മാനേജരുടെ വീടു്. വാസന്തി ഒരു കസേരയിൽ ഇരിക്കുന്നു. ഒരു സഞ്ചി, ഭരണി, കുപ്പി ഇവയൊക്കെ ഏറ്റിക്കൊണ്ടു് ശങ്കു വരുന്നു.
- ശങ്കു:
- ചെറിയമ്മയ്ക്കെന്താ വാങ്ങേണ്ടതു്?
- വാസന്തി:
- അവിടെ നില്ക്കൂ. ഞാനാലോചിക്കട്ടെ.
- ശങ്കു:
- വേഗം പറേണം.
- വാസന്തി:
- തുടങ്ങിയല്ലോ തിരക്കു്.
- ശങ്കു:
- വല്ല്യമ്മ വേഗത്തിൽ വരാൻ പറഞ്ഞിരിക്കുന്നു.
- വാസന്തി:
- എന്താ ഇത്ര വല്യ തിരക്കു്?
- ശങ്കു:
- ഇന്നു രാത്രി മൂന്നാളു് ഉണ്ണാനുണ്ടാവുത്രേ.
- വാസന്തി:
- ആരാ ശങ്കു?
- ശങ്കു:
- ഇൻസ്പേട്ടർ വരുന്നുണ്ടു്.
- വാസന്തി:
- ഏതു് ഇൻസ്പെക്ടർ.
- ശങ്കു:
- ഇവിടെ പരൂക്ഷയ്ക്കു വരുന്നില്ലേ?
- വാസന്തി:
- പിന്ന്യാരാണു്?
- ശങ്കു:
- അതൊന്നും ശങ്കൂനറിയില്ല. സദ്യ വേണ്ടെന്നു പറഞ്ഞിരിക്കുന്നു.
- വാസന്തി:
- ശരി എനിക്കു് ഒരു ടിൻ പൗഡർ വേണം.
- ശങ്കു:
- അ… (തലകുലുക്കുന്നു)
- വാസന്തി:
- നല്ലതു് വാങ്ങണം.
- ശങ്കു:
- അസ്സലു്.
- വാസന്തി:
- പിന്നെ സ്നോ വേണം.
- ശങ്കു:
- (ആലോചിക്കുന്നു) അ… (തലകുലുക്കുന്നു.)
- വാസന്തി:
- അതു് നിനക്കു് മനസ്സിലായോ?
- ശങ്കു:
- ആ നോസ്സല്ലേ, ചെറിയമ്മേ?
- വാസന്തി:
- അല്ല; നിന്റെ തല! എടാ, എഴുതിത്തരണോ?
- ശങ്കു:
- വേണ്ടാ.
- വാസന്തി:
- മുഖത്തു പുരട്ടാനുള്ള സാധനമാണു്. വെണ്ണപോലിരിക്കും. മനസ്സിലായോ?
- ശങ്കു:
- (തലകുലുക്കുന്നു.)
- വാസന്തി:
- എന്താ പറ.
- ശങ്കു:
- മുഖത്തു പുരട്ടാനുള്ള വെണ്ണ. (ആലോചിക്കുന്നു.) നോസ്സ്… നോസ്സ്.
- വാസന്തി:
- കഴുതെ, നോസ്സല്ല സ്നോ… സ്നോ… പറ.
- ശങ്കു:
- സ്നോസ്സ്, സ്നോസ്സ്…
- വാസന്തി:
- (ഉറപ്പിച്ചു പറയുന്നു.) സ്നോ.
- ശങ്കു:
- സ്സ്… നോ…
- വാസന്തി:
- അതുതന്നെ ഒന്നുകുടി പറഞ്ഞാൽ ശരിയാവും… സ്നോ.
- ശങ്കു:
- ഇസ്സ്… നോ…
- വാസന്തി:
- പിന്നെ ഒരു കുപ്പി ചാന്തു് ചുകന്നതു്.
- ശങ്കു:
- അ. (തലകുലുക്കുന്നു.)
- വാസന്തി:
- ഇപ്പഴെന്തൊക്ക്യാ സാധനങ്ങൾ?
- ശങ്കു:
- പൗഡർ… പിന്നെ നോസ്സ്.
- വാസന്തി:
- തെറ്റിച്ചു… സ്നോ.
- ശങ്കു:
- ഇനി തെറ്റില്ല; സ്നോ, സ്നോ, സ്നോ.
- വാസന്തി:
- മതി, മതി.
- ശങ്കു:
- പിന്നെ ചാന്തു ചുകന്നതു്.
- വാസന്തി:
- ഇനി പൊയ്ക്കോളൂ.
- ശങ്കു:
- പണം വേണ്ടേ?
- വാസന്തി:
- അമ്മ തന്നിട്ടില്ലേ?
- ശങ്കു:
- അതു് സാമാനം വാങ്ങാനേ തികയൂ.
- വാസന്തി:
- ഏതെങ്കിലും ഒന്നുരണ്ടെണ്ണം പകുതി വാങ്ങിയാൽ മതി.
- ശങ്കു:
- ശർക്കര പകുതി വാങ്ങിയാൽ പ്രഥമനു മതിരം കുറയും. പുളി കുറഞ്ഞാൽ സാമ്പാറു് എരിശ്ശേരിയാവും. വെളിച്ചെണ്ണ കുറഞ്ഞാൽ വറുത്തുപ്പേരി പുഴുക്കാവും.
- വാസന്തി:
- മതി പ്രസംഗം! പോയിട്ടു വാങ്ങിക്കൊണ്ടുവരൂ. പണം തികയില്ലെങ്കിൽ അമ്മയോടു തരാൻ പറയൂ.
- ശങ്കു:
- അയ്യോ മടങ്ങിച്ചെന്നാൽ വല്യമ്മ കൊല്ലും!
- വാസന്തി:
- നീ പോവില്ലേ (എഴുന്നേല്ക്കുന്നു)
ഒരു വശത്തുടെ രാധടീച്ചർ കടന്നുവരുന്നു. വാസന്തി രാധടീച്ചറെ കണ്ട ഉടനെ പുച്ഛഭാവത്തിൽ മുഖം വെട്ടിക്കുന്നു. രാധടീച്ചർ കൈകൂപ്പുന്നു. വാസന്തി കണ്ടഭാവം നടിക്കുന്നില്ല. ശങ്കു പരുങ്ങി നില്ക്കുന്നു.
- വാസന്തി:
- എന്താടാ പോവാത്തതു് ഫോ, വേഗം. (ശങ്കു പോവുന്നു.)
- രാധ:
- ഇവിടെ മാനേജരില്ലേ?
- വാസന്തി:
- (കസേരയിൽ വന്നിരുന്നു്) ഇല്ല.
- രാധ:
- എവിട്യാ പോയതു്?
- വാസന്തി:
- അറിയില്ല;
- രാധ:
- വേഗത്തിൽ വര്വോ?
- വാസന്തി:
- അറിയില്ല.
രാധ ഒരു കസേരയിൽ ഇരിക്കുന്നു. വാസന്തി തീരെ രുചിക്കാത്തമട്ടു നടിക്കുന്നു.
- രാധ:
- മാനേജർ നേരത്തെ പോയതാണോ?
- വാസന്തി:
- ഞാൻ കണ്ടിട്ടില്ല
- രാധ:
- എന്താ വാസന്തിക്കു് ഒരസുഖംപോലെ.
- വാസന്തി:
- (പുച്ഛഭാവത്തിൽ) അസുഖമോ? ആരോടു്?
- രാധ:
- ഇപ്പഴത്തെ മട്ടുകണ്ടാൽ എന്നോടെന്തോ അസുഖമുള്ളതു പോലെ തോന്നും.
- വാസന്തി:
- നിന്നോടെന്തിനസുഖം? നീയെനിക്കാരാ?
- രാധ:
- ഞാനാരുമല്ല. പക്ഷേ, വാസന്തിയുടെ വാക്കും പെരുമാറ്റവുമൊക്കെ കണ്ടാൽ അസുഖമുള്ളപോലെ തോന്നും.
- വാസന്തി:
- എന്റെ വാക്കും പെരുമാറ്റവുമൊക്കെ ഇത്രയേ നന്നുള്ളൂ. ഞാൻ വലിയ സുന്ദരിയൊന്നുമല്ലല്ലോ.
- രാധ:
- സൗന്ദര്യത്തിന്റെ കാര്യം ഇവിടെ ആരും പറഞ്ഞില്ല.
- വാസന്തി:
- നീ പെരുമാറ്റമെന്നു പറഞ്ഞില്ലേ? അതെന്താ പിന്നെ?
- രാധ:
- പെരുമാറ്റം എന്നു പറഞ്ഞാൽ സൗന്ദര്യമാണോ?
- വാസന്തി:
- മതി മതി. അവനവനു സൗന്ദര്യം കുറച്ചു കൂടുതലാണെങ്കിൽ അതുംകൊണ്ടു് ഒരു സ്ഥലത്തു് അടങ്ങിയിരുന്നോളണം.
- രാധ:
- സൗന്ദര്യത്തെപ്പറ്റി ഞാനൊന്നും സുചിപ്പിച്ചിട്ടില്ല. മനുഷ്യരന്യോന്യം കാണുമ്പോൾ പെരുമാറുന്നൊരു സമ്പ്രദായമുണ്ടു്. അതിനെക്കുറിച്ചാണു് ഞാൻ പറഞ്ഞതു്.
- വാസന്തി:
- മതി പ്രസംഗിച്ചതു്!
- രാധ:
- ഇതു് വാസന്തിയെ കേൾപ്പിക്കാൻ നിർബന്ധമുള്ളതുകൊണ്ടു് പറയുന്നതല്ല, സന്ദർഭം വന്നതുകൊണ്ടു പറഞ്ഞതാണു്.
- വാസന്തി:
- ഓ, വലിയ സുന്ദരി വന്നിരിക്കുന്നു!
- രാധ:
- എന്താ, വാസന്തി, നീയിറയുന്നതു്?
- വാസന്തി:
- ഞാനെന്തുവേണമെങ്കിലും പറയും. എന്റെ വീട്ടിൽവെച്ചല്ലേ? അതു തടയാൻ ഒരാൾക്കും അധികാരമില്ല.
- രാധ:
- പറഞ്ഞോളൂ, പറഞ്ഞോളൂ.
- വാസന്തി:
- അതിനു നിന്റെ സമ്മതം എന്തിനു്?
- രാധ:
- ഞാൻ ചോദിക്കട്ടെ; വാസന്തീ ഒരാവശ്യവുമില്ലാതെ എന്നെ വെറുക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്യുന്നതെന്തിനാ? ഞാൻ നിന്നോടു യാതൊന്നും പറഞ്ഞിട്ടില്ലല്ലോ.
- വാസന്തി:
- വലിയ സൗജന്യംതന്നെ. നീയെന്നോടു് എന്തു പറയാൻ? പറഞ്ഞാൽത്തന്നെ അതു ഞാൻ കേൾക്കണമെന്നു തോന്നുന്നുണ്ടോ?
- രാധ:
- നീ മാത്രമല്ല. ആരും കേൾക്കില്ല;
വാസന്തി എഴുന്നേറ്റു ചൊടിച്ച മട്ടിൽ പൊട്ടിത്തെറിച്ചുകൊണ്ടു് പോകുന്നു. മാനേജർ അപ്പുമേനോൻ ഒരു ദീർഘയാത്ര കഴിഞ്ഞ മട്ടിൽ ക്ഷീണിച്ചു തളർന്നു കൊണ്ടു് കടന്നുവരുന്നു. കൈയിൽ ഒരു കുടയുണ്ടു്. കുട ഒരു ഭാഗത്തുവെച്ചു്, കസേരയിൽ വന്നിരുന്നു് രണ്ടാംമുണ്ടെടുത്തു് വീശുന്നു. രാധയെ കണ്ട ഭാവം നടിക്കുന്നില്ല. അല്പം കഴിഞ്ഞു് മേശ തുറന്നു വലിയൊരു കണക്കുപുസ്തകം എടുത്തു മേശപ്പുറത്തു വെച്ചു് പേജുകൾ മറിക്കുന്നു. രാധടീച്ചർ പതുക്കെ ചുമയ്ക്കുന്നു.
- അപ്പുമേനോൻ:
- (തലപൊക്കി സൂക്ഷിച്ചുനോക്കീട്ടു്) ഊം, എന്താ വേണ്ടതു്?
- രാധ:
- മാനേജരെ കാണാൻ വന്നതാണു്.
- അപ്പുമേനോൻ:
- കണ്ടില്ലേ?
- രാധ:
- എന്റെ സ്ഥിതി ആകപ്പാടെ കഷ്ടത്തിലായിരിക്കുന്നു.
- അപ്പുമേനോൻ:
- എല്ലാവരുടെ സ്ഥിതിയും കഷ്ടത്തിൽത്തന്നെ. ഇവിടെരിക്കൂ. എന്തിനാ വന്നതു്?
- രാധ:
- എനിക്കു മാനേജരോടു് ഒരടിയന്തരസംഗതി പറയാനുണ്ട്.
- അപ്പുമേനോൻ:
- ഈ ലോകത്തിൽ എല്ലാവർക്കും അടിയന്തര സംഗതിയല്ലേയുള്ളു. എന്താ സംഗതി?
- രാധ:
- എന്റെ അച്ഛനു തീരെ സുഖമില്ല.
- അപ്പുമേനോൻ:
- അതു ഞാനറിഞ്ഞിരിക്കുന്നു.
- രാധ:
- കുറച്ചു് ദിവസ്സായിട്ടു് മരുന്നൊന്നും കൊടുക്കാറില്ല.
- അപ്പുമേനോൻ:
- എന്താമരുന്നു കൊടുത്താൽ കുടിക്കില്ലേ?
- രാധ:
- കുടിക്കാഞ്ഞിട്ടല്ല.
- അപ്പുമേനോൻ:
- അത്രയ്ക്കധികമാണോ?
- രാധ:
- മരുന്നു വാങ്ങാൻ കാശില്ലാഞ്ഞിട്ടു വാങ്ങിക്കൊടുക്കാത്തതാണു്.
- അപ്പുമേനോൻ:
- ഡോക്ടറെ കാണിച്ചില്ലേ?
- രാധ:
- കാണിച്ചു. കഴിഞ്ഞ തവണ പണം കൊടുക്കാത്തതുകൊണ്ടാവണം, അയാൾ പിന്നെ വന്നിട്ടില്ല.
- അപ്പുമേനോൻ:
- ഒരു പ്രാവശ്യം പണം കൊടുക്കാത്തതിന്നു പിറ്റേ പ്രാവശ്യം വന്നില്ല, അല്ലേ? ടീച്ചറേ, ഈ ഡോക്ടർമാർ വല്ലാത്തൊരു കൂട്ടരാണു്. അവർക്കു ദയയെന്നുപറഞ്ഞതില്ല. എങ്ങനെയുണ്ടാവും? ദിവസംപ്രതി എത്ര മരണവും ആപത്തും കഷ്ടപ്പാടും അവർ കാണുന്നു! അവരുടെ ലോകത്തിൽ അംഗഭംഗം വന്നവരും അതിശോരോഗികളും തലവേദനക്കാരും മാത്രമേയുള്ളു. അവര് ഒടപൊളി സാമാനങ്ങളുടെ കച്ചോടക്കാരാണു്. ആട്ടെ. എന്നിട്ടു്?
- രാധ:
- ആകെ കഷ്ടത്തിലായി.
- അപ്പുമേനോൻ:
- ഇതൊക്ക്യാണു് സ്ഥിതിയെങ്കിൽ കഷ്ടത്തിലാവാതെ തരമില്ല. (മാനേജർ കണക്കു പരിശോധിക്കുന്നു.)
- രാധ:
- അച്ഛന്റെ രോഗം അന്നന്നു് അധികാവ്വാണു്.
- അപ്പുമേനോൻ:
- (പുസ്തകത്തിൽനിന്നു കണ്ടെടുക്കാതെ) ഉം.
- രാധ:
- മരുന്നു വാങ്ങാനോ ഡോക്ടറെ വിളിക്കാനോ എന്റെ കൈയിലൊരു കാശില്ല.
- അപ്പുമേനോൻ:
- ബ്ള! പണത്തിനുള്ളൊരു ക്ഷാമം! ആ യുദ്ധകാലത്തു് എന്തൊരു സുഖായിരുന്നു! പണംന്നു വിചാരിക്ക്യേ വേണ്ടൂ, കൈയിലെത്തി.
- രാധ:
- എനിക്കു മറ്റൊരാൾ സഹായിക്കാനില്ലെന്നു മാനേജർക്കറിഞ്ഞുകുടേ?
- അപ്പുമേനോൻ:
- ഉണ്ടെങ്കിൽത്തന്നെ ഇക്കാലത്തു് ഒരാളും സഹായിക്കില്ല.)
- രാധ:
- ഞാൻ മാനേജരോടു് കുറച്ചു പണം കടം ചോദിക്കാൻ വന്നതാണു്.
- അപ്പുമേനോൻ:
- (പുസ്തകം അടച്ചുവെച്ചു് അമ്പരപ്പോടെ) എന്തോടോ?
- രാധ:
- അതേ, എനിക്കു മറ്റൊരാളോടും ചോദിക്കാനില്ല.
- അപ്പുമേനോൻ:
- അയ്യോ, എന്റെ കൈയിൽ ഒരു കാശില്ല!
- രാധ:
- അങ്ങനെ പറയരുതു്.
- അപ്പുമേനോൻ:
- പിന്നെ ഞാൻ കളവു പറയണോ?
- രാധ:
- മാനേജരുടെ കൈയിലില്ലെങ്കിൽ എവിടെനിന്നെങ്കിലും സാധിപ്പിച്ചുതരണം.
- അപ്പുമേനോൻ:
- എവിടെനിന്നു സാധിപ്പിക്കാൻ?
- രാധ:
- ഞാൻ അത വലിയ കഷ്ടത്തിലാണു്. ഇല്ലെങ്കിൽ ഞാൻ ചോദിക്കില്ല: ഇന്നുവരെ ഞാൻ മാനേജരോടൊന്നും ചോദിച്ചിട്ടില്ലല്ലാ.
- അപ്പുമേനോൻ:
- അതൊക്കെ ശരിതന്നെ. നമ്മുടെ സ്കൂളിൽ ചില മാഷ്മാരുണ്ടു്. എപ്പഴും അഡ്വാൻസ് വേണം.
- രാധ:
- ഞാനങ്ങനെയൊന്നും ഇതുവരെ ചോദിച്ചിട്ടില്ല;
- അപ്പുമേനോൻ:
- ശരിയാണു്. ഉണ്ടെങ്കിൽ സഹായിച്ചാൽ വേണ്ടില്ലെന്നു് എനിക്കുമുണ്ടു്. അപ്പോൾ (ആലോചിക്കുന്നു) ഇപ്പഴും വൈകീട്ടാ സ്കൂളിൽ വരുന്നതു്. അല്ലേ?
- രാധ:
- ചില ദിവസങ്ങളിൽ വൈകിപ്പോകും. ആച്ഛനു സുഖമില്ലാത്തതുകൊണ്ടു് വീട്ടിൽനിന്നു് സമയത്തിനു് പോരാൻ കഴിയില്ല.
- അപ്പുമേനോൻ:
- അതു് എന്നോടല്ലാതെ മറ്റൊരാളോടു പറഞ്ഞാൽ നടക്ക്വോ, ടീച്ചറേ?
- രാധ:
- ഇല്ല.
- അപ്പുമേനോൻ:
- നിങ്ങലെല്ലാവരുംകുടി എന്റെ സ്കൂളു പൂട്ടിക്കൂന്നാ തോന്നുന്നതു്. (കണക്കുപുസ്തകം മലർത്തി ഒരു പേജെടുക്കുന്നു.) ഇതാ നോക്കു, എത്രായിരം ഉറുപ്പികയാ സ്കൂളിനുവേണ്ടി? ഞാൻ ചെലവാക്ക്യേതു്! ഓ തലചുറ്റുന്നു! നൂറു… നൂറ്റമ്പതു്… അമ്പതു് (വിരൽ തൊട്ടു വായിക്കുന്നു.) ഇരുന്നൂറു്… മതി മതി എന്റെ വിഡ്ഢിത്തം! ഈ പണം മുതലിറക്കി വല്ല കച്ചോടവും തുടങ്ങീരുന്നെങ്കിൽ ഞാനിന്നു കോടീശ്വരനാണു്. അപ്പോൾ രാധടീച്ചറേ, ഞാനൊന്നു ചോദിക്കട്ടെ, സ്കൂളിൽ എനിക്കെതിരായിട്ടു് ഒരു ഗുഢാലോചന നടക്കുന്നുണ്ടു്, ഇല്ലേ?
- രാധ:
- ഞാനറിയില്ല.
- അപ്പുമേനോൻ:
- എന്തിനാ അസത്യം പറയുന്നതു്?
- രാധ:
- ഞാൻ നേരാണു് പറയുന്നതു്.
- അപ്പുമേനോൻ:
- എന്നാൽ നിങ്ങൾക്കും ഇതിൽ പങ്കുണ്ടു്.
- രാധ:
- എന്തിക്കൊന്നിലും പങ്കില്ല. പങ്കുവഹിക്കാൻ നേരവുമില്ല.
- അപ്പുമേനോൻ:
- ആ ഗുഢാലോചനേടെ തലവൻ കേളുമാഷാണു്.
- രാധ:
- ആയിരിക്കാം.
- അപ്പുമേനോൻ:
- കേളുമാഷ് ചെറുപ്പക്കാരെ വഷളാക്കുന്നുണ്ടു്. (ഉറക്കെ) എന്നാൽ കേളുമാഷ് വിചാരിച്ചപോലെ കാര്യം നടക്കില്ല; തീർച്ച; എന്റെ ആയുസ്സുണ്ടെങ്കിൽ നടക്കില്ല. ഈ പണമത്രയും ചെലവാക്കി സ്കൂളുണ്ടാക്കീട്ടു് ഒടുവിൽ എനിക്കു് അഗികാരമൊന്നും വേണ്ടെന്നോ? അസ്സലായി! ഞാൻ പറയാം; എന്റെ സ്കൂളിൽ ഒന്നും നടക്കാൻ സമ്മതിക്കില്ല. പുകഞ്ഞ കൊള്ളി പുറത്തു്. കേളുമാഷ്ക്കു് ഞാൻ പിരിയാൻ നോട്ടീസ് കൊടുത്തു… അറിഞ്ഞില്ലേ?
- രാധ:
- അറിഞ്ഞു.
- അപ്പുമേനോൻ:
- എന്നോടു കളിച്ചാൽ അങ്ങനെയാ. ഇനിയും ഒരു മൂന്നാലു പേരുകൂടിയുണ്ടു് പുറത്തുപോകാൻ.
- രാധ:
- എനിക്കു സമയം വൈകുന്നു.
- അപ്പുമേനോൻ:
- ഞാനെന്താ വേണ്ടതു്.
- രാധ:
- ഒരിരുപത്തഞ്ചുറുപ്പിക അഡ്വാൻസ് തരണം.
- അപ്പുമേനോൻ:
- പണമുണ്ടെങ്കിൽ തരക്കേടില്ലായിരുന്നു. അല്ലെങ്കിലെന്തിനാ നിങ്ങളെയൊക്കെ സഹായിക്കുന്നതു്? നാളെ എനിക്കെതിരായിട്ടു് പണിയെടുക്കാനല്ലേ?
- രാധ:
- അത്തരം കാര്യങ്ങളൊന്നും ഇവിടെ പറഞ്ഞിട്ടു് പ്രയോജനമില്ല. ഞങ്ങൾ ഞങ്ങളുടെ സുഖത്തിനും സൗകര്യത്തിന്നും വേണ്ടി പ്രയത്നിക്കും; മാനേജർ മാനേജർക്കു വേണ്ടിയും. ഇതിൽ കക്ഷിത്വവും അലോഗ്യവുമൊന്നുമില്ല.
- അപ്പുമേനോൻ:
- നിങ്ങളെന്തു പ്രവർത്തിക്കും?
- രാധ:
- ഞങ്ങളുടെ ഗുണത്തിനുവേണ്ടി.
- അപ്പുമേനോൻ:
- എന്നുവെച്ചാൽ എന്റെ നാശത്തിന്നുവേണ്ടി അല്ലേ?
- രാധ:
- അതു പറയാൻ വയ്യാ. ഞങ്ങളുടെ ഗുണം നിങ്ങൾക്കു നാശമായിപ്പോകുന്നെങ്കിൽ നിവൃത്തിയില്ല അതീ സമ്പ്രദായത്തിന്റെ തരക്കേടാണു്.
- അപ്പുമേനോൻ:
- നിങ്ങൾ വലുതായിട്ടൊന്നും പ്രവർത്തിക്കില്ല.
- രാധ:
- വലുപ്പവും ചെറുപ്പവും നമ്മളിവിടെ ഇരുന്നു കണക്കു കൂട്ടീട്ടു കാര്യമില്ല. എന്നെ കഴിയുന്നതും വേഗത്തിൽ പറഞ്ഞയയ്ക്കുണം.
- അപ്പുമേനോൻ:
- പൊയ്ക്കോളൂ.
- രാധ:
- എനിക്കു പണം തരണം.
- അപ്പുമേനോൻ:
- എന്റെ കൈയിലില്ല.
- രാധ:
- എങ്ങനെയെങ്കിലും ഉണ്ടാക്കിത്തരണം.
- അപ്പുമേനോൻ:
- സാധിക്കാത്ത കാര്യമാണു്.
- രാധ:
- അങ്ങനെ പറയരുതു്.
- അപ്പുമേനോൻ:
- (ആലോചിക്കുന്നു) ടീച്ചർ ഒരു കാര്യം ചെയ്തോളൂ.
- രാധ:
- എന്താണു്?
- അപ്പുമേനോൻ:
- അഡ്വാൻസ് തരാൻ എന്റെ കൈയിൽ പണമില്ല. പക്ഷേ വേറൊരു വഴി ഞാൻ പറഞ്ഞുതരാം.
- രാധ:
- എന്തു വഴി.
- അപ്പുമേനോൻ:
- രാധടീച്ചർക്കു് വീട്ടിൽ വലിയ ബുദ്ധിമുട്ടല്ലേ?
- രാധ:
- അതെ.
- അപ്പുമേനോൻ:
- അച്ഛൻ തനിച്ചല്ലേ വിട്ടിലുള്ളൂ?
- രാധ:
- അതെ.
- അപ്പുമേനോൻ:
- എന്നാൽ ഒന്നോ രണ്ടോ മാസം ലീവെടുത്തു വീട്ടിലിരിക്കരുതോ?
- രാധ:
- എന്റെ ലീവൊക്കെ തീർന്നിരിക്കുന്നു.
- അപ്പുമേനോൻ:
- ഓ, അങ്ങന്യാണോ! എന്നാൽ വേറൊരു ഉപായം പറയാം.
- രാധ:
- എന്താണു്?
- അപ്പുമേനോൻ:
- വീട്ടിൽ അച്ഛനു സഹായത്തിനോരാളുവേണ്ടേ?
- രാധ:
- ഞങ്ങൾക്കൊക്കെ അതെവിടുന്നു സാധിക്കും?
- അപ്പുമേനോൻ:
- പുറമേനിന്നു് ഒരാളെ വിളിക്കാനല്ല ഞാൻ പറയുന്നതു്. ടീച്ചർതന്നെ അച്ഛനെ ശുശ്രൂഷിക്കണം.
- രാധ:
- ഞാൻ തന്നെയാണു് ശുശ്രൂഷിക്കുന്നതു്.
- അപ്പുമേനോൻ:
- അതു പോരാ. രോഗം അത്യാസന്നമാണെങ്കിൽ അച്ഛന്റെ അടുത്തുതന്നെ ഇരിക്കണം. ശമ്പളത്തോടു കൂടി ലീവെടുക്കാനുള്ള ഒരു ഉപായം ഞാൻ പറഞ്ഞുതരാം.
- രാധ:
- എന്തുപായം?
- അപ്പുമേനോൻ:
- എനിക്കു് രാധടീച്ചറെ പിരിച്ചുവിടാനും രാധടീച്ചർക്കു മനസ്സാലെ പിരിയാനും ഇപ്പോൾ മൂന്നു മാസത്തെ നോട്ടീസ്സ് വേണ്ടേ?
- രാധ:
- വേണം.
- അപ്പുമേനോൻ:
- എന്നാൽ തമ്മിൽ യോജിച്ചു നിങ്ങൾ രാജിവെക്കുന്നതും ഞാൻ സ്വീകരിക്കുന്നതുമായാൽ കുഴപ്പമില്ല.
- രാധ:
- ഉം.
- അപ്പുമേനോൻ:
- എന്നാൽ രാധടീച്ചർ രാജിവെച്ചോളൂ.
- രാധ:
- രാജിവെയ്ക്കാനോ?
- അപ്പുമേനോൻ:
- അതേ.
- രാധ:
- എന്നിട്ടു്?
- അപ്പുമേനോൻ:
- പരിഭ്രമിക്കാനൊന്നുമില്ല.
- രാധ:
- വേണ്ടാ. ഇന്നുള്ള ജോലികൂടി പോയാൽ പട്ടിണി കിടന്നു മരിക്കും. ഞാൻ രാജിവെയ്ക്കാൻ തയ്യാറില്ല.
- അപ്പുമേനോൻ:
- പറയുന്നതു കേൾക്കൂ; ഒരാൾ സഹായിക്കാനൊരുങ്ങുമ്പോൾ തെറ്റിദ്ധരിക്കരുതു്. ഇപ്പോൾ രാജിവെയ്ക്കുന്ന പക്ഷം കുറച്ചു പണം തന്നു സഹായിക്കാൻ എനിക്കു സാധിക്കും.
- രാധ:
- വേണ്ടാ.
- അപ്പുമേനോൻ:
- രാജിവെയ്ക്കുന്നതു് ഒരാളും അറിയില്ല; പകരം ഒരാളെ രണ്ടോ മൂന്നോ മാസത്തേയ്ക്കു നിശ്ചയിച്ചാൽ ആ ആളിൽ നിന്നുതന്നെ നമുക്കു പണം വാങ്ങാൻ കഴിയും.
- രാധ:
- പകരം വരുന്ന ആൾക്കും ജീവിക്കണ്ടേ?
- അപ്പുമേനോൻ:
- അതെന്തിനാ ടീച്ചററിയുന്നതു്?
- രാധ:
- എന്നിക്കതൊന്നും സാധിക്കില്ല.
- അപ്പുമേനോൻ:
- അച്ഛന്റെ രോഗം മാറിയാൽ ടീച്ചർക്കു് ഇവിടെത്തന്നെ തിരിച്ചുവരാൻ സാധിക്കും. ഇപ്പോൾ ഇതുവരെ പണിയെടുത്തതിനുള്ള ശമ്പളവും ഒരു മാസം കുടുതൽ ശമ്പളവും ഞാൻ റൊക്കം തരാം.
- രാധ:
- വേണ്ടാ. വേറേ വല്ല വഴിക്കും മാനേജർക്കെന്നെ സഹായിക്കാൻ സാധിക്ക്യോ?
- അപ്പുമേനോൻ:
- എന്റെ കൈയിൽ പണമില്ല; ഇതുതന്നെ ഞാൻ രാധടീച്ചർക്കുവേണ്ടി പുതിയൊരു സൂത്രം തത്കാലം കണ്ടുപിടിച്ചതാണു്; സഹായിക്കാനുള്ള മോഹംകൊണ്ടു്.
- രാധ:
- ഇതല്ലാതെ മറ്റൊരുവഴിക്കും മാനേജർക്കെന്നെ സഹായിക്കാൻ സാധിക്കില്ലേ?
- അപ്പുമേനോൻ:
- ഞാൻ മറ്റൊരു വഴിയും കാണുന്നില്ല.
- രാധ:
- എന്നാൽ ഞാൻ വരട്ടെ.
- അപ്പുമേനോൻ:
- അങ്ങന്യാവട്ടെ.
രാധ പതുക്കെ മനസില്ലാമനസ്സോടെ പോകുന്നു. അപ്പുമേനോൻ വീണ്ടും കണക്കു പരിശോധിക്കുന്നു. വാസന്തി കൊഞ്ചിക്കുഴഞ്ഞുകൊണ്ടു വരുന്നു. വരുമ്പോൾ ചെറിയൊരു സ്യൂട്ട്കെയ്സുമുണ്ടു്, കൈയിൽ. വന്ന ഉടനെ സ്യൂട്ട്കെയ്സ് മേശപ്പുറത്തുവെച്ചു്,
- വാസന്തി:
- അച്ഛാ, ഇതിന്റെ താക്കോലൊന്നു തരു.
- അപ്പുമേനോൻ:
- എന്തിനാ, വാസന്തി?
- വാസന്തി:
- ഇതിൽനിന്നു് ഒരു സാധനം എടുക്കാനുണ്ടു്.
അപ്പുമേനോൻ കണക്കുപുസ്തകത്തിൽനിന്നു് തലയുയർത്തിയപ്പോൾ സ്യൂട്ട്കെയ്സ് കാണുന്നു. ഉടനെ വലിച്ചു് അടുപ്പിച്ചു വെച്ചു് അതിന്മേൽ താടിയും കുത്തി വാസന്തിയുടെ മുഖത്തു നോക്കുന്നു.
- അപ്പുമേനോൻ:
- നിനക്കു് ഏതു് താക്കോലാ വേണ്ടതു്?
- വാസന്തി:
- ഈ സ്യൂട്ട്കെയ്സിന്റെ താക്കോൽ.
- അപ്പുമേനോൻ:
- ഇതിന്റെ താക്കോലോ?
- വാസന്തി:
- അതേ, അച്ഛാ.
- അപ്പുമേനോൻ:
- എന്തിനാണെന്നു പറയൂ.
- വാസന്തി:
- ഒരു സാധനം എടുക്കാനുണ്ടു്.
- അപ്പുമേനോൻ:
- എന്തു സാധനം?
- വാസന്തി:
- എനിക്കു് അറുപത്തഞ്ചുറുപ്പിക വേണം.
- അപ്പുമേനോൻ:
- (കണ്ണുരുട്ടി) അറുപത്തഞ്ചുറുപ്പികയോ! എന്തിനു്?
- വാസന്തി:
- എനിക്കാവശ്യമുണ്ടു്.
- അപ്പുമേനോൻ:
- ഈ പെട്ടീടെ താക്കോൽ കിട്ടീട്ടു് ഒരു കാര്യോം ഇല്ല. ഇതിലൊരു കാശില്ല.
- വാസന്തി:
- ഉണ്ടു്.
- അപ്പുമേനോൻ:
- ഇല്ല.
- വാസന്തി:
- അച്ഛൻ നോട്ടു വെക്കുന്നതു ഞാൻ കണ്ടു.
- അപ്പുമേനോൻ:
- അതു മാഷമ്മാരുടെ പണായിരുന്നു. മുഴുവൻ കൊടുത്തു പോയി.
- വാസന്തി:
- മുഴുവനും അച്ഛൻ കൊടുക്കില്ല.
- അപ്പുമേനോൻ:
- കൊടുത്തു, വാസന്തീ.
- വാസന്തി:
- ഇല്ലച്ഛാ (പെട്ടി പിടിക്കുന്നു.)
- അപ്പുമേനോൻ:
- (പെട്ടി വിടാതെ) ഇതിലൊന്നൂല്ലാന്നു പറഞ്ഞില്ലേ!
- വാസന്തി:
- ഉണ്ടു്; എനിക്കതിലുള്ളതു മതി.
- അപ്പുമേനോൻ:
- നില്ക്കു്, നില്ക്കു്, ഞാൻ ചോദിക്കട്ടെ. എന്തിനാണു് നിനക്കു് പണം?
- വാസന്തി:
- ഒരു സാരി വാങ്ങാൻ.
- അപ്പുമേനോൻ:
- ഞാൻ വാങ്ങിത്തരാം.
- വാസന്തി:
- വേണ്ടാ.
- അപ്പുമേനോൻ:
- ശാഠ്യം പിടിക്കരുതു്!
- വാസന്തി:
- അച്ഛൻ വാങ്ങണ്ടാ. ഞാനിന്നലെ അധികാരിയുടെ മകൾ ഒരു സാരി ഉടുത്തു കണ്ടു… നല്ല ഒന്നാന്തരം സാരി.
- അപ്പുമേനോൻ:
- അവൾക്കെവിടുന്നു കിട്ടി?
- വാസന്തി:
- അവളുടെ ഭർത്താവു് കൊണ്ടുക്കൊടുത്തതാ… ഹജുരിലാണത്രേ പണി.
- അപ്പുമേനോൻ:
- എനി കോഴിക്കോട്ടു പോകുമ്പം ഞാനതുപോലെ ഒരു സാരി വാങ്ങിക്കൊണ്ടു വരാം.
- വാസന്തി:
- വേണ്ടാ.
- അപ്പുമേനോൻ:
- പിന്നെ?
- വാസന്തി:
- അയാളു് നാളെ രാവിലെ പോകും.
- അപ്പുമേനോൻ:
- അധികാരീടെ മകൾടെ ഭർത്താവോ?
- വാസന്തി:
- അതേ.
- അപ്പുമേനോൻ:
- അതുകൊണ്ടു്?
- വാസന്തി:
- പണം കൊണ്ടുക്കൊടുത്താൽ വരുന്നാഴ്ചയ്ക്കു് അയാളെക്കൊണ്ടു് ഒരു സാരി വാങ്ങിക്കാന്നു പറഞ്ഞു.
- അപ്പുമേനോൻ:
- വേണ്ടാ മോളേ. അടുത്തുതന്നെ നിനക്കു് ആഭരണം വാങ്ങാനും സാരി വാങ്ങാനും കോഴിക്കോട്ടൊന്നു പോകേണ്ടിവരും. അപ്പഴ് പോരേ?
- വാസന്തി:
- പോരാ.
- അപ്പുമേനോൻ:
- ശാഠ്യം പിടിക്കരുതു്.
- വാസന്തി:
- എനിക്കിപ്പഴ് കിട്ടണം. അപ്പുമേനോൻ മനസ്സില്ലാമനസ്സോടെ കീശയിൽനിന്നു താക്കോലെടുത്തുപെട്ടി തുറക്കുന്നു. വാസന്തി അടുത്തേക്കു വരുന്നു.
- അപ്പുമേനോൻ:
- അപ്പുറം പോയി നില്ക്കൂ. എന്നാലേ എടുത്തുതരു. (വാസന്തി മാറി നില്ക്കുന്നു) ഇതിലുണ്ടോ പണം? ചില്ലറയും കാശും എല്ലാംകൂടി നുള്ളിപ്പെറുക്കിയാൽ അഞ്ചുറുപിക കാണും. നിനക്കെന്താ വേണ്ടതു്?
- വാസന്തി:
- അറുപത്തഞ്ചുറുപ്പിക.
- അപ്പുമേനോൻ:
- അറുപത്തഞ്ചുറുപ്പികയോ! ഉണ്ടാവില്ല.
- വാസന്തി:
- ഉണ്ടാവും. വാസന്തി പെട്ടിയുടെ അടുത്തേക്കു വന്നു് അതിൽ കൈയിടാൻ നോക്കുന്നു.
- അപ്പുമേനോൻ:
- (പരിഭ്രമിച്ചു്) വിട്ടുനില്ക്കു, ഞാനെടുത്തുതരാം.
- വാസന്തി:
- എന്നാൽ തരൂ.
അപ്പുമേനോൻ പെട്ടി കുറച്ചുമാത്രം തുറന്നു് അതിൽനിന്നു കുറച്ചു നോട്ടെടുത്തു പുറത്തു കൊണ്ടുവന്നു മുറുക്കിപ്പിടിച്ചു നാലുപുറവും നോക്കിക്കൊണ്ടു് എണ്ണുന്നു. രാധടീച്ചർ ഈ സന്ദർഭത്തിൽ കടന്നുവരുന്നു. ഉടനെ മാനേജർ പെട്ടി അടച്ചു ഭദ്രമാക്കി ഒന്നും അറിയാത്ത മട്ടിൽ ഇരിക്കുകയും അല്പം കഴിയട്ടെയെന്നു വാസന്തിയോടു് മുഖംകൊണ്ടു് അടയാളം കാട്ടുകയും ചെയ്യുന്നു. വാസന്തി രാധയെ നോക്കി ദഹിപ്പിച്ചുകൊണ്ടു പോകുന്നു.
- അപ്പുമേനോൻ:
- എന്താ, രാധടീച്ചർ മടങ്ങിവന്നതു്?
- രാധ:
- ഞാൻ രാജിവെക്കാനൊരുക്കമുണ്ടു്.
- അപ്പുമേനോൻ:
- നല്ലതു്. ബുദ്ധിമുട്ടൊക്കെ കഴിഞ്ഞാൽ ഇവിടെത്തന്നെ ജോലി തരാം. ഇരിക്കൂ.
- രാധ:
- ഉം.
- അപ്പുമേനോൻ:
- ഇവിടെ അടുത്തുതന്നെ മുത്തുനാലു് ഒഴിവു് വരും, ചിലരെ പുറത്താക്കാനുണ്ടു്.
- രാധ:
- ആരെയും പുറത്താക്കിയിട്ടു് എനിക്കു ജോലി വേണ്ടാ. എന്നെപ്പോലെ ജോലി ചെയ്യാനും ജീവിക്കാനുമുള്ള ആഗ്രഹം അവർക്കുമുണ്ടാവും.
- അപ്പുമേനോൻ:
- അങ്ങനെ എല്ലാവരുടേയും കാര്യം നോക്കിയാൽ ജീവിക്കാൻ പറ്റില്ല;
- രാധ:
- എനിക്കു വാദിക്കാൻ നേരമില്ല. ഞാൻ രാജിവെക്കാനൊരുക്കമുണ്ടു്. അതു വീണ്ടും നിങ്ങൾ ജോലി തരുമെന്നു വിശ്വസിച്ചുകൊണ്ടല്ല തത്ക്കാലം നിങ്ങൾ തരുന്നപണം കൊണ്ടു് അച്ഛനെ ചികിത്സിക്കാൻ കഴിയുമെന്നു് വിചാരിച്ചിട്ടു മാത്രം.
- അപ്പുമേനോൻ:
- എന്നാൽ രാജി എഴുതിക്കോളൂ. (മേശ തുറന്നു് രാജിപ്പകർപ്പും കടലാസും പെന്നും എടുത്തു കൊടുക്കുന്നു.) ഇതുപോലെ എഴുതി ഒപ്പിട്ടു തന്നാൽ മതി.
രാധ കടലാസും പെന്നും വാങ്ങി എഴുതാൻ തുടങ്ങുന്നു. അപ്പുമേനോനും എഴുതിക്കൊണ്ടിരിക്കുന്നു. രാധ എഴുതിയ കടലാസു് ഒപ്പിട്ടുകൊടുക്കുന്നു. അപ്പുമേനോൻ വേറൊരു കടലാസു് രാധയെ ഏല്പിക്കുന്നു.
- അപ്പുമേനോൻ:
- ഇതുപോലെ ഒരു രശീതിയും… പണം കിട്ടിയതിന്നു്. (രാധ കടലാസു് വാങ്ങി എഴുതാൻ തുടങ്ങുന്നു. മേശ തുറന്നു് ഒരു രശീതിമുദ്ര എടുത്തുകൊടുക്കുന്നു.) ഈ മുദ്ര ഒട്ടിച്ചിട്ടു വേണം ഒപ്പിടാൻ.
രാധ മുദ്ര വാങ്ങി ഒട്ടിച്ചു, ഒപ്പുവെച്ചു് അപ്പുമേനോനെ ഏല്പിക്കുന്നു. രണ്ടും അപ്പുമേനോൻ സ്യൂട്ട്കെയ്സിൽ വെച്ചു പൂട്ടുന്നു.
- രാധ:
- ഇതാ ഞാനിപ്പഴ് വന്നേയ്ക്കാം.
- അപ്പുമേനോൻ:
- (സ്യൂട്ട്കെയ്സുമെടുത്തു് അകത്തേക്കു പോകുന്നു. അല്പം കഴിഞ്ഞു് തിരിച്ചുവരുന്നു.) പ്രാരാബ്ധം വന്നാൽ പിന്നെ കഴിഞ്ഞു.)
- രാധ:
- എനിക്കു പോണം.
- അപ്പുമേനോൻ:
- ശങ്കു ഇങ്ങട്ടു വരട്ടെ… ഇവിടെ പണമില്ല;
- രാധ:
- നിങ്ങളല്ലേ നിങ്ങൾ പണം തരാമെന്നു പറഞ്ഞതു്?
- അപ്പുമേനോൻ:
- അതേ. ശങ്കു വന്നിട്ടു് അവനെ ഒരു സ്ഥലത്തു് അയച്ചിടു പണം വാങ്ങിക്കൊണ്ടുവരണം. ഇവിടെ പണമുണ്ടെങ്കിൽ വന്ന ഉടനെ ഞാനെടുത്തുതരില്ലായിരുന്നോ?
- രാധ:
- ഇവിടെ പണമില്ലെങ്കിൽ നിങ്ങളെന്തിനു രശീതി ഒപ്പിടീച്ചതു്? (എഴുന്നേല്ക്കുന്നു)
- അപ്പുമേനോൻ:
- അതു സാരമില്ല അതങ്ങെടുത്തുതന്നാൽ പോരേ?
- രാധ:
- (വിഷാദവും അമർഷവും) നിങ്ങൾ ഒന്നു മനസ്സിലാക്കണം: എന്റെ അച്ഛൻ ദണ്ഡം പിടിച്ചു് അനങ്ങാൻ വയ്യാതെ കിടക്കുകയണു്. ദാഹിച്ചു വെള്ളം കൊടുക്കാൻകൂടി വീട്ടിൽ മറ്റൊരാളില്ല.
- അപ്പുമേനോൻ:
- എന്നാൽ പോയ്ക്കോളു. ഞാൻ പണവുംകൊണ്ടു ശങ്കുവിനെ അങ്ങയച്ചോളാം.
- രാധ:
- ഞാനെന്റെ ഉദ്യോഗം രാജിവെച്ചതു് ഈ തുച്ഛമായ സംഖ്യയ്ക്കാണു്, എന്നാലെങ്കിലും എന്റെ അച്ഛൻ ജീവിച്ചുകാണാൻ. പത്തു കാശിനു വേണ്ടി ജോലി ഉപേക്ഷിച്ചിട്ടും നിങ്ങൾ പണം തരുന്നില്ലെന്നോ?
- അപ്പുമേനോൻ:
- ഞാൻ തന്നുകളയാം. ശങ്കു വരട്ടെ.
- രാധ:
- (രൂക്ഷമായി) ഓർത്തോളൂ, എനിക്കിവിടെ നില്‍ക്കാൻ നേരമില്ല. എന്റെ അച്ഛൻ ദാഹിച്ചു മരിക്കും. പണം തരുന്നുണ്ടോ?
- അപ്പുമേനോൻ:
- ഇവിടെ പണമില്ല.
- രാധ:
- (ഭയങ്കരമായി) തരുന്നുണ്ടോ?
- അപ്പുമേനോൻ:
- ഇല്ലെന്നു പറഞ്ഞില്ലേ?
- രാധ:
- ആട്ടെ, കൂട്ടത്തിൽ ഇതുകുടി നിങ്ങളെടുക്കൂ. നിങ്ങൾക്കു തികയട്ടെ… അയ്യോ… അച്ഛൻ… എന്റെ അച്ഛൻ! (ഓടിപ്പോകുന്നു.)
—യവനിക—