ബാലഖില്യസൂക്തം 1.
കണ്വപുത്രൻ പ്രസ്കണ്വൻ ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
നീ ശോഭനധനനായ നിങ്ങളുടെ ഇന്ദ്രനെ, ഒരു ഗുരുവിനെ എന്നപോലേ പൂജിയ്ക്കുക: ഈ പുരുവസുവായ മഘവാവ് ആയിരക്കണക്കിലാണല്ലോ, സ്തോതാക്കൾക്കു കൊടുക്കുന്നതു്!1
ഈ ധർഷകൻ നൂറുപടങ്ങളിൽ കേറും; ഹവിർദ്ദാതാവിന്റെ പാപം പോക്കും. ഈ ബഹുരക്ഷകന്റെ ധനങ്ങൾ, മേഘത്തിന്റെ തണ്ണീരുകൾപോലെ തുലോം പ്രീതികരങ്ങളാകുന്നു!2
ഇന്ദ്ര, സ്തുതിസേവ്യ, വജ്രിൻ, ശൂര, പിഴിഞ്ഞ മദകരമായ സോമം ധനത്തിന്നായി, ചേരേണ്ടുന്നവനായ അങ്ങയെ ജലം സരസ്സിനെയെന്നപോലെ നിറയ്ക്കുന്നു!3
പാപരഹിതവും വർദ്ധകവും അതിസ്തുത്യവും മധുവിനെക്കാൾ മധുരവുമായ ഇതു ഭവാൻ കുടിച്ചാലും: മത്തുപിടിച്ചാൽ, പ്രധർഷകനായ അവിടുന്നു സ്വയം പാവങ്ങൾക്കെന്നപോലെ, ഞങ്ങൾക്കു ഫലം വിതറുമല്ലോ!4
അന്നവാനായ ഇന്ദ്ര, അവിടുന്നു ഞങ്ങളുടെ സ്തോതാക്കളുടെ സ്തോത്രത്തിലെയ്ക്കു്, ഒരു തെളിയ്ക്കപ്പെടുന്ന കുതിരപോലെ വന്നാലും: കണ്വരുടെ തൃപ്തിജനകങ്ങളായ ദാനങ്ങളെ ഭവാൻ ആസ്വദിയ്ക്കാറുണ്ടല്ലൊ!5
വിവിധൈശ്വര്യനായ, അക്ഷയധനനായ വീരനെ ഞങ്ങൾ, ഒരു മഹാബലനെയെന്നപോലെ വണങ്ങിക്കൊണ്ടു സമീപിയ്ക്കുന്നു: വജ്രിൻ, ഇന്ദ്ര, വൃക്ഷാവായ അവിടെയ്ക്കായി കൈവിരലുകൾ കിണർ വെള്ളമെന്നപോലെ, (സോമനീർ) ഒഴുക്കുന്നു!6
പൂജാപര, പുരുബലനായ അവിടുന്നു് ഇപ്പോൾ എവിടെയോ ഏതു യജ്ഞത്തിലോ ഏതു മന്നിടത്തിലോ ആയിരിയ്ക്കുമോ അവിടെനിന്നു് കരുത്തേറിയ കുതിരകളിലൂടെ ഞങ്ങളുടെ യാഗത്തിൽ എഴുന്നള്ളിയാലും!7
തട്ടിനീക്കുന്നവയും, തമ്മിലിണങ്ങുന്നവയും, കാറ്റുപോലെ പായുന്നവയുമാണല്ലോ, അങ്ങയുടെ കുതിരകൾ: അവയിലൂടെയാണല്ലോ, ഭവാൻ മനുഷ്യരിലണയുന്നതു്; അവയിലൂടെയാണല്ലോ, സ്വർഗ്ഗമെല്ലാം തൃക്കൺപാർക്കുന്നതു്!8
ഇന്ദ്ര, മഘവാവേ, അങ്ങ് മേധാതിഥിയെയും നീപാതിഥിയെയും ധനംകൊണ്ടു രക്ഷിച്ചുവല്ലോ; അത്രത്തോളമേ, ഭവാന്റെ ഗോസമേതമായ സുഖം ഞങ്ങൾ യാചിയ്ക്കുന്നുള്ളു!9
ഇന്ദ്ര, മഘവാവേ, നിന്തിരുവടി കണ്വന്നും, ത്രദസ്യുവിന്നും പക്ഥന്നും, ദശവ്രജന്നും, ഗോശര്യന്നും, ഋജിശ്വാവിന്നും മാടുകളെയും പൊന്നും നല്കുകയുണ്ടായല്ലോ!10
[3] ധനത്തിന്നായി – യഷ്ടാവിന്നു ധനം കിട്ടാൻ.
[4] ഇതു സോമം.
[5] സോതാക്കൾ – സോമം പിഴിയുന്നവർ. ദാനങ്ങൾ – ഹവിസ്സുകൾ.
[6] വീരനെ – ഇന്ദ്രനെ. മഹാബലനെയെന്നപോലെ – വലഞ്ഞവർ ഒരു വലിയ ആളുടെ അടുക്കൽ ചെല്ലുന്നതുപോലെ. കൈവിരലുകൾ – ഞങ്ങളുടെ.
[8] തട്ടിനീക്കുന്ന – ശത്രുക്കളെ. തൃക്കൺപാർക്കുന്നതു് – തൃക്കൺ പാർക്കാൻ സഞ്ചരിയ്ക്കുന്നതു്.
[10] കണ്വൻ – എന്റെ അച്ഛൻ. ത്രസദസ്യ, പക്ഥൻ, ദശവ്രജൻ, ഗോശര്യൻ, ഋജിശ്വാവ് എന്നിവർ രാജാക്കന്മാരാകുന്നു.
[11]ഈ ബാലഖില്യസൂക്തം ഇടക്കാലത്തു് ആരോ എഴുതിച്ചേർത്തതാണെന്നേ ഊഹിച്ചുകൂടു: സായാണാചാര്യർ ഇതിന്നു ഭാഷ്യം ചമച്ചിട്ടില്ലപോൽ. മൂലപുസ്തകത്തിൽ ചേർക്കപ്പെട്ടവ എന്ന ഗൗരവത്താൽ മാത്രമാണു്, മുക്കാലും ശുഷ്കങ്ങളായ ഈ സൂക്തങ്ങൾ തർജ്ജിമ ചെയ്തതു്.
[1] ഋഷി, തന്നോടുതന്നെ പറയുന്നു: നിങ്ങളുടെ – നിന്റെയും പുത്രാദികളുടെയും. പുരുവസു = വളരെദ്ധനമുള്ളവൻ. കൊടുക്കുന്നതു് – ധനാദി.