മനുപുത്രൻ നാഭാനേദിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
(നാഭാനേദിഷ്ഠൻ) ഇങ്ങനെ ഈ രുദ്രസ്തോത്രം അറിവാൽ നിർമ്മിച്ചു. കർമ്മങ്ങൾക്കിടയിൽ സംഘത്തിൽ ഉറക്കെച്ചൊല്ലി: പങ്കുവെയ്ക്കുന്ന അച്ഛനമ്മമാരും മറ്റു മാന്യന്മാരും ഇതു (കൊണ്ടാടി). അയാൾ പചനദിവസത്തിൽ സപ്തഹോതാക്കൾക്കു കർമ്മപൂർത്തി വരുത്തി. 1
അദ്ദേഹം ദാനത്തിന്നും ഹനനത്തിന്നുമായി സമീപിച്ച്, ആയുധങ്ങളാൽ (അരക്കരെ) വീഴിച്ചു, വേദിമേലിരിയ്ക്കയായിരുന്നു; വെമ്പലോടേ ചെന്ന് ഉറക്കെസ്സംസാരിച്ചുകൊണ്ടു, തന്റെ മിടുക്കു, വെള്ളംപോലെ, അവിടെനിന്നുതിരുമാറു പാറ്റി. 2
യാതൊരുവൻ, പ്രബൃതധനനായിട്ടു കയ്യിലെടുത്തു നിർദ്ദേശിച്ച്, ഇവന്റെ വിരലുകൾകൊണ്ടു കൂട്ടുന്നുവോ; ആ സ്തോതാവു വിളിച്ചാൽ, നിങ്ങളിരുവരും അനുഗ്രഹിപ്പാൻ മനോവേഗേന മണ്ടിച്ചെല്ലുമല്ലോ; 3
സ്വർഗ്ഗം കാക്കുന്ന അശ്വികളേ, കറുമ്പി തുടുഗോക്കളിൽ കേറുമ്പോൾ ആ നിങ്ങളെ ഞാൻ വിളിയ്ക്കുന്നു: നിങ്ങൾ ദ്രോഹിയ്ക്കാതെ എന്റെ ഹവിസ്സിച്ഛിച്ച്, എന്റെ യാഗത്തിൽ, തീറ്റയ്ക്കു രണ്ടശ്വങ്ങൾപോലെ വന്നുചേരുവിൻ! 4
തഴച്ചു തേടിക്കൊണ്ടിരുന്ന വീര്യം (പ്രജാപതിയാൽ) സേചിയ്ക്കപ്പെട്ടതു മനുഷ്യഹിതൻ പിൻവലിച്ചു. അതു വീണ്ടും പത്നിയുടെ പുത്രിയിൽ തൂകപ്പെട്ടപ്പോൾ നിസ്സപത്നൻ ഉത്ഥിതനായി: 5
യഥേച്ഛം പ്രവർത്തിയ്ക്കുന്ന അച്ഛൻ അരികേ നടുവിൽവെച്ചു യുവതിയോടു ചേർന്നു; തമ്മിൽ ചേർന്ന ഇരുവരും, അല്പാല്പം രേതസ്സോഴുക്കി. അത് ഉയർന്ന യജ്ഞസ്ഥാനത്തു നിഷിക്തവുമായി ! 6
അച്ഛൻ സ്വപുത്രിയെ പുണർന്ന അന്നുതന്നേ, ഭൂമിയെസ്സംഗിച്ചു രേതസ്സൊഴുക്കി. അപ്പോൾ സുകർമ്മാക്കളായ ദേവന്മാർ ബ്രഹ്മത്തെ ഉൽപാദിപ്പിച്ചു – കർമ്മപാലകനായ വാസ്തോഷ്പതിയെ സൃഷ്ടിച്ചു. 7
അദ്ദേഹം, ഇന്ദ്രനാൽ യുദ്ധത്തിൽ എയ്യപ്പെട്ട കടൽനാക്കുപോലെ ഞങ്ങളെ വിട്ടോടി. ഒരല്പബുദ്ധി ദക്ഷിണകളെ വെടിഞ്ഞു നടകൊള്ളില്ല; പാന്ഥസ്നേഹിയാകട്ടേ, എന്റെ അവയെ പിടികൂടിയില്ല! 8
ആളുകളെ വലയ്ക്കുന്ന തിയ്യു പാഞ്ഞെത്തില്ല; രാത്രിയിലും, നഗ്നൻ അഗ്നിയെ സമീപിയ്ക്കില്ല. താങ്ങായ തന്തിരുവടി വിറകു നേടാനും ഹവിസ്സു നേടാനും, ബലേന പൊരുതാനുമാണല്ലോ, അവതരിച്ചതു്! 9
യജ്ഞോചിതസ്തോത്രം ചൊല്ലുന്ന നവഗ്വന്മാർ ചിക്കെന്നു കമനീയയുടെ സഖ്യം നേടി: രണ്ടിടത്തും പ്രധാനരായ അവർ രക്ഷകങ്കലണഞ്ഞു, ദക്ഷിണ കൂടാതെ അക്ഷയം കറന്നെടുത്തു – 10
ചിക്കെന്നു കമനീയയുടെ സഖ്യം നേടിയിട്ട്, ഒരതിനൂതന ധനംപോലെ, മഴവെള്ളം പുറപ്പെടുവിച്ചു: അമൃതു ചുരത്തുന്ന പയ്യിന്റെ വെൺപാലാകുന്ന ധനം അവർ അങ്ങയ്ക്കു നിവേദിച്ചുവല്ലോ! 11
മാടുകൾ പോയതു പിന്നെയാണറിഞ്ഞതു്: സ്തോതാവു പറയുന്നു:‘സ്തുതിയിൽ രമിയ്ക്കുന്ന, വസുവെക്കാൾ വസുവായ പരിശുദ്ധൻ ധനത്തെയെല്ലാം ചിക്കെന്നു ചുഴന്നുകഴിഞ്ഞു!’ 12
അവിടെത്തന്നേ ചിക്കെന്നു തന്തിരുവടിയുടെ പരിവാരങ്ങൾ വന്നെത്തി. ബഹുരൂപന്മാർ നൃഷൽപുത്രനെ പിളർത്താനൊരുങ്ങി. എന്നാൽ അനേകവടിവിൽ വെളിപ്പെട്ട ശുഷ്ണന്റെ ഗുപ്തമായ മർമ്മം നിസ്സപത്നൻ ശരിയ്ക്കറിഞ്ഞു! 13
യാതൊന്നിന്റേതായ ദർഭയിൽ ദേവന്മാർ സ്വർഗ്ഗത്തിലെന്നപോലെ ഇരിയ്ക്കുന്നുവോ, ആ തേജസ്സു പ്രസിദ്ധമാണല്ലോ; അഗ്നി, ജാതവേദസ്സ് എന്നിവയും അതിന്റെ പേരുകളാണ്. ഹോതാവേ,യജ്ഞത്തിൽ വിളിയ്ക്കുന്ന അദ്രോഹിയായ ഭവാൻ ഞങ്ങളുടെ (വിളി) കേട്ടാലും! 14
ഇന്ദ്ര, ആ തേജസ്സിയന്ന രുദ്രപുത്രന്മാരായ നാസത്യന്മാർ എന്റെ സ്തുതിയും യജ്ഞവും സ്വീകരിയ്ക്കട്ടെ; മത്തടിച്ചു വിളയാടി മർത്ത്യർക്ക് അന്നമയയ്ക്കുന്ന അവർ മനുവിന്നെന്നപോലെ, ദർഭ വിരിച്ച എനിയ്ക്കു യജനീയരായിഭവിയ്ക്കട്ടെ! 15
ഈ സ്തുതിയ്ക്കപ്പെട്ട വിധാതാവായ രാജാവിനെ(ഞങ്ങൾ) വന്ദിയ്ക്കുന്നു: സ്വന്തം രശ്മികൾ ചേർന്ന ഈ വിപ്രൻ അന്തരിക്ഷവും കടക്കുന്നു. ഇദ്ദേഹം കക്ഷീവാനെയും, ഇദ്ദേഹം അഗ്നിയെയും, കുതിരകൾ ഉരുണ്ടോടുന്ന ചക്രത്തെയെന്നപോലെ ഇളക്കിവിട്ടു! 16
ഇങ്ങും അങ്ങും ബന്ധുവായ, കടത്തിവിടുന്നവനായ ആ യഷ്ടാവു പേറുനിന്ന പയ്യിനെ (ശയുവിന്നു) കറക്കാൻ അമൃതു ചുരത്തുന്നവളാക്കിത്തീർത്തു: ശയു മിത്രാവരുണന്മാരെയും അര്യമാവിനെയും വരണീയങ്ങളായ മികച്ച സ്തോത്രങ്ങൾകൊണ്ടു വഴിപോലെ സ്തുതിച്ചുവല്ലോ! 17
പൃഥിവിയാകുന്ന ബന്ധുവോടുകൂടിയ സ്തോതാവ് – ദ്യോവിൽ മേവുന്ന നിന്തിരുവടിയുടെ കർമ്മിയായ നാഭാനേദിഷ്ഠൻ – കൊതിച്ചു പുലമ്പുകയാണ്: തന്തിരുവടിയുടെ ആ ദ്യോവു ഞങ്ങൾക്ക് ഒരു മുന്തിയ പൊക്കിളാണ്; ഞാൻ തന്തിരുവടിയുടെ പിന്തുടർച്ചയിൽ ഒരുവനുമാണു്! 18
ഇത്, എന്റെ പൊക്കിളാണ്; ഇതിലാണ്, എന്റെ ഇരിപ്പിടം; ഇവ എന്റെ രശ്മികളാകുന്നു. ഈ ഞാനാണ്, എല്ലാം. സത്യസ്വരൂപന്റെ ആദ്യസന്താനങ്ങളാണല്ലോ, ദ്വിജന്മാർ. വെളിപ്പെട്ട പയ്യാണ്, ഇതു ചുരത്തിയതു്! 19
നാലുദിക്കിലും മത്തടിച്ചുനടക്കുന്ന, ഇരുലോകങ്ങളിലും സഞ്ചരിയ്ക്കുന്ന, കാടുകളെ കീഴടക്കുന്ന തേജസ്വി വന്നെത്തും: തന്റെ ഉയർനാളം, ഒരു ശ്ലാഘ്യസേനപോലെ ചിക്കെന്നമർത്തും. അങ്ങനെ സുഖവർദ്ധകനായ സുസ്ഥിരനെയാണ്, അമ്മ പ്രസവിച്ചതു്! 20
ഇപ്പോൾ ഒരു പരിശ്രാന്തന്റെ കമനീയസ്തുതിയുണ്ടു്, ഉപമാനഭൂതന്റെ അടുക്കലെയ്ക്കു പോകുന്നു. നല്ല സമ്പത്തുള്ളവനേ, അങ്ങ് ഞങ്ങളുടെ (വിളി) കേട്ടാലും; അങ്ങ് യജിച്ചാലും! അശ്വമേധിപുത്രൻ സ്തുതികളാൽ അങ്ങയെ വർദ്ധിപ്പിയ്ക്കുന്നു. 21
ഇന്ദ്ര, നൃപതേ, വജ്രപാണിയായ ഭവാൻ ഇപ്പോൾ ഞങ്ങൾക്കു മഹത്തായ ധനം അരുളിയാലും; ഹവിർദ്ധനരായ ഞങ്ങളെ രക്ഷിച്ചാലും; സ്തോതാക്കളെയും പാലിച്ചാലും. ഹരിയുക്ത, ഞങ്ങൾ അങ്ങയെ പ്രാപിപ്പാൻ പാപരഹിതരായിത്തീരട്ടെ! 22
ഇരുതമ്പുരാന്മാരേ, ഇപ്പോൾ ഗോക്കളെത്തേടി നടക്കുന്ന യാവനൊരുത്തൻ കർമ്മികളുടെ അടുക്കലെയ്ക്കു സ്തുതിപ്പാനായി പോകുന്നുവോ, ആ വിപ്രൻ അവർക്കു തുലോം പ്രിയപ്പെടട്ടെ: നിർവഹിയ്ക്കട്ടെ; അവരെ മറുകരയണയ്ക്കട്ടെ! 23
ഇനി, ഞങ്ങൾ പൊറുതിയ്ക്കായി, ആ ജയശീലന്റെ ധനം, അനായാസേന സ്തുതിച്ചുംകൊണ്ടു യാചിയ്ക്കുന്നു: അദ്ദേഹത്തിന്റെ മകനാണല്ലോ, പായുന്ന കുതിര. അങ്ങ് പിപ്രനാണ്, അന്നം കിട്ടിയ്ക്കുന്നവനുമാണ്! 24
നിങ്ങളിരുവരുടെ സഖ്യത്തിന്നും, ഞങ്ങളുടെ ബലത്തിന്നുമായി ഹവിഷ്മാൻ സ്തോത്രങ്ങൾ ഉരുവിടുന്നു: ഇതു ചൊല്ലുകളെ എല്ലാടത്തും പരത്തും; കിഴക്കൻവഴിപോലെ, സ്തനൃതോക്തിയ്ക്ക് സുഖവും ഉളവാക്കും! 25
ഉദകദേവതകളോടുകൂടിയ ആ സൽബന്ധു ഇപ്രകാരം സപ്രണാമങ്ങളായ സൂക്തങ്ങൾകൊണ്ടു സ്തുതിയ്ക്കപ്പെട്ടു വളർന്നരുളട്ടെ: സ്തോത്രവാക്യങ്ങളാൽ ഇപ്പോൾ വന്നെത്തട്ടെ. പയ്യിന്റെ പാൽ പുറത്തെയ്ക്കു വരുന്നു! 26
യജനീയരായ ദേവന്മാരേ, നിങ്ങൾ ഞങ്ങളുടെ മഹാരക്ഷയ്ക്ക് ഒത്തൊരുമിച്ചാലും: നാനാപ്രകാരേണ നടന്ന് അന്നം കൊണ്ടുവരുന്നവരും, പ്രയോഗജ്ഞരും, കണ്ടറിഞ്ഞവരുമാണല്ലോ, നിങ്ങൾ! 27
[1] അച്ഛന്റെ മുതൽ ഭാഗിച്ചെടുത്ത ഭ്രാതാക്കൾ അന്നു ബ്രഹ്മചാരിയായ നാഭാനേദിഷ്ഠന്നു ഭാഗമൊന്നും വെച്ചില്ല. അയാൾ അച്ഛനോടു ചോദിച്ചു: – ‘എനിയ്ക്കെന്തേ, ഭാഗം വെയ്ക്കാഞ്ഞതു്?’ അച്ഛൻ പറഞ്ഞു: ‘ഇത്രയും കൊണ്ടെന്തുള്ളൂ? നീ സത്രമിരിയ്ക്കുന്ന അംഗിരസ്സുകളുടെ അടുക്കൽച്ചെന്നു സൂക്തം ചൊല്ലിയാൽ, സ്വർഗ്ഗത്തിലെയ്ക്കു പോകാൻ തുടങ്ങുന്ന അവർ നിനക്ക് ഒരായിരം മാടുകളെ തരും!’ നാഭാനേദിഷ്ഠൻ അതനുഷ്ഠിച്ചു; അംഗിരസ്സുകൾ സത്രമവസാനിപ്പിച്ചു, ഗോസഹത്രത്തെ കൊടുക്കുകയും ചെയ്തു. അപ്പോൾ, രുദ്രൻ എന്ന ഒരാൾ എഴുനേറ്റു ചെന്ന് ‘ഈ യജ്ഞാവശേഷം എനിയ്ക്കുള്ളതാണ’ന്ന് എതിര്‍വാദംപുറപ്പെടുവിച്ചു. ഉടനേ നഭാനേദിഷ്ഠന്‍ പോന്ന് അച്ഛനോടു ചോദിച്ചു; ‘രുദ്രന്‍റെ തന്നെ’ എന്നായിരുന്നു അച്ഛന്‍റെ മറുപടി. ഇതു മറച്ചുവെയ്ക്കാതെ നാഭാനദിഷ്ഠന്‍ രുദ്രനെ അറിയിച്ചു. ഈ സത്യകഥനത്താല്‍ സന്തുഷ്ടനായ രുദ്രന്‍ ആ ഗോക്കളെ നാഭാനദിഷ്ഠന്നുതന്നേ വിട്ടുകൊടുത്തു. (ഐതരേയബ്രാഹ്മണം) സംഘത്തില്‍ – സത്രമനുഷ്ഠിക്കുന്ന അംഗിരോഗണത്തില്‍. മറ്റു മാന്യന്മാരും – ഭ്രാതാക്കളും. കൊണ്ടാടി – ഈ സ്തോത്രം ഗോലഭാത്തിനുതകുമെന്ന്. പചനദിവസത്തില്‍ – സത്രത്തിന്റെ ആറാംനാളില്‍. രുദ്രസ്തോത്രം – രുദ്രപുത്രരായ അശ്വികളെക്കുറിച്ചുള്ള സ്തോത്രം.
[2] അദ്ദേഹം മുകളിൽപ്പറഞ്ഞ രുദ്രൻ. ദാനം – സ്തോതാക്കൾക്കു ധനം നല്കൽ. ഹനനം – ശത്രുവധം. വെള്ളംപോലെ – മഴക്കാറു വെള്ളം പാറ്റുന്നതുപോലെ.
[3] പ്രഭൂതധനൻ – വളരെ ഹവിസ്സാകുന്ന ധനം ഒരുക്കിയവൻ. നിർദ്ദേശിച്ച് – ഇത് അശ്വികൾക്കാണെന്നു്. ഇവന്റെ – എന്റെ. കൂട്ടുന്നു – സോമനീരിൽ പാലും മറ്റും.
[4] കറുമ്പി – രാത്രി. തുടുഗോക്കളിൽ കേറുമ്പോൾ – ഉഷസ്സ് ഉദിപ്പാൻ തുടങ്ങുമ്പോൾ.
[5] രുദ്രപ്രജാപതി, തന്റെ ഒരംശംകൊണ്ടു വാസ്തോഷ്പതിരുദ്രനെ സൃഷ്ടിച്ചു എന്നതാണ്, ഇതുമുതൽ മൂന്നൃക്കുകളിലെ പ്രതിപാദ്യം: തേടിക്കൊണ്ടിരുന്ന – ആരിലുൾപ്പൂകേണ്ടൂ എന്നന്വേഷിച്ചിരുന്ന. വീര്യം – രേതസ്സ്. മനുഷ്യഹിതൻ – വാസ്തോഷ്പതിരുദ്രൻ പിൻവലിച്ചു – പ്രജാപതിയുടെ പ്രഥമസേചനത്തിൽ രുദ്രൻ ഉൽപാദിച്ചില്ല. പത്നിയുടെ പുത്രി – സ്വപുത്രി. മകളല്ല, ദ്യോവാണെന്നും ഉഷസ്സാണെന്നും പക്ഷാന്തരങ്ങളുണ്ടു്. നിസ്സപത്നൻ – രുദ്രൻ.
[6] അച്ഛൻ – പ്രജാപതി. നടു – അന്തരിക്ഷം. യുവതി – മകൾ. നിഷിക്തവുമായി = സേചിയ്ക്കപ്പെടുകയും ചെയ്തു. ഇതിൽനിന്നു രുദ്രൻ ഉണ്ടായിവന്നു.
[7] വാസ്തോഷപതി എന്നതിന്റെ അർത്ഥം യാഗശാലാധിപനെന്നാണ്; ഈ രുദ്രനെത്തന്നെയാണ്, ബ്രഹ്മമെന്നു പറഞ്ഞതു്.
[8] അദ്ദേഹം – രുദ്രൻ. എയ്യപ്പെട്ട – നമുചിവധത്തിന്ന്. ഞങ്ങളെ വിട്ടോടി = വാസ്തവം പറഞ്ഞ എങ്കൽനിന്ന്, (സ്വന്തം ഗോക്കളെ എനിയ്ക്കു തന്ന്) ഓടിപ്പോയി. ദക്ഷിണകൾ – ദക്ഷിണയായി കിട്ടിയ വസ്തുക്കൾ. പാന്ഥസ്നേഹി – രുദ്രൻ. എന്റെ അവയെ – എനിയ്ക്ക് അംഗിരസ്സുകൾ തന്ന ഗോക്കളെ. പിടികൂടിയില്ല – അദ്ദേഹം അല്പബുദ്ധിയല്ല, മഹാമനസ്കനാണു്.
[9] വാസ്തോഷ്പതിരുദ്രന്റെ യജ്ഞരക്ഷാസാമർത്ഥ്യം വർണ്ണിയ്ക്കുന്നു: തിയ്യ് – രക്ഷസ്സുംമറ്റും. നഗ്നന്‍ – രാക്ഷസന്‍. തന്തിരുവടി – അഗ്നി. പൊരുതാനും – രാക്ഷസാദികളോട്.
[10] നവഗ്വന്മാർ – അംഗിരസ്സുകൾ. കമനീയ – പൃശ്നി. രണ്ടിടത്തും – ദ്യോവിലും ഭൂവിലും. രക്ഷകങ്കൽ – ഇന്ദ്രങ്കൽ. ദക്ഷിണ കൂടാതെ – സത്രത്തിൽ ദക്ഷിണകൊടുക്കലില്ല. അക്ഷയം – അനശ്വരമായ ജലം.
[11] രണ്ടാംവാക്യം ഇന്ദ്രനോടുള്ളതാണ്: നിവേദിച്ചതിനാലാണ്, അവർ മഴവെള്ളം പുറപ്പെടുവിപ്പാൻ ശക്തരായത്.
[12] മാടുകൾ പോയത് ഉടമസ്ഥന്മാരറിയുന്നതിന്നുമുമ്പുതന്നെ, പരിശുദ്ധൻ (ഇന്ദ്രൻ) ധനത്തെ (ഗോധനത്തെ) വീണ്ടെടുപ്പാൻ ചുഴന്നുകഴിഞ്ഞു. വസുവെക്കാൾ വസു – മികച്ച വാസയിതാവ്.
[13] പരിവാരങ്ങൾ – രശ്മികൾ. ബഹുരൂപന്മാർ – വേഷംമാറിമാറിദ്ധരിച്ച അസുരന്മാർ. നൃഷൽപുത്രനെ – ഇന്ദ്രനെ. നിസ്സപത്നൻ – എതിരില്ലാത്ത ഇന്ദ്രൻ.
[14] ആ തേജസ്സ് – അഗ്നിയുടെ. ഒടുവിലെ വാക്യം പ്രത്യക്ഷം: വിളിയ്ക്കുന്ന – ദേവന്മാരെ.
[15] മത്തടിച്ചു – സോമപാനത്താൽ. മനു – എന്റെ അച്ഛൻ.
[16] രാജാവ് – സോമൻ. കക്ഷീവാനെയും – സോമത്തിന്നു മലയിൽ പോയ. അഗ്നിയെയും – വെള്ളത്തിലൊളിച്ച.
[17] ഇങ്ങും അങ്ങും – ഇരുലോകങ്ങളിൽ. കടത്തിവിടുന്നവൻ – ആപത്താരകൻ. ആ യഷ്ടാവ് – അഗ്നി. അമൃതു – അമൃതിന്നൊത്ത പാൽ.
[18] ബന്ധു – അമ്മ. കൊതിച്ചു – അംഗിരോദത്തമായ ഗോസഹസ്രത്തെ കാംക്ഷിച്ച്. തന്തിരുവടി – സൂര്യൻ. പിന്തുടർച്ചയിലൊരുവനുമാണ് – സൂര്യന്റെ പുത്രൻ, മനു; മനുവിന്റെ പുത്രൻ, ഞാൻ.
[19] ഇത് – മാധ്യമികവാക്ക്, സൂര്യമണ്ഡലം. ഞാൻ – സൂര്യങ്കൽനിന്നഭിന്നനായ ഞാൻ. സത്യസ്വരൂപന്റെ – ബ്രഹ്മാവിന്റെ. പയ്യ് – മാധ്യമികവാക്ക്. ഇതു ജഗത്തെല്ലാം. ചുരത്തിയതു് – ഉൽപാദിപ്പിച്ചതു്.
[20] തേജസ്വി – അഗ്നി. വന്നെത്തും – യാഗത്തിന്ന്. ഉയർനാളം = ഊർധ്വജ്വാല. കീഴമർത്തും – യജ്ഞവിരോധികളെ. അമ്മ – അരണി.
[21] ഒരു പരിശ്രാന്ത്രന്റെ – ക്ഷീണിച്ച എന്‍റെ. ഉപമാനഭൂതൻ – ഇന്ദ്രൻ, രണ്ടാംവാക്യംമുതൽ അഗ്നിയോടു പ്രത്യക്ഷം: അശ്വമേധിപുത്രൻ – മനുവിന്റെ പുത്രൻ, നാഭാനേദിഷ്ഠനെന്ന ഞാൻ.
[23] മിത്രാവരുണന്മാരോട്: കർമ്മികൾ – അംഗിരസ്സുകൾ. ആ വിപ്രൻ – നാഭാനേദിഷ്ഠൻ, ഞാൻ. നിർവഹിയ്ക്കട്ടെ – അവിടെ ചെയ്യേണ്ടതു്. മറുകര – കർമ്മാവസാനം.
[24] വരുണനെപ്പറ്റി: ആ ജയശീലന്റെ – വരുണന്റെ. അദ്ദേഹത്തിന്റെ – വരുണങ്കൽനിന്നത്രേ, അശ്വോൽപത്തി. അവശിഷ്ടം പ്രത്യക്ഷം: വിപ്രൻ – പൂജ്യൻ, വിശുദ്ധൻ.
[25] മിത്രാവരുണന്മാരോടു വീണ്ടും: ഹവിഷ്മാൻ – അധ്വര്യു: ഇതു – നിങ്ങളുടെ സഖ്യം. ചൊല്ലുകൾ – യഷ്ടാക്കളുടെ സ്തുതികൾ. സൂനൃതോക്തി – പ്രിയസത്യവാക്ക്, സ്തുതി. സുഖവും – കിഴക്കൻവഴിയായിരിയ്ക്കാം, യാത്രയ്ക്കു നല്ലതു്.
[26] ആ സൽബന്ധു – വരുണൻ. പയ്യിന്റെ പാൽ – പൈക്കറവു തുടങ്ങിക്കഴിഞ്ഞു; വരുണൻ വരാൻ വൈകരുത്.
[27] അംഗിരസ്സുകളോട്: കണ്ടറിഞ്ഞവർ – അസുരന്മാരപഹരിച്ച ഗോക്കളെ.
ഈ സൂക്തത്തിന്റെ ആദ്യഭാഗം അത്യന്തം ദുർജ്ഞേയമാകുന്നു. ഇംഗ്ലീഷ് വിവർത്തകരിലൊരാൾ ഇതിലെ 5, 6, 7, 8, 9 ഋക്കുകളെ തർജ്ജമചെയ്യാതെ വിടുക കൂടിച്ചെയ്തിരിയ്ക്കൂന്നു!