images/rnp-4-cover.jpg
A girl poses for designs with her face painted depicting traditional Indian painting forms like, Varli, Madhubani, Maandna., a photograph by Tapas Kumar Halder .
കുഞ്ചൻ നമ്പിയാർ

കേരളീയമഹാജനതയുടെ കവി എന്ന പേരിനെ സർവ്വഥാ അർഹിക്കുന്ന കുഞ്ചൻനമ്പ്യാരുടെ ജീവചരിത്രത്തിലേക്കു കടക്കുമ്പോൾ ആദ്യമായി നമുക്കു് സമ്മുഖമായിത്തീരുന്നതു് രാമപാണിവാദവാദമാകുന്നു. ഈ വാദത്തിന്റെ ചരിത്രം വളരെ രസാവഹമാണു്. തുള്ളൽകഥാകർത്താവായ നമ്പിയാർ സീതാരാഘവാദി സംസ്കൃതകൃതികളുടെ നിർമ്മാതാവായ രാമപാണിവാദനിൽനിന്നു് ഭിന്നനോ അഭിന്നനോ എന്നുള്ള പ്രശ്നത്തിനു് സമഗ്രമായ ഒരു സമാധാനം നിർദ്ദേശിക്കാൻ ആദ്യമായി ഒരുമ്പെട്ടതു് ഉള്ളൂർ എസ്സ്. പരമേശ്വരയ്യരവർകളാണെന്നു് ൧൧൦൯-ൽ പ്രസിദ്ധീകൃതമായ ‘കുഞ്ചൻനമ്പ്യാർ’ എന്ന പുസ്തകത്തിന്റെ മുഖവുരയിൽ തൽകർത്താവായ ബാലകൃഷ്ണവാരിയർ അവർകൾ പറഞ്ഞിരിക്കുന്നതു കണ്ടപ്പോൾ എനിക്കു തെല്ലുപോലും വിസ്മയം തോന്നിയില്ല. എന്നാൽ ഈ പ്രശ്നം ആദ്യമായി സജ്ജനസമക്ഷം അവതരിപ്പിച്ചതു് ഞാനാണെന്നുള്ളതിനുവേണ്ട തെളിവുകളുണ്ടു്. ൧൧൦൪-ാമാണ്ടു് കോട്ടയ്ക്കൽ വച്ചു നടന്ന സാഹിത്യപരിഷത്തിൽ സാഹിത്യചരിത്രം രണ്ടാംഭാഗവും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. രണ്ടാം ദിവസത്തെ യോഗം നടന്നുകൊണ്ടിരിക്കേ, കാറ്റുുകൊള്ളാനായി ഞാനും മഹാകവി കുണ്ടൂർ നാരായണമേനോനുംകൂടി വെളിയിൽ ഇറങ്ങി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു് ഉള്ളൂർ പരമേശ്വരയ്യരവർകൾ അവിടെ വന്നു് സാഹിത്യചരിത്രത്തിന്റെ ഒരുപ്രതി എന്നോടു് ആവശ്യപ്പെടുകയും, ഞാൻ കച്ചവടക്കാരുടെ പക്കൽനിന്നും വാങ്ങിക്കൊടുക്കുകയും ചെയ്തു. ഒന്നു രണ്ടു ആഴ്ചവട്ടത്തിനകം അദ്ദേഹം ഒരു അഭിനന്ദനപത്രം അയച്ചുുതന്നതിനെ അച്ചടിപ്പിച്ചു് പുസ്തകത്തിന്റെ ബാക്കിപ്രതികളിൽ ഒട്ടിച്ചു ചേർത്തിട്ടുമുണ്ടു്. ഈ സംഭവങ്ങൾക്കു ശേഷമാണു് വടക്കുംകൂറിന്റെ രാമപാണിവാദലേഖനവും മഹാകവിയുടെ മറുപടിയും പ്രസിദ്ധീകൃതങ്ങളായതു്. ഇതിനൊക്കെ അപ്രതിഷേധ്യങ്ങളായ തെളിവുകൾ ഹാജരാക്കാൻ കഴിവുള്ളതുമാണു്.

രണ്ടാംഭാഗത്തിന്റെ ൫൮ മുതല്ക്കു ൬൦—വരെയുള്ള വശങ്ങളിൽ ഈ പ്രശ്നത്തെ ഞാൻ സജ്ജനസമക്ഷം ആവിർഭവിപ്പിച്ചിരുന്നു. അതു് വായിച്ചിരുന്നില്ല എന്നു പറഞ്ഞൊഴിയാനും നിവൃത്തിയില്ല. എന്തുകൊണ്ടെന്നാൽ, അദ്ദേഹത്തിന്റെ കത്തിൽ “Allow me to convey to you my most cordial congratulations on the first and second volumes of your Monumental History of Malayalam Literature which I have just read through” എന്നു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഏതായിരുന്നാലും പരമേശരയ്യരവർകളുടെ ലേഖനം ൧൧൦൪-ലെ സാഹിത്യപരിഷത്തിനു ശേഷവും, സാഹിത്യചരിത്രത്തിലെ പ്രസ്തുതഭാഗം ൧൧൦൩ അവസാനത്തിലും അച്ചടിക്കപ്പെട്ടവ ആയതിനാൽ, ആദ്യമായി ഈ പ്രശ്നം കേരളീയസമക്ഷം ആവിർഭവിപ്പിച്ചതു് ആരെന്നുള്ളതിനെ സംബന്ധിച്ചു് തർക്കത്തിനവകാശമില്ല. ഇനി തെളിവിന്റെ സമഗ്രതയാണു് വിവക്ഷിതമെങ്കിൽ ഞാൻ ഹാജരാക്കിയിട്ടുള്ളതിൽ കൂടുതലായി യാതൊരു തെളിവും അദ്ദേഹം ഹാജരാക്കിയിട്ടില്ലതാനും.

ഞാൻ ഹാജരാക്കിയിരുന്ന തെളിവുകളിൽ ചിലതു് എന്റെ സ്വദേശിയും സതീർത്ഥ്യനും ആയ കല്യപ്പള്ളി ഗോപാലക്കുറുപ്പവർകളും, ഒന്നുരണ്ടെണ്ണം സുഹൃന്മണിയായ കോങ്ങോട്ടു കൃഷ്ണൻനായരവർകളും അയച്ചുതന്നതാണു്. ബാക്കിമാത്രമേ ഞാൻ കണ്ടുപിടിച്ചതായിട്ടുള്ളു. പക്ഷേ ഇത്തരം കണ്ടുപിടിത്തങ്ങളെപ്പറ്റി അഭിമാനിക്കാൻ എന്തിരിക്കുന്നു! അങ്ങനെയാണെങ്കിൽ അതിഗൂഢങ്ങളായിരുന്ന പ്രകൃതിനിയമങ്ങളും മറ്റും കണ്ടുപിടിച്ചു മനുഷ്യലോകത്തിന്റെ പുരോഗതി സുകരമാക്കിത്തീർത്തിട്ടുള്ള സർ ഐസക്‍ന്യൂട്ടണ്‍, എഡിസണ്‍ തുടങ്ങിയവർ അഭിമാനംകൊണ്ടു് വീർത്തു വീർത്തു പൊട്ടിത്തകർന്നുപോകണമായിരുന്നല്ലോ.

ഏതായിരുന്നാലും മി. പരമേശ്വരയ്യരുടെയും എന്റെയും സമാധാനങ്ങൾക്കു് സമഗ്രത വന്നിട്ടില്ലെന്നുള്ളതിനു് അടുത്തകാലത്തുണ്ടായ വാദകോലാഹലങ്ങൾതന്നെ ഒരു തെളിവാകുന്നു. അവയ്ക്കു സമഗ്രതയുണ്ടായിരുന്നെങ്കിൽ ഡാക്ടർ ഗോദവർമ്മയേപ്പോലുള്ള ഒരു മാന്യൻ എതിർവാദം പുറപ്പെടുവിക്കുമായിരുന്നില്ലല്ലോ. കുഞ്ചൻ നമ്പിയാരുടെ സാക്ഷാൽപേരു് കൃഷ്ണൻ എന്നായിരുന്നുവെന്നു വിശ്വസിക്കുന്നവർ ഇപ്പോഴും കുറവല്ല.

ഇനി നമുക്കു് പ്രസ്തുത വാദത്തിലേക്കു കടക്കാം. കലക്കത്തു കുഞ്ചൻ നമ്പിയാർ കൃഷ്ണനാമാവായിരുന്നെന്നു് വിദ്യാവിനോദിനി പത്രാധിപരായിരുന്ന സി. പി. അച്യുതമേനോനവർകളും, പിന്നീടു് സി. ഡി. ഡേവിഡും പ്രസ്താവിച്ചിരുന്നു. ഇങ്ങനെയൊരു ഊഹത്തിനിടകൊടുത്തതു്,

‘കൊല്ലം തൊള്ളായിരത്താണ്ടിരുപതുമിരുപത്താറുമേവഞ്ച പത്തും
ചേർന്നീടുന്നോരു കാലം മിഥുന മുപഗതേ ഭാസ്കരേ ധന്യധന്യഃ
കൃഷ്ണേ പക്ഷേ ചതുർത്ഥീ ചതയയുതദിനേ മാതുലഃ കൃഷ്ണ നാമാ
വിഷ്ണോസ്സായൂജ്യമാപ്തോ വിഹിതഹരിനമസ്യാദികോ വീതദോഷഃ’

എന്നശ്ലോകമാകുന്നു. സാഹിത്യനിരൂപകന്മാരിൽ അഗ്രഗണ്യനായിരുന്ന സി. പി. അച്യുതമേനോൻ അവർകൾ ഈ ചരമശ്ലോകത്തെ അടിസ്ഥാനപ്പെടുത്തി ചിലതെല്ലാം ഊഹിച്ചു. ആ ഊഹം തെറ്റിപ്പോയെന്നുവന്നാലും അദ്ദേഹത്തിനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. ഭൂതകാലഗർഭത്തിൽ മറഞ്ഞുകിടക്കുന്ന തത്വങ്ങളെ കണ്ടുപിടിക്കാനായി സ്വസ്വജീവിതങ്ങളെ സമർപ്പിച്ചിരിക്കുന്ന ഗവേഷകന്മാർക്കു് ഈമാതിരി രേഖകളെല്ലാം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രയോജകീഭവിക്കുന്നുണ്ടു്. ആ നിലയിൽ അദ്ദേഹത്തിന്റെ ‘കണ്ടുപിടിത്ത’വും അഭിനന്ദനീയം തന്നെയാണു്.

പ്രസ്തുത ശ്ലോകത്തിൽ നിന്നുതന്നെ കുഞ്ചൻ നമ്പിയാർ കൃഷ്ണനാമാവായിരുന്നില്ലെന്നു് ഊഹിപ്പാൻ കഴിയും. ഒരു കവി എന്നനിലയിൽ മലയാളികളുടെ കണ്ണിലുണ്ണിയായിരുന്ന കുഞ്ചന്റെ ഭാഗിനേയൻ അദ്ദേഹത്തിന്റെ കവിത്വത്തെപ്പറ്റി ഒരക്ഷരവും മിണ്ടാതെ ‘വിഹിതഹരിനമസ്യാദികഃ’ എന്നുമാത്രം അദ്ദേഹത്തിനെ വിശേഷിപ്പിക്കുമായിരുന്നോ? ൯൫൬-ൽ ഒരു കൃഷ്ണൻനമ്പ്യാർ മരിച്ചുവെന്നും, അദ്ദേഹം കലക്കത്തു കുടുംബത്തിൽപ്പെട്ട ആളായിരുന്നെന്നും മാത്രമേ ഈ ശ്ലോകത്തിൽനിന്നും സിദ്ധിക്കുന്നുള്ളു. എന്നാൽ കുഞ്ചന്റെ യഥാർത്ഥ സാഹിത്യജീവിതം ആരംഭിച്ചതും അവസാനിപ്പിച്ചതും അവിടെ വച്ചല്ലായിരുന്നു എന്നാണല്ലോ ഐതിഹ്യം. അമ്പലപ്പുഴവച്ചു് അദ്ദേഹത്തിനെ ഒരു പേപ്പട്ടി കടിച്ചുവെന്നും, മാത്തൂർ താമസിച്ചു് ചികിത്സ നടത്തിവരവേ അമ്പലപ്പുഴ തിരുമുൽപ്പാടിന്റെ മാസമടിയന്തിരത്തിനായി നെടുമുടിയിൽനിന്നു് അവിടെവന്നു് പുളിശ്ശേരി കൂട്ടി മിഷ്ടാന്നഭോജനം കഴിക്കയാൽ പേയിളകി മരിച്ചുവെന്നും ഉള്ള ഐതിഹ്യത്തെ അവിശ്വസിക്കാതിരിക്കാൻ യാതൊരു കാരണവും കാണുന്നില്ല. അതിനുംപുറമേ ൯൫൪-ൽ കാർത്തികതിരുനാൾ തമ്പുരാനും തെക്കേടത്തു ഭട്ടതിരിയും മറ്റും കൂടിയിരുന്നു് തിട്ടപ്പെടുത്തിയ അമ്പലപ്പുഴെ പാല്പായസക്കണക്കിൽ നമ്പിയാരുടെ പേരു കാണാത്തതുകൊണ്ടു് അതിനു മുൻപുതന്നെ അദ്ദേഹം മരിച്ചുകാണെണമെന്നുള്ള പി. കെ. നാരായണപിള്ള അവർകളുടെ വാദം യുക്തിയുക്തവുമായിരിക്കുന്നു.

ഇക്കാലത്തു് രാമപാണിവാദൻ എന്നൊരാൾ അക്കുടുംബത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം ചെമ്പകശ്ശേരിരാജാവിനേയും, പിന്നീടു് മാർത്താണ്ഡവർമ്മ, കാർത്തികതിരുനാൾ രാമവർമ്മ എന്നീ വേണാട്ടുമഹാരാജാക്കന്മാരേയും ആശ്രയിച്ചു ജീവിച്ചിരുന്നു എന്നും അദ്ദേഹം ഉഭയകവീശ്വരനായിരുന്നെന്നും ഉള്ളതിനു് തെളിവുകൾ ഉണ്ടു്. ആ തെളിവുകളിൽ ചിലതിനെ ഞാൻ സാഹിത്യചരിത്രം രണ്ടാംഭാഗത്തിൽ ഉദ്ധരിച്ചിട്ടുമുണ്ടല്ലോ.

രാഘവീയം എന്ന അപ്രകാശിതമായ ഗ്രന്ഥം ‘ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാൽ’ രചിക്കപ്പെട്ടതാണെന്നു് ഗ്രന്ഥകർത്താവുതന്നെ പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു്, അതു് ഒരുപക്ഷേ ‘രാഘവകവി’ നിർമ്മിതമാണെന്നു് പി. കേ. നാരായണപിള്ള അവർകളും, കുഞ്ചന്റെ മാതുലനായിരുന്ന രാഘവൻനമ്പ്യാരുടെ കൃതിയാണെന്നു് ബാലകൃഷ്ണവാരിയരവർകളും അഭിപ്രായപ്പെട്ടിരിക്കുന്നു.

യോ ഽസൗ വിഷ്ണുവിലാസനാമ കൃതവാൻ കാവ്യം തഥാ പ്രാകൃതം
കാവ്യം കംസവധാഭിധം ഗുണയുതം തദ്രാഘവീയം തഥ
പശ്ചാത്തദ്വദുഷാനിരുദ്ധമപരം വീഥിദ്വയം നാടകം
സീതാരാഘവമേവ ച പ്രദിശതാന്മഹ്യം ഗുരുർമ്മംഗളം
പ്രാകൃതവൃത്തിം തദ്വച്ഛ്രീകൃഷ്ണവിലാസകാവ്യവിവൃതിം ച
കൃതവാനന്യാനപി യഃ സ ജയേച്ഛ്രീരാമപാണിവാദഃ കവിഃ.

വാരിയരവർകൾതന്നെ ഉദ്ധരിച്ചിട്ടുള്ളതും ബാലഭാരതം താളിയോലഗ്രന്ഥത്തിന്റെ അവസാനത്തിൽ വേറൊരു രാമപാണിവാദൻ എഴുതി വച്ചിരുന്നതും ആയ ഈ പദ്യങ്ങളിൽനിന്നു് രാഘവീയം നാരായണഭട്ടപാദരുടെ ശിഷ്യനായിരുന്ന രാമൻനമ്പ്യാരുടെ കൃതിയാണെന്നു തെളിയുന്നുണ്ടല്ലോ. പ്രസ്തുതശ്ലോകങ്ങൾ എഴുതിയ ദിവസം അറിയുന്നതിനും മാർഗ്ഗമുണ്ടു്. അന്നത്തെ കലിദിനം ‘സുകവിസംസൽ സേവ്യ’ ആയിരുന്നു എന്നു്

‘കൃഷ്ണേ സോദരരോഹിണീജസഹിതേ തച്ചാരുകാരുണ്യഭാ
ഗ്രാമോ നഷ്ടസമസ്തകല്മഷ ഇദം സദ്യോഽലിഖന്ന്യസ്തധീഃ
ആമോദേന പുനർധ്രുവേ സുകവിസംസത്സേവ്യ ഏവം കലൗ
ക്ഷിപ്രം പ്രീതികരേ ചതുർദ്ദശ ജഗന്നാഥേ രമാവല്ലഭേ.’

ഈ പദ്യത്തിൽനിന്നു ഗ്രഹിക്കാം. അതിനുംപുറമേ, അതേ താളിയോലഗ്രന്ഥത്തിൽതന്നെ,

“കൊല്ലം തൊള്ളായിരത്തിൽപരമതിലുടനേ നാല്പതും ചെന്ന കാലം
ചൊല്ലേറും കൃഷ്ണപക്ഷേ പുനരപി ച പതിന്നാലിലുച്ചയ്ക്കു മുമ്പേ-
യിക്കാവ്യം സൽകവീനാം പ്രിയതരമെഴുതിത്തീർത്തു രാമൻ മുദേവ.”

എന്നു് വ്യക്തമായി പറഞ്ഞിട്ടുമുണ്ടു്. സീതാരാഘവീയം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തു് ഇക്കവി തന്നെ രചിച്ചിട്ടുള്ളതാണെന്നുള്ള സംഗതിയിൽ സംശയത്തിനും അവകാശമില്ല.

ശ്രീനാരായണഭട്ടപാദകരുണാപീയൂഷഗണ്ഡൂഷണാ-
ദിഷ്ടാം പുഷ്ടിമുപൈതി യസ്യ കവിതാർകല്പദ്രുബീജാങ്കുരാഃ
രാമോ നാമ സ പാണിവാദകലജസ്തസ്യ പ്രഭൂതം ഫലം
സീതാരാഘവനാടകം രസമയം സഭ്യാർത്ഥമഭ്യാഗമത്.

എന്നും,

അധിസ്യാനന്ദൂരം ജയതി ജഗതീപാലനപരം
പരം ജ്യോതിശ്ശീതദ്യുതിധവള ശേഷാഹിശയനം
യദന്തസ്സന്തസ്തദഖിലനൃപതീനാന്ന തു പരം
സുരാണാമപ്യുച്ചൈരധിവസതി മാർത്താണ്ഡനൃപതിഃ.

എന്നും അതിന്റെ പ്രസ്താവനയിൽതന്നെ കാണ്മാനുണ്ടല്ലോ. അംബരനദീശസ്തോത്രത്തിൽ,

ഭൂതേഷ്ഠ സർവേഷ്വപി നിർവിശേഷം ഭൂയസ്തരാമാഹിതകാരുണീകം
ഭൂദേവതാമംബരവാഹിനീശം ശ്രീദേവനാരായണമാശ്രയാമഃ.

എന്നു് അമ്പലപ്പുഴ രാജാവിനേയും,

ശ്രീനാരായണഭട്ടപാദരജസാ കാരുണ്യവാരാന്നിധേർ-
ഗ്ഗർഭാദുത്ഭവിഭിശ്ശുഭൈർമ്മധുരിപുസ്തോത്രാക്ഷരൈർമ്മൗക്തികൈഃ
രാമേണ ഗ്രഥിതാമിമാമവിരതം യഃ ശ്ലോകസാരസ്രജം
കണ്ഠേ ലോലയതിപ്രയാസ്യതികൃതീ മർത്ത്യസ്സവിഷ്ണോഃപദം.

എന്നു ഗുരുവായ നാരായണഭട്ടതിരിയേയും കവി സ്മരിച്ചിട്ടുണ്ടു്. ഗീതരാമം എന്ന പ്രബന്ധം കോഴിക്കോട്ടുരാജാവിന്റെ കൃഷ്ണഗീതിയേയും ഗീതഗോവിന്ദത്തേയും അനുകരിച്ചു് ഈ രാമപാണിവാദൻ അമ്പലപ്പുഴരാജാവിന്റെ ആജ്ഞാനുസൃതം രചിച്ചിട്ടുള്ളതാണെന്നു്,

‘രാമഃ ശ്രീദേവനാരായണധരണിപതേരാജ്ഞയാ പാണിവാദോ
ഗേയം ലീലാനുകൂലം കലയതി കൃപയാ സൂരയഃ പൂരയന്തു.’

എന്ന പദ്യാംശത്തിൽനിന്നു വ്യക്തമാകുന്നു. അതുപോലെ തന്നെ വിഷ്ണുവിലാസം, കംസവധം പ്രാകൃതകാവ്യം, ഭാഗവതം ചമ്പു [1] ലീലാവതീവീഥി, [2] ഉഷാനിരുദ്ധം, പ്രാകൃതവൃത്തി മുതലായ കൃതികളും ഈ രാമപാണിവാദന്റെ വകയായിട്ടുണ്ടെന്നു തെളിഞ്ഞിരിക്കുന്നു. എന്നാൽ ൯൪൦-ാമാണ്ടിടയ്ക്കു് ഈ കുടുംബത്തിൽ കൃഷ്ണൻനമ്പിയാർ, രാമൻനമ്പിയാർ, രാഘവൻനമ്പിയാർ, രാമൻനമ്പിയാർ എന്നു നാലുപേരുണ്ടായിരുന്നു എന്നു കാണാവുന്നതാണു്. അവരിൽ രാഘവൻനമ്പിയാർ കൃഷ്ണപാണിവാദന്റേയും രാമപാണിവാദന്റേയും മാതുലനും, രണ്ടാമത്തെ രാമൻനമ്പിയാർ ഭാഗിനേയനും ആയിരുന്നുവെന്നു കാണാം. അതുകൊണ്ടു് കുഞ്ചൻ നമ്പിയാർ കൃഷ്ണപാണിവാദനോ രാമപാണിവാദനോ ആയിരുന്നിരിക്കണം എന്നു സിദ്ധിക്കുന്നു.

രാമപാണിവാദന്റെ ഭാഷാകൃതികളായിട്ടു് പഞ്ചതന്ത്രം, ശ്രീകൃഷ്ണചരിതം, രുഗ്മാംഗദചരിതം, ഭാരതം പ്രബന്ധം എന്നിങ്ങനെ നാലെണ്ണമെങ്കിലും ഉള്ളതായി തെളിയുന്നുണ്ടു്. ഇവയുടെ ലേഖ്യപ്രതികളിൽ ചിലതിന്റെ അവസാനത്തിൽ താഴെ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങൾ കാണുന്നുണ്ടല്ലോ.

൧. പഞ്ചതന്ത്രം നീതിശാസ്ത്രം ഭാഷയാ സന്നിവേശിതം
രാമേണ പാണിവാദേന ബാലാനാം ബോധഹേതവേ
ശ്രീമദംബരവാഹിന്യാം ധാമ്നി സ്ഫുടമുല്ലസൽ
ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവീതു നഃ [3] പഞ്ചതന്ത്രം.
൨. രാമേണ പാണിവാദേന രചിതേ മിശ്രസംസ്കൃതേ
ശ്രീകൃഷ്ണചരിതേ കാവ്യേ മുതൽ സർഗ്ഗസ്സമാപിതഃ. ശ്രീകൃഷ്ണചരിതം.
൩. രാമേണ പാണിവാദേന മംഗലഗ്രാമവാസിനാ
രുക്‍മാംഗദസുചരിതം രചിതം ഗീരുബന്ധനം. [4] ഏകാദശീമഹാത്മ്യം
൪. സകലഗുണവിശേഷഭാസുരാണാം
സപതി സഭാം പ്രണിപത്യ ഭൂസുരാണാം
രസികജനമനോഹരം പ്രബന്ധം
രചയതി സമ്പ്രതി രാമപാണിവാദഃ.
“രചിത നടന ലീലോ നീതിമാനേശ്വ വള-
ക്ഷിതിപതികുലജന്മാ മോഭതേ ഗോദവർമ്മാം”
“സോയം സമ്പ്രതിമാന വിക്രമ മഹീപാലശ്ചിരം ജീവതു.” ഭാരതംപ്രബന്ധം

ഇവയിൽ ശ്രീകൃഷ്ണചരിതവും പഞ്ചതന്ത്രവും ഏകാദശീമഹാത്മ്യവും കുഞ്ചൻനമ്പ്യാരുടെ കൃതികളാണെന്നാണു് പ്രസിദ്ധി. അവ കുഞ്ചന്റേതാണെങ്കിൽ രാമപാണിവാദനും കുഞ്ചനും അഭിന്നരാണെന്നുള്ളതു് നിശ്ചയം. എന്നാൽ അങ്ങനെ അല്ലെന്നു വരരുതോ? തുള്ളലുകളുടെ അവസാനത്തിൽ ഇത്തരത്തിലുള്ള ഏതെങ്കിലും പദ്യങ്ങൾ കണ്ടുകിട്ടുന്നതുവരെ ഈ വാദകോലാഹലത്തിനു് ശമനം ഉണ്ടാകുന്നതല്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും എന്റെ വിശ്വാസം കുഞ്ചൻ രാമനാമാവായിരുന്നു എന്നുതന്നെയാണു് ഇനി നമുക്കു് അതെല്ലെന്നു പറയുന്നവരുടെ യുക്തികളെ പരിശോധിക്കാം.

൯൪൦-ാമാണ്ടിടയ്ക്കു് കലക്കത്തു ജീവിച്ചിരുന്ന രാമകൃഷ്ണപാണിവാദന്മാരിൽ രാമനെപ്പറ്റി അറിയുന്നുണ്ടെങ്കിലും കൃഷ്ണനെപ്പറ്റി വിവരമില്ലാതിരിക്കുന്നു. “കൃഷ്ണേസോദരരോഹിണീജസഹിതേ തച്ചാരുകാരുണ്യഭാ–ഗ്രാമോ നഷ്ട സമസ്തകല്മഷ ഇദം സദ്യോഽലിഖന്ന്യസ്തധീഃ.” ഈ ശ്ലോകാർദ്ധത്തിൽ സംസ്തുതനായ കൃഷ്ണൻ കൃഷ്ണപാണിവാദനാണെന്നുള്ളതിനു് സംശയമില്ല. ഉൽകൃഷ്ടകുടുംബജാതന്മാരും, ഒരേ പരിതസ്ഥിതിയിൽ വളർന്നവരും, ഒരേ ഗുരുവിൽനിന്നു് വിദ്യ അഭ്യസിച്ചിരുന്നവരുമായ ജ്യേഷ്ഠാനുജന്മാർ രണ്ടുപേരും കവികളായിരുന്നിരിക്കാനാണെളുപ്പമുള്ളതു്. വഞ്ചിമഹാരാജാവിന്റെ സമകാലീനന്മാരായി അറിയപ്പെട്ടിട്ടുള്ളവർ രാമപാണിവാദനും കുഞ്ചൻനമ്പ്യാരും മാത്രമാണു്. അതുകൊണ്ടു് കുഞ്ചൻനമ്പ്യാർ കൃഷ്ണൻനമ്പ്യാരായിരിക്കണം. ഇതാണു് ഒന്നാമത്തെ വാദമുഖം.

ഒരേ കുടുംബത്തിൽ ഒരേ പരിതഃസ്ഥിതിയിൽ വളർന്നരണ്ടുപേരും കവികളായിരുന്നിരിക്കണം എന്നു പറയുന്നതു് വലിയ സാഹസമാണു്. അങ്ങനെ വരുമ്പോൾ സ്വാതിതിരുനാൾതമ്പുരാനെപ്പോലെ തന്നെ തദനുജനായ ഉത്രംതിരുനാളും സർവകലാവല്ലഭനായിരുന്നിരിക്കണമല്ലോ. പക്ഷേ അങ്ങനെ അല്ല സംഭവിച്ചതു്. ജ്യേഷ്ഠാനുജന്മാർ ഒരുപോലിരിക്കണമെന്നുള്ള വാദം അബദ്ധമാണെന്നുള്ളതിനു് നമ്മുടെ അനുഭവത്തിൽ നിന്നു് എത്രയോ ഉദാഹരണങ്ങൾ വേണമെങ്കിലും എടുത്തുകാണിപ്പാൻ കഴിയും. പോരെങ്കിൽ കൃഷ്ണൻനമ്പ്യാരും വിദ്വാനായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ടു്. അദ്ദേഹം കുടുംബഭാരത്തിൽ ഏർപ്പെട്ടും സംസ്കൃതഗ്രന്ഥങ്ങൾക്കു വ്യാഖ്യാനം ചമച്ചും ഈശ്വരധ്യാനത്തിൽ മുഴുകിയും ജീവിച്ചു; രാമപാണിവാദൻ കാവ്യങ്ങൾ രചിച്ചും രാജാക്കന്മാരെ സേവിച്ചും ജീവിതം കഴിച്ചുകൂട്ടി. ഇതാണു് വാസ്തവം. അതിൽ അസംഭാവ്യതയും ഇല്ല. കൃഷ്ണൻനമ്പ്യാരുടെ ചരമത്തെപ്പറ്റി തദ്ഭാഗിനേയൻ എഴുതീട്ടുള്ള പദ്യത്തിലും അദ്ദേഹത്തിനെ ‘വിഹിതഹരിനമസ്യാദികഃ’ എന്നു മാത്രമാണല്ലോ വിശേഷിപ്പിച്ചിരിക്കുന്നതു്.

വാദമുഖം ൨

“൧൦൬൬–ലെ വിദ്യാവിനോദിനിയിൽ ഉദ്ധരിച്ചിട്ടുള്ള ‘കൊല്ലം തൊള്ളായിരത്താണ്ടിരുപതും’ ഇത്യാദി ശ്ലോകത്തിൽ സ്മരിക്കുന്ന ‘കൃഷ്ണനാമാ’ രാമപാണിവാദന്റെ കനിഷ്ഠസഹോദരനായ കുഞ്ചൻനമ്പ്യാരാവാനാണിടയുള്ളതു്. എന്തെന്നാൽ അതേ പേരോടുകൂടി ആ വൎഷത്തിൽ മരിച്ചതായ മറ്റൊരു നമ്പ്യാർ കലക്കത്തു് ഉണ്ടായിരുന്നില്ല. കൂടാതെ ‘ധന്യധന്യ’നായ ഈ കൃഷ്ണനാമാവു് ഒരു കവിയല്ലെങ്കിൽ പിന്നെ ആരാണു്?” ഇതാണു് രണ്ടാമത്തെ വാദമുഖം.

ഈ വാദത്തിന്റെ അൎത്ഥ മേ മനസ്സിലാകുന്നില്ല. കൃഷ്ണനാമാവു് രാമപാണിവാദന്റെ സഹോദരനായ കുഞ്ചൻ നമ്പ്യാരാവാനാണിടയുള്ളതു് എന്നതിനും അതേ പേരോടുകൂടി ആ വൎഷത്തിൽ മരിച്ച മറ്റൊരു നമ്പ്യാർ കലക്കത്തു് ഉണ്ടായിരുന്നില്ലെന്നുള്ളതിനും എങ്ങനെ കാൎയ്യകാരണസംബന്ധമുണ്ടാകും? അതേ പേരോടുകൂടി. ഏതു പേരോടുകൂടി? കൃഷ്ണനെന്ന പേരോടുകൂടിയോ? കൃഷ്ണൻ എന്നൊരാൾകൂടി അക്കാലത്തുണ്ടായിരുന്നെങ്കിൽ ഈ കൃഷ്ണൻനമ്പ്യാർ കുഞ്ചൻ നമ്പ്യാരല്ലെന്നുള്ള വാദം അംഗീകരിക്കാമെന്നാണോ വിവക്ഷിതം? ധന്യധന്യനായാൽ കവിയായിരിക്കണമെന്നും വല്ല നിയമവുമുണ്ടോ? ‘വിഹിതഹരിനമസ്യാദിക’നായി കുടുംബഭാരം നിറവേറ്റിക്കൊണ്ടിരുന്നാൽ ധന്യധന്യനാവുകയില്ലേ? ആവോ—ആൎക്കറിയാം.

വാദമുഖം ൩

“൯൫൪-ാമാണ്ടു് ചൊക്കട്ടാമണ്ഡപത്തിൽ തിരുവിതാംകൂർ മഹാരാജാവും തെക്കേടത്തു ഭട്ടതിരിയും മറ്റുംകൂടി വ്യവസ്ഥപ്പെടുത്തിയ കണക്കിൽ നമ്പ്യാരുടെ അടുത്തൂണിനെപ്പറ്റി പറഞ്ഞു കാണാത്തതുകൊണ്ടു് അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നതായി ശ്രീമാൻ പി. കേ. നാരായണപിള്ള ഊഹിക്കുന്നു. ൯൫൪-നു മുമ്പു് നമ്പ്യാർക്കു് പായസവും അപ്പവും അടുത്തൂണും ഉണ്ടായിരുന്നുവെന്നുള്ളതിനു് രേഖയുണ്ടെങ്കിൽ ഈ അഭിപ്രായം ശരിവയ്ക്കാം. മഹാരാജാവിന്റെ പ്രസ്തുത വ്യവസ്ഥ കഴിഞ്ഞായിരിക്കാം നമ്പ്യാർ അമ്പലപ്പുഴ വന്നതും അടുത്തൂണ്‍ വാങ്ങിച്ചതുമെന്നു വിചാരിക്കുന്നതിൽ യാതൊരു അപാകവുമില്ല.”

വളരെ അപാകമുണ്ടു്. പണ്ടു് അമ്പലപ്പുഴ പാല്പായസം വിറ്റു മുതലിൽ കൂട്ടുക പതിവേയുണ്ടായിരുന്നില്ല. പലേ കുടുംബക്കാർക്കു് പതിച്ചുകൊടുത്തിരുന്നു. ചെമ്പകശ്ശേരി ദേവനാരായണനെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരു കവിയ്ക്കു്–വിശേഷിച്ചു് ക്ഷേത്രത്തോടു ബന്ധപ്പെട്ടിരുന്ന ഒരു കവിയ്ക്കു്–അമ്പലപ്പുഴെ ദേവസ്വത്തിൽ യാതൊരു പതിവും അനുവദിച്ചിരുന്നില്ലെന്നും, ൯൫൪-നു ശേഷം കാർത്തികതിരുനാൾ തമ്പുരാനാണു് അതു് അനുവദിച്ചതെന്നും വിചാരിപ്പാൻപോലും നിവൃത്തിയില്ല. പോരെങ്കിൽ അമ്പലപ്പുഴെ ക്ഷേത്രക്കണക്കുകളിൽ അത്തരം രേഖകൾ ഉണ്ടായിരുന്നെന്നും അവയെ അടിസ്ഥാനപ്പെടുത്തി പതിവുകൾ പുതുക്കുക മാത്രമേ ചെയ്തുള്ളുവെന്നും നാം ഓർത്തിരിക്കേണ്ടതാണു്. അന്നു് നമ്പ്യാരുടെ പേരിൽ യാതൊന്നും പുതിയതായി പതിച്ചുകൊടുക്കയും ഉണ്ടായിട്ടില്ല. ൯൫൪-ൽ തിരുമനസ്സുകൊണ്ടു് രാമേശ്വരത്തേക്കു് എഴുന്നള്ളിയപ്പോൾ കുഞ്ചൻനമ്പ്യാർ തിരുവനന്തപുരത്തുണ്ടായിരുന്നില്ലെന്നുള്ളതിനും തെളിവുണ്ടു്. അതിനു് എട്ടു പത്തു കൊല്ലങ്ങൾക്കു മുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരം വിട്ടു് അമ്പലപ്പുഴെ താമസം തുടങ്ങിക്കഴിഞ്ഞു. ൯൫൪-ലൊ അതിനുശേഷമോ ഈ കുഞ്ചൻനമ്പ്യാരുടെ പേരിൽ യാതൊരു പതിവും അമ്പലപ്പുഴക്ഷേത്രത്തിലുണ്ടായിട്ടുമില്ല. അതുകൊണ്ടാണു് മിസ്റ്റർ പി. കെ. മുൻപു പ്രസ്താവിച്ച പ്രകാരം ഊഹിച്ചതു്.

വാദമുഖം ൪

“രാമപാണിവാദന്റേതെന്നു് അറിയപ്പെടുന്ന സംസ്കൃത കൃതികളിലോ മലയാളകൃതികളിലോ ൯൭൩-ൽ നാടുനീങ്ങിയ കാർത്തികതിരുനാൾതമ്പുരാനെ പ്രായേണ സ്മരിച്ചിട്ടില്ല. എന്നാൽ കുഞ്ചൻനമ്പ്യാരാവട്ടെ അദ്ദേഹത്തെ ‘രാമതുല്യൻ മഹാവഞ്ചി രാമവർമ്മേന്ദ്രഭൂപാലൻ’ എന്നു തുടങ്ങി ഹരിശ്ചന്ദ്രചരിതം മുതലായ തുള്ളലുകളിൽ സ്മരിക്കുന്നു. അതുകൊണ്ടു് രാമവർമ്മമഹാരാജാവിന്റെ കാലമായപ്പൊഴേക്കും ജ്യേഷ്ഠസഹോദരനായ രാമപാണിവാദൻ മരിച്ചിരിക്കാൻ എളുപ്പമുണ്ടു്.”

‘പ്രായേണ’ എന്ന ശബ്ദംകൊണ്ടു തന്നെ അല്പം സ്മരിച്ചിട്ടുണ്ടെന്നു വരുന്നുണ്ടല്ലോ. അതു പോകട്ടേ. ബാലഭാരതം താളിയോലഗ്രന്ഥത്തിൽ ഉള്ള ഒരു ഏടിൽ നിന്നു് ശ്രീമാൻ ബാലകൃഷ്ണവാരിയർ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങളുടെ കൂട്ടത്തിൽ,

‘രാമാഖ്യഃ ക്ഷോണിപാലപ്രണതപദയുഗോ വഞ്ചിരാജോ മഹാത്മാ
രാകാചന്ദ്രാപരോഽയം സമധിഗതകലശ്ശീതളഃ കോമളാംഗഃ
ലോകാനാം താപഹാരീ നിഖിലകുവലയാനന്ദകാരീ വിശേഷാൽ
പൂർണ്ണശ്രീമണ്ഡലസ്സഞ്ജയതു മൃദുകരോ മാനനീയോ ബു ധോ നഃ’

എന്നൊന്നുകൂടി രാമപാണിവാദനെ സംബന്ധിച്ചു കാണുന്നുണ്ടല്ലോ. അതും വാദത്തിനുവേണ്ടി സാരമില്ലെന്നു വിചാരിക്കാം. എന്നാൽ ൯൩൩-നുശേഷം അദ്ദേഹം രചിച്ചിട്ടുള്ളതായി തെളിയുന്ന ഒരു സംസ്കൃതകൃതിയും ഇതേവരെ കണ്ടുകിട്ടീട്ടില്ലാത്ത സ്ഥിതിക്കു് ഈ വാദം ദുർബലമാണെന്നു പറയാതേ തരമുണ്ടോ?

വാദമുഖം ൫

“രാമപാണിവാദന്റെ കൃതിയെന്നു തെളിവുള്ള വിഷ്ണുവിലാസം കാവ്യത്തിന്റെ ഒരു ഏകദേശ തർജ്ജമയാണു് വിഷ്ണുഗീതഹംസപ്പാട്ടു്. വിഷ്ണുഗീത കുഞ്ചൻനമ്പ്യാരുടെ ആദ്യകൃതിയായിരുന്നെന്നു് ഇതിനുപരി സ്ഥാപിക്കാൻ ശ്രമിക്കുന്നതാണു്. വിഷ്ണുവിലാസമെഴുതിയ സംസ്കൃതമഹാകവി രാമപാണിവാദൻ സ്വകൃതിയുടെ ഭാഷാനുവാദത്തിനു സന്നദ്ധനായെന്നു വിചാരിക്കുന്നതു് വിഷമമായിരിക്കുന്നു. പ്രത്യുത, ജ്യേഷ്ഠന്റെ കൃതിയായ വിഷ്ണുവിലാസം അനുജൻ തർജ്ജമ ചെയ്തുവെന്നു വിചാരിക്കുന്നതു് സമഞ്ജസമായിരിക്കും.”

സാമഞ്ജസ്യത്തിനു കുറവൊന്നുമില്ല; അനന്തരവനായ ഒരു രാമൻനമ്പ്യാരുണ്ടായിരുന്നല്ലോ. അദ്ദേഹം എഴുതിയതാണെന്നുവന്നാൽ കുറേക്കൂടി സമഞ്ജസമായിരിക്കും. മാതുലനായ നമ്പ്യാരുടെ സംസ്കൃതകാവ്യം വായിച്ചു തഴക്കം വന്നിട്ടുള്ള ഭാഗിനേയന്റേതായതുകൊണ്ടാണു് ചില സാദൃശ്യങ്ങൾ കാണുന്നതെന്നു സമാധാനവും പറയാം. പ്രൗഢത പോരായ്ക എന്ന ന്യൂനതയ്ക്കു് ഒരു പരിഹാരവും ആകും. എന്നാൽ സ്വകൃതിയുടെ തർജ്ജമ എന്ന വ്യവസായത്തിനു് ഒരു കവിയും മുതിരുകയില്ലെന്നു പറയാൻ തുടങ്ങിയാൽ. രവീന്ദ്രനാഥടാഗൂർ ഒരു കവിയല്ലെന്നുകൂടി പറയേണ്ടിവരും. അദ്ദേഹം തന്റെ വംഗഭാഷാകൃതികളിൽ പലതിനേയും ഇംഗ്ലീഷിലേക്കു ഭാഷാന്തരം ചെയ്തിട്ടുണ്ടല്ലോ. രാമപാണിവാദനും അങ്ങനെ ചെയ്തുവെന്നു വിചാരിക്കുന്നതിൽ എന്തു് അസാംഗത്യം? പോരെങ്കിൽ ഈ വിഷയത്തിൽ ശ്രീകുബേരാഖ്യനാം പാലിയാധീശന്റെ നിർബന്ധം ഉണ്ടായിരുന്നു എന്നും വരാമല്ലോ. വിശേഷിച്ചു് വിഷ്ണുഗീത ഒരു തർജ്ജമയാണെന്നും പറയാവുന്നതല്ല. ഇവയ്ക്കെല്ലാറ്റിനും പുറമേ അതു് കുഞ്ചന്റേകൃതിതന്നെയോ എന്നു നിർണ്ണയിക്കുന്നതിനു് ഉപരിഗവേഷണം അപേക്ഷിതമായിരിക്കയും ചെയ്യുന്നു.

വാദമുഖം ൬

“രാമപാണിവാദന്റെ ലീലാവീഥിയിലേ ‘ഗോഷ്ഠീ സാവിരളാ’ എന്നു തുടങ്ങുന്ന ശ്ലോകം ഘോഷയാത്രതുള്ളലിൽ വിശദമായി വിവർത്തനം ചെയ്തിട്ടുണ്ടു്. ഇതുപോലെ തന്നെ മുദ്രാരാക്ഷസാദി കൃതികളിലെ പദ്യങ്ങളുദ്ധരിച്ചു് നമ്പ്യാർ വ്യാഖ്യാനിച്ചിട്ടുണ്ടു്. സ്വന്തം കൃതികളിൽനിന്നു് ശ്ലോകങ്ങൾ ഉദ്ധരിച്ചു വിവർത്തനംചെയ്യാൻ പാടില്ലായ്കയില്ലെങ്കിലും അതു് സാധാരണമായിത്തോന്നുന്നില്ല.”

പാടില്ലായ്കയില്ലെന്നു സമ്മതിച്ചപ്പോൾതന്നെ വാദം ദുർബലമായിത്തീർന്നു. പിന്നെ ‘അസാധാരണത്വം’ എന്നൊരു ദോഷമാണു് ബാക്കിയുള്ളതു്. കുഞ്ചൻനമ്പ്യാർ ഒരു അസാധാരണ കവിയായിരുന്നല്ലോ എന്നു് സമാധാനപ്പെട്ടാൽ മതിയാവും. ഒരു കൃതിയിലുള്ള വരികൾതന്നെ മറ്റൊന്നിലേക്കു പകർത്താമെങ്കിൽ ആ കൃതിയിലുള്ള ശ്ലോകത്തെ എന്തുകൊണ്ടു് ഉദ്ധരിച്ചുകൂടാ?

വാദമുഖം ൭

“രാമപാണിവാദകൃതമായ രാഘവീയകാവ്യത്തിന്റെ വ്യാഖ്യാനമായ ബാലപാഠ്യ കൃഷ്ണപാണിവാദനായ കുഞ്ചൻനമ്പ്യാരുടേതാകാനല്ലേ എളുപ്പം?”

അല്ല. എന്തുകൊണ്ടെന്നാൽ,

‘രാമേണ പാണിവാദേന രാഘവീയമിദം കൃതം
തേനൈവ ബാലപാഠ്യാഖ്യാ വ്യാഖ്യാപ്യാഖ്യായി ധീമതാ’

എന്നു് ആ വ്യാഖ്യയുടെ അവസാനത്തിൽ കാണുന്ന ശ്ലോകം ഇങ്ങനെ ഒരു ഊഹത്തിനു് ബാധകമായിരിക്കുന്നു. ഒരാളുടെ കൃതിയ്ക്കു് അയാൾതന്നെ വ്യാഖ്യാനം എഴുതുന്നതു് അസാധാരണവുമല്ല. കേശവീയം എന്ന ഭാഷാകാവ്യത്തിന്റെ വ്യാഖ്യാനം തൽകർത്താവുതന്നെയാണല്ലോ രചിച്ചിരിക്കുന്നതു്.

വാദമുഖം ൮

കുഞ്ചൻനമ്പ്യാർ തുള്ളൽക്കഥകളുടെ പ്രാരംഭങ്ങളിൽ സ്മരിച്ചുകാണുന്നതായ നന്തിയാട്ടു് ഉണ്ണിരവിക്കുറുപ്പിനേയോ ദ്രോണമ്പള്ളി ആചാര്യനേയോ ഒരു കൃതിയിലും സ്മരിച്ചുകാണുന്നില്ല. പ്രത്യുത, രാമകൃഷ്ണപാണിവാദന്മാരുടെ ഗുരുവായിരുന്ന ‘ശ്രീമദ്ദക്ഷിണഗേഹവാസനിരത’നെ രാമപാണിവാദൻ പ്രശംസിക്കുന്നതുപോലെതന്നെ പ്രകടമായിട്ടല്ലെങ്കിലും തുളളൽക്കഥകളുടെ പ്രാരംഭങ്ങളിൽ സ്മരിച്ചുകാണുന്നു. ഇതിൽനിന്നും രാമനും കുഞ്ചനും ഭിന്നരെന്നു വന്നുകൂടുന്നു.

പ്രഥമദൃഷ്ടിയിൽ ഈ വാദം വളരെ ഗൗരവാവഹമാണെന്നു തോന്നാം. എന്നാൽ അല്പം ആലോചിച്ചു നോക്കിയാൽ അതിന്റെ ശൈഥില്യം സ്പഷ്ടമാകുന്നതാണു്. സംസ്കൃതകൃതികളെസ്സംബന്ധിച്ചിടത്തോളം രാമൻനമ്പ്യാർ തന്റെ രൂപകങ്ങളിൽ മാത്രമേ ഗുരുവിനെ പേരുപറഞ്ഞു സ്മരിച്ചുകാണുന്നുള്ളു. അവയുടെ അവസാനത്തിൽ കാണുന്ന ‘colophon’ നോക്കിയാണു് അവ രാമപാണിവാദകൃതമാണെന്നുതന്നെ നാം കണ്ടുപിടിച്ചതു്. ആമാതിരി colophon തന്നെയും എല്ലാ ലേഖ്യപ്രതികളിലും ഇല്ലതാനും. നാടകങ്ങളിൽ തത്തൽകവികൾ തങ്ങളുടെ പേരുകളും മറ്റും നിർദ്ദേശിക്കുക സാധാരണവുമാണു്. തുള്ളൽക്കഥകളുടെ ലേഖ്യപ്രതികളിലും അത്തരം കുറിപ്പുകൾ ഗവേഷകന്മാർ ഇനി കണ്ടുപിടിച്ചുവെന്നു വരാം. ശ്രീകൃഷ്ണചരിതാദികൃതികളുടെ അവസാനത്തിൽ ആ മാതിരി കുറിപ്പുകൾ ഉണ്ടെന്നു കണ്ടുപിടിച്ചിട്ടു് അധികകാലമായിട്ടുമില്ലല്ലോ. നന്തിക്കാട്ടു കുറുപ്പിനേയും ഓണമ്പള്ളി നായ്ക്കരേയും സംസ്കൃതകൃതികളിൽ സ്മരിക്കുന്നതിനു കാരണം പറയാവുന്നതാണു്. ഓണമ്പള്ളിനമ്പ്യാർക്കു് ഗുരുസ്ഥാനം വഹിച്ചതു് കേവലം കലാപ്രവർത്തകൻ എന്ന നിലയിൽ മാത്രമായിരിക്കാം. നന്തിക്കാട്ടു കുറുപ്പിനെ ചില തുള്ളലുകളിലേ കവി സ്മരിച്ചിട്ടുള്ളുവെങ്കിലും അദ്ദേഹം കേവലം ‘കലാവിദ്യാഗുരു’ ആയിരുന്നുവെന്നു വിചാരിക്കാൻ നിവൃത്തിയില്ലെന്നുള്ളതു വാസ്തവം തന്നെ. ആ കുടുംബക്കാർക്കു് പാരമ്പര്യമനുസരിച്ചു് ‘വിദ്യാഗുരു’ സ്ഥാനം ഉണ്ടായിരുന്നു. നമ്പ്യാരാൽ സംസ്തുതനായ കുറുപ്പു് സർവശാസ്ത്രപാരംഗതനായിരുന്നു എന്നാണു് അറിവും. ഒരുപക്ഷേ, തർക്കവേദാന്താദികളോ ജ്യോതിഷമോ നമ്പ്യാർ അദ്ദേഹത്തിന്റെ അടുക്കൽനിന്നു് അഭ്യസിച്ചിരിക്കാം. എന്നാൽ പ്രധാനഗുരു നാരായണഭട്ടതിരി തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽനിന്നാണു് നമ്പ്യാർ വ്യാകരണവും സാഹിത്യവും പഠിച്ചതെന്നുള്ളതിനു തെളിവുണ്ടു്. കാവ്യങ്ങളിൽ സാഹിത്യഗുരുവിനെ സ്മരിക്കുന്നതിനാണല്ലോ ന്യായമുള്ളതു്. ‘ദക്ഷിണഗേഹവാസനിരത’നെന്നു് ഈ ഗുരുവിനെ ഒരിടത്തും കവി വിശേഷിപ്പിച്ചിട്ടുമില്ല. നാരായണഭട്ടതിരി ദക്ഷിണഗേഹവാസനിരതനായിരിക്കണമെന്നുള്ളതു് അഭ്യൂഹമാണു്. ആ ഊഹത്തിനു് വഴി നല്കുന്നതു് രണ്ടാമത്തെ രാമപാണിവാദൻ എഴുതീട്ടുള്ള ഒരു ശ്ലോകം മാത്രവുമാകുന്നു. ഈ ബ്രാഹ്മണഗുരുവിനെ തന്നെയും എല്ലാ കൃതികളിലും സ്മരിച്ചിട്ടുള്ളതായും കാണുന്നില്ല.

വാദമുഖം ൯

“ശംബരവധാദികൃതികളിൽ നിന്നുംമറ്റും കുഞ്ചനു് രാമപാണിവാദനോളം പാണ്ഡിത്യമില്ലായിരുന്നുവെന്നും സംസ്കൃതകവനകൗശലം ലഘീയസ്സായിരുന്നുവെന്നും സ്പഷ്ടമാകുന്നു. അനുജനു് ജ്യേഷ്ഠനോളം പാണ്ഡിത്യമില്ലായിരുന്നിരിക്കാം. രണ്ടുപേരുടേയും പ്രാകൃതകവിതകളിൽ കാണുന്ന വൈജാത്യവും ഇവിടെ സ്മരണീയമാകുന്നു.”

ശംബരവധാദികൾ കുഞ്ചന്റെ കൃതി ആണെന്നുള്ളകാര്യം സ്ഥാപിതമായിട്ടില്ല. അങ്ങനെ ഒരു ഐതിഹ്യം മാത്രമേയുള്ളു. അതിന്റെ ചില ലേഖ്യപ്രതികളിൽ,

‘രാമഃ ശ്രീദേവനാരായണധരണിപതേരാജ്ഞയാ പാണിവാദോ
ഗേയം ലീലാനുകൂലം കലയതു കൃപയാ സൂരയഃ പൂരയന്തു’

എന്നൊരു ശ്ലോകാർദ്ധമുണ്ടെന്നു് ൧൧0൯ വൃശ്ചികമാസം ൧൭-ാം തീയതിയിലെ ഒരു സുമുഹൂർത്തത്തിൽ മഹാകവി പരമേശ്വരയ്യരവർകൾ ആദ്യമായി കണ്ടുപിടിച്ചു.

“പാലാഴിമഥനം രാമപാണിവാദന്റെ കൃതിയാണെന്നുസ്ഥാപിക്കുവാൻ അതിൽ പിന്നീടു് എനിക്കു് ഒരു രേഖ കിട്ടീട്ടുണ്ടു്” എന്നു പറഞ്ഞുകൊണ്ടാണു് അദ്ദേഹം ഇതിനെ ഉദ്ധരിച്ചിരിക്കുന്നതു്. എന്നാൽ രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ ‘ഈ പദ്യം അപ്രകാശിതമായ ഒരു പാലാഴിമഥനം ആട്ടക്കഥയിൽ ഉള്ളതാണെന്നു് ഞാൻ ശ്രീമാൻ എം. ആർ. ബാലകൃഷ്ണവാര്യരുടെ “കുഞ്ചൻനമ്പ്യാർ” എന്ന പുസ്തകത്തിന്റെ അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ളതു് കൈപ്പിശകാണു് ‘ എന്നു് അദ്ദേഹം തന്നെ സമ്മതിക്കയും ചെയ്തിരിക്കുന്നു. ഐതിഹ്യത്തെ വിശ്വസിച്ചു് ശംബരവധവും പാലാഴിമഥനവും കുഞ്ചൻനമ്പ്യാരുടെ കൃതികളാണെന്നു സമ്മതിക്കുന്നതായാൽ തന്നെയും, വിഷ്ണുഗീതയിലേയും മറ്റും ഭാഷയേക്കാൾ അവയിലെ ഭാഷയ്ക്കു ഗാംഭീര്യക്കുറവുണ്ടോ? അവയും ചെറുപ്പകാലത്തിലെ കൃതികളായിരുന്നുവെന്നു് സമാധാനപ്പെടരുതോ? രാമപാണിവാദന്റെ കൃതികളിൽ കാണുന്ന പാണ്ഡിത്യം തുള്ളലുകളിൽ കാണുന്നില്ലെന്നു പറയുന്നതു് കുറേ സാഹസമാണു്. തുള്ളൽ എഴുതിയ കവിയുടെ പാണ്ഡിത്യം ബഹുമുഖമായിരുന്നെന്നു ഏതു തുള്ളൽക്കഥ വായിച്ചു നോക്കിയാലും അറിയാം. എന്നാൽ പാണ്ഡിത്യപ്രകടനമല്ലായിരുന്നു കവിയുടെ ഉദ്ദേശ്യം. ‘പടജനങ്ങളുടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാ’നായി എഴുതപ്പെട്ട തുള്ളൽപാട്ടുകളിൽ പാണ്ഡിത്യപ്രകടനത്തിനു വഴിയുമില്ലല്ലോ.

വാദമുഖം ൧൦

“ഔചിത്യഭംഗവും അശ്ലീലപദപ്രയോഗങ്ങളും പ്രാസത്തിനുവേണ്ടി അർത്ഥം ബലികഴിക്കലും കുഞ്ചന്റെ കൃതികളെ രാമപാണിവാദന്റെ അർത്ഥഗാംഭീര്യവും ആശയഗാംഭീര്യവും തികഞ്ഞ പ്രൗഢകൃതികളായി താരതമ്യപ്പെടുത്തുമ്പോളെന്താണു് ഊഹിക്കേണ്ടതു്?”

എന്താണു് ഊഹിക്കേണ്ടതു്? ശാന്തം പാപം! എന്നു പറഞ്ഞു് തൂഷ്ണീംഭാവം അവലംബിക്കയേ നിർവ്വാഹമുള്ളു. എന്നാൽ ഒരു സംഗതി വക്തവ്യമാണു്. എത്രതന്നെ ബാലിശങ്ങളോ അന്തസ്സാരവിഹീനങ്ങളോ അശ്ലീലപ്രയോഗപ്രചുരങ്ങളോ ആയിക്കൊള്ളട്ടെ–തുള്ളലുകൾക്കു് ഭാഷാസാഹിത്യത്തിലുള്ള സ്ഥാനം അദ്വിതീയമായിത്തന്നെ പ്രശോഭിക്കുന്നു. രാമപാണിവാദന്റെ പ്രൗഢങ്ങളെന്നു പറയപ്പെടുന്ന സംസ്കൃതകവനങ്ങൾ അർദ്ധപ്രാണങ്ങളെന്നോണം ചിതലിനും പാറ്റയ്ക്കും ഇരയായി ഗ്രന്ഥപ്പുരകളുടെ മൂലകളിൽ ശ്വാസംമുട്ടി വർത്തിക്കുമ്പോൾ തുള്ളൽപ്പാട്ടുകൾ കുടിൽമുതൽ കൊട്ടാരംവരെയുള്ള കേരളീയജനതയെ—അപൂർവം ചിലരെ ഒഴിച്ചു്—ആഹ്ലാദിപ്പിച്ചുകൊണ്ടു് സർവോൽക്കർഷേണ ജീവിക്കുന്നു. അവയ്ക്കു പ്രൗഢി പോരെങ്കിൽ ഇരുന്നുകൊള്ളട്ടെ:-മലയാളികൾക്കു് ഈമാതിരി പ്രൗഢിക്കുറവുള്ള കവനങ്ങളാണു് ഇഷ്ടം. ബാലിശങ്ങളായിപ്പോയെങ്കിൽ—മതി. ഇത്തരം ബാലിശതയിലാണു് തങ്ങൾ രമിക്കുന്നതു് എന്നു് അവർ പറയും. അശ്ലീലങ്ങളായിപ്പോയെന്നു് ആരെങ്കിലും വാദിക്കുന്നപക്ഷം, “നിങ്ങൾ നിങ്ങളുടെ സഭ്യതയുംകൊണ്ടു് വല്ല ദിക്കിലും പോയിരുന്നുകൊള്ളണം—ഞങ്ങൾക്കു് ഈ അശ്ലീലപ്രയോഗങ്ങൾ വളരെ പഥ്യമാണു് ” എന്നേ മലയാളികൾ പറയൂ. കടുകടപ്പൊട്ടുന്ന സംസ്കൃതപദങ്ങൾ വാരിക്കോരി പ്രയോഗിച്ചാൽ കവിത ഗംഭീരം; അല്ലെങ്കിൽ ബാലിശം! പ്രാചീനസങ്കേതങ്ങളെ അക്ഷരംപ്രതി അനുഷ്ഠിച്ചും പൂർവകവീശ്വരന്മാരെ ഉപജീവിച്ചും എഴുതപ്പെടുന്ന സംസ്കൃതകൃതികൾക്കു മാത്രമേ ഗാംഭീര്യമുള്ളുപോലും! [5] സംസ്കൃതഭാഷയിൽ അപാരമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നവരും, നമ്പ്യാർ സംസ്കൃതകവനം ചെയ്തിട്ടുണ്ടോ എന്നു് അറിഞ്ഞിട്ടില്ലാതിരുന്നവരും ആയ ചില മഹാന്മാർ കുഞ്ചൻനമ്പ്യാരെപ്പറ്റി പറഞ്ഞിട്ടുള്ള വാക്കുകളെ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ. പണ്ഡിതരാജരാജനായ ഏ. ആർ. തിരുമേനി നമ്പ്യാരെ കാളിദാസനോടും ഷേക്‍സ്പീയരോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു.

ഇതിനെക്കാൾ ഉന്നതമായ ഒരു സ്ഥാനം ഒരു ഭാഷാകവിയ്ക്കു നല്കാനുണ്ടോ? സംസ്കൃതഭാഷാപക്ഷപാതിയായിരുന്ന സാഹിത്യപഞ്ചാനൻ ഇക്കവിയെ “ഉന്മേഷവത്തായ പ്രജ്ഞാശക്തികൊണ്ടു് കേരളഭാഷയ്ക്കു വികാസവും വിശാലതയും സാഹിത്യത്തിനു് അസാമാന്യമായ സമ്പത്തുകളും സമ്പാദിച്ചുകൊടുത്തിട്ടുള്ള” ഒരു മഹാശയനായും, “ഭാഷാകവിതയാകുന്ന നഭോമണ്ഡലത്തിൽ അതിപ്രകാശമായി നിന്നു് ജനങ്ങളെ ആഹ്ലാദഭരിതന്മാരാക്കിത്തീർക്കുന്ന” ഒരു ദിവ്യജ്യോതിസ്സായും, “ഭാഷയിൽ പുതുതായൊരു സാഹിത്യപ്രസ്ഥാനം നിർമ്മിച്ചു് അതിന്റെ അധിപതിയായ് ഇരുന്നു് ഭാഷാഭിമാനികളുടെ മാനസികശ്ലാഘാരൂപമായ കപ്പത്തെ കൈപ്പറ്റിവരുന്ന” ഒരു സമ്രാട്ടായും ചിത്രണംചെയ്തു കാണുന്നു. “നമ്പ്യാരുടെ നാരായത്തിൽനിന്നും പുറപ്പെട്ടിട്ടുള്ള കവിതയുടേയോ പൂർണ്ണചന്ദ്രന്റെ മണ്ഡലത്തിൽനിന്നു പുറപ്പെടുന്ന വെണ്ണിലാവിന്റേയോ രാമണീയകത്തെപ്പറ്റി വർണ്ണിക്കുന്നതു് പുനരുക്തമായിട്ടല്ലാതെ വരാൻ തരമില്ലെ”ന്നാണു് സരസഗായകകവിമണി കെ. സി. കേശവപ്പിള്ള അവർകൾ പ്രസ്താവിച്ചിരിക്കുന്നതു്. “കുഞ്ചൻനമ്പ്യാരുടെ ദിവ്യമായ കവിതാചാതുര്യത്തെപ്പറ്റി ഇദാനീന്തനന്മാർ അഭിപ്രായപ്രകടനം ചെയ്യുന്നതിൽ ദൈവദോഷശങ്ക കൂടിയുണ്ടായേക്കാം” എന്നു് അഭിപ്രായപ്പെട്ടിരിക്കുന്ന സാഹിതീരസൈകവേദിയായ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു് തുള്ളൽക്കഥാകർത്താവിനു് ദിവ്യത്വം കൂടി കല്പിച്ചിരിക്കുന്നു. ഇങ്ങനെ എത്ര പണ്ഡിതാഭിപ്രായങ്ങൾ വേണമെങ്കിലും ഉദ്ധരിക്കാൻ കഴിയും. എന്നിട്ടും ‘ദൈവദോഷശങ്കകൂടാതെ’ ഇങ്ങനെയൊക്കെ പറഞ്ഞുകാണുന്നതു് അത്യാശ്ചര്യകരമായിരിക്കുന്നു. നിരർത്ഥകപദങ്ങൾ പോലും! ഇങ്ങനെയൊരു ‘ശബ്ദശില്പി’യെ ചൈനമുതൽ പെരുവരെ നോക്കിയാൽ കാണ്മാൻ കഴിയുമോ? രാഘവീയാദികാവ്യങ്ങൾ തൽക്കവിയ്ക്കു് ഒരു പ്രശസ്തിയും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. അവ ഗവേഷകന്മാരുടെ കരുണാകടാക്ഷത്തെ പ്രതീക്ഷിച്ചുകൊണ്ടു് ഇപ്പൊഴും ഗ്രന്ഥപ്പുരകളിൽ വർത്തിക്കുന്നതേയുള്ളു. അഥവാ വല്ല കാലത്തും പ്രസിദ്ധീകൃതങ്ങളായ്‍വന്നാലും വലിയ പ്രചാരം സിദ്ധിക്കുമോ എന്നു് കണ്ടറിയേണ്ടതായിട്ടാണിരിക്കുന്നതും. തുള്ളലുകളുടെ സ്ഥിതി അതാണോ? അവ മുദ്രണാലയം കാണുമ്മുമ്പേതന്നെ ബഹുജനങ്ങൾക്കു് മുഖസ്ഥങ്ങളായ്ത്തീർന്നുകഴിഞ്ഞു. നമ്പ്യാർക്കു് ഔചിത്യഭംഗം ആരോപിച്ചിരിക്കുന്നതു് അദ്ദേഹം തന്റെ പരിതഃസ്ഥിതികളെ പൗരാണികനഗരങ്ങളിലും മറ്റും പകർത്തിയിരിക്കുന്നതു നിമിത്തമാണെന്നു തോന്നുന്നു. ദ്വാരകയിലെ ദ്വാരപാലന്മാർ നായന്മാരായിരുന്നു എന്നും മറ്റും വർണ്ണിച്ചിരിക്കുന്നതു് വലിയ കുറവായിപ്പോയത്രേ. അങ്ങനെയാണെങ്കിൽ,

***

എന്നു് ഉദണ്ഡശാസ്ത്രികളുടെ സർട്ടിഫിക്കറ്റു വാങ്ങിയ പുനത്തിന്റേയും മഹാകവിയായിരുന്ന മഴമംഗലത്തിന്റേയും കൃതികളിലും ഈ ദോഷം കാണ്മാനുണ്ടല്ലോ. മഹിഷമംഗലം ദമയന്തീസ്വയംവരത്തിനു് കുറേ നമ്പൂതിരിമാരെ ഹാജരാക്കീട്ടുണ്ടു്. പുനംനമ്പൂരി ശൈവചാവഭഞ്ജനത്തിനൊരുങ്ങിയവരുടെ കൂട്ടത്തിൽ ചില തുലുക്കന്മാരെയും ഉൾപ്പെടുത്തിക്കാണുന്നു. സീതാകല്യാണോത്സവത്തിനു് പുനത്തിന്റെ മിഥിലാപുരിയിൽ നായരും നമ്പൂരിയും ഒക്കെ കൂടിയിരുന്നു എന്നു മാത്രമല്ല, അവരിൽ ഒരാൾ ദാഹം തീർത്തതു ‘കരിക്കു’ കുടിച്ചുമായിരുന്നത്രേ. അതൊക്കെ പോകട്ടേ. ബോഹേമിയാരാജ്യത്തെ കടൽ തീരത്താക്കിയ ഷേക്‍സ്പീയരുടെ അനൗചിത്യമോ? അശ്ലീലതയെപ്പറ്റി പറഞ്ഞിരിക്കുന്നതു വായിച്ചപ്പോൾ, ഇടക്കാലത്തു അവിടവിടെ കുത്തിട്ടു പ്രസിദ്ധപ്പെടുത്തിയിരുന്ന ചില പാഠപുസ്തകങ്ങളുടെ ഓർമ്മ മനസ്സിൽ വന്നു. ‘കൊങ്ക’ കണ്ടാൽ രണ്ടു കുത്തു്. പോരേ| ‘പാലാഴി മങ്കതൻ’ ‘കുത്തുപുണരുന്ന’ എന്നുവേണം ചെറുശ്ശേരി വായിപ്പാൻ. കാലക്രമേണ അങ്ങനെ ഒരു അംഗം തന്നെ ഇല്ലാതെ വന്നേയ്ക്കാൻ ഇടയുണ്ടു്; അത്ര വിരോധം അംഗനാമണികൾക്കു തന്നെ അതിനോടുള്ളതായിട്ടാണു് കാണുന്നതു്. കഴിഞ്ഞകൊല്ലം തിരുവാതിരക്കളിയ്ക്കു പാടുന്നതിനുവേണ്ടി ‘ചേലൊത്ത കൊങ്ക കുലുങ്ങീടവേ’ എന്നതിലെ ‘കൊങ്ക’ ശബ്ദം മാറ്റുന്നതിനേ സംബന്ധിച്ചു് ഒരു ചെറിയ വനിതാസംഘം ഒരു കൂടിയാലോചന നടത്തി. ഒടുവിൽ ‘ചേണുറ്റ ഗാത്രമുലഞ്ഞീടവേ’ എന്നാക്കിയതായി എനിക്കറിയാം. ഇങ്ങനെ ഒക്കേ ആകുമ്പോൾ നമ്മുടെ പുരാണങ്ങളും കാവ്യങ്ങളും ഒക്കേ മാറ്റി എഴുതാതെ തരമില്ലാതെ വരും. നമ്പ്യാർ മാത്രമല്ല അതിൽ കുറ്റക്കാരൻ. യതീശ്വരനായിരുന്ന എഴുത്തച്ഛനും അപരാധിയാണു്. ഉടുപ്പിലും നടപ്പിലും യൂറോപ്യന്മാർ വേണ്ടെന്നുവച്ചു് വലിച്ചെറിഞ്ഞുകളഞ്ഞിട്ടുള്ള ആചാരങ്ങളെ പകർത്തുന്നതിൽ ബദ്ധകൗതുകരായിരുന്ന ഇന്നത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തോതുവച്ചാണോ നമ്മുടെ പണ്ടത്തെ സമുദായാചാരങ്ങളെ അളക്കേണ്ടതു്? അതും പോകട്ടേ. അത്തരം അശ്ലീലപദപ്രയോഗങ്ങൾ രാമപാണിവാദന്റെ കൃതികളിൽ പാടില്ല; കൃഷ്ണൻനമ്പ്യാരുടെ–‘വിഹിതഹരിനമസ്യാദിക’നായ ആ ‘ധന്യധന്യ’ന്റെ—കവിതകളിലാകാം എന്നു പറഞ്ഞിരിക്കുന്നതാണു് വിചിത്രമായിരിക്കുന്നതു്.

വാദമുഖം ൧൧

“രാമപാണിവാദന്റെ അഗ്രിമമായ പ്രതിഭാവിലാസവും കുഞ്ചന്റെ ഫലിതപടുതയും തമ്മിൽ എത്ര അന്തരമുണ്ടു്?”

പ്രതിഭ എന്നാൽ എന്താണു്? “പ്രജ്ഞാ നവനവോന്മേഷശാലിനീ പ്രതിഭാ മതാ” എന്നാണല്ലോ അതിനെ നിർവചിച്ചു കാണുന്നതു്. ഫലിതം ഉന്മേഷവത്തായ പ്രതിഭയുടെ ഉത്തമസന്താനവുമാണു് ലീയർ നാടകത്തിലെ വിദൂഷകന്റെ ഫലിതങ്ങൾ വിജ്ഞാനത്തിന്റെ ഉച്ഛ ്വസിതങ്ങളാണെന്നു് ലെയ്ഹണ്ടു് പറഞ്ഞിരിക്കുന്നതു് പരമാർത്ഥമല്ലേ? ഫലിതം എന്നതു് പ്രത്യക്ഷത്തിൽ പരസ്പരസംബന്ധമില്ലാത്ത സംഗതികളുടെ മിഥസ്സംഘട്ടനവും സംരഞ്ജനവുമാകുന്നു. അപ്രതീക്ഷിതമായ സാദൃശ്യമോ സംബന്ധമോ പെട്ടെന്നു സ്ഫുരിപ്പിക്കത്തക്കവണ്ണം ഒരു വസ്തുവിൽനിന്നു് മറ്റൊന്നിലേയ്ക്കു പ്രതിഭയാകുന്ന വൈദ്യുതദീപത്തിന്റെ ദീപ്തിയെ മിന്നിക്കുന്നതിനെയാണു് നാം ഫലിതപ്രയോഗമെന്നു പറയുന്നതു്. കണ്ണുകൾക്കും കടുകുവറപ്പിനും തമ്മിൽ വല്ല സംബന്ധമുണ്ടോ? ‘കണ്ണുകൾകൊണ്ടു കടുകുവറക്കുന്ന പെണ്ണിനെ’ എന്നു പ്രയോഗിച്ച കവി തന്റെ പ്രതിഭയാകുന്ന വൈദ്യുതദീപ്തിയെ കണ്ണുകളിൽനിന്നു പെട്ടെന്നു് കടുകുവറപ്പിലേക്കു് മിന്നിച്ചു് അവയ്ക്കുതമ്മിൽ സംബന്ധം ഉള്ളതായി ഒരു പ്രതീതി ജനിപ്പിച്ചിരിക്കുന്നു. ആ രണ്ടുമൂന്നു വാക്കുകൾകൊണ്ടു് നമ്പ്യാർ സ്ഫുരിപ്പിക്കുന്ന ആശയവിശേഷത്തെ ആർക്കു് എത്ര വാക്കുകൾകൊണ്ടു് ഇത്ര ഭംഗിയായി പ്രകാശിപ്പിക്കാൻ കഴിയും? ഫലിതം വൈഷമ്യത്തിൽ സാമ്യവും വൈധർമ്മ്യത്തിൽ സാധർമ്മ്യവും അനുഭവഗോചരമാക്കിത്തീർക്കുന്നു; വിരുദ്ധഭാവങ്ങളുടെ പരാകോടികളെ സോല്ലാസം കൂട്ടിയിണക്കുന്നു. മന്ദപ്രജ്ഞന്മാർക്കുണ്ടോ ഫലിതം പ്രയോഗിപ്പാൻ സാധിക്കുന്നു! കുഞ്ചൻനമ്പ്യാർക്കു് ‘ഫലിത പടുത’ ഉണ്ടെന്നു സമ്മതിച്ചാൽ അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തെപ്പറ്റിയുള്ള പ്രശ്നമേ പിന്നെ ഉദിക്കുന്നില്ല. അതു് അവിടെ നില്ക്കട്ടേ. ഈ ലേഖകൻ രാഘവാഭ്യുദയാദികൃതികൾ വായിച്ചു നോക്കീട്ടുണ്ടോ? ഇല്ലെങ്കിൽ അവയിൽ ഫലിതമില്ലെന്നു് എങ്ങനെ പറഞ്ഞു? ഈ അപ്രകാശിതഗ്രന്ഥങ്ങളിൽ പലതിനെയും പരിശോധിക്കാൻ കഴിഞ്ഞിട്ടുള്ള മഹാകവി പരമേശ്വരയ്യർ ചില ഫലിതപ്രയോഗങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളവയെ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.

ഭൂമിദേവി അസുരാംശജാതന്മാരായ രാജാക്കന്മാരെപ്പറ്റി അറിയിക്കുന്ന സങ്കടം:- “സജ്ജനേഷ്വനാർജ്ജവശാലിത്വേന നീതിമത്ത്വം പ്രഥയത്ഭിർദ്ദുർജ്ജനമതാനുസാരത്വേന ധീരത്വം ദർശയത്ഭിർബ്രഹ്മസ്വാപഹാരേണാർത്ഥർജ്ജനസാമർത്ഥ്യം സമർത്ഥയത്ഭിരദ്ധ്വരാദിധ്വംസനേനാ പ്രതിഹതശാസനത്വം പ്രഖ്യാപയത്ഭിശ്ശക്രുകൃതാത്മതിരസ്കാരേഷ്വനാകുലത്വേന ക്ഷമാവത്ത്വം വ്യഞ്ജയത്ഭിര ബലകുലാച്ഛേദനേനാ തീക്ഷ്ണദണ്ഡത്വമുത്ഭാവയത്ഭിർഗ്ഗണികാജന വശംവദത്വേനാഭിഗമ്യതാമാപാദയദ്ഭിരാത്മദാര പരിത്യാഗേന ജിതേന്ദ്രിയത്വമുദ്ബോധയദ്ഭിർദ്ദുഷ്ടസചിവദുരുപദേശഗ്രഹണേന സർവാസാധാരണാഭിപ്രായതാപിശുനയദ്ഭിസ്സാധുജനഹിതോപദേശപ്രത്യാഖ്യാനേന സ്വതന്ത്രതാമുദ്യോതയദ്ഭിരഗമ്യാഗമനേന പണ്ഡിതൈരദണ്ഡ്യദണ്ഡർനേന ദണ്ഡധാരൈരധർമ്മൈരിവശരീരിഭിരവിനയൈരിവ സവിഗ്രഹൈരജ്ഞാനൈരിവാകാരവദ്ഭിരവനിപാലസം ജ്ഞയാവതീർണ്ണൈരസുരൈഃ.”

ഇതു് ഫലിതമല്ലെങ്കിൽ പിന്നെ എന്താണു്? രാജാക്കന്മാർ നീതിമാന്മാരായിരിക്കണമല്ലോ. അവനിപാലസംജ്ഞയാ അവതീർണ്ണരായ ഈ അസുരന്മാർ സജ്ജനങ്ങളിൽ അനാർജ്ജവശാലിത്വംവഴിക്കാണു് നീതിമത്ത്വം പ്രകാശിപ്പിച്ചതു്. ദാക്ഷിണ്യം രാജാക്കന്മാർക്കു കൂടിയേ തീരൂ. ഈ അസുരന്മാരും ദുർജ്ജനമതാനുസാരത്വേന ദാക്ഷിണ്യം കാണിച്ചു. രാജാക്കന്മാർക്കു നല്ല ധൈര്യം ആവശ്യമായിരുന്നതിനാൽ ഇവരും ദുർയശ്ശസിനെ സഹിക്കുന്ന വിഷയത്തിൽ നല്ല ധീരത പ്രകാശിപ്പിച്ചു. അതുപോലെ ബ്രഹ്മസ്വാപഹരണം വഴിക്കു് ധനാർജ്ജനസാമർത്ഥ്യവും യാഗാദികർമ്മങ്ങളുടെ ധ്വംസനം വഴിക്കു് അപ്രതിഹതശാസനത്വവും ശത്രുക്കൾ ചെയ്യുന്ന തിരസ്ക്കാരങ്ങളിൽ ഒരു കുലുക്കവും ഇല്ലാതിരിക്കുന്ന വിഷയത്തിൽ ക്ഷമാവത്വവും ദുർബലന്മാരുടെ കുലച്ഛേദനത്താൽ തീക്ഷ്ണദണ്ഡത്വവും വേശ്യാസ്ത്രീകളുടെ വശംവദരായിരിക്ക എന്നുള്ള സംഗതിയാൽ അഭിഗമ്യതയും സ്വന്തധർമ്മദാരങ്ങളുടെ പരിത്യാഗം വഴിക്കു് ജിതേന്ദ്രിയത്വവും ദുർമ്മന്ത്രികളുടെ ഉപദേശസ്വീകരണംവഴിക്കു് സർവസാധാരണാഭിപ്രായതയും നല്ലവർ പറയുന്ന ഹിതോപദേശങ്ങളുടെ പ്രത്യാഖ്യാനംമുഖേന സ്വതന്ത്രതയും അഗമ്യാഗമനവിഷയത്തിൽ പാണ്ഡിത്യവും പ്രകടിപ്പിച്ചുവത്രേ.

ഇതുപോലെ പലേ ഘട്ടങ്ങൾ രാമപാണിവാദന്റെ സംസ്കൃതകൃതികൾ പരിശോധിച്ചാൽ കണ്ടേയ്ക്കാം.

ഇനി രാമപാണിവാദന്റെ സംസ്കൃതകൃതികൾ പ്രൗഢങ്ങളാണെന്നും തുള്ളലുകൾക്കു പ്രൗഢത പോരെന്നും വാദത്തിനുവേണ്ടി സമ്മതിച്ചേക്കാം. അതുകൊണ്ടു് രാമപാണിവാദനും കുഞ്ചനും ഭിന്നരായ്‍വരണമെന്നുണ്ടോ? രാമപാണിവാദന്റേതായി തെളിഞ്ഞു കഴിഞ്ഞിരിക്കുന്ന ശ്രീകൃഷ്ണചരിതത്തിലും പഞ്ചതന്ത്രത്തിലും ആ പ്രൗഢത കാണാത്തതെന്തുകൊണ്ടു്?

വാദമുഖം ൧൨

“രാമപാണിവാദൻ രാമകഥയായ രാഘവീയവും കൃഷ്ണപാണിവാദൻ പല ഗ്രന്ഥങ്ങളിലായി കൃഷ്ണന്റെ കഥയും രചിച്ചിരുന്നതായി കാണുന്നതും ഇവിടെ സ്മരണീയമല്ലേ? ഭാഗവതം ഇരുപത്തിനാലുവൃത്തത്തിനു് കൃഷ്ണലീല എന്ന പേർ കവിതന്നെ കൊടുത്തതാകാം.”

ഇങ്ങനെ ഒരു അധ്വാനവിഭാഗം ജ്യേഷ്ഠാനുജന്മാർ തമ്മിൽ നടത്തിയിട്ടുള്ളതായി ഒരു ലക്ഷ്യവും കാണുന്നില്ല. രാമപാണിവാദൻ രാമകഥ മാത്രമല്ല തന്റെ കവിതയ്ക്കു വിഷയമാക്കീട്ടുള്ളതു്. തുള്ളൽക്കഥകൾക്കുള്ള വിഷയങ്ങളോ? രാമായണം, ഭാരതം, ഭാഗവതം, ശിവപുരാണം, സ്കാന്ദപുരാണം എന്നിങ്ങനെ അനേകം പുരാണങ്ങളിൽനിന്നും ഇതിഹാസങ്ങളിൽനിന്നും എടുത്തിട്ടുള്ളവയുമാകുന്നു. ഭാഗവതം ഇരുപത്തിനാലുവൃത്തത്തിനു ‘കൃഷ്ണലീല’ എന്നപേർ കവിതന്നെ കൊടുത്തതാവാം എന്ന വാക്യം വായിക്കുമ്പോൾ, അതിനു് അങ്ങനെ ഒരു പേരുണ്ടെന്നും പേരു് നല്കിയതു് മറ്റാരുമല്ല കവിതന്നെ ആണെന്നും അല്ലേ അർത്ഥം സ്ഫുരിക്കുന്നതു്? അങ്ങനെ ആ പേരു് ഭാഗവതം ഇരുപത്തിനാലു വൃത്തത്തിനുള്ളതായി ഞാനറിഞ്ഞിട്ടില്ല. ആ കൃതിയുടെ ഗ്രന്ഥകർത്താവാരാണെന്നുള്ളതും സ്ഥാപിതമായിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു.

വാദമുഖം ൧൩

“സുപ്രസിദ്ധ മഹാകവി കുഞ്ചൻനമ്പ്യാരുടെ പേർ കൃഷ്ണനെന്നായിരുന്നു എന്നു് പരമ്പരാഗതമായ അറിവുണ്ടു്.”

ഇല്ല. അങ്ങനെ ഒരറിവുണ്ടായിരുന്നെങ്കിൽ ഈ മാതിരി ഒരു വാദമേ ഉത്ഭവിക്കയില്ലായിരുന്നു. മാതൃഭൂമിയിലെ മുത്തശ്ശി പല കള്ളങ്ങളുടെ കൂട്ടത്തിൽ ഇതും പറഞ്ഞതായിരിക്കാം.

ഇത്രയും പറഞ്ഞതിൽനിന്നു് രാമപാണിവാദനും കുഞ്ചനും അഭിന്നരായിരുന്നു എന്നു വരാം എന്നു മാത്രമേ ഞാൻ പറയുന്നുള്ളു. എന്നാൽ ഈ അഭിപ്രായം സമഗ്രമായി സ്ഥാപിതമാകണമെങ്കിൽ ഉപരിഗവേഷണം കൂടിയേ തീരൂ. എന്തുകൊണ്ടെന്നാൽ രാമപാണിവാദൻ രാഘവാഭ്യുദയാദി സംസ്കൃതകൃതികളുടേയും, പഞ്ചതന്ത്രം ശ്രീകൃഷ്ണചരിതം മുതലായ ഭാഷാകൃതികളുടേയും കർത്താവാണെന്നും, കുഞ്ചൻ ഓട്ടൻതുള്ളലുകൾ മാത്രമേ രചിച്ചിട്ടുള്ളുവെന്നും ഒരു വാദം ചിലർ പുറപ്പെടുവിച്ചേക്കാം. എന്നുമാത്രമല്ല, ചില ലേഖ്യപ്രതികളിൽ ഉണ്ടെന്നു പറയുന്ന സൂചനകൾ കൃത്രിമങ്ങളാണെന്നും ചിലർ വാദിക്കാനിടയുണ്ടു്. പ്രാമാണിക വചനങ്ങൾ ഒന്നും ഇന്നത്തേ കാലത്തുള്ളവർ വിശ്വസിക്കയില്ല. തെളിവു്–കറയറ്റ തെളിവു്–ഹാജരാക്കിയേ മതിയാവൂ. ഈ ദുർഘടങ്ങൾക്കു പുറമേ വേറെ രണ്ടു് രാമപാണിവാദന്മാരെ കാണുന്നുമുണ്ടു്. ഇക്കാരണങ്ങളാൽ ഗവേഷണം തുടരുകയേ നിർവാഹമുള്ളു. തുള്ളലുകളുടെ ലേഖ്യപ്രതികൾ കിട്ടാവുന്നിടത്തോളം ശേഖരിക്കണം. അചിരേണ ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാവുമെന്നു് പ്രത്യാശിക്കാം.

ഇങ്ങനെ ഒരു വാദം ആദ്യം ആവിർഭവിപ്പിച്ചതു് ഞാനായതുകൊണ്ടു് വിപരീതമായ ലക്ഷ്യങ്ങൾ കിട്ടുംവരെ രാമനും കുഞ്ചനും അഭിന്നരാണെന്നുതന്നേ ഞാൻ വിശ്വസിക്കുന്നു.

II

കേരളീയ മഹാകവികളുടെ ജീവചരിത്രസംഭവങ്ങളെപ്പറ്റി നമുക്കു് ഖണ്ഡിതമായി യാതൊന്നും അറിവാൻ നിവൃത്തിയാല്ലാതെ വന്നിരിക്കുന്നതു് വളരെ ദയനീയമായിരിക്കുന്നു. എഴുത്തച്ഛന്റെ പേരും ഊരും നിശ്ചയമില്ലാതിരുന്നതു് ഇപ്പോൾ ഏറെക്കുറെ പരിഹസിക്കപ്പെട്ടു. അദ്ദേഹം രാമനാമാവായിരുന്നു എന്നു് ആന്തരമായ ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഞാൻ ഊഹിച്ചപ്പോൾ ചില പണ്ഡിതന്മാരും അവരുടെ വായിൽനിന്നും വീഴുന്നതെല്ലാം പെറുക്കിയെടുത്തു വ്യാപാരം നടത്തുന്ന മുറിക്കുന്തക്കാരും ക്ഷോഭിച്ചുവശായി.എന്നാൽ ഈയിടയ്ക്കു പ്രകാശിതമായ ഒരു തീറാധാരം ഈ സംശയങ്ങളെ നിശ്ശേഷം അകറ്റിയിരിക്കുന്നു.

“കൊല്ലം ൭൨൪ ധനു ഇരുപതിൽ കീഴ്‍പാലൂരുനാടു ചിറ്റൂർ മുക്കാൽവട്ടത്തു ഇരുന്നെഴുതിയ അട്ടിപ്പേറോലക്കരണമാവിതു. എഴുനില എഴുനീക്കാരും എമ്പരദേവതമാരും എമ്പത്തോരുടയക്കാരും എന്തമ്പി തങ്കച്ചിമാരും എപ്പേർപെട്ടുലകത്തോരും എപ്പോതുമറിയവേണ്ടും അവസ്ഥയാവിതു് ശേകരികോർ ശേവുകരായ ആയിരമരചർക്കരചരായ് അമ്പരപ്പാറയ്ക്കുടയവരായ് അരമനവീട്ടതിപതിയായ് ചമ്പത്തു വാഴും രാമശ്ശൻ കയ്യാൽ പേരുമർത്ഥവും വാങ്ങിക്കൊണ്ടേൻ.

വെട്ടത്തുനാട്ടു് തിരുക്കണ്ടിയൂർദേശത്തു് മുക്കാൽവട്ടത്തു് തുഞ്ചത്തി രാമനാർക്കു വേണ്ടി ചൊൽചോഴത്തു ചൂരിയും [6] കൊണ്ടാരുക്കൊണ്ടു് ഇക്കണ്ടപേരുമർത്ഥത്തിനും കാരിയം–അതിരു–വാരവും കാരാഴ്മയും നൊരിയും നൊരിയിടപ്പഴുതും ആൾപ്പോകും വഴി, നീർ പോകും. ചാലും മാൻ ചാടും കുന്നും മീൻ ചാടും ചോലയും കല്ക്കരടു കാഞ്ഞിരക്കുറ്റി മുൾമുരൾ മൂർഖൻപാമ്പു കുളത്തിൽ കണ്ണനും കിണറ്റിൽ പന്നിയും എപ്പേർപ്പെട്ടതും കൂടി വീരരായർകൊണ്ടു് അട്ടിപ്പേറായ് നീരുമുതലായ് നീരട്ടിപ്പേറായ് നീരടിച്ചുകൊണ്ടാൻ ചമ്പത്തു രാമശ്ശനും തങ്കച്ചിമാരും” ഇതിനുപുറമേ മുൻപു് ഉദ്ധരിച്ചിട്ടുള്ള സൂര്യകൃതമായ “ഭാസ്വത്തുഞ്ചാഖ്യ” എന്ന ചരമശ്ലോകവും എന്റെ ഊഹത്തെ ബലപ്പെടുത്തുന്നു. എന്തുകൊണ്ടെന്നാൽ, കോഴിക്കോട്ടു സാമൂതിരിയുടെ മിത്രമായിരുന്ന കല്യാണസുന്ദരഗുരുവിന്റെ ഒരു തെലുങ്കുരേഖയിൽ രാമനെഴുത്തച്ഛൻ ൬൬൧-ൽ ജനിച്ചതായി രേഖപ്പെടുത്തിയിട്ടുമുണ്ടത്രേ. ആ രേഖ എനിക്കു കാണ്മാൻ കഴിഞ്ഞിട്ടില്ല. അപ്പോൾ എഴുത്തച്ഛന്റെ ജീവിതകാലം ൬൬൧ മുതൽക്കു് ൭൩൨ ധനു ൨൪-ാം തീയതിവരെ ആണെന്നു സിദ്ധിക്കുന്നു. അങ്ങനെ വരുമ്പോൾ എഴുത്തച്ഛനും കണ്ണശ്ശനും തമ്മിൽ ആലുവാ മണൽപ്പുറത്തു വച്ചു് കൂട്ടിമുട്ടി എന്നുള്ള ഐതിഹ്യവും വാസ്തവമായിരിക്കാമെന്നു വരും. ഈ രേഖകൾ ശേഖരിച്ച പുതുക്കുളങ്ങര രാമചന്ദ്രമേനോനോടു് മലയാളികൾ എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞറിയിക്കാൻ പ്രയാസമാണു്.

ഇതുപോലുള്ള തെളിവുകൾ നമ്പ്യാരെ സംബന്ധിച്ചും ലഭിക്കുന്നതുവരെ നമുക്കു് ‘കാടും പടലും’ തല്ലി വല്ലതും പറയുകയേ നിവൃത്തിയുള്ളു.

നമ്പ്യാരുടെ ഭവനം തിരുവില്വാദ്രിക്കു സമീപം കിള്ളിക്കുറിശ്ശിമംഗലത്തുള്ള കലക്കത്തു് ആയിരുന്നു എന്നുള്ളതിനെപ്പറ്റി സംശയമേ ഇല്ല. അദ്ദേഹത്തിന്റെ ജനനകാലത്തു് ഈ പ്രദേശം കൊച്ചിയോടു ചേർന്നിരുന്നു എങ്കിലും ൧൦൩൯-ാമാണ്ടു സിംഹാസനാരോഹണം ചെയ്ത കൊച്ചീ മഹാരാജാവിന്റേയും പ്രസിദ്ധ മന്ത്രീന്ദ്രനായിരുന്ന ശങ്കുണ്ണിമേനോൻ ദിവാൻജിയുടേയും കാലത്തു് ബ്രിട്ടീഷ്ഗവർമ്മെന്റിൽനിന്നും പോർക്കളം, കോട്ടായി എന്നീ ദേശങ്ങളെ വിട്ടുകൊടുത്തിട്ടു് അതിനെ ബ്രിട്ടീഷിനോടു ചേർക്കയുണ്ടായി. ഇതു് ൧൮൭൦-ൽ ആയിരുന്നു. ആ സ്ഥലത്തിനു് ലക്കടി റെയിൽവേസ്റ്റേഷന്റെ സാമീപ്യം എന്നൊരു പ്രാധാന്യമേ ഉണ്ടായിരുന്നുള്ളു എന്നു് ശ്രീമാൻ ബാലകൃഷ്ണവാരിയർ പ്രസ്താവിക്കുന്നു. എന്നാൽ ആ സ്റ്റേഷൻ നമ്പ്യാരുടെ ജനനകാലത്തു് അവിടെ ഉണ്ടായിരുന്നില്ലതാനും. കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒന്നാണു് തിരുവില്വാമല. നമ്പ്യാരുടെ ജനനത്താൽ അതു് ദ്വേധാ ഒരു പുണ്യസ്ഥലമായ്‍ത്തീർന്നു എന്നു പറയുന്നതാണു് ശരി.

കുഞ്ചന്റെ ജനനം ൮൮൦-ാമാണ്ടിടയ്ക്കുായിരുന്നെന്നു് ഗോവിന്ദപ്പിള്ള അവർകളും അതിനെത്തുടർന്നു മറ്റു ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയാകട്ടെ ൯൦൦-ാമാണ്ടിടയ്ക്കായിരുന്നുവെന്നും പറഞ്ഞുകാണുന്നു. ഇതിൽ ആദ്യത്തെ അഭിപ്രായമാണു് അധികം ആദരണീയമായി തോന്നുന്നതു്. മാതാപിതാക്കന്മാരെപ്പറ്റി ചില ഐതിഹ്യങ്ങൾ മാത്രമേ അറിയാവൂ. ശങ്കുണ്ണിഅവർകൾ പറയുന്നതിനെ ഇവിടെ ഉദ്ധരിക്കാം.

“നമ്പ്യാരുടെ അച്ഛൻ ഏറ്റുമാനൂർ താലൂക്കിൽച്ചേർന്ന കിടങ്ങൂർ ഗ്രാമത്തിലുള്ള കല്ലമ്പള്ളി നമ്പൂരിയാണു്. സ്വദേശത്തുള്ള ഒരു നമ്പൂരിയാണെന്നു ഭാഷാചരിത്രത്തിൽ പറഞ്ഞിരിക്കുന്നതു് തെറ്റാണു്. കിടങ്ങൂർക്കാർ നമ്പൂരിമാർക്കു് കിള്ളിക്കുറിശ്ശിമംഗലത്തു ക്ഷേത്രത്തിൽ ശാന്തിയുണ്ടു്. ഊഴമുറയ്ക്കു് അവരിൽ ഓരോരുത്തർ അവിടെപ്പോയി താമസിക്കുക ഇപ്പോഴും പതിവുണ്ടു്. ശാന്തിക്കായി കല്ലംപള്ളി ഇല്ലത്തെ ഒരു നമ്പൂരി കിള്ളിക്കുറിശ്ശിമംഗലത്തുപോയി താമസിച്ചപ്പോൾ നമ്പ്യാരുടെ ഭവനത്തിൽ ഒരു സ്ത്രീക്കു സംബന്ധം തുടങ്ങി. അദ്ദേഹത്തിന്റെ ശാന്തിയുടെ കാലാവധി കഴിഞ്ഞപ്പോൾ സ്വദേശമായ കിടങ്ങൂർക്കു പോന്നു. ആ സമയം തന്റെ ഭാര്യയെക്കൂടെ കിടങ്ങൂർക്കു കൊണ്ടുപോന്നു. ആ നങ്ങ്യാർക്കു് അപ്പോൾ ഗർഭമുണ്ടായിരുന്നു. കിടങ്ങൂർ വന്നു് അഞ്ചാറുമാസം കഴിഞ്ഞപ്പോൾ അവർ പ്രസവിച്ചു് ഒരു പുത്രനുണ്ടായി. ആ പുത്രനാണു് സാക്ഷാൽ കുഞ്ചൻനമ്പ്യാർ.”

“കുഞ്ചൻനമ്പ്യാരുടെ ഉത്ഭവത്തെക്കുറിച്ചു് ഒരു ഐതിഹ്യം കേട്ടിട്ടുള്ളതുകൂടി ഇവിടെ വക്തവ്യമാകുന്നു. വന്നേരി ദേശത്തുകാരനായ ഒരു നമ്പൂരി ദാരിദ്ര്യം നിമിത്തം തന്റെ പെണ്‍കിടാങ്ങളെ വിവാഹം കഴിച്ചുകൊടുക്കുന്നതിനു നിവൃത്തിയില്ലായ്കയാൽ പല സ്ഥലങ്ങളിൽ സഞ്ചരിച്ചും കോഴിക്കോടു്, കൊച്ചി, അമ്പലപ്പുഴ, തിരുവിതാംകൂർ മുതലായ രാജ്യങ്ങൾ വാണിരുന്ന രാജാക്കന്മാർ മുതലായി പലരെ കണ്ടു സങ്കടം പറഞ്ഞും മറ്റും സമ്പാദിച്ച ഏതാനും പണവുംകൊണ്ടു് ഒരു ദിവസം ഉച്ചയാകാറായപ്പോൾ കിള്ളിക്കുറിശ്ശിമംഗലത്തെത്തി. മടിശ്ശീല കുളക്കടവിൽ വച്ചിട്ടു് അദ്ദേഹം കുളിയും ജപവുമെല്ലാം കഴിഞ്ഞു നോക്കിയപ്പോൾ മടിശ്ശീല കണ്ടില്ല. പല അന്വേഷണങ്ങൾ നടത്തീട്ടും ഒരു തുമ്പും ഉണ്ടാകാതെ വ്യസനത്തോടുകൂടി സ്വദേശത്തേക്കു പോവുകയും ചെയ്തു. പിന്നെ നാലഞ്ചുകൊല്ലം കഴിഞ്ഞതിന്റെ ശേഷം ഒരിക്കൽ ഒരു ദിവസം വൈകുന്നേരം അദ്ദേഹം കിള്ളിക്കുറിശ്ശിമംഗലത്തു വന്നുചേർന്നു. അമ്പലത്തിൽ അത്താഴവും കഴിച്ചു ശാന്തിക്കാരൻ നമ്പൂരിയൊരുമിച്ചു് അദ്ദേഹം നമ്പ്യാരുടെ ഗൃഹത്തിലേക്കു പോയി. അന്നു് അവിടെ ശാന്തി കിടങ്ങൂർക്കാരൻ കല്ലമ്പള്ളി നമ്പൂരിക്കായിരുന്നു. കല്ലമ്പള്ളിനമ്പൂരിക്കു് നമ്പ്യാരുടെ ഭവനത്തിൽ ഒരു സ്ത്രീക്കു് സംബന്ധമുണ്ടായിരുന്നു. നമ്പൂരിമാർ രണ്ടുപേരുംകൂടി നമ്പ്യാരുടെ ഗൃഹത്തിലെത്തി. മുറുക്കി വെടിയും പറഞ്ഞിരിക്കുന്ന മദ്ധ്യേ വന്നേരിനാട്ടുകാരൻ നമ്പൂരി തന്റെ മടിശ്ശീല കുളക്കടവിൽ വച്ചു കളവുപോയ കഥകൂടി പ്രസംഗവശാൽ പ്രസ്താവിക്കുന്നതിനിടയായി. അതുകേട്ടുകൊണ്ടിരുന്ന ഒരു നങ്ങ്യാർ (ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യ) വേഗം അറ തുറന്നു് ഒരു മടിശ്ശീലയെടുത്തു വന്നേരിക്കാരൻ നമ്പൂരിയുടെ മുമ്പിൽ കൊണ്ടുചെന്നു വച്ചിട്ടു് ‘അവിടുത്തേ മടിശ്ശീല ഇതാണോ എന്നു നോക്കണം’ എന്നു പറഞ്ഞു. നമ്പൂരി മടിശ്ശീല കണ്ടപ്പോൾ തന്നെ അതു് തന്റേതാണെന്നു മനസ്സിലാക്കുകയും അഴിച്ചെണ്ണിനോക്കിയപ്പോൾ പണം ശരിയായിട്ടു കാണുകയും ചെയ്തു. നമ്പൂരി മടിശ്ശീല കുളക്കടവിൽവച്ചു കുളിച്ച സമയം അവിടെ പുല്ലു തിന്നുകൊണ്ടു നിന്നിരുന്ന ഒരു പശു മടിശ്ശീലയുടെ മുകളിൽ ചാണകമിട്ടതിനാലാണു് മടിശ്ശീല കാണാതെയായതു്. നമ്പൂരി പോയതിന്റെ ശേഷം നമ്പ്യാർ കുളക്കടവിൽ ചെന്നപ്പോൾ നല്ല ചാണകം കിടക്കുന്നതുകണ്ടു് വാരിയെടുത്തതിനാലാണു് മടിശ്ശീല അവരുടെ പക്കൽ കിട്ടിയതു്. ഉടമസ്ഥനാരെന്നറിഞ്ഞിട്ടു് കൊടുക്കണമെന്നു വിചാരിച്ചു് നങ്ങ്യാർ മടിശ്ശീല സൂക്ഷിച്ചു വച്ചിരിക്കയായിരുന്നു. മടിശ്ശീല കിട്ടിയപ്പോൾ ആ ദരിദ്രനായ നമ്പൂരിക്കുണ്ടായ സന്തോഷം ഇത്രമാത്രമെന്നു പറയേണ്ടതില്ലല്ലോ. ഉടനേ ആ നമ്പൂരി എണീറ്റു് രണ്ടു കയ്യും നങ്ങ്യാരുടെ തലയിൽ വച്ചു് സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ടു് ഗദ്ഗദസ്വരമായിട്ടു്–അടുത്ത ആണ്ടത്തേക്കു് അതിയോഗ്യനായ ഒരു പുത്രൻ നിനക്കുണ്ടാകട്ടെ എന്നനുഗ്രഹിച്ചു. ആ അനുഗ്രഹത്താൽ മേല്പറഞ്ഞപ്രകാരം ആ നങ്ങ്യാർക്കുണ്ടായ പുത്രനാണു് കുഞ്ചൻനമ്പ്യാരെന്നാണു് കേട്ടിരിക്കുന്നതു്.”

മി: പി. കെ.നാരായണപിള്ള ഈ ഐതിഹ്യത്തിൽ അല്പമൊരു മാറ്റം വരുത്തി ‘കുഞ്ചൻനമ്പ്യാർ എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നു. എന്നാൽ നാലഞ്ചുകൊല്ലം കഴിഞ്ഞു’ എന്ന ഭാഗം മാത്രമേ വിട്ടുകളഞ്ഞിട്ടുള്ളുതാനും. മി. ബാലകൃഷ്ണവാരിയരാകട്ടെ മി: പി. കെയുടെ പാഠത്തെ അല്പം ഒന്നു മിനുക്കിയിട്ടുണ്ടു്. ഈ ഒടുവിൽ പറഞ്ഞ രണ്ടു ചരിത്രകാരന്മാരും നങ്ങ്യാരുടെ ഭർത്താവു് നമ്പൂരിയായിരുന്നു എന്നുള്ള അംശത്തെ വിട്ടുകളയുകയും ചെയ്തിരിക്കുന്നു.

കുഞ്ചന്റെ പിതാവു് ഒരു നമ്പൂരിയായിരുന്നു എന്നുള്ള ശങ്കുണ്ണിയുടെ അഭിപ്രായം ശരിയാണെന്നുതന്നെ എനിക്കും തോന്നുന്നു. അതിനുള്ള കാരണങ്ങൾ പിന്നീടു് പ്രസ്താവിക്കാം. പി. കെ. അവർകൾ ചേർത്തിട്ടുള്ള മറ്റൊരു ഐതിഹ്യത്തിന്റെ ചരിത്രം കുറെ രസകരമാണു്. അദ്ദേഹം പറയുന്നു:- “ഇനിയൊരു കഥയുള്ളതു് സംസ്കൃതത്തിലാകയാൽ കുറേക്കൂടി ഗൗരവഭാവമുള്ളതാണു്. അതു് മഹാനുചരിതം എന്നൊരു ഗ്രന്ഥത്തിൽ നമ്പ്യാരെ ഉദ്ദേശിച്ചുള്ളതാണെന്നു പറഞ്ഞു് ഒരാൾ അമ്പലപ്പുഴെ തലവടിയിൽ നിന്നും എനിക്കു് അയച്ചുതന്നിട്ടുള്ളതാകുന്നു. ‘കദാചിൽ സ സപ്തവാർഷികോ ഗുരുഗൃഹം പ്രതി ഗച്ഛൻ മധ്യേമാർഗ്ഗം കുത്രചിദ് ഗിരിതടപ്രദേശേ ഗതമൂർച്ഛനേന ഗരിഷ്ഠകാളസർപ്പേണ വാമപാദേ ദഷ്ടഃ സൻ ഗതചേതനഃ ഛിന്നമൂലസ്തരുരിവ പപാത തദ്വത്വ ഏവ ചിന്തിത സന്താനലതയാ മഹിതയാ തയാ മഹാദേവതയാ ശരച്ചന്ദ്രചന്ദ്രികാനിന്ദനജഗദാനന്ദ മന്ദഹാസമരന്ദസാന്ദ്രസുന്ദരവദനാരവിന്ദയാ കന്ദുകശുകകരാരവിന്ദയാഽത്രാഗതിരകാരിഷ്ട. തതശ്ചഅത്ഭുതസുകുമാരീ കുമാരമിവ പ്രേമാതിരേകേണ കടാക്ഷചന്ദ്രികയാ ശിശിരീകൃത്യ ഹസ്താംബുജേന ഗൃഹീത്വാചാഽലിംഗ്യനിജകനകമണ്ഡലുസ്ഥേന പയസാഽഭിഷിച്യ ദിവ്യം പയഃ പായയിത്വാഽന്തർദധേ തദാ പ്രഭൃതിഃ’.

‘തലവടിയിൽനിന്നു് ഒരാൾ’ എന്നു് ഇവിടെ പറഞ്ഞിരിക്കുന്നതു് വിദ്വൽകുലാവതംസമായ കിട്ടായിആശാനെ ഉദ്ദേശിച്ചാണു്. ൧൦൮൭-ൽ ആനപ്രാമ്പാൽ എന്ന സ്ഥലത്തുവച്ചുനടന്ന ഒരു മഹായോഗത്തിൽ പ്രചീന ഹൈന്ദവ പരിഷ്കാരം എന്ന വിഷയത്തെ അധികരിച്ചു് ഞാൻ അതിദീർഘമായ ഒരു പ്രസംഗം എഴുതി വായിക്കയുണ്ടായി. പ്രസംഗം കേട്ടുകൊണ്ടിരുന്നവരിൽ മുക്കാൽഭാഗവും ഉറങ്ങിപ്പോയിരുന്നിരിക്കണം എന്നാണു് എനിക്കു തോന്നുന്നതു്. ഏതായാലും അദ്ധ്യക്ഷപദം അലംകരിച്ചിരുന്ന മഹാശയൻ എല്ലാവരേയും തട്ടിയുണർത്തി. ചരിത്രാന്വേഷണമൊക്കെ നാം നിർത്തിവയ്ക്കണമെന്നും വല്ല കൃഷിയോ കച്ചവടമോ—വക്കീൽപണിയായാലും വേണ്ടില്ല—സ്വീകരിച്ചു് ധാരാളം പണം സമ്പാദിക്കയാണു വേണ്ടതെന്നും അധ്യക്ഷൻ പറഞ്ഞപ്പോൾ സദസ്യരുടെ വായിൽ വെള്ളമൂറിക്കാണണം. എനിക്കാകട്ടെ ചരിത്രാന്വേഷണം ജീവിതത്തൊഴിലായി സ്വീകരിക്കണമെന്നു് ഒരു ബലിഷ്ഠമായ അഭിവാഞ്ഛയും ജനിച്ചു. ആ സദസ്യരിൽ ഒരാൾ മാത്രം എന്റെ പ്രസംഗം സശ്രദ്ധം ശ്രവിച്ചുകൊണ്ടിരുന്നു. അദ്ധ്യക്ഷന്റെ സമ്മാനവും വാങ്ങിക്കൊണ്ടു് ഞാൻ ഹാളിനുവെളിയിൽ വന്നപ്പോൾ ആ മാന്യൻ എന്നെ കാത്തുനിന്നിരുന്നു. അതു മുൻപറഞ്ഞ കിട്ടായി ആശാനായിരുന്നു. അദ്ദേഹം എന്നെ സ്വഗൃഹത്തിലേക്കു ക്ഷണിച്ചു. പലേ വിഷയങ്ങളെസ്സംബന്ധിച്ചു് ഞങ്ങൾ സംസാരിച്ചു. കിട്ടായിആശാനുമായി സംഭാഷണത്തിലേർപ്പെട്ടാൽ സമയം പോകുന്നതു് അറിയുകയേയില്ല. ഇത്ര ഫലിതമയവും എന്നാൽ വിജ്ഞാനപ്രദവും ആയ സംഭാഷണം ഞാൻ കേട്ടിട്ടില്ല. പ്രസംഗവശാൽ പീ. കേ-യുടെ കുഞ്ചൻനമ്പ്യാർ എന്ന ഗ്രന്ഥത്തെപ്പറ്റി പ്രസ്താവമുണ്ടായി. നമ്പ്യാരെപ്പറ്റി വല്ല ഐതിഹ്യങ്ങളോ വിവരങ്ങളോ അറിയാമെങ്കിൽ എഴുതി അയച്ചുകൊടുക്കണമെന്നു് അദ്ദേഹം ആശാനോടു് ആവശ്യപ്പെട്ടുവെന്നും സംസ്കൃതത്തിൽ ഒരു കെട്ടുകഥ രചിച്ചു് അയച്ചുകൊടുത്തു എന്നും ആശാൻ പറഞ്ഞപ്പോൾ ഞാൻ അമ്പരന്നുപോയി. ആശാനു് ഇത്തരം വിദ്യകൾ പലതും ഉള്ളതായി എനിക്കു് അറിയാമായിരുന്നു. പ്രശ്നംകേൾക്കാൻ ആരെങ്കിലും ക്ഷണിച്ചാൽ, പ്രാമാണികവചനങ്ങളെന്ന ഭാവേന പെട്ടെന്നു് സംസ്കൃതശ്ലോകങ്ങൾ ഉണ്ടാക്കിച്ചൊല്ലി ജ്യോത്സ്യനെ വിഷമിപ്പിക്കുക ഇദ്ദേഹത്തിനു് വിനോദമായിരുന്നെന്നും അതുകൊണ്ടു് ആശാനുണ്ടെന്നറിഞ്ഞാൽപിന്നെ ജ്യോത്സ്യന്മാരാരും പ്രശ്നത്തിനു ചെല്ലാറില്ലായിരുന്നു എന്നും ഞാൻ മുമ്പേതന്നെ കേട്ടിരുന്നു. ഏതായിരുന്നാലും പീ. കേ അവർകൾ ആശാനയച്ചുകൊടുത്ത കഥയെ പുസ്തകത്തിൽ ചേർത്തു് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇനി ഈ വ്യതിയാനം ഇവിടെ നില്ക്കട്ടേ.

നമ്പ്യാരുടെ മാതാവിനു് കുറഞ്ഞപക്ഷം രാഘവൻ എന്നൊരു സഹോദരനും രണ്ടു പുത്രന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നതായി നമുക്കറിയാം. ചന്ദ്രികാവീഥിയുടെ പ്രസ്താവനയിൽ ‘അസ്തി മംഗലഗ്രാമവാസ്തവസ്യ രാഘവപാണിഘസ്യഭാഗിനേയോ രാമാപാണിവാദഃ’ എന്നു രാമാപാണിവാദൻ രാഘവൻനമ്പ്യാരെന്നൊരു മാതുലനെ സ്മരിച്ചിരിക്കുന്നതുകൊണ്ടു് അദ്ദേഹത്തിന്റെ മാതാവിനു് ഒരു സഹോദരിയുണ്ടായിരുന്നു എന്നു് സിദ്ധിക്കുന്നുണ്ടല്ലോ. അതുപോലെതന്നെ ൯൪൦-ൽ മറ്റൊരു രാമപാണിവാദൻ സ്വമാതുലനെന്ന നിലയിൽ നമ്മുടെ മഹാകവിയെ സ്തുതിച്ചുകാണുന്നതുകൊണ്ടു് കുറഞ്ഞപക്ഷം ഒരു സഹോദരിയെങ്കിലും കുഞ്ചൻനമ്പ്യാർക്കുണ്ടായിരുന്നതായി തെളിയുന്നു. പീ. കേ. നാരായണപിള്ള അവർകളും കുഞ്ചനു് ദാമോദരൻനമ്പ്യാരെന്നു് ഒരു ഭാഗിനേയൻകൂടി ഉണ്ടായിരുന്നതായി പ്രസ്താവിച്ചിട്ടുണ്ടു്. ൯൫൯-ാമാണ്ടിടയ്ക്കു് എഴുതപ്പെട്ട രാമേശ്വരയാത്ര എന്ന തുള്ളലിൽ തൽകർത്താവു് ധർമ്മരാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാളായ ഒരു ദാമോദരൻനമ്പ്യാരെപ്പറ്റി പറഞ്ഞിട്ടുമുണ്ടു്. അദ്ദേഹം കലക്കത്തു കുടുംബക്കാരനായിരുന്നോ എന്നു് നിശ്ചയമില്ല.

കൃഷ്ണൻനമ്പ്യാരും രാമൻനമ്പ്യാരുമാണു് ആ സുകൃതിനിയുടെ പുത്രന്മാർ. അവരിൽ കൃഷ്ണൻ ജ്യേഷ്ഠനായിരുന്നു എന്നാണു് ഞാൻ ഊഹിക്കുന്നതു്. അല്ലെങ്കിൽ ‘കൃഷ്ണേ സോദരരോഹിണീജസഹിതേ’ എന്ന പദ്യത്തിൽ അവരുടെ രണ്ടുപേരുടേയും ഭാഗിനേയനായ രാമൻനമ്പ്യാർ കൃഷ്ണന്റെ പേരു് ആദ്യമായി പറയുമായിരുന്നില്ല. രോഹീണീജൻ എന്ന ശബ്ദം ബലരാമന്റെ പര്യായമാണല്ലോ. സാധാരണ സംജ്ഞാനാമങ്ങളെ ഇങ്ങനെ പര്യായശബ്ദങ്ങളാക്കി നിർദ്ദേശിക്ക പതിവില്ല. കൃഷ്ണൻനായർ എന്നതിനുപകരം വാസുദേവൻനായർ എന്നു പറഞ്ഞാൽ പോരല്ലോ. അതുകൊണ്ടു ഇവിടെ രോഹിണീജശബ്ദത്തിനു് രോഹിണീനക്ഷത്രത്തിൽ ജനിച്ചവൻ എന്ന അർത്ഥം പ്രധാനമായും ‘രാമൻ’ എന്ന അർത്ഥം ഗൗണമായും വിവക്ഷിച്ചിരിക്കുന്നു എന്നാണെനിക്കു തോന്നുന്നതു്. അതിനാൽ രാമപാണിവാദൻ രോഹിണീനക്ഷത്രജാതനാണെന്നും നമുക്കു് നിശ്ചയിക്കാം. ‘സുകവിസംസത്സേവ്യ’ എന്ന കലിദിനത്തിൽ (൯൪൦-ൽ) ബാലഭാരതം പകർത്തി എഴുതിത്തീർത്ത രാമൻ നമ്പ്യാരുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ കുഞ്ചൻനമ്പ്യാരെപ്പറ്റി പല സംഗതികളും നമുക്കു് ഗ്രഹിക്കാൻ മാർഗ്ഗമുണ്ടു്. അദ്ദേഹം (രാമപാണിവാദദ്വിതീയൻ) നാരായണഭട്ടപാദരുടെ ശിഷ്യരും ‘ദേവാപഗാധീശ്വരഭജനധീ’ കളും ‘ഉദ്യോതദ്വഞ്ചിഭൂമീശ്വര കരുണാഭാജനങ്ങളും’ ആയ രണ്ടിലധികം നമ്പ്യാന്മാരെപ്പറ്റി,

‘ഭദ്യുർന്നാരായണാഖ്യാദധിഗതവിതതവ്യാകൃതാ ഭട്ടപാദാ-
ദുദ്യദ്ദേവാപഗാധീശ്വര ഭജനധിയസ്സന്തതം ശാന്തചിത്താഃ
ഉദ്യോതദ്വഞ്ചിഭൂമീശ്വരഗുരുകരുണാഭോജിനോ ദേശികാസ്തേ
സദ്യശ്ശൂദ്ധിം ദധാനാ ഹൃദി പദരജസാ സർവദാ മങ്ഗലം നഃ.’

എന്ന ശ്ലോകത്തിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും,

‘യോഽസൗ വിഷ്ണുവിലാസനാമ കൃതവാൻ കാവ്യം തഥാ പ്രാകൃതം
കാവ്യം കംസവധാഭിധം ഗുണയുതം തദ്രാഘവീയം തഥാ
പശ്ചാത്തദ്വദുഷാനിരുദ്ധമപരം വീഥീദ്വയം നാടകം
സീതാരാഘവമേവ ച പ്രദിശതാന്മഹ്യം ഗുരുർമ്മംഗളം.’
‘പ്രാകൃതവൃത്തിം തദ്വച് ഛ്രീകൃഷ്ണവിലാസകാവ്യ വിവൃതിംച
കൃതവാന ന്യാന്യപി യഃ സ ജയേച് ഛ്രീരാമപാണിവാദഃ കവിഃ
താളപ്രസ്താരശാസ്ത്രം ച സദ്വൃത്തോവൃത്തവാർത്തികാ
തദ്വൽപ്രഹസനം കിഞ്ചിൽ കൃതവാൻ രാമമാതുലഃ.’
‘ക്ഷോണീദേവ ക്ഷിതീശോ നിജമിവ തനയം ദേവനാരായണാഖ്യോ
ബാല്യേ യം ലാളയിത്വാ വിധിവദഥ പരം ശാസ്ത്രമധ്യാപയിത്വാ
സംരക്ഷൽ യൽ കുടുംബം ദ്രവിണവിതരണാൽ കാമിതം സാധയിത്വാ
സ്നേഹേനാപാലയന്മേ ദിനമനു സ ഗുരുഃ ശ്രേയസേ ബോഭവീതു.’

ഇത്യാദി പദ്യങ്ങളിൽ കവി എന്ന നിലയിൽ ഒരാളെ മാത്രമേ സ്മരിച്ചിട്ടുള്ളു എന്നും അദ്ദേഹത്തിനെ ചെമ്പകശ്ശേരി ദേവനാരായണൻ ആയിരുന്നു ബാല്യത്തിലേ എടുത്തു വളർത്തി വിദ്യ അഭ്യസിപ്പിച്ചതെന്നും ഉള്ള സംഗതികൾ ആലോചിച്ചുനോക്കിയാൽ ഈ രാമൻനമ്പ്യാരും കുഞ്ചനും ഒരാളായിരുന്നു എന്നു് സംശയം കൂടാതെ നമുക്കു പറയാം. എന്നാൽ ഈ പദ്യങ്ങളെ പ്രമാണത്വേന അംഗീകരിക്കുന്ന വിഷയത്തിൽ പുരോഭാഗികൾ വിസമ്മതിച്ചേക്കാമെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ പദ്യങ്ങളുടെ ഉല്പത്തിസ്ഥാനം വിശുദ്ധമാണെങ്കിൽ ഇതു് ഒരു വലിയ നേട്ടം തന്നെയാണു്. ആ വിഷയത്തിൽ ശ്രീമാൻ ബാലകൃഷ്ണവാരിയർ അനുമോദനീയനുമാകുന്നു.

‘കുഞ്ചൻ’ എന്നതു് കുടുംബത്തിലെ കാരണവപ്പാട്ടിലേക്കുള്ള സ്ഥാനമാണെന്ന അഭിപ്രായത്തോടുയോജിക്കാൻ നിവൃത്തി കാണുന്നില്ല. അമ്പലപ്പുഴ ദേവസ്വത്തിൽ നിന്നുള്ള ൧൦൧൫-ലെ ൨൩൫-ാം നമ്പർ ഉത്തരവിൽ ‘മുമ്പിൽ എഴുന്നള്ളത്തോടു പാർത്തിരുന്ന കലക്കത്തു കുഞ്ചൻനമ്പ്യാരുടെ അനന്തരവരിൽ ഒരാളായ അമ്പലപ്പുഴെ പാർത്തുവരുന്ന കുഞ്ചൻനമ്പ്യാരുടെ പേർക്കു് ’ എന്നു് എഴുതിക്കാണുന്നതായിരിക്കണം ഈ അഭ്യൂഹത്തിന്റെ അടിസ്ഥാനം. ൧൦൧൬ മുതൽക്കു് ൧൦൧൯-വരെയുള്ള അമ്പലപ്പുഴ ദേവസ്വക്കണക്കുകളിൽ കാണുന്നതു് കൃഷ്ണൻനമ്പ്യാർ എന്നൊരാൾ അനുഭവം പറ്റിക്കൊണ്ടിരുന്നതായിട്ടാണു്. ൧൦൧൯-ൽ ആ കൃഷ്ണൻനമ്പ്യാർ മരിച്ചുപോകയും വസ്തുവകകൾ അന്യംനില്പായി സർക്കാരിലേക്കുചേർക്കാൻ ഭാവിക്കുകയും ചെയ്തപ്പോഴാണു് പാർവതീനങ്ങ്യാർ എന്നൊരു സ്ത്രീ അവകാശം ബോധിപ്പിച്ചു് അന്യംനില്പു നടവടികൾ നിർത്തിവയ്പിച്ചതു്. ൧൦൪൫-വരെ ആ നങ്ങിയാർ അനുഭവം പറ്റിക്കൊണ്ടിരുന്നു. പിന്നീടു് ഒരു രാമൻനമ്പിയാർ അവകാശിയായി. അമ്പലപ്പുഴെയുള്ള കണക്കുകളിൽ രണ്ടാംകുഞ്ചനെ കാണുന്നതേയില്ല. അഥവാ ഉണ്ടായിരുന്നാൽതന്നെയും അതുകൊണ്ടു് കുഞ്ചൻ എന്നതു് കാരണവർക്കുള്ള സ്ഥാനമാണെന്നു വരുന്നില്ലതാനും.

കുഞ്ചന്റെ ബാല്യകാലം ജന്മദേശത്തുതന്നെ കഴിച്ചു കൂട്ടിയതായിട്ടാണു് മി: പി. കെ. നാരായണപിള്ള പറഞ്ഞിരിക്കുന്നതു്. ബാലകൃഷ്ണവാരിയർ അവർകളുടെ ഗ്രന്ഥത്തിൽ കാണുന്ന ‘ബാല്യദശാവർണ്ണന’ യിൽ കുറെ മനോധർമ്മപ്രസരം കൂടികലർന്നിട്ടുണ്ടെന്നുള്ള ഒരു വ്യത്യാസമേയുള്ളു. വാസ്തവം പറയുന്നതായാൽ ഈ മാതിരി ഒരു മഹാപുരുഷന്റെ ജനയിത്രിപദം നേടുന്നതിനു ഭാഗ്യമുണ്ടായ ആ നങ്ങിയാർ സ്വപുത്രനെ നിഷ്ക്കർഷിച്ചു വളർത്തിക്കാണണമെന്നുള്ളതിൽ കവിഞ്ഞു് മറ്റൊന്നും നമുക്കു് അറിയാൻ തരമില്ല.

‘മക്കളെപ്പുലർകാലേ കൊണ്ടുപോയ് കുളിപ്പിച്ചു
ചിക്കെന്നു താനുംകൂടി സ്നാനവും ചെയ്തു ചെമ്മേ’

ഇത്യാദി പ്രദോഷമാഹാത്മ്യത്തിലെ വരികളിൽ കവി തന്റെ മാതാവിനെ സ്മരിച്ചുകാണണമെന്നും മറ്റും പറയുന്നിടത്തു് മനോധർമ്മം മി. വാരിയരെ അല്പം വഴി തെറ്റിച്ചിട്ടുണ്ടു്. തുള്ളലുകളിലെ ഉപോദ്ഘാതങ്ങളിൽ നിന്നു കവിയെപ്പറ്റി നമുക്കു് ചിലതൊക്കെ ഊഹിപ്പാൻ കഴിയുമെങ്കിലും നമ്പ്യാർ പാത്രങ്ങൾവഴിക്കു് സ്വാനുഭവങ്ങളെ പ്രകാശിപ്പിച്ചിട്ടുണ്ടെന്നു വിചാരിക്കാനേ വയ്യാ. അങ്ങനെ ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പാത്രങ്ങൾ ഇത്ര സജീവങ്ങളാകയില്ലായിരുന്നു. മനുഷ്യപ്രപഞ്ചത്തിനെ അത്യുന്നതസ്ഥാനത്തിരുന്നുകൊണ്ടു് നിസ്സംഗഭാവത്തിൽ നിരീക്ഷിച്ചു് അവരുടെ ചാപല്യങ്ങളെ ഓർത്തു കുണ്ഠിതപ്പെടുകയാണു് അദ്ദേഹം ചെയ്തിട്ടുള്ളതു്. മനുഷ്യചാപല്യങ്ങളുടെ ദൂരീകരണത്തിനുള്ള വിവിധ മാർഗ്ഗങ്ങളിൽ ഒന്നു പരിഹാസമാണു്. നമ്പ്യാർ ആ മാർഗ്ഗത്തെ അവലംബിച്ചു. അദ്ദേഹത്തിന്റെ പരിഹാസത്തിനു പാത്രമാകാത്തതായി ആരെങ്കിലും ഉണ്ടായിരുന്നോ എന്നു സംശയവുമാകുന്നു. ആ പരിഹാസശരങ്ങൾ എത്രതന്നെ നിശിതങ്ങളായിരുന്നാലും വിദ്വേഷവിഷലിപ്തങ്ങളായിരുന്നില്ല. മനുഷ്യവർഗ്ഗത്തോടുള്ള നിസ്സീമമായ പ്രേമമാണു് അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു തിരുത്തുന്ന വിഷയത്തിൽ നമ്പ്യാർക്കു് പ്രേരകമായിരുന്നതു്. ഷേക്‍സ്പീയർ നാടകങ്ങളിലെന്നപോലെ നമ്പ്യാരുടെ കൃതികളിലും ഗ്രന്ഥകാരന്റെ സ്വഭാവഗതികളും മാനസികപ്രവണതകളും ദർശിക്കാൻ ശ്രമിക്കുന്നതു് വ്യർത്ഥമാണു്. മനുഷ്യവർഗ്ഗത്തിൽ ഏതെല്ലാം തരത്തിലുള്ള ജീവികളുണ്ടോ അവരെയൊക്കെ സജീവമായി ചിത്രണം ചെയ്‍വാൻ അദ്ദേഹത്തിനു സാധിച്ചതു് നവനവോന്മേഷശാലിനിയായ പ്രജ്ഞയുടെ വൈഭവംകൊണ്ടു മാത്രമാണു്; അല്ലാതെ അത്തരത്തിലുള്ള ജനങ്ങളുമായി ഇടപഴകി ആ വഴിക്കു ഉണ്ടായിട്ടുള്ള രാഗദ്വേഷാദികൾകൊണ്ടല്ലെന്നു് ഇതിനുപരി ചെയ്യാൻ പോകുന്ന വിമർശംകൊണ്ടു് പ്രത്യക്ഷപ്പെടുമെന്നു വിശ്വസിക്കുന്നു. എഴുത്തച്ഛനെ ചിലപ്പോഴൊക്കെ തൽകൃതികളിൽ നിഴലിച്ചുകാണാം; എന്നാൽ നമ്പ്യാരുടെ കവിത അത്തരത്തിലേ അല്ല. ഒരു ബ്രാഹ്മിണി കുട്ടികളെ കുളിപ്പിച്ചു താനും കുളിച്ചു ക്ഷേത്രദർശനത്തിനു പോകുന്നതിനെ കവി വർണ്ണിച്ചിരിക്കുന്നതു് സ്വമാതാവിനെ സ്മരിച്ചുകൊണ്ടാണെങ്കിൽ, നായർ വിശന്നുവലഞ്ഞു വരുമ്പോഴുള്ള അവസ്ഥയെ വർണ്ണിച്ചിരിക്കുന്നതു് തന്റെ കാരണവരേയോ പിതാവിനേയോ മനസ്സിൽ വച്ചു കൊണ്ടാണെന്നു പറഞ്ഞുകൂടെ?

കുഞ്ചൻ ആദ്യം വിദ്യ അഭ്യസിച്ചതു് മാതുലനായ രാഘവൻനമ്പ്യാരുടെ അടുക്കൽ നിന്നാണെന്നുള്ള അഭ്യൂഹവും പിശകാണെന്നു സ്ഥാപിക്കാൻ വലിയ വിഷമമില്ല. ‘ദദ്യുർന്നാരായണാഖ്യാദധിഗതവിതതവ്യാകൃതാഃ’ എന്ന പദ്യത്തിൽ രണ്ടിലധികം നമ്പിയാരന്മാരെ പറഞ്ഞിരിക്കുന്നതിനാലും അവരെല്ലാരും ചെമ്പകശ്ശേരിരാജാവിന്റേയും വഞ്ചീശ്വരന്റേയും കൃപയ്ക്കു പാത്രങ്ങളായിരുന്നു എന്നു വ്യക്തമാക്കീട്ടുള്ളതുകൊണ്ടും കൃഷ്ണൻനമ്പ്യാരെയും രാഘവൻനമ്പ്യാരെയും രാമൻനമ്പ്യാരെയും ആണു് കവി ഉദ്ദേശിച്ചിട്ടുള്ളതെന്നു വ്യക്തമാകുന്നുണ്ടല്ലോ. അവരിൽ കവിയായി രാമപാണിവാദരെ മാത്രം സ്തുതിച്ചിരിക്കയും ചെയ്യുന്നു. മറ്റു രണ്ടുപേരിൽ കൃഷ്ണൻനമ്പ്യാർ പ്രൗഢവിദ്വാനും വിഹിതഹരിനമസ്യാദികനായ യതീശ്വരനും ആയിരുന്നു. രാഘവൻ നമ്പ്യാരുടെ കൃതികളായി ശാകുന്തളം ആട്ടക്കഥയും നളചരിതം അഞ്ചുദിവസത്തെ കഥയും മാത്രമേ അറിയപ്പെടുന്നുള്ളു. ആ കൃതിയാകട്ടെ മുൻപുദ്ധരിക്കപ്പെട്ട രാമപാണിവാദപദ്യങ്ങൾക്കു ശേഷം നിർമ്മിക്കപ്പെട്ടതായിരിക്കണമെന്നു വിചാരിപ്പാനും അവകാശമുണ്ടു്. [7] എന്തുകൊണ്ടെന്നാൽ അതിന്റെ പ്രാരംഭത്തിൽ ഉള്ളതായി മഹാകവി ഉള്ളൂർ പരമേശ്വരയ്യർ കണ്ടുപിടിച്ചിട്ടുള്ള പദ്യങ്ങളിൽ ഒന്നു്,

‘ശ്രീമാനനർഘഗുണരത്ന മഹാപയോധിഃ
ശ്രീമാടഭൂതിലകമാർത്തജനാനുകമ്പീ
ശ്രീവഞ്ചിരാജകുലശേഖരബദ്ധസഖ്യഃ
ശ്രീവീരകേരളനരാധിപതിവിഭാതി’

എന്നുള്ള വീരകേരളവർമ്മ പ്രശസ്തി ആണു്. ആ മഹാരാജാവു് ധർമ്മരാജാവുമായി സന്ധിചെയ്തതു് ൯൩൭-കർക്കടകം ൨൫-ാം തീയതിയാണെന്നു് താഴെ പറയുന്ന രേഖയിൽനിന്നു കാണാം.

“തൊള്ളായിരത്തിമുപ്പത്തിഏഴാമാണ്ടു് കർക്കടമാസം ൨൫-ാം തീയതി പെരുമ്പടപ്പുസ്വരൂപത്തിൽ രോഹിണിനക്ഷത്രം പുറന്ന വീരകേരളവർമ്മ തിരുകോവിൽ അധികാരിക്കു് ശുചീന്ദ്രത്തു സ്ഥാണുമൂർത്തിയുടെ സന്നിധിയിൽ എഴുതിപ്പിടിച്ച മൊഴിഓലയാവിതു്. നാമും നമ്മുടെ അനന്തിരവരും തൃപ്പാപ്പൂസ്വരൂപത്തിങ്കൽ കാർത്തികനക്ഷത്രം പുറന്ന ശ്രീപത്മനാഭദാസബാലരാമവർമ്മകുലശേഖരപ്പെരുമാൾക്കും അങ്ങേ അനന്തിരവർക്കും വിപരീതമായുള്ള കാര്യങ്ങൾ ഒന്നും ചെയ്കയും ഇല്ല. അങ്ങേ ശത്രുക്കളായിട്ടുള്ള ജനങ്ങൾക്കു് ഉള്ളും ചൊല്ലും കൊടുക്കയും ഓല ഉത്തരം എഴുതുകയും ചെയ്കയും ചെയ്യിപ്പിക്കയും ഇല്ല എന്നു നിശ്ചയം സ്ഥാണുമൂർത്തിപാദത്താണു്. ഇമ്മൊഴിക്കു് മൊഴിഓല എഴുതിയ പവ്വത്തിൽ അമ്പാടി കയ്യെഴുത്തു്.”

൯൪൦ മിഥുനം ൬-ാം തിയതി സൂര്യവാരവും കൃഷ്ണപക്ഷചതുർദ്ദശിയും രോഹിണീനക്ഷത്രവും കൂടിയ സമയത്താണു് രാമപാണിവാദദ്വിതീയൻ ബാലഭാരതം പകർത്തിത്തീർത്തതു്. അതുകൊണ്ടു് ൯൪൧-നും ൯൫൦-നും ഇടയ്ക്കായിരിക്കാം ശാകുന്തളാദികൃതികൾ രാഘവൻനമ്പ്യാർ രചിച്ചതെന്നു വരുന്നു. ൯൪൧-ൽ കുഞ്ചനുതന്നെ ൬൦-ൽ പരം വയസ്സുണ്ടായിരുന്നു. ആ സ്ഥിതിക്കു് രാഘവൻനമ്പ്യാർക്കു് കുഞ്ചന്റെ ഗുരുസ്ഥാനം ഉണ്ടായിരുന്നു എന്നു വരികിൽ എന്തു പ്രായം കല്പിക്കേണ്ടി വരും? അവർ രണ്ടുപേരും ഏകദേശം സമവയസ്കരായിരുന്നു എന്നു വിചാരിക്കാനേ അതുകൊണ്ടു തരമുള്ളു. വന്നേരി നമ്പൂരിയുടെ അനുഗ്രഹത്തിനുശേഷമേ കലക്കത്തു കുടുംബത്തിൽ പുരുഷസന്താനങ്ങൾ ഉണ്ടായിട്ടുള്ളു എന്നൊരു ഐതിഹ്യം ഉള്ളതായി ശങ്കുണ്ണിഅവർകൾ പ്രസ്താവിച്ചുിട്ടുമുണ്ടല്ലോ.

ഇനി നമ്പ്യാരുടെ ബാല്യകാലത്തെപ്പറ്റി കൊട്ടാരത്തിൽ ശങ്കുണ്ണിഅവർകൾ എന്തു പറഞ്ഞിരിക്കുന്നു എന്നു നമുക്കു നോക്കാം.

“അങ്ങനെയുണ്ടായ ആ പുത്രനോടുകൂടി ആ സ്ത്രീ ഭർത്താവിന്റെ (കല്ലമ്പിള്ളി നമ്പൂരിയുടെ) ഇല്ലത്തു് ഒരു ഉപഭവനമായിട്ടുണ്ടായിരുന്ന മഠത്തിൽ കുറച്ചുകാലം താമസിച്ചു. അപ്പോൾ അതു് ആ ഇല്ലത്തെ ശേഷമുണ്ടായിരുന്നവർക്കു നല്ല രസമില്ലാതായിത്തീരുകയാൽ നമ്പൂരി അവരെ അവിടെ നിന്നു കോട്ടയത്തു വില്വട്ടത്തു നമ്പ്യാരുടെ ഭവനത്തിൽ കൊണ്ടുവന്നു താമസിപ്പിച്ചു. അതിനാൽ കുഞ്ചൻനമ്പ്യാർ ബാല്യകാലത്തു താമസിച്ചിരുന്നതും വിദ്യാഭ്യാസം ചെയ്തതും കോട്ടയത്താണു്.”

“കുഞ്ചൻനമ്പ്യാർ കോട്ടയത്തു താമസിച്ചിരുന്ന കാലത്തുതന്നെ ചെമ്പകശ്ശേരിരാജാവിന്റെ സേവകനായ്‍ത്തീർന്നു. അമ്പലപ്പുഴത്തമ്പുരാക്കന്മാരുടെ രാജധാനിയും സ്ഥിരവാസവും അമ്പലപ്പുഴത്തന്നെ ആയിരുന്നുവെങ്കിലും അവർക്കു കോട്ടയത്തുനിന്നു് മൂന്നു നാഴികയ്ക്കു വടക്കു് കുടമാളൂർ എന്ന സ്ഥലത്തു് ഒരു മഠമുണ്ടായിരുന്നു. ആ സ്ഥലം ഇപ്പോഴും ഉണ്ടു്. അന്തർജ്ജനങ്ങളേയും കിടാങ്ങളേയും കുടമാളൂരാണു് താമസിപ്പിക്കുക പതിവു്. അമ്പലപ്പുഴ രാജാവു് നമ്പൂരിയായിരുന്നല്ലോ. അമ്പലപ്പുഴ രാജഭവനം ക്ഷേത്രത്തോടടുത്താകയാൽ അവിടെ രാജാവിനു് ഭാര്യാസമേതം താമസിക്കാൻ പാടില്ലായിരുന്നതിനാലാണു് അന്തർജ്ജനങ്ങളേയും മറ്റും കുടമാളൂർ താമസിപ്പിച്ചിരുന്നതു്. രാജാവു് കൂടെക്കൂടെ കുടമാളൂരും വന്നു താമസിക്കുമായിരുന്നു. അക്കാലത്തു് അമ്പലപ്പുഴ രാജാവിന്റെ ഇഷ്ടനും വിദ്വത്സദസ്സിലെ ഒരംഗവുമായിട്ടു് ഒരു ഭട്ടതിരി എഴുന്നളളത്തോടുകൂടി താമസിച്ചിരുന്നു. ഭട്ടതിരി സകലശാസ്ത്രപാരംഗതനായ ഒരു മഹാവിദ്വാൻതന്നെയായിരുന്നു. കുഞ്ചൻനമ്പ്യാരുടെ പ്രധാന ഗുരുവും ആ ഭട്ടതിരി തന്നെയായിരുന്നു. ഭട്ടതിരിക്കു് വില്വട്ടത്തുനമ്പ്യാരുടെ ഭവനത്തിൽ ബന്ധവുമുണ്ടായിരുന്നതിനാലാണു് അങ്ങനെ വരാനിടയായതു്.”

ഇതു് യുക്തിക്കു വളരെ യോജിക്കുന്നതിനു പുറമേ,

‘ക്ഷോണീദേവക്ഷിതീശോ നിജമിവ തനയം ദേവനാരായണാഖ്യോ
ബാല്യേ യം ലാളയിത്വാ വിധിവദഥ പരം ശാസ്ത്രമധ്യാപയിത്വാ
സംരക്ഷൻ യൽ കുടുംബം ദ്രവിണവിതരണാൽ കാമിതം സാധയിത്വാ
സ്നേഹേനാപാലയന്മേ ദിനമനു സ ഗുരുഃ ശ്രേയസേ ബോഭവീതു’

എന്ന രാമപാണിവാദവാക്കുകൾ അതിനു് ഉപോദ്ബലകമായിരിക്കയും ചെയ്യുന്നു. ഈ കാരണങ്ങളാൽ ഉപരിഗവേഷണംകൊണ്ടു് അന്യഥാ തെളിയുന്നതുവരെ കുഞ്ചൻ നമ്പ്യാരുടെ പിതാവു് ഒരു കല്ലമ്പിള്ളിനമ്പൂരിയായിരുന്നെന്നും അദ്ദേഹത്തിന്റെ ബാല്യകാലം വില്വട്ടത്തു മഠത്തിൽ ആയിരുന്നു കഴിച്ചുകൂട്ടിയതെന്നും ആ വഴിക്കായിരിക്കണം നാരാണഭട്ടപാദരുടെ ശിഷ്യസ്ഥാനം വഹിപ്പാനും ചെമ്പകശ്ശേരിയുടെ ആശ്രിതപദം സമ്പാദിക്കാനും ഇടയായതെന്നും വിചാരിക്കാം. ഈ ഭട്ടതിരിയെ തേടി കന്യാകുമാരി മുതൽ ഗോകർണ്ണം വരെ നടക്കേണ്ട ആവശ്യമൊന്നുമില്ല.

‘ശ്രീമദുക്ഷിണഗേഹവാസി നിരതഃ ശ്രീമാൻ സതാം സമ്മതഃ
ശിക്ഷാരക്ഷണദക്ഷിണോ ഗുണനിധിർഭട്ടോത്തമസ്സത്തമഃ
ശ്രീവഞ്ചിക്ഷിതിപാലമൗക്തികമണേശ്ചിത്താദ്വിതീയം തഥാ
തത്വജ്ഞാനനിധിർമ്മദേകശരണം സോഽയം വിജേ ജീയതാം’

എന്ന പദ്യം ഏതദ്ദ്വിഷയകമായ നമ്മുടെ സംശയത്തെ പരിഹരിക്കുന്നുണ്ടെന്നാണു് എനിക്കു തോന്നുന്നതു്. തെക്കേടത്തുഭട്ടതിരിമുഖേനയാണു് കുഞ്ചൻ ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായിത്തീർന്നതെന്നും അദ്ദേഹത്തിന്റെ അപേക്ഷ അനുസരിച്ചു് ഒരു രാത്രികൊണ്ടു് എഴുതിത്തീർത്തതാണു് ശ്രീകൃഷ്ണചരിതം മണിപ്രവാളമെന്നും ഒരു ഐതിഹ്യം അമ്പലപ്പുഴെ ഇപ്പോഴും പ്രചാരത്തിലിരിക്കയും ചെയ്യുന്നു. ശങ്കുണ്ണി അവർകൾ ഈ വിഷയത്തെ സംബന്ധിച്ചു പ്രസ്താവിച്ചിട്ടുള്ള ഒരു രസകരമായ സംഭവത്തെക്കൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.

“ഒരിക്കൽ അമ്പലപ്പുഴരാജാവിന്റെ അന്തർജ്ജനം ഒരു കൈകൊട്ടിക്കളിപ്പാട്ടു് ഉണ്ടാക്കിക്കൊടുക്കണമെന്നു് ഭട്ടതിരിയോടു് ആവശ്യപ്പെട്ടു. ഭട്ടതിരി മഹാവിദ്വാനും നല്ല സംസ്കൃതകവിയും ആയിരുന്നെങ്കിലും ഭാഷാകവിത ഉണ്ടാക്കാൻ അദ്ദേഹത്തിനു് വളരെ പ്രയാസമായിരുന്നതിനാൽ, ഭാഷാകവിതയുണ്ടാക്കാൻ തനിക്കു് പരിചയമില്ലെന്നും തന്റെ ശിഷ്യനായി കുഞ്ചൻ എന്നൊരു നമ്പ്യാർ കോട്ടയത്തു താമസിക്കുന്നുണ്ടെന്നും അയാളെ വരുത്തിയാൽ എത്ര പാട്ടു വേണമെങ്കിലും ഉണ്ടാക്കിത്തരുമെന്നും അയാൾക്കു് ഭാഷാകവിതയിൽ നല്ലപോലെ വാസനയുണ്ടെന്നും അറിയിച്ചു. ഉടനേ അന്തർജ്ജനം വിവരം രാജാവിനെ ധരിപ്പിക്കുകയും കല്പിച്ചു് ആളയച്ചു കുഞ്ചൻനമ്പ്യാരെ കുടമാളൂർക്കു് കൊണ്ടുവരികയും ചെയ്തു. കുഞ്ചൻനമ്പ്യാർ കുടമാളൂർ ചെന്നപ്പോൾ അന്തർജ്ജനത്തിന്റെ ആവശ്യം രാജാവു കല്പിച്ചു. “കഥയെന്താണു വേണ്ടതെന്നു്” കുഞ്ചൻനമ്പ്യാർ ചോദിച്ചു. ശ്രീകൃഷ്ണന്റെ കഥ എന്തെങ്കിലും ആയിരിക്കണം എന്നു കല്പിക്കുകയാൽ കുഞ്ചൻനമ്പ്യാർ അവിടെ വച്ചുണ്ടാക്കിയതാണു് “രുഗ്മിണീസ്വയംവരം പത്തുവൃത്തം.” ഇതിനു ശേഷമാണത്രേ കുഞ്ചൻ അവിടെക്കൂടെ താമസിക്കണമെന്നു കല്പനയുണ്ടായതും, അദ്ദേഹം ഭർത്തൃമരണം നിമിത്തം ദുഃഖിതയായ മാതാവിനെ കിള്ളിക്കുറിശ്ശിയിൽ കൊണ്ടുചെന്നാക്കീട്ടു തിരിച്ചു വന്നതും.

കുഞ്ചൻനമ്പ്യാർ അഥവാ രാമപാണിവാദൻ വ്യാകരണപര്യന്തം നാരായണഭട്ടതിരിയിൽനിന്നു പഠിച്ചു എന്നു് ‘നാരായണാഖ്യാദധിഗതവ്യാകൃതഃ’ എന്നു് മുൻപു ഉദ്ധരിച്ചിട്ടുള്ള പദ്യത്തിൽ നിന്നു് വിശദമാകുന്നുണ്ടല്ലോ. ഈ ഗുരുവര്യനെ നമ്പ്യാർ തന്റെ എല്ലാ സംസ്കൃതകൃതികളിലും ഭക്തിപൂർവ്വം സ്മരിച്ചുകാണുന്നതിൽ അത്ഭുതപ്പെടാനുണ്ടോ? ഭാഷാകവിതകളിലാകട്ടെ ഈ ബ്രാഹ്മണഗുരുവിന്റെ പേരു പറഞ്ഞുകാണുന്നില്ലെങ്കിലും അവയിലും അദ്ദേഹത്തിനെ ഭക്തിപൂർവ്വം സ്മരിക്കാതിരുന്നിട്ടില്ല. ‘ആശീർന്നമസ്ക്രിയാവസ്തുനിർദ്ദേശോവാപിതന്മുഖം’ എന്ന പ്രമാണമനുസരിച്ചു് പല കഥകളും വസ്തുനിർദ്ദേശത്തോടുകൂടി മാത്രവും ആരംഭിച്ചിട്ടുണ്ടു്. അവയെ ഒഴിച്ചുള്ള എല്ലാ കഥകളിലും ഈ ഗുരുവിനെ വന്ദിച്ചുകാണുന്നു.

‘ധരണീസുരവരമകുടമഹാമണി
കരണീയങ്ങളിലമിതമഹാമതി
തരണിസമാനൻ ദുരിതമഹാർണ്ണവ-
തരണത്തിന്നൊരു തരണീഭൂതൻ
കരുണാഗുണഗണവരുണാലയനാം
ഗുരുനാഥൻ മമ വരമരുളേണം’പ്രദോഷമാഹാത്മ്യം.
‘ധരണിസുരകുലമകുടമഹാമണി
ഗുരുനാഥൻ മമ വരമരുളേണം’ഘോഷയാത്ര.
‘ധരണിസുരന്മാർ മകുടമഹാമണി-
വരനല്ലോ മമ ഗുരുവായ്‍വന്നതു
സരസഗുണാകരനഖിലനരാണാം
ദുരിതനിവാരണകാരണഭൂതൻ
തന്തിരുവടിയുടെ കൃപയുണ്ടെന്നാൽ
എന്തു നമുക്കിഹ വശമല്ലാത്തു?’സ്യമന്തകം.

ഇപ്രകാരം സ്തുതിക്കപ്പെട്ടിരിക്കുന്നതു് ശ്രീനാരായണഭട്ടപാദർതന്നെ എന്നുള്ളതിനെപ്പറ്റി സംശയത്തിനു് അവകാശമില്ല. സംസ്കൃതകാവ്യങ്ങളിൽ പ്രായേണ അവസാനത്തിലാണു് കവി ഗുരുസ്മരണപൂർവകം തന്റെ പേരു നിർദ്ദേശിച്ചിട്ടുള്ളതു്. അതും എല്ലാ ലേഖ്യപ്രതികളിലും കാണുന്നുമില്ല. എന്നാൽ തുള്ളൽപ്പാട്ടുകളിൽ പ്രായേണ ഗുരുസ്മരണാപൂർവമാണു് കഥ ആരംഭിച്ചുകാണുന്നതെന്നൊരു വിശേഷമുണ്ടു്.

ഇനി രണ്ടു ആചാര്യന്മാരെക്കൂടി തുള്ളൽപ്പാട്ടുകളിൽ സ്മരിച്ചുകാണുന്നുണ്ടല്ലോ. അവരിൽ ഒന്നു് നന്തിക്കാട്ടു് ഉണ്ണിരവിക്കുറുപ്പും മറ്റൊന്നു് ഓണമ്പള്ളി നായ്ക്കരുമാണു്. ഇവരിൽ നന്തിക്കാട്ടു കുറുപ്പിനെപ്പറ്റി ‘ഈ കുടുംബക്കാർ പുരാതനകാലംമുതൽക്കേ വിദ്യാസമ്പന്നരായിരുന്നെന്നും അവരുടെ ഈടുവയ്പിൽ വ്യാകരണം, ജ്യോതിഷം, വേദാന്തം, വൈദ്യം എന്നീ വിവിധ ശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന അനവധി ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നുവെന്നും’ ഉള്ള പീ. കേ. നാരായണപിള്ള അവർകളുടെ അഭിപ്രായത്തെ ഉദ്ധരിച്ചിട്ടു് ശ്രീമാൻ ബാലകൃഷ്ണവാര്യർ അദ്ദേഹത്തിനെ അല്പം കളിയാക്കിയിരിക്കുന്നു. പോരെങ്കിൽ ഒടുവിൽ ‘പാണ്ഡിത്യക്കുത്തക അദ്ദേഹത്തിനായിരുന്നു എന്നു തെളിയുന്നുമില്ല’ എന്നൊരു ശപഥവും കാണുന്നു. ഇതു് കുറേ കഷ്ടമായിപ്പോയി. പി. കേ. നാരായണപിള്ള അവർകൾ എല്ലായ്പോഴും വളരെ സൂക്ഷിച്ചേ പദങ്ങൾ പ്രയോഗിക്കാറുണ്ടായിരുന്നുള്ളു. ഇങ്ങനെ ഒരു കുത്തക ആ പാവപ്പെട്ട ഉണ്ണിരവിക്കുറുപ്പിനുണ്ടായിരുന്നതായി അദ്ദേഹം ഒരിടത്തും പറഞ്ഞിട്ടില്ല. തർക്കം, ജ്യോതിഷം, വേദാന്തം എന്നീ ശാസ്ത്രങ്ങളിൽ ആ കുറുപ്പിനു് പാണ്ഡിത്യമുണ്ടായിരുന്നുവെന്നും, നമ്പ്യാർക്കു് ആവക ശാസ്ത്രങ്ങളുമായി ദൃഢപരിചയം ഉണ്ടായിരുന്നതായി തുള്ളലുകളിൽനിന്നു തെളിയുന്നതിനാൽ അദ്ദേഹം കുറുപ്പിന്റെ അടുക്കൽ അവ അഭ്യസിച്ചിരിക്കാമെന്നും അദ്ദേഹം ഊഹിച്ചതിനെ സംബന്ധിച്ചു് ഇത്രയൊന്നും ക്ഷോഭിക്കാൻ കാരണം കാണുന്നില്ല. ഉണ്ണിരവിക്കുറുപ്പിനു് ഈവക ശാസ്ത്രങ്ങളിൽ പാണ്ഡിത്യം ഉണ്ടായിരുന്നു എന്നുള്ളതിനും നമ്പ്യാർ അദ്ദേഹത്തിനു ശിഷ്യപ്പെട്ടു എന്നുള്ളതിനും തെളിവു ഹാജരാക്കാൻ മിസ്റ്റർ വാരിയർ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ കോപം നാണുപിള്ള ആശാന്റെ പേരിലും പതിഞ്ഞുകാണുന്നുണ്ടു്. ‘പീ. കേ. നാരായണപിള്ള അവർകളും നമ്പ്യാരുടെ പാണ്ഡിത്യസമ്പാദനം ദ്രോണമ്പള്ളി ആചാര്യൻ മുഖാന്തിരമായിരിക്കാൻ ഇടയില്ലെന്നു് ഊഹിക്കുന്നതിനോടുകൂടി അതെല്ലാം ഉണ്ണിരവിക്കുറുപ്പിന്റെ തലയിൽ താങ്ങുവാൻ ഉത്സുകനായിക്കാണുന്നു.’ കോപഹേതു ഈ വരികളിൽനിന്നു് സ്പഷ്ടമാണല്ലോ. അമ്പലപ്പുഴക്കാരനായിരുന്ന പീ. കേ. അവർകൾക്കു് ഉണ്ണിരവിക്കുറുപ്പിന്റെ വീടു് പരിചിതമായിരുന്നു എന്നുള്ളതിനെപ്പറ്റി സംശയിക്കാനില്ലല്ലോ. ആ വീടു് എനിക്കും പരിചിതമാണു്. പ്രാചീനകാലം മുതല്ക്കു് ആ കുടുംബക്കാർ ആയുധവിദ്യയിലെന്നപോലെ അക്ഷരവിദ്യയിലും ഗുരുക്കന്മാരായിരുന്നു. ഇത്തരം കുടുംബങ്ങൾ പലതും ആ താലൂക്കിൽ വേറെയും ഉണ്ടു്. അങ്ങനെയുള്ള കുടുംബങ്ങളിൽപ്പെട്ട ഉണ്ണിരവിക്കുറുപ്പിന്റെ ഗൃഹത്തിൽ വിവിധശാസ്ത്രങ്ങളെ സംബന്ധിച്ചു് നിരവധി ഗ്രന്ഥങ്ങൾ കണ്ടിട്ടു് അദ്ദേഹം മഹാവിദ്വാനായിരുന്നിരിക്കണം എന്നു് മി: പീ. കേ. ഊഹിച്ചു. ഇക്കാലത്തു് കേവലം അലങ്കാരത്തിനായി ചിലർ മൂട്ടിൽ ‘ഗിൽട്ടു’വേലയുള്ള പുസ്തകങ്ങൾ അടുക്കിവയ്ക്കാറുള്ളതുപോലെ ആ കുറുപ്പും ചെയ്തുകാണുമായിരിക്കാം എന്നുള്ള വിചാരം അദ്ദേഹത്തിനുണ്ടായില്ല. ഗ്രന്ഥങ്ങൾ പകർത്തി എഴുതിക്കുന്നതിനുള്ള ചെലവിനെപ്പറ്റി ആലോചിക്കുമ്പോൾ, അങ്ങനെ ഒരു വ്യർത്ഥമായ ചെലവു് ആ കുറുപ്പോ കുറുപ്പിന്റെ കുടുംബക്കാരോ ചെയ്തുകാണുകയില്ലെന്നും അദ്ദേഹം ഊഹിച്ചു. അതിൽ ഒരു അപാകവും ഞാൻ കാണുന്നില്ല. “നന്ദിക്കാട്ടു് ഉണ്ണിരവിക്കുറുപ്പു് ഘടദീപം പോലെ അക്കാലത്തു കഴിഞ്ഞുകൂടിയിരിക്കുമെന്നു വിശ്വസിക്കുവാൻ തരം കാണുന്നില്ല”എന്നു പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. അമ്പലപ്പുഴ ദേവനാരായണന്റെ സദസ്സിൽ രാമപാണിവാദൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണോ വാരിയരവർകളുടെ ആശയം? ഇങ്ങനെ ഒരു നാരായണഭട്ടപാദർ ഉണ്ടായിരുന്നു എന്നു് നാം അറിയുന്നതുതന്നെ നമ്പ്യാർ വഴിക്കാണല്ലോ. അതും ഈ അടുത്ത കാലത്തു്, പത്തുപന്ത്രണ്ടുകൊല്ലങ്ങൾക്കിപ്പുറവുമാണു്. ചില ലേഖ്യപ്രതികളുടെ അവസാനത്തിൽ ‘ശ്രീനാരായണഭട്ടപാദരജസാം’ എന്ന മാതിരിയുള്ള കുറിപ്പുകൾ ഭാഗ്യവശാൽ കണ്ടുകിട്ടാതിരുന്നുവെങ്കിൽ നാരായണഭട്ടതിരി എന്നൊരു ഗുരു നമ്പ്യാർക്കുണ്ടായിരുന്നു എന്നുപോലും ആരുമറിയുമായിരുന്നില്ല. ആ ഭട്ടതിരി ആരായിരുന്നു എന്ന സംഗതിയും ഇതേവരെ നിർണ്ണീതമായിട്ടുമില്ല. നേരെ മറിച്ചു് ഉണ്ണിരവിക്കുറുപ്പെന്നു് ഒരാൾ ഉണ്ടായിരുന്നതായി തുള്ളൽക്കഥകൾ വായിക്കയോ അഭിനയിച്ചു കാണുകയോ ചെയ്തിട്ടുള്ളവർക്കൊക്കെ അറികയും ചെയ്യാം. ഈ രണ്ടുപേരിൽ ആരാണു് ഘടദീപം? അതൊക്കെ പോകട്ടെ. ഞാൻ അല്പംമുമ്പു് പ്രസ്താവിച്ച കിട്ടായി ആശാൻതന്നെ ഒരു ഉദാഹരണമാണു്. അദ്ദേഹത്തിനോളം ബഹുശാസ്ത്രപാണ്ഡിത്യം ഉള്ളവർ ഇന്നു് കേരളത്തിൽ വളരെ ചുരുക്കമാണു്. പക്ഷേ അദ്ദേഹം ഒച്ചപ്പാടുണ്ടാക്കുന്നില്ല; അദ്ദേഹത്തിനെ ആരും അറിയുന്നുമില്ല. ഈ നന്ദിക്കാട്ടുകുറുപ്പിന്റെ ഒരു സഹോദരനായ ഉണിച്ചാത്തക്കുറുപ്പു് ൯൨൩-ാമാണ്ടിടയ്ക്കു് കൊച്ചീരാജാവിന്റെ നാലു വിശ്വസ്തകാര്യക്കാരന്മാരിൽ ഒരുവനായിരുന്നുവെന്നും രേഖയുണ്ടു്. ഏതായിരുന്നാലും നമ്പ്യാരുടെ ഗുരുസ്ഥാനം ഉണ്ണിരവിക്കുറുപ്പിനുണ്ടായിരുന്നു എന്നു് അക്കവി തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. ശാസ്ത്രങ്ങളല്ല അഭ്യസിച്ചതെങ്കിൽ പിന്നെ എന്താണെന്നു് മി. വാരിയർ പറയേണ്ടതാണു്—അതും തെളിവുസഹിതം ആയിരിക്കേണ്ടതാകുന്നു. ‘മിഴാവു കൊട്ടുന്ന വിദ്യ’ കുറുപ്പിന്റെ അടുക്കൽ പഠിച്ചിരിക്കാനിടയില്ല. തുള്ളലിന്റെ വല്ല ചടങ്ങും അദ്ദേഹം പഠിപ്പിച്ചിരിക്കുമോ? അന്നു് ഇല്ലാതിരുന്ന ഒരു വസ്തുവിനെപ്പറ്റി അദ്ദേഹം എന്തു പഠിപ്പിക്കാനാണു്? ‘ആയുധവിദ്യ’ ആയിരിക്കുമോ? നമ്പ്യാർ ആയുധവിദ്യാനിപുണൻ ആയിരുന്നു എന്നു് ആരും പറഞ്ഞുകേട്ടിട്ടുമില്ല; അതിനുംപുറമേ പരമ്പരാഗതമായി അക്ഷരവിദ്യാഗുരുക്കന്മാരായിരുന്ന ഒരു കുടുംബത്തിലെ എഴുത്താശാനോടു് ആയുധവിദ്യ പഠിപ്പിക്കാൻ ആവശ്യപ്പെടത്തക്കവണ്ണം കുഞ്ചൻനമ്പ്യാർ അത്ര ഭോഷനായിരുന്നെന്നു വിശ്വസിക്കാനും കുറേ വിഷമമാണു്. ഇനി നമുക്കു് വല്ല തെളിവും ഉണ്ടോ എന്നുകൂടി അന്വേഷിച്ചുനോക്കാം.

‘ചണ്ഡികാദേവിയെ സേവിച്ചു മേവീടും
ഉണ്ണിരവിയെന്നു പേരായ പൂരുഷൻ,
പുണ്യപൂരാകാരൻ നമ്മുടെ ദേശികൻ
കണ്ണിണകൊണ്ടൊന്നനുഗ്രഹിക്കേണമേ’

എന്ന സുന്ദോപസുന്ദോപാഖ്യാനത്തിലേയും,

‘പ്രാണപഞ്ചകത്തിന്റെ ത്രാണത്തിന്നനുകൂലൻ
ആചാര്യോത്തമൻ ബാലരവിയെന്നു പുകഴ്‍ന്നൊരു
ശ്രീചാരുസ്വരൂപന്റെ ചരണാംഭോരുഹം രണ്ടും
ആചാരോചിതം കൂപ്പിക്കവിചെയ്‍വാൻ തുടങ്ങിനേൻ’

എന്ന സഭാപ്രവേശത്തിലേയും വരികൾ വായിക്കുമ്പോൾ ആ ഉണ്ണിരവി കേവലം ആയുധവിദ്യാഗുരുവോ കലാഗുരുവോ ആയിരുന്നിരിക്കാൻ ഇടയില്ലെന്നും അധ്യാത്മഗുരുവായിരുന്നുവെന്നു വിചാരിപ്പാനാണു് സാംഗത്യം എന്നും ഒരു പ്രതീതി ജനിക്കുന്നില്ലേ?

‘മന്ദേതരഗുണമന്ദിരനെൻഗുരു-
നന്ദിതനാകിയ ബാലരവിക്കു് ’

എന്ന ഈരടിയിൽ ‘എൻഗുരുനന്ദിതനാകിയ’ എന്നതിനെ ഒറ്റപ്പദമായെടുക്കുന്നതായാൽ അർത്ഥത്തിനു സ്വാരസ്യം കൂടും. അപ്പോൾ ‘എന്റെ ഗുരുവായ നാരായണഭട്ടതിരിയാൽ അഭിനന്ദിതനായ ബാലരവി’ എന്ന അർത്ഥം സിദ്ധിക്കയും ചെയ്യുന്നു. അങ്ങനെ വ്യാഖ്യാനിക്കുന്നപക്ഷം നാരായണഭട്ടതിരിയുടെ ഉപദേശാനുസൃതം നമ്പ്യാർ കുറുപ്പിനെ അധ്യാത്മഗുരുവായി വരിച്ചു എന്നു വിചാരിക്കാനും വഴി കാണുന്നുണ്ടു്. കുഞ്ചൻനമ്പ്യാരുടെ ഭാഗിനേയനായിരുന്ന രാമപാണിവാദനെ വിശ്വസിക്കാമെങ്കിൽ കൃഷ്ണപാണിവാദനും രാമപാണിവാദനും മറ്റും നാരായണഭട്ടതിരിയുടെ അടുക്കൽ ശബ്ദശാസ്ത്രമാണു് പഠിച്ചതെന്നു്,

“ദദ്യുർന്നാരായണാഖ്യാദധിഗതവിതതവ്യാകൃതഃ”

എന്നു് ആ പാണിവാദന്മാരെ വിശേഷിപ്പിച്ചിരിക്കുന്നതിൽ നിന്നു് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതുമാണു്. അപ്പോൾ നമ്പ്യാർ മറ്റു ശാസ്ത്രങ്ങൾ അഭ്യസിച്ചതു് ഉണ്ണിരവിയുടെ അടുക്കൽനിന്നായിരുന്നു എന്നു വരരുതോ? അമ്പലപ്പുഴ താമസത്തിനിടയിൽ നിർമ്മിതങ്ങളായ തുള്ളൽക്കഥകളൊഴിച്ചുുള്ള കൃതികളിൽ ഉണ്ണിരവിക്കുറുപ്പിനെപ്പറ്റി ഒരക്ഷരവും നമ്പ്യാർ മിണ്ടീട്ടില്ലെന്നു് മി: വാരിയർ ശപഥം ചെയ്യുന്നു. ഒരക്ഷരമല്ല പതിനഞ്ചു വാക്കുകൾ പറഞ്ഞിട്ടുണ്ടെന്നു തെളിയിക്കാൻ പ്രയാസമില്ല.

‘തിരുവനന്തപുരേ വിളങ്ങിന പത്മനാഭനേ’യും
‘വഞ്ചിരാജകുലോത്തമൻ കുലശേഖരപ്പെരുമാളഹോ
വടിവിലടിയനു വിനകളൊഴിവതിനാശ്രയം പരമാശ്രയം’

എന്നിങ്ങനെ വഞ്ചിവാസവനേയും വാഴ്ത്തിക്കൊണ്ടു സമാരംഭിച്ചിരിക്കുന്ന സഭാപ്രവേശം നമ്പ്യാർ തിരുവനന്തപുരത്തു താമസം തുടങ്ങിയതിനു ശേഷം നിർമ്മിക്കപ്പെട്ടതാണെന്നുള്ളതിനു സംശയമില്ലല്ലോ. ആ കൃതിയിൽ ആണല്ലോ ‘പ്രാണപഞ്ചകത്തിന്റെ ത്രാണത്തിന്നനുകൂലൻ’ എന്നു തുടങ്ങുന്നതും മുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും ആയ വരികൾ കാണുന്നതും അവയിലെല്ലാം കൂടി വള്ളിപുള്ളികൾ ഉൾപ്പെടുത്താതെ തന്നെ എഴുപതിൽപരം അക്ഷരങ്ങളും ഉണ്ടു്.

നമ്പ്യാർ തന്റെ കാവ്യങ്ങളിൽ എല്ലാം നാരായണഭട്ടതിരിയെ പ്രധാനമായി വാഴ്ത്തിയിരിക്കുന്നതിനു് രണ്ടു കാരണങ്ങൾ ഉണ്ടു്. ഒന്നാമതായി നമ്പ്യാരുടെ സകല ശ്രേയസ്സിനും കാരണഭൂതൻ ആ ഭൂസുരശ്രേഷ്ഠനായിരുന്നു. രണ്ടാമതായി ശബ്ദശാസ്ത്രം ആരിൽനിന്നു് അഭ്യസിച്ചോ ആ ഗുരുവിനെ ആണല്ലോ കാവ്യാരംഭത്തിൽ പ്രധാനമായി സ്മരിക്കേണ്ടതും കവികൾ സ്മരിക്കാറുള്ളതും.

ദ്രോണമ്പള്ളി ആചാര്യന്മാർ ആയുധവിദ്യയിൽ മാത്രമല്ല കലാവിദ്യകളിലും നിപുണന്മാരായിരുന്നു. ആ ഗൃഹം അമ്പലപ്പുഴെ നെടുമുടി എന്ന സ്ഥലത്തു് സ്ഥിതിചെയ്യുന്നു. തുള്ളലിന്റെ കലാപ്രവർത്തകൻ എന്ന നിലയിലോ മറ്റുവിധത്തിലോ ഓണമ്പള്ളി നായ്ക്കനും നമ്പ്യാരുടെ ഗുരുവായിരുന്നു എന്നു മാത്രം നമുക്കു തൽക്കാലം വിശ്വസിച്ചാൽ മതി. നമ്പ്യാർ വില്വട്ടത്തു താമസിച്ചിരുന്ന കാലത്തു് കുമാരപുരേശ്വരീസ്തോത്രവും കുടമാളൂർ വച്ചു് രുഗ്മിണീസ്വയംവരം പത്തുവൃത്തവും, കിരാതം വഞ്ചിപ്പാട്ടും, ശ്രീകൃഷ്ണചരിതവും രചിച്ചു കാണണം.

III

നമ്പിയാർ വിദ്യാഭ്യാസാനന്തരം ഒരു ദേശസഞ്ചാരം നടത്തിയെന്നു് ഭാഷാചരിത്രകർത്താവു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ൯൦൦-ാമാണ്ടോടുകൂടി അമ്പലപ്പുഴെ താമസം തുടങ്ങിയതായി പറയുന്നു. മി. വാരിയർക്കു് അതുകൊണ്ടു തൃപ്തിയായില്ല. ഒരു വലിയ കാര്യപരിപാടി അദ്ദേഹം തയ്യാറാക്കിയിരിക്കുന്നു. ഉപജീവനം തേടി ‘ഭിക്ഷാം ദേഹി’യെന്നോണം ചെയ്തു ആ യാത്രയെപ്പറ്റിയുള്ള കഥയെ വിശ്വസിക്കാൻ മുഖ്യപ്രതിബന്ധമായിരിക്കുന്നതു്, മി. വാരിയർ തന്നെ പ്രമാണം എന്ന നിലയിൽ ഉദ്ധരിച്ചിട്ടുള്ള ‘ക്ഷോണീദേവക്ഷിതീശ’ എന്നുള്ള പദ്യമാകുന്നു. അക്കാലത്തെ ചരിത്രസംഭവങ്ങളും ഈ ഊഹത്തെ ദുർബലപ്പെടുത്തുന്നു. മി. വാരിയർ പറഞ്ഞിട്ടുള്ള സംഗതികളെ നമുക്കു് അല്പമൊന്നു ശ്രദ്ധിച്ചു പരിശോധിക്കാം.

“കാവ്യനാടകാലങ്കാരങ്ങളിലും ശാസ്ത്രങ്ങളിലും സാമാന്യമായ വൈദുഷ്യം നാരായണഭട്ടതിരിയുടെ പക്കൽ നിന്നും ലഭിച്ചതിനോടുകൂടി ഏതെങ്കിലും രാജധാനിയിലോ പ്രഭുകുടുംബത്തിലോ പ്രവേശം ലഭിക്കണമെന്നു കരുതി നമ്പ്യാർ ദേശയാത്രയ്ക്കു പുറപ്പെട്ടു. ആദ്യം കോലത്തുനാട്ടിൽ ചെന്നു.

‘കോലഭൂപസ്യ നഗരേ വാസരാഃ ഹരിവാസരാഃ
മശകൈർമക്കുണൈശ്ചാപി രാത്രയഃ ശിവരാത്രയഃ

എന്നു് നമ്പ്യാർ കോലഭൂപതിനഗരത്തെ വർണ്ണിച്ചിരിക്കുന്നതിൽനിന്നു് അദ്ദേഹത്തിനു് അവിടെ കൊറ്റിനുപോലും വക ലഭിച്ചില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ വന്നതു് ൯൦൫-ൽ കർണ്ണാടകശത്രുവിൽനിന്നുണ്ടായ പരാജയത്താലോ മറ്റോ രാജാവു് ദുഃഖിതനായിരുന്നതുകൊണ്ടായിരിക്കണം. ചെറുശ്ശേരിനമ്പൂരിയെ പ്രോത്സാഹിപ്പിച്ച ഒരു രാജാവിന്റെ കുടുംബത്തിൽ ജനിച്ച ഒരാൾക്കു് അന്യഥാ സംഭവിക്കാൻ ഇടയുണ്ടോ?”

ഇങ്ങനെയാണു് കോലദേശപര്യടനത്തിന്റെ രത്നച്ചുരുക്കം. ഇവിടെ രണ്ടാം കർണ്ണാടകയുദ്ധമാണല്ലോ സൂചിതമായിരിക്കുന്നതു്. ആ യുദ്ധം ൯൦൮-മുതല്ക്കു ൯൧൬-വരെ നീണ്ടുനിന്നു. ബേഡനൂർ രാജാവിന്റെ സേനാപതിയായി രഘുനാഥനാൽ നീതിമായ കർണ്ണാടകസൈന്യം ഏഴിമലവരെയുള്ള ദേശങ്ങളെ പിടിച്ചടക്കുകയാൽ കോലത്തുനാടു് എളംകൂർ ൯൦൯-ൽ അയാളോടു സന്ധിചെയ്തു. അപ്പോൾ രാമപാണിവാദൻ ൯൦൯-ലൊ ൯൧൦-ലൊ ആയിരിക്കണം അവിടെ ചെന്നതെന്നു വിചാരിക്കാം. ൯൦൫-ൽ ആയിരിപ്പാൻ തരമില്ല.

നമ്പ്യാരുടെ അടുത്ത താവളം വെട്ടത്തുനാടായിരുന്നത്രേ. അവിടെ കുറെക്കാലം പാർത്തിരുന്നതായും അക്കാലത്തു തൃപ്രങ്ങോട്ടു ശിവക്ഷേത്രത്തിൽ ശിവരാത്രിദിവസം അഭിനയിക്കുന്നതായി രാജാജ്ഞ അനുസരിച്ചു് ‘ചന്ദ്രികാവീഥി’ എന്ന നാടകം രാമപാണിവാദൻ നിർമ്മിച്ചതായും മി. വാരിയർ പറയുന്നു. ആ രാജധാനിയിൽ സ്വല്പകാലമേ താമസിച്ചിരിക്കാൻ ഇടയുള്ളു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ടു്. ശരി. ൯൧൦ കുംഭത്തിലെ ശിവരാത്രിദിവസം ആ രാജാവിന്റെ സന്നിധിയിൽ നമ്പ്യാർ ഉണ്ടായിരുന്നു എന്നു വിചാരിക്കാം. ഉപജീവികാമാർഗ്ഗം തേടി പുറപ്പെട്ട നമ്പിയാർ ആ രാജാവിനെ ആശ്രയിച്ചു് അധികകാലം താമസിക്കാത്തതെന്തുകൊണ്ടെന്നു് ഗ്രന്ഥകാരൻ വിശദമാക്കുന്നില്ല. ‘പ്രതാപവിവേകവിദ്യാവിശേഷശാലി’യായി നമ്പ്യാരാൽ അനുകീർത്തിതനായ ആ വീരരായമഹാരാജാവു് ചന്ദ്രികാവീഥി എഴുതിയ കവിയ്ക്കു് അഞ്ചാറു തട്ടുകാശു് വലിച്ചെറിഞ്ഞുകൊടുത്തിട്ടു് പൊയ്ക്കൊള്ളാൻ പറഞ്ഞിരിക്കുമോ? അഥവാ അദ്ദേഹം നല്കിയ പ്രതിഫലം കവിയുടെ ധനതൃഷ്ണയെ ശമിപ്പിക്കുന്നതിനു് അപര്യാപ്തമായെന്നു വരുമോ? കോലത്തിരിരാജാവിന്റെ അടുക്കൽനിന്നു ഭഗ്നാശയനായി തിരിച്ചുപോരാൻ ഇടവന്നതിനു് വാരിയരവർകൾ കാരണം പറയുന്നുണ്ടു്. ചെറുശ്ശേരിനമ്പൂരിയെ പ്രോത്സാഹിപ്പിച്ച രാജാവിന്റെ വംശക്കാർ ഭക്ഷണംപോലും കൊടുക്കാതെ ഈ മഹാകവിയെ വിട്ടുകളഞ്ഞതിനു മതിയായ കാരണം ഉണ്ടായിരിക്കാതെ തരമില്ലല്ലോ. എന്നാൽ വെട്ടത്തുനാട്ടിൽ അങ്ങനെ ഒരു പാരമ്പര്യം ഇല്ലാതിരുന്നതുകൊണ്ടായിരിക്കാം അവിടത്തെ അനുഭവത്തെപ്പറ്റി സമാധാനം പറഞ്ഞുകാണാത്തതു്. ഏതായാലും ൯൧൦ കുംഭമാസാവസാനംവരെ എങ്കിലും അദ്ദേഹം അവിടെ പാർത്തുവെന്നു വിചാരിക്കാം.

അടുത്തതാവളം തലപ്പള്ളിത്താലൂക്കിൽ മുള്ളൂർക്കരയുള്ള ‘മനക്കോട്ടു വാഴും മഹാമാനശാലി’ യുടെ ഗൃഹമായിരുന്നത്രേ. അവിടത്തെ പ്രതാപശാലിയായ രാമനച്ഛന്റെ കാലത്തോടുകൂടി മനക്കോട്ടിന്റെ പ്രതാപം നശിച്ചുവെന്നും, സന്തതിയറ്റുപോകുമല്ലോ എന്നു കണ്ടിട്ടു് ആ രാമനച്ഛൻ കൊച്ചീരാജാവിനോടു് ദത്തിനു് അനുവാദം ചോദിച്ചതിൽ രാജാവു നിരസിച്ചു കളഞ്ഞുവെന്നും, മനക്കോട്ടച്ഛൻ അതിനെപ്പറ്റി ലന്തഗവർണ്ണരോടു് പരാതി പറഞ്ഞുവെന്നും, ആ ഗവർണ്ണർ രാജാവിനോടു ചെയ്ത ഉപദേശം ഫലിച്ചില്ലെന്നും, ൯൧൭-നു് ഏതാനും വർഷങ്ങൾക്കുമുമ്പു് രാമനച്ഛൻ മരിച്ചുപോയതിനോടുകൂടി വംശച്ഛേദം വന്നുപോയെന്നും, അപ്പോൾ ആ കുടുംബം വക സ്വത്തുക്കളെല്ലാം പാലിയത്തേക്കു് അടങ്ങിയെന്നും ഉള്ള വിവരങ്ങളേയും വാരിയരവർകൾ നമുക്കു സമ്പാദിച്ചു തന്നിട്ടുണ്ടു്. അതുകൊണ്ടു വന്നുകൂടുന്നതു് നമ്പ്യാർ ൯൧൦-നും ൯൧൭-നും മദ്ധ്യേ അവിടെ പാർത്തിരുന്നു എന്നാണു്.

എന്നാൽ അടുത്ത വാക്യംകൊണ്ടു് ആ വിഷയത്തിനുള്ള സംശയവും നീങ്ങുന്നു. അദ്ദേഹം പറയുന്നു:- “നമ്പ്യാർ ബാലരാമനച്ഛന്റെ മരണശേഷമായിരിക്കണം അവിടെ നിന്നു പിരിഞ്ഞു് പാലിയത്തച്ഛന്റെ ആശ്രിതനായിത്തീർന്നതു്. മനക്കോട്ടച്ഛന്റെ ഭൂസ്വത്തുകളും മറ്റും പാലിയത്തച്ഛനു ലഭിച്ചകൂട്ടത്തിൽ നമ്പ്യാരെയും തന്റെ ആശ്രിതനായ് സ്വീകരിച്ചു ചേന്നമംഗലത്തേക്കു കൊണ്ടുപോയിരിക്കണം. പാലിയത്തു് നമ്പ്യാർ എത്രകൊല്ലം ജീവിച്ചിരുന്നു എന്നു നിർണ്ണയിപ്പാൻ നിവൃത്തിയില്ല. നമ്പ്യാർ തന്റെ വിഷ്ണുവിലാസംകാവ്യം നിർമ്മിച്ചതു് ജയന്തമംഗലത്തു കുബേരൻ എന്ന ബിരുദത്താൽ പ്രഥിതനായിരുന്ന രാമനച്ഛന്റെ ആജ്ഞ അനുസരിച്ചാണെന്നു് ആ ഗ്രന്ഥാവസാനത്തിൽ കാണുന്ന,

‘ശ്രീമദ്രാമകുബേരനാമസുമതി ശ്രീപാലിയശ്രീപതി
പ്രീതിസ്മീതതമോദ്യമേന കുലിതം കേനാപി നാനാരസം
കാവ്യം വിഷ്ണുവിലാസനാമ കമലാജാനേഃ കഥാവർണ്ണനം
പൂർണ്ണം ഹന്ത ജയന്തമംഗല മഹാവിഷ്ണോഃ കൃപാനുഗ്രഹാൽ’

എന്ന പദ്യത്തിൽനിന്നു സ്പഷ്ടമാകുന്നു.”

അപ്പോൾ ൯൧൭-നു ശേഷം നമ്പ്യാർ ചേന്നമംഗലത്തുവന്നു എന്നു വിചാരിക്കാം. മനക്കോട്ടു് അപ്പോൾ അദ്ദേഹം കുറേ അധികകാലം താമസിച്ചിരിക്കണമെന്നും വന്നുകൂടുന്നു. എന്നാൽ അക്കാലത്തു് അദ്ദേഹം ശിവപുരാണമൊഴിച്ചു മറ്റൊരു കാവ്യവും രചിച്ചതായി കാണുന്നില്ല.

ഇനിയാണു് വലിയ കുഴപ്പം നേരിടുന്നതു്. അദ്ദേഹം തുടരുന്നു:-

“ഒരുപക്ഷേ മനക്കോട്ടച്ഛന്റെ മരണത്തിനും ചേന്നമംഗലത്തു താമസമാക്കിയതിനും ഇടയ്ക്കായിരിക്കാം വടക്കാഞ്ചേരി, ഗുരുവായൂർ മുതലായ സ്ഥലങ്ങളിൽ സഞ്ചരിച്ചതു്.” ഇതിനിടയ്ക്കു് മുരിയനാട്ടു നമ്പ്യാരുടെ ആശ്രിതനായി ഏതാനും മാസങ്ങൾ താമസിച്ചിട്ടുണ്ടെന്നും, അതു് ഒടുവിലത്തെ നമ്പ്യാരുടെ കാലത്തായിരിക്കണമെന്നുംകൂടി പ്രസ്താവിച്ചിരിക്കുന്നതാണു് വലിയ കുഴപ്പത്തിനു് കാരണമായിരിക്കുന്നതു്. എന്തുകൊണ്ടെന്നാൽ ൯൩൧-ലെ ഒരു ഗ്രന്ഥവരിയിൽ ഇങ്ങനെ കാണുന്നു.

“അങ്ങനെ ഇരിക്കുമ്പോൾ പറവൂരു് എളമയും മങ്ങാട്ടു മൂത്തേരിപ്പാട്ടീന്നും കോടശ്ശേരി മൂത്ത കയ്മളും മുരിയനാട്ടു നമ്പ്യാരും നെടിവിരിപ്പുസ്വരൂപത്തുങ്കൽ ചെന്നു് വേലയും എഴുതിവച്ചു് ൯൩൧-ൽ നെടുവിരിപ്പിനു സ്വരൂപത്തുങ്കലെ പുരുഷാരം ആലങ്ങാട്ടും പറവൂരും കടന്നിരിക്കയും ചെയ്തു.” ൯൪൨-ലെ ഒരു വരിയിൽ ഇങ്ങനെയും കാണുന്നു: “മുരിയനാട്ടു നമ്പ്യാരുടെ പിഴ എട്ടും തിരുമനസ്സുകൊണ്ടു് കല്പിച്ച തേവാരി ചേറ്റ കള്ളത്തു് വരിക്കശ്ശേരി നമ്പൂരിയെക്കൊണ്ടു് തോട്ടിയും വളറും വയ്പിക്കയും ചെയ്തു.”

ഈ വരികളിൽനിന്നു് ഒരു മുരിയനാട്ടു നമ്പ്യാർ ൯൪൨-വരെയുള്ള രേഖകളിൽ കാണ്മാനുണ്ടു്. എങ്കിലും ആ നമ്പ്യാരുടെ അടുക്കൽ അധികം താമസിക്കയുണ്ടായില്ലെന്നു് വാരിയരവർകൾ പറഞ്ഞിരിക്കുന്നതുകൊണ്ടു് ആ യാത്രയൊക്കെ നടന്നതു് ൯൧൭-നു മുമ്പാണെന്നു വിചാരിക്കാം. അതുകൊണ്ടു് പാലിയത്തു താമസിച്ചിരുന്ന കാലത്തെപ്പറ്റി ചിന്തിച്ചാൽ മതിയെന്നും വയ്ക്കാം. എന്നാൽ അവിടെ എത്രകാലം താമസിച്ചുവെന്നു് വ്യക്തമാക്കീട്ടില്ലതാനും. “൯൦൭-നോടിടയ്ക്കു് കൊച്ചീരാജ്യത്തെ മന്ത്രിസ്ഥാനത്തുനിന്നും നീക്കംചെയ്തതായി അറിയപ്പെടുന്ന ഇട്ടി കുമരനച്ഛൻതന്നെയാണോ അതിനു ശേഷം പാലിയത്തു വലിയച്ചനായിരുന്നതെന്നു നിർണ്ണയിപ്പാൻ നിവൃത്തിയില്ല.” നിവൃത്തിയുണ്ടെന്നാണു തോന്നുന്നതു്. എന്നാൽ മന്ത്രിസ്ഥാനത്തുനിന്നു നീക്കപ്പെട്ടതു് ഇട്ടി കുമാരനച്ചനല്ലായിരുന്നു എന്നേയുള്ളു. ൮൯൭ മുതൽ ൯൦൬-വരെ നാടു വാണിരുന്ന കൊച്ചീരാജാവിന്റെ കാലത്താണു് പാലിയത്തു കോമിഅച്ചനും രാജാവും തമ്മിലുള്ള സ്വൈരക്കേടു് അവസാനിച്ചതു്. ഒരു ഗ്രന്ഥവരി ഉദ്ധരിക്കാം:-

“അക്കാലങ്ങളിൽ പാലിയത്തച്ഛനോടുകൂടി തിരുവുള്ളക്കേടായി ഏറിയ അനർത്ഥങ്ങൾ രാജ്യത്തുണ്ടായി. അച്ചന്മാരും ചേന്ദമംഗലത്തു് ഒതുങ്ങിയിരുന്നു. പുറത്തുള്ള വസ്തു ഉല്പത്തികൾ കരേറുകയും ആ പക്ഷത്തിൽനിന്നു് ആളുകൾ പലരേയും കൊല്ലുകയും ഉണ്ടായി. അന്നു് പാലിയത്തച്ഛനായ ദേഹം കോമിഅച്ചൻ. അനന്തരവരിൽ ഇട്ടിക്കേളച്ചൻ മാളപ്പയ്യെ കൊല്ലുകയും ഏറ്റങ്ങൾ ചെയ്യുകയും കാരണമായിട്ടത്രേ അനർത്ഥങ്ങൾ ഉണ്ടായതു്. തീപ്പെട്ടതിനു മുമ്പുതന്നെ പ്രായശ്ചിത്തവും ചെയ്തു് തിരുവുള്ളക്കേടും തീർന്നു. ആയതു് ഒക്കെയും ഇട്ടുണ്ണികുമരൻ എന്നു പേരായ ദേഹവും ഇട്ടുണ്ണാൻ എന്ന ദേഹവും ആകുന്നു.” ഇവിടെ സൂചിതനായിരിക്കുന്ന രാജാവു് ൯൦൬-ൽ തീപ്പെട്ട രവിവർമ്മതമ്പുരാനാണു്. ഇവരിൽ മൂത്തയാളായ ഇട്ടി കുമരൻ ൯൦൪-ൽ പാലിയത്തു വലിയച്ഛനായി. ൯൧൭-ൽ ഇരിങ്ങാലക്കുടെ വച്ചു തീപ്പെട്ട രാമവർമ്മരാജാവിന്റെ കാലത്തു് ഈ പാലിയത്തച്ഛനാണു് വാസ്തവത്തിൽ രാജ്യകാര്യങ്ങൾ നിർവഹിച്ചുവന്നതെന്നു് ‘ഗോളനസ്സി’യുടെ വിവരണങ്ങളിൽനിന്നു തെളിയുന്നു. അദ്ദേഹം ൯൨൦-നു മുമ്പിൽ മരിച്ചുകാണണം. അതിനു ശേഷം വലിയച്ഛനായിരുന്നതു് കുഞ്ഞിട്ടുണ്ണാനച്ചനായിരുന്നു എന്നും കാണുന്നു. ഈ വലിയച്ഛൻ ൯൩൧-ൽ മരിച്ചപ്പോഴാണു് കോമിഅച്ഛൻ മൂപ്പേറ്റതു്. അന്നു് കോമിഅച്ഛനു് ൨൦ വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. ഇത്രയും സംഗതികൾ അപ്രതിഷേധ്യങ്ങളായ തെളിവുകൾ ആണു്.

അതുകൊണ്ടു് മി. വാരിയരുടെ അഭിപ്രായപ്രകാരം നമ്പ്യാർ ൯൧൭-നും ൯൨൦-ം ഇടയ്ക്കു് ചേന്നമംഗലത്തു താമസിച്ചുകാണണം. അദ്ദേഹം തുടരുന്നു:-

“നമ്പ്യാർ പാലിയാധീശന്റെ കുടുംബത്തിൽ താമസമാക്കിയിരുന്നപ്പോൾ ചില അവസരങ്ങളിൽ കിടങ്ങൂർ താമസമാക്കിയിരുന്ന സ്വപിതാവിനെ സന്ദർശിക്കുവാൻ വന്നിരുന്നു. അച്ഛൻനമ്പ്യാർക്കു് കിടങ്ങൂർക്ഷേത്രത്തിൽ ഊരാണ്മക്കാരുടെ കീഴിൽ ജോലിയുണ്ടായിരുന്നു. പ്രായം വർദ്ധിച്ചതിനാൽ സഹായത്തിനായി കുഞ്ചനെക്കൂടെ താമസിക്കുന്നതിനു പിതാവു് നിർബന്ധിക്കയാൽ പാലിയത്തെ താമസം മതിയാക്കി കിടങ്ങൂർ തന്നെ സ്ഥിരതാമസമാക്കേണ്ടതായി വന്നു.” ഈ സംഭവം എന്നായിരുന്നു എന്നു് മി. വാരിയർ വ്യക്തമാക്കുന്നില്ല. ൯൧൭-നും ൯൨൦-നും മദ്ധ്യത്തിലായിരുന്നു എന്നു് വരുന്നുണ്ടല്ലോ. നമുക്കു് അതിന്റെ മദ്ധ്യകക്ഷ്യയായ ‘൯൧൮–൯൧൯’-നെ സ്വീകരിക്കാം.

മി. വാരിയർ വീണ്ടും പറയുന്നു:- “ഗ്രാമോത്തമന്മാരായ ഭൂസുരന്മാരുടെ സങ്കേതമായിരുന്ന അപ്രദേശം നമ്പ്യാരെ സ്ഥിരതാമസത്തിനു് ആകർഷിച്ചിരുന്നിരിക്കണം. ഇവിടെ താമസിക്കുന്ന കാലത്തു് കുമാരനെല്ലൂർ, കുടമാളൂർ മുതലായ പ്രദേശങ്ങളിൽ പോകുകയും പല പ്രധാന നമ്പൂതിരിമാരുമായി പരിചയത്തിനിടയാകുകയും ചെയ്തു. ഈ വഴിക്കാണു് ചെമ്പകശ്ശേരിരാജാവു് തെക്കേടത്തുഭട്ടതിരി മുതലായ ബ്രാഹ്മണപ്രഭുക്കന്മാരുമായി സഹവാസത്തിനും സൗഹാർദ്ദത്തിനും സംഗതി വന്നതു്.”

ഈ സംഭവങ്ങളെല്ലാം നടക്കുന്നതിനു കുറഞ്ഞപക്ഷം ഒരു കൊല്ലമെങ്കിലും വേണ്ടേ? അതുകൊണ്ടു് ൯൨൦-ൽ നമ്പ്യാർ അമ്പലപ്പുഴ വന്നു താമസം തുടങ്ങിയതായി വരും. അന്നു് അദ്ദേഹത്തിനു് നാല്പതു വയസ്സു പ്രായവും ഉണ്ടായിരുന്നു. എന്നാൽ അടുത്ത അദ്ധ്യായത്തിന്റെ പ്രാരംഭത്തിൽ മി. വാരിയർ പറഞ്ഞിരിക്കുന്നതു് ‘നമ്പ്യാർ ൯൧൨-നോടിടയ്ക്കു് അമ്പലപ്പുഴെ സ്ഥിരതാമസമാക്കിയതായി കാണുന്നു’ എന്നാണു്. ഇതൊക്കെ എങ്ങനെ യോജിക്കും? അപ്പോൾ നമ്പ്യാർ തന്റെ ‘ഭിക്ഷാംദേഹി’ യാത്രയിൽ മനക്കോട്ടെത്തിയതല്ലേ ഉള്ളു. പിന്നീടു് എവിടെയെല്ലാം സഞ്ചരിച്ചതിനു ശേഷമാണു് അദ്ദേഹം പാലിയത്തു വന്നുചേർന്നതു്?

൯൨൦-ൽ അമ്പലപ്പുഴ വന്നുചേർന്നു എന്നു വന്നാൽ അമ്പലപ്പുഴെ അദ്ദേഹം അധികം താമസിച്ചിട്ടില്ലെന്നും വന്നുകൂടും. ഈ അബദ്ധങ്ങളെല്ലാം വന്നുകൂടിയതു് ഐതിഹ്യത്തെ വകവയ്ക്കാതെ നമ്പ്യാരെക്കൊണ്ടു് ഒരു ദീർഘദേശസഞ്ചാരം ചെയ്യിച്ചതു നിമിത്തമാണു്. മി. വാരിയർ ഒരു പ്രമാണം എന്ന നിലയിൽ ഉദ്ധരിച്ചിട്ടുള്ളു.

‘ക്ഷോണീദേവക്ഷിതീശോ നിജമിവ തനയം ദേവനാരായണാഖ്യോ
ബാല്യേ യം ലാളയിത്വാ വിധിവദഥ പരം ശാസ്ത്രമധ്യാപയിത്വാ
സംരക്ഷൻ യൽ കുടുംബം ദ്രവിണവിതരണാൽ കാമിതം സാധയിത്വാ
സ്നേഹേനാപാലയൻ മേ ദിനമനു സ ഗുരുശ്രേയസേ ബോഭവീതു’

എന്നുള്ള ശ്ലോകം ഐതിഹ്യത്തിനു് ഉപോദ്ബലകമായിരിക്കയും ചെയ്യുന്നു. ഈ ശ്ലോകം ൯൪൦-ാമാണ്ടു പ്രസ്തുത മഹാകവിയുടെ ഭാഗിനേയൻ എഴുതിവച്ചതായതുകൊണ്ടു് അതിനെ അവിശ്വസിക്കാൻ തരവുമില്ലല്ലോ. ദേവനാരായണസ്വാമിയാണു് ഈ രാമപാണിവാദനെ തന്റെ പുത്രനെ എന്നപോലെ ബാല്യത്തിൽ ലാളിച്ചുവളർത്തുകയും അനന്തരം ശാസ്ത്രങ്ങൾ അഭ്യസിപ്പിക്കുകയും കുടുംബത്തെ ദ്രവിണവിതരണംവഴിക്കു് പുലർത്തുകയും ചെയ്തതെന്നു് അതിൽ സുവ്യക്തം പറഞ്ഞിരിക്കുന്നതിനെ വിശ്വസിക്കാൻ പാടില്ലെന്നു വാദിക്കുന്നപക്ഷം അതിനോടുകൂടി മറ്റു പ്രമാണങ്ങളുടെ വിശ്വാസയോഗ്യതയും തകർന്നുപോകും.

ഈ കാരണങ്ങളാൽ കുഞ്ചൻ തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയതു് കിടങ്ങൂരും, കോട്ടയത്തും, കുടമാളൂരും, അമ്പലപ്പുഴയിലും ആണെന്നുള്ള ഐതിഹ്യം വിശ്വാസയോഗ്യമാണെന്നും ‘ദേവനാരായണസ്വാമി’യാകുന്ന കല്പകവൃക്ഷത്തിന്റെ തണലിൽ ജീവിച്ചിരുന്ന അദ്ദേഹത്തിനു് ‘പിച്ചതരണേ’ എന്നു് ആരോടും പറയേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും, അമ്പലപ്പുഴയും കിടങ്ങൂരും താമസിക്കുന്ന കാലത്തോ, ചെമ്പകശ്ശേരിയിൽ അസ്വസ്ഥത വർദ്ധിച്ചുതുടങ്ങിയതിനു ശേഷമോ വടക്കൻദിക്കുകളിൽ സഞ്ചരിച്ചിരിക്കാമെന്നും സിദ്ധിക്കുന്നു. അമ്പലപ്പുഴ അക്കാലത്തു് കൊച്ചീരാജാവിന്റെ കീഴിലുള്ള ഒരു ദേശമായിരുന്നതിനാൽ പലേ കാരണങ്ങളാൽ നമ്പ്യാർക്കു് കൊച്ചിയിലെ നാടുവാഴികളായ പ്രഭുക്കന്മാരോടു് പരിചയപ്പെടാൻ ഇട വന്നിരിക്കണം. നന്തിക്കാട്ടു് ഉണ്ണിരവിക്കുറുപ്പിന്റെ സഹോദരനായിരുന്ന ഉണിച്ചാത്തക്കുറുപ്പു് ൯൨൭-ൽ കൊച്ചീരാജാവിന്റെ വിശ്വസ്ത ബന്ധുക്കളായ് വർത്തിച്ച അപൂർവം ചിലരിൽ ഒരാളായിരുന്നുവെന്നു് ൯൨൯-ലെ ഒരു ഗ്രന്ഥവരിയിൽ കാണുന്നുമുണ്ടല്ലോ. “അന്നു് വലിയതമ്പുരാന്റെ കല്പനയ്ക്കു ക്ലേശിക്കുന്ന കാര്യക്കാരന്മാരു് പള്ളിയിൽ ഇടിക്കളമേനോൻ, വെളുക്കറാട്ടു നമ്പൂരികാര്യക്കാരു്, നന്തിക്കാട്ടു് ഉണിച്ചാത്തക്കുറുപ്പു്.” ഈ ഉണിച്ചാത്തക്കുറുപ്പുവഴിക്കോ പാലിയത്തച്ചൻ വഴിക്കോ ആയിരിക്കാം നമ്പ്യാർ കൊച്ചിയിൽ കൂടെക്കൂടെ പോകുന്നതിനും ആ സ്ഥലങ്ങളിലുള്ള പ്രഭുക്കന്മാരുമായി സ്നേഹബന്ധം സമ്പാദിക്കുന്നതിനും ഇടയായതു്. ഡച്ചുകാരുടെ കാലത്തു് കൊച്ചീരാജാക്കന്മാരുടെ മന്ത്രിസഭയിലെ പ്രധാന അംഗങ്ങൾ പാലിയത്തച്ചൻ, തോട്ടാശ്ശേരി തലശ്ശെന്നോരു്, മനക്കോട്ടച്ചൻ, ഒരു ഡച്ചുകപ്പിത്താൻ ഇവരായിരുന്നു. ഈ മന്ത്രിമാർക്കു് പലേ കാരണങ്ങളാൽ ചെമ്പകശ്ശേരിയിലും വടക്കുംകൂറ്റിലും തെക്കുംകൂറ്റിലും വരേണ്ടതായിട്ടിരുന്നതുകൊണ്ടു്, ചെമ്പകശ്ശേരിരാജാവിന്റെ സദസ്യനായ നമ്പ്യാർക്കു് അവരോടു പരിചയപ്പെടാൻ മറ്റു കാരണങ്ങൾ അന്വേഷിക്കേണ്ട ആവശ്യവുമില്ല.

൯൦൫ മുതൽ ൯൧൭-നു ശേഷംവരെ അതുകൊണ്ടു് നമ്പ്യാർ ഈമാതിരി ഒരു യാത്ര നടത്തിയെന്നു വിചാരിക്കുന്നതു് അസംഗതമാണു് ഇക്കാലം ഒക്കെയും കൊച്ചിയിൽ വലിയ അന്തഃഛിദ്രങ്ങളും കലാപങ്ങളും ഉണ്ടായിക്കൊണ്ടാണിരുന്നതു്. ൯൦൬-ൽ തീപ്പെട്ട രാജാവിന്റെ കാലത്താണല്ലോ പാലിയം രാജസ്ഥാനത്തോടു വീണ്ടും യോജിച്ചതു്. മറ്റു പ്രഭൂക്കന്മാരും പിണങ്ങിയാണു നിന്നതു്. അന്നത്തെ ഡച്ചുരേഖകൾ കൊച്ചീരാജാവിനെ ദുഷിച്ചുകാണുന്നുണ്ടു്. ചിലർ ആ വാക്കുകളെ അക്ഷരംപ്രതി വിശ്വസിക്കയും ചെയ്യുന്നു. എന്നാൽ ഈ അന്തഃഛിദ്രങ്ങൾക്കെല്ലാം കാരണഭൂതന്മാർ ഡച്ചുകാരായിരുന്നു. അവരായിരുന്നു രാജാവിനേയും നാടുവാഴികളേയും തമ്മിൽ പിണക്കിയതു്. ൮൯൩-ൽ ലന്തക്കാർ കൊച്ചിയുടെ ആജന്മശത്രുവായ സാമൂതിരിയോടു സഖ്യവും ചെയ്തുകഴിഞ്ഞു. തെക്കുംകൂർ, വടക്കുംകൂർ എന്നീ ദിക്കുകളിലെ സ്ഥിതിയും വളരെ കഷ്ടമായിട്ടാണിരുന്നതു്.

വലിയ കുഴപ്പമൊന്നും കൂടാതെ ഇരുന്നതു് ചെമ്പകശ്ശേരി രാജ്യത്തു മാത്രമായിരുന്നു. ആ രാജ്യം കൊച്ചിയിൽനിന്നും ഏറക്കുറെ സ്വതന്ത്രമായിട്ടാണു് വർത്തിച്ചതും. അതുകൊണ്ടു് നമ്പ്യാരുടെ അവിടുത്തെ താമസം സുഖകരമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. രാമയ്യന്റെ അഞ്ചാംപട വന്നതിനുശേഷമേ ചെമ്പകനാട്ടിൽ അന്തഃഛിദ്രങ്ങളുടെ ലക്ഷണങ്ങൾ പൂർണ്ണമായി കണ്ടുതുടങ്ങിയുള്ളു.

‘നരപതി കുലപതി ധരണീസുരപതി
നിരവധി ഗുണഗണനിധിപതി സദൃശൻ
പെരുകിന ചെമ്പകനാടാകുന്നൊരു
സുരവരനാട്ടിനനാഹതരത്നം
പരിജനപാലനപരിചയശീലൻ
പരിപാലിച്ചരുളീടുകധീശൻ’

എന്നു കിരാതത്തിലും,

‘ധരണിസുരപ്രഭു ചെമ്പകനാടാമരവിന്ദാകര ദിനകരനരച-
ധരണീധരവര ചരണാംബുജയുഗശരണീകൃത നിജ കരണീയൻ ഗുരു-
കരുണാമൃതരസവരുണാലയനതിതരുണാമിതരുചി പരിണാഹംകൊ-
ണ്ടരുണാമല നവ കിരണാവലിയുടെ പരിണാമായിത കരുണാകാരൻ
അരുണാംഗുലി നവചരണാംഭോരുഹനരുണാപാംഗസ്ഫുരണാനന്ദേ
ഹരിണാ;കനകവിതരണാദിഷ്ഠ സുരതരുണാ; നീതിഷ്ഠ ഗുരുണാ ധൈർയ്യേ
ഗിരിണാ സമഗുണമരുണാ, സുമധുരതരുണീ മാനസഹരണോചിത നിജ
കരണോന്നതഗുണ ഭരണോദാര വിഹരണോദാത്തൻ, സുരണോദഗ്രൻ
ശരണോന്മുഖജനശരണോന്നിദ്രൻ ധരണീപാലനശീലൻ നരപതി-
ചരണം പരിചൊടു വന്ദിക്കുന്നേൻ.’

എന്നു ഘോഷയാത്രയിലും,

‘ജംഭാരിപുരത്തിന്റെ സംഭോഗകരമായ
സംഭാരമെല്ലാംകൂട്ടിസ്സമ്പാദിച്ചുണ്ടായൊരു
ചെമ്പകശ്ശേരിനാട്ടിലിമ്പമായ് വാണരുളും
തമ്പുരാനെന്റെ ദേവനാരായണഭൂപാലൻ’

എന്നു സ്യമന്തകത്തിലും,

‘സേവിച്ചു വേണ്ടുന്നവർക്കുവേണ്ടിത്തന്നെ
ജീവനെപ്പോലും കൊടുക്കാൻ മടിക്കാത്ത
ദേവനാരായണസ്വാമി മഹീതലേ
ജീവിച്ചു മേവുന്ന കാലം ജനങ്ങൾക്കു
കേവലാനന്ദം സതതം ഭവിക്കുന്നു.’

എന്നു ഗണപതിപ്രാതലിലും കീർത്തിപ്പെട്ടിരിക്കുന്ന ചെമ്പകശ്ശേരിയുടേയും തദധിപനായിരിക്കുന്ന ദേവനാരായണന്റേയും ചിത്രം അതിശയോക്തിമയമല്ലെന്നു് അക്കാലത്തെപ്പറ്റി വിദേശീയസഞ്ചാരികൾ രേഖപ്പെടുത്തീട്ടുള്ള വിവരങ്ങളിൽ നിന്നു് കാണാവുന്നതാണു്.

അമ്പലപ്പുഴ രാജാവും നമ്പിയാരുമായി പരിചയം ഉണ്ടായിരുന്നെങ്കിലും നമ്പ്യാർ അമ്പലപ്പുഴെ താമസമാക്കാൻ ഇടായക്കിയ സംഗതിയെപ്പറ്റി ഒരു ഐതിഹ്യമുള്ളതിനെ ഇവിടെ പ്രസ്താവിക്കാം. അന്നു് ചെമ്പകശ്ശേരിരാജാവു് അമ്പലപ്പുഴയും കുടമാളൂരും ആയിട്ടാണു് താമസമാക്കിയിരുന്നതു്. അന്തർജ്ജനത്തിന്റെ താമസം കുടമാളൂർതന്നെയായിരുന്നു. തമ്പുരാന്റെ വിദ്വത്സദസ്സിൽ ഗംഭീരങ്ങളായ വാദപ്രതിവാദങ്ങൾ നടക്കുക പതിവായിരുന്നു. ആ പരിഷത്തിന്റെ നായകപദം നമ്പ്യാരുടെ ഗുരുവായിരുന്ന ഭട്ടതിരിയാണലങ്കരിച്ചിരുന്നതും. ഒരിക്കൽ പാലക്കാട്ടുനിന്നു് ഒരു ശാസ്ത്രി ദിഗ്വിജയത്തിനായി പുറപ്പെട്ടു. അദ്ദേഹം അമ്പലപ്പുഴ വന്നു് സ്വാമിദർശനം കഴിച്ചിട്ടു് നേരെ കുടമാളൂരെത്തി. ആ സമയത്തു് നമ്പ്യാർ അവിടെ ഇല്ലായിരുന്നു. ശാസ്ത്രികൾ തമ്പുരാനെ വന്നു കണ്ടു. രാജാവു് ഒരു സദസ്സിനു് ഏർപ്പാടു ചെയ്തു. ശാസ്ത്രികളോടു വാദപ്രതിവാദത്തിൽ ഏർപ്പെടാൻതക്ക പാണ്ഡിത്യം ഭട്ടതിരിക്കേ ഉണ്ടായിരുന്നുള്ളു. വാദം മുറയ്ക്കു തുടങ്ങി. ശാസ്ത്രികളുടെ പൂർവപക്ഷമാണെങ്കിൽ ഭട്ടതിരിയുടെ സിദ്ധാന്തം; ഭട്ടതിരിയുടെ പൂർവപക്ഷത്തിനു ശാസ്ത്രികളുടെ സിദ്ധാന്തം. ഇങ്ങനെ വാദം കൊണ്ടുപിടിച്ചു ഒടുക്കം ഭട്ടതിരി തോറ്റുപോയേക്കുമോ എന്ന ഘട്ടം വന്നുചേർന്നു. പിറ്റേദിവസം ചമ്പക്കുളത്തു മൂലംകളി ആയിരുന്നതിനാൽ വാദം തൽക്കാലത്തേക്കു് നിർത്തിവയ്ക്കാൻ രാജാവു് ആജ്ഞാപിച്ചു. “മൂലംകളിക്കു് അമ്പലപ്പുഴയ്ക്കു പോകാതെ തരമില്ല. നിങ്ങൾതമ്മിൽ ഒട്ടുവളരെ ദിവസങ്ങളായല്ലോ വാദം തുടങ്ങീട്ടു്. ആരും ജയിക്കുന്ന മട്ടു കാണുന്നില്ല. അതിനാൽ നിങ്ങളുടെ യോഗ്യത നിർണ്ണയിക്കുന്നതിനു നാം വേറൊരു പരീക്ഷ നിശ്ചയിക്കുന്നു. ഇന്നു രാത്രികൊണ്ടു് പന്ത്രണ്ടു സർഗ്ഗത്തിൽ കുറയാതെയുള്ള ഓരോ മണിപ്രവാളകാവ്യമുണ്ടാക്കി നാളെക്കാലത്തു് നമ്മുടെ മുമ്പാകെ രണ്ടുപേരും കൊണ്ടുവയ്ക്കണം. അവയുടെ ഗുണദോഷവിചിന്തനം ചെയ്തു് നിങ്ങളുടെ യോഗ്യതായോഗ്യതകളെ നിർണ്ണയിച്ചുകൊള്ളാം” എന്നു കല്പിച്ചിട്ടു് അദ്ദേഹം സന്ധ്യാവന്ദനത്തിനു് എഴന്നള്ളിയത്രേ.

ശാസ്ത്രികൾ സുഖമായി കിടന്നുറങ്ങി. അയാൾക്കു് കവിതാവാസനയേ ഇല്ലായിരുന്നു. വലിയ അഭിമാനിയായിരുന്നതിനാൽ ഭട്ടതിരിക്കു് ഉറക്കം വന്നില്ല. അത്താഴവും കഴിഞ്ഞു് അദ്ദേഹം ചിന്താമഗ്നനായിരിക്കവേ, ശ്രീകൃഷ്ണഭഗവാന്റെ കാരുണ്യത്താൽ കുഞ്ചൻനമ്പ്യാർ തിരിച്ചു വന്നു. കുഞ്ചനെ കണ്ടപ്പോൾ ഭട്ടതിരിക്കു് ആശ്വാസമായി. അദ്ദേഹം പറഞ്ഞു: “കുഞ്ചൻ ഇപ്പോൾ വന്നതു് കുഞ്ചന്റെ ഗുരുത്വത്തിന്റേയും എന്റെ ഭാഗ്യത്തിന്റേയും ശക്തികൊണ്ടുതന്നെ.” അനന്തരം തന്റെ ദുർഘടാവസ്ഥയെ അദ്ദേഹം ശിഷ്യനെ അറിയിച്ചു. നേരം അർദ്ധരാത്രിയായിരുന്നു. നമ്പ്യാർ പറഞ്ഞു “പന്ത്രണ്ടുസർഗ്ഗങ്ങളും എഴുതിത്തീർക്കാൻ എന്നെക്കൊണ്ടു സാധിക്കയില്ല. പതിനൊന്നുപേരേ കൂടി നിയോഗിച്ചാൽ കാര്യം ഒരുവിധം പറ്റിക്കാം.” ഭട്ടതിരി ഉറങ്ങിക്കിടന്നിരുന്ന ശിഷ്യന്മാരെ വിളിച്ചുണർത്തി. “ഇനി വിഷമിക്കാനൊന്നുമില്ല. സുഖമായി കിടന്നുറങ്ങിക്കൊള്ളാം” എന്നു നമ്പ്യാർ ഗുരുവിനോടു പറഞ്ഞിട്ടു് ഒന്നാംസർഗ്ഗം താൻതന്നെ എഴുതുകയും മറ്റു പതിനൊന്നുപേർക്കും ഓരോ സർഗ്ഗത്തിലേയും ഓരോ ശ്ലോകംവീതം ചൊല്ലിക്കൊടുക്കുകയും ചെയ്തുവത്രേ. വെളുപ്പാൻകാലമായപ്പോൾ കാവ്യവും തീർന്നു. നമ്പ്യാർ മുറയ്ക്കു് ഓലകൾ അടുക്കിക്കെട്ടിയിട്ടു് ഭട്ടതിരിയുടെ ശിഷ്യരോടായി “ഞാൻ ഇവിടെ വന്ന കാര്യം ആരോടും പറയരുതു്. ഓലക്കെട്ടു് അദ്ദേഹത്തിന്റെ അടുക്കൽ എല്പിക്കണം. ചോദിച്ചാൽ അമ്പലപ്പുഴ വച്ചു് കാണാം എന്നുമാത്രം അറിയിച്ചേക്കണം” എന്നു പറഞ്ഞിട്ടു് അമ്പലപ്പുഴയ്ക്കു വള്ളം കേറി.

പിറ്റേദിവസം രാവിലെ ശാസ്ത്രി തോൽവി സമ്മതിച്ചു. സമ്മാനം ഭട്ടതിരിക്കും കിട്ടി. എന്നാൽ ബുദ്ധിമാനും വിദ്വൽകുലഭൂഷണവും ആയ തമ്പുരാൻ ശാസ്ത്രികളെ ഒട്ടു വളരെ പാരിതോഷികങ്ങൾ നൽകി പ്രീതിപ്പെടുത്തിയശേഷമാണു് അയച്ചതു്. അദ്ദേഹം പുറത്തായി എന്നറിഞ്ഞ മാത്രയിൽ തമ്പുരാൻ കല്പിച്ചു ചോദിച്ചു “കുഞ്ചൻ എപ്പോൾ വന്നു?” ‘അർദ്ധരാത്രിയായി എന്നു മറുപടി. “എന്നിട്ടെവിടെ?” ‘അമ്പലപ്പുഴെ വച്ചു കാണാം’ എന്നു പറഞ്ഞിട്ടുണ്ടു്.

തമ്പുരാൻ വളരെ സന്തോഷിച്ചു. പള്ളിബോട്ടു് അമ്പലപ്പുഴെ എത്തിയപ്പോൾ നമ്പ്യാർ കാത്തു നിന്നിരുന്നു. രാജാവു് അദ്ദേഹത്തിനു് ഒരു മഠം പണിയിച്ചുകൊടുക്കയും ക്ഷേത്രത്തിൽ പ്രതിദിനം ഒന്നരയിടങ്ങഴി ചോറും ഇരുന്നാഴി പാല്പായസവും രണ്ടപ്പവും പക്കത്തു ചോറും പ്രതിമാസം ൧൫ പണം ശമ്പളവും പതിച്ചുകൊടുപ്പാൻ കല്പനയാവുകയും ചെയ്തുവെന്നും അന്നു മുതൽ നമ്പ്യാർ അമ്പലപ്പുഴെ താമസമാക്കിയെന്നുമാണു് കഥ.

ഐതിഹ്യത്തെ പൂർണ്ണമായി വിശ്വസിച്ചാലും ഇല്ലെങ്കിലും ശ്രീകൃഷ്ണചരിതം ഭട്ടതിരിയുടെ ആജ്ഞാനുസരണം നിർമ്മിച്ചതാണെന്നുള്ളതിനു തെളിവുണ്ടു്. അതിലെ സ്ഖലിതങ്ങളുടെ സംഖ്യകൊണ്ടു് അതു് ദ്രൂതകവിതയാണെന്നും സ്പഷ്ടം.

അമ്പലപ്പുഴെ താമസിക്കുന്ന കാലത്തായിരിക്കണം അദ്ദേഹം മാത്തൂർപണിക്കരുടേയും ആ വഴിക്കു് ദ്രോണമ്പള്ളി ആചാര്യന്റേയും പരിചയം സമ്പാദിച്ചതു്. മാത്തൂർകുടുംബക്കാർ ചെമ്പകശ്ശേരി രാജകുടുംബത്തോടു വളരെ ബന്ധപ്പെട്ടിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ആ കുടുംബത്തിലേക്കായിരുന്നു ചെമ്പകനാട്ടിലെ സർവസേനാധിപത്യം. അതുകൊണ്ടു് മാത്തൂർപ്പണിക്കരുടെ ആശ്രിതഭാവം നമ്പ്യാർ നേരത്തേതന്നെ കൈക്കൊണ്ടിരിക്കണം.

‘മന്ദേതരഗുണമന്ദിരനെൻഗുരു
നന്ദിതനാകിയ ബാലരവിക്കു’

എന്നുള്ള പ്രയോഗത്തിന്റെ സ്വാരസ്യത്താൽ ശ്രീനാരായണഭട്ടപാദരുടെ അഭിപ്രായം അനുസരിച്ചായിരിക്കാം നമ്പ്യാർ ബാലരവിക്കുറുപ്പിനെ ഗുരുവായി വരിച്ചതെന്നുകൂടി തോന്നുന്നു. ‘എൻഗുരുനന്ദിതൻ’ എന്നു സമസ്തപദമാക്കിയാൽ കിട്ടുന്നിടത്തോളം സ്വാരസ്യം വ്യസ്തപദങ്ങളായെടുത്താൽ കിട്ടുന്നതുമില്ല. ഏതായിരുന്നാലും ഉണ്ണിരവിക്കുറുപ്പിന്റെ അടുക്കൽ അദ്ദേഹം തർക്കം, വ്യാകരണം, വേദാന്തം മുതലായ ശാസ്ത്രങ്ങൾ അഭ്യസിച്ചു കാണണമെന്നാണു് എന്റെ ദൃഢമായ വിശ്വാസം. നമ്പ്യാർക്കു് ആ ശാസ്ത്രങ്ങളിലെല്ലാം ദൃഢമായ പ്രതിഷ്ഠ ലഭിച്ചിരുന്നുവെന്നുള്ളതിനു് അദ്ദേഹത്തിന്റെ ഏതു കൃതിയും സാക്ഷ്യം വഹിക്കുന്നുമുണ്ടല്ലോ. പക്ഷേ “ഉണ്ണിരവിക്കുറുപ്പിനെപ്പറ്റി നമ്പ്യാർ സ്വകൃതികളിൽ ചെയ്തിട്ടുള്ള പ്രസ്താവങ്ങളിൽനിന്നു് അദ്ദേഹത്തിനായിരുന്നു പാണ്ഡിത്യക്കുത്തക എന്നു തെളിയുന്നുമില്ല” എന്നു് ശ്രീമാൻ ബാലകൃഷ്ണവാരിയരവർകൾ പ്രസ്താവിക്കുന്നിടത്തു് പി. കെ. പ്രഭൃതികൾ നമ്പ്യാരുടെ ഗുരുസ്ഥാനം ആ സാധുവിനു നല്കിയതിനെപ്പറ്റിയുള്ള ‘കെറുവു’ പ്രസ്പഷ്ടമാകുന്നുണ്ടു്. വേണ്ട, ആ ഉണ്ണിരവിക്കുറുപ്പു് വല്ലതും ‘നക്കാ പിച്ച’ കൊടുത്തു് നമ്പ്യാരെ പ്രീതിപ്പെടുത്തിക്കാണുമെന്നെങ്കിലും അദ്ദേഹം സമ്മതിക്കുമല്ലോ. അല്ലെങ്കിൽ ‘മന്ദാരദാരുവാം’ എന്നു് ആ കവി അദ്ദേഹത്തിനെപ്പറ്റി പറയുമായിരുന്നോ? പക്ഷേ പണത്തിനു വേണ്ടി ആരെയും പ്രീതിപ്പെടുത്തുന്ന സ്വഭാവം ഇന്നത്തെ ചില ബിരുദധാരികളിൽ കൂടിയും കാണുമ്പോൾ ഒരു ബീ. ഏ. ഡിഗ്രി പോലും ഇല്ലാതിരുന്ന നമ്പ്യാർ ‘ഭിക്ഷാം ദേഹി’ എന്നു പറഞ്ഞുകൊണ്ടു് ധനവൃദ്ധന്മാരുടെ വാതുക്കലൊക്കെ മുട്ടിക്കൊണ്ടു നടന്നുവെന്നും ഒരിടത്തും ശരിയായ തുക കിട്ടായ്കയാൽ ഒടുവിൽ അമ്പലപ്പുഴെ വന്നുചേർന്നുവെന്നും, അവിടത്തെ പൊങ്ങച്ചനായ നമ്പൂരി രാജാവു്, മാത്തൂർപണിക്കർ, ഉണ്ണിരവിക്കുറുപ്പു തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ സ്തുതിയിൽഭൂമിച്ചു് ഒട്ടു വളരെ നെല്ലും പണവും കൊടുത്തുവെന്നും, ആ രാജാവും കൂട്ടരും അധഃപതിച്ചപ്പോൾ, പതുക്കേ തിരുവനന്തപുരത്തേക്കു കടന്നുവെന്നും ആയിരിക്കാം വാരിയരവർകളുടെ ആശയം. എന്തിനു സംശയിക്കുന്നു? “നമ്പ്യാർ അമ്പലപ്പുഴ താമസിച്ചിരുന്ന കാലമത്രയും ചെമ്പകശ്ശേരി രാജാവിന്റെ പ്രീതിക്കു വേണ്ടി അദ്ദേഹത്തെ പ്രശംസിച്ചിരുന്നു” എന്നു് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ,

‘ആജ്ഞാപിതോസ്മി നിഖിലശാസ്ത്രപുരാണനാടകപ്രപഞ്ചപരിശീലനവിശദാന്തരാത്മനോ നിത്യസന്നിദധദംബരധുനീനാഥ പരിചരണപരായണസ്യ മഹാരാജദേവനാരായണസ്യ’ എന്നു് ലീലാവതീവീഥീയിൽ നമ്പ്യാർ ഈ രാജാവിനെ വർണ്ണിച്ചിട്ടുള്ളതു് വെറും മുഖസ്തുതി ആയിരിക്കണം എന്നു വന്നുകൂടുന്നു. ഇങ്ങനെയൊക്കെ പറകയും എഴുതുകയും ചെയ്യുന്നതു കാണുമ്പോൾ, നമ്പ്യാരെപ്പോലെ, ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്നു് ആരും പറഞ്ഞുപോകും.

നമ്പ്യാരുടെ കവിതാസാമർത്ഥ്യവും സംഭാഷണചാതുരിയും നിമിത്തം സകലർക്കും അദ്ദേഹത്തിന്റെ പേരിൽ പ്രീതിതോന്നിയിരുന്നിരിക്കണം. രാജാവിനു് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന പുത്രനിൎവിശേഷമായ വാത്സല്യം രാജമന്ദിരത്തിൽ അദ്ദേഹത്തിനു് അസൂയാജനകമായ ഒരു നിലയും വിലയും നല്കി. ദേവനാരായണന്റെ പരിചാരകവർഗ്ഗം പലപ്പൊഴും അദ്ദേഹത്തിന്റെ സഹായം അപേക്ഷിച്ചിട്ടുണ്ടു്. വല്ല അപകടവും പിണഞ്ഞാൽ അതിൽനിന്നു മോചനം സമ്പാദിക്കുന്നതിനു് അവർ നമ്പ്യാരെ ആണു് ആശ്രയിച്ചുപോന്നതു്. ഒരു സരസമായ ഐതിഹ്യം ഉള്ളതിനെ ഇവിടെ ഉദ്ധരിക്കാം. ദേവനാരായണന്റെ വിശ്വാസത്തിനു പാത്രമായി ‘കയ്പിഴ’ എന്നൊരു നമ്പൂരിയുണ്ടായിരുന്നു. അയാൾ ഏഷണിക്കാരനും ധനലോഭിയും ആയിരുന്നത്രേ. തിരുമുല്ക്കാഴ്ചയായി വരാറുണ്ടായിരുന്ന ദ്രവ്യങ്ങളെല്ലാം അയാൾ കൊണ്ടുപോവുകയായിരുന്നു പതിവു്. തന്മൂലം പരിചാരകന്മാർക്കു് ഒന്നും കിട്ടാതെയായി. അവർ ചെന്നു് നമ്പ്യാരോടു പരാതി പറഞ്ഞു. അദ്ദേഹം ആകട്ടെ “നിങ്ങൾ മിണ്ടാതിരിക്കുക, ഞാൻ ഒരു വഴിയുണ്ടാക്കിത്തരാം” എന്നു പറഞ്ഞു് അവരെ സമാധാനപ്പെടുത്തി. ഒരിക്കൽ ഈ നമ്പൂരിയും രാജാവും കൂടി ചതുരംഗം വച്ചുകൊണ്ടിരിക്കേ നമ്പ്യാർ ഒരു ഓട്ടുപാത്രവും കയ്യിലെടുത്തുകൊണ്ടു് ആ വഴിയേ കടന്നുചെന്നിട്ടു് പാത്രം മനഃപൂർവം നിലത്തിട്ടു. ആ ശബ്ദം കേട്ടു് രാജാവു് ‘അതെന്താണു നമ്പ്യാരേ?’ എന്നു ചോദിച്ചു. ‘കൈപ്പിഴ വന്നതുകൊണ്ടുള്ള ഗ്രഹപ്പിഴയാണേ തമ്പുരാനേ’ എന്നു് അദ്ദേഹം സവിനയം മറുപടിയും പറഞ്ഞു. ഇംഗിതജ്ഞനായ രാജാവിനും ബുദ്ധിമാനായ കയ്പിഴയ്ക്കും കാര്യം മനസ്സിലാവുകയും ചെയ്തു. അന്നുമുതല്ക്കു് ആ നമ്പൂരിയുടെ കൃത്രിമങ്ങൾക്കും ധനലോഭത്തിനും കുറെ ശമനമുണ്ടായത്രേ. ൯൧൦-ാമാണ്ടുവരെ ചെമ്പകശ്ശേരിരാജ്യത്തു് കാര്യങ്ങളെല്ലാം ഒരുവിധം ഭംഗിയായി നടന്നുവന്നു. രാജാവു് സർവശാസ്ത്രപാരംഗതനും കലാപോഷണതൽപരനും ആയിരുന്നെങ്കിലും തന്റെ പൂർവികന്മാരെപ്പോലെ ദൃഢനിശ്ചയമോ ഭരണകൗശലമോ ഉള്ളവനായിരുന്നില്ല. ശുദ്ധഗതിക്കാരനായിരുന്നതിനാൽ അദ്ദേഹം പലപ്പോഴും ഏഷണിക്കാർക്കു വഴിപ്പെട്ടു കടുംകൈകൾ പ്രവർത്തിച്ചിട്ടു പശ്ചാത്തപിക്കാറുണ്ടായിരുന്നു. എന്റെ കുടുംബത്തിലെ ഒരു കാരണവരെ സംബന്ധിച്ചു കേട്ടിട്ടുള്ള ഒരു കഥ ഇവിടെ പറയാം. കോവിലിടത്തു പണിക്കർസ്ഥാനം ഞങ്ങളുടെ കുടുംബത്തിനു് ഈ രാജാവിന്റെ പൂർവികന്മാരിൽ നിന്നു ലഭിച്ചിട്ടുള്ളതാണു്. ഞങ്ങളുടെ പൂർവികന്മാർ പറവൂർ രാജാവിന്റെ കീഴിൽ കയ്മൾ സ്ഥാനികളായിരുന്നു. അവിടെനിന്നു് ചെമ്പകശ്ശേരി രാജാവുതന്നെയാണു് അവരിൽ ഒരു ശാഖയെ അമ്പലപ്പുഴെ കൊണ്ടുവന്നു് ഉറപ്പിച്ചതും. പാരമ്പര്യക്രമമനുസരിച്ചു് ഈ കുടുംബത്തിലെ കാരണവന്മാർ ആയുധവിദ്യാഗുരുക്കന്മാരും ചെമ്പകശ്ശേരി രാജാവിന്റെ സേനാപതികളും ആയിരുന്നു. രാമയ്യന്റെ ചാരന്മാർ പ്രവർത്തനം തുടങ്ങിയകാലത്തു് ഒരു മണക്കാട്ടംപള്ളിമേനവന്റെ ഏഷണിയ്ക്കു വശംവദനായി മന്ത്രിയായ കൊച്ചുമേനവന്റെ അസാന്നിദ്ധ്യത്തിൽ—രാജാവു് അന്നത്തെ സേനാപതികളിൽ ഒരുവനായിരുന്ന കുമരുപ്പണിക്കർക്കു വധശിക്ഷ വിധിച്ചു.

പ്രദോഷദിവസം പണിക്കർ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രത്തിലേക്കു പോകുന്നു. മദ്ധ്യേമാർഗ്ഗം രാജഭടന്മാർ തടഞ്ഞുനിർത്തുന്നു. കാര്യം എന്തെന്നു് അദ്ദേഹം ഭക്തിപൂർവം ചോദിക്കുന്നു. വധശിക്ഷയെപ്പറ്റിയുള്ള കല്പനകൾ കേൾക്കുന്ന മാത്രയിൽ ശിരസ്സു നമിക്കുന്നു. “ഇത്രയോ ഉള്ളോ? ഇതിനാണോ ഈ പരിവാരം? അവിടുത്തെ ഇംഗിതം അങ്ങനെ ആണെങ്കിൽ ഇതാ ഈ ശിരസ്സു് ഈ ഇലയിൽതന്നെ പൊതിഞ്ഞു് അവിടെ എത്തിക്കണം” എന്നു പറഞ്ഞിട്ടു് അദ്ദേഹം തന്നത്താൻ ശിരച്ഛേദം ചെയ്യുന്നു.

രാജാവു് പിറ്റേദിവസം പശ്ചാത്താപത്തിൽ മുഴുകിയത്രേ. ഈ സംഭവം നടന്നതു് പതിഗതപ്രാണയായിരുന്നു് ഇപ്പോൾ യശോമാത്രശരീരിണിയായി ഈ ഹൃദയക്ഷേത്രത്തിൽ പ്രതിഷ്ഠിതയായിരിക്കുന്ന എന്റെ പരേതയായ പത്നിയുടെ മാതുലൻ ശ്രീമാൻ നാണുപിള്ളവക്കീൽ അവർകൾ തന്റെ രണ്ടാമത്തെ ഭാര്യയ്ക്കായി പണിയിച്ചുകൊടുത്തിട്ടുള്ള രണ്ടു നിലക്കെട്ടിടത്തിനു സമീപമുള്ള ഒരു കലുങ്കിന്റെ അടുത്തായിരുന്നുവെന്നും, വളരെക്കാലത്തേക്കു് ആ വഴിയേ അർദ്ധരാത്രിയ്ക്കു് ആളുകൾ സഞ്ചരിക്കാറില്ലായിരുന്നു എന്നും അഭിമാനപൂർവ്വം എന്റെ ബാല്യകാലത്തു പറഞ്ഞുകേട്ടിട്ടുണ്ടു്.

മന്ത്രിമാർ തമ്മിലും സ്വൈരക്കേടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. തന്നിമിത്തം രാഷ്ട്രശരീരത്തിനു് അസ്വാസ്ഥ്യവും നേരിട്ടു. എന്നാൽ പ്രധാനമന്ത്രിയും ഊർജ്ജിതാശയനും ആയിരുന്ന തലവടി കൊച്ചുമേനോന്റെ സാമർത്ഥ്യത്താൽ കാര്യങ്ങൾ ഒക്കെ ഒരുവിധം ഭംഗിയായി നടന്നുകൊണ്ടിരുന്നു. കായങ്കുളവുമായി തിരുവിതാംകൂർയുദ്ധത്തിൽ ഏർപ്പെട്ടിരുന്നതിനു് സ്വല്പം മുമ്പുതന്നെ രാമയ്യന്റെ ചാരന്മാർ വടക്കുംകൂർ, തെക്കുംകൂർ എന്നീ രാജ്യങ്ങളിൽ സ്വൈരമായി പ്രവർത്തനം തുടങ്ങി. കൊച്ചീ രാജ്യത്തും സമാന്തരരാജ്യങ്ങളിലും ഉണ്ടായ കുഴപ്പങ്ങളെപ്പറ്റി മുമ്പു വിവരിച്ചിട്ടുണ്ടല്ലോ. രാമയ്യൻ ദളവ വടക്കുംകൂർ, തെക്കുംകൂർ, അമ്പലപ്പുഴ എന്നീ ദേശങ്ങളെ കായംകുളത്തിനു എതിരായി പ്രവർത്തിപ്പിക്കുന്നതിനു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ കൊച്ചുമേനോന്റെ പ്രേരണാശക്തിയാൽ രാജാവു് സ്വകാര്യമായി കായങ്കുളത്തെ സഹായിച്ചു. കൊച്ചീരാജാവിനും കായംകുളം രാജാവിനോടായിരുന്നു അനുകമ്പ. ൯൧൭-ൽ പാലിയത്തു് ഇട്ടിക്കുമരച്ചനും കൊച്ചുമേനോനും ആയി ഒരു കൂടിക്കാഴ്ചയുണ്ടായി. നമ്പ്യാർ ഇട്ടിക്കുമരച്ചനോടുകൂടി ചേന്നമംഗലത്തേക്കു പോകയും അവിടെ രണ്ടു കൊല്ലത്തോളം താമസിക്കയും ചെയ്തു. ൯൧൯-ൽ കൊച്ചീരാജാവു നടത്തിയ പറക്കുംകൂത്തിനു് നമ്പ്യാരും സന്നിഹിതനായിരുന്നു. ആ അവസരത്തിൽ നമ്പ്യാർ മുഖം കാണിപ്പാനായി ചെന്നപ്പോൾ ‘കുഞ്ചൻ എപ്പോഴാണു വന്നതു്’ എന്നു കല്പിച്ചു ചോദിച്ചതിനു് ‘നനയാൻ പാകത്തിനു് ’ എന്നു് നമ്പ്യാർ ഫലിതമായി മറുപടി പറഞ്ഞുവെന്നു് ഒരു ഐതിഹ്യമുണ്ടു്. കൂത്തു നടന്ന ദിവസം രാവിലെ അല്പം മഴയുണ്ടായിരുന്നു എന്നും നമ്പ്യാർക്കു് നനയേണ്ടതായി വന്നു എന്നും ആണു് കേൾവി.

IV

നമ്പ്യാർ അമ്പലപ്പുഴ താമസിക്കുന്ന കാലത്തും അതിനു മുമ്പും പിമ്പും ഒട്ടും വളരെ സംസ്കൃതകാവ്യങ്ങളും രൂപകങ്ങളും ഒക്കേ രചിച്ചിട്ടുണ്ടല്ലോ. എന്നാൽ അവയെല്ലാം ഇപ്പോഴും സൂര്യപ്രകാശം ഏൽക്കാൻ കഴിവില്ലാതെ ഗ്രന്ഥപ്പുരകളിൽ ശ്വാസം മുട്ടിക്കൊണ്ടു കിടക്കുന്നതേയുള്ളു. അവയുടെ കർത്താവെന്ന നിലയിൽ അദ്ദേഹത്തെ അറിയുന്നവരും ചുരുക്കമാകുന്നു. എന്നിട്ടും ആ സംസ്കൃകവിതകളുടെ കർത്താവു് തുള്ളൽക്കഥാകാരനിൽനിന്നു ഭിന്നനാണെന്നു സ്ഥാപിപ്പാൻ ചിലർ ആശ്രയിക്കുന്ന യുക്തി, രാഘവീയാദികാവ്യങ്ങൾ വളരെ പ്രൗഢങ്ങളായിരിക്കുന്നു എന്നും തുള്ളൽക്കഥകൾ തീരെ ബാലിശങ്ങളായിപ്പോയെന്നുമാണു്. കഷ്ടം, ഇങ്ങനെയുണ്ടോ ഒരു അന്ധത! ഇതൊക്കെ കാണുമ്പോൾ പുനത്തെ അരക്കവിയായി ഗണിച്ചു് അപഹസിച്ച അന്നത്തേ ഗൈർവാണീഭക്തന്മാരോടോ,

‘ഭാഷാകവിനിവഹോഽയം
ദോഷാകരവദ്വിഭാതി ഭൂവനതലേ’

എന്നു ജല്പിച്ച ഉദ്ദണ്ഡശാസ്ത്രികളോടോ പരിഭവിക്കേണ്ട ആവശ്യമൊന്നുമില്ല. പൂർവകവിസങ്കേതങ്ങളേയും നിയമങ്ങളേയും അക്ഷരംപ്രതി അനുഷ്ഠിച്ചും പൂർവമഹാകവികളെ ഉപജീവിച്ചും എഴുതപ്പെട്ടിരിക്കുന്ന രാഘവീയാദി കാവ്യങ്ങളെവിടെ? സർവതന്ത്രസ്വതന്ത്രയും സാരസ്യസാരസമ്പൂർണ്ണയും സഹൃദയഹൃദയാനന്ദസന്ദായിനിയും ആയ കവിതാനടിയുടെ കേളീരംഗമായി വിലസുന്ന തുള്ളൽക്കഥകൾ എവിടെ?

ചെമ്പകനാട്ടിന്റെ പ്രശസ്തി രണ്ടു വസ്തുക്കളെ ആശ്രയിച്ചാണു് നിലനിൽക്കുന്നതു്. മാധുര്യസാരസർവസ്വമായ ശ്രീവേണുഗോപാലനു നിവേദിക്കപ്പെടുകയാൽ ആയിരിക്കാം—മുധുരോത്തരമായിത്തീർന്നിരിക്കുന്ന പാൽപായസത്തിന്റേയും ലാവണ്യക്കടൽ കടഞ്ഞെടുത്തപോലിരിക്കുന്ന ഭഗവദ്രുപപീയൂഷത്തിന്റെ നിരന്തരസേവയാൽ മധുരിതാന്തഃകരണനായ്തീർന്നിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകളുടേയും ഉല്പത്തിസ്ഥാനം അമ്പലപ്പുഴയാണല്ലോ. ഇവയിൽ ഏതിനാണു് മാധുര്യം കൂടുതലെന്നു നിർണ്ണയിപ്പാൻ പ്രയാസമായിരിക്കുന്നു.

തുള്ളല്പാട്ടിന്റെ ആവിർഭാവത്തെപ്പറ്റി പറഞ്ഞുവരുന്ന ഐതിഹ്യം രസാവഹമാണു്. അമ്പലപ്പുഴ ഉത്സവത്തിനു് കൂത്തു് ഒരു പ്രധാന ചടങ്ങാണു്. ഒരിക്കൽ ഉത്സവത്തിൽ മിഴാവു കൊട്ടാൻ ആളില്ലാതെ വന്നു. പതിവുകാരനു് എന്തോ ആശൗചം നേരിട്ടുവത്രേ. ജാതിയിൽ പാണിവാദനായിരുന്നെങ്കിലും മിഴാവു കൊട്ടുന്ന തൊഴിലിൽ ഇതേവരെ അദ്ദേഹം ഏർപ്പെട്ടിരുന്നില്ല. അതുകൊണ്ടു് ചില തെറ്റുകൾ സംഭവിച്ചുപോകയും ചാക്യാർ കഠിനമായി പരിഹസിക്കയും ചെയ്തുവത്രേ. ആ പകവീട്ടാനായി പിറ്റേദിവസം കൂത്തുസമയത്തു് പടിഞ്ഞാറേ കളിത്തട്ടിൽ കയറാതെ താളമേള പുരസ്സരം തുള്ളൽ നടത്തി. ആളുകളെല്ലാം കളിത്തട്ടിൽ കൂടി. നാടകശാലയുടെ കിഴക്കേ അറ്റത്താണു് കൂത്തു നടത്താറുള്ളതു്. അവിടെ കാണികളാരും ഇല്ലാതെ വന്നു. ഇങ്ങനെ എല്ലാദിവസങ്ങളിലും പതിവായി. ചാക്യാർ വിഷമിച്ചു് രാജാവിന്റെ അടുക്കൽ പരാതി പറഞ്ഞു. മേലാൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ മാത്രം തുള്ളൽ പാടില്ലെന്നു കല്പിക്കയാൽ, കരുമാടി, തകഴി, തലവടി തുടങ്ങിയ മറ്റു സ്ഥലങ്ങളിൽ മാത്രം തുള്ളൽ നടത്തിത്തുടങ്ങി. ഇക്കഥയിൽ എത്രമാത്രം വാസ്തവമുണ്ടെന്നറിയാൻ വിഷമമായിരിക്കുന്നു. ചാക്യാന്മാരുമായുണ്ടായ എന്തോ നീരസം തന്നെയായിരിക്കണം തുള്ളലിന്റെ നിമിത്തകാരണം എന്നു തോന്നുന്നു. ഇന്നും അമ്പലമ്പുഴക്ഷേത്രത്തിൽ തുള്ളൽ നടത്താറില്ലെന്ന സംഗതിയും സ്മരണീയമാണു്. താളപ്രസ്തരത്തിന്റെ കർത്താവായ കുഞ്ചനു് മിഴാവു കൊട്ടാൻ വശമില്ലായിരുന്നു എന്നു വിശ്വസിക്കാനും പ്രയാസമായിരിക്കുന്നു.

തുള്ളലിനുവേണ്ട സാമഗ്രികളെല്ലാം കേരളത്തിൽ മുമ്പുതന്നെ സ്ഥിതിചെയ്തിരുന്നു. ബുദ്ധിമാനായ നമ്പ്യാർ അവയെ എല്ലാം ചേർത്തു് ഒരു പുതിയ പ്രസ്ഥാനം ഏർപ്പെടുത്തി. ഈ വിഷയത്തെപ്പറ്റി പ്രൗഢനിരൂപകനായിരുന്ന പി. കെ. നാരായണപിള്ള അവർകൾ പറഞ്ഞിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം.

“ദക്ഷൻ ആക്ഷേപിച്ചതുകൊണ്ടു് കോപിഷ്ഠനായ ശിവൻ ജട നിലത്തടിച്ചപ്പോൾ വീരഭദ്രൻ ചാടി വീണതുപോലെ ചാക്യാരാൽ അധിക്ഷിപ്തനായ നമ്പ്യാർ അമ്പലപ്പുഴ എണ്ണക്കളിത്തട്ടിൽ കയറി നിന്നപ്പോൾ തുള്ളലിനു വേണ്ടതായ സകല സാമഗ്രികളും വന്നുകൂടി എന്നു ഭാവിക്കുന്നതു് ഭാഷയുടെ പൂർവചരിത്രത്തെക്കുറിച്ചു് ദയനീയമായ അജ്ഞതയെ പ്രദർശിപ്പിക്കയാകുന്നു.” ഇവിടെ ഒരു സംഗതി പറഞ്ഞുകൊള്ളട്ടെ. നമ്പ്യാരെപ്പറ്റി ഇപ്പോൾ പലേ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പി. കെ. നാരായണപിള്ള അവർകളുടെ കുഞ്ചൻനമ്പ്യാർ തന്നെയാണു് അവയുടെ കൂട്ടത്തിൽ പ്രാഥമ്യം വഹിക്കുന്നതു്. ആകൃതിയിൽ ചെറുതെങ്കിലും, നമ്പ്യാരുടെ കൃതികളെ സംബന്ധിച്ചുള്ള കൂലങ്കഷമായ ഒരു നിരൂപണം നാം അതിൽ കാണുന്നു. ഫലിതം ആസ്വദിക്കുന്നതിനു് അദ്ദേഹത്തിനുണ്ടായിരുന്ന ശക്തി അന്യാദൃശമായിരുന്നു എന്നു പറയാം. അഗാധസംസ്കൃതപണ്ഡിതനെങ്കിലും, സംസ്കൃതത്തിൽ എഴുതുന്ന കവിതയ്ക്കേ പ്രൗഢി കാണുകയുള്ളു എന്നു ശഠിക്കത്തക്കവണ്ണം അദ്ദേഹത്തിന്റെ മനസ്സു് കല്ലിച്ചുപോയിരുന്നില്ല. നിരന്തരസാഹിത്യപരിശീലനത്താൽ സംസ്കൃതചിത്തനായിത്തീർന്ന ആ പണ്ഡിതശിരോമണിയ്ക്കു് ഏതു രൂപത്തിലുള്ള സാഹിത്യവും ആസ്വദിക്കാൻ കഴിയുമായിരുന്നു. പുറംപോലെ ഹൃദയവും നിർമ്മലമായിരുന്നതുകൊണ്ടു് തന്റെ അഭിപ്രായങ്ങളെ ഖണ്ഡിക്കാൻ ഒരുമ്പെടുന്നവരോടു് ആമരണശത്രുത്വം കൈക്കൊള്ളുന്ന സമ്പ്രദായം അദ്ദേഹത്തിനില്ലായിരുന്നെങ്കിലും, എഴുത്തച്ഛൻ, ചെറുശ്ശേരി, നമ്പ്യാർ ഈ കവികളെപ്പറ്റി അധിക്ഷേപിക്കുന്നതു കേട്ടുംകൊണ്ടു് ക്ഷമിച്ചിരിക്കാൻ പലപ്പോഴും അദ്ദേഹത്തിനു കഴിയാതെ വന്നിട്ടുണ്ടു്. ഈ മൂന്നു കവികളേപ്പറ്റിയും അദ്ദേഹം എഴുതീട്ടുള്ള വിമർശനങ്ങൾ അവരേപ്പറ്റി വല്ലതും അറിയണമെന്നു് ആഗ്രഹമുള്ളവരെല്ലാം വായിച്ചിരിക്കേണ്ടതാണു്. ഈ പണ്ഡിതകേസരി സാഹിത്യവ്യാപാരം നിറുത്തി വക്കീൽപണിയിലും പിന്നീടു് ഹൈക്കോടതിജഡ്ജി ഉദ്യോഗത്തിലും പ്രവേശിച്ചതു് അദ്ദേഹത്തിന്റെ സന്താനങ്ങളുടെ ഭാഗ്യാതിരേകംകൊണ്ടായിരിക്കാം. കൈരളിയെ സംബന്ധിച്ചിടത്തോളം അതു് വലിയ ദൗർഭാഗ്യം ആയിപ്പോയി എന്നു പറയാതിരിപ്പാൻ നിവൃത്തിയില്ല. എന്നാൽ ഒരു സംഗതി തീർച്ചയാണു്. ഒരു നല്ല സാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹം സമാർജ്ജിച്ചിട്ടുള്ള യശസ്സു മാത്രമേ ശാശ്വതമായി നിലനിൽക്കയുള്ളു.

തുള്ളൽ പ്രസ്ഥാനത്തെപ്പറ്റി ചിന്തിക്കുമ്പോൾ താഴെ പറയുന്ന പ്രശ്നങ്ങൾ നമ്മുടെ മനസ്സിൽ ഉദക്കുന്നു.

  1. തുള്ളൽവൃത്തങ്ങൾ എങ്ങനെ ഉണ്ടായി? അവ നമ്പ്യാരുടെ സൃഷ്ടി തന്നെയോ?
  2. തുള്ളലിൽ കാണുന്ന കവിതാരീതി എങ്ങനെ ഉത്ഭവിച്ചു?
  3. ഈ രീതിക്കു പ്രചാരമുണ്ടാവാൻ കാരണമെന്തു്?

ഈ ചോദ്യങ്ങളിൽ ഓരോന്നിനും നാം മറുപടി പറയേണ്ടിയിരിക്കുന്നു. ഓട്ടൻ, ശീതങ്കൻ, പറയൻ എന്നു മൂന്നുമാതിരി തുള്ളലുകൾ ഉണ്ടല്ലോ. അവയെല്ലാമോ ഏതെങ്കിലുമോ നമ്പ്യാർ കണ്ടുപിടിച്ചതാണോ എന്നു നമുക്കു് ആദ്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ദ്രുതഗതിയിലുള്ളതായതിനാൽ ഓട്ടൻ എന്നും, മന്ദഗതിയിലുള്ളതായതിനാൽ ശീതങ്കൻ എന്നും ആദ്യത്തെ രണ്ടിനും പേരു നൽകിയതായിരിക്കാമെന്നു തോന്നുന്നു.

  1. അണിമതി ശകലവുമംബരനദിയും ഫണിമതിഫണഗണമണികളുമണിയും

എന്ന വൃത്തത്തിനു് ഏ. ആർ. തമ്പുരാൻ തരംഗിണി എന്നു പേർ നല്കിയിരിക്കുന്നു. ഈ വൃത്തം എത്ര പുരാതനമാണെന്നു്,

സം/സ്കൃത/മാ/കിന/ചെ/ങ്ങഴി/നീ/രും
ന/റ്റമി/ഴാ/കിന/പി/ച്ചക/മല/രും

എന്നു് ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ള പാട്ടിനോടു് അതിനെ താരതമ്യപ്പെടുത്തുമ്പോൾ വ്യക്തമാകും. ഇതേ വൃത്തം തന്നെ,

‘ആ/യത/ബാ/ഹു ച/തു/ഷ്ടയ/ശോ/ഭിത
രാ/യതി/നി/ർമ്മല/ഭ/സ്മോ/ദ്ധൂ/ളിത’

എന്നിങ്ങനെ നിരണത്തുകവിയും ഉപയോഗിച്ചിട്ടുണ്ടു്. ഇരുപത്തിനാലുവൃത്തത്തിലെ പതിന്നാലും പത്തൊൻപതും വൃത്തങ്ങളും ഇതുതന്നെ.

“വ/ഞ്ചിമ/ഹീ/പതി/വര/കുല/ശേ/ഖര-
ന/ഞ്ചിത/വിമ/ലമ/ഹാ/ഗുണ/സ/ഞ്ചയ-”
“ഗാ/ത്രം/പാ/തിപ/രി/ഗ്രഹ/മാ/ക്കീ
ഗോത്രം/ന/ല്ലൊ/രു/വി/ല്ലുമ/താ/ക്കീ”

എന്നിങ്ങനെ ഈ വൃത്തത്തെ ഓട്ടൻതുള്ളലിൽ പലേ രൂപത്തിൽ നാം കാണുന്നു.

ചമ്പുക്കളിലെ ഗദ്യത്തിൽ കാണുന്ന,

‘ഹര/ഹര/ശിവ/ശിവ/ചി/ത്രം/ചി/ത്രം
നിഷ/ധനൃ/പാ/ന്വയ/മകു/ടീ/ര/ത്നം’

എന്ന വൃത്തവും,

‘വരു/മിഹ/സം/പ്രതി/ദു/ർയോ/ധന/നും
പര/മസ/ഖൻ/മമ/പാ/ർത്ഥൻ/താ/നും’

എന്ന പതിനാലുവൃത്തത്തിലെ ഒന്നാംവൃത്തവും തരംഗിണി തന്നെയെന്നു പറയേണ്ടതില്ലല്ലോ. ചൊല്ലുന്ന രീതിയിലേ ഇവയ്ക്കു വ്യത്യാസമുള്ളു.

  1. ന ര ന ര
  2. ‘ചെറിയ/പൎപ്പടം/വലിയ/പൎപ്പടം കുറിയ/ചോറുമ/ക്കറിയു/മത്ഭുതം’

ഇതു് സംസ്കൃതത്തിലെ സുഖാവഹവൃത്തമാണു്. ഇതിനെ മാത്രാവൃത്തമാക്കിയാൽ അന്നനടയാകും.

‘വിവിധമിത്തരം പറഞ്ഞു കേഴുന്നോ-
രരചനെത്തൊഴുതുരയെയ്താൻ സുതൻ’

എന്ന കിളിപ്പാട്ടുവൃത്തത്തോടു താരതമ്യപ്പെടുത്തി നോക്കുക.

എന്ന കേകാവൃത്തത്തിന്റെ രൂപഭേദമാകുന്നു. നമ്പ്യാർ രണ്ടടികളിലും ൨൪ മാത്രകൾ ഘടിപ്പിച്ചിരിക്കുന്നു എന്നു മാത്രമല്ല, ഓരോ പദത്തേയും മദ്ധ്യത്തിൽ വച്ചു മുറിച്ചിട്ടു് ഓരോ ഖണ്ഡത്തിലും ദ്വിതീയാക്ഷരപ്രാസവും വച്ചിരിക്കുന്നു. അതിനാൽ ഏ. ആർ. തമ്പുരാൻ അതിനു് അർദ്ധകേക എന്നു പേർ നൽകിയിരിക്കുന്നു.

  1. ‘ഗുണദോ/ഷമറി/യുന്ന/ബുധന്മാ/രിക്കഥ/തന്റെ ഗുണദോഷം വിചാരിപ്പാനൊരുമ്പെട്ടു വസിക്കേണ്ട’.

ഇതു് അമ്പലപ്പുഴ വേലകളിയുടെ താളത്തിനു് ഒപ്പിച്ചു പാടിവരാറുള്ള,

‘ഒരു വേലയ്ക്കിരുവേല തകഴിലേപ്പകൽവേല’

എന്ന പാട്ടിന്റെ വൃത്തംതന്നെയാകുന്നു.

ഇതേ വൃത്തംതന്നെ ശീതങ്കനിലും പറയനിലും ഉപയോഗിച്ചിട്ടുമുണ്ടു്.

‘കുറവില്ലാതൊരു കിള്ളി-
ക്കുറിശ്ശി ശ്രീമഹാദേവൻ’ പറയൻ
‘കവിചൊല്ലി ഫലിപ്പിപ്പാ—
നെളുതല്ലെങ്കിലും നമ്മേ’ ശീതങ്കൻ
(൫)“പറന്നുചെന്നുടനേകവസ്തു
നിറഞ്ഞ കുണ്ഡിനവിഭൂതികണ്ടു” ൧൬ മാത്രകൾ
‘ദമനുടെ സോദരി സഖിമാരോടും
കമലസരസ്സിന്നരികേ നല്ലൊരു’ ൧൬ മാത്രകൾ

ഈ വൃത്തത്തിനും,

‘തലമുടിതന്നൊടു തോറ്റിട്ടസ്യാ
ജലധരപടലികൾ മുറയിടുമിന്നും’

എന്ന ചമ്പൂവൃത്തത്തിന്നും തമ്മിലുള്ള സാദൃശ്യം കാണുക. വൃത്തമഞ്ജരിയിൽ ഇതിനു് ‘ശിതാഗ്ര’ എന്നു പേർ നല്കിയിരിക്കുന്നു.

  1. ഭടജന/മുടനിള/കിന മദ/മൊടു പടു/തര വര/വുതുട/ങ്ങി നളചരിതം ഇതേ വൃത്തംതന്നെ പല ചമ്പുക്കളിലും കാണ്മാനുണ്ടു്.

പാമ്പിഴയുന്നതുപോലെ മന്ദഗതിയായതിനാൽ അജഗരഗമനാ എന്നു് ഇതിനു പേർ നല്കിയിരിക്കുന്നു. ഇതിൽ പ്രായേണ ലഘുമയമായ ആറു ചതുർമ്മാത്രഗണങ്ങളും ഒടുവിൽ ഒരു ഗുരവുമാണു വേണ്ടതു്. ചമ്പുക്കളിലാകട്ടെ,

‘ഉപരചി/തമരായി/ലൊരു കന/കമയതു/കിൽ തടവി/
നിരതിശ/യമധുരി/മനിധാ/നം’

എന്നിങ്ങനെ എട്ടു ചതുർമാത്രഗണങ്ങളും ഒടുവിൽ ഒരു ഗുരുവും കാണുന്നു. നമ്പ്യാർ രണ്ടു ഗണങ്ങളെ കുറച്ചിരിക്കുന്നു.

  1. എന്തിനിത്ര പറഞ്ഞു ദാനവനെന്തു സംഗതിയെന്നു നീ ചിന്തിയാത്തവനല്ല നിങ്ങടെ ബന്ധു ഞാനസുരൻ മയൻ’

ഇതു് ഇരുപത്തിനാലുവൃത്തത്തിലേ,

‘മിത്രബാന്ധവലോകരൊക്കയുമത്ര പോന്നു വരുംവിധൗ’

എന്ന സംസ്കൃതമല്ലികാവൃത്തം തന്നെ. ഇതു ചമ്പുക്കളിലും കാണുന്നുണ്ടു്.

ഇങ്ങനെ നോക്കിയാൽ നമ്പ്യാരുടെ എല്ലാ വൃത്തങ്ങളും പൂർവകവികൾക്കു പരിചിതങ്ങളായിരുന്നു എന്നു കാണാം.

ഇനി നമുക്കു തുള്ളലിലെ രീതിയെ സംബന്ധിച്ചാണു ചിന്തിപ്പാനുള്ളതു്. കേരളീയജനതയുടെ ഉപയോഗത്തിനായി രചിക്കപ്പെട്ടിരുന്ന കവിതകൾ വടക്കൻപാട്ടുകൾ മുതലായവയാണു്; എന്നാൽ അവ അഭ്യസ്തവിദ്യന്മാർക്കു് പൊതുവേ രുചിക്കുന്നവയല്ലായിരുന്നു. എഴുത്തച്ഛനാണു് ജനങ്ങളിൽ വിപുലമായ ജ്ഞാനതൃഷ്ണ അങ്കുരിപ്പിച്ചതു്. എന്നാൽ രാമായണാദികൃതികൾ എല്ലാവർക്കും ഒരുപോലെ വായിച്ചുരസിക്കുവാൻ കഴിയുന്നവയല്ലായിരുന്നു. വായനക്കാലങ്ങളിൽ അർത്ഥം പറയുന്ന ഒരു കൂട്ടരുടെ സഹായം അപേക്ഷിതമായ്‍ത്തീർന്നു. വായന ഒരു വഴിക്കു്; അർത്ഥം വേറൊരു വഴിക്കു്. ഇങ്ങനെ ആയിരുന്നു അർത്ഥംപറച്ചിൽകാരുടെ രീതി. ഏതായിരുന്നാലും ശ്രോതാക്കളിൽ ഭക്തിരസം ജനിപ്പിക്കുന്നതിനു് അവർ ശ്രമിക്കാതിരുന്നിട്ടില്ല. എഴുത്തച്ഛന്റെ കാലശേഷം പല ക്ഷുദ്രകവികളും പൗരാണികഥകളെ കിളിപ്പാട്ടായും ഊഞ്ഞാൽപ്പാട്ടുകളായും തിരുവാതിരപ്പാട്ടുകളായും കുറത്തിപ്പാട്ടുകളായും രചിച്ചു് സാധാരണക്കാരുടെ പുരാണകഥാശ്രവണവിഷയകമായ തൃഷ്ണയെ പൂരിപ്പിച്ചുകൊണ്ടിരുന്നു. ഇന്നും ഇത്തരം കൃതികളുടെ എത്ര എത്ര പ്രതികളാണു് പ്രതിവർഷം വിറ്റുവരുന്നതെന്നോർക്കുമ്പോൾ, ആ ചെറുകവികൾക്കും കേരളീയസംസ്കാരത്തിന്റെ ജനയിതാക്കളുടെ കൂട്ടത്തിൽ ഒരു സ്ഥാനമുണ്ടെന്നു കാണാവുന്നതാണു്.

പൗരാണികകഥകളെ പണ്ഡിതന്മാർക്കും പാമരന്മാർക്കും ഒരുപോലെ രസിക്കത്തക്ക വിധത്തിൽ ഫലിതരസപൂർണ്ണമായവിധത്തിൽ ആദ്യമായി വ്യാഖ്യാനിച്ചുകൊടുത്തവർ ചമ്പൂകാരന്മാരാണു്. എന്നാൽ ചാക്യാർകൂത്തിനും പാഠകത്തിനും ക്ഷേത്രവളപ്പിനു വെളിയിൽ പോവാൻ അനുവാദമില്ലാതിരുന്നതുകൊണ്ടു് അവ പൊതുജനങ്ങൾക്കു പൊതുവേ പ്രയോജനപ്പെട്ടില്ല. പക്ഷെ ഒരു സംഗതിയിൽ ചമ്പൂകാരന്മാർ വലിയ സഹായമാണു് ചെയ്തതു്. പ്രാചീനസങ്കേതങ്ങളെയും കൃത്രിമ നിയമങ്ങളെയും ഗണ്യമാക്കാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനു് അവരാണു് ആദ്യമായി തുനിഞ്ഞതെന്നു് നിസ്സംശയം പറയാം. സംസ്കൃതവൃത്തങ്ങളിൽ രചിക്കപ്പെട്ടിരുന്ന ശ്ലോകങ്ങളേയും സംസ്കൃതഗദ്യത്തെത്തന്നെയും സംബന്ധിച്ചിടത്തോളം ചമ്പൂകാരന്മാരും പൂർവകവിസങ്കേതങ്ങളേയും നിയമങ്ങളേയും അനുകരിക്കാതിരുന്നില്ല. എന്നാൽ ഭാഷാഗദ്യത്തിന്റെ സ്ഥിതി അങ്ങനെയല്ല. കഴിയുന്നിടത്തോളം ചുറ്റുമുള്ള സംഗതികളുടെ ഒരു ഛായകൂടി അവയിൽ പതിഞ്ഞുകാണുന്നുണ്ടു്.

ആട്ടക്കഥകൾ ദൃശ്യകാവ്യങ്ങളായതിനാൽ അവ ജനങ്ങളെ വിനോദിപ്പിച്ചു കർത്തവ്യകുതുകികളാക്കാൻ പര്യാപ്തം തന്നെ. പക്ഷേ അവയിൽ സാഹിത്യാംശം സാധാരണ ജനതയെ സംബന്ധിച്ചിടത്തോളം ദുർഗ്രഹമായിരിക്കുന്നു എന്നു മാത്രമല്ല അവയിലെല്ലാം പ്രാചീനകവികളുടെ കൃത്രിമസങ്കേതങ്ങളെ വള്ളിപുള്ളിവിസർഗ്ഗം വിടാതെ അനുഷ്ഠിക്കയും ചെയ്തിരിക്കുന്നു.

ഈ ന്യൂനതകളെ പരിഹരിച്ചു് പണ്ഡിതന്മാർക്കും പാമരന്മാർക്കും ഒരുപോലെ രസിക്കത്തക്കവണ്ണവും എന്നാൽ സാഹിത്യധർമ്മത്തെ വ്യഭിചരിപ്പിക്കാതെയും ഒരു നവീനപ്രസ്ഥാനം തുടങ്ങുന്നതിനാണു് നമ്പ്യാർ ശ്രമിച്ചതു്. കേവലം വിനോദത്തിനു മാത്രമേ വക ഉള്ളുവെന്നു വന്നാൽ വിദ്വാന്മാർക്കു രസിക്കയില്ല; വെറും വിജ്ഞാനമയമായിരുന്നാലോ? ജനസാമാന്യത്തിനു് വേഗം ചെടിയ്ക്കുയും ചെയ്യും. അതുകൊണ്ടു് വിനോദത്തെ വിജ്ഞാനത്തോടു കൂട്ടിയിണക്കി,

‘പടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരു’ മാറു് ചാരുകേരളഭാഷതന്നെ ഉപയോഗിച്ചു് ഒരു സാഹിത്യസരണി ഉദ്ഘാടനംചെയ്‍വാൻ ധൈര്യമുണ്ടായ നമ്പ്യാരെ എത്രതന്നെ പ്രശംസിച്ചാലും മതിയാവുകയില്ല. അതിനുള്ള സാമഗ്രികൾ എല്ലാം അടുത്തുതന്നെയുണ്ടായിരുന്നു താനും. അവയെ എല്ലാം കൂട്ടിച്ചേർത്തു് നമ്പ്യാർ തന്റെ മനോധർമ്മമാകുന്ന മൂശയിൽ വച്ചു വാർത്തെടുത്തതാണു് തുള്ളൽപ്രസ്ഥാനം. ഈ വിഷയത്തെപ്പറ്റി മി: പീ. കേ. നാരായണപിള്ള പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളെ ഇവിടെ ഉദ്ധരിക്കാം. “സംസ്കൃത കവികളുടെ അനുകരണം ദുസ്സഹമായി വന്നുതുടങ്ങിയപ്പോൾ, വേറെ മാർഗ്ഗത്തിൽ പ്രവർത്തിക്കാം എന്നു വിചാരിച്ചിരുന്നാൽ കിളിപ്പാട്ടുകൾ എന്നും കഥകളിപ്പാട്ടുകൾ എന്നും രണ്ടു കവിതാദ്വാരങ്ങൾ അല്ലാതെ തുറന്നിട്ടുണ്ടായിരുന്നില്ല. ഈ രണ്ടു രീതിക്കും ഉള്ള വൈകല്യങ്ങൾ അവയിലേയ്ക്കു നമ്പ്യാരെ ആകർഷിക്കാതിരുന്നതായിരിക്കണം. മഹാനായ എഴുത്തച്ഛന്റെ കിളിപ്പാട്ടിനു വിഷയീകരിച്ച ദിവ്യങ്ങളും പരിശുദ്ധങ്ങളും ആയ വിഷയങ്ങളും അദ്ദേഹത്തിന്റെ സരളബന്ധങ്ങളായ വാക്യങ്ങളും പാകവും കാണുന്ന ഒരു കവിക്കു് ആ പന്ഥാവിൽ പ്രവേശിച്ചു് സ്വാതന്ത്ര്യം കാണിക്കാമെന്നോ എഴുത്തച്ഛനു തുല്യനായിക്കൊള്ളാമെന്നോ ഒരു ദുർമ്മോഹവും ജനിക്കയില്ല. കാവ്യരചന കഴിഞ്ഞു് നമ്പ്യാർതന്നെ ചാണക്യസൂത്രം നളചരിതം ഇവ കിളിപ്പാട്ടായി എഴുതിയിട്ടു് അതൃപ്തനെന്നപോലെ ആ രീതിയിൽനിന്നു വിരമിച്ചതായി തോന്നുന്നു. പഞ്ചതന്ത്രം എഴുതാൻ ഇടയായതു് വല്ല പ്രേരണയാലും ആയിരിക്കും. കൃഷ്ണഗാഥാകർത്താവിന്റെ വൃത്തത്തിൽ കവിത എഴുതാം എന്നു വിചാരിച്ചു് നമ്പ്യാർ കുമാരപുരേശ്വരീസ്തോത്രവും ശീലാവതിയും കുറേ എഴുതിയതായി കാണുന്നു. എന്നാൽ ചെറുശ്ശേരിയുടെ ഇഴഞ്ഞ മട്ടു് ചൊടിപ്പു കൂടുന്ന നമ്പ്യാർക്കു് വളരെ പിടിച്ചിരിക്കാൻ ഇടയില്ല. ഇരുപത്തിനാലുവൃത്തം മുതലായവയുടെ മുഖ്യവൈഷമ്യം ഓരോ ശ്ലോകത്തിലും ഓരോ ആശയം ഉണ്ടായിരിക്കേണ്ടതാകയാൽ ക്രമപ്രവൃദ്ധമായും നിരന്തരമായും ഒരു കാര്യത്തെ പ്രതിപാദിക്കുവാൻ ആ രീതിയിൽ ഉള്ള നിർവാഹശൂന്യതയാകുന്നു. ഇരുപത്തിനാലുവൃത്തം മുതലായവ അനേക മണികൾ ചേർത്തിട്ടുള്ള മാലപോലെയാണു്. ജപിക്കുമ്പോൾ ഓരോ മണിയിലും എണ്ണേണ്ട ആവശ്യമുള്ളതുപോലെ ഓരോ ശ്ലോകത്തിലും നാം നില്ക്കേണ്ടതായി വരുന്നു. വെള്ളം ഒഴിക്കുമ്പോഴുള്ള ധാരപോലെ കവിതയ്ക്കു് അതിൽ അസാധ്യമാകുന്നു. പിന്നെയും കിളിപ്പാട്ടു മുതലായ മുൻ പറഞ്ഞ കവിതകൾക്കുള്ള ഒരു കുറവു് അതിൽ നാടകാദികളെപ്പോലെ പ്രത്യക്ഷമായും പ്രബലമായും കണ്ടു രസിക്കത്തക്കവിധത്തിൽ രസപുഷ്ടി വരുത്തുവാൻ പാടില്ല എന്നുള്ളതാണു്. ആട്ടക്കഥ കണ്ടുരസിക്കുവാൻ ആട്ടക്കാരനും കാണാൻ ചെല്ലുന്നവനും അഭ്യാസം വേണ്ടതാകുന്നു. പോരെങ്കിൽ ആട്ടക്കഥകളുടെ വിഷമങ്ങൾ സ്വർഗ്ഗലോകത്തും, പാതാളത്തിലും, ഹസ്തിനപുരത്തും, ദ്വാരകയിലും സംഭവിച്ചതായി കവികൾ ഭാവിക്കുന്നതിനു പുറമേ ചുറ്റും നടക്കുന്ന സംഗതികളുടെ ഒരു ഛായ കൂടി സ്വകൃതികളിൽ പതിക്കുമ്പോൾ ആട്ടക്കഥാകർത്താക്കൾ സമ്മതിക്കുന്നുമില്ല. നീരസങ്ങളായ സങ്കേതങ്ങളും ആട്ടക്കഥാകവികൾ അനുഷ്ഠിക്കേണ്ടതായിട്ടുണ്ടു്. സംസ്കൃതകാവ്യങ്ങൾ പഠിച്ചു് ആട്ടക്കഥാകവികളുടെ ബുദ്ധി കല്ലിച്ചുപോയതുകൊണ്ടായിരിക്കാം മലയാളപദങ്ങൾ ഉപയോഗിക്കുന്നതിൽ അവർ വിരസന്മാരായി കാണപ്പെടുന്നതു്. ചാക്യാർകുത്തു് പൊതുജനങ്ങളാൽ ഗ്രാഹ്യവും പ്രത്യക്ഷരസമുള്ളതുമാകുന്നു. എന്നാൽ പറഞ്ഞു തീരുന്നതോടുകൂടി അതു നശിച്ചുപോകുന്നതും ശ്രവണേന്ദ്രിയവിഷയമായ സംഗീതരസം അതിനു ലേശവും ഇല്ലാത്തതും ആണെന്നുള്ള രണ്ടു മുഖ്യ ആക്ഷേപങ്ങൾ ഇതിലും കാണ്മാനുണ്ടു്. ആകയാൽ കിളിപ്പാട്ടുകളിലെപ്പോലെ നല്ല വൃത്തനിയമത്തെ അനുസരിച്ചു് സംഗീതരസം കൊടുക്കുന്നതും ആട്ടത്തിലെപ്പോലെ സാമാന്യമായി അഭിനയമുള്ളതുമായ ഒരു കൂത്തു കണ്ടുപിടിച്ചാൽ അതു് ഒരു പുതിയ സാഹിത്യമാർഗ്ഗമായിരിക്കുമെന്നുള്ള ബുദ്ധി നമ്പ്യാർക്കു് ഉണ്ടായിരുന്നിരിക്കണം. വാസ്തവത്തിൽ തുള്ളൽക്കഥകൾ വൃത്തനിയമത്തോടുകൂടി അഭിനയിക്കപ്പെടുന്ന ചാക്യാർകൂത്തുകളാകുന്നു.”

‘ഭടജനങ്ങടെ നടുവിലുള്ളൊരു
പടയണിക്കിഹ ചേരുവാൻ
വടിവിയെന്നൊരു ചാരുകേരള-
ഭാഷതന്നെ ചിതം വരൂ’

എന്നു പറഞ്ഞിട്ടുള്ളതിൽനിന്നു് നമ്പ്യാരുടെ ഉദ്ദേശ്യം വ്യക്തമാകുന്നുണ്ടു്. വേലകളി യുദ്ധച്ചടങ്ങുകളെ അനുകരിച്ചുള്ള ഒരു വിനോദമാണു് ‘തീത്തീത്തകത്തെയ് തെയ് തോ’; ‘വെളുത്തേരിൽ പട കേറി, തുണി കീറി മുണ്ടു കീറി’ ഇത്യാദി താളമൊപ്പിച്ചുള്ള വൃത്തങ്ങൾ നമ്പ്യാർ സ്വീകരിച്ചു. വേലകളിക്കാരുടെ ഉടുത്തുകെട്ടും മറ്റും വേഷവിധാനത്തിൽ നമ്പ്യാർ അനുകരിച്ചിട്ടില്ലയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പടയണിക്കു് അശ്ലീലങ്ങളായ പാട്ടുകളാണു് സാധാരണ പാടാറുള്ളതെങ്കിലും, നാട്ടിലെ പ്രധാന സംഭവങ്ങളേയും രാഷ്ട്രീയകാര്യങ്ങളേയും അധികരിച്ചു് പാട്ടുകൾ നിർമ്മിച്ചു പാടുന്ന പതിവു് ചേർത്തലപ്പൂരത്തിനും മറ്റും സാധാരണമായിരുന്നു. പല്ലവി മാത്രം ‘തെറി’ ആയിരിക്കുമെന്നേയുള്ളു. അശ്ലീലത കലർത്താതെ നാട്ടുകാര്യങ്ങളെ വിമർശിക്കുന്ന സമ്പ്രദായം ചമ്പുകളിൽനിന്നും പടയണികളിൽനിന്നും നമ്പ്യാർ പകർത്തിയതായിരിക്കണം.

തുള്ളലിനു് ഇത്രമാത്രം പ്രചാരം വരാനുള്ള പ്രധാന കാരണം അതിൽ ആപാദചൂഡം വ്യാപിച്ചിരിക്കുന്ന ഫലിതം ആകുന്നു. രണ്ടാമതായി ചുറ്റുപാടും നടക്കുന്ന സംഗതികൾ അതിൽ നിഴലിച്ചുകാണുന്നതുകൊണ്ടു് പൊതുജനങ്ങൾക്കു് അതു സുഗ്രഹമായിരിക്കുന്നു. മൂന്നാമതായി നമ്പ്യാരുടെ വിപുലമായ ലോകാനുകമ്പ തുള്ളലിന്റെ ഓരോ വരികളിലും കാണുന്നുണ്ടു്. ‘കുറവും കുറ്റവും നോക്കി പറവാനങ്ങൊരുകൂട്ടം തുറിക്കണ്ണു മിഴിച്ചങ്ങു മറുഭാഗേ വസിക്കുന്നു’–എന്നിങ്ങനെ അദ്ദേഹം തന്നെ ‘കുറ്റമ്പറവാൻ കുറ്റികണക്കേ’ വസിക്കുന്നവരെ കഠിനമായി പരിഹസിച്ചിട്ടുള്ളതാനാൽ അദ്ദേഹത്തിന്റെ പരിഹാസം കേവലം ഛിദ്രാന്വേഷണബുദ്ധിയിൽ നിന്നു് ജനിച്ചിട്ടുള്ളതല്ലെന്നുകാണാം. എല്ലാവരും അവരവരുടെ കർത്തവ്യങ്ങളിൽ കുതുകികളായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർബന്ധം. അവയിൽ അനാസ്ഥ കാണിച്ചാൽ അദ്ദേഹം പരിഹസിക്കാതെ വിടുകയില്ല. എന്നാൽ ആ പരിഹാസം മനുഷ്യവിദ്വേഷത്തിൽ നിന്നു ജനിച്ചതേ അല്ല; വിശാലമായ അനുകമ്പയുടെ പരിപക്വഫലമാകുന്നു.

അമ്പലപ്പുഴെ വച്ചു് നമ്പ്യാർ രചിച്ചിട്ടുള്ള കൃതികൾ രാഘവീയം, അംബരനദീശ്വരസ്തോത്രം, ഭാഗവതചമ്പു, ഗീതാരാമം, ലീലാവതീവീഥി എന്നീ സംസ്കൃതകൃതികളും ശ്രീകൃഷ്ണചരിതം മണിപ്രവാളവും, ചാണക്യസൂത്രം, പഞ്ചതന്ത്രം, നളചരിതം എന്നീ കിളിപ്പാട്ടുകളും ഭാഗവതം ഇരുപത്തിനാലുവൃത്തവും, കല്യാണസൗഗന്ധികം, കിരാതം, രുഗ്മിണീസ്വയംവരം, ഘോഷയാത്ര, സ്യമന്തകം, ലങ്കാമർദ്ദനം, സത്യാസ്വയംവരം, ത്രിപുരദഹനം, പുളിന്ദീമോക്ഷം, ഗജേന്ദ്രമോക്ഷം, നാളായണീചരിതം, ഗണപതിപ്രാതൽ ഇവ ആകുന്നു. വസ്തുനിർദ്ദേശത്തോടുകൂടി സമാരംഭിക്കപ്പെടുന്ന കഥകളിൽ ചിലതും അമ്പലപ്പുഴവച്ചുതന്നെ രചിച്ചതായ്‍വരാം. ബാല്യുത്ഭവം, അഹല്യാമോക്ഷം, ഹിഡിംബവധം, രാമാനുകരണം, നളചരിതം, പാത്രചരിതം, ഐരാവതപൂജ, കാർത്തവീര്യവിജയം, പ്രഹ്ലാദചരിതം, സുന്ദോപസുന്ദോഹാഖ്യാനം, രാവണോത്ഭവം ഇവയെ ആ കൂട്ടത്തിൽ മി: പീ. കേ. ഉൾപ്പെടുത്തിയിരിക്കുന്നു.

രാഘവീയം അമ്പലപ്പുഴെ വച്ചു് എഴുതപ്പെട്ടിട്ടുള്ളതാണെന്നുള്ളതിനു്,

‘സാരസ്യൈകസമാശ്രയോഽബുജധുനീ ലീലാരതസ്സന്തതം
രാജീവേക്ഷണരാജഹംസപൃഥുകോ യന്മാനസേ ഖേലതി
തസ്മാഭാശ്രിതനന്ദനാൽ സുമനസാം സംസേവിതാൽ സഞ്ചയൈഃ
കോവാ കല്പതരോരിവാത്ര ഭവതോ ലോകാനവാപ്തേപ്സിതഃ’

എന്ന ശ്ലോകത്തിൽ നിന്നു തെളിയുന്നു.

അംബരനദീശ്വരസ്തോത്രത്തിന്റെ അവസാനത്തിൽ,

‘ഭൂതേഷ്ഠ സർവേഷ്വപി നിർവിശേഷം
ഭൂയസ്തരാമാഹിതകാരുണീകം
ഭൂദേവതാമംബരവാഹിനീശം
ശ്രീദേവനാരായണമാശ്രയാമഃ.’

എന്നും, ഭാഗവതചമ്പുവിന്റെ പ്രാരംഭത്തിൽ,

‘ശ്രീനാരായണഭട്ടപാദഗുരുപാദാനാം കൃപാനുഗ്രഹഃ
ശ്രീകൃഷ്ണസ്യ കഥാം കഥാപയതി യം ചമ്പൂ പ്രബന്ധാത്മികാം
രാമോ നാമ സ പാണിവാദകലജഃ പാണീ ശിരസ്യർപ്പയൻ
ബ്രഹ്മഭ്യഃ പ്രണതിം കരോതി ഖലു വസ്സഭ്യാസ്സമഭ്യാഗതാഃ’

എന്നും, ഗീതരാമത്തിന്റെ ഉപോദ്ഘാതത്തിൽ,

‘ശ്രീമദ്ബോധായനേന സ്വയമുപരചിതം ചാരുരാമായണം യ-
ച് ഛ്രുത്വാ ഗുഢം തദേതന്മഹിതജനമഹാമംഗലേ രംഗദേശേ
രാമഃ ശ്രീദേവനാരായണധരണിപതേരാജ്ഞയാ പാണിവാദോ
ഗേയം ലീലാനുകൂലം കലയതി കൃപയാ സൂരയഃ പൂരയന്തു’

എന്നും, ലീലാവതീവീഥിയിൽ,

‘നിത്യം സന്നിദധദംബരധുനീനാഥപരിചരണപരായണസ്യ മഹാരാജ
ദേവനാരായണസ്യ പാദപത്മോപജീവിനാ’

എന്നും പറഞ്ഞുകാണുന്നതിൽ നിന്നു് ഇവയെല്ലാം അമ്പലപ്പുഴെ താമസിക്കുന്ന കാലത്തു് വിരചിതമാണെന്നു സ്പഷ്ടം. ശ്രീകൃഷ്ണചരിതത്തിന്റെ ചില താളിയോലപ്പകർപ്പുകളിൽ,

‘രാമേണ പാണിവാദേന രചിതേ മിശ്രസംസ്കൃതേ
ശ്രീകൃഷ്ണചരിതേ കാവ്യേ മുതൽസർഗ്ഗഃ സമാപിതഃ’

എന്നും, പഞ്ചതന്ത്രത്തിന്റെ അവസാനത്തിൽ,

‘ശ്രീമദംബരവാഹിന്യാം ധാമനിസ്ഫുടമുല്ലസൻ
ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവീതു നഃ’

എന്നും കാണ്മാനുണ്ടു്. തുള്ളലുകളിൽ, കിരാതം

‘ഗുരുനാഥൻ മമ ഗുണഗണമേറിയ ധരണിസുരോത്തമനരുളുകമൂലം’

അമ്പലപ്പുഴെ വച്ചു് എഴുതിയതാണെന്നുള്ളതിനു് അതിൽത്തന്നെ,

‘നരപതി കുലപതി ധരണീസുരപതി
നിരവധി ഗുണഗണനിധിപതിസദൃശൻ
പെരുകിന ചെമ്പകനാടാകുന്നൊരു
സുരവരനാട്ടിനനാഹരരത്ന’

മായ ദേവനാരായണനെ പ്രശംസിച്ചിരിക്കുന്നതുകൊണ്ടു മനസ്സിലാക്കാം.

രുഗ്മിണീസ്വയംവരം അമ്പലപ്പുഴെ കൃഷ്ണനെ സ്തുതിച്ചുകൊണ്ടാണാരംഭിക്കുന്നതു്. എന്നാൽ അതിൽ ‘ഇന്ദുകാനനസ്ഥലേ വിളങ്ങിന’ അംബികയേയും, കുടമാളൂർ വേട്ടയ്ക്കൊരു മകനേയും കൂടി വന്ദിച്ചിട്ടുള്ളതിനാൽ, കവി തിരുവനന്തപുരത്തു താമസമാക്കുന്നതിനുമുമ്പു് രചിച്ചതായിരിക്കാം ഇക്കൃതി എന്നു മാത്രമേ ഊഹിപ്പാൻ തരമുള്ളു. ഘോഷയാത്രയെപ്പറ്റി സംശയിപ്പാനേ ഇല്ല. അതിൽ ‘ധരണിസുരപ്രഭു ചെമ്പകനാടാമരവിന്ദാകരദിനകരനരച’നെ പ്രശംസിച്ചിട്ടുണ്ടല്ലോ. കാർത്തവീർയ്യാർജ്ജുനവിജയം വസ്തുനിർദ്ദേശത്തോടുകൂടി ആരംഭിച്ചിരിക്കുന്നതിനാൽ അതിനെപ്പറ്റി ഒന്നും ഖണ്ഡിതമായി പറയാൻ സാധിക്കാതെ ഇരിക്കുന്നു. സ്യമന്തകത്തിൽ,

‘ചെമ്പകശ്ശേരിനാട്ടിലിമ്പമായ്‍വാണരുളും
തമ്പുരാനെന്റെ ദേവനാരായണഭൂപാലൻ
കെല്പോരു കരുണയാലെപ്പേരും കനിഞ്ഞെന്നെ’

എന്നു കാണുന്നതുനിമിത്തം അതിനെപ്പറ്റിയും സന്ദേഹത്തിനു വഴിയില്ല. എന്നാൽ നളചരിതത്തിൽ ‘കിള്ളിക്കുറിശ്ശിയിലമരും ഗംഗാധരനെ’ മാത്രം വാഴ്ത്തിയിരിക്കുന്നതുകൊണ്ടും, മറ്റു് ആന്തരമായ തെളിവുകൾ ഒന്നും കാണാത്തതുകൊണ്ടും അതിന്റെ നിർമ്മിതികാലം ഖണ്ഡിതമായി നിർണ്ണയിക്കാൻ പ്രയാസമായിരിക്കുന്നു. ഒരുപക്ഷേ, കിള്ളിക്കുറിശ്ശിയിൽ വച്ചുതന്നെ രചിക്കപ്പെട്ടതാണെന്നു വരാം. ലങ്കാമർദ്ദനത്തിൽ ഗുരുവായൂരപ്പനെയും, ‘സുരതോയാഞ്ചിതപുരവര’ (അമ്പലപ്പുഴകൃഷ്ണൻ) നെയും, ഹരിപ്പാട്ടു സുബ്രഹ്മണ്യനേയും വന്ദിച്ചുകാണുന്നു. അമ്പലപ്പുഴെ വച്ചു് നിർമ്മിച്ചതായിരിക്കാനാണു് അധികം സാംഗത്യം. അഹല്യാമോക്ഷത്തിലും, ബാണയുദ്ധത്തിലും, പാത്രചരിതത്തിലും പ്രാരംഭത്തിൽ വസ്തുനിർദ്ദേശം മാത്രമേയുള്ളു. സന്താനഗോപാലത്തിൽ ‘കിള്ളിക്കുറിശ്ശിയമർന്ന ദേവനെ’ മാത്രമേ വന്ദിച്ചുകാണുന്നുള്ളുവെങ്കിലും അതു് അമ്പലപ്പുഴെ വച്ചു് നിർമ്മിക്കപ്പെട്ടതുതന്നെ ആയിരിക്കണമെന്നു തോന്നുന്നു. സീതാസ്വയംവരം അഹല്യാമോക്ഷത്തിനു ശേഷമെഴുതിയതാണെന്നു മാത്രം അറിയാൻ മാർഗ്ഗമുണ്ടു്. അതും വസ്തുനിർദ്ദേശപൂർവമാണു് ആരംഭിച്ചിരിക്കുന്നതു്. ലീലാവതീചരിതവും, രാവണോത്ഭവവും, ബാലിവിജയവും തഥൈവ, സത്യാസ്വയംവരം അമ്പലപ്പുഴെ വച്ചു് രചിക്കപ്പെട്ടതുതന്നെ എന്നു് അതിൽ മാത്തൂർ ഭഗവതി, അമ്പലപ്പുഴെ കൃഷ്ണൻ, കള്ളർകോട്ടു ശിവൻ മുതലായി അവിടെ ഉള്ള ദേവന്മാരെ മാത്രം വന്ദിച്ചിരിക്കുന്നതുകൊണ്ടു് ഊഹിപ്പാൻ വഴിയുണ്ടു്. ചന്ദ്രാംഗതചരിതത്തിന്റേയും ഹിഡിംബവധത്തിന്റേയും കാലം നിർണ്ണയിപ്പാൻ ഒരു മാർഗ്ഗവും കാണുന്നില്ല. കല്യാണസൗഗന്ധികം നമ്പ്യാരുടെ ആദ്യത്തെ കൃതിയാണെന്നാണല്ലോ പറഞ്ഞുവരുന്നതു്. അതുകൊണ്ടു് അതു് എവിടെവച്ചു രചിക്കപ്പെട്ടുവെന്നുള്ള പ്രശ്നമേ ഉദിക്കുന്നില്ല. പോരെങ്കിൽ ചെമ്പകനാട്ടിന്നലങ്കാരഭൂതനായ ദേവനാരായണസ്വാമിയെ അതിൽ വാഴ്ത്തീട്ടുമുണ്ടല്ലോ. ബാല്യുത്ഭവത്തിൽ കവി യാതൊരു സ്തുതിയും കൂടാതെ നേരെ കഥയിൽ പ്രവേശിച്ചിരിക്കുന്നു. ത്രിപുരദഹനവും, പുളിന്ദീമോക്ഷവും, ഗണപതിപ്രാതലും ചെമ്പകനാട്ടിൽ വച്ചു് നിർമ്മിക്കപ്പെട്ടവയാണെന്നു്,

‘ചെമ്പകശ്ശേരിനാടുവാണീടുമെന്നുടെ തമ്പുരാനെ’ ത്രിപുരദഹനത്തിലും, അമ്പലപ്പുഴതാലൂക്കിലുള്ള ദേവന്മാരെ മാത്രം പുളിന്ദീമോക്ഷത്തിലും,

‘ചെമ്പകനാട്ടിന്നലങ്കാരരത്നമാം
ചെമ്പകപ്പൂവൊത്ത തമ്പുരാ’നെ

ഗണപതിപ്രാതലിലും വാഴ്ത്തിയിരിക്കുന്നതിൽനിന്നൂഹിക്കാം.

ഇനി നമുക്കു് ഈ തുള്ളൽപ്പാട്ടുകളുടെ നിർമ്മാണകാലം ഏതായിരുന്നു എന്നാണു് കണ്ടുപിടിക്കേണ്ടതു്. ൯൧൦-നും ൯൨൩-നും മധ്യേ ആയിരിക്കണം എന്നു് മി: പി. കേ. ഊഹിക്കുന്നു. ‘൯൨൩’ ചെമ്പകശ്ശേരിയെ അമ്പലപ്പുഴയോടു ചേർത്തകാലമായിട്ടാണു് അദ്ദേഹം പറഞ്ഞിരിക്കുന്നതു്. എന്നാൽ അമ്പലപ്പുഴ തിരുവിതാംകൂറിനോടു ചേർക്കപ്പെട്ടതു് ൯൨൯-ൽ ആയിരുന്നു എന്നുള്ളതിനു് അപ്രതിഷേധ്യമായ രേഖകൾ ഉണ്ടു്. കൊച്ചിയിലെ ഒരു ഗ്രന്ഥവരിയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

“പെരുമ്പടപ്പിൽസ്വരൂപത്തിങ്കലെ പുരുഷാരം ൯൨൯-ാമതു ധനുമാസം ൧൨-ാം തീയതി കൊടമാളൂരുമഠത്തിലും അമ്പലപ്പുഴമഠത്തിലും കടന്നിരുന്നു. പുറക്കാട്ടു് ആനന്ദേശ്വരത്തുവച്ചു് കടലറ്റം കായലറ്റം വാടയും കുറ്റിയും തീർത്തു പാർത്തതിന്റെ ശേഷം ൧൮-ാം തീയതി ശനിയാഴ്ച ഉഷസ്സിന്നു തൃപ്പാപ്പിസ്വരൂപത്തിങ്കലെ പുരുഷാരം വന്നു് വെടിയും പടയും ഉണ്ടായി. അപ്പുറത്തും ഇപ്പുറത്തും ഏറിയ ആൾഅപായവും വന്നു. പെരുമ്പടപ്പിൽസ്സ്വരൂപത്തിങ്കലെ പുരുഷാരം വടക്കോട്ടു് ഒഴികയും ചെയ്തു. അതിന്റെ ശേഷമായിട്ടു് അമ്പലപ്പുഴെ മഠത്തിലോളം പട കയറി മഠത്തിൽവച്ചു് പാലിയത്തു് കോമിഅച്ചനേയും കോടാശ്ശേരി അഞ്ചാംകയ്മളേയും പനമുക്കത്തു മൂന്നാംകയ്മളേയും ചങ്ങരങ്കോത മൂത്തകയ്മളേയും ഇട്ടിക്കേളമേനോനേയും തോട്ടാശ്ശേരി തലച്ചെന്നവരുടെ അനന്തിരവൻ ചീരാമൻ ഉണ്ണിയേയും പിടിച്ചു ബദ്ധപ്പെടുത്തുകയും ചെയ്തു. ചെമ്പകശ്ശേരി വലിയതമ്പുരാനെ അവിടുന്നു് ഒഴിച്ചു് കൊടമാളൂരു് ആക്കുകയും ചെയ്തു. അതിൽ ഇട്ടിക്കേളമേനോനേയും ചീരാമനുണ്ണിയേയും അപായം വരുത്തി. ശേഷം നാലുപേരേയും ദ്രവ്യം വാങ്ങിക്കൊണ്ടു് അയയ്ക്കുകയും ചെയ്തു.”

അതുകൊണ്ടു് ൯൧൦-നും ൯൩൦-നും മദ്ധ്യേ ആയിരിക്കണം എന്നു് ആ അഭിപ്രായത്തെ തിരുത്തി വായിക്കേണ്ടിവരുന്നു. ൯൧൮-ാമാണ്ടത്തെ അല്പശിഉത്സവത്തിനു് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ഒരു തകഴീക്കുറുപ്പിനെ ചാർത്തിയിരുന്നതായി തിരുവനന്തപുരം Central vernacular records-ൽ രേഖയുള്ളതായി അറിയുന്നുണ്ടു്. ൯൧൮-നു മുമ്പേ തുള്ളലിനു് തിരുവന്തപുരംവരെ പ്രചാരം വന്നതായി ആ രേഖയിൽ നിന്നു തെളിയുന്ന സ്ഥിതിക്കു് അതിന്റെ ആവിർഭാവം ൯൧൦-നും ൯൧൮-നും മദ്ധ്യേ ആയിരുന്നു എന്നു് കുറേക്കൂടി നിഷ്കൃഷ്ടമായി പറവാൻ സാധിക്കുന്നുണ്ടു്.

ചെമ്പകശ്ശേരിരാജ്യത്തു് വലിയ അന്തഃഛിദ്രങ്ങൾ ഒന്നും കൂടാതെയും ശത്രുഭയം ഇല്ലാതെയും ഇരുന്ന ഒരു കാലമാണു് തുള്ളലുകളിൽ വർണ്ണിക്കപ്പെട്ടുകാണുന്നതു്.

‘സേവിച്ചു വേണ്ടുന്നവർക്കു വേണ്ടിത്തന്നെ
ജീവനെപ്പോലും കൊടുപ്പാൻ മടിക്കാത്ത
ദേവനാരായണസ്വാമി മഹീതലേ
ജീവിച്ചു മേവുന്ന കാലം ജനങ്ങൾക്കു
ദേവലോകാവാസസൗഖ്യം ലഭിക്കുമേ’

എന്നു് ഗണപതിപ്രാതലിൽ രാജാവിനെ വർണ്ണിച്ചിരിക്കുന്നതു നോക്കുക. ഈ നിലയ്ക്കു് തെല്ലു വ്യത്യാസം വന്നതു് ൯൦൯-ാമാണ്ടു് തിരുവിതാംകൂർരാജാവു് കൊല്ലവും കായങ്കുളവും ഒരേ കാലത്തു് ആക്രമിച്ചതിനോടുകൂടിയാണു്. അന്നു് വടക്കൻദേശങ്ങളിലും അസ്വസ്ഥതകൾ തുടങ്ങി എങ്കിലും ആ യുദ്ധം ചെമ്പകശ്ശേരിയെ ബാധിച്ചില്ല. മാന്നാത്തു വച്ചു നടന്ന ഉടമ്പടിയാൽ അതു് തൽക്കാലം നിൽക്കുകയും ചെയ്തു. ൯൧൭-മുതൽക്കു് ചെമ്പകശ്ശേരിയിലും ചില അന്തഃഛിദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അന്നുതൊട്ടു് കുറേക്കാലം നമ്പ്യാർ വടക്കൻദിക്കുകളിൽ സഞ്ചാരം നടത്തിയിരിക്കുമോ എന്നുകൂടി സംശയിപ്പാൻ വഴി കാണിക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ ഉത്തമമിത്രം തെക്കേടത്തു ഭട്ടതിരി ആയിരുന്നല്ലോ. ആ ഭട്ടതിരിയും മാത്തൂർപണിക്കരും തമ്മിൽ ദൃഢമായ മൈത്രീബന്ധവും ഉണ്ടായിരുന്നു. ഒരുപക്ഷേ നേരത്തേതന്നെ ഇവർ രാമയ്യൻ ദളവായുമായുള്ള കൂട്ടുകെട്ടിൽ ഉൾപ്പെട്ടുകാണുകയില്ലയോ എന്നുപോലും ശങ്കിക്കേണ്ടിയിരിക്കുന്നു. നമ്പ്യാർക്കു് ചെമ്പകശ്ശേരിരാജധാനിയിൽ പ്രബലമായ ഒരു എതിരുകക്ഷി ഉണ്ടായിരുന്നു എന്നുള്ളതിനു് അക്കാലത്തേ കൃതികളിൽനിന്നുതന്നെ ചില ലക്ഷ്യങ്ങൾ കിട്ടുന്നുണ്ടു്. തലവടിമേനോനുതന്നെയും ഒരുപക്ഷേ അദ്ദേഹത്തിനോടു് നീരസം ഉണ്ടായിരുന്നു എന്നുവരാം. നമ്പ്യാർ ഒരു സ്ഥലത്തും അദ്ദേഹത്തിനെ സ്തുതിച്ചു കാണുന്നുമില്ല. അതുകൊണ്ടു് ഈ ഉപജാപങ്ങൾ നടന്നുകൊണ്ടിരുന്ന കാലത്തായിരിക്കാം നമ്പ്യാർ വടക്കൻദിക്കുകളിൽ സഞ്ചരിച്ചതെന്നു വന്നുകൂടായ്കയില്ല. അമ്പലപ്പുഴനാടു് തിരുവിതാംകൂറിനോടു ചേർക്കുംമുമ്പുതന്നെ നമ്പ്യാർ മാർത്താണ്ഡവർമ്മരാജാവിന്റെ ആശ്രിതനായിത്തീർന്നുകഴിഞ്ഞു എന്നു് ഇപ്പോൾ തെളിഞ്ഞിരിക്കുന്ന സ്ഥിതിക്കു് ൯൧൫-നും ൯൧൭-നും മദ്ധ്യേ വല്ല തിരുവുള്ളക്കേടും ചെമ്പകശ്ശേരിരാജാവിനു് നമ്പ്യാരോടു് തോന്നാനിടയായിരിക്കുമോ? എന്തോ? ഇതെല്ലാം വെറും ഊഹങ്ങൾ മാത്രമാണു്. ഏതായിരുന്നാലും ചെമ്പകശ്ശേരിയും വേണാടും തമ്മിൽ യുദ്ധം നടന്നുകൊണ്ടിരുന്ന കാലത്തുതന്നെ നമ്പ്യാർ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ സേവകകോടിയിൽ ഉൾപ്പെട്ടുകഴിഞ്ഞുവെന്നു ൯൨൨-ലെ ഒരു രേഖയിൽനിന്നു മനസ്സിലാക്കാം. ആ രേഖയിൽ ‘കുഞ്ചൻനമ്പ്യാരുടെ കൂടെനിന്ന മിതുനപ്പള്ളിവീട്ടിൽ കുഞ്ചുമായിറ്റിക്കു് ടി ആണ്ടൊന്നുക്കു് നെല്ലു് ൭൨ പറ’ എന്നു് കണക്കു എഴുതിക്കാണുന്നു. മിതുനപ്പള്ളി എന്നതു് തിരുവനന്തപുരത്തു് പാൽക്കുളങ്ങര അധികാരത്തിൽ ഉള്ള ഒരു നായർ ഗൃഹമാണു്. ആ കണക്കിലാണു് ഈ ചെലവു് എഴുതിയിരിക്കുന്നതും.

അമ്പലപ്പുഴ വച്ചു് ‘പട്ടാഷ്ടകം’ എന്നൊരു കൃതികൂടി നമ്പ്യാർ രചിച്ചിട്ടുണ്ടു്. നമ്പ്യാരുടെ സേവകനായി ഒരു പട്ടക്കുട്ടി ഉണ്ടായിരുന്നത്രേ. അയാൾക്കു് നമ്പ്യാർ എട്ടു കാശു കൊടുപ്പാനുണ്ടായിരുന്നു. യാത്ര പറഞ്ഞു പോയി അരിപ്പാട്ടുവരെ എത്തിയശേഷം അയാൾക്കു് ഈ എട്ടു കാശിന്റെ ഓർമ്മവരികയാൽ തിരിച്ചുവന്നു് കാശു ചോദിച്ചപ്പോൾ, നമ്പ്യാർ ഓരോ കാശിനു് ഓരോ ശ്ലോകം വീതം രചിച്ചുവെന്നാണു് ഐതിഹ്യം.

V

൯൨൨-ാമാണ്ടിനു മുമ്പുതന്നെ നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി എന്നു് മുൻപറഞ്ഞ രേഖയിൽ നിന്നു് ഊഹിപ്പാൻ നിവൃത്തിയില്ല. എന്നാൽ ൯൩൦-നു ശേഷം അദ്ദേഹം മിക്കവാറും തിരുവനന്തപുരത്തുതന്നെയാണു് കഴിച്ചുകൂട്ടിയതു്. രാമയ്യന്റെ കാലശേഷം ൯൩൧-ൽ ദളവാപദം അലങ്കരിച്ച അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയിൽ നിന്നു് ഈ കവിക്കു് വേണ്ടുവോളം പ്രോത്സാഹനം ലഭിച്ചു. മഹാരാജാവുതിരുമനസ്സുകൊണ്ടും വിദ്വജ്ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിൽ സദാ ജാഗരൂകനായിരുന്നുവെന്നു് രാമപുരത്തുവാരിയരോടു് അവിടുന്നു പെരുമാറിയ രീതിയിൽനിന്നു മനസ്സിലാക്കാം. ൯൨൫-ാമാണ്ടിനു ശേഷം രചിക്കപ്പെട്ട സീതാരാഘവംനാടകത്തിന്റെ പ്രസ്താവനയിൽ,

‘സർവാത്മനാ പത്മനാഭസമർപ്പിത സമസ്ത നിജവിഭവേന, സർവസാമന്തകുലമകുടമണിമരീചിനീരാജിതചരണകമലേന ഇദാനീന്തനേന രാജ്ഞാ വഞ്ചിമാർത്താണ്ഡേന സകലദിഗന്തേഭ്യസ്സമാഹുയ സമധിഷ്ഠാപിതാനാം സമധീതവേദശാസ്ത്രാണാം സരസകാവ്യരസാമജ്ജാവമജ്ജസജ്ജസജ്ജനഭൂയിഷ്ഠാനാം ബ്രാഹ്മണവരിഷ്ഠാനാം ഗരിഷ്ഠാംഗോഷ്ഠീമപഹായ ക്വനാമേദമഭിനേതവ്യം?’ എന്നു് അദ്ദേഹം ഈ മഹാരാജാവിനെ പ്രശംസിച്ചിട്ടുള്ളതിൽ അതിശയോക്തിയുടെ സ്പർശം പോലും ഇല്ല.

മഹാരാജാവുതിരുമനസ്സുകൊണ്ടു് നമ്പ്യാർക്കു തിരുവന്തപുരത്തു് ഒരു മഠം പണിയിച്ചുകൊടുത്തതിനു പുറമേ, നാടുനീങ്ങുന്നതിനു അല്പം മുമ്പായി, അതായതു് ൯൩൩ മകരം ൫-ാം തീയതി ‘മുകപ്പിൽ ആണിത്തലയ്ക്കൽ ചുകപ്പു കൽവച്ച വീരശങ്ങല’ സമ്മാനിക്കയും ചെയ്തുവെന്നുള്ളതിനു് രേഖകൾ കാണുന്നുണ്ടു്. രാമയ്യനെപ്പറ്റി തുള്ളലുകളിൽ പ്രസ്താവം കാണാത്തതുകൊണ്ടു് ഒരുപക്ഷേ ൯൩൧-നു ശേഷമായിരിക്കുമോ നമ്പ്യാർ തിരുവനന്തപുരത്തു സ്ഥിരതാമസം തുടങ്ങിയതെന്നുകൂടി വിചാരിക്കാൻ വഴി കാണുന്നു. പക്ഷേ അങ്ങനെ ആയിരിക്കണമെന്നില്ലതാനും. രാമയ്യൻദളവയ്ക്കു് കവികളെപ്പറ്റി വലിയ ബഹുമാനം ഒന്നും ഇല്ലായിരുന്നു എന്നു വരാവുന്നതാണല്ലോ.

തെക്കേടത്തു ഭട്ടതിരിമുഖാന്തിരമോ മാത്തൂർപണിക്കർ വഴിക്കോ ആയിരിക്കണം നമ്പ്യാർക്കു് തിരുവനന്തപുരം രാജമന്ദിരത്തിൽ പ്രവേശം ലഭിച്ചതു്. തിരുവനന്തപുരത്തു വച്ചു് ഈ കവി പലേ ഫലിതങ്ങളും പ്രയോഗിച്ചിട്ടുള്ളതായി ഐതിഹ്യമുണ്ടു്. ഒരിക്കൽ നമ്പ്യാർ ശ്രീപത്മനാഭസ്വാമിദർശനത്തിനു ചെന്നിരുന്നപ്പോൾ, ശാന്തിക്കാരൻനമ്പി ‘ആരെന്നു് ’ ചോദിച്ചതിനു് ‘നമ്പിയാർ’ എന്നു് ഉത്തരം പറഞ്ഞുവത്രേ. ഇതിനെ വലിയ ധിക്കാരമായിഗ്ഗണിച്ചു് നമ്പി മഹാരാജാവിനോടു പരാതിപ്പെട്ടു. മഹാരാജാവാകട്ടെ നമ്പ്യാരെ വരുത്തി വിവരം ചോദിച്ചപ്പോൾ,

‘നമ്പിയാരെന്നു ചോദിച്ചു
നമ്പിയാരെന്നു ചൊല്ലിനേൻ
നമ്പി കേട്ടഥ കോപിച്ചു
തമ്പുരാനെ പൊറുക്കണേ’

എന്നു മറുപടി പറഞ്ഞതുകേട്ടു് അവിടുന്നു വളരെ സന്തോഷിച്ചുവത്രേ. ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം’ എന്ന ശ്ലോകത്തിനു കാരണമാക്കിയ സംഭവം പ്രസിദ്ധമാണല്ലോ. മഹാരാജാവുതിരുമനസ്സുകൊണ്ടു് ശ്രീപത്മനാഭക്ഷേത്രത്തിൽ ഒരു കമ്പവിളക്കു പണിയിച്ചു. അതു തൃക്കണ്‍ പാർക്കാനായി എഴുന്നള്ളിയ മഹാരാജാവിന്റെ കൂടെ ചില കവികളും ഉണ്ടായിരുന്നു. അതിനെപ്പറ്റി ഓരോ ശ്ലോകമുണ്ടാക്കാൻ അവിടുന്നു് ആ കവികളോടു് ആജ്ഞാപിച്ചു. നമ്പ്യാരൊഴിച്ചു് മറ്റെല്ലാരും രാജപ്രീതിക്കു വേണ്ടി പൊടിപ്പും തൊങ്ങലും ഒക്കേ വച്ചു് നെടുനെടുങ്കൻശ്ലോകങ്ങൾ രചിച്ചു. അതൊക്കെ കേട്ടുകഴിഞ്ഞു് നമ്പ്യാരുടെ ശ്ലോകം എവിടെ എന്നു് തിരുമനസ്സുകൊണ്ടു കല്പിച്ചു ചോദിച്ചു.

‘ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം
ഇത്യർത്ഥ ഏഷാം ശ്ലോകാനാ-
മല്ലാതൊന്നും ന വിദ്യതേ’

എന്നായിരുന്നത്രേ നമ്പ്യാരുടെ മറുപടി. അവിടെ കൂടിയിരുന്ന കവികളെല്ലാം ലജ്ജിതരായെന്നു പറയേണ്ടതില്ലല്ലോ. അമ്പലപ്പുഴെ താമസിക്കുന്ന കാലത്തും നമ്പ്യാർ കൂടക്കൂടെ തിരുവനന്തപുരത്തു പോകാറുണ്ടായിരുന്നെന്നും, ഒരിക്കൽ അമ്പലപ്പുഴ രാജാവു് നമ്പ്യാരോടു് ‘എന്താ ഇവിടെ കുഞ്ചനു ഭക്ഷണവും മറ്റും സുഖമാകുന്നുണ്ടോ? ഊണിന്റെ വട്ടമെന്താണു്?’ എന്നു ചോദിച്ചതിനു്,

‘പത്രം വിസ്തൃതമത്ര തുമ്പമലർ തോറ്റോടീടിനോരന്നവും
പുത്തൻനെയ്, കനിയപ്പഴുത്ത പഴവും, കാളിപ്പഴം, കാളനും
പത്തഞ്ഞൂറു കറിക്കു ദാസ്യമിയലും നാരങ്ങയും, മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിർ മോർ തട്ടാതെ കിട്ടും സുഖം.’

എന്നു് അദ്ദേഹം മറുപടി അറിയിച്ചുവെന്നും എന്നാൽ നമ്പ്യാർ തിരുവനന്തപുരത്തുവന്ന അവസരത്തിൽ മഹാരാജാവു തിരുമനസ്സുകൊണ്ടു് ‘കുഞ്ചൻ അമ്പലപ്പുഴെ താമസിക്കുമ്പോൾ ഊണിന്റെ വട്ടമെന്തെല്ലാമായിരുന്നു’ എന്നു ചോദിച്ചതിനു്, അതേ ശ്ലോകത്തെത്തന്നെ,

‘പത്രം വിസ്തൃതമത്ര തുമ്പ; മലർ തോറ്റോടീടിനോരന്നവും
പുത്തൻനെയ് കനിയെ; പഴുത്ത പഴവും കാളി; പഴംകാളനും
പത്തഞ്ഞൂറു കറിക്കുദാസ്യമിയലും നാരങ്ങയും മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിർ മോർ തട്ടാതെ കിട്ടും സുഖം’

എന്നു് വിപരീതാർത്ഥപ്രതീതി ജനിക്കത്തക്ക വിധത്തിൽ ചൊല്ലിക്കേൾപ്പിച്ചു സമ്മാനം വാങ്ങിയെന്നും വേറൊരു ഐതിഹ്യവും ഉണ്ടു്.

തിരുവനന്തപുരത്തു താമസിക്കുന്ന കാലത്തു് നമ്പ്യാർക്കു് രണ്ടേകാലും കോപ്പും അനുവദിച്ചിരുന്നു. ഒരുദിവസം കലവറക്കാരൻ പണ്ടാല അരി രണ്ടേകാലിടങ്ങഴിയെന്നു കല്പനയില്ലെന്നും രണ്ടെടങ്ങഴിയേ അനുവദിച്ചിട്ടുള്ളുവെന്നും തർക്കം പറഞ്ഞുപോലും. നമ്പ്യാർ വിട്ടില്ല.

‘രണ്ടേകാലെന്നു കല്പിച്ചു രണ്ടേകാലായി നേരവും
ഉണ്ടോ കാലെന്നു പണ്ടാല ഉണ്ടില്ലിന്നിത്ര നേരവും’

എന്നൊരു ശ്ലോകം കുറിച്ചു് നമ്പ്യാർ രാജസന്നിധിയിൽ എത്തിച്ചു. ഉടനേ തന്നെ തമ്പുരാൻ തിരുമനസ്സുകൊണ്ടു് രണ്ടേകാലും കോപ്പും ശരിയായി കൊടുക്കുന്നതിനു പുറമേ, പതിവായ് രണ്ടു നേരവും ഇടപ്പക്കത്തു ഭക്ഷണവും നല്കാൻ കല്പിച്ചുവത്രേ.

ഒരവസരത്തിൽ എന്തോ കാരണവശാൽ തിരുമനസ്സിലേക്കു് നമ്പ്യാരുടെ പേരിൽ തിരുവുള്ളക്കേടുണ്ടായത്രേ. കൊട്ടാരത്തിനുള്ളിൽ മേലാൽ കയറിപ്പോകരുതെന്നു കല്പനയുമായി. തുടർന്നു് അരിയും കോപ്പും കൂടി നിർത്തിക്കളഞ്ഞു. നമ്പ്യാർ വിഷണ്ണനായെന്നു പറയേണ്ടതില്ലല്ലോ. ഒന്നു രണ്ടു ദിവസങ്ങൾക്കു ശേഷം അദ്ദേഹം,

‘പൂജ്യസ്ത്വം സുജനൈരഹഞ്ച വടിഭിശ്ശത്രുക്കളാലന്വഹം
കേറാൻ വാരണമുണ്ടു തേ മമ തഥാ കൊട്ടാരവാതുക്കലും
ഒട്ടും തന്നരിയില്ല തേ മമ തഥാപ്യഷ്ടിക്കു കുപ്പാട്ടിലും
സേവിച്ചിട്ടടിയൻ ചിരേണ നൃപതേ തത്തുല്യനായീടിനേൻ’

എന്നൊരു ശ്ലോകം എഴുതി തിരുമനസ്സറിയിക്കാൻ കൊടുത്തയച്ചു. പ്രസന്നനായ മഹാരാജാവു് നിരോധനാജ്ഞകളെല്ലാം ഉടൻ പിൻവലിക്കയും ചെയ്തു.

മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ രാജധാനിയിൽ വച്ചു രചിക്കപ്പെട്ടവയാണു് ധ്രുവചരിതം, സഭാപ്രവേശം, കൃഷ്ണലീല, കാളിയമർദ്ദനം, നളകൂബരമോക്ഷം, പ്രദോഷമാഹാത്മ്യം, ഹനുമദുദ്ഭവം, ഹരണീസ്വയംവരം ഇവ. മാർത്താണ്ഡവർമ്മ മഹാരാജാവു് വരുത്തിയിരുന്ന പരിഷ്കാരങ്ങളെ ഉത്താനപാദന്റെ രാജധാനിയെ വർണ്ണിക്കുന്നു എന്ന ഭാവേന ധ്രുവചരിതത്തിൽ സവിസ്തരം പ്രതിപാദിച്ചുകാണുന്നു.

പാൎത്ഥ ിവരാദിയാം ശത്രുജനങ്ങളെ—ക്കൂൎത്ത ശരംകൊണ്ടു മൂൎത്ത ിതകൎത്തു ട–
നാൎത്ത ി പിടിപ്പിച്ചു പാൎത്ത ലേയോട്ടിച്ചു കാൽത്തളിർ കൂപ്പുന്ന പാൎത്ഥ ിവന്മാരിൽ നി
ന്നൎത്ഥ ങ്ങൾ മേടിച്ചനൎത്ഥ ം ശമിപ്പിച്ചു; അൎത്ഥ ജനത്തിനുമൎത്ഥ ം കൊടുത്തുട–
നാൎത്ത ിയും തീൎത്തു കൃതാൎത്ഥ ത കല്പിച്ചു; മാൎത്ത ാണ്ഡതുല്യനാം മാൎത്ത ാണ്ഡപുത്രജൻ
ധാത്രീവരോത്തമൻ ധാത്രീപരിത്രാണമെത്രയും ചിത്രമായത്ര ചെയ്താൻ നല്ല
ക്ഷേത്രം പണിയിച്ചു പാത്രങ്ങൾ തീൎപ്പിച്ചു് വട്ടത്തിലോരോ കുളങ്ങൾ കഴിപ്പിച്ചു
വെട്ടിപ്പിടിപ്പിച്ച നാട്ടുവഴികളിൽ—നല്ല കല്ലിട്ടു നടക്കാവൂ വയ്പിച്ചു.
കാട്ടിലോരോ വഴി വെട്ടിത്തെളിപ്പിച്ചു—ഊട്ടുവാനോരോരോ കൊട്ടിലും കല്പിച്ചു
‘നാട്ടിലിരിക്കുന്ന പട്ടന്മാൎക്കും പിന്നെ മുട്ടാതെ നിത്യവുമൂട്ടതും കല്പിച്ചു
പട്ടണംതോറുമങ്ങാടികൾ കെട്ടിച്ചു ചെട്ടിത്തെരുവുകൾ പട്ടാണിവീടുകൾ
മുട്ടിപ്പുരകളും തട്ടാക്കുടികളും നാട്ടിൽപ്പതിനെട്ടുകെട്ടുള്ള വീടുക–
ളൊട്ടല്ലവനൊരു കോടിപണിയിച്ചു.
ദുഷ്ടരേ ശിക്ഷിച്ചു ശിഷ്ടരെപ്പാലിച്ചു പുഷ്ടിയക്കാലത്തു പുഷ്ടമായുണ്ടായി
നിഷ്ടയേറും ദ്വിജശ്രേഷ്ഠരെക്കൊണ്ടുടനിഷ്ടിയും ചെയ്യിച്ചു ധൎമ്മത്തിനൊത്തൊരു
കൎമ്മങ്ങളാകവേ നിൎമ്മിച്ചു ഭൂതലേ ശൎമ്മം വരുത്തുന്നു നിൎമ്മലൻ ഭൂപതി.’

സഭാപ്രവേശത്തിൽ വഞ്ചിരാജാവിനെ ഇങ്ങനെ സ്തുതിച്ചിരിക്കുന്നു.

‘വഞ്ചിരാജകുലോത്തമൻ കുലശേഖരപ്പെരുമാളഹോ
വടിവിലടിയനു വിനകളൊഴിവതിനാശ്രയം പരമാശ്രയം
സഞ്ചിതാഖിലധൎമ്മകൎമ്മസു നിൎമ്മലാത്ഭുത പൗരുഷൻ
സകലരിപുകുലശലഭദഹനമഹാനുഭാവ സുപൂരുഷൻ
വിക്രമാതിശയങ്ങൾകൊണ്ടരി നൃപതിരാജ്യമശേഷമേ–
യാക്രമിച്ചുടനാകവേ പരിപാലനേന മഹോത്സവം
ശക്രലോകസമാനമാക്കി വരുത്തി വാണരുളീടിനാൻ’

കൃഷ്ണലീല, ധേനുകവധം, കാളിയമൎദ്ദനം, നളകൂബരമോക്ഷം ഇവ തുടൎന്നു ് എഴുതപ്പെട്ടതാണു്. കൃഷ്ണലീലയുടെ പ്രാരംഭത്തിൽ,

‘പാൎത്ത ാലത്ഭുതം ബാലമാൎത്ത ാണ്ഡക്ഷിതീന്ദ്രന്റെ
വാൎത്ത ാവൈഭവമെല്ലാമോൎത്ത ാലന്തമില്ലേതും’

എന്നു് മാൎത്ത ാണ്ഡവൎമ്മ മഹാരാജാവിനേയും; ഹരിണീസ്വയംവരത്തിൽ,

‘വഞ്ചിക്ഷമാപാല ബാലമാൎത്ത ാണ്ഡനാ–
മഞ്ചിത ശ്രീകുലശേഖരാജ്ഞാകരൻ
ആൎത്ത ാവനോദാരശീലനാമയ്യപ്പ–
മാൎത്ത ാണ്ഡമന്ത്രി’ യേയും വാഴ്ത്തിക്കാണുന്നു.

പൗണ്ഡ്രകവധം, പഞ്ചേന്ദ്രോപാഖ്യാനം, കുംഭകൎണ്ണവധം ഇവയും അക്കാലത്തു തന്നെ നിൎമ്മിക്കപ്പെട്ടവയാണെന്നു് മി: പി. കെ. നാരായണപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു.

ഹനുമദുദ്ഭവം മാൎത്ത ാണ്ഡവൎമ്മമഹാരാജാവിന്റെ കല്പന അനുസരിച്ചു നിൎമ്മിക്കപ്പെട്ടതാണെന്നു്,

‘ബാലമാൎത്ത ാണ്ഡവൎമ്മേന്ദ്രവീരക്ഷമാ
ബാലചൂഢാമണിപ്രേരണം കാരണം
ബാലമന്ത്രിപ്രവീരന്റെ നിൎദ്ദേശാനു–
കൂലമായുള്ള വിനോദപ്രമേയമി–’

തെന്ന കവിവാക്യത്തിൽ നിന്നു വ്യക്തമാകുന്നു. കുംഭകൎണ്ണവധം, ഹരിശ്ചന്ദ്രചരിതം ഇവരണ്ടും ധൎമ്മരാജാവിന്റെ കാലത്തുണ്ടായവയാണു്. ഹരിശ്ചന്ദ്രചരിതത്തിൽ,

രാമതുല്യൻ മഹാവഞ്ചി രാമവൎമ്മേന്ദ്രഭൂപാലൻ
കാമദൻ കോമളാകാരൻ കാമിനീമാനസേ മാരൻ

എന്നിങ്ങനെ ആ മഹാരാജാവിനെ കവി പ്രശംസിച്ചിട്ടുമുണ്ടു്. ൯൩൪ കന്നി ൩-ാം തീയതി ഈ മഹാരാജാവു് തിരുമനസ്സുകൊണ്ടു നമ്പ്യാൎക്കു് നവരാത്ര്യുത്സവം പ്രമാണിച്ചു് ഒരു വീരശ്രംഖല കല്പിച്ചു കൊടുത്തതായും രേഖ കാണുന്നു.

കാൎത്ത ികതിരുനാൾ തമ്പുരാനായിരുന്നു നമ്പ്യാൎക്കു ് ഇടപ്പക്കുത്തു് ഊണു് ഏൎപ്പാടുചെയ്തിരുന്നതു്. അവിടത്തേ ഊണും നമ്പ്യാൎക്കു് പിടിച്ചില്ല. ഒരിക്കൽ മഹാരാജാവു തിരുമനസ്സുകൊണ്ടു് സേവകന്മാരോടുകൂടി മാളികമുകളിൽ ഇരുന്നു വെടിപറഞ്ഞുകൊണ്ടിരിക്കെ, അതിന്റെ കീഴിൽകൂടി പോയ ഒരു പശു ഇളകിച്ചാണകമിടുന്നതു് കണ്ടിട്ടു് നമ്പ്യാർ “അയ്യോ പയ്യേ! നിനക്കും പക്കത്താണോ ചോറു്” എന്നു ചോദിക്കയും ബുദ്ധിമാനായ മഹാരാജാവു് അന്നുമുതല്ക്കു് ഈ മഹാകവിയുടെ ഊണു് പക്കത്തുനിന്നു് മാറ്റുകയും ചെയ്തുവെന്നു് ഒരു ഐതീഹ്യമുണ്ടൂ്.

നമ്പ്യാൎക്കു് പണത്തിൽ തീരെ മോഹമില്ലായിരുന്നു. എന്തു കിട്ടിയാലും ചെലവാക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നതു്. ഒരിക്കൽ അദ്ദേഹം കിള്ളിക്കുറിശ്ശിമംഗലത്തിനു പോകാൻ ഭാവിച്ചു. തിരുമനസ്സിലെ അറിയിച്ചപ്പോൾ, അവിടുന്നു് ൧൦൦൦ പണം കൊടുത്തിട്ടു് അതിനെ ഇളകാത്ത വസ്തുവിൽ സ്ഥാപിക്കണമെന്നു് ആജ്ഞാപിച്ചുവത്രെ. നമ്പ്യാരാകട്ടെ സ്വദേശത്തു ചെന്നപ്പോൾ കിള്ളിക്കുറിശ്ശി ക്ഷേത്രത്തിലെ ബലിക്കല്പുര ജീൎണ്ണീഭവിച്ചു കിടക്കുന്നതു കണ്ടു് ആ പണം മുഴുവനും ജീൎണ്ണോദ്ധാരണം ചെയ്വാനുപയോഗിച്ചുവെന്നും ആ ബലിക്കല്പുരയിൽ,

‘ശ്രീബലിപ്രസ്തരശ്ശംഭോഃ ശ്രീശുകുലായവാസിനഃ
രാമേണ പാണിവാദേന കാരിതോ ഭൂതയേ ധ്രുവം’

എന്നു കൊത്തിച്ചു വച്ചിട്ടു് തിരിച്ചു തിരുവനന്തപുരത്തു വന്നപ്പോൾ മഹാരാജാവു് ‘കുഞ്ചൻ ആ പണം എന്തു ചെയ്തു?’ എന്നു കല്പിച്ചു ചോദിച്ചതിനു ഇളകാത്ത വസ്തുവിന്മേൽ ആക്കീട്ടുണ്ടെന്നു് അദ്ദേഹം മറുപടി പറഞ്ഞു എന്നും ൫൭ ദിവസത്തെ തുള്ളൽക്കഥകളുടെ പ്രസാധകൻ പ്രസ്താവിച്ചു കാണുന്നു. എന്നാൽ ഈ ശ്ലോകം പാലപ്പുറത്തു ഗോവിന്ദൻ നമ്പ്യാരുടെ അനന്തിരവനായ ഒരു രാമൻനമ്പ്യാരുടെ കൃതിയാണെന്നു് പരമേശ്വയ്യരവർകൾ സൂക്ഷ്മമായി അറിയുന്നുവത്രേ. ഈ മഹാനുഭാവൻ കാൎയ്യങ്ങൾ എല്ലാം സൂക്ഷ്മമായിട്ടേ അറിയാറുള്ളുവെങ്കിലും ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ സൂക്ഷ്മത എത്രത്തോളം ഫലിച്ചിട്ടുണ്ടെന്നു നിൎണ്ണയിക്കാൻ കുറേ പ്രയാസമായിരിക്കുന്നു. ഒന്നാമതായി കിള്ളിക്കുറിശ്ശിമംഗലത്തുള്ള ജനങ്ങൾ ഇന്നും അതു കലക്കത്തു രാമൻനമ്പ്യാരുടെ കൃതിയായി വിശ്വസിച്ചുപോരുന്നു. രണ്ടാമതായി ഇങ്ങനെ ഒരു ഐതിഹ്യം ഇന്നാട്ടിലും പ്രചരിച്ചിട്ടുണ്ടു്. മൂന്നാമതായി പാലപ്പുറത്തു ഗോവിന്ദൻ നമ്പ്യാരുടെ അനന്തരവൻ കിള്ളിക്കുറിശ്ശിമംഗലത്തു താമസമുറപ്പിക്കുന്നതിനു മുമ്പേ തന്നെ ബലിപീഠത്തിൽ ഈ ശ്ലോകം ലിഖിതമായിരുന്നെന്നു് അന്വേഷണത്തിൽ അറിയുന്നതായി ശ്രീമാൻ ബാലകൃഷ്ണവാരിയരവർകളും പറയുന്നു. ഇങ്ങനെ രണ്ടു പ്രൗഢഗവേഷകന്മാർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിക്കാണുമ്പോൾ ആരുടെ ‘സുക്ഷ്മ’തയെ ആണു് വിശ്വസിക്കുക? അസ്മാദൃശന്മാരായ സാധുക്കളുടെ കാൎയ്യം പരുങ്ങലിലാവുകയേ ഉള്ളൂ. ‘Both are right and both are wrong as I allays say’ എന്നു് ജോൎജ്ജു ് എലിയട്ടിന്റെ ഗ്രാമ്യപാത്രത്തിനെ അനുകരിച്ചു പറയുകയോ, അല്ലെങ്കിൽ മറ്റൊരു ഗവേഷകപ്രൗഢനായ വടക്കുംകൂറിന്റെ ഗവേഷണസരണിയെ അനുവൎത്ത ിച്ചു് രണ്ടിൽ ഒരാളുടേയോ അഥവാ രണ്ടുപേരുടേയുമോ അഭിപ്രായങ്ങൾ ആദരണീയങ്ങൾ അല്ലെന്നോ സൎവ്വാബദ്ധമായിരിക്കുന്നു എന്നോ നിസ്സാരഭാവത്തിൽ ശപഥംചെയ്തിട്ടു് തെളിവു ശേഖരിക്കുന്ന ഭാരം വായനക്കാരിൽ ചുമത്തുകയോ ചെയ്യേണ്ടിയിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഐതിഹ്യത്തെ വിശ്വസിക്കുന്നു.

ഒരിക്കൽ കിടങ്ങൂർ ഗ്രാമക്കാരായ ഏതാനും നമ്പൂരിമാർ ചേൎന്നു ് ത്രിസന്ധ എന്ന ഒരു കൎമ്മം നടത്തണമെന്നു നിശ്ചയിച്ചു് മഹാരാജാവുതിരുമനസ്സിലെ സഹായമഭ്യൎത്ഥ ിക്കാനായി തിരുവനന്തപുരത്തു വന്നു. തത്സമയം മഹാരാജാവു് രാമേശ്വരയാത്രയ്ക്കു് ഒരുക്കങ്ങൾ എല്ലാം ചെയ്തുകഴിഞ്ഞിരുന്ന ഘട്ടമായിരുന്നു. എന്തു നിവൃത്തി? അവർ നമ്പ്യാരെ സമീപിച്ചു് ഒരു നിവൃത്തി ഉണ്ടാക്കിത്തരണമെന്നപേക്ഷിച്ചു. അദ്ദേഹം ആ അപേക്ഷയെ കൈക്കൊണ്ടു. എഴുന്നള്ളത്തു സമയമായി. സേവകന്മാരെല്ലാം കരുവേലപ്പുരമാളികത്താഴെ നിരന്നു. തിരുമനസ്സുകൊണ്ടു ക്ഷേത്രദൎശനാനന്തരം പുറത്തെഴുന്നള്ളി എല്ലാവരെയും തൃക്കൺപാൎത്ത ിട്ടു് “എന്നാൽ ഞാൻ പോയി സേതുസ്നാനം കഴിച്ചു വരാം. നിങ്ങൾ സുഖമായി ഇവിടെ താമസിക്കുക ഇനി വന്നിട്ടുകാണാം” എന്നു കല്പിച്ചു. അപ്പോൾ നമ്പ്യാർ “ഇറാൻ, സുഖമായി തിരിച്ചെഴുന്നള്ളിക്കാണാൻ അടിയങ്ങളെല്ലാം‌ ശ്രീപത്മനാഭനെ പ്രാർത്ഥിച്ചുകൊണ്ടു് ഭഗവത്സന്നിധിയിൽ താമസിക്കാം. എന്നാൽ മുഹൂൎത്ത ം ആയിരിക്കുന്നു. ഈ ശുഭമുഹൂൎത്ത ം തെറ്റാവുന്നതല്ല. കിടങ്ങൂർ നമ്പൂതിരിമാർ ത്രിസന്ധ നടത്തണമെന്നു നിശ്ചയിച്ചു് വിവരം തിരുമനസ്സറിയിക്കാനായി കാത്തുനിൽക്കുന്നുണ്ടു്. ഇതും ഒരു ശുഭസൂചകം തന്നെ. ഇങ്ങനെ ഒരു ശുഭകൎമ്മം സമാരംഭിക്കാൻ പോകുന്നു എന്നുള്ള മംഗളവർത്തമാനം ബ്രാഹ്മണമുഖത്തു നിന്നു കേട്ടുകൊണ്ടു് എഴുന്നള്ളാൻ ഇടയായതു തന്നെ തിരുമനസ്സിലെയും അടിയങ്ങളേയും പരമഭാഗ്യം ആണു്” എന്നറിയിച്ചു. ഉടനെ ‘നമ്പൂരിമാരെവിടെ?’ എന്നു കല്പിച്ചു ചോദിച്ചു. അവർ ഹാജരായി. മൂവായിരം പണം തിരുമനസ്സുകൊണ്ടു് അവൎക്കു നൽകുകയും ചെയ്തുവത്രേ. എന്നാൽ ഈ ഐതിഹ്യത്തിനു ബാധകമായി ഒരു സംഗതി കാണുന്നു. ൯൫൪-ൽ ആയിരുന്നു രാമേശ്വരയാത്ര. അന്നു് നമ്പ്യാർ ജീവിച്ചിരുന്നോ എന്ന കാര്യമാണു് സന്ദിഗ്ദ്ധം.

അയ്യപ്പൻമാൎത്ത ാണ്ഡപ്പിള്ളയുടെ കാലശേഷം നമ്പ്യാൎക്കു ് തിരുവനന്തപുരത്തെ താമസം അത്ര സുഖകരമായിരുന്നു എന്നു തോന്നുന്നില്ല. യഥാൎത്ഥ സാഹിത്യകാരന്മാരെ ഒരു സംഗതിയിൽ പശുക്കളോടു താരതമ്യപ്പെടുത്താം. പശുക്കൾക്കു് നാം നമുക്കുവേണ്ടാത്തതൊക്കെ കൊടുക്കുന്നു. അവ ആ സാധനങ്ങൾകൊണ്ടു തൃപ്തിപ്പെട്ടിട്ടു് നമുക്കു് മധുരോത്തരമായ പാലു നൽകുന്നു. പ്രഭുജനങ്ങൾ തങ്ങളെ ആശ്രയിക്കുന്ന കവികൾക്കു് വല്ലതുമൊക്കെ എറിഞ്ഞുകൊടുത്തിട്ടു കൃതകൃത്യത പൂണുന്നു. അവരോ ഈ പ്രഭുക്കന്മാൎക്കു് അമൃതത്വമാണു് പ്രതിഫലമായി നൽകുന്നതു്. നമ്പ്യാൎക്കു ് സുബ്ബയ്യന്റേയും ഗോപാലയ്യന്റേയും കാലങ്ങളിൽ ഒരു പ്രോത്സാഹനവും ലഭിച്ചിരുന്നില്ല. ഒടുവിൽ ൯൪൦-ാം മാണ്ടിനിടയ്ക്കു് അദ്ദേഹം മുഖം കാണിച്ചു്,

നാലഞ്ചക്ഷരവും പഠിച്ച ഗുരുവിൻ പാദം തലോടീ ചിരം
പാലഞ്ചുംമൊഴിമാരപാംഗവലയിൽ ചാടീട്ടുഴന്നേൻ ചിരം
കോലംകെട്ടുക കോലകങ്ങളിൽ നടക്കെന്നുള്ള വേലയ്ക്കിനി–
ക്കാലം വാൎദ്ധകമാകക്കൊണ്ടടിയനെച്ചാടിക്കൊലാ ഭൂപതേ

എന്നൊരു ശ്ലോകമെഴുതി തൃക്കയ്യിൽ കൊടുത്തുവത്രേ. അന്നു് നമ്പ്യാൎക്കു് ഷഷ്ടിപൂൎത്ത ി കഴിഞ്ഞിരുന്നു. “നമ്പ്യാൎക്കു് ഞാനെന്താണു് തരേണ്ടതു്?” എന്നു കല്പിച്ചു ചോദിച്ചുവത്രേ. അതിനു് നമ്പ്യാർ “വിശേഷിച്ചൊന്നും കല്പിച്ചു തരണമെന്നില്ല. അടിയനുണ്ടായിരുന്നതൊന്നും ഇവിടെ എടുക്കാതിരുന്നാൽ മതി” എന്നു മറുപടിയും പറഞ്ഞു. അതിനു ശേഷം ചെമ്പകശ്ശേരി രാജാവിന്റെ കാലത്തു് അമ്പലപ്പുഴക്ഷേത്രത്തിൽ നമ്പ്യാൎക്കുണ്ടായിരുന്ന പതിവുകളെ എല്ലാം പുതുക്കുകയും നമ്പ്യാർമഠം വീണ്ടും നമ്പ്യാരുടെ കുടുംബത്തേക്കു് പതിച്ചുകൊടുക്കയും ചെയ്തുവെന്നു് ഇന്നും ആളുകൾ പറഞ്ഞു വരുന്നു. ഒരു പക്ഷേ “൯൫൪-ാമാണ്ടു് ചൊക്കട്ടാമണ്ഡപത്തിലിരുന്നു് മഹാരാജാവും തെക്കേടത്തു ഭട്ടതിരിയും മേലെഴുത്തുപിള്ളയും ഋഷിനമ്പൂരിപ്പാടും കൂടി വ്യവസ്ഥപ്പെടുത്തിയ പായസപ്പകൎച്ചക്കണക്കിൽ നമ്പ്യാരുടെ ഇനം കാണിക്കാതിരിക്കക്കൊണ്ടു് അപ്പൊഴേയ്ക്കും നമ്പ്യാർ മരിച്ചിരിക്കുന്നതായി വിചാരിക്കാമെന്നു തോന്നുന്നു” എന്നാണു് മി: പീ. കേ. നാരായണപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നതു്. അതു് യുക്തിയുക്തമായി തോന്നുകയും ചെയ്യുന്നു.

നമ്പ്യാരുടെ ജീവിതസായാഹ്നം അമ്പലപ്പുഴെ വച്ചു തന്നെയാണു് കഴിച്ചുകൂട്ടിയതെന്നുള്ളതിനെപ്പറ്റി ആൎക്കു ം രണ്ടുപക്ഷമില്ല. പേപ്പട്ടികടിച്ചുണ്ടായ വിഷം ശമിപ്പിക്കുന്നതിനു് മാത്തൂർ താമസിക്കുന്ന കാലത്തു് അമ്പലപ്പുഴെ തിരുമുല്പാടിന്റെ മാസം അടിയന്തിരത്തിനു് കാളൻ കൂട്ടി ഊണുകഴിക്കയാൽ രോഗം വൎദ്ധിച്ചു മരിച്ചുവെന്നു് അമ്പലപ്പുഴെയുള്ള കൊച്ചുകുട്ടികൾ പോലും പറഞ്ഞുവരുന്നുണ്ടു്. പേപ്പട്ടി കടിച്ചിട്ടോ പട്ടാഷ്ടകമെഴുതിയതിന്റെ ഫലമായി നാവുപുഴുത്തിട്ടോ ആണു് നമ്പ്യാർ മരിച്ചതെന്നു് സാഹിത്യചരിത്ര സംഗ്രഹകാരനായ നമ്പ്യാരവർകൾ പറഞ്ഞുകണുന്നു. ഇങ്ങനെ ഒരു ഐതിഹ്യമുണ്ടെന്നുള്ള അബദ്ധപ്പഞ്ചാംഗം ആദ്യമായിക്കണ്ടതു് ഭാഷാചരിത്രത്തിലാണു്. ആ കഥ അമ്പലപ്പുഴെ എങ്ങും പ്രചരിച്ചുകാണുന്നില്ലെന്നു് അവിടെ ജനിച്ചു് വളർന്നവർക്കൊക്കെ അറിയാം. പ്രസ്തുത സാഹിത്യചരിത്രത്തിന്റെ ഒരു നിരൂപകൻ ലക്ഷ്മീഭായിയിൽ അതിനു പറഞ്ഞിരിക്കുന്ന മറുപടി ഇവിടെ ഉദ്ധരിക്കാം.

“ശുദ്ധ പട്ടന്മാർ കൂടി ഈ സംഗതി പറഞ്ഞു കേട്ടിട്ടില്ല. ‘നമ്പ്യാർ മരിക്കുന്നതിനു മുമ്പു് നായ്ക്കു പുഴുത്തു ചത്തു എന്നു കേൾവിയുണ്ടു് ’ എന്നു ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽ പ്രസ്താവിച്ചിരിക്കുന്നു. നായ്ക്കു് എന്നതു് നായക്കു് എന്നല്ലാതെ നാക്കു് (നാവു്) എന്നു് ഒരുവിധത്തിലും വരുവാൻ സംഗതിയില്ല. നമ്പ്യാരെ കടിച്ച നായു് പുഴുത്തു ചത്തു എന്നായിരിക്കാം വിവക്ഷ. അല്ല നമ്പ്യാരുടെ നാവു പുഴുത്തു എന്നാണു പറയുന്നതെങ്കിൽ അതു് പിള്ളയുടെ അബദ്ധപ്പഞ്ചാംഗത്തിൽ ഒരു തെറ്റുംകൂടി കൂടിയെന്നേ പറവാനുള്ളു. ഈ സംഗതി ഇതുവരെ ഭാഷാഭിമാനികളാരും പ്രസ്താവിച്ചുകേട്ടിട്ടില്ല. തന്നെ ആശ്രയിച്ചു താമസിച്ചിരുന്ന കുട്ടിപ്പട്ടരുടെ കൊതിയോ കൃതഘ്നതയോ കണ്ടു കോപിച്ചു് താഡനക്രിയാദികൾ കഴിയാതെ ശ്ലോകത്തിൽ കഴിച്ചുകൂട്ടിയതു് നമ്പ്യാരുടെ ബുദ്ധിനൈർമ്മല്യമെന്നാണു് പറയേണ്ടതു്. ഇന്നുള്ളവരാണെങ്കിൽ തീർച്ചയായും കുട്ടിപ്പട്ടർക്കു് സൗജന്യമായി കൊടുത്ത പണവും സമ്മാനവും തിരിച്ചുവാങ്ങി പറഞ്ഞയയ്ക്കുമായിരുന്നു. പട്ടരെ ശകാരിച്ചാൽ നാവു പുഴുക്കും എന്നുണ്ടെങ്കിൽ ഇന്നു് കേരളത്തിൽ നാവു പുഴുക്കാതെ മരിക്കാൻ യോഗമുള്ളവർ വളരെ ചുരുങ്ങുമെന്നാണു് ഞങ്ങളുടെ അഭിപ്രായം.”

ഈ അഭിപ്രായത്തിൽ ലേഖകൻ വല്ലാതെ ക്ഷോഭിച്ചു കാണുന്നു. പരമാർത്ഥത്തിൽ അതിനു കാരണമൊന്നുമില്ല. നമ്പ്യാർക്കു് പട്ടന്മാരോടോ മറ്റാരൊടെങ്കിലുമോ വിരോധം ഉണ്ടായിരുന്നു എന്നു പറയുന്നതു് സാഹസമാണു്. നമ്പ്യാർക്കു് ഏതു സംഭവത്തിന്റേയും വിനോദപരമായ അംശം കാണ്മാൻ കഴിയുമായിരുന്നു. ആ കുട്ടി എട്ടുകാശിനു വേണ്ടി ഇത്ര വളരെ ദൂരം തിരിച്ചു നടന്നതു കണ്ടപ്പോൾ നമ്പ്യാർക്കു് അതു് ഒരു വലിയ വിനോദമായി തോന്നി. ഓരോ കാശിനു് ഓരോ ശ്ലോകംവീതം എഴുതിക്കൊടുത്തു. പക്ഷേ നമ്പ്യാർക്കു് വല്ല ഈർഷ്യയും തോന്നിയിരുന്നെങ്കിൽ അതു് ആ ശ്ലോകങ്ങൾ എഴുതിത്തീർന്നതിനോടെ അവസാനിക്കയും ചെയ്തിരിക്കണം. ആരു തെറ്റു ചെയ്താലും സരസമായി ചൂണ്ടിക്കാണിക്കാറുണ്ടായിരുന്ന ഈ കവി ഇങ്ങനെ ഒരു സംഭവം കണ്ടാൽ മൗനമവലംബിക്കുകയോ? വടക്കൻദിക്കുകളിൽ മാന്യമായി ഗണിക്കപ്പെട്ടുപോരുന്ന ഈ പട്ടർസ്ഥാനം തെക്കൻദിക്കുകളിലെ തമിഴ്ബ്രാഹ്മണർക്കു് കർണ്ണശല്യമായിത്തീരാനുണ്ടായ കാരണങ്ങളിൽ ഒന്നു് നമ്പ്യാരെക്കൊണ്ടു പട്ടാഷ്ടകമെഴുതിച്ച കുട്ടിപ്പട്ടന്മാരെപ്പോലുള്ള ചിലരുടെ കുചേഷ്ടിതങ്ങളായിരിക്കണം. ഏതായിരുന്നാലും ‘ജാതിനാമാദികൾക്കല്ല ഗുണഗണം’ എന്നുള്ള കവികുലഗുരുവിന്റെ വാക്യത്തെ സംസ്മരിച്ചു് സാഹിത്യത്തിലെങ്കിലും ജാതിസ്പർദ്ധ കടത്താതിരുന്നാൽ കൊള്ളാം. കേരളത്തിലെ ഇന്നത്തേ നിലയ്ക്കു് തമിഴ്ബ്രാഹ്മണരും ഏറെക്കുറെ കാരണഭൂതന്മാരായിരുന്നു എന്നു് ആരും സമ്മതിക്കും. തിരുവിതാംകൂറിനെപ്പറ്റി സ്മരിക്കുമ്പോൾ രാമയ്യന്റെ സ്മരണയും ഉദിക്കാതിരിക്കയില്ലല്ലോ.

നമ്പ്യാരുടെ മരണഹേതു എന്തെന്നു് നാം എന്തിനു് ആലോചിക്കുന്നു? അദ്ദേഹം മരിച്ചിട്ടേ ഇല്ലല്ലോ. കേരളത്തിലെ ഏകജീവൽകവി നമ്പ്യാരാണു്; തുള്ളൽപ്പാട്ടുകളാണു് യഥാർത്ഥ ജീവൽസാഹിത്യവും. കുഞ്ചൻനമ്പ്യാർ നമ്മുടെ ‘കാളിദാസൻ അല്ലെങ്കിൽ ഷേക്‍സ്പീയർ ആണു് എന്നു പറഞ്ഞാൽ ഏറെത്തെറ്റുകയില്ല’ എന്നു് പണ്ഡിതസാർവഭൗമനായിരുന്ന ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമല്ലേ?

VI

നമ്പ്യാരുടെ സ്വഭാവവർണ്ണനയ്ക്കായി ബാലകൃഷ്ണവാരിയരവർകൾ ഒരു അധ്യായം വിനിയോഗിച്ചിരിക്കുന്നു. ഈ മഹാനുഭാവന്റെ സ്വഭാവഗതികളെ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഒരുവൻ—ഒരു ഇംഗ്ലീഷ്ശൈലിയിൽ പറഞ്ഞാൽ—അപകടപൂർണ്ണമായ തറയിലാണു് കാൽ വയ്ക്കുന്നതു്. നമ്പ്യാർ തന്റെ പാത്രങ്ങളെക്കൊണ്ടു പറയിച്ചിരിക്കുന്നതെല്ലാം അദ്ദേഹത്തിന്റെ മനോഗതികളെ സൂചിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാൽ, അദ്ദേഹം ഭക്തന്മാരിൽ വച്ചു ഭക്തനും, പാഷണ്ഡന്മാരിൽ വച്ചു പാഷണ്ഡനും, ധീരന്മാരിൽ വച്ചു ധീരനും, ഭീരുക്കളിൽ വച്ചു ഭീരുവും, സത്യനിഷ്ഠന്മാരിൽ വച്ചു സത്യനിഷ്ഠനും, കപടശാലികളിൽ വച്ചു കപടശാലിയും, ദയാലുക്കളിൽ വച്ചു ദയാലുവും, നിർഘൃണന്മാരിൽ വച്ചു നിർഘൃണനും ഒക്കെ ആണെന്നു പറയേണ്ടി വരും. യഥാർത്ഥ കവികൾ ക്രാന്തദർശികളാണു്; നമ്പ്യാരും ഒരു ക്രാന്തദർശിയായിരുന്നു. തുഞ്ചനെപ്പോലെ തന്നെ കുഞ്ചനും ഒരു ലോകഗുരുവാണു്. തുഞ്ചൻ സുഗ്രീവാജ്ഞക്കാരനായ ഒരു ഗംഭീരാശയന്റെ മട്ടിൽ നമുക്കു് മാർഗ്ഗോപദേശം ചെയ്യുന്നു; സത്യധർമ്മാദികളെ വെടിഞ്ഞു നടക്കുന്നതായ മർത്ത്യനെ ക്രുദ്ധനായ സർപ്പത്തെക്കാളും ഭയങ്കരനായി ഗണിച്ചു് അദ്ദേഹം അകറ്റി നിർത്തുന്നു. ഈ പ്രപഞ്ചം തന്നെ മിഥ്യയാണെന്നാണു് അദ്ദേഹത്തിന്റെ മതം. ഭക്തിയെ ജ്ഞാനത്തിലേക്കുള്ള ഒരു കോണിപ്പടിയായിട്ടേ അദ്ദേഹം കാണുന്നുള്ളു. കുഞ്ചന്റെ മട്ടു് അങ്ങനെയല്ല. തെറ്റു ചെയ്യാറുള്ള ജനങ്ങളുടെ കൂട്ടത്തിൽ താനും ഒരു തെറ്റുകാരൻ തന്നെ എന്നുള്ള മനോഭാവമാണു് അദ്ദേഹത്തിനെ മനുഷ്യലോകത്തോടു അടുപ്പിക്കുന്നതു്. സാധാരണന്മാർക്കുള്ള കോപതാപാദികളെല്ലാം അദ്ദേഹത്തിനേയും ബാധിക്കാറുണ്ടു്; അവയ്ക്കെല്ലാം അതീതനാണെന്നു് അദ്ദേഹം അഭിമാനിക്കാറുമില്ല. എന്നാൽ തുഞ്ചനെപ്പോലെ സർവലോകസമാശ്ലേഷകമായ ഒരു അനുകമ്പ അദ്ദേഹത്തിനുമുണ്ടു്. ആ അനുകമ്പയാൽ പ്രേരിതനായിട്ടാണു് അദ്ദേഹം തന്റെ സഹജീവികളിൽ കാണുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നതു്. ആ തെറ്റുകൾ കാണുമ്പോൾ അദ്ദേഹം ചിരിക്കാറുള്ളതു പരമാർത്ഥമാണു്; എന്നാൽ ആ ചിരി സ്ഥലജലഭ്രാന്തി നേരിട്ട ദുര്യോധനനെ കണ്ട മാത്രയിൽ പാഞ്ചാലിക്കുണ്ടായ ചിരിയല്ല. പാഞ്ചാലിയുടെ ചിരി എന്തെല്ലാം അനർത്ഥങ്ങൾക്കാണു് കാരണമാക്കിയതു്! വംശവിനാശകരമായ ഒരു മഹാസമരം അന്നത്തെ ആ ‘പൊട്ടിച്ചിരി’നിമിത്തമുണ്ടായില്ലേ? നമ്പ്യാർ അങ്ങനെ ചിരിക്കാറില്ല. കുറവും കുറ്റവും നോക്കിപ്പറവാനായി മാത്രം ജീവിക്കുന്നവരെ എറിഞ്ഞു കാലൊടിക്കണമെന്നാണല്ലോ അദ്ദേഹം പറഞ്ഞിട്ടുള്ളതു്. നമ്പ്യാരുടെ ചിരി അനുകമ്പാമസൃണമാണു്. തുഞ്ചനും ഫലിതം പ്രയോഗിക്കാറുണ്ടു്; എന്നാൽ അദ്ദേഹം ചിരിക്കയില്ല. പക്ഷേ ഒരു സ്മിതരേഖ മുഖത്തു് കളിയാടിയെങ്കിലായി, അത്രേയുള്ളു. നമ്പ്യാർ ചിരിക്കും; അതിനോടുകൂടി ശ്രോതാക്കളേയും ചിരിപ്പിക്കും. അത്തരം ചിരി ഇരുകൂട്ടർക്കും—വക്താവിനും ശ്രോതാവിനും തമ്മിൽ ഒരു സാഹോദര്യബന്ധം ജനിപ്പിക്കുന്നു. ഇതാണു് നമ്പ്യർക്കു് കേരളീയജനതയുടെ ഹൃദയസാമ്രാജ്യത്തിൽ ഇത്ര വിപുലമായ ഒരു അധികാരശക്തി ലഭിക്കാനുള്ള പ്രധാന ഹേതു.

സംസ്കൃതത്തിൽ ഗംഭീരങ്ങളായ കവിതകൾ എഴുതിശീലിച്ച ആ മഹാകവി,

‘ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരളഭാഷ തന്നെ ചിതം വരൂ.’

എന്നു മനസ്സിലാക്കിക്കൊണ്ടു് അവരുടെ നിലയിലേക്കു് സ്വയം താഴുന്ന ആ കാഴ്ച എത്ര അത്ഭുതകരമായിരിക്കുന്നു! എന്നാൽ താൻ ഒരു വലിയ ഉപകാരമാണു ചെയ്യുന്നതു് എന്നു് അദ്ദേഹം ഭാവിക്കുന്നുണ്ടോ? ഇല്ലതാനും.

ഇത്രയും പറഞ്ഞതിൽനിന്നു് നമ്പ്യാരുടെ ദൃഷ്ടിപ്രാപഞ്ചികങ്ങളായ സുഖഭോഗങ്ങൾക്കും പ്രലോഭനങ്ങൾക്കും അപ്പുറം കടന്നിരുന്നില്ല എന്നു് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അതിൽപരം അബദ്ധം മറ്റൊന്നില്ല. കിളിപ്പാട്ടുകൾ വഴിക്കും പാനകൾ വഴിക്കും മറ്റും കേരളീയർക്കു പരിചിതങ്ങളായിരുന്ന പൗരാണികവിഷയങ്ങളെത്തന്നെ അധികരിച്ചു് അദ്ദേഹം കാവ്യം രചിച്ചതു്, സാധാരണക്കാർക്കു് സുഗ്രഹമായ വിധത്തിൽ അവയെ പ്രതിപാദിച്ചു് അവരിൽ ഭക്തിയും ജ്ഞാനവും അങ്കുരിപ്പിക്കണമെന്നു വിചാരിച്ചാണു്. അദ്ദേഹത്തിന്റെ എല്ലാ കഥകളിലും ആന്തരമായ ഒരു ആശയവിശേഷം—ഒരു സന്മാർഗ്ഗപാഠം—ഘടിപ്പിച്ചിട്ടുണ്ടെന്നു കാണാം.

ഈശ്വരഭക്തി, ഗുരുഭക്തി, സജ്ജനഭക്തി ഇവ നമ്പ്യാരുടെ എല്ലാ കൃതികളിലും സ്ഫുടമായി പ്രകാശിക്കുന്നുണ്ടു്. മിക്കകഥയുടെയും പ്രാരംഭത്തിൽ ഈശ്വരസ്തുതി കാണുന്നതുകൊണ്ടുമാത്രം നമ്പ്യാർ ഈശ്വരഭക്തനാണെന്നു പറയാവുന്നതല്ല. ഗ്രന്ഥാരംഭത്തിൽ ഇഷ്ടദേവതാനമസ്കൃതിയോ വസ്തുനിർദ്ദേശമോ അഥ തുടങ്ങിയ മംഗലവാചകശബ്ദങ്ങളോ ഉണ്ടായിരിക്കണമെന്നു വ്യവസ്ഥയുണ്ടു്. ഈ കവിയും ചില ദിക്കിൽ ഇഷ്ടദേവതാസ്മരണത്തോടും, ചിലേടത്തു വസ്തുനിർദ്ദേശത്തോടും, മറ്റു ദിക്കുകളിൽ ‘എങ്കിലോ’ എന്ന ശബ്ദത്തോടും കൂടിയാണു് കഥകൾ ആരംഭിച്ചിരിക്കുന്നതു്. ‘അഥ’ ശബ്ദം മംഗളവാചിയാണെന്നു് ‘അഥോഥ സ്യാതാം സമുച്ചയേ മംഗളേ സംശയാരംഭാധികാരാനന്തരേഷു ച’ എന്ന കോശത്താൽ സിദ്ധിക്കുന്നു. ആ ശബ്ദത്തിന്റെ തർജ്ജമയാണല്ലോ ‘എങ്കിലോ’ എന്ന പദം. അതിനാൽ കേവലം മംഗളാചരണം കണ്ടിട്ടു് കവി വലിയ ഭക്തനായിരിക്കണമെന്നു പറയുന്നതിൽ അർത്ഥമില്ല. എന്നാൽ നമ്പ്യാരുടെ എല്ലാ കൃതികളിലും അദ്ദേഹത്തിന്റെ ഹൃദയാന്തർഭാഗത്തു നിന്നു് ഊറിവരുന്ന ഭക്തിരസത്തിന്റെ ആസ്വാദ്യത അനുഭവൈകവേദ്യമാണു്.

‘വാശ്ശതെങ്കിലുമൊന്നു വന്നു സഭാതലങ്ങളിലോതിനാ-
ലീശ്വരസ്തുതിയായ് വരേണമതെങ്കിലേ ശുഭമായ് വരൂ.’

എന്നാണു് നമ്പ്യാരുടെ മതം.

‘യാഗവും പല യോഗവും പല മന്ത്രവും ചില തന്ത്രവും
ആഗമങ്ങളുപാസനങ്ങളുമാസനങ്ങളുമൊന്നുമേ
രംഗസാഗരവാസികൾക്കു ഫലിക്കയില്ല ധരിക്കണം.
ഭക്തവത്സലനായ ശിവനുടെ ചരണതാമരസങ്ങളിൽ
ഭക്തിയുള്ള ജനത്തിനേ ഭൂവി മുക്തിലാഭമുടൻ വരൂ.
ഭക്തിസൗഖ്യമുടൻ ലഭിച്ചിഹ മുക്തിവരുവതിനീശ്വര-
ഭക്തിതന്നെ മഹൗഷധം പുനരന്യമില്ലുപദേശവും’

അതിനാലാണു് ഭഗവന്മാഹാത്മ്യത്തെ ഉദാഹരിക്കുന്ന കഥകൾ അദ്ദേഹം പ്രത്യേകം തിരഞ്ഞെടുത്തു പ്രതിപാദിച്ചിരിക്കുന്നതു്. സംസ്കൃതകവനം മതിയാക്കീട്ടു മലയാളത്തിൽ കവിതകൾ രചിക്കാൻ തുടങ്ങിയതുതന്നെ അതിനുവേണ്ടിയാണെന്നു് അദ്ദേഹം വ്യക്തമാക്കീട്ടുണ്ടു്. സംസ്കൃതത്തിൽ കാവ്യം രചിപ്പാൻ പ്രയാസമില്ലെന്നും, ഭാഷാകവനമാണു് ദുർഘടമായിരിക്കുന്നതെന്നും അനുഭവസ്ഥന്മാർക്കൊക്കെ അറിയാം,

‘സജ്ജനത്തിനു സംസ്കൃതക്കവി കേൾക്ക കൗതുകമെങ്കിലും
ദുർജ്ജനത്തിനതിങ്കലൊരു രസമേശുകില്ലിതു കാരണ
ഭടജനങ്ങടെ സഭയിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതം വരൂ,
കടുപടെപ്പടുകഠിനസംസ്കൃതവികടകടുകവി കേറിയാൽ
ഭടജനങ്ങൾ ധരിക്കയില്ല തിരിക്കുമൊക്കെയുമേറ്റുടൻ
ഭാഷയേറി വരുന്ന നല്ല മണിപ്രവാളമതെങ്കിലോ
ദൂഷണം വരുവാനുമില്ല വിശേഷഭൂഷണമായ്പരും
‘വഷസങ്ഗതിയോടു ചേർന്നൊരു ഭാഷ വേണമതെങ്കിലേ
ശേഷമുള്ള ജനത്തിനും പരിതോഷമെന്നു വരൂ ദൃഢം.’

ഈ വാക്കുകളിൽനിന്നു് ഒന്നു രണ്ടു സംഗതികൾ വ്യക്തമാകുന്നുണ്ടു്. അസംസ്കൃതാശയന്മാർക്കു് സംസ്കൃതകവിത ദുർഗ്രഹമായിരിക്കുന്നതിനാൽ അവർക്കു വേണ്ടിയാണു് ഭാഷാകവിത എഴുതാൻ നമ്പ്യാർ പുറപ്പെട്ടതെന്നു സ്പഷ്ടമാണല്ലോ; എന്നാൽ നല്ല മണിപ്രവാളമായിരിക്കണമെന്നു വച്ചതു് പണ്ഡിതന്മാരെക്കൂടെ ഉദ്ദേശിച്ചാണു്. വേഷസങ്ങതിയോടു ചേർന്ന ഭാഷയായി—അതായതു് തുള്ളലിന്റെ രൂപത്തിൽ എഴുതാമെന്നുവച്ചതു്, അതു കൂടുതൽ പ്രയോജകീഭവിക്കുമെന്നുള്ള വിശ്വാസത്താലുമാണു്.

“തുള്ളലിനാശു തുടങ്ങുമ്പോളൊരു തെള്ളലുമുള്ളിലുദിച്ചീടേണം
ഉള്ള ജനങ്ങൾക്കെല്ലാമിതുകൊണ്ടുള്ളം ഝടിതി കളുർത്തീടേണം
വെള്ളസ്ഫടിക വിശുദ്ധ സരസ്വതി വെള്ളത്തിൽ ശശിബിംബംപോലെ
ഉള്ളത്തിൽ പരിചോടു വിളങ്ങുകിലുള്ള വിധങ്ങളശേഷം തോന്നും
കള്ളമകന്നു കവിത്വവിശേഷം തള്ളിത്തള്ളി വരുന്ന ദശായാം
ഉള്ളിൽക്കപടതയുള്ള ജനങ്ങടെ ഭള്ളും വിരുതും നിഷ്ഫലമാകും.”
കൊള്ളാമിവനുടെ വിദ്യകളെന്നൊരു കോലണിവാർത്ത നടത്തുന്നേരം
കള്ളന്മാരുടെ കണ്ടണികൊണ്ടുമൊരെള്ളോളം ഫലമില്ലെന്നറിവിൻ.സത്യാസ്വയംവരം.

സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിൽ ഉള്ള മാലിന്യങ്ങളെ നീക്കിക്കളഞ്ഞു് അവരിൽ ഈശ്വരപരമായ ഭക്തിയും വിശ്വാസവും അങ്കുരിപ്പിക്കുകയാണു് തന്റെ ഉദ്ദേശമെന്നും കവി ഇവിടെ വിശദമാക്കിയിരിക്കുന്നു. സംസ്കൃതകവനമാണു് തനിക്കു് അധികം വശമെന്നും, ഒരു പുതിയ സരണി തുറക്കുന്നതു് ബഹുജനങ്ങളെ കർത്തവ്യകുതുകികളാക്കിത്തീർക്കാൻ വേണ്ടിയിട്ടാണെന്നും,

‘ഭാഷയായിട്ടു ചമയ്ക്കുന്ന വാക്കുകൾ
ദോഷമകന്നു വരുത്തുവാൻ ദുർഘടം’

എന്നിങ്ങനെ അദ്ദേഹം നമുക്കു് അറിവു തന്നിട്ടുണ്ടു്. എന്നിട്ടും സംസ്കൃതഭാഷാനഭിജ്ഞതകൊണ്ടാണു് നമ്പ്യാർ ഇങ്ങനെ ഭാഷാകവിത എഴുതാൻ പുറപ്പെട്ടതെന്നു പറയുന്നവരുടെ കഥയില്ലായ്മയെപ്പറ്റി എന്തു പറയേണ്ടൂ? കഷ്ടിച്ചു് മൂന്നാലു കാവ്യങ്ങളുടെ മുക്കും മൂലയും മാത്രം കണ്ടതിന്റെ ശേഷം പണ്ഡിതനെന്ന ഭാവവും പേറി നടക്കുന്ന ചില ഇദാനീന്തനവിദ്വാന്മാരുടെ ഈ അഭിപ്രായത്തെ ആരു് ആദരിക്കുന്നു?

ഈശ്വരഭക്തിയിലെന്നപോലെ ഗുരുഭക്തിയിലും നമ്പ്യാർ അദ്വിതീയനായിരുന്നു. നല്ല ഗുരുകടാക്ഷംകൊണ്ടല്ലാതെ യാതൊന്നും ഫലിക്കയില്ലെന്നായിരുന്നു നമ്പ്യാരുടെ വിശ്വാസം. ‘വാദ്ധ്യാർക്കിട്ടടി പത്തലുകൊണ്ടു് ’ എന്ന അധുനാതന കവിമല്ലന്റെ മതം അദ്ദേഹത്തിനു് പരിചിതമായിരുന്നില്ലെന്നു മാത്രമല്ല ‘ഗുരുത്വമില്ലാത്തവരെക്കണ്ടാൽ കുളിക്കണ’ മെന്നുപോലും അദ്ദേഹം പറഞ്ഞിട്ടുണ്ടു്.

‘ഗാഢസ്നേഹമുള്ളൊരു ഗുരുവിന്റെ കൃപകൊണ്ടേ
മൂഢത്വമൊഴിഞ്ഞീടു മുനിമാർക്കെങ്കിലും നൂനം
തന്നുടെ ഗുരുക്കന്മാർ തനിക്കു ദൈവതമെന്നു
തന്നത്താനറിയുന്ന തനുമാന്മാർ ധരിക്കുന്നു’ പൗണ്ഡ്റകവധം.

അധർമ്മത്തോടുള്ള വിദ്വേഷമാണു് നമ്പ്യാരുടെ സ്വഭാവത്തിൽ പ്രധാനമായി കാണുന്ന മറ്റൊരു ഗുണം. ആരായിരുന്നാലും ധർമ്മത്തിൽനിന്നു വ്യതിചലിച്ചുപോയാൽ നമ്പ്യാരുടെ കർക്കശമായ പരിഹാസത്തിനു പാത്രമാകാതിരിക്കയില്ല. മാതൃകാരാജാവിന്റെ ഭരണകാലത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

‘സത്തുക്കൾക്കൊക്കവേ സൗഖ്യം വരുത്തി ശ്രീഹരിശ്ചന്ദ്രൻ
സത്യകീർത്ത്യാഖ്യനായുള്ള സചിവശ്രേഷ്ഠനോടൊന്നി-
ച്ചത്യുഭാരം ജഗത്ത്രാണം ചെയ്തു വാണീടിന കാലം’
‘കപടമില്ല കലഹമില്ല കലുഷമതികളെങ്ങുമില്ല
വികടരില്ല; വിശാരില്ല; വികൃതിനികൃതിവിധങ്ങളില്ലാ
കുസൃതിയില്ലാ; കഗതിയില്ലാ; കുരള പറവതിനാരുമില്ല;
കള്ളരില്ല; തുള്ളലില്ല; കള്ളു കുടിയന്മാരുമില്ല
മുള്ളനില്ല; മൂഢനില്ല; മൂർഖമനുജജനങ്ങളില്ലാ
മടിയനില്ല; മസൃണനില്ല; മന്ദബുദ്ധികളാരുമില്ല
കരുടനില്ല; കുശഠനില്ല; കുശലവിലയവുമെങ്ങുമില്ലാ
ചതിയനില്ലാ; കൊതിയനില്ലാ; ചപലഖലമതി കിതവനില്ലാ
അസുഖമില്ലാ; അശുഭമില്ലാ; അസുരവിജിതരുമാരുമില്ലാ
അധനനില്ലാ; അധമനില്ലാ; അധികനോടു കലഹമില്ലാ
ആധിയില്ലാ; വ്യാധിയില്ലാ; അരസവിരസഭയങ്ങളില്ലാ
പുഷ്ടിയും തുഷ്ടിയും പുനരിഹ വൃഷ്ടിയും കൃഷ്ടിയും ബഹുഗുണ-
മിഷ്ടിയും വ്യുഷ്ടിയും ശുഭചകമഷ്ടിയും മുഷ്ടിയും ദിശി ദിശി
സ്നാനവും പാനവും സമുചിതയാനവും ഗാനവും ദ്വിജവര
ഭാനവും മാനവും മഹിതനിദാനവും സ്ഥാനവും നന്നിഹ.
പുരജനങ്ങടെ ഭാഷണം ഗതഭൂഷണം മണിഭൂഷണം
അരിഭടാവലിഭീഷണം മദശോഷണം ഹയഹേഷണം
അവനിസുരവരപൂജനം സുഖഭോജനം സുസഭാജനം
അഖിലഗുണഗണഭാജനം നൃസഭാജനം ശുഭയോജനം
അനിശമപി നിജഗണ്ഡലംബിതകണ്ഡലം നരമണ്ഡലം
അനഘമണിമയമണ്ഡനം രിപുദണ്ഡനം മദഖണ്ഡനം
തൽക്ഷണം രക്ഷണം; പ്രതിഭടതക്ഷണം ശിക്ഷണം ബഹു ശിവ
ലക്ഷണം ദക്ഷിണം ബഹുരസഭക്ഷണം ഭിക്ഷണം സമുചിത-
മിത്തരം സത്വരം നരവരചത്വരം ദുസ്തരം സമജനി
സദ്ധനം പത്തനം ദിനമനുവർദ്ധനം ഗർജ്ജനം ത്രിജഗതി
ശോഭനം ലോഭനം ധനതതിദോഹനം മോഹനം സുഖമവ-
ഗാഹനം ഗുഹനം നഹി നഹി സുന്ദരം മന്ദിരം പരിലസ-
ദിന്ദിരാമന്ദിരം ഗിരി ഇവ ഉന്നതം മന്നവന്മാരിദമന്വഹം വന്ദനംവിദധതി.

‘മായാവിതന്നുടെ മകനായ മന്നവൻ’ വാണകാലത്തെ വർണ്ണിച്ചിരിക്കുന്നതു നോക്കുക.

നായന്മാരുടെ വീടുകൾതോറും മായാഭഗവതി വിളയാടുന്നു
കായസ്ഥന്മാരച്ചന്മാർക്കൊരു കായക്ലേശവുമില്ലിക്കാലം
അഞ്ചുപറയ്ക്കുള്ളൊരു കണ്ടത്തിൽ പുഞ്ച വിതച്ചു വിളഞ്ഞതു കൊയ്താൽ
അഞ്ചുജനത്തിനു ചെലവു കഴിക്കാമഞ്ചുമൊരേഴും മാസം മുഴുവൻ
തഞ്ചിലവുകളും വിത്തും കൂലിയുമഞ്ചാതെ കണ്ടങ്ങു കഴിച്ചാൽ
അഞ്ചോ പത്തോ വായ്‍പ കൊടുപ്പാൻ വാഞ്ഛിച്ചാലതുമതിലുണ്ടാവം
കണ്ടങ്ങളിലുഴവെന്നതുകൂടാതുണ്ടാമനവധി നെല്ലതുകാലം
കണ്ടങ്ങളിലുളവാം വിളവളവേ കണ്ടവരില്ല കൃഷിക്കാരന്മാർ
പ്രജകളെ രക്ഷിപ്പാൻ വിരുതുള്ളോരെജമാനന്മാരതിസരസന്മാർ
ദ്വിജവരഭക്തിയുമെത്ര വിശേഷം വിജയസമർത്ഥന്മാരവരെല്ലാം
നാരികളോടു വിചാരിച്ചിട്ടൊരു കാര്യക്ലേശവു മന്നില്ലേതും
നേരല്ലാതൊരു സംസാരങ്ങളിലാരംഭങ്ങളുമില്ലക്കാലം
അപരാധികളോടർത്ഥംവാങ്ങീട്ടപരാധത്തെ മറയ്ക്കയുമില്ല.
ഉപകാരം ചെയ്തവരെത്തന്നെ കൃപകൂടാതെ ചതിക്കയുമില്ല.
ദൂഷണമുള്ളതു ധനവാനെങ്കിൽ ഭൂഷണമെന്നൊരു ഭാവവുമില്ല.
ഏഷണികേട്ടിട്ടെജമാനൻ ചില ഭീഷണി കാട്ടുകയില്ലതുകാലം.
ജാതിക്കർഹതയില്ലാതുള്ളതു ചെയ്തീടുന്ന ജനങ്ങളുമില്ല.
കോട്ടക്കച്ചമണപ്പാടൻവക കോട്ടാറൻ പല തുപ്പട്ടികളും
കട്ടിക്കവണികൾ പട്ടുതരങ്ങളുമെട്ടുമുളം പല സോമൻമുറിയും
കെട്ടിക്കാച്ചിയമുണ്ടുകളെന്നിവ കെട്ടിയെടുക്കും പട്ടന്മാർ ചിലർ
നാട്ടിൽനടന്നൊരു വാണിഭമെന്നതു കേട്ടിട്ടില്ലക്കാലത്തിങ്കൽ
ഏഴുവെളുപ്പിന്നേറ്റുകുളിച്ചൊരു പാഴുവരാതെ കഴിക്കും നിയമം
താഴുകയില്ലൊരു ദിക്കിലുമെന്നാലൂഴിയിലുള്ള മഹാവിപ്രന്മാർ.’ഘോഷയാത്ര.

നഗരത്തിലാണെങ്കിൽ,

‘നാടകനടനം നർമ്മവിനോദം പാഠകപഠനം പാവക്കൂത്തും
മാടണിമുലമാർ മോഹിനിയാട്ടം പാടവമേറിന പല പല മേളം
ചന്തംതടവിന ചതുരംഗങ്ങളുമന്തരഹീനം പകിടക്കളിയും
പന്തടി വീണാവേണു മൃദംഗം ചിന്തും പേരണി പോരണിവിധവും
അന്തണവരരുടെ ശാസ്ത്രവിചാരം ഗ്രന്ഥികളുടെ മത്സരവാദം
സന്ധിതുടങ്ങിന നയശാസ്ത്രങ്ങളുമെന്തിതു ചൊന്നാലില്ലവസാനം.
ദന്തികളനവധി കാലാളുകളും പത്തിനിറഞ്ഞൊരു കുതിരപ്പടയും
ലന്തത്തോക്കുകൾ പറങ്കിത്തോക്കുകൾ കുന്തം ചവളം വില്ലും ശരവും
ആയുധവാഹനവിഭവം പറവാനായിരമാനനമുള്ളവനും പണി’

ദുഷ്ടരാജാക്കന്മാരെയും ദുർമ്മന്ത്രിമാരെയും ഇങ്ങന അധിക്ഷേപിക്കുന്നു:-

‘തന്നത്താനറിയാത്ത ജളന്മാരെ മന്ത്രിയാക്കി-
ത്തന്വംഗീജനത്തോടു തന്റെ കാര്യം വിചാരിച്ചു
തന്നുടെ പ്രജകളോടേഴകോഴകൾ വാങ്ങി
താൻതന്നെ തന്റെ രാജ്യം നശിപ്പിക്കും പ്രഭുക്കന്മാർ
അല്ലാതെ ധരണിയിലാരുമില്ലെന്നു കേൾപ്പൂ.
വല്ലാതെ വലയ്ക്കുന്നു ദീനരാം മാനുഷന്മാരെ
നെല്ലും വിത്തുമെപ്പേരും കണ്ടെഴുതിപ്പാട്ടിലാക്കി-
ച്ചെല്ലുന്ന ചിലവൊക്കെ ചുരുക്കി ബ്രാഹ്മണർക്കിപ്പോൾ.
ഇല്ലത്തെക്കുടുംബത്തിന്നഷ്ടി കഷ്ടിച്ചു കല്പിച്ചാ-
രിന്നത്തേ യജമാനന്മാരുടേ ശീലമീവണ്ണം
കണ്ടത്തിൽ കൃഷിചെയ്താലുണ്ടാകും വിളവെല്ലാം
കണ്ടെത്തിപ്പിടിപെട്ടു കശ്മലന്മാർ വാരി വാരി-
ക്കൊണ്ടെങ്ങും തിരിക്കും കണ്ടിരിക്കുന്നോരെന്തു ചെയ്‍വൂ?
പണ്ടാരും നടക്കാത്ത കണ്ടങ്ങൾ കൃഷിചെയ്തു
കണ്ടെങ്കിലതുമെല്ലാം പണ്ടാരംവകയാക്കീ
മണ്ടപത്തിൻവാതിൽ കാക്കും മനുഷ്യപ്രൗഢിമാന്മാർക്കും
കൊണ്ടുചെന്നു കൊടുക്കാഞ്ഞാൽ മറിക്കുമസ്സമർത്ഥന്മാർ.
നാട്ടിലുള്ള പ്രജകൾക്കു നെല്ലുമില്ലാ പണമില്ലാ
കാട്ടിലുള്ള കായ്കനികൾ തിന്നുതന്നെ പൊറുക്കേണം.
ഊട്ടിലെങ്ങും ചോറു കിട്ടാ ഭടന്മാർക്കുമച്ചിമാർക്കും
കൂട്ടിലിട്ട മൃഗംപോലെ പട്ടിണിയായ് കിടക്കുന്നു.
ഉണ്ണാനുമുടുപ്പാനും തേപ്പാനും വകയില്ലാ;
തിന്മാൻ വെറ്റപാക്കില്ലാ പുകയില തരിമ്പില്ലാ;
അമ്മാത്രം മുതലുള്ളതന്നന്നു വിറ്റു തിന്നു
അമ്മയ്ക്കുമുടപ്പിറന്നവൾക്കും പട്ടിണിതന്നെ.
ധർമ്മമെന്തധർമ്മമെന്തെന്നൊരു വസ്തു തിരിയാത്ത
ദുർമ്മന്ത്രിജളന്മാർക്കു പാട്ടിലായി വിശ്വമെല്ലാം’

ഓരോ മനുഷ്യനും അവനവന്റെ ചുമതല ശരിയായ വിധത്തിൽ നിർവഹിച്ചു കാണുന്നതിലാണു് നമ്പ്യാർക്കു മോഹം. ബ്രാഹ്മണരോടു് അദ്ദേഹത്തിനു് അളവറ്റ ബഹുമാനമുണ്ടായിരുന്നു. എന്നാൽ എങ്ങനെയാണു് ഒരു ബ്രാഹ്മണൻ ജീവിക്കേണ്ടതെന്നു് അദ്ദേഹം പല ദിക്കിലും വ്യക്തമായി ഉദാഹരിച്ചു കാണിച്ചിട്ടുണ്ടു്.

‘ശീലവും വൃത്തിയും മനോഹരമായിരിക്കണം’; മാനസം സദാ ‘ചിത്സ്വരൂപങ്ക’ലുറച്ചിരിക്കണം; ‘വേദവും ശാസ്ത്രപുരാണങ്ങളെന്നിവ’ ഹൃൽസ്ഥമാക്കി വയ്ക്കണം; അതിയാമാദ്യം കുളിച്ചു് ‘മന്ത്രതന്ത്രാദി നിയമങ്ങൾ’ ദിനംപ്രതി ചെയ്യണം. അല്ലാതെ,

‘ഉണ്ണണമെന്നുമുറങ്ങണമെന്നും പെണ്ണുങ്ങളോടു രസിക്കണമെന്നും
കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാമെണ്ണിക്കൊണ്ടു ദുഷിക്കണമെന്നും’

വിചാരിച്ചു നടക്കുന്നവരും ‘ജപഹോമാദികളും’ ‘തപഃസ്നാനാദി’കളും ഇല്ലാതെ ‘നീലക്കാർകുഴലിമാർ വീടുതോറും നടന്നോരോ ലീലയ്ക്കു തുനിയുന്ന’ ആചാരവികലന്മാരായിരിക്കുന്നവരും നമ്പ്യാരുടെ ആക്ഷേപശരങ്ങൾക്കു് ലക്ഷ്യമാകാതിരിക്കയില്ല. ‘ബ്രാഹ്മണ്യമായ ജന്മം ജനിപ്പിക്കാനുമെളുതല്ലാ—ബ്രാഹ്മണ്യമായ കർമ്മം നടത്താനും പണിതന്നെ’ എന്നു് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

‘യദ്യദാചരതി ശ്രേഷ്ഠ-
സ്തത്ത ദേവേതരോ ജനഃ

എന്നാണല്ലോ പ്രമാണം. ആ തത്വത്തെ നമ്പ്യാർ പല സ്ഥലങ്ങളിൽ ഭംഗ്യന്തരേണ പ്രകാശിപ്പിച്ചിട്ടുമുണ്ടു്.

‘കൊമ്പൻ പോയതു മോഴയ്ക്കും വഴി’
‘എമ്പ്രാനപ്പം കട്ടു ഭുജിച്ചാ-
ലമ്പലവാസികളൊക്കെക്കക്കും’
‘നിന്നോതിക്കോൻ മൊള്ളുന്നേരമുണ്ണികൾ മരമേറീട്ടും മൊള്ളും’
‘അമരക്കാരനു തല തെറ്റുമ്പോൾ-അണിയക്കാരുടെ തണ്ടുകൾ തെറ്റും’
‘കാര്യക്കാരൻ കളവു തുടർന്നാൽ കരമേലുള്ളവർ കട്ടുമുടിക്കും’

പ്രഭുക്കന്മാരുടെ ധർമ്മം തങ്ങളെ ആശ്രയിക്കുന്നവരെ രക്ഷിക്കയാണു്. അല്ലാതുള്ളവരെ,

‘പാലുകുടിച്ചു തടിച്ചൊരു കൂട്ടം
വാലില്ലാത്ത കുരങ്ങച്ചന്മാർ’

എന്നാണു് അദ്ദേഹം വർണ്ണിച്ചിരിക്കുന്നതു്.

നമ്പ്യാർക്കു് കനകകാമിനികളോടുണ്ടായിരുന്ന മനോഭാവത്തെപ്പറ്റി ഈയിടയ്ക്കാണു് ചിലർ സംശയം പുറപ്പെടുവിച്ചു കാണുന്നതു്. പണം ചെലവാക്കാനുള്ള ഒരു സാധനമായിട്ടല്ലാതെ ശേഖരിച്ചു വച്ചു് അതു കണ്ടു രസിക്കണമെന്നുള്ള മനോഭാവം അദ്ദേഹത്തിനെ തീണ്ടീട്ടുപോലുമില്ലായിരുന്നു. ‘കനകംമൂലം കാമിനിമൂലം—കലഹം പലവിധമുലകിൽ സുലഭം’ എന്നു് മിക്ക കഥകളിലും അദ്ദേഹം വിശദമായി പറഞ്ഞിട്ടുണ്ടു്.

‘സ്വർണ്ണങ്ങളെന്നൊരു ജാതിയേ സൃഷ്ടിച്ചു;
പെണ്ണുങ്ങളെന്നൊരു ജാതിയും സൃഷ്ടിച്ചു;
കർണ്ണങ്ങളും കണ്ണുമീമട്ടു ദേഹമീ-
വർണ്ണമനർത്ഥങ്ങൾ രണ്ടു നിർമ്മിക്കയാൽ
ഏന്തുന്ന സംസാരവാരിധിവെള്ളത്തിൽ
നീന്തുന്ന മർത്ത്യനു കേറാൻ തരം വരാ’ഹരിണീസ്വയംവരം.

എന്നാണു് കവിയുടെ മതം. ലോകത്തിൽ ധനം കൂടാതെ കഴികയില്ലെങ്കിലും, ധനവിഷയകമായ തൃഷ്ണയ്ക്കു് ഒരു അതിരുവേണമെന്നാണു് അദ്ദേഹം പറയുന്നതു്.

‘ദ്രവ്യത്തിങ്കലൊരാഗ്രഹമെന്നതു
ഭവ്യന്മാർക്കുമിളക്കരുതേതും
വിത്തത്തിൽ കൊതിയുണ്ടാമെന്നാൽ
ഇത്രയിതെന്നൊരു നിയമം വേണം‘

പണം അധികമായാലുള്ള ദോഷത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു:-

‘പണമെന്നുള്ളതു കയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളതു ദൂരത്താകും;
പണവും ഗുണവും കൂടിയിരിപ്പാൻ പണിയെന്നുള്ളതു ബോധിക്കേണം.’

ഇങ്ങനെ ആണെങ്കിലും മിതവ്യയം കൂടിയേ തീരൂ എന്നു് അദ്ദേഹത്തിനു നിർബന്ധമാണു്. ‘Neither a borrower nor a lender be’ എന്ന ഷേക്സ്പീയർവാക്യത്തെ അനുസ്മരിപ്പിക്കുന്ന വാക്കുകൾ പല കഥകളിലും കാണ്മാനുണ്ടു്.

‘പണയം മേടിക്കാതൊരു കാശും പണവുമൊരുത്തരു നല്കരുതാരും
ഋണവും വന്നു മുഴുത്തെന്നാകിൽ തൃണവും പുരുഷനുമില്ലൊരുഭേദം.’പ്രദോഷമാഹാത്മ്യം.

സ്ത്രീജനങ്ങളെപ്പറ്റി നമ്പ്യാർക്കു നല്ല അഭിപ്രായമുണ്ടായിരുന്നോ എന്നു സംശയമാണു്. സ്ത്രീധർമ്മങ്ങളെപ്പറ്റി അദ്ദേഹം ഗൗരവപൂർവം ഉപന്യസിക്കുന്നുണ്ടെങ്കിലും, അവരെപ്പറ്റിയുള്ള പുച്ഛം മിക്ക കഥകളിലും പ്രതിഫലിച്ചുകാണാം. സ്ത്രീജനങ്ങളോടാലോചിച്ചു് കാര്യവിചാരം നടത്തുന്നവരെ പലേടത്തും ആക്ഷേപിച്ചിട്ടുള്ളതോ പോകട്ടേ; അവർക്കു് ഹൃദയം എന്നൊരു പദാർത്ഥം ഉള്ളതായിട്ടുപോലും അദ്ദേഹം വിശ്വസിക്കുന്നതായി കാണുന്നില്ല. നമ്പിയാരുടെ മഹത്ത്വത്തിനു് കുറവു വരുത്തുന്നതായി ഈ ഒരു സംഗതി മാത്രമേ കാണുന്നുള്ളു. വാല്മീകി രാമായണം ചമയ്ക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിനു് സർവഗുണസമ്പന്നനും ദോഷസ്പർശം ഇല്ലാത്തവനും ആയ ഒരു നായകനെ സൃഷ്ടിക്കണമെന്നായിരുന്നു പ്രധാന ഉദ്ദേശമെന്നു് ആ കാവ്യതല്ലജത്തിന്റെ പ്രാരംഭത്തിൽ നിന്നു മനസ്സിലാക്കാം. എന്നാൽ അദ്ദേഹത്തിന്റെ പാത്രങ്ങളിൽ വച്ചു് സർവോത്തമമായിത്തീർന്നതു് സീതാദേവിയാണു്. “രാമന്മാർ ഇനിയും പലരുമുണ്ടായേക്കാം. എന്നാൽ സീതയോ? ഒന്നേ ഒന്നു മാത്രമേ ഉള്ളു” എന്നു് സ്വാമി വിവേകാനന്ദൻ പ്രസ്താവിച്ചിട്ടുള്ളതു് എത്രയോ പരമാർത്ഥം! സ്ത്രീത്വത്തിന്റെ മഹാത്മ്യം നമ്പിയാർ ഗ്രഹിച്ചിരുന്നോ എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ വരാനുള്ളകാരണം അദ്ദേഹത്തിന്റെ അന്നത്തെ പരിതഃസ്ഥിതികളായിരുന്നു.

“പണമുള്ളവനേ പെണ്ണിനു വേണ്ടൂ ഗുണമുള്ളവനിലൊരാദരവില്ല
പണവുംകൊണ്ടിഹ ചെല്ലാത്തവനും തൃണവുമവൾക്കൊരു ഭേദവുമില്ല
ധനവാനെങ്കിലകത്തു കരേറ്റിപ്പനിനീർകൊണ്ടിഹ കാൽ കഴുകിക്കും.
കനിവൊടുവെറ്റ തെറുത്തുകൊടുക്കും കനമൊടു മെത്തകരേറ്റിയിരുത്തും
ധനമെപ്പേരും വാങ്ങീട്ടവനെ കനമില്ലാത്തൊരു പഞ്ഞികണക്കേ
മനസാ വാചാ നോക്കുകയില്ലവൾ മനമൊരു കല്ലുകണക്കു കഠോരം”പ്രദോഷമാഹാത്മ്യം.

ഇതാണു് നമ്പ്യാർക്കു് സ്ത്രീലോകത്തെപ്പറ്റിയുള്ള മതിപ്പു്.

നമ്പ്യാരുടെ മഹത്വത്തിന്റെ പ്രധാന മാനദണ്ഡമായ് വിളങ്ങുന്നതു് അദ്ദേഹത്തിന്റെ കവിതകളിൽ പ്രകാശിക്കുന്ന ‘സമദൎശിതയാണു്. ഈ സമദർശിതയാണു് യഥാർത്ഥ പാണ്ഡിത്വത്തിന്റെ നികഷോപലവും. പല തുള്ളലുകളിലും ഒരു പറയനേക്കൊണ്ടു് ലോകത്തിനു തത്വോപദേശം ചെയ്യിക്കാൻ ഇക്കവി തുനിഞ്ഞതുതന്നെ ആ ഹൃദയവിശാലതയ്ക്കുദാഹരണമാണു്. അവൻ കേവലം നിരക്ഷരകുക്ഷിയുമല്ല.

‘ഭാഷയായ് പറവാനുമടിയനു സംസ്കൃതത്തിനുമൊന്നുപോൽ
ദോഷഹീനപടുത്വമല്പമുദിപ്പതുണ്ടിവിടിന്നതിൽ
ശേഷിയില്ല ഭടജനങ്ങൾ ധരിച്ചിടാ കടുസംസ്കൃതം
ഭാഷയായ് പറയാമതിൽ ചില ദൂഷണം വരുമെങ്കിലും’

എന്നാണല്ലോ അവൻ പറയുന്നതു്.

‘ആരെടാ നീ? പശുമാംസം വച്ചു തിന്നും പറയനോ?
സാരമാകുന്ന വേദാന്തപ്പൊരുൾ വന്നു പറയുന്നു?”

എന്നു് വിപ്രവിദ്വജ്ജനം ശണ്ഠയിടുന്നതായാൽ, അതിനു പറയുന്ന സമാധാനമാണു് കേൾക്കേണ്ടതു്.

‘വിപ്രനെന്നും ക്ഷത്ര്യനെന്നും വൈശ്യനെന്നും ശൂദ്രനെന്നും
ഇപ്രപഞ്ചേ നാലുവർണ്ണം നാലുവക്ത്രനുളവാക്കീ.
തൽപുറത്തു ബൗദ്ധനെന്നും പാണനെന്നും പറയനെന്നും
കല്പിതം ജാതിഭേദത്തിന്നന്തമില്ല നീരൂപിച്ചാൽ.
ഏവമുള്ള ശരീരങ്ങൾക്കൊക്കവേ പാർത്തു കാണുമ്പോൾ
ജീവനായിട്ടൊന്നുതന്നെ ആയതിപ്പോൾ പരബ്രഹ്മം
നൂലുകൊണ്ടു പിരിച്ചോരു ചരടിൽ പൊന്മണി കോർത്തു
മാലയാക്കിദ്ധനികന്മാർ ധരിക്കുന്നു ഗളംതന്നിൽ.
മുത്തുകൊണ്ടും മാല കോർക്കും പവിഴംകൊണ്ടുമുണ്ടാക്കും
പൂത്തിലഞ്ഞിക്കുരുകൊണ്ടും കുന്നികൊണ്ടും ദരിദ്രന്മാർ.
എന്നിവണ്ണം സുവർണ്ണാദിക്കൊക്കവേ താൻ ചരടായി-
ട്ടൊന്നുതന്നെ പൊന്നിനുമക്കുന്നിമഞ്ചാടിമാലയ്ക്കും.
എന്നപോലെ സർവജാതിപ്രഭുത്വം ഭൗതികം ദേഹം
ഒന്നുകൊണ്ടു കോർത്തുകെട്ടിക്കളിപ്പിക്കുന്നിതു ദൈവം.
എന്നതുമൂലമാത്മാവിന്നാർക്കുമാർക്കും ഭേദമില്ല
ഒന്നുതന്നെ ചരടുള്ളിൽ ഭൂസുരന്നും പറയന്നും.
ജ്ഞാനമെന്നുള്ളതുതന്നെ സാരമെന്നു ധരിക്കേണം.
ജ്ഞാനമില്ലാത്ത വിപ്രനും ബൗദ്ധനും ഭേദമില്ലേതും
ജ്ഞാനിയാകും പറയനും ബ്രഹ്മവാദിദ്വിജന്മാർക്കും
സ്ഥാനമൊന്നായ്‍വരും ചത്തു പരലോകം പ്രവേശിച്ചാൽ.പുളിന്ദീമോക്ഷം

നമ്പ്യാരുടെ പാണ്ഡിത്യം ബഹുമുഖമായിരുന്നു. അദ്ദേഹം വായിച്ചിട്ടില്ലാത്ത കാവ്യങ്ങൾ ചുരുക്കം. അവയിൽനിന്നൊക്കെ ആശയങ്ങൾ എടുത്തിട്ടുമുണ്ടു്. എന്നാൽ ആരുടെ ആശയമായിരുന്നാലും നമ്പ്യാരുടെ കൈയിൽ കിട്ടുമ്പോൾ അതിനൊരു പുതുമ താനേ വന്നുചേരും. ഗ്രന്ഥശാലകൾ അപൂർവമായിരുന്ന ആ കാലത്തു് ഇത്ര വളരെ വിലയേറിയ ഗ്രന്ഥങ്ങൾ വായിച്ചുതീർക്കാൻ സാധിച്ചതിനെപ്പറ്റി ഇന്നുള്ളവർ വിസ്മയിച്ചേക്കും. എന്നാൽ ഗ്രന്ഥങ്ങൾ ശേഖരിക്കുന്നതിലുള്ള ആഗ്രഹം ഈ ഇടക്കാലത്താണു് നിന്നുപോയതു്. പഴേ കാലങ്ങളിൽ ഉത്തമങ്ങളായ ഗ്രന്ഥങ്ങളെ ഒട്ടു വളരെപ്പണം ചെലവിട്ടു് പകർത്തിച്ചു വയ്ക്കുന്നതിൽ നമ്മുടെ കാരണവന്മാർ ജാഗരൂകരായിരുന്നു. കേരളത്തിന്റെ ഒരറ്റത്തുണ്ടായ ഗ്രന്ഥം അല്പകാലത്തിനുള്ളിൽ മറ്റേ അറ്റംവരെ പ്രചരിക്കുമാറു് ജനങ്ങൾക്കു ഗ്രന്ഥശേഖരവിഷയകമായ തൃഷ്ണ വേണ്ടുവോളമുണ്ടായിരുന്നു. അവയ്ക്കു് ഇത്ര വേഗം പ്രചാരമുണ്ടാകാനുള്ള മറ്റൊരു കാരണം കേരളീയർക്കു തീർത്ഥാടനത്തിലുണ്ടായിരുന്ന താൽപര്യമായിരുന്നെന്നു തോന്നുന്നു. കേരളത്തിലെ പുണ്യതീർത്ഥങ്ങൾ എല്ലാം പല തവണ ദർശിച്ചിട്ടുള്ള മഹാന്മാർ പണ്ടുണ്ടായിരുന്നു. അവർവഴിക്കു് ഉൽകൃഷ്ടഗ്രന്ഥങ്ങളും പ്രചരിക്കാൻ ഇടവന്നു കാണണം.

നമ്പ്യാർ വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടെ പട്ടിക ചില തുള്ളലുകളിൽ കാണ്മാനുണ്ടു്. അവയിൽ,

‘പ്രാകൃതമെന്നും സംസ്കൃതമെന്നും വ്യാകരണം പതിനെട്ടു പുരാണം
സൂത്രം നാടക കാവ്യശ്ലോകം ശാസ്ത്രം പലവക ചമ്പു ബൃഹൽക്കഥാ
ഗദ്യഗ്രന്ഥം പദ്യഗ്രന്ഥം ഗണികം വൈദ്യം വൈദികശാസ്ത്രം.’സ്യമന്തകം.

ഇവയൊക്കെ ഉൾപ്പെട്ടിരുന്നു.

‘മാലതീമാധവം ശാകുന്തളം പിന്നെ ബാലരാമായണം കർപ്പൂരമഞ്ജരി
മാളവികാഗ്നിയും മിത്രാംബുരാശിയുമ്മേളം കലർന്നൊരു മുദ്ദിരാരാക്ഷസം
മല്ലികാമാരുതം നല്ല ധനഞ്ജയം കല്യാണസൗഗന്ധികം പ്രിയദർശികം
വേണിസംഹാരം പ്രബോധചന്ദ്രോദയം ഭാണം പ്രഹസനം പിന്നെ രത്നാവലീ
ഉത്തരരാമചരിതം നളോദയം ഇത്തരം നാടകം കൂടെ വായിക്കയും
മാഘം കിരാതാർജ്ജനീയവും ഭട്ടിയും മേഘസന്ദേശം രഘുവംശവും പിന്നെ
ചൊല്ക്കൊണ്ട നൈഷധം നീലകണ്ഠോദയം സൽകൃതമാം ബാലഭാരതമെന്നിവ
കാവ്യങ്ങളും ചില വായിച്ചു കേൾക്കയും കാവ്യപ്രകാരം വിചാരിച്ചിരിക്കയും
കൗർമ്മപുരാണവും വിഷ്ണുപുരാണവും വാല്മീകിരാമായണം മഹാഭാരതം
അധ്യാത്മരാമായണം ഹരിവംശവും ശുദ്ധമാം ശ്രീഭാഗവതം വിശേഷിച്ചു
സ്കന്ദപുരാണവും വായുപുരാണവുമെന്നു തുടങ്ങിപ്പുരാണം പഠിക്കയും
പ്രക്രിയാകൗമുദി സിദ്ധാന്തകൗമുദീ പ്രക്രിയാമഞ്ജരി കാശികാവൃത്തിയും
പ്രക്രിയാസാരവും നല്ല മനോരമാ പ്രക്രിയാസർവസ്വവും പദമഞ്ജരി
ധാതുവൃത്തി ശബ്ദകൗസ്തുഭഭൂഷണം ധാതുപാഠം നല്ല ശുദ്ധാഗ്രവൃത്തിയും
ദുർഘടവൃത്തിയും വൃത്തിരത്നം പിന്നെ ദുർഘടമായുള്ള വാക്യപദീയവും
ധർമ്മവൃത്താദിയാം വ്യാകരണത്നളും’

നമ്പ്യാർ വായിച്ചു പഠിച്ചിരുന്നു എന്നുള്ളതിനെപ്പറ്റി സംശയിപ്പാനേ വഴിയില്ല. ഇത്രയൊക്കെ പാണ്ഡിത്യമുണ്ടായിരുന്നിട്ടും ഭാഷായോഷയെ സൽകാവ്യരത്നങ്ങൾ അണിയിക്കണമെന്നു് അദ്ദേഹത്തിനു് തോന്നിയതു് മലയാളികളുടെ ഭാഗ്യമെന്നേ പറയേണ്ടു. ‘കവിത്വ’ത്തെപ്പറ്റി നമ്പ്യാർക്കു് ഒരു നിസ്സാരഭാവമല്ല ഉണ്ടായിരുന്നതു്. വല്ലതുമെഴുതി ഭടജനങ്ങളെ രസിപ്പിക്കണമെന്നു മാത്രമേ ഈ കവിക്കു് ഉദ്ദേശമുണ്ടായിരുന്നുള്ളു എന്നും, അതു നിമിത്തം തുള്ളലുകൾക്കു പ്രൗഢത കുറഞ്ഞുപോയെന്നും പറയുന്ന ചിലരെ ഞാൻ കണ്ടിട്ടുണ്ടു്. എന്നാൽ പരമാർത്ഥം അങ്ങനെ അല്ല.

‘വാണീഭംഗിവിലാസങ്ങൾ വേണമെങ്കിൽ ബുധജനം
ഊണുറക്കം നിനയ്ക്കാതെ കാണിനേരമിളയ്ക്കാതെ
ഏണശാബമിഴിയാളാം വാണിതന്റെ ചരണാന്തേ
പാണി രണ്ടും കൂപ്പിമെല്ലെത്താണുവീണു വണങ്ങേണം’

എന്നു നമ്പ്യാർ ദൃഢമായി വിശ്വസിച്ചിരുന്നു.

‘നല്ലോരമൃതരസകല്ലോലജാലങ്ങൾക്കു
തുല്യങ്ങളാം കവികൾ ചൊല്ലും ജനങ്ങളുടെ
ചൊല്ലുകൾ കേൾക്കതന്നേ നല്ലൂ’ഘോഷയാത്ര

ഈ മാതിരി അന്യൂനമായ കവിത എഴുതാൻ തനിക്കു കെല്പില്ലെന്നു് അദ്ദേഹം സവിനയം പറയുന്നുണ്ടെങ്കിലും,

‘ഭാഷയായിട്ടു ചമയ്ക്കുന്ന വാക്കുകൾ ദോഷമകന്നു വരുത്തുവാൻ ദുർഘടം
ശേഷമുള്ളാളുകൾ കേട്ടു നമ്മെക്കൊണ്ടു ദൂഷണം കെട്ടിച്ചമയ്ക്കാനടുക്കയാൽ
ഭോഷനായുള്ളൊരെനിക്കു കനക്കവേ ഭൂഷണമെന്നു മനസ്സിലുറയ്ക്കുന്നു.’കല്യാണസൗഗന്ധികം

എന്നും,

‘കവിചൊല്ലിഫലിപ്പിപ്പാനെളുതല്ലെങ്കിലും നമ്മെ-
ക്കവിയുന്ന കവിതക്കാർ കവികെട്ടിച്ചമച്ചർത്ഥം ശ്രവിക്കുമ്പോളിവനുള്ളിൽ
കവിയല്ല വികാരത്തിൽ പികാരം വന്നുകൂടീടും
അവിവേകമെന്നു തീരും—ഇവൻകൂടി പ്രയോഗിച്ചാൽ
രവിയോടൊക്കുമോ മിന്നാമിനുങ്ങെന്നുള്ള ജന്തുക്കൾ
ഭൂവി വന്നു ജനിക്കുന്ന ജനങ്ങൾക്കൊക്കയും മോദം
ഭവിപ്പാനുള്ള വസ്തുക്കൾ പലതുണ്ടെങ്കിലും നല്ല
കവിതാചാതുര്യമുള്ള കവിവാണീപ്രയോഗത്തെ
ശ്രവിക്കുന്ന സുഖംപോലെ ചെവിക്കു പിന്നെയെന്തുള്ളു?
കുറവും കുറ്റവും നോക്കിപ്പറവാനങ്ങൊരു കൂട്ടം
തുറുകണ്ണും മിഴിച്ചങ്ങു മറുഭാഗേ വസിക്കുന്നു
മറിവും മായവുമെല്ലാം മറച്ചു വച്ചുകൊണ്ടെല്ലാ-
മറിയുന്ന ജനമെന്നു പുറമേ ഭാവവും കാട്ടി-
ത്തറമേലേറിനിന്നേറ്റം നിറമേറും സഭാതന്നിൽ
ഇറങ്ങി സല്ക്കഥ ചൊല്ലിത്തുടങ്ങും പൂരുഷൻ തന്റെ
കുറവറ്റ ഗുണം കണ്ടു നിറഞ്ഞുള്ളിലസൂയകൊ-
ണ്ടുറഞ്ഞു ചാടിയോരൊന്നു പറഞ്ഞു ഭത്സനം ചെയ്യും
കുറഞ്ഞൊരു വിശേഷത്തെയറിഞ്ഞോരു ജനം കുറ്റം
പറഞ്ഞെങ്കിലതുകൊണ്ടു തരിമ്പും കുണ്ഠിതമില്ല
അറിയാത്ത മഹാമൂഢൻ തെറിവാക്കു പറയുമ്പോൾ
എറിഞ്ഞു കാലൊടിക്കുമെന്നറിഞ്ഞുകൊൾവിനെല്ലാരും.കൃഷ്ണലീല.

എന്നും,

‘കുറ്റം പറഞ്ഞു ചിരിക്കുന്നവരോടു ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും
മറ്റും പലരതു കേൾക്കുന്ന നേരത്തു മുറ്റും ഗുണദോഷമെല്ലാം വെളിപ്പെടും.
ഏറ്റം കവിതയിലൂടുള്ളവർക്കതു പറ്റും മനതാരിലെന്നാലതും മതി
ഈറ്റനോവിന്റെ പരമാർത്ഥമൊക്കെയും പെറ്റ പെണ്ണുങ്ങൾക്കുതന്നെ അറിയാവു
കാട്ടുകോവിൽക്കെന്തു സംക്രാന്തിയെന്നതും കൂട്ടം കവിപ്രൗഢരൊക്കെദ്ധരിച്ചിടും’
‘ആടിന്നറിയുമോ അങ്ങാടിവാണിഭം? കൂട്ടാക്കയില്ല ഞാൻ ദുഷ്കരഭേഷജം
ഇഷ്ടമില്ലാത്തവരാരൊരു ദൂഷണം കെട്ടിച്ചമച്ചതു കേട്ടാൽ നമുക്കൊരു
ഞെട്ടലില്ലേതും മനസ്സിനെന്നുള്ളതീ ശിഷ്ടജനങ്ങൾ ധരിച്ചുകൊള്ളേണമേ’ഗണപതിപ്രാതൽ.

എന്നും കവി പ്രസ്താവിച്ചിട്ടുള്ളതു വായിക്കുമ്പോൾ വിനയത്തെ കവിഞ്ഞല്ലേ അദ്ദേഹത്തിന്റെ ആത്മപ്രത്യയസ്ഥൈര്യം നിലകൊള്ളുന്നതെന്നുപോലും നമുക്കു് സംശയം ജനിക്കാതിരിക്കയില്ല.

‘സൽകവിപ്രവരൻ ചമച്ച കവിപ്രബന്ധനിബന്ധനം
തസ്കരിച്ചു വലിച്ചു കെട്ടിയ കഷ്ടിപിഷ്ടി കവിത്തരം’

നമ്പ്യാർക്കു് ഇഷ്ടമായിരുന്നില്ല. ‘വല്ലാത്ത കവി കെട്ടി വഷളാക്കിച്ചമയ്ക്കുന്ന വല്ലന്തിശ്ശഠന്മാർക്കു വഴിവച്ചു കൊടുക്കൊല്ലാ’ എന്നു് അദ്ദേഹം ഭാരതീദേവിയോടു ശുപാർശയും ചെയ്തിരിക്കുന്നു.

‘കോല് ത്തേനോലേണമോരോ പദമതിനെ നറുംപാലിൽ നീരെന്നപോലെ
ചേർത്തീടേണം വിശേഷിച്ചുടനതിലൊരലങ്കാരമുണ്ടായ്‍വരേണം
പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചി തോന്നേണമെന്നിത്ര വന്നേ
തീർത്തീടാവൂ ശിളോകം ശിവ ശിവ കവിതാരീതി വൈഷമ്യമത്രേ’

എന്ന പദ്യം നമ്പ്യാരുടേതായിരുന്നാലും അല്ലെങ്കിലും ഭാഷാകവിതയുടെ വൈഷമ്യത്തെപ്പറ്റി അദ്ദേഹം പലേ ദിക്കുകളിൽ ഉപന്യസിച്ചുകാണുന്നുണ്ടു്. സൽക്കവിദുഷ്കവിഭേദത്തെ അദ്ദേഹം ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു.

‘അക്ഷരമീവക കൂട്ടിച്ചേർത്തതിലക്ഷതമാകിയ രസമുളവാക്കി
പ്രാസവുമർത്ഥവുമിടചേർത്തതിലുൾഹാസ്യരസങ്ങളുമങ്ങുളവാക്കി
തീർക്കും നല്ലൊരു കവിയുടെ കവിതകൾ കേൾക്കുംപരിഷകളത്ര രസിക്കും
കർണ്ണങ്ങൾക്കു സഹിക്കാതുള്ളൊരുവണ്ണമതാക്കിച്ചൊല്ലും ദുഷ്കവി
ഇത്ഥം സൽക്കവിദുഷ്കവിഭേദം സിദ്ധമതായ്‍വരുമെന്നിതനർത്ഥം
ശിക്ഷയിലൊരു സാദൃശ്യം ചൊല്ലിത്തൽക്ഷണമിഹ ഞാൻ ബോധിപ്പിക്കാം
പൃത്ഥ്വിയുമപ്പും വഹ്നി മരുത്തും പ്രഭയാമാകാശമിവയഞ്ചും
സാധനമഖിലശരീരം തീർപ്പാൻ സാധുവതാകിയ ബ്രഹ്മാവിന്നും
ചട്ടി കലം കുടമെന്നിവയെല്ലാം കൊട്ടിത്തീർക്കും കുശവന്മാർക്കും
മണ്ണും വേണം ജലവും വേണം മണ്ണതു ചുടുവാൻ തീയും വേണം
ആയതു തീർത്താൽ വെള്ളം വലിവാൻ വായുവുമതിലുള്ളാകാശവുമാം
ഭൂതമതഞ്ചും കുശവനു വേണം ബ്രഹ്മാവിനുമതുതന്നേ സാധനം.’സ്യമന്തകം
VII

ഇനി നമുക്കു് നമ്പ്യാരുടെ ഭാഷാകവിതകളെപ്പറ്റി അല്പമൊന്നു ചിന്തിക്കാം. അദ്ദേഹത്തിന്റെ ബാല്യകാലത്തിലെ കൃതികൾ പ്രായേണ സ്തോത്രങ്ങളും തിരുവാതിരപ്പാട്ടുകൾ, വഞ്ചിപ്പാട്ടുകൾ മുതലായവയുമായിരുന്നു.

(൧) ശ്രീകുമാരാലയസ്തോത്രം

ഈ കൃതി കവി അമ്പലപ്പുഴെ വരുന്നതിനു മുമ്പു രചിച്ചുിട്ടുള്ളതായിരിക്കണമെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആറുപാദങ്ങളിലെഴുതീട്ടുള്ളതായ ഈ സ്ത്രോത്രം മുഴുവനും അച്ചടിച്ചിട്ടുള്ളതായി അറിയുന്നില്ല. കുമാരനല്ലൂർ എന്ന പ്രസിദ്ധ ദേവീക്ഷേത്രം ചെമ്പകശ്ശേരിരാജാക്കന്മാരുടെ പ്രധാന വാസസ്ഥാനങ്ങളിൽ ഒന്നായ കുടമാളൂരിൽനിന്നു് കഷ്ടിച്ചു് ഒരു മൈൽ അകലെ സ്ഥിതിചെയ്യുന്നു. നമ്പ്യാരുടെ കവിത്വശക്തിയുടെ ബീജാങ്കുരം ഈ കൃതിയിൽ നല്ലപോലെ തെളിഞ്ഞു കാണുന്നുണ്ടു്. മാതൃകയ്ക്കായി ഒരു പാട്ടു് ഉദ്ധരിക്കാം.

‘ശ്രീകുമാരാലയംതന്നിൽ വിളങ്ങുന്ന ശ്രീദേവി പാർവതി പാലയ മാം
പഞ്ചസ്വരൂപിണി പാപവിനാശിനി നിഞ്ചരണാംബുജേ കുമ്പിടുന്നേൻ
ലക്ഷ്മീ സരസ്വതി ഗൗരീ മഹേശ്വരി ലക്ഷ്മീ കൃതാനേകനാമാധയേ
മായേ ഭഗവതി മന്മഥവൈരി നൽജായേ ജയ ജയ മന്മാതാവേ
സർവജഗന്മാതാവാകും ഭഗവതി ശർവാണീ ശങ്കരി പാലയ മാം
ദേവീ കുമാരനല്ലൂർ മണിമന്ദിരേ മേവീടുമംബികേ കൈതൊഴുന്നേൻ’-ഇത്യാദി.
(൨) രാസക്രീഡ നാലുവൃത്തം

ഈ പേരിൽ അനേകം കൃതികൾ കാണുന്നുണ്ടു്. എന്നാൽ ‘ശുകപുരി വാണരുളും ഭഗവാനേ വണങ്ങുന്നേൻ’ എന്ന പാട്ടു് നമ്പ്യാരുടെ ചെറുപ്പത്തിലെ കൃതികളിലൊന്നാണെന്നു വിചാരിക്കാൻ ന്യായമുണ്ടു്. ഇതു് ചെമ്പകശ്ശേരി രാജാവിന്റെ പത്നി ആവശ്യപ്പെട്ടതനുസരിച്ചു് എഴുതിയതായിരിക്കാം. കവിതയ്ക്കു പറയത്തക്ക ഗുണമൊന്നുമില്ല. ഒരു ഗാനം താഴെ ചേർക്കുന്നു.

‘സിന്ദുവാരമേ കന്ദജാലമേ സുന്ദരാംഗനെയുണ്ടോ കണ്ടു?
ചന്ദനങ്ങളേ ചമ്പകങ്ങളേ ചന്ദ്രവക്ത്രനെയുണ്ടോ കണ്ടു?
മുല്ലേ മല്ലികേ നല്ല മാലതീ മല്ലവൈരിയെയുണ്ടോ കണ്ടു?
പൈങ്കിളികളേ കോകിലങ്ങളേ പങ്കജാക്ഷനെയുണ്ടോ കണ്ടു?
വെള്ളിൽപക്ഷിയേ വെണ്മയേറുന്ന വേദമൂർത്തിയെയുണ്ടോ കണ്ടു?
വള്ളിക്കെട്ടിലേപ്പുള്ളിമാനേ നീ വല്ലവേന്ദ്രനെയുണ്ടോ കണ്ടു?
കൃഷ്ണസാരമേ കൃഷ്ണഗോക്കളേ കൃഷ്ണനുണ്ണിയെയുണ്ടോ കണ്ടു?
മത്തമാതംഗക്കൂട്ടമേ നിങ്ങൾ മർത്ത്യരൂപനെയുണ്ടോ കണ്ടു?
ഗോകുലങ്ങളേ ഗോക്കളേ നിങ്ങൾ ഗോവിന്ദൻതന്നെയുണ്ടോ കണ്ടു?
ഇങ്ങനെയോരോരോ ചോദ്യംചെയ്തുകൊണ്ടംഗനാജനമങ്ങുമിങ്ങും
കാനനംതന്നിൽ സഞ്ചരിക്കുമ്പോൾ കാണുമാറായി കാർവർണ്ണൻതന്നെ
കൊണ്ടേൽനേർവർണ്ണനെ കണ്ടു ഗോപിമാർ കൊണ്ടാടിക്കൂടി മേളത്തോടെ
രാസക്രീഡകൾ ചെയ്തു പിന്നെയും രാപ്പകൽ വാണു രാഗത്തോടേ.’

ഈ പാട്ടിനെ കൃഷ്ണഗാഥയിൽനിന്നു സാഹിത്യചരിത്രം രണ്ടാം ഭാഗത്തിൽ ഉദ്ധരിച്ചിട്ടുള്ള,

‘കൈതേ ഞാൻ നിന്നോടു തെല്ലൊന്നു ചോദിച്ചാൽ
കൈതവം കൈവിട്ടു ചൊല്ലേണം നീ’

എന്ന വരികളോടു താരതമ്യപ്പെടുത്തി നോക്കുക.

(൩) രുക്‍മിണീസ്വയംവരം പത്തുവൃത്തം

‘പത്തുവൃത്തം’ എന്ന പേരിൽ പ്രസിദ്ധമായിരിക്കുന്ന ഈ കൃതി ‘കുടമാളൂർ’ അന്തർജ്ജനത്തിന്റെ ആവശ്യം പ്രമാണിച്ചു നമ്പ്യാർ രചിച്ചതാണെന്നു് ചിലരും ‘ഇങ്കൾക്കാടു് ’ എന്നു് ഇപ്പോൾ വിളിച്ചുവരുന്ന ‘തിങ്കൾക്കാടു് ’ ഇല്ലത്തേ അന്തർജ്ജനത്തിന്റെ അപേക്ഷ അനുസരിച്ചു രചിച്ചതാണെന്നു പണ്ഡിതാഗ്രണിയായ ആറ്റൂർ കൃഷ്ണപ്പിഷാരടി അവർകളും അഭിപ്രായപ്പെടുന്നു. ഈ പാട്ടു് കിളിയെക്കൊണ്ടാണു് പറയിച്ചിരിക്കുന്നതു്. വഞ്ചിപ്പാട്ടുകൾ, തിരുവാതിരപ്പാട്ടുകൾ, ഊഞ്ഞാൽപ്പാട്ടുകൾ മുതലായവയെല്ലാം ഇക്കാലമായപ്പോഴെക്കും കിളിയെക്കൊണ്ടു പറയിച്ചുതുടങ്ങിയിരുന്നു. നമ്പ്യാരുടെ കവിത്വശക്തി ഈ പാട്ടിൽ മുകുളാവസ്ഥയിൽ ഇരിക്കുന്നതേയുള്ളു. ഇതിലെ ഗാനങ്ങൾ എല്ലാം സ്ത്രീജനങ്ങൾ ഇന്നും തിരുവാതിരക്കളിക്കു് ഉപയോഗിച്ചുവരുന്നു.

‘കൊണ്ടൽവേണിയാൾ ചൊന്ന വാക്കുകൾ’
‘അത്രനേരം മന്നവന്മാരത്ര വന്നു വസിക്കുന്നു’
‘രുക്‍മിണിയോടു ചെന്നു പതുക്കവേ’
‘ഗോപകുമാരകനില്ലെടാ നിന്നുടെ’

ഇത്യാദി പദങ്ങൾ പ്രസിദ്ധങ്ങളാണു്.

‘അഞ്ചിതകേളി മനോഹരഭാഷിണി അരികിൽ വരിക ശുകജായേ
അഞ്ചാതെ പറക നീ അംബുജനാഭന്റെ അമിതചരിതമഭിരാമം
ആദരവോടിഹ രുക്‍മിണിതന്നുടെ അഴകിയ പരിണയഘോഷം
ആദി തുടർന്നുരചെയ്ത നീ വിരവൊടു അഖിലദുരിതഹരമല്ലോ
ഇങ്ങനെയുള്ളൊരു വരമൊഴിമാരുടെ ഹിതമതറിഞ്ഞൊരുശേഷം
ഇംഗിതവേദിനി കിളിമകളൻപൊടു ഹിതമുരചെയ്തു സമോദം’

ഇങ്ങനെ ആദ്യത്തെ പാട്ടു് അകാരാദിക്രമത്തിൽ രചിച്ചിരിക്കുന്നു.

(൪) കിരാതം വഞ്ചിപ്പാട്ടു്

ഇതു് വളരെ പ്രചാരത്തിലിരിക്കുന്ന ഒരു വഞ്ചിപ്പാട്ടാണു്. അതിൽ ‘വാസുദേവപുരംതന്നിൽ വാണരുളും ജഗന്നാഥൻ വാസുദേവൻ കനിവോടു തുണച്ചീടേണം’ എന്നാണു് പ്രാരംഭം. ‘ദേവരാജാധിപനായ ദേവനാരായണസ്വാമി കേവലം കാത്തരുളേണം കരുണയോടേ’ എന്ന സ്ഥലത്തു് കവി വിഷ്ണുവിനോടൊപ്പം ദേവനാരായണനെക്കൂടി വാഴ്ത്തിയിരിക്കുന്നതായി തോന്നുന്നു. ചമ്പക്കുളത്തു വള്ളംകളിയുടെ ആവശ്യത്തിലേക്കു നിർമ്മിക്കപ്പെട്ട ഈ പാട്ടു് ഇപ്പോഴും പാടി വരുന്നുണ്ടു്.

‘ഗരുഡനും പറക്കുന്നു കാകൻതാനും പറക്കുന്നു
ഇരുപേരും സമമെന്നു വരുമാറുണ്ടോ?
എലി വീട്ടിൽ കിടക്കുന്നു; പുലി കാട്ടിൽക്കിടക്കുന്നു;
വലിപ്പംകൊണ്ടിരുവർക്കും സമത്വമുണ്ടോ?
എലിപോലെയിരുന്ന നീ പുലിപോലെ പിണങ്ങുന്നു
ബലവാന്മാരോടു ചെന്നു പിണങ്ങീടാതെ.
അരവത്തെക്കൊലചെയ്വാനരണയ്ക്കുങ്ങെളുതാമോ?
പുരുഷരെന്നതുമെല്ലാം പുരുഷരല്ല’
‘വേശ്യയാകുമവളുടെ കേശഭാരം പിടിപെട്ടു
വേഗമോടപ്പുടവയുമഴിച്ചുപോലും
അന്നുനീയദ്ദിക്കിലെങ്ങും ചെന്നില്ലെന്നു കേട്ടു ഞാനും
അന്നു നിന്നെപ്പെറ്റില്ലെന്നോ ചൊല്കെടോ ഭോഷാ!
പൊണ്ണനായ ഭീമസേനനണ്ണനായ ധർമ്മപുത്രർ
കണ്ണനുടെ സഖിയാകും നീയുമന്നേരം
കണ്ണു രണ്ടും തുറന്നൊരു മണ്ണുകോലങ്ങളെപ്പോലെ
പെണ്ണിനെത്തല്ലുന്നതെല്ലാം കണ്ടുനിന്നില്ലേ?
നാടൊരുത്തൻ കയ്ക്കലാക്കി; വീടൊരുത്തൻ കയ്ക്കലാക്കി
കാടു നിങ്ങൾ കയ്ക്കലാക്കിയെന്നതും കേട്ടു.’

ഈ വാക്കുകളിൽനിന്നു നിർഗളിക്കുന്ന ഫലിതരസം നമ്പ്യാരുടേതല്ലെന്നു് ആരും പറയുമെന്നു തോന്നുന്നില്ല.

(൫) ഭഗവദ്ദൂതു് പതിനാലുവൃത്തം

ഇതു് മേല്പത്തൂർ നാരായണഭട്ടതിരിയുടെ ദൂതവാക്യത്തെ ഉപജീവിച്ചു രചിക്കപ്പെട്ട ഒരു കാവ്യതല്ലജമാകുന്നു. പ്രാരംഭത്തിൽ കവി ‘ശുകപുരമമരും പരമേശ്വര’നേ സ്തുതിച്ചുകാണുന്നതിനാൽ നമ്പ്യാരുടെ കൃതിയാണെന്നുള്ളതിനെപ്പറ്റി സംശയിപ്പാനില്ല. ഈ ചെറുപുസ്തകത്തിനുള്ളിടത്തോളം പ്രചാരം മലയാളത്തിൽ മറ്റേതെങ്കിലും ഒരു ഗ്രന്ഥത്തിനുണ്ടോ എന്നു സംശയമാണു്. റഡ്ഢ്യാർതന്നെ നാല്പതോളം പതിപ്പുകൾ അടിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഇതിലെ ഓരോ വരിയും അതിസുന്ദരമാണെന്നു പറയുന്നതിൽ എനിക്കു് യാതൊരു കൂസലുമില്ല. ചെറുപ്പകാലത്തിലെ കൃതിയാണെന്നുവരികിലും, സ്വാരസ്യത്തിനു് ഒരു കുറവും കാണാതിരിക്കുന്നതു് കവിയുടെ വസനാബലംകൊണ്ടു തന്നെ,

ഒന്നാമത്തെ വൃത്തത്തിൽ,

‘വരുമിഹ സംപ്രതി ദുർയോധനനും
പരമസഖൻ മമ പാർത്ഥൻ താനും
ഇരുവരുമെന്ന വരിപ്പതിനായി-
ക്കരുതിവരുന്നൂ നാരായണ ജയ’

എന്നിങ്ങനെ വിചാരിച്ചു് കപടനിദ്ര ഭാവിച്ചുകിടന്ന ശ്രീകൃഷ്ണൻ അവർ രണ്ടുപേരും വന്നതിനു ശേഷം ഉറക്കം ഉണർന്ന ഭാവത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

‘ശൗരിയുറക്കമുണർന്നൊരു ഭാവാൽ
മൂരി നിവർന്നു കരങ്ങൾ കുടഞ്ഞു
മാരുതിസഹജനെ നോക്കി പ്രഥമം
ചാരു ബഭാഷേ നാരായണ ജയ’

ഈ വൃത്തത്തിൽ ദുര്യോധനൻ ശ്രീകൃഷ്ണന്റെ സൈന്യത്തേയും അർജ്ജുനൻ നിരസ്രനായ ഭഗവാനേയും വരിച്ചതുവരെയുള്ള ഭാഗത്തെ സംഗ്രഹിച്ചിരിക്കുന്നു.

ശ്രീകൃഷ്ണൻ ‘ധർമ്മപരമാനസനധർമ്മവിഹീന’നായ ധർമ്മപുത്രരുടെ അടുക്കൽ വരുന്നു; അദ്ദേഹം യഥാവിധി പൂജിക്കുന്നു. തത്സമയം ദ്രുപദരാജാവിന്റെ പുരോഹിതൻ കൗരവസഭയിൽ ചെന്നിട്ടു് അവിടെയുള്ള വിവരങ്ങളൊക്കെ അറിയിക്കുന്നു.

‘ഹന്ത ധൃതരാഷ്ട്രസുതനോടിഹ നിനച്ചാൽ
സന്ധിയെളുതല്ല തെളിവില്ലവനു പിന്നെ
എന്തിനു വൃഥാ ദിവസമാശു കളയുന്നു
ചന്തമൊടു യുദ്ധമിനി നല്ലു ഹര ശംഭോ’

എന്നിങ്ങനെ ആ ബ്രാഹ്മണൻ ഉപദേശിക്കുന്നു. അങ്ങനെയിരിക്കേ ഹസ്തിനപുരയിൽ ‘ഹസ്തിതുരഗാദികളുമായുധവുമെല്ലാം’ സംഭരിച്ചിരിക്കുന്നതായി അറിഞ്ഞു് ധൃതരാഷ്ട്രർ,

‘കഞ്ജനപ്രിയ ധനഞ്ജയനൊടേറ്റാൽ
ഭഞ്ജനമിവർക്കു വരുമെന്ന നിനവോടെ’

സഞ്ജയനെ വിളിച്ചു് ‘ധർമ്മസുതനോടു ചില നീതികളുപ്പരാനായി’ പറഞ്ഞയയ്ക്കുന്നു. സഞ്ജയൻ ആ ദൗത്യം ഭംഗിയായി നിർവഹിക്കുന്നു.

‘നമ്മുടെ കുമാരനൊരു തെല്ലുമറിവില്ല
നന്മ വരുവാനൊരുമനസ്സുമവനില്ല
മന്മ നമതിങ്കൽ ബഹുമാനമവനില്ല
കർമ്മമിതു നമ്മുടെ ധരിക്ക ഹരശംഭോ.
നല്ലഗുണമുള്ളൊരു ഭവാനൊടു പറഞ്ഞാൽ
വല്ലതുമുപായമുളവാകുമെളുതാകും
ദുർല്ലഭമതാകിന മനുഷ്യത ലഭിച്ചാൽ
നല്ലതു നിവൃത്തിപദമേവ ഹരശംഭോ’

എന്നു പറഞ്ഞിട്ടു് ധനഞ്ജയൻ ഭൂമിപരിപാലനത്തിന്റെ ക്ലേശത്തേയും സന്യാസത്തിന്റെ ഉൽകൃഷ്ടതയേയും സരസമായി വർണ്ണിച്ചു കേൾപ്പിക്കുന്നു. അതിനു് ധർമ്മപുത്രർ ഇങ്ങനെ മറുപടി പറയുന്നു.

‘വൈരതരു ചേതസി മുളച്ചു വളരുന്നു
സ്വൈരമതു പൂത്തു കുസുമങ്ങളുതിരുന്നു
വേരഖിലഭൂതലവുമെങ്ങുമിടകൂടി
ചേരുകയുമില്ല ശമമിന്നു ഹരശംഭോ
ദ്വേഷതരു പോഷഗുരുഭൂഷണപരാണാം
ഭീഷണികൾകൊണ്ടു ഫലമില്ലറിക സൂത
ഏഷണികളെന്തിനു വൃഥാ ഫലമശേഷം
ശേഷമറിയാമിനി ജവേന…’

ധർമ്മപുത്രർ ഇങ്ങനെ പറഞ്ഞു തീർന്നപ്പോൾ ശ്രീകൃഷ്ണഭഗവാൻ സഞ്ജയനേ നോക്കി ചിലതു പറവാൻ ആരംഭിക്കുന്നു. ഇവിടെ മൂന്നാം വൃത്തം ആരംഭിക്കുന്നു.

ശ്രീകൃഷ്ണകോപം വർണ്ണിക്കുന്നതായ ഈ വൃത്തം അതിമനോജ്ഞമായിരിക്കുന്നു.

‘എന്തു സഞ്ജയ ചൊല്ലു ചൊല്ലു പിതാവുതന്നുടെ ശാസനം
ചന്തമോടു വനത്തിൽ വാഴുക ധർമ്മജാതികളെന്നതോ
അന്ധഭൂപതി തന്നുടേ കൃപ നന്നുനന്നിതു വിസ്മയം
ബന്ധുഭാവമിതെത്രയും തവ ചിന്തയേ ഹരശങ്കര
മാനശാലിസുയോധനൻ നിജ നാടുവാണു സുഖിക്കയും
ദീനഭാവമിയന്നു പാണ്ഡവർ കാടുവാണു നടക്കുയും
ഞാനിരിക്കെ വരുന്നതല്ലിതു വൃദ്ധനോടുരചെയ്ത നീ
മാനസേ കപടം വെടിഞ്ഞു നടക്കടോ…
ലാക്ഷകൊണ്ടു ചമച്ച കോട്ടയിലിട്ടു ചുട്ടുപൊടിച്ചതും
രൂക്ഷമായി വൃകോദരന്നു വിഷം കൊടുത്തു വലച്ചതും
അക്ഷകൈവതഹേതുനാ സകലം പിടിച്ചുപറിച്ചതും
പക്ഷപാതമിതൊക്കെയും തവ ചിന്തയേ…
ഇഷ്ടരായ ജനങ്ങളോടൊരുമിച്ചുകൊണ്ടു രമിക്കയും
മൃഷ്ടമഷ്ടി കഴിക്കയും പരിപുഷ്ടി പൂണ്ടു വസിക്കയും
ഇഷ്ടപുത്രകളത്രമിത്രജനങ്ങളോടു കളിക്കയും
പുഷ്ടമോദമിയന്നു ചെയ്‍വിനശങ്കിതം…
ചന്ദനം പനിനീരു കങ്കുമമിത്തരം സുഖസാധധം
സുന്ദരത്വമിയന്നു നിങ്ങളണിഞ്ഞുകൊൾവിനനാരതം
കന്ദകേതകി മുല്ലമാലകൾ ചൂടുവിൻ കളിയാടുവിൻ
സുന്ദരീപരിരംഭനാടകമാടുവിൻ…
മദ്യപാനമഹോത്സവങ്ങളുമദ്യതന്നെ തുടങ്ങുവിൻ
വാദ്യഘോഷവുമംഗനാജനനൃത്തവും മൃദുഗാനവും
ഗദ്യപദ്യവിനോദവും പല വിദ്യയും സുഖനിദ്രയും
സത്യമേവ കരുദ്ധ്വമിന്നു കരുക്കളേ…
ധാർത്തരാഷ്ട്രവശത്തിലുള്ളൊരു മർത്ത്യജാതികളൊക്കെയും
പാർത്തലം വെടിവാനടുത്തതുമോർത്തുകൊള്ളുവിനഞ്ജസാ
മൃത്യുവന്നു ലലാടസീമനി നൃത്തകേളി തുടർന്നതും
ചിത്തതാരിലറിഞ്ഞുകൊള്ളുവിനെപ്പൊഴും…

തുള്ളൽക്കഥാകാരനാവാനിരിക്കുന്ന ഭാവികുഞ്ചൻനമ്പ്യാരെ നാം ഈ വരികളിൽ നല്ലതുപോലെ തെളിഞ്ഞുകാണുന്നു.

സഞ്ജയൻ ‘ഉദഗ്രകോപസമുദ്രനായ ഗദാഗ്രജന്റെ’ വാക്കുകേട്ടു് ‘അപ്രമേയഭയം കലർന്നു്’ വിറപൂണ്ടുകൊണ്ടു് അവിടെനിന്നു കടന്നു.

വിദുരർ ധൃതരാഷ്ട്രർക്കു ചെയ്യുന്ന സദുപദേശമാണു് നാലാംവൃത്തത്തിന്റെ വിഷയം. ഭാരതത്തിലെ വിദുരവാക്യത്തിന്റെ ഒരു സംഗ്രഹമാണു് നാം ഇവിടെ കാണുന്നതു്. ‘ബലവാൻതന്നാലഭിയുക്തനായ്‍ച്ചമഞ്ഞൊരു ബലഹീനനും’എന്നിങ്ങനെ എഴുത്തച്ഛൻ തർജ്ജമചെയ്തു ചേർത്തിട്ടുള്ള ഭാഗത്തെ നമ്പ്യാർ ഇങ്ങനെ അല്പമൊന്നു പരത്തി പറഞ്ഞിരിക്കുന്നതു നോക്കുക.

‘പരധനമടക്കാനതികുതുകികൾക്കും
പരനൃപതിമാരിൽ ഭയമിയലുവോർക്കും
പരതരുണിമാരിൽ പ്രണയമുളവോർക്കും
കറയുമിഹ നിദ്രാ പ്രണമത മുകുന്ദം.
പ്രണയിനിയെ വേർപെട്ടഴലുടയവർക്കും
പ്രണയകലഹം പൂണ്ടുഴലുമധമർക്കും
പണമധികമുള്ളോരബലമനുജർക്കും
കറയുമിഹ നിദ്രാ…
വലിയൊരഭിമാനക്ഷയമുടയവർക്കും
വലിയവനൊടുവിൽ കലഹമുളവോർക്കും
പല പല വിമോഹം ഹൃദി കരുതുവോർക്കും
കറയുമിഹ നിദ്രാ…’

പഞ്ചമവൃത്തത്തിൽ ധർമ്മപുത്രൻ,

‘വൈരിയാകിയ സുയോധനനോടു പോരിനങ്ങു തുനിയുന്ന ദശായാം
ഭൂരി ഭൂപമരണങ്ങൾ ഭവിക്കും പാരമുണ്ടു മടി മേ ജയശൗരേ’

എന്നും,

‘പ്രാണിഹിംസ വളരെപ്പലവട്ടം പ്രാണനാശകൃതയാമിതുമൂലം’

എന്നും,

‘ഹിംസകൊണ്ടൊരു പദത്തെ ലഭിച്ചാൽ ധ്വംസമുണ്ടതിനു സംശയമില്ല’

എന്നും തന്റെ യുദ്ധവൈമുഖ്യത്തെ ശ്രീകൃഷ്ണനോടു പ്രകാശിപ്പിക്കുന്നു.

‘അർദ്ധരാജ്യവുമെനിക്കിനി വേണ്ട വൃദ്ധനാം ജനകനുണ്ടധുനാ മേ
വൃദ്ധിമാനിഹ സുയോധനനോടും ക്രുദ്ധിയായ്കരുചിതം …
അഞ്ചുപേർക്കുമൊരുമിച്ചു വസിക്കാനഞ്ചു ദേശമവനിങ്ങു തരേണം
അഞ്ചു വാസഭവനം തരുവാനോ വാഞ്ഛയെങ്കിലതുമാം…
നാട്ടിലേകപൂരമെങ്കിലുമിപ്പോൾ കിട്ടിയാലതിലിരുന്നു പൊറുക്കാം’

അതുകൊണ്ടു് സുയോധനനോടു് തനിക്കു വേണ്ടി സന്ധി പറയാൻ അദ്ദേഹം ശ്രീകൃഷ്ണനോടു് അപേക്ഷിക്കുന്നു. ഭീമനും തന്റെ ജ്യേഷ്ഠനോടു് അനുകൂലിക്കുന്നു. അതുകേട്ടു് കൃഷ്ണൻ ഭീമനെ ഒട്ടു വളരെ അധിക്ഷേപിക്കുന്നു.

‘പൊണ്ണനിങ്ങനെ തടിച്ചുചമഞ്ഞു വണ്ണമേറിയ വാഴകണക്കേ
പെണ്ണിനോടു സമമായിഹ ഭൂമൗ ഖണ്ഡിതം ബലമഹോ ജയശൗരേ.
അഷ്ടിയെങ്കിലതിലെത്ര സമർത്ഥൻ കിട്ടിയാലതിനുമില്ലൊരു തൃപ്തി
കാട്ടിലുള്ള ഫലമൂലമശേഷം ചുട്ടുതിന്നു തടിയൻ.

ഈ പരിഹാസവാക്കുകൾ ഭീമന്റെ പൗരുഷത്തെ ഉണർത്തുന്നു. ഇവിടെ ഷഷ്ഠവൃത്തം തുടങ്ങുന്നു.

ഝടിതികടുകോപിയാം ഗന്ധവാഹാത്മജൻ
കഠിനമലറിസ്ഫുടം കമ്പിതാശാമുഖൻ
നിടിലതടമാസുര ദ്രുകടികടുഭീഷണൻ
പടുതയൊടു ചൊല്ലിനാൻ ചന്ദ്രചൂഡാ ഭജേ.
മതിമതിജഗൽപതേ മാനഭംഗോദയം
മതിമതിവൃകോദരാ യോഗ്യമല്ലിത്താം
പടനടുവിലുദ്ധതം പാപിദുര്യോധനം
ഝടിതിപൊടിയാക്കുവാൻ ഭീമസേനൻമതി
ഘടഘടരവോൽക്കുടം മദ്ഗദാഘട്ടനം
കമതികൾ സഹിക്കുമോ
ജലനിധികലങ്ങണം ചോരകൊണ്ടാഹവേ
കലഗിരികലുത്തണം ശോണിതേ മുങ്ങണം
വലിയതടിയുള്ള ഞാനങ്ങുമിങ്ങും രണേ
നലമൊടു പിണങ്ങണം
തെളിവിലിഹ കാളിയും കൂളിയും വന്നുടൻ
വളരുമൊരുചോരയിൽ കേളിയാടീടണം
കളകളഭയങ്കരം മുങ്ങിയും പൊങ്ങിയും
കളികളുളവാകണം

അർജ്ജുനനും നകുലസഹദേവന്മാരും സന്ധിയുടെ നിഷ്പ്രയോജകതയേപ്പറ്റി പ്രസംഗിക്കുന്നു. എന്നാൽ ശ്രീകൃഷ്ണഭഗവാൻ

“നരപതി സഭാന്തര ചെന്നുചൊല്ലീടുവൻ
വിരവൊടു ഭവദൃശാം ചിത്തസങ്കല്പിതം
അരികളുടെ വൃത്തികൾക്കൊത്തപോലെ ഫലം
വരുവതറിയാമുടൻ

എന്നുപറഞ്ഞിട്ടു കൗരവസഭയിലേക്കു പോകാം എന്നു് അദ്ദേഹം സമ്മതിക്കുന്നു. ഇവിടെ ഏഴാം വൃത്തം ആരംഭിക്കുന്നു.

“കമലാകാന്തന്റെ കാരുണ്യശീലന്റെ കമനീയാംഗന്റെ കാമസമാനന്റെ
ഗമനസന്നാഹം കേട്ടു വിഷാദിച്ചു കമനീ പാഞ്ചാലി ദേവനാരായണ”

എന്ന പദ്യത്തിന്റെ കമനീകാന്തന്റെ ഇത്യാദി പദപ്രയോഗത്തെ സംസ്കൃതരീതിയിലുള്ള വിശേഷണ വിശേഷ്യ പൊരുത്തത്തിനുള്ള ഉദാഹരണമായി ചിലർ വ്യാഖ്യാനിച്ചുവരുന്നുണ്ടു്. അതിന്റെ ആവശ്യമേ ഇല്ല. കമലാകാന്തന്റെ—കാരുണ്യശീലന്റെ—കമനീയാംഗന്റെ—കാമസമാനന്റെ—എന്നിങ്ങനെ ഓരോ വിശേഷണങ്ങളെ ഭക്തിപരവശനായി കവി ഓർത്തോർത്തു എടുത്തുപറയുകയാണു ചെയ്യുന്നതു്.

ഭഗവാന്റെ ഈ ഉദ്യമം കണ്ടിട്ടു് പാഞ്ചാലി ദുഃഖിക്കുന്നു.

“പരിഭവംതീർന്നു മോദേനവാഴുവാൻ ശിരസിമേ വിധി ലേഖനം ചെയ്തീല
പരദോഷം വൃഥാ ചിന്തിക്കുന്നെന്തു ഞാൻ? പരമപൂരുഷ ദേവനാരായണ്
പഴുതിലെന്തിനു ഞാൻ പറഞ്ഞീടുന്നു പഴമയുള്ളവർ നിങ്ങളെല്ലാവരും
വഴികളെല്ലാം ഗ്രഹിച്ച മഹാജനം പഴുതിൽ ചാടുമോ
അഴകില്ലാതുള്ളോരാരംഭം കാണുമ്പോൾ
അഴൽപിടിച്ചു പറഞ്ഞിടും നാരിമാർ
വഴിയേ ബോധിച്ചു ചൊല്ലേണമെന്നില്ല
പിഴയും വന്നീടും
കിഴിയുന്നാകിലും ശത്രുജനങ്ങൾക്കു
കിഴിയുംവച്ചു നമസ്കരിച്ചീടിലും
പിഴകൾചെയ്തിലും ദുര്യോധനാദിയെ
തൊഴുതുവാഴ്കിലും

തനിക്കൊന്നുമില്ലെന്നും, എന്നാൽ

കരുകലാധിപൻ തന്നൊടു മെല്ലവേ
സരസമാംവണ്ണം ദുതുരചെയ്യുമ്പോൾ
മുരഹരഭവാനെന്റെ തലമുടി
നിരുപിച്ചേക്കണം’

എന്നും അവൾ പ്രാർത്ഥിക്കുന്നു. യാജ്ഞസേനിയെ ഉചിതമായ വാക്കുകളാൽ സമാശ്വസിപ്പിച്ചിട്ടു് ഭഗവാൻ കൗരവസഭയിലേക്കു പുറപ്പെടുന്നു. ഇവിടെ അഷ്ടമവൃത്തം ആരംഭിക്കുന്നു. ആ യാത്രാഘോഷം കാണ്മാൻ ആളുകൾ തിക്കിക്കൂടുന്നു.

പീലികളിടചേർന്നൊരു തിരുമുടി നീലഘനാളിസമാനം
മാലതിവനമല്ലികമാലകൾ ഫാലവിശേഷകജാലം
ലോലനയനലീലകൾ ഗണ്ഡജകണ്ഡലമണ്ഡലശോഭാ
ജാലവുമരുണാധരബിംബവുമഴുകൊടു ശരണംശംഭോ
അംബുജരിപുബിംബസമാനമുഖാംബുജമധികമനോജ്ഞം
കംബുസദൃശകണ്ഠമകണ്ഠഭുജാന്തരകാന്തികലാപം
ലംബിതതുളസീവനമാലകളതിരുചികൗസ്തുഭരത്നം
കമ്രതകലരുന്നകരങ്ങളുമൻപൊടു
കങ്കണകടകങ്ങളുമംഗദഭംഗിയുമോടക്കുഴലും
കങ്കുമരസപങ്കിലമാകിന തിരുവുടലതിരമണീയം
സംകലമണികാഞ്ചനകാഞ്ചിഗുണാഞ്ചിതപീതാംബരവും
പങ്കജനിഭപദയുഗശോഭയുമതിമൃദു
… … …
ഇളകിനവനമാലകൾ പരിമളതരളിതമിളദളിപടലീ
ഗളതലഗളദവികലകളകളപുളകിതനരസുരജാലം
തെളിവൊടുവിളയാടിന തിരുമുഖമഖിലവിലോകനശീലം
നളിനനയനമഖിലജനങ്ങൾനമിച്ചിതു

നവമവൃത്തത്തിൽ ശ്രീകൃഷ്ണന്റെ കൗരവ ഗൃഹപ്രവേശം വർണ്ണിച്ചിരിക്കുന്നു. ധൃതരാഷ്ട്രർ ഭഗവാനെ അഭിവന്ദിച്ചിട്ട് ‘ദുഃഖമാകിനരാജ്യപാലന കാരണേനപരസ്പരം ദുൎഘടം ചിലവൈരമുള്ളതുതീർക്ക’ എന്നപേക്ഷിച്ചതിനു്,

‘വിസ്തരിച്ചുരചെയ്വതിന്നിഹ നേരമില്ല നമുക്കഹോ
അസ്തുമംഗലം—അസ്തമിച്ചു ഗഭസ്തിമാലിതദുത്തരം
വസ്തുസർവമടുത്തനാളുഷസീതി’

മണിപ്രവാളത്തിൽ പറഞ്ഞൊഴിയുന്നു. സുയോധനൻ ഭഗവാനെ ഭക്ഷണത്തിനു ക്ഷണിക്കാതിരിക്കുന്നില്ല. എന്നാൽ നമ്പ്യാരെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കൃഷ്ണനും കാര്യങ്ങളെ തുറന്നുപറയാൻ മടിക്കുന്നില്ല.

“പക്ഷമല്ല നമുക്കു നിന്നൊടുകൂടിയുള്ളൊരു ഭക്ഷണം
കക്ഷിരക്ഷണമാത്രമല്ല നമുക്കു സമ്പ്രതിസാദ്ധ്യവും
ഭക്ഷണത്തിനു നല്ല ദിക്കുകളുണ്ടു
കത്തിവച്ചുവെളുത്തചോറുതരുന്നതാകിലുമിന്നുമേ,
ഭക്തികൗതുകമില്ലെടോ തവ ദുർമ്മുഖാദികൾ കാണ്മയാൽ
ഭക്തരായജനംതരുന്നതു ഭക്തയേ മമ യുക്തമാം
ഭക്തഹീനജനൗദനം വിഷമേവ

എന്നുപറഞ്ഞിട്ടു് അദ്ദേഹം വിദുരനിലയനത്തിൽ ചെന്നു ‘സ്വർണ്ണപാത്ര നിവേശിതം മൃദുഭോജനം ഇച്ഛയാതരസാഭുജി’ച്ചിട്ടു്, ‘ഫണിതല്പകല്പമനല്പശില്പസുകല്പിതം സ്വച്ഛതല്പ’ത്തിൽ കേറി സുഖമായി ഉറങ്ങുന്നു. വിദുരരുടെ ഗൃഹത്തിൽ ഈമാതിരി വിശിഷ്ടസാധനസാമഗ്രികൾ ഉണ്ടായിരുന്നോ എന്നു സംശയിക്കേണ്ടതില്ല. പരമഭക്തനായ രാമപുരത്തുവാരിയർ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ശില്പവിധാനങ്ങളെ വർണ്ണിച്ചശേഷം അവയെല്ലാം “പാപിദൃക്കുകൾക്കേ കല്ലുംമരവുമാവൂ” എന്നു പറഞ്ഞിട്ടുള്ളതുപോലെ വിദുരർ തത്താദൃശനായ പരമ്പുരുഷനു് നൽകിയ വസ്തക്കളെ ഇക്കവിയും ഭക്തിരഞ്ജിതമായ നേത്രങ്ങളാലാണു കണുന്നതു്. ഭക്തപരായണനായ ഭഗവാന്റെ കാര്യം പറയാനുമില്ലല്ലോ; പാഞ്ചാലിയുടെ അക്ഷയപാത്രത്തിൽ പറ്റിയിരുന്ന ചീരക്കറിപോലെയോ വിദുരർനൽകിയ കഞ്ഞിപോലെയോ സ്വാദുതരമായ ഭക്ഷണം അദ്ദേഹം തന്റെ ജീവിതദശയിൽ മറ്റൊരിക്കലും അനുഭവിച്ചിട്ടില്ലെന്നു പ്രസിദ്ധവുമാണു്.

ദശമവൃത്തം ശ്രീകൃഷ്ണന്റെ കൗരവസഭാപ്രാവേശം വർണ്ണിക്കുന്നു.

“ക്ഷത്താവുതൻവീട്ടിലത്താഴമുണ്മാൻ ചിത്തത്തിലക്കൂറവന്നുണ്ടു പണ്ടേ” എന്നിങ്ങനെ ഓരോന്നുപറഞ്ഞു പരിഹസിച്ചുകൊണ്ടു ദര്യോധനൻ ‘ഭദ്രാസനാഗ്രേഞെളിഞ്ഞങ്ങി’രിക്കവേ,

ഗോപാലരൂപൻ രമാകാന്തനപ്പോൾ ശ്രീപാഞ്ചജന്യം മുഴക്കിപ്പതുക്കെ

രംഗപ്രവേശം ചെയ്യുന്നു. തത്സമയം,

ബാലാർക്കബിംബം പ്രകാശിക്കുമപ്പോൾ ബാലാതപാളീവിളങ്ങുന്നപോലെ
മൗലിപ്രഭാജാലമാസ്ഥാനദേശേ നീളെപ്പരന്നു മഹാദേവശംഭോ.
കായാമ്പുതന്നുള്ളിലായാസമേകും കായപ്രകാശം കലർന്നു സഭാന്തേ
ഭൂയോവിളങ്ങീ സ്മിതപ്രൗഢിയോടേ പീയൂഷപൂരം …
പീതാംബരംകെട്ടി വാലിട്ടുടത്തും ചേതോഭിരാമം കിരീടം ധരിച്ചും
ആ താമ്രഹേമാംഗദശ്രീയണിഞ്ഞും കാണായി രൂപം
ശ്രീവാസുദേവന്റെ വക്ഷഃപ്രദോശ ശ്രീവത്സസൽകൗസ്തുഭശ്രീവിശങ്കം
ആവേദനംചെയ്തു മുന്നിൽ പ്രവിഷ്ഠം ദേവാവതാരം …
തൃക്കണ്ണുരണ്ടും മിഴിച്ചാസ്ഥയോടെ നില്ക്കുന്നപേരെക്കടാക്ഷാമൃതത്താൽ
ഒക്കെത്തണുപ്പിച്ചു മെല്ലെത്തിരിച്ചു സല്ക്കാരപൂർവം

ഭഗവാൻ എഴുന്നരുളുമ്പോൾ ആരും എണീറ്റുപോകരുതെന്നായിരുന്നു കൗരവസഭയുടെ നിശ്ചയം—എന്നാൽ

ദൂരത്തുനിന്നങ്ങെഴുന്നള്ളുമപ്പോളാരാജലോകം കുലുങ്ങിത്തുടങ്ങീ
ഭീരുക്കളെല്ലാം നടുങ്ങിത്തുടങ്ങി, ഭാവംപകർന്നു
ആസ്ഥാനദേശേവസിക്കും നൃപന്മാരുത്ഥാനവുംചെയ്തുകൂപ്പിത്തുടങ്ങി
ബദ്ധപ്രമോദം മനസ്സും മറന്നു; തത്വംകലർന്നു

ദുര്യോധനനാകട്ടെ, ‘പീഠാഗ്രതോഽസൗമറിഞ്ഞങ്ങുവീണാൻ കർണ്ണാദികളും കൂടെപ്പതിക്കുന്നു.’ ഉരുണ്ടുവീഴുന്നതുകണ്ടാൽ ചിരിക്കാത്തവരുണ്ടോ? ‘പൊണ്ണൻമറിഞ്ഞങ്ങുവീഴുന്നകണ്ടാൽ കണ്ണിന്നുസൗഖ്യം’ എന്നു നമ്പ്യാരുപൊട്ടിച്ചിരിച്ചുപോകുന്നു.

അനന്തരം ശ്രീകൃഷ്ണഭഗവാൻ ഒട്ടുവളരെ തത്വോപദേശങ്ങൾ ചെയ്തുനോക്കുന്നു. പക്ഷേ പ്രയോജനപ്പെടുന്നില്ല.

‘കുന്തീസുതന്മാർക്കു രാജ്യംകൊടാഞ്ഞാലെന്തിങ്ങുദോഷം വരാനുള്ള ദൂത
സന്ധിക്കിലെന്തിങ്ങുലാഭംവിശേഷാ ലെന്തിന്നിതെല്ലാം
താതന്റെ രാജ്യം സൂതന്മാർക്കുവേണ മേതുംമടിക്കേണ്ട വാങ്ങിച്ചുകൊൾവാൻ
പ്രേതേശവാതാമരേശാദിരാജ്യം സ്വാധീനമാക്കിൻ
നാട്ടിൽപ്രഭുത്വം ഭുജാവീര്യമോടേ വെട്ടിപ്പിടിക്കുന്ന വീരർക്കടങ്ങും
പട്ടാങ്ങവുംചൊല്ലി വന്നാലൊരുത്തൻ കൂട്ടാക്കുമോ താൻ
പോരെന്നനാമം നിനയ്ക്കാതിരിപ്പിൻ പോരൊന്നുമാറീട്ടു നാമം ജപിപ്പിൻ
ആരെന്നുമെന്തെന്നുമോർക്കാതിരിപ്പിൻ നേരേ തിരിപ്പിൻ

ദുര്യോധനന്റെ ഇത്തരം വാക്കുകൾകേട്ടിട്ടു ശ്രീകൃഷ്ണഭഗവാൻ കോപം അടക്കാൻവയ്യാതെ അർജ്ജുനന്റേയും ഭീമന്റേയും മറ്റും യോഗ്യതകളെ വർണ്ണിച്ചു കേൾപ്പിക്കുന്നു. ആ വാക്കുകൾ കേട്ടു് ദുര്യോധനൻ കോപിച്ചു് പിന്നെയും പാണ്ഡവന്മാരെ അടക്കി ആക്ഷേപിക്കയും ‘തിരിഞ്ഞങ്ങിരിക്ക’യും ചെയ്യുന്നു. ഇവിടെ ഏകാദശവൃത്തം ആരംഭിക്കുന്നു.

നന്ദാത്മജന്റെ വാക്കുകൾകേട്ടു് ഭീതികലർന്ന ധൃതരാഷ്ട്രൻ പുത്രന്റെ അടുക്കൽവന്നു ഉപദേശിച്ചു നോക്കുന്നു. പക്ഷേ ഫലപ്പെടുന്നില്ല. അതുപോലെ ഭീഷ്മപിതാമഹന്റെയും വിദുരരുടേയും ഉപദേശങ്ങളും വ്യൎത്ഥ ങ്ങളായി പരിണമിക്കുന്നു.

“ഇതിഭീഷ്മകൃപാദികളാലുദിതം
മതിയിൽ ഗതിചെയ്തില ദുഷ്മനഹോ
അതിനാശമടുത്തുവരുന്നവിധൗ
മതിപോയ്‍മറിയുന്നു മുകന്ദഹരേ

എന്നു കവിയും സമാധാനിക്കുന്നു.

പന്ത്രണ്ടാംവൃത്തത്തിൽ കർണ്ണേജപരായ കർണ്ണാദികളുടെ ദുരുപദേശമാണു് വിഷയം.

സന്ധിക്കു നിരക്കാത്തതുരയ്ക്കാമിവനെങ്കിൽ
ബന്ധിക്കണമിപ്പോളതിനെന്തിങ്ങു വിവാദം?
ബന്ധുക്കളുമില്ലിങ്ങിവനാരും വഴിപോലെ
ചിന്തിച്ചതുപോരും നരമൗലേ ഹരശംഭോ

എന്നിങ്ങനെ ദുരുപദേശത്തിനു വഴിപ്പെട്ട ദുര്യോധനൻ അങ്ങനെതന്നെ എന്നു നിശ്ചയിക്കുന്നു.

ആനപ്പടതേരാളികളാരൂഢമദന്മാർ
സേനാപതി കാലാളുകളെല്ലാമൊരുപോലെ
നാനാവിധസേനാനികളിത്യാദി സമസ്തം
സ്ഥാനങ്ങളിൽനിന്നൊന്നുകുലുങ്ങീ ഹരശംഭോ.
ലീലാപശുപാലാകൃതി കൈക്കൊണ്ടുവസിക്കും
ത്രൈലോക്യമഹാവീരനെ ബന്ധിപ്പതിനായി
കാലാനലനെച്ചഞ്ചലതുലാഭികൾപോലെ
കോലാഹലമോരോന്നുതുടങ്ങീ

അപ്പോൾ പരമഭക്തനായ സാത്യകി ദുര്യോധനന്റെ ഈ ഉദ്യമത്തെ കഠിനമായി അക്ഷേപിക്കുന്നതിനോടുകൂടി ഈ വൃത്തം അവസാനിക്കുന്നു.

വിശ്വരൂപപ്രദർശനമാണു് പതിമൂന്നാംവൃത്തത്തിൽ പ്രതിപാദിതമായിരിക്കുന്നതു്. ഇതു് അതിഗംഭീരമായിട്ടുണ്ടു്. ഏതാനും പദ്യങ്ങളെമാത്രം ഉദ്ധരിക്കാം.

ലോകാധിനാഥനുടെ ലോകാതിഭീതികര-
മാകാരമുഗ്രതരമേകാന്തകാന്തിയൊടു-
മാകാശവീഥികളിലാകെപ്പരന്നഖില-
ലോകം നിറഞ്ഞുബത വിശ്വംഭരായനമഃ
ചണ്ഡങ്ങളായഭുജദണ്ഡങ്ങളാംഭുജഗ
ഷണ്ഡങ്ങളാശുജഗദണ്ഡം കവിഞ്ഞുപല
വർണ്ണംകലർന്നിടയിൽ സ്വർണ്ണപ്രഭാവിഭവ
പൂർണ്ണങ്ങളായിബഹു
നൂറായിരംവദനമേറെപ്രകാശമൊടു
വേറായി മേഘതതി കീറീടുമാറവിടെ
കാറോടിടഞ്ഞ തിരുമാറായ ശൈലമതി-
ലാറായി ഹാരമപി
ഈരേഴുലോകമിടപാരാഞ്ഞുതിങ്ങുമതി
ഘോരാട്ടഹാസമൊടു നാരായണന്റെ തനു
നേരേ വളർന്നളവിലോരേം വിചിത്രമനു-
സാരംഭവിച്ചു ബത
തുംഗങ്ങളാം ഭഗവദംഗങ്ങൾതോറുമുട-
നംഗരചാരുരുചി തിങ്ങുന്ന ഭംഗിപര-
മംഗീകരിച്ചുപല മംഗല്യദേവതക-
ളംഗീഭവിച്ചുബത
രൂക്ഷാട്ടഹാസമൊടുമക്ഷിസ്ഫുലിംഗമൊടു-
മക്ഷീണമാമസുരരാക്ഷോഭരപ്രകടം
യക്ഷപ്രധാനികളുമക്ഷുദ്രപക്ഷികൾത-
രക്ഷുക്കളും വളരെ

ഈ വിശ്വരൂപംകണ്ടു് ദുശ്ശാസനാദികൾ മോഹിച്ചു നിലംപതിച്ചു.

“പ്രാണൻവെടിഞ്ഞുചിലർ നാണം വെടിഞ്ഞുചിലർ
കേണ മഹാസഭയിൽ”

പതിന്നാലാംവൃത്തത്തിൻ ഭീഷ്മാദികളുടെ പ്രാർത്ഥനക്കനുസരിച്ചു ശ്രീകൃഷ്ണൻ തന്റെ വിശ്വരൂപത്തെ സംഹരിച്ചിട്ടു്,

നറുംപീലികോലുന്ന കാർകൂന്തലോടും
നിറംചേരുമച്ചാരുപൂഞ്ചേലയോടും
കുറഞ്ഞോരു നൽപ്പുഞ്ചിരിക്കൊഞ്ചലോടും
തരഞ്ചേർന്നുനിന്നാൻ നമസ്തേ നമസ്തേ
(൬) ശീലാവതി

ഇതും പ്രസിദ്ധമായ ഒരു കൃതിയാണു്. ഗുണമേറും ഭർത്താവെ മാമുനീന്ദ്രാ എന്ന പാട്ടു് അറിയാത്ത പെണ്ണുങ്ങൾ ചുരുക്കമാണു്.

(൭) ശ്രീകൃഷ്ണചരിതം മണിപ്രവാളം

ഇതു തെക്കേടത്തുഭട്ടതിരിക്കുവേണ്ടി രചിച്ച ഒരു ദ്രുതകവിതയാണെന്നാണു് ഐതിഹ്യം. ശ്രീകൃഷ്ണചരിതം മലയാളത്തിലെ ഒന്നാമത്തെ മഹാകാവ്യമാണെന്നു പറയാം. ശങ്കരകവിയുടെ ശ്രീകൃഷ്ണവിജയം എന്ന സംസ്കൃതകാവ്യത്തെ അവിടവിടെ ഉപജീവിച്ചുകാണുന്നുണ്ടെങ്കിലും, ‘മരന്ദഗർഭവും’ ‘മധുവൈരിചിത്രചരിത്ര സൗരഭ്യമനോജ്ഞ’വും ആയ ആ കാവ്യകുസുമത്തിന്റെ അടുത്തെങ്ങും നില്ക്കത്തക്ക യോഗ്യത ശ്രീകൃഷ്ണചരിതത്തിനില്ല. ശ്രീകൃഷ്ണവിജയം ഒരു പ്രൗഢകവിയുടെ കൃതി. ശ്രീകൃഷ്ണചരിതമോ? കവിത്വശക്തിക്കു പൂർണ്ണവികാസം സംഭവിച്ചുകഴിഞ്ഞിട്ടില്ലാത്ത ഒരു ബാലകവിയുടെ ദ്രുതകവിതയുമാണു്. ഇങ്ങനെയാണെങ്കിലും, അതു് ഒരു നല്ല കവിതയല്ലെന്നു ആരും പറയുമെന്നു തോന്നുന്നില്ല.

ശ്രീകൃഷ്ണവിജയംപോലെ ശ്രീകൃഷ്ണചരിതവും 12 സർഗ്ഗങ്ങളിൽ നിബന്ധിക്കപ്പെട്ടിരിക്കുന്നു. ഒന്നാം സർഗ്ഗത്തിൽ ഭൂദേവി ബ്രഹ്മാവിന്റെ അടുക്കൽചെന്നു ആസുരന്മാരായ രാജാക്കന്മാർനിമിത്തം തനിക്കു നേരിട്ടിരിക്കുന്ന ഭാരത്തെപ്പറ്റി സങ്കടനിവേദനം ചെയ്യുന്നതും അവർ രണ്ടുപേരുംകൂടി വിഷ്ണുവിനെ ചെന്നു കാണുന്നതും വിഷ്ണു ശ്രീകൃഷ്ണനായ് അവതരിച്ചു് ഭൂഭാരം ശമിപ്പിക്കാമെന്നു വാഗ്ദാനം ചെയ്യുന്നതും ശ്രീകൃഷ്ണാവതാരം വരെയുള്ള കഥയും ആണു്. ഈ രണ്ടു കാവ്യങ്ങളിലേയും മൂന്നു നാലു ശ്ലോകങ്ങൾവീതം ഉദ്ധരിക്കാം.

ഉദ്ദാമതദ്വാജിഖ രാഭിധാന കദ്ദാലനിർദ്ദാലിതഭൂതലോത്ഥൈഃ
മുദ്രാ ദരിദ്രൈഃ പൃതനാരജോഭിർ നിദ്രായതേ നീരജബന്ധുബിംബം
ഭവത്യമീഷാം പടഹപ്രണാഭഃ സുഖായ ദുഃഖായ ച നാ കഭാജാം
സസംഭ്രമത്രാസസരോരുഹാക്ഷീ സ്വയംഗ്രഹാൽസംഗരസാധ്വസാച്ച.ശ്രീകൃഷ്ണവിജയം
പടഹഘടഘടായിതംമുഴക്കി പ്പടകളിടഞ്ഞുനടക്കുമദ്ദശായാം
ഇടിലൊടിതകരും ധരാവിഭാഗേ പൊടിപടലത്തിലൊളിച്ചു ഭാനുബിംബം.
അവരുടെ പടയും പരാക്രമംകൊണ്ടഖിലനിലിമ്പബലം വശംകെടുന്നു
അവനിപതികളെന്നു ഭാവമാത്രം ഭുവനവിനാശകഠോരകശ്മലാനാം.ശ്രീകൃഷ്ണവിജയം
ധൃത്വാ കൃപാണീം ച രുഷാ കൃപാഞ്ച
ത്രപാഞ്ച മുക്ത്വാതരസൈവകം സഃ
അഗ്രേസരോനിഷ്ഠുരമാനസാനാം
ജഗ്രാഹകേശേ യദുവീരപുത്രീം
… … …
വധൂവധഃ കംസ!വിധീയതേ ചേത്ത്വയായശശ്ചന്ദ്രമസം ത്വദീയം
അകീർത്തിരൂപഃ കബളീകരിഷ്യത്യസംശയംസമ്പ്രതി സൈംഹികേയഃ
… … …ശ്രീകൃഷ്ണവിജയം
അതുവിരവൊടുകേട്ടുരുഷ്ടനായാ നതുലപരാക്രമശാലിഭോജരാജൻ
ഭഗിനിയുടെകരം പിടിച്ചിഴച്ചാ നസിലതകൊണ്ടഥവെട്ടുവാൻ തുനിഞ്ഞാൻ.
… … …
അരുതരുതുവധൂവധം മഹാത്മൻ ദുരിതമകപ്പെടുമിപ്രകാരമായാൽ
യുവതികളെവധിക്കയോഗ്യമോതാ നവരതിദുഷ്ടകളെങ്കിലും നരേന്ദ്ര
ശ്രീകൃഷ്ണചരിതം

രണ്ടു കവികൾക്കും തമ്മിൽ സർഗ്ഗവിഭാഗത്തിലൊഴിച്ചു മറ്റൊന്നിലും സാമ്യമില്ലെന്നും രണ്ടുപേരുടേയും വർണ്ണനാരീതിതന്നെ രണ്ടു വിധത്തിലാണെന്നും ഈ ഉദ്ധാരണങ്ങളിൽനിന്നു കാണാം. അവിടവിടെ ചില ചില്ലറ സാദൃശ്യങ്ങൾ കാണുന്നുണ്ടെങ്കിൽ, അതിൽനിന്നു് നമ്പ്യാർ ശ്രീകൃഷ്ണവിജയം വായിച്ചിട്ടുണ്ടായിരുന്നു എന്നുള്ള ഊഹത്തിനു മാത്രമേ വഴി നൽകുന്നുള്ളു.

രണ്ടാം സർഗ്ഗത്തിൽ പൂതനാമോക്ഷംവരെയുള്ള കഥ സംഗ്രഹിച്ചിരിക്കുന്നു.

അടിപ്പതിന്നെങ്കിലുമെന്റെ പാദം
പിടിച്ചുനീയെന്നതു നിൎവ്വിവാദം
ഹനിക്കയില്ലിന്നതുകൊണ്ടു ഞാനും
ജനിച്ചുതാനും തവ ദണ്ഡധാരൻ.

ഇത്യാദി ഫലിതങ്ങൾ ശ്രീകൃഷ്ണചരിതത്തിലും അവിടവിടെ കാണ്മാനുണ്ടു്. മൂന്നാം സർഗ്ഗത്തിൽ നളകൂബരമണിഗ്രീവന്മാരുടെ മോക്ഷംവരെയുള്ള കഥ വിവരിച്ചിരിക്കുന്നു ശ്രീകൃഷ്ണവിജയകർത്താവു് ഈ സർഗ്ഗത്തെ,

അന്വഹം തദനു നന്ദമന്ദിരേ പുണ്യപൂരപരിപാകതോ നൃണാം
ഗോപലോകഹൃദയംതരംഗയൻ കോഽപിലോചനമഹോത്സവോ ബഭൗ.

എന്ന ശ്ലോകംകൊണ്ടു ശ്രീകൃഷ്ണചരിതകർത്താവു്,

ഗോപാലബാലന്റെ ശരീരമപ്പോൾ
ആപാദചൂഡം നയനാഭിരാമം
ആപൂർണ്ണമോദം ബത കണ്ടുകണ്ടു്
ഗോപാലരാനന്ദരസേന വാണാർ.

എന്ന പദ്യംകൊണ്ടും തുടങ്ങിയിരിക്കുന്നു. മാതൃകയ്ക്കു ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.

വരുന്നഗോപാലനിതംബിനീനാം കരം പകർന്നാശു വിളങ്ങി കൃഷ്ണൻ
വിരിഞ്ഞപുഷ്പങ്ങളിലങ്ങുമിങ്ങും വിരഞ്ഞുമണ്ടുന്നൊരു വണ്ടുപോലെ.
കാന്തിപ്രകാശേന കുമാരകന്മാർ നീന്തിത്തുടങ്ങീ ധരണീതലാന്തേ
ചിന്തിക്കിലൂഴിലവരീശ്വരന്മാരെന്തെങ്കിലുംചെയ്കിൽ മനോഭിരാമം
നീലാളിവർണ്ണൻ ഭഗവാൻമുകുന്ദൻ താലാങ്കനച്ഛസ്ഫടികപ്രകാശൻ
കാളിന്ദിയും ഗംഗയുമേകഭാഗേ മേളിച്ചകാന്തിപ്രസരം കലർന്നു.
പാണിദ്വയം ജാനുയുഗഞ്ചമെല്ലെ ക്ഷോണീതലേവച്ചഥ സഞ്ചരിച്ചാർ
കാണുന്നവർക്കെത്ര മനോഭിരാമം ചേണാർന്നമന്ദസ്മിതചാരുഭാവം.
പിടിച്ചുമെല്ലെന്നഥ പിച്ചനിന്നാർ പടുത്വമില്ലാഞ്ഞുമറിഞ്ഞുവീണാർ
നടന്നു നാലഞ്ചടിമന്ദമന്ദം കിടന്നുരുണ്ടാരവനീവിഭാഗേ.
ചിലമ്പുമക്കാഞ്ചനകാഞ്ചിയോടും ചിലമ്പുതൻ മഞ്ജുളനാദമോടും
ചലൽപദംലേലനലാലസന്മാ രലംകരിച്ചാരഥ ഗോപവടേം.

നാലാംസർഗ്ഗത്തിൽ കാട്ടുതീവരെയുള്ള ഘട്ടം വർണ്ണിച്ചിരിക്കുന്നു. വനവർണ്ണനയിൽനിന്നു ഒന്നുരണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.

മധുസൂദനപാദരേണുസംഗാ ലധികം ശോഭിതമായി കാനനാന്തം
മധുമാരി ചൊരിഞ്ഞ പുഷ്പജാലേ മധുപാളീ മധുപാനവുംതുടങ്ങി
മയിലും കുയിലും മദം തുടങ്ങീ മുയലും മാനുകളും കളിച്ചുമേവി
മലയും ശിലയും മരങ്ങൾ പുല്ലും കലയും പന്നിയുമേറ്റമുല്ലസിച്ചു.
ഫണീന്ദ്രനൃത്തം
ഫണിതൻ ഫണചക്രമേറിനിന്നങ്ങണിനൃത്തങ്ങൾ തുടങ്ങി ഭംഗിയോടെ
തളയും വളയും കിലുങ്ങുമാറങ്ങിളകീ തൽപദപാണീതാളമേളം
ലളിതം വദനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി
വിറകൊണ്ടിതു കൊണ്ടൽവേണിഭാഗേ നിറകൊണ്ടീടിനകേകിപിഞ്ഛജാലം
നിറമേറിനപീതമാം ദുകൂലം നിതരാമങ്ങിളകന്നുനിർമ്മലാഭം
അഴകേറിനചാരുനാദമോടക്കുഴലും പാണിതലേനവക്ത്രപത്മേ
അധരാധരസീമ്‍നിചേർത്തുചേർത്തങ്ങധികാനന്ദമമന്ദഗീതാഘോഷം
തുടിതാളമിടക്കയും മുഴക്കിസ്ഫുടഭക്തിപ്രവണം വണങ്ങിനിന്നാർ
തരസാമിത രാഗഭോഗമോടേ സുരനാടീജനനൃത്തവും തുടങ്ങി
ഉരഗപ്രഭുകാളിയൻമയങ്ങി ഗുരുഭാരേണഫണങ്ങളും വണങ്ങി.
കാട്ടുതീവർണ്ണന
തൽക്കാലം നാലുഭാഗങ്ങളിലളിപടലശ്യാമധൂമങ്ങളോടെ
പൊക്കത്തിൽ കത്തിയെത്തി സ്ഫുടമടവിതടേ കാട്ടുതീ കാറ്റുമായി
വ്യാഘ്രം സിംഹം വരാഹം മഹിഷമിതിമഹാജന്തുജാലങ്ങൾവെന്തും
ശീഘ്രം നന്ദാദിഗോപാലക നികടമടുത്തുച്ചകൈരുജ്ജ്വലിച്ചു

പഞ്ചമസർഗ്ഗത്തിൽ രാസക്രീഡാരംഭംവരെയുള്ള കൃഷ്ണലീലകൾ സംഗ്രഹിച്ചിരിക്കുന്നു.

ശരദ്വർണ്ണന
വന്നൂശരത്സമയമംബുദമൊന്നകന്നു
നന്നായ്ത്തെളിഞ്ഞു ജലമിന്ദുകരം പരന്നു
ഇന്ദീവരം കമലമെന്നിവ വന്നുപൊങ്ങി
വന്ദിച്ചു നന്ദസൂതവൃന്ദമമന്ദമോദം.
വർഷാവർണ്ണന
കർഷംമുഴുത്തു കരളിൽപ്രളയാന്തകാല-
വർഷത്തിനുള്ള ജലദങ്ങളെയും വരുത്തി
വർഷംതുടങ്ങി ദൃഢമങ്ങിടിയും മുഴങ്ങി
ഹർഷംകലർന്നു ബത മൈലുകൾനൃത്തമാടി
ആലിപ്പഴം പൊഴിയുമാറതി പുഷ്ടിഘോരം
മേലിൽപരന്നു ചൊരിയുന്ന ദശാന്തരാളേ
കാലിക്കുലം കലുഷധാരപൊറഞ്ഞു മണ്ടി-
പ്പാലിക്കുമച്യുത പദേ പരിതോ നിറഞ്ഞു.

രാസക്രീഡ ആറാംസർഗ്ഗത്തിലാണു് വർണ്ണിച്ചിരിക്കുന്നതു്.

ഗോപികാവിലാപം
എങ്കിൽ ത്വം വദ വദ പൈങ്കിളിക്കിടാവേ
ശങ്കിച്ചിട്ടിതുപറവാൻ മടിക്കൊലാനി
എൻകൃഷ്ണൻ സുലളിതനത്ര ദൃഷ്ടനായോ?
സംക്രീഡാചതുരവിലാസഭാസമാനൻ
പീലിക്കാറണികുഴലും കളായമാലാ
നീലത്വം കലരുമൊരംഗകാന്തിയുംകേൾ
നീലക്കണ്ണിണയുമുദാരഹാ സഭാസ്സും
ബാലശ്രീപതിയുടെ ലക്ഷണംവിശേഷാൽ
വണ്ടേനീ വടിവൊടു വാസുദേവരൂപം
കണ്ടീലെന്നതുനിയതം കളിച്ചുചൊല്ലും
കണ്ടാകിൽ തിരുമുഖപത്മസൗരഭത്തെ
ക്കൊണ്ടാടിപ്പുനരവനെ ത്യജിക്കുമോ നീ
വർണ്ണിപ്പിൻകുയിലുകളേ കുമാരകന്റെ
വർണ്ണശ്രീ മധുരമതായവേണുനാദം
കർണ്ണങ്ങൾക്കുമൃതമെന്നതറിഞ്ഞുകൊൾവിൻ
നിർണ്ണീതം സുകൃതികളേ ശ്രവിപ്പുതാനും
ആടീടും മയിലുകളേ മനോജ്ഞരാഗം
പാടീടുമ്മധുരിപു രൂപകാന്തികണ്ടാൽ
വാടീടും ഗളതലകാന്തിയുഷ്മദീയം
കൂടീടും മനസി ഭവാദൃശാമസൂയാ.
‘വന്നാലുംവനഗജമേ വനപ്രദേശേ വന്നാനോവരഗുണനായവാസുദേവൻ?
മന്ദംതൽഗമനവിലാസഭംഗികണ്ടാൽ മന്ദാക്ഷംമനസിനിനക്കുസംഭവിക്കും…

ഏഴാംസർഗ്ഗത്തിൽ കംസവധംവരെയുള്ള കഥ ഉൾക്കൊണ്ടിരിക്കുന്നു.

ഗാന്ദിനേയന്റെ ശ്രീകൃഷ്ണഗേഹഗമനം
തേരിലേറി വിരവോടുനടന്നാൻ ഭൂരിശൈലവിപിനങ്ങൾകടന്നാൻ
വാരിജാക്ഷപദസംഗമപൂതം ചാരുവാമനവനം ബത കണ്ടാൻ
പങ്കജാക്ഷപദപങ്കജമുദ്രാസങ്കുലം പൊടിശിരസ്സിലണിഞ്ഞാൻ
സങ്കടം കളയുമച്യുതനാമം സംഖ്യയാസഹമുഖേന ജപിച്ചാൻ
വാസരാന്തസമയേകിലചെന്നാൻ വാസുദേവനുടെ വാസനികേതേ
ഹാസചാരുമുഖനായമുകുന്ദം ഭാസമാനമചിരാദിഹകണ്ടാൻ
ക്ഷീരദാഹസമയേ മുകിൽവർണ്ണൻ ക്ഷീരഭാജനമെടുത്തുകരാബ്ജേ.
പൂരിതംബത കുടിച്ചുുസുഖിച്ചു ഭൂരികേളിവിലസുന്നതുകണ്ടാൻ
മേഖലാകലിതപീതദുകൂലം ശേഖരീകൃതമയൂരകലാപം
നീലമേഘനീറമായതനേത്രം ബാലരൂപമവനൻപൊടുകണ്ടാൻ
രാമണീയകഗുണങ്ങളിണങ്ങും രാമനേയുമഥ മാധവനേയും
ചെന്നുടൻതൊഴുതുനിന്നുവിനീതൻ.

എട്ടാംസർഗ്ഗത്തിൽ കൃഷ്ണൻ വിദ്യാഭ്യാസത്തിനായി സാന്ദീപനിമുനിയുടെ ഗേഹത്തിൽ പോകുന്നതു മുതൽക്കു രുക്മിണീപരിണയനംവരെയുള്ള കഥ ചുരുക്കിപ്പറഞ്ഞിരിക്കുന്നു.

ദുർഗ്ഗാലയേവിളങ്ങുന്ന ദുർഗ്ഗാദേവിംവണങ്ങുവാൻ
രുക്മഭൂഷിതസർവാംഗീ രുക്മിണീതാനുമായയൗ
ആളീജനസമൂഹത്തിൽ മേളിച്ചുനൃപകന്യക
കാളീപ്രണാമവുംചെയ്തു നാളീകാക്ഷിവരുംവിധൗ
എങ്ങുപോകുന്നുനീയിപ്പോളംഗനാമൗലിരത്നമേ?
മന്ദമേവംപറഞ്ഞങ്ങുചെന്നു നന്ദകുമാരകൻ
തൽപാണിപല്ലവം മെല്ലെപ്പിടിച്ചുമധുസൂദനൻ,

നവമസർഗ്ഗത്തിൽ സത്യാപരിണയനംവരെയുള്ള കഥയടങ്ങിയിരിക്കുന്നു.

ജാംബവാനും ഭഗവാനും തമ്മിലുള്ള യുദ്ധം
അടക്കമില്ലാതെകടന്നു വന്നാലടക്കിവയ്പാൻമതിവാനരേന്ദ്രൻ
നടക്കനീനമ്മുടെ ഗഹ്വരത്തിൽ കടക്കകാലന്നുമസാദ്ധ്യമല്ലോ
ഇത്ഥംപറഞ്ഞാശു കപീന്ദ്രവൃദ്ധൻ ക്രുദ്ധിച്ചുടൻമുഷ്ടിപിടിച്ചടുത്താൻ
ദൈത്യാരിതന്റെ തിരുമാറിടത്തിൽ കുത്തീടിനാനുൽക്കടസിംഹനാദീ
അഞ്ചാറുകുത്തങ്ങുസഹിച്ചുകൃഷ്ണൻ പഞ്ചാസ്യഗംഭീരതരസ്വഭാവൻ
അഞ്ചാതെകൂടെക്കലഹംതുടങ്ങി കിഞ്ചിന്മിതിൽ പുഞ്ചിരിഭംഗിയോടെ

നരകാസുരവധം മുതൽക്കുള്ള ബാണയുദ്ധംവരെയുള്ള കഥ പത്താംസർഗ്ഗത്തിൽ സംക്ഷേപിച്ചിരിക്കുന്നു.

ഉഷയുടെ സ്വപ്നദർശനം
ബാണാസുരന്റെ സുതയങ്ങുഷയെന്നുപേരാ-
മേണാങ്കബിംബമുഖി കന്യകയന്നൊരുന്നാൾ
കണ്ടാൾകിനാവിലനിരുദ്ധനെ ദൈവഗത്യം
വണ്ടാറണിക്കുഴലിപിന്നെയുണർന്നു കേണാൾ.
ഹാഹന്തകുമേകമനീയമനോജ്ഞമൂർത്തേ
ലോകൈകസുന്ദരഭവാൻ പുനരെങ്ങുപോയി
ഏവം വിലാപസമയേ സഖി ചിത്രലേഖാ
കോവാത്രകാന്തനിതി ചോദ്യമുടൻ തുടർന്നാൾ.

കൗരവയുദ്ധസമാപ്തിവരെയുള്ള കഥയാണു് പതിനൊന്നാം സർഗ്ഗത്തിന്റെ വിഷയം.

ബലഭദ്രനും വിവിദനുമായുള്ള യുദ്ധത്തിന്റെ ആരംഭം
ചിരേണഗോപീസഹിതൻ ഹലായുധൻ
പുരേസമാഗമ്യരമിക്കുമന്തരേ
പുരംപ്രപേദേ നരകസ്യബന്ധുവാം
വിരോധശാലീ വിവിദപ്ലവംഗമൻ
സമുദ്രതോയത്തിലിറങ്ങി നിന്നുടൻ
സമന്തതോവാരിചൊരിഞ്ഞു വാനരൻ
പുരങ്ങളും നല്ല മരങ്ങളും തദാ
പുഴക്കിവീഴിച്ചു മുടിച്ചു ഭൂതലം
… … …
നതാംഗിമാരോടൊരുമിച്ചുകാനനേ
കൃതാർത്ഥചേതാമധുപാനലീലയാ
കളിച്ചുവാണൂ ബലഭദ്രനെന്നറി-
ഞ്ഞൊളിച്ചുചെന്നു വിവിദൻ മഹാബലൻ.

പന്ത്രണ്ടാം സർഗ്ഗത്തിൽ സന്താനഗോപാല കഥാവസാനം വരെ ചേർത്തിരിക്കുന്നു.

വൈകുണ്ഠവർണ്ണന
കൂലാന്തഭാഗേ തിരവന്നടിക്കും പാലാഴിതന്നിൽ പരിതോവിളങ്ങും
ലീലാഗൃഹോദ്യാനസുവർണ്ണസാല ശാലാളികേളീനിലയങ്ങൾ കണ്ടാർ
നാനാമണീഭാസുരകേതുജാലേ ചീനാംശുകശ്രേണി കളിച്ചുമേവും
പീനങ്ങളാമുന്നതസൗധശൃംഗ സ്ഥാനങ്ങളും തത്ര സുഖേന കണ്ടാർ
അനന്തരക്തപ്രഭയാവിചിത്രമനന്തനാഗസ്യഫണാസമൂഹം
അനന്തരം തത്ര മഹൽസമൂഹമനന്തരായം മരുവുന്ന കണ്ടാർ.
(൯) ചാണക്യസൂത്രം കിളിപ്പാട്ടു്. എട്ടുപാദം

മുദ്രാരാക്ഷസം എന്നാണു് കവി നല്കിയ പേർ. “ചാണക്യസൂത്ര”മാക്കിയതു പ്രസാധകന്മാരുടെ സൂത്രമായിരിക്കും. ഓരോ പാദത്തിന്റേയും അവസാനത്തിൽ ഇതി മുദ്രാരാക്ഷസേ…ഗാനവിശേഷം സമാപ്തം. എന്നു് കവിതന്നെ എഴുതീട്ടുണ്ടല്ലോ. എന്നാൽ വിശാഖദത്ത കൃതമായ മുദ്രാരാക്ഷസ നാടകത്തിന്റെ വിവർത്തനമാണോ ഇതെന്നു ചോദിക്കുന്നപക്ഷം അല്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇക്കഥയുടെ പകുതിഭാഗവും മുദ്രാരാക്ഷസകഥയ്ക്കു ബാഹ്യമാണു്. കവി പ്രസ്തുതനാടകത്തിനു് പുറമേ ദണ്ഡിരാജകൃതമായ മുദ്രാരാക്ഷസകഥോപോദ്ഘാതത്തെയും ചാണക്യകഥാസാരത്തേയും ഉപജീവിച്ചിട്ടുണ്ടു്.

ഇതു നമ്പ്യാരുടെ കൃതിയാണെന്നാണു് ഐതിഹ്യം. അദ്ദേഹത്തിന്റെ കവിതയ്ക്കു് സാധാരണ കണ്ടുവരാറുള്ള ഒഴുക്കും ഫലിതപ്രയോഗ ചാതുരിയും ഇതിനില്ലെന്നു വരികിലും,

“അന്തണരെന്നപോൽ ദുർബലന്മാരവർ
ചിന്തിക്കിലെത്രയും ഭീരുക്കളല്ലയോ?
കയ്യൂക്കുമില്ല, പടയുമില്ല, പാൎത്ത ാൽ
മെയ്യൂക്കും–ഊട്ടിലുണ്ണാനതിവീരന്മാർ
പിന്നെച്ചിലരതിലാഭിചാരാദികൾ
നന്നായ് പഠിപ്പൂ–ദിവസം കഴിപ്പാനായ്”
“തേരിലേറിപ്പുറപ്പെട്ടു സന്നദ്ധരായ്
വീരമകുടമണികൾ നൃപന്മാരും
കുംഭവും കൊമ്പും പൊതിഞ്ഞഥപൊന്നിനാൽ
കമ്പമിയന്നോരു കുംഭിവർന്മാരും
കാറ്റിനേക്കാൾ വേഗമോടും രഥങ്ങളും
തെറ്റുന്നു പായും കുതിരപ്പടകളും
വാളും പരിചയും വില്ലും ശരങ്ങളും
ചാലെത്തെളികെക്കടഞ്ഞചക്രങ്ങളും
കുന്തം ചവളങ്ങൾ വേലുകളീട്ടികൾ
ചന്തമിയലുന്ന തോമരജാലവും
പട്ടസം നല്ല ഗദകൾ ശതഘ്നികൾ
നിഷ്ഠൂരമായ മുസലശൂലങ്ങളും
ശക്തികൾ വെണ്മഴുവെന്നിത്തരമുള്ള
ശസ്ത്രങ്ങളൂക്കോടെടുത്തു സന്നദ്ധരായ്
ചട്ടയും തൊപ്പിയുമിട്ടുകെട്ടിക്കൊണ്ടു
ധൃഷ്ടരായ് മേവുന്ന പത്തിവരന്മാരും”രണ്ടാംപാദം

ഇത്യാദി ഭാഗങ്ങളിൽ നമ്പ്യാരുടെ ശൈലി തെല്ലൊന്നു മങ്ങിയെങ്കിലും കാണ്മാനുണ്ടു്. ഏതായിരുന്നാലും ഖണ്ഡിതമായി ഒരു അഭിപ്രായം പറയണമെങ്കിൽ ഉപരിഗവേഷണം അപേക്ഷിതമായിരിക്കുന്നു.

(൧൦) ഭാഗവതം ഇരുപത്തിനാലുവൃത്തം.

രാമായണം ഇരുപത്തിനാലുവൃത്തത്തെ അനുകരിച്ചു് നമ്പ്യാർ രചിച്ചതായിരിക്കാം ഭാഗവതം ഇരുപത്തിനാലുവൃത്തമെന്നും ചിലർ പറയുന്നു. എന്നാൽ തലവടിയിൽ നമ്പ്യാരുടെ കാലത്തു് ജീവിച്ചിരുന്ന ഒരു ഈശ്വരവാരിയർ ഭാഗവതം ഇരുപത്തിനാലുവൃത്തം രചിച്ചിട്ടുണ്ടെന്നും ആ കൃതി പ്രസിദ്ധപ്പെടുത്തീട്ടില്ലെന്നു ൮൮-ാമാണ്ടിടയ്ക്കു് ഞാൻ തലവടിയിൽ താമസിച്ചിരുന്ന കാലത്തു് തദ്ദേശീയനായ ഒരു വിദ്വാൻ എന്നോടു പറയുകയുണ്ടായി. അതായിരിക്കുമോ ഈ ഗ്രന്ഥം. ആരംഭത്തിൽതന്നേ അനുകരണം പ്രകടമായിരിക്കുന്നു രാമായണം ഇരുപത്തിനാലുവൃത്തത്തിലെ പ്രാരംഭശ്ലോകങ്ങളെ ഇതിലെ ശ്ലോകങ്ങളോടു താരതമ്യപ്പെടുത്തിനോക്കുക.

൧-ാം വൃത്തം ഇന്ദുവദന
വെണ്‍മതികലാഭരണനംബികഗണേശൻ
നിർമ്മലഗുണാകമലവിഷ്ണുഭഗവാനും
നാൻമുഖനുമാദികവിമാതുഗുരുഭൂതൻ
നന്മകൾവരുത്തുക നമുക്കു ഹരിരാമരാമായണം ഇരുപത്തിനാലുവൃത്തം
അംബുജവിലോചനനുമിന്ദിരമഹേശൻ
കുംഭിമുഖനും പരിചിനോടു ഗുരുഭൂതൻ
ജംഭരിപുവാദിസുരവൃന്ദവുമശേഷം
സമ്പ്രതിതുണയ്ക്കണമെനിക്കു ഹരികൃഷ്ണഭാഗവതം ഇരുപത്തിനാലുവൃത്തം
ഉത്തമപുരാണപുരുഷന്റെ ചരിതാനാ-
മുത്തമമിതാദിരഘുനായകചരിത്രം
ഭക്തിയൊടുചൊല്ലുവതിനിന്നുതുനിയുന്നേൻ
മുക്തിപദമേശുവതിനിന്നു ഹരിരാമരാമായണം ഇരുപത്തിനാലുവൃത്തം
വൃഷ്ണിവരവംശമതിൽ വന്നുനളിനാക്ഷൻ
കൃഷ്ണതനുവായവതരിച്ചൊരുചരിത്രം
തൃഷ്ണയൊടുചൊല്ലുവതിനിന്നുതനിയുന്നേൻ
വിഷ്ണുപദമേല്ക്കുവതിനാശു ഹരികൃഷ്ണ. ഭാഗവതം ഇരുപത്തിനാലുവൃത്തം

ഇതുപോലെ മറ്റു പലസ്ഥലങ്ങളിലും ഈ മാതിരിസാദൃശ്യങ്ങൾ കാണ്മാനുണ്ടു്. കാവ്യഗുണം നോക്കിയാൽ രാമായണം ഇരുപത്തിനാലു വൃത്തത്തിന്റെ അടുത്തു നില്ക്കാൻപോലും ഇതിനു യോഗ്യതയില്ല. മാതൃകയ്ക്കായി ഏതാനും പദ്യങ്ങൾ ഉദ്ധരിക്കാനല്ലാതെ ദീർഘമായ വിമർശനത്തിനു സ്ഥലച്ചുരുക്കം അനുവദിക്കുന്നില്ല.

(൨-ാം വൃത്തം സർപ്പിണി.)
ചക്രപാണിജനിച്ചപ്പോൾ മേദിനി ചക്രംതന്നിൽ വസിക്കും ജനങ്ങൾക്കു
ഉൾക്കാമ്പിലൊരു മോദവും സൗഖ്യവുമക്കാലമേറിവന്നിതു ഗോവിന്ദ.
പക്ഷികൾതന്നുടെ മൃദുനാദവുമുക്ഷതരേകപംക്തിക്കുശോഭയും
ഭിക്ഷുസർവാസു നല്ലതെളിമയും തൽക്ഷണമുളവായിതു ഗോവിന്ദ.
മന്ദമാരുതസഞ്ചാരമക്കാലം സ്പന്ദമാനമായ്‍വന്നെ ദിഗന്തത്തിൽ
നന്ദമാനയാം മേദിനിക്കങ്ങുടനാ, ന്മാശ്വാസമായിതു ഗോവിന്ദ.
മന്ദമെന്നിയേ പാടിയുമാടിയും സുന്ദരീജനമൊക്കെയുമംബരേ
ദുന്ദുഭികൊട്ടിഗ്ഘോഷിച്ചുമാനകദുന്ദുഭിസുതജന്മനി ഗോവിന്ദ.രണ്ടാംവൃത്തം
പൂതനയുടെ മരണം (മൂന്നാംവൃത്തം, കലേന്ദുവദന.)
അടുത്തളവുമരണകാലം കറുത്തനിജ വടിവുതേടി-
യലച്ചുഴറിക്കരഞ്ഞുപാരം മിഴിച്ചു നിജ നയനങ്ങളും
വമിച്ചുചോരമുഖത്തിലൂടെ മരിച്ചുവീണു നിശിചരിയും
തടിച്ചപൊണ്ണൻ മലകണക്കെ പരമയദുനാഥജയ
തൃണാവർത്തന്റെ വരവു് (നാലാംവൃത്തം സമാസമം.)
അതുനേരം കംസപൃഥിവീപാലന്റെയമാത്യനാം തൃണാവർത്തനും
അരിയൊരുചക്രസമീരണനായിട്ടകംപുക്കു ദൈത്യൻ ഹരിനംബോ.
ചടുലമാംപൊടിപടലം തൂകിയും വലിയപാഠകൾ വരിഷിച്ചും
കഠിനമായിട്ടങ്ങലറുമൊച്ചയും കൊടിയവേഗവും
രജസ്സുചെന്നങ്ങുനിറഞ്ഞപ്പോളൊരു തമസ്സുപോലെയായ് ഭൂവനത്തിൽ
രഹസ്സിങ്കലങ്ങുകിടക്കും ബാലനെ ഹരിച്ചു ദൈത്യനും

ഒന്നുമുതൽ നാലുവരെ വൃത്തങ്ങൾ മുറയ്ക്കു രാമായണം ഇരുപത്തിനാലുവൃത്തത്തിലുള്ളവതന്നെ. എന്നാൽ രാമായണത്തിലെ അഞ്ചാംവൃത്തം ഭാഗവതത്തിലെ ആറാംവൃത്തവും; രാമായണത്തിലെ ആറാംവൃത്തം ഭാഗവതത്തിലെ അഞ്ചാംവൃത്തവും ആക്കിയിരിക്കുന്നു.

ബകാസുരാക്രമണം (അഞ്ചാംവൃത്തം മല്ലികാ)
അഞ്ചിതേ തരുഷണ്ഡമണ്ഡല മണ്ഡിതേ യമുനതേടേ
സഞ്ചരിച്ചുകളിച്ചുമേവിനകാലമമ്മുരവൈരിയേ
വഞ്ചനാമയമാം ബകാകൃതിപൂണ്ടുവന്ന ബകാസുരൻ
ചഞ്ചുകൊണ്ടു ജവേന കൊത്തിവിഴുങ്ങിനാൻ ഹരിഗോവിന്ദ.
സർപ്പാസുരമരണം (ആറാംവൃത്തം കല്യാണി)
ദണ്ഡംമുഴുത്തിട്ടുരുണ്ടും പിരണ്ടും കണ്ണുംമിഴിച്ചങ്ങു വാലിട്ടടിച്ചും
തിർണ്ണംപൊഴിച്ചശ്രൂവൃന്ദങ്ങളോടും തുണ്ഡംകഴച്ചും നമോ നന്ദസൂനോ
മൂർദ്ധാവുപൊട്ടീട്ടവൻതന്റെജീവൻ-ഊർദ്ധ്വം ഗമിച്ചോരുശേഷം മുകുന്ദൻ
സാർദ്ധം പുറത്തോട്ടിറങ്ങീവയസ്യൈുർദോർദ്ധാമശാലീ ആറാംവൃത്തം
കാളിയവിഷബാധ (ഏഴാം വൃത്തം സ്തിമിത)
കാളുംവിഷാഗ്നിയൊടു നീളെപ്പരന്നൊഴുക-
മോളംതകും പെരിയകാളിന്ദിതൻ സലിലം
മേളംകലർന്നു നിറവോളം കുടിച്ചളവു
ചാലേമരിച്ചവരും ഗോവിന്ദരാമജയ.

രാമായണത്തിലെ ഏഴാംവൃത്തമാണു് ഭാഗവതത്തിലെ എട്ടാംവൃത്തം ഗോപിമാരോടു ശ്രീകൃഷ്ണന്റെ ഉപദേശം (പഞ്ചചാമരം)

കളത്രമോടുവേർപിരിഞ്ഞനർത്ഥമോടുമേവുമ-
സ്വഭർത്ത്യദുഃഖമൊട്ടുമേ വരുത്തിടായ്കനിങ്ങളും
അതർക്ക്യമായൊരാധിപൂണ്ടിരിക്കുമാത്മകാന്തർമാ-
ലടക്കിയങ്ങുമേവുവിൻ മുകുന്ദരാമപാഹിമാം
അനർത്ഥകാരിയെങ്കിലും നിരർത്ഥകോപിയെങ്കിലും
സമർത്ഥനല്ലയെങ്കിലും പ്രമത്തനായിതെങ്കിലും
കളത്രജാതികൾക്കഹോ പെരുത്തദൈവമായതു
നിജപ്രിയൻധരിക്കടോ മുകുന്ദരാമപാഹിമാം.

ഒൻപതാംവൃത്തം രാസക്രീഡാവർണ്ണനമാണു്. രാമായണത്തിലെ ഏഴാംവൃത്തത്തിൽ രാമൻ സീതയെ കാണാതെ ദുഃഖിക്കുന്നതും, ഭാഗവതം എട്ടാംവൃത്തത്തിൽ ശ്രീകൃഷ്ണൻ മറഞ്ഞുപോയതുകൊണ്ടു് ഗോപിമാർ ദുഃഖിക്കുന്നതും, വിവരിച്ചിരിക്കുന്നതിനാൽ ഇവയ്ക്കു് വിഷയസാദൃശ്യത്തിനു പുറമേ വൃത്തസാദൃശ്യവുമുണ്ടു്.

ഒൻപതാംവൃത്തം സംഘടിതം
തുളസിനറുമല്ലി മൃദുലതനുവല്ലീ
പരിലസിതചില്ലീ യുഗചലിതമല്ലീ
ലതകളുലകെല്ലാമഴകിനൊടുവെല്ലു-
ന്നവളരികിലില്ലേ പരമശിവശംഭോ…രാമാ. ഇരു
അയിതുളസിധന്യേ ശൃണുനളിനിവന്യേ
തവകരുണയെന്യേ ന ഗതിരിതി മന്യേ
കനിവിനൊടുകൊന്നേ കഥയ മമ പുന്നേ
ഹൃദയമുരുകുന്നേ മധുമഥനനംബോ. ഭാഗ. ഇരു.
വനഭുവിനടന്നും ദിശിദിശിതിരഞ്ഞും
അനുജനെമറന്നും പലവഴിപറഞ്ഞും
ചിലകുറികരഞ്ഞും നിജതനുമെലിഞ്ഞും
വിവശതപിണഞ്ഞും പരമശിവശംഭോ. രാമാ. ഇരു.
പലദിശിതിരഞ്ഞും ഭയമൊടുകരഞ്ഞും
പലമൊഴിപറഞ്ഞും പടുതകൾകുറഞ്ഞും
സ്മരകനലെരിഞ്ഞും മനതളിർകരിഞ്ഞും
പെരുവഴിമറഞ്ഞും മധുമഥുനനംബോ.
കരളകമെരിഞ്ഞും തനുലതമെലിഞ്ഞും
ദിശിദിശിമലഞ്ഞും പലവഴിയിലാഞ്ഞും
അഴലിനൊടുലഞ്ഞും വഴികളിലലഞ്ഞും
വനിതകൾ വലഞ്ഞു
രമണനെവിളിക്കും രഭസമൊടടുക്കും
പെരുവഴിയിൽനിൽക്കും പുനരവിടെനോക്കും
ഇടയിടയിൽവീർക്കും പലവഴിനിനയ്ക്കും
പുനരപിനടക്കും
വഴികളിൽ വിഷണ്ണാവനഭുവിനിഷണ്ണാ
വിവിധതരുഷണ്ഡാൻ വിവിധബഹുപുണ്ഡ്റാൻ
ചപലമതികണ്ണന്നുടെ ചതിവു തിണ്ണം
പറയുമിതിവണ്ണം…ഭാഗ. ഇരു.
പത്താംവൃത്തം (രാമായണത്തിലെ പതിനൊന്നാംവൃത്തം—അതിസമ്മതാ)

കംസന്റെ ദുർന്നിമിത്തദർശനം.

തെളിമകലരുന്ന കണ്ണാടിനോക്കുംവിധൗ
തലയൊടുടൽ വേറുപെട്ടാ തുകകണ്ടീടിനാൻ
പലശിഖകളേകടീപത്തിലായ് കാണ്‍കയും
തളനിഴലിലൊക്കെയും നൗമിനാരായണം
പരവശതപൂണ്ടു കണ്ടീടിനാൻസ്വപ്നവും
സരസമൊരുപ്രേതവും തമ്മിലാലിംഗനം
കഴുതമുതുകേറിനാനെന്നതും ഗോമയേ
മുഴുകിമുഹൂരെന്നതും.
പതിനൊന്നാംവൃത്തം (സർപ്പിണി)

ശ്രീകൃഷ്ണന്റെ ഗുരുദക്ഷിണ

അന്തകന്റെയനുജ്ഞയാപോന്നൊരു നന്ദനനെയുംകൂട്ടിച്ചുകൊണ്ടുപോയ് അന്തണന്നഥ ദക്ഷിണയുംചെയ്തു പത്മനാഭവിഭോ.

പന്ത്രണ്ടാംവൃത്തം (കാകളി; സ്രഗ്വിണി)

രുക്‍മിണിയുടെ പ്രേമകഥാനിവേദനം.

പാർത്തലംതന്നിലേ പേർത്തിടുംനിന്നുടെ
കീർത്തികൾകേട്ടുകേട്ടാസ്ഥയാ രുക്‍മിണീ
കൂർത്തുമുർത്തുള്ള മാരാസ്ത്രമേറ്റന്വഹ-
മാർത്തിതേടുന്നഹോ പത്മനാഭാവിഭോ.
സന്തതം ശാപശാന്തിക്കതൻതോഴിമാർ
ചന്ദനച്ചാറുടൻ കോരിയാടുംവിധൗ
എന്തഹോതീ ചൊരിയുന്നു മേലൊക്കെയെ-
ന്നന്തരാചെല്ലുവോൾ…
മന്ദവായുക്കളെങ്ങാനുമേറ്റീടിനാൽ
നിന്നനില്പന്നുമൂർച്ഛിച്ചുവീണീടുമേ
ചന്ദ്രനും വഹ്നിയും ഭേദമില്ലൊട്ടുമേ
സുന്ദരാംഗിക്കഹോ…
ചേണെഴും കോകിലം ചെറ്റുകൂകുംവിധൗ
പ്രാണസഞ്ചാരമാകുന്നവൾക്കപ്പൊഴേ
കാണിനേരം മലർക്കാവിൽനിന്നീടിനാൽ
വീണുമോഹിച്ചുപോം…
പതിമൂന്നാംവൃത്തം (മഞ്ജരി)

രുക്‍മിണീപരിണയം

പെണ്മണിയായൊരു രുക്‍മിണിതാനങ്ങു
കണ്‍മുമ്പിൽവന്നിട്ടു നിന്നനേരം
ഉന്മാദം പൂണ്ടോരോ ഭാവങ്ങൾകാട്ടിനാ-
രമ്മാനവേന്ദ്രന്മാർ കൃഷ്ണനംബോ...
ഭൃത്യനോടന്നേരം താംബൂലംവാങ്ങുവാൻ
ഹസ്തമൊന്നങ്ങോട്ടുനീട്ടിയതും
പിന്നെമടങ്ങിയില്ലുന്നതനായോരു
മന്നവവീരനു…
ചുണ്ണാമ്പെടുത്തങ്ങു തിന്നിട്ടുനാവൊക്കെ
പുണ്ണായിത്തീർന്നിതൊരു നൃപനു
പെണ്ണിനെക്കണ്ടുമയങ്ങീട്ടൊരുവൻതാൻ–
ഭിണ്ണെന്നു വീഴുന്നു…
പെണ്ണിനെക്കണ്ടുമതിമറന്നെല്ലാരും
കണ്ണുംമിഴിച്ചങ്ങുനിന്നനേരം
കണ്ണനെടുത്തിട്ടുകന്യകതന്നെയും
സ്യന്ദനമേറ്റിനാൻ…
പതിനാലാംവൃത്തം (ഊനകാകളി)

സത്രാജിത്തിന്റെ കന്യാദാനം.

സജ്ജനസന്നിധൗവന്നു സത്രാജിത്തും ലജ്ജയാം വാരിയിൽ-നന്നായ്
മജ്ജനംചെയ്തുമണിയങ്ങുവാങ്ങിനാൻ രാമഹരേശരണം
കാർമുകിൽവർണ്ണന്നങ്ങപ്രിയം തീർപ്പാനായ് ഭാവിച്ചുസത്രാജിത്തും-സത്യ-
ഭാമയാംപുത്രിയെ കൃഷ്ണനു നൽകിനാൻ
പതിനഞ്ചാംവൃത്തം (നതോന്നത)

പാരിജാതഹരണം.

പാരിലേഴും കേളിപൊങ്ങും പാരിജാതമതുകണ്ടു
വാരിജാക്ഷി സത്യഭാമ വാഞ്ഛ പൂണ്ടേറ്റം
വാരിജാക്ഷനതുനേരം വൈകിയാതെ പിഴുതങ്ങു-
ഭാര്യകയ്യിൽ നൽകിനിന്നാൽ രാമഗോവിന്ദ
പതിനാറാംവൃത്തം (ശങ്കരചരിതം)

വിഷ്ണുസ്തുതി

ശരണാഗതശരണാനതകരുണാമയഹരണാ–
തരുണാരുണകിരണൗഘവദരുണാമലചരണാ
ധരണീഭരഹരണാ ബഹുരമണീമണിരമണാ
കരുണാം കുരു മരണേ മമ യദുനായക ശരണം.
പതിനേഴാംവൃത്തം (കല്യാണി)

ബാണപുരഭഞ്ജനം

പെട്ടെന്നു കോട്ട കിടങ്ങും നിരത്തി വെട്ടിക്കുറുക്കിച്ചെരിച്ചു മരങ്ങൾ
തട്ടിപ്പുരട്ടീ മഹാഗോപുരങ്ങൾ ഒട്ടല്ല മുഷ്കങ്ങു ശ്രീകൃഷ്ണ കൃഷ്ണാ.
പതിനെട്ടാംവൃത്തം (തരംഗിണി)

വിവിദന്റെ ഭീഷണി.

പൃഷ്ഠം കാട്ടിയുമോടിയടുത്തും വട്ടക്കണ്ണു തുറിച്ചുമിഴിച്ചും
പെട്ടെന്നവരെപ്പേടിപ്പിച്ചാൻ ദുഷ്ടൻ വിവിദൻ നാരായണജയ.
പത്തൊൻപതാം വൃത്തം (ഇന്ദുവദന)

സുദർശനചക്രവർണ്ണന.

സൂര്യശതകോടിരുചി തേടിനൊരുചക്രം
ഘോരമൊടടുത്തളവു മാരണമഹാഗ്നി
വായുവശമേറ്റെരിയുമഗ്നിയുടെ മുമ്പിൽ
ഈയൽവിലസുംപടി ചമഞ്ഞു ഹരികൃഷ്ണാ
ഇരുപതാം വൃത്തം (മല്ലിക)

ജരാസന്ധവധം.

മല്ലവൈരിപറഞ്ഞ നല്ലൊരുപായമോർത്തു വൃകോദരൻ
മഗധനൃപതിയെപ്പിടിച്ചു ധരണിയിലിട്ടുടൻതദനന്തരം
കാലിലങ്ങു ചവിട്ടിയിട്ടൊരു കാലിലങ്ങു പിടിച്ചുടൻ
കഠിനബലമൊടു നടുവേകീറി രണ്ടുദിക്കിലാക്കി ഹരേഹരേ.
ഇരുപത്തിഒന്നാംവൃത്തം (സർപ്പിണി)

ദുര്യോധനന്റെ സ്ഥലജലഭ്രാന്തി

വസ്ത്രമെല്ലാം തെറുത്തങ്ങു കേറ്റിയു-
മിത്രവെള്ളമിതെന്തെന്നു ചൊല്ലിയും
എത്രപാരം പതുക്കെപ്പദം വച്ചു
തത്ര മെല്ലെ നടന്നവൻ ഗോവിന്ദ.
നിർമ്മലമായ നീരാഴി കണ്ടവൻ
രമ്യമായ സ്ഥലമെന്നു ചിന്തിച്ചു
ചെമ്മേ ചെന്നു സുഖമായിരുന്നപ്പോ-
ളംബുരാശിയിൽ മുങ്ങിനാൻ-ഗോവിന്ദ.
ഇരുപത്തിരണ്ടാംവൃത്തം (അന്നനട)

ശ്രീകൃഷ്ണൻ കുചേലന്റെ പൃഥുകം ഭക്ഷിക്കുന്നതു്.

അഴിച്ചുനോക്കിയിങ്ങനല്പകൗതുകം
പെരുത്ത ഹർഷാശ്രു പൊഴിച്ചു മാധവൻ
മനക്കുരുന്നുകൊണ്ടനുഗ്രഹിച്ചുടൻ
ഭുജിച്ചൊരുപിടി മുകുന്ദപാഹിമാം.
ഇരുപത്തിമൂന്നാംവൃത്തം (അതിസ്തിമിത)

ശ്രീകൃഷ്ണൻ മാതാവിനെ ചെന്നു കാണുന്നതു്.

അതുനേരമമ്മയുടെ ഹൃദയാന്തരേ വളരു-
മതിതോഷമെന്തുപുനരധുനാ പുകഴ്ത്തുവതു!
അതിസംഭ്രമാൽജനനിതഴുകീട്ടിരുത്തിനിജ-
മടിതന്നിലങ്ങവരെയരവിന്ദനേത്രജയ
ഇരുപത്തിനാലാംവൃത്തം (കാകളി)

അർജ്ജുനൻ ചിതയിൽ പ്രവേശിപ്പാനൊരുങ്ങുന്നതു്.

തിരിച്ചങ്ങു വന്നിട്ടുടൻ മാനഭംഗം
സ്മരിച്ചാശുഗൗഘത്തെയൊന്നിച്ചു പാർത്ഥൻ
എരിച്ചാശുതീയിൽ പതിച്ചീടുവാനായ്
കതിച്ചൊന്നുചാടി ഹരേ കൃഷ്ണ കൃഷ്ണ.

നമ്പ്യാർ പൂർവകവികളെ വൃത്തബന്ധത്തിലും മറ്റും അനുകരിച്ചിട്ടുണ്ടെങ്കിലും ആശയങ്ങളെ പകർത്തുവാൻ നോക്കീട്ടില്ല. അത്രത്തോളം പ്രൗഢിയും ഈ കൃതിക്കുണ്ടെന്നു പറഞ്ഞുകൂടാ. ഇതു നമ്പ്യാരുടെ കൃതി ആണെങ്കിൽ ശ്രീകൃഷ്ണചരിതവും പതിന്നാലുവൃത്തവും രചിക്കുംമുമ്പുതന്നെയായിരിക്കണം ഭാഗവതം എഴുതാൻ പുറപ്പെട്ടതെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. പ്രയോഗവൈകല്യങ്ങളും കുസന്ധിവിസന്ധികളും ശബ്ദപൗനരുക്ത്യങ്ങളും ഇതിൽ ധാരാളം കാണ്മാനുണ്ടു്. എന്നാൽ അതിസരസങ്ങളായ അർത്ഥകല്പനകളും ഇല്ലെന്നു പറഞ്ഞുകൂടാ.

(൧൦) ശിവപുരാണം കിളിപ്പാട്ടു്.

ഇതു കുഞ്ചൻനമ്പ്യാരുടെ കൃതിയായിരിക്കണമെന്നു ഞാൻ സാഹിത്യചരിത്രം രണ്ടാംഭാഗത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. 373 മുതൽ 377 വരെയുള്ള വശങ്ങൾ വായിച്ചുനോക്കുക. ഇതു കേവലം ബാല്യകാലത്തിലെ കവിതയാണെന്നു വിചാരിക്കാൻ തരമില്ല. പൂർവകവിസങ്കേതങ്ങളുടെ പിടിയിൽനിന്നു സ്വതന്ത്രനാവാനുള്ള ശ്രമം ഈ കിളിപ്പാട്ടിൽ തെളിഞ്ഞുകാണുന്നുണ്ടു്. സാമാന്യവിമർശനം രണ്ടാംഭാഗത്തിൽ കൊടുത്തിരിക്കുന്നതിനാൽ ഇവിടെ വിശേഷിച്ചൊന്നും പറയുന്നില്ല.

(൧൧) നളചരിതം കിളിപ്പാട്ടു് (നാലുപാദം)

ഇതു നമ്പ്യാരുടെ കൃതിയാണെന്നുള്ളതിനു സംശയമേ ഇല്ല. ‘ശുകപുരകൃതസ്ഥിത’നായ ശൂലപാണിയെ ഇതിൽ സ്തുതിച്ചിട്ടുമുണ്ടു്. എഴുത്തച്ഛന്റെ കിളിപ്പാട്ടിനുള്ള ഗാംഭീര്യമൊന്നുമില്ലെങ്കിലും കവിതയ്ക്കു് നല്ല ഒഴുക്കും പ്രസാദവും കാണുന്നു. കവിതാരീതി കാണിപ്പാൻ നളഗതമായ അയോഗവിപ്രലംഭദശയെ വർണ്ണിക്കുന്ന വരികൾ ഉദ്ധരിക്കാം.

ഭീമജതന്നുടെ രൂപശോഭാധികം ഭൂമിപാലൻനളൻ കേട്ടോരനന്തരം
കാമബാണങ്ങൾക്കു ലാക്കാക്കി തന്നുടെ കോമളത്വം കലർന്നീടുന്ന വിഗ്രഹം
ഗാത്രം മെലിഞ്ഞു വിളറി ദിനേദിനേ രാത്രൗ കുറഞ്ഞിതു നിദ്രാപ്രസംഗവും
നേത്രങ്ങൾ മങ്ങിമയങ്ങിവപുശ്ശോഭ മാത്രംകുറഞ്ഞീല വിശ്ലേഷസങ്കടേ
മാരമാലേവം സഹിപ്പാനശക്തനായാരാമവീഥിയകംപുക്കു മേവിനാൻ
ഓരോ ലതാവൃക്ഷപുഷ്പങ്ങൾകാണ്‍കയാൽ പാരംവളർന്നു മനോജന്റെ വിക്രമം
തണ്ടാർമധുമണം തെണ്ടിനടക്കുന്ന വണ്ടിന്റെഝംകാരമിണ്ടല്ക്കകാരണം
വണ്ടാർകുഴലിതൻ ചുണ്ടിൻനിറമൊത്ത തൊണ്ടിപ്പഴങ്ങളെക്കണ്ടുസുഖിക്കയും
തുള്ളിക്കളിക്കുന്ന പുള്ളിമാൻപേടമാരുള്ളൊരുദിക്കിൽപ്പതുക്കെഗ്ഗമിക്കയും
ഉള്ളിൽക്കലർന്നെഴുന്നല്ലൽസഹിയാഞ്ഞു വള്ളിക്കുടിലകംപുക്കു ശയിക്കയും
നീരസം സർവമെന്നോർത്തു പതുക്കവേ വീരസേനാത്മജൻ പത്മാകരത്തിന്റെ
തീരത്തുചെന്നു നടക്കുന്നനേരത്തു ചാരത്തുകാണായി രാജഹംസാവലി
ദമയന്തിയുടെ സൗന്ദര്യവർണ്ണന
നീണ്ടങ്ങിരുണ്ടുചുരുണ്ടതലമുടി കണ്ടാൽമനോഹരം കാമസംവർദ്ധനം
മല്ലീശരൻതന്റെ വില്ലിനെ വെല്ലുന്ന ചില്ലീവിലാസവും നല്ലൊരു ഹാസവും
കല്ലോലതുല്യമാം കണ്‍മുനത്തെല്ലിന്റെ വില്ലാട്ടമുല്ലാസഹല്ലോഹലങ്ങളും
ചെന്തൊണ്ടി നൽഫലം ചന്തം കുറയ്ക്കുന്ന ദന്തച്ഛദങ്ങളും ദന്തപ്രകാശവും
ഗണ്ഡസ്ഥലങ്ങളിൽ തിണ്ണം വിളങ്ങുന്ന കുണ്ഡലദ്വന്ദ്വവും വക്ത്രേന്ദുബിംബവും
പങ്കജമൊട്ടിനോടങ്കംപൊരുന്നൊരു കൊങ്കയുഗളവും തൻകൈവിലാസവും
സന്ദേഹഗോചരം മദ്ധ്യപ്രദേശവും മന്ദേതരാഭോഗരമ്യംനിതംബവും
ചാരുപ്രകാത്മാമൂരുകാണ്ഡങ്ങളും ചേരുംപുറവടി പാദപത്മങ്ങളും
ചിന്തിക്കിലപ്പൊഴേ ചെന്താർശരാശുഗച്ചെന്തീയിൽവെന്തുപോമന്തരംഗംനൃണാം

തുള്ളലുകളിൽ കാണുമ്പോഴുള്ള നിർഗ്ഗളപദപ്രവാഹം നളചരിതത്തിലും കാണ്മാനുണ്ടു്; എന്നാൽ ഫലിതരസം തെല്ലുപോലുമില്ല. സ്ത്രീവർണ്ണനയെ സംബന്ധിച്ചിടത്തോളം, തുള്ളലിലായാലും കിളിപ്പാട്ടിലായാലും സ്ഥിതി ഒന്നുതന്നെ. എല്ലാ സുന്ദരികളും ഒരേ കരുവിൽ വാർക്കപ്പെട്ടിരിക്കുന്ന പാവകളാണു്; ഒന്നിനും ‘സത്വ’മെന്നതേ കാണ്മാനില്ല.

(൧൨) വിഷ്ണുഗീത ഹംസപ്പാട്ടു്.

ഇതു സ്വകൃതിയായ വിഷ്ണുവിലാസം എന്ന സംസ്കൃതകൃതിയെ കവിതന്നെ തർജ്ജമ ചെയ്തതായിരിക്കണം. സാഹിത്യചരിതം രണ്ടാംഭാഗത്തിന്റെ 65-ആം വശം നോക്കുക. അതിന്റെ ഒരു ഭാഗമായ പ്രഹ്ളാദചരിതം അച്ചടിച്ചിട്ടുണ്ടു്. സാഹിത്യചരിത്രം ദ്വിതീയഭാഗത്തിന്റെ 63 ഉം 64 -ം വശങ്ങൾ നോക്കുക.

(൧൩) പഞ്ചതന്ത്രം

ഇക്കൃതി നമ്പ്യാരുടേതല്ലെന്നു പറവാൻ ആർക്കും സാധിക്കയില്ല.

അംബരംപഗാപുരേ വാണരുളീടും ദേവ-
നംബുജവിലോചനൻ പാർത്ഥസാരഥി കൃഷ്ണൻ

എന്നു് ഇതിൽ അമ്പലപ്പുഴ കൃഷ്ണനെ സ്തുതിച്ചിട്ടുള്ളതുകൊണ്ടുമാത്രം അതു അദ്ദേഹത്തിന്റെ കൃതിയാണെന്നു പറയാവുന്നതല്ല. തിരുവനന്തപുരം ക്യുറേറ്റർ ആപ്പീസിൽ പകർത്തി വച്ചിട്ടുള്ള ഒരു ലേഖ്യപ്രതിയുടെ അവസാനത്തിൽ,

പഞ്ചതന്ത്രം നീതിശാസ്ത്രം ഭാഷയാസന്നിവേശിതം
രാമേന പാണിവാദേന ബാലാനാം ബോധഹേതവേ
ശ്രീമദംബരവാഹിന്യാം ധാമനിസ്ഫുടമുല്ലസൻ
ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവീതു സഃ

എന്നു കാണുന്നുമുണ്ടു്. ഇതിലെ സദാചാരവാക്യങ്ങളിൽ പലതും മലയാളികൾക്കു വായ്പാഠമാണു്.

  1. പുല്ലുുകൾകൊണ്ടുപകാരമുണ്ടാകും തന്റെ പല്ലുകൾ തേപ്പാൻകൊള്ളാം പൈക്കളെത്തീറ്റാൻ കൊള്ളാം
  2. പല്ലുകളിളകുമ്പോഴേ പറിക്കണം തെല്ലുപേക്ഷിച്ചാൽശേഷമുള്ളതുമിളകിപ്പോം.
  3. തക്കത്തിൽ തന്റെ ഭക്തിമാത്രമേ വേണ്ടുവെങ്കിൽ പക്കത്തിൽ ചോറുംതിന്നു കോയിക്കൽ പാർക്കേണമോ?
(൧൪) രുഗ്മാംഗദചരിതം കിളിപ്പാട്ടു്.

ഈ കിളിപ്പാട്ടു് ഏകാദശിമാഹാത്മ്യം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അടുത്തകാലംവരെ ഏകാദശിമാഹാത്മ്യത്തിനു വളരെ പ്രചാരമുണ്ടായിരുന്നു. വ്രതങ്ങളിൽ ഉള്ള നിഷ്ഠ ജനങ്ങൾക്കു കുറഞ്ഞുകുറഞ്ഞു വരുന്നതിനാൽ, ഈമാതിരി ഗ്രന്ഥങ്ങളുടെ വില്പനയ്ക്കും കുറവുവരാതിരിക്കാൻ തരമില്ലല്ലോ. രുഗ്മാംഗദന്റെ ചരിത്രത്തെ കിളിപ്പാട്ടുരൂപത്തിൽ നാലു ഖണ്ഡങ്ങളായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. വസിഷ്ഠൻ മന്ധാതാവിനോടു് ഉപദേശിക്കുന്നതായിട്ടാണു് കഥ.

രുഗ്മാഗദന്റെ ഹരിവാസരവ്രതനിഷ്ഠനിമിത്തം ധർമ്മരാജാവിനെക്കൊണ്ടു് (ഷണ്ഡനെക്കൊണ്ടു് നാരിമാർക്കെന്നപോലെ) തൽപ്രജകൾക്കൊരുഫലവുമില്ലാതെയായ്ത്തീരുന്നു. അതുകൊണ്ടു് അദ്ദേഹം ആ വ്രതഭംഗത്തിനു മാർഗ്ഗമെന്താണെന്നു് വിധാതാവിനോടു ചോദിക്കുന്നു. ഏകാദശീവ്രതഭംഗം ചെയ്യുന്നതു യുക്തമല്ലെന്നു ബ്രഹ്മാവു് പറഞ്ഞിട്ടും അദ്ദേഹം വകവയ്ക്കുന്നില്ല. ഒടുവിൽ നാരദനും ധർമ്മരാജാവിനെ പിന്താങ്ങിയതനുസരിച്ചു്, ബ്രഹ്മാവു് അതിസുന്ദരിയായി ഒരു സ്ത്രീരത്നത്തെ സൃഷ്ടിച്ചു്,

സാമ്പ്രതം സാകേതാഖ്യേ മന്ദിരേവസിക്കുന്നു
സംഭൃതാനന്ദം മഹാവിക്രമി രുക്മാംഗദൻ
സൂര്യവംശാലങ്കാരൻ സുന്ദരൻസുധാർമ്മികൻ
വീര്യവാൻവിദ്യാനിധി വിശ്രുതൻ വിശാംപതി
അങ്ങനെവിളങ്ങുന്ന രുക്‍മഭൂഷൻതന്റെ
യംഗനാസന്ധ്യാബലിയെന്നുപേരായുള്ളവൾ
കന്നൽനേർമിഴിയാളേ കാമിനീ!നിന്നെപ്പോലെ-
യന്യകാമിനിയവൾ ധർമ്മശാലിനിയവൾ
ആയവൾപ്രസവിച്ചു ജാതനാംധർമ്മാംഗദൻ
ആയതേക്ഷണൻമഹാഗംഭീരൻ മഹാമതി-
വീര്യവാനഷ്ടാദശദ്വീപങ്ങൾക്കധിപതി
ധൈര്യവാൻ ധരാതലേ സാരമാംരത്നംതന്നെ
നീരസം നാരിസംഗമെന്നൊരുവിയോഗത്താൽ
ദാരസംഗ്രഹക്രിയചെയ്തീലധർമ്മാംഗദൻ
… … …
വിഷ്ണുവാസരംനോറ്റുവിശ്വവാസികളെല്ലാം
വിഷ്ണുലോകത്തെ പ്രാപിച്ചീടുന്നുസുലോചനേ
എന്നതുകൊണ്ടുയമൻതന്നുടെനികേതനം
ശൂന്യമായ്‍വന്നുപാരംഖിന്നനായ്‍വന്നാനവൻ
ചിത്രഗുപ്തനുപത്രവ്യാപാരമില്ലാതായി
അത്രവന്നവസ്ഥകളെന്നോടുബോധിപ്പിച്ചു
ആയതുകൊണ്ടുനിന്നെ സൃഷ്ടിച്ചുവരാനനേ
ആയതുമുടക്കുവാനായാരംഭിച്ചീടണം

എന്നിങ്ങിനെ അവളെ വ്രതഭംഗത്തിനായി നിയോഗിക്കുന്നതും ആ ശ്രമം വ്യർത്ഥമായ്‍ത്തീരുന്നതുമാണു് ഇതിൽ വിവരിച്ചിരിക്കുന്നതു്. രുക്‍മാംഗദൻ വ്രതനിഷ്ഠനിമിത്തം ഒടുവിൽ വിഷ്ണുരൂപംപൂണ്ടു് വൈകുണ്ഠത്തിലേക്കു പോകുന്നതിനെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

വിഷ്ണുദേവന്താനേവം കല്പിച്ചദശാന്തരേ
വിഷ്ണുതുല്യന്മാരായിതന്നേരമവർകളും
എട്ടുതൃക്കൈകൾ ശംഖംചക്രവും ഗദാപത്മം
സ്പഷ്ടശാർങ്ഗവും വരദാഭയുംകൃപാണവും
മീനകുണ്ഡലങ്ങളും കൗസ്തുഭശ്രീവത്സവും
പീനമാംകിരീടവും പീതമാംദുകൂലവും
ഇങ്ങനെരുക്‍മാംഗദൻ തന്നുടെരൂപംതദാ
ഭംഗിയിൽ ചതുർഭുജകാരമായ് ശോഭിച്ചിതു
ഒക്കെവേ ചതുർഭുജന്മാരായി ഭൂവാസികൾ
മുഖ്യമാമേകാദശീമാഹാത്മ്യമതിൻമൂലം
തൽപുരംതന്നിലുള്ള ജീവജന്തുക്കളെല്ലാം
പത്മനാഭന്റെരൂപം ധരിച്ചുപുറപ്പെട്ടു
വിഷ്ണുദേവനും തന്റെ വൃന്ദവുമൊരുമിച്ചു
വിഷ്ണുലോകത്തെഗ്ഗമിച്ചാകാശമാർഗ്ഗത്തൂടെ.
പാനകൾ
(൧൫) സഭാപ്രവേശം പാന അച്ചടിച്ചിട്ടുണ്ടു്.

നമ്പ്യാരുടെ കൃതി അല്ലെങ്കിൽ, അനുകരണവിദ്യയിൽ ചതുരനായ ഒരു കവിയുടേതായിരിക്കണം. ദുര്യോധനന്റെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള പുറപ്പാടു് പാനയിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

എട്ടുരണ്ടു മുഴമുള്ളവീരാളിപ്പട്ടുകൊണ്ടുടൻചുറ്റിവഴിപോലെ
പൊന്നരഞ്ഞാണമിട്ടിട്ടതിന്മീതെ പൊന്നിൻഖ ?????? രുകിയുറപ്പിച്ചു
പൊന്മണിമാല വിദ്രമമാലയും വെണ്മയോടെകഴുത്തിൽനിറച്ചിട്ടു്
വ്യാളംകൊത്തിയമിന്നുംകരവാളം വെക്കംകൈയിലെടുത്തുസുയോധനൻ
ചന്ദ്രകാവിയുറുമാലതുംകെട്ടിച്ചന്ദനംതേച്ചുമേനിമുഴുക്കവേ
നെറ്റിയിൽചില ചാന്തുംകറികളും മറ്റുമോരോവിചിത്രങ്ങളുണ്ടാക്കി
വെറ്റതിന്നുനന്നായിമുഴപ്പിച്ചു മുറ്റത്താമ്മാറിറങ്ങിപുറപ്പെട്ടു
കണ്ണാടിനോക്കിക്കൈകൊണ്ടുമെല്ലവേ കുണ്ഡലങ്ങളെ നന്നാക്കിനന്നാക്കി
ചെക്കനെക്കൊണ്ടുസഞ്ചിയെടുപ്പിച്ചു ചിക്കനെനടകൊണ്ടുസുയോധനൻ.

സഭാപ്രവേശം തുള്ളലിൽ ഈ ഘട്ടത്തെ വർണ്ണിച്ചിരിക്കുന്നതു നോക്കുക.

എട്ടുരണ്ടുമുളത്തിലുള്ളൊരുപട്ടുടുത്തരഞ്ഞാണവും
ഇട്ടുപട്ടുറുമാലും കെട്ടിമുറുക്കിനല്ലൊരുതൊങ്ങലും
തട്ടുപുഴുകുമെടുത്തു മുഞ്ഞിമിനുക്കിനൽകുറിയിട്ടുടൻ
മുട്ടുകുത്തിയിരുന്നുതലമുടി തൂർത്തുകെട്ടിമഹാരഥൻ
ശില്പമോടഥ ചന്ദ്രകാവിവളച്ചുകെട്ടിവിശിഷ്ടമാം
ദർപ്പണത്തെയെടുത്തുപാരമിളിച്ചുനോക്കിരസിക്കയും
ഇപ്രകാരമണിഞ്ഞുകൂത്തിനു ചാക്കിയാരണിയുന്നപോൽ
ഇപ്രകാരമതൊക്കെവൈരികൾ കാണണംമമ പൗരുഷം
എന്നുറച്ചുള്ളപ്രഭുത്വവിധങ്ങളഖിലമെടുത്തഹോ

അതുപോലെതന്നെ മറ്റു പല സാദൃശ്യങ്ങളും കാണ്മാനുണ്ടു്.

പട്ടുകെട്ടുവാനാഗ്രഹമില്ലെടോ വെട്ടുകിട്ടീലെന്നാകിലതുമതി
പെട്ടതൊക്കെയുംപെട്ടുവൃഥാന്തരാ ഒട്ടുംവൈകാതെപോകുന്നുഞാനിനി
താമസിക്കേണ്ടനേരമല്ലെന്നതു ഭീമനോടുപറഞ്ഞേക്കുധർമ്മജ. സഭ. പാന
പട്ടുകെട്ടുകയിൽതരിമ്പുമൊരാശയില്ല നമുക്കെടോ
വെട്ടുകൊണ്ടുമരിച്ചിലെങ്കിലതീശ്വരന്റെയനുഗ്രഹം
പാണ്ഡിമേളമുരുട്ടുചെണ്ടകറുങ്കുഴൽതുടിതാളവും
ആണ്ടിയാട്ടവുമായുധക്കളി പാഠകം പല ചാട്ടവും
തിത്തിമദ്ദളവേണുവീണയും തിമിലതകിൽമുഖവീണകൾസഭാപ്രവേശം തുള്ളൽ
ആണ്ടിയാട്ടം കുഴൽവിളി മറ്റേതും പാണ്ടിമേളവും പാട്ടുംകളികളും
ചെണ്ടചേങ്ങിലതാളവും മേളവും മുണ്ടൊരേടത്തു നിത്യം മഹോത്സവംപാന
“ആറുമാസമോരാണ്ടുമവിടത്തിൽ പാർത്തുകൊണ്ടാൽ
ചോറുമെണ്ണയുംകിട്ടുമുടുപ്പാൻ വസ്ത്രവും കിട്ടും”തുള്ളൽ

ആറുമാസം തികച്ചങ്ങിരുന്നാലും ചോറുമെണ്ണയും കിട്ടാൻതടവില്ല.

ദക്ഷയാഗം തുള്ളലിലെ,

ങസ്സുഹിസ്സുഭിസ്സുകിസ്സുയങ്ങുളുക്കതുണപ്പെനും
ജപ്പുജിപ്പുതിപ്പുതണമഞ്ഞെന്നുംചമഞ്ഞെന്നും
ഹല്യഫദ്വിച്ചകിദ്വത്വം വ്യാകരണാഘോഷമേവം.

എന്നഭാഗത്തിനനുരൂപമായി

ജസ്സുജസ്സെന്നുംഭിസ്സെന്നും കിസ്സെന്നും തിപ്പുലുപ്പെന്നുംഇപ്പെന്നുംങിപ്പെന്നും
കിന്നുവിന്നെന്നുംമന്നെന്നും ഛിന്നെന്നുംനിച്ചുകച്ചെന്നും ക്യച്ചെന്നുമിച്ചെന്നും
വ്യാകരണജ്ഞന്മാരുടെഘോഷമേകനെന്നോടുമാത്രംധരിപ്പിച്ചു

എന്നു പാനയിലും കാണുന്നു.

ഈ സാദൃശ്യങ്ങളും ഭാഷാശൈലിയും സർവ്വത്ര വ്യാപിച്ചുകാണുന്ന ഫലിതവും ആലോചിക്കുമ്പോൾ പ്രസ്തുത പാന നമ്പ്യാരുടേതാണെന്നു വിചാരിപ്പാനാണു് ന്യായം കാണുന്നതു്.

(൧൬) ശ്രീപാർവതീസ്വയംവരം പാന.

‘കാഞ്ഞിരംപാറെ രാമുണ്ണി’ നായരവർകൾ ഈ ഗ്രന്ഥത്തെ ഭംഗിയായി പ്രസാധനം ചെയ്തിട്ടുണ്ടു്. ഗ്രന്ഥകർത്താവാരെന്നു ഖണ്ഡിതമായി പറയാൻ നിവൃത്തിയില്ലെങ്കിലും നമ്പ്യാരായിരിക്കണമെന്നു് ഊഹിക്കാൻ ചില യുക്തികൾ അദ്ദേഹം എടുത്തുകാണിച്ചിരിക്കുന്നു. ഒന്നാമതായി ‘ശ്രീശൂകാലയേ വാണരുളീടുന്ന’ ശ്രീമഹേശനെ ആരംഭത്തിലും ‘ശുകപുറമമരും മമ പരദൈവത’ത്തെ അവസാനത്തിലും സ്തുതിച്ചുകാണുന്നു. മന്ത്രേടം, പൂന്തോട്ടം എന്നു രണ്ടുകവികൾകൂടി ശ്രീശൂകാലയേശനെക്കുറിച്ചുള്ള മംഗലാചരണത്തിന്നധികാരികളായിട്ടുണ്ടെങ്കിലും ആട്ടക്കഥാകർത്താവായ മന്ത്രേടത്തിന്റെ കവിത്വം മറ്റുനിലയിൽ അപ്രസിദ്ധമാകയാലും പൂന്തോട്ടം ഒട്ടു നവീനനാകയാലും, അതിന്റെ കർത്താവു നമ്പ്യാരായിരിക്കാനാണു് അധികം സാംഗത്യം എന്നു് അദ്ദേഹം ഊഹിക്കുന്നു. ചില ആന്തരമായ ലക്ഷ്യങ്ങളേയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ടു്.

ഉം.

  1. പന്തുവരാടി വരാടി മുഖാരി സുരുട്ടി യെരിക്കില മലഹരി ബലഹരി പാടിമലർ പന്തുവരാടി മുഖാരി വരാടി സരുട്ടി നാടു മലഹരി ബലഹരി ഹരിണീസ്വയംവരം തുള്ളൽ പാടിയുമഥ പന്തുവരാടി മുഖാരി ധനാശി കോടിയുമിഹ ബലഹരി മലഹരിഭൈരവി നട്ടേ.പതിന്നാലുവൃത്തം താനുണ്ണാത്തോരു തേവരെസ്സേവിച്ചാൽ തന്വംഗിതനിക്കഷ്ടിലഭിക്കുമോ?പാന താനുണ്ണാത്തൊരു തേവർ വരത്തെ- ദ്ദാനംചെയ്‍വാനെളുതായ് വരുമോ.പ്രദോഷമാഹാത്മ്യം വാരിജഭവനിന്നഖിലചരാചര സാരമെടുത്തുടനവളെത്തീർത്തു കൂരിരുൾകൊണ്ടവൾ പുരികുഴൽതീർത്തു വാരിരുഹംകൊണ്ടേക്ഷികൾതീർത്തു വാരിജസായകചാപംകൊണ്ടു സരോരുഹമിഴിതൻ പുരികംതീർത്തു കാമശരേണകടാക്ഷംതീർത്തു സോമനെയവളുടെ വദനവുമാക്കി ബിംബഫലംകൊണ്ടധരംതീർത്തു കംബുവിനാൽ ഗളതലവുംതീർത്തു കനകപയോരുഹമുകളംകൊണ്ടങ്ങനുപമകുളുർമുലയുഗളംതീർത്തു അരയാലിലകൊണ്ടുദരംതീർത്തു നവമാലികയാൽ കരവുംതീർത്തു പുളിനംകൊണ്ടവൾ ജഘനംതീർത്തു.നളചരിതം തുള്ളൽ തിങ്കൾബിംബത്തിനുള്ളൊരുസാരവും പങ്കജങ്ങളിലുള്ളൊരുസാരവും മുല്ലമൊട്ടുകൾക്കുള്ളൊരുസാരവും നല്ലപല്ലവങ്ങൾക്കുള്ളസാരവും നീലമേഘങ്ങൾക്കുള്ളൊരുസാരവും മാലതീകുസുമത്തിന്റെസാരവും നീലപത്മസുമത്തിന്റെസാരവും ബാലകോകിലംതന്നുടെസാരവും സാലജാലഫലത്തിന്റെസാരവും ആലിലയ്ക്കുള്ളൊരാകൃതിസാരവും സ്ഥൂലരംഭായുഗത്തിന്റെസാരവും ചാലവേപുളിനത്തിന്റെസാരവും സംക്രമം കൂടാതാദാനം ചെയ്തുടൻ പങ്കസങ്കരമില്ലാതെ നല്ലൊരു പെണ്‍കിടാവിനെ നിർമ്മിച്ചു നാൻമുഖൻപാന അഷ്ടിയില്ലാതെയായി നരന്മാർക്കു് തുഷ്ടിയില്ലാതെയായി സുരന്മാർക്കു് വൃഷ്ടിയില്ലായ്കമൂലം മഹീതലേ പുഷ്ടിയില്ലെന്നുവന്നൂ ദിനേദിനേ.പാന ഇഷ്ടിയില്ലായ്കയാൽ വൃഷ്ടിയും നാസ്തിയായ് വൃഷ്ടിയില്ലായ്കയാലിഷ്ടിയും നാസ്തിയായ് അഷ്ടിയില്ലായ്കയാൽ പുഷ്ടിയും നാസ്തിയായ് പുഷ്ടിയില്ലായ്കയാലിഷ്ടിയും നാസ്തിയായ്.വിഷ്ണുഗീതം ഇപ്രകാരം പറഞ്ഞങ്ങുനില്ക്കുമ്പോ- ളപ്രദേശം പ്രകാശിച്ചു കാണായി അപ്രമേയമൊരാകൃതി സൗന്ദര്യ- സൽപ്രഭാജാലമഗ്രേ വിളങ്ങുന്നു. വെണ്ണിലാവിന്റെ വെണ്മ കണക്കിനെ കണ്ണിനാനന്ദം നൽകുന്ന കാന്തിയാൽ സ്ഥാണുകാനനമൊക്കെ വിളങ്ങവേ കാണുമാറായി കാമനും ഭാര്യയ്ക്കും പിന്നെയുമങ്ങു സൂക്ഷിച്ചനേരത്തു കന്യകാമണിരൂപവും കാണായി. കന്നൽനേർമിഴിയാളായ ഗൗരിയും തന്നുടെ സഖിമാരുമൊരുമിച്ചു പന്നഗാകല്പനാകുന്ന ദേവന്റെ പാദപങ്കജം പൂജിപ്പതിന്നായി പുഷ്പഗന്ധജലാദിപദാർത്ഥങ്ങൾ ശില്പമായിക്കരത്തിലെടുത്തുകൊ- ണ്ടുൽപലാക്ഷി പതുക്കെപ്പതുക്കവേ തൽപ്രദേശപ്രവേശം തുടങ്ങിനാൾ കെട്ടഴിഞ്ഞു കിഴിഞ്ഞ പുരികുഴൽ ഒട്ടുകൈകൊണ്ടു താങ്ങിക്കൊണ്ടങ്ങനെ മട്ടലർമണംതെണ്ടുന്ന വണ്ടുകൾ കൂട്ടമോടെ കുസുമവനങ്ങളെ ഒട്ടുമാദരിക്കാതെ വെടിഞ്ഞുകൊ- ണ്ടെട്ടുദിക്കീന്നുംവന്നുപരക്കവേ മട്ടോലുംമൊഴിയാളുടെ പിന്നാലെ വട്ടമിട്ടു പറന്നുനടക്കുന്നു. നാളീകാക്ഷിതൻ നിശ്വാസസൗരഭ്യം ലാളിപ്പാനായ് വരുന്ന്നോരു വണ്ടിനെ കേളിപങ്കജംകൊണ്ടു പതുക്കവേ കേവലമങ്ങു വാരണം ചെയ്കയും നീലപങ്കജപത്രം ജയിച്ചൊരു ലോലലോചനലീലാവിലാസവും കന്ദകന്ദളചന്ദ്രപ്രഭകളെ നിന്ദിച്ചീടിന മന്ദസ്മിതങ്ങളും.

ഈ ചിത്രം രചിച്ച കവി സാമാന്യനല്ല. ഏതായിരുന്നാലും ഇതിന്റെ കർത്താവു് നമ്പ്യാരല്ലെങ്കിൽ തീർച്ചയായും പൂന്തോട്ടമായിരിക്കണം. നമ്പ്യാരുടെ കൃതികൾ നല്ലപോലെ വായിച്ചു പഠിച്ചിട്ടുള്ള ഒരാൾക്കുമാത്രമേ തുള്ളൽ എഴുതി ഫലിപ്പിക്കാൻ സാധിക്കയുള്ളു. അങ്ങനെ വിജയപൂർവം കവിത എഴുതീട്ടുള്ള ഒരാളാണു് പൂന്തോട്ടം. അദ്ദേഹത്തിന്റെ നിവാതകവചകാലകേയവധം വായിച്ചുനോക്കിയാൽ ഈ സംഗതി വ്യക്തമാകും. രണ്ടു കവികളും ഫലിതക്കാരാണു്. നമ്പ്യാരുടെ ഫലിതം കുറേക്കൂടെ ഉൽക്കടമാണെന്നേ ഉള്ളൂ. ഉദാഹരണാർത്ഥം നമ്പ്യാരുടെ നിവാതകവചത്തിലെന്നപോലെതന്നെ പൂന്തോട്ടത്തിന്റെ നിവാതകവചകാലകേയവധത്തിലും അർജ്ജുനന്റെ രൂപ സമ്പത്തുകണ്ടു മോഹിച്ച സുരാംഗനകൾ കാണിച്ച ഗോഷ്ഠികൾ വർണ്ണിച്ചിട്ടുണ്ടു്. എന്നാൽ നമ്പ്യാരുടെ ഒരു സുരാംഗന ചന്ദനംനോക്കീട്ടു കാണായ്കയാൽ ചന്ദനമുട്ടിയുമായി ചാണ അന്വേഷിച്ചു പുറപ്പെടുന്നു. അപ്പോൾ ജലദോഷം പിടിപെട്ടുകിടന്നിരുന്ന അവളുടെ ഭർത്താവിന്റെ കഷണ്ടികണ്ടു ചാണയാണെന്നു വിചാരിച്ചു്, ജലം തളിക്കുന്നു. അയാൾ അവളുടെ തലമുടിക്കുചുറ്റിപ്പിടിച്ചു് അഞ്ചാറുകൊടുക്കുന്നു. അയാളുടെ ജലദോഷവും ശമിക്കുന്നു. ഇതാണു് നമ്പ്യാരുടെ പോക്കു്. വേറേ ഒന്നുരണ്ടു സംഗതികളിൽക്കൂടി പൂന്തോട്ടത്തിന്റെ, കവിതാരീതി വിഭിന്നമാണു്. ‘പൂമെത്തേലെഴുനേറ്റിരുന്നി’ത്യാദി ശ്ലോകം രചിച്ച പൂന്തോട്ടത്തിന്റെ ശൃംഗാരകവിതയ്ക്കു പ്രത്യേകം ആസ്വാദ്യതയുണ്ടായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. നേരെ മറിച്ചു് നമ്പ്യാരുടെ ശൃംഗാരം കേവലം മൂരിക്കുട്ടന്മാരുടെ ശൃംഗാരമാണു്. ഭാഷാശബ്ദങ്ങളെ കടഞ്ഞെടുത്തു പ്രയോഗിക്കുന്നതിൽ പൂന്തോട്ടത്തിനു വിരുതുകൂടും. വാസ്തവത്തിൽ അധുനാതന മലയാളത്തിന്റെ ജനയിതാക്കൾ പൂന്തോട്ടവും വെണ്മണിനമ്പൂരിപ്പാടന്മാരുമായിരുന്നു. നമ്പ്യാർക്കാകട്ടെ ശബ്ദപ്രയോഗത്തെപ്പറ്റി ആ മാതിരിയൊരു നിഷ്ഠയും ഉണ്ടായിരുന്നില്ല.

‘ഭൂസുരോത്തമനെന്റെ ഗുരുനാഥൻ
ഭാസുരപ്രീതി ദാനം തരേണമേ

എന്നിങ്ങനെ തന്റെ ഗുരുനാഥൻ ഒരു ഭൂസുരോത്തമനാണെന്നു കവി പറഞ്ഞുകാണുന്നതിനാലും, ‘ശുദ്രമക്ഷരസംയുക്തം ദൂരതഃപരിവർജ്ജയേൽ’ എന്ന പ്രമാണത്തെ മുറുകെപ്പിടിച്ചിരുന്ന പണ്ടത്തെക്കാലത്തു് ഒരു ഭൂസുരോത്തമനെ അന്യജാതിക്കാർക്കു ലഭിപ്പാൻ പ്രയാസമായിരുന്നതിനാലും ഇതിന്റെ കർത്താവു് ഒരു ബ്രാഹ്മണനായിരുന്നിരിക്കണം” എന്നുള്ള അനുമാനം സ്വീകരിപ്പാൻ കുറേ വിഷമമാണു്. എന്തുകൊണ്ടെന്നാൽ കേരളബ്രാഹ്മണർ മുകളിൽ ഉദ്ധരിച്ച പ്രമാണത്തെ ഒരുകാലത്തും മുറുകിപ്പിടിച്ചിരുന്നില്ല. ഭാരതഖണ്ഡം മുഴുവനും തേടിയാലും ഇത്ര വിശാലഹൃദയന്മാരും ഋജുമതികളും ആയ മറ്റൊരു ബ്രാഹ്മണവർഗ്ഗക്കാരെ കാണ്മാൻ പ്രയാസമാകുന്നു. അവർ അങ്ങനെ ഒരു പ്രമാണത്തെ മുറുകിപ്പിടിച്ചിരുന്നുവെങ്കിൽ കേരളത്തിലെ അബ്രാഹ്മണരുടെ ഇടയ്ക്കു ഒരു കണ്ണശ്ശനും, എഴുത്തച്ഛനും ഉണ്ടാകുമായിരുന്നില്ല. ബ്രാഹ്മണകല്പന്മാർ എന്നു പറഞ്ഞിരിക്കുന്നതു് ആരെപ്പറ്റിയാണോ എന്തോ? കേരളത്തിലെ പഴയ ജാതിവിഭാഗത്തിൽ ബ്രാഹ്മണകല്പർ എന്നു ഗണിക്കപ്പെട്ടിരിന്നവർ എളയന്മാരും മൂത്തതും മാത്രമാണു്. വാസ്തവത്തിൽ അവർ ബ്രാഹ്മണർതന്നെയാകുന്നു. പിന്നെ അതാതു ജാതിക്കാരായി പന്ത്രണ്ടു വർഗ്ഗക്കാരെ പറഞ്ഞുകാണുന്നുണ്ടു്. അവരാരും ബ്രാഹ്മണകല്പരെന്നു് അഭിമാനിക്കാറില്ല. മാരാന്മാരെ പതിനെട്ടുജാതി ശൂദ്രരുടെ കൂട്ടത്തിലാണു് ഉൾപ്പെടുത്തിയിരിക്കുന്നതു്. ഒരു മലയാളബ്രാഹ്മണന്റെ കൃതിയായ ക്ഷിതിരത്നമാലയിൽപ്പോലും ഇങ്ങനെ പറഞ്ഞിരിക്കുന്നു.

“കേചിഛസ്ത്രഭൂതാം വൎയ്യാ സ്സർവശാസ്ത്രഭൃതാംവരാഃ
തേഷാം വൈ ശസ്ത്രകലാസുവർത്തന്തേഽഖിലദേവതാഃ
വിപ്രൈരപി ച തേ മാന്യ പാണിപാദഭവാ അപി
ഉത്ഥാനമാചരേന്തേഭ്യ സ്സാർവഭൗമോപ്യസംശയഃ”

ഇങ്ങനെ സർവശാസ്ത്രങ്ങളിലും വിശാരദന്മാരായ ശൂദ്രർ ഉണ്ടായിരുന്നെന്നും അവർ വിപ്രന്മാരാൽപോലും പൂജ്യരായിരുന്നെന്നും ഇവിടെ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. അവർ ഈ ബ്രാഹ്മണരുടെ അടുക്കൽനിന്നല്ലെങ്കിൽ വേറെ ആരുടെ അടുക്കൽനിന്നാണു് സംസ്കൃതം പഠിച്ചതു്?

‘അഞ്ഞൂറിൽപരം വർഷങ്ങൾക്കുമുമ്പു് ജീവിച്ചിരുന്ന ആളും കോലത്തുനാടു നാട്ടുരാജാവിന്റെ ആശ്രിതനും ശ്രീകൃഷ്ണവിജയം സംസ്കൃതകാവ്യത്തിന്റെ കർത്താവും ആയ ശങ്കരമാരാരെപ്പറ്റി കേട്ടിട്ടില്ലാത്തവരുണ്ടോ? അദ്ദേഹവും തദ്ഗുരുവായിരുന്ന ‘ശ്രീകോലഭൂപാലകഹർഷസിന്ധു രാകാശശീ രാഘവനാമധേയ’നും ബ്രാഹ്മണകല്പരായിരുന്നില്ല. മഹാജ്യൗതിഷികനും പ്രൗഢവിദ്വാനുമായിരുന്ന വാഴുമാവേലിപ്പോറ്റിയുടെ അടുക്കൽനിന്നായിരുന്നല്ലോ കൃഷ്ണപിള്ള എന്ന വിദ്വാനും മഴമംഗലവും ജ്യൗതിഷം പഠിച്ചതു്. എഴുത്തച്ഛന്റെ ഗുരുക്കന്മാരിൽ പ്രധാനി ‘ശ്രീനീലകണ്ഠൻ’ എന്ന പിതാവുതന്നെ ആയിരുന്നില്ലെ? പ്രസിദ്ധ പണ്ഡിതനും ആറന്മുള സ്ഥലപുരാണത്തിൽ സംസ്തുതനും ആയ രാമനാശാന്റെ ഗുരു ദൈവജ്ഞന്മാരിൽ അഗ്രഗണ്യനായിരുന്ന പുലിമുഖത്തുപോറ്റി ആയിരുന്നു എന്നുള്ളതിനു തെളിവുണ്ടു്. അദ്വൈതാനന്ദം കിളിപ്പാട്ടു മുതലായവയുടെ കർത്താവും കാർത്തികതിരുനാൾ തമ്പുരാന്റെ സദസ്യനും ആയിരുന്ന വിദ്വാൻകുറുപ്പിന്റെ ഗുരുക്കന്മാരിൽ ഒരാൾ കേശവനാമാവായ ഒരു ഭൂസുരനായിരുന്നുവെന്നു് കവി പ്രസ്താവിച്ചിരിക്കുന്നു. ഇതുപോലെ എത്ര തെളിവുകൾ വേണമെങ്കിലും ഹാജരാക്കാം. അതുകൊണ്ടു് ഈമാതിരി അനുമാനങ്ങൾ ചെയ്യുന്നതു് പലരെയും വഴിതെറ്റിക്കാനിടവരുത്തിയേക്കാമെന്നുള്ളതിനാൽ അനുചിതമാണെന്നു പറയാതെ തരമില്ല. ‘സുഭദ്രാഹർണം എന്ന പ്രകൃതഗ്രന്ഥം കവളപ്പാറക്കൊട്ടാരംവക ഗ്രന്ഥപ്പുരയിൽനിന്നു കണ്ടുകിട്ടിയതാണെന്ന സംഗതിയെ അവംലംബിച്ചു നോക്കുമ്പോൾ ഗ്രന്ഥകർത്താവിന്റെ ജന്മദേശത്തെക്കുറിച്ചും ഒരു അഭ്യൂഹം ചെയ്യാവുന്നതാണു.’ ഈ ഊഹം കുറെ കടന്നുപോയി. ഭാസകൃതികൾ ആദ്യമായി കണ്ടുകിട്ടിയതു് കേരളത്തിലൊരിടത്തായതുകൊണ്ടു് ഭാസൻ കേരളീയനായിരുന്നു എന്നൂഹിക്കാവുന്നതാണോ? തൃശ്ശിവപേരൂരിൽ നിന്നു പ്രസാധനം ചെയ്യപ്പെട്ട സുഭദ്രാഹരണം പാനയുടേയും ലേഖ്യപ്രതി കവളപ്പാറയിൽനിന്നു കിട്ടിയതായിരുന്നോ? അല്ല. കൊച്ചിയിലെവിടെയെങ്കിലും ഉള്ള ഒരു ഗ്രന്ഥപ്പുരയിൽനിന്നു ലഭിച്ചതാണെങ്കിൽ ഗ്രന്ഥകാരൻ കൊച്ചീക്കാരനായിരുന്നെന്നും വരണ്ടേ? പലേ ദിക്കുകളിലുള്ള ഗ്രന്ഥപ്പുരകളിൽ കാണുന്നതായാൽ അവയെല്ലാം അയാളുടെ സ്വദേശങ്ങളാണെന്നും പറയേണ്ടതായ്‍വരുന്നു.

കാലത്തെപ്പറ്റിയുള്ള അഭ്യൂഹവും ഏതാണ്ടു് ഇതേമാതിരിതന്നെ നായരേയും ഇട്ടിപ്പെണ്ണിനേയും ഒക്കെ കാണുന്നതുകൊണ്ടുമാത്രം ഈ കൃതി നമ്പ്യാരുടെ കാലത്തിനുശേഷം ഉണ്ടായിരുന്നതായി വിചാരിക്കാൻവയ്യ. ചമ്പൂകാരന്മാരാണു് വാസ്തവത്തിൽ പരിതഃസ്ഥിതികളെ കലർത്തി വർണ്ണനകൾക്കു തന്മയത്വം വരുത്താൻ ആദ്യമായി ശ്രമിച്ചുകാണുന്നതു്.

കവിതാഗുണം നോക്കിയാൽ സുഭദ്രാഹരണം പാനയ്ക്കു് പാർവതീസ്വയംവരത്തെക്കാൾ മെച്ചമുണ്ടു്. അടിമുതൽ മുടിവരെ ഒരു ഫലിതരസം വ്യാപിച്ചിരിക്കുന്നു. ആ ഫലിതം തുള്ളലുകളിലെപ്പോലെ ഉൽക്കടമായിട്ടില്ലാത്തതു്, അതു പാനയായതുകൊണ്ടു മാത്രമാണു്. പാനകൾ വായിച്ചു രസിക്കാനായിട്ടല്ല, പാനകൊട്ടി പാടുന്നതിനായിട്ടാണു് രചിക്കപ്പെട്ടിരുന്നതു്. അതുകൊണ്ടു് അവയിൽ ഉൽക്കടമായ ഫലിതത്തിനു പ്രസക്തിയേ ഇല്ല.

കൃഷ്ണവിലാസം പാന

ഗ്രന്ഥകർത്താവാരെന്നു നിശ്ചയമില്ല.

ആട്ടക്കഥകൾക്കു പ്രചാരംവന്ന കാലത്താണു് കവി ജീവിച്ചിരുന്നതെന്നു കഥകളിയേപ്പറ്റിയുള്ള പ്രസ്താവത്തിൽനിന്നു ഊഹിപ്പാൻ വഴിയുണ്ടു്. എന്നാൽ,

ശാസ്ത്രജ്ഞാനവുമില്ലാജ്ജനങ്ങൾക്കു ഗോരസംവിറ്റു കൊറ്റുകഴിക്കുന്ന
നാരിമാരും വലഞ്ഞുവെന്നംബികേ മോരുംതൈരുംതിരടിത്തുടങ്ങിയാൽ
ആരുംജീവിക്കയില്ലെന്നതുംവരും പട്ടിയെപ്പോലെപട്ടിണിയുമിട്ടു
പട്ടണംതോറുംമണ്ടിനടക്കയോ പെട്ടവണ്ണം നൃപന്മാരെസ്സേവിച്ചു
കൊട്ടണച്ചോറുംതിന്നുകിടക്കയോ കാളപോലെ ചുമടു ചുമക്കയോ?
ആട്ടക്കാരുടെപെട്ടിചുമക്കയോ? കോട്ടവാതിലും കാത്തുകിടക്കയോ?
പേക്കോലംകെട്ടിച്ചാടിനടക്കയോ? പാടത്തെങ്ങാനുംവിത്തുവിതയ്ക്കുമ്പോൾ
മാടവുംവച്ചുകാത്തുകിടക്കയോ? മാടണിക്കൊങ്കമാരുടെ പിന്നാലെ
ചേടിയായിട്ടുമുറ്റമടിക്കയോ? എന്തുകൊണ്ടിനി ഞങ്ങൾ പൊറുക്കണം.

ഈ വരികൾ വായിക്കുമ്പോൾ കവി നമ്പ്യാരോ, നമ്പ്യാരെ ഭംഗിയായി അനുകരിക്കാൻ കഴിവുണ്ടായിരുന്ന ഒരാളോ ആയിരുന്നു എന്നൂഹിപ്പാൻ വഴികാണുന്നു.

ആട്ടക്കഥകൾ

ശംബരവധം, പാലാഴിമഥനം മുതലായി ഏതാനും ആട്ടക്കഥകൾ നമ്പ്യാരുടെ കൃതികളായിട്ടുണ്ടെന്നു പറഞ്ഞുവരാറുണ്ടു്. എന്നാൽ പാലാഴിമഥനത്തിന്റെ കർത്താവു് രവീശ്വരത്തുവാര്യരാണെന്നു ഗോവിന്ദപ്പിള്ള അവർകൾതന്നെ ഒടുവിൽ സമ്മതിച്ചിട്ടുണ്ടു്. പാലാഴിമഥനം രവീശ്വരത്തുവാര്യരുടേതാണെങ്കിൽ, ശംബരവധവും അദ്ദേഹത്തിന്റേതുതന്നെ. എന്തുകൊണ്ടെന്നാൽ അവരണ്ടും ഒരാളുടെ കൃതികളാണെന്നു മുൻപു തെളിയിച്ചിട്ടുണ്ടല്ലോ.

തുള്ളക്കഥകൾ

നമ്പ്യാരുടെ പേരു് ഭാഷാസാഹിത്യത്തിൽ നിലനില്ക്കുന്നതു തുള്ളലുകൾവഴിക്കാകുന്നു. പ്രൗഢന്മാരെ രസിപ്പിക്കുന്നതിനോടുകൂടി ‘ഭടജനങ്ങടെയിടയിലുള്ളൊരു പടയണിക്കിഹ’ ചേരത്തക്കവണ്ണം രചിക്കപ്പെട്ടതാണു തുള്ളലുകൾ. സാധാരണജനങ്ങളുടെ ഇടയ്ക്കു കടന്നുകൂടീട്ടുള്ള സാമുദായിക ദൂഷ്യങ്ങളെ സരസമായി ചൂണ്ടിക്കാണിച്ചു തിരുത്തുക എന്നൊരു മഹത്തായ ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നു. അന്നത്തെ സമുദായസ്ഥിതികൾ ആലോചിക്കുമ്പോൾ നമ്പ്യാരുടെ ആവിർഭാവം അവസരോചിതമായിരുന്നു എന്നു കാണാം. ജനങ്ങളുടെ അഹങ്കാരശക്തി മിക്കവാറും നശിച്ചു. നായന്മാർ സൈനികവൃത്തി കൈവെടിയാൻ നിർബന്ധിതരായി. കൊച്ചിയിലും തിരുവിതാംകൂറിലും മലയാളനാട്ടിലും സ്ഥിരസേനയെ നിർത്തുന്നതിനു തത്തദ്രാജാക്കന്മാർ ഏർപ്പാടുചെയ്തു. നാട്ടുക്കൂട്ടങ്ങളുടേയും മറ്റും പ്രാബല്യം നശിച്ചതിനോടുകൂടി സർക്കാരുദ്യോഗസ്ഥന്മാർ ജനങ്ങളെ പീഡിപ്പിച്ചു പണം ഉണ്ടാക്കാനും തുടങ്ങി. പല ഖണ്ഡരാജ്യങ്ങൾ ചേർന്നു തിരുവിതാംകൂർ രാജ്യം സ്ഥാപിതമായയതിനോടുകൂടി കായംകുളം, അമ്പലപ്പുഴ, കരപ്പുറം, വടക്കുംകൂർ, തെക്കുംകൂർ മുതലായ സ്ഥലങ്ങളിലെ സൈനികന്മാർക്കു തൊഴിൽമുട്ടി. അവർ പൂർവാചാരങ്ങളെ മുറുകെപ്പിടിച്ചു് ആഭിജാത്യം പുലർത്തിയും, മറ്റു തൊഴിലുകളിൽ പ്രവേശിക്കാതെ മുറയ്ക്കു കടം മേടിച്ചു ഓണം ഘോഷിച്ചും ജീവിപ്പാൻ തുടങ്ങി. വിദേശബ്രാഹ്മണർ ഈ അവസരം വേണ്ടപോലെ ഉപയോഗിച്ചു് പണം കടംകൊടുത്തു് വസ്തുക്കൾ ഓരോന്നായി കൈയ്ക്കലാക്കാനും ആരംഭിച്ചു. നമ്പ്യാർ ഈവക സമുദായദൂഷ്യങ്ങളെ അന്നത്തെ മലയാളികൾക്കു മനസ്സിലാക്കിക്കൊടുപ്പാനാണു് ശ്രമിച്ചതു്. ആ ശ്രമം തീരെ നിഷ്പ്രയോജനമായിത്തീർന്നു എന്നും പറഞ്ഞുകൂടാ. ഇക്കാലത്തു വർത്തമാനക്കടലാസ്സുകൾ നിർവഹിച്ചുവരുന്ന ജോലികളിൽ–സമുദായവിദ്വേഷം ജനിപ്പിക്കുക–എന്നന്നുള്ളതൊഴിച്ചു മറ്റുള്ളവയെല്ലാം നമ്പ്യാർ തള്ളലുകൾവഴിക്കു സാധിച്ചു.

നമ്പ്യാർ ഈ ഉദ്ദേശ്യം സാധിക്കുന്നതിനു നല്ലപോലെ പറ്റിയ ഒരു മാർഗ്ഗമാണു കണ്ടുപിടിച്ചതു്. സമുദായദൂഷ്യപരിഹരണത്തിനുള്ള ഉത്തമമാർഗ്ഗം പരിഹാസം ആണെന്നു ഗ്രീക്കുകാരും റോമൻകാരും ഗ്രഹിച്ചിരുന്നു. ഇംഗ്ലണ്ടിൽതന്നെയും ‘ചാസർ’ മഹാകവി ഏറക്കുറെ ആ മാർഗ്ഗത്തെയാണു് അവലംബിച്ചതു്. പിൽക്കാലത്തു് ഡ്രൈഡൻ, സ്വിഫ്റ്റ്, അഡിസണ്‍, പോപ്പു് എന്നീ ആംഗലകവികളും പരിഹാസകവനമാർഗ്ഗത്തെത്തന്നെ പിന്തുടർന്നു. ഡിക്കൻസിന്റെ നോവലുകൾ എത്ര എത്ര സാമുദായികന്യൂനതകളെ പരിഹരിപ്പാൻ പ്രേരകങ്ങളായി ഭവിച്ചിരുന്നു എന്നു അക്കാലത്തെ ചരിത്രം സൂക്ഷിച്ചുവായിച്ചാൽ അറിയാം. ‘പരിഹാസകവി മൂർദ്ധന്യനായ’ വാൾട്ടയറാണു് പരമാർത്ഥത്തിൽ ഫ്രാൻസിലെ വിപ്ലവത്തിനു ബീജാവാപം ചെയ്തതു്. വാൾട്ടയിർ മരിച്ചു് അല്പകാലം കഴിയുന്നതിനുള്ളിൽ ആ മഹാവിപ്ലവവും നടന്നു.

നമ്പ്യാർ കരുതിക്കൂട്ടിയാണു് ഈ മാർഗ്ഗത്തെ അവലംബിച്ചതെന്നു്,

‘സമസ്തവുമമ്പത്തൊന്നിലടങ്ങും
അക്ഷരമീവകകൂട്ടിച്ചേർത്തതി ലക്ഷതമാകിയ രസമുളവാക്കി
പ്രാസവുമർത്ഥവുമിടചേർന്നതിലുൾ ഹാസ്യരസങ്ങളുമങ്ങുളവാക്കി
തീർക്കുംനല്ലൊരു കവിയുടെ കവിതകൾ കേൾക്കുംപരിഷകളെത്ര രസിക്കും!

എന്ന വാക്കുളിൽ നിന്നു സ്പഷ്ടമാണു്. “രമണീയാർത്ഥപ്രതിപാദകശ്ശബ്ദഃകാവ്യം”എന്നുള്ള ജഗന്നാഥപണ്ഡിതരുടെ കാവ്യനിർവചനത്തെത്തന്നെ ഇക്കവിയും സ്വീകരിച്ചിരിക്കുന്നു. എന്നാൽ ‘ഹാസ്യ’രസത്തിനു പ്രാധാന്യംകൊടുക്കാൻ അദ്ദേഹത്തിനെ പ്രധാനമായി പ്രേരിപ്പിച്ചതു് അന്നത്തെ പരിതഃസ്ഥിതികളാണെന്നു വ്യക്തമാകുന്നു.

കവിയുംവ്യാഴവുംകൂടിവിചാരിക്കും നയത്തേക്കാൾ
കവിയും വാക് പ്രവാഹത്തെ വരിഷിച്ചു രസിപ്പിപ്പാൻ
കവിയുംകെട്ടിയുണ്ടാക്കാമെങ്കിലോകേട്ടുകൊണ്ടാലും.

ഈ വാക്കുകളാൽ ഹാസ്യകാവ്യത്തിന്റെ പ്രയോജനത്തേയും കവി വെളിവാക്കിയിരിക്കുന്നു. നമ്പ്യാരുടെ ഓരോ കഥയും സന്മാർഗ്ഗപാഠത്തെ ഉദാഹരിക്കുന്നു; രസിപ്പിച്ചു സന്മാർഗ്ഗബോധം ജനിപ്പിക്കുക എന്ന സാഹിത്യധർമ്മത്തെ അദ്ദേഹം ഒരിടത്തും വിസ്മരിച്ചിട്ടില്ല. സാമാന്യജനങ്ങളെ സംബന്ധിച്ചിടത്തോളം പരിഹാസകവനമാണു് നല്ലതെന്നു കവിതന്നെ പറഞ്ഞിരിക്കുന്നതു നോക്കുക.

ചിരിക്കുന്നകഥകേട്ടാലിരിയ്ക്കും—ആയതല്ലെങ്കിൽ
തിരിക്കും—അങ്ങനെഭാവിച്ചിരിക്കുന്ന ഭടന്മാരെ
ചിരിക്കാതെ രസിപ്പിപ്പാനൊരിക്കലുമെളുതല്ല

അങ്ങനെയുള്ള കവിതകേട്ടാൽ അവർ രസിക്കും. ആയതുകൂടെ ശ്രമിക്കും നന്മയുണ്ടാവാൻ’ എന്നു് അദ്ദേഹം ഗ്രഹിച്ചിരുന്നു. എന്നാൽ ഈ പരിഹാസകവിതയുടെ ഇടയ്ക്കു ചില കുത്തുവാക്കുകൾ വന്നുപോയേക്കാം എന്നും അദ്ദേഹം അറിയാതിരുന്നിട്ടില്ല.

“കഥയിൽസംഗതിചേർത്തുകഥിക്കയോളതിൽകൂടി
കഥിക്കേണ്ടിവരും കുത്തുകവീകളുംചിലദിക്കിൽ
അതുകൊണ്ടുഭവാന്മാർക്കു വൈരമാർക്കുംഭവിക്കൊല്ല
ഹിതജ്ഞന്മാരടിഞ്ഞെല്ലാം സഹിക്കേണം വണങ്ങുന്നേൻ”

എന്നു് പ്രാർത്ഥിച്ചിരിക്കുന്നതു് കാണുക. രാജപ്രീതിക്കുവേണ്ടിയോ ധനം മോഹിച്ചോ അല്ല അദ്ദേഹം കാവ്യം രചിച്ചിട്ടുള്ളതു്. ആരെയും ദുഷിക്കണമെന്നും ഉദ്ദേശമുണ്ടായിരുന്നില്ല.

“ഒരുത്തർക്കും ലഘുത്വത്തെവരുത്തുവാൻമോഹമില്ല
ഒരുത്തന്നുപ്രിയമായിപ്പറവാനും ഭാവമില്ല”

ഈ മനോഭാവത്തോടുകൂടിയ മഹാകവിയേയാണു് ഒരു അവസരസേവകനായി ചിലർ ചിത്രണം ചെയ്തിരിക്കുന്നതു്. ഈ ലോകം ഈശ്വരനാകുന്ന വലിയകാരണവരുടെ ഇച്ഛാധീനമായ ഒരു വലിയകുടുംബം. നാമെല്ലാം സഹോദരങ്ങൾ. അവനവനു ചെയ്യേണ്ടതിനെ യഥാശക്തി ചെയ്തുകൊണ്ടിരുന്നാൽ, ഈ കുടുംബത്തിൽ ശ്രേയസ്സും അഭിവൃദ്ധിയും ഉണ്ടാകും; അല്ലെങ്കിൽ കാര്യങ്ങൾ എല്ലാം തകരാറാകും. ഈ സംഗതിഗ്രഹിക്കാതെ കുപഥസഞ്ചാരം ചെയ്യുന്ന സഹോദരീ സഹോദരന്മാരെക്കണ്ടു് മനസ്സലിഞ്ഞു് അവരെ സത്പഥത്തിലേക്കു തിരിച്ചുകൊണ്ടുവരുന്ന വലിയ ചുമതലയാണു് നമ്പ്യാർ സ്വയം കൈയ്യേറ്റതു്. അതിനാൽ “മുത്തശ്ശിമാർ പറയും പ്രകാരം നാരദനുണ്ടായിരുന്ന വയറ്റിൽവേദനപോലെ തന്നെ നമ്പ്യാർക്കും ഒരു സുഖക്കേടുണ്ടായിരുന്നു എന്നാണു തോന്നുന്നതു്. അന്യന്മാരെ കടിപിടികൂട്ടിയിരുന്നതുകൊണ്ടാണു് നാരദന്റെ സുഖക്കേടു ശമിച്ചിരുന്നതു്. നമ്പ്യാർ പക്ഷേ പിത്തപ്രകൃതിയായിരുന്നതുകൊണ്ടായിരിക്കും അദ്ദേഹം ശകാരംകൊണ്ടു സുഖക്കേടു നിവൃത്തിച്ചിരുന്നതു്” എന്നിങ്ങനെ മി. കേ. നാരായണമേനോൻ അദ്ദേഹത്തെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതു് കുറെ കഠിനമായിപ്പോയി. നായന്മാരെ നായ്ക്കളോടു സാദൃശ്യപ്പെടുത്തുകയും അവരുടെ ദുരാചാരങ്ങളെപ്പറ്റി ദുഷിക്കയും ചെയ്തിരിക്കുന്നതാണു് മി. മേനോനു പിത്തകോപം ഉണ്ടാക്കിയതെന്നു തോന്നുന്നു. നമ്പ്യാർ നായന്മാരെ മാത്രമല്ല പട്ടരേയും നമ്പൂരിയേയും പ്രഭുക്കന്മാരെയും രാജാക്കന്മാരെത്തന്നെയും ആക്ഷേപിച്ചിട്ടുണ്ടല്ലോ. ആ നിലയിൽ അദ്ദേഹം ഒരു മനുഷ്യവിദ്വേഷിയായിരുന്നു എന്നുവരണ്ടേ? അതിനാൽ മി. മേനോൻ പറയുന്നു:- “നമ്പ്യാർ പുരോഭാഗികൾക്കു സഹജമായ ദോഷൈകവീക്ഷണശീലം നിമിത്തം ലോകത്തിലെ ദൂഷ്യങ്ങൾ മാത്രം ഗ്രഹിച്ചിരുന്നതുകൊണ്ടായിരിക്കാം മനുഷ്യപ്രകൃതിയുടെ ദോഷഭാഗത്തെക്കുറിച്ചു് ഇത്രമാത്രം വിസ്തരിക്കാൻ സംഗതിയായതു്. ഈ ദൂഷ്യപ്രഖ്യാപനം പരപുച്ഛമായി പരിണമിക്കയും ചെയ്തു.” ഈ അഭിപ്രായം ശരിയാണെന്നു തോന്നുന്നില്ല. നായന്മാരായിരുന്നാലും പട്ടരായിരുന്നാലും രാജാവായിരുന്നാലും പ്രജയായിരുന്നാലും ഉത്തമപാത്രങ്ങളെ പ്രശംസിക്കുന്ന വിഷയത്തിൽ ഒരിക്കലും അദ്ദേഹം വൈമനസ്യം പ്രകാശിപ്പിച്ചിട്ടില്ല.

നാലുദിഗന്തരവാസികളാം ക്ഷിതി-
പാലന്മാരുടെ തൊഴിലീവണ്ണം
സംഗരമെന്നതു ഭൂമിയിലെങ്ങും
സംഗതിവരുവാനിനിയെളുതല്ല.
എടുക്കുംതലയിൽ പുലിവീണാലും
പൊഴുകോടാലി വച്ചെന്നാലും
പിഴയുള്ളവനെക്കണ്ടെന്നാലും
വഴിയിൽ വിരോധം ചെയ്തെന്നാലും
നാടൊരുദിക്കു തകർത്തെന്നാലും
വാടയിടിച്ചു മുടിച്ചെന്നാലും
മൂഢന്മാർക്കൊരിളക്കവുമില്ല
കൂടലരോടു പിണക്കവുമില്ല

എന്നു് ഒരിടത്തു നമ്പ്യാർ രാജാക്കന്മാരെപ്പറ്റി പറഞ്ഞിരിക്കുന്നതിൽ നിന്നു അദ്ദേഹത്തിനു രാജാക്കന്മാരെപ്പറ്റി പൊതുവേ അവജ്ഞയാണുണ്ടായിരുന്നതെന്നു പറയാമോ? ഈ വാക്കുകളെ പ്രകരണത്തോടു ചേർത്തുവച്ചു വ്യാഖ്യാനിക്കുമ്പോഴെ സ്വാരസ്യം വെളിപ്പെടുകയുള്ളു. ദമയന്തിയുടെ ലോകോത്തര രൂപസമ്പത്തിനെപ്പറ്റി കേട്ടുകേട്ടു രാജാക്കന്മാരെല്ലാം അവളിൽ ലീനചിത്തരായിത്തീർന്നുപോയി; ആയോധനകലഹാദികളും കേൾക്കാതായ്ത്തീർന്നു. ഈ സംഗതികൾ പടജനങ്ങളെ സ്ഫുടമായിഗ്രഹിക്കാൻവേണ്ടി അവർക്കു എളുപ്പം മനസ്സിലാകുന്ന ഭാഷയിൽ സ്ഥിതിഗതികളെ ഒട്ടുപരത്തി അതിശയോക്തിമയമായി പറഞ്ഞിരിക്കയാണു് ഇവിടെ ചെയ്തിട്ടുള്ളതു്.

“രുക്‍മിണീസ്വയംബരത്തിൽ കന്യകയുടെ ബഹുമാനം സമ്പാദിക്കുവാൻവേണ്ടി ഓരോ രാജാക്കന്മാർ മതിമറന്നു സദസ്സിൽ പ്രകാശിപ്പിച്ച വിടത്വം കണ്ടാൽ ഏവംവിധമായ ബ്രഹ്മാണ്ഡവങ്കന്മാരായിരുന്നോ അന്നത്തെ രാജാക്കന്മാർ എന്നു് ഏവനും സംശയം ജനിക്കാതിരിക്കുന്നതല്ല.”

  1. മറ്റൊരു നരപതി മഞ്ചത്തിൽനിന്നേറ്റുപതുക്കെപ്പലരും കാൺകെ ഏറ്റംഭോഷൻ കാതുപിടിച്ചുടനേത്തംവിട്ടുതുടൻന്നാനപ്പോൾ
  2. മദ്ദളമൊത്താൻ വിരുതനൊരുത്തൻ മദനഭ്രാന്തുപിടിച്ചൊരുഭോഷൻ കുട്ടിപ്പട്ടരെ മദ്ദളമാക്കി കൊട്ടിദ്ധതികണത്തോം ഘോഷിച്ചു
  3. തപ്പിനുവിരുതുള്ളൊരുധരണീശൻ തപ്പില്ലാഞ്ഞഥതപ്പിത്തന്നുടെ മുന്നിലിരിക്കും മുതുവിപ്രന്റെ കഷണ്ടിത്തലയിൽ തടവിക്കൊട്ടി.

“ഈ പരിഹാസത്തിൽനിന്നു നമ്പ്യാർ ഉദ്ദേശിച്ചിരിക്കുന്നതു രുക്മിണിയുടെ ലാവണ്യാതിശയവും രാജാക്കന്മാർക്കു് അവളിൽ ജനിച്ച അത്യാശയും പ്രത്യക്ഷപ്പെടുത്തേണമെന്നു മാത്രമായിരുന്നെങ്കിൽ ഇവിടെ അദ്ദേഹത്തിന്റെ ഉന്നം കുന്തപ്പാടു തെറ്റിപ്പോയെന്നു പറയാതെ നിവൃത്തിയില്ല. അന്നത്തെ രാജാക്കന്മാർ മദനബ്ഭ്രാന്തുനിമിത്തം ലജ്ജാവഹമായ ചേഷ്ടകൾ പ്രദർശിപ്പിക്കത്തക്ക ഗോശാലക്കൂറ്റന്മാരായിരുന്നു എന്നല്ലേ ഇതിൽനിന്നു പ്രത്യക്ഷപ്പെടുന്നതു്?” അല്ല. സുന്ദരിമാരായ സ്ത്രീകളുടെ മുമ്പിൽവച്ചു് ഇത്തരം ഗോഷ്ഠികാണിക്കുന്ന ഭോഷന്മാരെ പരിഹസിച്ചു് സദസ്യരെ ഒന്നു ചിരിപ്പിക്കുന്നതിനോടുകൂടി അവർക്കു് രുക്മിണിയുടെ സൗന്ദര്യാതിരേകത്തേ പ്രത്യക്ഷപ്പെടുത്തണമെന്നു കവി ഉദ്ദേശിച്ചു. അതു സഫലമാകുകയും ചെയ്തിട്ടുണ്ടു്. അതെങ്ങനെയും പോകട്ടെ. ഈമാതിരി ഫലിതങ്ങൾക്കു നമ്പ്യാർ മാത്രമായിരുന്നോ ഉത്തരവാദി? സുഭദ്രയുടെ മുമ്പിൽവച്ചു് അർജ്ജുനസന്യാസി പഴം ദൂരത്തുകളഞ്ഞിട്ടു് തൊലി, വിഴുങ്ങിയതായി വർണ്ണിച്ചിരിക്കുന്ന ചെറുശ്ശേരിയും മിസ്റ്റർ നാരായണമേനോന്റെ അഭിപ്രായം നോക്കിയാൽ അബദ്ധനല്ലേ? സീതാസ്വയംവരത്തിനു വന്നിരുന്ന രാജാക്കന്മാരുടെ കൂട്ടത്തിൽ,

ജാതോന്മാദംതദാനീമൊരുസരസനളുക്കീന്നുനല്ലോരു ചവ്വാ
താദായാദായമേളിച്ചതിമണമിളകും നാഗവല്ലീദലാന്തേ
മോദംപൂണ്ടാസ്വദിച്ചാനിടയിടയിൽനറുംചൂർണ്ണമുച്ചൈരുടുത്തു
വാർതോണ്ടീടും കരണ്ഡാദ്വദനമലർമിനുക്കീതുലോം ഭംഗിശാലീ.
അന്നേരം മറ്റൊരുത്തൻ ചെറിയൊരുപനിനീർക്കപ്പിമെല്ലെന്നെടുത്ത-
ത്തന്വംഗീമൗലിതന്മേദുരജഘനഭരം നോക്കിനോക്കിപ്രസാദീ
തണ്ണീർപോലേകുടിച്ചാനൊരുതടിയനിരുന്നാഗളം മദ്ധ്യമദ്ധ്യേ
തന്നംഗംതാപശാന്ത്യൈതെളിവെഴുമിളനീർകൊണ്ടുസിഞ്ചന്നശങ്കം.

എന്നിങ്ങനെ ചില രാജാക്കന്മാരെ ഗോഷ്ഠികാട്ടുന്നവരായി വർണ്ണിച്ച പുനവും തെറ്റുകാരനല്ലേ? പരമാർത്ഥം പറയുന്നതായാൽ പ്രൗഢസംസ്കൃതകവികളും ഈ വിഷയത്തിൽ തെറ്റുകാർതന്നെയായിട്ടാണു് കാണുന്നതു്. അതിനു നമ്പ്യാരെമാത്രം എന്തിനു പഴിക്കുന്നു?

മദനപീഡിതാവസ്ഥ പരമാർത്ഥത്തിൽ ഉന്മാദത്തിന്റെ ഒരു പര്യായം തന്നെയാണു്. ദേവന്മാർപോലും സുന്ദരിമാരുടെ മുമ്പിൽ ഈവിധം പരിഹാസ്യമായ നിലയെ പ്രാപിച്ചുപോയിട്ടുള്ളതായി പുരാണങ്ങൾ നമ്മെ പഠിപ്പിക്കുന്നു. എഴുത്തച്ഛൻ പാട്ടിൽനിന്നുതന്നെ ഒരുഭാഗം ഉദ്ധരിക്കാം.

വിണ്ണവരതുകാലപോരിനു കോപ്പിട്ടൊക്കെ-
ച്ചെന്നിതു വൃഷപൎവാ തന്നുടെ രാജ്യത്തിങ്കൽ
കോട്ടതന്നുടെ പുറത്തടുത്തു വലിയൊരു
കാട്ടിൽചെന്നിരുന്നപ്പോൾ കാണായിതെല്ലാവർക്കും.
കണ്ടാലെത്രയും നല്ല കന്യകാജനമൊക്കെ-
ത്തണ്ടലർപൊയ്കതന്നിൽ കുളിച്ചീടുന്നതെല്ലാം.
കണ്ടിവാർകുഴലിമാരപ്സരസ്ത്രീകളേക്കാൾ
കണ്ടാൽനല്ലവരിങ്ങുമുണ്ടോ മറ്റെന്നുതോന്നി.
വസ്ത്രങ്ങളഴിച്ചതിൻതീരത്തുവച്ചുംകള-
ഞ്ഞത്യന്തം മതിമറന്നങ്ങിനെ കുളിക്കുമ്പോൾ
ചൂതസായകമേറ്റ വാസവനതുകണ്ടു
ചൂതവാർമുലമാരിൽ കൗതുകമുണ്ടായ്‍വന്നു.
കാണണമിവരുടെ മന്മഥഗൃഹമെല്ലാം
നാണിച്ചുപോകുമല്ലോ നാമങ്ങുചെല്ലുന്നേരം.
വായുവായ് ചമഞ്ഞവൻ പൊയ്കതൻ കരേചെന്നു
മായയാ പുടവകൾ വാരിയങ്ങോടിങ്ങോടു്
ധൂളിപ്പിച്ചതുകണ്ടു വേഗത്തിൽ കന്യകമാർ
ഓളത്തോടൊരുമിച്ചു വേഗത്തിൽ കരേറിനാർ.

ഇന്ദ്രൻ കാമപീഡിതനായ് യുദ്ധത്തിനുള്ള പുറപ്പാടും മാറ്റിവച്ചുവത്രേ. മോഹിനീ വേഷംപൂണ്ട മഹാവിഷ്ണുവിനെക്കണ്ട മാത്രയിൽ, കാമദേവനെ കനൽക്കണ്ണിൽ ചുട്ടെരിച്ച പരമശിവൻപോലും മതിമറന്നു് അദ്ദേഹത്തിനെ പുല്കിയതായി പുരാണങ്ങളിൽ വർണ്ണിച്ചിട്ടില്ലേ? പരാശരൻ ഋഷീശ്വരനായിരുന്നിട്ടും കടത്തുവള്ളക്കാരിയായ മുക്കോത്തിയെക്കണ്ടു്, ലേശംപോലും നാണംകൂടാതെ,

ചോരിച്ചോർവായും നിന്റെ ചീരൊത്തമുലകളും
വേരിച്ചൊല്ലാളേ! ഞാൻ വിചാരിച്ചു കണ്ടനേരം
കാറൊത്തകുഴലാളേ! മാരത്തീയാറുമാറെ-
ന്മാറത്തു ചേർത്തീടുവാൻ യോഗമുണ്ടിപ്പോൾതന്നെ’

എന്നുപറഞ്ഞു് അവളിൽ വ്യാസനെ ഉൽപാദിപ്പിച്ചില്ലേ? എഴുത്തച്ഛൻ പറഞ്ഞിട്ടുളളതുപോലെ,

‘ആശുകന്ദർപ്പനപഹരച്ചീടുന്നുനാണം’

ആസ്ഥിതിക്കു് കേവലം രജോഗുണസമ്പന്നരായ രാജാക്കന്മാർ ചില ഗോഷ്ഠികൾ കാട്ടിയതായി വർണ്ണിക്കുന്ന കവിയെ ദുഷിക്കുന്നതു യുക്തമല്ല. നമ്പ്യാരുടെ ഉന്നം രുക്‍മിണീ സ്വയംവരത്തിനു വന്നിരുന്ന രാജാക്കന്മാരുടെ ഹൃദയത്തിൽ കാമാസ്ത്രം എന്നപോലെ കുറിക്കുതന്നെ കൊണ്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ പ്രധാന ഉന്നം സ്ത്രീജനങ്ങളുടെ മുമ്പിൽ മതിമറന്നു ഗോഷ്ഠികാണിക്കുന്നവരുടെ പേരിൽ പുച്ഛം ജനിപ്പിക്കണമെന്നായിരുന്നു.—അതു് ലക്ഷ്യത്തിൽതന്നെ കൊണ്ടു. മറ്റൊരുദ്ദേശം രുക്‍മിണിയുടെ ലാവണ്യാതിശയത്തേപ്പറ്റി സദസ്യർക്കു ബോധം ജനിപ്പിക്ക എന്നുള്ളതായിരുന്നു—അതും ഫലിച്ചു.

“വായനക്കാരൻതന്നെ പച്ചയാകുന്ന ഒരുതരം വർണ്ണനയിൽ നമ്പ്യാർക്കുള്ള താൽപര്യം അനന്യസാധാരണമാകുന്നു. ‘ഏറിപ്പോംപറയുമ്പോളിക്കഴുവേറിക്കിട്ടുതൊഴിക്കാൻതോന്നും’ എന്നു് ദുര്യോധനനാണു പറയുന്നതു് മഹാപ്രതാപിയും സ്വാഭിമാനിയുമായ ഒരു മഹാരാജാവിന്റെ വായിൽനിന്നു് ഇങ്ങനെ ഒരു അസഭ്യവാക്കു പുറപ്പെടുമോ?” ഇതു സ്ഥലകാലങ്ങളെ മറന്നു പറയുന്ന ഒരു കുറ്റമാണു്. മഹാപ്രതാപിയും സ്വാഭിമാനിയും ആയിരുന്നിട്ടാണോ പാഞ്ചാലിയെ—സജ്ജനസദസ്സിൽവച്ചു് വസ്ത്രാക്ഷേപം ചെയ്തതു്? അയാളുടെ സ്വാഭിമാനത്തേപ്പറ്റി ഒന്നും പറയാതിരിക്കയാണു് ഭേദം. അതു നില്ക്കട്ടേ, ഇംഗ്ലീഷുപഠിച്ചു് പാശ്ചാത്യരുടെ മര്യാദയെ അക്ഷരംപ്രതി പിന്തുടർന്നു് ‘അകത്തു പാഷാണവും പുറത്തു പീയൂഷവും’ എന്ന മട്ടിൽ പെരുമാറുന്ന അധുനാതന ബിരുദധാരികളെപ്പോലെ ഇരുനൂറുകൊല്ലങ്ങൾക്കുമുമ്പു് ജീവിച്ചിരുന്ന കവിയും പെരുമാറണമെന്നു ശഠിക്കുന്നതു് കഷ്ടമല്ലേ? ‘കഴുവേറി’ ശബ്ദം പ്രയോഗിച്ചതു കുറെ അസഭ്യമായിപ്പോയെങ്കിൽ ‘-ടിമകൻ’ എന്നർത്ഥം വരത്തക്ക ഒരുവാക്കു കാളിദാസൻ പ്രയോഗിക്കയും അതിനെ സഭ്യമല്ലാത്ത വിധത്തിൽ ഒരു പണ്ഡിതൻ തർജ്ജിമചെയ്കയും ചെയ്തിട്ടുള്ളതു് മി. മേനോൻ കണ്ടിട്ടില്ലായിരിക്കുമോ? എഴുത്തച്ഛൻ സഭ്യേതരമായ് നമുക്കു തോന്നുന്ന വാക്കുകൾ ഉപയോഗിച്ചിട്ടില്ലേ? വേണമെങ്കിൽ ഉദ്ധരിക്കാം. സ്ത്രീകൾ മാറുമറയ്ക്കാതെ നടന്നകാലം; മനുഷ്യർ തങ്ങളുടെ ഉള്ളിലുള്ളതിനെ തുറന്നു പറഞ്ഞുവന്നകാലം: പുറമേ സഭ്യത പ്രകടിപ്പിച്ചും എന്നാൽ ആരും കാണാത്ത വിധത്തിൽ ഏതു നിന്ദ്യകർമ്മങ്ങളും ചെയ്യാൻ മടിക്കാതെയും ഉള്ള ഒരുമാതിരി ദ്വന്ദ്വജീവിതം അവലംബിക്കുന്ന അധുനാതനലോകം ഏർപ്പെടുത്തീട്ടുള്ള ചിട്ടകളെ പണ്ടുണ്ടായിരുന്നവരും അനുസരിക്കണമെന്നു ശഠിച്ചാൽ വല്ല പ്രയോജനവുമുണ്ടോ?

“ചണ്ടിത്തമോരോന്നുമാണ്ടിത്തുടങ്ങിയാ-
ലണ്ടിചപ്പിക്കുന്നതുണ്ടിന്നുനിർണ്ണയം”

എന്നു ഹരിണീസ്വയംവരത്തിൽ പിംഗാക്ഷൻ ശൃംഗാരചേഷ്ടകളോടു പറയുന്നതാണു്. ഇവിടെ അണ്ടിചപ്പിക്കുന്നതിനു നമ്പ്യാർ ദുഷ്ടമായ അർത്ഥം വിചാരിച്ചിട്ടില്ലെങ്കിലും ആ പദപ്രയോഗത്തിന്റെ അനൗചിത്യം പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ” ശുദ്ധമലയാളശബ്ദങ്ങൾ ഓരോ തലമുറ ചെല്ലുന്തോറും സംസ്കൃതത്തിന്റെ ആക്രമണത്താൽ ഹീനാർത്ഥകങ്ങളായി ചമഞ്ഞുകൊണ്ടാണിരിക്കുന്നതു്. മുഖം കണ്ടാൽ സന്തോഷിക്കുന്നവർക്കും മോന്തകണ്ടാൽ ചവിട്ടാനേ തോന്നു. ഇങ്ങനെ വന്നുപോയതു കവികളുടെ ദോഷമല്ല. ചമ്പൂകാരന്മാരും ചെറുശ്ശേരിയും പ്രയോഗിച്ചിട്ടുള്ള രണ്ടു പദങ്ങൾ—അവയെ ഇവിടെ ഉദ്ധരിക്കുന്നില്ല–ശുദ്ധ അശ്ലീലശബ്ദങ്ങളായി ഇപ്പോൾ തീർന്നിരിക്കുന്നു. അന്നു അവയ്ക്കു നിന്ദ്യമായ അർത്ഥമേ ഉണ്ടായിരുന്നില്ല. ഇപ്പൊഴും തമിഴിൽ അവ പ്രയോഗാർഹങ്ങളായിരിക്കയും ചെയ്യുന്നു. പോരെങ്കിൽ അണ്ടിചപ്പിക്കുക എന്നതിനു എന്തു ദുരർത്ഥമാണുള്ളതു്? മാങ്ങയുടെ മാംസളവും ഹൃദ്യവും ആയ അംശം പോയാൽ കിട്ടുന്നതാണു് അണ്ടി, അതു ചപ്പുന്നതു വ്യർത്ഥവും നീരസജനകവുമായ ജോലിയുമാകുന്നു. അണ്ടി, ചപ്പുക എന്നീ പദങ്ങൾക്കു അർത്ഥഹാനി വന്നുപോയിട്ടുണ്ടെങ്കിൽ അതിനു പ്രാചീനകവികൾ ഉത്തരവാദികളുമല്ല. പാശ്ചാത്യന്മാരെ അനുകരിച്ചു് ഷർട്ടും കാളറും ശരായിയും ബൂട്ടീസുമൊക്കേ ധരിച്ചു സായ്പുമല്ല നാടനുമല്ലെന്നമട്ടിൽ നടക്കുന്നവർ ശരീരം കഷ്ടിച്ചുമാത്രം മറച്ചു് നടന്നിരുന്ന പ്രാചീനരെ ‘ശുദ്ധകണ്ട്ട്രീസ്’ എന്നു പറഞ്ഞു പരിഹസിക്കുമ്പോലെയാണു് സംസ്കൃതവാക്കുകളും ശൈലിയും കടംവാങ്ങിച്ചു് സാഹിത്യവ്യവസായം ചെയ്യുന്ന ഇന്നത്തേ ആളുകൾ പ്രാചീനരുടെ ശുദ്ധ ദ്രാവിഡ പദപ്രയോഗങ്ങളെ ആക്ഷേപിക്കുന്നതു്.

“…സുന്ദരിമാരുടെ ഗാത്രംശിവശിവ ചിന്തിച്ചാലതു
മാത്രമെനിക്കൊരുകൗതുകമില്ല നേത്രങ്ങളിലെപ്പീളയുമവരുടെ
വക്ത്രങ്ങളിലേദുർഗ്ഗന്ധങ്ങളുമത്രയുമല്ല വിയർത്തുശരീരമ-
തെത്രയുമങ്ങനെവിളവിളവഷൾവഷൾ
കക്ഷങ്ങളിൽനിന്നൊഴുകുംജലമൊരു ലക്ഷത്തിൽപുറമീച്ചകളാർത്തും

നമ്പ്യാർ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ നിഷ്പ്രയോജനതയെ കാണിക്കുവാൻ മാത്രമാണു് ഇങ്ങനെ പറഞ്ഞതെങ്കിൽ സാധാരണന്മാർ അദ്ദേഹത്തിന്റെ ആശയം ശരിയായി ധരിക്കയില്ലെന്നു മാത്രമല്ല ഇതു കേവലം ഒരു ശകാരമാണെന്നു ധരിക്കയും ചെയ്യും.”

ഈ വാക്കുകൾ ‘ഇഷ്ടമില്ലാത്തച്ചി തൊട്ടതൊക്കെക്കുറ്റം’ എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കുന്നു. ഒന്നാമതായി നമ്പ്യാരുടെ അഭിപ്രായം അല്ല ഇതു്. ഒരു വിരക്തനെക്കൊണ്ടു് നമ്പ്യാർ പറയിച്ചിരിക്കുന്ന ഈ സ്ത്രീ വിഡംബനം സ്ത്രീജനങ്ങളെക്കുറിച്ചു് കവിയ്ക്കുള്ള ദുരഭിപ്രായമായി വ്യാഖ്യാനിക്കുന്നതു യുക്തമാണോ? ഇതിനേക്കാൾ ബീഭത്സമായ വർണ്ണനകൾ ഭർത്തൃഹരിയുടെ വൈരാഗ്യശതകത്തിലും പട്ടണത്തുപിള്ളയാരുടെ പാടലുകളിലും എഴുത്തച്ഛൻ പാട്ടുകളിൽപോലും കാണ്മാൻ കഴിയും. പട്ടണത്തുപിള്ളയാരുടെ പാട്ടു് ഇവിടെ ഉദ്ധരിക്കാം.

വായ്‍നാറുമൂഴന്മയിർപാക്കനാറിമൈയിടുംകണ്‍
പീനാറുമങ്കം പിണവെടിനാറുംപെരുങ്കഴിവായ്
ചീനാറുംയോനിയഴനാറുമിന്തിരയച്ചേറുചിന്തി
പ്പായ്‍നാറുമ്മങ്കുയർകോവിങ്ങന മനം പറ്റിയതേ

ഒന്നു രണ്ടു സംസ്കൃതശ്ലോകംകൂടി താഴെച്ചേർക്കുന്നു.

ആസ്യം യസ്യാഃ സുധാംശുഃ കലയതിനയനാഭ്യാംജിതാ പുംസമോഹോ
കാന്ത്യാവിദ്യുൽകചാഭ്യാം തരുണജലരുഹേ നിജ്ജിതോസ്യാഃസുധാംശുഃ
കഷ്ടം ദുർഗ്ഗന്ധയുക്തം ലഘുകൃമിവികൃതം പൂയമജ്ജാസ്രവാഹി
വ്യാപ്തം തന്മക്ഷികാഭിർഗതിരിതിവപുഷഃ കുത്സിതാ നാസ്തിലോകേ.
സ്തനൗമാംസഗ്രന്ഥീകനകകലശാവിത്യൂപമിതൗ
മുഖംശ്ലേഷ്മാകാരം തദപിച ശശാങ്കേനതുലിതം
സ്രവന്മൂത്രക്ലിന്നം കരിവരകരസ്പർദ്ധിജഘനം
പരംനിന്ദ്യംരൂപം കവിജനവിശേഷൈർഗുരുകൃതം ഭർത്തൃഹരി

ഇങ്ങനെ ഒരുത്തിയേ ലോകത്തിലെവിടെയെങ്കിലും കാണ്മാനുണ്ടോ? എന്നു മി. മേനോൻ ചോദിക്കുക ഇല്ലായിരിക്കാം. എന്നാൽ അങ്ങിനെ വന്നുകൂടിയതു ലോകത്തിൽ വിരക്തന്മാർ വിരളമായതുകൊണ്ടുമാത്രമാണു്. വിരക്തന്റെ ദൃഷ്ടിയിൽ കാണപ്പെടും പോലെയാണു് ഇവിടെ സ്ത്രീകളെ വർണ്ണിച്ചിട്ടുള്ളതു്. സുന്ദരമായ ശരീരത്തെ എഴുത്തച്ഛൻ വർണ്ണിച്ചിട്ടുള്ളതുപോലെ ‘ത്വങ്മാംസരക്താസ്ഥി വിണ്‍മൂത്രസമ്മേളനം പഞ്ചഭൂതാത്മക’മായി കാണുന്നവർ എത്രയുണ്ടു്? എന്നാൽ അതുകൊണ്ടു വേദാന്തികളുടെ ഏതാദൃശമായ വാക്കുകൾ അസംബന്ധങ്ങളാണെന്നുവരുന്നില്ല.

രാജാവാകട്ടെ പ്രജയാകട്ടെ, ഇന്ദ്രനാകട്ടെ ചന്ദ്രനാകട്ടെ – ആരുതെറ്റുകാണിച്ചാലും നമ്പ്യാർ പരിഹസിക്കും.

“ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല
ഒരുത്തനും പ്രിയമായി പറവാനും ഭാവമില്ല”

സമുദായ ബന്ധത്തിന്റെ ശിഥിലീകരണത്തിനു ഹേതുകങ്ങളായ പരിതഃസ്ഥിതികളാണു് നമ്പ്യാരുടെ ശകാരത്തിനു മൂർച്ച കൂട്ടിയതു്. ലോകത്തിൽ എല്ലായിടത്തും ഏതാദൃശമായ സാമൂഹ്യസ്ഥിതികൾ പരിഹാസകവികളെ സൃഷ്ടിച്ചിട്ടുണ്ടു്. ഫ്രാൻസിൽ ലൂയി പതിനാറാമനോടുകൂടി അവസാനിക്കുന്ന ദുഷിച്ച രാജവംശത്തിന്റെ കുചേഷ്ടിതങ്ങളേയും അതുവഴിക്കു സമുദായ ശരീരത്തിനു പിടിപെട്ട അനാരോഗ്യത്തേയും ഏറെക്കുറെ വാസ്തവികമായിട്ടല്ലേ ഡൂമാസ് വർണ്ണിച്ചിട്ടുള്ളതു്. ബോൾസാക്കിന്റെ ‘ഡ്രോൾസ്റ്റോറീസി’ൽ ചിത്രിതമായിരിക്കുന്ന ഫ്രഞ്ചുജീവിതം എത്ര ജുഗുപ്സാവഹമായിരിക്കുന്നു! വെണ്മണി മകൻ നമ്പൂരിയുടെ തെറിശ്ലോകങ്ങൾ ബോൾസാക്കിന്റെ ‘തെറി’ കളുടെ സമീപത്തിൽ സുഭാഷിതരത്നങ്ങളായ്ച്ചമഞ്ഞുപോകുന്നു. എന്നിട്ടും ആകഥകളെ യൂറോപ്പിലെ എല്ലാ ഭാഷകളിലും തർജ്ജമചെയ്തു കഴിഞ്ഞിട്ടുണ്ടു്. ഇബ്സൻ എന്ന നോർവീജയൻ നാട്യകാരൻ സന്മാർഗ്ഗപഥത്തിൽനിന്നു് ഒരു തെല്ലുപോലും ഭൃംശിക്കാത്ത ഒരു മഹാനുഭാവനായിരുന്നു. എന്നിട്ടും ‘Doll’s House’ മുതലായ ചില നാടകങ്ങളിൽ സാമുദായിക ന്യൂനതകളെ ഏറെക്കുറെ പച്ചയായിട്ടു ചിത്രണം ചെയ്തുകാണുന്നു. ഒരു പ്രസിദ്ധ ജർമ്മൻ ആഖ്യായികാകാരനാൽ നിർമ്മിക്കപ്പെട്ട ‘ഭ്രാന്തനായ ആചാര്യൻ’ എന്ന ഗ്രന്ഥത്തിൽ ബിസ്മാർക്കിന്റെ ഭരണകാലത്തെ സാമുദായിക വൈകല്യങ്ങളെ തുറന്നുപറഞ്ഞിട്ടുണ്ടു്. സാമുദായ ശരീരത്തെ ബാധിച്ചിരിക്കുന്ന അധർമ്മവ്യാധിയുടെ ശമനത്തിനു ശസ്ത്രപ്രയോഗം വേണ്ടിവന്നാൽ ധീമാന്മാരായ ഗ്രന്ഥകാരന്മാർ സ്വയം സുശ്രുതഭാവം കൈയ്യേല്ക്കുന്നു. അവരെ കല്ലെറിഞ്ഞവർ പ്രായേണ അവരാൽ ഉപവർണ്ണിതമായ രോഗത്താൽ ഗ്രസ്തന്മാരായിരുന്നുതാനും. വേശ്യാവൃത്തി അവലംബിച്ച മഗ്ദലനമറിയത്തിനെ കല്ലെറിയാൻ ഭാവിച്ചവരാരായിരുന്നു? വ്യഭിചാരത്തിൽ മുഴുകിയിരുന്നവർ തന്നെ.

“ചാക്യാരുടെ ദ്വേഷ്യം മുഴുവൻ കൂത്തിൽ നമ്പൂരിമാരുടെ നേരേയാണു് പോക്കിയിരുന്നതു്. അതിനു മതിയായ കാരണവുമുണ്ടല്ലോ” ശരി. എന്നിട്ടും ചാക്യാരെ പ്രോത്സാഹിപ്പിച്ചതാരു്? അവർക്കു കൂത്തിനുവേണ്ട പ്രബന്ധങ്ങൾ എഴുതിക്കൊടുത്തതുപോലും നമ്പൂരിമാരായിരുന്നു. എന്താണു് ഇതിന്റെ രഹസ്യം?ചാക്യാർക്കു് ആരോടും വിരോധമുണ്ടായിരുന്നില്ല എന്നുള്ളതു് ഒരു കാരണം. ഫലിതം കേട്ടു് ആസ്വദിക്കാനുള്ള ശക്തി നമ്പൂരിമാർക്കുണ്ടായിരുന്നു എന്നുള്ളതു് മറ്റൊരു കാരണം. നമ്പൂരിമാരെ ആക്ഷേപിക്കാൻ മതിയായ കാരണം ചാക്യാർക്കുണ്ടായിരുന്നെന്നു പറഞ്ഞതിന്റെ അർത്ഥം വ്യക്തമാകുന്നില്ല. ഏതായിരുന്നാലും സകാരണം ശകാരിക്കുന്നതിൽ തരക്കേടില്ലെന്നു മി: മേനോൻ സമ്മതിക്കുന്നുണ്ടല്ലോ. ഇനി നമുക്കു് അടുത്ത വാക്യത്തിലേക്കു കടക്കാം. “നമ്പ്യാർക്കു അമ്പലവാസികളോടൊഴികെ എല്ലാ വർഗ്ഗക്കാരോടും ദേഷ്യമായിരുന്നു. ചാക്യാരുടെ സദസ്യന്മാർ മുഖ്യമായി ബ്രാഹ്മണരാണല്ലോ. നമ്പ്യാരുടെ സഭ്യന്മാർ മിക്കവാറും നായന്മാരായിരുന്നു എന്നാണു തോന്നുന്നതു്. അതുകൊണ്ടു് നമ്പ്യാർക്കു മനുഷ്യരോടുണ്ടായിരുന്ന വൈരസ്യം മുഴുവൻ അസഭ്യമായിട്ടും ഈ സദസ്യരിലാണു് പ്രയോഗിച്ചിരുന്നതു്,” ചാക്യാർ പ്രബലന്മാരായ നമ്പൂരിമാരെ അധിക്ഷേപിച്ചിട്ടും അവർ കേട്ടുകൊണ്ടിരുന്നതു എന്തുകൊണ്ടു്? അയാൾ അധിക്ഷേപിക്കയല്ല ചെയ്യാറുണ്ടായിരുന്നതു്. അതുകൊണ്ടുതന്നെ. അതുപോലെതന്നെ നമ്പ്യാർ നായന്മാരുടെ ഇടയ്ക്കു സംക്രമിച്ചുതുടങ്ങിയ ദോഷങ്ങളെ സകാരണം തെളിവുകൾസഹിതം ചൂണ്ടിക്കാണിച്ചുു തിരുത്താൻ നോക്കിയതിൽ അവർക്കാർക്കും നീരസം തോന്നിയില്ല. അദ്ദേഹം അമ്പലവാസികളെ പരിഹസിച്ചിട്ടില്ലെന്നു പറഞ്ഞതു് ശരിയല്ല. ഒട്ടുവളരെ പരിഹാസശരങ്ങൾ അവരുടെ ദേഹത്തിലും കൊണ്ടിട്ടുണ്ടു്. പരമാർത്ഥത്തിൽ ആരുംതന്നെ ആ വിഷയത്തിൽ വിമുക്തരല്ല. ബ്രാഹ്മണഭക്തിയെപ്പറ്റി ഒട്ടുവളരെ പുകഴ്ത്തിയ നമ്പ്യാർതന്നെ ധനതൃഷ്ണയാൽ ചാപല്യം കാട്ടുന്ന മലയാള ബ്രാഹ്മണരെ ഇങ്ങനെ ആക്ഷേപിക്കുന്നു.

മുതുവിപ്രന്മാർപണമെന്നോർത്താൽ പുതുവിപ്രന്താനെന്നൊരുഭാവം.
കാശിക്കപ്പുറമെങ്കിലുമിന്നൊരു കാശിനുവകയുണ്ടെന്നാൽമണ്ടും
എഴുപത്തെട്ടുവയസ്സുതികഞ്ഞൊരു കിഴവബ്രാഹ്മണനിതപോകുന്നു!
കൊടുവെയിൽതട്ടിച്ചുട്ടകഷണ്ടിയിൽ ഒരുപിടിനെല്ലാൽമലരുപൊരിക്കാം
കുടയും നാസ്തിചുമച്ചുചുമച്ചൊരു വടിയുംകുത്തികൂന്നുകുനിഞ്ഞിഹ
പൊടിയുമണിങ്ങിഹവന്നാലിങ്ങൊരു കാശുംകിട്ടാതങ്ങുഗമിച്ചാൽ
മുടിയുംചുട്ടവനൊന്നുശപിച്ചാൽ മുടിയും കോസലരാജ്യവുമതിനാൽ
അപ്പൻനമ്പൂരിക്കുപണത്തിനൊരല്പവുമാശകുറഞ്ഞില്ലേതും
ഇപ്പോഴുമൊരുപുത്തൻപണമോർത്താൽ മുപ്പതുവഴിമണ്ടാൻതടവില്ല.സത്യാസ്വയംവരം
നമ്പൂരാർക്കു പ്രതിഗ്രഹമെന്നാ-
ലമ്പതുവഴിയൊരഹസ്സിൽനടക്കാം
വാരമൊളിച്ചൊരു കലശമുഹൂർത്ത-
മതാരംഭിക്കാൻ ഭാവിക്കുമ്പോൾ
കുടയും സഞ്ചിയുമായിക്കാണാ-
മുടനൊരു മുന്നൂറവനിസുരന്മാർ.രുക്മിണീസ്വയംവരം

രാജാക്കന്മാരായിരുന്നാലും വിഡ്ഢിത്തം കാണിച്ചാൽ നമ്പ്യാർ പിടികൂടുമെന്നു മുമ്പുദ്ധരിച്ച ചില വരികളിൽ നിന്നും വ്യക്തമാകുന്നുണ്ടല്ലോ.

പട്ടന്മാരെപ്പറ്റി,

“കിട്ടിയതൊന്നും മതിയാകില്ല
പട്ടന്മാർക്കതു ബോധിക്കേണം
ഹടബടവാവുടുവിണ്ടകണക്കോ
പോടടമത്തക്കറികിറിസാതം” രുക്മിണീസ്വയംവരം

അമ്പലവാസികളേപ്പറ്റി,

കാരിയക്കാരൻ നമ്പൂതിരിയച്ചൻ
വാരിയപ്പെണ്ണിന്നുടുപ്പാൻകൊടുത്തു
കാരിയക്കാരന്റെ മുഷ്കുകൊണ്ടന്തിക്കു
വാരിയത്തേക്കാരും ചെല്ലാതെയായി
ഉണ്ണിനമ്പൂതിരിമാരിലൊരുത്തൻ
പെണ്ണിനെസ്സേവിച്ചുകൂടീപതുക്കെ
പൊണ്ണബ്രാഹ്മണനില്ലത്തുപോയപ്പോൾ
ഉണ്ണിബ്രാഹ്മണനകത്തുകടന്നു
… … …
വാരിയപ്പെണ്ണുമബ്ബാലദ്വിജനും
സ്വൈരമാംവണ്ണം സുഖിച്ചിരിക്കുന്നു
പാരിലുശേഷമപ്പെണ്ണിനെക്കൊണ്ടു
പരിഹാസമല്ലാതെ കേൾപ്പാനുമില്ല.

മാപ്പിളയേപ്പറ്റി,

പത്തുനൂറുവയസ്സായിട്ടൊരുവസ്തുതിരിയാത്ത
മൂത്തമാപ്പിളയ്ക്കു ചാകാൻമനസ്സിലാത്തതുകഷ്ടം

ഇങ്ങനെനോക്കിയാൽ നമ്പ്യാരുടെ ശകാരമേല്ക്കാത്ത ഒരുജാതിക്കാരുമില്ല. എന്നാൽ പ്രകരണത്തോടു ചേർത്തുനോക്കുമ്പോൾ ഈ പരിഹാസങ്ങൾ മനുഷ്യവിദ്വേഷത്തിൽ നിന്നുണ്ടായതെല്ലെന്നും അദ്ദേഹം തന്റെ പാത്രങ്ങളേക്കൊണ്ടു് അവസരോചിതമായി ചൂണ്ടിക്കാണിച്ചിരിക്കുന്ന ദോഷങ്ങൾ അതാതുസമുദായത്തെ പൊതുവേ സ്പർശിക്കുന്നതായി വർണ്ണിക്കപ്പെട്ടിട്ടില്ലെന്നും കാണാവുന്നതാണു്. മി. മേനോന്റെ കോപത്തെ വർദ്ധിപ്പിച്ചതു്. എന്നാൽ നായന്മാരുടെ തൊഴിൽ കൃഷിയും സൈനികസേവനവുമാണെന്നും അവർ ആ തൊഴിലുകളെവിട്ടു അപഥസഞ്ചാരം ചെയ്യുന്നതു ഭംഗിയല്ലെന്നും ധിരിച്ചിരുന്ന നമ്പ്യാർ അവരുടെ ഇടയ്ക്കു കടന്നുകൂടിയ ദുരാചാരങ്ങളെ അല്പം നിർദ്ദയമായി ചൂണ്ടിക്കാണിച്ചതു നായർ വിദ്വേഷംകൊണ്ടായിരുന്നില്ല. വാസ്തവത്തിൽ മാത്തൂർപ്പണിക്കർ അയ്യപ്പൻമാർത്താണ്ഡപിള്ള, പാലിയത്തച്ഛൻ, മനക്കോട്ടച്ഛൻ തുടങ്ങിയ എത്രയോ നായർ പ്രഭുക്കന്മാരെ ആശ്രയിച്ചു ജീവിച്ച നമ്പ്യാർക്കു നായന്മാരോടു വിദ്വേഷം ജനിക്കുന്നതെങ്ങനെ? ഏതുജാതിയിൽ പെട്ടവനായിരുന്നാലും അഭിവന്ദ്യന്മാരെ അദ്ദേഹം വാഴ്ത്താതിരുന്നിട്ടില്ല. ഭീരുക്കളായും രണ്ടാംവാക്കിനു കേറിയടിക്കുന്നവരായും ‘മൂക്കോളംബത കള്ളുകുടിച്ചുകുടിച്ചുമയങ്ങി’ത്തൊള്ളതുറന്നു മലർന്നുകിടക്കുന്നവരായും ‘നെല്ലുകൊടുത്തു കറുപ്പുംതിന്നൊരു കല്ലുകണക്കു കുത്തിയിരിക്കുന്ന’വരായും ‘പണമില്ലാഞ്ഞിട്ടെന്നുടെകുന്തം പണയംവച്ചു പലിശകൊടുപ്പാൻ’ തുനിയുന്നവരായും ഉള്ള കൊള്ളരുതാത്ത നായന്മാരെ അദ്ദേഹം വർണ്ണിച്ചിട്ടുണ്ടെങ്കിൽ, നല്ല ധൈര്യശാലികളും സ്വാമിഭക്തന്മാരും ആയ ആളുകളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു എന്നു അദ്ദേഹം മറന്നിട്ടില്ല.

ചങ്കരച്ചാരുടെ വീട്ടിൽ ത്രിപുരകിങ്കരന്മാർ വന്നുകേറി;-അവർ,
മങ്കമാരെപ്പിടിച്ചങ്ങു കൊണ്ടുപോവാൻ തുനിഞ്ഞപ്പോൾ
എങ്കിൽവാടാ കഴുവേറി നിൻകഴുത്തുപിളർപ്പൻഞാൻ
അങ്കമൊന്നു പൊരുതേണം ശങ്കകൂടാതുരചെയ്തു
ചങ്കരച്ചാരെഴുന്നേറ്റു തൊങ്കൽവാളും പരിചയും
തങ്കരത്തിലെടുത്തുംകൊണ്ടങ്കണത്തിൽച്ചാടിനിന്നു
മുറ്റുംനിന്നങ്ങൊരുപോലെ പറ്റത്താണുകളിച്ചപ്പോൾ
അറ്റമില്ലാതസുരന്മാർ തോറ്റുമണ്ടിക്കാടുപുക്കു”

അതുകണ്ടിട്ടു് അനുജൻ പറയുന്നു:- “തിടുക്കംവന്നടുക്കുമ്പോൾ മിടുക്കൻ നമ്മുടെ ജ്യേഷ്ഠൻ.”

“പെമ്പിറന്നോരങ്ങു കഞ്ഞികുടിക്കാതെ കിടക്കുന്നു
കള്ളുതെണ്ടിനടപ്പാനേ കാലമുള്ളു തന്റെ കയ്യി-
ലുള്ളതെല്ലാം വകയാക്കി കൈകുടഞ്ഞു പുറപ്പെട്ടു
കള്ളമെന്നുള്ളതിനേതും കുറവില്ലാ തനിക്കുള്ള
പിള്ളയെക്കൂടവേ വിറ്റു തിന്നില്ലായ്കിലതുംകൊള്ളാം.
തള്ളമാരെപ്പൊറുപ്പിക്കാതുള്ള കള്ളക്കശ്മലന്റെ
ഭള്ളുകണ്ടാലൊന്നുരണ്ടു തൊഴിപ്പാനാരുമില്ലല്ലോ
അച്ചിവീട്ടിലിരുന്നോരോ വീരവാദം പറഞ്ഞുംകൊ-
ണ്ടച്ചിമാരെ ഫലിപ്പിക്കും നമുക്കുള്ള സമർത്ഥന്മാർ
മൂർച്ചയുള്ളവാളെടുത്തങ്ങൊരുത്തൻവന്നെതിർത്തെങ്കിൽ
പൂച്ചയെക്കണ്ടെലിപോലെ വിറച്ചെങ്ങാനൊളിച്ചീടും”

ഈമാതിരി വർണ്ണനകൾ ധാരാളം കാണാം. പക്ഷേ ഇവയെ സന്ദർഭത്തോടു ചേർത്തു വ്യാഖ്യാനിച്ചു നോക്കുക. രാജാജ്ഞയെ കാര്യക്കാരന്മാർ ഭടന്മാരോടു അറിയിക്കയാണു ഇവിടെ ചെയ്യുന്നതു്. ‘നിങ്ങൾ നിങ്ങളുടെ കർത്തവ്യങ്ങൾ വേണ്ടപോലെ അനുഷ്ഠിക്കണം. കർത്തവ്യലോപം വരുത്തുന്നവരെ രാജാവു ശിക്ഷിക്കും. നാട്ടിനും വീട്ടികൊള്ളരുത്താത്തവിധത്തിൽ ജീവിക്കുന്നതു നിന്ദ്യമാണു്” എന്നൊക്കെ അവരെ ധരിപ്പിക്കാൻവേണ്ടി ‘അച്ചിവീട്ടിലിരുന്നോരോ വീരവാദം’ പറയുന്നവരേയും

‘പടയ്ക്കു ചെന്നങ്ങടുക്കുമപ്പോൾ
പടയും കുടയും വടിയും പൊടിയും
പൊടുപൊടെവടിയും ചാക്കും മുറിവും
വാക്കും തെറിയും ചോരപ്പുഴയും
തീരാപ്പഴിയും കണ്ടൊരുനേരം
… … …

‘കിടുകിടനെന്നുവിറച്ചുവിറച്ചും ഉടലുതളർന്നുംപേടിവളർന്നും പടലുതടഞ്ഞിട്ടവിടെമറിഞ്ഞു വെക്കംവീട്ടിലടുക്കളതന്നിൽ’ പുക്കു കതകടച്ചിരിക്കുന്ന ഭീരുക്കളേയും അധിക്ഷേപിച്ചു സംസാരിക്കുന്നു. ഈ വാക്കുകളെ നമ്പ്യാർക്കു നായന്മാരോടുണ്ടായിരുന്ന വിദ്വേഷത്തിന്റെ പ്രതിഫലനമായി വ്യാഖ്യാനിക്കുന്നതു ഒരിക്കലും ശരിയല്ല. മി. പീ. കേ. നാരായണപിള്ള പറഞ്ഞിട്ടുള്ളതുപോലെ നായന്മാരുടെ ഭീരുത്വത്തിനെന്നപോലെ ധീരത്വത്തിനും നമ്പ്യാർതന്നെ സാക്ഷി.

നമ്പ്യാരുടെ തുള്ളലുകളിൽ അന്നത്തെ സമുദായസ്ഥിതി നല്ലപോലെ പ്രതിഫലിച്ചിട്ടുണ്ടു്. അക്കാലത്തെ ദുഷ്പ്രഭുക്കന്മാരെയും അല്പരാജാക്കന്മാരെയും അദ്ദേഹം ജനസമക്ഷം നിർത്തി ‘തൊലിയുരിച്ചു’വിടുന്നു.

“കൊട്ടാരത്തിൽ കൊച്ചുപണിക്കരു
വേട്ടയ്ക്കായി പോകണമെന്നാൽ
മുമ്പിലൊരമ്പതകമ്പടിവേണം
പിന്നെച്ചിലവക വേറേവേണം;
പെട്ടിയെടുപ്പാൻ പട്ടരുവേണം
കാലുതിരുമ്മപ്പൻ നായരുവേണം
വേലുക്കോരനുമരികേവേണം
സഞ്ചിയെടുപ്പാൻ പൊതുവാൾവേണം”

ഇങ്ങനെ ‘ചന്തംകൂട്ടി വനത്തിൽ ചെന്നാൽ എന്തൊരുകാര്യം ചിന്തിക്കുന്നു? എന്നാണു് നമ്പ്യാരു ചോദിക്കുന്നതു്? പരമാർത്ഥമല്ലേ? സ്ഥിരസൈന്യം ഇല്ലാതിരുന്ന അക്കാലത്തു് ഓരോ സേനാപതിയും ഇത്രഇത്ര ആളുകളെ കൊണ്ടുവരണമെന്നായിരുന്നു വ്യവസ്ഥ. പടപുറപ്പാടുണ്ടാകുമ്പോൾ, അവർ കൃഷിക്കാരിൽനിന്നും മറ്റും കുറേ ആളുകളെ ചേർത്തു് എണ്ണംതികച്ചുവന്നു. അങ്ങനെ ഉള്ള സൈന്യത്തെക്കൊണ്ടു യുദ്ധംജയിപ്പാൻ സാധിക്കുമോ? അതിനെയാണു നമ്പ്യാർ ഇങ്ങനെ ഉപഹസിച്ചിരിക്കുന്നതു്.

“വെളുക്കുമപ്പോൾ കളിച്ചുനല്ല വെളുത്തമുണ്ടും ഞൊറിഞ്ഞുടുത്തു
വെളുത്തവെണ്ണീറെടുത്തണിഞ്ഞു കുളുൎത്ത ചോറും ചെലുത്തിനന്നായ്
തളത്തിലേറിച്ചരിഞ്ഞുറങ്ങും ജളത്വമേറിന തനിച്ചനായർ
പടയ്ക്കുചെന്നങ്ങടുക്കുമപ്പോൾ”

ഓടി വീടുപ്രാപിക്കയല്ലാതെന്തുചെയ്യും?

ഇങ്ങനെയൊക്കെയാണെങ്കിലും പടയ്ക്കുവിരുതന്മാരായ പലരും അക്കൂട്ടത്തിൽ തന്നെ ഉണ്ടായിരിക്കും. അവരെ നമ്പ്യാർ പ്രശംസിക്കാതെ വിടുന്നില്ല.

“പഞ്ഞികണക്കെനരച്ചൊരുവൃദ്ധനു കഞ്ഞികുടിപ്പാനൊരുവകയില്ല
മുഞ്ഞിയതങ്ങനെമൂക്കുംതാടിയുമൊന്നിച്ചച്ചതുവരിഷമതായി
അക്കിഴവന്മാർക്കന്നുംപടകളിൽ വക്കാണിപ്പാനൊരുകുറവില്ല
തോക്കുമെടുത്തുനടക്കുമതിന്നും ചാക്കെന്നുള്ളതുമായാൾക്കില്ല”

ഇങ്ങനെ കൂട്ടിച്ചേർക്കുന്ന പടയാളികൾക്കു യജനമാനന്മാർ കൊടുക്കുന്ന പ്രതിഫലമോ? വളരെ തുച്ഛം. അല്പം ചോറെങ്കിലും കൊടുക്കുമോ? അതുമില്ല.

“നായന്മാർക്കുചോറുകൊടുപ്പാൻ കോയിമ്മയ്ക്കതുസമ്മതമല്ല
പട്ടന്മാരുടെസദ്യകഴിഞ്ഞാൽ കിട്ടുംഭക്ഷണമെന്നങ്ങൊരുവക.
പട്ടിണിയിട്ടുപതിറ്റടിയോളം പാർത്തുഭടന്മാർപാടുപെടുന്നു
അച്ചികൾചെന്നുവിളിച്ചെന്നാകിലൊളിച്ചുകൊടുക്കുംചോറുംകറിയും
വച്ചതുമിക്കതുമെത്തുമ്പോളിലവച്ചുതുടങ്ങും നായന്മാർക്കു്
കഞ്ഞിയൊഴിച്ചൊരുകറിയുണ്ടാക്കും വെള്ളമൊഴിച്ചൊരു മോരുണ്ടാക്കും
ചട്ടമിവണ്ണമടുക്കളവയ്ക്കും പട്ടന്മാർക്കതു മാറുകയില്ല.
പൊട്ടന്മാരെയെടുത്തുമറിപ്പാൻ പട്ടന്മാർക്കെതിരാരുംപോരാ
പിള്ളേർകൂടെപ്പോന്നാലവരുടെ പള്ളവിശന്നുനടക്കേയുള്ളു”

ഈ വാക്കുകളിൽ നായർ വിദ്വേഷമാണോ പ്രതിഫലിച്ചുകാണുന്നതു്. ആവശ്യം നേരിടുമ്പോൾ ‘നായന്മാരെ വരുത്താൻ’ രാജാക്കന്മാരുടെ ആജ്ഞ പുറപ്പെടും. എന്നാൽ ആവശ്യം നീങ്ങുന്നമാത്രയിൽ ‘പുകഞ്ഞകൊള്ളി പുറത്തു്’ എന്നാകുംമട്ടു്. വല്ലതും സങ്കടം പറഞ്ഞുപോയാൽ വീടുകൾ കുളങ്ങളാക്കും. വസ്തുക്കൾ സർക്കാരിലടങ്ങുകയും ചെയ്യും. ഈമാതിരി ഒരു ദുരവസ്ഥ അവർക്കു നേരിട്ടിരുന്നു എന്നു നമ്പ്യാർ പല കഥകളിൽ ഭംഗിയായി പ്രകാശിപ്പിച്ചിട്ടുണ്ടു്.

“രായുംപകലുംകല്പനകേൾക്കും നായന്മാർക്കൊരുകാശുകൊടുപ്പാ-
നീയജമാനന്മാർക്കുമനസ്സില്ലായതുചൊന്നാൽകുറ്റവുമുണ്ടാം
ഒട്ടുംമടിയില്ലാത്തസമർത്ഥനു കിട്ടുംപലകുറിപട്ടുംവളയും
വെട്ടുംകൂടുമനിഷ്ടമുരത്താൽ” ഘോഷയാത്ര

പ്രഭുക്കന്മാരുടെ കൂട്ടത്തിൽ ഇന്നലെപ്പെയ്തമഴയ്ക്കു ഇന്നുകുരുത്തതകരകളുമുണ്ടായിരുന്നു. അങ്ങനെ ഒരു ആളിന്റെ കഥയാണു് ഹരിണീസ്വയംവരത്തിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നതു്.

കണ്ടർമേനോനെന്നുപേരുംകൊടുത്തുതമ്പുരാനപ്പോൾ
രണ്ടുപുള്ളികൊണ്ടുമാനസ്ഥാനവും മാനവുംകിട്ടി
കണ്ടസാധുക്കളെ ദ്രോഹിച്ചർത്ഥമേറെ കൈക്കലാക്കി
കണ്ടർമേനോനെന്നു നീളേക്കേളിപൊങ്ങിയതുമല്ലാ;
കണ്ടവർക്കും കേട്ടവർക്കും പേടിപാരമതുകാലം
കണ്ടപെണ്ണുങ്ങളെയെല്ലാമങ്ങുമിങ്ങുമാളയച്ചു
കൊണ്ടുപോന്നു നശിപ്പിക്കുമങ്ങനെശീലമായാടെ.
കണ്ടകന്മാർക്കൊരുമുമ്പൻ കാമദേവനെന്നുഭാവം
വേണ്ടുവോളംദ്രവ്യമുണ്ടു് കൊടുപ്പാനുമ്മടിയില്ല.
രണ്ടുമൂന്നുദിവങ്ങൾകൂടെനില്ക്കുന്നപെണ്ണിന്നു്
കണ്ടുകൂടാതാമതിന്നു മാത്രമുണ്ടുദുസ്സ്വഭാവം”

ഈ ദുഷ്പ്രഭുവിനു പറ്റിയ കിണ്ടത്തെയും നമ്പ്യാർ സരസമായി വർണ്ണിച്ചിരിക്കുന്നു. വെറുതേയല്ല ഇക്കൂട്ടരെ അദ്ദേഹം ‘പാലുകുടിച്ചുതടിച്ചൊരുകൂട്ടം വാലില്ലാത്ത കുരങ്ങച്ചന്മാർ’ എന്നു വർണ്ണിച്ചിരിക്കുന്നതു്. കാര്യക്കാരന്മാർ പ്രായേണ നായന്മാരായിരുന്നെങ്കിലും സൈനികവൃത്തിക്കു് എല്ലാജാതിക്കാരെയും സ്വീകരിച്ചുവന്നു.

നാട്ടിലിരിക്കുംനായന്മാരെ കൂട്ടിസ്വരൂപിച്ചീടുകവിരവൊടു
കൊട്ടിഗ്ഘോഷിച്ചാർത്തുവിളിച്ചു കൂട്ടിക്കൊണ്ടുവരേണമിദാനീം.
ആയുധപാണികളായിട്ടനവധി നായന്മാരുമമാത്യന്മാരും
കാര്യസ്ഥന്മാരെജമാനന്മാർ ആയിരമായിരമാൾക്കധിപന്മാർ
പട്ടാണികൾപലകുതിരക്കാരും കോട്ടപ്പടിയ്ക്കൽകാവൽക്കാരും
കാട്ടാളന്മാർമുക്കോപ്പരിഷകൾ കോട്ടക്കാരന്മാരുംപലവക
നസ്രാണികളും ജോനകർപത്തുസഹസ്രാധികമിഹവന്നീടേണം…

ഇപ്രകാരം ഒരുക്കിനിറുത്തുന്ന സൈന്യത്തിൽ വീരന്മാരെപ്പോലെതന്നെ ഭീരുക്കളും കാണാതിരിക്കാൻ തരമില്ലല്ലൊ. രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും നില അങ്ങനെ ആയിരുന്നെങ്കിൽ കാര്യക്കാരുടേയും മറ്റുദ്യോഗസ്ഥന്മാരുടേയും നില കുറേക്കൂടി ഭയങ്കരമായിരുന്നു.

‘ചൊല്ലുന്നനൃപതിക്കു തല്ലുന്നസചിവന്മാർ
തല്ലുന്നനൃപതിക്കു കൊല്ലുന്നസചിവന്മാർ
കൊല്ലുന്നനൃപതിക്കു തിന്നുന്നസചിവന്മാർ’

എന്നാണല്ലോ പ്രമാണം. ഇവരുടെ കൊള്ള, കൈക്കൂലി, പൊതുജനഹിംസ മുതലായവയെ കവി അവിടവിടെ വർണ്ണിച്ചിട്ടുണ്ടു്. കാര്യക്കാരന്മാർ ‘പള്ളിശ്രാമ്പിമേലേറി തിരുമുമ്പിൽ ചെന്നുനിന്നു; പള്ളിക്കട്ടിലിൻതാഴെനിന്നു മൂക്കിൽ വിരൽതള്ളി’ ഓരോരോ ഏഷണി പറഞ്ഞു പിടിപ്പിക്കുന്നതും ‘കോലകത്തു മാളികമേൽ നാരിയെ കൊണ്ടുപോയി വച്ചു്’ സുഖിച്ചുവാഴുന്നതും ജനങ്ങളെ ഹിംസിച്ചു് അവർക്കു ഉണ്ണാനുമുടുപ്പാനും തേക്കാനും വകയില്ലാതാക്കി വിടുന്നതും, പാർവത്യകാരന്മാർ,

‘അക്കരക്കാരെപ്പിഴപ്പിച്ചുരാശിയും
ചക്രവും നെല്ലും കരസ്ഥമാക്കിക്കൊണ്ടു്’

പ്രജകളെ ‘പൊക്കണം കെട്ടിക്കുന്നതും’

‘രണ്ടുപണം കയ്യിലുള്ള പുരുഷനെ-
ക്കൊണ്ടുപലതരം ശിങ്കുകളിപ്പിക്കു’ന്നതും
“കണ്ടങ്ങളൊക്കവെ കണ്ടെഴുതിക്കൊണ്ടു
പണ്ടാരമാക്കിക്കൃഷിയും തുടങ്ങിച്ചു
പണ്ടാരുമോർക്കാത്ത പാട്ടമര്യാദയെ
യുണ്ടാക്കിനെല്ലളപ്പിച്ചു സ്വരൂപിച്ചു
തമ്പുരാന്മാർക്കൊരുകാശും കൊടുക്കാതെ
തമ്പുരംതന്നിലാക്കിച്ചുപതുക്കവേ
വിറ്റുപിരിച്ചുകൊണ്ടച്ചിവീട്ടിൽച്ചെന്നു”

പറ്റുന്നതും ചുങ്കപ്പിള്ളമാർ,

“ചുങ്കസ്ഥലങ്ങളിൽച്ചെന്നുപഥികരെ
കിങ്കരന്മാർകളെക്കൊണ്ടുമടിപ്പിച്ചു
സങ്കടപ്പെട്ടുകിടന്നപണംകൊണ്ടു
മങ്കമാർവീടുപുലർത്തുന്നതും”

കാര്യസ്ഥന്മാർ ‘വൎയ്യോലകളൊരുവക കൈയിലെടുത്തും’കൊണ്ടു്,

‘ഉള്ളതരത്തിൽ തങ്ങടെമുട്ടുകളെല്ലാംതീർക്കാമെന്നുമുറച്ചു്
ഉള്ളതിലെട്ടും പത്തുംകൂട്ടിക്കള്ളക്കുത്തുകണക്കുകളെഴുതി
ഉള്ളിലെമോഹംപോലെദ്രവ്യം കള്ളവഴിക്കുകരസ്ഥവുമാക്കു’ന്നതു
തുള്ളലുകളിൽ ചിത്രണം ചെയ്തിരിക്കുന്നു.

മാർത്താണ്ഡവർമ്മ മഹാരാജാവു് തിരുമനസ്സുകൊണ്ടു് അല്പരാജാക്കന്മാരെ കീഴടക്കി രാജ്യവിസ്തൃതി വർദ്ധിപ്പിച്ചപ്പോൾ സൈനികവൃത്തിയിൽ ഏർപ്പെട്ടിരുന്ന നായന്മാർക്കു പൊറുതിമുട്ടി. അവർ, ‘കോപ്പുകളെല്ലാം പണയംവച്ചു കറുപ്പും കള്ളുംകൊണ്ടു’ മുടിപ്പാൻതുടങ്ങി. ‘പടയണിനടുവിലടവുപിടിപ്പാൻ പടുത’യുള്ളവരുടെ സംഖ്യയും കുറവായി ഭവിച്ചു. ഈ ദുരവസ്ഥയേയാണു് നായർ ഭടന്മാർ നാലുപേർകൂടുന്ന സ്ഥലങ്ങളിൽ,

“കാക്കരന്മാരെങ്ങുപോയിതനിക്കുള്ള
തോക്കുനമുക്കുതരാമോ?…
തോക്കുഞാനങ്ങൊരു കൊങ്ങിണിച്ചെട്ടിക്കു
തൂക്കുപുകയിലയ്ക്കായിട്ടുവിറ്റുപോയ്…” എന്നും
“ആർക്കുംതെല്ലുണർച്ചയില്ലയോ?എന്തൊരുകഷ്ടം
തോക്കുള്ളജനംതന്നെ ചുരുക്കംനമ്മുടെനാട്ടിൽ
പാർക്കുന്നഭടന്മാരിൽ പത്തിലൊന്നില്ലവീരന്മാർ”

എന്നുംമറ്റും പരസ്പരം സംസാരിച്ചുവരുന്നതായി വർണ്ണിച്ചുകാണുന്നതു്. തൊഴിലില്ലാതെ വന്നപ്പോൾ കടം ബാധിച്ചുതുടങ്ങി. ഒരു നായർ ആയുധംകൂടാതെ വേട്ടയ്ക്കായി പുറപ്പെട്ടതു കണ്ടിട്ടു മറ്റൊരാൾ ചോദിക്കുന്നു:-

ആയുധംകൂടാതെതാനെന്തെടോകാട്ടിൽ
നായാട്ടിനായ് പുറപ്പെട്ടതുനായരേ?

അതിനു മറുപടി:-

വായുംപിളർന്നു കടുവാവരുന്നേരം…
ആയുധമുണ്ടെങ്കിലോടുവാൻദുർഘടം
വീട്ടിലിരുന്നുപൊറുപ്പുതാനിക്കടം
വീട്ടിയല്ലാതെ ചിതം വരത്തില്ലെടോ.
പട്ടരച്ചൻവന്നു പാടുപാർക്കുംപണം
കിട്ടാതെപോകയില്ലദ്ദേഹമിന്നുഞാൻ
വേട്ടയ്ക്കുപോവാനൊരുങ്ങുന്നനേരത്തു
പട്ടരച്ചൻമരിപ്പാൻവരുമപ്പൊഴേ
എട്ടുരാശിപ്പണമിപ്പോളിരട്ടിച്ചു
മുട്ടിച്ചുപാർക്കുന്നതു കുറ്റമല്ലെടോ”

തൊഴിലില്ലാതെ വന്നപ്പോൾ, എങ്ങനെ ജീവിക്കേണ്ടു എന്നായി ഓരോരുത്തന്റേയും ഉള്ളിലുള്ള വിചാരം. കച്ചവടത്തിലോ കൈത്തൊഴിലിലോ ഏർപ്പെടുന്നതിനു് അവന്റെ ആഭിജാത്യം അനുവദിച്ചില്ല.

കേട്ടാലുമിജ്ജനമെന്തോന്നുചെയ്യേണ്ടു
നാട്ടാർക്കുദാസ്യപ്രവൃത്തികൾ ചെയ്കയോ?
ആട്ടംപഠിച്ചുപലേടം നടക്കയോ?
ചാട്ടം പഠിക്കയോ? ചാവേറ്റുചാകയോ?
പട്ടിണിയിട്ടു പരവശരാകയാൽ
പട്ടണംതോറുമിരന്നുനടക്കയോ?
പെട്ടെന്നു രാജസേവയ്ക്കുപുറപ്പെട്ടു
കൊട്ടണച്ചോറും കഴിച്ചുകിടക്കയോ....

എന്നിങ്ങനെയുള്ള വാക്കുകളിൽനിന്നു രാജസേവയേപ്പറ്റി നമ്പ്യാർക്കു എത്ര തുച്ഛമായ അഭിപ്രായമാണുണ്ടായിരുന്നതെന്നു വ്യക്തമാണു്. ഇരന്നു നടക്കുന്നതിനേക്കാൾ കഷ്ടമാണത്രേ രാജസേവ.

തൊഴിൽ ഇല്ലായ്മയുടെ ഫലമായി നായന്മാരുടെ ഇടയ്ക്കു വന്നുകൂടിയ ദോഷങ്ങളെ നമ്പ്യാരെപ്പോലെ ചമൽക്കാരപൂർവം വർണ്ണിച്ചിട്ടുള്ള കവികളോ ചരിത്രകാരന്മാരോ ഇല്ല. അവർക്കു് ‘അച്ചിവീട്ടിലിരുന്നു വീരവാദംപറക’, ‘സുന്ദരനെന്നൊരു ഭാവത്തൊടുകൂടെ സിന്ദൂരക്കുറിയിട്ടുംകൊണ്ടു്’ നടക്കുക, ചെന്നുകളത്രംതന്നുടെ പിള്ളയെയെടുത്തു കുളിപ്പിക്കുക, ‘തൂമ്പ കിളച്ചും ചേമ്പുകൾനട്ടും തുവരകൾ പിഴുതും വാഴകൾവച്ചും നമ്പൂരാരുടെ പുറകേനടന്നിട്ടിമ്മിണിമുതൽ’ ഉണ്ടാക്കുക, ഓരോരോദിക്കിൽനടന്നു വഴക്കുകൾ ഉണ്ടാക്കുക, കൂട്ടത്തിൽ കുത്തുക-ഇവയായി പ്രധാനജോലി. നമ്പ്യാർ നായന്മാർക്കുണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ചിട്ടുള്ള ദോഷങ്ങളിൽ ഒന്നെങ്കിലും ഏതൽക്കാലപര്യന്തം മാറീട്ടുണ്ടെന്നു തോന്നുന്നില്ല. വ്യവസായത്തിലുള്ള അനാസ്ഥ ഇപ്പോഴും കാണുന്നു. വീരവാദംപറയുന്നതിൽ അവരെ ജയിപ്പാൻ ആരുണ്ടു്?. നായർമഹാജനയോഗമെന്നപേരിൽ നടന്നുവരുന്ന ഉത്സവങ്ങളിൽ ഓരോ പ്രാസംഗികന്മാർ തട്ടിവിടുന്ന വീരവാദങ്ങൾ കേട്ടാൽ നായർസമുദായത്തിന്റെ ഭാവി ബഹുശോഭനമാണെന്നു് ആർക്കും തോന്നാതിരിക്കയില്ല. എന്നാൽ ഓരോ പ്രസംഗവും നായർ വംശത്തിൽ പ്രബലന്മാരായ ഏതാനും ശത്രുക്കളെ ഉണ്ടാക്കുക എന്നതിൽ കവിഞ്ഞ ഒരു ഫലവും ഉണ്ടാക്കാറില്ലെന്നു് അനുഭവത്തിൽ നിന്നു കാണാൻ കഴിയും. യോജിപ്പില്ലായ്മയെന്നതോ പോകട്ടെ, ഒരു നായർക്കു മറ്റൊരു നായർ നന്നായ്‍വരുന്നെന്നുകേട്ടാൽപിന്നെ സുഖമായി ഉറക്കം വരാറില്ല. അയാൾ തുലഞ്ഞുകണ്ടിട്ടു മരിക്കാൻ ഇടവരണേ എന്നായിരിക്കും മറ്റെല്ലാവരുടേയും നിത്യപ്രാർത്ഥന. ഈ സ്വഭാവഗുണങ്ങളെല്ലാം നമ്പ്യാരുടെ വർണ്ണനകളിൽ കണ്ണാടിയിലെന്നപോലെ സ്ഫുടമായിക്കാണാം.

നമ്പൂരിമാരും പോറ്റിമാരും അവരുടെ കുലാചാരം പരിരക്ഷിക്കുന്നതിൽ പൂർവ്വവൽ ശ്രദ്ധയുള്ളവരായിക്കണ്ടില്ല. അതുകണ്ടിട്ടു് നമ്പ്യാർക്കു വളരെ മനസ്താപമുണ്ടായി. ആ മനസ്താപമാണു് അവിടവിടെ പരിഹാസരൂപമായി പൊട്ടിപ്പുറപ്പെട്ടുകാണുന്നതു്. നമ്പൂരി കാര്യക്കാരുടെ തണ്ടുതപ്പിത്തവും അയാളെ ഉണ്ണിനമ്പൂരി പറ്റിച്ചതും എത്ര ഫലിതമായി വർണ്ണിച്ചിരിക്കുന്നു എന്നു വായിച്ചുനോക്കുക. രണ്ടു ദൂഷ്യങ്ങളാണു് മലയാളബ്രാഹ്മണരിൽ അന്നു നമ്പ്യാർ പ്രധാനമായി കണ്ടതു്. ആ ദൂഷ്യങ്ങളെ പുനം തുടങ്ങിയ നമ്പൂരിക്കവികൾതന്നെ ഉജ്ജ്വലവർണ്ണത്തിൽ ചിത്രണം ചെയ്തിരുന്നുതാനും. ആ ദൂഷ്യങ്ങളിൽ ഒന്നു് ധനതൃഷ്ണയും മറ്റൊന്നു സ്ത്രീജിതത്വവും ആകുന്നു. ഈ ദോഷങ്ങൾ പൊതുവേ എല്ലാപേരെയും ബാധിച്ചിരുന്നു എന്നു അദ്ദേഹം വിദൂരമായിട്ടുപോലും സൂചിപ്പിച്ചിട്ടുമില്ല. ബ്രാഹ്മണധർമ്മം വിട്ടുനടന്ന ‘വികലാചാര’ന്മാരെ മാത്രമേ നമ്പ്യാർ ആക്ഷേപിച്ചിട്ടുള്ളു. പ്രദോഷമാഹാത്മ്യത്തിൽ ഒരു അംബോപദേശംകൂടി ചേർത്തിരിക്കുന്നതിനെ മി. മേനോൻ അധിക്ഷേപിക്കുന്നു. ആ കഥ ചേർത്തിരിക്കുന്ന സന്ദർഭത്തെപ്പറ്റി ഒന്നു ക്ഷമാപൂർവ്വം ആലോചിച്ചിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നില്ല. പ്രദോഷവ്രതത്തിൽ നിഷ്ഠയുള്ളവനും ഐഹികസുഖവിരക്തനുമായ ബ്രാഹ്മണകുമാരനെ ഒരു ഗന്ധർവകന്യകയേ കണ്ടു് കാമപരവശനായ്തീർന്ന അനുജൻ ‘കണ്ടാലുമഗ്രേ നല്ലൊരു വണ്ടാർകുഴലീമണി’ എന്നു ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു. അവർ രണ്ടുപേരും സഹോദരന്മാരായിരിക്കയും രണ്ടുപേരും പ്രദോഷവ്രതം മുടങ്ങാതെ അനുഷ്ഠിക്കയും ചെയ്തുകൊണ്ടിരിക്കവേയാണു് ഈ സംഭവം നടക്കുന്നതു്. തത്സന്ദർഭത്തിൽ ബ്രാഹ്മണകുമാരൻ തന്റെ അനുജന്റെ ശിവഭജനത്തിനുഭംഗം വരാതിരിപ്പാൻവേണ്ടി സ്ത്രീജനോപാലംഭനം ചെയ്യുന്നു. തന്റെ അഭിപ്രായത്തെ ബലപ്പെടുത്താൻവേണ്ടി ശിവശർമ്മാവെന്ന ബ്രാഹ്മണനുപറ്റിയ അപകടത്തെ വർണ്ണിച്ചു കേൾപ്പിക്കയും ചെയ്യുന്നു. ഇതിലെന്താണു് അസാംഗത്യം? ഒരു നമ്പൂരി ഇല്ലത്തുള്ള

“പണ്ടമശേഷം വിറ്റുമുടിച്ചും
കണ്ടജനത്തൊടിരന്നു ലഭിച്ചൊരു
മുണ്ടുമെടുത്തൊരു കുടയും ചൂടി-
പ്പെരുവഴിയൂട്ടിൽ ചെന്നുസ്ഥലം വ-
ച്ചൊരുനേരത്തവനഷ്ടികഴിക്കും;
കടയിൽച്ചെന്നു പുകേലയിരന്നൊരു
കടയിൽ തിരുകിക്കൊണ്ടുനടക്കും;
ഇടയിലൊരിക്കൽ പരദേവതയുടെ
നടയിൽച്ചെന്നു വണങ്ങിപ്പോരും”

വയസ്സു് ഇരുപത്തിഅഞ്ചേ ആയിട്ടുള്ളു. വേദമൊക്കെ മുഖസ്ഥമാണു്. ശിവപൂജയ്ക്കു മുടക്കവുമില്ല. അങ്ങനെയിരിക്കെ “ധനമുണ്ടാവാനെന്തൊരു കർമ്മം മനസാവാചാ ചെയ്യേണ്ടതു ഞാൻ?”എന്നായി അയാൾക്കു ചിന്ത. ഒരു കണിയാനേക്കൊണ്ടു് പ്രശ്നംവയ്പിച്ചു നോക്കിയപ്പോൾ

ദ്രവ്യമിതൊക്കെ നശിപ്പാനിന്നൊരു
ചൊവ്വാദോഷം കാണ്മാനുണ്ടു്.
കണ്ടൻകാവിൽ ഭഗവതി നിങ്ങടെ
പണ്ടേയുള്ളൊരു പരദൈവമതു-
കൊണ്ടുവിചാരിച്ചപ്പോളടിയൻ
കണ്ടുവിരോധമതവിടെത്തന്നെ
അവിടെത്തന്നെ നിങ്ങൾ ഭജിച്ചാൽ
അനവധി ധനമുണ്ടായ് വരുമുടനേ

എന്നു അയാൾ പറഞ്ഞതനുസരിച്ചു നമ്പൂരി ഭജനമിരിക്കുന്നു. ദേവി പ്രത്യക്ഷമായി ഒരു ചെപ്പും ചെരിപ്പും കൊടുക്കുന്നു. ചെരിപ്പിൽ കയറിനിന്നുകൊണ്ടു് വിചാരിക്കുന്ന സ്ഥലത്തെത്തും. ചെപ്പു് അയാൾ വിചാരിക്കുന്ന വസ്തുക്കളെല്ലാം നല്കയും ചെയ്യും. അങ്ങനെ ഇരിക്കേ ഒരു വഴിപോക്കൻ ബ്രാഹ്മണനെ അയാൾ കണ്ടെത്തുന്നു.

കണ്ടാൽ നല്ലൊരു വേശ്യാസ്ത്രീജന-
മുണ്ടോ വിപ്രാ തന്നുടെ ദിക്കിൽ

എന്നു് ആ വിഡ്ഢി വഴിപോക്കനോടു ചോദിക്കുന്നു. കാശിക്കപ്പുറത്തു് ‘ഉണ്ണിഉണിച്ചിരാ’യെന്നൊരു വേശ്യ ഉണ്ടെന്നു പറഞ്ഞതുകേട്ടു് അയാൾ ചെരിപ്പിന്റെ സഹായത്തോടുകൂടി അവിടെ എത്തുന്നു. അവളോടുകൂടി ചിരകാലം രമിച്ചപ്പോൾ, തന്റെ അമ്മയുടെ ഉപദേശം അനുസരിച്ചു് അവൾ ഉണിച്ചിരിനമ്പൂരിയുടെ ചെപ്പും ചെരിപ്പും കയ്ക്കലാക്കീട്ടു വഴിയാധാരമാക്കീട്ടു വിടുന്നു.

പട്ടിണിയിട്ടുംകൊണ്ടു പാരം പരവശനായ്
പട്ടിയെപ്പോലെ വിപ്രൻ പാഞ്ഞുനടന്നീടുന്നു

ഇതാണുകഥ. ഇത്തരം നംപൂരിമാരെക്കണ്ടാൽ നമ്പ്യാർ വെറുതേ വിടുമോ?

തമിഴ് ബ്രാഹ്മണരെ പലേടത്തും ആക്ഷേപിച്ചിരിക്കുന്നതുകണ്ടാൽ, കവിക്കു അവരോടുള്ള വിദ്വേഷത്തിനു് അതിരില്ലായിരുന്നെന്നു തോന്നാം. കുലാചാരങ്ങൾ കൈവിട്ടു്, കച്ചവടംചെയ്തും പ്രഭുക്കന്മാർക്കു് ദാസ്യം വഹിച്ചും അന്യായമായ പലിശയ്ക്കു പണം കടം കൊടുത്തും ജീവിച്ചുവന്ന തമിഴ് ബ്രാഹ്മണരെ മാത്രമാണു് തന്റെ പരിഹാസശയങ്ങൾക്കു് അദ്ദേഹം ലാക്കാക്കിയതു്. തന്നെക്കൊണ്ടു ‘പട്ടാഷ്ടകം’ എഴുതിച്ച ആ കൃതഘ്നനായ പട്ടക്കുട്ടിയെ അദ്ദേഹം ഒരിക്കലും വിസ്മരിച്ചുകാണുകയില്ല.

“പട്ടന്മാരൊടു വസ്ത്രമെടുത്താൽ
പൊട്ടന്മാരിഹ തോല്ക്കേയുള്ളു;
എട്ടുപണം മുതലുള്ളതിനവർ പതി-
നെട്ടുപണം വിലവച്ചു കൊടുക്കും;
അവരൊടുചെന്നുകടംകൊണ്ടെങ്കിൽ
ഭവനംകൂടെ നശിപ്പാറാകും;
പത്തിനുകാലുകൊടുക്കണമപ്പോൾ
പത്തിനു രണ്ടര പലിശയുമായി
വീട്ടുവതിന്നു തരംകൂടാഞ്ഞാൽ
വീട്ടിൽക്കേറിപ്പാടുകിടക്കും”പ്രദോഷമാഹാത്മ്യം

ഇതായിരുന്നു അവരുടെ അന്നത്തേമട്ടു്. ഇന്നും അത്തരക്കാർ കുറവല്ലല്ലോ. അവരുടെ ഭക്ഷണപ്രിയതയോ?

രണ്ടുവല്ലംനിറച്ചുള്ള പർപ്പടത്തെപ്പൊടിച്ചിട്ടു
രണ്ടുകൊട്ടപ്പഴംകൂട്ടിത്തൊലിച്ചിട്ടൊന്നമർത്തീട്ടു
അഷ്ടഗന്ധംപോലെയാക്കിയൊട്ടുശേഷിച്ചൊട്ടുതിന്നും
പട്ടരുണ്ണുന്നതുകണ്ടാൽ ഗോഷ്ഠിയല്ലാതൊന്നുമില്ല.

വിളമ്പുന്നതിനു അല്പം വല്ലതും കുറവുവന്നാൽ ശണ്ഠപിടിക്കാനും തുടങ്ങും. അതുകൊണ്ടു ഭരിപ്പുകാരൻ,

കിട്ടിയതൊന്നും മതിയാകില്ല
പട്ടന്മാർക്കതുബോധിക്കേണം—എന്നുപ്രത്യേകം ചട്ടംകെട്ടുന്നു.
പാട്ടാൻതേടിന മുതലാനാൽ നീ
കിട്ടാമൽകൊണ്ടോടിപ്പോലാം;
നാട്ടാരെപ്പരിപാലിക്കിന്റവി-
രാട്ടാകിയവൻ തേടിനതെന്റ്

എന്നു വിളമ്പുകാരോടു കയർപ്പാൻ അവർക്കു കൂസലില്ല. ഉത്സവം എവിടെ എങ്കിലും ഉണ്ടെങ്കിൽ

“പട്ടും പൊന്നും പണവുമിതെല്ലാം
രട്ടുകൾകൊണ്ടങ്ങിരുമുടിയാക്കി
കെട്ടിത്തലയിലെടുത്തുംകൊണ്ടൊരു
കൂട്ടം”-അവിടെ എത്തും

അവർ-“ചേറുപുരണ്ടു നാറക്കീറത്തുണിയും ചുറ്റി-

ചോറുമ്മാനങ്ങുകേറി”ച്ചെല്ലുമ്പോൾ പാചകന്മാരുടെ മുഖം കറുക്കുമത്രേ. അവരിൽ ചിലർക്കു ഒരുമാതിരി മൂരിശൃംഗാരവുമുണ്ടു്. കാക്കരനായരുടെ വീട്ടിൽ കുറെ കച്ച കടംകൊടുത്തിരുന്നു. പണം കിട്ടാൻ താമസിച്ചുപോയി. പട്ടർ ഒരുദിവസം പുരുഷന്മാരില്ലാത്ത തക്കംനോക്കി കടന്നുചെന്നു് നായരുടെ പെണ്ണിനോടു്

‘കച്ചയെടുത്തപണംതാരും പണമില്ലാട്ടാൽ പണയംതാരും
പട്ടരുകിട്ടേ വാരുംപെണ്ണേ ഒമ്മേത്താനൊരുപണയംതന്നാ-
ലൊരുകുറിപാർത്തുതു വാങ്കിക്കൊൾവേൻ’

എന്നു പറഞ്ഞുവത്രേ. സ്ത്രീജനങ്ങളിൽ ചിലർക്കു പട്ടന്മാരോടായിരുന്നു അധികം പ്രീതി.

നമ്പൂരാരിവർനമ്മേക്കണ്ടാൽ അമ്പതുദൂഷണമൊരുവൻചൊല്ലും
വീട്ടിൽവരുമ്പോൾസരസന്മാരു്—പാട്ടിൽവരുമ്പോൾവിരസന്മാരു്;
കൂട്ടിക്കൊണ്ടൊരുസഭയിൽചെന്നാൽ കോട്ടമറിഞ്ഞുപറഞ്ഞുചിരിക്കും;
പട്ടന്മാരുടെകൂടെപ്പോയാൽ ഒട്ടൊരുറപ്പുണ്ടെന്നൊരുപക്ഷം
ഗോഷ്ഠികളാരാൻ ഭാവിച്ചാലവർകൂട്ടത്തോടെവടിയുമെടുക്കും
പോടാഘടുവാ പീത്തായോളികൂടാകുസൃതികളെന്നുകയർക്കും

നംപൂരിമാരുടേയും പട്ടന്മാരുടേയും സംബന്ധം നായർവീടുകളിൽ സർവസാധാരണമായിത്തീർന്നിരിക്കണം.

“ഇപ്പോളൊരുചെറുചക്കിപ്പെണ്ണിനുടുപ്പാൻപാതിപ്പുടവകൊടുപ്പാൻ
ഭാവിച്ചൻപതുചക്രം തുപ്പൻനമ്പൂതിരിയൊടുവാങ്ങിച്ചപ്പോൾ
അപ്പരമാർത്ഥം കേട്ടുകലമ്പീട്ടപ്പൻനമ്പൂര്യച്ചൻതന്നെയ
ടിപ്പാൻവരവുണ്ടെന്നതുകേട്ടുഭയപ്പെട്ടോടിയൊളിച്ചില്ലേതാൻ
പിന്നെപ്പലരും സംസാരിച്ചൊരുവണ്ണം മൂപ്പിലെയരിശമൊഴിച്ചു
പെണ്ണിനുപുടവകൊടുത്തെന്നുള്ളതുമുണ്ണിക്കിട്ടൻപോറ്റിപറഞ്ഞു.

ഒരു നംപൂരിക്കുപറ്റിയ അബദ്ധത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

ചേട്ടനൊരച്ചിയെകൂട്ടിച്ചുകൊണ്ടന്നു കെട്ടിനകത്തേപ്പുരയിലിരുത്തി
ചേട്ടത്തിവന്നുകലമ്പിത്തുടങ്ങി; ചേട്ടയ്ക്കു ചോറുകൊടുക്കയില്ലെന്നായ്
ചേട്ടൻകയർത്തങ്ങടുക്കളയിൽചെന്നു ചട്ടികലങ്ങളും തല്ലിത്തകർത്തു
അന്നേരംചേട്ടത്തികോപിച്ചുവന്നിട്ടച്ചീടെ മുഞ്ഞിക്കുകരണ്ടുതൊഴിച്ചു
ചെന്നൊരുചേട്ടനുംചേട്ടത്തിയുംതമ്മിൽ താഡനംകൂട്ടിക്കയർത്തുപറഞ്ഞു
ചക്കിപ്പെണ്ണേയും വിളിച്ചുവരുത്തിച്ചെറുക്കന്റെതോളിൽമാറാപ്പുമങ്ങേന്തി
വെക്കംകുടയുമെടുത്തങ്ങുനചേട്ടത്തിതന്റേപിറന്നില്ലംനോക്കിത്തിരിച്ചു.

പ്രഭുജനങ്ങളുടെ മടപ്പള്ളിജോലി പട്ടന്മാർ കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ “അച്ചികൾവന്നു വിളിച്ചെന്നാകിൽ—ഒളിച്ചുകൊടുക്കും ചോറും കറിയും.”

എമ്പ്രാൻമാരായിരുന്നു മിക്ക സ്ഥലങ്ങളിലും ശാന്തിനടത്തിയിരുന്നതെന്നു തോന്നുന്നു. അവർ അപ്പം കട്ടുഭുജിക്കുന്നതിനെ കവി പലസ്ഥലങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ടു്. ക്ഷേത്രകർമ്മങ്ങൾ നിറവേറ്റിയിട്ടു അയാൾ കൊറ്റുകഴിഞ്ഞുവരുമ്പോൾ,

“വെറ്റിലപുകയിലകൊണ്ടുവരാഞ്ഞാൽ മുറ്റുംനമ്മുടെചന്ത്രക്കാരനു്
കുറ്റംവല്ലതുമൊന്നുണ്ടാക്കും—മറ്റുള്ളവരുടെസങ്കടമെന്നതു
മുറ്റുംതങ്ങൾവിചാരിക്കില്ല; പോറ്റികളെന്നൊരുപേരറിയേണം
മാറ്റികളായതു കാരണമറിവിൻ.”

അവർക്കു്,

“ഉണ്ണണമെന്നുമുറങ്ങണമെന്നും പെണ്ണുങ്ങളൊടുരസിക്കണമെന്നും
കണ്ണിൽകണ്ടജനങ്ങളെയെല്ലാമെണ്ണിക്കൊണ്ടുദുഷിക്കണമെന്നും,”

ഒരുജോലിയേ ഉണ്ടായിരുന്നുള്ളുവത്രേ.

മാരാന്മാരേയും പൊതുവാളന്മാരെയും നമ്പ്യാർ അവിടവിടെ ഹാജരാക്കിനിർത്തീട്ടു് പരിഹാസവർഷം ചൊരിഞ്ഞിട്ടുണ്ടു്.

“താളമെടുത്തുവിളിക്കണമെന്നാൽ കേളനെവച്ചിട്ടൊരുവനുമില്ല
മേളംകൂട്ടുകിലങ്ങവനല്പംതാളംതെറ്റുമതുണ്ടൊരുദോഷം”
“പുതുവാളെന്നൊരുവിദ്വാനുണ്ടു് പുതുതായുള്ളവിധങ്ങളെടുപ്പാൻ
പുതുവന്മാരുടെയാളായതിനാൽ പുതുവാളെന്നൊരുപേരവനുളവായ്
അതിയായിട്ടിവനിവിടെവരേണ്ട മതിയാമവനുടെവിരുതുകളെല്ലാം”

ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളിൽ പ്രധാനം കൃഷിയായിരുന്നു. കച്ചവടത്തിൽ ഏർപ്പെടുന്നതു് ആഭിജാത്യത്തിനു കുറവുവരുത്തുമെന്നായിരുന്നു നായരുടെ വിശ്വാസം. വ്യാപാരം പ്രായേണ ചെട്ടികളുടേയും നംപൂരിമാരുടേയും കൊങ്ങിണികളുടെയും കയ്യിൽ ആയിരുന്നു. ഏതുത്സവസ്ഥലത്തും ചെട്ടികൾ “കെട്ടും ചുമടുകളുമൊട്ടും കുറകൂടാതെ — കെട്ടിച്ചുമന്നുകൊണ്ടു്”എത്താതിരിക്കില്ല. ലാഭത്തിൽ ഒരംശം പ്രഭുക്കന്മാർക്കു ചുങ്കമായി കൊടുക്കണമെന്നേ വ്യവസ്ഥ ഉണ്ടായിരുന്നുള്ളുവെങ്കിലും പലപ്പൊഴും കാര്യക്കാരന്മാർ അവരുടെ അടുക്കൽ നിന്നും പണം പിടുങ്ങിവന്നതായി നമ്പ്യാർ പ്രസ്താവിച്ചിട്ടുണ്ടു്. ലന്തയും പറങ്കിയും ഇങ്കിരിയേസും പ്രവേശിച്ചുകഴിഞ്ഞിരുന്നു. ഭരണം അവ്യവസ്ഥിതമായിരുന്നതിനാൽ കൃഷിക്കാരുടെ നിലയും ശോഭനമായിരുന്നെന്നു പറയാവുന്നതല്ല. ഒന്നാമതായി അനുഭവവിരുത്തിയേർപ്പാടിന്മേൽ ലഭിച്ചിരുന്ന വസ്തുക്കളായിരുന്നതിനാൽ, അവയിൽനിന്നു നികുതി അങ്കം ചുങ്കം മൂലംകാഴ്ചകൾ മുതലായവ കൊടുത്തതിനുശേഷം ബാക്കി ആദായം വളരെ തുച്ഛമായിരുന്നുവെന്നു തോന്നുന്നു. കള്ളന്മാരുടെ ശല്യമായിരുന്നു ഭയങ്കരം.

“കട്ടുനടക്കുംദുഷ്ടജനത്തിനു കിട്ടിയതെല്ലാംകൊള്ളാംതാനും.
തൂമ്പകിളച്ചുംചേമ്പുകൾനട്ടും തുവരകൾപിഴുതുംവാഴകൾവച്ചും
നമ്പൂരാരുടെപുറകേനടന്നിട്ടിമ്മിണിമുതലുനമുക്കുണ്ടായതു
പാടേകട്ടുമുടിച്ചെന്നാകിൽ പാളപിടിച്ചുനടക്കേയുള്ളു.
നെല്ലേതാനും പൊലികടമുള്ളതു മെല്ലാമിങ്ങുവശത്തായില്ല.
ഒരുമേനികളും പലമേനികളും സ്വരൂപിച്ചൊട്ടുകളത്തിലുമായി.
പലിശകൊടുപ്പാനുള്ളൊരുനെല്ലും പലതരമാക്കിയളന്നുംവച്ചു
ഇപ്പോൾനമ്മുടെവീട്ടിൽക്കള്ളനുകപ്പാൻനല്ലൊരുതരമായ്‍വന്നു.
ഏതാനുംചിലകാളകളുള്ളതു കള്ളനുകപ്പാൻവിരുതേറീടും
എള്ളുവിതച്ചിട്ടുള്ളതുമെല്ലാം കള്ളന്മാരുടെവായിൽതന്നേ.”സ്യമന്തകം

നായാട്ടായിരുന്നു നായരുടെ മറ്റൊരു തൊഴിൽ. അക്കാലത്തു് എല്ലാ ദേശങ്ങളിലും വലിയവലിയ വനങ്ങൾ ഉണ്ടായിരുന്നു.

നായാട്ടെന്നതു കേൾക്കുന്നേരം
നായന്മാർക്കതൊരുത്സവമല്ലോ…

പടയാളികൾ പൊതുവേ മാംസഭുക്കുകളായിരുന്നു. സദ്യയ്ക്കുകൂടി അവർക്കു മാംസക്കറികൾ ഉണ്ടാക്കിച്ചുകൊടുത്തു വന്നിരുന്നതായി തോന്നുന്നു.

അത്താഴത്തിനുനായന്മാർക്കു പുറത്തൊരുകൊട്ടിലിലിലവയ്ക്കേണം
മറ്റൊരുകൂട്ടംകറികൂടാതെ കൊറ്റിനുമോടിവരുത്തിക്കൂടാ
അതുകാട്ടിലുമുണ്ടുകടലിലുമുണ്ടക്കായലിലുണ്ടുകളത്തിലുമുണ്ടു്
കൂട്ടംനല്ക്കറികൂട്ടാഞ്ഞാലൊരു കൂട്ടക്കാർക്കുകണക്കിനുകൂടാ
സീതാസ്വയംവരം

വൈദ്യം, മന്ത്രവാദം, ജ്യോത്സ്യം ഇവ തൊഴിലായി സ്വീകരിച്ചിരുന്നവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഒന്നും പഠിക്കാതെ ഈ വേഷംകെട്ടി നടന്നിരുന്നവരെ നമ്പ്യാർ കഠിനമായീ ആക്ഷേപിച്ചുകാണുന്നു.

രസികന്മാരെന്നഭാവംനടിച്ചു സഞ്ചിയുമായി-
ട്ടസുരന്മാരെന്നപോലെ രോഗിവീട്ടിൽചെന്നുകൂടി
ഗുളികയും കഷായവുംകൊടുത്തു ചാക്കടുക്കുമ്പോൾ
കളവുവല്ലതും ചൊല്ലിത്തിരിക്കും വൈദ്യനിക്കാലം.പഞ്ചേന്ദ്രോപാഖ്യാനം

ചിലർ വല്ലതുമൊക്കെ വായിച്ചിരിക്കും; മനോധർമ്മം കാണുകയില്ലെന്നേയുള്ളു. അവർ,

കല്ക്കത്തിനുംകഷായത്തിനും കാനനേ
നില്ക്കുന്നവേരുകളൊക്കെപ്പറിപ്പിച്ചു
തക്കത്തിലെണ്ണയും നെയ്യുംപൊടികളും
മിക്കവാറും തന്റെപുസ്തകത്തിൽകണ്ട-
തൊക്കെപ്രയോഗിച്ചു പട്ടുംപണങ്ങളും

വാങ്ങിക്കൊണ്ടു കടക്കുമായിരുന്നു. ‘ജാതകംനോക്കി കൈതവംപറയുന്ന’ ജ്യോത്സ്യന്മാരോടും ദുർമ്മന്ത്രവാദികളോടും നമ്പ്യാർക്കു വലിയ പുച്ഛമായിരുന്നു. ഒരു ഗണിതക്കാരൻ നംപൂരിയെ കവി വർണ്ണിച്ചിരിക്കുന്നതു നോക്കുക.

“ചാലേകവടിയെടുക്കുന്നവരതിനാലേ ഗണകരുമെന്നുവരാമോ
ധാർഷ്ട്യംകാട്ടുകയെന്നതൊഴിഞ്ഞൊരു കൂട്ടം പോലുമവന്നറിവില്ല
പാട്ടുകൾകൊണ്ടുപണം പലരോടും തട്ടുകയാണവനുള്ളൊരുവിദ്യ
ജാതകഫലമവനിന്നുപറഞ്ഞതു യാതൊന്നുംനേരല്ലറിയേണം”ചന്ദ്രാംഗദചരിതം
“ജ്യോതിഷക്കാരനും മന്ത്രവാദിക്കുമച്ചാതുര്യമേറുന്നവൈദ്യനുംവേശ്യയ്ക്കും
ഏതുംമടിക്കാതെവേണ്ടതുനൽകുവാൻഭൂതലവാസികൾക്കില്ലൊരുസംശയംധ്രുവചരിതം

അക്കാലത്തേ ഭരണരീതി തുള്ളലുകളിൽ നല്ലപോലെ പ്രതിഫലിച്ചു കാണുന്നുണ്ടു്. ആരെങ്കിലും കാര്യക്കാർക്കോ മറ്റോ അപ്രീതി ജനിപ്പിച്ചാൽ, സർക്കാരിൽനിന്നു അയാളുടെ വസ്തു വില്ക്കുക സാധാരണമായിരുന്നു.

കല്പിച്ചതിലൊരുപത്തുമടങ്ങുകവിഞ്ഞുനടക്കും കാര്യക്കാരും
വമ്പുപറഞ്ഞുപിടിച്ചുപറിച്ചുത—രിമ്പുമടിക്കാതൊരുസാധുവൊട-
അമ്പതുരാശിപിടിച്ചുപറിച്ചതി—ലൊമ്പതുരാശിനൃപന്നുകൊടുക്കും;
ഇത്ഥംനൃപനൊടുഭോഷ്കറിയിക്കും ശുദ്ധൻ നൃപനതുബോധിച്ചീടും;
രണ്ടുജനങ്ങളുതമ്മിൽക്കാര്യം കൊണ്ടുവിവാദിച്ചരമനപുക്കാൽ
രണ്ടുജനത്തിനുമരചനെയെത്തി—ക്കണ്ടറിയിപ്പാൻസംഗതികൂടാ.
കാര്യക്കാരുടെമുമ്പിൽച്ചെന്നവർ കാര്യമതെല്ലാമങ്ങറിയിച്ചു;
കയ്ക്കാണത്തിനുകുറവുവരുമ്പോൾ—വക്കാണത്തിനുവട്ടംകൂട്ടും;
നേരല്ലാത്തോൻകാര്യക്കാരനു—പേരുംദ്രവ്യമെടുത്തുകൊടുത്താൽ
നേരുള്ളവനെശഠനെന്നുള്ളൊരു പേരുംനൽകിപിഴുകിയയയ്ക്കും
അക്കഥയൊന്നും നൃപനെബോധിപ്പിക്കയുമില്ലവനങ്ങനെചട്ടം

ഏതെങ്കിലും കാര്യത്തെസംബന്ധിച്ചു വിവാദം ഉണ്ടായാൽ രണ്ടുപേർക്കും രാജാവിനെ കാണ്മാൻ സംഗതിവരാറില്ലായിരുന്നെന്നും കാര്യക്കാർ പലപ്പൊഴും കോഴവാങ്ങിക്കൊണ്ടു് അപരാധിയെ നിരപരാധിയാക്കി വിട്ടിട്ടു നിരപരാധിയെ ശിക്ഷിക്കാറുണ്ടായിരുന്നെന്നും ഇതിൽനിന്നു വിശദമാകുന്നില്ലേ? വസ്തു കണ്ടുകെട്ടാൻ രാജാവിനേ അധികാരമുണ്ടായിരുന്നുള്ളുവെങ്കിലും കാര്യക്കാരന്മാർ രാജാവിനെ തെറ്റിധരിപ്പിച്ചു രാജകല്പന വാങ്ങുക പതിവായിരുന്നു. ഇതിനു വസ്തുവില്ക്കുക എന്നുപേരു്. സത്യാസ്വയംവരത്തിനു അനേകം രാജാക്കന്മാർ വന്നിരുന്നു. അവരേ മുന്നിട്ടു് ഒരു വിപ്രൻ പറയുന്നു;-

“കണ്ടുരസിച്ചുനമുക്കുവസിക്കാം
കണ്ടാൽപറവാൻകുറവില്ലെന്നുടെ
കണ്ടമിവർക്കുവിലക്കിക്കൂടാ”

രാജാക്കന്മാർക്കു സ്ഥിരസൈന്യം ഉണ്ടായിരുന്നില്ലെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. കാര്യക്കാരന്മാർ സേനാപതികൾ കൂടെയായിരുന്നു. യജമാനന്മാർ ആഞ്ഞൂറും ആയിരവും ഒക്കേ ഭടന്മാരെ യുദ്ധത്തിനു ഒരുക്കികൊണ്ടുവരാൻ ചുമതലപ്പെട്ടിരുന്നു. ഈ യജമാനന്മാർക്കു അതിലേക്കു വസ്തുവകകളും വിട്ടുകൊടുത്തുവന്നു. ഭടന്മാർക്കും ശമ്പളമുണ്ടായിരുന്നില്ല. നിലവും പുരയിടങ്ങളും അവർക്കും വിട്ടു കൊടുത്തിരുന്നു. യജമാനന്മാർ കളരികൾകെട്ടി നായന്മാരെയും മറ്റും വെട്ടും തടയും, ഓതിര കടകം മുതലായ അടവുകളും പഠിപ്പിച്ചു വന്നു കാലക്രമേണ യജമാനന്മാർ സൈന്യസജ്ജീകരണത്തിൽ അനാസ്ഥ കാണിച്ചുതുടങ്ങി. അവർ തന്റെ കീഴിലുള്ള ഭടന്മാരെ രക്ഷിക്കുന്ന വിഷയത്തിലും ഉദാസീനരായി അങ്ങനെയുള്ള നിന്ദ്യന്മാരായ യജമാനന്മാരെയാണു നമ്പ്യാർ നളചരിതത്തിൽ ഇപ്രകാരം അധിക്ഷേപിച്ചിരിക്കുന്നതു്.

“യജമാനന്നുപിശുക്കുണ്ടായാൽ പ്രജകൾപൊറുപ്പാനെളുതല്ലേതും;
സ്വജനങ്ങൾക്കുകൊടുത്തതുകൊണ്ടും സുജനങ്ങൾക്കിഹമതിയാകില്ല;
കൂറുള്ളവരെവിളിച്ചുവരുത്തിച്ചോറുകൊടുത്തുപുലർത്തീടുകയും
വേറുതിരിക്കയുമന്യജനത്തൊടു മാറീടുകയുംചിലവിദ്വാന്മാ-
രോടുകടന്നൊരുസൂയാദികളും കേടുവരുന്നോർക്കനുഭാവതയും”

അവരിൽ ചിലർക്കു പതിവായിരുന്നത്രേ.

യുദ്ധസാമഗ്രികളിൽ വില്ലു്, അമ്പു്, വാളു്, ചരിച, കുന്തം, കർക്കട, കടുത്തില, മുസൃണ്ഠി, വേലു്, വടി മുതലായവ പ്രധാനമായിരുന്നെങ്കിലും തോക്കുകളും പ്രചാരത്തിൽ വന്നുകഴിഞ്ഞു. പടയ്ക്കു പോകുമ്പോൾ, തകിൽ, പടഹം, മുരശു, തമ്പേർ കുഴൽ, കൊമ്പു്, ലന്തക്കുഴൽ ഈ സാമഗ്രികളും അപരിത്യാജ്യമായിരുന്നു.

വാളുംപരിചയും വില്ലുംശരങ്ങളും
നീളംപെരുത്ത ചവളങ്ങളുംഭിണ്ഡി-
പാലങ്ങളും കത്തിവാളുംകടുത്തില
ശൂലങ്ങളും മുസലങ്ങളുംമുൾത്തടി
വേലുംചുരികയും കുന്തങ്ങളന്നീട്ടു
കോലുംപരിഘം മുസൃണ്ഠിചക്രങ്ങളും
ഈട്ടിയുംതോട്ടിയും ചാട്ടുകുന്തങ്ങളും
ചാട്ടകോലൊറ്റവാളുരുഖഡ്ഗങ്ങളും
ലന്തക്കുഴൽകൾ പറങ്കിക്കുഴൽകളും
ചന്തത്തിലുള്ളകറും കുഴൽതോക്കുകൾ
കർക്കടികല്ലുംകവിണയുമായുധ-
മൊക്കവേ കൊണ്ടുതുടങ്ങി മഹാരണം. ഹരിണീസ്വയംവരം

അക്കാലത്തെ ശിക്ഷകൾ കുറേ കഠിനങ്ങളായിരുന്നു. മോഷണക്കാർക്കുപോലും വധശിക്ഷ വിധിക്കാറുണ്ടായിരുന്നത്രേ. ഭടന്മാർതന്നെ ആദ്യം അവനെ ‘എല്ലുനുറുങ്ങെത്തല്ലുകയും’ ‘പല്ലുകൾതച്ചു തകർക്കയും’ ചെയ്തശേഷമാണു് രാജസന്നിധിയിൽ ഹാജരാക്കാറുണ്ടായിരുന്നതു്.

“ചോരന്മാരെക്കഴുവേറ്റാനുടനാരച്ചാരിൽ കയ്യാളിപ്പാൻ
പാരാതിങ്ങിനെകല്പിച്ചു നൃപനാരോഹണവുംതീർത്തുഭടന്മാർ”
ശീലാവതിചരിതം

തെളിവുശേഖരിക്കുന്ന ഏർപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല. മോഷ്ടാക്കളേ പിടിക്കാൻ ചുമതലപ്പെട്ടവർ അവരുടെ ജോലിയിൽ അമാന്തംകാണിച്ചാൽ,

‘അഷ്ടിമുടക്കുംചന്ദ്രക്കാരൻ വീട്ടിലുമുള്ളതു കത്തിക്കവരും’

അതുകൊണ്ടു് തസ്കരന്മാരെ പിടികിട്ടാതെ വരുന്നപക്ഷം അവർ ആരെയെങ്കിലും പിടിച്ചുകൊണ്ടു് ഹാജരാക്കാറുണ്ടായിരുന്നത്രേ.

സർക്കാരുദ്യോഗസ്ഥന്മാരിൽ പലരും സ്വാർത്ഥതൽപരന്മാരായി ജനപീഡനം ചെയ്തുവന്നു.

രാജകാര്യങ്ങളെക്ലേശിക്കയെന്നൊരു
വ്യാജംനടിച്ചു സമസ്തസാധുക്കളെ
തേജോവധംചെയ്തു വിത്തമാർജ്ജിച്ചുകൊ-
ണ്ടാജീവനാന്തം ഭ്രമിക്കുന്നിതുചിലർ

രാജസേവയേപ്പറ്റി നമ്പ്യാർക്കു ബഹുപുച്ഛമായിരുന്നു എന്നു തോന്നുന്നു. പലേസ്ഥലങ്ങളിൽ രാജസേവകന്മാരെ കഠിനമായി ആക്ഷേപിച്ചു കാണുന്നുണ്ടു്.

VIII

നമ്പ്യാരുടെ വർണ്ണനകൾക്കുള്ള പ്രധാന ഗുണങ്ങൾ അവയിൽ സർവത്ര വ്യാപിച്ചിരിക്കുന്ന ഫലിതവും, വാസ്തവികത്വവും ആകുന്നു. ഫലിതം എന്നതു് പരിഹാസമാണെന്നു പലരും തെറ്റിദ്ധരിച്ചുട്ടുണ്ടു്. അതു ശരിയല്ല. പരസ്പരം യാതൊരു സംബന്ധവും ഇല്ലാത്ത വസ്തുക്കളിൽ കവിയുടെ ഭാവനാശക്തി ചില സംബന്ധങ്ങളെ ദർശിക്കുന്നു; അയാൾ അവയെ നമുക്കെല്ലാവർക്കും സുഗ്രഹമായവിധത്തിൽ വാഗ്രൂപേണ പ്രത്യക്ഷപ്പെടുത്തിത്തരുന്നു. ഇങ്ങനെ അപ്രതീക്ഷിതമായവിധത്തിൽ “സംബന്ധമില്ലാത്തവതമ്മിൽ സംബന്ധം ഉത്ഭാവനം ചെയ്യു”ന്നതാണു് ഫലിതം. അതും വെറും നേരംപോക്കല്ല. പരിഹാസവുമല്ല. നമ്പ്യാരുടെ ഫലിതങ്ങൾക്കു പലേ ഉദാഹരണങ്ങൾ മുമ്പു് എടുത്തുകാണിച്ചുിട്ടുണ്ടു്.

ഐരാവതപൂജയിൽ പാർത്ഥശിലീമുഖങ്ങൾ പാഞ്ഞുവരുന്നതു കണ്ടിട്ടു് ദേവസ്ത്രീകൾ ഓടിത്തുടങ്ങി. രംഭയ്ക്കു് ആ അവസരത്തിൽ “ഒരമിളിപിണഞ്ഞു”വത്രെ.

“കുംഭീശ്വരകരഡംഭപ്രതിമസുസംഭോഗോരുഗഭീരനിതംബാ-
ഡംബരസംവൃതഭാരംകൊണ്ടും കുംഭസ്തനയുഗളങ്ങളുതങ്ങടെ
സംഭാരങ്ങടെ ഭാരംകൊണ്ടും കമ്പപ്പെട്ടു വിറച്ചുവിറച്ചവൾ
കുംഭീശ്വരഗമനാപായുമ്പോൾ”

അവൾ കല്ലിൽത്തട്ടി മറിഞ്ഞുവീണു, അപ്പോൾ,

പല്ലൊന്നും പോയീലവൾ തന്നുടെ പല്ലവതുല്യാധരമതസാരം
എല്ലാവരെയും ചുംബിച്ചിട്ടവൾ പൊല്ലാതുള്ള തഴമ്പുകളപ്പോൾ
നല്ലതുപല്ലിനുനല്കിയമൂലം മെല്ലേമാനിച്ചുപല്ലതിനെ
എന്നുപമിക്കാമവൾവീണപ്പോൾ തന്നുടെപല്ലുകിറിക്കിണകണ്ടാൽ

ഒരു സംഗതി സഭ്യമോ അസഭ്യമോ എന്നു നിർണ്ണയിക്കേണ്ടതു് അന്നത്തേ തോതുവച്ചു നോക്കീട്ടായിരിക്കണം. ഇന്നു് അസഭ്യമായി നാം വിചാരിക്കുന്ന പല വാക്കുകളും ആശയങ്ങളും നമ്പ്യാരുടെ കാലത്തു് സഭ്യമായി ഗണിക്കപ്പെട്ടുപോന്നിരുന്നു. നമ്പ്യാരുടെ സന്മാർഗ്ഗബോധം അത്യുച്ചസ്ഥിതിയിലാണിരുന്നതു്. ഈ വിഷയത്തെപ്പറ്റി മി: പി. കെ. നാരായണപിള്ള പറഞ്ഞിട്ടുള്ള വാക്കുകൾ ഇവിടെ ഉദ്ധരിക്കാം. “ജനസമുദായാവസ്ഥയെ കൂലംകഷമായി പ്രതിഫലിപ്പിക്കാൻ ശ്രമിച്ചതിൽ ഇതു ഹേതുവായിട്ടു നമ്പ്യാരുടെ കവിതയിൽ പല ഭാഗങ്ങൾ ഇപ്പോൾ അസഭ്യങ്ങളായി തീർന്നിട്ടുണ്ടു്. എന്നാൽ അതു പരിഹാസാസികനായ കവിയുടെ അപരാധമല്ലെന്നുള്ളതു് ഇംഗ്ലീഷിൽ ബൈറന്റെ ഡാണ്‍ ജുവാൻ മുതലായ കൃതികൾ വായിച്ചിട്ടുള്ളവരോടു് പ്രത്യേകം പറയേണ്ടതില്ല. സഭ്യതയ്ക്കു ഹാനികരമായ സംഗതികൾ വർണ്ണിക്കുന്നതിൽ അസാമാന്യമായ വൈമനസ്യം കവിയ്ക്കുണ്ടായിരുന്നു എന്നുള്ളതും പ്രസ്താവയോഗ്യമാകുന്നു. കീചകവധത്തിൽ കീചകൻ പാഞ്ചാലിയാൽ നിർദ്ദിഷ്ടമായ സങ്കേതരംഗത്തിൽ പ്രവേശിച്ചതിൽപിന്നെയുള്ള കഥയേപ്പറ്റി കവി പറയുന്നു:-

“ഭോഷമായ ശകുനത്തെ ശകലം ഗണ്യമാക്കാതെ
ശേഷമുള്ള വഴിതപ്പി നടന്നു കൂത്തരങ്ങെത്തി
ശേഷമുള്ള കഥയൊന്നു വിസ്തരിച്ചു പറയുമ്പോൾ
ദൂഷണം വന്നിടുമെന്നു ശങ്കകൊണ്ടു ചുരുക്കുന്നു”

ഇങ്ങനെ സന്മാർഗ്ഗബുദ്ധികൊണ്ടു കവി നിബദ്ധനായിക്കാണുന്നു.

മറ്റൊരു സംഗതി ഓർക്കാനുള്ളതു് ‘നമ്പ്യാരുടെ തുള്ളലുകൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പല കൃതികളിലും തുള്ളൽക്കാർ ഗ്രാമ്യജനങ്ങളുടെ പ്രീത്യർത്ഥം വല്ലവരേയുംകൊണ്ടു് എഴുതിച്ചു ചേർത്തിട്ടുള്ള പല അംശങ്ങളും ഉണ്ടെന്നുള്ളതാണു്. ഇതു തെളിയിപ്പാൻ പ്രയാസമുള്ള കാര്യമല്ല. ഇവരെയൊക്കെ ഓരോരോ ഘട്ടങ്ങളിൽ അദ്ദേഹം ചിത്രണം ചെയ്തിട്ടുണ്ടു്. ഒരു നല്ല മനുഷ്യനായാൽ എന്തെല്ലാം വേണമെന്നു താഴെ പറയുന്ന വരികളിൽ സൂചിപ്പിച്ചിരിക്കുന്നു.

മനമതിൽ നല്ലൊരടക്കംവേണം
കനിവൊടുചേർന്നമിടുക്കുംവേണം ധനികളിലൊട്ടുവണക്കംവേണം
കനിവൊടുതമ്മിലിണക്കംവേണം സരസതവേണംധീരതവേണം
തരസാസമയോചിതവുംവേണം കളമൊഴിമാരെത്തേടിനടന്നൊരു
കളിചിരിജളതതുടങ്ങുന്നവനെ കളവാൻകറവില്ലെന്നതുമറിക.

ഒരു മാതൃകാരാജ്യം എങ്ങനെ ഇരിക്കണമെന്നു് ഉലകുടപെരുമാളുടെ ഭരണകാലത്തെ ഉജ്ജ്വലവർണ്ണങ്ങളിൽ ചിത്രണംചെയ്തു് കവി നമുക്കു കാണിച്ചിരിക്കുന്നു. ഇപ്രകാരം നോക്കിയാൽ നമ്പ്യാരുടെ വിമർശനം വിധ്വംസകം മാത്രമല്ല, വിനിർമ്മാതൃകംകൂടി ആയിരുന്നെന്നു തെളിയുന്നു.

പി. കെ. നാരായണപിള്ള അവർകളുടെ വാക്കുകളെത്തന്നെ ഉദ്ധരിച്ചുകൊണ്ടു് നമുക്കു വിഷയാന്തരത്തിലേക്കു കടക്കാം.

“സമുദായത്തെ, വിശിഷ്യ അതിലുള്ള ചെണ്ടക്കാരെയും തണ്ടുതപ്പികളേയും തൊണ്ടന്മാരെയും പോറകളേയും മാറ്റികളേയും മരഞ്ചാടികളേയും രസികന്മാരെയും പാഴന്മാരെയും കുഴിയന്മാരെയും തുടതുള്ളുന്നവരെയും ആണത്തമില്ലാത്തവരേയും ദുഷ്കവികണ്ടകന്മാരെയും അശാന്തമായ പുച്ഛരസത്തോടെ കടാക്ഷിച്ചുകൊണ്ടു നില്ക്കുന്ന ഊർജ്ജിതാശയനായ കവി തുള്ളൽക്കഥകളിൽ നിന്നുകൊണ്ടു് ഒന്നരശതവർഷകാലമാകുന്ന യവനികയുടെ ഇടയിൽകൂടി നമ്മെ നോക്കുന്നതുപോലെ തോന്നുന്നു.”

നമ്പ്യാർക്കു് സഭ്യേതരമായ വിഷയങ്ങളെപ്പറ്റി സംസാരിക്കാൻ മടിയില്ലെന്നു ചില സരസന്മാർ പറഞ്ഞിരിക്കുന്നതു ശരിയല്ല. നമ്പ്യാരുടെ കഠിനമായ വിമർശനത്തിനു പാത്രമായവർ നീതിവിട്ടുനടക്കുന്നവർ, കൃതഘ്നന്മാർ, ആചാരവികലന്മാർ, അലസന്മാർ, തണ്ടന്മാർ, രസികക്കുട്ടന്മാർ, വിശ്വാസഘാതകന്മാർ മുതലായവർ മാത്രമാണു്. ചുരുക്കിപ്പറഞ്ഞാൽ,

“ഇങ്ങൊരുകൂട്ടം വന്നുരചെയ്യു-
മങ്ങുരചെയ്യും മറ്റൊരുകൂട്ടം
ഇരുവരുതമ്മിൽ കടിപിടികൂട്ടി
പരിചൊടുകണ്ടു രസിക്കു”ന്നവരായ ഏഷണിക്കാരേയും

“ചോറുകൊടുത്തൊരുകയ്ക്കു കടിക്കു”ന്നോരായ കൃതഘ്നരേയും ‘സന്ധിച്ചവനെത്തന്നെപിടിച്ചഥ ബന്ധിപ്പാനായ് നോക്കുന്ന വിശ്വാസഘാതകന്മാരെയും പടയെന്നുകേൾക്കുമ്പോൾ ‘പടലിൽച്ചാടിയൊളിച്ചുകിടക്കു’ന്ന ഭീരുക്കളേയും ‘ഭടത്വം പറഞ്ഞു’ നടക്കുന്നവരേയും ‘രണ്ടാംവാക്കിനു കേറിയടിക്കു’ന്ന അടക്കമില്ലാത്തവരേയും ‘കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാം എണ്ണിക്കൊണ്ടുദുഷിച്ചു’ നടക്കുന്നവരേയും ‘ഭക്ഷണത്തിനുവക’യില്ലാതെയും ‘വിരുന്നുചോറെങ്ങുമില്ലാ’തെയും ഇരന്നു നടക്കുന്നവരേയും “ചാരുശൃംഗാരിയായ് തന്റെ കളത്രത്തെ ഫലിപ്പിപ്പാൻ” വേണ്ടി ഞെളിഞ്ഞുകൊണ്ടിരിക്കുന്ന പടുവങ്കന്മാരെയും “കള്ളുകുടിപ്പാനല്ലാതൊന്നിനും കൊള്ളരുതാത്ത” ജളന്മാരെയും തള്ളമാരെപ്പൊറുപ്പിക്കാതുള്ള കശ്മലന്മാരെയും “നെല്ലുകൊടുത്തു കറുപ്പുംതിന്നൊരു കല്ലുകണക്കു കുത്തിയിരിക്കും” പൊണ്ണന്മാരെയും “കണ്ടഗൃഹത്തിൽ കലവും തവിയും കേറിയെടുക്കും അക്രമി”കളേയും അല്ലാതെ മറ്റാരെയും അദ്ദേഹം ദുഷിച്ചിട്ടില്ല.

അദ്ദേഹത്തിന്റെ വിമർശനങ്ങൾ കേവലം വിദ്ധ്വംസകമായിരുന്നെങ്കിൽ അദ്ദേഹത്തിനെ മനുഷ്യവിദ്വേഷി എന്നു പറയാമായിരുന്നു. ഉത്തമനായ രാജാവു്, ഉത്തമനായ പിതാവു് ഉത്തമനായ ഭടൻ, ഉത്തമനായ കൃഷിവലൻ, ഉത്തമപത്നി ഇവരെ ഒക്കെ കവി അവിടവിടെ ചിത്രണം ചെയ്തിരിക്കുന്നതു നോക്കുക.

“അതിയായിട്ടൊരുവീടുപുലർത്താൻ മതിയായിട്ടൊരുനായരെനിർത്താൻ
അമ്മയ്ക്കാഗ്രഹമുണ്ടായപ്പോൾ അമ്മാവിക്കതു സമ്മതമല്ല
അമ്മാവന്റെ മനസ്സുമറിപ്പാൻ അമ്മാപാപിക്കെത്രവിശേഷം
വല്ലാതൊരു ഭോഷച്ചാർ നമ്മെ ഇല്ലത്തേക്കും കൊണ്ടുതിരിച്ചാൻ
നെല്ലുകൊടുത്തു കറുപ്പും തിന്നൊരു കല്ലുകണക്കിനുകുത്തിയിരിക്കും
കണ്ണുതുറക്കെന്നുള്ളതുമില്ലിപ്പൊണ്ണച്ചാർക്കൊരു ബോധവുമില്ലാ
കിണ്ണംകിണ്ടിയുമിത്യാദികളിലൊരെണ്ണം കണികാണ്മാനില്ലാതായ്”ഘോഷയാത്ര

ഇങ്ങനെ നോക്കിയാൽ നമ്പ്യാരുടെ തുള്ളലുകളിൽ അക്കാലത്തെ പരിതഃസ്ഥിതികൾ നല്ലപോലെ പ്രതിഫലിച്ചിരിക്കുന്നുവെന്നു കാണാം. എല്ലാം വിവരിക്കുന്നതിനു സ്ഥലം അനുവദിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിനു ഏതെങ്കിലും വ്യക്തിയോടോ സമുദായത്തോടോ വിദ്വേഷമുണ്ടായിരുന്നു എന്നു പറയുന്നതു ശരിയല്ല. ഒന്നാമതായി കവി നേരിട്ടു് സാമുദായികകാര്യങ്ങളെപ്പറ്റി വിമർശിക്കുന്നില്ലെന്നു നാം ഓർക്കേണ്ടതാണു്. ഭടജനങ്ങളോ അല്ലാത്തവരോ ആയി നാലഞ്ചുപേർ കൂടുമ്പോൾ പ്രാസംഗികമായി ഓരോ സംഗതികളെപ്പറ്റി വിമർശിക്കുന്നതായിക്കാണുന്നു. ആ അഭിപ്രായങ്ങൾ ശരിയോ തെറ്റോ എന്നു് കവി പറയുന്നുമില്ല. ഓരോ പാത്രവും അവന്റെ നിലയ്ക്കും വിലയ്ക്കും അനുസരിച്ച രീതിയിലും ഭാഷയിലും ആണു് സംസാരിക്കുന്നതും. ആ വാക്കുകളിൽ പല പരമാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു എന്നു വരാം.

അമ്മാത്രം ചില തീർപ്പാനും
അമ്മുതലെല്ലാം ചിലവിട്ടിപ്പോൾ
ഉമ്മാനും വകയില്ലാതാക്കി
അമ്മാപാപി കടംകൊണ്ടതുമിഹ
നമ്മാലോർത്താൽ പോക്കുകവിഷമം.നളചരിതം

അമ്മായിമാരെയും മക്കളെയും വീട്ടിൽവരുത്തി പാർപ്പിക്കയായിരുന്നല്ലോ പതിവു്.

നമ്മുടെവീട്ടിൽപണ്ടൊരുമാതാവമ്മാത്രംമുതൽതേടിയതെല്ലാം
അമ്മാവിക്കുകൊടുത്തുകൊടുത്തുടനമ്മാവൻതാനൊക്കെമുടിച്ചു
അമ്മാമക്കളൊരഞ്ചെട്ടുണ്ടവരുമ്മാനല്ലാതൊന്നിനുപോരാ.
അമ്മാപാപികൾ രാവുംപകലും ഉമ്മാനിലയുംവച്ചു നിരക്കേ
കോലെറയത്തുമടുക്കളയിലുമൊരു കോലാഹലമേ കേൾക്കാനുള്ളു
ചോറുവിളമ്പെടി കോതേചിരുതേ മോരുവിളമ്പെടി മാധവിനിങ്ങടെ
വെയ്പെല്ലാംചിതമയ്യോ കറികളിലുപ്പും മുളകും ചേർത്തിട്ടില്ലാ
കയ്പുണ്യംചിത!മെരുപുളിയെങ്ങനെ കയ്പുണ്ടാവാൻ സംഗതിവന്നു
കട്ടികളിങ്ങനെപിശകിപ്പിശകി കിട്ടിയതൊന്നും മതിയില്ലിനിയും
ചട്ടിയിലുള്ളൊരു ചോറുംകറിയും കൊട്ടിവിളമ്പണമല്ലെന്നാകിൽ
പട്ടികൾപോലവർ പാഞ്ഞുകരേറിച്ചട്ടികലങ്ങളുടപ്പാനുംമതി
മുട്ടിനമുക്കു മനസ്സും പലപല മുട്ടികണക്കിനുതിന്നു തടിച്ചൊരു
കൂട്ടക്കാരുടെമൂലംനമ്മുടെ വീട്ടിലിരുന്നു പൊറുപ്പാൻമേലാ
ചേട്ടക്കാർക്കരിവച്ചുവിളമ്പിച്ചേട്ടത്തിക്കുമിനിക്കുംഭാരം
കോട്ടമൊരിക്കൽ കഞ്ഞികുടിപ്പാൻ കൂടുകയില്ലൊരുനേരംപോലും
സീതാസ്വയംവരം

വിവാഹബന്ധത്തിന്റെ ശൈഥില്യംനിമിത്തം ഉണ്ടായ ദോഷങ്ങളെയും നമ്പ്യാർ അതിസരസമായി ചിത്രണം ചെയ്തിട്ടുണ്ടു്.

“മാക്കോച്ചാരുടെമകളൊടുകൂടെ
കാക്കാനായരുചേർച്ചതുടങ്ങീ”ട്ടു

പത്തുപണത്തിനു പാതിപ്പുടവയെടുത്തു കൊടുത്തു പടയ്ക്കുപോയതും പട്ടരച്ചൻവന്നു പാടുകിടന്നതും “കൊച്ചനുജത്തിയൊളിച്ചു പതുക്കെ കച്ചയെടുത്തു പുതച്ചും കൊണ്ടു് താച്ചൻനായരെ മുന്നിൽ നടത്തി” കാഴ്ചകാണാൻ തിരിച്ചതും ഒരുദിക്കിൽ വർണ്ണിച്ചിരിക്കുന്നു.

കാണിനേരമിളക്കിലഗ്ഗുരുതാഡനങ്ങൾകൊടുക്കയും
ഇങ്ങനെ ഒരു ശിഷ്യനും ഗുരുവും പെരുത്തൊരുകൈതവാലങ്ങുവാണു…
ത്രിപുരദഹനം

ആയുധവിദ്യയ്ക്കുള്ള പ്രാധാന്യം നശിച്ചിരുന്നില്ലെങ്കിലും “വായനകൊണ്ടേ ഫലിപ്പൂ”വിക്കാലമെന്നുള്ള വിശ്വാസം ക്രമേണവ്യാപിച്ചു തുടങ്ങിയതിനാൽ കളരികെട്ടി അക്ഷരാഭ്യാസം ചെയ്യിച്ചു വന്ന ആശാന്മാർ ഓരോ ദേശത്തുമുണ്ടായിരുന്നു. കന്യകയ്ക്കു വരനായ്‍ വരുന്നതിനു എങ്ങനെയുള്ള ഒരുവനാണു് വേണ്ടതെന്നു കുണ്ഡിനപതി പറയുന്നതുനോക്കുക.

“ജാതിശ്രേഷ്ഠതമുമ്പിൽവരേണം ജാതിഗുണങ്ങളിണങ്ങീടേണം
ശില്പവിധങ്ങളിൽനിപുണതവേണം കല്പനതങ്കലുറപ്പുംവേണം
കണ്ടാൽനല്ലൊരുരൂപഗുണംപുനരുണ്ടായ്‍വരികയവശ്യാവശ്യം
ധനസമ്പത്തും ഗുണസമ്പത്തും ജനസമ്പത്തും ജയസമ്പത്തും
കനിവേറീടിനശാസ്ത്രജ്ഞാനവുമനുപമമായുധവിദ്യാവിധവും
കനിയുംകാന്തിയുമതിസരസത്വവുമിനിയും പലഗുണമുണ്ടായ്‍വരണം
കീർത്തികൾവേണംകുശലതവേണം പൂർത്തികൾവേണം പൂജ്യതവേണം
ശത്രുജനത്തെയമർപ്പാനുള്ളൊരു ശക്തിവിശേഷിച്ചുണ്ടായ്‍വരണം
നാടകകാവ്യപുരാണാഭികളിൽ പാടവമവനുണ്ടായിവരേണം
തർക്കവ്യാകരണാദികളിൽപടു കർക്കശബുദ്ധിവിചാരംവേണം
കവിതകൾകേൾക്കുന്നേരം തന്നെ കവിയുമ്മാറാനന്ദംവേണം
കവിടിക്രിയയിൽവിദഗ്ദ്ധതവേണം കവിയണമീവകമറ്റുള്ളവരും
സംഗീതംപുനരധികംവേണം ഭംഗിയിലോരോകുശലതവേണം
വൈദ്യംവേണം ഗണിതംവേണം വൈദികവിധിബഹുമാനിക്കേണം”

വിദ്യാഭ്യാസ വിഷയത്തിൽ നമ്പ്യാർക്കുണ്ടായിരുന്ന ആദർശം ഇവിടെ സ്പഷ്ടമാക്കിയിട്ടുണ്ടു്.

മരുമക്കത്തായം കൊണ്ടുള്ള ദോഷങ്ങൾ അതിനു പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.

നമ്മുടെ വീട്ടിൽ പത്തുപണത്തിനു ചൊവ്വുള്ളതുമില്ലൊക്കെനശിച്ചു
അമ്മമരിച്ചേപ്പിന്നെകാര്യമമ്മാവൻക്ലേശിച്ചുതുടങ്ങി
അമ്മായിക്കുംമക്കൾക്കുംപുന രുമ്മാനുമുടുപ്പാനും വെറ്റില-
തിമ്മാനുംതേപ്പാനും. പുനരങ്ങനെയുള്ളവരെല്ലാം വിരവിനൊ-
ടങ്ങൊരുനാട്ടിൽമാറിക്കൊൾവിൻ തങ്ങടെകോപ്പുകൾപാത്രങ്ങളുമിവ
തങ്ങടെ കൈക്കലിരിക്കേവേണ്ടു നമ്മുടെവീട്ടിൽകിണ്ടികൾനാലും
നാല്പതുനാഴിച്ചെമ്പുംപോയി നമ്മുടെയില്ലത്താത്തന്മാരുടെ
ചിറ്റുംചെറുതാലികളുംപോയി ഇല്ലത്തമ്പതുഗ്രന്ഥംപോയി
നെല്ലുകിടന്നതശേഷംപോയി എന്നുടെവീട്ടിലൊരോട്ടക്കിണ്ടിയു-
മൊന്നരവയ്ക്കുംകലവുംപോയി അയ്യോനമ്മുടെകന്നുകളോടും
പയ്യൊരുപത്തുമതൊക്കെപ്പോയി അപ്പംവിറ്റുംശർക്കരവിറ്റും
അപ്പനൊരല്പംമുതലുണ്ടാക്കിയതിപ്പോൾനമ്മുടെനിർഭാഗ്യതകൊ-
ണ്ടെപ്പേരുംപടതന്നിൽനശിച്ചു. ചിരുതപ്പെണ്ണവൾമിന്നുമിഴുക്കും
കരുതിപ്പോകാഞ്ഞിട്ടുകളഞ്ഞു ഇളയിച്ചിക്കുള്ളാഭരണത്തെ-
ക്കളയിച്ചതുമപ്പട്ടരുതന്നെ കോതപ്പെണ്ണിനു കാതിലപോയി
നീലിപ്പെണ്ണിനുതാലികൾപോയിപ്രദോഷമാഹാത്മ്യം

വിദ്യാഭ്യാസം സാധാരണ ജനങ്ങളുടെ ഇടയിലും പ്രചരിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഭടജനങ്ങളിൽ അധികഭാഗത്തിനും അക്ഷരവിദ്യ വശമായിരുന്നില്ല. പ്രഭുജനങ്ങൾക്കു ഉയർന്നതരം വിദ്യാഭ്യാസം കൂടിയേതീരു എന്നാണു വച്ചിരുന്നതു്. ഗുരു ശിഷ്യനു ഉപദേശിക്കുന്ന രീതിയെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

ഗ്രന്ഥമൊന്നുകരത്തിലാക്കിയഴിച്ചുനോക്കിയിരിക്കയും
എന്തിനിങ്ങനെവായനയ്ക്കുനടപ്പുമില്ലനിനക്കെടോ
ചിന്തയില്ലപഠിച്ചീലെങ്കിലടിക്കുമെന്നൊരുഭാവവും
വീണയങ്ങരികത്തുവച്ചുപഠിച്ചുമൊട്ടുനടിക്കയും
ചുങ്കസ്ഥലങ്ങളിൽചെന്നുപഥികരെ
കിങ്കരന്മാർകളെക്കൊണ്ടുമറിപ്പിച്ചു
സങ്കടപ്പെട്ടുകിട്ടുന്നപണംകൊണ്ടു
മങ്കമാർവീടുപുലർത്തുന്നിതു ചിലർഹരിണീസ്വയംവരം

ഈ സർക്കാരുദ്യോഗസ്ഥന്മാർക്കു പുറമെ രാജസേവകന്മാരെന്നൊരു കൂട്ടരുണ്ടായിരുന്നു.

രാജസേവയ്ക്കു ദുരാഗ്രഹം ലോകർക്കു
രാജാവിനെച്ചെന്നുസേവിച്ചുനില്ക്കയും
വ്യാജംപറഞ്ഞുപലരെച്ചതിക്കയും
കൈക്കൂലിമെല്ലെപ്പിടുങ്ങുവാനല്ലാതെ
ഇക്കാരിയക്കാരവർക്കില്ലവാഞ്ഛിതം
മൂക്കിൽവിരൽതള്ളിനില്ക്കുന്നവരെയും
നോക്കുവാൻപോലുമവസരമില്ലപോൽ. ധ്രുവചരിതം

വർത്തമാനപ്പത്രങ്ങളിൽ പോലും പ്രസ്താവിക്കാൻ പാടില്ലാത്ത ഇത്തരം കാര്യങ്ങളെ പത്രങ്ങൾ ഇല്ലാതിരുന്ന കാലത്തു് നമ്പ്യാർ അഗസതലങ്ങളിൽ വച്ചു് നിർഭയം വെളിപ്പെടുത്തി രാജാക്കന്മാരുടെ ദൃഷ്ടികളിൽപ്പെടുകയും ആ വഴിക്കു ജനങ്ങൾക്കു രക്ഷനല്കുകയും ചെയ്തുവന്നു. അസാന്മാർഗ്ഗികമായ നടപടികൾക്കു പ്രായശ്ചിത്തമാണു് വിധിച്ചിരുന്നതു്. ഈ ഏർപ്പാടിനെ നമ്പ്യാർ അതികഠിനമായി ആക്ഷേപിച്ചുകാണുന്നു. ശീലാവതി ചരിതത്തിൽ മുനി പറയുന്നതാണിതു്:-

“കായത്തിന്നൊരുദോഷംവന്നാൽ പ്രായശ്ചിത്തംകൊണ്ടതുതീർക്കാം
ആയതുമെളുതല്ലെന്നാലെന്തിൻ പ്രായശ്ചിത്തസ്മൃതിയുണ്ടാക്കി
ആയിരമക്ഷികളുള്ളമഹേന്ദ്രനു മായതമിഴിയാളാകുമഹല്യയെ
മായംകൊണ്ടുലഭിച്ചുരസിച്ചൊരപായം വളരെവരാതെരമിച്ചു
മിത്രാവരുണന്മാരുർവശിയെ കുത്രചിൽനിന്നുപുണർന്നുനിഗൂഢം
പ്രായശ്ചിത്തംചെയ്തുതെളിഞ്ഞു ആയതുപോലെനമുക്കുംപിന്നെ
പ്രായശ്ചിത്തംചെയ്യാമുടനേ”

അസംഖ്യം അല്പരാജാക്കന്മാരുണ്ടായിരുന്ന അക്കാലത്തു പടയേറ്റം സർവസാധാരണമായിരുന്നു. അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളെ കവി പല ദിക്കുകളിൽ ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്.

അമ്പലവാസികളെമ്പ്രാന്തിരിമാരമ്പുകളില്ലാത്തൊരുനായന്മാർ

ദേവന്മാരുടെതായിരുന്നാലും ഗോഷ്ഠികൾ കണ്ടാൽ നമ്പ്യാർ വർണ്ണിക്കാതെ വിടുകയില്ല. ബാണയുദ്ധത്തിൽ “വേലായുധനും പ്രദ്യുമ്‍നനുമായ്” സംഗരമുണ്ടായി വേലായുധനാകട്ടേ,

വേലുമുറിഞ്ഞതുനേരംസരസംമേലാസംഗരമെന്നഥവാങ്ങി
ചോറ്റിനുവേലയെടുത്തിതുഞാനും കൂറ്റാനല്ലിവനെന്നതുതന്നെ
കൂറ്റാനാം ശ്രീനാരായണനോടേറ്റുപിണങ്ങാനെന്താവശ്യം
അച്ഛനുമാനസതാരതിലിപ്പോളിച്ഛാഭംഗംവന്നിട്ടെന്നെ
സ്വച്ഛമതാംമമ ദേഹംകീറിട്ടച്ചോവേദനസഹിയായല്ലോ

എന്നുവിചാരിച്ചു പിൻവാങ്ങിക്കളഞ്ഞു. ഗണപതിയാകട്ടെ,

“കുടവയറുംകോണ്ടോടിയണഞ്ഞു അടലിടപുക്കുശരങ്ങൾതറച്ചി—ട്ടരുതരുതെന്നുനിനച്ചുനടന്നു”—കളഞ്ഞുവത്രേ.

ഐരാവതപൂജയിൽ ‘അർജ്ജുന’ന്റെ ശരങ്ങൾ തെരുതെരെ ഏറ്റ കുബേരന്റെ അവസ്ഥ വർണ്ണിച്ചിരിക്കുന്നതു നോക്കുക.

വൈശ്രവണന്നൊരു ചെണ്ട പിണഞ്ഞു
ചട്ടറ്റൊരുമുടിയും കടകാംഗുലി
പെട്ടകൈവള ഖട്ടപ്പാവും
വെട്ടുമിടി പ്രഭപോൽ വിലസുന്നൊരു
പട്ടുടഞാണുകളൊക്കയുമറ്റുതൊട്ടിലിലെപ്പോൽ നഗ്നനതായി
വഡ്ഡീംതുള്ളിച്ചോടുന്നേരം എട്ടൊൻപതുബാണംധനദന്റെ
വിഡ്ഡിക്കിട്ടഥ ഭിണ്ഡന്നങ്ങനെ മിട്ടേൽകൊണ്ടു തുടങ്ങികുബേരൻ
മുട്ടുംകുത്തി നടന്നുതുടങ്ങി.

കാർത്തവീര്യനാൽ ബന്ധനസ്ഥനാക്കപ്പെട്ട രാവണനോടു “പിണ്ഡമുരുട്ടിയോരോ കിണ്ണത്തിൽ വച്ചുംകൊണ്ടു പെണ്ണുങ്ങൾ വന്നുനിന്നീവണ്ണം പറഞ്ഞീടുന്നു:-”

“ലങ്കാധിപതേനിന്റെ കാൽമേൽകിടക്കുംനല്ല
ശൃംഖലകിലുങ്ങാതൊരു ചിങ്കകളിച്ചെന്നാകിൽ
പാക്കുവെറ്റിലനല്ലതൂക്കുപുകയിലയും
പാർക്കാതെതരുന്നുണ്ടു ഭോഷ്കല്ലപംക്തികണ്ഠ”

പടവന്നപ്പോൾ അതിനിടയിൽ പെടാനിടവന്ന ഒരു പട്ടർ “കുട്ടികളെപ്പിടിച്ചോരോ കുട്ടകത്തിനകത്താക്കി രട്ടുകൊണ്ടുപൊതിഞ്ഞട്ടു”പതുക്കെപ്പുറപ്പെട്ടു.

അപ്പോൾ ഒരു ഭടൻവന്നു്,

പട്ടരച്ചാതനിക്കുള്ള കെട്ടിലെന്തെന്നുരയ്ക്കുമ്പോൾ കെട്ടിലെന്ന?

“കച്ചകിച്ചൈഉമക്കേന്നമലയാളി!
കിട്ടവാരും; നാടുശേഷം കെട്ടുപോച്ചേ എന്നചെയ്‍വേൽ?
ശത്തുപോനാലെന്നകാര്യം ശത്തദൂരംവഴിവന്നോ
പടയിൽപട്ടരുക്കെന്നാ ശോദ്യമെന്നതറിയാമൽ”

എന്നു് അയാൾ മറുപടി പറഞ്ഞത്രേ.

നമ്പ്യാരുടെ വർണ്ണനകൾക്കുള്ള വിശേഷം അവയുടെ സമഗ്രതയാണു്. വലിയ അലങ്കാരപ്പകിട്ടുകളൊന്നും അവയ്ക്കില്ല. ഉപമകൾ മിക്കവയും പ്രകൃതിയിൽനിന്നും കടഞ്ഞെടുത്തവയായിരിക്കും.

ഉച്ചണ്ഡമാം ഫണാമണ്ഡലമാകവേ
യുച്ചത്തിലങ്ങുയർത്തിപ്പിടിച്ചങ്ങനെ
മെച്ചത്തിലോടുന്ന വഞ്ചികണക്കിനെ
കൊച്ചുഗോവിന്ദനെപ്പാഞ്ഞടുത്തീടിനാൻ

ഭീമൻ ‘വണ്ണൻവാഴകണക്കുതടിച്ച’ ആളാണു്; പുരോചനനെ ഭീമൻ ചവിട്ടിയപ്പോൾ ‘പഞ്ഞികണക്കേ മുഞ്ഞിയരഞ്ഞു’വത്രേ.

ഊറ്റമതായൊരുവില്ലുകുലച്ചഥ കാറ്റിൽജവലിതബാണവരങ്ങളെ
മുറ്റുംതെളികടയിച്ചുവെളുപ്പിച്ചറ്റംകൂടാതുള്ളൊരു പകഴിയിൽ
ഒറ്റാൽകത്തുംപോലേതന്നെ മുറ്റുംകുത്തിനിറുത്തികിരീടി
തള്ളിവരുന്നൊരുവെള്ളിത്തിരയിൽ തുള്ളിയലഞ്ഞുവലഞ്ഞുദശാസ്യൻ
വെള്ളവുമൊട്ടുകുടിച്ചുതടിച്ചു പള്ളയുമൻപൊടുവീർത്തുതുടങ്ങി
ഇരുപതുകൈകൊണ്ടൊന്നുതുഴഞ്ഞു കരപറ്റാഞ്ഞുകരങ്ങൾകുഴഞ്ഞു
ഇരുപതുതണ്ടുകൾവച്ചുമുറുക്കിയ പെരിയൊരുവഞ്ചികണക്കേരാവണ
നൊരുവണ്ണ കരപറ്റിക്കയറി”

രാവണനെകാർത്തവീര്യാർജ്ജുനൻ പിടിച്ചു ബന്ധനസ്ഥനാക്കി.

“പലരുംകണ്ട നകളിച്ചു വലയിൽപെട്ടകരങ്ങുകണക്കേ
വലയണമെന്നേമതിയാവുള്ളു”

എന്നുവിചാരിച്ചാണത്രേ അവനെ കൊന്നുകളയാഞ്ഞതു്. യുദ്ധം പരാജയംപറ്റുന്നവർ ‘ചാട്ടംപിഴച്ച കപിക്കൂട്ടംകണക്കാ’ണു് ഓടുന്നതു്. ബലവീര്യപരാക്രമശൂന്യരായ ആളുകളുടെ കൈകൾ ‘പേരാൽതന്നുടെ വേരുകണക്കാ’ണു്.

“സുരവധുമാരുടെനടുവിലാദാനീം നരവധുചേരുകയില്ലാ
ഉച്ഛ്റയകാഞ്ചനവളയുടെനടുവിൽ പിച്ചളവളയതുപോലെ
പൊന്മയഹംസികൾതന്നുടെഇടയിൽ പൊന്മാൻപിടയതുപോലെ
മറിമാൻപേടകൾതന്നുടെയിടയിൽ കുറുനരിതൻപിടപോലെ
അഴകിയഹരിണികളരികിൽചെല്ലും കഴുതപ്പെങ്കൊടിപോലെ”
“മാറ്റികളെല്ലാംതോറ്റുശരങ്ങളുമേറ്റുമറിഞ്ഞങ്ങേറ്റംഭയമൊടു
കാറ്റത്തിളകിനപാറ്റകൾപോലെ തെറ്റെന്നടവികൾപറ്റീടുന്നു”
“ആമാമെന്നുപറഞ്ഞവരെല്ലാമൂമൻമൂളീടുന്നതുപോലെ
ഭീമശരാവലികണ്ടുഭയപ്പെട്ടാമയമോടഥ മണ്ടിനടന്നു”
“മംഗലശീലേനീയുംനളനും തങ്ങളിലൊട്ടും ചേരുകയില്ല
നല്ലമിനുത്തകഷണ്ടിക്കാരൻ മുല്ലപ്പൂമലർചൂടിയപോലെ
കുന്നിക്കുരുവും പവിഴവുമിടചേർത്തുന്നതമുലകളിലണിയുംപോലെ
കൊന്നപ്പൂവും മാറ്റുള്ളോരുപൊന്നുംതമ്മിൽചേരുംപോലെ
കാഞ്ചനമുടുകിൻനടുവിലണിഞ്ഞൊരു മഞ്ചാടിക്കുരുവെന്നതുപോലെ”
“വളരുംകോപമടക്കരുതാഞ്ഞകതളിരുംകൂടിവിറച്ചുതുടങ്ങി
വളറുംതോട്ടിയുമാദരിയാത്തൊരു കളഭംനിന്നുമദിക്കുംപോലെ”

ഈമാതിരി നിത്യപരിചയക്കോടിയിൽപെട്ട വസ്തുക്കളാണു് നമ്പ്യാരുടെ ഉപമാനങ്ങൾ.

സ്വഭാവേക്തി, അപ്രസ്തുത പ്രശംസ, ദൃഷ്ടാന്തം അർത്ഥാന്തരന്യാസം മുതലായവയാണു കവിക്കു പ്രിയപ്പെട്ട മറ്റലങ്കാരങ്ങൾ.

കവലയമലരുടെപരിമളസാരം തവളകളറിവാൻസംഗതിവരുമോ?
പെണ്ണിൻഭാവവിശേഷമശേഷം കണ്ണില്ലാത്തവനനുഭവമുണ്ടോ?
നല്ലൊരുപാട്ടുംകൊട്ടുംകേട്ടാൽ കല്ലിനുഭാവവികാരമതുണ്ടോ?
ശ്ലോകംചൊല്ലിപ്പൊരുൾപറയുമ്പോൾ കാകനതിങ്കലുണറുണ്ടാമോ?
മാടണിമുലമാർമധുരതയറിവാൻ മാടപ്രാവിനുസംഗതിവരുമോ?
“മണ്ണുതുരന്നുകിണറ്റിൽകിടക്കുന്നമണ്ഡുകമെന്തോന്നുകണ്ടറിയുന്നതു?”
“കൊമ്പൻപോയതുമോഴയ്ക്കുംവഴി; ആശാനക്ഷരമൊന്നുപിഴച്ചാൽ
അമ്പത്തൊന്നുപിഴയ്ക്കും ശിഷ്യനു; കളരിക്കാരനുചോടുപിഴച്ചാൽ
കാണികളൊക്കെപ്പഴുതിൽചാടും; ഓതിക്കോനൊരുമന്ത്രമിളച്ചാൽ
ഒരുപതിക്കാരൊക്കെയിളയ്ക്കും; എമ്പ്രാനപ്പം കട്ടുഭുജിച്ചാൽ
അമ്പലവാസികളൊക്കെക്കക്കും; അമരക്കാരനുതലതെറ്റുമ്പോൾ
അണിയക്കാരുടെതണ്ടുകൾതെറ്റും; പാരംവന്നുപഴുത്തൊരൊടുകിനു
നീരുംകട്ടിയുറച്ചുമചഞ്ഞാൽ ക്ഷാരംവച്ചുപഴുപ്പിച്ചവിടെ
ദ്വാരംവച്ചുമൃദുത്വംവന്നാൽ വ്യാധിയെടുത്തുകളഞ്ഞതിനകമേ
ശോധനവന്നാലുടനേതന്നെ വരളാനുള്ളകുഴമ്പുമതിന്മേൽ
പിരളുംനേരംതാനേവരളും”

ഇത്യാദ്യുദാഹരണങ്ങളിലും കവി പരിചിതവസ്തുക്കളെക്കൊണ്ടാണു് പെരുമാറിയിരിക്കുന്നതു്.

പ്രകൃതിവർണ്ണനയിലും പൂർവകവി സങ്കേതങ്ങളെ വളരെ അപൂർവമായിട്ടേ പ്രയോഗിച്ചിട്ടുള്ളു.

കദളീവനവർണ്ണന
പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ മെച്ചത്തിൽനന്നായ് പഴുത്തപഴങ്ങളും
ഉച്ചത്തിലങ്ങനെകണ്ടാൽപവിഴവും പച്ചരത്നക്കല്ലുമൊന്നിച്ചുകോർത്തുള്ള
മാലകൾകൊണ്ടുവിതാനിച്ചദിക്കെന്നു മാലോകരൊക്കയുംശങ്കിക്കുമാറുള്ള
ലീലാവിലാസേനനില്ക്കുന്നുവാഴകൾ നാലുഭാഗങ്ങളിൽതിങ്ങിവിങ്ങിത്തദാ
ബാലാനിലൻവന്നുതട്ടുന്നനേരത്തു കോലാഹലംനൃത്തമാടും ദലങ്ങളും
ആലോകനംചെയ്തുവിസ്മയിച്ചീടിനാൻ കാലാത്മജാനുജൻവീരൻവൃകോദരൻ
താഴത്തുഭാഗത്തുവീണുകിടക്കുന്ന വാഴപ്പഴംകൊണ്ടുമൂടീമഹീതലം
പാഴറ്റപട്ടുവിരിച്ചകണക്കിനേ വാഴയ്ക്കു ചുറ്റും പ്രകാശമുണ്ടെപ്പൊഴും
വാവലും കാക്കയും പച്ചക്കിളികളും പ്രാവും പരുന്തും പറന്നുനടക്കുന്ന
പക്ഷികൾവന്നിപ്പഴുത്തപഴങ്ങളെ ഭക്ഷിക്കുമാറില്ലപേടികൊണ്ടാരുമേ.കല്യാണസൗഗന്ധികം
സന്ധ്യാവർണ്ണന
കനലിൽച്ചുട്ടെടുത്തോരു കനകച്ചങ്ങലപോലെ
ദിനകരനുടെബിംബം തുടുതുടെനിറംതേടി
ചരമപർവതത്തിന്റെ മുകളിലേയ്ക്കെഴുന്നള്ളി
പരിചോടസ്തമിപ്പാനുമടുത്തുകാണായിവന്നു
വിരിഞ്ഞതാമരപ്പൂക്കൾ പിരിഞ്ഞങ്ങനെകൂമ്പുന്നു
വിരണ്ടുചക്രവാകങ്ങൾ കരഞ്ഞങ്ങനെനടക്കുന്നു
നിറഞ്ഞാശുവിളക്കുകളെരിഞ്ഞങ്ങനെവിളങ്ങുന്നു
തരുണിമാർവീടുതോറും തരംനോക്കീട്ടൊരുകൂട്ടം
തരുണന്മാർനടക്കുന്നു തരമല്ലെന്നൊഴിക്കുന്നു
തനിച്ചവേശ്യമാരെല്ലാം കുറിച്ചനായരെത്തന്നെ
നിനച്ചുംകൊണ്ടകച്ചൂടും തികച്ചങ്ങനെവസിക്കുന്നു
കുളുർമുലത്തടങ്ങളിൽ കളഭങ്ങൾ തഴുകുന്നു

***


കുസുമങ്ങളറുക്കുന്നു കറുനിരനറുക്കുന്നു
കറിക്കൂട്ടുമരയ്ക്കുന്നു കാറ്റുതട്ടിവെറിക്കുന്നു
പെട്ടകങ്ങൾതുറക്കുന്നു വെട്ടുടയ്ക്കുമുറിക്കുന്നു
കുട്ടികളെയുറക്കുന്നു പാട്ടിൽവന്നങ്ങുറയ്ക്കുന്നു
കാമുകന്മാർനടക്കുന്നു കാമനെന്നുനടിക്കുന്നു
കാമിനിമാർപടിക്കൽപോയ് കാവലായികിടക്കുന്നു
മണിമച്ചിൽകടക്കുന്നു പണഞ്ചെന്നങ്ങെടുക്കുന്നു
പിണക്കത്തെനടിക്കുന്ന പെണ്ണിനായികൊടുക്കുന്നു
പടിക്കൽചെന്നൊരുധൂളി നടക്കുന്നഭടന്മാരെ
കടക്കണ്ണിൻമുനകൊണ്ടു കടക്കാമെന്നുരയ്ക്കുന്നുകൃഷ്ണലീല
ശിശുക്രീഡ
അച്ഛൻമക്കളെയെന്നകണക്കേ യാശ്ചരിയംബഹുമായാസഹിതം
വാഞ്ഛാസാകമൊരുണ്ണിയെഭഗവാൻ ചാഞ്ചാടിച്ചുകളിയാക്കുന്നു
പൊക്കാക്കെക്കേയെന്നുപറഞ്ഞും വിരലുപിടിച്ചുനിവിർത്തികുമാരൻ
ഇതിലിതിലതിലതിലെന്നുപറഞ്ഞും വിരലുകൾചെന്നുപിടിച്ചുനിവർത്തും.ഇത്യാദി—സന്താനഗോപാലം.
കാട്ടാളരാജന്റെ വർണ്ണന
ചെമ്പിച്ച താടിയും കേശവും മീശയും
വൻപിച്ച കൈകളിൽ വില്ലും ശരങ്ങളും
ചെമ്പരത്തിപ്പൂകണക്കെ നേത്രങ്ങളു-
മമ്പിളിപോലെ വളഞ്ഞുള്ള പല്ലുകൾ
അഞ്ജനപർവതംപോലെ ശരീരവും
ഗുഞ്ജാഫലംകൊണ്ടു കോർത്തുള്ള മാലകൾ
കുഞ്ജരന്മാരുടെ കുംഭത്തടങ്ങളെ-
ബ്ഭഞ്ജനംചെയ്തങ്ങതിൽപ്പെട്ട മുത്തുകൾ
അഞ്ജസാ കുത്തിത്തുളച്ചുകോർത്തങ്ങനെ
സഞ്ജാതമായുള്ള മാലാകലാപവും
മഞ്ഞക്കറികളും മായൂരപിഞ്ഛവും
മഞ്ചാടിമാലയും മാറിൽപ്പലതരം
ഉച്ചത്തിലുള്ളോരു കണ്ഠനാദങ്ങളും
മെച്ചത്തിലുള്ളോരു വീര്യഭാവങ്ങളും
കച്ചകെട്ടിച്ചിലതൊങ്ങലും വാലുമി-
ട്ടത്യന്തഘോഷമാം വേഷം ഭയങ്കരം.കൃഷ്ണലീല
ബാലകപിചാപല്യം
അങ്ങോട്ടുപാടിയു മിങ്ങോട്ടുചാടിയു മംഗനമാരോടു പല്ലിളിച്ചങ്ങിനെ
ഗോഷ്ഠികൾകാട്ടി മരക്കൊമ്പിലേറിയും കാഷ്ഠിക്കയും വാലുപൊക്കി നടക്കയും
കാഞ്ഞിരക്കായും കടിച്ചുതിന്നങ്ങനെ പാഞ്ഞുനടക്കുന്നു കൊച്ചുകുരങ്ങുകൾ
തങ്ങളിൽക്കേറിക്കടിച്ചുംപിടിച്ചുമാ സംഗതികണ്ടിട്ടഹല്യയ്ക്കു കുണ്ഠിതം.ബാല്യുത്സവം
മൂത്തകുരങ്ങൻ
ഒരുമൂത്ത
കുരങ്ങിന്റെ വടിവായിച്ചമഞ്ഞു കൈകളും കാലും
കുഴഞ്ഞുവാലുമക്കാലും മെലിഞ്ഞ കൈകളെക്കൊണ്ടു
ചൊറിഞ്ഞു രോമമെപ്പേരും കൊഴിഞ്ഞുമേനിയും ചുക്കി-
ച്ചുളിഞ്ഞു കണ്ണിനു കാഴ്ചകുറഞ്ഞു പീളയുംവന്നു
നിറഞ്ഞുതാൻവഴിയിൽച്ചെന്നുറച്ചു നേത്രവും ചിമ്മി-
ശ്ശയിച്ചു മൂന്നുലോകങ്ങൾ ജയിച്ചുള്ള മഹാവീരൻ.കല്യാണസൗഗന്ധികം
വർണ്ണ്യവസ്തുവിന്റെ സ്ഫുടപ്രതീതിക്കു് ഏതേതംശങ്ങൾ വർണ്ണിച്ചേതീരു; ഏതംശങ്ങൾ വിട്ടുകളയണം എന്നു നമ്പ്യാർക്കു് നല്ലപോലെ അറിയാമായിരുന്നു. അന്തകവധത്തിൽ മാർക്കണ്ഡേയന്റെ ജാതകക്കുറിപ്പനുസരിച്ചു് മരണദിവസം വന്നുചേർന്നു. ആ വസ്തുതയൊന്നും ജനനി തന്റെ പുത്രനെ അറിയിച്ചിരുന്നില്ല. 16-ാമത്തെ ജന്മദിനം തികയുന്ന അന്നു് മാതാവു് മകനെ ഉണ്ണാൻ ക്ഷണിക്കുന്നതിനെ വർണ്ണിച്ചിരിക്കുന്നതു് ഇങ്ങനെ ആണു്.
ജന്മനക്ഷത്രമിന്നല്ലോ കുമാരക വന്നിരുന്നാലും ഭുജിപ്പതിന്നാശുനീ
എന്നുമാതാവു പറഞ്ഞോരനന്തരം നന്നായിതിന്നെന്നറിഞ്ഞീലഞാനിങ്ങു
സന്ദേഹമെന്തു വിളമ്പുകെന്നാനവൻ; പത്രവുമിട്ടിരിപ്പാനുമങ്ങാദരാൽ
ഭദ്രദീപത്തെക്കൊളുത്തിവച്ചീടിനാൾ; ചിത്രമായോരു നിറപറയുംവച്ചു
പുത്രനും വന്നിരുന്നു ഭോജനത്തിനായ്; ഭക്ഷണത്തിന്നുടനന്നവുംകൈക്കൊണ്ടു
ദക്ഷിണഭാഗേന ചെന്നുവിളമ്പുവാൻ; പത്രത്തിലന്നം വിളമ്പിയനേരത്തു
നേത്രങ്ങളിൽനിന്നു വീണു ജലകണം

ആ ബാഷ്പജലം ബാലന്റെ ദക്ഷിണഭാഗത്തുവീണു. അപ്പോൾ അവൻ കരയുവാൻ കാരണമെന്തെന്നു ചോദിച്ചു. അതിനു മറുപടി:-

“താതൻവരാഞ്ഞതോർത്തേറ്റവുംസങ്കടം”

ഈ മറുപടികേട്ടിട്ടു് ബാലനു സമാധാനമായില്ല.

“മല്പിതാവിങ്ങുവരാഞ്ഞുണ്ടുസങ്കടമിപ്പോളതല്ലകരഞ്ഞതുനിർണ്ണയം” എന്നിട്ടും മാതാവു തുറന്നുപറയാതെ “സത്യമത്രേഞാൻ പറഞ്ഞതെന്നാത്മജ ചിത്തേനിനക്കെന്തു സന്ദേഹമിങ്ങനെ?” എന്നു ഒഴിഞ്ഞു കളഞ്ഞു. അപ്പോൾ ബാലൻ ‘ഉണ്മാനുരുട്ടിയ പിണ്ഡവും കൈയിൽ പിടിച്ചുകൊണ്ടു്,

എന്താണുസത്യം കഥിക്കേണമംബികേ ശങ്കരൻതന്നാണപങ്കജനേത്രനാ-
ണെങ്കിൽ കൃപയുണ്ടു മാതാവിനെങ്കിലോ സങ്കടംവേണ്ട സത്യമിന്നുചൊല്ലുക”

എന്നു നിർബന്ധിച്ചപ്പോഴാണു് അവൾ വാസ്തവം തുറന്നുപറഞ്ഞതു്. വർണ്ണന എത്ര സ്വാഭാവികമായിരിക്കുന്നു! നമ്പ്യാരുടേ ശൃംഗാരവർണ്ണനകൾ കേവലം മൂരിശൃംഗാരമായിത്തീർന്നിട്ടുണ്ടെങ്കിലും അദ്ദേഹം സ്ത്രീഹൃദയത്തിന്റെ ആഴം അറിയാത്തവനായിരുന്നില്ലെന്നു ഈ വർണ്ണനയിൽനിന്നു തെളിയുന്നു.

സഭാപ്രവേശത്തിൽ ദുര്യോധനനു പറ്റിയ അമളി വർണ്ണിപ്പാൻ ഒരുമ്പെടുന്ന കവി ആദ്യമായി അയാളുടെ പുറപ്പാടു് ഭംഗിയായി ചിത്രണം ചെയ്തിരിക്കുന്നു. പിന്നീടാണു് സ്ഥലജലഭ്രാന്തി വർണ്ണിച്ചിരിക്കുന്നതു്. ജലമില്ലാത്ത ദിക്കിൽ ജലശങ്കയാ ദുര്യോധനൻ,

‘നീന്തുവാനുള്ളവട്ടങ്ങൾകൂട്ടി വീരാളിപ്പട്ടുമുരച്ചുകയറ്റി
വീരൻപതുക്കെപ്പദംകൊണ്ടുതപ്പി’

നീരുള്ളിടത്തു സ്ഥലഭ്രാന്തിയും ഉണ്ടായത്രേ.

ജലമേന്തി നില്ക്കുന്നൊരാറ്റിന്റെമദ്ധ്യേ ജലമില്ലെന്നുള്ളത്തിലോർത്തു പതുക്കെ
നലമോടുപൊണ്ണൻ കുതിച്ചങ്ങുചാടി നിലവിട്ടിട്ടാശു വെള്ളത്തിൽമുങ്ങി
പുഴുകും കളഭവും ചാന്തും കുറിയും കഴുകിജ്ജലത്തിൽകിടന്നങ്ങുഴച്ചു
മുഴുകിയുംപൊങ്ങിയുമങ്ങൊരു ദിക്കിലൊഴുകിത്തിരിഞ്ഞുതനിച്ചോരുവീരൻ
വെള്ളംകുടിച്ചും കിതച്ചും പതച്ചും ഉള്ളംപൊടിച്ചുമുരുണ്ടും പിരണ്ടും
തള്ളിയലച്ചും വിറച്ചും വിയച്ചും തുള്ളിപ്പിടലും മറിഞ്ഞും തിരിഞ്ഞും-
പാരംവലഞ്ഞും പതുക്കെപ്പതുക്കെ തീരമണഞ്ഞോരു ദിക്കിൽ കരേറി
കണ്ടു വസിക്കും വൃകോദരനപ്പോൾ രണ്ടുകരങ്ങളും കൊട്ടിച്ചിരിച്ചു”

ചിലപ്പോൾ നമ്പ്യാരുടെ കല്പനാശക്തി കടിഞ്ഞാണ്‍വിട്ട കുതിരയുടെ നിലയേ പ്രാപിക്കുന്നതു കാണാം. രുക്‍മിണീസ്വയംവരത്തിൽ ഭീഷ്മകൻ തന്റെ പുത്രിക്കു് യോജിച്ച വരനു് ഇന്നഇന്നഗുണങ്ങൾ വേണമെന്നു് ദീർഘമായി പുരവാസികളോടു പ്രസംഗിച്ചു. അപ്പോൾ രുഗ്മിണി പറയാൻ തുടങ്ങി:-

കുറ്റംകൂടാതുള്ള നരന്മാർ കുറയും ഭൂമിയിലെന്നുടെ താത!
ലക്ഷം മാനുഷർ കൂടുമ്പോളതിൽ ലക്ഷണമുള്ളവരൊന്നോ രണ്ടോ
ഉടലതിരമ്യമൊരുത്തനു കാല്ക്കൊരു മുടവുണ്ടവനു നടക്കുന്നേരം;
മറ്റൊരുപുരുഷൻ സുന്തരനെങ്കിലു മൊറ്റക്കണ്ണനതായതുദോഷം;
ചേർച്ചകൾപലതുരണ്ടാരുവനുകിഞ്ചിൽ പൂച്ചക്കണ്ണുണ്ടെന്നൊരുദോഷം;
ചാർച്ചക്കാരുചിരിച്ചു തുടങ്ങുംചേർച്ചയ്ക്കുവനും ചിതമല്ലല്ലോ
നല്ലൊരുവിദ്വാവനുടെ വായിൽ പല്ലുകളൊന്നും കാണ്‍മാനില്ല;
പലഗുണമുള്ളൊരു പുരുഷനവന്റെ തലമുടിയൊക്കെ നരച്ചുവെളുത്തു;
തിലകക്കുറിയും ചൊടിയുംകൊള്ളാം തലയിലവന്നൊരു രോമവുമില്ല;
ശാസ്ത്രമശേഷം വശമൊരു പുരുഷനു ഗാത്രംകണ്ടാലയ്യോ വികൃതം;
ശ്രോത്രംരണ്ടും വെടിവച്ചാലൊരു മാത്രംപോലും കേൾപ്പാൻ വഹിയാ
വ്യാകരണങ്ങടെ വ്യാഖ്യാനങ്ങളുമാകെത്തന്നെ മുഖസ്ഥമൊരുത്തനു്
വാക്കിനുഫലിതവുമുണ്ടവനല്പം കാക്കക്കണ്ണുണ്ടെന്നൊരു ദോഷം
തർക്കം പലതും കണ്ടനൊരുവനു വർക്കത്തില്ല ശരീരം കണ്ടാൽ.
മിക്കതുമൊരുവനുലക്ഷം ശ്ലോകമൊരിക്കൽകേട്ടാലങ്ങു ഗ്രഹിക്കും
വാക്കുകൾകൊണ്ടതു പറവാൻവയ്യാ സല്ക്കഥവളരെയറിഞ്ഞൊരുദേഹം
കകകകകംസൻ കികികികികൃഷ്ണൻ പുപുപുപുപൂതനയെന്നാംസഭയിൽ
നല്ലൊരു ജാതിയിൽ വന്നുപിറന്നു നല്ലൊരു രൂപഗുണങ്ങളുമുണ്ടു്
ഹരിയെന്നാദിയൊരക്ഷരമവനുടെ യരികേകൂടെപ്പോയിട്ടില്ല.

ഇങ്ങനെ അവസാനിക്കാതെ പോകുന്നു.

ഹനുമദുത്ഭവത്തിൽ വായുവില്ലാത്തകാലം വർണ്ണിച്ചിരിക്കുന്നതു നോക്കുക.

“ധാത്രിയിലുള്ളൊരു ജന്തുക്കളാകവേ ചിത്രമെഴുതിയപോലെ ചമഞ്ഞിതു
നില്ക്കുന്നജന്തുക്കളപ്പാടെനിന്നു കിടക്കുന്നജന്തുക്കളപ്രകാരംതന്നെ
ഉണ്ടിരിക്കുന്നവൻ കയ്യിലുരുളയും വച്ചങ്ങുവായുംപിളർന്നിരുന്നീടുന്നു
കണ്ടിരിക്കുന്നവൻ കണ്ണുംതുറന്നൊരു കല്പാവപോലെയനങ്ങാതെ നില്ക്കുന്നു
മുങ്ങുന്നചങ്ങാതി മുങ്ങിക്കിടക്കുന്നു തെങ്ങുകേറുന്നവൻ തെങ്ങേലിരിക്കുന്നു
ഉഴക്കുനഭൂസുരൻ കൈകളിൽ വെള്ളവു മാക്കിപ്പിടിച്ചനങ്ങാതെ നില്ക്കുന്നു
നാരിയെക്കെട്ടിപുണരും പുരുഷനും നാരിയും കെട്ടിപ്പിണഞ്ഞങ്ങിരിക്കുന്നു”

അതുപോലെതന്നെ പഞ്ചേന്ദ്രോപാഖ്യാനത്തിലെ അന്തകനില്ലാക്കാലത്തിന്റെ വർണ്ണനയും പ്രസ്താവയോഗ്യമാകുന്നു.

വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നിൽ
ചത്തുകൊൾവിനേതും കഴിവില്ല കാലനില്ല
മുത്തച്ഛൻമുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീല;
അഞ്ഞൂറുവയസ്സുള്ളോരപ്പൂപ്പന്മാരിപ്പോൾ
കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പനവർക്കുണ്ടു്
കഞ്ഞിക്കുവകയില്ല വീടുകളിലൊരേടത്തും
കുഞ്ഞുങ്ങൾക്കെട്ടുപത്തുപറയരി കൊണ്ടുപോരാ
പത്തുനൂറുപറവച്ചാൽ മുതുക്കന്മാർക്കതുകൊണ്ട-
ങ്ങത്രമാത്രം രണ്ടുവറ്റുവിളമ്പുമ്പോളെത്തുമെല്ലാം.
പത്തുകോടിജ്ജനമുണ്ടു പല്ലുപോയിട്ടൊരുവീട്ടിൽ
കുത്തിവച്ചപാവപോലെ തിങ്ങിവിങ്ങിക്കിടക്കുന്നു.

ഇങ്ങനെ ഒട്ടുവളരെ ദീർഘമായി വർണ്ണിച്ചിട്ടുള്ളതിനെ മുഴുവൻ ഇവിടെ ഉദ്ധരിക്കാൻ സാധിക്കയില്ല.

ദീർഘമായ വർണ്ണനകൾക്കുമാത്രമല്ല നമ്പ്യാർക്കു് ചാതുര്യമുണ്ടായിരുന്നതു്. ഒന്നുരണ്ടു പദങ്ങൾകൊണ്ടു് ഒട്ടുവളരെ അർത്ഥം സ്ഫുരിപ്പിക്കുന്നതിനും അദ്ദേഹത്തിനു കഴിയുമായിരുന്നു. അന്തകവധത്തിൽ മാർക്കണ്ഡൻ തിരിച്ചുവന്നപ്പോൾ ‘മകനെ! അന്തകൻ എവിടെ?” എന്നു മാതാവു ചോദിച്ചതിനു അയാൾ പറഞ്ഞ മറുപടി നോക്കുക.

“അന്തകനന്തകൻ തന്നുടെമന്ദിരേ
ചിന്തവെടിഞ്ഞു വസിച്ചിതമ്മേസുഖം

അതുപോലെ,

‘കണ്ണുകൾകൊണ്ടു കടുകുവറുക്കുന്ന
പെണ്ണിനെക്കണ്ടാലടങ്ങുമോ പൂരുഷൻ’

എന്ന വർണ്ണനയിലെ അർത്ഥം മുഴുവനും എത്ര വാക്യങ്ങൾകൊണ്ടു പറഞ്ഞുതീർക്കാൻ കഴിയും? ദുര്യോധനനും കൂട്ടുകാരും പിതാവിനെ കാണാൻചെന്നിട്ടു് ഒന്നു ചുമയ്ക്കുന്നു. “ചുമയ്ക്കുന്നതാരടോ” എന്ന “ ധൃതരാഷ്ട്രഗിരംകേട്ടു്” അവർ പറയുന്നു “ചുമയ്ക്കുന്നതടിയങ്ങൾ”. അപ്പോൾ പിതാവു് ചോദിക്കുന്നു. “ഉണ്ണികൾക്കൊക്കെ എന്താരുദ്യോഗം?” അതിനു മറുപടി “കണ്ണുരണ്ടും സഫലമാക്കീടുവാനായിത്തുടങ്ങുന്നു”. എത്ര സരസമായ കൂടിക്കാഴ്ച.

ശൃംഗാരം ഒഴിച്ചു് ഏതു രസങ്ങളുടേയും പ്രതിപാദനത്തിൽ നമ്പ്യാർക്കു് അസാമാന്യ പാടവമുണ്ടായിരുന്നു. ഒരു നായരുടെ കോപം വർണ്ണിച്ചിരിക്കുന്നതു നോക്കുക.

നായർവിശന്നു വലഞ്ഞുവരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല
ആയതുകൊണ്ടു കലമ്പിച്ചെന്നങ്ങായുധമുടനെ കാട്ടിലെറിഞ്ഞു
ചുട്ടുതിളയ്ക്കുംവെള്ളമശേഷം കുട്ടികൾതന്നുടെ തലയിലൊഴിച്ചു
കെട്ടിയപെണ്ണിനെ മടികൂടാതെ കിട്ടിയവടികൊണ്ടൊന്നു കിടച്ചു
ഉരുളികൾകിണ്ടികളൊക്കെയുടച്ചു ഉരലുവലിച്ചു കിണറ്റിൽമറിച്ചു
ചിരവയെടുത്തഥ തീയിലെരിച്ചു അരകല്ലങ്ങക്കുളത്തിലെറിഞ്ഞു
അതുകൊണ്ടരിശംതീരാഞ്ഞവനപ്പുരയുടെചുറ്റും മണ്ടിനടന്നു.

ചിത്രമെല്ലാം വരച്ചുകഴിഞ്ഞു് ജീവചൈതന്യം വരുത്തുവാൻ മുഖത്തും മറ്റും ചിത്രകാരന്മാർ ചില മിനുക്കുവേലകൾ ചെയ്യാറുള്ളതുപോലെ നമ്പ്യാർക്കു് ചില പൊടിക്കൈകൾ ഉണ്ടു് അതുപോലൊരുപൊടിക്കൈയ്യാണു് ഒടുവിലത്തേ വരിയിൽ നാം കാണുന്നതു്.

വീരാസം
കലഗിരിസമാനനായ് സിംഹനാദംപൊഴി-
ച്ചുലകിടമശേഷവും കേട്ടുഞെട്ടിത്തദാ
ഉടയമമ തമ്പുരാൻ രാഘവസ്വാമിത-
ന്നുടയകരുണാബലംകൊണ്ടുഞാനിക്ഷണം
ജലധിയിതു ചാടുവേൻ ലങ്കപുക്കീടുവേൻ
രഘുകലവരപ്രിയാ ദേവിയെത്തേടുവേൻ
അറിവിനടിപങ്കജംകണ്ടുകൂപ്പീടുവേൻ
വിരവിലടയാളവും മുദ്രയും നൽകുവേൻ
അവനിസുതാചോരനെത്തച്ചുകൊന്നീടുവേൻ
അവനുടെ പുരത്തെയും ഭസ്മമാക്കീടുവേൻ
രജനിവരവംശവും നഷ്ടമാക്കീടുവേൻ
ജനകസുതതന്നെയും കൊണ്ടുപോന്നീടുവേൻ
സ്മരിച്ചു രാഘവപാദം പ്രതിഷ്ഠ ചേതസിചെയ്തു
ധിരിച്ചുകൂടവേയുള്ളിൽ ധരിത്രീനന്ദിനീപാദം
ശിരസ്സിൽ സ്വാമിതൻനാമം വരച്ചു മുദ്രയുംചേർത്തു
കുരുത്തൻമാരുതിലങ്കാപുരത്തിൽ പിത്തവും ചേർത്തു
പരത്തി പാണികൾരണ്ടുമുയർത്തി ദീർഘമാംവലും
കനത്തകൈവെടിഞ്ഞുനിന്നമർത്ത കാലുകൾരണ്ടും
ചിറയ്ക്കുകൈകണക്കിട്ടകണക്കേ മാരുതിലങ്കാ-
പുരിക്കുനേത്രമാം നൂലുംപിടിച്ചു സൂത്രവുംപാർത്തു
നിനച്ചുമാരുതംഭക്ത്യാ നിനച്ചോരാശുഗൻവന്നു
വിധിച്ചുകൂടിനാൻകൂടക്കുതിച്ചുചാടിനാൻ തെക്കേ
ദിശയ്ക്കു ദൃഷ്ടിയുംചേർത്തുലങ്കാമർദ്ദനം
ഗമിച്ചുകൊൾകയോവേണ്ടൂ നടപ്പിൻ ഭൂപാലന്മാരേ
നടപ്പിൻ കുണ്ഡിനംതന്നിൽ കടപ്പിൻ ഭീമനെച്ചെന്നു
പിടിപ്പിൻ കന്യകേപ്പാഞ്ഞങ്ങടുപ്പിൻ കാർമ്മുകം കയ്യി-
ലെടുപ്പിൻ ഘോരബാണങ്ങൾ തൊടുപ്പിനോർത്തുകൊണ്ടെല്ലാ-
മടുപ്പിൻ പത്തനം കുത്തിത്തകർപ്പിൻ സർവത്രചെന്നു
ഹരിപ്പിൻ പേടിയുള്ളോരങ്ങിരിപ്പിൻ പെണ്ണിനെച്ചൊല്ലി
മരിപ്പിൻ മന്നവന്മാരെ സ്മരിപ്പിൻ നാണക്കേടെല്ലാം
പടഹമെങ്ങു പടകളെങ്ങു നമ്മുടെ
കൊടികളെങ്ങു കുടകളെന്നു സംഗര
ഘടനഘോഷമുടനേവേണമരികുല-
മടിപെടുക്ക പൊടിപൊടിക്ക നല്ലൊരു
മിടുമിടുക്കനുടനടുക്ക വിരവൊടു”നളചരിതം
രൗദ്രരസം
നാരദന്റെ വചനങ്ങൾ കേട്ടനേരം ഘോരഘോരം
മാരഹന്താവുടെഭാവം പകർന്നുകാണായിവന്നു
വികടനിടിലതടത്തിലേറ്റം—ഭൂകുടിവടിവിലുയർന്നുവന്നു
ചടുലമുടലുമുടൻവളർന്നു;-ഝടിതി നയനമുടൻ ചുവന്നു
ജടയിൽ സുരനുദിതന്നിലേന്തും തിരകളിളകിമറിഞ്ഞുലഞ്ഞു
കടകഭുജഗമുണർന്നിരുന്നു കഠിനവിഷനികരം ചൊരിഞ്ഞു
തുടകളിടയുമുടൻകുലുങ്ങീ മടിയിൽ ഗിരിമകളും നടുങ്ങീ
അന്ധരാമസുരത്രയത്തെയെരിച്ചുഭസ്മമതാക്കുവാൻ
ചിന്തതന്നിലുറച്ചുകൊണ്ടു കഠോരമായ കഠാരവും
ചന്തമേറിനശൂലവും കരതാരിലാക്കി മഹേശ്വരൻ.ത്രിപുരദഹനം
ബീഭത്സരസം
‘പാണ്ടുപിടിച്ചു വെളുത്തുശരീരം
നീണ്ടകഴുത്തും മുഞ്ഞി ചുളിഞ്ഞും
കോലുകൾപോലെ മെലിഞ്ഞുകുഴഞ്ഞൊരു
കാലുംകയ്യും കണ്ടാൽ വികൃതം
എല്ലുമികച്ചു പല്ലുവമിച്ചു
കണ്ണുകുഴിഞ്ഞു കാഴ്ചകുറഞ്ഞു
കണ്ണുമടച്ചു കാലുപിടച്ചു;
മൂക്കുംതാടിയുമൊന്നിച്ചിട്ടും’ ശീലാവതിചരിതം

അർത്ഥത്തിനു് അനുരൂപമായി ശബ്ദങ്ങൾ പ്രയോഗിക്കുന്ന വിഷയത്തിലും നമ്പ്യാർക്കു് അന്യാദൃശമായ പാടവമുണ്ടായിരുന്നതായിക്കാണുന്നു.

“ഇടിയുമുടനടലിടിയുമളവൊരു വെടിയുമൊരുവിധമടികളും
തടിയനുടെതടിയൊടിയുമിടിപൊടിഝടിതികടുതരകടികളും”
“പടുതയൊടെപടപൊരുമായുധചടചടരടിതവുമുടലിൽ
ഝടിതിമഹാപ്രഹരണവിരുതുകൾ സിംഹദ്ധ്വനികളുമടലിൽ
കടുതരമിടയിടയിൽചാടിയടച്ചും പോർക്കുപിടിച്ചും
വടിവോടുകുതിച്ചുതറിബ്ബതിതച്ചും ചാടിയടിച്ചും
ഉടലിടയവരടിയിടികൊണ്ടങ്ങൊക്കെ നുറുങ്ങീ രുധിരം
ഉടനുടനവിടവിടെപ്പൊട്ടിയൊലിച്ചീടുന്നു ഗഭീരം.ദുര്യോധനവധം

നമ്പ്യാരുടെ വർണ്ണനകൾക്കുള്ള വേറൊരു വിശേഷം പാത്രങ്ങളെക്കൊണ്ടു് അവരവരുടെ ഭാഷയിൽ സംസാരിപ്പിച്ചിരിക്കുക എന്നുള്ളതാകുന്നു.

“കേട്ടീലയോനിങ്ങളുത്താനപാദന്റെ
വീട്ടിലെ കോലാഹങ്ങളിതൊക്കെയും
ജ്യേഷ്ഠത്തിയുമനുജത്തിയും തങ്ങളിൽ
ചട്ടികലങ്ങളുംകൂടെ പകുത്തുപോൽ”

ഇതു് ഉത്താനപാദന്റെ ഗൃഹത്തിലെ രണ്ടു രാജ്ഞിമാർതമ്മിലുണ്ടായ സൗഭാഗ്യമത്സരത്തെപ്പറ്റി നാട്ടുകാർ പറയുന്ന വാക്കാണു്. രാജഗൃഹത്തിനെപ്പറ്റി സംസാരിക്കുമ്പോൾ ‘ചട്ടികലങ്ങൾ’ എന്നൊക്കെപ്പറയുന്നതു് അനുചിതമാണെന്നു മി. കേ. നാരായണമേനോൻ അധിക്ഷേപിക്കുന്നു. എന്നാൽ ഈ വാക്കുകൾ പ്രാകൃതജനങ്ങൾ പറയുന്നതാണെന്നു ഓർക്കാൻ അദ്ദേഹത്തിനു ക്ഷമയുണ്ടായില്ല. ഏതായിരുന്നാലും ആ മത്സരത്തെ പത്തോ ഇരുപതോ വരികൾകൊണ്ടു വർണ്ണിച്ചാലും, ഇത്രത്തോളം വേഗത്തിലും സ്ഫുടമായും ഹൃദയത്തിൽ പതിയുകയില്ലെന്നു തീർച്ചയാണു്.

നാളായണിയും ഭർത്തായവായ മുനിയുംകൂടി പുറപ്പെട്ടു് ആദ്യമായി പാണ്ടിയിൽ ചെന്നുചേരുന്നു. അവിടെ മുനി പട്ടരുടെ വേഷത്തിൽ

‘നീങ്കളിങ്കെവാരും സാപ്പാടെങ്കയാനാൽകിടയാതാ
നാങ്കൾരണ്ടുപേർക്കു ശാതം കൊണ്ടുവാരും ശീഘ്രമയ്യാ’

എന്നു തമിഴിലാണു് സംസാരിക്കുന്നതു്. അനന്തരം തെലുങ്കുരാജ്യത്തു ഒരു ഗൃഹസ്ഥന്റെ അടുക്കൽ ചെന്നുചേരുന്നു. അപ്പോൾ ആ ബ്രാഹ്മണൻ തെലുങ്കിൽ ചോദിക്കുന്നു:-

“ഇല്ലിസ്നാനമാഡിബാഹു ഹല്ലാഹുല്ലാഹുദമുമുണ്ടോ”

അതുപോലെ കൊങ്കണദേശത്തു് കൊങ്കിണിഭാഷയും വാടദേശത്തു് ലാടഭാഷയും അവരെക്കൊണ്ടു കവി സംസാരിപ്പിക്കുന്നു.

സ്യമന്തകംതുള്ളലിൽ സന്ധ്യാവന്ദനസമയത്തു് ബ്രാഹ്മണർ തമ്മിൽ ഓരോന്നു സംസാരിക്കുന്നു. എന്നാൽ അതു് ദേവഭാഷയിലാക്കിയിരിക്കുന്നതു് ഭക്തിക്കും പൂജയുടെ ശുദ്ധിക്കും, ഹാനിവരാതിരിക്കാൻവേണ്ടി മാത്രമല്ല, മറ്റാരും അറിയരുതെന്നുകൂടി വിചാരിച്ചാണു്.

സത്രാജിതഃകിലമിത്രവരാദതി ചിത്രതരം മണിമത്ര സ ലേഭേ
യത്രഗൃഹീതേ പുത്രഫലഞ്ച കളത്രഫലഞ്ച സു മിത്രഫലഞ്ച പ-
വിത്രഫലഞ്ച ജഗത്ത്രയമംഗല പാത്രമയംഖലു തത്രസുഖാദതി
മാത്രമുവാച ചരിത്രമുദാരം
കഷ്ടതരംകിലശിഷ്ടതരം പരിപുഷ്ടഗുണം ശിശുശിഷ്ടതരാന്മണി
ഘൃഷ്ടിസമൂഹവിശിഷ്ടരുചോ
IX

ഇനി കുഞ്ചൻനമ്പ്യാരുടെ തുള്ളൽക്കഥകൊണ്ടു് കവി ഉദ്ദേശിച്ചിട്ടുള്ള പരമമായ പ്രയോജനത്തേപ്പറ്റിയാണു് ചിന്തിപ്പാനുള്ളതു്. ഇതിനെപ്പറ്റി അന്യത്ര സൂചിപ്പിച്ചിട്ടുണ്ടെങ്കിലും നമ്പ്യാർ അന്തസ്സാരവിഹീനനായിരുന്നുവെന്നു പറയുന്ന ചിലർ ഇപ്പോഴും ഉള്ളതിനാൽ ഈ വിഷയത്തെക്കുറിച്ചു ഗാഢമായി ചിന്തിക്കാതെ വിടുന്നതു ശരിയല്ല. നമ്പ്യാരുടെ തുള്ളലുകൾ വായിച്ചുനോക്കിയാൽ പ്രപഞ്ചത്തോടു അദ്ദേഹത്തിനുണ്ടായിരുന്ന മനോഭാവം എന്തെന്നു കണ്ടുപിടിക്കാൻ പ്രയാസമില്ലെന്നാണു തോന്നുന്നതു്. കലികാലവിജൃംഭണംകൊണ്ടു് മനുഷ്യലോകം വഴിപിഴച്ചു പോയതായി കവി പല ദിക്കിലും വിലപിച്ചുകാണുന്നു.

“ വിളവുകളൊന്നു കുറഞ്ഞു തുടങ്ങും കളവുകളൊന്നുമുഴുത്തുതുടങ്ങും
വിലയുംപാരമിടിഞ്ഞുതുടങ്ങും മലയുംകാടുമുരത്തുതുടങ്ങും”
“കളമൊഴിമാരുടെതലയുംമുലയും വളയുംതളയുംകളിയുംചിരിയും
വളയുംപുരികക്കൊടിയുംകണ്ടിഹ വലയുംവലയതിൽമാനുഷരെല്ലാം.”
“യജമാനന്നൊരുചെകതിപിണപ്പാൻ
പ്രജകൾക്കൊക്കെ മനസ്സുംതുടങ്ങും”
“രാജസമീപേചെന്നൊരുകൂട്ടമേഷണിപറവാനാളുകളേറും
ഭോജനമാത്രം കിട്ടുന്നവനൊരു രാജാവെന്നു നടിച്ചുതുടങ്ങും”
“വല്ലഭമാരുടെ വീടുപുലർത്താൻ ഇല്ലം പണയംവച്ചുതുടങ്ങും
നെല്ലുംപണവും പൊന്നും പാത്രവുമില്ലെന്നാമിനി ദിവസേദിവസേ
ചൊല്ലുംപലവിധമപരാധം പലർ കൊല്ലും പശുവിനെ മടികൂടാതെ
പുല്ലുംപുഴുവും ഭൂമിയിലിങ്ങതു മെല്ലെന്നങ്ങുനടന്നുതുടങ്ങും
മൂത്തുതുടങ്ങും കപടതയിന്മേൽ”
“ചീർത്തുതുടങ്ങും ദുഷ്കവികെട്ടിത്തീർത്തുതുടങ്ങും ദുഷ്ടജനങ്ങൾ”
“വിശ്വജനത്തിനുമീശ്വരനെന്നൊരു വിശ്വാസത്തിനുകുറവുതുടങ്ങും”
“കുടിലന്മാരുംജടിലന്മാരും കുരുടന്മാരുംജരഠന്മാരും
കുരയന്മാരുംകുനയന്മാരും പലവിധമുണ്ടായ്‍വരുമിനിമേലിൽ”
“ലന്തപറങ്കിയുമിങ്കിരിയേസും ബന്ധുവതാമിനിയരചന്മാർക്കും
ഗ്രന്ഥികളൊന്നുകുറഞ്ഞുതുടങ്ങും ഗ്രന്ഥമെഴുത്തുംനാസ്തിയതാമേ
ശാസ്ത്രികളെന്നൊരുഭാവത്തോടെ ശാസ്ത്രമെടുക്കുംപകൽകഴിവോളം
രാത്രിയടുത്താലവരെപ്പിന്നെ ക്ഷേത്രംതന്നിലൊരേടംകാണാം”

നമ്പ്യാരുടെ ഈ പ്രവചനങ്ങളിലൊന്നെങ്കിലും തെറ്റിപ്പോയിട്ടുണ്ടോ? മനുഷ്യരെല്ലാവരും ആത്മരക്ഷണാർത്ഥമായും കളത്രപുത്രാദികളുടെ പരിപോഷണത്തിനു വേണ്ടിയും ചാപല്യങ്ങൾ പലതും കാണിച്ചു തുടങ്ങി. പണ്ഡിതന്മാർ അപണ്ഡിതന്മാരായി; അപണ്ഡിതന്മാർ പണ്ഡിതസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടു. ലോകോത്തരങ്ങളായ കാവ്യങ്ങൾ എഴുതുന്നവർക്കു പ്രതിഫലം നാസ്തി; മുറുക്കിത്തുപ്പുന്നതിനിടയ്ക്കു് മോഷ്ടിച്ചും അന്യന്റെ കൃതികളെ രൂപാന്തരപ്പെടുത്തിയും മുപ്പത്തിആറു പുസ്തകങ്ങൾ എഴുതുന്നവരെ സഹായിപ്പാൻ ആളുകൾ അസംഖ്യം. സാധുക്കൾ അഷ്ടിക്കു വകയില്ലാതെ കഷ്ടപ്പെടുന്നു; ധനികന്മാർ അവരുടെ മേൽക്കുതിരകേറുന്നു. നമ്പ്യാർ ഈ മാതിരി പ്രപഞ്ചഗതിയേക്കണ്ടിട്ടു് അതിനൊക്കെ കാരണം കനകവും കാമിനിയുമാണെന്നു് ഊഹിക്കുന്നു. “സ്വർണ്ണങ്ങളെന്നൊരുജാതിയും സൃഷ്ടിച്ചു; പെണ്ണുങ്ങളെന്നൊരു ജാതിയും സൃഷ്ടിച്ചു” മനുഷ്യന്റെ എല്ലാവിധ കുചേഷ്ടിതങ്ങളുടേയും ഉൽപത്തിസ്ഥാനം ഈ സൃഷ്ടിദ്വയമാണെന്നാണു് അദ്ദേഹത്തിന്റെ വാദം. ഈ രണ്ടു വസ്തുക്കളുടേയും അസ്ഥിത്വത്തേയും അർത്ഥശൂന്യതയേയും പറ്റി ഒരു ബോധം സാധാരണ മനുഷ്യരിൽ ജനിപ്പിച്ചു അവരെ സത്പഥത്തിലേക്കു്–അചഞ്ചലമായ ആസ്തിക്യത്തിലേക്കു–നയിക്കുന്നതിനു വേണ്ടിയാണു് അദ്ദേഹം തന്റെ കഥകളിൽ സ്ഥാനത്തും അസ്ഥാനത്തും പരിതഃസ്ഥിതിഗതികളെപ്പറ്റിയുള്ള രൂക്ഷവും പരുഷവുമായ വിമർശങ്ങൾ നടത്തിയിരിക്കുന്നതു. ഓരോ കഥയുടേയും ആരംഭംനോക്കിയാൽ തന്നെ ഇങ്ങനെ ഒരു ഉദ്ദേശം കവിക്കുണ്ടായിരുന്നു എന്നു വ്യക്തമായികാണാൻ കഴിയും. നമുക്കു് ഉദാഹരണാർത്ഥം ചില കഥകളെ എടുത്തുനോക്കാം. പ്രദോഷമാഹാത്മ്യം തുടങ്ങുന്നതു ഒരു മാതൃകാരാജ്യത്തിന്റെ വർണ്ണനത്തോടു കൂടിയാണു്. കുണ്ഡിനപതി “ചണ്ഡത പെരുകിന വിമതന്മാരുടെ ഖണ്ഡനവിധികളി”ലധിക വിദഗ്ദ്ധനാണു്. “നാടുകൾതോറും നായന്മാരുടെ വീടുകൾകണ്ടാലറിയാം നൃപനുടെ കേടുകൾകൂടാതെള്ളൊരുസമ്പൽ” പ്രൗഢികൾ. “പീടിക മാളിക മണിമാടവു മങ്ങാടികൾ തെരുവുകൾ പെരുവഴിതോറും” ഉണ്ടു്. സകലകലകൾക്കും അഭിവൃദ്ധികാണുന്നു. പ്രജകൾക്കു വരവിൽ കവിഞ്ഞു് ചെലവില്ലാത്തതിനാൽ ‘കടമില്ലൊരുവനു മതുകാരണമൊരുതടവില്ലിവിടെ വസിച്ചു സുഖിപ്പാൻ’. “ദേവബ്രാഹ്മണ വിശ്വാസം പുനരേവം മറ്റൊരുനാട്ടിലുമില്ല” ദേവസ്വത്തെ ഹരിക്കണമെന്നുള്ള വിചാരമേ ആർക്കുമില്ല; ക്ഷേത്രങ്ങളിൽ പൂജാദികൾ മുറയ്ക്കുനടക്കുന്നു. ‘ഉണ്മാൻവകയില്ലാത്ത ജനത്തിനു ധർമ്മക്കഞ്ഞി കൊടുത്തുതുടങ്ങി”

അറുപതുലക്ഷംഗോദാനങ്ങളു മനവരതംബഹുഭൂദാനങ്ങളു-
മനവധിമണികനകാഭരണാദികൾ ഘനതരദാനവിശേഷമ-

ശേഷം. കനിവൊടുചെയ്തുമഹീപതി; പത്തുമൊരെട്ടും കന്യകമാരെ പാണിഗ്രഹണവും” ചെയ്തു. എന്നിട്ടും സന്താനമുണ്ടാകുന്നില്ല. ഒടുവിൽ ഭഗവൽപ്രീത്യർത്ഥം പുണ്യകർമ്മങ്ങൾ പലതും ചെയ്തതിന്റെ ഫലമായിട്ടാണു് കുലമഹിഷിക്കു ഗർഭമുണ്ടാകുന്നതു്. ഗർഭം പൂർത്തിയാകാറായതിനോടുകൂടി, സാല്വൻ അദ്ദേഹത്തിന്റെ രാജ്യം ആക്രമിക്കുന്നു. അയാൾ ഒരു ഹിറ്റ്ലർ മനോഭാവക്കാരനാണു്.

“കേട്ടില്ലയോ നീ മറുനാട്ടിൽ ദുഷ്പ്രഭുക്കന്മാർ
കാട്ടിയോരപരാധം കേട്ടുഞാൻ സഹിക്കാഞ്ഞു
നാട്ടിൽനിന്നവരെയങ്ങാട്ടിക്കളഞ്ഞുനമ്മുടെ
പാട്ടിലാക്കിരാജ്യങ്ങൾ കാട്ടിലുമങ്ങു മല-
മൂട്ടിലും മരത്തിന്റെചോട്ടിലും നീചന്മാരുടെ
വീട്ടിലും പലപല കോട്ടിലും നടന്നോരോ
ഗോഷ്ഠികാട്ടുന്നു വൈരിക്കൂട്ടരങ്ങുമിങ്ങും”

ഇങ്ങനെ ഒരു നവവിധാനം (New order) സൃഷ്ടിക്കാനാണു് അവന്റെ പുറപ്പാടു്. “മേല്ക്കോയ്മ സ്വീകരിച്ചുകൊള്ളണം അല്ലെങ്കിൽ മരണം വരിച്ചുകൊള്ളണം. എന്നാണു് അവന്റെ ആജ്ഞ. ധർമ്മവും അധർമ്മവും തമ്മിൽ പോരാട്ടം നടക്കുന്നു. എന്നാൽ കുണ്ഡിനപതി ധീരധീരം പോരാടി “വീര്യസ്വർഗ്ഗവുമാശുലഭിച്ചു സ്വൈരമതായിസ്സുരതരുണീമണിമാരൊടുകൂടി രമിച്ച വസിച്ചു.” സൈന്യം കയറി നാടുമുഴുവനും കൊള്ള ചെയ്യുന്നു. രാജ്ഞിമാർ കാടുപൂകുന്നു. ഗർഭിണിയായ ഒരുറാണി,

കാട്ടിൽക്കൂടെ നടന്നുനടന്നൊരു തോട്ടിന്നരികേ ചെന്നവൾപറ്റി
പെട്ടെന്നവിടെപ്പെറ്റൊരുപുരുഷക്കുട്ടിപിറന്നുനിലത്തുപതിച്ചു”
പിള്ളപിറന്നതുനേരം ജനനിക്കുള്ളമെരിഞ്ഞൊരുദാഹംമൂലം
വെള്ളംതെല്ലുകുടിക്കണമെന്നവളുള്ളംതന്നിലുറച്ചുപതുക്കെ
തോട്ടിലിറങ്ങീ ജലപാനത്തിനു പാട്ടിലിരുന്നുതുടർന്നൊരുനേരം
പോട്ടിലൊളിച്ചുകിടക്കും മുതലക്കൂട്ടങ്ങളിലൊരുപൊണ്ണൻവന്നു
തണ്ണീരങ്ങുകുടിച്ചുതുടങ്ങിയ പെണ്ണിനെവന്നുപിടിച്ചുവിഴുങ്ങി.

തത്സമയം ആ വഴിക്കു ഒരു ഭൂസുരപത്നി വന്നു് ‘കാലുകുടഞ്ഞു കരഞ്ഞുകിടക്കും’ ശിശുവിനെ കാണുന്നു. അവളുടെ മാതൃത്വം കുട്ടിയെ എടുത്തു വളർത്തുന്നതിനുപദേശിക്കുന്നു-എന്നാൽ ജാതിനിഷ്ഠ ചില സംശയങ്ങളെ ഉദിപ്പിക്കുന്നു. ഒടുവിൽ മാതൃത്വം തന്നെ ജയിക്കുന്നു. “മുലകുടി യെന്നതിൽ മുൻപേ കുഞ്ഞിനു കുലസംബന്ധമതില്ലതുനൂനം” എന്നുറച്ചുകൊണ്ടു് അവൾ സ്വന്തം കുട്ടിയെ താഴെഇറക്കിയിരുത്തിയിട്ടു്,

“കുഞ്ഞിനെ വെക്കമെടുത്തു കളുപ്പിച്ചാദരവോടെ മുലയും” നല്കുന്നു. അപ്പോൾ ഒരു സന്യാസി ആ വഴിക്കു കടന്നുവന്നു് അവളോടു ആ ശിശുവിനെപ്പറ്റിയുള്ള പരമാർത്ഥം ധരിപ്പിക്കുന്നു. ആ ബ്രാഹ്മണി ആ കുമാരന്മാരെ രണ്ടുപേരെയും ഭിക്ഷയെടുത്തു വളർത്തിക്കൊണ്ടുവരവേ, ഒരുദിവസം ശിവാർച്ചനം ചെയ്യാനായി കോവിലിൽ ചെന്നപ്പോൾ, ഒരു ജ്യോതിശ്ശാസ്ത്രപണ്ഡിതൻ അവളെ വിളിച്ചു് പ്രദോഷവ്രതം കുട്ടികളെക്കൊണ്ടു് നോല്പിക്കണമെന്നുപദേശിക്കുന്നു. അങ്ങനെ രണ്ടുകുട്ടികളും പ്രദോഷവ്രതം അനുഷ്ഠിച്ചുവാഴവേ ഒരുദിവസം പ്രഭാതത്തിനു മുൻപു് ബ്രാഹ്മണകുമാരൻ കുളിച്ചു് ആറ്റിന്റെ കരയിൽ തെല്ലുനേരം നില്പാനിടയാകുന്നു.

അപ്പോൾ;

പെരുകിനകാറ്റും മഴയുംമിന്നലു-
മുരുതരമിടിയുമിയന്നൊരു സമയേ
തിരകളടിച്ചുപിളർന്നൊരു കരമേൽ
ഒരുവിവരംബത കാണ്മാറായി

ഒരുകുട്ടകം പ്രത്യക്ഷപ്പെടുന്നു; അതുനിറയേ കനകവും അതിനെ അവർ, തട്ടിയുരുട്ടിക്കൊണ്ടു തിരിച്ചൊരു

‘കാട്ടിൽകൂടെക്കഥമപിചെന്നൊരു
കോട്ടിലൊളിച്ചഥവച്ചുകുളി’ക്കുന്നു.

പിറ്റേദിവസം അവർ അമ്മയെ വിളിച്ചു ആ നിധി കാണിച്ചുകൊടുത്തപ്പോൾ, അവൾ സന്തോഷിക്കാതിരുന്നില്ലെങ്കിലും ഉപദേശിക്കുന്നതിങ്ങനെയാണു്,

“അർദ്ധമൊരുത്തനുമറ്റവനുംപുനരർദ്ധമതിങ്ങനെ വീതിക്കുന്നു”

എന്നാൽ അർത്ഥം അനർത്ഥകരമാണു്. ഒരു തള്ളയ്ക്കു പിറന്നവർ പോലും ഒരു കള്ളപ്പണത്തിനുവേണ്ടി കലശൽകൂട്ടുക പതിവാണു്. കുട്ടികളായ നിങ്ങൾക്കു അതുവരരുതു വിശേഷിച്ചും,.

പണമെന്നുള്ളതു കയ്യിൽവരുമ്പോൾ ഗുണമെന്നുള്ളതു ദൂരത്താകും
പണവുംഗുണവു കൂടിയിരിപ്പാൻ പണിയെന്നുള്ളതുബോധിക്കേണം
പണയംമേടിക്കാതൊരുകാശും പണവുമൊരുത്തനുനല്കരുതാരും”

അതിനിടയ്ക്കു്

‘പട്ടന്മാരൊടുവസ്ത്രമെടുത്താൽ പൊട്ടന്മാരിഹ തോല്ക്കേയുള്ളു
എട്ടുപണംമുതലുള്ളതിനവർപതിനെട്ടുപണം വിലവച്ചുകൊടുക്കും
അവരൊടുചെന്നുകടംകൊണ്ടെങ്കിൽ ഭവനംകൂടി നശിപ്പാറാകും’

എന്നുകൂടി അവൾ ഉപദേശിക്കാൻ മറന്നുപോകുന്നില്ല. ഈ ഉപദേശം കേട്ടിട്ടു ബ്രാഹ്മണകുമാരൻ പറയുന്നു:-

“ഞാനുമെന്നുടെചേട്ടനുമേക പ്രാണനെന്നുധരിച്ചരുളേണം
രണ്ടുഗാത്രമതുമാത്രമിദാനീമുണ്ടുഭേദമതുകൊണ്ടുകിമ്മേ
പാതിപാതിവിഭജിച്ചതുകൊണ്ടിങ്ങേതുമില്ലഫലമെന്നറിയേണം”

ഇങ്ങനെ ധനികന്മാരായിത്തീർന്നിട്ടും കുമാരന്മാർ പ്രദോഷവ്രതം മുടക്കുന്നില്ല. കാലക്രമേണ അവർ യൗവ്വനം പ്രാപിക്കുന്നു. ഒരുദിവസം രാജകുമാരൻ തനിച്ചു് വിമലവസന്തവിഭൂഷിതമാകിനവപിനേചെന്നു് ചേരുവാനിടയാകുന്നു.

“പുതുമലർകുലമൊക്കെവിരിഞ്ഞു, മധുരസമയമാരിചൊരിഞ്ഞു
മധുകരനികരങ്ങൾവിരിഞ്ഞു മണമുടയകുസുമങ്ങൾതിരഞ്ഞു
മൃദുമദകളമിളദളിഗളതലകളകളമിളക നകിളികളുമവിടെനിറഞ്ഞു
നറുകരവകവല്ലികൾപൂത്തു കുറുമിഴികളുമാശുതെഴുത്തു
ചെറുതരദലപുഷ്പമിതർത്തു നറുമലർമണമൊന്നുമുതിർത്തു
വനതടമതിലുടയൊരു പടുതരുപടലികളുടെമടുമലർകുലമുടമപെരുത്തു
മലകാടുകളൊന്നുപകർന്നൂ കലമാനുകളോടിനടന്നൂ
പുലിപന്നികളൊന്നുനിവർന്നൂ കലികാലവിലാസമുയർന്നു
മദമീയലും മുയലും മയിലും കുയിലും മലകളിലൊരുകളിതെളിവിലിയന്നു
കുളുർമതിയുമുദിച്ചുവിളങ്ങി, കളമൊഴികളുടെകേളിതുടങ്ങി
തളവളകളുമാശുകിലുങ്ങീ തടമുലകളുമൊന്നുകുലുങ്ങീ
ചിലർകളിച്ചുപുളച്ചുവിളിച്ചുതെളിച്ചുമൊളിച്ചുമധികരസം”

ചുരുക്കിപ്പറഞ്ഞാൽ ‘ഒരു വണ്ടാർകുഴലിമണി’യെക്കണ്ടു് രാജകുമാരൻ മദനപരവശനായിത്തീരുന്നു. അവൻ തന്റെ അഭിനിവേശത്തെ അനുജനോടു അറിവിച്ചപ്പോൾ, ആ ബ്രാഹ്മണകുമാരൻ സ്ത്രീജനോപാലംഭത്തിനു തുടങ്ങുന്നു. തനിക്കു കിട്ടിയ ഈ അവസരത്തെ നമ്പ്യാർ വെറുതെ കളയുമോ? ലോകത്തിലുണ്ടാകുന്ന സകല ദുരിതങ്ങൾക്കും കാരണഭൂതർ അവരാണെന്നു അദ്ദേഹം ബ്രാഹ്മണകുമാരൻ വഴിക്കു സ്ഥാപിക്കുന്നു. പോരാഞ്ഞിട്ടു് ഉണ്ണി ഉണിച്ചിരിയുടെ കഥയും എടുത്തുപറയുന്നു. പക്ഷേ അതുകൊണ്ടൊന്നും രാജകുമാരന്റെ മനസ്സിനു ഇളക്കം വരുന്നില്ല. അവൻ നേരേചെന്നു് ഗന്ധർവകുമാരിയോടു തന്റെ പ്രേമത്തെ അറിയിക്കുന്നു. എന്നാൽ അവളാകട്ടെ ഗാന്ധർവവിവാഹത്തിനൊന്നും വഴിപ്പെടാതെ,

‘എന്നുടെതാതൻഗന്ധർവേന്ദ്രൻദ്രമിളാഖ്യൻപരമേശ്വരഭക്തൻ
സുമതിസുശീലൻസുരപതിതുല്യൻഅംശുമതീതിനമുക്കിഹനാമം
……
സകലഗുണോന്നതനെന്നുടെതാതൻസപദിഭവാനെക്കണ്ടെന്നാകിൽ
സഫലംനിന്നഭിലാഷംനമ്മുടെസർവമനോരഥമപിസാധിക്കും.’

എന്നുപറഞ്ഞതനുസരിച്ചു് അവർ രണ്ടുപേരുംകൂടി ഗന്ധർവരാജാവിനെ ചെന്നുകാണുന്നു. മുറയ്ക്കു വിവാഹവും നടക്കുന്നു. അനന്തരം അവൻ,

“ആനപ്പടകളോടും സേനാഭടന്മാരോടും
നാനാവൃന്ദങ്ങളോടുംകൂടിമേളിച്ചുനല്ല
മോടികലർന്നു വനവാടികടന്നു്”

തന്റെ വളർത്തമ്മയെ ചെന്നുകണ്ടു് വന്ദിച്ചിട്ടു് അവളുടെ അനുമതി വാങ്ങിയശേഷം യുദ്ധത്തിനു പുറപ്പെടുന്നു. വിദർഭദേശത്തിൽച്ചെന്നിട്ടു്

മാടുകളാടുകൾവിപ്രന്മാരും മാടണിമുലമാർബാലന്മാരും
മറ്റൊരുദിക്കിനുമാറിക്കൊൾവിൻ മറ്റന്നാളിഹവന്നുപൊറുക്കാം.

എന്നു് അദ്ദേഹം വിളിച്ചുപറയുന്നു. എന്തുകൊണ്ടെന്നാൽ

പടയിൽവരുന്നഭടന്മാരിൽചിലരിടയില്ലാതെയുമുണ്ടാമായവർ
ഝടിതികടന്നുകലമ്പിക്കലശലിലടിയോപിടിയോഒന്നുപിണയ്ക്കും
അരുതരുതെന്നുവിലക്കാനുള്ളേരെജമാനന്മാരറിയുംമുമ്പേ
തെരുതെരുബഹുപുരുഷാരമടുത്തുടനുരുതരമാപത്തുളവാക്കീടും
പിന്നെനിനച്ചാൽഫലമില്ലീവകമുന്നേതന്നെകരുതീടേണം.

ഇവിടെ

“ഞായംനോക്കിനടപ്പാൻനമ്മുടെ
നായന്മാരുപഠിച്ചിട്ടില്ലാ.”

എന്നിങ്ങനെ ഭടന്മാരുടെ ചാപല്യങ്ങളെപ്പറ്റി സംസാരിപ്പാൻ ഒരു അവസരം ലഭിക്കുന്നു. നമ്പ്യാർ ‘ഭടജനങ്ങളുടെ നടുവിലുള്ളൊരു പടയണിക്കു ചേരുവാ’നായിട്ടാണല്ലോ തുള്ളലുകൾ രചിച്ചിരിക്കുന്നതു്.

സാല്വൻ ധർമ്മഗുപ്തകുമാരനോടു യുദ്ധത്തിനുതന്നെ പുറപ്പെടുന്നില്ല. “തന്നേക്കാൾ വലിയോനെ താണു സേവിച്ചീടാഞ്ഞാൽ പിന്നത്താന്തുർദ്ധ്വമായി പിന്നോക്കം പോകേയുള്ളു” എന്ന തത്വത്തെ മുൻനിറുത്തി, അദ്ദേഹം വെള്ളക്കൊടിയുമായിട്ടാണു് ശത്രുവിനെ ചെന്നു കാണുന്നതു്. എന്നാൽ വൃദ്ധനായ സാല്വൻ വന്ദിക്കാൻ ഭാവിക്കവേ കുമാരൻ പറയുന്നു.

വന്ദിക്കരുതരുതയ്യോശിവശിവ
വളരെവയസ്സേറുന്നഭവാനിഹ
നിന്ദിക്കാതെയിരുന്നാലതുമതി
നിഖിലംപിഴകളുമിങ്ങുപൊറുക്കാം

ഇപ്രകാരം പറഞ്ഞിട്ടു് ആ വീരക്ഷത്രിയൻ വൃദ്ധനെങ്കിലും തന്റെ പിതാവിനെ ഹനിച്ചവനായ സാല്വനെ,

ചെന്നുപിടിച്ചു പുണർന്നുപതുക്കെ-
ത്തന്നുടെയരികിലിരുത്തിക്കഥകളു-
മൊന്നൊഴിയാതെപറഞ്ഞറിയിച്ചു.

ഇങ്ങനെ ധർമ്മം ഒടുവിൽ ജയിക്കുന്നു. ഇക്കഥ വഴിക്കു് ഭക്തിയുടെ മാഹാത്മ്യത്തെ പ്രകാശിപ്പിക്കുന്നതിനോടുകൂടി അധർമ്മത്തിന്റെ വിജയം ക്ഷണികമാണെന്നും ധർമ്മമേ ഒടുവിൽ ജയിക്കയുള്ളുവെന്നും കവി സ്ഫടികസ്ഫുടമായി കാണിച്ചുതന്നിരിക്കുന്നു. കഥപറയുന്നതിനിടയ്ക്കു കനകകാമിനികൾ മൂലം ഉലകിന്നു നേരിടുന്ന അപകടങ്ങളെപ്പറ്റിയും അതിദീർഘമായി ഉപന്യസിച്ചിട്ടുണ്ടു്. ഇതുപോലെതന്നെയാണു് മറ്റുകഥകളുടേയും സ്ഥിതം. കല്യാണ സൗഗന്ധികത്തിന്റെ പ്രാരംഭത്തിൽ തന്നെ അതിലെ സന്മാർഗ്ഗപാഠം സൂചിപ്പിച്ചിട്ടുണ്ടു്.

‘മങ്കമാർമൗലിയാം പാഞ്ചാലപുത്രിയും’ ഭർത്താക്കന്മാരുംകൂടി ‘അദ്രിവനാന്തേ’ സഞ്ചരിക്കുന്നു. ‘ഗന്ധദ്വിപപ്രൗഢ മന്ദസഞ്ചാരിണി’യായ അവൾ ‘ഗന്ധവാഹത്താൽ സമാഹൃതമായ’ ഒരു സൗഗന്ധികം കണ്ടിട്ടു്,

ഉത്തരാശാമുഖംതന്നിൽനിന്നെത്രയും
ഉത്തമമായോരുസൗരഭ്യമിങ്ങനെ
സത്വരംവന്നതുസൂക്ഷിച്ചറികകേൾ.
സത്വവാനല്ലോസമീരസൂനോ! ഭവാൻ
തത്രചെന്നാശു ഹരിക്കഭവാനെങ്കി-
ലത്രനിന്നാശു ഗമിച്ചാലുമാദരാൽ.

എന്നു ഭീമനോടു പറയുന്നു. ഇത്ര എന്തു പുഷ്പം? എവിടെ കിട്ടും? ഇതൊന്നും നിശ്ചയമില്ല. എന്നിട്ടും ഭീമൻ പുഷ്പാഹരണത്തിനായി ചാടി പുറപ്പെടുന്നു.

‘പെണ്ണിന്റെ ചോൽകേട്ടുചാടിപ്പുറപ്പെട്ട
പൊണ്ണൻമഹാഭോഷനയ്യോമഹാജളൻ’

എന്നു കവി ഭീമനെ പരുഷമായി ഉപഹസിക്കുന്നു. ‘കാഞ്ചനപുഷ്പം വിരഞ്ഞുകൊണ്ടുപോരുമ്പോൾ’ സുരന്മാരോ ദാനവന്മാരോ നരന്മാരോ പന്നഗന്മാരോ വന്നു തടുത്താൽ,

‘പാഞ്ഞങ്ങടുക്കും ഞാൻഗദകയ്യിലെടുക്കുംസംഗരേനല്ല
മിടുക്കുംവീര്യശൗര്യങ്ങൾനടിക്കുംകശ്മലന്മാർക്കി-
ട്ടിടിക്കുംകൈകളുംകാലുമൊടിക്കുംദേഹമെപ്പോരുംപൊടിക്കും’

എന്നു അഹങ്കരിച്ചുകൊണ്ടു് ‘സത്വരാഹങ്കാരഗംഭീരപൂരുഷ’നായി പുറപ്പെട്ട ഭീമനു എന്തെല്ലാം അപകടങ്ങൾ പറ്റുന്നു.

ഇങ്ങനെ ബുദ്ധിമാന്മാർക്കു് ഓരോ കഥയുടേയും ആന്തരമായ ഉദ്ദേശങ്ങൾ കണ്ടുപിടിക്കാൻ കഴിയുമെന്നുള്ളതിനാൽ ഇവിടെ വിസ്തരിക്കുന്നില്ല. അഭിവന്ദ്യനീരൂപകനായ പീ. കേ. നാരായണപിള്ള അവർകൾ പ്രസ്താവിച്ചിട്ടുള്ളതുപോലെ പ്രായേണ ദുരഹങ്കാരികളേയും നിന്ദ്യന്മാരെയും കുറിച്ചു് ഉദ്വേജനം ജനിപ്പിക്കുന്നതിനും ഹാസ്യരസം പോഷിപ്പിക്കുന്നതിനുമാണു് കവിയുടെ പ്രധാന നോട്ടം.

‘കിരാതത്തിൽ ശ്രീപാർവതീദേവി ചെന്നു് ഗിരീശൻ മുമ്പിൽ വന്ദനം ചെയ്തുനിന്നു’കൊണ്ടു് മന്ദഹാസപൂർവം ചോദിക്കുന്നു:-

“നിരുപമഗുണവസതേ ശ്രീനീലകണ്ഠ! നിശമയ മേ വചനം
സുരവരസുതനെന്തേ? വരമരുളീടാത്തു”

‘ബാണന്റെ വാതിൽകാത്തവനെ’ എന്ന സാർത്ഥകമായ സംബോധനകൂടെ ദേവി ഈ അവസരത്തിൽ ഉപയോഗിച്ചിരിക്കുന്നു. അതിനുള്ള മറുപടി നോക്കുക:-

“സരസിജായതദളചലനയനേ സുരവരസുതനുടെമനസ്സിൽമദം
പെരുതതുകരുതുകഗിരിതനയേ പരവശമവനൊരുതരിമ്പുമില്ല
കരളിലഹമ്മതികുറവുമില്ല;സുരകുലവരനുടെതനയനെന്നും
സരസിജശരനൊടുസദൃശനെന്നുംസരസചരിതങ്ങളിൽപടുത്വമെന്നും

***


ഇത്തരമുള്ളൊരുഗർവുശമിപ്പാൻ ഇത്തിരിപാകം വന്നേതീരു”

ഘോഷയാത്രയിൽ,

കാട്ടിലിരിക്കുംപാർത്ഥന്മാർക്കിഹകാട്ടീടേണംനമ്മുടെവിഭവം
കൂട്ടീടേണംബഹുപുരുഷാരംകേട്ടീടേണമിതെല്ലാജ്ജനവും
കൊട്ടീടേണംഭേരീഢമരംഞെട്ടീടേണംഭുവനമശേഷം

എന്നുള്ള അഹങ്കാരത്തോടുകൂടി പുറപ്പെട്ട ദുര്യോധനനും കൂട്ടരും ബന്ധിക്കപ്പെട്ടു് ഒടുവിൽ ധർമ്മപുത്രരുടെ ഉപദേശപ്രകാരം ഭീമനാൽ

“സ്യന്ദനമേറിച്ചെന്നുപതുക്കെ
കെട്ടുകളൊക്കെയഴിപ്പാൻരഥമതിലിട്ടുപിരട്ടിയുരുട്ടിച്ചിലരുടെ
കട്ടമപിടിച്ചവലിച്ചുംചിലരുടെപിടരിപിടിച്ചുതിരിച്ചുംചിലരുടെ
താടിപറിച്ചുംമീശമുറിച്ചുംമോടികുറച്ചുംതട്ടിമറിച്ചും,
കെട്ടഴിയാഞ്ഞതുപൊട്ടിച്ചുംപണിപ്പെട്ടുരഥത്തേൽനിന്നുംനിലത്തേ” ക്കു് എറിയപ്പെട്ടപ്പോൾ, അവർക്കുണ്ടായ നാണക്കേടു് എങ്ങനെ വർണ്ണിക്കും. ഭീമനാകട്ടെ,
ദുര്യോധന! ശൃണുവചനംനിന്നുടെദുര്യോഗംകൊണ്ടിങ്ങനെസംഗതി-
വന്നുഭവിച്ചതുനന്നായ്‍വരുമിനിനിന്നുടെദുർമ്മദമൊട്ടുശമിക്കും.

എന്നുപറയാതെ വിടുന്നുമില്ല. കാർത്തവീര്യാർജ്ജുനവിജയം ആരംഭിക്കുന്നതു് ‘അക്കാലങ്ങളിലതിഭുജുവിക്രമധിക്കൃതശക്രപരാക്രമനാകിയ’ നക്തഞ്ചരാധിപതിയുടെ ദുരഹങ്കാരപ്രപഞ്ചനത്തോടുകൂടിയാണു്.

ഇന്ദ്രജിദാഖ്യൻനമ്മുടെനന്ദനനിന്ദ്രനെയുദ്ധംചെയ്തുജയിച്ചു
എന്നല്ലവനെബന്ധിച്ചുംകൊണ്ടെന്നുടെമുമ്പിൽകൊണ്ടിഹവന്നു
ലങ്കാപുരിയുടെതോരണമൂലേശൃംഖലകൊണ്ടുതളച്ചേച്ചാലും
ഇങ്ങനെനമ്മുടെകല്പനകേട്ടവനങ്ങനെചെയ്താനുണ്ണിസമർത്ഥൻ
കണ്ണുകളായിരമുള്ളവനവിടെക്കണ്ണീർകൊണ്ടൊരുനദിയുണ്ടാക്കി
വിണ്ണവർനാടുവെടിഞ്ഞുവരുന്നൊരുപെണ്ണുങ്ങൾക്കുകുളിപ്പാൻകൊള്ളാം,

ഇങ്ങനെ പൊങ്ങച്ചംപറഞ്ഞ ആ നക്തഞ്ചരാധിപതി,-

‘അർജ്ജുനന്റെഭുജദണ്ഡസഹസ്രരജ്ജൂകൊണ്ടഥവരിഞ്ഞുമുറുക്കി
പുഷ്പകക്കൊടിമരത്തൊടുകെട്ടിദുഷ്പ്രഭുത്വമുടയോരവനെദ്രുതം
അത്രകൊണ്ടുവരേണം’

എന്നുള്ള വീരവാദത്തോടുകൂടി ചന്ദ്രഹാസവുമെടുത്തു തിരിച്ച ആ പ്രചണ്ഡപ്രതാപശാലി—ഒടുവിൽ കാർത്തവീര്യന്റെ ഭുജദണ്ഡസഹസ്രത്താൽ തടഞ്ഞുനിർത്തപ്പെട്ട നർമ്മദാനദി പെരുകി അതിൽ ‘തള്ളിവരുന്നൊരു വെള്ളത്തിരയിൽ തുള്ളിയലഞ്ഞുവലഞ്ഞ’തും പിന്നീടു് ആ രാജാവിനാൽ ബന്ധിതനായശേഷം പെണ്ണുങ്ങൾ ചുറ്റുംകൂടീട്ടു്,

‘പത്തുമുഖങ്ങൾകൊണ്ടുപത്തുപദങ്ങൾപാടി
തിത്തിത്തൈഎന്നുചാടിനൃത്തംവയ്ക്കരാവണ’ എന്നു്
‘ഏണമിഴിമാരുടെപാണിപിടിച്ചിഴിക്കും
പാണികൾകൊണ്ടുനമ്മേതാണുതൊഴുതുകൊണ്ടു
കേണുകിടന്നിടാതെവാണുനീയെങ്കിൽനല്ല
ചോറുംകറിയുംപുളിഞ്ചാറുംകാച്ചിയമോരും
ആറുന്നതിനുമുൻപേകൂറുള്ളഞാൻതരുവൻ’

എന്നും മറ്റും പറഞ്ഞതുകേട്ടു് നാണംപൂണ്ടു കിടന്നതും എത്ര സരസമായി വർണ്ണിച്ചിരിക്കുന്നു.

രാമചരിതത്തിൽ രുക്‍മിണിയുടേയും ഗരുഡന്റേയും മദശമനമാണു വിഷയം. ഐരാവതപൂജയുടെ പ്രാരംഭത്തിൽതന്നെ കവി തന്റെ ഉദ്ദേശം സൂചിപ്പിച്ചിട്ടുണ്ടു്.

‘ഉള്ളിലഹമ്മതിതള്ളിനിറഞ്ഞഥ ഭള്ളുനടിച്ചു’

ധനേശൻ ശ്രീപരമേശ്വരനെയും കുടുംബത്തേയും വിരുന്നിനു ക്ഷണിക്കുന്നു.

‘ഉണ്ണിഗണേശനുവയർനിറവോളംകണ്ണുമടച്ചമൃതേത്തുകഴിക്കാം’

എന്നും അയാൾ തട്ടിവിടുന്നു. ശിവനാകട്ടെ,

“കനിവൊടിവന്റെയഹമ്മതിതീർപ്പാൻ
പണിചെയ്യേണമിതെന്നുമുറച്ചു.”

ഒടുവിൽ ഒരുക്കൂട്ടിയിരുന്ന വിഭവങ്ങളെല്ലാം തിന്നിട്ടു് ഗണപതി,

മുൻപിലിരുന്നവിളക്കുവിഴുങ്ങിചെമ്പുകളങ്ങമൃതേത്തുതുടങ്ങി
ചട്ടുകവുംപലകുട്ടുകവും ചിലവട്ടികളെന്നിവയൊക്കെവിഴുങ്ങി
മുരളിനടന്നങ്ങുരുളിവിഴുങ്ങീട്ടതിരുചിയോടരകല്ലുവിഴുങ്ങി
കുട്ടോടങ്ങളുലക്കയുമീവകപാത്രംശാലയുമൊക്കെ വിഴുങ്ങി
ആർത്തിപെരുത്തുസഹിക്കരുതാഞ്ഞിട്ടൻപിനോടൊത്തൊരു തൂണുവിഴുങ്ങി.

ഇതുകൊണ്ടൊന്നും തൃപ്തിയാകാതെ ‘കൊണ്ടാ കൊണ്ടായെന്നരുൾ ചെയ്തു’കൊണ്ടു് അദ്ദേഹം ചാടിവീണപ്പോൾ ധനപതി കുഴങ്ങി, പരമശിവന്റെ പാദത്തിൽ വീണു. ഇങ്ങനെ കുബേരന്റെ മദംതീർത്ത ഗണപതിയെ അഭിവന്ദനം ചെയ്തുകൊണ്ടു് ആരംഭിച്ചിരിക്കുന്ന കഥയുടെ ഉദ്ദേശവും സ്പഷ്ടമാണല്ലോ.

ഗാന്ധാരി പൊടിപൊടിയായി ഐരാവതപൂജ നടത്തി. അടുത്തദിവസം കുന്തിയുടെ കണക്കായും ഒന്നു നടത്താതിരിക്കയില്ലെന്നും മറ്റും ബ്രാഹ്മണർ പറഞ്ഞതുകേട്ടു്, കുന്തി ദുഃഖിക്കുന്നു. ‘മരുത്തൻമകനായ കരുത്തൻ ഭീമൻ’ അമ്മയെ ഉണ്ണാൻക്ഷണിച്ചപ്പോൾ ആ ദേവി

“അശ്രുപൊഴിച്ചഥമൂക്കുപിഴിഞ്ഞു
അമ്മുഴുമതിമുഖവുംബന്ധൂകം
ചെമ്മേകുമ്പിടുമധരോഷ്ഠങ്ങളു-
മാച്ഛാദിച്ചിതുകരകമലത്താൽ
ദീർഘശ്വാസത്തോടുംകൂടെ”

അമ്മയെ ഈ ഭാവത്തിൽ കണ്ടപ്പോൾ ഭീമൻ പറയുന്നു:

അച്ഛന്റെശീലംനന്നല്ലാ അജ്ജന്തുഗാന്ധാരിവഷള്
ഇച്ഛിച്ചതുസാധിക്കട്ടിപ്പോളിജ്ജനമിശ്ശിപ്രായംവരുവോളം
നൂറ്റിനെയുംകൊട്ടിക്കൊന്നെന്റെയൂറ്റമതാംകരകരിശനതീർത്തു
കാറ്റിന്മകനാംഞാനുംജ്യേഷ്ഠനെവെറ്റിയൊടെരാജ്യംവാഴിപ്പൻ”

അർജ്ജുനനു് അമ്മയുടെ ആഗ്രഹപൂർത്തിക്കായി അത്രയൊന്നും കാത്തിരിക്കാൻ മനസ്സുവരുന്നില്ല.

അക്കരീശനെയിവിടെയിക്കിരീടികൊണ്ട-
ന്നിക്രിയകഴിപ്പനഹംമദ്ഗിരീശനാണേ
പുഷ്കരലോചനനുടെയുൾകൃപയാൽവ്യോമ
പുഷ്കരചാരികളോടുംശക്രനെവരുത്തി
സ്വർഗ്ഗവിലാസിനികളാലിഗ്ഗൃഹമലംകൃ-
ത്യാഗ്രഭുക്കുകൾക്കുമൃതഭുക്കുകളെയാക്കി
സ്വർഗ്ഗവാസികളെക്കൊണ്ടുഭക്തവുമുണ്ടാക്കി
ഇഗ്ഗൃഹേകഴിപ്പൻസദ്യയിക്കിരീടിനാളെ.”

എന്നു ശപഥംചെയ്തിട്ടു് വിവരങ്ങൾക്കു് പിതാവായ ഇന്ദ്രനു് ഒരു കത്തയയ്ക്കുന്നു. കത്തിന്റെ അവസാനത്തിൽ ‘ഇപ്പടി കൈയെഴുതിയയപ്പൻ പാലിന്ദുകുലേശൻപാർത്ഥനെഴുത്തു്’-എന്നുചേർത്തു ഒപ്പിടാൻ വിട്ടുപോകുന്നില്ല. ഇന്ദ്രൻ മന്ത്രസഭയ്ക്കായി ഇക്കാര്യം ആലോചനയ്ക്കു വിടുന്നു. അവരിൽ ചിലർ

ഇന്നേതിൻകീഴിൽഭൂലോകേചെന്നൊരുമർത്ത്യനുമായിസ്സഖ്യം
വന്നിട്ടില്ലതുബോധിച്ചാലും.

എന്നു തടസ്സംപറയുന്നു. അതിനു് ഇന്ദ്രൻ തക്ക സമാധാനം പറഞ്ഞപ്പോൾ,

“ഇതുഞങ്ങൾക്കൊട്ടുംചേർന്നില്ല
കണ്ടവരുടെകുറികണ്ടീടുമ്പോൾമണ്ടീടത്തക്കവരല്ലല്ലോ”

എന്നു തങ്ങളുടെ മനോഭാവത്തെ വെളിപ്പെടുത്തിയെങ്കിലും,

‘കല്പിക്കുന്നതു കേൾക്കാമിന്നും കല്പിക്കുംവേലകളുംചെയ്യും.’ എന്നു അവർ സമ്മതിക്കുന്നു. ശചിദേവി ഇതിനിടയിൽ പുഞ്ചിരി തൂകിക്കൊണ്ടു്,

വല്ലായ്മകൾപറയായ്‍വിൻനിങ്ങൾ
വല്ലായ്മക്കാരായ്‍വന്നീടും;
സ്വർല്ലോകാധിപനുടെയന്തർഗ്ഗത-
മല്ലോയിക്കുറിവന്നതുമിവിടെ
എല്ലാരുംവിപരീതിച്ചാലും
വല്ലഭനിതിനായങ്ങുഗമിക്കും;
കുന്തികുന്തീയെന്നുനിശായാം
ഹന്തകിനാവിൽവിളിച്ചീടുന്നു.

എന്നൊരു കുത്തുവാക്കും തട്ടിവിടുന്നു. അങ്ങനെയാണെങ്കിൽ പോകുകയേ വേണ്ട എന്നു് ഇന്ദ്രനും പറയുന്നു. തത്സമയം,

ഇന്ദ്രനുമർജ്ജുനനും തങ്ങളിലൊരു ശണ്ഠ
കുറഞ്ഞൊന്നുണ്ടാവാനൊരു സംഗതിയുണ്ടാമോ’

എന്നിങ്ങനെ കരുതി നാരദൻ ഹസ്തിനപുരത്തിൽ എത്തുന്നു. ധർമ്മാത്മജൻ ആദരിച്ചിരുത്തീട്ടു് വിശേഷങ്ങൾ ചോദിക്കുന്നു. മുനിയാകട്ടെ,

‘സ്വസ്ത്യസ്തുയുഷ്മാകം സുഖസംസിദ്ധിർഭവതു’

എന്നു സംസ്കൃതത്തിൽ ആശീർവദിച്ചശേഷം ഇന്ദ്രാദികളുടെ വരവു കാത്തിരിക്കേണ്ടെന്നും മറ്റും ധരിപ്പിക്കുന്നു. ഇടയിൽ ചില ഏഷണികളും കലർത്തുന്നു. സാത്വികനായ ധർമ്മാത്മജൻ പന്തീരാണ്ടു തപസ്സുചെയ്തു ഇന്ദ്രനെ പ്രസാദിപ്പിച്ചു് അവിടെ വരുത്താമെന്നു പറയുന്നു. ഭീമനാകട്ടെ,

ക്രുദ്ധിച്ചബ്ധിയിൽവരുമൂർമ്മികളെസ്തംഭിച്ചദ്ധാലജ്ജിപ്പിക്കും
ക്രുദ്ധിതഭാവംകാട്ടിദ്ദൃഷ്ടികൾവട്ടത്തിൽചുറ്റിച്ചരുൾചെയ്തു
മത്തേഭത്തലവന്മാർതങ്ങടെമസ്തകമസ്തായാസമടിച്ചു
ഭിത്ത്വാ രക്തംപാനംചെയ്തതിക്രുദ്ധിച്ചലറുംകേസരിതന്നുടെ
മസ്തകപാടനപടുവാംമദ്ഗദഹസ്തേ ധൃത്വാ ഞാൻസുരലോകേ
ഗത്വാതത്രസ്ഥാമമരാവതിംസുത്രമ്‍ണമൈരാവതസഹിതം
ഹൃത്ത്വാത്രാനേതുംശക്തോഹം”എന്നലറുന്നു.

എന്നാൽ ഒരു വൈഷമ്യമുള്ളതു് അദ്ദേഹം മറന്നുകളയുന്നില്ല.

‘അത്രഗമിപ്പതുമാത്രമസാദ്ധ്യം,’

ആ പൊങ്ങച്ചാരെ നമ്പ്യാർ കളിയാക്കിയിരിക്കുന്നതു നോക്കുക.

“എന്നെയെടുത്താരാനുംവാസവ
വാസേവെച്ചേച്ചൂ എന്നാകിൽ
ഇന്ദ്രൻതന്നെക്കൊണ്ടിക്കാര്യം
ഇന്നേദിവസംസാധിക്കുംഞാൻ”

അർജ്ജുനനാകട്ടെ,

“ചതുർദ്ദന്തിയേയുംകൊണ്ടിഹവന്നിക്‍ക്രിയ
തരത്തിൽകഴിപ്പിക്ക തരമെന്നറിഞ്ഞാലും
കരുത്തനാകുമെന്റെ ഉത്തരബാണംകൊണ്ടു
കരുത്തുകേടുനന്നായ് വരുത്തുമമരർക്കും
കനക്കേടുകൾവരുംമരുത്വാനതുനേര
മിനിക്കണ്ടപമാനംകനക്കേയതുകൊണ്ടു്.”

എന്നു ഇന്ദ്രനോടു പറവാനായി നാരദനെ സ്വർഗ്ഗത്തിലേക്കയച്ചിട്ടു പിറ്റേദിവസം രാവിലെ നിയമാനുഷ്ഠാനങ്ങൾ യഥാവിധി നിർവഹിച്ചശേഷം സുരലോകത്തിലേക്കു തെരുതെരെ ശരവർഷം തുടങ്ങുന്നു. “അഭ്രമുവല്ലഭനുൾഭ്രമമുൾക്കൊണ്ടഭ്രതലേ പരവശനാ”യ്മണ്ടുന്നു. “അമരന്മാർക്കെല്ലാർക്കും ശരനിര ധിമിധിമിനെന്നുകൊണ്ടു തുടങ്ങു”ന്നു. ‘വിഡ്ഡിക്കുടവയറച്ചാരാകിയ” വൈശ്രവണനു ഒരു ചെണ്ടപിണയുന്നു. ‘ഉണ്ണിത്തമ്പുരാനുടെ ഗണ്ഡത്തിലമ്പുചെന്നു’ ഭിണ്ഡെന്നുകൊള്ളുന്നു. അഗ്നന്തകനിം, തിവരുണാദികൾ ഭഗ്നഹൃദാനന്ദന്മാരായ് ചമയുന്നു. ഒടുവിൽ ദേവന്മാരാൽ അനുഗതനായിട്ടു് ദേവേന്ദ്രൻ വന്നിരുന്നു് കുന്തിയുടെ ഐരാവതപൂജ പൊടിപൂരമായിനടത്തുന്നു.

പാത്രചരിതത്തിൽ ഇതുപോലെ ദുര്യോധനന്റെ ദുർമ്മദശമനം സരസമായി വർണ്ണിച്ചിരിക്കുന്നു.

നാളായണീചരിതത്തിൽ ‘കാമത്തിനൊരുനാളും തൃപ്തിയില്ലെന്നു’ള്ള തത്വത്തെ ചമൽക്കാരപൂർവം പ്രകാശിപ്പിച്ചിരിക്കുന്നു. അടുത്ത കഥയായ പഞ്ചേന്ദ്രോപാഖ്യാനത്തിൽ കാമപാരവശ്യംനിമിത്തം ഇന്ദ്രനു പിണഞ്ഞ ജാള ്യത്തെ അതിചാതുര്യത്തോടും പരിഹാസരസികതയോടും കവി പ്രതിപാദിച്ചിരിക്കുന്നതു എല്ലാവരും വായിച്ചിരിക്കേണ്ടതാണു്. കഥ ചുരുക്കിപ്പറയാം.

മൗദ്ഗല്യശാപത്താൽ സങ്കടപ്പെട്ടു് നാളായണി ശിവനെ തപംചെയ്തു പ്രസാദിപ്പിക്കുന്നു. ഭഗവാൻ അവളെ അനുഗ്രഹിച്ചശേഷം.

“ഒന്നുചെയ്കവേണം നീ ഇന്നു നൈമിശാരണ്യം-
തന്നിലുണ്ടൊരുയാഗമെന്നുകേട്ടിതുഞാനും
ഇന്ദ്രനും സുരന്മാരും വന്നീടുമവിടത്തിൽ
എന്നാൽനീയവിടത്തിൽ ചെന്നാലും വിരവോടെ
മന്ദാകിനിയിൽച്ചെന്നുനിന്നുകൊണ്ടതിയായി-
ട്ടിന്ദ്രന്റെമനക്കാമ്പൊന്നിളക്കിമെല്ലവേയിങ്ങു
കൊണ്ടുപോരിക”

എന്നു് അവളോടുപദേശിക്കുന്നു. അവൾ അതനുസരിച്ചു് ഗംഗാനദിയിൽ,

മുട്ടോളം ജലംതന്നിലിറങ്ങി നിന്നതുനേരം
മുട്ടാതെ ജലംതന്നിൽ പതിക്കും കണ്ണുനീരെല്ലാം
ചട്ടറ്റകനകത്താമരപ്പൂവായിഭവിക്കുന്നു.

ഇന്ദ്രൻ അതുകണ്ടു് വിസ്മയംപൂണ്ടു് ഇന്ദ്രസേനയോടു ചോദിക്കുന്നു

“ആരുടെകുമാരി നീ? പേരുമെന്തെതുചൊൽക
വാരിയിൽവന്നുനിന്നു കരയുന്നെന്തിനിപ്പോൾ?”

ഒരു അജ്ഞാതബാലിക—പോരെങ്കിൽ ദുഃഖിതയും ആയ അവൾ കുളിച്ചു ധ്യാനനിഷ്ഠയിൽ നില്ക്കേ അടുത്തുചെന്നു പേരും നാളുമൊക്കെ ചോദിക്കുന്നതോ പോകട്ടെ,

‘മാരന്റെശരമേറ്റു പാരം സങ്കടം ബാലേ
പാരാതെപരമാർത്ഥം പറഞ്ഞെന്നെ സുഖിപ്പിക്കു’

എന്നിങ്ങനെ ഒരപേക്ഷകൂടി പുറപ്പെടുമ്പോൾ, ആ വങ്കപ്രഭുവിനോടു ആർക്കും ജുഗുപ്സ ജനിക്കാതിരിക്കയില്ല,

ഇന്ദ്രസേന അതാരാണെന്നു പറയാതെ,

‘എന്നുടെവാർത്തകളെല്ലാമുരചെയ്യാം വഴിപോലെ
ഭാഗ്യവാനാം ഭവാനാരെന്നരുൾചെയ്യേണമേമുന്നം’

എന്നു നിർബന്ധപൂർവ്വം പറയുന്നു.

‘ആഗ്രഹമെൻമനക്കാമ്പിലേറ്റമിപ്പോളുളവായ് നിൻ
വിഗ്രഹശ്രീവിശേഷത്തെ കാണ്കയാലെന്നറിഞ്ഞാലും’

എന്നുകൂടി അവൾ പറഞ്ഞപ്പോൾ ഇന്ദ്രന്റെ വങ്കത്തനം ഒന്നു വർദ്ധിക്കുന്നു.

‘ഇന്ദ്രനെന്നൊരുവനെക്കേട്ടറിയുന്നീലയോ നീ?
ഇന്ദ്രനിന്ദ്രനെന്നു ലോകപ്രസിദ്ധൻഞാൻ മഹാവീരൻ’

എന്ന വാക്കുകളിൽ ഇന്ദ്രന്റെ പടുവങ്കത്തനത്തെ കവി എത്ര ഭംഗിയായി അഭിവ്യഞ്ജിപ്പിച്ചിരിക്കുന്നു. ഇന്ദ്രസേന ഇതുകേട്ടിട്ടും താനാരെന്നു അറിവിക്കാതെ ‘പുറംമാറി പുറംമാറിത്തിരിച്ചു’കളയുന്നു. ‘പറഞ്ഞാലും പറഞ്ഞാലുമെന്നു ചൊല്ലി സഹസ്രാക്ഷൻ’പുറകേകൂടുന്നു. നായിക ‘അണ്ടർകോനെ ചെണ്ടകൊട്ടിപ്പതിനായി’ ‘പറഞ്ഞീടാം പറഞ്ഞീടാം’ എന്നു പറഞ്ഞുകൊണ്ടു് കൊണ്ടുപിടിച്ചുനടക്കയും ചെയ്യുന്നു. ഇങ്ങനെ അവൾ “കുറഞ്ഞോന്നല്ല, എട്ടുപത്തുകാതം അങ്ങു കൊണ്ടു്”പോകുന്നു. ഇങ്ങിനെ അവർ പോകവേ ‘അചലതനയയുമഖിലപതി പുരവൈരിയും ഹിമവന്നികടത്തിൽ മനുഷ്യരൂപാവലംബികളായിരുന്നു് ‘പകിടയും പടവുംവരുത്തി നിരത്തിവച്ചുകളിക്കുന്ന’തു് ഇന്ദ്രൻ കാണുന്നു. അതുകണ്ടു് ഇന്ദ്രന്റെ ഭാവമൊന്നുപകരുന്നു.

“ആരെടോ നമ്മുടെമുമ്പിൽ ഞെളിഞ്ഞുകൊണ്ടിരിക്കുന്നു?
ചാരുശൃംഗാരിയായി തന്റെ കളത്രത്തെ ഫലിപ്പിപ്പാൻ”
ദൂരെമാറിക്കൊണ്ടീലായ്കിൽ കൊണ്ടുപോം താഡനം മൂഢ!
പാരമേറുംമദം പച്ചക്കാമദേവനെന്നുഭാവം
എന്നുടെആഗമംകണ്ടാലെഴുന്നേല്ക്കാതിരിക്കുന്ന
നിന്നുടെ ദുർമ്മദമിന്നു ശമിപ്പിപ്പൻ വഴിപോലെ”

എന്നിങ്ങനെ ഒട്ടധികം ആത്മപ്രശംസ അദ്ദേഹം നടത്തുന്നു.

“ഉമ്പർകോൻഞാൻവരുന്നേരം സംഭ്രമിക്കാതിരിക്കുന്ന
ഡംഭനാം പൂരുഷാ നിന്റെ ഡംഭുപാരം കടുക്കുന്നു
ശംഭുദേവൻപോലുമെന്നെബ്ബഹുമാനിച്ചിരിക്കുന്നു
ശംഭളിക്കു മകനായ നിനക്കുണ്ടോ പരമാർത്ഥം”

എന്ന വാക്കുകൾ നാവിൽനിന്നു പുറപ്പെട്ടപ്പോൾ, കപടമാനുഷവേഷാവലംബികളായ ദേവനും ദേവിയും ഉള്ളുകൊണ്ടു ചിരിച്ചു കാണണം. എന്നാൽ അവർ അനങ്ങാതെ ഇരുന്നു കളി തുടരുന്നതേയുള്ളു.

പെണ്ണിനെത്താൻ ഭ്രമിപ്പിപ്പാൻ പൊണ്ണനെത്ര പണിചെയ്തു
കണ്ണെഴുത്തും കുറികളും കുണ്ഡലം തോൾ വളകളും
വിണ്ണവർനാട്ടിലെ നാഥൻ ഞാൻ വരുമ്പോളെഴുനേറ്റാൽ
പെണ്ണിനുനിന്ദയുണ്ടാകുമെന്നു നിന്നുള്ളിലുണ്ടിപ്പോൾ

എന്നിങ്ങനെ ദുഷിവാക്കു കടുത്തുതുടങ്ങുമ്പോൾ, ഭഗവാൻ

‘ബദ്ധഹാസം മറിഞ്ഞൊന്നു കടാക്ഷിച്ചു ലീലയോടേ’

ജാഭവൈരിയുടെ പൗരുഷമെല്ലാം അസ്തമിക്കുന്നു; വജ്രം താനേ ഭൂതലത്തിൽ വീണുപോകുന്നു. നന്ദികേശ്വരൻ വന്നു് അദ്ദേഹത്തെ ബന്ധിച്ചു് ഒരു ഗുഹയ്ക്കകത്തു കൊണ്ടുപോയിടുന്നു. ആ ഗുഹയുടെ വാതിൽ തുറന്നപ്പോൾ,

തത്ര കാണ്മാറായി നാലു വാസവന്മാർ കിടക്കുന്നു
രണ്ടുകാല്ക്കും രണ്ടുകൈക്കും തുടലിട്ടുപൂട്ടിമെല്ലെ.
രണ്ടുതോളിൽതടിയേറ്റിത്തടിയെല്ലാം കൃശമായി
രണ്ടുകണ്ണും കുണ്ടിലായിക്കണ്ണുനീറ്റിൽക്കുളിച്ചേറ്റം
ദണ്ഡമോടുകിടക്കുന്നു നാലുദേവാധിരാജന്മാർ.
സ്നാനമില്ല പാനമില്ല, ദീനമില്ലാതേതുമില്ല
മാനഭംഗംകൊണ്ടുതാനേ തലയും താണുപോയല്ലോ
ജ്ഞാനമില്ലായ്കകൊണ്ടല്ലോ നമുക്കീസങ്കടംവന്നു
താനൊഴിച്ചാലൊഴിക്കാവൊന്നല്ലിതെന്നു നിനയ്ക്കുന്നു.

പിന്നീടു് ശങ്കരകിങ്കരന്മാർ നാലുവാസവന്മാരെയും കെട്ടഴിച്ചു ഭഗവത്സന്നിധിയിൽ കൊണ്ടുപോയി തൊഴീക്കുന്നു. ‘പുത്തനാമിന്ദ്രനെ’ ഗുഹയ്ക്കുള്ളിൽ കെട്ടിയിടാനും ഭാവിക്കുന്നു. അതുകൊണ്ടു്

അഹങ്കാരംകൊണ്ടുദോഷം ചില കാലംവന്നുപോകും
അഹംതന്നെതിരുമുമ്പിൽ വന്നുവീഴുമതുനേരം
ക്ഷമിക്കും തമ്പുരാനെല്ലാമബദ്ധം കാട്ടിയെന്നാലും
രമിക്കുമ്പോൾ തീരുമെന്റെ കുറ്റമെല്ലാമിത്രനാളും
ഉമയ്ക്കു നാഥനാം ദേവ ക്ഷമിയ്ക്കെന്നങ്ങുണർത്തിച്ചു
നമിച്ചുമാനവുമാശു നശിച്ചു നിന്നിതു ശക്രൻ

ഭഗവാനാകട്ടെ, വാസവന്മാരഞ്ചുപേരോടും ചഞ്ചലാക്ഷീമണിയായ ഇന്ദ്രസേനയുടെ ഭർത്താക്കന്മാരായിത്തീരത്തക്കവണ്ണം പാണ്ഡുസുതന്മാരായി ചെന്നു ജനിക്കാൻ ആജ്ഞാപിച്ചിട്ടു് അവരെ അനുഗ്രഹിച്ചയയ്ക്കുന്നു.

ഓരോ കഥയും സന്മാർഗ്ഗതത്വബോധകമായ ഓരോ സാധനപാഠമാണു്. അദ്ദേഹത്തിന്റെ തൂലികാഗ്രത്തിൽനിന്നു പുറപ്പെട്ടിട്ടുള്ളിടത്തോളം സൂക്തിരത്നങ്ങൾ മറ്റുകവികളുടെ കൃതികളിലെല്ലാംകൂടി തിരഞ്ഞുപെറുക്കിയെടുത്താലും കിട്ടുമോ എന്നു സംശയമാണു്. “പരിഹാസരസത്താൽ പരിതപ്തമായുരുകിയൊഴുകുന്ന ഭാഷാസ്വർണ്ണപിണ്ഡം” ചിലദിക്കിൽ ചുഴന്നു കട്ടിപിടിച്ച ലോകോക്തിരൂപത്തിൽ സർവദാ കാലപുരുഷന്റെ കൈവിരലിലെ കനകമോതിരം പോലെ പരിശോഭിക്കുന്നതാണു്” [8] നമ്പ്യാരുടെ ഓരോ തുള്ളലിൽനിന്നും ഏതാനും ലോകോക്തികൾ ഉദ്ധരിക്കാം.

  1. പണമെന്നുള്ളതു കയ്യിൽവരുമ്പോൾ ഗുണമെന്നുള്ളതു ദൂരത്താകും പ്രദോഷമാഹാത്മ്യം
  2. “മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരുസൗരഭ്യം” “എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെവരുന്നതുകാണാം.കിരാതം
  3. “വിദ്വാന്മാരെസമ്മാനിപ്പാൻ വിദ്വാന്മാർക്കേയെളുതാവുള്ളു” “വീട്ടിൽവരുന്നവർകാട്ടിയദോഷം വീട്ടിലെനായർക്കെന്നുവരാമോ” “ഉപ്പു ചുമന്നുനടക്കുമവന്നൊരു കപ്പലുകടലിലിറക്കാൻമോഹം” “കുണ്ടുകിണറ്റിൽതവളക്കുഞ്ഞിനു കുന്നിനുമീതേപറക്കാൻമോഹം” രുക്‍മിണീസ്വയംവരം
  4. “കുറ്റംനോക്കിപ്പറവാൻവലിയൊരു കുറ്റികണക്കിനെനില്ക്കുംചിലരിഹ” “നാണംകെട്ടൊരുകോണിലിരിപ്പാൻ ആണുങ്ങൾക്കതുഗുണമായ്‍വരുമോ” “തോണികടന്നാൽതുഴകൊണ്ടെന്നൊരു നാണിയമുണ്ടതുഭോഷ്കല്ലേതും” “പണമെന്നുള്ളതിനോടിടപെട്ടാൽ പ്രണയംകൊണ്ടൊരു ഫലമില്ലേതും” “ഗുണവാന്മാരൊരബദ്ധംചെയ്താൽ തുണചെയ്തവനുമബദ്ധക്കാരൻ” “കണ്ടാലറിയാതുള്ളശഠന്മാർകൊണ്ടാലറിയും” “പുള്ളിപ്പുലിയുടെ മുന്നിൽച്ചെന്നിഹതുള്ളിനടക്കും കുറുനരിയെപ്പോൽ”ഘോഷയാത്ര
  5. “എമ്പ്രാനപ്പംകട്ടുഭുജിച്ചാലമ്പലവാസികളൊക്കെക്കക്കും” “ആയിരവർഷംകുഴലിലിരുന്നൊരു നായുടെവാലുവളഞ്ഞേതീരൂ” “പാമ്പിനുപാലുകൊടുത്തെന്നാകിൽകമ്പിരിയേറിവരികേയുള്ളു”സ്യമന്തകം
  6. “ചന്തംകാണ്മാനല്ലെജമാനൻ ചോറുംതന്നുപൊറുപ്പിക്കുന്നു” “കടിയാപ്പട്ടികുരയ്ക്കുമ്പോളൊരുവടിയാൽനില്ക്കുമതല്ലാതെന്തിഹ”രാമാനുചരിതം
  7. “വിധിക്കുംനേരില്ല്ലാതെയിരിക്കും കാലത്തിങ്കൽ ഇരിക്കേകാളുംനല്ലു മരിക്കസകലൎക്കു ം ഐരാവതപൂജ
  8. “കൊന്നാൽപാപംതിന്നാൽപോമുടൻ” “ഇരുവരുതമ്മിൽചേർന്നുവരുമ്പോൾ പരമാനന്ദമവർക്കുലഭിക്കും”
  9. “അരയോജനവഴി ചാടുന്നവനും അരയുംതൊണ്ണൂറ്റൊമ്പതുമവനും ഒപ്പംസ്വല്പംവികല്പംനാസ്തി.” “മാണിക്കംമണി കയ്യിലിരിക്കേ വീശത്തിന്നുംവിലപിടിയാതൊരു കാചത്തെപരികാമിക്കാമോ?”ലങ്കാമർദ്ദനം
  10. അങ്ങാടീന്നൊരുതോലിപിണഞ്ഞാൽ തങ്ങടെ അമ്മയോടെന്നുണ്ടല്ലോ അഹല്യാമോക്ഷം
  11. ആനപിടിച്ചാലിളകാത്തൊരുതടി ശ്വാവിനുകൊണ്ടുഗമിക്കായ്‍വരുമോ? സന്താനഗോപാലം
  12. “ഉമ്മാൻവകയില്ലാത്തൊരുതൊമ്മൻ സമ്മാനിപ്പാനാളായ്‍വരുമോ?” “കുഞ്ഞുതനിക്കില്ലാഞ്ഞാൽമറ്റുകിഴിഞ്ഞൊരു ജാതിയിലു- ള്ളൊരുശിശുവെക്കുഴിയിൽവച്ചുമെടുക്കാം” “ആനവലിക്കാതുള്ളമരത്തടിപൂനവലിപ്പാനാളായ്‍വരുമോ?”സീതാസ്വയംവരം
  13. “കുറുനരിലക്ഷംവന്നാലിന്നൊരുചെറുപുലിയോടുപിണങ്ങാനെളുതോ?” “പ്രാണങ്ങൾപോയെങ്കിലും പ്രാഭവംപോകയില്ലാ ആണല്ലാതവർക്കുണ്ടോ ആയതുസാധിക്കുന്നു?”സത്യാസ്വയംവരം
  14. ഉമിയൊടുവേർപെട്ടാലരിതാനേ ഉഴവിൽവിതച്ചാൽ മുളയുണ്ടാമോ?സുന്ദരീസ്വയംവരം
  15. ഗതികെട്ടാൽപുലിപുല്ലുംതിന്നുംബകവധം
  16. മദമൊടുമരുവും സിംഹത്തിനെയൊരുമശകംചെന്നുപിടിപ്പാനെളുതോ? പിടിയാത്തവരുടെവാക്കുകൾകേട്ടാൽ പിടിപാടായിക്കരുതീടാമോ? ഐരാവണവധം
  17. “കാട്ടിൽക്കിടന്നു പൊറുക്കുന്നതേക്കാളും വീട്ടിലിരന്നു നടക്കുന്നതേഗുണം” “വീട്ടിലുണ്ടെങ്കിൽവിരുന്നുചോറുംകിട്ടും” “പെണ്ണിന്റെചൊൽകേട്ടു ചാടിപ്പുറപ്പെട്ട പൊണ്ണൻമഹാഭോഷനയ്യോമഹാജളൻ അച്ചിക്കുദാസ്യപ്രവൃത്തിചെയ്യുന്നവൻ കൊച്ചിക്കുപോയങ്ങു തൊപ്പിയിട്ടീടണം.”കല്യാണസൗഗന്ധികം
  18. “അംബുജനാളമൊഴിഞ്ഞിഹ ശൈവലു- മന്നത്തരുണികൾമോഹിക്കുന്നോ? അംബുജമധുരസമുണ്ണുംവണ്ടുകൾ നിംബരസത്തിനു വാഞ്ഛിക്കുന്നോ?നിവാതകവചകാലകേയവധം
  19. “കുരയ്ക്കുംപട്ടികളുണ്ടോകടിക്കുന്നു; നിജസ്തോത്ര മുരയ്ക്കുന്നോരുടെവിദ്യക്കിരിക്കംദൂഷണമെല്ലാം രവിയോടൊക്കുമോമിന്നാമിനുങ്ങെന്നുള്ളജന്തുക്കൾ ഹരിണീസ്വയംവരം
  20. “രണ്ടുകളത്രത്തെയുണ്ടാക്കിവയ്ക്കുന്നതണ്ടുതപ്പിക്കുസുഖമില്ലൊരിക്കലും”ധ്രുവചരിതം
  21. “സ്വർണ്ണങ്ങളെന്നൊരുജാതിയുംസൃഷ്ടിച്ചു പെണ്ണുങ്ങളെന്നൊരുജാതിയുംസൃഷ്ടിച്ചു വർണ്ണങ്ങളുംകണ്ണുമൊട്ടുള്ളദേഹമീ ഏന്തുന്നസംസാരവാരിധിയിൽചാടി നീന്തുന്നമർത്ത്യന്നുകേറാൻതരംവരാ. കൃഷ്ണലീല
  22. “ഈറ്റുനോവിന്റെപരമാർത്ഥമൊക്കെയും പെറ്റപെണ്ണുങ്ങൾക്കുതന്നേയറിയാവൂ” “കാട്ടുകോവില്ക്കെന്തുസംക്രാന്തിയെന്നതു്” “ആടിന്നറിയുമോ അങ്ങാടിവാണിഭം?” പൊട്ടക്കുളത്തിൽ കളിച്ചീടുമട്ടകൾ. ഗണപതിപ്രാതൽ
  23. “വിളവില്ലാത്തകണ്ടത്തിൽ വിത്തുവാരിവിതയ്ക്കുന്ന ജളന്മാർക്കുകെടുകാര്യമെന്നിമറ്റൊന്നുമില്ല.” ഹനുമദുത്ഭവം
  24. “നാടുവാഴികളെണ്ണമേറുമ്പോളവർ തന്റെ നാടുപാഴിലാക്കീടുമന്യോന്യംകലഹിക്കും” “കണ്ടാലുമറിയാത്തകള്ളന്മാർതലയ്ക്കിട്ടു- കൊണ്ടാലുമറികയില്ലുണ്ടാകുമബദ്ധങ്ങൾ.”സഭാപ്രവേശം

ഈ 24 തുള്ളൽക്കഥകൾക്കു പുറമേ കാർത്തവീര്യാർജ്ജുനവിജയം, ബാണയുദ്ധം, പാത്രചരിതം, ശീലാവതിചരിതം, രാവണോത്ഭവം, ബാലിവിജയം, ചന്ദ്രാംഗദചരിതം, അംബരീഷചരിതം, നളചരിതം രണ്ടാംസ്വയംവരം, ഹിഡിംബവധം, ബകവധം, ഗാവർദ്ധനചരിതം, കിർമ്മീരവധം, ബാല്യുത്ഭവം, കാളിയമർദ്ദനം, അന്തകവധം, പൌണ്‍ഡ്രകവധം, നൃഗമോക്ഷം, പ്രഹ്ലാദചരിതം, ധേനുകവധം, ദുര്യോധനവധം, ത്രിപുരദഹനം, കുംഭകർണ്ണവധം, ഹരിശ്ചന്ദ്രചരിതം, പുളിന്ദീമോക്ഷം, ഗജേന്ദ്രമോക്ഷം, പാഞ്ചാലീസ്വയംവരം, നാളായണീചരിതം, പഞ്ചേന്ദ്രോപാഖ്യാനം, ദക്ഷയാഗം, കീചകവധം എന്നിങ്ങനെ വേറെയും അനേകം കഥകൾ എഴുതീട്ടുണ്ടു്. അവയിലും ഈമാതിരി സൂക്തിരത്നങ്ങൾ അനവധി കാണാം. നമ്പ്യാരുടെ പേരിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ള കഥകളിൽ പലതും അദ്ദേഹത്തിന്റെതല്ലെന്നും തൽകൃതികളിൽ ചിലേടത്തുകാണുന്ന അശ്ലീലമായ ഉപകഥകൾക്കും ആവർത്തനങ്ങൾക്കും ഉത്തരവാദികൾ തുള്ളൽക്കാർ ആയിരിക്കണമെന്നും ഒന്നുകൂടി വായനക്കാരെ ഓർമ്മിപ്പിച്ചുകൊള്ളുന്നു.

നമ്പ്യാരെപ്പറ്റിയുള്ള ഈ വിമർശം അവസാനിക്കുംമുമ്പു് ഭാഷാന്തരീകരണവിഷയത്തിൽ അദ്ദേഹത്തിനുള്ള പാടവത്തെപ്പറ്റിയും രണ്ടുവാക്കു പറഞ്ഞുകൊള്ളട്ടേ. മറ്റു മഹാകവികളെപ്പോലെതന്നെ നമ്പ്യാരും പൂർവകവികളെ ഉപജീവിച്ചിട്ടുണ്ടു്. എന്നാൽ അങ്ങനെ ആശയങ്ങൾ സ്വീകരിച്ചിട്ടുള്ള ദിക്കുകളിലും, കവിത സ്വതന്ത്രം എന്നപോലെ തോന്നുന്നു. ഉദാഹരണങ്ങൾ ഇവിടെ എടുത്തുകാണിക്കുന്നില്ല. ‘ചില കവിതാപ്രതിദ്ധ്വനികൾ’ എന്ന പുസ്തകത്തിന്റെ 42 മുതൽ 47 വരെയുള്ള വശങ്ങളിൽ പീ. കേ. നാരായണപിള്ള അവർകൾ ഉദ്ധരിച്ചിട്ടുള്ള ശ്ലോകങ്ങളും തർജ്ജമകളും നോക്കുക. ഞാൻ ഇവിടെ പറയാൻപോകുന്നതു് കവി മൂലശ്ലോകങ്ങളെ ഉദ്ധരിച്ചിട്ടു വ്യാഖ്യാനിച്ചിരിക്കുന്ന രീതിയെപ്പറ്റിയാണു്. ഒന്നുരണ്ടുദാഹരണങ്ങൾ കൊണ്ടു് വ്യാഖ്യാനരീതിവിശദമാകും.

ഗോഷ്ഠീ സാ വിരളാ ന യത്ര ഘടതേ സത്താ പുരോഭാഗിനാം
നാരീ സാ ഖലു ദുർല്ലഭാ ന കുസൃതിശ്ലിഷ്ടം യദീയം മനഃ
ദുഷ്പ്രാപഞ്ച തടംബുതീരജരാജാരാജിന്നയദ് ദൂഷയേൽ
ദുസ്സാധഞ്ച സുഖം തദാ വിലയതേ ദുഃഖാനുവൃത്തിർന്ന യത്

പുരോഭാഗികളുടെ സത്തഇല്ലാത്തതായ സഭയും കുസൃതിശ്ലിഷ്ടമായ മനസ്സോടുകൂടാത്ത നാരിയും തീരപ്രദേശത്തിലെ രജോരാജികലർന്നു മലിനമാകാത്ത ജലവും സുദുർല്ലഭമായിരിക്കുമ്പോലെ ദുഃഖാനുവൃത്തിയില്ലാത്ത സുഖവും ദുസ്സാധമായിരിക്കുന്നു എന്നാണല്ലോ ഇതിന്റെ അർത്ഥം. അതിനെ നമ്പ്യാർ തർജ്ജമചെയ്തിരിക്കുന്നതെങ്ങനെ എന്നു നോക്കാം.

മുറ്റുംനല്ലമഹാജനമെല്ലാംചുറ്റുംവന്നുനിറഞ്ഞസഭായാം
കുറ്റംനോക്കിപ്പറവാൻവലിയൊരുകുറ്റികണക്കേനില്ക്കുംചിലരിഹ.
ദോഷഗ്രാഹികളില്ലാതുള്ളൊരുദോഷജ്ഞന്മാരുടെ സഭതുച്ഛം
വേഷമനോഹരിയാകിയപെണ്ണിനുദൂഷണമൊന്നുണ്ടതുമുരചെയ്യാം.
പല്ലവമെന്നതുപോലേദേഹംപല്ലുംചുണ്ടുമതെത്രമനോജ്ഞം?
നല്ലകടാക്ഷംനല്ലൊരുഭാവംസല്ലാപങ്ങളുമാനന്ദകരം
എല്ലാമിങ്ങനെമംഗലമെങ്കിലുമല്ലാതുണ്ടൊരുദോഷമവൾക്കും
കല്ലുകണക്കേകഠിനംഹൃദയമതല്ലാതുള്ളവർദുർല്ലഭമല്ലോ
ചാരുതയുള്ളൊരുസലിലത്തിന്നൊരുനീരസമുണ്ടതുബോധിക്കേണം
തീരത്തുള്ളൊരുപൊടിപടലംബതചേരുന്നേരമതൊന്നുകലങ്ങും
എന്നതുപോലെനല്ലസുഖത്തിനുമൊന്നുവിരുദ്ധംദുഃഖാഗമനം
അന്നന്നോരോദുഃഖാനുഭവംവന്നിടകൂടാതുള്ളസുഖംബഹു-
ദുർല്ലഭമെന്നുധരിച്ചീടേണം.”

അതുപോലെതന്നെ,

ചീയതേബാലിശസ്യാപി സുക്ഷേരൂപതിതാ കൃഷിഃ
ന ശാലേസ്തംബകരിതാ വപ്തുർഗുണമപേക്ഷതേ”

എന്ന ശ്ലോകത്തിന്റെ തർജ്ജമനോക്കുക.

കറവില്ലാതുള്ളക്ഷരവിദ്യകളറിവാൻമാത്രംബുദ്ധിയുമില്ല
അറിവുള്ളതിനെസ്സഭയിൽചെന്നാൽപറവാൻവാക്കിനു കൗശലമില്ല.
ചിലവക നാടകകാവ്യാദികളിൽചിലവുംകവിതാമാർഗ്ഗവുമില്ല
ചിലവസ്തുക്കൾചമയ്ക്കാമതിനൊരുവിലപിടിയാചിലർകേൾക്കുന്നേരം
അങ്ങനെയുള്ളൊരു മാനുഷനാകിലുമിങ്ങനെയുള്ള മഹാജനസഭയിൽ
ചെന്നൊരുവിദ്യപ്രയോഗിച്ചാലതുനന്നെന്നുള്ളതുവന്നുഭവിപ്പതു
സജ്ജനസഭയുടെസൽഗുണഗണ്യതയിജ്ജനമതിനാളായിട്ടല്ല.

എന്നുള്ള പ്രസ്തുതത്തെ പറഞ്ഞിട്ടാണു് തർജ്ജമയ്ക്കു തുടങ്ങുന്നതു്.

വളമേറിനുകണ്ടത്തിൽവിതച്ചാൽ വിളവൊരുപത്തിനു സംശയമില്ലാ
വളമില്ലാത്തപറമ്പിൽവിതച്ചാൽ അളവേവിത്തുംകിട്ടുകയില്ലാ
കണ്ടത്തിന്റെഗുണംകൊണ്ടേവിളവുണ്ടാവുള്ളുവിതച്ചതിലധികം
കൊണ്ടിഹചെന്നുവിതയ്ക്കുന്നവനെങ്ങാണ്ടൊരുകാര്യംവരുവാനില്ല.

ഇതാണു് ആ ശ്ലോകത്തിന്റെ ശരിയായ അർത്ഥം. എന്നാൽ കവി അവിടെ നിർത്താതെ ആശയത്തെ ഒന്നുകൂടി വ്യക്തമാക്കാൻ നോക്കുന്നു.

നല്ലകൃഷിക്കാരൻതാൻവിത്തൊരുകല്ലിൽവിതച്ചാൽകരികേയുള്ളു
നല്ലൊരുവയലിലതുഴുതുവിതച്ചാൽനെല്ലൊരുനാഴിക്കൊരുപറവിളയും.
എന്നകണക്കേകേൾക്കുന്നവരറിയുന്നജനങ്ങൾമഹത്തുകളെങ്കിൽ
ഇന്നവനെന്നില്ലവനുടെവാക്കുകൾനന്നെന്നുംവരുമിതിനുടെയർത്ഥം.

ചില ശ്ലോകങ്ങൾക്കു യഥാസ്ഥിതമായ അർത്ഥം പറഞ്ഞിട്ടു കവി വിരമിക്കുന്നതായും കാണുന്നുണ്ടു്.

ഈ ലഘുവായ വിമർശനത്തിൽ നിന്നും മനസ്സില്ലാമനസ്സോടെ വിരമിക്കേണ്ടിവന്നിരിക്കുന്നു. പുരോഭാഗികൾ എന്തെല്ലാം പറഞ്ഞാലും—എന്തെല്ലാം നവനവങ്ങളായ പ്രസ്ഥാനങ്ങൾ ഉദിക്കയും അസ്തമിക്കയും ചെയ്താലും—കേരളഭാഷാസാഹിത്യ നഭോമണ്ഡലത്തിലെ ഈ ഉജ്ജ്വലതാരം ഉദയാസ്തമയങ്ങൾ കൂടാതെ മലയാളികളുടെ നിരന്തരവും നിർവ്യാജവുമായ മാനസപൂജയ്ക്കു പാത്രമായി ലോകാവസാനം വരെ പ്രശോഭിച്ചുകൊണ്ടേ ഇരിക്കും. ഷേക്‍സ്പീയർ മഹാകവിയുടെ മഹത്ത്വം ആദ്യമായി കണ്ടുപിടിച്ചതു് ജർമ്മൻകാരാകുന്നു; ഭാരതഖണ്ഡത്തിന്റെ പേരും പെരുമയും പുലർത്തിയ സ്വാമീ വിവേകാന്ദന്റെ മാഹാത്മ്യം കണ്ടുപിടിച്ചതു് അമേരിക്കക്കാരുമാണു്. കുഞ്ചന്റെ മാഹാത്മ്യം കണ്ടുപിടിക്കുന്നതിനു് അന്യന്മാരുടെ സഹായം വേണ്ടിവന്നിട്ടില്ലെന്നുള്ളതു് കേരളീയർക്കൊക്കെ അഭിമാനകരമായിരിക്കുന്നു. ഈ പുണ്യശ്ലോകന്റെ—പ്രാപഞ്ചികവേഷത്തിൽ ലോകയാത്ര നിർവഹിച്ച ഈ യതീശ്വരന്റെ—ഭൂതവർത്തമാനഭവിഷ്യത്തുകളെ കരതലാമലകംപോലെ സ്ഫുടമായി ദർശിച്ചു് നമുക്കുവേണ്ടി ചിത്രണം ചെയ്തുതന്നിട്ടുള്ള ഈ ത്രികാലജ്ഞന്റെ—കവിതകളെ ദൂഷണംചെയ്യുന്നവർക്കു ‘ഇഹംനാസ്തി; പരംനാസ്തി’ എന്നുമാത്രമേ പറവാനുള്ളൂ.

കുറിപ്പുകൾ
[1]

അതിന്റെ പ്രാരംഭത്തിൽ

ശ്രീനാരായണഭട്ടപാദഗുരുപാദാനാം കൃപാനുഗ്രഹാൽ
ശ്രീകൃഷ്ണസ്യകഥാം കഥാപയതി യശ്ചമ്പൂ പ്രബന്ധാത്മികാ
രാമോ നാമസ്സ പാണിവാദകലജഃ പാണീ ശിരസ്യർപ്പയൻ
ബ്രഹ്മഭ്യഃ പ്രണതിം കരോതി ഖലു വസ്സഭ്യാസ്സമഭ്യാഗതാഃ.
എന്നൊരു ശ്ലോകം കാണുന്നുണ്ടു്.
[2]

നിത്യം സന്നിദധദംബരധുനീനാഥ പരിചരണ
പാരായണസ്യ മഹാരാജ ദേവനാരായണസ്യ പാദ-
പൂത്തോപജീവനാം. രാമപാണിവാദേന ലീലാവതീവീഥി.
[3]

ഈ ഗ്രന്ഥം തിരുവനന്തപുരം ക്യൂറേറ്റർ ആഫീസിൽ പകർത്തിവച്ചിട്ടുണ്ടു്.

[4]

കോങ്ങാട്ടു കൃഷ്ണൻനായരവർകൾ പകർത്തി അയച്ചുതന്നിട്ടുള്ളതാണു്.

[5]

‘ഭാഷയായ് പറയാനുമടിയനു സംസ്കൃതത്തിലുമൊന്നുപോൽ
ദോഷഹീനപടുത്വമല്പമുദിപ്പതുണ്ടിവിടിന്നതിൽ
ശേഷിയില്ല ഭടജ്ജനങ്ങൾ ധരിച്ചിടാം കടുസംസ്കൃതം.’
എന്നു കവിതന്നെ പ്രസ്താവിച്ചിട്ടുള്ളതിനെ എന്തിനു അവിശ്വസിക്കുന്നു?
[6]

സൂര്യനാരായണൻ എഴുത്തച്ഛൻ.

[7]

രാഘവൻനമ്പ്യാർ കൊച്ചീരാജാവിന്റെ ആശ്രിതനായി തൃപ്പൂണിത്തുറ താമസം തുടങ്ങിയതും ൯൪൦-നു ശേഷമായിരിക്കാം.

[8]

പി. കെ. നാരായണപിള്ള

Colophon

Title: Kēraḷa bhāṣāsāhitya caritṛam Vol. 4 (ml: കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 4).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; Vol. 4; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 4, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 24, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A girl poses for designs with her face painted depicting traditional Indian painting forms like, Varli, Madhubani, Maandna., a photograph by Tapas Kumar Halder . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.