images/rnp-4-cover.jpg
A girl poses for designs with her face painted depicting traditional Indian painting forms like, Varli, Madhubani, Maandna., a photograph by Tapas Kumar Halder .
വിവിധഗാനങ്ങൾ

കുഞ്ചൻനമ്പ്യാരുടെ കാലശേഷം സാഹിതീദേവി കുറേക്കാലത്തേയ്ക്കു് നിദ്രിതാവസ്ഥയിൽ കഴിച്ചുകൂട്ടിയെന്നു പറയാം. കിളിപ്പാട്ടു്, തുള്ളൽപാട്ടു്, പാന, വഞ്ചിപ്പാട്ടു്, മാരൻപാട്ടു്, കമ്പിടികളിപ്പാട്ടു്, ഊഞ്ഞോൽപാട്ടു്, അമ്മാനപ്പാട്ടു്, തിരുവാതിരകളിപ്പാട്ടു് എന്നിങ്ങനെ പല വകുപ്പുകളിലായി നിരവധി കൃതികൾ ഉണ്ടായെങ്കിലും അവയിൽ ലക്ഷണമൊത്തവ തുലോം ചുരുക്കമായിരുന്നു. കേരളീയർ ഒരു പരിവർത്തനഘട്ടത്തിലേക്കു കാലൂന്നിക്കഴിഞ്ഞു. അവരുടെ അധഃപതനചിഹ്നങ്ങൾ നമ്പ്യാരുടെ കൃതികളിൽ ധാരാളം കാണാം. സമുദായം ദുഷിക്കുമ്പോൾ സാഹിത്യവും ദുഷിക്കാതിരിക്കയില്ല. ഇക്കാലത്തുണ്ടായ പാട്ടുകളിൽ ഏറിയകൂറും സ്ത്രീജനങ്ങളെ ഉദ്ദേശിച്ചു് രചിക്കപ്പെട്ടവയായിരുന്നു. എന്നാൽ അവയിൽ മിക്കതും ഈ പരിഷ്കൃതദശയിലും പ്രചരിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രമല്ല; അവയെക്കൊണ്ടു മാത്രം ധനാർജ്ജനം സാധിച്ചുവരുന്ന അനേകം പ്രസാധകന്മാരും ഇപ്പോൾ ഉണ്ടു്. പരമാർത്ഥം പറയുന്നതായാൽ രാമായണാദി ഉത്തമഗ്രന്ഥങ്ങളേക്കാൾ ഈ ക്ഷുദ്രകൃതികൾക്കാണു് നമ്മുടെ നാട്ടിൽ അധികം പ്രചാരം. കഷ്ടിച്ചു് എഴുത്തും വായനയും വശമാക്കീട്ടുള്ള കളവാണികളാണു് ഈ പ്രസാധകന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതു്. സന്താനഗോപാലം കിളിപ്പാട്ടു്, ഞായറാഴ്ചമാഹാത്മ്യം, സുന്ദരീസ്വയംവരം പാട്ടു്, പുത്തൻഭാരതം എന്നിങ്ങനെയുള്ള ഗാനങ്ങൾക്കു നാല്പതും അമ്പതുംവീതം പതിപ്പുകൾ ആയിരിക്കുന്നു. ഇരയിമ്മൻതമ്പി, മൂലൂർ എസ്സ്, പത്മനാഭപ്പണിക്കർ, കേ. സീ. കേശവപിള്ള തുടങ്ങിയ നല്ല നല്ല കവികൾപോലും ഇത്തരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളതോർക്കുമ്പോൾ അവയെല്ലാം കേവലം അപണ്ഡിതന്മാരുടെ കൈക്കുറ്റപ്പാടുകൾ അല്ലെന്നും സമുദായത്തിന്റെ യഥാർത്ഥമായ ആവശ്യത്തെ പുരസ്കരിച്ചു് തമിഴർ പറയുംപോലെ ‘എളിയനട’യിൽ രചിക്കപ്പെട്ടിട്ടുള്ളവയാണെന്നും നമുക്കു എളുപ്പത്തിൽ മനസ്സിലാകും. ഏതായിരുന്നാലും അത്തരം പാട്ടുകളിൽ പലതിനും ഈ സാഹിത്യചരിത്രത്തിൽ സ്ഥലം അനുവദിക്കുവാൻ തല്ക്കാലം നിവൃത്തിയില്ല.

കിളിപ്പാട്ടുകൾ

ഈ വകുപ്പിൽ കാവ്യങ്ങൾ രചിച്ചു് പ്രശസ്തിനേടീട്ടുള്ള കവികൾ വളരെ ചുരുക്കമാണു് അവരിൽതന്നെയും ഭൂരിഭാഗവും എഴുത്തച്ഛന്റെ പാദപാംസുക്കൾകൊണ്ടു പരിപൂരിതമായി തീർന്നിട്ടുള്ള പ്രദേശങ്ങളിൽ ജീവിച്ചിരുന്നവരുമാകുന്നു. ആ ഗുരുപാദരുടെ അന്തേവാസികളിൽ പ്രഥമഗണനീയനായിരുന്ന സൂര്യനാരായണൻ എഴുത്തച്ഛൻ ചിറ്റൂരിൽ ഒരു ഗുരുമഠം സ്ഥാപിച്ചിരുന്നതായി അന്യത്ര വിവരിച്ചിട്ടുണ്ടല്ലോ; അങ്ങനെയുള്ള ഒരു വിശുദ്ധ സ്ഥാപനംകൊണ്ടു് പരിശുദ്ധമായിത്തീർന്നിരിക്കുന്ന ചിറ്റൂർ ദേശത്താണു് എഴുപത്തു നാണുക്കുട്ടിമേനോൻ, ചാത്തുക്കുട്ടിമന്നാടിയാർ, മാക്കോത്തു കൃഷ്ണമേനോൻ, വരവൂർ ശാമുമേനോൻ എന്നീ മഹാകവികൾ ജനിച്ചുവളർന്നതും. ഈ കവികളെപ്പറ്റി യഥാവസരം പറഞ്ഞുകൊള്ളാം.

കല്ലായ്‍ക്കുളങ്ങര രാഘവപ്പിഷാരടി

വേതാളചരിതം, സേതുമാഹാത്മ്യം, പഞ്ചതന്ത്രം എന്നീ മൂന്നു കിളിപ്പാട്ടുകളുടെ കർത്തൃത്വം കൊണ്ടു് ആദരണീയനായിത്തീർന്ന ഒരു വിശിഷ്ട കവിയായിരുന്നു കല്ലായ്ക്കുളങ്ങര രാഘവപ്പിഷാരടി. പാലക്കാട്ടുതാലൂക്കിൽ അകത്തേത്തറ അംശത്തിൽപ്പെട്ട ഒലവക്കോട്ടു് റയിൽവേസ്റ്റേഷനിൽനിന്നു് കഷ്ടിച്ചു അരമൈൽ വടക്കു കിഴക്കായി, ശിലാമയമായ ഒരു കുന്നിൻപുറത്തു് കല്ലേക്കുളങ്ങര ക്ഷേത്രം സ്ഥിതിചെയ്യുന്നു.

കല്യാണം കലയത്വനന്തമഹിമാ കല്യാണപത്മാലയാ
കല്യാണാചലവര്യചാപമഹിഷീ കല്യാമയധ്വംസിനീ
കല്യാ മൽപരദേവതാ ഭഗവതീ കല്ലായ്ക്കുളം വാണെഴും
കല്യാണീ മമ സർവദാപി കരുണാ കല്ലോലലോലേക്ഷണാ.

എന്നു് കടിയംകുളം ശുപ്പുമേനോനാൽ സംസ്തുതയായ ശ്രീപാർവതീദേവിയുടെ വിഗ്രഹമാണു് അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതു്. ആ ക്ഷേത്രത്തിൽനിന്നു് അല്പം തെക്കുമാറി ഒരു ശിവക്ഷേത്രവും ഉണ്ടു്. അതിന്റെ വടക്കേമതിലിനെതിരായിരിക്കുന്ന പിഷാരത്താണു് നമ്മുടെ കവി ജനിച്ചതു്. ആ കുടുംബക്കാർ ഇപ്പോൾ അവിടെത്താമസിക്കുന്നില്ലെന്നാണു് അറിവു്.

പിഷാരടിയുടെ ജനനകാലം 900-ാമാണ്ടിനും 1000-ാമാണ്ടിനും ഇടയ്ക്കായിരുന്നു എന്നല്ലാതെ ഖണ്ഡിച്ചു പറവാൻ നിവൃത്തിയില്ല.

അതിപാമരനഹം മതിപോലിട്ടിക്കൊയി
ക്ഷിതിപാജ്ഞയാ പുനരിതു ഭാഷയാക്കുവൻ

എന്നിങ്ങനെ വേതാളചിത്രത്തിന്റെ പ്രാരംഭത്തിലും,

ഹരിചരണസരസിജമധൂളീമധുവ്രതൻ
ഹാരിദ്രവർണ്ണപ്രഭഞ്ജനാംഗപ്രഭൻ
വിമതവനദവദഹനബാഹാപ്രതാപവാൻ
വീര്യാഭിരാമനിട്ടിക്കോമ്പിമന്നവൻ.

എന്നിങ്ങനെ തദവസാനത്തിലും, പാലക്കാട്ടു ഇട്ടി കൊമ്പിയച്ഛനെ വർണ്ണിച്ചു കാണുന്നതിനാൽ അതു് കൊമ്പിയച്ഛന്റെ ആജ്ഞാനുസാരം നിർമ്മിക്കപ്പെട്ടതാണെന്നു് നിസ്സംശയം പറയാം. ഈ കൊമ്പിഅച്ഛൻ 935-ൽ ഹൈദരാലിയോടു സംഖ്യംചെയ്ത പാലക്കാട്ടുരാജാവുതന്നെ എന്നുള്ളതിലും സംശയത്തിനു വഴികാണുന്നില്ല. എന്തുകൊണ്ടെന്നാൽ 984-നു ശേഷം കുറേക്കാലം രാഘവപ്പിഷാരടി, കൊച്ചീ വീരകേരളവർമ്മരാജാവിന്റെ ആശ്രിതനായി കഴിഞ്ഞുകൂടി എന്നുള്ളതിനു രേഖകൾ ഉണ്ടു്.

കൊമ്പിയച്ഛൻ ജീവിച്ചിരുന്നിടത്തോളംകാലം രാഘവപ്പിഷാരടി പാലക്കാട്ടുതന്നെ ജീവിച്ചിരുന്നു. ഹൈദർ നായ്‍ക്കന്റെ പടവെട്ടുകാലത്തു് പാലക്കാട്ടു ദുർഗ്ഗത്തിനു കല്ലിടുന്നതിനുള്ള മുഹൂർത്തം നിശ്ചയിച്ചതു അദ്ദേഹമായിരുന്നു എന്നാണറിവു്. കൊമ്പിയച്ഛൻ മഹാ പ്രബലനായിരുന്നു എന്നു മാത്രമല്ല കോഴിക്കോട്ടു സാമൂതിരിയെ ഒന്നുരണ്ടു പ്രാവശ്യം യുദ്ധത്തിൽ തോല്പിക്കയും സാമൂതിരിക്കോവിലകത്തെ അടിച്ചുനിരത്തുകയും ചെയ്തിട്ടുമുണ്ടു്. ഹൈദർനായിക്കൻ ജീവിച്ചിരുന്ന കാലമത്രയും കൊമ്പിഅച്ഛൻ മൈസൂറിനോടു സൗഹാർദ്ദപൂർവ്വം പെരുമാറി. ടിപ്പുവിന്റെ സിംഹാസനാരോഹണത്തിനുശേഷം സ്ഥിതിഗതികൾ ആകപ്പാടെ ഒന്നുമാറി. അദ്ദേഹം ദേവാലയങ്ങൾ നശിപ്പിക്കുന്നതായും ബ്രാഹ്മണരെ ഹിംസിക്കുന്നതായും ഒരു കിംവദന്തി പരക്കയും രാജാവു അതു വിശ്വസിക്കയും ചെയ്തു. ഈ വിശ്വാസം അവർ തമ്മിൽ ശത്രുത്വത്തിനു ഇടയാക്കി. അചിരേണ കൊമ്പിയച്ഛൻ ബന്ധനസ്ഥനാക്കപ്പെട്ടു. ടിപ്പു സിംഹാസനാരൂഢനായതു് 957-ൽ ആയിരുന്നതിനാൽ ഈ സംഭവം അതിനു ശേഷമായിരിക്കണം.

പിന്നീടു് പാലക്കാട്ടുവാണതു് ഇട്ടിപ്പങ്ങി അച്ഛനായിരുന്നു. അദ്ദേഹം 964-ൽ തിരുവിതാംകൂർ വാണിരുന്ന ധർമ്മരാജാവിനെ സന്ദർശിച്ചു് ടിപ്പുവിനു എതിരായി സഹായം അഭ്യർത്ഥിക്കയും ഈസ്റ്റിൻഡ്യാകമ്പനിയുമായി സഖ്യബന്ധം സ്ഥാപിക്കയും ചെയ്തു. ഈ രാജാവു് തിരുവനന്തപുരത്തേയ്ക്കു പുറപ്പെടും മുമ്പേ രാഘവപ്പിഷാരടിയോടു ദേവസ്വംവക ഒരു പട്ടുചോദിച്ചുവെന്നും തിരുവാഭരണങ്ങൾ കഴകക്കാരുടെ കൈയ്യിൽ ഇരിപ്പാകയാൽ തരുവാൻ പാടില്ലെന്നു അദ്ദേഹം നിഷേധിച്ചു പറഞ്ഞുവെന്നും രാജാവു് തിരിച്ചുവന്ന ഉടനേ പിഷാരടിയെ ദീപസ്തംഭത്തിൽ പിടിച്ചുകെട്ടിച്ചു് അടിശിക്ഷ നടത്തിയെന്നും, തത്സമയം അദ്ദേഹം,

ധരാധരരാജകന്യേ പാഹിമാം കലിമലദോഷമോചനേ
കൊടുമതേടിന പാപപടലം പൊടിപെടുമാറരുളേണം.
മമ കൂടലരും മുടിയേണം; കാത്തിടേണം ധരാധരരാജകന്യേ
മന്നവനെങ്കിലുമെന്നിൽപ്പകപ്പവൻ പിന്നെയില്ലെന്നുവരേണം
അതിനിന്നു വരം നീ തരേണം ധരാധര
മുപ്പുരവൈരിതിരുക്കണ്ണിൽ നീറായ കാമനെ വീണ്ടതും നീയേ
ചിൽപ്പൊരുളാം ഹര ജായേ ധരാധര
ലോകമീരേഴും ചമപ്പതും കാത്തതഴിപ്പതും നിന്റെവിലാസം
എന്നെകൈവെടികിൽ പരിഹാസം കരുമയിവാസം ധരാധര

എന്നു് ഹരം പാടിയതായും ഭാഷാചിരിത്രകാരൻ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമായിരിക്കണം. അല്ലെങ്കിൽ തന്റെ ജീവിതശേഷം അദ്ദേഹം കൊച്ചിയിൽ കഴിച്ചുകൂട്ടുമായിരുന്നുവെന്നു വിചാരിപ്പാൻ പ്രയാസം.

രാഘവപ്പിഷാരടിയുടെ ഗുരുനാഥൻ കൃഷ്ണനാമാവായ ജ്യേഷ്ഠൻതന്നെയായിരുന്നുവെന്നു ഖണ്ഡിതമായിപ്പറയാം. എന്തുകൊണ്ടെന്നാൽ കവിതന്നെ,

വിഷ്ണുപാദാനുഷക്തൻ കൃഷ്ണനാംഗുരുവിന്റെ
ധൃഷ്ണുവാം കൃപയ്ക്കെന്നിൽ തൃഷ്ണചെറ്റുണ്ടാകണ

എന്നു വേതാളചരിത്രത്തിലും,

കൃഷ്ണനാമഗ്രജന്റെ കാരുണ്യമുണ്ടാകണം

എന്നു സേതുമാഹാത്മ്യത്തിലും സംശയത്തിനിടവരാത്തവിധത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഗുരു മണലൂർ എഴുത്തച്ഛനായിരുന്നു എന്നു ഗോവിന്ദപ്പിള്ള അവർകൾ പറഞ്ഞിരിക്കുന്നതിൽ തെറ്റില്ല. മണലൂർ എഴുത്തച്ഛൻ എന്നതു് കല്ലേക്കുളങ്ങരപ്പിഷാരത്തിനു ചേർന്ന ഒരു സ്ഥാനമായിരുന്നു.

പിഷാരടി പ്രൗഢവിദ്വാനും ജ്യൗതിഷികനും ആയിരുന്നു. ശിഷ്യസമ്പത്തും ധാരാളമുണ്ടായിരുന്നു. അവരിൽ പ്രമാണിയായ കടിയംകുളം ശുപ്പുമേനോനെപ്പറ്റി വഴിയേ പ്രസ്താവിക്കുന്നതാണു്.

പിഷാരടിയുടെ ആട്ടക്കഥകളെപ്പറ്റി മൂന്നാംപുസ്തകത്തിൽ വിവരിച്ചിട്ടുണ്ടു്. കിളിപ്പാട്ടുകളിൽ പ്രധാനമായ വേതാളചരിത്രം ഗുണാഢ്യവിരചിതമായ ബൃഹൽക്കഥയുടെ സംക്ഷേപമാണു്. ഇതു് 964-നുമുമ്പു് രചിക്കപ്പെട്ടിരിക്കണം. ഒരുലക്ഷം ശ്ലോകങ്ങളോടുകൂടിയ ബൃഹൽകഥാമൂലം ഇപ്പോൾ ലുപ്തപ്രചാരമാണു് ക്ഷേമേന്ദ്രൻ എന്ന പ്രസിദ്ധകവി ബൃഹൽകഥാമഞ്ജരി എന്ന പേരിൽ അതിനെ സംക്ഷേപിക്കയുണ്ടായെങ്കിലും അതിനും പറയത്തക്ക പ്രചാരം ലഭിച്ചിട്ടില്ല. സോമദേവന്റെ കഥാസരിൽസാഗരം ബൃഹൽക്കഥയുടെ നാതിസംക്ഷിപ്തവിസ്തരമായ ഒരു വിവർത്തനമാണു്. പിഷാരടി ഇവയിൽ ഏതിനെ ആശ്രയിച്ചിട്ടാണു് ഗ്രന്ഥനിർമ്മാണം ചെയ്തിരിക്കുന്നതെന്നു ഖണ്ഡിച്ചുപറവാൻ വിഷമമാകുന്നു.

പിഷാരടിയുടെ വിപുലമായ പാണ്ഡിത്യം വേതാളചരിത്രത്തിൽ തെളിഞ്ഞുകാണാം. ഗിരിജാകല്യാണത്തിലെന്നപോലെ ഇതിലും കവിത്വത്തെക്കാൾ പാണ്ഡിത്യം മുഴച്ചുനില്ക്കുന്നു. എഴുത്തച്ഛന്റെ കൃതികൾക്കുള്ള അകൃത്രിമരാമണീയകം ഇതിനില്ലെങ്കിലും അനുവാചകന്മാരെ രസിപ്പിക്കുന്നതിനു പര്യാപ്തമായ പലേ വർണ്ണനകൾ ഗിരിജാകല്ല്യാണത്തിലെന്നപോലെ ഇതിലും ഉണ്ടു്.

‘നട’യെ സംബന്ധിച്ചിടത്തോളം ഗിരിജാകല്ല്യാണത്തിനോടു ഇതിനുള്ള സാദൃശ്യം പ്രകടമാണു്. ഓരോ അടിയേയും മധ്യത്തിൽ വച്ചു മുറിച്ചു്, ദ്വിതീയാക്ഷരപ്രാസവും തൃതീയാക്ഷരപ്രാസവും നിഷ്കർഷിച്ചു ഘടിപ്പിച്ചിരിക്കുന്നു.

ഗിരിജാകല്യാണം വേതാളചരിത്രം
കനകനിറംപൂണ്ടഘനകാരുണ്യമൂൎത്തേ മനക്കാമ്പിങ്കൽവാണീടനഘകരിമുഖ വിഷ്ടപവാസികൾക്കു പെട്ടപാടെന്തു ചൊല്ലൂ കഷ്ടമായ് ലോകതന്ത്രം ഭ്രഷ്ടമായ് കാമതന്ത്രം ആൎക്കു മേകാമാസമോൎക്കിലുമില്ലാതെയായ വാർക്കുഴലിമാരെല്ലാം ചീൎക്കു മാധിയിൽമോഹം കനകനിറംപൂണ്ടോരനഘാമഹാലക്ഷ്മീ ഘനകാരുണ്യശീലാവിനകൾ തീൎത്ത ീടേണം ഗണികാജനങ്ങളും മണികാഞ്ചികളണി- ഞ്ഞണികാർ കുഴലിൽ പൂരണിയും ധരിച്ചുടൻ തരുണജനങ്ങളിൽ കരണവിവശതാ കരണത്തോടുംനാട്യാചരണംചെയ്യുന്നതും ആപണങ്ങളിൽ ക്രയനൈപുണ്യങ്ങളും ജയ പ്രാപണങ്ങളും ഗുണരോപണപ്രവാദവും
രണ്ടുകൃതികളും ഇങ്ങനെ ഒരേ രചനാപ്രണാളിയെത്തന്നെ അവലംബിച്ചിരിക്കുന്നു.

ഈ പ്രാസനിഷ്കർഷകാവ്യത്തിനു ഗുണത്തെക്കാൾ ദോഷമാണു് വരുത്തിവച്ചിരിക്കുന്നതു്. ഏതലങ്കാരവും മിതമായി പ്രയോഗിച്ചാൽ ഉൽകൎഷജനകമാണു്; നേരേമറിച്ചു് താങ്ങാൻവഹിയാത്ത അലങ്കാരഭാരം കവിതാകാമിനിക്കു ശോഭാജനകമേ അല്ല. ശബ്ദാലങ്കാരം മഹാകവികൾക്കെല്ലാം പഥ്യമാണു്; എന്നാൽ വൈചിത്ര്യത്തിനു ഹാനിവരത്തക്കവണ്ണം ഒരേമാതിരി പ്രാസം സാർവത്രികമായി പ്രയോഗിക്കുന്നതു ശ്രവണസുഖപ്രദമേയല്ല. ചെറുശ്ശേരിയും അലങ്കാരപ്രയോഗത്തിൽ നിഷ്ഠയുള്ള ആളായിരുന്നെങ്കിലും, അതിൽ ഔപമ്യമൂലകമായ അർത്ഥാലങ്കാരങ്ങളാണു് അധികമായി പ്രയോഗിച്ചിട്ടുള്ളതു്. ‘ഉപമാകാളിദാസസ്യ’ എന്നു പറയാറുള്ളതു പോലെ ‘ഉൽപ്രേക്ഷാ ശങ്കരകവേഃ’ എന്നുപറഞ്ഞാൽ വലിയ തെറ്റില്ല. ശ്ലിഷ്ടശബ്ദപ്രയോഗങ്ങളെക്കൊണ്ടു് സാധർമ്മ്യം കല്പിച്ചു് ഔപമ്യം സമ്പാദിച്ചു് അലങ്കാരനിർമ്മാണം ചെയ്യുന്ന കാര്യത്തിൽ ചെറുശ്ശേരി അപരാധിയേയല്ല.

ഗിരിജാകല്ല്യാണകർത്താവിനെപ്പോലെ ഇല്ലെങ്കിലും രാഘവപ്പിഷാരടിക്കും സംസ്കൃതപക്ഷപാതം കുറേ കലശലായിരുന്നു. എന്നാൽ അതുകൊണ്ടു് കാവ്യശോഭയ്ക്കു ഹാനിവന്നിട്ടുണ്ടെന്നു പറഞ്ഞുകൂടാ.

വേതാളചരിത്രത്തിൽ ഇരുപത്തിയഞ്ചു കഥകൾ അടങ്ങിയിരിക്കുന്നു. മാതൃകയ്ക്കായി ഒന്നുരണ്ടു കഥകൾ ഇവിടെ ഉദ്ധരിക്കാം.

“ഭുവനാലങ്കാരമായവനീതലേ ലക്ഷ്മീ ഭവനം”

എന്നപോലെ വിളങ്ങുന്ന പ്രതിഷ്ഠാനഗരത്തിന്റെ വർണ്ണനകൊണ്ടു് ഒന്നാംകഥ ആരംഭിക്കുന്നു. ആ നഗരത്തിലെ ‘അതിമാതൃക’മായ അതിശയത്തെ വർണ്ണിക്കുന്നതിനു മതിമാന്മാർക്കുപോലും സാധിക്കയില്ലത്രേ.

മതികൗശലമതിലതിസഞ്ചിതം വിധി-
ക്കിതി തോന്നീടുമോരോവിധി കൗശലം കണ്ടാൽ
പുരനാഥനും പാരമരിമപ്പെടുമോരോ
വരമന്ദിരങ്ങളിൽ പുരുമഞ്ജിമകണ്ടാൽ.
അപലാപമല്ലേതു മബലാലകാര ശ്രീ
ശബലായിതമോരോ രബലാമന്ദിരഴഘം.
കനകനിറമഞ്ചും തനുകാന്തിയും പൂണ്ടു
കനുകാർ ചില്ലിമാരും ധനികപ്പരിഷയും
ധുനികളിടെയിടെ മുനികളോതും വേദ-
ധ്വനികൾകൊണ്ടു പുരാധ്വനികർണ്ണംതഴച്ചും
പവനജവംപൂണും ജവനാശ്വേഷു രാജ-
സ്തവനംചെയ്യുന്നോരു ഭുവനവീരന്മാരും
അമരനാരിമാരോടമരിന്നൊരുമ പൂ-
ണ്ടമരാവതീംപ്രതി ഭൂമരാളകേശിമാർ
തരസാ ഗമിക്കയെന്നൊരു സംശയംതോന്നും.
വരസൗധാഗ്രവാസാദരസംഭ്രമമോർത്താൽ
താർവാണാമയംപൂണ്ടു ഗീർവാണന്മാർക്കു പുര-
പാർവണശശിമുഖി ഗീർവാണാംഗനമാരും
മഹർദ്ധം സൗധം മണിനിബദ്ധം വിമാനവും
സ്വമദ്ധാ തിരിഞ്ഞിട്ടങ്ങബദ്ധം പിണയുന്നു.
രാത്രിയിൽനക്ഷത്രൗഘ പാത്രിയാം ദ്യോവും മണി-
ഗാത്രിയായ്‍വിളങ്ങിന ധാത്രിയും ഭേദമില്ല.
ഭുവനതതികളിൽ പവനജവംകൊണ്ടു
ധുവനംചെയ്യപ്പെടുമവനമ്രാഗ്രഭാഗം
മഹിതംധ്വജപടം വിഹിതാവേശംദിവി
പ്രഹിതം തതോ ജവസഹിതം നഭസ്വതാം
സുരലോകാന്തർഗൃഹപരിലാളിതമതി-
ന്നുരുലാസ്യക്രമത്തിൽ പുരുലാഘവം പരം.
ഗണികാജനങ്ങളും മണികാഞ്ചികളണി
ഞ്ഞണികാർകുഴലിൽ പൂരണിയുംധരിച്ചുടൻ
തരുണജനങ്ങളിൽ കരണവിവശതാ-
കരണത്തോടും നാട്യാചരണം ചെയ്യുന്നതും
ആപണങ്ങളിൽ ക്രയനൈപുണങ്ങളും ജയ
പ്രാപണങ്ങളും ഗുണാരോപണപ്രവാദവും
ഹസ്തികൾ മദോദക സ്വസ്തിധാരയാ നിജ
മസ്തകങ്ങളിൽ പരിദ്ധ്വസ്തകങ്കമങ്ങളായ്
ചത്വരതലങ്ങളിൽ സത്വരം ഘനാഘന
ജിത്വരങ്ങളായ ലം ചിത്തരമ്യങ്ങളോർത്താൽ

ഇപ്രകാരം ‘ഹരിതല്പഭൂതാഹീന്ദ്രനു’പോലും വർണ്ണിക്കാൻ സാധിക്കാത്ത പ്രതിഷ്ഠാനഗരത്തിൽ വിക്രമാദിത്യൻ എന്നൊരു രാജാവു ജീവിച്ചിരുന്നു. ‘വാമാംഗീമനോമഹൽ പ്രേമഭാജന’മായ ആ രാജശ്രേഷ്ഠനെ കാണ്മാനായി ഒരുദിവസം ക്ഷാന്തിശീലൻ എന്നൊരു യതിവരൻ

“ശാന്തവേഷാഭിരാമൻ സ്വാന്ത കാപട്യശാലി
സീതയെക്കാണ്മാൻ ലങ്കാനാഥനെന്നതുപോലെ”

ചെന്നുചേർന്നു. രാജാവു് അയാളുടെ കാപട്യം അറിയാതെ യഥായോഗ്യം സൽക്കരിച്ചിരുത്തി. മുനിയാകട്ടേ, അദ്ദേഹത്തിനു ‘വികചാംബുജേക്ഷണാ സുകുചോപമ’വും ‘ശുകചഞ്ച്വാഭവും’ ആയ ഒരു അയിനിപ്പഴം നല്കിയിട്ടു് തിരിച്ചുപോയി. ഇങ്ങനെ ആ സന്യാസി ദിവസേന രാജഗൃഹത്തിൽ ചെന്നു് ഓരോ ലകുചഫലം സമ്മാനിച്ചിട്ടു പോകുക പതിവായിത്തീർന്നു. ഒരു ദിവസം രാജാവു തിന്നുന്നതിലേക്കായി ഒന്നു പൊളിച്ചുനോക്കി. അഹൊ! അത്ഭുതം. ആ ഫലത്തിനുള്ളിൽ നിന്നു്

അല്പമെന്നിയേയതി കല്പിതം രത്നജാതം
നിർഗ്ഗതമായനേരം തദ്ഗതപ്രഭകളാൽ
സ്വർഗ്ഗതാസ്ഥാനംപോലെ വൽഗുതൽപ്രദേശവും

കണ്ടു രാജാവു് അത്ഭുതപൂർവ്വം ഭണ്ഡാഗാരാധ്യക്ഷനെ വിളിച്ചു് എല്ലാപ്പഴങ്ങളും തന്റെ മുമ്പിൽ കൊണ്ടുചെന്നു വയ്ക്കാൻ ആജ്ഞാപിച്ചു. അയാൾ ‘ഫലമൊക്കയുമെടുത്തലമോർത്തു് ഇളമാനണിമിഴികുലമോഹൻ’ മുമ്പിൽ വച്ചു. നോക്കണം! പ്രാസനിഷ്കർഷ നിമിത്തം കവിക്കു നേരിട്ടിരിക്കുന്ന ദുർഘടം. രണ്ടു‘ലകാ’രത്തിനുവേണ്ടി സാധുവായ വിക്രമനൃവരനെ ‘ഇളമാനണിമിഴികുലമോഹൻ’ എന്നു വലിച്ചുവീട്ടേണ്ടതായി വന്നുകൂടി. ഈ വിശേഷണംകൊണ്ടു് അർത്ഥത്തിനു വിശേഷിച്ചു വല്ല ചമൽക്കാരവുമുണ്ടോ? ഇല്ലതാനും.

രാജാവു് രത്നങ്ങളെല്ലാം നോക്കി ‘തൽക്രയം തിരിയാഞ്ഞു വില്കയില്ലെന്നോർത്തു’ അവയെ ഭണ്ഡാരത്തിനുള്ളിൽ വയ്പിച്ചിട്ടു് യതിവര്യന്റെ വരവും കാത്തിരുന്നു. അയാൾ പതിവുപോലെ വന്നു ചേർന്നപ്പോൾ,

എന്തഹോനിരൂപിച്ചിട്ടന്തികേദിനന്തോറും
ശാന്തമാകൃതേ! ഭവാൻസന്തതം നടപ്പതും?

എന്നു രാജാവുചോദിച്ചു. കാപട്യശാലിയായ യതിയാകട്ടേ ഇങ്ങനെ മറുപടിപറഞ്ഞു.

സ്വൎയ്യ ാതജനങ്ങൾക്കുംമൎയ്യാദാബലാൽപരി
ചൎയ്യാദായകന്മാരായ്‍ധൈൎയ്യോദാരന്മാരുമായ്
പരന്മാർക്കുപകാരപരന്മാരുമായ് ഗുണം-
കരന്മാരായനിങ്ങൾചിരമ്മാർഗ്ഗണംകൊണ്ടു
സമ്മാനമൊഴിയല്ലകാണ്‍മാനെന്നിരിക്കിലും
ധർമ്മനന്ദനപരമെങ്ങാനുംലഭിക്കുമോ?
വിത്രസ്താരാതെ! പുനരത്ര ത്വം സാർവഭൗമ
മിത്രത്വംകാമിച്ചുഞാനത്രത്വാമാശ്രയിച്ചു
എന്തുരചെയ്‍വനൊരുമന്ത്രസിദ്ധ്യർത്ഥംഞാനും
സന്തതംപ്രായാസംപൂണ്ടന്ധനായനുദിനം
രാപ്പകലൊഴിയാതെകാപ്പിതുശ്മശാനേഞാൻ
ശൂർപ്പകാരാതിതുല്യ! കേൾപ്പതിന്നുണ്ടുബന്ധം
ഈവരുംചതുർദ്ദശ്യാമേവരുമറിയാതെ
നീ വരികടോ തത്ര പീവരയശോനിധേ!
വാളുമായർദ്ധരാത്രൗ നീളുമാധിയുംവെടി-
ഞ്ഞാളുമായുധങ്ങളുംതാളമേളവും വിനാ.
പിന്നെഞാൻപറഞ്ഞീടാമെന്നുടെകാര്യമെല്ലാ
മുന്നതപരാക്രമ!നിന്നനുവാദംവേണം.

യതിയുടെ വാക്കനുസരിച്ചു് രാജാവു് ചതുർദ്ദശിനാൾ അർദ്ധരാത്രിയിൽ ആരും അറിയാതെ ‘ഘോരമാംവാളുമോങ്ങി സുസ്മേരവദനനാ’യി ശ്മശാനത്തിലേക്കു പുറപ്പെട്ടു. കുറേദൂരം നടന്നപ്പൊഴേക്കു ഘോരമായ ശ്മശാനവും ചിതാഗ്നിയും കണ്ടുതുടങ്ങി.

മസ്തിഷ്കലീഢമായോരസ്ഥിക്കൂട്ടവുംപാപ
ശുദ്ധിക്കർഗ്ഗളാഭമായ് വർദ്ധിക്കുംരക്തൗഘവും
അഴകെന്നിയേയുള്ളവഴുകംകപാലത്തി-
ലിഴുകുംചിലഭാഗത്തൊഴുകുംമഷികളും
വീരേന്ദ്രാട്ടഹാസമാംഘോരഗർജ്ജിതത്തോടും
ഭൂരിധൂമാന്ധകാരകാരമായനാരതം
നീളെ മേദുരിച്ചേറെ ക്കാളിമേവുംചിതാഗ്നി
കേളിമിന്നലുംകണ്ടാൽകാളമേഘത്തോടൊക്കും.
ഭൈരവതരമായഫേരവസമൂഹത്തി-
ന്നാരവവിജൃംഭിതം ദൂരവേകേൾക്കുന്നേരം
അന്തകൻത്രിലോകിതന്നന്തകാരണംചൊല്ലും
മന്ത്രകാണ്ഡാരവമെന്നന്തരം വിനാ തോന്നും
ദാരിതരക്തംകൊണ്ടാപൂരിതവൃകോദരം
മാരിതജനാകുലംപാരതിൽഭയങ്കരം.
കർണ്ണശല്യോൽഭൂതമാംദണ്ഡിതാരാവപൂർണ്ണം
മുണ്ഡഖണ്ഡാതിഭീമശകുനീക്രൂരാലാപം.
സംഗ്രഹദുശ്ശാസനനിഗ്രഹസമാകുലം
ദുർഗ്രഹംകൗരവാണാംവിഗ്രഹമെന്നപോലെ
ഭൂരിവഞ്ചകപരിപൂരിതഭ്യുതംപോലെ
നാരിമാനസംപോലെദാരുണമശോഭനം
അവിവേകംപോലവേവിവിധാതങ്കാലയം
സവിധേകണ്ടീടിനാൻ ഭൂവിവാസവൻനൃപൻ
അഴകിൽപിഴുകിയ കഴുകിൻ കൂട്ടങ്ങളു-
മൊഴുകുംരുധിരത്തിൽകഴുകുംശവങ്ങളും
കൊടർമാലയെക്കൊണ്ടുകൃതമാലയുംപൂണ്ടു
കടുമാനസംപിടിപെടുമാബ്ഭൂതങ്ങളും
ജീർണ്ണാസ്ഥിഛിദ്രങ്ങളിൽപൂർണ്ണനാംമാരുതന്റെ
കർണ്ണാതിപ്രിയങ്ങളായ്‍വർണ്ണിതഗീതങ്ങളും

ഒക്കെ രാജാവു് കണ്ടും കേട്ടും ഇരിക്കവേ ക്ഷാന്തിശിവൻ ദൃഷ്ടിയിൽപ്പെട്ടു. അയാൾ രാജാവിന്റെ ധൈര്യത്തെ പ്രശംസിച്ചിട്ടു്,

“ഇക്ഷണംനീയുമിനിദ്ദക്ഷിണദിക്കുനേരെ
വീക്ഷണംചെയ്തുപോക കാൽക്ഷണംവൈകീടാതെ
ഒരുനാഴികദൂരംകരുണാനിധേപോയാൽ
നരനായക!കാണാംതരുനായകമേകം
അതിലുണ്ടൊരുപുമാനതിലംബനവുംചെ-
യ്തതിലംഘിതാചാരനതുലപരാക്രമൻ
പെരികെപ്രലംഭിച്ചുത്തരകാമുകമേനം
വിരയെക്കൊണ്ടുവന്നെന്നഴികെവച്ചിടേണം.”

എന്നു് അപേക്ഷിച്ചു. രാജാവു് ഉടൻതന്നെ പുറപ്പെട്ടു.

‘ദുർഗ്ഗതനെന്നപോലെനിർഗ്ഗതംവിച്ഛായമായ്
സ്വർഗ്ഗതമത്രേശാഖാവർഗ്ഗത്തിന്നുന്നകത്വം
പൈശാചാകാരംപോലെവൈശസകോരംപര-
മാശാന്തഖഗങ്ങൾക്കുംനൈശാവാസാനുകൂലം
കൊമ്പുകൾവിശാലതാവമ്പുകൊണ്ടരണ്യവും
തൻപദഭൂവി വന്നു കുമ്പിടുമെന്നുതോന്നും’

മട്ടിലുള്ള ഒരു ശിംശപാവൃക്ഷത്തിന്റെ അരികിൽ ചെന്നുനിന്നു. ആ വൃക്ഷത്തിൽ പരിശുഷ്കനായ ഒരു പുരുഷൻ,

രണ്ടുപാദങ്ങളേയുംകൊണ്ടുകൊമ്പിന്മേൽക്കെട്ടി
കണ്ഠനായ്‍തലകീഴായ് രണ്ടുകൈകളും നീട്ടി
പൊയ്യല്ലമുന്നംപുണ്യംചെയ്യാതജനങ്ങൾക്കു
പയ്യവേ വരുംഫലപയ്യവസാനമേവം
എന്നുതോന്നിക്കുംവണ്ണംഭഗ്നവക്ത്രനായ്‍പക്ഷ-
മഗ്നകക്ഷിയായ്‍മഹോദ്വിഗ്നനായ്‍ലംബിപ്പതു്

കണ്ടിട്ടു്, അദ്ദേഹം മരത്തിൽ കയറി, ആ വികൃതരൂപത്തെ അറുത്തു നിലത്തിട്ടു. ആ രൂപമാകട്ടെ,

‘നിലത്തുവീണനേരംഛലത്തിൻമഹിമയാ
ബലത്തോടവൻഹാഹാരവത്തോടലറിനാൻ’

രാജാവാകട്ടെ കൃപയോടും കൗതുകത്തോടുംകൂടി നിലത്തുവീണു കിടന്ന ആ പരിശുഷ്കാംഗന്റെ അടുത്തുചെന്നു. അയാൾ ശവമെന്നപോലെ വിവശാംഗനായ് കിടക്കുന്നതുകണ്ടപ്പോൾ,

കഷ്ടമെത്രയുംപരിപുഷ്ടമെൻസാഹസിക്യം
ദുഷ്ടനായതിവരൻശിഷ്ടനോതോന്നീലേതും.

എന്നുള്ള സംശയം രാജാവിന്റെ ഹൃദയത്തിൽ ഉദിച്ചു. അദ്ദേഹം ഇപ്രകാരം ഓരോന്നു വിചാരിച്ചുകൊണ്ടു നില്ക്കവേ വേതാളമാകട്ടെ മന്നിടം നടുങ്ങുമാറു് അട്ടഹസിച്ചുകൊണ്ടു് വീണ്ടും മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്നതായി കാണപ്പെട്ടു. അതിമാനുഷനായ രാജാവു് ഉടൻതന്നെ മരത്തിൽ കയറി അവനെ പിടിച്ചു തന്റെ തോളിൽ വച്ചുകൊണ്ടു് പതുക്കെ ഇറങ്ങി. തത്സമയം അവൻ രാജാവിനോടു തന്റെ ചരിത്രത്തെ പറഞ്ഞുകേൾപ്പിച്ചു. ഇത്രയും കഥയുടെ മുഖവുരയാണു് കഥ ഇങ്ങനെയാണു്:-

ഭൂമിയിൽ ‘പന്നഗവിഭൂഷണനുന്നതപ്രേമാസ്പദ’മായി വാരാണസി എന്നൊരു പ്രഖ്യാത നഗരമുണ്ടായിരുന്നു. അവിടെ പ്രതാപമകുടൻ എന്നൊരു രാജാവു് സോമപ്രഭ എന്ന രാജ്ഞിയോടുംകൂടി രാജ്യഭാരം ചെയ്തുകൊണ്ടിരിക്കെ, വജ്രമകുടൻ എന്നൊരു പുത്രൻ ജനിച്ചു. ആ രാജകുമാരന്റെ കോമളാംഗത്തെ കണ്ടാൽ കാമദേവൻപോലും വാമദേവന്റെ നേത്രോഡ്ഢാമരത്തെ പുകൾത്തുമായിരുന്നു. ആ കുമാരൻ ബുദ്ധിശരീരാഖ്യൻ എന്ന മന്ത്രികുമാരനുമായി ഒരിക്കൽ വേട്ടയ്ക്കു പുറപ്പെട്ടു. അവർ,

“പൊടുക്കന്നരണ്യത്തിൽകിടക്കുംദുസ്സത്വങ്ങൾ-
ക്കൊടുക്കംവരുത്തി”

ക്കൊണ്ടു് സഞ്ചരിക്കുന്നകാലത്തു് ഉൽപലസമ്പൂർണ്ണമായ ഒരു സരസ്സ് അവരുടെ അക്ഷികൾക്കു് ലക്ഷീഭവിച്ചു.

വിണ്ണോർനാഥന്റെ കന്നൽക്കണ്ണിമാർക്കനുദിനം
തിണ്ണംനോക്കുവാനുള്ളകണ്ണാടിയെന്നപോലെ

വിളങ്ങുന്ന സരസ്സിന്റെതീരത്തുള്ള

മരത്തിൻപടലവും പെരുത്തപുഷ്പങ്ങളും
നിറഞ്ഞാശ്രമംകണ്ടാദരിച്ചു നില്ക്കുന്നനേരം,

ഒരു യുവതി കുളിപ്പാനായി അവിടെ വന്നുചേർന്നു. രാജകുമാരൻ പ്രഥമവീക്ഷണത്തിൽതന്നെ അവളിൽ അനുരക്തനായ് ചമഞ്ഞു.

ഇരുളിലുദിച്ചൊരു സരളശശിലേഖാ
വിരളാഭമായ്‍വരും രരളാക്ഷിയേക്കണ്ടാൽ.
കരിംകൂവളപ്പൂവെപ്പൊരും കാന്തിയേപ്പൂണ്ടു
ചിരംകാർകുഴലിതൻ പെരുങ്കണ്ണിണകളിൽ
ഇരിക്കുംകടാക്ഷങ്ങളൊരിക്കലേന്തിയേ സ-
ഞ്ചരിക്കമൂലം പരന്നിരിക്കുംവനസ്ഥലി
ആടീടും ശിഖികളാൽതേടീടുംവടിവുകൊ-
ണ്ടാടീടും പരിചിരുപാടറ്റിട്ടിളകുന്നു
വിധുരീകൃതബിംബമധുരബന്ധ കങ്ങ-
ളേധരാംശുക്കളെങ്ങുമുതിരുന്നതുകണ്ടാൽ
കാന്തരൂപയാമവൾകാന്തിയാംജലധിയിൽ
നീന്തുംവിദ്രുമങ്ങളെന്നന്തരംവിനാതോന്നും.
പുളച്ച ലാവണ്യമാംകുളത്തിലനാകുലം
മുളച്ചുപരം പരിമളിച്ചു പൊങ്ങുന്നൊരു
കമലമൊട്ടിനുള്ളോരമലാഭയെത്തേടും
കമലായതാക്ഷിതൻ വിമലംമുലത്തടം
കാമരാജന്റെ കളിത്താമരത്തണ്ടെന്നതും
പാമരന്മാർക്കുമുറയ്ക്കാമരാളാക്ഷികൈകൾ
വാർകുഴൽകണ്ടാൽതോന്നും കൂരിരുളെന്നുതന്നെ
പോർമുലയാളെക്കണ്ടാൽകാമനുംകാമിച്ചീടും
അന്നത്തിൻനടകൊണ്ടും കുന്നൊത്തമുലകളിൻ
ധന്യത്വംകൊണ്ടും കണ്ടാൽഖിന്നത്വംനല്കുമാർക്കും
കലമ്പുന്നൊരുപൊന്നിൻചിലമ്പുമണിഞ്ഞവൾ
തുളുമ്പും താരുണ്യവുമലമ്പുഞ്ചിരിപ്പുമായ്
അടുത്തനേരം കാമനെടുത്തുവില്ലുമമ്പും
തൊടുത്തുനൃപനോടു കടുത്തുനിന്നീടിനാൻ.

എന്നിങ്ങനെ ‘റഗുലേഷൻ’ അനുസരിച്ചുള്ള സ്ത്രീവർണ്ണനയാണു നാം ഇവിടെ കാണുന്നതു്. ആധുനികന്മാർക്കു ഇത്തരം വർണ്ണനകൾ രസിക്കാതെവന്നാൽ അത്ഭുതപ്പെടാനില്ല. കവി ഉജ്ജ്വലവർണ്ണങ്ങൾ ഉപയോഗിച്ചു ചിത്രമെഴുതിയിട്ടു് സത്വംകൊടുപ്പാൻ മാത്രം മറന്നുപോയി. സ്ത്രീകൾ കേവലം അംഗങ്ങളുടെ സമവായം മാത്രമല്ലെന്നും അവർക്കു ഹൃദയം എന്നൊരു വസ്തുകൂടി ഉണ്ടെന്നും മിക്ക ഭാഷാകവികളും മറന്നു കളഞ്ഞിരിക്കുന്നു. എഴുത്തച്ഛൻമാത്രം ഈ വിഷയത്തിൽ അപരാധിയല്ലെന്നു പറയാം.

കണ്ണിനാനന്ദകരമായ ആ പെണ്ണിനെ കണ്ടമാത്രയിൽ “എണ്ണിനാൻനൃപനെമെനുണ്ണിഞാനന്നുതന്നെ.” നൃപകുമാരന്റെ അംഗലാവണ്യത്തെ കണ്ടു് ആ ഇളമാൻകണ്ണിയും,

കായും കളമാംകുരംപോലെ

“തെളിമാഞ്ഞനംഗന്റെ തളയിലകപ്പെട്ടു”പോയി. ആദ്ദേഹത്തിനെ ലഭിക്കാത്തപക്ഷം തന്റെ ജീവിതം വ്യർത്ഥമെന്നു കരുതിക്കൊണ്ടു്, അവൾ മൗലിയിൽ തിരുകിയിരുന്ന പത്മത്തെ കൈയിൽ എടുത്തിട്ടു് “ലോചനഭ്യസ്യത്തിന്റെ മോചനത്തിന്നുപായ”ലോചന തുടങ്ങി,

ശോചനീയമാം പത്മം
കർണ്ണാന്തേവച്ചുമുന്നം കന്നൽനേർമിഴിയാളും
ദണ്ഡിച്ചുദന്തങ്ങളാൽ ഖണ്ഡിച്ചുദളമേകം
തൻപദം തന്നിലിട്ടുവമ്പനാമനംഗന്റെ
സംഭ്രമംനിമിത്തമായ് കുംഭസങ്കാശസ്തനി.
മാറിടംതന്നിലഴലേറീടും മാറുചേർത്തു
പാരിടമെങ്ങും ജയം കുറീടും ഗുണശീലാ
എടുത്തിട്ടുടൻമുലത്തടത്തിൽവച്ചീടിനാൾ
മടുത്തേൻമൊഴി മാരൻതൊടുത്തോരസ്ത്രാമയാൽ.

ഇങ്ങനെ തന്റെ ഇംഗിതത്തെ സൂചിപ്പിച്ചിട്ടു് അവൾ,

തോഴിമാരാലും മറ്റുശേഷമുള്ളവരാലും
ദൂഷണത്തിലുംജനഭാഷണത്തിലുംഭയാൽ

അവിടെനിന്നു നടകൊണ്ടു. അനംഗതാപത്താൽ അവളുടെ ശരീരം ശോഷിച്ചുതുടങ്ങി. രാജകുമാരനോ?

‘അരുണാധരിതന്റെ കരുണയില്ലെന്നാകിൽ
മരണമൊഴിഞ്ഞൊരുശരണമില്ലെന്നോർത്തു
തളിരുംവിരിച്ചകമലരുമെരിച്ചശ്രു
ജലരംഹസ്സോടഴൽ’കലർന്നു

ഗൃഹത്തിനുള്ളിൽതന്നെ കഴിച്ചുകൂട്ടി. അങ്ങനെ ഇരിക്കെ മന്ത്രികുമാരൻ പരമാർത്ഥമൊക്കയും ഗ്രഹിച്ചിട്ടു് തന്റെ തോഴനെ ഇങ്ങനെ ആശ്വസിപ്പിച്ചു:-

പണ്ടുനാംവനാന്തരേകണ്ടകാമിനീമണി
ക്കിണ്ടലുണ്ടേറ്റംനിന്നെ കണ്ടതും ഞാനറിഞ്ഞു
ഒക്കെയുംവർത്തമാനം നല്ക്കുഴലാളാമവൾ
സൽക്കരിച്ചറിയിച്ചതോർക്കെടോനൃപാത്മജാ
ഉല്പലമെടുത്തുടനുല്പലവിലോചന
നിഷ്ഫലമല്ലകർണ്ണാകല്പലക്ഷ്മിയിൽചേർത്തു.
തരത്തിൽകർണ്ണോല്പലൻഭരിക്കുംപുരംതന്നി-
ലിരിക്കുന്നവളെന്നുധരിക്കാമതുകണ്ടാൽ.
കലിംഗദേശങ്ങളിൽവിളങ്ങുമവനുണ്ടു
കലങ്ങാതൊരു ഗംഗാജലങ്ങൾപോലെകീർത്തി.
അവനൊണ്ടൊരുമന്ത്രി ഭുവനപ്രസിദ്ധനായ്
അവനുസമാനനായവനൗ മറ്റില്ലാരും
ഊഢപൗരുഷൻ ദന്തഘാടകനെന്നുനാമം
പീഡകൈവെടിഞ്ഞു നീ തേടുകധൈര്യസാരം.
തൽപുത്രിതാനെന്നേവം ശില്പത്തോടറിയിപ്പാൻ
തൽപത്രംകടിച്ചതും ചെപ്പൊത്തസ്തനീ ബാലാ
അതിസുന്ദരിപത്മാവതിയെന്നവൾക്കുപേ-
രതുകാരണം പാദപതിതമപ്രസൂനം.
ഉൾപ്പൂവിൽഭവാനവൾക്കെപ്പൊഴുംപ്രിയനെന്നു
ശില്പമോടറിയിപ്പാനപ്പൂവും മാറിൽവച്ചു
കോമളാംഗിയാമവൾകോമളപുഷ്പംതന്നെ
പോർമുലക്കുന്നിന്മേലാരോമലായ് ചേർത്തതോർത്താൽ
ധാത്രീവല്ലഭ ഭവാൻ ധാത്രീമന്ദിരേവന്നാൽ
ചേർത്തീടാംമുലയ്ക്കുഞാനാർത്തിയുംതീരുമെന്നാൽ
എന്നത്രേസൂചിപ്പിച്ചു മന്നിൽത്താർമാതാവിഹ
ഖിന്നത്വംവെടിഞ്ഞുനീ സന്നദ്ധനായീടുക”

മന്ത്രികുമാരന്റെ ഉപദേശാനുസാരം, രാജകുമാരൻ

കാടുകളിടയിടെതോടുകൾപുഴകളും
മേടുകൾപലതരം നാടുകളെന്നിതെല്ലാം

കടന്നു് കലിംഗദേശത്തെത്തി.

ഭൂമിയെക്കടപ്പതിന്നാമയം ത്യാഗിക്കുണ്ടോ?
സ്വാമിയേ ധിക്കരിപ്പാൻസീമയും ദ്രോഹിക്കുണ്ടോ

അനന്തരം അദ്ദേഹം തോഴനോടു കൂടിതിരഞ്ഞു തിരഞ്ഞു് ധാത്രീഗേഹം ഒരുവിധം കണ്ടുപിടിച്ചിട്ടു്, അതിനുള്ളിൽ കടന്നു.

ശുഭമാനസംപൂണ്ടോരഭിമാനികളിവ
രുപമാനഹീനന്മാരുപമാതാവെക്കണ്ടു്
കബളമായിട്ടോരോന്നവളോടുരചെയ്തി-
ട്ടവളുംബതതദാ ധവളമാനസന്മാർ
മാനിനീമണിയുടെ മാനനീയാഭചേരു-
മാനനമോർത്തുപാരം ദീനതപൂണ്ടിരുന്നു.

അടുത്തദിവസം നായകൻ പരമാർത്ഥമൊക്കയും ഉപമാതാവിനെ ധരിപ്പിച്ചിട്ടു്,

ഒക്കെയുമറിയിച്ചു വെക്കംപോയ്‍ഭവതിയു-
മക്കുമാരികതന്നോടിക്കഥചൊല്ലീടണം

എന്ന് അപേക്ഷിച്ചു. സമർത്ഥയായ ധാത്രിയാകട്ടെ,

‘എന്നതിപ്പരിചവർ ചൊന്നതെപ്പേരുംകേട്ടു
നന്നിതങ്ങനെവന്നാലെന്നു’

ഉള്ളിൽ വിചാരിച്ചുംകൊണ്ടു് കുമാരിയുടെ അടുക്കൽ ചെന്നു വിവരം ധരിപ്പിച്ചു. പത്മാവതി കപടകോപം കൈക്കൊണ്ടു് ഇങ്ങനെ പറഞ്ഞു:-

ബാലയാമെന്നെ ദുഷ്ടശീലയാംനിനക്കിന്നു
ഹേലയാധിക്കരിപ്പാൻകാലമെന്നതുംവന്നു.
ചേതനാവാനായോരുതാതനോടിതുചൊന്നാൽ
യാതനപ്പെടുമതും നൂതനപ്പിഴയാകും.

അവൾ രണ്ടുകൈകളെക്കൊണ്ടും വളർത്തമ്മയുടെ ഗണ്ഡങ്ങളിൽ ഓരോ താഡനവുമേൽപ്പിച്ചു. ആ ഗണ്ഡങ്ങളിൽ അവളുടെ കർപ്പൂരാഞ്ചിതമായ വിരലുകൾ ശില്പാകൃതിയിൽ പതിഞ്ഞുകിടന്നിരുന്നു. ധാത്രിയിൽനിന്നു വിവരം അറിഞ്ഞപ്പോൾ രാജകുമാരൻ ലോകപരിത്യാഗം ചെയ്‍വാൻതന്നെ ഉറച്ചു. എന്നാൽ ബുദ്ധിമാനായ മന്ത്രികുമാരൻ പറഞ്ഞു:-

വിര്യത്തെക്കൊണ്ടാടുംനീ ധൈര്യത്തെ ഭജിക്കെടോ
ശൗര്യത്തിൻബലംകൊണ്ടു കാര്യത്തെസാധിച്ചീടാം
അത്രയുമല്ലപുനരെത്രയുംമതി മന്ത്രി-
പുത്രിയിലുണ്ടെന്നതുമത്രഞാൻബോധിപ്പിക്കാം.
കരഭത്തുടയാളിൻവിരൽപത്തൊരുമിച്ചു
വരപത്തിട്ടമൂലം നരസത്തമനേ നീ
പത്തുനാളുണ്ടുശേഷമെത്തുവാൻകൃഷ്ണപക്ഷ
മത്രനാൾക്ഷമിക്കേണം ചിത്തജാഹവംചെയ്‍വാൻ
എന്നറിയിപ്പാനത്രേ സുന്ദരിചെയ്താളേവ-
മെന്നറിയേണം ഭവാനിന്നു രഞ്ജിച്ചുകാര്യം.

ഈ ഉപദേശമനുസരിച്ചു് രാജകുമാരൻ പത്തുദിവസങ്ങൾ, “കാമാഗ്നിനാ ദഹിച്ചും” “കാമോദ്രേകം” സഹിച്ചും “മനോരഥം വഹിച്ചും” കഴിച്ചുകൂട്ടി. അനന്തരം ധാത്രിയെത്തന്നെ കന്യാഗേഹത്തിലേക്കു അയച്ചു. എന്നാൽ അവൾ തിരിച്ചുവന്നപ്പോൾ പുറത്തു രക്തവർണ്ണമായ മൂന്നു രേഖകൾ തെളിഞ്ഞുകിടക്കുന്നതായി കണ്ടു് അദ്ദേഹം ഖിന്നനായി. ഒടുവിൽ മന്ത്രികുമാരൻ പറഞ്ഞു:-

വരികനൃപാത്മജ പെരികേഭാഗ്യംനമു-
ക്കരികേസമാഗതമരികർശന!നൂനം
ആലക്തരസമൊട്ടൊട്ടൊലിക്കും മാറുചോർന്നു-
ച്ചലിക്കുംരേഖാത്രയം ജ്വലിക്കുന്നതുംകാണ്‍ക
ആർത്തവസമാഗമം പാർത്ഥിവ ദിനത്രയം
പാർത്തുവന്നാലും സ്മരപ്പോർസ്തവംപിന്നെച്ചെയ്യാം
എന്നതുസൂചിപ്പിപ്പാനിന്നിതീവണ്ണംചെയ്താ-
ളുന്നതസ്തനീബാലാ നന്ദി തേടീടണംനീ

അടുത്ത മൂന്നുദിവസങ്ങൾ ആയിരം ദിവസങ്ങൾപോലെ യുവാവിന്നു തോന്നി.

ബാലിക ഋതുസ്നാനം കഴിഞ്ഞു ധാത്രിയെ അരികിൽ വിളിച്ചീട്ടു തന്റെ ഇംഗിതത്തെ മറച്ചുംകൊണ്ടു് കളിവാക്കുകൾപറഞ്ഞു.

അന്നേരമൊരുഗജം വന്നോരുമദംപൂണ്ടി-
ട്ടന്നാരീസൗധാന്തികേവന്നേറെസ്സഞ്ചരിച്ചു.

ഉപമാതാവു് ഭയാകുലയായി ഓടിച്ചാടാൻ തുടങ്ങി. ബാലിക ഒരു നൂലേണി ഇട്ടുകൊടുത്തിട്ടു്,

ചൊല്ലിനാളവളോടു മെല്ലവേപോയീടുക-
നല്ലതീവഴിയതിലില്ലെടോഭയമൊന്നും.

വൃദ്ധ ആ വഴിയെ പോയി കുമാരന്മാരോടു വിവരം ധരിപ്പിച്ചു. അതു മന്ത്രികുമാരൻ കാമുകനോടു പറഞ്ഞു-

നമുക്കിനിവല്ലതെന്നാലുംനൂനം
നല്ലതുവന്നുകൂടാംകില്ലിതിനില്ലതെല്ലും
സന്മാർഗ്ഗംതേടും ഭവാനമ്മാർഗ്ഗത്തൂടെചെന്നാൽ
ദുർമ്മാർഗ്ഗമെന്നാകിലുമമ്മാരശ്രീദേവതാം
ലഭിച്ചുരമിച്ചീടാം രസിച്ചുഗമിക്കനീ.

അതനുസരിച്ചു് യുവാവു് നൂലേണിവഴിക്കു കന്യകയുടെ അന്തഃപുരത്തിൽ പ്രവേശിച്ചു.

പുളച്ചോരാനന്ദമാം കുളത്തിൽപതിച്ചവർ
കുളിച്ചുമനോരതം കളിച്ചുംസസംഭ്രമം
ദിവസംവരുന്നതും തരസാപോകുന്നതും
വിവശൻരമിക്കയാലേതുമേയറിയാതെ

അവർ ഒരുമാസം അങ്ങനെ കഴിച്ചുകൂട്ടി. അങ്ങനേയിരിക്കേ രാജകുമാരനു തന്റെ തോഴനേപ്പറ്റി ഓർമ്മയുണ്ടായി.

കഷ്ടംഞാനിത്രനാളുമിഷ്ടനാം വയസ്യനെ
ദുഷ്ടനെപ്പോലെ കാമാവിഷ്ടനായ്‍നിനച്ചീല
അന്യദേശത്തുവന്നിട്ടന്യസാഹായ്യംവിനാ
ധന്യനാമവനതി ദൈന്യമുൾക്കൊള്ളുംനൂനം
ഇവളെപ്പിരിഞ്ഞാൽ ഞാനവിളംബിതംമൃത്യു
കബളമാകുംപുനരിവളുമതുപോലെ

ഇങ്ങനെ അദ്ദേഹം ഇതികർത്തവ്യതാമൂഢനായിരക്കവേ പത്മാവതി ചോദിച്ചു:-

എന്തെടോനിരൂപണംകാന്ത!തേ മനോഗതം
ഹന്തഞാനറിയുകിൽ കിന്തു തേ ഭയമുണ്ടോ?
വല്ലതെന്നാലുമതുതെല്ലും വൈകാതെ തന്നെ
ചൊല്ലുകവേണം പരിചല്ലകേളവിശ്വാസം

ഈ നിർബന്ധം കേട്ടിട്ടു് രാജകുമാരൻ പറഞ്ഞു:-

ഇനിക്കുണ്ടൊരുസഖി നിനയ്ക്കുമ്പൊഴുതവൻ
തനിക്കുംബൃഹസ്പതിതനിക്കുംഭേദമില്ല
അവന്റെമതിബലം ശിവന്റെവിലാസംകേൾ
അവന്റെവിയോഗത്താൽ യമന്റെവശത്താക്കും
നിന്നെയുംപൂണ്ടിരിപ്പാനെന്നെയുംനിയോഗിച്ചു
നിർണ്ണയംപുനരവൻതന്നെയെന്നറികെടോ.

ഈ വാക്കുകൾ കേട്ടിട്ടു പത്മാവതി,

ഇത്രനാളെന്തെടോനിൻമിത്രമാമവനെ നീ
ക്ഷത്രിയകുമാരകനിസ്തൂപം മറച്ചതും?
അതുകൊണ്ടെനിക്കുമുണ്ടധികംലഘുത്വമെ-
ന്നതുകാണാത നിന്റെ മതികൊണ്ടെന്തുകാര്യം?
വൈകരുതിനിത്തെല്ലും ചെയ്തരുതുപേക്ഷണം
പൊയ്കരുതുകിൽപാരം കൈവരുംമഹാപാപം

എന്നു ഉപദേശിച്ചിട്ടു് അവൾതന്നെ തയ്യാറാക്കിയ ഭക്ഷണസാമഗ്രികളോടും ഗന്ധമാല്യാദികളോടുംകൂടി അദ്ദേഹത്തിനെ മന്ത്രികുമാരന്റെ സവിധത്തിലേക്കയച്ചു.

കൊണ്ടൽവേണിയെച്ചെന്നുകണ്ടതുംരസിച്ചതും
തണ്ടലർശരൻകുടികൊണ്ടതുംചൊന്നനേരം

‘ചഞ്ചലമിഴിയാളിൻ പഞ്ചനമോർത്തു മന്ത്രി പുഞ്ചിരിപൂണ്ടുകൊണ്ടു’ പറഞ്ഞു:-

എത്രയുംകഷ്ടംഭവാൻമിത്രമാമെന്നുദന്തം
തത്രചൊന്നതും പുനരെത്രയുമബദ്ധമായ്
മത്തകാശിനീജനം ഭർത്താവിന്നിഷ്ടന്മാരിൽ
ചിത്രവൈഷമ്യംതേടും തത്രകാരണംരാഗം.
വിഷമുണ്ടിതിലെല്ലാം പഴുതേശങ്കിക്കേണ്ട
വിഷവൈഭവത്തെക്കാൾ വിഷമംനാരീചിത്തം

എന്നുപറഞ്ഞിട്ടു് അദ്ദേഹം പലഹാരത്തിൽ ഒന്നിനെ ഒരു ശുനകനു കൊടുത്തു. നായ് ഉടൻതന്നെ മരിച്ചുവീണു. അതുകണ്ടു അവർ രണ്ടുപേരും കോപത്താൽ അതിതാമ്രാക്ഷരായ് ഭവിച്ചു. അക്കാലത്തു് കർണ്ണോല്പലരാജാവിന്റെ ദുഷ്കാലവൈഭവത്താൽ പ്രിയപുത്രൻ മരിച്ചുപോയി. മന്ത്രികുമാരൻ വയസ്യനോടായിട്ടു രഹസ്യമായി പറഞ്ഞു:-

“പാർത്ഥിവശിരോമണേ കീർത്തിവർദ്ധന ഭവാ-
നോർത്തുവൈകാതെ താർത്തേൻചേർത്തവാണിയെക്കാണ്‍ക.
കാരണംചൊല്ലാം മാരധോരണിതന്റെകക്ഷി
പൂരണംവരുവോളം വാരുണീംസേവിപ്പിക്കു
അതിമത്തയായവൾ മതിചിത്രംമറന്നി
ട്ടതിമാത്രാനന്ദയായ് രതിമാത്ര തുനിഞ്ഞാൽ
താമരകുഡ്മളത്തിൻഡാമരംപോക്കീടുമാ-
രോമലാമവളുടെപോർമുലത്തടത്തിൽനീ
ബാലതന്വിക്കുചെറ്റും മാലെത്തീടാതെ രതി
ക്കാലത്തുനഖങ്ങളാൽ ശൂലത്തെച്ചമയ്ക്കണം
തളകൾതാലിക്കൂട്ടം വളകൾ മാല മാരൻ
കളിയിൽകലമ്പുന്ന കളകാഞ്ചനകാഞ്ചി
ഒക്കയുംകയ്ക്കലാക്കിത്തക്കത്തിൽപോന്നീടുക
നല്ക്കുഴൽമണിയെ വഞ്ചിക്കയിൽവേദിക്കൊലാ.”

ഈ ഉപദേശാനുസാരം അദ്ദേഹം,

താമസിവന്നനേരം താമസിയാതേതന്നെ
കാമസീമയെന്നിയേ താമരസായതാക്ഷീം
കണ്ടുകൗതുകംപൂണ്ടു രണ്ടുനാഴികനേരം
കണ്ടസാരസ്യാലാപംകൊണ്ടുമേളിച്ചിരുന്നു
കബളംചെയ്കമൂലം വിവശാമന്ത്രീവൃത്ത-
മവളും ചോദിച്ചീലെന്നവനുംപറഞ്ഞീല.

അനന്തരം ക്ഷീണിച്ചുതളർന്നതായ യുവതിയുടെ സ്തനത്തിൽ ത്രിശൂലംചേർത്തു് അവളുടെ ഭൂഷാധനത്തേയും അപഹരിച്ചുകൊണ്ടു് അദ്ദേഹം തോഴന്റെ അടുക്കലേക്കു ചെന്നു. മന്ത്രിയാകട്ടെ ആനന്ദപൂർവ്വം ഭിക്ഷുവേഷം ധരിച്ചുകൊണ്ടു് വയസ്യനോടു പറഞ്ഞു:-

വേഷവുംമറയ്ക്കൊലാ ഭൂഷയുംമാറീടൊലാ
ദ്വേഷവുംതോന്നീടൊലാശേഷമൊന്നുണ്ടാകാര്യം?
ഉത്തമാമണിതന്റെ മുത്തുമാലയുമെടു-
ത്തുത്തമമതേഭവാൻ ചിത്തമോദേനസാകം
പരന്നവിപണിയിലിരുന്നുജനത്തോടു
നിരന്നുചോദിക്കനീ തരുന്നോരിതിന്മൂല്യം
അടുത്തുവന്നോർക്കെല്ലാമെടുത്തുകാട്ടീടുക
കൊടുത്തീടരുതാർക്കും ജഡത്വംവരുമെന്നാൽ
ആരിതിനിന്നുടയതെന്നാരുചോദിച്ചാകിലും
നേരുചൊല്ലരുതെടോ സാരനല്ലയോഭവാൻ
ആഴിയെക്കാളുംമതിക്കാഴമേറെയുള്ളൊരു

തോഴരുച്ചരിച്ചതായ വാക്കുകേട്ടിട്ടു്, രാജകുമാരൻ പത്മാവതി ധരിച്ചിരുന്ന മാലയും എടുത്തുകൊണ്ടു് വീടുതോറും ചെന്നു്,

മാലയെക്കാട്ടുന്നേരം ബാലയെസ്മരിച്ചോരോ
ലീലയേനിനച്ചുടൻ മാലിയന്നുഴൽകയും
വിലയില്ലാത്തമുക്താ വലയമാല്യത്തിന്റെ
വിലയുംചോദിച്ചുതാനലയും ദശാന്തരേ,

രാജപുരുഷന്മാർ ആ ഷണ്മാഷമുക്താപരിഷമാല്യം കണ്ടിട്ടു് പരുഷമായി ഇങ്ങനെ ചോദിച്ചു:-

ആരുടെമാല്യമിതു നേരുടൻചൊല്ലീടായ്കിൽ
പാരിടംതന്നിൽവാഴുമാറുടൻ കഴിവരാ

രാജകിങ്കരന്മാരിൽ വ്യാജഭീതി പൂണ്ടരാജകുമാരൻ അവരോടായി മറുപടി പറഞ്ഞു.

“നമ്മുടെഗുരുഭൂതൻ തന്മതമറിയാഞ്ഞാൽ
നിർമ്മരിയാദമാകും മന്മനോരഥമെല്ലാം
ഏകനാലെന്തുകാര്യം? പോക നാമെല്ലാംപരി
പാകമോടങ്ങുചെന്നാലാകവേകേൾക്കാംകാര്യം

രാജകിങ്കരന്മാരോടുകൂടി യുവാവു് ഭിക്ഷുവേഷധാരിയായ മന്ത്രികുമാരന്റെ അടുക്കൽ ചെന്നിട്ടു് ചോദിച്ചു:-

“ചൊല്ലേറുംമഹാമുനേ ചൊല്ലേണം പരമാർത്ഥം
നല്ലോരിമ്മാല്യത്തോടൊത്തില്ലൊന്നും മഹീതലേ
എങ്ങനെലഭിച്ചതുമങ്ങിതെന്നറിവതി-
നിങ്ങുകൗതുകംപാരം സംഗതംമഹാമതേ”

അതുകേട്ടിട്ടു ഭിക്ഷുകൻ അരുളിച്ചെയ്തു:-

രക്ഷിതാവായിട്ടാരുമിക്ഷിതിക്കില്ലയോവാൻ
ഉണ്ടാകിലവനെയുംകൊണ്ടുവന്നാലിനിക്കും
കണ്ടുചൊല്ലുവാൻ പുനരുണ്ടനേകംപ്രബന്ധം

രാജപുരുഷൻ ഉടനേതന്നെ രാജാവിനെ അവിടെ വരുത്തി. അദ്ദേഹം,

“മതിയിൽപാരം പരഗതിയെക്കാമിച്ചീടും
വ്രതിയെക്കണ്ടു”നമസ്കരിച്ചിട്ടു്
ആമ്‍നായനിലയമേ നാമ്‍നാഞാൻകർണ്ണോല്പലൻ
സാമ്‍നാമാലൊഴിക്കഞാൻകാണ്മാനായിഹവന്നേൻ

എന്നു സവിനയം പറഞ്ഞു. അതിനു മറുപടിയായി ഭിക്ഷുകൻ,

നിന്നുടെമഹാമന്ത്രിതന്നുടെതനയയായ്
മന്നിടംമുടിപ്പതിനിന്നു ഡാകിനീഘോരാ
രാത്രികാലങ്ങൾതോറും ധാത്രിയിൽഭൂമിക്കുന്നു
ഗാത്രവുംഭയങ്കരം വസ്ത്രവുംധരിപ്പീലാ
സുന്ദരവേഷംപൂണ്ടു വന്നവൾപകലെങ്ങും
ഇന്ദിരാസമാനയായ് മന്ദിരേവാണീടുന്നു
മത്സമക്ഷമായതിവത്സലാകാരനായ
ത്വൽസുതനേയുമവൾ ഭത്സനംചെയ്തുനിന്നു
ഒന്നേറെക്കോപിച്ചു ഞാനന്നേരംശുലത്തിനാ-
ലന്നാരിമാറത്തുറയീന്നൂരിക്കുത്തീടിനേൻ
തെറിച്ചുമാറീന്നവൾ ധരിച്ചമാല്യംഞാനും
ഗ്രഹിച്ചുഭവാനിതു മറിച്ചൂഹിച്ചീടൊല്ലാ.
ധർമ്മപാലക തവ നന്മവേണമെന്നാകി-
ലമ്മഹീതലത്തിൽ നിന്നമ്മഹാപാപിതന്നെ
ചാരത്തുവെച്ചീടാതെ ദൂരത്തുകളയണം
ക്രൂരത്വംനാരീവധം വീരത്വത്തിന്നുപോരാ.

ഈ വാക്കുകൾകേട്ടു് രാജാവു് പത്മാവതിയെ ആട്ടിപ്പുറത്താക്കി. രാജഭൃത്യന്മാർ അവളെ ഒരു വൻകാട്ടിൽ കൊണ്ടുചെന്നു വിടുന്നതു ഈ രണ്ടുയുവാക്കന്മാരും മറഞ്ഞുനിന്നു കണ്ടു. പത്മാവതിയാകട്ടെ,

“തൊഴിച്ചുമേറ്റം കണ്ണീരൊലിച്ചുംപാരംമുറ-
വിളിച്ചും ദൈവത്തിനെപ്പഴിച്ചുംകേഴുംവിധൗ.”

വജ്രമകുടൻ സഖിയോടുകൂടി അടുത്തുചെന്നു അവളുടെ ദുഃഖത്തെ ശമിപ്പിച്ച ശേഷം അവളോടുകൂടിത്തന്നെ വാരാണസിയിൽ ചെന്നു സുഖമായി പാർത്തു.

അവളുടെ പിതാവായ ദന്തഘാടകനും, തൽപത്നിയും ദുഃഖം നിമിത്തം പരലോകം പ്രാപിക്കയും ചെയ്തു. ഇക്കഥപറഞ്ഞിട്ടു് വേതാളം ചോദിച്ചു:-

തനയാദുഃഖമാകും വിനയാലഹോമന്ത്രി
ഘനയാതനാംപൂണ്ടിട്ടനുയാതകാന്തനായ്
മരിച്ചമൂലംപാപം ധരിച്ചതാരെന്നുനീ
യുറച്ചുപറയേണം മടിച്ചിടരുതെടോ.
അറിഞ്ഞുപറയായ്കിൽ വളർന്നോരെൻവൈഭവാ-
ലറിഞ്ഞീടേണം നൂറായ്‍പിളർന്നീടുംനിൻതല.

രാജാവു് മറുപടിപറഞ്ഞു:-

ചൊല്ലെഴും രാജപുത്രനില്ലെടോപാപലേശം
മല്ലലോചനയ്ക്കുമില്ലില്ലപാതകമതിൽ
ധർമ്മവിദ്വേഷംവന്നാൽ കന്മഷമവർക്കുണ്ടോ?
ബുദ്ധിമാൻ മന്ത്രിപുത്രനെത്തുകയില്ലപാപ-
മൂത്തമൻ സ്വാമികാര്യമോർത്തവൻചെയ്തതെല്ലാം
നിനയ്ക്കിൽ കർണ്ണോല്പലൻ തനിക്കായ്‍വരുംപാപ.
മനക്കമില്ലപുനരനല്പമവൻദോഷം.

ഈ മറുപടികേട്ടു് സംതൃപ്തനായ വേതാളം ‘പണ്ടുതാനിരുന്നോരു കണ്ടകതരുവിന്മേൽ’ ചാടിക്കേറി പൂർവവൽ തൂങ്ങിക്കിടന്നു.

മന്ദാരവതി

യതിയുടെ വാക്കിന്റെ ഗൗരവമോർത്തു, രാജാവു് പിന്നെയും വേതാളത്തെ പിടികൂടി. അപ്പോഴും അവൻ ഒരു കഥ പറഞ്ഞു കേൾപ്പിച്ചു. യമുനാതീരത്തിൽ അഗ്നിസ്വാമിയെന്നൊരു ബ്രാഹ്മണൻ ജീവിച്ചിരുന്നു.

ശ്രുതിമന്ദിരനവനതി ദാനൈകശീലൻ
മതിമാൻ നിജാലയേ സുഖമായ്‍വാഴുംകാലം

അയാൾക്കു് ‘കമലാദേവിപോലും നാണു’മാറു് മന്ദാരവതി എന്നൊരു പുത്രിയുണ്ടായി. അവൾക്കു്,

യൌവ്വനംവന്നുവന്നുതർവ്വടങ്ങുകമൂലം
സുവ്യഥനായിനൂനം മന്മഥദേവൻതാനും.

അവളെ കല്യാണംകഴിപ്പാൻ മോഹിച്ചു പലരും കന്യാജനകനോടു അപേക്ഷിച്ചുനോക്കി. എന്നാൽ,

സുദൃശനായ വരൻ വരുവോളവുമിവ-
ളരികേവസിക്കയെന്നുറച്ചു ഭൂദേവനും,

അവളെ ആർക്കും കൊടുക്കാതെ വീട്ടിൽതന്നെ താമസിപ്പിച്ചു. അങ്ങനെഇരിക്കെ മൂന്നു യുവാക്കന്മാർ ഒരുമിച്ചു അവിടെ ചെന്നുചേർന്നു.

മന്മഥൻതന്നെമൂന്നുരൂപമായ്‍വരികയെ-
ന്നമ്മഹാ പുരുഷരെക്കണ്ടവർക്കെല്ലാംതോന്നും
രൂപഭംഗിയുമാഭിജാത്യവുംവിദ്യാബല
ശോഭയുമിവയൊന്നുമാർക്കുമേ കുറവില്ല.

ബ്രാഹ്മണൻ വിഷമിച്ചു. അവരിൽ ആർക്കാണു കൊടുക്കേണ്ടതു്! ആ യുവാക്കന്മാർക്കോ? കന്യകാരൂപം സേവിച്ചു സേവിച്ചു്,

എനിക്കുവേണമിവളെനിക്കുവേണമിവ-
ളെനിക്കുവേണമെന്നോർത്തവിടെവാണിടിനാർ.

അങ്ങനെ

സൗന്ദര്യമാകുംജലമൊഴുകും തരംഗിണി
സുന്ദരരൂപംകാട്ടിമന്മഥൻകലഹിച്ചു
ആളികളോടും ഗൃഹപാളികളിടയിടെ
കാളകുന്തളചില കേളികളാടുന്നതും
ചില്ലിയിലെഴുമോരോരത്ഭുതവിലാസവും
മെല്ലവേചരിപ്പതും മല്ലലോചനശ്രീയും
കണ്ടുകണ്ടനാരതം തണ്ടലർവാണമേറ്റു
കണ്ഠതപിണഞ്ഞുമറ്റാകുവേമറന്നവർ

സങ്കടപ്പെട്ടു വസിക്കുംകാലത്തു് ആ യുവതി പെട്ടെന്നു പഞ്ചത്വം പ്രാപിച്ചുപോയി.

എരിഞ്ഞചിത്തത്തോടും ദ്വിജബാലകന്മാരും
കരഞ്ഞുകരഞ്ഞുടൻ പൊരിഞ്ഞുചിരംനേരം.

അവരിൽ ഒരുത്തൻ,

‘പെരുത്ത’ ദുഃഖമുള്ളിൽ ധരിച്ചുകൂടയായ്കിൽ’ ജടാഭാരംധരിച്ചു്, ‘ഭസ്മദിഗ്ദ്ധാംഗനായിക്കശ്മലചേതസ്സോടും’ ദിഗന്തരാളങ്ങളിൽ സഞ്ചരിച്ചു. മറ്റൊരുത്തൻ ‘താർത്തേനിൻമൊഴിയാളിന്നസ്ഥികളെടുത്തും’കൊണ്ടു തീർത്ഥയാത്ര പുറപ്പെട്ടു. മൂന്നാമനാകട്ടേ,

മുറ്റുമാധിയുംപൂണ്ടു
കറ്റവാർകുഴലിയെച്ചുട്ടഭസ്മത്തിൽതന്നെ
രാപ്പകലൊഴിയാതെകിടന്നാനെന്നേവേണ്ടു”

ജടാധാരി പുടഭേദനങ്ങളും നഗരഗ്രാമങ്ങളും ഒക്കെ കടന്നുകടന്നു് രുദ്രശർമ്മാവെന്ന ഒരു ബ്രാഹ്മണന്റെ ഗൃഹത്തിൽ ചെന്നുചേർന്നു. ഗൃഹസ്ഥൻ യുവാവിനെ ഉണ്ണാൻ ക്ഷണിച്ചു. അയാൾ ഉണ്ണാൻ ഇരുന്നപ്പൊഴേക്കു്, കുട്ടി കരഞ്ഞുതുടങ്ങി. മന്ദിര കാര്യങ്ങളിൽ വ്യഗ്രമായ ബ്രാഹ്മണ പത്നിയാകട്ടേ പുത്രനെ സകോപം എരിയുന്നതീയിൽ നിക്ഷേപിച്ചിട്ടു് ഗൃഹകാര്യങ്ങൾ നിർവഹിച്ചു ചോറു വിളമ്പിക്കൊടുത്തു ബാലൻ വെന്തുവെണ്ണീറായ്ച്ചമഞ്ഞു; ജടാധരന്റെ ഹൃദയവും തഥൈവ. അയാൾ,

സത്വരമെഴുന്നേറ്റു ഹസ്തവും കുടഞ്ഞവൻ
ചിത്തസന്താപവുംപൂണ്ടിത്തരമുരചെയ്തു.
പെരുകം ക്ഷുധാ ഞാനും സ്മരിക്കിൽചണ്ഡാലമാ-
രിരിക്കുംപുരംപുരസ്കരിച്ചേനഹോകഷ്ടം!
കത്തിക്കാളുന്നൊരുഗ്നൗപുത്രനേഹോമിച്ചൊരു
മത്തകാശിനിതന്റെ ചിത്തമെത്രയുംക്രൂരം.
ഇക്കർമ്മം കണ്ടുസഹിച്ചീടിനോരെന്റെനേത്ര-
ദുഷ്ക്കർമ്മമൊടുങ്ങുവാനെന്തിനിച്ചെയ്യേണ്ടതും?

ജടാധരൻ ഇങ്ങനെ കേഴുന്നതുകൊണ്ടു് രുദ്രശർമ്മാ തന്റെ പുസ്തകമെടുത്തു് സിദ്ധമന്ത്രങ്ങൾ നോക്കി ജപിച്ചിട്ടു് അഗ്നിയിൽ ജലപ്രോക്ഷണം ചെയ്തു.

ബാലകനതുനേരം മാലകന്നെഴുന്നേറ്റു
ചാലവേമാതാവിന്നു ലീലകളാശുകാട്ടി

അതു കണ്ടപ്പോൾ, ജടാധരന്നു തന്റെ പ്രേമപാത്രമായിരുന്ന യുവതിയുടെ സ്മരണ ഉദിച്ചു. അയാൾ സിദ്ധമന്ത്രങ്ങളുള്ള പുസ്തകം കൈക്കലാക്കിക്കൊണ്ടു് അവിടെനിന്നു കടന്നു.

ഒരുത്തനാരെങ്കിലുമറിഞ്ഞീടുമോവാനെ-
നുരത്തഭയമുള്ളിൽക്കടക്കനിമിത്തമായ്
രാപ്പകലൊഴിയാതെ നടന്നുനടന്നുടൻ
കാടുകൾപുഴകളും മേടുകൾ തോടെന്നിവ
കടന്നുകടന്നുള്ളിലെഴുന്നോരാശയോടും

അയാൾ, ബ്രഹ്മസ്ഥലത്തിൽ എത്തി. പുസ്തകം കൈക്കൽ വന്നുചേർന്നശേഷം അയാൾ ആഹാരം കഴിച്ചിട്ടേ ഇല്ല. ചിതാദേശത്തിൽ എത്തിയപ്പൊഴേക്കും തീർത്ഥവാസിയും വന്നുചേർന്നു. ജടാധാരി പുസ്തകത്തിലെ വിധിയനുസരിച്ചുള്ള മന്ത്രപ്രയോഗത്താൽ യുവതിക്കു വീണ്ടും പ്രാണപ്രതിഷ്ഠചെയ്തു.

ലാവണ്യത്തിന്നു മേളിച്ചിരിപ്പാനൊരുപാത്ര-
മാവണ്ണം യത്നംചെയ്തു ചമച്ചുവിധാതാവും.
എന്നിയേമറ്റൊന്നുചൊല്ലീടുവാൻ കണ്ടില്ലെങ്ങു
കന്നൽനേർമിഴിയാളിൻ മഞ്ജുളരൂപമൊന്നിൽ
മന്മഥനാകുമഗ്നിജ്വാലയെവളർക്കുവാൻ
സമ്മതമായൊരു ദിവ്യൗഷധമവൾനൂനം
അമൃതസമുദ്രത്തിലലയും തിരമാലാ
കമലവിലോചനാ നഹി സംശയമേതും.

ഈ യുവതി,

നൂപുരങ്ങളുമരഞ്ഞാണ്‍മണിമാലമറ്റു-
ള്ളാഭരണങ്ങളണിഞ്ഞാനനം താഴ്ത്തിമെല്ലെ
നിൽക്കുന്നനേരമവൾ വെക്കംചെന്നടുക്കവേ
സല്ക്കരിച്ചിതുപീയൂഷാബ്ധിമജ്ജനത്തിങ്കൽ.

മൂന്നു യുവാക്കന്മാരും പഴേപോലെ അവകാശവാദം തുടങ്ങി. പ്രാണപ്രതിഷ്ഠ നല്കിയ താനാണു് അവൾക്കു അവകാശി എന്നു ജടാധാനും, തന്റെ തീർത്ഥസേവകൊണ്ടാണു് അവൾ ജീവിച്ചതെന്നു തീർത്ഥവാസിയും, ഊണുമുറക്കവും വെടിഞ്ഞു് ഭസ്മരക്ഷണംചെയ്തതാനാണു് അവകാശി എന്നു മൂന്നാമനും വാദിച്ചു. കഥ പറഞ്ഞുകേൾപ്പിച്ചിട്ടു് വേതാളം ചോദിച്ചു.

പാരിടംപുകൾപൊങ്ങും വീരന്മാർമുടിപ്പൂവെ!
നേരുടൻപറഞ്ഞാലും ആരുടെകാന്തയിവൾ?

അതുകേട്ടു് രാജാവു പറഞ്ഞു:-

പാവനമന്ത്രംകൊണ്ടു കേവലമവളുടെ
ജീവനെസൃഷ്ടിച്ചവൻ താതനെന്നെന്റെമതം.
പാർത്തലംതന്നിലുള്ളതീർത്ഥസഞ്ചാരംകൊണ്ടു
പുത്രകർമ്മങ്ങളത്രെ തീർത്ഥവാസിയുംചെയ്തു.
ധർമ്മത്തിൽപിഴയാതെചൊല്ലെഴുമെന്നാകിലോ
ഭസ്മത്തിൽശയിച്ചവൻ തൽകാന്തനെന്നേവരൂ.

വേതാളം ശരിയെന്നു സമ്മതിച്ചിട്ടു്,

മുന്നമെന്നതുപോലെ പിന്നെയുംചെന്നുപര-
മുന്നതമായതരുമുകളിൽതൂങ്ങീടിനാൻ.
സേതുമാഹാത്മ്യം

വേതാളചരിത്രത്തിലെന്നപോലെ ഇതിലും കവി കിളിയെക്കൊണ്ടല്ല പാടിച്ചിരിക്കുന്നതു്. കിളിപ്പാട്ടുവൃത്തങ്ങൾ ഉപയാഗിച്ചിരിക്കുന്നുവെന്നേയുള്ളു. പിഷാരടിയുടെ കവിതാകാമിനിയ്ക്കു് പ്രൗഢതവന്നതിനുശേഷമുള്ള ഒരു കൃതിയാണിതു്. ശബ്ദാഡംബരത്തിലെന്നപോലെ അർത്ഥാലങ്കാരത്തിലും വലിയ ഭ്രമമൊന്നും കവി പ്രകടിപ്പിച്ചു കാണുന്നില്ല; നേരേമറിച്ചു് രസപോഷണത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചും കാണുന്നുണ്ടു്. ഭക്തിയാണു് സ്ഥായിയായ രസമെങ്കിലും ഇതാ രസഭാവങ്ങളേയും യാഥായോഗ്യം സന്നിവേശിപ്പിച്ചിട്ടുള്ളതിനാൽ മുഷിച്ചിൽ കൂടാതെ വായനക്കാർക്കു മുഴുവനും വായിച്ചുതീർപ്പാൻ കഴിയും. അതുകൊണ്ടുതന്നെയായിരിക്കണം അതിനു കൂടുതൽ പ്രചാരം സിദ്ധിച്ചിരിക്കുന്നതു്.

രാമായണത്തിലെപ്പോലെ സേതുമാഹാത്മ്യത്തിലും ആറുകാണ്ഡങ്ങൾ ഉണ്ടു്. ചക്രകാണ്ഡം, വേതാളകാണ്ഡം, ശ്രീരാമകാണ്ഡം, സാധ്യകാണ്ഡം, കല്യാണകാണ്ഡം, രാമനാഥകാണ്ഡം എന്നിങ്ങനെയാണു അവയുടെ പേരുകൾ. ചക്രകാണ്ഡത്തിൽ ആദ്യമായി,

ആയുസ്സുമാരോഗ്യവും സമ്പത്തും സൗന്ദര്യവു-
മായതഗുണങ്ങളും വേദാദിവിജ്ഞാനവും
സർവശാസ്ത്രാധികാരമന്ത്രവിജ്ഞാനമേവം
സർവവുമുണ്ടായീടും സേതുമജ്ജനംകൊണ്ടേ.

എന്നിങ്ങനെ സേതുസ്നാനമാഹാത്മ്യത്തെ ദിങ്മാത്രമായി പ്രദർശിപ്പിച്ചിട്ടു് സേതുബന്ധനത്തിന്റെ കാരണത്തെ സംക്ഷേപിച്ചു പറയുന്നു. സീതയെ കാണാതെ ദുഃഖിതനായ്‍ത്തീർന്ന രാമചന്ദ്രൻ സുഗ്രീവസഖ്യം ചെയ്യുന്നതും ബാലിയെ നിഗ്രഹിച്ചു് സുഗ്രീവനെ കിഷ്കിന്ധാധിപതിയായ് വാഴിക്കുന്നതും ഭംഗിയായി ഇതിൽ വിവരിക്കപ്പെട്ടിരിക്കുന്നു.

കിഷ്കിന്ധാഗോപുരാന്തേചെന്നുസുഗ്രീവൻതാനും
മുഷ്കരമാകുംവണ്ണമട്ടഹാസവുംചെയ്തു
ബാലിയുമട്ടഹാസംകേട്ടുകോപവുംപൂണ്ടു
കാലനെപ്പോലെപുറപ്പെട്ടിതുയുദ്ധത്തിനായ്
അക്കാലമവർതമ്മിലുണ്ടായ യുദ്ധംചൊൽവാ-
നിക്കാലമാർക്കുമെളുതല്ലെന്നുമറിയേണം
വിഖ്യാതപൗരുഷന്മാർ മുഷ്ടികൾകൊണ്ടുദേഹ-
മൊക്കവേപൊടിപെടുമാറുടൻകുത്തീടിനാർ.
കൈത്തലംപരത്തിക്കൊണ്ടടിച്ചുമത്രയല്ല
നിസ്തുലദന്തങ്ങളാൽ കടിച്ചും പരസ്പരം
വൃക്ഷൾകൊണ്ടും മലകൊണ്ടുമിത്തരംനല്ല-
ശിക്ഷയായീടും രണം ചെയ്തുകൊണ്ടിരിക്കവേ-
പുഷ്കരദളനേത്രൻ യോഗിമാനസവാസൻ
പുഷ്കലശുഭപ്രദൻ വേദവേദാന്തവേദ്യൻ
ഭക്തസഞ്ചയത്തിനു മുക്തിയേനല്കുന്നവൻ
വ്യക്തനവ്യക്തനായിട്ടിരിക്കും നാഥനപ്പോൾ
വേഗത്തിലൊരുബാണമെയ്തതുകൊണ്ടുബാലി
തക്കത്തിൽസ്വർഗ്ഗലോകം പ്രാപിച്ചാനെന്നേവേണ്ടു.

അനന്തരം സുഗ്രീവൻ സീതാന്വേഷണത്തിനായി വാനരന്മാരെ പലദിക്കുകളിലേക്കും നയിക്കുന്നതുംമറ്റും ചുരുക്കിപ്പറഞ്ഞിട്ടു് കവി രാമചന്ദ്രന്റെ സേതുബന്ധനോദ്യോഗത്തിലേക്കു കടക്കുന്നു.

“പടുത തടവിന തോണികൾകൊണ്ടുംപൊങ്ങു-
തടികൾകൊണ്ടുംമുളകൊണ്ടും പാണികൾകൊണ്ടും

കൊടുതാം കടൽകടന്നീടുന്നതിനു തങ്ങൾക്കു പടുതയില്ലായ്കയില്ലെ”ന്നു വാനരന്മാർ പറഞ്ഞുവെങ്കിലും വിഭീഷണന്റെ ഉപദേശപ്രകാരം രാമചന്ദ്രൻ വരുണനെ പ്രീതിപ്പെടുത്താൻ നോക്കി. എന്നാൽ,

കഴിഞ്ഞുദിനത്രയം മുഷിഞ്ഞുഭഗവാനും
മറിഞ്ഞുചിത്തമൊന്നു കുറഞ്ഞുകരുണയും.

അതിനാൽ ഭഗവാൻ ലക്ഷ്മണനോടു് അരുളിച്ചെയ്തു:-

കുറഞ്ഞൊന്നല്ലഗർവം നിറഞ്ഞുവരുണനും
കാണ്‍കെടോകുമാരക മൽബാണരണംകൊണ്ടു
പങ്കവുമില്ലാതെധൂളിപ്പനിസ്സമുദ്രത്തെ
അവധിയില്ലാതുള്ളജലജന്തുക്കളോടു-
മവധൂനനംചെയ്‍വനിന്നുഞാൻ വരുണനെ.
അല്പബുദ്ധിമാന്മാരെ സേവിച്ചീടുകിലവ-
രല്പമല്ലാതെയുള്ള സൽഭാവംനടിച്ചീടും
വില്ലിങ്ങുകൊണ്ടന്നാലും ലക്ഷ്മണ ശരങ്ങളും
കില്ലില്ല സമുദ്രത്തെ ശോഷണംചെയ്തീടുന്നേൻ
അല്ലലെന്നിയേതെല്ലുംനമ്മുടെവാനരന്മാ-
രുല്ലാസമോചുനടന്നക്കാരച്ചെന്നീടേണം.

രാമചന്ദ്രൻ വില്ലുകുലച്ചു ശരങ്ങൾ തൊടുത്തപ്പോഴേയ്ക്കും,

തടിച്ചജലധിക്കു പിടിച്ചോരനർത്ഥങ്ങ-
ളുപ്പൊൻനമുക്കില്ല പടുത്വമെന്നേവേണ്ടു
ആധിയുംനിജമനോവ്യാധിയുംപെരുതായ
ഭീതിയുംശരപരിഭൂതിയുംപൂണ്ടുപാരം
ആമയമോടുംതൊഴുതപ്പൊഴുതപ്പതിയും’

രാമപാദാംഭോജത്തെ നമസ്കരിച്ചുവത്രെ. ഭാവസ്ഫുരണത്തിനു യോജിച്ചവിധത്തിൽ വൃത്തവൈചിത്ര്യം വരുത്തിയിരിക്കുന്നതു നോക്കുക. വേതാളചരിത്രത്തിലേയ്ക്കുള്ള കൃത്രിമത്വം ഇവിടെ സ്ഫുരിക്കുന്നതേ ഇല്ല. ഈ മാതിരിഘട്ടങ്ങളിൽ കവി ഏതാണ്ടു് എഴുത്തച്ഛനെ സമീപിക്കുംപോലെ നമുക്കു തോന്നുന്നു.

അനന്തരം രാമചന്ദ്രൻ നളനെക്കൊണ്ടു് സേതു നിർമ്മിപ്പിച്ച കഥയെ കവി ചുരുക്കിപ്പറഞ്ഞിട്ടു്, ആ വഴിയിലുള്ള വല്ല പുണ്യതീർത്ഥങ്ങളെയും അവയുടെ മാഹാത്മ്യങ്ങളെയും വർണ്ണിക്കുന്നു. ഒടുവിൽ ഈ കാണ്ഡത്തിൽ വർണ്ണിതമായിരിക്കുന്ന ചക്രതീർത്ഥത്തിന്റെ മാഹാത്മ്യത്തെയും അതിന്മൂലത്തെയും നാതിവിസ്തരം വിവരിക്കുന്നു.

പണ്ടു് ഗാലവൻ എന്നൊരു മുനി ദക്ഷിണാംബുധിയുടെ തീരത്തിൽ ഒരിടത്തു് വിഷ്ണുവിനെ ധ്യാനിച്ചുകൊണ്ടു് അയ്യായിരംവർഷം തപസ്സുചെയ്തുവത്രെ. ഒടുവിൽ ഭഗവാൻ,

ശംഖചക്രാബ്ജഗദാധരനായ്ദിനകരാ
സംഖ്യമാംതേജസ്സോടുമത്ഭുതാകാരനായി
പീതവസ്ത്രവുംപൂണ്ടുകാളമേഘത്തിനുടെ
കാതലാംനിറമുള്ളോരാഗമസാക്ഷിദേവൻ
ഗരുഡാരൂഢനായിഛത്രചാമരങ്ങളാൽ
പെരികേശ്ശോഭിച്ചഖിലാലങ്കാരങ്ങളോടും

***


മന്ദഹാസവുംപൂണ്ടോരിന്ദിരാദേവിതന്റെ
സുന്ദരമുഖാംബുജംകണ്ടുപുഞ്ചിരിയോടും

മുനിയുടെ മുമ്പിൽ പ്രത്യക്ഷനായിട്ടു് അദ്ദേഹത്തിന്റെ അപേക്ഷയനുസരിച്ചു്,

പരമഭവൽപദ സ്നേഹരൂപിണിയായ
പരമഭക്തിവരം നൽകിയശേഷം

ആ സ്ഥലത്തിന്റെ മാഹാത്മ്യത്തെ വർണ്ണിച്ചു കേൾപ്പിച്ചു. ധർമ്മദേവൻ പണ്ടു് ഇവിടെവച്ചാണത്രെ ശിവനെ തപംചെയ്തു പ്രത്യക്ഷപ്പെടുത്തിയതു്. ആ ധർമ്മദേവൻ തന്റെ നിയമസ്നാനാർത്ഥമായി നിർമ്മിച്ച ധർമ്മപുഷ്കരണി സ്ഥിതിചെയ്യുന്നതു് ഇവിടെ ആയതുകൊണ്ടു് അതിനു ധർമ്മതീർത്ഥമെന്ന പേരും സിദ്ധിച്ചു. ധർമ്മദേവന്റെ ശിവസ്തുതി വളരെ ഹൃദ്യവും ഭക്ത്യുദ്ദീപകവുമായിരിക്കുന്നു.

പ്രണവാത്മകമായജഗതാംനാഥ!തവ
ചരണസരസിജമനിശംവന്ദിക്കുന്നേൻ
ഒട്ടൊഴിയാതെയുള്ളദേവതാരൂപംകൈക്കൊ-
ണ്ടിഷ്ടരൂപനായാദിമധ്യാന്തരഹിതനായ്
ഊർദ്ധ്വരേതസ്സായ്‍നിടിലാക്ഷിയുംധരിച്ചൊരു
ദഗ്ദ്ധചൂതസായകനിൻപാദംകൈതൊഴുന്നേൻ.
സമസ്തജഗത്തിനുമാധാരഭൂതനായി
സമസ്തകർമ്മങ്ങൾക്കുംസാക്ഷിയായ്‍വിശ്വാത്മാവായ്
സമസ്തവൃന്ദാരകവിന്ദിതചരണനാം
സമസ്തേശ്വര!ദേവനിൻപാദംകൈതൊഴുന്നേൻ
ജനനമതുമില്ലമരണമതുമില്ല
മുനിമാനസങ്ങളിൽവസതിസദാഭവാൻ
മനസാനിരൂപിക്കും ജനാനാംപോഷംനൽകം
ദനുജാന്തകശംഭോനിൻപാദംകൈതൊഴുന്നേൻ
കറുത്തനിറത്തോടുചെറുത്തഗളംതന്നിൽ
തരത്തിൽപെരുത്തോരുഫണിമാലയുംപൂണ്ടു
മറുത്തദുരിതംവേരറുത്തുകളയുന്ന
കരത്താൽനിരുത്തമനിൽപാദംകൈതൊഴുന്നേൻ
ശൂലവുംപിനാകവുംധരിച്ചതൃക്കൈകളും
കാലനുംഭയപ്പെടുംരുദ്രവേഷവുംപൂണ്ടു്
പുഷ്പസായകരൂപസംഹാരനയനനാം
വിശ്വനായകപോറ്റിനിൻപാദംകൈതൊഴുന്നേൻ.

ഇപ്രകാരം ഒക്കെ ധർമ്മതീർത്ഥത്തിന്റെ മാഹാത്മ്യം പറഞ്ഞു കേൾപ്പിച്ചിട്ടു മഹാവിഷ്ണു ഗാലവനോടു് അരുളിച്ചെയ്തു.

ഗാലവാനീയുമ്മുനിധർമ്മതീർത്ഥാന്തേസദാ-
കാലവുംതപസ്സുചെയ്തിരിക്കയഥാസുഖം
ഇടയിലോരോഭയംവരുകിൽപാലനാർത്ഥം
പടുവാംമൽചക്രംനിന്നരികേവസിച്ചീടും

വിഷ്ണുവിന്റെ ഉപദേശമനുസരിച്ചു ഗാലവൻ ഈശ്വരധ്യാനത്തിൽ മുഴുകി കാലം കഴിച്ചുകൊണ്ടിരിക്കെ, ഒരുദിവസം പീനാകാരനായ ഒരു രാക്ഷസൻവന്നു് അദ്ദേഹത്തിനെ പിടിച്ചു തെല്ലുനേരം അമ്മാനയാടിയിട്ടു്, കടിച്ചു തിന്നാനായി ഭാവിച്ചു. എന്നാൽ വിഷ്ണുചക്രം പെട്ടെന്നു ആവിർഭവിച്ചു് ആ രാക്ഷസനെ നിഗ്രഹിച്ചുകളഞ്ഞു. അങ്ങനെയാണു് ധർമ്മതീർത്ഥത്തിനു ചക്രതീർത്ഥമെന്നും പേരുസിദ്ധിച്ചതു്.

ഗാലവനെ നിഗ്രഹിക്കാൻ ഭാവിച്ച രാക്ഷസന്റെ കഥയും ഈ കാണ്ഡത്തിൽ വിവരിച്ചിരിക്കുന്നു.

ഭൂതലേഹാലാസ്യമെന്നുണ്ടൊരുപുണ്യക്ഷേത്രം
ഭൂതനായകപരമാസ്പദംമോക്ഷപ്രഭം

അവിടെ വിഖ്യാതന്മാരായ അസംഖ്യം തപോധനന്മാർ

ഇന്ദുചൂഡനെസേവിച്ചന്വഹംജടാഭര
നന്ദിതശീർഷന്മാരായ് ഭസ്മധൂളിതന്മാരായ്
രുദ്രാക്ഷാഭരണവുംത്രിപുണ്ഡറാങ്കിതഫാലമുദ്രയും

പൂണ്ടു്, രുദ്രധ്യാനതൽപരന്മാരായി വസിക്കുന്നകാലത്തു് വിശ്വാവസു എന്ന ഗന്ധർവന്റെ പുത്രനായ ദുർദമൻ അപ്സരസ്സുകളോടുകൂടി ഹാലാസ്യതീർത്ഥത്തിൽ ജലക്രീഡയ്ക്കായി തുനിഞ്ഞു. അവർ,

വസ്ത്രങ്ങളഴിച്ചതിൻകരമേലിട്ടുകാമ-
ന്നസ്ത്രങ്ങൾധരിച്ചതിലിറങ്ങിക്കുളിക്കുമ്പോൾ
വരിഷ്ഠതപോനിധി ചില താപസന്മാരും
ഗരിഷ്ഠമഹിമാവാം വസിഷ്ഠമുനീന്ദ്രനും

സൂര്യോപസ്നാനം ചെയ്‍വാൻ അവിടെ എഴുന്നള്ളി.

അതുകണ്ടു് അതിമാത്ര ലജ്ജയും പേടിയുംപൂണ്ടു ചാർവാംഗിമാരായ മധുവാണിമാരെല്ലാം പെട്ടെന്നു വസ്ത്രങ്ങളെടുത്തുടുത്തു. അവരുടെ വസ്ത്രധാരണത്തിന്റെ തിടുക്കത്തെ,

അടുത്തുകരംതന്നിലെടുത്തുവസ്ത്രങ്ങളു-
മുടുത്തുനിന്നീടിനാർപൊടുക്കെന്നവർകളും

എന്ന രണ്ടുവരികൾ എത്ര ഭംഗിയായി പ്രകാശിപ്പിച്ചിരിക്കുന്നു എന്നു നോക്കുക.

ദുർദമൻ മാത്രം ആ ഋഷിമാരെ ആദരിച്ചില്ല. അതിനാൽ വസിഷ്ഠൻ, ഗരിഷ്ഠകോപപൂർവ്വം,

രാക്ഷസധർമ്മംനിനക്കിഷ്ടമായതുമൂലം
രാക്ഷസനായിഭവിച്ചീടുകനീയുംവേഗാൽ

എന്നു ശപിച്ചു. എന്നാൽ അപ്സരസ്സുളാകട്ടെ,

ബ്രഹ്മനന്ദനകരുണാനിധേരപോനിധേ
നിർമ്മലഭവാനുകാരുണ്യമുണ്ടായീടേണം
അംഗനാജനത്തിനുജീവനയേതുമുനി
പുംഗവ ഭർത്താവല്ലോ ഭൂഷണമാകുന്നതും
പതിയില്ലാരുനാരിക്കതിയായിരിപ്പൊരു
നിധിയുംനൂറുപുത്രന്മാരുമുണ്ടെന്നാകിലും
വിധവയെന്നല്ലയോലോകവിഖ്യാതിപുന-
രതുസംഗതിവരുത്തീടൊല്ല ദയാനിധേ
ഒരിക്കലപരാധംപിണഞ്ഞാൽക്ഷമിക്കേണം
തരക്കേടില്ല മഹാപുരുഷന്നതുമൂലം

എന്നു പ്രാർത്ഥിക്കയും, അദ്ദേഹം കൃപാവിഷ്ടചേതസ്സായിട്ടു്,

പതിനാറാണ്ടുരക്ഷോവരനായീടുംയുഷ്മൽ
പതിയാമിവൻപിന്നെദൈവകല്പിതബലാൽ
മഹിമാലയമായചക്രതീർത്ഥാന്തേമേവും
മഹിതചരിത്രനാം ഗാലവമുനീന്ദ്രനെ
ക്ഷുത്തുകൊണ്ടെടുത്തുഭക്ഷിപ്പാനായ്‍തുടങ്ങുമ്പോൾ
ക്രുദ്ധനായവിടെക്കാണായ്‍വരുംസുദർശനം
വന്നടുത്തവനേയുംകൊന്നീടുമെന്നാലുടൻ
നന്നായ്‍വന്നീടുംശാപമോക്ഷവുമിവനെടോ

എന്നു ശാപമോക്ഷം നല്കയും ചെയ്തു.

പത്തുയോജന ദൈർഘ്യം ഉള്ള ഈ ചക്രതീർത്ഥം,
ദർഭശയനത്തിൽചെറ്റും
ദേവീപത്തനത്തിലുംകുറഞ്ഞൊന്നുണ്ടുകാണ്‍മാ-
നേവമാവതിനെന്തുകാരണം?പറകടോ

എന്നിങ്ങനെ ഭക്തന്മാർ ചോദിച്ച ചോദ്യത്തിനുത്തരമായി ആഗതൻ ആ കഥയും പ്രപഞ്ചിച്ചിരിക്കുന്നു.

പണ്ടു് പർവതശ്രേഷ്ഠന്മാർക്കു ചിറകുകളുണ്ടായിരുന്നത്രേ.

ഉദ്ധതന്മാരായവരങ്ങോട്ടുമിങ്ങോട്ടുമാ
ബദ്ധപൗരുഷം വിയന്മാർഗ്ഗേ സഞ്ചരിക്കുമ്പോൾ
കാനനക്ഷേത്രഗ്രാമനഗരാദികളിലും
ന്യൂനകാരുണ്യമവർ പതിക്കമൂലമായി
തരുക്കൾ പശുക്കളും മാനുഷന്മാരുമെല്ലാം

മരിക്കുക നിമിത്തമായി വലിയ കഷ്ടപ്പാടുകൾ നേരിട്ടു. യാഗാദി കർമ്മങ്ങളെല്ലാം മുടങ്ങി. ദേവതമാരെല്ലാം സങ്കടംപൂണ്ടു. ദേവേന്ദ്രൻ വജ്രവും എടുത്തുകൊണ്ടു പുറപ്പെട്ടു പലേ പർവ്വതങ്ങളുടെ ചിറകുകൾ അറുത്തു; എന്നാൽ ചില പർവ്വതങ്ങൾ ജലധിയെന്നോർത്തു ചക്രതീർത്ഥത്തിൽ ചെന്നൊളിച്ചു.

ചക്രതീർത്ഥത്തിന്റെ മാഹാത്മ്യത്തെക്കുറിക്കുന്ന ഒന്നുരണ്ടു കഥകൾകൂടി ഈ കാണ്ഡത്തിൽ ചേർത്തിട്ടുണ്ടു്. അതിൽ അലംബുസയുടെ കഥ ശൃംഗാരവർണ്ണനത്തിനും ഇടകൊടുത്തിരിക്കുന്നു.

നാന്മറയ്ക്കിരിപ്പിടമായിരിക്കുന്ന നാന്മുഖൻ സാവിത്രീദേവിയോടുകൂടി സ്വൈരമായി സത്യലോകത്തു വസിക്കവേ, ഒരുദിവസം ദേവേന്ദ്രനും കൂട്ടരും അദ്ദേഹത്തിനെ സന്ദർശിച്ചു. ഉർവശിതുടങ്ങിയ ദേവനാരിമാർ ഭഗവൽപ്രീണനാർത്ഥം പൊടിപൊടിച്ചു് ഒരു നൃത്തവും നടത്തി.

വാദിത്രഘോഷങ്ങളും തുടർന്നനേർപാരം
മോദമാർന്നൊരു പവമാനനും വീയീടിനാൻ.
മത്സരം കലർന്നോരോ ഹാവഭാവങ്ങളോടു-
മപ്സരഃസ്ത്രീമണ്ഡലം കളിച്ചു തളർന്നപ്പോൾ
രൂപയൗവനമദവിമഭ്രമം പൂണ്ടുള്ളോരു
കോപനാ സുശോഭനം മന്ദമായലംബുസാ
കണ്ടവർ മനമപഹരിക്കും കടാക്ഷവും
തണ്ടലർശരചാപം പഴിക്കും ഭൂവല്ലിയും
കൊണ്ടൽതൻനിറമുടയോരു കുന്തളം തന്നി
ലണ്ടർകോൻതരൂത്തമജാലമാലയുംപൂണ്ടു
തണ്ടയും ചിലമ്പുമിട്ടന്യദേവനാരിമാർ
കണ്ടകമിയലുമാറമ്പിനോടാടീടിനാൾ
ആപ്പുരികുഴലാൾതന്നത്ഭുതനൃത്തംകണ്ടു
ചിൽപ്പുമാൻമുതലായോരെപ്പേരുമാനന്ദിച്ചു
കുറ്റമല്ലവൾതന്നെ മറന്നുകളിക്കുമ്പോൾ
കാറ്റുകൊണ്ടടുത്തപൂവാടയുമഴിഞ്ഞുപോയ്.

ബ്രാഹ്മാദിദേവന്മാർ അപ്പോൾ കണ്ണുകൾ നന്നായിച്ചിമ്മി ലജ്ജിച്ചുമുഖം തിരിച്ചുകളഞ്ഞു. വിധൂമൻ എന്നൊരു വസുപ്രവരൻമാത്രം മദനശരപരവശനായിട്ടു് അവളുടെ ജഘനാദികൾനോക്കി രസിച്ചു. അതുകണ്ടു് ചതുരാനനൻ ‘നീ മർത്ത്യനായി ജനിക്ക’ എന്നു ശപിച്ചുവത്രെ. എന്നാൽ,

വാമലോചനേ നീയും കേളിദമലംബുസേ
കാമപൂരണമിവന്നേകുവാൻ മഹീതലേ
മാനുഷാംഗനയായിജ്ജനിച്ചു പിരകാല
മാനസസുഖമോടും രമിച്ചു വസിക്കെടോ

എന്നു് അദ്ദേഹം അരുളിച്ചെയ്തപ്പോൾ വിധൂമനു് തെല്ലൊരാശ്വാസമുണ്ടായിക്കാണണം—എന്നാൽ അമരത്വമെവിടെ? മാനുഷത്വമെവിടെ? അയാൾ ഇങ്ങനെ പ്രാർത്ഥിച്ചു:-

ഞാനറിയാതെ ചില പാപങ്ങൾ ചെയ്തീടിലും
മാനസേ ദയാനിധേ സഹിച്ചീടണം വിഭോ
കിങ്കരനായോരടിയന്നു മാനുഷജന്മം
സങ്കടമല്ലോ ജഗന്നായക ഭഗവാരന്
“ഭൂമിപാലനായി ജനിച്ചമേയം വെടിഞ്ഞു നീ
ഭൂമിപാലനവും ചെയ്താമോദപുരസ്സരം
മോഹനാംഗിയായീടുമിവളിലുള്ളകാമ
മോഹങ്ങൾതീർത്തു മഹാഭാഗനായ് വാഴുംകാലം
എത്രയും പ്രസിദ്ധനായ് ശത്രുസൂദനനായ്
പുത്രനുമുണ്ടായ്‍വരുമവന്റെ ശൈശവാന്തേ
രാജ്യഭാരവുമവന്നേകി നീ ഭാര്യയോടും
പൂജ്യമാം ചക്രതീർത്ഥ സ്നാനമമ്പോടുചെയ്ക.
അന്നുനീ മാനുഷത്വം വെടിഞ്ഞു ദേവലോകം
ചെന്നുപുക്കീടുമതു സത്യമെന്നറിഞ്ഞാലും

എന്നിങ്ങനെ ശാപമോക്ഷവും നൽകി.

വിധൂമനാകട്ടേ സോമവംശാലങ്കാരഭൂതനും ജനമേജയപുത്രനും ആയ ശഥാനീകന്റെ പത്നിയായ വിഷ്ണുമതിയുടെ ഗർഭം പൂകി മനുഷ്യത്വംകൈക്കൊണ്ടു. ആ രാജാവു് പുത്രനില്ലാതെ ദുഃഖിതനായിരിക്കുന്ന കാലഘട്ടമായിരുന്നു. ബ്രഹ്മാവു് വിധൂമനെ ശപിച്ചതു് ആ രാജർഷിക്കു അനുഗ്രഹമായിത്തീർന്നു. വിധൂമൻ മനുഷ്യലോകത്തേക്കു പുറപ്പെടുംമുമ്പു് തന്റെ പ്രിയസഖികളായ മാല്യവാൻ, പുഷ്പദന്തൻ, ബലോൽക്കടൻ എന്നിവരോടു തന്റെ സങ്കടവാർത്ത അറിയിച്ചിരുന്നു. അവരും ശതാനീകമന്ത്രിപ്രവരനായ യുഗന്ഥരന്റെയും സേനാപതിയായ പ്രത്യനീകന്റേയും, ധർമ്മസചിവനായ വല്ലഭന്റേയും പുത്രന്മാരായി ജനിച്ചു. സഹസ്രാനീകൻ, യൗഗന്ധരായണൻ, രുമണ്വാൻ, വസന്തകൻ ഈ പേരുകളിൽ ആ നാലുപേരും പ്രസിദ്ധരായി.

“സ്വർവേശ്യാജനഗർവമെപ്പേരുംകളയുന്ന ദുർവഹശ്രോണിഭാരാസാദരമലംബുസ”യും

മൃഗാവതിയെന്ന പേരോടുകൂടി അയോദ്ധ്യാധിപതിയായ കൃതവർമ്മാവിന്റെ പുത്രിയായി ജനിച്ചു. ഇങ്ങനെ ഇരിക്കെ അഹിദംഷ്ട്രൻ എന്നൊരു അസുരൻ അസുരപ്പടയോടുകൂടി ദേവലോകം ആക്രമിച്ചു. ഇന്ദ്രൻ ശതാനീകനെ വരുത്താനായി മാതലിയെ നിയോഗിക്കയും ആ രാജർഷി അസുരനെ യുദ്ധത്തിൽ നിഗ്രഹിക്കയും ചെയ്തു. എന്നാൽ അദ്ദേഹവും മരിച്ചുപോയി. ഇന്ദ്രാജ്ഞയനുസരിച്ചു് മാതലി രാജശാരത്തെ കൗശാംബിയിലേക്കു അയച്ചുകൊടുത്തു. സഹസ്രാനീകൻ ഈ ദുഃഖവാർത്തയറിഞ്ഞു് മൂർഛിതനായി നിലംപതിച്ചു.

കുറ്റമല്ലവൻപിന്നെച്ചെറ്റുടനെഴുന്നേറ്റി-
ട്ടറ്റമില്ലാത വിലാപങ്ങളും തുടങ്ങിനാൻ.
പാർത്തലത്തിന്നു നാർഥനാക യ ശതാനീകൻ
കീർത്തിശേഷനാം പ്രാപിച്ചീടിനോരനന്തരം
അപ്പുരംതന്നിലുള്ളേരെപ്പേരുമല്പേതര-
മപ്പെഴുത്ത്യുൽക്കട സങ്കടം തേടീടിനാർ
പിപ്പാടുമന്ത്രിമുഖ്യന്മാരൊടുമൊരുമിച്ചു
ശില്പത്തിൽപ്രേതകാര്യം മന്ത്രപൂർവമായ്‍ചെയ്തു
മഹിളാജനമണി മകുടഭ്രഷാനൃപ
????? മരണം ചെയ്തീടിനാൾ.

നല്ല മുഹൂർത്തത്തിൽ സഹസ്രാനീകൻ അഭിഷിക്തനായി. യോഗന്ധരായണാദികളുടെ സഹായത്തോടുകൂടി അദ്ദേഹം യഥാവിധി രാജ്യപരിപാലനം നിർവഹിച്ചുവരവേ, ദേവേന്ദ്രൻ നന്ദനോത്സവമാരംഭിച്ചു. സസ്രഹാനീകനും ക്ഷണിക്കപ്പെട്ടു. അവിടെവച്ചു് ദേവേന്ദ്രൻ പൂർവകഥയെ പറഞ്ഞുകേൾപ്പിച്ചിട്ടു കൃതവർമ്മാവിന്റെ പുത്രിയായ മൃഗാവതിയെ കല്യാണം കഴിപ്പാൻ രാജാവിനോടു ഉപദേശിച്ചു.

തനിക്കും മൃഗാപതിതനിക്കുമൊരുമിച്ചു
കനത്തസുഖമനുഭവിച്ചീടുവാനുള്ളിൽ
പെരുത്തമോഹംപൂണ്ടുനടക്കും വഴിതന്നിൽ

രാജാവിനെ തിലോത്തമ എന്ന അപ്സരസ്ത്രീ എതിരിട്ടു.

“സരസമൊഴിപലവുരചെയ്തടുത്തിട്ടും
തരളാക്ഷിയേ”

കണ്ടില്ലെന്നു ഭാവിച്ചു രാജാവു നടന്നുകളഞ്ഞു. അവളാകട്ടെ,

ഒരുനാരിയേച്ചിന്തിച്ചൊരുനാരിയിലേവം
നരപാലകഭവാനാദരമില്ലായ്കയാൽ
അവളോടൊരു പതിന്നാലുവത്സരംകാല-
മവനീപതേ വിയോഗംവരുമഹേതുകം

എന്നു ശാപവുമിട്ടു.

ഭൂമിയിൽ തിരിച്ചുവന്നയുടനേ, രാജാവു് കൃതവർമ്മാവിനെ ചെന്നുകണ്ടിട്ടു്,

“തനയാമരുമിനിക്കുപജീവനം ചെയ്‍വാൻ
വിനയാംബുധേ തരിക”

എന്നു് പ്രാർത്ഥിക്കയും ആ രാജാവു് അവളെ വിവാഹം കഴിച്ചുകൊടുക്കയും ചെയ്തു.

സഹസ്രാനീകൻ “കല്യാണഘോഷത്തോടും മല്ലലോചനയോടുംകൂടി” തന്റെ സ്വർല്ലോകസമമായ പുരിയിൽ ചെന്നിട്ടു്,

പുഷ്പചാപന്റെ ജീവസർവസ്വ നിധാനമാ-
യത്ഭുതവിലാസഭൂരുഹപ്പൂങ്കുലയായി
സൗന്ദര്യസമുദ്രത്തിലെഴുന്ന കല്ലോലമാം
സുന്ദരിതന്നെക്കണ്ടാനന്ദിച്ചുനരപതി
കാർകുഴലാദ്യംതാനുമൊരുമിച്ചനംഗന്റെ
കാർമുകമൊടിച്ചു ബാണങ്ങളുമൊടുക്കുവാൻ

സൗഹൃദപൂർവ്വം പ്രയത്നം ചെയ്തുകൊണ്ടിരിക്കെ മൃഗാവതിക്കു ദൗഹൃദം അങ്കുരിച്ചു.

എന്തൊരുപദാർത്ഥത്തിലാഗ്രഹമവൾക്കഹോ
എന്തുചെയ്തിട്ടുമതു തരസാ നൽകും നൃപൻ.
ദുർല്ലഭമെന്നാകിലും സുലഭമെന്നാകിലും
ദുർല്ലഭമവൾക്കൊന്നുമില്ലെന്നുവന്നുകൂടി.
അർഭകൻ ദിനേ ദിനേ വർദ്ധിക്ക നിമിത്തമായ്
ഗർഭവുമതിരേ ദുർവഹമായ് ചമഞ്ഞു.
അതുകണ്ടവനീശൻ തനിക്കുമതിവേലം
മതിയിൽ സന്താപവും മോദവുമുണ്ടായ്‍വന്നു
ഒരുനാളിരുവരും രമിച്ചു വസിക്കുമ്പോൾ
തരളാക്ഷിയും നിജ രമണനോടു ചൊന്നാൾ
മധുരാകൃതേ മമ മതിയിലിതുകാലം
രുധിരജലംതന്നിൽ വിളയാടുവാനായി
അതിയായിരുപ്പൊരു കുതുകം പെരുകുന്നു
കിതവമൊഴിയല്ല കരുണാംബുധേ കാന്ത!
അതിനുണ്ടുപായമെന്നുറച്ചു നരവീരൻ
മതിമാൻ കസുംഭജകസുമ തോയത്തിനാൽ
ഒരുവാപിയെച്ചമച്ചരുണാധരിയുടെ
പെരുതാമഭിലാഷപൂരണം ചെയ്തീടിനാൻ.

ലോഹിതോടവസ്നാനം ചെയ്കയാൽ മൃഗാവതിയുടെ ദേഹവും ലോഹിതവർണ്ണമായി. അതുകണ്ടു വികടൻ എന്ന വിഹംഗാധിപതി, മാംസമെന്നു വിചാരിച്ചു് അവളെ കൊത്തിയെടുത്തുകൊണ്ടു പറന്നുകളഞ്ഞു.

കുറെ അധികം ദൂരംചെന്നപ്പോൾ മാംസമല്ലെന്നു ബോധംവരികയാൽ അവൻ അവളെ നിലത്തു ഇട്ടിട്ടു് എങ്ങോട്ടോ പോയി.

ഉദയാചലവരവിവരംതന്നിലവ-
ളുദിതമൂർഛാപരവശയായ് വീണീടിനാൾ.
ചെറുതുനേരമേവം കഴിഞ്ഞോരനന്തരം
ദുരിതബലമൂലം ബോധവുമുണ്ടായ്‍വന്നു.
കണ്ണുകൾമിഴിച്ചരണ്യാന്തരേ നോക്കും വിധൗ
ദണ്ഡമുണ്ടായ്വന്നതിനില്ലൊരുമറുകര.
കണ്ണുനീർവാർത്തുപുനരെണ്ണമില്ലാതവണ്ണം
പുണ്ഡരീകാക്ഷി വിലാപങ്ങളും തുടങ്ങിനാൾ
എന്നിനിക്കാണുന്നതു നിന്നുടെ മുഖാംബുജം
മന്നവ മനോഹര സുന്ദര ജീവനാഥ!
ആരിനിക്കടവയവരീവനാന്തരം തന്നിൽ
ഭൂരിപൗരുഷ കന്തേ പേടിയാകുന്നു പാരം”
ഇത്തരമൊരുതരത്തെൽപൂണ്ടവളിനി
സത്വരം മരിപ്പതു നല്ലതെന്നുറച്ചഹോ
ആനകൾകൊമ്പുപിടിച്ചൂനമാനസഭയം
മാനിനിയൊരുമ്പെട്ടൂ ജീവനാശനത്തിനായ്
മലമേൽ കരയേറിപ്പുലികൾനേരേചെല്ലു-
മലസവിലോചനഭുജഗങ്ങളെത്തൊടും
കേസരിവരന്മാരിലാദരലേശമെന്നീ
ഭാസും ഗുണഗണാ ചാരവേ ചെന്നുനില്ക്കും
ഇക്കണ്ടതൊക്കെചെയ്തുമക്കണ്ടമൃഗങ്ങൾക്കു-
മക്കരിങ്കുഴലാളിലുൾക്കനിവത്രേ വരൂ.
തീയിൽപോയ് ചാടീടിനാളാടാലാടത്രയല്ല
പായുന്നജലംതന്നിൽ പരിച്ചാൾമരിക്കുവാൻ
ഒന്നുകൊണ്ടുമേ ജീവന്നന്തരമുണ്ടായീല
സുന്ദരാംഗിയാം മൃഗാവതിക്കെന്നറിഞ്ഞാലും.

അങ്ങനെയിരിക്കേ ജമദഗ്നിമുനി അവളെ കണ്ടുമുട്ടി,

ആരെടോ വരോരു നിൻപേരുമെന്തെടോ പുന-
രാരുമില്ലാതെനീയും ഘോരമാം വനാന്തരേ
സഞ്ചരിപ്പതിനെന്തുകാരണമെടോ നാരീ
കാഞ്ചനമകുടമേ! നിൻ പതിയാരാകുന്നു

എന്നുചോദിക്കയും അവൾ വിവരങ്ങൾ ധരിപ്പിക്കയും ചെയ്തു. മുനിയാകട്ടെ,

അഴകിൽ പഴകിനമൊഴിയും പറഞ്ഞവ-
ളഴലെല്ലാമേയൊഴിച്ചാശ്രമേയിരുത്തിനാൾ.

യഥാകാലം അവൾ ഒരു കുമാരനെ പ്രസവിച്ചു. സൂതികാഗാരത്തിലെ കൃത്യങ്ങളെല്ലാം താപസനാരിമാർ ചാതുര്യപൂർവ്വം നിർവ്വഹിച്ചു.

ശോഭനദിനംതന്നിൽ ബാലപത്മിനീകാന്ത
ശോഭതേടീടും ബാലൻ ജാതനായതുനേരം

ദേവന്മാർ ആനന്ദപൂർവ്വം പുഷ്പവർഷം ചെയ്തു.

ജാതകർമ്മാദികർമ്മമാകവേചെയ്തുമുനി
മാതാവിന്നതുമൂലമാധിയുമൊട്ടുതീർന്നു.

ബാലനു ക്രമേണ പതിമൂന്നുവയസ്സു തികഞ്ഞു. ഒരുദിവസം ഒരു പാമ്പാട്ടി വലുതായ ഒരു സർപ്പത്തെ പിടിച്ചു പെട്ടകത്തിലാക്കിക്കൊണ്ടുപോകാൻ ഭാവിക്കുന്നതു കണ്ടു് ആ കുമാരൻ അതിനെ വിട്ടുകളയാൻ അവനോടു പറഞ്ഞു.

‘വിടുകയില്ല ഞങ്ങളാരുമേ സർപ്പങ്ങളെ
പടുത ഞങ്ങൾക്കഹി ജാതിയിലത്രേനൂനം
ഇതിനെക്കൊണ്ടുനഗരങ്ങളിൽനടന്നാകിൽ
മതിമൻപലപലസമ്മാനങ്ങളുംകിട്ടും
ഈവണ്ണമല്ലോഞങ്ങൾ ജീവധാരണമതു
ദൈവകല്പിതം’

എന്നു അവൻ മറുപടി പറകയാൽ, കുമാരൻ മാതാവിന്റെ അടുക്കൽനിന്നും ഒരു കങ്കണം വാങ്ങിക്കൊടുത്തിട്ടു പാമ്പിനെ വിടുവിച്ചു. സർപ്പമാകട്ടെ ഉടൻതന്നെ മനുഷ്യാകൃതിപൂണ്ടു് ഇങ്ങനെ പറഞ്ഞുതുടങ്ങി.

കിന്നരനെന്നുനാമമിനിക്കു ധൃതരാഷ്ട്ര
നന്ദനനെടോഞാനുംനാഗജാതിയിലേകൻ
നിന്നുടെഗുണംകണ്ടുസന്തോഷംപൂണ്ടുപാര-
മൊന്നങ്ങുയാചിക്കുന്നേനെന്നതുകേൾക്കനീയും
പാതാളലോകംതന്നിലെന്നുടെനിലയനേ
ഭ്രാതാക്കന്മാരുംമമജനകൻജനനിയും
എന്നല്ലമറ്റുപലമിത്രഭൂതന്മാരുമു-
ണ്ടിന്നവർക്കെല്ലാംനിന്നെകാട്ടണമിനിക്കെടോ
അതിനായ്‍പോകനാം

ജമദഗ്നിയുടേയും മാതാവിന്റേയും അനുവാദത്തോടുകൂടി രാജകുമാരൻ ഉരഗജനനാഥനെ അനുഗമിച്ചു. ഇങ്ങനെ കുറേക്കാലം കിന്നരാലയത്തിൽ സുഖമായി പാർക്കവേ,

ലളിതഗുണങ്ങളിലിളകിക്കളിച്ചൊരു
ലളിതയെന്നുപേരാംകിന്നരഭഗിനിയേ

കരപീഡനം ചെയ്തിട്ടു്, അവൻ ‘സ്മരസായകലീലാലളിതം’വാണു ക്രമേണ ലളിത ഗർഭംധരിച്ചു. അപ്പോൾ അവൾ-

സജ്ജനത്തിനുംമനുജന്മാർക്കംധരണിക്കു-
മിജ്ജനത്തിനുംപതിയായനീകേട്ടീടേണം
ഞാനൊരുവിദ്യാധരകാമിനിമുന്നംകാന്ത!
മാനുഷവരശാപംകൊണ്ടുവന്നഹിജന്മം
ദൗഹൃദംവധിപരികല്പിതമതുംമമ
സൗഹൃദനിധേഞാനുംപൂകുന്നേൻദേവലോകം
അറ്റമില്ലാതഗുണമുള്ളൊരുപുത്രൻതന്നെ
കുറ്റമെന്നിയേ പരിഗ്രഹിക്കധരംപതേ
നാടകപ്രസിദ്ധനായീടുന്നഭവാനെന്നും
വാടാതതാംബുലികാമാലികാംഗ്രഹിച്ചാലും
കൈക്കൊണ്ടുജീവനാഥവല്ലകീമേനാംനിന-
ക്കൊക്കവേകൈവന്നീടുംസൗഖ്യങ്ങൾനിരന്തരം

എന്നുപറഞ്ഞിട്ടു് ദേവലോകം പ്രാപിച്ചു. ഉദയനനാകട്ടെ യാത്രപറഞ്ഞിട്ടു് വീണ്ടും ജാമദഗ്ന്യാശ്രമം പ്രാപിച്ചു.

പമ്പാട്ടിയാകട്ടെ, മൃഗാവരിയിൽനിന്നു ലഭിച്ച കങ്കണവുമായി കൗശാംബിയിൽ ചെന്നു. അവൻ അതിനെ,

‘വാണീചതേയ്യംകൊണ്ടുജീവനംധരിപ്പൊരു വാണിജ്യവരന്മാർ.’

പലരെയും കാട്ടി. അവരിൽ ഒരുവൻ ആ കങ്കണത്തിന്മേൽ രാജനാമം അങ്കിതമായി കാണുകയാൽ അവനെ സഹസ്രാനീകന്റെ സമീപത്തേക്കു കൂട്ടിക്കൊണ്ടുപോയി,

കങ്കണംകൈയ്യിലെടുത്തഞ്ജസാനോക്കുന്നേരം
കങ്കണംരാജാവിന്നുകണ്ണിലുമുണ്ടായ്‍വന്നു
രമണീകരംതന്നിലനിശംകിടന്നൊരു
രമണീയമാംമണിവലയംകണ്ടനേരം
ധരണീപാലമണിപരിതാപവുംപൂണ്ടു
ധരണിതന്നിൽമറിഞ്ഞുടനേ വീണീടിനാൻ

അല്പം ബോധംവീണ മാത്രയിൽ അദ്ദേഹം പാമ്പാട്ടിയോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഉടൻതന്നെ ശംബരനാൽ നീതനായിട്ടു് ജാമദഗ്ന്യാശ്രമത്തിലേക്കു സപരിവാരം പുറപ്പെടുകയും ചെയ്തു.

ഉടനേജമദഗ്നിമരുവുമുദയാദ്രി
കടകാശ്രമപുടനികടമകംപുക്കു
മുനിയേക്കണ്ടുനമസ്കാരവുംചെയ്തുനൃപൻ
ജനിതാനന്ദംമുനിനൽകിനാനാശീർവാദം
അർഘ്യപാദ്യാദികളെക്കൊണ്ടുപൂജയുംചെയ്തു
മുഖ്യനാംമുനിവരനീവണ്ണമരുൾചെയ്തു
‘ഭൂമിപാലക! യശോവരിധേ! വിഭോ! നിന്റെ
കാമിനിയിവൾമൃഗാവതിയെന്നറിഞ്ഞാലും
തനയനിവൻനല്ലഗുണവാൻയശോനിധി
മനുജേശ്വരസിംഹവിക്രമൻദിശാംജേതാ
സദയനുദയനെന്നിവനുനാമമഹോ
ഉദയാചലേജാതനാകയാൽദേവോദിതം
അവന്റെതനയനാം ബാലകനതിദിവ്യ
നിവനെന്നറിഞ്ഞാലുംഭൂമിപശിഖാമണെ
കല്യാണമെല്ലാംനിനക്കിനിമേൽവന്നുകൂടും
തെല്ലുമില്ലിവൾക്കുപാതിവ്രത്യഭംഗംനൂനം

സഹസ്രാനീകൻ പുത്രപൗത്രന്മാരോടും പത്നിയോടുംകൂടി നാട്ടിൽ വന്നു ചിരകാലം സുഖമായ് വാണു. അപ്പോൾ,

“മാനുഷജന്മം കഷ്ടമെന്നേവം നിരൂപിച്ചു” രാജ്യഭാരത്തെ ഉദയനിൽ അർപ്പിച്ചിട്ടു് അദ്ദേഹം ചക്രതീർത്ഥസ്നാനത്തിനായി മഹിഷിസമേതം പുറപ്പെട്ടു. യൗഗന്ധരായണാദി മന്ത്രിമാരും അവരെ അനുഗമിച്ചു. എല്ലാവരും,

ദുരിതഗണങ്ങളെസ്സകലംകളയുന്ന
പെരുതാംഗുണമുള്ളോരമൃതതീർത്ഥംതന്നിൽ
കലിനാശനംദേവംമനസാനിരൂപിച്ചു

പലതവണ തീർത്ഥജലത്തിൽ മുഴുകി. തത്സമയം,

ഹവ്യവാഹനസമതേജസാ കാണായ്‍വന്നു
ദിവ്യരൂപവുംധരിച്ചപ്പൊഴേഗഗനാന്തേ
സ്വർണ്ണമാല്യങ്ങളോടും ശാപമോക്ഷംകൊണ്ടുള്ള
പൂർണ്ണമാംമോദത്തോടും വ്യോമയാനവുമേറി
ചക്രതീർത്ഥത്തെപ്രശംസിച്ചവരെല്ലാവരു-
മൊക്കത്തക്കൊരുമിച്ചുസ്വർഗ്ഗലോകവുംപുക്കു.

ചക്രതീർത്ഥത്തിനു ദേവീപുരമെന്നൊരു പേരുകൂടിയുണ്ടു്. ആ പേരുവരാനുള്ള കാരണത്തെ കഥാരൂപമായി ഈ കാണ്ഡത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു.

പണ്ടൊരുകാലത്തു് രണ്ടുവത്സരത്തോളംകാലം നിലനിന്നിരുന്ന ഒരു ദേവാസുരയുദ്ധമുണ്ടായി. അന്നു ദേവന്മാരാൽ തന്റെ പുത്രന്മാർ പലരും ഹനിക്കപ്പെട്ടുപോയതിനാൽ ദുഃഖിതയായ ദിതി തന്റെ മകളേ വിളിച്ചു ഇപ്രകാരം പറഞ്ഞു:-

ബാലികേ! നാരീകുലമാലികേ!മനോഹരീ
ചാലവേ വരികെടോ നീലകുന്തളഭാരെ
നമ്മുടെകുലമെല്ലാംകൊന്നുടൻമുടിപ്പതി
ന്നിമ്മഹാപാപിദേവനായകനൊരുമ്പട്ടു
ഇന്നതിന്നെടോനീയുമൊന്നുണ്ടുചെയ്യേണ്ടുന്ന-
തൊന്നിനുംവിഷാദമുണ്ട കൊലാബാലേതവ
ചന്ദ്രശേഖരൻതന്നെത്തപസാസേവിക്കണ-
മിന്ദ്രനെജയിപ്പൊരുനന്ദനനുണ്ടാവാനായ്.

ജനനീവാക്യംകേട്ട ‘ദിതിനന്ദി’നി മാഹിഷരൂപംപൂണ്ടു് ഘോരവനാന്തരത്തിൽ ചെന്നു്,

“വാഞ്ജിതപ്രാപ്ത്യർത്ഥമായ് പാഞ്ചാസ്യംധ്യാനിച്ചുള്ളിൽ
പഞ്ചാഗ്നിമധ്യസ്ഥയായ്‍ത്തപസ്സുചെയ്യുംകാലം
അവനീതലംപാരമിളകിമറിഞ്ഞുട-
നവനീശന്മാർക്കുള്ളിൽഖേദവുംപെരുതായി
ഇന്ദ്രാദിദേവന്മാരുംതത്തപോബലംകൊണ്ടു
സാന്ദ്രമാംഭയംപൂണ്ടു.”

താപസജനശിരോഭൂഷണനായ സുപാർശ്വൻ അവളുടെ തപോഗുണംകൊണ്ടു പ്രസന്നനായിട്ടു്,

എത്രയുംവീര്യവാനായ്‍ദേവതാവിജയനായ്
പുത്രനുംനിനക്കുണ്ടാമില്ലസംശയംഭദ്രേ!
മാഹിഷവേഷത്തെനീധരിച്ചീടുകമൂലം
മഹിഷമുഖവാനായധികംബലവാനായ്
മഹിഷനെന്നുനാമധേയവുംപൂണ്ടിട്ടവ-
നഹിതന്മാരെയെല്ലാംജയിക്കുംസത്യംബാലേ

എന്നു് അനുഗ്രഹിച്ചു.

ഇങ്ങനെസുപാർശ്വനുംവരദാനവുംചെയ്തു
മംഗലനിലയനംപ്രാപിച്ചോരനന്തരം
ജനിച്ചുതനയനുംവിറച്ചുഭുവനങ്ങ-
ളുറച്ചുദേവേന്ദ്രനുമുരത്തമഹാഭയം
ഇന്ദ്രവൈരിയാംമഹിഷാസുരൻദിനംതോറും
ചന്ദ്രനേപ്പോലെവർദ്ധിച്ചുന്നതശരീരനായ്

ഈ മഹിഷാസുരൻ തപസ്സാൽ വിരിഞ്ചനെ പരിതോഷിപ്പിച്ചു ‘അപരനില്ലാതവരങ്ങൾ’ വാങ്ങിയിട്ടു് ദേവന്മാരോടു യുദ്ധത്തിനായി പുറപ്പെട്ടു.

ചാരുതതടവിനഘോരമാംസമരവും
നൂറുവത്സരക്കാലമുണ്ടായോരനന്തരം
ദേവന്മാരെല്ലാവരുംദേവനായകൻതാനു
മാവുതല്ലെന്നുറച്ചുകേവലംവാങ്ങീടിനാർ
താപവുംപൂണ്ടുപാരംവേപഥുഗാത്രന്മാരായ്
ശോഭതേടീടുംസത്യലോകത്തിലകംപുക്കു
സാരസമവനോടു സങ്കടംചൊന്നനേരം.

ദിനപാലന്മാരായ ശ്രീനാരായണനും ശ്രീമഹാദേവനും ഇരുന്നരുളുന്നതായ ദേശങ്ങളിൽച്ചെന്നു് ദേവന്മാർക്കുണ്ടായതായ ദുഃഖത്തെ അറിയിച്ചു.

ബ്രഹ്മഭാഷിതംകേട്ടുപരമേശ്വരൻദേവൻ
നിർമ്മലൻജനാർദ്ദനൻതാനുമന്നേരംതന്നെ
പ്രകടതരകോപകലുഷന്മാരായിതു
പ്രകടിപൂണ്ടുദുരാലോകന്മാരായിവന്നു
അന്നേരംവിഷ്ണുമുഖാംഭോരുഹത്തിങ്കൽനിന്നി
ട്ടൊന്നിച്ചുമഹാതേജസ്സംഘാതംപുറപ്പെട്ടു.
ശ്രീമഹാദേവൻമുഖാംഭോരുഹംതന്നിൽനിന്നും
ബ്രഹ്മാവിൻവദനത്തിൽനിന്നുമങ്ങതുപോലെ
ഇന്ദ്രാദിസുരജനദേഹത്തിൽനിന്നുംമഹാ
സാന്ദ്രമാംതേജസ്സുണ്ടായ്‍വന്നതൊന്നിച്ചുകൂടി
“ജ്വാലാമാലകൾകൊണ്ടുംദിക്കുകളെല്ലാംവ്യാപി-
ച്ചാലോലതരമുയർന്നീടുന്നതേജോരാശി
അത്ഭുതമത്രേദേവസഞ്ചയംകണ്ടുനില്ക്കേ
അത്ഭുതമഹിളയായ്‍ചമഞ്ഞുമനോഹരം.
പാർവതീകാന്തൻതേജസ്സവൾക്കവദനമ-
ച്ചാർവംഗീഭുജങ്ങളായ്‍വൈഷ്ണവതേജസ്സെല്ലാം
ബ്രഹ്മതേജസ്സുംചരണങ്ങളായ്‍വന്നുപിന്നെ
നിർമ്മലമിന്ദ്രതേജസ്സായിതുമധ്യഭാഗം
യമതേജസ്സുകൊണ്ടുകേശങ്ങളുണ്ടായ്‍വന്നു
വിമലനിശാകരതേജസാകചങ്ങളും
നാസത്യതേജോരാശികൊണ്ടുതീർന്നുണ്ടായ്‍വന്നു
നാസികംഭാഗംദേവനായികയ്ക്കതുകാലം
പൃഥുവായിരിപ്പൊരു നിതംബദ്വയംചാരു
പൃഥിവീതേജസ്സല്ലോ പൃഥിവീദേവന്മാരെ
അർക്കതേജസാ പാദാംഗുലികൾചില്ലീലതാ
യുഗ്മമായതുസന്ധ്യാദ്വയമെന്നറിഞ്ഞാലും
വായുതേജസാ കർണ്ണരന്ധ്രങ്ങളെന്നുവേണ്ട
കായമെപ്പേരുമോരോദേവന്മാർതേജസ്സല്ലോ
സർവ്വദേവതാതേജസ്സംഘാതംകൊണ്ടീവണ്ണം
സർവാംഗസമേതയായുണ്ടായിദുർഗ്ഗാദേവി.

ഈ മഹാദേവി അസുരന്മാരെ തെരുതെരെ കൊന്നൊടുക്കിത്തുടങ്ങി.

ആത്മസൈന്യങ്ങളെല്ലാം മരിച്ചോരനന്തരം
മാത്മാവാമ്മഹിഷനും മാഹിഷവേഷംപൂണ്ടു
തൽക്ഷണം ഭൂതവേതാളാദിയാം ഗണങ്ങളെ
ഭക്ഷണംതുടങ്ങിനാനെത്രയും മഹാഘോരൻ
കൊമ്പുകൾകൊണ്ടു താഡിച്ചൊട്ടൊടുക്കിനാൻപിന്നെ
വമ്പുള്ളകോളമ്പുകൾകൊണ്ടപരന്മാരെയും
നിശ്വാസവാതംകൊണ്ടു ചിലരെമണ്ടിപ്പിച്ചു
വിശ്വങ്ങൾനടുങ്ങുമാറട്ടഹാസങ്ങൾചെയ്തു

ദേവി ഏറിയിരുന്ന സിംഹത്തെ സംഹരിപ്പാനായി അവൻ സംഹാരകാലാനലതുല്യം അണഞ്ഞ മാത്രയിൽ,

ചണ്ഡികാദേവിതാനും കൊൽവതിനൊരുമ്പെട്ട
ചണ്ഡനാംമഹിഷനെബ്ബന്ധിച്ചുപാശങ്ങളാൽ

എന്നാൽ ആ മഹാപാപി പാശബന്ധം ഛേദിച്ചുകളഞ്ഞിട്ടു് സിംഹവേഷം ധരിച്ചു.

ലോകമാതാവു സിംഹകന്ധരംമുറിപ്പാനായ്
ശോകനാശിനി വജ്രംധരിക്കുംദശാന്തരേ
പുരുഷവേഷംപൂണ്ടു ഖഡ്ഗചർമ്മങ്ങളോടും
പരുഷതരമവനട്ടഹാസവുംചെയ്താൻ

ദുർഗ്ഗാദേവി ബാണങ്ങളാൽ അവന്റെ തലയറുക്കുന്നതിനു് ഭാവിക്കവേ,

കൊമ്പുകൾതുമ്പിക്കൈയ്യും ഭീമമസ്തകവുംപൂ
ണ്ടമ്പുള്ളഗജരൂപംകൈക്കൊണ്ടുമഹാസുരൻ

എന്നാൽ

വമ്പനാംകേസരീന്ദ്രൻതന്നെയുംപിടിപെട്ടു
കൊമ്പുകൾകൊണ്ടുകുത്തിയിഴച്ചോരനന്തരം
ഭീഷണങ്ങളാംനഖരങ്ങളെക്കൊണ്ടുസിംഹ
മീഷലെന്നിയേകരമർദ്ദനംചെയ്തീടിനാൻ

മഹിഷാസുരൻ പിന്നെയും മാഹിഷവേഷംപൂണ്ടു് യുദ്ധാർത്ഥം അടുത്തപ്പോൾ ദേവി

ഗർജ്ജിക്കകുറഞ്ഞോരുനേരംനീ ഗർജ്ജിക്കെടോ
മർദ്ദിപ്പാനൊരുമ്പെട്ടുനിന്നെഞാനിന്നുനൂനം
എന്നുടെമധുപാനംകഴിഞ്ഞാലന്തരം
നിന്നുടെജീവൻയമൻതന്നുടെപൂരംപൂകും

ദേവിയോടും എതിരിട്ടുനില്ക്കാൻ കഴിയാതെ മഹിഷാസുരൻ ദക്ഷിണാംഭോധിയുടെ തീരത്തേയ്ക്കു ഓടി, ധർമ്മതീർത്ഥത്തിൽ ചെന്നു് ഒളിച്ചിരുന്നു. ദേവി അതറിഞ്ഞു് തന്റെ വാഹനത്തോടുപറഞ്ഞു:-

ചക്രതീർത്ഥത്തിലുള്ളസലിലമിതുനേര-
മൊക്കവേകുടിച്ചറുത്തീടുകമൃഗേശ്വര
പില്പാടുകിതവനാമസുരഹതകനെ
കെല്പോടുഞാനും വധിച്ചീടുന്നേനസംശയം

പഞ്ചാസ്യൻ ദേവിയുടെ ആജ്ഞാനുസാരം ആ ജലം മുഴുവനും കുടിച്ചുവറ്റിച്ചപ്പോൾ മഹീഷാസുരനു നിവൃത്തിയില്ലാതെവന്നു. ദേവി അവന്റെമേൽ ചാടിക്കയറിമസ്തകത്തിന്മേൽ പലവിധം.

‘പാവനനടനഭേദങ്ങളാ’രംഭിച്ചത്രേ
വിസ്തരിച്ചെന്തിനേറെപ്പറഞ്ഞീടുന്നുദേവി
സത്വരംകരാളമാം കരവാളംകൊണ്ടവൻ
മസ്തകമറുത്തുഭ്രമണ്ഡലംതന്നിലിട്ടു
നിസ്തുലാനന്ദമോടുമവിടെവാണീടിനാൾ.

അനന്തരം ധർമ്മതീർത്ഥത്തെ അമൃതതോയംകൊണ്ടു് നിറച്ചിട്ടു് ഉത്തരതീരത്തിൽ ഒരു പത്തനവും നിർമ്മിച്ചു. ഇങ്ങനെയാണു് അതിനു ദേവീപുരമെന്നു പേർസിദ്ധിച്ചതു്.

ഇതിനോടുകൂടി ചക്രകാണ്ഡം അവസാനിക്കുന്നു. ഇവിടെ ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങിൽനിന്നു് കവിതയുടെ സ്വഭാവവും, ശൃംഗാരം, വീരം, കരുണം, ഭയാനകം മുതലായ രസങ്ങളെ പ്രതിപാദിക്കാൻ കവിക്കുള്ള പാടവവും വായനക്കാർക്കുതന്നെ ഏറക്കുറെ ഊഹിക്കാമല്ലൊ. അതിശയചമൽക്കാരത്തോടുകൂടിയ ചില ഭാഗങ്ങൾ ഇതരകാണ്ഡങ്ങളിലുണ്ടു്. അവയെ ഉദ്ധരിച്ചു് ഗ്രന്ഥവിസ്തൃതി വർദ്ധിപ്പിക്കാൻ ഞാൻ മുതിരുന്നില്ല.

‘പഞ്ചതന്ത്രം.’

ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന പഞ്ചതന്ത്രം കുഞ്ചൻനമ്പ്യാരുടെ കൃതിയാണു്. രാഘവപ്പിഷാരടിയുടെ പഞ്ചതന്ത്രത്തിൽ പലേഭാഗങ്ങളും ഗുണ്ടർട്ടു് തന്റെ നിഘണ്ടുവിൽ ഉദ്ധരിച്ചിട്ടുണ്ടു്. അതു് ഇട്ടിക്കൊമ്പി മന്നന്റെ പഞ്ചതന്ത്രം എന്നാണു് അപ്പോൾ അറിയപ്പെട്ടിരുന്നതും. എന്നാൽ

കൂടലർകാലനിട്ടിക്കൊമ്പിമന്നവൻ
ഗുഢമാംപഞ്ചതന്ത്രം ഭാഷയാക്കുവാൻ
മൂഢനാമെന്നോടു ശാസനംചെയ്കയാൽ
തേടുന്നുഞാനിതിന്നാഗ്രഹം മാനസേ

എന്നു് അതിന്റെ പ്രാരംഭത്തിൽ കാണുന്ന പ്രസ്താവവും ആന്തരമായ മറ്റു ലക്ഷ്യങ്ങളും നമ്മുടെ സംശയങ്ങൾ നിശ്ശേഷം നീക്കുന്നു.

‘പാഠമാല’ എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നതും മലയാളികൾക്കൊക്കെയും സുപരിചിതവും ആയ പലേ വരികൾ പിഷാരടിയുടെ പഞ്ചതന്ത്രത്തിൽ നിന്നെടുത്തിട്ടുള്ളവയാണു്.

‘ശത്രുവശനായ്‍ച്ചമഞ്ഞോരുപുരുഷൻ
ചത്തതിനൊക്കുമേജീവിച്ചിരിക്കിലും’
‘മേല്പോട്ടുപോവാൻപ്രയാസമുണ്ടേവനും
കീഴ്‍പോട്ടുപോരുവാനേതുംപണിയില്ല’
“കാലത്തെജയിപ്പതിന്നാരുമേനിനയ്ക്കേണ്ട
ചാരത്തുംദൂരത്തെന്നുംകാലത്തിനില്ലഭേദം.”

ചാണക്യസൂത്രവും പിഷാരടിയുടെ കൃതിയാണെന്നു മി: ഗോവിന്ദപ്പിള്ള വിചാരിക്കുന്നു. ഈ അഭിപ്രായത്തെ അക്കാലത്തുതന്നെ പ്രസിദ്ധ പണ്ഡിതനായിരുന്ന രാമക്കുറുപ്പവർകൾ എതിർത്തിരുന്നു. ആന്തരമായ സാദൃശ്യങ്ങൾ നോക്കിയാൽ അതു് നമ്പ്യാരുടെതാണെന്നു കാണാം. എന്നാൽ പിഷാരടിയുടെ വകയായി വേറൊരു ചാണക്യസൂത്രം ഉണ്ടായിരുന്നു എന്നു വന്നുകൂടായ്കയില്ല.

കടിയംകുളം ശൂപ്പുമേനോൻ

പാലയ്ക്കാട്ടുതാലൂക്കിൽ പൊൽപള്ളിയിൽ കടിയംകുളത്തുവീട്ടിലായിരുന്നു ശൂപ്പുമേനോന്റെ ജനനം. അദ്ദേഹം ജനിച്ചതു് 940-ാമാണ്ടിടയ്ക്കായിരുന്നു എന്നും പിതാവു് ചമ്പത്തുവീട്ടിൽ ഒരു മന്നാടിയാരായിരുന്നു എന്നും ഭാഷാചരിത്രകാരൻ പറഞ്ഞിട്ടുള്ളതു് വിശ്വാസയോഗ്യമാണു്. കാവേരിമാഹാത്മ്യത്തിൽനിന്നും തേനാരിമാഹാത്മ്യത്തിൽനിന്നും നമുക്കു് അദ്ദേഹത്തിനെപ്പറ്റി ചില വിവരങ്ങൾകൂടി ഗ്രഹിക്കാം.

“ഗോവൃന്ദാരകന്മാരും രാഘവാചാര്യേന്ദ്രനും
ഗോവിന്ദാചാര്യൻതാനും തുണപ്പാൻവന്ദിക്കുന്നേൻ”
ശ്രീഗുരുശ്രീപാദാരവിന്ദകാരുണ്യാമൃത
സാഗരമധ്യത്തിങ്കൽ സാനന്ദംവാഴുന്നുഞാൻ”

എന്നിങ്ങനെ കാവേരിമാഹാത്മ്യത്തിന്റെ പ്രാരംഭത്തിലും,

ജനിതാദരംപെരും കുറിശ്ശിതന്നിൽവാഴും
വനിതാർദ്ധാംഗമീനാക്ഷീശ്വരപാദഭക്തൻ
ഹേമാംബുജന്മാലയാവാക്‍പ്രസാദാധായിശ്രീ
ഹേമാംബാപാദാംബുജാലംബലോലംബസ്വാന്തൻ
ധീമന്മാനസഹംസമണലൂരാചാര്യേന്ദ്ര
ശ്രീമൽപാരമ്പര്യക്ഷീരാബ്ധിശീകരഭൂതൻ
മനസാവാചാതന്വാഗുരുസേവയാതീർണ്ണ
ജനിസാഗരനായസുബ്രഹ്മണ്യോഹംമുദാ
ഘനസാരാർത്ഥയാമിക്കഥയെസ്സാധുസംവി
ദനുസാരേണചൊന്നേനേവർക്കുമറിവാനായ്
പേരായിരത്തിലേറ്റം പേരാളുംതിരുനാമം
പേരായധീരോദാത്തൻസർവദാജയിക്കേണം.

എന്നു് തദവസാനത്തിലും

രാഘവനായഗുരുനാഥന്റെകൃപാബലം
ലാഘവമെന്നിയേസമ്പൂർണ്ണമായുണ്ടാകേണം
ഗോവിന്ദാചാര്യപാദാംഭോരുഹരജസ്സുക-
ളാവോളംമമ മനോമുകരംവിളക്കണം
സമ്പദാലയഭൂതൻ ശംഭുസേവകന്മാരിൽ
മുമ്പനാമെൻപിതാവൻപോടനുഗ്രഹിക്കേണം
സൂര്യജ്ഞാനാന്ധകാര സൂര്യനായീടുംശ്രീമത്
സൂര്യനാരായണാചാര്യന്തേവാസീന്ദ്രന്മാരിൽ
പേരായിരത്തിലേറ്റം പേരിയന്നീടുംശ്രീമൽ
മേരുവെന്നുലകിങ്കൽ പെരിയന്നരുളീടും
സച്ചിദാനന്ദാത്മകനദ്വയനനാമയൻ
നിശ്ചലൻനിരാകുലനെന്നുടെഗുരുനാഥൻ
ശ്രീരാമാദികളായ മുഖ്യശിഷ്യന്മാരോടും
സ്വൈരമെന്നകക്കാമ്പിൽവാണീടവേണംസദാ

എന്നു് തേനാരിമാഹാത്മ്യത്തിന്റെ അവസാനത്തിലും കവി തന്നെപ്പറ്റി ചില വിവരങ്ങൾ നമുക്കു നല്കിയിരിക്കുന്നു.

അതിനാൽ കവി ചമ്പത്തു മന്നാടിയാരുടെ പുത്രനായിരുന്നു എന്ന സംഗതി വ്യക്തമാണു്. ചമ്പത്തുവീടു് ചിറ്റൂരിലാകുന്നു. തുഞ്ചത്തു ഗുരുവിന്റെ പാദപൂജനത്തിൽ ഈ കുടുംബക്കാർ മുന്നിട്ടു നിന്നിരുന്നു. ഗുരുക്കന്മാരിൽ ഒരാളായ ‘രാഘവൻ’ കല്ലേക്കുളങ്ങര രാഘവപ്പിഷാരടി എന്ന മണലൂരെഴുത്തച്ഛനാണു്. മറ്റൊരു ഗുരുവായ ഗോവിന്ദനെഴുത്തച്ഛൻ എഴുത്തച്ഛപരമ്പരയിൽപെട്ട ആളായിരിക്കുമോ എന്തോ നിശ്ചയമില്ല. അദ്ധ്യാത്മഗുരു തുഞ്ചത്തു ഗുരുപാദരുടെ പ്രധാനാന്തേവാസിയായ സൂര്യനാരായണാചാര്യരുടെ ശിഷ്യന്മാരിൽ ഒരുവനായ മേരുസ്വാമികളായിരുന്നു. പെരുംകുറിശ്ശി എന്നു പറഞ്ഞിരിക്കുന്നതു് ശൂപ്പുമേനോന്റെ ജന്മദേശമായ പൊൻപള്ളിതന്നെ. പെരുംകുറിശ്യപ്പനായിരുന്നത്രേ ചുപ്പുമേനോന്റെ കുലദൈവം. ‘ചുപ്പു’വെന്നതു് സുബ്രഹ്മണ്യൻ എന്നതിന്റെ തത്ഭവമാണെന്നു പറയേണ്ടതില്ലല്ലോ. ‘മനസാവാചാതന്വാ ഗുരുസേവയാതീർണ്ണ ജനിസാഗരൻ’ എന്നു കവി തന്നെ വിശേഷിപ്പിച്ചിരിക്കുന്നതിനാൽ, അദ്ദേഹം വേദാന്തിയായിരുന്നു എന്നുകൂടി ഊഹിക്കാം. ‘ശ്രീഗുരു’ എന്നു പറഞ്ഞിരിക്കുന്നതു് എഴുത്തച്ഛനെ ഉദ്ദേശിച്ചാണെന്നു ഞാൻ വിശ്വസിക്കുന്നു.

ഈ തെളിവുകളൊക്കെ ഇരുന്നിട്ടും സാക്ഷാൽ എഴുത്തച്ഛന്റെ പേരു് സൂൎയ്യനാരായണൻ എന്നായിരുന്നു എന്നു സംശയിക്കുന്ന ചിലരെ കാണുന്നതു് അത്ഭുതംതന്നെ. എഴുത്തച്ഛന്റെകാലം നിൎണ്ണയിക്കുന്ന വിഷയത്തിലും ഈ വരികൾ അത്യന്തം ഉപകരിക്കുന്നുണ്ടു്.

ശൂപ്പുമേനോൻ നല്ല സംസ്കൃതവ്യുൽപന്നനും ഗണിതശാസ്ത്രമൎമ്മജ്ഞനും വേദാന്തിയും ആയിരുന്നു. അദ്ദേഹം ഒരിക്കൽ കല്ലേക്കുളങ്ങരെ ഭഗവതിയെ ഭജിപ്പാനായി പോയിരുന്നപ്പോൾ വെട്ടി ശുചിയാക്കിയിട്ടിരുന്ന കുളം കാണുന്നതിനു പിഷാരടി അദ്ദേഹത്തിനെക്കൂടി കൂട്ടിക്കൊണ്ടുപോയത്രേ. നടന്നുകൊണ്ടുപോകവേ അന്നത്തേ സൂര്യസ്ഫുടം ഗണിക്കുന്നതിനു ഗുരു ശിഷ്യനോടു ആവശ്യപ്പെട്ടു. കുറച്ചുകഴിഞ്ഞു് “കണ്ടുവോ കുളം?” എന്നു ഗുരു ചോദിച്ചു “പടവുകൊള്ളാം” എന്നു ശിഷ്യൻ മറുപടിയും പറഞ്ഞു. ചോദ്യവും ഉത്തരവും സ്ഫുടങ്ങളായിരുന്നു. രണ്ടും, ‘9-14-11’ എന്നു വരുന്നതിനാൽ പിഷാരടി സന്തുഷ്ടനായി.

അദ്ദേഹം തിരുവനന്തപുരത്തുവന്നു മഹാരാജാവിനെ മുഖംകാണിച്ചു് ഏതാനും പ്രശസ്തിപദ്യങ്ങൾ സമർപ്പിക്കയും മഹാരാജാവു് അദ്ദേഹത്തിനെക്കൊണ്ടു നഷ്ടജാതകം എഴുതിച്ചു സന്തുഷ്ടനായിട്ടു് ശംഖുമുദ്രയുള്ള ഒരു വെള്ളിതാട്ടം സമ്മാനിക്കയും ചെയ്തതായി മി. ഗോവിന്ദപ്പിള്ള പ്രസ്താവിക്കുന്നു.

ശൂപ്പുമേനോന്റെ കൃതികൾ സേതുമാഹാത്മ്യം, തേനാരിമാഹാത്മ്യം, കേദാരമാഹാത്മ്യം, കൈവല്യനവനീതം കിളിപ്പാട്ടു് ഇവയാണെന്നു ഗോവിന്ദപ്പിള്ള അവർകൾ പറയുന്നു. ഇവയിൽ ആദ്യത്തേ രണ്ടു കൃതികളേപ്പറ്റിയും സംശയമേ ഇല്ല. കേദാരമാഹാത്മ്യം മാതാവിന്റെ ആജ്ഞയനുസരിച്ചു് എഴുതപ്പെട്ടതാണെന്നു അദ്ദേഹം പറയുന്നു. എനിക്കു നിശ്ചയമില്ല. കൈവല്യനവനീതം സാമൂതിരിയുടെ കൃതിയാണെന്നു ആദ്യവും, ചുപ്പുമേനോന്റേതാണെന്നു പുതിയ പതിപ്പിലും പറഞ്ഞിട്ടുണ്ടെങ്കിലും, തെളിവുകളേപ്പറ്റി ഒന്നും മിണ്ടീട്ടില്ല.

സാനന്ദരൂപം സകലപ്രബോധമാനന്ദദാനാമൃതപാരിജാതം
മനുഷ്യപത്മേഷു രവിസ്വരൂപം പ്രണൗമി തുഞ്ചത്തെഴുമാൎയ്യപാദം

എന്നു അവസാനത്തിൽ കാണുന്നതിനാലും ചമ്പത്തുകുടുംബവുമായുള്ള ബന്ധവും ആലോചിച്ചാൽ, അദ്ദേഹം ആ ഗുരുപരമ്പരയിൽപെട്ട ആളായിരുന്നു എന്നു വിചാരിക്കാം.

വിദ്വന്മാണിക്യം ശ്രീനാരായണാചാൎയ്യവൎയ്യ
നദ്വൈതസർവസ്വമാം കൈവല്യനവനീതം
വിദ്യാനന്ദത്തോളവുമരുളിവിദേഹാഖ്യ-
മുക്തിയും പ്രാപിച്ചോരുശേഷം തൻശിഷ്യനോടും
നിദ്രയിലെഴുന്നള്ളിയരുളിച്ചെയ്കയാലെ

ഇത്യാദിവരികളിൽ കാണുന്ന ശ്രീനാരായണാചാര്യർ സൂര്യനാരായണനായിരിക്കാമെന്നു പി. കേ. അവർകൾപോലും ശങ്കിച്ചിരിക്കുന്ന സ്ഥിതിക്കു് ഭാഷാചരിത്രകാരൻ അങ്ങനെ ശങ്കിച്ചെങ്കിൽ അത്ഭുതപ്പെടാനില്ല. കൈവല്യനവനീതത്തിൽ സംസ്തുതനായ നാരായണാചാര്യർ ജാതിയിൽ ബ്രാഹ്മണനും ആ തമിഴ്‍കൃതിയുടെ കർത്താവായ തടിത്താണ്ഡവാചാൎയ്യരുടെ ഗുരുവുമായിരുന്നു. തമിഴ്‍കൃതിയുടെ ‘ഉരൈച്ചിറപ്പൂപ്പായിര’ത്തിൽ പറഞ്ഞിട്ടുള്ളതു നോക്കുക.

അന്തണർകുലത്തിനവതരിത്തരുളിയ
നാരായണകുരു നാണ്‍മലർപതത്തൈ
പ്പേരിതവനരുൾപെറ്റിടുമതനാൽ
മുറ്റുണർതാണ്ടവമൂർത്തിയനുപവ-
പ്പെറ്റിയിനുലകോർ പേരിൻപടൈയ
കിളരും വേതാന്തകീരോതിയൈ ഇത്യാദി

‘തടിത്താണ്ഡവാചാൎയ്യൻ’ എന്നതിനെയാണു് അച്ചുകൂടക്കാർ സുശ്രീമാർത്താണ്ഡാചാരിയർ എന്നാക്കിയിരിക്കുന്നതു്. ഈ പേരിനെപ്പറ്റി കവിതന്നെ ഇങ്ങനെ പാടിയിരിക്കുന്നു.

“തത്തുവഞാനംവന്തചന്തോഷമതിചയത്താൽ
നിത്തമാടുവൻകാണെന്റ നിലൈ മുന്നമേയിന്ത
ചത്തിയമകനാലന്റോ താണ്ടവാവെന്റഴൈത്താർ
അത്തനൈ മകിമയുള്ളോരന്നൈയും പിതാവുംതാമേ മൂലം
“തത്വജ്ഞാനോടയാനന്ദാനുഭൂതിയാലിവൻ
നർത്തനംചെയ്തീടുമെന്നറിഞ്ഞു മുമ്പേതന്നെ
സത്യമാകയാലല്ലോ താണ്ഡവനാമമിട്ടോ-
രുത്തമപിതാക്കന്മാർ മാഹാത്മ്യമത്യത്ഭുതം.
താണ്ഡവാചാര്യർ തന്റെ ഗുരുവിനെ ഇങ്ങനെ വാഴ്ത്തിയിരിക്കുന്നു
വന്തവോരിവ്വാനന്തമകിഴ്‍ന്തനാരോടേ ചൊൽവേൻ
ചിന്തൈയിലെഴുന്തുപൊങ്കിച്ചകമെലാ നിറൈന്തേങ്കി
അന്തമില്ലാതതായിറ്റപ്പടിക്കരുവേ തന്ത
മന്തിരമരുളുമീചൻ മലരടിവണങ്കിനേനേ മൂലം
വന്നൊരാനന്ദംമകിഴ്‍ന്നാരോടു ചൊൽവതുള്ളിൽ
നിന്നെഴുന്നുലകെങ്ങും നിറഞ്ഞു കവിഞ്ഞത്രേ
എന്നുമില്ലന്തമെന്നായങ്ങനെയനുഗ്രഹം
തന്നസദ്ഗുരുശ്രീ പാദാംബുജം വണങ്ങുന്നേൻ. തർജ്ജിമ
വിത്തിയാനന്തമിന്ത വിരുമെന വിളമ്പിനോമേ
പത്തിയായിന്ത നൂലൈ പാർത്തനുപവിത്ത പേർകൾ
നിത്തിയകരുമനിട്ടൈനിലൈതളൈയറിന്തുചീവൻ
മുത്തിയൈയടൈന്തിരുന്ത മുനീസ്വരരാകുവാരേ. മൂലം
വിദ്യാനന്ദവുമേവം ചൊല്ലിനേനിശ്ശാസ്ത്രത്തെ
ശ്രദ്ധയാ പഠിച്ചനുഭൂക്തിയാൽ മഹത്തുക്കൾ
നിത്യം ഭൂമധ്യയോനജ്ഞാനനിഷ്ഠയാ ജീവൻ-
മുക്തരാം മുനീശ്വരന്മാരായ്‍വന്നീടും ധ്രുവം.
ആരണപ്പൊരുളാംവിത്തൈ യാനന്തം വിളങ്കവേതും
കാരണം കരുവില്ലാമർ കൈവല്യുനവനീതത്തൈ-
പ്പൂരണമാകവേണ്ടി പ്പൂർവമാനന്നിലത്തിൻ
നാരണകരു നമുക്കു നവിന്റനർ കനവിൽവന്തേ.
വിദ്വന്മാണിക്യം ശ്രീനാരായണാചാര്യവര്യ-
നദ്വൈതസർവസ്വമാം കൈവല്യനവനീതം
വിദ്യാനന്ദത്തോളവുമരുളി വിദേഹാഖ്യ
മുക്തിയും പ്രാപിച്ചോരുശേഷം തൻ ശിഷ്യനോടും
നിദ്രയിലെഴുന്നള്ളിയരുളിച്ചെയ്കയാലേ

ഈ ഭാഗങ്ങളിൽനിന്നു കൈവല്യനവനീതത്തിൽ സംസ്തുതനായ നാരായണദേശികൻ മൂലകവിയുടെ—തർജ്ജമക്കാരന്റെയല്ല—ഗുരുവായിരുന്നു എന്നു വ്യക്തമാണല്ലോ.

ഭാഷാ രീതി നോക്കിയാൽ തർജ്ജമക്കാരൻ കിളിപ്പാട്ടുകൊണ്ടു കൈകാര്യം ചെയ്തു നല്ല തഴക്കം സമ്പാദിച്ചിട്ടുള്ള ആളാണെന്നു കാണാം. കവിതാരീതീയ്ക്കു യാതൊരു ദൂഷ്യവും പറവാനില്ല. തർജ്ജമ ചില ദിക്കുകളിൽ മൂലാതിശായിയായിട്ടുണ്ടെന്നുകൂടി പറയാം. കാവേരിമാഹാത്മ്യത്തിന്റെ ഭാഷാരീതിയും നിരാക്ഷേപമാണു്. എന്നു മാത്രമല്ല-എഴുത്തച്ഛന്റെ കാലശേഷം ഉണ്ടായിട്ടുള്ള കിളിപ്പാട്ടുകളിൽവച്ചു് ഉത്തമമാണെന്നുപോലും പറയാം. എന്നാൽ ഇതുകൊണ്ടുമാത്രം ഇവ രണ്ടും ഒരാളുടേതെന്നു പറയാമോ? രാഘവാചാര്യരേയോ ഗോവിന്ദാചാര്യരേയോ കൈവല്യനവനീതത്തിൽ പ്രശംസിച്ചിട്ടില്ലെന്നുള്ളതോ പോകട്ടേ; വേദാന്തപ്രതിപാദകമായ ഇതിൽ ‘പേരായിരത്തിലേറ്റം പേരിയന്നീടുംശ്രീമൽമേരു’ എന്ന ആധ്യാത്മികഗുരുവിനെ സംസ്മരിച്ചുകാണാത്തതു സംശയജനകമായുമിരിക്കുന്നു.

ഗുരുക്കന്മാരുമാദിഗുരുവാം ഗണേശനും
വരത്തേത്തരും വാഗീശ്വരിയും ശ്രീകൃഷ്ണനും
വരനാം വേദവ്യാസൻ താനും ശ്രീ വാൽമീകിയും
ധരിത്രീസുരന്മാരും തുണപ്പാൻ വണങ്ങുന്നേൻ.

എന്ന വരികളിൽ മേൽ പറയപ്പെട്ട ഗുരുക്കന്മാരെയായിരിക്കാം സംസ്മരിച്ചിരിക്കുന്നതെന്നു വേണമെങ്കിൽ പറയാം.

ശ്രീഗുരുപാദാംബുജം മനസ്സിൽ സദാകാലം
ശിരസ്സിലാദേശവും ധരിച്ചു വാഴും നമ്മെ
ഗുരുശ്രീകടാക്ഷമിന്നുണ്മയാം ശ്രേയസ്സിനു
ശരിക്കെന്നതേവേണ്ടൂ ഗുരവേ നമോനമഃ
ഗുരുശ്രീകരശ്രീമൽ ഗുരുകീർത്തനം സമു-
ച്ചരിച്ചു സുഖേന സഞ്ചരിക്കും കിളിപ്പെണ്ണേ

എന്നും,

“ശ്രീഗുരുതൃപ്പാദപങ്കേരുഹം പുണ്യതീർത്ഥ
ശ്രീകരശക്ത്യാചൊന്ന കൈവല്യനവനീതം”
“സാനന്ദമറിയിച്ചു നിശ്ചലഗുരുപദ
ധ്യാനേന മേവീടിനാൾ പൈങ്കിളിപ്പൈതലന്നേ”

എന്നും നവനീതത്തിന്റെ ആദിയിലും അവസാനത്തിലും,

ശ്രീഗുരുശ്രീപാദാരവിന്ദകാരുണ്യാമൃത
സാഗരമദ്ധ്യത്തിങ്കൽ സാനന്ദം വാഴുന്നു ഞാൻ
ശ്രീകരം ദീർഘായുഷ്യം യശസ്യം സുകൃതങ്ങൾ-
ക്കാകരം ധർമ്മസാരം ചൊല്ലുവൻ കേട്ടുകൊൾവിൻ

എന്നും

നിശ്ചലശ്രീമൽ ഗുരുകാരുണ്യാമൃതംതന്നെ
നിശ്ചയം പാലിപ്പതു സർവദാ സാർവാത്മനാ

എന്നും

കാവേരി മാഹാത്മ്യത്തിന്റെ ആദ്യവസാനങ്ങളിലും കാണുന്നതു് അവയുടെ ഏക കൎത്തൃ കത്വത്തിനുള്ള ലക്ഷ്യങ്ങളാണെങ്കിൽ അങ്ങനെ വിശ്വസിച്ചുകൊള്ളുക. അതിൽ കൂടുതലായി ഇവിടെ എനിക്കു പറവാനൊന്നുമില്ല.

കാവേരിമാഹാത്മ്യം കറതീർന്നതു് 970-ാമാണ്ടാണെന്നു്,

‘മുനി വേദാദിസേവ്യൻ’ കലിയാമിക്കലത്തിൽ എന്ന ഭാഗത്തിൽ കാണുന്ന കലിസംഖ്യയെ ആധാരമാക്കി ഞാൻ ഊഹിക്കുന്നു. ഈ കൃതി സംസ്കൃതത്തിൽനിന്നു തൎജ്ജ മചെയ്യപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ. ഭാഷയിൽ രണ്ടു വിവർത്തനങ്ങൾ ഉണ്ടായിട്ടുള്ളവയിൽ ഒന്നു് ആധുനികവും മരുന്തൂർ കരുണാകരമേനോൻ അവർകളാൽ ഭാഷാന്തരീകൃതവുമാണു്.

മുപ്പതു അധ്യായമായ് രചിക്കപ്പെട്ടിരിക്കുന്ന ഈ കിളിപ്പാട്ടു് ആദ്യന്തം മനോഹരമായിരിക്കുന്നു. മാതൃകയ്ക്കായി പതിന്നാലാമധ്യായത്തിലെ കഥമാത്രം ഇവിടെ ചുരുക്കിപ്പറയുന്നു.

പണ്ടു് ശന്തനു എന്ന ചന്ദ്രവംശരാജാവു് ഗംഗാദത്തനായ പുത്രനോടുകൂടി വാഴുന്നകാലത്തു് ഒരിക്കൽ നായാട്ടിനു പോയി. കാളിന്ദീതീരത്തുവച്ചു് യോജനാഗന്ധിയെന്ന കന്യകയെക്കണ്ടു.

കൊണ്ടലിൻമദ്ധ്യേമിന്നും മിന്നലെന്നതുപോലെ
കണ്ടോളം കണ്ണിനാസേചനകാകാരത്തോടും
കണ്ടിക്കാർകുഴലാളെക്കണ്ടുംമെയ്യിലെഗ്ഗന്ധം
കൊണ്ടുമത്യാശ്ചര്യമുൾക്കൊണ്ടുമേദിനീനാഥൻ
തണ്ടാരമ്പന്നുവശനായവളോടുചൊന്നാൻ:-
“തണ്ടാർമാനിനി നാണം തരുണീമാണിക്യമേ
മണ്ടുംമാന്മിഴിയാളേ യത്രവാഴുന്നതെന്തു
കൊണ്ടെന്നുംനിന്റെകാന്തനാരെന്നുംചൊല്ലീടെടോ.”
വണ്ടാർപൂങ്കുഴലാളും കന്യഞാനെന്നറിഞ്ഞു-
കൊണ്ടാലുംഭാശന്മകൾനാവികയെന്നുചൊന്നാൾ
അണ്ടർകോനൊത്തമന്നൻ “എന്നാലോതന്നാലുംനീ
തൊണ്ടിവായ്‍മലർത്തേനെ”ന്നവളോടപേക്ഷിച്ചാൻ
വണ്ടിണ്ടകണ്ടുമണ്ടും ഇണ്ടലുംപൂണ്ടുകുണ്ടിൽ
കെണ്ടയുംവിരണ്ടോടുംചാരുലോചനയാളും
സ്വതന്ത്രയല്ലഞാനെന്നാന്തരംചൊന്നനേര-
മതന്ദ്രൻനൃപേന്ദ്രനുംദാശേന്ദ്രാന്തികേചെന്നു
മധുനേർമൊഴിയാളെത്തരികെന്നപേക്ഷിച്ചാൻ

അതുകേട്ടു്, ദാശൻ പറഞ്ഞു:-

“എന്നുടെമകളായതന്വംഗീരത്നത്തിങ്കൽ
നിന്നുടെമകനായിജ്ജനിക്കുംകുമാരനെ
മന്നവനാക്കിവാഴിച്ചീടാമെന്നിരിക്കിലോ
തന്നീടുന്നുണ്ടു്”

രാജാവാകട്ടെ:-

ഉത്തമനായഗംഗാദത്തനെവെടിഞ്ഞുക്താ-
നിത്തരുണിയിലുണ്ടാംപുത്രനെവാഴിപ്പതു
യുക്തമല്ലീവംശവുമെത്രയുംനിന്ദ്യമെന്നാ-
ലിത്തരംനീരൂപിച്ചുപത്തനംപുക്കീടിനാൻ

എന്നാൽ,

ശുദ്ധാന്തഭോഗത്തിലുംപൃത്ഥ്വീപാലനത്തിലും
നിത്യകർമ്മത്തിൽസാധുസത്തമാർച്ചനത്തിലും
ഇത്തിരിപോലുംചിത്തംസക്തിമത്തായീലേതും
ചിത്തജശരങ്ങളേറ്റത്തലുൾക്കൊൾകയാലേ.

അങ്ങനെ ഇരിക്കെ ധൗമ്യമുനി ഒരുദിവസം മധ്യാഹ്നത്തിൽ അവിടെ ചെന്നുചേർന്നു. രാജാവു് എണീറ്റു് യഥായോഗ്യം മുനിയെ സ്വീകരിച്ചെങ്കിലും വീണ്ടും സ്വസ്ഥനായിരുന്നുകളഞ്ഞതുകണ്ടു് മുനി,

“ബദ്ധസന്ദേഹംചൊന്നാൽബുദ്ധിമാനായോരുനീ
സ്തബ്ധനായിരുന്നതെന്തിത്ഥമാതിഥ്യഹീനം”

രാജാവു് വീണ്ടും എണീറ്റു് സാഷ്ടാംഗപ്രണാമശേഷം ഇരുന്നു. മുനിക്കു കാര്യം മനസ്സിലായി. അദ്ദേഹം ഉപദേശിച്ചു:-

വൃത്തമല്ലാമേ യഥാതത്വം ഞാനറിഞ്ഞുകൈ-
വർത്തകന്യയാ പരിതപ്തനായിതുഭാവാൻ
മത്തകാശിനീരത്നലബ്ധിക്കുണ്ടുപായവു-
മബ്ധിമേഖലാപതേ സിദ്ധിക്കുംമനോരഥം
പ്രത്യുഷേതുലാമാസികാവേരീജലേകളി
ച്ചത്യന്തഭക്ത്യാ ശേഷശായിയാംരംഗേശനേ
ഇസ്തോത്രംഹരിനാമാഷ്ടോത്തരഗീതംചൊല്ലി
സദ്യോവന്ദിച്ചീടുനീസാധിക്കുമഭീപ്സിതം.

മുനിയുടെ ഉപദേശമനുസരിച്ചു് രാജാവു് അനുഷ്ഠിക്കയും അദ്ദേഹത്തിന്റെ അഭീഷ്ടം സാധിക്കയും ചെയ്തു. എങ്ങനെയെന്നാൽ ഗംഗാദത്തൻ “ജനകൻമനസ്സിങ്കൽനിറഞ്ഞ പരിതാപ”മൊക്കെ ഊഹിച്ചറിഞ്ഞു് നേരേ കൈവർത്തന്റെ അടുക്കൽ ചെന്നു്,

‘കന്യകാരത്നത്തെനീയെന്നുടെപിതാവിനു
തന്നീടെന്നു’ പ്രാർത്ഥിച്ചു.

അപ്പോൾ, അയാൾ,

നിന്ദ്യജാതീയനാംഞാനെന്നുടെദൗഹിത്രനും
നിന്ദ്യജാതീയനെന്നുവന്നീടുമല്ലോതാനും
മൽപുത്രീപുത്രന്നുസിംഹാസനംനൽകാമെന്നാ-
ലല്പംസന്ദേഹമില്ലകന്യയെത്തരാമല്ലോ

എന്നു സമ്മതിച്ചു; അസമയം ഗംഗാദത്തൻ പ്രസിദ്ധമായ ആ ഭീഷ്മപ്രതിജ്ഞ ചെയ്കയാൽ,

ജംഭാരിമുമ്പാമുമ്പരമ്പോടുസസംഭ്രമം
ഭീഷ്മഭീഷ്മേതിചൊല്ലിപ്പുഷ്പവൃഷ്ടിയുംചെയ്താർ
ഭീഷ്മരെന്നന്നുതൊട്ടുചൊല്ലുന്നുമഹാജനം

അനന്തരം ശന്തനു യോജനഗന്ധിയെ വിവാഹം കഴിച്ചു സുഖമായി പാർത്തു.

ഇവിടെ ഉദ്ധരിച്ചിട്ടുള്ള വരികളിൽനിന്നു് കവിയുടെ ഭാഷാകവനകൗശലം വായനക്കാർക്കു ഏതാണ്ടു് ഊഹിക്കാമല്ലോ. വാക്കുകൾ എല്ലാം കടഞ്ഞെടുത്തു ചേൎത്ത പോലിരിക്കുന്നു.

ശ്രീകാന്തപ്രിയൻപാർത്ഥനേകാന്തചിത്താകുല-
മേകാന്തത്തിങ്കലിരുന്നിങ്ങനെനിരൂപിച്ചാൻ
മംഗലാപാംഗിയായോരംഗനാരത്നംലഭി-
ച്ചിങ്ങുള്ളിൽകൃതാർത്ഥനായെങ്ങനേവരുന്നുഞാൻ
തിങ്ങിനമോദംപൂണ്ടുഗൗതമനായമുനി
പുംഗവനഫല്യയെപ്പണ്ടണഞ്ഞെന്നപോലെ.
അരുണബിംബാധരീതരുണീമണിതന്നെ
ക്കരുണാവശാലെന്നെ വരണംചെയ്തീടുമോ?
ചെന്താരമ്പനാലതിസന്തപൂനായിങ്ങനെ
യന്തരാപലവിധംചിന്തിച്ചുചിന്തിച്ചവൻ
സന്തതംസാധുക്കൾക്കുസന്താപംപോക്കുവാനും
ചിന്തിതംനൽകുവാനും സന്താനകല്പനായ
ചെന്താർമാനിനീകാന്തൻതന്തിരുവടിയല്ലാ-
തെന്തൊരാശ്രയംപാർത്താലന്ധനാമിനിക്കുഹോ!
ഹന്തഹന്തേതിദീനബന്ധുവാംശ്രീകൃഷ്ണനെ
കുന്തീനന്ദനൻതാനുമന്തസ്സംധ്യാനംചെയ്തു
ചിന്തിതചിന്താമണിജന്തുവർഗ്ഗങ്ങളുടെ
ചിന്തയിൽവാഴുംദയാസിന്ധുവാംമുകിൽവർണ്ണൻ
ദന്തീന്ദ്രൻതന്റെതാപഹന്താവാംവാസുദേവൻ
ബന്ധുരരഥത്തിലാമ്മാറെഴുന്നള്ളീടിനാൻ

നോക്കുക! ഒരിടത്തും ഒരു തട്ടോ മുട്ടോ തടവോ ഇല്ലാതെ പദങ്ങൾ ഇണക്കിച്ചേൎത്ത ിരിക്കുന്നതു്. ആശയത്തിനു പ്രൗഢത പോരെന്നു പറയുന്നപക്ഷം അതിനുത്തരവാദി മൂലഗ്രന്ഥവും അതിലെ വിഷയവുമാണു്. സരസമായ ഘട്ടങ്ങൾ വന്നാൽ കവി മനോധൎമ്മപ്രകാശനാർത്ഥം മൂലകൃതിയെ വിട്ടു് ബഹുദൂരം ഗമിക്കാൻ മടിച്ചിട്ടില്ല. ഇരുപത്തി ഒന്നാം അധ്യായത്തിലെ സുഭദ്രാവൎണ്ണനയും മറ്റും പല ഭാഗങ്ങളും കവിയുടെ സ്വന്തമാണു്.

ഒരു വർണ്ണന ഇവിടെ ഉദ്ധരിക്കാം.

“പൊന്മണികിരീടകുണ്ഡലകങ്കണാംഗദ
നിർമ്മലഹാരപട്ടാംബരശൃംഖലാദിയാൽ
വെണ്മതികുലമലങ്കരിക്കുംവിജയനേ
വെണ്മയോടലങ്കരിപ്പിച്ചിതുപുരന്ദരൻ.
വെണ്‍മതിമുഖിയരുന്ധതിയുമിന്ദ്രാണിയും
വെണ്‍മതിമുഖിമാണിക്യക്കല്ലാംസുഭദ്രയെ
മന്മഥൻതഴതൊഴും കേശപാശവുംകെട്ടി
നന്മലർമാലമേലേചുറ്റിമഞ്ജുളതരം
അംബുവുണ്ടിരുണ്ടിടുമംബുദവർണ്ണമവ–
ലംബിക്കുംതൊടുകുറിനെറ്റിയിലിട്ടത്ഭുതം.
അംബുജദളംപോലെനീണ്ടിടംപെട്ടീടിനോ
രംബകങ്ങളിലങ്ങിഞ്ഞഞ്ജനഹൃദഞ്ജനം.
രമ്യമായ്‍വിളങ്ങീടുംരത്നകുണ്ഡലംകാതിൽ
കംബുകണ്ഠത്തിൽമുത്തുമാലശൃംഖലാദിയും
സമ്യങ്മോഹനങ്ങളാംകൈകളിലംഗളങ്ങൾ
കംബുകൾമണികടകങ്ങൾകങ്കണങ്ങളും
നന്മണംകോലുന്നകസ്തൂരികുങ്കമാദികൾ
സമ്മൃദുമെയ്യിലാലേപനവുംചെയ്തുനന്നായ്
ശംബരാരാതിരാജധാനിയെച്ചുഴന്നൊരു
വന്മതിലെന്നപോലെ കാഞ്ചിയുംദുകൂലവും
പൊന്മയത്തണ്ടതളപാടകംനൂപുരംകാൽ
തന്മീതിലണിയിച്ചാരാപാദചൂഡമെല്ലാം.”

ഇതിനെ മൂലത്തിന്റെ ശരിവിവർത്തനമായ,

പ്രാർത്ഥനീയശ്രീയായ ഭഗവാൻഭക്തപ്രിയൻ
ദേവനായകൻദിവ്യാഭരണങ്ങളെക്കൊണ്ടു
പാവനമണിയിച്ചുപാർത്ഥനെപ്പുത്രസ്നേഹാൽ
കല്പകവൃക്ഷപുഷ്പസഞ്ചയംകൊണ്ടുംനല്ല
കസ്തൂരികുങ്കുമാദിലേപനംകൊണ്ടുംതഥാ
ഭദ്രവസ്ത്രാഭരണശ്രേണികൾകൊണ്ടുംപാരം
ഭദ്രയെയരുന്ധതിദേവിതാനണിയിച്ചു.

എന്ന വരികളോടു സാദൃശ്യപ്പെടുത്തുക. അതുപോലെതന്നെ,

പിറ്റന്നാളുഷകോലേചട്ടയുംവില്ലുമമ്പും
മറ്റുംനാനായുധത്തെ ധരിച്ചുസന്നർദ്ധനായ്
കറ്റവാർകുഴലാളാംപത്നിയേത്തേരിലേറ്റി
ത്തെറ്റെന്നുപുറപ്പെട്ടുവിജയനതിരഥൻ.
ചുറ്റുംകോലുന്നഹരിസോദരീസുഭദ്രയും
കുറ്റമെന്നിയേമുദാസാരത്ഥ്യംചെയ്തീടിനാൾ.
പറ്റലർകലകാലൻവീരനാംസവൃസാചി
മുറ്റീടുംധൈര്യത്തോടുംചെറുഞാണൊലിയിട്ടു
തെറ്റാതെവീഥിയുടേ നടകൊണ്ടപ്പോളറി-
ഞ്ഞറ്റമില്ലാതപുരപാലകന്മാരുംക്രുധാ
ഉറ്റനാലംഗപ്പടയോടുംവന്നെതിരിട്ടു
കറ്റുപൈതങ്ങളൊത്തുപുലിയോടെന്നപോലെ
ചുറ്റുംനിന്നസ്ത്രശസ്ത്രനിരകൾതുകുന്നവ
കൊറ്റവനായപാർത്ഥനെയ്യുന്നശരങ്ങളാൽ
അറ്ററ്റുതെറിച്ചിതുകയ്യാലായുധങ്ങളും
മുറ്റു????? തേരുഷ്ണീഷവുംകവചംതൂണീരവും
ചുറ്റിയവസ്ത്രങ്ങളുംവില്ലാളിമുമ്പൻജിഷ്ണു
ചെറ്റുനേരംകൊണ്ടൊക്കെശ്ശതധാ നറുക്കിനാൻ
പറ്റുകയില്ലെന്നുറച്ചൊഴിച്ചുനാണിച്ചുപേർ
പെറ്റസങ്കേതഭേരിമുഴക്കിഭടന്മാരും

എന്നഭാഗം സ്വതന്ത്രമായ തർജ്ജമയാണു്. കാവേരിനദിയുടെ മനോഹരവർണ്ണനകൂടെ ഉദ്ധരിച്ചിട്ടു വിരമിക്കാമെന്നു വിചാരിക്കുന്നു.

മേളത്തിൽമേല്ക്കുമേലേതിരക്കിയെഴുന്നുള്ളോ
രോളത്തിൻഝംകാരമാമാമ്‍നായഘോഷത്തോടും
മത്സ്യകച്ഛപപരിപൂർണ്ണയായ്‍ശിശുമാര
വത്സസ്ത്രീയുപവൃത്തസംഘഭീഷണയായേ
കേവലംഫേനപൂരമണിഞ്ഞുചിലേടത്തും
ശൈവാലങ്ങളെക്കൊണ്ടുസങ്കുലംചിലേടത്തു്
സാരസസമുദായസംപൂർണ്ണംചിലേടത്തു്
സാരസചക്രവാകസങ്കീർണ്ണംചിലേടത്തു്
ഇളകുന്നീലജലമൊന്നുതോന്നീടുംക്വചിൽ
ഝളഝജ്ഝളാരവംപൂണ്ടുപാഞ്ഞീടുംക്വചിൽ
സർവത്രചുഴിഞ്ഞൊഴുകീടുന്നുചിലേടത്തു
ചോവ്വോടേചീളെന്നൊഴുകീടുന്നുചിലദിക്കിൽ
കേതകീപുഷ്പമുണ്ടുവളരെച്ചിലേടത്തു
ചേതോമോഹനമഹോൽപലങ്ങൾചിലേടത്തു
കമലനിരയെങ്ങും നിരന്നുചിലേടത്തു
വിമലകല്ഹാരങ്ങൾനിറഞ്ഞുചിലേടത്തു
കഴിഞ്ഞത്യന്തമഗാധംതൂലംചിലേടത്തു
വഴിഞ്ഞീടിലുംനിലയുണ്ടല്ലോചിലേടത്തു
വിസ്താരമേറ്റംക്വചിൽച്ചുരുങ്ങിച്ചിലേടത്തു
മത്യർത്ഥവേഗംചിലേടത്തുമരങൗഘംക്വചിൽ
ഓടിഘോഷിച്ചുകുണ്ടിൽച്ചാടുന്നുചിലദിക്കി-
ലിടെഴുന്തടമുടച്ചീടുന്നുചിലദിക്കിൽ
വൃക്ഷഗുല്മാദ്യങ്ങളെവേരോടെപറിച്ചുകൊ-
ണ്ടക്ഷീണവേഗം നടകൊണ്ടുകാവേരിനദി.
ഇക്ഷിതിക്കലങ്കാരഭൂതയായ്ക്കാണായ്‍വന്നു
ദക്ഷിണദിക്കിന്നൊരുഹാരമെന്നതുപോലെ.

പതിനഞ്ചും പതിനാറും അധ്യായങ്ങളിലെ നൂറ്റിൽപരം ശ്ലോകങ്ങളുടെ തർജ്ജമ കാണുന്നില്ല. ഒരുപക്ഷേ നഷ്ടപ്പെട്ടു പോയതായിരിക്കാം. അച്ചടിച്ച പുസ്തകത്തിൽ,

വിശുദ്ധിക്കീരാറു ഗണ്ഡൂഷവും വേണമല്ലോ എന്നുതുടങ്ങി—ദീർഘമായുസ്സും ബ്രഹ്മതേജോവൃദ്ധിയും ഹരിഭക്തിയും സ്വദേഹാന്തേ മുക്തിയും ലഭിച്ചീടും എന്നുവരെയുള്ള വരികൾ കിഴക്കേമേലേടം വിദ്വാൻ കൊമ്പിയച്ഛൻ ഭാഷയാക്കീട്ടുള്ളതാകുന്നു.

തേനാരിമാഹാത്മ്യവും ഭക്തിവിഷയകമാണെന്നു പേരുകൊണ്ടു ഊഹിക്കാമല്ലോ. പാലക്കാട്ടിനു സമീപമുള്ള തേനാരീക്ഷേത്രത്തിന്റെ മാഹാത്മ്യത്തെയാണു് ഇതിൽ വിവരിച്ചിരിക്കുന്നതു്. അതിൽനിന്നു ചില വരികൾ മുകളിൽ ചേർത്തിട്ടുള്ളതിനാൽ കൂടുതലായി ഒന്നും ചേർക്കണമെന്നു വിചാരിക്കുന്നില്ല.

കൈവല്യനവനീതം തത്വമസ്യാദി മഹാവാക്യത്തിന്റെ വ്യാഖ്യാനരൂപമായ ഒരു പ്രൗഢകൃതിയാണു്. മലയാളത്തിൽ ഏറ്റവും അധികം പ്രചാരമുള്ള ഗ്രന്ഥങ്ങളിലൊന്നാണിതു്. തർജ്ജമയുടെ സ്വഭാവം കാണിപ്പാനായി മൂലത്തിലേയും അതിലേയും ഏതാനും വരികളെ ഉദ്ധരിക്കുന്നു.

മൂ. അന്തമുനടുവുമിന്റിയാതിയുമിന്റിവാൻപോൽ
ചന്തരുമൊളിരുഞാനചർക്കരുപാതംപോറ്റി
പതമുംവീടും കാട്ടപ്പരന്തനൂൽപാർക്കുമാട്ടാ
മൈന്തരുമുണരുമാറുവസ്തുതത്വഞ്ചൊൽവേനെ
ത. അന്തമധ്യാദികളുമെന്നിയാകാശംപോലെ
സന്തതോദിതാ ജ്ഞാനസദ്ഗുരുപാദം പോറ്റി
ബന്ധമോക്ഷങ്ങളകറ്റീടുവാനിദംശാസ്ത്രം
ചിന്തനംചെയ്തുകൊൾവിനേതൊരു മന്ദന്മാരും
മൂ. പടരന്താവേദാന്തമെന്നും പാർകടൻമൊണ്ടുമുന്നൂൽ
കടങ്കളിനിറൈത്തുവൈത്താർ കരവർകളല്ലാങ് കാച്ചി-
കടെടന്തെടുത്തളിത്തേനിന്ത കൈവല്യനവനീതത്തൈ
അടൈന്തവർവിചയമങ്ങിന്റലൈവതേപചിയിലാരേ
പരന്നവേദാന്തമാം പാല്ക്കടലീന്നു കോരി
നിറച്ച ശാസ്ത്രങ്ങളാം കടങ്ങൾ നിറച്ചെങ്ങും
പരിചിൽ പാനംചെയ്തുകൊള്ളുവാൻവച്ചുമുന്നം
പരമകൃപാലുക്കളാകിയ ഗുരുക്കന്മാർ
അതിനെക്കാച്ചിക്കടഞ്ഞെടുത്തു തന്നീടുന്നു
മധുരതരമായ കൈവല്യനവനീതം
മൂ. തൊടർപവന്തൊലൈയുമെന്റു ചൊന്നതൈക്കേട്ടപോതു
തടമടുമൂഴ്‍കിനാൻപോർ ചരീരമും കളിർന്തുള്ളാറി
അടരുമൻപൊഴുകുമാപോലാനന്തപാപ്പങ്കാട്ടി
മടന്മലർപാദമീണ്ടും വണങ്ങി നിന്റീ ചൊൽവാൻ
ത. ജനനമരണങ്ങളറുമെന്നതുകേട്ടു
ജനിതാനന്ദഹ്രദംതന്നിൽ മുങ്ങിയപോലെ
തനുവുംകളിർത്തുള്ളംകുളുർന്നമുദാ പുനഃ
പുനരൻപോലുംവണ്ണമാനന്ദബാഷ്പംതൂകി
അനന്താചാര്യശ്രീപാദങ്ങൾ വന്ദിച്ചു വീണ്ടും
നിനയസമന്വിതമിങ്ങനെയപേക്ഷിച്ചാൻ.
പുന്നശ്ശേരി ശ്രീധരൻനമ്പി

വള്ളുവനാട്ടുതാലൂക്കിൽ പെരുമുടിയൂരംശത്തിൽ ആയിരുന്നു പുന്നശ്ശേരി ശ്രീധരൻതമ്പിയുടെ ജനനം. 949-ൽ ജനിച്ചു. ഭാരതപ്പിഷാരടിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു. വിക്രമാദിത്യചരിതം എന്ന സംസ്കൃതകൃതിയിൽ കവിതന്നെ,

പുന്നശ്ശേരീതികശ്ചിൽ പരിചിതിനിഹിതാത്മാ ശിവബ്രാഹ്മണോ യഃ
ശൈലാബ്ധീശസ്യ മന്ത്രീ തദുപരി യുവരാജസ്യ യോ മുഖ്യമന്ത്രീ

എന്നു പ്രസ്താവിച്ചിട്ടുള്ളതിനാൽ അദ്ദേഹം സാമൂതിരിയുടെ മന്ത്രികളിലൊരുവനും യുവരാജാവിന്റെ മുഖ്യമന്ത്രിയും ആയിരുന്നുവേന്നു കാണാം. ഈ കൃതി മൂകാംബികയെ ഭക്തിപൂർവം ഭജിച്ചതിന്റെ ഫലമായുണ്ടായ ദേവീകടാക്ഷത്താൽ രചിക്കപ്പെട്ടതാണെന്നും അതു കറതീർന്നതു് 1003 മകരം 13-ാം നു തിങ്കളാഴ്ച ആയിരുന്നുവെന്നും,

‘ശബ്ദപ്രജ്ഞാദീപേ! കലിയുഗസമയേ ഹന്ത മൂകാംബികായാ
പാദാംഭോജാതയുഗ്മേ സമധിഗതമഹാ ഭക്തിപൂർവം പ്രണമ്യ
തൽക്കാരുണ്യാപ്തബുദ്ധ്യാ രചിതമിഹമയാ വിക്രമാദിത്യവൃത്തം
നാമ്‍നൈതച്ചാരുകാവ്യം ഭവതു ച വിദുഷാം ശൃണ്വതാം മംഗളായ.

എന്ന പദ്യത്തിൽനിന്നു ഗ്രഹിക്കാം. ‘ശബ്ദപ്രജ്ഞാനദീപേ’ എന്നതു അന്നത്തെ കലിസംഖ്യ ആയിരുന്നു.

ഈ കവി അനേകം സംസ്കൃതകാവ്യങ്ങളുടെ കർത്തൃത്വം വഹിച്ചിട്ടുണ്ടെങ്കിലും, അവയേപ്പറ്റി പ്രസ്താവിക്കേണ്ട കാര്യം ഇവിടെ ഇല്ല. ഭാഗവതം ഏകാദശത്തെ അദ്ദേഹം കിളിപ്പാട്ടായി രചിച്ചിട്ടുണ്ടു്. ഈ ഗ്രന്ഥത്തിനു ഇപ്പോൾ പ്രചാരമില്ലെങ്കിലും, ചരിത്രവിഷയകമായി അതിനു വളരെ പ്രാധാന്യം ഉണ്ടു്.

“ബാദരായണമുഖനിർഗ്ഗതം ഭാഗവതം
സ്കന്ധങ്ങളിതിലേഴുമഞ്ചുമുള്ളതിലിഹ
തുഞ്ചത്തുമേവും രാമദാസനാമെഴുത്തച്ഛൻ
അച്യുതൻ തങ്കൽ ഭക്തിമുഴുക്കനിമിത്തമായ്
നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം
ഭാഷയിലൊരുഗീതമായുരചെയ്തീടിനാൻ
അതുകൊണ്ടിന്നു സാക്ഷാലീശ്വരതത്വമൊട്ടി
പ്രാകൃതന്മാരായുള്ളോർക്കറിവാനായിതല്ലോ”

പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രാരംഭത്തിലുള്ള ഈ വരികളിൽനിന്നു എഴുത്തച്ഛന്റെ പേർ ‘രാമദാസൻ’ എന്നാണെന്നും അദ്ദേഹമാണു് ഇപ്പോൾ നടപ്പിലിരിക്കുന്ന ഭാഗവതത്തിന്റെ കർത്താവെന്നും സ്പടികസ്ഫുടമായിത്തെളിയുന്നു. ‘ദാസൻ’ എന്നതു ശൂദ്രത്വത്തെക്കുറിക്കുന്ന വാക്കാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. എഴുത്തച്ഛന്റെ ഭാഗവതംകൊണ്ടാണു് ‘ഈശ്വരതത്വം’ സാക്ഷാൽ പ്രാകൃതന്മാർക്കു് അറിവാറായതു് എന്നു് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ, ഭാഗവതത്തിനു് പ്രചാരമുണ്ടായിരുന്നു എന്നും തെളിയുന്നു. ഈ മാതിരി തെളിവുകളെ ഒക്കേ നിഷേധിച്ചിട്ടു്, ഭാഗവതം എഴുത്തച്ഛന്റെ കൃതിയല്ലെന്നും അദ്ദേഹത്തിന്റെ പേരു രാമനെന്നായിരുന്നില്ലെന്നും ചിലർ ശഠിച്ചുവരുന്നതാണു് അത്ഭുതം…അതുപോലെതന്നെ,

‘ധാത്രീദേവേന്ദ്രശ്രേഷ്ഠനാകിയ തപോനിധി
നേത്രനാരായണൻതന്നാജ്ഞയാ വിരചിതം
രാമഭക്താഢ്യനായ രാമശിഷ്യനാലിദം.’

എന്നു് ബ്രഹ്മാണ്ഡപുരാണത്തിൽ കാണുന്ന ‘രാമഭക്താഢ്യനായ രാമന്റെ ശിഷ്യൻ’ കരുണാകരപ്രഭൃതികളിലൊരുവനായിരിക്കാനേ തരമുള്ളു എന്നു സിദ്ധിക്കുന്നു.

“വന്ദേഹം ഗുരുസമ്പ്രദായമനിശം തുഞ്ചത്തെഴും ശ്രീഗുരും”

എന്ന സാംപ്രദായികശ്ലോകത്തിലെ ‘ശ്രീഗുരു’ എഴുത്തച്ഛനാണെന്നും അദ്ദേഹത്തിന്റെ ജ്യേഷ്ഠനല്ലെന്നും, ഈ ‘ശ്രീഗുരു’ ശബ്ദംതന്നെ കടിയംകുളം ശൂപ്പുമേനോനും കൈവല്യനവനീതകർത്താവും എഴുത്തച്ഛനെ സംബന്ധിച്ചു് പലേ ദിക്കുകളിൽ പ്രയോഗിച്ചിട്ടുണ്ടെന്നും ഓർക്കുമ്പോൾ, കല്യാണസുന്ദരാദിരേഖകളെ കൂടാതെതന്നെ എഴുത്തച്ഛന്റെ പേരു നിർണ്ണയിക്കാൻ നമുക്കു കഴിയുമെന്നു വരുന്നു.

ഇനി നമുക്കു് ആലോചിപ്പാനുള്ളതു് ദശമസ്കന്ധത്തേപ്പറ്റിയാണു് എഴുത്തച്ഛന്റെ ദശമവും ഏകാദശവും കിളിപ്പാട്ടാക്കിയിരുന്നു എന്നും ആ ഗ്രന്ഥങ്ങൾ ശ്രീധരൻനമ്പിക്കു കിട്ടിയിരുന്നില്ലെന്നും വരരുതോ?

നമ്പിയുടെ തർജ്ജമ അതിലളിതമായതിനാൽ ഏവർക്കും വായിച്ചു കഥ മനസ്സിലാക്കുവാൻ കഴിയും.

“പണ്ടൊരു വനപ്രദേശത്തിങ്കലൊരുവൃക്ഷ
കോടരമതിലൊരു കൂട്ടിലങ്ങനുദിനം
ഇണ്ടലെന്നിയേയൊരു മാടപ്രാവവനുടെ
പത്നിയാം കപോതിയുമൊന്നിച്ചു വാണീടിനാൻ
അന്യോന്യം വളർന്നൊരു രംഗവാത്സല്യത്തോട-
ങ്ങന്യൂനസുഖമേവം കളിച്ചു മരുവിനാൻ”

ഇങ്ങനെയാണു് പാട്ടിന്റെ പോക്കു്.

ശ്രീധരൻനമ്പി 1006-ാമാണ്ടു് ദിവംഗതനായി.

എഴുപത്തു നാണുക്കുട്ടിമേനോൻ

പാലക്കാട്ടു താലൂക്കിൽ എടപ്പിള്ളിദേശത്തു് ‘യക്കണത്തു്’ എന്നൊരു പ്രസിദ്ധ നായർ കുടുംബം പണ്ടേക്കാലംമുതല്ക്കേ വിദ്വാന്മാരുടെ വിളനിലമായി പ്രശോഭിച്ചിരുന്നു. ബ്രാഹ്മണ വിവാഹവും ബ്രാഹ്മണാചാരവും ചിരകാലമായി നിലനിന്നുപോന്നതിനാൽ ആ കുടുംബക്കാർ സാത്വികഗുണസമ്പന്നരായും സത്യധർമ്മാദിനിഷ്ഠയുള്ളവരായും നാടെല്ലാം അറിയപ്പെട്ടു. മലയാളികളുടെ ഗുരുവായ തുഞ്ചത്തു തിരുവടികൾ ആ കുടുംബത്തിൽച്ചെന്നു കുറേക്കാലം താമസിച്ചിരുന്നു എന്നു പ്രസിദ്ധമാണു്. യക്കണത്തു ശങ്കുണ്ണികയ്മൾ (946–996 വരെ) പ്രസ്തുത ഗൃഹത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ബ്രിട്ടീഷ് കൊച്ചിയിൽ മുൻസീഫുദ്യോഗം വഹിച്ചിരുന്നകാലത്തു് ചിറ്റൂർ എഴുപത്തു ബാന്ധവം തുടങ്ങി. ആ വിവാഹത്തിൽ ഉണ്ടായ ഒരു പുത്രിയാണു് ‘ഇട്ടിച്ചിരിഅമ്മ’. ഇട്ടിച്ചിരിയമ്മയേ ‘യക്കണ’ത്തു ഗോവിന്ദനുണ്ണിക്കയ്മൾ വിവാഹം ചെയ്തു. അതിൽ ജനിച്ച പുണ്യസന്താനമത്രേ എഴുപത്തുനാണിക്കുട്ടിമേനോൻ. ജനനം1000-ാമാണ്ടു് വൃശ്ചികം ചിത്തിരനക്ഷത്രത്തിലായിരുന്നു. മാതാമഹനായ ശങ്കുണ്ണിക്കൈയ്മൾ ലോകവ്യവഹാരത്തിലും നിയമപരിജ്ഞാനത്തിലും അദ്വിതീയനായിരുന്നതുപോലെതന്നെ കവിതാശക്തിസമ്പന്നനുമായിരുന്നു. ഗോഗ്രഹണം തുള്ളൽ, ശിവകർണ്ണാമൃതം ഭാഷ, ശ്രീരാമകർണ്ണാമൃതം, സുന്ദരീസ്വയംവരം കിളിപ്പാട്ടു് എന്നിങ്ങനെ അനവധി കൃതികൾ അദ്ദേഹം ഭാഷാദേവിയ്ക്കു സമ്മാനിച്ചിട്ടുണ്ടു്.

ചിറ്റൂർദേശം കിളിപ്പാട്ടുദേവതയുടെ വിലാസരംഗമാണല്ലോ. സൂര്യനാരായണനെഴുത്തച്ഛനാൽ സ്ഥാപിതമായ ഗുരുമഠത്തിൽനിന്നും ശ്രീഗുരുവിന്റെ പൂജ അഭംഗമായി നടന്നുവരുന്നതോർക്കുമ്പോൾ, അന്നാട്ടുകാരായ ഭാഷാകവികൾ, കിളിപ്പാട്ടു രചനയിൽ അദ്വിതീയരായ് കാണപ്പെടുന്നതിൽ അത്ഭുതപ്പെടാനില്ല.

യഥാകാലം ഈ ബാലൻ ദേശഗുരുവായ രാമനെഴുത്തച്ഛന്റെ അടുക്കൽ വിദ്യാഭ്യാസം തുടങ്ങി. നല്ലപോലെ എഴുത്തും വായനയും അഭ്യസിച്ചശേഷം കാവ്യപരിശീലനം ആരംഭിച്ചു. പിതൃഗൃഹത്തിൽവച്ചു് ശങ്കരനുണ്ണി എന്ന വിദ്വാനും മാതൃഗൃഹത്തിൽവച്ചു് സ്വമാതുലനും പ്രൗഢവിദ്വാനുമായിരുന്ന കുഞ്ഞിക്കൃഷ്ണമേനോനും ആയിരുന്നു അദ്ദേഹത്തിനെ പഠിപ്പിച്ചുവന്നതു്. ഈ ഗുരുക്കന്മാരെ ഭാഗവതസാരസംക്ഷേപത്തിൽ കവി,

സുരശ്രീപ്രദകല്പതരുശ്രീകളേക്കാളു-
മുരുശ്രീയുള്ളസർവഗുരുശ്രീപാദങ്ങളും
ശങ്കരഗുരോഃ പാദപങ്കജദ്വയം താനു
മെൻകുലഭൂതൻഗുണസങ്കലൻ ബാലകൃഷ്ണ
ദേശികൻ മാതുലനുമാശയേ വിളങ്ങണം
ക്ലേശപാശങ്ങളോരോന്നാശയത്തേശീടായ്‍വാൻ

എന്നിങ്ങനെ വാഴ്ത്തിയിരിക്കുന്നു.

സാമാന്യം ദൃഢമായ സംസ്കൃതവ്യുൽപത്തി സമ്പാദിച്ചശേഷം അദ്ദേഹം ജ്യോതിഷം പഠിക്കാൻ തുടങ്ങി. ജ്യൗതിഷ വിഷയകമായി അദ്ദേഹത്തിനുണ്ടായിരുന്ന പാടവം അന്യാദൃശമായിരുന്നു.

പ്രകൃത്യാ സുഭഗഗാത്രനായിരുന്ന ഇദ്ദേഹം ചെറുപ്പകാലത്തു് ഒരു ‘ശൃംഗാരി’യായിരുന്നുവെന്നാണറിവു്. നേരത്തേതന്നെ കാരണവസ്ഥാനം ലഭിച്ചതു് അദ്ദേഹത്തിന്റെ വിഷയവാസനകളെ പോഷിപ്പിക്കുന്നതിനു കാരണമായ്‍ത്തീർന്നു. വ്യവഹാരകാര്യസ്ഥത, ആധാരമെഴുത്തു്, മാധ്യസ്ഥംവഹിക്കൽ—എന്നീ മാർഗ്ഗങ്ങളിലൂടെ ധനാർജ്ജനവും വിഷയോപസേവനവും നിർവഹിച്ചു് അദ്ദേഹം മുപ്പത്തഞ്ചു വയസ്സുവരെ കഴിച്ചുകൂട്ടി. 1038–ൽ പ്രമേഹരോഗം ബാധിക്കയാൽ തന്റെ ആയുർഭാവം ഗണിച്ചു നോക്കാൻ അദ്ദേഹം നിർബന്ധിതനായി. 48–ാം വയസ്സിൽ മൃത്യുലക്ഷണം കാണ്കയാൽ, ആറുമാസത്തിനുശേഷം രോഗം വിട്ടുമാറിയ ഉടനേതന്നെ അദ്ദേഹം കുടുംബഭാരം ശിവശങ്കരമേനോൻ എന്ന അനന്തിരവനെ ഏല്പിച്ചിട്ടു് ഈശ്വരഭജനത്തിൽ ഏർപ്പെട്ടു. അക്കാലത്തു് ചിറ്റൂർചിറ്റേടത്തു അച്യുതമേനോൻ എന്നൊരു വിശിഷ്ടപുരുഷൻ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽനിന്നു് നാണുക്കുട്ടിമേനോൻ അധ്യാത്മപ്രതിപാദകങ്ങളായ ഗ്രന്ഥങ്ങൾ പഠിച്ചുതുടങ്ങി. അതിനുംപുറമേ മേനോന്റെ ഭാര്യാഗൃഹമായ എരെക്കത്തുവീട്ടിനു സമീപം ‘പുഷ്പകത്തു സ്വാമിയാരു്’ എന്നു വിഖ്യാതനായ ദാമോദരനമ്പീശൻ വേദാന്തരഹസ്യങ്ങളെ ശിഷ്യന്മാർക്കു ഉപദേശിച്ചുകൊടുത്തുകൊണ്ടു് ജീവിച്ചിരുന്നു. അദ്ദേഹത്തിനേയും മേനോൻ ഗുരുവായ്‍വരിച്ചു. ഈ രണ്ടു ഗുരുക്കന്മാരേയും ആണു്,

കരുത്തിന്നജ്ഞാനത്തെത്തുരത്തിച്ചിത്തശുദ്ധി
വരുത്തിച്ചിന്മാത്രമായിരുന്നിക്കാത്തുകൊണ്ടു
പരമകാരുണികൻ പരിതാപോന്മൂലനൻ
ഗുരുവാം ദാമോദരചരണാംബുജങ്ങളും
അച്ഛമാനസനായോരച്യുതഗുരുവിന്റെ
സ്വച്ഛപാദാബ്ജങ്ങളും നിശ്ചലമുറപ്പിച്ചു

ഇത്യാദി വരികളിൽ ഭക്തിപൂർവം സംസ്മരിച്ചുകാണുന്നതു്.

ഇതിനുശേഷമാണു് അദ്ദേഹം ഈശ്വരസ്തുതിപരങ്ങളായ അനേകം അഷ്ടകങ്ങൾ, പാനകൾ, ഭാഗവതം, ശ്രുതിഗീതം, തുള്ളലുകൾ, ആട്ടക്കഥകൾ മുതലായവ രചിച്ചതു്.

1048 ചിങ്ങത്തിൽ തന്റെ നിര്യാണം സംഭവിക്കുമെന്നു അദ്ദേഹം നേരത്തേ ഗണിച്ചു തീർച്ചപ്പെടുത്തിയിരുന്നല്ലോ. അതിനാൽ 1047 കുംഭത്തിൽ അദ്ദേഹം ഗംഗാസ്നാനത്തിനു പുറപ്പെട്ടു. യാത്രാമദ്ധ്യേ ദണ്ഡകാരണ്യം, കിഷ്കിന്ധ, പഞ്ചവടി മുതലായ പുണ്യസ്ഥലങ്ങളേ സന്ദർശിച്ചു് അദ്ദേഹം നിരവധി പുണ്യം സമാർജ്ജിച്ചു. ഭാഗവതവും ഭഗവദ്ഗീതയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ സഹചാരികൾ. ചിദംബരത്തുവച്ചു് ഒരു അത്ഭുതമുണ്ടായതായി പറയപ്പെടുന്നു. ആ പുണ്യക്ഷേത്രത്തിൽ തലശ്ശേരിക്കാരായ ചില ഭക്തന്മാർ താമസിച്ചുിരുന്നത്രേ. അവർ നടയിൽ തൊഴുതുകൊണ്ടു നില്ക്കവേ, അവിടുത്തെ ദീക്ഷിതരിൽ ഒരാൾ ‘ഇതാ എഴുപത്തുനാണുമേനോൻ വരുന്നു; വിലങ്ങിനില്പിൻ’ എന്നു പറഞ്ഞതായും കാഷായഭസ്മരുദ്രാക്ഷധാരിയായ അദ്ദേഹം ഉള്ളിൽകടന്നു് നടേശവിഗ്രഹത്തെ ആശ്ലേഷിക്കുന്നതു കണ്ടതായും അവർ ഒരു സ്വപ്നം കണ്ടുവത്രേ.

1047 മിഥുനത്തിൽ കാശിയിൽനിന്നു മടങ്ങിവന്നു് വീട്ടിൽ ഒരുദിവസം മാത്രം താമസിച്ചിട്ടു് കർക്കടകവാവിനു രാമേശ്വരത്തെത്തത്തക്കവണ്ണം അങ്ങോട്ടുതിരിച്ചു. അവിടെനിന്നു് യഥാകാലം നാട്ടിൽ മടങ്ങിയെത്തി. 1048 ചിങ്ങത്തിൽ മൂന്നുനാലുദിവസത്തേക്കു ജലദോഷവും പനിയുമായിക്കിടന്നു. അഞ്ചാംദിവസം കറുത്തവാവായിരുന്നു. അമാവാസി കഴിഞ്ഞാൽ തന്റെ നിര്യാണം സംഭവിക്കുമെന്നും അതിനാൽ ഗുരുനാഥനായ ചിറ്റേടത്തു് അച്യുതമേനോനെ കാണ്മാൻ താൻ ഇച്ഛിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതനുസരിച്ചു്—അന്നു അർദ്ധരാത്രിതന്നെ വീട്ടുകാർ ഗുരുവിനെ ആളയച്ചുവരുത്തി. ആ അധ്യാത്മഗുരു ആത്മസ്വരൂപവർണ്ണം ചെയ്തുകൊണ്ടിരിക്കവേ നാണുക്കുട്ടിമേനോന്റെ ദേഹി ശരീരത്തിൽ നിന്നു് വേർപെട്ടു.

നാണുക്കുട്ടിമേനോന്റെ പുത്രനായ അച്യുതമേനോൻ ചാവക്കാട്ടു മുൻസിപ്പുകോടതി വക്കീലായി കുറേക്കാലം ഇരുന്നു.

ശ്രീമഹാഭാഗവതം ഭാഷ

ഭാഗവതം ശ്രുതിഗീത, ഏകാദശസ്കന്ധം, ദ്വാദശസ്കന്ധം എന്നീ ഭാഗങ്ങളെ മാത്രമേ അദ്ദേഹം ആദ്യം തർജ്ജമ ചെയ്തിരുന്നുള്ളു. നാണിക്കുട്ടിമേനോന്റെ സതീർത്ഥ്യന്മാർ തർജ്ജിമയെ അപ്പൊഴപ്പോൾതന്നെ പുഷ്പേത്തു സ്വാമിയാരെ വായിച്ചു കേൾപ്പിച്ചു വന്നതായും പൊൽപ്പുള്ളിമാരാത്തെ ശങ്കരൻനായർ എന്നൊരാൾ തർജ്ജമയിൽ പല കോട്ടങ്ങളുണ്ടെന്നു വാദിച്ചതായും സ്വാമിയാർ ആ ആക്ഷേപങ്ങൾക്കൊക്കെ സമാധാനം പറഞ്ഞിട്ടു്, ‘ശങ്കരൻനായരുടെ വിഭക്തി ജ്ഞാനത്തേക്കാൾ നാണുക്കുട്ടിമേനോന്റെ ഭക്തിജ്ഞാനങ്ങൾ ശ്ലാഘ്യതരങ്ങളാണെന്നു അരുളിച്ചെയ്തതായും ഒരു ഐതിഹ്യമുണ്ടു്. ഗുരുവിന്റെ ആജ്ഞാനുസാരമാണു് ഭാഗവത സംക്ഷേപംകൂടി കവി എഴുതിച്ചേർത്തതു്.

മാതൃക കാണിപ്പാനായി പാലാഴിമഥനകഥയുടെ സംക്ഷേപം ഇവിടെ ഉദ്ധരിക്കാം.

അപർണ്ണാദേവി ഏതോ വിദ്യാധരിമാർക്കു് ഒരു മാല സമ്മാനിച്ചു. സർവമോഹനമായ ആ മാലയുംകൊണ്ടു് അവർ നടക്കവേ, യദൃച്ഛയാ ദുർവാസാവുനെ കണ്ടുമുട്ടി. മുനിയേപ്പേടിച്ചു് അവർ ആ മാല്യത്തെ അദ്ദേഹത്തിനു നല്കി. ഈ ചിത്രമാല്യം ആർക്കു നല്കേണ്ടു എന്നായി അദ്ദേഹത്തിന്റെ ആലോചന. സുത്രാമാവിനു നൽകിയാൽ അതിനു ഭംഗം നേരിടുകയില്ലെന്നു വിചാരിച്ചു് അദ്ദേഹം അങ്ങനെ ചെയ്തു.

ഇന്ദ്രനാകട്ടെ,

കംഭീന്ദ്രകംഭത്തിങ്കൽ ജംഭാരിമാല്യംവച്ചു
സംഭൃതമോദം കലം സമ്പ്രതി ചിക്കുന്നേരം
കളമാംമാല്യപരിമളമാഘ്രായ വന്നി
തളികൾകളകളലളിതം മിളിതമായ്
കളഭപ്രവരന്റെ കംഭഗണ്ഡാസ്യങ്ങളി
ലളികൾ മിളിതമായതിനാലസഹ്യത
കരുതിക്കരി തുമ്പിക്കരത്താൽ ഗ്രഹിച്ചുട
നരിയ മാലതന്റെ ചരണംകൊണ്ടു തേച്ചാൻ.
ജംഭാരിവിഷണ്ണനായമ്പരന്നിതുപാരം
ശംഭ്വംയംശസംഭൂതനും കോപസംഭ്രാന്തനായാൽ.
രേരേവൃത്രാരേതീ മാമോരാതെയവമാനി-
ച്ചോരുകാരണം നീയും വീരരാം സുരന്മാരും
വൃദ്ധരായ് ജരാനരയുക്തരായ് പോവിനെന്നു
ബദ്ധകോപേനശപിച്ചത്തപോനിധിപോംപോൾ,

ഭയാകുലനായിട്ടു്, മുനിയുടെ പാദത്തിൽവീണു ശാപമോക്ഷം അഭ്യർത്ഥിച്ചു. മഹർഷി അതുകണ്ടു്,

“ക്ഷീരാബ്ധിമഥിച്ചുതത്സാരത്തെ നുകർന്നാകിൽ
ഘോരമാം ജരാനര തീരുമെന്നോതിപ്പോയാൻ

സുരരും വലാരിയും ജരാബധിതരായി. ഇതാണു് പാലാഴിമഥനത്തിനുള്ള ഹേതു.

മൂർത്തികൾ മൂന്നുപേരുമൊന്നിച്ചു നിരൂപിച്ചു
ദൈത്യന്മാരെയുംവരുത്തിപ്പറഞ്ഞൈക്യമാക്കി
മന്ദരപർവതത്തെപ്പാൽക്കടൽതന്നിലാക്കി
ദന്ദശൂകേന്ദ്രനായ വാസുകിം പാശമാക്കി
ദേവദൈത്യന്മാർ പുച്ഛാഗ്രങ്ങളിൽ പിടിപെട്ടു
കേവലം വലിച്ചയച്ചങ്ങനെ മഥിച്ചിതു

എന്നാൽ മന്ദരം താണുതുടങ്ങി; ദേവാദികൾ വിത്രസ്തരായി. ഭക്തരക്ഷകൻ കൃപാവാരിധി നാരായണൻ

കമഠാകൃതിപൂണ്ടു മന്ദരമുയർത്തിയ-
ങ്ങമലനതിന്മീതേ പക്ഷിയായ്ക്കാണായപ്പോൾ
വിസ്മിതന്മാരായോരു വിരിഞ്ചാദികൾ തദാ
സസ്മിതം കൂപ്പിസ്തുതിച്ചീടിനാർ ഭക്തിപൂർവ്വം

അങ്ങനെ ഇരിക്കേ വാസുകി വിഷം വമിച്ചു.

‘ത്രൈലോക്യഭസ്മീകരണോദ്യതം കാളകൂടം’ കണ്ടു വിവശനായിത്തീർന്ന പാലാഴിശായി ചന്ദ്രചൂഡനെക്കണ്ടു് എന്തെങ്കിലും രക്ഷോപായം കണ്ടുപിടിക്കണമെന്നപേക്ഷിച്ചു.

കേശവനിതുമൂലമാശയേ താപംവേണ്ടീ-
ലാശുഞാൻ പാനംചെയ്തു ക്ലേശത്തെത്തീർത്തീടുവാൻ

എന്നരുളിച്ചെയ്തുകൊണ്ടു് ഭഗവാൻ ഹാലാഹലത്തെ പാനംചെയ്തു.

ഭർത്താവു വിഷപാനം തത്ര ചെയ്തൊരുനേര-
ത്തെത്രയും ദുഃഖിച്ചുകൊണ്ടദ്രിപുത്രിയും തദാ
ഉദരേ താഴായ്ക്കെന്നുകരുതിഗ്ഗളേ കരം
സുതനുചേർത്തു മന്ത്രമതിനു ജപിച്ചപ്പോൾ
കീഴ്‍പോട്ടുതാഴായ്കയാൽ മേല്പോട്ടു വമിക്കുവാൻ
കോപ്പിട്ടനേരം തദാ മാല്പെട്ടുദാമോദരൻ
ഹസ്തപത്മത്തെശ്ശിവ വക്ത്രപത്മത്തിൽചേർത്തു
ദർദ്ദരം വമിയായ്‍വാൻ സത്വരം മന്ത്രംചൊന്നാൻ
അന്നേരം കഴുത്തിലേ മന്ദിച്ചു ഹാലാഹലം
സുന്ദരരേഖമൂന്നോടൊന്നിച്ചു കാണായ്‍വന്നു.
കണ്ഠതയെല്ലാം തീർന്നുകൊണ്ടവരവർ നീല-
കണ്ഠനെന്നോതിപ്പിന്നെ കൊണ്ടാടിസ്തുതിചെയ്താർ

പിന്നെയും ക്ഷീരാർണ്ണവമഥനം തുടർന്നു. അപ്പോൾ അതിൽനിന്നും

ഉച്ചൈശ്രവാശ്വം ചന്ദ്രൻ കൗസ്തുഭം പാരിജാതം
മെച്ചമാർന്നപ്സരഃസ്ത്രീ വർഗ്ഗവുമുണ്ടായ്‍വന്നു.
ഋഷികൾ സുരഭിയെക്കൈക്കൊണ്ടാർ ഗജത്തെയും
സുഷമയുള്ളോരശ്വത്തിനെയും ദേവേന്ദ്രനും
കല്പകവൃക്ഷത്തെയുമപ്സരോ ഗണത്തെയും
ക്ഷിപ്രംദേവകൾകൊണ്ടാർ കൗസ്തുഭം കേശവനും
ഗിരിശൻമുദാചന്ദ്രക്കലയും ചൂടീടിനാ
നരിശത്തോടും പുറപ്പെട്ടോരു ജ്യേഷ്ഠതന്നെ
ആരുംകൈക്കൊള്ളാഞ്ഞവൾക്കിരിപ്പാൻ സ്ഥലത്തെയും
പാരാതെ നാരായണൻ വിധിച്ചുചൊല്ലീടിനാൻ.

പിന്നീടു ലക്ഷ്മീദേവിയുടെ പുറപ്പാടായി.

അന്നേരം പൊൽപങ്കജ മധ്യത്തിലിരുന്നുടൻ
സുന്ദരീജനം രത്നദീപങ്ങൾ ചൂഴുംപൂണ്ടു
ധവളഗജദ്വയശുണ്ഡാഗ്രസ്ഥിതസ്വർണ്ണ
കലശജലാഭിഷിക്തയുമായ്മന്ദമന്ദം
വരണസ്രക്കും ധരിച്ചഥ സൗഭാഗ്യലക്ഷ്മി
ശരണാഗതജനഭരണൻ മുകുന്ദനെ
മാലയുമിട്ടീടിനാളന്നേരം പുഷ്പങ്ങളെ
മാലകന്നോരു ദേവർ വഹിച്ചു സ്തുതിചെയ്താർ
പിന്നെയുണ്ടായോരു വാരുണിയെദ്ദനുജന്മാ-
രന്നേരം കയ്ക്കൊണ്ടിതു

അനന്തരം ശ്രീധന്വന്തരി പീയൂഷകുംഭവുമായി ആവിർഭവിച്ചു. എന്നാൽ ലക്ഷ്മീകല്യാണഘോഷത്തിനിടയ്ക്കു് അസുരന്മാർ ആ അമൃതവും തട്ടിക്കൊണ്ടു കടന്നു. ദേവന്മാർ പരുങ്ങലിലായി. അപ്പോൾ

“കരുണാകരൻ ദേവൻ ശരണാഗതജന
ഭരണൻ സംസാരാബ്ധിതരണൻ മധുവൈരി
യമരന്മാരേ! നിങ്ങളമിതാദരം വാഴ്‌വിൻ
അമൃതം ഹരിച്ചുഞാൻ കിമപി വൈകീടാതെ
വരുവൻ”

എന്നരുളിച്ചെയ്തു വേഗം മോഹിനീവേഷംധരിച്ചു് അസുരന്മാരുടെ അടുക്കൽ എത്തി.

സദസി സുധാകുംഭം മദശാലികൾചേർത്തു
ദിതിജർ കുളിച്ചുവന്നഥ പന്തിപന്തിയാ-
യിരുന്നു വിളമ്പുവാൻ തിരഞ്ഞുകൊണ്ടേകനെ
വിരഞ്ഞുവാഴുന്നേരം ചൊരിഞ്ഞ സ്മിതത്തോടും
മോഹിനീവേഷംകണ്ടു മോഹിതന്മാരായവർ
ഹാഹന്ത വിളമ്പുവാൻ മോഹനഗാത്രിയോടു
പറഞ്ഞനേരമവൾ നിറഞ്ഞ ലജ്ജകൊണ്ടു
കുറഞ്ഞൊന്നാവതില്ലെന്നറിഞ്ഞുകൊള്ളേണമേ.
കണ്ണുകളടച്ചുടൻ ചണ്ഡവീര്യരേ വാഴ്‌വിൻ
ദണ്ഡമില്ലെന്നാൽവന്നു തിണ്ണം ഞാൻ വിളമ്പീടാം
ഒടുക്കം കണ്‍തുറന്നു പൊടുക്കന്നെന്നെനോക്കും
മിടുക്കൻതന്നെഞാനുമെടുക്കും ഭർത്താവായേ

അസുരന്മാർ കണ്ണടച്ചിരുപ്പായി; അമൃതകുംഭവുമെടുത്തുകൊണ്ടു് മോഹിനി കടക്കയുംചെയ്തു.

ശുപ്പുമേനോനുള്ള വാക്‍ശില്പം ഇക്കവിക്കുണ്ടെന്നു പറയാവുന്നതല്ല. യതിഭംഗംകൊണ്ടുള്ള ദുശ്ശ്രവത്വവും അപശബ്ദപ്രയോഗങ്ങളും ഇടയ്ക്കിടെ ധാരാളം കാണ്മാനുമുണ്ടു്. പക്ഷേ വിഭക്തിജ്ഞാനരാഹിത്യത്തെ ഭക്തിജ്ഞാനം പരിഹരിക്കുന്നു എന്നു സമാധാനപ്പെടാം.

ഏകാദശദ്വാദശസ്കന്ധങ്ങൾ അതിവിസ്തൃതമായിട്ടുണ്ടു. മിക്കവാറും ശരിത്തർജ്ജമയാണെന്നുതന്നെ പറയാം.

‘സുന്ദരീസ്വയംവരം’ ആട്ടക്കഥ അച്ചടിച്ചിട്ടുള്ളതായി അറിവില്ല. ഇപ്പോൾ പ്രസിദ്ധീകൃതമായിരിക്കുന്ന ആട്ടക്കഥ അദ്ദേഹത്തിന്റേതല്ല. ഗോവിന്ദപ്പിള്ള അവർകൾ ഭാഷാചരിത്രത്തിൽ ഏതാനും വരികൾ ഉദ്ധരിച്ചിട്ടുണ്ടു്.

പൊറയന്നൂർ ഭാസ്കരൻനമ്പൂരിപ്പാടു്

ഭാഗവതതർജ്ജമകളിൽവച്ചു് അധികം പ്രചാരമുള്ളതു്, എഴുത്തച്ഛന്റെകൃതി കഴിഞ്ഞാൽപ്പിന്നെ പത്താംശതകത്തിൽ ജീവിച്ചിരുന്ന പൊറയന്നൂർമനയ്ക്കൽ ഭാസ്കരൻനമ്പൂരിപ്പാടിന്റെ ദശമത്തിനാണു് അതു് ഭാഗവതം മൂലത്തിന്റെ അനതിവിസ്തരമായ ഒരു വിവർത്തനമാണു്. സ്ത്രീകളെ ഉദ്ദേശിച്ചു് രചിക്കപ്പെട്ടതാകയാൽ ശ്രുതിഗീതയെ അതിൽ വിസ്തരിച്ചിട്ടേയില്ല. ഭാഷാരീതി ലളിതവും ഇന്യൂനവും ആയിരിക്കുന്നു. മാതൃകയ്ക്കായി അക്രൂരന്റെ ആത്മഗതം അവിടെ ഉദ്ധരിക്കാം.

പിന്നെയങ്ങക്രൂരനും തന്നുടെഗൃഹത്തിങ്കൽ
നിന്നുടൻകൃഷ്ണൻതന്നെക്കാണാനായ് പുറപ്പെട്ടാൻ
തേരതിലേറിക്കൊണ്ടുപോകുമ്പോൾമദ്ധ്യേമാർഗ്ഗ-
മോരോന്നേനിജഹൃദിചിന്തനംചെയ്തീടിനാൻ
ലോകകണ്ടകൻകംസനെന്നെയിന്നമ്പാടിയിൽ
പോകയെന്നയച്ചതുമെന്നുടെഭാഗ്യമത്രേ.
എത്രനാളുണ്ടുഞാനുംകൃഷ്ണനെക്കണ്ടീടുവാൻ
ചിത്തത്തിൽകൊതിപൂണ്ടുവാഴുന്നുഭക്തിയോടും
ഇന്നതുസാധിച്ചീടുമെന്നുവന്നീടുന്നാകി-
ലെന്നുടെജന്മത്തിനുസാഫല്യംവരുമല്ലോ.
യാതൊരുകൃഷ്ണൻതന്റെനാമകീർത്തനംകൊണ്ടു
പാതകമെല്ലാംതീർന്നുമുക്തിയുംലഭിക്കുന്നു
യാതൊരുദേവൻതന്നെനിത്യവുംമുനിജനം
ചേതസിചേർത്തുകൊണ്ടുനിത്യവുംസേവിക്കുന്നു
യാതൊരുദേവൻതന്റെമായയാൽ പ്രപഞ്ചങ്ങൾ
ചേതസിസത്യമെന്നുതോന്നുന്നുബുധന്മാർക്കും
യാതൊരുദേവൻതന്റെകാരുണ്യമുണ്ടാകയാൽ
ചേതോമോഹങ്ങൾതീർന്നുസത്യവുമറിയുന്നു
അങ്ങനെയെല്ലാമുള്ളകൃഷ്ണനെക്കാണ്മാനിന്നു
സംഗതിവരുന്നാകിലെന്തതിൽപരമുള്ളു”
മന്ദഹാസവുംപൂണ്ടുസുന്ദരമുഖാംബുജ
മിന്നുഞാൻകണ്ടുമോദവാരിധൗമുങ്ങീടുവൻ
പാദപങ്കജങ്ങളിൽവീണുഞാൻവണങ്ങുമ്പോൾ
മോദേനപിടിച്ചെഴുനീല്പിക്കുംകൃഷ്ണനെന്നെ
ആശ്രിതന്മാർക്കഭയംനല്കുന്നകരങ്ങളാ-
ലാശ്ലേഷമതുംചെയ്യുമില്ലസംശയമേതും
പ്രീതിയോടെന്നെത്താതനെന്നതുമരുൾചെയ്യും
ചേതസിമമസുഖമെന്തുചൊൽവതുമപ്പോൾ
അംബുജേക്ഷണൻമാനിച്ചീടാതുള്ളവരുടെ
ജന്മമെത്രയുംവ്യർത്ഥമില്ലസംശയമേതും
ദുഷ്ടനാംകംസൻതന്റെസേവകനിവനെന്ന
ങ്ങൊട്ടുമേതോന്നീടുകയില്ലല്ലോഭഗവാനും
സർവജന്തുക്കളിലുംസർവ്വദാവസിക്കുന്ന
സർവജ്ഞനായജഗന്നായകനല്ലോകൃഷ്ണൻ.
എന്നുടെഹൃദയത്തിലുള്ളൊരുഭക്തികൊണ്ടു
നന്ദിച്ചുനന്നായ്‍വരുമെന്നനുഗ്രഹിച്ചീടും.
ഇത്തരംപലവിധംചിന്തചെയ്തക്രൂരനു-
മെത്രയുംഭക്തിയോടുംനടന്നുമോദത്തോടും
വന്നസംഭ്രമത്തോടുംനന്ദഗോകുലത്തിന്റെ
സന്നിധൗചെന്നനേരം സന്ധ്യാകാലവുംവന്നു
അന്നേരമക്രൂരനും കണ്ടിതുമഹീതലം
തന്നിലാമ്മാറുനല്ലഗോഖ രപരാഗങ്ങൾ.
കേശവൻതന്റെപാദചിഹ്നങ്ങൾകണ്ടനേര
മാശുതാനതിൽകിടന്നുരുണ്ടുഭക്തിയോടേ
ഏണാങ്കചൂഡൻപോലുംകാംക്ഷിക്കുംവിഷ്ണുപാദ
രേണുക്കളണിഞ്ഞുകൊണ്ടാനന്ദവിവശനായ്
തേരതിലേറിപ്പിന്നെചെറ്റുചെന്നതുനേരം
കാരണപുരുഷനാംകൃഷ്ണനേകാണായ്‍വന്നു.
കോമളനായരാമൻതന്നെയുംകണ്ടനേരം
കോൾമയിർക്കൊണ്ടുമഹാഭാഗ്യവാനക്രുരനും
എത്രയുംഭക്തിയോടുംചിത്തവിഭ്രമത്തോടു-
മത്യന്തംവേഗത്തോടുംതേരിൽനിന്നിറങ്ങിനാൻ
പ്രേമത്താലൊഴുകുന്നകണ്ണുനീരോടുംചെന്നു
രാമകൃഷ്ണന്മാരുടെപാദാബ്ജേവീണീടിനാൻ.
ഭക്തിവർദ്ധിച്ചമൂലമൊന്നുമേമിണ്ടീടുവാൻ
ശക്തിയില്ലാഞ്ഞുകിടന്നീടുന്നോരക്രൂരനെ
എത്രയുംമോദത്തോടുംരാമനും കൃഷ്ണൻതാനും
ചിത്തസമ്മോദത്തോടേചെന്നെടുത്താശ്ലേഷിച്ചാർ.

എഴുത്തച്ഛന്റെ കാലശേഷം വിസ്തൃതമായ തോതിൽ കിളിപ്പാട്ടുകൾ രചിച്ചു വിജയം നേടീട്ടുള്ളവരിൽ പ്രമാണികൾ ചാത്തുക്കുട്ടിമന്നാടിയാരും, വരവൂർ ശാമുമേനോനും, ദാമോദരൻ കർത്താവും, ഒടുവിൽ ശങ്കരക്കുട്ടിമേനോനും, കണ്ടിയൂർ മഹാദേവയ്യരുമാണു്. അവരുടെ കൃതികളെപ്പറ്റി അന്യത്ര വിവരിക്കുന്നതാണു്.

ഗ്രന്ഥകാരന്മാരെയോ അവരുടെ കാലത്തെയോ നിശ്ചയിക്കാൻ തരമില്ലാതെയും ചില നല്ല കിളിപ്പാട്ടുകൾ കിട്ടിയിട്ടുണ്ടു്. അവ ദക്ഷയാഗം കിളിപ്പാട്ടു്, രാമാശ്വമേധം കിളിപ്പാട്ടു്, മൂകാംബികാമാഹാത്മ്യം കിളിപ്പാട്ടു്, രാമായണസംഗ്രഹം കിളിപ്പാട്ടു്, ഞായറാഴ്ചമാഹാത്മ്യം കിളിപ്പാട്ടു്, ധ്യാനാമൃതം കിളിപ്പാട്ടു്, കുചേലവൃത്തം കിളിപ്പാട്ടു്, പ്രപഞ്ചസാരം കിളിപ്പാട്ടു്, വേദാന്തസാരം കിളിപ്പാട്ടു്, മാർത്താണ്ഡമാഹാത്മ്യം കിളിപ്പാട്ടു് ഇവയാകുന്നു. ഇവയിൽ ചിലതിൽനിന്നു് ഏതാനും വരികൾമാത്രം ഉദ്ധരിക്കുന്നു.

വടക്കൻ സന്താനഗോപാലം-പെരുഞ്ചെല്ലൂരുള്ള ആരോ രചിച്ചതാണു്.

ശ്രീബാലാചലം തന്നിൽ വസിക്കും
ശ്രീദേവി ജഗദീശ്വരിതന്റെ
ശ്രീനാരായണാദികൾ കൂപ്പും
ശ്രീപാദാംബുജം രണ്ടും തൊഴുന്നേൻ

എന്നിങ്ങനെ ചെറുകുന്നിൽ ഭഗവതിയെ അതിൽ സ്തുതിച്ചുകാണുന്നു. കവിതയ്ക്കു പറയത്തക്ക ഗുണമൊന്നുമില്ല.

മാർക്കണ്ഡപുരാണം കിളിപ്പാട്ടു്
അക്കഥയിരിക്കട്ടേ യമന്റെ പരാക്രമ-
മൊക്കവേ പറഞ്ഞീടാം കേൾപ്പിനാനന്ദത്തോടെ
സപ്തസാഗരത്തിനുമപ്പുറം തന്നിലൊരു
പത്തെട്ടുസഹസ്രവിസ്താരമുണ്ടവൻപുരം.
മേടമാളിക നല്ല ഗോപുരപംക്തികളു-
മേഴേഴുമച്ചുകളുമുണ്ടല്ലോ വിചിത്രമായ്
ആടൽകൂടാതെ സിംഹാസനത്തിൽ യമന്താനും
ചേടകന്മാരും യമഭടന്മാർ ചുറ്റുമായി
ചിത്രഗുപ്തനുമായിട്ടങ്ങനെയിരുന്നിട്ടു
സത്വരം കണക്കിട്ടു നന്മതിന്മകൾ നോക്കി
പുണ്യപാപങ്ങളെല്ലാമറിഞ്ഞു വഴിപോലെ
വെണ്മയിൽചൊല്ലീടുന്നു ചിത്രഗുപ്തനുമപ്പോൾ
പുണ്യപാപങ്ങൾചെയ്ത മർത്യരെ വരുത്തുവാ-
നെണ്ണമില്ലാതെ ദൂതരുണ്ടല്ലോ പലതരം.
വണ്ണവുമോരോമലപോലെയുള്ളൊരുദൂത-
രെണ്ണുകിൽ നൂറുകോടിയുണ്ടെന്നേ പറയാവൂ-
മർക്കടവദനരും വലിയ ഗുഹപോലെ-
യൊക്കവേ വായുള്ളൊരു ദൂതന്മാരോരോതരം
വളഞ്ഞ ദംഷ്ട്രയുമായ് കുരങ്ങന്മാരെപ്പോലെ
ഞെളിഞ്ഞു നടക്കുന്ന ദൂതന്മാരോരോതരം
ദൃഷ്ടികളഗ്നിപോലെ പെട്ടെന്നു ചുവപ്പിച്ചു
കഷ്ടങ്ങൾ ചെയ്തീടുന്ന ദൂതന്മാരോരോതരം.
സന്താനഗോപാലം തെക്കൻ
കോടിദിനേശനുദിച്ച പ്രകാശേന
കാണായി വൈകുണ്ഠമായ ലോകം
പാലാഴിയിൽ തിരമാലയടിക്കുന്ന
കോലാഹലങ്ങളും കേൾക്കാറായി.
നീരാഴമുള്ളോരു ക്ഷീരാബ്ധിതൻതീരേ
വേഗത്തിൽച്ചെന്നങ്ങു നോക്കുന്നേരം
ഈരേഴുലകിന്നു വേരായ്‍വിളങ്ങുന്ന
നാരായണൻ തന്റെ ദിവ്യദേഹം
ദൂരേ വിശേഷിച്ചു കാണുമാറായ്‍വന്നി-
തോരോരോ ഗേഹങ്ങൾ വേറെവേറെ
പൊന്നും മണികളും മിന്നും കുളിർനിറം
മുന്നിലാമ്മാറങ്ങു കാണായ്‍വന്നു
മുത്തും പവിഴവുമൊത്തു വിളങ്ങുന്ന
പത്തനജാലങ്ങൾക്കറ്റമില്ല
പത്തരമാറ്റുള്ള തങ്കങ്ങൾകൊണ്ടുള്ള
പുത്തൻഗൃഹങ്ങൾക്കുമറ്റുമില്ല
ഏഴുനിലയുള്ള മാടങ്ങളിങ്ങനെ-
യേതാനുമല്ലൊരു നൂറുകോടി

കവിത ലളിതവും പ്രശസ്തവുമാണു്; സ്ത്രീജനങ്ങൾ ഇപ്പോഴും ധാരാളമായി വാങ്ങി വായിച്ചുവരുന്നു.

വേദാന്തസാരം കിളിപ്പാട്ടു്
കാര്യകാരണഭാവഭേദങ്ങൾക്കെല്ലാറ്റിനും
കാരണമായതൊരാത്മാതാനെന്നറിവാനായ്
ചൊല്ലുചൊല്ലെടോ ശുകകുലമൗലിമാലികേ
കല്യാണാലയേ കരുണാലയേ കളവാണി
ഇങ്ങനെ ചൊന്നവാക്യം കേട്ടു ചൊല്ലിനാൾ മുദാ
മംഗലവാണി കിളിമകളും മനോജ്ഞമായ്
സച്ചിദാനന്ദാത്മാവിൽ കാരണാംഗത്തെയാരോ
പിച്ചുതോന്നീടുന്നതുമെങ്ങനെയെന്നാകിലോ
മുന്നേചൊന്നൊരുപഞ്ചതന്മാത്രകളെവേറെ
നന്നായിപ്പിരിച്ചുനോക്കീടുന്ന നേരത്തിങ്കൽ
വന്ധ്യാനന്ദനനെന്നപോലെ ശൂന്യാകാരമായ്
അന്ധമായിരിക്കുന്നോരിദ്ദേഹത്തിനുപാർത്താൽ
നാമങ്ങളവിദ്യയെന്നുമഹങ്കാരമെന്നും
കാണ്മാനില്ലാതതെന്നും സ്ഥൂലസൂക്ഷ്മാംഗത്തിനു
കാരണമെന്നും പരാശക്തിയെന്നും ചൊല്ലുന്നു.

ധ്യാനദീപികാമൃതം സാമാന്യം നല്ല ഒരു കിളിപ്പാട്ടാണു്. വിഷയം വേദാന്തപരമാണെന്നേയുള്ളു.

തന്നെത്താനറിയാതെയന്യംതാനെന്നു ഭാവി
ച്ചന്യായമോരോതരം ചെയ്യുന്നു രാഗദ്വേഷാൽ
ദേഹിയെയറിയാതെ ദേഹോഹംകാരവശാൽ
മൊഹാബ്ധിതന്നിൽമുഴുകിക്കരകാണാതവർ
കാര്യകാരണങ്ങളും കാര്യകർത്തൃത്വാദിയും
പാരിലിജ്ജനിമൃതിയേതുമേയറിയാതെ
അന്നബീജത്താലുളവാകിയ ത്വങ്മാംസാദി-
തന്നെഞാനെന്നു കല്പിച്ചീടുവോരജ്ഞാനികൾ
ദക്ഷയാഗം

കവി ആരെന്നു നിശ്ചയമില്ല. ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള അവർകൾ ആണു് കണ്ടുപിടിച്ചു് 1070-നുമുമ്പു് പ്രസിദ്ധീകരിച്ചതു്. കവിത വലിയ തരക്കേടില്ലെന്നുമാത്രം പറയാം. കഥയെ നാലദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. മാതൃകയ്ക്കായി ഏതാനും വരികൾ ഉദ്ധരിക്കുന്നു.

എങ്കിലോനിന്നുടെതാതൻപ്രജാപതി
ശങ്കകൂടാതെമാം വിശ്വസൃജഃപുരാ
അദ്ധ്വരത്തിങ്കുലധിക്ഷേപവാക്കുക
ളെത്രയുംപാരം പറഞ്ഞതറിഞ്ഞീലേ
കാന്തേഭവതിയെച്ചിന്തിച്ചുഞാനന്നു
ശാന്തനായ്‍വാണീടിനേനറിഞ്ഞീടുനീ
അന്നുഞാൻനന്നായടങ്ങിയതുമൂല
മിന്നവർഡംഭിച്ചുജൃംഭിച്ചിരിക്കുന്നു
ചിന്തിച്ചുകാണ്‍കിൽനീ പോവതിനേതുമേ
കാന്തേതുടങ്ങായ്ക വേണ്ടതറികനീ
ഖേദമുണ്ടാകൊലാ ചൊല്ലുവൻകേൾക്കനീ
ആദരവില്ലാത്ത ബന്ധുജനങ്ങളിൽ
ചേരുകെന്നുള്ളതുമോർത്തുകാണുന്നേരം
ഘോരമായുള്ളമൃതിക്കു സമമെടോ
ശത്രുക്കൾതങ്ങളോടേല്ക്കുന്നനേരത്തു
ശസ്ത്രങ്ങൾഗാത്രേ തറയ്ക്കുംപലതരം
ഒന്നുകിൽപ്രാണങ്ങൾപോയീടുമല്ലാഴ്കിൽ
തിണ്ണംമുറിഞ്ഞുപൊറുത്തീടുകിലുമാം
വക്രമതികളായുള്ള സുഹൃത്തുക്കൾ
ഉഗ്രമായ്‍ചൊല്ലിയ വാങ്മയാസ്ത്രൗഘങ്ങൾ
അന്തരാചെന്നുതറച്ചീടുമില്ലതി
നന്തരംജീവനൊടുങ്ങുവോളംനാഥേ.
ഞായറാഴ്ചമാഹാത്മ്യം കിളിപ്പാട്ടു്

കലക്കത്തു ദാമോദരൻനമ്പ്യാരുടെ കൃതിയാണെന്നു തോന്നുന്നു. ചെറുകൃതിയെങ്കിലും കുഞ്ചന്റേതാണെന്നു വായനക്കാർക്കു സംശയം ജനിപ്പിക്കത്തക്ക വർണ്ണനകൾ അതിൽ കാണ്മാനുണ്ടു്. ഏതാനും വരികൾമാത്രം ഉദ്ധരിക്കുന്നു.

മന്ദമന്ദം നടന്നങ്ങുചെന്നാദരാൽ
സുന്ദരിതൻഗൃഹംതന്നിലകംപുക്കു
സൈന്യമെല്ലാം ബഹുദൂരവേപാർപ്പിച്ചു
മന്നവൻമന്ദിരംപുക്കോരനന്തരം
മുന്നിലാമ്മാറങ്ങുകണ്ടിതുവേശ്യയെ
കന്ദർപ്പപത്നിയേക്കാളും മനോഹരി
കാർവണ്ടിനെജ്ജയിച്ചീടുന്നകുന്തളം
കാമുകന്മാർകണ്ടുവന്ദനംചെയ്യുന്നു.
ചന്ദ്രനുതുല്യമാമാനനനശോഭയും
സുന്ദരമാകിയ തൻതിലുകാഭയും
ചൂതായുധോപമം ചില്ലീയുഗളവും
പഥോജപത്രംകണക്കക്ഷിയുഗ്മവും
താഴപ്രസൂനവന്നാസികാഭംഗിയും
തോഷംവളർക്കുന്ന കർണ്ണദ്വയങ്ങളും.
പൊന്നോലശ്രോത്രതടേവിലസുംവിധൗ
മിന്നലെന്നോർത്തുഭയപ്പെടും സർപ്പങ്ങൾ
ദർപ്പണത്തിന്നൊരു വിഭ്രമംനൽകുന്ന
ശില്പമാകുംകപോലങ്ങൾതൻഭംഗിയും
നല്ലോരുദന്തവും മന്ദഹാസങ്ങളും
പല്ലവംപോലെവിളങ്ങുമധരവും
ശംഖിനോടൊക്കുന്നകണ്ഠവുംതന്നില
ങ്ങങ്കിതമായുള്ള തങ്കപ്പണികളും
ദീർഘമാംബാഹുവും കാമിനിതന്നുടെ
യോഗ്യമായുള്ള ദശാംഗുലശോഭയും
പങ്കജമൊട്ടിനോടുങ്കംപൊരുതുന്ന
കുങ്കുമവാസമാംകൊങ്കത്തടങ്ങളും
ആലിലപോലെവിളങ്ങുമുദരവും
ചാലവേനീർച്ചുഴിപോലുള്ളനാഭിയും
കത്തിപ്പിടിയോടുതുല്യമാംമധ്യവും
ചിത്തമോദംവളർത്തുന്നപൂഞ്ചേലയും
വാരണവീരന്റെ തുമ്പിക്കരംപോലെ
നാരീമണിയുടെ ഊരുകാണ്ഡങ്ങളും
വെള്ളിത്തളിരിനുതുല്യമാംപാദവും
പുള്ളിമൃഗാക്ഷീപുറവടിശോഭയും
അംഗജബാണങ്ങളേറ്റുവലഞ്ഞിതു
ഹാ ഹാ ശിവശിവ കഷ്ടംനരേന്ദ്രനും
ശ്രീമാർത്താണ്ഡമാഹാത്മ്യം

ഇതു ചരിത്രപ്രധാനമായ ഒരു കാവ്യമാണു്. ശ്രീവഞ്ചിരാജ്യ സംസ്ഥാപകനായ മാർത്താണ്ഡവർമ്മ മഹാരാജാവിനെ സൂര്യഭഗവാന്റെ അവതാരമായി കല്പിച്ചു്, അക്കാലത്തോ അതിനടുത്തോ ജീവിച്ചിരുന്ന ഒരു കവി രചിച്ചതായ ഒരു വിശിഷ്ട കൃതിയാണിതു്. ചിരിത്രവിഷയകമായ പലേ തെറ്റിദ്ധാരണകളും ഇതു വായിച്ചാൽ നീങ്ങുന്നതാണു് പക്ഷേ കണ്ണടച്ചു് അതിൽ പ്രസ്താവിച്ചിട്ടുള്ളതൊക്കെ വിശ്വസിക്കുന്നതു് അബദ്ധവുമായിരിക്കും.

ആറു കാണ്ഡങ്ങളോടുകൂടി രചിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം അതിവിസ്തൃതമെന്നു പറയേണ്ടതില്ലല്ലൊ. മുഴുവനും അച്ചടിച്ചിട്ടില്ല; അച്ചടിച്ചിടത്തോളംഭാഗം ‘കുത്തു’കൾകൊണ്ടും പ്രമാദങ്ങൾകൊണ്ടും ജടിലങ്ങളായും ഇരിക്കുന്നു. ഗ്രന്ഥകാരൻ ആരെന്നു നിർണ്ണയിക്കാൻ ഒരു മാർഗ്ഗവുമില്ല. കവിതയ്ക്കു ഒഴുക്കുതീരെ കുറവാണു്. യതിഭംഗവും നീണ്ടുനീണ്ട സംസ്കൃതപദങ്ങളുടെ പ്രയോഗവുംനിമിത്തം പല ദിക്കുകളിൽ ദുഃശ്രവത വന്നുപോയിട്ടുണ്ടു്. തിരുവിതാംകൂറിന്റെ വർണ്ണന താഴെച്ചേർക്കുന്നു.

തദ്രാജ്യത്തിന്റെമനോഹാരിതവർണ്ണിപ്പാനായ്
കടുനന്ദനപരിവൃഢനുംശക്തിപോരാ
ഒട്ടൊട്ടുപറഞ്ഞീടാമെങ്കിലോവൈപ്രാവനം [1]
തട്ടൊത്തഭൂമിയല്ലോ ചിലേടത്തുണ്ടുകുന്നും
കല്യാണഗിരി + സാക്ഷാൽകൈലാസസമംകണ്ടാൽ
വല്ലീവല്ലഭനതിൽ മോദിച്ചുപാർത്തീടുന്ന
ശിഖണ്ഡിതാണ്ഡവാദ്രി = യതിലുംസുബ്രഹ്മണ്യൻ
അഖണ്ഡസന്തുഷ്ടനായ് സന്തതംകളിക്കുന്നു
ഔഷധഗിരികളുമോഷധീശാദ്രികളും
പോഷണസുവർണ്ണദം ഹരിദ്രാപർവതവും
ഉത്തരദിക്കിലൊന്നിലൊന്നുതൊട്ടത്യുന്നതം
പത്തുനൂറായിട്ടൊണ്ടുമലകൾമനോഹരം.
അതുകളിങ്കൽനിന്നിട്ടൊഴുകും തടിനിക-
ളതിമോഹനംമന്ദാകിനിയോടൊക്കുമല്ലോ.
വിപിനങ്ങളും നല്ലകുന്നുകൾശിലകളും
ഭവനംമലകളിൽ കാട്ടാളന്മാർക്കുതുലോം.
മധുരഫലാന്വിതകദളീപാളിപംക്തി
യധികമിക്ഷുഭേദപംക്തിയുമതുപോലെ
പനസുരസാലങ്ങൾപൂഗങ്ങൾതാലങ്ങളും
വനജങ്ങളും നീലോത്പലങ്ങൾകല്ഹാരങ്ങൾ
നാളികേരങ്ങൾനല്ല മാതളജംബീരങ്ങ-
ളാളു [2] ക്കൾതോടും തോപ്പുംപുന്നാഗനാഗങ്ങളും
ഹി???????ലതമാലങ്ങൾ പൂന്തോപ്പുപൂങ്കാവുകൾ
തേന്തുള്ളിഫലാന്വിതവൃക്ഷങ്ങൾബഹുവിധം
അസനാദികളാകും വൃക്ഷൗഘതുംഭേദം
രസനകൊണ്ടുപറഞ്ഞിടുവാൻപണിപണി
പുഷ്പഭേദവും തദ്വത്പർവതാന്തരങ്ങളിൽ
വിഷ്ടരങ്ങളിൽക്കാണാം മർക്കടഭേദങ്ങളെ
കറുത്തകുരങ്ങുകൾ മുഖങ്ങൾകറുത്തവ
ചെറുത്തുകിടക്കുന്ന കരടിക്കുരങ്ങുകൾ
തലയിൽകിരീടങ്ങളുള്ളോരുകുരങ്ങുകൾ
പലവർണ്ണങ്ങൾ ഭയരൂപികൾകപികളും
കരികൾകിരികളും പുലികൾശാർദ്ദൂലങ്ങൾ
നരികൾചെന്നായ്ക്കളുമഴുങ്കുമുയലുകൾ
കൂമനുമുള്ളനുടുമ്പോടുന്നമാൻകൂട്ടങ്ങൾ
ഫേരംഗം തുരംഗമമിത്യാദിബഹുമൃഗം
വൃക്ഷങ്ങൾതോറുംകാണാം പക്ഷിഭേദങ്ങളേയു-
മക്ഷയമിരിക്കുന്നു ഭീമരൂപങ്ങളായി
കൂവയുംമൂങ്ങാനത്താപിംഗലംകഴുകുകൾ
ചാവലുംപിടകളും കാട്ടിലെക്കോഴികളും
കാകനുംമരംകൊത്തിപ്പക്ഷികൾഭൂരണ്ഡങ്ങൾ
കോകിലംകോയഷ്ടികൾ കൃകലാസങ്ങൾകൊക്കും
മഞ്ഞപ്പക്ഷികൾ നല്ലരാഗങ്ങൾപാടുംപക്ഷി
കുഞ്ഞുങ്ങൾകണ്ടാൽമോഹിക്കുന്നോരുപക്ഷികളും
പക്ഷികൾനിനാദങ്ങളാനകൾനിനാദങ്ങൾ
മലയിൽനിന്നുകല്ലുവീഴുന്നശബ്ദങ്ങളും
പലദിക്കിലും പ്രവാഹിനികൾശബ്ദങ്ങളും
വേണുദ്വാരങ്ങളുടെ വായുധ്മാനങ്ങൾകേൾക്കാം
കാണുമ്പോൾഭയങ്കരമീവനഭേദങ്ങളെ
ഇങ്ങനെയുള്ളബഹുവനങ്ങൾവൈപ്രാവനേ
യങ്ങങ്ങുബഹുവിധശാല്യങ്ങൾവ്രൈഹേയങ്ങൾ
മുദ്ഗങ്ങൾകലത്ഥങ്ങൾ മാഷങ്ങൾഗോധൂമങ്ങൾ
ഫല്ഗുക്കളല്ലാഭവനങ്ങളിൽപരിപൂർണ്ണം
നെല്ലുകളുടെഭേദംചൊല്ലിക്കൂടരുതല്ലോ
വെല്ലംശർക്കരാസിതാവൈക്ഷവം രസംതേനും
പാല് പഴം തക്രംനെയ്യുംദധിയുംചിപിടങ്ങൾ
തേൻകളിലുള്ളിൽരസമുള്ളനൽകനികളും
സസ്യങ്ങൾബഹുവിധം മത്സ്യങ്ങൾബഹുവിധം
വസ്ത്യങ്ങൾബഹുവിധം കാംസ്യരൂപ്യാദിബഹു
ശിവക്ഷേത്രങ്ങൾവിഷ്ണുക്ഷേത്രങ്ങൾഘോരസർപ്പ
ക്കാവുകൾപാവനങ്ങൾ ശാസ്തൃകക്ഷേത്രങ്ങളും

***


ബ്രാഹ്മണാലയങ്ങളും ക്ഷത്രിയാലയങ്ങളും
ബ്രാഹ്മോരുചരണജാതാലയങ്ങളുംതുലോം
അന്തരവർണ്ണങ്ങൾതന്നാലയങ്ങളുംപിന്നെ
പ്പന്തൊക്കുംസ്തനാന്വിതകുലടാലയങ്ങളും
കൈവർത്താലയങ്ങളും ബൗദ്ധാനാംവിഹാരങ്ങൾ
നാപിതരജകർതൻകുടികളതുംതുലോം
ചെട്ടിചേകവർകുടിതോട്ടികോമട്ടിക്കുടി
നാട്ടാർകൾകൂട്ടപ്പടവീടുകൾബഹുവിധം
നീചജാതികളുടെ കുടികളനവധി
സൂചകാലയങ്ങളുമിത്യാദികുടികളാൽ
പൂർണ്ണമായിരിക്കുന്നു തദ്രാജ്യംഫലമൂല
കീർണ്ണപൂർണ്ണിതംകിഞ്ചിൽപറഞ്ഞേനെന്നേയുള്ളു.
ചിത്രഗുപ്തചരിതം കിളിപ്പാട്ടു്

ചെറുതെങ്കിലും അതിമനോഹരമായിട്ടുണ്ടു്.

‘എന്നിദം വഞ്ചിക്ഷമാനായകോദിതംകേട്ടു
വന്നസന്തോഷത്തോടെ പൈങ്കിളിചൊല്ലീടിനാൾ’

എന്നു ആരംഭിച്ചു കാണുന്നതിനാൽ കവി വഞ്ചിരാജാവോ അദ്ദേഹത്തിന്റെ ആശ്രിതവർഗ്ഗത്തിൽ ആരെങ്കിലുമോ ആയിരിക്കണം. കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ ആയിരിക്കാൻ ഇടയുണ്ടു്. ഏതാനും വരികൾ താഴെ ചേർക്കുന്നു.

ഇന്ദ്രൻവളർത്തുന്നഗോക്കളിലൊന്നഥ
വന്നുടൻപൊയ്കതൻതീരദേശസ്ഥലേ
തണ്ണീർകുടിച്ചുടൻ സാരസപുഷ്പവും
നന്നായശിച്ചുതത്തീരേവസിച്ചിതു
സർവാംഗലക്ഷണയുക്തയാംഗോവിനു
നിർവാഹമില്ല നടപ്പതിനേതുമേ
ഗർഭമുണ്ടായ്‍വന്നിതീശബീജത്തിനാൽ
ക്ഷിപ്രമാധേനുവും ക്ഷീണയായ്‍വന്നിതു
ആദിത്യനപ്പോൾ ചരമാദ്രിപൂകിനാ-
ദാദിതേയാധിപ പത്നീശചീദേവി
ഗോവിനെക്കാണാഞ്ഞു പാരംതപിച്ചുടൻ
ദേവേന്ദ്രനോടിദം ചെന്നുണർത്തീടിനാൾ.
എന്തുവാൻകാരണംവന്നീലനമ്മുടെ
ബന്ധുരരൂപിണിയായ കപിലയും
മറ്റുള്ളഗോക്കളിന്നൊക്കവേവന്നിഹ
തെറ്റന്നണഞ്ഞിതു ശാലതോറുംപ്രഭോ
ഗോവിനെവ്യാഘ്രംപിടിച്ചുഭക്ഷിക്കയോ
ഗോപനംചെയ്തൊരുത്തൻകൊണ്ടുപോകയോ
എന്തെങ്കിലുംചെന്നറികെന്നുചിന്തിച്ചു
നിന്നനേരംവന്നുമന്ദം സുരഭിയും
വന്നപശുവിന്റെ മന്ദഭാവംകണ്ടു
ചെന്നരികത്തങ്ങുനിന്നു ശചീദേവി
മെല്ലെമെല്ലെക്കരംകൊണ്ടുതടവിനാൾ
പുല്ലുുകൾനല്ലവതിന്മാൻകൊടുത്തിതു
തണ്ണീരുകൊണ്ടുകുളിപ്പിച്ചുഗോവിനെ
യെണ്ണതടവിയുടലൊക്കെയൊന്നുപോൽ
ആലവട്ടംകൊണ്ടുബാലതരുണിമാർ
നാലുപാടുംനിന്നുവീശിനാർമെല്ലവേ

വേറെയും പല കിളിപ്പാട്ടുകൾ ഇക്കാലത്തു രചിക്കപ്പെട്ടിട്ടുണ്ടു്. കാലക്രമേണ തുള്ളലും, വഞ്ചിപ്പാട്ടും, അമ്മാനയും, കൈകൊട്ടിക്കളിപ്പാട്ടും, മാരൻപാട്ടും, ഊഞ്ഞോൽപാട്ടും ഒക്കെ കിളിയെക്കൊണ്ടു കവികൾ പാടിച്ചുതുടങ്ങി. ഉ-ം

  1. കുചേലവൃത്തം കിളിപ്പാട്ടു് ഗാഥയാണു്.
    ശാരികപ്പൈതലേ ചാരുശീലേ മമ
    ചാരേവരിക നീ വൈകിടാതെ
  2. സുന്ദരീസ്വയംബരം കിളിപ്പാട്ടു്, വെറും വഞ്ചിപ്പാട്ടാകുന്നു.
    ശാരികാകുലത്തിൻമൗലിമാലികയാകുന്നനീയും
    ചാരേവന്നങ്ങിരുന്നാലും സ്വൈരമാംവണ്ണം
  3. രാസക്രീഡ തിരുവാതിരപ്പാട്ടാണെങ്കിലും ശാരികയാണു് അതിനെ പാടുന്നതു്.
മോഹനം ചെമ്പട
ശാരികപ്പൈതലേ ചാലേ വരിക നീ
സാരകഥാമൃതം ചൊല്ലീടുക
പാലും പഴവും ഭുജിച്ചുതെളിഞ്ഞു നീ
പാലാഴിശായിയാം മാധവന്റെ
ലീലാവിശേഷങ്ങളാകവേ ബാലികേ
കാലംകളയാതെ ചൊല്ലിടുക.

ചുരുക്കിപ്പറഞ്ഞാൽ കിളിപ്പാട്ടെഴുത്തുകാരുടെ സംഖ്യ ഉത്തരോത്തരം വർദ്ധിക്കയും അതു വലിയ ശല്യമെന്നോണം പരിണമിക്കയും ചെയ്തു. ഈ ശല്യത്തെപ്പറ്റി രസികശിരോമണിയായ രാമക്കുറുപ്പുമുൻഷി എഴുതീട്ടുള്ള സരസമായ പ്രബന്ധത്തെ ഇവിടെ പകർത്താം.

“എഴുത്തച്ഛൻ ലഘുവായിട്ടു രാമായണം എഴുതിയുണ്ടാക്കിയതാണെന്നു കരുതി വളരെപ്പേർ കിളിപ്പാട്ടുകൾ ഉണ്ടാക്കുന്നുണ്ടു്. കവിതാലക്ഷണം എല്ലാം ധരിച്ചുകഴിഞ്ഞു എന്നാണു് അവരുടെ വിചാരം. ഈ വിചാരത്തോടുകൂടി അവർ കവിതയ്ക്കാരംഭിച്ചുകഴിഞ്ഞു അർത്ഥം മനസ്സിൽ ഒന്നു്; വാക്കിങ്കൽ മറ്റൊന്നു്. ഈച്ച എന്നു് എഴുതേണ്ടതു മനസ്സിൽ സ്ഫുരിയ്ക്കായ്കയാലും കവിതയിലുള്ള ദുർമ്മോഹം ഏറുകകൊണ്ടും പകരം പൂച്ച എന്നെഴുതുകയാണു് പതിവു്. എഴുതിത്തീർന്നു പുസ്തകം ആകുമ്പോഴേക്കു് വാക്കുകൾ അന്യോന്യം ശണ്ഠപിടിക്കുന്നതുപോലെ ലക്ഷ്യപ്പെടും. വഴിയാത്രക്കാർ ചുരുക്കമായിട്ടും കല്പാലക്കടവിൽ വള്ളങ്ങൾ ധാരാളമായിട്ടും ഇരിക്കുന്ന ചില അവസരങ്ങളിൽ, പാവപ്പെട്ട വള്ളക്കാർ പടിഞ്ഞാറെ കോട്ടവാതുക്കൽ പകലേ ചെന്നു കാത്തുനിന്നു് വരുന്ന വഴിപോക്കരെ തൊഴുതപേക്ഷിച്ചു് വിളിച്ചു കൊണ്ടുപോയി വള്ളത്തിൽ കയറ്റിയിരുത്തിയുംവച്ച് ഒരു വള്ളത്തിലേക്കു ആൾ തികയാഞ്ഞാൽ വേണ്ടആളുകളെ കിട്ടുന്നതുവരെ കോട്ടവാതുക്കൽചെന്നു നില്ക്കയും വരുന്ന ഓരോരുത്തരെ തൊഴുതപേക്ഷിച്ചു പഴേപടി കൊണ്ടുപോയി വള്ളത്തിൽ കയറ്റുകയും ചെയ്തിട്ടു് രാത്രി പന്ത്രണ്ടുമണിക്കോ, പാതിര കഴിഞ്ഞിട്ടോ കിട്ടുന്നവരേയുംകൊണ്ടു് വർക്കലയ്ക്കു തിരിക്കുന്ന സംഗതി അനേകംപേർക്കു അറിയാവുന്നതാണല്ലോ. വള്ളക്കാരൻ വള്ളത്തിൽ കയറ്റിയവരിൽ നല്ലവരുംകാണും; ചീത്തകളുംകാണും; സ്വദേശിയും കാണും പരദേശിയും കാണും; നമ്പൂരിയും എമ്പ്രാനും പട്ടരും നായരും ജോനകനും നസ്രാണിയും കൊങ്ങിണിയും കോമട്ടിയും ഇങ്ങനെ പല ജാതിക്കാരും കാണും. ചിലപ്പോൾ സ്ത്രീകളേയും കണ്ടേയ്ക്കാം. ഇതുപോലെയാണു് ചില കവികളുടെ പദപ്രയോഗം.

ഈയിടെ ഒരു കവി തെങ്ങിനെക്കുറിച്ചു് ഒരു കിളിപ്പാട്ടുണ്ടാക്കുന്നതിനു് നിശ്ചയിച്ചു് എഴുതിത്തുടങ്ങിയ വൃത്താന്തത്തെപറയാം. കവി ആദ്യമായി ഗ്രന്ഥത്തിനു പേർകൊടുത്തു. തെങ്ങുമാഹാത്മ്യം കിളിപ്പാട്ടന്നാണു് പേർ. ഗ്രന്ഥം സമാപ്തിയായാൽ പരിശോധിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന ആളുടെപേർ ഗ്രന്ഥനാമം എഴുതിയതിന്റെ താഴെ കവി എഴുതി. അതു ഇങ്ങിനെ ആയിരുന്നു:- ഈ കിളിപ്പാട്ടു് ഭൂതപ്പാണ്ടി മഹാവിദ്വാൻ നരസിംഹയ്യങ്കാർ പിഴതിരുത്തിയതാകുന്നു. ഇതിന്റെ താഴെ കവി സ്വന്തം പേരെഴുതി. അതിപ്രകാരമായിരുന്നു.

ഇതുണ്ടാക്കിയതു് ശംഖുമുഖത്തു ഗ്രാന്റുപള്ളിക്കൂടം ഒന്നാംവാധ്യാരായിരുന്നു എന്നു സ്വപ്നംകണ്ട വലിയേടത്തു് ഇട്ടിക്കണ്ടൻ.

ഇത്രയും എഴുതിത്തീർന്നതിന്റെശേഷം ഇട്ടിക്കണ്ടൻ കവിത എഴുതിത്തുടങ്ങി.

അഥ കഥാരംഭഃ
ഹരിഃ ശ്രീ ഗണപതയേ നമഃ.
ശ്രീഗണപതിതന്നെ ഞാനിതാ വന്ദിക്കുന്നു
ആഗമക്കാതലായ ഭാരതീദേവിതന്റെ
കാലിണരണ്ടുംകൂടെ ഞാനിതാ സേവിക്കുന്നു.

ഇത്രയും എഴുതിത്തീർത്ത ഇട്ടിക്കണ്ടൻ വാക്കുകിട്ടാതെ കുഴങ്ങി. രണ്ടാമത്തെ അക്ഷരത്തിൽ ‘ല’കാരമുള്ള വാക്കുവേണം. എന്തുള്ളു എന്നു വിചാരിച്ചു് മുൻപറഞ്ഞതുപോലെ വഴിപോക്കരേ കിട്ടാതെകണ്ടു് കഷ്ടടപ്പെടുന്ന വള്ളക്കാരന്റെ സ്ഥിതിയിലകപ്പെട്ടിരുന്ന നമ്മുടെ തെങ്ങുമാഹാത്മ്യകിളിപ്പാട്ടുകാരൻ ഭാഗ്യവശാൽ വാലുള്ള എന്ന വാക്കു് കണ്ടുപിടിച്ചു; എന്തെങ്കിലും ആട്ടേ, ഈ പദത്തെതന്നെ ഒന്നു ചേർക്കാമെന്നു അയാൾ നിശ്ചയിച്ചു. എന്നിട്ടു് അയാൾ ഇങ്ങനെ പൂരിപ്പിച്ചു.

കാലിണരണ്ടുംകൂടെ ഞാനിതാസേവിക്കുന്നു
വാലുള്ളഹനൂമാൻ ശ്രീരാമനേ പണ്ടെന്നപോലെ

പ്രാസമുള്ള ഒരു പദത്തിനുവേണ്ടി ഇത്രവളരെ കഷ്ടപ്പെട്ടുവല്ലോ. കഷ്ടംതന്നെ, എങ്കിലും ദൈവസഹായംകൊണ്ടു് ഒന്നു കിട്ടിയതു ഒന്നാന്തരമായി. പ്രാസത്തോടുകൂടി ഒരു ഉപമാലങ്കാരം കിട്ടി. അതിനാൽ ഇനിയും ദൈവസഹായംതന്നെ വേണ്ടതു്. അതുകൊണ്ടു് കുറെ ദൈവങ്ങളേക്കൂടെ സഹായത്തിനു വിളിച്ചുകൊണ്ടുവേണം തെങ്ങുമഹാത്മ്യകഥയിൽ പ്രവേശിക്കേണ്ടതെന്നെല്ലാം നിശ്ചയിച്ചു് കവി എഴുതാൻ ആരംഭിച്ചു.

കഠിനംകുളത്തുള്ള തേവരും വള്ളംകേറി
പഠിപ്പിക്കേണമിങ്ങുവന്നെന്നെ വേണ്ടതെല്ലാം
ശാർക്കരബ്ഭഗവതി വർക്കലബ്ഭഗവാനും
തർക്കമറ്റെന്നെ തുണചെയ്യണമതിന്നായി
കർക്കശമെന്യേ നല്ല ശർക്കരതരുവിക്കാം
വർക്കിമാപ്പിളേക്കൊണ്ടു വീർക്കോളം ന സംശയം
കൊല്ലത്തുവസിക്കുന്നോരല്ലിത്താരമ്പശത്രു
കല്ലിൽത്തന്നിരുന്നുകളയാതെന്നുള്ളത്തിൽവന്നുദിക്കേണം

ഇത്രയും എഴുതിത്തീർന്നു നേരവും അസ്തമിച്ചു. അത്താഴം കഴിഞ്ഞു കിടക്കാറായപ്പോൾ, നമ്മുടെ കവി തന്റെ കൃതിയെ ഭാര്യയെ ഒന്നു കാണിച്ചു. അപ്പോൾ ‘കൊല്ലത്തുവസിക്കുന്നോരല്ലിത്താരമ്പശത്രു’ എന്നുവരെ കവിത നന്നായി, അതിന്റെ അടുത്തവരിയിൽ അക്ഷരം പോരെന്നോ മറ്റോ ഉണ്ടെന്നു ഭാര്യയ്ക്കു് ആദ്യവും ഭർത്താവിനു പിന്നീടും തോന്നി. പിറ്റേന്നു് ‘അമരവർഗ്ഗം’വരെ പുസ്തകം നോക്കി കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്ന വേളിപ്പൊഴിമുഖം പള്ളിക്കൂടം രണ്ടാം വാദ്ധ്യാരുടെ അടുക്കൽ മിസ്റ്റർ ‘ഇട്ടിക്കണ്ടൻ’ അയാളുടെ കവിതയുംകൊണ്ടുചെന്നു. അയാൾ പറഞ്ഞതു് അക്ഷരം കുറവുണ്ടെന്നല്ല കൂടിപ്പോയെന്നാണു്. നമ്മുടെ തെങ്ങുകവിക്കു രസിച്ചില്ല. ഇന്നലെ ഭാര്യപറഞ്ഞു അക്ഷരം കുറവുണ്ടെന്നു്. ഇന്നിയാൾ പറയുന്നു അക്ഷരം കൂടിപ്പോയെന്നു്. ലോകം ഭിന്നരുചി എന്നു പറയുന്നതു് ശരിതന്നെ. എന്നിങ്ങനെ ചാക്കേക്കടവിൽവച്ചു പറഞ്ഞുനിന്നു. അപ്പോൾ കണക്കിൽ മിടുക്കനായ ഒരു കീഴ്ക്കൂട്ടംപിള്ള അവിടെ ചെന്നുചേർന്നു. കവി ആ പിള്ളയോടു വിവരങ്ങൾ എല്ലാം പറഞ്ഞു. പിള്ളപറഞ്ഞു തർക്കനിവൃത്തിക്കു് അക്ഷരങ്ങൾ ഒന്നു എണ്ണിനോക്കണമെന്നു്. കവി അക്ഷരങ്ങൾ എണ്ണിനോക്കി; അപ്പോൾ കണ്ടതു കൂടുതലാണു്. ഇങ്ങനെ വേളിപ്പൊഴി രണ്ടാംവാദ്ധ്യാർ നിസ്സംശയമായി ജയം പ്രാപിച്ചു് വാഗ്ദ്ധോണികളെക്കൊണ്ടു് പടഹം അടിച്ചുതുടങ്ങി. കവിക്കു ദുസ്സഹമായ കോപവും വ്യസനവും ഉണ്ടായി. “വാദ്ധ്യാരെ നിങ്ങൾ ഇത്രയൊന്നും പറയേണ്ട. അക്ഷരം കൂടിയാലെന്തു്? കവികൾ നിരങ്കശന്മാരാണു്. ശാസ്ത്രംകൊണ്ടു് കണ്ട ദോഷത്തെ പരിഹരിക്കാം “സ്വച്ഛന്ദംപോലെ ശബ്ദത്തെകുറുക്കും നീട്ടും യഥാമതി, അച്ഛന്ദസ്സിനുഭംഗത്തെലേശംപോലും വരുത്തൊലാ” എന്നാണു് ശാസ്ത്രം കാണുന്നതു്. എന്നുപറഞ്ഞു് കവി നീണ്ടവരിയിലുള്ള അക്ഷരങ്ങളെ നീക്കിയൊതുക്കി 14 അക്ഷരങ്ങളിലാക്കി. അതു് ഇങ്ങനെയാകുന്നു.

കല്ലിത്തന്നിരുന്നിടാതെന്നുള്ളത്തിലുദിക്കണം

പിന്നെയും കവി എഴുതിത്തുടങ്ങി.

ചാവറേലമ്പലേശൻ കവറായുധാരിയെൻ
വവറിലുദിച്ചുകാണാൻ തവറിപ്പോകുന്നെങ്കിൽ

ഈ വരികൾ വളരെ നന്നായെന്നു കവിക്കു തോന്നി. “ഗുരുവേ നമഃ” എന്നറിയാതെ പറഞ്ഞുപോയി. അയാൾക്കു ഉടൻ വാക്കുകൾ വശ്യങ്ങളായി.

ആയിരംതെങ്ങിൽ വട്ടക്കായലിൻകരേവാഴും
തായിരിക്കവേ യാരേ ആയിരംതൊഴേണ്ടുഞാൻ?
തൃക്കുന്നപ്പുഴ യരിപ്പാട്ടു ചേർത്തല വയ്ക്കും
മുക്കണ്ണൻ മകൻ ദേവിയമ്പലപ്പുഴെ കൃഷ്ണൻ
ഇവരും തുണയ്ക്കേണം ഗുരുവും തുണയ്ക്കേണം
ഇവരെത്തൊഴുന്നുഞാനെപ്പൊഴും സദാകാലം
തെങ്ങിന്റെഗുണങ്ങളെപ്പറവാൻപോകുന്നുഞാൻ
ഭംഗിവാക്കർത്ഥങ്ങൾക്കു എങ്ങിനെയിരുന്നാലും
തുംഗമാനസന്മാർനല്ലസംഗതിഗ്രഹിക്കണം
തെങ്ങിൽനിന്നല്ലേ തേങ്ങയിടുന്നു ബുധജനം
തേങ്ങയിൽനിന്നു വെളിച്ചെണ്ണയും കിട്ടുന്നല്ലോ
തേങ്ങാപ്പാലിനെ ചേർത്താൽ പ്രഥമൻ നന്നാകുന്നു
തേങ്ങയെ കറിക്കുള്ള കൂട്ടിനും ചേർത്തീടുന്നു
തേങ്ങയെക്കൊപ്രയാക്കിക്കപ്പലിൽക്കയറ്റുന്നു
തേങ്ങയെന്നതു നല്ല പണം താൻ രൂപാന്തരം
തെങ്ങിലെ കരിക്കല്ലേ ദാഹിച്ചാൽ കുടിപ്പതു?
തെങ്ങിന്റെയോലകൊണ്ടു പുരയും മേയാമല്ലോ
തെങ്ങിന്റെ കൂമ്പുചെത്തി ചെത്തുകാർ കള്ളെടുപ്പു
തെങ്ങിന്റെ കുരുത്തോല തോരണങ്ങൾക്കും കൊള്ളാം.
മംഗലാംഗിമാർ കാതിലോലയ്ക്കും പ്രയോഗിക്കും
തെങ്ങിന്റെ സാർവ്വാംഗവും ലോകത്തിന്നുപകരം
തുംഗത്തെത്താങ്ങിനിന്നാൽ മംഗലം മങ്ങിടാതെ-
യെങ്ങുമേ പൊങ്ങിപ്പൊങ്ങി വന്നിടും സത്യംസത്യം

ഇതി തെങ്ങുമാഹാത്മ്യവർണ്ണനേ ശ്രീമതീട്ടിക്കണ്ടകൃതൗ തേങ്ങകരിക്കു ഓലാദി സാമാന്യവർണ്ണനംനാമ പ്രഥമകാണ്ഡം ദൈവകൃപയാ സമാപ്തം.

ഇപ്രകാരം നമ്മുടെ കവി ഏഴുകാണ്ഡങ്ങൾ എഴുതിയുണ്ടാക്കി ഒരു ഗ്രന്ഥമാക്കിയച്ചടിപ്പിച്ചു് പ്രസിദ്ധപ്പെടുത്തുകയും ഏതാനും പ്രതികൾ റിവ്യുചെയ്‍വാനായി പത്രാധിപന്മാർക്കും പാരിതോഷികമായി ചില സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കയും ചെയ്തു. നമ്മുടെ ഗവണ്മെന്റിൽനിന്നു പീനൽകോഡിന്റെ ഒരു മൂലയ്ക്കെങ്ങാനും ദുഷ്കവികൾക്കു ശിക്ഷവിധിക്കുന്നതായ ഒരു വകുപ്പു ചേർക്കാതിരിക്കുന്നതു നമ്മുടെ ഭാഷ ഇന്നും ശൈശവത്തിൽ ഇരിക്കുന്നതുകൊണ്ടുതന്നെ ആയിരിക്കണം.

൨. പാനകൾ

കേരളീയർക്കു ഏറ്റവും പ്രിയമായിട്ടുള്ള വൃത്തങ്ങളിൽ ഒന്നാണു് പാന. വിശിഷ്ടകവികളിൽ പലരും പാനകൾ രചിച്ചിട്ടുണ്ടു; ഇപ്പോൾ രചിച്ചുകൊണ്ടുമിരിക്കുന്നു. ഈ കാലഘട്ടത്തിൽ ഉണ്ടായ ചില പാനകളേമാത്രം ഇവിടെ വിവരിക്കുന്നു.

മലയാളഭാഷയിൽ ഉണ്ടായിട്ടുള്ള പാനകളിൽവച്ചു് ഏറ്റവും വലുതു രാമായണം പാനയാണെന്നു തോന്നുന്നു. അതിൽ സുന്ദരകാണ്ഡവും യുദ്ധകാണ്ഡവും ഉൾപ്പെട്ടിരിക്കുന്നു.

രാമായണം പാന

സുന്ദരകാണ്ഡം 984 ധനു 30-ാംനു വെള്ളാരപ്പള്ളി കോവിലകത്തുവച്ചു തീപ്പെട്ട കൊച്ചീ രാമവർമ്മമഹാരാജാവു് കല്പിച്ചുണ്ടാക്കിയതാണു്. ആ മഹാരാജാവു് മൂത്രകൃഛ്രത്താൽ പീഡിതനായിട്ടു്, അതു വായുസംബന്ധമായുള്ള രോഗമാണെന്നുള്ള വിശ്വാസത്താൽ തച്ഛമനാർത്ഥം ഹനുമാനെ പ്രീണിപ്പിക്കുന്നതിനുവേണ്ടി സുന്ദരകാണ്ഡത്തെ പാനയായി പാടിയെന്നും രാമദാസൻ സീതാദേവിയുടെ അടുക്കൽ അംഗുലീയകം സമർപ്പിക്കുന്ന ഘട്ടം തീർന്നപ്പൊഴേയ്ക്കും രോഗവിമുക്തനായി ഭവിച്ചുവെന്നും ആണു് ഐതിഹ്യം. കൊച്ചീ രാജകുടുംബത്തിലെ തമ്പുരാട്ടിമാർ സുഖപ്രസവാർത്ഥം ഈ പാനയെ ഇന്നും വായിക്കാറുണ്ടത്രേ.

1019 മേടം 12-ാം നു മകയിരം നക്ഷത്രത്തിൽ അവതരിച്ച സുഭദ്രയെന്നുകൂടി പേരുള്ള ഇക്കുവമ്മത്തമ്പുരാനാണു് യുദ്ധകാണ്ഡം കൂടി എഴുതിച്ചേർത്തതു്.

രാമവർമ്മമഹാരാജാവു് 938-ാമാണ്ടു് കർക്കടകമാസം ഭരണി നക്ഷത്രത്തിൽ ജനിച്ചു. ശക്തൻതമ്പുരാൻ എന്നു പ്രസിദ്ധിപെറ്റ മഹാരാജാവു് 981 കന്നി 13-ാം നു തൃശ്ശിവപേരൂർവച്ചു് തീപ്പെട്ടപ്പോൾ അവിടുന്നു രാജ്യഭാരം കൈയേറ്റു. അവിടുത്തെ മന്ത്രി പാലിയത്തു മേനോനായിരുന്നു. അദ്ദേഹം മക്കാളെയ്ക്കെതിരായി വേലുത്തമ്പിയുണ്ടാക്കിയ കൂട്ടുകെട്ടിൽ ഉൾപ്പെട്ടുവെങ്കിലും വാഗ്ദാനംചെയ്തിരുന്ന സഹായങ്ങൾ ഒന്നും യഥാകാലം ചെയ്തുകൊടുക്കായ്കയാൽ വേലുത്തമ്പി പരാജിതനായി. 1809 ഫെബ്രുവരി ഏഴാം തീയതി പാലിയത്തച്ഛനും കീഴടങ്ങി. ഈ ലഹള ശമിക്കുംമുമ്പുതന്നെ മഹാരാജാവു നാടുനീങ്ങി.

പ്രസ്തുത ലഹളയുടെഫലമായി കൊച്ചിയും ബ്രിട്ടീഷു് ഗവർമ്മെന്റുമായുള്ള ഉടമ്പടി പുതുക്കുന്നതിനും രാജ്യത്തുണ്ടായിരുന്ന കോട്ടകൊത്തളങ്ങളും പടക്കോപ്പുകളുമെല്ലാം ഇംഗ്ലീഷുകാർക്കു വിട്ടുകൊടുക്കുന്നതിനും കൊച്ചീരാജാവു് നിർബന്ധിതനായി ഭവിച്ചു. കപ്പവും വർദ്ധിപ്പിച്ചു. പാലിയത്തുകുടുംബത്തേയ്ക്കു പാരമ്പര്യമായുണ്ടായിരുന്ന മന്ത്രിസ്ഥാനം എടുത്തുകളഞ്ഞിട്ടു്, നടവരമ്പത്തു ചെറുപറമ്പിൽ കൃഷ്ണമേനോൻ വലിയ സർവാധികാര്യക്കാർ എന്ന പേരോടുകൂടി മന്ത്രിസ്ഥാനത്തു നിയമിക്കപ്പെട്ടതും അവിടുത്തേക്കാലത്താണു്.

അവിടുത്തെ പിൻഗാമിയും സഹോദരനും ആയ വീരകേരളവർമ്മതമ്പുരാനേപ്പോലെ അവിടുന്നും, സാഹിത്യത്തിൽ താൽപര്യം പ്രദർശിപ്പിച്ചുുവന്നു. ശ്ലോകമാല, ഭാർഗ്ഗവാവതാരം, രാമായണകാവ്യം, താടകാവധം, യാഗരക്ഷ, അഹല്യാമോക്ഷം, വ്യാസാവതാരം, ദക്ഷയാഗം, ശാകുന്തളം, വാമനമാഹാത്മ്യം, തീർത്ഥയാത്ര ഇത്യാദി ആട്ടക്കഥകൾ—ഇങ്ങനെ പലേ കൃതികൾ അവിടുന്നു നിർമ്മിച്ചിട്ടുള്ളതായി മാണിക്കത്തു ശങ്കരമേനോൻ അവർകൾ പറയുന്നു. എന്നാൽ കുട്ടമശ്ശേരി നാരായണപ്പിഷാരടി അവർകളാകട്ടെ ആട്ടക്കഥകളുടെ ഒക്കേ കർത്തൃത്വം വീരകേരളവർമ്മതമ്പുരാനിൽ ആരോപിച്ചിരിക്കുന്നതായി തോന്നുന്നു.

ഇക്കുഅമ്മതമ്പുരാൻ തിരുമനസ്സുകൊണ്ടു 1055 മീനം 2-ാം നു തീപ്പെട്ട കുഞ്ഞമ്മതമ്പുരാൻ തിരുമനസ്സിലേയും കൂടലാറ്റുപുറത്തു കുഞ്ചുനംപൂരിപ്പാട്ടിലേയും രണ്ടാമത്തെ പുത്രിയായിരുന്നു. പ്രസിദ്ധവിദ്വാനായിരുന്ന മൂഴിക്കുളത്തു കുഞ്ഞുണ്ണിനമ്പ്യാരുടെ കീഴിൽ സാമാന്യം വിദ്യാഭ്യാസം നടത്തീട്ടു് പാലക്കാട്ടു ഗോവിന്ദൻനമ്പ്യാരുടെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും പടുതോൾ വിദ്വാൻ നംപൂരിപ്പാട്ടിലെ അടുക്കൽനിന്നു തർക്കവും എടപ്പലിസ്സ് നമ്പൂരിപ്പാട്ടിൽനിന്നു വ്യാകരണവും അഭ്യസിച്ചു. മഠത്ത്യനമ്പൂരിയാണു് തൃത്താലി ചാർത്തിയതു്.

തിരുമനസ്സിലെ ഭാഷാകൃതികൾ പൂർണ്ണത്രയീശൻ പാന, അഷ്ടമിരോഹിണിമാഹാത്മ്യം കിളിപ്പാട്ടു്, കംസവധം ശീതങ്കൻതുള്ളൽ, അമൃതാഹരണം പറയൻതുള്ളൽ, ഭിക്ഷുഗീത ശീതങ്കൻതുള്ളൽ, പൂതനാമോക്ഷം പതിനെട്ടുവൃത്തം കൈകൊട്ടി കിളിപ്പാട്ടു്, തൃണാവർത്തവധം പന്ത്രണ്ടുവൃത്തം കൈകൊട്ടിക്കിളിപ്പാട്ടു്, ധർമ്മനിർണ്ണയം പാന മുതലായവയാകുന്നു.

മാതൃകയായി ഓരോ പാനകളിൽനിന്നും ഏതാനും ഭാഗം ഉദ്ധരിക്കുന്നു.

ശ്രീഹനൂമാൻ ലങ്കയിൽചെന്നു് സീതയെ അന്വേഷിച്ചുനടക്കവേ,

വൃക്ഷങ്ങളിൽ കപീശൻ ചരിക്കുമ്പോൾ
പക്ഷികളുമുണർന്നു തുടങ്ങീതേ;
പുഷ്പതല്പങ്ങൾപോലെ മഹീതലേ
പുഷ്പങ്ങളും കൊഴിഞ്ഞു നിറഞ്ഞിതേ;
അശോകോദ്യാനം തന്നുടെ മധ്യത്തിൽ
ശിംശപാവൃക്ഷം കണ്ടു കപീശ്വരൻ
സ്വർണ്ണംകൊണ്ടുള്ള വേദികയായുള്ള
സ്വർണ്ണവർണ്ണമാം ശിംശപാവൃക്ഷവും
നല്ലപല്ലവ പുഷ്പങ്ങളൊക്കെക്കൊ–
ണ്ടെല്ലാദിക്കും വിളങ്ങുന്നിതുദ്യാനേ;
ശിംശപാ തന്നിൽ ച്ചാടിക്കപീശ്വര–
നാശയത്തിലിവണ്ണം വിചാരിച്ചു:-
“ഇവിടെസ്സുഖമായിട്ടിരുന്നുഞാൻ
ദേവിതന്നുടെ പാദാബ്ജം കാണുവൻ”
ചിത്തംതന്നിലിവണ്ണം വിചാരിച്ചു
പത്തുദിക്കിലും നോക്കുന്ന നേരത്തു്
അവിടെക്കണ്ടു വാപീസരസ്സുകൾ
പവിഴംകൊണ്ടു കെട്ടിപ്പടുത്തവ
കാന്തങ്ങളാകും നാനാതരുക്കളും
സന്താനലതാജാലങ്ങളും കണ്ടു
ഹേമംകൊണ്ടുള്ള വേദികയല്ലാതെ
കോമളോദ്യാനേയില്ലാതറകളും
കണ്ടുമാരുതിക്രീഡാഗിരിവരം
കണ്ടാലെത്രയും ദൃഷ്ടിമനോഹരം
സർവജീവതനയൻ നദികണ്ടു
പർവതംതന്നിൽനിന്നങ്ങൊഴുകുന്നു
കാന്തൻതന്നുടെയങ്കത്തിൽനിന്നാശു
കാന്ത കോപിച്ചു പോകുന്നതുപോലെ
നീരജദു മശാഖാസമൂഹങ്ങൾ
വാരിയിൽമുട്ടി നിൽക്കുന്നതുകണ്ടാൽ
വാരിജാക്ഷിയെത്തന്നുടെ ബന്ധുക്കൾ
വാരണം ചെയ്‍കയോയെന്നു തോന്നീടും
തത്രപിന്നെസ്സമീപേ വിളങ്ങുന്ന
ചിത്രമാകുന്ന ചൈത്രപ്രസാദവും
ചാരുസ്തംഭസഹസ്രേണ ശോഭിതം
മാരുതികണ്ടു കൈലാസപാണ്ഡുരം
പിന്നെ പ്രാണതനയൻ കപിവരൻ
മിന്നൽപോലെ നയനമാരായുള്ള
രാക്ഷസീഗണമദ്ധ്യേ മലിനയായ്
വൃക്ഷമൂലത്തിലേറ്റം കൃശയായി
ഉഷ്ണമാകുന്ന ദീർഘശ്വാസത്തൊടു–
മുഷ്ണമാകുന്ന കണ്ണീരൊടുംകൂടി
ഭൂമിതന്നിലിരിക്കുന്ന ദേവിയെ–
യാമിനീശകലംപോലെ കണ്ടുതേ
യുദ്ധകാണ്ഡം പാന
‘ഓരായിരത്തെഴുപതും ശരിയായൊരെട്ടും
തീരെക്കഴിഞ്ഞുദിതശോഭകൃദാകമബ്ദേ’

എഴുതിത്തീർത്തു.

‘പണ്ടുമാമകമാതാമഹിയാകും
കൊണ്ടൽവേണിയാൾ തന്നുടെ മാതുലൻ’
ഉണ്ടാക്കീട്ടുള്ള കാണ്ഡത്തിൻ ശേഷം ഞാൻ
കൊണ്ടാടിക്കൊണ്ടു വർണ്ണനം ചെയ്യുന്നേൻ

എന്നു ഗ്രന്ഥകർത്ത്രി തനിക്കും സുന്ദരകാണ്ഡകർത്താവിനും തമ്മിലുള്ള ബന്ധത്തെ കാണിച്ചിരിക്കുന്നു. യുദ്ധകാണ്ഡത്തിൽനിന്നു ഏതാനും വരികൾ താഴെ ചേർക്കുന്നു.

രാമചന്ദ്രൻ വാനരന്മാരോടുകൂടി സമുദ്രത്തിനു സമീപത്തെത്തുന്നു. തത്സമയം,

സാഗരത്തേയും കണ്ടീടിനാരവ–
രാകാശത്തോടു തുല്യമായങ്ങനെ
മേഘനാഭംകണക്കതിഗംഭീര–
മാകും ശബ്ദവും സിന്ധുവിൽ കേൾക്കുന്നു
ഔന്നത്യമുള്ള കല്ലോലജാലത്തിൽ
ചന്ദ്രനുംഗ്രഹനക്ഷത്രസംഘവും
എന്നുവേണ്ട ഗഗനത്തിൽ കാണുന്ന–
തൊന്നൊഴിയാതെ സർവ്വവും കാണ്‍കയാൽ
ഇന്നുസാഗരമേതെന്നുമാകാശം
പിന്നെയേതെന്നും വേർതിരിച്ചീടുവാൻ
തന്നെയിങ്ങു വിഷമമെന്നീവണ്ണം

തങ്ങളിൽ ചൊല്ലിക്കൊണ്ടു് വാനരവീരന്മാർ അമ്പരന്നു നില്ക്കുന്നു.

“വാരിധിതീരേ സേനാനിവേശവും”ചെയ്തിട്ടു് രാമചന്ദ്രൻ ലക്ഷ്മണനെ നോക്കിപ്പറയുന്നു.

ജനകന്റെ തനൂജയെ കാണാഞ്ഞിട്ടനുജ മമ സന്താപമങ്ങനെ
ദിനംതോറും വളർന്നുവന്നീടുന്നു മനസ്സുംപരംഭ്രാന്തമായീടുന്നു
കാന്തദൂരത്തെന്നുള്ളിൽ നിനച്ചിട്ടു ഹന്തശത്രു ബലവാനെന്നീവണ്ണം
ചിന്തിച്ചിട്ടും വ്യസനമില്ലൊട്ടുമേ ഗതമായൊരു യൗവനംപിന്നാക്കം
പ്രതിയാനംചെയ്തില്ലെന്നുനിർണ്ണയം അതുമാത്രംനിനയ്ക്കുമ്പോൾസങ്കട–
മതിമാത്രം വളരുന്നു മാനസേ മല്ലാക്ഷിയാകും സീതയെക്കട്ടിട്ടാ–
ക്കള്ളരാക്ഷസൻ കൊണ്ടുപോയീടുമ്പോൾ വല്ലഭ നാഥ പാഹിമാമെന്നവൾ
ചൊല്ലിയമൊഴിയെന്നെയുംകൊല്ലുന്നു പിന്നെദ്ദക്ഷിണദിക്കിൽനിന്നങ്ങനെ
വന്നീടുന്നൊരുമന്ദവാതത്തൊടായ് ചൊന്നാനെത്രയുമുന്മത്തനെപ്പോലെ
നിന്നുദുഃഖംസഹിയാതെ രാഘവൻ സീതാദേഹത്തിൽ സ്പർശിച്ചുപോരുന്ന
വാതമാമകഗാത്രത്തിലും ഭവാൻ വീതസംശയംസ്പർശനം ചെയ്താലും
ഖേദത്തെയുംകുറച്ചാലുമല്പംനീ ഏവമോരോരോ ഭ്രാന്തുപറകയും
രാവുംപിന്നെപ്പകലുമൊരുപോലെ ദേവിതൻ വിരഹാഗ്നിയാലേറ്റവും
ദേവന്തൻദേഹംകത്തിജ്ജ്വലിക്കയാൽ ആവിലത്വംകലർന്നുള്ളവാക്കുക–
ളീവണ്ണം കഥിച്ചീടിനാൻപിന്നെയും കീർത്തിപ്പെട്ട ദശരഥൻതന്നുടെ
പുത്രഭാര്യയായിട്ടും ജനകന്റെ പുത്രിയായിട്ടും മാമകപ്രേമത്തിൻ–
പാത്രമായിട്ടും ശോഭിച്ചജാനകി പാർത്താലെങ്ങനെ രാക്ഷസീമദ്ധ്യത്തി–
ലാർത്തിപൂണ്ടുകിടപ്പാൻകഴിവരും ശത്രുസംഹാരംചെയ്തുഞാനെന്നയ്യോ
ധാത്രീപുത്രിതൻദർശനംപ്രാപിക്കും ചന്ദ്രബിംബമുഖിയാകും സീതതൻ
സുന്ദരമാകും പ്രേമാർദ്രദൃഷ്ടിയേ എന്നുകണ്ടുഞാൻമാനസസന്താപ–
മൊന്നൊഴിയാതെ ദൂരെക്കളഞ്ഞിടും ഏകയായ് ശത്രുപീഡിതയായ്‍പരം
സുഖഹീനയായ്മേവുമെൻവല്ലഭാ ശോകസാഗരംതന്നിൽമുഴുകുമ്പോൾ
ഹാകഷ്ടം മമ പൂരുഷത്വംവൃഥാ ഇങ്ങനെപലസങ്കടവാക്കുകൾ
മംഗലനാകുംരാമൻപറയുമ്പോൾ സംഗതിചേർത്തുലക്ഷ്മണനോരോരോ
ഭംഗിവാക്കുകൊണ്ടാശ്വാസം നൽകിനാൻ.
സുഭദ്രാഹരണം പാന

ഈ കൃതിയേ ഇപ്പോൾ മദ്രാസ് സർവകലാശാലാമലയാളഗ്രന്ഥപരമ്പരയുടെ രണ്ടാംകളമായി ഡാക്ടർ അച്യുതമേനോൻ പ്രസാധന ചെയ്തിരിക്കുന്നു. ഭാരതവിലാസം പ്രസ്സുകാർ വളരെ മുമ്പേതന്നെ അച്ചടിച്ചുവിട്ടിരുന്നെങ്കിലും, അതിനു ഇപ്പോഴാണു് നാലുപേരുടെ മുഖത്തു നോക്കത്തക്കവണ്ണം കമനീയമായ ഒരു രൂപം സിദ്ധിച്ചതെന്നു പറയാം.

സുഭദ്രാഹരണം പൂന്താനത്തിന്റേതാണെന്നാണു് ഐതിഹ്യം. വാമപുരേശനെ പേർചൊല്ലി സ്തുതിച്ചിട്ടില്ലെങ്കിലും,

ബാലഗോപാലരൂപജനാർദ്ദന
ചാലവേ മമ മുന്നിൽ വിളങ്ങേണം
പീലിക്കാർമണി കൂന്തലും കാന്തിയും
ബാലക്രീഡയും പുഞ്ചിരിക്കൊഞ്ചലും
നീലക്കണ്മിഴിത്തെല്ലിൻവിലാസവും
ലീലയ്ക്കൊത്തൊരു വേഷപ്രകാരവും
ലോലപ്പൊന്മണി കിങ്ങിണിയുംകോലും
നീലക്കാർവർണ്ണ! നിന്നെ വണങ്ങുന്നേൻ

എന്നിങ്ങനെ ഭക്തിപൂർവ്വം കവി ശ്രീകൃഷ്ണനെ സ്മരിച്ചിട്ടുള്ളതും രചനാരീതിയും നോക്കിയാൽ ഈ ഐതിഹ്യത്തെ വിശ്വസിക്കുന്നതിൽ വലിയ തെറ്റില്ല.

വേറെ ഒരു ഐതിഹ്യമുള്ളതും ഇവിടെ പ്രസ്താവയോഗ്യമാണു്. വിഭക്തിക്കുറവുണ്ടെങ്കിലും ഭക്തിയിൽ അദ്വിതീയനായിരുന്ന ഈ കവിവര്യനെ, നാരായണീയാദി കാവ്യതല്ലജങ്ങളുടേയും പ്രക്രിയാസർവ്വസ്വാദി വ്യാകരണങ്ങളുടേയും നിരവധി മീമാംസഗ്രന്ഥങ്ങളുടേയും കർത്താവായിരുന്ന ശ്രീ: ശ്രീനാരായണഭട്ടതിരി അധിക്ഷേപിച്ചതായും അതിനേപ്പറ്റി ഭക്തന്മാർക്കു ദാസ്യംവഹിപ്പാൻപോലും മടിക്കാത്ത ഗുരുവായൂരപ്പൻ സ്വപ്നത്തിൽ അദ്ദേഹത്തെ ശാസിച്ചതായും പറഞ്ഞുവരാറുണ്ടല്ലോ. ആ പാപനിവാരാണാർത്ഥം ഭട്ടതിരിതന്നെ സുഭദ്രാഹരണം പാന രചിച്ചുവെന്നാണു് ചിലർ പറയുന്നതു്. കവി ആരായിരുന്നാലും ഈ കൃതി ആപാദചൂഡം മനോഹരമായിരിക്കുന്നു.

ഗ്രന്ഥകർത്താവു് പൂന്താനമോ ഭട്ടതിരിയോ ആരായിരിക്കാമെന്നുള്ള അഭ്യൂഹത്തിനു ബാധകമായിരിക്കുന്നതു്,

ചെണ്ടചേങ്ങിലകാളം തിമിലയും
രണ്ടുപന്തിനിരയായി നിന്നുടൻ
കൊട്ടുഘോഷം തുടങ്ങിയതുനേരം
എട്ടുദിക്കും മുഴങ്ങുമാറങ്ങനെ
കൊട്ടുതപ്പുംകുഴലുമിടയ്ക്കയും
ഘട്ടിവാദ്യവും കാളവും ചിഹ്നവും
പാണ്ടിമേളവും മദ്ദളഘോഷവും
പാണിതാളവും കൊമ്പുമൊരുദിക്കിൽ
വേണുവീണാമൃദംഗപ്രയോഗവും
തിത്തിയുംമുഖവീണയുമിങ്ങനെ
പത്തുദിക്കും മുഴങ്ങുമാറങ്ങനെ–എന്നും,
ചേണിയന്മാരും ചെട്ടികളും നല്ല
വാണിഭംവച്ചൊരേടത്തുകൂടിനാർ
പട്ടുകോസടി കച്ചപുടവകൾ
രട്ടുകമ്പിളിക്കൂറകരിമ്പട
അച്ചടികളും ചേലകൾ നൂലുകൾ–എന്നും,
ഇട്ടിപ്പെണ്ണേതരംകെട്ടുനാമെടോ
ശീലയൊന്നും തരംപോരാഞ്ഞെന്നുടെ
നീലിയമ്മയ്ക്കു പോരാൻമനസ്സില്ല

എന്നും മറ്റുള്ള ഉത്സവവർണ്ണനകളിൽ, അവതാരികാകാരൻ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, കവി കുഞ്ചൻനമ്പ്യാരെ അനുസ്മരിപ്പിക്കുന്നു എന്നുള്ള സംഗതിയാണു്. അതു സാരമില്ല. എന്തുകൊണ്ടെന്നാൽ ഇത്തരം വർണ്ണനകൾ രാമായണചമ്പുക്കളിലും മറ്റും ധാരാളമായി കാണ്മാനുണ്ടല്ലോ. കഥ ചുരുക്കിപ്പറയുന്നു:-

‘പങ്കജാക്ഷന്റെ ബന്ധുവാമർജ്ജുനൻ
മങ്കമാർമണിയാളാംസുഭദ്രയെ
കന്യകാമണിരൂപവുംധ്യാനിച്ചു’കൊണ്ടു് സന്യസിച്ചുവസിക്കവേ
‘കണ്ടിവാർകുഴലാളേമനക്കാമ്പിൽ കണ്ടുകണ്ടങ്ങിരിക്കുംദശാന്തരേ
തണ്ടാരമ്പനാംവമ്പന്റെ ബാണങ്ങൾ’
കൊണ്ടു്, മയങ്ങിത്തുടങ്ങുന്നു..
മിന്നലും മഴക്കാറുമിടികളും ചിന്നിച്ചിന്നിച്ചിതറുന്നതുള്ളിയും
വെള്ളക്കാറ്റുമെല്ലാം

അദ്ദേഹത്തിന്റെ കാമപീഡയെ ഉദ്ദീപിപ്പിക്കുന്നു. ചിത്താംഗത്തിൽ കുടിയേറിയിരിക്കുന്ന സുഭദ്രയോടു്,

പുള്ളിമാൻമിഴിയാളേ വലഞ്ഞുഞാൻ
ഉള്ളിൽനീവന്നിരുന്നതെന്തിങ്ങനെ
ഉള്ളസങ്കടമൊക്കെവരുത്തുവാൻ ഉള്ളവണ്ണംപ്രയത്നം തുടർന്നിതോ
കള്ളപ്പുഞ്ചിരികൊഞ്ചൽപ്പുതുമകൊണ്ടുള്ളിലല്ലൽവളർക്കുന്നതെന്തെടോ”

എന്നിങ്ങനെ അദ്ദേഹം കയർക്കുന്നു. അർദ്ധരാത്രിയായപ്പോഴെക്കും വിഷാദം വർദ്ധിച്ചു് അദ്ദേഹം “ചെന്താർമാനിനീകാന്തനെ സ്വാന്തത്തിൽ” ചിന്തിച്ച മാത്രയിൽ ആ ഭക്തവത്സലൻ അവിടെ എഴുന്നരുളിയിട്ടു്,

“മൂർദ്ധാവിങ്കൽജടയുംധരിച്ചൊരു ജിഷ്ണുപുത്രനെ”ക്കണ്ടിട്ടു ചിരിക്കുന്നു. അദ്ദേഹം ആകട്ടെ,

തീർത്ഥയാത്രാദിനങ്ങൾകഴിഞ്ഞിതോ? ഓരാണ്ടായല്ലോ കണ്ടിട്ടെന്നാകിലും
ഓരാണ്ടായീലനിന്നെഞാനർജ്ജുന സത്യംചെയ്തന്നേചിന്തിച്ചുഞാനെടോ
സത്യഭംഗംനിനക്കുവരുമെന്നു്.

എന്നിങ്ങനെ പൂച്ചസന്യാസിയെ കളിയാക്കുന്നു. അനന്തരം അദ്ദേഹം സന്യാസിയേയും കൂട്ടിക്കൊണ്ടുപോയിട്ടു് സുഖമായി ഭക്ഷണം നല്കിയശേഷം രൈവതകാചലത്തിൽ പാർപ്പിക്കുന്നു. സന്യാസിക്കു് എങ്ങനെ ഭക്ഷണത്തിൽ രുചിയുണ്ടാകും? നിദ്രയും പൂജ്യമായി. എന്നാൽ ഭഗവാൻ ഒന്നും സംസാരിക്കാതെ ദ്വാരകയിലേയ്ക്കു പൊയ്ക്കളഞ്ഞതിനെപ്പറ്റിയായിരുന്നു അദ്ദേഹത്തിനു അധികം വ്യസനം.

ശൈശവത്തിങ്കലുള്ളവിശേഷംകേട്ടാശവർദ്ധിച്ചിരിക്കുന്നെനിക്കിപ്പോൾ
യൗവനത്തിങ്കലൊന്നുപകർന്നിതോ ദൈവകല്പിതമാർക്കുതടുക്കാവൂ
മാധവിക്കുമനസ്സുകുറഞ്ഞിതോ മാധവനുംകരുണവെടിഞ്ഞിതോ
സാധിയാതതുമോഹിക്കകാരണമാധിതന്നെ ഫലമെന്നു വന്നിതു

എന്നിങ്ങനെ അദ്ദേഹം പലതും വിചാരിച്ചു ദുഃഖിക്കുന്നു. എന്നാൽ മധുസൂദനനോ,

മത്ഭഗിനിയെ പാൎത്ഥ നു കാട്ടുവാനത്ഭുതമായൊരുത്സവമെന്നൊരു
വ്യാജമുണ്ടാക്കിപ്പർവതസന്നിധൗ രാജപുത്രിയെസ്സഞ്ചരിപ്പിക്കണം

എന്നുറച്ചു് അതിനു വട്ടംകൂട്ടുന്നു. ഉത്സവച്ചടങ്ങുകളെല്ലാം കവി ചമൽക്കാരപൂർവ്വം വർണ്ണിച്ചിട്ടുണ്ടു്. ആളുകൾ തെരുതെരെ രൈവതകാചലത്തിലേക്കു പുറപ്പെടുന്നു.

നൊട്ടിയമ്മയുംകാളിയുംചിമ്മുവും കൊട്ടുകേട്ടപ്പോളോടിത്തിരിച്ചുപോൽ
കണ്ണെഴുത്തുംകുറിയുംചമയവും പെണ്ണുങ്ങൾക്കൊരുനേരമിളയ്ക്കാമോ
ചേർച്ചനോക്കിഞെളിഞ്ഞുതിരിഞ്ഞുപോയ് കാഴ്ചയങ്ങുകഴിഞ്ഞുതുടങ്ങിപോൽ.
ഈ കോലാഹലങ്ങൾക്കിടയിൽ സുഭദ്രയും തോഴിമാരോടുകൂടി,
ശൈലരാജന്റെതാഴ്‍വരയിൽച്ചെന്നു ലീലയോടുനടന്നുതുടങ്ങിനാൾ

തദവസരത്തിൽ,

പള്ളിക്കെട്ടിലൊളിച്ചങ്ങുപാർക്കുന്ന കള്ളസ്സന്യാസികാമപരവശാൽ
പൂർണ്ണചന്ദ്രനുദിക്കുന്നദിക്കിലെ പൂർണ്ണശോഭവിളങ്ങുംകണക്കിനെ

ദേവിയെ മുന്നിൽക്കാണുന്നു. അപ്പോൾ,

കന്യകതന്റെകാന്തിപ്രഭാവങ്ങളാളിമാരുമകമ്പടിക്കൂട്ടവും
മേളവാദ്യവുംമുന്നിൽനടന്നപ്പോൾ മിന്നുംനക്ഷത്രപങ്ക്തിതന്നന്തികേ
വന്നുദിക്കുംകുളുർമതിമണ്ഡലം മങ്ങുമാറുള്ളഭംഗികലർന്നിടു
മംഗനാമണിതന്റെമുഖാംബുജം മുന്നിലങ്ങനെ കണ്ടോരനന്തരം

സന്യാസിക്കു സമാധിയുറച്ചത്രേ. ഇതു നമ്പൂരിയുടെ ഫലിതങ്ങളിലൊന്നാണു്.

മൽസമീപത്തിവളേവരുത്തുവാനുത്സവാഘോഷംകല്പിച്ചുമാധവൻ
പങ്കജാക്ഷന്റെകാരുണ്യപീയൂഷമെങ്കലേറ്റംശുഭമായ്ഭവിക്കുന്നു.

എന്നിപ്പോൾ അർജ്ജുനനും മനസ്സിലാക്കുന്നു.

മങ്കമാർമണിയാളെലഭിക്കുമോ? പന്തണിമുലയാളേലഭിയാഞ്ഞാ–
ലെന്തിനെന്നുടെജീവനം ദൈവമേ

എന്നു അദ്ദേഹം വിചാരിച്ചുകൊണ്ടിരിക്കവേ, ശ്രീകൃഷ്ണൻ പിന്നാലെ ചെന്നു്,

സന്യാസിക്കു സമാധിയുറച്ചിതോ? പിന്നെക്കാണ്മാനവസരമില്ലെങ്കി-
ലൊന്നുമാത്രം പറഞ്ഞേച്ചുപോകണം

എന്നു പറയുന്നു. സുഭദ്രയെ കൂട്ടിയയപ്പാൻ തനിക്കു് അധികാരമില്ലെന്നും അല്പം വഞ്ചന പ്രയോഗിക്കയേ തരമുള്ളുവെന്നും,

കട്ടുകൊണ്ടുതിരിപ്പാനവസരം കിട്ടുവോളമിളകാതിരിക്കനീ
മോഷണത്തിനുഞായംവരുത്തുവാൻ ശേഷിയായിട്ടുഞാനുണ്ടുപാണ്ഡവ

എന്നും ഉപദേശിച്ചിട്ടു അദ്ദേഹം അവിടെനിന്നുപോകുന്നു. ഇതിനിടയ്ക്കു സുഭദ്ര തോഴികളോടുകൂടി അവിടെനിന്നു പോയ്ക്കഴിഞ്ഞതിനാൽ അർജ്ജുനൻ ‘അദ്ദിക്കിലൊക്കവേ നടന്നുതുടങ്ങുന്നു.

ചഞ്ചലാക്ഷീപദംവയ്ക്കകാരണാലഞ്ചിതമായ് തദ്ദേശമെന്നോർത്തവൻ
കേശപുഷ്പമുതിർന്നുകിടക്കുന്ന ദേശംനോക്കിനമസ്കരിച്ചീടിനാൻ
പാദപത്മംപതിഞ്ഞപരാഗത്തെസ്സാദരംശിരസ്സിങ്കൽധരിക്കയും
സിന്ദൂരപ്പൊടിവീണമണിസ്ഥലം സാന്ദ്രമോദം പ്രദക്ഷിണംവയ്ക്കയും
ഏണലോചനവാണോരുദിക്കിങ്കൽ വീണുരുണ്ടുസുഖിക്കയുമിങ്ങനെ

പലതും ചെയ്തുകൊണ്ടു് അദ്ദേഹം സമയം കഴിച്ചിട്ടു് രണ്ടുനാലുദിവസങ്ങൾ കഴിഞ്ഞപ്പോൾ, ശ്രീകൃഷ്ണനും ബലഭദ്രരുംകൂടി അവിടെ വന്നുചേർന്നു. “യോഗധ്യാനവും ചെയ്തു വസിക്കുന്ന യോഗിനാഥനെ” കണ്ടു് ബലഭദ്രർ,

എത്രദുർല്ലഭമിജ്ജനദർശനം നമ്മുടെഭാഗ്യമെന്നേപറയാവൂ

എന്നിങ്ങനെ തന്റെ ഭാഗ്യത്തെ വാഴ്ത്തിയപ്പോൾ ശ്രീകൃഷ്ണൻ പറയുന്നതു കേൾക്കുക.

ഭാവശുദ്ധിയുമുണ്ടെന്നുതോന്നുന്നു ഒന്നിങ്കൽച്ചെന്നുറച്ചാൽമനസ്സേതു
മൊന്നുചെയ്താലുംപോരികയില്ലല്ലോ

എത്ര പരമാർത്ഥം! അർജ്ജുനന്റെ മനസ്സു ഇപ്പോൾ ഇളകാത്തവിധത്തിൽ സുഭദ്രയിൽ പതിഞ്ഞിരിക്കയല്ലേ? പക്ഷേ ബലഭദ്രർ വേറൊരർത്ഥമാണു് ഗ്രഹിക്കുന്നതു്. അതിനാൽ, അദ്ദേഹം,

ഉത്തമന്മാരിരുന്നാൽപുരത്തിങ്കൽ ശുദ്ധിയുണ്ടാംവിശേഷിച്ചുസോദര
കന്യകാഗൃഹംതന്നിലിരുത്തേണം കന്യതന്നെശുശ്രൂഷയുംചെയ്യണം
കന്യകയ്ക്കതുകൊണ്ടൊരുകാരുണ്യംവന്നുകൂടുമതിനില്ലസംശയം

എന്നിങ്ങനെ അഭിപ്രായപ്പെട്ടപ്പോൾ, ആ കപടഗോപാലൻ പറയുന്നു.

സമ്മതമില്ലെടിയിനിതഗ്രജസമ്മാനിക്കരുതെന്നല്ലചൊല്ലുന്നു
കന്യകാഗ്രഹംതന്നിൽകടുത്തുവാനൊന്നുചിന്തിച്ചുവേണമെന്നെൻമനം
വിശ്വസിക്കരുതെല്ലാജനത്തെയും കശ്മലന്മാരുമുണ്ടാമിതിൽചിലർ

ഈ വാക്കുകൾ കേട്ടപ്പോൾ, ബലഭദ്രൻ കോപിച്ചു് അനുജനെ ശാസിക്കുകയും

ഇന്നുനീതന്നെസന്യാസിശ്രേഷ്ഠനെ കന്യകാഗൃഹം തന്നിലങ്ങാക്കുക.

എന്നിങ്ങനെ ആജ്ഞാപിക്കയും ചെയ്യുന്നു—എന്താ പോരേ! ഇനി അർജ്ജുനൻ സുഭദ്രയെ അപഹരിച്ചുകൊണ്ടു കടന്നാൽ കുറ്റം കൃഷ്ണനില്ലല്ലോ.

ഭഗവാൻ ജ്യേഷ്ഠന്റെ ആജ്ഞാനുസരണം അർജ്ജുനനെ കന്യകയുടെ അന്തഃപുരത്തിലേക്കു നയിച്ചിട്ടു്,

നാലുമാസമിവിടെയിരിപ്പാനായി ബാലികേശൃണുതാലാങ്കശാസനം
ദൂരെനിന്നൊരുസന്യാസിപുംഗവൻ ദ്വാരകാപുരിതന്നിലെഴുന്നള്ളി
ഇദ്ദേഹത്തെപ്പരിചരിച്ചീടുവാൻ ഭദ്രേനീവേണമെന്നാര്യൻകല്പിച്ചു
ഏറപ്പോന്നയതീശ്വരനിദ്ദേഹ മേറെബ്ഭക്ത്യാപരിചരിച്ചീടുക
ഭിക്ഷനീതന്നെവച്ചുവിളമ്പണം ശിക്ഷവേണംപ്രവൃത്തികൾക്കൊക്കയും
ഭിക്ഷുശുശ്രൂഷകൊണ്ടുനിനക്കൊരു രക്ഷയാംഗുണമുണ്ടാംകുമാരികേ”

എന്നിങ്ങനെ അവളോടു ഉപദേശിക്കുന്നു—സന്യാസിയുടെ അനുഷ്ഠാനങ്ങളെ കവി ഫലിതമയമായി ഇങ്ങനെ വർണ്ണിക്കുന്നു:-

“കന്യകാമുഖദർശനമെന്നിയേ സന്യാസിക്കില്ലമറ്റൊരുതേവാരം
കൃഷ്ണസോദരീരൂപത്തെധ്യാനിച്ചു വിഷ്ണുപൂജതുടങ്ങിയതീശ്വരൻ
കണ്ണടച്ചാലും കണ്ണുമിഴിച്ചാലും കന്യയെത്തന്നെകാണുന്നുസർവദാ”

ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു.

യോഗിനാഥന്ന്റെതേജോവിശേഷവും ഭോഗിദീർഘങ്ങളായ ഭുജങ്ങളും
നാഗരാജസമാനഗമനവും സാഗരോപമഗംഭീരഭാവവും
രമ്യമാംകളവാണീവിലാസവും നിർമ്മലാകൃതിസൗഭാഗ്യലക്ഷ്മിയും

കണ്ടുകണ്ടു് സുഭദ്രയ്ക്കും ചിത്തജാർത്തി പിടിപെടുന്നു.

ആരുവാനിവനംബുജലോചനൻ മാരുതാത്മജസോദരസന്നിഭൻ
മാരൻതന്നുടെമായാപ്രയോഗമോ കാരണമെന്തിതിന്നിഹദൈവമേ!
രണ്ടുകൈത്തണ്ടുതന്നിലുംഞാണ്‍തഴമ്പുണ്ടുകാണുന്നുയോഗിപ്രവരനും
മുറ്റുമെന്നുടെഫല്ഗുനനല്ലാതെ മറ്റൊരുത്തനുംകേൾപ്പാനുമില്ലല്ലോ
പാർത്ഥൻതന്നുടെലാഞ്ഛനമിങ്ങനെ തീർത്ഥവാസിക്കുവന്നവാറെങ്ങനെ?

എന്നിങ്ങനെ അവൾ ശങ്കിക്കുന്നു. എന്നാൽ,

ശങ്കരശിവസന്യാസിയെക്കൊണ്ടു ശങ്കിച്ചീടുകയോഗ്യമല്ലേതുമേ

എന്നു വിചാരിച്ചു് അവൾ മനസ്സിനെ അടക്കിനിർത്താൻ ശ്രമിക്കുന്നു. ഒരു ദിവസം അവൾ ‘ഭിക്ഷയുംകഴിഞ്ഞങ്ങുമേവുന്ന’ സന്യാസിയുടെ മുമ്പിൽ; ‘വാതിലുമറഞ്ഞാനനവുംതാഴ്ത്തി,നിന്നുകൊണ്ടു് ചോദിച്ചു:-

സജ്ജനശ്രേഷ്ഠനായഭവാനൊടു ലജ്ജകൊണ്ടുഞാനൊന്നുണ്ടുചൊല്ലുന്നു
അന്ത്യമാശ്രമംശുദ്ധമാക്കീടുന്ന നിന്തിരുവടിസന്തോഷിച്ചീടണം
ഭൂമിമണ്ഡലസഞ്ചാരശീലനാം ഭൂമിദേവകുലാധിപതേഭവാൻ
ഇന്ദ്രപ്രസ്ഥപുരത്തിലെഴുന്നള്ളി സാന്ദ്രമോദമൊരിക്കൽവസിച്ചിതോ?
സ്വച്ഛമാനസയാകുന്നനമ്മുടെ യച്ഛൻപെങ്ങളാംകുന്തിക്കുസ്വൈരമോ
ധർമ്മശീലശിഖാമണിയാകുന്ന ധർമ്മനന്ദനനിന്നുകുശലമോ?
ഭീമനാദികൾക്കൊക്കവേസൗഖ്യമോ കോമളാംഗിയാംപാഞ്ചാലീദേവിക്കും
തീർത്ഥമാടുവാനായിനടക്കുന്ന പാർത്ഥനെബ്ഭവാനെങ്ങാനുംകണ്ടിതോ?
പാർത്ഥനെന്നരുൾചെയ്യുംപലപ്പൊഴും കീർത്തിമാനെന്റെസോദരനച്യുതൻ
അർജ്ജുനന്റെവിശേഷമരുൾചെയ്താലിജ്ജനത്തിനുപാരമുണ്ടാനന്ദം
ഏതൊരുദിക്കിലിക്കാലമർജ്ജുനൻ ജാതമോദംനടക്കുന്നുവാസ്തവം.
മേദിനിതന്നിൽനീളെനടപ്പാനും ഖേദിപ്പാനുമൊരാളല്ലഫൽഗുനൻ
ഏതുംകേൾപ്പാനുമില്ലവിശേഷങ്ങൾ ഹെതുവെന്തതിനെന്നുമറിഞ്ഞീല
നിന്തിരുവടിയോടുപ്രസംഗിച്ചാൽ കുന്തീപുത്രന്റെവാർത്തധരിച്ചീടാം
എന്നൊരാഗ്രഹമെന്നുടെ സോദരന്തന്നുടെമനക്കാമ്പിലുണ്ടായ്‍വരും
ധന്യശീലനാംപാർത്ഥനെക്കാണാങ്ങിട്ടെന്നുടൽപിറന്നോനെത്ര സങ്കടം
എന്നതുകൊണ്ടുചോദിച്ചുജാനിപ്പോളന്യഥാകരുതൊല്ലമഹാമതേ”

ഈ വാക്കുകൾ വായിക്കുമ്പോൾ, കവി മനുഷ്യഹൃദയത്തിന്റെ ഉള്ളുകള്ളികൾ എല്ലാം നല്ലപോലെ ധരിച്ചിട്ടുള്ള രസികശിരോമണിയാണെന്നു ഏവനും മനസ്സിലാകും. കുന്തിയേപ്പറ്റിയും മറ്റും ഓരോന്നു ചോദിച്ചിട്ടു് പാർത്ഥന്റെ കാര്യമായപ്പൊഴെക്കും വാക്കുകൾ നിർഗ്ഗളം പ്രവഹിച്ചുതുടങ്ങുന്നു. ‘മേദിനിതന്നിൽ നീളെനടന്നു’ അലയാൻ അദ്ദേഹം ആളല്ലത്രേ. എന്തൊരു അനുകമ്പ! പക്ഷേ

‘നിന്തിരുവടിയോടുപ്രസംഗിച്ചാൽ
കുന്തീപുത്രന്റെവാർത്ത ധരിച്ചീടാ’

മെന്നുള്ള ആഗ്രഹം അവൾക്കല്ല—സോദരനാണത്രേ. ഉടൽപ്പിറന്നോന്റെ സങ്കടംകൊണ്ടു അവൾ ചോദിക്കുന്നതാണുപോലും.

അർജ്ജുനനാകട്ടെ, ഹരിസോദരിയുടെ യുക്തികൗശലംകൊണ്ടു് ചിത്തമോദം കലർന്നിട്ടു് തന്റെ പരമാർത്ഥം വെളിപ്പെടുത്തുന്നതെങ്ങനെയെന്നു നോക്കുക.

തീർത്ഥമാടിനടക്കുംദശാന്തരേ രാമസോദരൻതന്നുടെസോദരി
കോമളാംഗി സുഭദ്രയെന്നിങ്ങനെ മന്നിടംതന്നിലൊക്കെപ്രസിദ്ധമായ്
കന്യകാരത്നമുണ്ടെന്നുകേൾക്കയാൽ മന്നവനുമനക്കാമ്പിലാഗ്രഹം
അന്നുതൊട്ടുതുടങ്ങിമഹാത്ഭുതം കന്ദൎപ്പന്റെശരങ്ങൾതറയ്ക്കയാൽ
ഖിന്നനായിച്ചമഞ്ഞൂധനഞ്ജയൻ അന്യകൃത്യങ്ങളെല്ലാമുപേക്ഷിച്ചു
സന്യസിച്ചാനനംഗന്റെശാസനാൽ പിന്നെദ്വാരകതന്നിലകംപുക്കു
മന്ദനായിവസിക്കുംദശാന്തരേ കന്യകാമണിരൂപാമൃതംകണ്ടു്
ധന്യനായിവസിക്കുന്നിതിക്കാലം”

ഈ വാക്കുകൾകേട്ടു് സുഭദ്ര ലജ്ജയാൽ വിറപൂണ്ടു് “പ്രേമകൗതുകംകൊണ്ടു വിഷണ്ണയായ്” അവിടെനിന്നു കടന്നുകളയുന്നു. ക്രമേണ അവളുടെ മാരദശ ആത്യന്തികാവസ്ഥയെ പ്രാപിക്കുന്നു.

കാമപീഡസഹിയാഞ്ഞുസന്തതം
ഭൂമിതന്നിൽ കിടന്നങ്ങുരുൾകയും
കോമളാംഗംമെലിഞ്ഞുവിളർക്കയു–
മൂണുപേക്ഷിച്ചുനിദ്രയുംകൈവിട്ടു
കേണുതന്നെദിവസംകഴിക്കയും

ചെയ്തുകൊണ്ടിരുന്ന കന്യകയുടെ അവസ്ഥാന്തരംകണ്ടു് എല്ലാരും വിഷമിക്കുന്നു. സന്ന്യാസിക്കു ഭിക്ഷകൊണ്ടുപോയ്ക്കൊടുക്കുന്നതിനു രുക്‍മിണീദേവി പുറപ്പെട്ടപ്പോൾ, പുത്രീവാത്സല്യനിധിയായ ദേവകി, ഓമനക്കുട്ടനായ ഗോവിന്ദന്റെ അടുക്കൽചെന്നു് തന്റെ ക്ലേശങ്ങളൊക്കെ പറഞ്ഞുതുടങ്ങുന്നു:-

ഉണ്ണിമാധവ! നിന്റെസഹജയാം പെണ്ണിനെത്രയുംപാരംപരവശം
ചോറൊരുവറ്റുമുണ്ണുന്നതില്ലവൾ ചേറണിഞ്ഞുമെലിഞ്ഞുശരീരവും
ഓമൽമേനിയുംചൂടുപിടിച്ചിതുകോമളാംഗിതളർന്നുകിടക്കുന്നു
നിദ്രയില്ലവൾക്കെന്തൊരുസങ്കടം ഭദ്രമല്ലപരമാർത്ഥമിങ്ങനെ”

ആ കുസൃതിക്കുടുക്കയുടെ മറുപടിയാണു ബഹുസരസം.

ധാതൃകല്പിതമാർക്കുതടുക്കാവൂ അമ്മഖേദംകളഞ്ഞുവസിച്ചാലും
കർമ്മപാശമറിഞ്ഞുചികിത്സിക്കും വൈദ്യക്കാരനുമുണ്ടുസമീപത്തു
വൈദ്യംകൊണ്ടുപൊറുപ്പിക്കയുംചെയ്യാം

അമ്മ സന്തുഷ്ടയായി അവിടെനിന്നു നിർഗ്ഗമിച്ചപ്പോൾ, ഭഗവാൻ സത്യഭാമയെനോക്കിച്ചിരിച്ചുകൊണ്ടു പറയുന്നു.

“കള്ളസന്യാസിതന്നുടെവൃത്താന്ത മുള്ളവണ്ണമിവളെഗ്രഹിപ്പിച്ചു
എന്നുനിശ്ചയംവന്നുനമുക്കിപ്പോളെന്നതുമൂലംപെണ്ണുംവശംകെട്ടു
നമ്മുടാൾക്കുപിടിച്ചിരിക്കുംജ്വരം; മന്മഥനൊരുപക്ഷമതില്ലല്ലോ
എങ്ങനെയിനിവേണ്ടൂസുലോചനേയിങ്ങുവന്നാലും വല്ലഭേരുക്‍മിണീ
നിങ്ങൾക്കെങ്ങനെപക്ഷമതുതന്നെയിങ്ങുംപക്ഷമതിനില്ലസംശയം”

ഈ വാക്കുകൾ കേട്ടിട്ടു്,

പാപമെന്നുടെപെണ്‍കൊടിത്തയ്യലാൾ
താപമുണ്ടോസഹിക്കുന്നുവല്ലഭ?
എന്തിനിങ്ങനെയിട്ടുവലയ്ക്കുന്നു
കുന്തീപുത്രനേസന്താപവാരിധൗ
സന്യസിക്കേണമെന്നുരചെയ്തതു
പിന്നെയാരുമല്ലല്ലോമഹാമതേ
കന്യയേത്തന്നെവേഗംകൊടുക്കേണ
മിന്നിത്താമസമൊട്ടുംതരമല്ല.

എന്നു സത്യഭാമയും

കൊണ്ടൽവർണ്ണഭവാനീമനുഷ്യരെ
ച്ചെണ്ടകൊട്ടിപ്പാനല്ലാതെനോക്കുമോ?
നീലക്കണ്ണ! കളിയല്ലനിങ്ങൾക്കീ
ബാലപ്പെണ്ണിനെക്കൊണ്ടൊകളിക്കേണ്ടു.”

എന്നു് രുക്‍മിണിയും പറഞ്ഞതുകേട്ടുകൊണ്ടു് ആ കൈതവമാനുഷൻ മന്ത്രശാലയിൽച്ചെന്നു് അന്തർദ്വീപമഹോത്സവത്തിനു ഏർപ്പാടുചെയ്തു.

ഉത്സവത്തെ കവി കൊണ്ടുപിടിച്ചു വർണ്ണിച്ചിരിക്കുന്നതു ഇവിടെ ഉദ്ധരിക്കാൻ നിവൃത്തിയില്ല.

ഉത്സവം പൊടിപൂരമായി നടന്നുകൊണ്ടിരിക്കവേ സവ്യസാചിയും മാധവനുംകൂടി ദേവന്മാരെ അവിടെ വരുത്തി. ഇന്ദ്രന്റെ അതിശയരമണീയവും ഭക്തിനിർഭരവും ആയ ശ്രീകൃഷ്ണസ്തുതി ഇവിടെ എങ്ങനെ ഉദ്ധരിക്കാതിരിക്കും.

വിശ്വനായകനിന്റെ ചരിത്രങ്ങൾ
വിശ്വമോഹനമെന്നേ പറയാവൂ
ഉത്ഭവസ്ഥിതി സംഹാരഹേതുവാ
മത്ഭുതാകൃതേ നിന്നെസ്തുതിക്കുന്നേൻ
സച്ചിദാനന്ദമൂർത്തിയല്ലോ ഭവാൻ
ത്വച്ചരിത്രം പവിത്രമല്ലോവിഭോ
നിശ്ചലാമലസത്യനല്ലോഭവാൻ
കശ്ചിൽസ്ഥലസ്വരൂപനല്ലോഭവാൻ
സച്ചിദാനന്ദരൂപ നമോസ്തുതേ
പീലിക്കാർമണിക്കൂന്തലും കാന്തിയും
നീലരത്നംവിളങ്ങും കിരീടവും
ഫാലമധ്യേ മനോജ്ഞതിലകവും
ലോലമായുള്ളചില്ലീവിലാസവും
നീണ്ടെടംപെട്ട നേത്രയുഗളവും
വണ്ടിനിണ്ടൽവരുത്തും കടാക്ഷവും
ഗണ്ഡസീമനി തിണ്ണംവിളങ്ങുന്ന
കുണ്ഡലങ്ങളും നാസികതന്നെയും
സിന്ദൂരാഭമായുള്ളൊരധരവും
കന്ദകുഡ്മളദന്താങ്കുരങ്ങളും
മന്ദഹാസവും വാണീവിലാസവും
ചന്ദ്രബിംബസമാനവദനവും
കംബുകണ്ഠവും വക്ഷോമണിസ്ഥലേ
ബിംബിച്ചീടിന ശ്രീവത്സചിഹ്നവും
കൗസ്തുഭവനമാലയും ഹാരവും
കൗതുകം മമ നൽകുംഭുജങ്ങളും
കങ്കണങ്ങളും ആംഗുല്യജാലവും
കിങ്കിണിമണിചേരും നിതംബവും
പീതവസ്ത്രവും കാഞ്ചീകലാപവും
വീതദോഷമുദരപ്രകാശവും
തൃത്തുടകളും ജാനുയുഗളവും
വൃത്തകോമളമായ കണങ്കാലും
ചെന്തളിർക്കൊത്ത ചെവടിഭംഗിയും
ചന്തമേറുന്ന കാന്തിസ്വരൂപവും
സന്തതം മമ ചിത്തേവിളങ്ങേണം.

ഇന്ദ്രൻ അനന്തരം പുത്രനെ സാന്ദ്രമോദം തലോടിയിട്ടു് യഥായോഗ്യം അലങ്കരിപ്പിച്ചു; ശചീദേവി ‘മിന്നുന്ന മണികുണ്ഡലാദികളാൽ സുഭദ്രയേയും ചമയിച്ചു. വസിഷ്ഠൻ ഹോമകർമ്മം തുടങ്ങി. ഇന്ദ്രനും കൃഷ്ണനും ബ്രാഹ്മണർക്കു ധനങ്ങൾ വാരിക്കോരിക്കൊടുത്തു.

ഒട്ടുചോർന്നുവഴിയ്ക്കൽകളഞ്ഞിട്ടും കെട്ടിപ്പേറിനടന്നുവിപ്രന്മാരും
വേളിക്കുള്ളവിധികൾവഴിപോലെ മേളിച്ചമ്പിൽകഴിച്ചോരനന്തരം

ദേവമുനികളും വധൂവരന്മാരെ അനുഗ്രഹിച്ചിട്ടു് സ്വർഗ്ഗംപൂകി.

‘രണ്ടുവാസരംമുമ്പേഗമിക്കാഞ്ഞാ ലുണ്ടുവൈഷമ്യംതാനുംധനഞ്ജയ’

എന്നു് അർജ്ജുനനെ ഉപദേശിച്ചിട്ടു് അവിടെനിന്നുമറഞ്ഞു. എന്നാൽപോകും മുമ്പായി.

‘വൈരിവന്നുവെന്നാകിൽ സഭാപതേ
ഭേരി താഡിക്കു’

എന്ന ഏർപ്പാടുചെയ്യാതിരിക്കുന്നില്ല. ഇവിടെ ദ്വിതീയപാദം അവസാനിക്കുന്നു.

മാധവി യാത്രയ്ക്കുവേണ്ടി ഒരു തേരുകൊണ്ടുവന്നു. എന്നാൽ സാരഥിയില്ലാതെ, അർജ്ജുനൻ വിഷമിക്കുന്നതുകണ്ടു് സുഭദ്ര പറയുന്നു:-

വീരസുന്ദരഖേദിക്കവേണ്ടനീ തേർകടാവുവാനുള്ളൊരുപദേശം
ശൈശവത്തിങ്കലെന്റെസഹോദരൻ കൗശലങ്ങളുമേവമരുൾചെയ്തു
പെണ്ണേവിദ്യകളെല്ലാംഗ്രഹിക്കണം ദണ്ഡമില്ലതുപിന്നെവിനോദിക്കാം
ഒന്നുകൊണ്ടുമുപകാരമില്ലെന്നു തോന്നിപ്പോകേണ്ടസർവ്വംഗ്രഹിക്കേണം
വേണ്ടാതതെങ്കിലുമൊട്ടറിയണം വേണ്ടിവന്നുവെന്നാകിൽപ്രയോഗിക്കാം
ഫല്ഗുനന്റെരഥംനടത്തീടുവാൻ സദ്ഗുണംവരുമെന്നുമതിയാകും

ഈ വാക്കുകൾ കേട്ടപ്പോൾ, ഭക്തിപരവശനായിത്തീർന്ന അർജ്ജുനന്റെ നേത്രത്തിൽ കണ്ണീർ നിറയുന്നു;–അനന്തരം സുഭദ്ര,

മന്ദമെന്നിയേതന്റെയുടുപുട
നന്നായ്‍ക്കെട്ടിമുറുക്കിവഴിപോലെ
കേശപാശവും ബന്ധിച്ചുചന്തമായ്
കേശവൻതന്റെ പാദങ്ങൾച്ചിന്തിച്ചു
പാശംകൊണ്ടു കുതിരകളെപ്പൂട്ടി
കൂശാതെനല്ല ചമ്മട്ടികൈക്കൊണ്ടു

തേരിലേറി തുരഗങ്ങളെ തെളിച്ചപ്പൊഴേക്കും ഗോപുരപാലന്മാർ ബഹളമുണ്ടാക്കുന്നു. എന്നാൽ,

[3] ‘കുന്തക്കാരെയും വില്ലാളിമാരെയും
പിന്തിരിഞ്ഞൊന്നു’നോക്കിയപ്പോഴെയ്ക്കും

അവർ പമ്പകടക്കുന്നു. പിന്നീടുള്ള യുദ്ധവർണ്ണനയും ഹൃദ്യമായിട്ടുണ്ടു്. ഇവിടെ മൂന്നാംപാദം അവസാനിക്കുന്നു.

നാലാംപാദത്തിലെ വൃത്തം ഓട്ടൻതുള്ളലാണെന്നു സുഭദ്രാഹരണത്തിന്റെ പ്രസാധകൻ പറഞ്ഞിരിക്കുന്നതു ശരിയല്ല. പാനവൃത്തംതന്നെ. ചില വരികൾ ലഘുമയമാക്കീട്ടുണ്ടെന്നേ ഉള്ളു.

ചതുരപായപ്രകരണം പാന വളരെ പഴക്കമുള്ളതാണു്.

ഇരയിമ്മൻതമ്പിയുടെ മുറജപപ്പാനയേപ്പറ്റി അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ കാലഘട്ടത്തിൽ വേറെയും ഒട്ടുവളരെ പാനകൾ കാണ്മാനുണ്ടു്. അവയ്ക്കു് ഈ ഗ്രന്ഥത്തിൽ സ്ഥലം അനുവദിക്കാൻ സൗകര്യമില്ല.

ഓട്ടൻതുള്ളലുകൾ

കിളിപ്പാട്ടുകൾ എഴുതി വിജയം നേടീട്ടുള്ള നാലഞ്ചുപേരെയെങ്കിലും പറയാനുണ്ടു്—തുള്ളലിന്റെ കാര്യം അങ്ങനെയല്ല. അസംഖ്യം തുള്ളലുകൾ ഭാഷയിൽ പില്ക്കാലത്തു് ഉണ്ടാവാൻ ഇടവന്നിട്ടുണ്ടെന്നിരുന്നാലും, വായിക്കുന്നോർക്കു് തുള്ളൽവരുമാറാണു് അവയുടെ പോക്കു്. വിദ്വാൻ കോയിത്തമ്പുരാന്റെ പൂർത്തിയാക്കാത്ത സന്താനഗോപാലം തുള്ളലും പൂന്തോട്ടത്തിന്റെ നിവാതകവചാദികൃതികളും മാത്രമേ പറയത്തക്കതായിട്ടുള്ളു. 1000-ാമാണ്ടിനു ശേഷമുണ്ടായിട്ടുള്ള തുള്ളൽക്കഥകളേ അവയുടെ പ്രണേതാക്കളേപ്പറ്റി പറയുന്നിടത്തു് വിവരിക്കാം. ഏറ്റുമാനൂർക്കാരൻ ഒരു മാരാരുടേതാണെന്നു പറയപ്പെടുന്ന ഒരു രാമേശ്വരയാത്ര തുള്ളൽ കാണ്മാനുണ്ടു്. കാവ്യഗുണം ലേശംപോലുമില്ല.

കമ്പടികളിപ്പാട്ടു്

പഴയകാലത്തു കമ്പിടികളി കേരളത്തിൽ സർവ്വസാധാരണമായിരുന്നു. ചില പ്രൗഢകവികൾപോലും അതിലേക്കു ഗാനങ്ങൾ ചമച്ചിട്ടുള്ളതായി അറിയുന്നു. എന്നാൽ മിക്ക കൃതികളും ലുപ്തപ്രായമായിരിക്കുന്നു. മാതൃകക്കായി 980-ാമാണ്ടിടയ്ക്കു് പരവൂർ പടിഞ്ഞാറ്റേവീട്ടിൽ ജനിച്ചു് 1025-ാമാണ്ടിൽ മരിച്ചുപോയ പപ്പുപിള്ള എന്ന കവിയുടെ ഒരു ഗാനം ഇവിടെ ഉദ്ധരിക്കാം. അദ്ദേഹം സ്യമന്തകം, പാലാഴിമഥനം, സന്താനഗോപാലം മുതലായി പലേ കമ്പടികളിപ്പാട്ടുകളും ബാണയുദ്ധം കല്യാണക്കളിപ്പാട്ടും നിർമ്മിച്ചിട്ടുണ്ടു്. സ്യമന്തകത്തിലേ ആദ്യഗാനമാണു് താഴെ ചേർത്തിരിക്കുന്നതു്. കവിതകളെല്ലാം രസപൗഷ്കല്യംകൊണ്ടും പ്രാസക്കൊഴുപ്പുകൊണ്ടും മനോജ്ഞമായിരിക്കുന്നു.

  1. പുരദാഹകനമലൻജഗദീശൻ ദ്വിരദാസുരരിപുപണ്ടൊരുകാലം
  2. വരദായകഗിരിനന്ദിനിയോടും ദ്വിരദാകൃതിയൊടുമടവിയിലെത്തി
  3. തരുനികരങ്ങളൊടിച്ചുമദിച്ചും പരിചിൽമൃഗങ്ങളോടാശുകളിച്ചും
  4. വരമിഴിഗിരിസുതയോടുരമിച്ചും തരുവരതണലുകൾ കണ്ടുസുഖിച്ചും
  5. സരസിജമുഖിയൊടുമായനുവേലം സരഭസമിഹഭുവിവിലസുംകാലം
  6. സ്മരസായകനിരയേറ്റതിവേഗം പുരഹരകരളിൽവളർന്നതിഖേദം
  7. സ്മരഹരനുമയൊടണഞ്ഞതിഗാഢം സരസസുഖേനപുണൎന്നതുനേരം
  8. ഗിരിവരസുതയുടെ നന്ദനനായി ദ്ധരണിയിൽവന്നുളവായൊരുദേവൻ
  9. കരിവരവദനൻ ഗണപതിയടിയനു വരമരുൾവതിനു ഭജാമിനീദാനം.

ജാംബവാന്റെ ഗുഹയുടെ വർണ്ണനം അതിമനോഹരമായിരിക്കുന്നു.

ഊഞ്ഞോൽപാട്ടു്

ഒരുകാലത്തു് ഊഞ്ഞാലാട്ടം കേരളീയ യുവതികളുടെ ഒരു പ്രധാന വിനോദമായിരുന്നു. ‘പിള്ളേരോണം’ ആകുമ്പൊഴേക്കും വീടുതോറും ഊഞ്ഞാലിട്ടുകഴിയും. ബാലികമാർ മധുരമധുരം പാടിക്കൊണ്ടു് ഊഞ്ഞാലാടി രസിക്കുന്നതു കണ്ണിനും ചെവിക്കും കരളിനും ഒരുപോലെ കുളുർമനൽകുന്ന കാഴ്ചയായിരുന്നു. അവർക്കു പാടുന്നതിലേക്കു ഊഞ്ഞോൽപാട്ടു ചമയ്ക്കൽ അന്നത്തേ കവികളുടെ ആദായശൂന്യമായ ഒരു വ്യവസായമായി വർത്തിച്ചുപോന്നു. പക്ഷേ ഇന്നത്തെ നില അതല്ല. അക്കാര്യത്തിൽ നമ്മുടെ യുവതികളെ പഴിപറഞ്ഞിട്ടു കാര്യവുമില്ല. പുസ്തകങ്ങൾ കരണ്ടുംകൊണ്ടു് ഗൃഹാന്തർഭാഗത്തു ജീവിതത്തിന്റെ പ്രഭാതവും ചിലപ്പോൾ പൂർവാഹ്നം മുഴുവനും കഴിച്ചുകൂട്ടി, കണ്ണുകൾ കുഴിഞ്ഞിറങ്ങി മുഖംവരണ്ടു് പരസഹായംകൂടാതെ രണ്ടുചുവടു മുന്നോട്ടുവയ്ക്കാൻപോലും കഴിവില്ലാത്തവർക്കു ഊഞ്ഞാലാട്ടത്തിൽ എങ്ങനെ കൗതുകമുണ്ടാകും?

ഈ വിനോദം വിജ്ഞാനത്തെ വർദ്ധിപ്പിക്കുന്നതിനും സംഗീതാഭിരുചി വികസിപ്പിക്കുന്നതിനും അത്യന്തം ഉപകരിച്ചിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പൗരാണിക കഥകളെ ശിശുക്കൾക്കുപോലും മനസ്സിലാകത്തക്ക വിധത്തിൽ ഊഞ്ഞോൽ പാട്ടുകളായി രചിക്കപ്പെട്ടിരിക്കുന്നു. വലിയ കവിതാഗുണം കാണാത്തവയായിരിക്കാം മിക്കവയും. എന്നാലും പ്രയോജനശൂന്യമായിരുന്നുവെന്നു പറയാവുന്നതല്ല. സൂതികർമ്മങ്ങളെ പ്രതിപാദിക്കുന്ന കൃതികളും കാണ്മാനുണ്ടു്. സൂതിവാക്യം ഊഞ്ഞോൽപാട്ടിലെ ഏതാനും വരികളെ ഉദ്ധരിച്ചുകൊള്ളട്ടേ.

സംസാരബന്ധമൊഴിപ്പതിന്നു കംസാരിതന്റെകഥകൾനല്ലൂ
വൈകാതെമോക്ഷംലഭിപ്പതിന്നു വൈകുണ്ഠൻതന്നെസ്മരിക്കനല്ലൂ.
ഐശ്വര്യമുണ്ടാവാനോർത്തുകണ്ടാൽ വിശ്വസ്വരൂപസംസേവനല്ലൂ
ഉള്ളിലാനന്ദംഭവിപ്പതിന്നു കിള്ളിക്കുറുശ്ശിഭജനംനല്ലൂ
വ്യാധികൾനീങ്ങുവാനെന്തുനല്ലൂ രാധാവരനെഭജിക്കനല്ലൂ.
പാതകംനീങ്ങുവാനെന്തുനല്ലൂ സൂതികാവക്യംശ്രവിക്കനല്ലൂ.

ഇങ്ങനെയാണു പ്രാരംഭം. പിന്നീടു് ഗർഭാരംഭം മുതൽ സ്ത്രീകളനുഷ്ഠിക്കേണ്ട കാര്യങ്ങളെ കവി വ്യക്തമായി പറഞ്ഞിരിക്കുന്നു. പരമാർത്ഥത്തിൽ എല്ലാ സ്ത്രീകളും ഇവയെല്ലാം അറിഞ്ഞിരിക്കേണ്ടതാകുന്നു.

ഹരിശ്ചന്ദ്രചരിതം, ദമയന്തീസ്വയംവരം, സുന്ദരീകല്യാണം, സീതാസ്വയംവരം, കുചേലവൃത്തം ഇത്യാദി നിരവധി ഊഞ്ഞോല്പാട്ടുകൾ നാട്ടുംപുറങ്ങളിൽ ഇക്കാലത്തും പ്രചാരത്തിലിരിക്കുന്നു. അക്കൂട്ടത്തിൽ ജന്നപഷ്ണവിജയംപോലുള്ള അശ്ലീലഗാനങ്ങളും ഉണ്ടായിട്ടുണ്ടു്. ആ കൃതി മൂലംതിരുനാൾ മഹാരാജാവിന്റെ ഭരണാരംഭഘട്ടത്തിൽ ഉണ്ടായതാണെന്നു് അറിയാം.

ശ്രീപത്മനാഭന്റെദാസനായ ശ്രീരാമവർമ്മനാംഭാഗ്യരാശി
ഊഴിജനങ്ങളെരക്ഷചെയ്തു വാഴിച്ചുവർത്തിച്ചുവാണരുളും
ശ്രീമൂലരാജന്റെ പാദപത്മം.

അടുത്തകാലംവരെ പ്രൗഢകവികൾപോലും ഊഞ്ഞോൽപ്പാട്ടുകൾ രചിച്ചുവന്നു.

അമ്മാനപ്പാട്ടു്

കെട്ടുകല്യാണത്തിനും മറ്റും അമ്മാന ആടുന്ന പതിവുണ്ടായിരുന്നു. അതിനുവേണ്ടി അസംഖ്യം ഗാനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടു്. അമ്മാനപ്പാട്ടു് എഴുതി പ്രസിദ്ധിസമ്പാദിച്ച പ്രാചീനകവികളിൽ ഒരാളാണു് പരവൂർ എഴിയത്തു കൊച്ചമ്പാളി ആശാൻ.

കൊച്ചമ്പാളിആശാൻ

ഇദ്ദേം 975-ൽ പരവൂർ എഴിയത്തുകുടുംബത്തിൽ ജാതനായി. എഴിയത്തു കുഞ്ചുചക്കിച്ചാന്നാട്ടിയും കാഞ്ഞരവിളാകത്തു് ചക്കൻകാളിയും ആയിരുന്നു മാതാപിതാക്കന്മാർ. അദ്ദേഹത്തിനു കുഞ്ഞുശങ്കരൻ വേലായുധൻ എന്നു രണ്ടു സഹോദരന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ അനന്തരവനായ വൈരവനാശാനായിരുന്നു പരവൂർ പി. കേശവനാശാൻ എന്ന പ്രസിദ്ധ പണ്ഡിതന്റെ പിതാവു്.

കൊച്ചമ്പാളി ആശാൻ യഥാകാലം പിതാവിന്റെ ഭാഗിനേയിയായ കാളിഅമ്മയെ വിവാഹം കഴിച്ചെങ്കിലും അതിൽ സന്താനമുണ്ടായില്ല.

എഴിയത്തു ഇപ്പോൾ നില്ക്കുന്ന കളരി ആശാൻ പണികഴിപ്പിച്ചതാണു്. ബാല്യവിദ്യാഭ്യാസം പരവൂർവച്ചുതന്നെനടത്തിയിട്ടു പല സ്ഥലങ്ങളിൽ സഞ്ചരിച്ചു് ജ്യോതിർവിദ്യയിൽ നല്ല നൈപുണ്യം സമ്പാദിച്ചു. പരവൂർ പടിഞ്ഞാറ്റേവീട്ടിൽ പപ്പുപിള്ള ആശാൻ എന്ന കവി അദ്ദേഹത്തിന്റെ ഉറ്റമിത്രങ്ങളിൽ ഒരാളായിരുന്നു.

ആശാൻ സരളപ്രകൃതിയും സത്യനിഷ്ഠനും കോമളഗാത്രനും ആയിരുന്നു. എന്നാൽ ദ്രുതകോപത്തിൽ ദുർവാസാവിനോടു സദൃശനായിരുന്നെന്നാണറിവു്.

1010-ൽ 35-ാം വയസ്സിൽ അദ്ദേഹം കാലധർമ്മംപ്രാപിച്ചു.

കൃതികൾ
ലങ്കാദഹനം വഞ്ചിപ്പാട്ടു്

കൊടുങ്ങല്ലൂർക്കു പോകുംവഴിക്കു് വഞ്ചിയിൽവച്ചു രചിച്ചതാണു്.

വഞ്ചിയേറിഗ്ഗമിക്കുമ്പോൾ വായുവിനാലല്ലോനമ്മൾ
വഞ്ചനയ്ക്കുപാത്രമായിബ്ഭവിച്ചീടുന്നു
ഇച്ചരിതംവിശിഷ്ടമാമച്ഛനല്ലോഹനൂമാനും
തച്ചരിത്രംപുകഴ്‍ത്തിക്കൊണ്ടിരിക്കയെന്നാൽ
പുത്രശൗര്യങ്ങളെക്കേട്ടാൽകാറ്റുമേറ്റംപ്രസാദിക്കും
തത്രരാമസ്വാമികൂടിക്കടാക്ഷംചെയ്യും
അബ്ധിരാജൻപ്രസാദിക്കു മപ്സരസ്സിൻഗണങ്ങളു–
മത്രയല്ലപ്രസന്നരാംമാമുനിമാരും.
ലങ്കാമർദ്ദനം താളംവച്ച അമ്മാന
ആർത്തശരധൂർത്തൻപരമാർത്ഥങ്ങളെയോർത്തിട്ടുട-
നത്താർമകളെക്കട്ടുകടൽക്കക്കരെവച്ചു-
അക്കാലമിതർക്കാത്മജനസ്വാമിനിയോഗത്തൊടു
മക്കാമാനിയെത്തേടിയയച്ചോരിലൊരുത്തൻ
കാറ്റിന്മകനൂറ്റൻ കവിശ്രേഷ്ഠൻഹനൂമാൻതാനവ
നേറ്റംബലവേഗേനകുതിച്ചംബരഭാഗേ
കാറ്റോടെതിരായ് ദൈവകടാക്ഷേണയിലങ്കാപുരി
നോക്കിപ്പതഗാഢ്യോപമനായ്‍ പോയമ്മാന.
പ്രഹ്ലാദചരിതം പാവള്ളിക്കളിപ്പാട്ടു്

പാവള്ളിക്കളി ഓണംസംബന്ധിച്ചു നടത്തിവരാറുണ്ടായിരുന്ന ഒരുമാതിരി കളിയാണു്. ഇപ്പോൾ നിശ്ശേഷം നിന്നുപോയിരിക്കുന്നു.

ഒന്നാനാംപാൽക്കടൽതന്നിലങ്ങോമനപ്പെണ്ണുങ്ങൾരണ്ടിനോടും
നന്നായിപ്പള്ളികൊണ്ടീടുന്നനായകൻ നമ്മുടെ നാരായണൻ
ഒന്നാനാം തിരുവനന്തപുരത്തു മൗവ്വണ്ണം പള്ളികൊള്ളും
ഒന്നാമനോമറക്കാരണൻ ശ്രീപത്മനാഭൻതുണച്ചീടണം
ചമച്ചീടണംപാവള്ളിപ്പാട്ടൊന്നു ചന്തക്കേടേതുമകപ്പെടാതെ
തുണച്ചീടെണംനീ കനിഞ്ഞെപ്പൊഴും തൂമൊഴിപ്പൂമാതിനുള്ളകാന്ത!
രുക്‍മിണീസ്വയംവരം അമ്മാനപ്പാട്ടു്
അംബേ കാർത്യായനീകേൾ കലുഷകുലഹരേ
നിർമ്മലേലോകമായേ
ബിംബാഭേ സംപ്രസന്നേസുരുചിരവദനേ
കാരണീയെൻപുരാണീ
രാമായണം കുറത്തിപ്പാട്ടു്

ഇതു കുറവർകളിക്കായി അവരുടെ ഭാഷയിൽ ഉണ്ടാക്കിക്കൊടുത്ത ഒരു കൃതിയാണു്.

“ജനകന്റേമകളല്ലോ ചീതപ്പെണ്ണാളേ
യവൾക്കല്ലോരാമനച്ചനുടുപ്പാനിട്ടേ.”

എന്ന വരികൾ ഞാൻ കുട്ടിക്കാലത്തു് പാടിക്കേട്ടിട്ടുണ്ടു്.

ബാണയുദ്ധം നെയ്യാണ്ടിപ്പാട്ടു്
ബാലിവധം ആലിവപ്പരവൻ തുള്ളൽപാട്ടു്

ഇവയിൽനിന്നും ചില വരികൾ എങ്കിലും തേടിപ്പിടിക്കാൻ സാധിച്ചിട്ടില്ല.

പേലവാംഗിതുഹിനാചലനന്ദിനി
കാലകാലനനുരൂപിണിയായ്‍വന-
ലീലതന്നിലതിലോലുപയായരുൾചെയ്തതുഭഗവാൻ
കേട്ടുതുഷ്ടിപൂണ്ടുപിന്നൊട്ടുമേമടിയാത-
ക്കാട്ടിലുൾപ്പുക്കുകളികാട്ടിവേഗാൽ
വാട്ടമെന്നിയേകിടിപ്രവരങ്ങടെ
ചാട്ടവുംകുതുകമൊടുശശങ്ങടെ
കൂട്ടവുംവനമൃഗങ്ങടെനോട്ടവുമൊട്ടഥകണ്ടു
വല്ലിമേൽവിളങ്ങുന്ന വല്ലരിതന്നിൽഭൃംഗ
മുല്ലസിപ്പതുംകണ്ടുമെല്ലെമെല്ലേ
ഭല്ലജാലകരതല്ലജകമ്പിത
കല്യപാദപകദംബമതിൽബഹു
പല്ലവോല്ലസിതവല്ലികളല്ലൽവെടിഞ്ഞഥകണ്ടു
താമരപ്പൊയ്കകളിൽതാമസിച്ചീടുമന്ന
ക്കോമളക്കിടാങ്ങളെക്കണ്ടുപിന്നെ
മത്തഹസ്തിവരരൊത്തുകളിച്ചുട
നത്തലെന്നിനിജചിത്തമതിൽദൃശ-
മെത്തിടുന്നകതുകത്തൊടുമെന്നിവിടാടമ്മാന.

പഴയ പാട്ടുകളുടെ കൂട്ടത്തിൽ 963-ാമാണ്ടിടയ്ക്കു് ഇഹലോകവാസംവെടിഞ്ഞ ചങ്ങൻകര ശങ്കരവാരിയരുടെ ബാണയുദ്ധം ആകമാനം വളരെ പ്രസിദ്ധമാണു്.

വാതിൽതിറപ്പാട്ടു്

കല്യാണാവസരങ്ങളിൽ പാടുന്നതിലേയ്ക്കായി എഴുതപ്പെട്ടിരുന്ന ഇത്തരം ഗാനങ്ങൾ ഒട്ടുവളരെയുണ്ടു്. മുറിയുടെ അകത്തും പുറത്തും ഇരുന്നു വധൂവരന്മാരുടെ ചോദ്യവും മറുപടിയും എന്ന മട്ടിലാണു് പാട്ടിന്റെ കെട്ടു്. പുരാണകഥകൾ തന്നെയായിരുന്നു പ്രായേണ വിഷയം.

രുക്‍മിണീസ്വയംവരം വാതിൽതുറപ്പാട്ടു്
കാമോദരി ചെമ്പട
അംഗലാവണ്യംകൊണ്ടംഗനമാർക്കുള്ളിൽ
തിങ്ങിവളർന്നീടുന്നമദഭംഗാവരുത്തുന്ന
മംഗലാംഗിനീയുറങ്ങിടുന്നോ രുക്‍മിണി.
ശൃംഗാരശീലേകവാടമടപ്പാനും സംഗതിയെന്തോമലേ?
മദകഞ്ജരഗാമിനിവേഗമോടേവന്നുവാതിൽതുറന്നീടുക
കൈകൊട്ടിക്കളിപ്പാട്ടു് (തിരുവാതിരപ്പാട്ടു്)

കൈകൊട്ടിക്കളിപ്പാട്ടിന്റെ പേരു കേൾക്കുമ്പോൾ ആദ്യമായി സ്മൃതിപഥത്തിൽ ഉദിച്ചുയരുന്നതു മച്ചാട്ടിളയതിന്റെ പേരാണു്. ഇന്നു പ്രചാരത്തിലിരിക്കുന്ന പാട്ടുകളിൽ ഏറിയകൂറും എളയതിന്റെ വകയാണു്.

അദ്ദേഹം കൊല്ലവർഷം പത്താംശതകത്തിന്റെ അവസാനത്തിൽ ജനിച്ചു. അന്നത്തെ ജ്യൗതിഷികന്മാരിൽവച്ചു് അഗ്രഗണ്യനായിരുന്ന ഈ വിദ്വൽകലാവതംസത്തിനേപ്പറ്റി ഒരു രസാവഹമായ ഐതിഹ്യം കേട്ടിട്ടുണ്ടു്.

ടിപ്പുസുൽത്താൻ തിരുവിതാംകൂർ ആക്രമിക്കാൻ പുറപ്പെടുംമുമ്പു് മന്ത്രീന്ദ്രൻമുഖേന എളയതിനെ തന്റെ സന്നിധിയിൽ വരുത്തിയത്രേ. എളയതിനെ പരീക്ഷിപ്പാൻവേണ്ടി സുൽത്താൻ ശൃംഖലാബദ്ധമായ ഒരു കിളിയെ ചൂണ്ടിക്കാണിച്ചിട്ടു് അതു് ഇനി എത്രകാലംകൂടി ജീവിക്കുമെന്നു ചോദിച്ചു. അതിന്റെ ജീവിതം അവസാനിക്കാൻ ഇനിയും കുറേക്കാലം ചെല്ലുമെന്നു ഇളയതു മറുപടി പറഞ്ഞതുകേട്ടിട്ടു സുൽത്താൻ തന്റെ വാളൂരി കിളിയെ ഒന്നു വെട്ടിയത്രേ. സാധാരണ ലക്ഷ്യം പിഴയ്ക്കാറില്ലാതിരുന്ന സുൽത്താന്റെ വെട്ടു തൽക്കാലം ഏറ്റതു ചങ്ങലയിലായിരുന്നു. അതുകൊണ്ടു് കിളി പറന്നുപൊയ്ക്കളഞ്ഞു. ഇതു കേവലം യാദൃശ്ചികസംഭവമാണെന്നും അതുകൊണ്ടു് എളയതു ഞെളിയാനൊന്നുമില്ലെന്നും പറഞ്ഞിട്ടു്, തന്റെ വഞ്ചിരാജ്യാക്രമണഫലം എന്തായിരിക്കുമെന്നു ചോദിച്ചു. തൽക്കാലം ഈശ്വരാനുകൂല്യം കാണുന്നില്ലെന്നു എളയതു് മറുപടിയും പറഞ്ഞു. ആകട്ടെ കാണാമല്ലോ, എന്നു സകോപം ഉൽക്രോശിച്ചുകൊണ്ടു് ടിപ്പു എളയതിനെ ബന്ധനസ്ഥനെന്നനിലയിൽ തന്റെകൂടെ കൊണ്ടുപോയി. സകലവിധ ഒരുക്കങ്ങളെല്ലാം സുൽത്താൻ ചെയ്തിരുന്നു. ആദ്യമൊക്കെ വിജയലക്ഷ്മി അദ്ദേഹത്തെ കടാക്ഷിക്കയും ചെയ്തു. “ഇപ്പോൾ എന്തുതോന്നുന്നു?” എന്നു സുൽത്താൻ ചോദിച്ചപ്പോൾ, “യുദ്ധം അവസാനിച്ചില്ലല്ലോ” എന്നു എളയതു മറുപടി പറഞ്ഞത്രേ. പക്ഷേ കാര്യം അദ്ദേഹം പറഞ്ഞതുപോലെതന്നെ സംഭവിച്ചു. വഞ്ചിരാജ്യത്തെ രക്ഷിക്കാൻവേണ്ടി കാറണ്‍ വാളീസ്പ്രഭു ശ്രീരംഗപട്ടണം ആക്രമിച്ചു കരസ്ഥമാക്കി. ഈ വാർത്ത അറികയാൽ ടിപ്പുവിനു പെട്ടെന്നു തിരിച്ചുപോകേണ്ടതായും ഇംഗ്ലീഷുകാരോടു് ഉടമ്പടി ചെയ്യേണ്ടതായും വന്നുകൂടി.

ധനുമാസത്തിൽ മകയിരം നോൻപുനോറ്റു് തിരുവാതിരനാൾ പുഴുക്കുംതിന്നു് സ്ത്രീകൾ സുഖമായി കൈകൊട്ടിക്കളിക്കുക ഇന്നും കൊല്ലത്തിനുവടക്കു് എല്ലാദിക്കിലും നടപ്പുള്ളതാണു്. കെട്ടുകല്യാണം കഴിഞ്ഞു് ആദ്യമായി വരുന്ന തിരുവാതിരയ്ക്കു പുത്തൻതിരുവാതിര എന്നായിരുന്നു പേർ. അതു വളരെ ആഘോഷപൂർവ്വം കൊണ്ടാടുകയും പതിവായിരുന്നു. അഞ്ഞൂറും ആയിരവും ഏത്തക്കാ ഉപ്പേരി വറുത്തു് തിരുവാതിരയ്ക്കു് വന്നുകൂടുന്ന സ്ത്രീജനങ്ങളെ സല്ക്കരിച്ചുവന്നു. കൈകൊട്ടിക്കളിക്കു ഉപയോഗിക്കുവാനായി നിരവധി ഗാനങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടു്. അവയിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ളതു് മച്ചാട്ടിളയതിന്റെ ശാകുന്തളം, ഗജേന്ദ്രമോക്ഷം, ഏകാദശിമാഹാത്മ്യം മുതലായ കൃതികളിലെ ഗാനങ്ങളാകുന്നു. അവയിൽ ഒരു പാട്ടെങ്കിലും അറിയാത്ത സ്ത്രീകൾ മുമ്പു് ഉണ്ടായിരുന്നോ എന്നുതന്നെ സംശയമാണു്. ഏകാദശീമാഹാത്മ്യത്തിലേയും ശകുന്തളാവാക്യത്തിലേയും ഒന്നുരണ്ടു മനോഹരഗാനങ്ങൾ ഇവിടെ പകർത്താം.

നാനാഗുണനിധിവൈവസ്വതൻമനു
നന്ദനനന്ദനനായീടുന്ന
നാനാനൃപേന്ദ്രനാഭാഗസുതൻപത്മ
നാഭന്റെഭക്തനാമംബരീഷൻ
നാലുവേദങ്ങളും ശാസ്ത്രങ്ങളുംപിന്നെ
നല്ലധനുർവേദശാസ്ത്രങ്ങളും
നന്നായ്‍ഗ്രഹിച്ചോരുമന്നവപുംഗവൻ
നന്ദനീയാംഗൻവിനയശീലൻ
നാരീജനമനോഹാരിസുമാനസൻ
നാരായണപ്രസാദൈകപാത്രം
നാട്ടിൽപ്രജകൾക്കതുഷ്ടിവളർത്തുടൻ
നഷ്ടസന്താപംപരിപാലിച്ചു
നാഥൻമുകുന്ദന്റെ പാദാംബുജങ്ങളിൽ
നാൾതോറുംവർദ്ധിച്ച ഭക്തിയോടും
നന്മഹീപാലൻവസിച്ചുവിഭാകര
നന്ദിനീതീരേ മധുവനംന്തേ
നന്മവരുവതിനേകാദശീവ്രതം
നന്മറയോരുമായാരംഭിച്ചു.
വേറൊന്നു്
കാലാരിസംഭവനായമുനീന്ദ്രൻ
കാളിന്ദിയിൽചെന്നിറങ്ങിപതുക്കെ
കാലുകഴുകിയുംകണ്ണുതുടച്ചും
കാഷായവസ്ത്രം നനച്ചുപിഴിഞ്ഞും
കാറ്റുമൊട്ടേറ്റുകടവിലിരുന്നും
കാളമാംതോയത്തിൽമുങ്ങിക്കിടന്നും
കാലംവളരെക്കഴിഞ്ഞോരുനേരം
കാണാഞ്ഞുഭൂപനും ചിന്തതുടങ്ങി.

ഈ പുസ്തകത്തിലെ എല്ലാ പാട്ടുകൾക്കും ഒരു വിശേഷമുള്ളതു് ആദ്യക്ഷരപ്രാസമാണു്.

മധുരമൊഴിശാരികേവന്നാലുംനീ
മധുഗുളവുംപാലുംപഴവുംനൽകാം.
മനുജപതിദുഷ്ഷന്തനെന്നവീരൻ
മുനിസുതയായീടുംശകുന്തളയേ
കുതുകമോടേഗാന്ധർവ്വമായിവേട്ട
കഥപറകവേണം നീയെന്നോടിപ്പോൾ.
വിരവോടതുകേട്ടുകിളിക്കിടാവും
ഗുരുചരണംചിന്തിച്ചുഭക്തിയോടേ
കരുണകലർന്നീടുന്നനെല്ലുവായിൽ
കരിമുകിൽവർണ്ണനെക്കൈവണങ്ങി
കരിവദനഭാരതീകൃഷ്ണന്മാരേ
കരളിലുറപ്പിച്ചുപറഞ്ഞാളേവം.
പുകൾപെരിയസോമകുലത്തിൽപണ്ടു
പ്രകൃതിഗുണശീലാചരങ്ങളോടും
പുരുഷമണിദുഷ്ഷന്തനെന്നുപേരാ-
യൊരുധരണിനായകനുണ്ടായ്‍വന്നു.
അഴകോടവൻപാരിൽപ്രജകൾക്കെല്ലാ-
മഴലൊഴിയുമാറു പരിപാലിച്ചു
സചിവപരിപാരകവൃന്ദത്തോടും
രുചിരതരകീർത്ത്യാ വസിക്കുംകാലം
ഒരുദിവസംനായാട്ടിന്നായിക്കൊണ്ടു
പെരിയരഥംതന്നിൽകരേറിഭൂപൻ
കരമതിലമ്പും നല്ലവില്ലുമായി-
ക്കരിതുരഗകാലാൾപ്പടകളോടും
വലകളോടും വേടന്മാർ നായ്ക്കളോടും
മലയിലകംപുക്കുവൻ കാടിളക്കി
കരടിപുലിപന്നികൾ സിംഹങ്ങളും
കരികടമാനുംനല്ലകാട്ടുപോത്തും
അടവികളിൽനിന്നു പുറപ്പെട്ടപ്പോൾ
ഝടുതികൊലചെയ്തു ശരങ്ങളാലേ.
വേറെവൃത്തം
ഓടുംക്ലേശങ്ങളെത്തേടിനരപതി കാടകംപൂക്കുന്നൊരുനേരത്തിങ്കൽ
പേടിച്ചൊരുമൃഗംചാടിക്കുതിച്ചോടി കൂടെനൃപതിയുംകൂടിമുമ്പേ
മണ്ടുന്നമാനിനെക്കണ്ടുകണ്ടന്തികേ കുണ്ഠതകൈവിട്ടടുത്തുനേരേ
തേരതിവേഗത്തിൽപാരാതെയോട്ടിച്ചു ദൂരത്തൊരുദിക്കിൽച്ചെന്നുചാടി
സേനയുംകൂടാതെതാനേഹിമവാന്റെ സാനുപ്രദേശംപ്രവേശിച്ചപ്പോൾ,
കണ്വമുനിയുടെപുണ്യാശ്രമസ്ഥലം കണ്ണിനുകൗതുകമുണ്ടാംകണ്ടാൽ.
മാലിനിയാംനദീതീരേ മനോഹരേമൂലഫലകസുമാദിപൂർണ്ണം
നാലുവേദങ്ങളുമാറുശാസ്ത്രങ്ങളും നാലുപായങ്ങളുപവേദങ്ങൾ
എല്ലാംഗ്രഹിച്ചൊരുനല്ലമുനിജനം കല്യാണമോടേവസിക്കുംദേശേ
ഹോമധൂമങ്ങളുംസാമഗാനങ്ങളും നാമസങ്കീർത്തനഭേദങ്ങളും
ശീലഗുണമതിശാലികളാമൃഷിബാലകന്മാരുടെലീലകളും
കണ്ടുകണ്ടാനന്ദംപൂണ്ടുമഹീപതി കൊണ്ടാടിയാശ്രമംതന്നിൽപുക്കു
പർണ്ണശാലയ്ക്കുള്ളിൽ ചെന്നുകടന്നവൻ നിന്നപ്പോളാരെയും കാണായ്കയാൽ
ആരുള്ളിതിപ്പർണ്ണശാലയിലെന്നതി ഗൗരവത്തോടവൻചോദിച്ചപ്പോൾ
ലക്ഷണയുക്തമാംവാക്കുകൾകേട്ടുടൻ ലക്ഷ്മീസമാനമാംരൂപത്തോടെ
മിന്നൽക്കൊടിപോലെമിന്നുന്നകന്യക തന്വംഗിതാനുമവിടെച്ചെന്നു
മന്നവനെക്കണ്ടുമന്ദാക്ഷമുൾക്കൊണ്ടു മന്ദേതരമവൾസൽക്കരിച്ചു.
വേറൊന്നു്
മതിമാനാകിയകാശ്യപനൊരുനാൾ മതിമുഖിയാമവളോടുരചെയ്തു
മല്ലവിലോചനമാക്കിഹബാലേ വല്ലഭനീശ്വരനെന്നറിയേണം
കണവനെവേർവിട്ടിവിടെയിരുന്നാൽ പ്രണയമവന്നുകുറഞ്ഞിടുമല്ലോ
എന്നതുകൊണ്ടിനി നീ തവരമണൻ തന്നുടെസവിധേനന്ദനനോടും
പോകമടിക്കരുതെന്നുടെ ശിഷ്യകളാകുലമെന്യേതുണയായ് പോരും.
ജനകൻതന്നുടെവചനമതങ്ങനെ പ്രണയമിയന്നുശകുന്തളകേട്ടു
പതിയാംനരകുലപതിയെക്കാണ്‍മാൻ കൊതിപെരുതുണ്ടെന്നാകിലുമപ്പോൾ
കനിവേറുന്നൊരുതാതനെയുംമുനി കന്യകകളാംസഖികളെയുമശേഷം
വിരവൊടുവേർപിരിയുന്നതുചിത്തേ കരുതുകയാലതിഖിന്നതയോടും
പോവതിനായവൾമാമുനിതന്നുടെ ഭാവമറിഞ്ഞുവണങ്ങിയനേരം
കണ്ണീരവിരതമൊഴുകിയവൾക്കും കണ്വനുമധികം കരുണകലർന്നു
മധുമൊഴിയാളെയുമുണ്ണിയെയുംനിജ മടിയിലിരുത്തിയനുഗ്രഹമേകി
അനുനയവാക്കുകൾചൊല്ലിമുനീന്ദ്ര നനുസരണംചെയ്തൻപൊടയച്ചു.

ജ്യോതിശ്ശാസ്ത്രപാരാവാരപാരംഗതനായിരുന്ന തിരുമംഗലത്തു നീലകണ്ഠൻമൂസ്സതിന്റെ ശിഷ്യാഗ്രനായിരുന്നല്ലോ പ്രശ്നമാർഗ്ഗകർത്താവു്. അദ്ദേഹം പെരുഞ്ചല്ലൂർ ഗ്രാമക്കാരനും തലശ്ശേരിൽനിന്നു് എട്ടുനാഴിക വടക്കുള്ള എടക്കാട്ടു വിഷ്ണുക്ഷേത്രത്തിനുസമീപം വസിച്ചിരുന്നയാളുമായ ഒരു നമ്പൂരിയത്രേ.

“കോളംബേ മുരഹാസംഖ്യേ” എന്ന ശ്ലോകപാദത്തിൽനിന്നു പ്രശ്നമാർഗ്ഗനിർമ്മാണ കാലം 825 ആനി 1-നു ആയിരുന്നുവെന്നു നിസ്സംശയം ഗ്രഹിക്കാം. ഈ മഹാശയന്റെ പ്രശിഷ്യനായിരുന്നു മച്ചാട്ടിളയതു്. മച്ചാട്ടിളയതിന്റെ ശിഷ്യനായ ഏഴിക്കരനാരായണൻമൂസ്സ് പണ്ഡിതശിരോമണിയും വാചസ്പതി ടി. സി. പരമേശ്വരമൂസ്സതിന്റെ ഗുരുവും ആയിരുന്ന പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ മാതുലനുമായിരുന്നു. ഇത്യാദി വിവരങ്ങളിൽനിന്നു എളയതിന്റെ കാലം 900-നും 1000-നും മധ്യേ ആയിരുന്നു എന്നു മാത്രം ഊഹിക്കാം. 1013-ൽ അദ്ദേഹം മരിച്ചതായി ഭാഷാചരിത്രത്തിൽ പറയുന്നു.

അമ്പാടി കുഞ്ഞുകൃഷ്ണപ്പുതുവാളേപ്പറ്റി മൂന്നാംപുസ്തകത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. അദ്ദേഹവും ഒട്ടുവളരെ ഗാനങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. മിക്കവയും സ്തോത്രങ്ങളാണു്. ഒന്നുരണ്ടു പാട്ടു ഉദ്ധരിക്കാം.

സാസ്വതീമനോഹരി ചെമ്പട
പ. ചിന്തയേഭവന്തം ലക്ഷ്മണ
ബന്ധുരാകൃതേ ഹേ!ലക്ഷ്മണബന്ധുരാകൃതേ!
അ. പ. നിന്തിരുവടിക്കെന്തു ചേതമയ്യോ
ബന്ധമോചനം ഹന്തതരിക
ച. കുറ്റമറ്റുഭൂവിപരിശുദ്ധയാ-
യുറ്റമായൊഴുകുമുദാരനദീ
തീരശോഭിതേ തിരുമൂഴിക്കുളം
സ്വൈരമാർന്നെഴും വീരരാമാനുജ
ശങ്കരാഭരണം ചെമ്പട
പ. ചെങ്ങണഗിരിനിലയേ ലോകതായേ
ചേവടിയുഗം കലയേ
അ. പ. ഭംഗിനിറഞ്ഞിടതിങ്ങിയെഴുംഭുവ-
നങ്ങളിലിഹപുകൾപൊങ്ങിവിളങ്ങും. ചെങ്ങ
ച. നിന്തിരുമുടിയിലണിഞ്ഞൊരുപൊൻമകുടം—ശോഭാ
ബന്ധുരമതിനുപമാനവുമില്ലദൃഢം
ചന്തമിയന്നമനോജ്ഞലലാടതടം—കണ്ടാൽ
ഹിതതൊഴുംവെണ്മതികലനിഷ്കപടം.
തൽപുരികുഴലായതമതിമഹിതം
കല്പകസുമഗണപരിലസിതം
സൽപരിമളഗുണഗണസഹിതം
ഷൾപദപരിവൃതമപിസതതം
ശില്പതയോടജകാത്ഭുതശോഭയു
മെപ്പൊഴുമെന്നുൾപ്പൂവിൽ വിലസണം. ചെങ്ങ

പെട്ടൊഴികത്തു രാമനിളയതും മച്ചാട്ടിളയതിനെപ്പോലെ അനേകം കൈകൊട്ടിപ്പാട്ടുകളും സ്ത്രോത്രഗാനങ്ങളും നിർമ്മിച്ചിട്ടുണ്ടു് കവി ജീവിച്ചിരുന്നതു് അടുത്തകാലത്താണെങ്കിലും വസ്ത്രാപഹരണം കൈകൊട്ടിക്കളിയിൽനിന്നു് മാതൃകാഗാനങ്ങൾ ഇവിടെ ചേർത്തുകൊള്ളട്ടേ.

സുന്ദരാംഗിമാരൊന്നറിയാതെ നന്ദനന്ദനൻനന്ദിയിൽ
മന്ദംമന്ദംനടന്നുകൊണ്ടുടനന്നദീതീരേചെന്നുപോൽ
മോടികൂടുന്നോരാടകളൊക്കപ്പാടേവാരിയങ്ങോടിനാൻ
കേടകത്തുന്നകൈടഭാരിയമ്പോടൊര ലിന്മേൽകൂടിനാൻ
നിർമ്മലാംഭസ്സിലംബുജാക്ഷിമാർ തമ്മുടെകളിവെണ്മയും
ചിന്മയൻതന്റെകണ്മണികൊണ്ടങ്ങമ്മാറുകണ്ടുനന്മയിൽ
കായംനല്ലൊരുകായാമ്പൂനിറമായ മായാമയനായ
തോയജാക്ഷനത്തോയത്തിൻ ഗുണംമായമെന്യേ സഹായമായ്

രാമനിളയതിന്റെ രണ്ടുമൂന്നു ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം.

പൊൽപ്പൂബാണൻപൊരിഞ്ഞീടിനപൊരിപതറും
കണ്ണിനും കണ്ണുതെറ്റി-
പ്പൊയ്പോയാൽ ഗംഗയെത്തേടിനരുചിരകര
ത്താമരത്താരിണയ്ക്കും
എപ്പോഴും ക്ഷുത്തുകൂടും ഗണപതിവിടുവാ-
നായ്മടിക്കും മടിക്കും
കൂപ്പീടുന്നേൻ കുലാദ്രീശ്വരനുടെമകൾതൻ
????????ചിരിക്കും
തിയ്യാളുംകണ്ണനാംമൽപതിനിജതലയിൽ
ക്കേറ്റിലാളിക്കുവാനായ്
തയ്യാറായ് വച്ചിരിക്കുന്നമരനദിതിള
യ്ക്കുന്നതാശ്ചര്യമല്ല
ഇയ്യാപത്തിയ്യിടെത്തീർന്നിടുമതുമുതലി-
സ്സൊല്ലതീരും നമുക്കെ-
ന്നയ്യാഗൗരിക്കുചേരും നിനവഴലകലെ-
ത്തള്ളിമോദം തരട്ടേ.
മാരൻപാട്ടു്

ഗാന്ധർവപ്രീതിക്കുവേണ്ടി ചില പ്രധാന കുടുംബക്കാർ പ്രതിവർഷം ഗന്ധർവൻപാട്ടു നടത്തുന്ന പതിവുണ്ടായിരുന്നു. പാശ്ചാത്യപരിഷ്കാരത്തെ ഭയപ്പെട്ടോ എന്തോ?— ഗന്ധർവന്മാരും യക്ഷികളും ഒക്കെ ഇപ്പോൾ നാടുവിട്ടുപൊയ്ക്കളഞ്ഞുവെന്നു തോന്നുന്നു.

ഗന്ധർവൻപാട്ടിനു ഒരു മാന്ത്രികൻ ആവശ്യമാണു്. അയാൾ കൊടുക്കുന്ന ചാർത്തനുസരിച്ചു് വീട്ടുകാരൻ പന്തൽതീർത്തു് അലക്കിയ പുടവകൾകൊണ്ടു അലങ്കരിക്കയും ചുറ്റും കുരുത്തോലയും കുരുത്തോലക്കിളികൾ, കുരുത്തോലപ്പാമ്പു്, കുരുത്തോലമത്തൻ മുതലായവ കെട്ടിത്തൂക്കുകയും ചെയ്യുന്നു. അനന്തരം പന്തലിനകം തൂത്തുതളിച്ചു ശുചിയാക്കുന്നു. ശിവകോണിൽ കിളരമുള്ള തേൻകദളിവാഴ നാട്ടുന്നു. പിന്നെയാണു മണിത്തറയൊരുക്കുക എന്ന ക്രിയ. യന്ത്രമിട്ടു അതിനു പടിഞ്ഞാറുവശം പിണിയാളിനുള്ള ശരകൂടം കെട്ടിയലങ്കരിക്കുന്നു. നാലുകോണിലും പുതുച്ചട്ടികൾ, വാഴപ്പഴം, കരിക്കു്, അവൽ, അട, മാവില, അശോകത്തളിർ, പലമാതിരി പുഷ്പങ്ങൾ ഇവ ഒരുക്കിവയ്ക്കുന്നു. കൊട്ടും കുരവയും പാണ്ടിവാദ്യവും നേരത്തേ ഏർപ്പാടുചെയ്തിരിക്കും. അനന്തരം തറമെഴുകി ഭംഗിയുള്ള തൂശനിലയിട്ടു്, വിളക്കും നിറനാഴിയും, വെറ്റില പാക്കു കരിക്കു അട മലർ പൂംകുല ചന്ദനം ഭസ്മം കളഭം മുതലായവയും മുറയ്ക്കുവച്ചു് മാന്ത്രികൻ പരിശുദ്ധനായ് പൂജ നടത്തീട്ടു ദുർഗ്ഗാഭഗവതിയെ സ്മരിച്ചു് പിണിയാളിന്റെ ഇടത്തുവശത്തായി പീഠം പ്രതിഷ്ഠിക്കുന്നു. പിന്നീടു് പിണിയാളായ യുവതി വ്രതാനുഷ്ഠാനപൂർവം കുളിച്ചു ശരീരം മേനിവരുത്തി, കുറിയിട്ടു് ഭംഗിയുള്ള വസ്ത്രംധരിച്ചു്, മുലക്കച്ചകെട്ടി ഉത്തരീയം അണിഞ്ഞു്, അത്തൽ പനിനീർ കളഭം മുതലായ സുഗന്ധദ്രവ്യങ്ങൾ വേണ്ടുവോളം പൂശി, സാക്ഷാൽ രതീദേവിയെന്നപോലെ ഇക്ഷുകോദണ്ഡവും കൈയിൽ ഏന്തിക്കൊണ്ടുവരുന്നു. അഷ്ടമംഗല്യം ധരിച്ചു് ഒരു തോഴി മുന്നിലും ഏഴു കന്യകമാർ പിന്നിലും നില്ക്കുന്നു. ആർപ്പു്, കുരവ, വാദ്യമേളങ്ങൾ ഇവയോടുകൂടി പന്തലിനു മൂന്നുവലംവച്ചു് അതിനുള്ളിൽ പ്രവേശിക്കുന്നു. അനന്തരം പിണിയാൾ കിഴക്കോട്ടു തിരിഞ്ഞുനിന്നു് നെല്ലരി പൂക്കുലപൂവ് മുതലായവകൊണ്ടു അർച്ചനാദികൾ ചെയ്തിട്ടു പീഠത്തിൽ കയറി ഇരിക്കുന്നു. പിന്നീടു്, കന്യകമാരിൽ ഒരുത്തിവന്നു് പിണിയാളിന്റെ ദേഹപൂജ നടത്തി ഇടത്തേ കരത്തിൽ കാപ്പുകെട്ടുന്നു. പിന്നെ ചില ക്രിയകളൊക്കെ നടത്തുന്നു. ഇതിനിടയ്ക്കു മാരൻപാട്ടു മുറയ്ക്കു നടന്നുകൊണ്ടിരിക്കുന്നു. ഒടുവിൽ പിണിയാൾ തുള്ളി പൂപ്പട വാരുന്നു. ഇങ്ങനെയൊക്കെയാണു് ഗന്ധർവൻപാട്ടിന്റെ ചടങ്ങു്. ചുരുക്കിപ്പറഞ്ഞാൽ ഇതു കാമപൂജയാണു്. ഇത്തരം ഉത്സവങ്ങൾ ബംഗാളിൽ ഇപ്പോഴും നടപ്പുണ്ടു്. രീതിക്കു വ്യത്യാസമുണ്ടെന്നേയുള്ളു. മാരൻപാട്ടുകളിൽവച്ചു് ഏറ്റവും പ്രസിദ്ധം “ചന്ദനമാരൻ” എന്നു വിഖ്യാതമായ ഗാനമാണു്. ആ കൃതിയുടെ കർത്താവു് വിദ്വാൻ കോയിത്തമ്പുരാനാണെന്നു ചിലർ പറയുന്നു. നിശ്ചയിപ്പാൻ തരമില്ല.

ചന്ദനത്തണലൂടെ മന്ദമാരുതമേറ്റു
ഇന്ദിശപാടിവരും സുന്ദരികിളിപ്പെണ്ണേ!

എന്നിങ്ങനെ ആരംഭിച്ചിരിക്കുന്നതുകൊണ്ടാണു് ഈ കൃതിയെ “ചന്ദനമാരൻ” എന്നു വിളിച്ചുവരുന്നതു്. കാമദേവന്റെ മാമാങ്കം പുറപ്പാടാണു് ഇതിന്റെ വിഷയം. കാമിനിമാരെ വശത്താക്കണമെന്നായിരുന്നു മാമാങ്കത്തിന്റെ ഉദ്ദേശം.

കിളിയോടു ചോദിക്കുന്നു.

ബാലകോകിലകുലമൗലിമാലികേ ബാലേ
മാരാനുകൂലേ മനോമോഹനതരശീലേ
മാരവീരാതിരേകകാര്യകാരണലോപേ
വാരിജമകൾ പുൽകും വാരിജാനന്ദലാഭേ
മലയജമലയതിലും മാലതിമലർനിരചൊരിയും വനമതിലും
മാനസസരസ്സിലും വാനവർ പുരത്തിലും
പാലാഴിയിലും പിന്നെ പ്രാലേയാചലത്തിലും
പലദിശി നദികളിലും വിടപികൾ ഫലമലനിബിഡാടവിയതിലും
സഞ്ചരിക്കുമ്പോഴുണ്ടോ പഞ്ചബാണനെക്കണ്ടു?
ചഞ്ചലാക്ഷിമാരുടെ നെഞ്ചകമിളക്കുന്ന
വഞ്ചനമയപുഞ്ചിരിയും ചില കൊഞ്ചലുകളുമകമലരിൽനിനച്ചാൽ
കിഞ്ചനപൊറുക്കുമോ സഞ്ചിതഗുണാഞ്ചിതേ?
വഞ്ചനചെയ്താനല്ലോ വഞ്ചനചെയ്താനല്ലോ
അഞ്ചിതഗുണഗണമിയലുംപികസഞ്ചയവുംനീയുംകൂടെ
പൂഞ്ചോലവാടിതന്നിലൂഞ്ഞാലിൽ വസിക്കുമ്പോ-
ളഞ്ചലർബാണവാസലാഞ്ഛനം കാണ്‍മാനുണ്ടോ?
വാമനയനമാരുടെ മാനസതാമരസാന്തസ്ഥിതനാകും
കാമനെൻകമിതാവിനൊടുപമാനനായ
കാമുകന്മാരെയുണ്ടോ കാണ്‍മാനീലോകത്തിങ്കൽ
അരുണതരുണകിരണനികരരുചി
തടവിനനവമണിമകുടത്തിൻകാന്തിചിന്തിച്ചെൻ
സ്വാന്തം വെന്തുരുകുന്നു കന്മസായകൻ തന്റെ
കുന്തളഭാരത്തിങ്കൽ കുറുമൊഴിനറുമലർനിര ചിതറും
കചഭരമൊളിവതിൽ മുരളുന്നൊരിന്ദിന്ദിരങ്ങൾ-നല്ല
മന്ദാരസുമങ്ങളും കന്ദബാണാധിവാസമെന്നുകാണുന്നുഞാനും
ശിശുശശിനികരാഭയെഴുന്നൊരു കുടിലമതാം നിടിലതടത്തിൽ
നിസ്തുലതരമായ കസ്തുരിതിലകത്തിൻ
വസ്തുത നിരൂപിച്ചാലെത്രയും വിമോഹനം!
തന്നുടെ കുലവില്ലിനു തുല്യതചൊല്ലുമവൻ
ചില്ലിയോടുപമ ചൊല്ലുകിലവൻ കൈ-
വില്ലല്ലാതെയില്ലചൊൽവാൻ
ഫല്ലപങ്കജദളതുല്യലോചനങ്ങളിൽ
മഞ്ജുളമൊഴിമാരുടെ മാനസഭഞ്ജനകരമായഴകോടേ
കാഞ്ജലോചനങ്ങളിലഞ്ജനമണിഞ്ഞതു
ശൃംഗാരാത്ഭുതരസവാസിതമെന്നുതോന്നും
സുസ്മിതമെഴുമസ്മരനുടെമുഖവിസ്മയമോർക്കാനെളുതല്ലോ

ഇങ്ങനെ വിപ്രലംഭശൃംഗാരരസാർദ്രമാണു് ചന്ദനമാരൻ.

കാമിനിമാരെ വശത്താക്കണമെന്നുറച്ചു
തൂമയേറീടും തന്റെ തേരതിൽ നിന്നിറങ്ങി
പൂമണം കലർന്ന പൂങ്കാവതിലണഞ്ഞുടൻ
കാണുന്നവർക്കു കണ്ണിനൊരാനന്ദം വരുമാറു്
കാമദേവന്റെ കോപ്പിതപ്പോഴങ്ങെന്തുചൊൽവൂ!
പട്ടുമണിപ്പുടവകൾ മുട്ടോളം ഞൊറിഞ്ഞുടുത്തു
പട്ടുകച്ചയുംകെട്ടീട്ടൊട്ടേടം തൊങ്ങലിട്ടൂ
ഇഷ്ടമായുള്ളപൊന്നിൻ ചങ്ങലയതും പൂട്ടി-
യൊട്ടേറെമാവിൽ നല്ല മാലേയച്ചാറണിഞ്ഞു
പൂവുംനൽപുഴുവുംജവാതുകൾ കളഭകസ്തൂരികളെല്ലാം
ആശാകരങ്ങളായതൊക്കവേ തേച്ചുകൊണ്ടു
പത്തരമാറ്റിൻപൊന്നിൻകുണ്ഡലങ്ങളുമിട്ടു
മുത്തുമാലകൾ വനമാലകളതും ചാർത്തി
ഇക്ഷുചാപവും പുഷ്പബാണവും കയ്യിലേന്തി
പെട്ടെന്നുമലരമ്പൻ പൂങ്കാവിലകം പുക്കു
മട്ടോലും മൊഴിമാരേയെയ്തുടൻ വശത്താക്കി
ചട്ടെന്നു പാണിഗ്രഹം ചെയ്തിതു വഴിപോലെ

അവരോടുകൂടി രമിക്കുന്നകാലത്തു്

പുഷ്പസായകൻതന്നെ കാണാഞ്ഞു രതീദേവി
ബാഷ്പങ്ങൾ തൂകിത്തൂകി ദുഃഖിച്ചു ബഹുവിധം
തല്പത്തിൻമുകളേറി ശോകിച്ചു കിടക്കുമ്പോൾ
സ്വപ്നത്തിൽകണ്ടു പുഷ്പസായകൻതന്നെ രതി
ക്ഷിപ്രമങ്ങുണർന്നിരുന്നു

പെരുനെല്ലി കൃഷ്ണൻവൈദ്യന്റെ മാരൻപാട്ടിലെ ഒരുഭാഗം താഴെ ചേർക്കുന്നു.

അന്നാ സുന്ദരീവൃന്ദാരാധിത നന്നായ്പൊങ്ങിന
ശോകമൊടേ—അലസത്തൊടു വിലസുന്നൊരു
മലർമെത്തയിലവളങ്ങനെ—നലമുറ്റൊരു
മലരമ്പനെ മനസാ ചിന്തിച്ചും
പൊങ്ങുംതാപമൊതുങ്ങും ഭാവനയെങ്ങും-
പൂണ്ടവളപ്പൊഴു തേ—വടിവുറ്റൊരു
തടിയിട്ടതിനൊടു തുല്യതയിടചേരവേ
വടിവൊത്തൊരു തുടുഭാഷിണി പൊടിവിട്ടഥ വീണു…

ഈ പാട്ടിൽ സംഭോഗശൃംഗാരവും കുറെ അധികം പച്ചയായി വർണ്ണിച്ചിട്ടുണ്ടു്. മാരൻപാട്ടുകൾ പാടിക്കേൾക്കാൻ വളരെ ഇമ്പമുള്ളവയാകുന്നു.

കുത്തിയോട്ടപ്പാട്ടു്

ചില ദേവീക്ഷേത്രങ്ങളിൽ—വിശേഷിച്ചു്, ചെട്ടികുളങ്ങര, മങ്കൊമ്പു്—ഈ പ്രസിദ്ധ ക്ഷേത്രങ്ങളിൽ കുത്തിയോട്ടം നടപ്പുണ്ടു്. വളരെ ഉയരമുള്ള ചാടുകളുടെ അഗ്രത്തിൽ, പുറത്തു ചൂണ്ടയിട്ടു് ഒന്നുമുതൽ അഞ്ചുവരെ ആളുകളെക്കോർത്തു് ബന്ധിക്കും; അനേകം ആളുകൾചേർന്നു് അത്തരം ചാടുകളെ ക്ഷേത്രത്തിനു ചുറ്റും വലിച്ചുകൊണ്ടു പോകും. ഇതൊരു വഴിപാടായി ഗണിക്കപ്പെടുന്നു. നരബലിയുടെ അവശിഷ്ടമാണെന്നു ചിലർ പറയുന്നു. കുത്തിയോട്ടത്തിനു പാടാനായി ചില പാട്ടുകൾ ഉണ്ടാക്കപ്പെട്ടിട്ടുണ്ടു്. കവിതാരസം വളരെകുറയും; മിക്കവയും പ്രാകൃതജനങ്ങൾക്കു കേൾപ്പാനായി നിർമ്മിക്കപ്പെട്ടയാണു്, അവ ചൊല്ലാൻ പ്രത്യേക മട്ടുകളുമുണ്ടു്.

‘ചെട്ടിക്കുളങ്ങരെ മാധവിയമ്മേടെ-
യെട്ടുവയസ്സിലെ കുത്തിയോട്ടം’

എന്നിങ്ങനെ രണ്ടു വരികൾ ഞാൻ ബാല്യകാലത്തു് കേട്ടിട്ടുണ്ടു്. ഗാഥാവൃത്തമാണെങ്കിലും, ചൊല്ലേണ്ടരീതി വേറെയാണു്; ചിലേടത്തു്,

ശ്രീദേവി ഭൂദേവി വാണിമാതും മമ
വാണിയിൽ വാഴ്ക തുണയ്ക്കുവാനായ്
മെത്തും വിനയ മൊത്തിങ്ങിഹ നിത്യംപദ സ-
രസീരുഹമെത്തുന്ന ഭക്ത്യാ നമിച്ചിടുന്നേൻ

എന്നിങ്ങനെ രണ്ടാമത്തെ ഈരടിയിൽ കാണുമ്പോലെ ഇരട്ടിയും ഉണ്ടായിരിക്കും.

പുലക്കളി

ഇതിനു താനാട്ടം എന്നുകൂടി പേരുണ്ടു്.

തത്തെയ്യം തെയ്യെല്ലാന്തതോം തെയ്യം തിത്തെല്ലത്തെയ്യലുന്തതോം
തിന്തിനാതിത്തായ്‍ത്താതോം തിമി തിന്തിനായ് തിനായ്ത്താരോ

എന്നു താളം ചവിട്ടിക്കൊണ്ടാണു് പാട്ടു്. ‘രാമായണംകഥ തനാട്ടം’ എന്ന ആധുനിക കൃതിയിൽനിന്നു് ഒന്നുരണ്ടു വരികൾ ഉദ്ധരിക്കുന്നു.

താനാട്ടം ചൊല്ലിത്തുടങ്കി—അണ്ണു തത്തമ്മ പാടിത്തുടങ്കി
താളം ചവിട്ടി മുയക്കി—തള കാലിൽ കിലുക്കി മുയങ്കി
ശങ്കരൻ വങ്കരിയായേ—അണ്ണു ശങ്കരിയും പിടിയായേ
അങ്കരിതാനന്ദമായേ—യവ—രണ്ണങ്ങടവിയിൽ പുക്കേ
കൊഞ്ചിക്കുളഞ്ചുനടന്തൈ—കല യാനകളോടങ്കിടഞ്ചേ
പങ്കജമാരമാൽ പൂണ്ടേ—പരമേശൻ കളിച്ചാനക്കാലം

പുലക്കളിക്കായി വിഷ്ണേല്, പാരതം ഉത്തരരാമായണം എന്നീ കഥകൾ രചിച്ചിട്ടുണ്ടു്.

ചെറുമർപാട്ടെന്നാണു് ഇതിനു വടക്കൻദിക്കുകളിൽ പറയാറുള്ളതു്—വടക്കൻദിക്കുകളിൽ ചെണ്ട, കുഴൽ ഇവയും തെക്കൻദിക്കുകളിൽ തുടി, കുഴൽ ഇവയും ഉപയോഗിച്ചുവരുന്നു.

കൃഷിക്കാലങ്ങളിൽ ചെറുമികൾ പാടുന്ന പാട്ടു് ചെവിയ്ക്കു വളരെ ഇമ്പമാണു്. അവർ വാസ്തവത്തിൽ കളകണ്ഠികൾതന്നെയാകുന്നു. ചെറുമരുടെ ഒരു സന്ധ്യാവർണ്ണന ഉദ്ധരിക്കാം.

നേരംപോയ് നേരംപോയ് പൂക്കൈത മറപറ്റി
കുന്നാംകോഴി കുളക്കോഴി തത്തിത്തത്തിച്ചാടുന്നേ
നേരംപോയനേരത്തും കൊല്ലാക്കൊല കൊല്ലണയോ
അരമുറിക്കരിക്കുംതന്നു കൊല്ലാക്കൊല കൊല്ലണയോ. നേരംപോയ്
അരത്തൊണ്ടുകള്ളുംതന്നു കൊല്ലാക്കൊല കൊല്ലണയോ
ഞാൻപോയനേരത്തു ഈടില്ലമൂടില്ല
ഞാനവിടെ ചെന്നേപ്പിന്നെ വെട്ടാക്കളം വെട്ടിച്ചു
ഞാനവിടെ ചെന്നേപ്പിന്നെ കെട്ടാപ്പുര കെട്ടിച്ചു. നേരംപോയ്
മണ്ണുനീർകോരുന്ന പാട്ടു്

മുമ്പൊക്കെ കെട്ടുകല്യാണം, തെരണ്ടുകുളി മുതലായ അടിയന്തിരങ്ങൾ ആഘോഷപൂർവ്വം നടത്തപ്പെട്ടുവന്നു. ഇന്നും നാട്ടുംപുറങ്ങളിൽ ചില യാഥാസ്ഥിതിക നായന്മാർ നടത്തിവരുന്നതായിട്ടറിയാം. പുണ്യശ്ലോകന്മാരായ കാവാലം നീലകണ്ഠപ്പിള്ള, സീ. കൃഷ്ണപിള്ള മുതലായ മഹാശയന്മാരുടെ കഠിനപ്രയത്നഫലമായി ഈ വ്യർത്ഥമായ ചെലവുകൾ ഏതാനും വർഷങ്ങൾക്കുമുമ്പേതന്നെ തിരുവിതാംകൂറിൽനിന്നുപോയി.

നാലാംകുളിയ്ക്കു പാടുന്ന പാട്ടാണു് മണ്ണുനീർകോരുന്ന പാട്ടു്.

കല്യാണം നാലുംകഴിഞ്ഞു് ‘നാലാംനീർ’ കോരുന്നതിനു മങ്കമാരൊക്കെ ഒരുങ്ങിപ്പുറപ്പെടുന്നു. അവരിൽ ഒരുത്തി കുളിച്ചുവന്നു് തുകിലെടുത്തു് തലചൊരുക്കിപ്പൂവുചൂടി, അഞ്ജനത്താൽ കണ്ണെഴുതി, പ്പൊട്ടുതൊട്ടു്, കാതിലയണിഞ്ഞു്,

നാസികയിൽകനക മൂക്കുത്തിയിട്ടു്
ഭാസിതമായതിനിടയിൽ ഞാത്തുംതൂക്കി
കണ്ഠശരംതാലിമാല ശരപ്പൊളികൾ
കണ്ഠമതിലങ്ങണിഞ്ഞുശോഭയോടെ
കൈവളകൾമോതിരങ്ങൾകയ്യിൽച്ചെണ്ടും
കൈതവമറ്റവളങ്ങുമോഹനമായ്
കസ്തൂരികളഭക്കൂട്ടെന്നീവകകൾ.

മെയ്യിൽ പൂശി,

എളിതന്നീലിമ്പമോടെ കച്ചപ്രങ്ങ-
ളളിവേണിബഹുവിധമായണിഞ്ഞുപിന്നെ
കാലുതന്നിൽകൊലുസ്സിട്ടുമിഞ്ചിപൂട്ടി

ഒരുങ്ങിവരുന്നു. അഷ്ടമംഗല്യവും വിളക്കും വഹിച്ചു് ചില സ്ത്രീകളും പൊൻകിണ്ടിയേന്തി കുരവയിട്ടുംകൊണ്ടു് മറ്റുചിലരും മുമ്പേ നടക്കുന്നു. എല്ലാരുംകൂടെ പഞ്ചവാദ്യദ്ധ്വനിയോടുകൂടി പുറത്തെ ആറ്റിൻകരയിലേക്കു പോകുന്നു. ഗംഗയാണെന്നാണു് സങ്കല്പം. അവിടെച്ചെന്നു് ഗജമുഖനെ വണങ്ങി മറ്റു ദേവകൾക്കു അരിപ്പൂവുമിട്ടു് കടവുപൂജയൊക്കെ ചെയ്തശേഷം ഗംഗാദേവിയെ തട്ടിയുണർത്തുന്നു. അനന്തരം സ്ത്രീജനങ്ങൾ കുളിച്ചു്, കിണ്ടിയിൽ ജലം കോരി വാഴയിലകൊണ്ടുമൂടി ‘കടവടക്കം വന്ദിച്ചു കരയിൽക്കേറി’ കളിച്ചാർത്തുകൊണ്ടു് തിരിച്ചുവന്നിട്ടു് അഷ്ടമംഗല്യവും വിളക്കും മണ്ണുനീരും മണിയറയുടെ നടയിൽ വച്ചശേഷം, അറയ്ക്കുള്ളിൽ ഇരിക്കുന്ന വധുവിനെ കൈതട്ടി വിളിക്കുന്നു.

സീതാസ്വയംവരം മണ്ണീർകോരു പാട്ടിൽനിന്നു രണ്ടുമൂന്നു വരികൾ ഉദ്ധരിക്കാം.

ലോകർക്കുംജലനിധിക്കുംസാക്ഷിയായ
ഗംഗാദേവിമാതാവേകേൾക്കുന്നീലേ?
ജനകപുരംതന്നിൽവേളികഴിഞ്ഞശേഷം
ജലശുദ്ധിവരുത്തുവാനായ് ഞങ്ങളെല്ലാം
മണ്ണുനീർകോരുവാനായിവന്നതിപ്പോൾ
മനംതെളിഞ്ഞുണരുണരു ഗംഗാദേവീ
വിളിച്ചവിളികേളാതങ്ങുറങ്ങുന്നായോ?
വിയർത്തുടനേതളർന്നു ഞങ്ങൾവശംകെടുന്നു.
ഉറക്കമുണർന്നിവിടേയ്ക്കായെഴുന്നള്ളമ്മേ.
ആവചനംകേട്ടു ഗംഗാദേവിതാനും
മനംതെളിഞ്ഞു വിളയാടിയെഴുന്നള്ളുന്നു
ഗംഗാതടംതന്നിലുള്ള പത്മംതന്നിൽ
ആദിത്യപ്രഭപോലെ കാണായ് വന്നു
കുറത്തിപ്പാട്ടു്

പലേ പ്രസിദ്ധ കവികളും കവയിത്രികളും കുറത്തിപ്പാട്ടുകൾ രചിച്ചിട്ടുള്ളതായറിയാം. രാമായണം കുറത്തിപ്പാട്ടു് വളരെ പ്രസിദ്ധമാണു്. അതുപോലെ ഉത്തരരാമായണം കുറത്തിപ്പാട്ടു്, നളചരിതം കുറത്തിപ്പാട്ടു്, കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കിരാതം കുറത്തിപ്പാട്ടു് ഇവ. ആണ്ടിൽ എത്ര പ്രതികൾവീതം വിറ്റഴിയുന്നു എന്നു പറഞ്ഞറിയിപ്പാൻ പ്രയാസം. ഇവയിൽ ചിലതു സാഹിതീരസം തുളുമ്പുന്നവയുമാണു്.

കിരാതത്തിൽനിന്നു് രണ്ടു പാട്ടുകൾ താഴേ ചേർക്കുന്നു.

എങ്കിലോപണ്ടൊരുകാലംപങ്കജബാണാരി
തിങ്കൾചൂടുംശങ്കരൻപരൻപുരസംഹാരി
തൻകഴൽപണിഞ്ഞിടുന്നോർസങ്കടമൊഴിപ്പോൻ
പങ്കജാക്ഷിയായമലമങ്കതൻമണാളൻ
തിങ്കൾകുലജാതനായ പാർത്ഥനുള്ളിലേറും
സങ്കടമൊഴിച്ചുവരംനല്കുവതിനായി
വൻകിരാതമൂർത്തിയായ്‍ഭവിച്ചൊരുകഥയെ
പങ്കഹരമായതുഞാൻഭാഷയായ്‍ചൊല്ലുന്നേൻ.
ഇരട്ടി
അഖിലഗീർവാണതരുണിമാർകൂപ്പുമചലനന്ദിനിബാലേ
നിഖിലവുംനിന്നാൽവിദിതമെങ്കിലും നിയതംകേൾക്കസുശീലേ
മഹിളമാർമണിവലമഥനന്റെ മകനുചെന്നിഹപോലെ
മടിയുണ്ടായിട്ടല്ലരുളുവാൻവരം മനസിമംഗലലീലേ
അല്പമാനുഷനല്ലപാർത്ഥനനല്പധൈര്യപയോധി
ഉല്പലാക്ഷിധരിക്കുവനുള്ളിലല്പവുമില്ലൊരാധി
കരബലമുള്ളപുരുഷരിൽസുരവരസുതനൊടുതുല്യൻ
കരുതുകപാരിലൊരുവനില്ലിതുകരുതിവേണ്ടാർക്കുശല്യം
ഒരുപുരുഷനുവരവേണ്ടും ഗുണമഖിലവുംപാർത്തുകാണ്‍ക
വരതനുമണേകരുതുപാർത്ഥനിൽമരുവുന്നായതുമൂലം
മണ്ണാർപാട്ടു്

ഇതു തിരണ്ടുകുളിക്കു നായർഗൃഹങ്ങളിലുംമറ്റും ചില ദിക്കിൽ മണ്ണാന്മാരും ചിലദിക്കിൽ വേലന്മാരും പാടാറുള്ള പാട്ടാണു്. അറുകൂർ കാളിമാരുടെ അപദാനങ്ങളെ കീർത്തിച്ചുള്ളവയാണു് മിക്ക പാട്ടുകളും. ഉടുക്കാണു് അതിനുള്ള വാദ്യം. കോവലന്റെ വരവുപാർത്തു് മാധവി എന്ന വേശ്യ ഇരിക്കുന്നതായി വർണ്ണിക്കുന്ന ഏതാനും വരികൾ താഴേ പകർത്തുന്നു.

പോർക്കുതിരവളർകഴുത്തിൽകിടക്കുന്ന
കൊടാർമണിയുടെനാദംകേട്ടു്
ഏഴാമാനന്ദഇട്ടിഎളമാതുപ്പെണ്‍കൊടിയാൾ
പടിവാതിൽതട്ടിത്തുറന്നു
അടിതളിയാരാധനകഴിച്ചു്
പള്ളിവിളക്കുംകൊളുത്തിവച്ചു്—നടുകഴിത്തിറ
പഞ്ഞിമെത്തയുംതട്ടിത്തടംവിരിച്ചു്
പൊന്മകന്റെവരവുംനോക്കിനിലപാർക്കുമ്പോൾ
പൊന്മകനും പോർക്കുതിരയും
വെള്ളിത്തലമണിമിറ്റത്തു
നിവിരെച്ചെന്നുവഴിപുറപ്പെട്ടു്.
വേലൻപാട്ടു്

ഓണക്കാലങ്ങളിൽ രാത്രിസമയത്തു് വേലനും വേലപ്പണിക്കത്തിയുംകൂടി നായർ ഗൃഹങ്ങളിൽ ചെന്നു വീട്ടുകാരെ ഞരങ്ങിയും മൂളിയും കുരച്ചും ഉണർത്തീട്ടു് പാടാറുള്ള ഒരു പാട്ടിന്റെ ഏതാനും ഭാഗമാണു് താഴെ ചേർക്കുന്നതു്. ഹരിശ്ചന്ദ്രന്റെ കഥയെ അധികരിച്ചു് രചിക്കപ്പെട്ടിട്ടുള്ളതാകുന്നു.

വിശ്വാമിത്രനും വസിഷ്ഠനും തമ്മിലുള്ള ഒരു മത്സരത്തിന്റെ ഫലമായി അവർ രണ്ടുപേരും “അരിച്ചന്തിരപുരിയിൽ” എത്തുന്നു. രാജാവു് അവരെ സിംഹാസനത്തിൽ ഇരുത്തീട്ടു്,

തങ്കപ്പുമാന്മാരിവിതത്തിനുവന്നൊരുകാര്യമിതെന്തു്
സാധ്യമതേതാനുംകൊണ്ടോ? കാണ്‍കയിൽമോഹംകൊണ്ടോ?

എന്നു ചോദിക്കുന്നു.

കാണ്‍കയിലുംമോഹം; കാരിയമതുപുനരുണ്ടേ മതി
കാരിയമതാകുന്നതുമറ്റൊന്നല്ലേ; കടുകപ്പറയാം
കരുതിനതൊരുകോയിൽപണിന്തതിനൊത്തിരധനമില്ലാഞ്ഞു്
കണ്ടുപറഞ്ഞാലതുതരുമെന്നിട്ടിവിടത്തിനുവന്നേ

എന്നു മുനിമാർ മറുപടി പറയുന്നു. ഇങ്ങനെയാണു് കഥാരംഭം.

ഹരിശ്ചന്ദ്രസുതനായ രോഹിതാശ്വൻ പാമ്പുകടി ഏറ്റു മരിക്കുന്നതിനെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

കുഞ്ഞേനീയുംകൂടേപോകുന്നതാകിലോ
പാരാതെനാഴിയരികൂടെകിട്ടുമേ.
പോകുന്നദിക്കിലെക്കാണുന്നദർപ്പയും
കുഞ്ഞേനീയുംകൂടെകൊണ്ടുവന്നതാകിലോ
ഞാനുംതരുന്നുണ്ടുനാഴിയരിയെന്നെന്റെ
യഛനാണേയെന്നങ്ങൊരാണയുമിട്ടു
അഛന്റെയാണേടെനാമത്തെകേട്ടപ്പോൾ
മകനാരുയാത്രയായ്‍പോകുന്നുവിറകിനു.
ഉള്ളിലുറപ്പോടേപൈതങ്ങളുംചെന്നു്
ചുള്ളിയുംമുള്ളുമായ്‍ക്കൊള്ളിക്കതക്കതായ്
പാടെയൊടിച്ചവർചുമടാക്കിക്കെട്ടീട്ടു്
നാരായണനമഃ എന്നുനടകൊണ്ടു
നടകൊണ്ടുവടിവുള്ളതിചെറുപൊയ്കച്ചരിവിന്നു
നാനാരസത്തിൽ കളിച്ചുചിരിച്ചു്
പയ്യവേനടന്നവർചെല്ലുന്നനേരത്തു്
പാരംതണലുള്ളരയാലുംകീഴവേ
എല്ലാവരുംകൊണ്ടുവിറകുമിറക്കീട്ടു്
രവികോപമിയലാതിരിക്കുന്നനേരത്തു
ചൊല്ലാമരയാലിൻമീനത്തേക്കോണിലു്
നല്ലൊരുദർപ്പകണ്ടുപിള്ളചൊല്ലി
നിങ്ങളെല്ലാപേരുമിവിടെയിരിപ്പിൻ
ഞാനുണ്ടേദർപ്പകൊണ്ടോടിവരുന്നുണ്ടു്
ആദർപ്പചുറ്റിപ്പിടിക്കുന്നുപിള്ളയും
ചുറ്റിപ്പിടിച്ചനേരംഫണത്തെത്തട്ടി
ചുറ്റിച്ചുവത്തിച്ചെറുമൂക്കനന്നേരം
കൊത്തിയണിവിരൽകൊത്തിയകൊത്താലേ
കൊണ്ടുഭയത്തോടുകുടഞ്ഞെറിഞ്ഞിട്ടു്
നോക്കിയാക്കാകുറഞ്ഞാവലാതിപ്പെട്ടു്
ആലിലപോൽവിറച്ചംഗംതുളർന്നു
വാക്കിന്നവൻതലതെക്കോട്ടുംവീണു.
ഐവർകളി

കമ്മാളരിൽപെട്ടവരായ ആശാരി, മൂശാരി, കരുവൻ, തട്ടാൻ, വേലക്കുറുപ്പു് എന്നിങ്ങനെ അഞ്ചുകൂട്ടർ ഭദ്രകാളിവട്ടങ്ങളിലെ വേല മുതലായവയ്ക്കു ചോടുവച്ചു കോൽമണി കിലുക്കി പാടിക്കൊണ്ടുള്ള കളിയാണിതു്. അനേകം പാട്ടുകൾ കാണ്മാനുണ്ടു്. അവ ആരുടെ കൃതികളെന്നും എപ്പോഴുണ്ടായവയെന്നും നിർണ്ണയിപ്പാൻ വിഷമമായിരിക്കുന്നു.

ദൂതവാക്യം ഐവർകളിപ്പാട്ടു പ്രാചീനമാണു്.

മഹാമായലക്ഷ്മീസീത വനംതന്നിൽവസിക്കുംകാലം
കപടമായ്‍കട്ടുകൊണ്ടുപോയ് ലങ്കയിൽകൊണ്ടുവച്ചു
ദുഃഖിപ്പിച്ചകാരണത്താൽ ആഴിയേക്കടപ്പതിന്നു
ആളില്ലെന്നുവച്ചുരാമൻ അനുമാനേവിളിച്ചുകൊണ്ടി
ങ്ങടയാളംകൊടുത്തുകൈയിൽ

ഇപ്പോൾ ഐവർകളി കണിയാന്മാരും വേട്ടുവരും ചെറുമന്മാരും കളിച്ചുവരുന്നു. ഒരു പദംകൂടി ഇവിടെ ചേർക്കുന്നു.

വാരിധികണ്ടൊരുവാനരവംശങ്ങൾ വാലുകളുയർത്തീടുകയുംതത്തരികിട
പാരംഭയംപൂണ്ടുവാരിധിനോക്കുകയും പർവതംനോക്കിക്കുതിക്കയുംതത്തരികിട
ആഴികലാനന്ദവന്തിരകാണുമ്പോൾ
സർപ്പപ്പാട്ടു്

പുള്ളോന്മാർ പാടിവരുന്നു. കേരളത്തിൽ നാഗാരാധനയ്ക്കായി അനേകം കാവുകളും ക്ഷേത്രങ്ങളും ഉണ്ടല്ലോ. പുള്ളോന്മാർ ഒരുമാതിരി വീണ വായിച്ചുകൊണ്ടു് സർപ്പപ്രീത്യർത്ഥം ഈ പാട്ടുകൾ പാടിവരുന്നു. അവർക്കു മാത്രമേ പാടാൻ അധികാരമുള്ളു. പാണ്ഡവരുടെ കാലത്തു അർദ്ധദഗ്ദ്ധനായ ഒരു ഐമ്പടനാഗത്താനെ ഒരു പുള്ളോത്തി രക്ഷിച്ചു വീട്ടിൽ കുടിയിരുത്തിയത്രേ. അതിനാൽ പ്രസന്നനായ നാഗം പുള്ളവന്മാർ പാടുന്നിടത്തു അഹിഭയം ഉണ്ടാവുകയില്ലെന്നു വരംകൊടുത്തുപോലും.

കാശ്യപൻതന്നുടെഭാര്യമാരായുള്ള വേശ്യമാർകദ്രുവിനതയെന്നു
വംശംകുറഞ്ഞൊന്നുണ്ടായികദ്രുവിനു് വേശ്യാൾവിനതയോടൊന്നുചൊന്നാൾ

എന്ന ഗാനം ഇപ്പോഴും പാടാറുണ്ടു്.

പാണൻപാട്ടു്

രണ്ടാംഭാഗത്തിൽ വിവരിച്ചിട്ടുണ്ടു്.

അയ്യപ്പൻപാട്ടു് അല്ലെങ്കിൽ ശാസ്താൻപാട്ടു്

അതും അന്യത്ര വിവരിച്ചിട്ടുണ്ടു്.

പൂരപ്പാട്ടു്

ചേർത്തലപ്പൂരം, കൊടുങ്ങല്ലൂർ ഭരണി മുതലായ അവസരങ്ങളിൽ പാടിവന്നിരുന്ന പാട്ടാണു്. പ്രായേണ തെറിയായിരിക്കുമെങ്കിലും നാട്ടിലുണ്ടാകുന്ന പ്രധാന സംഭവങ്ങളെ ഈ “ദ്രുതകവി”കൾ ചമൽകാരപൂർവം വർണ്ണിച്ചുവന്നു. തിരുവല്ലാ മുതലായ ചില ദിക്കുകളിൽ തെറിയല്ലാതെയും പൂരപ്പാട്ടു പാടാറുണ്ടത്രേ. മട്ടുകാണിപ്പാനായി രണ്ടുവരി ചേർക്കാം.

“മന്തനെന്നാകിലും ചിന്തിക്കവേണ്ടടോ
മന്തെനിക്കീശ്വരൻ തന്നതാണെ”
താനാന്നെയ് തകിടതാനാനെയ് തനി
താനാന്നെയ് താനിനാനേ

വരയിട്ടിട്ടുള്ള ഭാഗത്തു് തെറിയാണു് സാധാരണ ചേർക്കാറുള്ളതു്. ചില ദിക്കുകളിൽ താഴെ കാണുംപോലെ ഇരട്ടിപ്പും കാണും.

കരുമിഴിത്തര്യലാൾ പുരയെരിഞ്ഞു പിന്നെ–
ത്തുണികരിഞ്ഞു നല്ല മുലപൊരിഞ്ഞൂ

ഗാഥാവൃത്തത്തെയും പൂരപ്പാട്ടായിപ്പാടാം.

പൂരക്കളി ചിലദിക്കിൽ വളരെ സഭ്യമായ രീതിയിൽ കാണാറുണ്ടെന്നു പറഞ്ഞല്ലോ. ഉത്തരകേരളത്തിൽ ചന്ദ്രഗിരിപ്പുഴ (പളനിയറ) ക്ഷേത്രത്തിൽ രാസക്രീഡാദി പുരാണകഥകളെ ഗാനങ്ങളാക്കി പാടിവരുന്നുണ്ടു്.

വട്ടിപ്പാട്ടു്

ചെറുമികൾ വട്ടികളും കുട്ടകളും നെയ്യുമ്പോൾ പാടുന്ന പാട്ടാണിതു്.

ആമ്പക്കാച്ചാലിൽച്ചെന്നേ—തെയ്യന്താരോ
ആമ്പക്കാച്ചാലിൽച്ചെന്നേ—തെയ്യന്താരോ
ഏഴല്ലാനാരെടുത്തേ—തെയ്യന്താരോ
ഏഴല്ലാ...............
ഏഴായിക്കീറുന്നുണ്ടേ—തെയ്യന്താരോ
വെയിലത്തും മഞ്ഞത്തിട്ടേ—തെയ്യന്താരോ
നൊട്ടനുംതുച്ചനിട്ടേ—തെയ്യന്താരോ
കരിമീനുംതേച്ചുപോലെ—തെയ്യന്താരോ
വട്ടിക്കതേച്ചുമിട്ടേ—തെയ്യന്താരോ
വട്ടിയുംകൂട്ടിനെയോ—തെയ്യന്താരോ
വേറൊരു ചെറുമിപ്പാട്ടു്
തേവലക്കരയിലേ കൊച്ചുപണിക്കോ—തെയ്യനത്താരോ
തേവലക്കരയിലേ

ഇങ്ങനെയാണു് പോക്കു്.

തീയാട്ടുപാട്ടു്
കേശാദിപാദസ്തുതി
കാരിരുൾനിറമൊത്ത തിരുമുടിതൊഴുന്നേൻ
കനൽകണ്ണും തിരുനെറ്റിത്തിലകം കൈതൊഴുന്നേൻ
വിലസുന്ന മിഴിയും നാസിക കവിൾതൊഴുന്നേൻ
വളഞ്ഞുള്ളൊരെകിറും പല്ലൊടു നാവുംതൊഴുന്നേൻ
വട്ടത്തിൽവിളങ്ങുന്ന തിരുമുഖം തൊഴുന്നേൻ
വാരണക്കുഴകമ്പിയിവരണ്ടും തൊഴുന്നേൻ
മാറിടംവളർതാലി മണിമാലതൊഴുന്നേൻ
മാമേരുവിനെവെന്ന തിരുമുലം തൊഴുന്നേൻ
ദാരുകൻ തലവെട്ടിപ്പിടിച്ച കൈതൊഴുന്നേൻ
തങ്കംനിൻ കരവാൾ വട്ടകശൂലംതൊഴുന്നേൻ
നേരെയാലിലയൊത്തോരുദരം കൈതൊഴുന്നേൻ
ഞൊറിഞ്ഞപൂന്തുകിലും പട്ടുടയാടതൊഴുന്നേൻ
തുമ്പിക്കൈതരമൊത്ത തിരുത്തുടതൊഴുന്നേൻ
തൂകിൽപട്ടിൻപുറമേ പൊന്നുടഞാണുംതൊഴുന്നേൻ
കേതകീമലരൊത്ത കണങ്കാൽകൈതൊഴുന്നേൻ
കേവലംപുറവടിവിരലുംകൈതൊഴുന്നേൻ
കോപത്തോടുറയുന്ന തിരുനൃത്തംതൊഴുന്നേൻ
കോമരമിളക്കുന്ന ചിലമ്പൊലിതൊഴുന്നേൻ
മുടിതൊട്ടി അടിയോളമുടൽകണ്ടുതൊഴുന്നേൻ
അടങ്ങാതെകൊടുങ്ങല്ലൂരമൎന്നമ്മേതൊഴുന്നേൻ.
വഞ്ചിപ്പാട്ടു്

നദികളാലും കായലുകളാലും സമലംകൃതമായ കേരളത്തിൽ പുരാതനകാലം മുതല്ക്കേ വഞ്ചിപ്പാട്ടുകൾ പാടിവന്നിരുന്നു. ആറന്മുള, ചമ്പക്കുളം എന്നീസ്ഥലങ്ങളിൽ ഇപ്പോഴും ആണ്ടിലൊരിക്കൽ വള്ളംകളി ആഘോഷപൂർവം നടത്താറുണ്ടല്ലോ. ആറന്മുള അപ്പന്റെ പ്രീതിയ്ക്കായി ഓണം സംബന്ധിച്ചു നടത്തിവരുന്ന ചുണ്ടൻവള്ളംകളി കാണുന്നതു കണ്ണിനു അത്യാനന്ദപ്രദമാണു്. അനേകം ചുണ്ടൻവള്ളങ്ങൾ അണിനിരന്നു്, ഒരേ താളത്തിൽ പാടുന്ന പാട്ടിനു അനുകൂലമായി, മുന്നോട്ടു പോകുന്നതു കാണാം. ചമ്പക്കുളത്തെ കളി വേറൊരുവിധത്തിലാണു്. മിഥുനമാസത്തിൽ ആറുകളെല്ലാം നിറഞ്ഞിരിക്കുമ്പോൾ, മൂലം നക്ഷത്രത്തിലാണു് കളി നടത്തുന്നതു്. കരക്കാർ അത്യുന്നതങ്ങളായ ചുണ്ടുകളോടുകൂടിയതും വളരെ നീളമുള്ളതുമായ വള്ളങ്ങളോടുകൂടി അന്നു് ചമ്പക്കുളത്തു ആറ്റിൽ വന്നു ചേരുന്നു. ഏതുകരയാണു് ജയിക്കുന്നതെന്നു് അറിവാൻ ഉൽസുകരായി ആളുകൾ തീരപ്രദേശങ്ങളിൽ നിബിഡീകൃതരായി നോക്കി നില്ക്കുന്നതു കാണാം. ഒരേ ക്രമത്തിനല്ല വഞ്ചികളുടെ ഗതി. മത്സരമാണു് ചമ്പക്കുളത്തെ വള്ളംകളിക്കുള്ള വിശേഷം. സ്റ്റീംബോട്ടുകൾ പലപ്പോഴും അവയോടു മത്സരിച്ചു തോറ്റിട്ടുള്ളതു ഞാൻതന്നെ കണ്ടിട്ടുണ്ടു്.

വള്ളംകളിക്കു രണ്ടുതരം പാട്ടുകൾ ഉപയോഗിച്ചുവരുന്നു. ഒരേ കണക്കിനു എല്ലാ വള്ളങ്ങളും മന്ദമായി പോകുമ്പോൾ, അഥവാ ഗതിവേഗം തെല്ലു കുറയ്ക്കേണ്ടതായി വരുമ്പോൾ, വച്ചുപാട്ടാണു് ഉപയോഗിക്കുക.

പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ
പിച്ചക്കളികളും കാണുമാറാകണം

എന്ന ഗാനം വച്ചുപാട്ടായി പാടിക്കേട്ടിട്ടുണ്ടു്. തിത്തിത്ത—അയ്യത്ത—എന്ന താളമൊപ്പിച്ചായിരിക്കും വഞ്ചി മുന്നോട്ടു പോകുന്നതു്.

“കെല്പോടെല്ലാ ജനങ്ങൾക്കും കേടുതീരത്തക്കവണ്ണ-
മെപ്പോഴുമന്നദാനവും ചെയ്തു ചെഞ്ചമ്മേ”

എന്ന മാതിരിയിലുള്ള വഞ്ചിപ്പാട്ടു് ശരിയായവിധം പാടി കേൾക്കുമ്പോൾ വഞ്ചി മുന്നോട്ടു കുതിച്ചുചാടുന്നതു് നമ്മുടെ ദൃഷ്ടിക്കുമുമ്പിൽ കാണുംപോലെ തോന്നും. ഇപ്പോൾ പലരും വഞ്ചിപ്പാട്ടു പാടുന്നതു പാടേണ്ട രീതിയിലല്ല.

കെല്പോ—ടെല്ലാ—ജന—ങ്ങൾക്കും—തിത്തൈ തക തെയ്തൈതോ—എന്ന രീതിയിൽതന്നെ പാടണം. ഈരടികഴിഞ്ഞു് ഒരു താളംചവുട്ടുണ്ടു്. രാത്രികാലങ്ങളിലാണെങ്കിൽ അതു മൂന്നുനാലുനാഴികദൂരംവരെ കേൾക്കാം.

അമ്പലപ്പുഴ ദേവനാരായണസ്വാമി ഏർപ്പെടുത്തിയതാണു് ചമ്പക്കുളത്തെ മൂലക്കാഴ്ച. അദ്ദേഹത്തിനെ വർണ്ണിച്ചു് ഏതോ ഒരു പുരാതനകവി രചിച്ചിട്ടുള്ള മനോജ്ഞമായ ഒരു ഗാനം സാഹിത്യപരിഷന്മാസികയിലോമറ്റോ ഒരിക്കൽ പ്രസിദ്ധീകരിച്ചിരിക്കുന്നതു കണ്ടു. കായംകുളത്തു രാജാവിനെപ്പറ്റിയും അതുപോലൊരു ഗാനമുള്ളതായി അറിയാം. ഇക്കാലത്തും വഞ്ചിപ്പാട്ടു വൃത്തത്തിൽ തെരുതെരെ ഗാനങ്ങൾ ഉണ്ടായിക്കൊണ്ടാണല്ലോ ഇരിക്കുന്നതു്.

വഞ്ചിപ്പാട്ടുകളുടെ രാജാവു് രാമപുരത്തുവാര്യരുടെ കുചേലവൃത്തമാണു്. പറയത്തക്കതായി ഒന്നുരണ്ടു കൃതികൾ മാത്രമേ രചിച്ചിട്ടുള്ളുവെങ്കിലും, അദ്ദേഹത്തിനു മഹാകവികളുടെ കൂട്ടത്തിൽ ഒരു ഉന്നതസ്ഥാനം കല്പിച്ചു കൊടുക്കാം. വാസ്തവത്തിൽ അദ്ദേഹത്തിനെക്കാൾ കവിതാമർമ്മജ്ഞരായ കവികൾ ഭാഷയിൽ വളരെയുണ്ടെന്നു പറയാവുന്നതല്ല.

കാർത്തികതിരുനാൾമഹാരാജാവു് 945-ൽ വടക്കോട്ടു എഴുന്നള്ളിയിരുന്ന അവസരത്തിൽ ഈ കവിയെ വൈക്കത്തുനിന്നും തിരുവനന്തപുരത്തിന്നു കൂട്ടിച്ചുകൊണ്ടുപോന്നതായി ഭാഷാചരിത്രകാരൻ പ്രസ്താവിച്ചിരിക്കുന്നു. ആ അഭിപ്രായത്തെ കേ. ആർ. കൃഷ്ണപിള്ള അവർകൾ, അന്തരമായ ചില ലക്ഷ്യങ്ങളെക്കൊണ്ടു ഖണ്ഡിച്ചു്, മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണു് അദ്ദേഹം തിരുവനന്തപുരത്തു വന്നതെന്നു സ്ഥാപിച്ചിരിക്കുന്നു.

മാർത്താണ്ഡമഹീപതീന്ദ്രൻ വെറുതെയോജയങ്ങൾ,

എന്നിങ്ങനെ വർത്തമാനക്രിയ ഉപയോഗിച്ചിരിക്കുന്നതിനെ മാത്രം അടിസ്ഥാനപ്പെടുത്തി ഒന്നും പറയാവുന്നതല്ലെങ്കിലും,

മാർത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ
മാഹാത്മ്യമോർത്തിട്ടു മനസ്സലിഞ്ഞീടുന്നു.

എന്ന വാക്കുകൾ അപ്രതിഷേധ്യമായ ഒരു തെളിവാണു്. ഈ വിഷയത്തിൽ മാത്രമല്ല പ്രസ്തത കൃതിയെ പ്രൗഢമായ അവതാരികയോടും നല്ല ഒരു വ്യാഖ്യാനത്തോടും ഇദംപ്രഥമമായി പ്രസിദ്ധീകരിച്ചതിലും കേ. ആർ അനുമോദനീയനാകുന്നു. എന്നാൽ ഈമാതിരി ആന്തരലക്ഷ്യങ്ങൾ കൂടാതെതന്നെ ഈ വസ്തുത തെളിയിക്കാൻ കഴിയും. എന്തുകൊണ്ടെന്നാൽ അഷ്ടപദീതർജ്ജമയിൽ കവിതന്നെ,

ശ്രീമാർത്താണ്ഡമഹീമഹേന്ദ്രനരുളിച്ചെയ്തിട്ടു മന്ദോപി ഞാ-
നാമൃഷ്ടാഷ്ടപദീഗതം പദകദംബം ഭാഷയാക്കീടുവാൻ
സാമോദംതുനിയുന്നു തുഷ്യതു ഭൃശം ശ്രീപത്മനാഭോ മമ
സ്വാമീ രാമപുരേശ്വരശ്വഭഗവാൻ കൃഷ്ണൻപ്രസാദിക്ക മേ.

ഈ ശ്ലോകത്തിന്റെ അല്പഭാഗം ഗോവിന്ദപ്പിള്ള അവർകൾ കണ്ടിരുന്നുവെന്നു ഭാഷാചരിത്രത്തിന്റെ 324-ാം വശത്തു് ആദ്യത്തെ ശ്ലോകത്തിൽ മഹേന്ദ്രനരുൾചെയ്തിട്ടു് അഷ്ടപദി ഭാഷയാക്കുന്നു എന്നും അതിലേക്കു ‘രാമപുരത്തുഭഗവാൻ കൃപചെയ്യണമെന്നുമുണ്ടു്’ എന്നിങ്ങനെ പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു ഊഹിക്കാം. ആരോ ഗ്രന്ഥംനോക്കി ശ്ലോകത്തിന്റെ ഏതാനുംഭാഗം മാത്രം കുറിച്ചുകൊടുത്തിരിക്കണം. ഏതു മഹിമഹേന്ദ്രനാണെന്നു അന്വേഷിച്ചുപിടിക്കാനുള്ള ക്ഷമ അദ്ദേഹത്തിനുണ്ടായുമില്ല. എന്നാൽ തൽഭാഗിനേയനായ മി. ശ്രീകണ്ഠേശ്വരം, ജീ. പത്മനാഭപിള്ള സാഹിത്യാഭരണം നിർമ്മിക്കാൻ പുറപ്പെട്ടപ്പൊഴേക്കും അഷ്ടപദി പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു. എന്നിട്ടും അതൊന്നു തുറന്നുനോക്കാതെ, ഭാഷാ അഷ്ടപദിയേപ്പറ്റി പറയുന്നിടത്തു് ‘രാമപുരത്തുവാരിയർ എഴുതിയതു്. ഇതു കാർത്തികതിരുനാൾ മഹാരാജാവിന്റെ കല്പനപ്രകാരം തീർത്തതാണു് ’ എന്നിങ്ങനെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു കഷ്ടമായിപ്പോയി. മാതുലന്റെ കാലശേഷം ഭൂമി അസംഖ്യം തവണ സൂര്യനെ പ്രദക്ഷിണംവച്ചു കഴിഞ്ഞിരിക്കുന്നു എന്നുള്ള കഥ മറന്നിട്ടു്, പലേ ദിക്കുകളിൽ അദ്ദേഹം മാതുലന്റെ അഭിപ്രായത്തോടു മുറുകിപ്പിടിച്ചിരിക്കുന്നതു വിചിത്രംതന്നെ.

രാമപുരത്തുവാരിയർ മീനച്ചിൽ മണ്ഡപത്തുംവാതുക്കൽ ‘രാമപുരത്തു ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപമുള്ള വാരിയത്തു് 900-ാമാണ്ടിനു മുമ്പു് ജനിച്ചു എന്നു വിചാരിക്കാം. അദ്ദേഹം തിരുവനന്തപുരത്തു വരുന്നകാലത്തു പ്രൗഢവയസ്കനും നല്ലലോകവ്യവഹാരജ്ഞനും ആയിരുന്നു എന്നു് കുചേലവൃത്തം വായിച്ചുനോക്കിയാൽ അറിയാം. 930-ാമാണ്ടിടയ്ക്കാണു് മാർത്താണ്ഡവർമ്മ മഹാരാജാവു് വയ്ക്കത്തെഴുന്നള്ളിയതു്. അന്നു വാര്യർക്കു് കുറഞ്ഞപക്ഷം മുപ്പതുവയസ്സെങ്കിലും ഉണ്ടായിരുന്നു എന്നു ന്യായമായിവിചാരിക്കാവുന്നതാണു്. അതിൽ കൂടിയിരിക്കാനേ അവകാശമുള്ളു.

കവിയുടെ ജനനത്തേയും വിദ്യാഭ്യാസത്തേയുംപറ്റി യാതൊരറിവും നമുക്കു ലഭിച്ചിട്ടില്ല. അച്ഛൻ ഒരു നമ്പൂരിയായിരുന്നെന്നും വിദ്യാഭ്യാസം ചെയ്യിച്ചതു് അദ്ദേഹമായിരുന്നെന്നും കേട്ടിട്ടുള്ളതായി കേ. ആർ. പ്രസ്താവിക്കുന്നു. ആവോ? വാസ്തവമായിരിക്കാം. കവി അവരെപ്പറ്റി മൗനം അവലംബിച്ചിരിക്കുന്നു.

ദാരിദ്രത്തിലാണു് വളർന്നുവന്നതെന്നുള്ളതിനു സംശയമില്ല. സ്വദേശത്തു ഒരു കുടിപ്പള്ളിക്കൂടം കെട്ടി നിത്യവൃത്തി കഴിച്ചുകൊണ്ടിരിക്കേ ഏതോ രോഗം പിടിപെട്ടിട്ടോ ദാരിദ്ര്യശാന്തിയ്ക്കായിട്ടോ വയ്ക്കത്തപ്പനെ ഭജനംപാർത്തു് അവിടെ കഴിച്ചുകൂട്ടി. അക്കാലത്താണു് വഞ്ചിരാജ്യസംസ്ഥാപകനായ മാർത്താണ്ഡവർമ്മമഹാരാജാവു് അവിടെ എഴുന്നള്ളിയതു്. അവിടുത്തേ ദർശനം ലഭിച്ചാൽ ദാരിദ്ര്യം ശമിക്കുമെന്നു് വാരിയർക്കു തോന്നി. ഏതാനും ശ്ലോകങ്ങൾ ഓലയിൽകുറിച്ചു് അതുംകൊണ്ടു് ബോട്ടുകടവിൽ എത്തി. തിരിച്ചെഴുന്നള്ളത്തു സമയമായിരുന്നു. മഹാരാജാവിന്റെ ഭൃത്യമുഖ്യന്മാർ വഴിക്കു രാജസന്ദർശനം ലഭിക്കായ്കയാൽ കുണ്ഠിതപ്പെട്ടു്, ആൾക്കൂട്ടത്തിൽ കൂടിത്തിക്കിക്കയറി മുന്നണിയിൽവന്നു. അനന്തരം മുട്ടറ്റം വെള്ളത്തിലിറങ്ങി പ്രശസ്തിപദ്യങ്ങൾ എഴുതിയിരുന്ന ഓലക്കഷണങ്ങൾ പൊക്കിപ്പിടിച്ചു നിലകൊണ്ടു. ഈ കാഴ്ച ഗംഭീരാശയനായ മഹാരാജാവിന്റെ മുഖത്തു ഒരു സ്മിതരേഖ അങ്കുരിപ്പിച്ചു കാണണം. അതു വാങ്ങിക്കൊണ്ടുവരാൻ തിരുമനസ്സുകൊണ്ടു കല്പിച്ചു. രണ്ടുമൂന്നു പദ്യങ്ങൾ വായിച്ചശേഷം വാരരെക്കൂടെ ബോട്ടിൽ കയറ്റിക്കൊള്ളാൻ കല്പനയുണ്ടായി. വഞ്ചിപുറപ്പെട്ടപ്പോൾ ഒരു വഞ്ചിപ്പാട്ടുണ്ടാക്കാൻ അവിടുന്നു ആജ്ഞാപിച്ചു.

വഞ്ചനമനുജനായിട്ടവതരിച്ചിരിക്കുന്ന
വഞ്ചിവലവൈരിയുടെ കൃപയ്ക്കിരിപ്പാൻ
വഞ്ചികയായ്‍വന്നാവൂഞാനെന്നിച്ഛിച്ചുവാഴുംകാലം
വഞ്ചിപ്പാട്ടുണ്ടാക്കേണമെന്നരുളിച്ചെയ്തു.

എന്നു കവിതന്നെ പാടീട്ടുണ്ടല്ലോ.

‘മാർത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ
മാഹാത്മ്യമോർത്തുമനസ്സിലിഞ്ഞിരുന്ന’

കവി വൈക്കത്തു പെരുംതൃക്കോവിലപ്പനേയും ഗുരുജനത്തെയും സംസ്മരിച്ചുകൊണ്ടു അവസരോചിതമായ ഒരു കഥ തെരഞ്ഞെടുത്തു. മാർത്താണ്ഡവർമ്മമഹാരാജാവു് വാര്യരെ പരീക്ഷിപ്പാൻനോക്കി; ബുദ്ധിമാനായ വാര്യരോ? മഹാരാജാവിനേയും പരീക്ഷിപ്പാൻ തീർച്ചപ്പെടുത്തി.

വാനവർക്കുനിറവോളമമൃതമർപ്പിച്ചഭഗ-
വാനുകുചേലകുചിപിടകമെന്നോണം
വാണീഗുണംകൊണ്ടാരെയും പ്രീണിപ്പിക്കുംവഞ്ചിവജ്ര-
പാണിക്കെൻപാട്ടിമ്പമാവാനടിതൊഴുന്നേൻ

എന്നിങ്ങനെ തന്റെ ഇംഗിതത്തേ ഭംഗിയായി സൂചിപ്പിച്ചുകൊണ്ടു് അദ്ദേഹം കുചേലവൃത്തത്തെ അധികരിച്ചു ഗാനം ചമച്ചു. കല്പാലക്കടവിൽ വഞ്ചി എത്തിയപ്പൊഴേക്കും കവിതയും അവസാനിച്ചുവത്രേ. പക്ഷേ ബുദ്ധിശാലിയായ മഹാരാജാവു് പരീക്ഷയിൽ പരാജിതനായില്ല. കുറെക്കാലം കവിയെ തിരുവനന്തപുരത്തു താമസിപ്പിച്ചു. ഊണിനും മറ്റും വിശേഷിച്ചു് ഏർപ്പാടുകളൊന്നും കല്പിച്ചു ചെയ്തില്ല. വാരരാകട്ടെ പക്കത്തൂണുകഴിച്ചു നന്നേ വിഷമിച്ചു. അതിനിടയ്ക്കു അഷ്ടപദി തർജ്ജമചെയ്ക എന്ന ഹൃദ്യമെങ്കിലും ദുർഭരമായ ഭാരവും അദ്ദേഹം വഹിക്കേണ്ടതായ്‍വന്നു. ശ്രീകൃഷ്ണഭക്തനായിരുന്നതിനാൽ അതു് അദ്ദേഹത്തിനു ആശ്വാസപ്രദമായ് തോന്നിയിരിക്കണം. വാണീദേവിയുടെ കാൽച്ചിലമ്പൊച്ചപോലെ മഞ്ജുളമായും എന്നാൽ ഭാവഗർഭമായും ഇരിക്കുന്ന ഗീത ഗോവിന്ദംതർജ്ജമ ചെയ്യുന്നതു് സാമാന്യരെക്കൊണ്ടു സാധിക്കുമോ? ഭഗവൽകൃപയാ അതു് പൂർത്തിയാക്കീട്ടു് നാട്ടിലേക്കു പോവാൻ അദ്ദേഹം അനുവാദം ചോദിച്ചു. അവിടുന്നു് കല്പിച്ചനുവാദവും നല്കി. എന്നാൽ കവി പ്രതീക്ഷിച്ചിരുന്നപോലെ യാതൊരു പാരിതോഷികവും ലഭിച്ചില്ല. പക്ഷേ കല്പാലക്കടവിൽ എത്തിയപ്പൊഴെക്കും പള്ളിബോട്ടു തയ്യാറായി നിൽക്കുന്നതും താസീൽദാരും മറ്റു ഉദ്യോഗസ്ഥന്മാരും അദ്ദേഹത്തിനെ കാത്തുനില്ക്കുന്നതും കണ്ടു് അദ്ദേഹം വിസ്മയാകുലനായി. ഓഹോ! ഭഗവാൻ കുചേലനോടെന്നപോലെ മഹാരാജാവു് തന്നോടും പെരുമാറാനാണു് കല്പിച്ചുറച്ചിരിക്കുന്നതെന്നു് ആ കവീന്ദ്രനു് ഇപ്പോൾ മനസ്സിലായി. ബോട്ടുകൾ അടുത്ത സ്ഥലങ്ങളിലെല്ലാം കവിയേ ഉപചരിക്കാൻ ഉദ്യോഗസ്ഥന്മാർ തയ്യാറായി നിന്നിരുന്നു. മഹാരാജാവിന്റെ കൃപാതിരേകത്താൽ മുട്ടിപ്പോയ കവി ഒടുവിൽ സ്വഗൃഹത്തിൽ ചെന്നപ്പോൾ അവിടത്തെ സ്ഥിതിയൊക്കെ പാടേ മാറിയിരുന്നു. അവിടെ ഒന്നാംതരം ഒരു ഗൃഹം സർക്കാർചെലവിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നതുകണ്ടു് അദ്ദേഹം കണ്ണീർവാർത്തു. സമീപപ്രദേശങ്ങളും വാരരുടെ ചിലവിലേക്കു വിട്ടുകൊടുത്തിരുന്നുവത്രേ.

ഈ ഐതിഹ്യത്തിൽ അവിശ്വസനീയമായ യാതൊന്നുമില്ല. ആ രാജകേസരി തന്റെ പ്രതാപാനലനിൽ പ്രബലന്മാരായ ശത്രുമന്നവന്മാരെയും പ്രഭുക്കന്മാരെയും ശലഭപ്രായരാക്കിയെങ്കിലും, അവിടുത്തേ ഹൃദയം കുസുമപേലവവും കരുണാശീതളവും ആയിരുന്നു എന്നു തെളിയിക്കുന്ന അനേകം കഥകളുണ്ടു്. അന്നു നടന്നതായി പറയപ്പെടുന്ന ക്രൂരകൃത്യങ്ങളിൽ മിക്കവയും സ്വാമിഭക്താഗ്രഗണ്യനായ രാമയ്യൻ രാജ്യത്തിന്റെ നന്മയേ മാത്രം പുരസ്കരിച്ചുചെയ്തിട്ടുള്ളവയാണു്.

ഈ സംഭവം നടന്നകാലത്തു് രാമയ്യൻദളവ ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. അല്ലെങ്കിൽ കവി തന്റെ കവിതയിൽ ആ ആധുനികകൗടല്യനെ സംസ്മരിക്കാതിരിക്കുമായിരുന്നോ?

കവിത

കവി ‘അന്നദാനപ്രഭു’ എന്നു സുപ്രസിദ്ധനായ പെരുംതൃക്കോവിലപ്പനെയും തൽഭക്തനും അന്നദാനവിഷയത്തിൽ അദ്ദേഹത്തിനോടു തുല്യനും ആയ മഹാരാജാവിനേയും സ്തുതിച്ചുകൊണ്ടു് കഥയിലേക്കു കടക്കുന്നു.

യാനംദൂരത്തിങ്കലെളുതല്ലെന്നിരുന്നാലും മമ
സ്യാനന്ദൂരത്തിങ്കലോളം ചെന്നീടുവാനും
ആനന്ദരൂപിയാമനന്തശായിയേദർശിപ്പാനു-
മാനന്ദഗോപകുമാരൻ കൃപചെയ്യേണം.

ഈ വരികൾകൊണ്ടുതന്നേ അദ്ദേഹത്തിനേപ്പറ്റിയുള്ള ഐതിഹ്യം ശരിയാണെന്നു തെളിയുന്നു. ദരിദ്രനായ അദ്ദേഹത്തിനു അനന്താലയംവരെ പോകുന്നതിനു അവസരമുണ്ടാക്കിക്കൊടുത്തതു മഹാരാജാവാണല്ലോ. പിന്നീടു് കാണുന്ന അനന്തപുരവർണ്ണന കേൾവികളെ അടിസ്ഥാനപ്പെടുത്തി ചെയ്തതായ്‍വരാനേ ന്യായമുള്ളു. അനന്താലയത്തെപ്പറ്റി ഇത്ര മനോഹരമായ ഒരു വർണ്ണന ഇതിനു മുമ്പും പിൻപുമുണ്ടായിട്ടില്ല. മുഴുവനും ഇവിടെ പകർത്തിയാൽ കൊള്ളാമെന്നു ആഗ്രഹം തോന്നുന്നു? എന്തുചെയ്യാം? കടലാസ്സിന്റെ ദൗർല്ലഭ്യംകൊണ്ടു് ആ അഭിലാഷത്തെ തടഞ്ഞുനിർത്തുകയേ തരമുള്ളു.

ഒറ്റക്കല്ലിങ്ങോടിവന്നുമുഖമണ്ഡപീഭവിച്ചു
മറ്റൊന്നതിൽപരംമന്നർക്കാജ്ഞകൊണ്ടാമോ.

പ്രസ്തുത വർണ്ണനയിലുള്ള ഈ ഈരടി കവിയുടെ വക്‍ശില്പിത്വത്തിനും സാക്ഷ്യംവഹിക്കുന്നു. ബഹുസഹസ്രം വേലക്കാരുടേയും അനേകം കരിവീരന്മാരുടേയും സഹായത്തോടുകൂടി അനേക ദിവസങ്ങൾകൊണ്ടു് വളരെ ദൂരത്തുനിന്നാണല്ലോ ഈ പാറ കൊണ്ടുവന്നിട്ടുള്ളതു്. സാധാരണക്കാരാരും വിചാരിച്ചാൽ ഇക്കാര്യം സുസാധ്യമല്ല. എന്നിട്ടും കവി പറയുന്നതു് ‘ആ കല്ലു് ഓടിവന്നുവെന്നാണു്—അതു മാത്രമോ? താനേ മുഖമണ്ഡപമായി ഭവിക്കയും ചെയ്തു ഇതിൽപരം ഭംഗിയായി മഹാരാജാവിന്റെ ആജ്ഞാശക്തിയെ എങ്ങനെ വർണ്ണിക്കും. മറ്റു കവികൾ പത്തുവരികൾകൊണ്ടു വർണ്ണിക്കുന്നതിനെ ഇദ്ദേഹത്തിനു ഒരുവരിയിൽ ചിത്രീകരിക്കാൻ കഴിയുമെന്നു ഇതിനാൽ പ്രത്യക്ഷമാകുന്നില്ലേ?

ക്ഷേത്രത്തിന്റെ പരിസരങ്ങളെഒക്കെ വർണ്ണിച്ചിട്ടു്, കവി പറയുന്നു;-

ദീപിക്കുന്നുദിവ്യരത്നമയം ചൊല്ലപ്പെട്ടതെല്ലാം
പാപിദൃക്കുകൾക്കേകല്ലുംമരവുമാവൂ

ഇതു വെറും അതിശയോക്തിയാണെന്നു ചിലർ വിചാരിച്ചേക്കാം. അല്ല പരമഭക്തനായ കവിയുടെ ഹൃദയം അനന്താലയദർശനോന്മുഖമായിരിക്കുന്നു. അദ്ദേഹത്തിന്റെ അന്തർദൃഷ്ടിക്കു ഇവയൊക്കെ കല്ലും മരവും ആയി കാണ്മാൻ കഴിയുന്നില്ല. എത്രയോ പേർ ദിവസേന ശ്രീപത്മനാഭക്ഷേത്രത്തിൽ ദർശനത്തിനു പോകുന്നു. അവരിൽ ചിലർ ശീവേലിപ്പുരയുടെ തൂണുകളിൽ കൊത്തീട്ടുള്ളതും വാത്സ്യായന്നവിധികളേ ഉദാഹരിക്കുന്നതും ആയ അശ്ലീലചിത്രങ്ങളേ നോക്കി നോക്കി ചുറ്റിനടന്നിട്ടു് ഒടുവിൽ ഒന്നു തൊഴുതുംവച്ചു പോകുന്നു. മറ്റുചിലർ അവിടെ വന്നുകൂടുന്ന സ്ത്രീജനങ്ങളുടെ മട്ടും പകിട്ടുംഒക്കെ നോക്കി രസിച്ചുകൊണ്ടു നടക്കുന്നു. അപൂർവം ചില സുകൃതികൾമാത്രം സാക്ഷാൽ അനന്തപത്മനാഭന്റെ കമനീയവിഗ്രഹത്തെ ദർശിച്ചു ആനന്ദാശ്രുക്കൾ പൊഴിക്കുന്നതായിക്കാണാം. അക്കൂട്ടർക്കു് ആ വിഗ്രഹത്തെ ശിലാമയമായി കാണുവാനേ സാധിക്കയില്ല. ബ്രഹ്മജ്ഞന്മാർക്കു അപരോക്ഷാനുഭൂതിയാലുണ്ടാകുന്ന പരമാനന്ദംതന്നെ ഭക്തന്മാർക്കു ഈ വിഗ്രഹത്തിന്റെ ദർശനമാത്രത്താൽ ലഭിക്കുന്നു.

അനന്തരം കവി ദശാവതാരങ്ങളിൽവച്ചു് അത്യുത്തമം കൃഷ്ണാവതാരമാണെന്നു സമർത്ഥിക്കുന്നു.

ബ്രഹ്മാദികളർത്ഥിച്ചിട്ടു പരിപൂർണ്ണമായിരിക്കും
ബ്രഹ്മംമുഴുവനും ദേവകിയുടെജഠരം
ജന്മഭൂമിയാക്കീട്ടാമ്പാടിയിലെട്ടൊൻപതുവർഷം
നന്മയോടെനാളുതോറുംവളർന്നീലയോ”

എന്നു തുടങ്ങുന്ന ഏതാനും വരികളിൽ പരിസ്ഫുരിക്കുന്ന ഭക്തിപാരവശ്യം തുഞ്ചത്തുഗുരുക്കളുടെ ഭക്തിയോടു് ഏതാണ്ടു് കിടപിടിക്കുന്നുവെന്നു പറയാം.

ശ്രീകൃഷ്ണന്റെ ബാലലീലകളെ വിവരിച്ചശേഷമേ വാരിയർ കഥയിലേക്കു പ്രവേശിക്കുന്നുള്ളു. ഇതു് അത്യന്തം ഉചിതമായിരിക്കുന്നു. ശ്രീകൃഷ്ണന്റെ ഭക്തജനപരിത്രാണപരായണതയാണല്ലോ വാസ്തവത്തിൽ കുചേലോപാഖ്യാനത്തിനു വിഷയം. ഭഗവാന്റെ സതീർത്ഥ്യനായിരുന്ന കുചേലൻ ഭക്തിയിൽ മുഴുകിയിരുന്നതിനാൽ ദാരിദ്ര്യ ചിന്തകൂടാതെ സുഖമായി കഴിയവേ, സതീരത്നമെങ്കിലും, ഭർത്താവോളം വിരക്തയായി തീർന്നിട്ടില്ലാതിരുന്ന ബ്രാഹ്മിണി ഒരു ദിവസം പറഞ്ഞു:-

ചില്ലീമാനസപതേ! ചിരന്തനനായപുമാൻ
ചില്ലിചുളിച്ചൊന്നുകടാക്ഷിപ്പാനോർക്കണം
ഇല്ലദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും
ഇല്ലംവീണുകത്തുമാറായതുകണ്ടാലും
വല്ലഭ!കേട്ടാലും പരമാത്മമഗ്നനായഭവാൻ
വല്ലഭയുടെവിശപ്പുമറിന്നീല.

എത്ര അർത്ഥഗർഭമായ വാക്കുകൾ! ഓരോ വാക്കും അർത്ഥവത്താണു്. “അവിടുന്നു് ബ്രഹ്മധ്യാനനിരതനായിരിക്കുന്നതിനാൽ, എന്റെ പതിയാണു്, അതായതു്, എന്നെ പരിപാലിക്കാനുള്ള ചുമതല അവിടത്തേക്കുണ്ടു് എന്നുള്ള കഥ തീരെ വിസ്മരിച്ചുകളഞ്ഞിരിക്കുന്നു. എല്ലാവർക്കും ബ്രഹ്മധ്യാനൈകനിരതരായിരിക്കുവാൻ കഴിയുമോ? എന്നെപ്പോലുള്ളവർക്കു വിശപ്പും ദാഹവും ഒക്കെ ഉണ്ടു്. ദാരിദ്ര്യപീഡയെക്കാൾ വലുതായി ഗൃഹഭാരം വഹിക്കുന്നവർക്കു മറ്റൊരു സങ്കടം ഉണ്ടാകാനില്ല. എന്നാൽ അവിടത്തേക്കു് അതിനു പരിഹാരമുണ്ടാക്കുവാൻ ഒരു പ്രയാസവുമില്ല. സാക്ഷാൽ ലക്ഷ്മീപതിയും അവിടുത്തെ പ്രിയവയസ്യനുമായ ശ്രീകൃഷ്ണന്റെ കടാക്ഷലാഭം ഉണ്ടായാൽ മതിയല്ലോ” പോരെങ്കിൽ,

ഗുരുഗൃഹത്തിങ്കൽനിന്നുപിരിഞ്ഞതിൽപിന്നെ ജഗദ്
ഗുരുവിനേയുണ്ടോകണ്ടു?

അതിനാൽ രാവിലേതന്നെ ദ്വാരകാപുരിയിലേക്കു പുറപ്പെടണമെന്നു ആ സതീരത്നം പറഞ്ഞു.

അവളുടെ വാക്കുകളിൽ ഭർത്താവിന്റെ അനാസ്ഥയെ സംബന്ധിച്ചു തെല്ലുപോലും ഈർഷ്യ സ്ഫുരിക്കുന്നില്ല. ‘മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരുസൗരഭ്യം’ എന്ന കവിവാക്യം പരമാർത്ഥമല്ലേ. എന്നാൽ ആ ബുദ്ധിശാലിനി ഒരു വലിയ തന്ത്രം പ്രയോഗിക്കാതിരുന്നില്ല. ശ്രീകൃഷ്ണനെ കാണാൻ നാളെത്തന്നെ പുറപ്പെടണമെന്നു പറഞ്ഞാൽ ഭഗവല്ലീനചിത്തനായ ഭർത്താവു പോകാതിരിക്കയില്ലെന്നു് അവൾക്കു് അറിയാമായിരുന്നു. അതുപോലെതന്നെ പറ്റി.

പറഞ്ഞതങ്ങനെതന്നെപാതിരാവായല്ലോപത്നീ
കുറഞ്ഞോന്നുറങ്ങട്ടെഞാനുലകീരേഴും
നിറഞ്ഞകൃഷ്ണനെക്കാണ്മാൻ പുലർകാലേപുറപ്പെടാം
അറിഞ്ഞുവല്ലതുംകൂടെതന്നയയ്ക്കേണം

എന്നു് അനുകൂലമായ മറുപടിതന്നെ അവൾക്കു ലഭിച്ചു. നേരം വെളുക്കുംമുമ്പേ, വിപ്രഭാമിനി താൻ യാചിച്ചുകൊണ്ടന്ന ധാന്യത്തെ

“ക്ഷിപ്രമിരുട്ടത്തിട്ടിടിക്കകൊണ്ടു കല്ലുംനെല്ലുമേറു
മപ്പൃഥുകംപൊതിഞ്ഞൊരുതുണിയിൽകെട്ടി
കാലത്തെഴുന്നേറ്റു കുളിച്ചൂത്തുവന്നപതിയുടെ
കാലടിവന്ദിച്ചുപൊതികൈയിൽകൊടുത്തു

കുചേലനാകട്ടെ,

‘കൂലങ്കഷകതുഹലം കുടയുമെടുത്തിട്ടനു-
കൂലയായപത്നിയോടു യാത്രയുംചൊല്ലി
ബാലാദിത്യവെട്ടംതുടങ്ങിയനേരം കൃഷ്ണനാമജാലങ്ങളെ’

ജപിച്ചുജപിച്ചു്

ചാലേവലത്തോട്ടൊഴിഞ്ഞചകേരോദിപക്ഷിയുടെ
കോലാഹലംകേട്ടുകൊണ്ടുവിനിർഗമിച്ചു
നാഴികതോറുംവളരും ഭക്തിനൽകുമാനന്ദമാ
മാഴിയിങ്കലുടനുടൻമുഴുകുകയും
താഴുകയുമൊഴുകയുംചെയ്തുകാലമല്പംപോലും

പാഴാക്കാതെ ആ ഭക്തശിരോമണി നടന്നുനടന്നു് ഗ്രാമനഗരാദികളെയൊക്കെ കടന്നു് മുന്നോട്ടു പോകവേ, രാമാനുജസ്മരണയാൽ രോമാഞ്ചമണിഞ്ഞുകൊണ്ടു് ചിന്തതുടങ്ങി.

നാളെനാളെയെന്നായിട്ടു ഭഗവാനെക്കാണ്‍മാനിത്ര
നാളുംപുറപ്പെടാത്തഞാനിന്നുചെല്ലുമ്പോൾ
നാളികനയനനെന്തുതോന്നുന്നോ ഇന്നുനമ്മോടു
നാളീകംകരിമ്പനമേലെയ്തപോലയോ?

ഈ സംശയം ഉദിച്ച ക്ഷണത്തിൽതന്നെ അസ്തമിച്ചു.

ദ്രോണർ ദ്രൂപദനാലെന്നപോലെനിന്ദിക്കപ്പെടുക
വേണമെന്നില്ലാദ്യനല്ലേപ്രഭുവല്ലല്ലോ
മാനിയാമർജ്ജുനനോളംവലിപ്പമില്ലുണ്ടെങ്കിലും
കൂനിയാകുംകുബ്ജയേക്കാളിളപ്പംകൊണ്ടും
മാനനീയത്വംവലിപ്പംകൊണ്ടുമെനിക്കേറുംനൂനം
ദീനബാന്ധവൻബ്രാഹ്മണ്യദേവനല്ലയോ.
അന്തണരിലേകനെന്നാൽകഴിഞ്ഞുകൃഷ്ണനെത്രയും
ജന്തുവായജളനേയുംപ്രസാദിപ്പിക്കും.
എന്തായാലുംചെന്താമരക്കണ്ണനെന്നെക്കാണുന്നേരം
സന്തോഷിച്ചുസൽക്കരിച്ചയയ്ക്കയുംചെയ്യും.

ഈ മാതിരി ആക്ഷേപസമാധാനങ്ങളോടുകൂടി അദ്ദേഹം ദ്വാരാവതിയിലെത്തി. നഗരവർണ്ണന അതിമനോജ്ഞമായിട്ടുണ്ടു്.

പട്ടിണികൊണ്ടുമെലിഞ്ഞപണ്ഡിതനുകുശസ്ഥലീ
പട്ടണംകണ്ടപ്പൊഴേവിശപ്പുംദാഹവും
പെട്ടന്നകന്നുവെന്നല്ല ഭക്തികൊണ്ടെന്നിയേപണി-
പ്പെട്ടാലുമൊഴിയാത്തഭവാർത്തിയുംതീർന്നു.

അത്രമാത്രമോ

രാമാനുജാഞ്ചിതരാജധാനിസൽക്കരിച്ചേകിയ
രോമാഞ്ചക്കുപ്പായമീറനായിചെഞ്ചമ്മേ
സീമാതീതാനന്ദാശ്രുവിൽക്കുളിക്കകൊണ്ടുകുചേല
ചോമാതിരിക്കതുചുമടായിച്ചമഞ്ഞു
ഭക്തിയായകാറ്റുകൈകണക്കിലേറ്റുപെരുകിയ
ഭാഗ്യപാരാവാരഭംഗപരമ്പരയാ
ശക്തിയോടുകൂടിവന്നുമാറിമാറിയെടുത്തിട്ടു
ശാർങ്ഗിയുടെപുരദ്വാരംപൂകിക്കപ്പെട്ടു.

പൂർവ്വകവികളാൽ അചുംബിതങ്ങളും അതീവസുന്ദരങ്ങളുമായ ഈമാതിരി ആശയതല്ലജനങ്ങളാണു്, കുചേലവൃത്തത്തിനു് ഒന്നാംകിടയിലുള്ള കാവ്യങ്ങളുടെ കൂട്ടത്തിൽ ഒരു മാന്യസ്ഥാനം നൽകുന്നതിനു നമ്മെ പ്രേരിപ്പിക്കുന്നതു്. ബാഹ്യപ്രകൃതിവർണ്ണനയിൽ പ്രകാശിപ്പിച്ചിടത്തോളമോ അതിൽ കവിഞ്ഞോ ഇരിക്കുന്ന പാടവം വാരിയർ രസഭാവങ്ങളുടെ ചിത്രീകരണത്തിലും പ്രകാശിപ്പിച്ചുകാണുന്നു. ദ്വാരാവതീദർശനത്താൽ കുചേലന്റെ ഹൃദയത്തിൽ അങ്കുരിച്ച ആനന്ദരൂപമായ സാത്വികഭാവം വിയർത്തൊലിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ദേഹത്തിൽ കണ്ടകരൂപേണ പ്രാകാശ്യം അടയുന്നതും അനുകൂലമായ കാറ്റു് ഭംഗപരമ്പരകളിൽക്കൂടെ വഞ്ചിയേ എങ്ങനെയോ അതുപോലെ ഭക്തിപവനൻ വന്നു് ആ ദേഹത്തെ ഭാഗ്യപാരാവാരപരമ്പരയിലൂടെ മാറിമാറി എടുത്തുകൊണ്ടു് ദ്വാരാവതിയെ പൂകിക്കുന്നതും കവി നമുക്കു പ്രത്യക്ഷപ്പെടുത്തിത്തന്നിരിക്കുന്നു. ചെറുശ്ശേരിയെപ്പോലെ കവിതാനതാംഗിയെ അടിമുതല്ക്കു മുടിവരെ അലങ്കാരമണിയിച്ചു ശ്വാസംമുട്ടിക്കുന്ന കൂട്ടത്തിലല്ല ഈ കവി. അദ്ദേഹത്തിനു് ആ വിഷയത്തിൽ എഴുത്തച്ഛനോടാണു് അധിക സാദൃശ്യം. ഏറ്റവും കുറഞ്ഞവാക്കുകളെക്കൊണ്ടു് അർത്ഥത്തെ ചമൽക്കാരജനകമാവുംവണ്ണം സ്ഫുരിപ്പിക്കുന്നതിനു് ഉപകരിക്കത്തക്ക അലങ്കാരങ്ങളെ മാത്രമേ അദ്ദേഹം പ്രയോഗിച്ചിട്ടുള്ളു.

ചെറുശ്ശേരി കാണികളെക്കൊണ്ടു കുചേലനെ ഒട്ടുവളരെ പരിഹസിപ്പിച്ചു. എന്നാൽ ആ ഭക്തശിരോമണിയെ പരിഹാസ്യനായ് ചിത്രീകരിക്കാൻ ഭക്തനായ വാരിയർക്കു മനസ്സുവന്നില്ല. ‘ആ ചില്പംസഖൻ മാഹാമാർഗ്ഗം അലങ്കരിച്ച’തായിട്ടാണു് അദ്ദേഹം ചിത്രണംചെയ്തിരിക്കുന്നതു്.

കണ്ടാലെത്രകഷ്ടമെത്രയുംമുഷിഞ്ഞജീർണ്ണവസ്ത്രം
കൊണ്ടുതറ്റുടുത്തിട്ടുത്തരീയവുമിട്ടു
മുണ്ടിൽപൊതിഞ്ഞപൊതിയുംമുഖ്യമായപുസ്തകവും
രണ്ടുംകൂടെകക്ഷത്തിങ്കലിടുക്കിക്കൊണ്ടു്
ഭദ്രമായഭസ്മവുംധരിച്ചുനമസ്കാരകിണ
മുദ്രയുംമുഖരമായപൊളിക്കുടയും
രുദ്രാക്ഷമാലയുമേന്തിനാമകീർത്തനവുംചെയ്തു
ചിദ്രൂപത്തിങ്കലുറച്ചുചെഞ്ചമ്മേചെല്ലും

വയസനെ, ‘ഏഴുരണ്ടുലകുവാഴിയായ തമ്പുരാൻ’ ഏഴാംമാളികയിലിരുന്നു കണ്ടിട്ടു്

അന്തണനെക്കണ്ടിട്ടുസന്തോഷംകൊണ്ടോ തസ്യ ദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായസന്താപംകൊണ്ടോ
എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ
ചെന്താമരക്കണ്ണനുണ്ടോകരഞ്ഞിട്ടുള്ളു?

പരമാർത്ഥമല്ലേ? അതിധീരന്മാരെപ്പോലും കരയിക്കുന്ന സംഭവങ്ങൾ ശ്രീകൃഷ്ണന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടു്. അപ്പോഴെങ്ങും അദ്ദേഹം ഒരുതുള്ളിക്കണ്ണീർ പൊഴിച്ചിട്ടില്ല. ഇപ്പോൾ അഭൂതപൂർവ്വമായുണ്ടായ ഈ ബാഷ്പോദ്ഗമത്തെ ഉൾക്കണ്ണുകൊണ്ടു കണ്ടിട്ടു് വാരിയർ അത്ഭുതപ്പെടുകയും ഭഗവാന്റെ സൗഹാർദ്ദത്തിനുള്ള മധുരിമയേയും ദീനാനുകമ്പയുടെ തള്ളിച്ചയേയും ഓർത്തു് ഭക്തിപരവശനായിത്തീരുകയും ചെയ്യുന്നു. നോക്കുക,

പള്ളിമഞ്ചത്തീന്നുവെക്കമുത്ഥാനംചെയ്തിരുപക്ക-
മുള്ളപരിജനത്തോടുകൂടിമുകുന്ദൻ
ഉള്ളഴിഞ്ഞുതാഴത്തെഴുന്നള്ളിപൗരവരന്മാരും
വെള്ളംപോലെചുറ്റുംവന്നു വന്ദിച്ചുനിന്നു
പാരാവാരകല്പപരിവാരത്തോടുകൂടിഭക്ത-
പാരായണനായനാരായണനാശ്ചര്യം
പാരാതെചെന്നെതിരേറ്റു കുചേലനെദ്ദീനദയാ
പാരവശ്യമേവംമറ്റൊരീശ്വരനുണ്ടോ?

അത്രമാത്രമോ?

മാറത്തേവിയർപ്പുവെള്ളംകൊണ്ടുനാറുംസതീർത്ഥ്യനെ
മാറത്തുണ്‍മയോടുചേർത്തുഗാഢംപുണർന്നു

അതുകൊണ്ടും അവസാനിച്ചില്ല

കൂറുമൂലംതൃക്കൈകൊണ്ടുകൈപിടിച്ചുകൊണ്ടുപരി
കേറിക്കൊണ്ടുലക്ഷ്മീതല്പത്തിന്മേലിരുത്തി
പള്ളിപ്പാണികളെക്കൊണ്ടുപാദംകഴുകിച്ചുപരൻ
ഭള്ളൊഴിഞ്ഞുഭഗവതിവെള്ളമൊഴിച്ചു

ഇങ്ങനെ മനോഹരമായ ഒരു ചിത്രം ചമച്ചിട്ടു് ‘സത്വംകൊടുപ്പാനായി’ ചെയ്തിരിക്കുന്ന പൊടിക്കയ്യാണു് അടുത്ത വരികൾ.

തുള്ളിയുംപാഴിൽപോകാതെ പാത്രങ്ങളിലേറ്റുതീർത്ഥ
മുള്ളതുകൊണ്ടുതനിക്കുമാർക്കുംതളിച്ചു.

ലക്ഷ്മീദേവി സാധാരണ പ്രഭുജനങ്ങളെ മാത്രമേ കടാക്ഷിക്കാറുള്ളു. ഇപ്പോഴാകട്ടെ, ഭഗവാൻ പള്ളിപ്പാണികളെക്കൊണ്ടുതന്നെ ഈ ദരിദ്രജീവിയുടെ കാൽ കഴുകാൻ ഭാവിക്കുന്നതു കാണ്‍കയാൽ, ദേവിയുടെ ‘ഭള്ളൊഴിഞ്ഞു’വത്രേ.

ശ്രീകൃഷ്ണൻതന്നെ വിസ്മരിച്ചുകാണുമോ എന്നുള്ള ശങ്കയോടുകൂടി പുറപ്പെട്ട കുചേലനു്,

എത്രനാളുണ്ടുഞാൻകാണാഞ്ഞിട്ടുചിത്തേകൊതിക്കുന്നു
അത്രതന്നേപോന്നുവന്നതസ്മാകംഭാഗ്യം

എന്നുതുടങ്ങി ഭഗവാൻ പൂർവ്വസ്മരണകളെ ഓരോന്നായി വിവരിച്ചു പറഞ്ഞിട്ടു്.

പൊതിയിങ്ങോട്ടുതന്നാലും ലജ്ജിക്കേണ്ടഗോപിമാരും
കൊതിയനെന്നിജ്ജനത്തെപറവൂഞായം.

എന്നിങ്ങനെ അവൽപൊതി ചോദിച്ചു വാങ്ങിയപ്പോഴുണ്ടായ ആനന്ദാതിശയം വാചാമഗോചരംതന്നെ.

ഭഗവാൻ കല്ലും നെല്ലും കലർന്ന അവലിൽ ഒരുപിടി വായിലാക്കി; രണ്ടാമതും വാരുന്നതുകണ്ടു് ലക്ഷ്മീദേവി,

മതിമതിപതിയോടുപറവൂതുംചെയ്തുകാന്താ
മതിമതി കദശനമതീവമൂല്യം.
മതിപ്പാനുംകൊടുപ്പാനുംതന്നെഞാനിന്നൊന്നുകൊണ്ടും
മതിയാകയില്ലെന്നായിവന്നിരിക്കുന്നു.
പിറന്നന്നുതുടങ്ങീട്ടുപിരിയാതെപാർക്കുമെന്നെ
മറന്നെന്നുതോന്നീടുന്നിതധുനാബന്ധം
മുറിച്ചയച്ചീവിപ്രന്റെപത്നിക്കുദാസിയാക്കുവാ-
നുറച്ചിതോതിരുമനസ്സിലിതെന്തയ്യോ”

എന്നു തടുക്കയും ഭഗവാൻ,

പരിഭ്രമിക്കേണ്ടാപത്നീപറഞ്ഞതുകൊള്ളാംതാനും
പരമഭക്തന്മാരെക്കണ്ടിരിക്കുന്നേരം
പരവശനായ്‍കൃപകൊണ്ടെന്നെയുംമറന്നുപോംഞാൻ
പരിചയിച്ചീടുംനീയതറിഞ്ഞിട്ടില്ലേ?
നിറഞ്ഞുകഴിഞ്ഞുനമുക്കെരുമുഷ്ട്യാനിന്റെഭാവ
മറിഞ്ഞുകൊൾവതിന്നായിപ്പുനരുദ്യോഗം

എന്നിങ്ങനെ മറുപടി പറകയും ചെയ്തു.

പതിന്നാലുലോകത്തെയും തന്റെ ജഠരത്തിലാക്കിക്കൊണ്ടിരിക്കുന്ന ഭഗവാനു വിപ്രപത്നി കൊടുത്തയച്ച കല്ലും നെല്ലും നിറഞ്ഞ അവലിന്റെ ഒരുപിടികൊണ്ടു നിറഞ്ഞുപോലും!

വിവിധചരാചരാണാംപിതാക്കന്മാരേവംകാര്യം
സവിധഗനാംദ്വിജനെശ്രവിപ്പിക്കാതെ

ഇങ്ങനെ സംഭാഷണം നടത്തിയശേഷം മുകുന്ദൻ ഇപ്രകാരം പറഞ്ഞു:-

പണ്ടൊരിക്കൽപാണ്ഡവമഹിഷിയുടെശാകോദന
മുണ്ടുനാമിന്നുഭവാന്റെപൃഥുകംതിന്നു
രണ്ടുകൊണ്ടുമുണ്ടായോണംസുഖവുംതൃപ്തിയുംകീഴി
ലുണ്ടായിട്ടില്ലൊരിക്കലുമെനിക്കുസഖേ!
കയ്ക്കലർത്ഥമൊന്നുമില്ലാഞ്ഞെന്റെഭക്തന്മാരർപ്പിച്ചാൽ
കയ്ക്കുംകാഞ്ഞിരക്കുരുവുമെനിക്കമൃതം.
ഭക്തിഹീനന്മാരായമർത്ത്യന്മാരമൃതംതന്നാലും
തിക്തകാരസ്കരഫലമായിട്ടുതീരും
ശ്രീയുംതവസ്ത്രീയുമൊന്നാണെന്നപദംതന്നെതവ
ജായയോടുപറഞ്ഞേപ്പൂമമവചനം

ഇപ്രകാരമുള്ള സൽക്കാരവചനങ്ങൾക്കു കുചേലൻ ഉചിതമായ മറുപടി പറഞ്ഞു.

ഭുക്തിമുക്തിദാതാവേ ഭുവനനാഥഭഗവാനേ
ഭക്തികൊണ്ടുഭക്തന്മാരുംനിന്നാലത്ഭുതം
ശക്തികൊണ്ടുശക്തന്മാരും ജയിക്കപ്പെടുന്നതിനാൽ
യുക്തംരണ്ടുജിതാഖ്യയ്ക്കുമന്തരംവേണ്ട.
കപ്പവുംകൊണ്ടെല്ലാലോകപാലന്മാരുംദ്വാരത്തോള
മെപ്പോളവസരമെന്നുനോക്കിപ്പാർക്കുന്നു.
കുപ്പയിൽകിടന്നവനെപ്പൂജിക്കുന്നുഭവാൻകീഴി
ലിപ്പുതുമകണ്ടിട്ടില്ല കേട്ടിട്ടുമില്ല
ചെറുപ്പത്തിൽപരിചയംകൊണ്ടുതവരൂപത്തെഞാൻ
മനോദർപ്പണത്തിൽകണ്ടതിവയെപ്പേരും
അപ്പോഴപ്പോൾകേട്ടുളവാനെസ്മരിച്ചിരുന്നുഞാൻ-
മിപ്പോഴിവിടേയ്ക്കുവന്നുകാണ്‍കയുംചെയ്തു
കല്പനലംഘിപ്പാൻമേലാഞ്ഞേഴാംമാളികമുകളി-
ലല്പനിവൻരാമുഴുവനീശ്വരിയുടെ
തല്പത്തിന്മേലിരുന്നിട്ടുവിഷ്ണുപദംവാണുവല്ലോ
മല്പരനാംധന്യനില്ലീമന്നീരേഴിലും”

അനന്തരം, “ദിവ്യരത്നപ്രകാശംകൊണ്ടത്ര രാത്രിയല്ലെങ്കിലും നവ്യമാരുണോദയമടുക്കുക”യാൽ യാത്രചോദിച്ചു സ്വഗൃഹത്തിലേക്കു പുറപ്പെട്ടു. ആ ഭക്തൻ ഭഗവദ്ദർശനത്താലുണ്ടായ ആനന്ദത്തിനിടയ്ക്കു് തന്റെ ആഗമനോദ്ദേശം നിശ്ശേഷം മറന്നുപോയി. എന്നാൽ അദ്ദേഹം വെറുംകൈയ്യോടല്ല, പോയതെന്നു വാരിയർ നമ്മെ സ്മരിപ്പിക്കുന്നു.

“മാത്രപോലും ധനഹീനനായ വിപ്രൻ മുകുന്ദനെ മാനസംകൊണ്ടെടുത്തിട്ടു കൂടെ കൊണ്ടുപോയ്” പോരേ! ഇതിൽപരം എന്തുവേണം.

ആശ്ചര്യമാശ്ചര്യമിദമോർത്തുകാണുംതോറുംപാരി
ലാരിലുമസാരനായഞാനെവിടത്തു?
ഈശ്വരേശ്വരനായുള്ളുകൃഷ്ണനെവിടത്തു?മൈത്രി
യീവണ്ണമാർക്കുമാരിലുംകാണ്‍കയില്ലെങ്ങും
ത്രയത്രിംശൽകോടിത്രിദിവേശന്മാർക്കുമല്ലമൂർത്തി
ത്രയത്തിനുമത്രയല്ലിത്രിജഗത്തിനും
ത്രയിക്കുംതമ്പുരാനായകൃഷ്ണനെന്നെക്കണ്ടനേരം
തെരിക്കെന്നുതാഴത്തുവന്നെതിരേറ്റതും
വിയർത്തൊലിച്ചിട്ടുപൂതിഗന്ധമേറുംവിരൂപമെ
വയസ്യനെന്നിട്ടുരതിപതിപിതാവാം
ശ്രിയപേതിമാറത്തുചേർത്തതിഗാഢംപുണർന്നതും
ഭയപ്പെട്ടിട്ടാരുമൊന്നുംപറയാഞ്ഞതും
അല്പനാമിവനെക്കേറ്റിക്കൊണ്ടുപോയിപൊക്കമേറും
സപ്തമസൗധസ്യോപരിരത്നപര്യങ്കേ
തൃപ്തിവരുമാറിരുത്തിപ്പൂജിച്ചതുംരാത്രൗരമ
സുപ്തിസുഖമുപേക്ഷിച്ചുവീശിനിന്നതും
ഹാസ്യബ്രാഹ്മണനിഖിലബ്രഹ്മാണ്ഡനായകൻചെയ്ത
ദാസ്യത്തിനില്ലവസാനമതെല്ലാംകൊണ്ടും
ശാസ്യന്മാരാംഭൃത്യന്മാരുമശിക്കാത്തകപൃഥുക
മാസ്യത്തിലിട്ടമൃതാക്കീട്ടിറക്കിയതും

ഒക്കെ ഓർത്തോർത്തു യാത്രാക്ലേശം അറിയാതെ നടന്നുപോയ വിപ്രശ്രേഷ്ഠനു ഗൃഹമടുക്കാറായപ്പോൾ പെട്ടെന്നു പത്നിയുടെ ഓർമ്മ വന്നു.

പേർത്തങ്ങോട്ടുചെല്ലുകയുംകഷ്ടംവഴികണ്ണുംതോർത്തു
കാത്തിരിക്കുംപത്നിയോടെന്തുരചെയ്യേണ്ടു?

എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

ജന്മംവ്യർത്ഥമാക്കിപ്പതിവ്രതയെപ്പട്ടിണിക്കിട്ടു
കല്മഷവാനുണ്ടോഗതിമുക്തനായാലും?

എന്നിങ്ങനെയുള്ള ആത്മതിരസ്കാരത്തോടുകൂടി ഗൃഹം സമീപിച്ച കുചേലൻ ‘കാര്യമാനുഷനോളം’ സുന്ദരനായ്ത്തീർന്നതും “സൂര്യപ്രകാശനായതും” അറിഞ്ഞതേയില്ല. ഇല്ലമിരുന്ന ദിക്കും അടുത്തപ്രദേശങ്ങളും, “രണ്ടാംദ്വാരകാപട്ടണമായിട്ടഗ്രേ കാണ”പ്പെട്ടു. “എല്ലാംകൊണ്ടും കുശസ്ഥലീപട്ടണത്തോടൊത്തിരിക്കും ഇല്ലം” കണ്ടിട്ടു് ‘ഈശ്വരാ വഴിപിഴച്ചുഞാനും’ എന്നു അദ്ദേഹം വിഷമിച്ചുപോയി.

‘മല്ലരിപൂവിന്റെമഹാരാജധാനിക്കുപിന്നെയും
ചെല്ലുകയോ?

എന്നുപോലും അദ്ദേഹം സംശയിച്ചു. അദ്ദേഹത്തിന്റെ പത്നി,

തൽപ്പുരവാസികളോടുംനാനാവാദ്യഘോഷത്തോടും
കെല്പോടഷ്ടമംഗല്യാദിസാകുല്യത്തോടും
കൂടിവന്നെതിരേറ്റകംപൂകിച്ചുപതിയേമിത്ര
കോടിപ്രഭപൂണ്ടപുത്തൻപുരികാണിച്ചു’

കൊടുത്തിട്ടു “പാടീരശ്രീതുംഗമഞ്ചത്തിന്മേലിരുത്തി,

വെണ്‍കൊറ്റാതപത്രംതഴവെഞ്ചാമരംതാലവൃത്തം
തങ്കക്കോളാമ്പിതാംബൂലചർവണക്കോപ്പും
മങ്കമാരെടുത്തുംകൊണ്ടുവേണ്ടെങ്കിലുംചുറ്റുംകൂടിയപ്പോൾ,

“പങ്കജാക്ഷകൃപകൊണ്ടു മുട്ടി കുചേലൻ. അനന്തരം ഉണ്ടായ വൃത്താന്തങ്ങൾ എല്ലാം പത്നിയോടു ചോദിച്ചറിഞ്ഞപ്പോൾ, അദ്ദേഹം ഭഗവാന്റെ മഹിമാതിശയത്തെ പത്നിക്കു പറഞ്ഞുകൊടുത്തു. ഈ പരിവർത്തനത്തിന്റെ ഫലമായി,

നിർമ്മലകുശസ്ഥലീപുരത്തിങ്കലുംകൃഷ്ണകൃപാ
നിർമ്മിതമാംകുചേലപട്ടണത്തിങ്കലും
ധർമ്മപുത്രരിരിക്കുന്നഹസ്തിനപുരത്തിങ്കലും
ധർമ്മമൊരുപോലെയായിദിവസന്തോറും
കുചേലനുംപ്രേയസിക്കുംസമ്പത്തുണ്ടായതിൽതത്ര
കുശേശയലോചനങ്കൽപത്തിരട്ടിച്ചു
കുചേലിയയായഭക്തികൃഷ്ണനൈക്യംകൊടുത്താലും
കൃശേതരതരമായിക്കടം ശേഷിച്ചു.

ഈ കഥാസംക്ഷേപത്തിൽനിന്നു കവിതയുടെ സ്വഭാവത്തേയും കവിയുടെ രചനാപാടവത്തേയും പറ്റി വായനക്കാർക്കു് സാമാന്യമായ ഒരു ബോധം ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു. കവി ഒന്നാംതരം ഒരു വാക്‍ശില്പിയാണു്. കവിതയെ അന്യൂനവാക്ശില്പത്തിനു മകുടോദാഹരണമായും വിളങ്ങുന്നു. മധുരമധുരങ്ങളായ പദങ്ങളുടെ സമീചീനമായ സന്നിവേശവും ആശയങ്ങളുടെ പുതുമയും രസഭാവാദികളുടെ പരിസ്ഫുരണത്തിൽ കവി പ്രദർശിപ്പിച്ചിരിക്കുന്ന അന്യാദൃശമായ പാടവവും, കാവ്യഗാത്രത്തിന്റെ ശോഭയെ ഉദ്ദീപിപ്പിക്കുന്നതിനു ഉപയുക്തമായ വിധത്തിലുള്ള മിതമായ അലംകാരപ്രയോഗവും മാധുര്യപ്രസാദസംത്വാദിഗുണങ്ങളുടെ പുഷ്കലതയും ആലോചിക്കുമ്പോൾ ഈ കവിതയ്ക്കു തുല്യമായി ഞാൻ ഒന്നേഒന്നുമാത്രമേ കാണുന്നുള്ളു. അതു് ഈ കാവ്യതല്ലജത്തിന്റെ ഗുണപൗഷ്കല്യത്തെ വേണ്ടപോലെ ആസ്വദിച്ചറിഞ്ഞു് കവിയെ യഥോചിതം സല്ക്കരിക്കുന്നതിൽ ശ്രീവീരമാർത്താണ്ഡവർമ്മദേവനെ പ്രേരിപ്പിച്ച സഹൃദയത്വത്തിൽ സ്ഫുരിക്കുന്ന കവിത ആകുന്നു.

ഈ കവിയുടെ വകയായി അഷ്ടപദിയുടെ സ്വതന്ത്രതർജ്ജമ മാത്രമേ ഇപ്പോൾ അറിയപ്പെട്ടിട്ടുള്ളു. അതു ഒരു തർജ്ജമയാണെന്നു ആരും ശങ്കിച്ചുപോകാതിരിക്കത്തക്കവണ്ണം അത്ര മനോജ്ഞമായിട്ടുണ്ടു്.

മൂലത്തിൽനിന്നു ഒരു പാദവും അതിന്റെ തർജ്ജിമയും ചുവടേചേർക്കുന്നു.

വസന്തം അടയാളം
ലളിതലവങ്ഗീലതാപരിശീലനകോമളമലയസമീരേ
മധുകരമികരകരംബിതകോകിലകൂജിതകഞ്ജകുടീരേ
വിഹരതിഹരിരിഹ സരസവസന്തേ
നൃത്യതിയുവതിജനേനസമംസഖിവിരഹിജനസ്യദുരന്തേ. വിഹരതി
ഉന്മദമദനമനോരഥപഥികവധൂജനജനിതവിലാപേ
അളികുലസങ്കുലകുസുമസമൂഹനിരാകുലബകുളകലാപേ. വിഹരതി
മൃഗമദരസൗരഭരഭസവശംവദനവദളമാലതമാലേ
യുവജനഹൃദയവിദാരണമനസിജനഖരുപികിംശുകജാലേ. വിഹരതി
മദനമഹീപതികനകമണ്ഡരുചികേസരകസുമവികാസേ
മിളിതശിലീമുഖപാടലപടലകൃതസ്മരശൂണവിലാസേ. വിഹരതി
വിഗളിതലജ്ജിതജഗദവലോകനതരുണകരുണകൃതഹാസേ
വിരഹിനികൃന്തനകന്തമുഖാകൃതികേതകിതന്തുരിതാശേ. വിഹരതി
മാധവികാപരിമളലളിതേ നവമാലികയാതിസുഗന്ധൗ
മുനിമനസാമപിമോഹനകാരിണിതരുണാകാരണബന്ധൗ. വിഹാരതി
സ്ഫുരദതിമുക്തലാം പരിരംഭണമുകളിതപുളകിതചൂതേ
വൃന്ദാവനവിപിനേപരിസൗപരിഗതയമുനാജലപൂതേ. വിഹാരതി
ശ്രീജയദേവമണിതമിദമുദയതിഹരിചരണസ്മൃതിസാരം
സരസവസന്തസമയവനവർണ്ണനമനുഗതമദനവികാരം. വിഹാരതി
തർജ്ജമ- വസന്തരാഗം അടന്ത
ചന്ദനപർവതമന്ദമരുത്തും ചഞ്ചലവണ്ടുകളുടെ ഝംകൃതിയും
സുന്ദരി! കുയിലുകളുടെ സൂക്തികളും സുഖമേകമിഹവസന്തേ.
ശൃണുസഖി! കൃഷ്ണൻ ക്രീഡിക്കുന്നു സ തൃഷ്ണരാകും
സഖിമാരൊടുസംകം കൃപയുള്ളിൽവളർന്നു് മന്മഥമഥനംകൊണ്ടു കരഞ്ഞും
മരണമതിൽസുഖമെന്നുപറഞ്ഞും
കല്മഷമോർക്കും വിരഹിണിമാരേ
കരയിക്കുന്നുകാലം. ശൃണു
പ്ലാശിന്റപൂക്കളഹോ യുവഹൃദയം
ക്ലേശംകൂടാതെ ഭേദിക്കാൻ
ആശമുഴുത്തൊരു കാമന്റെ നഖ
രാശികണക്കേ വിളങ്ങിടുന്നു. ശൃണു
പുന്നപ്പൂവുവിടർന്നിതു മനസിജ മന്നവവീരന്റെ
പൊന്നുകഴലുള്ളൊരു വെള്ളക്കുട
മിന്നുന്നതുപോലെ മിന്നുന്നു. ശൃണു
മുല്ലമല്ലികകറുമൊഴിപിച്ചക മെല്ലാമലരുകടേയും
നല്ലസുഗന്ധം നാസിക മുറ്റും
ചൊല്ലാവല്ലൊരു ശോഭയുമേറ്റം. (ശൃണു)
മന്ദാകിനിയുടെ സഖി യമുനാനദി
വൃന്ദാവനമതു നന്ദനുതുല്യം
നന്ദകുമാരനുമിന്ദ്രനുമൊക്കും
നന്നൊരുയോഗം ഭുവിനാന്യേവം. ശൃണു
ജയദേവോക്തികളോർക്കുംതോറും
ഭയമേറുന്നു ഭാഷ ചമപ്പാൻ
ജയഹേ! കൃഷ്ണ പിഴപ്പിക്കല്ലേ
ദയചെയ്തീടുക ദാസനിലേറ്റം.
കപ്പൽ പാട്ടു്

ഇതു തമിഴിൽനിന്നു ഭാഷയിലേക്കു സംക്രമിച്ച ഒരു വൃത്തമാണു്. പതിനെട്ടു സിദ്ധന്മാരെന്നു വാഴ്ത്തപ്പെടുന്ന ജ്ഞാനികൾ സംസാരത്തെ സാഗരമായും ശരീരത്തെ കപ്പലായും കല്പിച്ചു് കപ്പൽപ്പാട്ടുകൾ രചിച്ചിരുന്നു. ആ പാട്ടുകളുടെ തർജ്ജമയായും അല്ലാതെയും ചില കല്പിതപാട്ടുകൾ ഭാഷയിൽ ഉണ്ടായിട്ടുണ്ടു്.

ഏലോലോ-ഏകരഥം സർവ്വരഥം ബ്രഹ്മരഥം-ഏലേലോ ഏലഏലോ
പഞ്ചഭൂതപ്പലക—കപ്പലായ് ച്ചേർത്തു
സഞ്ചിതകാമരൂപ—പ്പാമരംനാട്ടി
നെഞ്ചംമനോബുദ്ധിഞാനെന്നഭാവം
മാനാഭിമാനം കയറാക്കിക്കൊണ്ടു്
പഞ്ചാക്ഷരത്തിനെച്ചരക്കാക്കിക്കേറ്റി
പഞ്ചേന്ദ്രിയങ്ങളിൽ—ചുക്കാൻനിറുത്തി
നെഞ്ചക്കരുത്തിനാൽചീനിപ്പാ തൂക്കി
ശിവനുടയ തൃപ്പാദം ചിന്തയിലേന്തി–
നിർമ്മലാനന്ദവാരിധിതാണ്ടി–
യഖണ്ഡരഥം പോകുന്നിതാ—ഏലേലോ—ഏലഏലോ

ഇതു “പതിനെണ്‍ചിത്തർകൾ” പാടലുകളിൽ ഒന്നിന്റെ തർജ്ജമയാകുന്നു.പില്ക്കാലത്തു ലൗകികവിഷയങ്ങളെ ആധാരമാക്കി ക്ഷുദ്രകവികളും കപ്പൽപാട്ടുകൾ രചിച്ചുതുടങ്ങി. മാതൃകയ്ക്കായി ഒരു ആധുനികഗാനം ഉദ്ധരിക്കാം.

ആറരവം നീറണിയും ശിവനാർ
അരുമ മകൻ ഗണപതിയേ
ആധാരമിന്നുതവപാദാരവിന്ദം
അടിയനൊരുവികടകവിഉരചെയ്‍വനിന്നു
അരുമയുടനകതളിരിലുതകേണമെന്നു
അടവടകൾപൊരികടല വിടലമധുഗുളവും
അപ്പമെൾപ്പൊരിയുണ്ടകപ്പവാഴക്കനി
അഴകായിദലമതിൽനിറച്ചുമുൻവച്ചു
അടിമലരിൽവീണിതാ കൈവണങ്ങുന്നേൻ
കേവുവള്ളപ്പാട്ടു്

കേവുവള്ളക്കാർ വള്ളം ഊന്നിക്കൊണ്ടു പോകുമ്പോൾ ശ്രമപരിഹാരാർത്ഥം പാടുന്ന പാട്ടാണിതു്. തീവണ്ടിയും ബോട്ടുസർവീസും വരുന്നകാലത്തിനു മുമ്പു് അമ്പലപ്പുഴനിന്നു് വഞ്ചിയിൽ പലപ്പോഴും തിരുവന്തപുരത്തേക്കു വരേണ്ടതായി എനിക്കു വന്നിട്ടുണ്ടു്. വഞ്ചിക്കാർ പാടുന്ന പാട്ടിൽ ചിലതു മനസ്സിൽ പതിഞ്ഞിരുന്നു. ഒരുവരി പാടിക്കഴിയുമ്പോൾ എതിരേ വഞ്ചി വരുന്നതുകണ്ടു–വള്ളം വടക്കേപോ, തെക്കേപോ! അരികേപോ–എന്നൊക്കെ വള്ളക്കാരൻ വിളിച്ചുപറയും. കേൾപ്പാൻ ബഹുരസമാണു്. ഒന്നുരണ്ടുവരികൾ ഉദ്ധരിക്കാം.

കറുത്തപെണ്ണേ നിന്നെ–
ക്കാണാഞ്ഞൊരുനാളല്ലോ. വള്ളംവടക്കേപോ
വരുത്തപ്പെട്ടു ഞാനൊരു
വണ്ടായ് ചമഞ്ഞേനെടി. വള്ളം അരികേപോ
ലേലങ്കിപ്പാട്ടു്
പഞ്ചവർണ്ണപ്പൈങ്കിളിയേ. ലേലങ്കിലേലോ
പഞ്ചമരാഗക്കിളിയേ. ലേലങ്കിലേലോ

ഇതാണു് അതിന്റെ പോക്കു്.

വില്ലടിച്ചാൻപാട്ടു്

പല മട്ടുകളിൽ പാടാറുണ്ടു്. ഒരു പാട്ടിന്റെ ചില വരികൾ താഴെ ചേർക്കുന്നു.

വില്ലടിച്ചാൻകോവിലിലെ വിളക്കുവയ്ക്കാൻ നേരമില്ലൈ
തത്തനത്തിന നാന്നേ തന്തനത്തിനനാന്നേ.

പ്രായേണ തമിഴും മലയാളവും കലർന്ന ഭാഷയായിരിക്കും.

ഞാറ്റുവേലപ്പാട്ടു്

ഇതു ഞാറ്റുവേലക്കാലത്തു ചെറുമികൾ പാടുന്നതാണു്. ഒരാൾ തലപ്പാട്ടു പാടും. മറ്റുള്ളവരെല്ലാം ഏറ്റുപാടിക്കൊള്ളും. വളരെ ശ്രവണമധുരമായിരിക്കും.

ശൂർപ്പണഖാനാസികകേരദനമാണു കഥ.

അതുരവനത്തിൽജനിച്ചൊരുപെണ്ണേ—തിമിതിമിതാം
തേവകിയിവളാടിവളർന്തേ—തിമിതിമിതാം
മൂക്കുകുത്തി മുള്ളിരുമ്പിട്ടേ…
കാതിലോല കുണ്ഡലമിട്ടേ…
തേവകിയിവളാടിവളർന്തേ…
രാമദേവന്റടുക്കൽചെല്ലുന്നേ…
രാമദേവൻ മാലവെക്കേണം…
കേട്ടുടനേ പറഞ്ഞു രാമനുമേ…
എനിക്കു പാര്യയായ് വിതിച്ചു ചീതയെ…
ലച്ചുമണന്റെടുക്കൽച്ചെല്ലെടീ…
തേവകിയവളാടിവളർന്തേ…
പാവള്ളിക്കളിപ്പാട്ടു്—അന്യത്ര ചേർത്തിട്ടുണ്ടു്

ഇങ്ങനെ തുടങ്ങിയാൽ അവസാനമില്ല, ഈ പാട്ടുകളിൽ പലതിനും സാഹിത്യചരിത്രത്തിൽ പ്രവേശിക്കുവാനേ അവകാശമില്ലെന്നു പറയുന്നവരുണ്ടായേക്കാം. എന്നാൽ അവരോടു് ഒരുവാക്കു പറയാനുണ്ടു്. നാടോടിപ്പാട്ടുകളുടെ സ്വഭാവം, അവയിൽ ഉപയോഗിച്ചിരുന്ന വൃത്തങ്ങൾ മുതലായവയേപ്പറ്റി അറിവാൻ സമുദായമദ്ധ്യേ ഇപ്പോൾ വലിയ താൽപര്യം ജനിച്ചുതുടങ്ങിയിരിക്കുന്നു. നാലണയ്ക്കു കിട്ടുമായിരുന്ന വടക്കൻപാട്ടുകളെ, സംസ്കരിച്ചു ഭീമമായ ഒരു അവതാരികയോടുകൂടി പ്രസിദ്ധീകരിച്ചു് അഞ്ചുരൂപാവിലയ്ക്കു മദ്രാസ് സർവകലാശാലക്കാർ വിറ്റുവരുന്നതു നോക്കുക. നാടോടി ഗാനങ്ങളാലാണു് അതാതുകാലത്തെ സാധാരണ ജനതയുടെ യഥാർത്ഥജീവിതരീതി നല്ലപോലെ പ്രതിഫലിച്ചുകാണുന്നതെന്നു നിസ്സംശയം പറയാം. വലിയ ദേശീയപ്രസ്ഥാനങ്ങളും മറ്റും സമാരംഭിക്കുന്ന കാലത്തു്, നവീനാശയങ്ങളെ പ്രചരിപ്പിക്കുന്ന വിഷയത്തിൽ നേതാക്കന്മാരെയും നേതൃമ്മന്യന്മാരെയുംകാൾ ഈ കവികൾ സഹായിക്കുന്നുണ്ടെന്നു പറയാമെന്നു തോന്നുന്നു. അവർ പാട്ടുകൾ നിർമ്മിച്ചു തെരുവുനീളെ നടന്നു പാടുന്നു. പത്തുപേർ കൂടുന്ന ദിക്കിലൊക്കെ അവരെ കാണ്മാനുണ്ടാവാം. തീവണ്ടിക്കുള്ളിലും ടിക്കറ്റുവാങ്ങാതെ അവർ സഞ്ചരിക്കുന്നു. വൃത്തനിയമങ്ങളോ വ്യാകരണവിധികളോ അവരെ നിയന്ത്രിക്കാത്തതുപോലെതന്നെ രാജ്യനിയമങ്ങളും അവരെ ബാധിക്കുന്നില്ലെന്നു തോന്നുന്നു. പൊതുജനജിഹ്വകൾ എന്നു് സ്വയം അഭിമാനിച്ചുപോരുന്ന വർത്തമാനപ്പത്രക്കാരും, ജയിലിനെ കോവിലായി കല്പിക്കത്തക്ക ധീരതയുള്ള നേതാക്കന്മാരും പറവാൻ കൂസുന്ന കാര്യങ്ങൾ ഇക്കൂട്ടർ തുറന്നു പറയുന്നു. പോലീസുകാർ അവരുടെനേരെ തിരിഞ്ഞുനോക്കുകപോലുമില്ല. അതിനാൽ പത്രങ്ങൾ വായിക്കയും സഭകളിൽ ഹാജരാവുകയും ചെയ്യാറില്ലാത്ത ജനങ്ങളുടെ ഇടയ്ക്കും നവീനാശയങ്ങളെ സംക്രമിപ്പിക്കുന്നതിനു് ഇവർക്കു് നല്ല സൗകര്യമുണ്ടു്. അതുകൊണ്ടു് അവരും ജീവിച്ചുകൊള്ളട്ടേ.

കീർത്തനങ്ങൾ

നിരവധി ഭക്തിരസപ്രചുരങ്ങളായ കീർത്തനങ്ങൾ അപ്രസാധിതങ്ങളായിരിക്കുന്നു. അവയിൽ ചിലതു മാസികകളിൽ കടന്നുകൂടീട്ടുണ്ടു്. എനിക്കു നല്ലതായി തോന്നീട്ടുള്ള ഏതാനും കീർത്തനങ്ങളെ ഇവിടെ പകർത്തുന്നതു വായനക്കാർ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു.

വിവേകകീർത്തനം

കവി ആരെന്നു നിശ്ചയമില്ല. ക—കാ—കി—എന്നിങ്ങനെ അക്ഷരക്രമത്തിലാണു് ഓരോ പദ്യവും. കവിതയ്ക്കു നല്ല ഒഴുക്കുണ്ടു്. ചില ദിക്കുകളിൽ ഭക്തന്മാർ ഇപ്പോഴും ചൊല്ലിവരുന്നു.

ആദ്യത്തെയും അവസാനത്തെയും പദ്യങ്ങൾമാത്രം ഉദ്ധരിക്കുന്നു.

ആദ്യപദ്യം
കരളിൽവിവേകംകൂടാതേകണ്ടരനിമിഷംബതകളയരുതാരും;
മരണംവരുമിനിയെന്നുനിനച്ചിഹ മരുവുകസതതം നാരായണജയ.
അന്ത്യപദ്യം
ബഹുജന്മാർജ്ജിതകർമ്മവിശേഷാൽ
തിരുമുല്ക്കാഴ്ചനിനക്കിഹ വച്ചേൻ
ജനിമരണങ്ങളെനിക്കിനി വേണ്ട
പരിപാലയമാം നാരായണജയ.
രാമായണകീർത്തനം

ഇതു് ബാല്യദശയിൽ ഞാൻ ദിവസേന ചൊല്ലിവന്നിരുന്നു. ഗ്രന്ഥകർത്താവു് ആരെന്നു നിശ്ചയമില്ല.

അത്യന്തമായുള്ളൊരാപത്തസുരരാൽ
നിത്യം മുഴുകിക്കഴിവില്ലാഞ്ഞു്
ശക്തനായ്‍വന്നു പിറന്നു ദശരഥ-
പുത്രനാം ശ്രീരാമൻ നാരായണ

ഇങ്ങിനെയാണാരംഭം. വിഭക്തിയേക്കാൾ ഭക്തി മികച്ചുനിന്ന ഒരു കവി എന്നുമാത്രം അറിയാം.

അദ്വൈതകീർത്തനം

ഈ കൃതിയുടെ കർത്താവുതന്നെയായിരിക്കണം വിവേകകീർത്തനവും എഴുതിയതെന്നു തോന്നുന്നു. ഇതു മുഴുവൻ പകർത്താതിരിക്കാൻ മനസ്സുവരുന്നില്ല.

നിഷ്കളനിശ്ചലനിർമ്മമനിരുപമ നിഷ്ക്രിയനിരഹങ്കാരനിരാശ്രയ
നിർഗ്ഗുണനിത്യനിരാകുലമരുളുക നിത്യംമമഹൃദി നാരായണജയ
സ്തോത്രസ്തുത്യസ്തോത്രസ്തുതിമയ നാഥപരാപരനാഥവിഭോജയ
ചേതോവാരിധിമദ്ധ്യേവിലസുകപാദാംബുജമിഹ…
നിൻമറിമായംതീരാഞ്ഞനിശം ബ്രഹ്മാദികളുമുഴന്നീടുന്നു
സന്മയചിന്മയനാഥജഗന്മയ നന്മവരുത്തുക…
അദ്വൈതംപുനരേകമനേകം തത്വജ്ഞാനമനന്താനന്ദം
സത്താമാത്രമഗൂഢമബോധം ഭക്ത്യാവന്ദേ
പ്രകൃതിവിലാസംകൊണ്ടുജനൗഘം വികൃതികലർന്നുവലഞ്ഞീടുന്നു
സുകൃതികളുള്ളിലുണർന്നുവിളങ്ങിന സുഖമയ!വന്ദേ…
ഗൂഢംതത്വമിതറിവതിനേതും മൂഢത്വംകൊണ്ടെളുതല്ലാമേ
കൂടസ്ഥാനേവിളങ്ങീടുന്നൊരു നാഡീസ്ഥിതഹരി…
കായമപായംവരുമൊരുനേരം മായാമോഹംകൊണ്ടുഴലാതെ
നീയാകേണംഞാനഖിലേശ്വര മായാബോധൻ.
ഞാനെന്നുംബതനീയെന്നുംതാൻ ജ്ഞാനവിഹീനംപറയുന്നതിനാൽ
നാനാജനപരിഹാസ്യനുമായേ നാനന്ദാകര…
നൂറുജനങ്ങളുമാരാഞ്ഞാർപോ–
ലാരുംകണ്ടീലൻപൊടുമുഴുവൻ
ഓരോന്നേകണ്ടവരവർമൗഢ്യാലോരോന്നോർത്താർ…
തൽപദപൊരുളും ത്വൽപദപൊരുളും വ്യുൽപന്നന്മാർക്കുറിയരുതേതും
ത്വൽപദമോർത്താലെപ്രായം ഞാൻ കല്പിക്കേണ്ടു–
നേദംനേദമിതെന്നുകഴിഞ്ഞിട്ടേതെന്നേതുമറിഞ്ഞീടാതെ
ഓതീടുന്നുമുനികളുമനിശംനാദാന്തസ്ഥിത-
അഞ്ചെന്നുംചിലരാറെന്നുംചിലരഞ്ചും കേവലമില്ലെന്നുംചിലർ
അഞ്ചിന്നേകമധിഷ്ഠാനംനീനെഞ്ചിൽവസിപ്പതു–
ആറായീടുംനിലകൾകടന്നാൽ വേറേപന്ത്രണ്ടാംനിലതന്നിൽ
സാധാരണമായ് നിന്നീടുന്നീയാധാരപ്പൊരുൾ–
ഉള്ളോന്നല്ലിവയൊന്നുംപാർത്താ ലില്ലാതൊന്നല്ലെന്നുംനൂനം
ചൊല്ലാവൊന്നല്ലിതുപുനരെന്നേ ചൊല്ലാവൂമമ–
എള്ളിൽനിറഞ്ഞെഴുമെണ്ണകണക്കേയുള്ളിൽനിറഞ്ഞജഗത്തുമുഴുക്കേ
കള്ളമൊഴിഞ്ഞുവിളങ്ങിന നീ താനുള്ളിലുണർന്നരുൾ–
അവ്യക്തംപരമവ്യയമമലം സുവ്യക്തംസുഖബോധമഗാധം
നിർവ്യാപാരമപാരംപരമിദമവ്യാദർശം–
തത്വമറിഞ്ഞുപദേശംചെയ്‍വാനുത്തമനായൊരുദേശികനൊരുവൻ
എത്തീടുകിലതുനിന്തിരുവടിതാൻ തത്വനിധേഹരി–
പശുവിനെയുംകൊന്നഴകിയകർമ്മംനിശിനിശിയായ് ചെയ്കെന്നൊരുപൊരുളും
പശുസമമായ്‍മായത്തിനുചൊന്നോരശനാർത്ഥംഹരി–
ഇരുപത്തഞ്ചോമുപ്പത്താറോകരുതീടുമ്പോൾതൊണ്ണൂറ്റാറോ
ഉരചെയ്യുന്നൂനിന്നേക്കൊണ്ടതുതിരിയാമമഹൃദി–
കർമ്മാകർമ്മവിവേകവുമോരോ ധർമ്മാധർമ്മവുമറിയരുതേതും
ജന്മവിനാശമെനിക്കരുളേണം കല്മഷനാശന–
സ്ഥാവരജംഗമജാതികളകമേ വാരിഷുദിനകരബിംബംപോലെ
കേവലരായിവിളങ്ങിനനിന്നെക്കാണാകേണം–
പ്രകൃതിയുമഴകിയപുരുഷനുമുള്ളൊരുവകഭേദംപുനരില്ലെന്നത്രേ
ഭഗവൽപ്രിയജനമുരചെയ്യുന്നോരകമേവിലസും–
പരമാത്മാവുപരബ്രഹ്മംഖലുപരമാനന്ദമനന്തമരൂപം
ഉരചെയ്യുന്നൂനിന്നെക്കൊണ്ടിതി തിരിയാ മമഹൃദി–
അകവുംപുറവുംമേലുംകീഴും പകലുംരാവുംബഹുവിധമത്രേ
ഭഗവന്മയമിദമപരംപാർത്താലവകാശംനഹി–
അർക്കസൂര്യദിവാകരാ ഭുവനത്രയത്തിനുനായക
വിശ്വനാഥപരാപര പരമാത്മനാഥനമോനമഃ
ആദിനാഥനമോനമോ ഹരിശങ്കരായ നമോനമഃ
ദേവദേവനമോനമോഹരിപത്മനാഭനമോനമഃ
പാർവതീശപരാപരാ പരമേശ്വരായനമോനമഃ
രാമാവതാരകീർത്തനം

രാമായണംകഥയെ ഇരുപത്തഞ്ചു പദ്യങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. കവിത നന്നായിരിക്കുന്നു.

ഇന്ദ്രിയങ്ങളതായകുതിരകൾ
അംബുജേക്ഷണനാകിയകുറ്റിമേൽ
ധൈര്യമായുള്ളപാശങ്ങൾകൊണ്ടുടൻ
ബന്ധിച്ചീടിനാർ രാമരമാപതേ.
പഞ്ചാക്ഷരകീർത്തനം

ഇതു് ചങ്ങംകുളങ്ങരെ ശങ്കരവാര്യർ എന്ന വിദ്വൽകവി രചിച്ചിട്ടുള്ളതാണു്. അദ്ദേഹം വൈദ്യശാസ്ത്രത്തിലും ജ്യോതിഷത്തിലും നിപുണനായ ഒരു പരമഭാഗവതനായിരുന്നെന്നും 963-ാമാണ്ടിടയ്ക്കു ദിവംഗതനായെന്നു ചുനക്കര മി: രാമവാരിയർ പ്രസ്താവിച്ചുകാണുന്നു.

  1. നല്ലതുവരുവാനായ് ഞാനിഹ നിൻപദകമലയുഗംതൊഴുന്നേൻ അല്ലലകറ്റീടുകസതതംചൊല്ലാർന്നൊരുമലമകൾകാന്ത വെല്ലണമേരിപുകലമെല്ലാം വല്ലഭമില്ലെങ്കിലുംഞാൻ ചങ്ങൻകളമമ്പിനശങ്കര ചന്ദ്രകലാഭരണതൊഴുന്നേൻ ശശിശേഖരശങ്കരപുരഹരപശുനാഥസുരേശ്വരവന്ദിത പശുവിൻകണവന്നുടെചുമലിൽകുടികൊള്ളും നാഥ ജയജയ.
  2. മതികലചൂടിനനിൻകൃപ മരണംവരുമളവിൽതോന്നുക അതിബലമൊടന്തകവൈരിൻ ശരണംനീയല്ലാതില്ലേ മതിബലമൊടന്തകനങ്ങൊരു ഗദയുമെടുത്തിങ്ങുവരുമ്പോൾ ചങ്ങൻകുളമമ്പിനശങ്കരചന്ദ്രകലാഭരണതൊഴുന്നേൻ ശശിശേഖര ജയജയ
  3. ശില്പംനിൻകോപ്പുകളെല്ലാംപനിമതിയുംഭസ്മക്കുറിയും സർപ്പങ്ങളുമെല്ലുമെലിമ്പും സരസമതായുള്ളൊരുപെണ്ണും ശില്പാകൃതിയോടൊരുമാനുമുൾപ്പൂവിൽവിളങ്ങുകനാഥ ചങ്ങങ്കുളമമ്പിനജയജയ
  4. വാഴണമേ പലനാൾഞാനിഹ ശോഭയൊടിങ്ങൂഴിയിൽനാഥ കോഴവരുത്തരുതേവാക്കിനു കോലത്തിനുമരുതേപോറ്റി പാഴുപെടാതുള്ളൊരുജന്മം പാഴായ്ക്കളയാതെസുഖിപ്പാൻ ചങ്ങങ്കുളമമ്പിനജയജയ
  5. യഞ്ചിത്തേപഞ്ചാക്ഷരമിതുനെഞ്ചിൽകനിവോടുജപിപ്പാൻ പഞ്ചശരാരേ വരമരുളുക സഞ്ചിതവര ശങ്കരശംഭോ സഞ്ചിതമങ്ങാധിയുമൻപിലൊഴിച്ചരുളുക വ്യാധിയുമനിശം ചങ്ങങ്കുളമമ്പിജയജയ
ശോണാദ്രീശ്വരകീർത്തനം

ഇതു് അകാരാദിയായി രചിക്കപ്പെട്ടിരിക്കുന്നു. ഗ്രന്ഥകർത്താവാരെന്നു നിശ്ചയമില്ല.

അന്തകാന്തകനായിവിലസുന്ന തമ്പുരാനെന്നെക്കാത്തുരക്ഷിക്കണം
അന്തകഭയംകൂടാതെയെപ്പൊഴും ചെങ്ങുന്നൂർവാഴുംഗൗരീപതേജയ
ശങ്കരശിവശംഭോമഹാദേവ ചന്ദ്രശേഖരപാർവതീവല്ലഭ
സങ്കടങ്ങളകറ്റേണമെപ്പൊഴും ചെങ്ങുന്നൂർവാഴുംഗൗരീപതേജയ
ആരുമില്ലടിയത്തിനോരാശ്രയം പാരിടംതന്നിൽമാനുഷ്യരായതിൽ
മാരാരാതേ!കനിഞ്ഞുരക്ഷിക്കണം… ജയ
ഇമ്പമോടങ്ങുസേവിപ്പവർക്കൊക്കെ സമ്പത്തേറ്റവുംനല്കീടുംശങ്കരൻ
ഇന്നടിയനുംനല്കേണംസമ്പത്തു ചെങ്ങു… ജയ
ഈശ്വരാനിൻചരിതങ്ങളോർക്കുമ്പോളാശ്ചരിയമതോർത്തുകാണുന്തോറും
ഈശ്വരിയുണ്ടിടഭാഗംതന്നിലായ് ചെങ്ങ… ജയ
ഉറ്റവരുമുടയവരെപ്പേരും പെറ്റമാതാപിതാക്കന്മാരായോരും
മറ്റൊരുത്തരുമില്ലിനിക്കാശ്രയം ചെങ്ങു… ജയ
ഊഴിമേലരനാഴികനേരംഞാൻ വാഴുന്നെന്തിനുദാരിദ്ര്യത്തോടുമേ
പാഴിലിജ്ജന്മംദുഃഖിതമാക്കൊലാ ചെങ്ങു…
എന്നൊടന്തകകിങ്കരന്മാർവന്നുദണ്ഡുമായിങ്ങണയുന്നനേരത്തു
എന്നെയൊന്നുകടാക്ഷിച്ചരുളണേ ചെങ്ങുന്നൂർ–
ഏറ്റവുംതവപാദംകൈകൂപ്പുന്നേനൂറ്റമായദുരിതങ്ങൾപോക്കുന്ന
പോറ്റിയല്ലാതയാരെനിക്കാശ്രയം ചെങ്ങുന്നൂർ–
ഐയ്യോഈശ്വരനല്ലാതെമറ്റൊരുനേരവുമൊരുചിന്തയെനിക്കില്ല
കൈയയയ്ക്കാതെകാത്തുകൊണ്ടീടണംചെങ്ങുന്നൂർ–
ഒട്ടുനാളായ് സേവിച്ചടിയനി–ന്നിഷ്ടമൊട്ടൊട്ടുസാധിപ്പിച്ചീടാഞ്ഞാൽ
ഒട്ടുമില്ലടിയനിങ്ങൊരുകുറ്റം ചെങ്ങുന്നൂർ–
ഓർത്താലില്ലൊരുകർമ്മങ്ങളിൽപിഴകീർത്തനപ്പിഴയുണ്ടെന്നിരിക്കിലും
ആർത്തിനാശനകാത്തുകൊള്ളേണമേ ചെങ്ങുന്നൂർ–
ഔവനത്തിലുമയാളുംതാനുമായമ്പിനോടേപുലിത്തോലുടചാർത്തി
ദിവ്യനാടകമാടുംനടേശ്വര ചെങ്ങുന്നൂർ–
അംഭോജാക്ഷനതപദഗൗരീശ കുംഭീന്ദ്രാനനതാത!മഹേശ്വര
നിൻപാദങ്ങൾനമസ്കരിച്ചേനഹം ചെങ്ങുന്നൂ–
അക്കഥമനതാരിലുദിക്കിലോ ദുഷ്കൃതനരകങ്ങളകറ്റിടാം
അല്പഭക്തനെന്നെന്നെക്കരുതല്ലേ ചെങ്ങുന്നൂർ–
ജലധിസുതാരമണസ്തവം

ഈ സ്തോത്രം ഇദംപ്രഥമമായി പ്രസിദ്ധപ്പെടുത്തിയ ചുനക്കര രാമവാരിയർ അവർകൾ സഹൃദയന്മാരാൽ സർവ്വഥാ അനുമോദനീയനാകുന്നു. ഞാൻ 1???87-ാമാണ്ടിടയ്ക്കു് തലവടിയിൽ താമസിക്കുന്ന കാലത്തു്—മഹാപണ്ഡിതനായ കിട്ടായി ആശാനാണെന്നു തോന്നുന്നു—എന്നോടു് ഇതിന്റെ കർത്താവായ തലവടി ഈശ്വരവാരിയരെപ്പറ്റി വളരെ പുകഴ്ത്തി പറയുകയുണ്ടായി. ഒരു ഭാഗവതം ഇരുപത്തിനാലുവൃത്തം അദ്ദേഹം രചിച്ചിട്ടുള്ളതായും ആ മഹാൻ എന്നോടു പറഞ്ഞതായി ഓർക്കുന്നുണ്ടു്. ഇപ്പോൾ പ്രസിദ്ധീകൃതമായിരിക്കുന്ന ഭാഗവതം ഇരുപത്തിനാലുവൃത്തം അദ്ദേഹത്തിന്റെ കൃതിയായിരിക്കാമെന്നു ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം 913-ാമാണ്ടു് ജനിച്ചു അഞ്ചാമത്തെ വയസ്സിൽ പിത്തശൂലയാൽ അദ്ദേഹത്തിനു കണ്ണുകൾ നഷ്ടപ്പെട്ടുപോയി. അതിൽ പിന്നീടു സകലതും അദ്ദേഹം കേട്ടു പഠിച്ചതാണു്. ഉപാദ്ധ്യായവൃത്തിയിലും ഈശ്വരധ്യാനത്തിലും ഏർപ്പെട്ടു് അദ്ദേഹം ജീവിതം നയിച്ചുപോന്നു. അദ്ദേഹത്തിന്റെ മരണകാലത്തെ, തച്ഛിഷ്യാഗ്രഗണ്യനായ രാമസ്വാമിശാസ്ത്രികൾ,

കൊല്ലംതൊള്ളായിരത്തിൽപരമൊരെഴുപതുംപത്തുമെട്ടാമൊരാണ്ടിൽ
കന്ന്യാമാസേ തൃതീയാതിഥികരികരണേ ചോതിനാളിന്ദുവാരേ

***


ശ്രീവൈകുണ്ഠംഗമിച്ചുസപദിനരഹരേശ്ശാസ്സനാദിശ്വരോഽസൗ

(ഒരു വരി പൊടിഞ്ഞുപോയിരിക്കുന്നു)

എന്നിങ്ങനെ രേഖപ്പെടുത്തീട്ടുണ്ടു്. അദ്ദേഹം ചില ആട്ടക്കഥകളും പലേ സ്തോത്രങ്ങളും രചിച്ചിട്ടുള്ളതായറിയാം.

പങ്കജനിലയാകചകുങ്കുമപങ്കാങ്കിതദോരന്തര മമ
പങ്കമകറ്റീടുകപുരഹരപങ്കജഭവനതപദപങ്കജ!
അന്തകകിങ്കരനികരംവന്നന്ത്യ ദശയിലടിതുടരുമ്പോൾ
ചന്തമെഴും തലവടിമരുവിനജലധിസുതാരമണതെഴുന്നേൻ
പാപാംബുധിതരണംചെയ്‍വാൻ നയനാംബുജകോണംതരണിയേ
നൽകേണമെനിക്കായ്ഭക്തഹൃദംഭോരുഹതരണേപരനേ
തവകരുണയൊഴിഞ്ഞൊരുവന്നുംനിർവാണംവരുവതുമില്ലേ
കരുണാജലനിധിതലവടി—
പിശിതാശനകരളുപിളർന്നതി രുധിരാശനമതിരുചികരുതി
കടലുവലിച്ചുടലിലണിഞ്ഞഥ നടുനടിനെന്നലറുന്നേരം
ലോകങ്ങൾ നടുങ്ങിനനേരം പ്രഹ്ളാദൻചെന്നുപുകഴ്‌ന്നതി
ദയതേടിനതലവടി—
പീതാംബരനെറിയുടയുംരുചിതേടീടിനപെരുന്നടഞാനും
ആടീടിനകണ്ഡലയുഗവും ചൂടീടിനൊരണിമണിമുടിയും
പാടേ മമ ഹൃദിവിലസീടുകചൂടേറിനജനനംകളവാൻ
ഈടേറിനതലവടിമരുനിന–
പുരുഹുതപുരേമരുവീടിലുമതിസുഖമൊടുധരിണിയിൽവാഴ്‍കിലും
മതിദുരിതപരമ്പരയാ വൈതരണിയിൽവീണുഴലുന്നേരം
ശരണാഗതപരിപാലനചണ!തവചരണംമമഹൃദി വിലസതു
കരുണാജലനിധിതലവടി—
പൂമാനിനിതന്നൊടുചേർന്നുരുപൂബാണരസംകോലിന തവ
പൂമേനിയരക്ഷണമീക്ഷണഗോചരമായരുളീടേണം
നയനഫലംവരുവതിനായ്‍തവഭക്തന്നായ്ഭക്തപരായണ
മുക്തിപ്രദതലവടിമരുവിന—
പ്രേതാധിപകിങ്കരർവന്നതിപേടിപെടുത്തീടുന്നേരം
പേരായിരമുള്ളതിലൊന്നിഹ വേരൂന്നുക മമ ഹൃദിനാഥ
നാമാദിമവർണ്ണംകരുതീട്ടാദിമവർണ്ണത്തിലൊരുത്തനു്
ഗതിനൽകിനതലവടി—
പെട്ടകവുംപെട്ടിയുമൊക്കെ നിറച്ചുധനംവെച്ചീടുകിലും
മട്ടോവുംവാണികളരികിലുമിഷ്ടന്മാർപലരുണ്ടാകിലും
ഇഷ്ടംതാനെങ്കിലുമയിതവ ദൃഷ്ടിയൊഴിഞ്ഞൊരുഗതിയില്ല
ദൃഷ്ടാന്തേ തലവടി—
പൈന്തേൻമൊഴിമാരൊടു ചെറ്റുംചിന്തയിലുംകരുതീടൊല്ലേ
എന്തതുകൊണ്ടന്ധതയിസ്രേയന്ധനതായീടുന്നേരം
നിന്തിരുവടികരുണയൊഴിഞ്ഞൊരുബന്ധുത്വമെനിക്കായന്ന്യം
കണ്ടില്ലിഹ തലവടി—
പൊരുളിതിൻമേൽമറ്റൊന്നില്ലനിഗമപുരാണാദികൾപാർത്താൽ
തവസേവയിതെല്ലാനേരവുമെല്ലാരുംകരുതീടേണം
നാരദനാദികളാംമുനിവരരീവണ്ണംപറയുന്നു നത
നാരദ തലവടി—
പോരായ്‍മയുമൊന്നുമതില്ലേയോരോ കദളീഫലമെങ്കിലും
ഓരാണ്ടേഭക്തിയൊടേകുകിലമിതഫലംനല്കുമവന്നും
ബഹുതരമായ് നൽകീടുകിലോ ബഹുധാധാന്യങ്ങൾകൊടുക്കും
കരുണാനിധിതലവടി—
പൗരന്ദരപദവിയെവേണ്ടുകിലതിസുന്ദരമാകിയ നമനം
സാമോദംചെയ്കിലവന്നതു ദാമോരേനഴകോടുനല്കും
ഭക്തശ്രീഭക്തിയൊടേകകിൽഭഗ്രശ്രീനൽകുമവന്നും
മുക്തിപ്രഭ തലവടി—
പനിമതിനേർമുഖവുംവടിവൊടുതിരുമുടിയുംനിടിലത്തടവും
നീണ്ടിടുംനയനദ്വയവുംമകരമണികുണ്ഡലയുഗവും
കാളാംബുദകോമളകാന്തിയുമനുദിനമെന്റമനസിവിളങ്ങുക
പാലയമാംതലവടി—
കാലാന്തകവന്ദിതജനജയഹേലാപരിപാലിതസുരജന
ബാലാതപരുചികൗസ്തുഭവനമലോപരിലസിതതനോ ജയ
നീലാംബുരവർണ്ണകളേബരലീലാശിശുനരസിംഹാപരി
മേയഹരേ തലവടി—
ഇപ്പരിചിതുനിത്യവുമൊരുവന്നുൾപ്പൂവിൽഭക്തിയെഴുംപടി
യപ്പൂമാനിനിവരചരിതംതൽപരനായുമചെയ്തീടുകി
ലിപ്പാരിൽസുഖമൊടുവാഴാംപില്പാടഥനാഥനൊടന്ത്യേ
യുക്തനതാംതലവടിമരുവിന ദലധിസുതാരമണതൊഴുന്നേൻ
ശ്രീകൃഷ്ണത്താരാട്ടു്

കുട്ടികളെ ഉറക്കുന്നതിനു് ഈ കീർത്തനത്തെ താരാട്ടായി വടക്കൻദിക്കുകളിൽ ഉപയോഗിച്ചുവരുന്നു.

അൻപിനോടാനന്ദപ്പൈതലാംകൃഷ്ണനുമമ്പാടിതന്നിൽവളരുംകാലം
കമ്പമകറ്റിപ്രജകളെരക്ഷിക്കും തമ്പുരാനെകൃഷ്ണതാലോലമേ
ആനന്ദപ്പൈതലായ് മേവുന്നനിന്നുടെ മാനസമെങ്ങനെചൊല്ലീടേണ്ടു
ആനകദുന്ദുഭിസൂനുവായ്മേവിനോരാനന്ദപ്പൈതലേതാലോലമെ
ഇച്ഛവളർന്നോരുകൊച്ചുകിടാവായിട്ടച്ഛനുമമ്മയ്ക്കുമിച്ഛനൽകി
അച്യുതനെന്നൊരുനാമത്തെയാണ്ടൊരു കൊച്ചുകിടാവേനീ താലോലമേ
ഈരേഴുപാരിനുംകാരണമായൊരു നാരായണസ്വാമിയാകുന്നതും
നാരിമാർനമ്മുടെമാനസംവഞ്ചിക്കും നാരായണകൃഷ്ണതാലോലമേ
ഉച്ചത്തിലമ്മതാൻ തൂക്കുമുറിക്കീഴെ വച്ചുരൽതന്നിൽക്കരേറിമെല്ലെ
ഏതാണ്ടുപീഠംവെച്ചെത്തിപ്പിടിച്ചൊരു കൊച്ചുകിടാവേനീതാലോലമേ
ഊഴനായല്ലോനീപീഠംമറിഞ്ഞപ്പോൾ കേഴുന്നതുച്ചത്തിൽകേട്ടനേരം
തോഴിമാരോടുംകൂടോടിവന്നമ്മതൻ കോഴകൾതീർത്തോനെ–
എന്തുനിനക്കുണ്ണിയിങ്ങനെതോന്നുവാനെന്നമ്മചിന്തയിൽചോദിച്ചപ്പോൾ
ചെന്താമരക്കണ്ണുഴറ്റിക്കൊണ്ടിങ്ങനെ ചന്തത്തിൽചൊന്നോനെ–
ഏറിയവേലനിനക്കുണ്ടതുകൊണ്ടങ്ങാറിയപാൽക്കുറചേർത്തോവെന്നും
നോക്കുവതിന്നുരൽമീതേകരേറിഞാൻ നോക്കുവാനുള്ളതുതാലോലമേ
ഐയ്യയ്യോനന്നുനിൻകൗശലമെന്നമ്മ മെയ്യോടണച്ചുപുണർന്നനേരം
മെല്ലേനിറുത്തിക്കൊണ്ടാട്ടിക്കൊണ്ടീടിന കൈതവപ്പൈതലേതാലോലമേ
ഒന്നുമേമിണ്ടാതെപോയിതങ്ങമ്മതാൻ തന്നുടെവേലകളാചരിച്ചാൾ
അന്നേരമമ്മേയുറക്കംവരുന്നെന്നു നന്നായിച്ചൊന്നേനേതാലോലമേ
ഔവഴികേട്ടമ്മവെണ്ണകൊടുത്തതു കേവലപ്പൈതൽവിഴുങ്ങുന്നേരം
ദൈവമേവെണ്ണവിലങ്ങിപ്പോയ്‍മാറത്തു ചൊവ്വോടെപാൽതായോതാലോലമേ
അങ്ങനെയുള്ളൊരുവാക്കുകൾകേട്ടപ്പോൾ ചെമ്മേകൊടുത്തിതുപാലുമമ്മ
പാലുകുടിച്ചുകൊണ്ടമ്മയേവന്ദിച്ച നീലക്കാർവർണ്ണരേ-
അച്യുതാനന്ദമുകുന്ദമുരാന്തക സച്ചിഭാനന്ദസ്വരൂപശൗരേ
താലോലമേകൃഷ്ണ താലോലമേകൃഷ്ണ താലോലമേകൃഷ്ണ താലോലമേ
താലോലപ്പാട്ടിതുപാടുംജനങ്ങളെപ്പാലാഴിനാഥനനുഗ്രഹിക്കും
താലോലമേപൈതൽതാലോലമേ താലോലമേയുണ്ണിതാലോലമേ.
ശിവനാരായണകീർത്തനം
കടിക്കുംപാമ്പതുതന്നെക്കടകംപോലൊരുത്തനും
ശയനംപോലൊരുത്തന്നുശിവനാരായണനമോ
കാമിനിമാർപതിനാറായിരത്തെട്ടങ്ങൊരുവനു
ഭാമിനിരണ്ടൊരുത്തന്നുശിവ…
കിഞ്ചിത്തേൻവിരിത്തുണിയുടുപ്പാനില്ലൊരുത്തന്നു
പുതപ്പാനില്ലൊരുത്തന്നുംശിവ.
കീർത്തികേട്ടപാർത്ഥനോടുതല്ലുകൊള്ളാമൊരുത്തനും
തേർകിടാവാമൊരുത്തന്നുശിവ…
കന്നെടുത്തുവിൽകുലച്ചു പടചെയ്യാമൊരുത്തന്നു
കടചൂടാമൊരുത്തന്നുശിവ…
കൂപ്പുവോർക്കുമേനിപാതി പകത്തീടാമൊരുത്തനു
കൂടചൂടാമൊരുത്തന്നുശിവ…
കെതികെട്ടിട്ടുലകിൽച്ചെന്നിരന്നുണ്ണാമൊരുത്തന്നു
കൂറവാരാമൊരുത്തന്നുശിവ.
കേളികേട്ടകാലകാലനെന്നുപേരുണ്ടൊരുത്തന്നു
കേശവനെന്നൊരുത്തന്നുശിവ
കൈയലകുണ്ടൊരുത്തന്നു കാടുതോറുംനടക്കുമ്പോൾ
കാലികളുണ്ടൊരുത്തന്നുശിവ…
കൊടിയപാമ്പതുതന്നെ മുടിയിലുണ്ടൊരുത്തന്നു
അടിയിലുണ്ടൊരുത്തന്നുശിവ…
കൗതുകത്താൽബാണനുടെ വാതിൽകാക്കാമൊരുത്തനു
കൈകൾമൂരാമൊരുത്തന്നുശിവ…
അക്കണങ്ങളോടുകൂടി നൃത്തമാടാമൊരുത്തന്നു
വൾക്കിയാവാമൊരുത്തന്നുശിവ…
ശ്രീകൃഷ്ണസ്തോത്രം—ഇതു വളരെ പ്രസിദ്ധമാണു്
കണ്ണാകടൽവർണ്ണ കനിവേറുംമുകിൽവർണ്ണ
കന്മഷമകൽവാൻ വഴിതന്നീടുമുകുന്ദ
കാർമ്മേഘവുംകായാമ്പൂവും നാണീടുന്നപൂമൈ
കാണേണമതിന്നായിതകൂപ്പുന്നുമുകുന്ദ

തിരുവനന്തപുരം ചന്ദ്രാപ്രസ്സുകാർ കീർത്തനപുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

ദശാവതാരകീർത്തനം
അപ്പാൽക്കടലിൽ ഭൂമിയുമപ്പൂമകളോടും
സർപ്പാധിപ ശില്പാകൃതിതല്പേമരുവുംനീയെ
ന്നുൾപ്പൂവിലനല്പാദരമെപ്പോഴുമിരിപ്പാൻ
ത്വല്പാദമതിപ്പോളരുൾഗോവിന്ദമുകുന്ദ

ഇതും ടി പ്രസ്സുകാർ മുഴുവനും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

ശ്രീകൃഷ്ണകേശാദിപാദസ്തോത്രം—അതിമനോഹരണമാണു്
പച്ചക്കല്ലിൻപ്രഭകളെവെല്ലും തിരുമെയ്‍മുഴുവൻകാണാകേണം
നാരായണജയതാവകമണിമെയ് മനസിസദാ മമ കാണാകേണം
തരുണദിവാകരകോടിസമാനം കനകകിരീടംകാണാകേണം
പരിമളമിളകും പുരികുഴൽനേരാമിരുൾമുകിൽനികരംകാണാകേണം
ചടുലകരാളകരഞ്ജിതമായൊരു നിടിലരടംമമകാണാകേണം
മംഗലഭംഗിനിരന്നുകലർന്നൊരു കങ്കമതിലകംകാണാകേണം
മല്ലീശരകുലവില്ലിനെവെല്ലും ചില്ലീലതനെറികാണാകേണം.
കണ്ഠീപുരേശകീർത്തനം

തൃക്കണ്ടിയൂരപ്പന്റെ മാഹാത്മ്യത്തെ വാഴ്ത്തുന്ന ഈ കീർത്തനം ഭക്തിരസപ്രചുരമായിരിക്കുന്നു. മാതൃക—

കോടിസൂര്യനുംചന്ദ്രനുംവന്നാലും ധാടികൊണ്ടുജയിപ്പാൻകഴിയാത്ത
മോടിചേരുന്നനിൻമുഖംകാണണം കണ്ടിയൂരപ്പഭഗവാനേപാഹിമാം.
സുബ്രഹ്മണ്യസ്തോത്രം

ഇതു മഹാകവി ഇരയിമ്മൻതമ്പി അരിപ്പാട്ടു താമസിക്കുന്ന കാലത്തു് രചിച്ചിട്ടുള്ളതാണു്. കളഞ്ഞുപോകാതിരിപ്പാൻവേണ്ടി മുഴുവൻ ഇവിടെ പകർത്തുന്നു.

  1. ശ്രീമൽക്കല്പദുമൂലസ്ഥലമതിലമല സ്വണ്ണപിറ്റേനിഷണ്ണം പ്രേമാവേശേനചേർത്തങ്ങിനെയിരുപുറവും ദേവസേനാഞ്ചവല്ലീം സാമോദം നാരദാദിപ്രവരമുനിജനങ്ങൾക്കു തത്വോപദേശാൽ ക്ഷേമം കെല്പ്പോടുനല്കും ഗജമുഖസജം ഷണ്‍മുഖം കൈതൊഴുന്നേ
  2. ഗൗരീസൂനോ! മഹത്ത്വം തവസകലമറിഞ്ഞുള്ളവണ്ണം സ്തുതിപ്പാൻ പോരാ സാമർത്ഥ്യമേതും ദ്വിരസനപതിയാമാദിശേഷന്നുപോലും പാരം നിസ്സാരനെന്നാകിലുമഹമധുനം ഭക്തികൊണ്ടിസ്തുതിക്കാ– യാരംഭിച്ചേൻ പ്രസാദിച്ചരുളുക കരുണാവാരിധേ! കൈതൊഴുന്നേൻ.
  3. ദീപിക്കും ദിവ്യരത്നാഞ്ചിത കനകകിരീടാകനും തൻസമീപം പ്രാപിച്ചുള്ളോരുകാളിന്ദിയൊടുപമയെഴും ചരുപൂഞ്ചായൽതാനും ആപദ്ധ്വാന്തങ്ങൾനീക്കും നിടിലതടമിളം തിങ്കൾതാനുംമനോഭൂ– ചാപശ്രീചേർന്ന ചില്ലീലതകളുമകമേ ചേർത്തുഞാൻ കൈതൊഴുന്നേൻ.
  4. ചന്തംചിന്തുന്ന ചെന്താമരയിതിളിടയിൽപ്പുക്കു പൂന്തേനൊഴുക്കിൽ സന്തോഷംപൂണ്ടുനീന്തും ഭ്രമരവിലസിതംചേർന്ന നേത്രങ്ങളുംതേ അന്തശ്രീനാസികാഭംഗിയുമനഘമണീ കണ്ഡലോല്ലാസിഗണ്ഡം ദന്തശ്രീചേർന്നദന്തച്ഛദമതുമനിശം ചിന്ത്യഞാൻ കൈതൊഴുന്നേൻ.
  5. ആതംകധ്വാന്തദൂരീകരണ നിപുണമാം ചാരുമന്ദസ്മിതശ്രീ ശീതജ്യോത്സ്നാഭിരാമം തവതിരുമുഖവും ചന്ദ്രനെക്കൈവിടാതെ ഭാതൃസ്നേഹേനചേർന്നിട്ടഴകൊടുമരുവും കണ്ഠവും ദിവ്യശംഖാ. ചേതോമോഹംവരുത്തും ധ്വനിയൊടുഹൃദയേ ചേർത്തുഞാൻകൈതൊഴുന്നേൻ.
  6. വേലും ചക്രം ച ശംഖും വരവിതരണവും ചാലവേചേർത്തതൃക്കൈ നാലും താരാളിനീരാജിതമണികിരണോല്ലാസി വക്ഷഃപ്രദേശം ചേലോടാക്കങ്കമത്തിൻ നിറമതുകലരും ചേലവും രത്നകാഞ്ചീ– മാലാലങ്കാരവുംതേ മനസികരുതിഞാനാദരാൽ കൈതൊഴുന്നേൻ.
  7. ചാരുത്വംചേർന്നൊരൂരുദ്വയവുമതുലിതം ജാനുജംഘായുഗംതേ ഗൗരീദേവിക്കുവാത്സല്യമൊടതികതുകം ചേർത്തിടും പൊൻചിലമ്പും ആരാധിക്കുംജനാനാമഭിമതമരുളും കല്പവൃക്ഷപ്രവാളം പാരാതെകണ്ടുനിത്യം തവപദയുഗളംചേർത്തു ചിത്തേതൊഴുന്നേൻ.
  8. എന്നുംമച്ചിത്തരംഗേ തവപദയുഗവും ജംഘജാനൂരുമദ്ധ്യം പൊന്നും കാഞ്ചീ ച രോമാവലിവടിവിയലും മാറിടം ബാഹുനാലും പിന്നെക്കണ്ഠഞ്ച കർണ്ണാഭരണയുഗമൊടാസ്യേന്ദുവും പൊൻകിരീടം കുന്നിൻകന്യാകുമാരാകൃതിമുഴുവനഹോ കണ്ടുഞാൻ കൈതൊഴുന്നേൻ.
  9. വാനോർ മുപ്പത്തുമുക്കോടിയുമസുരഭയം തെല്ലുമില്ലാതെമോദാൽ വാണീടുന്നൂ ഭവാനുണ്ടൊരുശരണമവർക്കെന്നുമെന്നുള്ള ധൈര്യാൽ ഞാനും ത്വൽപാദദാസ്യം ശരണമിതിനിനച്ചിങ്ങു വാഴുന്നുനിത്യം സേനാനീദേവവേലായുധ മമ ദുരിതം നീക്കുവാൻ കൈതൊഴുന്നേൻ.
  10. ആരോഗ്യം നിത്യമായുസ്സവികലമഴിവില്ലാത്ത സമ്പദ്വിലാസം പാരം വിദ്യാനവദ്യം പുനരഖിലകലാകൗശലം വംശപുഷ്ടി സാരജ്ഞാനാദിനാനാ ഗുണമിതുവരുവാൻ കാരണം ത്വൽകടാക്ഷം കാരുണ്യംപോൽക്കലർന്നിങ്ങടിയനരുളുവാൻ ഞാനിതാകൈതൊഴുന്നേൻ.
  11. ആരുണ്യം ചെമ്പരത്തിക്കലസതയെ വളർത്തുന്നിതെന്നല്ല ചിത്രം താരുണ്യാംഗേ ചിചിത്രാഭരണമണികളായാന്തി മാണിക്യഭാവം താരുണ്യം നിത്യപൂർണ്ണം കഴലിണ തൊഴുവോർക്കുന്നതിം ചേർത്തുമുന്നം കാരുണ്യാംഭസ്സാന്നാൽപ്രവഹതി സരിതം യസ്യതസ്മൈനമോസ്തു.
  12. സേനാനീം ശ്രീകുമാരം ഗുഹമനലഭവം ഷണ്‍മുഖം താരകാരിം സൂനാസ്ത്രാഭഞ്ചശക്തിസ്പൃഹരനുമചല ക്രൗഞ്ചഛേദപ്രവീണം ദീനാലംബംമയൂരംസനമപി പ മഹാസേന മദ്രീന്ദ്രകന്യാ- സൂനം സ്കന്ദംവിശാഖം ശരജനമനിശം ഭാവയേകാർത്തികേയം.
  13. നബ്രഹ്മണ്യന്യഭാവോ ഭവതിബയെതസ്സച്ചിന്ദാനന്ദരൂപം ദബ്രഹ്മണ്യപ്രസംഗഃ ക്വചിദപിനപൂനര്യച്ചരിത്രേപവിത്രേ സുബ്രഹ്മണ്യോവദാന്യഃ പരമശിവസുതസ്സർവ്വഗീർവ്വാണവന്ദ്യഃ സുബ്രഹ്മണ്യശ്ശരണ്യോ ഭവതു മമ മുദേസർവദാ പാർവതേയ.
പാർവതീസ്വയംവരം—പന്ത്രണ്ടുവൃത്തം
ശ്രീഗുരുതാനുംഗണേശ്വരനും ശ്രീകാന്തൻതാനുംസരസ്വതിയും
ശ്രീമഹാദേവനുംപാർവതിയും ശ്രീഭൂമിദേവമുനീന്ദ്രന്മാരു-
മമ്പോടനുഗ്രഹിപ്പാൻ ഏറ്റംവണങ്ങുന്നേവരേയും
മറ്റില്ലൊരാശ്രയംപാർത്തുകണ്ടാൽ കുറ്റങ്ങളെല്ലാംപൊറുത്തുകൊൾക
സൽക്കഥയെങ്കിലോകേട്ടുകൊൾക ദുഷ്കൃതമെല്ലാമൊടുങ്ങുവാനായ്.

എന്നിങ്ങനെതുടങ്ങുന്നു.

തിരുമകൾ ചരിതം

തെക്കൻകവിതയാണെന്നു തോന്നുന്നു. തമിഴ് പ്രയോഗങ്ങൾ ഇടയ്ക്കിടെ കാണ്മാനുണ്ടു്.

ഹരഹരശിവശിവ തിരുമകൾചരിതം
തിറമൊടുപുകൾവതിനരുൾതരവേണം
ദുരിതവിനാശം തെരുതെരെവന്നി–
ട്ടുരുസുഖമെങ്കൽവരുത്തേണംനീ.
കറ്റജടാമുടികെട്ടിപ്പനിമതി
ചുറ്റിപ്ഫണിഗണമണിയുമരൻതൻ
നെറ്റിത്തടമതിലുറ്റക്കനൽമിഴി
പെറ്റിട്ടൊരു ഭഗവതിചരിതം
ചിത്രക്കഥകൾ വിചിത്രത്തൊടുംബഹു
ലത്തിൽപുകഴ്‍വതിനരുൾതരവേണം
ശ്രീഭൂതനാഥോത്ഭവം
ശാരികപ്പൈതലേചൊല്ലൂ ഹരിമുന്നം
നാരീവേഷംപൂണ്ട വാർത്തയെല്ലാം
പാലുംപഴങ്ങളും ബാലേതരുവൻഞാൻ
പാലോലുംവാണി പറഞ്ഞീടേണം
എന്നതുകേട്ടുതെളിഞ്ഞു കിളിമകൾ.
ശംബരവധം

നമ്പ്യാരുടെ കൃതിയായിരിക്കുമോ എന്തോ?

ഉള്ളംതെളിവോടക്കിള്ളിക്കുറിശ്ശിയിൽ
വാണരുളുംദേവ കാത്തുകൊൾക.

എന്നിങ്ങനെ ഒരു സ്തുതി അതിലുണ്ടു്. കവിതയ്ക്കു നല്ല ഒഴുക്കുണ്ടെന്നല്ലാതെ, വലിയ വിശേഷമൊന്നുമില്ല.

കിരാതം നാലുവൃത്തം
ആനന്ദ പീയൂഷപാനലഹരിയിൽ
താനേവിളങ്ങുന്ന മാനസത്തിൽ
വാണീഭഗവതി പാണീകമലത്തിൽ
കാണിപിരിയാതെ വാണിടുന്ന
കേളീശുകപ്പൈതലാളിജനത്തോടും

പാടുന്ന ഈ പാട്ടു് സ്ത്രീജനങ്ങൾക്കായി രചിക്കപ്പെട്ടിട്ടുള്ള ഒരു സുന്ദരകൃതിയാകുന്നു.

അംബരീഷചരിതം
നാനാഗുണനിധി വൈവസ്വതന്മനു
നന്ദനനായീടുന്ന നാഭാഗനൃപസുതൻ

എന്നാരംഭിച്ചു് പരവവൃത്തങ്ങളിലായി കഥ അവസാനിപ്പിച്ചിരിക്കുന്നു. കവിതയ്ക്കു വലിയ ഗുണമൊന്നുമില്ല.

ശ്രീഭൂതനാഥോത്ഭവം തിരുവാതിരപ്പാട്ടു്
ശ്രീമഹാദേവനൊരുദിവസം മാമലമാതുമൊരുമിച്ചിട്ടു്
കൈലാസമാംമലതന്നിലങ്ങു ചാലസ്സുഖിച്ചുതൻകാന്തയോടും

വാഴുന്നകാലത്തു്,

“കാർമുകിൽവർണ്ണനഴകിയൊരു കാമിനീവേഷംധരിച്ചു”

വെന്നു് കേട്ടിട്ടു്,

കൗതുകംപൂണ്ടതുകാണ്മാനായ് കാളക്കഴുത്തിൽകരേറിക്കൊണ്ടു്
വൈകുണ്ഠലോകത്തിൽചെന്നുകൊണ്ടു വാരിജലോചനൻതന്നെക്കണ്ടു

ഇങ്ങനെയാണു് പോക്കു്. അമ്പലപ്പുഴ ക്ഷേത്രത്തിനു തെക്കുമാറി തെക്കേവാടയ്ക്കു തൊട്ടടുത്തു് പുത്തൻപുരയ്ക്കൽ എന്നൊരു വീടുണ്ടു്. അവിടെ സാമാന്യം നല്ല വ്യുൽപന്നനായി കൃഷ്ണൻതമ്പി എന്നൊരാൾ മുമ്പു ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ ഒരു കവി രചിച്ചതാണു് പാലാഴിമഥനം പാട്ടു്.

വാരണേന്ദ്രനുംവാണിമാതും കനിവോടെന്റെ
വാണിതന്നിൽസദാകാലം വസിച്ചീടേണം
വാസനകൾവരുത്തേണം ക്ഷീണഭാവമകറ്റേണം
ബാലനാകുമെനിക്കേറ്റം തുണച്ചീടേണം
ഇമ്പമോടമ്പലപ്പുഴേ വാണരുളുന്നതാംകൃഷ്ണൻ
തമ്പുരാനടിയനെകാത്തുകൊള്ളേണം.

എന്നിങ്ങനെ ആദ്യത്തെ ഗാനം വഞ്ചിപ്പാട്ടാണു്. നാല്പത്തിഎട്ടുഗാനങ്ങൾ ഉള്ള ഈ കൃതി സാമാന്യം വലുതാണു്.

താലോലം പാട്ടു്
സന്താനശാഖിയായസ്മൽകുടുംബത്തിൽ
സന്താനമേകും ശ്രീവൈകുണ്ഠേശൻ
സന്താനഗോപാലമൂർത്തിയെൻപൈതലെ-
സ്സന്തതംപാലിച്ചുകൊള്ളേണമെ
എൻപൈതൽതന്നുടെപാദതളിരുക-
ളൻപോടജൻപരിപാലിക്കേണം

ഇതു് കൊച്ചീരാജകുടുംബത്തിലെ തമ്പുരാക്കന്മാരിലോ തമ്പുരാട്ടിമാരിലോ ആരെങ്കിലും രചിച്ചതായിരിക്കണം.

താരകാസുരവധം കിളിപ്പാട്ടു്-(നാലുപാദങ്ങൾ)
ശാരികപ്പൈതലേ ചാരത്തുവന്നുനീ
പാരംപഴുത്ത കദളിപ്പഴങ്ങളും
സാരമായുള്ള മധുവുംഗുളംപഞ്ച-
സാരയുംനന്നായ്ഭുജിച്ചുകൊണ്ടാദരാൽ
മാരവിനാശനൻ തന്റെകഥയതു
പാരംചുരുക്കാതെചൊല്ലുചൊല്ലൊക്കയും
നേത്രാഗ്നിയിൽപഞ്ചസായകൻതന്നുടെ
ഗാത്രംദഹിപ്പിച്ച രുദ്രൻഭയങ്കരൻ
എന്തോന്നുചെയ്തതും പർവതപുത്രിയാം
ചെന്താമരാക്ഷിതാനെന്തോന്നുചെയ്തതും
എന്നിവയെല്ലാം പറകവൈകീടാതെ
നന്നായ്‍വരുമിവ ചൊൽകിലുംകേൾക്കിലും

ഇങ്ങനെയാണു് മൂന്നാംപാദത്തിന്റെ പ്രാരംഭം.

കുചേലവൃത്തം തുള്ളൽ
ഉള്ളത്തിൻതള്ളലെല്ലാം വിരവിനൊടുകളഞ്ഞാശൂമൂകാംബികേനിൻ-
പള്ളിപ്പാദങ്ങൾകൂപ്പുന്നടിയനിലുളവായീടുമിത്തുള്ളലെല്ലാം
കള്ളംകൂടാതെതോന്നാൻതിരുമുലയിലൊലിക്കുന്നസാഹിത്യമാകും
വെള്ളത്തിൻതുള്ളിയെന്നാകിലുമഖിലജഗന്നായികേനൽകിടേണേ

തുള്ളലിലെ മൂന്നാലുവരി ഉദ്ധരിക്കാം.

കനകസദൃശമൊരു പുറമതിലുകണ്ടു
കാഞ്ചനമയമായ കൊടിക്കൂറകണ്ടു
കരിതുരഗനികരമൊരുഭാഗത്തുകണ്ടു
കങ്കേളിചന്ദനപ്പൂങ്കാവുകണ്ടു
ഗുണമിയലു മമലമണിസൗധങ്ങൾകണ്ടു
ഗോപുരംനാലുമുയർന്നതുകണ്ടു.
വ്യാസോത്ഭവം തുള്ളൽ
ചിത്തജവലയിൽപെട്ടൊരുയൗവനയുക്തരതിക്കാരെനില്ക്കുംചിലരും
ചിത്തരസത്തൊടുരച്ചുതുടങ്ങീ ഇത്തൊഴിലോർത്താലെത്രവിചിത്രം!
ഇരുളുംതണുവുംകൊണ്ടുനമുക്കിഹ മരണംവന്നുഭവിച്ചിടുമെന്നു
കരുതിപ്പോയേനിപ്പൊഴുതിങ്ങനെ വരുവാനെന്തൊരുബന്ധംകൂവേ
മൂത്തുനരച്ചുകരച്ചമുനീന്ദ്രൻ ചീത്തത്തൊഴിലുതുചെയ്തെന്നുണ്ടോ?
രാധാകൃഷ്ണയോഗം വഞ്ചിപ്പാട്ടു്
പുണ്യവേദപ്പൊരുളാകും പൂർണ്ണവേദാലയേശന്റെ
പുണ്യമേറുംകഥയെല്ലാം വർണ്യമാണല്ലോ
പത്തവതാരത്തിലുംവച്ചുത്തമം കൃഷ്ണാവതാരം
സത്തരാകുംമുനീന്ദ്രർക്കുംചിത്തരംഗസ്ഥം
ദാശകന്യാസുതൻ വേദവ്യാസനാകുംമാമുനീന്ദ്രൻ
പേശലുമാംകൃഷ്ണലീലപേശിനാനേറ്റം
കണ്ണനുണ്ണിക്കിടാവോരോവണ്ണമായ്‍ചെയ്തവയ്ക്കുള്ള
വർണ്ണനത്തിൽകൊതിക്കാത്ത കർണ്ണമാർക്കുള്ളു?
ചട്ടമായ്ക്കണ്ണനാമുണ്ണിക്കുട്ടനുള്ളകളികേൾപ്പാ-
നൊട്ടുമേതൻചെവിചെല്ലാപ്പൊട്ടനേപൊട്ടൻ

ഇതു ആധുനികമാണു് അപ്പൻതമ്പുരാൻതിരുമനസ്സുകൊണ്ടു് പേരുവയ്ക്കാതെ രചിച്ചതാണെന്നു ചിലർ പറയുന്നു. അവിടുത്തേക്കു പ്രാചീനകവികളെപ്പോലും അനുകരിച്ചു് കാവ്യരചന ചെയ്യുന്നതിനു് വിരുതുണ്ടായിരുന്നുവെന്നു പ്രസിദ്ധമാണു്. ഒന്നാംപുസ്തകത്തിൽ തോലന്റെ കൃതിയെന്നു പറഞ്ഞു ചേർത്തിട്ടുള്ള

“മാടിൻകൊടിമടവാരേ”എന്ന ശ്ലോകം അവിടുത്തേതാണെന്നു് ടീ. കെ. കൃഷ്ണമേനോൻ അവർകൾ എനിക്കു എഴുതി അയച്ചുതരികയും കോട്ടയ്ക്കൽവച്ചു് അവിടുന്നുതന്നെ എന്നോടു കല്പിക്കയും ചെയ്തിട്ടുണ്ടു്. അതുപോലെതന്നെ, ലീലാതിലകത്തിന്റെ പ്രാരംഭത്തിൽ ചേർത്തിട്ടുള്ള പദ്യവും തിരുമനസ്സിലെ കൃതിയാണെന്നു ഇപ്പോൾ അറിയുന്നു. ’ഈ കൃതി കുഞ്ഞുക്കുട്ടൻ’ തമ്പുരാന്റേതാണെന്നു ഖണ്ഡിതമായിട്ടറിയാം.

വെള്ളൂർക്കുറുപ്പു്

ചെമ്പകശ്ശേരി രാജാക്കന്മാരുടെ സേനാപതികളായിരുന്നു. ഈ കുടുംബക്കാർ മറ്റുചില പ്രധാന കുടുംബക്കാരെപ്പോലെ വടക്കുനിന്നു അമ്പലപ്പുഴെവന്നു താമസം തുടങ്ങിയവരാണു്. ഇപ്പോൾ ഈ കുടുംബം തീരെ ക്ഷയിച്ചുപോയി. 1000-ാമാണ്ടിനു മുമ്പു് ജീവിച്ചിരുന്ന ഒരു വെള്ളൂർക്കുറുപ്പു് രചിച്ചതാണു് ബാണയുദ്ധം തുള്ളൽ.

കംസവധം തിരുവാതിരപ്പാട്ടു്
അമൃതുപൊഴിഞ്ഞീടുന്ന ഗാനത്തോടേ-
യഖിലഗുണം തേടും കിളിക്കിടാവേ
സകലഗുണവാരിധി കൃഷ്ണൻപണ്ടു
ജനകവിരഹത്തൊടേ വാഴുംകാലം
സുകൃതമതു കംസനു ദാനംചെയ്ത
കഥപറകവേണം നീയെന്നോടിപ്പോൾ.

പഴയകവിത എന്നൊരു ഗുണമല്ലാതെ ഇതിൽ വിശേഷിച്ചൊന്നുമില്ല.

ഹനുമദുൽപത്തി തിരുവാതിരപ്പാട്ടു് പ്രാചീനകൃതിയാണു്. കവിതാഗുണം കുറയും. ഉചിതപദങ്ങൾ കിട്ടാതെ കവി പലദിക്കിലും ഞെരുങ്ങുന്നതായി തോന്നുന്നു.

ഒരുദിവസം പാർവതീശങ്കരന്മാർ
കപിമുഥുനരൂപമായ് കാനനത്തിൽ
കമലശരലീല കളിപ്പതിന്നായ്
വിരവൊടുചെന്നങ്ങു കളിതുടങ്ങി

എന്നാണു് പ്രാരംഭം.

ഉർവശീമാനഭംഗം എട്ടുവൃത്തം

ഇതും തിരുവാതിര കളിയ്ക്കായ് രചിക്കപ്പെട്ടിരിക്കുന്ന ഒരു കൃതിയാകുന്നു. കവിത നന്നായിട്ടുണ്ടു്.

‘തണ്ടാർശരനുമിവനെക്കണ്ടാൽ
കൊണ്ടാടിക്കൊണ്ടുനമിക്കും’

മട്ടിൽ രൂപസൗഭാഗ്യംതികഞ്ഞ

വില്ലാളിവീരൻ വിജയൻ തന്റെ പല്ലവതുല്യാധരവും
മുല്ലമുകളസമാനമായ പല്ലിൻഗുണങ്ങളുമോർത്തു്

മുല്ലായുധാർത്തി മുഴുത്തിരിക്കുന്ന ഉർവ്വശി മധ്യമപാണ്ഡവനാൽ ധിക്കൃതയായ് ഭവിക്കുന്ന കഥ ഇതിൽ സരസമായ് വിവരിച്ചിരിക്കുന്നു.

വിഷ്ണുമായാചരിതം

ഇതു ഒരു തുള്ളൽപാട്ടാണു്. അതു് 972 മുതല്ക്കു് 1011 വരെ ജീവിച്ചിരുന്ന കിളിമാനൂർ ഉമാദേവിതമ്പുരാട്ടിയുടെ കൃതിയാണു്. ഈ വിദുഷീരത്നം കരീന്ദ്രൻ എന്ന വിഖ്യാതനായ വിദ്വാൻ കോയിത്തമ്പുരാന്റെ മാതാവായിരുന്നു. അവിടുത്തേക്കു് കാവ്യാലംകാരാദികളിലും പുരാണേതിഹാസങ്ങളിലും അസാമാന്യമായ പാണ്ഡിത്യമുണ്ടായിരുന്നുവെന്നും ഭർത്താവായിരുന്ന കിഴക്കാഞ്ചേരി നമ്പൂരിപ്പാട്ടിലെ സാഹചര്യം ഈ പാണ്ഡിത്യത്തെ വർദ്ധിപ്പിച്ചുവെന്നും പറയപ്പെടുന്നു. പതിനേഴാമത്തെ വയസ്സിലാണത്രേ വിദ്വാൻ കോയിത്തമ്പുരാനെ പ്രസവിച്ചതു്. അവിടുത്തെ സഹോദരനായ രാഘവവർമ്മകോയിത്തമ്പുരാൻ, പാർവതീറാണി തിരുമനസ്സിലെ പള്ളിക്കെട്ടു കഴിച്ചു് തിരുവനന്തപുരത്തു താമസമാക്കിയിരുന്നതിനാൽ, ഈ വിദുഷിയും കൂടക്കൂടെ തിരുവനന്തപുരത്തു പോവുകയും റാണിയുടെ സഖ്യം സമ്പാദിക്കയും ചെയ്തു. അവിടുത്തെ കവിതാമാഹാത്മ്യം കണ്ടു സന്തുഷ്ടനായ സ്വാതിതിരുനാൾ തമ്പുരാൻ അനേകം പാരിതോഷികങ്ങൾ നല്കിയിട്ടുള്ളതായും അറിയുന്നു.

കിളിമാനൂർ രാജകുടുംബം യുദ്ധകലയിലെന്നപോലെ സംഗീതസാഹിത്യാദി സകല കലകളിലും മുന്നണിയിലാണിരുന്നതു്. വിശ്വവിഖ്യാതനായ ചിത്രമെഴുത്തുകോയിത്തമ്പുരാന്റെ മാതാവായിരുന്ന മകയിരം തിരുനാൾ അമ്മതമ്പുരാട്ടിയും പാർവതീസ്വയംവരം എന്നൊരു തുള്ളൽ രചിച്ചിട്ടുണ്ടു്. ആ തമ്പുരാട്ടി 1007 മേടം 15-ാം നു ഭൂലോകജാതയായി. ബാല്യത്തിൽതന്നെ സാമാന്യം നല്ല വ്യുൽപത്തി സമ്പാദിച്ചു.

“കമലവനനിലയമതിലമരുമവനീസുതൻ
കാമാരിസേവകൻ കാമിതദായകൻ
നിഗമനിധിനിഖിലഗുണനിലയനതിനിർമ്മലൻ
നീലകണ്ഠാത്മജൻ ശ്രീകുമാരാഭിധൻ”

ആയിരുന്നു അവിടുത്തെ ഗുരു.

കണ്ണുചികിത്സയിൽ അതിനിപുണയായിരുന്നു. ഉദയത്തിനും ഏഴരനാഴികയ്ക്കു്മുമ്പു് എണീറ്റു് വസ്ത്രംമാറി ദേഹശുദ്ധി വരുത്തീട്ടു് ഈശ്വരസ്മരണചെയ്തുകൊണ്ടു് 6 മണിവരെ ഇരിക്കും. ഒമ്പതുമണിയാകുമ്പോൾ സ്നാനംകഴിച്ചിട്ടു് പതിനൊന്നരമണിവരെയും സായാഹ്നത്തിൽ 4 മണിമുതൽ 6 മണിവരെയും, പിന്നീടു് 7 മുതൽ 9 വരെയും, ഈശ്വാധ്യാനകാലമായിരിക്കും. ബാക്കിസമയം മുഴുവനും നേത്രചികിത്സ, കാവ്യപരിശീലനം, അധ്യാപനം, ചിത്രമെഴുത്തു എന്നിവയിൽ ഏർപ്പെട്ടിരുന്നു. ഇതായിരുന്നു ഈ മഹതിയുടെ ജീവിതരീതി. അവിടുത്തെ സ്വഭാവഗുണവും ഭൂതദയയും സർവജനങ്ങളുടേയും ശ്ലാഘയ്ക്കു പാത്രമായിരുന്നു. ചരമദശയിൽ അവിചലിതമായ മനോധൈര്യത്തോടും തീവ്രമായ ഭക്തിയോടുംകൂടി, ഈ സമയത്തു ധരിക്കുന്നതിനുവേണ്ടി നേരത്തേ സംഭരിച്ചിരുന്ന പുണ്യസ്ഥലങ്ങളിലെ ഭസ്മചന്ദനാദികളും മറ്റും അണിഞ്ഞു ഗംഗാജലം രാമേശ്വരത്തെ തീർത്ഥം ഇവകൊണ്ടു് ദേഹവും ഭൂമിയും ശുദ്ധിചെയ്തിട്ടു്, കന്യാകുമാരി മണലും അതിന്മീതെ തുളസി ദർഭ ഇവയും വരിപ്പിച്ചു ശയിച്ചുംകൊണ്ടും, ചുറ്റുപാടും ഇരുന്ന ബന്ധുജനങ്ങളുടെ സ്തോത്രാലാപം പ്രവചിച്ചുകൊണ്ടും സുസ്മേരവദനയായ് 1062 മകരം 18-ാം നു ഈ സുകൃതിനി വൈകുണ്ഠലോകം പ്രാപിച്ചു.

ഈ രണ്ടു വിദുഷികളുടേയും കൃതികളിൽനിന്നു് ഓരോഭാഗം ഉദ്ധരിച്ചുകൊള്ളുന്നു.

അംഗജരിപുതാനങ്ങൊരുദിവസം
മംഗലരൂപിണിമേനജയോടും
മങ്ങാതങ്ങൊരു വനഭൂവിചെന്നതി
ഭംഗിയിലോരോ ലീലതുടർന്നു
ഗംഗാകാന്തൻ ഗജവടിയായി
മംഗലരൂപിണി കരിണിയുമായി
അങ്ങനെ വേഷം പൂണ്ടവർ വിപിനേ
തിങ്ങിവിളങ്ങും പനകൾ പറിച്ചും
വണ്ണൻവാഴ പിഴുതു നിറച്ചും

ക്രീഡിച്ചുകൊണ്ടിരിക്കെ, ശ്രീപാർവതീദേവിയിൽ ജനിച്ച ഗണേശനെ സ്തുതിച്ചുകൊണ്ടാണു് വിഷ്ണു മായാചരിതം തുടങ്ങുന്നതു്. കുലദേവതയായ കിരാതരുദ്രനേയും സ്മരിച്ചിട്ടുണ്ടു്.

അക്കാലം ഗിരിസുതയാം പാർവ്വതി
മുക്കണ്ണൻതിരുനയനാഗ്നിയതിൽ
ചൊൽക്കൊള്ളും സ്മരദാഹം കണ്ടി-
ട്ടുൾക്കാമ്പിങ്കൽ വിചാരിച്ചേവം
അംഗമനമാക്കിന്നധികാരമൊരാകൃതി
ഭംഗികളുണ്ടെന്നാലും പ്രിയതമ-
നംഗജശരനിരയേറ്റല്ലാതെ
സംഗമസുഖരസമുണ്ടായ് വരുമോ?
അംഗജവികൃതികളില്ലാഞ്ഞാൽ നര-
പുംഗവനെങ്കിലുമെന്തൊരുസാദ്ധ്യം?
അംഗനമാരുടെ സാരസ്യാദിക-
ളങ്ങുഫലിക്കയുമില്ലൊരുനാളും
ബധിരന്മാരുടെ സവിധേ ചെന്നതി-
മധുരവിപഞ്ചിക വായിച്ചാലും
അന്ധന്മാരുടെ മുമ്പിൽ ചെന്നഥ
ബന്ധുരഗാത്രി കടാക്ഷിച്ചാലും
എന്തൊരുഫലമെന്നുളളതുപോലെ
ഹന്തഭവിച്ചു നമുക്കിതുകാലം.
വണ്ടാർകുഴലിയതാമെന്നിൽ ബഹു
കണ്ടാലഴകുണ്ടെന്നാലും ഹൃദി
തണ്ടാർബാണശരംകൊണ്ടല്ലാ-
തുണ്ടായ്‍വരുമോ ഹന്ത വികാരം

എന്നീ വിചാരത്തോടുകൂടി ദേവി,

തന്നുടെ ഗാത്രത്തിങ്കലണിഞ്ഞൊരു
പൊന്നിൻഭൂഷണജാലമശേഷം
ഖിന്നത കൈവിട്ടവളും വിരവിനൊ-
ടൊന്നൊഴിയാതെയഴിച്ചതുവച്ചു
മന്ദേതരമൾ കേശം ജടയായ്
പിന്നിക്കെട്ടിമുറുക്കിക്കൊണ്ടു്
മഞ്ജൂളഭാഷിണി ചാർത്തിയിരുന്നൊരു
മഞ്ഞപ്പട്ടുടയാടവിഴുത്തു
കഞ്ജവിലോചന മരവിരികൊണ്ടഥ
രഞ്ജിപ്പിച്ചു കടീതടമദ്ധ്യേ
കഞ്ജരഗാമിനി സഖിമാരോടും
മഞ്ജുതരം നടകൊണ്ടു വനത്തിൽ

അനന്തരം,

മംഗലതരമാം ഗംഗാസലില ത-
രംഗാവലിപരിതോ വിലസീടും
തുംഗമതായൊരു ചെഞ്ചിടമുടിയിൽ
പൊങ്ങിവിളങ്ങും ചന്ദ്രക്കലയും
ഭൃംഗാവലിപോലുള്ളൊരു കുറുനിര
സംഗിച്ചിടിന നിടിലതടത്തിൽ
അംഗാരപ്രഭതേടും ത്രിനയന
ഭംഗിയുമോമൽ തിരുനാസികയും
ശൃംഗാരാഞ്ചിതകരുണാരസമൊടു
തിങ്ങിവിളങ്ങും നയനദ്വയവും
ബന്ധൂകാഭകലർന്നീടുന്നൊരു
ബന്ധുരതരമാം മധുരാധരവും
ദതദ്യുതിയൊടു ശോഭിച്ചീടും
ചന്തമിയന്നൊരു മന്ദസ്മിതവും
കർണ്ണയുഗങ്ങളിൽ മിന്നും കുണ്ഡലി
കുണ്ഡല മണ്ഡിത ഗണ്ഡസ്ഥലവും
വർണ്ണിപ്പാനെളുതല്ലേ ശിവശിവ
പൂർണ്ണേന്ദുദ്യുതി വദനവിശേഷം
ഗരളവിലാസി ഗളത്തിലണിഞ്ഞൊരു
സരളഫണീശ്വരമണിമാലകളും
ഹരിണപരശ്വധവരദാഭയധര
കരപത്മങ്ങളുമുദരപ്രഭയും
തിരുവാഭിയുമതി പൃഥുജഘനം കടി-
പരിശോഭിതഫണി കാഞ്ചീഗുണവും
മാർദ്ദവമേറും തുടയിണ കവിയെ-
ച്ചാത്തിയ ശാർദ്ദൂലാജിനപടവും
വർത്തുളജാനുദ്വയവും മുനിജന
ചിടുത്തവിലസും തിരുവടിമലരും
മൃത്യുഞ്ജയനാമഖിലേശ്വരനുടെ
ചിത്രമതായൊരു രൂപമിവണ്ണം

ഏകാന്തഭക്ത്യാ ചിത്തത്തിലുറപ്പുിച്ചുകൊണ്ടുചെയ്ത തപസ്സിനെ കവയിത്രി ചമൽക്കാരപൂർവ്വം വർണ്ണിച്ചിരിക്കുന്നു.

രാമേശ്വരയാത്ര തുള്ളൽ

958–ാമാണ്ടു് കാർത്തികതിരുനാൾ തമ്പുരാൻ തിരുമനസ്സുകൊണ്ടു നടത്തിയ രാമേശ്വരയാത്രയെ അധികരിച്ചു് ഏറ്റുമാനൂർക്കാരനായ ഒരു മാരാർ രചിച്ചതാണു് ഈ തുള്ളൽ എന്നു് മി. പരമേശ്വരയ്യർ പറയുന്നു. എന്നാൽ അതു് തലവടി ഈശ്വരവാരിയർ എന്ന അന്ധകവിയുടെ കൃതിയാണെന്നു് അറിയുന്നു. വലിയ കാവ്യഗുണമൊന്നും കാണ്മാനില്ലെങ്കിലും ചരിത്രവിഷയകമായ പല സംഗതികളും അതിൽനിന്നു ഗ്രഹിക്കാം.

പെരിയൊരുമേല്ലിഖിതാധിപനാകിയ
മഹിദേവൻ തരുണേശൻ തന്നൊടും
വമ്പെഴുമത്തിരുമുമ്പതിലങ്ങനെ
യിമ്പമൊടെപ്പൊഴും നിന്നുവിളങ്ങിന
സമ്പ്രതികേശവബാലാധിപനോടും
ഉരുതരമാകിന കരിബലമഖിലം
പരിപാലിച്ചു വീളങ്ങീടുന്നൊരു
പത്മനാഭസുചിവാധിപനോടും
അതിനുടെമേൽ ലിഖിതാധിപനാകിയ
ശിവതാണുവത്തരുണപനോടും
സംഭൃതകുതുകം ദാമോദരനാം
നമ്പിയാരൊടുമിദമരുൾചെയ്തു

ഇത്യാദി ഭാഗങ്ങൾ വായിച്ചുനോക്കുമ്പോൾ, ഇക്കവിതന്നെയായിരിക്കുമോ മാർത്താണ്ഡദേവമാഹാത്മ്യം രചിച്ചതെന്നു വലുതായ സംശയം ജനിക്കുന്നു.

കടംകഥകൾ

കടംകഥകൾക്കു് എല്ലാ ഭാഷകളിലും പ്രചാരമുണ്ടു്. കേരളീയരുടെ ഇടയ്ക്കും അസംഖ്യം കടംകഥകളുണ്ടെങ്കിലും അവയെ ശേഖരിച്ചുവയ്പാൻ ആരും ശ്രമം ചെയ്തുകാണുന്നില്ല. ഏതാനും കടംകഥകളെ അകാരാദിയായി താഴെ ചേർക്കുന്നു.

അങ്ങേതിലമ്മക്കിങ്ങേതിലുമ്മയേകണ്ടുകൂട- കിണറു്

അടുക്കുലപൂക്കുമ്പംപന്തീരായിരം. നക്ഷത്രം

ആയിരംകൊച്ചരിയിലൊരുവലിയരി. ചന്ദ്രൻ

ആലത്രവയലെത്തൊരുവയൽ പൂവാലൻ

പക്ഷിഎന്നൊരുപക്ഷി; ആലത്രവയിലിലേ

വെള്ളംവറ്റുമ്പം പൂവാലൻപക്ഷിക്കുചാക്കു്. നിലവിളക്കു്

ആഴംകുഴികുഴിച്ചു അണ്ണിരണ്ടുമുട്ടയിട്ടു്

അണ്ണാന്നുനോക്കുമ്പം തൊണ്ണൂറുമുട്ട. അടയ്ക്ക

ഇട്ടാലുടയാത്ത ഇംഗ്ലീഷുമുട്ട. പഞ്ഞി

ഇത്തിരിമുറ്റത്തു് ഇത്തിരിക്കട്ട നഖാഗ്രത്തിലെഅഴുക്കു്

ഇറയ്ക്കാത്തകിണറു് തൊണ്ണച്ചിപ്പന്തൽ

തൂക്കാത്തമിറ്റം സമുദ്രം ആകാശം കടൽതീരം

എണ്ണക്കുഴിയിൽ ഞാറപ്പഴം കൃഷ്ണമണി

എനിക്കൊരമ്മഉരുളച്ചോർതന്നു

കളയാനുംവയ്യ തിന്നാനുംവയ്യ ചുണ്ണാമ്പുരുള

ഒരമ്മപ്രസവിച്ചതെല്ലാം തൊപ്പിക്കാരു് അടയ്ക്ക

ഒരമ്മയ്ക്കു് വായ്‍നിറച്ചുപല്ലു് ചിരവ

ഒരുപഴംവീണു പത്തുപേർഓടി;

അഞ്ചുപേരെടുത്തു ആറുപേർമുറുക്കി;

ഒരാൾ സ്വാദുനോക്കി

മുപ്പത്തിരണ്ടുപേർതിന്നു മാങ്ങ എടുത്തു പൂളി കാണിച്ചുകൊടുക്കുന്നതു്

ഒരു കുപ്പിയിൽ രണ്ടെണ്ണ മുട്ട

കണ്ടാൽമുണ്ടൻ കാര്യത്തിനുവമ്പൻ കുരുമുളകു്

കഴുത്തറുക്കുമ്പം കണ്ണുകാണും തോക്കു്

കറുത്തകാട്ടിൽ കുരുട്ടുപന്നി പേൻ

കാകച്ചകംപിച്ചകം പൂമഞ്ഞകംകിഞ്ഞകം

ഇലയൊരുപന്നകംസന്നകം പാവൽക്കായ്

കാട്ടീന്നുകിരുകിരുക്കും വീട്ടിൽവന്നുചത്തുകിടക്കും വെട്ടുകത്തി

കായ്ക്കയുംചെയ്യും പൂക്കയുംചെയ്യും

കാക്കയ്ക്കിരിപ്പാൻ സ്ഥലവുമില്ല നെല്ലു്

കാലിൽപിടിക്കുമ്പോൾ തോളിൽകയറും കുട

കാളകിടക്കേ കയറോടും മത്തങ്ങ

കിക്കിരിക്കുംപക്ഷി കിരികിരിക്കുംപക്ഷി

വട്ടമാടുന്നപക്ഷി വായിൽചാടുംപക്ഷി നെയ്യപ്പം

ചാടുംകീരിഓടുംകീരി വെള്ളത്തെക്കണ്ടു പരുന്തുംകീരി ചെരുപ്പു്

ചില്ലിക്കൊമ്പൻ ചുവലക്കാളചീറച്ചീറിപ്പായും മിശിറു്

ചുട്ടകോഴി പനയിൽകയറും കലം

ഞെട്ടില്ലാ മുണ്ടൻചക്ക മൊട്ട

ഞെട്ടില്ലാവട്ടേല പപ്പടം

തള്ളയ്ക്കു വയറ്റിൽപോക്കു് പിള്ളയ്ക്കു തലചുറ്റു് ആട്ടുകല്ലും കുഴവിയും

നത്തക്കുംപത്തക്കുംനാലുകാലു്;

താനേനടക്കുമ്പോൾരണ്ടുകാലു്

ചുക്കിച്ചുളുങ്ങുമ്പോൾമൂന്നേകാലു്;

ഊരിന്നുപോകുമ്പോൾ നാലേകാലു് മനുഷ്യജീവിതം

തൂങ്ങുംതുടിക്കും ഇടിക്കല്ലിൽചാടും

വാങ്ങുംവലിക്കും വലിച്ചങ്ങിറക്കും വെള്ളം വലിക്കുക

നാലുമൂലപ്പെട്ടി നടുക്കൊരുതെങ്ങിൻപിള്ള

ഓടുംകുതിരക്കുട്ടി; വീശുംപുളിയന്മാർ നിലംപൂട്ടുക

നേരംപുലരുമ്പം കറാംപിറാം ചൂലു്

നാക്കുനാല് നടകാലുപത്തു;

മൂക്കുമൂന്നു മുഖത്താറുകണ്ണു്

ഇന്നലെച്ചത്തയാളിനെയിന്നു

ചെന്നു കണ്ടുകൊണ്ടുവാ നിലംഉഴുന്നതു്

പറമ്പുവെളുത്തു്; വിത്തുകനത്തു്

വാകൊണ്ടുവിരിക്കും കൈകൊണ്ടറുക്കും പുസ്തകവായനയും എഴുത്തും

പുല്ലുംതിന്നും വെള്ളവുംകുടിക്കും കൂട്ടിലടയ്ക്കും കാട്ടമില്ല കത്തി

പുറം പൊന്തംപൊന്തം; അകം പഞ്ഞിക്കെട്ടു്

അതിനകം ഇരുമ്പുംകെട്ടു്; അതിനകം

വെള്ളിക്കെട്ടു് അതിനകം നീരാഴി നാളികേരം

പെട്ടിപെട്ടി ശിങ്കാരപ്പെട്ടി പെട്ടിതുറക്കുമ്പം കായംമണക്കും ചക്കപ്പഴം പൈങ്കുനിച്ചിത്തിരമാസത്തിൽ

ചെന്തെങ്ങിൽച്ചെറുകൊച്ചങ്ങ;

ചെത്തിയിറക്കി തളുകയിലിട്ടാൽ

തിന്നാൻ നല്ലമത്തങ്ങ ആത്തച്ചക്ക

മണ്ണിൻകീഴെപ്പൊന്നിൻനൂലു് ഞാഞ്ഞൂൽ

മണ്ണിൻകീഴിൽ ച്ചാറ്റുളി ചേന

മുട്ടിയിടും ചട്ടകഴറ്റും; മൂന്നുമാസം

അടയെടുക്കും എന്നാൽ പാമ്പുമല്ല പനഅണ്ടി

മുറ്റത്തേചെപ്പിനു അടപ്പില്ല കിണറു്

മുടുമൂട്ടിൽ ഇടകാട്ടിൽ കൊണ്ടവീട്ടിൽ നെല്ലു്

വഴിയിൽ കുഴഞ്ഞവൻ ചന്തയിൽപോയി ചിരി

മൂന്നുകണ്ണൻ ചന്തയിൽ പോയി തേങ്ങ

രണ്ടുകിണറ്റിനു ഒരുപാലം മൂക്കു്

മേല്പോട്ടുപോയതും പാണ്ടിത്തട്ടാൻ

കീഴ്‍പോട്ടുപോന്നതും പാണ്ടിത്തട്ടാൻ

അരുവേപോയതും പാണ്ടിത്തട്ടാൻ

ചെളിയിൽപുതഞ്ഞതും

പാണ്ടിത്തട്ടാൻ പുക, മഴ, വള്ളം, കഴുക്കോൽ

വള്ളി വള്ളി സഹസ്രവള്ളി

വെള്ളത്തിലിടുമ്പം ഒരുവള്ളി തലമുടി

വെട്ടിക്കൂർമ്പിച്ചതും

വെട്ടാതെകൂമ്പിച്ചതും

തട്ടിപ്പരത്തിയതും തട്ടാതെപരത്തിയതും സൂചി, മുള്ളു്, പർപ്പടകം, വട്ടയില

വെള്ളക്കാള തുള്ളിമറിയുന്നു പൊരി

വെള്ളക്കാളയ്ക്കു പള്ളയിൽകൊമ്പു് വെള്ളക്കിണ്ടി

കണക്കുപാട്ടു്
അമ്മനരശനെപ്പള്ളികൊള്ളുംമക്ക–
ളൈവരിരുപ്പിടമൊന്നങ്ങേടു്
തേനാന്തെരുവിലുമൊന്നങ്ങേടു്
തെരുവത്തുരണ്ടിലുമൊന്നങ്ങേടു്
മുക്കണ്ണൻമുരുകണ്ണൻ മൂർത്തിപ്പെറ്റമക്കൾ
മൂവരിരുപ്പിടമൊന്നങ്ങെടു്
എടതൊന്നെടു്—വലതൊന്നെടു്
കുറവർകിളിപ്പാട്ടു്
താനിന്നാതാനിന്നാനാ താനാതാനിന്നാനാ
ശ്രീരാമനുംലക്ഷ്മണനും കൂടെരണ്ടുകിടാത്തന്മാരും

എന്നുതുടങ്ങി രാമകഥ മുഴുവനും പാടിക്കളിക്കുന്നു.

കോതാമ്മൂരി

കോലത്തുനാട്ടിൽ നടപ്പുള്ള ഒരു കളിയാണു്. തുലാമാസം ഒന്നാംതീയതി മുതല്ക്കു അവസാനംവരെ മലയന്മാർ ചിറയ്ക്കൽ വലിയതമ്പുരാൻ എഴുന്നള്ളിയിരിക്കുന്നിടത്തു് മലയന്മാർ നാലോ അഞ്ചോപേർ മുഖത്തു ചിത്രപ്പാളകൾ വച്ചുകെട്ടി, അരയിൽ കുരുത്തോലചുറ്റി, ദേഹമെല്ലാം വെണ്ണീറും കരിയും പൂശി, ചെണ്ടയും കിണ്ണവും കൊട്ടിക്കൊണ്ടു പാടിക്കളിക്കുന്നു.

ആര്യമ്മനാട്ടിൽപുറന്നോരമ്മ
കോലത്തുനാടുകിനാകണ്ടീതേ
കോലത്തുനാടു കിനാക്കാണുമ്പോൾ
കോലമുടിമന്നനെ കാണായി.

ഇങ്ങനയാണു് ആരംഭം. അന്നപൂർണ്ണേശ്വരി കോലത്തുനാടു് സ്വപ്നംകണ്ടു്. ഈ കപ്പൽ പണിയിച്ചു് ആയിരംതെങ്ങിൽ ചെന്നിറങ്ങുന്നതും ആങ്ങളയായ ശ്രീകൃഷ്ണന്റെ അനുഗ്രഹത്തോടുകൂടി പരമശിവനെ പാണിഗ്രഹണം ചെയ്യുന്നതുമാണു് കഥ.

വേദക്കളിപ്പാട്ടു്

ഇതു മഹമ്മദീയരുടെ ഒരുമാതിരി കളിക്കുള്ളതാണു്. ശ്രീപത്മനാഭക്കോവിലിൽ ഇപ്പൊഴും ഉത്സവകാലത്തു് നടത്തിവരുന്നു. കാലിൽ ചിലമ്പിട്ടു തലയിൽ ചുവപ്പുകെട്ടി, ഇടത്തേകൈയ്യിൽ പരിശയും വലത്തേക്കയ്യിൽ വെണ്ടയക്കമ്പും പിടിച്ചു് ചെണ്ടയുടേയും കൈമണിയുടേയും മേളത്തോടുകൂടി പാടിക്കളിയ്ക്കും. ഒരാൾ പാടും; എട്ടുപേർ ഏറ്റുപാടും. മുൻപാട്ടുകാരൻ ആശാനും മറ്റുള്ളവർ ശിഷ്യന്മാരുമിരിക്കും.

തെയ്യ്-കാടെല്ലാം തേടിയൊരു കലമാനേക്കണ്ടു—കറുകതെയ്യ്
മലയൂടെപോകിന മാനേ കണ്ടില്ലേ?വേട—കറുകതെയ്യ്

ഇടയ്ക്കിടയ്ക്കു കലാശം ചവുട്ടുണ്ടു്.

തലവടി ഈശ്വരവാരിയർ 905–978

സ്വദേശം—മലവടിവാരിയം കൃതികൾ രാമേശ്വരയാത്ര, ഭാഗവതം ഇരുപത്തിനാലുവൃത്തം, നിരണവൃത്തത്തിൽ ഒരു കീർത്തനം, മറ്റു പലതും കണ്ടേക്കും.

പിശിതാശനകരളുപിളർന്നതി രുധിരാശനമതിരുചികരുതി
കുടലുവലിച്ചുടലിലണിഞ്ഞഥ നടുനടുനെന്നലറുന്നേരം
ലോകങ്ങൾനടുങ്ങിനനേരം പ്രഹ്ളാദൻചെന്നുപുകഴ്‍ന്നതി
ദയതേടിന തലവടിമരുവിന ജലധിസുതാരണമണതൊഴുന്നേൻ

അഞ്ചാം വയസ്സിൽ പിത്തശൂലവന്നു ആന്ധ്യം നേരിട്ടു.

ഉപാധ്യായവൃത്തി, നാമജപം പുരാണവായന ഇവയാൽ കാലം നയിച്ചു; നല്ല വൈയ്യാകരണനും, ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധനും, വൈദ്യനും ആയിരുന്നു.

കുറിപ്പുകൾ
[1]

തിരുവിതാംകൂർ. + വേളിമല.= മയിലാട്ടിമല.

[2]

ചിറ.+ഊളൻ.

[3]

ഈ കൃതി കുഞ്ചന്റെ കാലത്തിനിപ്പുറം രചിക്കപ്പെട്ടതായിരിക്കണമെന്നുള്ള ഊഹം ജനിപ്പിച്ചതു്, ആരെടോ പുരംപുക്കു ചോരണംചെയ്തുപോകുന്നകശ്മല—നായന്മാരെ—എന്ന ദിക്കിൽകാണുന്ന ‘നായന്മാരേ’ എന്ന ശബ്ദമാണു്. എന്നാൽ ഇവിടെ ‘ആയന്മാരെ’ എന്നാണു് ശരിയായ പദച്ഛേദം.

Colophon

Title: Kēraḷa bhāṣāsāhitya caritṛam Vol. 4 (ml: കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 4).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; Vol. 4; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 4, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 24, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A girl poses for designs with her face painted depicting traditional Indian painting forms like, Varli, Madhubani, Maandna., a photograph by Tapas Kumar Halder . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.