അംഗിരോഗോത്രനോ വാമദേവഗോത്രനോ ആയ മൂർദ്ധന്വാൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സൂര്യവൈശ്വനരാഗ്നി ദേവത.
നിർജ്ജരവും പ്രിയവുമായ യാതൊരു പാനീയഹവിസ്സു സ്വർഗ്ഗത്തിൽപ്പെരുമാറുന്ന സൂര്യജ്ഞനായ അഗ്നിയിൽ ഹോമിയ്ക്കപ്പെടുമോ; അത് ഉണ്ടാക്കാനും സംഭരിപ്പാനും സൂക്ഷിപ്പാനുമായി സുഖകരനെ ദേവന്മാർ അന്നംകൊണ്ടു തടിപ്പിച്ചുപോരുന്നു. 1
ഇരുട്ടിനാൽ വിഴുങ്ങപ്പെട്ടു മറഞ്ഞുകിടന്നിരുന്ന ജഗത്തെല്ലാം, യാതൊരഗ്നി ജനിച്ചപ്പോളാണോ, വെളിപ്പെട്ടതു്, ആ ഇദ്ദേഹത്തിന്റെ സഖ്യത്തിൽ ദേവന്മാരും ദ്യോവും ഭൂവും അന്തരിക്ഷവും തണ്ണീരുകളും സസ്യങ്ങളും സന്തുഷ്ടിയടഞ്ഞു! 2
ആർ തേജസ്സുകൊണ്ടു് ഈ ഭൂവിനെയും ദ്യോവിനെയും – വാനൂഴികളെയും – അന്തരിക്ഷത്തെയും വിസ്താരപ്പെടുത്തുന്നുവോ, ആ അജരനും മഹാനുമായ അഗ്നിയെ യജ്ഞാർഹരായ ദേവന്മാരാൽ ചിക്കെന്നയയ്ക്കപ്പെട്ട ഞാൻ സ്തുതിയ്ക്കുന്നു. 3
ആർ ദേവസേവിതനായ മുഖ്യഹോതാവായോ; ആരെ യഷ്ടാക്കൾ നെയ്യു തേപ്പിയ്ക്കുമോ; ആ ജാതവേദസ്സായ അഗ്നിയത്രേ, പറക്കുന്നതിനെയും ഇഴയുന്നതിനെയും നില്ക്കുന്നതിനെയും നടക്കുന്നതിനെയും ചിക്കെന്നു സൃഷ്ടിച്ചതു്! 4
അഗ്നേ, ജാതവേദസ്സേ, കതിരവനോടൊന്നിച്ച് ഉലകിന്റെ മുകളിലിരിയ്ക്കുന്നവനാണല്ലോ, നിന്തിരുവടി; ആ നിന്തിരുവടിയെ ഞങ്ങൾ സ്തോത്രങ്ങൾകൊണ്ടും ഉക്ഥങ്ങൾകൊണ്ടും ഭജിയ്ക്കുന്നു. നിന്തിരുവടി വാനൂഴികളെ നിറയ്ക്കുന്നവനും യജ്ഞാർഹനുമാകുന്നു. 5
അഗ്നി രാത്രിയിൽ ഭുവനത്തിന്നു മൂർദ്ധാവായി മേവുന്നു; പിന്നെ പ്രഭാതത്തിൽ സൂര്യനായി ഉദിച്ചുപൊങ്ങുന്നു. താൻ അറിഞ്ഞുംകൊണ്ടു് അന്തരിക്ഷത്തിൽ സത്വരം സഞ്ചരിയ്ക്കുന്നുണ്ടല്ലോ: അതു യജ്ഞാർഹന്മാരുടെ ഒരു ബുദ്ധികൌശലംതന്നെ! 6
ആർ മഹിമാവുകൊണ്ടു ദർശനീയനായി കത്തിജ്ജ്വലിച്ചു വാനിങ്കൽ വിളങ്ങുന്നുവോ; ആ അഗ്നിയിങ്കൽ ദേവന്മാരെല്ലാം ദേഹരക്ഷയ്ക്കായി സൂക്തം ചൊല്ലി ഹവിസ്സു ഹോമിച്ചു. 7
ദേവന്മാർ ഒന്നാമതു സൂക്തവും, പിന്നെ അഗ്നിയെയും, പിന്നെ ഹവിസ്സും ഉൽപാദിപ്പിച്ചു: തന്തിരുവടി അവർക്കു യജനീയനും ദേഹരക്ഷകനുമാകുന്നു; തന്തിരുവടിയെ ദ്യോവിന്നും, തന്തിരുവടിയെ ഭൂവിന്നും, തന്തിരുവടിയെ തണ്ണീരിന്നും അറിയാം! 8
ആരെ ദേവന്മാർ ഉൽപാദിപ്പിച്ചുവോ, ആരിൽ ഭുവനമെല്ലാം ഹോമിച്ചുവോ; ആ ഋജുഗമനനായ അഗ്നി തേജസ്സുകൊണ്ടു, മഹിമാവുകൊണ്ടു്, അന്തരിക്ഷത്തിന്നും ദ്യോവിന്നും ഭൂവിന്നും ചൂടുളവാക്കുന്നു! 9
കർമ്മങ്ങളാൽ വാനൂഴികളെ നിറയ്ക്കുന്ന അഗ്നിയെ ദേവന്മാർ സ്വർഗ്ഗത്തിൽ സ്തുതിച്ചുൽപാദിപ്പിച്ചുവല്ലോ: ആ സുഖകരനെത്തന്നേ മൂന്നാകാനും എർപ്പെടുത്തി. തന്തിരുവടിയത്രേ, സർവസസ്യങ്ങളെയും പചിയ്ക്കുന്നതു്! 10
അദിതിപുത്രനായ സൂര്യനെയും ഇദ്ദെഹത്തെയും യജ്ഞാർഹരായ ദേവന്മാർ ആകാശത്തേർപ്പെടുത്തി; ഈ സഞ്ചാരികൾ ഇണയായി വെളിപ്പെടുകയും ചെയ്തു. അപ്പോളത്രേ, (ഇവരെ)ഭുവനങ്ങളെല്ലാം കണ്ടതു്! 11
എല്ലാ ഭുവനത്തിന്നുംവേണ്ടി ദേവന്മാർ വൈശ്വാനരാഗ്നിയെ പകലിന്റെ അടയാളമാക്കിവെച്ചു: അദ്ദേഹം ഉഷസ്സുകളുടെ പ്രഭ പരത്തുന്നു; ചെന്ന് ഇരുട്ടിനെ തേജസ്സുകൊണ്ടു് ആട്ടിപ്പായിയ്ക്കുന്നു! 12
ബുദ്ധിയേറിയ യജ്ഞാർഹരായ ദേവന്മാർ നിർജ്ജരനായ വൈശ്വാനരാഗ്നിയെ ജനിപ്പിച്ചു: അദ്ദേഹം സഞ്ചരിഷ്ണുവും പ്രവൃദ്ധവും മഹത്തും പുരാതനവുമായ നക്ഷത്രത്തെ ദേവസമക്ഷം മായ്ചുകളഞ്ഞു! 13
എപ്പോഴും തിളങ്ങുന്ന കവിയായ വൈശ്വാനരാഗ്നിയെ ഞങ്ങൾ മന്ത്രംകൊണ്ടു നേരിട്ടു സ്തുതിയ്ക്കുന്നു: ഈ ദേവൻ മഹത്ത്വംകൊണ്ടു വാനൂഴികളെ കീഴ്പെടുത്തിയവനും താഴത്തും മുകളിലു(ചൂടുണ്ടാക്കുന്നവനു)മാണല്ലോ! 14
പിതൃക്കൾക്കും ദേവന്മാർക്കും മനുഷ്യർക്കും രണ്ടു വഴികളുണ്ടെന്നു ഞാൻ കേട്ടിട്ടൂണ്ടു്: അച്ഛനമ്മമാരുടെ ഇടയിലുള്ള ഈ ലോകം യാത്രയിൽ അവയിലൂടേ നടകൊള്ളുന്നു. 15
തലയിൽനിന്നു പിറന്നു സ്തുതികൊണ്ടു തുടയ്ക്കപ്പെട്ട യാതൊരു സഞ്ചരിഷ്ണുവിനെ വാനൂഴികൾ വഹിയ്ക്കുന്നുവോ, ആ ക്ഷിപ്രകാരിയായ ദീപ്തിമാൻ വീഴ്ചപറ്റാതെ ഭുവനത്തിന്നെല്ലാം അഭിമുഖനായി നില്ക്കുന്നു! 16
‘യജ്ഞനേതാക്കാളായ നമ്മളിരുവരിൽ ആർക്കേറും അറിവ്?’ എന്നിങ്ങനെ താഴത്തുള്ളവനും മുകളിലുള്ളവനും തമ്മിൽ വാദിയ്ക്കുന്നതെപ്പോഴോ; അപ്പോൾ സഖാക്കൾ യാഗം നടത്താൻ ത്രാണിയുള്ളവരായിത്തീർന്ന്, അധ്വരം അനുഭവിയ്ക്കുന്നു. ഇതിൽ ആർ തീർച്ചപറയും? 17
അഗ്നികളെത്ര? സൂര്യന്മരെത്ര? ഉഷസ്സുകളെത്ര? തണ്ണീരുകളെത്ര? പിതാക്കന്മാരേ, ഇതു ഞാൻ നിങ്ങളോടു മത്സരംമൂലം പറകയല്ല; മേധാവികളേ, എളുപ്പത്തിലറിയാൻവേണ്ടി, നിങ്ങളോടു ചോദിയ്ക്കയാണു്. 18
മാതരിശ്വാവേ, രാത്രികൾ ഉഷസ്സിന്റെ മുഖം മറയ്ക്കുന്നതെപ്പൊഴോ, അപ്പോൾ ബ്രാഹ്മണൻ യജ്ഞത്തിൽ ചെന്നു ഹോതാവിന്റെ താഴേ ഇരുന്നു, സങ്കല്പിയ്ക്കും. 19
[1] പാനീയഹവിസ്സു – സോമരസം. സുഖകരനെ – അഗ്നിയെ.
[4] പറക്കുന്നതു് – പക്ഷിവർഗ്ഗം. ഇഴയുന്നതു് – സർപ്പാദി. നില്ക്കുന്നതു് = വൃക്ഷാദി. നടക്കുന്നതു് – ഗവാദി.
[6] മൂർദ്ധാവ് – – ധാനഭ്രതൻ; വെളിച്ചം കൊടുക്കുന്നവൻ എന്നർത്ഥം. യജ്ഞാർഹന്മാർ – ദേവന്മാർ, ദേവന്മാരാണല്ലോ, ഈ ഏർപ്പാടു ചെയ്തതു്.
[9] ഭുവനമെല്ലാം ഹോമിയ്ക്കൽ – സർവമേധം.
[10] മൂന്നാകാനും – യജ്ഞത്തിൽ ഗാർഹപത്യാഹവനീയദക്ഷിണത്വേന.
[11] ഇദ്ദേഹം – അഗ്നി. സഞ്ചാരികൾ – സൂര്യനും വൈശ്വാനരനും.
[12] പകലിന്റെ അടയാളം – സൂര്യൻ.
[13] അഗ്നിയുടെ സൂര്യാത്മകത്വം: നക്ഷത്രം (നക്ഷത്രങ്ങൾ) സൂര്യതേജസ്സാൽ മായുമല്ലോ.
[15] രണ്ടുവഴികൾ – വെളുത്ത ഗതിയും കറുത്ത ഗതിയും: വെളുത്തതിലൂടേ പോയവൻ ബ്രഹ്മത്തോടു ചേരും; കറുത്തതിലൂടേ പോയവന്നാകട്ടേ, പുനരാവൃത്തിയുണ്ടാവും. ഇതു ഭഗവദ്ഗീതയിൽ പ്രതിപാദിച്ചിട്ടുണ്ടു്. അച്ഛനമ്മമാർ – ദ്യാവാപൃഥിവികൾ. യാത്ര – പരലോകഗമനം.
[16] തല – എല്ലാറ്റിന്നും ശിരസ്സുപോലുള്ളവൻ, സൂര്യൻ. തുടയ്ക്കപ്പെട്ട – പെറ്റുവീണ കുട്ടിയെ തോർത്തിയ്ക്കുമല്ലോ. ദീപ്തിമാൻ = അഗ്നി. വീഴ്ച – പ്രമാദം.
[17] അറിവ് – യജ്ഞജ്ഞാനം. താഴത്തുള്ളവൻ – ഭൌമാഗ്നി; മുകളിലുള്ളവൻ – വായു. സഖാക്കൾ – ഋത്വിക്കുകൾ. അനുഭവിയ്ക്കുന്നു – അനുഷ്ഠിയ്ക്കുന്നു. ഇതില്‍ – വാദത്തില്‍. അഗ്നിയും വായുവും ഒരേമട്ടില്‍ യജ്ഞവിചക്ഷണര്‍തന്നെ എന്നു ഹൃദയം.
[18] ഒന്നിലധികമില്ല, അഗ്ന്യാദികൾ എന്നാണ്, ഈ ചോദ്യത്തിന്റെ ഉത്തരം.
[19] മുഖം – പ്രകാശം. അപ്പോൾ – പുലർകാലത്ത്. ബ്രാഹ്മണൻ – യജമാനൻ. ഹോതാവിന്റെ – ദേഹഹോതാവായ അഗ്നിയുടെ. സങ്കല്പിയ്ക്കും – ഹവനകർമ്മം.