കൃഷ്ണക്കുറുപ്പിന്റെ വീടു്. പുമുഖത്തുള്ള ഒരു സോഫയിലിരുന്നു വേണു പുസ്തകം വായിക്കുന്നു. താടി കൂടുതൽ വളർന്നിട്ടുണ്ടു്. അശ്രദ്ധമായ വേഷം. ഗീത ബദ്ധപ്പെട്ടു കടന്നുവരുന്നു.
- ഗീത:
- വേണുവേട്ടാ, വേണുവേട്ടാ!
- വേണു:
- (പുസ്തകത്തിൽനിന്നു കണ്ണെടുക്കാതെ) എന്താ, ഗീതേ?
- ഗീത:
- വേണുവേട്ടനെ കാപ്പികുടിക്കാൻ വിളിക്കുന്നു.
- വേണു:
- എനിക്കിപ്പഴ് വേണ്ടാ.
- ഗീത:
- വരൂ, വേണ്വേട്ടാ.
- വേണു:
- (വിരൽകൊണ്ടു പുസ്തകത്തിൽ അടയാളമിട്ടു പിടിച്ചു്) എനിക്കിപ്പഴ് വേണ്ടാ, ഗീതേ. ഗീത പോയി കുടിച്ചോളൂ.
- ഗീത:
- വേണുവേട്ടനും വരൂ.
- വേണു:
- എനിക്കു് വേണ്ടാഞ്ഞിട്ടാണു്.
- ഗീത:
- എന്നാൽ എനിക്കും വേണ്ടാ. ഞാനും കുടിക്കില്ല. (പിണങ്ങുന്നു)
- വേണു:
- ശാഠ്യം പിടിക്കാതെ ചെല്ലൂ, ഗീതേ, ഉം.
- ഗീത:
- ഞാൻ പോവില്ല. (പിണങ്ങി സോഫയിൽ വേണുവിന്റെ തൊട്ടടുത്തു് ഇരിക്കുന്നു. മുഖത്തു വലിയ ഗൗരവം.)
- വേണു:
- (വിളിക്കുന്നു) ഗീതേ, ഗീതേ! (ഗീത മുഖം വീർപ്പിച്ചിരിക്കുന്നു. വിരൽകൊണ്ടു കഴുത്തിൽ ഇക്കിളിയാക്കി വിളിക്കുന്നു.) ഗീതേ, ഗീതേ?
- ഗീത:
- (പാതി ചിരിച്ചും ഉടനെ മുഖം വീർപ്പിച്ചും) ആ… വേണ്ട, വേണുവേട്ടാ.
- വേണു:
- (പൊട്ടിച്ചിരിച്ചു്) അയ്യോ! പെണ്ണിന്റെ ഒരു ഗൗരവം.
- ഗീത:
- (വേണുവിന്റെ മുഖത്തു നോക്കി കണ്ണുപൊത്തുന്നു) അയ്യോ! പേട്യാവുന്നു, പേട്യാവുനു).
- വേണു:
- (അല്പം അമ്പരപ്പോടെ) എന്താ, ഗീതേ? ഏ? എന്താ?
- ഗീത:
- അയ്യോ! പേട്യാവുന്നു.
- വേണു:
- (കണ്ണുപൊത്തിയ കൈ പിടിച്ചു മാറ്റുന്നു.) എന്താ?
- ഗീത:
- വേണുവേട്ടൻ ചിരിക്കുമ്പോൾ ആ മുഖത്തു നോക്ക്യാൽ പേട്യാവും. (പൊട്ടിച്ചിരിക്കുന്നു.)
- വേണു:
- ഓ… നീയെന്നെ പരിഹസിച്ചതാണു് അല്ലേ?
- ഗീത:
- പരിഹസിക്കില്ലേ വേണ്വേട്ടാ. (താടിരോമം പിടിച്ചു്) എന്തിനാ ഇതിങ്ങനെ നീട്ടുന്നതു്?
- വേണു:
- അയ്യോ വേദന്യാവുന്നു.
- ഗീത:
- വേദന്യാവണം. ഞാനിതു മുഴുവൻ പറിച്ചുകളയും. എന്തൊരു വൃത്തികേടാ, വേണ്വേട്ടാ, ഇതു്! ഇന്നാൾ അച്ഛനെന്തൊക്ക്യാ പറഞ്ഞതു്?
- വേണു:
- എന്തൊക്ക്യാ പറഞ്ഞതു്?
- ഗീത:
- താടി നീട്ടിയതിന്നു വേണുവേട്ടനെ ഒരുപാടു ശകാരിച്ചിരിക്കുന്നു. ശകാരിക്കില്ലേ, ഇങ്ങനെ ഗോസായിയെപ്പോലെ നടന്നാൽ?
- വേണു:
- താടി നീട്ടുന്നതും കുറ്റമാണോ, ഗീതേ?
- ഗീത:
- എന്താ സംശ്യം? ഞാൻ മജിസ്ട്രേട്ടാണെങ്കിൽ താടി നീട്ടുന്ന മുഴുവൻ ആളുകളെയും പിടിച്ചു് ഈരണ്ടുകൊല്ലം കഠിന തടവിനു ശിക്ഷിച്ചുകളയും.
- വേണു:
- നീ എന്തായാലും മജിസ്ട്രേട്ടാവാതിരിക്കട്ടെ.
- ഗീത:
- (വിരൽകൊണ്ടു് അഭിനയിച്ചു്) നോക്കിക്കോളു, ഞാൻ മജിസ്ട്രേട്ടാവും.
- വേണു:
- എന്നാൽ അന്നു നിന്റെ വേണുവേട്ടനു താടി ഉണ്ടാവില്ല, തീർച്ച.
- ഗീത:
- (കളിമാറ്റി അല്പം ഗൗരവത്തോടെ) വേണുവേട്ടാ, ഞാൻ വേണുവേട്ടനോടു് ഒന്നു ചോദിക്കട്ടെ?
- വേണു:
- ചോദിച്ചോളൂ.
- ഗീത:
- എന്താ വേണുവേട്ടനു് ഇയ്യിടെയായിട്ടു്?
- വേണു:
- എന്താ?
- ഗീത:
- സമയത്തിനു് ഉണ്ണാറില്ല; കുളിക്കാറില്ല, ഒരാളോടും വേണ്ടപോലെ മിണ്ടാറില്ല; ചിരിക്കാറില്ല. എന്താ വേണുവേട്ടാ?
- വേണു:
- ഒന്നുല്ല.
- ഗീത:
- കളവു്! എന്നോടു പറയില്ലേ?
- വേണു:
- പറയാം. വിശക്കാത്തതുക്കാണ്ടു് ഉണ്ണാറില്ല; വിയർക്കാത്തതുകൊണ്ടു് കുളിക്കാറില്ല; സന്തോഷമില്ലാത്തതുകൊണ്ടു് ചിരിക്കാറില്ല; ഇഷ്ടമില്ലാത്തതുകൊണ്ടു് മിണ്ടാറുമില്ല.
- ഗീത:
- ആരോടും ഇഷ്ടമില്ലേ?
- വേണു:
- എന്റെ അനിയത്തിയോടുമാത്രം ഇഷ്ടമുണ്ടു്.
- ഗീത:
- എന്നാൽ എന്നോടു പറയൂ.
- വേണു:
- ഒന്നും പറയാനില്ല ഗീതേ. നിനക്കിന്നു സ്കൂളില്ലേ?
- ഗീത:
- ഇല്ല; ഇന്നു കല്പനയാണു്. (ഉടനെ തിരിഞ്ഞിരുന്നു്) വേണുവേട്ടാ, അതു പറഞ്ഞപ്പോഴാണു് ഓർമ വന്നതു്. നമ്മുടെ രാധടീച്ചറുടെ അച്ഛൻ മരിച്ചുപോയത്രേ.
- വേണു:
- ഉം.
- ഗീത:
- ഇയ്യിടെയായിട്ടു രാധടീച്ചർ സ്കൂളിൽ വരാറില്ല.
- വേണു:
- അതെന്താ?
- ഗീത:
- ടീച്ചർ രാജിവെച്ചു പോയത്രേ. എനിക്കു രാധടീച്ചറുടെ അച്ഛനെ ഒന്നു കാണാൻ കഴിഞ്ഞില്ല. എന്നോടെന്തൊരു സ്നേഹമായിരുന്നെന്നോ? (വേണു അസഹ്യമായ ദുഃഖം ഭാവിക്കുന്നു.) പാവം എന്തിനാ, വേണുവേട്ടാ, രാധടീച്ചറുടെ അച്ഛൻ മരിക്കുന്നതു്?
- വേണു:
- എന്തിനാ എല്ലാവരും മരിക്കുന്നതു്?
- ഗീത:
- എല്ലാവർക്കും ഒരാൾ മരിച്ചാൽ മറ്റൊരാളുണ്ടാവില്ലേ? പാവം! ടീച്ചർക്കാരാ ഉള്ളതു്? (വേണു മുഖം തിരിച്ചു് കണ്ണു തുടയ്ക്കുന്നു.) ഇങ്ങളു നോക്കൂ, വേണുവേട്ടാ. ഇനി ടീച്ചർക്കാരുണ്ടാവും?
- വേണു:
- എനിക്കറിയില്ല, ഗീതേ. ആരുമില്ലാത്തവർക്കു ദൈവം തുണയെന്നു പഠിച്ചിട്ടില്ല?
- ഗീത:
- കഷ്ടം! ഒരാളുമില്ലാഞ്ഞാൽ രാധടീച്ചർക്കു പേടിയാവില്ലേ? വേണുവേട്ടാ, എന്തിനാ രാധടീച്ചർ തനിച്ചവിടെ താമസിക്കുന്നതു്? നമുക്കു ചെന്നു കുട്ടിക്കൊണ്ടുവന്നാലെന്താ? ഇവിടെ താമസിച്ചോട്ടെ.
- വേണു:
- അതു നമ്മളല്ലല്ലോ, ഗീതേ, തീർച്ചയാക്കാൻ. അച്ഛനിഷ്ടമില്ലെങ്കിലോ?
- ഗീത:
- അച്ഛനോടു ഞാൻ പറയും.
- വേണു:
- രാധടീച്ചറുടെ വീട്ടിൽ പോയിട്ടു് അച്ഛൻ നിന്നെ തല്ലാൻ നോക്കിയതു് നീ മറന്നോ?
- ഗീത:
- അയ്യോ ശരിതന്നെ. ഞാനച്ഛനോടു പറയില്ല. എനിക്കു തല്ലുകൊള്ളും.
വേണു കുനിഞ്ഞിരുന്നു് എന്തോ ആലോചിക്കുന്നു. ഗീത എഴുന്നേറ്റു നഖവും കടിച്ചുകൊണ്ടു് അങ്ങട്ടുമിങ്ങട്ടും നടക്കുന്നു.
- വേണു:
- (നെടുവീർപ്പോടെ) ഗീതേ, നീ ചെന്നു കാപ്പി കുടിക്കൂ.
- ഗീത:
- (കേൾക്കാത്ത മട്ടിൽ) അച്ഛനു് മരിക്കുമ്പോൾ രാധടീച്ചർ വീട്ടിലില്ലായിരുന്നുവത്രേ,
- വേണു:
- (ഉത്കണ്ഠയോടെ) ആരേ നിന്നോടിതു പറഞ്ഞതു്?
- ഗീത:
- ഇതു മാനേജരുടെ മകൾ വാസന്തിയാണു് പറഞ്ഞതു്. ഇതൊക്കെ പറയുമ്പോൾ എന്തൊരു സന്തോഷമാണു് വാസന്തിക്കു്! എനിക്കവളെ ഇഷ്ടമല്ലാ വേണുവേട്ടാ. എന്തോ ഒരുമാതിരി സ്വഭാവം. (വേണു ഒന്നും ശ്രദ്ധിക്കാതെ എഴുന്നേറ്റു നടക്കുന്നു.) ‘ആ തന്തയെ വെള്ളം കൊടുക്കാതെ കൊന്നു. ഇനിയവൾക്കു സുഖായില്ലേ’ എന്നുകൂടി വാസന്തി പറഞ്ഞു. പാവം! രാധടീച്ചറെങ്ങാനും അതു കേട്ടെങ്കിൽ കരഞ്ഞു കരഞ്ഞു മരിക്കും.
- വേണു:
- (അസ്വസ്ഥതയോടെ) മതി, മതി, ആമെങ്കിലും എന്തെങ്കിലും പറയട്ടെ. നമുക്കെന്തു് രാധടീച്ചർ സ്കൂളിൽ നിന്നു രാജിവെച്ചതെന്തിനെന്തു നിനക്കറിയാമോ?
- ഗീത:
- അതും വാസന്തി പറയുന്നതു കേട്ടു. ഇനി ജോലി ചെയ്യാൻ ഇഷ്ടമില്ലത്രേ.
- വേണു:
- ഉം… ശരി.
- ഗീത:
- ഞാനിന്നൊന്നു ടീച്ചറെ പോയി കണ്ടാലോ?
- വേണു:
- അച്ഛനോടു പറഞ്ഞതു മറന്നോ?
- ഗീത:
- നേരുതന്നെ. എന്തിനാ, വേണ്വേട്ടാ അച്ഛനങ്ങനെ പറഞ്ഞതു്?
- വേണു:
- അച്ഛനോടു ചോദിക്കണം.
- ഗീത:
- വേണുവേട്ടൻ പോയിരുന്നോ രാധടീച്ചറുടെ വീട്ടിൽ? (വേണു മിണ്ടുന്നില്ല.) പറയൂ വേണ്വേട്ടാ, പോയിരുന്നോ?
വേണു അകലെ നോക്കി നെടുവീർപ്പിടുന്നു. പെട്ടെന്നു കൃഷ്ണക്കുറുപ്പു് കടന്നുവരുന്നു. ഭീകരമായ മുഖഭാവം. വേണുവിനെ ദഹിപ്പിക്കാൻ തക്കവണ്ണമാണു് നോക്കുന്നതു്. ഗീത അച്ഛനെ കണ്ടു ഭയന്നു് ഒരു കോണിലേക്കു മാറിനിൽക്കുന്നു. വേണു ഒന്നും മിണ്ടുന്നില്ല.
- കൃഷ്ണക്കുറുപ്പു്:
- (അലറുന്നു.) എടാ! (വേണു അക്ഷോഭ്യനായി തിരിഞ്ഞുനോക്കുന്നു.) എന്തെടാ നിനക്കു രോഗം?
- വേണു:
- ഒന്നുമില്ല.
- കൃഷ്ണക്കുറുപ്പു്:
- പിന്നെ നീയെന്തിനാ ഇങ്ങനെ താടിനീട്ടുന്നതു്? ശബരിമലയ്ക്കു പോകുന്നുണ്ടോ? (വേണു മിണ്ടുന്നില്ല; മുഖം കുനിക്കുന്നു.) എന്തെടാ മിണ്ടാത്തതു് നിന്റെ അച്ഛന്റെ സംവത്സരദീക്ഷ്യാണോ? നീ പറഞ്ഞാൽ പഠിക്കില്ല അല്ലേ?
- വേണു:
- ഞാനെന്താണച്ഛാ വേണ്ടതു്?
- കൃഷ്ണക്കുറുപ്പു്:
- നീയെന്താ വേണ്ടതെന്നോ? നിനക്കു ഭ്രാന്തുണ്ടെടാ, (അല്പം ശാന്തനായിട്ടു്) നീയൊരു മനുഷ്യനെപ്പോലെ നടക്കു്, നാളെ നിന്റെ വിവാഹം നിശ്ചയിക്കാൻ പൂവ്വാണു്. നമ്മുടെ അപ്പുമേനോനില്ലേ, സ്കൂൾ മാനേജർ, അദ്ദേഹത്തിന്റെ മകളെ. നല്ല തറവാട്ടുകാരാണു്. സ്ഥിതിയും തരക്കേടില്ല നമ്മൾക്കു യോജിക്കും. (വേണു രൂക്ഷമായി അച്ഛനെ നോക്കുന്നു.) ഇനി നിന്റെ ഈ പ്രാകൃതസ്വഭാവവും മറ്റും ഉപേക്ഷിക്കണം.
- വേണു:
- അച്ഛാ, എനിക്കിപ്പഴ് വിവാഹം വേണ്ടാ.
- കൃഷ്ണക്കുറുപ്പു്:
- നീ സന്യസിക്കാൻ ഭാവമുണ്ടോ?
- വേണു:
- എനിക്കാവശ്യമുള്ളപ്പോൾ ഞാൻ പറയം.
- കൃഷ്ണക്കുറുപ്പു്:
- സുക്ഷിച്ചോ! നീയെന്നെ ശുണ്ഠി പിടിച്ചിക്കരുതു്. നീ കരുതി സംസാരിക്കണം.
- വേണു:
- അച്ഛാ, എനിക്കെന്തായാലും ഇപ്പഴ് വിവാഹം വേണ്ടാ.
- കൃഷ്ണക്കുറുപ്പു്:
- (മുൻപോട്ടു് പാഞ്ഞുവന്നു്) എന്തെടാ, നീപറഞ്ഞതു്? നിനക്കു വിവാഹം വേണ്ടേ? നീയിങ്ങനെ തെമ്മാടിയായിട്ടുതന്നെ നടക്കാൻ തീരുമാനിച്ചോ?
- വേണു:
- ഞാനൊരു തെമ്മാടിത്തവും കാണിക്കുന്നില്ല.
- കൃഷ്ണക്കുറുപ്പു്:
- ഇല്ലേ, (അടുത്തു ചെല്ലുന്നു) ഇല്ലെടാ, ഇല്ലേ? എന്റെ ജീവനുള്ള കാലത്തു നീയതു് വിചാരിക്കേണ്ട. നിന്റെ ഇഷ്ടം പോലെ നടക്കാൻ ഞാൻ സമ്മതിക്കില്ല. (കീശയിൽനിന്നു ഒരു കടലാസെടുത്തു നീട്ടുന്നു. നീട്ടുന്ന കൈ വിറയ്ക്കുന്നു.) നോക്കെടാ… അതു വായിച്ചുനോക്കു്. എന്താ അതിലെഴുതിയിരിക്കുന്നതു്?
വേണു കടലാസു വാങ്ങി പതുക്കെ കണ്ണോടിക്കുന്നു.
- കൃഷ്ണക്കുറുപ്പു്:
- എന്താ അതിലെഴുതിയതു്? അതുറക്കെ വായിക്കാൻ നിനക്കു ലജ്ജയുണ്ടു് അല്ലേ? (തട്ടിപ്പറിച്ചെടുക്കുന്നു. കിടുകിടെ വിറച്ചുകൊണ്ടു് വായിക്കുന്നു) നിങ്ങളുടെ… മകൻ… ഇപ്പോഴും… അവളുടെ… പിന്നാലെ… നടക്കുന്നു, സുക്ഷിക്കണം. (വായന കഴിഞ്ഞു വേണുവിനെ ഉഗ്രമായി നോക്കുന്നു.) ഇതെന്തെടാ ഇതിലെഴുതിയതു്?
- വേണു:
- ഞാനറിയില്ല.
- കൃഷ്ണക്കുറുപ്പു്:
- നീയറിയില്ലേ?
- വേണു:
- (അല്പം നീരസത്തോടെ) ആരെങ്കിലും എന്തെങ്കിലും എഴുതിയതു് ഞാനെങ്ങനെ അറിയും?
- കൃഷ്ണക്കുറുപ്പു്:
- എടാ, ഞാനെന്താണു് നിന്നോടു് പറഞ്ഞതു്?
- വേണു:
- അച്ഛനെന്താണു് പറഞ്ഞതു്.
- കൃഷ്ണക്കുറുപ്പു്:
- എടാ, നിന്നോടു ഞാനാ വീട്ടിൽ പോകരുതെന്നു പറഞ്ഞില്ലേ? അവളുടെ പിന്നാലെ നടക്കരുതെന്നു പറഞ്ഞില്ലേ? ഞാൻ ജീവിച്ചിരിക്കുമ്പോൾ നിനക്കവളെ വിവാഹം കഴിക്കാൻ സാധിക്കില്ല. (വേണു അച്ഛനെ ഉഗ്രമായി നോക്കുന്നു.) തീർച്ച, നിനക്കു സാധിക്കില്ല; ആ തേവിടിശ്ശിയെ വിവാഹം കഴിക്കാൻ നിനക്കു സാധിക്കില്ല
- വേണു:
- അച്ഛൻ എന്നെ കുറ്റം പറഞ്ഞോളൂ. മറ്റുള്ളവരെ വെറുതെ ശകാരിക്കരുതു്.
- കൃഷ്ണക്കുറുപ്പു്:
- എന്താ ശകാരിച്ചാൽ? (പാഞ്ഞടുത്തു ചെല്ലുന്നു) എടാ ഇവിടെ നോക്കു്. (വേണു നോക്കുന്നു.) നിന്റ വിവാഹം നാളെ നിശ്ചയിക്കും.
- വേണു:
- എനിക്കു വേണ്ടാ.
- കൃഷ്ണക്കുറുപ്പു്:
- നീയെന്നെ അനുസരിക്കില്ലേ?
- വേണു:
- (ഉശിരോടെ) ഇക്കാര്യത്തിൽ അനുസരിക്കില്ല.
- കൃഷ്ണക്കുറുപ്പു്:
- നീയെന്തു പറഞ്ഞു. (പതുക്കെ അടുക്കുന്നു, കണ്ണിൽ നിന്നു് തീ പറക്കുന്നു.) എന്താ പറഞ്ഞതു്? ഒരിക്കൽക്കുടി ആലോചിച്ചു പറ. (വീണ്ടും അടുക്കുന്നു) നീ അനുസരിക്കില്ലേ?
- വേണു:
- ഇല്ല.
- കൃഷ്ണക്കുറുപ്പു്:
- (വേണുവിന്റെ പിരടിക്കു് അടിക്കുന്നു) നീയെന്നെ അനുസരിക്കില്ലേ? (വീണ്ടും കൈയോങ്ങുന്നു.)
കോണിൽ പതുങ്ങിനിന്നിരുന്ന ഗീത ഓടിവരുന്നു.
- ഗീത:
- (കരഞ്ഞുകൊണ്ടു്) അച്ഛാ, അച്ഛാ!
- കൃഷ്ണക്കുറുപ്പു്:
- ഫോ.
- ഗീത:
- (അച്ഛന്റെ കൈക്കു കടന്നുപിടിച്ചു്) അയ്യോ, വേണുവേട്ടനെ തല്ലരുതച്ഛാ, അയ്യോ. (കരയുന്നു.)
- കൃഷ്ണക്കുറുപ്പു്:
- (കൈ കുടയുന്നു) എവിടന്നു കടന്നുവന്നു അശ്രീകരം! നിന്നോടാണു് പൂവ്വാൻ പറഞ്ഞതു്.
- ഗീത:
- അയ്യോ, വേണ്ടച്ഛാ, വേണ്ട!
- കൃഷ്ണക്കുറുപ്പു്:
- (ഗീത കൈ പിടിക്കുന്ന ഭാഗത്തേക്കു നീങ്ങിപ്പോകുന്നു. കോപം അല്പം ശമിക്കുന്നു.) എന്നെ നീ അനുസരിക്കില്ല, അല്ലേ? തീറ്റിപ്പോറ്റി ആളാക്കീട്ടു് നിനക്കു് എന്റെ മുഖത്തു നോക്കി അതു പറയാൻ തോന്നിയില്ലേ? (വീണ്ടും കോപം വർധിക്കുന്നു. തല്ലാൻ വേണ്ടി മുൻപോട്ടു നീങ്ങുന്നു.)
- ഗീത:
- (കരഞ്ഞുകൊണ്ടു്) വേണ്ടച്ഛാ. അയ്യോ… എനിക്കതു കാണാൻ വയ്യ.
- കൃഷ്ണക്കുറുപ്പു്:
- നിന്നോടല്ലേ കടന്നുപോകാൻ പറഞ്ഞതു്.
ഗീത അച്ഛന്റെ കൈ മുറുക്കിപ്പിടിച്ചു് വിറയ്ക്കുന്നു; കരയുന്നു.
- കൃഷ്ണക്കുറുപ്പു്:
- (തലയും താഴ്ത്തി ഒരു സ്ഥലത്തു് ഇരിക്കുന്നു. അല്പനേരം ആലോചിക്കുന്നു. വീണ്ടും എണീക്കുന്നു.) എടാ ഇന്നു മുതല്ക്കു നിനക്കീ വീട്ടിൽ സ്ഥാനമില്ല;
- വേണു:
- വേണ്ടാ.
- കൃഷ്ണക്കുറുപ്പു്:
- നീയെന്റെ മകനല്ല അനുസരണമില്ലാത്ത മക്കൾ എനിക്കു വേണ്ടാ. ഞാൻ സമ്പാദിച്ച സ്വത്തിൽ ഒരു കാശു നിനക്കു കിട്ടില്ല.
- വേണു:
- എനിക്കു വേണ്ടച്ഛാ.
- കൃഷ്ണക്കുറുപ്പു്:
- എടാ, നീ നിന്നു പ്രസംഗിക്കുന്നോ? നിന്നോടല്ലേ നിനക്കീവീട്ടിൽ സ്ഥാനമില്ലെന്നു പറഞ്ഞതു്? ഫോ, കടന്നു്!
- ഗീത:
- അയ്യോ, അച്ഛാ.
- കൃഷ്ണക്കുറുപ്പു്:
- മിണ്ടരുതു്. പോടാ ഫോ, കടന്നു്. (ഓടിച്ചെന്നു കഴുത്തുപിടിച്ചു പുറത്താക്കുന്നു. പോകുമ്പോൾ വേണുവിന്റെ പുസ്തകം താഴെ വീഴുന്നു. കൃഷ്ണക്കുറുപ്പു് അതെടുക്കുന്നു) വായിച്ചു വായിച്ചു മൃഗം പോലെയായി (പുസ്തകം വലിച്ചെറിയുന്നു. ദേഷ്യം സഹിക്കാതെ അങ്ങട്ടുമിങ്ങട്ടും ചാടി നടക്കുന്നു.) തുലയട്ടെ… സകലതും തുലയട്ടെ…
—യവനിക—