images/hugo-19.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.3.2
അക്കാലത്തെ ഭയങ്കരന്മാരിൽ ഒരാൾ

ഇക്കാലത്തു വെർനോങ് എന്ന ചെറുപട്ടണത്തിലൂടെ, ഏതെങ്കിലും കാണാൻ കൊള്ളരുതാത്ത ഒരിരിമ്പുകമ്പിപ്പാലമായി മാറാനിരിക്കുന്ന-ഇങ്ങനെ നമുക്കു വിചാരിക്കുക-ആ കൗതുകകരമായ പാലം കടന്നു് ആരെങ്കിലും സംഗതിവശാൽ പോകുന്നുണ്ടെങ്കിൽ, അയാൾ ആൾമറയ്ക്കു മീതെ കുറച്ചകാലത്തേക്കു നോക്കുന്നപക്ഷം, ഒരു തോൽത്തൊപ്പിയും കാലുറയും, നരയുടെ നിറത്തിൽ പരുക്കൻ തുണികൊണ്ടുള്ളതും ഒരിക്കൽ ചുകപ്പുനാടയായിരുന്ന എന്തോ ഒരു മഞ്ഞച്ചസാധനം തുന്നിക്കുത്തിയിട്ടുള്ളതായ ഒരുൾക്കുപ്പായവുമിട്ടു് വെയിൽകൊണ്ടു് ഊറയ്ക്കിട്ട പോലായ മരച്ചെരിപ്പും ധരിച്ച്, മുഖം ഏതാണ്ടു കറുത്തു, തലമുടി മിക്കവാറും വെളുത്തു, നെറ്റിമേൽ കവിളുവരെ എത്തുന്ന ഒരു വലിയ കലയോടുകൂടി, കൂന്നു വളഞ്ഞ്, ഉള്ളതിലധികം പ്രായം തോന്നിച്ചുകൊണ്ടു് ഏകദേശം അമ്പതുവയസ്സുള്ള ഒരാൾ, പാലത്തോടു തൊട്ടും ഒരു വെൺമാടച്ചങ്ങലകൊണ്ടു സെയിൻ നദിയുടെ ഇടത്തേ വക്കത്തു വേലി കെട്ടിയുമുള്ള മതിലുകളാൽ ചുറ്റപ്പെട്ട ആ പറമ്പുകള്ളികളിൽ-മുഴുവനും പുഷ്പങ്ങളെക്കൊണ്ടു നിറഞ്ഞു, കുറേക്കൂടി വലുതെങ്കിൽ പൂന്തോട്ടവും, കുറേക്കൂടി ചെറുതെങ്കിൽ പൂച്ചെണ്ടുമാണെന്നു കാണികൾ പറഞ്ഞുപോകുന്നവിധമുള്ള ആ മനസ്സു മയക്കുന്ന മതിലകങ്ങളിൽ-ഒന്നിൽ ഏതാണ്ടു ദിവസം തോറും കൈയിൽ അരിവാളും കൈക്കോട്ടുമായി നടക്കുന്നതു കാണപ്പെട്ടേക്കാം. ഈ മതിലകങ്ങളെല്ലാം ഒരറ്റത്തു പുഴയോടും മറ്റേ അറ്റത്തു് ഒരു വീട്ടിനോടും ചെന്നുമുട്ടുന്നു. ഉൾക്കുപ്പായത്തോടും മരച്ചെരിപ്പോടുംകൂടിയുള്ള ആ പറയപ്പെട്ട മനുഷ്യൻ, 1817-ൽ ഇങ്ങനെയുള്ള വേലിയ്ക്കകങ്ങളിൽ വെച്ച് ഏറ്റവും ചെറിയതൊന്നിൽ, അതുകളിലെ വീടുകളിലെല്ലാംവെച്ച് ഏറ്റവും നിസ്സാരമായ ഒരു കുടിലിൽ താമസിച്ചുവന്നു. അവിടെ ഈയാൾ കുടുംബമൊന്നുമില്ലാതെ, ഒതുങ്ങി, നന്നേ കിഴിഞ്ഞ നിലയിൽ, തന്റെ കൂടെ പരിചാരകപ്രവൃത്തിക്കു ചെറുപ്പക്കാരിയോ കിഴവിയോ, സാധാരണക്കാരിയോ സുന്ദരിയോ, കൃഷിക്കാരിയോ സ്ഥാനമാനക്കാരിയോ അല്ലാത്ത ഒരു സ്ത്രീയുമായി കഴിച്ചുകൂട്ടുന്നു. തന്റെ തോട്ടമെന്നു പറഞ്ഞിരുന്ന ആ പറമ്പിൻതുണ്ടം, അതിൽ അയാൾ നിഷ്കർഷിച്ചുണ്ടാക്കിയിരുന്ന പുഷ്പങ്ങളുടെ ഭംഗികൊണ്ടു പട്ടണത്തിൽ പേരെടുത്തു. ആ പുഷ്പക്കൃഷിയാണു് അയാളുടെ പ്രവൃത്തി.

അധ്വാനത്തിന്റേയും സ്ഥിരോത്സാഹത്തിന്റേയും ശ്രദ്ധയുടേയും വെള്ളം നിറച്ച കുടങ്ങളുടേയും പ്രാബല്യംകൊണ്ടു, സൃഷ്ടികർത്താവിനെപ്പോലെ, അയാൾക്കും സൃഷ്ടിക്കാൻ സാധിച്ചു; പ്രകൃതീദേവി മറന്നുകളഞ്ഞുവോ എന്നു തോന്നുന്ന ചില ചെടികളെ അയാൾ കണ്ടുപിടിച്ചു; അയാൾ ബുദ്ധിമാനാണു്; അമേരിക്കയിലും ചൈനയിലുമുള്ള അപൂർവങ്ങളും അനർഘങ്ങളുമായ ചെടികളെ നട്ടുവളർത്തുവാൻ വേണ്ടവിധം മണ്ണു പാകപ്പെടുത്തി ചെറിയ തടങ്ങൾ പിടിച്ചുണ്ടാക്കുന്നതിൽ സുലാങ്ഷ് ബൊദിനെ അയാൾ മുന്നിട്ടു. വേനല്ക്കാലത്തു നട്ടും ചില്ല വെട്ടിയും കിളച്ചും നനച്ചും ദയയോടും കുണ്ഠിതത്തോടും പുഞ്ചിരിയോടുകൂടി തന്റെ പുഷ്പങ്ങൾക്കിടയിലൂടെ സഞ്ചരിച്ചും, ചിലപ്പോൾ ചില മണിക്കൂറുകളോളം അനങ്ങാതെ മനോരാജ്യത്തിൽ മുഴുകിനിന്നും, മരങ്ങളിൽനിന്നുള്ള ഒരു പക്ഷിയുടെ പാട്ടോ ഒരു വീട്ടിൽനിന്നുള്ള ഒരു കുട്ടിയുടെ കൊഞ്ചലോ മനസ്സിരുത്തിക്കേട്ടും, സൂര്യൻ ഒരു മാണിക്യക്കല്ലാക്കിത്തീർക്കുന്ന പുല്ലിൻതലയ്ക്കലെ മഞ്ഞുതുള്ളിയിൽ കൺപതിപ്പിച്ചും, അയാൾ നേരം പുലർന്നാൽ തന്റെ പറമ്പുവഴികളിൽ ചെന്നുകൂടും. അയാളുടെ ഭക്ഷണം ചുരുക്കം ചിലതുകൊണ്ടു കഴിയും; വീഞ്ഞിനെക്കാളധികം പാൽ കുടിക്കും. ഒരു കുട്ടിക്ക് അയാളെക്കൊണ്ടു പറഞ്ഞതു കേൾപ്പിക്കാം; ഭൃത്യ അയാളെ ശകാരിക്കും, അയാൾ അത്രയും ഭീരുവായതുകൊണ്ടു് മറ്റുള്ളവർക്കു മുൻപിൽ ബഹുനാണംകുണുങ്ങിയാണു്; വളരെ ചുരുക്കമേ അയാൾ പുറത്തേക്കു പോകാറുള്ളു; വീട്ടിൽ വന്നു വിളിക്കുന്ന സാധുക്കളേയും ഒരു കൊള്ളാവുന്ന കിഴവനായ മതാചാര്യനേയും മാത്രമേ അയാൾ കണ്ടിരുന്നുമുള്ളു. എങ്കിലും, പട്ടണനിവാസികളോ, അപരിചിതന്മാരോ, യദൃച്ഛയാ കണ്ടുമുട്ടിയ വേറേ വല്ലവരുമോ ആ അപൂർവച്ചെടികളെ നോക്കിക്കാണാൻ തന്റെ ചെറുഭവനത്തിൽ വന്നുവിളിക്കുന്നപക്ഷം ഉടനെ അയാൾ പുഞ്ചിരിയോടുകൂടി വാതിൽ തുറക്കും. ഈയാളാണു് ‘ല്വാർയുദ്ധത്തിലെ തട്ടിപ്പറിക്കാരൻ.’

എന്നാൽ യുദ്ധസംബന്ധികളായ സ്മരണകളും ജീവചരിത്രങ്ങളും മോനിത്യെപത്രവും വിവരണക്കുറിപ്പുകളും വായിച്ചുനോക്കിയിട്ടുള്ള ആരുംതന്നെ ഇടവിടാതെ അവയിൽ കാണപ്പെടുന്ന യോർഷ് പൊങ്മേർസി എന്ന ഒരു പേർ കണ്ടു് അത്ഭുതപ്പെട്ടിട്ടുണ്ടാവാതെ വയ്യാ. ചെറുപ്പത്തിൽ ഈ യോർഷ് പൊങ്മേർസി സാങ്തോങ്ഷിന്റെ സൈന്യത്തിൽ ഒരു ഭടനായിരുന്നു. ഭരണപരിവർത്തനം വന്നു. സാങ്തോങ്ഷിന്റെ പട്ടാളവകുപ്പു റൈൽസൈന്യത്തിന്റെ ഒരു ഭാഗമായി, രാജവാഴ്ചകാലത്തുള്ള പട്ടാളവകുപ്പുകൾ, രാജവാഴ്ചക്കാലം അവസാനിച്ചിട്ടും അതതു സംസ്ഥാനങ്ങളുടെ പേരുകളെ വിടാതെ വെച്ചുപോന്നിരുന്നു; 1794-ൽ മാത്രമേ ഓരോ സേനാമുഖങ്ങളായി വിഭജിക്കപ്പെട്ടുള്ളൂ. സ്പീറിലും, വോർരിലും, നൊയ്സ്താതിലും, തുർക്ക്ഹൈമിലും, ആൽസെയിലും, മയാങ്സിലും പോങ്മേർസി യുദ്ധം ചെയ്തിട്ടുണ്ടു്; ഒടുവിൽ പറഞ്ഞതിൽ ഷാറിന്റെ പിൻകാവൽസ്സൈന്യമായിരുന്ന ഇരുനൂറു പേരിൽ ഒരുവനായിരുന്നു അയാൾ. അതാണു് എസെ രാജകുമാരന്റെ സൈന്യങ്ങളോടു് അന്ദർനാക്കിലെ പഴയ കോട്ടമതിലിനു പിന്നിൽനിന്നു പന്ത്രണ്ടാമത്തെ തവണ യുദ്ധംവെട്ടിയതും ശത്രുക്കളുടെ പീരങ്കിമലഞ്ചെരുവിന്റെ അടിവാരത്തിലുള്ള അഴിത്തട്ടുചരടിൽ ഒരു വിടവുണ്ടാക്കിയപ്പോൾമാത്രം പ്രധാനസൈന്യവിഭാഗത്തിൽ ചെന്നുചേർന്നതുമായ പട്ടാളവകുപ്പു്. കാർഷീന്നെയിൽ ക്ലബെറയുടെ കീഴിലും മൊങ്-പാലിസ്സേൽ യുദ്ധത്തിലും അയാളുണ്ടായിരുന്നു; ഒടുവിൽ പറഞ്ഞതിൽവെച്ച് ഒരുണ്ട അയാളുടെ കൈ മുറിച്ചു; പിന്നീടു് അയാൾ ഇറ്റലിയിലേക്കു പോയി; ഴൂബെറോടുകൂടി കൊൽദു് താങ്ദു് കാത്തുനിന്ന മുപ്പതു പടയാളികളിൽ ഒരാൾ അയാളായിരുന്നു. ഴൂബെർ അഡ്ജുന്റു് - ജനറലായി; പൊങ്മേർസി സബ്ലെഫ്റ്റിനന്റും. ബോനാപ്പാർത്തിനെക്കൊണ്ടു, ‘ബെർത്തിയെ [1] പീരങ്കിപ്പടയാളിയുമാണു്, കുതിരപ്പടയാളിയുമാണു്, കുന്തപ്പടയാളിയുമാണു്,’ എന്നു പറയിച്ച ആ ദിവസം, ലോദിയിൽ പീരങ്കിയുണ്ടകളുടെ നടുക്ക് ബെർത്തിയെയുടെ അടുക്കൽ പൊങ്മേർസിയുമുണ്ടായിരുന്നു. വാൾ പൊന്തിച്ചുപിടിച്ച് അത്യുച്ചത്തിൽ ‘മുമ്പോട്ടു’ എന്നു വിളിച്ചുപറയുന്ന സമയത്തു് അയാൾ തന്റെ പണ്ടത്തെ മേലുദ്യോഗസ്ഥനായിരുന്ന ഴൂബെർ മരിച്ചുവീഴുന്നതുകണ്ടു. അയാൾ സംഘത്തോടുകൂടി യുദ്ധത്തിലുള്ള ആവേശങ്ങൾക്കിടയിൽ ജെനോവയിൽനിന്നു കടൽത്തീരത്തുള്ള ഏതോ ഒരു നിസ്സാരമായ തുറമുഖത്തിലേക്കു പോകുന്ന ഒരു പടക്കപ്പൽത്തോണിയിൽ കയറിപ്പോകുമ്പോൾ ഏഴോ എട്ടോ ഇംഗ്ലീഷുകപ്പലുകളടങ്ങിയ ഒരു കുടന്നൽക്കൂട്ടിൽ പെട്ടു. ജെനോവക്കാരൻ കപ്പൽസ്സൈന്യാധിപൻ അയാളോടു, പീരങ്കി കടലിലിട്ടു, പട്ടാളക്കാരെ മേൽത്തട്ടിലൊളിപ്പിച്ച്, ഒരു കച്ചവടക്കപ്പൽപോലെ അതിനുള്ളിൽനിന്നു് ഉപായത്തിൽ ഊരിപ്പോകുവാൻ ആവശ്യപ്പെട്ടു; പൊങ്മേർസി കൊടിക്കൂറയെ കൊടിമരത്തിനു മുകളിൽ പാറിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ പീരങ്കിയുണ്ടകൾക്കുള്ളിലൂടെ സാഹകാരമായി കടന്നുപോന്നു. കുറച്ചു ദൂരത്തെത്തിയപ്പോൾ അയാളുടെ ധൃഷ്ടത വർദ്ധിച്ചു; തന്റെ പടക്കപ്പൽത്തോണിയുംവെച്ച് ആ ഇംഗ്ലീഷ് കപ്പൽസ്സൈന്യത്തോടേറ്റു, സിസിലിയിലേക്കു സൈന്യത്തെ കൊണ്ടുപോകുന്നതും സമുദ്രത്തിന്റെ നിലയ്ക്കൊപ്പം താഴുമാറു് ആളുകളേയും കുതിരകളേയുംകൊണ്ടു കുത്തിനിറച്ചതുമായ ഒരു വലിയ കപ്പൽ പിടിച്ചടക്കി. 1805-ൽ ആർച്ച് ഡ്യുക്ഫെർദിനാന്ദിന്റെ പക്കൽനിന്നു ഗുങ്സു് ബർഗ് കൈവശപ്പെടുത്തിയ ആ മൽഹരുടെ സൈന്യവിഭാഗത്തിൽ അയാളുണ്ടായിരുന്നു. വെൽത്തിൻഗെ യുദ്ധത്തിൽ അയാൾ, ഒരു വെടിയുണ്ടമഴയുടെ നടുക്കുവെച്ചു, മരണപ്പരിക്കു പറ്റി മറിഞ്ഞ കേർണൽ മൊപെത്തിയെ കൈകൊണ്ടു താങ്ങിയെടുത്തു. ഓസ്തെർലിത്സു് യുദ്ധത്തിൽ ശത്രുക്കളുടെ വെടിക്കുള്ളിലൂടെയുണ്ടായ ആ അഭിനന്ദനീയമായ പോക്കിൽ അയാൾ ഒരു മാന്യനേതാവായിരുന്നു. നാലാം സൈന്യവിഭാഗത്തിലെ ഒരു വകുപ്പിനെ റഷ്യാ ചക്രവർത്തിയുടെ രക്ഷിസംഘത്തിൽപ്പെട്ട കുതിരപ്പട്ടാളം ചതച്ചതിനു്, അതിനോടു പകരം ചോദിച്ചു. രക്ഷിസംഘത്തെ തോല്പിച്ചുവിട്ടവരുടെ കൂട്ടത്തിൽ പൊങ്മേർസി ഉൾപ്പെട്ടിട്ടുണ്ടു്. നെപ്പോളിയൻ ചക്രവർത്തി അയാൾക്കു കുരിശുമുദ്ര കൊടുത്തു. മാൻച്വയിലും മേലാസ്സിലും അലെക്സാന്ദ്രിയയിലും വെച്ചു വേംസറേയും ഉൾമിൽ വെച്ചു മാക്കനേയും കണ്ടു, വഴിക്കു വഴിയേ തടവുകാരാക്കിയതു പൊങ്മേർസിയാണു്. മോർത്തിയേ നേതൃത്വം വഹിച്ചിരുന്നതും ഹംബർഗ്പട്ടണത്തെ പിടിച്ചടക്കിയതുമായ മഹാസൈന്യത്തിന്റെ എട്ടാമത്തെ വകുപ്പിൽ അയാൾ ഒരംഗമായിരുന്നു; പിന്നീടു് അയാൾ 55-ആം വകുപ്പിലേക്കു മാറി; അതാണു് ഫ്ളാൻഡേർസിലെ യുദ്ധത്തിൽപ്പെട്ട പഴയ സൈന്യം. ഈ പുസ്തകകർത്താവിന്റെ അമ്മാമൻ, ധീരോദാത്തനായ കാപ്റ്റൻ ലൂയി യൂഗോ, രണ്ടു മണിക്കൂർ നേരത്തോളം തന്റെ കൂട്ടത്തിൽപ്പെട്ട എൺപത്തിമൂന്നു പേരോടുകൂടി ശത്രുസൈന്യത്തിന്റെ സർവവിധാക്രമണങ്ങളേയും തടുത്തുനില്ക്കുകയുണ്ടായ ആ ഐലോവിലെ ചുടുകാട്ടിൽ അയാളും ഉണ്ടായിരുന്നു. അതിൽനിന്നു ജീവനോടുകൂടി പോന്ന മൂന്നു പേരിൽ ഒരാളത്രേ പൊങ്മേർസി. അയാൾ ഫ്രീദ്ലാങ് യുദ്ധത്തിൽ പെട്ടിരുന്നു; പിന്നീടു് മോസ്കോ യുദ്ധത്തിൽ കൂടി; പിന്നെ ലാ ബെറെസിനെ; പിന്നെ ലട്സൻ, ബോസൻ, ഡ്രെസ്ഡൻ, വാച്ചോ, ലീപ്സിഗ്; പിന്നെ മോങ്മിരെ, തിയെറി; ക്രയോൺ, മാൺ നദീതീരം, എയിൻനദീതീരം; പിന്നെ ലയോൺ, ആർനെ-ല്-ദുക്കിൽവെച്ച്-അന്നയാൾ കാപ്റ്റനാണ്-പത്തു യുദ്ധവീരന്മാരെ കൊത്തിനുറുക്കി, അയാൾ, തന്റെ മേലുദ്യോഗസ്ഥനെയല്ല, ഒരു കീഴ്ജീവനക്കാരനെ രക്ഷപ്പെടുത്തി. അന്നു് ഒരുമാതിരി അയാൾ കീറപ്പെട്ടു; ഇരുപത്തേഴു കുന്തത്തുമ്പുകൾ അയാളുടെ ഇടത്തെ കൈയിന്മേൽനിന്നുതന്നെ എടുക്കുകയുണ്ടായി. പാരിസു് പിടിച്ചതിനു് എട്ടു ദിവസം മുമ്പുവെച്ച് അയാൾ ഒരു കൂട്ടുകാരനുമായി ഉദ്യോഗമാറ്റം ചെയ്തു കുതിരപ്പട്ടാളത്തിൽ ചേർന്നു. അയാൾക്ക് ഒരു ഭാഷയിൽ പറയുമ്പോൾ സവ്യസാചിത്വമുണ്ടായിരുന്നു-എന്നുവെച്ചാൽ, ഒരു ഭടനെപോലെ വാളോ തോക്കൊ എടുക്കുകയും ഒരു മേലുദ്യോഗസ്ഥനെപ്പോലെ കുതിരപ്പട്ടാളങ്ങളെക്കൊണ്ടോ സാദിവകുപ്പുകളെക്കൊണ്ടോ പെരുമാറുകയും ചെയ്വാൻ അയാൾക്ക് ഒരേമാതിരി സാമർഥ്യമുണ്ടായിരുന്നു. ഈ സാമർഥ്യത്തിൽനിന്നാണു്, യുദ്ധസംബന്ധിയായ വിദ്യാഭ്യാസംകൂടി തികഞ്ഞാൽ ഒരുമിച്ചുതന്നെ സാദികളായും കുന്തപ്പടയാളികളായും പേരെടുക്കുന്ന യുദ്ധവിദഗ്ധന്മാരുണ്ടായിത്തീരുന്നതു്. അയാൾ നെപ്പോളിയന്റെ കൂടെ എൽബയിലേക്കു പോയി. വാട്ടർലൂ യുദ്ധത്തിൽ അയാൾ ദ്യുബൊവിന്റെ സൈന്യവകുപ്പിൽപ്പെട്ട ഒരു കവചധാരിഭടസംഘത്തിന്റെ നേതാവായിരുന്നു ല്യൂ നൽബർഗ് സൈന്യത്തിന്റെ കൊടി പിടിച്ചെടുത്തതു പൊങ്മേർസിയാണു്. അയാൾ ചെന്നു് ആ കൊടി ചക്രവർത്തിയുടെ കാൽക്കൽ ഇട്ടുകൊടുര്ത്തു. അയാൾ രക്തത്തിൽ മുഴുകിയിരുന്നു. ആ കൊടി തട്ടിപ്പറിക്കുന്ന സമയത്തു് അയാളുടെ ചക്രവർത്തി ഉച്ചത്തിൽ പറഞ്ഞു: ‘നിങ്ങൾ ഒരു കേർണലാണു്, ഒരു പ്രഭു, ബഹുമതിപട്ടത്തിന്നർഹനായ ഒരു മേലുദ്യോഗസ്ഥൻ!’ പൊങ്മേർസി മറുപടി പറഞ്ഞു: ‘തിരുമേനി, എന്റെ വൈധവ്യം വന്ന പത്നിക്കുവേണ്ടി ഞാൻ അങ്ങയോടു നന്ദി പറയുന്നു.’ ഒരു മണിക്കൂർകൂടി കഴിഞ്ഞു. ഒഹെങ്ങിലെ കുണ്ടുവഴിയിൽ അയാൾ തലകുത്തി. അപ്പോൾ ആരായിരുന്നു ഈ യോർഷ് പോങ്മെർസി? അയാൾ തന്നെയാണു് ‘ല്വാർയുദ്ധത്തിലെ തട്ടിപ്പറിക്കാരൻ.’

അയാളുടെ ചരിത്രത്തിൽ ചിലതു നാം കണ്ടുകഴിഞ്ഞിരിക്കുന്നു. ഒഹെങ്ങിലെ കുണ്ടുവഴിയിൽനിന്നു, വായനക്കാർക്കോർമയുള്ളവിധം, വലിച്ചെടുക്കപ്പെട്ട പൊങ്മേർസിക്കു വാട്ടർലൂയുദ്ധത്തിനു ശേഷം വീണ്ടും സൈന്യത്തിൽ ചേരാൻ സാധിച്ചു; ഒരു ചികിത്സാഗൃഹത്തിൽനിന്നു മറ്റൊരു ചികിത്സാഗൃഹത്തിലേക്കായി നീങ്ങിനീങ്ങി ല്വാറിലെ പട്ടാളത്താവളം വരെ അയാൾ എത്തി.

രാജത്വപുനഃസ്ഥാപനത്തോടുകൂടി അയാളുടെ ശമ്പളം പകുതിപ്പെട്ടു; പൊല്ലീസു് നോട്ടത്തിൻകീഴിൽ വെർനൊങ്ങിലുള്ള സ്വന്തം താമസസ്ഥലത്തേക്ക് അയാളെ ഭരണാധികാരികൾ പറഞ്ഞയച്ചു. നെപ്പോളിയൻ എൽബയിൽനിന്നു വന്നതിനു ശേഷമുണ്ടായ നൂറു ദിവസക്കാലങ്ങളിലെ സംഭവങ്ങളൊന്നും ഉണ്ടായിട്ടുള്ളതായി കൂട്ടാതിരുന്ന പതിനെട്ടാമൻ ലൂയി, ബഹുമതിപ്പട്ടം കിട്ടിയ ഉദ്യോഗസ്ഥനായിട്ടോ കേർണലായിട്ടോ പ്രഭുവായിട്ടോ അയാളെ കണക്കാക്കിയില്ല. പൊങ്മേർസിയാവട്ടെ, ‘കേർണൽ ബാറൺ പൊങ്മേർസി’ എന്നൊപ്പിടുവാൻ കിട്ടിയ അവസരമൊന്നും വെറുതെ വിട്ടില്ലതാനും. അയാൾക്ക് ഒരു പഴയ നീലക്കുപ്പായമേ ഉണ്ടായിരുന്നുള്ളു; അതിന്മേൽ ഒരിക്കലെങ്കിലും ബഹുമതിപ്പട്ടം കാണിക്കുന്ന ചുവപ്പുനാട പിടിപ്പിക്കാതെ അയാൾ പുറത്തേക്കിറങ്ങുകയില്ല നിയമവിരുദ്ധമായി ഈ അലങ്കാരമുദ്ര വഹിക്കുന്നതിനു് അയാളെ ഭരണാധികാരികൾ ശിക്ഷിക്കുന്നതാണെന്നു ഗവർമ്മെണ്ടുവക്കീൽ ഓർമപ്പെടുത്തി ഈ നോട്ടീസ്സുംകൊണ്ടു് ഒരുദ്യോഗസ്ഥൻ അയാളുടെ അടുക്കൽ ചെന്നപ്പോൾ, ഒരു സന്തോഷസൂചകമല്ലാത്ത പുഞ്ചിരിയോടുകൂടി പൊങ്മേർസി മറുപടി പറഞ്ഞു: ‘എനിക്ക് ഫ്രഞ്ചു ഭാഷ തിരിയാതായിട്ടോ നിങ്ങൾ ആ ഭാഷയിലുള്ള സംസാരം നിർത്തിയിട്ടോ എന്നെനിക്കറിവില്ല, പക്ഷേ, എനിക്കതു മനസ്സിലാവുന്നില്ലെന്നുള്ള കാര്യം വാസ്തവമാണു്.’ അതിനുശേഷം എട്ടു ദിവസം ഒരുപോലെ ആ മുദ്രയും ധരിച്ച് അയാൾ പുറത്തേക്കു പോയി. അയാളെ ഉപദ്രവിക്കാൻ അവർ ധൈര്യപ്പെട്ടില്ല രണ്ടോ മൂന്നോ തവണ യുദ്ധമന്ത്രി അയാൾക്ക് ‘മൊസ്സ്യു ലു് കൊമാൺഡന്റു് = (സൈന്യനേതാവു്), പൊങ് മേർസി’ എന്ന മേൽവിലാസത്തിൽ കത്തയയ്ക്കുകയുണ്ടായി; അതൊക്കെ പുറത്തെ അരക്കുകൂടി കേടുവരുത്താതെ അയാൾ അങ്ങോട്ടുതന്നെ മടക്കിയയച്ചു. ആ സമയ്ത്തുതന്നെ, സെന്റു് ഹെലീനദ്വീപിൽവെച്ചു സർഹഡ്സൺ ലോവിന്റെ ‘ജെനറൽ ബോനാപ്പാർത്തു് എന്ന മേൽവിലാസത്തിൽ അയച്ചിരുന്ന കത്തുകളോടു നെപ്പോളിയനും ആവിധംതന്നെ പെരുമാറിയിരുന്നു. ചക്രവർത്തിയുടെ വായിലുണ്ടായിരുന്ന ഉമിനീർതന്നെ-ഈ പറയുന്നതിനെ വായനക്കാർ ക്ഷമിക്കണം-പൊങ്മേർസി തന്റെ വായിലും വെച്ചുകൊണ്ടിരുന്നു.

ഇതേ മാതിരി, ഫ്ളെമിനിയസ്സിനെ [2] ബഹുമാനിക്കാതിരുന്ന കാർത്തിജീനിയക്കാർ തുടവുപുള്ളികൾ റോമിലും ഉണ്ടായിട്ടുണ്ടു്; ഹാനിബോളിന്റെ ചുണയുടെ ഒരു ചെറുഭാഗം അവരിലും പ്രകാശിച്ചു.

ഒരു ദിവസം ജില്ലാക്കോടതിയിലെ ഗവർമ്മെണ്ടുവക്കീലിനെ വെർനോങ് പട്ടണത്തിലെ ഒരു തെരുവീഥിയിൽവെച്ചു കണ്ടുമുട്ടിയ സമയത്തു് അയാൾ അടുത്തു ചെന്നു ചോദിച്ചു: ‘ഹേ ഗവർമ്മേണ്ടുവക്കീലവർകളേ, എനിക്ക് എന്റെ വെടിക്കല കൊണ്ടുനടക്കുവാൻ സമ്മതം തന്നിട്ടുണ്ടോ?’

ഒരു ചെറിയ പട്ടാളമേലുദ്യോഗസ്ഥന്റെ പകുതിശ്ശമ്പളമല്ലാതെ അയാൾക്ക് മറ്റൊരുപജീവനമാർഗവും ഉണ്ടായിരുന്നില്ല. വെർനോങ്ങിൽവെച്ചു കിട്ടാൻ കഴിയുന്ന ഏറ്റവും ചെറിയ ഒരു വീടു് അയാൾ വാടകയ്ക്കു വാങ്ങി നാമിപ്പോൾ കണ്ടു കഴിഞ്ഞതുപോലെ, അവിടെ അയാൾ താമസമാക്കി. ചക്രവർത്തിവാഴ്ചക്കാലത്തു, രണ്ടു യുദ്ധങ്ങളുടെ ഇടയ്ക്കുവെച്ചു, മാംസ്സെൻ ഗിൽനോർമാനെ കല്യാണം കഴിപ്പാൻ അയാൾ സമയം കണ്ടു. മനസ്സിൽ തികച്ചും ശുണ്ഠി കയറിയ ആ കിഴവൻ നാടുവാഴി ഒരു നെടുവീർപ്പോടുകൂടി ഇങ്ങനെ പറഞ്ഞുംകൊണ്ടു് അനുവാദം കൊടുത്തു: ‘വലിയ തറവാടുകൾക്ക് ചിലപ്പോൾ ഇതു പറ്റിയിട്ടുണ്ടു്.’ എല്ലാവിധത്തിലും അഭിനന്ദനീയയും ഒരുത്തമസ്ത്രീയും അസാമാന്യയും ഭർത്താവിനു യോജിച്ചവളുമായ മദാം പൊങ്മേർസി, ഒരാൺകുട്ടിയെ പ്രസവിച്ചതിനുശേഷം 1815-ൽ പരലോകപ്രാപ്തയായി. ആ വിജനവാസത്തിൽ കേർണൽ പൊങ്മേർസിയുടെ സന്തോഷം മുഴുവനും ആ ഒരു കുട്ടിയായിരുന്നു; പക്ഷേ, മുത്തച്ഛൻ ആ കുട്ടിയെ തനിക്കു കിട്ടണമെന്നു് അധികാരപൂർവം ആജ്ഞാപിച്ചു. കൊടുക്കാത്ത പക്ഷം കുട്ടിക്കു തന്റെ വക യാതൊരു സ്വത്തിനും അവകാശമില്ലാതാക്കിത്തീർക്കുമെന്നു് അദ്ദേഹം സിദ്ധാന്തിച്ചു. കുട്ടിയുടെ ഗുണം നോക്കി അച്ഛൻ അതനുസരിച്ചു; അയാൾ തന്റെ സ്നേഹത്തെ പുഷ്പങ്ങളുടെ മേലേക്കാക്കി.

അത്രയല്ല, അയാൾ സർവവും ഉപേക്ഷിച്ചു; അപകടങ്ങളെ ഉണ്ടാക്കിത്തീർക്കാനോ തീർത്തതിൽ പങ്കെടുക്കാനോ അയാൾ നില്ക്കാതായി. അപ്പോൾ ചെയ്തു പോരുന്ന നിർദ്ദോഷസംഗതികൾക്കും, ചെയ്തുകഴിഞ്ഞ മഹാകാര്യങ്ങൾക്കുമായി അയാൾ സ്വന്തം വിചാരങ്ങളെ പങ്കിട്ടുകൊടുത്തു. ഒരു പൂമൊട്ടുണ്ടാകുന്നതുകാത്തും ഓസ്തെർലിത്സു് യുദ്ധത്തെ ഓർമിച്ചും അയാൾ സമയം കഴിച്ചു.

മൊസ്സ്യു ഗിൽനോർമാന്നു് തന്റെ ജാമാതാവിനെപ്പറ്റി ഒരു വിചാരവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം കേർണൽ ‘ഒരു തട്ടിപ്പറി’ ക്കാരനായിരുന്നു. കേർണലിന്റെ പരിഹാസ്യമായ പ്രഭുപട്ടത്തെപ്പറ്റി അപ്പോൾ നേരംപോക്കു പറയുമ്പോഴല്ലാതെ മൊസ്സ്യു ഗിൽനോർമാൻ അയാളെപ്പറ്റി ഒന്നും മിണ്ടാറേ ഇല്ല. മകനെ തികച്ചും നിർധനനാക്കി തിരിച്ചേല്പിക്കുമെന്ന ശിക്ഷ കാണിച്ചു പൊങ്മേർസിയെക്കൊണ്ടു മകനുമായി മേലാൽ കാണാതിരുന്നുകൊള്ളാമെന്നു് അദ്ദേഹം ഉടമ്പടി ചെയ്യിച്ചു. ഗിൽനോർമാൻവംശക്കാരെസ്സംബന്ധിച്ചേടത്തോളം, പൊങ്മേർസി പ്ലേഗുരോഗം പിടിച്ചവനാണു്, ഈ ശാഠ്യങ്ങൾക്കു കീഴടങ്ങിയതിൽ കേർണൽക്കു പക്ഷേ, തെറ്റു പറ്റിയിരിക്കാം; പക്ഷേ, ആ ചെയ്യുന്നതു ധർമമാണെന്നും തന്നെയല്ലാതെ മറ്റാരേയും അതിനു ബലി കൊടുക്കുന്നില്ലല്ലോ എന്നും കരുതി അയാൾ അവയെ അനുസരിച്ചു.

മൊസ്സ്യു ഗിൽനോർമാന്റെ സ്വത്തു് അധികമൊന്നുമില്ലായിരുന്നു; പക്ഷേ, അദ്ദേഹത്തിന്റെ മൂത്ത മകളുടെ സ്വത്തു് അത്ര കുറച്ചൊന്നുമല്ല. അപരിണീതയായിരുന്ന ആ സ്ത്രീക്ക് അമ്മയുടെ വഴിയായി വളരെ മുതലുണ്ടായിരുന്നു; അതിന്നെല്ലാം ശരിയായ അവകാശി, ആ അനുജത്തിയുടെ മകനല്ലാതെ മറ്റാരുമല്ലതാനും. മരിയുസു് എന്നു പേരായ ആ ആൺകുട്ടിക്ക് ഒരച്ഛൻ തനിക്കുണ്ടെന്നല്ലാതെ വേറെയൊന്നും അറിവില്ലായിരുന്നു. അതിനെപ്പറ്റി ആരും അവനോടു മിണ്ടാറില്ല. ഏതായാലും മുത്തച്ഛൻ കൂട്ടിക്കൊണ്ടുപോകാറുള്ള ഓരോ ഇടങ്ങളിൽനിന്നു മന്ത്രിക്കലുകളും സൂചനകളും കൺചിമ്മലുകളുമായി ക്രമേണ ആ കുട്ടിയുടെ ഉള്ളിൽ കാര്യം തെളിഞ്ഞുവന്നുതുടങ്ങി; ഒടുവിൽ വാസ്തവസ്ഥിതിയുടെ ചില ഭാഗങ്ങളൊക്കെ മനസ്സിലായി; ആ ചെറുകുട്ടി ശ്വസിക്കുന്ന വായുതന്നെയാണെന്നു പറയാവുന്ന ആവക ആലോചനകളും അഭിപ്രായങ്ങളും അകത്തേക്കൂറിവീണു. പതുക്കെ തുളഞ്ഞു കടന്നു, മനസ്സിൽ പറ്റിയതോടുകൂടി, ലജ്ജയോടും വേദനയോടുംകൂടി മാത്രമേ അച്ഛനെപ്പറ്റി വിചാരിക്കാൻ കഴിയൂ എന്ന നില വന്നുകൂടി.

ഇങ്ങനെ വളർന്നുവരുമ്പോൾ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു ദിവസം കേർണൽ പതുക്കെ പുറപ്പെട്ടു. തടവിൽനിന്നു ചാടിപ്പോരുന്ന ഒരു കള്ളപ്പുള്ളിയെപ്പോലെ, ഉപായത്തിൽ പാരിസ്സിൽ വന്നു, മരിയുസ്സിന്റെ വലിയമ്മ മരിയുസ്സിനേയും കൂട്ടി പള്ളിയിലേക്കു പോകുന്ന സമയം നോക്കി സാങ്സുൽ പിസ്സിന്നടുത്തു് ഒരു ഭാഗത്തു വന്നുകൂടും. അവിടെ, ആ വലിയമ്മ തിരഞ്ഞുനോക്കിയാലോ എന്നു ഭയപ്പെട്ടുകൊണ്ടു്, അനങ്ങാതെ, ശ്വാസം കഴിക്കാൻകൂടി ധൈര്യമില്ലാതെ, ഒരു തൂണിനു പിന്നിൽ ഒളിച്ചുനിന്നു് ആ കുട്ടിയെ സൂക്ഷിച്ചു നോക്കും. കലകെട്ടിയ യുദ്ധഭടന്നു് ആ അപരിണീതവൃദ്ധയെ പേടിയായിരുന്നു.

ഈ വരവിൽനിന്നാണു് അയാളും വെർനോങ്ങിലെ മതാചാര്യനുമായി കൂട്ടുകെട്ടു തുടങ്ങിയതു്.

സാങ്സുൽപിസ്സിലെ ഒരു കീഴുദ്യോഗസ്ഥൻ അയാൾ ആ കുട്ടിയെ നോക്കിക്കാണുന്നതും, അയാളുടെ കവിളത്തുള്ള കലയും, കണ്ണിൽ കണ്ണീർ നിറയലും കണ്ടു മനസ്സിലാക്കാറുണ്ടു്. ആ കാവല്ക്കാരന്റെ സഹോദരനായിരുന്നു മതാചാര്യൻ. അത്രയും പുരുഷത്വമുള്ള ആ മനുഷ്യൻ ഒരു സ്ത്രീയെപ്പോലെ കരയുന്നതു കണ്ടു് ആ കാവല്ക്കാരനു ദയ തോന്നി. ആ മനുഷ്യന്റെ മുഖം അയാളുടെ ഉള്ളിൽ പതിഞ്ഞു, ഒരു ദിവസം ആ കാവല്ക്കാരൻ വെർനോങ്ങിലുള്ള മതാചാര്യനെ കാണാൻ ചെന്നിരുന്ന സമയത്തു കേർണൽ പൊങ്മേർസിയെ പാലത്തിന്മേൽ വെച്ചു യദൃച്ഛയാ കണ്ടുമുട്ടി, സാങ് സുൽപിസ്സിൽ വെച്ചു കാണാറുള്ള ആളാണതെന്നു മനസ്സിലാക്കി, അയാൾ വിവരമെല്ലാം മതാചാര്യനോടു പറഞ്ഞു; അവർ രണ്ടുപേരുംകൂടി എന്തോ ഉപായത്തിന്മേൽ കേർണലിനെ വീട്ടിൽ ചെന്നു കണ്ടു. അങ്ങനെ അവർ പിന്നെയും ഇടയ്ക്കിടയ്ക്കു ചെല്ലാൻ തുടങ്ങി. ആദ്യത്തിൽ അധികമൊന്നും മിണ്ടാതിരുന്ന കേർണൽ, ഒടുവിൽ തന്റെ മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു; ക്രമത്തിൽ കാവല്ക്കാരനും മതാചാര്യനും ചരിത്രം മുഴുവൻ അറിയാനിടയായി; സ്വന്തം മകന്റെ ഭാവിക്ഷേമപൂർണമാകുവാൻവേണ്ടി അയാൾ തന്റെ സുഖത്തെ ബലികഴിക്കുകയാണെന്നു് അവർ കണ്ടു. ഇതുകാരണം മതാചാര്യൻ അയാളെ സ്നേഹത്തോടും ബഹുമാനത്തോടുകൂടി കരുതിപ്പോന്നു; പോങ്മേർസിക്കും മതാചാര്യന്റെ മേൽ ഇഷ്ടം തോന്നി. അത്രയല്ല, രണ്ടു പേരും നല്ല സ്ഥിരതയും സൗശീല്യമുള്ളവരായതുകൊണ്ടു്, ഒരു വൃദ്ധനായ മതാചാര്യനും ഒരു വൃദ്ധനായ യുദ്ധഭടനുമെന്നപോലെ അത്രമേൽ അന്യോന്യം കൂടിച്ചേരുകയും ഒന്നായി യോജിക്കുകയും ചെയ്യുന്ന വേറെ രണ്ടുപേർ ഉണ്ടാവാൻ തരമില്ല. ഒരാൾ ഈ ഭൂമിയിലുള്ള തന്റെ രാജ്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു; മറ്റേ ആൾ സ്വർഗത്തിലുള്ള തന്റെ രാജ്യത്തിനുവേണ്ടി-ഇതേ വ്യത്യാസമുള്ളൂ.

കൊല്ലത്തിൽ രണ്ടു തവണ, വർഷാരംഭദിവസവും സെയ്ന്റു ് ജോർജ്ജ് പെരുന്നാൾ ദിവസവും മരിയൂസു് അച്ഛന്നു മുറയനുസരിച്ച് ഓരോ കത്തെഴുതും; അതിലെ വാചകങ്ങൾ വലിയമ്മയാണു് പറഞ്ഞുകൊടുക്കാറു്. അവയെല്ലാം ഏതോ ഒരു പഴഞ്ചൊൽപ്പുസ്തകത്തിൽനിന്നു പകർത്തിയവയാണെന്നേ തോന്നു. ഇതിനു മാത്രമേ മൊസ്സ്യു ഗിൽനോർമാന്റെ അനുവാദമുള്ളു. അവയ്ക്ക് അച്ഛൻ അയയ്ക്കാറുള്ള വാത്സല്യപൂർണങ്ങളായ മറുപടികളെയെല്ലാം മകൻ വായിച്ചുനോക്കാതെ കീശയിലേക്കു തിരുകും.

കുറിപ്പുകൾ

[1] നെപ്പോളിയന്റെ രക്ഷിസംഘാധിപൻ.

[2] ഒരു റോമൻ സൈന്യാധിപൻ, മൂന്നു തവണ രാജ്യഭാരമേറ്റെടുത്തു ഒടുവിൽ ഹാനിബോളുമായുള്ള യുദ്ധത്തിൽ മരിച്ചുപോയി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.