images/kpn-bharatham-xml-cover.jpg
The Pandavas in King Drupad’s Court, a watercolor painting on gold paper from Kangra by anonymous (na).
ഭാഗം ആറു്

“വിവാഹപൂർവസന്തതികളും പരപുരുഷരതിയും കുരുവംശപ്പെരുമക്കു് അലങ്കാരമായി കരുതുന്ന പരിഷ്കൃത സമൂഹം ഹസ്തിനപുരിയിലുണ്ടു്. പക്ഷെ അവരെ ചിന്താക്കുഴപ്പത്തിലാക്കുന്നതു്, സ്വർണ്ണനിറമുള്ള അഞ്ചു ദേവരൂപികൾ കൂട്ടിനുണ്ടായിട്ടും, ഇനിയുമെന്തിനൊരു ശ്യാമദേവൻ? ഒന്നും വേണ്ടായിരുന്നു എന്നു് തോന്നിയോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവ വസതിക്കരികെയുള്ള കാട്ടരുവിയിൽ കൈയും മുഖവും കഴുകി അവർ നടന്നു. നീരൊഴുക്കു് കുറവായിരുന്നെങ്കിലും, ജലം പരിശുദ്ധമായിരുന്നു.

“കീഴ്പ്പെടുത്താനും, ചൂതാട്ടത്തിൽ പണയപ്പെടുത്തി അടിമയാക്കാനും മടിയില്ലാത്ത കൌന്തേയരെവിടെ, ദൂരെ ദൂരെ ദ്വാരകയിൽ എനിക്കായി സുരക്ഷിതത്വത്തിന്റെ ഒരാലില, സത്യഭാമ പോലുമറിയാതെ, മറിച്ചിടുന്ന ആ സുഹൃത്തെവിടെ.”

2019-07-02

“മട്ടുപ്പാവിൽ ജൈവകൃഷി?”, രാജധാനിസമുച്ചയത്തിൽ നിന്നകന്നു വന്മരങ്ങളുടെ മറവിൽ, കൌരവരാജവധുക്കളുടെ മാളികമുകളിലായിരുന്ന ദുര്യോധനഭാര്യയോടു് കൊട്ടാരം ലേഖിക ചോദിച്ചു.”നിലാവുള്ള രാത്രികളിൽ, ജനിച്ച നാടിന്റെ ദിശയിലേക്കു നോക്കി, വിങ്ങിപ്പൊട്ടുന്ന ഹൃദയവാതിലുകൾ ഭർത്താക്കന്മാരറിയാതെ തുറന്നിടാനുള്ള ഈ മട്ടുപ്പാവിലും വളരുമോ കായ്ഫലമുള്ള ചെടികൾ എന്നു് പരീക്ഷിക്കുകയാണു് പുതുമണവാട്ടികൾ.”

2019-07-03

“കാഴ്ചപരിമിതനെങ്കിലും, അകക്കണ്ണിന്റെ കാര്യത്തിൽ ആർക്കും പിന്നിലല്ല എന്നു് തോന്നാറുണ്ടോ?”, ജന്മദിനത്തിൽ അഭിവാദ്യമർപ്പിക്കാനുള്ള വരിയിൽ നിന്ന കൊട്ടാരം ലേഖിക മുട്ടുകുത്തി കൈമുത്തി ചോദിച്ചു. അന്ധഭർത്താവിനോടു് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കണ്ണുകെട്ടി സ്വയം കാഴ്ച നിഷേധിച്ച ഭാര്യ, ഒരു പശ്ചാത്താപം പോലെ പരവശയായി അരികെ.

“പ്രകൃതിയുടെ പാരിതോഷികമാണു് കാഴ്ച എന്നു് അന്ധനായ ഞാൻ പറഞ്ഞാൽ, മനുഷ്യശരീരത്തിനു് അതൊരാവകാശമാണെന്നു നിങ്ങൾ തർക്കിക്കും. ആ തർക്കം അവിടെ നിൽക്കട്ടെ. എന്നാൽ അകക്കണ്ണെന്നു പറയുന്നതു് പ്രകൃതിയുടെ പാരിതോഷികമോ നമ്മുടെ ജന്മഅവകാശമോ അല്ല, അതൊരു ‘നേടിയെടുക്ക’ലാണു്. ആ നേടിയെടുക്കൽ സ്വകാര്യ അഹങ്കാരമെന്നു കരുതുന്നവരുണ്ടു്-വിദുരരെ പോലെ. ഗുരുവിൽ നിന്നു് നേടിയെടുക്കാമെന്നു അവകാശപ്പെടുന്നവരുണ്ടു്-യുധിഷ്ഠിരനെ പോലെ. അകക്കണ്ണു് എനിക്കു് തന്നതു് അഹങ്കാരമല്ല, കാഴ്ചപ്പാടാണു്. അതുകൊണ്ടെന്തു നേട്ടമുണ്ടായി? അക്ഷരം വായിക്കാനറിയാത്ത ഞാൻ പലതും ‘കൂട്ടിവായിച്ചി’ല്ലേ? നിങ്ങൾ ഇപ്പോൾ എന്നെ പുറംകാഴ്ചയിലൂടെ കാണുന്നതു്, നരച്ചുനീണ്ട താടിയും ഒഴിഞ്ഞ കണ്ണിടങ്ങളും രോമരഹിതശിരസ്സും ഭാരിച്ച ശരീരവുമുള്ള പടുകിഴവനായിട്ടാണെങ്കിൽ, എന്നെ ഞാൻ ഉള്ളിൽ കാണുന്നതു്, ‘വനാന്തര’ത്തിൽ മറ്റൊരു പ്രതിയോഗിയെ കയറ്റാതെ,നിരന്തരം പൊരുതുന്ന സിംഹരാജനായിട്ടാണു്. അതാണു് പറഞ്ഞതു്, സംസാരിക്കുമ്പോൾ കണ്ണുകൊണ്ടു് മാത്രം പോരാ, കാഴ്ചപ്പാടിലൂടെയും കാണണം.

2019-07-04

“അഴുക്കൊക്കെ അടിച്ചുവാരി പുറത്തു കൊണ്ടു പോവുന്ന ആ ഭംഗിയുള്ള സ്ത്രീ ആരാണമ്മാ?”, വിടർന്ന കണ്ണുകളുള്ള കുട്ടി ചോദിച്ചു. “പുതിയ അടിമയാണു് മോനേ. യുവരാജാ ദുര്യോധനൻ പന്ത്രണ്ടു കൊല്ലത്തെ കഠിനശിക്ഷ കൊടുത്തിരിക്കയാണു്”, അമ്മ ആശ്വസിപ്പിച്ചു, “ഇങ്ങനെ അഴുക്കൊക്കെ തലയിൽ ചുമക്കുന്ന അടിമയാവാൻ മാത്രം എന്തു് തെറ്റു് ആ സ്ത്രീ ചെയ്തു, അമ്മാ?”

“മദ്യ ലഹരിയിൽ ഭർത്താക്കന്മാർ അവളെ കൗരവരാജസഭയിൽ വിവസ്ത്രയാവാൻ നിർബന്ധിച്ചപ്പോൾ, അവൾ എതിർക്കാതെ വഴങ്ങി. അതുകണ്ടു നീതിമാനായ ദുര്യോധനൻ കൊടുത്ത മാതൃകാപരമായ ശിക്ഷ.”

2019-07-05

“പരിത്യാഗികളെന്നു സ്വയം വിശേഷിപ്പിച്ചു സുഖവാസം. മാലിന്യം സംസ്കരിക്കുന്ന പണി പാഞ്ചാലിയെ കൊണ്ടു ചെയ്യിക്കുന്നു!. ഇതൊക്കെ എവിടെ കേട്ട ന്യായമാണു്?” കൊട്ടാരം ലേഖിക ആശ്രമകാര്യദർശിയോടു് ചോദിച്ചു.

“ആരെന്നാണു് കരുതിയതു്? തൃഷ്ണ ത്യജിച്ചവരല്ലേ ഞങ്ങൾ? പരസ്ത്രീകളെ മാതാവായി കരുതുന്നില്ലേ? അസത്യം പറയാൻ നാവു് ചലിക്കുമോ? ധനം ആഗ്രഹിക്കുമോ? ഭൌതിക വസ്തുക്കളോടുളള മോഹമാകുന്ന മായയിൽ അകപ്പെടുമോ?” അതാണു് സർവ്വസംഗ പരിത്യാഗി. സന്യസ്ഥ ആശ്രമസമുച്ചയത്തിലെ ശുചിമുറിമാലിന്യങ്ങൾ നീക്കാൻ നിയോഗം പാഞ്ചാലിക്കാണു്. ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി എന്ന അടയാളപ്പെടുത്തലൊന്നും കേട്ടു് ഞങ്ങൾ കുലുങ്ങില്ല. തോളിൽ മാറാപ്പു വീഴാൻ മാളിക തടസ്സമല്ല. പ്രപഞ്ച ദുരൂഹതയെ കുറിച്ചു് പേക്കിനാവു് കാണുന്ന ഞങ്ങൾക്കൊരു കരാറുണ്ടു്-സംരക്ഷകനായ ദുര്യോധനനുമായി. മർത്യജന്മത്തിന്റെ വ്യർത്ഥതയെ കുറിച്ചു് ചിന്തിക്കുമ്പോഴും നിങ്ങളുടെ മൂന്നാംകണ്ണു് പാണ്ഡവ വസതിയിലേക്കായിരിക്കണം. നോട്ടം തെറ്റിയാലവർ കുരുവംശതൽസ്ഥിതിയെ ഒറ്റു കൊടുക്കും-അതാണവൻ പറഞ്ഞതു് അതു് പാലിക്കും.

2019-07-07

“പ്രണയഭരിതമാണു് പാണ്ഡവഹൃദയങ്ങളെങ്കിലും ഹൃദയരാഹിത്യത്തോടെയാണു് പ്രതികരിക്കുന്നതെന്നവർ നൊമ്പരപ്പെടുന്നുണ്ടല്ലോ”, കൊട്ടാരം ലേഖിക ചോദിച്ചു.

“വാക്കു കൊണ്ടവർ വിനിമയം ചെയ്യുന്ന പ്രണയം പ്രത്യക്ഷത്തിൽ കള്ളനാണയമെന്നു തിരിച്ചറിയാൻ ഏതു പെണ്ണിനും എളുപ്പമല്ലേ? പെണ്ണുടലിൽ ആണധികാരം സ്ഥാപിച്ചുകിട്ടാൻ അഞ്ചുപേരും വ്യത്യസ്ത രീതികളിൽ പ്രണയകുരുക്കിടാൻ ശ്രമിക്കുമ്പോൾ, ഇര ചമയാറുണ്ടു്. അവർക്കതൊന്നും പോരാ. പ്രണയിക്കുന്നു എന്നതൊരു ആയുഷ്കാല വിധേയത്വത്തിനുള്ള സമ്മതപത്രം തേടലാണു്. അതൊരു സ്ത്രീവിരുദ്ധ സമീപനമെന്നൊന്നും എനിക്കാക്ഷേപമില്ല.” സ്വീകാര്യമല്ലെന്ന നേരിയ സൂചന കൊടുക്കും അപ്പോൾ, പാവം, പാണ്ഡവകരളുകൾ നോവും.

“നെഞ്ചുപിളർന്നു ചോരയൂറ്റി, അല്ലെ ഭീമാ?”, കൺകെട്ടഴിച്ചു കണ്ണുതുറന്നു കൗരവജഡങ്ങൾ കണ്ട ഗാന്ധാരി വിതുമ്പി.

“വിവസ്ത്ര പാഞ്ചാലി നിന്നനിൽപ്പിൽ ശപഥം ചെയ്താൽ വേറെ തരമുണ്ടോ, അമ്മാ? കല്യാണസൗഗന്ധികമായാലും, ദുശ്ശാസ്സനനെഞ്ചിലെ ചോരയായാലും, അവൾ ചോദിച്ചതു് അപ്പപ്പോൾ കൊണ്ടു് വന്നു കൊടുത്തല്ലേ പറ്റൂ”, മഹാറാണിയുടെ വാത്സല്യത്തിനായി ഭീമൻ കൈകൾ നീട്ടി.

2019-07-09

“കബളിപ്പിക്കപ്പെട്ടവർക്കു് നഷ്ടസൗഭാഗ്യങ്ങൾ തിരിച്ചുകൊടുക്കുക, കളിയിൽ കളവു കാണിച്ചവർ തെറ്റുതിരുത്തുക-ഇതൊക്കെയല്ലേ നീതിപീഠത്തിൽ നിന്നു് പ്രതീക്ഷിക്കുക? എന്നിട്ടും നീതിപതിയെന്ന നിലയിൽ നിർണ്ണായകമുഹൂർത്തത്തിൽ നിങ്ങൾ കണ്ണടച്ചുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“സ്വച്ഛന്ദമൃത്യു കഥാവശേഷനായി എന്നാണോ ‘ഹസ്തിനപുരി പത്രിക’യിൽ വാർത്ത വരേണ്ടതു്? അതോ അപമൃത്യു-ദുരൂഹത തുടരുന്നു എന്നോ?”

“കീചകനെ കുറിച്ചു് പറഞ്ഞുകേട്ടതൊക്കെ ‘കൊള്ളരുതാത്തവൻ’ എന്നാണു്. ഇരയോ കൊലപ്പുള്ളിയോ ആയ നിങ്ങൾ അവനെ എങ്ങനെ യഥാർത്ഥത്തിൽ കണ്ടു എന്നോർത്തെടുക്കാമോ?”, കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു. മഹാപ്രസ്ഥാനത്തിനു പാണ്ഡവർ യാത്ര തിരിക്കുന്നതിന്റെ തലേന്നു്.

“വിരാടരാജ്ഞി സുദേഷ്ണയുടെ അനുജൻ എന്ന നിലയിലാണു്, അപ്പവും വീഞ്ഞുമായി കീചകവസതിയിൽ രാത്രി പോവേണ്ടിയിരുന്നതു് മടങ്ങിവരാൻ പുലർച്ചയാവും. സുമുഖ യുവാവെങ്കിലും അവിവാഹിതൻ. ചെറുപ്പത്തിൽ സേനാപതിയായി. അയൽ രാജ്യങ്ങളുമായി വ്യക്തിഗത നയതന്ത്ര ബന്ധം. വിരാടരാജാവു് കുറച്ചുകാലമായി കീചകനിൽ ഭീഷണി മണത്തിരുന്നു. ഭാര്യ സുദേഷ്ണയും അനുജൻ കീചകനും കൊട്ടാര വിപ്ലവത്തിലൂടെ വിരാടനെ സ്ഥാനഭൃഷ്ടനാക്കുമോ എന്ന ഭീതിയായിരുന്നു കീചകവധത്തിന്റെ പ്രേരകശക്തി. ശത്രുവെന്നു വിരാടൻ മനസാ വരിച്ച കീചകനെ, സേവകർ വഴി, ‘മദ്യപാനിയും പെൺവേട്ടക്കാരനും ദുരഭിമാനിയും അധികാരമോഹി’യുമെന്നു ഊട്ടുപുര മുതൽ കുതിരപ്പന്തിവരെ ഇല്ലാക്കഥകൾ എത്തിക്കാൻ വിരാടനു് കഴിഞ്ഞു എന്നതാണയാളുടെ തന്ത്രം. കൊല്ലാൻ വിരാടൻ കൗശലപൂർവ്വം ഭീമനെ ഉപയോഗിച്ചപ്പോൾ, കീചകകൊലക്കു കാരണം പറഞ്ഞതു്, സൈരന്ധ്രിയെ കീചകൻ അന്നു് രാത്രി ലൈംഗിക പീഡനത്തിനു് ഇരയാക്കാൻ നൃത്തമണ്ഡപത്തിലെ സ്വകാര്യമുറി ഉപയോഗിക്കുമെന്നു പറഞ്ഞായിരുന്നു. കൊട്ടാരത്തിൽ അജ്ഞാതവാസക്കാല തൊഴിലിനു ആറംഗ പാണ്ഡവ സംഘത്തെ നേരിട്ടു് അഭിമുഖം ചെയ്ത വിരാടനു്, ‘മുഖം മൂടി’ ധരിച്ച ഞങ്ങൾ ആരെന്നറിയാമായിരുന്നിട്ടും, അറിഞ്ഞില്ലെന്നഭിനയിച്ചതാണയാളുടെ രാജധർമ്മം. പിറ്റേന്നു് രാവിലെ ഞെട്ടലോടെ അറിഞ്ഞു, പ്രിയപ്പെട്ടവനെ ഏതോ ക്രൂരകൊലയാളി ശ്വാസം മുട്ടിച്ചു കൊന്നു. ചേച്ചിയുടെ പ്രായമുള്ളവളെങ്കിലും നീ എന്നെന്നും എനിക്കു് ആയുഷ്ക്കാല പ്രണയിനി എന്നു് ചേർത്തു നിർത്തി മധുരപദങ്ങൾ പറഞ്ഞിരുന്ന കീചകന്റെ അകാല മരണത്തോടെ ഭീമനെ ഞാൻ തരം കിട്ടുമ്പോഴൊക്കെ അവഹേളിക്കുവാൻ തുടങ്ങി. പലപ്പോഴും നിങ്ങൾ എന്നോടു് അഭിമുഖങ്ങളിൽ ചോദിച്ചതോർക്കുന്നു, ഇത്രയും താണു കേഴുന്ന ഭീമനെ എന്തിനിങ്ങനെ കഠിനമായി പരീക്ഷിക്കുന്നു. ഓരോ തവണ ഭീമൻ മുട്ടിൽ ഇഴഞ്ഞു കൈകൾ കൂപ്പി മാപ്പുചോദിച്ചു വിലപിക്കുമ്പോഴും, ഞാനവനെ നിന്ദിച്ചു, കീചകാത്മാവിനെ മഹത്വപ്പെടുത്തി.”

ദൂരെ ദൂരെ, തെക്കു വിരാടത്തിലെ രാജധാനി പെട്ടെന്നു് തെളിഞ്ഞപോലെ പാഞ്ചാലി എഴുന്നേറ്റുനിന്നു പകച്ചു നോക്കി, കീചകനോടെന്ന പോലെ മധുരമായി പറഞ്ഞു, “സുഖമല്ലേ പ്രിയപ്പെട്ടവനേ, ദിവസങ്ങൾക്കുള്ളിൽ ഞാൻ നിന്നോടൊപ്പം ചേരുകയായി.”

2019-07-10

“വിളവെടുപ്പു് കഴിഞ്ഞു. ധാന്യപ്പുര നിറഞ്ഞോ?”, കർഷകനോടു് കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം.

“വിത്തിനുള്ളതു് കിട്ടി. അടുത്ത വിള പ്രകൃതി തുണച്ചാൽ ഭാഗ്യം. പുഴയിൽ ഒഴുക്കുള്ളതുകൊണ്ടെന്തു മെച്ചം, കൃഷിയിടങ്ങളിലേക്കു് വെള്ളം വഴിതിരിച്ചുവിടാൻ യുവാക്കളില്ല. എല്ലാവരെയും നേരത്തെ വലിച്ചുകൊണ്ടു പോയി. കഴിഞ്ഞ കൊയ്ത്തുൽസവത്തിനു ഭരണകൂട ഭീകരർ വന്നു മൂന്നിൽ രണ്ടുഭാഗം യുദ്ധച്ചെലവിനെന്നു പറഞ്ഞു തട്ടിയെടുത്തു. പോവുമ്പോൾ മകന്റെ രണ്ടു ആൺകുട്ടികളെ ബന്ദികളാക്കി. സേനാപതികളുടെ ആയുധം തേച്ചു മിനുക്കാനാണെന്നു ആദ്യം പറഞ്ഞു. രണ്ടുപേരും മടങ്ങിവന്നില്ല. അന്ധരാജാവിനെയും ഭാര്യയെയും കാട്ടിലേക്കയച്ചു എന്നൊക്കെ ഈ വഴി പോവുന്ന കച്ചവട ക്കാർ കുതിരപ്പന്തിയിൽ പിറുപിറുക്കുന്നതു കേട്ടവരുണ്ടു്. എന്തിനായിരുന്നു യുദ്ധം, ആരാണു് ജയിച്ചതു്, ഇപ്പോൾ ആരാണു് ഭരിക്കുന്നതു് എന്നൊന്നും ഞങ്ങൾ ക്കാർക്കും അറിയില്ല. ഉഴവുകാളകളെ പോർക്കള തീൻശാലയിലേക്കെന്നു പറഞ്ഞു കൊണ്ടു പോയി. ഞാനും പുത്രവിധവകളും വേണ്ടിവന്നു ഇത്തവണ കൃഷിയിടം വിതയോഗ്യമാക്കാൻ. ഈ തണലിലേക്കു് നിൽക്കൂ, കരിമ്പുനീർ തരട്ടെ?

2019-07-11

“പ്രീണിപ്പിക്കാനും പ്രലോഭിപ്പിക്കാനും തലകുത്തി നിങ്ങളഞ്ചുപേർ ശ്രമിച്ചിട്ടും, അണുവിട വിട്ടുതരാതെ അടിമപ്പണി ചെയ്യിക്കുന്നു എന്ന ഖേദമുണ്ടോ മനസ്സിൽ? ‘ഹസ്തിനപുരി പത്രിക’യുടെ ചുവരെഴുത്തുപതിപ്പുകളിൽ പ്രസിദ്ധീകരിച്ച അഭിമുഖങ്ങളിൽ നിന്നു് പൊതുസമൂഹം വായിച്ചെടുത്തതൊക്കെ തിരുത്താൻ ഉതകുമോ വിശദീകരണം?”, കൊട്ടാരം ലേഖിക ചോദിച്ചു. നായാട്ടിൽ തലക്കടിച്ചു വീഴ്ത്തിയ കാട്ടുപോത്തിന്റെ തോലുരിക്കയായിരുന്നു പാണ്ഡവർ.

“വനവാസക്കാലത്തു പൊട്ടിമുളച്ച വിഷബീജമല്ല പെണ്ണാഭിമുഖ്യം. ഓരോ വഴിയിൽ സ്വാഭാവികമായി പരസ്ത്രീബന്ധം പുലർത്തി എന്നതൊരു വസ്തുതയാണെങ്കിലും, സന്ധ്യക്കു് കൂടണയുക പതിവാണു്. ഇതൊരു ദൗർബല്യമായി ഹസ്തിനപുരിയിലെ പ്രബുദ്ധസമൂഹം കാണുന്നു എന്നാണോ പറഞ്ഞുവരുന്നതു്? എന്നാൽ ഞങ്ങൾക്കതൊരു ഹരവും കൂടിയാണു്. ഇനി എന്നെക്കുറിച്ചു മാത്രം ഒന്നു് വേറിട്ടു പറഞ്ഞാൽ, ഒരു കയ്യിൽ ഗദയും മറുകയ്യിൽ കല്യാണസൗഗന്ധികവുമായി പ്രിയപ്പെട്ടവളെ കാണാൻ ഓടിക്കിതച്ചു വരുന്നതിലൊരു സമാനതയില്ലാത്ത പ്രണയതീവ്രതയുണ്ടു്. പുരുഷവൈവിധ്യ ലഭ്യതയാൽ, രതിയിൽ പാഞ്ചാലി ചിലപ്പോഴെങ്കിലും നിസ്സംഗത കാണിച്ചിട്ടുണ്ടാവാം എന്നതാണോ ഇത്ര ദൂരം ഹസ്തിനപുരിയിൽ നിന്നു് നിങ്ങൾ പലകുറി പദയാത്ര ചെയ്തുവന്നു ചൂഴ്‌ന്നെടുത്ത പാഞ്ചാലീദാമ്പത്യരഹസ്യം?” പിടഞ്ഞുകൊണ്ടിരുന്ന കാട്ടുപോത്തിൽ നിന്നു് ഇരുകൈകളും കൊണ്ടു് ഭീമൻ ആഞ്ഞുവലിച്ചപ്പോൾ മാത്രമേ തോൽ വേറിട്ടുള്ളു. മറ്റുപാണ്ഡവർ അതോടെ ഇറച്ചി, കഷണങ്ങളാക്കുന്നത്തിനു മടവാളുകൾക്കായി പാഞ്ചാലിയെ നോക്കി.

2019-07-13

“എന്തൊരു പൊളിച്ചടക്കലാണു്. സ്ത്രീത്വത്തെ അപമാനിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ കുടിലകൗരവർ എന്നു് വിദുരർ രഹസ്യമായി പറഞ്ഞതിൽ കാര്യമുണ്ടെന്നു വ്യക്തമായില്ലേ. പുരുഷൻ പിഴച്ചതിനു പെണ്ണിനെ കാട്ടിലേക്കയക്കുന്നു, ആൺസാന്നിധ്യമുള്ള സന്യസ്ഥാശ്രമങ്ങളിൽ ചെന്നു് മാലിന്യം മൺകലത്തിൽ സംഭരിച്ചു തലച്ചുമടായി കൊണ്ടുപോയി കുഴികുത്തി സംസ്കരിക്കണം. ഇതു് കീഴാള മത്സ്യകന്യക സത്യവതി രാജമാതാവായിരുന്ന കുരുവംശമോ, അതോ അരാജകത്വത്തിന്റെ അഭിജാത കുരുപ്പുവംശമോ? ഏതാണ്ടു് ഈ അർത്ഥമൊക്കെ വരുന്ന, എന്നാൽ മുഷ്ക്കുള്ള ശരീരഭാഷയിൽ ചാർവാകൻ തെരുവായ തെരുവോക്കെ കൂട്ടം കൂടുന്നതു് ചാരൻ വഴി അറിഞ്ഞില്ലേ? അതോ അടഞ്ഞുപോയോ കൗരവനാവു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“ഒരു നേരത്തെ അന്നം കൊണ്ടുവരുമെന്നു് കരുതി വലിയൊരു ഭിക്ഷാപാത്രം കൊടുത്തു നിത്യവും ചാർവാകനെ ഭാര്യയും പത്തു കുട്ടികളും യാത്രയാക്കുന്നതു് കാണേണ്ട കാഴ്ചയാണു്. അവനവന്റെ വയർ യാചനകൊണ്ടു് നിറച്ചുകിട്ടിയാൽ, രാജഭരണത്തെ അവഹേളിക്കുന്ന ചാർവാകൻ സ്വന്തം വീട്ടിൽ ഇന്നും സ്വേച്ഛാധിപതിയല്ലേ. ഉടുതുണി നഷ്ടപ്പെട്ട പാഞ്ചാലിയെ പട്ടുവിരിച്ച സിംഹാസനത്തിൽ ഇരിക്കാൻ, ഓരം ചേർന്നിരുന്നു പാതിയിലധികം ഇടം നൽകിയവനാണു് ഈ ‘കുടില’ ദുര്യോധനൻ. അവൾക്കു രാജമുദ്രയിൽ പതിച്ചു കിട്ടിയ അടിമശിക്ഷ, സത്യവതി മഹാറാണിയായിരുന്നപ്പോൾ എഴുതിയുണ്ടാക്കിയ ചട്ടമനുസരിച്ചു് ഭീഷ്മർ വിധി പറഞ്ഞതുമാണു്. ഇനി മാലിന്യനീക്കം-അതു് മടിയൻ പാണ്ഡവർ പാഞ്ചാലിക്കു് പുറം കരാർ കൊടുത്തതല്ലേ. ഇപ്പോൾ പാണ്ഡവരുടെ മൂന്നു നേരം ജോലി ഞാൻ പാഞ്ചാലിക്കു് സമ്മാനിച്ച അക്ഷയപാത്രത്തിൽ കയ്യിട്ടുവാരി വയർ നിറക്കുന്ന യജ്ഞവും”, പിതൃമാതാവായ അംബികയുടെ സ്മരണക്കായി അന്തഃപുരത്തിനു് മുന്നിൽ ഔഷധസസ്യത്തോട്ടത്തിന്റെ ആദ്യഘട്ട നിർമ്മിതിയിലായിരുന്നു വെയിൽ കൊണ്ടു് വിയർത്തിരുന്ന ആ കുരുവംശ കിരീടാവകാശി.

“ഇന്നു് രാജസഭയിൽ മഹാരാജാവു് യുധിഷ്ഠിരൻ അവതരിപ്പിക്കുന്നതു് നിർദ്ധിഷ്ട ചൂതാട്ടനിരോധന നിയമമാണല്ലോ. ഈ തെറ്റുതിരുത്തൽ ഒരു നല്ല മാതൃക എന്ന തിരിച്ചറിവുണ്ടോ?” കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു. പരീക്ഷിത്തിനു് ആദ്യാക്ഷരം പറഞ്ഞുകൊടുക്കാൻ പാടുപെടുകയായിരുന്നു ആ ചിരഞ്ജീവി.

“അതിനു മുമ്പു് വേണ്ടിയിരുന്നതു് വിവാഹബാഹ്യബന്ധങ്ങൾ മുൻകാലപ്രാബല്യത്തോടെ നിയമവിധേയമാക്കണം എന്ന മുൻ മഹാറാണി കുന്തിയുടെ നിർദ്ദേശമല്ലേ? ചാർവാകൻ തരം കാത്തിരിക്കയാണു് കൗന്തേയരുടെ പാണ്ഡുപിതൃത്വം കുന്തി കെട്ടിച്ചമച്ച ഒരു കഥ മാത്രം എന്നു് തെരുവിൽ ആളെക്കൂട്ടി കൊട്ടിഘോഷിക്കാൻ. ആരോപണത്തിനു് കരുത്തുപകരാൻ കൗരവരാജവിധവകൾ നൂറുകണക്കിനു് ‘കരിനാവു’കൾ തെരുവിൽ ഇറക്കുമെന്നാണു് കേട്ടതു്. കുന്തിയുടെ വാക്കല്ലാതെ പാണ്ഡവപിതൃത്വം ഔദ്യോഗികമാക്കാൻ ആധികാരികതയുള്ള രേഖയൊന്നുമില്ല. പാണ്ഡു, മരണപത്രമെഴുതി കൗന്തേയരിൽ രാജപദവിയുടെ ഒസ്യത്തൊന്നും അയൽപക്ക സന്യസ്ഥരുടെ സാന്നിധ്യത്തിൽ ഒപ്പിട്ടുമില്ല. ചൂതാട്ടത്തിനു ആരും വന്നില്ലെങ്കിലും യുധിഷ്ഠിരനെ “അനധികൃതമഹാരാജാവു്” എന്നാക്ഷേപിച്ചു താഴെയിറക്കാൻ ചാർവാകൻ ഒരാൾ മതി.”

2019-07-14

“പകൽ പോരാട്ടം കഴിഞ്ഞു പാളയത്തിൽ വിശ്രമിക്കുമ്പോൾ, പ്രചോദനം തരുന്ന വാക്കുകളുമായി ‘ഭാവിരാജാ’വിനെ പാഞ്ചാലി പരിചരിക്കുമോ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. കുരുക്ഷേത്ര.

“പ്രായത്തിന്റെ പരാധീനതകൾ പട്ടാഭിഷേകത്തെ ബാധിക്കുമോ എന്നൊരവ്യക്തഭീതി, അവസരം കിട്ടിയപ്പോൾ ഞാനവളുമായി പങ്കുവച്ചതോർക്കുന്നു. പിതാമഹൻ ശരശയ്യയിൽ മലർന്നടിച്ചുവീണ ദിവസം. ബാല്യം മുതൽ സൈനികാഭ്യാസം ചെയ്തുവരുന്ന നിങ്ങൾക്കെവിടെ പ്രായപ്രശ്നം എന്നു് പരിലാളനസ്പർശത്തോടെ അവൾ ഉൾഭീതിയകറ്റുമെന്നു ഞാൻ പ്രതീക്ഷിച്ചുവോ. ശരീരത്തെയും മനസ്സിനെയും പ്രായം തളർത്തുന്നതൊക്കെ പ്രകൃതിനിയമമല്ലേ അതിലെന്താണിത്ര പരിദേവനം, ഇളമുറ മാദ്രിക്കുട്ടികൾ യുവഊർജ്ജത്തിൽ തുള്ളിച്ചാടി കൗരവതല വെട്ടാൻ രണ്ടുകയ്യിലും വാളുമായി ഓടിനടക്കുന്നുണ്ടല്ലോ. യുദ്ധം ജയിക്കുമ്പോൾ അവർ ഏറ്റെടുക്കട്ടെ കുരുവംശ ചെങ്കോൽ എന്നാണവൾ നകുലന്റെ കിടപ്പറയിലേക്കു് പോവുമ്പോൾ പ്രതികരിച്ചതു് അന്നു് രാത്രി ഞാൻ കണ്ടതെല്ലാം പേക്കിനാവുകളായിരുന്നു.”

“യുധിഷ്ഠിരനെ കുറിച്ചെന്തെങ്കിലും ഞാൻ പറഞ്ഞാൽ കാണാം, തടിച്ചുരുണ്ട വലതുകൈ പെട്ടെന്നൊരു ഗദ പോലെ മാരക പ്രഹരശേഷിയുള്ള ആയുധമായി ഉയർന്നു പേടിപ്പിക്കുന്നതു് ഇത്രയും ആക്രമണവാസന നിങ്ങൾക്കെങ്ങനെ നിലനിർത്താനാവുന്നു? അതും ജീവിതസായാഹ്നത്തിൽ?”, ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു. വ്യാസാശ്രമത്തിൽ നിന്നരോരുമറിയാതെ പൊക്കിയ ആരണ്യപർവ്വം ആദ്യകരടു പനയോലപ്പതിപ്പു പാടുപെട്ടാണെങ്കിലും വായിച്ചർത്ഥമറിയാനുള്ള വെമ്പലിലായിരുന്നു, അർദ്ധ സാക്ഷരൻ എന്നു് സ്വയം പൊങ്ങച്ചത്തോടെ പരിചയപ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തിയ ഭീമൻ.

“ആഹ്ലാദവഴികൾ യുധിഷ്ഠിരൻ അടച്ചതു് ദുരഭിമാനം കൊണ്ടായിരുന്നു. പങ്കുകാരനെന്ന നിലമറന്നു ഉടയോനെന്നമട്ടിൽ പാഞ്ചാലിയെ തോളിൽ കയ്യിട്ടു കിടപ്പറയിൽ കയറി കതകടക്കുന്ന പതിവുണ്ടായിരുന്നു. കല്യാണസൗഗന്ധികവുമായി ഓടിവന്നെന്റെ പ്രിയപ്പെട്ടവൾക്കു നീട്ടുമ്പോൾ അങ്ങനെ ഒരു കതകടക്കൽ ഉണ്ടായി. ഹൃദയം നുറുങ്ങി. ദുരിതമയമായ പന്ത്രണ്ടുവർഷ വനവാസത്തിലും മഹാരാജാവു് എന്നു് ഉപചാരത്തോടെ അഭിസംബോധന ചെയ്യാൻ അയാൾ എന്നോടാവശ്യപ്പെട്ടു. തിരിച്ചടിക്കണമെന്നുണ്ടു്. ഒരു വട്ടം കൂടി പറഞ്ഞുപറ്റിച്ചു ചൂതാട്ടത്തിൽ തോൽപ്പിക്കണമെന്നുണ്ടു്. ദുര്യോധന ആത്മാവിനെ ആഭിചാരത്തിലൂടെ തിരിച്ചുപിടിച്ചു എന്നിൽ ആവാഹിക്കും. എല്ലാമെല്ലാം പണയപ്പെടുത്തി ഒടുവിൽ പാഞ്ചാലിയെ പണയപ്പെടുത്താൻ യുധിഷ്ഠിരൻ വാതുറക്കുമ്പോൾ ആഞ്ഞടിച്ചു മലർത്തിക്കിടത്തി ഇരുകൈകളും കഴുത്തിൽ മുറുക്കി നേർക്കുനേർ ഒരു കീചകവധം ചെയ്തു ഞാൻ അട്ടഹസിക്കും. പിന്നെ പ്രിയപാഞ്ചാലി എനിക്കു് സ്വന്തമാവും, ഞങ്ങൾ രാജാവും രാജ്ഞിയുമാവും.” മറ്റുനാലു പാണ്ഡവരും പാഞ്ചാലിയും ചിത്തഭ്രമക്കാരനെയെന്നപോലെ ഭീമനെ നോക്കി മുഖം വീർപ്പിച്ചു. അവരെ ശ്രദ്ധിക്കാതെ രണ്ടാംകീചകവധത്തിന്റെ വിശദാംശങ്ങൾ കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ഒന്നൊന്നായി പറഞ്ഞു തുടങ്ങി.

“കൊള്ളാം നേരമിരുട്ടുമ്പോഴാണോ കയറിന്റെ ബലം പരീക്ഷിക്കുന്നതു്? എന്താ, നാളെ നന്നേ രാവിലെ മരം മുറിക്കുന്ന പണിയുണ്ടോ?”, അന്തിയുറങ്ങാൻ വഴിയമ്പലം തേടുകയായിരുന്ന കൊട്ടാരം ലേഖിക, വീട്ടുമുറ്റത്തെ ചൂടിക്കട്ടിലിലിരുന്ന വൃദ്ധകർഷകന്റെ പ്രവർത്തിയിൽ പന്തികേടു് തോന്നിയപ്പോൾ നടത്തം നിർത്തി. ഹസ്തിനപുരിയുടെ സമീപ ഗ്രാമത്തിൽ, പുറംവാതിലുകൾ അടഞ്ഞു കിടന്ന ആ വീടു് അമംഗളകരമായ വിധത്തിൽ നിശബ്ദമായിരുന്നു.

“നിങ്ങൾ ആരാണു് എന്നെനിക്കറിഞ്ഞു കൂടാ, കണ്ടാൽ ഒരു യക്ഷിക്കുട്ടിയുടെ സൗന്ദര്യമുണ്ടു്. ഈ കയർ എന്തിനാണെന്നോ? മുറിക്കാനുള്ള മരത്തിൽ കെട്ടാനല്ല, ജീവനൊടുക്കാൻ മക്കൾ തന്നതാണു്. യാത്രാമൊഴി പറഞ്ഞു നേരത്തെ വിളക്കണച്ചവർ കിടന്നു. കർഷകാത്മഹത്യക്കു നഷ്ടപരിഹാരമായി വിധവക്കും മക്കൾക്കും ഭരണകൂടം കയ്യയച്ചു ധനസഹായം നൽകും എന്നു യുവരാജാവു് ദുര്യോധനൻ പറഞ്ഞിരുന്നു. വീട്ടിലെ ആവർത്തനച്ചെലവിനു നാണ്യക്ഷാമം നേരിടുന്ന കൊച്ചുമക്കൾ ഒരു സാധ്യത കണ്ടു. അവർ പറയുന്ന രീതിയിൽ ജീവനൊടുക്കാൻ പോവുകയാണു്. ഭരണകൂടസഹായത്തിനു തടസ്സം ഉണ്ടാക്കുന്ന ഒന്നും നിങ്ങൾ, പ്രിയ യക്ഷിക്കുട്ടീ, നാളെ ഗ്രാമപ്രധാനു മുമ്പിൽ മൊഴി കൊടുക്കരുത്. ” കുരുക്കിട്ട കയർ വരണമാലയായി കഴുത്തിലണിഞ്ഞു കർഷകൻ സാവധാനം എഴുന്നേറ്റു് വീടിനു പിന്നിലെ മരത്തിലേക്കു് കാൽ മുന്നോട്ടു വച്ചു.

2019-07-15

“ആരോഗ്യമുള്ള അഞ്ചു പുരുഷശരീരങ്ങൾ എന്ന ആകർഷക ദാമ്പത്യാവസ്ഥയെ, ചോരയും നീരുമുള്ള ഈ പെണ്ണുടൽ എങ്ങനെ ആദ്യരാത്രി മുതൽ കണ്ടു എന്നതാണെനിക്കറിയാനുള്ളതു്?”, കൈവെള്ളയിൽ തൊട്ടു കൊട്ടാരം ലേഖിക ചോദിച്ചു. അഞ്ചു പാണ്ഡവരും നായാട്ടിനുപോയ വനാശ്രമത്തിൽ, സുഗന്ധ തൈലം തേച്ചു ശരീരം മിനുക്കുകായിരുന്നു അൽപ്പവസ്ത്ര പാഞ്ചാലി. വസന്തകാല പ്രഭാതം.

“ഭയപ്പാടോടെ. പായക്കൂട്ടിനു ഇരുവശത്തും രണ്ടു പേരുണ്ടെങ്കിൽ അതാണു ആനന്ദരതിക്കുത്തമം എന്നു സങ്കൽപ്പികമായി നിങ്ങൾ സമ്മതിച്ചാൽ പോലും, പങ്കാളികൾ രണ്ടിൽ കൂടുതലുണ്ടായാൽ അതൊരു ആൾക്കൂട്ടമാവും എന്നു ബഹുഭർത്തൃത്വ ദാമ്പത്യം കഠിനമുറയിൽ എന്നെ പഠിപ്പിച്ചു. നാലു പേരെ വിശ്വാസ്യജനകമായ ഗാർഹിക ജോലി കൗശലപൂർവ്വം ഏൽപ്പിച്ചു വേണം ഊഴമനുസരിച്ചു അഞ്ചാമനുമായി അന്തിയുറങ്ങാൻ എന്ന വിചിത്ര കിടപ്പറസാഹചര്യത്തിലെങ്ങനെ ഊഞ്ഞാലാടും കരളിൽ കാമന?”

“മുക്കിക്കൊന്നു?”, കൊട്ടാരം ലേഖിക ശന്തനുവിനോടു് ചോദിച്ചു. നവജാതശിശു മരണത്തിനും ഗംഗായുടെ രണ്ടാമത്തെ ഗർഭധാരണത്തിനുമിടയിലെ ദുഃഖാചരണ ഇടവേള.

“പെറ്റതള്ളയും പ്രകൃതിയും തമ്മിലുള്ള ഉടമ്പടിയാണതെന്നു ഞാൻ ഊഹിച്ചെടുക്കുന്നു. വിശദാംശങ്ങൾ ചോദിക്കരുതേ. കുഴഞ്ഞുപോവും. ആകാശചാരിയാണവളെന്ന സങ്കൽപ്പം ശക്തമാണു്. കാരണം, സഹായികളെ വെട്ടിച്ചെങ്ങനെ കുഞ്ഞുമൊത്തു പുഴയി ലെത്തും? വിസ്മയം തോന്നി. പിന്നെ മനസ്സിലായി ഈ ഭൂമിയിൽ വിസ്മയം തോന്നാത്ത എന്തുണ്ടു്? അതോടെ രക്തപ്രവാഹം ഊർജ്വസ്വലമായി. എന്നെ അന്തഃപുരത്തിൽ പോകാൻ അനുവദിക്കൂ-ഗർഭധാരണത്തിനു് ദേവസുന്ദരി ജൈവിക തയ്യാറെടുപ്പിലെന്നു വിവരം കിട്ടി.”

“യുദ്ധം ചെയ്യാൻ തന്നെ അപ്പോൾ നിങ്ങൾ ഉറച്ചു?”, യുദ്ധഭൂമിയിലേക്കു കണ്ണോടിച്ചു നോക്കി കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“പോരാട്ടവിജയത്തോടെ നിലവിൽ വരാവുന്ന സമാധാനകാലം-ആ സാധ്യതയാണെന്നെ അസ്വസ്ഥനാക്കുന്നതു്.”

“ആരോഗ്യമുള്ള അഞ്ചു പുരുഷശരീരങ്ങൾ എന്ന ആകർഷക ദാമ്പത്യാവസ്ഥയെ, ചോരയും നീരുമുള്ള ഈ പെണ്ണുടൽ എങ്ങനെ ആദ്യരാത്രി മുതൽ കണ്ടു എന്നതാണെനിക്കറിയാനുള്ളതു്?”, കൈവെള്ളയിൽ തൊട്ടു കൊട്ടാരം ലേഖിക ചോദിച്ചു. അഞ്ചു പാണ്ഡവരും നായാട്ടിനുപോയ വനാശ്രമത്തിൽ, സുഗന്ധ തൈലം തേച്ചു ശരീരം മിനുക്കുകായിരുന്നു അൽപ്പവസ്ത്ര പാഞ്ചാലി. വസന്തകാല പ്രഭാതം.

“ഭയപ്പാടോടെ. പായക്കൂട്ടിനു ഇരുവശത്തും രണ്ടു പേരുണ്ടെങ്കിൽ അതാണു ആനന്ദരതിക്കുത്തമം എന്നു സങ്കൽപ്പികമായി നിങ്ങൾ സമ്മതിച്ചാൽ പോലും, പങ്കാളികൾ രണ്ടിൽ കൂടുതലുണ്ടായാൽ അതൊരു ആൾക്കൂട്ടമാവും എന്നു ബഹുഭർത്തൃത്വ ദാമ്പത്യം കഠിനമുറയിൽ എന്നെ പഠിപ്പിച്ചു. നാലു പേരെ വിശ്വാസ്യജനകമായ ഗാർഹിക ജോലി കൗശലപൂർവ്വം ഏൽപ്പിച്ചു വേണം ഊഴമനുസരിച്ചു അഞ്ചാമനുമായി അന്തിയുറങ്ങാൻ എന്ന വിചിത്ര കിടപ്പറസാഹചര്യത്തിലെങ്ങനെ ഊഞ്ഞാലാടും കരളിൽ കാമന?”

2019-07-16

“മക്കൾക്കൊപ്പം പോകാതെ ഗാന്ധാരിയുടെ തോഴിയായി കഴിയാൻ എന്തു് തൊടുന്യായമായിരുന്നു കുന്തി പാണ്ഡവരോടു് പറഞ്ഞതു്?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കുന്തിയും ഗാന്ധാരിയും ജീവിതാന്ത്യം കാട്ടിൽ കഴിയാൻ ധൃതരാഷ്ട്രർക്കൊപ്പം ഹസ്തിനപുരി വിട്ട നേരം.

“ഖാണ്ഡവവനം വെട്ടിത്തെളിയിക്കുമ്പോൾ കയ്യും കെട്ടി ഞാൻ നിൽക്കുമെന്നു് നിങ്ങൾ കരുതരുതു് ആ പുഴയോര ആവാസവ്യവസ്ഥ തകിടം മറിച്ചു വന്മരങ്ങൾ കടപുഴക്കുമ്പോൾ അറിയാതെ ഞാൻ മഴുവെടുത്തു നിങ്ങളിലൊരാളെ കഴുത്തിൽ വെട്ടി എന്നു് വരും. കൂടെ വരണോ ഞാൻ? അതോ വന നശീകരണം സാധ്യമാക്കാൻ മഹാറാണിയുടെ ദാസിയായി അടങ്ങിയൊതുങ്ങി ഞാൻ ഹസ്തിനപുരിയിൽ കഴിയണോ? ഏറിയും കുറഞ്ഞും ഈ വാക്കുകളാണു് അർജ്ജുനനെ നോക്കി പറഞ്ഞതു് പാഴ്മരം രക്ഷിക്കാൻ, മകന്റെ കഴുത്തിൽ വെട്ടാൻ മടിയില്ലാത്ത ആ പ്രതികാര മൂർത്തി കൂടെ വരാഞ്ഞതു് കൊണ്ടെനിക്കു് നഷ്ടമുണ്ടായോ? വാസ്തവത്തിൽ ഗുണമുണ്ടായി. ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയാവാനൊത്തു. അല്ലെങ്കിൽ രാജമാതാ പദവി ചോദിച്ചുവാങ്ങി പുത്രഭാര്യയുടെ അധികാരവഴിയിൽ കുന്തി കടമ്പ വെക്കുമായിരുന്നു.”

“രാജസഭയിൽ വരുമ്പോഴെല്ലാം കാണാം, നിങ്ങളും വിദുരരും ധൃതരാഷ്ട്രരുടെ ഇരുവശത്തു്. നിങ്ങൾ ഇരിക്കുന്നു വിദുരർ നിൽക്കുന്നു കൃത്യമായും എന്താണു് നിങ്ങളിലിരുവരും തമ്മിൽ ബന്ധം? അതോ ഉത്തരവാദിത്വമില്ലാതെ കിട്ടിയ അധികാരം നൊട്ടിനുണയുന്ന ബന്ധം മാത്രമേയുള്ളു?”, കൊട്ടാരം ലേഖിക ഭീഷ്മരോടു് ചോദിച്ചു.

“അക്ഷമകാണിച്ചു ഒന്നോ രണ്ടോ ചോദ്യം ചോദിച്ചാലൊന്നും പിടി കിട്ടില്ല. ആദ്യം ഗംഗ ആരെന്നറിയണം. അതൊരു വെറും പുഴയല്ലെന്നറിയണം. എങ്ങനെ ആ ദേവനർത്തകി മഹാരാജാവു് ശന്തനുവിന്റെ ഭാര്യയായി, ഞാൻ എട്ടാമത്തെ മകനായെന്നറിയണം. ബ്രഹ്മചര്യം എനിക്കെങ്ങനെ ശാപമായി എന്നറിയണം. സത്യവതി ആരെന്നും മകൻ വിചിത്രവീര്യൻ വിവാഹം കഴിച്ച അംബികക്കും അംബാലികക്കും എന്തുകൊണ്ടു് യുവ വൈധവ്യത്തിൽ വ്യാസനിൽ നിന്നു് ഗർഭധാരണം വേണ്ടി വന്നു എന്നും അറിയണം. ഒരു ദുരന്തമായി മാറിയ വ്യാസബീജദാനം എങ്ങനെ അന്തഃപുരത്തിലെ രാജതോഴിയിൽ മാത്രം അനുഗ്രഹീതസന്തതിക്കു കാരണമായി എന്നറിയണം അതിൽ ജനിച്ച വിദുരർ എങ്ങനെ വിവേകവചനത്തിന്റെ വക്താവായി എന്നറിയണം. ചുരുക്കിപ്പറഞ്ഞാൽ, മെനക്കെടണം. കുരുവംശചരിത്രം പഠിക്കണം. ചോദ്യം ചോദിച്ചു ചുവരെഴുത്തുകളിൽ സ്തോഭജനകവാർത്തയാക്കുന്ന മടിയൻ പത്രപ്രവർത്തനം കൊണ്ടു് പിടി കിട്ടില്ല ഉത്കൃഷ്ട കഥാപാത്രങ്ങങ്ങളുടെ രക്തരഹിത ബന്ധവും അധികാര ബന്ധനവും.”

2019-07-20

“കാലവർഷത്തിൽ അരമന വിട്ടു പുറത്തിറങ്ങാതെ കഴിയുന്ന പാണ്ഡവരഞ്ചുപെരെയും പ്രത്യേകം അഭിമുഖം ചെയ്തപ്പോൾ ഒന്നു് വ്യക്തമായി, നിങ്ങൾ പുരുഷാധിപത്യത്തിനു മുമ്പിൽ അടിയറവു വെച്ചതിൽ അവർ സന്തുഷ്ടർ. എന്തെല്ലാം നിങ്ങൾ പണ്ടു് നിഷേധിച്ചുവോ, അതെല്ലാം ഇപ്പോളവർക്കു കിട്ടുന്നതിലാണവരുടെ ചാരിതാർത്ഥ്യം. എന്താണിതിന്റെ പരമാർത്ഥം അഥവാ പൊരുൾ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ഹസ്തിനപുരി, പാണ്ഡവ ഭരണത്തിന്റെ അവസാന വർഷങ്ങൾ.

“വിരുന്നുവരുന്നവരെ വഴുക്കിവീഴ്ത്തുന്ന സഭാതലം മുമ്പൊരിക്കൽ പണിതുതന്നെ വാസ്തുഗുരു മായൻ വന്നപ്പോൾ സാന്ദർഭികമായി ഞാൻ കരുതലോടെ ചോദിച്ചു, പാണ്ഡവർ ഇപ്പോൾ നേരിടുന്ന സ്മൃതിനാശത്തിൽ, അവരുടെ ലാളനക്കായി പാഞ്ചാലീ പാവയെ നിർമ്മിച്ചുതരാമോ? അവൻ സമ്മതിച്ചു. ഉദ്ദേശ്യലക്ഷ്യം നേരിടാവുന്നത്ര പണിമികവോടെ പൂർത്തിയാക്കി, രഹസ്യമായി ഓരോ അരമനയിലും എത്തിക്കാനും അവനു കഴിഞ്ഞതു് കൊണ്ടാവാം, ആഹ്ലാദത്തോടെ പാണ്ഡവർ പ്രീതിപ്പെട്ടതു്. എന്തെല്ലാം മോഹങ്ങൾ പാണ്ഡവ കരളിൽ കിടക്കുന്നുണ്ടോ, അതെല്ലാം എന്റെ രൂപസാദൃശ്യമുള്ള പാവ, സേവനസന്നദ്ധതയോടെ ചെയ്തുകൊടുക്കുമ്പോൾ ആർമാദിക്കില്ലേ അവരഞ്ചുപേരും?”

2019-07-21

“ശിഖണ്ഡി മുന്നിൽ നിന്നപ്പോൾ, ‘കീഴടങ്ങി’ എന്ന അർത്ഥത്തിൽ പിതാമഹൻ ഇരുകൈകളും പൊക്കിയല്ലോ. ഇതാണോ സർവ്വസൈന്യാധിപന്റെ സംഹാരശക്തി?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“സമൂഹത്തിൽ നിന്നു് പരസ്യമായി അധിക്ഷേപം നേരിട്ടിരുന്ന ഭിന്നലിംഗത്തിന്റെ ദുരവസ്ഥ ലോക മനഃസാക്ഷിയിലേക്കു് സാർത്ഥകമായി എത്തിക്കാൻ, മൂന്നാം ലിംഗക്കാരിയുടെ മുമ്പിൽ, പ്രതീകാത്മകമായി സ്വന്തം നിരായുധീകരണത്തിലൂടെ, സാധിച്ചു എന്നതാണു് ഇന്നത്തെ യുദ്ധനേട്ടം. അടുത്ത എട്ടു ദിവസത്തിനുള്ളിൽ, വിജയക്കൊടിയുമായി ഞാൻ അധികാരമേറ്റെടുത്ത ഉടൻ സമഗ്ര ലിംഗനയത്തിനു ഭീഷ്മനാമത്തിൽ രൂപം കൊടുക്കും”, ക്ഷേമാന്വേഷണത്തിനു ശരശയ്യയിൽ എത്തിയ ദുര്യോധനൻ പ്രസന്നനായി.

“ദുഃഖാചരണമൊന്നും കാണുന്നില്ലല്ലോ”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“ആ മരണം ആഘോഷിക്കപ്പെടണം. മത്സ്യബന്ധനം ചെയ്താണവൾ അന്നം സമ്പാദിച്ചതു് ‘മീൻനാറുന്ന സത്യവതി’യെ ശന്തനു വിവാഹം കഴിച്ചു. ആരാണു് ശന്തനു? ദേവനർത്തകിയെ ഉപേക്ഷിച്ചവൻ എന്നുറക്കെ പറയണം ഈ മഹനീയവ്യക്തിത്വത്തെ അടയാളപ്പെടുത്തുവാൻ. ‘വെപ്പാട്ടി’ സത്യവതിയെങ്ങനെ മഹാറാണിയും, രാജമാതാവുമായി? കുരുവംശപ്പൊലിമ നിലനിർത്തുവാൻ സ്വാധീനമുള്ള ചാലകശക്തിയായി? അതൊക്കെ വേണം വിലയിരുത്താൻ. ഒന്നേ ഞങ്ങൾക്കറിയൂ, കുലീനതയുടെ ജാടകളിൽനിന്നു് രാജവംശത്തെ സത്യവതി രക്ഷിച്ചു. അതല്ലേ നൂറുനൂറായിരം നാടുവാഴികൾ ഉള്ള ആര്യാവർത്തത്തിൽ ഹസ്തിനപുരി ഐതിഹാസിക മാനം കൈവരിച്ചതു്? ‘സത്യവതി സാമൂഹ്യവിപ്ലവത്തിന്റെ കാഹളം’ എന്നുച്ചരിച്ചതു വേറെ ആരുമല്ല സാംസ്കാരിക നായകനായ ചാർവാകൻ. മൽസ്യബന്ധനത്തെ ഹസ്തിനപുരിയുടെ ദേശീയ തൊഴിലായി പ്രഖ്യാപിക്കാൻ രാജസഭയിൽ പ്രമേയം അവതരിപ്പിക്കും. അതോടെ ഈ നാടിന്റെ കാർഷിക സംസ്കാരം ജലകേന്ദ്രിതമാവും. സത്യവതിയിന്നൊരു കരിക്കട്ടയായി മാറി എന്നതൊരു ഭൗതിക യാഥാർത്ഥ്യമായിരിക്കാം, എന്നാലവൾ ഞങ്ങൾക്കെന്നും നവോത്ഥാന നായിക!. ആയിടം തട്ടിയെടുക്കാനാണു് പാഞ്ചാലിയുടെ നേതൃത്വത്തിൽ പാണ്ഡവർ കളിക്കുന്നതു്. ”

2019-07-22

“ആൾക്കൂട്ടവിധിയുണ്ടായല്ലോ രണ്ടു പർവ്വങ്ങൾ പ്രസിദ്ധീകരിച്ചപ്പോഴേക്കും ഭയന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“മായം കലർത്തിയെന്നാരോപിച്ചു കൗരവരും പാണ്ഡവരും എനിക്കെതിരെ വാളോങ്ങുമെന്നാരോർത്തു്? വിചിത്രവീര്യവിധവകളിൽ എനിക്കുണ്ടായ വിലക്ഷണസന്തതികളാണു് ധൃതരാഷ്ട്രരും പാണ്ഡുവുമെന്ന പ്രതീതിയുണർത്തുന്ന ചരിത്രരചന ഉടച്ചുവാർത്തില്ലെങ്കിൽ, സുരക്ഷ ഏറ്റെടുക്കില്ലെന്ന ഔദ്യോഗിക പ്രസ്താവന വന്നതോടെ, ചാർവാകൻ ഈ കുടിലിലേക്കു് സ്വാഗതം ചെയ്തു. താടിയും മുടിയും വടിച്ചുവരുത്തിയ രൂപമാറ്റരഹസ്യം നിൽക്കട്ടെ, എന്നെ പോലെ നിങ്ങളും അക്ഷരം കൊണ്ടു് അന്നമുണ്ടാക്കുന്ന വ്യക്തിയല്ലേ. കൗരവരും പാണ്ഡവരും കൂട്ടുകൂടി ഒരൊറ്റ വഞ്ചിയിൽ ഇരുന്നാണു് എന്നെ വല വീശി പിടിക്കാൻ ശ്രമിക്കുന്നതു് ആദിപർവ്വം പൂർണ്ണമായും പിൻവലിച്ചു തീയിലിട്ടു എന്നു് നിങ്ങൾ സാക്ഷ്യപത്രം പ്രസിദ്ധീകരിച്ചാൽ ഞാൻ ധന്യൻ. അധികാരവഴിയിൽ പോരടിച്ചു ഇവരുടെയൊക്കെ ദുരന്തം സംഭവിക്കുന്ന സാഹചര്യമുണ്ടായാൽ, മൊത്തം പതിനെട്ടു പർവ്വങ്ങളിൽ മഹാഭാരതം എഴുതുമ്പോൾ, നിങ്ങൾ വേണം വെളിച്ചം കാണിക്കാൻ.”

ദക്ഷിണാപഥത്തിൽ നിന്നു് യുക്തിവാദി ചാർവാകൻ കൊണ്ടുവന്നു സൂക്ഷിച്ച ആനത്തലയോളം പനയോലക്കെട്ടുകളിലേക്കു പ്രത്യാശയോടെ തിരിഞ്ഞു. നാരായം വിരലുകൾക്കിടയിൽ വ്യാസൻ പരിലാളിച്ചു.

2019-07-24

“ചതിച്ചു കൊന്നതല്ലേ? എന്നിട്ടും കർണ്ണനു ബലിയിടുമോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. കുളിച്ചു ഈറനുടുത്ത പാണ്ഡവർ കുന്തിയുടെ സാന്നിധ്യത്തിൽ, പുരോഹിതാജ്ഞക്കായി കാത്തു നിൽക്കുന്ന നേരം.

“നിങ്ങൾ പത്രപ്രവർത്തകർക്കു ഭൗതികമായി മാത്രമേ ചിന്തിക്കാനാവൂ എന്നുണ്ടോ? പോരാട്ടത്തിൽ ജീവഹാനിയുണ്ടായതു് കർണ്ണ‘ശരീര’ത്തിനല്ലേ? രണ്ടിലൊരാൾ വധിക്കപ്പെടുന്നതൊക്കെ കുരുക്ഷേത്രയുദ്ധത്തിൽ കണ്ടു പരിചയിച്ചതല്ലേ? കൗന്തേയരെന്ന നിലയിൽ എനിക്കും കർണ്ണനും പ്രകൃതി തന്നതു് ഒരേ മാതാവിന്റെ ജീവകോശമല്ലേ? വെറുമൊരു പോരാട്ടവധത്തിൽ ഒതുങ്ങുമോ മനുഷ്യനേത്രങ്ങൾക്കു വഴങ്ങാത്ത സൂക്ഷ്മലോകം? അധികാരതർക്കത്തിൽ അവസാനിക്കുമോ കർണ്ണനുമായുള്ള ജനിതകബന്ധം? ആയുധങ്ങൾ കൊണ്ടു് ഉന്മൂലനം ചെയ്യാനാവുമോ അന്തമില്ലാത്ത ഈ പ്രപഞ്ചത്തിൽ എന്നെന്നും ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കാൻ വിധിക്കപ്പെട്ട മനുഷ്യാത്മാക്കൾ.”

“ധീരദേശാഭിമാനി ദുര്യോധനന്റെ വിധവയല്ലേ നിങ്ങൾ?” ഹസ്തിനപുരി കൊട്ടാരത്തിലെ അന്തഃപുരത്തിൽ കണ്ടും മിണ്ടിയും പരിചയിച്ചിരുന്ന സ്ത്രീയെ ആകസ്മികമായി വൃദ്ധസദനത്തിൽ കണ്ട കൊട്ടാരം ലേഖിക മുട്ടുകുത്തി കൈപിടിച്ചു് ചോദിച്ചു.

“ഒരു കുരുക്ഷേത്രവിധവ.”

“ക്ഷോഭിക്കുന്ന ഭാര്യയെ എങ്ങനെ സഹിക്കുന്നു നിങ്ങളഞ്ചുപേരും?”, പാണ്ഡവർ അലയുന്നതു് കണ്ട കൊട്ടാരം ലേഖിക അന്വേഷിച്ചു.

“ആരെ കുറിച്ചാണു് അഭിപ്രായം ചോദിക്കുന്നതു്? പ്രതിഷേധവും ഹർഷോന്മാദവും മിതമായ കൗശലത്തോടെ ആവിഷ്കരിക്കുന്ന പാഞ്ചാലി എവിടെ, അന്തഃപുര മട്ടുപ്പാവിൽ നിലാവു് പെയ്യുന്ന വേനൽക്കാലരാത്രികളിൽ, വസ്ത്രരഹിതശരീരങ്ങൾ ഇളക്കിയും ആടിയും, വടക്കൻ നിരകളെ നോക്കി ഉന്മാദത്തിൽ പൊട്ടിച്ചിരിക്കയും, ഭീതിതമായി നിലവിളിക്കയും ചെയ്യുന്ന കൗരവരാജവധുക്കൾ എവിടെ?”

2019-07-25

“ഭരണനേട്ടത്തെ കുറിച്ചൊന്നും കുത്തിക്കുത്തി ചോദിക്കുന്നില്ല. എന്നാൽ, നിങ്ങളഞ്ചുപേരുടെ നീണ്ട വ്യക്തിജീവിതത്തിൽ വല്ലതുമുണ്ടോ പൊതുസമൂഹവുമായി ഹൃദയരഹസ്യം പങ്കിടാൻ?”, വാനപ്രസ്ഥത്തിനു പടിയിറങ്ങുമ്പോൾ പാണ്ഡവരോടു് കൊട്ടാരം ലേഖിക ചോദിച്ചു. നഗരാതിർത്തിവരെ കൂടെ നടക്കാൻ വിസമ്മതിച്ച പുതിയ ഭരണാധികാരി പരീക്ഷിത്തു് അമ്മ ഉത്തരയുമൊത്തു മട്ടുപ്പാവിൽ നിന്നവരെ പുരികം വളച്ചു നോക്കി.

“ആയിരം പൂർണചന്ദ്രന്മാരെ ഏറിയും കുറഞ്ഞും കണ്ട ശേഷവും ഞങ്ങൾ സുന്ദരരൂപികളായി തോന്നുന്നെണ്ടെങ്കിൽ എന്തായിരുന്നിരിക്കണം ഞങ്ങളുടെ തീ പിടിച്ച യുവത്വം? കാറും മിന്നലും പെരുമാറ്റത്തിൽ കലർന്ന, ഒരു കറുത്ത പെണ്ണിനെ നാട്ടിലും കാട്ടിലും പായക്കൂട്ടായി സ്വീകരിച്ചു ഒരായുഷ്ക്കാലം ഭൗതികജീവിതം സഹവർത്തിത്തത്തോടെ ആർമാദിച്ചു എന്നതു്, പാണ്ഡവദാമ്പത്യം പാരസ്പര്യത്തിന്റെ ലക്ഷണമൊത്ത ഇതിഹാസമെന്നതിനു പ്രത്യക്ഷമല്ലേ?”

“ഇന്നെന്തന്യായം പറഞ്ഞാണു് ഊട്ടുപുരപ്രവേശനം നിഷേധിച്ചതു്?”, അഞ്ചു കുട്ടികളെയും കൂട്ടി, ധൃതരാഷ്ട്രരുടെ മുമ്പിൽ പാണ്ഡവമാതാവു് നെഞ്ചത്തടിച്ചു. അകലം പാലിച്ച വിദുരരും ഭീഷ്മരും കുന്തിയെ ഒളികണ്ണിട്ടു നോക്കി.

“ഗാന്ധാരിയുടെ സ്വപ്നപദ്ധതിയായിരുന്നു ‘ഹസ്തിനപുരി വഴിയോര തണൽ.’ രണ്ടു മൂന്നു ദിവസമായി തരക്കേടില്ലാതെ മഴ കിട്ടി മണ്ണു് കുതിർന്നപ്പോൾ, ഹരിതചട്ടം നടപ്പിലാക്കുന്ന കൗരവക്കുട്ടികൾ ഫലവൃക്ഷ തൈകൾ നട്ടതു് മുഴുവൻ, ഇന്നലെ രാത്രി ഭീമൻ വലിച്ചു വാരി മണ്ണിട്ടു് മൂടി. മൊത്തം പാണ്ഡവരെ മാതൃകാപരമായി ശിക്ഷിക്കും വരെ ദുര്യോധനൻ അടങ്ങില്ല. അതുവരെ കൗന്തേയരുടെ ഊട്ടുപുര അടഞ്ഞുകിടക്കും.”

“അർജ്ജുനൻ കർണ്ണനെ കൊല്ലുന്നതും ഭീമൻ ദുര്യോധനനെ കൊല്ലുന്നതും ഞാൻ വാർത്തകളാക്കിയപ്പോൾ നിങ്ങളുടെ നേട്ടം ഞാൻ മറന്നോ. കുടിലതയുടെ ഗാന്ധാരഭൂപതിയെ കൊല്ലാൻ നിയോഗം നിങ്ങൾക്കായിരുന്നു അല്ലെ. ഞങ്ങളൊക്കെ കരുതിയതു് ആ കുരുട്ടുബുദ്ധിയുടെ നെഞ്ചു പിളർത്താൻ അഞ്ചുപാണ്ഡവരും ചുറ്റിവളഞ്ഞു ആഞ്ഞുവെട്ടണം എന്നൊക്കെയായിരുന്നു. എങ്ങനെ ഓർത്തെടുക്കുന്നു ആ കൊല?” കൊട്ടാരം ലേഖിക സഹദേവനോടു് ചോദിച്ചു. യുദ്ധം ജയിച്ച പാണ്ഡവർ ഹസ്തിനപുരി കീഴടക്കാൻ പദയാത്ര ചെയ്യുന്ന നേരം.

“ഉഴവുമാടിനെ വെട്ടുന്ന മഴുവായിരുന്നു ശകുനിവധത്തിനു നിയോഗമായ ആയുധം. ഞാനതയാൾക്കുനേരെ എറിഞ്ഞപ്പോൾ അറിയുമായിരുന്നില്ല, ഉന്നം അത്രമേൽ കൃത്യമാവുമെന്നു. പതിനെട്ടാം ദിവസമായപ്പോഴേക്കും പോരാട്ടവേദിയിൽ സൈനിക സാന്നിധ്യം കുറവായിരുന്നു. മഴു ക്രൂരന്റെ കരൾ പിളർന്നു അതൊക്കെ ജഡം പരിശോധിക്കുമ്പോഴാണു് വ്യക്തമാവുന്നതു് മൊത്തം സാഹചര്യം വിലയിരുത്തുമ്പോൾ, സൈനികമികവിനല്ല, ആകസ്മികതക്കായിരുന്നു അവിടെ സാധ്യത. മനഃപൂർവ്വം ഞാൻ അയാളുടെ തല തകർക്കും എന്നാരും വിശ്വസിക്കില്ല. ദൂരെ നിന്നു് കണ്ടാൽ പോലും പേടിയായിരുന്നു. അയാളുടെ മാറിടം മഴുവിനു് ലക്ഷ്യമായി മാറ്റിയതു് പ്രകൃതിയുടെ വിളയാട്ടമായിരുന്നു. പറഞ്ഞുവന്നാൽ കുരുക്ഷേത്ര തന്നെ ആകസ്മികതകളുടെ കർമ്മഭൂമിയായിരുന്നില്ലേ.”

2019-07-26

“പെറ്റ തള്ളയെന്ന നിലയിൽ നിങ്ങൾ ഉത്തരവാദി അല്ലെന്നോ? അപ്പോൾ, മുക്കിക്കൊല്ലുന്നതു കണ്ട സത്യസാക്ഷിമൊഴി?”, ശന്തനു ഗംഗയോടു് ചോദിച്ചു.

“നവജാതശിശുപരിചരണത്തിന്റെ ഭാഗമായി പുണ്യനദിയിൽ സ്നാനം ചെയ്യാൻ വന്നപ്പോൾ, കൈവഴുതി, യാദൃച്ഛികമായി ദുർമരണമുണ്ടായ ഏഴോളം ദുഃഖസംഭവങ്ങൾ നേരിൽ കണ്ടു എന്നു് പറയുന്ന അവിശ്വസ്തകളുടെ സാക്ഷിമൊഴി തെളിവായി സ്വീകരിച്ചുകൊണ്ടാണോ മഹാറാണിപദവിയിൽ നിന്നെന്നെ നീക്കാൻ പുതിയൊരാഖ്യാന നിർമ്മിതിയിൽ നിങ്ങൾ പിടിച്ചു കയറുന്നതു്?”

2019-07-27

“കത്തിക്കരിഞ്ഞതു് പാണ്ഡവരെന്നു വ്യാജതെളിവുണ്ടാക്കാൻ, ആദിവാസികളെ ഇരകളാക്കിയ കുന്തിയെ കുറിച്ചു് മനഃസാക്ഷി ഇപ്പോഴും കുത്തുന്നുണ്ടോ?”, വാനപ്രസ്ഥത്തിനു് പടിയിറങ്ങുന്ന യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഞാനിപ്പോൾ വെറുക്കുന്ന വാക്കാണു് മനഃസാക്ഷി. ഏറെ കാലം മുഖംമൂടിയായി ഞാനതു ഗാന്ധാരിയുടെ കൺകെട്ടു് പോലെ നിർലജ്ജം പ്രദർശിപ്പിച്ചു ഒരുപാടു് പ്രതിസന്ധികളെ അതിജീവിച്ചു. പക്ഷെ വലിയ വില കൊടുത്തു. ഇന്നു് ‘വധശിക്ഷ’ക്കു് വിധേയനായ പരിത്യാഗി!. പാണ്ഡവകഥ എഴുതുന്ന ഇതിഹാസകാരൻ ഓർക്കട്ടെ. അതല്ലെങ്കിൽ നിങ്ങളെ പോലുള്ള എഴുത്തുകാർ പനയോലക്കെട്ടു തട്ടിയെടുത്തു, വരുംയുഗത്തിൽ സത്യം വായനക്കാരോടു് തുറന്നു പറയട്ടെ!.”

2019-07-28

“പാണ്ഡവർ ഗോളാന്തരയാത്ര ചെയ്യുമ്പോൾ ആലയിൽ നിങ്ങളിങ്ങനെ കൂനിപ്പിടിച്ചിരുന്നാൽ ജയിക്കുമോ കുരുക്ഷേത്ര?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“കൂട്ടുകുടുംബ സ്വത്തുതർക്കം പരിഹരിക്കാൻ പാണ്ഡവർ ആകാശചാരികളെ ആശ്രയിക്കുന്നതിലെന്തോ ആത്മവിശ്വാസത്തിന്റെ അഭാവമുണ്ടു്. പ്രകൃതിദത്ത ലോഹവിഭവങ്ങൾ നഗ്നഹസ്തങ്ങളിലൂടെ രൂപം മാറി വരുന്ന കൊലക്കത്തികളും കുന്തമുനകളുമാണു് കൗരവ സൈന്യം ആശ്രയിക്കുന്നതു്. ”

2019-07-29

“ഞെട്ടി ഉണരാറുണ്ടോ പ്രിയപ്പെട്ടവനെ ഓർത്തു്?” കൊട്ടാരം ലേഖിക ചോദിച്ചു. അരമനജലാശയത്തിലെ കുളിക്കടവിൽ പാഞ്ചാലി എന്തോ ഭൂതകാലക്കുളിരിൽ നിൽക്കുകയായിരുന്നു. നാളെ ഈ സമയത്തവർ പോവുകയാണു് തിരിച്ചുവരവില്ലാതെ!.

“പ്രണയിനിയെ കാത്തായിരുന്നില്ലെ അവൻ കൂരിരുട്ടിൽ നൃത്തമണ്ഡപത്തിലെ വിശ്രമമുറിയിൽ ചെന്നതു്? രതിക്കു് യോജിച്ച ഇടത്തിലേക്കവനെ ചതിയിൽ വിളിപ്പിച്ചതു് ആരായിരുന്നു? ആരുടെ ദുഷ്പ്രേരണയിലാണു് അവനെ ശ്വാസം മുട്ടിച്ചു കൊന്നതു്? എങ്ങനെ ഘാതകൻ കൊലക്കുറ്റത്തിൽനിന്നു് രക്ഷനേടി? കീചകചിതയിലേക്കു എന്നെ എറിയാൻ പാണ്ഡവരിൽ ആരാണു് ഉത്സാഹിച്ചതു്? ഭീമഹസ്തങ്ങൾ വായും മൂക്കും പൊത്തിപ്പിടിച്ചു പ്രിയ കീചകനെ കൊല്ലുന്നതു വിഭാവന ചെയ്യുമ്പോളെല്ലാം, ‘കൊലപ്പുള്ളി’യെ പിൽക്കാലത്തു ഞാൻ നിസ്സാരകാര്യങ്ങൾക്കു ശിക്ഷിച്ചിട്ടുണ്ടു്. പാപം ചെയ്ത ആ കൈകൾ എന്റെ ശരീരം സ്പർശിക്കാൻ സമ്മതിക്കാതെ, അകന്നു മാറി കിടന്നിട്ടുണ്ടു്. അതൊന്നും പോരാ എന്നു് തോന്നും. അന്വേഷണബുദ്ധിയോടെ കാര്യം തിരക്കി ഒരുനാൾ വ്യാസൻ എല്ലാം വായനക്കാരോടു് പറയുമോ? അതോ, നിങ്ങൾ തന്നെ കാര്യം കണ്ടെത്തി ഭാവിതലമുറയെ സത്യം അറിയിക്കുമോ?”

“നീന്തിക്കുളിക്കാൻ പോയ എല്ലാവരും ദേഹം നനയാതെ തിരിച്ചുവന്നല്ലോ. കുതിച്ചൊഴുകുന്ന പുഴയിൽ നീന്താൻ മടിയായോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു. മറ്റുനാലു പാണ്ഡവർ സൈനികവസ്ത്രങ്ങൾക്കുള്ളിൽ മുഖം മറച്ചു.

“ജൈവമാലിന്യങ്ങൾ പുഴയൊഴുക്കിൽ കണ്ടേക്കും. അടിയന്തരാവസ്ഥ പോലൊരു സ്ഥിതിവിശേഷം യുദ്ധഭൂമിയിൽ നിലവിലുള്ളതുകൊണ്ടു ജേതാക്കൾ സഹകരിക്കുമല്ലോ എന്നു് കുരുക്ഷേത്ര പ്രവിശ്യാഭരണാധികാരിയുടെ അറിയിപ്പു് വന്നപ്പോൾ ഇത്ര കടന്നു ചിന്തിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾ തലയറുത്തവരുടെ കബന്ധങ്ങൾ ആയിരുന്നു മണിക്കൂറുകളായി യമുനയിൽ. ആ ‘ഘോഷയാത്ര’ കൂടുതൽ നേരം ആസ്വദിക്കുന്നതിലും ഭേദം ഉടൽ നനയാതെ തിരിച്ചുപോരുക എന്നായിരുന്നു. ഇനി കുളി ഹസ്തിനപുരിയിൽ അധികാരം പിടിച്ചെടുത്തശേഷം.”

“ഇളമുറ നകുലനും സഹദേവനുമായി മുതിർന്ന കൗന്തേയർക്കു് കുടിപ്പക ഉണ്ടെന്നു തോന്നുന്നല്ലോ പെരുമാറ്റം കാണുമ്പൊൾ? ഒന്നുമല്ലെങ്കിലും അർദ്ധസഹോദരർ അല്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“അർദ്ധസഹോദരർ? അമ്മയും അച്ഛനും വെവ്വെറെ ആയ ഞങ്ങൾ എങ്ങനെ അർദ്ധരും പൂർണരും ആവും? പൊതുഭാര്യ പാഞ്ചാലിയാൽ പായക്കൂട്ടിൽ പങ്കാളികൾ എന്ന നിലയിൽ ദാമ്പത്യബന്ധിതരായി എന്നതല്ലേ കൂടുതൽ ശരി? ഒരു ദിവസം ഞാൻ ഊഴമനുസരിച്ചു കിടപ്പറയിൽ കയറിയപ്പോളുണ്ടു്, നകുലനും സഹദേവനും അവൾക്കൊപ്പം കിടന്നു ആർമാദിക്കുന്നു. എന്തുണ്ടു് വിശേഷം എന്നു് വെപ്രാളം മറച്ചു കുശലം ചോദിച്ചപ്പോൾ, “ഈ രണ്ടു മാദ്രിക്കുട്ടികളുടെ ഓരോ കുസൃതികൾ” എന്നു് പറഞ്ഞു, അലസമായി തുണി വാരിയുടുത്തു പാഞ്ചാലി മുറി വിട്ടിറങ്ങി. ആ രാത്രി തകർന്നുടഞ്ഞതു് എക്കാലവും കെട്ടിപ്പൊക്കി നിർത്തിയ ദുരഭിമാനമായിരുന്നു”, യുധിഷ്ഠിരൻ മുഖം പൊത്തി.

2019-07-30

“രഹസ്യസ്വഭാവമുള്ള പാണ്ഡവദാമ്പത്യപ്രശ്നങ്ങൾ നീ കൊട്ടാരം ലേഖികയുടെ ഓരോ സന്ദർശനത്തിലും പങ്കുവെക്കുന്നതു് ശ്രദ്ധയിൽ പെട്ടു. ഇതെങ്ങനെ സാധൂകരിക്കുന്നു? പ്രകൃതിയുടെ പ്രതിനിധിയൊന്നുമല്ലല്ലോ പത്രപ്രവർത്തക? എങ്കിൽ മനസ്സിലാക്കാം, പാപമോചനത്തിനാണു് ഉള്ളു തുറക്കുന്നതെന്നു. കൊട്ടാരം ലേഖികയോടു് സംസാരിച്ചാൽ ഹൃദയവിശുദ്ധീകരണം തരമാവുമെന്നു മോഹിക്കാൻ മാത്രം സരളഹൃദയയല്ല നീ. ഒരുമ്പെട്ടവളുടെ നിത്യവൃത്തി തന്നെ കൊട്ടാരം വിഴുപ്പുകെട്ടഴിച്ചു നോക്കുകയല്ലേ. പനയോലകളിൽ നാരായം കൊണ്ടെഴുതി ഔദ്യോഗിക രേഖയാക്കിയാണു് ഹസ്തിനപുരിയിലേക്കു മടങ്ങി, പതിനഞ്ചോളം ചുവരെഴുത്തു പതിപ്പുകളിലൂടെ, ‘വിഴുപ്പിൽ’ രോഗാതുര കൗതുകമുള്ള സാക്ഷരരെ അറിയിക്കുന്നതു്”, യുധിഷ്ഠിരന്റെ ശബ്ദത്തിൽ രോഷത്തെക്കാൾ ഖേദമായിരുന്നു. വനജീവിതത്തിലെ ദുരിതപർവ്വം.

“ഇരയെന്ന നിലയിൽ വസ്തുതകളും കാഴ്ചപ്പാടുകളുമാണു് പങ്കുവെക്കുന്നതു് നിങ്ങൾ സാക്ഷരത നേടി പനയോലയും നാരായവുമായി ബഹുഭർത്തൃത്വം രേഖപ്പെടുത്തിയാലും, എന്റെ പ്രതികരണം അതായിരിക്കും. തൽപ്പരകക്ഷിയെന്ന നിലയിൽ നിങ്ങളതു് ആഴത്തിൽ കുഴിച്ചിട്ടാലും കെട്ടഴിച്ചു ബഹിരാകാശത്തിൽ പറക്കാൻ വിട്ടാലും.”

“ഭൂമുഖത്തു നിന്നു് കൗരവരെ തുടച്ചുനീക്കിയ പാണ്ഡവരെ യുദ്ധക്കുറ്റവാളികളായി വിചാരണ ചെയ്തു ആൾക്കൂട്ടക്കൊലക്കു ഇരയാക്കണമെന്നു ചാർവാകൻ പരസ്യവേദിയിൽ ഇന്നലെ രാത്രി ആഞ്ഞടിച്ചതൊന്നും ഭരണകൂടശ്രദ്ധയിൽ പെട്ടില്ലേ?”, കൊട്ടാരം ലേഖിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“പത്തിനു് താഴെയുള്ള സ്വന്തം കുട്ടികൾക്കു നേരത്തിനു അന്നം കൊടുക്കാതെ നരകിപ്പിക്കുന്ന ചാർവാകനെയല്ലേ ഗാർഹിക കുറ്റവാളി എന്ന നിലയിൽ തെരുവിൽ വിചാരണ ചെയ്യേണ്ടതു്? എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്താണു്? കൊട്ടാരം ഊട്ടുപുരയിൽ നുഴഞ്ഞുകയറി പൊരിച്ച കാളത്തുടകൾ തിന്നു തെരുവിൽ കുരുവംശനിന്ദ. പാണ്ഡവദൂഷണം പറയുന്നവർക്കും പരമസുഖം കിട്ടുന്ന ഹസ്തിനപുരിയുടെ സൗജന്യഭക്ഷ്യനയം.”

2019-07-31

“ഭരിക്കുന്നവർക്ക്പോലും വയർ നിറയെ കഴിക്കാൻ കാളത്തുടയില്ലത്ത ഇറച്ചിവറുതിയിലാണോ നിങ്ങൾ, മാംസദാഹികളായ അഞ്ചു പോക്കിരി സിംഹങ്ങളെ കോട്ടക്കകത്തു വളർത്തുന്നതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു, “കൂസലില്ലാത്ത പ്രണയലീലകൾ കാണാനൊക്കെ രസമുണ്ടു്, പക്ഷെ കൂട്ടംകൂടി നിങ്ങൾക്കുനേരെ വിശന്നു ഗർജ്ജിച്ചാൽ, കൈവശം കാളയും മാനുമുണ്ടോ, അവക്കെറിഞ്ഞുകൊടുക്കാൻ?”

“നവപാണ്ഡവഭരണകൂടത്തിന്റെ ആദ്യതീരുമാനമായി ഗോവധം നിരോധിച്ചതു് ഉപകാരമായി. അടുത്ത ഗ്രാമങ്ങ ളിലെ ക്ഷീരകർഷകർ ആദ്യമൊക്കെ പരിഭവിച്ചു, പക്ഷെ സിംഹങ്ങളെ കണ്ടപ്പോൾ, അവർക്കുത്സാഹമായി. കറവ വറ്റിയ മാടുകളുമായി അതിരാവിലെ കോട്ടവാതിലിനു മുമ്പിൽ അവരിപ്പോൾ വരി നിൽക്കും. പുല്ലും വക്കോലുമില്ലാതെ കർഷക കുടുംബത്തെ പെടാപാടിലെത്തിച്ച നാൽക്കാലികളെ എന്തു് തീറ്റ കൊടുത്തു ആയുഷ്കാലം പരിപാലിക്കും എന്ന ഭയം ഇനിയവർക്കു വേണ്ട. ഒരു സൗജന്യം മാത്രമേ ഗ്രാമീണർ കാലിൽ വീണു ചോദിക്കൂ, വിശന്നു വലഞ്ഞ സിംഹങ്ങൾ പശുവിനെ പിന്നിൽ നിന്നു കടിച്ചും, കഴുത്തിൽ തൂങ്ങിയും തിന്നു വീണ്ടും കളിക്കാൻ പോവും വരെ, ആ അപൂർവ്വ ദൃശ്യാനുഭവം അടുത്തു നിന്നു കാണാൻ പാറാവുകാർ അനുവദിക്കണം. നാളെ പുലർച്ചക്കു വരാമോ, മനക്കരുത്തുണ്ടെങ്കിൽ പച്ചമാംസ ക്കാഴ്ച തൊട്ടുമുന്നിൽ നമുക്കൊരുമിച്ചിരുന്നു കാണാം.”

“നീലയും പച്ചയും കലർന്ന നീളൻപീലി കാണാൻ കൗതുകമൊക്കെയുണ്ടെങ്കിലും കൂട്ടം ചേർന്നിങ്ങനെ ഒച്ച വച്ചു് ചുറ്റി നടക്കേണ്ട കാര്യം?” പരിസരശുചിത്വമുള്ള ആശ്രമത്തിനു മുമ്പിലേക്കു് ചൂണ്ടുവിരലോടിച്ചു കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. പാണ്ഡവരുടെ വനവാസക്കാലം

“തൊട്ടുമുമ്പിൽ ചാടി വീണു ഭീമന്റെ നഗ്നതുടയിൽ ഒരാൺമയിൽ ആഞ്ഞു കൊത്തുന്നതാണു് ആദ്യം കണ്ടു ഞങ്ങൾ അന്തം വിട്ടതു് വിറച്ചുപോയി. ആ തണുത്ത പ്രഭാതത്തിലെ ചുടുചോരയനുഭവത്തിനു് ശേഷം ദുസ്സംശയത്തോടെ മയിലുകളുടെ അമംഗള സാന്നിധ്യം ഞങ്ങളും കണ്ടു. എന്നാൽ കുറച്ചു ദിവസങ്ങളായി പ്രത്യാശയോടെയും. അതെന്തെന്നല്ലേ. ശത്രുക്കളുടെ ആഗമനം വളരെ പെട്ടെന്നു് തിരിച്ചറിയാനാവുന്നത്ര സൂക്ഷ്മമായ കേൾവിശക്തിയും കാഴ്ചശക്തിയും മയിൽമുട്ട തിന്നാൽ കിട്ടുമെന്നാരോ ഭീമനെ ധരിപ്പിച്ചിട്ടുണ്ടു്. മയിൽക്കൂട്ടങ്ങൾ അന്തിയുറങ്ങുന്ന പൊന്തക്കാടു് ഒറ്റയ്ക്കു് പിന്തുടർന്നു്, വൈകിയ രാത്രിയിൽ ഭീമൻ, ഒരു പനംകൊട്ട നിറയെ മയിൽ മുട്ടകളുമായി മടങ്ങിയെത്തി. വെറുതെ കിട്ടിയ അക്ഷയപാത്രത്തിലെ വിശിഷ്ഠ സസ്യഭോജ്യങ്ങളെക്കാൾ ഇപ്പോൾ ഞങ്ങൾക്കിഷ്ടം പ്രയാസപ്പെട്ടുനേടിയ മയിൽ മുട്ടയാണ്, പാഞ്ചാലി പക്ഷെ ഊട്ടുപുരയിൽ ഒട്ടും പാചകത്തിൽ സഹകരിക്കില്ല. മറ്റുള്ളവരും കൂടി കുളിച്ചെത്തിയാൽ നമുക്കൊരു കൈ ഊട്ടുപുരയിൽ നോക്കാം. തീ കത്തിക്കാനും കെടുത്താനും സഹായിച്ചാൽ മതി.”

2019-08-01

“തൊട്ടുപിന്നിൽ പദയാത്രച്ചട്ടം പാലിച്ചുനടന്ന പാഞ്ചാലി കുഴഞ്ഞുവീഴും മുമ്പെന്തെങ്കിലും മരണഅടയാളങ്ങൾ പ്രദർശിപ്പിച്ചുവോ? പരോക്ഷമായെന്തെങ്കിലും സന്ദേശം കൈമാറിയോ?’, കൊട്ടാരം ലേഖിക മാദ്രീപുത്രൻ സഹ ദേവനോടു് ചോദിച്ചു. വഴിത്താരയിൽ, ചിത പൂർണ്ണ മായും കത്തിയമർന്ന ദൃശ്യം. സന്ധ്യ കനക്കുന്ന നേരം.

“ഉള്ളിൽ ഉള്ളതു് അടുത്തുനിൽക്കുന്നവരോടവൾ എപ്പോ ഴെങ്കിലും പറഞ്ഞിരുന്നോ? എനിക്കുറപ്പില്ല. പായക്കൂട്ടിൽ ഊഴത്തിനപ്പുറം പരമാനന്ദം തന്നിരുന്നപ്പോഴും, ദൂരെ ദൂരെ ശ്യാമസുന്ദരനെ ഉന്നം വച്ചിരുന്നുവോ, എനിക്കപ്പോൾ ഭീതി തോന്നുമായിരുന്നു. ശരീരം ചേർന്നവൾ രമിച്ചു കിടക്കുമ്പോഴും, മനസ്സ്, അങ്ങനെയൊന്നവൾക്കു ണ്ടെങ്കിൽ, അകലെയകലെ! വീഴ്ച മാരകമായിരിക്കാമെന്നു ഞാൻ അറിഞ്ഞിരുന്നു. വിലാപസ്വരം എന്നിൽ നിന്നു് വീണെങ്കിലും, മുന്നിൽ നടന്നിരുന്നവർ വച്ച കാൽ പിന്നോട്ടെടുത്തില്ലെന്നതെനിക്കൊരു നിശബ്ദതാക്കീതായി. വിലാപം ഞാൻ വിഴുങ്ങി, പദയാത്ര തുടർന്നു. ആദാരാ ഞ്ജലികളർപ്പിക്കാനായിരുന്നില്ല തോടിനരികെ യാത്ര നിർത്തിയതു് അതുകൊണ്ടു നിങ്ങളെ കാണാനൊത്തു. വനവാസക്കാലത്തു സംസാരിക്കാൻ പതിവായി അവസരം കിട്ടിയിരുന്നതുകൊണ്ടാവാം വിഷാദരോഗ ഭീഷണി നേരിടാനായതെന്ന അർത്ഥത്തിൽ പരാമർശങ്ങൾ പാഞ്ചാലിയിൽ നിന്നു് കേട്ടിരുന്നു. ജഡം ചിതയിലാക്കാ നുള്ള നിങ്ങളുടെ ഉത്സാഹം ഫലിച്ചു എന്നു് കരുതട്ടെ? ഒരിക്കൽ ഞങ്ങൾ ഇഷ്ടം പോലെ തൊടാൻ കൊതിച്ച ആ ഉടലഴകിൽ കഴുകൻ കൊത്താതെ ഭൗതികശരീരം തീയിൽ കത്തിത്തീർന്നു ചാമ്പലായി എങ്കിൽ, അതായിരിക്കും അഭിമുഖങ്ങൾക്കു നിങ്ങൾ കൊടുത്ത പ്രതിഫലം”, പറഞ്ഞു പറഞ്ഞു സഹദേവൻ കുഴഞ്ഞുവീഴുന്നതും, ശരീരം നിശ്ചലമാവുന്നതും, അതു് ശ്രദ്ധിക്കാതെ നാലു പാണ്ഡവർ കാൽ മുന്നോട്ടു വക്കുന്നതും അവൾ കർത്തവ്യബോധത്തോടെ നോക്കി.

“കൊടുംഭീകരൻ എന്നു് അഭിമന്യുവിനെ വിശേഷിപ്പിച്ചതു് പാണ്ഡവരെ ചൊടിപ്പിച്ചല്ലോ”, കൊട്ടാരം ലേഖിക കർണനോടു് ചോദിച്ചു, “ചരമശുശ്രൂഷയിൽ നിങ്ങളുടെ അസാ ന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു “

“ചക്രവ്യൂഹമെന്ന കൗരവ സുരക്ഷാവലയം തകർത്തു കണ്ണിൽ കണ്ടവരെയെല്ലാം വെട്ടിയുംചവിട്ടിയും കൊല വിളിച്ചു “ഹസ്തിനപുരം ഇനി ഞങ്ങൾക്കു് മാത്രം” എന്നു് ഉച്ചത്തിൽ ആർമാദിക്കുന്നവനെ ‘ധീരോദാത്തൻ’ എന്നാ ണോ വിളിക്കേണ്ടതു്? തരംപോലെ തിരിച്ചു കൊടുത്തിട്ടു ണ്ടാവും കൈമെയ്മറന്നു ഞങ്ങളും.”

2019-08-02

“വേദനിപ്പിക്കുമോ ഇന്നും ആ ഓർമ്മ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“അമ്മ സംശയരോഗിയെന്നറിഞ്ഞതു് ‘അരക്കില്ല’ത്തിലായിരുന്നു. തേക്കും വീട്ടിയും കൊണ്ടു് പണിത വേനൽക്കാല വസതിയായിരുന്നിട്ടും, പേക്കിനാവിൽ അതിലോരു കെണി കണ്ടു. അർദ്ധരാത്രി കൗരവചാരൻ ‘അരക്കില്ലം’ തീയിടുമെന്നു ഞങ്ങളെ വിശ്വസിപ്പിച്ചിട്ടും, ആ കൊട്ടാരത്തിലെ സുഭിക്ഷത ഞങ്ങൾക്കൊരു ആനന്ദമായി. തീയിടാൻ ആരും വന്നില്ല. അവസാനം അമ്മ ഒരു ഗൂഢപദ്ധതി നടപ്പിലാക്കി. തേളും കരിക്കുന്നനും നിറഞ്ഞ ഇടുക്കിലൂടെ ഒളിച്ചോടി ഏകച്ചക്ര ഗ്രാമത്തിൽ എത്രകാലം ഒരു കുടിലിൽ ഉടുതുണിക്കു് മറുതുണിയില്ലാതെ, ഒരു നേരം ഭക്ഷണത്തിനു വകയില്ലാതെ ഒളിച്ചുതാമസിക്കേണ്ടി വന്നു “ പറഞ്ഞുപറഞ്ഞു ഭീമൻ വിതുമ്പി.

“ജഡം ചിതയിലേക്കെടുത്തിട്ടില്ല, കുളിച്ചൊരുങ്ങി പൂ ചൂടി എങ്ങോട്ടാണു് യാത്ര?”, കൊട്ടാരം ലേഖിക മാദ്രിയോടു് ചോദിച്ചു. ’കുന്തിയുടെ നിർബന്ധത്തിൽ ഞാൻ വേറെ തരമില്ലാതെ സതി അനുഷ്ഠിക്കുമെന്ന മുൻവിധി നിങ്ങൾക്കുണ്ടെങ്കിൽ, പാണ്ഡുചിതയിലല്ല, കാട്ടുതീയിലാണു് വ്യർത്ഥ ജന്മം അവസാനിപ്പിക്കുക. പാണ്ഡുവിനോടു വിശ്വസ്തതയോ, ആചാരങ്ങളോടു അനുസരണയോ. കുന്തിയോടു കീഴടങ്ങലോ അല്ല. പ്രകൃതിയോടുള്ള പ്രതിഷേധമാണു് എന്റെ അതൃപ്തിയാണു് കാര്യം. പാണ്ഡുവിനു് കായികക്ഷമതയില്ലാത്തതു കൊണ്ടു് കുന്തിയെങ്ങനെ പ്രലോഭനങ്ങളിലൂടെ പരപുരുഷന്മാരെ ആനന്ദിപ്പിച്ചു കുട്ടികളെ നേടി എന്നു് ഞാൻ കേട്ടിട്ടുണ്ടു്. എനിക്കും വേണ്ടി വന്നു സന്ധ്യക്കു് പൂ ചൂടി പെരുവഴിയിൽ ആണിനെ തേടാൻ. പെണ്ണഭിമാനം അടിയറവു വച്ചു്, നേടിയ ഇരട്ട കുട്ടികളെയും, കുന്തിയുടെ മൂന്നു മക്കളെയും കൂട്ടി ഹസ്തിനപുരിയിൽ അഭയാർത്ഥികളായി ചെല്ലാൻ ആവില്ലെനിക്കെന്ന ബോധ്യത്തിലാണു്, വധുവിനെ പോലെ അണിഞ്ഞൊരുങ്ങി ജന്മം അവസാനിപ്പിക്കുന്നതു്”

2019-08-03

“അപമര്യാദയായി എന്തോ പറഞ്ഞു എന്നു് കേട്ടല്ലോ.”, ആശ്രമ മുറ്റത്തു മണ്ണിളക്കിയും നനച്ചും ജാഗ്രതയോടെ ജോലി ചെയ്തിരുന്ന യുവസന്യസ്ഥനെ ചൂണ്ടി കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“ഊട്ടുപുരയിൽ ചെന്നു് യുധിഷ്ഠിരനോടയാൾ ചോദിച്ചു, രാമൻ സ്വയം വേട്ടയാടി വന്നില്ലേ വീട്ടിലിരുന്ന ലക്ഷ്മ ണനും സീതക്കും വേണ്ടി? അതൊക്കെ വനവാസക്കാലത്തു മാതൃകയാക്കേണ്ട നിങ്ങൾക്കെന്തിനാണു് അക്ഷയപാത്രം? നിങ്ങൾക്കും വേട്ടയാടി തിന്നുകൂടെ? കാടു് എന്ന സ്വാശ്രയ ആവാസവ്യവസ്ഥക്കൊരു അശ്ളീല പ്രഹരമല്ലേ അക്ഷയപാത്രത്തിൽ കയ്യിട്ടു കിട്ടുന്ന ധാന്യം? അക്ഷയപാത്രത്തിൽ നിങ്ങൾ കയ്യിട്ടുവാരുന്ന ഓരോ പിടി അന്നവും ഏതോ ഹസ്തിനപുരി കർഷക ധാന്യപ്പെട്ടിയിൽ ചോർച്ചയുണ്ടാക്കുമെന്നു ദുര്യോധനൻ ഓർമ്മപ്പെടുത്തിയതല്ലേ. ഇത്തരം അസംബന്ധ ചോദ്യങ്ങൾ കേട്ട പാഞ്ചാലിയൊന്നു പുഞ്ചിരിച്ചതു സ്വതവേ ലോലചിത്ത നായ ധർമ്മപുത്രരുടെ ദുരഭിമാനത്തെ നൊമ്പരപ്പെടുത്തിയോ.”

“അന്ത്യയാത്രയെ കുറിച്ചെന്തെങ്കിലും അഭിലാഷങ്ങൾ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവഭരണത്തിന്റെ മുപ്പത്തിയഞ്ചാം വർഷം. കിരീടാവകാശി പരീക്ഷിത്തു് കൊട്ടാരവിപ്ലവത്തിനായി ശ്രമിക്കുന്ന കാലം.

“മൂന്നുദശാബ്ദങ്ങൾ കഴിഞ്ഞു. അല്ലലില്ലാതെ. പരീക്ഷിത്തിനെ പട്ടാഭിഷേകം ചെയ്യിക്കണം. സ്മൃതിനാശം സംഭ വിച്ച യുധിഷ്ഠിരനുൾപ്പെടെ രോഗാതുര പാണ്ഡവരെ മഹാപ്രസ്ഥാനത്തിൽ വടക്കൻ മലകളിലേക്കയക്കുന്ന ദൗത്യവും ഫലപ്രദമായി പൂർത്തിയാക്കാനുണ്ടു്. അധി കാര വഴിയിൽ ഞാൻ രാജമാതാ പദവി തുടരണമെന്നും, മരണം വരെ മഹാറാണിപദവി ഭാര്യക്കു് കൊടുക്കാതെ ഒഴിച്ചിടുമെന്നും, മുട്ടുകുത്തി വാക്കു തന്നിട്ടുണ്ടു്. പാണ്ഡ വരില്ലാത്തൊരു സ്വതന്ത്ര ജീവിതത്തിലാണു് ഈ ലോകത്തിൽ നിന്നു് യാത്ര പറയുന്നതായി പലപ്പോഴും ഞാൻ കിനാവു് കാണുക. ഭൗതികശരീരം രാജസഭയിൽ പൊതു ദർശനത്തിനു വെക്കുന്നതും, ഹസ്തിനപുരിയാകെ വിങ്ങിപ്പൊട്ടി വരിനിന്നു അന്ത്യോപചാരമർപ്പിക്കുന്നതും, മേഘരഹിതമായൊരാകാശത്തിനു താഴെ ഗംഗയുടെ തീരത്തൊരുക്കിയ ചിതയിൽ അതിവേഗം ചാരമായി മാറുന്നതും ആ വിശുദ്ധകിനാവിന്റെ കാരുണ്യങ്ങളാണു്.”

2019-08-04

“തേർചക്രം പാടുപെട്ടുയർത്തുന്ന ദുർബല നിമിഷം നോക്കി വേണമായിരുന്നോ പ്രതികാര കൊല?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ചക്രവ്യൂഹത്തിൽ നട്ടം തിരിഞ്ഞ കൗമാരപോരാളിയെ സംഘംചേർന്നു് ചവിട്ടിയും പരിഹസിച്ചും കൊന്നവനെ കഴുത്തു വെട്ടാനല്ലെങ്കിൽ പിന്നെ എന്തു് വിശേഷിപ്പിക്കാ നാണു് കൊലച്ചതി എന്ന വാക്കുപയോഗിക്കുക?”

“കുരുട്ടുബുദ്ധിയില്ലാത്തൊരു കൗരവനായാണു് നിങ്ങൾ അറിയപ്പെടുന്നതു്ചൂതാട്ടസഭയിൽ നിങ്ങളുടെ നിശബ്ദ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മുതിർന്ന കൗരവർ നേരിടുന്ന വസ്ത്രാക്ഷേപ ആരോപണത്തിൽ വസ്തുത യുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“സഭയിൽ മൗനം പാലിച്ചതു് അസഹനീയമായ ആൺചൂരു കൊണ്ടായിരുന്നില്ലേ? ജാലകങ്ങൾ അടച്ചു മണിക്കൂറു കളായി രക്തസമ്മര്ദം ഉയർത്തുന്ന കള്ളച്ചൂതാട്ടത്തിൽ വിയർത്ത ആണുങ്ങൾ കൂടിച്ചേർന്നിരുന്നാൽ നിങ്ങൾക്കൂ ഹിക്കാം മലിനീകരണം. മുറുക്കിപ്പിടിച്ചു ശ്വാസം മുട്ടു മ്പോഴായിരുന്നു ജാലകങ്ങൾ വാരിവലിച്ചുതുറന്നു ശീത ക്കാറ്റു വീശിയ പോലെ ഞങ്ങളൊക്കെ സ്തംഭിച്ചു പോയൊരു കാഴ്ച കണ്ടതു് ഉടലഴക് പ്രദർശിപ്പിക്കുന്ന അൽപ്പവസ്ത്രപാഞ്ചാലിയുടെ പ്രത്യക്ഷത്തോടെ അതി സൂക്ഷ്മതലത്തിൽ നമ്മെ ഹർഷോന്മാദത്തിലെത്തിക്കുന്ന ഒരസാധാരണ പരിമളവും തണുപ്പിൽ കലർന്നു. സഭാതലത്തിലപ്പോൾ ഉയർന്നതു് സദാചാരചിന്തയായിരുന്നില്ല.”

“തൊടരുതെന്നു ഭീമനോടു് മുഖത്തു് നോക്കി പറഞ്ഞ സ്ത്രീ ആരാണു് ?എന്താണിങ്ങനെയൊരു അസാധാരണ സംഭവം? കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“മുന്നറിയിപ്പു് നേരത്തേ കൊടുത്തിരുന്നു. പുതുതലമുറ ദുര്യോധനകുടുംബാംഗത്തെ കരുതലോടെ മതി സ്തുതിക്കാനും കൂടെ നിർത്താനും. കിട്ടേണ്ടതിപ്പോൾ ഭീമനു് കിട്ടി. മുൻ മഹാറാണി സത്യവതിയെ പോലെ യമുനയിൽ തോണി തുഴഞ്ഞു വരുമാനമുണ്ടാക്കിയാണു് വീട്ടിലേക്കിപ്പോൾ ധാന്യം വാങ്ങിക്കുന്നതെന്നു പറഞ്ഞു കേട്ടപ്പോൾ, പൊതുവേദിയിൽ ക്ഷണിച്ചിരുത്തി ആദരിക്കണം എന്നു് കൗരവരാജവിധവകളുടെ പുനരധിവാസത്തിന്റെ അധിക ചുമതല വഹിക്കുന്ന ഭീമനു് മോഹമായി. ’സുഖലോലുപ’രായ കൗരവരാജവിധവകൾക്കൊരു പാഠമായിരിക്കട്ടെ ഈ സ്വാശ്രയശീലമെന്നു പറഞ്ഞു അനുഗ്രഹിക്കാൻ ഭീമൻ കൈ ഉയർത്തിയപ്പോൾ, അവൾ തട്ടി മാറ്റി-ഞങ്ങളുടെ നാഥനെ തുടയിൽ ഗദ കൊണ്ടടിച്ചു കൊന്ന ആ കൈ ശിരസ്സിൽ വക്കരുതേ എന്നവൾ ഏങ്ങലടിച്ചു. യോഗം കലങ്ങി. കണ്ടുനിന്ന ഞങ്ങളുടെ കണ്ണും.”

2019-08-05

“ഈ ഗദയാണോ നൂറോളം കൗരവരെ തല്ലിക്കൊന്നതു്?” കൊട്ടാരം ലേഖിക ചോദിച്ചു.

“ഇതൊരലങ്കാരം മാത്രം. ശത്രുവിന്റെ നട്ടെല്ല് പൊട്ടിക്കാൻ ആയുധമൊന്നും വേണ്ട. കണ്ടവരൊക്കെ കൗതുകത്തോടെ നോക്കുന്ന ഈ മുല്ലപ്പൂപല്ലുകൾ പുഞ്ചിരിക്കാത്തപ്പോൾ മാരകായുധമാവില്ലേ? അതൊക്കെ ഇരകൾ ക്കറിയാം. ശിശുമുഖ മാണെനിക്കെന്നു ആരാധകർ പറ യുന്നതു് ഉള്ളിൽ തട്ടിയാണെങ്കിൽ, അവർക്കുറപ്പു നൽ കട്ടെ, കീഴ്താടിയുടെ ബലപിന്തുണയും കുറച്ചു കാണ രുതു് ശരീരം ‘ഭീമാകൃതി’യിൽ എന്നാണു ഭാരം ചുമക്കുന്ന പാഞ്ചാലി കിടപ്പറയിൽ നിന്ദിക്കുക എങ്കിലും, ചെന്നായയുടെ വയറുള്ളവൻ എന്നാണു കുന്തി തീൻശാലയിൽ പ്രകീർത്തിക്കുക. ഒളിഞ്ഞിരുന്നു ഇരയെ ചാടിപ്പിടിക്കുന്ന സാമ്പ്രദായിക നീതി, അതെനിക്കു്, എത്രയോ കാട്ടിൽ കഴി ഞ്ഞിട്ടും, വശമില്ല. ഓടുന്ന ഇരയെ കണ്ടെത്തിയാൽ, ഞാൻ വച്ച്പിടിക്കും. ദുർമേദസ്സുള്ള ശരീരം തടസ്സമല്ല. പോർക്ക ളത്തിലെ ‘കളി’ കണ്ടാൽ നിങ്ങൾ ആദ്യം ചിരിക്കുമെങ്കി ലും, പിന്നെ നോട്ടം കാര്യമാവും. ശത്രുകൗരവന്റെ വയ റിലാണ്കടിക്കുക. നൂലാമാലകൾ വയറിൽനിന്നു് പുറത്തു ചാടി ഒരടി മുന്നോട്ടു വക്കാനാവാതെ മണ്ണിൽ മലർന്നു വീഴുമ്പോൾ,എനിക്കവനെ പച്ചക്കു തിന്നാനാണ്തോന്നുക, പക്ഷെ രാവിലെ പേടമാനിനെ ജീവനോടെ കടിച്ചു പൊളിച്ചു തിന്ന കുരുക്ഷേത്ര ദിവസങ്ങളിൽ കൗരവമാംസം വാത്സല്യത്തോടെ കഴുകനു് വലിച്ചെറിഞ്ഞു കൊടുക്കും, ചുടുചോര പ്രിയപാഞ്ചാലിയുടെ മുടി തേച്ചുമിനുക്കും,അതു് ഭീഭത്സ കേശപരിചരണമല്ല, ഉദാത്ത പ്രണയ പ്രകടനമാണു്” കൗരവവംശഹത്യക്കു യുധിഷ്ഠിര ഭരണകൂടത്തിന്റെ അതിവിശിഷ്ട സൈനിക പുരസ്കാരം നേടിയ ഭീമൻ മട്ടുപ്പാവിൽ ആനന്ദനൃത്തത്തിലായിരുന്നു. പാഞ്ചാലി മുഖം തിരിച്ചു.

“കിരീടാവകാശി ഉപജാപങ്ങളിൽ ഏർപ്പെടുന്നു എന്ന ചാരവിവരം ശ്രദ്ധയിൽ പെട്ടപ്പോളാണോ ‘പരീക്ഷിത്തിനു് പട്ടാഭിഷേകം’ എന്ന പ്രഖ്യാപനം?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. പാണ്ഡവ ഭരണകൂടത്തിന്റെ മുപ്പത്തിയാറാം വർഷം.

“അത്ര രൂക്ഷമായി പരിമിതപ്പെടുത്തുമോ പാണ്ഡവ പ്രയാസങ്ങൾ? കുരുക്ഷേത്രത്തിൽ പൊലിഞ്ഞ പരിചിത പോരാളികൾ പേക്കിനാവിൽ പ്രത്യക്ഷ പ്പെടാത്ത പകലി രവുകൾ ഇക്കഴിഞ്ഞ മൂന്നര ദശാബ്ദങ്ങളിൽ പാണ്ഡവർക്കുണ്ടായിരുന്നുവോ? അരമനരഹസ്യങ്ങൾ ചോർത്താൻ പനയോലക്കെട്ടും നാരായവുമായി കോട്ടകൊത്തളങ്ങളിൽ നിരങ്ങുന്ന പത്രപ്രവർത്തകർക്കെന്തറിയാം, അധികാരത്തിന്റെ ഇടനാഴിയിലും പാണ്ഡവർ നേരിട്ട അസ്തിത്വദുഃഖം? തിരുവസ്ത്രങ്ങളും അംശവടിയുമായി രാജസഭയിൽ വരുമ്പോഴൊക്കെ, മനസ്സു് വിഹായസ്സിൽ പറക്കുകയാവും, വടക്കൻ മലമടക്കുകളിലെ ഏകാന്ത താഴ്‌വരകളിൽ എവിടെയോ ഒളിഞ്ഞിരിക്കുന്ന പ്രപഞ്ച രഹസ്യം തേടി. എന്തിനു പെട്ടെന്നൊരുനാൾ ചെങ്കോൽ കൈമാറുന്നു എന്നോ? അല്പവസ്ത്രധാരികളായി അനന്തതയിലേക്കൂളിയിടാൻ. മനുഷ്യനു് അനശ്വരത നിഷേധിച്ച സഭാപതിയെ ചെറുതായൊന്നു വെല്ലുവിളിക്കാൻ, യുദ്ധത്തിലും ജീവിതത്തിലും ഞങ്ങൾ പോരടിച്ചിരുന്നു എന്നോർമ്മിപ്പിക്കുവാൻ അതാണിന്നു ഞങ്ങൾ പടിയിറങ്ങുമ്പോൾ യാത്രാമൊഴി.”

“നിങ്ങളൊക്കെ ചതിയിൽ ചുറ്റിവളഞ്ഞു കുത്തിമലർത്തിയിട്ടും, സാഹസികവും ഐതിഹാസികവുമായ മിന്നലാക്രമണത്തിന്റെ പേരിൽ അവൻ വിശ്വമാകെ പ്രശസ്തി നേടുമെന്നു് വ്യക്തമായല്ലോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. വൈകിയ രാത്രി കുരുക്ഷേത്ര യുദ്ധത്തിന്റെ പതിമൂന്നാം ദിവസം.

“കൊലയാളികളെന്നു നിങ്ങൾ വർണ്ണിക്കുന്ന ഞാനും കർണ്ണനുമൊക്കെ ഈ നിറനിലാവിൽ പുഴവെള്ളത്തിലിങ്ങനെ നീരാടി രസിക്കുമ്പോൾ, ‘സാഹസികവും ഐതിഹാസിക’വുമെന്ന വിശേഷണപദങ്ങളുമായി അവന്റെ ചിതയതാ കത്തിച്ചാരമാവുന്നു. ആകാശചാരികൾ ഞങ്ങൾക്കൊപ്പമെന്നപ്പോൾ അടയാളപ്പെടുത്തിയില്ലേ.”

2019-08-08

“പെണ്ണും പോരാളിയായോ?”, കുളിച്ചു ഈറനുടുത്തു നടക്കുകയായിരുന്ന പാഞ്ചാലിയെ കൊട്ടാരം ലേഖിക അഭിവാദ്യം ചെയ്തു.

“തകർന്നു തരിപ്പണമായി കൂടണയുന്ന പാണ്ഡവർക്കു് സാന്ത്വന സ്പർശനത്തിനൊരു പെൺകൂട്ടു് വേണ്ടേ?” അഴകളവുകൾ അർത്ഥഗർഭമായി പ്രദർശിപ്പിച്ച പാഞ്ചാലി പാളയത്തിലേക്കു് കയറി.

2019-08-09

“പരാതിപ്പെട്ടു എന്ന കുറ്റത്തിനു് നിങ്ങളെ കൗരവർ നിങ്ങളെ തല മൊട്ടയടിച്ചു പുള്ളി കുത്തി എന്നോ? ഭൂമുഖത്തുനിന്നു വേർപെട്ടുപോയ ആത്മാവുകൾക്കു പരലോകത്തു നിത്യശാന്തി ലഭിക്കാൻ ബലികർമത്തിൽ സഹായിക്കുന്ന ഒരു ദരിദ്രപുരോഹിതൻ മാത്രമല്ലേ നിങ്ങൾ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“സ്ത്രീപീഡനത്തിൽ പ്രതികളായ കൗരവർ എന്ന പരാമർശത്തിൽ കുടുമയിൽ കയറിപ്പിടിച്ചു, ‘കുറ്റം നിഷേധിച്ച ആരോപണവിധേയർ’ എന്നല്ലേ, സംശയാതീതമായി വിചാരണ വഴി നീതിപീഠത്തിൽ നിന്നു് വിധിവരും വരെ പറയേണ്ടതു് എന്നു് ചോദിച്ച ദുര്യോധനൻ, അപ്പോൾ തന്നെ തളച്ചിട്ടു.”

“സുഖവാസത്തിനെന്നപോലെയാണല്ലോ, അടിമജീവിതം നയിക്കാൻ കാട്ടിലേക്കു് പോവുന്നതു് ധാർമ്മികരോഷമൊന്നും തോന്നുന്നില്ലേ കളിയിൽ കബളിക്കപ്പെട്ടതോർത്താൽ? രാജസൂയചക്രവർത്തിയുടെ അഭിമാനബോധം ഇത്ര ശുഷ്കമോ എന്നാണു ചാർവാകൻ പരിഹസിച്ചത്”, കൊട്ടാരം ലേഖിക ആറംഗ പാണ്ഡവസംഘത്തിനു മുമ്പിൽ നഗ്നപാദനായി നടന്ന യുധിഷ്ഠിരനോടു് ചോദിച്ചു.

“മനസ്സിനെ അലട്ടുന്ന ആഘാതം ഉണ്ടാവുന്നവർക്കു ആ നിമിഷത്തിനു തൊട്ടുമുമ്പുള്ള ഏതാനും മണിക്കൂറുകളിലെ കാര്യങ്ങളെ കുറിച്ചു് ഓർമ്മ നഷ്ടപ്പെടാവുന്നതാണെന്ന മനഃശാസ്ത്രപരമായ ഉൾക്കാഴ്ച തക്ഷശിലവിദ്യാർത്ഥിയായിരുന്ന നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ എന്നു് ഞാൻ വെറുതെ മോഹിക്കുകയാണോ? കാലക്രമേണ ഈ സ്ഥിതിയിൽ മാറ്റമുണ്ടായാൽ, എല്ലാം ഓർമ്മയിൽ തിരിച്ചു കൊണ്ടുവരാനും, ക്രമം തെറ്റാതെ ഓർത്തോർത്തു സഭാപർവ്വ ആഖ്യാനം പുനർ നിർമ്മിക്കാനും ആവുമെന്നാണു് പ്രതീക്ഷ. വനവാസത്തിനെത്തിയാൽ പാഞ്ചാലിയും പാണ്ഡവരും തീവ്രപരിചരണത്തിനിലൂടെ ഈ ആഘാതഘട്ടം തരണം ചെയ്യാൻ തക്ക സാന്ത്വനം തരുന്നതിൽ വീഴ്ച കാണിക്കില്ലെന്നാണു് ന്യായമായും വിചാരിക്കുന്നതു് അതുവരെ, കള്ളച്ചൂതും, കൗരവരാൽ കബളിക്കപ്പെടലും, രാജനഷ്ടവും, വസ്ത്രാക്ഷേപവും നിങ്ങൾ പൊലിപ്പിച്ചൊരു പരാജയ കഥ എനിക്കുചുറ്റും പണിയുന്നതിൽ നിന്നും പിൻവലിയണം.”

“പ്രിയം നിങ്ങളോടാണു് എന്നുണ്ടോ?” മറ്റു ഭർത്താക്കന്മാർ മൃഗയാവിനോദത്തിനു പോയപ്പോൾ പാഞ്ചാലിക്കു് തുണയായ നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“പാണ്ഡവരെ പല തട്ടുകളിൽ പരസ്പരം പ്രതിയോഗികളാക്കി കളിപ്പിക്കാൻ പ്രലോഭനസ്വരത്തിൽ ഇടക്കൊന്നു പാഞ്ചാലി എന്നെ പ്രശംസിക്കുന്നതാണോ പത്രപ്രവർത്ത കർ മുഖവിലക്കെടുത്തതു്?”

2019-08-10

“മാദ്രിയുടെ ജ്യേഷ്ഠനല്ലേ നിങ്ങൾ? മാദ്രിപുത്രന്മാരായ നകുലനും സഹദേവനും നേതൃത്വം കൊടുക്കുന്ന സൈന്യത്തിൽ സഖ്യകക്ഷിയാവേണ്ട മാദ്ര രാജാവെങ്ങനെ കൗരവപക്ഷത്തേക്കു കൂറുമാറി? പ്രിയ സഹോദരിയുടെ ആത്മാവു് പൊറുക്കുമോ ഈ ചതി?” കൊട്ടാരം ലേഖിക ചോദിച്ചു.

“വെള്ളം കോരാനും വിറകുവെട്ടാനുമുള്ള വേലക്കാർ മാത്രമായി മാദ്രിപുത്രന്മാരെ കുന്തിമക്കൾ ദുരുപയോഗം ചെയ്യുന്നുവെന്നു്, സാന്ദർഭികമായി ദുര്യോധനൻ പറഞ്ഞപ്പോൾ പ്രിയസഹോദരിയെ ഓർത്തു ആകെ അസ്വസ്ഥനായി. മാദ്രിമാതൃത്വത്തെ കളങ്കപ്പെടുത്തുന്ന യുധിഷ്ഠിരനോടെനിക്കൊരു വിരോധവും ഉണർന്നു. ചൂതാട്ടഭ്രമക്കാരനായ യുധിഷ്ഠിരൻ മാദ്രിപുത്രന്മാരെ പണയം വച്ചുകളിച്ചു വനവാസത്തിലെത്തിച്ചെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമായി തോന്നി. വസ്തുതാപരമായും, പാണ്ഡവരോടു് പ്രതികാരനടപടിയൊന്നും ഉപദേശിക്കാതെയും ദുര്യോധനൻ പറഞ്ഞതെനിക്കൊരു വെളിപാടായി കാണാനൊത്തു. നകുലനെയോ സഹദേവനെയോ എനിക്കെതിരെ നിർത്തി നാളെ മറ്റു മൂന്നു പാണ്ഡവർ കുരുക്ഷേത്ര പോരാട്ടത്തിൽ കൊന്നാലും ചേരില്ല പാണ്ഡവർക്കൊപ്പം ഈ ജീവന്മരണയുദ്ധത്തിലെന്നു ഞാൻ പരേത മാദ്രിയുടെ വിശുദ്ധസ്മരണയിൽ രക്തപ്രതിജ്ഞയെടുത്തു. പ്രതിജ്ഞ ലംഘിക്കണോ?അതോ, രക്തസാക്ഷിത്വം വരിച്ചു കുടുംബാഭിമാനം തിരിച്ചുപിടിക്കണോ?”

2019-08-12

“ഇതെന്താ അരക്കെട്ടിൽ ഒഡ്യാണം? കൈകളിൽ തങ്കവള? രാജസഭയിൽ വലിച്ചു കൊണ്ടുവന്നു ‘ഇനി നീ തീർത്തും കൗരവ അടിമ’ എന്നു് പറഞ്ഞു തുണിയഴിക്കുമ്പോൾ ഇതു് മാത്രം കൌരവർ ഊരിയെടുക്കാൻ എന്താ വിട്ടുകളഞ്ഞതു്?”, വനവാസക്കാലത്തിന്റെ തുടക്കം.

“വിട്ടുകളഞ്ഞതല്ല, വിളക്കി ചേർത്തതാണു്. വസ്ത്രാക്ഷേപം കഴിഞ്ഞ ഉടൻ, മൂന്നുനാലു കൌരവർ കീഴ്പ്പെടുത്തി, പാണ്ഡവസാന്നിധ്യത്തിൽ അണിയിച്ചു. “നീയിനി കൗരവരുടെ രാപ്പകൽ നിരീക്ഷണവലയ”ത്തിലാണു് എന്നു് ദുര്യോധനൻ കവിളിൽ പുറംകൈ തട്ടി പ്രഖ്യാപിച്ചു. എന്നു് പറഞ്ഞാൽ, ദൂരെ ദൂരെ ഹസ്തിനപുരി കൊട്ടാരത്തിലെ ഭൂഗർഭഅറയിൽ ഇരുന്നു കൌരവർക്കു ആസ്വദിക്കാം”, പറഞ്ഞുപറഞ്ഞു പാഞ്ചാലിയുടെ മന്ദഹാസം നേർത്ത വിലാപം പോലെ അവിടെ നിറഞ്ഞു. പാണ്ഡവർ കണ്ണടച്ചു് ചെവി പൊത്തി പുറത്തേക്കിറങ്ങി.

“ഇഷ്ടം കൂടാൻ ചെവിയിൽ മധുരം പറയുമോ യുധിഷ്ഠിരൻ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“കാപട്യം പെരുമാറ്റച്ചട്ടമാക്കിയവനതൊക്കെയാണോ അസാധ്യം? മറ്റു പാണ്ഡവരെ കുറിച്ചു് കുത്തിക്കുത്തി തോണ്ടിയും പുണർന്നും ചോദിക്കും. പ്രണയസല്ലാപത്തിൽ ഇളമുറ മാദ്രിപുത്രന്മാർക്കു മികവു കുറവാണു് എന്നു് ഓരോരോ ദുരനുഭവം അപ്പപ്പോൾ നിർമ്മിച്ചു് തലയണയിലൂടെ മന്ത്രിക്കും. ഇന്ദ്രപ്രസ്ഥം ചക്രവർത്തി എന്നു് നിങ്ങളൊക്കെ പറയുന്നവൻ പൂർണ്ണമായി എനിക്കപ്പോൾ വിധേയപ്പെടും.”

2019-08-13

“കണ്ടില്ലെന്ന മട്ടിൽ പോവുകയാണോ?” പരീക്ഷിത്തിനെ ചൂണ്ടി ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“തലമുറവിടവില്ലാത്ത ഒരു സൗഹൃദകാലം ഞങ്ങൾക്കുണ്ടായിരുന്നു. മിണ്ടിയും പറഞ്ഞും. കൗരവ പാണ്ഡവ യുദ്ധം എന്നൊക്കെ പറഞ്ഞു കായികബലവും പരീക്ഷിക്കും. അങ്ങനെ ഒരു രാവിലെ സന്മനസ്സോടെ കൗതുകപ്പെട്ടിരിക്കുമ്പോൾ, വിരാടരാജകുമാരി ഉത്തര വിരൽ ചൂണ്ടി പറഞ്ഞു, “കീചകനെ ഞെക്കിക്കൊന്ന പോലെ ഈ കുഞ്ഞിനെ പീഡിപ്പിക്കരുതേ? നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ചക്രവ്യൂഹത്തിൽ ബലി കൊടുത്ത അഭിമന്യുവിന്റെ മകനാണവൻ.” അതിനുശേഷം പരീക്ഷിത്തു് എനിക്കു് കുരുവംശത്തിന്റെ കിരീടാവകാശി മാത്രമായി” ഭീമശരീരം ശോഷിച്ചിരുന്നു. വിഷാദഭരിതമായ ശബ്ദത്തിൽ ഇടർച്ചയുണ്ടായിരുന്നു, പശ്ചാത്താപം പോലെ മൃദുവായിരുന്നു.

2019-08-14

“ഇങ്ങനെ സ്വതന്ത്രയായി നടക്കുമ്പോൾ, പൊന്മാൻ പ്രലോഭിപ്പിക്കുന്ന പോലെ നിങ്ങൾക്കും തോന്നാറുണ്ടോ”, കൊട്ടാരം ലേഖിക പാഞ്ചാലിയോട് ചോദിച്ചു. വനവാസക്കാലം. കാലവർഷത്തിൽ കുത്തിയൊഴുകുന്ന കാട്ടരുവികളുടെ നേർത്ത ഇരമ്പൽ ഒഴികെ നിശബ്ദമായ താഴ്‌വര.

“ഏതുനിമിഷവും ഉരുൾ പൊട്ടുമെന്നു അഞ്ചു ‘ധീരോദാത്ത’ന്മാർ മാറി മാറി ലക്ഷ്മണരേഖ വരക്കുമ്പോഴോ?”

2019-08-16

“വൈകാരിക തീരുമാനമായിരുന്നുവോ വാനപ്രസ്ഥം? അതോ, വെളിപ്പെടുത്താനാവാത്ത പ്രകോപനം കിരീടാവകാശി പരീക്ഷിത്തിൽ നിന്നുണ്ടായോ?”, അധികാരത്തിന്റെ അകത്തളത്തിൽ നിന്നു് പുറത്തുചാടി മരവുരി ധരിച്ചു നഗ്നപാദരായി വടക്കൻ മലകളിലേക്കു യാത്രയായ പാണ്ഡവരെ നോക്കി കൊട്ടാരം ലേഖിക ചോദിച്ചു.

“കൌരവരുടെ കിരാതഭരണത്തിൽ നിന്നു് കുരുവംശത്തെ കുരുക്ഷേത്രയിലൂടെ രക്ഷിച്ച ഐതിഹാസിക യുദ്ധവിജയത്തിന്റെ മുപ്പത്തിആറാം വാർഷികം ആയിരുന്നു ഇക്കഴിഞ്ഞ ദിവസം. ആ സ്വാതന്ത്ര്യദിന ആഘോഷത്തിൽ, പക്ഷെ, പങ്കെടുക്കാൻ ഉണ്ടായിരുന്നതു് പാണ്ഡവർ മാത്രം. ചെങ്കോലും തിരുവസ്ത്രവും കിരീടാവകാശിക്കു ഉടനടി കൈമാറാൻ നൊമ്പരപ്പെടുത്തുന്നൊരു ഓർമ്മപ്പെടുത്തൽ ആയ ദുരനുഭവം.”

2019-08-17

“കുന്തിയെ കബളിപ്പിച്ചു തട്ടിയെടുത്തപ്പോൾ, അനുജ ഭാര്യയായ നവവധു മുഖം ചുവപ്പിക്കുന്നതു കണ്ടു. അരികിലണച്ചു ചെവിയിലെന്തോ നിങ്ങൾ മന്ത്രിച്ചപ്പോൾ, കൂടെ നിൽക്കുന്നതും. എന്തു് ‘ധാർമ്മികത’ പറഞ്ഞാണു് പാഞ്ചാലിയെ പോലെ തോറ്റു തരാത്ത പെണ്ണിനെ പൂപോലെ പാട്ടിലാക്കിയതു്?” കൊട്ടാരം ലേഖിക ചോദിച്ചു വനവാസക്കാലം മറ്റുനാലു പാണ്ഡവർ താഴ്‌വരയിലെ ജലാശയത്തിൽ ചീങ്കണ്ണിക്കൊപ്പം മത്സരിക്കുന്ന നേരം.

“രാജസൂയയാഗത്തിൽ നീ അരികെയിരുന്നാൽ യാഗാന്ത്യ സ്ഥാനാരോഹണം ചക്രവർത്തിനി പദവിയായിരിക്കും എന്നൊരു പ്രത്യാശയുടെ സൂചന! അതവൾ മുഖവിലക്കെടുത്തപ്പോൾ, സ്വാഭാവികമായും വൈവാഹികനിലയിൽ ഭേദഗതി വരുത്തി.”

“അനുപാതത്തിൽ കവിഞ്ഞ അളവിൽ പാഞ്ചാലി നിങ്ങളഞ്ചു പേരിൽ ആരെയോ രഹസ്യമായി പരിലാളിക്കുന്നുണ്ടു് എന്ന ആക്ഷേപം ആദ്യമുയർത്തിയതാരായിരുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഒരു പണത്തൂക്കമെങ്കിലും മറ്റു നാലുപേരേക്കാൾ അധികം പ്രണയപരിഗണനക്കായി ഒറ്റക്കൊറ്റയ്ക്കും, കുറു മുന്നണിയുണ്ടാക്കിയും പരസ്പരം ഒറ്റുകൊടുത്തു എന്നതല്ലേ യാഥാർത്ഥ്യം? ആ നിലക്കു് നോക്കിയാൽ പാഞ്ചാലിയുടെ ബഹുഭർത്തൃത്വ അടിമകൾ ഞങ്ങൾ.”

“പോരാട്ടവിജയം നോക്കിയല്ല പാടുപെട്ടു് നേടിയ വിദ്യാഭ്യാസത്തിന്റെ പേരിലായിരിക്കും വരുംയുഗത്തിൽ നിങ്ങൾ പ്രകീർത്തിക്കപ്പെടുക എന്നു് ചാർവാകൻ പ്രവചിക്കുന്നുണ്ടല്ലോ”, അംഗപരിമിതനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“വിദൂരപഠനത്തിലൂടെ നേടിയ ആയുധാഭ്യാസം ‘അര ങ്ങേറ്റം നടത്തി പരീക്ഷിക്കാതെ, സംശയാസ്പദമായ ധൃതിയിൽ ഗുരുദക്ഷിണ ചോദിച്ച വൃദ്ധബ്രാഹ്മണനു് സ്തുതിയായിരിക്കട്ടെ. നഷ്ടപ്പെടാൻ തള്ളവിരൽ മാത്രം, എന്നാൽ നേടിയതോ? കുടിലഗുരുവിന്റെ സാധുഇര എന്ന സാർവ്വർത്രിക ബഹുമതി!.”

2019-08-18

“ചരമശ്രുശ്രൂഷയിൽ പങ്കെടുത്തിരുന്നു എങ്കിലും ആ ദൂരക്കാഴ്ചയുടെ അകംപൊരുൾ വ്യക്തമായില്ല. അഭിമന്യുവിന്റെ ചിതക്കരികിലേക്കു കയറി കുന്തി കയർക്കുന്നു! ചെന്നപ്പോഴേക്കും, കുന്തി പാളയത്തിലേക്കു് മടങ്ങി. അവരെന്താണു് ശാസിച്ചു പറഞ്ഞതെന്നു് അടുത്തു നിന്ന നിങ്ങൾ കണ്ടിരുന്നോ?”, യുദ്ധകാര്യ ലേഖകൻ കൊട്ടാരം ലേഖികയോടു ചോദിച്ചു.

“യുധിഷ്ഠിരചുമലുകളിൽ കൈപ്പത്തികൾ വച്ചു പറഞ്ഞ വാക്കുകളിൽ മാതൃഹൃദയത്തിന്റെ നീറ്റലുണ്ടായിരുന്നു. കുന്തിരിക്കം കൊണ്ടുണ്ടാക്കിയ പന്തം പോലെ അർജ്ജുന പുത്രൻ ജ്വലിച്ചു, ചാരമാവുന്നു. എന്നാൽ ഷഷ്ടിപൂർത്തിയെത്താറായ നീയോ? ജീവനിൽ കൊതിതീരാതെ ഉമിത്തീ പോലെ മൂന്നു നാലു പതിറ്റാണ്ടുകൾ പാഞ്ചാലിയുടെ ആട്ടും തുപ്പുമേറ്റു് ഭീരുവായി നീ ജീവിക്കട്ടെ.” ഉള്ളിലെ കൊടുംകാറ്റു് ശമിക്കാത്ത കുന്തിയെ ഭീമൻ പാളയത്തിനകത്തേക്കു വലിച്ചു. കൗമാര പോരാളിയുടെ ഭൗതികശരീരം കത്തിപ്പടരുന്ന വൈകിയ രാത്രിയിൽ, അകംപൊരുൾ തേടേണ്ട വിലാപമായി എനിക്കു് തോന്നിയില്ല. ചിലപ്പോഴെങ്കിലും പൊട്ടിത്തെറിക്കുമ്പോഴല്ലേ പെണ്ണു് അമ്മയും അച്ഛമ്മയുമൊക്കെയാവുന്നതു്!.”

“ഇരുട്ടടികൊണ്ടപോലെ കണ്ണിനു താഴെയെന്താ കങ്ങിയ ചോര?”, അർജ്ജുനനെചൂണ്ടി കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“ഇന്ദ്രന്റെ വെപ്പാട്ടിയെന്നറിയപ്പെടുന്ന നർത്തകി ഉർവശിയുമായി അവിഹിതബബന്ധം സ്ഥാപിച്ചു എന്ന ദുരാരോപണം നേരിടുന്നതിനിടെ, ആരൊക്കെയോ മർദിച്ചവശനാക്കി ഭൂമിയിലേക്കു് തള്ളിയിട്ടു എന്നാണറിയുന്നതു് പിന്നിൽ ഇന്ദ്രൻ തന്നെയാണോ എന്നു ശ്രുതിയുണ്ടു്. അർജ്ജുനന്റെ സ്വർഗ്ഗരാജ്യസന്ദർശനം കെട്ടുകഥയെന്നു സംശയിക്കുന്ന പാഞ്ചാലിയുടെ മൗനമാണു് മുറിപ്പാടിനെക്കാൾ നോവിക്കുന്നതും. ഉർവ്വശീ‘ശാപം’ അർജ്ജുനനെതിരായി വ്യാസൻ എഴുതുമോ? അതോ ‘ഉപകാര’മെന്നു പ്രത്യക്ഷം വഴി തെളിയിക്കുമോ? എന്നാണിപ്പോൾ ആശങ്ക.”

2019-08-19

“പനയോലപ്പതിപ്പിറങ്ങിയല്ലോ. പാഞ്ചാലീപീഡാനുഭവത്തിന്റെ നേർക്കാഴ്ചയാണോ? അതോ വസ്തുതകളുടെ അഭാവമോ?” കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു. പാണ്ഡവഭരണകൂടത്തിന്റെ രണ്ടാം പകുതി.

“സ്തോഭജനകമായൊരു ദൃശ്യാനുഭവമെന്ന രീതിയിൽ ആഖ്യാനം ഗതിമാറിയൊഴുകിയതൊന്നും ഞാൻ പഴിപറയില്ല. എന്നാൽ വരുംകാല പരിഷ്കൃതസമൂഹത്തിൽ പെണ്ണനുകൂല കാഴ്ചപ്പാടുണ്ടായാൽ, വ്യാസൻ വിചാരണചെയ്യപ്പെടും. അടിമയെ നഗ്നയാക്കാൻ ഉടയോൻകൗരവർ കൈവച്ചപ്പോൾ, ‘ആകാശത്തു’നിന്നു ഉടയാടയൂർന്നിറങ്ങി എന്ന കണ്ടെത്തൽ കൗതുകനിരീക്ഷണത്തിലപ്പുറം കാര്യമുള്ളതല്ല. കാരണം, ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി എന്ന അപ്പോഴത്തെ നിലയിൽ ഞാൻ ചൂതാട്ടസഭയിൽ ഇടിച്ചുകയറി ക്രമപ്രശ്നം ഉന്നയിക്കുമ്പോൾ, അൽപ്പവസ്ത്രയായിരുന്നു എന്നു് വ്യാസൻ നിരീക്ഷിക്കുന്നുണ്ടു്. എന്നാൽ കൗരവഅടിമയായി പുറത്തുകടക്കുമ്പോൾ അതിൽ കൂടുതലൊന്നും മേനിയിൽ ഉണ്ടായിരുന്നുമില്ല. കൂടെ പൊറുക്കുന്ന പെണ്ണിനെ പണയം വച്ചു് ചൂതാടാൻ പ്രേരകമായ പുരുഷാധിപത്യത്തെ പഴി പറയാതെ വ്യാസനു ഒരടി മുന്നോട്ടുപോവാൻ ആവില്ലെന്നതാണു് സഭാപർവ്വം ഒന്നോടിച്ചു വായിച്ചപ്പോൾ തോന്നിയതു് ഭാഗ്യം, പാണ്ഡവർ ആരും മഹാഭാരതം വായിച്ചെടുക്കാൻ വേണ്ട സാക്ഷരത നേടിയിട്ടില്ല.”

“ഇന്നാദ്യത്തെ ഹസ്തിനപുരി കാഴ്ച ഒന്നോർത്തെടുക്കാമോ” കൊട്ടാരം ലേഖിക നവവധുവിനോടു് ചോദിച്ചു.

“ഒന്നിലധികം കാരണങ്ങളാൽ ഓർക്കാനുണ്ടു്. പാഞ്ചാലയിൽ നിന്നു് നീണ്ട യാത്ര കഴിഞ്ഞു വൈകിയ രാത്രി അന്തം വിട്ടുറങ്ങിയ ശേഷം, ഉണർന്നു മുഖം കഴുകി കിടപ്പറവാതിലിനപ്പുറം മട്ടുപ്പാവിൽ നിന്നു് ഞാനൊന്നെത്തി നോക്കിയപ്പോൾ കണ്ടതെന്തായിരുന്നു? രാജവസ്ത്രങ്ങൾ ധരിച്ച പത്തറുപതു ഇളമുറ കൗരവർ “പാഞ്ചാലി പാഞ്ചാലീ” എന്നു് പ്രഭാതവെയിലിൽ പൂക്കൾ എറിഞ്ഞു ആശംസിക്കുകയാണു്. ആ പരപുരുഷപരിലാളനയിൽ നിന്നു ശ്രദ്ധ പെട്ടെന്നു് തിരിച്ചതു് എതിർദിശയിൽ, ഒരിടുങ്ങിയ മുറിയിൽ നിന്നുയർന്ന പരുക്കൻ പദാവലി. എന്താണു് കാര്യം എന്നന്വേഷിച്ചപ്പോൾ, പാണ്ഡവരുടെ മുൻഭാര്യമാർ നീണ്ടകാല ദാമ്പത്യ അവഗണനയിൽ പ്രതിഷേധിച്ചു കറുത്ത മുഖാവരണവുമായി പ്രകടനം നടത്തുന്നതു് യുധിഷ്ഠിരൻ ഇരുകൈകളും വീശി ‘തല്ലിതോൽപ്പി’ക്കുന്നു. സ്വയംവരം കഴിഞ്ഞു നവവധുവായി എത്തിയ ദിനം ഞാനെങ്ങനെ മറക്കും.”

“യുദ്ധം ജയിച്ചു യുധിഷ്ഠിരൻ അധികാരത്തിൽ എന്നു കരുതിയാൽ?”, കൊട്ടാരം ലേഖിക ചോദിച്ചു. പോരാട്ടഭൂമിയുടെ അടിസ്ഥാനവികസനത്തിനു് ഇളമുറ കൗരവർക്കൊപ്പം വന്നതായിരുന്നു ദുര്യോധനൻ. മലങ്കാറ്റു വീശുന്ന ഉച്ചയിൽ കുറ്റിക്കാടുകൾ വെട്ടിതെളിയിക്കുകയായിരുന്നു പ്രാദേശിക തൊഴിലാളികൾ.

“യുധിഷ്ഠിരമുഖംമൂടി പരിചയമുണ്ടു്. എന്നാൽ രാജഭരണത്തിൽ കൗരവരെക്കാൾ മികവു് കാണിക്കാൻ പൊയ്മുഖം മതിയോ?”, കുറ്റിക്കാട്ടിൽ നിന്നു് ഫണമുയർത്തിയ മൂർഖനെ മിന്നൽ നീക്കത്തോടെ കഴുത്തിൽ പിടി മുറുക്കി ദുര്യോധനൻ പറഞ്ഞു.

2019-08-20

“ഇവിടെ വരുമ്പോഴൊക്കെ കേൾക്കാം പാണ്ഡവർ നായാട്ടിനു പോയി. പൊതു ഇടങ്ങളിൽ ലിംഗസമത്വം വേണമെന്നു് വാദിക്കുന്ന നിങ്ങൾ പോവാറില്ലേ മാരകായുധങ്ങളുമായി ഉൾവനങ്ങളിലേക്കു്?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഞാൻ വേട്ടയാടപ്പെടുന്ന ഉൾവനം ഇതല്ലേ?”, പാഞ്ചാലി കിടപ്പറയിലേക്കു് വിരൽ ചൂണ്ടി.

“പുൽമേടുകളായിരുന്ന കുരുക്ഷേത്ര ചെത്തിയുരച്ചു പോരാട്ടക്ഷമമാക്കി പതിനെട്ടു നാൾ രണ്ടു കുടുംബങ്ങൾ സ്വത്തുതർക്കം തല്ലിത്തീർത്തപ്പോൾ മരിച്ചു വീണതു് നാൽപ്പതു ലക്ഷം പേരെന്നു് വ്യാസൻ. എത്ര മൃഗങ്ങളെ അറത്തു തിന്നു എന്ന കണക്കു വ്യാസൻ പറഞ്ഞു വിട്ടിട്ടില്ല. യുദ്ധം ജയിച്ചു ഞാൻ അധികാരത്തിൽ കയറി മുപ്പത്തിയാറു വർഷം കഴിയുമ്പോൾ, കുരുക്ഷേത്രം നിബിഡ വനമാണു്. നിയമബലത്താൽ സംരക്ഷിത വനവുമാണു്. ഇതെങ്ങനെ സാധിച്ചു എന്നല്ലേ? ഒന്നും മറച്ചു വെക്കുന്നില്ല, പ്രകൃതിയുടെ നിർലോഭമായ പിന്തുണയുമുണ്ടായി. യമുനയുടെ നീർത്തടത്തിൽ വളർന്നു പന്തലിച്ചതു യുദ്ധത്തിൽ ജീവത്യാഗം ചെയ്ത പാണ്ഡവസഖ്യസൈനികരുടെ പുനർജ്ജന്മം എന്നു് പരേതവിദുരർ പറഞ്ഞതു് അവിശ്വസിക്കുന്നില്ല. നാളെ ഞാൻ മഹാരാജാപദവി ഒഴിഞ്ഞു വടക്കൻ മലകളിലേക്കു അന്ത്യപദയാത്ര തുടങ്ങുന്നു. യുധിഷ്ഠിര അവതാരോദ്ദേശ്യം എന്തായിരുന്നു എന്നു് വരും യുഗത്തിൽ ആരെങ്കിലും ചോദിച്ചാൽ പറയൂ, ഇന്ദ്രപ്രസ്ഥം പണിയാൻ ഖാണ്ഡവവനം തീയിടേണ്ടിവന്ന പാപത്തിനൊരു പരിഹാരമായി ആ ധർമ്മിഷ്ഠൻ കുരുക്ഷേത്രയെ പരിപൂർണ്ണ ആവാസവ്യവസ്ഥയെന്ന കൊടുംകാടാക്കി വളർത്തിഎടുത്തു.”

“കൊട്ടാരം ലേഖികയോടിനി ‘ഹസ്തിനപുരി പത്രിക’യുടെ ഉടമയെന്ന നിലയിൽ ഈ ഔദ്യോഗിക കുറിപ്പെന്തു്, എന്തു് നാം ചെയ്യണം? അന്ത്യപ്രഭാഷണം പ്രസിദ്ധീകരിക്കണോ?”

“എറിയൂ ചവറ്റുകൊട്ടയിൽ രാഷ്ട്രീയകാപട്യത്തിന്റെ ആൾരൂപം നിർലജ്ജം ചെയ്ത ആത്മപ്രശംസ.”

“കുന്തി വനവാസത്തിനു പോവുന്നു. എങ്ങനെ ഓർക്കുന്നു വിവേചനം കാണിക്കാത്ത പ്രിയ വളർത്തമ്മയെ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“പക്ഷപാതമില്ലാതെ പാണ്ഡവരഞ്ചുപേർക്കും ഒരേ പന്തിയിൽ ഊണൊരുക്കിയ അമ്മ എന്നൊക്കെ യാത്രയയപ്പു യോഗത്തിൽ നിങ്ങൾ കത്തിക്കയറുമ്പോൾ, കുട്ടിക്കാലം മുതൽ കരൾ പിളർക്കുന്നൊരു ചോദ്യമുണ്ടു്. കുന്തിയെന്തിനു് പാവം മാദ്രിയെ പാണ്ഡുചിതയിൽ തള്ളിയിട്ടു? യുവത്വത്തിൽ ജീവിതം നിഷേധിക്കപ്പെട്ട ആ ഭാഗ്യഹീനക്കു ഒരു പൂ ഞാൻ അർപ്പിക്കട്ടെ.”

2019-08-21

“വനവാസക്കാലത്തവൾ പല ജോലിയും അടിമയെന്ന നിലയിൽ ചെയ്യുന്നുണ്ടു്, എന്നാലുമുണ്ടാവുമല്ലോ സർഗ്ഗാത്മക നിമിഷങ്ങൾ. അപ്പോൾ കൂട്ടം കൂടി കഥ പറയുമോ, നൃത്തം ചെയ്യുമോ, അതോ ഒറ്റക്കിരുന്നു പാട്ടു പാടുമോ?” കൊട്ടാരം ലേഖിക ചോദിച്ചു. നീരാടാൻ പാഞ്ചാലി പോയതോടെ, പാണ്ഡവർ മാത്രം ഉള്ള പ്രഭാതം.

“സ്വകാര്യനിമിഷങ്ങളിൽ മാറിയിരുന്നവൾ എഴുത്താണി കൊണ്ടു് പനയോലയിൽ എഴുതുന്നതു് കാണാം. ഭാര്യ അഭ്യസ്തവിദ്യയായിരിക്കുക, എന്നാൽ കൗമാരം വരെ കാട്ടിൽ വളർന്നു അക്ഷരദേവതയെ പരിചയപ്പെടാൻ വൈകിയ ഭർത്താക്കന്മാർ ഭാര്യയുടെ രചനാലോകം വായിച്ചറിയാനാവാതെ പരസ്പരം അന്ധാളിച്ചു നോക്കേണ്ടിവരിക, ഞങ്ങൾ കൗന്തേയർ സാധുജീവികൾ” വിരൽ കടിച്ചു, വാക്കു മുറിഞ്ഞു, കണ്ണുകൾ ഈറനായി. മറ്റു പാണ്ഡവർ ഭീമവൈകാരിക പ്രകടനത്തെ ഈർഷ്യയോടെ നോക്കി.

2019-08-22

“പുത്രവധു ചക്രവർത്തിനിയായപ്പോൾ അനുമോദിക്കാൻ നിങ്ങളെ കണ്ടില്ല. ഉടുതുണി വലിച്ചു കൗരവർ അപമാനിക്കുമ്പോൾ, അരുതു എന്നു് വിരൽ ചൂണ്ടാൻ വന്നില്ല. അടിമപ്പെണ്ണായി വ്യാഴവട്ടക്കാലവനവാസത്തിനു ഭർത്താക്കന്മാരുമൊത്തു പോവുമ്പോൾ ആശ്വസിപ്പിക്കാൻ ചെന്നില്ല”, കൊട്ടാരം ലേഖിക ചോദിച്ചു.

“വിരലൊന്നു ഞൊടിച്ചാൽ ചുറ്റും വന്നു വാലാട്ടിയിരുന്ന അഞ്ചു ദേവസന്തതികളെ പാലും പഴവുമായി അവളുടെ കിടപ്പറയിലേക്കു് പറഞ്ഞയച്ചതാണു് പുത്രവധുവിനു ഞാൻ നൽകിയ വിവാഹപാരിതോഷികം. നിസ്സാരകാര്യത്തിനു പോലും അവൾ പാണ്ഡവരെ നിന്ദിക്കുമ്പോൾ മറുത്തു സംസാരിക്കാത്തതാണെന്റെ മനഃസംയമനം.” മുൻ മഹാറാണി ഗാന്ധാരിയുടെ ദാസി എന്ന നിലയിൽ, ഒരു കെട്ടു് വിഴുപ്പുതുണികളുമായി കൊട്ടാരത്തിനു പിന്നിലെ കുളത്തിലേക്കു് പോവുകയായിരുന്നു വൃദ്ധവിധവ.

“മരവുരിയുടുത്തു നഗ്നപാദനായി വനവാസത്തിനു പോവുമ്പോഴും പുഞ്ചിരി?” കൊട്ടാരം ലേഖിക മുൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയോടു് ചോദിച്ചു.

“മുഖമാംസപേശികളെ സ്വേച്ഛാനുസാരം ചലിപ്പിച്ചിട്ടുണ്ടാക്കുന്ന വ്യാജ ആഹ്ലാദഭാവമല്ല, മറിച്ചു, പ്രതിസന്ധിയെ സ്വാഭാവികമായി തരണം ചെയ്യാനാവുന്ന വിധം ആത്മസംയമനം പാലിക്കുന്ന അപൂർവ്വസിദ്ധിയല്ലേ? ഇതൊക്കെ നന്നേ ചെറുപ്പം മുതൽ കണ്ടിട്ടായിരിക്കണമല്ലോ മഹത്തുക്കൾ എന്നെ ‘ധർമ്മപുത്രർ’ എന്നു് ആദരവോടെ പരാമർശിച്ചു തുടങ്ങിയതു് ഇനി വ്യാഴവട്ടക്കാല വനവാസത്തിലും, മഹായുദ്ധമുണ്ടായാൽ അപ്പോഴും, നിങ്ങൾക്കു ഭാഗ്യമുണ്ടെങ്കിൽ കാണാനാവും.”

2019-08-23

“ഇതെന്താ പാണ്ഡവപാളയത്തിനു പിന്നിൽ തീകുണ്ഡം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“നാളെ പതിനെട്ടാം ദിവസം അന്തിമയുദ്ധമാണു്. പോരാട്ടത്തിൽ വധിക്കപ്പെടുന്നതു് പാണ്ഡവരെങ്കിൽ, നവവധുവസ്ത്രാലങ്കാരത്തോടെ ഞാൻ സതിയനുഷ്ഠിക്കണം എന്നാണു പാണ്ഡവ നിബന്ധന. അതു് വേണോ എന്നു് ഞാനൊന്നു് വിരൽ ചൂണ്ടിയപ്പോൾ, ദുര്യോധനവെപ്പാട്ടിയായി കഴിയാനാണോ നിനക്കുള്ളിൽ മോഹം എന്നവർ തിരിച്ചടിക്കുന്നു. യാഗാഗ്നിയിൽ നിന്നു് സ്ത്രീരൂപത്തിൽ ഉയർന്ന ഞാൻ തീക്കുണ്ഡത്തിൽ വിലയം പ്രാപിക്കുന്നതിൽ കാവ്യനീതിയുണ്ടെന്നു പാണ്ഡവർ ഇടക്കൊന്നു പ്രശംസിക്കുമ്പോൾ, ആരും അനുഷ്ടാന സാധ്യതയിൽ ഒന്നഭിരമിച്ചു പോവില്ലേ?”

2019-08-24

“ആരും ഇടപെടേണ്ട, ഇതു് ദാനം കിട്ടിയ പാണ്ഡവ ഭൂമിയുടെ ആഭ്യന്തരകാര്യമെന്നു് പറഞ്ഞു നിങ്ങൾക്കു് കൈകഴുകാൻ പറ്റുമോ, ദൂരെ ഹസ്തിനപുരിയിൽ നട്ടുച്ചക്കുപോലും ഇരുട്ടുപടരുന്ന പുക നിറഞ്ഞാൽ? ശ്വാസകോശമെന്നറിയപ്പെട്ടിരുന്ന ഹരിതവനമേഖലയിലാണല്ലോ ചുറ്റും വളഞ്ഞു നിങ്ങൾ തീയിട്ടതു്. കാഴ്ചപരിമിത കുരുവംശരാജാവു് കൗശലത്തിൽ ഇഷ്ടദാനം ചെയ്തു നിങ്ങളെ ഇങ്ങോട്ടു് യാത്രയാക്കിയതു് ആവാസവ്യവസ്ഥയെ തീക്കുണ്ഡമാക്കാനായിരുന്നോ? അതോ കാടുവെട്ടി തെളിയിക്കാതെയെങ്ങനെ കൗന്തേയർ കുടിയേറ്റക്കാരവും എന്ന മറുചോദ്യം കൊണ്ടു് പൊതുസമൂഹത്തിന്റെ വായടപ്പിക്കുമോ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“വ്യത്യസ്തയിടങ്ങളിൽ ചട്ടിയും കലവുമായി ചേക്കേറേണ്ട അഞ്ചു പാണ്ഡവർ ഒരൊറ്റയിടത്തിൽ കൂടുകൂട്ടിയതാണു് ഈ കുടിയേറ്റ സാഹസത്തിൽ കാണേണ്ട കൗതുകം. ജനസംഖ്യ കൂടുമ്പോൾ കൃഷിക്കിടം കൂടണമെന്ന സാമാന്യബോധത്തിൽ, ഖാണ്ഡവപ്രസ്ഥത്തെ തീ കത്തിക്കുമ്പോൾ, മരങ്ങളും ഷഡ്പദങ്ങളും, സസ്യങ്ങളും, മത്സ്യങ്ങളും, പക്ഷികളും, സസ്തനികളും, ഉരഗങ്ങളും, ഇഴജന്തുക്കളും, ആദിവാസികളും ഉള്ളൊരപൂർവ്വ ആവാസവ്യവസ്ഥയെ പരിപാലിക്കാൻ മാത്രം പരിസ്ഥിതി പരിഗണനയുള്ള പാവം മാനവഹൃദയങ്ങളല്ല ഞങ്ങൾ. ഞങ്ങൾക്കും ജീവിക്കേണ്ടേ? അല്ലെങ്കിൽ, ജീവിക്കാനറിയാത്ത കാൽപ്പനികജീവികളെന്നു കൗന്തേയരെ കുത്തിനോവിക്കില്ലേ? പ്രകൃതിസമ്പത്തു പ്രയോജനപ്പെടുത്താതെയെങ്ങനെ ധാന്യപ്പെട്ടി നിറയ്ക്കും? ജൈവവൈവിധ്യത്തിന്റെ കലവറയെന്നൊക്കെ ഖാണ്ഡവപ്രസ്ഥത്തെ പ്രകീർത്തിച്ചാൽ, പ്രാർത്ഥനയും ദൈവകൃപയും കൊണ്ടു് സമൃദ്ധമാവുമോ കുന്തിമക്കളുടെ ഊട്ടുപുര?”

2019-08-25

“മരണമൊഴി കേട്ട വ്യക്തിയല്ലേ നിങ്ങൾ?” കൊട്ടാരം ലേഖിക ചോദിച്ചു.

“കാട്ടിൽ പാണ്ഡവർ എത്തും വരെ മാത്രമേ തോഴിയായി ഞാൻ കൂടെയുണ്ടാവൂ എന്ന ധാരണയിലാണു് എന്നെ കൂടെ കൂട്ടിയതു് കുറെ നീങ്ങിയപ്പോൾ ചുറ്റും ശ്രദ്ധയോടെ, എന്നാൽ ഭീതിയോടെ, പാഞ്ചാലി നോക്കിത്തുടങ്ങി. പലതും ചോദിച്ചറിയാനുണ്ടെങ്കിലും ഒന്നും ഞാൻ ചോദിച്ചില്ല. താഴ്‌വരയിൽ പുൽത്തകിടിയുള്ള സന്യസ്ഥാശ്രമങ്ങൾ കണ്ടപ്പോൾ എന്തോ ഭൂതകാല ദുരനുഭവത്തിന്റെ ഭീതിയിൽ പാഞ്ചാലി മുട്ടു് കുത്തി മേൽപ്പോട്ടു നോക്കി കൈ കൂപ്പി., “വയ്യ എനിക്കീ പരിത്യാഗികളുടെ ജൈവമാലിന്യം ഒരു വ്യാഴവട്ടക്കാലം വീണ്ടും ചുമക്കാൻ” എന്നു് വിതുമ്പി പാഞ്ചാലി കുഴഞ്ഞു വീണു. മുന്നേ പോയിരുന്ന പാണ്ഡവർ തിരിഞ്ഞു നോക്കാൻ വിട്ടു പോയി എന്നാണു തോന്നിയതു് ചേതനയറ്റ ശരീരം കുറെ ദൂരം വലിച്ചിഴച്ചു ഞാൻ കണ്ണിൽ പെട്ട ഒരു ഗുഹയിൽ അടക്കം ചെയ്തു അരുവിയിൽ കുളിച്ചു ഈറനുടുത്തു തിരിച്ചു പോന്നു. പച്ചിലമരുന്നുണ്ടോ പൊള്ളുന്ന ഓർമ്മകൾ തുടച്ചുനീക്കാൻ?”

“ഓർമ്മപ്പെരുന്നാൾ പ്രഭാഷണം ചെയ്തു യുധിഷ്ഠിരൻ വേദിയിൽ നിന്നിറങ്ങുംമുമ്പു് ഭീമൻ ദുര്യോധനവിധവക്കയച്ച സന്ദേശത്തെക്കുറിച്ചെന്തോ വിവാദം കേട്ടല്ലോ. ഉള്ളടക്കം വെളിപ്പെടുത്താമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“സാമ്രാജ്യ അഖണ്ഡത സംരക്ഷിക്കാനായി, ദുര്യോധനൻ ചെയ്ത പോരാട്ടത്തിൽ മരണം സംഭവിച്ചതിൽ അനുശോചനം അറിയിക്കട്ടെ. നീണ്ട സൈനികജിവിതത്തില്‍ സ്വന്തമായ വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചു. ശബ്ദം കുരുക്ഷേത്രയിലും ഹസ്തിനപുരിയിലും ഇനി മുഴങ്ങില്ലെങ്കിലും, അദ്ദേഹത്തെ ഓര്‍ക്കും. പ്രാര്‍ത്ഥനയിൽ കുടുംബത്തെയും. വിഷമസന്ധിയില്‍ ധൈര്യവും സമാധാനവും ഉണ്ടാകട്ടെ എന്നു് ആഗ്രഹിക്കുന്നു എന്നൊക്കെ സുഭിക്ഷമായി പറയുന്ന കത്താണു് ഭീമന്റേതെന്ന മട്ടിൽ ദുര്യോധനവിധവ പ്രചരിപ്പിക്കുന്നതു് ഭീമൻ സാക്ഷരനല്ലെന്ന വസ്തുത ദുര്യോധനവിധവയുടെ ശ്രദ്ധയിൽ പെടാഞ്ഞതു് നിർഭാഗ്യകരമായി. പനയോലയിൽ കാണുന്ന രാജമുദ്രയുടെ നിജസ്ഥിതിയും സംശയാസ്പദമാകുന്നു.”

2019-08-26

“ധൃതരാഷ്ട്രരുടെ ജഡം ഹസ്തിനപുരിയിലേക്കു കൊണ്ടുവരാനോ, മരണവാർത്ത പ്രഖ്യാപിച്ചു ഔദ്യോഗിക ദുഃഖാചരണം തുടങ്ങാനോ ഭരണകൂട ശ്രമമൊന്നും ഇതുവരെ കണ്ടില്ലല്ലോ”, കൊട്ടാരം ലേഖിക ചാരവകുപ്പുമേധാവിയോടു് ചോദിച്ചു, “കത്തിക്കരിഞ്ഞവരുടെ കൂട്ടത്തിൽ നിങ്ങളുടെ വളർത്തമ്മ കുന്തിയും കൗരവരാജമാതാവു് ഗാന്ധാരിയും ഉണ്ടെന്നാണല്ലോ ആദിവാസികൾ തരുന്ന രഹസ്യവിവരം.”

“വിശിഷ്ടവ്യക്തികളുടെ മരണസാഹചര്യത്തിൽ ഞങ്ങൾ ഇടപെടാത്തതു പോലെ, വാർത്താ വിനിമയത്തിനു ഉചിതസമയം തീരുമാനിക്കുന്നതിൽ നിങ്ങളും ധൃതികൂട്ടരുതു് പാണ്ഡവരോടുള്ള പകയിൽ ചിത കൂട്ടി ആത്മത്യാഗം ചെയ്യുമെന്ന ഭീഷണിയുമായി നാളെ രാവിലെ അരങ്ങേറ്റമൈതാനിയിൽ കൗരവരാജവിധവകളുടെ പ്രതിഷേധസംഗമത്തിനു കാത്തിരിക്കയാണു് ഞങ്ങൾ. വീഥികളിൽ പെരുമ്പറകൊട്ടി വാർത്ത അറിയിക്കുന്നതിനൊപ്പം, ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണത്തിന്റെ ഭാഗമായിപൂർണ്ണമായും ഭരണകൂട പ്രോത്സാഹനത്തിൽ ബന്ദാചരിക്കും. വിദുരർ ഉൾപ്പെടെ നാലു ജഡങ്ങളും എങ്ങനെയോ അങ്ങനെയെന്ന നിലയിൽ അതീവസുരക്ഷാ ഭൂഗർഭ അറയിലെത്തിച്ചുകഴിഞ്ഞു.”

“അധ്യാപകനായി കൊട്ടാരത്തിൽ തുടരുന്ന കൃപാചാര്യനു് നേരെ ഗുരുതര ആരോപണമാണല്ലോ ചാർവാകൻ പരസ്യമായി ഉയർത്തുന്നതു് അരമന സമുച്ചയത്തിലെ അതീവസുരക്ഷാ ഗുരുകുലത്തിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റു കിരീടാവകാശി പരീക്ഷിത്തു് ബോധം കെട്ടുവീണു എന്നതിൽ തുടരന്വേഷണം നടത്തിയോ അധികൃതർ?” കൊട്ടാരം ലേഖിക ഔദ്യോഗിക ഔദ്യോഗിക വക്താവിനോടു് ചോദിച്ചു.

“നിങ്ങൾ കാര്യം മനസ്സിലാക്കിയോ ശരിക്കും? സംശയമുണ്ടു്. ഗുരുകുലത്തിൽ കൃപർ നേരെ ചൊവ്വേ കുട്ടികൾക്കു് മുഖം കൊടുത്തു തന്നെയാണു് വിദ്യാർത്ഥികളോടു് പതിവായി സംസാരിക്കുക. സംഭവദിവസം വേദിയിൽ കെട്ടിയ യവനികയുടെ പിന്നിൽ മുഖം മറച്ചാണു് കൃപർ പഠിപ്പിച്ചതു് മന്ദബുദ്ധിയായ പരീക്ഷിത്തു് അടക്കാനാവാത്ത ജിജ്ഞാസയോടെ യവനികയുടെ പിന്നിലെന്തെന്നെത്തിനോക്കിയപ്പോൾ സ്വാഭാവികമായും ആയിരം നാവുള്ള അനന്തൻ ഫണമുയർത്തി പഠിപ്പിക്കുന്നു. പതഞ്ജലിയുടെ ബോധനശൈലി കൃപർ കഷ്ടപ്പെട്ടു് അനുകരിക്കുകയായിരുന്നു എന്നു് ആ പാവം കുഞ്ഞിനുണ്ടോ അറിയുന്നു. തെറ്റിനു് മാതൃകാപരമായി പട്ടിണിക്കിട്ടു കൃപരെ ഭീമൻ എന്നിട്ടും ശിക്ഷിച്ചു. കൊച്ചുകുഞ്ഞുങ്ങൾക്കു മുമ്പിൽ വേണ്ട ഇത്തരം വിഷജീവികളെ വച്ചുള്ള പരീക്ഷണങ്ങൾ എന്ന തിരിച്ചറിവോടെ കൃപർ യവനിക നീക്കി മുഖാമുഖം ബോധനം തുടങ്ങി. ഇത്രയും വന്ന സ്ഥിതിക്കു് നിങ്ങൾ ഇപ്പോൾ തന്നെ ഗുരുകുലം സന്ദർശിച്ച മടങ്ങാവൂ. വിശുദ്ധസർപ്പം ആരെയും കടിച്ചതൊന്നുമില്ല എന്നറിയട്ടെ യുക്തിവാദി ചാർവാകൻ. സർപ്പശ്രേഷ്ഠനെ ഇന്നു നിങ്ങൾ കണ്ടാൽ പിടികൂടി മൃഗശാലയിൽ സ്ഥിരം അതിഥിയായേക്കാം.”

2019-08-28

“ഉരുട്ടാനുണ്ടോ ഇനിയും തലകൾ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“കുരുക്ഷേത്രയിലേക്കു പോയതു് വാളെടുക്കാനല്ല, യാത്ര ചോദിക്കാനായിരുന്നു. കുരുവംശ അഖണ്ഡതക്കു് ജീവത്യാഗം ചെയ്ത കൗരവസഖ്യ കക്ഷിസൈനികർക്കു ഉപചാരപൂർവ്വം കൈകൂപ്പി യുധിഷ്ഠിരൻ വിട ചൊല്ലുന്നതിനു ആകാശച്ചെരുവിൽ അതീതശക്തി സാക്ഷി. പിതൃരാജ്യത്തിലെത്തി ധൃതരാഷ്ട്രരിൽ നിന്നു് ചെങ്കോൽ ഏറ്റു വാങ്ങുമ്പോഴും കാണും, കുലീനമായ കുരുവംശ ഉപചാരങ്ങൾ. ജീവിച്ചിരുന്ന കാലത്തു ധർമ്മപുത്രർ എന്നവനെ പൊതുസമൂഹം മഹത്വപ്പെടുത്തുന്നതിന്റെ പൊരുൾ വ്യക്തമായോ?”

2019-08-29

“ഹസ്തിനപുരിയിലെ ഓരോ ഗ്രാമത്തിലും നിറയെ കറവ മാടുകൾ. എന്നിട്ടും വിരാടയിലെ ഗോസമ്പത്തു തട്ടിയെടുക്കാൻ ഭീഷ്മരും കർണ്ണനും നേതൃത്വം കൊടുക്കുന്ന പട. എന്തായി നേട്ടം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“വിരാടരാജ്യം തൊട്ടയൽക്കാർ അല്ലായിരിക്കാം പക്ഷെ നമ്മുടെ കറവമാടുകളെ വിരാടൻ കടത്തിയതു് തിരിച്ചു പിടിക്കാതെ വിശ്രമമില്ലെന്ന പ്രചാരണം ഫലം കണ്ടു. പ്രവിശ്യകൾ തമ്മിലുള്ള തർക്കം നിന്നു. കുരുവംശത്തെ വെല്ലുവിളിക്കുന്ന ‘കിഴങ്ങൻ’ നാടുവാഴികൾ, വിരാട ഭീഷണി നേരിടാൻ കൂടെ നിന്നു. പടയോട്ടം നാടകീയമായി പൂർത്തിയാക്കി. പരാജയം നമുക്കെന്ന പ്രചാരണം ഉണ്ടാ വാതിരിക്കാൻ, വാർത്താവിനിമയ വിലക്കേർപ്പെടുത്തി. തോറ്റതു് നമ്മളെന്നറിയാതെ സൈനികർ തിരിച്ചെത്തി. യുദ്ധപ്രതീതി മനോവീര്യം നില നിർത്തി. ഉത്തര രാജകുമാരിയുടെ നൃത്താധ്യാപകനായ ‘മൂന്നാം ലിംഗ’ക്കാരനെയാണു് വിരാടൻ പടനായകനാക്കിയതെന്ന പ്രചാരണവും മികവോടെ ചെയ്തു. സൈനിക സർവ്വകലാശാലയിൽ പഠിക്കേണ്ടതു് വിരാട മിന്നലാക്രമണത്തിൽ രണ്ടാഴ്ച കൊണ്ടു് പഠിച്ചു. ഇനി സൈനികമേധാവികൾക്കൊപ്പം ഹിമാലയ യാത്ര സുഖവാസകേന്ദ്രം മദ്യം മദിരാക്ഷി.”

2019-01-30

“വ്യാസഭാരതം എന്തുകൊണ്ടു് നിങ്ങൾ വായിച്ചു കൂടാ? അന്തിമ തിരുത്തലിനു വിധേയമായുള്ള പനയോലപ്പതിപ്പിറങ്ങിയല്ലോ”, ഗാന്ധാരിയുടെ തോഴിയായി ജീവിതസായാഹ്നം കഴിയുന്ന കുന്തി കൊട്ടാരം ലേഖികയോടു് ചോദിച്ചു.

“വിവാഹപൂർവ്വ ജീവിതത്തിൽ സാഹസിക രതിപരീക്ഷണത്തിലേർപ്പെട്ട ധീരവനിത മുമ്പിലിരിക്കുമ്പോൾ എന്തിനു വ്യാസഭാഷ്യം വായിച്ചു സമയം കളയണം? കർണൻ എന്നു് സാന്ദർഭികമായി ഉച്ചരിച്ചപ്പോൾ തന്നെ, ഇനിയും എഴുതപ്പെടാത്ത ഒരു കുരുക്ഷേത്രമല്ലേ നിങ്ങളുടെ മുഖം ഒളിപ്പിക്കാൻ ശ്രമിച്ചതു്?”

“പാണ്ഡവരെ പഴി പറയുന്നതിൽ പാഞ്ചാലി പിഴക്കാറില്ലെങ്കിലും, വിവാഹേതര ബന്ധങ്ങളുടെ പേരിൽ നിങ്ങൾ ദുര്യോധനനെ പ്രതി ചേർക്കുന്ന ഓർമ്മയില്ല. ഇതൊരു മാനസിക പരിശീലനത്തിന്റെ ഭാഗമാണോ?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു. രാജമന്ദിരങ്ങളിൽ നിന്നു് കുടിയൊഴിപ്പിക്കപ്പെട്ട ശേഷം പുനരധി വാസകേന്ദ്രത്തിൽ കൗരവവിധവകൾ ദുരിത ജീവിതം നയിക്കുന്ന കാലം.

“പാണ്ഡവരുടെ വഴിവിട്ട ദാമ്പത്യേതര ജീവിതത്തിൽ പാഞ്ചാലി നേരിട്ട ഗാർഹിക സംഘർഷം എനിക്കുണ്ടായില്ലെങ്കിൽ അതിനുത്തരവാദി ദുര്യോധനൻ. മാനസിക പരിശീലനം കൊണ്ടായിരുന്നുവോ അതോ ജനിതക വൈകല്യമാണോ എന്നൊന്നും നിർണ്ണയിക്കുന്നില്ല. നൂറോളം സുന്ദരികളായ സഹോദരഭാര്യമാർ വ്യക്തിഗത വിധേയത്വം കാണിക്കുന്ന കൂട്ടുകുടുംബ സാഹചര്യങ്ങൾ നേരിടുമ്പോഴും, ആസ്വാദന രതിപരീക്ഷണത്തിനവരെ പങ്കാളികളാക്കാൻ എന്തുകൊണ്ടവൻ ശ്രമിച്ചില്ല എന്നതൊരു ദുരൂഹതയായി തോന്നുന്നു.”

“തിമിർപ്പിൽ വാരിപ്പുണർന്നുമ്മവച്ചുവോ പാഞ്ചാലി?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. കല്യാണസൗഗന്ധികം തേടി ഭീമൻ കാടായ കാടൊക്കെ തേടി തിരിച്ചു വന്നിരുന്നു.

“വാടിയ പൂവൊക്കെ വലിച്ചെറിയൂ മനുഷ്യാ, പ്രിയ നകുലൻ എന്നെ കല്യാണസൗഗന്ധികം പൂ ചൂടിയാണിപ്പോൾ പരിലാളിക്കുന്നതു്, എന്നു് പാഞ്ചാലി. പറയുന്നതു കേട്ട ‘പ്രണയതിരസ്കൃതൻ’ കാൽ പിന്നോട്ടടിച്ചതോർമ്മയുണ്ടു്.”

“നിങ്ങളാരെന്നു തിരിച്ചു ചോദിക്കാതെ കവചകുണ്ഡലങ്ങൾ ഊരിക്കൊടുത്ത വ്യക്തിയാണോ ദാനശീലൻ കർണ്ണൻ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“ജീവൻരക്ഷാ കവചം ഊരിക്കൊടുത്താൽ യുദ്ധത്തിൽ മരിക്കുമെന്നറിഞ്ഞിട്ടും, ആ ദാനം മഹത്വപ്പെടുത്തി മുഖ്യവാർത്തയാക്കിയില്ലല്ലോ നിങ്ങൾ! ജനത്തെ അറിയിക്കാൻ എല്ലാ ദാനശീലരും ചെയ്യുന്നതു് കർണ്ണനും ചെയ്യണ്ടേ? വലതുകൈ ചെയ്യുന്ന ദാനം ഇടതുകൈ അറിയരുതു് എന്ന കുരുവംശച്ചിട്ട എന്തിനു കർണ്ണൻ പാലിക്കണം?

2019-08-31

“സൂചി കുത്താനിടം ചോദിച്ച നിങ്ങൾ പക്ഷെ പോരാടിയപ്പോൾ ചോരപ്പുഴ ഒഴുക്കിയോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“ദിവ്യായുധപ്രയോഗം മികവോടെ നിർവഹിച്ചാൽ പാണ്ഡവർക്കനുകൂലമായി ചോരവാർച്ചയില്ലാതെ ശാക്തികസമവാക്യങ്ങൾ സാധ്യമാവുമെന്ന നകുലനിർദ്ദേശം പോർക്കളത്തിൽ സ്വാധീനിച്ചില്ല. കൗരവകുടലുകൾ പറിക്കണമെന്ന ഭീമപ്രതിജ്ഞ ഓരോ യുദ്ധവധവും വ്യക്തിഗത കൊലയാക്കി മാറ്റി. ഹിംസയില്ലാത്ത തർക്കപരിഹാരമെന്ന നയതന്ത്ര ആശയത്തിൽ കത്തിവച്ചതു്, മുടികെട്ടാൻ കൗരവചുടുചോര വേണമെന്ന പെൺശാഠ്യമായിരുന്നു. ഈ പ്രപഞ്ചത്തിൽ നാം കാണുന്ന ഒന്നും യഥാർത്ഥത്തിൽ അങ്ങനെ ആവണമെന്നില്ല എന്ന കവിവചനം സ്വത്തുതർക്ക പരിഹാരത്തിൽ ഞങ്ങൾ അവഗണിച്ചു. അത്തരം അശുഭ നിഗമനങ്ങൾക്കിടയിലും അടിമത്വത്തിൽ നിന്നു് അധികാരത്തിലേക്കു് എന്ന സ്വപ്നം നാളെ ഈ സമയത്തു യാഥാർത്ഥ്യമാവുമ്പോൾ, മുൾവാക്കുകൾ ഇനി നിങ്ങൾ പറയരുതു്”, കൊട്ടാരം ലേഖികയുടെ കഴുത്തിൽ ഇരുകൈകളും മുറുക്കി യുധിഷ്ഠിരൻ ഒരിക്കൽ കൂടി യുദ്ധാവേശത്തിലായി.

“വാനപ്രസ്ഥത്തിനെന്നും പറഞല്ലേ പാണ്ഡവരും പാഞ്ചാലിയും ചെങ്കോൽ പരീക്ഷിത്തിനു കൈമാറി എന്നെന്നേക്കുമായി പടിയിറങ്ങിയതു്? ഇതാ, പാഞ്ചാലി മാത്രം തിരിച്ചെത്തി തിരുവസ്ത്രം ധരിച്ചു രാജസഭയിൽ ചെങ്കോലിനു അവകാശവാദം ഉന്നയിക്കുന്നു. ചോദ്യങ്ങൾക്കു് ഉത്തരമൊന്നും കിട്ടുന്നില്ല. പാണ്ഡവ തിരോധാനത്തിനു ഉത്തരവാദിത്വം ഏറ്റെടുക്കും വരെ പാഞ്ചാലിയെ കരുതൽ തടങ്കലിൽ വക്കേണ്ടേ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഭരണവിരുദ്ധവികാരമേറ്റ പാണ്ഡവരെ മാലിന്യക്കുഴിയിൽ മണ്ണിട്ട് മൂടിയതിനുള്ള അംഗീകാരമായി, ദേശരത്ന പുരസ്കാരത്തോടുകൂടിയല്ലേ മഹാറാണി പദവിയിലേക്കു് കുരുവംശ തിരുസഭ പാഞ്ചാലിയെ പട്ടാഭിഷേകം ചെയ്യേണ്ടതു്?”, കൊട്ടാരം ഊട്ടുപുരയിലേക്കു ഒരു നേരം സൗജന്യഭക്ഷണത്തിനായി വരിനിൽക്കുകയായിരുന്നു പ്രസിദ്ധ യുക്തിവാദി.

“എന്തൊക്കെയോ നേടിയ പോലെയാണല്ലോ?” അശ്വഥാമാവിനെ കൊട്ടാരം ലേഖിക കണ്ടെത്തി.

“നിങ്ങളുടെ വക്രിച്ച ദൃഷ്ടിയിലപ്പോൾ ഞാനൊന്നും നേടിയില്ലേ? പാഞ്ചാലിയുടെ അഞ്ചു മക്കളെയും കൊന്നില്ലേ? ദുര്യോധനവീഴ്ചയോടെ യുദ്ധം അവസാനിക്കും എന്നു് പറഞ്ഞ പാണ്ഡവർ ഭയന്നൊളിച്ചില്ലേ? ഉത്തരയുടെ ഗർഭസ്ഥശിശുവിനെ നേരെ ദിവ്യാസ്ത്രം പ്രയോഗിച്ചു്, പാണ്ഡവരെ വിറപ്പിച്ചില്ലേ?, ക്ഷത്രിയപോരാളികളോടു് ഏറ്റുമുട്ടാൻ ബ്രാഹ്മണനും കഴിയും എന്നു് കണ്ടില്ലേ? യുദ്ധ രത്നപുരസ്കാരത്തിനു് എന്തുകൊണ്ടു് നാമ നിർദ്ദേശം ചെയ്തുകൂടാ? അതിനിടയിൽ ‘ആയിരം കൊല്ല’ വനവാസത്തിനു ‘ശാപ’മുണ്ടു്. ഈ ഗ്രഹത്തിൽ ജന്മം കിട്ടിയാൽ അനുഗ്രഹവും ശാപവും പതിവല്ലെ?, ദൂരെ ആലയിൽ വേടൻ ആയുധം മൂർച്ച കൂട്ടുകയല്ലേ?”

2019-09-01

“പൗരപട്ടികയിൽ പാണ്ഡവരുടെ പേരില്ലല്ലോ. വിചിത്രമെന്നു പറയട്ടെ, പാഞ്ചാലിയുടെ പേരുണ്ടു്. ഇതെങ്ങനെ പുതുഭരണകൂടം വിശദീക രിക്കും?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോട്ചോദിച്ചു, കുറുക്കുവഴിയിലൂടെ പുതുതായി ആരെയും പൗരന്മാരാക്കാൻ ഇടതരാത്ത വിധം ജാഗ്രതയോടെ പഴുതടച്ചാണു് സമിതി രാജസഭയിൽ അംഗീകാരം നേടിയതെന്ന വസ്തുത നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?”

“പാണ്ഡവർക്കു് പൗരത്വം നിഷേധിച്ചു നിയമനിർമ്മാണം ചെയ്ത കൗരവർ യുദ്ധത്തിൽ രാജ്യത്തിന്റെ അഖണ്ഡതക്കായി ബലി ചെയ്തതിന്റെ വിശുദ്ധി മലിനപ്പെടുത്താമെന്നാരും മോഹിക്കേണ്ട. വിവാദ നിയമ നിർമ്മിതി മുൻ മഹാരാജാവു് ധൃതരാഷ്ട്രർ രാജസഭയുടെ അംഗീകാരത്തോടെ അസ്ഥിരപ്പെടുത്തിയ ശേഷമായിരുന്നു ഞാൻ പട്ടാഭിഷേകം ചെയ്തതെന്നു് നിങ്ങൾ നേരത്തെ അറിയേണ്ടതല്ലേ? പാഞ്ചാലിക്കു് പൗരത്വം അനുവദിച്ച ദുര്യോധനൻ എക്കാലവും പെണ്ണവകാശ പോരാളിയായിരുന്നു. കൗരവനേതാവിന്റെ പഞ്ചലോഹ പ്രതിമ നിർമ്മിക്കുമ്പോൾ, ഫലകത്തിൽ പ്രത്യേകം എഴുതിച്ചേർക്കും. ധന്യം ദുര്യോധനസ്മൃതി. തിരക്കുണ്ടു്. കൗരവരാജവിധവകൾക്കു പുനരധിവാസകേന്ദ്രത്തിൽ സൗജന്യ കുടിവെള്ള വിതരണം തുടങ്ങുന്ന ചടങ്ങിൽ പങ്കെടുക്കാൻ സമയമായി.”

“വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളിലൂടെ പരിചയപ്പെട്ട ‘സ്ഥലത്തെ പ്രധാന ദിവ്യന്മാർ’ വനവാസക്കാലത്തു വ്യഥിത പാണ്ഡവഹൃദയങ്ങളിൽ സാന്ത്വനം തന്ന ഓർമ്മയുണ്ടോ?” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. മഹാപ്രസ്ഥാന പദയാത്ര.

“ഇന്ദ്രപ്രസ്ഥയിൽ പാരിതോഷികങ്ങളുമായി വന്നിരുന്നവരെ കുറിച്ചു് ഉൾക്കാഴ്ച വന്നതു് വ്യാഴവട്ടക്കാല വനവാസത്തിലായിരുന്നു പാഞ്ചാലിയുൾപ്പെടെ, മിന്നുന്നതെല്ലാം പൊന്നാവണമെന്നില്ലെന്നപ്പോൾ ബോധ്യമായി.”

2019-09-02

“വധു സുന്ദരിയും രാജകുമാരിയുമായിരിക്കുക, മത്സര പ്രതിയോഗികളുടെ ഭീഷണസാന്നിധ്യം അറിയുക, മത്സര ജേതാവെന്ന നിലയിൽ ഭ്രമിച്ചും പരിഭ്രമിച്ചും വിവാഹം കഴിക്കുക-വികാരജീവി അർജ്ജുനനു എപ്പോഴാണു് ‘കുലീനവധു’വിൽ കൗതുകം നഷ്ടപ്പെട്ടതു്?” ആരോരുമറി യാതെ സുഭദ്രയുമൊത്തു ഇന്ദ്രപ്രസ്ഥത്തിൽ വന്ന അർജ്ജുനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“പെണ്ണുടലിൽ പരമാധികാരം സ്ഥാപിച്ചുകഴിഞ്ഞാൽ, പ്രണയാവേശം അണയുമെന്നതൊരു സാമാന്യബോധമല്ലേ. അർജ്ജുനൻ എന്ന കാമുകൻ പുതിയ മേച്ചിൽ പുറങ്ങളിൽ പുതുപെണ്ണുടൽ നേടി വന്നപ്പോൾ, പഴയ പാഞ്ചാലി വിരുന്നു ബഹിഷ്കരിച്ചതു കണ്ടില്ലേ? അതിൽ നിന്നു് വ്യക്തമായല്ലോ പ്രണയം ഉടമസ്ഥാവകാശവുമായി അവളെങ്ങനെ കൂട്ടിവായിച്ചു!.”

2019-09-03

“സസ്യാഹാരികളായ കാട്ടുമൃഗങ്ങളെ ചവണയെറിഞ്ഞു വീഴ്ത്തി നഗ്നഹസ്തങ്ങളാൽ പിച്ചിച്ചീന്തിയിരുന്ന പാണ്ഡവർക്കെന്താ വളർത്തുമൃഗങ്ങളെ നേരിടാനൊരു വിമ്മിട്ടം?”, കൊട്ടാരം ലേഖിക ചോദിച്ചു. കോട്ടവാതിലിനു പുറത്തു കൂട്ടം കൂടി നിന്ന കൗരവ നായകളെ അനുതാപപൂർവ്വം നോക്കുകയായിരുന്നു ചാർവാകൻ.

“യുദ്ധകാലത്തു പതിനെട്ടു നാളും ഈ നായകൾ ഇവിടെ നിൽക്കുമായിരുന്നു. ഊട്ടുപുരയിൽ നിന്നു് എല്ലിൻ കഷണം എറിഞ്ഞു കൊടുക്കും. ചാടിപ്പിടിക്കില്ല. ആ മൗനവും ഹതാശമായ നോട്ടവും വിഷാദരോഗത്തിന്റെ ആരംഭമെന്നെനിക്കു തോന്നി. കൗരവരെന്നു കരുതിയാണവർ ഇപ്പോഴും രഥം വന്നു നിൽക്കുമ്പോൾ ആകാംക്ഷയോടെ വളയുന്നതു. ചാടി ഇറങ്ങിയ യുധിഷ്ഠിരൻ-അവർക്കപരിചിതൻ. നൈരാശ്യത്തോടെ പാണ്ഡവരെ ഒന്നു് നോക്കി നായകൾ മുഖം തിരിക്കും. വാലാട്ടില്ല. നിന്ദയോടെ കാൽ പൊക്കി മൂത്രമൊഴിക്കും. സാക്ഷര ഹസ്തിനപുരിക്കു് സാധിക്കാത്തതു്, എന്നാൽ തെണ്ടിപ്പട്ടികൾക്കാവുന്നതും.”

“ഒന്നു് ശ്വാസം മുട്ടിച്ചു ഉള്ളിലിരിപ്പെന്തെന്നറിഞ്ഞാൽ മതി എന്നു് പറഞ്ഞല്ലേ പാഞ്ചാലി നിങ്ങളെ നൃത്തമണ്ഡപത്തിലേക്കയച്ചതു്? എന്നിട്ടും.” കൊട്ടാരം ലേഖിക ചോദിച്ചു. കീചകകൊലയാളി ഭീമൻ വിരാടരോഷം നേരിടുന്ന നേരം.

“അണിഞ്ഞൊരുങ്ങി സുഗന്ധം പുരട്ടി ആ യുവകോമളൻ സൈരന്ധ്രിയെ കാത്തിരിക്കുന്നതു് കണ്ടപ്പോൾ കരൾ വെന്തു. പാഞ്ചാലിയായിരുന്നു മുൻവാക്കനുസരിച്ചു ചെന്നിരുന്നതെങ്കിൽ?, വാരിപ്പുണർന്നവർ ഓമനിക്കുന്നതു് ഭാവനയിൽ തെളിഞ്ഞപ്പോൾ-ഈ കൈകളിൽ എനിക്കു് നിയന്ത്രണം നഷ്ടപ്പെട്ടുവോ?”

“പ്രശ്നം എന്താണു്?”, കൊട്ടാരം ലേഖിക ചോദിച്ചു.

“അന്തിയുറങ്ങാൻ, ഉടയോൻദുര്യോധനൻ തന്നതു് കാട്ടുകുടിലിലെ ഒറ്റ മുറി. ഊണു് കഴിക്കാൻ ചമ്രം പടിഞ്ഞിരിക്കുന്നതും, ഉണ്ടു കഴിഞ്ഞാൽ ചുവർ ചാരി ഇരിക്കുന്നതും, നായാടിവന്നാൽ നടു നിവർക്കുന്നതും ‘ഠ’ വട്ടത്തിൽ. നിസ്സാരകാര്യത്തിനു നീരസം തോന്നിയാൽ, വിരൽ ചൂണ്ടി പുറത്താക്കും. അഞ്ചു ആണുങ്ങൾക്കും ഒരു പെണ്ണിനും ഇടപെടേണ്ട ഞെരുങ്ങിയ ഇടത്തിൽ, “എന്റെ സ്വകാര്യത മാനിക്കൂ” എന്നു് ഒരാൾ മുഖം കറുപ്പിച്ചു പറഞ്ഞാൽ, ബാക്കി അഞ്ചുപേർ എന്തു് ചെയ്യും? ചൂതുകളിയിൽ തോറ്റ കൗരവഅടിമകളോ ഞങ്ങൾ? ബഹുഭർത്തൃത്വദാമ്പത്യത്തിലെ ആണിരകളോ? നിങ്ങൾ പറയൂ.”

2019-09-04

“വല്ലാതെ തോന്നുന്നു പന്ത്രണ്ടു കൊല്ലം പാഞ്ചാലി കാട്ടിൽ കഷ്ടപ്പെടുമ്പോഴും നിങ്ങൾ അവൾക്കുവേണ്ടി ഹസ്തിനപുരി കൊട്ടാരത്തിൽ ചെറുവിരൽ അനക്കിയില്ലെന്നു ദുര്യോധനൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി. നിങ്ങളുടെ പേരക്കുട്ടികൾക്കു് ജന്മം നൽകിയ സ്ത്രീയല്ലേ അവൾ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. പാണ്ഡവരുടെ വനവാസക്കാലത്തു ഗാന്ധാരിയുടെ തോഴിയായി അരമനയിൽ കുന്തി കഴിയുന്ന കാലം.

“കാട്ടിൽ ജനിച്ചു ബാല്യകൗമാരങ്ങൾ കഴിഞ്ഞ പാണ്ഡവർക്കു് വേണ്ടി ഞാനൊന്നും ചെയ്തില്ലായിരിക്കാം, എന്നാൽ എന്നെ പോലെ ഒന്നിലധികം പുരുഷന്മാരുമൊത്തു രാപ്പകൽ വിധേയപ്പെട്ടു കഴിയേണ്ടി വരുന്ന പാഞ്ചാലിക്കു് വൃത്തിയുള്ള പരുത്തിത്തുണികളും ചർമ്മപരിപാലനത്തിനു സുഗന്ധ തൈലവും ശരീരശുചിത്വത്തിനു പച്ചിലമരുന്നുകളും ഉടലഴകിനു ഉപകരണങ്ങളും വിശ്വസ്ത ചാരൻ വഴി പന്ത്രണ്ടു കൊല്ലവും അവൾക്കെത്തിച്ചുകൊടുത്തിരുന്നതു് ആരാണെന്നാണു് നിങ്ങൾ മനസ്സിലാക്കിയതു്?”

2019-09-05

“എന്തായിരുന്നു കൂട്ടിപ്പിടിച്ച കൈക്കുമ്പിളിൽ?”, നീരൊഴുക്കിൽ കുളിക്കാനിറങ്ങിയതായിരുന്നു, സുഭദ്രയും പാഞ്ചാലിയും.

“നിങ്ങൾക്കറിയാത്തതുകൊണ്ടാണു്. ഞാനെന്തോ ഓർത്തു ഋശ്യമൂകാചലം എന്നോ മറ്റോ ഒരിക്കൽ പറഞ്ഞു. കേട്ടതു് കല്യാണസൗഗന്ധികം എന്നായി. അലഞ്ഞുക്ഷീണിച്ചവശനായി അവനുണ്ടു് രാത്രി വരുന്നു, ഒരിലക്കൂടിൽ വാടിയ പൂക്കളുമായി. അതുപോലെ പറഞ്ഞു, ഉടുതുണിയൂരിച്ചിറിച്ച കൗരവനെകൊന്നു ചുടുചോര കാണിക്കണം. ഇന്നുച്ചക്കു കൗരവചോര കൊണ്ടുവന്നെന്റെ മുടിയിൽ തേച്ചുപിടിപ്പിക്കുന്നു. കഴുത്തുകടിച്ചു മുറിച്ചു വളർത്തു മൃഗത്തിന്റെ ചോരയൂറ്റിക്കുടിക്കുന്നവനുണ്ടോ യുദ്ധ മര്യാദയുടെ ലംഘനത്തെ കുറിച്ചെന്തെങ്കിലും പിടിപാടു്. ” മുടിയിൽ പച്ചിലച്ചാർത്തുതേച്ചു ചോരക്കറനീക്കുന്ന പാഞ്ചാലി മുങ്ങിനിവർന്നു.

“ഗുരുവിനെ വന്ദിക്കാതെ മടക്കയാത്രയിലാണല്ലേ? ഗുരുകുലപ്രവേശനം അനുവദിച്ചില്ലെങ്കിലും, ഒളിഞ്ഞിരുന്നു നേടിയ വിദ്യാഭ്യാസം വിലപ്പെട്ടതായി തോന്നുന്നെങ്കിൽ, ദക്ഷിണ കൊടുക്കാൻ തയ്യാറാവേണ്ട തല്ലേ?”, കൊട്ടാരം ലേഖിക യുവ സൈനിക ചോദിച്ചു.

“ദക്ഷിണ എന്തായിരിക്കുമെന്നൊരൂഹമുണ്ടു്. ആയുധ പരിശീലനത്തെ അസാധുവാക്കുന്നവിധം പാർശ്വഫലങ്ങളുള്ള ‘ഗുരുദക്ഷിണ’ കൊടുക്കണോ? മനഃസാക്ഷി ചോദിക്കുന്നു. അതോ, ഇരുട്ടിയാലുടൻ ഒളിച്ചോടണോ?”

“വ്യാസനെ കണ്ടിട്ടു് കാലമെത്രയായി!”, കൊട്ടാരം ലേഖിക ചോദിച്ചു.

“സഹായികളുമായി പനയോല കൊണ്ടുവരാൻ ദക്ഷിണാപഥത്തിൽ പോയിരിക്കയാണു്. യുദ്ധം കഴിഞ്ഞാൽ വംശ ചരിത്രം എഴുതും എന്നാണറിയുന്നതു് ജേതാവിനനുകൂലമായി കെട്ടിപ്പൊക്കുന്ന ഉള്ളടക്കത്തെ സ്വാധീനിക്കുകയാണു് കുരുക്ഷേത്രയുടെ ഉന്നം.” പാടുപെട്ടു നേടിയ ദിവ്യാസ്ത്രങ്ങളുടെ പോരാട്ടക്ഷമത പരീക്ഷിക്കുകയായിരുന്നു പാർത്ഥൻ.

2019-09-06

“നേർസാക്ഷിയല്ലേ നീയെല്ലാറ്റിനും? അസാധ്യമെന്നെല്ലാവരും ഭയന്ന രാജസൂയയാഗം ഫലപ്രദമായി ചെയ്തു ഞാൻ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായി. അർജ്ജുനന്റെ ഭാര്യയായിരുന്നെങ്കിൽ കുടിയേറ്റ കർഷകസ്ത്രീയായി ഖാണ്ഡവപ്രസ്ഥത്തിൽ ഒതുങ്ങിക്കിടക്കേണ്ട നീ അങ്ങനെ ചക്രവർത്തിനിയായി. എക്കാലവും പാണ്ഡവരുടെ ഉൽമൂലനത്തിൽ വിശ്വസിച്ചിരുന്ന കൌരവർ അതോടെ സാമന്തപദവിയിലായി. ഹസ്തിനപുരിയിൽ പോയാൽ ആനപ്പുറത്തു കോട്ടവാതിൽ വരെ നമുക്കു് ശിരസ്സുയർത്തി സവാരി ചെയ്യാം. അവർ ഇന്ദ്രപ്രസ്ഥത്തിൽ വരുമ്പോൾ പാദരക്ഷയോ കിരീടമോ ഇല്ലാതെ വേണം നഗരവാതിൽ കടന്നാൽ കൊട്ടാരം വരെ പദയാത്ര. ഇത്രയൊക്കെ മത്സരാധിഷ്ഠിത സാഹചര്യങ്ങൾ നിനക്കനുകൂലമാക്കി ഞാൻ മാറ്റിയിട്ടും, ഒരു വാക്കു് പ്രശംസ, ഒരു പ്രണയ നോട്ടം നിന്നിൽ നിന്നുണ്ടായില്ലല്ലോ പാഞ്ചാലീ?”, യുധിഷ്ഠിര സ്വരത്തിൽ ഖേദം നിറഞ്ഞു.

“ചെറുക്കാനുള്ളതാണു് വാക്കു്, പാടി പുകഴ്ത്താനുള്ളതല്ല.”

“വിവാഹം കഴിക്കാതെ അന്യപുരുഷന്മാർക്കൊപ്പം ജീവിക്കുന്ന സ്ത്രീകളെ ‘വെപ്പാട്ടി’കളായി കണക്കാക്കണമെന്നു് വനിതാവകാശ അധ്യക്ഷ വിധി പറഞ്ഞതു ശ്രദ്ധയിൽ പെട്ടല്ലോ. എങ്ങനെ പ്രതികരിക്കുന്നു? ഇത്തരം ബന്ധങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന അധ്യക്ഷയുടെ ആവശ്യം ഭരണകൂടം അംഗീകരിച്ചാൽ ‘പാണ്ഡവർ’ എന്ന സംജ്ഞയിലിപ്പോൾ അധികാരത്തിനു വേണ്ടി ഒച്ച വെക്കുന്ന കൗന്തേയരുടെ കാര്യം കഷ്ടത്തിലാവില്ലേ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. അഭയാർത്ഥികളായി ഭീഷ്മകാരുണ്യത്തിൽ കുട്ടികൾക്കൊപ്പം കഴിയുകയായിരുന്നു മുൻ കുരുവംശ മഹാറാണി.

“രാജാവായ ധൃതരാഷ്ട്രരുടെ അമ്മ ഭർത്താവല്ലാത്ത ‘അന്യപുരുഷനു’മൊത്തു കഴിയുമ്പോഴല്ലേ ജന്മം നൽകിയതു്? വിവാദ വനിതാവകാശ അധ്യക്ഷയുടെ ജന്മരഹസ്യം ചാർവാകൻ നാളെ കച്ചവടത്തെരുവിൽ വെളിപ്പെടുത്തുമ്പോൾ, കൂടുതൽ ‘മെഴുക്കു’പുരണ്ട വെപ്പാട്ടിചരിതങ്ങൾ പുറത്തിറങ്ങുമോ എന്നുനോക്കാം. ‘ഹസ്തിനപുരി പത്രിക’യുടെ ചുവരെഴുത്തുപതിപ്പുകൾക്കു മുന്നിൽ വാ തുറന്നുവച്ച വായനക്കാരും!.”

2019-09-08

“അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിട്ടും പങ്കാളിത്തത്തിൽ അസംതൃപ്ത? കൊട്ടാരം ലേഖിക ചോദിച്ചു. മഹാപ്രസ്ഥാനത്തിൽ വടക്കൻ മലനിരകളിലേക്കുള്ള പദയാത്രയിലായിരുന്നു പാഞ്ചാലി. നോട്ടപരിധിയിലാ യിരുന്നെങ്കിലും പാണ്ഡവർ ദൂരം പോയിരുന്നു.

“ദാമ്പത്യ പരീക്ഷണം അവിവേകമായി എന്നല്ലേ കണ്ടെത്തുക? പാഞ്ചാലി എന്നാരെങ്കിലും ഉച്ചരിച്ചാൽ ഇടതും വലതും പായക്കൂട്ടുള്ളവൾ എന്നർത്ഥം കൊടുത്തില്ലേ സദാചാരികളായ കൗരവർ? അർജ്ജുനൻ മാത്രം മതിയായിരുന്നു എന്നു് തോന്നുന്നവിധം ബഹുഭർത്തൃത്വം രതിയെയും പ്രണയസാധ്യതയേയും കളങ്കപ്പെടുത്തി. മറ്റു നാലു പാണ്ഡവർ പിന്നീടെന്നെ പ്രലോഭിപ്പിക്കുകയും ഞാനതിനു സ്വേച്ഛാനുസരണം വഴങ്ങുകയും ചെയ്തിരുന്നെങ്കിൽ വിവാഹബാഹ്യവിനോദമെന്ന നിലയിൽ രഹസ്യാത്മകത നിലനിർത്തി ആഹ്ലാദിക്കാൻ അവർക്കും കഴിയുമായിരുന്നില്ലേ. ജീവിതസാഹചര്യങ്ങളിൽ പ്രകൃതി കാണിക്കുന്ന വിവേചനം ഭർത്തൃമാതാവിൽ നിന്നെങ്ങനെ പ്രതീക്ഷിക്കാനാണു്! അല്ലേ? ധൃതരാഷ്ട്രർക്കു് നൂറു മക്കളുള്ള കുരുവംശത്തിൽ, സന്തതി ഒന്നു് പോലും ബാക്കിയില്ലാതെ പാണ്ഡവ വംശം മുടിഞ്ഞു എന്നതല്ലേ കുന്തി എനിക്കു് ആദ്യരാത്രിയിൽ തന്ന ലജ്ജാകരമായ വിവാഹ പാരിതോഷികത്തെ നിങ്ങൾ വായിച്ചെടുക്കേണ്ടതു്?”

“അഞ്ചു ആൺമക്കളുണ്ടായിട്ടും നിങ്ങൾ ‘ദാസി’യാണോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“നിലമുഴുതുജീവിക്കുമെന്ന്പറഞ്ഞു കുടിയേറ്റക്കാരായി പാഞ്ചാലിയുമൊത്തവർ പടിയിറങ്ങുമ്പോൾ ഞാൻ ഓർമ്മിപ്പിച്ചു, ഖാണ്ഡവവനം പരിപാലിക്കണം, അതൊരാവാസവ്യവസ്ഥയാണു്, പിന്നെ വിദുരർ പറഞ്ഞു കേട്ടു, കാടു കത്തിച്ചയിടത്തിൽ യാഗം ചെയ്തും സുഹൃത്തുക്കളെ നേടിയും ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായി! കുട്ടികളെയും കൊണ്ടു് പാഞ്ചാലി ഈ വഴി പാഞ്ചാലയിലേക്കു പലകുറി പോയിട്ടും, കാണാൻ വന്നില്ല. ദുര്യോധനൻ അനുമതി കൊടുത്തിരുന്നു. ചൂതാട്ടത്തിനു പാണ്ഡവ സംഘം ആനപ്പുറത്തു എഴുന്നെള്ളി, പിറ്റേന്നവർ അടിമകളായി പോവുന്നതും കണ്ടു, പതിമൂന്നു വർഷത്തിനു് ശേഷം കുരുവംശരാജാക്കളായി ഹസ്തിനപുരിയിൽ ഭരണമേറ്റെടുത്തിരിക്കുന്നു. ഇതിനിടയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട കർണ്ണനു ശ്രാദ്ധം ചെയ്യാൻ ഞാനവർക്കൊപ്പം പോയതൊഴിച്ചാൽ, ഇല്ല, സമ്പർക്കമില്ല.”

2019-09-09

“സംശയാസ്പദ സാഹചര്യങ്ങളിൽ, ബ്രാഹ്മണവേഷധാരികളായി ഏകച്ചക്ര ഗ്രാമത്തെരുവുകളിൽ ഭിക്ഷയാചിച്ചു നടക്കുന്ന ആറംഗ അഭയാർത്ഥി സംഘത്തെ കുറിച്ചെന്തെങ്കിലും വിവരം ദുര്യോധനനു് രഹസ്യമായി എത്തിച്ചുവോ എന്നു് നിങ്ങളെ കാട്ടിലെ ഗുഹയിൽ വിളിച്ചു വരുത്തി ബകാസുരൻ ചോദ്യം ചെയ്തു എന്നു് കേൾക്കുന്നല്ലോ. എങ്ങനെ കൈകാര്യം ചെയ്തു നിത്യവും ഒരു മനുഷ്യനെ അത്താഴമാക്കുന്ന ബകനെ?” കൊട്ടാരം ലേഖിക ഏകച്ചക്രാ ഗ്രാമപ്രമുഖനോടു് ചോദിച്ചു.

“നിങ്ങളല്ലേ പാണ്ഡവരും കുന്തിയും?” എന്നു് ഞാനവരെ രാത്രി ചോദ്യം ചെയ്തു. അരക്കില്ലത്തിൽ കത്തിക്കരിഞ്ഞ ജഡങ്ങൾ കണ്ടെത്തിയെന്ന വാർത്ത, പാണ്ഡവ കുടുംബം പൂർണ്ണമായും നാമാവശേഷമായതിന്റെ പ്രത്യക്ഷവും വിശ്വാസ്യവുമായ തെളിവല്ലേ എന്നു് അവർ തിരിച്ചടിച്ചു. ഇനിയും സംശയം തീരുന്നില്ലെങ്കിൽ, അവരിൽ മാംസളത കൂടുതലുള്ളവനെ ബകഭക്ഷണം ആക്കി പ്രഖ്യാപിക്കാമെന്നുറപ്പുനൽകി. ഇന്നു് ഭീമനെ അത്താഴമായി അയക്കുന്നു. കാഴ്ചകാണാൻ കൂടെപ്പോവുന്നോ?”

“എന്താ വിഷാദഭാവം? അതിർത്തിക്കപ്പുറത്തു നിന്നു് നുഴഞ്ഞുകയറ്റ ഭീഷണിയുണ്ടോ?”, കലങ്ങിമറിഞ്ഞ ഗംഗയാറിലേക്കു നോക്കിയിരിക്കുന്ന ശന്തനുവിനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ദൂരവ്യാപകപ്രത്യാഘാതങ്ങൾ അവഗണിച്ചായിരുന്നില്ലേ വിവാഹ ഉടമ്പടി? ഹൃദയശൂന്യമായ കരാർ വ്യവസ്ഥകളിലായിരുന്നില്ലേ ഗംഗയെ മഹാറാണിയാക്കിയതു്? എന്തനിഷ്ടം കാട്ടിയാലും ഞാൻ എതിർക്കരുതു് എന്ന കുഞ്ഞക്ഷരങ്ങൾ നിറഞ്ഞ പനയോലക്കെട്ടുകൾ വായിക്കാതെ ഞാൻ ഒപ്പിട്ടു. നവജാത ശിശുക്കളെ മുക്കിക്കൊല്ലുന്നതാണു് ആ ദേവദാസിയുടെ പ്രസവാനന്തര പ്രഭാതവിനോദം എന്നപ്പോൾ പ്രതീക്ഷിച്ചില്ല. “അരുതേ ഇനിയും” എന്നു് എട്ടാം ശിശുഹത്യക്കവൾ ശ്രമിക്കുമ്പോൾ ഞാൻ ഉള്ളം പൊള്ളിപ്പറഞ്ഞതോടെ ഉടമ്പടിയിൽ വിള്ളൽ വീണു. എന്താണു് ഗുണപാഠമെന്നോ? ശിശുഹത്യ ആയാലും ‘ഹസ്തിനപുരി പത്രിക’യിലെ തൊഴിലിട വേതനപ്രശ്നമായാലും, കരാർ വായിച്ചു തിരുത്തൽ നിങ്ങൾ വരുത്തിയില്ലെങ്കിൽ വിഷാദദൃശ്യങ്ങൾ ഇനിയും കാണേണ്ടിവരും.”

2019-09-13

“എന്തു് പറ്റി ഉണ്ണീ” എന്നു് വിലപിച്ചു നിങ്ങൾ ദുര്യോധനന്റെ അരികിലേക്കോടി ച്ചെന്നതു ഭീമനെ പ്രകോപിപ്പിച്ചല്ലോ. പോർക്കളനേട്ടം അഭിനന്ദിക്കുന്നതിനു പകരം നിങ്ങൾ ‘തനിസ്വഭാവം’ കാണിച്ചു എന്നാണു നകുലൻ നിരീക്ഷിച്ചതു്”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു. പതിനെട്ടാം ദിവസം സന്ധ്യ.

“മതിപ്പു തോന്നുന്ന പ്രവർത്തി കൗരവൻ ചെയ്യുന്നതു് കണ്ടിട്ടും, പ്രതിയോഗിയായി ആക്രമിച്ചിട്ടുണ്ടു്. പൊതു ഇടത്തിൽ കൗരവൻ മാരകമായി മുറിവേൽക്കുമ്പോൾ, ആക്രമിച്ചതു് പാണ്ഡവനാണെങ്കിലും, മുറിവേറ്റവനെ സാന്ത്വനിപ്പിച്ചിട്ടുണ്ടു്. ഇതൊക്കെ നിങ്ങൾ വിധി എഴുതുകയാണെങ്കിൽ, കാപട്യത്തിന്റെ നിറകുടമെന്നു വിശേഷിപ്പിക്കാം. തിരക്കുണ്ടു്. ഹസ്തിനപുരിയുടെ അഖണ്ഡത സംരക്ഷിക്കാൻ പോർക്കളത്തിൽ ജീവത്യാഗം ചെയ്ത കൗരവർക്കാത്മശാന്തിക്കായി പാണ്ഡവ പാളയത്തിൽ പാഞ്ചാലി നയിക്കുന്ന കൂട്ടപ്രാർത്ഥനക്കു ക്രമീകരണങ്ങൾ പരിശോധിക്കണം.”

2019-09-14

“അജ്ഞാതവാസക്കാലത്തു വിരാടരാജധാനിയിലെ പാചകക്കാരൻ ഇപ്പോൾ ഹസ്തിനപുരി പ്രതിരോധ വകുപ്പു് മേധാവി! എങ്ങനെ വിലയിരുത്തുന്നു ആ കാലഘട്ടം?” കൊട്ടാരം ലേഖിക ചോദിച്ചു.

“വിയർത്തദ്ധ്വാനിച്ചു വേണം വിശപ്പടക്കാൻ എന്നു് അതോടെ ബോധോധയമുണ്ടായി. പന്ത്രണ്ടു കൊല്ലത്തോളം വനവാസക്കാലത്തു, അക്ഷയപാത്രം വഴി മൂന്നു നേരം കിട്ടിയ സൗജന്യഭക്ഷണത്തിന്റെ വിപണി വില, വിരാട ഊട്ടുപുരയിൽ ദേഹാദ്ധ്വാനം ചെയ്തു പലിശയടക്കം തിരിച്ചടച്ചു”, വളർത്തുമൃഗത്തിന്റെ തുട പൊരിച്ചതു് കടിച്ചമുറിച്ചു തിന്നുന്ന വൃകോദരൻ സുഭിക്ഷ ഭക്ഷണത്തിന്റെ നിർവൃതിയിലായി.

“തിണ്ണ നിരങ്ങി കൊട്ടാരം ലേഖിക നാണമില്ലാതെ ചോദിക്കുന്ന ഓരോ തല തിരിഞ്ഞ ചോദ്യത്തിനും നീ വസ്തുതക്കു് ചേരാത്ത മറുപടി പറയുന്നു എന്നു് മൊത്തം ഞങ്ങൾക്കു് പരിഭവമുണ്ടു്. കൗരവരാജവധുക്കൾക്കു് ഹസ്തിനപുരിയിൽ വായിച്ചു രസിക്കാൻ ഞങ്ങളുടെ ചെലവിൽ തന്നെ നീ പാണ്ഡവരെ ദുഷിക്കണോ?”, യുധിഷ്ഠിരൻ പാഞ്ചാലിയോടു് ചോദിച്ചു. മറ്റുനാലു പാണ്ഡവർ പിന്തുണച്ചു.

“സന്തുഷ്ട ദാമ്പത്യമാണിവിടെയെന്നു ‘വസ്തുതക്കു ചേരുന്ന’ വിധം ഓരോ അഭിമുഖത്തിലും തറപ്പിച്ചു പറഞ്ഞാൽ തിരിച്ചു കിട്ടുമോ ചൂതുകളിയിൽ നിങ്ങൾക്കു് നഷ്ടപ്പെട്ട പൗരാവകാശം?”

2019-09-16

“വടക്കുപടിഞ്ഞാറൻ ഗാന്ധാരം, മാദ്ര, കടലോര ദ്വാരക മുതൽ കിഴക്കു കലിംഗ വരെ-നാടുവാഴികളും സൈനികരും പോർക്കളത്തിലിറങ്ങിയാൽ, പൊതുഭാഷ ഇല്ലേ പരസ്പരം വിനിമയം ചെയ്യാൻ?”, കൊട്ടാരം ലേഖിക പാണ്ഡവ സൈന്യാധിപനോടു് ചോദിച്ചു.

“കൊല്ലാനിറങ്ങിയവർക്കെന്താണു് ആശയവിനിമയം? മുമ്പിൽ കണ്ട ശത്രുതല ഉരുട്ടുന്നതിൽ കവിഞ്ഞെന്തു പൊതുഭാഷ കൊല്ലുന്നവനും ചാവുന്നവനും?” യുദ്ധനടത്തിപ്പുകാരായ കുരുക്ഷേത്ര പ്രവിശ്യാഭരണാധികാരിയുടെ ആയുധപ്പുരയിൽ അനുവദിച്ചുകിട്ടിയ ഗുണമേന്മയില്ലാത്ത അമ്പും, വില്ലും, വാളും, ഗദയും, അതൃപ്തിയോടെ പരിശോധിക്കുകയായിരുന്നു പാഞ്ചാല കിരീടാവകാശിയും ദ്രൗപദിയുടെ സഹോദരനുമായ ധൃഷ്ടധ്യുമ്നൻ.

“സമാനതയില്ലാത്തൊരു അഭിമുഖം തരാമോ?,” കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു, “ഉടനെ പ്രസിദ്ധീകരിക്കില്ലെങ്കിലും, അഭിമുഖം കയ്യിൽ വേണം എന്നു് പത്രാധിപർ.”

“ ചരമക്കുറിപ്പു നേരത്തേ തയ്യാറാക്കുന്നതിൽ ‘ഹസ്തിനപുരി പത്രിക’യുടെ മുന്നൊരുക്കം പ്രശംസനീയം. വരൂ. അത്താഴം നമുക്കൊരുമിച്ചു കഴിക്കാം. പാഞ്ചാലിയുടെ തീൻശാലയിൽ തന്നെയാവട്ടെ അന്ത്യമൊഴി.”

“ഹൃദയം തുറക്കാൻ അവസരം കിട്ടുമ്പോഴെല്ലാം നിങ്ങൾ പരിതപിക്കുന്നു, പാർശ്വവത്കൃതനെന്നു. കാര്യം തിരക്കിയപ്പോൾ അറിഞ്ഞു, ചെറുപ്പത്തിൽ ദുര്യോധനൻ അംഗരാജാവായി നിങ്ങളെ അഭിഷേകം ചെയ്തു എന്നും?”, കൊട്ടാരം ലേഖിക ചോദിച്ചു.

“എവിടെയാണു് ഈ അംഗരാജ്യമെന്നു ദുര്യോധനനോടപ്പോൾ ചോദിച്ചറിയാൻ വിട്ടു പോയി. മണ്ണും മരവും ഉള്ള ഇടമാണതെങ്കിൽ, പാണ്ഡവർ കാടുവെട്ടി കൊട്ടാരം പണിത പോലെ എനിക്കും സ്ഥാപിക്കാമായിരുന്നു നവ രാജവംശം.”

2019-09-18

“സതിയനുഷ്ഠിക്കാൻ പ്രിയതമയൊന്നുമില്ലാതെ കീചക ശവസംസ്കാരവും കഴിഞ്ഞു, കൊലയാളി തൊട്ടടുത്ത ഊട്ടുപുരയിലുണ്ടു്, പിടികൂടി ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരാൻ വിരാടനു് ഊർജ്ജസ്വലതയില്ല, പരേതൻ സൈനികമേധാവിയും അവിവാഹിതനും നിങ്ങൾക്കു് കൊച്ചനുജനുമല്ലേ?, പരേതാത്മാവു് പൊറുക്കുമോ മഹാറാണികൂടിയായ ജ്യേഷ്ഠത്തിയുടെ അവഗണന?”, കൊട്ടാരം ലേഖിക വിരാടരാജ്ഞി സുദേഷ്ണയോടു് ചോദിച്ചു. ഉറ്റ തോഴി സൈരന്ധ്രി വാതിലിപ്പുറത്തു നിന്നവരെ നോക്കി.

“കൊന്നതാരെന്നു ദൂരെ ഹസ്തിനപുരി കൊട്ടാരത്തിലിരുന്നു ആയുഷ്ക്കാല ബ്രഹ്മചാരി തുടയിലടിച്ചു പ്രഖ്യാപിച്ചല്ലോ. വിരാട കുറ്റാന്വേഷണ വിഭാഗം മേധാവിക്കറിയാത്ത കൊട്ടാര രഹസ്യം വെളിപ്പെടുത്തിയ പിതാമഹൻ, ഒന്നു് കൂടി പ്രവചിക്കാമായിരുന്നില്ലേ, ചത്ത കീചകന്റെ അനന്തരവൾ ഉത്തര രാജകുമാരി നാളെ വിവാഹം കഴിക്കുക, കൊന്ന ഭീമന്റെ സഹോദരപുത്രനായ അഭിമന്യുവിനെ ആയിരിക്കും?”

“ജീവനും സ്വത്തിനും സുരക്ഷ ഉറപ്പു വരുത്താൻ കൌരവർ നിയോഗിച്ച പാണ്ഡവർ, ചുമതല ശരിക്കും ചെയ്യുന്നില്ലേ?, അതോ?” കൊട്ടാരം ലേഖിക ചോദിച്ചു. സന്ധ്യ. നീരൊഴുക്കിൽ കുളിക്കാൻ പോവുകയായിരുന്നു വനവാസക്കാല പാണ്ഡവരുടെ അയൽക്കാരായ പരിത്യാഗികൾ.

“സുരക്ഷയെ കുറിച്ചു് പറയുന്നില്ല. എന്നാൽ, പാടുപെട്ടു പോറ്റി വളർത്തുന്ന മൃഗങ്ങൾ, മുയലും മാനും, രാത്രി കൂട്ടിൽ കയറ്റുമ്പോൾ എണ്ണിപ്പെടുത്തിയതും, പിറ്റേന്നു് കൂടു് തുറക്കുന്നതും പൊരുത്തപ്പെടുന്നില്ല. എങ്ങനെ പൊരുത്തപ്പെടും, അല്ലേ?, തല മറച്ചു പോവുന്ന ‘ഭീമ’നെ നോക്കുക, ഇളമാംസ പ്രിയൻ, സന്ധ്യ മയങ്ങിയാൽ ഇര തേടി തൊഴുത്തുകളിലേക്കു ഇടിച്ചു ഇറങ്ങുകയായി.”

2019-09-19

“കുട്ടി ഒന്നു് മതി എന്ന പാഞ്ചാലിയുടെ കടുംപിടിത്തത്തിൽ കലങ്ങിയോ പാണ്ഡവഹൃദയങ്ങൾ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“ഇഷ്ടക്കേടുണ്ടെങ്കിൽ ആദ്യരാത്രിയിൽ തന്നെ അർജ്ജുനനെ കൂടെ കിടത്തി വാതിൽ നാലുപേർക്കുനേരെ കൊട്ടിയടക്കമായിരുന്നില്ലേ? പകരം, തരം കിട്ടുമ്പോഴൊക്കെ കുന്തിയെ കുറ്റം പറയുന്നതൊരു ഹരമാണവൾക്കു്. ഞാനും ഭീമനും കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോൾ, കുന്തി പൂചൂടി സന്ധ്യക്കു് പുരുഷപ്രലോഭനത്തിനായി പടിയിറങ്ങുന്നതു് മാദ്രി പറഞ്ഞു കേട്ടിട്ടുണ്ടു്. അതു് മാതൃത്വത്തിനു വേണ്ടിയായിരുന്നു. ഭാര്യയുടെ ആദ്യഗർഭം കാലനിൽ നിന്നായിരുന്നു എന്നറിഞ്ഞപ്പോൾ ഞെട്ടിയ പാണ്ഡു, സന്യസ്ഥർ വഴി നേടിയ പച്ചിലമരുന്നുകൾ കൊടുത്തു അലസിപ്പിക്കാൻ പ്രേരിപ്പിച്ചു. ഗർഭം സ്ത്രീക്കു് ശിക്ഷയല്ല മാതൃത്വത്തിലേക്കുള്ളൊരു തീർത്ഥയാത്രയാണെന്നു പറഞ്ഞു, പച്ചില തട്ടിയെറിഞ്ഞ കുന്തിയെവിടെ, ബീജദാനിയെ മുൾമുനയിൽ നിർത്തുന്ന പാഞ്ചാലിയെവിടെ? ഔദാര്യം ചെയ്യുന്നപോലെയാണ വൾ ഗർഭധാരണത്തിൽ ഏർപ്പെട്ടതു് ഞങ്ങളോടു് വിവേചനമോ അർജ്ജുനനോടു് പക്ഷപാതമോ കണ്ടില്ല. കുഞ്ഞുങ്ങൾ ഭാവിയിൽ കിരീടാവകാശികൾ ആവുമെന്ന പ്രത്യാശയില്ലാതെയാണവൾ ഗർഭധാരണത്തെ അലസൽ ഭീഷണിക്കു മുമ്പിൽ മുട്ടുകുത്തിച്ചതു് ഒന്നും മറക്കില്ല ഞങ്ങൾ”, അഞ്ചാമത്തെ നവജാതശിശുവിനെ പാഞ്ചാലയിലേക്കു കൊണ്ടുപോവുന്ന തയ്യാറെടുപ്പിലായിരുന്നു ഇന്ദ്രപ്രസ്ഥം ചക്രവർത്തിനി.

2019-09-20

“ഇത്തവണ നീ ദേശാന്തരയാത്രയിൽ അച്ഛനെ എവിടെയെങ്കിലും കണ്ടുവോ?”, സുഭദ്ര ചോദിച്ചു. അശാന്തമായ സന്ധ്യ. അമ്മയും മകനും ദ്വാരക കടൽത്തീരത്തു് നടക്കുകയായിരുന്നു.

“വിരാട രാജധാനിയിൽ കണ്ടു അമ്മാ. ‘നിന്റെ ഭാവി വധു’ എന്നു് ഉത്തരയെ പരിചയപ്പെടുത്തി. വരാനിരിക്കുന്ന യുദ്ധത്തിൽ ഞങ്ങളെ ജയിപ്പിക്കാൻ നീ സ്തോഭജനകമായ ഒരപൂർവ്വ സാഹചര്യമുണ്ടാക്കാമോ? നിനക്കെന്തെങ്കിലും പോരാട്ടത്തിൽ സംഭവിച്ചാൽ, ഉത്തരയിൽ നിനക്ക്പിറക്കുന്ന മകനെ രാജാവാക്കാം എന്നു് കൈ പിടിച്ചു് സമ്മതം ചോദിച്ചു. ആ മുഖത്തെ ദൈന്യത കണ്ടു്, എന്താണു് ‘അപൂർവ്വ സാഹചര്യ’മെന്നു ചോദിക്കാതെ വാക്കു ഞാൻ കൊടുത്തു അമ്മാ.”

2019-09-22

“ഇന്നെന്താ പാണ്ഡവ വനാശ്രമത്തിൽ ഭീതിജനകമായൊരു മൗനം?”, കൊട്ടാരം ലേഖിക ചോദിച്ചു., “അതോ, ഈ കാണുന്ന ഇടക്കാല ദാമ്പത്യശാന്തതക്കു് പിന്നിൽ കെട്ടുപൊട്ടുന്നൊരു കൊടുംകാറ്റുണ്ടോ?”

2019-09-23

“ഇനിയും കളിച്ചാൽ പൗരാവകാശം നഷ്ടപ്പെടുമെന്നല്ലേ ദുര്യോധനൻ കാര്യമായി പറഞ്ഞതു്?”, ഹസ്തിനപുരിയുടെ ‘സാംസ്കാരികനായകൻ’ എന്നറിയപ്പെടുന്ന ചാർവകനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“പതിമൂന്നു വർഷത്തേക്കു് പൗരാവകാശനിഷേധനം എന്ന ദുര്യോധന പ്രസ്താവന അർത്ഥവ്യക്തതയില്ലാതെ ചുരുങ്ങിപ്പോയി എന്നതായിരുന്നു ആ കൗരവപദപ്രയോഗത്തിൽ കണ്ട പരിമിതി. കുരുവംശ കൂട്ടുകുടുംബത്തിൽ പാണ്ഡവർക്കു് ഓഹരി ചോദിക്കാനുള്ള പൗരാവകാശം പിന്നീടുണ്ടാവില്ല എന്ന അനുച്ഛേദം കൂടി ചേർത്തു്, നിർണ്ണായക വാമൊഴിപ്രസ്താവന കുരുവംശ രാജമുദ്രയുള്ള ഔദ്യോഗികരേഖയാക്കിയിരുന്നെങ്കിൽ, മഹാഭാരതയുദ്ധം തന്നെ നിയമപരമായി നിലനിൽപ്പില്ലാതെ അപ്രസക്തമാവില്ലേ? ഇതുവരെ കിട്ടിക്കൊണ്ടിരുന്ന മൂന്നു നേരം സസ്യേതര ഭക്ഷണത്തിനു കൊട്ടാരം ഊട്ടുപുരയിൽ ഇന്നുമുതൽ പ്രവേശനം നിഷേധിച്ചുകൊണ്ടല്ല തിരിച്ചടിയിൽ ദുര്യോധനൻ എന്നെ ശിക്ഷിക്കേണ്ടതു്.”

2019-09-24

“എവിടെ തിരിഞ്ഞൊന്നു നോക്കിയാലും മൺഭരണികളിൽ തെളിനീർ, സൗജന്യഭക്ഷണം വിളമ്പുന്ന ഊട്ടുപുരകൾ, ശുചിമുറികൾ-എന്നിട്ടും സമരമുഖം തുറന്നു പാണ്ഡവർക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെ കാര്യമെന്താണു്?” കൊട്ടാരം ലേഖിക ചോദിച്ചു. അതീവസുരക്ഷാമേഖലയിൽ തടിച്ചുകൂടിയ കൗരവരാജവിധവകൾ “വിട്ടു തരൂ ഘാതകനെ” എന്നു് ഒച്ചവെക്കുന്ന ശീതകാല പ്രഭാതം.

“കുടിവെള്ളവും ധാന്യവും പ്രദർശിപ്പിക്കുന്ന പാണ്ഡവഭരണകൂടത്തിന്റെ കബളിപ്പിക്കലിൽ കുറച്ചുകാലം ഞങ്ങളും വീണു. പാഠം പഠിച്ചു. പിന്നെ സംഘടിച്ചു. കുരുക്ഷേത്രയുടെ പാണ്ഡവ വിജയ വാർഷികം ആഘോഷിക്കാൻ നാടൊട്ടുക്കു് ഭരണകൂടം അലങ്കരിക്കുമ്പോൾ, ഹസ്തിനപുരിയുടെ അഖണ്ഡത സംരക്ഷിക്കാൻ ജീവത്യാഗം ചെയ്ത നൂറോളം കൗരവ ആത്മാക്കൾ മന്ത്രിക്കുന്നു-ഞങ്ങളെ കഴുത്തു ഞെരിച്ചു കൊന്ന ഭീമനെ പിടിച്ചുനിർത്തി പൊതുനിരത്തിൽ തോലുരിക്കൂ.”

2019-09-26

“എങ്ങനെ ഓർക്കപ്പെടാനാണു് മോഹം?” കൊട്ടാരം ലേഖിക ചോദിച്ചു.

ശരശയ്യ, ശിശിരകാല പ്രഭാതം.

“എന്നെ വീഴ്ത്തിയതു് പാണ്ഡവായുധമാണെങ്കിലും, ഭാവിയിലവർ മഹത്വപ്പെടുത്താൻ പ്രേരിതരാവും. ഞാനൊ ‘രവിശ്വസ്ത സൈന്യാധിപൻ’ എന്നു് കൗരവർ അടയാളപ്പെടുത്തുമായിരുന്നു, ഉന്മൂലനാശത്തിനവർ ഇരകളായിരുന്നില്ലെങ്കിൽ. ബഹുസ്വര കൗരവ വിധവകൾ ‘രക്തസാക്ഷി’യെന്നു വിളംബരപ്പെടുത്തുമെന്നാണെന്റെ വിശ്വാസം, പുതുതലമുറ കുമാരികൾ ‘പുരാതന വസ്തു’വെന്നെന്നെ പരിഹസിച്ചിരുന്നെങ്കിലും. പ്രാണനെടുത്തതു പാണ്ഡവർ എന്നതാണൊരു ആശ്വാസം കാരണം, യുദ്ധം ജയിച്ചു അധികാരത്തിൽ കയറുന്ന യുധിഷ്ഠിരൻ. രാജപദവിയിൽ ആദ്യം ചെയ്യേണ്ടിവരിക ദേശരത്ന പുരസ്കാരത്തിലൂടെ എന്നെ ‘കൈവശപ്പെടുത്തുക’യെന്ന തന്ത്രമായിരിക്കും. കൗരവ വിധവകൾക്കും പാണ്ഡവർക്കും ഞാനൊരു ചട്ടുകമായിരിക്കാം, പക്ഷെ മറക്കപ്പെടില്ലെന്ന മോഹത്തോടെ ശരശയ്യയിൽ നിന്നു് ചിതയിലേക്കു്, വിട.”

2019-09-27

“വഴിയിലാരെങ്കിലും തിരിച്ചറിഞ്ഞുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“കാൽ നൂറ്റാണ്ടു കഴിഞ്ഞില്ലേ കാട്ടിൽ പോയിട്ടു്. ധൃതരാഷ്ട്രർ തിരിച്ചറിയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. കണ്ണുകെട്ടി കാഴ്ച മറച്ച ഗാന്ധാരി ശബ്ദം കേട്ടിട്ടും തിരിച്ചറിഞ്ഞില്ല. തിരിച്ചറിഞ്ഞെങ്കിലും, വിവേകത്തിന്റെയും ശരിപെരുമാറ്റത്തിന്റെയും മാതൃകയായ വിദുരർ പിൻവാങ്ങി. കാവൽക്കാർ ഞങ്ങളെ പിടികൂടി അനാഥാലയത്തിലേക്കയക്കാൻ കാളവണ്ടി ഒരുക്കുമ്പോഴായിരുന്നു നായ അടുത്തേക്കു് കുതിച്ചതു്, കുട്ടികളെ കൂട്ടിപ്പിടിച്ചു ഞാൻ ഒതുങ്ങി. അടുത്തു് വന്ന നായ കടന്നാക്രമിക്കുന്നതിനു പകരം, വിധേയത്വത്തോടെ വാലാട്ടാൻ തുടങ്ങി.” വിദുരർ സംശയം മാറിയ പോലെ മുറ്റത്തേക്കു് ധൃതിപിടിച്ചു വന്നു എല്ലാവരോടുമായി പറഞ്ഞു,

“സ്ഥാനത്യാഗം ചെയ്തു കാട്ടിൽ പോവുമ്പോൾ ഈ വളർത്തു നായ കുട്ടിയായിരുന്നു. നിങ്ങൾ അതിനെ പരിചരിച്ച ഓർമ്മ കാലമെത്ര ചെന്നിട്ടും മറന്നിട്ടില്ല എന്നു് വ്യക്തമായി. നിങ്ങൾ കാട്ടിൽ പോയ ദിവസം മുതൽ കോട്ടക്കു് മുകളിൽ വടക്കൻ ഭാഗത്തേക്കു് നോക്കി കാത്തുനിൽക്കുമായിരുന്നു, നാം സാധാരണ മനുഷ്യർ സമാനബാല്യാനുഭവങ്ങൾ സൗകര്യപൂർവ്വം മറക്കുമെങ്കിലും. കുന്തിയും കുട്ടികളും അരമനയിലേക്കു വരൂ നിങ്ങൾ അവകാശികളാണു് അഭയാർത്ഥികളല്ല എന്നു് ഞാൻ കൊട്ടാരത്തിന്റെ അകത്തളങ്ങളിൽ ഔദ്യോഗിക സൂചന കൊടുത്തു.”

“നേതൃപാടവം വ്യക്തമാക്കുമ്പോഴും യുധിഷ്ഠിരൻ ധാർമ്മികത വിടാത്ത ഓർമ വല്ലതുമുണ്ടോ, പങ്കുവക്കാൻ?”, നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

തളർന്നിരുന്നെങ്കിലും, വീര്യം വിടാതെ, ഒരു പ്രമുഖകൌരവനെ ഓടിച്ചിട്ടു് പിടിച്ചു്, ഞെക്കിക്കൊല്ലാനുള്ള മോഹം ഈ കരളിൽ തിളക്കുമ്പോൾ, അരക്കെട്ടിലാരോ ഊരാകുടുക്കിട്ടു കയർ പിന്നിലേക്കു് വലിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോൾ, “വാളുള്ളപ്പോൾ നീ നഗ്നഹസ്തങ്ങൾ കൊണ്ടു് പ്രതിയോഗിയെ അധാർമ്മികമായി ഞെക്കിക്കൊല്ലുമോ?” എന്നു് ശാസനയുടെ സ്വരത്തിൽ ചോദിച്ച യുധിഷ്ഠിരൻ, ബന്ദികൌരവനെ തട്ടിപ്പറിച്ചെടുത്തു മലർത്തിക്കിടത്തി കഴുത്തറത്തു ഭീമനെ വെല്ലു വിളിച്ചു, “ഇന്നു് നീയെത്ര കൌരവമാറുപിളർത്തി?”

2019-09-28

“ശത്രു കൊല്ലപ്പെട്ടില്ലേ? ചരമശുശ്രൂഷയിലും ശവമടക്കിലും അനുസ്മരണയോഗത്തിലും സ്മൃതിമണ്ഡപനിർമ്മിതിയിലും സജീവസാന്നിധ്യമായിരുന്ന ‘ശാന്ത’ഭീമനെ ഞാൻ ഓർക്കുന്നു. എന്നിട്ടിപ്പോൾ പുള്ളിക്കാരനെന്താ ദുര്യോധനപ്രതിമയെ ചാട്ടവർകൊണ്ടടിച്ചു ‘രൗദ്ര’ വൈകാരികതയോടെ ചോദ്യം ചെയ്യുന്നതു്?”, കൊട്ടാരം ലേഖിക മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.

“വധം പൂർണ്ണമാവും മുമ്പു് ജേതാക്കൾക്കു സ്ഥലം വിടേണ്ടിവന്നതുകൊണ്ടു്, ഉള്ളിൽ ഉള്ള ക്ഷോഭം ആവിഷ്കരിക്കാനായില്ലെന്നു ഭീമൻ ഖേദിച്ചിരുന്നു. ഈയിടെ വയോജന വിഷാദരോഗിയായപ്പോൾ സ്ഥിതിമാറി. ഇപ്പോഴാണു് വധിക്കാൻ അവസരം കിട്ടുന്നതെങ്കിൽ, കൊല്ലും മുമ്പു് പ്രതികാരവചനങ്ങൾ എണ്ണിയെണ്ണിപ്പറയൂ എന്ന നിർദ്ദേശത്തോടെ ഈ പ്രതിമ ഞാൻ അന്തഃപുരത്തിൽ ഒരുക്കിക്കൊടുത്തു. ‘വിചാരണ’യിൽ സഭാപർവ്വവും വാനപ്രസ്ഥവുമായാൽ, നാടകീയതയോടെ മഹാഭാരത പുനരാവിഷ്കാരം ഭീമനോട്ടത്തിലൂടെ നേരിൽ കാണാം.”

“വിവാഹം കഴിഞ്ഞു മടങ്ങുമ്പോൾ യുധിഷ്ഠിരൻ നിങ്ങളുടെ അച്ഛനോടു് പണം ചോദിച്ചു എന്നു് കൗരവർ പ്രചരിപ്പിക്കുന്നതിൽ കാര്യമുണ്ടോ?” ഖാണ്ഡവപ്രസ്ഥത്തിലേക്കു പോവുന്നതിനുള്ള മുന്നൊരുക്കത്തിലായിരുന്ന പാഞ്ചാലിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഹസ്തിനപുരിയിലെത്തിയാൽ കൌരവരോടു് നിത്യച്ചെലവിനു കടം ചോദിക്കേണ്ടിവരാവുന്ന മാനഹാനി ഒഴിവാക്കാൻ, പാഞ്ചാലിയുടെ സ്ത്രീധനത്തിൽ നിന്നു് രത്നങ്ങൾ ചിലതു് വിൽക്കട്ടെ എന്നു് യുധിഷ്ഠിരൻ അച്ഛനോടു് ചോദിച്ചു എന്നതൊരു വസ്തുതയാണു്. “അവളണിഞ്ഞിരിക്കുന്ന നവരത്നങ്ങൾ ഞാൻ വാങ്ങിച്ചു കൊടുത്തതൊന്നുമല്ല, കർണന്റെ കവചകുണ്ഡലങ്ങൾ പോലെ, അഴിച്ചു മാറ്റിയാൽ ചർമ്മത്തിൽ ചോര കിനിയുന്ന അപൂവ്വയിനം ജനിതകവൈകല്യമാണു്. യാഗാഗ്നിയിൽ നിന്നവൾ വളർച്ചയെത്തിയ സ്ത്രീശരീരവുമായി വന്നപ്പോൾ ആ സ്വർണ്ണശോഭ ഉടലിൽ ഉണ്ടായിരുന്നതാണു്”, എന്നു് പാഞ്ചാലരാജാവു് ‘രഹസ്യം’ വെളിപ്പെടുത്തിയപ്പോൾ വിരണ്ടു പോയ യുധിഷ്ഠിരൻ, പിന്നെ കള്ളവിരൽ കൊണ്ടു് പോലും ‘ജനിതകവൈകല്യ’ത്തിൽ തൊട്ടുനോക്കിയില്ല.”

2019-09-29

“വിവാഹത്തിനും കുടിയേറ്റത്തിനും ഇടക്കൊരിടവേളയിലെ അന്തഃപുരപരിചയം കൊണ്ടു് നിങ്ങൾ നൂറോളം കൗരവരാജവധുക്കളെ കയ്യിലെടുത്തു എന്നോ? സംഘർഷം നിറഞ്ഞ സ്വത്തുതർക്കത്തെ പറ്റി നിഷ്കളങ്കരാണോ അവർ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.

“കുരുവംശസ്വത്തിൽ പാണ്ഡവർക്കു് ഓഹരി തരാൻ കൗരവരെ തലയിണമന്ത്രത്തിലൂടെ പ്രേരിപ്പിക്കൂ എന്നല്ല ഞാനവരോടു് മന്ത്രിച്ചതു്, മറിച്ചു, പെണ്ണുടൽ കരുതലോടെ പരിപാലിച്ചാൽ എങ്ങനെ ഏകപത്നീവ്രതക്കാരായ ഭർത്താക്കന്മാർ എളുപ്പം നിങ്ങൾക്കടിമപ്പെടും എന്നായിരുന്നു.”

“ആട്ടിപ്പുറത്താക്കിയതാണോ?” കൊട്ടാരം ലേഖിക ചോദിച്ചു ഭാര്യയും കുന്തിയുമൊത്തു കാട്ടിലേക്കു് ജീവിതാന്ത്യം ചെലവഴിക്കാൻ, ഒരു നൂറ്റാണ്ടായി അന്തിയുറങ്ങിയ ഹസ്തിനപുരി കൊട്ടാരം വിട്ടിറങ്ങുകയായിരുന്നു അന്ധനും വൃദ്ധനുമായ ധൃതരാഷ്ട്രർ.

“പരിത്യാഗികളായി കാട്ടിൽ കുരുവംശപാളയം സ്ഥാപിച്ചു അന്നന്നത്തെ അപ്പം കൃഷി ചെയ്തുണ്ടാക്കി ഇപ്പോഴും കൗരവർ നൂറുപേരും ജീവിക്കുന്നുണ്ടു് എന്നറിഞ്ഞപ്പോൾ എനിക്കുത്സാഹമായി. തത്സമയ യുദ്ധവാർത്തയിൽ സഞ്ജയൻ വഴി കേട്ടതു്, അവരെയെല്ലാം ഭീമൻ കുരുക്ഷേത്രയിൽ കൊന്നു എന്നായിരുന്നു. മരിച്ചതു് ‘മായാകൗരവ’രാണെന്നിപ്പോൾ ആധികാരികമായ വിവരം കിട്ടിയതോടെ, ഭീമൻ വിഷാദരോഗിയായി. പാണ്ഡവർക്കു് അന്തഃപുരത്തിൽ പ്രവേശനാനുമതി നിഷേധിച്ചു പാഞ്ചാലിയിപ്പോൾ ‘ഭദ്രകാളി വേഷ’മാടുന്നു. ഒരു നേരത്തെ ഭക്ഷണത്തിനായി ഞങ്ങൾ പൊരിവെയിലത്തു വരിനിൽക്കണം എന്നായി. വൈകാതെ കൗരവ പാളയം നാമാവശേഷമാവണമെന്നാണു് ദുര്യോധനന്റെ തീരുമാനം. അപ്പോൾ, പടിയിറങ്ങാൻ പ്രേരണയായി. ഭൗതിക നേട്ടങ്ങളിൽ കുടുങ്ങിയ പാണ്ഡവർ എവിടെ, അതീതലോകത്തെ കുറിച്ചു് ഇപ്പോഴേ വിഭാവന ചെയ്യുന്ന കൗരവരെവിടെ.”

“ഹൃദയം പൊട്ടിയാണു് പാണ്ഡു മരിച്ചതെന്ന വ്യാഖ്യാനം സന്യസ്ഥരിൽ നിന്നുണ്ടായല്ലോ. മുനിശാപം ഇരയെ കണ്ടെത്തി എന്നും. വസ്തുതയുമായി ബന്ധപ്പെടുത്തി എങ്ങനെ ബോധ്യപ്പെടുത്തും സംശയരോഗികളെ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. പാണ്ഡുചിതയിൽ മാദ്രി വെന്തുതീർന്നപ്പോൾ പാണ്ഡവരുമൊത്തു കുടിലിലേക്കു് മടങ്ങുന്ന നേരം

“അവയവമെന്ന നിലയിൽ ഹൃദയത്തിന്റെ ശക്തിദൗർബല്യങ്ങൾ വികാരങ്ങൾക്കു് വിധേയമെന്ന കാഴ്ചപ്പാടിൽ നിങ്ങൾക്കു് വേണ്ടതു് രണ്ടു സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന ആഖ്യാനമാണെന്നു വ്യക്തം. ഭാര്യമാർ പരപുരുഷരതി ആസ്വദിക്കുന്നതു് കണ്ട പാണ്ഡുഹൃദയം പൊട്ടിച്ചിതറി എന്നു് എഴുതിപ്പിടിപ്പിക്കൂ. ഞങ്ങൾ ഹസ്തിനപുരിയിൽ അഭയാർത്ഥികളായി ചെല്ലുമ്പോൾ, നാട്ടുകാർ കൂക്കിവിളിക്കട്ടെ. മാദ്രി ഭാഗ്യവതി സതി അനുഷ്ടിച്ചവൾ ചാരിത്ര്യവതിയായി ലോകമെങ്ങും മഹത്വപ്പെടും. അഞ്ചു ആൺകുട്ടികളുടെ പരിപാലനചുമതലയുള്ള ഞാനോ? വ്യഭിചാരിണി!.”

2019-09-30

“ചതിച്ചുകൊന്നതിൽ നൊമ്പരമുണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു. കുന്തിയുടെ ആദ്യത്തെ മകനെന്നു പരക്കെ സംശയിക്കപ്പെടുന്ന കൗരവ സർവ്വസൈന്യാധിപന്റെ കൊച്ചുമകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു കോട്ടക്കകത്തേക്കു തിരിച്ചു പോവാൻ രഥത്തിൽ കയറുന്ന അർജ്ജുനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കാറുമൂടിയ ആ കുരുക്ഷേത്ര സന്ധ്യയിൽ ഞാനും അവനും അമ്പെയ്യാൻ ഒരുങ്ങി പോർക്കളത്തിൽ പരസ്പരം നേരിട്ടു എന്നതു് നേരു തന്നെ. ദുരൂഹസാഹചര്യത്തിൽ ചളിയിൽ താണ രഥചക്രങ്ങൾ ഉയർത്താൻ അവന്റെ തേരാളി ശല്യൻ വിസമ്മതിച്ചതും ശരിയാണു്. നിവൃത്തിയില്ലാതെ സ്വയം മണ്ണിലിറങ്ങിനിന്നു് ചക്രം ഉയർത്താൻ പാടുപെടുന്ന കർണ്ണനെ അനുകമ്പയോടെ ഞങ്ങൾ നോക്കുമ്പോൾ ആയിരുന്നില്ലേ, മാനം വിണ്ടുകീറിയ ഇടിമിന്നലിൽ ആ ധീരസൈനികമേധാവി തൽക്ഷണം മരണമടഞ്ഞതു്? അതു് കണ്ടു മനമിടിഞ്ഞ ഞാൻ ആവനാഴിയിലേക്കു അമ്പു തിരിച്ചിട്ട ഓർമ്മയുമുണ്ടു്. സത്യാവസ്ഥ അതായിരിക്കെ, കഥയറിയാതെ നിങ്ങൾ അർജ്ജുനസ്വഭാവഹത്യക്കു ഇനി കൂട്ടുനിന്നാൽ, ശരിക്കും തെറിക്കുക പരദൂഷണക്കാരിയായ നിന്റെ തലയായിരിക്കും.”

2019-10-01

“കൺകെട്ടഴിച്ചിട്ടില്ലെങ്കിലും ഉറച്ച കാൽവയ്പ്പുകളാണല്ലോ ഗാന്ധാരിക്കു്. ഒരു കൈ അന്ധധൃതരാഷ്ട്രരെ മുറുകെ പിടിക്കുമ്പോൾ മറുകൈ നിങ്ങളെ. അന്തിമ പദയാത്രയിൽ വലഞ്ഞുനടന്നവശയായിട്ടും തുണക്കു വന്നില്ലേ ആ പഴയ പങ്കാളികൾ?” പാണ്ഡവപിതൃക്കളായ ആകാശചാരികളെ ഓർത്തു കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. വിദുരർ മൗനം പാലിച്ചു നടന്നു.

“മാതൃത്വത്തിനു വേണ്ടി നീ യുവത്വത്തിൽ പ്രലോഭിപ്പിച്ചു ബീജദാനം ചെയ്തു ഞങ്ങൾ പ്രസാദിച്ചു. അതിലപ്പുറം എന്തു് ആൾതുണയാണു് വാർദ്ധക്യത്തിൽ ഞങ്ങളിൽ നിന്നു് നീ പ്രതീക്ഷിക്കുന്നതു് എന്നു് ചോദിച്ചവർ വഴിമാറി നടന്നാൽ?”

2019-10-02

“പാമ്പും പെരുച്ചാഴിയും വിഹരിക്കുന്ന കാട്ടിലേക്കു് ഭർത്തൃമാതാവു് ജീവിതാന്ത്യം ചെലവഴിക്കാൻ രണ്ടും കൽപ്പിച്ചിറങ്ങുമ്പോൾ, കൗശലത്തിൽ നിങ്ങൾ കണ്ണടച്ചു അല്ലേ? പോവരുതേ, പൊന്നുപോലെ നോക്കാം എന്നു് പറയേണ്ടതായിരുന്നില്ല-അഞ്ചു പുത്രന്മാരുടെ ഏകവധു?”, വിഷാദരോഗികളായ വയോജനങ്ങളോടു് പാഴ്‌വാക്കു് മാത്രം പറഞ്ഞാൽ പോരാ എന്ന പൊതുസംവാദത്തിലായിരുന്ന മഹാറാണിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“സ്വതന്ത്ര ജീവിതം നയിച്ച വനിതയല്ലേ കുന്തി? കാട്ടുകുടിലിലെ തറയിൽ ഭർത്താവു് രോഗിയായി കിടക്കുമ്പോഴല്ലേ, മർത്യജീവിതം വന്ധ്യമായി തുടർന്നാൽ പോരാ എന്ന തിരിച്ചറിവിൽ, പരപുരുഷരതി പ്രായോഗികതലത്തിൽ കൊണ്ടുവന്നതു്? ഖാണ്ഡവവനത്തിലേക്കു് ഞങ്ങൾ കുടിയേറാൻ നിർബന്ധിതരായപ്പോൾ, ഞാനും കൂടെ വരാം എന്നു് കുന്തി ഉത്സാഹിച്ചിരുന്നോ?, അതോ, ഇനിയുള്ള കാലം ഗാന്ധാരിക്കു് തുണയായി ഹസ്തിനപുരി കൊട്ടാരത്തിൽ കഴിയും എന്നു് പിൻവാങ്ങിയോ? വാനപ്രസ്ഥമെന്നും പറഞ്ഞു ഇപ്പോൾ നിങ്ങൾ കുന്തിയെ മൂല്യം കുറച്ചു വിലയിരുത്തരുതു് ആ മഹതിയെ പ്രശംസിച്ചു തന്നെ ഈ സംവാദം അവസാനിപ്പിക്കട്ടെ, എന്നെന്നേക്കുമായി പടിയിറങ്ങിപ്പോവുന്ന രാജമാതാവിനെ പാഞ്ചാലി പിടിച്ചു നിർത്തിയപ്പോൾ, പ്രതിരോധിക്കാനാവാതെ കുന്തി കീഴടങ്ങി എന്നു് വരും യുഗത്തിലാരും പഴി പറയാതിരിക്കട്ടെ.”

“ചക്രവ്യൂഹത്തിൽ കൊല്ലപ്പെട്ടവന്റെ മകൻ എന്നു് വിദ്യാർത്ഥികൾ നിന്നെ ഇന്നും അവഹേളിച്ചുവോ?” ഉത്തര ചോദിച്ചു. ഹസ്തിനപുരിയിലെ യുദ്ധാനന്തര പാണ്ഡവ ഭരണകാലം.

“ദ്രോണരെ ചതിച്ചുകൊലപ്പെടുത്താനുള്ള പാണ്ഡവ ഗൂഡാലോചനയിൽ നിറസാന്നിധ്യമായ യുധിഷ്ഠിരനാണു് ‘അർദ്ധസത്യം’ എന്ന യുദ്ധസങ്കേതത്തിന്റെ ഉപജ്ഞാതാവു് എന്നു് കൃപാചാര്യൻ നമ്മുടെ ധാർമ്മിഷ്ഠ മഹാരാജാവിനെ അധിക്ഷേപിച്ചു. കിരീടാവകാശിയായ ഞാൻ ചെങ്കോൽ കിട്ടിയാൽ. രാജദ്രോഹികൃപാചാര്യരെ നാടു് കടത്തുകയാവും ആദ്യം ചെയ്യുക എന്നു് പറഞ്ഞപ്പോൾ, കൊട്ടാരഗൂഢാലോചനയിൽ നിന്നെ സർപ്പവിഷം തീണ്ടി വകവരുത്താൻ അർദ്ധസത്യ വിശ്വാസികളെ കൂട്ടുപിടിച്ചുതുടങ്ങി എന്നു് ഉത്തരയോടു് പറയുക എന്നു് കൃപാചാര്യൻ ആജ്ഞാപിച്ചു അമ്മാ.”

“ഓർമ്മക്കുറിപ്പെഴുതിയാൽ കുരുവംശപ്പെരുമക്കു ഭീഷണിയാകുമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“സത്യവതിയുടെ കാലം മുതലുള്ള ആധുനിക ഹസ്തിനപുരി ചരിത്രം തക്ഷശിലയിൽ പഠിച്ച നിങ്ങൾക്കിനിയും മാറിയില്ലേ സംശയം? പാഞ്ചാലിയുടെ ആത്മകഥ താലോലിച്ചുവളർത്തിയെടുത്ത പെരുമക്കു സഹായകരമാവില്ല എന്നു് നവപാണ്ഡവ ഭരണകൂടത്തിനു ബോധ്യമായി. യുധിഷ്ഠിരന്റെ രേഖാമൂലമായ അനുമതി കൂടാതെ ‘ഹസ്തിനപുരി പത്രിക’ ആത്മകഥ പൂർണ്ണമായോ ഭാഗികമായോ പ്രസിദ്ധീകരിച്ചാൽ ദേശസുരക്ഷാ പരിഗണനയിൽ നിയമ മേൽനടപടി ഉണ്ടാവും. കൊട്ടാരം ലേഖികക്കു് നീണ്ടകാല നിർബന്ധിത വനവാസം ഉൾപ്പെടെ.”

2019-10-03

“പാഞ്ചാലി ഞങ്ങൾക്കനുവദിച്ച പഴയ അഭിമുഖങ്ങൾ, വീണ്ടും വായിച്ചു. ഭർത്താക്കന്മാർ കൊള്ളാം എന്ന ധ്വനിയുണ്ടു്. എന്നാൽ ചൂതുകളിയിൽ തോറ്റു കാട്ടിൽ കൗരവ അടിമകളായ ശേഷം തന്ന അഭിമുഖങ്ങളിൽ പതഞ്ഞു പൊങ്ങുന്നതോ ഭർത്തൃനിന്ദ, അതെന്താ അങ്ങനെ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“രാജസൂയ യാഗത്തിൽ, ചക്രവർത്തിനിപദവിയെ കുറിച്ചു് പാഞ്ചാലിക്കു് പ്രത്യാശ നൽകുന്ന ഉദയസൂര്യനായിരുന്ന ഞാൻ. ഇന്നു് കൗരവ അടിമയെന്ന നിലയിൽ നാശചിഹ്ന മായ ധൂമകേതു!.”

“സ്വന്തം കൈ മാത്രം കഴുകിയാൽ പോരാ എന്ന ഗതി വന്നു അല്ലേ?”, അരമന തീൻശാലക്കരികെ ഇച്ചിൽ പാത്രങ്ങൾ കഴുകുന്ന പാണ്ഡവരോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“പാണ്ഡവർ ഉണ്ട പാത്രങ്ങളാണിതെന്നു കരുതിയോ? ഇന്നല്ലേ രക്തസാക്ഷി ദുര്യോധനന്റെ ജന്മദിനം? കൊട്ടാര വിരുന്നിൽ മഹാരാജാവു് യുധിഷ്ഠിരന്റെ വിശിഷ്ടാതിത്ഥികളായെത്തിയതു് കൗരവരാജവിധവകളായിരുന്നു. അവർ സദ്യ ഉണ്ടെണീക്കുമ്പോൾ ഞങ്ങൾ മുട്ടുകുത്തി യാചിച്ചു, ‘ഇച്ചിൽ ഞങ്ങൾ എടുക്കട്ടേ?’ അവർ സമ്മതിച്ചു. പാഞ്ചാലി ഉണ്ടെണീക്കും മുമ്പു് പാത്രങ്ങളെല്ലാം കഴുകിയെടുത്തില്ലെങ്കിൽ, അവളുടെ ഇച്ചിലും ഞങ്ങൾ കഴുകേണ്ടി വരും.”

“കൊട്ടിഘോഷിക്കാൻ കുലീനതയൊന്നും ഇല്ലാതെ അരങ്ങേറ്റ മൈതാനിയിൽ ചുരുങ്ങിപ്പോയ കർണ്ണനെ ആത്മാർത്ഥത കൊണ്ടൊന്നുമല്ല നിങ്ങൾ അംഗരാജാവാക്കിയതെന്നു എല്ലാവർക്കും അറിയാം. ഇല്ലാത്ത രാജ്യത്തിന്റെ കൈമാറ്റാവകാശം ആ പാവത്തിനു് പാരിതോഷികമായി കൈമാറിയതു് ശുദ്ധ തട്ടിപ്പായിരുന്നു എന്നു് യുക്തിവാദി ചാർവാകൻ പറഞ്ഞു കഴിഞ്ഞു. പ്രായത്തിൽ കവിഞ്ഞ പ്രായോഗികബുദ്ധി പ്രദർശിപ്പിക്കുന്ന നിങ്ങൾക്കറിയാമായിരുന്നില്ലേ, അംഗരാജ്യം ഉണ്ടെങ്കിൽ തന്നെ അതു് തീറെഴുതിക്കൊടുക്കാനുള്ള അധികാരം നിങ്ങൾക്കില്ലെന്നു?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“മഗധക്കരികെ അംഗരാജ്യമുണ്ടു്. മക്കളില്ലാത്ത അംഗരാജാവു് കൗരവകുട്ടികൾക്കതു ഇഷ്ടദാനമായി തന്നു എന്നതും വസ്തുത. പ്രായപൂർത്തി എത്താത്ത ദുര്യോധനനു് ക്രയവിക്രയ അവകാശമുണ്ടോ എന്നതല്ലല്ലോ കാമ്പുള്ള കാര്യം. “നീ ആരുടെ മകൻ?” എന്നു് പരസ്യമായി ഭീമൻ വെല്ലുവിളിച്ചപ്പോൾ, അതൊരു കീഴാള അവഹേളനമായി കണ്ട ഞാൻ, പട്ടാഭിഷേകപ്രഹസനം വഴി അംഗരാജാവായി കർണ്ണനെ വാഴിച്ചു.”

“എന്നും എന്നെന്നും നിങ്ങൾക്കു് ഞാനാപ്ത മിത്രം’ എന്നവൻ ഇരുകൈകളും ഉയർത്തി പ്രതിജ്ഞ തന്നില്ലേ? അതിനുശേഷം കർണ്ണൻ അംഗരാജമുദ്രയുള്ള കിരീടവും ചെങ്കോലും തിരുവസ്ത്രവും പ്രതീകാത്മകമായി ധരിക്കുന്നുണ്ടെങ്കിലും, അംഗരാജ്യത്തിലേക്കു അധികാരമുറപ്പിക്കാനുള്ള പടയോട്ടത്തിനൊന്നും ഞങ്ങൾക്കുദ്ദേശ്യമില്ല. കൊട്ടാരം ഊട്ടുപുര മാംസമേളയിൽ നാളെ വന്നാൽ, അംഗരാജാവിനൊപ്പം പൊരിച്ച കാളത്തുട തിന്നാമെന്നു ആ ദരിദ്ര ചാർവാകനോടു് പറയൂ. ഇടക്കൊക്കെ ഒന്നു് വിളിച്ചു അഭിജാത കൗരവർക്കൊപ്പം വിരുന്നുണ്ണാൻ അവസരം കൊടുത്താൽ ഒതുങ്ങുന്ന പ്രതിപക്ഷമാണു് ചാർവാകനും. തിരക്കുണ്ടു്-അംഗരാജ്യത്തിന്റെ ഒരു പ്രാദേശിക രാജധാനി കുരുവംശ കോട്ടക്കകത്തു പണി പൂർത്തിയാക്കി വേണം ഇത്തവണ നവരാത്രി ആഘോഷിക്കാൻ.”

2019-10-04

“ദുരൂഹമരണങ്ങൾ രാജശ്രദ്ധയിൽ പെടുത്തിയിട്ടും, അനങ്ങുന്നില്ലല്ലോ ആരും?”, കൊട്ടാരം ലേഖിക പുതിയ ഹസ്തിനപുരി രാജാവു് പരീക്ഷിത്തിന്റെ അരമന സർവ്വാധികാരിയോടു് ചോദിച്ചു, “പ്രതിഷേധജ്വാലയുമായി കോട്ടവാതിലിൽ തട്ടണോ പൊതുസമൂഹം?”

“സമാനരീതിയിൽ അഞ്ചുപേരും ഒന്നൊന്നായി കുഴഞ്ഞുവീണു എന്ന കണ്ടെത്തലിൽ തുടർ അന്വേഷണത്തിനു് രാജാവു് ഇന്നലെ രാത്രി ഉത്തരവിട്ടു. ഭൗതികാവശിഷ്ടങ്ങൾ മലമുകളിൽ നിന്നു് ഹസ്തിനപുരിയിൽ എത്തിക്കേണ്ട പ്രായോഗിക അസൗകര്യം കണക്കിലെടുത്തു രണ്ടു വൈദ്യശാസ്ത്ര വിദഗ്ദർ നാളെ രാവിലെ യാത്ര തിരിക്കും. ജഡങ്ങൾ മറവു ചെയ്ത ഇടം കാണിച്ചുകൊടുക്കാനും മണ്ണു് മാന്തി പുറത്തെടുക്കാനും വഴി നയിക്കാനും നിങ്ങൾ, കൊട്ടാരം ലേഖിക, തന്നെ യോഗ്യ എന്നു് രാജാവിനു് ബോധ്യമുണ്ടു്. അഞ്ചുപേരെയും വിടാതെ പിന്തുടർന്നു് അഭിമുഖം ചെയ്യുകയും മരണമെത്തുന്ന നേരത്തു അരികിലുണ്ടാവുകയും ചെയ്ത അതേ നിങ്ങൾ, നിങ്ങൾ. ആറാമത്തെയാളുടെ തിരോധാനവും അന്വേഷണത്തിനു് വിധേയമാകും. ഓരോരുത്തരും കുഴഞ്ഞുവീഴുമ്പോൾ തിരിഞ്ഞുനോക്കാതെ കാൽ മുന്നോട്ടുവച്ചയാൾ എന്ന നിങ്ങളുടെ വാർത്ത അതർഹിക്കുന്ന കാഴ്ചപ്പാടിലൂടെ വിദഗ്ധസംഘം പരിഗണിക്കും. അരമനവാർത്തകൾ അതിശയോക്തിയിൽ അവതരിപ്പിക്കുന്ന കൊട്ടാരം ലേഖിക ഉടൻ വിദഗ്ധസംഘത്തിനു മുമ്പിലെത്തി പൂർണ്ണ സഹകരണം കൊടുക്കാനും രാജകൽപ്പന ആവശ്യപ്പെടുന്നു. അനുസരിക്കുക-വഴിയിൽ നിങ്ങൾ ‘കുഴഞ്ഞുവീഴാ’തിരിക്കാൻ.”

“പെണ്ണുടൽ തൊട്ടാൽ കുഴഞ്ഞുവീണു മരിക്കുമെന്ന മുനിശാപം നാട്ടിലായാലും കാട്ടിലായാലും ഒരുപോലെ ഫലിക്കില്ലേ? പിന്നെ ചെങ്കൊലൊക്കെ എറിഞ്ഞു പാണ്ഡുവും നിങ്ങളും ധൃതിയിൽ നാടുവിട്ടതെന്തു കൊണ്ടായിരുന്നു?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.

ബ്രഹ്മചര്യം ‘ഉറപ്പുവരുത്താ’നുള്ള പിതാമഹന്റെ നീണ്ടകാല രതി പരീക്ഷണത്തിൽ, നിത്യവും ഉറക്കറയിൽ നിനക്കു് പങ്കാളിയാവാമോ എന്ന നിർദ്ദേശം വന്നപ്പോൾ, മൂല്യങ്ങൾ ഉൾപ്പെടെ പലതിലും പുനഃപരിശോധന വേണ്ടിവന്നു. കാശിരാജകുമാരികൾ അംബികയും അംബാലികയും വിധവകളായപ്പോൾ, ബ്രഹ്മചര്യപരീക്ഷണങ്ങൾ സഹിക്കാനാവാതെ സത്യവതിക്കൊപ്പം പടിവിട്ടിറങ്ങിയതു് ഞങ്ങളെപ്പോലെ കാട്ടിലേക്കല്ലേ? ശന്തനു മരിച്ചപ്പോൾ, വിധവ സത്യവതി, കിടപ്പറക്കൂട്ടു് എന്ന നിർദേശത്തിനെത്രകാലം വഴങ്ങിക്കൊടുത്തു എന്നറിയാൻ അരമനചുവരുകൾക്കു ചെവിയുണ്ടായിരുന്നു. ഉറക്കറസഹവാസമാണു് ഉന്നമെന്നു പിതാമഹൻ ഇരുകൈകളും ഉയർത്തി പറയുമെങ്കിലും, ഉറക്കത്തിലെന്നപോലെ മേനിതൊടും, തലോടും, വിവസ്ത്രയുമാക്കും. ഒരുമിച്ചു വേണം നിത്യവും കുളിക്കാനെന്നു നിർദ്ദേശിക്കും. അനുസരണയിൽ കവിഞ്ഞൊരു നിഷേധ പ്രതികരണവും പിതാമഹനു സ്വീകാര്യമല്ലെന്നറിയിക്കും. ‘വലിയ തമ്പുരാൻ’ എന്നൊരു പ്രതിച്ഛായ നിലനിർത്തി, സ്വയം ബ്രഹ്മചാരിയെന്നു ഒച്ചവെച്ചു വിശേഷിപ്പിച്ചിരുന്നെങ്കിലും, കരൾ നിറയെ പുകഞ്ഞുയർന്ന വന്യരതിഭാവനയായിരുന്നു നിസ്സഹായരായ ഞങ്ങളിലൂടെ ആ ‘പരീക്ഷണകുതുകി’ സാക്ഷാത്ക്കരിച്ചിരുന്നതു് കൂടുതൽ പറഞ്ഞാൽ കുരുവംശചരിത്രത്തിന്റെ താളം തെറ്റും.

2019-10-06

“അത്താഴവിരുന്നു ബഹിഷ്കരിക്കാൻ മാത്രം എന്തുണ്ടായി? മഹാറാണി സത്യവതിയുടെ ജന്മദിനാഘോഷമല്ലേ? മഹാറാണി സ്വയം വിളമ്പിത്തന്ന മധുരം തൊട്ടുനോക്കാതെയാണല്ലോ നിങ്ങൾ എഴുന്നേറ്റു പോയതു്?” പാണ്ഡു മാതാവായ അംബാലികയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“സത്യവതി വിളമ്പിക്കൊടുത്ത പാൽ കുടിച്ചായിരുന്നില്ലേ ശന്തനു അന്ത്യശ്വാസം വലിച്ചതെന്നു തോഴികൾ പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല. മക്കൾ ചിത്രാംഗദനും വിചിത്രവീര്യനും ജീവൻ വെടിഞ്ഞതു് അസ്വാഭാവിക കാരണങ്ങളാൽ ആയിരുന്നു. തീൻശാലയിൽ എന്നെയും അംബികയെയും സത്യവതി അടുപ്പിക്കാറില്ല. വൃദ്ധശന്തനു വാക്കാൽ കൊടുത്ത ഉറപ്പു പാലിക്കാതെ വന്നപ്പോൾ, സത്യവതി വിഷത്തുള്ളി പാലിൽ കലക്കി കുടിപ്പിച്ചായിരുന്നു ആ ദുർമരണങ്ങൾ. ഭീഷ്മർ സ്വയം അസ്വാഭാവികമരണത്തിൽ നിന്നു് രക്ഷപ്പെട്ടയാളല്ലേ? കൃപാചാര്യൻ പറയും, സ്വച്ഛന്ദമൃത്യുവാണു് പിതാമഹനെന്നു്. അത്തരം അതീതസൗഭാഗ്യങ്ങളെ കുറിച്ചൊന്നും മനുഷ്യപുത്രിയായ എനിക്കറിയാൻ വയ്യ. എന്നാൽ ഒന്നറിയുന്നു. സത്യവതിയുടെ നിഴൽ ഹസ്തിനപുരി കൊട്ടാരത്തിൽ കണ്ടാൽ, അന്നവിടെ ഒരസ്വഭാവിക മരണം ഉറപ്പു്.”

ഒരിക്കൽ സുന്ദരിയായിരുന്ന അംബാലിക മനോരോഗിയെ പോലെ പകച്ചുനോക്കിയും പിറുപിറുത്തും ചുറ്റും സംശയത്തോടെ പരതി. ജാലകത്തിന്നപ്പുറത്തു സത്യവതി പുത്രവിധവയെ ശിരോവസ്ത്രം കൊണ്ടു് മുഖം മറച്ചു നിരീക്ഷിക്കുന്നതു് കൊട്ടാരം ലേഖികക്കു് ഒളിനോട്ടത്തിലൂടെ കാണാമായിരുന്നു.

2019-10-07

“കടന്നാക്രമണത്തിനു മുതിർന്നരെ ചെറുക്കാൻ സൈനികമേധാവിത്വത്തിനു ധീരനേതൃത്വം നൽകിയ രാജകുമാരനെ ‘കുരുവംശദാസൻ’ എന്ന വിശിഷ്ടപദവിയിലേക്കുയർത്തുവാൻ ഉന്നതാധികാരസമിതി തീരുമാനിച്ചു എന്നു് കേട്ടല്ലോ”, കൊട്ടാരം ലേഖിക പ്രതിരോധമന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന ഭീമനോടു് ചോദിച്ചു. കൗരവരാജവിധവകൾക്കുള്ള ധാന്യവും വസ്ത്രവും നേരിട്ടെത്തിച്ചു മടങ്ങി വരികയായിരുന്നു ഭരണകൂട അധികാരശ്രേണിയിലെ രണ്ടാമൻ.

“പൊതുജീവിതത്തിലെ അഭിമാന നിമിഷം. ഒരാഴ്ചമുമ്പു് ഞാൻ ദുര്യോധനന്റെ അന്ത്യവിശ്രമ സ്ഥലിയിൽ പോയി ഏകനായി ശ്രമദാനം ചെയ്തു. കല്ലും കരടുമൊക്കെ നീക്കി തിരികത്തിച്ചു. കുലദ്രോഹികളിൽ നിന്നു് കുരുവംശത്തെ രക്ഷിക്കാൻ കുരുക്ഷേത്രയിൽ സ്വയം കുരുതികൊടുത്ത വീരനായകൻ ആരോരുമറിയാതെ കിടക്കുന്നതെന്റെ കരൾ നോവിച്ചു. അടുത്ത ഭരണസമിതിയോഗത്തിൽ അവതരിപ്പിച്ച നിർദ്ദേശങ്ങൾ പൂർണ്ണമായും യുധിഷ്ഠിരൻ അംഗീകരിച്ചതനുസരിച്ചു വിശുദ്ധപദവിയിലേക്കുള്ള ആദ്യഘട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവും. കുരുവംശദാസൻ എന്ന പദവി അർത്ഥമാക്കുന്നതു് എന്താണെന്നോ? പരേത പോരാളിയുടെ എളിമയും സ്വഭാവ പരിശുദ്ധിയും അല്ലാതെ മറ്റെന്തു്? അടുത്ത ഘട്ടത്തിൽ കൗരവരാജ വിധവകളെ ഉൾപ്പെടുത്തി കുടുംബയോഗത്തിൽ “അവൻ ഞങ്ങൾക്കു് അഭിവന്ദ്യൻ” എന്ന അപൂർവ്വ പട്ടം നൽകുമെന്നു നിങ്ങൾ കേട്ടതും വസ്തുതയാണു്. പൊതുവേദിയിൽ രാഷ്ട്രത്തലവൻമാരുടെ സാന്നിധ്യത്തിൽ, എല്ലാവരും എഴുന്നേറ്റു നിന്നു് കൈ കൊട്ടി “പോർക്കളത്തിൽ നീ ഞങ്ങൾക്കു് വഴികാട്ടി, നീ ഗംഗാതടത്തിൽ വാഴ്ത്തപ്പെട്ടവൻ” എന്ന പദവി നൽകി ആദരിക്കും. കോട്ടവാതിലിനു പുറത്തു ദുര്യോധനന്റെ പഞ്ചലോഹ പൂർണ്ണകായപ്രതിമ അനാശ്ചാദനം ചെയ്യും. ദുര്യോധനദാസൻ എന്നു് രാഷ്ട്രത്തിനു മുന്നിൽ കിരീടാവകാശി പരീക്ഷിത്തു് സ്വയം സമർപ്പിക്കുന്നതോടെ, കൃതജ്ഞതയുടെ ഒരു പണത്തൂക്കം എന്ന നിലയിൽ ഈ കൊല്ലത്തെ തിരശ്ശീല വീഴും, നീണ്ട ആഘോഷപരിപാടിയുടെ ഔദ്യോഗിക ഏകോപനം സ്വാഭാവികമായും മഹാറാണി പാഞ്ചാലിയുടെ അധികാരപരിധിയിൽ ആയിരിക്കും. ഇനി എന്നെ പോകാൻ അനുവദിക്കൂ.”

2019-10-08

“അഭിനിവേശമായിരുന്നുവോ? അതോ, മൃദുലവികാരമില്ലാത്തൊരു രതിവേട്ടക്കാരനായിരുന്നുവോ?” കൊട്ടാരം ലേഖിക ചോദിച്ചു. പ്രതിനായക അന്ത്യവിശ്രമ സ്ഥലിയിൽ പുഷ്പാർച്ചന ചെയ്തു പാഞ്ചാലി കൊട്ടാരത്തിലേക്കു മടങ്ങുന്ന സന്ധ്യ.

“ദുരനുഭവ പട്ടികയിൽ ഇനിയുമുണ്ടോ എണ്ണിയെണ്ണി ഓർമ്മിക്കുവാൻ എന്നു് നിങ്ങൾ ചോദിച്ചപ്പോൾ പഴയ വസ്ത്രാക്ഷേപം ആവർത്തിക്കാൻ മാത്രം നിഷ്കളങ്കയല്ലല്ലോ ഞാൻ. നവവധുവെന്ന നിലയിൽ പാണ്ഡവരുമൊത്തു ഹസ്തിനപുരിയിൽ താമസിക്കാൻ കൗരവർ അനുവദിച്ചതു് നഗരാതിർത്തിയിലെ അതിഥിമന്ദിരമായിരുന്നു. കുന്തി വിദുരർക്കൊപ്പം കൂടി. പ്രഭാതഭക്ഷണം പാചകം ചെയ്തു കഴിച്ചാൽ പാണ്ഡവർ അരമനയിലേക്കെന്നു പറഞ്ഞു പടിയിറങ്ങിപ്പോവും. അപ്പോൾ കാണാം, രാജവസ്ത്രങ്ങൾ ധരിച്ചു ദുര്യോധനൻ. എവിടെ നിന്നോ എങ്ങോട്ടോ ഔദ്യോഗികാവശ്യങ്ങൾക്കായി പോവുന്നതിനിടയിൽ ആജ്ഞ സ്വീകരിക്കാൻ തൊട്ടരികെ നിറഞ്ഞു നിൽക്കും. ആസ്വാദ്യകരമായി ആലിംഗനം ചെയ്യും. പിൻകഴുത്തിൽ മുഖം അമർത്തിപ്പിടിക്കും. ഗന്ധം ഇഷ്ടമാണെന്നു പറയും. മൃദുവിരലുകൾക്കപ്പോൾ പര്യവേഷണത്തിനു പെണ്ണുടൽ ഉപാധിയില്ലാതെ അനുമതി നല്കിയിട്ടുണ്ടാവും. അതിഥിമന്ദിരത്തിന്റെ ആഡംബരവും സ്വകാര്യതയും തണൽമരകൂട്ടങ്ങളുടെ നിഴലും, അതു് പോലെ തനിമയോടെ കണ്ടിട്ടുണ്ടെങ്കിൽ, അജ്ഞാത വാസക്കാലത്തു വിരാടസേനാപതി കീചകനിലായിരുന്നു. കൊതിപ്പിച്ചു വന്ന ആ യുവകോമളന്റെ നെഞ്ചിൽ കയറിയിരുന്നു വായും മൂക്കും കുത്തിപ്പിടിച്ചു ഭീമൻ കൊന്നതു് എന്റെ മുമ്പിൽ വച്ചായിരുന്നു. പാപം ചെയ്ത ഭീമഹസ്തങ്ങൾക്കെന്റെ ശരീരം സ്പർശനാനുമതി എന്നെന്നേക്കുമായി നിഷേധിച്ചു. എന്നിട്ടും ആ ശിക്ഷ പോരാ, പോരാ എന്നെനിക്കു പിന്നെയും പിന്നെയും തോന്നി.”

“കർമ്മനിരതരാവേണ്ട പാണ്ഡവർ കയ്യും കെട്ടി നിൽക്കുന്ന അസാധാരണ കാഴ്ച!. ഭക്ഷണമുണ്ടായിട്ടും എന്താണവർ കാത്തിരിക്കുന്നതു്?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. ജാലകത്തിലൂടെ കാണാമായിരുന്നു, വിട്ടുവീഴ്ചയില്ലാത്ത പാണ്ഡവ മുഖഭാവങ്ങൾ.

“പതിവിനു വിരുദ്ധമായി ഞാൻ അക്ഷയപാത്രത്തിൽ കയ്യിട്ടുവാരി ആദ്യ ഉരുള കഴിക്കണം എന്നു് യുധിഷ്ഠിരൻ ശാഠ്യം പിടിക്കുന്നു. അവരയറിയാതെ ഞാനതിൽ പാമ്പുംവിഷം ചേർത്തിട്ടുണ്ടാവുമെന്നു സന്യസ്ഥൻ മുന്നറിയിപ്പു് കൊടുത്തു എന്നാണറിയുന്നതു് ആരാദ്യം വായിലിടും ആദ്യ ഉരുള എന്ന കഠിന ചോദ്യമാണവർ എന്നെക്കൊണ്ടു് ഉത്തരം പറയിപ്പിക്കുന്നതു് പിടി അയഞ്ഞു എന്നു് വരാതെ ഞാൻ ചെറുക്കുന്നതും അതുതന്നെ. ഇതൊരു വിശപ്പടക്കൽ സമരമല്ല ജീവന്മരണ പ്രശ്നമാണു്.”

2019-10-09

“ഇനിയെങ്കിലും പാഞ്ചാലിക്കു് മോചനം കൊടുക്കൂ. വേണമെങ്കിൽ ഞാൻ നിങ്ങളുടെ അടിമയാവാം”, ദുര്യോധനനു് മുമ്പിൽ കൊട്ടാരം ലേഖിക മുട്ടുകുത്തി കൈ കൂപ്പി.

“ഏകശിലാദാമ്പത്യജീവിതം നയിക്കുന്ന എന്നെ ലൈംഗികമായി പ്രലോഭിപ്പിച്ചതു് തൽക്കാലം വിടുന്നു. പരിഷ്കൃതസമൂഹമെങ്കിലും, വ്യവസ്ഥാപിത അടിമവ്യവഹാര നിയമത്തിന്റെ അന്തഃസത്തയെ അധിക്ഷേപിക്കുന്ന അഭിമുഖങ്ങൾ ചുവരെഴുത്തു പതിപ്പുകളിൽ അരുതു് എന്നു് താക്കീതു തരുന്നു. ആവർത്തിച്ചാൽ, ഇനിയൊരു മുന്നറിയിപ്പിനു് സാധ്യത ഇല്ലാതെ, വിസർജ്ജന ഇടങ്ങളിൽ നിന്നും ജൈവമാലിന്യം നീക്കുന്ന പണി എല്പ്പിക്കുക ‘ഹസ്തിനപുരി പത്രിക’യെ ആയിരിക്കും.”

“ഊഷ്മളമായിരുന്നുവോ ഗുരുശിഷ്യ പാരസ്പര്യം?”, കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലനെ ബന്ദിയാക്കി അർജ്ജുനൻ ദ്രോണർക്കു ‘ഗുരുദക്ഷിണ’ കൊടുക്കുന്ന ചടങ്ങു കഴിഞ്ഞ നേരം.

“കുന്തിയുമൊത്തു് അഭയാർത്ഥികളായി ഹസ്തിനപുരിയിൽ വരുമ്പോൾ, കൗരവർ ആധിപത്യം സ്ഥാപിക്കാത്ത ഇടമില്ലായിരുന്നു. കൗശലപൂർവ്വം പക്ഷം ചേർന്നു് ദ്രോണർ അരമന പോലൊരു വസതി തട്ടിയെടുത്തു. കാട്ടിൽ വളർന്ന പാണ്ഡവർ വന്യമൃഗങ്ങളുടെ കഴുത്തു കടിച്ചുമുറിച്ചു ചുടുചോര ഊറ്റി കുടിക്കുമെന്നൊക്കെ കൌരവർ പൊലിപ്പിച്ചിരുന്നതു് ദ്രോണർ മുഖവിലക്കെടുത്തു. ഏകലവ്യനോടെന്ന പോലെ, ഞങ്ങളുടെ തള്ളവിരലും ഗുരുദക്ഷിണയായി ഭാവിയിൽ മുറിച്ചു മേടിക്കുമെന്നായപ്പോൾ, രണ്ടും കല്പ്പിച്ചു ദ്രോണചെവിയിൽ യുധിഷ്ഠിര ജന്മരഹസ്യം ഉച്ചരിച്ചു. ധർമ്മിഷ്ഠനെന്നു മേനി പറഞ്ഞിരുന്ന യുധിഷ്ഠിരൻ മരണദേവതയുടെ ഇഷ്ടസന്തതിയാണെന്നറിഞ്ഞപ്പോൾ കാണണമായിരുന്നു ആ മുഖം. പെട്ടെന്നു് കഥ മാറി. അഞ്ചു പാണ്ഡവരെയും കണ്ടാലുടൻ പുഞ്ചിരിയും പാരസ്പര്യവുമായി.”

2019-10-10

“രാവിലെ നിങ്ങൾ ചക്രവർത്തിനി, സന്ധ്യക്കു് പണയവസ്തു,ഇപ്പോൾ കൗരവഅടിമ. മനം നൊന്തു ആത്മഹത്യ ആലോചിച്ചുവോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“അതിനുമുമ്പു് ചെയ്യേണ്ട ചില നരഹത്യകൾ ബാക്കിയുണ്ടു്.”

“വിരാടമാക്രമിച്ചു നാൽക്കാലികളെ തട്ടിയെടുക്കാൻ മാത്രം മാംസക്ഷാമം ഹസ്തിനപുരിയിൽ ഉണ്ടായിരുന്നോ?”, കൊട്ടാരം ലേഖിക ചോദിച്ചു. ബൃഹന്നള ഒറ്റയ്ക്കു് തോൽപ്പിച്ച കൗരവസൈന്യം തിരിച്ചുവരുന്ന സമയം.

“മഹായുദ്ധമല്ലേ വരുന്നതു്? സ്വത്തുതർക്കമെന്നു നിങ്ങൾ പറയും. കൗരവ നന്മക്കെതിരെ പാണ്ഡവ തിന്മ എന്നു ഞങ്ങളും. ശത്രുഹൃദയത്തിലേക്കു കുന്തം എറിയേണ്ട കൗരവപോരാളികൾ യുദ്ധവീര്യത്തിനു കഴിക്കേണ്ടതു് ധാന്യക്കഞ്ഞിയോ മാട്ടിറച്ചിയോ? തോൽവിസാധ്യത അറിഞ്ഞിട്ടും, പോഷകാഹാര ലക്ഷ്യം അടിവരയിട്ടൂന്നി, തീൻശാലയിൽ എന്നെന്നും മാംസഭക്ഷണം വിളമ്പാൻ മോഹിക്കുന്ന മനുഷ്യവംശത്തിനു എന്തോ മഹത്തായ സൂചന ഈ നാൽക്കാലി യുദ്ധം തരുന്നില്ലേ?”

2019-10-11

“അവൾ രഹസ്യ നിരീക്ഷണത്തിനു വിധേയ? പ്രതിഷേധിച്ചില്ലേ? പരിത്യാഗികളല്ലേ നിങ്ങൾ? അതോ, എരിയുന്നുണ്ടോ നിങ്ങളിലും പ്രണയഹൃദയം?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഞാനൊരംഗപരിമിതനെന്ന കാര്യം ഓരോ അക്ഷരം ഉച്ചരിക്കുമ്പോഴും ഓർക്ക. ഇരുന്നു ചെയ്യാവുന്ന ജോലിയാണു് ഗുരു തന്നതു് തുറന്ന ജാലകത്തിലൂടെ നോട്ടം പുറത്തേക്കു തിരിയും. കാഴ്ച തടസ്സപ്പെടാത്ത പാണ്ഡവാശ്രമത്തിൽ പാഞ്ചാലിയുടെചലനത്തിനായി ഹൃദയം തുടിക്കും. കുളി കഴിഞ്ഞു ഈറൻ തുണികൾ ഉണക്കാൻ ഇടുന്നതോടെ കാഴ്ച മറയും. അപ്പോൾ അസ്വസ്ഥനാവും. വൈകുന്നേരം ഉണങ്ങിയ തുണികൾ എടുക്കാൻ പാഞ്ചാലി വരുമ്പോൾ, തുടിക്കുന്ന നെഞ്ചുമായി ഞാനവളെ തുറിച്ചു നോക്കും. അവൾ എന്നെ കാണാറുണ്ടോ? ഉണ്ടെന്നു ആരാധനയോടെ സങ്കൽപ്പിക്കും. പാണ്ഡവരിലൊരാൾ സംശയത്തോടെ വന്നു ആശ്രമങ്ങൾക്കിടയിലെ വേലിക്കെട്ടു കൂട്ടിയിടുമ്പോൾ ഞാനാകെ തളരും. അഞ്ചു ബലിഷ്ഠകായന്മാർ അവളിൽ ശാരീരികാധിപത്യം പുലർത്തുന്നതു് എന്നെ വേട്ടയാടും. ഈശ്വരാ എന്തെല്ലാം പരീക്ഷകൾ നീ പാഞ്ചാലിക്കു് കൊടുത്തിട്ടും, ചിന്നിച്ചിതറാതെ അവൾ പിടിച്ചുനിൽക്കാൻ, അപാരതയോടു ഞാനപ്പോൾ പ്രാർത്ഥിക്കും.”

“പൗരാവകാശങ്ങളില്ലെങ്കിലും, തൊഴിൽ ചെയ്തു ജീവിക്കാൻ അവർക്കവസരം കൊടുത്തുകൂടെ? നാടു് കടത്തേണ്ട കാര്യമെന്താണു്?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“ജനരോഷം അസഹ്യമായാൽ? നഗരമുണരും മുമ്പവർ മുഖാവരണമണിഞ്ഞു ഒളിച്ചോടുന്നതു് പ്രഭാതസവാരിക്കൂ പോയ ജനം കണ്ടതല്ലേ? ഉത്തരവാദിത്തം മറന്നു പൊതുമുതൽ പണയം വെച്ചവർ ചൂതാടിയതു ആദ്യ കുറ്റം, കൂടെ പൊറുക്കുന്നവളെ പണയം വച്ചതു സ്ത്രീത്വത്തോടുള്ള അവഹേളനം. പാഞ്ചാലിയുടെ പെരുമാറ്റവും ജനത്തെ വിറളി പിടിപ്പിച്ചു. ആണുങ്ങൾക്കു് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ചൂതാട്ടസഭയിൽ, അല്പവസ്ത്രയായി വന്നു പ്രകോപനപരമായ കർമ്മകാണ്ഡത്തിലൂടെ പൂർണ്ണവിവസ്ത്രയായതു വഴി പാഞ്ചാലി പ്രകടിപ്പിച്ച ലൈംഗിക അരാജകത്വം പരിഷ്കൃത സമൂഹമായ ഹസ്തിനപുരിക്കു് അപമാനമെന്നു് തെരുവോരങ്ങളിൽ പ്രതിഷേധജ്വാല നിങ്ങൾ കണ്ടില്ലേ?”

2019-10-14

“തിരുശേഷിപ്പിൽ ധൂപാർച്ചന ചെയ്യാൻ നിയോഗം നിങ്ങൾക്കായിരുന്നല്ലേ? അഭിനന്ദനങ്ങൾ. എങ്ങനെ കാണുന്നു പരേത യോദ്ധാവിനെ ധീരനായകപദവിയിലേക്കുയർത്തിയ പരിപാവനചടങ്ങിൽ, ആദ്യാവസാനം പങ്കെടുത്ത നേരനുഭവം?” കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു.

“യുദ്ധത്തിൽ അവൻ കൊല്ലപ്പെട്ടു എന്നതൊരു കെട്ടുകഥയെന്നു തെളിഞ്ഞ ദിനം. ആദ്യമൊക്കെ ഞാനും അന്ധാളിച്ചു. ഗാന്ധാരിക്കു് മുമ്പിൽ, കുരുക്ഷേത്രക്കുശേഷം, ഭീമൻ ദുര്യോധനവധം അത്രമാത്രം ഇളകിയാടിയിരുന്നു. തിരുശേഷിപ്പുകൾ നോക്കിയോ? ജീവൻ തുടിക്കുന്ന പോലെ? അതുകൊണ്ടെന്തുണ്ടായി, ധാന്യമണി മുതൽ കരിംപാറക്കെട്ടുകൾ വരെ, വ്യത്യസ്ത മാധ്യമങ്ങളിൽ ഹസ്തിനപുരിയാകെ വീരനായകപദവി ആലേഖനം ചെയ്യാൻ കരകൗശല വിദഗ്ധർക്കു് വർഷം മുഴുവൻ അവസരം നൽകുന്ന തൊഴിലുറപ്പു പദ്ധതി മഹാറാണി പാഞ്ചാലി പ്രഖ്യാപിച്ചതോടെ, ഞാൻ ശിരസ്സു് നമിച്ചു. അവൻ ഞങ്ങൾക്കു് പ്രിയൻ, എന്നും എന്നെന്നും.”

2019-10-15

“ഇതെന്താ ശിരസ്സിൽ?”, വനാശ്രമത്തിലെ മൂലയിൽ എരിപൊരി കൊള്ളുന്ന യുധിഷ്ഠിരനെ നോക്കി കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“രാജശിരസ്സു് നഗ്നമായിക്കൂട എന്നു് ദുര്യോധനൻ അറിയിച്ചപ്പോൾ, ഞങ്ങൾ തട്ടിക്കൂട്ടിയ മുൾക്കിരീടം. ഇരുമ്പാണി കൊണ്ടുള്ള കിരീടം ഹസ്തിനപുരിയിൽ നിന്നു് കിട്ടിയാൽ മുൾക്കിരീടം മാറ്റും.”

“ഇതാണോ നിങ്ങൾ എഴുതിയുണ്ടാക്കിയ മുഖ്യ വാർത്ത? ഇതിൽ പാഞ്ചലിക്കനുകൂലമായ പ്രതിരോധത്തിന്റെ ഭാഷ എവിടെ? ഇതിൽ കാണുന്നതു് അവൾക്കു നേരെയുള്ള ലൈംഗികാതിക്രമത്തിനുള്ള പരോക്ഷ പ്രോൽസാഹനമല്ലേ?” ‘ഹസ്തിനപുരി പത്രിക’ മേധാവി കൊട്ടാരം ലേഖികയോടു് ചോദിച്ചു.

“ഒരു ചൂതാട്ടസന്ധ്യയിൽ അധികാര സമവാക്യം പൂർണമായി മാറിയാൽ പിന്നെ ലേഖികയുടെ മനോഭാവവും കൂട്ടത്തിൽ സ്വാഭാവികമായി മാറില്ലേ? വേതനം പരിഷ്കരിക്കാതെ കൊട്ടാരത്തിണ്ണ നിരങ്ങാൻ ഞങ്ങളെ കയറൂരി വിടുമ്പോൾ അറിയണ്ടേ, ഇങ്ങനെ കൂറുമാറ്റം ഞങ്ങൾക്കും ഉണ്ടാവും?”

2019-10-16

“മാടമ്പിയായിട്ടും മുഖമിനിയും തെളിഞ്ഞില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“പാടുപെട്ടു യുദ്ധം ജയിച്ചവർക്കു് കിട്ടേണ്ടതൊക്കെ ഹസ്തിനപുരിയിൽ കിട്ടിയോ? ഭീമൻ ഭീഷണിപ്പെടുത്തിയിട്ടും ധൃതരാഷ്ട്രർ ചെങ്കോൽ കൈവിടുന്നില്ല. ശന്തനുവിന്റെ കാലം മുതലുള്ള അപൂർവ്വ രത്നശേഖരം തിരയാൻ ഭൂമിയിലും ഭൂഗർഭത്തിലും ഇനി ഇടമില്ല. ദുര്യോധനൻ അതെവിടെ ഒളിപ്പിച്ചു? കൗരവർ കുരുക്ഷേത്രയിൽ കൊല്ലപ്പെട്ടതോടെ അവരുടെ നൂറോളം രാജവിധവകളും, പുത്രവിധവകളും ഞങ്ങൾക്കടിമകളാവണം, എന്നാൽ വഴങ്ങാൻ അവർ തയ്യാറല്ല. പാതിരാവിൽ ഞങ്ങളവരെ കുടിയൊഴിപ്പിച്ചു. വഴങ്ങിയില്ല. പുനരധിവാസകേന്ദ്രത്തിൽ ആയുഷ്ക്കാല സൗജന്യ ഭക്ഷണലഭ്യത വാഗ്ദാനം ചെയ്തു. വഴങ്ങുന്നില്ല. നിത്യവും ഇങ്ങനെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു നവ പാണ്ഡവ ഭരണകൂടത്തെ നിങ്ങൾ വഴിമുട്ടിച്ചാൽ പിന്നെ മുഖം തെളിയുമോ?”

2019-10-17

“ഒരാരാധകനെ പോലെ പാഞ്ചാലിയെ അകന്നു നിന്നു് നോക്കിയാൽ, നിങ്ങൾക്കു് ഒറ്റനോട്ടത്തിൽ കാണാവുന്ന ആകർഷകത്വം വായനക്കാരുമായി പങ്കിടാമോ?”, കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.

“അകന്നു നിന്നു് മാത്രമല്ല, തൊട്ടടുത്തുനിന്നു നോക്കാനും ആരാധകപദവി മാത്രമേ എനിക്കവൾ തന്നിട്ടുള്ളു.”

2019-10-20

“വിശ്വസ്തത എന്നൊരു പുതു ആശയം കൗരവരാജവധുക്കൾ ഈയിടെയായി മുന്നോട്ടു വക്കുന്നുണ്ടു്. ഹസ്തിനപുരി പോലൊരു യാഥാസ്ഥിതിക സമൂഹത്തിൽ, കൌരവ പ്രോൽസാഹനത്തിലൂടെ, പാണ്ഡവരെ ആക്രമിക്കാനും വിലകുറച്ചു് കാണാനും ഒക്കെയാണതു് രൂപകൽപ്പന ചെയ്തിരിക്കുന്നതു് മറയില്ലാതെ ആയുധമാക്കുന്നതു നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവും. ഇത്തരം സമസ്യകളെ ഒരു പരിഷ്കൃതവനിത എന്ന നിലയിൽ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“മത്സര വിജയിയെയാണു്, പ്രണയിയെയല്ല ഞാൻ വിവാഹം കഴിച്ചതു് നാലു പാണ്ഡവരെ വെറുതെ കിട്ടി. അവരഞ്ചുപേർക്കും വിശ്വസ്തത ഉറപ്പു കൊടുത്തിട്ടില്ല. പാണ്ഡവരുടെ വിവാഹേതര ആനന്ദ സ്രോതസ്സുകൾ കളങ്കപ്പെടുത്താൻ ഞാൻ ശ്രമിക്കാത്തതു് പോലെ, എന്റെ അന്തർമണ്ഡലങ്ങളിൽ അവരും അതിക്രമിച്ചു കയറാൻ ധൈര്യപ്പെടുകയില്ല എന്നതു് മാത്രമാണു് ദാമ്പത്യധാരണ.”

“ആരുടെ ഓർമ്മക്കായാണു് നിങ്ങൾ ഈ ഉച്ചസമയത്തു മൺചെരാതുകളിൽ തിരികൊളുത്തി പ്രാർത്ഥിക്കുന്നതു്?”, യുധിഷ്ഠിരനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ജന്മനാടിന്റെ അഖണ്ഡതക്കു് വെല്ലുവിളിയായി, എവിടെ നിന്നോ വലിഞ്ഞു വന്ന അർദ്ധസഹോദരർക്കെതിരെ ജീവകാലം മുഴുവൻ പ്രതിരോധിച്ചും, സമരമുഖം തുറന്നും, നയതന്ത്രചർച്ചകൾ പരാജയപ്പെട്ടപ്പോൾ മാത്രം കായികബലത്തിലൂടെ അവസാനചോരത്തുള്ളി വീഴും വരെ പോരാടി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനി ദുര്യോധനന്റെ ജ്വലിക്കുന്ന ഓർമ്മക്കു്.” നകുലനും സഹദേവനും യുധിഷ്ഠിരതോളിൽ കൈകൾ അമർത്തിപ്പിടിച്ചുയർത്തി കോട്ടവാതിലിനുള്ളിലെ കൊട്ടാരക്കെട്ടിലേക്കു കൊണ്ടുപോവുമ്പോൾ തിരിഞ്ഞുനോക്കി ഖേദസ്വരത്തിൽ കൊട്ടാരം ലേഖികയോടു് മന്ത്രിച്ചു, “ഇടയ്ക്കിടെ ഇങ്ങനെ വിങ്ങിപ്പൊട്ടും, പരിസരബോധവും കുറഞ്ഞു. യുധിഷ്ഠിരനു് മറവിരോഗമെന്നൊക്കെ ‘ഹസ്തിനപുരി പത്രിക’യിൽ പൊലിപ്പിച്ചെഴുതി യുദ്ധാനന്തര പാണ്ഡവഭരണത്തെ വരുംതലമുറകൾക്കു മുമ്പിൽ പാഴ്‌വാക്കാക്കരുതേ.”

2019-10-21

“പുതുതായെന്തു രാജ്യതന്ത്രപാഠങ്ങൾ പിതാമഹനിൽ നിന്നു് ചൊല്ലിക്കേൾക്കാനാണു്, നിയുക്ത മഹാരാജാവു് യുധിഷ്ഠിരൻ നിത്യവും രാവിലെ കുരുക്ഷേത്രയിലെ ശരശയ്യയിലേക്കു മിന്നൽ സന്ദർശനം?”, കൊട്ടാരം ലേഖിക കൃപാചാര്യരോടു് ചോദിച്ചു. “ഒരു വയർ അന്നം തരൂ” എന്നു് കൗരവരാജവിധവകൾ വിലപിച്ചു കൊണ്ടിരുന്ന പ്രഭാതം. യുദ്ധാനന്തര ഹസ്തിനപുരി.

“ഒരു ദശാബ്ദത്തോളം ഇന്ദ്രപ്രസ്ഥം ചക്രവർത്തിയായിരുന്നപ്പോൾ, പെരുമാറ്റച്ചിട്ടയുടെ ബാലപാഠങ്ങൾ അറിയാത്തതു കൊണ്ടായിരുന്നു, കൂടെ പൊറുക്കുന്നവളെ പ്രതിയോഗിക്കു പണയം വച്ചു ചൂതാടാൻ യുധിഷ്ഠിരനു് കഴിഞ്ഞതെന്നു്, സ്വീകരണയോഗത്തിൽ പാഞ്ചാലി പറഞ്ഞതു് യുധിഷ്ഠിരനെ മുറിപ്പെടുത്തി. യുദ്ധക്കെടുതിയിൽ കുരുക്ഷേത്രവിധവകൾ പെടാപ്പാടു പെടുമ്പോഴും, സ്ത്രീനീതിയുടെ ബാലപാഠം പഠിച്ചിട്ടുമതി ധൃതരാഷ്ട്രരിൽ നിന്നു് ചെങ്കോൽ സ്വീകരിക്കുക എന്നു് പാഞ്ചാലി ചൂണ്ടുവിരൽ ഉയർത്തിയപ്പോളാണു്, മരണം കാത്തു് ശരശയ്യയിൽ നീണ്ടുനിവർന്നു കിടക്കുന്ന പ്രസിദ്ധ സ്ത്രീവിരുദ്ധനിൽ നിന്നു് “വിവേകചൂഢാമണി” പെറുക്കാൻ പോർക്കളത്തിലേക്കു കുതിച്ചുപായുന്നതു. കാഴ്ചകൾ തുടങ്ങിയിട്ടേ ഉള്ളൂ.”

2019-10-22

“അഞ്ചുപേരിൽ നിങ്ങൾക്കൊരു ‘പ്രിയപ്പെട്ടവൻ’ ഉണ്ടോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“അവിഹിതങ്ങൾ തേടി മറ്റുള്ളവർ പടിവിട്ടിറങ്ങിയപ്പോൾ, ഭാവി പ്രവചിക്കുന്ന സഹദേവൻ എന്നോടൊപ്പം നീന്തി കൊടിയ വേനൽ അതിജീവിക്കാൻ തുണച്ചു. മൂത്ത മകനാവാനുള്ള പ്രായമേ അവനുണ്ടായിരുന്നുള്ളു എങ്കിലും ആ പരിലാളന എന്നെ വിസ്മയിപ്പിച്ചു. തിരയിളക്കമുള്ള കണ്ണുകളിൽ നോക്കാൻ എനിക്കു് ഭയമായി, കാരണം അതിൽ നിഴലിച്ച ദൃശ്യങ്ങൾ അശാന്തമായ ഭാവിയെ കുറിച്ചായിരുന്നു. എന്നാൽ മറ്റു നാലു പാണ്ഡവർ? അവരെനിക്കോർമ്മിക്കാൻ തന്നതു് അഭിശപ്തമായ ഭൂതകാലവും.”

“അനുഗ്രഹമൊന്നും വാങ്ങിച്ചില്ലേ?”, ഭീമഗദയുടെ പ്രഹരശേഷിയിൽ തുടയൊടിഞ്ഞു വീണ ദുര്യോധനനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“എന്തിനു ഒരൗപചാരിക അനുഗ്രഹത്തിൽ ഒതുക്കുന്നു വിജയസാധ്യത? രണ്ടു പ്രാവശ്യം ‘അന്ധപിതാവു്’ ചെങ്കോൽ നീട്ടുന്നതും, ഞാനതു ചാടി പിടിക്കും മുമ്പു് തന്നെ പിൻവലിക്കുന്നതും കണ്ട ഗാന്ധാരി തത്സമയം കുടുകുടെ ചിരിക്കുകയായിരുന്നില്ലേ? ആയുഷ്കാലം അന്ധത നടിച്ചു നൂറു മക്കളെയും തരം പോലെ കബളിപ്പിച്ചു എന്ന തിരിച്ചറിവോടെ രണ്ടും കൽപ്പിച്ചാണു് പടിയിറങ്ങിയതു് യുദ്ധം ജയിച്ചിരുന്നെങ്കിൽ എന്നോ? വടക്കൻ മലകളിലേക്കു വനവാസത്തിനയക്കുമായിരുന്നു.”

2019-10-23

“പോർക്കളവും ഊട്ടുപുരയും കൗരവനിയന്ത്രണത്തിലായിരുന്നിട്ടും അടിതെറ്റി വീഴാൻ നിങ്ങൾ എവിടെ പിഴച്ചു?” കൊട്ടാരം ലേഖിക ചോദിച്ചു. ചുണ്ടു പിളർത്തി ദുര്യോധനൻ ദാഹജലം യാചിച്ചിരുന്ന ഇരുണ്ട സന്ധ്യ. പാണ്ഡവ സംഘം ആർത്തുവിളിച്ചു ആടിപ്പാടി പാളയത്തിലേക്കു് നീങ്ങുന്നതു് കാണാമായിരുന്നു.

“തൽപരകക്ഷികളുടെ ദുഷ്പ്രചരണം നിസ്സാരമായിരുന്നോ? കൗരവർ കുതന്ത്രരാണെന്നു വ്യാപകമായ പ്രചരണം നടന്നില്ലേ? നഷ്ടപ്പെട്ടതൊക്കെ ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ തിരിച്ചുപിടിക്കും. അരവയർ അന്നം ചോദിച്ചു വന്ന പാണ്ഡവർ ഹസ്തിനപുരി സിംഹാസനത്തിൽ കയറി ഇരിക്കാൻ കൗരവർ സമ്മതിക്കില്ല. ചലനസാധ്യത നഷ്ടപ്പെട്ടെങ്കിലും മനസ്സു് പ്രത്യാശയോടെ ഒരവസരം കൂടി പ്രതീക്ഷിക്കുന്നുണ്ടു്. ചെങ്കോൽ ഞാനോ പിൻഗാമികളോ യുധിഷ്ഠിരനിൽ നിന്നു് തട്ടിയെടുക്കുന്ന സമയം നിങ്ങളും ഉണ്ടാവില്ലേ ആ ഐതിഹാസിക മുഹൂർത്തം പൊതുസമൂഹത്തെ നേരോടെ നിർഭയം അറിയിക്കാൻ?”

“മനോദൗർബല്യമുള്ളൊരു പാവത്താനായി നിങ്ങളെ ചിത്രീകരിക്കുന്ന അതിഭാവുകത്വപ്രകടനം അരങ്ങേറ്റ മൈതാനിയിൽ കാണാനിടയായി. “ഹാ ദൈവമേയെന്‍ ജന്മദാതാക്കളാരോ? കാണുമോ ഞാനവരെ?” എന്നു് വളർച്ചയെത്തിയ പുരുഷൻ മുട്ടുകുത്തി അസ്തമയ സൂര്യനിലേക്കു നോക്കി വിലപിക്കുന്നതു് കാഴ്ചക്കാരെ കദനഭാരത്താൽ വീർപ്പുമുട്ടിച്ചല്ലോ. നിങ്ങളുടെ കരുത്തൻ പ്രതിച്ഛായയെ പൊളിച്ചടുക്കാൻ ദുഷ്ടപാണ്ഡവർ കരുതിക്കൂട്ടി ചെയ്തതാണെന്നു് തോന്നലുണ്ടു്. എന്തൊരു രൂപസാദൃശ്യം, ഇരട്ടപെട്ടതാണോ ആ നടൻ?” കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു

“എന്തിഹ മന്മാനസേ സന്ദേഹം വളരുന്നൂ എന്ന പദം ചൊല്ലുന്ന അഭിനേതാവിനെ കുറിച്ചാണു് നിങ്ങൾ ഇങ്ങനെ പരവശപ്പെടുന്നതെങ്കിൽ, പ്രതി ഞാൻ തന്നെ. ജീവിതകാലം മുഴുവൻ പിതൃശൂന്യൻ എന്ന അവമതി പാണ്ഡവരെ പോലെ ഞാനും പലകുറി കേൾക്കേണ്ടിവന്നിട്ടുണ്ടു് എങ്കിലും, എന്നെ ‘പിഴച്ചുപെറ്റവൾ’ ആരെന്ന ആകാംക്ഷ അസഹനീയമായി തോന്നിയപ്പോളാണു് സ്വയം എഴുതി അഭിനയിച്ചതു് ലോലഹൃദയർക്കു് കർണ്ണവിലാപം താങ്ങാനാവില്ലെന്നു സംവിധായക ദുശ്ശള മുന്നറിയിപ്പുതന്നെങ്കിലും, നിങ്ങളെപ്പോലുള്ള ‘കഠിനഹൃദയ’കളായ പത്രപ്രവർത്തകരെ പോലും ആകെ ഉലച്ചു കർണ്ണജന്മരഹസ്യമെന്നതു് ഭീതിതമായി തോന്നുന്നു. ഹസ്തിനപുരിയിൽ അറിയപ്പെടുന്ന രാജസ്ത്രീയാണു് കർണ്ണമാതാവെന്നു നാളെ പുറം ലോകം അറിയാനിടവന്നാൽ, അവൾ നേരിട്ടേക്കാവുന്ന മാനഹാനിയോർക്കുമ്പോൾ, ഈശ്വരാ, ആ രഹസ്യം ഒരിക്കലും വെളിപ്പെടാതിരിക്കട്ടെ.”

2019-10-24

“ശിരോവസ്ത്രം ധരിച്ചു മുഖം മറച്ചു അർദ്ധരാത്രിയിൽ സമീപത്തെ സന്യാസി മഠത്തിൽ നിന്നു് മറ്റാരുമറിയാതെ കടത്തി, നീരൊഴുക്കിന്നരികിൽ കെട്ടി, കഴുത്തുവെട്ടി തോലുരിച്ചു കൊമ്പും കുടലും നീക്കി ഭക്ഷ്യയോഗ്യമാക്കിയ കാളക്കുട്ടനെ എന്തു് സ്വാഗതഗീതം പാടിയാണു് പ്രിയപത്നിയുടെ അടുത്തേക്കു് പുലർച്ചയോടെ തലച്ചുമടായി നിങ്ങളഞ്ചുപേർ കൊണ്ടുപോയത്?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഇഷ്ടമൃഗമാംസഭക്ഷണം, വേണ്ടിവന്നാൽ മോഷ്ടിച്ചും കഴിക്കാൻ കൗരവഅടിമകൾക്കുമുണ്ടു് അവകാശമെന്ന ഐതിഹാസികമായ പ്രഖ്യാപനമായിരുന്നില്ലേ പ്രതീകാത്മകമായി പാണ്ഡവർ വാസ്തവത്തിൽ ചെയ്തതു്? ഗോമാംസത്തെ നാം ആറുപേരും അത്യുത്തമ പോഷകാഹാരമെന്നു മഹത്വപ്പെടുത്തുക, ഗോമാംസത്താൽ നാം ആറുപേർ എന്നെന്നും മാംസളമായി ഐക്യപ്പെടുക എന്നുച്ചരിച്ചുകൊണ്ടു് സസ്യാഹാരിയായ പാഞ്ചാലിയുടെ മുമ്പിൽ യുധിഷ്ഠിരൻ മുട്ടുകുത്തിയ തോർമ്മയുണ്ടു്.”

2019-10-25

“വിഷം കൊടുത്തും മുക്കിത്താഴ്ത്തിയും പോരടിച്ചി രുന്ന രണ്ടുകൂട്ടരുടെയും ഗുരുവായിരുന്ന നിങ്ങൾ ആ കാലത്തോടിയതു ‘സമദൂര’ത്തിലായിരുന്നു. കുരുക്ഷേത്രയിലെത്തിയപ്പോൾ കൗരവർക്കൊപ്പം പാണ്ഡവർക്കെ തിരെ നയിക്കുന്നു പട. പോറലേൽക്കാതെ ഹസ്തിനപുരിയിൽ വന്നപ്പോൾ, കിരീടാവകാശി പരീക്ഷിത്തിന്റെ ഗുരുപദവി. ശരികേടൊന്നും തോന്നിയില്ലേ?”, കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു.

“കൗരവരോടന്നു നന്ദികാണിച്ചതിൽ എന്താണു് ശരികേടു്? ജാതിയെന്തെന്നു ബാലകർണ്ണനെ പണ്ടു് പരസ്യമായി വെല്ലുവിളിച്ച ഞാൻ പക്ഷെ പോരാട്ടവേദിയിൽ കർണ്ണ മേധാവിത്വം അംഗീകരിച്ചില്ല? ഹസ്തിനപുരിയിൽ എത്തിയ പാണ്ഡവർക്കു് ധൃതരാഷ്ട്രരിൽ നിന്നു് ചെങ്കോൽ കിട്ടാൻ ഇടപെട്ട എന്നെ, അഭിമന്യുപുത്രനു് ആദ്യാക്ഷരം പഠിപ്പിക്കാൻ നിയോഗിച്ചതിൽ എന്തുകേടാണു് കാണേ ണ്ടതു് ? ശത്രുവിനോടും മിത്രത്തോടും ‘സമദൂര’മകന്നു നിന്ന ഞാൻ, ആപൽഘട്ടത്തിൽ ‘ശരിദൂര’ത്തിൽ ചലിച്ചപ്പോൾ എന്തിനാണു് നിങ്ങൾ അരിശം കൊള്ളുന്നതു്? കൗരവർ ഭരിക്കുമ്പോൾ അവരോടു ശരിയും, പാണ്ഡവർ സിംഹാ സനത്തിൽ ഇരുന്നപ്പോൾ അവരോടു് ശരിയും കാണിക്കു ന്ന ‘ഹസ്തിനപുരി പത്രിക’യുടെ ‘ശരിദൂര’സ്വാധീനം ചുവരെഴുത്തുപത്രം വായിക്കുന്ന ഈ വൃദ്ധബ്രാഹ്മണനു ണ്ടായിക്കൂടെ?”

2019-10-26

“പണിയായുധങ്ങൾ മൂർച്ചകൂട്ടേണ്ട പാണ്ഡവർ പരസ്പരം പുറം തിരിഞ്ഞിരിക്കുന്നുവോ യുദ്ധമേഘങ്ങൾ നിറഞ്ഞ കുരുക്ഷേത്രയിൽ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“അഞ്ചുപേരിലൊരാൾ ഇന്നർദ്ധരാത്രിയോടെ കൗരവ പക്ഷത്തേക്കു് കൂറു് മാറുമെന്നു വാർത്ത കേട്ട മുതൽ അഞ്ചു പേരും പരസ്പരം ഒളികണ്ണിട്ടു സംശയിക്കയാണു്.”

2019-10-27

“ഇന്ദ്രപ്രസ്ഥം എന്തുചെയ്യാനാണു് ഭാവം? അതിഥികളെ വഴുക്കിവീഴ്ത്തി അങ്കലാൽപ്പിലാക്കുന്ന വിചിത്ര സഭാതലങ്ങൾ വിനോദസഞ്ചാരികൾക്കു് തുറന്നുകൊടുക്കുമോ? അതോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. സ്ഥാവരജംഗമങ്ങൾ കൗരവർക്കു കൈവന്നശേഷം പാണ്ഡവർ വനവാസത്തിനു പദയാത്ര തുടങ്ങിയ നേരം.

“പരിഷ്കൃത സമൂഹമായിപ്പോയില്ലേ, ഹരിതചട്ടം പാലിക്കേണ്ടേ കുരുവംശം. പരിസ്ഥിതിലോല പ്രദേശമാണു് ഖാണ്ഡവപ്രസ്ഥമെന്നു ‘അന്ധ’പിതാവിനറിയില്ല. കിടപ്പാടം പണിയാൻ ഇടം യാചിച്ച യുധിഷ്ഠിരനു് ഒരു ദുർബലമുഹൂർത്തത്തിൽ ആ പ്രവിശ്യ ധൃതരാഷ്ട്രർ ഇഷ്ടദാനം ചെയ്യുമ്പോൾ, ഞാൻ സ്ഥലത്തില്ലായിരുന്നു. ഭൂമിയിലുള്ള എല്ലാത്തരം സസ്യങ്ങളും വന്യജീവികളും സമരസപ്പെട്ടു ജീവിച്ചിരുന്ന ആവാസവ്യവസ്ഥ എത്ര ക്രൂരമായി പാണ്ഡവർ കത്തിച്ചൊടുക്കി. ആ പാപം ചുമന്നയിടത്തല്ലേ മായനെക്കൊണ്ടവർ ഇന്ദ്രപ്രസ്ഥം നഗരം നിർമ്മിച്ചു്, രാജസൂയമെന്നപേരിലൊരു യാഗം ചെയ്തു, ഞങ്ങളടക്കം ഗംഗാസമതലത്തിലെ നാടുവാഴികളെയെല്ലാം സാമന്തന്മാരാക്കി, രത്നശേഖരം കപ്പമായി കൊടുക്കാൻ വിധിയുണ്ടായതു് അന്നതൊക്കെ നെടുവീർപ്പോടെ അംഗീകരിക്കേണ്ടിവന്നെങ്കിലും, ഉള്ളിലൊരു നെരിപ്പോടുയരുന്നതു് അവരറിഞ്ഞില്ല. ചൂതാടാൻ ഇന്നലെ ഓടിവന്ന പാണ്ഡവർ അതാ, ഉടുത്ത തുണിക്കു മറുതുണിയില്ലാതെ, കാട്ടിലേക്കു. പതിമൂന്നുവർഷം കഴിഞ്ഞവർ മടങ്ങിവന്നാൽ? എല്ലാം മുൻകൂട്ടിക്കണ്ടു് ഉടൻ ഞങ്ങളിൽ ചിലർ ഇന്ദ്രപ്രസ്ഥത്തിലേക്കു പോവുന്നു-പാണ്ഡവർ ഒളിപ്പിച്ചുവച്ച രത്നശേഖരങ്ങൾ ഇങ്ങോട്ടുകടത്തിവേണം അഭിശപ്തനഗരിയെ പ്രകൃതിക്കു തിരിച്ചു കൈമാറാൻ.”

“സദസ്സു് ശുഷ്കമായിരുന്നു വേദിയിൽ കയറാൻ ഭീമൻ തയാറായില്ല എന്നു കേട്ടല്ലോ. കൗരവരാജവിധവകളെ നകുലനും സഹദേവനും ‘ബലപ്രയോഗ’ത്തിലൂടെ എത്തിച്ച ശേഷമേ ചടങ്ങു തുടങ്ങിയുള്ളൂ. ഞങ്ങൾ എങ്ങനെ വായിച്ചെടുക്കണം ഈ ‘കുതിരപ്പന്തി’വാർത്ത?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“ദുര്യോധന ജീവത്യാഗത്തിന്റെ വികാരനിർഭരമായ അനുസ്മരണമായിരുന്നു. പാഞ്ചാലിയാവും യോഗത്തിൽ അധ്യക്ഷ എന്നു് കേട്ടപ്പോൾ ധാരാളം പേരെത്തി. പക്ഷെ ഭീമനാണു് മുഖ്യ പ്രഭാഷകനെന്നറിഞ്ഞപ്പോൾ ഇറങ്ങിപ്പോയി. സൗജന്യധാന്യം വാഗ്ദാനം ചെയ്താണു് കഷ്ടിച്ചു് അമ്പതോളം കൗരവരാജ വിധവകളെ ‘വലിച്ചു’ കൊണ്ടുവന്നതു്. കുരുക്ഷേത്രയിൽ കൗരവരെ ഒന്നൊന്നായി കൊന്നു കൊലവിളിച്ച യുദ്ധസ്മരണകൾ ഭീമൻ ഗദ ഉയർത്തിപിടിച്ചു നാടൻ ചേരുവകളോടെ വർണ്ണിക്കാൻ തുടങ്ങിയപ്പോൾ, യുദ്ധവിധവകൾ ബോധം കെട്ടു. അതൊന്നും ശ്രദ്ധിക്കാതെ ഭീമൻ കത്തിക്കയറിയതോടെ പാഞ്ചാലിയും ഇറങ്ങിപ്പോയി. മദ്യലഹരിയിൽ പരിസരബോധം നഷ്ടപ്പെട്ട ഭീമനു് ശ്രോതാവായി ഈ ഞാനും.”

2019-10-28

“ഭർത്താവു കൊല്ലപ്പെട്ട രീതിയിൽ പരാതിയുണ്ടോ? ഇപ്പോഴും?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഭീമൻ ദുര്യോധനവധം പാടിനടന്നരീതിയിൽ രോഷമുണ്ടു്. ധീരദുര്യോധനൻ ഭീമഗദാപ്രഹരത്തിൽ നടുവൊടിഞ്ഞു വീണു എന്ന അവകാശവാദം അതിശയോക്തി കലർന്നതായി. ചതുപ്പുനിലത്തു ചലിക്കാനാവാതെ, ദുര്യോധനൻ പാഞ്ചാലിയുടെ സാന്നിധ്യത്തിൽ വാവിട്ടുനിലവിളിച്ചു എന്ന വെളിപ്പെടുത്തലിനുമുണ്ടൊരധാർമികത. വിഷക്കായ കരുതിമാത്രമേ ദുര്യോധനൻ സമാധാനകാലത്തും വീടുവിട്ടുപുറത്തേക്കിറങ്ങാറുള്ളു. വിട്ടുവീഴ്ചയില്ലാത്ത ആത്മാഭിമാനത്തോടെ, വേണം മരണവുമെന്ന നിശ്ചയ ദാർഢ്യത്തോടെയുള്ള ആ സൈനികജീവിതത്തെ കേവലമൊരു ഭീരുമരണമായി പൊതുയോഗങ്ങളിൽ കൊലയാളി ഭീമൻ ആടിപ്പാടി ആസ്വദിക്കുന്നു എന്നതാണു് കുരുക്ഷേത്ര വിധവകളുടെ യാതന.”

2019-10-29

“ഇതെന്താ അക്ഷയപാത്രത്തിൽ ധാന്യാഹാരത്തിനു് പകരം മൃഗമാംസം?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഗ്രാമങ്ങളിലെ പത്തായപ്പുരകളിൽ ധാന്യശേഖരം കുറയുമ്പോൾ അക്ഷയപാത്രത്തിലെ ഭക്ഷണലഭ്യതയിൽ കാണുന്ന ഒരു കാലികപ്രതിഭാസം എന്നതിൽ കവിഞ്ഞൊരു മായികപ്രദർശനമൊന്നുമല്ല. വിത്തെടുത്തു വേവിച്ചു തിന്നിട്ടും പട്ടിണി മാറാതെ കർഷകർ തൊഴുത്തിൽ കയറി പാൽ ചുരക്കുന്ന മാടുകളെ വെട്ടി മാംസം ചുട്ടെടുക്കുമ്പോൾ ഒരു ഭാഗം സ്വാഭാവികമായും ഈ അക്ഷയപാത്രത്തിലും വന്നു ചേരും.”

2019-10-30

“നിങ്ങൾക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണം. കുറ്റപത്രം വിദുരർ വായിച്ചുകേൾപ്പിച്ചുവോ? പരാതിയിൽ കഴമ്പുണ്ടോ?” കൊട്ടാരം ലേഖിക ധൃതരാഷ്ട്രരോടു് ചോദിച്ചു.

“ജന്മനാ അന്ധനെന്ന നിലയിൽ അംഗപരിമിതർക്കുള്ള നിയമ സഹായ ആനുകൂല്യമൊന്നും ഹൃദയശൂന്യരായ പാണ്ഡവ ഭരണകൂടത്തിൽ നിന്നു് പ്രതീക്ഷിക്കുന്നില്ല. വയോജനസൗഹൃദമായിരിക്കട്ടെ തുടർ അന്വേഷണം എന്നും ആശംസിക്കുന്നില്ല. ഹസ്തിനപുരിയുടെ അഖണ്ഡതയും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാൻ നൂറു മക്കളെയും കുരുക്ഷേത്രത്തിൽ ബലി കൊടുത്ത വൃദ്ധപിതാവു് എന്നു് മേനിയും പറയുന്നില്ല. ജന്മദിനത്തോടനുബന്ധിച്ചു ഗാന്ധാരിയും കുന്തിയും ഒരുക്കിയ സ്നേഹവിരുന്നിനു പുനരധിവാസകേന്ദ്രത്തിൽ നിന്നു് കൊട്ടാരത്തിൽ ഓടിച്ചാടി വന്ന കൗരവ പുതുതലമുറപെൺകുട്ടികൾ ചുറ്റും കൂട്ടം കൂടി വായിൽ മധുരം നുള്ളി തരുമ്പോൾ അരുതാത്തയിടങ്ങളിൽ കൈ നുഴഞ്ഞു കയറിയതൊന്നും മനഃപൂർവ്വമായിരുന്നില്ല. വാനപ്രസ്ഥത്തിനായി ഭാര്യക്കൊപ്പം പടിയിറങ്ങുമ്പോൾ ഞാൻ വായനക്കാർക്കുറപ്പു തരുന്നു-കുടിലമനസ്സോടെ കെട്ടിച്ചമച്ച പാണ്ഡവപ്രചോദിത ആരോപണ നിർമ്മിതിയിൽ ഒരു പണത്തൂക്കമെങ്കിലും കറകളഞ്ഞ സത്യമുണ്ടെങ്കിൽ, കാട്ടുതീയിൽ പെട്ടു് ഈ അഭിശപ്തവ്യാസപുത്രൻ കരിക്കട്ടയാവട്ടെ.”

“ദാമ്പത്യബാഹ്യസ്രോതസ്സുകളിൽ നിന്നാണു് പാണ്ഡവകുടുംബ നാമധാരികളുടെ ബീജസമ്പാദനമെന്ന കൗരവപ്രചാരണം നിങ്ങൾ നിഷേധിച്ചതായി കാണുന്നില്ല. മക്കളുടെ ‘പാണ്ഡവത്വ’ത്തെ കുറിച്ചുള്ള കൗരവആരോപണം അടിസ്ഥാനരഹിതമാണോ? അതോ, വസ്തുതാപരമോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“മാതൃത്വമായിരുന്നു മഹനീയ ലക്ഷ്യം. ബീജഉറവിടം ദാമ്പത്യത്തിന്റെ വ്യവസ്ഥാപിത അതിർത്തി കടക്കുന്നുവോ എന്ന ചോദ്യത്തിനു്, അത്ര മതി ശരിയുത്തരം. ഭർത്താവിന്റെ ലൈംഗികക്ഷമതയെ കുറിച്ചു് ആദ്യരാത്രി മുതൽ സംശയം ഉണ്ടായെങ്കിലും, പാണ്ഡു, മഹാരാജാപദവി വഹിക്കുമ്പോൾ, ആളൊരു ഷണ്ഡനെന്നു മുദ്രകുത്തി വിവാഹമോചനം നേടാവുന്ന ഭൗതികസാഹചര്യം ഉണ്ടായില്ല. ചെങ്കോൽ ധൃതരാഷ്ട്രർക്കു് എറിഞ്ഞു കൊടുത്തു, ‘പരിത്യാഗി’ പാണ്ഡു കാട്ടിലേക്കെന്നു പറഞ്ഞു പടിയിറങ്ങി പോവുമ്പോൾ, എന്നെ കൂടെ വലിച്ചു കൊണ്ടു് പോയി. കഠിന വനവാസത്തിൽ വന്യഭാവന തുണച്ചു. ലാവണ്യശാരീരികതയുടെ ലൈംഗികാകർഷകത്വം പ്രയോജനപ്പെടുത്തി, പ്രലോഭനത്തിലൂടെ ഗഹനചാരികളെ ക്ഷണിച്ചു, എന്തുകൊണ്ടു് അപൂർവ്വയിനം സന്താനഭാഗ്യത്തിനു ശ്രമിച്ചുകൂടാ? അഭിലാഷം ആ വിധം പൂവണിഞ്ഞു, പാണ്ഡു മരിച്ചു, ചിതയിൽ മാദ്രിയെ എറിഞ്ഞു മൊത്തം അഞ്ചു ആൺകുട്ടികളുമായി ഹസ്തിനപുരി കോട്ടവാതിലിനു മുമ്പിൽ ഞാൻ നിരാഹാരം കിടന്നു ലോകശ്രദ്ധയാകർഷിച്ചു. ഒരു കുട്ടിക്കും പാണ്ഡു മുഖഛായ ഇല്ലെന്ന ക്ഷുദ്രആരോപണം കൗരവഅന്തഃപുരത്തിൽ നിറഞ്ഞു. വഴി വിട്ട കുന്തിരതിയുടെ സാഹസിക കഥകൾ ‘സർഗാത്മക’ കൗരവർ മെനയുമ്പോഴും, ധൃതരാഷ്ട്രർ ഔദ്യോഗികമായി പാണ്ഡവക്കുട്ടികളെ കുരുവംശകൂട്ടുകുടുംബത്തിൽ ഉൾപ്പെടുത്തും വരെ, ശ്രമകരമായെങ്കിലും ഞാൻ, നയപരമായ മൗനം പാലിച്ചു. പാണ്ഡവർ ഖാണ്ഡവപ്രസ്ഥത്തിലേക്കു പോയി കാടു് വെട്ടി സ്വന്തം നാടു സ്ഥാപിച്ചതോടെ, ഇതാ വാ ഞാൻ തുറക്കുന്നു. ഇനി നിങ്ങൾ രാജമാതാക്കളുടെ ഈറ്റില്ലത്തിൽ തെളിവു് പെറുക്കാൻ ചുറ്റിക്കറങ്ങുന്നതു് കണ്ടാൽ…” നഖമുള്ള ചൂണ്ടു വിരൽ കൊട്ടാരം ലേഖികയുടെ കണ്ണിനു നേരെ നേരെ കുന്തി നീട്ടി.

2019-10-31

“മറ്റു പാണ്ഡവർ ബഹിഷ്കരിക്കുന്ന യുധിഷ്ഠിര പ്രഭാഷണങ്ങളിൽ നിങ്ങൾ ഇരിപ്പുറപ്പിക്കുന്നതു പതിവു് കാഴ്ചയാണല്ലോ. അത്രക്കിഷ്ടമാണോ പെരുമയാർന്ന അർദ്ധസത്യങ്ങൾ?”, കൊട്ടാരം ലേഖിക ചോദിച്ചു.

ഓരോ വാക്കിനുശേഷവും ഒരു മുഴം നിശബ്ദത പതിവുള്ള പ്രസംഗങ്ങൾ കേട്ടു വേദിയിൽ തലകുനിച്ചു ഇരിക്കേണ്ടിവരുന്നതു ‘പെൺസൗഹൃദ’ പ്രഖ്യാപനത്തിനു ശേഷമല്ലേ? വേദിയിൽ പുരുഷാധിപത്യം വേണ്ട എന്നു് യുധിഷ്ഠിരൻ നിഷ്കർഷിച്ചപ്പോൾ, സ്ത്രീപ്രാതിനിധ്യ സംരക്ഷണത്തിനു് വേദിയിൽ ഇരുന്നുകൊടുക്കാൻ ആവില്ലെന്നു് പാഞ്ചാലി കയ്യൊഴിഞ്ഞു. രാജാവിനെ പിണക്കരുതെന്ന കരുതലോടെ കിരീടാവകാശി പരീക്ഷിത്തു് പറഞ്ഞു, “അമ്മാ, വേദിയിൽ ‘വെറുതെ’ ഇരുന്നാൽ മതി, യുധിഷ്ഠിരപ്രഭാഷണത്തെ കുറിച്ചു് ആസ്വാദനമൊന്നും ആവിഷ്കരിക്കേണ്ടി വരില്ല.” മഹനീയപെൺസൗഹൃദപ്രസംഗവേദിയിൽ അങ്ങനെ ഞാൻ സ്ഥിരം സാന്നിധ്യമായതോടെ തുടങ്ങിപാഞ്ചാലി മുറുമുറുപ്പ്, “പരീക്ഷിത്തു് ചെങ്കോൽ നേടും മുമ്പു് തന്നെ രാജമാതാവായി ഉത്തര അഭിനയിച്ചുതുടങ്ങിയോ?”

“ആറംഗ ആദിവാസി കുടുംബം, അരക്കില്ലം ചുട്ടെരിക്കാൻ കൗരവർ നിയോഗിച്ച ചാവേറുകളായിരുന്നു എന്നു് എങ്ങനെ മനസ്സിലാക്കി? ആ രഹസ്യം പങ്കിടാമോ?”, പാണ്ഡവർ ഹസ്തിനപുരി ഭരിക്കുമ്പോഴും, ഗാന്ധാരിക്കൊപ്പം തോഴിയായി കഴിഞ്ഞിരുന്ന കുന്തിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ആപത്തിനെ കുറിച്ചു് മുന്നറിയിപ്പുതരാൻ നിയോഗിക്കപ്പെട്ട ദേവദൂതന്മാരായിരുന്നു ആദിവാസികൾ എന്ന സത്യമറിയുമ്പോഴേക്കും അവർ, കഷ്ടം, വെന്തുകരിക്കട്ടയായി. പക്ഷെ നമ്മെപോലെയല്ല ദേവദൂതന്മാർ. ചാരക്കൂനയിൽ നിന്നവർ ഉയർത്തെഴുന്നേറ്റു പോയി. അരക്കില്ലം കത്തി പാണ്ഡവർ വെന്തുമരിച്ചതിനെ കുറിച്ചന്വേഷിക്കാൻ വന്ന കൗരവസംഘം പാണ്ഡവ ഭൗതികാവശിഷ്ടങ്ങൾ എന്ന നിലയിൽ കണ്ടെത്തിയതു് കത്തിക്കരിഞ്ഞ ആറു മരത്തടികളായിരുന്നു എന്നറിയുമ്പോൾ ഭൗതികവാദികളായ നിങ്ങൾക്കൂമൂഹിക്കാം, പ്രാപഞ്ചികശക്തികൾ പാണ്ഡവപരിപാലനത്തിനായി ഏതറ്റവും പോവും. വ്യാസൻ പറയുമ്പോൾ നിങ്ങൾക്കു ബോധ്യം വരും. തിരക്കുണ്ടു് ഗാന്ധാരിയുടെ കൺകെട്ടു് തുണികൾ ശുദ്ധജലത്തിൽ കഴുകി തണലിൽ ഉണക്കിവേണം സായാഹ്നധ്യാനത്തിനു ഞാൻ സമയം കണ്ടെത്താൻ.”

“മാലിന്യം എന്നാണു ദുര്യോധനവിധവ വിശേഷിപ്പിച്ചിരിക്കുന്നതു് ധൃതരാഷ്ട്രരുടെ പുത്രവധുവും, കുരുവംശത്തിൽ നിന്നു് കുടിയൊഴിക്കപ്പെട്ടവളുമാണു്. ഇത്രമാത്രം രോഷം വരാൻ എന്തായിരുന്നു രചനയിൽ വീഴ്ച? ദുര്യോധനനെ ‘തിന്മയുടെ ഇതിഹാസം ‘എന്നു് അവതരിപ്പിച്ചതു് പ്രശ്നമായോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഞാനൊരംഗീകൃത പരിത്യാഗി. ഒരവിഹിത രതിയിൽ ജന്മം തന്ന സത്യവതി, വിധിയുടെ വിളയാട്ടത്തിൽ, കുരുവംശ രാജമാതാവായപ്പോൾ, നിർണ്ണായകഘട്ടത്തിൽ എന്നോടാവശ്യപ്പെട്ടു, രണ്ടു പുത്രവിധവകൾക്കു ബീജ ദാനം ചെയ്യാമോ? കർത്തവ്യബോധത്തോടെ ചെയ്തു സ്ഥലം വിട്ടു എന്നതിൽ കവിഞ്ഞു, ‘ധൃതരാഷ്ട്രർ’ ‘പാണ്ഡു’ തുടങ്ങിയ സന്തതികളിൽ അവകാശമോ വൈകാരിക നിക്ഷേപമോ ഇല്ല എന്നിരിക്കെ, ‘ദുര്യോധനവിധവ’ ജനസംഖ്യയിൽ ഒരക്കം മാത്രം. കുരുക്ഷേത്രയുദ്ധം കണ്ടിട്ടില്ല എന്ന പോലെ തന്നെ രാജമന്ദിരങ്ങളിലെ കൗരവജീവിതവും എനിക്കന്യമാകുന്നു. കഥകൾ വാമൊഴിയായി കേട്ടു, ഭാവനയിൽ പൊതിഞ്ഞു. ലോകമാകെ ഈ കഥാപാത്രങ്ങൾ വരുംയുഗത്തിലും പ്രത്യക്ഷപ്പെടും. ഒരാൾക്കതു അക്ഷര’മാലിന്യ’മെന്നു തോന്നും. വേറൊരാൾക്കതു മനുഷ്യപ്രകൃതിയുടെ ‘ഖനി’യായും. സൂതന്മാർ വഴിനീളെ പാടിത്തുടങ്ങിയതോടെ അതിനി പൊതുമുതൽ എന്നു് ബോധ്യമായി. പൊതുമണ്ഡലത്തിൽ വിസ്തൃത മഹാഭാരതം സ്വയം സാധുത തേടണം. തിരക്കുണ്ടു്. മനസ്സിനെ മഥിക്കുന്നതു് കൗരവരാജവിധവകളുടെ ‘മാലിന്യ’പ്രശ്നമല്ല, ഈ കാണുന്ന അനാഥ പ്രപഞ്ചത്തിന്റെ ആവശ്യമെന്തെന്നാണു്. ”

2019-11-01

“വിഴുപ്പലക്കുന്ന പണിയാണു് കുന്തിക്കു് ദുര്യോധനൻ ഏൽപ്പിച്ചതെന്നു അരമനസ്രോതസ്സുകളെ ഉദ്ധരിച്ചു ചാർവാകൻ അഭിമുഖത്തിൽ പറഞ്ഞല്ലോ പ്രകോപിതയായോ?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. മക്കൾ കുടിയേറ്റക്കാരായി ഖാണ്ഡവപ്രസ്ഥത്തിൽ കാടു കത്തിക്കുന്ന കാലം.

“കുളിക്കാനിറങ്ങുന്ന ഗാന്ധാരിയോടു് ഞാൻ പറയും, കുളിക്കുമ്പോഴെങ്കിലും കണ്ണു് കെട്ടിയ കീറത്തുണി അഴിച്ചിട്ടു മലർന്നു കിടന്നു തുടിച്ചു നീന്തൂ-നീലമാനവും കുളിരുള്ള വെള്ളവും ആസ്വദിക്കൂ. കാഴ്ചപരിമിതിയുള്ള ഭർത്താവിനു് ഐക്യപ്പെടാൻ, സ്വയം കാഴ്ച നിഷേധിക്കുന്ന അടിമത്തത്തിൽ നിന്നു് രക്ഷപ്പെടൂ. കൺകെട്ടു് നീക്കി വിവസ്ത്ര ഗാന്ധാരി തുടിച്ചു നീന്തിക്കുളിക്കുമ്പോൾ ഞാനവളുടെ കൺകെട്ടുതുണി കഴുകുന്നതു് ദുര്യോധനൻ ഒളി കണ്ണിട്ടു നോക്കുന്നുണ്ടാവും.”

“പാണ്ഡവസമ്മർദ്ദത്തിൽ മുഖാമുഖവിദ്യാഭ്യാസം നിഷേധിച്ച ദ്രോണർ ലോകമനഃസാക്ഷിയുടെ മുമ്പിൽ ജാതി വെറിയുടെ പ്രായോജകനെന്നറിയപ്പെടും എന്ന ഏകലവ്യനിരീക്ഷണം ശ്രദ്ധയിൽ പെട്ടുവോ? പ്രവേശനം നൽകിയാൽ ഗുരുകുലം ബഹിഷ്കരിക്കുമെന്ന അർജ്ജുന ഭീഷണി മുഖവിലക്കെടുത്തതു ഭീരുത്വമായോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“കീഴാളനെന്നു് പറഞ്ഞല്ല ഏകലവ്യൻ പ്രവേശനം ചോദിച്ചതു്. കണ്ടപ്പോൾ അഭിജാതകുടുംബാംഗമെന്ന തോന്നലുണ്ടായി. അർജ്ജുനനു പക്ഷെ ആളെ മുൻപരിചയമുണ്ടു്. പ്രവേശനം അനുവദിച്ചാൽ പ്രിയപാണ്ഡവൻ പിണങ്ങും, നിഷേധിച്ചാൽ ഏകലവ്യൻ പ്രശ്നമുണ്ടാക്കും. അതു കൊണ്ടു ഗുരുദക്ഷിണ മുൻകൂറായി ചോദിച്ചു. വെട്ടി മുറിച്ച തള്ളവിരൽ ഇലയിൽ പൊതിഞ്ഞു കിട്ടിയപ്പോൾ, കാണാമറയത്തു വിദൂരവിദ്യാർത്ഥിയായി പഠിക്കാൻ നയത്തിൽ ആവശ്യപ്പെട്ടു. അല്ല ഇതിലെന്താണു് നിങ്ങൾ ആരോപിക്കുന്ന ഭീരുത്വം?”

2019-11-02

“പാണ്ഡവതല വെട്ടാനാവാതെ, ഭീഷ്മർ പത്താം ദിവസം ശരശയ്യയിൽ മരണദേവതയെ കാത്തു നീണ്ടു നിവർന്നു കിടക്കുമ്പോൾ, ഒരു സൈനിക പ്രതിസന്ധി പത്തിവിടർത്തുന്നതു് കാണുന്നുണ്ടോ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“പത്തുദിവസവും പോർക്കളത്തിൽ ഭീഷ്മസാന്നിധ്യം ആലങ്കാരികമായിരുന്നു. കർണ്ണൻ ഭീഷ്മരെക്കുറിച്ചു നേരത്തെ തന്ന മുന്നറിയിപ്പു് തള്ളിയതാണെന്റെ ആദ്യ വീഴ്ച. പലപ്പോഴും ചുറ്റും നോക്കി ‘ഒരു വിഭിന്നലിംഗ പോരാളി മുമ്പിൽ വന്നിരുന്നെങ്കിൽ ആയുധം താഴെയിട്ടു യുദ്ധം ബഹിഷ്കരിക്കാമായിരുന്നു’ എന്നാണു് പിതാമഹൻ പിറുപിറുത്തിരുന്നതു്. പാണ്ഡവഗൂഢാലോചനയിൽ ശിഖണ്ഡി മുമ്പിൽ വന്നതും, ഭീഷ്മർ അടിതെറ്റി വീണതും കണ്ടപ്പോൾ മടുപ്പോടെ ഞങ്ങൾ മുഖം തിരിച്ചു. യുദ്ധത്തലേന്നു സേനാധിപത്യം ഏറ്റെടുക്കാൻ ആചാരമനുസരിച്ചു ഭീഷ്മരെ ക്ഷണിച്ചപ്പോൾ, നായകപദവി പുതുതലമുറയ്ക്കു് കൊടുക്കൂ എന്ന പ്രതികരണം പ്രതീക്ഷിച്ച ഞങ്ങൾ നിരാശരായി. ഉടനെയുണ്ടു് സൈനിക വേഷം വാരിവലിച്ചുടുത്തു പിതാമഹൻ, ഇടതും വലതും നിൽക്കുന്നവരോടെല്ലാം ആജ്ഞയുമായി, സംയുക്ത സഖ്യകക്ഷിയോഗം വിളിക്കുന്നു. രോഷം നിയന്ത്രിക്കാൻ ഞാൻ പാടുപെട്ടു. ശരശയ്യയിൽ മലർന്നുവീണതോടെ എല്ലാം കഴിഞ്ഞു. കർണ്ണനെ സേനാപതിയാക്കാൻ സാധിക്കുമോ? ദ്രോണർ തടസ്സവാദവുമായി നായകപദവിക്കായി ഇടപെടുമോ? കാത്തിരിക്കൂ.” നഗ്നശരീരം നിറയെ വെട്ടും ചതവുമായിരുന്നിട്ടും, ആ ധീരസേനാനി ഒരു വട്ടം നീന്തിവീണ്ടും കയത്തിൽ ചാടാൻ തയ്യാറെടുക്കുകയായിരുന്ന സന്ധ്യ.

“മുനിശാപത്തിൽ നിന്നു് ഭർത്താവിനെ രക്ഷിക്കാൻ ഉപായമൊന്നും കണ്ടില്ലേ? നവജാതശിശുവിനെ പുഴയിൽ ഒഴുക്കിയ നിങ്ങളുടെ സാഹസികഭൂതകാലം അന്തഃപുരങ്ങളിൽ ഇന്നും ഒരാവേശമാണോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“സ്ത്രീസംസർഗം ഉപേക്ഷിച്ചു നിങ്ങൾ രാജ്യം ഭരിക്കു, ഞാനും മാദ്രിയും പുനർവിവാഹം ചെയ്യട്ടെ എന്ന നിർദ്ദേശം അയാൾ തള്ളി. “ശാപഗ്രസ്തനായ ഞാൻ കുഴഞ്ഞുവീണു ചത്താലും, പുനർ വിവാഹം അരുതു്. നിങ്ങളിലൊരാൾ സതിയും ചെയ്യണം” എന്നായി ഷണ്ഡന്റെ യാചന. അയാളുടെ അന്തിമാഭിലാഷമനുസരിച്ചു. വേറെ തരമില്ലാതെ മാദ്രിയെ ചിതയിൽ തള്ളി.”

2019-11-03

“അരുതാത്തയിടത്തിൽ അടിച്ചു കൊല്ലണോ, കുരുവംശ സ്വത്തിൽ ഓഹരി നേടാൻ?”, വാവിട്ടു നിലവിളിക്കുന്ന ദുര്യോധനനെ നോക്കി പാഞ്ചാലി ഭീമനോടു് പരിതപിച്ചു.

“ പ്രഹരിക്കാൻ ഇടമൊന്നും ഉന്നം വച്ചിരുന്നില്ല. ഗാന്ധാരി നൽകി എന്നു് പറയപ്പെടുന്ന ദിവ്യബലം ഉള്ളതു് കൊണ്ടു്, തുടയൊഴികെ മറ്റു ശരീരഭാഗങ്ങളിൽ ഭീമഗദാപ്രഹരം മാരകമാവില്ലെന്നവൻ വെല്ലുവിളിച്ചാൽ പോരാട്ടം ജയിക്കാൻ ഞാനെന്തു ചെയ്യണം? അതുമാത്രമേ ചെയ്തുള്ളു”, ഭീമൻ ഗദ ചുഴറ്റി.

“പ്രകൃതിയോടെന്തപരാധം ചെയ്തതുകൊണ്ടാണു്, കഴിഞ്ഞ ജന്മത്തിൽ രാജസൂയചക്രവർത്തിയായിരുന്ന നിങ്ങൾ, കൗരവഅടിമയായി, കുറുക്കനും കരിക്കുന്നനും വിഹരിക്കുന്ന കാട്ടുമുക്കിൽ കഷ്ടപ്പെടേണ്ടിവരുന്നതു്?”, സന്യസ്ഥമഠത്തിലെ പരിത്യാഗി ക്ഷീണിച്ച സ്വരത്തിൽ യുധിഷ്ഠിരനോടു് ചോദിച്ചു.

“ചൂതാട്ടത്തിൽ കബളിപ്പിക്കുന്നതു്, ദാമ്പത്യ അവിശ്വസ്തത പോലെ, വെറുക്കപ്പെടേണ്ടതാണെന്നു പ്രത്യേകസാഹചര്യത്തിൽ പറഞ്ഞുപോയി. ചൂതാട്ടത്തിലും കിടപ്പറയിലും അവിശ്വസ്തത പാലിക്കുന്നവർക്കതു കൊള്ളേണ്ടയിടത്തു കൊണ്ടു. കള്ളച്ചൂതിൽ ഞാൻ തോറ്റു. ആരണ്യപർവ്വം ഞങ്ങൾ അതിജീവിക്കും. നിങ്ങൾക്കതിനെ പീഡനപർവ്വം എന്നു് പരിഹസിക്കാം പക്ഷെ പ്രയാസങ്ങളുടെ ഭൂഗർഭ ഇടനാഴി തുറക്കുന്ന സ്വർഗ്ഗരാജ്യത്തെ കുറിച്ചുള്ള പ്രത്യാശയിലാണു് ഞങ്ങൾ.” അന്നു് രാത്രി വ്യാഴവട്ടക്കാല വനവാസത്തിനുശേഷം അജ്ഞാതവാസത്തിനായി വിരാടരാജ്യത്തിലേക്കു പാതിരാവിൽ ആരോടും യാത്ര പറയാതെ രഹസ്യമായി പടിയിറങ്ങി.

“‘യുദ്ധം’ എന്ന പദം ഔദ്യോഗികവിജ്ഞാപനങ്ങളിൽ നിന്നൊഴിവാക്കാൻ കാരണമുണ്ടോ?” കൊട്ടാരം ലേഖിക കുരുക്ഷേത്ര പ്രവിശ്യാ ഭരണാധികാരിയോടു് ചോദിച്ചു. പോർക്കളം സജീവമായിരുന്ന മദ്ധ്യാഹ്നം.

“പോരാട്ട നിർവ്വഹണചുമതലയുള്ളവരുടെ യോഗം ചേർന്നെടുത്ത ഏകകണ്ഠ തീരുമാനത്തിനു് പിന്നിൽ യുഗാതിവർത്തിയായ സാംസ്കാരിക മാനങ്ങളുള്ള ഇതിഹാസപരിപ്രേക്ഷ്യമുണ്ടു്. പോരാട്ടത്തെ വിശാലമായ അർത്ഥത്തിൽ വരുംയുഗങ്ങളിൽ പ്രബുദ്ധസമൂഹം സൂക്ഷ്മമായി അപനിർമ്മിക്കാനിടയുള്ളതുകൊണ്ടു്, ആയുധകേന്ദ്രിത ബലാബലമെന്നതിനപ്പുറം, നന്മയുടെ ആധിപത്യത്തിനുള്ള മഹായജ്ഞം എന്നറിയപ്പെട്ടാൽ, കുരുവംശപ്പെരുമക്കു നന്നെന്ന വിലയിരുത്തൽ വഴികാട്ടിയായി. വഴക്കാളികളായ നൂറ്റഞ്ചോളം ‘അർദ്ധസഹോദര’ർ കൂട്ടുകുടുംബസ്വത്തു വീതിക്കാൻ കയ്യാങ്കളിക്കിറങ്ങിയ ഇടമാണു് കുരുക്ഷേത്രമെന്ന പ്രചരണസാധ്യത, വമ്പിച്ച ആൾനാശം സംഭവിച്ചേക്കാവുന്ന ഈ പോരാട്ടം അർഹിക്കുന്നില്ല. ഊക്കോടെ ഇരുപക്ഷങ്ങളും പരസ്പരം പ്രഹരിക്കുമ്പോഴും, കുരുവംശഹത്യയല്ല ഉന്നം എന്നറിയാൻ വരുംതലമുറക്കാവണമെന്ന ദീർഘദൃഷ്ടിയാണു്, ‘യജ്ഞ’മെന്ന പദതിരഞ്ഞെടുപ്പിനർത്ഥം. അല്ല, ചോദിക്കാൻ വിട്ടു പോയി: ഈ യുദ്ധം, അഥവാ യജ്ഞം, ആരു ജയിക്കാനാണു് സാധ്യത?”

2019-11-04

“നിങ്ങൾക്കുള്ള സതിഅവകാശം രണ്ടാംഭാര്യ മാദ്രി എങ്ങനെ തട്ടിയെടുത്തു?”, കൊട്ടാരം ലേഖിക കുന്തിയോടു് ചോദിച്ചു. അർദ്ധനഗ്നരായ അഞ്ചു കുട്ടികൾ കുന്തിക്കു് ചുറ്റും നിലവിളിച്ചു കൊണ്ടിരുന്ന ശ്മശാനം.

“അന്തരീക്ഷമലിനീകരണം ഒഴിവാക്കാൻ പാണ്ഡുജഡം തീകത്തിക്കുന്നതിനു പകരം രഹസ്യമായി കാട്ടിൽ കുഴിച്ചിടാം എന്ന നീക്കത്തിൽ ശ്രമിക്കുമ്പോൾ, ഇടിച്ചു കയറി വന്ന സന്യാസികൾ കുരുവംശത്തിന്റെ യമുനാതീര അന്ത്യവിശ്രമഘട്ടിൽ തന്നെ വേണ്ടേ ഔദ്യോഗിക ബഹുമതികളോടെ മുൻ ഹസ്തിനപുരി രാജാവിന്റെ ശവത്തിൽ തീ വക്കാൻ എന്നു് ആചാരപരമായി ചോദിച്ചു. ചിതയിൽ ചാടാൻ രണ്ടു വിധവകളും ഹൃദയപൂർവ്വം തയ്യാറാവണം എന്നൊച്ചവെച്ചവർ ഇവിടെ കാട്ടിൽ തന്നെ ചരമശുശ്രൂഷക്കു ആളെക്കൂട്ടി. ‘എന്നെ തീയിൽ എറിയരുതേ, പുനർവിവാഹം ചെയ്തു ആനന്ദിച്ചു ഇനിയുമെനിക്കു് ജീവിക്കണം, എന്നെ ഏറിയരുതേ” എന്നു് നിലവിളിച്ച മാദ്രി കരിക്കട്ടയായി. കുട്ടികളഞ്ചു പേരും ഭീതിയിൽ എന്നെ വളഞ്ഞു, ‘മാദ്രിയെ പോലെ ആചാരസംരക്ഷണത്തിൽ ഞങ്ങളെ അനാഥരാക്കരുതെ’ എന്നവർ കാട്ടുഭാഷയിൽ യാചിക്കുന്നതാണു് നിങ്ങൾ ഇപ്പോൾ കാണുന്നതു് എങ്ങനെ ഞാനവരെ കൈവിടും?”

2019-11-05

“തുടങ്ങിയോ അന്തച്ഛിദ്രം?” കൊട്ടാരം ലേഖിക ചോദിച്ചു.

“അരുതാത്തതു കണ്ടാൽ പറയണ്ടേ? അഭയാർത്ഥികളെന്ന നിലയിൽ കുന്തിയും മക്കളും കോട്ടവാതിലിൽ മുട്ടിയപ്പോൾ ഭീഷ്മരും വിദുരരും കനിവോടെ സ്വീകരിച്ചു അകത്തേക്കു് വിളിച്ചു. ഞങ്ങൾ ഉണ്ണുന്ന തീൻശാലയിൽ കുട്ടികൾക്കു കിട്ടി ഇരിപ്പിടം. ഞങ്ങൾ ചേർന്ന ഗുരുകുലത്തിലും കൊടുത്തു പ്രവേശനം. ഒപ്പത്തിനൊപ്പമെന്ന നിലയിൽ ചേർത്തുപിടിച്ചിട്ടും, തരം കിട്ടുമ്പോൾ ഭാഗപ്രശ്നം പുറത്തിട്ടു. വേണം കുരുവംശസ്വത്തിൽ ഓഹരി. നാടു വെട്ടിമുറിച്ചലും പാണ്ഡവർക്കിടം കിട്ടണം. മുക്കിക്കൊല്ലാനും അപഖ്യാതി പറഞ്ഞു കരിവാരി തേക്കാനും തുടങ്ങിയ. കനിവു് കാണിക്കുന്നതിനി നിർത്തണം എന്നു് ഭീഷ്മ ദ്രോണ വിദുര “ത്രിമൂർത്തി’കളെ ഉപദേശിച്ചു. കനിവു് കാണിക്കുന്നതും പോരാ, പരസ്യവേദികളിൽ പരിശുദ്ധാത്മാക്കളായി വാഴ്ത്താനും തുടങ്ങിയപ്പോൾ, വലിപ്പച്ചെറുപ്പം നോക്കാതെ വിരൽ ചൂണ്ടി-കൗരവ കനിവു് വേണമെങ്കിൽ പാണ്ഡവരോടു് സ്വരം കടുപ്പിക്കണം. ഇതിലെവിടെയാണു് അന്തച്ഛിദ്രം നിങ്ങൾക്കനുഭവപ്പെട്ടതു്?”

2019-11-06

“കെണിയെന്നറിഞ്ഞിട്ടും കൗമാരപോരാളിയെ കുറുനരികൾക്കെറിഞ്ഞു കൊടുത്ത നിങ്ങൾ, അപകടം മണത്തപ്പോഴും ഓടിച്ചെന്നു ആ വിലപ്പെട്ട ജീവൻ രക്ഷിച്ചില്ലേ?”, കൊട്ടാരം ലേഖിക യുധിഷ്ഠിരനോടു് ചോദിച്ചു.

“കൗമാരകുതിപ്പു് എന്നേ കരുതിയുള്ളൂ. സുരക്ഷിത താവളത്തിൽ ഞങ്ങൾ കാത്തിരുന്നപ്പോഴും, കൗരവ തലകളുമായി അവൻ പുറത്തു ചാടുമെന്നു പ്രതീക്ഷിച്ചു. ചക്രവ്യൂഹരഹസ്യം പകുതിയെങ്കിലും അവനറിയാമായിരുന്നു. ഞങ്ങളാവട്ടെ പൂർണമായും അജ്ഞർ. ഉച്ച കഴിഞ്ഞപ്പോൾ കൗരവർ പുറത്തേക്കെറിഞ്ഞതു് അവഹേളിക്കപ്പെട്ട ജഡമായിരുന്നു. സൂക്ഷ്മാംശങ്ങൾ പൊലിപ്പിച്ചു ശത്രുത പടർത്തരുതേ. അച്ഛനും മാതൃസഹോദരനും വേറൊരു യുദ്ധമുഖത്തു പെട്ടതു കൊണ്ടു് എടുത്തുചാട്ടത്തിൽ അഭിമന്യുവിനെ നിയന്ത്രിക്കാൻ ആർക്കുമായില്ല എന്ന ഒഴുക്കൻ മട്ടിൽ വേണം എഴുതാൻ”, ഇടയ്ക്കിടെ ഞെട്ടി യുധിഷ്ഠിരൻ ചുറ്റും നോക്കി. കറുത്ത ശിരോവസ്ത്രങ്ങൾ ധരിച്ച സുഭദ്രയും ഉത്തരയും നിശബ്ദമായി ഇരുന്നു.

2019-11-07

“ഭർത്താവിന്റെ രഹസ്യപ്രണയിനിയെ ‘തൂക്കി’ നോക്കാൻ ദ്വാരകയിൽ നിന്നു് ഇന്ദ്രപ്രസ്ഥത്തിലേക്കു രഹസ്യ സന്ദർശനത്തിനു വന്ന സത്യഭാമയെ നിങ്ങൾ തേച്ചൊട്ടിച്ച ഐതിഹ്യം കേട്ടറിഞ്ഞിട്ടുണ്ടു്. എന്നാൽ അർജ്ജുനഭാര്യ സുഭദ്ര ആദ്യസമാഗമത്തിൽ തന്നെ നിങ്ങളുടെ വായടച്ചുവോ?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. വനവാസക്കാലം.

“കാഞ്ഞ പുള്ളിയായ ഭർത്താവിന്റെ മറ്റുഭാര്യമാരോടു് കിടപ്പറ പായക്കൂട്ടിന്റെ മേനി അടവുകൾ പയറ്റിത്തെളിഞ്ഞ സൗന്ദര്യധാമമായ സത്യഭാമയെവിടെ? ശിശുഹൃദയമുള്ള പാവം സുഭദ്രയെവിടെ? എങ്കിലും എന്നെ ഒന്നടിതെറ്റിക്കാൻ സുഭദ്രക്കായി എന്നു് ഞാൻ ഹൃദയപൂർവ്വം സമ്മതിക്കുന്നു. കേശാദിപാദം ജിജ്ഞാസയോടെ സൂക്ഷിച്ചു നോക്കി മേനി തലോടി അവൾ അത്ഭുതപ്പെട്ടു, കൊച്ചുസുന്ദരീ, അഞ്ചു പ്രസവിച്ച ശരീരമാണോ ഇതു്?”

“ഏതു കുഴഞ്ഞുമറിഞ്ഞ ആവാസവ്യവസ്ഥയിലും, ഒരു സ്വതന്ത്ര വനിതക്കു്, ആരും അതിക്രമിച്ചു കയറാൻ ധൈര്യം വരാത്ത ഒരിടമുണ്ടാവുമെങ്കിൽ, നിങ്ങളുടെ ‘പ്രണയിനി’ മൂളിപ്പാട്ടു് പാടുമോ?, അതോ മതിമറന്നവൾ നൃത്തം ചെയ്യുമോ?”, കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“പെണ്ണവകാശം പാഞ്ചാലിയുടെ കാര്യത്തിൽ എനിക്കു് നല്ല പരിചയമുണ്ടു്. നേരിൽ കാണാൻ ഒരിക്കൽ രണ്ടും കൽപ്പിച്ചു ചാരജാഗ്രതയോടെ പാഞ്ചാലിക്കു പിന്നിൽ ചെന്നു് എന്താണു് പാടുന്നതെന്നു് ചെകിടോർത്തു. കേട്ടപ്പോൾ, ഞെട്ടി പിന്തിരിഞ്ഞു. പിന്നെ അവളുടെ ഏകാന്തതയിൽ നുഴഞ്ഞുകയറിയിട്ടില്ല. എന്തായിരുന്നു അതെന്നോ? അതൊരു കുഴപ്പം പിടിച്ച പാടൽ തന്നെ ആയിരുന്നു. ഒരു സുന്ദരിയുടെയും യുവഭർത്താവു് കേൾക്കാൻ പാടില്ലാത്ത ഒന്നു്. പടിഞ്ഞാറു കടലോരനഗരത്തിലേക്കു നോട്ടമെറിഞ്ഞു, മോഹന രാഗത്തിൽ, സ്വാഗതം പാടി, പ്രിയപ്പെട്ടവനെ ഇരുകൈകളും നീട്ടി വാരിയെടുക്കുകയായിരുന്നു പാഞ്ചാലി. വിരുന്നുകാരൻ അപ്രത്യക്ഷനായപ്പോൾ. വന്നു എന്നടയാളപ്പെടുത്തുന്നൊരു മയിൽപ്പീലി കിടക്കയിൽ. അവളുടെ ഭർത്താവു് മാത്രമല്ല ഇഷ്ടകാമുകനുമെന്നു തെറ്റിദ്ധരിച്ച ഞാൻ നിസ്സഹായനായ നേരം. അടുത്തൊരു ചിതയുണ്ടായിരുന്നെങ്കിൽ ദേഹത്യാഗം ചെയ്യാൻ തോന്നിയ തീഷ്ണ മുഹൂർത്തം.”

2019-11-08

“സ്വത്തുതർക്കത്തിന്നതീതമായി, ഭർത്താക്കന്മാർക്കും കൗരവർക്കുമിടയിലൊരു സംഘർഷഭൂമികയുണ്ടെന്നു നേരനുഭവത്തിലൂടെ നിങ്ങൾ തിരിച്ചറിഞ്ഞതെപ്പോഴായിരുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു.

“വിവാഹം കഴിഞ്ഞു ഹസ്തിനപുരിയിലെത്തി കൊട്ടാരസമുച്ചയത്തിലൊരു വീടു് പ്രതീക്ഷിച്ചു ഞങ്ങൾ നഗരാതിർത്തിയിലെ അതിഥിമന്ദിരത്തിൽ കഴിയുമ്പോൾ, നിത്യവും വന്നു ഞങ്ങൾക്കനുവദിക്കാൻ പോവുന്ന രാജകീയവസതിയിൽ പുതുതായി വേണ്ടുന്ന ഭൗതിക സൌകര്യങ്ങളെ കുറിച്ചു് സരസമായി ഓരോന്നു് എന്നോടായി ദുര്യോധനൻ ചോദിക്കും. ഇക്കാര്യങ്ങളെ കുറിച്ചൊന്നും അറിവോ അനുഭവമോ ഇല്ലാത്ത പാണ്ഡവർ, അപ്പോൾ ഒളിഞ്ഞു നിന്നു് ഞങ്ങളെ നിരീക്ഷിക്കും. പുതുസൌകര്യങ്ങളെ കുറിച്ചു് ഞാൻ മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ മതിപ്പോടെ കേട്ടു് സമ്മത ഭാവത്തിൽ ദുര്യോധനൻ പുഞ്ചിരിക്കും. ആഹ്ലാദവും അഭിമാനവും തോന്നുന്നത്ര ഹൃദ്യമായ പെരുമാറ്റമായിരുന്നു അതെന്നതിൽ എനിക്കപ്പോൾ തോന്നിയിരുന്ന ഊഷ്മളത, ദുര്യോധനൻ ഉപചാരപൂർവ്വം യാത്ര പറയുന്ന സമയം വരെ നീളും. യാത്രയാക്കി മടങ്ങിവന്നാൽ, പത്തു കണ്ണുകൾ തുറിച്ചും മറിച്ചും നോക്കി രാത്രി ഭീതിതമാക്കും.”

“അധികാരകേന്ദ്രങ്ങളിൽ അപശബ്ദമുയർത്തുന്നൊരു ആയുഷ്കാലവിമതനെയാണു് ‘ബാല’ കർണ്ണനിൽ കണ്ടിരുന്നതെന്നു അരമനയിലെ നീണ്ടകാലസാന്നിധ്യമായ വിദുരർ. ആ വിധം വളർന്നു ‘പരുക്ക’നാവേണ്ടിയിരുന്ന വ്യക്തി എങ്ങനെ വിദ്യാർത്ഥി ജീവിതത്തോടെ മാറിമറിഞ്ഞു എന്നാണു് കൃപാചാര്യൻ ഓർത്തെടുക്കുന്നതു. ജാതിയെന്തെന്നു അരങ്ങേറ്റമൈതാനിയിൽ കൃപർ സാന്ദർഭികമായി ചോദിച്ചപ്പോൾ നിങ്ങളുടെ പരിതാപാവസ്ഥ കണ്ട് ദുര്യോധനൻ, നാമമാത്ര അംഗരാജ്യത്തിലെ രാജാവായി പ്രഹസനം തട്ടിക്കൂട്ടി. അങ്ങനെ ഇല്ലാത്ത രാജ്യത്തിലെ വ്യാജരാജാവായപ്പോൾ മതിമറന്നുവോ പിൽക്കാല കർണ്ണൻ?”, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധമേഘങ്ങൾ തിങ്ങിക്കൂടിയ ആകാശം. ഹേമന്തത്തിന്റെ തുടക്കം.

“മേലാള കീഴാള ബന്ധമായിരിരുന്നു ദുര്യോധനനു് ഞാനുമായി എന്നു് തെളിയിച്ചെടുക്കാൻ വിദുരരേയും കൃപാചാര്യനെയും സാക്ഷികളാക്കേണ്ട കാര്യമില്ല. മനഃസാക്ഷിയെ ചോദ്യം ചെയ്താൽ മതി. ഇല്ലാത്ത രാജ്യമാണു് അംഗരാജ്യമെന്നെനിക്കറിയാത്തതല്ല കാര്യം. തുണക്കാൻ വഴികണ്ടെത്തിയ ദുര്യോധനനു് കൃതജ്ഞതയോടെ ഞാനൊന്നേ പാലിക്കേണ്ടിയിരുന്നുള്ളു-ആപത്തിൽ ഒപ്പം നിൽക്കുക ശത്രു വീഴുംവരെ വാൾ വീശുക.”

2019-11-09

“ദാമ്പത്യത്തിൽ പ്രണയം ഒരു വിചിത്ര സങ്കൽപ്പമാണെന്നു പറയുന്നവരുണ്ടു്. നിങ്ങൾക്കിടയിൽ പ്രണയം നിറസാന്നിധ്യമൊക്കെ ആയിരിക്കാം, എന്നാൽ, അതെപ്പോഴെങ്കിലും തർക്കവിഷയമായിട്ടുണ്ടോ? ദാമ്പത്യഅവിശ്വസ്തത പാണ്ഡവർക്കിടയിൽ അപൂർവ്വമല്ലെങ്കിലും, പ്രണയിനി പാഞ്ചാലിയെ സ്വന്തമാക്കാൻ മോഹിക്കുന്ന ഒന്നിലധികം ഹൃദയങ്ങളെ എനിക്കറിയാം”, കൊട്ടാരം ലേഖിക ചോദിച്ചു. താഴ്‌വരയിലെ ജലാശയത്തിൽ പാണ്ഡവർ മലർന്നു തുടിച്ചു നീന്തുന്നതു്, മരക്കൂട്ടങ്ങൾക്കു പിന്നിലവർക്കു കാണാമായിരുന്നു. വനവാസക്കാലം.

“ഒരു പ്രാവശ്യം ഞങ്ങളുടെ ദാമ്പത്യത്തിൽ, പ്രണയം എന്ന പദം പരാമർശിക്കപ്പെട്ടു എന്നോർക്കുന്നു. ഒരേ പായ പങ്കിടുന്നവളുമായുള്ള ദിനചര്യയിൽ പ്രണയത്തിനെന്തു പ്രസക്തി എന്നു് അർജ്ജുനൻ തിരിച്ചടിച്ചു. മറ്റു നാലു പേരും അനുകൂല മുഖഭാവത്തിൽ അവനെ നോക്കി. അതോടെ പ്രണയം എന്ന വികാരം ഞങ്ങൾക്കിടയിൽ നിന്നു് എന്നെന്നേക്കുമായി അപ്രത്യക്ഷമായി.”

“പോർക്കളത്തിൽ നിന്നു് പോറലേൽക്കാതെ പാണ്ഡവർ രക്ഷപ്പെട്ടതു് പെറ്റ തള്ളയുടെ പുണ്യം കൊണ്ടാണെന്നു വിദുരർ പറയുന്നല്ലോ. മിതഭാഷിയെന്നു പേരുകേട്ടയാൾ അത്യുക്തിയിൽ അഭിരമിക്കുന്നു എന്ന തോന്നലുണ്ടോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര നാളുകൾ.

“പാണ്ഡവരഞ്ചുപേരും വിഷാദരോഗത്തിനു് രഹസ്യ പരിചരണം നേടുന്നവരാണെന്ന കാര്യം “പുണ്യവതി” അറിയാതിരിക്കട്ടെ.”

2019-11-10

“പാടുപെട്ടു വന്നു തിരിച്ചു പോവുന്നതിന്റെ പൊരുളെന്താണു്?, കൊട്ടാരം ലേഖികയോടു് നകുലൻ ചോദിച്ചു. മറ്റു പാണ്ഡവർ നായാട്ടിനു പോയ നേരം.

“ചുവരെഴുത്തു് പതിപ്പുകളിൽ ഒന്നു് കൗരവരാജസ്ത്രീകളെ ലക്ഷ്യമാക്കുന്നു. അവർക്കു് ഗംഗയോ ഹിമാലയമോ കൗതുകവാർത്തയല്ല, അവർക്കറിയേണ്ടതു്, ഒരിക്കൽ ഇന്ദ്രപ്രസ്ഥം ചക്രവർത്തിനിയും ഇപ്പോൾ കൗരമഅടിമയുമായ പാഞ്ചാലിയുടെ പരിദേവനങ്ങൾ. ഭാവിയിൽ സംഭവിക്കാവുന്ന മഹായുദ്ധം ഒരിതിഹാസത്തിനു വിഷയമാവുമെങ്കിൽ, അഭിമുഖങ്ങളിൽ വ്യക്തമാവുന്ന പെണ്ണവകാശ പോരാട്ടങ്ങൾക്കു്, സ്വത്തവകാശത്തർക്കത്തെക്കാൾ ശ്രദ്ധ കിട്ടുമെന്നാണു് പ്രത്യാശ. അതാ, പ്രഭാതവെയിലിൽ കുളി കഴിഞ്ഞു ഒരു കെട്ടു് ഈറനുമായി വരുന്നു പാഞ്ചാലി. ഇതൊക്കെ ‘ഛായാചിത്ര’മാക്കാനുള്ളൊരുപകരണം എനിക്കുണ്ടായിരുന്നെങ്കിൽ.”

2019-11-11

“മൂന്നു നേരം വിശപ്പു് മാറ്റാൻ, കൗരവരോടു് വിലപിച്ചും യാചിച്ചും പാണ്ഡവർ പ്രകൃതിനിയമത്തെ വെല്ലുവിളിക്കുന്നൊരു വിചിത്ര അക്ഷയപാത്രം ആദ്യമേ സംഘടിപ്പിച്ചു, എന്നാൽ നിങ്ങൾക്കൊന്നും കിട്ടിയില്ലേ കാട്ടിൽ ഇത്തിരി കനിവു് നേടാൻ?” കൊട്ടാരം ലേഖിക ചോദിച്ചു.

“കുനിഞ്ഞുനിന്നു വിളമ്പിക്കൊടുക്കണമെന്നവർ ശഠിക്കും. തറയിൽ കൂട്ടംകൂടിയിരുന്നു വായിട്ടടിക്കലവർ മൂന്നുനേരവും ആവർത്തിക്കുമ്പോൾ, രഹസ്യമന്ത്രം മുഖം തിരിച്ചൊന്നു ഞാനുച്ചരിക്കും. അതോടെ, പാണ്ഡവനു നാവുകുഴയും. സൗജന്യമായി ‘വായു’വിൽ നിന്നു് കിട്ടുന്ന സസ്യഭക്ഷണത്തെക്കാൾ പ്രതികരണശേഷിയുണ്ടു്, തീൻശാലയിൽ അശ്ലീല ഒച്ചക്കു തടയിടാൻ പ്രിയസുഹൃത്തുവഴി കിട്ടിയ മന്ത്രത്തിനു.”

“അന്ധനാണു് ഭർത്താവെന്നറിഞ്ഞപ്പോൾ, ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടു് സ്വയം കാഴ്ച നിഷേധിക്കാൻ ഉടുതുണി കീറി കണ്ണുകെട്ടിയ പ്രതികരണം, സാഹചര്യത്തിനു് യോജിക്കാത്തതെന്നു് തിരിച്ചറിവുണ്ടായിട്ടും നിങ്ങൾ പിൽക്കാലത്തു തിരുത്തിയില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“കബളിക്കപ്പെട്ടതിൽ പ്രതിഷേധിച്ചുകൊണ്ടായിരുന്നു കറുത്ത തുണികീറി കണ്ണുകെട്ടി രാജസഭയിൽ ചെന്നു് ഭീഷ്മരെ നേരിട്ടതു് ഗാന്ധാരയിൽ പെണ്ണന്വേഷിച്ചുവന്ന പിതാമഹൻ, വരൻ ആളൊരു ‘ശക്ത’നെന്നൊക്കെ തള്ളിയപ്പോൾ, അച്ഛനുമമ്മയും വീണുപോയി. ദുർബലനും അന്ധനും ആണു് ആളെന്നറിഞ്ഞപ്പോൾ തോന്നിയ കോപം ധൃതരാഷ്ട്രരോടായിരുന്നില്ല, ഭീഷ്മരോടായിരുന്നു. പിന്നെ പിന്നെ അതൊരു സൗകര്യകരമായ മുഖാവരണമായി. അർദ്ധസുതാര്യമായ തുണികൊണ്ടു കെട്ടിത്തുടങ്ങിയപ്പോൾ, കാണേണ്ടതൊന്നും അപ്രാപ്യമല്ലാതെയുമായി. കാഴ്ചപരിമിതനായ ഭർത്താവിനു് ഇനി ഞാനായിരിക്കും കണ്ണുകളെന്ന നിലപാടെടുക്കാൻ സമ്മർദ്ദം ചെലുത്തിയ മഹാറാണി കുന്തിയാണിപ്പോൾ, തോഴിയെന്ന നിലയിൽ, കൺകെട്ടുതുണിക്കെട്ടുകൾ കരുതലോടെ കഴുകി നിഴലിൽ ഉണക്കി മണിക്കൂറിടവിട്ടു കെട്ടിത്തരുന്നതു എന്നതിൽ ആനന്ദവുമുണ്ടു്.”

2019-11-12

“മുടിചൂടിയ മന്നനല്ലേ? എന്നിട്ടുമെന്താ ‘സൂതപുത്ര’ന്റെ തേരാളിയായതു്? യുദ്ധരംഗത്തിലുമില്ലേ ശ്രേണീബന്ധങ്ങളിലെ വലുപ്പച്ചെറുപ്പങ്ങൾ? അതോ, ദുര്യോധനൻ നിങ്ങളെ കുരുക്കിയോ?” മാദ്രിസഹോദരനായ ശല്യചക്രവർത്തിയോടു് കൊട്ടാരം ലേഖിക ചോദിച്ചു. വൈകിയ രാത്രി.

“സഹോദരീപുത്രന്മാരായ നകുലനെയും സഹദേവനെയും മറന്നിട്ടൊന്നുമല്ല കൗരവസഖ്യ കക്ഷിയായി കുരുക്ഷേത്രത്തിൽ, എന്തു് ജോലി ചെയ്യാനും, ഞാൻ ഇറങ്ങിയതു് മാദ്രിയെ പാണ്ഡുചിതയിലെറിഞ്ഞ കുന്തിയോടെനിക്കുള്ള നീരസം മറച്ചുവക്കുന്നില്ലെങ്കിലും, മാദ്രിപുത്രന്മാർ യുദ്ധാനന്തരം നേരിടാവുന്ന അധികാരപർവ്വഭീഷണി കണക്കിലെടുക്കേണ്ടേ? കർണ്ണൻ യുദ്ധത്തിൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടാൽ, പാണ്ഡവർക്കു് മേലെ മൂപ്പിളമ ഉന്നയിച്ചു, നകുലനെയും സഹദേവനെയും പാർശ്വവൽക്കരിക്കുമെന്നതാണു് എന്നെ അലട്ടുന്നതു്. മാദ്രിപുത്രന്മാർ കഥയറിയാതെ എന്നെ പോർക്കളത്തിൽ നാളെ വധിച്ചാലും, കുരുക്ഷേത്രക്കുശേഷം അവരുടെ ദീർഘകാല അധികാര താൽപ്പര്യം സംരക്ഷിക്കുകയെന്നതല്ലേ മാദ്രിസഹോദരൻ എന്ന നിലയിൽ ഏറ്റെടുക്കേണ്ട നിയോഗം? അതു് സൂക്ഷ്മതയോടെ ചെയ്യുമ്പോൾ മനഃശ്ശാസ്ത്രപരമായ യുദ്ധമുറകൾ കർണനു നേരെ, തേരാളിയെന്ന നിലയിൽ, പ്രയോഗിക്കും. സർവ്വസൈന്യാധിപനാണവൻ എന്ന പരിഗണന കൊടുക്കാതെ, പരിഹസിക്കും ആജ്ഞ തിരസ്കരിക്കും ആപത്തിൽ പിന്തുണക്കാതെ മാറിനിൽക്കും, കൊലചെയ്യപ്പെടുന്നതു് കൗതുകത്തോടെ നോക്കി നിൽക്കും. മാദ്രരക്തം ഗംഗാജലത്തേക്കാൾ സാന്ദ്രതകൂടിയതാണെന്നപ്പോൾ ലോകം അറിയും.”

“മൂപ്പിളിമക്രമമനുസരിച്ചു് കുട്ടികളഞ്ചു പേരെയും, വളർത്താൻ പാഞ്ചാലയിലേക്കു് കൊണ്ടു് പോയ നിങ്ങൾ, പക്ഷെ, ഹസ്തിനപുരിയിലൊന്നിറങ്ങി കുന്തിയെ കണ്ടില്ല എന്നാണു പാണ്ഡവപരിഭവം. രാജമാതാ പദവിയർഹിച്ചിട്ടും, പുത്രഭാര്യയോടു് മത്സരിക്കാൻ നിൽക്കാതെ, ഗാന്ധാരിക്കൊപ്പം ഒതുങ്ങിക്കഴിയുന്ന കുന്തിക്കുമുണ്ടാവില്ലേ കൊച്ചുമക്കളെ കാണാൻ മോഹം?” ’ കൊട്ടാരം ലേഖിക ചോദിച്ചു.

“പനംകുട്ടയിൽ നവജാതശിശുക്കളെ പുഴയിലൊഴുക്കിയും, ഗംഗയിൽ മുക്കിക്കൊന്നും, പേറ്റുചൂരുള്ള കുഞ്ഞുങ്ങളെ ‘പരിചരണം’ ചെയ്യുന്ന വിശിഷ്ട മാതൃബിംബങ്ങൾ വസിക്കുന്ന കുരുവംശകൊട്ടാരത്തിൽ, വഴിതെറ്റി പോലും കയറാതിരിക്കുന്നതല്ലേ പാണ്ഡവപുത്രന്മാർക്കു നല്ലതു്?”

“സൈന്യാധിപനെ പാളയത്തിൽ കയറി പൊരിപ്പിച്ചിരുന്നു എന്നാണല്ലോ പാറാവുകാർ പിറുപിറുക്കുന്നതു്? കിരീടാവകാശം തർക്കവിഷയമായിട്ടും പൊതുഭരണത്തിൽ പതിവായി ഇടപെട്ടിരുന്നു എന്നതു് പോകട്ടെ, പോർക്കളത്തിലും തുടങ്ങിയോ ചട്ടം വിട്ടുള്ള പരാക്രമം?” കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു.

“രാജ്യതന്ത്രമര്യാദ പാലിക്കാത്ത പാണ്ഡവരോടല്ലേ നിങ്ങൾ ചന്ദ്രഹാസമിളക്കേണ്ടതു്? കഥാവശേഷനായ കർണ്ണൻ സൂതപുത്രനെന്നു പാണ്ഡവർ പരിഹസിച്ചിട്ടും, കൗരവ സർവ്വസൈന്യാധിപനായതു് ആരുടെ ഉത്സാഹത്തിലായിരുന്നു? എന്നാൽ, പൂർവ്വസൂരികളെ പാർശ്വവൽക്കരിച്ചുവോ? പത്തുദിവസം പട നയിച്ചതു് വയോവൃദ്ധനായ ഭീഷ്മരല്ലേ? ഒരു പാണ്ഡവതല പോലും ഉരുട്ടാനാവാത്ത പാവം പിതാമഹൻ, സൈന്യാധിപപദവിയിൽ നിന്നു് ഒഴിഞ്ഞതു് ഞാൻ പുറത്താക്കിയതുകൊണ്ടോ, അതോ, ഭിന്നലിംഗപോരാളി ശിഖണ്ഡിയെ മുന്നിൽ നിർത്തി അർജ്ജുനൻ ഭീഷ്മർക്കുനേരെ അമ്പെയ്തതുകൊണ്ടോ? ഞാൻ ബ്രാഹ്മണ വിരോധിയാണെന്നു പാണ്ഡവർ വലിയവായിൽ ആക്ഷേപിക്കുന്നതിൽ കാര്യമുണ്ടെങ്കിൽ, എങ്ങനെ ഞാൻ ഭീഷ്മർക്കു് ശേഷം ദ്രോണാചാര്യരെ സർവ്വസൈന്യാധിപനാക്കി? കർണ്ണനെയല്ലേ കാവലേൽപ്പിക്കേണ്ടതു്? മാദ്രിയുടെ സഹോദരൻ ശല്യൻ കൗരവ പക്ഷത്തു വന്നപ്പോൾ ആത്മാർത്ഥത അളക്കാൻ കർണ്ണസാരഥിയാക്കിയ ശേഷമല്ലേ സർവ്വസൈന്യാധിപ പദവി കൊടുത്തതു്? എന്നാൽ പാണ്ഡവർ? ചോദിക്കൂ യുധിഷ്ഠിരനോടു്, കൊള്ളരുതാത്ത ധൃഷ്ടധ്യുമ്നനെ എങ്ങനെ അവർ പതിനെട്ടുനാളും അത്യുന്നതപദവിയിൽ പരിപാലിച്ചു. അയാൾ പാഞ്ചാലിയുടെ സഹോദരൻ. പോറലേറ്റാൽ വിവരമറിയും.”

2019-11-13

“കബളിപ്പിക്കപ്പെട്ടു എന്ന തോന്നലുണ്ടായോ?” കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു.

“പ്രച്ഛഹ്നവേഷമെന്നറിഞ്ഞുതന്നെ പട്ടാഭിഷേകത്തിനു ഞാൻ വഴങ്ങി. ദുര്യോധനൻ മികവോടെ കാർമ്മികത്വം വഹിച്ചു വിജയകരമായ പരിസമാപ്തിയിലെത്തിച്ച ആ തട്ടിപ്പു പക്ഷെ, പാണ്ഡവർ മുഖവിലക്കെടുത്തു എന്നതാണു് പ്രഹസന വിജയം. ആയുധമത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ജാതി ചോദിച്ചു നാറ്റിക്കാനല്ലാതെ, കാട്ടിൽ ജനിച്ചു വളർന്ന ഭീമനുണ്ടോ അംഗരാജ്യം എവിടെയാണെന്നു് നെഞ്ചുവിരിച്ചു വെല്ലുവിളിക്കാൻ അറിവിന്റെ ധൈര്യം? ഒരു പണത്തൂക്കം പൊന്നില്ലാത്ത വ്യാജകിരീടം ധരിച്ചു ഹസ്തിനപുരി വാണിജ്യവീഥിയിൽ ഞാൻ വഴിനടക്കുമ്പോൾ, ഓച്ചാനിച്ചു നിൽക്കുന്ന ഭീമനെ ഇന്നലെ സന്ധ്യക്കും കാണാമായിരുന്നു.”

2019-11-14

“അർജ്ജുനൻ പിതാമഹനു് നേരെ കൂരമ്പെയ്യുമ്പോൾ ധൃഷ്ടധ്യുമ്നൻ അരുതാത്ത വാക്കുച്ചരിക്കുന്നതു് കാണാമായിരുന്നല്ലോ. എന്തായിരുന്നു കാര്യം?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“ഭിന്നലിംഗ വിഭാഗങ്ങൾക്കു് സാമൂഹ്യനീതിയും അവകാശങ്ങളും ഉറപ്പു വരുത്താൻ, ഔദ്യോഗിക ലിംഗനീതിനിയമം നടപ്പിലാക്കിയ ഹസ്തിനപുരിയിൽ, ഭിന്നലിംഗ ശിഖണ്ഡി മുന്നിൽ നിന്നാൽ, താൻ ആയുധം താഴെയിടും എന്ന ഭീഷ്മ പ്രഖ്യാപനം കുരുവംശലിംഗനീതിയെ റദ്ദാക്കുന്നു എന്നു് ധൃഷ്ടധ്യുമ്നൻ പറഞ്ഞതാണോ കാര്യം? കൂടപ്പിറപ്പിനോടുള്ള കരുതൽ മാത്രമല്ലേ? ഭീഷ്മനിന്ദയൊന്നും അരിച്ചു പെറുക്കി വർത്തയാക്കരുതേ.”

“ഇടിച്ചുകയറി പിടികൂടുകയാണോ? അതോ, നിങ്ങൾ നിസ്സഹായനായി കീഴടങ്ങുകയോ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. കീചകവധവാർത്ത പുകമഞ്ഞുപോലെ നിറഞ്ഞ വിരാട നഗരി.

“പാഞ്ചാലിയെ കാമത്തോടെ കാണുന്ന കീചകനെ നീരസത്തോടെയാണ്നൃത്തമണ്ഡപത്തിൽ ഞാൻ രാത്രി ചെന്നുകണ്ടതും, ക്ഷോഭത്തോടെ മിണ്ടിപ്പറഞ്ഞതും. സൈരന്ധ്രിയെ വിവാഹം കഴിക്കാൻ യുവകീചകൻ ആഗ്രഹിക്കുന്നു എന്ന വാർത്ത ഞാൻ അവിശ്വസിച്ചിരുന്നെങ്കിലും, വീണ്ടുമവൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ‘അഞ്ചു പ്രസവിച്ചവളെയോ?’ എന്നു് ഞാൻ വിസ്മയിച്ചു. അവൾക്കു അത്രയും ഭർത്താക്കന്മാരുണ്ടെന്ന കാര്യം പറഞ്ഞപ്പോൾ, ഭൂതകാല ദാമ്പത്യബാധ്യതകളൊന്നും വിവാഹതീരുമാനത്തെ അസാധുവാക്കില്ലെന്നവൻ പ്രഖ്യാപിച്ചു. പെട്ടെന്നൊരാവേശത്തിൽ ഇടിച്ചു വീഴ്ത്തി, നെഞ്ചിൽ കുന്തിച്ചിരുന്നു മൂക്കും വായും പൊത്തിപ്പിടിച്ചു. പണിയിടമായ ഊട്ടുപുരയിൽ കിടന്നു പരേതാത്മാവിനുവേണ്ടി പ്രാർത്ഥിച്ചു ഞാൻ ഉറങ്ങിപ്പോയെങ്കിലും വിരാട അന്വേഷണസംഘം പിടികൂടി. പാഞ്ചാലി പിന്തുണയായി വന്നിട്ടില്ലെന്നതാണെനിക്കു് കരൾ നോവിക്കുന്ന കാര്യം.”

2019-11-15

“ഉച്ചഭക്ഷണം കഴിഞ്ഞ ഉടൻ മൂന്നു പാണ്ഡവർ മന്ത്രാലയങ്ങളിലേക്ക്പോവുമ്പോൾ, ‘ഭീമനും നകുലനും മാത്രമെന്താ ആട്ടുകട്ടിലിലൊരു സ്വൈരസല്ലാപം?’, കൊട്ടാരം ലേഖിക ചോദിച്ചു. യുദ്ധാനന്തര പാണ്ഡവ ഭരണകാലം ദുര്യോധനവധം നേർസാക്ഷിമൊഴി നകുലനിൽ നിന്നു് പൊടിപ്പും തൊങ്ങലും വച്ചു് ഭീമനു് കേൾക്കണം. തുടയിലടികൊണ്ടു വീണ ദുര്യോധനന്റെ നിലവിളി നകുലൻ മികവോടെ അനുകരിക്കുമ്പോൾ, കൊച്ചുകുട്ടിയെ പോലെ കൈകൾ കൊട്ടി ഭീമൻ ആർത്തുചിരിക്കും മഹാറാണിയുടെ അന്തഃപുരത്തിലേക്കു അനുമതിയില്ലാതെ കയറി, ബഹുസ്വരദാമ്പത്യരഹസ്യങ്ങൾ ചോർത്തുന്ന, നിങ്ങൾ മറന്നുപോവരുതേ, ആയിരം പൂർണചന്ദ്രന്മാരെ കണ്ടു കഴിഞ്ഞ ഭീമനിപ്പോൾ രാജ്യസുരക്ഷയെക്കാൾ കൗതുകം വർണോജ്ജ്വലമായ കുരുക്ഷേത്രമാണു്.”

“നിങ്ങളഞ്ചു പേരോടും പാഞ്ചാലി ഹൃദ്യമായി പെരുമാറുന്നൊരു പൊതുസന്ദർഭമുണ്ടോ?” കൊട്ടാരം ലേഖിക ചോദിച്ചു.

ബഹുഭർത്തൃത്വ ദാമ്പത്യത്തിൽ പെണ്ണാധിപത്യമുണ്ടെന്നവൾക്കുത്തമബോധ്യം വരുന്ന സാഹചര്യത്തിൽ, ഞങ്ങളോടവൾ കാണിക്കുന്ന ഊഷ്മളതയും ഉല്ലാസഭാവവും എങ്ങനെ മറക്കും. എന്നാൽ, ആരെങ്കിലുമൊരാൾ കരുതലില്ലാതെ വിയോജിക്കാനോ അവഗണിക്കാനോ ശ്രമിച്ചാൽ, അതോടെ തകർന്നു വീഴുകയായി ഹൃദ്യമെന്നു നിങ്ങൾ വിശേഷിപ്പിക്കുന്ന ആ ‘ചില്ലുകൊട്ടാരം.’

2019-11-16

“കേഴുന്നുവോ പ്രിയഗുരു?” കൊട്ടാരം ലേഖിക ചോദിച്ചു. കുരുക്ഷേത്രയിൽ നിന്നു് ജീവനോടെ രക്ഷപ്പെട്ട കൗരവസേനാനി കൃപാചാര്യൻ പുതിയ കിരീടാവകാശിയെ ആദ്യാക്ഷരങ്ങൾ പഠിപ്പിക്കുന്ന തിരക്കിലായിരുന്നു.

“പിന്നെ വികാരങ്ങൾ മുറിപ്പെട്ടാൽ കൊട്ടാരഗുരുവും കരയില്ലേ? കൗരവകൊലയാളികളുടെ കൂടെ കത്തി മൂർച്ച കൂട്ടി കുരുക്ഷേത്രയിൽ പതിനെട്ടു നാൾ ഞാൻ പോരാടി എന്നൊക്കെ നിങ്ങൾ എഴുതിപ്പിടിപ്പിച്ചു. ചാർവാകൻ പറഞ്ഞറിഞ്ഞപ്പോൾ സത്യാനന്തരയുഗം നേരത്തേ തുടങ്ങി എന്നു് തോന്നി. സ്വത്തുതർക്ക പരിഹാരത്തിനു് നയതന്ത്രതലത്തിൽ ചർച്ച വഴിമുട്ടിയപ്പോൾ, നേരിയ ബലപരീക്ഷണം നടത്തിയെന്നല്ലേ ഉള്ളൂ? പോർക്കളത്തിൽ ജീവഹാനി സ്വാഭാവികമല്ലേ? യുദ്ധം ചെയ്താലും തപസ്സിരുന്നാലും, വിശാല കാഴ്ചപ്പാടിൽ വേണ്ടേ ഇടപെടാൻ? ദുഷ്ടലാക്കില്ലാത്ത സൈനികസേവനത്തിനു ദുരർത്ഥം കൊടുക്കുമ്പോൾ, ചമ്രം പടിഞ്ഞിരുന്നു ആറുമാസമായി ആദ്യാക്ഷരം പഠിക്കുന്ന ഈ കുട്ടിയെ നോക്കൂ. ഭാവി ചക്രവർത്തിയാവാനുള്ള പരീക്ഷിത്തു്, ചക്രവ്യൂഹത്തിൽ ജീവൻ പൊളിഞ്ഞ അഭിമന്യുവിന്റെ ഏക മകൻ. മന്ദബുദ്ധിയാണെന്നു കരുതി ഞാനുമവനെ ദുഷിച്ചുസംസാരിച്ചാൽ കുരുവംശത്തിൽ പിന്തുടർച്ച പോവില്ലേ?”

“താൻപോരിമയുള്ള പെണ്ണെന്ന പ്രതിച്ഛായ സ്വയംവരം മുതൽ പ്രകടിപ്പിച്ചിരുന്ന നിങ്ങൾ എന്തുകൊണ്ടു് ചൂതാട്ടസഭയിൽ പരസ്യമായി വിവസ്ത്രയാവുന്ന ദയനീയ സാഹചര്യമുണ്ടായിട്ടും, അക്രമികളെ ചെറുക്കാതെ മിക്കവാറും വഴങ്ങിയെന്നൊരു തോന്നൽ കുറച്ചകലെ നിന്നു് തോന്നിയ ഞങ്ങൾക്കുണ്ടായി? എങ്ങനെ പ്രതികരിക്കുന്നു നിർണ്ണായകമുഹൂർത്തത്തിലെ നിർജ്ജീവ പ്രതികരണശേഷിയെ കുറിച്ചിപ്പോൾ?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.

“കുറച്ചകലെ നിന്നാണു് നിങ്ങളപ്പോൾ നോക്കിയിരുന്നതെങ്കിൽ തീർച്ചയായും ചൂതാട്ടസഭയിൽ എനിക്കെതിരെ ഇരുന്നും നിന്നും ലൈംഗികാതിക്രമത്തിനു് അവസരം കാത്ത പ്രഭുക്കളെയും കാണാതെ പോവില്ലല്ലോ. ഞാൻ നേരിട്ട തിരഞ്ഞെടുപ്പു് ഇതായിരുന്നു-പ്രലോഭനത്തിന്റെയും പ്രണയപദങ്ങളുടെയും അകമ്പടിയോടെ ഉടുതുണിയിൽ കൈവക്കുന്ന യുവകൗരവർക്കു വഴങ്ങണോ, സദാചാരസംരക്ഷകരുടെ ആട്ടിൻതോലണിഞ്ഞ വയോജനങ്ങൾക്കു വഴങ്ങണോ?”

2019-11-17

“നാടുവാഴിയുടെ മകളെന്ന നിലയിൽ അവഗണിക്കപ്പെടുമായിരുന്ന നിങ്ങളെ, ആഗോളശ്രദ്ധാകേന്ദ്രമാക്കിയ വ്യക്തി അർജ്ജുനൻ തന്നെയെന്നുച്ചരിക്കാൻ മാത്രം ‘അമൂല്യ’മായ സംഭാവന എന്തുണ്ടായി അയാൾക്കു് നിങ്ങളുടെ വ്യക്തിത്വ നിർമ്മിതിയിൽ?”, വിരാട രാജകുമാരിയും അഭിമന്യുവിധവയുമായ ഉത്തരയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

അർജ്ജുനന്റെ എൺപതാം പിറന്നാൾ ആഘോഷവേളയിൽ, ആദ്യം കാലിൽ വീണു നമസ്കരിക്കയും, പിന്നീടു് മുഖം ഇരുകൈകളും കൊണ്ടു് കൂട്ടിപ്പിടിച്ചു കവിളിൽ ആഞ്ഞു ചുംബിക്കയും ചെയ്തതോടെ ഉന്മാദത്തിൽ കുലുങ്ങിമറിഞ്ഞ സദസ്സു് പിരിഞ്ഞുപോവുന്ന നേരം.

“ആ കാലത്തു നിങ്ങൾ വിരാടയിൽ വിരുന്നുകാരിയായി വന്നിരുന്നതല്ലേ? മൂന്നാം ലിംഗ പരിവേഷത്തിൽ അർജ്ജുനൻ ബൃഹന്നള എന്ന സ്വത്വരൂപത്തിൽ നൃത്തം പഠിപ്പിക്കുമ്പോൾ അർജ്ജുനൻ എന്ന പ്രശസ്ത പുരുഷപ്രകൃതി കൗമാരക്കാരിയായ എന്നെ മോഹിപ്പിച്ചു. പിന്നീടു് സൈരന്ധ്രിയെന്ന പാഞ്ചാലിയുടെ രഹസ്യ ഇടപെടലിൽ അർജ്ജുനൻ മനം മാറ്റിയെങ്കിലും, ദൂരെ ദൂരെ ദ്വാരകയിൽ വളരുന്ന കൗമാരഅഭിമന്യുവിനെ എനിക്കു് വരനാക്കിയപ്പോഴും, വിരുന്നുണ്ണാൻ നിങ്ങളെ വിളിച്ചിരുന്നില്ലേ? കുരുക്ഷേത്രയുടെ സ്തോഭജനകമായ അവസാനനിമിഷങ്ങളിൽ എന്റെ ഗർഭം അലസിപ്പിക്കാൻ അശ്വത്ഥാമാവു് പരസ്യമായി ശ്രമിക്കുമ്പോൾ,പാണ്ഡവരും പങ്കാളിയും എത്ര ശ്രമകരമായ ദൗത്യത്തിലൂടെയാണു് ഗർഭസ്ഥശിശുവിനെ രക്ഷിച്ചതെന്നറിഞ്ഞതു് വ്യാസനെഴുതിയ മഹാഭാരതത്തിന്റെ ആദ്യ കരടെനിക്കു് ഓടിച്ചു നോക്കാൻ ഈയിടെ തരം കിട്ടിയപ്പോളാണു്. സ്മൃതിനാശ രോഗിയെങ്കിലും, അർജ്ജുനൻ എന്നെ വിശ്വപ്രസിദ്ധിയിലേക്കുയർത്തിയെന്നു് ഞാൻ ആ മുഖം ചുംബിച്ചുകൊണ്ടു് ചെവിയിൽ മന്ത്രിച്ചപ്പോൾ. കണ്ണുകൾ ജലാർദ്രമായിരുന്നു.”

“വിരണ്ടുവോ സ്ത്രീഹൃദയം?”’, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.

“ദശാബ്ദങ്ങളായി രാജവധുക്കളും കൗരവകുടുംബങ്ങളും അന്തിയുറങ്ങിയ വസതികളിൽ നിന്നു് മുടികുത്തിപ്പിടിച്ച ന്തേവാസികളെ പുറത്തേക്കെറിഞ്ഞപ്പോൾ, നിലത്തു ചമ്രം പടിഞ്ഞിരുന്നവർ ദുര്യോധനനാമം ജപിച്ചതാണു് ഭരണകൂടകിങ്കരന്മാരെ ചൊടിപ്പിച്ചതു് നാമജപം നിർത്തി പാണ്ഡവ സുവിശേഷത്തിനു ചെവിയോർക്കാൻ ചാരമേധാവിയെന്ന പദവിയിൽ ഞങ്ങളിലേക്കു് പാലം പണിയുന്ന നകുലൻ നിർദ്ദേശിച്ചു. വാക്കുകളിൽ തേനൂറുന്നുണ്ടെങ്കിലും ഉള്ളിൽ വിഷമാണെന്നറിയുന്ന കൗരവഅനാഥകൾ ദുര്യോധനജപശബ്ദം നിലനിർത്താത്തതവരെ ക്രുദ്ധരാക്കി. ഭരണകൂടത്തെ പ്രകോപിപ്പിച്ചാൽ എന്നു് മുരണ്ടുകൊണ്ടവർ ഒരു പാവം കൗരവകുമാരിയുടെ മടിക്കുത്തിൽ കടന്നു പിടിച്ചപ്പോൾ കേട്ടു, ആകാശത്തു നിന്നു ദിവ്യശബ്ദം, തുടർന്നതാ അടികൊണ്ടു ചളിവെള്ളത്തിലേക്കു തെറിച്ചുവീഴുന്ന ഭീമനും-അപ്പോൾ ഞങ്ങൾക്കു് മനസ്സിലായി, മുറിവേറ്റ ശരീരം കുരുക്ഷേത്രയിൽ എന്നോ ദുര്യോധനൻ ഉപേക്ഷിച്ചെങ്കിലും, ആശ്രിതരോടു കരുണയും കരുതലും സൂക്ഷ്മലോകത്തിൽ തുടരുന്നു. ആപത്തിൽ അനാഥകളെ കാപ്പാത്തിയ പരിശുദ്ധാത്മാവേ നീ എന്നെന്നും ഞങ്ങൾക്കു് കൂട്ടായിരിക്കേണമേ.”

2019-11-18

“ദുര്യോധനൻ എന്നെ അംഗരാജ്യത്തിലെ രാജാവാക്കി വാഴിച്ചതിനു പിന്നിലെ വൃത്തികെട്ട ജാതിരാഷ്ട്രീയം നിന്നോടു് ഞാൻ സൂചിപ്പിച്ചു. ഹസ്തിനപുരി കൊട്ടാരത്തിലെ യാഥാസ്ഥിതികർക്കു പക്ഷെ ദഹിക്കുന്ന കാര്യമല്ല അതൊന്നും. ചമ്മട്ടി പിടിക്കേണ്ടവൻ ചെങ്കോൽ പിടിക്കുകയോ? ഭീഷ്മർ ചോദിച്ചതു് അങ്ങനെയായിരുന്നു. ഭരണനടപടിക്രമം അറിയുന്ന വിദുരർ ഉൾപ്പെടെ ആരും, ഔപചാരികമായി ഞാൻ എങ്ങനെ അംഗരാജ്യത്തിൽ അധികാരമേൽക്കും എന്നുപദേശിച്ചില്ല. കാര്യക്ഷമമായി അന്വേഷണം നടത്താനാവാതെ ഞാനും കുറെ കാലം പരുങ്ങി. പാണ്ഡവരിപ്പോൾ ഖാണ്ഡവപ്രസ്ഥത്തിൽ കാടു വെട്ടി നഗരം പണിതു രാജാവാകുമ്പോൾ എന്തുകൊണ്ടു് നമ്മളും അംഗരാജ്യത്തിലേക്കു കുടിയേറിക്കൂടാ? ഞാനില്ലാത്തപ്പോൾ വന്നു ദുര്യോധനൻ അരുതാത്തയിടത്തു നിന്നെ തൊട്ടശേഷം വീണ്ടും കുടിയേറ്റത്തെ കുറിച്ചു് ആലോചിച്ചു. അവിടത്തെ സ്നേഹസമ്പന്നരായ ജനങ്ങളോടു് സംസാരിക്കാനും ഒക്കെ അവസരം കിട്ടുന്നതു് നിനക്കും നല്ലതല്ലേ?” വെള്ളം കോരുകയായിരുന്ന ഭാര്യയോടു് കർണ്ണൻ പറഞ്ഞു. കുതിരച്ചാണകം മണക്കുന്ന വസതി നഗരതിർത്തിയിൽ നിന്നകലെയായിരുന്നു. വെളിയിടവിസർജ്ജനത്തിലായിരുന്ന കുട്ടികൾക്കു് പിന്നിൽ പന്നികൾ ഭക്ഷണം കാത്തു.

“വളർന്ന ഹസ്തിനപുരിയുമായി സമരസപ്പെടാതെ, വിമതവ്യക്തിത്വം വളർത്തിയെടുത്ത നിങ്ങളാണോ കണ്ടും കേട്ടും പരിചയമില്ലാത്ത രാജ്യത്തിൽ പട്ടാഭിഷേകത്തിനുത്സാഹിക്കുന്നതു്? ദുര്യോധനൻ തൊട്ടതു രഹസ്യമായിട്ടൊന്നുമല്ലല്ലോ. കണ്ടിട്ടും കണ്ടില്ലെന്ന മട്ടിൽ നിങ്ങൾ തിരക്കു് പിടിച്ചു പുറത്തു പോയപ്പോൾ ആയിരുന്നില്ലേ ആ സ്നേഹസ്പർശം? പ്രണയപൂർവ്വം ഭാര്യയെ നോക്കാൻ മെനക്കെടാത്ത നിങ്ങളാണോ ലൈംഗികാതിക്രമത്തിൽ നിന്നെന്നെ രക്ഷിക്കുക?, കാപട്യത്തിന്റെ മനുഷ്യരൂപമെന്നു വിശേഷിപ്പിക്കാറുള്ള യുധിഷ്ഠിരനെക്കാൾ കഷ്ടമാണല്ലോ അതിരഥൻ വളർത്തിയ നിങ്ങളുടെ ജൈവികപിതാവു് ആകാശചാരിയാണെന്ന വാദം?”

“ഒന്നയഞ്ഞിട്ടുണ്ടു് കൌരവർ. ഒത്തുതീർപ്പിനവർ തയാറാണു്. വരാനിരിക്കുന്ന രാജസഭയോഗത്തിൽ നിർദ്ദേശം നിബന്ധനയോടെ അംഗീകരിക്കും. ലൈംഗികാക്രമണത്തിനു കൊടുത്ത പരാതി നീ പിൻവലിച്ചാൽ, അട്ടയും പെരുച്ചാഴിയും നിറഞ്ഞ തടവിൽ നിന്നു് രക്ഷപ്പെടാം. സന്യസ്ഥമാലിന്യം ചുമക്കുന്ന നരകത്തിൽ നിന്നു് നിനക്കും മോചനമാവും. കൗരവഭരണ ഇന്ദ്രപ്രസ്ഥത്തിൽ ഒരു വസതി നമുക്കവർ ദീർഘകാലത്തേക്കു് തരും. കൃഷിഭൂമി പാട്ടത്തിനെടുത്തു ധാന്യം കൗരവർക്കു കൊടുത്തു വേണം വാടക വീട്ടാൻ. എന്താണു് നിബന്ധന എന്നോ? ‘വന്ദ്യദുര്യോധനൻ ഈ വീടിന്റെ ഐശ്വര്യം’ എന്നു് വസതിക്കു മുമ്പിൽ വേറെ വേറെ ചുവരുകളിൽ ഓരോ മാസവും നാം ആറു പേരും അടയാളപ്പെടുത്തണം.”

“വാർത്താപരിചരണത്തിൽ വരാവുന്നൊരശ്രദ്ധ എന്നു് പറഞൊഴുക്കിവിടാനാവുമോ അപകീർത്തിപരമായ ആരോപണം? ചോര തിളയ്ക്കുന്ന യുവത്വത്തിൽ, പായക്കൂട്ടിനൊരു പെൺതുണയില്ലാതെ പാണ്ഡവർ ദേശവിദേശങ്ങളിൽ ഒരുമിച്ചുകഴിഞ്ഞിരുന്നു എന്നതൊരു പുത്തനറിവൊന്നുമല്ല. അജ്ഞാതവാസക്കാലത്തു പെൺവേഷംകെട്ടി നൃത്താദ്ധ്യാപികയുടെ ജോലി അർജ്ജുനൻ നേടി എന്നതും ഇന്നൊരു ചരിത്രവസ്തുത. അപ്പോളൊന്നും ഭീമനിൽ നിന്നിങ്ങനെ സ്വവർഗ്ഗാഭിരുചിയുടെ അനിയന്ത്രിത നീക്കം ഉണ്ടായിട്ടില്ല എന്നതാണു് കേവലസത്യമെന്നിരിക്കെ, ‘ഹസ്തിനപുരി പത്രിക’യുടെ തെരുവോര ചുവരെഴുത്തു പതിപ്പുകൾക്കു മുമ്പിൽ വന്നുകൂടുന്ന അലസ സാക്ഷരർക്കു നിങ്ങൾ തെറ്റായ സന്ദേശം നൽകുകയല്ലേ, ദുരുപദിഷ്ടമെന്നു വ്യാഖ്യാനിക്കാവുന്ന വാർത്ത പ്രസിദ്ധീകരിക്കുന്നതിലൂടെ ചെയ്തതു്?”, ചാരവകുപ്പുമേധാവി കൊട്ടാരം ലേഖികയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

“നിങ്ങൾക്കറിയാഞ്ഞിട്ടാണു്. ഇന്നു് നിങ്ങൾ മുഖം കറുപ്പിക്കുന്ന ഈ പദം നാളെ പൊതുസമൂഹം രതി സഹിഷ്ണുതയുടെ പരസ്യദൃഷ്ടാന്തമായി ഉയർത്തിപ്പിടിക്കും. “എനിക്കൊരു സ്വവർഗരതി സുഹൃത്തുണ്ട്” എന്നു് അഭിമാനത്തോടെ പിൻഗാമികൾ പറയുന്നൊരു കാലത്തു്, ഞങ്ങളുടെ വാർത്താ പരിചരണം പ്രവചനസ്വഭാവമുൾക്കൊള്ളുമെന്നാണു് വിശ്വാസം. ആൺ പെൺരതിയിലാണു് കുലീനത എന്നു് കരുതുന്ന പിന്തിരിപ്പൻ രതിസങ്കൽപ്പങ്ങൾക്കപ്പോൾ തിരശ്ശീല വീഴും. അല്ല, ആരോപിതഭീമനില്ലാത്ത സ്വവർഗ്ഗ അങ്കലാപ്പു് നിങ്ങൾക്കെന്തിനാണു് ഭരണകൂടമേ?”

“അവസാനവെട്ടു നിങ്ങളല്ലേ വെട്ടിയതു്? കാഞ്ചൻജംഗയുടെ നെറുകയിൽ കാൽവച്ച ചേതോവികാരമായിരുന്നു എന്നു് നിങ്ങൾ തുള്ളിച്ചാടി ആർമാദിച്ചുവെന്നറിഞ്ഞു?”, കൊട്ടാരം ലേഖിക കർണ്ണനോടു് ചോദിച്ചു. കൗമാരയോദ്ധാവിന്റെ ശവദാഹം പുഴക്കരയിൽ കാണാവുന്ന കുരുക്ഷേത്രയിലെ ശീതകാലരാത്രി.

“പാണ്ഡവരെ ഒരുമിച്ചു തലയറുത്ത ഉന്മാദമാണു് വാസ്തവത്തിൽ അനുഭവപ്പെട്ടതു് ഹൃദയവികാരം യുദ്ധഭൂമിയിൽ തുറന്നടിച്ചാൽ, പാണ്ഡവമാതാവിന്റെ കരൾ പിരളുമെന്നന്തഃരംഗം താക്കീതു തന്നപ്പോൾ, നിരുപദ്രവമായൊരു ഹിമാലയരൂപകത്തിലേക്കു് ചുരുക്കി. അഭിമന്യുവധം കൗമാര കൊലയല്ല, വംശഹത്യക്കുള്ള വഴിമരുന്നു.”

2019-11-19

“ഇന്നും കണ്ടു, വെളുത്തു നീണ്ട താടിയും മുടിയുമായി ഋഷിതുല്യനായൊരു പടുവൃദ്ധൻ നഗ്നമേനിയിൽ തൈലം തേച്ചു നീരാടുന്നു. ഞാനിങ്ങനെ മിഴിച്ചു നോക്കി ആ കാഴ്ച. പോരാളികൾ ചോര കങ്ങിയ ഉടൽ കഴുകി പാളയത്തിലെത്താൻ തിരക്കു് കൂട്ടുന്ന നീരൊഴുക്കിൽ, എന്താണു് ഈ ‘പരിത്യാഗി’ക്കു് പ്രസക്തി എന്നയാളോടു് ചോദിക്കണമെന്നു് ഉള്ളം പിടച്ചു, പക്ഷെ സൂക്ഷ്മതയോടെ കുളിച്ചു ഈറനുടുത്തയാൾ പാളയത്തിലേക്കു് പോവുമ്പോൾ മന്ത്രിക്കുന്നതു് കേട്ടു ഞാൻ നടുങ്ങി, “അമ്മാ എപ്പോഴാണു് നീ ആഴക്കയങ്ങളിലേക്കു എന്നെ വലിച്ചെടുക്കുക, ഈ തടവിൽ നിന്നു് എനിക്കു് സ്വാതന്ത്ര്യം ലഭിക്കുക”, രാത്രി വരെ ജോലി ചെയ്തു തളർന്ന യുദ്ധ നിർവ്വഹണ സമിതി അംഗം ശുഭരാത്രി ആശംസിക്കേ കുരുക്ഷേത്ര പ്രവിശ്യാ ഭരണാധികാരിയോടു് മൃദുവായി ചോദിച്ചു.

“യുദ്ധമാലിന്യനീക്കം ചെയ്യുന്ന യുവനേതാവെന്ന നിലയിൽ നീ അയാളെ തിരിച്ചറിയാത്തതിൽ തീരെ അത്ഭുതമില്ല കുഞ്ഞേ. ആ ‘പരിത്യാഗി’ രാവിലെ മുതൽ വൈകുന്നേരം വരെ പോർക്കള പരാക്രമങ്ങളിൽ പാണ്ഡവസഖ്യ സൈനികമേധാവികളുടെ കരളെത്ര പിളർന്നിട്ടും മതിയാവാതെ, ദുര്യോധനൻ നീരസത്തിൽ ഇന്നും വിരൽ ചൂണ്ടി അയാളോടു് ചോദിച്ചു, നിലപാടു് വ്യക്തമാക്കണം ഒത്തുകളിക്കയാണോ നിങ്ങൾ പാണ്ഡവരുമായി? ഒരു പാണ്ഡവതല പോലും ഉരുട്ടാൻ, ഒമ്പതു ദിവസങ്ങളായി സർവ്വസൈന്യാധിപനായ നിങ്ങൾക്കു് സാധിച്ചുവോ? നാളെ പത്താം ദിവസം നിങ്ങളുടെ വിധി നിർണ്ണയിക്കുന്ന അന്ത്യപോരാട്ട ദിനമായിരിക്കും. ഒന്നുകിൽ നിങ്ങൾ എന്നെന്നേക്കും ലോകം മാനിക്കുന്ന കുരുക്ഷേത്ര നായകൻ, അല്ലെങ്കിൽ രാത്രിയോടെ മൂലയിലേക്കു് നീക്കം ചെയ്യേണ്ട യുദ്ധമാലിന്യം.”

2019-11-20

“ഊഞ്ഞാലാടാൻ പാഞ്ചാലിക്കു് കമ്പമുണ്ടല്ലേ?” കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു. ഊട്ടുപുരജാലകത്തിലൂടെ തെളിഞ്ഞു കാണാമായിരുന്നു, ഉച്ചവെയിലിലവൾ മതിമറക്കുന്ന താഴ്‌വര.

“ചീങ്കണ്ണികൾ ആറാടുന്ന നീർക്കെട്ടിലെ അസ്തിത്വഭീഷണിയൊന്നും അവൾ ശ്രദ്ധിക്കാറില്ല. ചുറ്റുമുള്ള മരക്കൂട്ടങ്ങൾക്കു പിന്നിൽ ഒളിച്ചിരുന്നു്, പൊങ്ങിയും താണും സ്വർണമത്സ്യത്തെ പോലെ പാഞ്ചാലി ഉച്ച വെയിലിൽ സൃഷ്ടിക്കുന്ന ദൃശ്യവിരുന്നാസ്വദിക്കുന്ന യുവ സന്യസ്ഥരുടെ സാന്നിധ്യമാണവളുടെ കമ്പത്തിനു കാരണം.”

“പാണ്ഡുവിനു് കായികക്ഷമത ഇല്ലാത്തതു കൊണ്ടായിരുന്നുവോ, മാതൃത്വത്തിനു് നിങ്ങളും മാദ്രിയും ‘മറുവഴി’ തേടിയതു്? ചോദിയ്ക്കാൻ രാഷ്ട്രീയ കാരണമുണ്ടു്. നിങ്ങളെ വധുവായി കണ്ടെത്തും മുമ്പ്, പരിചരണത്തിനു് പാണ്ഡുവസതിയിൽ വന്നിരുന്ന സൂതദാസിയിൽ മകനുണ്ടായതു്, സ്വയം സൂതവംശജനായ വിദുരർ സാന്ദർഭികമായി ഒരഭിമുഖത്തിൽ ഓർത്തെടുത്തിരുന്നു. “ഇനി വൈകിക്കൂടാ പാണ്ഡുവിവാഹ”മെന്നു് പറഞ്ഞു വിദുരരും ഭീഷ്മരും നിങ്ങളെ വധുവായി കൊണ്ടുവന്നു. എങ്ങനെ നിങ്ങളിപ്പോൾ വേർതിരിക്കുന്നു, വസ്തുതയും നിർമ്മിതകഥയും?”, കൊട്ടാരം ലേഖിക ചോദിച്ചു. ജീവിതസായാഹ്നത്തിൽ പാണ്ഡവരിൽ നിന്നകന്നു കുന്തി ഗാന്ധാരിക്കൊപ്പം കഴിഞ്ഞ കാലം.

“ക്ഷമത പരിശോധിക്കാതെ വേറൊരു വഴി ഞാൻ തേടിപിടിച്ചിരുന്നു. ഗഗനചാരികളെ പ്രലോഭിപ്പിക്കാനുള്ള കുറുക്കുവഴി. ബീജദാനം മഹാദാനമെന്നു കരുതിയ ബഹുസ്വരദേവതകളെ പ്രത്യുൽപ്പാദനത്തിനു പ്രാപ്തരാക്കി. അവസാനം മാദ്രിക്കു ബീജദാനം ചെയ്ത ആശ്വിനിദേവതകൾ ഇടപെട്ടു. ഭാവിയിൽ വേറൊരു രാജസ്ത്രീയിൽ പാണ്ഡു സ്വയം പിതാവാകുന്ന സാഹചര്യ മുണ്ടായാൽ, കുരുവംശ പൈതൃക തർക്കം ഉണ്ടാവാതിരിക്കാൻ, പുരുഷവന്ധീകരണത്തിനു ശുക്ലനാളിയെ ഉപയോഗരഹിതമാക്കുന്ന മരുന്നുപയോഗം ഉദ്ദേശിച്ച ഫലം ചെയ്യുമെന്നവർ ആശ്വസിപ്പിച്ചു. അപ്രതീക്ഷിതമായി മാരകമായ പാർശ്വഫലമുണ്ടായി, അതായിരുന്നു അകാലമരണം.”

2019-11-21

“ആരോപണവിധേയരല്ലേ? വിചാരണയൊന്നും നേരിട്ടില്ലേ?”, കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. പാഞ്ചാലിയും ഭർത്താക്കന്മാരും വനവാസത്തിനു പോവുന്നതു് മട്ടുപ്പാവിൽ നിന്നവർക്കു് കാണാമായിരുന്നു.

“നിയമവ്യവസ്ഥ നേരിടണമല്ലോ. പരിഷ്കൃതസമൂഹത്തിന്റെ ചിട്ടവട്ടങ്ങൾ ഞങ്ങൾക്കും ബാധകമല്ലേ. നീതിമാനായ ഭീഷ്മർ സത്യസാക്ഷിയായതുകൊണ്ടു് കളങ്കമേൽക്കാതെ ഞാൻ രക്ഷപ്പെട്ടു. ലൈംഗികാതിക്രമത്തിനു് കൗരവർ മുതിർന്നു എന്നതു് സമ്മതിക്കാൻ സാക്ഷിമൊഴി അനുവദിക്കുന്നില്ലെന്നു് നീതിപതി വിധിച്ചു. ആരോപിതകൗരവർ അന്തസ്സായി വസ്ത്രധാരണം ചെയ്തിരുന്നു എന്നും, അങ്ങനെ ഒരു ‘സാഹചര്യ’ത്തിൽ ബലാത്സംഗം അപ്രായോഗികമായിരിക്കുമെന്നും കണ്ടെത്തി. പരാതി തള്ളി. ഞങ്ങൾക്കുണ്ടായ മാനഹാനിക്കു് ആരുനഷ്ടപരിഹാരം തരുമെന്നായിരുന്നു ചാർവാകചോദ്യം. അപ്പോഴാണു് കൂടുതൽ അനുകൂല സാക്ഷിമൊഴിക്കവസരമുണ്ടായതു് എങ്ങനെയാണോ ദശാബ്ദങ്ങൾക്കു മുമ്പു് പാണ്ഡവ ‘മാടമ്പി’കളിൽ നിന്നു് കർണ്ണൻ ജാതീയ അവഹേളനം നേരിട്ടപ്പോൾ അംഗരാജാവായി വാഴിച്ചു, അഭിമാനം സംരക്ഷിച്ചതു് അതിലും വലിയൊരത്ഭുതമാണു് പാഞ്ചലിക്കനുകൂലമായി ദുര്യോധനൻ ചെയ്തതെന്നു് സാക്ഷി അറിയിച്ചു. ദുര്യോധനൻ കൈ ഉയർത്തി പാഞ്ചാലിയുടെ ശരീരത്തെ വസ്ത്രാക്ഷേപത്തിൽ നിന്നു് രക്ഷിക്കുക വഴി കൈകൂപ്പിയായിരുന്നു രക്ഷകനെ പാഞ്ചാലി അഭിവാദ്യം ചെയ്തതെന്നു് സാക്ഷി വെളിപ്പെടുത്തി. പെരുമാറ്റച്ചട്ടം മറന്നു സദസ്സു് കയ്യടിച്ചായിരുന്നു എന്നെ അഭിനന്ദിച്ചതു് ഒന്നും മറക്കരുതു് ചരിത്രം മാറ്റിയെഴുതാൻ ആരെങ്കിലും നാളെ മുതിർന്നാൽ നിങ്ങൾ വേണം തിരുത്താൻ.”

“ഗുരുകുല സഹപാഠികളെന്ന നിലയിൽ പാണ്ഡവരെ നിങ്ങൾ എങ്ങനെ ഓർത്തെടുക്കുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു. ജന്മദേശം സന്ദർശിക്കുമ്പോൾ, യമുനയിൽ നീരാടാൻ തോഴികളുമൊത്തു വന്നതായിരുന്നു സൈന്ധവ റാണി ദുശ്ശള.

“സൈനികവിഷയങ്ങൾ പഠിപ്പിക്കുമ്പോൾ എനിക്കു് അവിടെ പ്രവേശനം ഉണ്ടായിരുന്നില്ല എന്നു് നിങ്ങൾ ഓർക്കണം. എന്നിരുന്നാലും, മാനവിക വിഷയങ്ങളും സുകുമാരകലകളും പഠിപ്പിക്കുമ്പോൾ അടുത്തുപരിചയപ്പെട്ടിട്ടുണ്ടു്. കുരുവംശ ചരിത്രം പഠിക്കുമ്പോൾ അവർ വികാരാധീനരാവും. സന്ധ്യക്കു് തോണിയിൽ സത്യവതിയെ പരാശരമഹർഷി കാമക്കണ്ണുകളോടെ നോക്കുന്നതൊക്കെ നകുലൻ തന്മയത്വത്തോടെ അഭിനയിച്ചു കാണിക്കും. അതിനുശേഷം ഭീമൻ പരാശരനെ തോണിയിൽ നിന്നു് യമുനയുടെ ആഴങ്ങളിലേക്കു് കൗശലത്തിൽ തള്ളിയിടുമ്പോൾ, എല്ലാവരും കൈകൊട്ടി പീഡകനെ പാഠം പഠിപ്പിച്ചതിൽ ആനന്ദിക്കും. എങ്ങനെ വേണം ഇതിഹാസങ്ങൾ വായിച്ചാസ്വദിക്കാൻ എന്നു പഠിപ്പിക്കാൻ അതിഥിയായി വന്ന വേദവ്യാസൻ ഉച്ചയോടെ പാണ്ഡവരെ ശപിച്ചു സ്ഥലം വിട്ടു-ഭീമനാൽ ‘ശിക്ഷിക്ക’പ്പെട്ട പരാശരപുത്രനാണു് സത്യവതിപുത്രൻ വ്യാസൻ എന്നറിയാൻ പിന്നെയും കാലം കഴിയേണ്ടിവന്നു. വഴിയിൽ കടമ്പകളും കെണികളും, കിടക്കുന്ന നിലത്തിനു താഴെ പാമ്പിൻ മാളങ്ങളുമുള്ള അപൂർവ്വയിനം ആവാസമാണു് കുരുവംശമെന്നറിഞ്ഞതു് അങ്ങനെയായിരുന്നു.”

2019-11-22

“വരൂ, മടിയിൽ ഇരിക്കൂ എന്നു് ഉടുതുണിയൂരിപ്പോയ പാഞ്ചാലിയെ ചൂതാട്ടസഭയിൽ ദുര്യോധനൻ സ്വാഗതം ചെയ്യുമ്പോൾ, നിലത്തു കുന്തിരിച്ചിരുന്ന പാണ്ഡവരുടെ ചോരയൊന്നും പ്രതിഷേധത്തിൽ തിളച്ചില്ലേ?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു. പാണ്ഡവരും പാഞ്ചാലിയും ചൂതാട്ടപ്പിറ്റേന്നു് കാട്ടുവഴിയിലൂടെ വടക്കൻ മലകളിലേക്കു നടക്കുന്ന നേരം.

“ഇന്ദ്രപ്രസ്ഥത്തിൽ സമ്പാദിച്ചതെല്ലാം ഒരൊറ്റ സന്ധ്യയിൽ നഷ്ടപ്പെട്ട ഞങ്ങൾക്കു് വേറെ പണിയൊന്നുമില്ലേ? അടിമപാഞ്ചാലിക്കു വഴി തെറ്റിയ ബന്ധം ഉടയോൻ ദുര്യോധനനോടുണ്ടോ എന്നു് ഞങ്ങൾ എന്തിനു തല പുണ്ണാക്കണം, പാഞ്ചാലിക്കു ഭർത്താക്കന്മാരോടു് നേർവഴി ബന്ധം ഉണ്ടെന്നു ദുര്യോധനൻ അംഗീകരിക്കാറുണ്ടോ?” വന്മരങ്ങൾ കട പുഴക്കുന്ന പോലെ ഭീമൻ വാക്കുകൾ ശ്രമപ്പെട്ടുച്ചരിച്ചു.

2019-11-23

“നീറുന്ന വിഷയങ്ങളിൽ ജനവികാരം നേരിട്ടറിയാൻ യുധിഷ്ഠിരൻ മുഖംമൂടി ധരിച്ചു നഗരവീഥികളിൽ യാത്ര ചെയ്യാറുണ്ടോ? പൊതുസമൂഹത്തിൽ നിന്നു് പരുക്കൻ യാഥാർത്ഥ്യങ്ങൾ അപ്പപ്പോൾ ഭരണാധികാരിക്കു് ബോധ്യപ്പെടണ്ടേ? അതോ, നിങ്ങൾ എഴുതിക്കൊടുത്ത പ്രഭാഷണങ്ങൾ പൊതുവേദിയിൽ വായിക്കുന്നപോലെ, രാജസഭയിലെ പതിവുസാന്നിധ്യങ്ങളെ ആശ്രയിക്കുമോ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. യുദ്ധാനന്തര ഹസ്തിനപുരി.

“തിരിച്ചറിയാതിരിക്കാൻ എന്തിനു ധരിക്കണം ഇനിയൊരു മുഖംമൂടി? ഹൃദയം ഒളിപ്പിച്ചു വയ്ക്കുന്ന സ്ഥിരം മുഖാവരണം ഒന്നഴിച്ചുവച്ചാൽ പോരെ?”

“വെന്തുമരിച്ചു എന്ന തെളിവുണ്ടാക്കാൻ, ആദിവാസി സ്ത്രീയെയും അഞ്ചുമക്കളെയും തരത്തിനു് കിട്ടി, അരക്കില്ലം തീ കൊളുത്തി, പുനർജനിഗുഹയിലൂടെ നുഴഞ്ഞു പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. അല്ലെ?”, അന്തിമ വനവാസത്തിനു തല മൊട്ടയടിക്കുന്ന കുന്തിയോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“വാക്കു് തെറ്റരുതു് സുഖവാസ കേന്ദ്രത്തിൽ ആൾമാറാട്ടമൊന്നും ഉണ്ടായില്ല. അന്നം തേടി വന്ന ആദിവാസികളുടെതൊരു ആത്മത്യാഗം. അപായം നേരിടുന്ന രാജകുടുംബങ്ങളുടെ രക്ഷക്കായി, സ്വജീവൻ സമർപ്പിക്കുന്നതിൽ ആനന്ദം കാണുന്ന വിശ്വസ്ത ജനതയുണ്ടായിരുന്ന വനമേഖല എന്നതാണു് മഹനീയമായ കാര്യം. ഭീമനുൾപ്പെടെ ഞങ്ങൾ അത്താഴപട്ടിണിയായിരുന്നെങ്കിലും ആദിവാസി കുടുംബത്തിനു് വയർ നിറയെ മദ്യവും മാംസവും വിളമ്പി. കൃതജ്ഞത പ്രകടിപ്പിക്കാൻ ഉറച്ചു. അരക്കില്ലം കത്തിപ്പിടിക്കുമ്പോൾ, പരസ്പരം പുണർന്നവർ കരിക്കട്ടകളായി. ആ തെളിവു് നിർമ്മിച്ചതു് പ്രകൃതിയോ കുന്തിയോ?”

2019-11-24

“പൗരസ്വാതന്ത്ര്യം ഉറപ്പാക്കിയ പാണ്ഡവർ സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ പുറപ്പെടേണ്ട സമയത്തു എവിടെ പാഞ്ചാലി?”, കൊട്ടാരം ലേഖിക മഹാരാജാവു് ചോദിച്ചു.

“ഇന്നലെ എനിക്കായിരുന്നു പാഞ്ചാലിയുമായി ഊഴം. വൃതമുണ്ടെന്നു സൂചിപ്പിച്ചു പാഞ്ചാലി വേറൊരു പായയിലേക്കു് മാറി കിടന്നു. ക്ഷീണം കാരണം ഞാനും അന്തം വിട്ടുറങ്ങി രാവിലെ ഞാൻ ഉണർന്നെഴുന്നേൽക്കുമ്പോൾ ഒരു നോക്കു കണ്ടു-കുളി കഴിഞ്ഞു പാഞ്ചാലി വെള്ള ധരിച്ചു ഉദ്യാനത്തിൽ പൂക്കൾ പറിക്കുന്നു. സ്വീകരണത്തിൽ പങ്കെടുക്കാൻ പാഞ്ചാലി വരുമല്ലോ എന്നു് ഞാൻ ധൃതിയിൽ യാത്ര ചോദിച്ചപ്പോൾ, ഇല്ല ഒറ്റയ്ക്കു് ആചരിക്കേണ്ട വ്യാകുലദിനമാണിന്നു എന്നവൾ മന്ത്രോച്ചാരണം പോലെ പറഞ്ഞു. കണ്ടതും കേട്ടതും കൂട്ടിവായിക്കുന്നതിൽ സാക്ഷരത നേടിയ സഹദേവനുമായി ഞാൻ രഹസ്യമായി പിന്നീടാലോചിച്ചപ്പോൾ പിടി കിട്ടി, കഴിഞ്ഞ കൊല്ലം അജ്ഞാതവാസകാലത്തു കീചകൻ എന്നൊരു യുവ സൈനികൻ ദുരൂഹസാഹചര്യത്തിൽ ഇതേ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇന്നു് പരേതപ്രണയിയുടെ അനു സ്മരണദിനമായി അവൾ ആചരിക്കുന്നതുകൊണ്ടു പൗര സ്വീകരണം ബഹിഷ്ക്കരിക്കുന്നു.”

“പോർക്കള പെരുമാറ്റച്ചിട്ട പാലിക്കേണ്ട നിങ്ങൾ വിവാദ പരാമർശം ചെയ്താൽ കേട്ടിരിക്കുമോ പാണ്ഡവർ? യുദ്ധനിർവ്വഹണസമിതി അധ്യക്ഷനായ കുരുക്ഷേത്ര ഭരണാധികാരിയോടു് കൊട്ടാരം ലേഖിക ചോദിച്ചു, ഗോപുര കവാടത്തിൽ സന്ദർഭത്തിന്റെ അന്തഃസത്തക്കു് യോജിക്കാതെ ചെയ്ത നിരീക്ഷണം മാപ്പു പറഞ്ഞു പിൻവലിക്കണമെന്നാണു് യുദ്ധഭൂമിയിലെ പാണ്ഡവ വക്താവു് ആവശ്യപ്പെടുന്നതു് എങ്ങനെ പ്രതികരിക്കുന്നു ഔദ്യോഗികമായി?”

“വിഷാദമുക്തനായ പാർത്ഥൻ തൊടുത്ത ആദ്യ അമ്പു ചെന്നു് തറച്ചതു് കൗരവ സൈനികന്റെ ഇടനെഞ്ചിലായിരുന്നു. വിവാഹപ്പന്തലിൽ നിന്നാണവനെ കുരുക്ഷേത്രയിലേക്കു ദുര്യോധനൻ അഭിമാനപൂർവ്വം ആനയിച്ചു കൊണ്ടുവന്നതു് നെഞ്ചുകലങ്ങി ആ യുവാവു് ചോര ചീന്തുന്നതു് കണ്ടു ആർമാദിക്കുന്ന അർജ്ജുനനെ നോക്കി ‘മാ നിഷാദാ’ എന്നു് ഞാൻ വിലപിച്ചതാണോ, കഷ്ടം, പോർക്കളത്തിലിന്നു സ്തോഭജനകമായ വാർത്ത? യുദ്ധനിർവ്വഹണമെന്ന കരാർ ജോലി ഞങ്ങൾ നിഷ്പക്ഷമായി ചെയ്യുമ്പോൾ തന്നെ, ഉള്ളിൽ തട്ടുന്ന വികാരങ്ങൾ മുഖം നോക്കാതെ ആവിഷ്കരിക്കയും ചെയ്യും. അതിലെന്താണിത്ര മാപ്പുപറഞ്ഞു വാൽചുരുട്ടേണ്ട കാര്യം?”

2019-11-25

“നിങ്ങൾക്കയാൾ തിന്മയുടെ മാലിന്യക്കുഴിയായിരിക്കാം, എന്നാൽ കുരുക്ഷേത്രവിധവകൾക്കവൻ നന്മ. പുഷ്പാർച്ചന ചെയ്യാൻ യമുനാതീര സ്മാരകമണ്ഡപത്തിലേക്കു നിരോധനാജ്ഞയിൽ ഇളവു് ചോദിക്കുമ്പോൾ, പിടിച്ചഴിക്കകത്താക്കുമെന്നു പേടിപ്പിക്കുന്നതിൽ വ്യക്തമാവുന്നില്ലേ ഭരണകൂടത്തിന്റെ സങ്കുചിത മനസ്ഥിതി?”, നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“എവിടെ ശവകുടീരം? എവിടെ കൗരവ വിധവകളുടെ പുഷ്പാർച്ചന? ഇതൊക്കെയല്ലേ യുദ്ധാനന്തരഹസ്തിനപുരിയുടെ പുനരധിവാസത്തെ തടസ്സപ്പെടുത്തുന്ന ‘വിധ്വംസനം?’ ശക്തി പ്രകടനമാണു് കുരുക്ഷേത്ര വിധവകൾ ലക്ഷ്യമിടുന്നതു് നഗരപരിധിയിൽ നിരോധനാജ്ഞയുണ്ടു്, അതു് മറി കടന്നവർക്കു പൊതുസമൂഹത്തെ കയ്യിലെടുക്കണം. ദുര്യോധനനെന്ന ‘വിശുദ്ധയോദ്ധാവി’ന്റെ ഓർമ്മപ്പെരുന്നാൾ നിശബ്ദ പ്രാർത്ഥനയിലൂടെ ആചരിച്ചാൽ പോരേ? പോരാ, മുഷ്ടി ചുരുട്ടി നെഞ്ചത്തടിച്ചു വിലാപത്തിലൂടെ ആഘോഷിക്കണം. പിന്നിലതിനു പ്രചോദനം കൊടുക്കുന്നതു് ചാർവാകൻ. കയ്യും കെട്ടി ഈ പതനത്തിനു ഞങ്ങൾ മൂകസാക്ഷിയാവണോ? അതോ നവോത്ഥാനസംരക്ഷകരായി ചാട്ട വീശണോ?”

“കൌരവർ സ്വൈരം തരുന്നില്ലെന്നാണോ ഇപ്പോൾ പരാതി?” കൊട്ടാരം ലേഖിക ചോദിച്ചു, “ആരാധകർ എന്നല്ലേ നേരത്തെ വിശേപ്പിച്ചിരുന്നതു്?” കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലയിൽ നിന്നു് നവവധുവായി പാഞ്ചാലി ഹസ്തിനപുരിയിൽ പാണ്ഡവർക്കൊപ്പം കഴിയുന്ന ഇടവേള.

“കാഴ്ചപരിമിതിയുള്ള ഗാന്ധാരിക്കു് പോലും ശുചിമുറിയില്ലാത്ത കൊട്ടാരസമുച്ചയത്തിൽ, ഞാനുൾപ്പെടെ കൗരവരാജവധുക്കൾ വെളിക്കിറങ്ങാൻ അന്തഃപുരത്തിനു പിന്നിലെ പൊന്തക്കാടുകളിലേക്കു് പതുങ്ങി പതുങ്ങി പുലർച്ചെ പോയി മടങ്ങുമ്പോൾ കാണാം, കിരീടങ്ങൾ ധരിച്ച നൂറോളം കൗരവതലകൾ തുറിച്ചുനോക്കുന്നു. ഇവരൊക്കെ ശുദ്ധസൗന്ദര്യാരാധകരാണെന്നു് എത്രനാൾ പ്രചരിപ്പിക്കാൻ ഒരു നവവധുവിനാവും?”

“ഭർത്തൃഘാതകൻ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ കയറുന്ന ചടങ്ങു് ബഹിഷ്കരിക്കാതെ സദസ്സിന്റെ മുൻനിരയിൽ നിങ്ങളെ കണ്ടപ്പോൾ വല്ലാതെ തോന്നി. ദുര്യോധനചിതയിൽ പുകശമിക്കുമ്പോഴേക്കും കൂട്ടുകൂടിയോ കൗന്തേയരുമായി?”, കൊട്ടാരം ലേഖിക ദുര്യോധനവിധവയോടു് ചോദിച്ചു.

“സത്യപ്രതിജ്ഞ കഴിഞ്ഞാലുടൻ അതിപ്രധാന പ്രസ്താവന നടത്തുമെന്നു് ഭീമൻ പറഞ്ഞതു് നിങ്ങൾ അറിഞ്ഞില്ലെന്നു തോന്നുന്നു? യുദ്ധാനന്തര ഹസ്തിനപുരിയുടെ സുസ്ഥിര പ്രതിരോധത്തിനു് തക്ഷഷിലയെ വെല്ലുന്ന “ദുര്യോധന സ്മാരക സൈനികശാസ്ത്ര സർവകലാശാല”ക്കു് തറക്കല്ലിടുന്നതിനാണു് എന്റെ സാന്നിധ്യം അഞ്ചുപേരും തൊഴുകൈയ്യോടെ യാചിച്ചതു്.”

2019-11-26

“നിങ്ങൾക്കുണ്ടോ അച്ഛനോർമ്മ?”, കൊട്ടാരം ലേഖിക ചോദിച്ചു. ഭാവി പ്രവചിക്കുന്നവൻ സഹദേവൻ എന്ന ഭീതി മറ്റു പാണ്ഡവരുമായി കുന്തി പങ്കിടുന്ന കാലം.

“അന്ത്യനാളിൽ ഞാൻ കൂട്ടുണ്ടായിരുന്നു. രാജാവായിരുന്ന കാലം നഷ്ടബോധത്തോടെ ഓർമ്മിക്കും. കുന്തിയും നാലു പാണ്ഡവരും ഇരപിടിക്കാൻ കാട്ടിലേക്കു് കയറി. നീരൊഴുക്കിൽ കുളി കഴിഞ്ഞു മാദ്രി മുറ്റത്തെ അയയിൽ ഈറനുണക്കാനിടുകയായിരുന്നു. ‘ആരാണു് നിന്റെ അച്ഛ’നെന്നു ഭീഷണമായി പാണ്ഡു ചോദിച്ചു. അശ്വിനിദേവതകൾ എന്നു് കേട്ടറിവിൽ മേലോട്ടു് കൈകൂപ്പി ഞാൻ പറഞ്ഞപ്പോൾ, ‘നകുലനെ പോലെ നിനക്കും രണ്ടു ദുർദേവതകൾ വേണ്ടി വന്നോ ഭൂമിയിൽ/ശാപജന്മം തരാൻ?’ എന്നു് നിന്ദിച്ചതോർമ്മയുണ്ടു്. ഭയന്നു് മുറിക്കു പുറത്തു കടക്കുമ്പോൾ, ചെമ്പകപ്പൂ പോലെ വരികയായിരുന്ന മാദ്രിയോടു് ‘അരുതേ അമ്മാ അയാൾക്കരികെ ഈ സമയത്തു പോവരുതേ, മരണദേവതയുടെ സാന്നിധ്യം ഞാനറിയുന്നു’ എന്നു് ഇരുകൈകളും വീശി. അൽപ്പം കഴിഞ്ഞപ്പോൾ നിലവിളിച്ചു മാദ്രി പുറത്തേക്കു വന്നു. “വാരിപ്പുണർന്നെന്നെ പാണ്ഡു വിവസ്ത്രയാക്കുമ്പോൾ കുഴഞ്ഞുവീണവൻ മരിച്ചു” എന്നു് ചേർത്തു പിടിക്കുന്നതോർമ്മയുണ്ടു്.”

“തിന്മയുടെ മേൽ നന്മയുടെ വിജയമാണു് കുരുക്ഷേത്രം എന്നു് യുധിഷ്ഠിരൻ പൊതുയോഗത്തിൽ നിരീക്ഷിച്ചപ്പോൾ, സദസ്സു് എഴുന്നേറ്റു കയ്യടിക്കുന്നതു് കണ്ടു. പക്ഷെ വേദിയിൽ ഇരുന്ന പാഞ്ചാലി മുഖം താഴ്ത്തി. എന്തായിരുന്നു സംഗതി?”, രാജസഭയിൽ കൂനിപ്പിടിച്ചിരുന്ന കൃപാചാര്യരെ കൊട്ടാരം ലേഖിക പിറ്റേന്നു് കണ്ടപ്പോൾ ചോദിച്ചു.

“തിന്മക്കു മേൽ തിന്മയുടെ വിജയം എന്നു് പാഞ്ചാലി പനയോലയിൽ എഴുതിക്കൊടുത്തതു് യുധിഷ്ഠിരൻ തപ്പിത്തടഞ്ഞു വായിച്ചപ്പോൾ ഒരക്ഷരം തെറ്റി.”

“കുന്നിൻചെരുവിലെ ഉണക്കപ്പുല്ലുകൾക്കിടയിൽ പതുങ്ങിയിരുന്ന വെള്ളമുയലിനെ കൊത്തിപ്പറക്കാൻ, ലക്ഷ്യം തെറ്റാതെ ആകാശത്തിൽ നിന്നു് ഒഴുകിയിറങ്ങിയ ചാരനിറ കഴുകനെ കൃത്യം കഴുത്തിൽ ചാടിക്കടിച്ചു മന്ദം മന്ദം നീങ്ങിയ വേട്ടപ്പട്ടി ആയിരുന്നു ഇന്നു് മൃഗയാവിനോദത്തിൽ മുഖ്യതാരം”, അർജ്ജുനൻ നായാട്ടിനിടയിൽ കണ്ട കൗതുകക്കാഴ്ച പാഞ്ചാലിയോട് അധികാരഭാവത്തിൽ വിശദീകരിച്ചു. വനവാസക്കാലം.

“കഴുത്തു മുറിഞ്ഞ കഴുകനെ ചെടിക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ചു, പതുങ്ങിപ്പതുങ്ങി വെള്ള മുയലിനെയും പിന്നിൽ നിന്നു് കടിച്ചു മലർത്തി തൊലിയുരിക്കുന്നവരെ ഈ വനാശ്രമത്തിൽ നിത്യവും കാണാറുണ്ടല്ലോ.”

2019-11-27

“ഏകപത്നീവ്രതക്കാരല്ലേ കൗരവർ? ‘ഒന്നി’ലധികം ഭർത്താക്കന്മാരുള്ള പാഞ്ചാലിക്കു് കൗരവ അന്തഃപുരത്തിൽ കൗതുകാഴ്ചയൊന്നുമില്ലേ പങ്കിടാൻ?” കൊട്ടാരം ലേഖിക ചോദിച്ചു. നവവധുവായി പാഞ്ചാലയിൽ നിന്നെത്തി ഹസ്തിനപുരി അരമനയിൽ അതിഥിയായി കഴിയുന്ന കാലം.

“ചെന്നുകണ്ടപ്പോൾ ഓരോ കൗരവരാജവധുവും അവർക്കനുവദിച്ച ഒറ്റമുറികളിൽ അനുഭവിക്കുന്ന ഏകാന്തത എന്നെ സ്പർശിച്ചു. ഞെട്ടി എന്നൊന്നും അത്യുക്തിയിൽ പറയുന്നില്ല എങ്കിലും. ‘ഒരു വനിതക്കു് ഒരു ഭർത്താവ്’ എന്ന യാഥാസ്ഥിതിക കൗരവരീതി നൂറോളം മറുനാടൻ രാജസ്ത്രീകളെ ഭർത്താവിന്റെ അടിമയാക്കുന്നു എന്ന പ്രതീതിയാണു് ആദ്യാനുഭവം. വെളുത്തവാവായിരുന്നു ഇന്നലെ. ആകാശം വിസ്തരിച്ചൊന്നു കാണാൻ ഞങ്ങളെല്ലാവരും മട്ടുപ്പാവിൽ പോയി. കൗരവരാജവധുക്കൾ വിവസ്ത്ര ശരീരങ്ങളുമായി ഭർത്താക്കന്മാരുടെ മുമ്പിൽ നൃത്തം ചവിട്ടി ഭർതൃപരിമിതി അസഹിഷ്ണുതയോടെ കാണുന്നുവെന്നു് അലമുറയിടുമ്പോൾ, ദുര്യോധനൻ ഉൾപ്പെടെ കൗരവർ കുന്തിച്ചിരിക്കേണ്ടിവന്ന ദീനദീനമായ കാഴ്ച എങ്ങനെ വിവരിക്കും. ഏകപത്നീവ്രതം ആണുങ്ങൾക്കൊരു പരസ്യമേനി പറച്ചിലായിരിക്കാം പക്ഷെ അന്തഃപുരത്തിൽ ഭാര്യ അനുഭവിക്കുന്നതു് ദാമ്പത്യ അരക്ഷിതാവസ്ഥയെന്നു വ്യക്തം. വെറുതെയല്ല ആ സ്ത്രീകൾക്കു് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന എന്നെ പ്രവാസിയാക്കാൻ ദുര്യോധനൻ ഖാണ്ഡവവനം കാട്ടി കുറച്ചുദിവസമായി പാണ്ഡവരെ പ്രലോഭിപ്പിക്കുന്നു.”

“കാട്ടിലും അരക്കില്ലത്തിലും അമ്മക്കൊപ്പമുണ്ടായിരുന്ന കുടുംബജീവിതവും, ഇപ്പോൾ പാഞ്ചാലിക്കൊപ്പമുള്ള അടിമജീവിതവും താരതമ്യപ്പെടുത്തിയാൽ?”, കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“ഭക്ഷണം എന്ന മോഹവുമായി കഴിഞ്ഞ കുട്ടിക്കാലത്തെ ഓർമ്മിപ്പിക്കുകയാണല്ലേ? കാളുന്ന വയറുമായി ഞങ്ങൾ അക്കാലത്തു കാട്ടിലേക്കിറങ്ങും, ഉച്ചയാവും കഴുത്തൊടിച്ച കലമാനുമായി തിരിച്ചെത്താൻ. ‘പ്രകൃതിയുമായി സഹവർത്തിത്വത്തിൽ കഴിയുന്ന പ്രവാസിരാജകുമാരന്മാർ’ എന്നു് മാദ്രി പ്രസാദമധുരമായി ആശീർവദിക്കുമ്പോൾ, കുന്തി കാര്യക്ഷമതയോടെ മാനിന്റെ തൊലി പൊളിച്ചു ഇറച്ചി കനലിൽ വച്ചു് കഴിഞ്ഞിരിക്കും. എന്നാൽ വനാശ്രമത്തിൽ പാഞ്ചാലി എന്താണു് ചെയ്യുന്നതു്? വിശപ്പിൽ, പാരവശ്യത്തോടെ പാണ്ഡവരഞ്ചുപേരും വട്ടംചുറ്റിയിരുന്നു അക്ഷയപാത്രത്തിൽ കയ്യിട്ടുവാരുമ്പോൾ, നിന്ദയോടെ മുഖം തിരിക്കുന്നു!.”

2019-11-28

“ഗാർഹികപീഡനം പാണ്ഡവരിൽ നിന്നുണ്ടായാലും, രേഖാമൂലം പരാതി ആദ്യം കൊടുക്കുക ദുര്യോധനനാണെന്ന അഭിമുഖം ചുവരെഴുത്തുപതിപ്പിൽ പ്രസിദ്ധീകരിച്ച ഉടൻ അന്തഃപുരത്തിലും രാജസദസ്സിലും വിവാദമായല്ലോ. ഏകശിലാദാമ്പത്യത്തിന്റെ വർത്തമാനകാല പ്രതീകങ്ങളായ കൗരവരാജസ്ത്രീകൾ ഈ ‘പ്രകോപന’ത്തിന്നെതിരെ പ്രതികരിക്കുമെന്നു് ദുര്യോധനവധു. പാണ്ഡവദാമ്പത്യം കൗരവരാജസഭയിൽ ഈ വിധം ചർച്ചാ വിഷയമാക്കിയതിന്റെ പൊരുളെന്തായിരുന്നു?”, കൊട്ടാരം ലേഖിക ചോദിച്ചു. വനവാസക്കാലം.

“കൗരവ അടിമക്കു് പരിരക്ഷ സ്വാഭാവികമായും ഉടയോ നിൽ നിന്നല്ലേ നിലവിലുള്ള അടിമ പരിപാലന നിയമമനുസരിച്ചു പ്രതീക്ഷിക്കാനാവൂ? അപ്പോൾ, പാണ്ഡവർ വനവാസക്കാലത്തു ഗാർഹികവും ലൈംഗികവുമായ അതിക്രമം നടത്തിയാൽ ആർക്കു പരാതി കൊടുക്കണം? പെണ്ണഭിമാന സംരക്ഷണം ഉടയോന്റെ നീതിപീഠത്തിൽ അർപ്പിക്കുന്നെങ്കിൽ, ദുര്യോധനവധുവെന്തിനു് വെളിച്ചപ്പെടണം? ഹസ്തിനപുരി ശിക്ഷാനിയമമനുസരിച്ചു പൗരാവകാശങ്ങൾ പന്ത്രണ്ടു കൊല്ലത്തേക്കു് നീതിമാനായ ഭീഷ്മർ എന്റെ വശം കേൾക്കാൻ മെനക്കെടാതെ നിഷേധിച്ചതു് ചൂതാട്ടത്തിൽ പാണ്ഡവപിടിപ്പുകേടു് അത്രമേൽ വ്യക്തമായതു് കൊണ്ടല്ലേ? അതിൽ ഉടയോൻ ദുര്യോധനൻ എന്തു് പിഴച്ചു?”

ദുർമന്ത്രവാദി എന്നറിയപ്പെട്ടിരുന്ന ദുര്യോധനനെ മഹാരാജാവു് യുധിഷ്ഠിരൻ രാജസഭയിൽ വിമർശിച്ചിട്ടില്ല എന്നാണു സംസാരവിഷയം. എങ്ങനെ പ്രതികരിക്കുന്നു?”, കൊട്ടാരം ലേഖിക ചാരവകുപ്പുമേധാവി നകുലനോടു് ചോദിച്ചു.

“വാരണാവതത്തിൽ കൗരവ രാജവിധവകൾക്കു പാർക്കാൻ അരക്കില്ലങ്ങൾ നിർമിക്കുന്ന നിയോഗത്തിലാണു് യുധിഷ്ഠിരൻ.”

“പട്ടാഭിഷേകം കഴിഞ്ഞപ്പോഴേക്കും കിടപ്പിലായോ യുധിഷ്ഠിരൻ? കിരീടത്തിൽ നിന്നാണോ അണുബാധ?, അതോ, ചെങ്കോലിൽ നിന്നാണോ?, രണ്ടുമല്ല, സിംഹാസനത്തിൽ നിന്നാണോ?”, അടഞ്ഞുകിടന്ന രാജസഭയെ നോക്കി കൊട്ടാരം ലേഖിക കൃപാചാര്യനോടു് ചോദിച്ചു.

“ദശാബ്ദങ്ങളായി ധൃതരാഷ്ട്രർ ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങൾ ഒഴിവാക്കാൻ യുധിഷ്ഠിരൻ കാണിച്ച മനഃസാന്നിധ്യം പക്ഷെ പ്രശംസനീയം.”

2019-11-29

“കൊട്ടാരവിപ്ലവത്തിനു ശ്രമം? അതും അഭിമന്യുമകൻ പരീക്ഷിത്തിനെ കൂട്ടു പിടിച്ചു? ഈ ഗൂഢാലോചനയെ കുറിച്ചു് വിവരമൊന്നും യുധിഷ്ഠിരന്കൊടുത്തില്ലേ?” കൊട്ടാരം ലേഖിക ഭീമനോടു് ചോദിച്ചു.

“യുധിഷ്ഠിരനെയും എന്നെയും ‘വയോജനങ്ങൾ’ എന്ന വിഭാഗത്തിൽ പെടുത്തി ഞങ്ങൾക്കനുകൂലമല്ലാത്ത ആജ്ഞ ഊട്ടുപുരയിലും അന്തഃപുരത്തിലും കൊടുക്കുന്ന പ്രവണത കുറച്ചുകാലമായി പാഞ്ചാലിക്കുണ്ടെങ്കിലും, മരണം ഉന്നം വച്ചുള്ള നീക്കങ്ങൾ പരീക്ഷിത്തിനൊപ്പമവൾ ആലോചിച്ചുറപ്പിക്കുന്നതു നേരിൽ കണ്ട ഞാൻ രഹസ്യം പുറത്തു പറയാൻ ഭയന്നു. യുധിഷ്ഠിരൻ ഉറക്കമുണരാൻ അൽപ്പമൊന്നു വൈകിയാൽ, ഉണർത്താനൊന്നും മെനക്കെടാതെ, “രാജാവു് ഉറക്കത്തിൽ കാലം ചെയ്തു” എന്നു് വാർത്ത പ്രചരിപ്പിക്കുന്നതിൽ കിരീടാവകാശി പരീക്ഷിത്തിന്റെ അധികാരമോഹം പാഞ്ചാലി ദുരുപയോഗം ചെയ്തു. നിങ്ങൾക്കറിയാമോ, യുധിഷ്ഠിരനെ കൊട്ടാരവാസികൾ അവിശ്വാസത്തോടെ നോക്കുന്ന അനുഭവം ഉണ്ടായി. അതു് യുധിഷ്ഠിരനെ നോവിച്ചു. എണ്ണ തേച്ചു ശിരസ്സിൽ ജലധാര ചെയ്തു ശ്വാസം മുട്ടിപ്പിക്കുന്നൊരു പുതിയ ചികിത്സാരീതി പാഞ്ചാലി യുധിഷ്ഠിരനിൽ പ്രയോഗിച്ചപ്പോൾ, എനിക്കു സങ്കടം പിടിച്ചുനിൽ ക്കാനായില്ല. പാണ്ഡുവിനെ നിശ്ശബ്ദനാക്കാൻ, കുന്തിയും മാദ്രിയും നടപ്പിലാക്കിയ ‘കുളിപ്പിച്ചു് കുളിപ്പിച്ചു് ആളെ കൊല്ലുന്ന കളി’ കുട്ടിക്കാലത്തു നേരിൽ കണ്ടതാണു്. ആഴവുംകുടിലതയും വ്യക്തമാവാൻ കാലം കുറെ വേണ്ടി വന്നു. നിർത്തൂ ഈ പേക്കൂത്തു എന്നു് നെഞ്ചത്തടിച്ചു പാഞ്ചാലിയോടു് പൊട്ടിത്തെറിച്ചതോർമ്മയുണ്ടു്. ഉണരുമ്പോൾ, ഞാൻ ഭൂഗർഭ കൽത്തുറുങ്കിൽ അടിവസ്ത്രം മാത്രമായി മരവിച്ചു കിടക്കുകയാണു്. മനോരോഗിയെന്നു് പാഞ്ചാലിയെന്നെ പരസ്യമായി മുദ്രകുത്തി. സ്വാധീനവും ഇച്ഛാശക്തിയും ഉപയോഗിച്ചു് എണ്ണക്കുളിയിൽ തളച്ചിട്ടു. ബീജദാതാവു് അതീതശക്തിയെന്ന ഉത്തമബോധ്യം ഉള്ളതു് കൊണ്ടു് മാത്രമാണു് ജീവൻ പോവാതെ പിടിച്ചു നിൽക്കാനായതു് ഹസ്തിനപുരിയിൽ ഇനി തുടരുക അസാധ്യം.” വിങ്ങിപ്പൊട്ടുകയായിരുന്ന ഭീമനുമേൽ പരീക്ഷിത്തിന്റെ കൈകൾ വീണു. “എണ്ണ ചികിത്സയുമായി സഹകരി ക്കണം. പത്രപ്രവർത്തകരെ കണ്ടാൽ മുഖം തിരിക്കണം.”

2019-01-30

“മേലനങ്ങി അന്നന്നത്തെ അപ്പം സമ്പാദിക്കുന്നവർ യുദ്ധക്കെടുതിയിലും തിരക്കുപിടിച്ചു ഹസ്തിനപുരിയിൽ നേരം പുലർന്നാൽ മുന്നേറുമ്പോൾ, നിങ്ങൾ, നിങ്ങൾ മാത്രമെന്താ മനുഷ്യാ, മൂലയിലൊരിടത്തിങ്ങനെ മൂടി പ്പുതച്ചു്?” നഗരാതിർത്തിയിലെ കൊച്ചുവീട്ടിൽ ആകസ്മികമായി കയറിച്ചെന്ന കൊട്ടാരം ലേഖിക ചോദിച്ചു.

“സ്തോഭജനകമായ രീതിയിൽ ശത്രുവിനെ ‘ചിത്രവധം’ ചെയ്യുന്ന സവിശേഷ സൈനിക പരിശീലനം തക്ഷശിലയിൽ നേടിയ എന്നെ ദുര്യോധനൻ രഹസ്യമായി കൊട്ടാരത്തിന്നടിയിലെ ഭൂഗർഭഅറയിലേക്കു വിളിപ്പിച്ചു. നിനക്കൊരു സവിശേഷനിയോഗമുണ്ടെന്നു മോഹിപ്പിച്ചതോടെ തുടങ്ങുന്നു ‘ദുരന്തം’. കുരുവംശ അടിത്തറ കുലുക്കാൻ ദുഷ്ടപാണ്ഡവർ ദൂരെ ദൂരെ വിരാടത്തിൽ ആയുധങ്ങൾ മൂർച്ച കൂട്ടുന്നുണ്ടെന്നും, അവരെ യുദ്ധഭൂമിയിൽ ആട്ടിക്കൊണ്ടുവന്നു്, കെണിയിൽ ബന്ദിയാക്കി മൊട്ടയടിച്ചു കഴുതപ്പുറത്തു നഗരികാണിച്ചശേഷം, അരങ്ങേറ്റ മൈതാനിയിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പിൽ തല വെട്ടണമെന്നുമാണു് രാജകൽപ്പന. “നിന്നെയാണു് ആ ദൗത്യത്തിനു് യോജിച്ച ആരാച്ചാരായി കണ്ടെത്തിയതു്”, ദുര്യോധനൻ തോളിൽ കൈ വച്ചറിയിച്ചു.

“പക്ഷെ കുരുക്ഷേത്രത്തിൽ പ്രകൃതി പ്രതികൂലമായി ഇടപെട്ടു. പാണ്ഡവർ ജേതാക്കളായി ഹസ്തിനപുരി കോട്ട പിടിച്ചെടുത്തു അധികാരത്തിൽ കയറിയ അന്നു് രാത്രി അവരെന്നെ തേടി ഇവിടെ വന്നു കൈകാലുകൾ നിമിഷ നേരം കൊണ്ടു് വളച്ചൊടിച്ചു പ്രവർത്തനരഹിതമാക്കി. ഞാനന്നു് മുതൽ കിടപ്പിലാണു്. പതിനെട്ടുനാൾ പോരാട്ടത്തിൽ ഉൾപ്പെട്ടിരുന്നെങ്കിൽ കുരുക്ഷേത്രവിധവയെന്ന വകുപ്പിൽ കുടുംബത്തിനു് അന്നന്നത്തെ കഞ്ഞിക്കുള്ള സൗജന്യധാന്യം ഭരണകൂടത്തിൽ നിന്നു് കിട്ടുമായിരുന്നു. ഒരു രാത്രികൊണ്ടു് വീണ്ടും മാറ്റിമറിക്കുന്നൊരത്ഭുത പ്രവർത്തി പ്രകൃതിയിൽ നിന്നുണ്ടാവണമേയെന്ന പ്രാർത്ഥനയിലാണു് ഞാനിപ്പോൾ.”

“ചെങ്കോൽ തരില്ലെന്നുറപ്പിച്ചു പറഞ്ഞുവോ യുധിഷ്ഠിരൻ?”, കിരീടാവകാശിയും അഭിമന്യു പുത്രനുമായ പരീക്ഷിത്തിനോടു് കൊട്ടാരം ലേഖിക ചോദിച്ചു. മുപ്പത്തിയാറു വയസ്സെത്തിയിട്ടും അധികാരവഴിയിലെത്താനാവാത്തതിന്റെ മ്ലാനത മുഖത്തു് പ്രകടമായിരുന്നു.

ജന്മദിന ആശംസ കൈമാറാമെന്നുവച്ചു മുഖം കാണിച്ചു. ഏറെ നേരം നോക്കിയശേഷം കോട്ടുവായിട്ടു ചോദിച്ചു, “നീ ഏതാ കുഞ്ഞേ, ഓർത്തെടുക്കാനാവുന്നില്ലല്ലോ.” “അഭിമന്യുവിന്റെ മക”നെന്നോർമ്മിപ്പിച്ചപ്പോൾ, അവനൊക്കെ എന്നോ മരിച്ചില്ലേ? നിന്നെയൊന്നും വിശ്വസിക്കാനാവില്ല “സ്മൃതിനാശത്തിലാണോ യുധിഷ്ഠിരൻ? അതോ പാഞ്ചാലി സൂചന തന്ന പോലെ, ചെങ്കോൽ പിടിവിടില്ലെന്ന പിടിവാശിയാണോ? രണ്ടാലൊന്നറിയണം ഇനി രക്ഷ ചാർവാകൻ!.”

2019-12-01

“രചനയിൽ പറയുന്ന പലതും നേരിൽ കണ്ട ഒരാളെന്ന നിലയിൽ ചോദിക്കട്ടെ ആശ്രമം കെട്ടി ജീവിക്കുന്ന പരിത്യാഗിയായ നിങ്ങൾക്കെങ്ങനെ അറിയാം ഹസ്തിനപുരി അരമനകളിലെ വിഴുപ്പുവാർത്തകൾ?” കൊട്ടാരം ലേഖിക വ്യാസനോടു് ചോദിച്ചു.

“ജനസമ്പർക്കം കുറവാണു, അന്തഃപുരജീവിതം അടുത്തറിയാൻ വയ്യ. വിചിത്രവീര്യവിധവകൾക്കു ബീജദാനം ചെയ്യാൻ കൊട്ടാരത്തിൽ പോയതു യഥാർത്ഥത്തിൽ ഞാനായിരുന്നില്ല പകരക്കാരായിരുന്നു. പനയോല രേഖ വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നു് സംഭരിച്ചു വായിച്ചറിഞ്ഞ വിവരങ്ങൾ നേരിൽ കണ്ടപോലെ ഉപയോഗിച്ചു. വിട്ടുവീഴ്ചകൾക്കു് വഴങ്ങി ഇത്രയും ബൃഹത്തായ ആഖ്യാനം, ദക്ഷിണാപഥത്തിൽ നിന്നു് കഴുതച്ചുമടായി കൊണ്ടുവന്ന പനയോലയിൽ എഴുതി എന്നതാണു് കൈകൊട്ടി ആഘോഷിക്കേണ്ടതു് മറിച്ചുള്ള കുപ്രചാരണത്തിനു വഴിമരുന്നിടുകയല്ല. തിരക്കുണ്ടു്. നിങ്ങൾ കരടു് പൂർണ്ണമായി വായിക്കുമ്പോഴേക്കു് ഞങ്ങൾ പത്തുനൂറുപേർ മഹാഭാരതം നാടൊട്ടുക്കു് വിപുലീകരിച്ചു രചിക്കുകയാണു്. സ്വാഭാവികമായും കഥാപാത്രങ്ങൾ കൂടുതൽ കരുത്തു പ്രാപിക്കും ആഖ്യാന കല പൂർണതയിലേക്കു് നീങ്ങും. പ്രാദേശിക വാമൊഴി ഉപയോഗിക്കുന്ന കാലം വരും. പകർപ്പകാവകാശമില്ല. ആർക്കും കയറി ഇടപെടാം. ഞാനെന്നൊരാൾ ‘ഭാവനാ സൃഷ്ടി’യെന്നു് നാളെ പറയും. കൂട്ടുകുടുംബസ്വത്തു തർക്കത്തെ ‘നെറ്റിപ്പട്ടവും വെഞ്ചാമരയു’മായി എഴുനെള്ളിക്കുന്നതു പരിഹാസ്യമാണെന്നു യുക്തിവാദി ചാർവാകൻ പൂത്തിരി കത്തിച്ചു കഴിഞ്ഞല്ലോ.”

“വിവേകവചനങ്ങളുടെ തമ്പുരാൻ എന്നറിയപ്പെടുന്ന വിദുരർ, പാർശ്വവത്കൃതപാണ്ഡവർക്കു് വേണ്ടി രാജസഭയിൽ സംസാരിക്കുന്നു എന്നറിഞ്ഞപ്പോൾ നിങ്ങൾ പതിവു് പത്രാധിപസമിതിയോഗം ഒഴിവാക്കി ഓടിക്കിതച്ചുപോകുന്നതു് കണ്ടല്ലോ. എന്നിട്ടെന്തു വിദുരവാക്യമാണിന്നൊരു തലവാചകമായി ചേർക്കാൻ വീണു കിട്ടിയതു്?”, യുദ്ധകാര്യലേഖകൻ കൊട്ടാരം ലേഖികയോടു് ചോദിച്ചു. ‘ഹസ്തിനപുരി പത്രിക’യുടെ വാർത്താകേന്ദ്രം.

“ശ്രോതാവും മാധ്യമസാന്നിധ്യവുമായി ഞാൻ മാത്രം. കൌരവർ നൂറു പേരും വിനോദയാത്രയിൽ. സുഖചികിത്സയിലായിരുന്നു ഭീഷ്മർ. ഇടയ്ക്കിടെ ചെവിയിൽ വിരൽ തിരുകി ധൃതരാഷ്ട്രർ. വിടാതെ കോട്ടുവായിടുന്ന പാറാവുകാർ. അർദ്ധസഹോദരങ്ങൾക്കിടയിൽ സമനീതി വേണമെന്ന സാത്വിക ഉപദേശവുമായി മൃദുസ്വരത്തിൽ വിദുരർ. പ്രഭാഷണം കഴിഞ്ഞ ഉടനെ ഊട്ടുപുരമണിയടി കേട്ടപ്പോൾ മാത്രമാണു് പ്രാതലിനുവേണ്ടി വയർ പൊരിയുകയാണെനു് ഞാനോർത്തതു്”

2019-12-03

“കുടുംബയോഗമെന്നൊക്കെ പറഞ്ഞു പ്രവേശനം നിഷേധിച്ചെങ്കിലും, ഒരൊളിഞ്ഞുനോട്ടത്തിൽ കൗരവരാജവിധ വകളെ നിങ്ങൾ ‘അഭിസംബോധന’ ചെയ്യുന്നു. കൗരവ വംശഹത്യ ഒറ്റക്കുചെയ്ത നിങ്ങളോടവർ എങ്ങനെ പ്രതികരിച്ചു?”, യോഗം കഴിഞ്ഞു പുറത്തേക്കിറങ്ങുകയായിരുന്ന ഭീമനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“യുധിഷ്ഠിരനെ പോലെ കാപട്യമൊന്നും വാക്കുകളിൽ പുരട്ടിയില്ല. അർജ്ജുനനെ പോലെ വർണ്ണശബളമായ പൊള്ളവാക്കുകളും എനിക്കറിയില്ല. ഉള്ള കാര്യം നെറി കേടില്ലാതെ പറഞ്ഞു. കാട്ടുപ്രകൃതികളായി കൗമാരകാലത്തു കോട്ടവാതിലിൽ മുട്ടി അഭയം തേടിയപ്പോൾ, ഗാന്ധാരിയുടെ മക്കൾ ഇരുകൈകളും നീട്ടി ഞങ്ങളഞ്ചുപേർക്കു സ്വാഗതം പറഞ്ഞ ഓർമ്മ പങ്കുവച്ചു. കൊട്ടാര പെരുമാറ്റച്ചട്ടം കൗരവക്കുട്ടികളെ കണ്ടാണു് പഠിച്ചതു് കാണാൻ സുന്ദരന്മാരായിരുന്നിട്ടും, ജീവിതകാലം രതിപ്രലോഭനങ്ങളെ ചെറുത്തു ഏകപത്നീവ്രതക്കാരായി കൗരവർ ജീവിച്ചു. വിവാഹത്തിലും പുറത്തും ‘വേട്ട’ക്കാർ നായാടി നടക്കുന്ന ഈ ലോകത്തിൽ, തങ്കലിപികളിൽ വേണം കൗരവദാമ്പത്യത്തെ അടയാളപ്പെടുത്തേണ്ടതു് എന്നു് പറഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റുനിന്നു കരഘോഷം മുഴക്കി. സ്വതവേയുള്ള ലജ്ജാശീലം പുതുതലമുറ കൗരവ രാജകുമാരികൾക്കിഷ്ടപ്പെട്ടു. പോട്ടെ തിരക്കുണ്ടു്. പഞ്ചലോഹത്തിൽ പണിത ദുര്യോധനപ്രതിമയുടെ നിർമ്മിതി അന്ത്യഘട്ടത്തിലാണു്.” ശിൽപ്പിയെ ആദരിച്ചു വേണം അനുസ്മരണത്തിന്റെ അടുത്ത ഘട്ടം.

“നിറപ്പകിട്ടുണ്ടെങ്കിലും, അനുസ്മരണയോഗങ്ങളിൽ നിങ്ങളുടെ വാമൊഴിക്കു വിശ്വാസ്യത കുറവെന്നൊരഭിമുഖത്തിൽ ഭീമൻ പറയുന്നുണ്ടു്. ന്യൂനത സ്വയം കണ്ടെത്തി നിങ്ങൾ നേരത്തേ വെളിപ്പെടുത്തിയതാണോ, അതോ പ്രകോപനപരമായ ഭീമനിരീക്ഷണം നിങ്ങൾക്കൊരു പുതിയ അറിവാണോ?” കൊട്ടാരം ലേഖിക അർജ്ജുനനോടു് ചോദിച്ചു.

“എതിരാളിയെ പറഞ്ഞുപറ്റിച്ചു മലർത്തിക്കിടത്തി കരൾ പിളർന്നു ചോര ചീന്തുന്ന ഒരു പ്രത്യേക തരം നഖ നിർമ്മിതിയാൽ പ്രകൃതി കനിവോടെ അവനെ അനുഗ്രഹിച്ചിട്ടുണ്ടു്. കുട്ടിക്കാലത്തു കാട്ടുമൃഗങ്ങളെ കൊന്നു ഭക്ഷ്യയോഗ്യമാക്കാൻ ‘നഖവ്യൂഹം’ തുണച്ചു. പിൽക്കാലത്തു കൗരവരുമായി സ്വത്തുതർക്കം തീർക്കാനൊരു പോരാട്ടം വേണ്ടിവന്നപ്പോൾ, കൗരവഹത്യക്കും വൈകാരികമായി തുണച്ചു. ഇപ്പോൾ ശത്രുവും കാട്ടുമൃഗവുമില്ലാത്ത ഹസ്തിനപുരിയിൽ ഭീമനഖം അലമുറയിടുന്നു ‘എനിക്കിരയെ തരൂ’. ഇനി കരുണാമയിയായ പാഞ്ചാലി കനിയണം. പരമാനന്ദമറിഞ്ഞന്തം വിട്ടുറങ്ങുമ്പോൾ, ഒന്നൊന്നായി നഖങ്ങൾ കടിച്ചുമുറിച്ചു വേർപെടുത്താൻ.”

2019-12-05

“മടവാളാണോ മാരകായുധം? ഗദയും വില്ലുമൊന്നുമില്ലേ?”, പുഴവെള്ളത്തിൽ മുങ്ങിനിവർന്നു ചോരയും നീരും കഴുകുന്ന അർദ്ധനഗ്നനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“കുരുക്ഷേത്ര പാളയത്തിൽ സേവനദാതാവെങ്കിലും, കൃത്യമായി പറഞ്ഞാൽ ഞാൻ സൈനികനല്ല. പാണ്ഡവരെയും കൗരവരെയും ‘ഇടപാടു’കാരായി കാണുന്ന കരാർ തൊഴിലാളിയാണു്. കറവ വറ്റിയ മാടുകളെയും പൂട്ടിത്തളർന്ന മൂരികളെയും തീൻശാലയിലേക്കെത്തിക്കുന്ന മൃഗമാംസ ദൗത്യമാണു് കുരുക്ഷേത്രപ്രവിശ്യാ ഭരണകൂടം കനിഞ്ഞു തന്നതു്. കണ്ടാൽ പ്രാകൃതമെങ്കിലും, ഒരൊറ്റ വെട്ടിനു തുടയെല്ലു തകിടുപൊടിയാക്കുന്ന ഈ മടവാളുമായി അറവുകേന്ദ്രത്തിലേക്കു പോവുമ്പോൾ ഇരുപക്ഷങ്ങളിലെയും സൈനികമേധാവികൾ അഭിവാദ്യം ചെയ്യുന്നതിന്റെ കാരണവും മറ്റൊന്നല്ല. പകൽ മുഴുവൻ പരസ്പരം അമ്പെയ്തും കുന്തമെറിഞ്ഞും പോരടിക്കുമ്പോഴും, അവരിൽ പ്രത്യാശ നിലനിർത്തുന്നതു്, ഊട്ടുപുരയിലെത്തിക്കുന്ന ഇറച്ചിയുടെ രുചിയാണു്. തിരക്കുണ്ടു്. മടവാൾ അതിന്റെ ഇരകൾക്കായി തിരക്കു് കൂട്ടുന്നു.”

2019-12-06

“നിങ്ങളായിരുന്നോ ‘ഏഴു കുഞ്ഞുങ്ങ’ളുടെ ആരാച്ചാർ?” കൊട്ടാരം ലേഖിക ചോദിച്ചു.

“ശന്തനുഭാര്യയായിരുന്നിട്ടും, മഹാറാണിപദവി ഗംഗ സ്വീകരിച്ചിരുന്നില്ല. എന്നിൽ വിശ്വാസമർപ്പിച്ച ദൗത്യങ്ങൾ കാര്യക്ഷമമായി ചെയ്തു എന്നതിനു് തെളിവല്ലേ, നീരൊഴുക്കിൽ മുക്കിക്കൊന്ന ഒരൊറ്റ നവജാതശിശുവിന്റെയും ജഡം, അഥവാ ഭൗതികശരീരം, മീൻവലയിൽ കുടുങ്ങിയ ദുരനുഭവം മുക്കുവർ പങ്കിട്ടില്ലെന്നതു്? തുണിയിൽ പൊതിഞ്ഞ കുഞ്ഞുമായി പ്രസവമുറിയിൽ നിന്നു് ഗംഗ എന്നെ പുഴയിലേക്കു് പറഞ്ഞുവിടും, പാപം കഴുകി, ഈറനുടുത്തു ഞാൻ മടങ്ങിവരും. വിവരം പറയാൻ അന്തഃപുരത്തിൽ കയറുമ്പോൾ, അടക്കിപ്പിടിച്ച നിലവിളി കേൾക്കും, “ഞാനൊന്നു കാണും മുമ്പു് എന്തു് ചെയ്തു നീ ഗംഗാ, നമുക്കു് പിറന്ന കുഞ്ഞിനെ?”, വിതുമ്പി വിതുമ്പി, ശന്തനു കുഴഞ്ഞുവീണു മരിക്കുമെന്നു് ഭയന്നെങ്കിൽ തെറ്റി-തിരക്കുപിടിച്ചൊരു ശാരീരികതക്കായി ആ ദൈന്യതയിലും ഗംഗയെയും കൂട്ടി വട്ടം കൂട്ടുകയാണു് മഹാരാജാവു്. എട്ടാമത്തെ ശിശുഹത്യയോടെ ശന്തനു തെറ്റിപ്പിരിഞ്ഞപ്പോൾ ചരിത്രകാരന്മാർ പുതിയൊരാഖ്യാനനിർമ്മിതിയിൽ എന്നെ ‘ആരാച്ചാർ’ പരാമർശത്തിൽ നിന്നൊഴിവാക്കി, ഗംഗയെ ഏഴു കുട്ടികളുടെയും കൊലയാളിയാക്കി.” കൊട്ടാരം ലേഖിക തിരിഞ്ഞു നടന്നിട്ടും, ചിത്തഭ്രമത്തിന്റെ പിടിയിലായിരുന്ന രാജതോഴി ഭൂതകാലക്കുളിരിൽ രസിച്ചുകൊണ്ടിരുന്നു.

2019-12-07

“പറഞ്ഞു കേട്ടിരുന്നത്ര കുടിലമനസ്സുകളാണോ കൗരവർ?”, കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലയിൽ നിന്നെത്തിയ നവ വധൂവരന്മാർക്കനുവദിച്ചിരുന്ന അതിഥിമന്ദിരത്തിലെ സ്വീകരണമുറിയിലായിരുന്നു പാഞ്ചാലി.

മൃഗയാവിനോദങ്ങൾ എന്ന ചെല്ലപ്പേരിട്ടവർ ഹസ്തിനപുരി പെണ്ണുടലുകളെ കൗമാരം മുതൽ വേട്ടയാടിയിരുന്നതായി ഭീമൻ യാത്രക്കിടെ തന്ന മുന്നറിയിപ്പുകൾ മുഖവിലക്കെടുക്കാൻ, അന്തഃരംഗം മടിച്ചു. സുഖമല്ലേ എന്നൊരു ഇളമുറ കൗരവ യുവാവു് നിഷ്കളങ്കമായി തോന്നുന്ന വിധം പൂക്കൾ തന്നു മുട്ടിയുരുമ്മി ചോദിക്കുമെന്നും, അപ്പോൾ കൂടെയുള്ള മുതിർന്ന കൗരവരുടെ വേട്ടക്കണ്ണുകൾ നീയറിയാതെ തറക്കുക മാറിലായിരിക്കുമെന്നും അർജ്ജുനൻ താക്കീതു നൽകി. ദേവസന്തതികളായ നിങ്ങൾക്കുമുണ്ടാവില്ലേ അതുപോലുള്ള വേട്ടയനുഭവങ്ങൾ എന്നു് തിരിച്ചു ഞാനവരോടു് ചോദിച്ചപ്പോൾ യുധിഷ്ഠിരൻ ധാർമ്മികരോഷത്താൽ തുള്ളുന്നുണ്ടായിരുന്നു. അതെന്നെയപ്പോൾ ചൊടിപ്പിച്ചു. കാമാതുരകൗരവക്കണ്ണുകൾ വീഴാതിരിക്കാൻ പ്രകൃതി തന്ന മാറിടം പറിച്ചെറിയണോ എന്നു് തിരിച്ചു ഹാർദ്ദമായി ചോദിച്ചപ്പോൾ, വില്ലും ഗദയും വാരിയെടുത്തവർ യാത്രയായി.” അഭിമുഖം കഴിഞ്ഞു കൊട്ടാരം ലേഖിക പുറത്തു കടക്കുമ്പോൾ, പരിമളവാഹികളായ പൂച്ചെണ്ടുകളുമായി, പ്രണയം നിറഞ്ഞ മിഴികളോടെ, നാലഞ്ചു ഇളമുറ കൗരവർ അതാ, സ്വീകരണമുറിയിൽ!.

2019-12-08

“സിംഹാസനത്തിൽ കയറിയൊന്നിരുന്നില്ല, തുടങ്ങിയോ ദുര്യോധനവിധവയെ കുടിയൊഴിക്കുമെന്ന ഭീഷണി?”, കൊട്ടാരം ലേഖിക ചോദിച്ചു.

“യുദ്ധജേതാക്കളായി അധികാരമേൽക്കാനെത്തിയ പാണ്ഡവർ അന്തിയുറങ്ങിയതു് കുന്തിയുടെ കുടിലിൽ ആണെന്നു് നിങ്ങൾക്കറിയാമോ? ദുര്യോധനവസതി ഒഴിപ്പിച്ചു കിട്ടാൻ ചെന്നപ്പോളാണ്കുടിലകൗരവർ ഒളിപ്പിച്ച ഭൂമിതട്ടിപ്പിന്റെ രഹസ്യവിവരം വിദുരരിൽ നിന്നറിയുന്നതു്, യുദ്ധത്തിനു മുമ്പു് തന്നെ കൊട്ടാരസമുച്ചയം ദുര്യോധനൻ വ്യാജരേഖയുണ്ടാക്കി ഭാര്യക്കു് ഇഷ്ടദാനം കൊടുത്തു. ധൃതരാഷ്ട്രരുടെ ഒപ്പും രാജമുദ്രയും സംഘടിപ്പിക്കാനാണോ അരമനയിൽ പാടു്? സ്ഥിതി അതായിരിക്കെ, അനധികൃതമായി കുരുവംശ സ്ഥാവരസ്വത്തുക്കളുടെ ഗുണഭോക്താവായ ദുര്യോധനവിധവയെ നേരിയ ബലപ്രയോഗത്തിൽ കുടിയൊഴിപ്പിക്കാതെ, പുതിയ മഹാരാജാവു് എവിടെ താമസിക്കണം? ഗാന്ധാരിയുടെ വിഴുപ്പലക്കുന്ന കുന്തിയുടെ കുടിലിൽ കണ്ടെത്തിയാൽ മതിയോ പാഞ്ചാലിക്കു് പായ വിരിക്കാൻ ഇടം?”

“കൗരവചോര ഭീമൻ കൊണ്ടുവന്നില്ലേ?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു പാണ്ഡവപാളയത്തിൽ, അഴിഞ്ഞുവീണ മുടിയുമായി കാത്തുനിൽക്കുകയായിരുന്നു പാഞ്ചാലി.

“ഭീമനെവിടെയോ മനോവീര്യം നഷ്ടപ്പെട്ടു എന്നാണു നകുലൻ പറഞ്ഞറിഞ്ഞതു് അന്വേഷിച്ചപ്പോൾ വ്യക്തമായി. ഓരോ തവണ കൗരവനെ കീഴ്പ്പെടുത്തി നഖങ്ങൾ താഴ്ത്തുമ്പോഴും, പിന്നിൽ നിന്നൊരു ‘തിരുത്തൽ ശബ്ദ’ മുയരും, “ബലം പ്രയോഗിച്ചു കൗരവകരൾ പറിച്ചെടുത്താൽ, സ്ത്രീനീതി പാലിച്ചുകിട്ടില്ല കുഞ്ഞേ” എന്നു് യുധിഷ്ഠിരൻ ഭീമശിരസ്സിലുഴിഞ്ഞു ഓർമ്മിപ്പിക്കും. “നീയിപ്പോൾ നഖം താഴ്ത്തുന്നതു് പെൺ നീതിനിർവ്വഹണമല്ല, വ്യക്തിവൈരാഗ്യത്തിലൂന്നിയ പ്രതികാര നടപടിയാകുന്നു. കൗരവർ പാഞ്ചാലിയോടു് ചെയ്തതെന്നു ആരോപിക്കപ്പെടുന്ന ലൈംഗികാതിക്രമത്തിനവൾ നീതിപതിയുടെ മുമ്പിൽ പരാതികൊടുക്കുന്നതോടെ തുടങ്ങുന്ന വ്യവസ്ഥാപിത നടപടിക്രമമുണ്ടു്. അതു് മറികടന്നു കൗരവകുടൽ കീറി ചുടുചോര കൈക്കുമ്പിളിൽ വീഴ്ത്തി പ്രിയതമക്കു നൽകാനുള്ള ഉദ്യമം വികാരജീവിക്കു ചേർന്നതെങ്കിലും ധാർമ്മികമല്ല പ്രിയ ഭീമാ. വാൾ വീശിയും ഗദ ചുഴറ്റിയും അമ്പെയ്തും പ്രതിയോഗിയെ കാലപുരിയിലേക്കയക്കുന്ന തൊഴിൽമികവാണിവിടെ പ്രകടിപ്പിക്കേണ്ടത്” എന്നും പറഞ്ഞു പിന്തിരിപ്പിച്ചാൽ പാവം ഭീമൻ പിന്നെന്തുചെയ്യും!.”

“കൗരവതലയോരോന്നുമുരുട്ടിയതപ്പപ്പോൾ എണ്ണി കണക്കു തീർത്തതല്ലേ? പാണ്ഡവർ അധികാരത്തിൽ കയറീട്ടു് ആർക്കെന്തു പരാതി കൊടുത്താലാണു് ഇനി നിങ്ങൾക്കു് പ്രയോജനം?” കൊട്ടാരം ലേഖിക നിയുക്ത മഹാറാണി പാഞ്ചാലിയോടു് ചോദിച്ചു.

“പീഡകർ ജീവിച്ചിരിപ്പുണ്ടോ എന്നറിഞ്ഞിട്ടുവേണോ ലൈംഗിക ഇരകൾ നീതി തേടാൻ? പെണ്ണുടൽ മലിനപ്പെടുത്തിയ പീഢകനുനേരെ ഭരണകൂടത്തിനു് പരാതി കൊടുക്കാനുമുണ്ടോ കാലാവധി? പതിമൂന്നു വർഷം കഴിഞ്ഞതുകൊണ്ടു പരാതി കാലഹരണപ്പെടുമോ? പീഡകകൗരവർ ജീവിച്ചിരിപ്പുണ്ടോ എന്നതൊരു സാങ്കേതിക പ്രശ്നമല്ലേ? അടിമത്തം അസാധുവായപ്പോൾ പൗരാവകാശം തിരിച്ചുകിട്ടിയ ഞാൻ പരാതി കൊടുത്താൽ, രാജാവു് ഭർത്താവാണെന്നതൊരു ‘ക്രമപ്രശ്ന’മായി ചൂണ്ടിക്കാട്ടുമോ? കൗരവർ ശരിക്കും മരിച്ചുപോയെങ്കിൽ, പ്രതിസ്ഥാനത്തു നിൽക്കേണ്ടതു് പൈതൃകാവശികളല്ലേ? അതോ, വിധവകൾക്കു് കൗരവസ്വത്തുമാത്രം മതി എന്നാണോ? ഇനി നിങ്ങൾ പറയും കൗരവരാജസ്ത്രീകളെ കുഴിയൊഴിപ്പിക്കാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണു് വസ്ത്രാക്ഷേപത്തിൽ അന്വേഷണം വേണമെന്ന പാഞ്ചാലിയുടെ പരാതിയെന്നു്!.”

2019-12-09

“അഭിമുഖസമയം രാവിലെ ആയതുകൊണ്ടു് മന്ത്രാലയത്തിൽ പോവാതെ അന്തഃപുരത്തിൽ കാത്തിരിക്കാൻ തുടങ്ങിയിട്ടു് നേരം കുറച്ചായി. പാറാവുകാരനോടു് ചോദിച്ചപ്പോൾ കേട്ടു, മഹാരാജാവുൾപ്പെടെ മുതിർന്ന മൂന്നു പാണ്ഡവരും കുറച്ചുകാലമായി താമസം നിങ്ങൾക്കൊപ്പമല്ല. ഞെട്ടിപ്പോയി. കാരണം?” കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“ധൃതരാഷ്ട്രരും ഗാന്ധാരിയും വനജീവിതം തിരഞ്ഞെടുത്തു രാജവസതിയൊഴിഞ്ഞപ്പോൾ, കുരുവംശാധിപന്റെ പരമ്പരാഗത ഔദ്യോഗികമന്ദിരം ഒരു നൂറ്റാണ്ടിനു ശേഷം ഒഴിവുവന്നു. അതു് കുരുക്ഷേത്ര രണനായകൻ ദുര്യോധനന്റെ സ്മൃതിയിടമാക്കണമെന്നു കൗരവരാജ വിധവകൾ നിവേദനം തന്നു. പൈതൃകകൊട്ടാരത്തിൽ നിന്നു് പിടിവിടും മുമ്പു് ഞാനൊരു പരിഹാരം നിർദ്ദേശിച്ചു യുധിഷ്ഠിരനും മുതിർന്ന മറ്റു രണ്ടു പാണ്ഡവരും ഉടൻ താമസം അങ്ങോട്ടു മാറ്റുക. നരച്ചുനീണ്ട മുടിയും താടിയുമായി ആ മൂന്നു പാണ്ഡവർ എനിക്കൊപ്പം അന്തഃ പുരത്തിൽ കാണപ്പെടുന്നതു് ഞാൻ സ്വാഗതം ചെയ്തിരുന്നില്ല എന്ന മട്ടിൽ ദുഷ്ടലാക്കോടെ തൽപ്പരകക്ഷികൾ നിർമ്മിതവാർത്ത പ്രചരിപ്പിക്കാനിടയുണ്ടു്. നിങ്ങൾ അതിലൊന്നും വീണുപോവരുതു് ‘പാഞ്ചാലിയുടെ അന്തഃപുരം കണ്ടാലൊരു വൃദ്ധസദനം പോലുണ്ടല്ലോ’ എന്നു് ദ്വാരകയിൽ നിന്നു് വിരുന്നിനു വന്ന സത്യഭാമ നിരീക്ഷിച്ചപ്പോൾ കരളിൽ കൊത്തി, നിഷേധിക്കുന്നില്ല. ഇളമുറ മാദ്രീമക്കൾ നകുലനും സഹദേവനും രാപ്പകൽ എനിക്കിപ്പോൾ കൂട്ടുണ്ടു്. സ്വർഗ്ഗരാജ്യത്തിലെ ആരോഗ്യ ശുശ്രൂഷകരായ അശ്വിനിദേവതകളുടെ സന്തതികൾ രൂപഭാവങ്ങളൊക്കെ ഇന്നും യുവത്വം പ്രസരിപ്പിക്കുന്നുണ്ടെന്നറിയാമല്ലോ. ചോദിക്കാതെ കല്യാണസൗഗന്ധികം കൊണ്ടുവരാൻ രണ്ടുവഴിക്കു പുറപ്പെട്ടിറങ്ങിയ ഇരുവരും ഓടിക്കിതച്ചെത്തും മുമ്പു് ഞാനൊന്നു കുളിച്ചൊരുങ്ങട്ടെ. വയസ്സു ചെന്ന കുന്തിപുത്രന്മാർ കൗശലത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടതോടെ യുവനകുലനും സഹദേവനും എനിക്കു് കളിക്കൂട്ടുകാരായി!.”

“അരമന സമുച്ചയം ദുര്യോധനഭാര്യക്കു് ഇഷ്ടദാനം കൊടുത്തപ്പോൾ മറ്റു കൌരവവധുക്കൾ വസ്തുകൈമാറ്റത്തിന്നെതിരെ മിണ്ടിയില്ലേ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ആണുങ്ങൾ യുദ്ധത്തിൽ മരിച്ചാലും, വിധവകൾ അനാഥരാവാതിരിക്കാൻ വേറെ നിയമവഴിയില്ലെന്നു കൂട്ടുകുടുംബ രഹസ്യയോഗത്തിൽ ബോധ്യപ്പെടുത്താൻ ദുര്യോധനനു് കഴിഞ്ഞു എന്നതാണു് ആശയവിനിമയ മികവിൽ ശ്രദ്ധേയമായ ദൃഷ്ടാന്തം. കൊച്ചുനാൾ മുതൽ പഠിപ്പിച്ചതിന്റെ സദ്ഫലം. ബലരാമനും ദ്രോണരും സൈനികതന്ത്ര നൈപുണ്യവികസനത്തിനു ശ്രമിച്ചിട്ടുണ്ടാവാം എന്നാൽ നൂറു കൗരവരെയും നൂറുനൂറായിരം എതിർപ്പുകളെയും നിർവീര്യമാക്കി തന്നിഷ്ടം നടപ്പിലാക്കാനുള്ള സർഗ്ഗവൈഭവം-അതാണവന്റെ പെരുമ!.”

2019-12-10

“ദുശ്ശകുനമെന്നു ഭീമൻ വിശേഷിപ്പിച്ച ദുര്യോധന വിധവയുമായി നിങ്ങൾ രഹസ്യസംഭാഷണം ചെയ്തതു് അഭ്യൂഹങ്ങൾക്കു് വഴിവച്ചല്ലോ. എന്തുപറ്റി?”, കൊട്ടാരം ലേഖിക ചോദിച്ചു.

“കാണാൻ വന്ന വിധവക്കു പറയാനുള്ളതു് കേട്ടു എന്നതു് ലജ്ജിക്കേണ്ട ഒന്നാണോ? വനവാസത്തിനു പോവുമ്പോൾ, എന്റെ അടിമത്തം മാത്രം ഉടനടി പിൻവലിച്ചു പൗരാവകാശം പുനഃസ്ഥാപിച്ചു തന്ന ദുര്യോധനാജ്ഞ, കൗരവദൂതനിൽ നിന്നു് തട്ടിയെടുത്തു പാണ്ഡവർ രഹസ്യമായി നശിപ്പിച്ചതു് കൊണ്ടാണു് പത്തുപതിമൂന്നു കൊല്ലം എനിക്കു് നരകിക്കേണ്ടിവന്നതെന്നു ദുര്യോധനവിധവ ആധികാരിക വിശദാംശങ്ങളോടെ അറിയിക്കുകയായിരുന്നു. പാണ്ഡവരുടെ കീഴിൽ മനുഷ്യത്വഹീനമായ ജീവിതം നയിക്കേണ്ടിവന്ന പതിമൂന്നു വർഷങ്ങളെ കുറിച്ചൽപ്പം വൈകാരികതയോടെ ഞാൻ മൗനം പാലിച്ചതാണോ കുതിരപ്പന്തികളെ വിറളി പിടിപ്പിക്കുന്നതു്?”

“ജനിച്ചതും, കൌമാരം വരെ വളർന്നതുമൊക്കെ ഇതുപോലൊരു കൊടും കാട്ടിലല്ലേ? തോന്നുമ്പോൾ തോന്നുമ്പോൾ കയ്യിട്ടുവാരാൻ അന്നും ഉണ്ടായിരുന്നോ തിന്നാലൊടുങ്ങാത്ത ഭക്ഷണപാത്രം?”, കൊട്ടാരം ലേഖിക ചോദിച്ചു മലങ്കാറ്റിൽ തണുപ്പു് പടർന്ന പ്രഭാതം, വനാന്തര ആശ്രമം, വ്യാഴവട്ടക്കാല ജീവിതം.

“സന്ധ്യയായാൽ അമ്മയും മാദ്രിയും ഉടുത്തൊരുങ്ങി പുറത്തു പോവും. പിന്നെ വൈകും തളർന്നു തിരിച്ചു വരാൻ. മധുരഭക്ഷണം ഇലപ്പൊതി നിറയെ കയ്യിലുണ്ടാവും. ചിലപ്പോൾ കാണാം പട്ടും പൊന്നും. ആകാശചാരികളുമായി ദാമ്പത്യേതരബന്ധമില്ലാതെ ആയുഷ്കാല ജീവിതം സുഖമാവില്ലെന്നു ഇടക്കൊക്കെ അവർ കവിളിൽ വിരൽ കുത്തി മേൽപ്പോട്ടുനോക്കി പറയും. “ശരിയാണു്, നീ പറയുന്നതിൽ കാര്യമുണ്ടു്”, പായിൽ ചുരുണ്ടു് കിടന്നു ശ്വാസം മുട്ടുന്ന അച്ഛനും സമ്മതിക്കും.”

“സ്ത്രീപീഡനത്തിന്റെ തലസ്ഥാനമായോ ഹസ്തിനപുരി?”, ചൂതാട്ടസഭയിൽ ചിതറിക്കിടന്ന ഉടുതുണിക്കഷ്ണങ്ങൾ നോക്കി കൊട്ടാരം ലേഖിക ദുര്യോധനനോടു് ചോദിച്ചു. ജാലകത്തിലൂടെ കാണാമായിരുന്നു, തല താഴ്ത്തി വനവാസത്തിനുപോവുന്ന നഗ്നപാദ പാഞ്ചാലിയെയും അഞ്ചോളം പാണ്ഡവരെയും.

“ഒരടിമപ്പെണ്ണിന്റെ അടിവസ്ത്രത്തിലൂന്നി നിങ്ങൾ ഐതിഹാസികമായൊരു അധികാരക്കൈമാറ്റത്തെ അവഹേളിച്ചല്ലോ!. ഒരു തുള്ളി ചോര വീഴ്ത്താതെ ഇന്ദ്രപ്രസ്ഥം ചക്രവർത്തിയെ ഞങ്ങൾ നീക്കിയതു് ഈ നിലത്തു ചമ്രം പടിഞ്ഞിരുന്നല്ലേ? ഒന്നും രണ്ടും പറഞ്ഞു ഉന്തും തള്ളുമുണ്ടായപ്പോൾ അഴിഞ്ഞുവീണ അടിവസ്ത്രത്തെ ‘പീഡനാവശിഷ്ട’മെന്നൊക്കെ പൊലിപ്പിക്കാൻ ആയിരുന്നോ നിങ്ങൾ തക്ഷശിലയിൽ പോയി ഉന്നതവിദ്യാഭ്യാസം നേടിയതു്? സ്ത്രീവിരുദ്ധമാണോ യഥാർത്ഥത്തിൽ കുരുവംശം? സ്വർഗ്ഗരാജ്യത്തിലെ ദാസിയായ ഗംഗ മുതൽ യമുനയിൽ മീൻ പിടിക്കുന്ന സത്യവതി വരെ, കാശിരാജകുമാരി അംബിക മുതൽ അവിഹിതരതിയിൽ മാതൃത്വം സ്ഥാപിച്ചെടുത്ത കുന്തി വരെ, കുരുവംശത്തിലെ വൈവിധ്യമാർന്ന ധീര സ്ത്രീ രൂപങ്ങൾ അശേഷം അടിയറവു വച്ചിട്ടില്ല ആണധികാരഗർവ്വിനു മുമ്പിൽ എന്നു് നിങ്ങൾ ചരിത്രം പഠിച്ചിരുന്നെങ്കിൽ തിരിച്ചറിയുമായിരുന്നു. അനുജന്റെ ഭാര്യയെ തട്ടിയെടുത്തു പായക്കൂട്ടാക്കിയ യുധിഷ്ഠനെവിടെ, അനുജന്മാരുടെ ഭാര്യമാരെ രാജമാതാ എന്നഭിസംബോധന ചെയ്യുന്ന ദുര്യോധനൻ എവിടെ. ഒരു ചുവർ വിഷവാർത്താനിർമ്മിതിക്കു വേണ്ടി ഒന്നും നിങ്ങൾ വിസ്മരിക്കരുതു്”

2019-12-11

“നിഷ്ക്രിയപാണ്ഡവർ? നിശ്ശബ്ദ പാണ്ഡവർ! പെരുമഴ പെയ്തപ്പോഴേക്കും, ചടഞ്ഞുകൂടി ചുവർ ചാരി ധ്യാനത്തിലായോ പാവംപാണ്ഡവർ?”, കൊട്ടാരം ലേഖിക ചോദിച്ചു. കുതിച്ചൊഴുകുന്ന തോട്ടിൽ നിന്നു് ഭീതിതശബ്ദം ഉയർന്ന ഇരുണ്ട അപരാഹ്നം.

“തലക്കുപിന്നിൽ കൈപ്പത്തികൾ ചേർത്തിരിപ്പുണ്ടല്ലോ, അതു് നിങ്ങൾ കുറച്ചുകാണരുതു്. ദൂരെ ദൂരെ ഹസ്തിനപുരിയിലെ കൗരവതമ്പുരാക്കന്മാർ കാറ്റുകൊള്ളുന്ന കൊട്ടാരമട്ടുപ്പാവിനെക്കാൾ പ്രാമാണ്യതയുണ്ടതിനെന്നു പറഞ്ഞതു്, വേറെ ആരുമല്ല കണ്ടാലൊരു നാണംകുണുങ്ങിയായ മാദ്രീപുത്രൻ സഹദേവനാണു്. വരാനിരിക്കുന്ന കാര്യങ്ങൾ പൂർവ്വനിശ്ചിതമാണെന്നും, പ്രത്യേക മാനസികാവസ്ഥയിൽ ഭാവി പ്രവചിക്കാമെന്നും നിഷ്കളങ്കമായി തെളിയിച്ച സഹദേവൻ ഇത്തവണ ഞങ്ങളോടാവശ്യപ്പെട്ടു, “മലമടക്കുകളിലെ ഈ കാട്ടുകുടിലിനെ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവായി സങ്കൽപ്പിച്ചുവേണം ഓരോ നിമിഷവും ശത്രുസംഹാരത്തിലേർപ്പെടാൻ. അതു ഞങ്ങളേറ്റു പിടിച്ചപ്പോൾ എന്തുണ്ടായി എന്നോ? ഞങ്ങളിപ്പോൾ സ്വപ്നലോകത്തിലെ മുടിചൂടിയമന്നന്മാരെന്ന പദവിയിൽ നീതിപതികൾ!. ഞാനിന്നുച്ചകഴിഞ്ഞുള്ള കുറ്റകൃത്യ വിചാരണയിൽ രണ്ടു കൗരവർക്കു ‘വധശിക്ഷ’ നൽകി. ഇനി നിങ്ങൾ ബാക്കിയുള്ള പാണ്ഡവരോടു് ചോദിച്ചറിയൂ, മഴ തുടങ്ങിയശേഷം നീതിന്യായസഭയിൽ എത്ര കൗരവരെ നിർത്തിപ്പൊരിച്ചു?”

2019-12-12

“നവവധുവെന്ന നിലയിൽ കണ്ട പഴയ ഹസ്തിനപുരി ഇപ്പോഴുമുണ്ടോ മനസ്സിൽ? അതോ, കാൽ നൂറ്റാണ്ടിലിന്നിടയിൽ മാറിമറഞ്ഞുവോ?” കൊട്ടാരം ലേഖിക ചോദിച്ചു.

“കാളവണ്ടികളിൽ കൊണ്ടുവന്നിരുന്ന ധാന്യച്ചാക്കുകൾ കൊട്ടാരസമുച്ചയത്തിനോടു് ചേർന്ന കലവറകളിൽ അട്ടിയട്ടിയായിടുന്നതാണെന്റെ ആദ്യ ഓർമ്മ. ഗംഗക്കും യമുനക്കുമിടയിലെ കാർഷിക സംസ്കാരം എന്തെന്നതെന്നെ പഠിപ്പിച്ചു. കറവ വറ്റിയ മാടുകളെ ക്ഷീരകർഷകർ കോട്ടക്കകത്തെ ഊട്ടുപുരയോടു് ചേർന്ന അറവുശാലയിൽ കൊണ്ടുവരുന്നതും മറന്നിട്ടില്ല. കൗരവർ ആർപ്പു വിളിച്ചാണു് മാടുകളെ സ്വാഗതം ചെയ്യുക. മണിക്കൂറുകൾക്കുള്ളിൽ അറത്തു കുടലും തൊലിയും നീക്കി പ്രിയമാംസാഹാരമായി തയ്യാറാക്കുന്നതും ഏകീകൃത മനുഷ്യപ്രയത്നത്തിന്റെ മഹനീയദൃശ്യം. ഇന്നോ! ഒഴിഞ്ഞ ഊട്ടുപുരയിലേക്കു ഇടയ്ക്കിടെ എത്തിനോക്കി പാണ്ഡവർ, എന്നെ കാണുമ്പോൾ മുഖം താഴ്ത്തി, നടക്കുന്നതാണു് പതിവു കാഴ്ച. കൂട്ടു കുടുംബസ്വത്തുതർക്കം തീർക്കാൻ കായികബലം വേണമെന്നു് ഏതു അഭിശപ്തമുഹൂർത്തത്തിലാവാം തീരുമാനത്തിലെത്തിയതെന്നു മുട്ടുകുത്തി വിധാതാവിനോടു് നാമൊക്കെ ചോദിക്കുന്ന ആസുരകാലം. ഭരണകൂടം ഓരോ പൗരനും അക്ഷയപാത്രം സമ്മാനിക്കണമെന്നു ചാർവാകൻ ആവശ്യപ്പെടുന്ന കാലപ്പകർച്ച!.”

“പിതൃസ്വരൂപങ്ങളോടൊന്നും യോജിച്ചുപോവില്ലെന്നാണല്ലോ വിലയിരുത്തൽ. ഭീഷ്മർ, ദ്രോണർ, കൃപർ, അരമനയിൽ ശക്തസാന്നിധ്യങ്ങളായ ആരുമായും മൈത്രിയില്ലാത്ത നിങ്ങളെയെങ്ങനെ ദുര്യോധനൻ പങ്കാളിയാക്കി?” ഇനി ഞാനൊഴുകട്ടെ എന്ന പുഴപുനർജ്ജീവനയജ്ഞത്തിൽ പങ്കെടുത്തു വീടണയുകയായിരുന്ന കർണ്ണനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“തേരോടിക്കുന്ന സൂതവംശജനാണു് അച്ഛൻ എന്ന പൊതുബോധം ഓർമ്മവച്ചനാൾ മുതൽ എന്നിലുണർത്തിയ അപകർഷതാബോധത്തിൽ നിന്നെന്നെ ദുര്യോധനൻ ഉയർത്തിയതു്, മദ്യവും മദിരാക്ഷിയും എത്തിച്ചായിരുന്നില്ല അംഗ രാജ്യത്തിലെ രാജാവായി വാഴിച്ചിട്ടായിരുന്നു എന്ന അനുഭവം എന്നെ വികാരതരളിതനാക്കുന്നുണ്ടു്. അതവൻ യഥാർത്ഥത്തിൽ ‘കൊട്ടാരമാടമ്പിക’ളുടെ മുമ്പിൽ ചെയ്ത പ്രഹസനമായിരുന്നു. അതവരുടെ വായടപ്പിച്ചു. കുതിരച്ചാണകം മണക്കുന്ന കർണ്ണൻ തിരുവസ്ത്രവും ധരിക്കുന്നുവോ എന്നായിരുന്നു ജാള ്യതയിൽ വിരൽ കടിക്കുന്ന ഭീമന്റെ വിസ്മയം. എന്നാൽ അവർക്കുണ്ടോ വാസ്തവം അറിയുന്നു! എന്റെ ബീജദാതാവെത്ര മുന്തിയ ഇനം ആകാശചാരി. അഭയാർത്ഥികളായി മുട്ടിൽ ഇഴഞ്ഞു വന്ന പാണ്ഡവർ കൗരവദൗർബല്യം മുതലെടുത്തു അധിനിവേശത്തിനു ശ്രമിക്കുമ്പോൾ പിന്തുണ കൊടുത്ത യാഥാസ്ഥിതിക സഭാപതികളെയുമായിരുന്നു പിൽക്കാലത്തു ഞാൻ ഏറ്റുമുട്ടേണ്ടതു് മറ്റു തൊണ്ണൂറ്റി എട്ടോളം കൗരവരെ അധികാര ഇളവനുവദിക്കാതെ, ‘കൂട്ടാളി’കളായി നിലനിർത്തുന്നതിനൊപ്പം, ‘മാടമ്പി ഹസ്തിനപുരി’യുടെ മടിക്കുത്തിൽ പിടിച്ചു ഇടക്കൊന്നു വിറപ്പിക്കാൻ കഴിഞ്ഞ പോരാളിദുര്യോധനൻ തന്നെയാണു്, വയസ്സിൽ താഴെയെങ്കിലും, തലതൊട്ടപ്പൻ. പാണ്ഡവരെ ചൂണ്ടി ‘ശത്രു’ എന്നവൻ പറഞ്ഞാൽ, ശത്രു അർഹിക്കുന്ന ശത്രുത എന്നിൽ കത്തിപ്പടരുകയായി. അതാണു് കർണ്ണന്റെ കർണ്ണത്വം!.”

“യുധിഷ്ഠിരനും നിങ്ങളും മിണ്ടിപ്പറഞ്ഞിരിക്കുന്ന കിടപ്പറയിൽ ഇടിച്ചുകയറിയ അവിവേകത്തിനു അർജ്ജുനൻ വില കൊടുക്കേണ്ടി വന്നു എന്നൊക്കെ സൂതന്മാർ പാടുന്നതു് വഴിയമ്പലങ്ങളിൽ പതിവുകാഴ്ചയാണു്. പക്ഷെ ദുര്യോധനൻ പാഞ്ചാലിയുടെ കിടപ്പറയിലിരിക്കുമ്പോൾ ഇടിച്ചുകയറിയ ഭീമൻ ദുരർത്ഥം വച്ചെന്തോ പറഞ്ഞു എന്നതു് കെട്ടുകഥ പോലെ തോന്നി. വസ്തുതയെന്താണു്?”, കൊട്ടാരം ലേഖിക ചോദിച്ചു.

“യുധിഷ്ഠിരൻ മാത്രം പ്രണയപദങ്ങൾ പുലമ്പുന്ന എന്നു് തിരുത്തി വേണം ആ സംഭവം ഓർമ്മിക്കാൻ. ഹസ്തിനപുരി നഗരാതിർത്തിയിലെ അതിഥി മന്ദിരത്തിൽ കഴിയുന്ന മധുവിധു കാലം. ക്ഷേമാന്വേഷണത്തിനു മധുരവുമായി വന്ന ദുര്യോധനൻ വീട്ടിൽ പാണ്ഡവർ ആരുമില്ലെന്നറിഞ്ഞു പോവാൻ ഒരുങ്ങി. വരാൻ നേരമായി എന്നു് പറഞ്ഞു കൊണ്ടവനെ ഉപചാരപൂർവ്വം ക്ഷണിച്ചപ്പോൾ, കിടപ്പറജാലകത്തിലൂടെ കാണുന്ന മരക്കൂട്ടങ്ങൾ നോക്കി കിടക്കയിലവൻ മതിമറന്നിരുന്നു. ശന്തനുവിന്റെ പ്രണയ വധുവായി വന്ന സത്യവതി കുറച്ചുകാലം ഈ മന്ദിരത്തിലായിരുന്നു താമസം. മരക്കൂട്ടങ്ങൾ സത്യവതി നട്ടുവളർത്തിയവയെന്നു ഉദ്യാനപാലകർ. പാലും പഴവുമായി ഞാൻ വന്നപ്പോൾ, ലിംഗഭേദമില്ലാത്ത അടിയുടുപ്പുകൾ ചിതറിക്കിടന്ന കിടക്കയിൽ ദുര്യോധനനെ കണ്ടു നില തെറ്റി വീഴാൻ പോയ എന്നെയപ്പോൾ കമനീയമായൊരു കായികക്ഷമതയോടെ ദുര്യോധനൻ വാരിക്കോരി പിടിച്ചില്ലായിരുന്നെങ്കിൽ, എന്തു് സംഭവിക്കുമായിരുന്നു എന്നോ? എന്തും! അതിലേറെ എന്നെ നടുക്കിയതു്, കൃത്യം ആ നേരത്തു ഭീമൻ കിടപ്പറയിൽ ഇടിച്ചുകടന്നതാണു്. ദുര്യോധന കരവലയത്തിൽ ഞാൻ കിടന്നതാണു് ഭീമനെ ചൊടിപ്പിച്ചതു് ആ സമയപരിധിക്കുള്ളിൽ. സംഭവിച്ചതാണോ ഭീമ ദുര്യോധന ശത്രുതയുടെയും പ്രതികാരദാഹത്തിന്റെയും ബീജാവാപം?”

2019-12-13

“ദുര്യോധനൻ ഭീമനെ അപമാനിച്ചു എന്ന ആരോപണത്തിലെത്ര കാര്യമുണ്ടു്?”, കൊട്ടാരം ലേഖിക ചോദിച്ചു. പാഞ്ചാലീസ്വയംവരത്തിനുശേഷം പാണ്ഡവർ ഹസ്തിനപുരിയിൽ കഴിഞ്ഞ ഇടവേള.

“അരക്കില്ലം കത്തിച്ചതിനും ബകനെ കൊന്നതിനും അന്യായമായി അനുകമ്പയും അനുമോദനവും നേടിയവനാണു് ഭീമൻ. അതു് വിടാം. രാജാവിന്റെ കിണറിൽ അർദ്ധരാത്രി പാമ്പിനെ നിക്ഷേപിച്ചു, നേരം വെളുത്തപ്പോൾ സംശയകരമായ രീതിയിൽ ആളെക്കൂട്ടി, അനുമതി ചോദിക്കാതെ, കിണറിലിറങ്ങിയതിനു അനുമോദനം വേണോ നടപടി വേണോ? പാമ്പിനെ കഴുത്തിൽ പിടിച്ചുയർന്ന ഭീമനു് കയറാൻ ബലമുള്ള കയർ ഹസ്തിനപുരിയിൽ നിർമ്മിച്ചവനെയാണു് ഞങ്ങൾ അനുമോദിക്കുക. കൂടുതൽ കയർ വാങ്ങി നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കും. ഭാവിയിലൊരാവശ്യം വന്നാൽ, പാണ്ഡവരെന്ന ‘അനധികൃത കുടിയേറ്റ’ക്കാരെ സമൂഹത്തിൽ നിന്നു് അകറ്റിനിർത്തി, അമർച്ച ചെയ്യാൻ, ഭീമൻ തൂങ്ങിയാടിയിട്ടും പൊട്ടാത്ത കയർ ഉപകരിക്കും. അരമനയിൽ നുഴഞ്ഞുകയറി, ഔഷധ ഗുണമുള്ള കിണർജലം മലിനപ്പെടുത്തിയ കുറ്റത്തിനു് നടപടി നേരിടാൻ ഭീമൻ ബാധ്യസ്ഥൻ. പാണ്ഡവർ എന്നൊരു കുടുംബനാമം തട്ടിക്കൂട്ടിയെടുത്തു കുരുവംശസ്വത്തിൽ ഓഹരിചോദിച്ചുവന്ന കൗന്തേയരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാമോയെന്നു നോക്കട്ടെ. ‘ഹസ്തിനപുരി പത്രിക’ തുടർന്നും ‘അധിനിവേശ’ക്കാർക്കു പിന്തുണയുമായി ‘പ്രബുദ്ധ പൊതുസമൂഹ’ത്തിന്റെ വക്താക്കളാവാൻ തന്നെ നിശ്ചയിച്ചു അല്ലെ?”

“ആദിവാസികുട്ടികളുടെ സഹായത്തോടെ പാഞ്ചാലിയുടെ ചരമശുശ്രൂഷയും ശവമടക്കും കഴിഞ്ഞു ഞാൻ മല കയറിവന്നതു് വെറുതെയായില്ല!”, നീരൊഴുക്കിനരികെ വിശ്രമിക്കുകയായിരുന്ന സഹദേവനോടു് കൊട്ടാരം ലേഖിക “ഇനി കുഴഞ്ഞുവീഴേണ്ടതു് നിങ്ങളല്ലേ?”

“ആരാദ്യം വീഴും എന്നന്വേഷിക്കാൻ ആയാസപ്പെടേണ്ട കാര്യമില്ല. മുപ്പത്തിയാറു വർഷം ജീവിച്ച കൊട്ടാരത്തിൽ നിന്നു് പടിയിറങ്ങി നീങ്ങുമ്പോൾ, മരണ ഗീതങ്ങൾ പാടിയാണു് ജനം യാത്രാമൊഴി പറഞ്ഞതു് ‘വധശിക്ഷ’ക്കു് വിധിക്കപ്പെട്ടെങ്കിലും, തലവെട്ടുന്ന ദിവസം അറിയാത്തതുകൊണ്ടു് ഭിക്ഷാടകരെ പോലെ നടന്നും വിശ്രമിച്ചും അടിവച്ചു മലകയറി അന്ത്യയാത്രയിൽ മുന്നേറുകയാണു്. ഞങ്ങൾ ഒന്നൊന്നായോ ഒരുമിച്ചോ വീഴുമ്പോൾ, ഉപേക്ഷിക്കപ്പെടുന്ന ഭൗതികശരീരങ്ങളെ പ്രകൃതിയുടെ പ്രതിഭാസങ്ങൾക്കു വിടൂ.”

2019-12-14

“ഈറനുടുത്തു കയറുമ്പോൾ, കൂട്ടിപ്പിടിച്ചു നിങ്ങളോടെന്തോ ദുര്യോധനൻ ചെവിയിൽ മന്ത്രിക്കുന്ന പോലെ തോന്നി. എന്തായിരുന്നു, ഖാണ്ഡവപ്രസ്ഥത്തിൽ ഭാഗ്യാന്വേഷിയായി പോവുന്ന പ്രണയിനിക്കവൻ നൽകിയ ആശംസാമൊഴി?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു. കാടുകത്തിക്കാൻ കുടിയേറ്റ പാണ്ഡവർ ഹസ്തിനപുരി വിട്ടിറങ്ങുന്ന പ്രഭാതം.

“നൂറു നൂറായിരം ജീവകോശങ്ങൾ കൊണ്ടാണു് പ്രകൃതി ഈ ഉടൽ നിർമ്മിച്ചിരിക്കുന്നതെന്നു നിനക്കെന്നെ പോലെ എനിക്കുമറിയാം. എന്നാൽ ആ കോശങ്ങളിൽ ഒന്നിനെങ്കിലും അറിയുമോ, ഉടലിന്റെ ഉടമ പാഞ്ചാലി യഥാർത്ഥത്തിൽ ആരാണെന്നു്? അതറിയുന്നതു ഒരുപക്ഷെ ഞാൻ മാത്രം. അങ്ങനെ എന്തോ മധുരോദാരമായി ഉപചാരം പറഞ്ഞു പിരിഞ്ഞു തേരിൽ കയറി അവൻ പോയെങ്കിലും, ഞാൻ ശ്രദ്ധിച്ചതു് വാരിപ്പുണർന്ന കൈകളായിരുന്നില്ല, നിറയുന്ന കണ്ണുകളായിരുന്നു!.”

“മറ്റൊരു പാണ്ഡവഭാര്യയിൽ നിന്നും വെല്ലുവിളി നേരിടാതെ, മുപ്പത്തിയാറു വർഷം നിങ്ങൾ മഹാറാണിപദവി വഹിച്ചു. അന്തിമപദയാത്രക്കു് അന്തഃപുരം വിട്ടിറങ്ങുമ്പോൾ, സ്വന്തമെന്നിക്കാലവും കരുതിയ സ്ഥാവരങ്ങളും ജംഗമങ്ങളും എന്തു് ചെയ്യാനാണു് ഭാവം?”, കൊട്ടാരം ലേഖിക പാഞ്ചാലിയോടു് ചോദിച്ചു.

“അഞ്ചു ആൺമക്കളും, പാണ്ഡവരുടെ പിടിപ്പുകേടു കൊണ്ടെന്നറിയുന്നു, കൊല്ലപ്പെട്ട സ്ഥിതിക്കു് എനിക്കനന്തരാവകാശികൾ ഇല്ല. അച്ഛനും സഹോദരന്മാരും കൗരവ പാണ്ഡവ സ്വത്തുതർക്കത്തിൽ കൊല്ലപ്പെട്ടിരുന്നു. ഭർത്താക്കളിൽ മൂന്നാമനായ അർജ്ജുനൻ അവിഹിതബന്ധ നിർമ്മിതിയിൽ ഒന്നാമനായി. ദ്വാരകസ്വദേശി സുഭദ്രയെ വിവാഹം കഴിക്കേണ്ട സാഹചര്യമുണ്ടായി. ആ ഹ്രസ്വകാലബന്ധത്തിലുണ്ടായ അഭിമന്യുവിനു്, വിരാടരാജകുമാരിയിൽ ജനിച്ച പരീക്ഷിത്തു് എനിക്കൊരകന്ന ബന്ധു. സ്നേഹവാത്സല്യങ്ങൾ തോന്നാത്ത ഒരാൾ എന്തിനു ഞാനിത്രയും കാലം മോഹിച്ചും വിലപേശിയും സ്വന്തമാക്കിയ സ്വത്തുക്കളുടെ അവകാശിയാവണം? എല്ലാം പുതുതലമുറ കൗരവക്കുട്ടികൾക്കായി ഒസ്യത്തിൽ ഞാൻ ഇന്നലെ കയ്യൊപ്പിട്ടു!.”

2019-12-15

“കുടുംബനാമം തുണയായോ? അതോ വിനയോ?”, കൊട്ടാരം ലേഖിക ചോദിച്ചു.

“ഭൂവാസികളല്ല പിതൃക്കൾ എന്നു് കുന്തിയും മാദ്രിയും പറഞ്ഞതു് കൊണ്ടു് കാര്യമുണ്ടോ? വൈവിധ്യബീജ സമ്പാദനത്തിനുള്ള ദാമ്പത്യസാഹചര്യം അറിയാൻ ആകാംക്ഷ കാണിക്കുന്നവരോടെത്ര ഉച്ചത്തിൽ സത്യം വെട്ടിത്തുറന്നു പറയും? കായികക്ഷമതയില്ലാത്ത ഭർത്താവിനെ നോക്കു കുത്തിയാക്കി രണ്ടു രാജസ്ത്രീകൾ, മുടിയിൽ പൂ ചൂടി പ്രലോഭനമന്ത്രവുമായി ആൺവേട്ടക്കു് ഇറങ്ങിത്തിരിക്കുന്ന കാഴ്ച, ഭാവനയിൽ കണ്ടപ്പോഴൊക്കെ, ലജ്ജയിൽ മുഖം മുങ്ങി. ദാമ്പത്യത്തിനുശേഷം, പരിചയപ്പെടാൻ സ്വാഭാവികമായി പാഞ്ചാലി ചോദിക്കാവുന്ന കുടുംബ വിവരങ്ങൾ തടയാൻ ഞങ്ങൾ നിർബന്ധിതരായി. ‘പാഞ്ചാലനല്ല എന്റെ ബീജദാതാവു്, യാഗാഗ്നിയിൽ, വളർച്ചയെത്തിയ പെണ്ണുടലോടെ ഉയർന്നു വന്ന ദേവ സ്ത്രീയാണു് ഞാൻ” എന്നു് സ്വയം പരിചയപ്പെടുത്തുമ്പോൾ, ‘പാണ്ഡുവല്ല ഞങ്ങളുടെ പിതാവ്’ എന്നു് സമാന ബോധത്തോടെ എങ്ങനെ ഞങ്ങൾ ഐക്യപ്പെടും? പൊതു സ്വീകാര്യതയുള്ള പൈതൃകപദാവലിയിൽ, ഞങ്ങളെങ്ങനെ പാണ്ഡവർ ആയി എന്നു് നിർല്ലജ്ജം വിശദീകരിക്കേണ്ടി വന്നപ്പോഴൊക്കെ, കർണ്ണൻ നേരിട്ട അസ്തിത്വ അവഹേളനം ഞങ്ങളും നേരിട്ടു. ‘ഒരു പക്ഷെ കൂടുതൽ’ എന്നതിനു് കാരണം ഉണ്ടു്. ശ്രോതാക്കൾ കർണ്ണനോടു് കരുണ കാട്ടി. ഞങ്ങളോടു് ഒറ്റക്കൊറ്റക്കു് വിവരം തേടിയതു് നിന്ദിക്കാനായിരുന്നു. ആരാണു് നിങ്ങൾ എന്നു് അഭിമന്യുവിനോടു് വഴിയമ്പലങ്ങളിൽ ചോദിക്കുമ്പോൾ ‘ഞാൻ അർജ്ജുനന്റെ മകൻ അഭിമന്യു’ എന്നഭിമാനത്തോടെ പറഞ്ഞിരുന്ന മകനോടെനിക്കു് അസൂയ തോന്നി. ഞങ്ങളഞ്ചു പേർക്കു് ‘പാണ്ഡവർ’ എന്നതൊരു കുടുംബനാമമായിരുന്നില്ല കുറ്റസമ്മതത്തിനുള്ള പ്രതിക്കൂടായിരുന്നു.”

2019-12-18

“അഭയാർത്ഥികളായി വന്ന പാണ്ഡവക്കുട്ടികളുടെ പൗരത്വ അപേക്ഷ പരിഗണിക്കുമ്പോൾ അന്ധചക്രവർത്തി ഓരോ കുട്ടിയുടെയും മുഖം തലോടി ‘അച്ഛൻ ആരാ?’ എന്നു് മൃദുവായി പിറുപിറുക്കുന്നു. വ്യവസ്ഥാപിത ഭരണകൂടം ഇങ്ങനെയാണോ മുൻ രാജാവു് പാണ്ഡുവിന്റെ പിൻഗാമികൾക്കു് പൗരത്വം പരിഗണിക്കേണ്ടതു്?”, പൊതു ഭരണവകുപ്പിന്റെ നാമമാത്ര ചുമതല വഹിക്കുന്ന വിദുരരോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“ഏകപത്നീവൃതക്കാരനായ ധൃതരാഷ്ട്രർ പാണ്ഡവപിതൃത്വത്തെ കുറിച്ചു്, സഹോദരവിധവയോടു വസ്തുതാപരമായ വിശദീകരണം തേടിയിട്ടുണ്ടാവാം എന്നല്ലേ പറയാനാവൂ? അതോ, പാണ്ഡവ പിതൃത്വവിവരം കുന്തിയുടെ ലൈംഗികാവകാശമെന്ന നിലയിൽ രഹസ്യമായി പാലിക്കാൻ അവൾക്കു അവകാശമുണ്ടു്, അതിൽ നിങ്ങൾ കൈ വക്കേണ്ട എന്നു് ധൃതരാഷ്ട്രരുടെ തോളിൽ തട്ടി ഞാൻ താക്കീതു നൽകണോ?”

2019-12-26

“എങ്ങനെ ഓർമ്മിച്ചെടുക്കുന്നു പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആദ്യദിനം?”, ‘പഞ്ചപാണ്ഡവർക്കുമുണ്ടു് ഭൂതാതുരത’ എന്ന പരമ്പരക്കായുള്ള അഭിമുഖത്തിൽ കൊട്ടാരം ലേഖിക നകുലനോടു് ചോദിച്ചു.

“വളർന്നതു കാട്ടിലായതുകൊണ്ടാവാം ഭീഷണിസാധ്യത. കൗരവരടക്കം വലിയൊരാൾക്കൂട്ടമായിരുന്നു ആദ്യദിന ഗുരുകുലം. കുന്തി മുന്നറിയിപ്പു് തന്നിരുന്നു. കൗരവസാന്നിധ്യത്തിൽ വിവരാന്വേഷണവും കരുതലോടെ വേണം നേരിടാൻ. കുന്തി വളർത്തമ്മ മാത്രമായിരുന്നില്ല. അവളുടെ നാമം എന്നും മഹത്വപ്പെടട്ടെ! എന്തുചോദിച്ചാലും, തെറ്റായ വിവരമേ കൊടുക്കാവൂ എന്നതായിരുന്നു കുന്തിപാഠം. കൃപവിരൽ ആദ്യം ചൂണ്ടിയതു് യുധിഷ്ഠിരനു നേരെ. ആരുടെ മകനാണു് നീ എന്ന ചോദ്യം കേട്ടപ്പോൾ ഒന്നു് നടുങ്ങി എങ്കിലും, കൈകൾ പിന്നിലൊളിപ്പിക്കാതെയും നോട്ടം ഗുരുമുഖത്തുറപ്പിച്ചും യുധിഷ്ഠിരൻ പറഞ്ഞു: “കാലൻ” ഞെട്ടിത്തെറിച്ച കൗരവക്കുട്ടികൾ ബഹളം വച്ചു് ഇരിപ്പിടം മാറി. പിന്നെ ഭീമനും അർജ്ജുനനും കുന്തി പഠിപ്പിച്ചവിധം വ്യാജവിവരങ്ങൾ കൃപരെ ബോധിപ്പിച്ചു. അന്നുതുടങ്ങി കരയിലും വെള്ളത്തിലും കൗന്തേയർക്കെതിരെ കൗരവപടനീക്കം!.”

2019-12-28

“പ്രണയിനിയിൽ നിന്നു പാരിതോഷികങ്ങൾ നേടിയ ഭാഗ്യവാനാണു് നിങ്ങളെന്നു അസഹിഷ്ണുതയോടെ ഭീമൻ പരാമർശിക്കുന്ന അഭിമുഖം കഴിഞ്ഞതേയുള്ളൂ. പ്രായക്കൂടുതലുള്ള കൗന്തേയരെ തഴഞ്ഞു മാദ്രിക്കുട്ടികളെ ‘ആളോഹരി’യിൽ കവിഞ്ഞു പ്രണയിനി ഓമനിച്ചു എന്നു് വ്യക്തം. അതുകൊണ്ടൊരു ഗുണമുണ്ടു്, അവളുടെ വ്യക്തിത്വ ന്യൂനത, അങ്ങനെ ഒന്നുണ്ടെങ്കിൽ, വസ്തുനിഷ്ഠമായി വെളിപ്പെടുത്താൻ നിങ്ങൾക്കാവേണ്ടതാണു്. കാണാൻ നന്നു്, പരിഷ്കൃത പെരുമാറ്റവുമറിയാം, ഒന്നിലധികം ഭർത്താക്കന്മാരെ കൂട്ടിനുണ്ടു്, എന്നാൽ കൗന്തേയർ മൂന്നുപേരും പൊതുവെ അവളെ കുറിച്ചത്ര ശുഭാപ്തി വിശ്വാസം പുലർത്താത്തതിനു് കാരണമെന്തായിരിക്കാം?” പാഞ്ചാലിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്ന നകുലനോടു് കൊട്ടാരം ലേഖിക ചോദിച്ചു.

“പാണ്ഡവപ്രണയാഭിലാഷങ്ങളെ നിരുത്സാഹപ്പെടുത്തുന്നൊരു ദാമ്പത്യശൈലി അവൾക്കുണ്ടു്. ആദ്യഭാര്യ പൂക്കാരത്തെരുവിൽ കഷ്ടപ്പെടുന്നുണ്ടെന്നറിഞ്ഞിട്ടും. പോയി ക്ഷേമമറിയാൻ യുധിഷ്ഠിരനെ അനുവദിച്ചില്ലെന്നതൊരു വീഴ്ച. പാഞ്ചാലിയുടെ മനഃസമ്മതം ചോദിക്കാതെ ദ്വാരകയിൽ പോയി അർജ്ജുനൻ സുഭദ്രയെ ഭാര്യയാക്കി എന്ന ഒറ്റക്കാരണത്താൽ, സുഭദ്രയെ ഇന്ദ്രപ്രസ്ഥത്തിൽ സ്വാഗതം ചെയ്യാൻ പാഞ്ചാലി മടിച്ചു. കാട്ടാള സ്ത്രീകളെ ഭീമൻ കാമിച്ചു എന്നതിന്റെ പേരിൽ കൂടെ കിടത്താൻ പാഞ്ചാലി അറച്ചു എന്നതാണു് പരമാർത്ഥം. ബഹുസ്വര ഇണകളെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന പാണ്ഡവർക്കു് പാഞ്ചാലിയുടെ ഇത്തരം വർഗീയ നിലപാടുണ്ടാക്കിയ മനോവിഷമം ചെറുതല്ല. കാരണം തിരക്കിയാൽ, ഞങ്ങളുടെ വാമൊഴിയെ പരിമിതപ്പെടുത്തി ക്ഷുദ്രവികാരപ്രകടനത്തിലേക്കു വഴിതുറക്കാനും അവൾക്കു മടിയില്ല. അത്തരം പ്രവണതകളുടെ ഇടുങ്ങിയ പെൺമനമാണവൾ. നിർത്താം. കുറച്ചു കാര്യങ്ങൾ സമയബന്ധിതമായി ചെയ്തു തീർക്കാൻ എന്നെ ചുമതലപ്പെടുത്തിയിട്ടാണവൾ നീന്താൻ പോയതു് വൈകിയാൽ ഇന്നുരാത്രി പായക്കൂട്ടു് നിഷേധിക്കുന്നതു് എനിക്കായിരിക്കും.”

കെ പി നിർമ്മൽകുമാർ
images/kp-nirmalkumar.jpg

കവി, നോവലിസ്റ്റ്, ചെറുകഥാകൃത്തു്. ആദ്യ കഥ “ഇരുമ്പിന്റെ സംഗീതം” മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നു. ആദ്യസമാഹാരമായ “ജലം” കേരളം സാഹിത്യ അക്കാഡമി അവാഡ് നേടി.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

കഥാസമാഹാരങ്ങൾ

  1. ഒരു സംഘം അഭയാർത്ഥികൾ
  2. കൃഷ്ണഗന്ധകജ്വാലകൾ
  3. ചേലക്കരയുടെ അതീതസ്വപ്നങ്ങൾ
  4. പ്രവീൺ നമ്പൂതിരിപ്പാട് പരാതി തുടരുന്നു
  5. മാനാഞ്ചിറയിലെ പൊട്ടിച്ചിരിക്കുന്ന പത്രാധിപർ
  6. തിരഞ്ഞെടുത്ത കഥകൾ

നോവൽ

  1. ജനമേജയന്റെ ജിജ്ഞാസ
  2. ഇന്നത്തെ അതിഥി അതീതശക്തി
Colophon

Title: Koṭṭāram lēkhikayuṭe abhimukhaṇgaḷ (ml: കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ).

Author(s): K P Nirmalkumar.

First publication details: Facebook as daily posts; Internet; 2016.

Deafult language: ml, Malayalam.

Keywords: Mahabharata retold, K P Nirmalkumar, Kottaram lekhikayude abhimughangal, കെ പി നിർമ്മൽകുമാർ, കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 15, 2022.

Credits: The text of the original item is copyrighted to K P Nirmalkumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: The Pandavas in King Drupad’s Court, a watercolor painting on gold paper from Kangra by anonymous (na). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: K P Nirmalkumar; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.