വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
ബ്രഹ്മാക്കളായ അംഗിരസ്സുകൾ എങ്ങും പെരുമാറട്ടെ; പർജ്ജന്യൻ സ്തോത്രത്തിൽ കൗതുകംകൊള്ളട്ടെ; നദികൾ വെള്ളം പാറ്റിക്കൊണ്ടൊഴുകട്ടെ; ശ്രദ്ധായുക്തരിരുവരും യജ്ഞത്തെ രൂപപ്പെടുത്തട്ടെ!1
അഗ്നേ, അങ്ങയുടെ ചിരന്തനമായ മാർഗ്ഗം സുഗമമായിബ്ഭവിയ്ക്കട്ടെ: യാഗശാലയിലെയ്ക്കു വീരനെ വഹിച്ചു വിളങ്ങുന്ന പച്ച – ചെമപ്പുപള്ളിക്കുതിരകളെ അങ്ങ് വഴിപോലെ പൂട്ടുക! ഞാൻ ഇരുന്നു ദേവഗണങ്ങളെ വിളിയ്ക്കുന്നു.2
നിങ്ങൾക്കുള്ള യജ്ഞത്തെ പ്രണതന്മാർ – വഴിപോലെ പൂജിയ്ക്കുന്നു; അരികേ സ്തുതി പാടുന്ന ഹോതാവു മികച്ചവനാണ് ഭവാൻ ശരിയ്ക്കു യജിച്ചുകൊൾക. പുരുസൈന്യ, അങ്ങ് ദേവന്മാരെ യജ്ഞഭൂമിയിൽ കൊണ്ടുവന്നാലും!3
സ്തുതിയ്ക്കുന്ന ഹരുഷ്മാന്റെ ഗൃഹത്തിൽ അതിഥിയായി പ്രത്യക്ഷമാംവണ്ണം സുഖേന പള്ളികൊള്ളുന്ന, യാഗശാലയിൽ നിഹിതനായി തുലോം പ്രീതിപ്പെടുന്ന അഗ്നി ഉപാസകന്നു വേണ്ടതു കല്പിച്ചുനല്കും!4
അഗ്നേ, അവിടുന്നു ഞങ്ങളുടെ ഈ യജ്ഞത്തിൽ ചേരുക: മരുത്തുക്കളിലും ഇന്ദ്രങ്കലും ഞങ്ങളുടെ ഹവിസ്സെത്തിയ്ക്കുക. രാത്രിയും ഉഷസ്സും ദർഭയിലിരിയ്ക്കട്ടെ. തൽപരരായ മിത്രാവരുണന്മാരെ ഭവാൻ ഇവിടെ യജിച്ചാലും!5
ഇങ്ങനെ, വസുകാമനായ വസിഷ്ഠൻ ധനം കിട്ടാൻ ബലപുത്രനായ അഗ്നിയെ സ്തുതിച്ചു: തന്തിരുവടി ഞങ്ങൾക്ക് അന്നവും അർത്ഥവും കെല്പും വളർത്തട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ, പ്പൊഴുമെങ്ങളെ!’6
[1] സ്തോത്രത്തിൽ – നമ്മുടെ സ്തുതിയിൽ. ശ്രദ്ധായുക്തർ – യജമാനനും പത്നിയും.
[2] വീരനെ – വീരനായ അങ്ങയെ. പൂട്ടുക – തേരിനു കെട്ടുക.
[3] ദേവന്മാരോട്: പ്രണതന്മാർ – നമസ്കരിച്ച സ്തോതാക്കന്മാർ. ഭവാൻ എന്ന വാക്യം അഗ്നിയോട്; പുരുസൈന്യ (വളരെ ജ്വാലകളുള്ളവനേ) എന്ന വാക്യം അഗ്നിയോട്.
[4] വേണ്ടത് – ധനം.
[5] തൽപരർ – യജ്ഞേച്ഛക്കൾ.
[6] വസുകാമൻ – ധനേച്ഛ.