images/hugo-12.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.4.1
ഗോർബോ

നാല്പതു വർഷത്തിനു മുൻപു് സാൽപെത്രിയേർ എന്ന അജ്ഞാതപ്രദേശത്തേയ്ക്കു കടന്നു, പുറംനടക്കാവിലൂടെ ബാറിയൻ ദീത്തലിയിലേക്കു കയറിയ ഒരു സഞ്ചാരി ഒടുവിൽ ഒരു സ്ഥലത്തെത്തിച്ചേർന്നു; പാരിസ്സു് നഗരം അവിടെവെച്ച് അന്തർദ്ധാനം ചെയ്തതായി തോന്നും. അതു വിജനമാണെന്നു പറഞ്ഞുകൂടാ—എന്തുകൊണ്ടെന്നാൽ, അതിലേ ആൾസ്സഞ്ചാരമുണ്ടായിരുന്നു. അതു നാട്ടുംപുറമായിട്ടില്ല— എന്തുകൊണ്ടെന്നാൽ അവിടെ വീടുകളും തെരുവുകളുമുണ്ടു്; അതു പട്ടണമല്ല— എന്തുകൊണ്ടെന്നാൽ തെരുവുകളിൽ നിരത്തുവഴിപോലെയുള്ള ചക്രച്ചാലുകളുണ്ടെന്നല്ല, അവയിൽ പുല്ലു മുളച്ചിരിക്കുന്നു; അതൊരു ഗ്രാമമല്ല— വീടുകൾക്ക് ഉയരം കൂടും, എന്തായിരിക്കാം പിന്നെ അത്? ഒരാളുമില്ലാത്ത ഒരാൾ പാർപ്പുസ്ഥലമായിരുന്നു അതു്; ചിലരുള്ളതായ ഒരു വിജനപ്രദേശം; നഗരത്തിന്റെ ഒരു പുറംനടക്കാവു്; പാരിസ്സിലെ ഒരു തെരുവു്; രാത്രിയിൽ കാട്ടുപുറത്തെക്കാളധികം ഘോരം, പകൽ ഒരു ശ്മശാനത്തെക്കാളധികം ഭയങ്കരം.

അതു പണ്ടത്തെ മാർഷെ-ഷെ-വൊ എന്ന പ്രദേശമായിരുന്നു.

ആ സഞ്ചാരി മാർഷെ-ഷെ-വൊവിന്റെ ഇടിഞ്ഞുപൊളിഞ്ഞ നാലുകോട്ട മതിലുകളും വിട്ടു കടപ്പാൻ ധൈര്യപ്പെട്ടുവെങ്കിൽ, ഉയർന്ന മതിൽക്കെട്ടുകളാൽ രക്ഷിക്കപ്പെട്ട ഒരു പൂന്തോപ്പിനെ വലത്തുപുറത്തു വിട്ടുംവെച്ചു റ്യു ദ്യു പെത്തി ബാൻക്വിയേർ കടന്നു് അപ്പുറത്തേക്കു പോവാൻ തുനിയുന്നപക്ഷം, ഉടനെ കൂറ്റൻ നീർനായത്തോൽത്തൊപ്പികളെപ്പോലുള്ള മരത്തോൽച്ചക്കുകൾ നില്ക്കുന്ന ഒരു വയൽ പ്രദേശമായി; അതു കഴിഞ്ഞാൽ മരത്തടികളെക്കൊണ്ടും, മരക്കുറ്റികളും, ഈർച്ചപൊടിയും നുറുങ്ങുകളും കുന്നുകൂടിക്കിടക്കുന്നതിനെക്കൊണ്ടും— അതിനു മീതേ ഒരു കൂറ്റൻ നായ നിന്നു കുരയ്ക്കുന്നുണ്ടായിരിക്കും— വഴി മുടങ്ങിയ ഒരു വേലിക്കകം; അതു കഴിഞ്ഞാൽ പൂപ്പൽകൊണ്ടു പൊതിഞ്ഞതും വസന്തത്തിൽ പുഷ്പങ്ങൾകൊണ്ടു മൂടിയതും ദു:ഖസൂചകമായിട്ടെന്നപോലെ, കറുത്ത നിറത്തോടു കൂടിയതുമായ ഒരു ചെറുവാതിലുള്ള നീണ്ടു് ഉയരം കുറഞ്ഞ് ഇടിഞ്ഞുപൊളിഞ്ഞ ഒരു മതിൽ; അതിന്റെ അപ്പുറത്തു, തികച്ചും വിജനപ്രദേശത്തായി, കണക്കുശീട്ടുകൾ തപാലിലയയ്ക്കരുതു് എന്നു് വലിയ അക്ഷരത്തിൽ കൊത്തിയിട്ടുള്ള ഒരു വല്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ ഭവനം— ഇപ്പോൾ ആ ഉശിരൻ സഞ്ചാരി റ്യൂ ദേ വീൻ സാങ്ങ്മോർസേൽ എന്ന പ്രദേശത്തു് ആരും അറിഞ്ഞിട്ടില്ലാത്ത മൂലയിൽ എത്തിയിരിക്കും. അവിടെ, ഒരു വ്യവസായശാലയ്ക്കടുത്തു രണ്ടു തോട്ടമതിലുകളുടെ ഇടയ്ക്കായി, അക്കാലത്തു്, ഒരു ചെറുഭവനം കാണാം; ഒറ്റനോട്ടത്തിൽ ഒരു ചെറ്റപ്പുരപോലെ അത്രയും ചെറുതായി തോന്നുന്ന ആ സ്ഥലം വാസ്തവത്തിൽ ഒരു വലിയ പള്ളിയോളം വലിപ്പമുള്ളതായിരുന്നു. അതിന്റെ ഒരു ഭാഗവും നെറ്റിപ്പുറവും മാത്രമേ വഴിവക്കത്തേക്കുണ്ടായിരുന്നുള്ളൂ; അതിൽനിന്നാണു് അതിന്റെ വലുപ്പക്കുറവു്. ഏകദേശം വീടു മുഴുവനും മറവിലായിരുന്നു. വാതിലും ജനാലയും മാത്രമേ കണ്ടിരുന്നുള്ളൂ.

ഈ ചെറ്റപ്പുര ഒരു നിലയേ ഉള്ളൂ.

ഒന്നാമതായി ഒരു പരീക്ഷകന്റെ ശ്രദ്ധയെ ആകർഷിക്കുന്നതു, കല്ലുകൊണ്ടു പടുപണിയായി പടുത്തുണ്ടാക്കിയതിനുപകരം ഭംഗിയിൽച്ചെത്തി കൊത്തുപണിയോടുകൂടി നിർമ്മിക്കപ്പെടിരുന്നുവെങ്കിൽ ജനവാതിൽ ഒരു പ്രഭുമന്ദിരത്തിന്റെ അത്താഴപ്പണിതന്നെയായേനേ എന്നിരിക്കെ, വാതിൽ ഒരു ചെറ്റപ്പുരയുടേതിൽ നിന്നു് ഒട്ടും വലുപ്പമേറിയതല്ല എന്നുള്ളതാണു്.

വാതിൽ എന്നു പറയുന്നതു, ചെത്തിയ പടിക്കുള്ള വെറും മരക്കഷണങ്ങളെന്നു തോന്നുന്ന തുലാത്തണ്ടുകളാൽ ഘടിക്കപ്പെട്ട ഒരുകൂട്ടം ചിതലു പിടിച്ച പലകകളല്ലാതെ മറ്റൊന്നുമല്ല. അതു തുറക്കുന്നതു, മണ്ണു കെട്ടിയതും ചുണ്ണാമ്പുള്ളതും പൊടി പറക്കുന്നതും ഉയരംകൂടിയതുമായ കോണിപ്പടിയിലേക്കാണു്; കുത്തനെയുള്ള ഒരേണിപോലുള്ളതും തെരുവിൽനിന്നു നോക്കിയാൽ കാണാവുന്നതുമായ ആ സാധനം മുകളിലേക്കു കയറിപ്പോയി രണ്ടു ചുമരുകൾക്കിടയിലുള്ള അന്ധകാരത്തിൽ ചെന്നു് അപ്രത്യക്ഷമാകുന്നു. ഈ വാതിൽ ചെന്നടിഞ്ഞുകൂടുന്ന ആ ആകൃതിരഹിതമായ പഴുതിനു മുകളിൽ വിതി കുറഞ്ഞ ഒരു മരപ്പടി മൂടിനില്ക്കുന്നുണ്ടു്; അതിന്റെ മധ്യത്തിൽ ത്രികോണാകൃതിയിലുള്ള ഒരു ദ്വാരം കാണാം; വാതിൽ അടഞ്ഞുകിടക്കുമ്പോൾ അതു് ഒരു ചെറുവാതിലായും കാറ്റിൻപഴുതായും ഉപയോഗപ്പെടുന്നു. വാതിലിനുള്ളിൽ മഷിയിൽ മുക്കിയെടുത്ത ചായത്തേപ്പുകൊണ്ടു് 52 എന്ന രണ്ടക്കം വരച്ചുണ്ടാക്കിയിട്ടുണ്ടു്; മുൻപറഞ്ഞ മരപ്പടിക്കു മുകളിലായി ആ കൈ തന്നെ 50 എന്നും കുറിച്ചിട്ടിരിക്കുന്നു. ഇതു് ആളുകളെക്കൊണ്ടു സംശയിപ്പിച്ചു; എവിടെയാണു് നില്ക്കുന്നതു? വാതിലിനു മുൻപിൽനിന്നു പറയുന്നു, ‘നമ്പർ 50’; വാതിലിന്റെ ഉള്ളിൽനിന്നുള്ള മറുപടിയോ, ‘നമ്പർ 52.’ ത്രികോണാകൃതിയിലുള്ള പഴുതിൽനിന്നു ചിത്രപടങ്ങളെപ്പോലെ പൊടിനിറത്തിൽ തൂങ്ങിക്കിടക്കുന്ന അക്കങ്ങൾ എന്തെല്ലാമെന്നു് ആർക്കും അറിഞ്ഞുകൂടാ.

ജനവാതിൽ വലിപ്പമുള്ളതും, പാകത്തിൽ ഉയർത്തിവെച്ചതും, ‘വെനീഷ്യൻ’ മറകളാൽ അലങ്കരിക്കപ്പെട്ടതും, വലുതായി ചതുരത്തിലുള്ള കണ്ണാടിച്ചില്ലുകളുള്ള ചട്ടക്കൂടോടുകൂടിയതുമായിരുന്നു; ഒന്നുമാത്രം— ആ വലിയ ചില്ലുകൾക്കു പലേടത്തും മുറിവുകൾ തട്ടിയിരുന്നു; ആ പരിക്കുകളെല്ലാം ബുദ്ധിപൂർവം വെച്ചു പറ്റിച്ച കടലസ്സുകഷ്ണങ്ങളെക്കൊണ്ടു മൂടിയും വെളിപ്പെട്ടുമിരുന്നു. പലകക്കഷ്ണങ്ങൾ സ്ഥാനത്തുനിന്നു തെറ്റിയും ചായം പോയുമുള്ള അഴിവാതിലുകൾ അകത്തുള്ളവരെ മറയ്ക്കുന്നതിലധികം വഴിപോക്കരെ പേടിപ്പെടുത്തുകയാണു് ചെയ്തിരുന്നതു്. വിലങ്ങനെയുള്ള അഴി അവിടവിടെ പോയിരുന്നേടത്തു പലകക്കടലാസ്സുകൾവെച്ച് ആണി തറച്ചിരിക്കുകയാണു്; അതുകൊണ്ടു് ആദ്യത്തിൽ ‘വെനീഷ്യൻ’ മറയായി തുടങ്ങിയിട്ടുള്ളതു് ഒടുവിൽ ജാലകക്കതകായി അവസാനിച്ചു. ഒരു വൃത്തികെട്ട മട്ടോടുകൂടിയ ഈ വാതിലുംകൂടി ഒരേ വീട്ടിൽ കാണപ്പെടുമ്പോൾ, ഒരാൾ എപ്പോഴും ഇരപ്പാളിയായും മറ്റെ ആൾ ഒരു കാലത്തു് ഒരു മാന്യനായും, ഒരേ തരം കീറവേഷത്തിലാണെങ്കിലും പരസ്പരവിരുദ്ധമായ രണ്ടു ഭാവത്തോടുകൂടി വരിതൊട്ടു നടക്കുന്ന രണ്ടു് അപൂർണന്മാരായ യാചകന്മാരെയാണു് ആർക്കും ഓർമ വരിക.

കോണിപ്പടിയിലൂടെ കയറിച്ചെന്നാൽ, ഒരു വീടായി മാറിയ ഒരു ചെറ്റക്കുടിലിന്റെ ഛായയുള്ളതും വിസ്താരമേറിയതുമായ ഒരെടുപ്പിൽ എത്തിച്ചേരുന്നു. ഈ എടുപ്പിന്റെ കുടർനാളമായി ഒരു നീണ്ട ഇടനാഴിയുണ്ടു്; അതിന്റെ ഇടത്തും വലത്തും കേവലം ഗതികെട്ടാൽ മാത്രം താമസിക്കാവുന്നവയും പലേ വലിപ്പത്തിലുള്ളവയുമായ മുറികളാണു്; അവയെ ഗുഹകൾ എന്നതിലധികം ലായക്കള്ളികൾ എന്നു പറയുന്നതാണു് ഭംഗി. ഈ മണിയറകളിലേക്കുള്ള വെളിച്ചം അയൽപക്കത്തുള്ള തരിശു ഭൂമികളിൽനിന്നു കിട്ടുന്നു.

ഈ സ്ഥലമെല്ലാം ഇരുട്ടടഞ്ഞതും മുഷിച്ചിൽ തോന്നിക്കുന്നതും ക്ഷീണം തട്ടിയതും ദുഃഖമയവും ശ്മശാനോചിതവുമായിരുന്നു; ഓരോ മുറിയുടേയും ഉള്ളിലേക്കുള്ള പഴുതുകൾ, മേല്പുരയിലോ വാതിലിലോ എവിടെയാണോ അവിടത്തിനൊത്തു, തണുത്ത വെയിലിൻനാളങ്ങളോ മഞ്ഞിൻകട്ടപോലുള്ള കാറ്റുകളോ അതിന്നകത്തു പെരുമാറിയിരുന്നു. ഇത്തരം കെട്ടിടത്തിന്നുള്ള ശ്രദ്ധാർഹവും കൗതുകകരവുമായ ഒരു വിശേഷം, എട്ടുകാലികളുടെ അസാമാന്യവലുപ്പമാണു്.

പുറത്തേക്കുള്ള വാതിലിന്റെ ഇടതുവശത്തു, നിലത്തുനിന്നു് ഏകദേശം ഒരാൾക്കുയരത്തിൽ, പിന്നീടു ചുമർ വെച്ചു മുട്ടിച്ച ഒരു ചെറുജനാലചതുരത്തിലുള്ള ഒരു ഭിത്തിമാടമുണ്ടാക്കിയിരുന്നു; അതു നിറച്ചും, അതിലേ കടന്നുപോകുന്ന കുട്ടികൾ പെറുക്കിയിട്ട കല്ലിൻകഷ്ണമാണു്.

ഈ ഭവനത്തിന്റെ ഒരു ഭാഗം ഇയ്യിടെ വെച്ചു തകർത്തുകളഞ്ഞു. ഇപ്പോൾ ബാക്കി നില്പുള്ളവയിൽനിന്നു് അതിന്റെ പണ്ടത്തെ സ്ഥിതി ഒരാൾക്കൂഹിക്കാം. എല്ലാംകൂടി അതിന് ഒരു നൂറു കൊല്ലത്തിലധികം പ്രായമായിട്ടില്ല. നൂറു വയസ്സു് ഒരു പള്ളിക്കാണെങ്കിൽ യൗവനവും, ഒരു വീട്ടിന്നായാൽ വാർദ്ധക്യവുമാണു്. മനുഷ്യന്റെ പാർപ്പിടം അവന്റെ ക്ഷണികത്വത്തിലും, ഈശ്വരന്റെ വാസസ്ഥലം അവിടത്തെ ശാശ്വതത്വത്തിലും പങ്കുകൊള്ളുന്നുണ്ടോ എന്നു തോന്നും.

തപ്പാൽശ്ശിപായി ആ വീടു് 50-52-ആം നമ്പർ എന്നാണു് വിളിക്കാറു്; അയൽപ്രദേശങ്ങളിലാകട്ടെ, ഗോർബോവീടു് എന്ന പേരിൽ അതറിയപ്പെടുന്നു.

ഈ പേർ എങ്ങനെ വന്നുകൂടി എന്നു ഞങ്ങൾ വിവരിക്കട്ടെ.

ചെറുകഥകളാകുന്ന പച്ചമരുന്നുകൾ പറിച്ചുകൊടുക്കാൻ ഏർപ്പെടുന്നവരും അതാതു തിയ്യതികളെ ഓർമയിൽ മൊട്ടുസൂചികൊണ്ടു തറച്ചുവെക്കുന്നവരുമായ ചില്ലറക്കാര്യപ്പിരിവുകാർക്കെല്ലാം, കഴിഞ്ഞ നൂറ്റാണ്ടിൽ, ഏതാന്റു 1770-ൽ പാരിസ്സു് പട്ടണത്തിനുള്ളിൽ ഒരാൾക്കു കോർബോ (=ബലിക്കാക്ക) എന്നും മറ്റെയാൾക്ക് റേനാർ (=കുറുക്കൻ) എന്നും പേരുള്ള രണ്ടു വക്കീൽമാരുണ്ടായിരുന്നു എന്നറിയാം. ഈ രണ്ടു പേരുകളും ലാഫോന്താങ്ങ് മുൻകൂട്ടി ആലോചിച്ചിട്ടുണ്ട്! വക്കീൽമാർക്ക് അതൊരു നല്ല തഞ്ചമായി; അവർ അതു വെറുതെ വിട്ടില്ല. കോടതിയിലെ ഇരിപ്പിടങ്ങളിൽ ക്ഷണകാലംകൊണ്ടു് ഒരു ഖണ്ഡകവിത നടപ്പായി; വൃത്തത്തിനു് അല്പം മുടന്തുള്ള ആ പദ്യശകലത്തിന്റെ സാരം ഇതാണു്:

‘ഒരു വിധിസാരത്തിന്മേൽ പക്ഷിയിരിപ്പിരിക്കുന്ന കോർ ബോവക്കീൽ തന്റെ കൊക്കിൽ മരണശിക്ഷ നടത്തൽക്കല്പന പിടിച്ചിരുന്നു; അതിന്റെ നാറ്റംകൊണ്ടു് അടുത്തുകൂടിയ റേനാർവക്കീൽ ഏതാണ്ടു് ഇങ്ങനെ പറഞ്ഞു.’ മറ്റും മറ്റും.

ഈ പരിഹാസംകൊണ്ടു ബുദ്ധിമുട്ടി, അതോടുകൂടി പുറപ്പെടുന്ന പൊട്ടിച്ചിരികൊണ്ടു തങ്ങളുടെ തലപിടുത്തത്തിനു തകറാറു വരുന്നു എന്നു കണ്ടു്, ആ രണ്ടു മര്യാദക്കാരായ വക്കീൽമാർ തങ്ങളുടെ പേരു മാറ്റുവാൻ നിശ്ചയിച്ച്, രാജാവിനു ഹർജി കൊടുത്തു.

നൺസിയോമെത്രാനും കാർദിനാൽ ദു് ലേ രോഷ് അയ്മോങ്ങും കൂടി; ഭക്തി പൂർവം മുട്ടുകത്തിയിരുന്നു, പതിനഞ്ചാമൻ ലൂയിയുടെ തിരുമുമ്പാകെ വേച്ചു തന്നെ, അപ്പോൾ ഉണർന്നെണീറ്റ മദാം ദ്യു ബാറിയുടെ [1] നഗ്നങ്ങളായ കാലടികളിൽ പാപ്പാസ്സിടുവിക്കാൻ പണിപ്പെട്ടിരുന്ന അതേ സമയത്താണു് ഇവരുടെ ഹർജി രാജസന്നിധിയിലെത്തിയതു്. ചിരിക്കുകയായിരുന്ന മഹാരാജാവു വീണ്ടും ചിരിച്ചു കൊണ്ടു് ആ രണ്ടു മെത്രാന്മാരുടേയും മേൽനിന്നു ഈ രണ്ടു വക്കീൽമാരുടേയും മേലേക്ക് ശ്രദ്ധ തിരിച്ചു. നിയമത്തിന്റെ ആ രണ്ടു കാലുകൾക്ക് അവരുടെ പണ്ടത്തെ പേരുകൾതന്നെ, അല്ലെങ്കിൽ ഏതാണ്ടു് അമ്മാതിരിയുള്ളവ, കല്പിച്ചുകൊടുത്തു. രാജാവിന്റെ ഉത്തരവുപ്രകാരം കോർബോവിനു് ആദ്യത്തെ അക്ഷരം ഒന്നടിച്ചു പരത്തി ഗോർബോ എന്നാക്കാനുള്ള അധികാരം കിട്ടി. റോനാറിനു് അത്രതന്നെ ഭാഗ്യം കിട്ടിയില്ല. റ എന്നതിന്നോടു് പ എന്നു കൂട്ടി പ്രേനാർ എന്നാക്കിത്തീർക്കാനേ സാധിച്ചുള്ളു; അതുകൊണ്ടു് ആദ്യത്തെ പേരും പിന്നത്തെ പേരും ഏതാണ്ടു് ഒരുപോലെത്തന്നെയായിത്തീർന്നു.

ഈ പ്രദേശത്തുള്ള ഐതിഹ്യപ്രകാരം ഈ ഗോർബോ ആയിരുന്നു ഹോപ്പിത്താൽ പ്രദേശത്തുള്ള 5052-ആം നമ്പർ ഭവനത്തിന്റെ ഉടമസ്ഥൻ. ആ സ്മാരക ചിഹ്നമായ ജനാലയുടെ സ്രഷ്ടാവും അദ്ദേഹംതന്നെയാനു്.

ഇങ്ങനെ ആ എടുപ്പിനു ഗോർബോവീടു് എന്നു പേർ വീണു.

ഈ വീട്ടിന്റെ എതിർവശത്തു നടക്കാവിലെ മരക്കൂട്ടത്തിനിടയിൽ മുക്കാലും ചത്തുകഴിഞ്ഞ ഒരു വലിയ ഇരിമ്പകവൃക്ഷമുണ്ടു്. ഏതാണ്ടു് അതിനോടെതിരായിട്ടുതന്നെയാണു്, വീടുകളില്ലാത്തതും കൽവിരിപ്പില്ലാത്തതും കാലത്തെ അനുസരിച്ചു പച്ചച്ചോ മങ്ങിയോ നില്ക്കുന്ന അനാരോഗ്യകരങ്ങളായ മരങ്ങൾ നട്ടുപിടിപ്പിച്ചതുമായ റൂഡിലാബാറിയാർ ദേ ഗോബലിങ്ങ് എന്ന തെരുവു്; അതു പാരിസ്സിന്റെ പുറംമതിലിന്മേൽ ചെന്നുമുട്ടുന്നു. അടുത്തുള്ള വ്യവസായശാലയിലെ മേൽപ്പുരക്കൂട്ടിൽനിന്നു് അന്നഭേദിയുടെ ഒരു ഗന്ധം ഊത്തുകളായി പുറപ്പെട്ടിരുന്നു.

അതിർക്കിടങ്ങ് അടുത്താണു്. 1823-ൽ കോട്ടമതിൽ ഇല്ലാതായിട്ടില്ല.

ഈ കിടങ്ങുതന്നെ ദുഃഖമയങ്ങളായ വിചാരങ്ങളെ മനസ്സിൽ ഇളക്കിവിടും. അതിലെയാണു് ബിസെത്രിലേക്കുള്ള വഴി. ചക്രവർത്തിഭരണകാലത്തും രാജവാഴ്ചക്കാലത്തും മരണശിക്ഷ വിധിക്കപ്പെട്ട പുള്ളികൾ വിധിനടത്തൽദിവസം പാരിസ്സിലേക്ക് തിരിച്ചു ചെല്ലാറുണ്ടായിരുന്നതു് ആ വഴിക്കാണു്. അവിടെ വെച്ചാണു് 1829-ൽ ‘ഫോന്താൻ ബ്ലോകിടങ്ങിലെ കൊലപാതകം’ എന്നു പറയപ്പെട്ട ആ അതിഗൂഢമായ കൊലപാതകം നടന്നതു്; അതു പ്രവർത്തിച്ചവർ ഇതുവരെ രാജനീതിയാൽ കണ്ടുപിടിക്കപ്പെട്ടിട്ടില്ല; ഒരിക്കലും വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ദുഃഖമയമായ വിഷമത; ഒരിക്കലും മനസ്സിലാക്കാൻ സാധിച്ചിട്ടില്ലാത്ത ഒരു ഭയങ്കരമായ കടങ്കഥ. കുറച്ചുകൂടി മുൻപോട്ടു നടന്നാൽ നിങ്ങൾ റ്യു ക്രൂൽബാർബ് എന്ന അപകടസ്ഥലത്തായി; ഇവിടെ വെച്ചാണു്, വിചിത്രനാടകങ്ങളിലെപ്പോലെ, ആകാശത്തു് ഇടിമുഴങ്ങിക്കൊണ്ടിരിക്കുമ്പോൾ ഐവ്രിയിലെ ഒരിടയപ്പെൺകുട്ടിയെ യുൾബാഷ് കുത്തിക്കൊന്നതു്. കുറച്ചടികൂടി നടക്കുക, നിങ്ങൾ ബാറിയെർസാങ്ങ്ഴാക്ക്വിയിലെ ആ അലക്ഷ്മി പിടിച്ചതും തലപ്പു മുറിഞ്ഞതുമായ ഇരിമ്പകമരക്കൂട്ടത്തിലായി— അതേ. തൂക്കുമരത്തെ കാണാതാക്കുവാനുള്ള പരോപകാരിയുടെ യുക്തി: മരണശിക്ഷയെ വൈഭവത്തോടുകൂടി വേണ്ടെന്നു വെക്കുവാനും അധികാരത്തോടുകൂടി നിലനിർത്തിപ്പോരാനും ധൈര്യപ്പെടാതെ അതിനു മുൻപിൽ ചൂളിപ്പോകുന്ന ആ കച്ചവടക്കാരെക്കൊണ്ടും പ്രമാണികളെക്കൊണ്ടും നിറഞ്ഞ ഒരു ജനസമുദായത്തിന്റെ നികൃഷ്ടവും അവമാനകരവുമായ വ്യസനാലയം.

മുൻപേതന്നെ തീർച്ചപ്പെട്ടുകഴിഞ്ഞതും എപ്പോഴും ഭയങ്കരമായിട്ടൂള്ളതുമായ ഈ ഒരു സ്ഥലം ഒഴിച്ചാൽ. മുപ്പത്തേഴു കൊല്ലത്തിനുമുൻപു്, ആ ദുഃഖമയമായ പുറംനടക്കാവിൽവെച്ച് ഏറ്റവും ദുഃഖമയമായ പ്രദേശം, 50-52-ആം നമ്പർ കെട്ടിടം നില്ക്കുന്നതും ഇന്നുകൂടി ഒട്ടും രസം തോന്നിക്കാത്തതുമായ ആ ഒന്നാണു്.

ഇരുപത്തഞ്ചു കൊല്ലം കഴിഞ്ഞതിനു ശേഷം മാത്രമേ അവിടെ പ്രമാണിവീടുകൾ പൊന്തിവരാൻ തുടങ്ങിയുള്ളു. ആ പ്രദേശം അസുഖകരമായിരുന്നു. ആളുകളെ അലട്ടുന്ന ഈവക വിചാരങ്ങൾക്കു പുറമേ, അവിടെ എത്തുന്ന മനുഷ്യന്നു സാൽപെത്രിയേർ പ്രദേശത്തിനും അതിന്റെ മണിഗോപുരാഗ്രം അവിടെ നിന്നാൽ അല്പമൊന്നു കാണാം— ബിസെത്ര് പ്രദേശത്തിനും— അതിന്റെ പുറംഞെറികൾ അയാൾ തൊടുകതന്നെ ചെയ്യുന്നു— മധ്യത്തിലാണു്, താൻ നില്ക്കുന്നതെന്നുള്ള ബോധവും വരുന്നു— എന്നുവെച്ചാൽ, സ്ത്രീകളുടെ ഭ്രാന്തിനും പുരുഷന്മാരുടെ ഭ്രാന്തിനും മധ്യത്തിൽ എന്നർഥം. നോട്ടത്തിനു ചെല്ലാവുന്ന ദൂരത്തിനുള്ളിൽ, കോട്ടമതിലും പട്ടാളപ്പാളയങ്ങളുടെയോ സന്ന്യാസി മഠങ്ങളുടെയോ മട്ടിലുള്ള ചില വ്യവസായശാലകളുടെ മുൻഭാഗങ്ങളും മാത്രമേ ഉള്ളു; എല്ലായിടത്തും ചെറ്റപ്പുരകളും. മെഴുകുശീലപോലെ കറുത്ത പഴയ മോശച്ചുമരുകളും ശവമറപോലെയുള്ള പുതിയ വെള്ളച്ചുമരുകളും നില്ക്കുന്നു; എല്ലായിടത്തും വരിയൊത്ത മരങ്ങളും, ഒരു വരിക്കുണ്ടാക്കിയ എടുപ്പുകളും പരന്ന ചുമരുകളും നീണ്ടു ഭംഗിയില്ലാത്ത അണിനിരപ്പുകളും സമകോണുകളിലെ നീരസപ്രദമായ ദുഃഖമയത്വവും നിലത്തു യതൊരു നിരപ്പുകേടുമില്ല; പുരപ്പണിയിൽ യാതൊരു മനോധർമവുമില്ല. ഒരു ഞെറിയില്ല. എല്ലാംകൂടി ഒരു രസമില്ലായ്കയും ഒരു സാധാരണത്വവും ഒരു പൈശാചികത്വവുമുണ്ടു്. രൂപതുല്യതപോലെ മനസ്സിനെ സ്വാസ്ഥ്യം കെടുത്തുന്ന മറ്റൊന്നില്ല. എന്തുകൊണ്ടെന്നാൽ, രൂപതുല്യത ഒരുന്മേഷമില്ലായ്മയാണു്; ഉന്മേഷമില്ലായ്മയാണു് മനോവ്യസനത്തിന്റെ അടിക്കല്ലു്. നിരാശത കോട്ടുവായയിടുന്നു. കിടന്നു സങ്കടമനുഭവിക്കാനുള്ള ഒരു നരകത്തെക്കാൾ ഭയങ്കരമായ മറ്റൊന്നുണ്ടു്; അതാണു് വല്ലാതെ മടുപ്പനുഭവിക്കുന്ന നരകം. അങ്ങനെയൊരു നരകം വാസ്തവത്തിലുണ്ടെങ്കിൽ 50-52-ആം നമ്പർ ഭവനം നില്ക്കുന്ന പ്രദേശം അതിലേക്കുള്ള പ്രവേശദ്വാരമായേനേ.

ഏതായാലും, രാത്രിയാവുന്നതോടുകൂടി, പകൽവെളിച്ചം മറഞ്ഞുതുടങ്ങുമ്പോൾ, വിശേഷിച്ചും മഴക്കാലത്തു, സന്ധ്യമാരുതൻ ഇരിമ്പകമരങ്ങളിൽനിന്നു തവിട്ടുനിറത്തിലുള്ള ഒടുവിലത്തെ ഇലക്കൂട്ടത്തെ തല്ലിക്കൊഴിക്കുന്ന സമയത്തു് അന്ധകാരം നിബിഡവും നക്ഷത്രരഹിതവുമായിത്തീരുമ്പോൾ, അല്ലെങ്കിൽ ചന്ദ്രനും മേഘപരമ്പരയിൽ വിടവുകളുണ്ടാക്കി നിഴലുകൾക്കിടയിൽ അന്തർദ്ധാനം ചെയ്യുമ്പോൾ, ഈ പുറംനടക്കാവു് പെട്ടന്നു ഭയങ്കരമായിത്തീരുന്നു. കറുത്ത അതിർപ്പാടുകൾ അകത്തേക്കു ചുളുങ്ങിപ്പോകയും, അപാരതയുടെ നുറുങ്ങുകളെപ്പോലെ, നിഴലുകൾ പൂഴ്‌ന്നുകളയുകയും ചെയ്യുന്നു. തൂക്കുമരത്തോടു സംബന്ധിച്ച് ആ പ്രദേശങ്ങളിൽ നടപ്പുള്ള സംഖ്യാതീതമായ ഐതിഹ്യങ്ങളെ ഓർമിക്കാതിരിക്കാൻ വഴിപോക്കന്നു നിവൃത്തിയില്ലാതായിത്തീരുന്നു. അസംഖ്യം മഹാപാതകങ്ങൾ നടന്നിട്ടുള്ള ഈ പ്രദേശത്തിലെ ഏകാന്തതയിൽ ഭയങ്കരമായ എന്തോ ഒന്നുണ്ടു്. ആ അന്ധകാരത്തിനിടയിൽ വല്ല കെണികളിലും ചെന്നുചാടിയേക്കുമോ എന്നു ശങ്ക ജനിക്കുന്നു; ഇരുട്ടിന്റെ കെട്ടിമറിഞ്ഞ ആകൃതിഭേദങ്ങളെല്ലാം എന്തോ ചതി വിചാരിക്കയാണെന്നു തോന്നിപ്പോകുന്നു; ഒരോ മരത്തിന്റേയും ഇടയ്ക്ക് അല്പമൊന്നു തെളിഞ്ഞുകാണുന്ന ആ നീണ്ടതും കുഴിവോടുകുടിയതുമായ ചതുരഖണ്ഡം ശവക്കല്ലറപോലിരിക്കുന്നു; പകൽ അതു വിരൂപമായിരുന്നു; സന്ധ്യയ്ക്ക് അതു വ്യസനകരമത്രേ; രാത്രിയിൽ അതു് ആപൽക്കരമാണു്.

വേനല്ക്കാലത്തു സന്ധ്യയ്ക്ക് അവിടവിടെ വൃക്ഷച്ചുവട്ടിൽ മഴകൊണ്ടു് ചളിപിടിച്ച ബെഞ്ചുകളിന്മേൽ ഏതാനും ചില കിഴവികൾ ഇരിക്കുന്നതു കാണാം. നല്ലവരായ ഈ വൃദ്ധകൾക്കു യാചിക്കൽ ഇഷ്ടമാണു്.

പ്രായത്തെക്കാളധികം ക്ഷീണത്തെ കാണിക്കുന്ന ഈ പ്രദേശം, എന്തായാലും, അക്കാലത്തുകൂടി ഒന്നു രൂപഭേദപ്പെടുത്തുവാൻ ആരംഭിച്ചിരിക്കുന്നു. അക്കാലത്തുതന്നെ അതു നോക്കിക്കാണേണമെന്നുള്ളവർ കുറച്ചു വേഗം നടന്നേ പറ്റൂ എന്നായിരുന്നു. അതിന്റെ ആകപ്പാടെയുള്ള നിലയുടെ ഏതെങ്കിലും ഒരു ഭാഗം ഓരോ ദിവസവും മറഞ്ഞുകളയാതെയില്ല. കഴിഞ്ഞ ഇരുപതു കൊല്ലമായി ഓർലീൻസിലെ തീവണ്ടിയാപ്പീസു് ആ പഴയ ഗ്രാമത്തിന്റെ അടുത്തുനിന്നു്, ഇന്നത്തെപ്പോലെ, അതിനെ ഇട്ടു ഭ്രമിപ്പിച്ചുവരുന്നു. ഒരു തലസ്ഥാനനഗരത്തിന്റെ അയൽപ്രദേശത്തു് എവിടെയെല്ലാമാണോ ഒരു തീവണ്ടിയാപ്പീസു് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതു്, അവിടെയെല്ലാം അതു് ഒരു നാട്ടുപുറത്തിന്റെ മരണത്തിനും ഒരു പട്ടണത്തിന്റെ ജനനത്തിനും കാരണമായിത്തീരുന്നു. ആൾക്കൂട്ടത്തിന്റെ ഗതാഗതങ്ങൾക്കുള്ള വലിയ സങ്കേതങ്ങളായ ഈ സ്ഥലങ്ങൾക്കു ചുറ്റും കൃമികളാൽ നിറയപ്പെട്ട ഭൂമി, ആ ശക്തിമത്തുക്കളായ യന്ത്രങ്ങളുടെ കെടകെടശ്ശബ്ദംകൊണ്ടു്, കല്ക്കരി സാപ്പിട്ടു തീക്കനൽ ഛർദ്ദിക്കുന്ന ആ പിശാചസദൃശങ്ങളായ പരിഷ്കാരക്കുതിരകളുടെ ശ്വാസോച്ഛ ്വാസത്താൽ, വിറയ്ക്കുകയും വായ്പിളർക്കുകയും ചെയ്തു, മനുഷ്യരുടെ പണ്ടത്തെ പാർപ്പിടങ്ങളെയെല്ലാം ചുവട്ടിലേക്കാഴ്ത്തിക്കളഞ്ഞ്, ആ സ്ഥാനത്തു പുതിയവയ്ക്കു പൊന്തിവരാൻ ഇടംകൊടുക്കുന്നുവോ എന്നു തോന്നിപ്പോകുന്നു.

ഓർലീസു് തീവണ്ടി സാൽപെത്രിയേർ പ്രദേശത്തെ ആക്രമിച്ചെടുത്തതു മുതല്ക്കു, സെയിന്റു് സാങ്ങ്വിക്തോർ എന്നും ഴാർദാങ്ങ് ദെപ്ലൊന്തു് എന്നുമുള്ള കിടങ്ങുകളെ തൊട്ടുപോകുന്ന ആ പണ്ടത്തെ ഇടുങ്ങിയ തെരുവുകൾ, ഓരോ ദിവസവും മൂന്നും നാലും തവണ ഒരു നിശ്ചിതസമയത്തിനുള്ളിൽ ഓരോ വീടുകളെത്തന്നെയായി ഇടത്തോട്ടും വലത്തോട്ടും മാറ്റിവെക്കുന്ന വണ്ടിക്കൂട്ടത്തിന്റെ പാച്ചിൽകൊണ്ടു നിന്നു തുള്ളുകയായി, അത്യന്തം കണിശത്തോടുകൂടിയതെങ്കിലും പറഞ്ഞാൽ അങ്ങനെയല്ലാതായിത്തീരുന്ന ചിലതുണ്ടു്; വലിയ പട്ടണങ്ങളിൽ ആദിത്യൻ വീടുകളുടെ ഉമ്മറങ്ങൾക്കു ജീവനും വളർച്ചയൂമുണ്ടാക്കാറുണ്ടെന്നു വാസ്തവമായി പറയാവുന്നവിധം. വാഹനങ്ങളുടെ ഇളവില്ലാതെകണ്ടുള്ള ഗതാഗതം തെരുവുകൾക്കു വലുപ്പം വെപ്പിക്കുന്നുണ്ടെന്നുള്ളതു ശരിയാണു്. ഒരു പുതു ജീവിതത്തിന്റെ ചിഹ്നങ്ങൾ പ്രത്യക്ഷീഭവിക്കുന്നു. ഈ പഴയ കുഗ്രാമത്തിൽ, ഏറ്റവും ഇരുട്ടടഞ്ഞ മൂലകളിൽ, കൽവിരിപ്പുകൾ മുഖം കാണിക്കുന്നു; ആളുകൾ നടന്നുപോക പതിവില്ലാത്ത സ്ഥലങ്ങളിൽകൂടി അരുവഴികൾ പുറപ്പെടുകയും ഇഴഞ്ഞിഴഞ്ഞു നീളം വെക്കുകയും ചെയ്യുന്നു. ഒരു ദിവസം രാവിലെ—1845 ജൂലായിയിൽ ഒരു സ്മരണീയദിവസം രാവിലെ— കറുത്ത മണ്ണെണ്ണപ്പാത്രങ്ങൾ അവിടെ പുകയുന്നതു കണ്ടു; ആ ദിവസം പരിഷ്കാരം അവിടെ എത്തിച്ചേർന്നു എന്നു പറയാം— അതേ, പാരിസ്സു് നഗരം എന്നു സാങ്ങ്മാർസോവിന്റെ അയൽപ്രദേശത്തേക്കു കടന്നു.

കുറിപ്പുകൾ

[1] പതിനഞ്ചാമൻ ലൂയിയുടെ ഉപപത്നി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.