ഇന്ദ്രന്റെയോ പ്രജാപതിയുടെയോ പുത്രനായ വിമദനോ വസുക്രപുത്രൻ വസുകൃത്തോ ഋഷി; ഏകപദാവിരാട്ടും അനുഷ്ടുപ്പും ഗായത്രിയും വിരാട്ടും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നി ദേവത.
ഞങ്ങളുടെ മനസ്സിനെ നിന്തിരുവടി നന്മയിലെയ്ക്കയച്ചാലും! 1
ആരുടെ ധർമ്മത്തിൽ (ആഹുതികളും സ്തുതികളും) ചെന്നു സ്വർഗ്ഗത്തെ, (കന്ന്) തള്ളയുടെ അകിടിനെയെന്നപോലെ സേവിയ്ക്കുമോ; ആ അഗ്നിയെ, ഹവിഭോജികളിൽവെച്ച് അതിയുവാവിനെ, ഉപദേഷ്ടാവായ മിത്രത്തെ, ദുർന്നിവാരനെ ഞാൻ സ്തുതിയ്ക്കുന്നു. 2
കർമ്മാധാരമായ ആരെ ഉപാസകർ വർദ്ധിപ്പിച്ചുപോരുന്നുവോ, ആ ജ്വാലാധ്വജൻ കോരിക്കൊടുത്തുകൊണ്ടു ശോഭിയ്ക്കുന്നു! 3
മനുഷ്യർക്കു ഗന്തവ്യനും, ഗമനശീലനും, കവിയുമായ തേജസ്വി ചെല്ലുമ്പോൾ, സ്വർഗ്ഗത്തിന്റെ അറ്റങ്ങളും അന്തരിക്ഷവും നിറയും! 4
താൻ മനുഷ്യന്റെ യാഗത്തിൽ ഹവിസ്സു ഭുജിച്ചിട്ടു, കത്തിപ്പടർന്ന് ഉയർന്നുനില്ക്കും; വേദിയളന്നുകൊണ്ടു മുമ്പേ പോകും! 5
ആ അഗ്നിതന്നെയാണ്, ക്ഷേമവും ഹവിസ്സും യജ്ഞവും: ഇദ്ദേഹത്തിന്റെ ആത്മാവു പാഞ്ഞുപോകും; ദേവന്മാർ ഈ സ്തുയമാനനോടൊന്നിച്ചു വരികയുംചെയ്യും! 6
ഗന്താവായ ആരെ കല്ലിന്റെ മകനെന്നു പറഞ്ഞിരിയ്ക്കുന്നുവോ, ആ യജ്ഞവാഹിയായ അഗ്നിയെ ഞാൻ മികച്ച സുഖത്തിന്നായി പരിചരിപ്പാനിച്ഛിയ്ക്കുന്നു. 7
ചില ആളുകൾ നമുക്കുണ്ടല്ലോ: അവർ അഗ്നിയെ ഹവിസ്സുകൊണ്ടു വർദ്ധിപ്പിച്ച്, എല്ലാ വരേണ്യവും നേടുമാറാകണം! 8
കറുപ്പും വെളുപ്പും തുടുപ്പും വലുപ്പവും ഋജുഗതിയും പൂണ്ടു തിളങ്ങുന്നതായ ഇദ്ദേഹത്തിന്റെ പുകഴ്‌ന്ന പൊന്നിൻതേർ പ്രജാപതി നിർമ്മിച്ചതത്രേ! 9
അഗ്നേ, അന്നത്തിന്റെ പൗത്ര, ഹവിരുപേതനായ വിമദൻ മികച്ച ബുദ്ധിയ്ക്കായി, ഇപ്രകാരം നിന്തിരുവടിയെ സ്തുതിച്ചു: നിന്തിരുവടി സദ്വിചാരങ്ങളിയറ്റി, അന്നവും രസവും നല്ല പാർപ്പിടവും – ഒക്കയും – കൊണ്ടുവന്നാലും! 10
[2] ധർമ്മം – അഗ്നിഹോത്രാദി. സ്വർഗ്ഗത്തെ – ദേവന്മാരെ.
[3] ജ്വാലാധ്വജൻ – അഗ്നി. കോരിക്കൊടുത്തുകൊണ്ടു് – സ്തോതാക്കൾക്ക് അഭീഷ്ടങ്ങൾ.
[4] മനുഷ്യർക്കു – യഷ്ടാക്കൾക്ക്. നിറയും – തേജസ്സുകൊണ്ട്.
[5] പോകും – അധ്വര്യുക്കളാൽ ഉത്തരവേദിയിലെയ്ക്കു കൊണ്ടുപോകപ്പെടും. അളന്നുകൊണ്ടു് – വലുപ്പം നോക്കിക്കൊണ്ടു നടക്കുകയാണെന്നു തോന്നും; ഗമ്യോൽപ്രേക്ഷ.
[6] പാഞ്ഞുപോകും – ദേവന്മാരെ യാഗത്തിന്നു വിളിപ്പാൻ.
[7] ഗന്താവ് – ദൂതത്വേന ദേവന്മാരെ വിളിപ്പാൻ പോകുന്നവൻ. കല്ലിന്റെ മകൻ – കല്ലുകളുരസുമ്പോൾ ജനിയ്ക്കുന്നവൻ.
[8] വരേണ്യം – ധനാദി.