images/hugo-23.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
4.1.1
ഭംഗിയിൽ വെട്ടി

ജൂലായ് വിപ്ലവത്തോട് അടുത്തുസംബന്ധിച്ച 1831-ം 1832-ം സംവത്സരം ചരിത്രത്തിലെ ഏറ്റവും അസാധാരണങ്ങളും ഹൃദയാവർജ്ജകങ്ങളുമായ ഘട്ടങ്ങളിൽ ഒന്നാണ്. കഴിഞ്ഞവയ്ക്കും കഴിയാനിരിക്കുന്നവയ്ക്കും നടുക്കു രണ്ടു മലകൾ പോലെയാണ് ഈ രണ്ടു കൊല്ലങ്ങൾ. ഇവയ്ക്കു ഭരണപരിവർത്തനസംബന്ധിയായ ഒരന്തസ്സുണ്ട്. അഗാധസ്ഥലങ്ങൾ ഇവയിൽ വേറെ കാണാം. സാമുദായികങ്ങളായ വ്യക്തിപിണ്ഡങ്ങൾ, പരിഷ്കാരത്തിന്റെ യഥാർത്ഥപരിമാണങ്ങൾ, മീതെയ്ക്കുമീതെ സ്ഥാപിക്കപ്പെട്ടവയും തമ്മിൽ ഒട്ടിപ്പിടിക്കുന്നവയുമായ അവകാശങ്ങളുടെ ഉറച്ച കട്ട, പുരാതനമായ രാഷ്ട്രീയനിർമ്മിതിയുടെ നൂറ്റാണ്ടു പ്രായംചെന്ന മുഖരൂപങ്ങൾ, ആ അഗാധക്കുഴികൾക്കുള്ളിൽ, വ്യവസ്ഥകളുടേയും വികാരങ്ങളുടേയും സിദ്ധാന്തങ്ങളുടേയുമായ കരിങ്കാറുകൾക്കു വിലങ്ങനെ, ഓരോ നിമിഷത്തിലും പ്രത്യക്ഷമാകയും അപ്രത്യക്ഷമാകയും ചെയ്യുന്നു. ഈ പ്രത്യക്ഷമാകലിനും അപ്രത്യക്ഷമാകലിനും ജനങ്ങൾ പ്രസ്ഥാനമെന്നും പ്രതിബന്ധമെന്നും പേരിടുന്നുണ്ട്. ഇടയ്ക്കിടയ്ക്കു സത്യം, മനുഷ്യാത്മാവിനുള്ള ആ പകൽവെളിച്ചം, അവിടെ മിന്നുന്നതു കാണാം.

ഈ സ്മരണീയമായ ചരിത്രഘട്ടം അസന്ദിഗ്ദ്ധമായവിധം അതിരിടപ്പെട്ടതാണ്. എന്നല്ല ഇപ്പോൾത്തന്നെ അതിലെ പ്രധാനഭാഗങ്ങളെ നമുക്കു നോക്കി മനസ്സിലാക്കാൻ കഴിയുമാറ് അതു വേണ്ടിടത്തോളം അകന്നു തുടങ്ങിയിരിക്കുന്നു.

ഞങ്ങൾ ശ്രമിച്ചുനോക്കാം.

രാജത്വപുനഃസ്ഥാപനം എന്നതു വിവരിക്കാൻ പ്രയാസമുള്ള ആ അന്തരവർത്തികളായ ഘട്ടങ്ങളിലൊന്നാണ്; അതിൽ ക്ഷീണവും, തിരക്കും, പിറുപിറുക്കലും, ഉറക്കവും, ലഹളയും കാണാം; ഇവയെല്ലാം ഒരു മഹത്തായ ജനസമുദായം ഒരു താവളത്തിൽ എത്തിച്ചേരലല്ലാതെ മറ്റൊന്നുമല്ല.

ഈ ചരിത്രഘട്ടങ്ങൾ സവിശേഷങ്ങളാണ്; അവയെക്കൊണ്ടു തങ്ങൾക്ക് ഗുണമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന രാജ്യഭരണതന്ത്രജ്ഞന്മാരെ അവ തോല്പിക്കുന്നു. ആദ്യത്തിൽ, രാജ്യത്തിനു വിശ്രമമല്ലാതെ മറ്റൊന്നും വേണ്ടാ; അത് ഒന്നേ ഒന്നിനുമാത്രമാണ് ആർത്തിപിടിച്ചു നില്ക്കുന്നത്—വിശ്രമം; അതിന് ഒരൊറ്റ കാര്യമേഉള്ളൂ—ചെറുതാവണം. ഇതു സ്വസ്ഥമായിരിക്കുക എന്നതിന്റെ ഭാഷാന്തരമാണ്. മഹത്തരങ്ങളായ സംഭവങ്ങളേയും, മഹത്തരങ്ങളായ അപായങ്ങളേയും, മഹത്തരങ്ങളായ പരാക്രമങ്ങളേയും, മഹാന്മാരായ ആളുകളേയും—നമുക്ക് ഈശ്വരനോടുനന്ദി പറയുക—നാം ധാരാളം കണ്ടുകഴിഞ്ഞു; നമ്മുടെ തലമുടി മൂടത്തക്കവിധം അവ കുന്നുകൂടിയിരിക്കുന്നു. പ്രൂസിയസ്സിനു [1] സീസറെ നമുക്കു മാറ്റം കൊടുക്കാം; ഐവ്തോവിലെ [2] രാജാവിനുപകരം നെപ്പോളിയനേയും. ‘അവിടുന്ന് എന്തൊരു ‘നല്ല കൊച്ചുതിരുമേനിയായിരുന്നു!’ നേരം പുലർന്നതുമുതൽ നാം നടന്നുതുടങ്ങി ദീർഘവും ക്ലേശഭൂയിഷ്ഠവുമായ ഒരു പകലിന്റെ സന്ധിയിൽ നാം എത്തിച്ചേർന്നു. മിറബോവോടു [3] കൂടി നാം ഒന്നാമത്തെ തിരിച്ചൽ തിരിഞ്ഞു. രണ്ടാമത്തതു റൊബെപിയറോടുകുടി; മൂന്നാമത്തതു ബോനാപ്പാർത്തോടുകൂടിയും നമ്മൾ തളർന്നു കഴിഞ്ഞു. ഓരോ കിടയ്ക്ക ചോദിക്കുന്നതാണ് ഓരോന്നും.

തളർന്നുപോയ ഭക്തി, പ്രായംചെന്ന ധീരോദാത്തത, സിദ്ധിയടഞ്ഞ പ്രാഭവകാംക്ഷകൾ, കിട്ടിക്കഴിഞ്ഞ ഭാഗ്യങ്ങൾ, ഒന്നിനെ അന്വേഷിക്കുന്നു, ആവശ്യപ്പെടുന്നു, യാചിക്കുന്നു; കെഞ്ചിനോക്കുന്നു—എന്തിനെ? ഒരു താവളത്തെ, അതവയ്ക്കുകിട്ടി. അവ സ്വസ്ഥതയെ, സമാധാനത്തെ, വിശ്രമത്തെ, കൈയിലാക്കുന്നു; അതവയ്ക്കു തൃപ്തിയായി. പക്ഷേ, അതോടൊപ്പംതന്നെ ചില വാസ്തവാസ്ഥകൾ ഉദിച്ചു വരുന്നു; അവയെ കണ്ടുകൊള്ളണമെന്ന് നിർബന്ധിക്കുന്നു; അവഅതാതുൂഴമനുസരിച്ചു വന്നു വാതില്ക്കൽ മുട്ടുന്നു. ഈ വാസ്തവാവസ്ഥകൾ ഭരണപരിവർത്തനങ്ങളുടേയും യുദ്ധങ്ങളുടേയും സന്തതികളാണ്; അവ ഉള്ളതാണ്; അവ നിലനിൽക്കുന്നു; അവയ്ക്കു സമുദായത്തിനുള്ളിൽ സ്ഥലം പിടിക്കാൻ അധികാരമുണ്ട്; അതുപ്രകാരം അവ സ്ഥലം പിടിക്കുന്നു. മിക്കപ്പോഴും ഈ വാസ്തവാവസ്ഥകൾ കുടുംബത്തിലെ കാര്യസ്ഥന്മാരും, മുൻനടന്നു മൂലതത്ത്വങ്ങൾക്കു താമസസ്ഥലം അന്വേഷിക്കുകയല്ലാതെ മറ്റു പണിയില്ലാത്ത ഉദ്യോഗസ്ഥന്മാരുമാണ്.

അപ്പോൾ തത്ത്വജ്ഞാനികളായ രാജ്യഭരണതന്ത്രജ്ഞന്മാർക്കു തോന്നുന്നതാണിത്; ക്ഷീണിച്ച മനുഷ്യൻ വിശ്രമം ആവശ്യപ്പെടുന്ന ആ സമയത്തുതന്നെ, കൃതക്രിയങ്ങളായ വാസ്തവാസ്ഥകൾ ഉറപ്പുജാമ്യം ആവശ്യപ്പെടുന്നു. മനുഷ്യർക്കു വിശ്രമംപോലെയാണ്, വാസ്തവാവസ്ഥകൾക്ക് ഉറപ്പുജാമ്യം.

ക്രോംവെലിന്റെ [4] മരണശേഷം ഇംഗ്ലണ്ട് സ്റ്റുവർട്ട് രാജവംശത്തോടാവശ്യപ്പെട്ടത് ഇതാണ്; ഇതാണ് ചക്രവർത്തിഭരണശേഷം ഫ്രാൻസ് ബുർബൊങ് രാജവംശത്തോടാവശ്യപ്പെട്ടതും.

ഈ ഉറപ്പുകൾ അതാതു കാലത്തേക്ക് അത്യാവശ്യങ്ങളാണ്, അവ കൊടുത്തേ കഴിയൂ. രാജാക്കന്മാർ അവയെ ‘കൽപിച്ചുകൊടുക്കുന്നു;’ പക്ഷേ, വാസ്തവത്തിൽ അതാതു സംഭവങ്ങളുടെ ശക്തിയാണ് അവയെ കൊടുക്കുന്നത്. ഒരഗാധമായ വാസ്തവം; അറിഞ്ഞിരിക്കേണ്ടതായ ഒന്ന്—സ്റ്റുവർട്ട് രാജവംശക്കാർ 1662–ൽ ഇതിനെപ്പറ്റി സംശയിച്ചില്ല; ബൂർബൊങ് രാജവംശക്കാർ 1814-ൽ ഇതിനെ ഒരു നോക്കെങ്കിലും കണ്ടില്ല.

നെപ്പോളിയൻ അധഃപതിച്ചതോടുകൂടി ഫ്രാൻസിലേക്കു തിരിച്ചെത്തിയ ആ മുൻനിശ്ചിതമായ രാജവംശത്തിന്ന്, താനാണ് ഫ്രാൻസിന് അതു കൽപിച്ചുകൊടുത്തതെന്നും, താൻ കൽപിച്ചുകൊടുത്തതിന്റെ തിരിച്ചുവാങ്ങാനും തനിക്കധികാരമുണ്ടെന്നും, ബൂർബൊങ് കുടുംബത്തിനു ഈശ്വരദത്തമായ ഭരണാധികാരമുണ്ടെന്നും, ഫ്രാൻസിനു യാതൊന്നുമില്ലെന്നും, പതിനെട്ടാമൻ ലൂയിയുടെ അവകാശദാനപത്രം വഴിക്കു കൊടുക്കപ്പെട്ട രാഷ്ട്രീയാവകാശം ഈശ്വരദത്തമായ അവകാശത്തിന്റെ ഒരു ചിത്രം മാത്രമാണെന്നും, അതു ബൂർബൊങ് രാജവംശക്കാർ ഒടിച്ചെടുത്തു, രാജാവിനു തിരിച്ചുവാങ്ങാൻ തോന്നുന്നതുവരെയ്ക്കും കൈവശം വെച്ചുകൊള്ളാനായി പൊതുജനങ്ങൾക്കു സദയം സമ്മാനിച്ചതാണെന്നും വിശ്വസിക്കത്തക്കവിധം അപായകരമായ വങ്കത്തമുണ്ടായിരുന്നു. എങ്കിലും ആ സമ്മാനത്താൽ ഇളകിത്തീർന്ന നീരസത്തിൽനിന്ന് ബൂർബൊങ് കുടുംബക്കാർക്ക് അതു തങ്ങളുടെ ഒരു ദാനമായി കൂട്ടിക്കൂടെന്നു തോന്നിയിരിക്കണം.

ഈ രാജവംശം പത്തൊമ്പതാംനൂറ്റാണ്ടോടു ശുണ്ഠിയെടുത്തു. ഫ്രാൻസിന്റെ ഓരോ ഉൽഗതിയിലും അതു നെറ്റി ചുളിച്ചു. ഒരു നാടോടിവാക്ക്, അതായതു നിസ്സാരവും പരമാർത്ഥവുമായ ഒരു വാക്ക്, ഉപയോഗിക്കയാണെങ്കിൽ, അതു മുകർ വീർപ്പിച്ചു. ജനങ്ങൾ കണ്ടു.

ഒരു നാടകാഭിനയത്തിലെ രംഗമാറ്റംപോലെ ചക്രവർത്തിഭരണം മാറ്റിക്കളയപ്പെട്ടതുകൊണ്ടു താൻ ശക്തിയുള്ള ഒന്നാണെന്ന് ആ രാജവംശം വിചാരിച്ചു. ആ സമുദായത്തിൽത്തന്നെയാണ് തന്നേയും രംഗത്തിൽ കൊണ്ടുവന്നിട്ടുള്ളതെന്ന് അതു മനസ്സിലാക്കിയില്ല. നെപ്പോളിയനെ മാറ്റിക്കളഞ്ഞ കൈയേതോ അതിൽത്തന്നെയാണ് താനും നിൽക്കുന്നതെന്ന് അതു മനസ്സിലാക്കിയില്ല.

പണ്ടത്തേതായതുകൊണ്ട് തനിക്കു വേരുകളുണ്ടായിരിക്കണമെന്ന് അതു കരുതി. അതിനു വിഡ്ഡിത്തം പറ്റി. അതു പണ്ടത്തേതിന്റെ ഒരു ഭാഗം മാത്രമായിരുന്നു; പണ്ടത്തേതു മുഴുവനും കൂടിയുള്ളതു ഫ്രാൻസാണ്. ഫ്രഞ്ച് ജനസമുദായത്തിന്റെ വേരുകൾ ഉറച്ചുനില്ക്കുന്നത് ബൂർബൊങ് രാജവംശത്തിലല്ല, ഫ്രാൻസ് രാജ്യക്കാരിലാണ്. ആ നിഗൂഢങ്ങളും സജീവങ്ങളുമായ വേരുകൾ ഒരു വംശത്തിന്റെ അവകാശത്തെയല്ല, ഒരു രാജ്യക്കാരുടെ ചരിത്രത്തെയാണ് ഉണ്ടാക്കുന്നത്. ആ വേരുകൾ എല്ലായിടത്തുമുണ്ട്—സിംഹാസനത്തിന്റെ ചുവട്ടിലൊഴിച്ച്.

ഫ്രാൻസ് രാജ്യത്തിനു ബുർബൊങ് രാജവംശമെന്നത് അതിന്റെ ചരിത്രത്തിൽ മാന്യവും, ചോരയൊലിക്കുന്നതുമായ ഒരു മുഴയായിരുന്നു; അല്ലാതെ, അതു ഫ്രാൻസിന്റെ കർമ്മഗതിയിൽ ഒരു പ്രധാന ചലനശക്തിയും അതിന്റെ രാഷ്ട്രീയ സ്ഥിതിക്കാവശ്യമുള്ള ഒരസ്തിവാരവുമല്ല. ബുർബൊങ് രാജവംശമില്ലാതെത്തന്നെ ഫ്രാൻസിനു കഴിഞ്ഞുകൂടാം; അതില്ലാതെ ഇരുപത്തിരണ്ടു കൊല്ലം കഴിഞ്ഞു: ഒരു ധാരമുറിയൽ ഉണ്ടായിട്ടുണ്ട്. അത് ആ രാജവംശക്കാർ ആലോചിച്ചില്ല. അവർ അതെങ്ങനെ സംശയിക്കും?— അതേ, പതിനേഴാമൻ ലൂയി തെർമിദൊ [5] 9-ാംനു-: [6] സിംഹാസനാരോഹണം ചെയ്തു എന്നും മാറെൻഗോ യുദ്ധകാലത്തു പതിനെട്ടാമൻ ലൂയി സിംഹാസനത്തിലുണ്ടായിരുന്നു എന്നും സ്വപ്നം കണ്ടിരുന്ന ആ രാജവംശക്കാർ? ചരിത്രമുണ്ടായതിനുശേഷം, വാസ്തവാവസ്ഥകളുടേയും വാസ്തവാവസ്ഥകളിൽ അടങ്ങിയതും അവയാൽ ഘോഷിക്കപ്പെടുന്നതുമായ ഈശ്വരാജ്ഞാംശത്തിന്റേയും മുൻപിൽ ഇങ്ങനെ ഒരു കാലത്തും രാജാക്കന്മാർ അന്ധന്മാരാകുകയുണ്ടായില്ല. രാജാക്കന്മാരുടെ അവകാശം എന്നു ഭൂമിയിൽ പറയപ്പെടുന്ന ആ മേനിനാട്യം ഈശ്വരനിൽനിന്നു വന്നിട്ടുള്ള അവകാശത്തെ ഒരിക്കലും ഇത്രമേൽ നിരസിക്കുകയുണ്ടായിട്ടില്ല.

1814-ൽ ‘കല്പിച്ചുകൊടുക്കപ്പെട്ട’ ഉറപ്പുകളിന്മേൽ, അതുതന്നെ നാമകരണം ചെയ്തവിധമാണെങ്കിൽ സമ്മതങ്ങളിന്മേൽ, ഒരിക്കൽക്കൂടി ആ കുടുംബം കൈവെച്ചതു പരമാബദ്ധം. കഷ്ടം! ഒരു കഷ്ടസംഭവം! അതു തന്റെ സമ്മതങ്ങൾ എന്നുപേരിട്ടവ നമ്മുടെ സമ്പാദ്യങ്ങളായിരുന്നു; അതു നമ്മുടെ കയ്യേറ്റങ്ങൾ എന്നു പേരിട്ടവ നമ്മുടെ അവകാശങ്ങളായിരുന്നു.

സമയം വന്നു എന്നു തോന്നിയപ്പോൾ, രാജത്വപുനഃസ്ഥാപനമാകട്ടേ, താൻ ബോനാപ്പാർത്തിനെ തോൽപിച്ചയച്ചു എന്നും രാജ്യത്തു താൻ വേരൂന്നിയിരിക്കുന്നു എന്നും കരുതി, അതായത് തനിക്കു ശക്തിയുണ്ടെന്നും ഉറപ്പുണ്ടെന്നും വിശ്വസിച്ചു, താൻ ചെയ്യേണ്ടതെന്തെന്നു ക്ഷണത്തിൽ തീർച്ചപ്പെടുത്തി പണിതുടങ്ങി. ഒരു ദിവസം രാവിലെ അത് ഫ്രാൻസിനു മുൻപിൽ നിവർന്നുനിന്ന്, ഉച്ചത്തിൽ, രാജ്യഭരണത്തിൽ ഓരോരുത്തർക്കും പൊതുവായുള്ള അധികാരത്തെ, സ്വാതന്ത്രത്തിനുള്ള ഓരോ പൗരന്റേയും അധികാരത്തെ, എതിർത്തു. മറ്റൊരു വിധം പറകയാണെങ്കിൽ, ഫ്രാൻസിനെ ഫ്രാൻസാക്കിയതെന്തോ അതു ഫ്രാൻസിനും പൗരനെ പൗരനാക്കിയതെന്തോ അതു പൗരനും ഇല്ലെന്നു തർക്കിച്ചു.

ജൂലായിനിയമങ്ങൾ എന്നു പറയപ്പെടുന്ന ആ പ്രസിദ്ധവകുപ്പുകളുടെ അടിസ്ഥാനം ഇതാണ്. രാജത്വപുനഃസ്ഥാപനം വീണു.

അതു വീണുപോകേണ്ടതാണ്. പക്ഷേ, അത് അഭിവൃദ്ധിയുടെ എല്ലാ രൂപങ്ങളോടും എതിർനിന്നിട്ടില്ലെന്നു ഞങ്ങൾ സമ്മതിക്കുന്നു. അതോടുകൂടിത്തന്നെ, മഹത്തരങ്ങളായ കാര്യങ്ങളും അതു നിറവേറ്റിയിട്ടുണ്ട്.

രാജത്വപുനഃസ്ഥാപനത്തോടുകൂടി ശാന്തമായി വാദപ്രതിവാദം ചെയ്കയും—ഇതു പ്രജാധിപത്യകാലത്ത് ഇല്ലായിരുന്നു—സമാധാനത്തോടുകൂടിയ അന്തസ്സനുഭവിക്കയും - ഇതു ചക്രവർത്തി ഭരണകാലത്ത് ഉണ്ടായിരുന്നില്ല—ജനങ്ങൾക്കു ശീലമായി. സ്വതന്ത്രവും ശക്തിമത്തുമായ ഫ്രാൻസ് യൂറോപ്പിലെ അന്യരാജ്യങ്ങൾക്ക് ഉത്സാഹജനകമായ കാഴ്ച കാട്ടിക്കൊടുത്തു. ഭരണപരിവർത്തനമാണ് റോബെപിയരുടെ കാലത്തെ ആജ്ഞാവാക്യം; നെപ്പോളിയന്റെ കാലത്തെ ആജ്ഞാവാക്യം പീരങ്കിയായി; എന്നാൽ പതിനെട്ടാമൻ ലൂയിയുടേയും പത്താം ഷാർലിന്റേയും കാലത്തേ ബുദ്ധിക്ക് ആജ്ഞാവാക്യമായിരിക്കാൻ യോഗം വന്നുള്ളൂ. കാറ്റു നിലച്ചു; ഒരിക്കൽക്കൂടി ചൂട്ടുകത്തി. ഉയർന്ന ഭാഗങ്ങളിൽ മനസ്സിന്റെ പരിശുദ്ധവെളിച്ചം പാളിക്കത്തുന്നതു കാണാറായി. മഹത്തും പ്രയോജനകരവും ഹൃദയാകർഷകവുമായ ഒരു കാഴ്ച. ആലോചനാശീലന്ന് അത്രമേൽ പഴകിയവയും, രാജ്യഭരണതന്ത്രജ്ഞന്ന് അത്രമേൽ പുതിയവയുമായ ആ ഉത്കൃഷ്ടമൂലതത്ത്വങ്ങൾ—നിയമദൃഷ്ടിയിൽ സമത്വം, മനഃസാക്ഷിക്കു സ്വാതന്ത്ര്യം, പ്രസംഗത്തിനു സ്വാതന്ത്ര്യം വർത്തമാനപത്രങ്ങൾക്ക് സ്വാതന്ത്ര്യം, എല്ലാ ഉദ്യോഗങ്ങളിലേക്കും പ്രവേശിക്കുവാൻ എല്ലാ ഔചിത്യങ്ങൾക്കും സ്വാതന്ത്ര്യം എന്നിവ—തികച്ചും സമാധാനത്തോടുകൂടി പൊതു സ്ഥലങ്ങളിൽ വ്യാപരിക്കുകയായി. ഇങ്ങനെ 1830 വരെ നടന്നു. ഈശ്വരന്റെ കൈയിൽവെച്ചു പൊട്ടിപ്പോയ പരിഷ്കാരത്തിന്റെ ഒരായുധമാണ് ബുർബൊങ് രാജവംശം.

ബൂർബൊങ് കുടുംബക്കാരുടെ അധഃപതനം മാഹാത്മ്യപൂർണ്ണമായിരുന്നു—അവരുടെ ഭാഗത്തുനിന്നു നോക്കുമ്പോളല്ല, ഫ്രാൻസിന്റെ ഭാഗത്തുനിന്നു നോക്കുമ്പോൾ, അവർ ഗൗരവത്തോടുകൂടി, എന്നാൽ അധികാരത്തോടുകൂടാതെ. സിംഹാസനത്തിൽനിന്നിറങ്ങി; രാത്രിയിലേക്കുണ്ടായ അവരുടെ ഇറങ്ങൽ, ദുഃഖമയമായഒരു വികാരത്തെ ചരിത്രത്തിൽ ഇട്ടുംവെച്ചുകൊണ്ടുള്ള അത്തരം വിശിഷ്ടങ്ങളായ തിരോധാനങ്ങളിൽ ഒന്നായിരുന്നില്ല; ഒന്നാം ചാറത്സിന്റെ ആ പ്രേതസംബന്ധിയായ ശാന്തതയോ നെപ്പോളിയന്റെ ആ കഴുകിൻകരച്ചിലോ അതിലില്ല. അവർ പോയി. അത്രതന്നെ. അവർ കിരീടം താഴത്തുവെച്ചു; പ്രഭാപരിധിയൊന്നും അവരിൽ തങ്ങിനിന്നില്ല. അവർ കൊള്ളാവുന്നവരായിരുന്നു; പക്ഷേ, മഹത്ത്വമുള്ളവരല്ല. അവരുടെ നിർഭാഗ്യതയുടെ അന്തസ്സ് അവർക്കില്ലായിരുന്നു എന്നു പറയാം. ഷേർബുറിൽ നിന്നുള്ള കപ്പൽയാത്രയിൽ ഒരു വട്ടമേശയെ വെട്ടിമുറിച്ചു ചതുരമേശയാക്കിത്തീർത്ത പത്താം ഷാർൽ, തകർന്നുപോകുന്ന രാജത്വത്തെക്കാളധികം കഷ്ടത്തിൽപ്പെടുന്ന ആചാരത്തെയാണ് നോക്കിയിരുന്നതെന്നു തോന്നി. ഈ ചെറുതാകൽ അവരുടെ ദേഹത്തെ സ്നേഹിച്ചിരുന്ന രാജഭക്തന്മാരേയും അവരുടെ വംശത്തെ ബഹുമാനിച്ചിരുന്ന ഗൗരവശീലന്മാരേയും വ്യസനിപ്പിച്ചു. പൊതുജനങ്ങൾ അഭിനന്ദനീയരായിരുന്നു. ഒരുതരം രാജകീയലഹളസ്സംഘത്താൽ ആയുധങ്ങളോടു കൂടി ഒരു ദിവസം രാവിലെ ആക്രമിക്കപ്പെട്ടതായിക്കണ്ട ഫ്രാൻസ്, തന്റെ ഭാഗത്ത് അത്രയും ശക്തിയുണ്ടെന്നുള്ള ബോധത്താൽ ശുണ്ഠിയെടുക്കാതെ നിന്നു. അത് ആക്രമണത്തെ തടുത്തു, വികാരങ്ങളെ അടക്കി, ഓരോന്നിനേയും അതാതിന്റെ സ്ഥാനത്തേക്കുതന്നെയാക്കി, രാജ്യഭരണത്തെ നിയമാനുസൃതമാക്കി, ബൂർബൊങ്രാജവംശക്കാരെ നാടുകടത്തി. ഹാ, എന്നിട്ട് അവിടെ നിന്നു! പതിന്നാലാമൻ ലൂയിയെ രക്ഷിച്ച പീഠത്തിന്റെ ചുവട്ടിൽനിന്നുതന്നെ, ആ വയസ്സൻ പത്താംഷാർലിനെ അതു പിടിച്ചു പതുക്കെ നിലത്തുവെച്ചു. വ്യസനത്തോടും മുൻകരുതലോടും കൂടി മാത്രമേ അതു രാജാക്കന്മാരെ തൊട്ടുള്ളു. ഒരാളല്ല, കുറെ ആളുകളല്ല, ഫ്രാൻസാണ്, ഫ്രാൻസ് മുഴുവനുമാണ്. ജയിച്ചു വിജയഹർഷംകൊണ്ടു ലഹരിപിടിച്ച ഫ്രാൻസാണ്, സ്വബോധം വന്നു, ലോകം മുഴുവനും നോക്കിനിൽക്കെ, രാജധാനിയെ വരഞ്ഞിട്ടതിന്റെ പിറ്റേദിവസം ഗിയോംദ്യുവെ പറഞ്ഞ ഈ സഗൗരവാക്ഷരങ്ങളെ പ്രവൃത്തിയിൽ വരുത്തിയത്.—‘മഹാന്മാരുടെ പ്രീതികളെ അടിച്ചുകൂട്ടിയെടുക്കുകയും, ചില്ലയിൽനിന്നു ചില്ലയിലേക്കു ഒരു പക്ഷി എന്നപോലെ, നിർഭാഗ്യതയിൽനിന്നു മഹാഭാഗ്യത്തിലേക്ക് ചാടിച്ചെല്ലുകയും ഒരു പതിവായിട്ടുള്ളവർക്ക് ആപത്തിൽപ്പെട്ട രാജാവിനോടു പരുഷത കാണിപ്പാൻ എളുപ്പം കൂടും; പക്ഷേ, എനിക്കാണെങ്കിൽ, എന്റെ രാജാക്കന്മാരുടെ സ്ഥിതി, വിശേഷിച്ചും ആപത്തിൽപ്പെട്ടിരിക്കുന്ന എന്റെ രാജാക്കന്മാരുടെ സ്ഥിതി, എപ്പോഴും ആദരണീയമാണ്.’

ബൂർബൊങ് വംശക്കാർ ബഹുമാനവുംകൊണ്ടാണു പോയത്, പശ്ചാത്താപവുംകൊണ്ടല്ല, ഞങ്ങൾ ഇപ്പോൾത്തന്നെ പറഞ്ഞതുപോലെ അവരുടെ നിർഭാഗ്യത അവരെക്കാളധികം മാഹാത്മ്യമുള്ളതായിരുന്നു. അവർ ആകാശാന്തത്തിൽ മങ്ങിമറഞ്ഞു.

ജൂലായിവിപ്പ്ലവത്തിനു ക്ഷണത്തിൽ ഭൂമിയിലെങ്ങും ബന്ധുക്കളും ശത്രുക്കളുമുണ്ടായി. ഒന്നാമത്തവർ ഫ്രാൻസിന്റെ അടുക്കലേക്കു സന്തോഷത്തോടും ഉന്മേഷത്തോടുംകൂടി പാഞ്ഞെത്തി; പിന്നത്തവർ ഫ്രാൻസിൽനിന്നു മുഖം തിരിച്ചു—അവരവരുടെ സ്വഭാവംപോലെ. ആദ്യത്തെ വെളിച്ചംവെയ്ക്കലിൽ യൂറോപ്പിലെ രാജാക്കന്മാർ, അതായത് ഈ പ്രഭാതത്തിലെ മൂങ്ങകൾ, മുറിപ്പെട്ടും അമ്പരന്നും കണ്ണടച്ചു; പേടി കാട്ടാൻമാത്രമേ അതുപിന്നെ തുറന്നിട്ടുള്ളു—നമുക്കു മനസ്സിലാക്കാവുന്ന ഒരു ഭയം; ക്ഷമിക്കാവുന്ന ഒരു ശുണ്ഠിയെടുക്കൽ, ഈ അഭൂതപൂർവമായ ഭരണപരിവർത്തനം ഒരു ക്ഷോഭവുമുണ്ടാക്കിയില്ല; അപജയപ്പെടുത്തിയിട്ട രാജത്വത്തിന്ന് ഒരു ശത്രുവായി നിന്നു യുദ്ധംവെട്ടുന്ന ബഹുമതികൂടി അതുണ്ടാക്കിക്കൊടുത്തില്ല. സ്വാതന്ത്ര്യം അവമാനപ്പെട്ടുകാണുന്നതിൽ എപ്പോഴും രസമുള്ളൊന്നായ ഉച്ഛ ്യംഖല ഭരണാധികാരത്തിന്റെ കണ്ണിൽ, ജൂലായിവിപ്ലവം താൻ ഭയങ്കരമെങ്കിലും സൗരമ്യമായിത്തന്നെയിരുന്നു എന്നുള്ള ഒരബദ്ധം കാണിച്ചു. എന്തായാലും അതിന്നെതിരായി ആരും പ്രവർത്തിക്കുകയോ പ്രവർത്തിക്കാൻ നോക്കുകയോ ഉണ്ടായില്ല. ഏറ്റവുമധികം അതൃപ്തിയുള്ളവരും, ഏറ്റവുമധികം ശുണ്ഠിയെടുത്തവരും, ഏറ്റവുമധികം പേടിച്ചവരുംകൂടി അതിനു മുൻപിൽ തലകുനിച്ചു; നമ്മുടെ അഹംഭാവവും ശത്രുതയും എന്തുതന്നെയായാലും, മനുഷ്യനിൽനിന്നു മീതെയുള്ള ഒരാളുടെ കൈ വ്യാപരിച്ചിട്ടുണ്ടെന്നു ബോധമുള്ള സംഭവങ്ങളുടെ നേരെ നമുക്ക് ഒരു നിഗൂഢമായ ബഹുമാനം ഉദിച്ചുപോകുന്നു.

വാസ്തവാവസ്ഥയെ മറിച്ചിടുന്ന അവകാശത്തിന്റെ വിജയമാണ് ജൂലായി വിപ്ലവം. തേജസ്സുകൊണ്ടു നിറഞ്ഞ ഒരു വസ്തു.

അവകാശം വാസ്തവാവസ്ഥയെ മറിച്ചിടുക. അതിൽനിന്നാണ് ജുലായിവിപ്ലവത്തിനുള്ള പ്രകാശം. അതിന്റെ സാമ്യതയും അതിൽനിന്നുതന്നെ. വിജയമടഞ്ഞ അവകാശത്തിന് അക്രമം പ്രവർത്തിക്കേണ്ട ആവശ്യമില്ല.

അവകാശം ന്യായവും പരമാർത്ഥവുമാണ്.

അവകാശത്തിന്റെ ഗുണം എന്നെന്നും പരിശുദ്ധവും കൗതുകകരവുമായിരിക്കുന്നതാണ്. ആകപ്പാടെ ഏറ്റവും അത്യാവശ്യമാണെങ്കിലും, സമകാലീനന്മാരെല്ലാം തികച്ചും സമ്മതിക്കപ്പെട്ടതുതന്നെയുമാണെങ്കിലും, വാസ്തവാവസ്ഥ ഒരു വാസ്തവാവസ്ഥ എന്ന നിലയ്ക്കു മാത്രമേ നില്ക്കുന്നുള്ളുവെങ്കിൽ, കുറച്ചുമാത്രമേ അവകാശം അതിലുള്ളു എങ്കിൽ, അല്ലെങ്കിൽ ഒട്ടുംതന്നെ ഇല്ലെങ്കിൽ, കാലക്രമേണ അതു വികൃതവും അശുദ്ധവും ഒരു സമയം പൈശാചികംകൂടിയുമായിത്തീരും. വാസ്തവാവസ്ഥയ്ക്ക് എത്രകണ്ടു പൈശാചികമാവാമെന്ന് ഒരടിയായി മനസ്സിലാക്കണമെങ്കിൽ, അയാൾ അനവധി ശതാബ്ദങ്ങളോളം ദൂരത്തുനിന്നാണെങ്കിലും മാക്കിയവെല്ലിയെ [7] ഒന്നു നോക്കിക്കാണട്ടെ. മാക്കിയവെല്ലി ഒരു ദുഷ്ടനല്ല,ഒരു ചെകുത്താനല്ല, നിസ്സാരനും ഭീരുവുമായ ഒരെഴുത്തുകാരനല്ല; അയാൾ വാസ്തവാവസ്ഥയല്ലാതെ മറ്റൊന്നുമല്ല. അയാൾ ഇറ്റലിയിലെ വാസ്തവാവസ്ഥ മാത്രമല്ല; അയാൾ യൂറോപ്പിലെ മുഴുവനും വാസ്തവാവസ്ഥയാണ്, പതിനാറാം നൂറ്റാണ്ടിലെ വാസ്തവാവസ്ഥ. അയാൾ ഒരു പിശാചിന്റെ മട്ടിലിരിക്കുന്നു; പത്തൊമ്പതാം നൂറ്റാണ്ടിലെ മനഃപരിഷ്കാരത്തിനു മുൻപിൽ അതങ്ങനെത്തന്നയാണ്.

സമുദായം ഉണ്ടായ മുതൽ അവകാശവും വാസ്തവാവസ്ഥയുമായുള്ള ഈയുദ്ധം നടന്നുവരുന്നു. ഈ ദ്വന്ദ്വയുദ്ധത്തെ അവസാനിപ്പിക്കുക, പരിശുദ്ധമായ ആലോചനയെ മാനുഷികമായ സത്യസ്ഥിതിയോട് കൂട്ടിയോജിപ്പിക്കുക, അവകാശത്തെ വാസ്തവാവസ്ഥയിലേക്കും വാസ്തവാവസ്ഥയെ അവകാശത്തിലേക്കും ലഹള കൂടാതെ പ്രവേശിപ്പിക്കുക—ഇത് മഹാത്മാക്കളുടെ പ്രവൃത്തിയാണ്.

കുറിപ്പുകൾ

[1] ഹാനിബാളിനെ റോമിനു പിടിച്ചുകൊടുത്ത ബിതിനിയയിലെ രാജാവ് ക്രി. മു. 228-180).

[2] ഫ്രാൻസിലെ ഒരു പട്ടണം.

[3] മനുഷ്യന്റെ സുഹൃത്ത് എന്ന സ്ഥാനമെടുത്ത ഫ്രാൻസിലെ സുപ്രസിദ്ധ ഭരണശാസ്ത്രജ്ഞൻ.

[4] ഒന്നാം ചാറൽസിനെ കൊലപ്പെടുത്തി ഇംഗ്ലണ്ട് ഭരിച്ചുപോന്ന ഒലിവർ ക്രോംവെൽ.

[5] ഭരണപരിവർത്തനാബ്ദപ്രകാരം 11-ാം മാസം ഈ അബ്ദവ്യവസ്ഥ 1893 ഒക്ടോബർ 5–ാംനു മുതൽ 1895 ഡിസംബർ 31-ാംനുവരെയ്ക്കുണ്ടായിരുന്നു തെർമിദോ മാസം ജൂലായി 19-ാംനു മുതൽ ആഗസ്ത് 17-ാംനു വരെയാണു്.

[6] 1733 ജൂലായി 28-ാംനുയാണ് ഇംഗ്ലണ്ടുകാരും ആസ്ത്രിയക്കാരുംകൂടി ഫ്രാൻസുകാരിൽനിന്നു വലെൻസി നഗരം പിടിച്ചെടുത്തത്.

[7] ഇറ്റലിക്കാരനായ ഒരു സുപ്രസിദ്ധ ഭരണശാസ്ത്രജ്ഞനും ഗ്രന്ഥകാരനും ഇദ്ദേഹത്തിന്റെ രാജകുമാരൻ എന്ന പ്രധാന കൃതി ഏതാണ്ട് എല്ലാ പരിഷ്കൃതഭാഷകളിലും തർജ്ജമചെയ്യപ്പെട്ടിട്ടുളളതാണ് മാക്കിയവെല്ലിയെപ്പോലെ എന്നുവെച്ചാൽ ചതിയൻ മട്ടിൽ എന്ന് അർത്ഥമായിട്ടുണ്ട് ഇപ്പോൾ.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 4, Part 1; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 31, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.