images/hugo-7.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.7.11
ഷാങ്മാത്തിയോ അധികമധികം അമ്പരന്നു

വാസ്തവത്തിൽ അതയാൾ തന്നെയായിരുന്നു. ഗുമസ്തന്റെ വിളക്ക് അയാളുടെ മുഖത്തെ തെളിയിച്ചു. അയാൾ തൊപ്പി കൈയിൽ പിടിച്ചിരുന്നു; ഉടുപ്പിൽ യാതൊരു താറുമാറുമില്ല; പുറംകുപ്പായം നിഷ്കർഷയിൽ കുടുക്കിയിട്ടുണ്ട്. അയാൾ വളരെ വിളർത്തിരിക്കുന്നു; കുറേശ്ശെ വിറയ്ക്കുന്നുമുണ്ട്, ആറായിൽ എത്തിയ സമയത്തു ചാരനിറം കയറാൻ തുടങ്ങിയിട്ടുള്ള അയാളുടെ തലമുടി അപ്പോഴെയ്ക്കും തികച്ചും വെളുത്തു കഴിഞ്ഞു; അവിടെ ഇരുന്ന ആ ഒരൊറ്റ മണിക്കൂർകൊണ്ട് അതു മുഴുവനും വെളുത്തുപോയി.

എല്ലാ തലയും പൊന്തി; ക്ഷോഭം ഇന്നവിധമെന്നു പറയാൻ വയ്യാ; കുറച്ചിടയ്ക്കു കാണികളാരും അനങ്ങാതായി; ആ ശബ്ദം അത്രമേൽ ഹൃദയഭേദകമായിരുന്നു. അവിടെ നില്‍ക്കുന്ന മനുഷ്യനെ അത്രയധികം ശാന്തനായിക്കണ്ടപ്പോൾ അവർക്ക് ആദ്യത്തിൽ ഒന്നും നിശ്ചയമില്ലാതായി. ആ നിലവിളി വാസ്തവത്തിൽ അയാളിൽനിന്നാണോ പുറപ്പെട്ടതെന്ന് അവർ സ്വയം ചോദിച്ചു; തികച്ചും ശാന്തനായി നില്‍ക്കുന്ന ആ മനുഷ്യനാണ് ആ ഭയങ്കരമായ നിലവിളി പുറപ്പെടുവിച്ചതെന്ന് അവരെക്കൊണ്ടു വിശ്വസിപ്പാൻ കഴിഞ്ഞില്ല.

ഈ ശങ്ക കുറച്ചു നിമിഷത്തേക്ക് മാത്രമേ നിന്നുള്ളു. പ്രധാന ജഡ്ജിക്കും ഗവർമ്മെണ്ടു വക്കീലിന്നും ഒരക്ഷരം മിണ്ടാൻ ഇടകിട്ടുന്നതിന്നു മുൻപ്, ശിപായിമാർക്കാകട്ടേ, പട്ടാളക്കാർക്കാകട്ടേ ഒരാംഗ്യമെങ്കിലും കാട്ടാൻ കഴിയുന്നതിനു മുൻപ്, ആ സമയത്ത് എല്ലാവരും മൊസ്സ്യു മദലിയെൻ എന്നുവിളിച്ചതാരെയോ ആ മനുഷ്യൻ, കോഷ്പെയിൽ, ബ്രവെ, ഷെനിൽദിയു എന്നീ മൂന്നു സാക്ഷികളുടേയും മുൻപിലേക്ക് അടുത്തു ചെന്നു കഴിഞ്ഞു.

“നിങ്ങൾക്ക് എന്നെ കണ്ടിട്ടു മനസ്സിലാവുന്നില്ലേ?” അയാൾ ചോദിച്ചു.

മൂന്നുപേരും മിണ്ടാതെ നിന്നു; തലകൊണ്ടു കാട്ടിയ ഒരാംഗ്യംകൊണ്ട് അവർ അയാളെ അറിയില്ലെന്നു കാണിച്ചു. ഭയപ്പെട്ടുപോയ കോഷ്പെയിൽ ഒരു പട്ടാള സലാം വെച്ചുകൊടുത്തു. മൊസ്സ്യു മദലിയെൻ ജുറിമാരുടേയും കോടതിയുടേയും നേരെ നോക്കി, ഒരു സാമാന്യസ്വരത്തിൽ പറഞ്ഞും: “ജൂറിമാരായ മാന്യരേ! തടവുപുള്ളിയെ വിടുവിക്കുക! പ്രധാന ജഡ്ജി അവർകളെ, എന്നെ പിടിക്കുവാൻ കല്പനകൊടുക്കൂ. നിങ്ങൾ അന്വേഷിക്കുന്ന മനുഷ്യൻ അയാളല്ല; ഞാനാണ് ഴാങ് വാൽഴാങ്.”

ഒരൊറ്റ വായും ശ്വാസം കഴിച്ചില്ല; ആദ്യത്തെ അത്ഭുതജന്യമായ ശബ്ദം നിലച്ചപ്പോൾ, ശവക്കല്ലറയിലേതുപോലുള്ള ഒരു നിശ്ശബ്ദത എങ്ങും വ്യാപിച്ചു; എന്തെങ്കിലും മഹത്തായ ഒന്നു ചെയ്തുകാണുമ്പോൾ പൊതുജനങ്ങൾക്കു വന്നു കൂടാറുള്ള ആ ഒരു ഹൃദയസ്പൃക്കായ ഭയപ്പാട് ആ ഹാളിലുള്ളവരെയെല്ലാം ബാധിച്ചു.

ഈയിടയ്ക്കു പ്രധാന ജഡ്ജിയുടെ മുഖം അനുകമ്പയാലും വ്യസനത്താലും മുദ്രിതമായി; ഗവർമ്മെണ്ടു വക്കീലുമായി ഒരു വേഗമേറിയ ആംഗ്യവും, അടുത്തുള്ള കീഴ് ജഡ്ജിമാരുമായി താഴ്‌ന്നസ്വരത്തിൽ ചില വാക്കുകളും അദ്ദേഹം കൈമാറി; അദ്ദേഹം ജനക്കൂട്ടത്തോട്, എല്ലാവർക്കും അർത്ഥം മനസ്സിലായ ഒരു സ്വരവിശേഷത്തിൽ, ചോദിച്ചു: “ഈ കൂട്ടത്തിൽ വൈദ്യനുണ്ടോ?”

ഗവർമ്മെണ്ടുവക്കീൽ അതു പിടിച്ചു: ജൂറിമാരായ മാന്യരേ കാണികളെ അമ്പരപ്പിച്ചതായ ഈ അത്ഭുതകരവും അപ്രതീക്ഷിതവുമായ സംഭവം, നിങ്ങൾക്കെന്നെപോലെ ഞങ്ങൾക്കും ഇപ്പോൾ എടുത്തു പറയേണ്ടതില്ലാത്ത ഒരു വികാരത്തെ മാത്രമെ ജനിപ്പിക്കുന്നുള്ളു. നിങ്ങൾക്കെല്ലാവർക്കും എം. പട്ടണത്തിലെ മെയറായ ബഹുമാനപ്പെട്ട മൊസ്സ്യു മദലിയെനെ, പ്രസിദ്ധി വഴിക്കെങ്കിലും, അറിയാമല്ലോ; ഈ കാണികളുടെ ഇടയിൽ ഒരു വൈദ്യനുണ്ടെങ്കിൽ, അദ്ദേഹത്തോടു മൊസ്സ്യു മദലിയെനെ, നോക്കുവാനും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുവാനും അപേക്ഷിക്കുന്നതിൽ ഞങ്ങൾ പ്രധാന ജഡ്ജിയോടു യോജിക്കുന്നു.”

ഗവർമ്മെണ്ടു വക്കീലിനെ പറഞ്ഞവസാനിപ്പിക്കുവാൻ മൊസ്സ്യൂ മദലിയെൻ അനുവദിച്ചില്ല; നയവും അധികാരവും നിറഞ്ഞ ഒരു സ്വരവിശേഷത്തിൽ അയാൾ തടഞ്ഞു പറഞ്ഞു. അയാൾ പറഞ്ഞ വാക്കുകൾ ഇവയത്രേ: വിചാരണ കഴിഞ്ഞ ഉടനെ, ഈ സംഭവം നോക്കിക്കണ്ടിരുന്നവരിൽ ഒരാൾ കുറിച്ചിട്ടതുപോലെയും, ഏകദേശം നാല്പതു കൊല്ലം മുൻപ് ശരിക്ക് കേട്ടിട്ടുള്ളവരുടെ ചെകിട്ടിൽ ഇന്നും പ്രതിധ്വനിക്കുന്നതുപോലെയും, അവയെ യാതൊരു ഭേദവും വരുത്താതെ ഞങ്ങൾ ഇവിടെ കൊടുക്കുന്നു;

’ഗവർമ്മെണ്ടുവക്കീലവർകളേ, ഞാൻ നിങ്ങളോടു നന്ദി പറയുന്നു; പക്ഷേ, എനിക്കു ഭ്രാന്തില്ല; അതു നിങ്ങൾക്കു വഴിയെ കാണാം; നിങ്ങൾ ഒരു വല്ലാത്ത അബദ്ധം പ്രവർത്തിക്കാനുള്ള പുറപ്പാടായിരുന്നു; ഈ മനുഷ്യനെ വിട്ടയക്കുക! ഞാൻ ഒരു മുറ പ്രവർത്തിക്കുകയാണ്; ഞാനാണ് ആ നികൃഷ്ടനായ ആ കുറ്റക്കാരൻ. ഇവിടെയുള്ളവരിൽ ഞാൻ മാത്രമേ ആ കാര്യം വ്യക്തമായറിയുന്നുള്ളു; ഞാൻ നിങ്ങളോടു പറയുന്നതു സത്യമാണ്. ഉപരിഭാഗത്തിരിക്കുന്ന ഈശ്വരൻ ഞാനിപ്പോൾ പ്രവർത്തിക്കുന്നതിനെ നോക്കിക്കാണുന്നുണ്ട്; അതുമതി. നിങ്ങൾക്ക് എന്നെ പിടിക്കാം; ഞാനിതാ, എന്നാൽ ഞാൻ എന്നെക്കൊണ്ടു കഴിയുന്നതും ശ്രമിച്ചു; ഞാൻ മറ്റൊരു പേരിൽ ഒളിച്ചു; ഞാൻ ധനവാനായി; ഞാൻ ഒരു മെയറായി; ഞാൻ സത്യവാന്മാരുടെ കൂട്ടത്തിൽ വീണ്ടും കടക്കാൻ ശ്രമിച്ചു. ഇതു ചെയ്യാൻ പാടില്ലെന്നു തോന്നുന്നു. ചുരുക്കത്തിൽ എനിക്കു പറയാൻ നിവൃത്തിയില്ലാത്ത പല സംഗതികളുമുണ്ട്. എന്റെ ജീവിതചരിത്രം ഞാൻ നിങ്ങളോടു പറയുകയില്ല; ഒരു ദിവസം നിങ്ങൾക്ക് അതു കേൾക്കാറാവും. മെത്രാനവർകളുടെ മുതൽ ഞാൻ മോഷ്ടിച്ചു, അതു വാസ്തവമാണ്; ഞാൻ ഴെർവെയ്ക്കുട്ടിയുടെ പണം കട്ടെടുത്തതും വാസ്തവമാണ്; ഴാങ് വാൽഴാങ് വല്ലാത്ത ദുഷ്ടനാണെന്ന് നിങ്ങൾ പറഞ്ഞുകേട്ടതു വാസ്തവംതന്നെ. പക്ഷേ, അതു മുഴുവനും അയാളുടെ കുറ്റമല്ല. ബഹുമാനപ്പെട്ട വിധികർത്താക്കന്മാരേ, നിങ്ങൾ മനസ്സിരുത്തി കേൾക്കുക! എന്നെപ്പോലെ അത്രയധികം അധഃപതിപ്പിക്കപ്പെട്ട ഒരു മനുഷ്യന്ന് ഈശ്വരനോട് ആക്ഷേപം പറയാനാവട്ടെ സമുദായത്തിന്നു ഉപദേശം കൊടുക്കാനാവട്ടെ, യാതൊന്നുമില്ല; പക്ഷേ, എന്തിൽനിന്നോ ഞാൻ പുറത്തു ചാടി രക്ഷപ്പെടാൻ ശ്രമിച്ചത് ആ അവമാനം ഉപദ്രവകരമായ വസ്തുവാണെന്ന് നിങ്ങൾ അറിയേണ്ടതാണ്; തണ്ടുവലിശിക്ഷ തടവുപുള്ളിയെ വാസ്തവത്തിൽ തടവുപുള്ളിയാക്കിത്തീർക്കുന്നു; നിങ്ങൾ അതൊന്നാലോചിച്ചുനോക്കുക. തണ്ടു വലിശിക്ഷസ്ഥലത്തേക്ക് പോകുന്നതിന്നു മുൻപ് ഞാൻ ഒരു സാധു നാടനായിരുന്നു; വളരെ ബുദ്ധി കുറഞ്ഞവൻ, ഒരു തരം മന്തൻ; തണ്ടുവലിശിക്ഷ എന്നെ ഭേദപ്പെടുത്തി. ഞാൻ വിഡ്ഡിയായിരുന്നു, വികൃതിയായി; ഞാൻ ഒരു മരക്കഷ്ണമായിരുന്നു, ഞാൻ തീക്കൊള്ളിയായി. അതിനുശേഷം, ക്രൂരത എന്നെ നശിപ്പിച്ചതു പോലെ ദയയും ഉപകാരവും എന്നെ രക്ഷപ്പെടുത്തി. പക്ഷേ, മാപ്പുതരണേ, നിങ്ങൾക്കു ഞാൻ പറയുന്നതു മനസ്സിലാകുന്നില്ല. എന്റെ വീട്ടിൽ അടുപ്പിലുള്ള ചാരത്തിനുള്ളിൽ, ഏഴു കൊല്ലം മുൻപ് ഞാൻ ഴെർവെയ്ക്കുട്ടിയുടെ കൈയിൽ നിന്നു കട്ടെടുത്ത നാല്പതു സു നാണ്യമുള്ളതു നിങ്ങൾക്ക് നോക്കിയാൽ കാണാം. എനിക്ക് ഇനിയൊന്നും പറയാനില്ല; എന്നെ പിടിച്ചുകൊൾക. എന്റെ ജഗദീശ്വര! ഗവർമ്മെണ്ട് വക്കീൽ തലയിളക്കുന്നു; നിങ്ങൾ പറയുന്നു, ’മൊസ്സ്യു മദലിയെന്നു ഭ്രാന്താണ്!” നിങ്ങൾ ഞാൻ പറയുന്നതിനെ വിശ്വസിക്കുന്നില്ല! അത് സങ്കടം തന്നെ. ഏതായാലും ഈ മനുഷ്യനെ ശിക്ഷിക്കരുത്! എന്ത്! ഈ കൂട്ടർ എന്നെ കണ്ടറിയുന്നില്ല! ഴാവേർ ഇവിടെ ഉണ്ടായിരുന്നാൽ കൊള്ളാം എന്നു ഞാൻ ആഗ്രഹിക്കുന്നു; അദ്ദേഹം എന്നെ കണ്ടാലറിയും.”

ഈ വാക്കുകളോടുകൂടി പുറപ്പെട്ടിരുന്ന സ്വരത്തിന്റെ നീരസമയവും ദയാപരവുമായ വ്യസനമൂർച്ഛപോലെ മറ്റൊന്നും ഭൂമിയിലുണ്ടാവാൻ വയ്യാ.

അയാൾ ആ മൂന്നു തടവുപുള്ളികളുടേയും നേരെ നോക്കി പറഞ്ഞു: “അപ്പോൾ, ഞാൻ നിങ്ങളെ കണ്ടറിയുന്നു; നിങ്ങൾക്കോർമയില്ലേ, ബ്രവേ?-’

അയാൾ മിണ്ടാതെ നിന്നു; കുറച്ചിട സംശയിച്ചു; എന്നിട്ടു പറഞ്ഞു: “നിങ്ങൾ തണ്ടുവലിശിക്ഷസ്ഥലത്തുള്ളപ്പോൾ ധരിക്കാറുണ്ടായിരുന്ന ആ നാനാവരണക്കള്ളികളോടുകൂടി മെടഞ്ഞ പരുത്തിത്തുണികൊണ്ടുള്ള ചുമല്പട്ടകളെ ഓർമിക്കുന്നുണ്ടോ?”

ബ്രവെ അത്ഭുതംകൊണ്ടു ഞെട്ടി മിഴിച്ച്, ഒരു ഭയപ്പെട്ട മട്ടോടുകൂടി അയാളെ അടിമുതൽ മുടിവരെ ഒന്നു നോക്കിക്കണ്ടു.

അയാൾ തുടർന്നുപറഞ്ഞു: “ഷെനിൽദിയു, ഷെ-നിൽ-ദിയു എന്നു താൻ തന്നെ തനിക്കു പേരിട്ട നിങ്ങൾക്ക്, എന്തായാലും ഇപ്പോഴും കാണാവുന്ന ടി.എഫ്.പി. എന്ന മൂന്നക്ഷരം മാച്ചുകളയുന്നതിനുവേണ്ടി കല്‍ക്കരിക്കനൽ നിറഞ്ഞ പാത്രത്തിൽ ഒരു ദിവസം ചുമൽ കൊണ്ടുവെച്ചിട്ടു വലത്തേ ചുമൽ മുഴുവനും വെന്തു വടുക്കെട്ടിയില്ലേ; മറുപടി പറയൂ, ഇതു നേരല്ലേ?”

“നേരാണ്,” ഷെനിൽദിയു പറഞ്ഞു..

അയാൾ കോഷ്പെയിലിനെ നോക്കിപ്പറഞ്ഞു: “കോഷ്പെയിൽ, നിങ്ങൾക്ക് ഇടത്തേ കൈയിന്റെ വളവിന്മേൽ കത്തിച്ച പൊടികൊണ്ടു മുദ്ര കുത്തിയിട്ടുള്ള ഒരു തിയ്യതിപ്പാട് കിടപ്പുണ്ട്; ചക്രവർത്തി കാനിൽ വന്നിറങ്ങിയ 1815 മാർച്ച് ഏഴാം തീയതിയാണ് ആ കുത്തിയിട്ടിട്ടുള്ളത്, കുപ്പായക്കൈ മേല്പോട്ടു നീക്കൂ!

കോഷ്പെയിൽ കുപ്പായക്കൈ വലിച്ചു മേല്പോട്ടു കയറ്റി; എല്ലാ കണ്ണുകളും അയാളിലും അയാളുടെ നഗ്നമായ കൈയിന്മേലുംകൂടി പതിഞ്ഞു.

ഒരു പൊല്ലീസ്സുകാരൻ അതിന്റെ അടുക്കലേക്ക് ഒരു വിളക്കെടുത്തു കാണിച്ചു; അവിടെ തീയതിയുണ്ടായിരുന്നു.

ആ ഭാഗ്യംകെട്ട മനുഷ്യൻ ഒരു പുഞ്ചിരിയോടുകൂടി കാണികളുടേയും ജഡ്ജിമാരുടേയും നേരെ നോക്കി; എപ്പോഴെല്ലാം അതിനെപ്പറ്റി ആലോചിക്കുന്നുവോ അപ്പോഴെല്ലാം അതു കണ്ടിട്ടുള്ളവരുടെ ഹൃദയത്തെ ആ പുഞ്ചിരി ഇന്നും പറിച്ചു ചീന്തുന്നു. അത് ഒരു വിജയത്തിന്റെ പുഞ്ചിരിയാണ്; അതു നിരാശതയുടേയും പുഞ്ചിരിയായിരുന്നു.

അയാൾ പറഞ്ഞു: “നിങ്ങൾ വ്യക്തമായി കണ്ടുവല്ലോ, ഞാനാണ് ഴാങ് വാൽ ഴാങ്.”

ആ മുറിയിൽ അതിനുശേഷം വിധി കൽപിക്കുന്നവരോ, കുറ്റം ആരോപിക്കുന്നവരോ, പാറാവു നില്‍ക്കുന്നവരോ, ആരുംതന്നെ ഇല്ലാതായി; തുറിച്ചുനോക്കുന്ന കണ്ണുകളും അലിവു തോന്നുന്ന ഹൃദയങ്ങളുമല്ലാതെ മറ്റു യാതൊന്നും അവിടെയില്ല. ഓരോരുത്തനും ചെയ്യാനുണ്ടാകുന്ന പ്രവൃത്തി എന്തായിരിക്കുമെന്ന് ആർക്കും ഓർമയില്ലാതായി; കുറ്റം തെളിയിക്കുവാനാണ് താൻ അവിടെ വന്നിട്ടുള്ളതെന്നു ഗവർമ്മെണ്ടു വക്കീൽ മറന്നു; പ്രധാന ജഡ്ജി താൻ വിചാരണ ചെയ്യാനുള്ള ആളായിട്ടാണ് അവിടെ ഇരിക്കുന്നതെന്ന ഓർമവിട്ടു; പ്രതിയെ രക്ഷിക്കുവാനാണ് താൻ അവിടെ എന്നതു പ്രതിവക്കീലും വിസ്മരിച്ചു. അതൊരു വല്ലാത്ത അസാധാരണസംഭവമായിരുന്നു; ഒരാളും ഒരു ചോദ്യവും ചോദിച്ചില്ല. ഒരധികാര ശക്തിയും ആരും അതിനിടയിൽ പ്രയോഗിച്ചില്ല. വിശിഷ്ടതരങ്ങളായ കാഴ്ചകൾക്കുള്ള സവിശേഷതയെന്തെന്നാൽ, അവ എല്ലാ ആത്മാക്കളേയും പിടിച്ചടക്കുകയും, കാണാൻ നില്‍ക്കുന്നവരെപ്പിടിച്ചു സാക്ഷികളാക്കിത്തീർക്കുകയും ചെയ്യുന്നു. ഒരുസമയം, തനിക്കു തോന്നിയതെന്തായിരുന്നു എന്ന് ഒരുത്തനെക്കൊണ്ടും വിവരിക്കാൻ കഴിയില്ല; ഒരു സമയം, ഒരു മഹത്തായ തേജസ്സിന്റെ സവിശേഷമായ പ്രകാശത്തള്ളിച്ചയെ താൻ കണ്ടുനില്‍ക്കുന്നു എന്ന് ഒരുത്തനും സ്വയം പറഞ്ഞിരിക്കയില്ല; ആന്തരദൃഷ്ടി തികച്ചും അഞ്ചിപ്പോയെന്ന് എല്ലാവർക്കും തോന്നി.

ഴാങ് വാൽഴാങ് അവരുടെ കണ്ണിൻമുൻപിൽ നിന്നിരുന്നു എന്നുള്ളതു സ്പഷ്ടമാണ്. അതു സ്പഷ്ടംതന്നെ. ഈ മനുഷ്യന്റെ സന്നിധാനം, ഒരു നിമിഷം മുൻപു വരെയ്ക്കും അത്രമേൽ മങ്ങിക്കിടന്നിരുന്ന കാര്യത്തിൽ പ്രകാശധോരണിയെ വ്യാപിപ്പിക്കുവാൻ പര്യാപ്തമായി; വിദ്യുച്ഛക്തി പ്രയോഗത്താൽ കുത്തിക്കയറ്റപ്പെട്ട ഒരു ബോധപ്രസരത്താൽ, ആ ജനക്കൂട്ടത്തിനു മുഴുവനും; തനിക്കു പകരം മറ്റൊരാൾ ശിക്ഷിക്കപ്പെടുന്നതു കൂടാതെ കഴിക്കാൻവേണ്ടി തന്നെ സ്വയമേവ കോടതിമുന്‍പാകെ കൊണ്ടുവന്നേല്‍പ്പിച്ച ഒരു മനുഷ്യന്റെ ലളിതവും വിശിഷ്ടവുമായ ചരിത്രം മനസ്സിലായിക്കഴിഞ്ഞു. സവിസ്തരമായ വിവരണം, ശങ്കകൾ, ഉണ്ടാക്കാന്‍, മിക്കവാറും സംഗതിയില്ലാത്ത എതിർവാദങ്ങള്‍, ആ മഹത്തും പ്രകാശമാനവുമായ സംഭവത്താൽ തികച്ചും വിഴുങ്ങപ്പെട്ടുപോയി.

ആ ഒരു മനഃക്ഷോഭം ക്ഷണത്തിൽ മറഞ്ഞു; പക്ഷേ, ഉള്ളപ്പോൾ അതപ്രതിഹതമായിരുന്നു.

“ഞാൻ ഇനിയും കോടതിയെ സ്വൈരം കെടുത്തണമെന്ന് ആഗ്രഹിക്കുന്നില്ല.” ഴാങ് വാൽഴാങ് പറയാൻ തുടങ്ങി. “നിങ്ങൾ എന്നെ പിടിക്കുന്നില്ലാത്ത സ്ഥിതിയ്ക്ക് ഞാൻ ഇവിടെനിന്നു മാറുന്നു. എനിക്ക് പലതും ചെയ്യാനുണ്ട്. ഞാനാരാണെന്നു ഗവര്‍മ്മെണ്ടുവക്കീലിനു നിശ്ചയമുണ്ട്, ഞാൻ എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹത്തിനറിയാം; അദ്ദേഹത്തിനു വേണ്ടപ്പോൾ എന്നെ പിടിക്കാവുന്നതാണ്.”

അയാൾ വാതില്‍ക്കലേക്ക് നടന്നു. ഒരാളും ഒരക്ഷരവും മിണ്ടിയില്ല; അയാളെ തടയുവാൻ ഒരു കൈയും മേല്പോട്ടു പൊന്തിയില്ല. എല്ലാവരും മാറിനിന്നു. ഒരു മനുഷ്യന്നുവേണ്ടി ജനസംഘങ്ങളെ മാറ്റിനിർത്തുകയും വഴി കൊടുപ്പിക്കുകയും ചെയ്യുന്ന ആ ദിവ്യമായ എന്തോ ഒന്ന് ആ സമയത്ത് അയാളുടെ ചുറ്റുമുണ്ടായിരുന്നു. അയാൾ പതുക്കെ ആ ആൾക്കുട്ടത്തെ പിന്നിട്ടു. ആരാണ് വാതിൽ തുറന്നു കൊടുത്തതെന്ന് ആർക്കും നിശ്ചയമില്ല; പക്ഷേ, താൻ അടുത്തെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുന്നത് അയാൾ കണ്ടു. വാതില്‍ക്കൽ എത്തിയപ്പോൾ അയാൾ പിന്നോക്കം തിരിഞ്ഞുനിന്നു പറഞ്ഞു: “ഗവർമ്മെണ്ടു വക്കീലവർകളേ, ഞാൻ നിങ്ങളുടെ കല്പനയ്ക്കുമുമ്പിലുണ്ട്.”

എന്നിട്ട് അയാൾ കാണികളോടായി പറഞ്ഞു; “നിങ്ങളെല്ലാം, ഇവിടെ കൂടിയിട്ടുള്ളവരെല്ലാം, ഞാൻ ദയനീയനാണെന്നു കരുതുന്നു, ഇല്ലേ? എന്റെ ഈശ്വരാ! ഞാൻ ചെയ്യാൻ പോയിരുന്നതെന്താണെന്നാലോചിക്കുമ്പോൾ, ഞാൻ അസൂയപ്പെടേണ്ടവനാണെന്നത്രേ എന്റെ വിചാരം. എന്നാലും, ഇതുണ്ടാകാതെ കഴിഞ്ഞാൽ കൊള്ളാമായിരുന്നു എന്ന് എനിക്കുണ്ട്.”

അയാൾ അവിടെനിന്നു പോയി; തുറക്കപ്പെട്ടതുപോലെത്തന്നെ വാതിൽ അടയുകയും ചെയ്തു; എന്തുകൊണ്ടെന്നാൽ, അത്യുൽകൃഷ്ടങ്ങളായ സംഗതികളെ പ്രവർത്തിക്കുന്നവർക്കു, ജനക്കൂട്ടത്തിലുള്ള ആരെങ്കിലും തങ്ങൾക്കു വേണ്ട ഭൃത്യപ്രവൃത്തി ചെയ്തുകൊടുക്കുമെന്ന് എപ്പോഴും നല്ല ഉറപ്പുണ്ട്.

പിന്നീട് ഒരു മണിക്കൂർ കഴിയുന്നതിനുമുൻപ്, ജൂറിമാരുടെ തീർപ്പ് ഷാങ് മാത്തിയോവിനെ എല്ലാ കുറ്റങ്ങളിൽനിന്നും വേർപെടുത്തി; ഷാങ്മാത്തിയോവാകട്ടേ, വിട്ടുകിട്ടിയ ഉടനെ, എല്ലാ മനുഷ്യരും കഥയില്ലാത്തവരാണെന്നു വിചാരിച്ചുകൊണ്ടും, അവിടെ കണ്ടതൊന്നും ലേശമെങ്കിലും മനസ്സിലാകാതെ കണ്ടും, ഒരുതരം വല്ലാത്ത അമ്പരപ്പോടുകൂടി തന്റെ പാട്ടിൽ നടന്നു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 7; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.