images/hugo-19.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
3.3.8
കരിങ്കല്ലിനോടെതിർ കുളിർക്കല്ല്

പാരിസ്സിൽനിന്നു് ആദ്യമായി പോയ ദിവസം മരിയുസു് ചെന്നതു് ഇവിടേക്കായിരുന്നു. ‘പുറത്തുപോയി കിടക്കയാണു്’ എന്നു മൊസ്സ്യു ഗിൽനോർമാൻ പറയുകയുണ്ടായ ഓരോ ദിവസവും മരിയുസു് ഇവിടെയായിരുന്നു.

ഒരു ശവക്കല്ലറയുമായുണ്ടായ ഈ അപ്രതീക്ഷിതസമാഗമം ലെഫ്റ്റിനന്റു് തെയൊദുലിനെ തികച്ചും അമ്പരപ്പിച്ചു; ഇന്നതാണെന്നു കണ്ടുപിടിപ്പാൻ വയ്യാതെ അഭൂതപൂർവവും നീരസപ്രദവുമായ ഒരു വികാരവിശേഷം അയാളെ ബാധിച്ചു; അതിൽ ശവക്കല്ലറയുടെ മേലുള്ള ഭക്തിയും കേർണലിന്റെമേലുള്ള ബഹുമാനവും കൂടിക്കലർന്നിരുന്നു. മരിയുസ്സിനെ തനിച്ചു ശവപ്പറമ്പിൽ വിട്ടുംവെച്ച് അയാൾ പിന്നോക്കം മടങ്ങി; ആ പിന്നോക്കമുള്ള പോക്കിൽ ഒരു പട്ടാളക്കീഴടക്കമുണ്ടായിരുന്നു. വലിയ അംസാലങ്കാരങ്ങളോടുകൂടി മൃത്യുദേവത അയാളുടെ മുൻപിൽ ആവിർഭവിച്ചു; അയാൾ ആ മൃത്യുവിനു് ഏതാണ്ടൊരു പട്ടാളസ്സലാം വെച്ചുകൊടുത്തു. മദാംവ്വസേല്ലു് ഗിൽനോർമാന്നു് എന്താണെഴുതേണ്ടതെന്നറിഞ്ഞുകൂടായ്കയാൽ, ഒന്നും എഴുതാതിരിക്കുവാൻ അയാളുറച്ചു; വിധിയുടെ പോക്കിൽ പലപ്പോഴും ഉണ്ടാകുന്ന ആ നിഗൂഢങ്ങളായ ഏർപ്പാടുകളിൽ ഒന്നുകൊണ്ടു വെർനോങ്ങിലെ സംഭവം ഏതാണ്ടു് ആ സമയത്തുതന്നെ പാരിസ്സിൽ ഒരു പ്രതിധ്വനിയുണ്ടാക്കിയിട്ടില്ലായിരുന്നുവെങ്കിൽ, മരിയുസ്സിന്റെ അനുരാഗസംഗതിയെപ്പറ്റിയുള്ള തെയൊദുലിന്റെ കണ്ടുപിടുത്തത്തിൽനിന്നു യാതൊരു ഫലവും പുറപ്പെടുമായിരുന്നില്ല.

വെർനോങ്ങിൽനിന്നു മരിയുസു് മൂന്നാംദിവസം അകത്തുച്ചയോടുകൂടി തിരിച്ചു മുത്തച്ഛന്റെ വീട്ടുവാതില്ക്കൽ എത്തിച്ചേർന്നു; രണ്ടു രാത്രി മുഴുവനും വണ്ടിയിൽ കഴിച്ചുകൂട്ടിയതുകൊണ്ടു ക്ഷീണിച്ചും, നീന്തം പഠിപ്പിക്കുന്ന വിദ്യാലയത്തിൽ പോയി ഒരു മണിക്കൂർ വെള്ളത്തിൽ കിടന്നു് ഉറക്കമിളച്ചതിന്റെ കേടു തീർക്കണമെന്നു നിശ്ചയിച്ചും, അയാൾ ക്ഷണത്തിൽ സ്വന്തം മുറിയിൽ കയറിച്ചെന്നു; തന്റെ യാത്രയുടുപ്പും കഴുത്തിൽക്കെട്ടിയിരുന്ന കറുപ്പുനാടയും വലിച്ചെറിയുവാൻ മാത്രം വേണ്ട സമയമെടുത്തതിനുശേഷം കുളിസ്ഥലത്തേക്കിറങ്ങി.

ആരോഗ്യമുള്ള എല്ലാ വയസ്സന്മാരെയുംപോലെ അപ്പോഴേക്കും ഉണർന്നെണീറ്റിട്ടുണ്ടായിരുന്ന മൊസ്സ്യു ഗിൽനോർമാൻ അയാളുടെ അകത്തേക്കുള്ള വരവറിഞ്ഞു; പ്രായംകൂടിയ കാലുകൾ അനുവദിച്ചേടത്തോളം വേഗത്തിൽ മരിയുസ്സിനെ ആലിംഗനം ചെയ്യുവാനും, ആ ഇടയ്ക്ക് അയാൾ അതേവരെ എവിടെയായിരുന്നു എന്നു ചോദിച്ചറിയുവാനും വേണ്ടി മുകളിലത്തെ നിലയിലേക്കുള്ള കോണി പാഞ്ഞുകയറി.

പക്ഷേ, വയസ്സന്നു കയറിച്ചെല്ലാൻ വേണ്ടിവന്ന സമയം ചെറുപ്പക്കാരന്നു് ഇറങ്ങിപ്പോവാൻ ആവശ്യമായില്ല; അതിനാൽ ഗിൽനോർമാൻ മുകൾത്തട്ടിലെത്തുമ്പോഴേക്കും മരിയുസു് അവിടെനിന്നു പോയിക്കഴിഞ്ഞു.

കിടയ്ക്കക്ക് ഒരു ചുളിവും തട്ടിയിട്ടില്ല; കിടയ്ക്കമേൽ ആ പുറംകുപ്പായവും കറുപ്പുനാടയും, തകരാറായിട്ടില്ലെങ്കിലും, പരന്നുകിടക്കുന്നു.

‘എനിക്കിതാണു് അധികം ആവശ്യം,’ മൊസ്സ്യു ഗിൽനോർമാൻ പറഞ്ഞു.

ഒരു നിമിഷംകൂടി കഴിഞ്ഞു; ആ വൃദ്ധൻ മാംസെൽ ഗിൽനോർമാൻ ഇരുന്നു ജാഗ്രതയോടുകൂടി വണ്ടിച്ചക്രങ്ങൾ തുന്നിയുണ്ടാക്കുന്ന സൽക്കാരമുറിയിലേക്കു കടന്നുചെന്നു.

വിജയഹർഷത്തോടുകൂടിയാണു് ആ ചെല്ലലുണ്ടായതു്.

മൊസ്സ്യു ഗിൽനോർമാൻ ഒരു കൈയിൽ പുറംകുപ്പായവും മറ്റേതിൽ കഴുത്തു നാടയും പിടിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം ഉച്ചത്തിൽ പറഞ്ഞു: ‘വിജയം! ഇതാ, നമ്മൾ ഉള്ളുകള്ളി കണ്ടുപിടിക്കയായി! നമ്മൾ എല്ലാ ഭാഗവും ഇതാ തികച്ചും അറിയാൻപോകുന്നു; നമ്മുടെ ചെറുപ്പക്കാരൻ ചങ്ങാതിയുടെ ദുർന്നടപ്പുകളിൽ നമ്മൾ കൈവെച്ചു! ആ കഥ മുഴുവനുംതന്നെ കൈയിലായിക്കഴിഞ്ഞു. ഛായ എന്റെ കൈയിൽ കിട്ടി!’

വാസ്തവത്തിൽ ആ നാടയുടെ തുമ്പത്തു കറുത്ത പരുക്കൻ തോൽകൊണ്ടു് ഒരു കൊത്തുഛായാപടംപോലുള്ള കൂടു തൂങ്ങിക്കിടന്നിരുന്നു.

വയസ്സൻ ആ കൂടെടുത്തു, തുറക്കാതെതന്നെ, അവനവനുള്ളതല്ലാത്ത ഒന്നാന്തരം ഒരു സദ്യ മുഖത്തൂടെ കടന്നുപോകുന്നതു് കാണുന്ന ഒരു വിശപ്പുകൂടിയ പാവത്തെപ്പോലെ, സന്തോഷവും ആഹ്ലാദവും ശുണ്ഠിയും കലർന്ന ഭാവവിശേഷത്തോടുകൂടി കുറച്ചുനേരം സൂക്ഷിച്ചുനോക്കി.

‘നിശ്ചയമായും ഇതൊരു ഛായാപടമാണു്. എനിക്കറിയാം ഈ വകയൊക്കെ, വലിയ വാത്സല്യത്തോടുകൂടി മാറത്തു തൂക്കിയിട്ടിരിക്കയാണു്. എന്തു വിഡ്ഢികൾ! നമ്മെ ഒരു സമയം വിറപ്പിച്ചുകളയുന്ന ഏതോ കൊള്ളരുതാത്ത ഭയങ്കര വസ്തു! ഈ കാലത്തെ ചെറുപ്പക്കാർക്ക് ഇങ്ങനെ ചില ദുശ്ശീലം തുടങ്ങിയിരിക്കുന്നു!’

‘അച്ഛാ, നമുക്കു തുറന്നുനോക്കുക, ആ പ്രായം ചെന്ന അപരിണീത പറഞ്ഞു.

ഒരു കമ്പി തൊട്ടപ്പോൾ കൂടു തുറന്നു. സശ്രദ്ധമായി മടക്കിക്കെട്ടിയ ഒരു കടലാസ്സല്ലാതെ മറ്റൊന്നും അവരതിൽ കണ്ടില്ല.

‘ആ ആൾതന്നെ ആ ആൾക്കുതന്നെ അയച്ചതു്.’ പൊട്ടിച്ചിരിച്ചു കൊണ്ടു മൊസ്സ്യു ഗിൽനോർമാൻ പറഞ്ഞു. ‘എനിക്കറിയാം അതെന്താണെന്നു്. ഒരു കാമലേഖം.’

‘ഹാ, നമുക്കതു വായിച്ചുനോക്കുക, വലിയമ്മ പറഞ്ഞു.

അവൾ കണ്ണടയെടുത്തുവെച്ചു. അവൾ കടലാസ്സു നിവർത്തി ഇങ്ങനെ വായിച്ചു:

‘എന്റെ മകന്നു–വാട്ടർലൂ യുദ്ധത്തിൽവെച്ചു ചക്രവർത്തി എന്നെ ഒരു പ്രഭുവാക്കി. ഞാൻ എന്റെ രക്തംകൊണ്ടു സമ്പാദിച്ച ഈ സ്ഥാനത്തിനു് എനിക്കുള്ള അവകാശത്തെപ്പറ്റി രാജവാഴ്ചയുടെ പുനഃസ്ഥാപനം വാദിക്കുന്നതുകൊണ്ടു്, എന്റെ മകന്നു് അതെടുക്കുകയും ഉപയോഗിക്കുകയും ചെയ്യാം. അതിന്നു് എന്റെ മകന്നർഹതയുണ്ടെന്നുള്ളതിൽ സംശയിക്കാനില്ലല്ലോ!’

അച്ഛന്റേയും മകളുടേയും വികാരങ്ങളെ വിവരിക്കാൻ വയ്യാ. മൃത്യുമുഖത്തു നിന്നുള്ള നിശ്വാസംകൊണ്ടെന്നപോലെ അവർ മരവിച്ചുപോയി. അവർ ഒരക്ഷരവും തമ്മിൽ മിണ്ടിയില്ല.

ഒന്നുമാത്രം, തന്നോടുതന്നെയെന്ന നിലയിൽ ഒരു താന്നസ്വരത്തിൽ മൊസ്സ്യു ഗിൽനോർമാൻ പറഞ്ഞു: ‘അതു തട്ടിപ്പറിക്കാരന്റെ കൈയക്ഷരമാണു്.’

വലിയമ്മ ആ കടലാസു് പരിശോധിച്ചു; എല്ലാ പാട്ടിലും അതു തിരിച്ചും മറിച്ചും പിടിച്ചുനോക്കി; എന്നിട്ടു് അതു് ആ കൂട്ടിൽത്തന്നെയാക്കി.

ആ സമയത്തുതന്നെ, ഒരു നീലക്കടലാസ്സിൽ പൊതിഞ്ഞിട്ടുള്ള ഒരു ചെറിയ കെട്ടു് കുപ്പായത്തിന്റെ ഒരു കീശയിൽനിന്നു താഴെ വീണു. മദാംവ്വസേല്ലു് ഗിൽ നോർമാൻ അതു പെറുക്കിയെടുത്തു്, ആ നീലക്കടലാസ്സു നിവർത്തി.

ആ കെട്ടിൽ മരിയുസ്സിന്റെ നൂറു കാൽഡായിരുന്നു. അതിൽ ഒന്നെടുത്തു മൊസ്സ്യു ഗിൽനോർമാന്റെ കൈയിൽ കൊടുത്തു; അദ്ദേഹം വായിച്ചു: ‘ലു് ബാറൺ മരിയുസു് പൊങ്മേർസി.’

വയസ്സൻ മണിയടിച്ചു. നിക്കൊലെത്തു വിളി കേട്ടു വന്നു. മൊസ്സ്യു ഗിൽനോർമാൻ ആ നാടയും കൂടും പുറംകുപ്പായവുമെടുത്തു മുറിയുടെ നടുവിലേക്ക് ഒരേറെറിഞ്ഞു പറഞ്ഞു: ‘കൊണ്ടുപോ മണ്ണാങ്കട്ടകൾ.’

അഗാധമായ നിശ്ശബ്ദതയിൽ ഒരു മണിക്കൂർനേരം കഴിഞ്ഞു, ആ കിഴവനും ആ പ്രായംകൂടിയ അപരിണീതയും പുറത്തോടുപുറം തിരിഞ്ഞിരുന്നു മനോരാജ്യം വിചാരിക്കയായി; ഒന്നു് ഏതാണ്ടു് തീർച്ചയാണു്, രണ്ടുപേരും ഒരു സംഗതിയെപ്പറ്റിയായിരിക്കണം ആലോചിക്കുന്നതു്.

ആ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, വലിയമ്മ പറഞ്ഞു: ‘നന്നായി ഒക്കെക്കൂടി.’

കുറച്ചുകൂടി കഴിഞ്ഞപ്പോൾ മരിയുസു് അങ്ങോട്ടു വന്നു. അയാൾ അകത്തുകടന്നു. വീട്ടിനുള്ളിലെത്തുന്നതിനു മുൻപുതന്നെ, മുത്തച്ഛൻ തന്റെ ഒരു കാർഡും പിടിച്ചുനില്ക്കുന്നതു് അയാൾ കണ്ടു; മരിയുസ്സിനെ കണ്ട ഉടനെ ഒരു നാടുവാഴിയുടെ ഭാവത്തോടും മുഖത്തടിക്കുന്നതുപോലെയുള്ള ഒരിളിച്ചുകാട്ടുന്ന പ്രമാണിത്തത്തോടുംകൂടി മുത്തച്ഛൻ ഉച്ചത്തിൽ പറഞ്ഞു: ‘ശരി! ശരി! ശരി! ശരി! ശരി! അപ്പോൾ നിങ്ങൾ ഒരു പ്രഭുവായിരിക്കുന്നു. ഞാൻ നിങ്ങളെ അഭിനന്ദിച്ചുകൊള്ളുന്നു. എന്താണിതിന്റെ സാരം?’

മരിയുസ്സു് കുറച്ചൊന്നു തുടുത്തു; അയാൾ പറഞ്ഞു: ‘ഇതിന്റെ സാരം, ഞാൻ എന്റെ അച്ഛന്റെ മകനാണെന്നു്.’

മൊസ്സ്യു ഗിൽനോർമാൻ ചിരി നിർത്തി; ശുണ്ഠിയോടുകൂടി പറഞ്ഞു: ‘ഞാനാണു് നിന്റെ അച്ഛൻ.’

‘എന്റെ അച്ഛൻ,’ കീഴ്പോട്ടു നോക്കിയും ഗൗരവത്തോടുകൂടിയും മരിയുസു് മറുപടി പറഞ്ഞു: ‘ഒരു സാധുവും ധീരനുമായിരുന്നു; അദ്ദേഹം പ്രജാധിപത്യത്തേയും ഫ്രാൻസു് രാജ്യത്തേയും വേണ്ടവിധം സഹായിച്ചു; മനുഷ്യൻ ഇതുവരെയുണ്ടാക്കിയിട്ടുള്ള ചരിത്രങ്ങളിൽവെച്ച് ഏറ്റവും മാഹാത്മ്യമേറിയ ചരിത്രത്തിൽ അദ്ദേഹം ഒരു മഹാനായിരുന്നു; പീരങ്കിയുണ്ടയുടേയും വെടിയുണ്ടകളുടേയും ചുവട്ടിൽ, പകൽ മഞ്ഞത്തും ചളിയിലും രാത്രി മഴയത്തുമായി ഒരു കാൽ നൂറ്റാണ്ടു കാലം അദ്ദേഹം പട്ടാളത്താവളത്തിൽ കഴിച്ചുകൂട്ടി; അദ്ദേഹം രണ്ടു കൊടിക്കൂറ പിടിച്ചെടുത്തു; ഇരുപതു മുറിവേറ്റു; ആരും ഓർമിക്കാതെയും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടും അദ്ദേഹം കിടന്നു മരിച്ചു; ഒരു കുറ്റമല്ലാതെ മറ്റൊന്നും ആ മഹാൻ ചെയ്തിട്ടില്ല. അതെന്തെന്നാൽ, രണ്ടു കൃതഘ്നജന്തുക്കളെ അദ്ദേഹം വേണ്ടതിലധികം സ്നേഹിച്ചു-സ്വന്തം രാജ്യത്തേയും, ഈ എന്നെയും.’

മൊസ്സ്യു ഗിൽനോർമാന്നു സഹിക്കാവുന്നതിൽ അധികമായി ഇതു്. പ്രജാധിപത്യം എന്ന വാക്കു കേട്ടതോടുകൂടി അദ്ദേഹം എണീറ്റു; അല്ലെങ്കിൽ, കുറേക്കൂടി ശരിയായി പറയുന്നപക്ഷം, ചാടിയെണീറ്റു. മരിയുസു് ഉച്ചരിച്ച ഓരോ വാക്കും ആ കിഴവനായ രാജകക്ഷിയുടെ മുഖത്തു് ഉലയിൽനിന്നു പുറപ്പെടുന്ന ഓരോ ഊത്തു് ഒരു ജ്വലിക്കുന്ന തീക്കൊള്ളിയിൽ തട്ടുമ്പോഴുണ്ടാകുന്ന ഭാവഭേദമുണ്ടാക്കി. മങ്ങിയ നിറംപോയി അയാൾ തുടുത്തു; തുടുപ്പു പോയി, ധൂമ്രവർണമായി; ധൂമ്രവർണം പോയി, തീജ്വാലയുടെ നിറം വഹിച്ചു.

‘മരിയുസ്!’ അയാൾ ഉറക്കെപ്പറഞ്ഞു, ‘കൊള്ളരുതാത്ത കുട്ടി! നിന്റെ അച്ഛൻ ആരായിരുന്നു എന്നെനിക്കറിഞ്ഞുകൂടാ! എനിക്കറിയണമെന്നാഗ്രഹമില്ല! എനിക്കതിനെപ്പറ്റി ഒന്നും അറിവില്ല; ഞാൻ അയാളെ അറിയില്ല; പക്ഷേ, എനിക്കറിയാവുന്നതെന്തെന്നാൽ, ആ കൂട്ടത്തിൽ തെമ്മാടികളല്ലാതെ മറ്റാരുമില്ല! അവറ്റയൊക്കെ വികൃതികളാണു്, കുത്തിക്കൊലക്കാർ, തട്ടിപ്പറിക്കാർ, കള്ളന്മാർ? ഞാൻ പറയുന്നു, എല്ലാവരും! ഞാൻ പറയുന്നു, എല്ലാവരും! ഒരാളെയായി ഞാനറിയില്ല! ഞാൻ പറയുന്നു, എല്ലാവരും! ഞാൻ പറയുന്നതു കേട്ടുവോ, മരിയുസ്! കണ്ടോ, എന്റെ കാലിൽ കിടക്കുന്ന നപാപ്പാസ്സെത്രത്തോളമോ അതിൽ ഒട്ടുമധികം നീ ഒരു പ്രഭുവായിട്ടില്ല! അവറ്റയൊക്കെ രൊബെപിയരുടെ കീഴിലുണ്ടായിരുന്ന തട്ടിപ്പറിക്കാരാണ്! ബ്വോനാ-പ്പാർത്തിനെ സഹായിച്ചവരെല്ലാം തട്ടിപ്പറിക്കാരാണ്! തങ്ങളും യഥാർഥരാജാവിനെ വഞ്ചിച്ച, വഞ്ചിച്ച, വഞ്ചിച്ച- അതേ അവറ്റയൊക്കെ രാജ്യദ്രോഹികളാണ്! വാട്ടർലൂവിൽവെച്ചു പ്രുഷ്യക്കാരുടേയും ഇംഗ്ലണ്ടുകാരുടേയും മുൻപിൽ പാഞ്ഞൊളിച്ച അവറ്റ മുഴുവനും ഭീരുക്കൾ! ഇതാണു് എനിക്കറിവുള്ളത്! നിന്റെ അച്ഛനവർകൾ ഈ പട്ടികയ്ക്കുള്ളിൽ സ്ഥലം പിടിച്ചിട്ടുണ്ടോ എന്നെനിക്കു നിശ്ചയമില്ല! എനിക്കതിൽ വ്യസനമുണ്ടു്; അത്രയും ചീത്തതന്നെ! നിന്റെ വിനീതദാസൻ!’

തിരിഞ്ഞുമറിഞ്ഞു മരിയുസു് തീക്കൊള്ളിയും മൊസ്സ്യു ഗിൽനോർമാൻ ഉലത്തോലുമായി. മരിയുസ്സിന്റെ ഓരോ അവയവവും തുള്ളിവിറച്ചു; ഇനിയെന്താണുണ്ടാവുക എന്നയാൾക്കു നിശ്ചയമില്ലാതായി; അയാളുടെ തലച്ചോറിനു തീപ്പിടിച്ചുകഴിഞ്ഞു. തിരുവത്താഴത്തിനുള്ള പരിശുദ്ധമായ അപ്പം മുഴുവനും വലിച്ചെറിയപ്പെട്ടതു കണ്ടുനില്ക്കുന്ന ഒരു മതാചാര്യനായി മരിയുസു്; ഒരു വഴിപോക്കൻ തന്റെ ആരാധനാമൂർത്തിയെ തുപ്പിയതായി കണ്ട ഒരു ‘പക്കീർ.’ ഈ ചില അക്ഷരങ്ങൾ തന്റെ മുൻപിൽവെച്ച് ഉച്ചരിക്കപ്പെട്ടു എന്നു വരാൻ വയ്യാ. അയാൾ എന്തു ചെയ്യേണ്ടു? അയാളുടെ അച്ഛൻ അയാളുടെ മുൻപിൽവെച്ചു ചവിട്ടപ്പെടുകയും ചവിട്ടിത്തേക്കപ്പെടുകയും ചെയ്തു; ആരാൽ? അയാളുടെ മുത്തച്ഛനാൽ. ഒരാളോടു് അക്രമം കാണിക്കാതെ മറ്റൊരാളോടു് എങ്ങനെ പകരംവീട്ടും? മുത്തച്ഛനെ അവമാനിക്കാൻ വയ്യാ; അതുപോലെതന്നെ അച്ഛനെ അവമാനിച്ചതിനു പകരം ചോദിക്കാതിരിക്കാനും വയ്യാ. ഒരു ഭാഗത്തു് ഒരു പരിശുദ്ധമായ ശവക്കല്ലറ; മറ്റേ ഭാഗത്തു നരച്ച തലമുടി.

തലയ്ക്കുള്ളിലൂടെ തള്ളിയിരമ്പുന്ന ഈ കൊടുങ്കാറ്റോടുകൂടി, ലഹരിപിടിച്ചവനെപ്പോലെ ചാഞ്ചാടിക്കൊണ്ടു്, അയാൾ കുറച്ചു നേരം അവിടെ നിന്നു; എന്നിട്ടു് അയാൾ മുഖമുയർത്തി, മുത്തച്ഛനെ സൂക്ഷിച്ചു നോക്കി, ഇടിയൊച്ചയിൽ പറഞ്ഞു: ‘ബുർബോങ് രാജകുടുംബം പോയ്ച്ചാവട്ടെ; പതിനെട്ടാമൻ ലൂയി എന്ന ആപോത്തൻ പോർക്കു പോയി തൂക്കുമരത്തിൽക്കയറട്ടെ.’

പതിനെട്ടാമൻ ലൂയി മരിച്ചിട്ടു കൊല്ലം നാലായി; അതൊക്കെ കാര്യം ഒന്നായിരുന്നു.

മുഖം തുടുത്തിരുന്ന ആ വയസ്സൻ തന്റെ നരയെക്കാളധികം വിളർത്തുപോയി. അദ്ദേഹം തിരിഞ്ഞുനിന്നു് അടുപ്പുതിണ്ണമേലുള്ള ദ്യുക് ദു് ബെറിയുടെ പ്രതിമയെ നോക്കി ഒരു സവിശേഷപ്രാഭവത്തോടുകൂടി ഉപചാരപൂർവം തലകുനിച്ചു. എന്നിട്ടു ജനാലയ്ക്കൽനിന്നു് അടുപ്പുതിണ്ണയിലേക്കും അടുപ്പുതിണ്ണയിൽനിന്നു ജനാലയ്ക്കലേക്കുമായി ആ മുറിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ, അദ്ദേഹം, നടക്കാൻ തുടങ്ങിയ ഒരു കൽപ്രതിമയായാലത്തെപ്പോലെ, ആ ചായമിട്ട നിലം കിടന്നു ഞെരങ്ങുമാറു്, രണ്ടു പ്രാവശ്യം പതുക്കെ ഒരക്ഷരവും മിണ്ടാതെലാത്തി.

പഴയകാലത്തെ ഒരാട്ടിൻകുട്ടിക്കുള്ള അമ്പരപ്പോടുകൂടി ആ ദ്വന്ദ്വയുദ്ധം സൂക്ഷിച്ചു നോക്കിയിരുന്ന മകളുടെ അടുക്കലേക്ക് അദ്ദേഹം രണ്ടാമത്തെ തിരിവിൽ അടുത്തു ചെന്നുനിന്നു് ഏതാണ്ടു് ശാന്തമായ ഒരു പുഞ്ചിരിയോടുകൂടി പറഞ്ഞു: ‘ഇയ്യാളെപ്പോലുള്ള ഒരു പ്രഭുവും എന്നെപ്പോലുള്ള ഒരു നാട്ടുപ്രമാണിയുംകൂടി ഒരു വീട്ടിനുള്ളിൽ താമസിച്ചുകൂടാ.’

പെട്ടെന്നു നിവർന്നുനിന്നു, വിളർത്തു, വിറച്ചുകൊണ്ടു, ശുണ്ഠിയുടെ വല്ലാത്ത മിന്നിച്ചയാൽ ഒന്നുകൂടി മുകളോട്ടു കയറിയ പുരികക്കൊടികളോടുകൂടി, ഭയങ്കരനായി, അദ്ദേഹം മരിയുസ്സിന്റെ നേർക്കു കൈ നീട്ടി ഉച്ചത്തിൽ പറഞ്ഞു: ‘കടന്നുപോ!’

മരിയുസു് വീട്ടിൽനിന്നു പോയി.

പിറ്റേ ദിവസം മൊസ്സ്യു ഗിൽനോർമാൻ മകളോടു പറഞ്ഞു: ‘ആ ചോരകുടിയന്നു് ആറാറുമാസം കൂടുമ്പോൾ നിങ്ങൾ അറുപതു പിസ്റ്റൾ [1] വീതം അയച്ചുകൊടുക്കണം; അവന്റെ പേർ നിങ്ങൾ എന്റെ മുമ്പിൽ വെച്ചു മിണ്ടിപ്പോകരുതു്.’

തീർത്തുകളയേണ്ടതായ ഒരു വലിയ തുക ശുണ്ഠി ഈടുവെപ്പിൽ ബാക്കികിടന്നതുകൊണ്ടും അതുകൊണ്ടു് എന്തുവേണ്ടു എന്നറിഞ്ഞുകൂടാതിരുന്നതിനാലും, പിന്നെ ഒരു മൂന്നു മാസത്തേക്ക് അദ്ദേഹം മകളെ നീ എന്നതിനു പകരം നിങ്ങൾ എന്നു വിളിച്ചുപോന്നു.

മരിയുസു് ശുണ്ഠിയെടുത്തു പുറത്തേക്കു പോയി. അയാളുടെ ദേഷ്യത്തിനു ശക്തി വർദ്ധിപ്പിച്ച ഒരു കാര്യമുണ്ടായി എന്നു സമ്മതിച്ചേ കഴിയൂ. കുടുംബസംബന്ധികളായ നാടകങ്ങളെ തകരാറാക്കിത്തീർക്കുന്ന ചില ചില്ലറ ദൈവഗതികൾ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. തെറ്റുകൾ അവകൊണ്ടു വാസ്തവത്തിൽ വർദ്ധിക്കുന്നില്ലെങ്കിലും മനോവേദനയ്ക്ക് അവ ആവക സന്ദർഭങ്ങളിൽ വലുപ്പം കൂട്ടുന്നു. മുത്തച്ഛന്റെ കല്പനപ്രകാരം മരിയുസ്സിന്റെ ‘മണ്ണാങ്കട്ടകളെ’ എടുത്തു കൊണ്ടു പോകുംവഴി നിക്കൊലെത്തു്, ശ്രദ്ധക്കുറവുകൊണ്ടു, കേർണൽ എഴുതിയ കടലാസ്സുണ്ടായിരുന്ന കറുപ്പുതോൽക്കൂടു്, ഒരു സമയം കോണിത്തട്ടിൽവെച്ചാവാം. താഴെയിട്ടു. കടലാസ്സാവട്ടെ കൂടാവട്ടെ പിന്നെ കണ്ടിട്ടില്ല. ‘മൊസ്സ്യു ഗിൽനോർമാൻ’-അന്നുമുതൽ അദ്ദേഹത്തെ മരിയുസു് മറ്റൊരു വാക്കുകൊണ്ടു സംബോധനം ചെയ്തിട്ടില്ല-‘അച്ഛന്റെ മരണപത്രം’ തിയ്യിലേക്കെറിഞ്ഞിരിക്കണമെന്നു് അയാൾ നിശ്ചയിച്ചു. കേർണൽ എഴുതിയിരുന്ന എല്ലാ വരിയും അയാൾക്കു കാണാപ്പാഠം തോന്നും; അതുകൊണ്ടു് അക്കാര്യത്തിൽ നഷ്ടമൊന്നുമുണ്ടായില്ല. പക്ഷേ, ആ കടലാസ്സു്, കൈയക്ഷരം, ആ പരിശുദ്ധസ്മാരകവസ്തു-അതൊക്കെയായിരുന്നു അയാളുടെ ജീവൻ. അതിനെക്കൊണ്ടെന്തു ചെയ്തിരിക്കണം?

എവിടേക്കാണു് പോകുന്നതെന്നു പറയാതെയും എവിടെക്കെന്നു തനിക്കു തന്നെ അറിവില്ലാതെയും മരിയുസു് മുപ്പതു ഫ്രാങ്കും ഘടികാരവും ഒരു കൈപ്പെട്ടിയിൽ ചില ഉടുപ്പുസാമാനങ്ങളുമായി ആ വീട്ടിൽനിന്നു പുറത്തേക്കു പോയി. അയാൾ ഒരു കൂലിവണ്ടിയിൽ കയറി; മണിക്കൂറിന്റെ കണക്കിൽ കൂലി ശരിപ്പെടുത്തി, സർവകലാശാലയുള്ള പ്രദേശത്തേക്ക് ഒന്നും ആലോചിക്കാതെ യാത്ര തിരിച്ചു.

മരിയുസ്സിനു് എന്തു സംഭവിക്കാൻ പോകുന്നു?

കുറിപ്പുകൾ

[1] 8 ക മുതൽ 10 ക വരെ വിലയുള്ള ഒരു പഴയ സ്വർണ്ണനാണ്യം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 3, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.