images/hugo-5.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.5.13
നഗരപ്പൊല്ലീസ്സിനെ സംബന്ധിക്കുന്ന ചില വാദമുഖങ്ങളെ ശരിപ്പെടുത്തൽ

ഴാവേർ ആളുകളെ തള്ളിനീക്കി; ആൾച്ചുറ്റു പൊളിച്ചു; തെരുവിന്റെ അറ്റത്തുള്ള പൊല്ലീസ് കച്ചേരിയിലേക്ക് ആ ഭാഗ്യംകെട്ട സ്ത്രീയേയും വലിച്ചുകൊണ്ടു വേഗത്തിൽ നടന്നു; അവൾ ഒരു പാവയെപ്പോലെ ചെന്നു. അയാളും അവളും ഒരക്ഷരം ശബ്ദിച്ചില്ല; ആ ആൾക്കൂട്ടമാകുന്ന മേഘം, ഒരു സന്തോഷമൂർച്ഛയിൽ തമാശ പറഞ്ഞുകൊണ്ടു, പിന്നാലെ കൂടി. മഹത്തായ കഷ്ടപ്പാട് അസഭ്യതയ്ക്കുള്ള ഒരു സന്ദർഭമാണ്.

ഒരടുപ്പിനാൽ ചൂടുണ്ടാക്കപ്പെടുന്നതും, ചില്ലുവെച്ച് അഴിയിട്ട ഒരു വാതിൽ തെരുവിലേക്കുള്ളതും, ഒരു ചെറുസൈന്യത്താൽ രക്ഷിക്കപ്പെടുന്നതും, തട്ടുയരം കുറഞ്ഞ ഒരു മുറിയുമായ പൊല്ലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഴാവേർ വാതിൽ തുറന്നു ഫൻതീനോടുകൂടി അകത്തു കടന്ന്, ഉൽക്കണ്ഠിതരായ ആളുകളെ അത്യധികം ആശാഭംഗപ്പെടുത്തിക്കൊണ്ടു, വാതിലടച്ചു; അവരാകട്ടെ പെരുവിരലിന്മേൽ നിന്നു, കാണാനുള്ള തിടുക്കത്തിൽ, സ്റ്റേഷൻകെട്ടിടത്തിന്റെ കനത്ത ചില്ലിൻ മുൻപിൽ കൊറ്റികളെപ്പോലെ തല നീട്ടി നിലയായി. ഉൽക്കണ്ഠ ഒരുതരം ബുഭുക്ഷയത്രേ. കാണുക, വിഴുങ്ങുകയാണ്.

സ്റ്റേഷനിൽ കടന്ന ഉടനെ ഫൻതീൻ അനക്കമില്ലാതെയും ശബ്ദമില്ലാതെയും ഒരു പേടിച്ച നായയെപ്പോലെ പതുങ്ങിക്കൊണ്ട് ഒരു മൂലയിൽച്ചെന്നു വീണു.

രക്ഷിസൈനൃത്തിന്റെ മേലാൾ ഒരു മെഴുതിരി കത്തിച്ചുകൊണ്ടുവന്നു മേശപ്പുറത്തു വെച്ചു. ഴാവേർ ഇരുന്നു, കുപ്പായക്കീശയിൽനിന്ന് ഒരു മുദ്രക്കടലാസ്സു വലിച്ചെടുത്ത് എഴുതാൻ തുടങ്ങി.

നമ്മുടെ രാജ്യഭരണനിയമങ്ങൾ ഇത്തരം സ്ത്രീകളെ കേവലം പൊല്ലീസ്സുകാരുടെ വകതിരിവിലേക്ക് വിട്ടുകൊടുത്തിരിക്കുന്നു. പൊല്ലീസ്സുകാരോ, അവർക്കിഷ്ടമുള്ളതു ചെയ്യുന്നു; വേണമെന്നു തോന്നിയാൽ ശിക്ഷിച്ചുവിടും; സാധുക്കളുടെ വ്യവസായമെന്നും സ്വാതന്ത്ര്യമെന്നും പറയുന്ന രണ്ടു ദയനീയ വസ്തുക്കളെ അവർ യഥേഷ്ടം പിടിച്ചടക്കുന്നു. ഴാവേർക്കു യാതൊരു ക്ഷോഭവുമില്ല; അയാളുടെ സഗൌരവമായ മുഖം യാതൊരു വികാരത്തേയും വെളിപ്പെടുത്തുന്നില്ല. എങ്കിലും അയാളുടെ മനസ്സിൽ അഗാധവും സഗൌരവുമായ എന്തോ ഒരാലോചനയുണ്ട്. അയാൾ തന്റെ എന്തെന്നില്ലാത്ത വിവേകശക്തിയെ ഒരു പിടിവള്ളിയില്ലാതെ, എങ്കിലും ഒരു വിട്ടൊഴിച്ചിലില്ലാത്ത മനസ്സാക്ഷിയുടെ ആജ്ഞകളനുസരിച്ചു, വിട്ടുകൊടുക്കുന്ന സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്. ആ സമയത്തു പൊല്ലീസ്സുകാരന്റേതായ തന്റെ പീഠം ഒരു നീതിന്യായക്കോടതിയാണെന്ന് അയാൾക്കു ബോധമുണ്ട്. അയാൾ വിധിന്യായം എഴുതുകയാണ്. അയാൾ വിചാരണ ചെയ്തു ശിക്ഷിയ്ക്കുന്നു. മനസ്സിലുണ്ടാകാവുന്ന എല്ലാ വിചാരങ്ങളേയും, ആ ചെയ്യാൻ പോകുന്ന ശ്രേഷ്ഠകാര്യത്തിനുമുൻപിൽ അയാൾ വിളിച്ചുവരുത്തി. ആ സ്ത്രിയുടെ പ്രവൃത്തിയെപ്പറ്റി ആലോചിക്കുന്തോറും, അയാൾക്ക് അധികമധികം ദേഷ്യം തോന്നി. ഒരു കുറ്റം പ്രവർത്തിക്കുന്നത് അയാൾ സ്പഷ്ടമായി കണ്ടിരിക്കുന്നു.

അതാ, ആ തെരുവിൽവെച്ച്, ഒരു ജന്മിയും ഭരണാധികാരി സഭാംഗങ്ങളെ തിരഞ്ഞെടുപ്പാൻ അധികാരിയുമായ ഒരാൾ മുഖേന എല്ലാ അതിർത്തികൾക്കും അപ്പുറത്തു കിടക്കുന്ന ഒരുവളാൽ ജനസമുദായം അവമാനിക്കപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും അയാൾ നോക്കിക്കണ്ടു. ഒരു കുലട ഒരു പൌരന്റെ ആയുർഭംഗം ചെയ്യാൻ ശ്രമിച്ചു. അയാൾ അതു കണ്ടു—അയാൾ ഴാവേർ. അയാൾ മിണ്ടാതെ എഴുതി.

കഴിഞ്ഞ് ഒപ്പിട്ടു, മടക്കി, രക്ഷിസൈന്യാധ്യക്ഷനെ വിളിച്ച് അതു കൈയിൽ ക്കൊടുത്തു പറഞ്ഞു: മൂന്നു പേരെ കൂടെ വിളിച്ച് ആ പുള്ളിയെ തടവിലേക്ക് കൊണ്ടുപോവു.’

എന്നിട്ടു ഫൻതീന്നു നേരെ നോക്കി പറഞ്ഞു: ‘നിനക്ക് ആറു മാസം.’ ആ ഭാഗ്യംകെട്ട സ്ത്രീ വിറച്ചു.

‘ആറു മാസം! ആറു മാസത്തെ തടവ്’ അവൾ ഉച്ചത്തിൽ പറഞ്ഞു: ‘ദിവസത്തിൽ ഏഴു സു വീതം സമ്പാദിച്ചുകൊണ്ട് ആറുമാസം കഴിക്കുക! അപ്പോൾ കൊസെത്തിന്റെ കഥ എന്താവും? എന്റെ മകൾ! എന്റെ മകൾ! പക്ഷേ, ഇപ്പോൾത്തന്നെ ഞാൻ തെനാർദിയെർമാർക്കു നൂറു ഫ്രാങ്ക് കൊടുക്കാനുണ്ട്; അതറിയാമോ, മൊസ്സ്യു ഇൻസ്പെക്ടർ?’

അവൾ ആ ഈറൻപിടിച്ച നിലത്തൂടെ, ആ സർവരുടേയും ചളി പിടിച്ച ബൂട്സ്സുകൾക്കിടയിലൂടെ, എണീയ്ക്കാതെ, കയ്യമർത്തിപ്പിടിച്ചു. കാൽമുട്ടുകളെ നീട്ടി നീട്ടി വെച്ചുകൊണ്ട് നീങ്ങി.

‘മൊസ്സ്യു ഴാവേർ,’ അവൾ പറഞ്ഞു, ‘ഞാൻ നിങ്ങളുടെ ദയയ്ക്കു കെഞ്ചുന്നു. എന്റെ പക്കലല്ല തെറ്റെന്നു ഞാൻ തീർത്തുപറയുന്നു. ആദ്യം മുതൽ കണ്ടിരുന്നുവെങ്കിൽ, നിങ്ങൾക്കു മനസ്സിലാവും. ഞാൻ തെറ്റുകാരിയല്ലെന്ന് ഈശ്വരനെ മുൻനിർത്തി ആണയിടുന്നു! ആ മാന്യൻ. ഞാൻ അറിയില്ല, ആ പ്രമാണി, എന്റെ പുറത്തു മഞ്ഞു വാരിയിട്ടു. നമ്മൾ ആരെയും ഉപ്രദവിക്കാതെ വെറുതെ നടക്കുമ്പോൾ, ആർക്കെങ്കിലും നമ്മുടെ പുറത്തു മഞ്ഞു വാരിയെറിയാൻ അധികാരമുണ്ടോ! നിങ്ങൾ കാണുംപോലെ, എനിക്കു ദേഹസുഖമില്ല. എന്നല്ല, വളരെ നേരമായിട്ട് അയാൾ എന്നോട് അധികപ്രസംഗം പറകയായിരുന്നു: ‘നിങ്ങൾ വിരൂപയാണ്! നിങ്ങൾക്കു പല്ലില്ല.’ ആ പല്ലുകൾ എനിക്കില്ലെന്നു ഞാൻ നല്ലവണ്ണം മനസ്സിലാക്കിയിട്ടുണ്ട്. ഞാൻ ഒന്നും ചെയ്തില്ല; ഞാൻ വിചാരിച്ചു; അദ്ദേഹം കളിക്കുകയാണ്. ഞാൻ അദ്ദേഹത്തോടു മര്യാദ പ്രവർത്തിച്ചു; ഞാൻ ഒന്നും സംസാരിച്ചില്ല. അപ്പോഴാണ് അദ്ദേഹം എന്റെ പുറത്തു മഞ്ഞു വാരിയിട്ടത്. മൊസ്സ്യു ഴാവേർ. ഹേ നല്ലാളായ മൊസ്സ്യു ഇൻസ്പെക്ടർ; അതു കണ്ടിട്ടുള്ള ആരും ഇവിടെ ഇല്ലേ?

ഞാൻ പറഞ്ഞതു വെറും പരമാർത്ഥമാണെന്നു നിങ്ങളെ ബോധിപ്പിക്കുവാൻ ഒരാളുമില്ലേ? പക്ഷേ, ഞാൻ ശുണ്ഠിയെടുത്തതു തെറ്റായിരിക്കാം. ആ ആദ്യത്തെ ക്ഷണത്തിൽ ക്ഷമകെട്ടുപോകുമെന്നറിയാമല്ലോ. ഒരു രസമില്ലാത്ത സമയമുണ്ടാവും; പിന്നെ തീരെ ആലോചിക്കാതിരിക്കുമ്പോൾ തണുത്ത വല്ല സാധനവും എടുത്തു പുറത്തേക്കിടുക! ആ മാന്യന്റെ തൊപ്പി ചീത്തയാക്കിയത് എന്റെ പക്കൽ തെറ്റാണ്. അദ്ദേഹം എന്തിനു പാഞ്ഞുപോയി? ഞാൻ മാപ്പു ചോദിക്കും. ഹാ! എന്റെ ഈശ്വരാ! അദ്ദേഹത്തോടു മാപ്പുചോദിക്കുവാൻ എനിയ്ക്കൊരു വിരോധവുമില്ല. മൊസ്സ്യു ഴാവേർ, ഈ തവണ അങ്ങനെയൊരുപകാരം ചെയ്യൂ; നില്‍ക്കണേ! തടവിലുള്ള ഒരാൾക്ക് ഒരു ദിവസത്തിൽ ഏഴു സൂവേ കിട്ടൂ എന്നു നിങ്ങൾക്കറിഞ്ഞുകൂടാ; അതു സർക്കാറിന്റെ കുറ്റമല്ല; പക്ഷേ, ഏഴു സൂ മാത്രമാണു് ഒരാൾക്കു കിട്ടുന്നത്; അപ്പോൾ നോക്കണേ, എനിക്ക് നൂറു ഫ്രാങ്ക് ചെലവുണ്ട്; അല്ലെങ്കിൽ എന്റെ കൂട്ടിയെ എന്റെ അടുക്കലേക്കയച്ചുകളയും. ഹാ, എന്റെ ഈശ്വരാ! അവളെ എനിക്ക് എന്റെ അടുക്കലേക്ക് വരുത്തിക്കൂടാ; ഞാൻ ചെയ്യുന്നത് അത്ര ചീത്തത്തമാണ്! ഹാ, എന്റെ കൊസെത്ത്! ഹാ, സാധുവായ എന്റെ ഓമനക്കുട്ടി, പാവം, അവളുടെ കഥയെന്താവും? ഞാൻ പറയട്ടെ; അതു തെനാർദിയെർമാരാണ്. ഹോട്ടൽക്കച്ചവടക്കാർ, നടന്മാർ; അത്തരക്കാർക്കു കഥയില്ല. അവർക്കു പണം വേണം. എന്നെ തടവിലിടരുതേ! നോക്കൂ, ഒരു ചെറിയ പെൺകുട്ടിയെ ഒന്നാന്തരം മഴക്കാലത്തു കഴിയുംപോലെ കഴിയാൻ, തെരുവിലേക്കിറക്കിക്കളയും. എന്റെ നല്ലൊരാളായ മൊസ്സ്യു ഴാവേർ, അങ്ങനെയുള്ള ഒരു കുട്ടിയുടെ മേൽ ദയ വേണേ! കുറച്ചു മുതിര്‍ന്നാൽ കഴിഞ്ഞുകൂടിക്കൊള്ളും. അവൾക്കു വല്ലതും സമ്പാദിക്കാം: പക്ഷേ, ഈ പ്രായത്തിൽ അതു വയ്യാ. ഞാൻ വാസ്തവത്തിൽ അത്ര ചേട്ടയല്ല. ഭീരുത്വവും ബുഭുക്ഷയുമല്ല എന്നെ ഈ നിലയിലാക്കിത്തീർത്തത്. ഞാൻ മദ്യപാനം ചെയ്തിട്ടുണ്ടെകിൽ, അത് എന്റെ കഷ്ടപ്പാടുകൊണ്ടാണ്. എനിക്കതിഷ്ടമല്ല; പക്ഷേ, അത് എന്റെ ബുദ്ധിയെ മയക്കുന്നു. എന്റെ നല്ല കാലത്ത് എന്റെ ഉടുപ്പളുമാറിയിലേക്കു നോക്കിയാൽ മതി, ഞാൻ ഒരു തേവിടിശ്ലിയോ ഒരു വൃത്തികെട്ടവളോ അല്ലെന്നു കാണാം. എനിക്കു വസ്ത്രങ്ങളുണ്ടായിരുന്നു; ധാരാളമുണ്ടായിരുന്നു. എന്റെ മേൽ ദയ വിചാരിക്കണേ, മൊസ്സ്യു ഴാവേർ.’

ഹൃദയം തകർന്നു. തേങ്ങലുകളെക്കൊണ്ട് ഇളകിയും കണ്ണുനീരുകൊണ്ട് അന്ധയായും കൈകളെ ചേർത്തുരുമ്മിയും, ‘കൊക്കിക്കൊക്കിച്ചുമച്ചും, മരണ വേദനയുടെ സ്വരത്തിൽ പതുക്കെ വിക്കിക്കൊണ്ടും അവൾ സംസാരിച്ചു. മഹത്തായ സങ്കടം ദിവ്യവും ഭയങ്കരവുമായ ഒരു ദീപ്തിയാണ്; അതു ഭാഗ്യഹീനരെ രൂപാന്തരപ്പെടുത്തുന്നു. ആ സമയത്ത് ഒരിക്കൽക്കൂടി ഫൻതീൻ സുന്ദരിയായി. ഇടക്കിടയ്ക്ക് അവൾ പറയൽ നിർത്തി, പൊല്ലീസ്സുദ്യോഗസ്ഥന്റെ പുറംകുപ്പായം ചുംബിക്കും. കരിങ്കല്ലുകൊണ്ടുള്ള ഒരു ഹൃദയത്തെ അവൾ മാർദ്ദവപ്പെടുത്തിയേനെ; പക്ഷേ, മരംകൊണ്ടുള്ള ഒരു ഹൃദയത്തെ മാർദ്ദവപ്പെടുത്താൻ വയ്യ.

‘ആട്ടെ, ഴാവേർ പറഞ്ഞു, ‘നിനക്കു പറയാനുള്ളതൊക്കെ ഞാൻ കേട്ടു. ഒക്കെയായോ:? ആറുമാസം. ഇനി നടക്കാം. ലോകപിതാവായ ഈശ്വരൻ പ്രത്യക്ഷീഭവിച്ചാൽ ഇതിലധികമൊന്നും ചെയ്യാൻ കഴിയില്ല.’

ലോകപിതാവായ ഈശ്വരൻ പ്രത്യക്ഷിഭവിച്ചാൽ ഇതിലധികമൊന്നും ചെയ്യാൻ കഴിയില്ല. എന്നു കേട്ടപ്പോൾ തന്റെ കാര്യം തീർച്ചപ്പെട്ടു എന്നവൾക്ക് മനസ്സിലായി. അവൾ ഇങ്ങനെ മന്ത്രിച്ചുകൊണ്ടു കുഴഞ്ഞുവീണു, ‘ദയ!’

ഴാവേർ പുറം തിരിച്ചു.

പൊല്ലിസ്സുകാർ അവളുടെ കൈയിന്മേൽ പിടിച്ചു.

കുറച്ചു മുൻപായി അങ്ങോട്ട് ഒരാൾ കടന്നുവന്നിരുന്നു; പക്ഷേ, ആരും ആ വന്നാളെ ശ്രദ്ധിച്ചില്ല. അയാൾ വാതിലടച്ചു; വാതിലിന്മേൽ പുറംചാരിനിന്നു; നിരാശതയോടുകുടിയ ഫൻതീന്റെ ആവലാതികൾ അയാൾ ശ്രദ്ധിച്ചുകേട്ടു.

എഴുന്നേല്‍ക്കാതെ കിടക്കുന്ന ആ ഭാഗ്യംകെട്ട സ്ത്രീയുടെ മേൽ പട്ടാളക്കാർ കൈവെച്ച ഉടനെ അയാൾ നിഴലിൽനിന്നു വെളിച്ചത്തേക്കു വന്നു പറഞ്ഞും: ‘നില്‍ക്കണേ ഒരു നിമിഷം.’

ഴാവേര്‍ തലയുയർത്തി, മൊസ്സ്യു മദലിയെനെ കണ്ടറിഞ്ഞു, ഇൻസ്പെക്ടർ മുഷിച്ചിലോടുകുടിയ ഒരുതരം പരുങ്ങലോടെ ഉപചരിച്ചു പറഞ്ഞു: മാപ്പുതരണേ, മിസ്റ്റർ മെയർ.’

മിസ്റ്റർ മെയർ’ എന്ന വാക്കുകൾ ഫൻതീന്റെ മട്ടിന്ന് അഭൂതപൂർവമായ ഒരു മാറ്റം വരുത്തി. അവൾ നിലത്തുനിന്നു പൊട്ടിപ്പുറപ്പെട്ട ഒരു ഭൂതംപോലെ ഒരു ചാട്ടത്തിൽ ചാടിയെണീറ്റു, രണ്ടു കൈകൊണ്ടും പട്ടാളക്കാരെ തട്ടിനീക്കി, ഒരാൾക്കും തടയാൻ ഇടകിട്ടുന്നതിനു മുൻപായി മൊസ്സ്യു മദലിയെന്റെ അടുക്കലേക്കു ചെന്ന്, ഒരമ്പരന്ന മട്ടിൽ മെയറെ സൂക്ഷിച്ചു നോക്കിക്കൊണ്ടു പറഞ്ഞു: ‘ഹാ! അപ്പോൾ നിങ്ങളാണ് മൊസ്സ്യു മെയർ!’

ഉടനെ അവള്‍ പൊട്ടിച്ചിരിച്ചു; അയാളുടെ മുഖത്ത് ഒരു തുപ്പു തുപ്പി.

മൊസ്സ്യു മദലിയെൻ മുഖം തുടച്ചു പറഞ്ഞു: ‘ഇൻസ്പെക്ടർ ഴാവേർ, ഈ സ്ത്രീയെ വിട്ടയയ്ക്കൂ.’

ഭ്രാന്തു പിടിക്കുകയായി എന്നു ഴാവേർ നിശ്ചയിച്ചു. ആ സമയത്ത്, അയാൾ താൻ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത അത്രയും ശക്തിമത്തുക്കളായ വികാരങ്ങളെ വഴിക്കുവഴിയേ, അടിയോടടി എന്ന മട്ടിൽ, സഹിച്ചുവരികയാണ്. വഴിയിൽ അലഞ്ഞുനടക്കുന്ന ഒരു സ്ത്രീ മെയറുടെ മുഖത്തു തുപ്പുന്നതു കാണുക എന്ന കാര്യം, സാഹസമേറിയ മനോരാജ്യഗതികളിൽപ്പോലും ഉണ്ടാവുമെന്നു വിശ്വസിച്ചുപോയാൽ അതൊരീശ്വരദോഷമായി കരുതുമാറ്, അത്രയും പൈശാചികമാണ്. നേരെമറിച്ചു, തന്റെ ആലോചനകൾക്കിടയിൽവെച്ച് ആ സ്ത്രീ ആരാണെന്നും ഈ മെയർ ആരായിരിക്കാമെന്നും അയാൾ ഒരു ഭയങ്കരമായ താരതമ്യ വിവേചനം ചെയ്തു നോക്കി; ആ തട്ടിച്ചുനോക്കലിന്നിടയിൽ, ഈ കഴിഞ്ഞ അഭൂതപൂര്‍വമായ അക്രമപ്രവൃത്തിക്ക് ഒരു വിഷമമല്ലാത്ത സമാധാനം—എന്താണെന്ന് എനിക്കറിഞ്ഞുകൂടാ—ഭയപ്പാടോടുകൂടെ, അയാൾ കുറച്ചൊന്നു നിഴലിച്ചു കണ്ടു. പക്ഷേ, ആ മെയർ, ആ മജിസ്ട്രേട്ട്, ശാന്തഭാവത്തിൽ മുഖം തുടച്ച് ഈ സ്ത്രീയെ വിട്ടയയ്ക്കു’ എന്നു പറഞ്ഞുകേട്ടപ്പോൾ, അയാൾക്ക് ഏതാണ്ട് അമ്പരപ്പിന്റെ ഒരു ലഹരി കയറി; വിചാരിക്കാനും സംസാരിക്കാനും ഒരേവിധം അയാൾക്കു വയ്യാതായി; സംഭവിച്ചേക്കാവുന്ന അമ്പരപ്പിന്റെ ആകത്തുകയൊക്കെ കവിഞ്ഞു. അയാൾ മിണ്ടാതെ നിലയായി.

ഒട്ടും കുറഞ്ഞ പരിഭ്രമത്തെയല്ല ഈ വാക്കുകൾ ഫൻതീനെ സംബന്ധിച്ചേടത്തോളവും ഉണ്ടാക്കിവിട്ടത്. അവൾ നഗ്നമായ തന്റെ കൈയുയർത്തി, തല തിരിഞ്ഞുവീഴാൻ പോകുന്ന ഒരാളെപ്പോലെ അടുപ്പിന്റെ തീക്കെടുത്തിയന്ത്രത്തെ കെട്ടിപ്പിടിച്ചു. ഏതായാലും അവൾ ചുറ്റും നോക്കി; ഒരു താഴ്‌ന്ന സ്വരത്തിൽ, തന്നോടുതന്നെ സംസാരിക്കുകയാണെന്നവിധം, അവൾ പറയാൻ തുടങ്ങി:

‘വിട്ടയയ്ക്കുക! എന്നെ പോവാൻ സമ്മതിച്ചു! ഞാൻ ആറുമാസത്തേക്കു തടവിൽ പോകേണ്ടാ. അതാരുപറഞ്ഞു? അതാരും പറഞ്ഞിരിക്കാൻ വഴിയില്ല. ഞാൻ ശരിയായി കേട്ടില്ല. ആ ചെകുത്താനായ മെയർ അതു പറയില്ല! നിങ്ങളാണോ, എന്റെ നല്ലാളായ മൊസ്സ്യു ഴാവേർ, എന്നെ വിട്ടയയ്ക്കാൻ പറഞ്ഞത്? ഹാ, ഇതു നോക്കു! ഞാൻ പറയാം; അപ്പോൾ എന്നെ വിട്ടയയ്ക്കാൻ സമ്മതിക്കും. ആ ഒരു മെയറാകുന്ന ചെകുത്താൻ, ആ ഒരു മെയറാകുന്ന തന്തക്കഴുവേറി, ആണ് ഇതിന്നൊക്കെ ഹേതു. ആലോചിച്ചുനോക്കു, മൊസ്സ്യു ഴാവേർ. എന്നെ ആ മനുഷ്യന്‍ അട്ടിപ്പുറത്താക്കി! പണിമുറിയിൽ ഇരുന്നു കണ്ടവരെ ദുഷിക്കുന്ന ഒരുകൂട്ടം ചേട്ടപ്പെണ്ണുങ്ങൾ കാരണം. അതൊരു ദുഷ്ടതയല്ലെങ്കിൽ, പിന്നെ എന്താണ്? മര്യാദയോടുകൂടി പ്രവർത്തിനടത്തുന്ന ഒരു സാധുസ്ത്രീയെ പണിയിൽനിന്നു പിരിക്കുക: പിന്നെ, അതിൽപ്പിന്നെ എനിക്കൊന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല; എന്നിട്ടാണ് ഈ കഷ്ടപ്പാടൊക്കെ വന്നത്. ഒന്നാമത് ഈ പൊല്ലീസ് വകുപ്പിൽപ്പെട്ട മാന്യന്മാർ ഒരു കാര്യമാണ് പരിഷ്കാരപ്പെടുത്തേണ്ടത്; തടവുപുള്ളികളുടെ പ്രവൃത്തികരാറെടുക്കുന്ന വരെക്കൊണ്ടു സാധുക്കളെ ഉപദ്രവിക്കാൻ സമ്മതിക്കരുത്. ഞാൻ നിങ്ങളോടു പറഞ്ഞുതരാം, കേൾക്കൂ: ഒരുവൾ ഉൾക്കുപ്പായം തുന്നി ദിവസത്തിൽ പന്ത്രണ്ടു സൂ വീതം സമ്പാദിച്ചിരുന്നതു കുറഞ്ഞ ഒമ്പതു സൂവാകുന്നു; അതു; കിട്ടിയാൽ കഴിഞ്ഞുകൂടാൻ വയ്യാ. പിന്നെ എന്താണാവാൻ കഴിയുക, അതാവുകയേ നിവൃത്തിയുള്ളു. എന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ എനിക്കു കൊസെത്തുണ്ട്; ഒരു ധൂർത്തയായിത്തീരാതെ നിവൃത്തിയില്ലെന്നു വന്നു. അപ്പോൾ കണ്ടില്ലേ, ഇങ്ങനെയാണ് ആ ഒരു മെയറാകുന്ന കഴുവേറി ഈ ഗ്രഹപ്പിഴയൊക്കെ വരുത്തിത്തീർത്തത്. അങ്ങനെയിരിക്കെ ഞാൻ കാപ്പിപ്പീടികയുടെ മുൻപിൽ വെച്ച് ആ മാന്യന്റെ തൊപ്പി ചവിട്ടിക്കേടുവരുത്തി; പക്ഷേ, അദ്ദേഹം മഞ്ഞിൻകട്ട കൊണ്ട് എന്റെ ഉടുപ്പാകെ കൊള്ളരുതാത്തതാക്കിയിരുന്നു; സ്ത്രീകളായ ഞങ്ങൾക്കു വൈകുന്നേരം ഉടുക്കാൻ ഒരു പട്ടുടുപ്പു മാത്രമേ ഉണ്ടാവു. ഞാൻ കൽപിച്ചുകൂട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഇപ്പോൾ കണ്ടില്ലേ വാസ്തവമാണ്, മൊസ്ത്യു ഴാവേർ; എന്നേക്കാൾ എത്രയോ ചീത്ത സ്ത്രീകൾ എന്നെക്കാളധികം സുഖമായിട്ടു കഴിയുന്നതു ഞാൻ എവിടെയും കാണുന്നുണ്ട്. ഹാ, മൊസ്സ്യു ഴാവേർ, എന്നെ വിട്ടയയ്ക്കാൻ കല്പന കൊടുത്തത് നിങ്ങളാണ്, അല്ലേ? അന്വേഷിച്ചുനോക്കൂ, എന്റെ ഹോട്ടലുടമസ്ഥനോടു ചോദിക്കൂ; ഞാൻ ഇപ്പോൾ വാടക ശരിക്കു കൊടുക്കാറുണ്ട്; ഞാൻ തികച്ചും മര്യാദക്കാരിയാണെന്ന് അവർ പറയും. ഹാ! എന്റെ ഈശ്വരാ! ഞാൻ മാപ്പു ചോദിക്കുന്നു. അടുപ്പിന്റെ തീക്കെടുത്തിയന്ത്രത്തെ ഞാൻ അറിയാതെ തൊട്ടുപോയി; അത് അതിനെ പുകച്ചു.’

മൊസ്സ്യു മദലിയെൻ അവളുടെ വാക്കുകളെല്ലാം അത്യന്തം ശ്രദ്ധവെച്ചു കേട്ടു. അവൾ സംസാരിക്കുന്നതിനിടയ്ക്ക് അയാൾ തന്റെ മാര്‍ക്കുപ്പായത്തിൽ തപ്പിനോക്കി, പണസ്സഞ്ചി പുറത്തേക്കെടുത്തു തുറന്നു. അതിൽ ഒന്നുമില്ല. അതയാൾ കുപ്പായക്കീശയിൽത്തന്നെ ഇട്ടു. അയാൾ ഫൻതീനോടു ചോദിച്ചു: ‘നിങ്ങൾക്ക് എന്തു കടമുണ്ടെന്നാണ് പറഞ്ഞത്?’

ഴാവേറിന്റെ മുഖത്തേക്കുമാത്രം നോക്കിക്കൊണ്ടിരുന്ന ഫൻതീൻ മെയറെ തിരിഞ്ഞു നോക്കി: ‘ഞാൻ നിങ്ങളോടായിരുന്നോ സംസാരിച്ചിരുന്നത്?” എന്നിട്ടു, പട്ടാളക്കാരെ നോക്കി പറഞ്ഞു: ‘അപ്പോൾ, കൂട്ടരേ, നിങ്ങൾ, ഞാനയാളുടെ മുഖത്ത് എന്തു തുപ്പു തുപ്പി, കണ്ടുവോ? ഒരു മെയറാവുന്ന തന്തക്കഴുവേറി, നിങ്ങൾ എന്നെ ഭയപ്പെടുത്താൻ വരുന്നു, അല്ലേ? എനിക്കു നിങ്ങളെ ലേശമെങ്കിലും ഭയമില്ല. എനിക്കു മൊസ്സ്യു ഴാവേറെ ഭയമുണ്ട്. എനിക്ക് എന്റെ നല്ലാളായ മൊസ്സ്യു ഴാവേറെ ഭയമുണ്ട്.’

ഇങ്ങനെ പറഞ്ഞ്, അവൾ പിന്നേയും ഇൻസ്പെക്ടരെ നോക്കി ആരംഭിച്ചു: ‘എങ്കിലും മിസ്റ്റർ ഇൻസ്പെക്ടർ, നീതി പ്രവർത്തിക്കുന്നത് ആവശ്യമാണ്, അതേ, മിസ്റ്റർ ഇൻസ്പെക്ടർ, നിങ്ങൾ നീതിമാനാണെന്ന് എനിക്കറിയാം. വാസ്തവത്തിൽ സാരമില്ല: ഒരാൾ നേരമ്പോക്കിനുവേണ്ടി ഒരു സ്ത്രീയുടെ പുറത്തു മഞ്ഞു വാരിയിടുന്നു; ഉദ്യോഗസ്ഥന്മാർ അതു കണ്ടു ചിരിക്കുന്നു; ആളുകൾക്ക് എന്തെങ്കിലും ഒരു വിനോദം വേണം; പിന്നെ ഞങ്ങൾ— അതോ ഞങ്ങൾ നിശ്ചയമായും അവരെ വിനോദിപ്പിക്കുവാനുള്ളവരാണല്ലോ. അപ്പോഴെയ്ക്ക് അതാ,നിങ്ങൾ വരുന്നു; നിങ്ങൾക്കു സമാധാനരക്ഷചെയ്യേണ്ട ചുമതലയുണ്ടല്ലോ; തെറ്റു ചെയ്ത സ്ത്രീയെ നിങ്ങൾ പിടിച്ചു കൊണ്ടുപോന്നു; പക്ഷേ കുറച്ചാലോചിച്ചപ്പോൾ, നിങ്ങൾ ഒരു നല്ലാളായതുകൊണ്ട്, എന്നെ വിട്ടയച്ചിരിക്കുന്നു എന്നു പറഞ്ഞു. അത് എന്റെ കുട്ടിയെ വിചാരിച്ചു ചെയ്തതാണ്; ഞാൻ ആറുമാസം തടവിൽ പെട്ടാൽ, അവളെ നോക്കാൻ ആരുമില്ലാതാവുമല്ലോ. ‘ഒന്നുണ്ടു, തെറിച്ചിപ്പെണ്ണേ, ഇനി ഇതു ചെയ്യരുത്.’ ഹാ, ഞാൻ ഇനി ഇത് ചെയ്യില്ല, മൊസ്സ്യു ഴാവേർ, ഇനി അവർക്ക് ഇഷ്ടമുള്ളതെല്ലാം എന്നെ ചെയ്തോട്ടെ; ഞാൻ അനങ്ങില്ല. പക്ഷേ ഇന്നു, നിങ്ങള്‍ കണ്ടില്ലേ, എനിക്കു വേദനയായി; അതാണ് ഞാൻ, കരഞ്ഞുപോയത്. ആ മാന്യൻ എന്റെ മേൽ മഞ്ഞു വാരിയിടുമെന്നു ഞാൻ ഒട്ടും സംശയിച്ചില്ല; പിന്നെ, ഞാൻ പറഞ്ഞതുപോലെ, എനിക്കു സുഖമില്ല; എനിക്കൊരു ചുമയുണ്ട്; എന്റെ വയറ്റിൽ കത്തിയെരിയുന്ന ഒരുരുള ഉള്ളതുപോലെ തോന്നും; വൈദ്യൻ പറയുന്നു, ‘സൂക്ഷിച്ചോളു.’ ഇവിടെ ഒന്നു തൊട്ടുനോക്കു, കൈയൊന്നു തരു; പേടിക്കാനില്ല—ഇവിടെയായിട്ടാണ്.’

അവളുടെ കരച്ചിൽ മാറി; അവളുടെ സ്വരം ഓമനിക്കൂന്ന ഒന്നായി; ഴാവേറുടെ പരുക്കൻകൈ പിടിച്ച് അവൾ തന്റെ മിനുത്തതും വെളുത്തതുമായ കഴുത്തിൽ വെച്ചു; പുഞ്ചിരിയോടുകൂടി അയാളെ നോക്കി.

പെട്ടെന്ന് അവൾ തന്റെ മാറിമറിഞ്ഞ ഉടുപ്പുകൾ നേരെയാക്കി, പാവാടയുടെ ഞെറികളെല്ലാം താഴത്തെയ്ക്കിട്ടു —നിലത്തൂടെ നീന്തിയ സമയത്ത് അത് ഏകദേശം മുട്ടുവരെ പൊന്തിയിരുന്നു; ഒരു താഴ്‌ന്ന സ്വരത്തിലും സൌഹാർദ്ദപൂർവമായ ഒരാംഗ്യത്തോടുകൂടിയും പട്ടാളക്കാരോട് ഇങ്ങനെ പറഞ്ഞുംകൊണ്ട് വാതില്‍ക്കലേക്കു ചെന്നു: മക്കളേ, മൊസ്സ്യു ഇൻസ്പെക്ടർ എന്നെ വിടാൻ പറഞ്ഞു; ഞാനിതാ പോണു.’

അവൾ വാതിലിന്റെ സാക്ഷമേൽ കൈവെച്ചു; ഒരടികൂടി വെച്ചാൽ, അവൾ നിരത്തിന്മേലായി.

അതേവരെ ഴാവേർ നിവർന്ന്, അനങ്ങാതെ, നിലത്തേക്കു സുക്ഷിച്ചു നോക്കിക്കൊണ്ട്, ഇളക്കിയെടുത്തു മറ്റെവിടെയോ കൊണ്ടുപോയി സ്ഥാപിക്കാൻ നിർത്തിയിട്ടുള്ള ഒരു പ്രതിമപോലെ, അവിടെ നിലയായിരുന്നു. സാക്ഷയുടെ ശബ്ദം അയാളെ ഉണർത്തി, രാജകീയമായ അധികാരത്തോടുകൂടി—കാട്ടുമൃഗത്തിലാണെന്കില്‍ കൊടുംക്രുരവും പ്രായംചെന്ന ഒരു നിസ്സാരനിലാണെങ്കിൽ അറുദുഷ്ടമാകുമാറ് അധികാരം എത്രമേൽ നികൃഷ്ടസ്ഥിതിയിലേക്കിറങ്ങുന്നുവോ അത്രമേൽ അത്യധികം അപകടസൂചകമായ ഒരു ഭാവത്തോടുകൂടി— അയാൾ തലയുയർത്തി.

‘സർജ്ജന്റ്.’ അയാൾ ഉറക്കെപ്പറഞ്ഞു. ‘ആ തേവിടിശ്ശിപ്പെണ്ണ് കടന്നുപോകുന്നതു കാണുന്നില്ലേ? അവളെ വിട്ടയയ്ക്കാൻ ആർ പറഞ്ഞു തന്നോട്?’

‘ഞാൻ, ‘ മദലിയെൻ പറഞ്ഞു.

ഴാവേറുടെ ഒച്ച കേട്ടപ്പോൾ ഫൻതീൻ ചൂളി; ഒരു കള്ളൻ കട്ടു കൈയിലാക്കിയ സാധനത്തെ വേണ്ടെന്നു വെക്കുന്നതുപോലെ, അവൾ സാക്ഷയിൽനിന്നു കൈയെടുത്തു. മദലിയെന്റെ ശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞുനോക്കി; അതു മുതൽ അവൾ ഒന്നും മിണ്ടുകയുണ്ടായിട്ടില്ല; ഇഷ്ടംപോലെ ശ്വാസം കഴിക്കാൻ കൂടി ധൈര്യമില്ലാതായി; പക്ഷേ, അപ്പപ്പോൾ സംസാരിക്കുന്നതാരോ അതനുസരിച്ചു അവളുടെ നോട്ടം മദലിയെന്റെ മേൽനിന്നു ഴാവേറുടെ മേലേക്കും ഴാവേറുടെ മേൽനിന്നു മദലിയെന്റെ മേലേക്കുമായി അലഞ്ഞുനടന്നിരുന്നു. ഫൻതീനെ വിട്ടയയ്ക്കണമെന്നുള്ള മെയറുടെ ആവശ്യം കേട്ടതിന്നുശേഷം. പട്ടാളമേലുദ്യോഗസ്ഥനോട് ആവിധം കല്പിക്കാൻ ഒരുങ്ങണമെങ്കിൽ ഴാവേർക്ക് സാമാന്യത്തിലധികം ശുണ്ഠി വന്നിരിക്കണമെന്നു തീർച്ചയാണ്. മെയറുടെ സാന്നിധ്യത്തെ മറക്കത്തക്ക ഒരു നിലയിൽ അയാൾ എത്തിപോയോ? ഏതു ‘മേലധികാര’ത്തിൽനിന്നും അങ്ങനെയൊരു കല്പന കൊടുത്തു എന്നു വരാൻ വയ്യെന്നും, മെയർ, അതുദ്ദേശിക്കാതെ, എന്തോ മറ്റൊന്നു വിചാരിച്ചു പറഞ്ഞതായിരിക്കണമെന്നും അയാൾ ഒടുവിൽ തീർച്ചപ്പെടുത്തിയോ? അതോ, കഴിഞ്ഞ ചില മണിക്കുറുകൾക്കുള്ളിൽ ഉണ്ടായിക്കണ്ട ന്യായവിരുദ്ധതകളെക്കൊണ്ടു നോക്കുമ്പോൾ, മഹത്തരങ്ങളായ തീർപ്പുകൾ ചെയ്യുന്നത് ആവശ്യമായിരിക്കുന്നു എന്നും, ചെറുതിനെ വലുതാക്കുന്നത് കൂടാതെ കഴിയാത്ത ഒന്നായി എന്നും, പൊല്ലീസ്സൊറ്റുകാരൻ മജിസ്രേട്ടായി രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു എന്നും, ഒരു പൊല്ലീസ്സുകാരൻ പോയി ഒരു നീതിന്യായപ്രവർത്തകനായിത്തീർന്നേ പറ്റൂ എന്നും, അത്രയല്ല, ഈ എന്തെന്നില്ലാത്ത അപകടസ്ഥിതിയിൽ സമാധാനം, നിയമം, സദാചാരം, ഭരണാധികാരം, സാമുദായികവ്യവസ്ഥ മുഴുവനുംതന്നെ, തന്നിൽ, ഴാവേറിൽ, മൂർത്തീഭവിച്ചാണ് നില്ക്കുന്നതെന്നുംകൂടി വിചാരിച്ചുവോ?

അതെങ്ങനെയായാലും നാമിപ്പോൾത്തന്നെ കേട്ടവിധം, മൊസ്സ്യു മദലിയെൻ ഞാൻ എന്ന വാക്ക് ഉച്ചരിച്ചതോടുകുടി ഇൻസ്പെക്ടർ ഴാവേർ വിളർത്തു ചുണകെട്ടു കറുത്ത ചുണ്ടുകളോടും, നിരാശത കാണിക്കുന്ന ഒരു ഭാവത്തോടുംകൂടി അവ്യക്തമായൊരു വിറയാലും അഭൂതപൂർവമായൊരു ക്ഷോഭത്താലും ദേഹം മുഴുവനും തുള്ളിക്കൊണ്ട മെയറുടെ നേരേ തിരിഞ്ഞു, കീഴ്പോട്ടു നോക്കിയ നോട്ടത്തോടുകൂടിയാണെങ്കിലും ഒരു ദൃഡസ്വരത്തിൽ, ഇങ്ങനെ പറഞ്ഞു: ‘മൊസ്സ്യു മെയർ പാടില്ല.’

എന്തുകൊണ്ട്?’

‘ഈ ചേട്ട ഒരു പൌരനെ അവമാനിച്ചു.’

‘ഇൻസ്പെക്ടർ ഴാവേർ,’ ശാന്തവും സന്തോഷകരവുമായ ഒരു സ്വരത്തിൽ മെയർ മറുപടി പറഞ്ഞു: ‘കേൾക്കു. നിങ്ങൾ ഒരു സത്യവാനാണ്; കാര്യം നിങ്ങളെ പറഞ്ഞു മനസ്സിലാക്കുവാൻ എനിക്കു മടിയില്ല. വാസ്തവസ്ഥിതി ഇതാണ്: നിങ്ങൾ ഈ സ്ത്രീയെ പിടിച്ചുകൊണ്ടുപോരുന്ന സമയത്ത് ഞാൻ ആ വഴിയെ പോയിരുന്നു; ചിലരൊക്കെ അപ്പോഴും അവിടെ നിന്നിരുന്നു; ഞാനന്വേഷിച്ചു, സകലവും മനസ്സിലാക്കി. ആ പൌരനാണ് തെറ്റു ചെയ്താൾ; വേണ്ടവിധം നടത്തപ്പെടുന്ന ഒരു പൊല്ലീസ് സൈന്യം അയാളെയാണ് കയ്യാമം വെയ്ക്കേണ്ടിയിരുന്നത്.’

ഴാവേർ തിരിച്ചടിച്ചു; ‘ഈ അസത്ത് ഇപ്പോൾത്തന്നെ മൊസ്സ്യു മെയറെ അവമാനിച്ചു.’

‘അത് എന്റെ കാര്യമാണ്, മൊസ്സ്യു മദലിയെൻ പറഞ്ഞും: ‘എന്നെ അവമാനിച്ചു എന്നുള്ളത് ഞാനാണാലോചിക്കേണ്ടത് എന്നു തോന്നുന്നു. അതിനെപ്പറ്റി എനിക്കിഷടമുള്ളതു ചെയ്യാം.’

‘മൊസ്സ്യു മെയർ, എനിക്കു മാപ്പുതരണം. ആ അവമാനം തട്ടിയതു മൊസ്സ്യു മെയർക്കല്ല, ഭരണനിയമത്തിനാണ്.’

ഇൻസ്പെക്ടർ ഴാവേർ,’ മൊസ്സ്യു മദലിയെൻ മറുപടി പറഞ്ഞു, ‘സർവ്വോത്കൃഷ്ടമായ നിയമം മനസ്സക്ഷിയാണു്. ഞാൻ ഈ സ്ത്രീ പറഞ്ഞതൊക്കെ കേട്ടു: ഞാൻ ചെയ്യുന്നതെന്താണെന്ന് എനിക്കറിയാം.’

എനിക്കാണെങ്കിൽ, മിസ്റ്റർ മെയർ, ഞാൻ കാണുന്നതെന്താണെന്നു മനസ്സിലാവുന്നില്ല.

ഞാൻ പറയുന്നതു ചെയ്തു മിണ്ടാതിരിക്കൂ.’

‘ഞാൻ എന്റെ മുറ പറയുന്നതിനെ ചെയ്യുന്നു. ഈ സ്ത്രീ ആറു മാസം തടവിൽ കിടക്കണമെന്നാണു് എന്റെ മുറ കല്പിക്കുന്നത്.’

മൊസ്സ്യു മദലിയെൻ ശാന്തഭാവത്തിൽ പറഞ്ഞു: ‘നല്ലവണ്ണം സൂക്ഷിച്ചോളൂ; ഈ സ്രതീ ഒരു ദിവസവും തടവനുഭവിക്കാൻ പാടില്ല.’

ഈ തീർപ്പു കേട്ടപ്പോൾ, ഴാവേർ മെയറുടെ നേരെ ഒരു തുളഞ്ഞുകയറുന്ന നോട്ടം നോക്കി; അയാൾ ഇങ്ങനെ, എന്നാൽ അത്യന്തം ബഹുമാനമയമായ ഒരു സ്വരത്തിൽ പറഞ്ഞു.

മൊസ്സ്യു മെയറോട് ഏതിർ പറയേണ്ടിവന്നതിൽ ഞാൻ വ്യസനിക്കുന്നു: എന്റെ ജീവകാലത്തിൽ ഇതാദ്യത്തെ തവണയാണ്; എങ്കിലും ഞാൻ എന്റെ അധികാരസീമയിൽത്തന്നെയാണ് നില്ക്കുന്നതെന്നു പറയുവാൻ അനുവദിക്കണം. മൊസ്സ്യു മെയർ ഇഷ്ടപ്പെടുന്ന സ്ഥിതിക്ക്, ആ മാന്യന്റെ കാര്യം മാത്രമേ ഞാൻ പറയുന്നുള്ളു. ഞാനുണ്ടായിരുന്നു. ഈ സ്ത്രീ ഭരണാധികാരിസഭാംഗങ്ങളെ തിരഞ്ഞെടുപ്പാൻ അവകാശിയും, മൈതാനത്തിന്റെ മുക്കു മുഴുവനും ചെല്ലുമാറു മൂന്നു നിലയിൽ ആകെ ചെത്തുകല്ലുകൊണ്ടുണ്ടാക്കിയ ആ ഒരു ജനാലപ്പുറം തട്ടുള്ള വീടിന്റെ ഉടമസ്ഥനുമായ മൊസ്സ്യു ബാമത്തബ്ബായുടെ മേല്‍ക്കിട്ടുകേറി. ഇതൊക്കെ ലോകത്തിൽ കുറച്ചു വിലയുള്ളതാണ്! അതെന്തായാലും, മൊസ്സ്യു മെയർ, ഇതു പൊല്ലീസ്സധികാരങ്ങളിൽ പെട്ടതാണ്; അതുകൊണ്ട് എന്റെ ചുമതലയാണ്; ഞാൻ ഈ സ്ത്രീയെ, ഫൻതീനെ, വിട്ടയയ്ക്കില്ല.’

ഉടനെ മൊസ്സ്യു മദലിയെൻ കൈകെട്ടി, അതേവരെ പട്ടണത്തിൽ ഒരാളും കേട്ടിട്ടില്ലാത്ത ഒരു സഗൌരവസ്വരത്തിൽ പറഞ്ഞു: ‘പട്ടണപ്പൊല്ലീസ്സിനെസ്സംബന്ധിച്ച കാര്യമാണ് നിങ്ങൾ പറയുന്നത്. ക്രിമിനൽ വിചാരണയ്ക്കുള്ള നിയമത്തിൽ ഒമ്പതും പതിനൊന്നും പതിനഞ്ചും ഇരുപത്താറും വകുപ്പുകളെക്കൊണ്ട്, ഞാനാണ് വിധിക്കധികാരി. ഈ സ്ത്രീയെ വിട്ടയയ്ക്കണമെന്നു ഞാൻ വിധിക്കുന്നു.’

ഴാവേർ ഒരവസാനക്കയ്യെടുക്കാൻ നിശ്ചയിച്ചു: ‘പക്ഷേ, മൊസ്സ്യു മെയർ— ‘ന്യായം നോക്കാതെ തടങ്ങൽ ചെയുന്നതിനെപ്പറ്റി 1793 ഡിസംബർ 13൦ തീയതിയത്തെ നിയമത്തിൽ 81-ഠം നമ്പർ വകുപ്പു വായിച്ചുനോക്കാൻ ഞാനാവശ്യപ്പെടുന്നു.’

‘മൊസ്സ്യു മെയർ, ഞാനൊന്നു പറയട്ടെ’

‘ഒരക്ഷരവും ഇനി പാടില്ല.’

‘പക്ഷേ’

‘പുറത്തു പോവൂ.’ മൊസ്സ്യു മദലിയെൻ പറഞ്ഞു.

ഒരു റഷ്യൻ ഭടനെപ്പോലെ ഴാവേർ നിവർന്നുനിന്ന് ഒരു ഭാവഭേദമില്ലാതെ ഈ അടി മാറുകാട്ടി മേടിച്ചു. അയാൾ മെയറുടെ മുൻപിൽ നിലംതൊട്ടു, പുറത്തേക്കു കടന്നു.

ഫൻതീൻ വാതില്‍ക്കൽനിന്നു മാറി; കടന്നുപോകുമ്പോൾ അയാളെ അവൾ തുറിച്ചുനോക്കി.

ഏതായാലും, അവളും ഒരഭൂതപൂർവമായ സംഭ്രമത്തിൽപ്പെട്ടിരിക്കയാണ്. മത്സരിക്കുന്ന രണ്ടധികാരശക്തികൾക്ക് താൻ ഒരു കലഹവിഷയമായത് അവൾ കണ്ടു. തന്റെ സ്വാതന്ത്ര്യത്തെ, തന്റെ ജീവിതത്തെ, തന്റെ ആത്മാവിനെ, തന്റെ കുട്ടിയെ, കൈയിൽ പിടിച്ചിട്ടുള്ള രണ്ടാളുകൾ തമ്മിൽ, തന്റെ കൺമുൻപിൽവെച്ചു. മല്ലിടുന്നത് അവൾ കണ്ടു; അവരിൽ ഒരാൾ തന്നെ ഇരുട്ടിലേക്കു വലിക്കുന്നു; മറ്റേയാൾ തന്നെ വെളിച്ചത്തിലേക്കു വീണ്ടുകൊണ്ടു വരുന്നു. ഭയപ്പാടിന്റെ അതിശയോക്തികളിലൂടെ നോക്കിയപ്പോൾ, അവൾക്ക് ഈ യുദ്ധത്തിൽ ഈ രണ്ടു പേർ രണ്ടു വലിയാളുകളായി തോന്നി. ഒരാൾ തന്റെ ചെകുത്താനെപ്പോലെയും മറ്റെയാൾ തന്റെ ദേവദുതനെപ്പോലെയും സംസാരിച്ചു. ദേവദൂതൻ ചെകുത്താനെ ജയിച്ചു; എന്നാൽ അത്ഭുതാത്ഭുതം! ഈ ദേവദൂതൻ, ഈ മോക്ഷദൻ ആര? താൻ വെറുക്കുന്ന അതേ മനുഷ്യൻ, തന്റെ എല്ലാ കഷ്ടപ്പാടുകൾക്കും കാരണഭൂതനെന്നു കരുതിപ്പോന്ന മെയർ, ആ മദലിയെൻ! ഇതാണ് അവളെ കിടുകിടെ വിറപ്പിച്ചത്. എന്നല്ല, അത്രയും വല്ലാത്ത വിധത്തിൽ താൻ അയാളെ അവമാനിച്ചുവിട്ട അതേ നിമിഷത്തിലാണ് തന്നെ അയാൾ രക്ഷപ്പെടുത്തിയത്! അപ്പോൾ, തനിക്കു തെറ്റിയെന്നുണ്ടോ? താൻ ആത്മാവിനെ മുഴുവനും മാറ്റണമോ? അറിഞ്ഞുകൂടാ; അവൾ വിറച്ചു. അവൾ പകച്ചു നിന്നു കേട്ടു; അവൾ മിഴിച്ചുംകൊണ്ട നോക്കി; മൊസ്സ്യു മദലിയെൻ ഓരോ വാക്കും പറയുമ്പോൾ അവളുടെ ദ്വേഷത്തിന്റെ നിബിഡതകൾ തകരുകയും താനേ അലിഞ്ഞുപോകയും, എന്നല്ല ആഹ്ലാദവും വിശ്വാസവും സ്നേഹവുമാകുന്ന എന്തോ സോന്മേഷവും അനിർവാച്യവുമായ ഒന്നു മനസ്സിൽ ഉദിച്ചുവരുകയും ചെയ്യുന്നതായി തോന്നി.

ഴാവേർ പോയപ്പോൾ മൊസ്സ്യു മദലിയെൻ അവളെ നോക്കി. കരയാൻ ഇഷ്ടപ്പെടാത്തവനും സംസാരിക്കാൻ ബുദ്ധിമുട്ടുന്നവനുമായ ഒരു ഗൌരവശാലിയെപ്പോലെ, ഒരു ദൃഡസ്വരത്തിൽ അവളോടു പറഞ്ഞു:

നിങ്ങൾ പറഞ്ഞതു ഞാൻ കേട്ടു. നിങ്ങൾ സൂചിപ്പിച്ച കാര്യം ഞാനറിഞ്ഞിട്ടില്ല. അത് വാസ്തവമാണെന്ന് ഞാൻ വിശ്വസിക്കുന്നു; അത് വാസ്തവമാണെന്ന് എനിക്കു തോന്നുന്നു. എന്റെ വ്യവസായശാലയിൽനിന്നു നിങ്ങൾ പിരിഞ്ഞ കഥ തന്നെ ഞാൻ മനസ്സിലാക്കിയിട്ടില്ല. നിങ്ങൾ എന്തുകൊണ്ട് എന്നെ അറിയിച്ചില്ല? പക്ഷേ ഇതാ, നോക്കൂ, നിങ്ങളുടെ കടങ്ങളെല്ലാം ഞാൻ തീർത്തുതരും; നിങ്ങളുടെ കുട്ടിയെ ഞാൻ വരുത്തും, അല്ലെങ്കിൽ നിങ്ങളെ അങ്ങോട്ടു പറഞ്ഞയയ്ക്കാം, നിങ്ങൾക്ക് ഇവിടെയോ പാരിസ്സിലോ, അല്ലെങ്കിൽ ഇഷ്ടമുള്ളേടത്തു പാർക്കാം. നിങ്ങളുടെ കുട്ടിയേയും നിങ്ങളേയും രക്ഷിക്കേണ്ട ഭാരം ഞാനേല്‍ക്കുന്നു. നിങ്ങൾ, ഇഷ്ടമില്ലെങ്കിൽ, ഇനി യാതൊരു പ്രവൃത്തിയും എടുക്കേണ്ടതില്ല. ആവശ്യമുള്ള പണമെല്ലാം ഞാൻ തരും. ഒരിക്കൽക്കൂടി നിങ്ങൾക്കു മര്യാദയോടെ സുഖമായി കഴിയാറാക്കാം. കേൾക്കു! ഈ പറയുന്നതെല്ലാം വാസ്തവമാണെങ്കിൽ— ഒരിക്കലും ഞാനതു സംശയിക്കുന്നില്ല—നിങ്ങൾ ഈശ്വരദൃഷ്ട്യാ സുശീലയും പരിശുദ്ധയും തന്നെയാണ്. അയ്യോ പാവം!’

ഇതു ഫൻതീന്നു സഹിക്കാവുന്നതിൽ എത്രയോ അധികമായി. കൊസെത്തിനെ കിട്ടുക! ഈ അവമാനകരമായ ജീവിതത്തെ വിടുക. കൊസത്തുമായി സ്വാതന്ത്ര്യത്തോടും സമ്പത്തോടും സുഖത്തോടും മാന്യതയോടുംകൂടി കഴിയുക!

അവളുടെ കഷ്ടപ്പാടിന്റെ നടുക്കു സ്വർഗത്തിലേതായ ഈ സത്യസ്ഥിതികളെല്ലാം പെട്ടെന്നുദിച്ചുവരുക! അവളോടു സംസാരിച്ചിരുന്ന ആ മനുഷ്യനെ അവൾ അന്തംവിട്ട തുറിച്ചുനോക്കി; പിന്നീട് ഇങ്ങനെ രണ്ടോ മുന്നോ തേങ്ങൽ തേങ്ങാൻ മാത്രമേ അവളെക്കൊണ്ടു കഴിഞ്ഞുള്ളു. ‘ഹാ! ഹാ! ഹാ!’

അവളുടെ കൈയും കാലും കുഴഞ്ഞു; അവൾ മൊസ്സ്യു മദലിയെന്റെ മുൻപിൽ മുട്ടുകുത്തി; തടയാൻ സാധിക്കുന്നതിനുമുൻപായി അവൾ തന്റെ കൈ പിടിച്ച് അതിനെ ചുംബിച്ചതായി അയാൾ കണ്ടു.

ഉടനെ അവൾ മോഹാലസ്യപ്പെട്ടു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 5; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.