images/hugo-9.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.1.18
രാത്രിയിലെ പോർക്കളം

ആ അപാരമായ പോർക്കളത്തിലേക്കു നമുക്കു മടങ്ങിച്ചെല്ലുക- ഈ പുസ്തകത്തിൽ അതുകൊണ്ടാവശ്യമുണ്ടു്.

ജൂൺ 18-ാം തിയ്യതി വെളുത്ത വാവായിരുന്നു. ആ നിലാവു ബ്ലൂഷേറുടെ നിർദ്ദയമായ പാഞ്ഞെത്തിപ്പിടിക്കലിനെ സഹായിച്ചു; ഓടിപ്പോയവരുടെ മാർഗത്തെ വെളിപ്പെടുത്തി. അപകടത്തിൽപ്പെട്ട ജനക്കൂട്ടത്തെ അതു് ആർത്തിപിടിച്ചെത്തുന്ന പ്രഷ്യൻകുതിരപ്പട്ടാളത്തിന്റെ കൈയിൽ പിടിച്ചുകൊടുത്തു; കൂട്ടക്കൊലയെ അതു സഹായിച്ചു. രാത്രിയുടെ ഇത്തരം പരിതാപകങ്ങളായ സഹായ്യ്യങ്ങൾ വലിയ ആപത്തുകൾക്കിടയിൽ ചിലപ്പോൾ ഉണ്ടാകാറുണ്ടു്. ഒടുവിലത്തെ പീരങ്കിയുണ്ട പൊട്ടിയതിനുശേഷം, മോൺസാങ്ഴാങിലെ മൈതാനസ്ഥലം നിർജ്ജനമായി. ഫ്രഞ്ചുപാളയം ഇംഗ്ലീഷ് സൈന്യത്തിന്റെ കൈയിലായി, ജയത്തിന്റെ ഒരു സാമാന്യലക്ഷണമാണു് തോല്പിക്കപ്പെട്ടവരുടെ കിടക്കയിൽ കിടന്നുറങ്ങുന്നതു്. അവർ സോമ്മിനപ്പുറത്തു തങ്ങളുടെ രാത്രികാലത്തിലെ വെളിമ്പാളയത്തെ ഉറപ്പിച്ചു. തിരിഞ്ഞോടുന്ന ഭടസംഘത്തിലേക്കു ചങ്ങല വിടപ്പെട്ട പ്രഷ്യൻസൈന്യം മുൻപോട്ടു തള്ളിക്കയറി. ലോർഡ് ബാത്തർസ്റ്റിന്നുള്ള വിവരണക്കുറുപ്പു തയ്യാറാക്കുവാൻവേണ്ടി വെല്ലിങ്ടൻ വാട്ടർലൂവിലെ ഗ്രാമത്തിലേക്കു പോയി.

എപ്പോഴെങ്കിലും ‘അങ്ങനെ നിങ്ങൾ ചെയ്യുക, പക്ഷേ, നിങ്ങൾക്കായിട്ടല്ല’ എന്നതു യോജ്യമായിട്ടുണ്ടെങ്കിൽ, അതു നിശ്ചയമായും ആ വാട്ടർലൂഗ്രാമത്തോടാണു്. വാട്ടർലൂഗ്രാമം യുദ്ധത്തിൽ യാതൊരു പങ്കുമെടുത്തില്ല; അതു യുദ്ധസ്ഥലത്തുനിന്നു് അരക്കാതം ദൂരത്താണു്. മോൺസാങ്ഴാങ് പീരങ്കിക്കിരയായി; ഹൂഗോമോങ്ങ് കത്തിയമർന്നു; ലായിസാന്തു് ആക്രമിക്കപ്പെട്ടു; പാപ്പിലോത്തു് കത്തിയമർന്നു; പ്ലാൻസ്ന്വാ കത്തിയമർന്നു. രണ്ടു വിജയികളുടേയും പിടിച്ചുപൂട്ടൽ ലാബെൽ അലിയാൻസു് കണ്ടു. ഈ പേരുകളൊന്നും ആരും കേട്ടിട്ടില്ല; യുദ്ധത്തിൽ യാതൊന്നും ചെയ്യാത്ത വാട്ടർലൂ ബഹുമതി മുഴുവൻ കൈയിലാക്കി.

ഞങ്ങൾ യുദ്ധത്തെ മേനികേറ്റുന്നവരുടെ കൂട്ടത്തിലല്ല; സന്ദർഭം വന്നാൽ അതിനെക്കുറിച്ചുള്ള വാസ്തവം ഞങ്ങൾ പറയും. യുദ്ധത്തിനു ഭയങ്കരങ്ങളായ ചില സൗഭാഗ്യങ്ങളുണ്ടു്; ഞങ്ങൾ അവയെ മറച്ചുവെച്ചിട്ടില്ല. അതിനു പൈശാചികങ്ങളായ ചില മുഖാവയവങ്ങളുണ്ട്- അവയെ ഞങ്ങൾ സമ്മതിക്കുന്നു. യുദ്ധം ജയിച്ചുകഴിഞ്ഞതിന്റെ പിറ്റേദിവസം മരിച്ചവരുടെ ശരീരങ്ങളെല്ലാം നഗ്നങ്ങളാകുന്നതാണു് ഏറ്റവും അത്ഭുതകരമായ ഒന്നു്. യുദ്ധത്തിന്റെ പിറ്റേദിവസം സൂര്യൻ ഉടുപ്പില്ലാത്ത ശവങ്ങളും കണ്ടുകൊണ്ടാണു് എന്നും ഉദിക്കാറു്.

ഇതാരു ചെയ്യുന്നു? വിജയത്തെ ഈവിധം വഷളാക്കുന്നതാരാണു്? ജയത്തിന്റെ കീശയിലേക്ക് ഉപായത്തിൽ കടന്നുകൂടുന്ന ആ വല്ലാത്ത കള്ളക്കൈ ഏതാണു്? ബഹുമതിയുടെ പിന്നിൽനിന്നു കച്ചവടം ചെയ്യുന്ന അവർ ഏതു ‘കോന്തലമുറിയന്മാരാ’ണു്? ചില തത്ത്വജ്ഞാനികൾ- ആ കൂട്ടത്തിൽ വോൾട്ടയറുണ്ട്ബഹുമതിയുണ്ടാക്കിയവർത്തന്നെയാണു് അവരും എന്നു തീർത്തുപറയുന്നു. അവർ പറയുകയാണു്. ആ കൂട്ടർതന്നെയാണതു്; ശുശ്രൂഷസംഘമല്ല; നിവർന്നു നില്ക്കുന്നവർ ഭൂമിയിൽ വീണുപോയവരെ കൊള്ളയിടുന്നു. പകലത്തെ യുദ്ധവീരൻ രാത്രിയിലെ ശവംതീനിപ്പിശാചാണു്. ആകപ്പാടെ, ശവത്തിന്റെ കർത്താവായിരിക്കെ, അയാൾക്ക് അതിന്റെ ഉടുപ്പു കുറച്ചഴിക്കുവാൻ നിശ്ചയമായും അധികാരമുണ്ടു്. ഞങ്ങളെ സ്സംബന്ധിച്ചേടത്തോളമാണെങ്കിൽ, ഞങ്ങൾക്ക് ആ അഭിപ്രായമില്ല; ബഹുമതി സമ്മാനങ്ങൾ വാങ്ങിക്കുകയും ചത്ത മനുഷ്യന്റെ പപ്പാസ്സുകൾ മോഷ്ടിക്കുകയും ഒരേ കൈ ചെയ്യുന്നതു് അസാധ്യമായി ഞങ്ങൾക്കു തോന്നുന്നു.

ഒന്നു തീർച്ച: യുദ്ധവിജയികൾ പോയ ഉടനെ അവിടെ കള്ളന്മാരെത്തുന്നതു സാധാരണമാണു്. എന്നാൽ പട്ടാളക്കാരനെ, വിശേഷിച്ച് ഇന്നത്തെ പട്ടാളക്കാരനെ, വിശേഷിച്ച് ഇന്നത്തെ പട്ടാളക്കാരനെ നമുക്കൊഴിവാക്കുക.

ഓരോ സൈന്യവകുപ്പിന്റെ പിന്നിൽ ഒരു രക്ഷിസംഘമുണ്ടു്; അതിനെയാണു് കുറ്റപ്പെടുത്തേണ്ടതു്. പകുതി പിടിച്ചുപറിക്കാരും ഭൃത്യന്മാരുമായി കടവാതിലിനെപ്പോലുള്ള ജന്തുക്കൾ; യുദ്ധം എന്നു പറയുന്ന ആ സന്ധ്യാസമയത്താൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന എല്ലാത്തരം നരിച്ചീറുകളും; യുദ്ധത്തിൽ യാതൊരു പങ്കുമെടുക്കാത്ത യുദ്ധഭടവേഷധാരികൾ; നാട്യത്തിൽ മുറിപ്പെട്ടവർ; ഭയങ്കരന്മാരായ നൊണ്ടികൾ; ചിലപ്പോൾ ഭാര്യമാരോടുകൂടി ചെറിയ കട്ടവണ്ടികളിൽ പതുക്കെ സവാരി ചെയ്തു കൊണ്ടു, കണ്ടതു കൈയിലാക്കി, പിന്നീടു കൊണ്ടുവില്ക്കുന്ന കള്ളപ്പട്ടാളവ്യാപാരികൾ; പട്ടാളമേലുദ്യോഗസ്ഥന്മാർക്ക് വഴികാട്ടികളായിക്കൊള്ളാം എന്നു പറഞ്ഞുചെല്ലുന്ന യാചകന്മാർ; പട്ടാളക്കാരുടെ ഭൃത്യന്മാർ; കൊള്ളക്കാർ; മുൻകാലങ്ങളിൽ- ഞങ്ങൾ പറയുന്നതു് ഇന്നത്തെ കഥയല്ല- യുദ്ധസ്ഥലത്തേക്കു യാത്ര തുടരുന്ന സൈന്യങ്ങൾ ഇതൊക്കെയും പിന്നാലെ വലിച്ചുകൊണ്ടു പോകാറുണ്ടു്; അതിനാൽ സവിശേഷഭാഷയിൽ അവരെ ‘തെണ്ടികൾ’ എന്നു പറയും. ഈ സത്ത്വങ്ങളെ സ്സംബന്ധിച്ചേടത്തോളം, ഒരു സൈന്യവും ഒരു ജനസമുദായവും ഉത്തരവാദിയല്ല; അവർ ഇറ്റാലിയൻഭാഷ സംസാരിച്ചുകൊണ്ടു് ജർമനിക്കാരുടെകൂടെ കൂടും; പിന്നീടു ഫ്രഞ്ചുഭാഷ പറഞ്ഞുകൊണ്ടു് ഇംഗ്ലണ്ടുകാരുടെ കൂട്ടത്തിൽ തൂങ്ങും; ഈ നികൃഷ്ട വർഗത്തിൽപ്പെട്ട ഒരുവനാണ്- അതേ, ഫ്രഞ്ചുഭാഷ സംസാരിച്ചിരുന്ന ഒരു സ്പെയിൻകാരൻ തെണ്ടിയാണ്-അവന്റെ പേച്ചു കേട്ടു നമ്മുടെ ഫ്രാൻസുകാരനാണെന്നു് ഫേവർ ക്യൂവിലെ മാർക്കിസ്സു് തെറ്റിദ്ധരിച്ചു- ഒടുവിൽ ചതിയായി അദ്ദേഹത്തെ കൊലപ്പെടുത്തി. സെരിസോൾ യുദ്ധവിജയത്തിന്റെ പിറ്റേദിവസം രാത്രി യുദ്ധസ്ഥലത്തുവെച്ചുതന്നെ കൊള്ളയിട്ടതു്. ആ തെമ്മാടി ഇത്തരം കൊള്ളക്കാരുടെ കൂട്ടത്തിൽനിന്നു പുറപ്പെട്ടവനാണു്. ആ നികൃഷ്ടപ്പഴഞ്ചൊല്ലു്, ശത്രുവിനെക്കൊണ്ടു് ഉപജീവിക്കുക, എന്നതാണു് ഈ കുഷ്ഠരോഗത്തെ ഉണ്ടാക്കിത്തീർത്തതു്; സനിഷ്കർഷമായ ഒരു സന്മാർഗപരിശീലനംകൊണ്ടു മാത്രമേ അതു ശമിക്കുകയുള്ളൂ. പ്രസിദ്ധികളിൽ ചിലതു ചതിയനായിട്ടുണ്ടു്; മറ്റു ചില കാര്യങ്ങളിൽ വലിയ മഹാന്മാരായ ചില സൈന്യാധിപതികൾ, ഇത്രമേൽ പൊതുജനങ്ങൾക്കിഷ്ടപ്പെട്ടവരായിത്തീരാൻ കാരണമെന്താണെന്നു് എപ്പോഴും നിശ്ചയമുണ്ടായി എന്നുവരില്ല, കൊള്ളയിടാൻ സമ്മതിച്ചിരുന്നതുകൊണ്ടാണു് ത്യുറാ [59] ഭടന്മാരാൽ പൂജിക്കപ്പെട്ടതു്. സമ്മതിക്കപെട്ട ദുഷ്ടപ്രവൃത്തി സൗശീല്യത്തിന്റെ ഒരു ഭാഗമായിക്കൂടുന്നു. രാജ്യമാകെ കൊത്തിനുറുക്കുകയോ തിയ്യിട്ടു ചുടുകയോ ചെയ്വാൻ സമ്മതിക്കത്തക്കവിധം ത്യുറാൻ അത്രയും ഗുണവാനായിരുന്നു. സൈന്യാധിപന്റെ ഗൗരവമനുസരിച്ചായിരിക്കും അതതു സൈന്യത്തിന്റെ പിന്നിൽ തൂങ്ങിക്കൂടുന്ന കൊള്ളക്കാരുടെ ഏറ്റക്കുറവു്. ഹോഷിന്റേയും [60] മാർസോവിന്റേയും കൂടെ തെണ്ടികളേ ഇല്ല; വെല്ലിങ്ങ്ടന്റെ കൂടെ അല്പമുണ്ടായിരുന്നു- അദ്ദേഹത്തെ വിചാരിച്ചു മര്യാദയ്ക്ക് അതു ഞങ്ങൾ പറയേണ്ടതാണു്.

എന്തായാലും ജൂൺ 18-ആം തിയ്യതി രാത്രി ശവങ്ങളെല്ലാം കൊള്ളയടിക്കപ്പെട്ടു. വെല്ലിങ്ങ്ടൻ നിഷ്കർഷക്കാരനാണു്; അങ്ങനെ വല്ലവനും ചെയ്യുന്നതായി കണ്ടാൽ അവനെ വെടിവച്ചുകളയാൻ അദ്ദേഹം കല്പന കൊടുത്തു; പക്ഷേ, കൊള്ളയിടുക എന്നതു് ഒരു മർക്കടമുഷ്ടിക്കാരനാണു്. യുദ്ധഭൂമിയുടെ ഒരു ഭാഗത്തുവെച്ചു ചില കൊള്ളക്കാർ വെടിവയ്ക്കപ്പെടുമ്പോൾ, മറ്റു ചിലർ അങ്ങേ ഭാഗത്തുനിന്നു കിട്ടുന്നതു കൈയിലാക്കിയിരുന്നു.

ചന്ദ്രൻ ഈ മൈതാനത്തിൽ അമംഗളക്കാരനായി.

അർദ്ധരാത്രിയോടുകൂടി ഒരു മനുഷ്യൻ പതുങ്ങി നടക്കുന്നുണ്ടു്; അല്ലെങ്കിൽ, ഒഹാങ്ങിലെ കുണ്ടുവഴിക്കു നേരെ കയറിപ്പോകുന്നുണ്ടു്. ആകപ്പാടെ കണ്ടാൽ ആ മനുഷ്യൻ ഞങ്ങൾ ഇപ്പോൾത്തന്നെ വിവരിച്ച തരത്തിൽ പെട്ടവനാണ്- ഇംഗ്ലണ്ടുകാരനോ ഫ്രാൻസുകാരനോ അല്ല; കൃഷീവലനോ യുദ്ധഭടനോ അല്ല; ഒരു മനുഷ്യനേക്കാളധികം ശവങ്ങളുടെ നാറ്റം കേട്ടടുത്തെത്തിയ ഒരു പിശാചാണെന്നു പറയണം; സ്വന്തം ജയമായിക്കിട്ടിയ മോഷണപ്പണിയുംകൊണ്ടു് അവർ വാട്ടർലൂ കൊള്ളയിടുവാൻ ഇറങ്ങിയിരിക്കയാണു്. ഒരു വലിയ പുറംകുപ്പായത്തിന്റെ രീതിയിലുള്ള ഒന്നാണു് അവൻ മേലിട്ടിട്ടുള്ളതു്; അവൻ അസ്വസ്ഥനും അധികപ്രസംഗിയുമായിരുന്നു; അവൻ മുൻപോട്ടു നടക്കും, പിന്നോക്കം സൂക്ഷിച്ചു നോക്കും, ഈ മനുഷ്യൻ ആരായിരുന്നു? ഒരു സമയം പകലിനെക്കാളധികം രാത്രിക്കായിരിക്കും അവനെപ്പറ്റി അറിവു്? അവന്റെ കൈയിൽ ചാക്കില്ല; പക്ഷേ, പുറംകുപ്പായത്തിനുള്ളിൽ വ്യക്തമായിത്തന്നെ നല്ല ഉള്ളുള്ള കീശകളുണ്ടു്. ഇടയ്ക്കിടയ്ക്ക് അവൻ നില്ക്കും; തന്നെ ആരെങ്കിലും കാണുന്നുണ്ടോ എന്നു നോക്കുന്നതുപോലെ, അവൻ ചുറ്റുമുള്ള മൈതാനത്തെ നോക്കിപ്പഠിക്കും; പെട്ടെന്നു കുനിഞ്ഞുനിന്നു ശബ്ദമില്ലാതെയും അനക്കം കൂടാതെയും നിലത്തുകിടക്കുന്ന എന്തോ ഒന്നിനെ ഇട്ടുരുട്ടും; എഴുന്നേറ്റു പിന്നേയും പായും. അവന്റെ നിരങ്ങിക്കൊണ്ടുള്ള പോക്കും, അവന്റെ നിലകളും, അസാധാരണങ്ങളും അതിവേഗത്തിലുള്ളവയുമായ അവന്റെ ആംഗ്യവിശേഷങ്ങളുംകൂടി കണ്ടാൽ, ഇടിഞ്ഞുപൊളിഞ്ഞു പോയ കെട്ടിടങ്ങൾക്കുള്ളിൽ ഇരുട്ടത്തു സഞ്ചരിക്കാറുള്ള പുഴുക്കളുടെ ഛായ തോന്നും.

രാത്രിസഞ്ചാരമുള്ള ചില ഇഴവുപക്ഷികൾ ചതുപ്പുനിലങ്ങളിലൂടെ ചിലപ്പോൾ ഇങ്ങനെയുള്ള നിഴൽമാറ്റങ്ങൾ ഉണ്ടാക്കാറുണ്ടു്.

ആ മങ്ങിച്ച മുഴുവനും തുളച്ചുകടക്കാൻ കഴിയുന്ന ഒരു നോട്ടം നോക്കിയാൽ, കുറച്ചകലെയായി നേരിയ ഒരു വള്ളിക്കൊട്ടയോടുകൂടിയ ഒരുതരം ചെറിയ പട്ടാളക്കച്ചവടക്കാരന്റെ കട്ടവണ്ടി നിന്നേടത്തുനിന്നു കടിവാളത്തിനിടയിലൂടെ പുല്ലു നുറുക്കുന്ന ഒരു ചാവാളിക്കുതിരയെ പൂട്ടിക്കെട്ടി, മോൺസാങ്ഴാങിൽനിന്നു് ബ്രെയിൻലാല്യൂദിലേക്കുള്ള വഴിത്തിരിവിൽ നീവെല്ലിലേക്കുള്ള പ്രധാന നിരത്തിനു തൊട്ടുനിൽക്കുന്ന ചെറ്റക്കുടിലിനു പിന്നിൽ ഒളിച്ചു നില്ക്കുന്നതു കാണാം; എന്നല്ല, ആ വണ്ടിയിൽ പെട്ടികളുടേയും ഭാണ്ഡങ്ങളുടേയും മുകളിലായി എന്തോ ഒരുതരം സ്ത്രീയും ഇരിക്കുന്നുണ്ടു്. ഒരു സമയം ആ വണ്ടിയും ഈ പതുങ്ങി നടക്കുന്നവനും തമ്മിൽ ഒരു സംബന്ധമുണ്ടെന്നു വരാം.

ആ രാത്രി വിശിഷ്ടമായിരുന്നു. ഒരൊറ്റ മേഘമെങ്കിലും തലയ്ക്കു മുകളിലില്ല. ഭൂമി ചുകന്നുപോയാൽ എന്താണ്! ചന്ദ്രൻ വെളുത്തുതന്നെയിരിക്കുന്നു. ഇതൊക്കെയാനു് ആകാശത്തിന്റെ ഉദാസീനതകൾ. പറമ്പുകളിൽ, വെടിയുണ്ടകൊണ്ടു പൊട്ടിയാലും, വീഴാതെ തോലുകൊണ്ടു പിടിച്ചുനില്ക്കുന്ന മരക്കൊമ്പുകൾ രാത്രിയിലെ മന്ദമാരുതനിൽ പതുക്കെ ചാഞ്ചാടി. ഒരു ശ്വാസം, ഏതാണ്ടൊരൂത്തു്, ചുള്ളിക്കാടിനെ ഒന്നനക്കി. ജീവാത്മാക്കളുടെ യാത്രപോലെയുള്ള ഇളക്കങ്ങൾ പുല്ലുകളിലൂടെ വ്യാപിച്ചു.

അകലത്തായി പാറാവുകാരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള കാൽവെപ്പുകളും പാളയത്തിൽനിന്നു് ഇംഗ്ലീഷ് ഭടന്മാരുടെ കാവൽനടത്തങ്ങളും കേൾക്കാമായിരുന്നു.

ഒന്നു പടിഞ്ഞാറും ഒന്നു കിഴക്കും രണ്ടു വലിയ തീജ്വാലകളായി, ചക്രവാളത്തിൽ കുന്നുകൾക്കു ചുറ്റും ഇംഗ്ലീഷു വെളിമ്പാളയത്തിൽ വരിവരിയായി വലിയ അർദ്ധചന്ദ്രാകൃതിയിലുള്ള അടുപ്പുതിയ്യുകളോടു കൂടിച്ചേർന്നു, പുഷ്യരാഗക്കണ്ഠശ്ശരത്തിന്റെ അറ്റത്തു രണ്ടു മാണിക്യക്കല്ലുകൾപോലെ, ഹൂഗോമോങ്ങും ലായിസാന്തും അപ്പോഴും നിന്നു കത്തുകയാണു്.

ഒഹാങ്ങിലേക്കുള്ള വഴിയിൽവെച്ചുണ്ടായ അത്യാപത്തു ഞങ്ങൾ വിവരിച്ചിട്ടുണ്ടു്. ധീരോദാത്തന്മാരായ അത്രയധികം യുദ്ധഭടന്മാർക്ക് ആ മരണം എന്തായിരുന്നു എന്നാലോചിക്കുമ്പോൾ ഹൃദയം തകരുന്നു.

ഭയങ്കരമായി എന്തെങ്കിലുമൊന്നുണ്ടെങ്കിൽ, സ്വപ്നങ്ങളെ കവച്ചുവെക്കുന്ന ഒരു വാസ്തവമുണ്ടെങ്കിൽ, അതിതാണു്; ജീവനോടുകൂടിയിരിക്കുക; ആദിത്യനെ കാണുക; യൗവനത്തിന്റെ തികഞ്ഞ ചോരത്തിളപ്പുണ്ടായിരിക്കുക; ആരോഗ്യവും ആഹ്ലാദവും ഉണ്ടായിരിക്കുക; ശൗര്യത്തോടുകൂടി പൊട്ടിച്ചിരിക്കുക; മുൻഭാഗത്തു കണ്ണഞ്ചിച്ചുകൊണ്ടുള്ള ഒരു ബഹുമതിയിലേക്കു പാഞ്ഞുചെല്ലുക; ശ്വാസോച്ഛ ്വാസം ചെയ്യുന്ന ശ്വാസകോശങ്ങളും, മിടിക്കുന്ന ഹൃദയവും, ഗുണദോഷവിവേചനം ചെയ്യുന്ന അന്ത:കരണവും നെഞ്ചിലുണ്ടെന്ന ബോധമിരിക്കുക; സംസാരിക്കുക, ആലോചിക്കുക, സ്നേഹിക്കുക, അമ്മയുണ്ടായിരിക്കുക, ഭാര്യയുണ്ടായിരിക്കുക, മക്കളുണ്ടായിരിക്കുക, അറിവുണ്ടായിരിക്കുക- പെട്ടെന്നു്, ഒരു നിലവിളിക്കുള്ള ഇടയ്ക്ക് ഒരർദ്ധനിമിഷത്തിനകം ഒരന്ധകാരകുണ്ഡത്തിൽ തലകുത്തിപ്പോവുക, ഹാ, വീഴുക, ഉരുളുക, ചതയുക, ചതയ്ക്കപ്പെടുക; കോതമ്പക്കതിരുകൾ, പുഷ്പങ്ങൾ, ഇലകൾ, ചില്ലകൾ, ഓരോന്നും മുൻപിൽ കാണുക; യാതൊന്നും പിടിക്കുവാൻ കഴിവില്ലാതിരിക്കുക; ചുവട്ടിൽ മനുഷ്യരും മുകളിൽ കുതിരകളുമായി വാളൊന്നനക്കാൻ നിവൃത്തിയില്ലാതിരിക്കുക; ഇരുട്ടത്തുള്ള ചവിട്ടു പറ്റി എല്ലു മുഴുവനും നുറുങ്ങിയതുകൊണ്ടു കിടന്നുപിടഞ്ഞിട്ടു യാതൊരു ഫലവുമില്ലാതിരിക്കുക. കണ്ണു രണ്ടും കൺകുഴികളിൽനിന്നു തെറിച്ചു ചാടുന്നവിധം ചവിട്ടു കൊള്ളുക; ദ്വേഷ്യം സഹിച്ചുകൂടാതെ കുതിരലാടൻ കടിക്കുക; ശ്വാസം മുട്ടുക, ചക്രശ്വാസം വലിക്കുക; താഴെ വീണുകിടക്കുക; കിടന്നേടത്തുനിന്നു തന്നെത്താൻ പറയുക, ‘ഒരു നിമിഷം മുമ്പു ഞാനും ജീവനുള്ളവയായിരുന്നു!’

അവിടെ ആ കണ്ണുനീർ വരുത്തുന്ന കഷ്ടസംഭവം അവസാന ഞെരക്കം ഞെരങ്ങിയേടത്തു്, ഇന്നെല്ലാം നിശ്ശബ്ദമായി. വേർപെടുത്താൻ വയ്യാത്തവിധം കൂടിപ്പിണഞ്ഞു കുന്നുകൂടിയ അശ്വങ്ങളെക്കൊണ്ടും അശ്വാരൂഢന്മാരെക്കൊണ്ടും ആ കുണ്ടുവഴിയുടെ വക്കുകൾ തകരാറായി. ഭയങ്കരമായ കുടുക്ക്! അവിടെ ഇടുക്കുകളൊന്നുമില്ല; വഴിയും മുകൾപ്പരപ്പും ശവക്കൂട്ടത്താൽ ഒരു നിരപ്പായി; കോതമ്പു നിറഞ്ഞ കൊട്ടപോലെയിരുന്നു ആ കുണ്ടുവഴി. മുകളിൽ ഒരു ശവക്കുന്നു്, അടിയിൽ ഒരു ചോരപ്പുഴ- 1815 ജൂൺ 19-ാം തിയ്യതി വൈകുന്നേരം ആ വഴിയുടെ നില ഇതായിരുന്നു. ചോര നീവെല്ലു് നിരത്തിലേക്കുകൂടി ഒലിച്ചു തള്ളി. ഇന്നും ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു സ്ഥലത്തു വഴി മുടക്കുന്ന മരക്കൂട്ടത്തിനു മുൻപിലെ കുളത്തിൽ ചെന്നു ചാടി.

അതിന്റെ അങ്ങേ വശത്തു്, ഗെനാപ്പിലേക്കുള്ള വഴി പോകുന്നേടത്തു വെച്ചാണു് കവചധാരിഭടന്മാർക്ക് ആപത്തു പിണഞ്ഞതെന്നു് ഓർമിക്കുമല്ലോ. കുണ്ടുവഴിയുടെ ആഴത്തിനൊത്തു ശവങ്ങളുടെ അടുക്കിനു് എണ്ണം കുറഞ്ഞിരുന്നു; നടുക്കു, ദിലോറിന്റെ സൈന്യം കടന്നുപോയേടത്തു്, വഴി അധികം കുണ്ടില്ലാത്തതുകൊണ്ടു്. അധികം അടുക്കു ശവങ്ങളില്ല.

ഞങ്ങൾ വായനക്കാർക്ക് ഇപ്പോൾത്തന്നെ കാട്ടിത്തന്ന ആ രാത്രിക്കൊള്ളക്കാരൻ അതിലെയാണു് പോയിരുന്നതു്. ആവമ്പിച്ച ശ്മശാനഭൂമി പരിശോധിക്കുകയാണു് അയാൾ. അയാൾ ചുറ്റും സൂക്ഷിച്ചു നോക്കി. ആ മരിച്ചു കിടക്കുന്നവരിലെല്ലാം ഒരു പൈശാചികമായ പരിശോധന നടത്തിക്കൊണ്ടു പോയി. കാൽ ചോരയിൽ മുങ്ങിക്കൊണ്ടാണു് ആ മനുഷ്യന്റെ നടത്തം.

പെട്ടെന്നു് അയാൾ നിന്നു.

അയാളുടെ മുൻപിൽ കുറച്ചടി അകലെ, ആ കുണ്ടുവഴിയിൽ, ശവപുഞ്ജത്തിന്റെ അവസാനത്തിൽ ചന്ദ്രികയാൽ പ്രകാശമാനമായ ഒരു തുറന്ന കൈ ആ മനുഷ്യക്കുന്നിന്റെ ഉള്ളിൽനിന്നു പുറത്തേക്കു പൊന്തിവന്നു. ആ കൈയിൽ മിന്നുന്ന എന്തോ ഒന്നുണ്ടായിരുന്നു; അതൊരു പൊന്മോതിരമാണു്.

ആ മനുഷ്യൻ അവിടെ കുനിഞ്ഞു: ഒരു നിമിഷം ആ നിലയിൽ താണു കിടന്നു; അയാൾ എണീറ്റപ്പോൾ ആ കൈയിൽനിന്നു മോതിരം കാണാതായിരിക്കുന്നു.

അയാൾ തികച്ചും എണീറ്റില്ല; ശവക്കുന്നിലേക്കു പുറം ചാരി, മുട്ടുകുത്തി ചക്രവാളത്തെ സൂക്ഷിച്ചുനോക്കിക്കൊണ്ടു്, നിലത്തൂന്നിയ രണ്ടു കൈപ്പെരുവിരലിന്റേയും സഹായ്യ്യത്താൽ ഉടൽ മുഴുവനും പൊക്കിപ്പിടിച്ച്, കുണ്ടുവഴിയുടെ വക്കിനു മുകളിലൂടെ തലയുയർത്തി, പതുങ്ങിയും ഭയം കാണിക്കുന്നതുമായ നിലയിൽ ഇരുന്നതേ ഉള്ളൂ. കുറുക്കന്റെ നാലു കാലടികളെക്കൊണ്ടു ചില പറ്റിയ പണിയുണ്ടു്.

ഉടനെ എന്തോ ഒന്നുറച്ച് അയാൾ എഴുന്നേറ്റുനിന്നു.

ആ സമയത്തു് അയാൾ ഒരു വല്ലാത്ത ഞെട്ടൽ ഞെട്ടി. ആരോ പിന്നിൽനിന്നു പിടികൂടിയതുപോലെ അയാൾക്കു തോന്നി.

അയാൾ ഒരു തിരികുറ്റിയിന്മേലെന്നവിധം തിരിഞ്ഞു; ആ തുറന്ന നിലയിൽ കണ്ട കൈയാണു്, കൂടിച്ചേർന്ന വിരലുകൾകൊണ്ടു് ആ മനുഷ്യന്റെ പുറംകുപ്പായമടക്കിൽ പിടിച്ചതു്.

ഒരു മര്യാദക്കാരൻ ഭയപ്പെട്ടുപോവും, ഈ മനുഷ്യൻ പൊട്ടിച്ചിരിച്ചു.

‘ആട്ടെ,’ അയാൾ പറഞ്ഞു, ‘അതൊരു ശവം മാത്രമാണു്. എനിക്കു പ്രേതത്തെയാണു് പട്ടാളക്കാരനെക്കാൾ ഇഷ്ടം.’

പക്ഷേ, ആ കൈ തളർന്നു. അയാളെ പിടിവിട്ടു. ശ്മശാനഭൂമിയിലെ ശ്രമം ക്ഷണത്തിൽ ക്ഷീണിച്ചുപോവുന്നു.

‘എന്നാൽ ആവട്ടെ,’ ആ പതുങ്ങിക്കള്ളൻ പറഞ്ഞു: ‘ആ ചത്തവന്നു ജീവനുണ്ടോ? നോക്കട്ടെ.’

അയാൾ വീണ്ടും കുനിഞ്ഞിരുന്നു; ശവക്കുന്നിനിടയിൽ തപ്പിനോക്കി. തടഞ്ഞതൊക്കെ തട്ടിനീക്കി; ആ കൈ കവർന്നെടുത്തു, തന്റേതിനോടു കോർത്തു പിടിച്ചു; തല കൂട്ടത്തിൽനിന്നു വിടുവിച്ചു. ദേഹം പുറത്തേക്കു വലിച്ചു; കുറച്ചു നേരംകൊണ്ടു് കുണ്ടുവഴിയിലെ നിഴലുകൾക്കുള്ളിലൂടെ ആ ജീവനറ്റ, അല്ലെങ്കിൽ മോഹാലസ്യത്തിൽ കിടക്കുന്ന, മനുഷ്യനെ വലിച്ചുകേറ്റി. അതു് ഒരു കവചധാരിഭടനായിരുന്നു, ഒരുദ്യോഗസ്ഥൻ. വളരെ ഉയർന്ന നിലയിലുള്ള ഒരു ഉദ്യോഗസ്ഥൻ; കവചത്തിനുള്ളിൽനിന്നു കനകമയമായ ഒരു വലിയ സ്ഥാനമുദ്ര പതുങ്ങി നോക്കുന്നു. ആ ഭയങ്കരമായ വാൾവെട്ടു് അയാളുടെ മുഖം തകരാറിലാക്കിയിരിക്കുന്നു: ചോരയല്ലാതെ മറ്റൊന്നും അവിടെ കാണാനില്ല.

ഏതായാലും ആ മനുഷ്യന്റെ കൈയും കാലും മുറിഞ്ഞിട്ടില്ല, എന്തോ ഭാഗ്യം കൊണ്ട്- ആ വാക്കിവിടെ ഉപയോഗിക്കുന്നതിനു വിരോധമില്ലെങ്കിൽ-അയാളെ ചതഞ്ഞുപോകാതെ സൂക്ഷിച്ചുകൊണ്ടാണു് ശവങ്ങൾ മീതെ വന്നു മറിഞ്ഞതു്. അയാളുടെ കണ്ണു് അപ്പോഴും അടഞ്ഞിരുന്നു.

ബഹുമതിമുദ്രയായ വെള്ളക്കുരിശ് അയാളുടെ കവചത്തിനു മുകളിൽ കാണപ്പെട്ടു.

കൊള്ളക്കാരൻ ഈ കുരിശുമുദ്ര പറിച്ചെടുത്തു; അതവന്റെ വലിയ പുറം കുപ്പായത്തിലെ അഗാധങ്ങളായ ഉൾപ്പൊത്തുകളിളൊന്നിൽ മറഞ്ഞു.

ഉടനെ അയാൾ ഉദ്യോഗസ്ഥന്റെ ഗഡിയാൾക്കീശ തൊട്ടുനോക്കി; അതിൽ ഘടികാരമുണ്ടെന്നു കണ്ടു; അതു കൈയിലാക്കി. പിന്നീടു് ഉൾക്കുപ്പായത്തെ പരീക്ഷണം ചെയ്തു; ഒരു പണസ്സഞ്ചിയിൽ കണ്ണെത്തി, അതും തന്റെ കീശയിലാക്കി.

മരിക്കുവാൻ പോകുന്ന മനുഷ്യന്നു ചെയ്തുപോവുന്ന ശുശ്രൂഷകൾ ഇത്രത്തോളമായപ്പോൾ ആ സേനാധ്യക്ഷൻ കണ്ണുമിഴിച്ചു.

‘നന്ദി,’ അയാൾ ക്ഷീണിച്ചു പറഞ്ഞു.

അയാളുടെ മേൽ കള്ളപ്പണി ചെയ്യുന്ന മനുഷ്യന്റെ പ്രവൃത്തിവേഗവും, രാത്രിയുടെ കുളിർമയും, ധാരാളമായി ശ്വസിക്കാൻ കിട്ടിയ ശുദ്ധവായുവുംകൂടി ആ മനുഷ്യനെ മോഹാലസ്യത്തിൽനിന്നുണർത്തി.

കൊള്ളക്കാരൻ മറുപടിയൊന്നും പറഞ്ഞില്ല. അവൻ തലയൊന്നുയർത്തി, മൈതാനത്തിൽനിന്നു കാല്പെരുമാറ്റത്തിന്റെ ശബ്ദം കേൾക്കാമായിരുന്നു; പാറാവുകാരൻ ആരോ അടുത്തുവരുന്നുണ്ടാവാം.

ഉദ്യോഗസ്ഥൻ പതുക്കെ ചോദിച്ചു- മരണവേദന അപ്പോഴും ആ ഒച്ചയിലുണ്ടായിരുന്നു:

‘യുദ്ധത്തിൽ ആർ ജയിച്ചു?’ ‘ഇംഗ്ലണ്ടു്.’ ‘എന്റെ കീശയിൽ നോക്കൂ; ഒരു ഘടികാരവും ഒരു പണസ്സഞ്ചിയും കാണും. അവ നിങ്ങൾക്കെടുക്കാം.’

അതു കഴിഞ്ഞിരിക്കുന്നു.

കൊള്ളക്കാരൻ ആവശ്യമുള്ള നാട്യം നടിച്ചു; എന്നിട്ടു പറഞ്ഞു: ‘അതിൽ യാതൊന്നുമില്ല.’

‘ആരോ കൊള്ളയിട്ടു,’ ഉദ്യോഗസ്ഥൻ പറഞ്ഞു: ‘കഷ്ടമായി, അതുകൾ നിങ്ങൾക്കു കിട്ടേണ്ടതായിരുന്നു.’

പാറാവുഭടന്റെ കാല്പെരുമാറ്റശ്ശബ്ദം അധികമധികം വ്യക്തമായിത്തുടങ്ങി.

‘ആരോ വരുന്നു,’ പോവാൻ തുടങ്ങുന്ന ഒരാളുടെ മട്ടോടുകൂടി ആ കൊള്ളക്കാരൻ പറഞ്ഞു.

ഉദ്യോഗസ്ഥൻ കൈയുയർത്തി, ആ മനുഷ്യനെതടഞ്ഞു.

‘നിങ്ങൾ എന്റെ ജീവനെ രക്ഷിച്ചു, നിങ്ങൾ ആരാണു്?’

കൊള്ളക്കാരൻ വേഗത്തിലും താഴ്‌ന്ന സ്വരത്തിലും മറുപടി പറഞ്ഞു: ‘നിങ്ങളെപ്പോലെത്തന്നെ, ഞാനും ഫ്രഞ്ചുസൈന്യത്തിൽപ്പെട്ടവനാണു്. എനിക്കു പോകേണ്ടിയിരിക്കുന്നു. അവർ എന്നെ പിടികിട്ടിയാൽ വെടിവെച്ചുകളയും. ഞാൻ നിങ്ങളുടെ ജീവനെ രക്ഷിച്ചു. ഇനി നിങ്ങൾ തന്നെ നിങ്ങളുടെ പാടു നോക്കുക.’

‘നിങ്ങളുടെ സ്ഥാനമെന്താണു്? ‘സർജന്റു്’. ‘നിങ്ങളുടെ പേരു്?’ ‘തെനാർദിയെൻ.’ ‘ആ പേർ ഞാൻ മറക്കില്ല.’ ആ ഉദ്യോഗസ്ഥൻ പറഞ്ഞു; ‘നിങ്ങൾക്ക് എന്റെ പേർ ഓർമയുണ്ടോ? എന്റെ പേർ പോങ്ങ്മേർസി എന്നാണു്.’

കുറിപ്പുകൾ

[59] യൂറോപ്പു രാജ്യചരിത്രത്തിൽ സുപ്രസിദ്ധമായ ‘മുപ്പതു കൊല്ലത്തെ യുദ്ധ’ത്തിലെ പ്രധാന സേനാപതി.

[60] ലസാർഹോഷ്; ഭരണപരിവർത്തനകാലത്തുണ്ടായിരുന്ന ഒരു ഫ്രഞ്ചു സേനാപതി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.