നാണിക്കുട്ടി മേശപ്പുറത്തുള്ള ഒരു ടിന്നിൽ വാകപ്പൊടി നിറയ്ക്കുകയാണു്. കടലാസ്സിലുള്ള വാകപ്പൊടി ഇടയ്ക്കിടെ ടിന്നിലേക്കു കൊട്ടിയും, ടിൻ കുലുക്കി അതിൽ വാകപ്പൊടി കൊള്ളിച്ചും കൈകൊണ്ടമർത്തിയും ജോലി ചെയ്യുന്നു. മാലിനി അലസമായി കടന്നു വന്നു മേശക്കരികിലുള്ള ഒരു ചാരുകസേരയിൽ കിടക്കുന്നു. നാണിക്കുട്ടി മാലിനിയെ കണ്ടതായി ഭാവിക്കുന്നു. മേശപ്പുറത്തുനിന്നു ടിന്നും കടലാസ്സും എതിർവശത്തേക്കു വലിച്ചുനീക്കി അല്പമൊരാദരവോടെ നാണിക്കുട്ടി ഒരറ്റത്തേക്കു മാറിനിന്നു ജോലി തുടരുന്നു. മാലിനി ഒരിളംചിരിയോടെ നാണിക്കുട്ടിയെ ചാഞ്ഞുനോക്കിക്കൊണ്ടിരിക്കുന്നു. തെല്ലിട മൗനം.
- മാലിനി:
- ഇതെന്താ നാണിക്കുട്ടീ?
- നാണിക്കുട്ടി:
- (പതുക്കെ) വാകപ്പൊടി.
- മാലിനി:
- കാണട്ടെ. നാണിക്കുട്ടി വാകപ്പൊടി നിറച്ച ടിൻ അടുത്തു കൊണ്ടുചെന്നു കാണിക്കുന്നു.
- മാലിനി:
- (അതിൽനിന്നു ഒരു നുള്ളു പൊടിയെടുത്തു് പരിശോധിക്കുന്നു.) ഒന്നാന്തരമായി പൊടിച്ചു തെള്ളി ഭാഗിയാക്കീട്ടുണ്ടല്ലോ. ഇതു നാണിക്കുട്ടി ചെയ്തതാണോ?
- നാണിക്കുട്ടി:
- അതെ. (വീണ്ടും പഴയസ്ഥാനത്തു ചെന്നു നിന്നു ജോലി ചെയ്യുന്നു.)
- മാലിനി:
- വാകപ്പൊടി നല്ലതാണു്. അതു് തേച്ചാൽ ശരീരത്തിലെ അഴുക്കു മുഴുവൻ പോകും. (കുറച്ചുനേരം മിണ്ടാതെ നാണിക്കുട്ടിയെ നോക്കിയിരിക്കുന്നു.) നാണിക്കുട്ടി വാകപ്പൊടി തേയ്ക്കാറുണ്ടോ?
- നാണിക്കുട്ടി:
- ഇല്ല.
- മാലിനി:
- ഏങ്? ഇത്ര നല്ല വാകപ്പൊടിയുണ്ടായിട്ടും നാണിക്കുട്ടി തേയ്ക്കാറില്ലേ?
- നാണിക്കുട്ടി:
- ഇതു് വല്യമ്മയ്ക്കു വേണ്ടിയാണു്.
- മാലിനി:
- എന്നാലും ഇടയ്ക്കൊക്കെ നാണിക്കുട്ടിക്കു കുറച്ചെടുത്തു് തേയ്ക്കാൻ പാടില്ലേ? വാകപ്പൊടി തേച്ചാലും വല്യമ്മ ശകാരിക്ക്യോ?
- നാണിക്കുട്ടി:
- ഇല്ല.
- മാലിനി:
- എന്നാൽ നാണിക്കുട്ടിക്കും ഇതീന്നു കുറച്ചെടുത്തു് തേയ്ക്കരുതോ?
- നാണിക്കുട്ടി:
- എനിക്കു വാസനസ്സോപ്പാണിഷ്ടം.
- മാലിനി:
- (അല്പം ചിരിയോടെ) ശരി, അങ്ങനെ വരട്ടെ. വല്യമ്മ വാസനസ്സോപ്പു തേയ്ക്കാറുണ്ടോ?
- നാണിക്കുട്ടി:
- (ചുറ്റും നോക്കി) ഇല്ല. ഞാൻ വാസനസോപ്പു തേയ്ക്കുന്നതു് വല്യമ്മ അറിയില്ല. വാകപ്പൊടിയോ, ഉഴുന്നോ, ചെറുപയറുപൊടിയോ അല്ലാതെ മറ്റൊന്നും തേയ്ക്കരുതെന്നു വല്യമ്മ പറയും.
- മാലിനി:
- എന്നിട്ടു നീയെന്തുകൊണ്ടനുസരിക്കുന്നില്ല?
- നാണിക്കുട്ടി:
- എന്തോ, എനിക്കിഷ്ടം വാസനസ്സോപ്പാണു്.
- മാലിനി:
- നിനക്കെവിടുന്നു വാസനസോപ്പു കിട്ടും?
- നാണിക്കുട്ടി:
- അച്ഛനോടു പറഞ്ഞാൽ ഇടയ്ക്കൊന്നു വാങ്ങിത്തരും.
- മാലിനി:
- ശരി ഇനി വാസനസോപ്പിനുവേണ്ടി നീ നിന്റെ അച്ഛനെ നിർബന്ധിക്കേണ്ട. നിനക്കു ഞാൻ തരാം, തിരുമ്പോൾ പറഞ്ഞാൽ മതി. കേട്ടോ.
നാണിക്കുട്ടി നന്ദിസൂചകമായി തലയാട്ടുന്നു.
- മാലിനി:
- നാണിക്കുട്ടിയെപ്പോലെ തന്നെയാണു് ഞാനും. എനിക്കീ വാകയും ഈഞ്ചയുമൊന്നും ഇഷ്ടമല്ല. അതൊക്കെ ശരീരത്തിനു വളരെ നല്ലതാണെന്നു ഞാൻ സമ്മതിക്കുന്നു. എന്നാലും എനിക്കിഷ്ടം വാസനാസോപ്പാണു്… അതെന്താണെന്നു ചോദിച്ചാൽ ഉത്തരം പറയാനാവില്ല… അതിന്റെ വാസനയാവും, ഇല്ലേ? എന്താ നാണിക്കുട്ടി മിണ്ടാത്തതു്? അല്ലേ?
- നാണിക്കുട്ടി:
- എനിക്കൊന്നും പറയാനാവില്ല.
- മാലിനി:
- അപ്പോൾ ഞാൻ ചോദിക്കട്ടെ നാണിക്കുട്ടീ, നിനക്കു മിനിഞ്ഞാന്നു കണ്ട സിനിമ ഇഷ്ടമായോ?
നാണിക്കുട്ടി ലജ്ജിക്കുന്നു.
- മാലിനി:
- പറയൂ, ഇഷ്ടമായില്ലേ? (നാണിക്കുട്ടി അർദ്ധസമ്മതത്തോടെ മൂളുന്നു.) അതിൽ പുരുഷന്മാരും സ്ത്രീകളും അന്യോന്യം കാണുമ്പോൾ കൈ പിടിച്ചു കുലുക്കുന്നതും, കയ്യും കയ്യും പിടിച്ചു പോകുന്നതുമൊക്കെ എങ്ങിനെ നന്നായോ?
- നാണിക്കുട്ടി:
- ഇല്ല (ലജ്ജിച്ചു തല താഴ്ത്തുന്നു).
- മാലിനി:
- അസ്സലഭിപ്രായം. അന്നാട്ടിലുള്ള ആചാരമാണതു്. മനസ്സിലായോ? ആ നാട്ടിലുള്ളവരോടു് ചോദിച്ചാൽ അസ്സലായെന്നു പറയും. ആറു നാട്ടിൽ നൂറു് ആചാരമെന്നല്ലേ നാണിക്കുട്ടീ.
- നാണിക്കുട്ടി:
- സിനിമയിൽ അങ്ങനെയൊക്കെ കാണിക്കുന്നതുകൊണ്ടാണു് അതു് കാണാൻ പാടില്ലെന്നു വല്യമ്മ പറയുന്നതു്.
- മാലിനി:
- കാണുന്നതുകെണ്ടെന്തബദ്ധമാണു്? പല നാട്ടിലേയും ആചാരം നമുക്കു മനസ്സിലാക്കിക്കൂടേ? അല്ലെങ്കിൽ, അതൊക്കെ കണ്ടുവന്നു അതുപോലെ ചെയ്യാൻ നമ്മളൊരുങ്ങാറുണ്ടോ? ഒരുങ്ങിയാൽത്തന്നെ ആരെങ്കിലും സമ്മതിക്കുമോ നാണിക്കുട്ടീ… നിനക്കു കഥ മനസ്സിലായിരുന്നോ?
- നാണിക്കുട്ടി:
- ഇല്ല.
- മാലിനി:
- ഭാഷ മനസ്സിലായിരുന്നോ?
- നാണിക്കുട്ടി:
- ഇല്ല.
- മാലിനി:
- എന്നിട്ടും അതു് കാണാൻ രസമുണ്ടായിരുന്നില്ലേ?
- നാണിക്കുട്ടി:
- (സമ്മതിച്ചു മൂളുന്നു.) ഉം.
- മാലിനി:
- അതുപോലെ നല്ലൊരു സിനിമ നാളെയും ഉണ്ടു്. നാണിക്കുട്ടി വരുന്നോ?
നാണിക്കുട്ടി മിണ്ടുന്നില്ല.
- മാലിനി:
- വരാനിഷ്ടമുണ്ടോ?
- നാണിക്കുട്ടി:
- ഉണ്ടു്.
- മാലിനി:
- എന്നാൽ നാളെ വന്നോളൂ, ഞാൻ കൊണ്ടുപോകാം.
കൃഷ്ണമേനോൻ കടന്നുവരുന്നു. ഒരു ദീർഘയാത്ര കഴിഞ്ഞുവരുമ്പോലെയാണു് വേഷം. കൈയിൽ കുടയുണ്ടു്. കൃഷ്ണമേനോനെ കണ്ടതും മാലിനി എഴുന്നേല്ക്കുന്നു. കൃഷ്ണമേനോൻ കസേരയിൽ ഇരിക്കുന്നു.
- മാലിനി:
- അച്ഛൻ ഈ വണ്ടിക്കു വന്നതാണോ?
- കൃഷ്ണമേനോൻ:
- അതെ, എവിടെ പ്രഭ?
- മാലിനി:
- പുറത്തെവിടെയോ പോയതാണു്.
- കൃഷ്ണമേനോൻ:
- വേഗത്തിൽ തിരിച്ചുവരില്ലേ?
- മാലിനി:
- വരും. ദൂരെയെങ്ങും പോയതല്ല. (നാണിക്കുട്ടിയോടു്) നീ ചെന്നു വേഗത്തിലിത്തിരി ചായ വെയ്ക്കൂ…
കുട വാങ്ങി ഒരു സ്ഥലത്തു് വെക്കുന്നു.
- കൃഷ്ണമേനോൻ:
- നിന്റെ അമ്മയില്ലേ ഇവിടെ?
- മാലിനി:
- ഉണ്ടു്.
- കൃഷ്ണമേനോൻ:
- നീ ചെന്നു അമ്മയോടിങ്ങട്ടു വരാൻ പറയൂ, (സ്വല്പം പരുങ്ങുന്നു. അതു് അത്ര ക്ഷണത്തിലങ്ങു് പറയേണ്ടിയിരുന്നില്ല എന്നൊരു ഭാവം.)
- മാലിനി:
- അച്ഛനകത്തേക്കു വന്നോളൂ. അവിടെയിരിക്കുന്നതല്ലേ നല്ലതു്.
- കൃഷ്ണമേനോൻ:
- വേണ്ട ഞാൻ പുറത്തിരിക്കാം. വല്ലാത്ത ചൂടുണ്ടു്… നീ ചെന്നു്… അല്ലെങ്കിൽ… (പിന്നെയും അതു പറയേണ്ടെന്നൊരു ഭാവം.)
- മാലിനി:
- (പെട്ടെന്നു്) ഞാൻ അമ്മയോടു് ചെന്നു് പറയാം.
- കൃഷ്ണമേനോൻ:
- ഉം (മൂളുന്നു).
മാലിനി അകത്തേക്കു പോകുന്നു.
കൃഷ്ണമേനോൻ ഇരിക്കുന്ന കസേരയിൽനിന്നു സാവകാശത്തിൽ എഴുന്നേല്ക്കുന്നു. അങ്ങട്ടുമിങ്ങട്ടും ആലോചനാമഗ്നനായി പതുക്കെ നടക്കുന്നു; മീനാക്ഷി അമ്മയുടെ കാൽപെരുമാറ്റം ശ്രദ്ധിക്കുന്നു. ആളെ നേരിടാനുള്ള അധൈര്യംകൊണ്ടെന്നപോലെ മീനാക്ഷി അമ്മ വരുന്ന ഭാഗത്തേക്കു നോക്കാതെ വീണ്ടും ചെന്നു കസേരയിൽ ഇരിക്കുന്നു. മീനാക്ഷി അമ്മ ആവുന്നത്ര പ്രസന്നമായിട്ടാണു് വരുന്നതു്. ചിരിക്കാൻ ശ്രമിക്കുന്നുണ്ടു്. അല്ലെങ്കിൽ, കാണുന്നവരെ ബോധ്യപ്പെടുത്താൻ വേണ്ടിചിരിക്കുന്നുണ്ടു്. പക്ഷേ, മുഖത്തുള്ള സ്ഥായിയായ ഭാവം വിഷാദമാണു്; നൈരാശ്യവും കലർന്നിട്ടുണ്ടു്. അതുമറച്ചു പിടിക്കാൻവേണ്ടി പൊള്ളച്ചിരിയുടെ ആവരണം ഇടയ്ക്കിടെ ഇട്ടുനോക്കും. അതു് വേഗത്തിൽമാഞ്ഞുപോകും. മാഞ്ഞുപോകുമ്പോൾ സ്ഥിരമായ വിഷാദത്തിന്റെയും നൈരാശ്യത്തിന്റെയും ഛായപൂർവാൽ ശക്തിമത്തായി ആ മുഖത്തു വ്യാപിക്കും. മീനാക്ഷി അമ്മ കൃഷ്ണമേനോൻ ഇരിക്കുന്ന കസേരയുടെ കുറച്ചകലത്തായി വന്നു നില്ക്കുന്നു.
- കൃഷ്ണമേനോൻ:
- (തിരിഞ്ഞു മുഖത്തുനോക്കാതെ ചോദിക്കുന്നു.) എന്തിനേ കമ്പിയച്ചതു്?
- മീനാക്ഷി അമ്മ:
- പരിഭ്രമിച്ചോ?
- കൃഷ്ണമേനോൻ:
- ഇവിടെ വന്നു കയറുന്നതുവരെ പരിഭ്രമമുണ്ടായിരുന്നു. ഇപ്പോഴതു തീർന്നു.
- മീനാക്ഷി അമ്മ:
- കാരണം?
- കൃഷ്ണമേനോൻ:
- ഇവിടെ വന്നപ്പോൾ പരിഭ്രമിക്കത്തക്ക യാതൊന്നും ഇല്ലെന്നു മനസ്സിലായി.
മീനാക്ഷി അമ്മ പൊള്ളയായി ചിരിക്കുന്നു.
- കൃഷ്ണമേനോൻ:
- (മീനാക്ഷി അമ്മയെ തിരിഞ്ഞുനോക്കി) എന്താ ചിരിക്കുന്നതു്?
- മീനാക്ഷി അമ്മ:
- ചിരി വന്നതുകൊണ്ടു ചിരിച്ചു.
- കൃഷ്ണമേനോൻ:
- ഇയ്യിടെയായി മീനാക്ഷിക്കുട്ടി ചിരിക്കാനും തുടങ്ങീട്ടുണ്ടോ?
- മീനാക്ഷി അമ്മ:
- ചിരിക്കാതിരുന്നിട്ടു ഒരു കാര്യവുമില്ലെന്നു മനസ്സിലായി.
- കൃഷ്ണമേനോൻ:
- മീനാക്ഷിക്കുട്ടിക്കു ഇയ്യിടെയായി കാര്യങ്ങളോരോന്നു മനസ്സിലാവാൻ തുടങ്ങീട്ടുണ്ടല്ലോ?
- മീനാക്ഷി അമ്മ:
- ഓരോന്നായല്ല, മുഴുവനും മനസ്സിലായിത്തുടങ്ങി.
- കൃഷ്ണമേനോൻ:
- നല്ലതു്. ഇതറിയിക്കാൻ വേണ്ടിയാണോ എന്നെ കമ്പിയയച്ചു വരുത്തിയതു്?
- മീനാക്ഷി അമ്മ:
- മാത്രമല്ല വേറെ കുറച്ചു കാര്യങ്ങൾകൂടി അറിയിക്കാനുണ്ടു്.
- കൃഷ്ണമേനോൻ:
- എന്നാൽ പറയു.
- മീനാക്ഷി അമ്മ:
- ധൃതിയുണ്ടോ?
- കൃഷ്ണമേനോൻ:
- എന്തിനു്?
- മീനാക്ഷി അമ്മ:
- പോകാൻ.
- കൃഷ്ണമേനോൻ:
- ഇല്ല കേൾക്കാനാണു് ധൃതി.
- മീനാക്ഷി അമ്മ:
- വണ്ടി ഇറങ്ങി വന്നതല്ലേ: കുറച്ചു കാപ്പി കഴിച്ചിട്ടാവാം.
പോവാൻ തുടങ്ങുന്നു.
- കൃഷ്ണമേനോൻ:
- ധൃതിപ്പെടേണ്ട. ചായ വെക്കാൻ മാലിനി പറഞ്ഞിട്ടുണ്ടു്.
- മീനാക്ഷി അമ്മ:
- ഓ! അതു് ഞാനറിഞ്ഞില്ല. (തിരികെ വന്നു കസേരയിൽ ഇരിക്കുന്നു.)
- കൃഷ്ണമേനോൻ:
- മാലിനി നല്ല വകതിരിവുള്ള കുട്ടിയാണല്ലേ?
- മീനാക്ഷി അമ്മ:
- (നൈരാശ്യത്തോടെ) വകതിരിവും, തന്റേടവും, ശേഷിയും എല്ലാമുള്ള കുട്ടിയാണു്.
- കൃഷ്ണമേനോൻ:
- നന്നായി. ഞാൻ വിചാരിച്ചതു് മറ്റൊന്നായിരുന്നു.
- മീനാക്ഷി അമ്മ:
- ഉം? എന്താ വിചാരിച്ചതു്?
- കൃഷ്ണമേനോൻ:
- അവന്റെ ഇഷ്ടത്തിനു് നടത്തിയ വിവാഹമല്ലേ?
- മീനാക്ഷി അമ്മ:
- അതുകൊണ്ടു്?
- കൃഷ്ണമേനോൻ:
- (സ്വരം അമർത്തിക്കൊണ്ടു്) അത്തരം വിവാഹങ്ങൾ പ്രായേണ പരാജയപ്പെടുകയാണു് പതിവു്.
- മീനാക്ഷി അമ്മ:
- എന്തോ, അറിഞ്ഞുകൂടാ.
- കൃഷ്ണമേനോൻ:
- അങ്ങിനെയാണനുഭവം.
- മീനാക്ഷി അമ്മ:
- ആർക്കു്?
- കൃഷ്ണമേനോൻ:
- (കേൾക്കാത്ത ഭാവത്തിൽ) മനുഷ്യർക്കു പരാജയപ്പെടുത്താൻ കഴിഞ്ഞിെല്ലെങ്കിൽ ഈശ്വരനെങ്കിലും അതു ചെയ്യും. (അകലത്തു നോക്കി നെടുവീർപ്പിടുന്നു.)
- മീനാക്ഷി അമ്മ:
- എനിക്കു മനസ്സിലായില്ല.
- കൃഷ്ണമേനോൻ:
- (പഴയ സ്വരത്തിൽ) പ്രേമവിവാഹങ്ങളെ തകിടം മറിക്കാൻ ഈശ്വരനുകൂടി വലിയ ഉത്സാഹമാണു്…
ഒരു പ്ലേറ്റിൽ കുറച്ചു പലഹാരവുമെടുത്തു് മാലിനിയും, ഒരു പാത്രത്തിൽ ചായയും ഒന്നു രണ്ടു് കോപ്പകളുമായി നാണിക്കുട്ടിയും കടന്നുവരുന്നു. സാധനങ്ങളൊക്കെ രണ്ടുപേരും മേശപ്പുറത്തു് വെക്കുന്നു.
- മീനാക്ഷി അമ്മ:
- (നാണിക്കുട്ടിയോടു്) പെണ്ണേ, കാലും മുഖവും കഴുകാൻ കുറച്ചു വെള്ളംകൂടി എടുക്കാമായിമുന്നില്ലേ?
- നാണിക്കുട്ടി:
- അപ്പുറത്തു വെച്ചിട്ടുണ്ടു്.
കൃഷ്ണമേനോൻ എഴുന്നേറ്റു മുഖം കഴുകാൻ പുറത്തേക്കു പോകുന്നു… മാലിനി കൃഷ്ണമേനോൻ ഇരുന്ന കസേരയെടുത്തു മേശയ്ക്കടുപ്പിച്ചിടുന്നു. നാണിക്കുട്ടി അകത്തേക്കു പോകുന്നു. മാലിനി, കൃഷ്ണമേനോൻ മുഖം കഴുകി മടങ്ങിവരുന്നതു കണ്ടു് ഓടി അകത്തു ചെന്നു ഒരു തോർത്തു് കൊണ്ടുവന്നു കൊടുക്കുന്നു. കൃഷ്ണമേനോൻ മുഖവും കഴുത്തും തുടച്ചുകൊണ്ടു് കസേരയിൽ ചെന്നു് ഇരിക്കുന്നു.
- മാലിനി:
- (പാത്രത്തിൽനിന്നു കപ്പിലേക്കു ചായയൊഴിച്ചുകൊടുക്കുന്നു. മീനാക്ഷി അമ്മയെ നോക്കി) അമ്മയ്ക്കും കുറച്ചു് ചായ തരട്ടെ?
- മീനാക്ഷി അമ്മ:
- (മുഖത്തു് നോക്കാതെ) വേണ്ട.
- മാലിനി:
- (വേറൊരു കപ്പെടുത്തു് അതിൽ ചായ ഒഴിച്ചുകൊണ്ടു്) അമ്മയും കുറച്ചു കഴിച്ചോളൂ.
മീനാക്ഷി അമ്മ മിണ്ടുന്നില്ല. മാലിനി ചായയും കപ്പും മീനാക്ഷി അമ്മയുടെ അരികിൽ വെച്ചു കൊടുക്കുന്നു. മീനാക്ഷി അമ്മ ശ്രദ്ധിക്കുന്നില്ല.
- പ്രഭാകരൻ:
- (പുറമെനിന്നു വരുന്നു; അച്ഛനെ കണ്ടതും അദ്ഭുതപ്പെട്ടുകൊണ്ടു് അടുത്തുവന്നു ചോദിക്കുന്നു.) അല്ലാ, അച്ഛനെപ്പഴ് വന്നു?
- കൃഷ്ണമേനോൻ:
- ഞാനീ വണ്ടിക്കു വന്നതേയുള്ളു.
- പ്രഭാകരൻ:
- ഇത്തവണ അച്ഛൻ ഞങ്ങളെയൊക്കെ അമ്പരപ്പിച്ചു.
- കൃഷ്ണമേനോൻ:
- അതെന്താ പ്രഭേ?
- പ്രഭാകരൻ:
- അച്ഛനൊരിക്കലും മുൻകൂട്ടി എഴുതാതെ വരാറില്ല.
- മീനാക്ഷി അമ്മ:
- നമ്മൾ എഴുതിയാലും വരാറില്ലല്ലോ പ്രഭേ?
- പ്രഭാകരൻ:
- അതേ അമ്മേ, ഞാനതാണു് അദ്ഭുതപ്പെടുന്നതു്. ഒരു നിർബന്ധവുമില്ലാതെ അച്ഛനിന്നു വരാൻ തോന്നിയല്ലോ!
- മീനാക്ഷി അമ്മ:
- (തനിക്കുവേണ്ടി വെച്ച ചായയെടുത്തു്) ഇതാ പ്രഭേ, ചായ കുടിച്ചോളൂ.
- മാലിനി:
- വേണ്ടമ്മേ, അതമ്മ കുടിച്ചോളൂ, ചായ ഇവിടെയുണ്ടു്.
പ്രഭാകരൻ ചായ വാങ്ങുന്നു.
- മാലിനി:
- അതവിടെ വെച്ചേയ്ക്കു. ഇതാ, ചായ. (പാത്രത്തിൽനിന്നു ചായ ഒഴിക്കുന്നു.)
- മീനാക്ഷി അമ്മ:
- പ്രഭ അതു കഴിച്ചോളൂ. ഞാൻ വേറെ കഴിച്ചോളാം. (പ്രഭാകരൻ മാലിനിയേയും മീനാക്ഷി അമ്മയേയും മാറി മാറി നോക്കുന്നു. കൃഷ്ണമേനോൻ പ്രഭാകരന്റെ ചേഷ്ട ഉറ്റുനോക്കുന്നു. മീനാക്ഷി അമ്മ അല്പം അധികാരസ്വരത്തിൽ) ഉം; കഴിച്ചോളൂ പ്രഭേ.
പ്രഭാകരൻ മീനാക്ഷി അമ്മയുടെ അടുത്തേക്കു നീങ്ങിനിന്നു മാലിനിയെ ശ്രദ്ധിച്ചുകൊണ്ടു് ചായ കുടിക്കാൻ തുടങ്ങുന്നു.
- മാലിനി:
- (ഒരു കപ്പിൽ ചായ ഒഴിച്ചു അതെടുത്തു് മീനാക്ഷി അമ്മയുടെ അടുത്തു് പഴയ സ്ഥാനത്തു് വെക്കുന്നു.) ഇതാമ്മേ, ചായ.
മീനാക്ഷി അമ്മ ശ്രദ്ധിക്കുന്നില്ല.
- കൃഷ്ണമേനോൻ:
- എവിടെപ്പോയിരുന്നു പ്രഭേ?
- പ്രഭാകരൻ:
- ഞാൻ നമ്മുടെ മഠംപറമ്പിലായിരുന്നു.
- കൃഷ്ണമേനോൻ:
- എന്തായിരുന്നു അവിടെ?
- പ്രഭാകരൻ:
- അവിടെയൊക്കെ ഒന്നു നന്നാക്കിക്കാമെന്നു വിചാരിച്ചു.
- കൃഷ്ണമേനോൻ:
- (മീനാക്ഷി അമ്മയെ നോക്കി) എന്താ പഴയ കാര്യങ്ങളൊക്കെ പുതുക്കാൻ വിചാരിക്കുന്നുണ്ടോ?
- മീനാക്ഷി അമ്മ:
- ഹെയ്, അങ്ങനെയൊന്നുമില്ല. പഴയ കാര്യങ്ങളൊക്കെ അതുപോലെ പുതുക്കണമെങ്കിൽ പഴയ ആളുകൾ തന്നെ മടങ്ങിവരേണ്ടിവരും. അങ്ങിനെയൊന്നും വിചാരിച്ചിട്ടില്ല.
- കൃഷ്ണമേനോൻ:
- പിന്നെ വിചാരിച്ചതെന്തെന്നു മനസ്സിലായില്ലല്ലോ.
- മീനാക്ഷി അമ്മ:
- അതു പറയാം. ആ മഠംപറമ്പു് ഒരു ശ്രീയുള്ള സ്ഥലമാണു്.
- കൃഷ്ണമേനോൻ:
- സംശല്ല്യ.
- മീനാക്ഷി അമ്മ:
- വയൽവക്കു്; അടുത്തു് അമ്പലവും അമ്പലക്കുളവും. പത്തിരുപതു കൊല്ലമായി അതു ശ്രദ്ധിക്കാതെ വിട്ടിരിക്കയാണു്. പറമ്പിനു് വേലിയില്ല. വീടു് ചെതൽപിടിച്ചു നാശമായി. ഞാൻ പ്രഭയോടു് പറഞ്ഞു, അതൊക്കെയൊന്നു വൃത്തിയാക്കാൻ.
- കൃഷ്ണമേനോൻ:
- എന്നിട്ടെന്താ ഭാവം?
- മീനാക്ഷി അമ്മ:
- ഒന്നും ഭാവിച്ചിട്ടില്ല. വല്യച്ഛനുള്ള കാലത്തു് ഒരു ചെറിയ അമ്പലംപോലെ സൂക്ഷിച്ചതായിരുന്നു അതു്. അന്നൊക്കെ എന്നും അതിലൊരു സന്ന്യാസിയുമുണ്ടാവും.
- കൃഷ്ണമേനോൻ:
- ഇന്നു വല്യച്ഛനുമില്ല, സന്ന്യാസിമാരുമില്ല
- മീനാക്ഷി അമ്മ:
- വല്യച്ഛനല്ലാതെ, സന്ന്യാസിമാരില്ലെന്നു പറഞ്ഞുകൂടാ.
- കൃഷ്ണമേനോൻ:
- ഉണ്ടായിരിക്കാം. പക്ഷേ അതു് സന്ന്യാസിമാരായിരിക്കില്ല.
- മീനാക്ഷി അമ്മ:
- അങ്ങിനെ പറഞ്ഞാൽ ആരും ആരുമല്ല. മക്കളൊക്കെ മക്കളാണോ? അച്ഛന്മാരൊക്കെ… (കൃഷ്ണമേനോൻ അസ്വസ്ഥത ഭാവിക്കുന്നു.) അച്ഛന്മാരാണോ? ഭാര്യമാരൊക്കെ ഭാര്യമാരാണോ?
മാലിനി മീനാക്ഷി അമ്മയെ അർത്ഥസൂചകമായി നോക്കുന്നു.
- മീനാക്ഷി അമ്മ:
- അതുകൊണ്ടു് അങ്ങനെ പറഞ്ഞാലാവില്ല. (പ്രഭയോടു്) അവിടത്തെ ജോലിയൊക്കെ തീരാറായോ?
- പ്രഭാകരൻ:
- ഇന്നുച്ചയോടുകൂടി അവസാനിക്കും. വേലികെട്ടു ഇന്നലെ കഴിഞ്ഞു; മുറ്റം വെടിപ്പാക്കലും. വീട്ടിന്റെ കേടുപാടുകളൊക്കെ തീർത്തു. ഉച്ചയാവുമ്പോഴേക്കും വെള്ളവീശലും കഴിയും.
- മാലിനി:
- (ഒഴിഞ്ഞ ചായപ്പാത്രങ്ങളും മറ്റും എടുത്തു് പോകാൻ തുടങ്ങുന്നു.) അച്ഛനു കുളിക്കണ്ടേ?
- കൃഷ്ണമേനോൻ:
- വേണം. കുറച്ചുകൂടി കഴിയട്ടെ; വിയർപ്പൊക്കെ ഒന്നാറീട്ടു മതി.
- മാലിനി:
- (പ്രഭാകരനോടു്) എന്നാൽ ആദ്യം കുളിച്ചോളൂ. (പോകുന്നു)
പ്രഭാകരൻ മീനാക്ഷി അമ്മയെ നോക്കുന്നു, മീനാക്ഷി അമ്മ ഒന്നും മിണ്ടുന്നില്ല.
- പ്രഭാകരൻ:
- എന്നാൽ ഞാൻ കുളിക്കട്ടെ അച്ഛാ?
- മീനാക്ഷി അമ്മ:
- അവന്റെ ചോദ്യം കേട്ടാൽ, ദിവസവും അവൻ അച്ഛനോടു് ചോദിച്ചിട്ടാണു് കുളിയെന്നു തോന്നും. (പകുതി നടന്നു സംഭാഷണം ശ്രദ്ധിക്കാൻ തിരിഞ്ഞുനിന്ന മാലിനിയെ നോക്കി) വേഗം ചെന്നു കുളിച്ചോളൂ. അവളതാ കാത്തുനില്ക്കുന്നു.
പ്രഭാകരൻ രണ്ടടി നടന്നു മീനാക്ഷിയമ്മയോടു് എന്തോ പറയാൻ ഭാവിച്ചു തിരിഞ്ഞുനിന്നു, സംശയിച്ചു, ഒടുവിൽ ഒന്നും പറയാതെ മാലിനിയുടെ ഒപ്പം അകത്തേക്കു പോകുന്നു. തെല്ലിട നിശ്ശബ്ദത.
- കൃഷ്ണമേനോൻ:
- എന്നെ എന്തിനേ കമ്പിയടിച്ചു വരുത്തിയതെന്നു പറഞ്ഞില്ലല്ലോ?
- മീനാക്ഷി അമ്മ:
- (ഒച്ചയനക്കി) പറയാം. പക്ഷേ, അതിനു മുൻപേ കുറച്ചു കാര്യങ്ങൾ വേറെയും പറയാനുണ്ടു്.
- കൃഷ്ണമേനോൻ:
- ഇന്നു മീനാക്ഷിക്കുട്ടി എന്തു പറഞ്ഞാലും കേൾക്കാം. ആകപ്പാടെ ആളൊന്നു മാറീട്ടുണ്ടു്.
- മീനാക്ഷി അമ്മ:
- ശരിയാണു്; മാറീട്ടുണ്ടു്. (മുഖത്തു് സൂക്ഷിച്ചുനോക്കി) ഇനിയും മാറാനുദ്ദേശിക്കുന്നുണ്ടു്.
- കൃഷ്ണമേനോൻ:
- എന്തു മാറ്റം?
- മീനാക്ഷി അമ്മ:
- പറയാം. അതിനുമുമ്പേ ഞാൻ തോറ്റതുകൂടി പറഞ്ഞുകളയാം.
- കൃഷ്ണമേനോൻ:
- (ഉത്കണ്ഠയോടെ) തോല്ക്കുകയോ? ആരോടു്?
- മീനാക്ഷി അമ്മ:
- എന്നോടുതന്നെ. ഞാൻ എന്നോടു് തോറ്റിരിക്കുന്നു. അതു തുറന്നു പറയാനും, അതിനപ്പുറത്തുള്ള കാര്യങ്ങൾ ആലോചിക്കാനുമാണു് പ്രഭയുടെ അച്ഛനെ ഞാൻ കമ്പിയടിച്ചു വരുത്തിയതു്.
- കൃഷ്ണമേനോൻ:
- ആരെ?
- മീനാക്ഷി അമ്മ:
- പ്രഭയുടെ അച്ഛനെ.
- കൃഷ്ണമേനോൻ:
- (നിശ്ചലനായി മൂളുന്നു.) ഉം…
- മീനാക്ഷി അമ്മ:
- ഇനി ഒന്നും ഒളിച്ചുവെച്ചിട്ടു കാര്യമില്ല. ഒരു സ്ത്രീക്കു തന്റെ അഭിമാനത്തോളം വലിയതു് യാതൊന്നുമില്ല. പക്ഷേ, ആ അഭിമാനം ആദ്യമായും അവസാനമായും ഒരു പുരുഷന്റെ മുമ്പിൽ വെച്ചു് ഇന്നു ഞാൻ തകർക്കുകയാണു്. എനിക്കു തുറന്നുപറയാതെ വയ്യ. കഴിഞ്ഞ ഇരുപത്തഞ്ചു് കൊല്ലമായിട്ടു് എനിക്കു ഭ്രാന്തായിരുന്നു.
- കൃഷ്ണമേനോൻ:
- എന്താ മീനാക്ഷിക്കുട്ടിയീപ്പറയുന്നതു്?
- മീനാക്ഷി അമ്മ:
- ഭ്രാന്തായിരുന്നു. ഞാനെന്താണു് ചെയ്തതെന്നു് എനിക്കുതന്നെ അറിഞ്ഞുകൂടാ. എനിക്കു തനിയെ ഭ്രാന്തെടുത്തതല്ല; ഭ്രാന്തെടുപ്പിച്ചതാണു്.
- കൃഷ്ണമേനോൻ:
- ആരു്?
- മീനാക്ഷി അമ്മ:
- ഒരു പുരുഷൻ.
- കൃഷ്ണമേനോൻ:
- ഏതു പുരുഷൻ?
- മീനാക്ഷി അമ്മ:
- ഏതു പുരുഷനായാലും ഇനിയതറിഞ്ഞിട്ടു കാര്യമില്ല. ഇന്നലെവരെ എനിയ്ക്കാ പുരുഷനോടു് കലശലായ പകയായിരുന്നു. ഇന്നതില്ല. എന്റെ മനസ്സു് കലങ്ങിതെളിഞ്ഞുപോയി. ഇന്നെനിക്കു ഒരാളോടും ഒരു ദേഷ്യമോ പകയോ ഇല്ല. വ്യസനമോ, സന്തോഷമോ ഇല്ല. സ്നേഹിച്ചുപോകുന്നതു് ഒരു തെറ്റാണോ?
- കൃഷ്ണമേനോൻ:
- (സ്വപ്നത്തിലെന്നപോലെ) അല്ല.
- മീനാക്ഷി അമ്മ:
- സ്നേഹത്തിന്റെ പ്രതിഫലം ദുഃഖമാണോ?
- കൃഷ്ണമേനോൻ:
- (അതേ ഭാവത്തിൽ) ആവാൻ പാടില്ല. (നിശ്ശബ്ദത. എഴുന്നേറ്റു് അസ്വസ്ഥനായി നടക്കുന്നു.)
- മീനാക്ഷി അമ്മ:
- (എഴുന്നേറ്റു് മേശമേൽ ചാരിനില്ക്കുന്നു. വിദൂരതയിൽ തറച്ച നോട്ടം. നേരിയൊരു നെടുവീർപ്പു്. എന്നിട്ടു് ആരോടെന്നില്ലാതെ പറയുന്നു.) സ്നേഹിക്കുന്നതു് ഒരു തെറ്റല്ല. സ്നേഹത്തിന്റെ പ്രതിഫലം ദുഃഖവുമല്ല… പക്ഷേ… (കൃഷ്ണമേനോനെ നോക്കി) എന്റെ അനുഭവം മറിച്ചാണു്.
- കൃഷ്ണമേനോൻ:
- (അല്പമൊരു ഞെട്ടലോടെ തിരിഞ്ഞുനിന്നു) മീനാക്ഷിക്കുട്ടി വല്ലവരേയും സ്നേഹിച്ചിരുന്നോ?
- മീനാക്ഷി അമ്മ:
- സ്നേഹിച്ചിരുന്നു. അതികഠിനമായി സ്നേഹിച്ചിരുന്നു.
- കൃഷ്ണമേനോൻ:
- എന്നിട്ടു്?
- മീനാക്ഷി അമ്മ:
- ഇന്നും ആ സ്നേഹം നിലനില്ക്കുന്നുണ്ടു്.
കൃഷ്ണമേനോൻ പരുങ്ങുന്നു.
- മീനാക്ഷി അമ്മ:
- എന്നും അതു് നിലനില്ക്കും… ഞാൻ വിസ്തരിക്കുന്നില്ല. ചുരുക്കിപ്പറയാം… എന്റെ അനിയത്തിക്കുവേണ്ടി ഞാനതെല്ലാം ഉപേക്ഷിച്ചു. എനിക്കതിൽ വ്യസനമില്ല.
- കൃഷ്ണമേനോൻ:
- പ്രഭയുടെ അമ്മ മരിച്ചപ്പോൾ ഞാനെന്തേ ആവശ്യപ്പെട്ടതു്?
- മീനാക്ഷി അമ്മ:
- ഓർമ്മയില്ലേ?
- കൃഷ്ണമേനോൻ:
- ഉണ്ടു്; പ്രഭയുടെ ഭാരം ഏറ്റെടുക്കുമ്പോൾ എന്റെ ഭാരംകൂടി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടില്ലേ?
മീനാക്ഷി അമ്മ നിശ്ചലയായി നോക്കുന്നു.
- കൃഷ്ണമേനോൻ:
- അന്നു എന്തിനതു് നിരസിച്ചു?
- മീനാക്ഷി അമ്മ:
- ഇന്നെങ്കിലും അതു ചോദിച്ചല്ലോ! നന്നായി ആദ്യം എന്നെ ചവിട്ടിത്തേയ്ക്കുക. പിന്നീടു് ആവശ്യം നേരിട്ടപ്പോൾ ആദരിക്കാൻ ഭാവിക്കുക… കഴിഞ്ഞതു കഴിഞ്ഞില്ലേ? അതൊക്കെ നമുക്കു മറക്കാം. എനിക്കൊന്നേ പറയാനുള്ളു. ഞാൻ കല്പിച്ചുകൂട്ടി ഒരു പാപം ചെയ്തു.
- കൃഷ്ണമേനോൻ:
- എന്തു പാപം?
- മീനാക്ഷി അമ്മ:
- അതു പകകൊണ്ടു ചെയ്തതാണു്. അച്ഛനെയും മകനെയും എന്നെന്നേയ്ക്കും അകറ്റണമെന്നു് എനിക്കു തോന്നി. സഹിക്കാഞ്ഞിട്ടു ചെയ്തതാണു്. എന്റെ സ്നേഹം ചവിട്ടിത്തേച്ചവരെ വേദനിപ്പിക്കണമെന്നേ എനിക്കന്നു വിചാരമുണ്ടായിരുന്നുള്ളു. എനിക്കൊരുതരം ഭ്രാന്തുപിടിച്ചു. ജാനകിയുടെ മുറി അതേ നിലയ്ക്കു നിർത്തിയതും പ്രഭയെ ദുർബലനാക്കി വളർത്താൻ ശ്രമിച്ചതുമൊക്കെ അതിനായിരുന്നു.
- കൃഷ്ണമേനോൻ:
- (വികാരഭരിതനായി വിളിക്കുന്നു.) മീനാക്ഷിക്കുട്ടീ…
- മീനാക്ഷി അമ്മ:
- ഒന്നും പറയേണ്ട. കേട്ടാൽ മതി. എന്റെ പാപം ഞാൻ ഇന്നു മനസ്സിലാക്കി. ആ മുറിയിലെ സ്മാരകങ്ങളൊക്കെ എടുത്തു മാറ്റിക്കഴിഞ്ഞു. അതിലിന്നു കാറ്റും വെളിച്ചവും കടക്കുന്നുണ്ടു്. എന്റെ ഹൃദയത്തിലും… പ്രഭയെ ഞാൻ സ്വതന്ത്രനാക്കുകയാണു്.
- കൃഷ്ണമേനോൻ:
- അവനെന്തായിരുന്നു അസ്വാതന്ത്ര്യം?
- മീനാക്ഷി അമ്മ:
- അവനൊന്നിനും സ്വാത്രന്ത്യമുണ്ടായിരുന്നില്ല. എല്ലാം ഇതുവരെ ഞാനാണു് നിയന്ത്രിച്ചതു്. ഊണുകഴിക്കേണ്ട സമയംകൂടി അവനു നിശ്ചയമില്ല… അന്നൊക്കെ ഇവിടെ താമസിക്കാൻ അവനാവശ്യപ്പെട്ടതോർക്കുന്നുണ്ടോ?
- കൃഷ്ണമേനോൻ:
- ഉണ്ടു്.
- മീനാക്ഷി അമ്മ:
- അതൊന്നും അവന്റെ അഭിപ്രായമായിരുന്നില്ല; ഞാൻ പറയിക്കുമ്പോൾ അവൻ പറയും. അതുകൊണ്ടുതന്നെയാണു് അനുസരിക്കണമെന്നു് തോന്നാഞ്ഞതും. അതെല്ലാം പോട്ടെ, സ്നേഹിച്ചവരും സ്നേഹിക്കാത്തവരും, പാവപ്പെട്ടവരും ധനികരും, എല്ലാം ഒരുപോലെ നേരമെത്തുമ്പോൾ മരിച്ചുപോകുന്ന ഈ ഭുമിയിൽ സ്നേഹിക്കുന്നതും വെറുക്കുന്നതും പകവെയ്ക്കുന്നതും എല്ലം വിഡ്ഢിത്തമാണു്. നമ്മളൊക്കെ തനിച്ചു വരുന്നു; തനിച്ചു പോകുന്നു… ഞാനും അങ്ങനെ പോകാൻ തീരുമാനിച്ചു.
- കൃഷ്ണമേനോൻ:
- (അമ്പരന്നു്) എന്തു്! എന്താണു് മീനാക്ഷിക്കുട്ടി പറയുന്നതു്? എവിടെ പോവാൻ? എന്തിനു പോവാൻ?
- മീനാക്ഷി അമ്മ:
- ഞാൻ പോവുകയാണു്. ഈ തിരക്കിൽനിന്നും ബന്ധനത്തിൽ നിന്നും വിട്ടൊഴിഞ്ഞു പോവുകയാണു്.
- കൃഷ്ണമേനോൻ:
- എങ്ങട്ടു് മീനാക്ഷിക്കുട്ടീ?
- മീനാക്ഷി അമ്മ:
- ഞാൻ തനിച്ചാണു്.
- കൃഷ്ണമേനോൻ:
- (അല്പം തൊണ്ടയിടറിക്കൊണ്ടു്) മീനാക്ഷിക്കുട്ടി വിഡ്ഢിത്തം പറയരുതു്. പ്രഭ മീനാക്ഷിക്കുട്ടിയുടെ മകനാണു്. ഇവിടെയുള്ളതത്രയും മീനാക്ഷിക്കുട്ടിയുടേതാണു്. മീനാക്ഷിക്കുട്ടിക്കു് ഇഷ്ടമാണെങ്കിൽ ഇനി ഞാനും ഇവിടെ താമസിക്കാം.
- മീനാക്ഷി അമ്മ:
- അതു പറയാനാണു് ഞാൻ കമ്പിയടിച്ചു വരുത്തിയതു്. ഇനി പ്രഭയുടെ ഭാരവും ഈ വീട്ടിന്റെ ഭാരവും ഏറ്റുകൊണ്ടു് ഇവിടെ താമസിക്കണം.
- കൃഷ്ണമേനോൻ:
- മീനാക്ഷിക്കുട്ടിയോ?
- മീനാക്ഷി അമ്മ:
- ഞാനുണ്ടാവില്ല. ഞാൻ പോവും.
- കൃഷ്ണമേനോൻ:
- (വികാരപാരവശ്യത്തോടെ) മീനാക്ഷിക്കുട്ടീ.
പ്രഭ കുളി കഴിഞ്ഞു ഒരു മുണ്ടും ബനിയനും മാത്രമായി വരുന്നു. നനഞ്ഞ തോർത്തുകൊണ്ടു് മുഖവും കഴുത്തും ഇടയ്ക്കിടെ തുടയ്ക്കുന്നുണ്ടു്. പ്രസന്നവദനനായിട്ടാണു് വരുന്നതു്.
- പ്രഭാകരൻ:
- അച്ഛാ, ഞാൻ കുളിക്കുമ്പോഴൊക്കെ ഒരു കാര്യത്തെക്കുറിച്ചു ഓർമ്മിക്കുകയായിരുന്നു.
- കൃഷ്ണമേനോൻ:
- (സ്വപ്നത്തിലെന്നപോലെ) എന്തു കാര്യം?
- പ്രഭാകരൻ:
- ഇനി അച്ഛൻ തിരിച്ചുപോകേണ്ട. നമുക്കെല്ലാവർക്കുംകൂടി ഇവിടെ പാർക്കാം. അച്ഛനും കൂടിയുണ്ടായാൽ ഈ വീട്ടിൽ പരമസുഖമായിരിക്കും.
- മീനാക്ഷി അമ്മ:
- അതാണു് പ്രഭേ, ഞാനിതുവരെ പറഞ്ഞുകൊണ്ടിരുന്നതു്.
- പ്രഭാകരൻ:
- അച്ഛനെന്താ മിണ്ടാത്തതു്? എന്നും അച്ഛനിങ്ങനെയാണു്. ഇക്കാര്യം പറയുമ്പോൾ മാത്രം മിണ്ടില്ല.
കൃഷ്ണമേനോൻ മിണ്ടാതെ ഒരു സ്ഥലത്തിരിക്കുന്നു… മാലിനി അലക്കിത്തേച്ച ഷർട്ടു കൊണ്ടുവന്നു കൊടുക്കുന്നു.
- പ്രഭാകരൻ:
- (അതു വാങ്ങി ധരിച്ചു) അച്ഛനെന്താ, ഉത്തരമൊന്നും പറയാത്തതു്?
- മീനാക്ഷി അമ്മ:
- പ്രഭേ, മഠത്തിലെ വെള്ളവീശൽ കഴിഞ്ഞിട്ടുണ്ടാവില്ലേ?
- പ്രഭാകരൻ:
- ഉണ്ടാവും.
- മീനാക്ഷി അമ്മ:
- (വിളിക്കുന്നു) വേലായുധാ, വേലായുധാ.…
വേലായുധൻ നായർ വിളി കേട്ടുകൊണ്ടു് വരുന്നു.
- മീനാക്ഷി അമ്മ:
- ഞാൻ പറഞ്ഞതൊക്കെ ചെയ്തില്ലേ?
- വേലായുധൻ നായർ:
- ചെയ്തു. എന്തിനാണാവോ ഇതൊക്കെ?
- മീനാക്ഷി അമ്മ:
- നിനക്കതു മനസ്സിലാവില്ല. ആട്ടെ, ആ സാധനങ്ങളൊക്കെ ഇവിടെ കൊണ്ടുവന്നു വെയ്ക്കൂ.
- പ്രഭാകരൻ:
- എന്തു സാധനങ്ങളാണമ്മേ?
- മീനാക്ഷി അമ്മ:
- എന്തിനു ധൃതിപ്പെടുന്നു? കൊണ്ടുവന്നാൽ കാണാം. (മാലിനിയോടു്) മാലിനീ, നീയൊരു കാര്യം ചെയ്യണം.
- മാലിനി:
- എന്താണമ്മേ?
- മീനാക്ഷി അമ്മ:
- ഈ പ്രഭയുടെ ഉത്തരവാദിത്തം മുഴുവനും ഇനി നിന്നിലാണു്. മാലിനി ഒന്നും മിണ്ടുന്നില്ല.
- പ്രഭാകരൻ:
- എന്താണമ്മേ, അമ്മയിപ്പറയുന്നതു്?
- മീനാക്ഷി അമ്മ:
- (മാലിനിയോടു്) ഞാൻ പറയുന്നതു് നീ കേൾക്കുന്നുണ്ടോ?
- മാലിനി:
- ഉണ്ടു്.
- മീനാക്ഷി അമ്മ:
- ഒരു നല്ല ഭാര്യയുടെ നിലയിൽ നീ അവനെ ശുശ്രൂഷിക്കണം. നിങ്ങൾ തമ്മിൽ ഒരു കാര്യത്തിലും അഭിപ്രായവ്യത്യാസമുണ്ടാവരുതു്.
- മാലിനി:
- അതെങ്ങിനെയാണമ്മേ? ആരു് തമ്മിലും അഭിപ്രായവ്യത്യാസമുണ്ടാവാം. പക്ഷേ, ആ വ്യത്യാസത്തെച്ചൊല്ലി കലഹിക്കാനിടവരുത്തില്ല.
- മീനാക്ഷി അമ്മ:
- മതി, നീ ഒരു ഭാര്യയുടെ ധർമ്മം ഒരിക്കലും മറക്കരുതു്.
- മാലിനി:
- ഇതുവരെ ഞാൻ മറന്നിട്ടില്ല. ഇനി മറക്കുകയുമില്ല.
കൃഷ്ണമേനോൻ കലശലായ അസ്വാസ്ഥ്യത്തോടെ നെറ്റിയും താങ്ങി ഇരിക്കുകയാണു്. പ്രഭാകരൻ മീനാക്ഷി അമ്മയെത്തന്നെ അമ്പരന്നു നോക്കുന്നു. വേലായുധൻ നായർ ഒരു പെട്ടിയും ഭാണ്ഡവും എടുത്തുകൊണ്ടു വന്നു മീനാക്ഷി അമ്മയുടെ അടുത്തു വെക്കുന്നു.
- മീനാക്ഷി അമ്മ:
- (പെട്ടിയെടുത്തു് മേശപ്പുറത്തുവെച്ചു അതു് തുറക്കാൻ ശ്രമിച്ചുകൊണ്ടു്) വേലായുധാ, നീ ചെന്നു ആ നാണിക്കുട്ടിയെ വിളിച്ചുകൊണ്ടുവാ.
- വേലായുധൻ നായർ:
- (വളരെ പാരവശ്യത്തോടെ) എനിക്കൊന്നു ചോദിക്കാനുണ്ടു്.
- മീനാക്ഷി അമ്മ:
- (ഗൗരവത്തിൽ) ഇപ്പോൾ ഒന്നും ചോദിക്കേണ്ട. പോയിട്ടു വരൂ.
വേലായുധൻ നായർ പോകുന്നു.
- പ്രഭാകരൻ:
- അമ്മേ, ഇതെന്തിനാണീ പെട്ടിയും ഭാണ്ഡവുമൊക്കെ?
- മീനാക്ഷി അമ്മ:
- അതോ; അതു പറയാം. (പെട്ടി തുറന്നു ഒരു വലിയ ലക്കോട്ടെടുക്കുന്നു.) ഇതാ. ഇതു് നമ്മുടെ സ്വത്തിന്റെ ആധാരങ്ങളാണു്. (പ്രഭാകരനു് വെച്ചുനീട്ടുന്നു.)
- പ്രഭാകരൻ:
- ഇതെന്തിനാണമ്മേ?
- മീനാക്ഷി അമ്മ:
- ഇതു നിനക്കു സൂക്ഷിക്കാൻ.
കൃഷ്ണമേനോൻ എഴുന്നേറ്റു് അസ്വസ്ഥനായി ലാത്തുന്നു.
- പ്രഭാകരൻ:
- അമ്മെ, എനിക്കിതൊന്നും മനസ്സിലാവുന്നില്ല.
- മീനാക്ഷി അമ്മ:
- ഇതൊക്കെ ഇനി നീയാണു് സൂക്ഷിക്കേണ്ടതു്! ഈ സ്വത്തിനു് മുഴുവനും ഏകാവകാശി നീയാണു്. എന്റെ അവകാശം കൂടി ഞാൻ നിനക്കു ദാനം തന്നിരിക്കുന്നു: ഉം ഇതു വാങ്ങൂ.
- പ്രഭാകരൻ:
- എല്ലാം അമ്മ വെച്ചാൽ മതി.
- മീനാക്ഷി അമ്മ:
- പോര. നീയാണു് വെയ്ക്കേണ്ടതു്.
- പ്രഭാകരൻ:
- വേണ്ടമ്മേ.
- മീനാക്ഷി അമ്മ:
- (സ്വരം അല്പം പരുഷമാക്കി) പ്രഭേ, നീയിതു വാങ്ങുന്നുണ്ടോ?
- പ്രഭാകരൻ:
- ഇതു് അമ്മയുടെ പെട്ടിയിലിരുന്നാലെന്താണു്?
- മീനാക്ഷി അമ്മ:
- (വികാരം അമർത്തിപ്പിടിച്ചുകൊണ്ടു്) അമ്മയുടെ പെട്ടി ഇനി ഇവിടെ ഉണ്ടാവില്ല.
- പ്രഭാകരൻ:
- (അന്തം വിട്ടു്) പിന്നെ! എന്തമ്മ പറയുന്നതു്!
- മീനാക്ഷി അമ്മ:
- (വളരെ ശാന്തമായ സ്വരത്തിൽ) ഇന്നു മുതൽ ഞാൻ മഠത്തിലാണു് താമസം.
- പ്രഭാകരൻ:
- (ഓടി അടുത്തിട്ടു്) എന്താണമ്മേ, അമ്മയെന്താണു് പറഞ്ഞതു്? അമ്മ വീടു വിട്ടു പോവുകയാണോ? (ലക്കോട്ടു വാങ്ങി മേശപ്പുറത്തിട്ടു്) വേണ്ടമ്മേ, എനിക്കു സ്വത്തും അധികാരവും ഒന്നും വേണ്ട. ഞാനും ഈ വീടുവിട്ടു് എങ്ങോട്ടെങ്കിലും (തിരിഞ്ഞു് കൃഷ്ണമേനോനോടു്) അച്ഛാ അച്ഛനിതു കേട്ടില്ലേ?
- കൃഷ്ണമേനോൻ:
- (തലയുയർത്തി) നീ കേട്ടതുപോലെ ഞാനും കേട്ടു.
- പ്രഭാകരൻ:
- (മീനാക്ഷി അമ്മയോടു്) ഇല്ലമ്മേ, ഇതു നടക്കാത്ത കാര്യമാണു്. എന്റെ ജിവനുള്ളപ്പോൾ ഞാൻ സമ്മതിക്കില്ല.
- വേലായുധൻ നായർ:
- (കടന്നുവന്നു) ഇതെന്തൊക്കെയാണീ കേൾക്കുന്നതു്?
- മീനാക്ഷി അമ്മ:
- എന്താ വേലായുധാ?
- വേലായുധൻ നായർ:
- ഇങ്ങനെയൊന്നും ചെയ്യരുതു്. ഈ കുട്ടികൾക്കൊക്കെ ഇനി ആരാണുള്ളതു്?
- മീനാക്ഷി അമ്മ:
- അവരൊന്നും ഇന്നു കുട്ടികളല്ല.
- പ്രഭാകരൻ:
- അമ്മേ, അമ്മ എന്തു പറഞ്ഞാലും ഞാൻ സമ്മതിക്കില്ല. (തൊണ്ടയിടറി) ഈ വയസ്സുവരെ എനിക്കുവേണ്ടിയാണമ്മ കഷ്ടപ്പെട്ടതു്. ഇനി അമ്മയെ തനിച്ചു പാർക്കാൻ ഞാൻ സമ്മതിക്കില്ല.
- മീനാക്ഷി അമ്മ:
- (കനത്ത സ്വരത്തിൽ) പ്രഭേ, നീ വിഡ്ഢിത്തം കാണിക്കരുതു്.
നിന്റെ അമ്മ ദൂരെയെങ്ങും പോകുന്നില്ല. എനിക്കു സ്വസ്ഥമായിരുന്നു ഈശ്വരനെ വിചാരിക്കണം. അതിനാണു് ഞാൻ പോകുന്നതു്. നിനക്കിവിടെ മാലിനിയുണ്ടു്. എന്നെ ഇടയ്ക്കിടെ വന്നു കാണാനും കഴിയും. വേലായുധാ, എവിടെ നാണിക്കുട്ടി?
- വേലായുധൻ നായർ:
- (തന്റെ പിറകിൽ നില്ക്കുന്ന നാണിക്കുട്ടിയെ നോക്കി) ഇതാ.
- മീനാക്ഷി അമ്മ:
- എടീ നീയിവിടെ അനുസരണയോടെ പാർക്കണം.
- വേലായുധൻ നായർ:
- ഇല്ല; അവളും അങ്ങട്ടു പോരട്ടെ. അവിടെ പണിയെടുക്കാനൊരാളുവേണ്ടേ?
- മീനാക്ഷി അമ്മ:
- നിർബന്ധമില്ല. എനിക്കു തനിച്ചു പാർക്കാനാണു് മോഹം. അവളുടെ ഇഷ്ടംപോലെ ചെയ്യട്ടെ.
- വേലായുധൻ നായർ:
- അവളുടെ ഇഷ്ടമോ? അവൾക്കായിട്ടു ഇവിടെയൊരിഷ്ടമില്ല.
- മീനാക്ഷി അമ്മ:
- അതു് വേലായുധനല്ല തീർച്ചപ്പെടുത്തേണ്ടതു്.
- വേലായുധൻ നായർ:
- അക്കാര്യത്തിലൊന്നും ശഠിക്കരുതു്. (നാണിക്കുട്ടിയോടു്) വേഗം മുണ്ടൊക്കെ മാറി വന്നോളൂ-വല്യമ്മയുടെ കൂടെ പോകാൻ.
- പ്രഭാകരൻ:
- (പെട്ടെന്നു) വേലായുധൻ നായരേ, ഇവിടെ ആരും എവടേയും പോകാൻ തീരുമാനിച്ചിട്ടില്ല.
- വേലായുധൻ നായർ:
- അങ്ങനെ പറഞ്ഞുകേൾക്കാനാണു് എന്റെയും മോഹം.
- മീനാക്ഷി അമ്മ:
- (നാണിക്കുട്ടിയുടെ അടുത്തുചെന്നു്) നീയവളെ നിർബന്ധിക്കേണ്ട. അവൾ ഇഷ്ടംപോലെ ചെയ്യട്ടെ. ഇവിടെയാണവൾക്കിഷ്ടമെങ്കിൽ ഇവിടെ നിന്നോട്ടെ.
- വേലായുധൻ നായർ:
- അവൾക്കു വല്യമ്മയുടെ കൂടെ വരാൻ ഇഷ്ടക്കുറവോ? അവളിതുവരെ എങ്ങിന്യാണ് ജീവിച്ചത്? ആരാണവളെ പോറ്റിയതു്?
- മീനാക്ഷി അമ്മ:
- വേലായുധാ നിയെന്തിനാണിങ്ങനെ ബഹളം കൂട്ടുന്നതു്? ഞാൻ ചോദിക്കാം അവളോടു്. പെണ്ണേ ഇങ്ങട്ടു വാ.
നാണിക്കുട്ടി അടുത്തു ചെല്ലുന്നു.
- മീനാക്ഷി അമ്മ:
- നിനക്കു എന്റെ കൂടെ വരുന്നതോ. ഇവിടെ നില്ക്കുന്നതോ ഇഷ്ടം?
നാണിക്കുട്ടി മിണ്ടുന്നില്ല
- വേലായുധൻ നായർ:
- എന്താ പെണ്ണേ മിണ്ടാത്തതു്?
- മീനാക്ഷി അമ്മ:
- നീയെന്തിനവളോടു് ശുണ്ഠിയെടുക്കുന്നു. (നാണിക്കുട്ടിയോടു്) നിന്റെ ഇഷ്ടം എന്താന്നുവെച്ചാൽ പറഞ്ഞോളൂ ഒരു കുഴപ്പവുമില്ല.
നാണിക്കുട്ടി മിണ്ടുന്നില്ല. മുഖം താഴ്ത്തി നില്ക്കുന്നു. നിശ്ശബ്ദത. എല്ലാവരും എല്ലാവരേയും പല അർത്ഥത്തിൽ നോക്കുന്നു.
- മീനാക്ഷി അമ്മ:
- (നെടുവീർപ്പിട്ടു്) ശരി വേലായുധാ, ഇവളെ നിർബന്ധിക്കേണ്ട. ഇവിടെ മാലിനിക്കും ഒരാൾ വേണ്ടേ? (മാലിനിയെ നോക്കി) മാലിനീ, അവളോടു് ശുണ്ഠിയെടുക്കരുതു് കേട്ടോ. അമ്മയില്ലാത്ത മകളാണു്.
- മാലിനി:
- (ശാന്തയായിട്ടു്) ഞാനാരോടും ശുണ്ഠിയെടുക്കാറില്ലമ്മേ.
- മീനാക്ഷി അമ്മ:
- ശരി. (വേലായുധൻ നായരോടു്) വേലായുധാ നീയിപ്പെട്ടിയും മറ്റും ഒന്നെടുത്തു് അവിടെ കൊണ്ടുവെച്ചു് ഇങ്ങട്ടു പോന്നോളൂ.
- വേലായുധൻ നായർ:
- (പെട്ടിയെടുത്തു് നടക്കുന്നു) ഇല്ല; ഇനി ഇങ്ങട്ടു ഞാനും തിരിച്ചുവരാൻ വിചാരിച്ചിട്ടില്ല.
- മീനാക്ഷി അമ്മ:
- നിനക്കും ഈശ്വരവിചാരം തുടങ്ങീണ്ടെങ്കിൽ അവിടെ താമസിക്കാം; വിരോധമില്ല (നിശ്ശബ്ദത)
- മീനാക്ഷി അമ്മ:
- (ഒന്നുരണ്ടടി നടന്നു തിരിഞ്ഞുനിന്നു്) എന്നാൽ പ്രഭേ…
- പ്രഭാകരൻ:
- അമ്മേ! (മുൻപോട്ടു ചെന്നു) അമ്മ ഇതെന്നോടു ചെയ്യാൻ പാടില്ലാത്തതാണു്. (വളരെ സമീപിച്ചു്) അമ്മ എന്നെ ആരുടെ കൈയിൽ ഏല്പിച്ചാണു് പോകുന്നതു്?
- മീനാക്ഷി അമ്മ:
- നിന്റെ അമ്മ നിന്നെ എന്റെ കൈയിൽ ഏല്പിച്ചു. ഞാൻ നിന്നെ ആദ്യമായി ഈശ്വരന്റെ കൈയിലും പിന്നെ മാലിനിയുടെ കൈയിലും ഏല്പിക്കുന്നു. നിനക്കു ഒരു ബുദ്ധിമുട്ടും വരില്ല. (ചുണ്ടു കടിച്ചമർത്തി, ശബ്ദം പ്രയാസപ്പെട്ടു നിയന്ത്രിച്ചു്, മൂർധാവിൽ കൈ വെച്ചു) നീ നന്നായി വരും. (കണ്ണീരൊപ്പി ധൃതിയിൽ നടന്നുപോകുന്നു.)
- പ്രഭാകരൻ:
- അമ്മെ… അമ്മെ… (പിന്നാലെ പോകാൻ തുടങ്ങുന്നു.)
- കൃഷ്ണമേനോൻ:
- (ആ രംഗം നോക്കി നിന്നുകൊണ്ടു്, പെട്ടെന്നു് അധികാരസ്വരത്തിൽ) പ്രഭേ…
- പ്രഭാകരൻ:
- അച്ഛാ! (തിരിഞ്ഞു നില്ക്കുന്നു. രണ്ടുപേരുടേയും നോട്ടം ഇടയുന്നു. പ്രഭയും കൃഷ്ണമേനോനും മാലിനിയും നാണിക്കുട്ടിയും രംഗത്തു നിശ്ശബ്ദരായി തെല്ലിട നില്ക്കുന്നു. നാണിക്കുട്ടി മുഖം പൊത്തി കരയുന്നു. അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം കൃഷ്ണമേനോൻ തന്റെ കീശയിൽനിന്നു പേഴ്സെടുത്തു് കൈയിൽ വെയ്കുന്നു. കോട്ടഴിച്ചു് പ്രഭയുടെ നേർക്കു നീട്ടുന്നു.)
- കൃഷ്ണമേനോൻ:
- ഇതാ, പ്രഭേ, ഇതു് അകത്തു് കൊണ്ടു് ചെന്നുവെയ്ക്കൂ.
പ്രഭാകരൻ കോട്ടു വാങ്ങുന്നു.
- കൃഷ്ണമേനോൻ:
- (പേഴ്സ് മാലിനിക്കു നീട്ടി) ഇതു് പെട്ടിയിൽ വെയ്ക്കു മാലിനീ…
മാലിനി പേഴ്സ് വാങ്ങുന്നു.
- കൃഷ്ണമേനോൻ:
- (നാണിക്കുട്ടിയെ നോക്കി) പെണ്ണേ, കുളിക്കാൻ വെള്ളം വെച്ചിട്ടില്ലേ?
നാണിക്കുട്ടി ഉവ്വെന്ന അർത്ഥത്തിൽ നോക്കി കണ്ണു തുടച്ചു അകത്തേക്കു പോകുന്നു.
—യവനിക—