രാധയുടെ വീടു്. മുൻപിൽ ഡോക്ടറും പിൻപിൽ രാധയുമായി ഒരു ഭാഗത്തൂടെ കടന്നുവരുന്നു. രാധയുടെ മുഖം നിരാശതകൊണ്ടും വൃസനംകൊണ്ടും വാടിയിരിക്കുന്നു. ഡോക്ടർക്കു പ്രത്യേകിച്ചൊരു മാറ്റമൊന്നുമില്ല. സ്റ്റെതസ്കോപ്പ് കഴുത്തിൽ തുങ്ങുന്നുണ്ടു്. ഡോക്ടർ ടൗവൽകൊണ്ടു മുഖവും വിയർക്കുന്ന പിൻകഴുത്തും നെറ്റിയുമെല്ലാം തുടച്ചു ശരിപ്പെടുത്തി കസേരയിൽ ചെന്നിരിക്കുന്നു. രാധ അല്പം അകലെ മാറിനില്ക്കുന്നു. തെല്ലിട മൗനം, പിന്നെ…
- ഡോക്ടർ:
- (തലയുയർത്തി രാധയെ നോക്കി) രോഗം അന്നു കണ്ടതിലും കുറച്ചു വർധിച്ചിട്ടുണ്ടു്. എങ്കിലും ഭയപ്പെടാനില്ല.
- രാധ:
- മുന്നു ദിവസമായി ഡോക്ടർ, അച്ഛനുറങ്ങിയിട്ടു്. രാത്രിയും പകലും ഒരുപോലെ കിടയ്ക്കയിൽ കിടന്നുരുളും.
- ഡോക്ടർ:
- രക്തം കുറഞ്ഞിട്ടുണ്ടു്. അതുകൊണ്ടാണു് ക്ഷീണം വർദ്ധിച്ചതു്.
- രാധ:
- ഇനിയെന്താണു് ഡോക്ടർ ചെയ്യേണ്ടതു്.
- ഡോക്ടർ:
- ഇനി എന്തു ചെയ്യാൻ? ഞാൻ പറയുന്നതൊന്നും നിങ്ങൾ ചെയ്യാറില്ല. പിന്നെങ്ങിനെ രോഗം മാറും?
- രാധ:
- എന്റെ കഴിവിനനുസരിച്ചു് എല്ലാം ഞാൻ ചെയ്യുന്നുണ്ടു്.
- ഡോക്ടർ:
- രോഗം ഇത്രമേൽ വർധിച്ചിട്ടു നിങ്ങളെന്തുകൊണ്ടു് എന്നെ വിവരമറിയിച്ചില്ല? (രാധ മിണ്ടാതെ മുഖം താഴ്ത്തി നില്ക്കുന്നു. എഴുന്നേറ്റു് അടുത്തുചെന്നു്) നിങ്ങളെന്തുകൊണ്ടു് ഇതുവരെ മരുന്നിന്നയച്ചില്ല?
- രാധ:
- ഇവിടെ അയയ്ക്കാൻ പ്രത്യേകിച്ചാരുമിലാത്തതുകൊണ്ടു്. ഇടയ്ക്കു കമ്പോണ്ടറുടെ ഷാപ്പിൽനിന്നു് വാങ്ങാറുണ്ടു്.
- ഡോക്ടർ:
- ഞാൻ നിങ്ങളെ സഹായിക്കാനൊരുക്കമാണെന്നു് അന്നു പറഞ്ഞില്ലേ? എന്താ മിണ്ടാത്തതു്?
- രാധ:
- ഒന്നുമില്ല.
- ഡോക്ടർ:
- ഞാൻ പറയുന്നതു കേൾക്കൂ. ഇപ്പോഴും ചികിത്സിച്ചാൽ അച്ഛനെ രക്ഷിക്കാൻ കഴിയും. (രാധ കഠിനമായ ദുഃഖം ഭാവിക്കുന്നു) എന്നെ നിങ്ങൾ ഒരന്യനായിട്ടു വിചാരിക്കരുതു്. എന്നോടു നിങ്ങൾക്കെന്തും പറയാം. ഞാൻ സ്നേഹിച്ചാൽ എന്തും ചെയ്യാൻ മടിക്കാത്തവനാണു്. അതുകൊണ്ടു വേഗം ഒരാളെ മരുന്നിനയയ്ക്കൂ.
- രാധ:
- അയയ്ക്കാം.
- ഡോക്ടർ:
- ശരി, അങ്ങനെ നല്ല ബുദ്ധി തോന്നട്ടെ. പിന്നെ അത്യാവശ്യത്തിനു വല്ല പണവും വേണാ?
- രാധ:
- വേണ്ടാ. (ഡോക്ടർ കീശയിൽനിന്നു പത്തുറുപ്പിക നോട്ടെടുത്തു നീട്ടുന്നു. രാധ അല്പം അവജ്ഞയോടെ) എനിക്കു പണം വേണ്ടാ.
- ഡോക്ടർ:
- എടുത്തോളൂ.
- രാധ:
- വേണ്ടാ, ഇവിടെയുണ്ടു്.
- ഡോക്ടർ:
- ശരി എന്നാൽ ക്ഷണത്തിൽ മരുന്നിനയയ്ക്കൂ. താമസിക്കരുതു്. (നടന്നുപോകുന്നു)
രാധ കസേരയിൽ വന്നിരുന്നു മേശമേൽ തലയും കുനിച്ചു വിങ്ങിവിങ്ങിക്കരയുന്നു. ഒരു വശത്തൂടെ കൈയിലൊരു വട്ടിയും കൊട്ടയും തുക്കിപ്പിടിച്ചു മാനേജർ അപ്പുമേനോന്റെ കാര്യസ്ഥൻ ശങ്കു കടന്നുവരുന്നു. ശങ്കു രാധയുടെ കിടപ്പുകണ്ടു്, വട്ടിയും കൊട്ടയും ബെഞ്ചിന്മേൽ വെച്ചു പതുക്കെ സമീപിക്കുന്നു.
- ശങ്കു:
- മിറ്റ്റസ്സേ, മിറ്റ്റസ്സേ! (രാധ തലപൊക്കുന്നു. രണ്ടു കണ്ണിൽനിന്നും കണ്ണീർ ധാരധാരയായി ഒഴുകി കവിൾത്തടം നനച്ചിട്ടുണ്ടു്. ഭാവപ്പകർച്ചയോടെ) എന്തിനാ മിറ്റ്റസ്സേ, കരേന്നതു്?
- രാധ:
- (പണിപ്പെട്ടു വ്യസനം നിയന്ത്രിച്ചു്) ഞാൻ കരഞ്ഞിട്ടില്ലാ ശങ്കു.
- ശങ്കു:
- (കണ്ണിനുനേരെ ചൂണ്ടി) പിന്നെ ഇതെന്താ, മിറ്റ്റസ്സേ കണ്ണിൽനിന്നു വെള്ളം വരുന്നതു്?
- രാധ:
- തലവേദനയെടുത്തിട്ടാണു്, ശങ്കു. (കണ്ണും മുഖവും തുടയ്ക്കുന്നു.)
- ശങ്കു:
- (അർത്ഥഗർഭമായി മുളുന്നു) ഉം… പിന്നെ അച്ഛന് എങ്ങനേണ്ടു്?
- രാധ:
- എങ്ങനെണ്ടാവാൻ? ഒരു സുഖോം ഇല്ല: അച്ഛനു് അധികാണു്.
- ശങ്കു:
- ഡോക്ടറ് വരാറില്ലേ?
- രാധ:
- വളരെ ദിവസ്സത്തിനിടയ്ക്കു് ഇന്നാണു് വന്നതു്. ഇപ്പഴ് പോയതേയുളളു.
- ശങ്കു:
- അയാളെന്തു പറഞ്ഞു.
- രാധ:
- എന്തു പറയാൻ?
- ശങ്കു:
- മരുന്നു വാങ്ങിയോ?
- രാധ:
- ഇല്ല.
- ശങ്കു:
- വാങ്ങണ്ടേ?
- രാധ:
- വാങ്ങണം. (എന്തോ ആലോചിച്ചു് എണീക്കുന്നു) ശങ്കു, നിനക്കു പോകാൻ തിരക്കുണ്ടോ?
- ശങ്കു:
- എന്താ മിറ്റ്റസ്സേ വേണ്ടതു്?
- രാധ:
- എനിക്കൊരു സാധനം വാങ്ങിക്കൊണ്ടുവന്നു തരാനുണ്ട്.
- ശങ്കു:
- മരുന്നാണോ?
- രാധ:
- അല്ല നിനക്കു തിരക്കില്ലല്ലോ?
- ശങ്കു:
- ഞാൻ അങ്ങാടിക്കു പുറപ്പെട്ടതാണു്. രണ്ടുമൂന്നു ദിവസായിട്ടു് എനിക്കിങ്ങട്ടു വരാൻ കൂടിയില്ല. ശങ്കൂനെ അച്ഛൻ അന്വേഷിച്ചോ?
- രാധ:
- ശങ്കൂനെ അച്ഛനെപ്പോഴും അന്വേഷിക്കാറുണ്ടു്.
- ശങ്കു:
- ഞാനൊന്നു ചെന്നു കാണട്ടെ. (അകത്തേക്കു പോകാൻ പുറപ്പെടുന്നു.)
- രാധ:
- നില്ക്കൂ. ശങ്കു ഈ സാധനം പോയ് വാങ്ങിക്കൊണ്ടുവന്നിട്ടു് അച്ഛനെ കാണാം. ഞാൻ ക്ഷണത്തിൽ വരുന്നു. (അകത്തേക്കു പോകുന്നു)
ശങ്കു തിരിച്ചുവന്നു് ബഞ്ചിൽ ഇരിക്കുന്നു. രാധ കൈയിലൊരു പൗഡർ ടിന്നുമായി മടങ്ങിവരുന്നു.
- രാധ:
- ] ശങ്കു, ഇതാ ഇതാണു് സാധനം. (ശങ്കു മിഴിച്ചു് നോക്കുന്നു.) ഈ പൗഡർ ഞാൻ വാങ്ങീട്ടു് ഒന്നുരണ്ടു മാസമായി. അച്ഛനു രോഗം വന്നതിൽപ്പിന്നെ ഞാൻ പൗഡറുപയോഗിച്ചിട്ടില്ല. നോക്കു് ശങ്കു, നീയിതു് ആർക്കെങ്കിലും വിറ്റു കാശു വാങ്ങണം.
- ശങ്കു:
- (അദ്ഭുതത്തോടെ) എന്തിനാ മിറ്റ്റസ്സേ ഇതു് വില്ക്കുന്നതു്?
- രാധ:
- ഇതു് കേടുവന്നുപോകും ശങ്കു. ഇനി ഞാൻ അടുത്തൊന്നും ഇതു ഉപയോഗിക്കില്ല.
- ശങ്കു:
- മിറ്റ്റസ്സ് എന്നോടു് നേരു പറയില്ലേ?
- രാധ:
- ഞാൻ സത്യമാണു് പറഞ്ഞതു്. അച്ഛനു സുഖമില്ലാത്തപ്പോൾ ഞാനിതൊന്നും ഉപയോഗിക്കില്ല.
- ശങ്കു:
- എന്തു വിലയ്ക്കാ വില്ക്കേണ്ടതു് ?
- രാധ:
- കിട്ടുന്ന വിലയ്ക്കു വിറ്റോളൂ.
- ശങ്കു:
- എന്നിട്ടു്?
- രാധ:
- ശങ്കു മടങ്ങിവരുമ്പോ കുറച്ചു്) പഞ്ചാര വാങ്ങിക്കോളൂ. ന): മിറ്ററസ്സേ, ഇവിടെ പഞ്ചാര വാങ്ങാൻ കാശില്ലാഞ്ഞിട്ടല്ലേ ഇതു് വില്ക്കുന്നതു്?
- രാധ:
- എനിക്കിതു് വേണ്ടാഞ്ഞിട്ടാണു്, ശങ്കു.
- ശങ്കു:
- മിറ്റ്റസ്സെന്നോടു് നേരു പറയില്ലേ? ഈ ശങ്കൂനെ മിറ്ററസ്സറിനു് ഇനീ വിശ്വാസേല്ലേ?
- രാധ:
- (അസ്വസ്ഥത നടിക്കുന്നു) അല്ലെങ്കിൽ, നിന്നോടെന്തിനു്, ശങ്കു, ഇതൊക്ക ഒളിച്ചുവെയ്ക്കുന്നു? നീയും എന്നേപ്പോലെ ഒരു പാവമല്ലേ? നിനക്കു ഞങ്ങളോടു് സ്നേഹവുമാണു്. ഡോക്ടർ ഇതുവരെ വരാഞ്ഞതു് പണം കൊടുക്കാഞ്ഞിട്ടാണു്, ശങ്കൂ. ഇല്ലാഞ്ഞിട്ടാണു് കൊടുക്കാത്തതു്, നിന്നോടല്ലാതെ ഒരാളോടും ഞാനിതു് പറഞ്ഞിട്ടില്ല: പറയുകയുമില്ല; (ശങ്കു താടിക്കു കൈയുംകൊടുത്തു ദുഃഖിച്ചു നില്ക്കുന്നു) എന്തൊക്കെ ആവശ്യങ്ങൾ നിവൃത്തിക്കണം? അച്ഛനു മരുന്നു വാങ്ങണം, ഡോക്ടർക്കു് കൊടുക്കണം. പിന്നെ എന്തൊക്കെ വേണം? ഇതിനെല്ലാംകൂടി എന്റെ ശമ്പളമാണുള്ളതു്. അതും കഴിഞ്ഞ മാസം മുഴുവൻ കിട്ടിയില്ല.
- ശങ്കു:
- മുഴുവനും തന്നില്ലേ?
- രാധ:
- ഇല്ല കഴിഞ്ഞ മാസത്തിൽ കുറച്ചുദിവസം ഞാൻ ക്ലാസ്സിൽ വൈകിട്ടാണു് ചെന്നതു്. അച്ഛനു വേണ്ടതൊക്കെ ഒരുക്കുമ്പോഴെയ്ക്കും സമയം പോകും. അങ്ങനെ താമസിച്ചതിനു് എല്ലാംകുടി കണക്കുകുട്ടി അഞ്ചു ദിവസത്തെ ശമ്പളം പിടിച്ചെടുത്തു.
- ശങ്കു:
- മൂപ്പരൊരു മഹാപാപിതന്ന്യാണു്.
- രാധ:
- എന്താ ശങ്കൂ, ചെയ്യേണ്ടതു്? (തൊണ്ടയിടറുന്നു) ഇന്നാദ്യായിട്ടു ഞാനെന്റെ പരമാർത്ഥം തുറന്നു പറയുകയാണു്. ശങ്കു എന്റെ ആങ്ങളയെപ്പോലെയാണെനിക്കു്. ഇന്നലെ മുതൽ (കരയുന്നു) അച്ഛനു ജീരകവെള്ളത്തിലിടാനുള്ള പഞ്ചസാരകൂടി ഇവിടെയില്ല;
- ശങ്കു:
- (തൊണ്ടയിടറി) ഇങ്ങള് കനേണ്ടാ മിറ്റ്റസ്സേ. എന്റെ കെയില് കാശുണ്ടു്, ഇദ്ദാ. (മടിക്കുത്തു തട്ടിക്കാണിക്കുന്നു.)
- രാധ:
- വേണ്ടാ ശങ്കൂ, വേണ്ടാ.
- ശങ്കു:
- മിറ്റ്റസ്റ്റേ, ഇങ്ങളെന്നെ വെലക്കരുതു്. എനിക്കു് അച്ഛനും അമ്മേം പെങ്ങളും ആരൂല്ല്യ. ആ അകത്തു കെടക്കുന്നതാ എന്റെ അച്ഛൻ. ഇങ്ങളാ എന്റെ പെങ്ങള്.
- രാധ:
- (കരഞ്ഞുകൊണ്ടു്) ശങ്കൂ… ശങ്കൂ…
- ശങ്കു:
- (കണ്ണു തുടച്ചു്) ഇങ്ങളെന്നെ വെലക്കരുതു്, മിറ്റ്റസ്സേ!
അകത്തുനിന്നു ദീനസ്വരത്തിൽ രാമൻകുട്ടിനായരുടെ വിളിയും ചുമയും.
- രാമൻകുട്ടിനായർ:
- രാധേ… മോളേ, രാധേ. (ചുമയ്ക്കുന്നു)
- രാധ:
- അയ്യോ അച്ഛൻ വിളിക്കുന്നു. വെള്ളം കുടിക്കാനാവും. (ബദ്ധപ്പെട്ടു പോകുന്നു. പിന്നാലെ ശങ്കുവും.)
ഉടനെ പിൻ കർട്ടൻ നീങ്ങി രാമൻകുട്ടിനായരുടെ കിടപ്പറ കാണുന്നു. ഒരു കട്ടിലിൽ കഴുത്തുവരെ ബ്ളാങ്കറ്റുകൊണ്ടു മൂടിപ്പുതച്ച നിലയിൽ രാമൻകുട്ടിനായർ കിടക്കുന്നു. കട്ടിലിനരികിൽ തുപ്പാനുള്ളൊരു കോളാമ്പി. ചെറിയൊരു മേശപ്പുറത്തു കോപ്പ, കുപ്പി മുതലായവ.
- രാമൻകുട്ടിനായർ:
- മോളേ, ആവൂ… വെള്ളം.
- ശങ്കു:
- എവിട്യാ വെള്ളം?
രാധ ഗ്ലാസിൽ മൂടിവെച്ച വെള്ളുമെടുക്കുന്നു.
- രാമൻകുട്ടിനായർ:
- ആരാ മോളേ, പറയുനാതു് അയ്യോ! (തലചെരിച്ചു നോക്കുന്നു)
- രാധ:
- അതു് ശങ്കുവാണു്.
- രാമൻകുട്ടിനായർ:
- ശങ്കൂ… അയ്യോ… ഈശ്വരാ! എവിട്യാ ശങ്കൂ നിന്നെകാണാനില്ലല്ലോ…
- ശങ്കു:
- എനിക്കു തിരക്കായിരുന്നു.
- രാമൻകുട്ടിനായർ:
- നീയിങ്ങോട്ടടുത്തു വാ… അമ്മേ, ആവൂ.
- ശങ്കു:
- എന്താ വേണ്ടതു്?
- രാമൻകുട്ടിനായർ:
- എനിക്കു് ഒന്നു് എണീറ്റിരിക്കണം. ശങ്കു, എത്ര ദിവസായി ഇങ്ങനെ കിടക്കുന്നു. അയ്യോ… അമ്മേ… വയ്യേ… മോളേ…
- രാധ:
- എന്താ അച്ഛാ?
- രാമൻകുട്ടിനായർ:
- എന്നെ… നീയും… ശങ്കൂം കുടി ഒന്നു പിടിക്കൂ.
- രാധ:
- വേണ്ടച്ഛാ.
- രാമൻകുട്ടിനായർ:
- വേണം, മോളേ. നടു വേദനിച്ചിട്ടു കിടക്കാൻ വയ്യ
ചുമരോടു് ഒരു തലയണ ചാരിവെച്ചു്, രാധയും ശങ്കുവുംകൂടി പതുക്കെ രാമൻ കുട്ടിനായരെ പിടിച്ചെഴുന്നേല്പിച്ചു് അതിൽ ചാരിയിരുത്തുന്നു. രാമൻകുട്ടിനായർ കലശലായ വേദനകൊണ്ടെന്നപോലെ അസ്വസ്ഥനാവുകയും ഞരങ്ങുകയും ചെയ്യുന്നു. രാധ രാമൻകുട്ടിനായർക്കു വെള്ളമെടുത്തു കുറേശ്ശെ കൊടുക്കുന്നു. അങ്ങനെ വെള്ളം കുടിച്ചു രാമൻകുട്ടിനായർ ക്ഷീണത്തോടെ അല്പമൊന്നു കണ്ണടച്ചു മയങ്ങുന്നു. ശങ്കു കട്ടിലിന്നടിയിൽ തപ്പി ഒരു കുപ്പി കരസ്ഥമാക്കുന്നു. രാധയുടെ മുഖത്തേക്കു നോക്കുന്നു.
- രാധ:
- എന്താ ശങ്കൂ, വേണ്ടതു്?
- ശങ്കു:
- മരുന്നിന്റെ ശീട്ടു്.
- രാധ:
- വേണ്ടാ ശങ്കു.
- ശങ്കു:
- വേണം (അവിടെയും ഇവിടെയും തപ്പിനടക്കുന്നു).
- രാധ:
- അതാ… ആ മേശപ്പുറത്തുള്ള കുപ്പിയെടുത്തോളു. അതു് കാണിച്ചു കമ്പോണ്ടറോടു പറഞ്ഞാൽ മതി.
ശങ്കു കുപ്പിയെടുത്തു് ശരംപോലെ ഓടിപ്പോകുന്നു. രാധ തോർത്തുമുണ്ടെടുത്തു രാമൻകുട്ടിനായരുടെ മുഖത്തും നെറ്റിയിലും തലയിലും മറ്റുമുള്ള വിയർപ്പു് ഒപ്പിക്കളയുന്നു. രാമൻകുട്ടിനായർ പതുക്കെ ഞരങ്ങുന്നു.
- രാമൻകുട്ടിനായർ:
- അമ്മേ… വയ്യാ!
- രാധ:
- എന്താ, അച്ഛാ?
- രാമൻകുട്ടിനായർ:
- മോളേ ശങ്കു എവിടെ?
- രാധ:
- പുറത്തേയ്ക്കു പോയി.
- രാമൻകുട്ടിനായർ:
- ഇനി തിരിച്ചുവരില്ലേ?
- രാധ:
- വരും.
- രാമൻകുട്ടിനായർ:
- ആവൂ… ഈശ്വരാ!
- രാധ:
- അച്ഛാ, അച്ഛനല്പം സംസാരിക്കാതെ കിടക്കൂ.
- രാമൻകുട്ടിനായർ:
- മേളേ എവിട്യാ നമ്മുടെ വേണു ഇയ്യിടെയിട്ടു്.
- രാധ:
- ഞാനറിയില്ലച്ഛാ.
- രാമൻകുട്ടിനായർ:
- നീയറിയും… അമ്മേ… അയ്യോ… മോളേ, നീ വല്ല മുള്ളു വാക്കും പറഞ്ഞിട്ടുണ്ടാവും.
- രാധ:
- ഞാനൊമന്നും പറഞ്ഞില്ലച്ഛാ.
- രാമൻകുട്ടിനായർ:
- ഉണ്ടാവും, മോളേ, അയ്യോ… നീയെന്റെ നെഞ്ചിൽ ഒന്നുഴിയൂ. രാധ നെഞ്ചിൽ ഉഴിയുന്നു
- രാമൻകുട്ടിനായർ:
- അമ്മേ… (ഞരങ്ങുന്നു)
- രാധ:
- അച്ഛാ, അച്ഛനു വെള്ളം വേണോ?
- രാമൻകുട്ടിനായർ:
- വേണ്ട മോളേ, എന്തൊരു ദുസ്വാദാണു്! പഞ്ചാര ഇടാറില്ലേ? രാധ മിണ്ടുന്നില്ല.
- രാമൻകുട്ടിനായർ:
- മോളേ വേണു ഇവിടെ വരില്ലേ?
- രാധ:
- വേണുവിന്റെ അച്ഛനെന്താ നമ്മോടിത്ര വിരോധം?
- രാമൻകുട്ടിനായർ:
- എന്തായിരുന്നു, മോളേ?
- രാധ:
- എന്നെപ്പറ്റി എന്തൊക്കെ അപവാദങ്ങളാണച്ഛാ അദ്ദഹം പറയുന്നതു്?
- രാമൻകുട്ടിനായർ:
- അവനതു പറയണം. മോളേ, അവനെ പഠിപ്പിച്ചു് ഉദ്യോഗത്തിലാക്കിയതു് എന്റെ അമ്മാമനാണു്. എന്നിച്ചാൽ അവന്റെ അച്ഛൻ ഇന്നവനു നമ്മളെ കണ്ടുകൂടാ.
- രാധ:
- അച്ഛാ, ഞാൻ വേണുവിനോടു പറഞ്ഞു ഇവിടെ വരരുതെന്നു്.
- രാമൻകുട്ടിനായർ:
- അയ്യോ അതെന്തിനു്, മോളേ?
- രാധ:
- വേണു ഇവിടെ വരുന്നതുകൊണ്ടല്ലേ, വേണുവിന്റെ അച്ഛൻ ഇതൊക്കെ പറയുന്നതു് നമ്മൾനിമിത്തം വേണുവിനുകൂടി ബുദ്ധിമുട്ടാവും.
- രാമൻകുട്ടിനായർ:
- ഈശ്വരാ! ഇതെന്തൊരു വേദനയാണു് മോളേ അവിടെത്തനെ ഉഴിയൂ. എന്തൊരാശ്വാസം.
ഞരങ്ങിക്കൊണ്ടു കണ്ണടയുന്നു. കണ്ണിൽനിന്നു കണ്ണീരൊഴുകുന്നു.
- രാധ:
- അച്ഛാ, അച്ഛൻ കരയുന്നുണ്ടോ? (രാമൻകുട്ടിനായർ ഇല്ലെന്ന ഭാവത്തിൽ തലയാട്ടുന്നു.) എന്താച്ഛാ?
- രാമൻകുട്ടിനായർ:
- (വിതുമ്മിക്കൊണ്ടു്) ഒന്നൂല്ല മോളേ.
- രാധ:
- (അച്ഛന്റെ കണ്ണീരൊപ്പുന്നു) പറയൂ അച്ഛാ, അച്ഛനെന്തിനാ കരയുന്നതു്.
- രാമൻകുട്ടിനായർ:
- ഞാൻ… ഞാൻ… നിന്നെ… വിചാരിച്ചു്…
- രാധ:
- അച്ഛനെന്നെപ്പറ്റി വിചാരപ്പെടരുതു്.
- രാമൻകുട്ടിനായർ:
- മോളേ, എനിക്കു നിന്നെപ്പറ്റിയേ വിചാരിക്കാനുക്കു. (സഗദ്ഗദം) നിന്നെ… ഒരു സ്ഥിതിക്കാക്കീട്ടു്… മരിക്കണമെന്നു വിചാരിച്ചതാ ഞാൻ,
- രാധ:
- അയ്യോ, അച്ഛാ അച്ഛൻ മരിക്കില്ല.
- രാമൻകുട്ടിനായർ:
- മരിക്കും മോളേ, എല്ലാവരും മരിക്കും. പക്ഷേ, എന്റെ മോള് ഇങ്ങനെ ഈ സ്ഥിതീല്…
- രാധ:
- ഏതു സ്ഥിതിയച്ഛാ?
- രാമൻകുട്ടിനായർ:
- മോളേ, നിനക്കെത്ര പറഞ്ഞാലും മനസ്സിലാവില്ല. ഒരു മിസ്ട്രസ്സായാൽ കഴിഞ്ഞു.
- രാധ:
- എന്തു കഴിഞ്ഞു, അച്ഛാ.
- രാമൻകുട്ടിനായർ:
- നിന്നെ മാനമായിട്ടു് ഒരാളുകെ കൂടെ അയയ്ക്കണമെന്നായിരുന്നു എന്റെ മോഹം. അതു തകർന്നു. ഒരു മിസ്ട്രസ്സിനെ കല്യാണം കഴിക്കാൻ ആരാ മോളേ… വരുന്നതു്.
- രാധ:
- വേണ്ടച്ഛാ… ഞാൻ ജോലി ചെയ്തു് അച്ഛനെ പുലർത്തും.
- രാമൻകുട്ടിനായർ:
- മേളേ, നീ ജോലി ചെയ്തോളൂ. എന്നാൽ നാട്ടുകാരുടെ ഈ അപവാദം കേട്ടു സഹിക്കണ്ടേ?
- രാധേ:
- ഇല്ലച്ചാ. അച്ഛനിതിൽ വേദനിക്കരുതു്. ഞാനൊരിക്കലും എന്റെ തന്റേടം ഒന്നിലും വിടില്ല. അച്ഛാ, അച്ഛനെനെ വിശ്വസിക്കാം. (കരയുന്നു)
- രാമൻകുട്ടിനായർ:
- (അവശമായ കൈകൊണ്ടു രാധയുടെ തലയിൽ തലോടുന്നു.) മതി മോളേ, ഇനി എനിക്കതേ ആഗ്രഹമുള്ളു… ആവൂ. അമ്മേ! (കണ്ണടയ്ക്കുന്നു. രാധ അച്ഛന്റെ നെഞ്ചിൽ തടവുന്നു.)
വേണു ഒരു ഭാഗത്തുടെ കടന്നുവരുന്നു. അശ്രദ്ധമായ വേഷം. ചീകിയൊതുക്കാത്ത തലമുടി. ഷേവ്ചെയ്യാൻ വൈകിയതുകൊണ്ടും ക്ഷീണംകൊണ്ടും വിചാരം കൊണ്ടും ഇരുണ്ട മുഖം. മുഖവും താഴ്ത്തി പതുക്കെയാണു് നടന്നുവരുന്നതു്. വന്നു് ആരെയും നോക്കാതെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. രാധ കുനിഞ്ഞിരിക്കുന്നതുകൊണ്ടും രാമൻകുട്ടി നായർ കണ്ണുടച്ചതുകൊണ്ടും വേണുവെ കാണുന്നില്ല. അല്പം കഴിഞ്ഞു്, കാൽപ്പെരുമാറ്റം കേട്ടിട്ടാവണം, രാമൻകുട്ടിനായർ കണ്ണു തുറക്കാതെ തന്നെ ചോദിക്കുന്നു.
- രാമൻകുട്ടിനായർ:
- ആരാതു്? ആരാ മോളേ കടന്നുവന്നത്?
രാധ തല പൊക്കി നോക്കുന്നു.
- വേണു:
- (കട്ടിലിനരികിൽ വന്നു്) ഞാനാണു്.
- രാമൻകുട്ടിനായർ:
- ആരു്? ആരെന്നാ പറഞ്ഞതു്?
- വേണു:
- (അല്പം കുനിഞ്ഞു്) ഞാനാണു്… വേണു.
- രാധ:
- അച്ഛാ, വേണു. വേണു വന്നിരിക്കുന്നു.
- രാമൻകുട്ടിനായർ:
- വേണുവോ? (അർത്ഥഗർഭമായി മൂളുന്നു) ഉം. ഉ൦. ഉം.
- രാധ:
- ഇരിക്കു, വേണു.
- വേണു:
- ഇരിക്കാം.
രാമൻകുട്ടിനായർ കണ്ണു മിഴിച്ചു നോക്കുന്നു. അല്പനിമിഷം ആരും മിണ്ടാതെ പരസ്പരം കണ്ണുകൊണ്ടു് എന്തൊക്കെയോ പറയുകയാണെന്നു തോന്നും.
- രാമൻകുട്ടിനായർ:
- വേണു വീട്ടിൽനിന്നുതന്ന്യാണോ?
- വേണു:
- അതേ.
- രാമൻകുട്ടിനായർ:
- ഇരിക്കൂ, വേണു.
- വേണു:
- വേണ്ടാ. ഇവിടെ നിന്നാൽ മതി.
- രാമൻകുട്ടിനായർ:
- ഉം. എന്നാൽ അങ്ങന്യായ്ക്കോളൂ. (കണ്ണടച്ചു് അസ്വസ്ഥഭാവത്തിൽ മുഖം തിരിക്കുന്നു.)
- വേണു:
- രോഗം എങ്ങനെയുണ്ടു്? (ആരും ഒന്നും മിണ്ടുന്നില്ല.) അധികമൊന്നുമില്ലല്ലോ?
- രാമൻകുട്ടിനായർ:
- വേണു കുറച്ചു ദിവസായിട്ടു് എവിട്യായിരുന്നു?
- വേണു:
- വീട്ടിൽത്തന്നെ.
- രാമൻകുട്ടിനായർ:
- ഇവിടെ വന്നാൽ അച്ഛൻ ശകാരിക്കും അല്ലേ?
- വേണു:
- അതുകൊണ്ടല്ല ഞാൻ വരാത്തതു്.
- രാമൻകുട്ടിനായർ:
- പിന്നെ എന്തുകൊണ്ടാ?
- വേണു:
- (അസ്വസ്ഥതയോടെ) ഈ രാധ ഇവിടെ വരരുതെന്നു പറഞ്ഞിട്ടാണു്.
- രാധ:
- ഇവിടെ വന്നാൽ വേണുവിനു ശകാരം കേൾക്കണം. അപവാദം കേൾക്കണം…
- വേണു:
- ഇതു രണ്ടും ഞാനല്ലേ കേൾക്കുന്നതു്?
- രാധ:
- അതേ. വെറുതെ വേണു ഞങ്ങളെച്ചൊല്ലി അതൊക്കെ എന്തിനു കേൾക്കണം?
- വേണു:
- ശരിയാണു്. എന്നോടു് ദയ തോന്നേണ്ടതു് ആവശ്യമാണു്.
- രാമൻകുട്ടിനായർ:
- മോനേ, ഞങ്ങളെപ്പറ്റി ഒരപവാദവും പറയാനില്ല.
- വേണു:
- ഉണ്ടെന്നാരു പറഞ്ഞു?
- രാമൻകുട്ടിനായർ:
- ഞങ്ങൾ കക്കാറില്ല. പിടിച്ചുപറിക്കാറില്ല ഉള്ളതുകൊണ്ടു സുഖമായിട്ടു കഴിയും. പിന്നെ എന്റെ മോള് മിസ്ട്രസ്സായതല്ലേ?
- വേണു:
- ഇതൊക്കെ എന്നോടു പറഞ്ഞിട്ടെത്താണു്?
- രാമൻകുട്ടിനായർ:
- ആരോടെങ്കിലും പറയണ്ടേ വേണൂ?
- രാധ:
- എന്താണച്ഛാ മിസ്ട്രസ്സായാൽ? പാവങ്ങളെന്തു ചെയ്താലും കുറ്റമാണു്. പണക്കാരുടെ പെൺമക്കൾക്കു പഠിക്കാം. ഉദ്യോഗം വഹിക്കാം. അമേരിക്കയ്ക്കോ ഇംഗ്ളണ്ടിനോ തനിച്ചു പോകാം. ഒരപവാദവുമില്ല; നേരേമറിച്ചു നമ്മുടെ വയറ്റുപ്പിഴപ്പിനു വേണ്ടി? ഞാൻ ജോലി ചെയ്യുന്നതു് അപവാദവുമായി.
- രാമൻകുട്ടിനായർ:
- എന്തിനാ മോളേ, നീയിങ്ങനെ സംസാരിക്കുന്നതു്. നീയിന്നും അവനെ ശുണ്ഠിപിടിപ്പിക്കും.
- രാധ:
- അച്ഛാ മറ്റുള്ളവരിന്നു നമ്മളെ അധഃപ്പതിച്ചവരായി കാണുന്നു. എന്തിനു നല്ലവരെക്കൂടി നമ്മളധഃപതിപ്പിക്കുന്നു?
- വേണു:
- അങ്ങനെ അധഃപ്പതിക്കുന്നതു് എനിക്കിഷ്ടമായാൽ?
- രാധ:
- അതു നാവുകൊണ്ടു പറയാൻ എളുപ്പമാണു്.
- രാമൻകുട്ടിനായർ:
- മോളേ, വേണു ഇനീം ഇരുന്നില്ലേ?… വേണു (വിളിക്കുന്നു)
- വേണു:
- എന്താ?
- രാമൻകുട്ടിനായർ:
- ഇങ്ങടുത്തുവാ. (വേണു കട്ടിലിനരികിലേക്കു അടുത്തുചെന്നു മുഖം കുനിക്കുന്നു.) ഇദ്ദാ, ഇവിടെ ഇരിക്കൂ (കൈകൊണ്ടു കട്ടിലിന്റെ ഒരു വശം തൊട്ടുകാണിക്കുന്നു. വേണു ഇരിക്കുന്നു. രാമൻകുട്ടിനായർ തന്റെ ഒരു കൈ പൊക്കി വേണുവിന്റെ മടിയിൽ വെക്കുന്നു. വേണു മടിയിൽ വെച്ച കൈ പതുക്കെ തലോടുന്നു.) മോനേ. (തൊണ്ടയിടറുന്നു) രാധയ്ക്കു വല്യ മുൻശുണ്ഠിയാണു്. വിവരോല്ലാതെ വല്ലതും പറഞ്ഞാൽ നീ ക്ഷമിക്കണ്ടേ?
- വേണു:
- എനിക്കലോഗ്യമൊന്നുമില്ല; ഞാനിവിടെ വരുന്നതു് നിങ്ങൾക്കു ദുഷ്പേരാവുമെന്നു വിചാരിച്ചു വരാതിരുന്നതാണു്.
- രാമൻകുട്ടിനായർ:
- വരുന്നതും വരാത്തതും ഒക്കെ നിന്റെ ഇഷ്ടം. നിനക്കവളോടു ദേഷ്യം തോന്നരുതെന്നാണു് ഞാൻ പറഞ്ഞതു്. (വേണു രാധയെ നോക്കുന്നു. രാധ മുഖം കുനിക്കുന്നു.) എന്താ മിണ്ടാത്തതു്? (വേണുവിനെ സൂക്ഷിച്ചു നോക്കുന്നു.) ശിവ ശിവ, ഇതെന്തൊരു വേഷമാണു്! മോനേ, നീ കുളിക്കാറില്ലേ? ഇതെന്താ ഇങ്ങനെ പ്രാകൃതമായതു്? (കൈകൊണ്ടു വേണുവിന്റെ കവിളിൽ തൊട്ടുനോക്കുന്നു.)
- വേണു:
- ഒന്നുമില്ല.
- രാമൻകുട്ടിനായർ:
- ആവൂ… ഈശ്വരാ! ഇന്നു് ഇത്തിരി സംസാരിച്ചു. വല്ലാത്ത ക്ഷീണം… മോളേ, ഇത്തിരി വെള്ളം. (രാധ വെള്ളമെടുത്തു കൊടുക്കുന്നു. രാമൻകുട്ടിനായർ അല്പം കുടിച്ചു ദുസ്സ്വാദോടെ തുപ്പുന്നു. രാധയുടെ മുഖത്തു നോക്കുന്നു. രാധ മിണ്ടുന്നില്ല.) അമ്മേ വയ്യാ. (കണ്ണടച്ചു കിടക്കുന്നു.)
- വേണു:
- രാധേ, ഡോക്ടർ വന്നിരുന്നോ?
- രാധ:
- ഉവ്വ്.
- വേണു:
- എന്നിട്ടു്.
- രാധ:
- ഒന്നും പറഞ്ഞില്ല.
- വേണു:
- മരുന്നു കൊടുക്കുന്നില്ലേ?
രാധ ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടുന്നു.
- രാമൻ കുട്ടിനായർ:
- (കണ്ണുമിഴിച്ചു്) വേണൂ, നിന്നെ കണ്ടാൽ എന്റെ രോഗം പകുതി ഭേദമാവും. നീയിവിടെ വരുന്നില്ലെങ്കിൽ വേണ്ടാ, ഞങ്ങളെ മറക്കരുതു്.
- വേണു:
- നിങ്ങളെ മറക്കാനെനിക്കു കഴിയില്ല
- രാമൻകുട്ടിനായർ:
- മോനേ,ഈ രാധ… അയ്യോ അവൾക്കിനി ആരാ ഒരു തുണ?
- രാധ:
- അച്ഛാ ഇങ്ങനെ സംസാരിച്ചാൽ അച്ഛനു ക്ഷീണം വർധിക്കും.
- രാമൻകുട്ടിനായർ:
- മോനേ, ഈ ഭുമീലു് അവൾക്കു ഞാനല്ലാതെ ഒരാളുമില്ല;
- വേണു:
- രാധ ഒരിക്കലും തനിച്ചാവില്ല. ഉറപ്പാണു്.
- രാമൻകുട്ടിനായർ:
- ഹാവൂ എന്റീശ്വരാ. (വേണുവിന്റെ കൈയെടുത്തു് കണ്ണിൽ വെക്കുന്നു.) മോനേ, കുട്ടികളെവിട്യാ ഇപ്പഴ്?
- വേണു:
- അവർ വീട്ടിലുണ്ടു്.
- രാമൻകുട്ടിനായർ:
- നല്ല സ്നേഹമുള്ള മക്കളാണു്. എനിക്കവരെ ഒരുനോക്കു കാണണം.
- രാധ:
- അച്ഛാ, അവരൊന്നും ഇവിടെ വരില്ല; അപവാദം പേടിച്ചു്.
- രാമൻകുട്ടിനായർ:
- നീ മിണ്ടാതിരി… അയ്യോ… അയ്യോ. (നെഞ്ചമർത്തിപ്പിടിക്കുന്നു)
- വേണു:
- എന്താ?
- രാമൻകുട്ടിനായർ:
- ചുമ വരുന്നു.
(രാമൻകുട്ടിനായർ തുടർന്നു ചുമയ്ക്കുന്നു. രാധ പുറത്തു തടവിക്കൊടുക്കുന്നു. വേണു തല താങ്ങിപ്പിടിക്കുന്നു. ഭയങ്കരമായ ചുമ. ചുമയുടെ അവസാനത്തിൽ തല അങ്ങട്ടുമിങ്ങട്ടും ഇളക്കുന്നു.) അമ്മേ ആവൂ… ഈ… ശ്വ… രാ! (കിതയ്ക്കുന്നു.)
- വേണു:
- ഡോക്ടർ ഈ ചുമയ്ക്കു മരുന്നൊന്നും തന്നില്ലേ?
- രാധ:
- ഇല്ല;
- വേണു:
- എന്തൊരു ഭയങ്കരമായ ചുമയാണു്! ഈ വിവരം ഡോക്ടറോടു പറഞ്ഞില്ലേ?
- രാധ:
- ഇല്ല.
- വേണു:
- എന്തൊരശ്രദ്ധയാണു്, രാധേ, ഇതു്? ഞാൻ ചെന്നു ഡോക്ടറെക്കണ്ടു് ഈ ചുമയ്ക്കെന്തെങ്കിലും മരുന്നു വാങ്ങി വരട്ടെ. (എഴുന്നേല്ക്കുന്നു.)
- രാധ:
- വേണ്ടാ, വേണു.
- വേണു:
- അതു തീർച്ചപ്പെടുത്തേണ്ടതു് ഞാനാണു്. (ക്ഷണത്തിൽ പോകുന്നു.)
—യവനിക—