images/rnp-2-cover.jpg
The forest distant views, an oil on canvas painting by Ivan Shishkin (1831–1898).
ഗ്രന്ഥകർത്താവിന്റെ ജീവചരിത്രസംക്ഷേപം

പ്രൌഢങ്ങളായ പ്രസംഗങ്ങൾകൊണ്ടും സരസതരങ്ങളായ ഗദ്യപ്രബന്ധങ്ങൾകൊണ്ടും കൈരളീദേവിയുടെ നിരന്തരോപാസകനും ഇന്നത്തെ ഗ്രന്ഥനിരൂപകന്മാരിൽ എല്ലാത്തരത്തിലും അഗ്രഗണ്യനുമായ ശ്രീമാൻ ആർ. നാരായണപ്പണിക്കർ ബി. ഏ. എൽ. റ്റി.-യുടെ ഒരു ജീവചരിത്രസംഗ്രഹം എഴുതിത്തരണമെന്നു് “കേരളഭാഷാ സാഹിത്യചരിത്രം” ഒന്നാംഭാഗം അച്ചടിച്ചുതുടങ്ങിയ കാലത്തു തന്നെ തൽ പ്രകാശകനും വിദ്യാവിലാസിനി ബുക്കു്ഡിപ്പോ ഉടമസ്ഥനുമായ ശ്രീമാൻ, പി. ഗോവിന്ദപ്പിള്ള അവർകൾ, മിസ്റ്റർ പണിക്കരുടെ ഒരു സ്നേഹിതനെന്ന നിലയിൽ, എന്നോടു് പലകുറി ആവശ്യപ്പെടുകയും, അതിനുവേണ്ടുന്ന കരുക്കൾ ഒരുക്കിത്തരാമെങ്കിൽ ഒന്നു ശ്രമിക്കാമെന്നു് ഞാൻ വാഗ്ദത്തംചെയ്കയും ചെയ്തിട്ടു വർഷം രണ്ടുതികഞ്ഞു. ഈയിടയ്ക്കു് മി. പിള്ള അതിനു വേണ്ടുന്ന കുറിപ്പുകൾ അന്വേഷിച്ചുവരുന്നതായി എന്നെ അറിയിക്കയും ‘സാഹിത്യചരിത്ര’ത്തിന്റെ രണ്ടാം ഭാഗത്തിലെങ്കിലും ചേർക്കത്തക്കവണ്ണം മി. പണിക്കരുടെ ഒരു ജീവചരിത്രം രൂപവൽകരിച്ചു തരണമെന്നു് വീണ്ടും ആവശ്യപ്പെടുകയും ചെയ്തതനുസരിച്ചു് വല്ലതുമൊന്നു എഴുതിച്ചേർക്കാമെന്നു വിചാരിച്ചു. പുരാതന സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങളോ നമുക്കു് ഒരുവിധത്തിലും കണ്ടുപിടിയ്ക്കാൻ കഴിയാത്ത നിലയിലാണല്ലോ സ്ഥിതിചെയ്യുന്നതു്. അതിനാൽ അശ്മാനാതന സാഹിത്യകാരന്മാരുടെ ചരിത്രങ്ങൾ എങ്കിലും ഇനിയുള്ള കാലം അത്തരത്തിലായിത്തീരാൻ ഇടവരുത്തുന്നതു് അനുചിതമാണു് എന്നുകൂടി എനിക്കു തോന്നിയതും ഇതെഴുതുന്നതിനു് എനിക്കു പ്രേരകമായി ഭവിച്ചു എന്നുള്ള രഹസ്യത്തേയും മുൻകൂട്ടി അറിയിച്ചുകൊള്ളട്ടെ.

കൈരളീസാഹിത്യ മലർക്കാവിൽ സ്പൃഹണീയതരകാന്തിയോടുകൂടി വികസിച്ചു് കേരളഭൂമണ്ഡലമൊട്ടാകെ ആത്മസൌരഭ്യധോരണികൊണ്ടു് സുരഭീകരിച്ചു് അനേകശതവർഷകാലംമുതൽക്കു ഒരു വാട്ടവും കോട്ടവും തട്ടാതെ പ്രശോഭിച്ചുകൊണ്ടിരിക്കുന്ന അനവധി കാവ്യകുസുമങ്ങളിലെ അനവദ്യവും ഹൃദ്യവുമായ മകരന്ദരസം ശേഖരിച്ചു വച്ചിട്ടുള്ള ഒരു സാഹിത്യചരിത്രത്തിന്റെ രചയിതാവു് എന്ന നിലയിൽ പരിലസിക്കുന്ന ശ്രീമാൻ ആർ. നാരായണപ്പണിക്കർ അവർകൾ പ്രസിദ്ധനായ ഒരു നാവലെഴുത്തുകാരനായിട്ടും ഒരുത്തമചരിത്രകാരനായിട്ടും ഒരു ഒന്നാന്തരം പ്രാസംഗികനായിട്ടും ഒരു മാതൃകാദ്ധ്യാപകനായിട്ടും കൂടി നമ്മുടെ ദൃഷ്ടിപഥത്തിലും കർണ്ണപഥത്തിലും എത്തുന്നു. ഈ മാന്യദേഹം വിവിധഭാഷകളുടെ ഒരു സജീവകോശമെന്ന നിലയിലും ഇന്നത്തെ ഭാഷാപോഷണ വിചക്ഷണന്മാരിൽ അഗ്രിമസ്ഥാനത്തിനു അവകാശിയാവാൻ സന്നദ്ധനായിരിക്കുന്ന ഒരു യുവസാഹിത്യരസികനാകുന്നു.

ഇദ്ദേഹത്തിന്റെ അവതാരംകൊണ്ടു ചാരിതാർത്ഥ്യം അടഞ്ഞ പവിത്രദേശം പ്രാചീനകാലം മുതല്ക്കേ സുപ്രസിദ്ധ കവികളുടേയും ശാസ്ത്രജ്ഞന്മാരുടേയും അധിഷ്ഠാന ഭൂമിയായി പരിശോഭിക്കുന്ന ചെമ്പകശ്ശേരിനാടുതന്നെയാണു്. കൊല്ലവർഷം 1064 മകരം 14-നു വിശാഖനക്ഷത്രംകൊണ്ടു കിരിയത്തു നായർകുലത്തിൽ ഈ മാന്യൻ ഭൂജാതനായി. ഇദ്ദേഹത്തിന്റെ പൂർവകുടുംബക്കാർ ബ്രിട്ടീഷുമലബാറിൽ നിന്നു് ആയിരത്തിൽപരം വർഷങ്ങൾക്കു മുൻപു് വടക്കൻ പറവൂരിൽ വന്നു കുടിപാർത്തവരും കയ്മൾസ്ഥാനീയരുമായിരുന്നു. അവിടെനിന്നു് അഞ്ഞൂറുകൊല്ലങ്ങൾക്കുമുൻപു് ചെമ്പകശ്ശേരി രാജാവിന്റെ ക്ഷണം അനുസരിച്ചു് അവർ അമ്പലപ്പുഴ വന്നു് താമസം തുടങ്ങി. ആശ്രിതജനങ്ങൾക്കു കല്പതരുവായിരുന്ന ആ രാജാവു് അവർക്കു് ഒരു സേനാവിഭാഗത്തിന്റെ ആധിപത്യവും വസ്തുവകകളും നല്കി. ‘കോവിലിടം’ എന്നായിരുന്നു ഈ പുതിയകുടുംബത്തിന്റെ പേരു്. അതിന്റെ രണ്ടുശാഖക്കാർ രണ്ടുകരകളുടെ കരനാഥസ്ഥാനം ഇപ്പോഴും വഹിച്ചുവരുന്നു. ഇങ്ങനെ പല ശാഖകളായിത്തീർന്ന കോവിലിടത്തു കുടംബത്തിന്റെ ഒരുപശാഖയാണു് മി. പണിക്കരുടെ ജനനത്താൽ ചരിതാർത്ഥത അടഞ്ഞതു്. സ്വകുടുംബത്തിനു സിദ്ധമായ ആ പോരാളിത്വം ഈ ചരിത്രനായകനിൽ രൂപാന്തരപ്പെട്ടു് സാഹിത്യവിമർശകപ്പോരാളിയായിരിക്കുന്നുമുണ്ടല്ലോ.

ശൈശവലീലകൾ കഴിഞ്ഞു് അടുത്തപടിയിൽതന്നെ മി. പണിക്കർ ജീവിതത്തിലെ ആദ്യഘട്ടമായ വിദ്യാഭ്യാസത്തിൽ പ്രവേശിച്ചു. അചിരേണ ഈ ബാലൻ, ഗുരുജനങ്ങളുടെ വാത്സല്യത്തിനും സബ്രഹ്മചാരികളുടെ ബഹുമാനാദരങ്ങൾക്കും പാത്രീഭൂതനായി. നാട്ടുഭാഷയിൽ ഒന്നു മുതൽ എലിമെന്ററി ക്ലാസ്സുവരെ ഒന്നിലും തോൽവി എന്നുള്ളതറിയാതെ ഒന്നാമതായി പടിപടിയായിട്ടു ജയിച്ചുവന്നു. ഇദ്ദേഹത്തിന്റെ പഠിത്തത്തെപ്പറ്റി അക്കാലത്തു വളരെ പുകഴ്ത്തിയിരുന്നവനും സന്തോഷിച്ചിരുന്നവനും ആയ പ്രധാനാദ്ധ്യാപകൻ ബ്രഹ്മശ്രീ വി. ശിവരാമകൃഷ്ണയ്യർ അവർകൾ, സ്വശിഷ്യാഗ്രണിയുടെ ക്രമപ്രവൃദ്ധമായ അഭ്യുന്നതിയിൽ സന്തുഷ്ടനായി ഇന്നും ജീവിച്ചിരിപ്പുണ്ടു്.

ഇങ്ങനെ ഏറ്റവും പ്രശംസനീയമാംവണ്ണം മാതൃഭാഷാഭ്യസനം കഴിഞ്ഞു് ക്രമേണ 11-ാമത്തെ വയസ്സിൽ ആംഗലഭാഷാപഠനത്തിനിറങ്ങി. ഈ മാന്യനുണ്ടായിരുന്ന ദുശ്ശാഠ്യങ്ങളിൽ പ്രധാനമായ ഒന്നു് എല്ലാക്ലാസ്സിലും ഒന്നാമതായി പാസ്സാകണമെന്നുള്ളതായിരുന്നു. അക്കാലത്തു് ഇദ്ദേഹത്തിനു് ഏറ്റവും പിടിച്ചതും വാസനയുള്ളതും ആയ വിഷയം കണക്കും ഇംഗ്ലീഷും ആയിരുന്നു എന്നാണു് ഞാൻ അറിഞ്ഞിട്ടുള്ളതു്. എന്നാൽ മാതൃഭാഷയിൽ ഒരുമാതിരി മോശവുമായിരുന്നു. ഒരു മലയാളി മലയാളഭാഷയിൽ മോശമാണെന്നുവരുന്നതു് പോരായ്മയെന്നുള്ള ബോധം മി. പണിക്കരുടെ അന്തരംഗത്തിൽ കടന്നുകൂടുകയാൽ തൽഫലം ഇപ്പോൾ നമുക്കൊക്കെ പ്രത്യക്ഷത്തിൽ അനുഭവിക്കാറായിട്ടുണ്ടു്. ഇതോർക്കുമ്പോൾ സകലവിധ ഉന്നതിയ്ക്കും യശസ്സിനും മുഖ്യനിദാനം ഒരുവന്റെ വാശിയോടുകൂടിയ സ്ഥിരപ്രയത്നം തന്നെയെന്നുള്ള തത്വം ഹൃദയത്തിൽ ഉൽബുദ്ധമാകുന്നുണ്ടു്. നമ്മുടെ പണിക്കർ മൂന്നാം ഫാറത്തിൽ പഠിക്കുന്ന അവസരത്തിൽ ഇംഗ്ലീഷിൽ എഴുതിയ ഒരുപന്യാസത്തെക്കുറിച്ചു് അന്നത്തെ ഹെഡ്മാസ്റ്റർ അവർകളുടെ നിർവ്യാജമായ പ്രശംസാവാക്യംതന്നെ ഇദ്ദേഹത്തിന്റെ പ്രതിഭാശക്തിയെ പ്രസ്ഫുടമാക്കുന്നുണ്ടു്. ഒഴിവുദിവസങ്ങളെ വന്ധ്യമാക്കാതെ ഇംഗ്ലീഷിലുള്ള പലേ നോവലുകളും ഇക്കാലത്തിനു മുമ്പുതന്നെ വായിച്ചുതീർത്തു. പ്രായേണ വിദ്യാർത്ഥികൾക്കു തിക്തത കഷായമായി തോന്നാറുള്ള വ്യാകരണം മി. പണിക്കർക്കു് കദളീരസായനമായിട്ടാണു് തോന്നിയിരുന്നതു്. സാധാരണ വ്യാകരണവിഷയം മനസ്സിലാക്കാനും അതിൽ രസിക്കാനും കെൽപ്പുള്ള ഒരുവനു് ഭാഷാജ്ഞാനം സ്വയമേ കൂടിയിരിക്കുമെന്നുള്ളതു് വിദ്വൽ സമ്മതമായിട്ടുള്ളതാണല്ലോ.

ഈ ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കവേ വിദ്യാർത്ഥിയായ മി. പണിക്കരുടെ ഹൃദയം തകർന്നുപോകത്തക്കവണ്ണം ഒരു പരിതാപകരമായ സംഭവം നടന്നു. അതായതു് ഇദ്ദേഹത്തിന്റെ പ്രിയജനനി സ്വപുത്രന്റെ ഭാവി യശഃകുസുമസൗരഭ്യം ആഘ്രാണിക്കുന്നതിനിടയാകാതെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു എന്നുള്ളതാണു്. അടുത്ത കൊല്ലത്തിൽ അദ്ദേഹത്തിന്റെ ഗുരുവരനും പ്രധാനാദ്ധ്യാപകനും ആയ മി. സുബ്ബയ്യർ അവർകളും ദിവംഗതനായി. ഈ രണ്ടു് അകാലനിര്യാണങ്ങളും നമ്മുടെ യുവവിദ്യാർത്ഥിയായ പണിക്കരുടെ ഹൃദയകവാടത്തെ വിപാടനംചെയ്കയും അദ്ദേഹത്തിനെ ഏറെക്കുറെ അന്തർമുഖനാക്കുകയും ചെയ്തു.

4-ാം ഫാറത്തിൽ പഠിത്തം ആരംഭിച്ചതോടുകൂടി സംസ്കൃതഭാഷയും അഭ്യസിച്ചുതുടങ്ങി. ആശാന്മാരുടെ എഴുത്തുപള്ളിയിലെ കറിക്കുലമനുസരിച്ചു് ആദ്യമേതന്നെ അമരകോശവും സിദ്ധരൂപവും ശ്രീരാമോദന്താദി ലഘുകാവ്യങ്ങളും പഠിച്ചിരുന്നതുകൊണ്ടു് ആ വിഷയത്തിൽ അധികം തോൽവിക്കിട പറ്റിയില്ല. കൂടാതെ ആ വിഷയത്തിൽ കൂടുതൽ ശ്രദ്ധയും അദ്ദേഹം പതിപ്പിച്ചു. ഇതിനൊരു പ്രത്യേക കാരണവുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സഹപാഠികളായി പ്രാഥമികപരീക്ഷാ വിജയികളായ കുറെ വിദ്യാർത്ഥികളുണ്ടായിരുന്നു. അവരൊക്കെ മലയാളത്തിൽ മിടുക്കന്മാരുമായിരുന്നു. പണിക്കർ മാത്രം അക്കൂട്ടത്തിൽ വളരെ പിന്നോക്കമായിരുന്നു. ഈ വഴിയ്ക്കു യാത്രചെയ്താൽ സ്വസഹപാഠികൾക്കൊപ്പമോ മുന്നണിയിലോ എത്തിച്ചേരുന്നതു് അസാദ്ധ്യമെന്നു കരുതി മാർഗ്ഗാന്തരത്തിൽ പ്രവേശിച്ചു് ശുഷ്കാന്തി കാണിക്കുന്നപക്ഷം തന്റെ ഉദ്ദിഷ്ടകാര്യം സാധിതപ്രായമാകുമെന്നു കാൺകയാലും തന്നെ പിന്നിലാക്കിയ കൂട്ടർ തന്നെ ഒരു സമസ്യാ പൂരണത്തിനു് മറ്റുള്ളവരോടൊപ്പം തന്നോടു് ആവശ്യപ്പെടുകയും അതിനു തനിക്കു് ശേഷിയില്ലാതായിത്തീരുകയും ചെയ്കയാൽ പണിക്കരെ അവർ ഒക്കെ കൃതഹസ്തതാളം പരിഹസിക്കയും അതുകൊണ്ടു് ലജ്ജിതനായി ഭവിക്കയും ചെയ്തതിനാലുമാണു് സംസ്കൃതം പഠിച്ചുതുടങ്ങിയതും അതിൽ അശ്രാന്ത പരിശ്രമം ചെയ്തതും. “സ്പർദ്ധയാ വർദ്ധതേ വിദ്യാ” എന്നുണ്ടല്ലോ. കവിത എഴുതാൻ പലവട്ടം പ്രയത്നിച്ചിട്ടുണ്ടായിരുന്നു. അതു മുഴുവനും അക്കാലത്തു നിഷ്ഫലമായതേയുള്ളൂ. എങ്കിലും ആ വിഷയത്തിൽ തുടർന്നു പ്രയത്നിച്ചു. അചിരേണ ആ കവിതാകാമിനിയ്ക്കും നമ്മുടെ പണിക്കരോടു അനുകമ്പയുണ്ടായി സാവധാനം കടാക്ഷിച്ചുതുടങ്ങി. അദ്ദേഹം രചിച്ചിട്ടുള്ള അസംഖ്യം ഗാനങ്ങൾ ഇപ്പോൾ കേരളമൊട്ടുക്കു് പ്രചരിച്ചിട്ടുണ്ടു്.

പുസ്തകപാരായണം എന്നുള്ളതു് നിത്യാനുഷ്ഠാനങ്ങളിൽ ഒന്നാമതായിട്ടാണു് പണിക്കർ കരുതിപ്പോന്നിരുന്നതു്. എന്നാൽ ആ വ്രതം നിർവിഘ്നമായി പരിസമാപിക്കണമെങ്കിൽ ഗ്രന്ഥസാമഗ്രി അത്യാവശ്യമാണല്ലോ. പിന്നത്തേ ശ്രമം അതിലേയ്ക്കായി. അല്പകാലത്തിനുള്ളിൽ സഹസ്രാധികം ഗ്രന്ഥങ്ങൾ ശേഖരിക്കുകയും അവയൊക്കെ യഥാ സൌകര്യം പല ആവർത്തി വായിച്ചു തീർക്കുകയും ചെയ്തു. ഇപ്പോൾ ഒന്നാംകിടയിലുള്ള ഒരു ഗ്രന്ഥസമുച്ചയം അദ്ദേഹത്തിന്റെ കൈവശമുണ്ടു്.

അഞ്ചാം ഫാറത്തിൽ ഉത്സാഹിയായി പഠിച്ചുവരവേ അതികഠിനമായ രോഗം പിടിപെട്ടു് കാലന്റെ പടിവാതുക്കലോളം എത്തി. ഭാവിയെപ്പറ്റി പലരും സംശയഗ്രസ്തരായിരുന്നു. പരീക്ഷ അടുത്തപ്പോൾ രോഗത്തിനു അല്പമൊരു ശമനം കാണുകയും ഉടൻ അക്കൊല്ലത്തെ പരീക്ഷയ്ക്കു കൂടുകയും ക്ലാസ്സിൽ ഒന്നാമതായി പാസ്സാകുകയും ചെയ്തു. അതു കഴിഞ്ഞ ഉടൻ പൂർണ്ണശമനംപ്രാപിക്കാത്ത ആ രോഗം തന്നെ വീണ്ടും തലപൊക്കി. അതു കുറേ നാളത്തേയ്ക്കു നിലനിന്നു. പല ഭിഷക്പ്രവരന്മാരും ചികിത്സിച്ചുനോക്കി. അതിലൊന്നിലും ഫലപ്പെടാതെ ഒടുവിൽ ഒരു ചിന്താമണിവൈദ്യന്റെ കൂടെ കഴിച്ചു കൂട്ടിവരവേ രോഗിയ്ക്കു് ആ വൈദ്യൻ വെറും വൈദ്യംമന്യനാണെന്നു് അയാളുമായുള്ള അഭിമുഖ സംഭാഷണത്തിൽ കാണുകയാൽ അയാളുടെ ചികിത്സയുംമതിയാക്കിയിട്ടു്, പുണ്യശ്ലോകനായ തലവടി ചന്ദ്രശേഖരൻപിള്ള വൈദ്യനെ കണ്ടു് അദ്ദേഹത്തിന്റെ ഔഷധങ്ങൾ സേവിച്ചുതുടങ്ങുകയും അതിന്റെ ഫലം പെട്ടെന്നു് അനുഭവപ്പെടുകയും ചെയ്തു. അന്നുമുതൽക്കു് മി. പണിക്കർക്കു് അഷ്ടാംഗവൈദ്യത്തിൽ നിരതിശയമായ ബഹുമാനം തോന്നിയതിനാൽ തഛാസ്ത്രാഭ്യസനവിഷയത്തിൽ കൂടുതൽ പ്രതിപത്തി കാട്ടിത്തുടങ്ങി. ഈയിടയ്ക്കു എഴുതി പ്രസിദ്ധപ്പെടുത്തീട്ടുള്ള “ആയുർവേദചരിത്രം” തൽഫലമായിട്ടുള്ളതാകുന്നു. ഈ ഗ്രന്ഥരത്നം പല മാന്യ മഹാശയന്മാരുടേയും പ്രശംസയ്ക്കു പാത്രമായിത്തീർന്നിട്ടുള്ള ഒരു സർവതന്ത്ര സ്വതന്ത്രമായ പ്രൌഢ കൃതിയാണു്. തീവ്രമായ അന്വേഷണബുദ്ധി സ്ഥിരവും സ്വതന്ത്രവുംആയ അഭിപ്രായസ്ഥാപനം മുതലായി പല ശക്തിമത്തുകളായ സംഗതികൾ പ്രസ്തുത ചരിത്രത്തിൽ അടങ്ങിയിരിക്ക കൊണ്ടാണു് പണ്ഡിതജനങ്ങളുടെയിടയിൽ അതിനു് അത്രത്തോളം മാഹാത്മ്യം കൂടിയതു്.

ഇദ്ദേഹം മട്രിക്കുലേഷൻക്ലാസ്സിൽ പഠിക്കുന്ന കാലത്തു് നേരം പോക്കായി “ഭാനുമതി” എന്നൊരു നോവൽ എഴുതീട്ടുണ്ടായിരുന്നു. അതു് അച്ചടിച്ചിട്ടില്ല. ഇങ്ങനെ സാഹിത്യ പരിശ്രമങ്ങളിൽ നക്തംദിവം കഴിച്ചുകൂട്ടിയെങ്കിലും അദ്ധ്യായനവിഷയത്തിൽ ഒട്ടും പിന്നോക്കം പോകാതെ സർവകലാശാലാ പരീക്ഷയിലും ക്ലാസ്സിൽ ഒന്നാമനായിത്തന്നെ പാസ്സായി. ഉടനെ എറണാകുളം കാളേജിൽ ചേർന്നു് എഫ്. ഏ. യ്ക്കു പഠിച്ചുതുടങ്ങി. ആ കാളേജിൽ നടത്താറുണ്ടായിരുന്ന പലേ മലയാള സമാജങ്ങളിലും അദ്ധ്യക്ഷം വഹിക്കുക ഉണ്ടായിട്ടുണ്ടു്. പുത്തേഴത്തു മി. രാമൻമേനോൻ പണിക്കരുടെ ജൂനിയർ ആയിരുന്നു എഫ്. ഏ. യിലും പ്രശംസാർഹമായ വിധത്തിൽ തന്നെ പാസ്സായി. ഉപരിവിദ്യാഭ്യാസത്തിനു് തിരുവനന്തപുരം രാജകീയ കാളേജിൽ വന്നുചേർന്നു. ബി. ഏ. ക്ലാസ്സിൽ ഒരുകൊല്ലം പഠിച്ചു. സീനിയർ ക്ലാസ്സിൽ പഠിക്കുന്ന കാലത്തു് പ്രൊഫ്സറന്മാരിൽ ഒരാൾ അദ്ദേഹത്തിന്റെ അഭിമാനത്തിനു് ക്ഷയം വരത്തക്കവണ്ണം പെരുമാറിയതിനാൽ പഠിത്തം നിർത്തീട്ടു് സ്വദേശത്തേയ്ക്കു പൊയ്ക്കളഞ്ഞു. ഒരു കൊല്ലത്തോളം ഒരു മലയാം സ്ക്കൂളിലെ ഒന്നാംവാദ്ധ്യാരായി കഴിച്ചുകൂട്ടി. ഇദ്ദേഹം ആ സ്ക്കൂൾ ഭരണം ഏറ്റതിന്റെ ഫലമായി അക്കൊല്ലത്തെ സ്ക്കൂൾലീവിംഗ് പരീക്ഷയ്ക്കു ൧൩ വിദ്യാർത്ഥികളെ അയച്ചതിൽ ൧൨ പേർ പാസ്സായി. അത്തരത്തിലുള്ള ഒരു വിജയഫലം അതിനു മുൻപൊരിക്കലും ആ സ്ക്കൂളിലുണ്ടായിട്ടേയില്ലായിരുന്നു. അന്നു് ഡയറക്റ്റരായിരുന്ന ഡാക്ടർ ബിഷപ്പു് അവർകൾ യാദൃഛികമായി വന്നു് സ്ക്കൂൾ പരിശോധിച്ചതിൽ വളരെ പ്രശംസിക്കയുണ്ടായിട്ടുണ്ട്. ൨൩ വയസ്സു തികയുന്നവർക്കു് ബി. ഏ-യ്ക്കു പ്രൈവറ്റായി ചേരാമെന്നു് യൂണിവേൾസിറ്റിക്കാർ അക്കൊല്ലം അനുവദിച്ചതിനാൽ അദ്ദേഹം അതിനുചേർന്നു് ചരിത്രത്തിലും മലയാളത്തിലും പാസ്സായി. അടുത്ത കൊല്ലം ഇംഗ്ലീഷിലും വിജയം നേടി.

ബീ. ഏ. ക്ലാസ്സിൽ പഠിക്കുന്ന അവസരത്തിൽ “ഡാവിൽ” “ഹക്സിലി” മുതലായവരുടെ പ്രാണിവിജ്ഞാനീയ ഗ്രന്ഥങ്ങളും “പരിണാമവാദവും” നല്ലപോലെ പഠിച്ചു. തത്വദർശനപരങ്ങളും തർക്കശാസ്ത്രപരങ്ങളും ആയ ഗ്രന്ഥങ്ങളിലെ സാരതരങ്ങളായ വിഷയങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നു. എന്നാൽ അതിനോടുകൂടി അദ്ദേഹം ഒരു നിരീശ്വരവാദിയായിത്തീർന്നു വെങ്കിലും ഹക്സിലി എൻസൈക്ലോപീഡയാ ബ്രിട്ടാനിക്കയിൽ എഴുതിയിരുന്ന പ്രാണിവിജ്ഞാനീയലേഖനം മി. പണിക്കരുടെ ചിന്തയെ ഉദ്ദീപിപ്പിച്ചു. അന്നുമുതല്ക്കു് ഗീത, ഉപനിഷത്തുകൾ വിവേകാനന്ദന്റെ പ്രസംഗങ്ങൾ ഇവ പാരായണം തുടങ്ങി. അങ്ങനെയാണു് അദ്ദേഹം ഒരു മതവിശ്വാസിയായിത്തീർന്നതു്. പൌരസ്ത്യപരിഷ്ക്കാരത്തിലും അദ്ദേഹത്തിനു പ്രതിപത്തി വർദ്ധിച്ചു. അതോടുകൂടി ഇദ്ദേഹത്തിന്റെ പഠിത്തകാലത്തു് എഴുതിവായിച്ച “ഹൈന്ദവനാടകങ്ങൾ” എന്ന ലേഖനത്തിനു് ‘ഭാഷാപോഷിണി’ അഗ്രിമസ്ഥാനം നൾകീട്ടുള്ളതിനെ ഓർക്കുമ്പോൾ ടി ലേഖനത്തിനു എത്രകണ്ടു യോഗ്യതയുണ്ടെന്നു് നമുക്കു മനസ്സിലാക്കാവുന്നതാണു്. B. A. ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ, അമ്പലപ്പുഴ താലൂക്കിൽനിന്നു് പ്രജാസഭ മെമ്പറായിരുന്ന ആളും സുപ്രസിദ്ധനും ആയ വക്കീൽ കെ. നാണുപിള്ള അവർകളുടെ ഭാഗിനേയി ശ്രീമതി ജാനകിഅമ്മ എന്ന ബാലികയെ പാണിഗ്രഹണം ചെയ്തു് മി. പണിക്കർ ഗൃഹസ്ഥാശ്രമത്തിൽ പ്രവിഷ്ടനായിക്കഴിഞ്ഞിരുന്നു. അധികകാലതാമസം കൂടാതെ ‘കാർത്യായണി’ എന്ന ഒരു ഓമന മകളും ജനിച്ചു.

ബീ. ഏ. പാസ്സായതിനു ശേഷം എടത്വാ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഒരദ്ധ്യാപകനായി ജീവിതം നയിച്ചുതുടങ്ങി. മി. പണിക്കർ അവിടുത്തെ വിദ്യാർത്ഥികളുടെ ഇടയിൽ ഒരുപാസനാവിഗ്രഹമായിട്ടാണു് പരിലസിച്ചിരുന്നതു്. അക്കാലത്തു് എഴുതീട്ടുള്ളതാണു് ‘അശോകൻ’ എന്ന ചെറുകൃതി.

അനന്തരം ബന്ധുക്കളുടെ നിർബന്ധപ്രകാരം ‘ലാകാളേജി’ൽ ചേർന്നു. അക്കാലത്തു നമ്മുടെ സ്നേഹിതനു് പല കഷ്ടനഷ്ടങ്ങൾ സംഭവിച്ചു. ആ ദുഃഖത്തെ പ്രമാർജനം ചെയ്യാൻ എന്ന വണ്ണം ഒരു പുത്രനിധിയും കരസ്ഥമായി. പിന്നീടു കുറെക്കാലം ‘ദക്ഷിണദീപം’ എന്ന മാസികയുടെ പരിപോഷണാർത്ഥം ഉത്സാഹിയായി നടന്നു. ആ മാസികയിൽ കാണുന്ന പലേ ലേഖനങ്ങളുടേയും പ്രണേതാവു് നമ്മുടെ പണിക്കർ തന്നെയാണു്. ആ ലേഖനങ്ങളൊക്കെയും പല മാന്യജനങ്ങളുടേയും പല പത്രങ്ങളുടേയും നിർവ്യാജമായ പ്രശംസാദരങ്ങൾക്കു് വിഷയീഭവിച്ചിട്ടുണ്ടു്. ഗ്രന്ഥനിർമ്മാണവിഷയത്തിലും അക്കാലത്തു് ഇദ്ദേഹം ഉദാസീനനായിരുന്നില്ല.

അടുത്തതായ ജീവിതഘട്ടം പരവൂർ ഇംഗ്ലീഷ് സ്ക്കൂൾ ഹെഡ്മാസ്റ്റരുടെ നിലയിലാണു് തുടരുന്നതു്. ഏറ്റവും അധഃപതനാവസ്ഥയിൽ ഇരുന്നിരുന്ന ആ സ്ക്കൂളിനു് അക്കാലം ശുക്രദശയായിരുന്നു. അധികകാലവിളംബമെന്യേ പ്രസ്തുതസ്ക്കൂൾ ഒരു മാതൃകാസ്ക്കൂൾ എന്ന പ്രഖ്യാതിക്കു അർഹമായിഭവിച്ചു. ജാതിസ്പർദ്ധാപിശാചികാവേശമില്ലാതിരുന്നതിനാൽ എല്ലാ ജാതിമതസ്ഥന്മാരുടേയും പ്രീതിബഹുമാനാദരങ്ങൾക്കു് പണിക്കർ പ്രത്യേകം പാത്രമായിരുന്നു. ഈ ഘട്ടത്തിൽ നമ്മുടെ കഥാനായകന്റെ ഹൃദയനാഡി തകർന്നുപോകത്തക്കവണ്ണം ഒന്നു രണ്ടു ഘോരസംഭവങ്ങൾ നടന്നു. അതായതു് ഇദ്ദേഹത്തിന്റേ ഭാര്യയുടേയും പ്രിയപുത്രിയുടേയും അകാലമരണം തന്നെയായിരുന്നു. ശ്രീമതി ജാനകിഅമ്മ പുരാണവനിതകളെപ്പോലെ ഭർതൃഗതപ്രാണനായ ഒരു സതീരത്നമായിരുന്നു. ഈ മരണം നമ്മുടെ യുവാവിനെ ഏറെക്കുറെ വിരക്തനാക്കിത്തീർത്തു എന്നു പറയാം. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും തനിക്കു വാസനാസിദ്ധമായ ലേഖനവിഷയത്തിലും അധ്യയനാധ്യാപനങ്ങളിലും നിരന്തരം പ്രയത്നിച്ചും കൊണ്ടേയിരുന്നു. അക്കാലത്തു് “വേദാന്തം” അഥവാ “സാർവജനീനമായമതം” എന്നൊരുഗാംഭീര്യമായ വിഷയത്തെഅധികരിച്ചു് ആത്മപോഷിണിയിൽ തുടരെ തുടരെ പ്രസിദ്ധീകരിച്ചുംകൊണ്ടിരുന്ന ദീർഘലേഖനം കൊട്ടാരക്കരവച്ചു നടന്ന ഒരു മഹായോഗത്തിൽ വായിച്ചതാണു്. പരവൂർ വച്ചു് ഉള്ളൂർ മി. പരമേശ്വരയ്യർ അവർകളുടെ ആദ്ധ്യക്ഷത്തിൽ നടന്ന ഒരു മഹായോഗത്തിൽ എഴുതി വായിച്ച “ജീവിതോദ്ദേശ്യം” എന്ന വേദാന്തപരമായ പ്രസംഗം കഴിഞ്ഞ ഉടനേ അദ്ധ്യക്ഷൻ എഴുന്നേറ്റു് കൈ കൊടുത്തു് ബഹുമാനിച്ചു. ‘പ്രസംഗം ഉടനടി പ്രസിദ്ധീകരിക്കണ’മെന്നു് സസന്തോഷം ബാഹ്യമായി പ്രസ്താവിക്കയും ചെയ്തതു് പ്രത്യേകം ബഹുമാനിക്കത്തക്കതാണു്.

ഇക്കാലത്തിനിടയിൽ സംസ്കൃതത്തിൽ കൂടുതൽ പാണ്ഡിത്യം സമ്പാദിക്കുന്നതിനു കൊതുകം ഉണ്ടാകയും അതിനായി വ്യാകരണം, അലങ്കാരം, ജ്യോതിഷം, ന്യായം തുടങ്ങിയവ പഠിച്ചുതുടങ്ങുകയും ചെയ്തു. ഈ ഘട്ടത്തിൽ സമ്പാദിച്ച അറിവിന്റെ ഫലമായി പണിക്കരുടെ ലേഖനിയിൽനിന്നും “ഹൈന്ദവനാട്യശാസ്ത്രം” എന്ന പേരിൽ ഒരുത്തമ ഗ്രന്ഥം ഉൽഭൂതമായി. ഈ സാഹിത്യചരിത്രത്തിനു് അടിസ്ഥാനമായിട്ടുള്ളതു് മേൽപറഞ്ഞ ഗ്രന്ഥവും മലയാംസ്ക്കൂളിലെ ഏതാനും ചില അദ്ധ്യാപകന്മാർക്കുവേണ്ടി നടത്തിയ ഹയർക്ലാസ്സിൽ പറഞ്ഞുകൊടുത്ത നോട്ടുകളുമാണു്. അത്തരത്തിലുള്ള അന്നത്തെ ചെറുപരിശ്രമങ്ങൾ ഇന്നു് ഈ നിലയിൽ ഒരു ‘കേരളഭാഷാസാഹിത്യചരിത്ര’മായി പരിണമിച്ചതിൽ നാം ആജീവം ചാരിതാർത്ഥ്യപ്പെടേണ്ടിയിരിക്കുന്നു.

൧൦൯൩-ൽ രണ്ടാമതൊരു വിവാഹംചെയ്തു. പക്ഷേ ആ ദാമ്പത്യവും ഏറെക്കാലം നിലനിന്നില്ല. ൧൦൯൬-ാമാണ്ടു് പ്രസിദ്ധമഹാകവിയായ കെ. സി. കേശവപിള്ളയുടെ ഏകപുത്രിയായി ശ്രീമതി കെ. എൻ. തങ്കമ്മ എന്ന സുശീലയെ സഹധർമ്മചാരിണിയായി സ്വീകരിച്ചു. ആ വിവാഹത്തിൽ രണ്ടു ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇപ്പോഴും ഉണ്ടു്.

മൂന്നാമത്തെ കാലഘട്ടത്തിൽ മി. പണിക്കരെ നാം കാണുന്നതു് ഒരു സർക്കാർ ഉദ്യോഗസ്ഥനായിട്ടാണു്. ൧൦൯൮-മുതൽക്കു് ഹിന്ദി, ഉർദു, ബംഗാളി, കന്നടം, തമിഴു് എന്നീ ഭാഷകളിൽ പരിജ്ഞാനം സമ്പാദിച്ചുതുടങ്ങി. ഹിന്ദി പഠിച്ചതിന്റെ ഫലമായിട്ടു് മലയാളത്തിനു പല പല നല്ല ഗ്രന്ഥമാലകൾ ലഭിച്ചിട്ടുണ്ടു്. ഈ മാന്യനിൽ നിന്നും മലയാള ഭാഷയ്ക്കും തൽ ഭാഷാഭിമാനികൾക്കും അനർഘങ്ങളായി ലഭിച്ച ഗ്രന്ഥസമ്പത്തുകൾ താഴെ പറയുന്നവയാണു്.

വിവിധ വിഷയങ്ങളെ അധികരിച്ചു രചിച്ചിട്ടുള്ള നാല്പതിൽപരം പ്രസംഗങ്ങൾ, ആര്യചരിതം, അശോകൻ, ഹനൂമാൻ ഹൈന്ദവ നാട്യശാസ്ത്രം, പ്രേമോല്ക്കർഷം, (നാടകം) അമൃതവല്ലി, (നോവൽ) അന്നപൂർണ്ണാലയം, (നോവൽ) മേവാർപതനം, (അച്ചടിച്ചിട്ടില്ല) ഭീഷ്മർ (നാടകം, അച്ചടിച്ചിട്ടില്ല) പല ആട്ടക്കഥകളുടേയും സാരഗർഭമായ വ്യാഖ്യാനങ്ങൾ, മുതലായവ. ദേശീയഗാനമഞ്ജരി, ശ്രീരാമകൃഷ്ണകർണ്ണാമൃതം, തുളസീദാസരാമായണം ഗദ്യവിവർത്തനം ‘ആംഗലഭാഷബൃഹൽകോശം’ എന്നൊരു ഇംഗ്ലീഷ് മലയാള നിഘണ്ടുവും വിപുലമായ ഒരു തിരുവിതാംകൂർ ചരിത്രവും ഭാഷാചരിത്രവും അദ്ദേഹം എഴുതി തയ്യാറാക്കിവരുന്നുണ്ടു്.

ഇനി നമ്മുടെ പണിക്കരുടെ സ്വഭാവഗുണത്തെപ്പറ്റി എനിക്കറിയാവുന്നിടത്തോളം പറഞ്ഞു് ഈ ലഘുചരിത്രത്തെ അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു. മി. പണിക്കർ ഒരു ഒന്നാന്തരം സ്വദേശാഭിമാനിയും ജാത്യഭിമാനിയുമാണു്. എന്നാൽ നിരഭിമാനികളും അകൈതവമതിമാന്മാരും ആയ വിദ്വാന്മാരെക്കുറിച്ചു് അദ്ദേഹത്തിനുള്ള അഭിമാനവും സ്നേഹവും അന്യാദൃശമാണെന്നു് പറയുന്നതിൽ അത്യുക്തിയില്ല. പിന്നെയൊരു വിശിഷ്ടഗുണമുള്ളതു്–

“ഒരുവനുടനൊരാളിൽ സ്നേഹമായാലവന്നു-
ള്ളൊരു നിരുപമ സൗഖ്യദ്രവ്യമായാളുതന്നെ.”

എന്നൊരു കവിപണ്ഡിതൻ പാടീട്ടുള്ള വചനത്തെ അക്ഷരംപ്രതി അനുവർത്തിച്ചുവരുന്നു എന്നുള്ളതാണു്. മി. പണിക്കർക്കു്, അഹങ്കാരവിജൃംഭണംകൊണ്ടു് ഞെളിഞ്ഞുനടക്കുന്ന ഒരുകൂട്ടം പണ്ഡിതംമന്യരോടുള്ള വെറുപ്പും അന്യാദൃശംതന്നെയാകുന്നു. അദ്ദേഹം,

“എന്തെന്നാലും മനമതിലുദിക്കുന്നപോലേ കഥിക്കാ-
മെന്തായാലും ജനമതിനുരയ്ക്കാതിരിയ്ക്കില്ലദോഷം.”

എന്ന വചനത്തെ സർവാത്മനാ അനുഷ്ഠിച്ചും,

“യേനാമകേചിദിഹനഃ പൃഥയന്ത്യവജ്ഞാം
ജാനന്തിതേകിമപി താൻപ്രതിനൈഷയത്നഃ”

എന്ന വാക്യത്തെ മുദ്രാവാക്യമായിക്കരുതിയും സദാ പോരാടുന്ന ഒരു ധീരപുരുഷനാണു് എന്നുള്ളതിനു പക്ഷാന്തരമില്ല. സ്വാഭിപ്രായത്തെ തുറന്നുപറയുന്ന കാര്യത്തിൽ യാതൊരു സങ്കോചവും അദ്ദേഹത്തിനില്ലെങ്കിലും, വിനയം അദ്ദേഹത്തിന്റെ ‘കൂടപ്പിറപ്പാണു്’.

ആഢംബര വിവർജ്ജിതമായ ജീവിതം, ധനത്തിലും യശസ്സിലും കാംക്ഷയില്ലായ്മ, വിപുലമായ പരഹൃദയജ്ഞാനം, ഫലിതഭാഷണത്തിലുള്ള ചാതുര്യം, അനാചാരങ്ങളോടുള്ള വിദ്വേഷം, സാധുജനങ്ങളോടുള്ള അനുകമ്പ, തീവ്രമായ ഭഗവദ്ഭക്തി ഇവയൊക്കെ മിസ്റ്റർ പണിക്കർക്കുള്ള വിശിഷ്ടഗുണങ്ങളാണെന്നു് അദ്ദേഹത്തിനോടു് അടുത്ത പരിചയമുള്ളവർക്കൊക്കെ അറിയാം. സകല ശാസ്ത്രങ്ങളിലും അദ്ദേഹം സാമാന്യത്തിൽകവിഞ്ഞ ജ്ഞാനം സമ്പാദിച്ചിട്ടുള്ളതിനാൽ, ഏതു വിഷയത്തെപ്പറ്റിയെങ്കിലും ഒരു സംശയം ആർക്കെങ്കിലും ഉണ്ടായാൽ, അതിനെ ക്ഷണത്തിൽ അദ്ദേഹം പരിഹരിക്കുമെന്നു പരിചിതന്മാർക്കു മാത്രമേ അറിവുള്ളു. അദ്ദേഹത്തിനുള്ള ഒരു വലിയ ദൂഷ്യം ശ്രദ്ധക്കുറവാണു്. എന്തെങ്കിലും എഴുതിയാൽ രണ്ടാമതു് ഒന്നു വായിച്ചുനോക്കുകയോ പകർത്തുകയോ ചെയ്കയില്ലെന്നുള്ള കാര്യം തീർച്ചയാണു്. ഈ അശ്രദ്ധ ഊണിലും, വസ്ത്രധാരണത്തിലും, കത്തെടപാടുകളിലുമൊക്കെ കാണാം. ചുരുക്കിപ്പറഞ്ഞാൽ മി. പണിക്കരുടെ അജ്ഞാതമഹിമയുടെ യഥാർത്ഥ രൂപം കാലക്രമത്തിലേ കേരളം അറിയൂ. അദ്ദേഹം ആയുരാരോഗ്യ സമ്പദ്വിഭവങ്ങളോടുകൂടി ദീർഘകാലം ജീവിച്ചിരുന്നു് കൈരളിയേയും കേരളത്തേയും ഉപാസിക്കാൻ ജഗദീശ്വരൻ കടാക്ഷിക്കട്ടെ.

മഹോപാദ്ധ്യായ വിദ്വാൻ എൽ. രാമശാസ്ത്രി

തിരുവനന്തപുരം

കൊല്ലവർഷം 5-5-1104

Colophon

Title: Kēraḷa bhāṣāsāhitya caritṛam (ml: കേരള ഭാഷാസാഹിത്യചരിത്രം).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; Vol. 2; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The forest distant views, an oil on canvas painting by Ivan Shishkin (1831–1898). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.