­ഞ്ചി. “വേഗം എ­ടു­ക്ക­ണം അമ്മ. അവർ കാ­ണ­രു­തു്. ക­ണ്ടാൽ കു­റ­ച്ചിൽ” വ­ര­ന്റെ വീ­ട്ടു­കാർ കാ­ണാ­തെ തള്ള ചരുവം മു­റി­ക്ക­ക­ത്തു് ആക്കി. വേ­റൊ­രു സ്റ്റീൽ ചരുവം പൊ­ക്കി­യെ­ടു­ത്തു. “മോളേ” അതും മു­റി­യി­ലാ­യി. ഇ­ങ്ങ­നെ പല “മോളേ” വി­ളി­കൾ. അ­തോ­ടൊ­പ്പം സ്റ്റീൽ­പ്പാ­ത്ര­ങ്ങ­ളു­ടെ മോ­ഷ­ണ­ങ്ങ­ളും. ഒ­ടു­വിൽ ഒരു ക­വ­റെ­ടു­ത്തു തു­റ­ന്നു. “മോളേ ഇ­രു­ന്നൂ­റു രൂ­പ­യു­ണ്ടു്. നൂ­റു­രൂ­പ അ­മ്മ­യ്ക്കു്” പെ­ണ്ണു് ഓടി വ­ന്നു് രൂപ പി­ടി­ച്ചു വാ­ങ്ങി­ച്ചു. അ­പ്പോ­ഴേ­ക്കും വ­ര­ന്റെ വീ­ട്ടു­കാ­രിൽ ചിലർ അവിടെ വന്നു. ഇ­ല്ലെ­ങ്കിൽ പി­ന്നെ­യും ആർ­ത്തി­യോ­ടു­ള്ള “മോളേ” വി­ളി­കൾ ഉ­യ­രു­മാ­യി­രു­ന്നു. ആർ­ജ്ജ­ന­ത്തി­നു­ള്ള അ­ഭി­ലാ­ഷ­മാ­ണു് ഇവിടെ ക­ണ്ട­തു്. ഈ അ­ത്യാർ­ത്തി മ­റ്റു­ള്ള­വ­രിൽ വെ­റു­പ്പു് എന്ന വി­കാ­ര­മു­ള­വാ­ക്കും. വേറെ ചി­ല­രു­ണ്ടു് ഉ­ന്ന­ത­മാ­യ സർ­ക്കാർ ജോ­ലി­യി­ലി­രു­ന്നു പെൻഷൻ പ­റ്റും. സർ­വീ­സി­ലി­രി­ക്കു­മ്പോൾ പ­ട്ടി­ണി കി­ട­ന്നും അ­ന്യ­നു കി­ട്ടാ­നു­ള്ള­തു പി­ടി­ച്ചു വാ­ങ്ങി­ച്ചും ധാ­രാ­ളം സ­മ്പാ­ദി­ക്കു­ന്നു. പി­ന്നീ­ടു് വി­ശ്ര­മി­ച്ചാൽ മതി. വി­ശ്ര­മി­ക്കി­ല്ല. ചാ­യ­ക്ക­ട­യോ, മു­റു­ക്കാൻ കടയോ തു­ട­ങ്ങും. ജോ­ലി­യി­ലി­രി­ക്കു­മ്പോൾ തുകകൾ സാ­ങ്ങ്ഷൻ ചെ­യ്തും കീ­ഴ്ജീ­വ­ന­ക്കാ­രെ സ്ഥലം മാ­റ്റി­യും പ്ര­താ­പം കാ­ണി­ച്ചി­രു­ന്ന മ­നു­ഷ്യൻ “പത്തു പൈ­സ­ക്കു് മു­റു­ക്കാൻ” എ­ന്നു് ഒ­രു­ത്തൻ വ­ന്നു് ആ­വ­ശ്യ­പ്പെ­ടു­മ്പോൾ രണ്ടു വെ­റ്റെ­യെ­ടു­ത്തു­വ­ച്ചു് ഒരു പാ­ക്കു് ക­ത്തി­കൊ­ണ്ടു മു­റി­ക്കും. സ­ങ്ക­ല്പ­മ­ല്ല. സ­ത്യ­മാ­ണി­തു്. കീ­ഴ്ജീ­വ­ന­ക്കാ­രെ വി­റ­പ്പി­ച്ചി­രു­ന്ന ഒ­രു­ദ്യോ­ഗ­സ്ഥൻ ചാ­യ­ക്ക­ട ന­ട­ത്തി­യെ­ന്നു വരും. പ­ല­ഹാ­ര­മെ­ടു­ത്തു കൊ­ടു­ക്കു­ന്ന­വൻ വ­ന്നി­ട്ടി­ല്ലെ­ങ്കിൽ അ­ദ്ദേ­ഹം­ത­ന്നെ വ­രു­ന്ന­വ­രു­ടെ മുൻ­പിൽ ഇ­ല­കൊ­ണ്ടി­ട്ടു് വാ­ഴ­യ്ക്ക­പ്പം എ­ടു­ത്തു വ­ച്ചെ­ന്നും വരും. ഏതു കൊ­ച്ചു ജ­ന്തു­വി­നെ ക­ണ്ടാ­ലും ചാ­ടി­പ്പി­ടി­ക്കു­ന്ന ക്രൂര ജ­ന്തു­വി­ന്റെ നൃ­ശം­സ­ത­യാ­ണു് ഇ­ക്കൂ­ട്ടർ കാ­ണി­ക്കു­ന്ന­തു്. ഏക്കർ ക­ണ­ക്കി­ന­ല്ല, മൈൽ ക­ണ­ക്കി­നു് വ­യ­ലു­കൾ സ­മ്പാ­ദി­ച്ചാ­ലും ‘പോരാ, പോരാ’ എന്നു പ­റ­ഞ്ഞു­കൊ­ണ്ടു നെ­ട്ടോ­ട്ടം ഓ­ടു­ന്ന­വ­രാ­ണു് ഇവർ. ഷു­മാ­ഹർ പറഞ്ഞ Small is beautiful എന്ന തത്വം ഇവർ ഒ­രി­ക്ക­ലും മ­ന­സ്സി­ലാ­ക്കി­ല്ല.

ആർ­ജ്ജ­ന­ത്തിൽ അ­മി­താ­ഭി­ലാ­ഷ­മു­ള്ള­വർ­ക്കു് അ­ച്ഛ­നെ­ന്നി­ല്ല, അ­മ്മ­യെ­ന്നി­ല്ല. അ­മ്മ­യു­ടെ മരണം പോലും അവരെ ച­ലി­പ്പി­ക്കി­ല്ല. ഈ സത്യം ശ്രീ കി­ളി­രൂർ രാ­ധാ­കൃ­ഷ്ണൻ ‘പു­ഷ്പ­ച­ക്രം’ എന്ന ക­ഥ­യി­ലൂ­ടെ പ്ര­തി­പാ­ദി­ക്കു­ന്നു (ക­ഥാ­മാ­സി­ക, നവംബർ 12-17 ലക്കം). ആർ­ക്കും അം­ഗീ­ക­രി­ക്കാ­വു­ന്ന സത്യം; പക്ഷേ, ഭാ­വ­ശി­ല്പ­മി­ല്ലാ­ത്ത ഇക്കഥ എ­നി­ക്കു് അം­ഗീ­ക­രി­ക്കാ­നാ­വു­ന്നി­ല്ല. പ്ര­തി­ഭ­യി­ല്ലാ­തെ കഥകൾ എ­ഴു­താൻ സാ­ധി­ക്കു­മോ? സാ­ധി­ക്കു­മെ­ന്നു് രാ­ധാ­കൃ­ഷ്ണൻ ഇ­ക്ക­ഥ­യി­ലൂ­ടെ ഉ­ദ്ഘോ­ഷി­ക്കു­ന്നു.

പു­സ്ത­കം
images/ChrisvanWyk00-c.jpg
Christopher Van Wyk

ദ­ക്ഷി­ണാ­ഫ്രി­ക്ക­യി­ലെ മ­ഹാ­ന്മാ­രാ­യ ര­ണ്ടെ­ഴു­ത്തു­കാ­രാ­ണു് ആ­ന്ദ്രേ ബി­ങ്കും ജെ. എം. കു­റ്റ്സേ യും. അവർ എ­ഡി­റ്റ് ചെയ്ത A Land Apart എന്ന പു­സ്ത­ക­ത്തിൽ നേഡിൻ ഗോർ­ഡി­മർ തു­ട­ങ്ങി­യ മു­പ്പ­ത്തി­യ­ഞ്ചു് എ­ഴു­ത്തു­കാ­രു­ടെ രചനകൾ ഉ­ണ്ടു്. തെ­ക്കേ­യാ­ഫ്രി­ക്ക ഇ­ന്നൊ­രു പ­രി­വർ­ത്ത­ന ‘ഘട്ട’ത്തി­ലാ­ണ­ല്ലോ. അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട ദ­ക്ഷി­ണാ­ഫ്രി­ക്കൻ എ­ഴു­ത്തു­കാ­രു­ടെ വി­ചാ­ര­ങ്ങ­ളും വി­കാ­ര­ങ്ങ­ളും ഈ ഗ്ര­ന്ഥം പ്ര­തി­ഫ­ലി­പ്പി­ക്കു­ന്നു. ക­റു­ത്ത വർ­ഗ്ഗ­ക്കാർ, വെ­ള്ള­ക്കാർ, ഇ­വ­രു­ടെ ‘ഇം­ഗ്ലീ­ഷ് രചന’കൾ ആ­ഫ്രി­ക്കൻ­സ്, സുലൂ, സോ­ത്തോ, കൊസ (Xhosa), ഈ ദ­ക്ഷി­ണാ­ഫ്രി­ക്കൻ ഭാ­ഷ­ക­ളി­ലെ ര­ച­ന­ക­ളു­ടെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ­കൾ ഇ­വ­യെ­ല്ലാം ഈ ഗ്ര­ന്ഥം ഉൾ­ക്കൊ­ള്ളു­ന്നു. കാ­വ്യ­ര­ച­ന­യ്ക്കു Olive Schreiner സ­മ്മാ­നം നേടി. Christopher Van Wyk-ന്റെ (1957-ൽ ജനനം) ഒരു കാ­വ്യം എ­ടു­ത്തെ­ഴു­ത­ട്ടെ.

He fell from the ninth floor

He hanged himself

He slipped on a piece of soap while washing

He hanged on a piece of soap while washing

He fell from ninth floor

He hanged himself while washing

He slipped from the ninth floor

He hung from the ninth floor

He slipped on the ninth floor while washing

He fell from a piece of soap while slipping

He hung from ninth floor

He washed from the ninth floor while slipping

He hung from a piece of soap while washing

(Faber and Faber, London)

images/NVKrishnaWarrier.jpg
എൻ. വി. കൃ­ഷ്ണ­വാ­രി­യർ

എൻ. വി. കൃ­ഷ്ണ­വാ­രി­യർ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘ആനവാൽ’ എന്ന കാ­വ്യ­ത്തെ ‘ഫാ­സി­നേ­റ്റി­ങ്ങ്’ എ­ന്നാ­ണു് ഞാൻ വി­ശേ­ഷി­പ്പി­ക്കു­ക. കാ­മ­റ­യു­ടെ കാചം സു­ന്ദ­ര­മാ­യ പ്ര­കൃ­തി­ദൃ­ശ്യ­ത്തെ പി­ടി­ച്ചെ­ടു­ക്കു­ന്ന­തു­പോ­ലെ ഒരു ജീവിത സം­ഭ­വ­ത്തെ കവി അ­തി­ന്റെ മ­നോ­ഹാ­രി­ത­യോ­ടെ പി­ടി­ച്ചെ­ടു­ത്തി­രി­ക്കു­ന്നു. ഒരു വ്യ­ത്യാ­സം ഫോ­ട്ടോ ക­ലാ­സൃ­ഷ്ടി­യ­ല്ല. കൃ­ഷ്ണ­വാ­രി­യ­രു­ടേ­തു് ര­മ­ണീ­യ­മാ­യ ക­ലാ­സൃ­ഷ്ടി­യും. ഫോ­ട്ടോ­യിൽ അ­ന്ത­രീ­ക്ഷം അ­ന്ത­രീ­ക്ഷം മാ­ത്രം. അ­തി­ലൂ­ടെ പ­റ­ക്കു­ന്ന പക്ഷി പക്ഷി മാ­ത്രം. എ­ന്നാൽ ഈ കാ­വ്യ­ത്തിൽ ആനവാൽ കൊ­തി­ക്കു­ന്ന കി­ട്ട­നും കു­ട്ട­നും സംഭവം വർ­ണ്ണി­ക്കു­ന്ന ‘ഞാനും’ വെറും വ്യ­ക്തി­ക­ള­ല്ല, സ്വ­ത്വ­മു­ള്ള ആ­ളു­ക­ളാ­ണു്. അവർ ആ കാ­വ്യ­ത്തിൽ മാ­ത്രം തേ­ജ­സ്സോ­ടെ ജീ­വി­ക്കു­ന്ന ആ­ളു­ക­ള­ത്രെ. മൂ­ന്നു­പേ­രും ആനവാൽ കൊ­തി­ച്ചു് ആ­ന­യു­ടെ അ­ടു­ത്തു വന്നു നി­ല്ക്കു­ന്നു. പാ­പ്പാൻ പു­ക­യി­ല കൊ­ണ്ടു­വ­രാൻ കി­ട്ട­നെ പ­റ­ഞ്ഞ­യ­ച്ചു. മോരു കൊ­ണ്ടു­വ­രാൻ കു­ട്ട­നെ പ­റ­ഞ്ഞ­യ­ച്ചു. അ­വർ­ക്കു ര­ണ്ടു­പേർ­ക്കും ആനവാൽ കി­ട്ടും. ത­നി­ക്കു് കി­ട്ടു­ക­യി­ല്ല എന്നു വി­ചാ­രി­ച്ചു് കു­ട്ടി ദുഃ­ഖി­ക്കു­മ്പോൾ—അ­വ­ന്റെ വീ­ട്ടിൽ ക­ഞ്ഞി­വ­യ്പു പോ­ലു­മി­ല്ല—പാ­പ്പാൻ ആനവാൽ പൊ­ട്ടി­ച്ചു് അവനു നൽ­കു­ന്നു. അതു കൈയിൽ കാ­പ്പാ­യി ഇ­ട്ടു് അ­ഭി­മാ­ന­ത്തോ­ടെ അവൻ നി­ല്ക്കു­മ്പോൾ മറ്റു ര­ണ്ടു­പേ­രും തി­രി­ച്ചു വ­രു­ന്നു. കാ­വ്യം അ­വ­സാ­നി­ക്കു­ന്നു.

“അ­ദ്ഭു­ത­ത്താ­ലേ മി­ഴി­വി­ടർ­ന്നും

ഒ­പ്പ­മ­സൂ­യ­യാ­ലു­ള്ളെ­രി­ഞ്ഞും

ത­ങ്ങ­ളിൽ­ത്ത­ങ്ങ­ളിൽ­ക്കി­ട്ട­നും കു­ട്ട­നും

ഇ­ങ്ങ­നെ­ചൊ­ല്ലും എ­നി­ക്ക­റി­യാം.

ആ­ന­പ്പി­ണ്ടം­വാ­രും പെ­ണ്ണി­ന്റെ ചെക്കന്നൊ-​

രാ­ന­വാ­ലി­ന്നു­ണ്ടോ പ­ഞ്ഞ­മി­പ്പോൾ”.

യാ­ഥാർ­ത്ഥ്യ­മി­ല്ല, യ­ഥാ­ത­ഥ്യ­ത്തി­നു് ഒരു യ­ഥാ­ത­ഥ്യ­മു­ണ്ടെ­ങ്കിൽ അ­തി­നെ­യാ­ണു് കവി സ്ഫു­ടീ­ക­രി­ക്കു­ന്ന­തു്. വി­ഷ­യ­ത്തി­നു യോ­ജി­ച്ച വൃ­ത്തം. ഒ­ന്നാ­ന്ത­രം ആ­ഖ്യാ­നം. വെ­ള്ള­ത്തിൽ വീണ നി­ലാ­വു പോലെ വ­രി­ക­ളി­ലാ­കെ ഹാ­സ്യ­ത്തി­ന്റെ തി­ള­ക്കം. ഇതു ക­വി­ത­യ­ല്ലെ­ങ്കിൽ പി­ന്നെ ഏതാണു കവിത?

എത്ര ചാ­രി­ത്ര­ശാ­ലി­നി­യാ­ണെ­ങ്കി­ലും അ­ന്യ­ന്റെ വി­കാ­ര­മി­ള­ക്കി വി­ടാ­ത്ത ഒരു സ്ത്രീ­യെ എ­നി­ക്കു കാ­ണി­ച്ചു­ത­രൂ —ബൽ­സാ­ക്ക്.

ഭാ­വാ­ത്മ­കം
images/GeorgeOnakkoor-c.jpg
ജോർജ് ഓ­ണ­ക്കൂർ

പ­ല­രു­ടെ­യും വി­കാ­ര­മി­ള­ക്കി­വി­ട്ട ഒരു സു­ന്ദ­രി­യെ ജോർജ് ഓ­ണ­ക്കൂർ “അ­ന­ന്ത­രം എന്തു സം­ഭ­വി­ക്കും” എന്ന ക­ഥ­യി­ലൂ­ടെ ന­മു­ക്കു കാ­ണി­ച്ചു ത­രു­ന്നു. ആ ദർശനം ഭാ­വാ­ത്മ­ക­ത­യി­ലൂ­ടെ­യാ­ണു് ന­മു­ക്കു് ല­ഭി­ക്കു­ക. സ­ത്യ­മാ­വി­ഷ്ക­രി­ക്കാൻ പല മാർ­ഗ്ഗ­ങ്ങ­ളു­ണ്ടു്. ധ്യാ­ന­നി­ര­ത­നാ­യി­രു­ന്നു ല­ഭി­ക്കു­ന്ന അ­നു­ഭൂ­തി­യെ സ്ഫു­ടീ­ക­രി­ക്കാം. മെ­സ്ക­ലിൽ ക­ഴി­ച്ചു് അൽഡസ് ഹ­ക്സി­ലെ യെ­പ്പോ­ലെ അ­തി­നു് അ­തീ­ന്ദ്രി­യ­ലോ­ക­ത്തു് പ്ര­വേ­ശി­ക്കാം. ഭാ­വാ­ത്മ­ക­ത­യി­ലൂ­ടെ­യും സ­ത്യ­ദർ­ശ­നം സാ­ധ്യ­മാ­ണു്. ഒരു വി­കാ­ര­ത്തെ നേർ­പ്പി­ച്ചു നേർ­പ്പി­ച്ചു കൊ­ണ്ടു­വ­ന്നു സ്വർ­ണ്ണ­ശ­ലാ­ക­യെ­ന്ന­പോ­ലെ പ്ര­ത്യ­ക്ഷ­മാ­ക്കു­മ്പോ­ഴാ­ണു് ഭാ­വാ­ത്മ­ക­ത്വം ഉ­ത്കൃ­ഷ്ട­ട­ത­യി­ലെ­ത്തു­ന്ന­തു്. രതി എന്ന ഭാ­വ­ത്തെ ഇ­പ്ര­കാ­രം ആ­വി­ഷ്ക­രി­ക്കു­ന്നു എ­ന്ന­താ­ണു് ഇ­ക്ക­ഥ­യു­ടെ സ­വി­ശേ­ഷ­ത. ഇവിടെ ഇ­തി­വൃ­ത്ത­ത്തി­നു സ്ഥാ­ന­മി­ല്ല (കഥ ക­ലാ­കൗ­മു­ദി­യിൽ).

കള്ളം-​പലവിധം
വി­മൻ­സ് ഹോ­സ്റ്റ­ലി­ലെ പെൺ­കു­ട്ടി:
എന്റെ ചേ­ട്ട­നാ­ണു് ഇ­പ്പോൾ എന്നെ കാണാൻ വ­ന്ന­തു്.
പ­ത്രാ­ധി­പർ:
നി­ങ്ങ­ള­യ­ച്ച കഥ ഞാൻ ക­ണ്ടി­ല്ല­ല്ലോ.
ഡോ­ക്ടർ:
ഏയ് ഒ­ന്നും പേ­ടി­ക്കാ­നി­ല്ല.
കേ­ര­ള­ത്തി­ലെ സാ­ഹി­ത്യ­കാ­രൻ:
ഞാൻ ആ ഇം­ഗ്ലീ­ഷ് പു­സ്ത­കം ക­ണ്ടി­ട്ടേ­യി­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-12-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.