റേഡിയോവിൽ നല്ലൊരു സംഗീതം കേൾക്കുന്നു. ഭാരതി അതു കേട്ടുകൊണ്ടു് വരുന്നു. ഓഫാക്കി ഒരു സ്ഥലത്തു ചെന്നിരിക്കുന്നു. ദുഃഖിതയാണു്. അകത്തുനിന്നു മുത്തച്ഛന്റെ പാട്ടും ചിരിയും കേൾക്കുന്നു. കുട്ടിയെ കളിപ്പിക്കുകയാണു്.‘വെണ്ണ കട്ടുണ്ണുന്ന കുഞ്ഞിക്കള്ളൻമുത്തച്ഛൻ മതിമറന്നു പൊട്ടിച്ചിരിക്കുന്നു.
കണ്ണനാമുണ്ണി ചിരിച്ചു വായോ
പീലിത്തിരുമുടി ചാർത്തിയോൻ പിച്ചക-
മാലയണിഞ്ഞവനോടിവായോ
എന്റെമോനെന്റെമോൻ ചാടിവായോ
മുത്തച്ഛനെപ്പോഴും മുത്തം തായോ.’
- ശാന്ത:
- (വാതില്ക്കൽ വന്നുനിന്നു വിളിക്കുന്നു) ഏട്ടത്തീ, ഇതേ, ഇതു നോക്കൂ… (ഭാരതി തല പൊക്കിനോക്കുന്നു, മുൻപോട്ടുവന്നു്.) മുത്തച്ഛന്റെ പാട്ടു കേട്ടു കുഞ്ഞിമോൻ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു. മുത്തച്ഛനു മോനെന്നു വെച്ചാൽ കഴിഞ്ഞു; അതുപോലെ മോനും. (ഭാരതി ശ്രദ്ധിക്കുകയല്ലാതെ ഒന്നും മിണ്ടുന്നില്ല.) അവരു തമ്മിലുള്ള കളി കണ്ടാൽ അതുതന്നെ നോക്കി നില്ക്കാൻ തോന്നും. (ഭാരതി ശ്രദ്ധിക്കുകയല്ലാതെ ഒന്നും പറയുന്നില്ല.) മുത്തച്ഛന്റെ സുഖക്കോടായിരുന്നു നമ്മുടെ വലിയ നിർഭാഗ്യം. ഈശ്വരകാരുണ്യംകൊണ്ടു് അതു സുഖമായി.
- ഭാരതി:
- (ഒട്ടും വികാരമില്ലാതെ) അതോടെ പുതിയ നിർഭാഗ്യം തുടങ്ങുകയും ചെയ്തു.
- ശാന്ത:
- അതൊന്നും സാരോല്ലട്ടത്തീ.
- ഭാരതി:
- എന്നു നീ പറയും. ഇനി വന്നു കേറിയാൽ എന്തൊക്കെ ബഹളാണെന്നാരു കണ്ടു?
- ശാന്ത:
- പോയതിൽ പിന്നെ വിശ്വേട്ടന്റെ കത്തുണ്ടായിരുന്നില്ലേ?
- ഭാരതി:
- ഇല്ല. കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്കു നാലു തവണ പണത്തിനെഴുതി. മറ്റൊരക്ഷരം എഴുതാറില്ല. മോന്റെ സുഖവിവരംപോലും അന്വേഷിക്കാറില്ല.
- ശാന്ത:
- ഒരുപക്ഷേ, മനസ്സൊക്കെ മാറീട്ടാവും തിരിച്ചുവരുന്നതു്.
- ഭാരതി:
- അത്രമാതം സുകൃതം ഞാൻ ചെയ്തിട്ടില്ല. എന്തൊക്കെ ഞാനനുഭവിച്ചു? ഇനി എന്തൊക്കെ അനുഭവിക്കണമെന്നാരുകണ്ടു? ഇതിനൊക്കെ വല്ല അടിസ്ഥാനവുമുണ്ടോ? ഉണ്ടെങ്കിൽ വേണ്ടില്ലായിരുന്നു… എന്റെ തലയിലെഴുത്തു്!
- ശാന്ത:
- ഇപ്പോൾ വിശ്വേട്ടന്റെ തെറ്റിദ്ധാരണകളൊക്കെ മാറീട്ടുണ്ടാവും.
- ഭാരതി:
- മദിരാശിയിൽ പോകാഞ്ഞതുകൊണ്ടാ തെറ്റിദ്ധാരണ മാറാഞ്ഞതു്? അതല്ല, തെറ്റിദ്ധാരണ മാറ്റാൻ മദിരാശിയിൽ വല്ല ഔഷധവുമുണ്ടോ?
- ശാന്ത:
- വിശ്വേട്ടൻ പുതിയ മനുഷ്യനായിട്ടാവും തിരിച്ചുവരുന്നതു്, തീർച്ച.
- ഭാരതി:
- ഇനി ആരായിട്ടും കാര്യമില്ല. ഈ വീട്ടിലെ സമാധാനം തകർന്നുപോയി ശാന്തേ. ഇനി പഴയ മട്ടിലാവില്ല.
- ശാന്ത:
- അങ്ങനെ വിചാരിക്കരുതു്. കുടുംബകലഹം ബലൂൺ പോലാണു്. ആരെങ്കിലും ഊതാനില്ലെങ്കിൽ അതു വീർക്കില്ല.
അകത്തുനിന്നു ലക്ഷ്മിക്കുട്ടിയമ്മ ഉറക്കെ നാമം ജപിച്ചുകൊണ്ടു് വരുന്നു. കുളി കഴിഞ്ഞു് ഈറൻമുടി പിന്നിൽ ഞാത്തിയിട്ടിരിക്കയാണു്. നെറ്റിയിൽ ചന്ദനം കൊണ്ടു വരക്കുറി ഇട്ടിരിക്കുന്നു.
- ലക്ഷ്മിക്കുട്ടിയമ്മ:
- കൃഷ്ണ കൃഷ്ണാ, ഭഗവാനേ, ഗുരുവായൂരപ്പാ, വലയ്ക്കല്ലേ! (നെടുവീർപ്പു്) എന്തുണ്ടായിട്ടെന്താ (ഭാരതിയുടെയും ശാന്തയുടെയും അടുത്തെത്തുന്നു.) പണം കൊടുത്താൽ വാങ്ങാൻ കിട്ടുന്നതല്ലല്ലോ സന്തോഷം. (ഒരിടത്തിരിക്കുന്നു.)
- ശാന്ത:
- പണമുണ്ടെങ്കിൽ സന്തോഷം പറന്നുവരും, അമ്മേ.
- ലക്ഷ്മിക്കുട്ടിയമ്മ:
- പതിനായിരംതന്നെ തരാം. വീട്ടിലുള്ളവരെ മുഴുവൻ വേണ്ടാ, ഈ ഭാരതിയെ നീയൊന്നു ചിരിപ്പിക്കൂ.
- ശാന്ത:
- നേരായിട്ടും തെര്വോ, അമ്മേ?
- ലക്ഷ്മിക്കുട്ടിയമ്മ:
- തരും.
- ശാന്ത:
- പതിനായിരം ഉറുപ്പിക.
- ലക്ഷ്മിക്കുട്ടിയമ്മ:
- അതേ.
- ശാന്ത:
- ഇതു കേട്ടോ, ഭാരതിയേട്ടത്തീ. ഒരു ചിരിക്കു പതിനായിരമാണു് കിട്ടാൻ പോകുന്നതു്. എന്തു പറയുന്നു?
- ഭാരതി:
- നിലവാരം കൂടിപ്പോയി ശാന്തേ.
- ശാന്ത:
- ഭാരതിയേട്ടത്തി എന്തു വിചാരിക്കുന്നു? ഒന്നു ചിരിച്ചൂടെ?
- ഭാരതി:
- നീ ചിരിച്ചുകൊടുക്കൂ, എനിക്കുവേണ്ടി.
- ശാന്ത:
- എന്റെ ചിരിക്കു വിലയില്ലല്ലോ.
- ഭാരതി:
- കുറച്ചുദിവസം തനിച്ചിരുന്നു കരഞ്ഞോളൂ; എന്നാൽ നിന്റെ ചിരിക്കും വില കൂടും. ഒരുകാലത്തു് കൂടുതൽ ചിരിച്ചതിനു് ഈ അമ്മയെന്നെ ശാസിച്ചിട്ടുണ്ടു്.
- ശാന്ത:
- അമ്മതന്നെയാണിന്നു ഭാരതിയേടത്തിയുടെ ചിരിക്കു വില പറയുന്നതും.
- ഭാരതി:
- (നെടുവീർപ്പു്) അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം.
- ലക്ഷ്മിക്കുട്ടിയമ്മ:
- വലിയ വ്യത്യാസം വന്നുപോയി മക്കളേ. ഇതൊക്കെ മനുഷ്യനുണ്ടാക്കിത്തീർത്ത വ്യത്യാസമാണു്.
മുത്തച്ഛൻ വാതില്ക്കൽ പ്രത്യക്ഷപ്പെടുന്നു. പഴയ പ്രാകൃതവേഷമല്ല. തലമുടി ക്രോപ്പ് ചെയ്തു് ഒതുക്കിയിരിക്കുന്നു. വെളുത്ത മുണ്ടും ഷർട്ടുമാണു് ധരിച്ചിട്ടുള്ളതു്. വാതില്ക്കൽനിന്നു വിളിക്കുന്നു.
- മുത്തച്ഛൻ:
- ലക്ഷ്മിക്കുട്ടീ!
- ലക്ഷ്മിക്കുട്ടിയമ്മ:
- (എഴുന്നേറ്റു്) എന്താച്ഛാ?
- മുത്തച്ഛൻ:
- (അല്പം മുൻപോട്ടുവന്നു്) മോന്റെ വയറു് ഒട്ടിക്കിടക്കുന്നു. അവനിത്തിരി പാലു കൊടുക്കൂ.
- ലക്ഷ്മിക്കുട്ടിയമ്മ:
- അവനു് അല്പം മുൻപു് ഞാനല്ലേ പാലു കൊടുത്തതു്. വിശക്കാറായിട്ടില്ല; വിശന്നാലവൻ ഇങ്ങനെ അടങ്ങിക്കിടക്ക്വോ?
- മുത്തച്ഛൻ:
- അതു ശരിയാ.
- ലക്ഷ്മിക്കുട്ടിയമ്മ:
- അല്പംകൂടി കഴിയട്ടെ, അച്ഛാ. ഇല്ലെങ്കിലവന്റെ വയറു കേടുവരും.
- മുത്തച്ഛൻ:
- അല്പം കഴിഞ്ഞിട്ടു് കൊടുത്താൽമതി (തിരിച്ചു പോകുന്നു. അകത്തു ചെന്നാൽ അല്പനേരം പാട്ടും ചിരിയും കേൾക്കണം.)
ശങ്കുണ്ണി തപാലുംകൊണ്ടുവരുന്നു. ഏതാനും ദിനപത്രങ്ങൾ, കവറുകൾ എന്നിവയൊക്കെ മേശപ്പുറത്തുവെച്ചു് അകത്തേക്കു കടന്നുപോകുന്നു.
- ലക്ഷ്മിക്കുട്ടിയമ്മ:
- ശങ്കുണ്ണീ, അലമാറയിൽ ബിസ്ക്കറ്റുണ്ടു്. രണ്ടെണ്ണം എടുത്തു് അച്ഛന്റെ കയ്യിൽ കൊടുക്കൂ. ഇത്തിരിശ്ശ പൊടിച്ചുകൊടുക്കട്ടെ മോനു്.
- ശാന്ത:
- (തപാൽ പരിശോധിക്കുന്നു) ഇതാമ്മേ, ജയന്റെ കത്തു്. (ലക്ഷ്മിക്കുട്ടി വലിയ താത്പര്യം പ്രദർശിപ്പിക്കുന്നില്ല.) അമ്മയ്ക്കാണു്. (മേൽവിലാസം വായിക്കുന്നു.) ‘ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ ആനന്ദസദനം.’
- ലക്ഷ്മിക്കുട്ടിയമ്മ:
- ആനന്ദസദനം! എന്തൊരു പേരു്.
- ശാന്ത:
- (കത്തു പൊട്ടിക്കാൻ ശ്രമിച്ചുകൊണ്ടു്) ഞാൻ വായിക്കട്ടേ അമ്മേ?
- ലക്ഷ്മിക്കുട്ടിയമ്മ:
- വരട്ടേ.
- ശാന്ത:
- അമ്മ കണ്ണട വെച്ചിട്ടില്ലല്ലോ. ഞാൻ വായിക്കാം.
- ലക്ഷ്മിക്കുട്ടിയമ്മ:
- വരട്ടേന്നു്.
- ശാന്ത:
- അമ്മയ്ക്കെന്താണൊരു പരിഭ്രമം?
- ലക്ഷ്മിക്കുട്ടിയമ്മ:
- കത്തുപൊട്ടിക്കണ്ടാന്നു്.
- ശാന്ത:
- പൊട്ടിക്കാതെ വായിക്കാൻ പറ്റ്വോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- വായിക്കണ്ടാന്നു്.
- ശാന്ത:
- അമ്മ കാര്യായിട്ടാണോ പറയുന്നതു്?
- ലക്ഷ്മിക്കുട്ടിയമ്മ:
- എനിക്കു വന്ന കത്തല്ലേ, ഞാനതു സൗകര്യംപോലെ വായിച്ചോളാം. ഇങ്ങു തരൂ.
- ശാന്ത:
- ജയന്റെ വിവരമറിയാൻ എനിക്കും താല്പര്യമുണ്ടാവില്ലേ. അമ്മേ, ഞാൻ വായിച്ചാലെന്താ?
- ലക്ഷ്മിക്കുട്ടിയമ്മ:
- (അസ്വസ്ഥതയോടെ.) നിങ്ങളെല്ലാവരുംകൂടി എന്നെ ഭ്രാന്തു പിടിപ്പിക്കും.
- ശാന്ത:
- ഇതു നല്ല പുതുമ!
- ലക്ഷ്മിക്കുട്ടിയമ്മ:
- എനിക്കവന്റെ കത്തു വായിച്ചു കേൾക്കണ്ടാ. വിവരവും അറിയണ്ടാ.
- ശാന്ത:
- അമ്മേ!
- ലക്ഷ്മിക്കുട്ടിയമ്മ:
- എല്ലാംകൊണ്ടും ശല്യം, കുട്ടത്തിൽ അവന്റെ വക വേറെയും. എനിക്കറിയാം, ആ കത്തിലെത്താണെന്നു് (വേദനയും ശുണ്ഠിയും കലർന്ന സ്വരത്തിൽ.) അവന്റെ വിവാഹത്തിന്റെ കഥയൊക്കെ വിസ്തരിച്ചെഴുതീട്ടുണ്ടാവും. എനിക്കതു കേൾക്കാനുള്ള ശക്തിയില്ല.
- ശാന്ത:
- ഇതെന്തു ഭീരുത്വമാണമ്മേ? ഭാര്യേം കൂട്ടി ഇന്നല്ലെങ്കിൽ നാളെ ജയനിവിടെ വരില്ലേ? അപ്പോൾ അമ്മ വേണ്ടേ അവരെ സ്വീകരിക്കാൻ?
- ലക്ഷ്മിക്കുട്ടിയമ്മ:
- ഓ! സ്വീകരിക്കും. പടിക്കേന്നു പടിഞ്ഞാറ്റിയോളം പരവതാനി വിരിച്ചു് അമ്മ സ്വീകരിക്കും. അതും കൊതിച്ചിങ്ങു വരട്ടെ.
- ശാന്ത:
- എന്തായാലും ഇതൊന്നു വായിക്കണം. (കത്തു പൊട്ടിക്കുന്നു.) അമ്മേ കേട്ടോളൂ. (ലക്ഷ്മിക്കുട്ടിയമ്മ അല്പം ശുണ്ഠിയോടെ അകത്തേക്കു പോകുന്നു. അതു ശ്രദ്ധിക്കാതെ വായന തുടരുന്നു.)
പ്രിയപ്പെട്ട അമ്മേ,
എന്റെ യാത്രയുടെ അവസാനമായി മദിരാശിയിൽനിന്നു വെള്ളിയാഴ്ച മെയിലിനു ഞാൻ നാട്ടിലേക്കു മടങ്ങും. ശനിയാഴ്ച ഉച്ചയ്ക്കു് നമുക്കൊരുമിച്ചവിടെ ഊണു കഴിക്കാം.// ഞാനമ്മയ്ക്കു് ഒരു മകളേയും കൊണ്ടുവരുന്നുണ്ടു്. അല്പദിവസം അമ്മയും മകളും കൂടിയുള്ള കൂടിക്കാഴ്ച രസകരമായിരിക്കും. (തലപൊക്കിനോക്കുന്നു. അമ്മയെ കാണാഞ്ഞു ഭാരതിയോടു ചോദിക്കുന്നു.) അല്ലാ, അമ്മ പോയോ?
- ഭാരതി:
- പോയി. മുഴുവനും വായിക്കൂ, കേൾക്കട്ടെ.
- ശാന്ത:
അമ്മയ്ക്കും മകൾക്കും അന്യോന്യം ഭാഷ മനസ്സിലാവില്ല രണ്ടാളും കഥകളി മട്ടിൽത്തന്നെ കുറച്ചുദിവസം ആശയവിനിമയം നടത്തേണ്ടിവരും. എന്റെ ഭാര്യയെന്നു പറയുന്നവളെ ഞാൻ കുറേശ്ശ കഥകളിമുദ്ര പഠിപ്പിക്കുന്നുണ്ടു്. തീവണ്ടിയിൽ ഞങ്ങളോടൊപ്പം യാത്രചെയ്യുന്നവർക്കു് അതു നേരമ്പോക്കിനൊരു നല്ല വകയാണു്.
ഞാനവളെ മലയാളത്തിൽ രണ്ടു വാക്കു പഠിപ്പിച്ചു. എന്തെന്നല്ലേ? ‘അമ്മേ നമസ്കാരം’ എന്നു്. ആദ്യം കാണുമ്പോൾ അതാണല്ലോ അവളമ്മയോടു പറയേണ്ടതു്. മണ്ടശ്ശിരോമണിയാണു്. അവിടെ എത്തുമ്പോഴേയ്ക്കതു മറക്കുമോ. എന്തോ, ഇപ്പോൾ അവളതു പറഞ്ഞുകേൾക്കാൻ നല്ല രസമുണ്ടു്. ഭാരതിയേട്ടത്തിയോടും ശാന്തയോടും ചിരിക്കരുതെന്നു പ്രത്യകം പറഞ്ഞേല്പിക്കണേ! അവൾ പാവമാണമ്മേ. അന്ധാളിച്ചുപോകും.
ഇന്ത്യ മുഴുവൻ ഒരു കുടുംബമാണെന്ന വിശ്വാസത്തോടെ ഏറ്റവും നല്ലൊരു മകനായിട്ടാണമ്മേ ഞാൻ തിരിച്ചുവരുന്നതു്. ഈ മഹാരാജ്യം വലിയൊരു കുടുംബമാണെന്ന വിശ്വാസത്തോടെ. അമ്മയ്ക്കു മനസ്സിലാവുന്നുണ്ടോ? ഇല്ലെങ്കിൽ അമ്മയ്ക്കുവേണ്ടി കൊണ്ടുവരുന്ന ഈ മകളതു മനസ്സിലാക്കിത്തരും. ശനിയാഴ്ച ഉച്ചയ്ക്കു് എല്ലാവരേയും കാണാനും ഒരുമിച്ചിരുന്നുണ്ണാനും ഞാൻ ബദ്ധപ്പെടുകയാണു്. നിർത്തട്ടെ. ബാക്കി വിവരങ്ങളൊക്കെ അവിടെ എത്തീട്ടു പറയാം.
എന്നു, സ്നേഹമുള്ള മകൻ, ജയൻ.
- ഭാരതി:
- നമ്മുടെ കുടുംബകാര്യങ്ങൾ നന്നാവാൻ തന്നെയാണു് ഭാവം.
- ശാന്ത:
- ഇതിലൊന്നും ഒരു നന്മകേടും ഞാൻ കാണുന്നില്ല. (പിന്നേയും കത്തുകൾ തിരയുന്നു. കൂട്ടത്തിൽ ഒന്നെടുത്തു് ഭാരതിയുടെ നേർക്കു നീട്ടുന്നു.) ഇതേട്ടത്തിക്കാണു്.
- ഭാരതി:
- (അല്പമൊരു ഞെട്ടലോടെ) എനിക്കോ?.
- ശാന്ത:
- കത്തുണ്ടെന്നു പറയുമ്പോൾ ഇന്നെന്താ ഇവിടെ എല്ലാവർക്കും പരിഭ്രമം (ഭാരതി കത്തു വാങ്ങുന്നു, പൊട്ടിച്ചു വായിക്കുന്നു) വിശ്വേട്ടന്റെ കത്താണോ? എന്താ വിശേഷം?
- ഭാരതി:
- ഒരു വാചകം മാത്രം. ഇന്നു മെയിലിന്നു് ഇവിടെ എത്തുമെന്നു്.
- ശാന്ത:
- മെയിൽ വരാറായല്ലോ.
- ഭാരതി:
- (വാച്ചു നോക്കി) സമയം പതിനൊന്നു കഴിഞ്ഞു് അഞ്ചു മിനിട്ടായി.
- ശാന്ത:
- പതിനൊന്നരയ്ക്കാണു് മെയിൽ വരേണ്ടതു്. ഏട്ടത്തി ഒന്നു പോയിനോക്കുന്നോ?
- ഭാരതി:
- ഡ്രൈവറെ വിളിച്ചു് സ്റ്റേഷനിലേക്കു കാറയയ്ക്കാം.
- ശാന്ത:
- വേണ്ടേട്ടത്തി, ഏട്ടത്തിതന്നെ ചെല്ലൂ. സ്റ്റേഷനിലേക്കു് ഒരു അഞ്ചു മിനുട്ടു ഡ്രൈവല്ലേ ഉള്ളു. വിശ്വേട്ടനു് അതൊക്കെ വലിയ കാര്യമാണു്. ചെന്നില്ലെൽ തെറ്റിദ്ധരിച്ചെന്നുവരും.
- ഭാരതി:
- (എഴുന്നേല്ക്കുന്നു) ശരിയാണു്. എളുപ്പത്തിൽ തെറ്റിദ്ധരിക്കും.
- ശാന്ത:
- വേഗത്തിൽ കാറെടുത്തു ചെല്ലൂ. താമസിക്കണ്ടാ.
ഭാരതി പോകുന്നു. ശാന്ത വീണ്ടും കത്തുകൾ പരിശോധിക്കുന്നു. രാഘവൻ വരുന്നു.
- രാഘവൻ:
- തപാൽ വന്നോ?
- ശാന്ത:
- ഇതൊക്കെ ഇന്നലത്തേതാണച്ഛാ. ഇന്നലെ മെയിലൊരുപടി താമസിച്ചാണല്ലോ വന്നതു്. (രാഘവനുള്ള കത്തുകൾ ഓരോന്നോരോന്നായി എടുത്തുകൊടുക്കുന്നു.)
- രാഘവൻ:
- (കത്തു പൊട്ടിച്ചു് കണ്ണോടിച്ചു് മാറ്റിവെക്കുന്നു. കൂട്ടത്തിൽ ഒരു കത്തു വായിച്ച ഉടനേ വിളിക്കുന്നു.) ശങ്കുണ്ണീ… എടാ ശങ്കുണ്ണീ…) (ശങ്കുണ്ണി വിളികേട്ടുകൊണ്ടു് വരുന്നു.) എടാ, വൈകുന്നേരം നീയാ മോട്ടോർ വർക്ക്ഷാപ്പിലൊന്നു പോണം. അവിടത്തെ മേനേജരെ നിനക്കറിയാമോ?
- ശങ്കുണ്ണി:
- അറിയില്ല.
- രാഘവൻ:
- എടാ, മെലിഞ്ഞു നീണ്ടു കണ്ണട വെച്ചിട്ടൊരാൾ. നാരായണനെന്നാ പേരു്. അന്നിവിടെ വന്നു, നീ കണ്ടില്ലേ?
- ശങ്കുണ്ണി:
- (ഓർമിച്ചു്) എപ്പഴും ഒരു കാറും ഓടിച്ചു് ഇതിലെയൊക്കെ പോകാറുണ്ടു്.
- രാഘവൻ:
- അതേ, അദ്ദേഹംതന്നെ.
- ശങ്കുണ്ണി:
- ഇന്നാള്. പോലീസ്സുകാരൻ നില്ക്കുന്ന സ്ഥലത്തു വലിയൊരു കടയില്ലേ, കാറുകൊണ്ടുചെന്നു് അതിനിടിച്ചു.
- രാഘവൻ:
- ഇടി പോലീസ്സുകാരനു കൊണ്ടോ?
- ശങ്കുണ്ണി:
- ഇല്ല. പോലീസ്സുകാരൻ രക്ഷപ്പെട്ടു. (ശബ്ദം താഴ്ത്തി) കുടിച്ചിട്ടാണു് കാറോടിച്ചതെന്നു ജനങ്ങളൊക്കെ പറഞ്ഞു.
- രാഘവൻ:
- അതെന്തെങ്കിലുമാവട്ടെ. നീ മാനേജരെക്കണ്ടു് എന്റെ കാർ ശനിയാഴ്ച രാവിലെ തരാൻ പറയണം.
- ശാന്ത:
- അടുത്ത ബുധനാഴ്ച തരാമെന്നല്ലേ അയാൾ പറഞ്ഞതു്?
- രാഘവൻ:
- ഇതു പോരാ, മോളേ. ശനിയാഴ്ച ജയൻ വരും. അവനും ഭാര്യയ്ക്കും ഉപയോഗിക്കാനൊരു കാറു വേണ്ടേ? പുതിയതു കിട്ടുന്നതുവരെ എന്റെ കാറുപയോഗിച്ചോട്ടെ. (ശങ്കുണ്ണിയോടു്) കഴിയുമെങ്കിൽ വെള്ളിയാഴ്ച വൈകിട്ടു തന്നെ തരാൻ പറ. ഇല്ലെങ്കിൽ ശനിയാഴ്ച രാവിലെ പത്തു മണിക്കു്. (ശങ്കുണ്ണി തലകുലുക്കി സമ്മതിച്ചു പുറത്തേക്കു പോകാൻ തുടങ്ങുന്നു.) എടാ, ഇവിടെ വാ. (ശങ്കുണ്ണി തിരിച്ചുവരുന്നു.) വൈകിട്ടു പോകാനല്ലേ നിന്നോടു പറഞ്ഞതു്?
- ശങ്കുണ്ണി:
- അതേ.
- രാഘവൻ:
- പിന്നെ ഇപ്പത്തന്നെ എവിടേക്കാ ചാടിപ്പുറപ്പെട്ടതു്? (ശങ്കുണ്ണി അല്പം ഇളിഭ്യതയോടെ തല ചൊറിഞ്ഞു നില്ക്കുന്നു.) നിനക്കിപ്പഴിവിടെ വിശേഷിച്ചു് ജോലിയൊന്നുമില്ലല്ലോ?
- ശങ്കുണ്ണി:
- ഇല്ല.
- ശാന്ത:
- മുത്തച്ഛന്റെ രോഗം മാറിയതോടെ ശങ്കുണ്ണിക്കു തൊഴിലില്ലായ്മയും തുടങ്ങി.
- രാഘവൻ:
- ഇവൻ അരിവെപ്പിൽ വലിയ വിദഗ്ധനാണെന്നല്ലേ പറഞ്ഞതു്. ഇനി കുറേ അടുക്കളക്കാര്യം ശ്രദ്ധിക്കട്ടെ.
- ശങ്കുണ്ണി:
- (തലചൊറിഞ്ഞു് അല്പമൊരു പരുങ്ങലോടെ) എനിക്കു വേറൊരു കാര്യം പറയാനുണ്ടായിരുന്നു.
- രാഘവൻ:
- എന്താ കേൾക്കട്ടെ.
- ശങ്കുണ്ണി:
- ആ മാനേജരോടു പറഞ്ഞാൽ എന്നെ കാറോടിക്കാൻ പഠിപ്പിച്ചുതരും.
- രാഘവൻ:
- എന്നിട്ടു്?
- ശങ്കുണ്ണി:
- എന്നിട്ടു് ഡ്രൈവറാവണന്നുണ്ടു്.
- രാഘവൻ:
- എന്തിനാ, ജനപ്പെരുപ്പം തടയാനാണോ? എടാ, നീയും മറ്റും ഡ്രൈവറായാൽ ജനങ്ങൾ പിന്നെ റോഡിലിറങ്ങില്ല. പഠിച്ച ഡ്രൈവർമാരെക്കൊണ്ടുതന്നെ വേണ്ടത്ര നാശമുണ്ടു്. നീയുംകൂടി ചേർന്നതു പെരുപ്പിക്കണ്ടാ. നിനക്കു പറ്റിയ സ്ഥലം അടുക്കളയാണു്. അങ്ങോട്ടുതന്നെ പോയ്ക്കോളൂ. (ശങ്കുണ്ണി അകത്തേക്കു പോകുന്നു. വീണ്ടും കത്തുകൾ വായിക്കാൻ തുടങ്ങുന്നു. വായിക്കുന്നതിനിടയിൽ ശാന്തയോടു ചോദിക്കുന്നു.) ഇവിടെ ആരും ഈ റേഡിയേോ ഉപയോഗിക്കാറില്ല, ശാന്തേ?
- ശാന്ത:
- അതിവിടെ ഉള്ള കാര്യംതന്നെ പലരും മറന്നിരിക്കുന്നു.
- രാഘവൻ:
- (റേഡിയോവിന്റെ അടുത്തേക്കു നീങ്ങി) ഇപ്പോൾ ലളിതഗാനങ്ങളുടെ സമയമാണോ?
- ശാന്ത:
- അല്ലച്ഛാ, ഇപ്പോൾ തൊഴിലാളികൾക്കുവേണ്ടിയോ വിദ്യാർത്ഥികൾക്കുവേണ്ടിയോ ഉള്ള പരിപാടി വല്ലതുമായിതിക്കും. വല്ല പ്രഭാഷണവും കേൾക്കാം.
- രാഘവൻ:
- എനിക്കതാണു് വേണ്ടതു്. (റേഡിയോ ട്യൂൺ ചെയ്യുന്നു.) കലകളാസ്വദിക്കുന്ന കാര്യത്തിലും പ്രായത്തിനൊരു പങ്കുണ്ടല്ലോ. (റേഡിയോവിൽ പ്രഭാഷണത്തിന്റെ ഏതാനും അംശം കിട്ടുന്നു.) ‘പല ഭാഷ, പല ആചാരം, പല മതം, പല ജാതി, പലതരത്തിലുള്ള കാലാവസ്ഥ-ഇതെല്ലാമാണെങ്കിലും മഹത്തായ ഈ രാജ്യത്തിലെ ജനങ്ങളുടെ സാസ്കാരം ഒന്നാണു്. ആ സംസ്കാരം അവരെ കൂട്ടിയിണക്കുന്നു. ഭുമിശാസ്ത്രപരമായു് നോക്കിയാലും ഈ രാജ്യത്തിന്റെ നാനാഭാഗങ്ങളും ഏകോചിച്ചു നില്ക്കേണ്ടതാണെന്ന ന്യായത്തെ ബലപ്പെടുത്താൻ പോരുന്ന എത്രയോ തെളിവുകൾ നമുക്കു കണ്ടെത്താൻ കഴിയും. ഒന്നാമത്തെ തെളിവു്…’ (റേഡിയോവിൽ ചില പൊട്ടലും മൂളലും! പ്രക്ഷേപണം തടസ്സപ്പെടുന്നു. ആ പ്രഭാഷണത്തിന്റെ ബാക്കി ഭാഗവും കുടി കേൾക്കാനുള്ള മുഴുവൻ പ്രയത്നവും വിഫലമാവുന്നു. അതുമൂലമുണ്ടായ നിരാശയോടെ ശാന്തയോടു പറയുന്നു.) ഇവിടത്തെ അന്തരീക്ഷത്തിനു യോജിക്കാത്തതുകൊണ്ടാവും ആ പ്രസംഗം ഇടയിൽ തടയപ്പെട്ടുപോയതു്. ഐക്യത്തെപ്പറ്റിയാണല്ലോ പറഞ്ഞു കൊണ്ടിരുന്നതു്. മറ്റുള്ളവരുടെ ഉപദേശം കേൾക്കുന്നതുകൂടി ഇവിടെ നിഷിദ്ധമായിരിക്കാം- (തിരിച്ചുവന്നു പഴയ സ്ഥാനത്തിരിക്കുന്നു. അല്പം കഴിഞ്ഞു വിളിക്കുന്നു.) ശാന്തേ.
- ശാന്ത:
- അച്ഛാ.
- രാഘവൻ:
- ഞാനതു മറന്നു. പല ദിവസമായി നിന്നോടു ചോദിക്കണമെന്നു വിചാരിക്കുന്നു.
- ശാന്ത:
- എന്താണച്ഛാ?
- രാഘവൻ:
- ഇന്നു രണ്ടിലൊന്നു തീരുമാനിക്കണം. ഭാരതിയെക്കൂടി വിളിക്കൂ.
- ശാന്ത:
- ഭാരതിയേടത്തി സ്റ്റേഷനിൽ പോയിരിക്കുന്നു; വിശ്വേട്ടനിന്നു മെയിലിനു വരുന്നുണ്ടു്.
- രാഘവൻ:
- അതുവ്വോ? വിശ്വൻ വരുന്നതിനുമുൻപേ ഇക്കാര്യം പറഞ്ഞു തീരുമാനിക്കണമെന്നു വിചാരിച്ചതാണു്. സാരമില്ല… അല്ലെങ്കിൽ ഭാരതിയോടു ചോദിച്ചറിയാനൊന്നുമില്ല. അവളുടെ അഭിപ്രായം നേർത്തെ അറിഞ്ഞുകഴിഞ്ഞു… നീ പറയൂ… നിനക്കു ഭാഗം വേണോ?
- ശാന്ത:
- (ഒട്ടും അമ്പരപ്പില്ലാതെ) വേണ്ടച്ഛാ.
- രാഘവൻ:
- അച്ഛനെ സന്തോഷിപ്പിക്കാൻ മനഃസ്സാക്ഷിക്കെതിരായി പറയണ്ടാ. ആലോചിച്ചു പറഞ്ഞോളൂ.
- ശാന്ത:
- ഇക്കാര്യത്തിൽ എനിക്കൊന്നും ആലോചിക്കാനില്ല.
- രാഘവൻ:
- (അല്പം പരിഹാസത്തോടെ) ഇവിടെ കെട്ടിയിരിപ്പു പണമുണ്ടു്. ബാങ്കിൽ വേറെയുമുണ്ടു്. കുടാതെ റബ്ബറെസ്റ്റേറ്റും കാടും മലയും ഒക്കെയുണ്ടു്. എല്ലാം സമമായി ഭാഗിക്കും. ഒരോഹരി നിനക്കും കിട്ടും. കിട്ടിയാൽ നിന്റെ ഇഷ്ടംപോലെ നിനക്കതു വർധിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. ആലോചിച്ചു പറഞ്ഞോളൂ.
- ശാന്ത:
- എനിക്കു വേണ്ടച്ഛാ. നിർബന്ധിച്ചു തന്നാലും ഞാൻ വാങ്ങില്ല.
- രാഘവൻ:
- വാശിയാണോ?
- ശാന്ത:
- ഇതിലെനിക്കൊരുതരം വാശിതന്നെയുണ്ടു്.
- രാഘവൻ:
- വാശിപിടിക്കുമ്പോൾ അച്ഛൻ നിർബന്ധിക്കുമെന്നും അപ്പോൾ വിഷമംകൂടാതെ കിട്ടുമെന്നും വിചാരിച്ചാണോ? അല്ലാ, മനുഷ്യബുദ്ധിയല്ലേ അതിന്റെ ഗതിവിഗതി കണ്ടുപിടിക്കാൻ എളുപ്പമല്ല.
- ശാന്ത:
- (അല്പമൊരു വേദനയോടെ) അച്ഛാ അച്ഛനെന്നെ അങ്ങനെയാണോ കണക്കാക്കിയതു്.
- രാഘവൻ:
- എന്റെ കണക്കാക്കലും കണക്കുകൂട്ടലുമൊക്കെ പിഴച്ചു പോയി. അതുകൊണ്ടു ചോദിക്കുന്നതാണു്. നാളെ ഉണ്ണികൃഷ്ണനു ഭാഗം വേണമെന്നു തോന്നിയാലോ?
- ശാന്ത:
- അദ്ദേഹത്തിനു തോന്നില്ലച്ഛാ.
- രാഘവൻ:
- എങ്ങനെ ഉറപ്പിച്ചു പറയും?
- ശാന്ത:
- അദ്ദേഹം റബ്ബറെസ്റ്റേറ്റും ബാങ്കിലെ പണവും കണ്ടല്ലാ എന്നെ കല്യാണം കഴിച്ചതു്.
- രാഘവൻ:
- അന്നതു കണ്ടില്ലായിരിക്കും. ഇപ്പോൾ കണ്ടെന്നു തീർച്ചയല്ലേ? മനസ്സു മാറിക്കൂടെ?
- ശാന്ത:
- എന്നാൽ അതിന്റെ കുറ്റം അച്ഛൻതന്നെ ഏല്ക്കണം. അച്ഛന്റെ ഇഷ്ടത്തിനനുസ്സരിച്ചല്ലേ എന്റെ വിവാഹം നടന്നതു്?
രാഘവൻ അതിനു മറുപടി പറയാൻ വിഷമിക്കുന്നു. പതുക്കെ എഴുന്നേൽക്കുന്നു. മിണ്ടാതെ നടക്കുന്നു. വിശ്വനാഥൻ കടന്നുവരുന്നു. ഒരു ദീർഘയാത്ര കഴിഞ്ഞുവരുന്ന വേഷം. തോളിൽ ക്യാമറ, കൈയിൽ സ്യൂട്ട്കെയ്സ്. നേരെ അകത്തേക്കു പോകാൻ തുടങ്ങുന്നു.
- ശാന്ത
- (വിശ്വത്തിനെ കണ്ടു ചിരിക്കുന്നു.) ആരു്, വിശ്വേട്ടനോ (ഭാരതിയുണ്ടോ എന്നു എത്തിനോക്കുന്നു. രാഘവൻ ശാന്തയുടെ ചോദ്യം കേട്ടു തിരിഞ്ഞുനോക്കുന്നു.) ഭാരതിയേട്ടത്തി എവിടെ, വിശ്വേട്ടാ?
- വിശ്വനാഥൻ:
- കണ്ടില്ല.
- ശാന്ത:
- സ്റ്റേഷനിൽ വന്നിരുന്നല്ലോ.
അതു പറഞ്ഞുതീരുമ്പോയഴേയ്ക്കു ഭാരതി കടന്നുവരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകൾ. ആരോടും ഒന്നും പറയാതെ, ആരേയും നോക്കാതെ അകത്തേക്കു പോകുന്നു. രാഘവൻ ആ രംഗം കണ്ടുപകച്ചുനില്ക്കുന്നു. ഭാരതിയെ ആശ്വസിപ്പിക്കാനെന്നവിധം പിറകെ ശാന്തയും അകത്തേക്കു പോകുന്നു. വിശ്വം ഒന്നും സംഭവിക്കാത്ത മട്ടിൽ സ്യൂട്ട്കെയ്സ്സും തൂക്കി അകത്തേക്കു പോകാൻ ഭാവിക്കുമ്പോൾ രാഘവൻ വിളിക്കുന്നു.
- രാഘവൻ:
- മി. വിശ്വനാഥൻ. (വിശ്വനാഥൻ തിരിഞ്ഞുനോക്കുന്നു.) ഒരു വാക്കു്. ഒന്നിവിടെ വന്നിരിക്കൂ. വേഗത്തിൽ പോകാം. (വിശ്വനാഥൻ സംശയിച്ചു നില്ക്കുന്നു; തിരിച്ചുവരുന്നു.) യാത്രയൊക്കെ സുഖമായോ?
- വിശ്വനാഥൻ:
- സുഖമായി.
- രാഘവൻ:
- എവിടെയൊക്കെ പോയി?
- വിശ്വനാഥൻ:
- ഒരു മാസം ഊട്ടിയിലായിരുത്തു. പിന്നെ ബാങ്ക്ളൂർക്കു് പോയി.
- രാഘവൻ:
- വല്ല ഉദ്ദേശവും വെച്ചുള്ള യാത്രയായിരുന്നോ?
- വിശ്വനാഥൻ:
- അല്ലെന്നു പറഞ്ഞുകൂടാ.
- രാഘവൻ:
- മോന്റെ ചോറൂണിനു വരുമെന്നു ഞങ്ങളൊക്കെ വിചാരിച്ചു; നാട്ടുകാരും.
- വിശ്വനാഥൻ:
- നാട്ടുകാരോ?
- രാഘവൻ:
- അതേ.
- വിശ്വനാഥൻ:
- അവരങ്ങനെ വിചാരിക്കേണ്ട ആവശ്യം?
- രാഘവൻ:
- അവരുടെ വിഡ്ഢിത്തം. അതിരിക്കട്ടെ. ചോറൂണിനെന്തേ വരാഞ്ഞതു്?
- വിശ്വനാഥൻ:
- വന്നില്ല.
- രാഘവൻ:
- അതു ശരിയായോ?
- വിശ്വനാഥൻ:
- ശരികേടായി തോന്നിയെങ്കിൽ ഞാൻ വരുമായിരുന്നു.
- രാഘവൻ:
- മറ്റേതെങ്കിലും കാര്യത്തിൽ എന്നോടോ ഈ കുടുംബത്തിലുള്ളവരോടോ അലോഗ്യമുണ്ടെങ്കിൽ അതു തുറന്നു പറഞ്ഞുകൂടേ? നാലാളറിയത്തക്കവിധം വല്ലതും പ്രവർത്തിക്കണോ?
- വിശ്വനാഥൻ:
- എനിക്കാരോടും അലോഗ്യമില്ല.
- രാഘവൻ:
- ഉണ്ടു്.
- വിശ്വനാഥൻ:
- (ഒട്ടും സുഖമില്ലാത്ത മട്ടിൽ) ഇല്ലെന്നു പറഞ്ഞില്ലേ?
- രാഘവൻ:
- (ഭാവപ്പകർച്ച മനസ്സിലാക്കി അതിനൊത്തവിധം തന്റെ സ്വരവും ക്രമപ്പെടുത്തി) ഭാഗത്തിന്റെ പേരും പറഞ്ഞു് ഇവിടെ ഭാരതിയെ എത്ര കരയിച്ചു?
- വിശ്വനാഥൻ:
- കരഞ്ഞതവളുടെ കുറ്റം.
- രാഘവൻ:
- അവളല്ലല്ലോ ഭാഗം തരേണ്ടതു്.
- വിശ്വനാഥൻ:
- എനിക്കല്ലല്ലോ ഭാഗിച്ചു കിട്ടേണ്ടതു്.
- രാഘവൻ:
- അതറിയാമെങ്കിൽ പിന്നെ അലോഗ്യമെന്തിനു്?
- വിശ്വനാഥൻ:
- അലോഗ്യമില്ലെന്നു ഞാൻ പറഞ്ഞു.
- രാഘവൻ:
- ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ എനിക്കു ചിലതു പറയാനുണ്ടു്. വിരോധമില്ലെങ്കിൽ കേൾക്കാം.
- വിശ്വനാഥൻ:
- ഇന്നു മുഴുവൻ വേണമെങ്കിൽ ഇവിടെ ഇരിക്കാം.
- രാഘവൻ:
- (അല്പനേരത്തെ മൗനത്തിനുശേഷം വളരെ ശാന്തമായ സ്വരത്തിൽ) ഞാൻ നിങ്ങളേയും ഉണ്ണികൃഷ്ണനേയും എന്റെ സ്വന്തം മക്കളായിട്ടാണു് കരുതുന്നതു്.
- രാഘവൻ:
- (രസിക്കാത്ത മട്ടിൽ) വളരെ സന്തോഷം.
- രാഘവൻ:
- നിങ്ങളെ സന്തോഷിപ്പിക്കാനാണോ അങ്ങനെ കരുതുന്നതെന്നറിഞ്ഞുകൂടാ.
- വിശ്വനാഥൻ:
- ഞങ്ങളതിൽ കൃതജ്ഞരാണു്.
- രാഘവൻ:
- നിങ്ങളുടെ കൃതജ്ഞതയ്ക്കു വേണ്ടിയാണെന്നും പറഞ്ഞുകൂടാ. എന്റെ ചുമതല അല്ലെങ്കിൽ ധർമം… നിങ്ങൾക്കിവിടെ ഒന്നിനും കുറവില്ല. (വിശ്വനാഥൻ മിണ്ടാതെ അങ്ങട്ടുമിങ്ങട്ടും നടക്കുന്നു.) പരിപൂർണ സ്വാതന്ത്ര്യമുണ്ടു്. ഇവിടെയുള്ളതെല്ലാം നിങ്ങളുടേതാണു്. വാസ്തവത്തിൽ ഞാനൊരു ശമ്പളക്കാരനെപ്പോലെ ഇതെല്ലാം നോക്കിനടത്തുന്നു; സമ്പാദിക്കുന്നു. ആർക്കുവേണ്ടി? നിങ്ങൾക്കുവേണ്ടി, ഒരു കുടുംബം യോജിപ്പോടെ, ശ്രേയസ്സോടെ, പുലരുന്നതു കാണാൻ. ആ ഒരൊറ്റ ആഗ്രഹമേ എനിക്കുള്ളൂ. ഞാൻ ക്ലേശിക്കുന്നതു് മുഴുവൻ അതിനുവേണ്ടിയാണു്. ഈ ക്ലേശത്തിന്റെ വലുപ്പം നിങ്ങൾ മനസ്സിലാക്കണം. എന്നെ സഹായിക്കാൻ നിങ്ങൾക്കു വയ്യെങ്കിൽ ഉപദ്രവിക്കരുതു്.
- വിശ്വനാഥൻ:
- (പെട്ടെന്നു തിരിഞ്ഞുനിന്നു്) ഞാനാരേയും ഉപ്രദവിക്കുന്നില്ല.
- രാഘവൻ:
- ഭാരതി എന്റെ മകളാണു്. അവളുടെ സന്തോഷം എന്റെയും സന്തോഷമാണു്; അതുപോലെ ദുഃഖവും. അവളിന്നു ദുഃഖിതയാണു്. അവളുടെ കണ്ണീരു വീണു നനയാത്ത ഒരു സ്ഥലവും ഇന്നീ വീട്ടിലില്ല… ഒരച്ഛനിതു കണ്ടു മിണ്ടാതിരിക്കാൻ കഴിയുമോ?
- വിശ്വനാഥൻ:
- ഞാനവളെ കരയിക്കുന്നില്ല.
- രാഘവൻ:
- അവൾ തന്നിഷ്ടത്തിനു കരയുന്നതാവും. ആയാലും ആ കണ്ണീരു മതി, ഒരച്ഛന്റെ കരളിൽ നീറ്റമുണ്ടാക്കാൻ. അതുകൊണ്ടു്…
- വിശ്വനാഥൻ:
- (ബദ്ധപ്പാടോടെ) അതുകൊണ്ടു്?
ഈ ഘട്ടത്തിൽ മുത്തച്ഛൻ വാതിലിനടുത്തു വന്നുനില്ക്കുന്നു; സംഭാഷണം ശ്രദ്ധിക്കുന്നു.
- രാഘവൻ:
- അതുകൊണ്ടു് ഈ നിമിഷം മുതൽ എല്ലാ തെറ്റിദ്ധാരണകളും നിങ്ങളുപേക്ഷിക്കണം. അവൾ കുറ്റക്കാരിയല്ല.
- വിശ്വനാഥൻ:
- ഏതു കാര്യത്തിൽ?
- രാഘവൻ:
- ഭാഗത്തിന്റെ കാര്യത്തിൽ. എന്നെപ്പോലൊരച്ഛനോടു ഭാഗം ചോദിക്കാൻ ഒരു മകളും ഒരുങ്ങില്ല… എന്നിട്ടും അവൾ വന്നു; ചോദിച്ചു. ഞാൻ നിഷേധിക്കുകയാണു് ചെയ്തതു്. (വളരെ ഗൗരവത്തിൽ) എനിയും നിഷേധിക്കും.
- വിശ്വനാഥൻ:
- (പരിഹാസപൂർവം) നല്ലതു്.
- രാഘവൻ:
- അവളെത്ര കരഞ്ഞാലും എന്റെ തീരുമാനം ഇളകില്ല. എന്നിലെ അച്ഛൻ അവളെച്ചൊല്ലി വേദനിക്കും. എന്നാൽ ഞാനുണ്ടല്ലോ, ഈ കുടുംബത്തിന്റെ നാഥൻ, ഉറച്ചു നില്ക്കും; കരിങ്കല്ലുപോലെ… എന്റെ കുടുംബത്തെ ചിന്നിച്ചിതറി പിരിഞ്ഞുപോകാൻ ഞാനനുവദിക്കില്ല. ഈ ദുഷിച്ച വാസന പിന്നെയും പിന്നെയും പ്രചരിപ്പിച്ചു് ഈ നാട്ടിനു പോലും ദ്രോഹംചെയ്യാൻ ഞാനെന്റെ മക്കളെ അനുവദിക്കില്ല. അവരെ യോജിപ്പിച്ചു് നിർത്താനാണു് ഞാനിവിടെ. നിങ്ങളേയും.
- വിശ്വനാഥൻ:
- സാധ്യമല്ല.
- രാഘവൻ:
- (ഗൗരവം) എന്തു്? യോജിച്ചുനില്ക്കാൻ സാധ്യമല്ലേ?
- വിശ്വനാഥൻ:
- ഞാനെന്റെ കാര്യം മാത്രമാണു് പറയുന്നതു്; സാധ്യമല്ല. ഞാൻ പ്രായപൂർത്തിവന്നൊരു പുരുഷനാണു്.
- രാഘവൻ:
- പ്രായപൂർത്തി മാത്രമല്ല വിവേകത്തിന്റെ ലക്ഷണം.
- വിശ്വനാഥൻ:
- ആവേണ്ടാ. എന്റെ ഹിതത്തിനനുസരിച്ചു ജീവിക്കാൻ എനിക്കറിയാം. മറ്റാരും അതെന്നെ പഠിപ്പിക്കേഞ്ഞതില്ല.
- രാഘവൻ:
- നിങ്ങളുടെ ഹിതം ഈ കുടുംബത്തിന്റെ നാശത്തിനാവരുതു്.
- വിശ്വനാഥൻ:
- എന്റെ വിവേകവും വിവേകശുന്യതയും ഹിതവും അഹിതവുമെക്കെ എന്റെ സ്വന്തം കാര്യമാണു്. ഒന്നു വ്യക്തമായി പറയാം: നിങ്ങളുടെ മകൾക്കു ഭർത്താവു വേണോ, അവളുടെ ഓഹരി ഭാഗിച്ചു കൊടുത്തോളൂ. (രാഘവൻ ഞെട്ടുന്നു. മുത്തച്ഛൻ വാതില്ക്കൽനിന്നുപതുക്കെ മുൻപോട്ടു വരുന്നു.) ഈ വ്യവസ്ഥയല്ലാതെ മറ്റൊന്നും ഞാൻ സ്വീകരിക്കില്ല; എനിക്കു തൃപ്തിയാവുകയുമില്ല.
- മുത്തച്ഛൻ:
- (വിശ്വത്തിന്റെ തോളിൽ പിടിച്ചുകൊണ്ടു്) വേണ്ടാ, മോനേ, വേണ്ടാ. അകന്നുപോകുന്നതു ശക്തിക്ഷയമാണു്; നാശമാണു്. കൂടിനിന്നോളൂ. അതാണു് സുഖം.
- വിശ്വനാഥൻ:
- (ശുണ്ഠിയും പരിഹാസവും കലർന്ന സ്വരത്തിൽ) ഇതാണു് നന്നായതു്. ഇതുവരെ ഭ്രാന്തില്ലാവരുടെ ഉപദേശമായിരുന്നു. ഇപ്പോൾ ഭ്രാന്തന്മാരും തുടങ്ങി.
മുത്തച്ഛൻ ഭ്രാന്തനെന്ന വിളി കേട്ടു ഞെട്ടുന്നു. പഴയ ഓർമകൾ തിരിച്ചുവരുന്നു. കുറേശ്ശെ വിറയ്ക്കുന്നു. മുഖത്തു കലശലായ ദീനഭാവം സ്ഫുരിക്കൂന്നു. കണ്ണിൽ വെള്ളം നിറയുന്നു. രാഘവനെയും വിശ്വത്തെയും തെല്ലിട മാറി മാറി നോക്കി കണ്ണുതുടച്ചുകൊണ്ടു പതുക്കെ അകത്തേക്കു പോകുന്നു.
- വിശ്വനാഥൻ:
- (മുത്തച്ഛനെ നോക്കിക്കൊണ്ടു്) എന്നെ വിവേകം പഠിപ്പിക്കാൻ ആർക്കൊക്കെയാണു് ബദ്ധപ്പാടു്.
- രാഘവൻ:
- (കലശലായ അസ്വാസ്ഥ്യത്തോടെ) അദ്ദേഹത്തോടതു പറയരുതായിരുന്നു.
- വിശ്വനാഥൻ:
- അദ്ദേഹം എന്നോടും പറയരുതായിമുന്നു.
- രാഘവൻ:
- ആയുഷ്കാലം മുഴുവൻ തന്റെ കുടുംബത്തിന്റെ ശ്രേയസ്സിനുവേണ്ടി അധ്വാനിച്ച മനുഷ്യനാണു്. മറ്റുള്ളവരുടെ സ്വാർഥവിചാരമാണു് അദ്ദേഹത്തെ ഭ്രാന്തനാക്കിയതു്.
- വിശ്വനാഥൻ:
- കാര്യങ്ങൾ അനാവശ്യമായി കുഴച്ചുമറിച്ചു തന്നത്താൻ ഭ്രാന്തിലേക്കു നീങ്ങുന്ന ചില മനുഷ്യരുണ്ടു്. അതിലൊരാളണദ്ദേഹം.
- രാഘവൻ:
- ആ പറഞ്ഞതു് എന്നെ ഉദ്ദേശിച്ചാണോ?
- വിശ്വനാഥൻ:
- ഞാൻ പിടിവാശിക്കാരെ ഉദ്ദേശിച്ചാണു് പറഞ്ഞതു്.
- രാഘവൻ:
- എന്നെ ഉദ്ദേശിച്ചായാലും കുഴപ്പമില്ല. ഭ്രാന്തെടുക്കുമെങ്കിൽ എടുക്കട്ടെ. ഞാൻ വിട്ടുവീഴ്ചയ്ക്കൊരുക്കമില്ല; എന്റെ കുടുംബം ചിന്നിച്ചിതറാനും തകരാനും ജീവൻ നിലനില്ക്കുന്നകാലംവരെ ഞാനനുവദിക്കുകയില്ല. ആർക്കൊക്കെ ഭർത്താക്കന്മാരോ മക്കളോ നഷ്ടപ്പെടട്ടെ. ഞാനിളകില്ല. (മിണ്ടാതെ തെല്ലിട നടക്കുന്നു.) നിങ്ങൾക്കു പോകാം.
- വിശ്വനാഥൻ:
- ഇത്രയും തുറന്നു പറഞ്ഞതു നന്നായി. ഇനി അകത്തേക്കു പോകണമെന്നു വിചാരിക്കുന്നില്ല. (സ്യൂട്ട്കെയ്സ് തൂക്കിപ്പിടിച്ചു പുറത്തേക്കു പോകാൻ ഭാവിക്കുന്നു) പോകാനല്ലേ പറഞ്ഞതു്? ഞാൻ പോയ്ക്കളയാം.
രാഘവൻ ഒന്നും കേൾക്കാതെ വികാരാധീനനായി നടക്കുകയാണു്. പെട്ടെന്നു് അകത്തുനിന്നു് വെടിപൊട്ടുന്ന ശബ്ദം-രാഘവൻ ശ്രദ്ധിക്കുന്നു. പുറത്തേക്കുപോകാനൊരുങ്ങിയ വിശ്വനാഥൻ ശങ്കിച്ചു നില്ക്കുന്നു. അകത്തുനിന്നു സ്ത്രീകളുടെ നിലവിളി; പരിഭ്രാന്തമായ മട്ടിൽ ശങ്കുണ്ണി ഓടി വാതില്ക്കൽ വന്നു വിളിച്ചുപറയുന്നു.
- ശങ്കുണ്ണി:
- വല്യെജമാനൻ തന്നത്താൻ വെടിവെച്ചു.
രാഘവൻ ഓടി അകത്തേക്കു പോകുന്നു. ശങ്കിച്ചുനില്ക്കാതെ വിശ്വവും അകത്തേക്കോടിപ്പോകുന്നു. അകത്തുനിന്നു് അപ്പോഴും നിലവിളി കേൾക്കാം. ആദ്യം തിരിച്ചുവരുന്നതു് വിശ്വമാണു്. മുഖത്തു് പരിഭ്രമമുണ്ടു്.
- വിശ്വനാഥൻ:
- (അങ്ങട്ടുമിങ്ങടും നടക്കുന്നു. തന്നത്താനെന്നവിധം പറയുന്നു.) ഭ്രാന്തന്മാരെ വീട്ടിലിട്ടു കളിപ്പിക്കരുതെന്നു പറഞ്ഞാൽ ആരും കേൾക്കില്ല. എന്റെ വാക്കിനിവിടെ വിലയില്ല. ഭ്രാന്തന്മാരുടെ സ്ഥാനം ഭ്രാന്തശാലയിലാണു്. അതു പറഞ്ഞാൽ കൃത്രിമമായ വാത്സല്യവും സ്നേഹവും ഇപ്പോൾ കിട്ടേണ്ടതു കിട്ടി. ആരു കണ്ടാലും കൊലപാതകമാണെന്നു പറയും. നെഞ്ചിലാണു് വെടിയുണ്ടയേറ്റതു്. ഒന്നാന്തരം കൊലപാതകം.
- ഉണ്ണികൃഷ്ണൻ:
- (ഒടുവിൽ പറഞ്ഞ വാക്കു കേട്ടുകൊണ്ടു വരുന്നു. വികാരം നിയന്ത്രിക്കാൻ വയ്യാത്ത മട്ടിൽ അതിനുത്തരം പറയുന്നു.) അതേ, ഒന്നാന്തരം കൊലപാതകമാണു്.
- വിശ്വനാഥൻ:
- ആരാണു് കൊന്നതു്?
- ഉണ്ണികൃഷ്ണൻ:
- നിങ്ങൾ.
- വിശ്വനാഥൻ:
- അസംബന്ധം പറയരുതു്.
- ഉണ്ണികൃഷ്ണൻ:
- വിഭാഗീയചിന്തകൊണ്ടു മക്കളദ്ദേഹത്തെ ഭ്രാന്തെടുപ്പിച്ചു. ഇന്നു മക്കളുടെ മക്കൾ അതേ ആയുധംകൊണ്ടദ്ദേഹത്തെ കൊല്ലുകയും ചെയ്തു. ആ നികൃഷ്ടായുധം ഈ കുടുബത്തിൽ കൊണ്ടുവന്നതു നിങ്ങളാണു്. നിങ്ങളീ കൊലപാതകത്തിനു സമാധാനം പറയണം.
- വിശ്വനാഥൻ:
- നിർത്തൂ അസ്സംബന്ധം ഇല്ലെങ്കിൽ? (മുൻപോട്ടടുക്കുന്നു.)
- രാഘവൻ:
- (ബദ്ധപ്പെട്ടു് അകത്തുനിന്നു് കടന്നുവന്നു് രണ്ടുപേരുടേയും ഇടയിൽനിന്നു് പറയുന്നു.) ഇല്ലെങ്കിൽ ഇനിയും കൊലപാതകങ്ങളിവിടെ നടക്കും. പലർക്കും ഭ്രാന്തെടുക്കും. (വിശ്വത്തിന്റെ അടുത്തുചെന്നു് തോളിൽ. കൈവെക്കുന്നു സ്വന്തം പുത്രനോടെന്നവിധം മൃദുസ്വരത്തിൽ പറയുന്നു. കണ്ണിൽ വെള്ളം നിറഞ്ഞട്ടുണ്ടു്.) സ്വന്തം അച്ഛനെന്ന നിലയിലല്ല ഞാൻ പറയുന്നതു്. മോനെ, എന്നെ വിശ്വസിക്കൂ. ഈ സ്വത്തു ഭാഗിക്കരുതു്. ഇന്നുമുതൽ, ഈ നിമിഷം മുതൽ എല്ലാം നിന്റേതാണു് (മടിക്കുത്തിൽനിന്നു് താക്കോൽക്കൂട്ടമെടുത്തു്) ഇതാ, ഈ താക്കോൽക്കൂട്ടം വാങ്ങൂ. എല്ലാം നോക്കിനടന്നു ഞങ്ങളെ സംരക്ഷിക്കൂ…
- വിശ്വനാഥൻ:
- (പതിവില്ലാതെ വിവശനാകുന്നു) എനിക്കൊന്നും വേണ്ടാ.
- രാഘവൻ:
- അങ്ങനെ പറയരുതു്. മഹത്തായ ഒരു ഉദ്ദേശത്തിനു വേണ്ടി ഇവിടെ ഒരു മനുഷ്യബലി നടന്നു. ഒരിക്കലദ്ദേഹം പരാജയപ്പെട്ടു. അതിന്റെ പേരിൽ ഭ്രാന്തെടുത്തു. രണ്ടാമത്തെ പരാജയത്തിൽ അദ്ദേഹം ആത്മബലി നടത്തി. ഇതു കണ്ടുകൊണ്ടു പിന്നേയും നമ്മൾ കലഹിക്കുന്നതു നല്ലതല്ല. (വിശ്വനാഥൻ കൂടുതൽ അസ്വസ്ഥനാവുന്നു. ഈ സമയത്തൊക്കെ അകത്തു നിന്നു ദീനമായ കരച്ചിൽ കേട്ടുകൊണ്ടിരിക്കുന്നു.) സ്വത്തിനെച്ചൊല്ലിയാണു് വഴക്കെങ്കിൽ, ഇതാ ഈ നിമിഷം എല്ലാം ഞാൻ തീറെഴുതാം, നിന്റെ പേരിൽ. ഇതു ഭംഗി വാക്കല്ല. നമുക്കു് അച്ഛനും മക്കളുമായി യോജിപ്പോടെ ഇവിടെ കഴിയാം. (തൊണ്ടയിടറി) ഇതാ ഈ താക്കോൽ വാങ്ങൂ. ചുമതല ഏറ്റെടുക്കൂ.
- വിശ്വനാഥൻ:
- (തൊണ്ടയിടറി) വേണ്ടാ.
- രാഘവൻ:
- ഒന്നും വിചാരിക്കരുതു്. ഈ കുടുംബത്തിന്റെ ഐക്യത്തിനുവേണ്ടി ഇതിലപ്പുറവും ത്യജിക്കാൻ ഞാനൊരുക്കമുണ്ടു്. എല്ലാം ഉപേക്ഷിച്ചു സന്യസിക്കണോ?
- വിശ്വനാഥൻ:
- (ഞെട്ടുന്നു) വേണ്ടാ, വേണ്ടാ. ഒരു രക്ഷിതാവിന്റെ നിലയിൽ അങ്ങിവിടെത്തന്നെയുണ്ടാവണം. ഓ ഇത്ര ശക്തിമത്താണു് ഈ ബന്ധമെന്നു ഞാനറിഞ്ഞില്ല-എനിക്കു മാപ്പുതരൂ. (രാഘവനെ കെട്ടിപ്പിടിക്കുന്നു.)
- രാഘവൻ:
- (വിശ്വത്തിന്റെ പുറം തലോടിക്കൊണ്ടു്) ആരും ആർക്കും മാപ്പുകൊടുക്കേണ്ടതില്ല, മോനേ… (കണ്ണിൽ വെള്ളം നിറഞ്ഞൊഴുകുന്നു)
- വിശ്വനാഥൻ:
- എനിക്കു താക്കോലും സ്വത്തും വേണ്ടാ. ഒരു മകനെപ്പോലെ എന്നെന്നും ഞാനിവിടെ കഴിഞ്ഞുകൊള്ളാം.
- രാഘവൻ:
- മതി. (വിശ്വത്തെ മാറോടടുപ്പിച്ചു പിടിക്കുന്നു. കണ്ണിൽനിന്നു ജലം ധാരയായൊഴുകുന്നു.) നമുക്കു ചേർന്നുനില്ക്കാം. അതാണു് സുഖം. അതാണു് ശക്തി.
—യവനിക—