images/rnp-4-cover.jpg
A girl poses for designs with her face painted depicting traditional Indian painting forms like, Varli, Madhubani, Maandna., a photograph by Tapas Kumar Halder .
അദ്ധ്യായം 4.3

കൊല്ലം പതിനൊന്നാം‌ ശതവൎഷം മലയാള സാഹിത്യത്തിലെ സുവൎണ്ണയുഗം ആയിരുന്നു എന്നു പറയാം. പ്രസ്തുത ശദാബ്ദത്തിന്റെ പൂൎവ്വാൎദ്ധത്തിൽതന്നെ കേരളം ഒരു വലിയ പരിവൎത്ത നഘട്ടത്തിലേക്കു കാലൂന്നിക്കഴിഞ്ഞു. തിരുവിതാംകൂറിൽ വേലുത്തമ്പിദളവയുടെയും കൊച്ചിയിൽ പാലിയത്തുമേനോന്റെയും ആഭിമുഖ്യത്തിൽ നടന്ന കലഹം പരാജയത്തിൽ കലാശിക്കയും ഈ രണ്ടു രാജ്യങ്ങളും വെല്ലസ്ലിപ്രഭുവിനാൽ സമാരബ്ധമായ ‘സബ്സിഡിയരി’ സിസ്റ്റത്തിൽ ഉൾപ്പെട്ടു്, ബ്രിട്ടീഷ് മേൽക്കോയ്മയെ അംഗീകരിക്കുകയും ചെയ്തു. അതിനു മുമ്പുതന്നെ കോഴിക്കോട്ടു്, ചിറക്കൽ തുടങ്ങിയ വടക്കൻ രാജ്യങ്ങളൊക്കയും ബ്രിട്ടീഷ് ഇൻഡ്യൻ സാമ്രാജ്യത്തിൽ ലയിച്ചുകഴിഞ്ഞിരുന്നു. റസിഡന്റു് കല്ലൻ നാട്ടുകൂട്ടങ്ങളെ ഉന്മൂലനം ചെയ്യുന്ന വിഷയത്തിൽ കല്ലുപോലെ ഉറച്ച മനഃസ്ഥിതിയോടുകൂടിയിരുന്നതിനാൽ, കേരളീയരുടെ സാമൂഹ്യവും രാഷ്ട്രീയവുമായ ജീവിതം ഉടഞ്ഞു. “ഓരോരുത്തനും അവനവനു്” എന്നുള്ള പാശ്ചാത്യ സിദ്ധാന്തം നമ്മുടെ നാട്ടിലേക്കു പതുക്കെക്കടന്നു. കുടിപ്പള്ളിക്കൂടങ്ങളുടേ സ്ഥാനത്തു് സൎക്കാർ പള്ളിക്കൂടങ്ങൾ വരികയും അവിടെ ബ്രിട്ടീഷ് ആധിപത്യം കൊണ്ടുണ്ടായിട്ടുള്ള ഗുണഗണങ്ങളെ വാച്യമായും വ്യംഗ്യമായും കീൎത്ത ിക്കുന്ന പാഠപുസ്തകങ്ങൾ പഠിപ്പിച്ചുതുടങ്ങുകയും ചെയ്തതിനോടുകൂടി ഇളംതലമുറക്കാൎക്കു മാതൃഭൂമിയോടുള്ള ഭക്തി നിശ്ശേഷം നശിച്ചു. ക്രമേണ വിദ്യാഭ്യാസപദ്ധതിയിൽ സംസ്കൃതത്തിനു കല്പിച്ചിരുന്ന മാന്യപദവിയും ആംഗലീദേവി കരസ്ഥമാക്കി. 1033-ൽ മദ്രാസ്, ബോംബേ, കൽക്കട്ട എന്നീ പ്രസിഡൻസീ നഗരങ്ങളിൽ സൎവ്വകലാശാലകൾ സംസ്ഥാപിതമായി. ഈ ശതകത്തിന്റെ ഉത്തരാൎദ്ധം ആയപ്പോഴേയ്ക്കും സൎവകലാശാലാബിരുദങ്ങൾ നേടീട്ടുള്ളവൎക്കുമാത്രമേ ഉയൎന്ന ഉദ്ദ്യോഗങ്ങൾ ലഭിക്കയുള്ളുവെന്നു വന്നു; പണമുള്ളവരൊക്കെയും തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷുപള്ളിക്കൂടങ്ങളിൽ അയച്ചുതുടങ്ങി. കഷ്ടിച്ചു കൃത്യംകഴിച്ചു വന്നിരുന്നവരിൽ പോലും ചിലർ വീടും പുരയിടങ്ങളും പണയപ്പെടുത്തിയോ വിറ്റോ തങ്ങളുടെ പുത്രന്മാൎക്കു് ഉൽകൃഷ്ടവിദ്യാഭ്യാസം നൽകുന്ന വിഷയത്തിൽ ഉത്സാഹമുള്ളവരായി കാണപ്പെട്ടു. മാതൃഭാഷയോടും സംസ്കൃതത്തോടും ഉള്ള അവജ്ഞ സൎവ്വസാധാരണമായ്ത്തീൎന്നു. മലയാളത്തിൽ പ്രസംഗിക്കാൻ കഴിവില്ലെന്നു് അഭിമാനപൂൎവ്വം പറയുന്നവർ ഇക്കാലത്തും അസുലഭമല്ലല്ലോ. ചുരുക്കിപ്പറഞ്ഞാൽ കേരളീയരുടെ വേഷഭൂഷാദികളും ജീവിതരീതികളുമൊക്കെ മാറി. കുട്ടിസ്സായ്പന്മാരുടേയും മിസ്സി അമ്മമാരുടെയും പ്രേരണാശക്തിക്കു മുത്തശ്ശിമാർ പോലും വഴങ്ങേണ്ടതായിവന്നു. വ്യക്തിത്വ ബോധത്തിന്റെ തള്ളിച്ച കൂട്ടുകുടുംബവ്യവസ്ഥയോടു് പരക്കെ ഒരു വൈരസ്യം ജനിപ്പിച്ചു. അച്ചടിയന്ത്രങ്ങൾ സ്ഥാപിതമാവുകയും കടലാസും പേനയും നടപ്പിൽ വരുകയും ചെയ്തതിനാൽ ഓലഗ്രന്ഥങ്ങളിൽ ഏറിയകൂറും നിലവറകളെ അഭയംപ്രാപിച്ച് ചിതലിനും പാറ്റയ്ക്കും ആഹാരമായിത്തുടങ്ങി. അക്ഷരങ്ങളുടെ വടിവുതന്നെയും മാറിപ്പോയതിനാൽ ഗ്രന്ഥത്തിലെ ലിപികൾ വായിക്കുന്നതിനു കഴിവുള്ളവരുടെ സംഖ്യയും കുറഞ്ഞു. ഇങ്ങനെയാണു് ഒട്ടുവളരെ പുസ്തകങ്ങൾ നഷ്ടപ്പെട്ടുപോയതു്.

വർത്തമാനപ്പത്രങ്ങളുടെ ആവിർഭാവം കൃഷീവലന്മാരുടെ ഇടയ്ക്കുപോലും നവീനാശയങ്ങൾ പ്രചരിപ്പിച്ചു. പുതിയപുതിയ സാഹിത്യവാസനകൾ അങ്കുരിച്ചു് പുതിയപുതിയ പ്രസ്ഥാനങ്ങൾക്കു വഴി തെളിച്ചു. ഇങ്ങനേഇരിക്കെ ആഘാതവും പ്രത്യാഘാതവും തുല്യബലങ്ങളും പരസ്പരവിപരീതങ്ങളുമാണെന്നുള്ള പ്രകൃതിശാസ്ത്രസിദ്ധാന്തം അനുസരിച്ചു് കാറ്റു തിരിഞ്ഞടിച്ചു. ആംഗല ഗ്രന്ഥങ്ങളുമായുള്ള ഗാഢപരിചയംനിമിത്തം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ സകാരത്രയത്തെപ്പറ്റിയുള്ള ബോധം നമ്മുടെനാട്ടിലും കടന്നുകൂടി. നമ്മുടെനാടു്, നമ്മുടെഭാഷ, നമ്മുടെ സംസ്കാരം—എന്നിങ്ങനെ ഓരോ ജനതയും അഭിമാനപൂർവം പറഞ്ഞുതുടങ്ങി. റസ്സോജപ്പാൻയുദ്ധത്തിനുശേഷം പൗരസ്ത്യദേശങ്ങൾക്കു പൊതുവേയുണ്ടായ പ്രബുദ്ധത നമ്മുടെ നാട്ടിനേയും ബാധിക്കാതിരുന്നില്ല. കൾസണ്‍പ്രഭുവിന്റെ ബംഗാൾ വിഭജനം നിമിത്തം ആവിർഭവിച്ച അഖിലഭാരത പ്രക്ഷോഭണവും ഉണർച്ചയും നമ്മുടെ ജനതയ്ക്കും ഒരു ഉണർവുനൽകി. മഹാത്മാഗാന്ധിയുടെ ആഭിമുഖ്യത്തിൽ സഹനസമരവും നിസ്സഹകരണവും ആരംഭിച്ച അവസരത്തിൽ കേരളീയരും അതിൽ ഹൃദയപൂർവം പങ്കുകൊണ്ടതിനാൽ ഇന്നത്തേ സാഹിത്യത്തിൽ അതിന്റെഒക്കെ പ്രതിഫലനം കാണ്മാനുണ്ടു്.

പതിനൊന്നാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ തെക്കും വടക്കുമായി അഗാധപണ്ഡിതന്മാരും കവിത്വശക്തിസമ്പന്നന്മാരുമായ നിരവധി കവികളെ നാം കാണുന്നു. അവരോടൊപ്പമോ അവരിൽ കവിഞ്ഞതോ ആയ കവിത്വശക്തി ഇനിയും ഉണ്ടായേക്കാം; എന്നാൽ ആ മാതിരി പാണ്ഡിത്യം ഇനി മഷിയിട്ടുനോക്കിയാൽപോലും കാണ്മാൻ സാധിക്കുകയില്ല. പുന്നശ്ശേരി നമ്പിയുടെ മരണത്തോടുകൂടി ആ തലമുറയിലുള്ള പ്രചണ്ഡപണ്ഡിതന്മാരുടെ പരമ്പര അവസാനിച്ചുവെന്നു പറയാം.

വേളക്കരെപ്പട്ടത്തു കുഞ്ഞുണ്ണിനമ്പ്യാരു്

ഇദ്ദേഹം ജനിച്ചതു് ആയിരാമാണ്ടിനു അല്പം മുമ്പാണു്. 1050-നു അല്പം മുമ്പു് മരിക്കയും ചെയ്തു. ഇരിങ്ങാലക്കുടയായിരുന്നു സ്വദേശം. മഹാപണ്ഡിതനും അതിസരസനുമായിരുന്നു. 1031-ൽ ശങ്കരവാരിയർ എന്ന സുപ്രസിദ്ധനായ കൊച്ചീദിവാൻജിയുടെ മേൽനോട്ടത്തിൽ ഇരിങ്ങാലക്കുടെവച്ചു നടന്ന പഞ്ചസന്ധിയേക്കുറിച്ചു് ഒരു തുള്ളലും അഷ്ടപദിയുടെ ഒരു ഭാഷാന്തരവും അനേകം ഒറ്റശ്ലോകങ്ങളും നിർമ്മിച്ചിട്ടുണ്ടു്. സ്വാതിതിരുനാൾ തിരുമനസ്സിലെ മുഖംകാണിച്ച അവസരത്തിൽ ഉണ്ടാക്കിയ ഒരു ശ്ലോകത്തെ താഴെ ചേൎക്കുന്നു.

വീണാവാദാദിദാനീം വിരമ സുരമുനേ!
കേ ണകാണ്ഡൈരകാണ്ഡേ
കോ വാ കോലാഹലോയം നിഖിലബുധമനോ
നന്ദനേ നന്ദനേഽസ്മിൻ
ശ്രീവഞ്ചിക്ഷോണിഭർത്തുഃപ്രചുരവിതരണാ
കർണ്ണനാൽ കല്പകദ്രോഃ
വ്രീണാനമ്രാഗ്രശാഖാ സുമഹരണഭവ–
സ്സുഭ്രുവാമഭൂവാഹഃ

ഈ മനോഹരപദ്യം കേട്ട ഉടനെ രസികശിരോമണിയായ മഹാരാജാവു് സന്തുഷ്ടനായിട്ടു് ചില സമ്മാനങ്ങൾ കല്പിച്ചുകൊടുത്തതിനു പുറമേ കുടുംബത്തിലേക്കു വൎഷാശനവും പതിച്ചുകൊടുത്തു.

കൊടുങ്ങല്ലൂർവിദ്വാൻ എളയതമ്പുരാൻ

കൊടുങ്ങല്ലൂർനാടും മുക്കാൽ കാതമേയുള്ളുവെങ്കിലും, അവിടുത്തെ രാജാക്കന്മാർ നേടിയിരിക്കുന്ന യശസ്സിനിരിപ്പാൻ സ്ഥലം മതിയാവുകയില്ല. ലക്ഷ്മീദേവിയുടേയും വിദ്യാസ്വരൂപിണിയായ ശ്രീകുരുംബേശ്വരിയുടേയും കടാക്ഷം അവരിൽ ഒരുപോലെ പതിഞ്ഞിരുന്നു ‘വിദ്യാ നഃ പരമം ധനം’ എന്നായിരുന്നു ആ രാജാക്കന്മാരുടെ മുദ്രാവാക്യം കൊടുങ്ങല്ലൂർ കോവിലകത്തെ തൂണിനുപോലും പാണ്ഡിത്യമുണ്ടെന്നാണല്ലോ സാധാരണ പറയാറുള്ളതു്.

കൊടുങ്ങല്ലൂർ എളയതമ്പുരാൻ 975 കുംഭം അവിട്ടം നക്ഷത്രത്തിൽ കുഞ്ഞിക്കുട്ടി തമ്പുരാട്ടിയുടേയും എളംകുറുശ്ശി മാതൃദത്തൻ നമ്പൂരിയുടേയും പുത്രനായി അവതരിച്ചു. ഗോദവർമ്മൻ എന്നായിരുന്നു അവിടുത്തേ പേരു. അഞ്ചാംവയസ്സിൽ വളപ്പിലാശാന്റെ അടുക്കൽ അക്ഷരാഭ്യാസം തുടങ്ങിയെങ്കിലും വിദുഷിയായ മാതാവുതന്നെയാണു് ബാലന്റെ ഭാവ്യഭ്യുന്നതിയ്ക്കു മാർഗ്ഗദർശനം വഹിച്ചതു്. ശ്രീകുരുംബേശ്വരിയുടെ കടാക്ഷലാഭംകൊണ്ടു് മാത്രമേ വിദ്യാധനം കരസ്ഥമാവൂ എന്നും അതീനാൽ നിയമേന ഭഗവതിയെ സേവിക്കണമെന്നും ആ മഹതി നിർബന്ധിച്ചു. കഷ്ടിച്ചു 12 വയസ്സുള്ളപ്പോൾ ഈ ബാലൻ ഒരുദിവസം പതിവുപോലെ ബ്രാഹ്മമുഹൂർത്തത്തിൽ എണീറ്റു് കുളക്കടവിൽ ഇറങ്ങിയപ്പോൾ, ഒരു ചീങ്കണ്ണിയുടെ മുതുകത്തു ചവിട്ടിയെന്നും കാലിനു പരുക്കേറ്റു എന്നും പറയപ്പെടുന്നു.

16-ാം വയസ്സിൽ ഉപനയനം കഴിഞ്ഞു് വാണിയംപറമ്പത്തു കളരിപ്പണിക്കരുടെ കളരിയിൽ പയറ്റുതുടങ്ങി. ചാട്ടം, ഓട്ടം, വെട്ടു്, തട, മല്പിടിത്തം ഇവയിലൊക്കെ പ്രസ്തുതബാലൻ അചിരേണ നല്ല വിരുതു നേടി. പില്ക്കാലത്തു് തന്റെ കായികാഭ്യാസങ്ങളേക്കൊണ്ടു് അവിടുന്നു് കാണികളെ അത്ഭുതപരതന്ത്രരാക്കാറുണ്ടായിരുന്നു. ഇതിനിടയ്ക്കു പ്രശസ്തപണ്ഡിതനായ ദേശമംഗലത്തു കൃഷ്ണവാര്യരുടെ ശിഷ്യനായ ഒരു പരദേശബ്രാഹ്മണന്റെ അടുക്കൽ വ്യാകരണം അഭ്യസിച്ചുകൊണ്ടിരുന്നു. എന്നാൽ കൗമുദിയുടെ ഉത്തരാർദ്ധം ആകുംമുമ്പേതന്നെ പഠിത്തം നിർത്തിക്കളഞ്ഞുവത്രേ. എന്തുകൊണ്ടെന്നാൽ ശിഷ്യന്റെ പ്രശ്നങ്ങൾക്കു് ഗുരുവിനു സമാധാനം പറയാൻ നിവൃത്തി ഇല്ലാതെ വന്നുപോയി. പിന്നിടു് അവിടുന്നു് കോഴിക്കോട്ടു മനോരമത്തമ്പുരാട്ടിയുടേയും പന്തളം സുബ്രഹ്മണ്യശാസ്ത്രിയുടേയും ശിഷ്യനായിരുന്ന അരൂർ ഭട്ടതിരിയുടെ അടുക്കൽനിന്നുമാണു് വ്യാകരണം പഠിച്ചതു്.

വ്യാകരണത്തിൽ നല്ല വ്യുൽപത്തി സമ്പാദിച്ചശേഷം അവിടുന്നു് പ്രശസ്തപണ്ഡിതന്മാരുടെ അടുക്കൽ നിന്നുതന്നെ തൎക്കവും ജ്യോതിഷവും അഭ്യസിച്ചു് അക്കാലത്തെ ജ്യൌതിഷികന്മാരുടെ കൂട്ടത്തിൽ എളയതമ്പുരാൻ അഗ്രഗണ്യനായിത്തീർന്നു. ഫലംപറയുന്ന വിഷയത്തിൽ അദ്ദേഹത്തിനുള്ള ചാതുരിയേപ്പറ്റി പലേകഥകൾ പറഞ്ഞുകേട്ടിട്ടുണ്ടു് വെണ്മണി അച്ഛൻനമ്പൂരിപ്പാട്ടിലേക്കു് പ്രഥമസന്താനമുണ്ടായ കാലത്തു് ജാതകം നിർമ്മിക്കുന്നതിനു് അവിടത്തേ അടുക്കൽ അപേക്ഷിച്ചു. എന്നാൽ അവിടുന്നു് ഒന്നും ചെയ്യാതെ ഇരുന്നതേയുള്ളു; വീണ്ടും ഒരു സന്താനമുണ്ടായി. അപ്പൊഴത്തെ അവസ്ഥയും തഥൈവ. മൂന്നാമതായിരുന്നു മഹൻ നമ്പൂരിപ്പാടിൻറെ ജനനം. അപ്പോഴും ജാതകനിർമ്മാണത്തിനു അവിടുത്തേ അടുക്കൽ അപേക്ഷിച്ചു എന്നാൽ ഇക്കുറി ഒട്ടും താമസിക്കാതെ കുറിച്ചുകൊടുക്കയും ചെയ്തു. ആ ജാതകത്തിൽ ഇങ്ങനെ പ്രസ്താവിച്ചിരുന്നുവത്രേ; “ജാതകനു കവിത്വാദി പല ഗുണങ്ങളും സർവകാര്യങ്ങളിലും മന്ദതയും ഉണ്ടായിരിക്കും”. മറ്റു രണ്ടു കുട്ടികളും താമസിയാതെ മരിച്ചുപോയപ്പോഴാണു് തിരുമനസ്സുകൊണ്ടു് ജാതകമെഴുതാതിരുന്നതിന്റെ അർത്ഥം വെണ്മണിക്കു മനസ്സിലായതു്.

മോഴിക്കുളത്തു ചേത്യാട്ടു് അച്ഛൻനമ്പൂരി ജ്യോതിഷത്തിൽ അല്പം നോട്ടമുള്ളവനായിരുന്നു. ഒരിക്കൽ രണ്ടു ജാതകങ്ങൾ തമ്പുരാനേകാണിച്ചിട്ടു് പൊരുത്തംനോക്കാൻ ആവശ്യപ്പെട്ടു. ഈ കല്യാണം നടത്താൻപാടില്ലെന്നു തമ്പുരാൻ പറഞ്ഞപ്പോൾ, നമ്പൂരി പ്രമാണം എന്താണെന്നു ചോദിക്കയും ലക്ഷണംകൊണ്ടു് പറഞ്ഞതാണെന്നു തമ്പുരാൻ പ്രതിവചിക്കയും ചെയ്തു. നമ്പൂരിക്കു തൃപ്തിയായില്ല. മുറയ്ക്കു് കല്യാണം നടത്തി—എന്നാൽ അചിരേണ അദ്ദേഹത്തിന്റെ സന്താനം നഷ്ടമായി. ഈ സംഭവത്തെപ്പറ്റി അറിഞ്ഞ വെണ്മണി അവിടുത്തേഅടുക്കൽ അങ്ങനെ പറവാനുള്ള സംഗതി വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. “അതോ വേറൊന്നുമല്ല—നമ്പൂരി ജാതകം പരിശോധിപ്പിക്കുന്നതിനു വന്നപ്പോൾ അഞ്ചുവയസ്സുള്ള എന്റെ മകൻ രുക്‍മിണീസ്വയംവരം തുള്ളലിൽനിന്നു്

‘ഇങ്ങനെയുള്ളവരാരും മകളുടെ
മംഗളകർമ്മം മോഹിക്കേണ്ട’

എന്നു വായിക്കുന്നതുകേട്ടു. അതുകൊണ്ടു നിഷേധിച്ചതാണു്”

സംഗീതത്തിലും അവിടുത്തേക്കു അപാരവൈദുഷിയുണ്ടായിരുന്നു. അപ്പോഴത്തെ മൂത്തതമ്പുരാൻ അന്നത്തേ വൈണികന്മാരിൽ അഗ്രഗണ്യനായിരുന്നുവെന്നാണു് അറിവു്. തിരുവനന്തപുരം രാജകീയസംഗീതസദസ്സിലെ അംഗമായിരുന്ന വെങ്കിടാദ്രി ഭാഗവതരും തൽപുത്രരായ കല്യാണകൃഷ്ണൻ, അപ്പു ഇരുവരും വലിയതമ്പുരാന്റെ ശിഷ്യന്മാരായിരുന്നു.

വിദ്വാൻ എളയതമ്പുരാന്റെ കൃതികളിൽ അധികവും സംസ്കൃതത്തിലാണു്. ബാല്യുത്ഭവം (16 സർഗ്ഗം), ത്രിപുരദഹനം, രസസദനം ഭാണം, ശ്രീരാമചരിതം, എന്നീ കാവ്യങ്ങളും, ഹേത്വാഭാസനവകം (തൎക്കം); ആശൗചദശകം, ആശൗചഷോഡശകം, ആശൗചദീപികാവ്യാഖ്യാ, ഭാസ്കറീയഗണിതവ്യാഖ്യാ, ഗോളാധ്യായവ്യാഖ്യ എന്നിങ്ങനെ അനേകം ഗ്രന്ഥങ്ങൾ അദ്ദേഹം സംസ്കൃതത്തിൽ രചിച്ചിട്ടുണ്ടു്.

അവിടുന്നു് സ്വാതിതിരുനാളിനെപ്പറ്റി എഴുതീട്ടുള്ള പ്രശസ്തിപദ്യങ്ങളിൽ ഒന്നും ആ തിരുമേനിയുടെ ചരമത്തേപ്പറ്റി എഴുതിയ പദ്യങ്ങളിലൊന്നും താഴേ ഉദ്ധരിക്കുന്നു.

ഷഷ്ഠീതൽപുരുഷാഹ്വയോ നൃപതിഷു പ്രായേണവിദ്വൽപ്രഭുഃ
ശബ്ദസ്സമ്പ്രതികർമ്മധാരയതയാ വ്യാഭാതി വഞ്ചീശ്വരേ
ഇത്യാകർണ്യ പുനർവിലോക്യ ച ബഹുബ്രീഹിത്വമേതൽപദേ
കിം ശോകാദി ഹ ന സ്ഥിതഃക്വചിദപി ദ്വന്ദ്വാവ്യയീഭാവയോഃ
കോലംബേ ‘ശ്രേഷ്ഠഇഷ്ടം’ വിതരതി ന ഇതി
സ്വപ്രജാ ന വ്യഥേരൻ
‘ക്രൊധോപസ്ഥാനഹൃഷ്ട’ കലിരപിന വസേ
ദത്ര പായാസ്തഥേതി
സദ്യസ്സദ്ഭൃംഗലഗ്നം കുവലയമനുജേ
തുംഗവിജ്ഞാനചന്ദ്രേ
കൃത്വാ വഞ്ചിക്ഷിതീശോ ഹരിപദമഗമ–
ച്ചിത്രലോകാബ്ജമിത്രഃ.

അവിടുത്തേ ഭാഷാകൃതികളിൽ പ്രധാനം അഹല്യാമോക്ഷം കൈകൊട്ടിക്കളി, ഇന്ദുമതീസ്വയംവരം കൈകൊട്ടിക്കളി, നളചരിതം കൈകൊട്ടിക്കളി ഇവയാകുന്നു.

അഹല്യാമോക്ഷത്തിൽനിന്നു ഒന്നുരണ്ടു ഗാനങ്ങൾ ഉദ്ധരിക്കാം.

നാലുവട്ടവുമുണ്ടിഹ വല്ലികൾ ജാലമൊട്ടല്ലതിന്റെ ദളങ്ങളും
വേലികെട്ടിയപോലെ ചുഴലവും പാലവെട്ടിമരങ്ങളുമുണ്ടഹോ!
താലികെട്ടിയവനിഹവന്നാലും തോലികിട്ടുകയില്ലനമുക്കെടോ
വാലുതൊട്ടവലിയകരിമ്പുലി പോലെമട്ടലർബാണൻകയൎക്കുന്നു
മാലുപെട്ടുഴലുന്നുദൃശമതു മൂലമെട്ടടിമാനെന്നപോലെഞാൻ
നീലപങ്കജലോചനേനിന്നുടെ കോലമാക്കിയ കണ്ടുനിലയത്തിൽ
ചാലവേ മമ ദേഹമൊളിപ്പിച്ചു പാലിച്ചീടുക താമസമെന്നിയേ.

എരിയുന്ന തീപോലെ

തരസാ മുനിക്കുള്ളിൽ പെരികെവളർന്നിതുകോപം
കടുതരഭാവമൊടടിമുടിസർവ്വവും കിടുകിടനെന്നുവിറച്ചു

അവിടുന്നു് പലേ ഒറ്റ ശ്ലോകങ്ങൾ രചിച്ചിട്ടുള്ളവയിൽ ഒന്നു ചുവടേ ചേൎക്കുന്നു.

പാതിക്കെട്ടുകൊതിച്ചുഞാൻ പലതരം
തൽപാതിയിൽപാതിയിൽ
പാതിത്യത്തൊടുപാതിയാടിപലതും
പാഹീതി മുമ്പായഹോ
പാതിച്ചോർ നടയാൾക്കു പാതിനയനം–
പോലും വിടർന്നീലയി–
പ്പാരുഷ്യത്തിനു പാതിവിന്ദശരനും
പാതിപ്പെടുന്നീലെടോ

കൂടല്ലൂർ വാസുദേവൻ നമ്പൂരിപ്പാടു് അവിടുത്തേ ഒരു മിത്രമായിരുന്നു. കൂടല്ലൂർ നമ്പൂരിപ്പാടന്മാരെപ്പറ്റി ഇവിടെ അല്പം പ്രസ്താവിക്കാതിരിക്കുന്നതിനു മനസ്സുവരുന്നില്ല. അവിടെയുള്ളവരെല്ലാം പ്രായേണ വിദ്വാന്മാരായിരുന്നു. കൂടല്ലൂർ വാസുദേവശാസ്ത്രികളുടെ ശിഷ്യനായ കൂടല്ലൂർ മഹൻ കുഞ്ചുനമ്പൂരിപ്പാടു് മഹാ വൈയാകരണനെന്നു പ്രസിദ്ധിനേടി. ഈ നമ്പൂരിയേപ്പറ്റി ഒരു കഥ പറഞ്ഞുകേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ ശിഷ്യനായ ശങ്കരപ്പൻ നമ്പൂരിക്കു് അന്നു കൊച്ചീ അപ്പീൽക്കൊടതി ശിരസ്തദാരായിരുന്ന ശങ്കരമേനോനെക്കൊണ്ടു് എന്തോ സാധിക്കാനുണ്ടായിരുന്നു. പക്ഷേ ലോകപരിചയക്കുറവുകൊണ്ടു് കാര്യം സഫലമായില്ല. ആ വിവരം നമ്പൂരി ഗുരുവായ കൊച്ചുനമ്പൂരിപ്പാടിലെ അടുക്കൽ പറഞ്ഞു. നമ്പൂരിപ്പാടു് അന്വേഷിച്ചതിൽ ശിരസ്തദാർ പണ്ഡിതനും രസികനും ആണെന്നറിഞ്ഞു്,

മുഖസ്ഥദാരം കതിചിൽ സുമാശ്രയ–
ന്ത്യുരസ്ഥദാരഞ്ച തഥൈവ ചാപരേ
ശിരസ്ഥദാരാദപരം ന ശങ്കരാത്
ഹൃദിസ്ഥസിദ്ധ്യൈ വയമാശ്രയാമഹേ

എന്നൊരു ശ്ലോകം കുറിച്ചു് ശിഷ്യന്റെ പക്കൽ കൊടുത്തയച്ചു കാര്യം സഫലമാവുകയും ചെയ്തു. വാസുദേവൻനമ്പൂരിപ്പാടു് പണ്ഡിതനായിരുന്നതിനു പുറമേ നല്ല മന്ത്രജ്ഞനുമായിരുന്നു.

വിദ്വാൻ എളയതമ്പുരാനു് വിപുലമായ ശിഷ്യസമ്പത്തും ഉണ്ടായിരുന്നു—1074 കൎക്കടകം 18-ാം നു 84-ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. കുംഭകോണം കൃഷ്ണശാസ്ത്രി വ്യാകരണവും, രാമവർമ്മ രാജാവും, നാണുജ്യോത്സ്യനും ജ്യോതിശ്ശാസ്ത്രവും അവിടുത്തേ അടുക്കലാണു പഠിച്ചതു്. നാണുജ്യോത്സ്യൻ അവിടുത്തേ കുട്ടിപ്പട്ടരായിരുന്നു; മരിക്കുംകാലത്തു് ജ്യോതിഷംകൊണ്ടുതന്നെ മുപ്പതിനായിരത്തിൽപരം ഉറുപ്പിക സമ്പാദിച്ചിരുന്നുവത്രേ.

പ്രസിദ്ധ ജ്യൗതിഷികനും, വൈയാകരണനും ആയ കറുത്തേടത്തുനമ്പൂരിയും, ആയില്യം, വിശാഖം എന്നീ മഹാരാജാക്കന്മാരുടെ കാലത്തു് തിരുവനന്തപുരം രാജകീയ വിദ്വൽസമാജാംഗമായി ശോഭിച്ചിരുന്ന വൈക്കം പാച്ചുമൂത്തതു്, മൂത്തേടത്തു കടലായിനമ്പൂരിപ്പാടു്, കോയിക്കൽമഠത്തിൽ കൊച്ചണ്ണിത്തിരുമുൽപ്പാടു് എന്നീ പണ്ഡിതന്മാരും ശിഷ്യപ്രധാനന്മാരായിരുന്നു.

1026 മിഥുനം 15-ാം നു അവിടുന്നു ഇഹലോകവാസം വെടിഞ്ഞു. അക്കൊല്ലം തുലാമാസത്തിൽതന്നെ അവിടുന്നു് തന്റെ ആസന്നമായിരിക്കുന്ന മരണത്തേസംബന്ധിച്ചു് നാണുജ്യോത്സ്യരോടു പ്രവചിച്ചുവെങ്കിലും, അതുകൊണ്ടു യാതൊരു കുലുക്കവും അവിടത്തേക്കുണ്ടായില്ല.

സ്വാതിതിരുനാൾ മഹാരാജാ

ബാലരാമവൎമ്മ മഹാരാജാവിന്റെ സംഭവബഹുലമായ രാജ്യഭാരം 986-ൽ അവസാനിച്ചപ്പോൾ, വഞ്ചിരാജകുടുംബത്തിൽ പുരുഷസന്താനമില്ലാതെ വരികയാൽ വിശ്വോത്തര ഗുണാഢ്യയും സൗന്ദര്യതേജോനിധിയും ആയ സേതു ലക്ഷ്മീഭായി സിംഹാസനാരോഹണം ചെയ്തു. കഷ്ടിച്ചു ഒരുകൊല്ലം കഴിഞ്ഞപ്പോൾ ആ വഞ്ചിരാജ്യസുകൃതവല്ലി മൊട്ടിട്ടു. ആ വൎത്ത മാനം കൎണ്ണാകൎണ്ണികയാ നാടൊട്ടുക്കു പരക്കയും പ്രജാസഞ്ചയത്തിന്റെ ആനന്ദം പരകോടിയെ പ്രാപിക്കയും ചെയ്തു. അവരുടെ പ്രാൎത്ഥ നകളുടെ ഫലമായി 988 മേടം 5-ാം നു സ്വാതിനക്ഷത്രത്തിൽ തിരുവവതാരംചെയ്ത മഹാപുരുഷനാണു് ഈ മഹാകവി.

ഗൎഭസ്ഥനായിരുന്ന കാലത്തുതന്നെ രാജാവായ്ത്തീൎന്നതിനാൽ അവിടുത്തേക്കു ഗൎഭശ്രീമാൻ എന്ന പേരു ലഭിച്ചു. 989 ചിങ്ങം 15-ാം നു ചോറൂണു അമൃതേത്തു കഴിച്ച അവസരത്തിൽതന്നെ മഹാറാണി അവിടുത്തെ തമ്പുരാനായി പ്രഖ്യാപനം ചെയ്തിട്ടു് ആൾപ്പേരെന്ന നിലയിൽ രാജ്യഭാരം നടത്തിത്തുടങ്ങി. എന്നാൽ കൊച്ചുതമ്പുരാനു് കഷ്ടിച്ചു് ഒന്നര തിരുവയസ്സു തികയുംമുമ്പു് ആ മഹാറാണി നാടുനീങ്ങിപ്പോവുകയാൽ പിതാവായ ചങ്ങനാശ്ശേരി രാജരാജവൎമ്മ കോയിത്തമ്പുരാന്റെയും മാതൃഷ്വസാവായ പാൎവതീറാണിയുടേയും മേൽനോട്ടത്തിലാണു് അവിടുന്നു വളൎന്നു വന്നതു്.

പതിവുപോലെ അഞ്ചു വയസ്സിൽതന്നെ പഠിത്തമാരംഭിച്ചു. അരിപ്പാട്ടു കൊച്ചുപിള്ളവാരിയരും രാജരാജവൎമ്മ വലിയകോയിത്തമ്പുരാനും ആണു് സംസ്കൃതമഭ്യസിപ്പിച്ചതു്. 994-ൽ അവിടുത്തെ ഇംഗ്ലീഷു പഠിപ്പിക്കുന്നതിലേക്കു തഞ്ചാവൂർ സുബ്ബരായർ എന്നൊരാൾ നിയമിക്കപ്പെട്ടു. കൎണ്ണൽവെൽഷ് തിരുവനന്തപുരം സന്ദർശിച്ചപ്പോൾ, അവിടുത്തേക്കു് പതിമൂന്നുവയസ്സേ ഉണ്ടായിരുന്നുള്ളു. അദ്ദേഹം അവിടുത്തെ പഠിത്തത്തേപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു—

ഇപ്പോൾ പതിമൂന്നാംവയസ്സിൽ പ്രവേശിച്ചിരിക്കുന്ന മഹാരാജാവു് മാൽകോമിന്റെ മധ്യഭാരതം എന്ന ആംഗല ഗ്രന്ഥത്തിന്റെ ഒരു പരിച്ഛേദവും റംഗൂണ്‍ നഗരലംഘനത്തേപ്പറ്റി ഗവർണ്ണർ ജനറാൾ രചിച്ചിട്ടുള്ള പാരസികലേഖനവും സംസ്കൃതത്തിലും മലയാളത്തിലും ഓരോ പാഠവും ഞങ്ങളുടെ മുമ്പിൽവച്ചു വിശദമായി വായിച്ചു. വായന വളരെ ഭംഗിയായിരിക്കുന്നു. യൂക്ലിഡിന്റെ ക്ഷേത്രമിതിയിൽ ഒന്നാംപുസ്തകം 47-ാം പ്രമേയത്തെ അവിടുന്നു് വരച്ചു കാണിച്ചു. എന്നാൽ എന്നെ അത്യധികം വിസ്മിതനാക്കിത്തീർത്തതു ജ്യാമട്രി എന്ന ആംഗലപദം ജ്യാമിതി എന്ന സംസ്കൃതപദത്തിന്റെ തത്ഭവമാണെന്നും അതുപോലെതന്നെ ഗണിതത്തിലുള്ള ഹെപ്റ്റഗണ്‍, സെപ്റ്റഗണ്‍, ഒക്‍റ്റഗണ്‍, ഡെക്കഗണ്‍, ഡ്യൂവോഡെക്കഗണ്‍ എന്നീ പദങ്ങളും ഷഷ്ഠകോണം, സപ്തകോണം, ദശകോണം, ദ്വാദശകോണം എന്നീ സംസ്കൃതപദങ്ങളിൽ നിന്നുത്ഭവിച്ചവയാണെന്നും ഈ രാജകുമാരൻ അഭിപ്രായപ്പെട്ടതായിരുന്നു. അവിടുത്തെ ഇംഗ്ലീഷുച്ചാരണം ശുദ്ധമെന്നു പറവാനില്ല. എന്നാൽ പെൎഷ്യൻ ഉച്ചാരണം വളരെ ശുദ്ധമായിരുന്നു.”

അവിടുന്നു ഇംഗ്ലീഷിനു പുറമേ പെൎഷ്യൻ, തമിൾ, തെലുംകു് കന്നടം മറാട്ടി, ഹിന്ദുസ്ഥാനി എന്നീഭാഷകളും ഗുരുമുഖേനതന്നെ അഭ്യസിച്ചു. ആ ഭാഷകളിൽ എത്രത്തോളം വൈദുഷ്യം അവിടുന്നു് നേടിയിരുന്നു എന്നുള്ളതു ആ ഭാഷകളിലെല്ലാം ഗാനങ്ങൾ നിൎമ്മിച്ചിട്ടുള്ളതിൽനിന്നു ഊഹ്യമാണല്ലോ.

സംഗീതസാഹിത്യരസായലോകേ
കർണ്ണദ്വയം കല്പിതവാൻവിധാതാ

എന്നു ഗ്രഹിച്ചിരുന്ന ഈ മഹാരാജാവു് ചെറുപ്പത്തിലേതന്നെ ആ രണ്ടു സുകുമാരകലകളിലും അത്ഭുതാവഹമായ നൈപുണി സമ്പാദിച്ചുകഴിയുകയും സംസ്കൃതത്തിലും മലയാളത്തിലും കാവ്യങ്ങൾ രചിച്ചുതുടങ്ങുകയും ചെയ്തു.

ഭരണവിഷയത്തിൽ അവിടുന്നു അശ്രദ്ധനായിരുന്നു എന്നു് ഇതുകൊണ്ടു വിചാരിച്ചുപോകരുതു്. ഭരണസംബന്ധമായ ചില്ലറക്കാര്യങ്ങളിൽപോലും അവിടുന്നു ശ്രദ്ധാലുവായിരുന്നു. സമയനിഷ്ഠയും നീതിബോധവും കൃത്യനിഷ്ഠയും‌ ഇല്ലാത്ത ഉദ്യോഗസ്ഥന്മാരെ കണ്ടുപിടിച്ചു ശിക്ഷിക്കയും തൽസ്ഥാനങ്ങളിൽ ചൊടിയും ഉന്മേഷവും ഉള്ള സമൎത്ഥ ന്മാരെ നിയമിക്കയും തഹശീൽദാരന്മാരും മറ്റും കൃഷീവലന്മാരോടു കൎക്കശമായി പെരുമാറുന്നുണ്ടോ എന്നു ഗൂഢമായി അന്വേഷണം നടത്തി അഴിമതിക്കാരെ അപ്പോഴപ്പോൾ പിരിച്ചുവിടുകയും ചെയ്തുകൊണ്ടിരുന്നതിനാൽ, അവിടുന്നു് പ്രജകളുടെ ആരാധനാപാത്രമായ് ഭവിച്ചു. എല്ലാ പ്രധാന ഉദ്യോഗസ്ഥന്മാരും റിപ്പോർട്ടുകളോടുകൂടിവന്നു മുഖം കാണിക്കണമെന്നായിരുന്നു വ്യവസ്ഥ. അതിലേക്കു പ്രത്യേകം സമയവും ക്ലിപ്തപ്പെടുത്തിയിരുന്നു.

ഇന്നത്തെ രാജകീയപശുത്തൊഴുത്തിന്റെ സ്ഥാപകൻ സ്വാതിതിരുനാളായിരുന്നു. അവിടെ നാട്ടിലുള്ള പലേമാതിരി പശുക്കളെ ശേഖരിച്ചു നിർത്തിയതിനു പുറമേ സൗരാഷ്ട്രം, ഗൂർജ്ജരം മുതലായ വിദേശങ്ങളിൽനിന്നുപോലും കറവപ്പശുക്കളെ വരുത്തി സൂക്ഷിച്ചു. ഇങ്ങനെ ശേഖരിച്ച പശുക്കളുടെ കൂട്ടത്തിൽ ഇംഗ്ലണ്ടിൽ നിന്നു നേരിട്ടുവരുത്തിയ രണ്ടു കന്നുകുട്ടികളും ഉണ്ടായിരുന്നുവത്രേ.

ആനകളോടും അദ്ദേഹത്തിനു അതിരറ്റ വാത്സല്യമായിരുന്നു. കുതിരലായത്തോടു ചേർത്തു ആനകൾക്കും ഒരു ആലയം നിർമ്മിച്ചു് വനംവകുപ്പിൽനിന്നു ഒന്നാംതരം അകമ്പടിയാനകളെ വരുത്തി നിർത്തി. ഒരിക്കൽ എഴുന്നള്ളത്തുസമയത്തു് ആനകളിൽ ഒന്നുപിണങ്ങി. അതുകണ്ടു് അകമ്പടിക്കാരെല്ലാം ഭയപരവശരായ് ചമഞ്ഞു പോയെങ്കിലും മഹാരാജാവു് മുന്നോട്ടുചാടി അതിനെബന്ധിക്കാൻ ശ്രമിച്ചുവത്രേ. അവിടുത്തെ മുമ്പിൽ ആന കുമ്പിട്ടതായിട്ടാണു് ഐതിഹ്യം. അന്നുമുതല്ക്കു് അവിടുത്തെ നരസിംഹാവതാരമായി ഗണിച്ചു പൂജിച്ചുവന്നു.

കാഴ്ചക്കാരുടെ ഉപയോഗാർത്ഥം ഒരു പശുപക്ഷിസംഗ്രഹാലയവും അവിടുന്നു തിരുവനന്തപുരത്തു സ്ഥാപിച്ചു. വന്യമൃഗങ്ങളുടെ സമരം കാണുന്നതിൽ അവിടുത്തേക്കു വലിയ ഉത്സാഹമായിരുന്നു.

രാജ്യഭാരം ഏറ്റു മൂന്നു കൊല്ലങ്ങൾക്കുള്ളിൽ ഭരണവകുപ്പുകളിൽ മിക്കവയും കാര്യക്ഷമതയെ പുരസ്കരിച്ചു നല്ലപോലെ പരിഷ്കരിച്ചു. ഒരു പുതിയ നിയമസംഹിതയും മലയാളത്തിൽ എഴുതി ഉണ്ടാക്കിച്ചു.

ഇങ്ങനെ ഭരണകാര്യത്തിൽ അതിവിദഗ്ദ്ധനായിരുന്നെങ്കിലും അവിടുത്തെ യശസ്സ് അവയെ ഒന്നിനേയും ആശ്രയിച്ചല്ല നിലനില്ക്കുന്നതു് രവിവർമ്മചക്രവർത്തിയുടെ കാലശേഷം ദാക്ഷിണാത്യഭോജൻ എന്ന വിശിഷ്ടസ്ഥാനത്തിനു അർഹനായിത്തീർന്ന മഹാരാജാവു് സ്വാതിതിരുനാളായിരുന്നു. ‘വിദ്യാധനം സർവധനാൽ പ്രധാനം’ എന്നു പൂർണ്ണബോധമുണ്ടായിരുന്ന അവിടുന്നാണു് ഇദംപ്രഥമമായി ഒരു ആംഗലവിദ്യാലയം തിരുവനന്തപുരത്തു സ്ഥാപിച്ചതു്. അവിടുത്തേക്കു ആറുശാസ്ത്രങ്ങളും സ്വാധീനമായിരുന്നു. പാശ്ചാത്യശാസ്ത്രസിദ്ധാന്തങ്ങളെ ഭാരതീയസിദ്ധാന്തങ്ങളോടു കൂട്ടിവച്ചു് ഒത്തുനോക്കുന്ന വിഷയത്തിലും അവിടുന്നു് അനല്പമായ കൗതുകം പ്രദർശിപ്പിച്ചുവന്നു. ഗ്രഹണങ്ങളുടെ സ്ഥിതിഗതികളെ സ്വയം ഗണിച്ചുവച്ചിട്ടു് ആലപ്പുഴ കച്ചവട ഏജന്റായിരുന്ന കാൽഡിക്കോട്ടുസായിപ്പിന്റെ നിരീക്ഷണഫലങ്ങളോടു ഒത്തുനോക്കുകയും നവീനയന്ത്രങ്ങളോടുള്ള പരിചയത്തിന്റെ ഫലമായി ഒരു നക്ഷത്രബംഗ്ലാവു സ്ഥാപിക്കയും ചെയ്തു. അതിലെ ആവശ്യത്തിലേയ്ക്കു ഒരു അച്ചടിയന്ത്രവും വരുത്തി. സൎക്കാർ മുദ്രാലയത്തിന്റെ സ്ഥാപകനും അവിടുന്നായിരുന്നു. ആ അച്ചക്കൂടത്തിൽ ആദ്യമായി അച്ചടിച്ചതു് 1015-ലെ ഇംഗ്ലീഷു മലയാളം പഞ്ചാംഗമാണു്.

സ്വാതിതിരുനാൾ തമ്പുരാൻ ഭരണവിഷയത്തിൽ ജനകസദൃശനായിരുന്നെങ്കിൽ, കലാപോഷണവിഷയത്തിൽ ഭോജരാജാവായിരുന്നു അവിടുത്തേക്കു വശമാകാത്ത ഒരു വിദ്യയും ഉണ്ടായിരുന്നില്ല. മാസ്മരവിദ്യയിൽപോലും അവിടുന്നു നിപുണനായിരുന്നു എന്നാണു് കേൾവി. സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും പരിപോഷണാർത്ഥം അവിടുന്നു ചെയ്തിട്ടുള്ള പ്രയത്നങ്ങളെ വർണ്ണിച്ചുതുടങ്ങിയാൽ ഒടുങ്ങുകയില്ല. അവിടുത്തെ ഖ്യാതി ഭാരതത്തിന്റെ നാനാഭാഗങ്ങളിൽനിന്നു് വിദ്വാന്മാരെ ആകർഷിച്ചു.

വിദ്വാംസഃ കവയോ ഭട്ടാ
ഗായകാഃ പരിഹാസകാ
ഇതിഹാസപുരാണജ്ഞാഃ

എന്നിങ്ങനെ സപ്താംഗങ്ങളും തികഞ്ഞ രാജസദസ്സ് അവിടുത്തേതായിരുന്നു. പ്രസിദ്ധ ദില്ലീ നഗരത്തിൽനിന്നു ഒരു ഹക്കീം രാജകീയാതിഥിയായി തിരുവനന്തപുരത്തു കുറേനാൾ പാൎക്കയും ഷിയദ് അലിഖാൻ എന്നു മറ്റൊരു ഹക്കീം സൎക്കാരുദ്യോഗത്തിൽ പ്രവേശിച്ചു് ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. പ്രസിദ്ധ കവിയായിരുന്ന ആറ്റുകാൽ ശങ്കരപ്പിള്ളയുടെ പിതാവായ ശങ്കരനാഥജ്യോത്സ്യൻ കാശ്മീരത്തുനിന്നു വന്നു് ഇവിടുത്തെ രാജകീയസഭാംഗമായ് തീർന്ന മറ്റൊരു മഹാനാണു്.

സംഗീതപ്രയോഗത്തിനു കേരളം ഒരുകാലത്തു അതിപ്രസിദ്ധമായിരുന്നു. എന്നാൽ അതിനു അഭൂതപൂർവമായ ഒരു ഉണർച്ച നല്കിയതു ഈ തമ്പുരാനായിരുന്നു. നാരദന്റെ അവതാരമായി ഗണിക്കപ്പെട്ടുപോരുന്ന ത്യാഗരാജനേപ്പോലും സംഗീതശാസ്ത്രപരിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം അദ്ധേഹം അതിശയിച്ചിരുന്നു. അവിടുന്നു നിർമ്മിച്ചിട്ടുള്ള പലേ വർണ്ണങ്ങളും നിരവധി കീർത്തനങ്ങളും ദക്ഷിണ ഇന്ത്യ മുഴുവനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്നു. ‘കല്പിച്ചുണ്ടാക്കിയ പാട്ടുകൾ’ എന്നാണു് കേരളത്തിൽ അവയ്ക്കു പ്രസിദ്ധി.

കഥാകാലക്ഷേപം എന്ന നവീനപഥത്തെ ഇദംപ്രഥമമായി കേരളത്തിൽ പ്രചരിപ്പിച്ചതും അവിടുന്നാണു്. ഈ ആവശ്യത്തിലേക്കായി അവിടുന്നു രചിച്ച കുചേലോപാഖ്യാനവും അജാമിളോപാഖ്യാനവും സംഗീതസാഹിത്യങ്ങളുടെ സുരഭിലസമ്മേളനംകൊണ്ടു് അതിമനോഹരമാക്കിയിരിക്കുന്നു. രണ്ടും സംസ്കൃതമായതുകൊണ്ടു് ഇവിടെഉദ്ധരിക്കുന്നില്ല. ഹരികഥാകാലക്ഷേപം നടപ്പിൽ വരുത്തുന്നതിലേക്കായി തിരുമനസ്സുകൊണ്ടു് തഞ്ചാവൂർ രാജാവിന്റെ സദസ്യരിൽ ഒരാളായിരുന്ന അനന്തപത്മനാഭസ്വാമികളെ സഹകാരികളോടുകൂടി തിരുവനന്തപുരത്തു വരുത്തി പാർപ്പിച്ചു. ഈ ഗായകനു് കല്പിച്ചുകൊടുത്ത പേരാണു് കോകിലകണ്ഠൻ.

അക്കാലത്തു കേരളത്തിൽ സോപാനമാർഗ്ഗമാണു് പ്രചാരത്തിലിരുന്നതു് ദേശ്യവും അപരിചിതമായിരുന്നില്ല. എന്നാൽ ഹിന്ദുസ്ഥാനിമാർഗ്ഗം നടപ്പില്ലായിരുന്നു. അതിനാൽ ഹിന്ദുസ്ഥാനിപ്രയോഗചതുരരായ തഞ്ചാവൂർ രംഗയ്യങ്കാരെയും തിരുമനസ്സുകൊണ്ടു സംഗീതസദസ്സിലെ അംഗമായി നിയമിച്ചു. ഇതുപോലെ വീണാവിദഗ്ദ്ധൻ ചേലാപുരം രഘുനാഥരായർ, സാരംഗിപ്രയോഗവിദഗ്ദ്ധനായ ചിന്താമണിഭാഗവതർ, തഞ്ചാവൂർ മേരുസ്വാമി, ത്യാഗരാജശിഷ്യരായ കന്നയ്യാ, ഫ്ളൂട്ടു് വായനയിൽ നിപുണനായ വടിവേലു ഇവരെല്ലാം അവിടുത്തെ സംഗീതസദസ്സിനെ അലങ്കരിച്ചവരാകുന്നു.

വിദ്വാന്മാരെ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിലും വിദ്യാപ്രചരണവിഷയത്തിലും അവിടുന്നു മുക്തഹസ്തനായിരുന്നു. മലയാളഭാഷയ്ക്കു് ഒരു വ്യാകരണം എഴുതി ഉണ്ടാക്കി അച്ചടിപ്പിക്കുന്നവകയ്ക്കു അവിടുന്നു് റവറണ്ടു് പിറ്റുസായ്പ്നു് ആയിരം ഉറുപ്പികയും പുത്തൻ പബ്ളിക്ക് ലൈബ്രറിയായി പില്ക്കാലത്തു രൂപാന്തരപ്പെട്ട അന്നത്തെ പുത്തൻചന്ത വായനശാലയ്ക്കു് 500 ഉറുപ്പികയും ദാനംചെയ്തതും തഞ്ചാവൂർക്കാരനായ രാമസ്വാമി എന്ന ചിത്രകാരനു വിലയേറിയ പാരിതോഷകങ്ങൾ നല്കിയതും അവിടുത്തെ ഔദാര്യത്തിനു സാക്ഷ്യംവഹിക്കുന്നു.

വിവിധഭാഷകളിൽ അവിടുന്നു രചിച്ചിട്ടുള്ള കീർത്തനങ്ങൾക്കും പദങ്ങൾക്കും കണക്കില്ല. അറുന്നൂറിൽപരം പാട്ടുകളിപ്പോൾ ശേഖരിക്കപ്പെട്ടിട്ടുണ്ടു്. ഓരോ പാട്ടും എഴുതിത്തീർന്നാലുടനെ അവിടുന്നു് പ്രസിദ്ധ ഗായകന്മാൎക്കു് അയച്ചുകൊടുത്തുവന്നു.

തിരുവിതാംകൂർ മഹാരാജാക്കന്മാർ അമൃതേത്തുകഴിക്കുമ്പോൾ കല്പിച്ചുണ്ടാക്കിയ ഗാനങ്ങൾ പാടുന്നതിനു ഗായകന്മാരെ ഏർപ്പെടുത്തീട്ടുണ്ടു്. പകൽ അമൃതേത്തുസമയത്തു കീർത്തനങ്ങൾമാത്രവും രാത്രി അമൃതേത്തുസമയത്തു കീർത്തനങ്ങളും വർണ്ണങ്ങളും പാടണമെന്നാണു വ്യവസ്ഥ. ശ്രീപത്മനാഭക്ഷേത്രത്തിൽ ഭഗവദ്വിഗ്രഹം എഴുന്നള്ളിക്കുമ്പോൾ സ്വാതികീർത്തനങ്ങൾ മാത്രമേ നാഗസ്വരത്തിൽ വായിക്കൂ. നവരാത്ര്യുത്സവത്തിനു് ഓരോ ദിവസവും പാടുന്നതിലേക്കു നവരാത്രിപ്രബന്ധം എന്നൊരു കൃതി അവിടുന്നു ചമച്ചിട്ടുള്ളതു് ഇന്നും ദക്ഷിണഇൻഡ്യയിലുള്ള പ്രസിദ്ധഗായകന്മാരെക്കൊണ്ടു പാടിച്ചുവരുന്നു.

കല്പിച്ചുണ്ടാക്കിയ ഗാനങ്ങളെ കീർത്തനങ്ങൾ, പദങ്ങൾ, വർണ്ണങ്ങൾ, തില്ലാനകൾ, പ്രബന്ധങ്ങൾ എന്നിങ്ങനെ അഞ്ചു് ഇനങ്ങളായി വേർതിരിക്കാവുന്നതാണു്. കീർത്തനങ്ങളിൽ ഏറിയ കൂറും സംസ്കൃതമാണു്.

പദങ്ങൾ ശൃംഗാര വിഷയകങ്ങളായ പ്രൗഢകൃതികളാകുന്നു. ക്ഷേത്രങ്ങളിലെ ദേവദാസിമാരുടെ നാട്യാഭിനയത്തിനായി നിർമ്മിക്കപ്പെട്ടവയാണു്. സംസ്കൃതത്തിലും മലയാളത്തിലും തെലുങ്കിലുമായി നൂറിൽപരം പദങ്ങൾ കല്പിച്ചുണ്ടാക്കീട്ടുണ്ടു്. കവി സ്വയം നായകിയായ് കല്പിച്ചുകൊണ്ടു് ശ്രീപത്മനാഭനോടു പറയുന്നതായിട്ടാണു് ഈ പദങ്ങളെ നിർമ്മിച്ചിരിക്കുന്നതു്. ഒന്നുരണ്ടു മണിപ്രവാളപദങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കാം.

ശങ്കരാഭരണം അടന്ത
  1. സഖിഹേ നീ ഗമിക്കവേഗംസരസനോടു സകലം മേ കഥയ
  2. നിഖിലഭുവനനാഥൻ നീരജനാഭനിന്നു സുഖയതി കാമിഹ സുകൃതിതമാം ഭുവി. സഖി
  3. ചാരുതരാംഗിഞാൻചാതകിയതുപോലെ നീരിത്താർശരസമനെന്നുവന്നെന്നോടു ചേരുമെന്നുതോഴി ചേതസിചിന്തിച്ചു പാരമുഴലുന്നുപാർവണേന്ദുസുമുഖി സഖി
  4. നിശിതതരമദനവിശിഖരചിതപര– വശതയാനിരവധിശിഥിലധൃതിയാംമേ ശിശിരകരകിരണമശനിസദൃശമഹോ നിശമയശുചമതികൃശതനുലതികേ നീ സഖി
  5. അലമതിവചസാചപലതരഹരിണാക്ഷീ പലദിനമുണ്ടയ്യോവലയുന്നുതനിയേഞാൻ കലയസി കിമു മൗനമലഘതരവിരഹ ജലനിധിയതിൽവീണാകുലിതേന്ദ്രിയയാംമയി. സഖി
കേദാരംചെമ്പട
  1. രമ്യനായൊരുപുരുഷൻരമണി! നിദ്രയിൽവന്നു
  2. മന്മാനസാഹരിച്ചതുചെമ്മേപറവാനെളുതോ?
  3. തരുണി!മണിമയമഞ്ചതടമതിലിരുത്തിമാം കരകമലത്താൽകുചകലശംതലോടി ഉരസിചേർത്തുപുണർന്നെന്നേ ഉൾത്താപമഖിലംതീർത്തു- മരുണമാകുമധരമ്മേഅപ്പൊഴുതവൻനുകർന്നും. രമ്യ
  4. രസമയജലധിയതിൽരജനീകരസമമുഖി സസുഖംമുഴുകിബാലേ ചടുലമൃഗാക്ഷി അസമതരമായിടുന്നോരാനന്ദവശത്താലവൻ പ്രസഭംനീവിയഴിക്കുമ്പോൾപ്രബുദ്ധയായ് ഞാനയ്യോ. രമ്യ
  5. കാമനുമനംഗനല്ലോകമനി; ഹരൻത്രിനേത്രൻ; സാമജഗാമിനി!ശക്രൻസഹസ്ര’ക്ഷനല്ലോ സോമനുംകളങ്കയല്ലോസുരുചിരകോകിലവാണി! താമരസനയനന്മാധവൻ അഞ്ജനാഭനത്രേ.

ശഹന—അടന്ത
  1. അത്തലിയന്നിടുന്നുൾക്കാമ്പിലിപ്പൊഴു– തയ്യോ ഞാനെന്തുചെയ്‍വൂ.
  2. മുത്തണിക്കൊങ്കമാരുൾക്കുരുന്നിളക്കീടും പുത്തൻവേദിയെവെല്ലുംനിന്മൊഴികേൾക്കാഞ്ഞു.
  3. ഇരവുപകലുനിന്തിരുപൊൽത്താരടികളെ കരുതിയകതളിരിൽമരുവുന്നോരെന്നോടു അരുതരുതുകയർപ്പിങ്ങരനാഴികവൈകാതെ തരികനൽതേനേറ്റംചൊരിയുംചോരിവായിന്നു.
  4. മുല്ലപ്പൂമലരമ്പൻതെല്ലുമൻപെന്നിയേ തല്ലിവലച്ചുചെന്താർകണകൊണ്ടെന്നെ. അല്ലലകലവേ നീ കില്ലൊഴിഞ്ഞുവിരവിൽ മെല്ലെപ്പുണരുക പൂമേനിയോടണച്ചിപ്പോൾ.
  5. പനിമതിയതോചെങ്കനലതുപോലവേ കനത്തൊരുതുയർനെഞ്ചകമതിൽവളർത്തീടുന്നു കനിവൊടുനീചെമ്മേകലവിയാടുകയെന്നോ– ടിനിമല്പിടികൾവെടിഞ്ഞേറ്റംപങ്കജനാഭ.

കാമോദരി—ചെമ്പട
  1. പഞ്ചബാണൻതന്നുടയവഞ്ചനയെസഹിയാഞ്ഞു നെഞ്ചകംവലഞ്ഞീടുന്നുമാമകമഹോ മുഞ്ചമുഞ്ചമനംമയിമഞ്ചമതിൽവന്നിരുന്നു പുഞ്ചിരിചന്ദ്രികകൊണ്ടു സിഞ്ചമേ മാനസംകാന്ത. പഞ്ച
  2. നാണവുംവെടിഞ്ഞു നീ മൽപ്രാണനാഥവിരവോടു കാണിനേരംകളയാതെക്ഷീണയാമെന്നേ പാണിയോടുപാണിചേർത്തുപ്രാണരക്ഷചെയ്തുസൂന– ബാണഘോരാർത്തിയെത്തീർത്തുപ്രീണനംചെയ്തുനീമെല്ലെ.
  3. ഇന്ദുതന്റെകിരണവുംമന്ദമാരുതനുംനല്ല ചന്ദനഘനപങ്കവുംകന്ദസുമവും നന്ദനീയഗുണഗണവന്ദനീയ!തവ ബഹു– മന്ദഭാഗ്യയാകുമെന്നെ സുന്ദരാംഗ വലയ്ക്കുന്നു. പഞ്ച
  4. ഫാലദേശമിതുകണ്ടുബാലചന്ദ്രൻവ്രീളപൂണ്ടു കാലകാലനാകുംനീലകണ്ഠമൗലിയിൽ ലോലതരമാകുംനിജശീലവുംഗോപനംചെയ്തു ഭൂലലാമ!ബതസർവ്വകാലവുംമരുവീടുന്നു. പഞ്ച
  5. ചാപവുമെടുത്തുമാരഭൂപനിഹവന്നടുത്തു കോപമോടെചൊരിഞ്ഞസ്ത്രംതാപമേറ്റുന്നു രൂപജിതമാര!നിൻസല്ലാപധാടികൊണ്ടുകർണ്ണ കൂപപൂർത്തിചെയ്ത ജാതരൂപചേലപത്മനാഭ. പഞ്ച

വർണ്ണനകൾ സ്ഥലവർണ്ണങ്ങൾ എന്നും, ശൃംഗാരവർണ്ണങ്ങളെന്നും രണ്ടുവിധത്തിലുണ്ടു്. ഒന്നുരണ്ടു ഭാഷാവർണ്ണങ്ങളേയുള്ളു. ശേഷം സംസ്കൃതത്തിലും തെലുങ്കിലുമാണു്. ഉത്സവപ്രബന്ധം മണിപ്രവാളമാണു്. ശ്ലോകങ്ങളും പാട്ടും കവർന്നിരിക്കുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പത്തു ദിവസങ്ങളിലേയും ഉത്സവത്തെ വർണ്ണിക്കുന്നു. അതിലെ പാട്ടുകളാണു് ഓരോ ദിവസവും നാഗസ്വരക്കാർ വായിക്കാറുള്ളതു്.

സ്യാനന്ദൂരമിതെന്നഹോ കൃതയുഗേ നാമ്‍നാ പ്രസിദ്ധംപുന–
ശ്ചാനന്ദാഹ്വയമാ ത്രിലോകവിദിതം ത്രേതായുഗത്തിങ്കലും
ജ്ഞാനപ്രാപകമാമനന്തപുരമെന്നേതദ്വിദുർദ്വാപരേ
സാനന്ദംനനുപത്മനാഭമിതി ച പ്രാഹുഃകലൗമാനവാഃ
സന്താപത്തെയൊഴിപ്പതിന്നു ജഗതാമസ്മിൻപുരേമേവുമ–
ച്ചെന്താർമാനിനികാന്തനായ ഭഗവാൻ തന്നാലയത്തിൽപരം
ചന്തംചേർന്നുവിളങ്ങുമുത്സവയുഗം പ്രത്യുബ്ദമുണ്ടുത്തമം
സന്തഃകൗതുകമോടുകേൾക്കണമിദം തെല്ലിങ്ങുചൊല്ലാമഹം
മോഹനം ചായ്പു്
  1. പങ്കജനാഭോത്സവാഘോഷമിപ്പാരിൽ വിലസുന്നൂ
  2. ചെങ്കതിരോൻദ്യുതിവെല്ലം ധ്വജാഗ്രത്തിൽചെമ്മേ കൊടിയേറിയനാൾതുടൎന്നിഹ പങ്ക
  3. നിരവധിഭൂസുരവൃന്ദംവന്നു നേരെത്താത്താനന്ദംമാടേ പരമമന്നമുപദംശമിളിൽമാസ്വദിച്ചും പരമപുരുഷനെക്കണ്ടുവന്ദിച്ചും പങ്കജ
  4. പാരമുത്സവരൂപേണ കാന്തനെച്ചേരുംപൊൽത്താർമാനിനിക്കു പാരാതെ ഛത്രം പിടിച്ചതുപോലെ ദ്വാരേമകരതോരണങ്ങൾ ശോഭിച്ചും പങ്കജ
  5. വിപണികളിലും ഗേഹങ്ങളിലും വീഥീചത—രാദികളിലും അപരിമിതാനന്ദത്തോടുലോകർ സരസാലാപകൗതുകസന്നിമഗ്നരായും പങ്കജ
  6. നാനാവിതാനകോലാഹലത്താൽലോക– നാഥൻ തന്നാലയമെല്ലാം ഊനമെന്നിയേയലങ്കരിച്ചും പുന– രാനന്ദപുരമെന്നൊരഭിധ സത്യയതായും പങ്കജ

ശ്ലോകം
ലോകാഭിരാമതനുവാം മുരശാസുനന്റെ
ലോകോത്തരോത്സവവിധൗ സകലൎക്കുമത്ര
നാകത്തിലും പരമലഭ്യമതാം പ്രമോദ–
മേകീഭവിച്ചതുളവാകുമതെത്രചിത്രം!
ചൊല്ലേറുന്നകലാസുഹന്തവിരുതും കൈക്കൊണ്ടു നാനാജനം
മല്ലാരാതിവരോത്സവേ ഽത്ര വിരവോടാഗമ്യരമ്യേപുരേ
കില്ലെന്യേസകലൎക്കു മിങ്ങുസഹസാ നല കുന്നകൗതൂഹലം ചൊല്ലിച്ചൊല്ലിയൊടുങ്ങുമോ വിതതമാം കല്ലേ ലവദ്വാരിധേഃ
ഓട്ടന്തുള്ളലുമാട്ടവും സരസമാം പാട്ടും തഥൈവാപ്സരഃ
ക്കൂട്ടത്തിൽഹൃടിവാട്ടമേറിവിലസും നാട്യങ്ങളും സന്തതം
കോട്ടംകാണിയുമെന്നിയേ പലവിധം ചാട്ടങ്ങളും സർവ്വരെ–
ക്കാട്ടുംകൗശലവും നിനയ്ക്കിലിതുപോൽ നാട്ടിങ്കലില്ലങ്ങുമേ.

മൂന്നാംദിവസത്തെ ‘കമലവാഹന’ത്തിലുള്ള ഭഗവാന്റെ എഴുന്നള്ളത്തുകണ്ടു് സ്വർവനിതകൾ പുളക ദിസത്വികവികാരപൂർവം പരസ്പരം പറയുന്നതാണു് താഴെ പറയുന്ന ഗാനം.

ഉശാനി ചെമ്പട
  1. കനകമയമായിടും കമലവാഹനമതിന്മേൽ കനത്തൊരുകാന്തിയോടു ഗമിക്കുന്നതാരവനോ?
  2. വലുമഥുനൻവിദവമോടേ വസുധയിൽചരിച്ചിടുന്നോ? വലമഥനനെങ്കിലെങ്ങു വിലസും നേത്രസഹസ്ര?
  3. കളഭഗതേ! കുളുർമതിയോ? കനിവൊടേവിലസുന്നൂ കുളിർമതിയെന്നാകിലുള്ളിലുളവാകുമങ്കമെങ്ങു?
  4. ഗൗരീനായകനാകും കൗലാസാധീശ്വരനോ? ഗൗരീനായകനെങ്കിൽ കമനി മൂന്നാംനേത്രമെങ്ങു?
  5. അതിമഹസാവിലസീടും കതിരോനോ?വദബാലേ കതിരോനെന്നാകിലവൻ കഥമേവം ശക്തനാവൂ
  6. താരിത്തേന്മൊഴിബാലേ ധനപതിഎന്നാകിലവൻ ഭൂരിവിരൂപാംഗനതാര—നീരജനാഭൻനൂനം

അവിടുത്തേ ഭാഷാകൃതികൾ അതിസുന്ദരങ്ങളെങ്കിലും അവയ്ക്കു സംസ്കൃതകൃതികൾക്കുള്ളതുപോലുള്ള അർത്ഥഗാംഭീര്യമോ ശബ്ദമാധുരിയോ ഇല്ല. അവിടുത്തേ ഭക്തിമഞ്ജരി എന്ന സംസ്കൃതകാവ്യം നാരായണീയംപോലെ മധുരമായിരിക്കുന്നു എന്നു പറഞ്ഞാൽ വെറും പരമാർത്ഥമായിരിക്കും.

ഒരു സംസ്കൃതഗാനം മാതൃകയ്ക്കായി താഴേ ചേൎക്കുന്നു.

ശങ്കരാഭരണം രൂപകം
  1. കലയേ!പാർവതിനാഥം കരുണാവാസം
  2. വലശാസനാദിവിബുധവന്ദ്യമാന പാദപാഥോജം (കലയേ)
  3. മകുടവിരാജിതഗംഗം പൂർണ്ണമഹിതകൃപാമൃതാംഗം ലോകനികരമനോമോഹനാംഗം കരനിരജശോഭികരംഗം പ്രകടിതാമരവൈരിഭംഗം വരബാഹുവലയിതഭുജംഗം കാമമകുളങ്കമംഗളരംഗം ഹരമതിപൃഥുവൃഷഭരേണ്യതുരംഗം കല
  4. മല്ലികാമുകളാഭരദനം സേ മഞ്ചിമ മദഹരവദനം ശശ്വദല്ലസദചലേന്ദ്രസദനം കൃപ ദുരിതസേവകകദനം മല്ലാക്ഷീമാനസമദനം ബഹുമാന്യചരിതപാരിഷദനന്ദനം കല്യാനയനവിലസദനം കശകനദുദയദനലശലഭിതമദനം
  5. ശശധരശോഭിജടാതം സർവ്വശമലഹൃതിപടുപാദാന്തം പാദവിശസിതഘോരകൃതാന്തം മുനിവിമലഹൃദയാംബുജഭാന്തം വിശരണഭവസങ്കടാന്തം ഗുഹവിഘ്നേശവിലസദുപാന്തം അതിവിശദസംതോപലകാന്തം ലോകവിദിതശുചീന്ദ്രപുരാഖ്യനിശാന്തം

പ്രധാനപ്പെട്ട മിക്ക രാഗങ്ങളിലും അവിടുന്നു ഗാനം രചിച്ചിട്ടുണ്ടു്. ചിദംബരവാദ്ധ്യാർ ബി. ഏ. പറഞ്ഞിട്ടുള്ളതുപോലെ “സമകാലീനന്മാരായ മറ്റു സാഹിത്യകാരന്മാർ ഗാനങ്ങൾ രചിച്ചിട്ടില്ലാത്തവയായി ദേവികാവസന്തം സന്ധവീ, ലളിതപഞ്ചമം ഇത്യാദി രാഗങ്ങളിലും കർണ്ണാടകപഥത്തിനു പുറമേ ഹിന്ദുസ്ഥാനിപഥത്തിലും മഹാരാഷ്ട്രദേശത്തിൽ നടപ്പുള്ള ചില രാഗങ്ങളിലും അവിടുന്നു് പരിചയിക്കാനിടയാവുകയാൽ തെന്നിന്ത്യാവിലെ പ്രസിദ്ധപ്പെട്ട സംഗീതരചകന്മാർപോലും മുമ്പിൽ പ്രയോഗിച്ചിട്ടില്ലാത്ത ബിഭാസ്, ഖട, കാകി, ചൎച്ചരീ, ഹമീർകല്പ ഇത്യാദി രാഗങ്ങളിലും ധ്രുവപദ ഖ്യാൻ ടപ്പാ എന്നീ ഇനങ്ങളിലും അവിടുന്നു് കൃതികൾ രചിച്ചിട്ടുണ്ടു്.”

അതിനെല്ലാം പുറമേ “സംഗീതവിഷയമായിട്ടുള്ള സാഹിത്യങ്ങളിൽ പ്രയോഗിച്ചുവരുന്ന ശബ്ദാലങ്കാരങ്ങൾ മുഹന എന്നും പ്രാസം എന്നും അന്ത്യപ്രാസം എന്നും ഇങ്ങനെ മൂന്നുവിധത്തിൽ വ്യവഹരിക്കപ്പെട്ടിരിക്കുന്നു. ആയതു മൂന്നിന്റേയും വിവരങ്ങൾ മേൽപറയുന്നതുകൊണ്ടു് വിസ്താരമായിട്ടു അറിയപ്പെടുകയും ചെയ്യും. എന്നാൽ അതിന്നൊരു വ്യവസ്ഥ ആന്ധ്റഭാഷയിലും ദ്രാവിഡത്തിലും സലക്ഷണമായിട്ടുണ്ടെന്നുവരികിലും വ്യാകരണപ്രയോഗസിദ്ധമായിരിക്കുന്ന സംസ്കൃതത്തിന്റേ രീതിക്കു് ആയതു ചലതു് വിരോധമായിട്ടുള്ളതുകൊണ്ടു് ശേഷയ്യങ്കരുടെ കീർത്തനങ്ങൾ സംസ്കൃതത്തിൽ ആകയാൽ ആയതിൽ ഉള്ളതേ ഇവിടെ ഗ്രാഹ്യമായിട്ടുള്ള എന്ന മുഖവുരയോടുകൂടി ‘മുഹുനയുടേയും പ്രാസത്തിന്റെയും അന്ത്യപ്രാസത്തിന്റെയും വ്യവസ്ഥ’ എന്നൊരു ഗദ്യഗ്രന്ഥം അവിടുന്നു രചിച്ചിട്ടുണ്ടു്. അതു് ഇതുവരെ പ്രസിദ്ധപ്പെടുത്തീട്ടില്ല.

സ്വാതിമഹാരാജാവിന്റെ ഗാനങ്ങളിലെല്ലാം പത്മനാഭന്റെ മുദ്ര ഉണ്ടായിരിക്കും. അതുകൊണ്ടു് ആൎക്കും അവയെതിരിച്ചറിയാൻ കഴിയുന്നു മറ്റൊരുവിശേഷം പാടുമ്പോൾ അവിടവിടേ വരേണ്ട സ്വരങ്ങളെ അർത്ഥത്തിനു ഹാനിവരാത്തവിധത്തിൽതന്നെ സാഹിത്യത്തിൽ നിബന്ധിച്ചിരിക്കുന്നു എന്നുള്ളതാണു്—അതിനു സ്വരാക്ഷരപ്രയോഗം എന്നു പേർ. പലേ ഗാനങ്ങളിൽ രാഗത്തിന്റേ മുദ്രയും കാണ്മാനുണ്ടായിരിക്കും.

മുന്നൂറിൽപരം ഗാനങ്ങൾ മി. ചിദംബരവാദ്ധ്യാർ ശേഖരിച്ചു പുസ്തകരൂപേണ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഇനിയും അസംഖ്യഗാനങ്ങൾ ശേഖരിക്കേണ്ടതായിട്ടാണിരിക്കുന്നതു്.

സ്വാതിതിരുനാൾ മഹാരാജാവിന്റെ സദസ്യനായിരുന്ന മലയാളികളിൽ പ്രസിദ്ധന്മാർ, വിദ്വാൻ കോയിത്തമ്പുരാൻ, ഇരയിമ്മൻതമ്പി, കുഞ്ഞുകൃഷ്ണപ്പുതുവാൾ, അരിപ്പാട്ടു കൊച്ചുപിള്ളവാരിയർ, രാമവാരിയർ മുതലായവരായിരുന്നു. അവരെല്ലാം മലയാളഭാഷയേ—പ്രത്യേകിച്ചു് ഗാനസാഹിത്യത്തെ വികസിപ്പിച്ചിട്ടുള്ള പ്രൗഢവിദ്വാന്മാരുമായിരുന്നു. 1022-ൽ അവിടുന്നു നാടുനീങ്ങി.

ആകപ്പാടെ നോക്കിയാൽ സ്വാതിതിരുനാൾ തമ്പുരാന്റെ ഭരണകാലം ശ്രീ വഞ്ചിരാജ്യത്തിനു ഒരു സുവർണ്ണദശതന്നെ ആയിരുന്നു. ചുരുങ്ങിയ ഭരണകാലത്തിനിടയ്ക്കു് അവിടുന്നു സാധിച്ചിട്ടുള്ള മഹാകാര്യങ്ങൾ ഓർത്താൽ നാം വിസ്മയപരതന്ത്രരായ് ഭവിച്ചുപോകുന്നു. ഗർഭശ്രീമാൻ, ദാക്ഷിണാത്യഭോജൻ, അഭിനവത്യാഗരാജൻ, നരസിംഹമൂർത്തി, ശക്തൻതമ്പുരാൻ ഇത്യാദി നാമങ്ങളാൽ അവിടുന്നു് ഇപ്പോഴും ഭക്ത്യാദരപൂർവം സ്മരിക്കപ്പെടുന്നു. ഈ മഹാനുഭാവന്റെ നാമധേയം ലോകാവസാനംവരെ കേരളത്തിന്റെ-വിശേഷിച്ചു വഞ്ചിരാജ്യത്തിന്റെ—ജാജ്വല്യമാനമായ അഭിമാനസ്തംഭമായി പരിലസിക്കുന്നതാണു്.

സ്വാതിതിരുനാളിനെ പിന്തുടർന്ന വഞ്ചിമഹാരാജാവു് ഉത്രം തിരുനാളാണു് അവിടുത്തേപ്പറ്റി മൂന്നാംപുസ്തകത്തിൽ വിവരിച്ചിട്ടുണ്ടല്ലോ.

ചേലപ്പറമ്പനും പൂന്തോട്ടവും

കുഞ്ചൻനമ്പ്യാരുടെ മണിപ്രവാളശയ്യയെ അനുകരിച്ചു കവിത എഴുതി നവീന രീതിയിലുള്ള ഭാഷാകവിതയ്ക്കു മാർഗ്ഗദർശകത്വം വഹിച്ചതു് ചേലപ്പറമ്പനും അദ്ദേഹത്തിന്റെ സമകാലികനായ പൂന്തോട്ടവും ആകുന്നു. ചേലപ്പറമ്പന്റെ ഒറ്റശ്ലോകങ്ങൾ മാത്രമേ കിട്ടിയിട്ടുള്ളു. ഒരിക്കൽ പാവയ്ക്ക പറിക്കാനായി അദ്ദേഹം കൈനീട്ടിയപ്പോൾ ‘ഒരു ശ്ലോകംചൊല്ലീട്ടു് അതു പറിയ്ക്കു’ എന്നു സ്നേഹിതൻ പറകയും ഉടൻതന്നെ, ഒരു ശ്ലോകം നിർമ്മിക്കയും ചെയ്തുവത്രേ. ആ ശ്ലോകം ചുവടേ ചേൎക്കുന്നു.

പാടത്തുംകരെ നീലനീലനിറമായ് വേലിക്കൊരാഘോഷമാ–
യാടിത്തൂങ്ങിയലഞ്ഞുലഞ്ഞുസുകൃതംകൈക്കൊണ്ടിരിക്കുംവിധൗ
പാരാതെവരികെന്റെകയ്യിലധുനാപീയൂഷഡംഭത്തെയും
ഭേദിച്ചൻപൊടുകല്പവല്ലിതരസാ പെറ്റുള്ളപൈതങ്ങളെ

പൂന്തോട്ടത്തിന്റെ ഒറ്റ ശ്ലോകങ്ങളിൽ പലതും പ്രസിദ്ധങ്ങളാണു്.

പൂമെത്തേലെഴുന്നേറ്റിരുന്നുദയിതേ! പോകുന്നുഞാനെന്നുകേ–
ട്ടോമൽകണ്ണിണനീരണിഞ്ഞവദനപ്പൂവോടുഗാഢംതദാ
പൂമേനിത്തളിരോടുചേർന്നഹമിനിക്കാണുന്നതെന്നന്നക–
പ്പൂമാലോടളിവേണിചൊന്നമധുരച്ചെല്ലിന്നുകൊല്ലുന്നുമാം.
മൂടില്ലാത്തൊരുമുണ്ടുകൊണ്ടുമുടിയുംമൂടീട്ടുവൻകറ്റയും
ചുറ്റികൊണ്ടരിവാൾപുറത്തുതിരുകിപ്രാഞ്ചിക്കിതച്ചങ്ങനെ
നാടൻകച്ചയുടുത്തുമേനിമുഴുവൻചേറുംപുരണ്ടിപ്പൊഴീ–
പ്പാർത്തുന്നുവരുന്നനിൻവരവുകണ്ടേറെക്കൊതിക്കുന്നുഞാൻ

പൂന്തോട്ടവും വെണ്മണിയച്ഛനുംകൂടി ചില ശ്ലോകങ്ങൾ നിർമ്മിച്ചതായും അറിയുന്നു.

പൂന്തോട്ടം:-

വലയുന്നൂപുരമിട്ടനേകലോകം
വലയുന്നൂപുരമിട്ടുപുഷ്ടതോഷം
വരവാണികൾപൂരവേലകാണ്മാൻ
വരവാണീധൃതിയെന്നുതോന്നിടുന്നു.
കന്ദർപ്പായോധനത്തിന്നഭിരുചിപെരുകീട്ടങ്ങുചെല്ലുന്നനേരം
കന്നൽക്കാർവണിതാനുംകണവനുമൊരുമിച്ചങ്ങുവാഴുന്നകാണാം

അച്ഛൻ–

ഏന്തോവൈഷമ്യമെന്നിട്ടിതിബതകരുതീ
ട്ടിങ്ങുപോന്നിട്ടുപിന്നെ
ച്ചെന്നാലുംകാണുമച്ചിക്കൊതിയനെനിധികാ–
ക്കുന്നഭൂതംകണക്കേ.

നമ്പ്യാരുടേതെന്നുപറഞ്ഞു് എസ്സ്. റ്റി. റെഡ്യാർ പ്രസ്സും, എസ്സ്. ആർ. വി. പ്രസ്സും പ്രസിദ്ധീകരിച്ചിട്ടുള്ള കാലകേയവധത്തിൽ പൂർവഭാഗം പൂന്തോട്ടത്തിന്റേതാണു്. പൂന്തോട്ടം 1040-ൽ മരിച്ചു.

വെണ്മണി അച്ഛനും മകനും

കൊച്ചീരാജ്യത്തിൽ ആലുവാപ്പുഴയ്ക്കു സമീപം വെള്ളാരപ്പിള്ളി എന്നൊരു ദിക്കുണ്ടു്. അതാണു് വെണ്മണിനമ്പൂരിപ്പാടന്മാരുടെ ജന്മഭൂമി. അച്ഛൻനമ്പൂതിരി 992 മകരം 2-ാം-നു ഭൂലോകജാതനായി. ശബ്ദപ്രയോഗചാതുരി കണ്ടാൽ പ്രൗഢവിദ്വാനെന്നു തോന്നുമെങ്കിലും അദ്ദേഹത്തിനു പറയത്തക്ക പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ല. യക്ഷിയുടെ സേവയാലാണു് അദ്ദേഹത്തിനു കവിതാവാസനയുണ്ടായതെന്നുള്ള ഐതിഹ്യത്തിന്റെ അടിസ്ഥാനമിതാണു്. അദ്ദേഹം ഭാഷാകവിതകൾ, വിശേഷിച്ചു് നമ്പ്യാരുടെ കൃതികൾ, നല്ലപോലെ വായിച്ചിരിക്കണം. ചെറുപ്പകാലത്തിൽതന്നെ കവിതാഭ്രാന്തു പിടികൂടി. പൂന്തോട്ടം നമ്പൂരിയുടെ സാഹചര്യം അതിനെ വർദ്ധിപ്പിച്ചും കാണണം.

1013-ൽ അദ്ദേഹം കൊടമാളൂർ പുലപ്പാക്കരെ ഭട്ടതിരിയുടെ മനയ്ക്കൽനിന്നു വിവാഹം ചെയ്തു. ആദ്യത്തെ രണ്ടു സന്താനങ്ങളും അല്പായുർയോഗത്താൽ നഷ്ടപ്പെട്ടുപോയി. മൂന്നാമത്തെ പുത്രനാണു് വെണ്മണിമഹൻ എന്നു പ്രസിദ്ധനായ കദംബൻ നമ്പൂരിപ്പാടു്. ഇതിനുംപുറമേ കൊടുങ്ങല്ലൂർ രാജകുടുംബത്തിൽനിന്നു കുഞ്ഞിപ്പിള്ളതമ്പുരാൻ എന്നൊരു വിജാതീയപത്നിയും ഉണ്ടായിരുന്നു. ആ സ്ത്രീരത്നത്തിൽ നിന്നുണ്ടായ പുത്രനാണു് കുഞ്ഞിക്കുട്ടൻതമ്പുരാൻ.

1065 മേടമാസത്തിനു മുമ്പേതന്നെ വെണ്മണിഅച്ഛനു വാതരോഗം പിടിപെട്ടു. എടവമാസമായപ്പോഴേക്കും അതു വർദ്ധിച്ചു. മിഥുനം 2-ാം നു മകൻനമ്പൂരിപ്പാടു് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനു് അയച്ച കത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.

കെല്പേറുന്നൊരുകേരളീയകവിതക്കാർമൗലിമാണിക്യമായ്
മുപ്പാരുംവിളികേട്ടുകൊണ്ടുവിലസും താതന്റെവാതാമയം
ഇപ്പോയോരെടവത്തിലാദ്യമതുനാംകണ്ടോതിയോരക്കണ–
ക്കിപ്പോഴുംമരുവുന്നുഭേദഗതിയില്ലിന്നോളമെന്നോൎക്കണം
മാറുന്നില്ലമഹാഗദംജനകനിൽസ്നേഹംവെടിഞ്ഞീശ്വരൻ
മാരുംമാനികളായവൈദ്യതിലകന്മാരുംമറന്നങ്ങനെ
മാറീടുന്നുമനോവിഷാദമതിനാൽഞങ്ങൾക്കുമച്ഛന്നുമി–
ങ്ങേറീടുന്നുനിവൃത്തിയെന്തുനൃപതേ ദുര്യോഗവീര്യോദയം

വയസ്കരമൂസ്സതിന്റെ ചികിത്സയിലാണിരുന്നതു്. കന്നിമാസമായിട്ടും രോഗത്തിനു ശമനമുണ്ടായില്ല. കന്നിമാസാവസാനത്തിൽ എഴുതിയ കത്തിൽ ഇങ്ങനെ കാണുന്നു.

ആന്തിക്കത്തുമൊരാധിയാണിതിവിടെത്താതൻകിടപ്പാകയാൽ
സ്വാന്തത്തിൽസുഖമില്ലൊരിക്കലുമെനിക്കല്ലാതെയില്ലൊന്നുമേ
ഞാൻതാനേപകലിപ്പടിപ്പുരയതിൻമോളിൽപ്പുതച്ചങ്ങുമേ
മാന്തിക്കൊണ്ടെഴുമസ്തമിച്ചഥഗൃഹത്തിൽപോയ്ഗൃഹസ്ഥാശ്രമം.
ആവയ്ക്കരെക്ഷിതിനിലിമ്പനുറച്ചുരച്ചോ
മാവാക്കുപോലിഹചികിത്സതുടങ്ങിമെല്ലേ
ഈവ????തമറ്റൊഴിയുമോ?കഥരൂപമില്ല
ദൈവാനുകൂലമതുപോലിനിവന്നിടട്ടേ
വിഷാദമുക്തംവിഷവുംകുടിച്ചു
വിഷണ്ണനായ്ഞാൻവിഷമിച്ചുകൊണ്ടു
മുഷിഞ്ഞമുണ്ടുംചൊറിയുംധരിച്ചു
മുഷിഞ്ഞുകൊണ്ടിങ്ങുമുറയ്ക്കെഴുന്നൂ

1066 വൃശ്ചികം 13-ാം നു എഴുപത്തിനാലാംവയസ്സിൽ ഈ കവി പരലോകംപ്രാപിച്ചു. അദ്ദേഹം കീർത്തനശ്ലോകങ്ങൾ, പറയൻ ഗണപതി, കീർത്തനഗാനങ്ങൾ, നളചരിതം വഞ്ചിപ്പാട്ടു്, സംഭാവനാശ്ലോകങ്ങൾ, ഹർജിശ്ലോകങ്ങൾ, രാമേശ്വരയാത്ര, കത്തുകൾ നിരവധി ശൃംഗാരപദ്യങ്ങൾ ഇവ രചിച്ചിട്ടുണ്ടു്. കീർത്തനശ്ലോകങ്ങൾ എല്ലാം അതിമനോഹരമായിരിക്കുന്നു.

കോടക്കാർവർണ്ണനോടക്കുഴലൊടുകളിവിട്ടോടിവന്നമ്മതന്റേ
മാടൊക്കുംപോർമുലപ്പാലുമികരുചിഭുജിച്ചാശ്വസിക്കുംദശായാം
ഓടിക്രീഡിച്ചുവാടീടിനവദനകലാനാഥഘൎമ്മാമൃതത്തെ
കൂടക്കൂടെത്തുടയ്ക്കുംസുകൃതനിധിയശോദാകരംകൈതൊഴുന്നേൻ.
രണ്ടുകയ്യിലുമുരുണ്ടവെണ്ണയുമിരുണ്ടുനീണ്ടകചഭാരവും
കണ്ഠദേശമതിൽവണ്ടണഞ്ഞമലർകൊണ്ടുതീർത്തവനമാലയും
പൂണ്ടുപായസവുമുണ്ടുകൊണ്ടഴകിലുണ്ടർകോൻനദിയിലാണ്ടഴും
കൊണ്ടൽവർണ്ണജയ!മണ്ടിവന്നുകുടിക്കൊണ്ടുകൊൾകമനമേറിമേ
തിങ്ങിപ്പൊങ്ങിപ്പരന്നീടിനപെരിയഭവാം–
ഭോനിധിക്കുള്ളിലെന്നും
മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെനീ
യത്തൽതീർത്താത്തമോദം
ഭംഗംകൂടാതപാംഗത്തരണിയിലണയ–
ച്ചേർത്തുടൻകാത്തിടേണം
ചെങ്ങൾതുംഗപ്രമോദാന്വിതമടിയരുളും
ശൈലകന്യേവദാന്ന്യേ.

പറയൻ ഗണപതി നന്നായിട്ടുണ്ടെങ്കിലും,

നല്ലപോലെസഭാസ്ഥലത്തെവലത്തുവച്ചുവിനീതനായ്
ചൊല്ലുവാൻതുടരുന്നുസല്ക്കഥവല്ലതെങ്കിലുമൊന്നുഞാൻ

എന്ന മുഖവുരയോടുകൂടി തുടങ്ങീട്ടു് ഒന്നും പറയാതിരുന്നതു് ഗണപതിക്കു വച്ചതു കാക്കകൊണ്ടുപോയതുകൊണ്ടായിരിക്കാം.

കീർത്തനഗാനങ്ങൾ കീർത്തനശ്ലോകങ്ങൾപോലെതന്നെ അത്യന്തം ഹൃദയംഗമങ്ങളായിരിക്കുന്നു. ഈ മഹാകവി ഇത്തരം ഗാനങ്ങൾ തുടരെ എഴുതി മലയാളികളെ അനുഗ്രഹിക്കുന്നതിനുപകരം പൂരപ്പാട്ടു പാടാൻ തുടങ്ങി നിരവധി സ്ത്രീജനങ്ങൾക്കു് ഹൃദയശല്യം വരുത്താതിരുന്നെങ്കിൽ എത്ര നന്നായിരുന്നു!

ശങ്കരാഭരണം ചെമ്പട
  1. ചെങ്ങണഗിരിനിലയേ!ലോകതായേ നിൻചേവടിയുഗം കലയെ
  2. ഭംഗിനിറഞ്ഞിടതിങ്ങിയെഴുംഭുവ. നങ്ങളിലിഹപുകൾപൊങ്ങിവിളങ്ങും. ചെങ്ങ
  3. നിന്തിരുവടിയിലണിഞ്ഞൊരുപൊന്മകുടം—ശോഭാ ബന്ധുരമതിനുപമാനവുമില്ലദൃഢം ചന്തമിയന്നമനോജ്ഞലലാടതടം—കണ്ടാൽ ഹന്തതൊഴുംവെണ്മതികലനിഷ്കപടം നല്പുരികുഴലഴകതിമഹിതം കല്പകസുമഗണപരിലസിതം സൽപരിമളഗുണഗണസഹിതം ഷൾപദപരിവൃതമിഹസതതം ശില്പതയൊടളകാത്ഭുതശോഭയു- മെപ്പൊഴുമെന്നുള്ളിൽവിലസേണം. ചെങ്ങ
  4. മല്ലീശരകുലവില്ലിന്നൊരപമാനം—ചേൎക്കും ചില്ലീയുഗതനുവല്ലിയുമസമാനം ഫുല്ലാംബുജദളരുചിതന്നഭിമാനം തേടും സല്ലോചനയുഗമാർദയാധീനം ചലുകിസലുയമൃദുതിരുവധരം തിലസുമനാസികയതിരുചിരം സുലളിതകുണ്ഡലയുഗമതുലം സുമധുരമേതിരുവുടലഖിലും ധൂർത്തജനത്തെയമർത്തുവിപത്തുകൾ തീർത്തഭയം ഭുവനത്തിനു നൽകും. ചെങ്ങ
  5. സുംഭനിസുഭമഹാസുരസംഹതിയും സൂക്ഷി- ച്ചുമ്പർകുലങ്ങടെ നല്ല നഭഃസ്ഥിതിയും ജൃംഭിതമോദമമർത്ത്യഗണസ്തുതിയും മോദാ– ലമ്പൊടു കേട്ടരുളീടിന സ്വസ്ഥിതിയും വില്ലുംശരവുമേന്തും കരകമലം ഉല്ലസിച്ചീടും തിരുമുഖകമലം കല്ലുരവനീസുരനതികശലം കൊള്ളുമധീശ്വരി കള്ളമൊഴിഞ്ഞെ- ന്നുള്ളത്തിൽ കുടികൊള്ളണമനിശം ചെങ്ങ
  6. അനവരതം ഭുവനേശ്വരിയാമയിതേ ഭക്തേ– ഷ്വനഭിനുതിക്കൊരുഭാജനമാക്കരുതേ പനിമതിനേർമുഖിപാഴിലയക്കരുതേ അടിയനെ ജനിമൃതിയാലിനിമേലിൽവലയ്ക്കരുതേ വിശ്രുതമയി തവ സച്ചരിതം ഈശ്വരിഭജനവുമാചരിതം വീശ്ശതുമൎപ്പഹരമേ ദുരിതം ശാശ്വതപദമപി ദിശ മഹിതം നന്ദികലർന്നുടനെങ്ങും ചെങ്ങണ ക്കുന്നിലെഴും ജഗദംബേ ശരണം ചെങ്ങണ

“ശ്രീമദനന്തപുരത്തിലെഴു” എന്ന ഇരയിമ്മൻതമ്പിയുടെ പ്രസിദ്ധ കുമ്മിയുടെ മട്ടിൽ രചിച്ചിട്ടുള്ള ഒരു കുമ്മികൂടി താഴെ ചേൎക്കുന്നു.

  1. ദാനവന്മാൎക്കങ്ങെഴുതീടുന്ന സാരമായുള്ളോരു നീട്ടെന്തെന്നാൽ സാദരമെല്ലാം ചാരുവയുള്ള ഭൂഷണമെല്ലാം ധരിച്ചുടൻ ആയുധമെല്ലാം ദേവതകൾ– മോദത്തൊടു വീര്യത്തൊടു ഘോഷിച്ചതിമാനത്തൊടു നാളെയിവിടെ വരേണം നിങ്ങൾ മോദംകലർന്നഖിലാസുരന്മാർ
  2. വന്നീടുവാനുള്ളകാരണങ്ങൾ നന്നായ് ധരിപ്പിൻദനുജന്മാരേ വൃന്ദാരകന്മാർ—മുനിശാപാൽ ഇന്ദ്രാധിപന്മാർ. ദുഃഖമുൾക്കൊണ്ടു—സാന്ദ്രാധിപന്മാർ—മദങ്ങളും– മാനംബലഹീനം രിപുഹീനം കൃപയോടിടം വന്നാലുമൻപോടടുത്തദിനം പാലാഴിമർദ്ദനം ചെയ്‍വതിന്നായവ– രാളല്ലയെന്നു പറഞ്ഞീടുന്നു

നളചരിതം വഞ്ചിപ്പാട്ടു് നന്നായിരിക്കുന്നു. പക്ഷേ എന്തുചെയ്യാം? അപൂർണ്ണമാണു്.

ആരുവാനീവരുന്നോരുനാരിമൗലിയിവളുടെ
ചാരുരൂപഗുണം കണ്ടാൽ വിസ്മയംതന്നെ
ശ്യാമളശ്രീകലർന്നൊരു ശൈവലമങ്ങൊരുദിക്കിൽ
പേശലുമായ്‍വിലസുന്നതുണ്ടുകാണുന്നു
തീരവാസികളെയെല്ലാം ചാരവേചെന്നടിക്കുന്ന
ചാരുലോലത്തിരമാലയുണ്ടുകാണുന്നു
ചഞ്ചളീകത്തരുണന്മാർ നെഞ്ചലിപ്പാൻ തിറമുള്ളോ-
രഞ്ചിതമാമരവിന്ദമുണ്ടുകാണുന്നു
മത്തഹസ്തിയൊരുദിക്കിൽ മജ്ജനംചെയ്തുടൻ മന്ദം
മസ്തകമങ്ങുയർത്തുന്നതുണ്ടുകാണുന്നു
അംബരത്തിൻപ്രതിബിംബംകണ്ടീടുന്നങ്ങൊരുദിക്കിൽ
നിർമ്മലമാം പുളിനവുമുണ്ടുകാണുന്നു
കച്ഛപങ്ങളൊരുദിക്കിൽ മെച്ചമോടേ കളിക്കുന്നു
സ്വഛഹാരാവലികളുമുണ്ടുകാണുന്നു
മറ്റു മാരോവിശേഷങ്ങൾക്കറ്റമില്ല നിരൂപിച്ചാൽ
ഉറ്റവണ്ണം പുകഴ്ത്താനൊട്ടറ്റവുമില്ല.
സംഭാവനശ്ലോകങ്ങൾ—

ഒരിക്കൽ വെണ്മണി അച്ഛന്റെ മന തീപിടിച്ചു ദഹിച്ചു. അപ്പോൾ അദ്ദേഹം 1036-ൽ നാടുനീങ്ങിയ ഉത്രംതിരുനാൾ മഹാരാജാവിനു സമർപ്പിച്ച രണ്ടു ശ്ലോകങ്ങളാണിവ.

വർത്തിക്കുംമനയുംമദീയമനവും കത്തിക്കരിഞ്ഞിട്ടുഹോ
വൃത്തിക്കുംവഴികണ്ടിടാഞ്ഞധികമായുഷ്ണിച്ചുകഷ്ണിച്ചുഞാൻ
അർത്ഥിക്കിന്നുസുരദ്രുവായിവിലസുന്നെതമ്പുരാൻതന്നൊടി–
ന്നർത്ഥിക്കുന്നുകൃപാകടാക്ഷമുദയം ചെയ്യേണമെന്നിങ്ങനെ.
പൊൽത്താർമാതിൻമണാളന്നുടയൊരു കരുണാ–
പൂരതൈലാഭിഷേകാൽ
നിത്യം നാടൊക്കെ മിന്നും വിശദഗുണമെഴും
വർത്തിയാൽ സുപ്രസന്നം
ഉത്രംനാൾവെച്ചതിക്കണ്ടഖിലജനമന–
സ്താപതാമിസ്രഹൃത്തായ്
പാർത്തട്ടിങ്കൽകെടാതേ വിലസുക സുചിരം
വഞ്ചിമാർത്താണ്ഡദീപം.
കത്തുകൾ:-

എഴുത്തുകളുടെ മേൽവിലാസംപോലും കവിതയിലായിത്തുടങ്ങിയതു ഇക്കാലത്താണു്. ആ വകയിലുണ്ടായ പൊട്ടശ്ലോകങ്ങളെല്ലാംകൂടി അച്ചടിപ്പിച്ചാൽതന്നെ ഒരു വലിയ പുസ്തകമാവും.

പടറ്റുകാ പത്തിരുനൂറുവാങ്ങിക്കൊടുത്തയക്കാമിതിചൊന്നവാക്യം
കിടപ്പതില്ലേ മനതാരിലിപ്പോളടുത്തുകായക്കുടിയന്തിരംമേ.
ശൃംഗാരശ്ലോകങ്ങൾ:-

വായിക്കുന്നോൎക്കുപോലും തൊലി പൊളിയുമാറുള്ളവയാണു്. സാമാന്യം ഭേദപ്പെട്ട രണ്ടുമൂന്നു ശ്ലോകങ്ങൾ മാതൃകയ്ക്കായി ഉദാഹരിക്കാം.

ആറാടുംപുഴതന്നിലായതമുദി പൂരാവലോകത്തിനാ–
യാറാടും കൗതുകേനചെന്നസമയത്താരാദനം ഗാജ്ഞയാ
കാറോടും കളവേണികൗതുകമെഴും നിന്മേനികണ്ടന്നുതൊ–
ട്ടാറാടുന്നു പയോജബാണവിശിഖാംബോധൗവിശാലേക്ഷണേ.
ചാറീടണം ചടുലചാരുകടാക്ഷമെന്നിൽ
ചാറീടണം ചടുലവാണി കൃപാരസം തേ
മാറീടൊലാ മതിമറക്കിലുമെന്റെ നല്ല
നാരീജനങ്ങളണിയും നവരത്മമാലേ
ഒത്തിപ്പൊഴുന്നു രതമാടണമല്ലയെന്നാൽ
കത്തിപ്പൊളിക്കുമിഹ കുന്ദശരൻമനംമേ
കത്തിക്കളപ്രഭപെടും മണിഞാത്തുമിന്നി–
അത്തിക്കളിക്കുമൊരു ബാലശിരീഷഫാലേ.

സ്ത്രീജനങ്ങളെ കണ്ടപ്പോഴൊക്കെ ഈമാതിരി ഒരുവക ഭാവാവേശം ഉണ്ടാകാറുണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ ജീവിതം അസൂയാജനകമായിരുന്നിരിക്കയില്ല. ‘സ്ത്രീ’ അതായതു് അമ്മ, സഹോദരി, ഭാര്യ, പുത്രി എന്നിങ്ങനെ നമ്മുടെ ഭക്തിയ്ക്കും സ്നേഹത്തിനും പ്രേമവാത്സല്യങ്ങൾക്കും പാത്രമാകേണ്ട നാലുവകക്കാരുൾപ്പെട്ട സ്ത്രീജാതിയെ ദുഷിച്ചു ഈമാതിരി ദുഷ്കവിതകൾ തെരുതെരെ എഴുതി പാടാൻ ഇക്കവിയെ പ്രേരിപ്പിച്ച മനോഭാവം എന്തുതന്നെ ആയിരുന്നാലും പ്രശംസനീയമെന്നു പറയാവുന്നതല്ല. വേശ്യാവൃത്തി കവിയുടെ പരിസരപ്രദേശങ്ങളിൽ അന്നു ധാരാളമായി കാണ്മാനുണ്ടായിരുന്നെന്നും അവരെ പരിഷ്കരിക്കണമെന്നുള്ള ഉദ്ദേശമാണു് കവിക്കുണ്ടാരുന്നതെന്നും ചിലർ പറഞ്ഞേക്കും. അതു സ്വീകാര്യമായ ഒരു അഭിപ്രായമല്ലെന്നു അദ്ദേഹത്തിന്റെ കത്തുകൾ വിളിച്ചു പറയുന്നു. ‘കന്ദർപ്പദ്വേഷി തന്റെ തനയയെവഴിപോൽ’ സേവിച്ചുകൊണ്ടിരുന്ന കവിയോടു മാരദേവൻ നിർദ്ദയം പ്രതിക്രിയ നടത്തിക്കൊണ്ടിരുന്നതാണെന്നു തോന്നുന്നു.

ദുഷ്കവിത എഴുതുന്ന വിഷയത്തിൽ കൂടുതൽ അപരാധിയായിരുന്നതു് അച്ഛനോ മകനോ എന്നുള്ള വിഷയത്തിൽ വലുതായ സന്ദേഹത്തിനു അവകാശമുണ്ടു്. ദ്രൗപതിഅമ്മ എന്നോ മറ്റോ പേരുള്ളതായ ഒരു സ്ത്രീരത്നം ഒരിക്കൽ വെണ്മണിനമ്പൂരിപ്പാടന്മാരുടെ വിക്രിയകളെപ്പറ്റി ഓർത്തോർത്തു കലിയുടെ ആവേശംപൂണ്ടു് ഒരു ലേഖനം എവിടെയോ എഴുതി പ്രസിദ്ധീകരിച്ചിരുന്നതു് ഞാൻ വായിക്കയുണ്ടായി. അതിൽ അച്ഛൻനമ്പൂരിപ്പാടാണു് വലിയ കുറ്റക്കാരൻ എന്നു സ്ഥാപിച്ചിരുന്നതായും ഞാൻ ഓൎക്കുന്നു. മകനാണു് കൂടുതൽ അപരാധിയെന്നാണു് എന്റെ അഭിപ്രായം.

ഇന്നിന്നിന്ദുമുഖിക്കുതെല്ലുകൃപയുണ്ടായീടുമെന്നെക്കുറി
ച്ചെന്നേവം നിരുപിച്ചു കന്ദശരമേറ്റിന്നും വസിക്കുന്നുഞാൻ
ഇന്നിന്നിന്ദുമുഖീഹ നിന്നരികിൽഞാൻ മിന്നുന്നതാമ്രധേരം
തന്നിന്നെന്നെയുദാരമാരസമരേയിന്നിന്ദിരാഭാഗമേ

ഇത്യാദി പദങ്ങളിൽ പ്രസ്ഫുരിക്കുന്ന കവിത്വവ്യക്തി സൽക്കാവ്യങ്ങൾവഴിക്കു് പ്രകാശിക്കാതെപോയതു മലയാളികളുടെ ഭാഗ്യദോഷമെന്നേ പറയേണ്ടൂ.

വെണ്മണിമകൻനമ്പൂരിപ്പാടു് 1019 മേടം 6-ാനു ജനിച്ചു. എല്ലാക്കാര്യത്തിലും മന്ദതയുണ്ടായിരിക്കുമെന്നു വിദ്വാൻ എളയതമ്പുരാൻ ജാതകത്തിൽ കുറിച്ചുകൊടുത്തതു് ഒരു കാര്യത്തിലും തെറ്റിയിട്ടില്ല. വിദ്യാഭ്യാസവിഷയത്തിൽ അദ്ദേഹം വളരെ പിന്നാക്കമായ് കാണപ്പെട്ടു. പഴേ സമ്പ്രദായത്തിലുള്ള പ്രഥമപാഠങ്ങളും അല്പം വേദാഭ്യാസനവും മാത്രമാണു് അദ്ദേഹത്തിനു സിദ്ധിച്ച വിദ്യാഭ്യാസം. ബാല്യംമുതല്ക്കേ തുള്ളലുകൾ കാണുന്നതിലും വായിച്ചുരസിക്കുന്നതിലും അദ്ദേഹത്തിനു വലിയ പ്രതിപത്തിയുണ്ടായിരുന്നു. ദുഷ്കാവ്യ രചനയിൽ പിതാവും സൽക്കാവ്യരചനയിൽ നടുവത്തച്ഛനുമായിരുന്നു അദ്ദേഹത്തിന്റെ ഗുരുക്കന്മാർ.

“നമസ്തേ മദ്ഗുരുശ്രേഷ്ഠ നമസ്തേ നടുവദ്വിജ
മമ തെറ്റുസഹിക്കേണം മമതയ്ക്കു മഹാകവേ”

എന്നിങ്ങനെ കവിതന്നെ ഈ സംഗതി വ്യക്തമാക്കീട്ടുണ്ടു്. ബാല്യംമുതല്ക്കേ അദ്ദേഹം കവിത എഴുതിത്തുടങ്ങി.

1045–ൽ മുണ്ടായി തെക്കിനിയേടത്തു മനയ്ക്കൽനിന്നു അദ്ദേഹം വിവാഹം കഴിച്ചു. അപ്പൊഴേക്കും അദ്ദേഹത്തിന്റെ കവിതാ നടി അവൾക്കു സഹജമായുള്ള എല്ലാ ലക്ഷണങ്ങളോടുംകൂടി നൃത്തം ചെയ്യാനാരംഭിച്ചുകഴിഞ്ഞുവെന്നു്, അക്കൊല്ലം കൎക്കടകം 25-ാം നു അദ്ദേഹം നടുവത്തച്ഛനയച്ച പദ്യങ്ങളിൽനിന്നൂഹിക്കാം. അതിൽ രണ്ടുമൂന്നു പദ്യങ്ങൾ ഉദ്ധരിക്കാം.

“ചൊല്ക്കൊണ്ടീടുന്ന വക്രേതരപുരമതിൽ നി–
ന്നാത്തമാദം ഭവാനും
തയ്ക്കാടുംകൂടിമേളിച്ചഴകിനൊടു പുറ–
പ്പെട്ടനേരത്തു നേരേ
ചീൎക്കുംമോദാൽ ചിരിച്ചിത്തരുണി ശകുനമായ്
നേർകൊണ്ടിന്നു നിങ്ങൾ–
ക്കാൎക്കു ം ഹൃത്താപമെത്താഞ്ഞതു പുരമഥനൻ–
തന്റെ പൂർണ്ണപ്രഭാവം.
ഈരുംപേനുംപൊതിഞ്ഞീടിന തലയുമഹോ പീളചേർന്നൊരുകണ്ണും
പാരം വാനാറ്റവും കേളിളിയുമൊളിയളിഞ്ഞൊട്ടുമാറൊട്ടുതാണും
കൂഠോടയ്യൻകൊടുത്തീടിനതുണിമുറിയും കൊഞ്ഞലുംകോട്ടുകാലും
നേരംപോക്കല്ലജാത്യംപലതുമിനിയുമുണ്ടെങ്കിലും മങ്കയല്ലേ?
മിന്നുംപൊന്മണി മാതിരം തളവളക്കൂട്ടങ്ങളെല്ലാമണി–
ഞ്ഞന്നന്നൊത്തൊരു ബാലരോടുമിടചേർന്നിന്നങ്ങു നിൻ നന്ദനൻ
നന്ദ്യാതൻകളിയാടിയും മൃദുഗിരം കൊഞ്ചിച്ചിരിച്ചും വസി–
ക്കുന്നോ ദീനമകന്നു? മുന്നമതുകേട്ടിട്ടിന്നിമറ്റൊക്കയും

ഇത്തരം മനോഹരപദ്യങ്ങൾ പലതും അക്കൂട്ടത്തിലുണ്ടു്.

നമ്പൂരിപ്പാട്ടിലേക്കു തൊഴിൽ എന്നു പറയത്തക്കവണ്ണം രണ്ടെണ്ണമേയുണ്ടായിരുന്നുള്ളു. ഉത്സവങ്ങൾകണ്ടു രസിച്ചുകൊണ്ടു് നാടുതോറും നടക്കുക, കവിതയെഴുതുക എന്നീ ജോലികളല്ലാതെ മറ്റൊന്നിലും അദ്ദേഹത്തിന്റെ മനസ്സുപ്രവേശിക്കാറില്ലായിരുന്നു. കവിതക്കാര്യത്തിൽ തന്നെയും അമാന്തം കലശലായിരുന്നതിനാൽ, മിക്ക കൃതികളും അപൂർണ്ണമായിരിക്കുന്നതേയുള്ളു. മനയ്ക്കലെ കാര്യങ്ങൾ പലപ്പോഴും അവതാളത്തിലായിക്കാണുന്നു. നമ്പൂരിപ്പാടു് കോടശ്ശേരി കുഞ്ഞൻതമ്പാനു അയച്ച ഒരു കത്തിൽ തന്റെ അമാന്തത്തെപ്പറ്റി ഇങ്ങനെ വിവരിച്ചിരിക്കുന്നു.

‘സ്വതേതന്നേശുദ്ധം കുഴിമടിയനെന്നല്ലറിക സ–
ന്മതേ, ദീനക്കാരൻ പുനരിവനമാന്തക്കൊടിമരം’

എല്ലാ കാര്യങ്ങളിലും ഒരുമാതിരി അശ്രദ്ധ അദ്ദേഹത്തിനെ ബാധിച്ചിരുന്നു.

[1] പരിചിനൊടിഹ നേരംപോക്കുപോട്ടേ ഭവാനാൽ
പരിസരമതിൽ നിന്നിട്ടന്നു ഞാൻ പോന്നനേരം
പരമസഖ! നിനച്ചില്ലെന്റെ സാമാനമോരോ–
ന്നൊരുധൃതിയിൽ മറന്നിട്ടങ്ങു കൈവിട്ടുപോന്നേൻ.
തൽക്കാലത്തന്നവിഞ്ഞ്യാളഥ കടപിടിയെന്നായിവക്കാണമിട്ടി–
ട്ടൊക്കെപ്പാടേപരുങ്ങീട്ടറിയുക മമ കുപ്പായവും തൊപ്പിയും ഞാൻ
കൈക്കൊണ്ടീടാൻ മറന്നേനവകളവിടെവെച്ചങ്ങു സൂക്ഷിച്ചിടേണം
വയ്ക്കത്തെബ്ഭസ്മമുണ്ടേ, മമ മറവി മുഴുത്തേൻ മുഴുത്തേങ്ങയോളം

ഈ അമാന്തത്തെപ്പറ്റി 1066-ലോ മറ്റോ നടുവത്തച്ഛനയച്ച ഒരു കത്തിലും പ്രസ്താവിച്ചിട്ടുണ്ടു.

കൂറിന്നുകുറവൊട്ടുമില്ലകുടികൊണ്ടീടും കുടുംബത്തിലി–
ങ്ങേറെജ്ജോലിയുമില്ല നേരുപറയാം ഹേ നേരുകേടിൽഭ്രമം
പാരിക്കുന്നതുമില്ലനല്ല മറുകത്തേകാഞ്ഞതച്ഛൻ മരി–
ച്ചോരുൾക്ലേശവുമൊട്ടമാന്തവുമെനിക്കുണ്ടാകകൊണ്ടാണഹോ.

ഇങ്ങനെയുണ്ടോ ഒരമാന്തം!

തെക്കിനിയത്തു മനയ്ക്കൽ നിന്നുള്ള വേളി രണ്ടു പെണ്‍കുട്ടികളെ മാത്രമേ പ്രസവിച്ചുള്ളു. അവരിൽ മൂത്തകുട്ടി ബാല്യത്തിൽ തന്നെ കാലധർമ്മം പ്രാപിക്കയും ചെയ്തു.

1065-ാമാണ്ടു മുതല്ക്കു് അദ്ദേഹത്തിനു കഷ്ടകാലം ആരംഭിച്ചു. അച്ഛന്റെ രോഗവും മരണവും അദ്ദേഹത്തിനെ കഠിനമായി ക്ലേശിപ്പിച്ചു; കുടുംബഭരണക്ലേശവും രോഗബാധയും വല്ലാതെ അലട്ടി; അമ്മയുടെ സുഖക്കേടു പുണ്ണിൽ കൊള്ളിപോലെ തറച്ചു.

ആയിടയ്ക്കു് കട്ടക്കയത്തിൽ ചെറിയാൻമാപ്പിളയ്ക്കുയച്ച ഒരു കത്തിൽ കവി തനിയ്ക്കു നേരിട്ട ദുരിതങ്ങളെ ഇപ്രകാരം വിവരിച്ചിരിക്കുന്നു.

വ്യാധിവ്യാപ്താംഗനായി വസുമതിയിൽവസിപ്പാനൊരശ്രദ്ധനായീ
ഹാ ധൈര്യംപൂണ്ടുപോയീ ഹരിഹരിജനകൻ ന കലോകസ്ഥനായീ
മാധുൎയ്യംകെട്ടുപോയീ മൃദുകൃതിജനനിക്കും വിപത്തിന്നതായീ
വൈധവ്യം വന്നുപോയീ വടിവിനൊടൊരലങ്കാരമാകാതെയായീ
ലാളിത്യംകലരുംലസൽകവിതയാം കല്യാണിയെസ്സന്തതം
വാളിച്ചർത്ഥഗുണങ്ങൾ ശയ്യബഹുനാലങ്കാര സംഖ്യാദികൾ
കാളും കൗതുകമോടണച്ചു പുകൾപൊങ്ങിച്ചുള്ളൊരെന്നച്ഛനേ–
ക്കാളുംകൗശലമിന്നിയാൎക്കവളെരക്ഷിപ്പാനതിപ്പാരിടേ.

പറവൂർ കെ. പത്മനാഭപിള്ള എന്ന കവിയ്ക്കയച്ച കത്തിൽനിന്നു് മാതാവിന്റെ സുഖക്കേടിനെപ്പറ്റി കവിയ്ക്കുണ്ടായ മനോവ്യഥയുടെ ആഴം ഏതാണ്ടു നിർണ്ണയിക്കാം.

എന്മേനിയിൽ ചൊറിചിരങ്ങിവപാരമുണ്ടു
ചെമ്മേനിനയ്ക്കിവതു സാരമതാകയില്ല
അമ്മയ്ക്കുവന്നുപിടിപെട്ട ഗദം ശമിക്കാ–
ഞ്ഞുന്മേഷമില്ല പുനരൊന്നിനുമിന്നെനിക്കും.
കിണ്ണത്തിൻവക്കിൽവച്ചീടിന കടുകുമണിക്കൊക്കുമെന്നോതിടാമ–
ദ്ദണ്ഡത്തിൻവർത്തമാനം വിവരമൊടെഴുതീടുന്നതിന്നെങ്ങനേ ഞാൻ?
ഉണ്ണിത്തിങ്കൾക്കലാപൻ മൂഡനുടെമകളാം കോടിലിംഗാലയക്ഷ്മ
ഖണ്ഡത്തിൽചേർന്നദേവിക്കഖിലവുമറിയാം വന്നുകൂടുന്നതെല്ലാം.

നമ്പൂരിപ്പാട്ടിലേക്കു ഉദരരോഗം ഒരു ഒഴിയാബാധയായിരുന്നു. “അധികതരമെനിക്കഗ്നിമാന്ദ്യാദിദീനം മൂർച്ഛിച്ചയ്യോകുഴങ്ങുന്നിതുനമുക്കുദ്യമംഹൃദ്യമത്രേ” എന്നു ഒരിടത്തും

മാലത്യന്തമതുണ്ടതിന്റെപുറമേ പണ്ടുള്ളോരർശസ്സുമി-
ക്കാലത്തുണ്ടു കലുമ്പലില്ല സുഖമില്ലുള്ളത്തിലെള്ളോളവും

എന്നു് മറ്റൊരിടത്തും കവിതന്നെ ഈ വസ്തുത രേഖപ്പെടുത്തീട്ടുണ്ടു്.

കണ്ണിൽത്തീയുണ്ടുകാമാതേക തിരുമകനാണഗ്നിഭൂവത്ഭുതം തീ–
ക്കുണ്ഡത്തേലാണുനൃത്തം തവപുനരനലക്കാടുശാന്തിക്കുമുണ്ടു്
തിണ്ണെന്നെന്നിട്ടുമത്യാശ്രിതനടിയനിലീയഗ്നിമാന്ദ്യംവരുത്തി–
ദ്ദണ്ഡിപ്പിക്കുന്നതെന്തിങ്ങനെ പലവകയായ് തീയ്യുതൃക്കയ്യിലില്ലേ.

എന്നു കവി കരുണകരുണം പ്രാർത്ഥിച്ചുകൊണ്ടിരുന്നിട്ടും രോഗത്തിനു ശമനമുണ്ടായില്ല. താൻപാതി ദൈവംപാതിയെന്നല്ലേ പ്രമാണം? നംപൂരി പഥ്യംകാക്കുന്ന വിഷയത്തിൽ അശ്രദ്ധനായിരുന്നു. 1068 വൃശ്ചികത്തിൽ കൊടുങ്ങല്ലൂർവച്ചു് നവരക്കിഴി കഴിഞ്ഞു നല്ലിരിക്ക അവസാനിച്ചതോടുകൂടി അദ്ദേഹത്തിനു ഒരു പനിതുടങ്ങി; ക്രമേണ വസൂരിയും ആരംഭിച്ചു. മകരം 2-ാം നു രാത്രി ഒരുമണിക്കു് അദ്ദേഹം ജീവിതക്ലേശങ്ങൾക്കെല്ലാം തുല്ലിട്ടുകൊണ്ടു് പരലോകത്തേക്കു യാത്രയായി.

അദ്ദേഹത്തേപ്പറ്റി കൊച്ചുണ്ണിത്തമ്പുരാൻ ഒരു ഛായാശ്ലോകം രചിച്ചിട്ടുണ്ടു്.

കോടക്കാറണിനേർനിറം ഫലിതമാ–
യ്പാരം പതുക്കെപ്പറ–
ഞ്ഞീടുംവാക്കു വലിപ്പമുള്ള നയനം
ചിന്തുന്നമാന്തംപരം
നാടെല്ലാം നിറയുന്നകീർത്തി കവിതാ–
സാമർത്ഥ്യമിസ്സദ്ഗുണം
കൂടീടും ചെറുതായൊരീ നരനിഴ-
ഞ്ഞെത്തുന്നുലാത്തുംവിധം.

ഈ ശ്ലോകത്തിൽ അദ്ദേഹത്തിന്റെ ആകൃതിയും നടപ്പും സംഭാഷണരീതിയുമെല്ലാം ചിത്രത്തിലെന്നപോലെ വ്യക്തമായി വർണ്ണിച്ചിരിക്കുന്നു.

മുട്ടാളനായ കമലോത്ഭവനെന്റെ ദേഹം
സൃഷ്ടിച്ച മണ്ണിലധികം മഷികൂട്ടി ദുഷ്ടൻ

എന്നു കവിതന്നെ തന്റെ നിറത്തേപ്പറ്റി വിലപിച്ചിട്ടുണ്ടല്ലോ. കവിതകളിൽ ഏറിയകൂറും ദുഷ്കവിത എന്ന പേരിനു അർഹമാണെങ്കിലും, അദ്ദേഹം ഒരു സൽസ്വഭാവിയായിരുന്നുവെന്നും മനസ്സിന്നു ഒരു ചപലതയും ഉണ്ടായിരുന്നില്ലെന്നും മി. ടി. കെ. കൃഷ്ണമേനോൻ അഭിപ്രായപ്പെടുന്നു. വാസ്തവം എങ്ങനെയോ? അന്നു നാട്ടിൽ ജീവിച്ചിരുന്ന പലേ സ്ത്രീകളെ വീട്ടുപേരും പേരും പറഞ്ഞു എന്നന്നേക്കുമായി കീൽപുരട്ടി വിട്ടിരിക്കുന്നതു് ചപലതയുടെ ഫലമായിട്ടേ അപരിചിതന്മാർ വിധിക്കയുള്ളു.

ഒരു സംഗതി അദ്ദേഹത്തിന്റെ കൃതികളിൽനിന്നു വ്യക്തമാകുന്നുണ്ടു്. കാലുഷ്യം അദ്ദേഹത്തിന്റെ പടിക്കൽകൂടിപ്പോലും പോയിരുന്നില്ല. ആരെങ്കിലും നേരേ എതിരിടുകയോ, തന്റെ പൂജയ്ക്കു പാത്രമായിരിക്കുന്നവരെ അധിക്ഷേപിക്കയോ ചെയ്താൽ, അദ്ദേഹം ഒന്നിളകും; കവിതാനദി അപ്പോൾ തുള്ളിച്ചാടിപ്പുറപ്പെടുന്നതു കാണാം. കൂർത്തുമൂർത്ത ശകാരാസ്ത്രങ്ങൾകൊണ്ടു എതിരാളിയെ കൊമ്പുകുത്തിക്കുന്ന കാര്യത്തിൽ മാത്രം അമാന്തം പ്രതിബന്ധമായ് നില്ക്കയില്ല. ഒരിക്കൽ കോടശ്ശേരിത്തമ്പാന്റെ ‘ഒഴത്തേൽ’ എന്നുതുടങ്ങുന്ന ഒരു പദ്യത്തെ അതിന്റെ കർത്താവാരെന്നറിയാതെതന്നെ, ആക്ഷേപിച്ചു്,

ഒഴത്തിൽച്ചൊല്ലീടിൽക്കളമതിൽ വഴക്കില്ലയെവനും
മുഴുത്തീടും കമ്പത്തൊടുമിവകഥിക്കും കവിയുടെ
കഴുത്തുള്ളീവണ്ണം ശിവശിവ തുളച്ചോരു മുനയു–
ള്ളെഴുത്താണിത്തുമ്പത്തരമൊരുതുരുമ്പേറിവരണേ’

എന്നൊരു പ്രാർത്ഥനാശ്ലോകം അദ്ദേഹം മനോരമയ്ക്കയച്ചുകൊടുത്തു. കുഞ്ഞൻതമ്പാൻ വിട്ടില്ല. ആദ്യമൊക്കെ നമ്പൂരിപ്പാടു്,

തമ്മിൽചീത്തപറഞ്ഞിടേണ്ടിവരുമെന്നൊന്നല്ലരണ്ടാമത–
ങ്ങുന്മാദത്തൊടുയുക്തിവിട്ടിടുമെതിർത്തെന്നാകിൽ, മൂന്നാമതു
നമ്മൾക്കുള്ളൊരു ജോലികൾക്കിടവരാ; നാലാമതങ്ങേക്കിതിൽ
ചെമ്മേ തോലിപെടും ജയിക്കുമിഹഞാനഞ്ചാമതഞ്ചാതഹോ.
ആരുണ്ടാക്കിയതെന്നശേഷമറിയാതീഞാനൊഴത്തേലതെ–
ന്നാരംഭോക്തിതാം സമസ്യയെ ഹസിച്ചപ്പോൾപതുക്കെബ്ഭവാൻ
പാരുഷ്യത്തൊടുമെന്റെനേരെ തലപൊക്കിക്കൊണ്ടു വന്നപ്പൊളാ–
ണാരാണെന്നറിവായതൊന്നുപൊരുതാം വേണെങ്കിൽ—വേണോസഖേ!
പാരംഭംഗിഭവൽകൃതിക്കുപതിവാണെന്നാണൊഴത്തേലതെ
ന്നോരുമ്പോൾ ബഹുമിശ്രമായതതുകൊണ്ടെന്തിന്നു ബുദ്ധിക്ഷയം?
പാരാതൊക്കെവിശേഷമാരുടയതാണാക്കാളിദാസാദി ഗം–
ഭീരന്മാരുടെതന്നെയും ചിലതു നന്നാകാതെയാകില്ലയോ?

എന്നു് സൗമനസ്യത്തോടുകൂടി ഉപദേശിച്ചു; ഫലിച്ചില്ല. തമ്പാൻ കയർത്തു; വെണ്മണിയുടെ ഭാവം പകർന്നു. അപ്പോൾ തമ്പാന്റെ കവിതാപിശാചികയെപ്പറ്റി എഴുതിയ രണ്ടു ശ്ലോകങ്ങൾ നോക്കുക.

കോടൻതൻ കോളുകൂടും കൊടിയൊരുകമലക്കാട്ടിളക്കിപ്പുറപ്പെ-
ട്ടീടും ദുഷ്ടേറുമത്യുൽക്കടവികടകൃതിപ്പിച്ചതാമപ്പിശാചേ!
ആടോപാലിന്നി നീ വന്നരിശമൊടിഹ ബാധിക്കയില്ലെന്നു സത്യം
വാടാതേ ചെയ്തൊഴിഞ്ഞീടുക പരമതുകൂടാതെ കൂട്ടാക്കുമോഞാൻ?
“സത്യംചെയ്തൊഴിയായ്കിൽനിന്നുടെ സമൂഹത്തോടുമങ്ങത്തൽ പൂ–
ണ്ടത്യന്തം ശരണംവിളിച്ചകലെയായ് മാറുന്നമാറങ്ങനെ
പത്ഥ്യംവിട്ടു പരുങ്ങിടാതെ പരമീ ഞാൻ മന്ത്രവാദങ്ങളെ
ക്കൃത്യംപോലിഹ ചെയ്യുമുണ്ടിതിനുനൽകയ്യൊക്കെ നീയോൎക്കണം”

പക്ഷെ ഇതെഴുതിത്തീർന്നപ്പോൾതന്നെ നമ്പൂരിപ്പാട്ടിലെ രൗദ്രം ശമിച്ചുകാണണം. പ്രതിദ്വന്ദ്വിയോടു് യാതൊരു പാരുഷ്യവും ശേഷിച്ചുകാണുകയില്ല.

ഇതുപോലെതന്നെയാണു് കവിപുഷ്പമാലയുടെ ചരിത്രവും. കാത്തുള്ളിലച്യുതമേനോൻ ഒരു കവിപുഷ്പമാല രചിച്ചു. അതിൽ അദ്ദേഹം തനിക്കിഷ്ടമുള്ള കവികളെ നല്ല പൂക്കളായി ചിത്രണം ചെയ്തു. ഖണ്ഡനം സമാധാനം പിന്നെയും ഖണ്ഡനം—ഇങ്ങനെ വഴക്കു മൂത്തു ഒടുവിൽ എല്ലാറ്റിന്റെയും മറുപടിയാണു് ശങ്കാഹിനംശശാങ്കോമലതരയനുസാ എന്നു തുടങ്ങുന്ന മനോഹരശ്ലോകങ്ങൾ.

“ശങ്കാഹീനം ശശാങ്കാമലതരയശസാ
കേരളോൽപന്നഭാഷാ
വങ്കാട്ടിൽ സഞ്ചരിക്കും സിതമണിധരണീ
ദേവഹര്യക്ഷവര്യൻ
ഹുങ്കാരത്തോടെതിൎക്കും കവികരിനിടിലം
തച്ചുടയ്ക്കുമ്പോൾ നിന്ദാ–
ഹങ്കാരംപൂണ്ടനീയ്യാമൊരുകുറുനരിയേ–
ക്കൂസുമോ കുന്നിപോലും?”
കാത്തുള്ളിലച്യുത!കവിത്വമതോർത്തു വല്ലാ–
തിത്തുള്ളൽ വേണ്ടവഴിയല്ലവതാളമാകും
പേർത്തുള്ളിലായതുനിനച്ചൊരു മുക്കിൽ മങ്ങി–
പ്പാർത്തുള്ളകാലമൊരു മട്ടിലിരിക്കനല്ലൂ
തുഷ്ടിയോടുമതിപുഷ്ടിയുള്ളൊരു വിശിഷ്ടരാം കവി വരിഷ്ഠർ കു-
മ്പിട്ടിടും തവ പകിട്ടുകൊണ്ടു ജയമൊട്ടുമോൎക്കില്ലിഹകിട്ടുമോ
നാട്ടിൽനല്ലപുകൾനട്ടനമ്മൊടതി ധൃഷ്ടനായ് നിലവിട്ടു നീ
കഷ്ടമെന്തിനെതിരിട്ടിടുന്നു വഴിമുട്ടിടും പൊറുതികെട്ടിടും?
ഉൽകൃഷ്ടോജ്ജ്യംഭിതാഭ്രാവലികൊടീയകൊടുംകാറ്റിനാൽ കൂട്ടിമുട്ടി–
ദ്ദിക്കെട്ടും തട്ടിവെട്ടുന്നിടികളുടനുടൻ കേൾക്കുകിൽ കേസരീന്ദ്രൻ
മെക്കെട്ടൂക്കോടുചാടീട്ടലറുമൊരു കുറുക്കൻ കുരച്ചീടുകിൽ ചെ–
ന്നക്കൂട്ടത്തിൽ കുരയ്ക്കില്ലവനവമതിവന്നേയ്ക്കുമെന്നോൎക്കയാലെ

കൃശബുദ്ധികളെമാത്രം ബാധിക്കുന്ന അസൂയാദി ദോഷങ്ങളൊന്നും വെണ്മണിയെ ബാധിച്ചിരുന്നില്ലെന്നു മാത്രമല്ല പ്രതിദ്വന്ദ്വികളേ പോലും ബഹുമാനിക്കയും ചെയ്തുവന്നു.

ഫലിതം പറയുന്നതിൽ മഹൻനമ്പൂതിരിപ്പാടു് അദ്വിതീയനായിരുന്നു. പ്രാർത്ഥനാപദ്യങ്ങളിൽപോലും ചിലപ്പോൾ അറിയാതെ ഫലിതം കടന്നുകൂടീട്ടുണ്ടു്. ‘കണ്ണിൽതീയുണ്ടി’ത്യാദി. മുകളിൽ ഉദ്ധൃതമായ പദ്യത്തിലെ ‘അനലക്കാടു’ശാന്തിക്കുമുണ്ടു് എന്ന ഭാഗം നല്ല ഫലിതമായിട്ടില്ലേ? കേരളവർമ്മ വലിയകോയിത്തമ്പുരാൻ ശാകുന്തളം തർജ്ജമചെയ്തതിനെപ്പറ്റി ‘ശാകുന്തളത്തിന്റെ ആവലാതി’ എന്ന പേരിൽ എഴുതിയ പദ്യം നോക്കുക.

“നായാട്ടേറീടുമെന്നുള്ളൊരു മതിയതിനാ-
ലായവൻതന്നടുക്കൽ
പോയിട്ടുംകൂടിയില്ലില്ലൊരു കുറവതുമെ-
ന്നിട്ടുമെന്തിട്ടിവണ്ണം
യായൂഭാഷയ്ക്കുവേണ്ടിപ്പരമിഹ പഴുതേ
ബുദ്ധിവച്ചോരുവീരൻ
കോയിപ്പണ്ടാലനമ്മെക്കഠിനമിഹ പിടി-
ച്ചെന്തിനായ് മാന്തിടുന്നൂ?”

വെണ്മണിമഹനു് ചിത്രമെഴുത്തിൽവാസനയുണ്ടായിരുന്നുവെന്നും ചിലപ്പോഴൊക്കെ ചിത്രങ്ങൾ വരയ്ക്കാറുണ്ടായിരുന്നുഎന്നും അദ്ദേഹം 1053-ൽ തീപ്പെട്ട കൊച്ചീ വലിയതമ്പുരാൻ തിരുമനസ്സിലെ മൂത്തസഹോദരിയായ ഇക്കാവമ്മത്തമ്പുരാനു്, അവിടുത്തെ ഈശ്വരസേവക്കാരനായ എഴുമാവിൽ കുഞ്ഞൻനമ്പൂരിവശം കൊടുത്തയച്ച പദ്യങ്ങളിൽനിന്നു ഗ്രഹിക്കാം.

“തത്രനിന്നഥ കൊടുത്തയച്ച പുതുപുസ്തകത്തിലൊരുവസ്തുഞാ-
നിത്രനാളുമെഴുതിത്തുടങ്ങിയതുമാത്രമല്ല പരമാർത്ഥമാം
ചിത്രമാകിയൊരു ചിത്രെഴുത്തതിനെടുത്തകോപ്പുകളുമത്രയി-
ല്ലത്രയല്ലമഷിയിത്തിരിക്കുമിഹ നാസ്തിനിസ്തുലഗുണാംബുധേ”
കള്ളംവിനാമഷിയുമിന്നഥ ചിത്രെഴുത്തി–
ന്നുള്ളോരുകോപ്പുകളതും കനിവോടിതെല്ലാം
ഉള്ളംതെളിഞ്ഞവിടെനിന്നു കൊടുത്തയച്ചാൽ–
കൊള്ളാമതും തിരുമനസ്സറിവിച്ചിടേണം.

ചെണ്ടകൊട്ടുന്ന ദിക്കിലെല്ലാം എത്തുക സാധാരണമായിരുന്നതിനാൽ നിരീക്ഷണപടുവും ബുദ്ധിമാനുമായ നമ്പൂരിപ്പാട്ടിലേക്കു പലതരത്തിലുള്ള ആളുകളെ കാണുന്നതിനും അവരുടെ നടപടികളെ സൂക്ഷ്മമായി ഗ്രഹിക്കുന്നതിനും കഴിഞ്ഞു. അതിനാൽ അദ്ദേഹത്തിന്റെ ഛായാശ്ലോകങ്ങളെല്ലാം ഒരുപോലെ ഹൃദ്യമായിരിക്കുന്നു. ബീഭത്സപാത്രങ്ങളേയും ഘടനകളേയും വർണ്ണിക്കുന്നതിലാണു് ഈ ചാതുരി സവിശേഷം പ്രകാശിക്കുന്നതും.

കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാനെക്കുറിച്ചുള്ള ഛായാശ്ലോകം
കാലല്പംനീണ്ടു കണ്ടാലുരകുറുകി വിരി–
ഞ്ഞുള്ളമാർ തെല്ലുപള്ള–
ക്കാലക്കാളീകടാക്ഷോദിത കവിതമനഃ–
ശുദ്ധിബുദ്ധിപ്രസിദ്ധി
ഫാലംപാരംകുറഞ്ഞാപ്പിരിയമിണപിണ–
ഞ്ഞുന്തലായ് രണ്ടരക്കോൽ
കോലപ്പൊക്കം ഗഭീരസ്വനമിവപെടുമ–
പ്പൂരുഷൻ ഭൂരിയോഗ്യൻ.
ഒറവങ്കരയേക്കുറിച്ചുള്ള ഛായാശ്ലോകം
അപ്പംപോലെ വിടർന്ന പൊക്കിളുരസി–
ത്തല്ലുന്ന വൻചന്തി മെ–
യ്യല്പം പിൻഞെളിവാക്കവിൾത്തടമതിൽ–
ച്ചേരുന്നതോടൊന്നഹോ
ശില്പം പൊന്നുതടിസ്വഭാവഗുണമീ–
ജാതിത്തവാക്കേവമായ്-
ത്തുപ്പിത്തുപ്പി വരുന്നു തുംഗകവിയാ–
മിയ്യാളിതയ്യാരസം!

മദ്യപാനിയെക്കുറിച്ചു്,

നാടോടുന്നെന്തിനെന്നും നടുവഴിയിതിൽ വേഘീനിരക്കേണ്ടിതെന്നും
പാടിക്കണ്ണുംചുവത്തിക്കിറിയിൽനുരയൊലിപ്പിച്ചുടൻ പിച്ചുകേറി
ആടിച്ചേറാടിഹാഹാരവമൊടിഹ വരുന്നുണ്ടഹോ നൂലുബന്ധം–
കൂടാതെ കള്ളുതേടിക്കടുകിനു വെളിവില്ലാതെ വല്ലാതൊരുത്തൻ
ചില ബീഭത്സചിത്രങ്ങൾ
പൊക്കംപൂണ്ടുള്ള മൂക്കിൻപുറമൊരു കരുവും
ശുണ്ഠിയും ചുണ്ടൂകൂട്ടാൻ
പൊക്കീടും കൂർത്തപല്ലും മുഖമതിനൊരു കൂ–
പ്പുംകരംചേർത്തകാപ്പും
വാക്കാണിച്ചുള്ള വാക്കും വലിയൊരു കരിനാ–
ക്കും പെരുംചന്തിയും വൻ–
പൊക്കത്തിൽ തന്നിരിപ്പും ഞെളിവുമുരതവും
ചേരുമീ ബ്ഭീരുവാരോ?
കിണ്ണംകിണ്ടികരണ്ടിചട്ടി ചെറുപിഞ്ഞാണം മഹാരക്ഷയാം–
വണ്ണംകാച്ചിയമോരുകുത്തിലമെഴുക്കാളും കളിപ്പാക്കഹോ!
എണ്ണക്കുപ്പികൾ തേക്കിലപ്പൊതികളിന്നൊട്ടല്ല നന്നീവക–
ക്കണ്ണിൽ കണ്ടൊരു ശപ്പുശിപ്പുചവറീക്കട്ടിൻചുവട്ടിൽസുഖം.
ചീറ്റിക്കൊണ്ടാർത്തിതീർത്തങ്ങൊരു ചെറുപശുവിൻ
വാലതിൻമൂലഭാഗം
നാറ്റിക്കൊണ്ടൊട്ടിണക്കി ഭൂമളിയൊടുമതിൻ
മെയ്യിലാക്കയ്യുരണ്ടും
കേറ്റിക്കൊണ്ടാശു ഘുംഘും ധ്വനിയൊടു കയറി–
ക്കുത്തുമാ കാമദണ്ഡം
മാറ്റി കൊണ്ടുങ്കൊടിങ്ങോട്ടൊരു വൃഷഭമടു–
ത്തിന്നുടൻ വന്നിടുന്നു.
പാളത്താറും പെരുത്തുനിന്ന കുടവയറും
വീശുവാനുള്ള കീറ–
പ്പാളത്തട്ടും പൊളിഞ്ഞീടിന കുട വടിയും
സഞ്ചിയും പഞ്ചപാത്രം
തോളിൽക്കീറിപ്പൊളിഞ്ഞുള്ളൊരു ചെറിയ പഴം–
ഭാണ്ഡവും ഭേസിവന്നാ-
മേളത്തിൽ തള്ളിയുതിക്കശപിശ പറയും
പട്ടരൊട്ടല്ല പാർത്താൽ.

ബാഹ്യപ്രകൃതി വർണ്ണിക്കുന്നതിനു വെണ്മണി മഹൻനമ്പൂരിപ്പാടിനുള്ള പാടവം അന്യാദൃശമായിരുന്നു.

സന്ധ്യാവർണ്ണന
താരാഹാരമലങ്കരിച്ചു തിമിരപ്പൂഞ്ചായൽ പിന്നാക്കമി-
ട്ടാരാകേന്ദുമുഖത്തുനിന്നുകിരണസ്മേരം ചൊരിഞ്ഞങ്ങനെ
ആരോമൽക്കനകാബ്ജകോരകകുചം തുള്ളിച്ചൊരാമോദമോ–
ടാരാലംഗനയെന്നപോലെ നിശയുംവന്നാളിതന്നാളഹോ!
നയ്‍മ്പള്ളിആറു്
മേത്തേച്ചീടും മെഴുക്കും മെഴുവിനു സമമായ്
മെയ്യിലേറുന്നഴുക്കും
വീർത്തത്ത്വക്കിൽ പുഴുക്കും വ്രണവുമിവകളും
ദാഹമോഹക്കുഴക്കും
തീർത്താനൊക്കെപ്പുഴയ്ക്കും തെളിവുടയൊരു നയ്–
മ്പിള്ളിയാറായ്‍വഴക്കി,
ന്നോർത്തീടൊല്ലങ്ങൊഴുക്കും നുരയുമയി പടി–
ഞ്ഞാറതല്ലേകിഴക്കും
അപ്പിത്താക്ഷന്റെ നൽ ചെഞ്ചിടയതിലരുളും ഗംഗയായിജ്ജനങ്ങൾ
ക്കപ്പിത്തശ്ലേഷ്മവാതോത്ഥിതഗദമഖിലം മാറ്റുമാമാറ്റൊരച്ചാൽ
അപ്പത്യന്തം തെളിഞ്ഞിട്ടൊഴുകുമഴകെഴുന്നോരു നയ്‍മ്പിള്ളിയാറി–
ന്നപ്പോൾ തിണ്ണംജയത്തോടഹഹതലയതൊന്നങ്ങു പൊങ്ങുന്നകാണാം.
പാറക്കൂട്ടങ്ങൾ പാടേ കിടുകിടെയിളകി–
പ്പോമ്പടിക്കൻപിനോടീ–
യാറിൽക്കുത്തിക്കുലുങ്ങിക്കടുകുടെയൊഴുകും
വെള്ളമത്തള്ളലോടേ
പാറയ്ക്കും പാർശ്വദേശത്തുടയൊരിടമര–
ത്തിന്നുമുൾക്കമ്പമേറെ
കൂറിക്കാലം കുറച്ചോ ഹഹഹ!ബതകൊടു
ക്കുന്നതിന്നിന്നുതെല്ലും.
ഇട്ടീരിമൂസ്സതിന്റെ കുട്ടിപ്പട്ടർ
പോൎക്കോ തോല്ക്കുടമോ കട്ടി—ക്കോക്കാനോനല്ലകല്ലതോ?
മാക്കാച്ചിമകനോ കണ്ടിട്ടോക്കാനമിളകുന്നുമേ.
തോണിപ്പള്ളയ്ക്കുതുല്യം കുടവയറുമഹോ പർപ്പടപ്പുല്ലിനേറ്റം
നാണംനല്കുന്നചപ്രക്കുടുമിയുമെളിയും തോല്ക്കുടംപോലെമെയ്യും
കാണുന്നേരത്തറപ്പാനിവപലവിഭവം ചേർത്തുതട്ടിപ്പടച്ചീ–
നാണൂനെത്തീർത്ത കഞ്ജാസനനതിസരസൻ നമ്മളെത്തീർത്തതല്ല.

വെണ്മണിമഹന്റെ കൃതികളിൽ പ്രധാനമായ പൂരപ്രബന്ധം 1048–ലെ തൃശ്ശിവപേരൂർ പൂരത്തെസംബന്ധിച്ചു എഴുതീട്ടുള്ളതാണു്. തൃശ്ശിവപേരൂരുള്ള അനേകം കുടുംബങ്ങളിലെ പെണ്ണുങ്ങളെ ഇതിൽ പേരുചൊല്ലി തെറി പറഞ്ഞിട്ടുണ്ടെങ്കിലും ഒട്ടുവളരെ സരസപദ്യങ്ങളും അതിലുണ്ടു്.

രാപ്പൂരത്തിൻവിശേഷംവിവരമൊടറിവാനാശയംതന്നിലല്പം
താല്പര്യംതാർപെറുംതേൻമൃദുമൊഴിമുതിരുന്നാകിലൊന്നിന്നുരയ്ക്കാം
കോപ്പോരോന്നങ്ങണിഞ്ഞിട്ടഴകിയകടവെഞ്ചാമരാദ്യങ്ങളോടും
വായ്പേറുംവാരണൗഘംവിരവിനൊടിരുഭാഗത്തുമൊപ്പംനിരന്നൂ.
ഓടുന്നൂചിലരൊപ്പമങ്ങുനടകൊണ്ടീടുന്നുകമ്പംനിവ
ർത്തീടുന്നൂചിലർകാമിനീമണികളെത്തേടുന്നുപിന്നെച്ചിലർ
കൂടുന്നുചിലരാൽത്തറയ്ക്കലിടമിട്ടീടുന്നുതിക്കിത്തിര-
ക്കീടുന്നൂചിലർപാരമങ്ങനെപരുങ്ങീടുന്നുപത്മേക്ഷണേ.
  1. ഭൂതിഭൂഷചരിതം 1052-ാമാണ്ടിടയ്ക്കു് ആരംഭിച്ച ഈ കൃതി മരിക്കുംവരെയ്ക്കും പൂരിപ്പിക്കാൻ കവിക്കു കഴിഞ്ഞില്ല. നാനൂറിൽപരം ശ്ലോകങ്ങളോളം പൂർത്തിയായിട്ടുണ്ടു്. കവിയുടെ തൊലിക്കു പറങ്കിമാവിൻപട്ടയേക്കാൾ കട്ടിയുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന പലേ പദ്യങ്ങൾ ഇതിലുമുണ്ടെങ്കിലും അറപ്പൂകൂടാതെ വായിക്കാവുന്ന ശ്ലോകങ്ങളാണു് അധികവും.
    കാറിൻചോട്ടിൽകലേശപ്പൊളിനിരകരിമീനങ്ങൾതാഴത്തൊരെള്ളിൻ
    താരുംചെന്തൊണ്ടിമുക്താവലിമുകരദരം വെണ്ണിലാവിന്ദുബിംബം
    മേരുക്കുന്നഭ്രമെന്നുല്ലസിതഭുജഗസോപാനകൂപംമണൽത്തി-
    ട്ടാരോമൽകാഞ്ചനത്തൂണുകളിവതളിരിൻമോളിലൊന്നെന്നുകാണാം.

    എന്ന പ്രസിദ്ധപദ്യം അതിലുള്ളതാണു്.

    ആറ്റിൽച്ചാടിക്കുളിച്ചും കതുകമതുമുളച്ചും കളിച്ചും പുളച്ചും
    വാറ്റിത്തണ്ണീർകുടിച്ചും കുതിരകളെയഴിച്ചും നനച്ചുംതുടച്ചും
    എറ്റംവെള്ളംകൊടുത്തും കെടുതിയതുകെടുത്തുംകരയ്ക്കുാശുകേറി-
    ക്കാറ്റേശുംനല്ലവൃക്ഷത്തണലിലവർമുദം ചെന്നുചേർന്നങ്ങിരുന്നാർ.
  2. പാഞ്ചാലീസ്വയംവരം തുള്ളൽ

    നമ്പ്യാരെപ്പോലും അതിശയിക്കുന്ന കവിതാചാതുരി ഈ കൃതിയിൽ കാണുന്നു. 1054-ൽ രചിക്കപ്പെട്ടു. പൂർത്തിയായിട്ടില്ല.

    പടുപദവിയൊടുനെടിയകടകളായെത്തുന്ന
    പാർത്ഥിവേന്ദ്രന്മാൎക്കു പാർത്തരുളീടുവാൻ
    രജതമണികനകമണി രചിതമണിമഞ്ചങ്ങൾ
    രണ്ടുവരി നിരന്നുണ്ടാക്കണം ക്ഷണം.
    അഴകുടയമണിനിലയനിരയതിനിടയ്ക്കുള്ളൊ-
    രാസ്ഥാനമേറ്റവും വിസ്താരമാക്കണം.
    ഇടവഴിയിലിടമിയലുമതിമണവിരിപ്പന്ത-
    ലിപ്പൊഴുതൊന്നുടൻകെല്പൊടുണ്ടാക്കണം.
    അതിനിടയിലൊരുനെടിയകൊടി വടിവിൽനാട്ടണ
    മായിരക്കോലതിന്നാക്കമുണ്ടാക്കണം.
    വലിയകൊടുമുകളിലുളിവായുംപൊളിച്ചുടൻ
    വ്യാളമുഖമൊന്നുവാർത്തുവച്ചീടണം
    പടുകൊടിയിലുടയമൃഗമതിനുടെ വളഞ്ഞുള്ള
    പല്ലിന്മെലഞ്ചുപൊന്നിൻതുടൽ തൂക്കണം.
    പണികളതിവികടമിതു തുടലുകളിലഞ്ചാതെ
    പഞ്ചവർണ്ണക്കിളിക്കൂടഞ്ചു തൂക്കണം
    അതുലഗുണഗണനിലയപൈങ്കിളിക്കൂടുകൾ
    ക്കഞ്ചാതെവാതിലങ്ങഞ്ചായിരിക്കണം.
    പാമറികപണികളുളപഞ്ജരപഞ്ചകം
    പമ്പരംപോലങ്ങുചക്രം തിരിയണം.
    തടവരുതുതരമുടയൊരഞ്ചുകൂടുള്ളതിൽ
    തത്തകളോരോന്നു തത്തിക്കളിക്കണം.
    അറികകൊടിയുടെകടയിലുണ്ടെന്ത്രമൊന്ന-
    ങ്ങൊരാണി തിരിക്കുമ്പോളാണീവിധം വിഭോ.
    ഒരുസമയമൊരുപഴുതിലൊരുകിളിമുഖംപുറ
    ത്തൊന്നങ്ങുകാട്ടിടുംപിന്നോട്ടെടുത്തീടും.
    അതിനിടയിലതിരഭസമസ്ത്രങ്ങളഞ്ചുവി-
    ട്ടഞ്ചുകിളിത്തലയഞ്ചുമറുക്കണം.
    വിരവിലിതുവിഗതതരവിഷമമൊടുപറ്റിച്ച
    വില്ലാളിവീരൻവിവാഹംകഴിക്കണം.

    തെറിശ്ലോകങ്ങൾ എഴുതാൻ ഉപയോഗിച്ച സമയമെല്ലാം ഈമാതിരി കാവ്യതല്ലജങ്ങൾ പൂർത്തിയാക്കുന്നതിനു കവി വിനിയോഗിക്കാതിരുന്നതു മലയാളികളുടെ ഭാഗ്യദോഷംതന്നെ.

  3. അജ്ഞാതവാസം ആട്ടക്കഥ.

    1055-ൽ ഒളച്ചമണ്ണുമനയ്ക്കൽവച്ചു രചിച്ചതാണു്. പ്രസിദ്ധീകരിച്ചിട്ടില്ല.

  4. കാമതിലകംഭാണം.

    1057-ാമാണ്ടിടയ്ക്കു് ആരംഭിക്കപ്പെട്ടു. പൂർത്തിയായിട്ടില്ല. ലക്ഷണയുക്തമല്ല. മൂരിശൃംഗാരവും ധാരാളമുണ്ടു്.

    പൊന്നിൻപൂവേണിമാർതങ്ങടെപുതുമയെഴും പുഞ്ചിരിക്കൊഞ്ചൽമന്ദം
    ചിന്നുംവക്ത്രത്തിനുംനൽപുതുമധുപൊഴിയുംവാക്കിനുംനോക്കിനുംഞാൻ
    മിന്നുംകൊങ്കയ്ക്കുമെന്നല്ലവകളതിൽവിശേഷിച്ചുസാക്ഷാൽപ്രദേശ-
    ത്തിനുംനൽകൂപ്പുകൈയൊന്നിതുസഭയിലുപായത്തിലൊപ്പിച്ചിടുന്നേൻ

    എന്നിങ്ങനെ ആരെങ്കിലും ഇന്നു രംഗത്തിൽ തട്ടിവിട്ടാൽ അവനു് വികലാംഗനായിട്ടേ സ്വഗൃഹത്തിലേക്കു മടങ്ങാൻ സാധിക്കൂ.

  5. ജൂബിലിമഹോത്സവം തുള്ളൽ പൂർത്തിയായിട്ടുണ്ടു്. 1062-ൽ രചിക്കപ്പെട്ടു. നന്നായിട്ടുണ്ടു്.
  6. നാടകങ്ങൾ (1) അതിമോഹം നാടകം ഈ നാടകം പൂർത്തിയാക്കുന്ന വിഷയത്തിൽ കവിക്കുണ്ടായിരുന്ന അതിമോഹം ഫലിച്ചില്ല. അതുകൊണ്ടു മലയാളികൾക്കു നഷ്ടവുമില്ല. അതുപോലെതന്നെ, (2) പ്രച്ഛന്നപാണ്ഡവം, (3) പീയൂഷവീര്യോദയം, (4)പുരന്ദരാരുണം എന്നീ നാടകങ്ങളും അപൂർണ്ണങ്ങളും നാടകലക്ഷണവിരഹിതങ്ങളുമാണു്. എന്നാൽ ഒന്നാംതരം ചില ശ്ലോകങ്ങൾ അവയിൽ കാണ്മാനുണ്ടെന്നുള്ളതു വിസ്മരിക്കാവുന്നതല്ല.
    കുട്ടിക്കുരംഗമിഴിയാമുമ തന്റെ ചട്ട-
    പൊട്ടിക്കുരുത്തിളകമക്കളൂർകൊങ്കരണ്ടും
    മുട്ടിക്കുടിക്കുമൊരു കുംഭിമുഖത്തൊടുള്ള
    കുട്ടിക്കു ഞാൻ കുതുകമോടിത കുമ്പിടുന്നേൻ. അതിമോഹം
    പയ്യെപ്പൈക്കുട്ടി തന്നെപ്പരിചിനൊടു പിടിച്ചുന്തിനീക്കീട്ടു തള്ള-
    പ്പയ്യിൻകാൽകൂടണഞ്ഞിട്ടകിടവിടവിടെത്താൻപതുക്കെത്തലോടി
    തയ്യാറായ് മുട്ടുകുത്തിത്തദനുമുഖമുയർത്തിച്ചുരത്തും നറുംപാ-
    ലയ്യാ!മുട്ടിക്കുടിക്കും പശുപശിശുപദം കേവലംമേഽവലംബം.പ്രച്ഛന്നപാണ്ഡവം
    വീതാതങ്കംവിധുസ്ത്രീവടിവുവിധുഗരൻ കണ്ടുകാമിച്ചണഞ്ഞി-
    ട്ടേതാണ്ടൊക്കെപ്രവർത്തിച്ചളവവതരണം ചെയ്തചൈതന്യമൂർത്തി
    ഭൂതാധീശൻപൂമാൻപെറ്റൊരുമഹിമയെഴുമദിവ്യനുണ്ണിക്കിടാവുൾ-
    ജ്ജതോനന്ദത്തൊടെന്നെ സ്സതതമഴകിൽ വീക്ഷിച്ചു രക്ഷിച്ചിടട്ടേ.പുരന്ദരാരുണം
    കാറൊത്തകോരകാന്തിപ്രസരത കലരും കഞ്ജനാഭന്നുഞാനുൾ-
    കൂറൊത്താരാലണഞ്ഞിന്നിതു സപദി കൊടുത്തെങ്കിലോവേണ്ടവേണ്ട
    ഏറെത്താൽപര്യമങ്ങോക്കുടനിതിലുളവാകില്ലിടംനാസ്തി ചാർത്താൻ
    മാറത്താമാന്യയാകും മലർമകളൊഴിയാതിപ്പൊഴെപ്പോഴുമില്ലേ?പീയൂഷവീര്യോദയം
  7. അംബോപദേശം. പൂർവകവിചുംബിതങ്ങളല്ലാത്ത ആശയങ്ങൾ, പ്രകൃതിയിൽനിന്നു കടഞ്ഞെടുത്ത നല്ല ഉപമകൾ, സാമാന്യോക്തികൾ ഇവകൊണ്ടു് ഈ കാവ്യം സുരഭിലമാണെന്നു വരികിലും സൽകാവ്യങ്ങളുടെ കൂട്ടത്തിൽ അതിനു സ്ഥാനം കല്പിക്കാവുന്നതല്ല.
    മട്ടൊത്തവാണി മകളേ പരദേശിമാരെ
    ത്തൊട്ടീടൊലാ പരമബദ്ധമതാകുമെന്നാൽ
    പട്ടാണിതൊടുഗജവുംബതപട്ടർതൊടു
    മട്ടോൽമൊഴിപ്രകരവും ഭുവിനിന്ദ്യമത്രേ.
    ഇച്ചക്രമിപ്പൊളുതകില്ലിനിഞാൻതരാമി
    ദിക്‍ചക്രമെന്നുമകളേ പറവോൎക്കു പോകാം
    ഉച്ചയ്ക്കുനെല്ലരിപചിച്ചുതരാത്തവിദ്വാൻ
    നൽച്ചമേ കുത്തി നിശി വച്ചുതരുന്നതാണോ.
  8. അജാമിളമോക്ഷം.
  9. സന്താനഗോപാലം എന്നീ മണിപ്രവാളങ്ങൾ.
  10. കവിപുഷ്പമാല, നിരവധി വന്ദനശ്ലോകങ്ങൾ, കീർത്തനഗാനങ്ങൾ, കൈകൊട്ടിക്കളിപ്പാട്ടുകൾ, ശൃംഗാരശ്ലോകങ്ങൾ, കത്തുകൾ മുതലായവയും അദ്ദേഹം രചിച്ചിട്ടുണ്ടു്.

വെണ്മണിക്കവിതയുടെ സ്വഭാവത്തെപ്പറ്റി ഇത്രയും പറഞ്ഞതിൽനിന്നു വായനക്കാൎക്കു ചിലതെല്ലാം മനസ്സിലായിരിക്കുമല്ലോ. ഭാഷയിൽ നിരൂപണകലയുടെ ഉപജ്ഞാതാവെന്ന പേരിനു എല്ലാവിധത്തിലും അർഹനായ സി. അച്യുതമേനോൻ അവയെപ്പറ്റി പറഞ്ഞിട്ടുള്ളതു് ഇവിടെ ഉദ്ധരിക്കാം.

“നവീനസമ്പ്രദായത്തിലുള്ള ഭാഷാകവിതയുടെ ആദികർത്താവെന്നു സൂക്ഷ്മത്തിൽ പൂന്തോട്ടത്തു നമ്പൂരിയെ ആണു് പറയേണ്ടതു്. അച്ഛൻ നമ്പൂരിപ്പാട്ടിലേക്കു കവിതാഭ്രാന്തുണ്ടായതുകൂടി അദ്ദേഹത്തിന്റെ കവിതകൾ കണ്ടിട്ടാണെന്നാകുന്നു പറഞ്ഞു കേട്ടിട്ടുള്ളതു്. എന്നാൽ നമ്പൂരിയായിട്ടു തുടങ്ങിയ സമ്പ്രദായത്തെ പരിഷ്കരിച്ചു് അതിനുവേണ്ട ഗുണങ്ങളെ പൂർത്തിയാക്കിയതു നമ്പൂരിപ്പാടന്മാരാണു്. അതുകൊണ്ടാകുന്നു അദ്ദേഹത്തെ നവീനസമ്പ്രദായത്തിന്റെ ആദികർത്താക്കന്മാരിൽ ഒരാളാക്കിപ്പറഞ്ഞതു്. ഈ നവീനരീതിയുടെ സ്വഭാവം എന്താണെന്നു അറിഞ്ഞിട്ടുള്ളവർ വളരെ ഉണ്ടെന്നു തോന്നുന്നില്ല. ഇപ്പോൾ ഉണ്ടാക്കിക്കാണുന്ന കവിതകളിൽ മിക്കതും ആ രീതിയെ അനുസരിച്ചു കാണാത്തതുകൊണ്ടും അതുകളെ വളരെ ജനങ്ങൾ കൊണ്ടാടുന്നതുകൊണ്ടും മിക്കവരും ആ രീതിയുടെ സ്വഭാവത്തെ അറിഞ്ഞിട്ടില്ലെന്നുതന്നെ വിചാരിക്കണം. അതുകൊണ്ടു് അതിന്റെ സ്വഭാവത്തെ ഇന്നതെന്നു ഇവിടെ ചുരുക്കത്തിൽ പ്രസ്താവിക്കുന്നതു് അനാവശ്യമാവില്ലെന്നു വിശ്വസിക്കുന്നു.”

“ശബ്ദഭംഗി വരുത്തുന്നതിനു് ചില നിഷ്കർഷകൾ ചെയ്യുന്നതിനാലാകുന്നു ഈ നവീനസമ്പ്രദായം ഉണ്ടായതു്. അർത്ഥത്തെ സംബന്ധിച്ചിടത്തോളം അതുകൊണ്ടു് വിശേഷവിധിയൊന്നും ഉണ്ടായിട്ടില്ല. മണിപ്രവാളത്തിനു ശുദ്ധി, പദങ്ങളുടെ സ്നിഗ്ദ്ധത, കർണ്ണാനന്ദത്തെ സവിശേഷമായി ഉണ്ടാക്കുന്ന പ്രാസം ഇതുകളെവരുത്തുന്നതിനാകുന്നു ഈ നിഷ്കർഷ പ്രധാനമായി ചെയ്യപ്പെടുന്നതു്.”

ഇങ്ങനെ നവീനസമ്പ്രദായത്തിന്റെ സ്വഭാവം വിവരിച്ചിട്ടു വെണ്‍മണി നംപൂതിരിപ്പാടന്മാർ വരുത്തീട്ടുള്ള മൂന്നു ഭേദഗതികൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

  1. അപ്രസിദ്ധങ്ങളല്ലാത്ത സംസ്കൃതപദങ്ങളും മലയാളപദങ്ങളും എടകലർന്നു പാലും വെള്ളവും കൂടി ചേർന്നപോലെ യോജിച്ചു വരുമ്പോളാകുന്നു മണിപ്രവാളത്തിനു ശുദ്ധിയുണ്ടെന്നു പറയുന്നതു. നംപൂതിരിപ്പാട്ടിലെ മണിപ്രവാളത്തിന്റെ ശുദ്ധിയാണു് ‘കുമാരിയേത്താൻപ്രസവിച്ചുശോതേ” അങ്ങോടടൻപുനരിങ്ങോടടൻ ഇത്യാദികളിൽ കാണുന്ന വികൃതപ്രയോഗത്തിന്റെ അഭംഗിയെ ജനങ്ങൾക്കു് ആദ്യം സ്പഷ്ടമാക്കിക്കൊടുത്തതു്.
  2. അവിളംബോച്ചാരണത്തിനു് സുകരമാകുംവണ്ണം പദങ്ങൾ ഘടിപ്പിച്ചു് കവിതയ്ക്കു സ്നിഗ്ദ്ധത വരുത്തുക. ഇതും നംപൂരിപ്പാടന്മാരുടെ കവിതയ്ക്കുള്ള പ്രധാന ലക്ഷണമാണു്. ഭാഷയുടെ സ്വഭാവത്തെ അനുസരിച്ചു വേണ്ടിടത്തെല്ലാം അക്ഷരങ്ങൾക്കു ദ്വിത്വം വരുത്തുകയും അർദ്ധാക്ഷരസംയുക്തമായ അക്ഷരങ്ങൾക്കു മുമ്പിൽ വരുന്ന അക്ഷരങ്ങളുടെ സ്വഭാവമനുസരിച്ചു് ഗുരുലഘുത്വം കല്പിക്കയുമാകുന്നു ഇതിനു വേണ്ടതു്. ഉദാ:ചന്ദ്രക്കല, നക്രത്തുണ്ഡി എന്നല്ലാതെ മലയാളികൾ ചന്ദ്രകല, നക്രതുണ്ഡി എന്നിങ്ങനെ എഴുതാറില്ല. ‘മന്മഥകഥാഗന്ധം ഗ്രഹിക്കാത്തവൾ താനോ’ എന്ന ദിക്കിലെപ്പോലെ ‘ൾ’ ന്നു് മുമ്പിൽ ഇരിക്കുന്ന ഹ്രസ്വത്തെ ഗുരുവാക്കുന്ന രീതി ശരിയല്ല. അതുപോലെ ‘പോൎക്കളത്തിൽ ജപമാർന്നു മേവിടും’ എന്ന ദിക്കിൽ ‘ത്ത’യെ ഗുരുവാക്കിയതും അഭംഗിയാണു്. വെണ്മണി നമ്പൂരിപ്പാടന്മാർ ഇങ്ങനെയുള്ളകാര്യങ്ങളിൽ നിഷ്കർഷിച്ചു.
  3. പ്രാചീനകൃതികളിൽ ദ്വിതീയാക്ഷരപ്രാസനിഷ്കർഷയെ ഉണ്ടായിരുന്നുള്ളു. ദീർഘവൃത്തങ്ങളിൽ ദ്വിപ്രാസംകൊണ്ടു വലിയ ഗുണമൊന്നുമില്ല. “കല്യൻകല്യാണപൂർണ്ണൻ കളകമലദളക്കണ്ണൻ” എന്നിങ്ങനെ പദാദിപ്രാസവും “കോടക്കാർവർണ്ണനോടക്കുഴലോടു്” എന്നിങ്ങനെയുള്ള പദമദ്ധ്യപ്രാസവും, പത്മജാതാത്മജായേ, ഈമാതിരി പദാന്ത്യപ്രാസവും അവസരോചിതമായി ഘടിപ്പിച്ചു കാവ്യം രചിച്ചുതുടങ്ങിയതു് വെണ്മണിമാരാകുന്നു.

ഈ അഭിപ്രായത്തിന്റെ സാധുത്വം ചിന്തനീയമാണു്. പ്രാചീനകാലംമുതല്ക്കേ കവിതാനദി രണ്ടു ശാഖകളായീ പിരിഞ്ഞാണു് പ്രവഹിച്ചുകൊണ്ടിരിക്കുന്നതു്. ചെറുശ്ശേരി മലയാളവും സംസ്കൃതവും തിരിച്ചറിയാത്തവിധത്തിൽ ശുദ്ധരീതിയിൽതന്നെ കാവ്യം രചിച്ചു. കൃഷ്ണഗാഥയിൽ പ്രാചീനപദങ്ങൾ വളരെ കടന്നുകൂടീട്ടുണ്ടെങ്കിൽ അതിനുത്തരവാദി അദ്ദേഹമല്ല. അന്നു നടപ്പിലിരുന്ന പദങ്ങളെ അദ്ദേഹം പ്രയോഗിച്ചുവെന്നേയുള്ളു. നമ്പ്യാർ ചെറുശ്ശേരിനമ്പൂരി തെളിച്ച വഴിയേതന്നെയാണു് സഞ്ചരിച്ചതു്. ആധുനികമലയാളത്തിന്റെ പ്രവർത്തകനെന്ന പേരിനു് വാസ്തവത്തിൽ അദ്ദേഹമാണർഹൻ. “കുമാരിയേത്താൻ പ്രസരിച്ചുശേതേ” എന്നും മറ്റും അപൂർവ്വം ചില പ്രയോഗങ്ങൾ ശ്രീകൃഷ്ണചരിതത്തിൽ കാണ്മാനുണ്ടെങ്കിൽ അത്തരം പ്രയോഗങ്ങൾ വെണ്മണികൃതികളിലും ചൂണ്ടിക്കാണിക്കാം.

സുപ്തിങ്ങന്തങ്ങളായ പദങ്ങൾ വെണ്മണിഅച്ഛനും മകനും അവിടവിടെ പ്രയോഗിച്ചിട്ടുണ്ടു്.

‘ഭക്തേഷ്വനഭിനുതിക്കൊരുഭാജനമാക്കരുതേ’
‘ചേവടിയുഗം കലയേ’

“കുമാരിയേത്താൻ പ്രസവിച്ചുശേതേ” എന്ന ദിക്കിലെപ്പോലുള്ള അഭംഗിയില്ലെന്നു സമ്മതിക്കാം. എന്നാൽ ശ്രീകൃഷ്ണചരിതത്തിൽ ഈമാതിരി എത്ര പ്രയോഗങ്ങളുണ്ടു്? പേരിനുമാത്രം. കൃഷ്ണഗാഥയിൽ തീരെ ഇല്ലതന്നെ.

അർദ്ധാക്ഷരങ്ങളുടെ മുമ്പിലിരിക്കുന്ന ലഘുക്കളെ സംബന്ധിച്ചുള്ള വ്യവസ്ഥകൾ നമ്പ്യാരുടെ കാലത്തിനുമുമ്പുതന്നെ ഏറക്കുറെ അംഗീകൃതമായി. ചില കവികൾ സ്വാതന്ത്ര്യം പ്രയോഗിച്ചു കണ്ടേക്കാം. അതു് അന്നത്തേപ്പോലെതന്നെ ഇന്നും സംഭവിച്ചു കൊണ്ടിരിക്കുകതന്നെ ചെയ്യുന്നു. കവിസ്വാതന്ത്ര്യത്തെ ആൎക്കും നിയന്ത്രിക്കാൻ സാധിക്കയില്ലല്ലോ.

“വദനതാർ” എന്നും മറ്റും പ്രയോഗിക്കുന്നതു തെറ്റാണെങ്കിൽ “പുതുപുസ്തകം” “പൂശാൻ” എന്നിങ്ങനെ വെണ്മണിമഹൻ പ്രയോഗിച്ചിട്ടുള്ളതും അബദ്ധംതന്നെ.

അനുപ്രാസംകൊണ്ടുണ്ടാകുന്ന ഭംഗി പൂർവകവികൾക്കും കാണ്മാൻ കഴിഞ്ഞിട്ടുണ്ടു്.

അമ്പത്തൊന്നക്ഷരാളീകലിതതനുലതേ വേദമാകുന്നശാഖി
ക്കൊമ്പത്തമ്പോടുപൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ!
ചെമ്പൽത്താർബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ
സമ്പത്തേ! കുമ്പിടുന്നേൻ കുഴലിണവലയാധീശ്വരീ! വിശ്വനാഥേ.

ഇതിൽ എല്ലാത്തരത്തിലുള്ള അനുപ്രാസങ്ങളും പ്രയോഗിച്ചിരിക്കുന്നു. അതുപോലെ അതേ പുസ്തകത്തിലുള്ള,

മിന്നുംപൊന്നോലകർണ്ണേ മണിഗണലളിതം മോതിരം കണ്ഠകാണ്ഡേ
പിന്നിൽച്ചിന്നിക്കവിഞ്ഞൊന്നണിചികുരമകണ്ഡോദയംമന്ദഹാസം
കന്നിപ്രായംകരുത്തൊന്നുരസികചയുഗം നൂനമപ്പെണ്‍കിടാവെ-
ത്തന്നേ തോന്നീടുമത്രേ സരസമൊരുദിനംകണ്ടവന്നിത്രിലോക്യാം.

എന്ന പദ്യം നോക്കുക. ഇതേ അവസ്ഥതന്നെയാണു് രാമായണചമ്പുവിലും.

കണ്ണനെക്കാണ്‍മതിനല്ലയോപോകുന്നു
പുണ്യവാനെന്നതുനിർണ്ണയംതാൻ
ആയർകോന്തന്നുടെ കാന്തിയായുള്ളൊരു
പീയൂഷവാരിതൻപൂരംതന്നെ

ഇങ്ങനെ ചെറുശ്ശേരിയും അനുപ്രാസം പ്രയോഗിക്കുന്നതിൽ വളരെ നിഷ്ഠയുള്ളവനായിരുന്നു.

കല്ലേക്കുളങ്ങരെപ്പിഷാരടിയുടെ വേതാളചരിത്രത്തിൽ അനുപ്രാസഭംഗിയില്ലാത്ത ഒരു ഒറ്റവരിപോലും എടുക്കാൻ സാധിക്കയില്ല.

കവിതാനദിയുടെ മറ്റൊരു ശാഖയാണു് കണ്ണശ്ശന്റേയും എഴുത്തച്ഛന്റേയും കൃതികളിൽ കാണുന്നതു്. ആ മഹാകവികൾ പ്രത്യേകിച്ചു് എഴുത്തച്ഛൻ സുബന്തങ്ങളും തിങന്തങ്ങളുമായ വിവിധ സാംസ്കൃതശബ്ദങ്ങളും ചമ്പുകാരന്മാരെ അനുകരിച്ചു പ്രയോഗിച്ചു. ‘സന്ദർഭേ സംസ്കൃതികൃതാച’ എന്ന ലീലാതിലകവിധിയെ മാത്രം അവർ കൈക്കൊണ്ടില്ല. കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടും മറ്റും എഴുത്തച്ഛന്റെ മാർഗ്ഗാവലംബികളായിരുന്നു.

ഇതാണു് പരമാർത്ഥം. എന്നാൽ വെണ്മണിമാർ ഈ വിഷയത്തിൽ ഒന്നും ചെയ്തിട്ടില്ലേ? എന്നു ചോദിച്ചാൽ ഇല്ലെന്നു പറയുന്നകാര്യവും പ്രയാസമാണു്. എന്തുകൊണ്ടെന്നാൽ ഭൂരിപക്ഷം കവികളും സംസ്കൃതപ്രയോഗബഹുലമായ രീതിയിൽ കാവ്യം രചിച്ചുകൊണ്ടിരിക്കേ, ശുദ്ധമണിപ്രവാളരീതിയെ പ്രചരിപ്പിക്കുന്നതിനു ചേലപ്പറമ്പൻ, പൂന്തോട്ടം മുതലായ കവികളെ അനുകരിച്ചു അവർ മുന്നോട്ടു വരികയും നിരവധി ശ്ലോകങ്ങൾ എഴുതിത്തള്ളുകയും ചെയ്തു. ആ മാർഗ്ഗം മലയാളികൾക്കു കൂടുതൽ രസിക്കയാൽ കാലക്രമേണ സംസ്കൃതപ്രധാനമായ മണിപ്രവാളം നിശ്ശേഷം നിന്നുപോയി. ഇന്നുള്ളവരാകട്ടെ തേ, മമ, തവ മുതലായ പദങ്ങൾപോലും പ്രയോഗിച്ചുകൂടെന്നു നിർബന്ധം പിടിച്ചുവരുന്നു. അങ്ങനെ ഒരു മനഃസ്ഥിതി ജനിപ്പിക്കുന്നതിനു വെണ്മണിനമ്പൂരിപ്പാടന്മാർ സഹായിച്ചു എന്നല്ലാതെ അവർ നവീന മണിപ്രവാളത്തിന്റെ ഉപജ്ഞാതാക്കളാണെന്നു പറയാവുന്നതല്ല.

ഇയ്യാണ്ടത്തെ സാഹിത്യപരിഷത്തിനു വെണ്മണിപ്രസ്ഥാനം എന്നൊരുപ്രസ്ഥാനം ചേർത്തുകാണുന്നു. പ്രസ്ഥാനകോലാഹലം തുടങ്ങിയതു് ഈയിടെയാണു്. അതിനു Retrospective effect (മുൻപ്രാബല്യം) കൊടുപ്പാൻ പരിഷദംഗങ്ങളായ പ്രചണ്ഡപണ്ഡിതന്മാർ ശ്രമിച്ചുകാണുന്നതു് ആശ്ചര്യജനകമായിരിക്കുന്നു. വാസ്തവത്തിൽ ഒരു പുതിയ പ്രസ്ഥാനവും വെണ്മണി നമ്പൂതിരിപ്പാടന്മാർ ആരംഭിച്ചിട്ടില്ല. ഒട്ടുവളരെ കൃതികൾ തുടങ്ങീട്ടു് മദ്ധ്യേമാർഗ്ഗം വിരമിക്ക എന്നതു് ഒരു പ്രസ്ഥാനമാണെങ്കിൽ അതിന്റെ സ്ഥാപകന്മാർ അവർതന്നെ. ‘കുത്തിട്ടു’ പ്രസിദ്ധീകരിക്കേണ്ട ശ്ലോകങ്ങൾ രചിക്കുന്നതു് ഒരു പുതിയ പ്രസ്ഥാനമാണെങ്കിൽ അതും അവരാൽ ഉദ്ഘാടിതമാണു്. പക്ഷേ ഇന്നാരെങ്കിലും അങ്ങനെയുള്ള പദ്യങ്ങൾ രചിച്ചാൽ അവർ കാരാവാസംകൊണ്ടുള്ള നരകം അനുഭവിക്കേണ്ടതായി വന്നുപോകും. നമ്പൂരിപ്പാടന്മാരുടെ കൃതികളിൽ വിത്രിതമായിരിക്കുന്ന ആ സാമുദായികനില അസ്തമിച്ചതിൽ ആവൂ എന്നു സന്തോഷം പ്രകടിപ്പിച്ച ചിലർകൂടി ആ കവികളുടെ പ്രസ്ഥാനത്തെ പുനരുദ്ധരിക്കുന്ന വിഷയത്തിൽ ജാഗരൂകരായിരിക്കുന്നതു കാണുമ്പോൾ ആൎക്കാണു സങ്കടം തോന്നാത്തതു്! ചെറുശ്ശേരിയും എഴുത്തച്ഛനും നമ്പ്യാരും വിസ്മരിക്കപ്പെട്ടുകഴിഞ്ഞു; അവരുടെ സ്മാരകദിനങ്ങൾ കൊണ്ടാടുന്നതിനു് ആരുമില്ല. മൂരിശൃംഗാരം ആയിരിക്കാം ഇക്കൂട്ടരുടെ ആദർശം. കൊള്ളാം, നടക്കട്ടെ. പക്ഷേ ഉത്തരകേരളത്തിൽ ചുണയുള്ള പെണ്‍കുട്ടികൾ കണ്ടേക്കാതിരിക്കയില്ല. അവർ ഈ അശുഭകരമായ ഉദ്യമത്തെ തടഞ്ഞുനിർത്താതിരിക്കയില്ല. അഥവാ അവൎക്കു ം അതിനോടു പഥ്യമാണെങ്കിൽ—

വെണ്‍മണിപ്രസ്ഥാനക്കാർ ഒരുകാര്യം ചെയ്യുന്നപക്ഷം മലയാളികൾ അവരോടു് അത്യന്തം കൃതജ്ഞതയുള്ളവരായിരിക്കും. അച്ഛനും മകനും ഒന്നാംതരത്തിലുള്ള ഒട്ടുവളരെ പദ്യങ്ങൾ രചിച്ചിട്ടുണ്ടു്. അവയെ മാത്രം ശേഖരിച്ചു പ്രസിദ്ധീകരിക്കുകയും മറ്റുള്ളവയെ അഗ്നിദേവനു സമർപ്പിക്കുകയും ചെയ്യട്ടെ.

വട്ടക്കണ്ണുംവഴിക്കുള്ളകിഴുകളതുകുത്തീട്ടു ചെമ്മണ്ണു ചേരും
മൊട്ടക്കൊമ്പുംകുളമ്പും കുടിലനുടെ തുളുമ്പുന്നവമ്പുംകൊടുമ്പും
കട്ടപ്പൂവാലുമെന്നീവകകലരുമൊരീകൂറ്റനെക്കാണ്‍കിലുള്ളം
ഞെട്ടിപ്പോം കല്ലു തിന്നീടിലുമുടനെ ദഹിക്കുംദഹിക്കാത്തവന്നും
വട്ടച്ചൂട്ടുംകുനുട്ടും വലിയതലയെടുപ്പുംനടപ്പുംവെടിപ്പും
പൊട്ടിച്ചുള്ളഞ്ജനക്കല്പൊടിയൊടുകിടയാം വങ്കറുപ്പുംനിരപ്പും
പൊട്ടിച്ചോരുന്നഗർവും ശിവശിവശിവനേ പൈക്കളെചെന്നുകുത്തി-
കുട്ടിച്ചോരംവരുത്തുന്നിവനുടെതടിയും താടയുംപേടിയാകും
ധൂർത്തോടിദ്ധൂളിധൂളിച്ചരമിഹചുരമാന്തിപ്പുളച്ചുംതിളച്ചും
നേർത്തോടിച്ചെന്നുനേരിട്ടിണയൊടുടനടുത്തെത്തിയുംകുത്തിയിട്ടും
കൂത്താടിക്കൂസൽവിട്ടും കൊടിയമദമൊപ്പൈക്കളോടൊത്തുകാമ-
ക്കൂത്താടിക്കൊണ്ടുനില്ക്കുന്നവനിതൊരുടയാക്കൂറ്റനോകൂറ്റനത്രേ
ഗളതലമണിയുംമണിയും
കിണികിണിരവവും മിനുത്തതടിയുംതടിയും
ക്ഷണമൊരുനടയുംനടയും
പണിപണിപറവാനിതോൎക്കിൽമിനുസംമിനുസം
വിക്രമനിവനെക്കെട്ടും-
നല്ക്കയറുംപൊന്തിടുന്നപൂഞ്ഞിക്കെട്ടും
പൈക്കളൊടുള്ളൊരുകെട്ടും
മുക്രയുമുചിതംമുഴങ്ങുമിദ്ദിക്കെട്ടും.

ഇങ്ങനെ കൃതി കുലുക്കിവരുന്ന മൂരിക്കുട്ടന്റെ വർണ്ണന സരസമെങ്കിലും അവന്റെ ശൃംഗാരത്തെ പ്രചരിപ്പിക്കുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള ഉദ്യമം ഒരിക്കലും സമുദായക്ഷേമകരമല്ല.

കണ്ണാടിക്കൊത്തൊരോമൽക്കവിളിലണിമുലപ്പാലൊലിപ്പിച്ചുകൊങ്ക-
ക്കണ്ണുംകൈകൊണ്ടുഞെക്കിജ്ജനനിയുടെമുലപ്പന്തുമെല്ലെപ്പിതുക്കി
കണ്ണൻകൊഞ്ചിക്കുഴഞ്ഞങ്ങവൾമടിയിലൊതുങ്ങിക്കിടന്നല്പമോട്ട-
ക്കണ്ണേയ്പിക്കുംനറുമ്പാൽകുടമതിനുകണക്കെന്നിയേകൈതൊഴുന്നേൻ
ചോപ്പുംചോരത്തിളപ്പും ചൊകചൊകവിലസിത്തത്തുമത്തപൂതങ്ക
ക്കോപ്പൂംകൊണ്ടൽക്കറുപ്പുള്ളണികഴല്ലമണിത്തിങ്കളുംതിങ്ങൾതോറും
പൂപ്പുംമുന്നാൾപടുപ്പിട്ടിവപെടുമിളമാൻതയ്യൽതൻമെയ്യിനുള്ളോ-
രേപ്പുല്ലാസാലുലഞ്ഞോന്നകമലരിലലഞ്ഞാനുലഞ്ഞാനുഭാരം
ക്രീഡിച്ചുംകീരവാണീമണികളൊടിടയിൽകൈക്കൽ നെയ്‍പാലിതെല്ലാം
മേടിച്ചും കട്ടശിച്ചും പ്രണതരിലലിവിൻനീർതുളിച്ചും തുണച്ചും
കൂടിച്ചും പാണ്ഡവൎക്കുന്നതി കരുനിരയെത്തക്കമോർത്തങ്ങുകണ്ടിൽ
ച്ചാടിച്ചും വാണഗോപീജനസുകൃതസുഖക്കാതലേക്കൈതൊഴുന്നേൻ
കണ്ണാചാടിക്കളിച്ചാലൊരുതവിനറുനൈ തന്നിടാം പാടിവണ്ണം
വർണ്ണിച്ചാലുണ്ടുരിപ്പാലൊരുകറിയൊരുകൊച്ചുമ്മയമ്മയ്ക്കുതന്നാൽ
ഉണ്ണിക്കാകണ്ഠമേകാം പുതുമധുപൊളിയല്ലെന്നു മാതാവുരച്ചാൽ
തിണ്ണംചാടാൻതുടങ്ങുംകൊതിയുടെനിധി സാപ്പാട്ടുരാമൻസഹായം
പോരാടിപ്പണ്ടുപോത്താംമനുജനുടെകടുംചോരകോരിക്കുടിച്ച-
ങ്ങാറാടിത്തച്ചുകീറിക്കടലുടലിലണിഞ്ഞാർത്തുകൊണ്ടാത്തമോദം
പാരിൽശ്രീകോടിലിംഗാലയമടിയരുളും ഭദ്രതൻഭദ്രമേകം
ചാരുശ്രീചേവടിത്താരകതളിരിലണച്ചയ്‍മ്പിൽഞാൻകുമ്പിടുന്നേൻ.
നീലക്കാറുംനിലാവും തിറമുടയനിശാനാഥനുംനിസ്തുലശ്രീ
ബാലാൎക്കാരുണ്യമൊത്തുള്ളുടലുമമലസമ്മുത്തുമുള്ളൊത്തമുത്തും
കോലും കാരുണ്യസത്തും പലതിഹവിലസും വാമദേവന്റെവാമാ-
ങ്കാലങ്കാരം കനിഞ്ഞെൻ കരളിലിഹകളിച്ചിടണം കാന്തിയോടും.
കാന്താനന്ദസ്വരൂപിൻഗള മണിമണിമാണിക്യമംഗല്യശോഭാ
സന്താനശ്രീനിവാസശ്രീതജനഹിതസന്ധാനസന്താനശാഖിൻ
സ്വന്താനന്താഹിതല്പസ്ഥിതിസകലജഗന്നാഥ!നന്ദിച്ചൊരോമൽ
സന്താനം തന്നുരക്ഷിച്ചരുളുകയിഹമാം സംഗമേസംഗമേശാ.

എന്നിങ്ങനെയുള്ള നിരവധി വന്ദനശ്ലോകങ്ങളും,

ഉണ്ടെന്നും വിബുധദ്വിജാദികൾസമീപേ ദാനശീലുത്വവും
രണ്ടാൾക്കും ശരിശൈലുസിന്ധുവരനുംഞാനും സമാനംപരം
ഉണ്ടേവം സുരദാരുവിന്നു തവ കല്പഭ്രാന്തിതൻ കാരണം-
കൊണ്ടോ കല്പകവൃക്ഷമെന്നതിനുപേർ ചൊല്ലുന്നിതെല്ലാവരും?
ഇന്നാരാണിവിടേയ്ക്കുനേരയി!ഭവദ്ദാനപ്രഭാവങ്ങൾകൊ-
ണ്ടിന്ദ്രാരാമമതിങ്കലർത്ഥികൾ കടക്കുന്നില്ല തന്നല്ലഹോ
ചെന്നാരുംപെരുമാറിടാഞ്ഞവിടെ വമ്പുറ്റും പുലിക്കൂടുമാ-
യ്‍മന്ദാരാഖ്യമരങ്ങളോരബതപുഴുക്കത്തിന്നൊഴുക്കുന്നിതോ.
കാളീതൃക്കരുണാരസാർദ്രചലിതാപാഗോളിഭൃംഗാവലി
ക്കാളീടും കളകാന്തിചേർന്നൊരുമലൎക്കാവാം ഭവാൻപാരിടം
കാളുംകൗതുകമോടുമത്ര വളരെക്കാലം വലാരാതിയെ
ക്കാളും കല്യതേയാടിവണ്ണമിനിയും ക്ഷോണീശ വാണീടണം.
മങ്ങാതങ്ങു മതംഗജാസകരുണാപാംഗാഖ്യമത്തഭൂമൽ
ഭംഗാരാമമതായിവണ്ണമിനിയും ഭംഗ്യാ ദയാവാരിധേ
അങ്ങാലംബനമാംജനത്തിനൊരുമാൽതിങ്ങാതെരക്ഷിച്ചുഭൂ-
രംഗാന്തേ സുഖമായ്‍വസിക്ക സുചിരം തുംഗാനുഭാവൻ ഭവാൻ.

ഇത്യാദി അസംഖ്യം സംഭാവനാപദ്യങ്ങളും ഉണ്ടല്ലോ. അവയെമാത്രം ചേർത്താൽതന്നെയും മഹാകവിപട്ടത്തിനു് അച്ഛനുംമകനും ഒരുപോലെ അർഹരായിത്തീരുന്നതാണു്.

‘പൂരബന്ധം’തന്നെയും ഏതാനും പദ്യങ്ങൾ ഒഴിച്ചാൽ വായിച്ചു രസിക്കാൻ കൊള്ളാവുന്ന ഗ്രന്ഥമാണു്. എനിക്കു കുത്തിട്ടു ചേർത്തിട്ടുള്ള മൂരിശൃംഗാരപദ്യങ്ങളോടുമാത്രമേ വഴക്കുള്ളു. അവയെ നശിപ്പിക്കേണ്ടകാലം ആസന്നമായിരിക്കുന്നു. പ്രസാധകന്മാർ എന്തിനു് ഇങ്ങനെ ചില ദിക്കുകളിൽ കുത്തിട്ടു എന്നുള്ളതു മനസ്സിലാകുന്നതേയില്ല. മുഴുവനും പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ സമീപ പ്രദേശങ്ങൾ ഒഴിച്ചുള്ള ദിക്കുകളിൽ അധിവസിക്കുന്നവരെങ്കിലും ഈ പേരുകളെല്ലാം കേവലം സാങ്കല്പികങ്ങളാണെന്നു വിചാരിക്കുമായിരുന്നു. ഇപ്പോഴങ്ങനെയല്ല. കന്യാകുമാരിമുതൽ ഗോകർണ്ണം വരെയുള്ളവൎക്കൊക്കെ കുത്തിട്ടിട്ടുള്ള സ്ഥലങ്ങളിലെ വാക്കുകൾ എന്തെല്ലാമെന്നറിയാം. ആ പദ്യങ്ങളെല്ലാം സംരക്ഷിക്കത്തക്കതാണെന്നു പ്രസാധകന്മാൎക്കു വിശ്വാസമുണ്ടെങ്കിൽ അവർ എന്തുകൊണ്ടു മുഴുവനും പ്രസിദ്ധീകരിക്കുന്നില്ല?

വെണ്മണികൃതികളെപ്പറ്റി അഭിജ്ഞോത്തമനായ ടി. കെ. കൃഷ്ണമേനോനവർകൾ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമാണു്.

“മൂക്കാലുംമൂഢരാണിജ്ജഗതിബുധജനം ദുർല്ലഭംനല്ലഭാഗ്യം
തൽക്കാലംകേട്ടുകൊണ്ടാടുവതറികമഹാ മൂഢരാണൂഢരാഗം

എന്നു നമ്പൂരിപ്പാട്ടീന്നു (മകൻ) അംബോപരദശത്തിന്റെ അവസാനത്തിൽ പറഞ്ഞിട്ടുണ്ടു്. കല്പിച്ചുണ്ടാക്കീട്ടോ അല്ലാതെയോ ഇദ്ദേഹം ഇവരുടെ രസത്തെ വേണ്ടതിലധികം ഗണിച്ചിരുന്നു എന്നു തോന്നുന്നു.

അർത്ഥഭംഗിയേക്കാളധികം ശബ്ദഭംഗിയേയാണു് ഇദ്ദേഹം ദീക്ഷിച്ചുവന്നതു്, പ്രാസാനുപ്രാസങ്ങൾ കൂടാതെയുള്ള ശ്ലോകങ്ങളെ കാണ്മാൻ പ്രയാസം.

‘മഹാമൂഢന്മാർ കേട്ടുകൊണ്ടാടുവാൻ’ വേണ്ടീട്ടോ അല്ലാതെയോ കാവ്യനാടകാലങ്കാരങ്ങൾ വായിച്ചിട്ടുള്ള രസജ്ഞന്മാരാൽ സഹിക്കപ്പെടാത്തവയായ തെറ്റുകൾ നമ്പൂരിപ്പാട്ടിനു തന്റെ കൃതികളിൽ വരുത്തീട്ടുമുണ്ടു്. പദ്യപ്രബന്ധങ്ങളെ സംബന്ധിച്ചു് ഒരു ശിക്ഷാനിയമം ഉണ്ടാക്കുന്നതായാൽ ഏതെല്ലാം വകുപ്പിൽ എപ്രകാരം ഇദ്ദേഹം കുറ്റക്കാരനായിവരുമെന്നു പറവാൻ ഒരുങ്ങുന്നില്ല. ഓരോ കൃതികളുടെ അംഗങ്ങൾക്കു വേണ്ട താരതമ്യങ്ങളോടുകൂടീട്ടു് ഇദ്ദേഹം ഒരു കൃതിയെങ്കിലും പൂർത്തിയാക്കീട്ടില്ല. നാടകസിദ്ധാന്തങ്ങൾ പ്രകാരം വിചാരിക്കുന്നതായാൽ ഇദ്ദേഹത്തിന്റെ ഒരു നാടകത്തിനെങ്കിലും ആ പേരിനുള്ള അർഹതിയില്ല.”

***

“ഇദ്ദേഹത്തിന്റെ കൃതികൾകൊണ്ടു് ഒരു ഉദ്ദേശസിദ്ധിയും ഉണ്ടാകുന്നില്ല. ജനങ്ങൾക്കു കൃത്യോപദേശം ചെയ്തു് അവരെ അശുഭകർമ്മങ്ങളിൽ വിമുഖരാക്കി സദൃത്തരാക്കുന്നതിനു് ഇദ്ദേഹം ശ്രമിക്കകൂടി ചെയ്തിരുന്നില്ല. ഇതു വലിയ കവികളുടെ കൃത്യങ്ങളിൽ ഒന്നാണെന്നു ഇദ്ദേഹം അറിഞ്ഞിരുന്നോ എന്നുതന്നെ സംശയമാണു്. അംബോപദേശം, ഭാണം, പൂരപ്രബന്ധം പല ഒറ്റ ശ്ലോകങ്ങൾ ഇവ നോക്കുമ്പോൾ സാധാരണ ദുഷ്കവിത എന്നു നാം പറയുന്നതിൽ ഇദ്ദേഹത്തിനു അധികപക്ഷം ഉണ്ടായിരുന്നുവെന്നു പറകവേണ്ടിയിരിക്കുന്നു.”

മി. ടീ. കേ. കൃഷ്ണമേനോൻ ഇങ്ങനെ വെണ്മണി മഹന്റെ കാവ്യദൂഷ്യങ്ങളെ ചൂണ്ടിക്കാണിച്ചുവെങ്കിലും, ഗുണങ്ങളെ വിസ്മരിച്ചിട്ടില്ല. അദ്ദേഹം തുടരുന്നു;- ‘തൻഭാഷാതന്വിയെക്കേരളമനുജർ വെടിഞ്ഞിട്ടുമുക്കാലുമിപ്പോൾ, വമ്പാളും ഹൂണഭാഷാവനിതയെ വശമാക്കുന്ന’ ഇക്കാലത്തു് മലയാളഭാഷയ്ക്കു അഭൂതപൂർവ്വമായ് കണ്ടുവരുന്ന ഒരു പ്രചാരമുണ്ടാക്കുന്നതിനു് ഇദ്ദേഹം വളരെ പ്രയത്നിച്ചിട്ടുണ്ടു്, ഇതിനു സംശയമില്ല; പണ്ഡിതപാമരന്മാർ ഒരുപോലെ കൊണ്ടാടുന്നതു നമ്പൂരിപ്പാട്ടിലെ കൃതികളെയാണെന്നു സർവ്വസമ്മതമാണല്ലോ. ‘വാസനാബലത്താൽ കവിതയുണ്ടാക്കി സഹൃദയഹൃദയാഹ്ലാദം ചെയ്യുന്ന ഭാഷാകവീകളിൽ അഗ്രേസനായ് ഗണിക്കേണ്ടതു വെണ്മണിനമ്പൂരിയെത്തന്നെയാകുന്നു–എന്തു സ്ഖലിതങ്ങൾ ഉണ്ടായിരുന്നാലും ഇദ്ദേഹത്തിന്റെ പദ്യങ്ങളിൽ അഭിരുചിതോന്നാതിരിക്കുവാൻ പ്രയാസമാണു്. ഇദ്ദേഹത്തിന്റെ മനോധർമ്മത്തിന്റെ പ്രവാഹത്തിനു ഒരു തട്ടുവരുന്നില്ല. മറ്റൊരുകവി ശങ്കിക്കുന്ന ദിക്കിൽ ഇദ്ദേഹം എന്തെങ്കിലും തട്ടിമൂളിക്കും. സരസ്വതീപ്രസാദത്താൽ അതു ബഹു സരസമായിരിക്കയും ചെയ്യും.”

വെണ്മണി സാഹിത്യത്തിനുള്ള വിശിഷ്ടലക്ഷണങ്ങൾ താഴെപ്പറയുന്നവയാണു്.

  1. പൂർവ്വകവിചുംബിതങ്ങളല്ലാത്ത ഏതെങ്കിലും ഭാവം മിക്ക ശ്ലോകങ്ങളിലും ഉണ്ടായിരിക്കും.
  2. സ്നിഗ്ദ്ധമായ പദഗുംഫനരീതി—യതിഭംഗത്തിനു കുറവില്ലെങ്കിലും, അതുകൊണ്ടു വലിയ അഭംഗി തോന്നുകയില്ല.
  3. ശ്രവണമാത്രത്തിൽതന്നെ അർത്ഥബോധം ഉണ്ടാകത്തക്കവണ്ണമുള്ള പ്രസന്നത.
  4. ദൂരാന്വയാദി അർത്ഥഗ്രഹണപ്രതിബന്ധകികളായ ദോഷങ്ങളുടെ അഭാവം.
  5. നമ്പ്യാരെപ്പോലെ കവിതകളിൽ സംഭാഷണശൈലികൾ പ്രയോഗിക്കുക.
  6. അനുപ്രാസങ്ങൾ നിയമേന എല്ലാ പദ്യങ്ങളിലും പ്രയോഗിച്ചു് ശ്രവണസുഖം വർദ്ധിപ്പിക്കുക.
  7. ബാഹ്യപ്രകൃതിയെ സുസൂക്ഷ്മമായി നിരീക്ഷണം ചെയ്തു് ചമൽക്കാരജനകമാംവണ്ണം തന്മയത്തോടുകൂടി ചിത്രണംചെയ്യുന്നു.
  8. അഭ്യന്തരപ്രകൃതിയെ വർണ്ണിക്കുന്നതിലുള്ള പാടവമില്ലായ്മ.
  9. ഛായാചിത്രണവൈദഗ്ദ്ധ്യം.
  10. സംബോധനകളുടെ വൈശിഷ്ട്യം.
  11. ഫലിതപ്രയോഗചാതുരി.

ഈ ഒടുവിൽ പറഞ്ഞ രണ്ടു വിശിഷ്ടതകളേക്കുറിച്ചു് അല്പം ഉപന്യസിക്കേണ്ടിയിരിക്കുന്നു. ഒറ്റ വാക്കുമുതൽക്കു് മൂന്നു വരികളോളം ദൈർഘ്യമുള്ള സംബുദ്ധികൾ വെണ്മണികൃതികളിൽ കാണാം.

  1. പൊന്നിൻകേഴക്കിടാവിൻ കഴലതൊരുപെരുംപാമ്പുമന്ദം വിഴുങ്ങി ത്തിന്നുമ്പോൾക്കേണുനോക്കും മിഴിയതിലഴകേറുന്നലോലായരാക്ഷീ.
  2. തേൻപൊട്ടിച്ചേർത്തൊലിക്കും മൃദുതരമൊഴികൊണ്ടിന്നുയൂനാംഹൃദന്ത- ക്കാമ്പാട്ടീടുന്നകോണ്ടൽകുഴലണിമണിമാർ കുമ്പിടുംതമ്പുരാനേ.
  3. കൂടുംപേടികലർന്നു കാനനനടുക്കാപ്പെട്ടു പാരം വല- ഞ്ഞോടുമ്പോൾമൃഗചഞ്ചലാഞ്ചിതമിഴിക്കൊക്കുംമിഴിത്തയ്യലേ.
  4. ഉമ്പർകോനുടയകൊമ്പനാനയുടെകുംഭവുംകനകകംഭവും കുമ്പിടുന്നകുചകുംഭമുള്ളവരിൽമുമ്പുതേടിവിലസുംപ്രിയേ.

ഈമാതിരി സംബുദ്ധികൾ ചിലൎക്കൊക്കെ രസിച്ചുവെന്നുവരാം. എന്നാൽ സുന്ദരിയായ നായികയേ ‘വമ്പെഴും കൊമ്പനാനേ’ എന്നൊക്കെ വിളിക്കുന്ന രീതി ഇന്നുള്ളവൎക്കാൎക്കും രസിക്കയില്ലെന്നുള്ളതു തീർച്ചതന്നെ.

വെണ്മണിമഹൻ പ്രാർത്ഥനാപദ്യങ്ങളിൽപോലും ഫലിതം തട്ടിവിടാറുണ്ടായിരുന്നുവെന്നു മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. അച്ഛനും മകനും ഒരുപോലെ ഫലിതക്കാരായിരുന്നു.

ഒരിക്കൽ ഒരു സദ്യയ്ക്കു് അച്ഛൻനമ്പൂരിപ്പാടു് ഉണ്ണാനിരുന്നു. അദ്ദേഹം ശൎക്കരപ്പായസം തൊടാതെ പാൽപായസം മാത്രം ഉണ്ണുന്നതുകണ്ടിട്ടു് പൂന്തോട്ടം ചോദിച്ചു; “വെണ്മണി കറക്കുമെന്നു പേടിച്ചായിരിക്കുമോ ശൎക്കരപ്പായസം തൊടാത്തതു്”. “പൂന്തോട്ടു് പാലല്ലായിരിക്കാം കറക്കുന്നതു്”എന്നു അച്ഛൻനമ്പൂരിപ്പാടു് ഉടൻ മറുപടി പറഞ്ഞു.

ഇട്ടീരിമൂസ്സിനു് നാണുപ്പട്ടർ എന്നൊരു കുട്ടിപ്പട്ടരുണ്ടായിരുന്നു. അയാളുടെ ബീഭത്സവേഷവുംമറ്റും മകൻനമ്പൂരിപ്പാട്ടിലേക്കു പിടിച്ചുവന്നിരുന്നില്ല. ഒരുദിവസം അയാൾ ദിവാൻജി അവർകളുടെ അടുക്കൽ ഏതോ കാര്യത്തെപ്പറ്റി ശുപാർശചെയ്തുകൊടുക്കണമെന്നു നമ്പൂരിപ്പാടിലേ അടുക്കൽ അപേക്ഷിച്ചു. അയാളെ ചെണ്ടകൊട്ടിക്കാൻ അതൊരു നല്ല അവസരമെന്നു കരുതി, ‘തോണിപ്പള്ളയ്ക്കു തുല്യം’ ഇത്യാദി മുൻപു് ഉദ്ധരിച്ചിട്ടുള്ള ഛായാശ്ലോകം എഴുതിക്കൊടുത്തു. പട്ടർ ആ കത്തു യഥാകാലം ദിവാൻജിയുടെ പക്കൽ ഏല്പിച്ചു. അദ്ദേഹം അതു് വായിച്ചുനോക്കിയിട്ടു് ‘ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം പരമാർത്ഥമാണോ’ എന്നു ചോദിച്ചു. “എജമാനനേ! അതിൽ പറയുന്നതെല്ലാം ശരിയാണു്. എന്നു സാധുപ്പട്ടർ പറഞ്ഞപ്പോൾ, ഗംഭീരപുരുഷനായ ദിവാൻജി അറിയാതെ പൊട്ടിച്ചിരിച്ചുപോയി.

പേരകത്തുകോയിക്കൽ ഗോദവർമ്മൻതിരുമുല്പാടു്

വെണ്മണിക്കമ്പിനിയിലെ ഒരു അംഗമായിരുന്നു. അദ്ദേഹത്തിന്റെ ഒറ്റശ്ലോകങ്ങളിൽ പലതും പ്രസിദ്ധമാണു്.

കടത്തിന്മേൽവെള്ളം കുടുകുടെയൊഴിച്ചാലുമകമേ
കടക്കില്ലെന്നല്ലോ ബുധമതമതിൻവണ്ണമയി തേ
മടുത്തേൻവാണീ നിൻ മതിയിലിനിയും മന്മൊഴിയഹോ
കടക്കുന്നില്ലെന്നുംകനിവുമറിയാറായി ദയിതേ
എണ്ണംകൂടാതെകൂട്ടക്കതിന വെടിതുടങ്ങീ നടുങ്ങീ ദിഗന്തം
തിണ്ണംപൊട്ടിപ്പെളിഞ്ഞായതുചിലതു തെറിച്ചു വിറച്ചു ദിഗന്തം
വണ്ണംകൂടുന്നപാണ്ടിദ്വിജ വയർ വിഭജിച്ചു ഭവിച്ചു തദന്തം
കണ്ണിൽകണ്ടേനിവണ്ണം പലതുമിഹ കുറയ്ക്കാതുരയ്ക്കാമുദന്തം.
ആരോമൽത്തയ്യലാളോ മരിയൊരുനറുതേൻവാണി സർവാണിയായി
ട്ടോരോരോ നേരുകേടങ്ങനെ തുടരുകയാലന്തരംഗാന്തരാളേ
വേരോടിച്ചാരുവായ്‍ത്തീർന്നൊരു മമത മനം വെന്തുപോയെന്തുചെയ്യാ-
മീരോഷാഗ്നിപ്രപാതേ മതിമതിമമതേ ബാന്ധവം ബന്ധുരാംഗീ.
കറുത്തപാറ ദാമോദരൻനമ്പൂരി

വെട്ടത്തുനാട്ടിനു സമീപം ആലത്തിയൂർ ഗ്രാമമായിരുന്നു നമ്പൂരിയുടെ ജന്മദേശം. 1021-ൽ ജനിച്ചു. രാമൻചോമാതിരിപ്പാടായിരുന്നു പിതാവു്. കൊച്ചി, മലബാർ എന്നീ ദേശങ്ങളിൽ ഉള്ള പലേ വിദ്വാന്മാരുടെ അടുക്കൽനിന്നു കാവ്യാലങ്കാരാദികളും തൎക്കം വ്യാകരണം വേദാന്തം മുതലായ ശാസ്ത്രങ്ങളും നല്ലപോലെ അഭ്യസിച്ചു് ചെറുപ്പത്തിൽതന്നെ പ്രൗഢപണ്ഡിതനെന്ന പേർ സമ്പാദിച്ചു. കാവ്യരചന അദ്ദേഹത്തിനു കേവലം വിനോദമായിട്ടാണിരുന്നതു്. ഭാഷയിൽ അക്ഷയപാത്രാദി ആറു നാടകങ്ങളും രുഗ്മിണീസ്വയംവരം മണിപ്രവാളവും ഇദ്ദേഹം രചിച്ചിട്ടുണ്ടു്. കവിഭാരതത്തിൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ അദ്ദേഹത്തെ ശല്യരാക്കി കല്പിച്ചിരിക്കുന്നു. ആ ശ്ലോകം ഉദ്ധരിക്കാം.

ഇയ്യൂഴത്തിലണഞ്ഞിടുന്നകവിതക്കാരായപോരാളിമാർ
പെയ്യുംപദ്യശരപ്രപഞ്ചമതുകൊണ്ടൊട്ടുംസഹിക്കാതെപോയ്-
മയ്യന്യേ മതിയാക്കിടാതെ കവിതാബാണപ്രയോഗങ്ങളാൽ
കയ്യൂന്നുന്ന കറുത്തപാറ കൃതിയിൽ ചൊല്ലാർന്നശല്യൻ ദൃഢം.
കുട്ടിക്കുഞ്ഞുതങ്കച്ചി

കേരളത്തിലെ ഏറ്റവും പേരുകേട്ട കവികളിൽ ഒരുവനെന്നു സർവ്വജനസമ്മതനായ ഇരയിമ്മൻതമ്പിയുടെ സുകൃതവല്ലിയിൽ അങ്കുരിച്ച ഒരു സുരഭിലപ്രസൂനമാണു് കിഴക്കേമഠത്തിൽ കുട്ടിക്കുഞ്ഞുതങ്കച്ചി. 995-ൽ ആയിരുന്നു അവരുടെ ജനനം. ഏഴാംവയസ്സിൽ വിദ്യാരംഭം നടന്നു. അല്പകാലത്തിനുള്ളിൽ എഴുത്തും വായനയും വാക്യവും പരല്പേരുമൊക്കെ വശമാക്കിയിട്ടു് ഹരിപ്പാട്ടുകൊച്ചുപിള്ളവാരിയരുടെ അടുക്കൽ സംസ്കൃതം അഭ്യസിച്ചുതുടങ്ങി. എന്നാൽ പ്രധാന ഗുരു പിതാവുതന്നെ ആയിരുന്നു.

ധീമാൻവിദ്വജ്ജനാഢ്യോ ഗുരുരപി രവിവർമ്മാഭിധോ മൽപിതുർയ-
സ്സീമാതീതാനുകമ്പാപ്രഭവതു ജനനീഭാവുകംപൈത്യസദാ മേ

എന്നു പാർവ്വതീസ്വയംവരം ആട്ടക്കഥയിലും.

അത്യാദരേണ വിദുഷാമമലാശയാനാം
മഗ്രേസരേണഗുരുണാ രവിവർമ്മനാമ്‍നാ
അദ്യാഹമത്രഭവിതും സമനുഗ്രഹീതാ
തസ്യാംഘ്രിമാശു കലയേ മമജന്മഹേതോഃ

എന്നു ശ്രീമതീസ്വയംവരം ആട്ടക്കഥയിലും,

പ്രഖ്യാതിചേർത്തുകവനേ രവിവർമ്മനാമ്‍നാ
വിഖ്യാതവാൻ ജനകനും തുണചെയ്കനിത്യം

എന്നു മിത്രാസഹമോക്ഷത്തിലും മുഖ്യഗുരു എന്ന നിലയിൽ ഇരയിമ്മൻതമ്പിയേയാണു് വാഴ്ത്തിക്കാണുന്നതു്.

“ബാഹുലേയപദസേവനലോലം
ഭാവയേ ഗുരുവരം കണോബ്ധിം”
“ശ്രീബാഹൂലേയ ഭജനൈകപാരായണാഢ്യം
ശ്രീമാനുവിശിഷ്ടഗുണവാൻ ഗുരുനാഥനുംമേ”

എന്നിങ്ങനെ ഹരിപ്പാട്ടു കൊച്ചുപിള്ളവാര്യരും ഭക്തിപൂർവ്വം സ്മരിക്കപ്പെട്ടിട്ടുണ്ടു്.

സംസ്കൃതത്തിൽ കാവ്യനാടകാലങ്കാരങ്ങൾവരെ ഈ ഗുരുക്കന്മാരിൽനിന്നു് പ്രസ്തുത മഹതി അഭ്യസിച്ചു. അതിനിടയ്ക്കു സംഗീത പരിശീലനവും ചെയ്തുകൊണ്ടിരുന്നു. സ്വാതിമുതല്ക്കു മൂലംതിരുനാൾ വരെയുള്ള വഞ്ചിമഹീന്ദ്രന്മാരെല്ലാം അവൎക്കു വിലയേറിയ പാരിതോഷികങ്ങൾ നല്കീട്ടുണ്ടു്.

1.പാർവതീസ്വയംവരം ആട്ടക്കഥ
മംഗലാംഗിമാരണിയുംമൗലിരത്നമേ
തുംഗലാവണ്യതാരുണ്യരംഗമേ
ഇന്ദുബിംബാനനേ ഘോരമിന്നിയമമാചരിപ്പാൻ
ഇന്നുമോഹമെന്തോമലേ!വർന്നുളവായതുബാലേ?
നീലവേണി ചിടയാക്കി മൂലമെന്തതിനുംപാൎക്കിൽ?
മാലധിംപൂണ്ടുമെയ്യോ മാനിനീവാടീടുന്നല്ലോ.
2. ശ്രീമതീസ്വയംവരം ആട്ടക്കഥ
കല്യാണിചെമ്പട
മന്ദാനിലാതിശിശിരേ മധുഗന്ധലുബ്ധ
ഭൃംഗാവലീഛശുരിതകന്ദസുമഭിരാമേ
ഏകാന്തരമ്യവരകഞ്ജകടീരദേശേ
കാന്താമുവാചനൃപതിസ്സ കദാചിദേവ.
  1. ഫല്ലാംഭോരുഹതുല്യവിലോചനേ കല്യാണീ ശൃണു ഭാഷിതം.
  2. വല്ലഭേ! വരികനീ വൈകാതെ മമാന്തികേ ഫല്ല
  3. വില്ലാളിപ്രവരനാം മല്ലീസായകൻ പട വില്ലുംകുലച്ചടുത്തു മമ സവിധേ നല്ലസൂനബാണങ്ങൾനലമോടേ ചൊരിഞ്ഞതി ലല്ലൽവളർത്തുന്നതും ചൊല്ലാവതോസുദതി- ഫല്ല ശരദിന്ദുസദൃശമാം തവ മുഖാംബുജേ ചിന്തും മധുരസപിപാസുവായ്‍മരുവുമെന്നെ വരതനു മദഗജവരകുംഭംതൊഴുംനിന്റെ കുചകുംഭമതിൽചേർത്തു കരു പരിരംഭണം ഫല്ല കൊണ്ടലണിക്കുഴലി! കണ്ടാലുമിതാ മധു- വുണ്ടു മലർനിരയിലുരുകതുകം പൂണ്ടുടൻമദിച്ചെങ്ങും മണ്ടിടുന്നിഹ വരി വണ്ടുകളതിമോദമുണ്ടാം കണ്ടാലധികം കളഹംസവരചാരുഗമനേ സാംപ്രതം ബാലേ കളക മന്ദാക്ഷമെല്ലാം കനിവൊടു നാം കളവാണീമണേ പാരം കുതുകമോടലർബാണ കളിയാടുവതിനിന്നു കളയായ്ക വൃഥാകാലം. ഫല്ല

3. മിത്രാസഹമോക്ഷം ആട്ടക്കഥ
കാമോദരിചെമ്പട
മന്ദോന്മീലൽസുഗന്ധീം മൃദുമലയജഗൽപ്രാണവിക്ഷിപ്തമല്ലീം
ചഞ്ചദ്ധൂളീകലാപാം നവസുരഭിസുമവ്രാദസഞ്ജാതശോഭാം
അത്യന്തേനാശു കൂജൽ പരഭ്രതമധുരലോപസമ്പൂരിതാശാം
കാന്താംകാന്താരലക്ഷ്മീം സ തു നൃപതിരവേക്ഷ്യാഹ കാന്താംകദാചിൽ
അരുണാധരിമമാരണിമണി വരികെന്നരികേ കല്യാണി
ഹരിണാക്ഷീജനമാകവേ വന്നിങ്ങടിതൊഴുമംബുജമുഖി മമ ദയിതേ
കണ്ടാലും കളകണ്ഠി മയൂരംകലയതിംലാസ്യം കലിതമുദാരം
കണ്ടിഹ നിൻമുഖചന്ദ്രമപാരം പൂണ്ടീടുന്നഴൽകോകിനികരം. കവലയസുരുചിരകോമളനയനേ കോകിലവാണിസുധാകരവദനേ
നവസുമസൗരഭപരിമൃദുശയനേ നലമൊടുമരുവുക ഗുണഗണസദനേ
മാടണിമുലമാർമണി ശുഭദന്തി മാരനുമിന്നിഹ മമപരിപന്ഥി
ഗാഢമഭിരമയമാംമദദന്തി പ്രൗഢസമാനഗതേ മദയന്തീ.

മൂന്നാട്ടക്കഥകളും ഇപ്പോൾ പ്രചാരമുള്ളവയല്ലെന്നിരുന്നാലും കാവ്യഗുണം തികഞ്ഞവയാണു്.

4. ശിവരാത്രിമാഹാത്മ്യം
5. സീതാസ്വയംവരം തിരുവാതിരപ്പാട്ടുകൾ
6. നാരദമോഹനം
7. കിരാതം കുറത്തിപ്പാട്ടുകൾ
8. നളചരിതം
9. ഗംഗാസ്നാനം തുള്ളൽ
ആയില്യംതിരുനാൾ മഹാരാജാവിന്റെ കാശിയാത്രയെ അധികരിച്ചു് എഴുതിയതാണു്. അതി സരസമായ ഒരു കൃതിയാകുന്നു.
കനക്കുംകാന്തിവൃന്ദത്തെ—ഭരിക്കും കളുർമതിയെ
ദ്ധരിക്കും ഭൂതേശൻതന്നെ—സ്മരിക്കുംലോകാർത്തിയെസം-
ഹരിക്കും സർവ്വജ്ഞനീശൻ—വഹിക്കും ഗംഗയിൽസ്നാനം
കഴിച്ചുവാരാണസിയിൽ—ഗമിച്ചു ദുർല്ലഭതീർത്ഥം
ലഭിച്ചുപോരുവാനുള്ളി—ലുറച്ചോരുവഞ്ചീന്ദ്രന്റെ
മികച്ച ഘോഷയാത്രയിൽ—ഭവിച്ചോരാഡംബരത്തെ
കഥിച്ചാലില്ലവസാനം.
വിളങ്ങുംശോഭകൊണ്ടേറ്റം തിളങ്ങും ഹാരങ്ങൾപാര
മിണങ്ങും മുഖമതിയോ ടിണങ്ങും കാളികാഭൂരി
ഗുണങ്ങളേറുന്നരത്ന ഗണങ്ങൾചേരുമോരോഭൂ–
ഷണങ്ങളോടനേകം നാണിഭങ്ങൾ സംഖ്യയില്ലാതെ
ധനങ്ങൾ മറ്റുമങ്ങോരോ വിധങ്ങളേവം സാമാന
ഗണങ്ങളൊട്ടല്ലനേകം.
10. തിരുവനന്തപുരം സ്ഥലപുരാണം
11. വയ്ക്കും സ്ഥലപുരാണം കിളിപ്പാട്ടുകൾ
12. അജ്ഞാതവാസം നാടകം.

ഈ കൃതികളെല്ലാം ഇപ്പോൾ അച്ചടിക്കപ്പെട്ടിട്ടുള്ളവയാക കൊണ്ടു് അവയിൽനിന്നു ഒന്നും ഉദ്ധരിക്കുന്നില്ല. എന്നാൽ പുസ്തകരൂപേണ പ്രസിദ്ധീകൃതങ്ങളല്ലാത്ത ഏതാനും കീർത്തനങ്ങളെ ചുവടേ ചേൎക്കുന്നു

കാമോദരി ആദി
  1. കാർത്ത്യായനീ മാം പാലയ സതതം കാൽത്തളിരിണവന്ദേ
  2. കാത്തരുളുക പരമേശ്വരിനീയേ യാർത്തജനാർത്തിയകറ്റുമമേയേ
  3. സകലകലാലയശശധരവദനേ ശാരദകന്ദമനോഹരരദനേ ശുകസനകാദിസുപൂജിതചരണേ സുരുചിരമൃദുഹസിതേ ശുഭകരണേ
  4. മഹിഷമഹാസുരമർദ്ദിനിയാംനിൻ മഹിമകളറിവതിനരുതരുതാൎക്കും മഹിതദയാംബുനിധേ തവകാൽത്താരടിയിണയൊന്നേ ഗതിമമപാർത്താൽ
  5. ക്ഷീരമഹാർണ്ണവശയനനതാകും സാരസനാഭസഹോദരിഗൗരി ക്ഷീരതടാകതടാലയവാസേ ശ്രീ മമ നൽകുകതവകഴൽതൊഴുതേൻ

ഇതു് തിരുവനന്തപുരത്തു പാല്ക്കുളങ്ങര ദേവിയെപ്പറ്റി ഉള്ളതാണു്.

കല്യാണി ആദി
  1. സാമജഹരഹരേ താവകപദസരസിജ യുഗമനുകലയേ—കമലനാഭ.
  2. കാമദംകല്യാണവനദാമമഭിരാമമൂർത്തേ ത്വാമധീനമഹീശശയനേമദ്വയം വാമതയൊഴിച്ചമിതമോദേന ഭജിക്കുമെന്റെ കാമമിതശേഷമയി ദേഹി ദേവേശകേശവ!
  3. കമലയാംകമനിയുമവനിയുംതലോടുന്ന കമലകോമളംതവചരണയുഗം ശമലനിവഹശാന്തിവരുത്തുവാൻ വസുന്ധര കമലകോമളനിത്യംകലയേകല്യാണംദേഹി.

പന്തുവരാളി—ചായ്പ്
  1. ആനന്ദരൂപഹരേ മമ ദേഹികല്യാണം ദയാംബുനിധേ ഭഗവൻ.
  2. ഊനംവിനാ ഭക്തലോകൎക്കു ള്ളസന്താപ ഹാനിചെയ്തഭീഷ്ടങ്ങളരുളിമലയിൻകീഴധിവസിക്കും പര മാന
  3. പൊൽത്താരിൽമാനിനിതന്നുടെ ഹൃത്തടത്തിൽവിലസുംതവ കാൽത്തളിരിണയതിലെന്നുടെ—മനം പ്രീത്യാവിളങ്ങുവാനെന്നുമെ ചേർത്തുകടാക്ഷിച്ചരുളണം—സർവ്വലോ— കാർത്തിനാശനദീനബന്ധോ ഗുണസിന്ധോ മുല്ലബാണാരിയാംദേവനും—വാണീവല്ലഭനുംസർവദാലംബനം ചൊല്ലാർന്നനിൻകൃപയേവനും—പാരിലുല്ലാസഹേതുമഹാധനം അല്ലലൊഴിഞ്ഞുസുഖമുളവാക്കുവാൻ മല്ലാരേ കനിഞ്ഞെന്നിലരുളീടുക തരസം പരം നീലമാംകുന്തളശോഭയും—കൃപകോലുമപാംഗവിലാസവും ചേലെഴുംശ്രീവനമാലയും—വരദാഭയാദ്യങ്കിതമായിടും നാലുതൃക്കൈകളും പീതമാംവസനവും നീലാംഭംതിരുമെയ്‍തൃക്കുഴലിണയു— മകതളിരിൽ വിളങ്ങണം. ആനന്ദ

നാട്ട ചായ്പ്
  1. സൂര്യകോടിസമപ്രഭാമകുടേപരിപാഹിമാം ശിവേ
  2. ശാരദപൂർണ്ണസുധാകരനിർഭരചാരുദ്യുതേ സകലാഗമരൂപിണി ചിന്മയേ ത്രിജഗന്മയേ ദിനമനുകലയേ ശുഭാലയേ മണിവലയേ പദയുഗളംതവ. സൂര്യ
  3. ചന്ദ്രികാമലകുന്ദചാതുരദേ കചനീരദേ കരുണാനിധേ ദേവിശാരദേ വരദേ ദുരിതതാപത്രയേ കൃപയാ പരി പൂരിതഭക്തമനോരഥേ ഗൗരി ഹരംപദം, തരു മേ മുദം ധുതാനല്പവികല്പേ ശ്രിതകല്പദ്രുമ കല്പേ തവ. സൂര്യ

കമാസ് ആദി
  1. പാഹി മോഹനാകൃതേ പരിപാഹി മാധവ
  2. ദേഹി മംഗലം സദം വസുദേവനന്ദന ദേവകീകിശോര ദേവദേവ മാം മുരഹര!
  3. പാവനകീർത്തേ സുമശയഭാസുരമൂർത്തേ പാലിതേഭരാജ സുജനപാലനൈകര!കൃപാപര പാഹി
  4. എരവിരിലെഭാവിതം യതീന്ദ്രപൂജിതം വരദ തേ പദാംബുജം നിവസതു സദാ മാനസേ മമ
  5. നീരധിശയനം ഘൃതനദീതീരനിലയനം നീരജാക്ഷ ഭജാമഹേ നവനീതകൃഷ്ണ ഭവന്തമച്യുതം പാഹി

സുരുട്ടി ആദി
  1. ശ്രീപവനപുരേശ പാഹിഹരേ ജനാർദ്ദന
  2. താപത്രയമൊഴിച്ചൻപൊടുനിൻ പാദസാരസഭക്തിയും മുക്തിയും ദേഹി മേ.
  3. കാൽത്തളിരിണകരുതിമാനസേ പേർത്തു ഭുജിപ്പവന്റെയഴൽ തീർത്തകതാരിലോർത്തമനോരഥം പൂർത്തിവരുത്തിനിന്റെഹൃദി ചീർത്തൊരു കൃപചേർത്തു കാത്തീടു ചിന്മയ കിം മനം തേ—എന്നിൽമാത്രംകനിഞ്ഞരുളീടാ യ്‍വതിനേതുമോർത്തറിയുന്നീലൊരുപിഴമാനസേ—പാഹി. ബന്ധുരാംഗഭവാനൊഴിഞ്ഞില്ലൊരുബന്ധു മേ പാൎക്കിലയ്യോ ദീന—ബന്ധു നീയെന്നുപാരിൽ ജനമുരചെയ്യുന്നതുംപൊയ്യോ?പുന— രന്തരംഗമഥവാ മദീയമധുനാ പരീക്ഷിക്കയോ?പര മന്തരീയകൃപാഹാനിഭവിക്കയോ?ഹന്ത തേ ബന്ധം നജാനേ. അമലതാപസവരനിഷേവിതമഖിലലോകേശം ഹൃത ശമലവാരിധിശയനംവസുന്ധരാകമലാജീവേശം ഭൂരി വിമലഭക്തജ്ഞാനാർത്തിശാന്തമനന്തംഭവന്തമീശം മമ സകലമാധിയുംവ്യാധിയുംതീർത്തുകാത്തരുളുവാൻ സുഖമനിശമാശ്രയേ പാ

ഈ വിദുഷീരത്നം 1083-ാമാണ്ടുവരെ ജീവിച്ചിരുന്നു. അവരുടെ കുടുംബത്തെ ശ്രീദേവി തെല്ലൊന്നു കടാക്ഷിക്കാതായിട്ടുണ്ടെങ്കിലും സരസ്വതീകടാക്ഷം ഇന്നേവരെ വിട്ടിട്ടില്ല. ഒരു പുത്രൻ ചിത്രകലയിൽ അതിവിദഗ്ദ്ധനായിരുന്നു. സംഗീതം, ഭരതനാട്യം ഇത്യാദി കലകളിലും വൈദൂഷ്യം നേടീട്ടുള്ളവർ ഇപ്പോഴുണ്ടു്.

ആയില്യംതിരുനാൾ മഹാരാജാവു്

വഞ്ചിരാജ്യത്തിനു മാതൃകാരാജ്യം എന്നു പേർസമ്പാദിച്ചുകൊടുത്ത ആയില്യംതിരുനാൾ രാമവർമ്മമഹാരാജാവുതിരുമനസ്സുകൊണ്ടു് 1007 മീനമാസത്തിൽ അവതരിച്ചു. അവിടുത്തേ പിതാവു് തിരുവല്ലാ ആലായക്കോട്ടു മുത്തകോയിത്തമ്പുരാനും മാതാവു് ആയില്യംതിരുനാൾ രുക്‍മിണീറാണിയും ആയിരുന്നു. അഞ്ചാമത്തെ തിരുവയസ്സു മുതല്ക്കു മലയാളവും സംസ്കൃതവും 9-ാം വയസ്സിൽ ഇംഗ്ലീഷും പന്ത്രണ്ടാം വയസ്സിൽ തെലുങ്കു, കന്നട, മഹാരാഷ്ട്രം, ഹിന്ദുസ്ഥാനി ഈ ഭാഷകളും അഭ്യസിച്ചുതുടങ്ങി. അസാമാന്യമായ ഗ്രഹണപാടവമുണ്ടായിരുന്നതിനാൽ വിദ്യാദേവിയെ വശപ്പെടുത്താൻ അവിടുത്തേക്കുദീർഘകാലം വേണ്ടിവന്നില്ല. സംഗീതപ്രയോഗത്തിൽ അവിടുത്തോടു സമീപിക്കത്തക്ക വൈദഗ്ദ്ധ്യമുള്ളവർ തിരുവിതാംകൂറിലെന്നല്ല വെളിയിലും സുദുർല്ലഭമായിരുന്നു. ഗായകനെന്ന നിലയിൽ അവിടുത്തെ യശസ്സു് അചിരേണ ദക്ഷിണഇന്ത്യ മുഴുവനും വ്യാപിക്കയും അനേകം സംഗീതവിദ്വാന്മാർ തിരുവനന്തപുരത്തേയ്ക്കു ആകർഷിക്കപ്പെടുകയുംചെയ്തു. അവിടുത്തെ വിദ്വത്സദസ്സിനു അലങ്കാരഭൂതരായിരുന്നവർഇലത്തൂർ രാമസ്വാമിശാസ്ത്രി, വൈക്കം പാച്ചുമൂത്തതു് മുതലായ പ്രൗഢവിദ്വാന്മാരായിരുന്നു. രാമസ്വാമിശാസ്ത്രികളെപ്പറ്റി മൂന്നാംപുസ്തകത്തിൽ വിവരിച്ചുകഴിഞ്ഞു. പാച്ചുമൂത്തതിനെപ്പറ്റി ഉപരി പ്രസ്താവിക്കുന്നതാണു്.

സ്വാതിതിരുനാൾ തമ്പുരാൻ നാടുനീങ്ങുംവരെയ്ക്കു് അവിടുന്നു നാലാംമുറത്തമ്പുരാനായിരുന്നു. ഉത്രം തിരുനാൾ ഭരണമേറ്റപ്പോൾ അവിടുന്നു മൂന്നാംമുറയായി; എന്നാൽ ജ്യേഷ്ഠസഹോദരനു് ചിത്തഭ്രമം സംഭവിച്ചതിനാൽ, ഇളമുറയുടെ ചുമതലകളെല്ലാം അവിടുന്നാണു് വഹിച്ചുപോന്നതു്. ഇങ്ങനെ അവിടുത്തേയ്ക്കു ചെറുപ്പത്തിൽതന്നെ ഭരണവിഷയകരമായ പരിശീലനം ലഭിച്ചു.

1024-ൽ സർ ടി. മാധവരായർ അവിടുത്തെ ഇംഗ്ലീഷുപാധ്യായനായി നിയമിക്കപ്പെട്ടു. അതുവരെ ഇംഗ്ലീഷുപഠിപ്പിച്ചുകൊണ്ടിരുന്നതു് കോട്ടയം ശങ്കരമേനോനായിരുന്നു. മാധവരായർ അന്നത്തെ ഭരണതന്ത്രജ്ഞന്മാരിൽ അഗ്രഗണ്യനായിരുന്നു.

രണ്ടുകൊല്ലം കഴിഞ്ഞു് അവിടുന്നു മഹാരാജാവിന്റെ പുത്രിയായ നാഗരുകോവിൽ കല്യണിക്കുട്ടിത്തങ്കച്ചിക്കു പട്ടും പരിവട്ടവും കൊടുത്തു. ആ സ്ത്രീരത്നം സാധാരണയിൽ കവിഞ്ഞ പാണ്ഡിത്യത്തോടുകൂടിയ ഒരു വിദുഷിയായിരുന്നു. ഇക്കാലംമുതല്ക്കു അവിടുന്നു ഗ്രന്ഥരചനയിൽ ഏർപ്പെട്ടുതുടങ്ങി. ഭാഷയുടെ അന്നത്തെ ആവശ്യം ഗദ്യഗ്രന്ഥങ്ങളാണെന്നു ബുദ്ധിമാനായ അവിടുന്നു കാണുകയും ഇംഗ്ലീഷിൽനിന്നു ഷെക്‍സ്പീയരുടെ ഒരു കഥയും മീനകേതനചരിതം സംസ്കൃതത്തിൽനിന്നു ശാകുന്തളവും ഗദ്യത്തിൽ വിവർത്തനം ചെയ്കയുംചെയ്തു. ആ പുസ്തകങ്ങൾ അചിരേണ കേരളവർമ്മ വലിയകോയിത്തമ്പുരാൻ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തി.

1036-ൽ അവിടുന്നു പട്ടംകെട്ടി. പത്തൊൻപതുവർഷത്തെ ഭരണത്തിനിടയ്ക്കു അവിടുന്നു നടപ്പിൽവരുത്തിയ പരിഷ്കാരങ്ങളെല്ലാം വഞ്ചിരാജ്യത്തെ ബഹൂദൂരം പുരോഗമിപ്പിക്കുന്നതിനു സഹായിച്ചിട്ടുണ്ടു്. ആവക കാര്യങ്ങളെ ഇവിടെ വിവരിച്ചിട്ടു കാര്യമില്ല. എന്നാൽ 1041-ൽ നടപ്പിൽ വരുത്തിയ വിദ്യാഭ്യാസപരിഷ്കാരവും ഗദ്യഗ്രന്ഥനിർമ്മാണത്തെ പുരസ്കരിച്ചു് സ്ഥാപിതമായ ബുക്കുകമ്മറ്റിയും വിദ്യാലയങ്ങൾതോറും വിവിധവിഷയങ്ങളെ അധികരിച്ചു പ്രസംഗിക്കുന്നതിനുവേണ്ടി ഏർപ്പെടുത്തിയ ലക്‍ചർ കമ്മറ്റിയും ഭാഷാഭിവൃദ്ധിക്കു ഹേതുവായിത്തീർന്നു. 1055-ൽ അവിടുന്നു നാടുനീങ്ങി.

പാച്ചുമൂത്തതു്

വിദ്വൽക്കുലഭൂഷണമായിരുന്ന പാച്ചുമൂത്തതു് 998 ഇടവത്തിൽ വൈക്കത്തുള്ള സ്വഗൃഹത്തിൽ ജനിച്ചു. ബാല്യത്തിലെ പഴയ രീതിയനുസരിച്ചു എഴുത്തുംവായനയും പഠിച്ചശേഷം വൈക്കത്തു ശാന്തിനല്ലൂർ നമ്പൂരിയുടെ അടുക്കൽനിന്നു ചിത്രമെഴുത്തും വെച്ചൂർമൂത്തതിന്റെ അടുക്കൽ പാഠകംപറച്ചിലും അഭ്യസിച്ചു. ഇതിനിടയ്ക്കു സംസ്കൃതം പഠിച്ചുകൊണ്ടേയിരുന്നു. പതിനഞ്ചാംവയസ്സിൽ കൊടുങ്ങല്ലൂർ വിദ്വാൻ എളയതമ്പുരാന്റെ അടുക്കൽനിന്നു വീണവായന അഭ്യസിക്കാൻ തുടങ്ങി. മൂന്നുകൊല്ലംകൊണ്ടു് ആ കലയിലും സാമാന്യം നൈപുണ്യം സമ്പാദിച്ചു. 1017-ൽ വൈക്കത്തുതിരിച്ചുവന്നതിൽപിന്നെയാണു് കാവ്യനാടകാദികളും വ്യാകരണവും സമഗ്രമായി പഠിക്കാൻ തുടങ്ങിയതു്. അതിനോടുകൂടിത്തന്നെ ചോഴിയത്തു നമ്പൂരിയുടെ അടുക്കൽ അഷ്ടാംഗഹൃദയപഠനവും ആരംഭിച്ചു.

1020-ൽ വൈദ്യനെന്നനിലയിൽ സ്വതന്ത്രജീവിതം ആരംഭിച്ചു. കൊച്ചിയിൽ എന്തോ അല്പശമ്പളവും കിട്ടി. 1028-ൽ കൊച്ചീമഹാരാജാവു് കാശിക്കു് എഴുന്നള്ളിയപ്പോൾ പാച്ചുമൂത്തതുകൂടി ഉണ്ടായിരുന്നു. തിരുവനന്തപുരം ഇദംപ്രഥമമായി സന്ദർശിച്ചതു് 1029-ൽ ആയിരുന്നു. അന്നു ഉത്രംതിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുന്നതിനു സാധിക്കാതെ സ്വദേശത്തേക്കു തിരിച്ചുപോയി. എന്നാൽ അടുത്തകൊല്ലംതന്നെ തിരുവനന്തപുരത്തുവന്നു എന്തോ ചികിത്സവഴിക്കു് മഹാരാജാവിന്റെ പ്രീതിക്കു പാത്രീഭവിക്കയും വീരശൃംഖല സമ്മാനമായി ലഭിക്കയും ചെയ്തു. അന്നു മുതല്ക്കു അദ്ദേഹം തിരുവനന്തപുരത്തെ വിദ്വൽസദസ്സിലെ അംഗമായെന്നു പറയാം. 1031-ൽ നിത്യച്ചിലവിൽനിന്നും അദ്ദേഹത്തിനു ശമ്പളം പതിഞ്ഞു. 1045-ൽ ശുചീന്ദ്രത്തു വട്ടപ്പള്ളി സ്ഥാനികനായി വാഴിക്കപ്പെട്ടു. അദ്ദേഹം സംസ്കൃതത്തിൽ നക്ഷത്രമാല കാശിയാത്ര, രാമവർമ്മചരിതം, രാജസൂയപ്രബന്ധവ്യാഖ്യാനം ഹൃദയപ്രിയാ (വൈദ്യം) എന്നിങ്ങനെ അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ആയില്യംതിരുനാൾ മഹാരാജാവിന്റെ ചരിത്രമാണു് രാമവർമ്മചരിതം. അതിൽ കാർത്തികതിരുനാൾ തമ്പുരാന്റെ കാലംമുതൽക്കുള്ള ചരിത്രം സംക്ഷേപിച്ചിരിക്കുന്നു. രാജസൂയപ്രബന്ധവ്യാഖ്യ ആയില്യംതിരുനാൾ തമ്പുരാന്റെ പ്രേരണയാൽ എഴുതപ്പെട്ടതാകുന്നു എന്നു വ്യാഖ്യാരംഭത്തിലെ,

മാർത്താണ്ഡവഞ്ചീശ്വരഭാഗിനേയ
സർവ്വപ്രജാനാമപിഭാഗധേയം
സദ്ധർമ്മവർമ്മപ്രതിഗുപ്തദേഹഃ
ശ്രീരാമവർമ്മാ നൃപതിവിഭാതി.
സുധർമ്മായാമിന്ദ്രസ്സദസിവിദുഷാംഭോജനൃപതിർ
ദ്വിജശ്രേണീമധ്യേപുനരമൃതഗുഃ കല്പകതരുഃ
സുരോദ്യാനേ ലോകൈരിവയദവലോകേ സതിസമഃ
പ്രദൃശ്യന്തേ സോയഞ്ജയതി സുഗുണാശ്ലേഷനൃപതിഃ
ആജ്ഞാപിതസ്തൽപദഭ്യോ മജ്ഞോപി ഗ്രന്ഥകർമ്മണി
യാതേ സതി മഹാലംബേ കേന കിം കിം ന സാധ്യതേ.

എന്ന വരികളിൽനിന്നു കാണാം.

ഭാഷയിലും അദ്ദേഹം മുചുകുന്ദമോക്ഷം ആട്ടക്കഥ, കാശിയാത്ര തുള്ളൽ, ബാലഭൂഷണം, തിരുവിതാംകൂർചരിത്രം, മലയാളവ്യാകരണം, കേരളവിശേഷമാഹാത്മ്യം എന്നിങ്ങനെ പല പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്. ഇവയിൽ മുചുകുന്ദമോക്ഷം 1025-ാമാണ്ടിടയ്ക്കു് തൃപ്പൂണിത്തുറവച്ചു് രചിക്കപ്പെട്ടു. യൗവ്വനത്തിലെ കൃതിയാണെങ്കിലും പ്രൗഢവും സുന്ദരവുമായിട്ടുണ്ടു്.

കാമോദരി ചെമ്പട
  1. വാതേ ചൂതസുമാലതീകസുമനോഗന്ധപ്രദാനാദൃതേ കന്ദൗഘൈസ്സഹചന്ദ്രസുന്ദരകരൈവിസ്താരിതേ കാനനേ കാമേ കാമിമൃഗൗഘചാരുമൃഗയാകാമേന ജാതോദ്യമേ പ്രോവാചൈഷ വിലോകയന്നഥരുചം വാസന്തികീംദേവകീം.
  2. ലലനാലലാമേ ജലജനയനേ! ജായേ മലർബാണകേളിസൗധമേ
  3. തരവേണമെൻസുകൃതപരിപാകമായമൃത പരിപൂർണ്ണമായകുചഹേമകുലശമിപ്പോ
  4. വിധിപോലെ നീ കാണ്‍ക മധുതൻമനോഹരത്വ, വിധികല്പിതയുവോത്സവം മധുസമദമധുപകുലമിതുമദനകീർത്തികളെ മധുരമിത പാടുന്നു മഭഗജഗമനേ ലലനാ സരസൻരജനീശൻപരമോദയസുഭഗൻ പരിശോഭിതകമുദിനിയിൽപരിചിനൊടുദുനിജ. കരരുചിരലീലകളാൽപരിതോഷമുയർത്തുന്നജാരനെന്നപോലെ ലലന മൃദുവാതമിദാനീംമദനോത്സവലീലയിലുദിതന്ന്വേദമകത്തുന്നു മധുമധുരമധരം മേ മലർശരഹിതായ ദിശ മദനനൃപശാസനം മാനിക്ക മാനിനി. ലലനാ

കാശിയാത്ര

ഇതു കൊച്ചീരാജാവിന്റെ കാശിയാത്രയെ അധികരിച്ചു രചിക്കപ്പെട്ടതാകയാൽ, അതിനടുത്തുതന്നെ ഉണ്ടായതായിരിക്കണം.

ബാലഭൂഷണം തിരുവനന്തപുരം ടെക്സറ്റുബുക്കു് കമ്മറ്റിയാൽ പ്രസിദ്ധീകരിക്കപ്പെട്ടു. തിരുവിതാംകൂർചരിതം 1043-ൽ ‘തിരുവനന്തപുരം മുദ്രാവിലാസം’ പ്രസ്സിൽ മുദ്രിതമായി. ഗദ്യഗ്രന്ഥങ്ങളാണു് ഭാഷയുടെ അഭ്യുദയത്തിനു അധികമായി ഉപകരിക്കുന്നതെന്നു പരിപൂർണ്ണമായി ധരിച്ചിരുന്ന ആയില്യംതിരുനാൾ മഹാരാജാവിന്റെ പ്രേരണ ഈ ഗ്രന്ഥത്തിന്റെ നിർമ്മാണവിഷയത്തിൽ ഉണ്ടായിരുന്നുവെന്നുള്ളതു തീർച്ചയാണു്. ഭാഷാരീതി കാണിപ്പാൻ ഒരു ഭാഗം ഉദ്ധരിക്കാം.

പീഠിക ശ്രീപത്മനാഭോരക്ഷതു

യോഗ്യന്മാരുടെ ചരിത്രങ്ങളെ അറിഞ്ഞുകൊണ്ടിരിക്കുന്നതു ബാലന്മാൎക്കു ക്രമേണ യോഗ്യത വർദ്ധിപ്പാൻ കാരണമാകുന്നു. അതുകൊണ്ടു് വലിയ ആളുകൾ ജനങ്ങൾക്കു അനായാസേന അറിവിനുവേണ്ടി ഭൂമിയിങ്കൽ അനേകം പ്രദേശങ്ങളിൽ ഓരോ കാലങ്ങളിൽ ഉണ്ടായിട്ടുള്ള മഹത്തുക്കളെക്കുറിച്ച ഓരോ പുസ്തകങ്ങളിൽ വർണ്ണിച്ചിരിക്കുന്നു. അതുകളെ നോക്കി ജനങ്ങൾ വളരെ സന്തോഷിക്കയും ചെയ്യുന്നു. എന്നാൽ തിരുവിതാംകൂർ മലയാളത്തിലെക്കു മുഖ്യമായിട്ടുള്ള ഒരു രാജ്യമാകുകയും അവിടത്തെ മഹാരാജാക്കന്മാർ പ്രായെണ വളരെ ധർമ്മിഷ്ഠന്മാരായിട്ടും കീർത്തിമാന്മാരായിട്ടും ദയാലുക്കളായിട്ടും ശക്തന്മാരായിട്ടും മറ്റും അനെക ഗുണങ്ങളോടുംകൂടി സംഭവിച്ചിട്ടുണ്ടു്. അവരുടെ ചിത്രങ്ങളിൽ ചിലതു ഓരോ ഗുണപ്രസംഗത്തിങ്കൽ ജനങ്ങൾ ഉദാഹരിക്കുന്നുണ്ടു എങ്കിലും വംശചരിത്രം ക്രമികമായിട്ടു എഴുതീട്ടുള്ള പുസ്തകം പ്രസിദ്ധപ്പെട്ടിട്ടില്ലായ്കകൊണ്ടു ആ മഹാരാജാക്കന്മാരുടെ ചരിത്രത്തെ യഥാർത്ഥമായിട്ടു ജനങ്ങൾ അറിയുന്നതിനുവേണ്ടി പ്രയത്നപ്പെട്ട ഗ്രന്ഥവരിക്കണക്കു് മുതലായ രേഖകളെക്കൊണ്ടും യഥാർത്ഥവാദികളായിരിക്കുന്ന വയോവൃദ്ധന്മാരുടെ വാക്കുകളെക്കൊണ്ടും പല വിവരങ്ങളും അറിഞ്ഞിട്ടുള്ളതു ഈ ചെറിയ പുസ്തകത്തിൽ എഴുതുന്നു.”

ഈ വാക്കുകളിൽനിന്നു അന്നത്തെ ഗദ്യരീതിയെപ്പറ്റിയും മറ്റും പലേ വിവരങ്ങൾ ഗ്രഹിക്കാം. ഒന്നാമതായി ‘ഏ’ എന്നൊരു ലിപി മലയാളത്തിലുണ്ടെങ്കിലും സംസ്കൃതപക്ഷപാതികളായ അന്നത്തെ വിദ്വാന്മാർ ‘ഏതു’ എന്നതിനു എത എന്നേ എഴുതുമായിരുന്നുള്ളു. വളരെ അടുത്തകാലംവരെക്കും ഈ നിർബ്ബന്ധം നിലനിന്നിരുന്നു. രണ്ടാമതായി അർദ്ധഉകാരത്തെ അന്നുള്ളവർ സ്വീകരിച്ചിരുന്നതേഇല്ല. ‘അതു്’ എന്നതിനെ അത എന്നേ അവർ എഴുതുമായിരുന്നുള്ളു. വടക്കേ മലബാറിലെ നില ഇന്നും അതുതന്നെ; കൊച്ചിയിലാകട്ടെ ‘അത്’ എന്നിങ്ങനെ ചന്ദ്രക്കല ഉപയോഗിച്ചുതുടങ്ങീട്ടുണ്ടു്. മൂന്നാമതായി ‘ഉം’ എന്ന സമുച്ചയഘടകത്തിന്റെ പ്രയോഗത്തിൽ നിഷ്കർഷയുണ്ടായിരുന്നില്ല. ‘രാജ്യമാകുകയും’ ധർമ്മിഷ്ഠന്മാരായിട്ടും ഉണ്ടു് എന്നിങ്ങനെ പ്രയോഗിച്ചിരുന്നതു നോക്കുക നാലാമതായി പ്രസംഗത്തുങ്കൽ, മഹത്തുങ്കൽ, അവനോടായിട്ടു്, അതു ഹേതുവായിട്ടു്—ഇത്യാദി വിഭക്തിരൂപങ്ങൾ സംസ്കൃതത്തിന്റെ പ്രേരണനിമിത്തം പ്രചാരത്തിലിരുന്നു. മഹാവിദ്വാനായിരുന്ന കയ്ക്കുളങ്ങര രാമവാര്യരുടെ വ്യാഖ്യാനങ്ങൾ വായിച്ചുനോക്കിയാൽ ഈ സംഗതി വിശദമാകും. നാലാമതായി വിരാമം എന്ന ഏർപ്പാടുണ്ടായിരുന്നതേ ഇല്ല. അഞ്ചാമതായി വാക്യങ്ങൾക്കു ‘Balance’ എന്നു ഇംഗ്ലീഷിൽ പറഞ്ഞുവരുന്ന ഗുണം കണികാണ്മാനേ ഇല്ലായിരുന്നു.

പാച്ചുമൂത്തതിന്റെ സാഹിതീവിഷയകമായ യത്നങ്ങളെ ആയില്യംതിരുനാൾ മഹാരാജാവു് ഇങ്ങനെ അനുമോദിച്ചിരിക്കുന്നു.

“നമ്മുടെ അടുക്കൽ ചിരകാലാശ്രിതനും പ്രീതിപാത്രനായും ഇരിക്കുന്ന വൈക്കത്തു പാച്ചുമൂത്തതു് ഈയിടെ ഉണ്ടാക്കിയതായ വൈദ്യവിഷയകമായും സന്മാർഗ്ഗവിഷയകമായും ഉള്ള രണ്ടു പുസ്തകങ്ങളെ നാം കണ്ടു സന്തോഷിച്ചിരിക്കുന്നു. അവകൾ ജനങ്ങൾക്കു ഉപയോഗികളായി ഭവിക്കണമെന്നുള്ള ശ്ലാഘനീയമായുള്ള ഉദ്ദേശ്യത്തെ നാം അനുമോദിക്കുന്നു. പാച്ചുമൂത്തതിനു വ്യാകരണത്തിലും വൈദ്യത്തിലും ജ്യൗതിഷത്തിലും ഉള്ള പാണ്ഡിത്യത്തേയും കവനപരിചയത്തെയും സദ്വിത്തതയെയും ഇതിനു മുമ്പിൽതന്നെ നാം അറിഞ്ഞു നല്ലപോലെ സമ്മതിച്ചിട്ടുള്ളതാകുന്നു.”

1058-ൽ പാച്ചുമൂത്തതു് ദിവംഗതനായി. ഇങ്ങനെ സകല കലകളിലും ശാസ്ത്രങ്ങളിലും ഒരുപോലെ വൈദുഷ്യം സമ്പാദിച്ചിരുന്നവർ വളരെ ചുരുക്കമായിരുന്നു.

റവ: ജാർജ്ജുമാത്തൻ

ചെങ്ങന്നൂർ പുത്തൻകാവു് എന്നു പറയപ്പെട്ട ദേശത്തു് ആർത്തഡോക്സ് സുറിയാനിപ്പള്ളിയ്ക്കു് അല്പം വടക്കുപടിഞ്ഞാറുമാറി, കിഴക്കേത്തലയ്ക്കൽ എന്നൊരു പുരാതന ക്രൈസ്തവഭവനമുണ്ടു്. തിരുവിതാംകൂർ മഹാരാജാവു് ഈ കുടുംബത്തേക്കു് ‘തരകൻ’ എന്ന സ്ഥാനം കല്പിച്ചുകൊടുത്തിരുന്നു. ജാർജ്ജുമാത്തൻ മാത്തൻതരകന്റേയും, പുത്തൻവീട്ടിൽ അന്നാമ്മയുടെയും പുത്രനായി 1819 സെപ്തംബർ 25-ാംനുക്കു കൊല്ലവർഷം 994-ൽ ഭൂലോകജാതനായി. ബാല്യത്തിൽ ബാലസഹജമായ കുസൃതികൾ പലതും കാട്ടാറുണ്ടായിരുന്നെങ്കിലും കുര്യൻകത്തനാരുടെ മേൽനോട്ടത്തിൽ വളർന്ന ആ ബാലൻ നല്ല സുശീലനായിത്തീർന്നു. ബാല്യത്തിൽതന്നെ മലയാളവും സുറിയാനിയും ശ്രദ്ധാപൂർവ്വം പഠിച്ചുതുടങ്ങി. ഒൻപതാംവയസ്സിൽ ചേപ്പാട്ടു മാർദീവന്യാസോസ് മെത്രാപ്പോലീത്താ മാത്തനു ‘കാറോയാ’ എന്ന പ്രഥമപട്ടം നൽകി. അനന്തരം ബാലൻ കോട്ടയത്തു പഴയ സിമ്മനാരിയിൽച്ചേർന്നു് ബയിലി, ഫെൻ, ബേക്കർ എന്നീ മിഷണറിമാരുടെ അടുക്കൽനിന്നു ഇംഗ്ലീഷ്, ഗ്രീക്കു്, എബ്രായ എന്നീ ഭാഷകളും പാലക്കുന്നത്തു് അബ്രഹാം മല്പാന്റെ അടുക്കൽനിന്നു് സുറിയാനിയും കോഴിക്കോട്ടു കുഞ്ഞൻവാര്യരുടെ അടുക്കൽനിന്നു സംസ്കൃതവും അഭ്യസിച്ചു. അചിരേണ മാത്തൻ ഗുരുജനങ്ങളുടെ സവിശേഷമായ പ്രീതിയ്ക്കും വാത്സല്യത്തിനും പാത്രീഭവിച്ചു. അദ്ദേഹത്തിന്റെ സതീർത്ഥ്യന്മാരിൽ ഒരാളായ പാലക്കുന്നത്തു മാത്തൻകുഞ്ഞാണു് മാർ മാത്യൂസ് അന്താനാസ്യോസ് എന്നു സുപ്രസിദ്ധനായിത്തീർന്നതു്.

1837-ൽ പ്രൻസിപ്പാളായിരുന്ന പീറ്റു് സായ്പിന്റെ ശുപാർശയനുസരിച്ചു് സൎക്കാർ വേതനത്തോടുകൂടി ഉൽകൃഷ്ടവിദ്യാഭ്യാസാർത്ഥം മദ്രാസിലേക്കുപോയി. അവിടെ പഠിച്ചുകൊണ്ടിരുന്ന കാലത്തു ബ്രിട്ടീഷു് ഗവണ്‍മെന്റു നടത്തിയ ഒരു മത്സരപരീക്ഷയിൽ അദ്ദേഹം ഒന്നാമനായി പാസ്സാവുകയും 120 രൂപ സമ്മാനം വാങ്ങുകയും ചെയ്തു. എന്നാൽ ഗവണ്‍മെന്റു നല്കിയ പരിഭാഷകോദ്യോഗം അദ്ദേഹം സ്വീകരിച്ചില്ല.

1814-ൽ അദ്ദേഹത്തിനു ശെമ്മാശുപട്ടം ലഭിച്ചു. അനന്തരം തിരുവിതാംകൂറിൽ വന്നു് വൈദികജോലിയിൽ ഏർപ്പെട്ടു. മാവേലിക്കരയായിരുന്നു ആദ്യത്തെ പ്രവർത്തനരംഗം, അടുത്തകൊല്ലം ധനാഢ്യനായിരുന്ന പന്നിക്കുഴി ഈപ്പൻതരകന്റെ മകൾ മറിയാമ്മയെ കല്യാണം കഴിച്ചു. 1847-ൽ ഉട്ടക്കമണ്ഡ് എന്ന ദിക്കിൽ പ്രെസ്ബിറ്റർപദത്തിൽ അവരോധിക്കപ്പെട്ടു. അല്പകാലങ്ങൾക്കുള്ളിൽ നിരവധി ഹരിജനങ്ങളെ അദ്ദേഹം ക്രിസ്തുമതത്തിൽ ചേർത്തു. ജാർജ്ജുമാത്തന്റെ ചരിത്രപരിജ്ഞാനം എങ്ങനെ ഇരുന്നാലും, അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ രസകരമാണു്. (Castes and countries of South India) എന്ന പുസ്തകം ആറാംവാല്യം 139-ാം വശത്തു് ഈ. തൾസ്റ്റണ്‍ വടക്കൻതിരുവിതാംകൂറിലെ പറയരേപ്പറ്റി റവ:മാത്തന്റെ അഭിപ്രായത്തെ ഉദ്ധരിക്കുന്നു:-

“അവരുടെ സ്വന്തം ഐതിഹ്യപ്രകാരം, അവർ ശത്രുക്കളുടെ വഞ്ചനയിൽപ്പെട്ടു് മൂരിയിറച്ചി തിന്നതുനിമിത്തം ഭ്രഷ്ടരായ നമ്പൂരിമാരാണു്. അവർ ചത്ത ജന്തുക്കളുടെ മാംസവും മറ്റു നിന്ദ്യവസ്തുക്കളും ഭുജിച്ചുവരുന്നു. എല്ലാ ഗൃഹ്യജന്തുക്കളും തങ്ങൾക്കു അവകാശപ്പെട്ടതാണെന്നാണു് അവരുടെ ഭാവം. പലപ്പോഴും അവർ മാംസത്തിനുവേണ്ടി വിഷം നല്കിയോ മറ്റു വിധത്തിലോ പശുക്കളെ കൊല്ലാറുണ്ടു്. തങ്ങളോടു മൃഗീയമായ വിധത്തിൽ പെരുമാറുന്ന ഉന്നതജാതിക്കാരുടെ സ്ത്രീകളെ അവർ അപഹരിച്ചു കൊണ്ടുപോകാറുമുണ്ടു്. കന്നിമാസത്തിൽ അവർ തസ്കരവൃത്തി അവലംബിക്കുന്നു.”

ആയില്യംതിരുനാൾ തിരുമനസ്സുകൊണ്ടു് പ്രജകളുടെ ജ്ഞാനാഭിവൃദ്ധിക്കായി വിവിധവിഷയങ്ങളെ സംബന്ധിച്ചു് ഗദ്യപ്രബന്ധങ്ങൾ എഴുതിച്ചുവന്ന കാലമായിരുന്നു. റവ: ജാർജ്ജുമാത്തനും പലരോടൊപ്പം ‘സത്യപരീക്ഷ’യെപ്പറ്റി ഒരു പ്രബന്ധം രചിച്ചു് സൎക്കാർവക പരിശോധനക്കമ്മറ്റിയ്ക്കയച്ചു. ആ കമ്മറ്റിയിൽ ബേക്കർസായ്പും, ഭാഷാനിഘണ്ടുകാരനായ കൊല്ലിൻസും ചരിത്രകാരനായ പി. ശങ്കുണ്ണിമേനോനും ഉൾപ്പെട്ടിരുന്നു. ജാർജ്ജുമാത്തന്റെ സത്യവേദഖേടത്തിനു കമ്മറ്റി ഒന്നാംസ്ഥാനം നല്കി. അങ്ങനെ സമ്മാനർഹമായ ചെറുഗ്രന്ഥം 1038-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതിൽ സത്യത്തിന്റെ സ്വരൂപം, യഥാർത്ഥത്തിനും പരമാർത്ഥത്തിനും തമ്മിലുള്ള വ്യത്യാസം, അവ പരസ്പരം യോജിക്കയും വിയോജിക്കയും ചെയ്യുന്ന അവസരങ്ങൾ, വക്രോക്തിയുടെ അനാശാസ്യത, ക്രിയാരൂപേണയുള്ള അസത്യഭാഷണം മുതലായി പലേ വിഷയങ്ങളേ സംബന്ധിച്ചു് ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും പുരാണ പുരുഷന്മാരെ ദൃഷ്ടാന്തപ്പെടുത്തി നല്ലപോലെ ചർച്ച ചെയ്തിരിക്കുന്നു. ഒരു ഖണ്ഡിക ഉദ്ധരിക്കാം.

”മനുഷ്യന്നു സത്യം സംസാരിക്ക ജാത്യവും, കുരള പറക ജാത്യവിരോധവുമാകുന്നു. ശിശുക്കൾ സംസാരിക്കാൻ തുടങ്ങുമ്പോൾ ഒന്നു മനസ്സിൽവച്ചുംകൊണ്ടു് മറ്റൊന്നു പറയുന്നില്ല. അവർ തങ്ങളുടെ ഉള്ളിൽ തോന്നുന്ന പ്രകാരം പരമാൎത്ഥ മായി സംസാരിക്കുന്നു. പിന്നെ അവർ അസത്യം പെരുമാറുന്നതു് കുറെ പ്രായം ചെന്നു്. കൗശലത്തിൽ ശീലിച്ചതിന്റെ ശേഷമേയുള്ളു.

“ഒരു കൊല്ലൻ തന്റെ പണിക്കത്തിയെ അപായപ്പെടുത്തുകമൂലം വിസ്താരത്തിൽ ഉൾപ്പെട്ടാറെ കൊലപാതകം ഏല്ക്കാതിരിക്കുന്ന മുറയ്ക്കു് അവൻ അനേകം പാറാപ്പുള്ളികളോടുകൂടെ കിടക്കുന്ന വിലങ്ങിടത്തിൽ ജഡ്ജി ഒരുദിവസം പെട്ടെന്നുചെന്നു് ‘കൊല്ലത്തിയേ കൊന്ന കൊല്ലൻ എവിടെ’ എന്നു ധൃതിയോടെ ചോദിച്ചതിനു് ‘തമ്പുരാനേ അടിയൻ ഇവിടുണ്ടേ, എന്നു വിചാരം കൂടാതെ ഉത്തരം പറഞ്ഞുപോയപ്രകാരം ഒരു കേൾവിയുണ്ടല്ലോ. ആകയാൽ വ്യാജവാദം സ്വഭാവവിരോധമാകകൊണ്ടു് ആയതു ദൈവവിരോധവുമാകുന്നു.”

1862-ൽ രോഗബാധിതനാവുകയും തച്ഛമനാനന്തരം കേംബ്രിഡ്ജ് നിക്കൾസണ്‍ പാഠശാലയുടെ ഉപാധ്യക്ഷനായി നിയമിക്കപ്പെടുകയും ചെയ്തു.

1863-ൽ മലായാണ്മയുടെ വ്യാകരണം പ്രസിദ്ധീകൃതമായി. ഗുണ്ടർട്ടിന്റെ വ്യാകരണം വെളിക്കുവന്നിട്ടു് ഒരു വ്യാഴവട്ടം കഴിഞ്ഞേ ഈ ഗ്രന്ഥം പ്രസിദ്ധീകൃതമായുള്ളുവെങ്കിലും, അതിനുമുമ്പേ എഴുതിപൂർത്തിയാക്കി വച്ചിരുന്നതാണു്. ഇങ്ങനെ അടുപ്പിച്ചടുപ്പിച്ചു് മൂന്നു വ്യാകരണഗ്രന്ഥങ്ങൾ ഉണ്ടായതു് അത്ഭുതമായിത്തോന്നിയേക്കാം. എന്നാൽ പാർവതീറാണി തിരുമനസ്സിനാൽ സമാരബ്ധമായ വിദ്യാഭ്യാസനയും മൂലം ആയില്യംതിരുനാളിന്റെ കാലമായപ്പൊഴെക്കും നാട്ടുഭാഷാവിദ്യാലയങ്ങൾ വർദ്ധിക്കയും പാഠപുസ്തകങ്ങളുടെ ആവശ്യം സൎക്കാരിനും പണ്ഡിതന്മാൎക്കും അനുഭവപ്പെടുകയും ചെയ്തു. അതുകൊണ്ടാണു വ്യാകരണനിർമ്മാണത്തിൽ പലരുടെയും ശ്രദ്ധ ഏകകാലത്തിൽ പതിഞ്ഞതു്. ഈ മൂന്നുവ്യാകരണങ്ങളിൽവച്ചു് ഉത്തരം ജോർജ്ജുമാത്തന്റേതുതന്നെയാണു്. ഗ്രന്ഥകാരന്റെ ധിഷണാ ശക്തി ഇതിൽ നല്ലപോലെ തെളിഞ്ഞുകാണുന്നുണ്ടു.

ഇതുകൂടാതെ ബട്ലരുടെ (Analogy) എന്ന വിശിഷ്ടഗ്രന്ഥത്തെ ഇംഗ്ലീഷിൽനിന്നു് ‘ബോധജ്ഞാനകവും ദത്തജ്ഞാനകവുമായ വേദജ്ഞാനത്തിനു് പ്രപഞ്ചനിബന്ധനത്തോടും മാർഗ്ഗത്തോടുമുള്ള സംയുക്തി’ എന്ന പേരിൽ തർജ്ജിമചെയ്തു് പ്രസിദ്ധീകരിക്കയുണ്ടായി. സർ ടി. മാധവരായർ ഈ ഭാഷാന്തരീകരണവ്യവസായത്തെപ്പറ്റി പ്രസ്താവിച്ചിട്ടള്ള ചില വാക്യങ്ങൾ ഇവിടെ ഉദ്ധരിക്കാം:-

നിങ്ങളെപ്പോലെ ഇംഗ്ലീഷും നാട്ടുഭാഷകളും പരചയിച്ചവനായും സംസ്കൃതത്തിൽ ആവശ്യമുള്ളിടത്തോളം പരിജ്ഞാനം സമ്പാദിച്ചവനായും ഒരുവനെ കാണുക എന്നുള്ളതു് ഇപ്പൊഴും അപൂർവ്വം തന്നെ. ഈ നാട്ടിൽ സ്ഥാപിക്കപ്പെടാൻപോകുന്ന നാട്ടുഭാഷാവിദ്യാലയങ്ങളുടെ ഉപയോഗത്തിലേക്കു് നിങ്ങളുടെ നിലയിലുള്ളവർ ഭാഷാന്തരീകരണവ്യവസായത്തിൽ ഏർപ്പെടുന്നതു് സൎക്കാരിലേക്കു തീർച്ചയായും സന്തുഷ്ടിജനകമായിരിക്കുന്നു.”

ബാക്കി ജീവിതത്തെ സമുദായപരിഷ്കരണത്തിലേക്കും വിദ്യാഭ്യാസ പ്രചരണത്തിലേക്കുമായി അദ്ദേഹം വിനിയോഗിച്ചു. 1869-ൽ മദ്രാസ് ബിഷപ്പ് ചാപ്ലനായി അവരോധിച്ചു തലവടിയിലേക്കു നിയോഗിച്ചു. 1870-ാമാണ്ടു മാർച്ചു് നാലാംതീയതി അദ്ദേഹം പരലോകം പ്രാപിച്ചു. അദ്ദേഹത്തിനു മൂന്നുപുത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നവരിൽ ജ്യേഷ്ഠപുത്രനായ എം. കെ. മാത്തൻ മജിസ്ട്രേട്ടെന്ന നിലയിലും; ദ്വിതീയപുത്രനായ മി. ജോർജ്ജ് ഈപ്പൻ എഞ്ചിനീയർ ഡിപ്പാർട്ടുമെന്റിൽ സബ്ബ്ഡിവിഷൻ ആഫീസരായും തൃതീയ പുത്രനായ ജോർജ്ജുസ്റ്റിഫാനോസി നല്ല ഡാക്ടർ എന്ന നിലയിലും രാജ്യത്തെ പ്രശസ്തമായവിധത്തിൽ രാജ്യത്തെ സേവിച്ചു. പുത്രിയായ ശ്രീമതി അന്നാമ്മയെ വിവാഹം ചെയ്തതു മേപ്രാൽ കണിയാത്രവീട്ടിൽ ജോസഫ് ബീ. ഏ. ബീ. എൽ. ആയിരുന്നു.

കൊച്ചുകുഞ്ഞുറൈട്ടർ

ക്രിസ്തുചരിതം മുപ്പത്തിനാലുവൃത്തം രചിച്ച എം. ജേ. കൊച്ചുകുഞ്ഞു റൈട്ടർ റവ. ജോർജ്ജുമാത്തന്റെ സമകാലികനായിരുന്നു. അദ്ദേഹം അന്നു തിരുവനന്തപുരം നക്ഷത്രബംഗ്ലാവിൽ ജോലിയിൽ ഇരിക്കയായിരുന്നു. മാധവരായർ ഭരണറിപ്പോർട്ടു് അദ്ദേഹത്തിനെക്കൊണ്ടാണു് ഭാഷാന്തരീകരിച്ചതു് ഈ ക്രൈസ്തവകവി ക്രൈസ്തവസുഭാഷിതങ്ങൾ കിളിപ്പാട്ടായി രചിച്ചിരുന്നുവെന്നും അറിയുന്നു. മുപ്പത്തിനാലുവൃത്തം ഞാൻ കണ്ടിട്ടുണ്ടു്. കഴിയുന്നത്ര രാമായണം ഇരുപത്തിനാലുവൃത്തത്തെ അനുകരിക്കാൻ നോക്കിട്ടുണ്ടെങ്കിലും, കവിത്വശക്തിയുടെ അഭാവവും ഭാഷാജ്ഞാനത്തിന്റെ കുറവും നിമിത്തം കവിത നന്നായിട്ടുണ്ടെന്നു പറയാനില്ല.

‘ആദപിഴയാലുദിതപാപമതൊഴിപ്പാൻ
ബേലേപുരേജനിച്ചയേശുമിശിഹാതാൻ’

എന്നാണു് ആരംഭം.

‘നന്മകൾവരുത്തുക നമുക്കുഹരിരാമ’

എന്നസ്ഥാനത്തു്

‘വേദനയകറ്റുകനമുക്കുഗിരിനാഥ’

എന്നിങ്ങനെ ചേർത്തിരിക്കുന്നു.

റവറണ്ടു ഗുണ്ടർട്ടു്

ഡാക്ടർ ഹെർമാൻ ഗുണ്ടർട്ടു് പേരുകൊണ്ടുതന്നെ ജർമ്മൻകാരനായിരുന്നുവെന്നു നിശ്ചയിക്കാമല്ലോ. അദ്ദേഹം ലൂദ്വിഗ് ഗുണ്ടർട്ടിന്റേയും തൽപത്നിയായ ക്രിസ്ത്യാനേ എൻഡ്പന്റേയും തൃതീയ സന്താനമായി 1814 ഫെബ്രുവരി 14-ാം നു ഭൂലോകജാതനായി. മാതാപിതാക്കന്മാർ തീവ്രമായ മതബോധത്തോടുകൂടിയവരായിരുന്നു. അഞ്ചാമത്തെ വയസ്സിൽ ബാലൻ ലത്തീൻഭാഷ പഠിച്ചുതുടങ്ങി. പഠിപ്പിൽ വലിയ ഉത്സാഹമൊന്നും പ്രദർശിപ്പിച്ചില്ല; കുസൃതിയും ധാരാളമുണ്ടായിരുന്നു. 1827-ൽ നേരിട്ട സഹോദരീവിയോഗം അദ്ദേഹത്തിനെ തെല്ലു് അന്തർമുഖനാക്കിയെങ്കിലും പഠിപ്പിൽ ഉത്സാഹം വർദ്ധിക്കയും നിരീശ്വരവാദിയായ ഡാക്ടർ സ്ത്രൗസിന്റെ ശിഷ്യനാവുകയും ചെയ്തതിന്റെ ഫലമായി അദ്ദേഹത്തിനു ക്രിസ്തുവിലുള്ളവിശ്വാസം ശിഥിലമായി. എന്നാൽ 1831-ൽ ട്യൂബിഞ്ജൻ സർവ്വകലാശാലയിൽ ചേർന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ പ്രിയജനനി പരലോകപ്രാപ്തയായ നിമിഷംമുതല്ക്കു യേശുവിലുള്ള വിശ്വാസം ഉണർന്നു. അക്കാലത്തു് ഗ്രോവ്സ് എന്ന പാതിരിയുടെ അപേക്ഷയനുസരിച്ചു് തത്സ്യാലനായ ജോർജ്ജുമില്ലർ, മിഷണറി പ്രവർത്തനത്തിനായി ജർമ്മനിയിൽനിന്നു ആരെയെങ്കിലും ലഭിക്കുമോ എന്നു് അന്വേഷിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹം ഗുണ്ടർട്ടിനേയാണു് അതിലേക്കു തെരഞ്ഞെടുത്തതു്. അതിനുശേഷം സ്വിസ്സ് സർവ്വകലാശാലയിൽനിന്നു Ph.D. ബിരുദവും സമ്പാദിച്ചിട്ടു് ആറുമാസത്തോളം ഇംഗ്ലണ്ടിൽ പാൎക്കയും പിന്നീടു് ഗ്രോവ്സിനോടുകൂടി ഇൻഡ്യക്കു തിരിക്കയും ചെയ്തു. യാത്രക്കാരുടെ കൂട്ടത്തിൽ യൂലിയാഡിബോ എന്നൊരു ഫ്രഞ്ചു യുവതികൂടിയുണ്ടായിരുന്നു. പ്രഥമദർശനത്തിൽ അവരിൽ അനുരക്തനായോ എന്നു നിർണ്ണയിപ്പാൻ തരമില്ല. ഏതായിരുന്നാലും അവരെയാണു് അദ്ദേഹം കല്യാണം കഴിച്ചതു്.

1836 ജൂലായ് 8-നു ഗുണ്ടർട്ടു് മദിരാശിയിൽ എത്തി. ഗ്രോവ്സ് സായ്പ് റേനിയസ് എന്നു പേരായ ജർമ്മൻ പാതിരിയേപ്പറ്റി ഉണ്ടായ പരാതിയെ സംബന്ധിച്ചു് അന്വേഷണം നടത്താനായി അദ്ദേഹത്തിനെ തിരുനൽവേലിയിലേക്കു നിയോഗിച്ചു. പരാതികളെല്ലാം അടിസ്ഥാനരഹിതങ്ങളെന്നു ഗ്രഹിച്ചുകൊണ്ടു് അദ്ദേഹം മദ്രാസിൽ മടങ്ങിച്ചെന്നശേഷം ചിറ്റൂരിൽ ക്രൈസ്തവധർമ്മപ്രചരണത്തിനായ് നിയമിക്കപ്പെട്ടു. റേനിയസ് 1838-ൽ മരിക്കയാൽ, ഗുണ്ടർട്ടു് തൽസ്ഥാനത്തു അവരോധിക്കപ്പെട്ടതുകൊണ്ടു് അദ്ദേഹം തിരുനൽവേലിക്കു തിരിക്കയും അക്കൊല്ലംതന്നെ ഡിബോവായേ കല്യാണം കഴിക്കയും ചെയ്തു.

ഇതിനിടയ്ക്കു തമിഴു്, ഇംഗ്ലീഷ് എന്നീ ഭാഷകൾ പഠിക്കാൻ തുടങ്ങിക്കഴിഞ്ഞു. തമിഴിൽ ഒന്നുരണ്ടു കൊല്ലങ്ങൾകൊണ്ടു സാമാന്യം പരിചയം സിദ്ധിച്ചിരുന്നതിനാൽ യേശുവിന്റെ ജനനംവരെയുള്ള ചരിത്രത്തെ അദ്ദേഹം ആ ഭാഷയിൽ എഴുതിത്തീർത്തുവത്രേ.

1838 അക്റ്റോബർ ഒന്നാംതീയതി ഡാക്ടർ ഗുണ്ടർട്ടു് ബാസൽ മിഷ്യനിൽ ചേരുന്നതിനു് മംഗലാപുരത്തേക്കു പുറപ്പെട്ടു. അന്നുമുതല്ക്കാണു് മലയാളഭാഷ പരിശീലിക്കാൻ തുടങ്ങിയതു്. 1839-ൽ ചിറയ്ക്കൽ അഞ്ചരക്കണ്ടി എന്ന ദേശത്തുള്ള തോട്ടവേലക്കാരെ മാനസാന്തരപ്പെടുത്തുന്നതിനായി അദ്ദേഹം നിയുക്തനായി. അചിരേണ മലയാളഭാഷയിലും ഗ്രന്ഥനിർമ്മാണം ചെയ്യാമെന്ന നിലവന്നുചേർന്നു. ഭാഷ പഠിക്കുന്നതിൽ അദ്ദേഹത്തിനു അനിതരസാധാരണമായ വാസനയുണ്ടായിരുന്നുവെന്നുകാണാം. എന്തുകൊണ്ടെന്നാൽ ഇരുപതുകൊല്ലത്തോളം ഇൻഡ്യയിൽ താമസിച്ചതിനിടിയ്ക്കു് തെലുങ്കു്, കന്നടം,തമിഴു്, മലയാളം, തുളു, ബംഗാളി, മഹാരാഷ്ട്രം, ഹിന്ദുസ്ഥാനി മുതലായി അനേകം ഭാഷകൾ വശപ്പെടുത്തിയല്ലോ.

മതപരിവർത്തനവിഷയമായുള്ള തീവ്രയത്നത്തിന്റെ ഫലമായി അദ്ദേഹത്തിനു ജാതി ഹിന്ദുക്കളുടെ ശത്രുത്വം സമ്പാദിക്കേണ്ടിവന്നു. ഹിന്ദുദേവന്മാരെ പരസ്യമായി ആക്ഷേപിക്കുന്നതിനു് അദ്ദേഹത്തിനു യാതൊരു കൂസലുമുണ്ടായിരുന്നില്ല. ഭരണകർത്താക്കളുടേയും പ്രബലന്മാരായ മുതലാളികളുടേയും വേഴ്ചയുള്ള മിഷണറിമാൎക്കു് അന്യധർമ്മങ്ങളെ ദുഷിക്കുന്ന വിഷയത്തിൽ ആരെയാണു ഭയപ്പെടാനുള്ളതു്? ചോദിച്ചാൽ എന്റെ മനസ്സാക്ഷി അങ്ങനെയാണു് ഉപദേശിക്കുന്നതെന്നു പറയാം. എന്നാൽ അന്യന്മാൎക്കു് ആ ഒരു ദിവ്യപദാർത്ഥം ഇല്ലയോ? എന്നതിനെപ്പറ്റി അവൎക്കു ചിന്തയേ ഇല്ല. ഇങ്ങനെയായിരുന്നു അന്നത്തേ മിഷണറിമാരുടെ മനോഭാവം. എന്നാൽ ഒരു കാര്യം പറയാതെതരമില്ല. അനാചാരങ്ങളുടെ കെട്ടുപാടുകൊണ്ടു വലഞ്ഞിരുന്ന അനവധി അധഃകൃതർ ക്രിസ്തുമതം അംഗീകരിച്ചു് ക്രമേണ തങ്ങളുടെ നിലയും വിലയും നന്നാക്കി. ഈ പാതിരിമാർ ആണു് ജാതി ഹിന്ദുക്കളാൽ മൃഗങ്ങളായി ഗണിക്കപ്പെട്ടിരുന്ന അസംഖ്യം ജീവികളെ മനുഷ്യരാക്കിവിട്ടതു്. ജാതിഹിന്ദുക്കൾ മുഖം കറുപ്പിച്ചാലെന്തു്? അവർ ഈശ്വരദൃഷ്ടിയിൽ മഹത്തായ കർമ്മമാണു് ചെയ്തിട്ടുള്ളതെന്നു നിഷ്പക്ഷപാതിയായ ഏവനും സമ്മതിക്കും.

1846-ൽ ഡാക്ടർ സ്വരാജ്യത്തേക്കു പോയെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ തലശ്ശേരിക്കു തിരിച്ചുപോന്നു. അദ്ദേഹം ശീമയ്ക്കു പുറപ്പെടും മുമ്പു് മിഷൻവക ഒരു കല്ലച്ചു സ്ഥാപിച്ചിരുന്നു. മതപ്രചാരത്തിനുവേണ്ടിയുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. 1847 നവംബർ മാസത്തിൽ ആ പ്രസ്സിൽനിന്നു് ഒരു ചെറുപുസ്തകം പ്രസിദ്ധപ്പെടുത്തി. ഡാക്ടർ ഗുണ്ടാട്ടാണു് ‘വിരാമ’ങ്ങൾ ആദ്യമായി ഭാഷയിൽ നടപ്പുവരുത്തിയതു്.

1849-ൽ നിഘണ്ടു നിർമ്മാണത്തിനുള്ള പ്രയത്നം തുടങ്ങി. മദ്രാസ്സിലെ ബൈബിൾ സൊസൈറ്റിക്കാർ, ഇംഗ്ലീഷ് പാതിരിമാരാൽ തയ്യാറാക്കപ്പെട്ടു് പ്രചാരത്തിലിരുന്ന ബൈബിൾ ഗ്രന്ഥത്തെ പരിഷ്കരിക്കുന്നതിനു ഒരു കമ്മറ്റി നിർമ്മിച്ചിട്ടു് ഗുണ്ടർട്ടിനെ അതിന്റെ അദ്ധ്യക്ഷനായ് നിയമിച്ചു. യോഗത്തിൽ തെക്കരും വടക്കരും തമ്മിൽ യോജിക്കാതെവന്നതുനിമിത്തം അദ്ദേഹം സ്വയമേവ ബൈബിൾ വിവർത്തനം ചെയ്തുവത്രേ.

1850-ൽ കണ്ണൂരിൽവച്ചു് ഒരു ‘കൂട്ടജ്ഞാനസ്നാനം’ നടത്തി; നാലുദിക്കിൽനിന്നും ആളുകൾ ഇളകി, മിഷൻ ഗൃഹത്തിനെ വളഞ്ഞു. പക്ഷേ കണ്ണൂർപോലീസു് വന്നു അവരെ പിരിച്ചുവിടുകയും കളക്ടറായിരുന്ന സായു ലഹളക്കാരേ ശിക്ഷിക്കുകയും ചെയ്തു.

1853-ൽ ഗുണ്ടർട്ടു് ബാസൻമിഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെടുകയാൽ മംഗലാപുരത്തേക്കു പോയി. നാലുകൊല്ലത്തിനുശേഷം 1857-ൽ മദ്രാസു് ഗവണ്മെന്റു് അദ്ദേഹത്തിനെ മലയാളം കന്നടം ജില്ലകളിലെ സ്ക്കൂളുകളുടെ ഇൻസ്പെക്ടരായി നിയമിച്ചു. കഷ്ടിച്ചു രണ്ടുകൊല്ലമേ ഈ ജോലിയിൽ ഇരുന്നുള്ളു. രക്താതിസാരപീഡിതനായി 1859 ഏപ്രിൽമാസത്തിൽ ശീമയ്ക്കു തിരിച്ചുപോയി. പിന്നീടു് ശീമയിൽ ഇരുന്നുകൊണ്ടാണു് അദ്ദേഹം മതപ്രചാരണജോലി നിർവ്വഹിച്ചതു്. നിഘണ്ടു പൂർത്തിയാക്കിയതും അവിടെവച്ചായിരുന്നു.

1890-ൽ മഹോദരം പിടിപെട്ടു. അതിൽനിന്നു രക്ഷലഭിച്ചില്ല. 1893 ഏപ്രിൽ 25-ാം നു അദ്ദേഹം ഇഹലോകവാസംവെടിഞ്ഞു.

എന്തെല്ലാം ന്യൂനതകളുണ്ടായിരുന്നാലും ഭാഷയിൽ ഉണ്ടായ ആദ്യത്തെ ശാസ്ത്രീയനിഘണ്ടു അദ്ദേഹത്തിന്റേതാണു്.

റവറണ്ടു് ബയിലി

തിരുവിതാംകൂറിലും, കൊച്ചിയിലും, ക്രിസ്തുധർമ്മം പ്രചരിപ്പിക്കുന്ന വിഷയത്തിൽ അത്യുൽസുകനായിരുന്ന കർണ്ണൽമണ്‍ട്രോ ഈ നാട്ടിലേക്കു മദ്രാസിൽനിന്നു ക്ഷണിച്ചുവരുത്തിയ ഒരു മിഷണറിയാണു് റവ. ബെഞ്ജമിൻ ബെയിലി. അദ്ദേഹം കോട്ടയത്തുവന്നു് മലയാളംപഠിച്ചു് അല്പകാലത്തിനുള്ളിൽ സുവിശേഷപ്രസംഗം ചെയ്‍വാനാരംഭിച്ചു. രണ്ടു ആട്ടിൻകുട്ടികൾ, റാമൻറായിയുടെ ഉപനിഷദ്വാഖ്യാനം എന്നിങ്ങനെ ചില മലയാളപുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും അവയിൽ കാണുന്ന പാതിരിമലയാളം ആൎക്കും രുചിക്കയില്ല.

1824-ൽ അദ്ദേഹം കോട്ടയത്തു് ഒരു അച്ചുക്കൂടം ഏർപ്പെടുത്തി. 1021-ാമാണ്ടു് അദ്ദേഹം മലയാളം ഇംഗ്ലീഷ് നിഘണ്ടു നിർമ്മിച്ചും ഗുണ്ടർട്ടിന്റെ പുസ്തകം പ്രസിദ്ധീകൃതമായതിനോടുകൂടി അതിന്റെ പ്രചാരം കുറഞ്ഞുപോയി.

റവറണ്ടു് ജോസഫ് പിറ്റു്

അദ്ദേഹം 1833-ൽ ഇൻഡ്യയിൽ വന്നു. കോട്ടയം കാളേജിലെ പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെട്ടു. മിഷ്യണറിജോലികൾക്കിടയിൽ മലയാളം പഠിച്ചു് (Pilgrim’s progress) എന്ന പുസ്തകത്തെ മലയാളത്തിലേക്കു തർജ്ജമ ചെയ്തു. അദ്ദേഹവും ഒരു വ്യാകരണം രചിച്ചുവെങ്കിലും പ്രചാരമുണ്ടായില്ല. 1865-ൽ മാവേലിക്കരവച്ചു മരിച്ചു.

മിസ്റ്റർ ഗാർത്തു വൈറ്റു്

മദ്രാസു് ഗവർമ്മെന്റിന്റെ കീഴിൽ ഒരു ഉദ്യോഗസ്ഥനായിരുന്നു. ആദ്യം തർജ്ജമക്കാരനായും പിന്നീടു് സ്ക്കൂൾ ഇൻസ്പെക്ടരായും ഇരുന്നു. മലയാളം സാമാന്യം വശമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണം പഠിക്കുക എന്ന ദൗർഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ടു്.

കോവുണ്ണി നെടുങ്ങാടി

മുമ്പു് നെടുങ്ങനാടെന്നും ഇപ്പോൾ വള്ളുവനാടെന്നും പറയുന്ന താലൂക്കിൽ ചേർന്ന നടുവട്ടം അംശത്തിൽ തൊടുകാടു് എന്നൊരു ദേശമുണ്ടായിരുന്നു. തൊടുകാട്ടുനമ്പ്യാരായിരുന്നു ആ നാടുവാണിരുന്നതു്. ആ വംശം കുറ്റി അറ്റപ്പോൾ നാട്ടുക്കോയ്മയായ സാമൂതിരിപ്പാടു്, തന്റെ ആശ്രിതനായിരുന്ന മലയിൽ ഭവനത്തിലെ ഒരു നെടുങ്ങാടിയെ ദേശവാഴിയാക്കി. ഈ വംശവും കുറ്റി അറ്റുപോകും എന്നനില വന്നുചേർന്നു. എന്തുകൊണ്ടെന്നാൽ അവിടെ 50 വയസ്സു പ്രായംചെന്ന ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ പ്രസവിക്കുന്ന ലക്ഷണം കണ്ടതുമില്ല. അതിനാൽ നിലയങ്ങോട്ടു നെടുങ്ങാടിമാരുടെ കുടുംബത്തിൽനിന്നും ഒരു സ്ത്രീയെ ദത്തെടുത്തു. എന്നാൽ അചിരേണ മദ്ധ്യവയസ്കയായ ഗൃഹനായിക ഗർഭംധരിക്കയും ഒരു കന്യകയെ പ്രസവിക്കയും ചെയ്തു. അതുകൊണ്ടു് ദത്തകന്യകയ്ക്കു് അവകാശംകൊടുത്തു പിരിച്ചയച്ചുകളഞ്ഞു. ആ ചെറുബാലികയിൽനിന്നു് ഉണ്ടായതാണു് ഇപ്പോഴത്തെ നെടുങ്ങാടിവംശം മുഴുവനും.

എന്തോ ശാപവശാൽ ആ കുടുംബത്തിൽ, കൊള്ളാവുന്ന പുരുഷന്മാരാരും ഉണ്ടാവാതെയായി. 850-ാമാണ്ടിടയ്ക്കു് ഒരു കാരണവർ ചില പരിഹാരകർമ്മങ്ങൾ ചെയ്തതിന്റെ ശേഷമാണത്രേ ആ സ്ഥിതിക്കു ഭേദം വന്നതു്.

964-ലെ രാജ്യലഹളയിൽ ഈ കുടുംബത്തിലുണ്ടായിരുന്നവരെല്ലാം തിരുവിതാംകൂറിൽ വന്നു ധർമ്മരാജാവിനെ അഭയംപ്രാപിച്ചു. അങ്ങനെ വന്നവരിൽ മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളും ഒഴിച്ചു് മറ്റെല്ലാവരും തിരുവിതാംകൂറിൽവച്ചുതന്നെ മരിച്ചുപോയി. തിരിച്ചുപോയവരിൽ ഒരുവളായ കുഞ്ചി കോവിലമ്മയിൽ മുള്ളത്തു ഉണ്ണി രാരിച്ച വെള്ളോടിക്കു ജനിച്ച പുത്രനായിരുന്നു കോവുണ്ണി നെടുങ്ങാടി.

അദ്ദേഹം 1006 ചിങ്ങം 16-ാം നു സൂര്യോദയത്തിനു ജനിച്ചു. വിദ്യാരംഭംമുതൽക്കു നാലുകൊല്ലത്തെ കഥ നെടുങ്ങാടിതന്നെ തന്റെ ആത്മകഥാകഥനത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

“ആറു വയസ്സുമുതല്ക്കു പത്തുവയസ്സുവരെ വിദ്യാഭ്യാസം, കൃഷി, സമപ്രായന്മാരായ ചില കുട്ടികളുമായുണ്ടായ കളികൾ, ഭവനത്തിൽ ചില ജനനം, ചില മരണം, ചില അടിയന്തിരങ്ങൾ ഇവകളെപ്പറ്റി ഓർമ്മയുണ്ടെങ്കിലും അവയെ നല്ല വിവരമായി എഴുതുവാൻ തക്ക ഉറപ്പില്ല. എന്നാൽ ഏഴു വയസ്സുമുതല്ക്കു് അമ്മാവന്റെ ചൊല്പടിക്കു നെല്ലു് അളക്കുക, അടച്ചുപൂട്ടും താക്കോലും വഹിക്കുക, കന്നുതെളിക്കുക, ചോടനിൽ കിളിയാട്ടുക ഈ പ്രവൃത്തികളെ നടത്തിയിരുന്നതു് ഓർമ്മയുണ്ടു്. പത്തുവയസ്സും നാലു മാസവും പ്രായംചെന്ന 1017 മകരം 3-ാം തീയതി (എന്നുതോന്നുന്നു) അന്നത്തെ ഏറാല്പാട്ടുതമ്പുരാൻ കരിമ്പുഴെനിന്നു കോഴിക്കോട്ടേയ്ക്കു മടങ്ങി എഴുന്നള്ളുന്നവഴിക്കു് ചെമ്പലങ്ങാടു് വെള്ളൂർ കോവിലകത്തു് എഴുന്നള്ളിയിരിക്കുന്നേടത്തു്, അധികാരിയായിരുന്ന എന്റെ കിട്ടിങ്ങി അമ്മാവൻ എന്നെ തിരുമുമ്പിൽ കൊണ്ടുപോയി ശൎക്കരവെള്ളത്തിൽ ഉരുട്ടിയ കുറെ അരിയുണ്ടയും തിരുമുല്ക്കാഴ്ചവയ്പിച്ചു് അപേക്ഷിച്ചപ്രകാരം അതുമുതല്ക്കു് എന്നെ അവിടുത്തേക്കൂടി പാർപ്പിച്ചു.”

1019-ൽ കോഴിക്കോട്ടു താമസിക്കുന്ന കാലത്തു് ഈശ്വരവാരിയരുടെ അടുക്കെ തൊപ്പിമദ്ദളം കൊട്ടുന്നതിനു പഠിച്ചു. അടുത്തകൊല്ലം സാമൂതിരിപ്പാടു തീപ്പെടുകയാൽ, നെടുങ്ങാടിയുടെ തമ്പുരാനു് അരിയിട്ടുവാഴ്ച കഴിഞ്ഞു. അതിനുശേഷം രണ്ടുമൂന്നുകൊല്ലം അദ്ദേഹം അഹങ്കരിച്ചു തോന്ന്യാസമായി നടന്നു. എന്നാൽ ജന്മാന്തരസംസ്കാരംകൊണ്ടോ എന്തോ സംസ്കൃതം പഠിക്കണമെന്നുള്ള സൽബുദ്ധി അദ്ദേഹത്തിനു് അങ്കുരിച്ചു. അങ്ങനെ അദ്ദേഹം ചാക്യാർമഠത്തിൽ പാർത്തിരുന്ന വാഴയൂർ തച്ചയിൽ മാനിച്ചൻ ഏറാടി എന്ന പണ്ഡിതനെ ഗുരുവായി സ്വീകരിച്ചു. പതിനഞ്ചാംവയസ്സിലാണു സംസ്കൃതം പഠിക്കാൻ തുടങ്ങിയതു്. അല്പകാലത്തിനുള്ളിൽ സിദ്ധരൂപവും ബാലപ്രബോധവും നല്ലപോലെ വശമാക്കി. സന്തുഷ്ടനായ ഗുരു ശ്രീരാമോദന്തം പഠിപ്പിക്കാൻ തുടങ്ങി. അതു പൂർത്തിയാക്കിയിട്ടു രഘുവംശം പതിനൊന്നാംസർഗ്ഗത്തോളം എത്തിയപ്പോഴേക്കും നങ്ങുണ്ണിമുത്തശ്ശി മരിച്ചു എന്നറികയാൽ അദ്ദേഹം സ്വഗൃഹത്തിലേക്കു തിരിച്ചു. പുലകഴിഞ്ഞ ഉടൻതന്നെ കോവുണ്ണി നെടുങ്ങാടി കോഴിക്കോട്ടേക്കുപുറപ്പെട്ടു് മാഘവും പഞ്ചബോധഗണനക്രിയകളും ഉത്സാഹപൂൎവ്വം പഠിക്കാൻ ആരംഭിച്ചു. 1023-ൽ നൈഷധകാവ്യം, തൎക്കസംഗ്രഹം, പ്രശ്നമാർഗ്ഗം, ജാതകാദേശം ഇവയെല്ലാം പഠിച്ചുതുടങ്ങി. ആദ്യകൊല്ലം അവസാനിക്കുംമുമ്പേതന്നെ നൈഷധീയം നാലു സർഗ്ഗം, ഭോജചമ്പു അഞ്ചുകാണ്ഡം, തൎക്കസംഗ്രഹം, ചന്ദ്രികാ, പ്രശ്നമാർഗ്ഗം പതിനാറദ്ധ്യായം, ലാടവൈധൃതങ്ങൾ ഛായാഗണിതം, സിദ്ധാന്തകൗമുദി ഇവയെല്ലാം പഠിച്ചു് ഒരുവിധം വ്യുൽപന്നനായി.

1024-ൽ സാമൂതിരിപ്പാടു തീപ്പെട്ടു. പിന്നെ സാമൂതിരിസ്ഥാനം കോട്ടയ്ക്കലേക്കായിരുന്നു. പഠിപ്പിലുള്ള പ്രതിപത്തിമൂലം അദ്ദേഹം കോഴിക്കോട്ടുതന്നെ താമസിച്ചതല്ലാതെ കോട്ടയ്ക്കലേക്കു പോയില്ല. എന്നാൽ തിരുവന്നൂർകോവിലകത്തെ ചില തമ്പുരാട്ടിമാരുടെയും തമ്പുരാക്കമ്മാരുടേയും സഹായം ലഭിക്കയാൽ അദ്ദേഹം ഒരുവിധം സുഖമായിക്കഴിഞ്ഞുകൂടി.

1025-ൽ നിലമ്പൂർ മൂന്നും നാലും അഞ്ചും തിരുമുല്പാടന്മാരുടെ അമ്മയായിരുന്ന ശ്രീദേവി അമ്മക്കോല്പാട്ടിലെ ഭർത്താവായ തമ്പുരാന്റെ ആവശ്യപ്രകാരം അദ്ദേഹം ബെയ്‍പൂരിൽ നെടിയാലിൽ ഒരു തമ്പുരാനെ പഠിപ്പിക്കുന്ന ജോലി കൈയേറ്റു. താമസം ഒരുവിധം സുഖമായിരുന്നു എന്നുപറയാം. ചെലവുകഴിഞ്ഞു് ആറുരൂപാ ശമ്പളവും പതിഞ്ഞു.

1026 കുംഭത്തിൽ കുടുംബം നാലു തായ്‍വഴിയായി പിരിഞ്ഞു.

കോവുണ്ണിനെടുങ്ങാടി തന്റെ ശാഖയുടെ ഭരണം കൈയേറ്റുകൊണ്ടു ഗൃഹത്തിൽ പാൎക്കാൻ ഇഷ്ടപ്പെട്ടില്ല. അതിനാൽ അദ്ദേഹം കോഴിക്കോട്ടേയ്ക്കു തിരിച്ചു. പനങ്ങാട്ടു് ഇല്ലത്തു താമസിച്ചു് ഒരുണ്ണിയെ പഠിപ്പിച്ചുകൊണ്ടു കുറേക്കാലം നയിച്ചു. പ്രതിമാസം ഒരു രൂപയായിരുന്നു ശമ്പളം. അക്കൊല്ലംതന്നെ അദ്ദേഹം അച്ഛന്റെ മരുമകളായ മുള്ളത്തു കുഞ്ഞിക്കുട്ടിയെ ഏഴാമെടമാക്കി. അന്നു ആ ബാലികയ്ക്കു പതിനൊന്നുവയസ്സേ പ്രായമുണ്ടായിരുന്നുള്ളു.

1027-ൽ സ്വഗൃഹത്തിൽ പുരപണി തുടങ്ങി. അവൎക്കു താമസിക്കുന്നതിനു കുടുംബഗൃഹമുണ്ടായിരുന്നില്ല. അക്കാലമെല്ലാം നെടുങ്ങാടിക്കു വളരെ ക്ലേശങ്ങൾ അനുഭവിക്കേണ്ടതായി വന്നുകൂടി. ചിലദിവസം പട്ടിണിപോലും കിടന്നിട്ടുണ്ടു്. അക്കൊല്ലം മീനമാസം 15-ാം തീയതി ഗുരുനാഥനായ ഏറാടി മരിച്ചുപോയതു് അദ്ദേഹത്തിന്റെ ദുഃഖത്തെ പതിന്മടങ്ങു വർദ്ധിപ്പിച്ചു. നാലു അശനപ്രാർത്ഥനാശ്ലോകങ്ങൾ എഴുതി കോഴിക്കോട്ടു തളിയിൽ ശേഷശാസ്ത്രികളെ കാണിച്ചു് അദ്ദേഹത്തിന്റെ ഉപദേശപ്രകാരം നെടുങ്ങാടി 1631-ൽ തീപ്പെട്ട സാമൂതിരിപ്പാട്ടിലെ തിരുമുമ്പിൽ ആ ശ്ലോകങ്ങൾ സമർപ്പിക്കയും അന്നുമുതല്ക്കു് അദ്ദേഹത്തിനു സാമൂതിരി കോവിലകത്തു വീണ്ടും സത്തിക ലഭിക്കയും ചെയ്തു. പിന്നീടു കുറേക്കാലം എട്ടിയോട്ടു എളമത്തിരുമുല്പാട്ടിലെ കുട്ടികളെ 18രൂ മാസപ്പടിയിൽ സംസ്കൃതം പഠിപ്പിച്ചുകൊണ്ടു മഞ്ചേരിയിൽ താമസിച്ചു. അതേ വർഷത്തിൽതന്നെ കുപ്പുസ്വാമിശാസ്ത്രികളുടെ അടുക്കൽ മുക്താവലി പഠിക്കാനും തുടങ്ങി. എന്നാൽ അനുമാനഖണ്ഡംവരെ പഠിക്കാനേ സാധിച്ചുള്ളു. അപ്പോഴേക്കും ശാസ്ത്രികൾ പൊയ്ക്കളഞ്ഞു.

1028-ൽ ചില വസ്തുക്കൾ തീറുവാങ്ങിയിട്ടു് വീണ്ടും കോഴിക്കോട്ടുചെന്നു സാമൂതിരികോവിലകംവക തൃക്കണ്ടിയൂർ ഈടുകലവറ ഏറ്റു. ആ കലവറ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കയാൽ, സാമൂതിരിപ്പാട്ടിലെ ശുപാർശപ്രകാരം കോളായിരാരുക്കുട്ടിനായരുടെ മക്കളേയും മരുമക്കളേയും 25രൂപ ശമ്പളത്തിൽ പഠിപ്പിച്ചുതുടങ്ങി.

1030-ൽ തിരുനെല്ലൂൎക്കു പോയി പിണ്ഡം, ദർശനം മുതലായവ കഴിച്ചിട്ടു മടങ്ങി. അനന്തരം കുറേനാൾ മമ്മിട്ടി ഉണ്ണിനായരുടെ കാര്യസ്ഥനായിപ്പാർത്തു. 1031 കന്നിയിൽ വളരെ ഗ്രഹപ്പിഴയുള്ള സമയമായിരുന്നു. തമ്പുരാന്റെ ഭാര്യയായ കുഞ്ഞുക്കുട്ടി അമ്മയുമൊരുമിച്ചു് തലശ്ശേരിവരെപ്പോയതിൽ മഹാജനങ്ങൾക്കു അദ്ദേഹത്തിന്റെ പേരിൽ വെറുപ്പുതോന്നി അതിനാൽ കന്നി ഒടുവുമുതൽ തുലാംകൂടി ആഴ്ചവട്ടത്തു പുഷ്പേത്തു പാർത്തു. എന്നാൽ ക്രമേണ തമ്പുരാന്റെ മുഷിച്ചിൽ തീർന്നുവെങ്കിലും അദ്ദേഹം അക്കൊല്ലം അവസാനത്തിൽ തീപ്പെട്ടുവത്രേ.

1032 കന്നിയിൽ മമ്മാളി ഉണ്ണിനായരും കൂട്ടരും ഗുരുാവായൂൎക്കുപോയി. അവരുടെ കാര്യസ്ഥൻ എന്ന നിലയിൽ കോവുണ്ണിനേടുങ്ങാടിയും കൂടി. തിരിച്ചുവന്നശേഷം മൂന്നുമാസത്തോളം വസ്തു സംബന്ധമായ കാര്യങ്ങൾക്കുവേണ്ടി സ്വഗൃഹത്തിൽ താമസിച്ചിട്ടു് കോഴിക്കോട്ടേയ്ക്കു പോയി. ഹജുർ രണ്ടാം ശിരസ്തദാരായ സി. കരുണാകരമേനോന്റെ കുട്ടികളെ കുറേക്കാലം പഠിപ്പിച്ചു. ആറുരൂപയായിരുന്നു ശമ്പളം. അടുത്തകൊല്ലം അമാമ്പലത്തു മാനവല്ലഭന്റെ കാര്യസ്ഥനായി ഏതാനുംമാസം ഇരുന്നു. അതിനിടയ്ക്കു കണാരനവർകളുടെ കുട്ടികളെ പഠിപ്പിക്കുന്ന ജോലിയും വഹിച്ചു. ഇക്കാലത്തു് ഉണ്ണിനായരുടെയും മറ്റും സഹായത്താൽ 350 രൂപയോളം അദ്ദേഹത്തിനു സമ്പാദ്യവുമുണ്ടായി. അക്കൊല്ലംതന്നെ മാങ്കാവിൽ മുല്ലശ്ശേരി മാധവി അമ്മ എന്നൊരു സ്ത്രീയേക്കൂടി സംബന്ധം ചെയ്തു.

1035-ൽ ഉണ്ണിനായരുടെ അനുജന്മാരുടെ രക്ഷാകർത്തൃത്വവും മാനവല്ലഭന്റെ കാര്യസ്ഥസ്ഥാനവും കൈയേറ്റു. മൂടക്കച്ചവടം അല്പകാലം നടത്തി നോക്കിയതിൽ നഷ്ടം നേരിടുകയാൽ നിർത്തിക്കളഞ്ഞു.

1860 സെപ്തംബർ മാസത്തിൽ കോഴിക്കോട്ടു പ്രൊവിൻഷ്യൻസ്ക്കൂളിൽ മുൻഷി ഉദ്യോഗം കരസ്ഥമാക്കി. ജോലിക്കിടയിൽ തടിക്കച്ചവടത്തിൽ ഏർപ്പെട്ടു നോക്കിയെങ്കിലും ഗുണമുണ്ടായില്ല.

1039-ൽ നെടുങ്ങാടിയുടെ പിതാവു് പരലോകം പ്രാപിച്ചു. 1041-ൽ മദ്രാസ് പ്രെസിഡൻസി കാളേജിൽ 40 രൂപാ ശമ്പളത്തിൽ മുൻഷിയായി നിയമിക്കപ്പെട്ടു. എന്നാൽ കഠിനമായ രോഗബാധയാൽ ആ ഉദ്യോഗം 1044-ൽ രാജിവയ്ക്കേണ്ടതായി വന്നുകൂടി. അതേവർഷംതന്നെ ഗാർത്തുവൈറ്റുസായ്പിന്റെ കൃപയാൽ അദ്ദേഹത്തിനു പൊഴവായ് റേറ്റുസ്ക്കൂൾ ഹെഡ്മാസ്റ്റർ ഉദ്യോഗം ലഭിച്ചു. എന്നാൽ 25രൂപ ശമ്പളമേ ഉണ്ടായിരുന്നുള്ളു. 1047-ൽ തിരുവനന്തപുരം കാളേജ് മുൻഷിയായ് 50രൂപാ ശമ്പളത്തിൽ നിയമിക്കപ്പെട്ടു.

രണ്ടുകൊല്ലങ്ങൾക്കുള്ളിൽ വക്കീൽപരീക്ഷ ജയിച്ചിട്ടു് ആലുവാ കോടതിയിൽ സൎക്കാർ വക്കീലായി ചാർജ്ജെടുത്തു. 1051-ൽ പ്രസ്തുത കോടതി പറവൂൎക്ക് മാറ്റപ്പെടുകയാൽ അദ്ദേഹം അങ്ങോട്ടു താമസം മാറ്റി. ആ ആണ്ടിൽതന്നെ തിരുവനന്തപുരത്തു ചെന്നു ആയില്യംതിരുനാൾ മഹാരാജാവിനെ മുഖംകാണിക്കയും അവിടുന്നു 60 ഉറുപ്പികക്കു ശമ്പളം സ്ഥിരപ്പെടുത്തി കൊടുക്കയും ചെയ്തു. ആ വർഷത്തിലായിരുന്നു കേരളകൗമുദി പ്രസിദ്ധപ്പെടുത്തിയതു്. കൂനമ്മാവിലെ പ്രസ്സിൽ അച്ചടിപ്പിച്ച ഈ പുസ്തകത്തിന്റെ മുന്നൂറു പ്രതികൾ സൎക്കാരിൽനിന്നു വാങ്ങിച്ചു ഗ്രന്ഥകർത്താവിനെ പ്രോത്സാഹിപ്പിച്ചു.

1055 മിഥുനത്തിൽ കളക്റ്റർ മക്‍വിട്ടർ അദ്ദേഹത്തിനെ കവളപ്പാറ മൈനരുടെ സംസ്കൃത ട്യൂട്ടറായി നിയമിച്ചു. എന്നാൽ അദ്ദേഹം കിളിമാനൂർ കൃഷ്ണവാരിയരെ പകരം ഏർപ്പെടുത്തീട്ടു തിരുവനന്തപുരത്തേക്കു പോന്നു.

1057-ൽ മാതാവു് 42-ാം വയസ്സിൽ മരിച്ചു. അദ്ദേഹം ഉണ്ടാക്കിയ ചരമശ്ലോകം താഴെ ചേൎക്കുന്നു.

കൊല്ലംചിന്തിക്കിലോരായിരമതിലപരം നാല്പതുംപത്തുമേഴും
ചെല്ലുമ്പോളുത്തരംശോഭയമിഥുനമതാം മാസിപത്തഞ്ചുനാളിൽ
ചൊല്ലാർന്നോരാരവാരേ സിതതിഥിപുനരേകാദശീ സദ്വിശാഖേ
കല്യാരണ്യോർദ്ധ്വഗേഹേസ്ഥിത മമ ജനനീ ചേർന്നു വൈകുണ്ഠലോകം

ഈ മരണം അദ്ദേഹത്തിനെ വളരെ ക്ലേശിപ്പിച്ചു. മാതാവിന്റെ മരണംസംബന്ധിച്ച ക്രിയകളെല്ലാം ഭംഗിയായി നടത്തി.

1064 മകരം 15-ാം തീയതി അദ്ദേഹം അനായാസേന മരണം പ്രാപിച്ചു. ആ സംഭവത്തെപ്പറ്റി ഏകഭാഗിനേയനായ കുഞ്ഞുണ്ണിനെടുങ്ങാടി എഴുതിയ ചരമപദ്യം ഉദ്ധരിക്കുന്നു.

കൊല്ലംചിന്തിക്കിലോരായിരമതിലറുപതിനാലുചെല്ലുംമൃഗത്തിൽ
ചെല്ലുംമധ്യത്തിലഷ്ടമ്യനുഗതബുധവാരോത്തമ സ്വാതിനാളിൽ
ചൊല്ലാർന്നുള്ളൊരുവിദ്വൽകലമകുടമണിപ്രൗഢനെൻമാതുലൻതാൻ
സ്വർല്ലോകത്തെഗ്ഗമിച്ചനേരനിമിഷമിടയ്ക്കെത്രചിത്രംനിനച്ചാൽ

കോവുണ്ണിനെടുങ്ങാടി പല ഒറ്റ ശ്ലോകങ്ങൾ നിർമ്മിച്ചിട്ടുള്ളതായി പറയപ്പെടുന്നു. അവയിലൊന്നാണു്

കല്യാണിനിന്നോടപരാധമൊന്നു
മല്ലേക്ഷണേചെയ്തവനല്ലെടോഞാൻ
കല്ലോലചില്ലീലതകൊണ്ടുമന്ദം
തല്ലുന്നതെന്തിന്നിഹകൊല്ലുവാനോ?

എന്ന പദ്യം.

കോവുണ്ണിനെടുങ്ങാടിയ്ക്കു് പ്രഥമപത്നിയിൽ രണ്ടു പുത്രിമാർ മാത്രമേയുണ്ടായിരുന്നുള്ളു. രണ്ടാമത്തെ ഭാര്യ പ്രസവിച്ചതേയില്ല. അദ്ദേഹത്തിനു് രേവുണ്ണി, കേലു, കുട്ടൻ എന്ന മൂന്നനുജന്മാരും തമ്പു, നങ്ങുണ്ണി എന്നു രണ്ടു അനുജത്തിമാരും ഉണ്ടായിരുന്നു. അവരിൽ രേവുണ്ണിനെടുങ്ങാടിയും കുട്ടൻനെടുങ്ങാടിയും അദ്ദേഹത്തിന്റെ ജീവിതദശയിൽതന്നെ പരലോകം പ്രാപിച്ചു. മറ്റുള്ളവർ മരിച്ചിട്ടു അധികകാലമായിട്ടില്ല.

കേരളകൗമുദിയേപ്പറ്റി രണ്ടുവാക്കുകൾ പറയാതിരിക്കുന്നതു ഭംഗിയല്ല.

ഗുണ്ടർട്ടെന്നപ്രബലമതിമാനിട്ട നൂലൊട്ടുകൊള്ളാം
ഗീവർഗ്ഗീസുംപുനരൊരുതരംചേർത്തതുംനന്നുപാർത്താൽ
ഗുണ്ടർട്ടീന്നുലുപരുകലനംചെയ്തിതഗ്ഗാർത്തുവൈറ്റും
പൂർവന്മാരാമവരെയനുകൂലിപ്പനാവോളവുംഞാൻ

എന്ന പ്രതിജ്ഞയോടുകൂടിയാണു് ഗ്രന്ഥം ആരംഭിച്ചിരിക്കുന്നതു്. അവരുടെ വ്യാകരണഗ്രന്ഥങ്ങളെല്ലാം അദ്ദേഹം വായിച്ചുകാണണമെന്നുള്ളതിൽ സംശയത്തിനെ വഴിയില്ല. പാച്ചുമൂത്തതിന്റെ വ്യാകരണം കണ്ടിരിക്കയില്ലെന്നു തോന്നുന്നു.

ഇവരുടെ ഒക്കെ വ്യാകരണങ്ങൾ ഇരുന്നിട്ടും ഇദ്ദേഹം വ്യാകരണനിർമ്മാണത്തിനു ഒരുങ്ങിയതെന്തുകൊണ്ടു്?

ഗാഢംപാണിനിസൂത്രവുംതമിഴുതന്നൂലുംഗ്രഹിച്ചഞ്ജസാ
ഗൂഢംകേരളസമ്പ്രദായമഖിലഗ്രന്ഥപ്രയോഗങ്ങളും

വ്യക്തമാക്കണമെന്നായിരുന്നു ഗ്രന്ഥകാരന്റെ ഉദ്ദേശം.

മുൻ പ്രസ്താവിക്കപ്പെട്ട മൂന്നു വ്യാകരണങ്ങളും ഇംഗ്ലീഷുമൂശയിൽ വാൎക്കപ്പെട്ട ഭാഷാവ്യാകരണങ്ങളാണു്. അവ പഠിച്ചതുകൊണ്ടു് അന്നത്തെ മലയാളത്തിന്റെ കെട്ടുപാടുകളെ അറിയുന്നതിനു സാധിക്കയില്ല. മലയാളഭാഷതന്നെ സംസ്കൃതഹിമഗിരിഗളിതയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മതം. എഴുത്തച്ഛന്റെ കൃതികളും മറ്റും വായിച്ചാൽ അങ്ങനെ ഒരു തോന്നലിനും വഴിയുണ്ടു്. മലയാളമെന്നല്ല ഐറോപ്യഭാഷകൾപോലും സംസ്കൃതത്തിൽ നിന്നുണ്ടായതാണെന്നു ശഠിക്കത്തക്കവണ്ണം വടഭാഷയോടു കൂറുള്ളവർ ഇന്നും ഇല്ലാതില്ലല്ലോ. ഭാഷയുടെ ഉൽപത്തി എങ്ങിനെയും ഇരിക്കട്ടെ. മണിപ്രവാളകൃതികൾ വായിച്ചറിയണമെങ്കിൽ പാണിനീസൂത്രങ്ങളിൽ ചിലതൊക്കെ അറിഞ്ഞേ മതിയാവൂ. ശുദ്ധമലയാളവ്യാകരണനിയമങ്ങൾ അറിയുന്നതിനു നന്നൂൽപരിചയവും അപരിത്യാജ്യമാണു്. കേരളപാണിനിതന്നെയും ഇംഗ്ലീഷിനെ അനുകരിക്കാതെ നന്നൂലിന്റെ ചുവടുപിടിച്ചുപോയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നു എനിക്കു തോന്നീട്ടുണ്ടു്. ക്രിയയുടെ കാലവിഭാഗംതന്നെ നോക്കുക. അദ്ദേഹം Indefinite Continuous, perfect, perfect continuous എന്നീ വിഭാഗങ്ങളെ ഭാഷയിലേക്കു സംക്രമിപ്പിക്കാൻ വ്യർത്ഥമായി പ്രയത്നിച്ചിരിക്കുന്നു. പൗരസ്ത്യഭാഷകളിലൊന്നിലും ഇങ്ങനെ ഒരു വിഭാഗമില്ല. Mood എന്നതും പൗരസ്ത്യൎക്കു ് അപരിചിതമാണു്. സംസ്കൃതക്കാർ പത്തു ലകാരങ്ങളിൽ അവയെയെല്ലാം ഉൾപ്പെടുത്തി. അതുപോലെ നന്നൂലിലെ “പുണച്ചി” വിഭാഗം മലയാളത്തിലും സ്വീകരിക്കാമായിരുന്നു.

തമിഴ് ഇലക്കണത്തിന്റെ വിഭാഗങ്ങളാണു് വൃത്തവും അലങ്കാരവുമൊക്കെ. ഇംഗ്ലീഷ് വ്യാകരണങ്ങളിലും metre, rhet oric ഇവയ്ക്കു സ്ഥാനമുണ്ടു്. ഇക്കാരണങ്ങളാൽ സർവലക്ഷണസംയുക്തമായ ഒരു വ്യാകരണം നിർമ്മിക്കുന്നതിനായി കോവുണ്ണിനെടുങ്ങാടി ഉദ്യമിച്ചതു് തെറ്റല്ല.

അഭിപ്രായവ്യത്യാസത്തിനു അവകാശം പലദിക്കിലും കണ്ടേയ്ക്കാം. കേരളപാണിനീയവും അതിനു വേണ്ടുവോളം ഇടംകൊടുക്കുന്നുണ്ടു്. കേരളകൗമുദി പഠിപ്പിച്ചിരിക്കുന്നതു് എല്ലാവിധത്തിലും പ്രയോജനകരമാണു്. അക്കാലംവരെ ഉണ്ടായിട്ടുള്ള വ്യാകരണഗ്രന്ഥങ്ങളിലെല്ലാംവച്ചു് ഉത്തമവും അതുതന്നെയാകുന്നു.

ചിറ്റൂർ സുബ്രഹ്മണ്യശാസ്ത്രികൾ

ചിറ്റൂർ നല്ലേപ്പിള്ളി ഗ്രാമത്തിൽ അയ്യാശാസ്ത്രികളുടെ പുത്രനായി 1006-ാമാണ്ടു് ജനിച്ചു. പിതാവിന്റെ അടുക്കൽനിന്നുതന്നെ സംസ്കൃതം അഭ്യസിച്ചു. സംസ്കൃതം മലയാളം തമിൾ എന്നീ മൂന്നുഭാഷകളിലും ഒരുപോലെ പാണ്ഡിത്യം സമ്പാദിച്ചിരുന്ന ഈ കവിയിൽനിന്നും മലയാളഭാഷയ്ക്കു് ത്രിപുരദഹനം, പ്രഭാവതീസ്വയംവരം, പാരിജാതഹരണം, ശാകുന്തളം രണ്ടുദിവസത്തെ ആട്ടക്കഥ ഇവയും സംസ്കൃതത്തിനു ഒരു ജ്യോതിഷഗ്രന്ഥവും ലളിതാവിലാസചമ്പുവും തമിഴിനു മീനാക്ഷീനാടകവും ലഭിച്ചിട്ടുണ്ടു്. ആട്ടക്കഥകളെല്ലാം പ്രൗഢങ്ങളും സുന്ദരങ്ങളും ആയിരിക്കുന്നു.

1031-ൽ ത്രിപുരദഹനവും അടുത്തകൊല്ലം പ്രഭാവതീസ്വയംവരവും 1033-ൽ പാരിജാതഹരണവും 1053-ൽ ശാകുന്തളവും രചിക്കപ്പെട്ടു. ഈ കൃതികളൊന്നും എനിക്കു കാണ്മാൻ സാധിച്ചിട്ടില്ല. അതിനാൽ ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ത്രിപുരദഹനത്തിലെ ഒരുഭാഗം ഭാഷാചരിത്രത്തിൽനിന്നു ഉദ്ധരിക്കാം.

സമന്ദരമഹീധരപ്രമഥിതാബ്ധിവൽക്ഷോഭിതാൻ
സമന്ദരഗദാംബുജാരിവിലസച്ചതുർബാഹുകഃ
അമന്ദകരുണാഭരാകുലമതിസ്സമീക്ഷ്യാമരാൻ
സമന്ദഹസിതംവചസ്സകലലോകനാഥോഽബ്രവീൽ.
കല്യാണിചെമ്പട
സ്വസ്തി തേ ശൂനാസീര സ്വാഗതം കിം വീര
സ്വസ്ഥതവന്നീടുംമേലിൽചിത്തതാപമരുതേ
മൃത്യുഞ്ജയഭക്തന്മാരാംദൈത്യവരന്മാരെ
മൃത്യുപുരത്തിനയപ്പാനദ്യചൊല്ലാംവരം
ലോകേശവിതീർണ്ണമാമാക്രതവരത്തിൽ
ആകലഹീനന്മാരാംനാകവൈരികളെ
കേവലവചനങ്ങളാൽശൈവമതമവരുടെ
ദേവമൗലേഭംഗംചെയ്‍വേനാവിലംവിനാഹം
എളമനമഠത്തിൽ കല്യാണി അമ്മ

തൃപ്പൂണിത്തുറ വടക്കേക്കോട്ടവാതലിനു സമീപം എളമനമഠം എന്നൊരു ഗൃഹമുണ്ടു്. ഒരുകാലത്തു ആ കുടുംബം ഐശ്വര്യസമൃദ്ധമായിരുന്നു. ഇടയ്ക്കു കാലക്കേടുനിമിത്തം ചില കഷ്ടതകൾ നേരിട്ടെങ്കിലും, കുഞ്ചിയമ്മ എന്നൊരു സ്ത്രീരത്നത്തെ 1094-ൽ തീപ്പെട്ടതമ്പുരാൻ നേത്യാരമ്മയാക്കിയ മുതല്ക്ക വീണ്ടും ഐശ്വര്യലക്ഷണങ്ങൾ കണ്ടുതുടങ്ങി. കല്യാണിഅമ്മയുടെ ജനനകാലത്തു് എളമനമഠം ഐശ്വര്യസംപൂർണ്ണമായിരുന്നു.

ഈ സ്ത്രീരത്നം 1077 വൃശ്ചികം 26-ാം നു ചതയം നക്ഷത്രത്തിൽ ജനിച്ചു. നേത്യാരമ്മയുടെ ഏകപുത്രിയായ ലക്ഷ്മിഅമ്മയെന്ന സംഗീതവിദുഷിയായിരുന്നു അവരുടെ മാതാവു്. പിതാവായ കോടനാട്ടുനമ്പൂരിപ്പാടും മഹാവിദ്വാനായിരുന്നു. മാതുലനായ രാമുമേനോൻ സാർവാധികാര്യക്കാർ ഉദ്യോഗം വഹിച്ചുകൊണ്ടിരുന്ന കാലമായതിനാൽ നാമകരണാദികൃത്യങ്ങൾ ആഘോഷപൂർവ്വം നടത്തപ്പെട്ടു. അഞ്ചാംവയസ്സിൽ മുറപ്രകാരം എഴുത്തിനിരുത്തീട്ടു് അച്യുതത്തു അച്ചുതവാരിയരുടെ അടുക്കൽ പഠിച്ചുതുടങ്ങി. ബാല്യത്തിൽതന്നെ അമരകോശവും സിദ്ധരൂപവും ബാലപ്രബോധവും ഉരുവിട്ടു തോന്നിച്ചു. അനന്തരം മുറയ്ക്കു് ശ്രീരാമോദന്തം, രഘുവംശം, കുമാരസംഭവം, മാഘം, നൈഷധം എന്നീ കാവ്യങ്ങൾ ശ്രദ്ധാപൂർവ്വം പഠിച്ചു് സാമാന്യം നല്ല വ്യുൽപത്തി സമ്പാദിച്ചു. ഇതിനിടയ്ക്കു് തഞ്ചാവൂർ പൂർണ്ണഭാഗവതരുടെ അടുക്കൽനിന്നു് ഗാനവിദ്യയും സ്വമാതാവിന്റെ അടുക്കൽനിന്നു വീണവായനയും അഭ്യസിച്ചുകൊണ്ടിരുന്നു.

പതിനാറാംവയസ്സു നടന്നുകൊണ്ടിരിക്കുമ്പോൾ വെള്ളാരപ്പള്ളിയിൽ മൂരിയാത്തറമനയ്ക്കൽ രമഭട്ടതിരി സംബന്ധംതുടങ്ങി. മൂന്നുപുത്രന്മാരും യഥാകാലം ജനിച്ചു. അപ്പോൾ ഹതവിധി അവരുടെ ഭർത്താവിനെ അപഹരിച്ചുകളഞ്ഞു. പിന്നീടു കുടുംബത്തിലുള്ളവരുടെ നിർബന്ധത്താൽ സരസഭാഷാകവിയും ഫലിതക്കാരനും ആയ പെരുമ്പള്ളി ഓതിക്കൻ നമ്പൂരിപ്പാട്ടിലെ ഭാര്യാപദം സ്വീകരിച്ചു. അതിലും ഒരു പുത്രനും രണ്ടു പുത്രിമാരും ഉണ്ടായി.

പ്രഥമപുത്രനായ കുട്ടിക്കൃഷ്ണൻ നല്ല വിദ്വാനും സരസകവിയുമായിരുന്നു. അദ്ദേഹം 1054-ൽ മരിച്ചു. രാമുമേനോൻ ആംഗലഭാഷയിൽ ആണു് പ്രശോഭിച്ചതു്. അദ്ദേഹമാണത്രേ തൃപ്പൂണിത്തുറ ഡിസ്ട്രിക്റ്റ് സ്ക്കൂളിന്റേയും ബാലികാവിദ്യാലയത്തിന്റേയും സ്ഥാപനത്തിൽ ഹേതുഭൂതൻ. 1073-ൽ അദ്ദേഹവും ദിവംഗതനായി. അങ്ങനെ തൃതീയപുത്രൻ ശ്രീമാൻ നാരായണമേനോൻ കാരണവസ്ഥാനത്തു പ്രതിഷ്ഠിതനായി. മകൾ കുഞ്ചിഅമ്മ യുവരാജാവിന്റെ ഭാര്യാപദവും പ്രാപിച്ചു.

കല്യാണിയമ്മയുടെ ജീവിതരീതി വളരെ സരളമായിരുന്നു. ഒരു കാരണവശാലും രാവിലെ ഇഷ്ടദേവതയായ പൂർണ്ണത്രയീശന്റെ ദർശനം മുടക്കുമായിരുന്നില്ല. ദർശനം കഴിഞ്ഞു വന്നാൽ ഭാഗവതം, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങൾ പാരായണം ചെയ്യും. ഇതിനുപുറമേ തന്റെ ഭജനമഠത്തിൽ ദിവസേന ഒരു ബ്രാഹ്മണനേക്കൊണ്ടു് സഹസ്രനാമം ജപിപ്പിച്ചുകൊണ്ടുമിരുന്നു. ആ തീർത്ഥം സേവിച്ചതിനുമേലേ ആഹാരം വല്ലതും കഴിക്കുമായിരുന്നുള്ളു.

ആഹാരം കഴിഞ്ഞാൽ പിന്നെ സാഹിത്യവിനോദമായി. വൈകുന്നേരത്തു ഒരു ബ്രാഹ്മണനെക്കൊണ്ടു് ദേവീമാഹാത്മ്യം വായിച്ചു കേൾക്കുകയും പതിവായിരുന്നു. സന്ധ്യയോടുകൂടി തുളസിത്തറയ്ക്കു ചുറ്റും തിരികളും കർപ്പൂരവും കത്തിച്ചുവച്ചു് പ്രദക്ഷിണം നടത്തും. അഞ്ചുനാഴിക ഇരുട്ടുംവരെ നാമസങ്കീർത്തനങ്ങൾ ചൊല്ലിക്കൊണ്ടിരിക്കും. ഒരു നിമിഷംപോലും ഈ വിദുഷി വ്യർത്ഥമാക്കിക്കളഞ്ഞിട്ടില്ല.

കവിത്വശക്തി ബാല്യത്തിലേ പ്രകാശിച്ചുതുടങ്ങി. വെണ്മണിനമ്പൂരിപ്പാടന്മാരും നടുവത്തച്ഛൻ നമ്പൂരിപ്പാടും അവരെ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരുന്നു. അവരുടെ കവിതകൾ സൂക്ഷിച്ചുവച്ചിരുന്ന പെട്ടി 1054-മാണ്ടിടയ്ക്കു ചിതലിനു മുതലായിപ്പോയി.

ദ്രുതകവിതകൾ പലതും ഈ വിദുഷി എഴുതീട്ടുണ്ടു്. വിദുഷിയായിരുന്ന കൊച്ചി കൊച്ചീക്കാവു തമ്പുരാന്റെ സാഹിത്യസദസ്സിൽ ഒരിക്കൽ പല വിദുഷികളും കൂടിയിരുന്നു. അവിടെ സന്നിഹിതനായിരുന്ന കൂടല്ലൂർ നമ്പൂരിപ്പാടിനോടു ഒരു സമസ്യ ഇട്ടുകൊടുക്കാൻ തമ്പുരാൻ കല്പിച്ചു. അപ്പോൾ അദ്ദേഹം ‘വല്ലെങ്കിലും വലിയദുർഘടമായിവന്നു’ എന്നൊരു സമസ്യയും ഇട്ടു. കല്യാണിഅമ്മ അതിനെ നിമിഷത്തിൽ ഇങ്ങനെ പൂരിപ്പിച്ചു:-

വില്ലുംകുലച്ചുവിരുതുള്ളൊരുമാരനെന്നെ
ക്കൊല്ലുന്നതിന്നുമുതിരുന്നിതു പല്ലവാംഗീ
തെല്ലെങ്കിലുംതവ മനസ്സിനിളക്കമില്ലേ?
വല്ലെങ്കിലുംവലിയ ദുർഘടമായിവന്നു

ഇതാണു് ആ ശ്ലോകം.

കല്യാണി അമ്മ കിളിമാനൂർ തമ്പുരാട്ടിക്കും കോഴിക്കോട്ടു തമ്പുരാട്ടിക്കും കൂടെക്കൂടെ പദ്യരൂപമായി കത്തുകൾ അയച്ചുകൊണ്ടിരുന്നു.

ഏറ്റുമാനൂർ തേവരെ ദർശിച്ച അവസരത്തിൽ അവരുണ്ടാക്കിയ സ്തോത്രത്തെ ഇവിടെ ഉദ്ധരിക്കാം.

  1. അന്തകാന്തക!നിമ്പാടപങ്കജം സ്വാന്തത്തിൽനിനച്ചെപ്പോഴുംകൂപ്പുന്നേൻ സന്തതമടിയങ്ങളെ രക്ഷിക്ക ഏറ്റുമാനൂരമരുംപുരാന്തക!
  2. ആഴിവർണ്ണനുമിന്ദ്രനുംചന്ദ്രനും കോഴവിട്ടു ഭജിക്കുന്നുനിമ്പദം അഴലെന്നെഅനുഭവിപ്പിക്കെല്ലേ ഏറ്റുമാനൂരമരുംപുരാന്തക!
  3. ഇന്ദുശേഖാ!നിമ്പാദപങ്കജം നന്ദിപൂണ്ടു ഭജിക്കുമാറാകണം നന്ദനന്മാരെപ്പോലെരക്ഷിക്കണം ഏറ്റുമാനൂരമരുംപുരാന്തക!
  4. ഈശനെത്തന്നെസേവിച്ചുകൊള്ളുവാൻ ആശയുണ്ടാക്കിത്തീൎക്കണമെപ്പോഴും ആശാപാരമറുക്കേണംശങ്കരാ ഏറ്റുമാനൂരമരുംപുരാന്തക!
  5. ഉണ്ടൊരാഗ്രഹമെന്നുള്ളിലെപ്പൊഴും കൊണ്ടാടിത്തിരുനാമംജപിക്കുവാൻ ഉണ്ടാകേണമതിന്നുഭവൽകൃപാ ഏറ്റുമാനൂരമരുംപുരാന്തക!
  6. ഊനമെന്യേഭവൽസ്മരണത്തിനു ജ്ഞാനമുണ്ടായിരിക്കേണമെപ്പോഴും ആനന്ദംവന്നുകൂടീടുമെപ്പൊഴെ ഏറ്റുമാനൂരമരുംപുരാന്തക!
  7. എന്നുള്ളിലുള്ളൊരല്ലലെല്ലാംഭവാൻ ഒന്നൊഴിയാതകറ്റിത്തരേണമേ കുന്നിൻമാനിനികാന്ത!കൃപാംബുധേ ഏറ്റുമാനൂരമരുംപുരാന്തക!
  8. ഐഹികവഷയാഗ്നിപിടിപെട്ടു വയ്യെവെന്തുരുകീടുന്നു മാനസം കയ്യെടുത്തൊന്നനുഗ്രഹിക്കേണമേ ഏറ്റുമാനൂരമരുംപുരാന്തക!
  9. ഒട്ടുംവൈകാതെയെന്നുള്ളിലുള്ളൊരു ദുഷ്ടതകളകറ്റീടണംഭവാൻ കാട്ടാളനായിക്കാത്തപോൽപാർത്ഥനെ ഏറ്റുമാനൂരമരുംപുരാന്തക!
  10. ഔപമ്യമില്ല നിൻഗുണമോൎക്കുമ്പോൾ ഇപ്പാപിയെന്തു വാഴ്‍ത്തുന്നുദൈവമേ! കോപരാഗമഹംകൃതിതീൎക്കണം ഏറ്റുമാനൂരമരുംപുരാന്തക!
  11. അംബുജാക്ഷിയാം പാർവ്വതിയോടൊന്നിച്ചെന്മനസ്സിൽവസിക്കേണമെപ്പൊഴും കർമ്മബന്ധമകറ്റീടണം ഭവാൻ ഏറ്റുമാനൂരമരുംപുരാന്തക!
  12. അറ്റമില്ലാത്ത സംസാരസാഗരേ മുറ്റു മുങ്ങിവലഞ്ഞോരടിയനെ പോറ്റിനിൻകൃപാപോതേകരകേറ്റിക്കാത്തുകൊള്ളുക കാർത്ത്യായനീപതേ!
  13. പാഹിപാഹി പരമേശ്വരാഭവാൻ ദേഹിദേഹി മുദാമമമാനസേ ഐഹികസുഖം ബാലന്മാൎക്കേകീട്ടു് ദേഹനാശേഭവൽപാദേചേൎക്കണം
  14. ഏറ്റുമാനൂരങ്ങൂറ്റമായ്‍വാഴുന്ന പോറ്റി!നിൻകൃപാപാറ്റീടണമെന്നിൽ കൂറ്റൻതൻമുതുകേറ്റിക്കിടാങ്ങളെ പറ്റിക്കേണമിന്നിക്കരയ്ക്കുഭവാൻ.
  15. ശങ്കരശിവശങ്കരപാഹിമാം തിങ്കൾമൗലേസദാശിവപാഹിമാം സങ്കടങ്ങളഖിലവുംനീക്കീട്ടു് സന്തോഷം മമ ദേഹിഗംഗാധര!

1091 വൃശ്ചികത്തിൽ ഈ മഹതിയുടെ ശതാഭിഷേകം ആഘോഷപൂർവം നടത്തപ്പെട്ടു. മരിക്കുംവരെ അവർ ഈശ്വരഭജനത്തിൽ മുഴുകി, സൽക്കർമ്മഗതങ്ങളാൽ സുകൃതസമ്പത്തു ആർജ്ജിച്ചുകൊണ്ടേ ഇരുന്നു.

നാഗരുകോവിൽ കല്യാണിക്കുട്ടിഅമ്മച്ചി

നാഗരുകോവിൽ കല്യാണിക്കുട്ടിഅമ്മച്ചി എളമന കല്യാണിഅമ്മയുടെ സമകാലീനയായിരുന്ന മറ്റൊരു വിദുഷിയായിരുന്നു. ആയില്യംതിരുനാൾതമ്പുരാന്റെ മഹിഷിയായിരുന്ന ആ സ്ത്രീരത്നം 1014 കൎക്കടകമാസത്തിൽ മൂലം നക്ഷത്രത്തിൽ ജനിച്ചു. ചേരാനല്ലൂരായിരുന്നു പൂർവകുടുംബം. ബാല്യത്തിൽതന്നെ സംഗീതസാഹിത്യങ്ങളിൽ വേണ്ടിടത്തോളം വൈദൂഷ്യം സമ്പാദിച്ചിരുന്നു; ശിവരാമഭാഗവതരായിരുന്നു സംഗീതഗുരു. 1026-ൽ ആയില്യംതിരുനാൾ തമ്പുരാൻ ഈ മഹതിക്കു പട്ടുംപരിവട്ടവും കൊടുത്തു. പൂർവ്വകുടുംബത്തിൽനിന്നു കുഞ്ഞിലക്ഷ്മിഅമ്മ, കാർത്യായനിഅമ്മ എന്ന രണ്ടുസ്ത്രീകളെക്കൂടി നാഗരുകോവിലമ്മവീട്ടിലേക്കു ദത്തെടുത്തിരുന്നു. അവരിൽ കുഞ്ഞിലക്ഷ്മിയമ്മയ്ക്കുണ്ടായ അനന്തലക്ഷ്മിപ്പൊന്നമ്മ മൂലംതിരുനാൾമഹാരാജാവിന്റെ ധർമ്മപത്നിപദം പ്രാപിച്ചു. ആ സ്ത്രീരത്നം നാഗരുകോവിൽ ശ്രീനാരായണൻതമ്പി എന്നു പ്രസിദ്ധനായ പുത്രനെ പ്രസവിച്ചശേഷം കാലധർമ്മം പ്രാപിച്ചുപോയി. ഈ സംഭവം കല്യാണിക്കുട്ടിഅമ്മയെ അത്യന്തം ദുഃഖിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ.

1037-ൽ പിതാവും, 1052-ൽ മാതാവും പരലോകം പ്രാപിച്ചു. എന്നാൽ 1055-ൽ സംഭവിച്ച ദാരുണമായ ഭർത്തൃവിയോഗത്തെപ്പോലെ കഠിനമായി അവരെ മറ്റൊന്നും ക്ലേശിപ്പിച്ചില്ല. അന്നുമുതല്ക്കു് അവർ കേവലം വിരക്ത എന്നപോലെ ഈശ്വരഭജനലോലയായി ജീവിച്ചുവന്നു.

1059-ൽ ഒരു സഹോദരനും, 1074-ൽ മറ്റൊരു സഹോദരനും മരിച്ചു. 1074-ൽ ഷഷ്ടിപൂർത്തി കെങ്കേമമായി നടത്തി. ബഹുസഹസ്രം സാധുക്കൾക്കു മൃഷ്ടമായി അന്നദാനം നൽകി. പിന്നെയും പന്ത്രണ്ടുകൊല്ലംകൂടി അവർ ജീവിച്ചിരുന്നു. 1084 മകരം 6-ാം തീയതി പകൽ രണ്ടുമണിക്കു ആ സുകൃതിനി ഇഹലോകവാസം വെടിഞ്ഞു. കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾ ഈ സംഭവത്തെ അധികരിച്ചു് എഴുതിയ പദ്യങ്ങൾ ഇവിടെ ഉദ്ധരിക്കാം.

അൻപത്തഞ്ചതിൽനാടുനീങ്ങിയഭുജംഗർക്ഷോത്ഭവക്ഷ്മാവരൻ
തൻപത്തത്രഭജിച്ചുതൽപ്രണയിനീഭവേനഭൂവിൽസുഖം
അൻപൊത്തങ്ങനെവാണിരുന്നസതിയാമമ്മച്ചിതൻമൈവെടി-
ഞ്ഞിമ്പത്തോടിതുകാലമച്യുതപദധ്യാനേനവാനേറിനാൾ.
നല്ക്കൊല്ലാബ്ദകമാരായിരത്തിലതിയാമെണ്‍പത്തിനാലിൽപരം
ചൊല്ക്കൊള്ളുംമൃഗമാസിഷഷ്ഠദിവസേശ്രീസോമവാരെശുഭേ
പക്കംദ്വാദശിയുത്തരായണമതിൽപ്പെട്ടുള്ളതൃക്കേട്ടയെ
ന്നൊക്കെസ്വർഗ്ഗഗതീക്കമുഖ്യമിഹതൽപുണ്യങ്ങളെണ്ണാവതോ?
പാരംഭാഗമിയന്നുകീർത്തിനിധിയായ് സംഗീതസാഹിത്യസൽ-
സ്വരംസർവമറിഞ്ഞുസദ്വിദുഷിയായൗദാര്യവാരാശിയായ്
സ്വൈരംവഞ്ചിപപത്നിമായ് പുരുസുഖംവർത്തിച്ചൊരമ്മച്ചിയി-
ന്നേരംപാരിതുവിട്ടുപോയതുനിനയ്ക്കുമ്പോൾസഹിക്കാവതോ.

ഈ വിദുഷീരത്നം സ്തവമാലിക, രാസക്രീഡ, അംബരീഷചരിതം മുതലായ തിരുവാതിരപ്പാട്ടുകളും പാർവതീസ്വയംവരം, പതിവ്രതാപഞ്ചകം എന്നീ കൃതികളും രചിച്ചിട്ടുണ്ടു്.

ശശാങ്കശോഭനാനനേ!വിശംകടാക്ഷിപങ്കജേ!
ഹരാങ്കവാസഭാസുരേ!പരംകൃപാർദ്രമാനസേ!
കളങ്കഹീനചേഷ്ടിതേ!സ്വലംകൃതാഖിലാംഗജാ
വിശങ്കമംബ തേ പദേ ദൃശം കരോമി വന്ദനം
സുന്ദരാരവിന്ദനയനനന്ദസുതപാലയമാം
കന്ദരദന ഗോവിന്ദ മന്ദരധര ദേവ
ഇന്ദ്രനീലരുചിരദേഹ വന്ദകാഘവൃന്ദഹരണം.”

എന്നിങ്ങനെ ശബ്ദാർത്ഥസുന്ദരങ്ങളും ഭക്തിരസനിർഭരങ്ങളുമായ ഗാനതല്ലജങ്ങളാണു് ഈ കൃതികളിൽ കാണുന്നതു്. ഏതാനും ഗാനങ്ങളേയും പാതിവ്രത്യപഞ്ചകാദി ചില പദ്യങ്ങളേയും ഉദ്ധരിച്ചുകൊള്ളുന്നു.

പാതിവ്രത്യപഞ്ചകം
സത്യോക്തിശ്രീശക്തി തൻ കൈയിലേന്തി
കൃത്യശ്രദ്ധാസ്യന്ദനം തന്നിലേറി
ഇത്രൈലോക്യം കീഴടക്കുന്നു പാതി-
വ്രത്യംപാർത്താൽചക്രവർത്തിക്കുതുല്യം
വൈദുഷ്യമേ!കാട്ടിലൊളിക്ക ഗാന
വൈദഗ്ദ്ധ്യമേ വീഴുക നീ കയത്തിൽ
എത്രോളമീ സ്ത്രീഭുവനേഷു പാതി-
വ്രത്യംജയംനേടിടുമത്രയും നാൾ.
വ്യർത്ഥംസുരാർച്ചനമതും തപമെന്നിതെല്ലാം
തീർത്ഥോപസേവനങ്ങളും പുനരർത്ഥശൂന്യം
ഇസ്ത്രീകുലത്തിനു വിധിച്ചതിതൊന്നു പാതി-
വ്രത്യം പരം വിജയമോടു വിളങ്ങുമെന്നും.
പിതരമാതാഭതോഗുരുവുമഥപുണ്യംഗൃഹമതും
സുതൻ ദൈവം രാജ്യം പലപദവി മോക്ഷം ച വിഫലം
ഏതോ ഭർത്താവോതുന്നതിനടിമയായ് വാഴുവതുതാൻ
ക്ഷിതൗ പാതിവ്രത്യം ശുഭമബലകൾക്കേകുമഖിലം.
സുമമാലികയിലെ ഏതാനും പദ്യങ്ങൾ
  1. വരഗുണദായിനി വാചാം വരഗജഗമനേ!സരോജചാരുമുഖീ! സരസീജസംഭവദയിതേ! സുരനതചരണേ!കരുഷ്വ മേ കുശലം
  2. ഹിമവത്തനയേ ഭദ്രേ! ഹിമകരവദനേ! പ്രസീദമയി ദേവി പ്രതിദിനമമലം കമലപ്രതിമം കലയാമി താവകം ചരണം.
  3. സരസീരുഹദളലോചനകരുണാനിധിദേവി പരദേവതഭുവനേശ്വരി കുശലം മമ ദത്താം വരമേകുക സതതം മമ സുരപൂജിതപാദാ ശരണാഗതപരിപാലനചതുരാകൃപയോടെ.
  4. സദാതേ പാദാംഭോജഭക്തിം മഹാത്മൻ മുദാ ദേഹി കാമാദിശത്രുൻ നിഹത്യ യദാത്മൻ കൃപാമയ്യമോഘാ ഭവേൽ സാ തദാഹം കൃതാർത്ഥം ഹരേ പത്മനാഭ!

ഖരഹരപ്രിയ—രൂപകം
  1. ഭാനുകോടിരുചിരദേഹ! ഭാനുവംശഭൂഷണ
  2. ലോകാഭിരാമ ഭക്തതാപനികരഭഞ്ജനകര (ഭാനു)
  3. പരമപുരുഷരണശൂര പരമഹംസ ഹൃദയവാസ സുരവരമുനിസേവിതപാദ കരുണാകര രാമ പാഹി.

‘മല്ലാരിപ്രിയാഭാമസമരംചെയ്തീലയോ?’ എന്നിങ്ങനെ തോട്ടക്കാട്ടിക്കാവമ്മ സുഭദ്രാർജ്ജുനം നാടകത്തിൽ എഴുതീട്ടുള്ള പദ്യത്തെ ഉദ്ധരിച്ചു് ചിലർ സ്ത്രീജനങ്ങളെ അന്നു് കളിയാക്കിയിരുന്നതായി എനിക്കറിയാം.

‘ചൊല്ലേറും കവിതയ്ക്കുമാത്രമിവരാളല്ലെന്നുവന്നീടുമോ’ എന്ന ചോദ്യത്തിനു് ഈമാതിരി അനേകം വിദുഷീരത്നങ്ങൾ ഉത്തരം പറഞ്ഞുകഴിഞ്ഞു. അരൂർഭട്ടതിരിപ്പാട്ടിലെ ഗുരുസ്ഥാനം വഹിച്ച മനോരമത്തമ്പുരാട്ടി വ്യാകരണശാസ്ത്രാംഭോനിധിയുടെ മറുകരകണ്ട ഒരു സ്ത്രീരത്നമായിരുന്നില്ലേ? സകല ശാസ്ത്രങ്ങളിലും ഒരുപോലെ വൈദുഷ്യം നേടി അന്നത്തെ പ്രൗഢവിദ്വാന്മാരെയെല്ലാം വിസ്മയിപ്പിച്ച ഒരു മഹിളാരത്നമായിരുന്നില്ലേ സാഹിത്യസഖി കല്യാണിഅമ്മയുടെ മാതാമഹിയായ കുഞ്ഞിക്കുട്ടിഅമ്മ?

വിദ്വാൻ കൊമ്പിഅച്ഛൻ

പാലക്കാട്ടുരാജവംശത്തിൽപെട്ട കിഴക്കേ മേലേടത്തിലെ അംഗമായി 1006 ഇടവം 22-ാം തീയതി ജനിച്ചു. അഞ്ചാംവയസ്സിൽ കവളപ്പാറ രാമനെഴുത്തച്ഛന്റെ അടുക്കൽ പഠിച്ചുതുടങ്ങി; രണ്ടരകൊല്ലംകൊണ്ടു എഴുത്തും വായനയും വശമാക്കീട്ടു് 1013-ൽ കഥകളിക്കു കച്ചകെട്ടി. ഏഴുകൊല്ലംകൊണ്ടു് അഭിനയത്തിൽ നല്ല വൈദഗ്ദ്ധ്യം സമ്പാദിച്ചു. പതിനാറുവയസ്സു കഴിഞ്ഞതിനു ശേഷമേ കാവ്യപരിശീലനം ചെയ്‍വാൻ തുടങ്ങിയുള്ളു. ഗോവിന്ദപുരം രാമജ്യോത്സ്യനായിരുന്നു ഗുരു. അദ്ദേഹം തന്നെയാണു് ശ്രീകൃഷ്ണജയന്തീമാഹാത്മ്യം കിളിപ്പാട്ടിൽ,

കരുണാലയൻ മമ ഗുരുവാം രാമാചാര്യൻ
ഗുരുകാരുണ്യംപൂണ്ടു തുണപ്പാൻ വന്ദിക്കുന്നേൻ

എന്നു സംസ്മരിക്കപ്പെട്ടിരിക്കുന്നതു്. മാതുലനും നാലാംമുറയുമായ ചാത്തുഅച്ഛനായിരുന്നു മറ്റൊരു ഗുരുനാഥൻ.

1030-ൽ അദ്ദേഹം പതിന്നാലുദേശക്കാരനായ ആട്ടലെനമ്പൂരിയുടെ അടുക്കൽനിന്നു പഞ്ചബോധഗണിതം പരിശീലിച്ചിട്ടു് ഉപരിപഠനത്തിനായി കൊടുങ്ങല്ലൂർ വലിയരാജാവിനെ ഗുരുവായി വരിച്ചു. അവിടെനിന്നു് ആയുർദ്ദായഗണനവരെ അഭ്യസിച്ചു.

1035-ൽ പാലക്കാട്ടു രാജാവു് ചാത്തുഅച്ഛന്റെ ശുപാർശ അനുസരിച്ചു് കുംഭകോണം പഴമാണേരി സ്വാമിശാസ്ത്രികളെ പാലക്കാട്ടു താമസിപ്പിക്കയും, കാലക്ഷേപാർത്ഥം ചില വസ്തുവകകൾ പതിച്ചുകൊടുക്കയും ചെയ്തു. ആ ശാസ്ത്രികളുടെ അടുക്കൽനിന്നാണു് വിദ്വാൻ കൊമ്പിഅച്ഛൻ തൎക്കം, മീമാംസ, വേദാന്തം ഇവ വശമാക്കിയതു്.

ചെറുപ്പത്തിൽതന്നെ അദ്ദേഹം കവിതകൾ രചിച്ചുതുടങ്ങി. ശ്രീകൃഷ്ണജയന്തിമാഹാത്മ്യം കിളിപ്പാട്ടു് ചാത്തുഅച്ഛന്റെ ആജ്ഞാനുസാരം നിർമ്മിച്ചിട്ടുള്ളതാണു്. അതു് രചിക്കുന്നകാലത്തു് അദ്ദേഹത്തിനു കഷ്ഠിച്ചു ൨൬ വയസ്സേ ഉണ്ടായിരുന്നുള്ളു. വായനക്കാരെ വിസ്മയിപ്പിക്കത്തക്കവിധത്തിലുള്ള വചോവിലാസം അക്കൃതിയിൽ കാണ്മാനുണ്ടു്.

ഗണനായകൻ ദേവൻ മണിഭൂഷണൻ ഭക്ത—
ഗണവത്സലൻ വരഗുണസഞ്ചയനിധി
തുണയായ് ചിന്നീടണമണയത്തിരുന്നിഹ
ഭണനേയതിന്നു കാലിണയേ കലയേഹം
നന്ദനന്ദനൻ കൃഷ്ണൻ സുന്ദരകളേബര–
നിന്ദുബിംബാസ്യൻ പരാനന്ദചിദ്രൂപൻ ഹരി—
മന്ദനാമടിയന്റെ മന്ദത കളഞ്ഞുടൻ
നന്ദനീയമാംവരമിന്നുനൽകേണം മമ
മോഹനശീലേ സരോമധ്യവാസിനി ജഗ—
ന്മോഹിനീ ഹേമാംബികേ സന്തതം നമോസ്തുതേ.

1038-ൽ പാലക്കാട്ടുരാജാവിന്റെ ആജ്ഞാനുസാരം നിർമ്മിക്കപ്പെട്ട ആട്ടക്കഥയാണു് നീലാസുരവധം.

കേദാരഗൗഡം—ചെമ്പട
  1. മനസി തവ പരിതാപം പരിഹരവീര
  2. അംഭോധിരാജ ഭവതാ സംഭാഷണമിദം സംഭാവനീയം ഖലു ഗംഭീരമഹാത്മൻ മന
  3. വന്ദനീയന്മാരാം മുനിവൃന്ദമർത്ഥിക്കയാൽ വന്നതെന്നറികമാം മന്ദേതരം ഭവാൻ. മന
  4. ക്ഷേത്രങ്ങളോടുമയി ദത്വാ ധരംമധുനാ സത്വരം പോക ജലസത്വങ്ങളോടു നീ.

അതേവർഷത്തിൽതന്നെ സിംഹാവതാരവും രചിക്കപ്പെട്ടു.

പാടി—ചെമ്പട
കാലേ തസ്മിൻ പ്രവൃദ്ധോത്ഭടഭൃജബലവിക്ഷോഭിതാമർത്യരക്ഷോ
യക്ഷപ്രത്യർത്ഥിചക്രോഽഖിലഭടപരിവാരാശ്രിതോഥോ ഹിരണ്യഃ
കാന്താംകാന്താളകാന്താംരുചിരതരനിശാന്താന്തരേകാമബാണ
ക്ലാന്താം സ്വാന്തസ്ഥിതാന്താം രഹസി ഗിരമുവാചേക്ഷ്യ ലീലാവതീം സഃ.
  1. കളമൊഴിമാരണിയും മുടിമാലേ! തെളിവൊടയി ശൃണുവചനം ബാലേ!
  2. നളിനശരാസ്ത്രം കൊണ്ടിഹ കാലേ തളരുന്നിതഹം ബത സുകപോലേ!
  3. മന്ദംചലതിസുഗന്ധിപവനൻ സുന്ദരി സുചലിതനവനീപവനൻ ചന്ദ്രൻ വിലസതി ബഹുശീതകരൻ സാന്ദ്രം സുതനോ മമ ദാഹകരൻ
  4. യോജയ വക്ഷസി ജിതഗജകുംഭം രാജിതകുങ്കുമമയി കുചകുംഭം കരിഗമനേ വിതരാധരബിംബം കരുതരുതതിനിഹ കാലവിളംബം.

1055-ൽ രോഗപീഡിതനായിരിക്കുന്ന അവസരത്തിൽ എഴുതപ്പെട്ട ചില ശ്ലോകങ്ങളിൽ ഒന്നു ഉദ്ധരിക്കുന്നു.

ഇന്നോ വാ നാളയോ മറ്റിനിയൊരു ദിവസംതന്നെയോ കാലദൂതൻ
വന്നീടും നാളിലോർത്താലതിനൊരു കഴിവില്ലെന്നു ചിത്തേ നിനപ്പിൻ
മുന്നേ താൻ പത്മനാഭൻ ചരണനളിഗമിങ്ങുള്ളിലാക്കീട്ടു നിത്യാ-
നന്ദശ്രീകൃഷ്ണ നാരായണ വരദ രമേശേതി കീർത്തിച്ചുകൊൾവിൻ.

1056-ൽ പാലക്കാട്ടുരാജാവു് പ്രതിമാസം 120 രൂപ പെൻഷൻ അനുവദിച്ചു.

1061-ൽ കല്ലേക്കുളങ്ങര പിഷാരടിയുടെ കാവേരിമാഹാത്മ്യത്തിൽ വിട്ടുപോയിരുന്ന രണ്ടദ്ധ്യായങ്ങൾ എഴുതിച്ചേർത്തു.

1086-ൽ അദ്ദേഹം മരണംപ്രാപിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരുവനാണു് പ്രസിദ്ധജ്യോത്സ്യനായ കല്ലേക്കുളങ്ങര ഗോവിന്ദപിഷാരടി.

കൈക്കുളങ്ങര രാമവാര്യർ

ഈ പേരുകേൾക്കുമ്പോൾ അഭിമാന വിജൃംഭണംകൊണ്ടു കോൾമയിൎക്കൊള്ളാത്ത ഒരു കേരളീയനെയും കാണുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിനെപോലുള്ള മറ്റൊരു പ്രചണ്ഡപണ്ഡിതൻ കേരളത്തിലോ പുറനാടുകളിലോ ‘ന ഭൂതോ ന ഭവിഷ്യതി’ എന്നേ പറവാനുള്ളു.

കൊച്ചീസംസ്ഥാനത്തു തലപ്പള്ളിത്താലൂക്കിൽ ചെങ്ങഴിക്കോട്ടു അംശത്തിൽപെട്ട കടങ്ങോട്ടു കൈക്കുളങ്ങരകിഴക്കേ വാരിയമെന്നൊരു ഗൃഹമുണ്ടു്. അവിടെ നാരായണിവാര്യസ്യാർ എന്നൊരു മഹിളാരത്നം നിത്യവും കണ്ണീരും കയ്യുമായി ഈശ്വരധ്യാനൈകപരായണയായി ജീവിച്ചിരുന്നു. അവരുടെ ഇച്ഛയ്ക്കു വിപരീതമായി കാരണവന്മാരുടെ നിർബന്ധം നിമിത്തം നടന്ന വിവാഹമായിരുന്നു ദുഃഖഹേതു. അവരുടെ ഹൃദയം അന്യനിൽ പതിഞ്ഞിരുന്നു. ഒന്നുരണ്ടു പ്രസവങ്ങൾ നടന്നിട്ടും ഈ ദുഃഖത്തിനു ശമനം ഉണ്ടായില്ല. കയ്ക്കുളങ്ങര ഭഗവതി ഒരൊറ്റ ദിവസമെങ്കിലും ഈ യുവതിയുടെ ഉള്ളലിയുമാറുള്ള സങ്കടനിവേദനം കേൾക്കാതിരുന്നിട്ടില്ല. അങ്ങനെഇരിക്കേ അവൎക്കു് ഒരു അപൂർവ്വദർശനമുണ്ടായി. ഒരുദിവസം രാത്രി നട അടച്ചിട്ടും ആ സ്ത്രീരത്നം ധ്യാനത്തിൽനിന്നുണർന്നില്ല. നേരം വെളുക്കാറായപ്പോൾ അടുത്തു താമസിച്ചിരുന്ന കൈതക്കോട്ടു ഭട്ടതിരി പ്രാതഃസ്നാനത്തിനായി വന്നപ്പോൾ, അവരെ കണ്ടിട്ടു് അത്ഭുതപൂർവം വിവരം ചോദിച്ചു. താൻ ധ്യാനിച്ചുകൊണ്ടിരിക്കേ വ്യോമമണ്ഡലത്തിൽ നിന്നു ഒരു ദിവ്യശിശു ഇറങ്ങിവന്നു് തന്റെ അങ്കതലത്തിൽ ഇരുന്നു് അമ്മേ എന്നു വിളിച്ചുകൊണ്ടു് സ്തന്യപാനം ചെയ്തതിന്റെ ശേഷം അന്തർദ്ധാനം ചെയ്തുവെന്നു അവർ പറഞ്ഞുകേൾപ്പിച്ചു. അനന്തരം ഭട്ടതിരി അവരുടെ ചരിത്രത്തെ ചോദിച്ചറിയുകയും ഗാന്ധർവ്വമായി അവരെ വിവാഹം കഴിക്കയും ചെയ്തു. തൽഫലമായി അവർ ഗർഭം ധരിച്ചുവെന്നും അതിലുണ്ടായ പുത്രനാണു് രാമവാരിയരെന്നും ഒരു ഐതിഹ്യമുണ്ടു്.

വേറൊരു ഐതിഹ്യമുള്ളതു് കുറേക്കൂടി രസാവഹമാകുന്നു. വാര്യസ്യാർ ഗർഭം ധിരിച്ച അവസരത്തിൽ ഭട്ടതിരിയുടെ സജാതീയപത്നിയും ഗർഭിണിയായിരുന്നുവത്രേ. രണ്ടു പത്നികളുടെയും സുഖപ്രസവത്തിനേയും ഗർഭസ്ഥശിശുക്കളുടെ നന്മയേയും ഉദ്ദേശിച്ചു് ഭട്ടതിരിപ്പാടു് നെയ്യു് എടുത്തു വെവ്വേറെ ജപിച്ചു് അന്തർജ്ജനത്തിനെ ഏല്പിച്ചിട്ടു് ‘ഇതു നാരായണിക്കു്; മറ്റതു സേവിച്ചോളു’ എന്നു പറഞ്ഞുപോലും. നമ്പൂരി സജാതീയപത്നിക്കു കൊടുത്ത നെയ്യ് ‘സർശാസ്ത്രപാരംഗതനായ പുത്രൻ ഉണ്ടാകാൻവേണ്ടി’ മന്ത്രങ്ങൾ ഉരുക്കഴിച്ചു പ്രത്യേകം ജപിച്ചതും വാരസ്യാൎക്കു ള്ളതു സാധാരണമട്ടിലുള്ളതും ആയിരുന്നു. എന്നാൽ അസൂയാകലുഷമതിയായിരുന്ന അന്തർജ്ജനം തെറ്റിദ്ധരിച്ചു തനിക്കായിത്തന്ന നെയ്യ് വാരിസ്യാൎക്കാണു കൊടുത്തതു്; അതുകൊണ്ടു്, ഉത്തമ സന്താനം ഉണ്ടാവുകയും ചെയ്തു.

ആദ്യത്തെ ഐതിഹ്യത്തിൽ ഉത്തമസന്താനത്തിന്റെ ഉൽപത്തിക്കു കാരണമായി പറഞ്ഞിരിക്കുന്നതു് ദേവിയുടെ കടാക്ഷമാണു്; രണ്ടാമത്തേതിലാകട്ടേ, ഭട്ടതിരിയുടെ മന്ത്രത്തിന്റെ ശക്തിയും. അന്തർജ്ജനത്തിന്റെ അസൂയനിമിത്തം ഉണ്ടായ അബദ്ധവും കാരണത്വേന നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇത്തരം ഐതിഹ്യങ്ങൾക്കു എന്തു വില കല്പിക്കേണമെന്നു് ഇന്നുള്ളവൎക്കൊക്കെ അറിയാം. അബ്രാഹ്മണരുടെ ഇടയ്ക്കു് ആൎക്കെങ്കിലും അസാമാന്യ കവിത്വശക്തിയോ മറ്റു വല്ല ശക്തികളോ കാണപ്പെട്ടാൽ അതിനു കാരണം വല്ല പഴമോ പഴത്തൊലിയോ ആണെന്നുള്ള ഒരു കെട്ടുകഥ ഉണ്ടാക്കിവെയ്ക്കുന്ന പതിവു് പണ്ടേ ഉള്ളതാണല്ലോ. എന്നാൽ, രാമവാരിയർ ജനതാദൃഷ്ടിയിൽ ഒരു അമാനുഷനായിട്ടാണു് കാണപ്പെട്ടതെന്നു് ഈ ഐതിഹ്യങ്ങൾ സ്ഫടികസ്ഫുടമായി തെളിയിക്കുന്നു.

രാമവാരിയർ 1008-ാമാണ്ടു് ചിങ്ങമാസം സ്വാതിനക്ഷത്രത്തിൽ ജനിച്ചു. രാമവാരിയരെന്നും കൃഷ്ണവാരിയരെന്നും രണ്ടു മാതുലന്മാരുടെ മേൽനോട്ടത്തിൽ വളർന്നുവന്നു. രണ്ടു മാതുലന്മാരും പ്രൗഢവിദ്വാന്മാരായിരുന്നു. അവർ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഗുരുക്കന്മാർ. അവരിൽ രാമവാരിയർ നല്ല ജ്യൗതിഷികൻ കൂടിയായിരുന്നു. ബാലന്റെ ഗ്രഹണപാടവം ഗുരുജനങ്ങളെ അത്ഭുതസ്തിമിതരാക്കി. അല്പകാലത്തിനുള്ളിൽ അമരകോശവും സിദ്ധരൂപവും മുഴുവൻ അദ്ദേഹം ഉരുവിട്ടുതീർത്തു. അനന്തരം കാവ്യപരിശീലനം മുറയ്ക്കു തുടങ്ങി. എന്നാൽ പഠിത്തത്തിൽ ഉണ്ടായിരുന്നതിൽ കൂടുതൽ ശ്രദ്ധ ദേവീപൂജയിലായിരുന്നു. ദേവിയുടെ അനുഗ്രഹംകൊണ്ടു സിദ്ധിച്ച സന്താനത്തിനു ദേവീഭക്തി ഇല്ലാതെവരികയില്ലല്ലോ. അതിനാൽ മാതാവു് പുത്രന്റെ ഈ ശുഭവാസന കണ്ടു് അന്തരാ ആനന്ദിച്ചതേയുള്ളു. എന്നാൽ പ്രസ്തുത ബാലന്റെ അവ്യവസ്ഥിതവും തപസ്യയോടു ഏതാണ്ടു് സാദൃശ്യമുള്ളതുമായ ഉപാസനാരീതികണ്ടു് ‘ഇവനു കിറുക്കുപിടിച്ചിരിക്കുന്നു’ എന്നു പലരും പറയാറുണ്ടായിരുന്നു. ചിലപ്പോൾ അർദ്ധരാത്രിക്കു് എണീറ്റു കഴുത്തുവരെ വെള്ളത്തിൽഇറങ്ങി ഇരുന്നും, ചിലപ്പോൾ മാദ്ധ്യഹ്നികസൂര്യന്റെ ഖരകിരണങ്ങൾ ഏൽക്കുമാറു് മണ്ണിൽ മലർന്നുകിടന്നും ധ്യാനിച്ചുവന്നു. ആഹാരകാര്യത്തിലും നിഷ്ഠയുണ്ടായിരുന്നില്ല. പന്ത്രണ്ടുവയസ്സാകുംവരെ ഈ ഉപാസന മുറയ്ക്കു നടന്നുകൊണ്ടിരുന്നു.

അനന്തരം വിദ്വച്ഛിരോഭൂഷണമായ പാലപ്പുറത്തു പുതിയേടത്തു ഗോവിന്ദൻനമ്പ്യാരുടെ ശിഷ്യനായി മൂന്നുകൊല്ലം തൃപ്പൂണിത്തുറെ താമസിച്ചു് അലങ്കാരം, വ്യാകരണം, തൎക്കം എന്നീ ശാസ്ത്രങ്ങൾ മുറയ്ക്കു അഭ്യസിച്ചു. അചിരേണ അദ്ദേഹം ഗുരുവിന്റെ സവിശേഷമായ പ്രീതിക്കു പാത്രീഭവിച്ചു. അഷ്ടാധ്യായീസൂത്രം പഠിച്ച ക്രമത്തേപ്പറ്റി രസകരമായ ഒരു കഥയുണ്ടു്—ബ്രാഹ്മമുഹൂർത്തത്തിലെണീറ്റു് പാണിനീസൂത്രങ്ങൾ ഉച്ചത്തിൽ ഉരുവിടണമെന്നായിരുന്നു ഗുരുവിന്റെ ആജ്ഞ. സതീർത്ഥ്യന്മാർ എണീറ്റു് സൂത്രപാഠം ചെയ്യുമ്പോൾ, വാരിയർ മാത്രം എണീക്കയില്ല. ഉറക്കമാണെന്നായിരുന്നു അവരുടെ വിശ്വാസം. ഗുരു ഈ വിവരം അറിഞ്ഞു് ‘രാമൻമാത്രം ഉറങ്ങുന്നതെന്താണു്?’ എന്നു വിളിച്ചു ചോദിച്ചു. “ഇവരൊക്കെ ഉച്ചത്തിൽ ഉരുവിടുമ്പോൾ ഞാനെന്തിനുവെറുതേ നിലവിളിക്കുന്നു? ഞാൻ കേട്ടുകൊണ്ടിരിക്കും” എന്നായിരുന്നു ശിഷ്യന്റെ മറുപടി. കാര്യം പരമാർത്ഥമായിരുന്നു. അദ്ദേഹത്തിനു സൂത്രങ്ങൾ എല്ലാം മുറതെറ്റാതെ ചൊല്ലാൻ കഴിഞ്ഞു.

വാരിയരുടെ സതീർത്ഥ്യന്മാർ രാജാക്കന്മാരായിരുന്നു. ഗുരുവിനു് രാമനോടുള്ള വാത്സല്യാതിരേകംകൊണ്ടു് അവൎക്കു വലുതായ അസൂയതോന്നുകയും അതുനിമിത്തം വാരിയരുടെ ജീവിതം ക്ലേശകരമായിത്തീരുകയും ചെയ്തു. അതിനാൽ പഠിത്തംതീർത്തിട്ടു് നാട്ടിലേക്കു പോകാൻ അദ്ദേഹം തീർച്ചപ്പെടുത്തി. എന്നാൽ ഗുരുദക്ഷിണയ്ക്കുള്ള വഴിയൊന്നും കൈവശമില്ലായിരുന്നു. ഗുരുവിനെ കാര്യം ധരിപ്പിച്ചപ്പോൾ, ‘നിന്റെ ഈ നിഷ്കളങ്കഭക്തിയാണു് ഉത്തമമായ ഗുരുദക്ഷിണ’ എന്നു അദ്ദേഹം പറഞ്ഞു. എന്നാൽ അതുകൊണ്ടു് വാരിയൎക്കു തൃപ്തിയായില്ലെന്നുകണ്ടപ്പോൾ “വൃദ്ധയായ എന്റെ അമ്മയെ മഹാഭാരതം മുഴുവനും വായിച്ചുകേൾപ്പിക്കുന്നതിൽപരം വിലയേറിയ ഗുരുദക്ഷിണ ഒന്നുമില്ല” എന്നു അദ്ദേഹം ഉപദേശിച്ചു. ഇതു് വാരിയൎക്കു രസിച്ചു. മഹാഭാരതം മുഴുവനും വായിക്കാൻ ഒരവസരം ലഭിക്കുന്നതുതന്നെ മഹാഭാഗ്യമല്ലേ? ഗുരുവിന്റെ പ്രിയമാതാവിനെ വായിച്ചുകേൾപ്പിക്കുക എന്നതു് അതിനേക്കാൾ വലിയഭാഗ്യം. അങ്ങനെ അദ്ദേഹം 1023-ൽ ഗുരുവിനോടുകൂടി കിള്ളിക്കുറുശ്ശിമംഗലത്തേക്കു പുറപ്പെട്ടു. നമ്പ്യാർ ആകട്ടെ, തൃപ്പൂണിത്തുറയ്ക്കു മടങ്ങുന്ന അവസരത്തിൽ ‘എവിടെപ്പോയാലും എന്റെ രാമനു ഗുണമേ വരു’ എന്നു അനുഗ്രഹിക്കുകയും ചെയ്തുവത്രേ.

1026-വരെ ഈ ഹൃദ്യമായ ജോലിയിൽ വ്യാപൃതനായി വാരിയർ ഗുരുവിന്റെ ഗൃഹത്തിൽ പാർത്തു. പിന്നീടു് നാം രാമവാര്യരെ കാണുന്നതു് പ്രസിദ്ധ താൎക്കികനായ ഭീമാചാര്യരുടെ ശിഷ്യനായിട്ടാണു്. അദ്ദേഹത്തിന്റെ സതീർത്ഥ്യയായിരുന്ന മുൻപു പ്രസ്താവിക്കപ്പെട്ട സ്ത്രീരത്നം. തെക്കേ കുറുപ്പത്തേ വക രാമഞ്ചിറമഠത്തിലായിരുന്നു വാരിയർ താമസിച്ചിരുന്നതു്.

അവിടത്തേ പഠിത്തം പൂർത്തിയാക്കിയശേഷം വാരിയർ പുന്നത്തുരേയ്ക്കു പോയി. അവിടുത്തേ ക്ഷേത്രത്തിലെ കഴകം കൈക്കുളങ്ങര വാരിയത്തേക്കായിരുന്നു. ആ സ്ഥലത്തു താമസിക്കുന്നതിനിടയ്ക്കു വാരിയർ പുത്തന്നൂർ തമ്പുരാക്കന്മാരിൽ ചിലരെ സംസ്കൃതം പഠിപ്പിച്ചുകൊണ്ടിരുന്നതായിട്ടാണറിവു്.

അനന്തരം കുറേക്കാലം കോട്ടയ്ക്കൽ കിഴക്കേ കോവിലകത്തേ ചില തമ്പുരാക്കന്മാരെ പഠിപ്പിച്ചുകൊണ്ടു് അവിടെത്താമസിച്ചു. എന്നാൽ പൂർവജന്മവാസനാഫലമായുണ്ടായ തീവ്രവൈരാഗ്യത്തിന്റെ ശക്തിയാൽ പ്രേരിതനായിട്ടു് അദ്ദേഹം അവിടംവിട്ടു് ദേശാടനം ആരംഭിച്ചു. ആ യാത്രയ്ക്കിടയിൽആണു് അദ്ദേഹത്തിനു വിശിഷ്ടഗുരു ലാഭം വഴിക്കു് പൂർവജന്മത്തിലെ തപസ്സിനു് ഫലപ്രാപ്തിയുണ്ടായതു്. കർണ്ണാടകരാജ്യത്തു് കുമ്പഴ എന്നൊരു രാജസ്വരൂപമുണ്ടു്. യാത്രാമദ്ധ്യേ യദൃച്ഛയാ അവിടുത്തെ ചില രാജകുമാരന്മാരുടെ പരിചയം അദ്ദേഹത്തിനു സിദ്ധിച്ചു. അവരുടെ നിർബന്ധപൂർവമായ അപേക്ഷ അനുസരിച്ചു്, ആ കോയിക്കൽ താമസിച്ചുകൊണ്ടിരിക്കേ, അതിനടുത്തുള്ള ഇളന്നീർമഠത്തിലെ സ്വാമിയാരുടെ അതിഥിയായി യോഗാനന്ദസ്വാമികൾ വിജയംചെയ്തു. ഈ യോഗീശ്വരൻ അതിദിവ്യനായിരുന്നു. അദ്ദേഹം ഇളന്നീർമഠത്തിൽ താമസിക്കുന്നകാലത്തു് ബ്രഹ്മസൂത്രത്തിന്റെ ശാരീരികഭാഷ്യം പഠിക്കണമെന്നുള്ള ആശയോടുകൂടി ഒരു ബ്രാഹ്മണയുവാവു് അദ്ദേഹത്തിനെ സമീപിച്ചു. എന്നാൽ ഭാഷ്യാർത്ഥം ഗ്രഹിക്കത്തക്ക ധിഷണാശക്തിയോടുകൂടിയ ഒരു സതീർത്ഥ്യനെക്കൂടി കൊണ്ടുവന്നാലേ പഠിപ്പിക്കാൻ സാധിക്കു എന്നു് സ്വാമികൾ പറകയാൽ, ബ്രാഹ്മണൻ വളരെ വിഷമിച്ചു. അങ്ങനെ ഇരിക്കവെയാണു് അയാൾ വാരിയരെ കണ്ടുമുട്ടിയതു്. ഇപ്രകാരം ബ്രാഹ്മണനും വാരിയരും പ്രസ്തുത യോഗീന്ദ്രന്റെ ശിഷ്യരായ്‍ത്തീർന്നു. ഇതിലൊക്കെ ഒരു ഐശ്വരശക്തിയുടെ പ്രേരണയുണ്ടെന്നു സ്പഷ്ടമാണു്. നാലുമാസംകൊണ്ടു ഭാഷ്യംമുഴുവനും വാരിയർ ഗ്രഹിച്ചുകഴിഞ്ഞു. ഈ അമാനുഷശക്തി കണ്ടു വിസ്മിതനും സംപ്രീതനും ആയ ഗുരുനാഥൻ ‘വാഗ്ദാസൻ, രാമാനന്ദനാഥൻ, പണ്ഡിതപാരശവേന്ദ്രൻ’ എന്നീ ബിരുദത്രയം നല്കി അനുഗ്രഹിച്ചു.

അനന്ദരം യോഗാനന്ദസ്വാമികൾ മൂകാംബിയിലേയ്ക്കു എഴുന്നരുളിയപ്പോൾ, വാരിയരും പിന്നാലെ എത്തി. യോഗസംബന്ധമായ പല തത്വങ്ങളും അവിടുന്നു പ്രിയശിഷ്യനു് ഉപദേശിച്ചുകൊടുത്തു. അവർതമ്മിൽ പിരിയുന്ന അവസരത്തിൽ ശിഷ്യൻ ഗുരുദക്ഷിണയെപ്പറ്റി സംസാരിച്ചപ്പോൾ യോഗീന്ദ്രൻ “നീ ഗീതാഭാഷ്യം രചിക്കുക. അതുതന്നെയാണു ഗുരുദക്ഷിണ” എന്നരുളിച്ചെയ്തു. അതനുസരിച്ചു വാരിയർ ഗീതാഭാഷ്യം എഴുതിയെങ്കിലും, അതു് ഇതുവരെ സൂര്യപ്രകാശം കാണാതെ ഏതോ ഗ്രന്ഥപ്പുരയിൽ ഇരിക്കുന്നതേയുള്ളു.

മൂകാംബിയിൽ മായപ്പാടി കോവിലകത്തു അദ്ദേഹം കുറെനാൾ താമസിച്ചു. അവിടെനിന്നും നാട്ടിലേക്കു മടങ്ങുംവഴി ചിറയ്ക്കൽ, കടത്തനാടു് എന്നീ കോവിലകങ്ങളിലും അല്പകാലം തങ്ങിയതായിപ്പറയപ്പെടുന്നു.

വാരിയരുടെ അത്ഭുതചരിത്രം നോക്കിയാൽ ആദ്യത്തെ ഐതിഹ്യത്തിൽ ഏതാണ്ടു വാസ്തവം ഉണ്ടെന്നും രണ്ടാമത്തേതു് അസൂയാജടിലമായ ഏതോ ഹൃദയത്തിൽ നിന്നുണ്ടായതാണെന്നും തോന്നുന്നു. അദ്ദേഹത്തിനു നാലു വേദങ്ങളും സുപരിചിതമായിരുന്നത്രേ. വേദപാരായണം അബ്രാഹ്മണനും ആവാമെന്നു ലോകരെ ധരിപ്പിക്കാനായി സാക്ഷാൽ വാഗ്ദേവിതന്നെ രാമവാരിയരായി ഉടലെടുത്തതാണെന്നാണു ഞാൻ വിശ്വസിക്കുന്നതു്.

മലയാളബ്രാഹ്മണർ ഒരു വിശിഷ്ട വർഗ്ഗമാണു്. അതിവിശാലഹൃദയന്മാരായ പലരും ആ വർഗ്ഗത്തിൽ ഉണ്ടായിട്ടുണ്ടു്. എന്നാൽ കൃശബുദ്ധികളും അവരുടെ ഇടയ്ക്കു് ഇല്ലായിരുന്നു എന്നു പറയാവുന്നതല്ല. അങ്ങനെയുള്ള ചിലർ വാരിയരുടെനേൎക്കു ് ഇടയ്ക്കിടയ്ക്കു ഗൂഢാസ്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടിരുന്നതായി ലക്ഷ്യങ്ങളില്ലാതില്ല. എന്നാൽ വാഗ്ദേവിയുടെ കടാക്ഷം ലഭിച്ചിട്ടുള്ളവനു് ആരെ ഭയപ്പെടണം!

വാരിയൎക്കു ് വേദാധ്യായനാധികാരിത്വത്തെപ്പറ്റി എന്തഭിപ്രായമാണുണ്ടായിരുന്നതെന്നു ഹോരാവ്യാഖ്യാനത്തിൽനിന്നു തെളിയുന്നു. അദ്ദേഹം ശ്രീ. ടി. സി. പരമേശ്വരൻ മൂസ്സതിനോടു് ഈ വിഷയത്തെപ്പറ്റി ഇങ്ങനെ സംസാരിച്ചുവത്രേ. “ബ്രാഹ്മണൻ എന്നാലാരാണു്? ബ്രാഹ്മണ്യത്തെ ജനനംകൊണ്ടോ കർമ്മംകൊണ്ടോ കണക്കാക്കേണ്ടതു്? ഞാൻ കടവൂർ കൂത്തമ്പലത്തിലേക്കു വരുന്നില്ല. എന്റെ വേദജ്ഞാനത്തെ ആത്മജ്ഞാനത്തിനുവേണ്ടി മാത്രമേ ഉപയോഗപ്പെടുത്തണമെന്നു വിചാരിക്കുന്നുള്ളു. മാക്സ്മുള്ളർ ആരാണെന്നു് ഈ നമ്പൂരിമാൎക്കറിയാമോ? ആ മഹാൻ വ്യാഖ്യാനിച്ചു് ഇംഗ്ലണ്ടിൽ അച്ചടിപ്പിച്ച ഋഗ്വേദം എത്ര നമ്പൂതിരിമാർ വായിച്ചിട്ടുണ്ടു്? അധികാരമില്ലാത്തവൻ വേദംപഠിക്കുന്നതു മഹാപാപമാണെങ്കിൽ തന്നെയും അതുകൊണ്ടുള്ള ദോഷം അനുഭവിക്കേണ്ടതു അയാളല്ലേ? നമ്പൂതിരിമാരല്ലല്ലോ. പിന്നെ എന്താണു് മറ്റുള്ളവർ വേദം പഠിക്കുന്നു എന്നോ പഠിച്ചുവെന്നോ കേൾക്കുമ്പോൾ ഈ നമ്പൂരിമാർ ഇത്ര ലഹളകൂട്ടുന്നതു്? അസൂയ ഒന്നുമാത്രമേ അതിനു കാരണമായി ഞാൻ കാണുന്നുള്ളു. അതിനു ചികിത്സയുമില്ല.”

വാരിയർ നാട്ടിലേക്കു തിരിച്ചുവന്നശേഷം കുറേക്കാലം ഉള്ളോട്ടിൽ അച്യുതമേനോന്റെ പത്നിയായ പരുവക്കാട്ടു അമ്മുഅമ്മയുടെ സംസ്കൃതാദ്ധ്യാപകനായി തൃക്കണ്ടിയൂർ താമസിച്ചു അവിടെയുള്ള ഒരു വാരിയത്തായിരുന്നു താമസം. അങ്ങനെ അവിടെ താമസിക്കുന്നകാലത്തു് കുട്ടിവാര്യസ്യാർ എന്ന യുവതിയിൽ അനുരക്തനായിഭവിക്കയാൽ, അവരെ അചിരേണ ഏഴാമേടമായി കൈക്കൊണ്ടു.

കുന്നത്തൂരു പാറമ്മേൽ ഇയ്യുഇട്ടുപ്പു് എന്നൊരു പുസ്തകവ്യാപാരിയാണു വാരിയരെ കുന്നംകുളത്തേയ്ക്കു ക്ഷണിച്ചുവരുത്തിയതു്. ആ പുസ്തകവ്യാപാരി വാര്യരെക്കൊണ്ടു പുസ്തകങ്ങൾ എഴുതിച്ചു പ്രസിദ്ധപ്പെടുത്തി ഒട്ടുവളരെ പണം സമ്പാദിക്കയും ക്രമേണ വിദ്യാരത്നപ്രഭ എന്നൊരു അച്ചുക്കൂടം സ്ഥാപിക്കയും ചെയ്തു. വാരിയരുടെ എഴുത്തുകാരൻ മാളിയമ്മാവു കുഞ്ഞുവറിയതായിരുന്നു. വാരിയർ പറഞ്ഞുകൊടുക്കും, അദ്ദേഹം എഴുതും. ഇങ്ങനെ അഷ്ടാംഗഹൃദയം അമരകോശം മുതലായ സദ്ഗ്രന്ഥങ്ങളുടെ ഭാഷാവ്യാഖ്യാനങ്ങൾ പുറത്തുവന്നു.

1062-ൽ കുഞ്ഞുവറിയതു തൃശ്ശൂരിൽ കേരളകല്പദ്രുമം എന്നൊരു മുദ്രണാലയം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പ്രേരണയാൽ വാരിയർ തൃശ്ശൂരേയ്ക്കു താമസംമാറ്റി. അവിടെവച്ചാണു കൃഷ്ണനെമ്പ്രാന്തിരി വാരിയരുടെ ശിഷ്യനായിത്തീർന്നു വ്യാകരണാദിശാസ്ത്രങ്ങൾ അഭ്യസിച്ചതു്.

1068-ൽ തൃശ്ശിവപേരൂർവച്ചു കൂടിയ ഭാഷാപോഷിണീസഭയിൽ അദ്ദേഹം അദ്ധ്യക്ഷംവഹിച്ചു. ആ പ്രസംഗമദ്ധ്യേ പുറപ്പെടുവിച്ച ഒരഭിപ്രായം അദ്ദേഹത്തിന്റെ ദൂരദൃഷ്ടിക്കു് ഉദാഹരണമായി പ്രശോഭിക്കുന്നു. സാങ്കേതികനിഘണ്ടുനിർമ്മാണത്തിനുവേണ്ടി എത്രയോകാലമായി വിദ്വാന്മാർ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നു. തിരുവിതാംകൂർ സർവകലാശാല ഒന്നുരണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചും കഴിഞ്ഞു. എന്നാൽ പദസൃഷ്ടിക്കു വിദ്വാന്മാർ അംഗീകരിച്ച മാർഗ്ഗം തൃപ്തമായിട്ടുണ്ടെന്നു പറയാവുന്നതല്ല. Physics ഊർജ്ജതന്ത്രം, Oxygen അമ്ലജനകം എന്നൊക്കെയാണു് തർജ്ജമ. ഇംഗ്ലീഷ് പരിജ്ഞാനമില്ലാതിരുന്ന വാരിയരുടെ ഉപദേശം കേൾക്കുക:-

സംസ്കൃതത്തിലോ ഇംഗ്ലീഷിലോ പാണ്ഡിത്യമുള്ളവർ അവരുടെ വിവക്ഷപോലെ വേണ്ടപദങ്ങളെ അതാതു ഭാഷകളിൽനിന്നുതന്നെ എടുത്താൽ ഒരർത്ഥത്തിനു് ഒരു വാക്കുതന്നെ സാർവത്രികമായി നടപ്പിൽവരികയും ആ വാക്കുകൾക്കു വേറെ അർത്ഥങ്ങളോ ധ്വനികളോ ഇല്ലാതിരിക്കയും ചെയ്യുമെന്നുള്ള ഒരു മെച്ചം ഇക്കാര്യത്തിൽ പ്രത്യേകമായിട്ടുണ്ടായിരിക്കും.

‘Oxygen’നു അമ്ലജനകത്വമേ ഇല്ല. എങ്ങനെയോ ആ പേർ വന്നുകൂടി. ആ പേർ തർജ്ജമ ചെയ്യുമ്പോഴും പ്രസ്തുത പ്രമാദത്തെ നിലനിർത്തണമെന്നുണ്ടോ? ആക്സിജൻ എന്ന പേരുതന്നെ സ്വീകരിച്ചാൽ വാരിയർ പറഞ്ഞിട്ടുള്ള ഗുണങ്ങൾ ഉണ്ടാവുകയും ദോഷം നീങ്ങുകയും ചെയ്യും. പ്രാചീനശാസ്ത്രകാരന്മാർ കേന്ദ്രം, പണപരം, ആകോകേരം, ദ്രേക്കാണം ഇത്യാദി എത്രയോ പദങ്ങൾ ഗ്രീക്കുഭാഷയിൽനിന്നു സ്വീകരിച്ചിരിക്കുന്നു.

“ക്രിയത????????ജിതുമകളിരേതി ഹേ രാപദ്യത്തിലെ മിക്ക പദങ്ങളും ഗ്രീക്കുഭാഷയിൽനിന്നും കടം വാങ്ങിയവയാണു്.

തൃശ്ശൂരെത്താമസത്തിനിടയ്ക്കു് വാരിയരുടെ പ്രിയപുത്രി മരിക്കയാൽ, അദ്ദേഹം തൃക്കണ്ടീയൂരേയ്ക്കു താമസം മാറ്റി. അവിടെ ഒരു പുതിയ ഗൃഹം ഭാര്യയ്ക്കായി നിർമ്മിച്ചുകൊടുത്തു. പണക്കാര്യത്തിൽ തീരെ ശ്രദ്ധയില്ലാതിരുന്നതിനാൽ അവിടത്തെ ജീവിതം ക്ലേശഭൂയിഷ്ഠമായിരുന്നു.

1072 കന്നിയിൽ പതിവുപോലെ നവരാത്രിപൂജയ്ക്കെല്ലാം വട്ടംകൂട്ടി. വ്യാസപൂജാവസാനത്തിൽ വിശിഷ്ടബ്രാഹ്മണൎക്കു ചില ദാനങ്ങൾ എല്ലാം ചെയ്തു. ഭക്ഷണാനന്തരം ചില മിത്രങ്ങൾക്കു കത്തെഴുതി അയച്ചശേഷം കിടന്നുറങ്ങി. അടുത്തദിവസം അദ്ദേഹത്തിനു് എഴുന്നേല്പാൻ ശക്തിയില്ലാതെയായി. മൂത്രഗതിക്കു തടസ്സം നേരിട്ടു. ഡാക്ടർ വന്നു മൂത്രം എടുത്തുകളഞ്ഞു. നവരാത്രിദിവസം അങ്ങനെ കഴിഞ്ഞു. പിറ്റെദിവസം വിജയദശമിയെസംബന്ധിച്ച പൂജകളും ഒരുവിധം ഭംഗിയായി അവസാനിപ്പിച്ചിട്ടു് 10 മണിയോടുകൂടി, ദേവിയിൽനിന്നും ഉദ്ഗമിച്ചു് ഏറിയകാലം ലോകത്തിനു വിജ്ഞാനദീപ്തി നല്കിക്കൊണ്ടിരുന്ന ആ തേജഃസ്ഫുലിംഗം ദേവിയിൽതന്നെ ലയിച്ചു. തന്റെ മരണം ആസന്നമായിരിക്കുന്നു എന്നു മുൻപറഞ്ഞ കത്തുകളിൽനിന്നു ഗ്രഹിക്കാം.

ജ്യൗതിഷത്തിൽ അദ്ദേഹത്തിനു് അപാരമായ പാണ്ഡിത്യം ഉണ്ടായിരുന്നു എന്നുള്ളതിനു ഹോരായുടെയും പ്രശ്നമാർഗ്ഗത്തിന്റെയും വ്യാഖ്യാനങ്ങളിൽനിന്നു് ആൎക്കാണു മനസ്സിലാകാത്തതു്? അവയോടു് അടുത്തുനില്ക്കത്തക്ക ഒരു വ്യാഖ്യാനവും ഞാൻ ഭാഷയിൽ കണ്ടിട്ടില്ല. സംസ്കൃതത്തിലും സുദുർല്ലഭംതന്നെ. സംസ്കൃതത്തിലുള്ള എല്ലാ പ്രാമാണികഗ്രന്ഥങ്ങളിൽനിന്നും അതിൽ പ്രമാണങ്ങളെ ഉദ്ധരിച്ചിട്ടുണ്ടു്. ആചാര്യന്മാൎക്കു തമ്മിൽ അഭിപ്രായവ്യത്യാസം വന്നിട്ടുള്ളിടത്തൊക്കെ, സ്വമതം സ്ഥാപിക്കുന്നവിഷയത്തിൽ വാരിയർ പ്രദർശിപ്പിച്ചുകാണുന്ന പാടവം അന്യാദൃശമാണു്.

‘അശോച്യാജനിഹോരേയ മശോച്യാശ്ചാധുനാ വയം
മാമദൃഷ്ട്വാ ഗൗസ്യദ്യാമാചാര്യസ്യേവ ശോച്യതാ’

എന്നു ഗ്രന്ഥാവസാനത്തിൽ അദ്ദേഹം പറഞ്ഞിട്ടുള്ളതു പരമാർത്ഥം തന്നെ. ‘സ്വല്പം വൃത്തവിചിത്രമർത്ഥബഹുലം’ എന്നു വരാഹമിഹിരാചാര്യർ തന്നെ സമ്മതിച്ചിട്ടുള്ള ഈ ഹോരയിലെ ആശയങ്ങളെല്ലാം ഇത്ര ഭംഗിയായും വ്യക്തമായും പ്രകാശിപ്പിക്കുന്നതിനു മറ്റാൎക്കു സാധിക്കും? ഫലം പറയുന്നതിനു വാര്യൎക്കുണ്ടായിരുന്ന പാടവത്തെ ഉദാഹരിക്കുന്ന ഒരു കഥ പറഞ്ഞുകേട്ടിട്ടുണ്ടു്. ഒരിക്കൽ കാശ്മീരരാജാവിനു് എന്തോ വലുതായ രോഗം ബാധിച്ചു. ഒരു മാന്ത്രികനേയും ജ്യോത്സ്യനേയും അയച്ചുകൊടുത്താൽ കൊള്ളാമെന്നു് അവിടുന്നു കൊച്ചീരാജാവിനു് എഴുതിഅയച്ചുവത്രേ. രാജാവാകട്ടെ മന്ത്രവാദത്തിനു കല്ലൂരിനേയും പ്രശ്നത്തിനു കൈക്കുളങ്ങര വാരിയരേയും ആണു് നിശ്ചയിച്ചതു്. നമ്പൂരിക്കു് അത്ര ദൂരസ്ഥമായ സ്ഥലത്തേയ്ക്കു പോകാൻ മനസ്സുണ്ടായിരുന്നില്ല. രാജാജ്ഞ അലംഘനീയവുമാണല്ലോ. അതിനാൽ വാരിയരോടു് അക്കാര്യത്തെപ്പറ്റി സംസാരിച്ചു. “പരിഭ്രമിക്കേണ്ട, നാം പുറപ്പെടേണ്ടിവരില്ല, അതിനുമുൻപേ കാശ്മീരരാജാവിന്റെ മരണവാർത്ത കേൾപ്പാറാകും.” അദ്ദേഹം പറഞ്ഞതുപോലെതന്നെ പറ്റി. വാര്യരുടെ പാണ്ഡിത്യം ബഹുമുഖമായിരുന്നു എന്നു പറഞ്ഞുകഴിഞ്ഞല്ലോ. അദ്ദേഹം ശ്രീകൃഷ്ണവിലാസം, കുമാരസംഭവം, രഘുവംശം, മാഘം, നൈഷധം, മേഘദൂതം, യുധിഷ്ഠിരവിജയം യമകകാവ്യം എന്നീ കാവ്യങ്ങൾക്കും തർക്കസംഗ്രഹത്തിനും എഴുതീട്ടുള്ള ഭാഷാവ്യാഖ്യാനങ്ങൾ ബാലവിദ്യാർത്ഥികൾക്കുവേണ്ടിമാത്രമാണു്. അവ വായിച്ചുനോക്കിയാൽ വ്യാഖ്യാതാവിന്റെ അഗാധപാണ്ഡിത്യത്തെപ്പറ്റി ഒരു ബോധവും ഉണ്ടാകുന്നതല്ല. അതുതന്നെയാണു് അമരകോശത്തിന്റെ സ്ഥിതി. ഇപ്പോൾ നടപ്പിലിരിക്കുന്ന സിദ്ധരൂപവും ബാലന്മാൎക്കുവേണ്ടി അദ്ദേഹം രൂപവൽക്കരിച്ചതാകുന്നു.

അഷ്ടാംഗഹൃദയത്തിനു സാരാർത്ഥദർപ്പണമെന്നും ഭാവപ്രകാശം എന്നും രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ടു്. രണ്ടും പ്രൗഢവ്യാഖ്യാനങ്ങളാണു്. അവയ്ക്കുശേഷം ഉണ്ടായിട്ടുള്ള അഷ്ടാംഗഹൃദയവ്യാഖ്യാകൾക്കൊന്നിനും ഇത്ര പ്രചാരം സിദ്ധിച്ചിട്ടില്ല. സിദ്ധാന്തകൗമുദിയുടെ പൂർവഭാഗത്തിനു എഴുതീട്ടുള്ള വ്യാഖ്യാനംമാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഹോരാവ്യാഖ്യാനമാണു് ഏറ്റവും പ്രൗഢം. ഇവയ്ക്കെല്ലാം പുറമേ ത്രിപുരവിംശതിസ്ത്രോത്രം, നാരായണീയം, ദേവീമാഹാത്മ്യം, ശ്രൂതിഗീത ഇവയ്ക്കും സവിസ്തരമായ വ്യാഖ്യകൾ അദ്ദേഹം രചിച്ചിട്ടുണ്ടു്.

സ്വതന്ത്രമായും ചില ശാസ്ത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളതായറിയാം. അവയിലൊന്നാണു് ആരോഗ്യകല്പദ്രുമം.

കവിത്വശക്തിയിലും വാരിയർ പിന്നാക്കമായിരുന്നില്ല. കവി ഭാരതത്തിൽ അദ്ദേഹത്തിനെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

ക്രീഡിക്കുന്ന നമുക്കൊരാളു കിടയില്ലെന്നുള്ള തള്ളിച്ചയായ്
പേടിക്കാത്തൊരു നാട്യവും കവിതകൾക്കൗദാര്യവും ശൗര്യവും
കൂടിക്കൊണ്ടിഹ കൈക്കുളങ്ങരെയെഴും രാമാഹ്വയൻ വാരിയൻ
മോടിക്കൊത്തൊരു കൗരവേന്ദ്രസചിവൻ കർണ്ണൻ മഹാനിർണ്ണയം.

വിജ്ഞാനചിന്താമണിയിൽ അദ്ദേഹം സംസ്കൃതപദ്യങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. ഒരിക്കൽ അതിൽ പ്രസിദ്ധപ്പെടുത്തിയ

അഭിനവനവനീതമുഷേ
ഘോഷവധൂടീസ്തനോത്തരീയകൃഷേ
ശിഖിപിഞ്ഛശേഖരജുഷേ
ശിശവേ കസ്മൈചിദവ്യയായ നമഃ

എന്ന പദ്യത്തിന്റെ നാലാംപാദാവസാനത്തിലും ഒരു ‘ഷേ’കിട്ടാതെപോയതു കഷ്ടമായിപ്പോയെന്നു് ആരോ ആക്ഷേപിച്ചു. അപ്പോൾ അങ്ങനെയാണെങ്കിൽ ഷ ഇരിക്കുന്ന പെട്ടി ഒന്നു തുറന്നേക്കാം’ എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം

ശേഷേശയായ വിദുഷേ
വേഷേണാഭീരബാലസാമ്യജുഷേ
രോഷാദുലൂഖലകൃഷേ
ഘോഷപുഷേ രോചിഷേ നമോ ജനുഷേ.

എന്നിങ്ങനെ വേറൊരു പദ്യം എഴുതി അയച്ചുകൊടുത്തു.

മലയാളത്തിൽ അദ്ദേഹം ചില ഒറ്റശ്ലോകങ്ങളും ഭഗവദ്ഗീതാഭാഷാഗാനവും ഭാഗവതഭാഷാസംഗ്രഹഗാനവും രചിച്ചിട്ടുണ്ടു്. ഭാഷാഭാഗവതം ഇങ്ങനെ ആരംഭിക്കുന്നു.

ശ്രീവിഷ്ണോ വിഷ്ണോ വിഷ്ണോ ശ്രീവിദ്യാശ്രയമൂർത്തേ
ശ്രീവിഷ്ണോ വിഷ്ണോ വിഷ്ണോ ശ്രീദേവീപരായണ
ശ്രീവിഷ്ണോ വിഷ്ണോ വിഷ്ണോ ശ്രീകൃഷ്ണമൂർത്തേ ജയ
ശ്രീവിഷ്ണോ വിഷ്ണോ വിഷ്ണോ ശ്രീദേവി ജഗല്പതേ.
ശ്രീവിഷ്ണുസ്തവമേവംചെയ്തുകൊണ്ടനാരതം
ശ്രീമതിയായിവാഴും ശാരികാകലമൗലേ
ശ്രീകൃഷ്ണകഥാരൂപം ശ്രീമഹാഭാഗവതം
ശ്രീകൃഷ്ണഭക്തിയുള്ള ഞങ്ങളെക്കേൾപ്പിക്കണം
ഏണാങ്കമൗലിസേവ്യനല്ലയോ വർണ്യനായോൻ
വാണിയോ താവകിയായതു നൽസുധയല്ലോ
നാണിയക്കുറ്റമൊന്നുകൊണ്ടുമുണ്ടാകയില്ല
നാണിച്ചിടാതെ ചൊല്ക ഞങ്ങളോടതു ബാലേ!
കാണിയാം ഘടിപോലും ഭക്തിയോടകലാതെ
ആണിയാമിതൊരന്തർവാണിക്കുംതിലില്ല
വാണികൊണ്ടന്യഥാത്വമെന്നല്ലൊ ബുധമതം
ഏണിയാമിതുമോഹാഗാധകൂപാർത്തകുന്നു
കോണിയാമിതുതന്നെ സ്വർല്ലോകത്തിനു മേലിൽ.
വാണീടായതുകേൾക്കിലജ്ഞനമാം വലയിൽ
നൂണീടാ മേലിൽ കർമ്മാധീനനായ് പിന്നെ യോനൗ
വാണീടാം വേണമെങ്കിൽ വൈകുണ്ഠലോകത്തിങ്ക-
ലാണീടാം സതതസാന്ദ്രാനന്ദാമൂ സിന്ധൗ
കേണീടും വിരഹേണ മുക്തിയാം വധുതന്റെ
വേണിയെ മോചിപ്പാനുമവനേ ശക്തനാവൂ
ക്ഷോണീഡാശരരെല്ലാം സാധിക്കുമതിന്നാലേ
വാണീശുദ്ധതായാർത്താൽ സർവരുമാനന്ദിക്കും
നാണീടാതൊരുയാത്രയ്ക്കു ഘസാഗരമദ്ധ്യേ
തോണിയായിതുതന്നെ തീരുമെന്നല്ലോ കേൾപ്പൂ
ആകയാൽ ശ്രീമഹാഭാഗവതം ഞങ്ങളെ നീ-
യാകവേ കേൾപ്പിക്കേണം വൈകാതെ വഴിപോലെ.

ഭഗവത് ഗീതാഗാനത്തിന്റെ പ്രാരംഭംമാത്രമേ കിട്ടീട്ടുള്ളു. അതു് ഇങ്ങനെ ആരംഭിക്കുന്നു.

ശാരീകുലത്തിന്നലകാരഹീരമേ
ശാരദാപാദാബ്ജസേവൈകതൽപരേ
ശാരികപ്പൈതലേ സച്ചരിതാഖ്യേ വി-
ശാരദേ ശ്രീചാരുമൂർത്തേ സുഭാഷിണി
ഭാരതവൃത്തങ്ങൾമിക്കതുമൊട്ടൊട്ടു
സാരാംശമാദായ ചൊല്ലിനീയെന്നതിൽ
വീരനാമർജ്ജുനൻ തന്നുടെ ചേതസി
ചേരാതവണ്ണം നിരഞ്ഞു ചമഞ്ഞൊരു
ഘോരവിഷാദങ്ങൾ ദൂരവേ നീങ്ങീടു-
മാറുഭഗവാനരുൾചെയ്തതിന്നതെ-
ന്നാരും ഗ്രഹിക്കേണ്ട ഞങ്ങളിലെന്നൊരു
നീരസഭാവം നിനക്കു വന്നീടുവാൻ
കാരണമെന്തെന്നു ഞാനറിഞ്ഞീല തൽ-
സാരം ഗ്രഹിപ്പാനെനിക്കുമിന്നാഗ്രഹം.
പാരംവളരുന്നുദൈവാനുകൂലത പോരെങ്കിലെന്തുഫലമതുണ്ടെങ്കിലും
വിശ്വത്തിലിക്കാണുമാറായതൊന്നുമേ ശാശ്വമല്ലെന്നുനിശ്ചിതമല്ലയോ.

ചില ശൃംഗാരപദ്യങ്ങൾ.

ഹന്തകേൾക്ക മമ കാന്തതൻമഹിമ ചിന്തുപാടുമതുകേൾക്കിലോ,
പന്തുപോലെമുല, കൂന്തൽമഞ്ജു ഗതിഗന്ധകുഞ്ജരസമംസഖേ
ചാണ്‍തികഞ്ഞുമിഴിതേൻകലർന്നമൊഴിചാന്തണിഞ്ഞനിടിലസ്ഥലം
ബന്ധനങ്ങൾപലതുണ്ടു തത്ര തരുണാന്തരംഗമതിനിങ്ങനെ
കെട്ടുംഭൂജാലതകൾകൊണ്ടവളാഞ്ഞൊരിക്കൽ
കൂട്ടം കടാക്ഷവലകൊണ്ടഥ മറ്റൊരിക്കൽ
പെട്ടെന്നുവാഗമൃതവീചിയിലിട്ടുമുക്കും
നട്ടന്തിരിച്ചിലിവിടെപ്പലതുണ്ടുപാർത്താൽ

വ്യാഖ്യാനത്തിന്റെ സ്വഭാവം കാണിപ്പാൻ ശ്രുതിഗീതയിലെ പ്രഥമപദ്യവും അതിന്റെ സാരവും താഴെ ചേൎക്കു ന്നു.

ജയജയജഹ്യജാമജിതദോഷഗൃഹീതഗുണാമജാം
ത്വമസിയദാത്മനാ സമവരുദ്ധസമസ്തഭഗഃ
അഗജഗദോകസാമഖിലശക്ത്യവബോധക തേ
ക്വചിദജയാത്മനാ ച ചരതോനു ന ചരേന്നിഗമഃ.

ജയജയ എന്നുള്ള ശബ്ദവൃത്തി ആദരദ്യോതകമാകുന്നു. ഉൽക്കർഷത്തെ പ്രാപിക്കണമെന്നു വേദങ്ങളുടെ അഭ്യർത്ഥന. ഈ അഭ്യർത്ഥനലോകങ്ങളെ സംഹരിച്ച നിർവ്യാപാരനായി സ്വാനന്ദാനുഭവമാത്രതൃപ്തനായി വർത്തിക്കുന്ന ഈശ്വരനോടാകുന്നു. ഈശ്വരനുസമാനനായിട്ടും തന്നിൽനിന്നു് അധികനായിട്ടും ആരുമൊട്ടില്ലതാനും. എന്നിരിക്കെ എന്തൊരു ഉല്ക്കർഷമാണു് അപ്രാപ്തമായിട്ടുള്ളതു്? ഒന്നുംതന്നെ ഇല്ല എന്നു വന്നുപോയാൽ ഉൽക്കർഷത്തെ പ്രാപിക്കണമെന്നുള്ള അഭ്യർത്ഥന ചേരുകയുമില്ല. അതുകാരണമായി പ്രകൃതിയെ മോചിപ്പിച്ചാലുമെന്ന അർത്ഥത്തോടുകൂടിയ അജിംജഹി എന്ന വാക്യത്തെ ശ്രുതിദേവതകൾ പറകയാൽ നിന്തിരുവടിയിൽ ലയത്തെ പ്രാപിച്ചിരിക്കുന്ന ജീവാത്മാക്കളുടെ സംസാരനിദാനഭൂതമായ്‍വരൂ. പ്രകൃതിസംബന്ധത്തെ വേർപെടുക്കുന്ന നിന്തിരുവടിക്കു ദയാതിശയമൂലകമായും അഭൂതപൂർവമായുമുള്ള ഒരുൽക്കർഷം പുരസ്ഥിതമായി വർത്തിക്കും. അതിനെ പ്രാപിച്ചാലുമെന്ന താവദ്ധ്വാക്യതാല്പര്യം ഗ്രഹിച്ചുകൊൾക. ജീവാത്മാവിനെന്നപോലെ നിന്തിരുവടിക്കും പ്രകൃത്യധീനതയുണ്ടെങ്കിൽ ജീവാത്മാക്കളിലിരിക്കും പ്രകൃതിസംബന്ധത്തെ വേർപെടുത്തുവാൻ വഹിയാ എന്നുവരാം. എന്നാൽ ഈ പ്രാർത്ഥനയും ചേർച്ചയില്ലാത്തതായ്‍വരും. അതിന്നും സംഗതിയില്ല എന്നു ഹൃദയത്തിൽ വച്ചിട്ടാകുന്നു അജിത എന്ന സംബോധന പദത്തെ പ്രയോഗിച്ചതു്. സർവരേയും ജയിച്ചതായിവർത്തിക്കും പ്രകൃതിയാൽകൂടെ ജയിക്കപ്പെടാത്തവനല്ലോ നിന്തിരുവടിയെന്നു് ഈ സംബോധനപദത്തിന്റെ താല്പര്യമാകുന്നു. ഈ വിധമായാലും പ്രകൃതിസംബന്ധത്തെ ഉണ്ടാക്കിയവനല്ലാതെ അതിനെ വേർപെടുത്തുവാൻ കഴിയുമോ എന്ന ശങ്കയ്ക്കവസരമുണ്ടു്. അതിനെ പരിഹരിപ്പാനായി അഗജഗദോകസാമഖിലശക്ത്യവബോധക എന്നുള്ള സംബോധനത്തെക്കൂടി ഇവിടെ ചേർത്തിരിക്കുന്നു. ചരാചരാത്മകശരീരരൂപേണ സൃഷ്ടിക്കപ്പെടുവാൻപോകുന്ന സത്വരജത്തമസ്സുകളുടേയും ചരാചരാശരീരങ്ങളേയും ആശ്രയിപ്പാൻപോകുന്ന ജീവാത്മാക്കളുടേയും തന്റെതന്റെ കാര്യത്തെക്കുറിച്ചുള്ള ആഭിമുഖ്യമാകുന്ന രൂപത്തോടുകൂടിയ അതീതശക്തികളെ ഉണർത്തുന്നവനും നിന്തിരുവടിതന്നെ എന്നിരിക്കയാൽ പ്രകൃതിസംബന്ധവും ജീവാത്മാക്കൾക്കു നിന്തിരുവടിയിൽനിന്നുണ്ടായതാകുന്നു എന്നു്, തദാശയത്തെ ഗ്രഹിച്ചുകൊൾക. അതു ഹേതുവായിട്ടു് സർവകാരണമായിരിക്കയാൽ സർവാനന്യനായിരിക്കുന്ന നിന്തിരുവടിയെത്തന്നെ ചിലേടത്തു ചിലവേദങ്ങൾ പറയുന്നു എന്നു വാക്യശേഷാഭിപ്രായം.

വാരിയരുടെ സ്വഭാവത്തെപ്പറ്റി രണ്ടു വാക്കുകൂടി പറഞ്ഞിട്ടു് ഈ പ്രകരണം അവസാനിപ്പിക്കാം. പ്രകൃത്യാ ശാന്തനും വിരക്തനും ചില്ലീനമാനസനുമായിരുന്നതിനാൽ ധനസമ്പാദനവിഷയത്തിലോ കുടുംബകാര്യങ്ങളിലോ അദ്ദേഹത്തിനു ലേശം ജാഗ്രത ഉണ്ടായിരുന്നില്ല. ഒറ്റത്തോർത്തുമുടുത്തു് മുറ്റത്തെ പുല്ലുപറിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിനെ കണ്ടിട്ടു് ഗൃഹനായകൻ എവിടെയെന്നു് തദ്ദർശനോൽസുകരായി വന്നുചേരാറുണ്ടായിരുന്ന പലരും അദ്ദേഹത്തിനോടുതന്നെ ചോദിച്ചുപോവാറുണ്ടായിരുന്നു. ചെലവിനു മുട്ടുമ്പോൾമാത്രമേ വല്ലതും എഴുതുന്ന പതിവുണ്ടായിരുന്നുള്ളു. കിട്ടിവന്ന പ്രതിഫലമോ അതിതുച്ഛം. അദ്ധ്യാപനവൃത്തികൊണ്ടു് അദ്ദേഹത്തിനു വേണമെങ്കിൽ സുഖമായി കാലക്ഷേപം കഴിക്കാമായിരുന്നു. എന്നാൽ അതിനു് അദ്ദേഹത്തിന്റെ പ്രകൃതി യോജിച്ചിരുന്നില്ല. ഒരിക്കൽ പറഞ്ഞുകൊടുക്കുന്നതു രണ്ടാമതു ചോദിച്ചാൽ മുഷിയും; മൂന്നാമത്തെ ചോദ്യത്തിനു ‘ഫാ’ എന്നൊരു ആട്ടായിരിക്കും മറുപടി. അങ്ങനെയുള്ള ഗുരുക്കന്മാരെ തീവ്രമായ ജ്ഞാനേച്ഛയുള്ള അപൂർവം ചില സുകൃതികളല്ലാതെ ആശ്രയിക്കുമായിരുന്നോ?

പ്രകൃത്യാ ശാന്തനെങ്കിലും കാഴ്ചയിൽ അഹങ്കാരിയായിത്തോന്നും. അദ്ദേഹത്തിന്റെ മുഖത്തുനിന്നും തൂലികയിൽനിന്നും ചിലപ്പോൾ പുറപ്പെടുന്ന വാക്കുകൾ ആ സംശയത്തെ ബലപ്പെടുത്തുകയും ചെയ്യും. പരമാർത്ഥത്തിൽ അദ്ദേഹം ഉദ്ധതനായിരുന്നില്ല. ‘ഞാൻ പോയാൽ മലയാളഭാഷ മുടിഞ്ഞു’ എന്നു വിചാരിക്കുന്ന ചില വങ്കപ്രഭുക്കന്മാർ സാഹിത്യലോകത്തിൽ ഉണ്ടായിട്ടുണ്ടു്. അദ്ദേഹത്തിനു് അങ്ങനെ ഒരു ദുരഭിമാനവും ഇല്ലായിരുന്നു. അടുത്തിട്ടുള്ളവർക്കെല്ലാം അദ്ദേഹത്തിനോടു് അളവറ്റ ബഹുമാനമുണ്ടായിരുന്നതിന്റെ രഹസ്യമതായിരുന്നു. പുന്നശ്ശേരി നീലകണ്ഠശർമ്മ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ, ഏ. ആർ രാജരാജവർമ്മ മുതലായ പ്രൗഢവിദ്വാന്മാരെല്ലാം അദ്ദേഹത്തിനെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്തുവന്നു.

സരസ്വതീദേവിയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടദേവത. ആ ദേവിയെ ചെറുപ്പത്തിലേതന്നെ ഉപാസിച്ചു് അദ്ദേഹം വശപ്പെടുത്തി.

ഭാസ്വന്മണ്ഡലമദ്ധ്യസ്ഥാം ധ്യാത്വാ ഗോവിഗ്രഹാം ഗിരം
ഭാവപ്രകാശികാവ്യാഖ്യാശ്രുതിഗീതാ സുതന്യതേ.

ഇത്യാദി ശ്ലോകങ്ങളിൽ സൂര്യമണ്ഡലമധ്യവർത്തിനിയായി വർണ്ണിക്കപ്പെട്ടിരിക്കുന്ന ഗോവിഗ്രഹമായ ദേവിയെയാണു് അദ്ദേഹം കുട്ടിക്കാലത്തു വെയിലത്തു മലർന്നുകിടന്നുകൊണ്ടും മറ്റും ധ്യാനിച്ചുവന്നതെന്നു വിചാരിക്കേണ്ടിയിരിക്കുന്ന ആ ദേവിയോടുള്ള പ്രാർത്ഥന കേൾക്കുക.

സ്വർവധൂകരപത്മകൗമുദീഭാവത്തോടു
സർവദാ മനതാരിൽ മാമുനിവൃന്ദംകാണും
ഗുർവാഭകോലും നഖജാലോജ്വലം ഭാരതി
സർവതോ രമണീയം വന്ദേ തവാംഘ്രിദ്വന്ദ്വം
വാസവോപലജാലമയമാംവട്ടരങ്ങ-
ത്താശാസാരസമിഴിമാർകൈക്കൊണ്ടെരികയാൽ
ആശുതിരിഞ്ഞരുളും മാണിക്യമണിമട്ടി-
ലാശയെന്തയ്യോദുഃഖമല്ലയോ തത്രവാസം
മന്മാനസാബ്ജമാകും നല്ലോരുകോഷ്ടംതന്നിൽ
സമ്മോദംപൂണ്ടെപ്പൊഴും വാഴ്‍കനീ മടിയാതെ
വന്മോഹംമനതാരിലുള്ളതുദൂരെപ്പോവാ-
നംബ!ഹേ മഹാമായേ നിന്നെഞാൻ വണങ്ങുന്നേൻ

എന്തൊരുൽക്കടഭക്തി!

ഗൃഹസ്ഥാശ്രമധർമ്മം സ്വീകരിച്ചു ലോകത്തിൽ ജീവിച്ചെങ്കിലും, ഈ ലോകത്തോടു അദ്ദേഹത്തിനു ലേശംപോലും ‘പറ്റു’ണ്ടായിരുന്നില്ല. അന്ത്യസമയത്തു രണ്ടു കണ്ണിന്റേയും കൃഷ്ണമണികൾ നാസാഗ്രന്യസ്തങ്ങളായിരുന്നു എന്നു തത്സമയം അദ്ദേഹം കൈവിരൽകൊണ്ടു ഭൂമദ്ധ്യത്തിൽ എന്തോ ഒരു മുദ്ര കാട്ടി എന്നും അവിടെ ഉണ്ടായിരുന്നവർ പറഞ്ഞിട്ടുള്ളതിൽ ലേശം അമാന്തമില്ല. അദ്ദേഹം യോഗിയായി അവതരിച്ചു്, യോഗിയായി ജീവിച്ചു, യോഗിയായിട്ടുതന്നെ ലോകത്തിൽനിന്നു മറകയും ചെയ്തു. എന്നാൽ മലയാളഭാഷ ഉള്ളിടത്തോളംകാലം അദ്ദേഹം കേരളീയരുടെ ഹൃദയകമലങ്ങളിൽ ജീവിച്ചിരിക്കുമെന്നുള്ളതിനു യാതൊരു സംശയവുമില്ല.

വിശാഖംതിരുനാൾ മഹാരാജാവു്

വിശാഖംതിരുനാൾ രാമവർമ്മ മഹാരാജാവു് 1012-ൽ അവതരിച്ചു. മാതാവായ രുക്‍മിണീഭായിത്തമ്പുരാട്ടിയും പിതാവായ തിരുവല്ലാ കോയിത്തമ്പുരാനും വളരെ പാണ്ഡിത്യമുള്ളവരായിരുന്നു. രുക്‍മിണീഭായിത്തമ്പുരാട്ടി ശബ്ദാർത്ഥോഭയഗതമായ ചമൽക്കാരത്തോടു കൂടിയ നിരവധി പദ്യങ്ങൾ സംസ്കൃതത്തിൽ രചിച്ചിട്ടുണ്ടു്, ആ തമ്പുരാട്ടിയ്ക്കു് ഏഴു സന്താനങ്ങൾ ഉണ്ടായിരുന്നവരിൽ ഒടുവിലത്തെ പുത്രനായിരുന്നു വിശാഖംതിരുനാൾ. മൂന്നു പുത്രന്മാർ ബാല്യത്തിലേ നാടുനീങ്ങി. രണ്ടുപേർ ബുദ്ധിയ്ക്കു സ്ഥിരതയില്ലാത്തവരായും തീർന്നു. കൊച്ചുതമ്പുരാനും പ്രകൃത്യാ ബലഹീനനായിരുന്നുവെന്നു മാത്രമല്ല, രണ്ടുമാസത്തിലധികം മാതൃലാളന അനുഭവിക്കുന്നതിനു ഹതവിധി അവിടത്തെ അനുവദിച്ചുമില്ല. പാർവതീഭായിറാണിയാണു് അവിടത്തെ ശുശ്രൂഷിച്ചു വളർത്തിയതു്. എന്നാൽ സ്വമനോവികാരങ്ങളെ നിയന്ത്രണം ചെയ്യുന്നതിലും സുസ്ഥിരമായും പക്ഷപാതരഹിതമായും അവിചലിതമായ നീതിനിഷ്ഠയോടുകൂടിയും ജീവിക്കുന്നവിഷയത്തിൽ അവിടത്തേയ്ക്കു മാതൃകയായിരുന്നതു പിതാവായിരുന്നു. അഞ്ചാമത്തെ തിരുവയസ്സുമുതല്ക്കു മലയാളവും സംസ്കൃതവും അഭ്യസിച്ചുതുടങ്ങി. ആയില്യംതിരുനാൾ മഹാരാജാവിന്റെ ഗുരുക്കന്മാർ തന്നെയായിരുന്നു ഈ തിരുമേനിയേയും പഠിപ്പിച്ചതു്. ശരീരാസ്വാസ്ഥ്യംനിമിത്തം പഠിത്തത്തിനു അടിക്കടി വിഘ്നങ്ങൾ നേരിട്ടുകൊണ്ടിരുന്നു. പന്ത്രണ്ടാംവയസ്സിൽ സുബ്ബരായരും പിന്നീടു് സർ ടി. മാധവരായരുമായിരുന്നു ഇംഗ്ലീഷുപഠിപ്പിച്ചതു്. മാധവരായരോടു അവിടുത്തേയ്ക്കുണ്ടായിരുന്ന ബഹുമാനാതിശയം പറഞ്ഞറിവിക്കാൻ പ്രയാസമാണു്. ആയില്യംതിരുനാൾ മഹാരാജാവു് മാധവരായരെ ദിവാൻപദത്തിൽനിന്നും പിരിച്ചയച്ചപ്പോൾ, അദ്ദേഹത്തിനെപ്പറ്റി ഒരു ലേഖനപരമ്പര ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തുകയും ആ വഴിക്കു് ആ മഹാശയന്റെ പേരും പെരുമയും ബ്രിട്ടീഷ് പാർല്യമെന്റുവരെ എത്തിക്കയും ചെയ്തതു യുവരാജാവായിരുന്ന വിശാഖംതിരുനാളാണു്. നാലുകൊല്ലത്തോളമേ അവിടുന്നു് മാധവരായരുടെ അടുക്കൽ പഠിക്കയുണ്ടായുള്ളു. അപ്പോഴേക്കു മാധവരായർ സൎക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ചുകഴിഞ്ഞു. പതിനെട്ടാംവയസ്സിൽ അവിടുന്നു രചിച്ച “യുദ്ധത്തിന്റെ ഭയങ്കരതയും സമാധാനത്തിന്റെ ഗുണങ്ങളും” എന്ന ഇംഗ്ലീഷ് ലേഖനം ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞന്മാരുടെ സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചു. അക്കാലത്തു് ജോണ്‍ബ്രൂസ്നാട്ടൻ ഇൻഡ്യൻ സ്റ്റേറ്റ്സ്മാൻ എന്നൊരു പത്രം നടത്തിക്കൊണ്ടിരുന്നു. രാജകുമാരൻ അതിൽ ബ്രൂട്ടസ് എന്നു പേരുവച്ചു് പ്രക്ഷോഭജനകമായ ഒരു ലേഖനപരമ്പര പ്രസിദ്ധപ്പെടുത്തി. 1036-ൽ അവിടുന്നു മദ്രാസിൽ എഴുന്നള്ളി ഗവർണ്ണരെ സന്ദർശിച്ചു. തദവസരത്തിൽ സർ വില്യം ഡെനിസണ്‍ ഇപ്രകാരം പ്രസ്താവിക്കയുണ്ടായി. “എനിക്കു പരിചയപ്പെടാൻ സാധിച്ചിട്ടുള്ള നാട്ടുകാരിൽവച്ചു് ഏറ്റവും കുശാഗ്രബുദ്ധി അവിടുന്നാണു്: ഇപ്പോൾ നാടുവാഴുന്ന ജ്യേഷ്ഠഭ്രാതാവു്, അവിടുത്തെപ്പോലെയാണെങ്കിൽ, തിരുവിതാംകൂറിന്റെ ഭാവി അത്യന്തം ശോഭനമാണു്.”

അചിരേണ അവിടുത്തേക്കു് എഫ്. എം. യു. എന്ന ബിരുദം സിദ്ധിച്ചു. ഇന്ത്യയിലുള്ള പല പ്രധാന നഗരങ്ങളും അവിടുന്നു സന്ദർശിച്ചിട്ടുണ്ടു്. തിരുവിതാംകൂറിലെ കാര്യമാണെങ്കിൽ അവിടുന്നു് സന്ദർശിക്കാത്തതായി ഒരു മലയോ പാറയോ പുരാതനാവശിഷ്ടങ്ങളോ ഇല്ലായിരുന്നു എന്നുതന്നെ പറയാം.

തത്വശാസ്ത്രം, സസ്യശാസ്ത്രം, പാശ്ചാത്യജ്യോതിഷം മുതലായവയിൽ അവിടുന്നു് വിശാലമായ പരിജ്ഞാനം സമ്പാദിച്ചിരുന്നു. നാട്ടിൽ മരച്ചീനി പ്രചരിപ്പിച്ചതും അവിടുന്നാണെന്നാണു് പ്രസിദ്ധി.

1055-ൽ അവിടുന്നു മൂപ്പേറ്റു. കഷ്ടിച്ചു് അഞ്ചുകൊല്ലത്തെ ഭരണത്തിനിടയ്ക്കു് നാട്ടിൽ അഴിമതി എന്നൊന്നു നിശ്ശേഷം ഇല്ലാതെയായി. മിക്ക തുറകളും കാര്യക്ഷമമാകുംവണ്ണം പരിഷ്കരിക്കപ്പെട്ടു.

1057-ൽ അവിടുത്തേയ്ക്കു് ജീ. സി. എസ്. ഐ. എന്ന ബിരുദം ലഭിച്ചു. ക്രമേണ F. R. G. S; F. R. A. S, F. S. S. ആഫീസിയർ ഡിലാ ഇൻസ്ട്രക്ഷൻ പബ്ളിക്ക്, മെംബർ ഡിലാ സൊസെയിറ്റേ എറ്റ്യുട്ടേകോളോണിയൽ, ഏ മാരിറ്റൈം പാരിസ് എന്നിങ്ങനെ അനവധി ബിരുദങ്ങളാൽ അവിടുന്നു സമലംകൃതനായി. 1060 കൎക്കടകത്തിൽ അവിടുന്നു നാടുനീങ്ങി.

ഭാഷാപോഷണവിഷയത്തിൽ അവിടുത്തേയ്ക്കു അനല്പമായ താൽപര്യമുണ്ടായിരുന്നു. മലയാളത്തിൽ ഗദ്യഗ്രന്ഥങ്ങൾ വർദ്ധിപ്പിക്കുന്നതിലേക്കായി അവിടുന്നു 5000രൂപ പലിശക്കിടുകയും, ആ പലിശകൊണ്ടു് ഇംഗ്ലീഷിൽനിന്നു ഉത്തമഗ്രന്ഥങ്ങൾ തർജ്ജമചെയ്യിക്കുന്ന ജോലി മദ്രാസിലെ വെർണാക്യുലർ ലിറ്ററേച്ചർ സൊസൈറ്റിയിൽ സ്ഥാപിക്കയും ചെയ്തു. ഈ സംഘക്കാർ പ്രാകൃതഭൂമിശാസ്ത്രവും അറബിക്കഥകളിൽ മൂന്നു കഥകളും മാത്രം പ്രസിദ്ധീകരിച്ചിട്ടു നിദ്രയിൽ ആണ്ടു. സർ. റ്റി. മാധവരായർ ഇംഗ്ലീഷിൽ എഴുതിയിരുന്ന തിരുവിതാംകൂർ ചരിത്രത്തെ തിരുവിതാംകൂർ പാഠ്യപുസ്തകക്കമ്മറ്റിയെക്കൊണ്ടു് തർജ്ജിമ ചെയ്യിപ്പിച്ചതും അവിടുന്നായിരുന്നു. അവിടുന്നു നാടുനീങ്ങി മൂന്നാംകൊല്ലത്തിൽ ആണു് അതു കേരളവിലാസം പ്രസ്സിൽനിന്നും സൎക്കാർ ചിലവിൽ അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെട്ടതു്. ഭാഷാരീതി കാണിപ്പാൻ അതിൽനിന്നു് ഒരുഭാഗം ഉദ്ധരിക്കാം.

“ഇവർ (തമ്പിമാർ) മഹാരാജാവിനെ രാജ്യഭ്രഷ്ടനാക്കി ചെയ്യുന്നതിനാണ് ഉത്സാഹിച്ചതെന്നു മഹാരാജാവിനു ബോധം ഉണ്ടായിരുന്നു. പിന്നെ താൻ ആറാട്ടിനായിപ്പോകുന്ന സമയം തന്നെ അപായപ്പെടുത്തുന്നതിനു അവർ ആലോചിച്ചിരിക്കുന്നു എന്നു തനിക്കു ബോധം വരത്തക്കവണ്ണം ഒരു ഗൂഢവർത്തമാനം കിട്ടുകയും ചെയ്തു. അതിന്റെശേഷം, ഈ തമ്പിമാർ കലഹത്തിനു ഉദ്യുക്തന്മാരായിരിക്കുന്നതുവരെയും രാജ്യത്തിൽ സമാധാനവും രക്ഷയും ഉണ്ടാകുന്നതല്ലെന്നും അവരെ ഏതു മാർഗ്ഗെണ എങ്കിലും നശിപ്പിക്കണമെന്നും മഹാരാജാവു് ഉറപ്പായി നിശ്ചയിച്ചു.

ഈ ഉദ്ദെശ്യത്തോടുകൂടി നാഗരുകൊവിലിലെക്കു എഴുന്നള്ളി. തമ്പിമാർ അവിടെയായിരുന്നു പാർത്തുവന്നതു്. മൂത്ത തമ്പിയെ ഉപായെന മഹാരാജാവിന്റെ മുമ്പിൽ കൊണ്ടുചെന്നു. അപ്പൊൾ മഹാരാജാവിന്റെ അടുക്കൽ നിറുത്തിയിരുന്ന പരിചാരകന്മാർ മുമ്പിൽകൂട്ടി നിശ്ചിയിച്ചിരുന്നപ്രകാരം തമ്പിയുമായി ഒരു കലഹത്തിന്നു ഇടയുണ്ടാക്കി. വളരെ ആക്ഷേപവാക്കുകൾക്കു അനന്തരമായി ഉണ്ടായ കലഹത്തിൽ അവർ തമ്പിയെ കുത്തിക്കൊന്നുകളഞ്ഞു. ഈ വർത്തമാനം അവിടെ സമീപത്തിൽ ഉണ്ടായിരുന്ന ഇളയതമ്പി കേട്ട ഉടനെ വാളും എടുത്തുംകൊണ്ടു കൊട്ടാരത്തിൽ കടന്നു. ആ കലശലിനിടയിൽ തൂക്കുമഞ്ചത്തിൽ എഴുന്നള്ളിയിരുന്നമഹാരാജാവിന്റെ മുമ്പിൽ ചെന്നു. അയാൾ തന്റെ ജ്യേഷ്ഠൻ വീണുകിടക്കുന്നതിനെക്കണ്ടു കൊപാന്ധനായിട്ടു് മഹാരാജാവിന്റെ മെൽനോക്കി ഒരു വെട്ടുവെട്ടി. എന്നാൽ ആ ഓങ്ങിയ വാളു മഹാരാജാവിന്റെ ഭാഗ്യവശാൽ താണതായ തട്ടിന്റെ ഒരു തുലാത്തിന്മെൽ തടഞ്ഞുപൊയതിനാൽ വെട്ടു കൊണ്ടില്ല. രണ്ടാമതു വെട്ടുവാൻ ആരംഭിക്കുന്നതിനു മുമ്പിൽ മഹാരാജാവിന്റെ പരിചാരകന്മാർ തമ്പിയെ പിടിച്ചുകെട്ടി. കുപിതനായ മഹാരാജാവു് ഉടനെ തന്റെ കഠാരി അസഹായനായ തമ്പിയുടെ മാർവ്വിൽ കുത്തിഇറക്കി അയാളെ തൽക്ഷണംതന്നെ വധിച്ചു.”

ഈ ഗദ്യത്തിൽ പലേ വിശേങ്ങൾ കാണുന്നു. അവർ മഹാരാജാവു് എന്നൊക്കെ വേണ്ട ദിക്കിൽ അവര, മഹാരാജാവ എന്നാണു് അക്കാലത്തു എഴുതിവന്നതു്. വ്യഞ്ജനപൂർവമല്ലാതെ സ്വതന്ത്രമായി നില്ക്കുന്ന ഏകാര ഓകാരങ്ങളെ ഏകാരഓകാരങ്ങളായി എഴുതിവന്നുവെങ്കിലും വ്യഞ്ജനങ്ങളോടു ചേർന്നുനില്ക്കുന്നവയെ ‘തടഞ്ഞുപൊയതിനാൽ’ ‘മെൽനോട്ടം’ എന്നിങ്ങനെ കുറുക്കിയാണു് എഴുതിവന്നതു്.

മലയാളത്തിൽ ഇദംപ്രഥമമായി അച്ചടിക്കപ്പെട്ട ജീവചരിത്രം വിശാഖംതിരുനാൾ മഹാരാജാവിന്റെ പ്രേരണയാൽ, സഖാരാമയ്യർ എഴുതി. 1068-ൽ തിരുവനന്തപുരം ഷണ്‍മുഖവിലാസം അച്ചുക്കൂടത്തിൽ അച്ചടിച്ചു് കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മുഖവുരയോടുകൂടി പ്രസിദ്ധീകൃതമായ സർ. ടി. മാധവരായചരിത്രമാകുന്നു. വിശാഖംതിരുനാൾ തമ്പുരാനു് മാധവരായരോടുണ്ടായിരുന്ന ബഹുമാനാതിശയം അവിടുന്നു് ഒരു സന്ദർഭത്തിൽ വലിയകോയിത്തമ്പുരാനു് അയച്ചുകൊടുത്ത

മാധവമുഖ്യാഋഭാവം മാധവമുഖ്യാശ്ച വേദഭാഷ്യകൃതഃ
മാധവമുഖ്യാഋതവോ മാധവമുഖ്യാശ്ചരാജ്യഭാരഭൃതഃ.

എന്ന ആര്യശ്ലോകത്തിൽനിന്നു മനസ്സിലാക്കാം.

ഈ പുസ്തകത്തിലും ഏകരോ കരങ്ങളേപ്പറ്റിയുള്ള അവ്യവസ്ഥിതി കാണ്മാനുണ്ടു്. എന്നാൽ ഇക്കാലമായപ്പോഴേക്കു് ചന്ദ്രക്കല ഇട്ടുതുടങ്ങിയെന്നു തോന്നുന്നു. വലിയകോയിത്തമ്പുരാന്റെ ഒന്നുരണ്ടു വാക്യങ്ങൾ ഉദ്ധരിക്കാം.

“നിങ്ങൾ നിർമ്മിച്ചിരിക്കുന്ന ഈ സംക്ഷിപ്തമായ വിവരണം ആ വിശിഷ്ടപുരുഷന്റെ പരിചയത്തിനും സ്നേഹത്തിനും ഭാഗ്യംലഭിച്ചിട്ടുള്ള ഏതദ്രാജ്യവാസികളായ പലൎക്കും അന്യാദൃശമായ ഒരു ആദർശവിശേഷത്തെയും കുതുകാതിശയത്തേയും ജനിപ്പിക്കാതിരിക്കയില്ലെന്നുള്ളതു നിർവിവാദംതന്നെ. അതു കൂടാതെ ഇതിലെ വാചകഭംഗിയും രസജനകമായ വിധത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള പല സംഗതികളുംകൊണ്ടുതന്നെ നാട്ടുകാൎക്കു ് ഇതു് എത്രയും പ്രിയമായി തീരുന്നതാണു്.”

സഖാരാമയ്യപീഠികയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു:-

“എതദ്ദേശ്യന്മാരും അന്യദേശ്യന്മാരും ആയിട്ടു് അനവധി ആളുകൾ ഈ രാജ്യത്തിനും തദ്വാസികൾക്കും അനിർവചനീയങ്ങളായ നിരവധി ഗുണങ്ങളെ ചെയ്യാതിരിക്കുമ്പോൾ അവരാരുടേയുംതന്നെ ജീവചരിത്രം ദേശഭാഷയായ മലയാളത്തിൽ അദ്യാപി ആരും എഴുതിക്കാണുന്നില്ല.”

ഈ ജീവചരിത്രം വിശാഖംതിരുനാൾ തമ്പുരാൻതന്നെ എഴുതിവച്ചിരുന്നതാണെന്നു പറയുന്നവരും ഇല്ലാതില്ല. “അദ്ദേഹം പല സന്ദർഭങ്ങളിലും ഹിമാവൃതങ്ങളായും അഭ്രങ്കഷങ്ങളായ ശാഖാപടലങ്ങളോടുകൂടിയ വനൗകസ്സുകളാൽ നിബിഡങ്ങളായും അതികഠോരങ്ങളായ ആദിത്യകിരണങ്ങൾക്കു ദുഷ്പ്രവേശ്യങ്ങളായും ഹസ്തിവ്യാഘ്രവരാഹാദികളായ ദുഷ്ടമൃഗങ്ങളുടെ ഭയങ്കരശബ്ദങ്ങളാൽ ചിലസമയം അതിഘോരങ്ങളായും മൃഗശുകാദികളായ സൗമ്യജന്തുക്കളുടെ ദർശനത്താലും നിനദങ്ങളാലും അതിമനോഹരങ്ങളായും ഉള്ള അഗസ്ത്യകൂടം, മഹേന്ദ്രഗിരി, അശമ്പുമല, അതിരുമല, അച്ചൻകോവിൽമല മുതലായ മലകളിൽ ചെന്നു രണ്ടുമൂന്നു ദിവസം, മലയാറുകളുടെ മധ്യപ്രദേശങ്ങളിലുള്ള പാറകളിലും ആ നദീതീരങ്ങളിലുള്ള വനസ്പതികളുടെ ഛായകളിലും അവയുടെ ഉപരിഭാഗങ്ങളിലും താമസിച്ചു് ആ ശിഖരികളുടേയും കാനനങ്ങളുടേയും രാമണീയകത്തെ കണ്ടു് ആനന്ദിക്കയും തത്രത്യങ്ങളായ മൃഗങ്ങളുടെ ഗർജ്ജനങ്ങൾ കേട്ടു് വിനോദിക്കയും അവിടങ്ങളിൽ താമസിക്കുന്നവരായ വേലന്മാർ മുതലായവരുടെ സ്ഥിതിയെ വിചാരിച്ചു് ശോചിക്കയും സർവശക്തനായി ഇരിക്കുന്ന ജഗദീശ്വരന്റെ അപാരശക്തിയേയും സൃഷ്ടിവൈഭവത്തേയും പറ്റി അത്യന്തം വിസ്മയിക്കയും ചെയ്തിട്ടുണ്ടു്.” ഈമാതിരി വാക്യങ്ങൾ ആ അഭിപ്രായത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. ‘അക്ബർ’ എന്ന ആഖ്യായികയുടെ പ്രഥമാധ്യായം വിശാഖംതിരുനാൾ തമ്പുരാൻ എഴുതിട്ടുള്ളതാണത്രേ. അതിലെ പ്രഥമവാക്യത്തെ ഈ വാക്യത്തോടു സാദൃശ്യപ്പെടുത്തി നോക്കുക.

സത്യം, വിദ്യാഭ്യാസം, പരോപകാരം ഇവയെക്കുറിച്ചു് മഹാരാജാവു് എഴുതീട്ടുള്ള പ്രസംഗങ്ങളും, ദീനസംരക്ഷണം, ക്ഷാമവൃത്താന്തം എന്നീ ചെറുപുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്.

നടുവത്തച്ഛൻനമ്പൂരി

നടുവത്തച്ഛൻനംപൂരി 1016 മീനം മകംനക്ഷത്രത്തിൽ കൊച്ചീരാജ്യത്തുള്ള ചാലക്കുടി എന്ന സ്ഥലത്തു ജനിച്ചു. കുടുംബത്തിനു പറയത്തക്ക ധനസ്ഥിതി ഇല്ലാതിരുന്നതിനാൽ ഈ കുടുംബം കഷ്ടിച്ചു കൃത്യം കഴിച്ചുപോന്നു ഉണ്ണിജനിച്ചു നാലുമാസമായപ്പോഴേക്കും, പിതാവു സ്വർഗ്ഗപ്രാപ്തനായി.

അച്ഛൻനമ്പൂരിയ്ക്കു പ്രായപൂർത്തി വരുംവരെ കുടുംബഭരണം നടത്തിയതു മനസ്വിനിയായ മാതാവായിരുന്നു. ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ ഈ കുടുംബത്തിന്റെ ദയനീയസ്ഥിതിയേ വർണ്ണിച്ചിരിക്കുന്നതു് ഇവിടെ ഉദ്ധരിക്കാം.

“എന്തു ഭരണമാണെന്നു് ഈശ്വരനുതന്നെ അറിയാം. ഭർത്താവിന്റെ അകാലത്തിലുള്ള ദേഹവിയോഗം, അതിനെ സംബന്ധിച്ചു് തനിയ്ക്കുള്ള ദുസ്സഹമായ വ്യസനം, തങ്ങളെത്തന്നെ പോറ്റുവാൻ കഴിവില്ലാത്ത രണ്ടുമൂന്നു ഇളംകിടാങ്ങൾ, താൻ ഏകാകിനി, ഇല്ലത്തു യാതൊരുവകയുമില്ല; മറ്റുവർഗ്ഗക്കാൎക്കു ചെയ്യാവുന്നവിധം ഭിക്ഷാടനം ചെയ്തു ഉപജീവിക്കാൻ സ്വാതന്ത്ര്യമില്ലാത്ത ഒരന്തർജ്ജനം. എന്താണു് ഇതിൽപരമായി ഒന്നു വരാനുള്ളതു്?”

ഏതാനും പശുക്കൾ ഉണ്ടായിരുന്നവയെ പോറ്റി വളർത്തി, അവയിൽനിന്നു കിട്ടിയ ആദായംകൊണ്ടാണു് ആ സാദ്ധ്വി കുടുംബത്തെ പരിപാലിച്ചുവന്നതു്. ആവട്ടത്തൂരുള്ള കുടപ്പിള്ള ഇല്ലം ആയിരുന്നു നമ്പൂരിയുടെ അമ്മാത്തു. വാക്യം പരല്പേരുവരെയുള്ള പഠിത്തം അദ്ദേഹം അവിടെവച്ചും, ഉപനയനക്രിയ സ്വജനത്തിൽപ്പെട്ട മരുന്നോമ്പിള്ളി ഇല്ലത്തുവച്ചും സമാവർത്തനം അമ്മാത്തെ ശാഖകളിലൊന്നായ നെല്ലായിക്കുന്നത്തുവച്ചും നടന്നു. ഇങ്ങനെ ഒക്കെ വേണ്ടിവന്നതു ദാരിദ്ര്യം നിമിത്തമായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. ഒരേകുടുംബത്തെത്തന്നെ ബുദ്ധിമുട്ടിക്കുന്നതു ശരിയായിരിക്കയില്ലെന്ന വിചാരത്താലായിരിക്കണം ഓരോന്നും ഓരോ ഇല്ലത്തുവച്ചു നടത്താൻ ആ ബുദ്ധിശാലിനി നിശ്ചയിച്ചതു്. നമ്പൂരി ഇതിനിടയ്ക്കെല്ലാം വേദപഠനം നടത്തിക്കൊണ്ടിരുന്നുവെന്നല്ലാതെ സംസ്കൃതം പഠിക്കയുണ്ടായിട്ടില്ല. നമ്പ്യാരുടെ തുള്ളലുകൾ കിട്ടിയിടത്തോളം എല്ലാം അദ്ദേഹം ശ്രദ്ധാപൂർവ്വം വായിച്ചുതീർത്തു. ആ വഴിക്കു പ്രസ്തുത മഹാകവിയുടെ ശൈലിയും ഭാഷാരീതിയും അദ്ദേഹത്തിൽ നല്ലപോലെ പതിഞ്ഞു. അനന്തരം 1031 ൽ മരുത്തോമ്പിള്ളി തെക്കേ പുഷ്പകത്തു വാസുനമ്പ്യാരുടെ അടുക്കൽനിന്നു ശ്രീകൃഷ്ണവിലാസംവരെ വായിച്ചു. അവിടെനിന്നു് കാലക്ഷേപമാർഗ്ഗം തേടി അദ്ദേഹം തൃപ്പൂണിത്തുറയ്ക്കു പോകയും അവിടെവച്ചു് പുതിയേടത്തു ഗോവിന്ദൻനമ്പ്യാൎക്കു ശിഷ്യപ്പെടുകയും ചെയ്തു. കൈക്കുളങ്ങര രാമവാരിയരും മരുത്തോമ്പിള്ളി പരമേശ്വരൻ നമ്പൂരിയും തൃപ്പൂണിത്തുറെ ചില രാജാകുമാരന്മാരും അന്നു് അവിടെ പഠിച്ചുകൊണ്ടിരിക്കയായിരുന്നു. തമ്പുരാക്കന്മാരുടെ സഹായത്താൽ ഊണു് തേച്ചുകുളി മുതലായവയ്ക്കുള്ള ബുദ്ധിമുട്ടുകളൊക്കെ തീർന്നു. ഗൂരു നാട്ടിലേക്കു പോകുന്ന അവസരങ്ങളിൽ നമ്പൂരി കൊച്ചിയിൽനിന്നു ചില തുണിത്തരങ്ങൾ വാങ്ങിക്കൊണ്ടുപോയി ഗുരുനാഥന്റെ നാട്ടിൽവിറ്റു കിട്ടുന്ന പണം കൊടുത്തു കുത്താമ്പിള്ളിപ്പാവു വാങ്ങിച്ചു തൃപ്പൂണിത്തുറെ കൊണ്ടുചെന്നുവിറ്റു് ആദായം എടുത്തുവന്നു.

തൃപ്പൂണിത്തുറെ താമസിക്കുന്ന കാലത്തു നമ്പൂരിക്കു ഒരു വലിയ ഭാഗ്യം നേരിട്ടു. അദ്ദേഹം പൂന്തോട്ടത്തു നമ്പൂരിയുടെ വാത്സല്യത്തിനു പാത്രീഭവിച്ചു. പൂന്തോട്ടമായിരുന്നു നമ്പൂരിയുടെ കവിതാഗുരു. അദ്ദേഹം അന്നന്നു് എഴുതിക്കൊണ്ടിരുന്ന കവിതകളെ പൂന്തോട്ടം പരിശോധിച്ചു ചില പരിഷ്കാരങ്ങളെല്ലാം നിർദ്ദേശിച്ചുകൊടുത്തുവന്നു. 1038 വരെ അദ്ദേഹം ഗോവിന്ദൻനമ്പ്യാരുടെയും പൂന്തോട്ടത്തിന്റേയും ശിക്ഷണത്തിനു വശപ്പെട്ടിരുന്നതിനാൽ കാവ്യനാടകാലങ്കാരങ്ങളിൽ വ്യുൽപത്തിയും കാവ്യരചനയിൽ നല്ല പഴക്കവും സമ്പാദിച്ചു.

നമ്പ്യാർ 1039-ൽ ദിവംഗതനായി; എന്നിട്ടും തമ്പുരാക്കന്മാരുടെ നിർബന്ധത്താൽ നമ്പൂരി തൃപ്പൂണിത്തുറ വിട്ടില്ല.

ജ്യേഷ്ഠന്മാരിൽ ഒരാൾ ഉപനയനകാലത്തു മരിച്ചുപോയി. മറ്റേ ആൾ വേളികഴിച്ചു ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുകഴിഞ്ഞു. ആ സ്ഥിതിക്കു നമ്പൂരിമാരുടെ സമ്പ്രദായപ്രകാരം അദ്ദേഹത്തിനു വേളികഴിക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നാൽ ചാലക്കുടിക്കടുത്തുള്ള വടഞ്ചേരിഇല്ലത്തു പുരുഷസന്താനമില്ലാതെ വരികയാൽ ആ ഇല്ലം നിലനിർത്താൻവേണ്ടി മാത്രം അദ്ദേഹം വേളികഴിച്ചു. അങ്ങനെയാണു് അദ്ദേഹം നടുവത്തച്ഛൻനമ്പൂരിയായതു്. ഈ സംഭവം ഉണ്ടാകാതിരുന്നെങ്കിൽ നടുവത്തു് അഫൻ എന്ന പേരിൽ അറിയപ്പെടുമായിരുന്നു.

നംപൂരിയുടെ ദാരിദ്ര്യം ഇങ്ങനെ നീങ്ങി. ആ ഇല്ലംവക അമ്പതിനായിരം രൂപയുടെ സ്വത്തു് അനുഭവിച്ചുകൊള്ളേണ്ടതിനു് അദ്ദേഹത്തിനു രാജാജ്ഞ ലഭിച്ചു. അദ്ദേഹത്തിന്റെ ഭാഗ്യം അവിടെ എങ്ങുമവസാനിച്ചില്ല. ഇരിങ്ങാലക്കുടയ്ക്കടുത്തു് തത്തമ്പിള്ളിയെന്നും നെടുമ്പിള്ളിയെന്നും രണ്ടു ഇല്ലങ്ങൾ സന്തതിയറ്റു. ആ ഇല്ലങ്ങൾ വക സ്വത്തുക്കളും അനുഭവിച്ചുകൊള്ളുന്നതിനു മഹാരാജാവുതിരുമനസ്സുകൊണ്ടു കല്പിച്ചനുവദിച്ചു.

അങ്ങനെ ഇരിക്കെ 1040-ൽ വേളിക്കു് രക്തസ്രാവം തുടങ്ങി. തൈക്കാട്ടു നാരായണൻമൂസ്സിനെ വരുത്തി മുറയ്ക്കു ചികിത്സ നടത്തിയതിന്റെ ഫലമായി രോഗം മാറി. സംഭാഷണമദ്ധ്യേ മൂസ്സ്, നമ്പൂരിമാരുടെ കൂട്ടത്തിൽനിന്നു ഒരു വൈദ്യവിദ്യാർത്ഥിയെ കിട്ടിയാൽ കൊള്ളാമെന്നുള്ള ആഗ്രഹം പ്രദർശിപ്പിച്ചപ്പോൾ, അതു താൻ തന്നെ ആയിക്കൊള്ളാമെന്നു നമ്പൂരി പറഞ്ഞു. ഇങ്ങനെ അദ്ദേഹം 1042 വരെ വൈദ്യം അഭ്യസിച്ചു. അപ്പൊഴേക്കു ഗുരു അന്തരിച്ചുപോയി. പിന്നീടു് അനുജനായ ഇട്ടീരിമൂസ്സാണു് അദ്ദേഹത്തിന്റെ പഠിത്തം പൂർത്തിയാക്കിയതു്. 1043-ൽ നടുവത്തു മഹൻ എന്ന പ്രസിദ്ധ കവിയും. 1047-ൽ ഒരു പുത്രിയും ജനിച്ചു.

കാലക്രമേണ നമ്പൂരിയുടെ ധനസ്ഥിതി നല്ലപോലെ തെളിഞ്ഞു. വൈദ്യത്തിൽനിന്നും ആദായങ്ങൾ ധാരാളം ലഭിച്ചുതുടങ്ങി. എന്നാൽ 1051-കന്നിയിൽ ജ്യേഷ്ഠൻ മരിക്കയും അക്കൊല്ലം മീനത്തിൽ ഇല്ലം അഗ്നിക്കിരയാവുകയും ചെയ്തു. അച്ഛൻനമ്പൂരി ആഗൃഹം ഇരുന്നിടത്തു രണ്ടുനിലയിൽ ഒരു മാളിക പണിയിച്ചു. അതിലേക്കു് കൊച്ചീവലിയതമ്പുരാനും വീരകേരളതമ്പുരാനും ധനസഹായം ചെയ്കയാൽ നമ്പൂരിക്കു വലിയ പണച്ചെലവൊന്നും ഉണ്ടായില്ല. 1052-ൽ രണ്ടാംപുത്രനും ജാതനായി. 1055-ൽ അദ്ദേഹം കോടശ്ശേരി കർത്താവിന്റെ കാര്യസ്ഥനായി. ഒൻപതുകൊല്ലത്തെ കാര്യസ്ഥതയ്ക്കിടയിൽ നമ്പൂരി കയ്മളുടെ സ്വരൂപത്തിലെ കുഴപ്പങ്ങൾ എല്ലാം തീർത്തു. എന്നാൽ 1064 മുതല്ക്കു കുറേക്കാലത്തക്കു കാലം പിഴച്ചാണു കണ്ടതു്. 1064-ൽ മൂത്രകൃഛ്റം എന്ന രോഗം പിടിപെട്ടു് അദ്ദേഹം ഇല്ലത്തേക്കു പോയി. പ്രസിദ്ധകവിയായ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ ചികിത്സാവൈദഗ്ദ്ധ്യത്താലാണു് രോഗം ശമിച്ചതു്.

1067-ൽ ഭാഗ്യശാലിനിയായ മാതാവു് സ്വപുത്രന്റെ വർദ്ധമാനമായ ശ്രേയസ്സിനെ കണ്ടു് ആനന്ദിച്ചുകൊണ്ടു് സ്വർഗ്ഗലോകം പ്രാപിച്ചു. 1075-ൽ ഇളയമകനും മരിച്ചുപോയി. നെല്ലായ്‍ക്കുന്നത്തു മനയ്ക്കലേക്കു വേളികഴിച്ചുകൊടുത്തിരുന്ന ഏകപുത്രി 1080-ൽ ഒരു ഉണ്ണിയേയും മൂന്നുപുത്രികളേയും വിട്ടിട്ടു് പുഴയിൽവീണു ഇഹലോകവാസം വെടിഞ്ഞു.

ഇങ്ങനെ ഐശ്വര്യത്തിനും ലൗകികദുരിതങ്ങൾക്കും മധ്യഗതനായി വർത്തിക്കുന്നതിനിടയ്ക്കു് അദ്ദേഹം നിരന്തരം കവിതകൾ എഴുതി ഭാഷയെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു. 1088 വൃശ്ചികത്തിൽ അദ്ദേഹം ദിവംഗതനായി.

അദ്ദേഹത്തിന്റെ കൃതികൾ—നിരവധി ഒറ്റശ്ലോകങ്ങൾ, അംബോപദേശം, ഭഗവൽസ്തുതി, ഭഗവദ്ദൂതു നാടകം, ശൃംഗേരി യാത്ര, അക്രൂരഗോപാലം നാടകം, അഷ്ടമിയാത്ര മുതലായവയാണു്.

കവിതാവിഷയത്തിൽ അദ്ദേഹം വെണ്മണിയുടെ ഗുരുവായിരുന്നു എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചേലപ്പറമ്പനും, പൂന്തോട്ടവും കൂടി കേരളസാഹിത്യോദ്യാനത്തിൽ നട്ടുപിടിപ്പിച്ച നല്ല മലയാളപ്രസ്ഥാനമാകുന്ന തരുവിനെ വളർത്തിക്കൊണ്ടുവന്നതു വെണ്മണി അച്ഛനും, നടുവത്തച്ഛനും ആയിരുന്നുവെന്നു പറയാം. നടുവത്തച്ഛന്റെ ശിഷ്യപ്രശിഷ്യന്മാരായ വെണ്മണി അച്ഛനും ശീവൊള്ളിയും അതിനെ ഫലഭൂയിഷ്ഠമാക്കിത്തീർത്തു.

വേറൊരുവിധത്തിൽ പറഞ്ഞാൽ ആധുനികകവിതത്തറവാടിന്റെ വലിയകാരണവർ നടുവമായിരുന്നു. അദ്ദേഹം പഴയതും പുതിയതുമായ കവിതാപ്രസ്ഥാനങ്ങളെ സംയോജിപ്പിക്കുന്ന ഒരു പാലംപോലെ വർത്തിക്കുന്നു. പഴയ മാമൂലുകളെ ലംഘിക്കാതെതന്നെ അദ്ദേഹം ചില പരിഷ്കാരങ്ങൾ വരുത്തി. കടുകടപ്പൊട്ടുന്ന സംസ്കൃതവാക്കുകളും ദീർഘസമാസങ്ങളും ഉപേക്ഷിച്ചു് കഴിയുന്നത്ര സംഭാഷണശൈലിതന്നെ കാവ്യങ്ങളിൽ പ്രയോഗിച്ച ഈ കവിയെ മറ്റു പലരും അനുകരിക്കയും ക്രമേണ ആ രീതി വടക്കൻകവികളുടെ ഇടയ്ക്കു വേരുറയ്ക്കയും ചെയ്തു. നടുവത്തച്ഛന്റെ കൃതികൾക്കുള്ള മറ്റൊരു ഗുണം ഫലിതോക്തിയാണു്. മിക്ക കവിതകളും ഫലിതമയമായിരിക്കുന്നു. വെണ്മണിമകൻ വീരരസത്തിൽ അതിശയിക്കുന്നെങ്കിൽ നടുവത്തിന്റെ കരുണത്തിനാണു് മാറ്റു കൂടുന്നതു്. ദ്വിതീയപുത്രന്റെ മരണത്തെ സംബന്ധിച്ചെഴുതിയ വിലാപപദ്യങ്ങൾ നോക്കുക.

എന്നെക്കുറിച്ചധികമായൊരുസക്തിയുള്ളി-
ലെന്നല്ലഭക്തിവിനയം ഭയമെന്നിതെല്ലാം
കുന്നിച്ചിടുന്നതനയൻ-ശിവ!ശേഷമോതാ-
നെന്നാൽപ്രയാസമിനിയെന്തിനു ജീവിതം മേ.
കഷ്ടംമദീയമകനേറെവിശിഷ്ടനാക്ക-
മിഷ്ടംപെരുത്തപുരുഷൻപുരുപുണ്യശാലി
ഇട്ടേച്ചുപോയിയിവനെപ്പൂനരായതോർത്തു
പൊട്ടുന്നുമന്മനമെനിക്കിനിയാരുപാരിൽ?
മുന്നംമുദാജനനവേളയിൽ ജാതകർമ്മം
നന്ദിച്ചുചെയ്ത മമ കയ്യുകൾകൊണ്ടുതന്നെ
ഇന്നിക്കമാരനുദകക്രിയചെയ്യുവാനായ്
വന്നോരുസംഗതിയൊരിക്കലുമോർത്തുകൂടാ.
കാണാതെകാൽക്ഷണമിരിക്കുകിലപ്പൊഴേറെ-
ക്കേണീടുമങ്ങനെയിരുന്ന കുമാരനിപ്പോൾ
പ്രാണൻവെടിഞ്ഞുപരലോകമണഞ്ഞു ഞനോ
ഞാണറ്റവില്ലിനുകിടയ്ക്കുകിടന്നിടുന്നു.
പുത്രാർത്തിമൂലമധികം കൃശയായലഞ്ഞു
കത്രാപി വീണുശിവരാമ ഹരേ മുരാരേ
ഇത്യാദിനാമജപമോടമരുന്നജായാം
വൃത്താന്തമെങ്ങനെ പറഞ്ഞറിയിച്ചീടേണ്ടു?
എന്നല്ലഭൃത്യരഖിലംനയനംനിറച്ചു
നിന്നീടുമെന്നരികിലായതുകണ്ടിടുമ്പോൾ
ഒന്നോൎക്കമുണ്ണിചരിതം മനതാരതിങ്കൽ
പിന്നത്തെവാർത്തയിനിഞാൻ പറയേണ്ടതുണ്ടോ?
തത്തമ്മപഞ്ജരമതിൽപരിചോടിതന്നു
പുത്രന്റെനാമമധുനാപി വിളിച്ചിടുന്നു
അത്തവ്വിലഗ്നിയതിലാജ്യമൊഴിച്ചുവീശി-
ക്കത്തിച്ചിടുന്നപടി മന്മനമാളിടുന്നു.
ഈവന്നവൻപനിശമിക്കുകയില്ല ജീവൻ-
പോവാനടുത്തു ജനകൻവ്യസനിച്ചിടൊല്ല
ആ വമ്പനായ മകനെന്നെവിളിച്ചിരുത്തീ-
ട്ടേവം പറഞ്ഞകഥയെങ്ങനെ ഞാൻ മറക്കും?

ഛായാശ്ലോകങ്ങൾ എഴുതുന്നതിലും അദ്ദേഹത്തിനു വലിയ സാമർത്ഥ്യമായിരുന്നു.

ചെന്നിക്കിട്ട കുടുമ്മയും ചിരിവരും കോമാളിവേഷങ്ങളും
പിന്നിൽത്തെല്ലുചെവിക്കടുത്തവടുവും പിട്ടുംപകിട്ടുംപരം
മന്നത്തത്തികവും മതിഭ്രമളിയും മല്ലിട്ടുമാറ്റേറ്റവും
ചേർന്നുള്ളോരുപൂമാൻവരുന്നുതരസാ തത്തിത്തകർത്തങ്ങനെ.

ശൃംഗാരകവിതയിൽ അദ്ദേഹം വെണ്മണിമാരോടു അടുക്കുന്നില്ലെന്നു പറയേണ്ടിയിരിക്കുന്നു. ചെറുപ്പകാലത്തു നിത്യവൃത്തിക്കു വളരെ ക്ലേശിക്കേണ്ടിവന്നതിനാൽ അഴിച്ചുവിട്ട മൂരിക്കുട്ടനെപ്പോലെ ഉഛൃംഖലതമമായ ജീവിതം നയിക്കുന്നതിനു സാധിക്കായ്കയാലായിരിക്കാം അദ്ദേഹത്തിനു മൂരിശ്ശൃംഗാരപദ്യങ്ങൾ എഴുതാൻ സാധിക്കാതെവന്നതു്. എന്നാൽ മഹാകവിപട്ടം സമ്പാദിക്കുന്നതിനായിട്ടായിരിക്കാം–അദ്ദേഹവും അംബോപദേശം എഴുതാൻ നിർബന്ധിതനായി. അതിൽ വെണ്മണിയുടെ അംബോപദേശത്തിലുള്ളിടത്തോളം തെറിയില്ലെന്നൊരു ഭേദമുണ്ടു്. നടുവത്തിന്റെ അംബോപദേശം നമുക്കു വായിക്കുമ്പോൾ നമുക്കു വലുതായ അറപ്പു തോന്നുകയില്ല.

അഷ്ടമിയാത്ര വളരെ സരസമായ ഒരുകൃതിയാകുന്നു. എന്നാൽ ഭഗവൽദൂതാണു് അദ്ദേഹത്തിന്റെ കൃതികളിൽവച്ചു് അത്യുത്തമം. നാടകലക്ഷണങ്ങൾ തികഞ്ഞിട്ടില്ലെങ്കിലും വായിക്കുന്നവൎക്കു മുഷിയുകയില്ല. ഭക്തിരസപ്രചുരങ്ങളായ അനേകം പദ്യങ്ങൾ അതിലുണ്ടു്.

നടുവത്തുമഹനും ഒരു കേളികേട്ട കവിതന്നെ. അദ്ദേഹം കൊടുങ്ങല്ലൂർ കുഞ്ഞുരാമവർമ്മ തമ്പുരാന്റെ ശിഷ്യനായിരുന്നു. 1004-ൽ ഞാൻ എറണാകുളത്തു ഈയാട്ടിൽ പണിക്കരുടെ കെട്ടിടത്തിൽ താമസിക്കുന്ന കാലത്താണു് അദ്ദേഹവുമായി പരിചയപ്പെട്ടതു്. അദ്ദേഹത്തിന്റെ ഫലിതമയമായ സംഭാഷണം കേട്ടുകൊണ്ടു് സമയം പോയതറിയാതെ ഞാൻ പലപ്പോഴും ഇരുന്നുപോയിട്ടുണ്ടു്. അത്ര സരസനാണു് അദ്ദേഹം. പലവക സ്തോത്രങ്ങൾ, ആശ്രമപ്രവേശം, കാവ്യശകലങ്ങൾ, ഗുരുവായൂരപ്പൻകഥ, പിഷാരിക്കലമ്മ, സന്താനഗോപാലം എന്നിങ്ങനെ അദ്ദേഹവും അനേകം കൃതികൾ രചിച്ചിട്ടുണ്ടു്. സീമന്തിനീചരിതത്തിന്റെ നാലും അഞ്ചും സർഗ്ഗങ്ങളും അദ്ദേഹത്തിന്റെ വകയാണു്. മാതൃകയ്ക്കായി “ഒരു സങ്കടം” എന്ന കവിതയിൽനിന്നും സീമന്തിനിയിൽനിന്നും ഓരോ ഭാഗം ഉദ്ധരിക്കാം.

ഒരു സങ്കടം:-
കേളിപ്പെടും കവികുലോത്തമനായ വള്ള-
ത്തോളിന്റെകണ്ണുരുജ കാലവിമാഥിജായേ!
ആളിത്തിളപ്പതൊഴിവാക്കണമിങ്ങുവേറി-
ട്ടാളില്ലെനിക്കു പറവാൻ കൃപവേണമെന്നിൽ.
കേൾക്കില്ല തോഴനിവനോതുകിലങ്ങുനിന്നീ
ലാക്കിൽചിരിച്ചു കരയിക്കരുതെന്നെയമ്മെ
നീക്കിത്തരേണമഴലാകെയിവന്റെകണ്ണീർ
പോക്കിത്തരേണമിടനെഞ്ഞുരുകുന്നുതായേ.
ഞാന്തോറ്റുഹന്തപറയും മൊഴികേട്ടിടാഞ്ഞി-
ട്ടെന്തോ വിഷാദവിഷമാർന്നുപകച്ചുനോക്കി
എന്തോഴരെന്റെഹൃദയം ത്രിപുരാന്തകന്റെ
സന്തോഷകല്പലതികേ!തകിടാക്കിടുന്നു
നാലാറുപേരൊടൊരുമിച്ചുനിരന്നിരുന്നു
കോലാഹലംവെടിപറഞ്ഞു തകർത്തിടുമ്പോൾ
ചേലാർന്നൊരെൻപ്രിയവയസ്യനെഴുംവികാരം
ശൈലാത്മജേവലിയസങ്കടമൊന്നുകാണാം.
സീമന്തിനീചരിതം-
പ്രേമംതികഞ്ഞ കണവൻ മൃതനായി കഷ്ടം
സീമന്തിനിക്കു ശിവനേ ചെറുതാലിപോയീ
സാമർത്ഥ്യമെങ്ങു? വിധിവൈഭവമെങ്ങു? പൂർണ്ണ
കാമൻജഗൽഗുരുവിനാരെതിരാളിയുള്ളു?
ഹാ!ധിക്കവൾക്കനുദിനം വിധവാവിഷാർത്തി
ബാധിക്കിലുംവിഷധരസ്മൃതികൊണ്ടുതന്നെ
സാധിച്ചുപോന്നു നിജജീവിതമാകൃതിക്കീ-
യാധിത്തിളപ്പുപലവൈകൃതവും വരുത്തി.

ഈ രണ്ടു കൃതികളിലും കേരളവർമ്മ പ്രാസനിർബന്ധം നിയമേന കാണുന്നു. സീമന്തിനീചരിതം ഒരു ജായിന്റു് സ്റ്റാക്കു് കവിതയാണു്. അക്കാലത്തു് ഇങ്ങനെ പലരും ചേർന്നു കവിത എഴുതുന്ന സമ്പ്രദായം നടപ്പിലിരുന്നു.

ഗുരുവായൂരപ്പൻ തിരുവാതിരപ്പാട്ടും, പിഷാരിക്കലമ്മ വഞ്ചിപ്പാട്ടുമാകുന്നു. ഓരോന്നിൽനിന്നും ഏതാനും വരികൾ ചേൎക്കു ന്നു.

ഗുരുവായൂരപ്പൻ
തിരുമുടികെട്ടിച്ചുറ്റുംപീലികൾ തിരുകിബ്ഭംഗിയൊടതിനിടയിൽ
പുരുമണമിയലും പൂക്കളണിഞ്ഞഴകരുതേ വാഴ്ത്താൻ ഗോവിന്ദ
പഞ്ചമിനാളിലുദിച്ചമൃഗാങ്കനു നെഞ്ചകമുരുകുംഫാലത്തിൽ
കിഞ്ചിൽ കുറുനിര കുനുകുനെയിളകി ത്തഞ്ചിനവടിവിനു കൂപ്പുന്നേൻ
തണ്ടലരമ്പനെടുത്തുകളിക്കും രണ്ടുശരസേനമെന്നോണം
കണ്ടുവരും തവ ചില്ലീദ്വയ മുത്ക്കണ്ഠയൊടടിയൻകൂപ്പുന്നേൻ
മരുദാവാസംതന്നിൽവിളങ്ങും സുരതരുസന്നിഭഗോവിന്ദ
പരിചിൽതൊട്ടൊരുഗോപിക്കുറിയും പരചിൻമൂർത്തേകൂപ്പുന്നേൻ
ഭക്തിവിശുദ്ധത പരചിത്തത്വം മുക്തിവിദഗ്ദ്ധതവൈരാഗ്യം
തക്കമൊടീവകയൊക്കയുമുതിരും തൃക്കണ്ണടിയനിലെറിയേണം
തൃക്കണ്‍കോണിന്മഹിമകളാൎക്കു മ ശക്യംമാധവവർണ്ണിപ്പാൻ
ഭക്തജനപ്രിയസകലജനത്തിനു നില്ക്കക്കള്ളിയിതൊന്നത്രേ
മൂക്കും നല്ലൊരുതിലസുമമെപ്പൊഴു മൂക്കുശമിച്ചുനമിച്ചീടും
മൂക്കിനുതാണുവണങ്ങുന്നടിയനെ യോൎക്കണമവിടുന്നെപ്പോഴും.
മകരമഹാമണികുണ്ഡലകാന്തികൾ സുകരമിണങ്ങുംസുകപോലം
അകമതിൽമല്ലനിഷ്ഠദന കരുതുന്നഗതിക്കവിടുന്നാലംബം
തൊണ്ടിപ്പഴവും പവിഴവുമങ്ങനെ കണ്ടുവിരണ്ടുമയങ്ങീടും
ചുണ്ടിനു താണുവണങ്ങുന്നിവനിൽ കൊണ്ടുപുലമ്പുകകാരുണ്യം
പിച്ചകമൊട്ടിനുപിച്ചുപിടിക്കും നൽച്ചെറുപല്ലുകൾ മല്ലാരേ
നിവ്വലുമടിയനുകാണുന്നതിനി ങ്ങച്യുതസംഗതിയാക്കേണം
അഞ്ചുമൊരൊമ്പതുമൂലകകളഖിലം തഞ്ചത്തിൽപരിപാലിക്കും
പുഞ്ചിരിയൊരുകുറികാണണമടിയനു ദഞ്ചിതകതുകംമല്ലാരേ.

പിഷാരിക്കലമ്മ, വഞ്ചിപ്പാട്ടുകളുടെ കൂട്ടത്തിൽ അത്യുന്നതമായ ഒരുസ്ഥാനം വഹിക്കുന്നു.

ശക്തിമപമായിട്ടോരോ ശക്തന്മാരിൽകണ്ടീടുംചിൽ-
ശക്തിയായ ജഗന്നാഥേ ശരണമമ്മേ
വ്യക്തിയായിപ്രകാശിപ്പതൊക്കെയുംനീയെന്നതത്വം
ഭക്തിയുള്ളോരറിയുന്നുഭക്തവത്സലേ
മുക്തിമാർഗ്ഗംവെളിവാക്കും ഭക്തിയൊന്നേ ഞങ്ങൾക്കുള്ളിൽ
സക്തിയുള്ളുഭവക്ലേശം സഹിക്കവയ്യേ.
ഭുക്തിഭോഗമഭിമാനശക്തിതൊട്ടസുഖഭ്രാന്തി
മുക്തിയായോൎക്കമ്മെതിട്ടം മുഷിഞ്ഞുപോകും
കടകെട്ട ഭവമാംസങ്കടക്കടൽകരയ്ക്കുള്ള
കടത്തേറ്റുകരുണയാംകപ്പലിൽകേറ്റി
കടത്തുന്നുതിരുനാമമിടരോടെജപിക്കിലാ
കടത്തുകാരാകുന്നോരെ കല്യേ നീ നിത്യം.
’നടുവത്തുമഹൻ ഇക്കൊല്ലം മരിച്ചു’
തെക്കേക്കുറുപ്പത്തു കുഞ്ഞിക്കുട്ടിഅമ്മ

ഈ സ്ത്രീരത്നം തൃശ്ശിവപേരൂർനഗരത്തിലെ അതിപ്രസിദ്ധ നായർകുടുംബങ്ങളിൽ ഒന്നായ തെക്കേക്കുറുപ്പത്തു 1014 മീനം 1-ാം നു ജനിച്ചു. കുഞ്ചിഅമ്മയും കണ്ണേഴത്തു കൊച്ചണ്ണിതിരുമുല്പാടും ആയിരുന്നു മാതാപിതാക്കന്മാർ. ഏഴാംവയസ്സുമുതൽക്കു് അന്നത്തെ നടപ്പനുസരിച്ചുള്ള പാഠങ്ങൾ ഒക്കെയും പഠിച്ചുതുടങ്ങി. സിദ്ധരൂപം, അമരകോശം, ശ്രീരാമോദന്തം ഇവയൊക്കയും പിതാവുതന്നെ പഠിപ്പിച്ചു. അനന്തരം നൈഷധംവരെയുള്ള കാവ്യങ്ങൾ പ്രസിദ്ധ പണ്ഡിതനായിരുന്ന ചങ്കരംചീരാമത്തെ അച്യുതപ്പുതുവാളിന്റെ അടുക്കൽ അവർ വായിച്ചുതീർത്തു. അലങ്കാരങ്ങൾ വടക്കുംപാട്ടുനമ്പൂരിയും, നാടകങ്ങൾ പട്ടത്തു കൃഷ്ണൻനമ്പ്യാരും ആണു് പരിശീലിപ്പിച്ചതു്. ഇപ്രകാരം കാവ്യപരിശീലനം കഴിഞ്ഞിരിക്കുന്ന കാലത്താണു് ഭീമാചാര്യർ കാടും മതങ്ങളും തല്ലിത്തകർത്തുകൊണ്ടു കേരളത്തിൽ പ്രവേശിച്ചതു്. ആ രണ്ടാം ഉദ്ദണ്ഡശാസ്ത്രി പത്തു കൊല്ലത്തോളം കുഞ്ഞിക്കുട്ടിഅമ്മയുടെ ഗൃഹത്തിൽ പാർത്തു് അവൎക്കു തൎക്കം, വേദാന്തം, മീമാംസ മുതലായവ പഠിപ്പിച്ചുകൊടുത്തു. ഇങ്ങനെ വാക്യാർത്ഥം പറയുന്ന വിഷയത്തിൽ അവർ അന്യാദൃശമായ പാടവം സമ്പാദിച്ചു. ദ്വിതീയപാണിനി എന്ന വിഖ്യാതനായിരുന്ന കൂടല്ലൂർ കുഞ്ചുണ്ണിനമ്പൂരിപ്പാടു് കുഞ്ഞിക്കുട്ടിഅമ്മയുടെ വാക്യാർത്ഥപ്രതിപാദനം കേട്ടു വിസ്മയിച്ചുപോയത്രേ. ഒരിക്കൽ വിശാഖംതിരുനാൾ തമ്പുരാൻ കേരളവർമ്മവലിയകോയിത്തമ്പുരാനോടുകൂടി കാശിക്കു് എഴുന്നള്ളിയ അവസരത്തിൽ തൃശ്ശിവപേരൂർ വച്ചു് തെക്കേക്കുറുപ്പത്തു വിജയംചെയ്തു് അവരുടെ വാക്യാർത്ഥസദസ്സു ദർശിക്കയുണ്ടായി. വലിയ കോയിത്തമ്പുരാൻ പിന്നൊരിക്കൽ,

അചാന്തതൎക്കമയവാരിധി ഭീമനാമ
കാചാര്യവര്യരുടെശിഷ്യയൊരംബുജാക്ഷി
മോചാരസോന്ധുരനിരർഗ്ഗളധാടിയായ
വാചാ ഹരിച്ചു മമ മാനസമന്നൊരുന്നാൾ.

എന്നു് ആ സന്ദർശനത്തെപ്പറ്റി പ്രസ്താവിച്ചുിട്ടുണ്ടു്.

ആ മനസ്വിനി നന്നേ ചെറുപ്പത്തിൽതന്നെ അമ്പാട്ടു നമ്പൂരിപ്പാട്ടിലെ ഭാര്യാപദം പ്രാപിച്ചുവെങ്കിലും അതിൽ ഒരു പുത്രി മാത്രമേ ഉണ്ടായുള്ളു. അമ്മുഅമ്മ എന്ന ആ വിദുഷിയുടെ പുത്രിയാണു് സാഹിത്യസഖി ടി. പി. കല്യാണിഅമ്മ. കുഞ്ഞിക്കുട്ടിഅമ്മ മലയാളഭാഷയെ പോഷിപ്പിക്കുന്ന വിഷയത്തിൽ യാതൊന്നും പ്രവർത്തിച്ചിട്ടില്ലെങ്കിലും, അവരുടെ ദൗഹിത്രി ആ കുറവിനെ വേണ്ടുവോളം പരിഹരിച്ചിട്ടുണ്ടല്ലോ.

അനന്തപുരത്തു മൂത്തകോയിത്തമ്പുരാൻ

ടിപ്പുവിന്റെ പടയെടുപ്പുകാലത്തു വഞ്ചിരാജ്യത്തു് അഭയം പ്രാപിച്ച അനേകം പ്രഭുകുടുംബങ്ങളിൽ ഒന്നാണു് പരപ്പനാട്ടു രാജവംശം. 963-ൽ ആ കുടുംബത്തിലെ മൂന്നു പുരുഷന്മാരും, അഞ്ചു സ്ത്രീകളും ആത്മരക്ഷാർത്ഥം നാടുവിട്ടു്, ആർത്തത്രാണം സ്വജീവിതത്തിലെ ഏകവ്രതമായി കരുതിപ്പോന്ന കാർത്തികതിരുനാൾ പൊന്നുതമ്പുരാനെ അഭയം പ്രാപിച്ചു. അവിടുന്നു് ഈ കുടുംബത്തെ ചങ്ങനാശ്ശേരിയിൽ താമസിപ്പിച്ചു. ടിപ്പുവിന്റെ അധഃപതനാനന്തരം, ഇംഗ്ലീഷുകാർ മലബാറിനെ ബ്രിട്ടീഷിന്ത്യയോടു ചേൎക്കയും അവിടുത്തെ രാജാക്കന്മാൎക്കു മാലിഖാന കൊടുക്കയും ചെയ്തതിന്റെ ഫലമായി പരപ്പനാട്ടു രാജാവിനും രാജാധികാരം നശിച്ചുപോയി. അന്നുമുതല്ക്കു ചങ്ങനാശ്ശേരി ആ രാജകുടുംബത്തിന്റെ സ്ഥിരവാസസ്ഥാനമായി ഭവിച്ചു. പരപ്പനാട്ടുനിന്നും വന്നുചേർന്ന തമ്പുരാട്ടിമാരിൽ ഒടുവിലത്തേതായ റാണിയുടെ പുത്രൻ രാജവർമ്മകോയിത്തമ്പുരാൻ, വഞ്ചിരാജേശ്വരി ലക്ഷ്മീഭായിതിരുമനസ്സിലെ ഭർത്തൃപദം പ്രാപിച്ചതിനോടുകൂടി ആ രാജകുടുംബം സാക്ഷാൽ ‘ലക്ഷ്മിപുര’മായിത്തീർന്നു. അവിടുത്തെ പുത്രനായിരുന്നു ഉത്രംതിരുനാൾ മഹാരാജാവു്.

ഈ കോയിത്തമ്പുരാന്റെ ഭാഗിനേയനായിരുന്ന രാജരാജവർമ്മതമ്പുരാനാണു് ആയില്യം തിരുനാൾ തിരുമനസ്സിലെ സോദരിയെ പള്ളിക്കെട്ടുകഴിച്ചതു്. അദ്ദേഹത്തിന്റെ സഹോദരിയായിരുന്ന പൂരംതിരുനാൾ ദേവിയംബത്തമ്പുരാട്ടിയിൽ, തളിപ്പറമ്പത്തു മുല്ലപ്പിള്ളി നാരായണൻനമ്പൂരിക്കു് 1013-ാമാണ്ടു തുലാമാസം മകം നക്ഷത്രത്തിൽ ജനിച്ച ജ്യേഷ്ഠപുത്രനായിരുന്നു അനന്തപുരത്തു രാജരാജവർമ്മ മൂത്തകോയിത്തമ്പുരാൻ.

മുല്ലപ്പിള്ളിഇല്ലം പാണ്ഡിത്യത്തിനു വിളനിലമായിരുന്നു. കോഴിക്കോട്ടു മാനവിക്രമൻ ശക്തൻതമ്പുരാന്റെ പതിനെട്ടരക്കവികളിൽ ഈ ഇല്ലക്കാരും ഉൾപ്പെട്ടിരുന്നതായി അറിയാം. രാജകോപത്താൽ രാജധാനിയിൽനിന്നും നിഷ്കാസിതമായ ഈ കുടുംബം പണ്ഡിതവരേണ്യന്മാരായ അനേകം മഹാപുരുഷന്മാരെ ഉല്പാദിപ്പിച്ചു് തളിയിൽതാനത്തിനു അർഹതയും, ആ വഴിക്കു രാജപ്രീതിയും വീണ്ടും സമാർജ്ജിച്ച കഥ ചരിത്രപ്രസിദ്ധമാണല്ലോ ആ വിശിഷ്ടകുടുംബത്തിലെ അംഗമായിരുന്ന നാരായണൻനമ്പൂരിയും, വ്യാകരണം, ജ്യോതിഷം, ധർമ്മശാസ്ത്രം, വിഷവൈദ്യം ഈ ശാസ്ത്രങ്ങളിൽ അപാരവൈദൂഷ്യമുള്ള ആളായിരുന്നു. അദ്ദേഹത്തിനെപ്പറ്റി കേരളവർമ്മദേവൻ,

യഃ പ്രേയാൻ ജനകോമമാഖിലജന ശ്ലാഘാസ്പദം സമ്പദം
സർവാം ബിഭ്രദപി പ്രരൂഢപരമ ജ്ഞാനോദയാനന്ദഥു?
ഹിത്വാ ദന്തുരകർമ്മസന്തതിമഭൂൽ കർമ്മന്ദിവൃന്ദാരകോ
വന്ദേ കന്ദവിഹാരമന്ദിരപതിം തം ഭൂമിവൃന്ദാരകം

എന്നു് സംസ്മരിച്ചിരിക്കുന്നു. മാതാവായ തമ്പുരാട്ടി പരമസുശീലയും ഈശ്വരധ്യാനൈകനിരതയും മഹാ വിദുഷിയും ആയിരുന്നു. ആ സുപരിതയെപ്പറ്റി വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു പ്രസ്താവിച്ചിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം.

“വിദുഷികളായി മലയാളത്തിൽ ഉണ്ടായിട്ടുള്ള ഏതാനും സ്ത്രീകളുടെ കൂട്ടത്തിൽ പ്രഥമഗണനീയയായ എന്റെ മാതാവു് ബാല്യത്തിൽതന്നെ എനിക്കു വിദ്യയിൽ അഭിരുചി ജനിപ്പിക്കുന്നതിനായി പല വിദ്വാന്മാരുടെ കഥകൾ പറയുകയും അവരുണ്ടാക്കീട്ടുള്ള ശ്ലോകങ്ങൾ ചൊല്ലിത്തരികയും ചെയ്തിരുന്ന കൂട്ടത്തിൽ ചിലപ്പോൾ സ്വയം ലളിതങ്ങളായ ചെറിയ ശ്ലോകങ്ങളുണ്ടാക്കി എന്നെ പഠിപ്പിക്കുകയും ചെയ്തിരുന്നു.” വെറുതെഅല്ല അവിടുന്നു്

വിരക്തിമാർഗ്ഗേ ഹൃദയം തതാനയാ
സമസ്തസൗഭാഗ്യസമൃദ്ധമത്യപി
അനന്യനാരീസുലഭോല്ലസൽഗുണാ
ദദാതു മാതാ മമ സാപ്യനുഗ്രഹം.

എന്നു് ആ മനസ്വിനിയേ ഹനുമദുത്ഭവത്തിന്റെ ഉപോദ്ഘാതത്തിൽ ഭക്തിപൂർവ്വം സ്മരിച്ചിരിക്കുന്നതു്.

പൂരംതിരുനാൾ തമ്പുരാട്ടി പതിനഞ്ചാമത്തെ വയസ്സിൽ ആണു് രാജരാജവർമ്മ കോയിത്തമ്പുരാനേ പ്രസവിച്ചതു്. അതിനു ശേഷം അടുത്തടുത്ത രണ്ടു പുത്രികളെ പ്രസവിച്ചുവെങ്കിലും അവർ അകാലചരമം പ്രാപിച്ചുപോയി. പിന്നീടു് കേരളവർമ്മ വലിയകോയിത്തമ്പുരാനുൾപ്പെടെ അഞ്ചു പുരുഷസന്താനങ്ങളും ഒരു പുത്രിയും ജനിച്ചു. ഒടുവിലത്തേ സന്താനവല്ലിയുടെ ജനനാന്തരം പിതാവായ മുല്ലപ്പിള്ളി നമ്പൂതിരി ലൗകികവ്യാപാരങ്ങളിൽനിന്നു വിരമിച്ചു. 1861 ആഗസ്റ്റ് 19-ാം നു അദ്ദേഹം കാശിയിൽവച്ചു ദിവംഗതനായി.

രാജരാജവർമ്മ രാജകുമാരൻ അഞ്ചാംവയസ്സിൽ തിരുവാർപ്പിൽ രാമവാര്യരുടെ അടുക്കൽ പ്രാഥമികവിദ്യാഭ്യാസം സമാരംഭിച്ചു. പത്താം വയസ്സുമുതൽക്കു് ചതുശ്ശാസ്ത്രപണ്ഡിതനായിരുന്ന മാതുലൻതന്നെ അദ്ദേഹത്തെ പഠിപ്പിച്ചുതുടങ്ങി. 1024-ൽ അവിടുന്നു് ആറ്റിങ്ങൽ ഇളയറാണിയെ പള്ളിക്കെട്ടുകഴിക്കയാൽ, രാജകുമാരനും അവിടുത്തോടുകൂടെ തിരുവനന്തപുരത്തേക്കു താമസം മാറ്റി. പന്ത്രണ്ടാം വയസ്സിൽ ഉത്രംതിരുനാൾ മഹാരാജാവിന്റെ തുലാപുരുഷദാനത്തെ അധികരിച്ചു് രചിച്ചതായ ഒരു രഥബന്ധംകണ്ടു് സന്തുഷ്ടനായ മഹാരാജാവു് ഈ രാജകുമാരനു് ഒരു വൈരക്കടുക്കൻ സമ്മാനിച്ചു.

1027-മുതൽക്കു് അവിടുന്നു് മഹാരാജാവിന്റെ പുത്രന്മാരായ അരുമന ശ്രീപത്മനാഭൻതമ്പിയോടും ശ്രീനീലകണ്ഠൻ തമ്പിയോടുംകൂടി കല്ലൂപ്പാറ ശങ്കരമേനോന്റെ അടുക്കൽ ഇംഗ്ലീഷു പഠിച്ചുതുടങ്ങി. അങ്ങനെ ഇരിക്കെ ഒരുദിവസം അവിടുന്നു്

ശീതം മാം ബാധതേ രാത്രൗ ശീതാംശുസദൃശാനന
അർത്ഥയേ തന്നിവൃത്യർത്ഥം നിചോളംദാതുമർഹസി.

എന്നൊരു ശ്ലോകം എഴുതി നീലകണ്ഠൻതമ്പിയുടെ കൈയിൽ കൊടുക്കയും അദ്ദേഹം ആ ശ്ലോകത്തെ മഹാരാജാവിനെ കാണിക്കയും ചെയ്തു. തിരുമനസ്സുകൊണ്ടു് അതിനെ മലയാളത്തിലാക്കിക്കൊണ്ടു വരുന്നതിനു കല്പിച്ചതനുസരിച്ചു രാജകുമാരൻ നിർമ്മിച്ച രണ്ടു ശ്ലോകങ്ങളെ ചുവടേ ചേൎക്കു ന്നു.

വല്ലാതേ വന്നുചേർന്നോരവശതയറിവിക്കുന്നു ഞാൻ സങ്കടംകൊ-
ണ്ടില്ലാശീതംതടുപ്പാൻ പടമിഹ കപടംകൊണ്ടു ചൊല്ലുന്നതല്ലേ
കല്യാണശ്രീവിലാസത്തിനു കലിതമഹാരംഗമാം തമ്പുരാനോ
ടല്ലാതാരോടുചൊല്ലുന്നഹമിഹപരിതാപങ്ങളുണ്ടായ്‍വരുമ്പോൾ?
സകലാസു കലാസു നൈപുണംകൊ ണ്ടഖിലാനന്ദവിധായി ധന്യശീല
ചകലാസു പുതച്ചുസൗഖ്യമേൾപ്പാ നഭിലാഷം വളരുന്നുസത്യമത്രേ.

ഉത്രംതിരുനാൾ മഹാരാജാവു് ഈ ശ്ലോകദ്വയംകണ്ടു സന്തുഷ്ടനായിട്ടു് ഒരു ചകലാസ്സും തുപ്പട്ടാവും സമ്മാനിച്ചു.

ഇങ്ങനെ അങ്കുരിച്ച ഭാഷാകവിതാതരു ശാഖോപശാഖമായി തഴയ്ക്കുവാൻതുടങ്ങി. പലാഴിമഥനം, സതീവിവാഹം, സ്യമന്തകം—എന്നീ തിരുവാതിരപ്പാട്ടുകൾ ചെറുപ്പകാലത്തു രചിക്കപ്പെട്ടവയാകുന്നു.

1029-ൽ അവിടുന്നു് രാമശാസ്ത്രികളുടെ അടുക്കൽ തൎക്കം പഠിച്ചുതുടങ്ങി. സർവ്വജ്ഞവിജയം ആട്ടക്കഥ അതിനോടു അടുത്തകാലത്തു രചിക്കപ്പെട്ടതാണു്. മാതൃകകാണിപ്പാനായി ഒരു ശ്ലോകവും പദവും താഴെ ചേൎക്കു ന്നു.

കാലോന്മീലിതമാലതീ സുരഭിലേ ലോലാനൃപുഷ്ടാകലേ
മാലേയാനിലബാലബാലലതികാ ലാസ്യൈകശാലായിതേ
ലീലാരാമതലേ കലേശകിരണ പ്രദ്യോതിതാശാമുഖേ
ബാലാം ശീലവതീം ജഗാദജഗതി പാലോ നിജപ്രേയസീം.
യാമിനീശമുഖികാണ്‍ക കാമിനീരത്നമേ
സാമോദമുദ്യാനമിദം സാമജേന്ദ്രയാനേ
മാരസഹകാരികാലം സാരമതിവേലം
ചാരുകൂജിതകോകിലം സാരസാനുകൂലം
വണ്ടുകൾനിന്റെ കേശകാന്തികണ്ടു രോദിച്ചുട
നിണ്ടൽപൂണ്ടുപുഷ്പങ്ങളിൽ മണ്ടിയൊളിക്കുന്നു.

സർവ്വജ്ഞവിജയം കഥ സ്വകപോലകല്പിതമാകുന്നു എന്നുള്ള സംഗതികൂടി ഇവിടെ പ്രസ്താവയോഗ്യമായിരിക്കുന്നു.

1031-ൽ അവിടുന്നു് മാവേലിക്കര കൊട്ടാരത്തിൽനിന്നു് പള്ളിക്കെട്ടു കഴിച്ചിട്ടു് ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുവെങ്കിലും തിരുവനന്തപുരത്തു കൂടക്കൂടെ പോയി താമസിച്ചുവന്നു. 1036-ൽ അവിടുന്നു് കൊടുങ്ങല്ലൂർ വലിയതമ്പുരാന്റെ വൈണികശിഷ്യനും തിരുവനന്തപുരം രാജകീയ സംഗീതസദസ്സിലെ അംഗവും ആയിരുന്ന വെങ്കിടാദ്രിഭാഗവതരുടെ അടുക്കൽ വീണവായനയും പാച്ചുമൂത്തതിന്റെ അടുക്കൽ വൈദ്യശാസ്ത്രുവും സുബ്ബയ്യാശാസ്ത്രിയുടെ അടുക്കൽ അലംകാരശാസ്ത്രവും മറ്റു വിദഗ്ദ്ധ ഗുരുക്കന്മാരുടെ അടുക്കൽ തൎക്കം, മീമാംസ, വേദാന്തം മുതലായ ശാസ്ത്രങ്ങളും അഭ്യസിച്ചു തുടങ്ങി.

1034-ൽ മാതുലനായ രാജരാജവർമ്മ കോയിത്തമ്പുരാന്റെ നിര്യാണശേഷം, ലക്ഷ്മീപുരത്തുകുടുംബം അന്തശ്ഛിദ്രത്തിനു വശംവദമായി. അംബാദേവിത്തമ്പുരാട്ടിയുടെ ശാഖയിൽ പ്രായപൂർത്തിയുള്ള അംഗങ്ങൾ ആരും ഇല്ലാതിരുന്നതിനാൽ രാജരാജവർമ്മ കോയിത്തമ്പുരാന്റെ നേതൃത്വത്തിൽ ആ ശാഖ 1040-ൽ ലക്ഷ്മീപുരംവിട്ടു ആയില്യംതിരുനാൾ തമ്പുരാന്റെ കാരുണ്യത്താൽ, അവൎക്കു കാർത്തികപ്പള്ളിക്കോയിക്കൽ താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭിച്ചു. 1046-ൽ രാജരാജവർമ്മ കോയിത്തമ്പുരാന്റെ സാമർത്ഥ്യത്താൽ ആ താലൂക്കിൽപ്പെട്ട കുമാരപുരം പ്രവൃത്തിയിൽ അനന്തപുരം എന്നൊരു പുതിയ കോവിലകം സ്ഥാപിതമായി.

സർവകലാവല്ലഭൻ അഭിനവ വാഗ്ഭടൻ—ഇത്യാദി പല ബിരുദങ്ങളാൽ സമലംകൃതനായ ഈ മഹാത്മാവു് കുടുംബഭാരത്തിലും ചികിത്സയിലും അധ്യാപനത്തിലും സദാ വ്യാപൃതനായിരുന്നതിനാലായിരിക്കണം അവിടുത്തെ തൂലികയിൽനിന്നു കൂടുതൽ കാവ്യതല്ലജങ്ങൾ നമുക്കു ലഭിക്കാതെ വന്നതു്. സമയനിഷ്ഠയിൽ അവിടുത്തോടു് അടുത്തുനിൽക്കത്തക്കവരായി ആരും ഉണ്ടായിരുന്നില്ല. അവിടുന്നു മുറുക്കുന്നസമയംനോക്കി സമയം ക്ഌപ്തമായി നിശ്ചയിക്കാമായിരുന്നുവെന്നു തച്ഛിഷ്യന്മാർ പലരും പറഞ്ഞുകേട്ടിട്ടുണ്ടു്. എന്തുകാരണവശാലും അവിടുന്നു ദിനസരി തെറ്റിക്കാറില്ലായിരുന്നു.

വൈദ്യത്തിൽ വിശേഷിച്ചു വിഷവൈദ്യത്തിൽ അവിടുന്നു് അദ്വിതീയനായിരുന്നു. തെക്കൻദിക്കിലെ പ്രസിദ്ധ വൈദ്യന്മാരെല്ലാം അവിടുത്തെ ശിഷ്യപ്രശിഷ്യന്മാരാണു്.

1073-ൽ അവിടുത്തേ ഷഷ്ഠിപൂർത്തി മഹം അനുജനായ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മേൽനോട്ടത്തിൽ ആഘോഷപൂർവം നടത്തപ്പെട്ടു. അതിനുശേഷം ദിനസരിക്കു വ്യത്യാസം നേരിട്ടേയ്ക്കുമെന്നുള്ള ഭയത്താൽ അദ്ദേഹം സ്വഗൃഹം വിടുക പതിവില്ലാതെ വന്നതു ശിഷ്യഗണത്തിനു വലിയ അനുഗ്രഹമായ് ഭവിച്ചു. 1913 ജനുവരിമാസത്തിൽ അവിടുന്നു് തന്റെ അനുജനായ കേരളവർമ്മ വലിയകോയിത്തമ്പുരാനിൽ പരപ്പനാട്ടു വലിയരാജാ എന്നസ്ഥാനം അർപ്പിച്ചിട്ടു് പരലോകം പ്രാപിച്ചു. പണ്ഡിതപ്രകാണ്ഡങ്ങളായ ഈ രണ്ടു സഹോദരന്മാരുടെ സ്വഭാവവ്യത്യാസത്തെ തദന്തേവാസിയായ എം. രാജരാജവർമ്മ അവർകൾ ഇങ്ങനെ ഭംഗിയായി പ്രകാശിപ്പിച്ചിരിക്കുന്നു.

“ചെറുണ്ണിക്കോയിത്തമ്പുരാൻ എന്നും മൂത്തകോയിത്തമ്പുരാൻ എന്നും വിളിച്ചുവന്നിരുന്ന ആ മഹാൻ ഒരു ഭിഷഗ്വരനും സംഗീതസാഹിത്യവിദ്വാനും കുടുംബഭരണനിപുണനും സംഭാഷണചതുരനും ഭാഗ്യവാനുമായിരുന്നു. അനുജനെപ്പോലെ ജ്യേഷ്ഠനും മാതുലാന്തേവാസിയും മഹാരാജാശ്രിതനും ആയിരുന്നെങ്കിലും വയസ്സിനുണ്ടായിരുന്നതുപോലെ സ്വഭാവത്തിനും ജ്യേഷ്ഠാനുജന്മാൎക്കുതമ്മിൽ വളരെ അന്തരമുണ്ടായിരുന്നു. ഹൃദയപരിപാകംകൊണ്ടും ലോകപരിചയംകൊണ്ടും ദീനസംരക്ഷണംകൊണ്ടും നയവർത്തനംകൊണ്ടും ജ്യേഷ്ഠൻ ആരെയും ആവർജ്ജിച്ചു. അനുജനാകട്ടെ വൈദുഷ്യത്താലും മേധാവിത്വത്താലും ഗാംഭീര്യത്താലും സ്ഥാനൗന്നത്യത്താലും ആൎക്കു ം ദുരാപനായിരുന്നു. സംഭാഷണചാതുര്യംകൊണ്ടു് ഏവനേയും വശീകരിക്കുവാൻ ജ്യേഷ്ഠനു നല്ല വശമുണ്ടായിരുന്നു. അനുജൻ മിതവാദിയും പൊടിപ്പും തൊങ്ങലുംവച്ചു പറയാൻ അശക്തനുമായിരുന്നു. രണ്ടുപേരുമൊരുമിച്ചു സ്വഗൃഹത്തിൽപാർത്തപ്പോൾ പല സല്ലാപങ്ങളാൽ “ഉത്തിഷ്ഠമാനസ്ത്വപരോ നോപേക്ഷ്യഃ പഥ്യമിച്ഛതാ” എന്നുള്ള ന്യായമനുസരിച്ചു് അനുജനു പൊങ്ങിവന്ന അഹങ്കാരവികാരങ്ങളെ ജ്യേഷ്ഠൻ ഉപദേശരൂപേണ ലോകോപകാരകങ്ങളായ പന്ഥാക്കളിലേക്കു തിരിച്ചുവിട്ടതു് നിമിത്തമത്രേ വലിയകോയിത്തമ്പുരാന്റെ അനന്തരജീവിതം സുപ്രസന്നമായതു്”.

ഈ രണ്ടുപേരുടേയും സ്വഭാവഗതികളെ പ്രകാശിപ്പിക്കുന്ന ഒരു സംഭവത്തെ ഇവിടെ വിവരിക്കാം. മൂത്തകോയിത്തമ്പുരാന്റെ ഷഷ്ടിപൂർത്തിമഹത്തിനു് പങ്കുകൊള്ളുന്നതിനായി വലിയകോയിത്തമ്പുരാൻ തന്റെ ആശ്രിതകോടിയിൽപ്പെട്ട ഏതാനും ശാസ്ത്രിമാരെ തിരുവനന്തപുരത്തുനിന്നും കൊണ്ടുപോയിരുന്നു. അവരിൽ എന്റെ സുഹൃത്തുക്കളിൽ ഒരാൾകൂടി ഉൾപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞു ഞാൻ അറിഞ്ഞ കഥയാണിതു്. അനന്തപുരത്തുവച്ചു നടക്കുന്ന ദാനങ്ങൾ തന്റെ ആശ്രിതന്മാൎക്കു ലഭിച്ചുകൊള്ളട്ടേ എന്നായിരുന്നു വലിയകോയിത്തമ്പുരാന്റെ മനോഭാവം. എന്നാൽ ജ്യേഷ്ഠനെ ഉപദേശിക്കുന്നതിനുള്ള ധൈര്യം വലിയകോയിത്തമ്പുരാനുണ്ടായിരുന്നില്ല. അതിനാൽ ദാനങ്ങൾ എല്ലാം മറ്റു ബ്രാഹ്മണൎക്കു ലഭിച്ചു. വലിയകോയിത്തമ്പുരാനു വലുതായ ഇച്ഛാഭംഗവും ഉണ്ടായി. ശാസ്ത്രിമാർ നോക്കിനില്ക്കേ, ഒരു പഠിപ്പും യോഗ്യതയും ഇല്ലാത്ത ബ്രാഹ്മണൎക്കു ജ്യേഷ്ഠൻ ഇങ്ങനെ ദാനം ചെയ്തതു ഭംഗിയായില്ലെന്നു് അവിടുന്നു മുഖഭാവത്താൽ സൂചിപ്പിച്ചു. അപ്പോൾ ആ ഗംഭീരാശയൻ അരുളിച്ചെയ്തു: “മഹാപണ്ഡിതന്മാരും നമ്മുടെ അതിഥികളുമായ ഈ ശാസ്ത്രിപ്രവരന്മാൎക്കു് ഈ തുച്ഛമായ ദാനം നല്കുന്നതു അവരെ അപമാനിക്കുന്നതിനു തുല്യമാണു്. അതിനാൽ അവൎക്കു ഓരോ സാൽവയും ഓരോ പണക്കിഴിയും സമ്മാനിച്ചയപ്പാനാണു് ഞാൻ നിശ്ചയിച്ചിരിക്കുന്നതു്” അതുപോലെതന്നെ അവിടുന്നു പ്രവർത്തിക്കയും ചെയ്തു.

കോതാത്തു അപ്പുമേനോൻ

ചിറ്റൂർദേശത്തു് കോതാത്തുഗൃഹത്തിൽ 1008-ൽ ജനിച്ചു. കോതാത്തു രാമമേനോന്റെ അടുക്കൽനിന്നു സംസ്കൃതം പഠിച്ചു് കാവ്യനാടകാലങ്കാരാദികളിൽ നല്ല വ്യുൽപത്തി നേടി. ജ്യോതിശ്ശാസ്ത്രത്തിലും സമർത്ഥനായിരുന്നു. ശിവകർണ്ണാമൃതം മാത്രമേ അദ്ദേഹത്തിന്റെ കൃതിയായി നമുക്കു ലഭിച്ചിട്ടുള്ളു. 1056-ൽ അദ്ദേഹം കാലധർമ്മം പ്രാപിച്ചു.

എടത്തറമാടമ്പത്തു് തെയ്യശ്ശമേനോൻ

1020-ാമാണ്ടിടയ്ക്കു ജനിച്ചു. കോതാത്തു രാമൻമേനോൻതന്നെയായിരുന്നു അദ്ദേഹത്തിന്റേയും ഗുരു. വൈശാഖമാഹാത്മ്യം എന്നൊരു കിളിപ്പാട്ടു് മുപ്പതദ്ധ്യായത്തിൽ എഴുതീട്ടുണ്ടു്. വാമനാവതാരം എന്നൊരു തുള്ളലും രചിച്ചിട്ടുണ്ടത്രേ. 1058-നു് അടുത്തു ദിവംഗതനായി.

കൈതവന പപ്പുക്കുറുപ്പു്

അമ്പലപ്പുഴത്താലൂക്കിൽ ആലപ്പുഴ പ്രവൃത്തിയിൽ കൈതവനപ്ലാപ്പറമ്പിൽ ജനിച്ചു. തീയതി നിശ്ചയമില്ല. നല്ല പണ്ഡിതനായിരുന്നു. ‘പപ്പുക്കുറുപ്പാം കവി’ എന്നു തദ്ഭാഗിനേയനും ശിഷ്യനുമായ രാമക്കുറുപ്പു് മുൻഷി ചക്കീചങ്കരത്തിൽ പറഞ്ഞിരിക്കുന്നതു് അദ്ദേഹത്തിനെയാണു്. വൈദ്യത്തിലും ജ്യോതിഷത്തിലും അസാമാന്യപാടവമുണ്ടായിരുന്നു. 1035-ലാണു് മരിച്ചതു്. പല കീർത്തനങ്ങളും, ഗാനങ്ങളും നളചരിതം വാതിൽതിറപ്പാട്ടും അദ്ദേഹം രചിച്ചിട്ടുണ്ടു്. അച്ചടിച്ചിട്ടുള്ളതായി അറിവില്ല.

ഏഴിപ്പുറത്തു നാരായണൻനമ്പ്യാരു്

പ്രൗഢവിദ്വാനായിരുന്നു. ജയദേവന്റെ ഗീതാഗോവിന്ദം 23 വൃത്തങ്ങളിലായി കൈകൊട്ടിക്കളിപ്പാട്ടാക്കീട്ടുണ്ടു്.

കുറിച്ചിയത്തു ഗോവിന്ദമേനോൻ

മുകുന്ദപുരം കോവിലകത്തു വാതുക്കൽ കുറിച്ചിയത്തുവീട്ടിൽ ജനിച്ചു. രാമായണം മണിപ്രവാളം എന്നൊരുകൃതി അദ്ദേഹത്തിന്റെ വകയായി മലയാളഭാഷയ്ക്കു സിദ്ധിച്ചിട്ടുണ്ടു്. അതു കാണ്മാനുള്ള ഭാഗ്യം എനിക്കു ഇതേവരെയുണ്ടായില്ല.

ആറ്റുങ്ങൽ കൃഷ്ണനാശാൻ

1016-ാമാണ്ടിൽ ജനിച്ചു. സുദർശനവിജയം തുടങ്ങിയ മൂന്നാലു ആട്ടക്കഥകൾ നിർമ്മിച്ചിട്ടുണ്ടു്.

ചേന്നാട്ടു ഗോവിന്ദപ്പിള്ളവക്കീൽ

കേരളാധീശ്വരചരിതം തുള്ളൽ, ലക്ഷ്മീകടാക്ഷമാല, ജൂബിലിചരിതം തുള്ളൽ, പഞ്ചബ്രഹ്മോപദേശം ഇവയുടെ കർത്താവായിരുന്നു.

വടക്കിനിയത്തുനമ്പൂരി

നെടുങ്ങനാട്ടു വല്ലപ്പുഴയായിരുന്നു സ്വദേശം. ശങ്കരസംഹിതകിളിപ്പാട്ടും ഒരു ആട്ടക്കഥയും ഏതാനും ഒറ്റശ്ലോകങ്ങളും അദ്ദേഹത്തിന്റെ വകയായിട്ടുണ്ടു്.

കണ്ടിയൂർ ആശാൻ

കണ്ടിയൂർ കുഞ്ഞൻവാര്യർ നല്ല വ്യുൽപന്നനും കവിയുമായിരുന്നു. അദ്ദേഹം പ്രതിപ്രയാണം തുള്ളൽ, ബാല്യുത്ഭവം, ദൂതവാക്യം എന്നീ ആട്ടക്കഥകൾ ഗജേന്ദ്രമോക്ഷം, കൈകൊട്ടിക്കളിപ്പാട്ടു്, വിഷ്ണുസ്തോത്രം അനേകം കീർത്തനങ്ങൾ, ഒറ്റശ്ലോകങ്ങൾ ഇവ രചിച്ചിട്ടുണ്ടു്.

പ്രതിപ്രയാണം. രാവണവധാനന്തരം രാമചന്ദ്രൻ സീതയോടുകൂടി അയോദ്ധ്യയ്ക്കു തിരിച്ചുവരുന്നതാണു വിഷയം. നമ്പ്യാരുടെ തുള്ളലുകളോടു കിടപിടിക്കുന്ന സന്ദർഭങ്ങൾ ഇതിലുണ്ടു്.

സീതാരാമന്മാർ വരുന്നുവെന്നു കേട്ടു് ഒരു മാതാവു് പുത്രിയോടു പറയുന്നു!

ലുബ്ധനതായൊരു ചേന്നനതല്ലോ
ലബ്ധനതായതു ഹന്ത നിനക്കു്
ആയാളൊന്നിഹ തരുമെന്നുള്ളതു
നീയോർത്തിന്നിഹ പാർത്തീടേണ്ടാ
അരിയുംകറിയും വച്ചകൊടുത്താ-
ലുരിയാടാതവനൊക്കെയശിക്കും
പുലർകാലെബത യാത്രതിരിക്കു-
മൊളിശയനക്കാരുണ്ടു നിനക്കെ-
ന്നളവില്ലാതൊരു ശങ്കയുമുണ്ടു്.
ജളനിഹ ചുറ്റിനടക്കുന്നുണ്ടു്
നളനെന്നുള്ളൊരു ഭാവവുമുണ്ടു്
തിരുവോണത്തിനു വല്ലതുമെല്ലാം
വരുവാനുള്ളതു കിട്ടുന്നില്ല
തിരുവാതിരയെന്നുള്ളൊരുഘോഷം
തിരിയാത്തവനോടെന്തുരചെയ്‍വൂ?

ആട്ടക്കഥകൾ രണ്ടും പ്രചാരത്തിലിരിക്കുന്നു. ദൂതവാക്യത്തിലെ ഒരു പദം ഉദ്ധരിക്കുന്നു.

ഘോരഘോരവിരോധികാണ്ഡശിരോധിഖണ്ഡനചണ്ഡനാം
കൗരവേശ്വരഭൂതവീര്യമറിഞ്ഞിടാതിഹ വന്നുനീ
സമരവിസൃമരവിപുലഭുജബലകനലിലലമിഹശലഭമായ്
സപദിനിശിചരഹതക! ഖലകലതിലക ഹന്ത ഭവിച്ചുപോം.

ഒറ്റശ്ലോകങ്ങൾ.

വാനോർനായകനുർവശീമുഖവധൂജാലങ്ങളോടൊത്തുടൻ
സാനന്ദം വിഹരിപ്പതിന്നൊരുനവസ്ഥാനം തിരക്കുംവിധൗ
നൂനം നാരദനാദരാൽ പറകയാൽ കണ്ടീപുരേ ഗോപുര-
സ്ഥാനേവന്നു രമിച്ചിടുന്നനുദിനം ഗൂഢം നിശീഥങ്ങളിൽ.

വിഷ്ണുസ്തോത്രം—(പ—പാ—പി) എന്ന അക്ഷരക്രമത്തിൽ രചിച്ചിട്ടുള്ള ഒരു കീർത്തനമാണു്.

പനിമതിമുഖിരമയും ഭൂമിയുമനുപമരുചിസവിധേ സതതം
പരിലാളിച്ചീടുംതന്നുടെ പദപങ്കജയുഗളമുദാരം
പരിചോടിഹ കരളതിലനിശം കരുതുന്നേൻ കരുണാജലധേ
ചെരിയത്തുവിളങ്ങിന മാധവമധുസൂദന ദേവനമസ്തേ
അപ്പുനെടുങ്ങാടി

1010-ാമാണ്ടിടയ്ക്കു കോഴിക്കോട്ടു തലക്കോടിമഠത്തിൽ ജനിച്ചു. ഭാഷയിലെ ആദ്യനോവൽ റാവുബഹദൂർ റ്റീ. എം. അപ്പുനെടുങ്ങാടിയുടെ കുന്ദലത ആകുന്നു. കഥ കവി കല്പിതമാകുന്നു. പ്രസന്നമായ രീതി. പരിണാമഗുപ്തിയിൽ സവിശേഷമായ ശ്രദ്ധപതിച്ചിട്ടുള്ളതിനാൽ അവസാനംവരെ വായിക്കാതെ ആരും പുസ്തകം നിലത്തുവയ്ക്കയില്ല. 500-ാമാണ്ടിടയ്ക്കു നടന്ന കഥയായിരുന്നിട്ടും സ്വർണ്ണമയിയുടേയും പ്രതാപചന്ദ്രന്റേയും അനുരാഗഗതിയുടെ വർണ്ണന അല്പം പാശ്ചാത്യരീതിയിലായിപ്പോയില്ലയോ എന്നു സംശയിക്കുന്നു. നായാട്ടിന്റേയും മറ്റും വിവരണത്തിനു അനുഭവരസികതയുണ്ടു്. പാത്രരചനയിൽ നല്ലപോലെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. കപിലനാഥൻ നാസ്തികനെന്നു തോന്നിപ്പിക്കുന്ന ഒരു ആസ്തികശിരോമണിയാണു്. നവീനശാസ്ത്രനിഷ്ണാതരായ ആധുനികരുടെ മനോഭാവമാണുള്ളതു്. ജ്യോതിശ്ശാസ്ത്രത്തോടു ബഹുമാനമുണ്ടെങ്കിലും ഫലഭാഗത്തിൽ വിശ്വാസമേയില്ല. ഗ്രഹചാരബാധയേക്കുറിച്ചു സാധാരണന്മാൎക്കുള്ള വിശ്വാസം കാര്യകാരണങ്ങളെ വ്യാവർത്തിച്ചറിയാൻ കഴിയായ്കകൊണ്ടു വരുന്നതാണെന്നാണു് അയാളുടെ അഭിപ്രായം.മനസ്സിനു നൈർമ്മല്യം ഉണ്ടായിരിക്കണമെന്നു നിർബന്ധം.

താരാനാഥനിൽ പിതാവായ കപിലനാഥന്റെ സദ്ഗുണങ്ങൾ എല്ലാം പ്രകാശിക്കുന്നുണ്ടെങ്കിലും യുവചാപല്യങ്ങൾക്കു കുറവില്ല. ബുദ്ധിക്കു ഗൗരവവും കുറവാണു്. അയാളുടെ ധീരത അധർമ്മഭീരുത്വത്തിലാണു് അധികം പ്രതിഫലിച്ചുകാണുന്നതു്. രൂപവതിയായ കുന്ദലതയുടെ സാന്നിധ്യത്തിൽ ചിരകാലം കഴിച്ചുകൂട്ടിയിട്ടും അവളെ സംബന്ധിച്ചു യുവജനസഹജമായ അനർഹവിചാരങ്ങളൊന്നും അയാളുടെ ഹൃദയത്തിൽ അങ്കുരിക്കുന്നില്ല. കേവലം ബഹുമാനംമാത്രം. ക്രമേണ ആ ബഹുമാനം ആപത്സമാഗമത്താൽ അനുകമ്പയായും പിന്നീടു് പ്രേമമായും പരിണമിക്കയാണു് ചെയ്തതു്.

താരാനാഥന്റെ സഹോദരിയായ സ്വർണ്ണമയി ഒരുമാതിരി പരിഷ്കൃതാശയസമ്പന്നയാണു്. സഹജമായ വിനയത്തിനു് ഭംഗംവരുത്താതെ സ്വാതന്ത്ര്യത്തോടും ആർജ്ജവത്തോടും പെരുമാറും. തന്റേടം വളരെ കൂടുതലാണു്. കാമുകനോടുകൂടി സ്വൈരസല്ലാപം ചെയ്തുകൊണ്ടിരിക്കേ സഹോദരൻ പെട്ടെന്നു പ്രവേശിച്ചപ്പോൾ അവൾക്കു ഒരു ഭാവഭേദവും പ്രകാശിപ്പിച്ചില്ല. പ്രതാപചന്ദ്രൻ അവിവേകം പ്രവർത്തിച്ചു് പശ്ചാത്താപഭരിതനായിരിക്കവേ, അവളാണു് അഘോരനാഥനെ കൂട്ടിക്കൊണ്ടുവന്നു സങ്കടനിവൃത്തി വരുത്തുന്നതു് അന്ധവിശ്വാസം അവളെ സ്പർശിച്ചിട്ടുപോലുമില്ല.

കാമ്പ്രത്തു ഈച്ചരമേനോൻ

കാമ്പുറത്തുവീടു് പാലക്കാട്ടുതാലൂക്കിൽ കൊല്ലംകോട്ടംശത്താണു്. ഈച്ചരമേനോൻ കാമ്പുറത്തേ ശ്രീമതി കല്യാണിഅമ്മയിൽ ചാത്തിലങ്കത്തു ഗോവിന്ദമേനോനു ജനിച്ച പ്രഥമസന്താനമായിരുന്നു. 1015 കന്നിയിൽ ജനിച്ചു. ചെറുപ്പത്തിൽതന്നെ ഗൃഹഭരണത്തിൽ ഏർപ്പെടേണ്ടിവന്നുവെങ്കിലും, വിദ്യാഭ്യാസവിഷയത്തിൽ ലേശം അമാന്തം കാണിച്ചില്ല. കാവ്യപരിശീലനം കഴിഞ്ഞു് നാടകം അലങ്കാരം, തൎക്കം, വ്യാകരണം ഇവയിലൊക്കയും നല്ല പാണ്ഡിത്യം സമ്പാദിച്ചു. അദ്ദേഹം 1067-ൽ തീപ്പെട്ട മഹാരാജബഹദൂർ സർമാനവിക്രമസാമൂതിരിപ്പാട്ടിലെ കാര്യസ്ഥനായിരുന്നു. 1087-ൽ എഴുപത്തി ഒന്നാംവയസ്സിൽ പരലോകപ്രാപ്തനായി. തോരണയുദ്ധം ഓട്ടംതുള്ളൽ താരകാസുരവധം കഥകളി മുതലായി അനേകം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്.

താരകാസുരവധം കഥകളി രണ്ടു വ്യാഴവട്ടങ്ങൾക്കുമുമ്പു് എന്റെ സ്നേഹിതൻ കോങ്ങാട്ടു കൃഷ്ണൻനായർ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കഥയ്ക്കുള്ള ഒരു വിശേഷം സംഭോഗശൃംഗാരത്തിനു അപ്രധാനസ്ഥാനം കല്പിച്ചിരിക്കുന്നു എന്നുള്ളതാണു്. അവസാനത്തിൽ മരുന്നിനു മാത്രം ഒരു രംഗം ചേർത്തിരിക്കുന്നതേയുള്ളു ഭക്തിരസത്തിനാണു് പ്രാധാന്യം കല്പിച്ചിരിക്കുന്നതു്.

ഒരുപദംമാത്രം ഉദ്ധരിക്കാം
സുന്ദരസുകുമാര കന്ദദന്തമനോഹര നന്ദിച്ചുഞാനടിമലർവന്ദേ
സിന്ദൂരാരുണമുഖപത്മങ്ങൾ കണ്ടുകൊൾവാ-
നിന്നഹോ കാംക്ഷിക്കുന്നു താതനാം പരമേശൻ
നിന്തിരുവടിയുടെ കാരുണ്യലേശംകൊണ്ടു
സന്താപം ലോകങ്ങൾക്കു പോക്കുവാനിച്ഛയോടും
വൃന്ദാരകാധിപനോടും ചേർന്നുടൻ വിധാതാവു
വന്നിങ്ങുവസിക്കുന്നിതീശസന്നിധിയിങ്കൽ
താതന്റെസവിധത്തിലാദരാലെഴുന്നള്ളി
ആമോദം നല്കീടേണമേവൎക്കും കൃപാനിധേ
മാനവിക്രമൻ ഏട്ടൻതമ്പുരാൻ

കോഴിക്കോട്ടുസാമൂതിരി രാജവംശത്തിലെ തായ്‍വഴികളിൽ ഒന്നായ പടിഞ്ഞാറേക്കോവിലകത്തു 1020 മകരം 29-നു പൂരുട്ടാതിനക്ഷത്രത്തിൽ ജനിച്ചു. അവിടുന്നു് ബാല്യദശയിൽ പഠിത്തത്തിൽ ലേശം ജാഗ്രത പ്രദർശിപ്പിച്ചിരുന്നില്ല. പതിനാറാംവയസ്സുവരെയുള്ള ജീവിതം വ്യർത്ഥമാക്കിക്കളഞ്ഞതിൽ ഒടുവിൽ പശ്ചാത്താപം തോന്നിയതിന്റെ ഫലമായിട്ടാണു് ദേശമംഗലത്തു ഉക്കണ്ടവാര്യരെ സമീപിച്ചു് തന്നെ ശിഷ്യനായി സ്വീകരിക്കണമെന്നു അപേക്ഷിച്ചതു്. ബുദ്ധിമാനായ രാജകുമാരൻ അദ്ദേഹത്തിന്റെ അടുക്കൽനിന്നു കൗമുദിയുടെ പൂർവാർദ്ധപര്യന്തമുള്ള വ്യാകരണം നല്ലപോലെ പഠിച്ചു. അതിനുശേഷം സ്വമാതുലനായ അനുജൻതമ്പുരാന്റെ അടുക്കൽ സിദ്ധാന്തകൗമുദിയുടെ ഉത്തരാർദ്ധം, പ്രൗഢമനോഹരമ, പരിഭാഷേന്ദുശേഖരം ഇവയും അലങ്കാരശാസ്ത്രങ്ങളും ശ്രദ്ധാപൂർവം പഠിച്ചു.

1047-ൽ ഗംഗാസ്നാനത്തിനായി എഴുന്നള്ളി ആ അവസരത്തിൽ കാശീവാസികളായിരുന്ന ബാലശാസ്ത്രികൾ, അപ്പാശാസ്ത്രികൾ മുതലായ പ്രൗഢപണ്ഡിതന്മാരുടെ പരിചയം സമ്പാദിച്ചു.

1068-ൽ പടിഞ്ഞാറേക്കോവിലകത്തു തമ്പുരാനായി വാഴ്ചതുടങ്ങി. 10 കൊല്ലങ്ങൾക്കു ശേഷം അഞ്ചാംകൂറു വാഴ്ചയായ നെടുത്രാർപ്പാട്ടിലെ സ്ഥാനവും അടുത്തകൊല്ലം നാലാംമുറ വാഴ്ചയായ എടത്രാർപ്പാട്ടിലെ സ്ഥാനവും ലഭിച്ചു.

1077-ൽ മാതാവു തീപ്പെട്ടു.

1082 തുലാം 7-ാനു മൂന്നാർപ്പാടായും 85 കന്നി 19-നു ഏറാൾപ്പാടായും സ്ഥാനാരോഹണം ചെയ്തു.

മാനവിക്രമൻ ഏട്ടൻതമ്പുരാന്റെ യുവരാജപദപ്രാപ്തിയേക്കുറിച്ചു് കേരളവർമ്മ വലിയകോയിത്തമ്പുരാൻ അയച്ചുകൊടുത്ത പദ്യം താഴെ ചേൎക്കുക.

പ്രതീതശൈലാബ്ധി മഹീഭൃദന്വയ-
ദ്വിതീയരാജത്വമുപേയിവാൻ ഭവാൻ
ഇതീഹവാർത്താമധിഗമ്യ സംപ്രതി
ഹ്യതീവ മേ പ്രീതി രുഭേതി ചേതസി.

മാനവിക്രമ കുഞ്ഞനുജൻതമ്പുരാന്റെ സാമൂതിരിപദാരോഹണവും ഏട്ടൻതമ്പുരാന്റെ ഏരാൾപ്പാടു സ്ഥാനാരോഹണവും സംബന്ധിച്ച അരിയിട്ടുവാഴ്ച 1085 തുലാം രണ്ടാംതീയതിയാണു നടന്നതു്. ആ ക്രിയയുടെ ചടങ്ങുകൾ രസാവഹമാണു്.

കന്നിമാസം ഒടുവിൽതന്നെ പല ദിക്കിലും നമ്പൂതിരിമാർ നാടുവാഴികൾ മുതലായവർ വന്നുചേർന്നു.

ഏരാൾപ്പാടുതമ്പുരാനും മൂനാർപ്പാടുതമ്പുരാനു അരിയിട്ടു വാഴ്ചയ്ക്കായി 31-ാനു ശനിയാഴ്ച വൈകുന്നേരത്തെ മെയിൽവണ്ടിക്കു പടിഞ്ഞാറേകോവിലകത്തേയും പുതിയകോവിലകത്തേയും പലേതമ്പുരാക്കന്മാരോടുകൂടി സപരിവാരം എത്തി. ആദ്യമായി തീപ്പെട്ടടത്തേയ്ക്കു പരലോകഗതിയെ ഉദ്ദേശിച്ചു ഏകോദ്ദിഷ്ടം എന്ന ദാനം നടത്തി. അഞ്ഞൂറോ ആയിരമോ പണമുള്ള ഒരു കിഴിയാണു ദാനം. അഴുവാഞ്ചേരിതമ്പ്രാക്കൾ ഒരു വ്രതിമുഖാന്തിരം ഈ ദാനം സ്വീകരിച്ചു. അതുകഴിഞ്ഞു് “പുന്നത്തൂരുമൂപ്പിലെ കൈപിടിച്ചു മുങ്ങുക” എന്ന പുലകളിക്രിയ കഴിച്ചു സാമൂതിരിപ്പാട്ടിന്നു നീരാട്ടുകളിക്കു വെള്ളത്തിൽ ഇറങ്ങി നില്ക്കുമ്പൊഴേക്കു പുന്നന്നൂർ മൂത്തരാജാവു് എത്തണമെന്നാണു് വ്യവസ്ഥ. അതിലേക്കു് അദ്ദേഹത്തിനു ചില അവകാശങ്ങളുമുണ്ടു്.

പുലകുളിയും പുണ്യാഹവും കഴിഞ്ഞശേഷം ശ്രീവാളയനാട്ടു ഭഗവതിയുടെ ദർശനം നടത്തി തീപ്പെട്ട തമ്പുരാന്റെ വീരശൃംഖല ഭഗവതിയുടെ പീഠത്തിൽ വച്ചിരിക്കും. സാമൂതിരിപ്പാടു് തൃച്ചാത്തം കഴിഞ്ഞു് ഒന്നാമതു തൃക്കണ്‍പാൎക്കാൻ എഴുന്നള്ളുന്ന സമയം തേവാരിയുടെ പക്കൽനിന്നും അതുവാങ്ങി ധരിച്ചിരിക്കണം അതാണു് പതിവു്. അതും യഥാചാരം നടന്നു.

തദനന്തരം വയറാട്ടം എന്ന ക്രിയയായിരുന്നു. ആ ക്രിയയുടെ സ്വഭാവമെന്തെന്നു സാമൂതിരിക്കും വയറപ്പണിക്കന്മാൎക്കും മാത്രമേ അറിയാവൂ. അനേകം ശതവർഷങ്ങൾക്കു മുമ്പുമുതല്ക്കേ ശിവാങ്കൾസ്വാമിയാരുടെ ഉപദേശമനുസരിച്ചു നടന്നുവരുന്ന ഒരു ക്രിയയാണിതു്.

അടുത്തക്രിയ ‘വെട്ടിയും കൊന്നും പിടിക്കുവാൻ’ എന്നുപറഞ്ഞുപണ്ടു ചേരമാൻ പെരുമാൾ കൊടുത്തവാൾ സ്വീകരിക്കയാണു്. അതിനു വാളുപൂജ എന്നുപേർ. ആ ക്രിയ നടത്തിയശേഷം, ആഴ്‍വാഞ്ചേരിതമ്പ്രാക്കളുമായി കൂടിക്കാഴ്ച നടന്നു.

‘ഗൃഹശാന്തി’ യായിരുന്നു അടുത്ത ക്രിയ. നാല്പാമരവും മറ്റും ചേർത്തു തിളപ്പിച്ചു് കഷായംപോലെ ആക്കിയ ജലംനിറച്ച വെള്ളിക്കലശങ്ങൾ ഈ സ്വരൂപത്തിലുള്ളവരുടെ തന്ത്രിയും മന്ത്രോപദേഷ്ടാവുമായ ചേന്നാസ്സുനമ്പൂതിരിപ്പാടുവന്നു ഓരോസ്ഥാനക്കാൎക്കു് പ്രത്യേകം പൂജിച്ചുവച്ചിരിക്കും. സാമൂതിരിപ്പാടുമുതൽ ഓരോ കൂറുകാരും അവരവൎക്കു് പൂജിച്ചുവച്ചിരിക്കുന്ന കലശത്തിന്റെ അടുക്കൽ തൊഴുതിരിക്കണം. നംപൂരിപ്പാട്ടീന്നു് ദേവനെ എന്നപോലെ ആരാധിച്ചു പൂജിച്ചശേഷം കലശം എടുത്തു അഭിഷേകം ചെയ്യും. പിന്നീടു് നീരാട്ടുകുളിക്കു് ഉള്ളപുടവയും ചാർത്തി ഭഗവതിക്കെട്ടിൽച്ചെന്നു ദാനങ്ങൾ നടത്തുകയായി. അതിൽ പിന്നീടു നമ്പൂതിരിപ്പാട്ടീന്നു മന്ത്രോപദേശം ചെയ്യുന്നു. ഇതാണു് ഗൃഹശാന്തിയുടെ സ്വഭാവം.

അനന്തരം കളരിയിൽ എഴുന്നള്ളി വാളുവാങ്ങി. ഒരു സാമൂതിരി തീപ്പെട്ടാൽ തിരുവക്കുളി കഴിയും വരെ ആയുധംധരിച്ചുകൂടെന്നും ആ കാലത്തു യുദ്ധം പാടില്ലെന്നും ആയിരുന്നു ഏർപ്പാടു്. ഈ ക്രിയ ആചാരപാരമ്പര്യത്തെ സൂചിപ്പിക്കുന്നു.

‘തോന്നിയിൽ നായരെ’ന്ന ഇടപ്രഭുവിന്റെ സന്ദർശനവും അയാളെ പിടലിക്കു പിടിച്ചു പുറത്തു തള്ളുകയും ചെയ്ക എന്നൊരു ചടങ്ങുണ്ടായിരുന്നതു് ഇക്കുറി ഉണ്ടായില്ല.

സാമൂതിരിപ്പാട്ടിലെ ആയുധഗുരു ധർമ്മോത്തുപ്പണിക്കരാണു്; അയാളാണു് സേനാപതിയും. പ്രധാന സചിവത്വം മങ്ങാട്ടച്ഛൻ, തെനയഞ്ചേരി എളയതു്, ധർമ്മോത്തുപ്പണിക്കർ, രായല്ലൂർപാറനമ്പി എന്നിങ്ങനെ നാലു കുടുംബക്കാൎക്കായിരുന്നു. പണിക്കരുടെ കളരിയിൽ 27 പത്മംഇട്ടു് ദേവതകളെ ആരാധിച്ചു് തേവാരിനമ്പൂരിയെക്കൊണ്ടു പൂജിച്ചുവച്ചിരിക്കും. സാമൂതിരിമുതല്ക്കുള്ള കൂറുവാഴ്ചക്കാർ മുറയ്ക്കു ധർമ്മോത്തുപ്പണിക്കരുടെ അടുക്കൽനിന്നു് വാളുവാങ്ങുന്നു. ഈ ഉടവാൾവാങ്ങലും യഥാവിധി അനുഷ്ഠിച്ചു് പണിക്കൎക്കു കിഴികൾ ദാനംചെയ്തു.

അനന്തരം ഓരോ കൂറുകാൎക്കും അവരവൎക്കുള്ള സ്ഥലത്തുവച്ചു യഥാവിധി അരിയിട്ടുവാഴ്ച നടത്തുന്നതിനുള്ള ഒരുക്കമായി. ഹസ്തകടകം, മകരകുണ്ഡലം മുതലായി നവരത്നങ്ങളായ ആഭരണങ്ങൾ അണിഞ്ഞു് തമ്പുരാക്കന്മാർ അതിലേക്കു യാത്രപുറപ്പെട്ടു. ഓരോ കൂറുകാൎക്കും അവകാശികളായ പ്രത്യേക സ്ഥാനികളുണ്ടു്. സാമൂതിരിപ്പാട്ടിലേക്കു നന്ദാവനത്തു നമ്പിയും, എറാൾപ്പാട്ടിലേക്കു പുന്നശ്ശേരി നമ്പിയുമാകുന്നു സ്ഥാനികൾ.

ചമയം കഴിഞ്ഞു് അതാതു കൂറുകാർ ആഢ്യന്മാരാലും നാടുവാഴികളാലും നിറയപ്പെട്ട തളത്തിൽ എഴുന്നള്ളി, കുലപരദേവതയായ ഭഗവതിയെ എഴുന്നള്ളിച്ചുവച്ചതിന്റെ മുമ്പിൽ വെള്ളയും കരിമ്പടവും വിരിച്ചതിന്മേൽ കിഴക്കോട്ടഭിമുഖമായി ചെന്നിരുന്നു. നാഗസ്വരം, തകാരടി, കാരിക്കൽനായന്മാരുടെ വാദ്യം, വെടി ഇവയുടെ മുഴക്കത്താൽ ദിക്കുകൾ മുഖരിതങ്ങളായി. പൂവള്ളി, വരിക്കശ്ശേരി, കിരാങ്ങാട്ടു് എന്നീ ഗ്രാമക്കാരായ ആഢ്യബ്രാഹ്മണർ മുറയ്ക്കു് അരിയിട്ടു കഴിഞ്ഞു് കൊട്ടിച്ചെഴുന്നള്ളത്തും മുറയ്ക്കു നടന്നു.

മാനവിക്രമൻ ഏട്ടൻതമ്പുരാനു് സംസ്കൃതത്തിനു പുറമേ തമിഴ്, ഹിന്ദുസ്ഥാനി മുതലായ ഭാഷകളും പരിചിതമായിരുന്നു. കേരള ഭോജരാജൻ എന്ന പേരിനാലാണു് അദ്ദേഹം അറിയപ്പെട്ടിരുന്നതു് അരിയിട്ടുവാഴ്ചക്കാലത്തു് സാമൂതിരിക്കാളേജ് അദ്ധ്യാപകന്മാർ സമർപ്പിച്ച മംഗളപത്രത്തിനു് അവിടുന്നു നൽകിയ മറുപടിയിൽനിന്നു് ഒന്നുരണ്ടു സംസ്കൃതപദ്യങ്ങളും ഭാഷാപദ്യങ്ങളും ഉദ്ധരിക്കുന്നു.

അദ്യ ദ്വിതീയപദമാപ്തമിതിപ്രമോദ
സ്ഥാനം ന കിഞ്ചിദപി ഹന്ത പരം നിരീക്ഷേ
യന്ത്രാതിദുർഭരനിരന്തര കാര്യഭാര
വൈയഗ്ര്യമന്തരതി വിക്ലബതാം തനോതി.
നാസ്വാദാവസരം കദാപി സഹതേ കാവ്യാമൃതസ്യാഖില
ക്ലേശാപാകൃതി ലംപടസ്യനിതരാം ഹന്താദ്യ കിം കർമ്മഹേ
കിം ച സ്വാസ്ഥ്യമപാകരോതി മനസോ ദേഹസ്യ ച പ്രത്യഹം
ഹേത്യൽ സംപ്രതി യൗവരാജ്യമിതിമേ ചിന്താസമുജ്ജൃംഭതേ.
ധന്യാ സാ കാവ്യലക്ഷ്മീ മയി നിയതരതിം കിഞ്ചനാപേക്ഷതേർത്ഥം
ധത്തേ പ്രീതിം ച കീർത്തിം ശ്രിയമപി നിതരാം നേതരൈവം വിഭാതിഃ
നിത്യം വിത്താർത്ഥിനീ ചാ പ്രിയമപി വിതനോത്യപ്രതിഷ്ഠാമലാദേ
വിത്താനാംവിദ്യുദദ്യദ്യുതിരിവ ചപലാ ചാദ്യ കിം ഹന്ത കർമ്മഃ.
യൗവരാജ്യമിഹവന്നുചേർന്നുമമ സർവലോകമഹനീയമി-
ത്യേവമോർത്തുബത മാനസത്തിലതിയായ മോദമുളവായിതോ
സാവധാനമിതിലുള്ള വാസ്തവമതോർത്തുപാൎക്കിലതിമോദമി—
ന്നേവനും വരുമതിന്നു ലേശമവകാശമില്ലതു കഥിച്ചിടാം.
ബാല്യംമുതൽക്കു മമ നിത്യവുമൊത്തുചേർന്നു
സല്ലീലചെയ്തു വിലസുന്നൊരു കാവ്യലക്ഷ്മീ
വല്ലാത്ത വൈഭവമെഴും യുവരാജലക്ഷ്മീ
മല്ലേറ്റു മുഷ്ക സഹിയാതെ തപിച്ചിടുന്നു

ഏട്ടൻതമ്പുരാന്റെ കൃതികളിൽ അധികവും സംസ്കൃതമാണു്. ശൃംഗാരമഞ്ജരി, വാസിഷ്ഠാഷ്ടപദി, വൈഷ്ണവകേശാദി പാദാഷ്ടപദി, കിരാതാഷ്ടപദി, സുഭാഷിതലഹരി, രണശിംഗുരാജ ചരിതം, കൃതിശതകം, കേരളവിലാസം, കൃഷ്ണനവരത്നമാലിക, പ്രശ്നോത്തരമാലിക, ഛന്ദോമഞ്ജരി, ശ്രീകൃഷ്ണചമ്പു, സ്വാഹാസുധാകരം പ്രബന്ധം, സ്വാഹാസുധാകരം കഥകളി, കേരളചരിത്രഗീതം, അനേകം ഒറ്റശ്ലോകങ്ങൾ ഇവ അദ്ദേഹം രചിച്ചിട്ടുണ്ടു്.

ആനയെപ്പറ്റി അദ്ദേഹം എഴുതീട്ടുള്ള പദ്യങ്ങളിൽ ചിലതിനെ മാതൃകയ്ക്കായി ഉദ്ധരിക്കുന്നു.

ആനേ നിനക്കു ബലമുണ്ടുലകിൽ പ്രസിദ്ധ-
മെന്നല്ല മാന്യതയുമങ്ങിനെതന്നെയല്ലോ
എന്നാകിലും നിജ മഹത്വമറിഞ്ഞിടാതെ
യന്യ ന്റെകീഴിലമരുന്നതു കഷ്ടമല്ലേ.
മാതംഗ നിന്റെ കുലഗൗരവമോർത്തിടാതെ
ചേതസ്സിലാക്കബളമുണ്‍മതിനാർത്തിയാലേ
ആതങ്കമോടുമവർചൊന്നതുപോലെയെല്ലാം
ചൂതെന്നപോലെയലയുന്നതുമെത്രകഷ്ടം
വൻപേറുമെൻ ദ്വിരദരാജനിണയ്ക്കു നല്ല
കൊമ്പുണ്ടു രണ്ടുയമദണ്ഡമതെന്നപോലെ
വമ്പിച്ച തുമ്പിയുമതുണ്ടതുകൊണ്ടുമുണ്ടാ-
കമ്പം ജനത്തിനിഹതൻ മഹിമാനഭിജ്ഞ
മാന്യത്വമുണ്ടുലകിലപ്രതിമപ്രഭാവ
മൗന്നത്യമെന്നിവ ഗുണങ്ങളുമുണ്ടനല്പം
എന്നാലുമൊന്നുമറിയാത്തവനെന്നപോലെ
യന്യന്റെ ചൊൽപ്പടി ഗജേന്ദ്ര നടന്നിടാമോ?
ഓരോ മരത്തടിയെടുത്തു ഭയത്തൊടാന-
ക്കാരന്റെ ചൊൽപ്പടി നടക്കുമിഭേന്ദ്രനീയും
പാരിച്ച തന്നുടെ മഹത്വമറിഞ്ഞിരുന്നാ-
ലാരിന്നടുക്കുമറിയാത്തതുമെത്ര ചിത്രം.

കുറിപ്പുകൾ
[1]

കുഞ്ഞിക്കുട്ടൻതമ്പുരാനു് അയച്ച കത്തിലെ ഒരു ഭാഗം.

Colophon

Title: Kēraḷa bhāṣāsāhitya caritṛam Vol. 4 (ml: കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 4).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; Vol. 4; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 4, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 24, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: A girl poses for designs with her face painted depicting traditional Indian painting forms like, Varli, Madhubani, Maandna., a photograph by Tapas Kumar Halder . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.