images/tkn-theeppori-cover.jpg
View of Auvers, an oil on canvas painting by Vincent van Gogh (1853–1890).
രംഗം 6
കൊല്ലം ഒന്നു് കഴിഞ്ഞു. രംഗം പഴയതുതന്നെ. പക്ഷേ, വലിയ മാറ്റമുണ്ടു്. ഭംഗിയാർന്ന വാതിൽമറകളും ജാലകമറകളും കാണാനില്ല, ആരും ഒന്നും ശ്രദ്ധിക്കാത്ത മട്ടാണു്, സോഫകൾ പോളിഷ് ചെയ്യാത്തതുകൊണ്ടു് വളരെ പഴക്കം തോന്നിക്കുന്നു. ‘കുഷ്യൻ’ അഴുക്കുപറ്റിക്കിടപ്പാണു്. രാഘവന്റെ മുറി തീരെ അടച്ചുപൂട്ടിയിരിക്കുന്നു. പ്രഭാകരന്റെ മുറിയുടെ മുൻവശത്തുള്ള ജാലകത്തിന്റെ മുകളിലെ പകുതി തുറന്നിട്ടിട്ടുണ്ടു്. പിന്നിലെ വാതിൽ മലർക്കെ തുറന്നിരിക്കുന്നു. വാതിൽമറ ഇല്ല. യവനിക നീങ്ങുമ്പോൾ നന്ദിനിക്കുട്ടി സോഫയിലിരിക്കുകയാണു്. വളരെക്ഷീണിച്ചിരിക്കുന്നു. പഴയ പ്രസരിപ്പാർന്ന കോളേജ് കുമാരിയുടെ ഒരു നിഴൽ മാത്രമാണവളിന്നു്. മുൻപിലുള്ള ടീപ്പോയിൽ ഒരു കപ്പ് ചായ വെച്ചിട്ടുണ്ടു്. അവളതറിഞ്ഞ മട്ടില്ല. അല്പംകഴിഞ്ഞു് ജാനകി അകത്തുനിന്നു് വരുന്നു. മകളുടെ അടുത്തു ചെന്നിരിക്കുന്നു. നന്ദിനിക്കുട്ടി അറിയുന്നില്ല. പതുക്കെ തൊട്ടുവിളിക്കുന്നു.
ജാനകി:
മോളേ.
നന്ദിനി:
(തിരിഞ്ഞുനോക്കുന്നു)
ജാനകി:
ഇനിയും മേളു് ചായ കുടിച്ചില്ലേ (നന്ദിനിക്കുട്ടിയുടെ പാറിപ്പറന്ന തലമുടി വാത്സല്യത്തോടെ തടവുന്നു.) കുടിക്കു മോളേ… (കണ്ണുകളിലേക്കു് സൂക്ഷിച്ചു് നോക്കിക്കൊണ്ടു് തുടരുന്നു.) കഷ്ടം! എന്തൊരു മാറ്റമാണു് നിനക്കു് വന്നതു്! മെലിഞ്ഞു്, കവിളൊട്ടി നീയൊരു മുത്തശ്ശീടെ മട്ടായി!
നന്ദിനി:
അതുകൊണ്ടെന്താണമ്മേ? മുത്തശ്ശിമാരെ എല്ലാവർക്കും ഇഷ്ടായിരിക്കില്ലേ?
ജാനകി:
ആരോടാ നീ പകവീട്ടുന്നതു്? കേൾക്കട്ടെ, നീ നശിച്ചാൽ ഈ അമ്മയ്ക്കല്ലാതെ മറ്റാർക്കെങ്ക്ലും നഷ്ടമുണ്ടോ?… എന്റെ മോളു് കഴിഞ്ഞതൊക്കെ മറക്കൂ… എത്ര പ്രസരിപ്പോടെ ഓടിനടന്ന കുട്ടിയാ നീ?
നന്ദിനി:
ആ കാലൊക്കെ പോയില്ലേ അമ്മേ?
ജാനകി:
എങ്ങനെ പോയി? അതാലോചിക്കൂ. നല്ലകാലം ഉണ്ടാക്കുന്നതും നശിപ്പിക്കുന്നതും ഒക്കെ നമ്മളാണു്; അതുപോലെ ആപത്തു് വരുത്തുന്നതും അതില്ലാതാക്കുന്നതും. ഈ വീട്ടിന്റെ കാര്യംതന്നെ എടുക്കൂ. ഇന്നിതു് ചത്തപോലെ കിടക്കുന്നു. ചിരിയും കളിയും ബഹളവും ഒന്നുമില്ല. ഇവിടുത്തെ ഓരോ അകവും ഓരോ ശവക്കല്ലറപോലെ. പേടിച്ചുകൊണ്ടല്ലാതെ ഒരകത്തുനിന്നു് മറ്റൊരകത്തേക്കു് കടക്കാൻ വയ്യ.
നന്ദിനി:
എനിക്കു് പേടിയില്ലമ്മേ. വാസ്തവത്തിൽ ആളൊഴിഞ്ഞ ഇവിടത്തെ അകങ്ങളൊക്കെ എനിക്കിഷ്ടമാണു്.
ജാനകി:
നിനക്കാളുകളെ ഇഷ്ടമല്ല; അതാണു് കാരണം.
നന്ദിനി:
എനിക്കാരേയും ഇഷ്ടക്കേടില്ലമ്മേ; ഇഷ്ടവും.
ജാനകി:
അമ്മയോടും ഇഷ്ടമില്ലേ?
നന്ദിനി:
ഇഷ്ടക്കേടില്ല, അതുപോരേ?
ജാനകി:
(വേദനയോടെ) മതിയോ മോളേ? ഒരമ്മയ്ക്കതു് മതിയോ? മക്കൾക്ക് അമ്മയോട് ഇഷ്ടക്കേടില്ലാഞ്ഞാൽ മതിയോ? ഉണ്ണിക്കു് സുഖമില്ല. നീയാണെങ്കിൽ ഇങ്ങനെയും. ഒരമ്മയ്ക്കിതെങ്ങിനെ സഹിക്കാൻ കഴിയും? എന്റെ മോളു് പഴയപോലെ കളിയും ചിരിയുമായി കഴിയുന്നതു് കാണാൻ അമ്മ പ്രാർത്ഥിക്കുകയാണു്. ഈ വീട്ടിലിത്തിരി ചൈതന്യമുണ്ടാവട്ടെ. ചത്തുകിടക്കുന്ന ഒരു രാജകൊട്ടാരംപോലെ ഈ വീടു്, കാണുന്നവരെക്കൂടി ഭയപ്പെടുത്തുന്നു.
നന്ദിനി:
അമ്മേ, ഈ ചത്തുകിടക്കുന്ന രാജകൊട്ടാരത്തിനു് പാകമാണു് നമ്മളൊക്കെ. വാസ്തവത്തിൽ ഇതിൽ താമസിക്കുന്ന നമ്മളൊക്കെ പ്രേതങ്ങളല്ലേ അമ്മേ? ഞാൻ മരിച്ചിട്ടു് കൊല്ലമൊന്നു് കഴിഞ്ഞില്ലേ?
ജാനകി:
മോളേ…
നന്ദിനി:
അതേ അമ്മേ, അതുകൊണ്ടാണു് ഞാൻ ആത്മഹത്യ ചെയ്യാത്തതു്. മരിച്ചവരെന്തിനാത്മഹത്യചെയ്യണം? ഇവിടെ ജീവനുള്ള ഒരാളേ ഉണ്ടായിരുന്നുള്ളു. മുത്തച്ഛൻ. അതുകൊണ്ടാണു് ആത്മഹത്യ ചെയ്തതു്. പിന്നൊരാളുണ്ടായിരുന്നു, ഇളയച്ഛൻ. അദ്ദേഹം ഈ വീടുവിട്ടു് പോവുകയും ചെയ്തു. ഇപ്പോൾ അമ്മയുടെ ഈ ചത്ത കൊട്ടാരത്തിൽ കുറെ പ്രേതങ്ങൾ സഞ്ചരിക്കുന്നു. തമ്മിൽ കണ്ടുമുട്ടുമ്പോൾ നായ്ക്കളെപ്പോലെ ഇളിക്കുകയും കുരയ്ക്കുകയും ചെയ്യുന്നു. ഇളയച്ഛന്റെ വാക്കു് എത്ര സത്യമായിരുന്നു! ഒരു വശത്തുകൂടി അന്യായമായി പണം സമ്പാദിക്കുമ്പോൾ മറുവശത്തുകൂടി മനുഷ്യത്വം നഷ്ടപ്പെടുന്നതു് ആരും കണ്ടില്ല.
ജാനകി:
മോളേ, നമ്മൾ സമ്പാദിച്ചിട്ടില്ല; നശിപ്പിച്ചിട്ടുമില്ല. നമുക്കിതിലൊന്നും പങ്കില്ല. ഈ പാപത്തിനൊന്നും നമ്മളുത്തരവാദികളുമല്ല.
നന്ദിനി:
അതു് പറഞ്ഞിട്ടു് കാര്യമില്ലമ്മേ… എന്റെ അമ്മ മരിച്ചിട്ടു് എത്ര കൊല്ലമായി പറയൂ അമ്മേ?… ഞാൻ ചോദിക്കുന്നതു്. എന്റെ അമ്മ പ്രേതമായിട്ടു് എത്ര കൊല്ലമായെന്നാണു്.
പുറത്തു് ചുമയുടെ ശബ്ദം.
ജാനകി:
ആരാതു്? (മുൻപോട്ടുചെന്നു് നോക്കുന്നു.)
രാമൻകുട്ടി:
ഞാനാണു് (തലമാത്രം കാണുന്നു.)
ജാനകി:
ആരു് രാമൻകുട്ടിയോ? എവിട്യായിരുന്നു ഇതുവരെ നീ?
രാമൻകുട്ടി:
എന്നോടു് ആരും ഒരലോഗ്യോം വിചാരിക്കരുതു്. പേടിച്ചിട്ടാ ഞാനന്നു് ഓടിപ്പോയതു്. ഞാൻ കാറ് തുടക്യായിരുന്നു. അപ്പളാ ഉണ്ണീടെ നിലവിളി. ഓടിച്ചെന്നു് നോക്കുമ്പം-ഓ! അതു് പറയാൻ വയ്യ. പിന്നെ ഞാൻ ഒരു മിനിട്ടിവിടെ നിന്നിട്ടില്ല.
ജാനകി:
നിനക്കെന്താപ്പം ജോലി?
രാമൻകുട്ടി:
ഞാൻ അന്നോടെ വീട്ടുജോലി നിർത്തി. ഇപ്പം കച്ചോടാണു്.
ജാനകി:
കച്ചോടോ?
രാമൻകുട്ടി:
അതേ, കുറച്ചു് നിലക്കടലവാങ്ങി വറക്കും. അതുകൊണ്ടുതന്നെ കുറച്ചു് ചക്കരമുട്ടായി ഉണ്ടാക്കും. എന്നിട്ടു് എതെങ്കിലും സ്കൂളിന്റെ പടിക്കൽ പോയിരിക്കും. കുട്ടികൾക്കു് ചക്കരമുട്ടായീം നെലക്കടലിം വലിയ ഇഷ്ടാ. വൈകുന്നേരാവുമ്പം അഞ്ചെട്ടണ കിട്ടും. ഏതെങ്കിലും ഹോട്ടലിൽ കയറി ഒരു ഊണുകഴിക്കും. പീടികത്തിണ്ണേലു് കിടക്കും… (ഒരു പൊതി നീട്ടിക്കാണിക്കുന്നു.) ഇതാ നന്ദിനിക്കുട്ടിക്കും ഉണ്ണിയ്ക്കുംകൂടി കൊടുക്കണം.
ജാനകി:
എന്താ രാമൻകുട്ടീ ഇതു്?
രാമൻകുട്ടി:
നിലക്കടലമുട്ടായിയാ. ഉണ്ണി കോളേജിൽ പോയോ? (നന്ദിനിക്കുട്ടി രാമൻകുട്ടിയുടെ ശബ്ദം കേട്ടു് തലപൊക്കി നോക്കുന്നു.) എനിക്കു് ഉണ്ണിയെ കാണാൻ കഴിഞ്ഞില്ല. കോളേജ് വിട്ടു് വരുന്നവരെ നില്ക്കാനും നേരല്ലേ.
ജാനകി:
(ദുഃഖം) അവൻ കോളേജിലൊന്നും പോകാറില്ല രാമൻകുട്ടീ. അവനൊട്ടും സുഖേല്ല… അന്നത്തെ പേടി അവനെ തകർത്തിക്കളഞ്ഞു. (കണ്ണുതുടയ്ക്കുന്നു)
നന്ദിനി:
(ക്ഷീണിച്ച സ്വരത്തിൽ) ആരാമ്മേ അതു്?
രാമൻകുട്ടി:
(നന്ദിനിക്കുട്ടിയുടെ ശബ്ദം കേട്ടു്) അല്ലാ നന്ദിനിക്കുട്ടി ഇവിടെണ്ടോ?
മുമ്പോട്ടു് ചെല്ലുന്നു. നന്ദിനിക്കുട്ടിയുടെ പാരവശ്യം കണ്ടു് അമ്പരക്കുന്നു.
നന്ദിനി:
(ക്ഷീണിച്ച സ്വരത്തിൽ) എന്താ രാമൻകുട്ടീ, അറിയ്യോ? ഈ നന്ദിനിക്കുട്ടിയെ അറിയ്യോ? നീയെന്തേ പോന്നതു്?
രാമൻകുട്ടി:
നിങ്ങളെയൊക്കെ കാണാൻ.
ജാനകി:
മോളേ, ഇപ്പഴെങ്കിലും നമ്മളെയൊക്കെ അവനോർത്തില്ലേ? എത്ര കാലമായി രാമൻകുട്ടീ നീയിവിടുന്നു് പോയിട്ടു്?
രാമൻകുട്ടി:
ഒരു കൊല്ലം തികച്ചായി.
ജാനകി:
കാലം പോയതൊന്നും ഞങ്ങളറിഞ്ഞിട്ടില്ലാ രാമൻകുട്ടീ.
നന്ദിനി:
നീ രാജേട്ടനെ എവിടേങ്ക്ലുംവെച്ചു് കണ്ടോ?
രാമൻകുട്ടി:
ഞാൻ ദിവസോം കാണാറുണ്ടു്. ചെറവക്കത്തെ ഓട്ടുകമ്പനീലാ പണി.
നന്ദിനി:
ഉവ്വോ? (അല്പം ചൈതന്യത്തോടെ നിവർന്നിരിക്കുന്നു.) ഉവ്വോ? രാജേട്ടൻ തടിച്ചിട്ടുണ്ടോ?
രാമൻകുട്ടി:
മെലിഞ്ഞു് ഈർക്കിലപോലെണ്ടു്.
നന്ദിനി:
(നെടുവീർപ്പു്) ഇനി നീ രാജേട്ടനെ കണ്ടാൽ ഈ നന്ദിനിക്കുട്ടി മരിച്ചിട്ടില്ലെന്നു് പറയൂ.
രാമൻകുട്ടി:
(അസ്വസ്ഥതയോടെ) മോളേ!
നന്ദിനി:
അല്ലെങ്കിൽ വേണ്ട; ഒന്നും പറയേണ്ട. ഇനി ഈ നന്ദിനിക്കുട്ടി മരിച്ചാലെന്തു്? ജീവിച്ചാലെന്തു്? ഒന്നും പറേണ്ട കേട്ടോ രാമൻകുട്ടീ; രാജേട്ടനെങ്കിലും സുഖമായി ജീവിക്കട്ടെ…
പുറത്തു് കാറിന്റെ ഹോൺ കേൾക്കുന്നു!
രാമൻകുട്ടി:
(പരിഭ്രമിച്ചു്) അമ്മോ യജ്മാനനാണോ വരുന്നതു്?
ജാനകി:
ആയിരിക്കും.
രാമൻകുട്ടി:
എന്നാൽ ഞാൻ പോട്ടെ. കണ്ടാൽ എന്നെ ചീത്തപറയും.
മുൻപോട്ടു് നടക്കുന്നു.
ജാനകി:
ഇടയ്ക്കിടയ്ക്കൊക്കെ ഇങ്ങോട്ടു് വരണം രാമൻകുട്ടീ.
രാമൻകുട്ടി:
അ. (പോകുന്നു.)
നന്ദിനി:
അമ്മേ, ഞാൻ അകത്തു് ചെന്നു് കിടക്കട്ടെ. (പോകാൻ വേണ്ടി അസ്വസ്ഥതയോടെ എഴുന്നേല്ക്കുന്നു. ജാനകി സഹായിക്കുന്നു.)
നന്ദിനി:
വേണ്ടമ്മേ… ഞാൻ നടന്നോളാം. (എഴുന്നേറ്റു് പതുക്കെ നടന്നു് പോകുന്നു. അകത്തുനിന്നു് ഉണ്ണിയുടെ കരച്ചിൽ)
ഉണ്ണി:
അമ്മേ… അമ്മേ… അയ്യോ… അമ്മേ…
പരിഭ്രമിച്ചുകൊണ്ടു് ഓടിവരുന്നു. ചുറ്റും നോക്കുന്നു. കിതയ്ക്കുന്നു. അമ്മയെ കെട്ടിപ്പിടിച്ചു് പറയുന്നു അമ്മേ മുത്തച്ഛൻ… മുത്തച്ഛൻ (കണ്ണു് മുറുക്കി അടയ്ക്കുന്നു. വിറയ്ക്കുന്നു.)
ജാനകി:
എന്താ മോനേ ഇതു്? ഏ? എന്തൊരു പേടിയാണിതു്. മരിച്ചുപോയ മുത്തച്ഛനെ എന്തിനു് പേടിക്കണം?
ഉണ്ണി:
(കണ്ണു് തുറക്കാതെ) ഇല്ലമ്മേ, മുത്തച്ഛൻ മരിച്ചിട്ടില്ല. ഇപ്പ ഞാൻ കണ്ടു.
ജാനകി:
(തേങ്ങിക്കൊണ്ടു്) മോനേ, ഉണ്ണീ ഉണ്ണീ.
ഉണ്ണി:
(പതുക്കെ കണ്ണുതുറക്കുന്നു. പേടിച്ചുകൊണ്ടു്) അമ്മ ഇവിടെ ഇരിയ്ക്കൂ. അമ്മ എവിടേം പോകരുതു്. മുത്തച്ഛൻ വരും. (ജാനു സോഫയിൽ ഇരിക്കുന്നു. ഉണ്ണിയും ഇരിക്കുന്നു.)
ജാനകി:
ഇങ്ങനെ ശാഠ്യം പിടിച്ചാലോ മോനേ; ഇവിടെ വേലക്കാരില്ല; വീട്ടിലെ പണിതീരണ്ടെ? അച്ഛനു് ഊണു് കൊടുക്കണ്ടെ?
ഉണ്ണി:
അമ്മ പോണ്ടാ.
ജാനകി:
എന്റെ മോനുംകൂടി അടുക്കളയിലേക്ക് പോരൂ. അവിടെ അമ്മ ജോലി ചെയ്യുന്നതും നോക്കി ഇരിക്കാലോ.
ഉണ്ണി:
അകത്തു് ഞാൻ വരില്ല. മുത്തച്ഛനുണ്ടാവും. (പേടിയോടെ ചുറ്റും നോക്കുന്നു.)
ജാനകി:
മോനൊരു കാര്യം ചെയ്യൂ. (പ്രഭാകരന്റെ മുറിയിലേക്കു് ചൂണ്ടി) അച്ഛന്റെ മുറിയിൽ കയറി ഇരുന്നോളൂ. അമ്മ പുറത്തു് നിന്നു് പൂട്ടാം. ഒന്നും പേടിക്കാനില്ല.
ഉണ്ണി:
വേണ്ട; അച്ഛൻ വരും.
ജാനകി:
അച്ഛനേം പേടിയാണോ?
ഉണ്ണി:
അധികം പേടി അച്ഛനെയാണു്.
ജാനകി:
ഇങ്ങനെ എല്ലാവരേയും പേടിച്ചാലോ?
ഉണ്ണി:
എനിക്കു് ഇളയച്ഛനെ പേടിയില്ല.
ജാനകി:
അതുകൊണ്ടു് എന്തു് പ്രയോജനം?
ഉണ്ണി:
ഇളയച്ഛനിനി ഇവിടെ വരില്ലേ അമ്മേ?
ജാനകി:
ഇന്നു് രാവിലെ ഇളയച്ഛനു് നീയൊരു കത്തെഴുതി അയച്ചതു് മറന്നോ?
ഉണ്ണി:
ഞാനോ?
ജാനകി:
അതേ.
ഉണ്ണി:
കത്തെഴുതിയോ?
ഉണ്ണി:
ഉവ്വു്.
ഉണ്ണി:
ഇളയച്ഛനോ?
ജാനകി:
ആ, മോനേ.
ഉണ്ണി:
വേണ്ടമ്മേ വേണ്ട (ഞെട്ടുന്നു) വേണ്ട, (കണ്ണുതുറിച്ചു് മിഴിക്കുന്നു.) ഇളയച്ഛൻ വരണ്ടാ… വന്നാൽ തൂങ്ങിമരിക്കും. (മിണ്ടാതിരിക്കുന്നു. അല്പം കഴിഞ്ഞു് തന്നത്താൻ പറയുന്നു.) ഒരു ദിവസം ഒരു കയറെടുത്തു് കുരുക്കുണ്ടാക്കും. മേശപ്പുറത്തു് കയറിനില്ക്കും. (എഴുന്നേറ്റു് നില്ക്കുന്നു; കഴുത്തു് മുൻപോട്ടു് നീട്ടുന്നു) ആ കുരുക്കിൽ തലയിട്ടു് ഞാനും തൂങ്ങി മരിക്കും.
ജാനകി:
(ഉറക്കെ പരിഭ്രമവും വേദനയും കലർന്ന സ്വരത്തിൽ) മോനെ ഉണ്ണീ (പിടിച്ചു് അടുത്തിരുത്തുന്നു) എന്താ നീ പറഞ്ഞതു്? നിനക്കമ്മയോടൊത്തിരി സ്നേഹല്ലേ? ഇല്ലേ മോനേ? ഈ അമ്മ ആരുടെ മുഖത്തുനോക്കും? ആരെ വിളിക്കും മോനേന്നു് (പിടിച്ചു് കുലുക്കുന്നു.) ഉണ്ണീ.
ഉണ്ണി:
വേണ്ടമ്മേ, ഇളയച്ഛൻ വരണ്ട. വന്നാൽ… (മുഖത്തു് ഭീതി നിഴലിക്കുന്നു.)
ജാനകി:
വന്നാൽ?
ഉണ്ണി:
അച്ഛൻ ശകാരിക്കും.
ജാനകി:
ഇല്ല മോനെ.
ഉണ്ണി:
തല്ലും.
ജാനകി:
ഇല്ല.
ഉണ്ണി:
ഇളയച്ഛനും തൂങ്ങിമരിക്കും. വേണ്ടമ്മേ, ഇളയച്ഛൻ വരണ്ടാ.
ജാനകി:
(ഉണ്ണിയുടെ താടി പിടിച്ചു് മുഖം തന്റെ നേർക്കു് തിരിച്ചുകൊണ്ടു്) ഉണ്ണീ എന്റെ മോനൊന്നു് ചിരിക്കൂ. ഈ അമ്മയോടു് ചിരിച്ചിട്ടെത്ര കാലായി?
ഉണ്ണി:
ഇളയച്ഛൻ വന്നാൽ അച്ഛൻ തല്ല്വോ?
ജാനകി:
ഇല്ല മോനേ; അച്ഛന്റെ ഇഷ്ടപ്രകാരല്ലേ മോൻ കത്തെഴുതിയതു്. മോൻ കത്തെഴുതിയാൽ ഇളയച്ഛൻ തീർച്ചയായും വരൂന്നു് അച്ഛൻ പറഞ്ഞു. അങ്ങിനെ എഴുതി.
ഉണ്ണി:
ഞാനോ?
ജാനകി:
അതേ.
ഉണ്ണി:
കത്തെഴുതിയോ?
ജാനകി:
ഉവ്വു്.
ഉണ്ണി:
എനിക്കെഴുത്തറിയ്യോ അമ്മേ?
ജാനകി:
(തേങ്ങുന്നു) ഈശ്വരാ, അറിഞ്ഞുകൊണ്ടു് ഞാനൊരു പാപവും ചെയ്തിട്ടില്ലേ. ഇതെന്തൊരു ശിക്ഷയാണു്?
ഉണ്ണി:
അമ്മേ, വെളിച്ചം വേണം; വെളിച്ചം. വേഗം.
കണ്ണു് മുറുക്കിയടയ്ക്കുന്നു. ജാനു തേങ്ങുന്നു. പുറത്തുനിന്നു് പ്രഭാകരൻ വരുന്നു. ഷിക്കാറിയുടെ വേഷം. വലത്തെ തോളിൽ ഒരു തോക്കു്. ഇടത്തെ തോളിൽ ഒരു ബാഗ് തൂക്കിയിട്ടിരിക്കുന്നു. ആ കൈയിൽ വെടിവെച്ചുകൊന്ന രണ്ടു് വെള്ളക്കൊക്കുകളെ തൂക്കിപ്പിടിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു കൊല്ലം പ്രഭാകരനിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. തലമുടി മുക്കാലും നരച്ചുകഴിഞ്ഞു. മുഖത്തു് ചുളിവുകൾ വീണിട്ടുണ്ടു്. കണ്ണിൽ ക്രൂരതയുടെ സ്ഥാനത്തു് അസ്വസ്ഥതയാണു്. കാൽപ്പെരുമാറ്റം കേട്ടു് ജാനു തല പൊക്കി നോക്കുന്നു. പ്രഭാകരനെ കണ്ടു് എഴുന്നേല്ക്കുന്നു. പ്രഭാകരൻ തോളിലെ തോക്കെടുത്തു് നിലത്തു് കുത്തിനിർത്തുന്നു. ആ ശബ്ദം കേട്ടു് ഉണ്ണി കണ്ണു് തുറക്കുന്നു. വെള്ളത്തൂവലിൽ രക്തമൊലിപ്പിച്ചു് തൂങ്ങിക്കിടക്കുന്ന പക്ഷികളെക്കണ്ടു് ഭയങ്കരമായി നിലവിളിക്കുന്നു. കണ്ണുപൊത്തി വിറയ്ക്കുന്നു.
പ്രഭാകരൻ:
(പക്ഷികളെ നിലത്തിട്ടു് തോളിൽനിന്നു് ബാഗെടുത്തു് സോഫയിൽ വെച്ചു് തോക്കു് ചാരിവെച്ചു് ഒന്നും മിണ്ടാതെ മുറിയിലേക്കു് പോകുന്നു. ക്ഷണത്തിൽ ഒരു സിഗരറ്റും പുകച്ചുകൊണ്ടു് തിരിച്ചുവരുന്നു.)
ജാനകി:
(കൊക്കുകളെ നോക്കി) ഇനി ഈ രാത്രി ഇതെന്തു് ചെയ്യും?
പ്രഭാകരൻ:
ഒന്നും ചെയ്യണമെന്നില്ല.
ജാനകി:
ഇവനെന്നെ അനങ്ങാൻ സമ്മതിക്കുന്നില്ല. അടുത്തുതന്നെ ഇരിക്കണമെന്നു് പറഞ്ഞു് ശാഠ്യം പിടിക്കുന്നു. (ഉണ്ണി അമ്മയെ ബലമായി കെട്ടിപ്പിടിക്കുന്നു.) എന്തേ ഉച്ചയ്ക്കൂണു് കഴിക്കാൻ വരാഞ്ഞതു്?
പ്രഭാകരൻ:
വന്നില്ല.
ജാനകി:
എവിടുന്നൂണു് കഴിച്ചു?
പ്രഭാകരൻ:
കഴിച്ചില്ല.
ജാനകി:
കഴിച്ചില്ല? ഊണിവിടെയുണ്ടു്. (ഉണ്ണിയുടെ പിടിവിടുവിച്ചു് എഴുന്നേല്ക്കുന്നു. ഉണ്ണി മുഖം പൊത്തി ഇരിക്കുന്നു. ജാനു നിലത്തുകിടക്കുന്ന പക്ഷികളെ തൂക്കിയെടുക്കുന്നു.) ഇവൻ സമ്മതിച്ചെങ്കിൽ വേഗത്തിൽ ഞാനിതു് പാകം ചെയ്യാം. എന്നിട്ടൂണുതരാം.
പ്രഭാകരൻ:
അതു് പാകം ചെയ്യണമെന്നില്ല.
ജാനകി:
പിന്നെ?
പ്രഭാകരൻ:
മാംസം കഴിക്കാനുള്ള കൊതികൊണ്ടതിനെ കൊന്നതല്ല.
ജാനകി:
നേരമ്പോക്കിനു് കൊന്നതാണാ?
പ്രഭാകരൻ:
അതേ, അല്ലാതെ കൊന്നതിനെ മുഴുവൻ എനിക്കു് തിന്നാൻ പറ്റില്ല. ഞാനിന്നു് കുറുനരിയെ, പൂച്ചയെ, കാക്കയെ എന്തിനു് കണ്ണിൽക്കണ്ട ജന്തുക്കളെ മുഴുവൻ കൊന്നിരിക്കുന്നു.
ജാനകി:
എന്തിനീ പാപമിങ്ങനെ ചെയ്യണം?
പ്രഭാകരൻ:
പാപമോ? മോക്ഷം കൊടുത്തതാണു്; മോക്ഷം. ജീവിക്കുകയെന്ന വിഷമമുണ്ടല്ലോ, അതിൽനിന്നു് മോചനം കൊടുക്കുക. ജാനൂ, അതെടുത്തു് വലിച്ചെറിയൂ.
ജാനകി:
വേണ്ട; എങ്ങിനെയെങ്കിലും ഞാനിതിനെ പാകപ്പെടുത്താം. ഏതായാലും കൊന്നില്ലേ?
പ്രഭാകരൻ:
പിന്നേയും അതുതന്നെ പറയുന്നോ? ഞാൻ കൊന്നതിനെ മുഴുവൻ തിന്നാനെനിക്കു് പറ്റില്ല. അങ്ങിനെയാണെങ്കിൽ എന്റെ അച്ഛനേയും ഞാൻ തിന്നേണ്ടതായിരുന്നു. (ജാനകി ഞെട്ടുന്നു. അല്പസമയത്തെ നിശ്ശബ്ദത)
ജാനകി:
അച്ഛനെ ആരും കൊന്നതല്ലല്ലോ?
പ്രഭാകരൻ:
ഞാൻ കൊന്നതാണെന്നു് ജനങ്ങളൊക്കെ പറയുന്നില്ലേ? നിനക്കും ആ അഭിപ്രായമില്ലേ?
ജാനകി:
ഇല്ല. അച്ഛൻ തന്നത്താൻ മരിച്ചതാണെന്നു് എനിക്കറിയാം. പിന്നെ എനിക്കെങ്ങിനെ ആ അഭിപ്രായമുണ്ടാവും?
ഉണ്ണി:
(കണ്ണുപൊത്തിയ കൈയെടുക്കാതെ വിറച്ചുകൊണ്ടു്) അമ്മെ, അമ്മെ, എന്നെ തൊട്ടിരിക്കൂ. ഇരിക്കൂ അമ്മേ (ജാനകി പക്ഷികളെ നിലത്തിട്ടു് ഉണ്ണിയുടെ അടുത്തു് ചെന്നിരിക്കുന്നു.) അമ്മ പോണ്ടാ; മുത്തച്ഛൻ വരും.
പ്രഭാകരൻ നിലത്തു് കിടക്കുന്ന പക്ഷികളെ തൂക്കിയെടുത്തു് പുറത്തേക്കെറിയുന്നു. കൂട്ടത്തിൽ സിഗറ്റുകുറ്റിയും. ഉടനെ മറ്റൊരു സിഗററ്റെടുത്തു് കൊളുത്തുന്നു. ഇനിയങ്ങട്ടു് സിഗററ്റ് വലിക്കാതെ പ്രഭാകരനെ രംഗത്തു് കാണില്ല. ഏതാണ്ടു് ചന്തുക്കുട്ടി മേസ്തിരിയുടെ ചുരുട്ടുവലിയെ ഓർമിപ്പിക്കുന്ന മട്ടിലാണു്. പ്രഭാകരൻ സോഫയിൽ വന്നിരിക്കുന്നു. നിശ്ശബ്ദത.
ജാനകി:
(ആരോടെന്നില്ലാതെ പറയുന്നു.) നേരംപോക്കിനു് ജന്തുക്കളെ കൊല്ലുന്നതു് നിർത്തണം.
പ്രഭാകരൻ:
വയ്യ. ജീവൻ വെടിയുന്നതിൽ ശരീരത്തിനോ ശരീരം വെടിയുന്നതിൽ ജീവനോ വിഷമം? അതാണു് കണ്ടുപിടിക്കേണ്ടതു്.
ജാനകി:
പ്രയോജനമില്ലാത്ത കാര്യം കണ്ടുപിടിച്ചിട്ടെന്താ?
പ്രഭാകരൻ:
കേൾക്കൂ. ഞാനിന്നു് ഒരു നായയെ കൊന്നു. (കൊല്ലുക, മരിക്കുക എന്നീ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ണി ഞെട്ടുകയും അമ്മയെ മുറുകെ പിടിക്കുകയും ചെയ്യുന്നു.) മേലാകെ ചൊറിപിടിച്ചു് രോമം കൊഴിഞ്ഞു, എല്ലുന്തി, നടക്കാനുംകൂടി വിഷമിക്കുന്നൊരു നായ. ജീവിതം അതിനൊരു ഭാരമാണു്. ആരും ശ്രദ്ധിക്കാനില്ല. കണ്ടാൽ ആരും കല്ലെറിയും. അങ്ങനെ ഒരു നായ; അതിനു് മോചനം കൊടുക്കാൻ ഞാൻ തീർച്ചയാക്കി. തോക്കെടുത്തു് നിറയൊഴിച്ചു; കുറിക്കു് കൊണ്ടു. അതിന്റെ നിലവിളിയും, പിടച്ചിലും, മരണവെപ്രാളവും കണ്ടാൽ ചിരിവരും. ഇവിടെ വേർപിരിയാനുള്ള വിഷമം ജീവനോ; ശരീരത്തിന്നോ? (ജാനു അന്തംവിട്ടിരിക്കുന്നു. പ്രഭാകരൻ തുടർന്നു് പറയുന്നതു് വാസ്തവത്തിൽ ജാനകി കേൾക്കാൻ വേണ്ടിയല്ല. അങ്ങിനെ പറയുന്നു. അത്രതന്നെ.) ആത്മഹത്യചെയ്യാനുള്ള വഴിയറിയാത്തതുകൊണ്ടു് ആ നായ അങ്ങിനെ അലയുകയായിരുന്നു. എന്നിട്ടും വെടി കൊണ്ടപ്പോൾ നിലവിളിച്ചു… കിടന്നു് പുളഞ്ഞു… ആരാണു് കരഞ്ഞതു്? ജീവനോ, ശരീരമോ? അതാണു് കണ്ടുപിടിക്കേണ്ടതു്. അതു് കണ്ടുപിടിച്ചാൽ എല്ലാറ്റിനും ഉത്തരമായി. അതു് ഞാൻ കണ്ടുപിടിക്കും. (കൈനീട്ടി തോക്കെടുത്തു് അരികത്തു് വെക്കുന്നു.)
ജാനകി:
കൊലയും മരണവുമല്ലാതെ മറ്റൊന്നും പഠയാനില്ലേ? ഒന്നും പറയാനില്ലെങ്കിൽ നമുക്കു് മിണ്ടാതിരിക്കാം. (പ്രഭാകരൻ സോഫയിലേക്കു് ചാരിയിരിക്കുന്നു. അല്പനേരത്തെ നിശ്ശബ്ദത)
ജാനകി:
ഊണു് കഴിക്കണ്ടെ?
പ്രഭാകരൻ:
അതിലുമുണ്ടു് കണ്ടുപിടിക്കേണ്ട ഒരു കാര്യം. ഉണ്ണുന്നതു് ശരീരത്തിനുവേണ്ടിയോ ജീവനുവേണ്ടിയോ?
ജാനകി:
തല്ക്കാലം എനിക്കുവേണ്ടി ഊണുകഴിക്കണം. അതേ പറയാനുള്ളു.
പുറത്തു് കാറിന്റെ ഹോൺ കേൾക്കുന്നു. പ്രഭാകരന്റെ മുഖത്തു് ഒരു മാറ്റവുമില്ല. കാറ് നില്ക്കുന്നു. വാതിൽ തുറക്കുന്നു. അടയ്ക്കുന്നു.
ജാനകി:
പടിക്കൽ കാറ് നിന്നിട്ടുണ്ടു്.
പ്രഭാകരൻ:
നില്ക്കട്ടെ!
ജാനകി:
ഇങ്ങോട്ടാരോ വരുന്നതാവും.
പ്രഭാകരൻ:
വരട്ടെ?
ജാനകി:
ഞാനകത്തേക്കു് പോയ്ക്കളയാം.
ഉണ്ണി:
(അമ്മയെ മുറകെ പിടിക്കുന്നു.) അമ്മ പോണ്ട.
ജാനകി:
മോനേ, ആരോ വരുന്നുണ്ടു്.
ഉണ്ണി:
അമ്മ പോണ്ട.
പ്രഭാകരൻ:
അവിടെയിരുന്നോളൂ. അവൻ ബഹളംകൂട്ടും.
മൂന്നാംരംഗത്തിൽ വന്ന അതിഥി മി. സ്റ്റീഫൻ… അതേ വേഷത്തിൽ കൈയിൽ ഫയലുകളും മറ്റുമായി വരുന്നു.
പ്രഭാകരൻ:
അനങ്ങുന്നില്ല
സ്റ്റീഫൻ:
ഗുഡീവിനിങ്!
പ്രഭാകരൻ:
(മുഖത്തു് യാതൊരു ഭാവഭേദവും പ്രദർശിപ്പിക്കാതെ) ഗുഡീവിനിങ്.
ജാനു തലതാഴ്ത്തിയിരിക്കുന്നു.
സ്റ്റീഫൻ:
(പ്രഭാകരന്റെ അടുത്തു് സോഫയിലിരിക്കുന്നു. ഉണ്ണിയേയും ജാനുവിനേയും സൂക്ഷിച്ചുനോക്കി) മകനല്ലേ?
പ്രഭാകരൻ:
മറ്റേതു് ഭാര്യയും.
സ്റ്റീഫൻ:
(അല്പം ഒരിളിഭ്യതയോടെ) ഇത്രയും വലിയ ഒരു കുട്ടി ഇങ്ങിനെ അമ്മയെ കെട്ടിപ്പിടിച്ചിരിക്കുന്നതു് സുഖമില്ലാഞ്ഞിട്ടാണോ?
പ്രഭാകരൻ:
അതേ! സുഖമില്ലാഞ്ഞിട്ടാണു്.
സ്റ്റീഫൻ:
ഫീവറാണോ?
പ്രഭാകരൻ:
യെസ്! നോട്ട് ഫിസിക്കൽ, ബട്ട് മെന്റൽ.
സ്റ്റീഫൻ:
മെന്റൽ!
പ്രഭാകരൻ:
അവനൊരു് മെന്റൽ ഷോക്ക് തട്ടി അന്നുമുതൽ പേടിയാണു്. അകാരണമായ പേടി.
സ്റ്റീഫൻ:
അധികകാലമായോ?
പ്രഭാകരൻ:
ഏതാണ്ടൊരു് കൊല്ലമായി. നമ്മുടെ കമ്പനി തുടങ്ങിയിട്ടു്…
സ്റ്റീഫൻ:
ഒരു കൊല്ലം തികയുന്നു. ഈ 25th ന്നാണു് ആന്വൽ ഡേ സെലിബറേഷൻ.
പ്രഭാകരൻ:
ശരി; എന്നാൽ തികച്ചും ഒരു കൊല്ലമായി. കഴിഞ്ഞ കൊല്ലം ഇതേദിവസം ഇവിടെ ഒരു സൂയിസൈഡ് നടന്നു.
സ്റ്റീഫൻ:
കേട്ടിട്ടുണ്ടു്. മി. പ്രഭാകരൻതന്നെയല്ലെ പറഞ്ഞതു്. നിങ്ങളുടെ സർവന്റ്…
പ്രഭാകരൻ:
(ഭാവം കൂടുതൽ ഗൗരവം പൂണ്ടുവരുന്നു.) ഞാനന്നു് നിങ്ങളോടു് പറഞ്ഞതു് അങ്ങിനെയായിരുന്നോ? ഓ ഹോ! പക്ഷേ; കുറച്ചു് വ്യത്യാസമുണ്ടു്. ആത്മഹത്യചെയ്തതു് എന്റെ അച്ഛനായിരുന്നു.
സ്റ്റീഫൻ:
യുവർ ഫാദർ? (അദ്ഭുതം)
പ്രഭാകരൻ:
അതേ, എന്റെ അച്ഛൻ. കയറിൻതുമ്പിൽ കിടന്നാടുന്ന ശവം ഇവനാണു് ആദ്യം കണ്ടതു്. (ഉണ്ണി വിറയ്ക്കുന്നു; അമ്മയെ കെട്ടിപ്പിടിക്കുന്നു. ജാനു സാരിത്തുമ്പുകൊണ്ടു് കണ്ണുതുടയ്ക്കുന്നു.)
പ്രഭാകരൻ:
സർവന്റ്സിനെ കിട്ടാൻ വിഷമം. ആരും ഇവിടെ വരാറില്ല. എനിക്കൊരു ബ്രദറുണ്ടായിരുന്നു. അവൻ പിണങ്ങിപ്പോയി.
സ്റ്റീഫൻ:
ഏറ്റവും വലിയ മെന്റൽഷോക്ക് നിങ്ങൾക്കാണുണ്ടാകേണ്ടതു്. ഇടയ്ക്കു് ഒന്നു് ചോദിച്ചോട്ടെ? നിങ്ങളുടെ ബ്രദർ കാഴ്ചയിൽ നിങ്ങളെപ്പോലെയാണോ?
പ്രഭാകരൻ:
എന്താ കാര്യം?
സ്റ്റീഫൻ:
(അല്പം ആലോചിച്ചു്) അതെ സംശയമില്ല. അന്നു് ഞാനിവിടെ കണ്ടിട്ടുണ്ടു്. ആൾ അതുതന്നെ. ശരിയാണു്.
പ്രഭാകരൻ:
എന്തു്?
സ്റ്റീഫൻ:
അതു് നിങ്ങളുടെ ബ്രദർതന്നെ. ഞാനിന്നലേയും കണ്ടു.
പ്രഭാകരൻ:
(വികാരശൂന്യനായി) എവിടെ?
സ്റ്റീഫൻ:
ഞാനൊരു് കോൺട്രാക്ടർകൂടിയാണെന്നറിയാമോ?
പ്രഭാകരൻ:
ഇല്ല.
സ്റ്റീഫൻ:
ഞാനിപ്പോൾ നിരത്തുപണിയുടെ കോൺട്രാക്ട് എടുത്തിരിക്കയാണു്. നിങ്ങളുടെ ബ്രദറെപ്പോലെ ഒരാൾ അവിടെ മേസ്തിരിയായി ജോലി ചെയ്യുന്നുണ്ടു്. അതെ, നിങ്ങളുടെ ബ്രദർതന്നെ.
പ്രഭാകരൻ:
ആയിരിക്കും. ഞാനവനെ കണ്ടിട്ടു് വളരെയായി.
സ്റ്റീഫൻ:
പിന്നെ ഒരു കാര്യം. വളരെ ഇംപോർട്ടന്റാണു്. നമ്മുടെ കമ്പനി ആക്ടിവിറ്റിയിലൊന്നും നിങ്ങൾ പങ്കെടുക്കുന്നില്ല. അതു് പോരെന്നു് പറയാനാണു് ഞാൻ വന്നതു്. ഈ 25th ആന്വൽഡേക്കു് തീർച്ചയായും വരണം. കുറച്ചു് ആക്ടീവ് ആവുകയും വേണം.
പ്രഭാകരൻ:
ആക്ടീവ്! ഡെഫനിറ്റിലി. ബൈ ദ ബൈ മി. സ്റ്റീഫനു് ഷൂട്ടിങ് ഇഷ്ടമാണോ?
സ്റ്റീഫൻ:
ഇല്ല.
പ്രഭാകരൻ:
എനിക്കൊരു നല്ല തോക്കു് വേണം. എവിടെ കിട്ടും?
സ്റ്റീഫൻ:
(അടുത്തുള്ള തോക്കുനോക്കി) ഇതെന്താണു്?
പ്രഭാകരൻ:
ഇതുകൊണ്ടു് രണ്ടുപ്രാവശ്യമേ വെടിവെക്കാൻ സാധിക്കൂ.
സ്റ്റീഫൻ:
അതു പോരെ?
പ്രഭാകരൻ:
പോര, ചിലപ്പോൾ തുടരെത്തുടരെ നിറയൊഴിക്കേണ്ടിവരും. വെടിവെക്കുന്നതു് കൊല്ലാനാണല്ലോ. ഉദ്ദേശം തികച്ചും നിറവേറ്റണം.
സ്റ്റീഫൻ:
അതുകൊള്ളാം. ഷിക്കാറിൽ വലിയ കമ്പമുള്ള എന്റെ ഒരു ഫ്രണ്ട് ഉണ്ടു്. ഞാനയാളോടു് അന്വേഷിക്കാം.
പ്രഭാകരൻ:
താങ്ക്സ്!
സ്റ്റീഫൻ:
(എഴുന്നേറ്റു്) ഡോണ്ട് ഫർഗറ്റ് 25th.
പ്രഭാകരൻ:
നോ!
സ്റ്റീഫൻ:
ഗുഡ്നൈറ്റ്!
പോകുന്നു. പ്രഭാകരൻ അനങ്ങാതെ ഇരിക്കുന്നു. സിഗററ്റുവലിയിൽ മാത്രമേ ശ്രദ്ധയുള്ളു. കനത്ത നിശ്ശബ്ദത. അതിഥിയുടെ കാർ പോകുന്ന ശബ്ദം കേട്ടു് ജാനകി മുഖമുയർത്തുന്നു.
ജാനകി:
ഉണ്ണണ്ടെ?
പ്രഭാകരൻ:
ഉണ്ണാൻ തോന്നുമ്പോൾ പറയാം. ഉണ്ണി രാഘവനു് കത്തെഴുതിയോ?
ജാനകി:
എഴുതി.
പ്രഭാകരൻ:
കൊടുത്തയച്ചോ?
ജാനകി:
കൊടുത്തയച്ചു.
പ്രഭാകരൻ:
എന്നിട്ടു്?
ജാനകി:
ഡ്രൈവറാണു് കൊണ്ടുചെന്നു് കൊടുത്തതു്. കാറും കൊണ്ടുപോയിരുന്നു.
പ്രഭാകരൻ:
എന്തു് പറഞ്ഞു?
ജാനകി:
കത്തു് വായിച്ചുനോക്കി; അത്രമാത്രം.
നിശ്ശബ്ദത, പ്രഭാകരൻ തോക്കെടുത്തു് കാഞ്ചി വലിച്ചുവിടുന്നു. അതു് ടക്ക്, ടക്ക് എന്ന ഒച്ചയുണ്ടാക്കുന്നു.
പ്രഭാകരൻ:
ഇന്നലെ ഒരു നേരമ്പോക്കുണ്ടായി. രണ്ടു് അരിപ്രാവുകൾ, തൊട്ടുരുമ്മി അമ്പലനടക്കലെ ആലിന്മേൽ ഇരിക്കുന്നു. ഒന്നു് മറ്റൊന്നിന്റെ തൂവലുകൾക്കിടയിൽ കൊക്കിട്ടു് ചൊറിഞ്ഞുകൊടുക്കുന്നു. ചാഞ്ഞും ചരിഞ്ഞും നോക്കി രസിക്കുന്നു. ഞാൻ തോക്കെടുത്തു് (വെടിവെക്കുംപോലെ തോക്കുയർത്തി ലക്ഷ്യംവെച്ചു് കാഞ്ചിവലിച്ചു് വിടുന്നു.) ടക്! രണ്ടും കറങ്ങിക്കറങ്ങി നിലത്തുവീണു. ഒന്നു് പിടച്ചതുപോലുമില്ല. വേർപിരിയുന്നതിൽ ശരീരത്തിനും ജീവനുമില്ല വൈഷമ്യം. (അല്പനിമിഷം ആലോചിക്കുന്നു. ഒരു വലിയ തത്ത്വം കണ്ടുപിടിച്ചമട്ടിൽ തുടരുന്നു.) മരണം അങ്ങനെയാവണം.
സംഭാഷണത്തിനിടയിൽ ജാനകി ഇടയ്ക്കിടെ ഉത്കണ്ഠയോടുകൂടി പുറത്തേക്കു് നോക്കുന്നുണ്ടു്. ഒരു തവണ അങ്ങനെ നോക്കിയപ്പോൾ അറിയാതെ ഞെട്ടുന്നു. കലശലായി പരിഭ്രമിക്കുന്നു.
ജാനകി:
ആ തോക്കൊന്നു് മാറ്റിവെക്കൂ.
പ്രഭാകരൻ:
എന്തിനു്?
ജാനകി:
(കൂടുതൽ പരിഭ്രമിക്കുന്നു) എന്തിനാ ഇതെപ്പോഴും കൈയിൽ വെച്ചുകൊണ്ടിരിക്കുന്നതു്?
പ്രഭാകരൻ:
(കാര്യം ഏതാണ്ടു് ഊഹിച്ചമട്ടിൽ) രാഘവൻ വരുന്നുണ്ടോ?
ജാനകി:
ഉണ്ടു്.
പ്രഭാകരൻ:
(മുഖത്തു് പ്രത്യേകിച്ചൊരു മാറ്റവുമില്ലാതെ) വരട്ടെ; അവനെന്താ തോക്കു് കാണാൻ പാടില്ലേ?
ജാനകി:
സത്യം പറയൂ, എന്നോടു്, ഉണ്ണിയെക്കൊണ്ടു് കത്തെഴുതിച്ചു് വരുത്തിയതെന്തിനാണു്?
പ്രഭാകരൻ:
അറിഞ്ഞിട്ടു് നിനക്കെന്തുവേണം?
ജാനകി:
ഈശ്വരനെ വിചാരിച്ചു് അവിവേകമൊന്നും കാട്ടരുതു്.
പ്രഭാകരൻ:
വിവേകം കാട്ടാനും പാടില്ല?
ജാനകി:
ഉണ്ണിയോടുള്ള സ്നേഹംകൊണ്ടുമാത്രം വരുന്നതാവും.
പ്രഭാകരൻ:
അല്ലാതെ എന്നെ സ്നേഹിച്ചാണെന്നു് ഞാൻ ധരിച്ചിട്ടില്ല. എന്നെ സ്നേഹിക്കലത്ര എളുപ്പമാണോ? ആണോ ജാനൂ? എന്റെ ഭാര്യയായ നീപോലും എന്നെ സ്നേഹിക്കുന്നില്ലെന്നു് തുറന്നു് സമ്മതിച്ചിട്ടില്ലേ?
ജാനകി:
(എന്താണു് ചെയ്യേണ്ടതു്, എന്താണു് പറയേണ്ടതെന്നറിയാതെ പരിഭ്രമിക്കുന്നു.) തുടങ്ങി, പഴയ കാര്യങ്ങൾ പറയാൻ. പറഞ്ഞു് പറഞ്ഞു് ക്ഷോഭിക്കും. ഞാൻ ആ കാലുപിടിച്ചു് സത്യം ചെയ്തു് എത്ര തവണ പറഞ്ഞതാണു്. (തൊണ്ടയിടറുന്നു.) ഞാനൊരിക്കലും വഞ്ചിച്ചിട്ടില്ലെന്നു്. സ്കൂളിൽ പഠിക്കുന്ന കാലത്തു് ഏതു കുട്ടിയും മനസ്സിലൊരു മോഹം വെച്ചുപുലർത്തും. അതൊരു് തെറ്റാണോ? ആ മോഹം മനസ്സിൽത്തന്നെ കിടന്നു് മരിക്കും… ഈശ്വരനെ വിചാരിച്ചു് ആ തോക്കു് മാറ്റിവെക്കൂ.
പ്രഭാകരൻ:
രാഘവൻ അത്ര ഭീരുവല്ല. തോക്കുകണ്ടു് പേടിക്കാൻ.
ജാനകി:
ആരായാലും പേടിക്കും; ഈ ഇരിപ്പുകണ്ടാൽ.
പ്രഭാകരൻ:
(പൊള്ളയായ ചിരി) രാഘവൻ പേടിക്കില്ല.
ജാനകി:
ഒരുപക്ഷേ, അദ്ദേഹത്തെ കണ്ടാൽ ഉണ്ണിയുടെ അസുഖം ഭേദമായേയ്ക്കും.
പ്രഭാകരൻ:
ഭേദമാവട്ടെ.
ജാനകി:
അതിനാണോ കത്തെഴുതി വരുത്തിയതു്?
പ്രഭാകരൻ:
അതിനു മാത്രമല്ല, ഈ വീടു് അവന്റേതാണു് ഇവിടെയാണവൻ താമസിക്കേണ്ടതു്.
ജാനകി:
(പകച്ചുനോക്കുന്നു) എനിക്കാ മുഖവും നോട്ടവും കാണുമ്പോൾ ഒട്ടും വിശ്വാസമാവുന്നില്ല. എന്തൊക്കെയോ തീരുമാനിച്ച മട്ടുണ്ടു്.
പ്രഭാകരൻ:
ഉണ്ടോ? (സഞ്ചിയിൽനിന്നു് ഒരു തിരയെടുത്തു് തോക്കിൽ നിറയ്ക്കുന്നു.)
ജാനകി:
ഉണ്ണിയെ വിചാരിച്ചെങ്കിലും കഴിഞ്ഞതൊക്കെ മറക്കൂ. ഈ വീട്ടിൽ ഇത്തിരി സന്തോഷമുണ്ടാവട്ടെ.
പ്രഭാകരൻ:
രാഘവൻ സന്തോഷവുംകൊണ്ടാണു് വരുന്നതു്. (തോക്കു് ഉയർത്തി പുറമേയ്ക്കു് ഉന്നംവെയ്ക്കുന്നു.)
ജാനകി:
(കൂടുതൽ പരിഭ്രമിക്കുന്നു) ഈശ്വരാ ഇനിയുമിനിയും എന്നെ എന്തിനിങ്ങനെ പരീക്ഷിക്കണം?
അതു് പറഞ്ഞവസാനിപ്പിക്കുന്നതിനുമുൻപു് രാഘവൻ രംഗത്തെത്തുന്നു. അല്പം ക്ഷീണിച്ചിട്ടുണ്ടു്. ഉയർത്തിപ്പിടിച്ച തോക്കിനു് നേർക്കാണു് നടന്നുവരുന്നതു്. എന്തും സംഭവിക്കാം. ജാനകി പേടിച്ചു് മുഖം പൊത്തുന്നു. രാഘവന്റെ മുഖത്തു് ഭാവഭേദമൊന്നുമില്ല. അസാധാരണമായി ഒന്നും അനുഭവപ്പെടാത്ത മട്ടിൽ രാഘവൻ നടന്നു് ഉണ്ണിയുടെ അടുത്തെത്തുന്നു. പ്രഭാകരൻ തോക്കുമുയർത്തി പഴയ ലക്ഷ്യത്തിലേക്കുതന്നെ നോക്കിയിരിക്കയാണു്. രാഘവൻ ഉണ്ണിയുടെ അടുത്തുചെന്നു നില്ക്കുന്നു. ഈ നേരമത്രയും ഉണ്ണി കണ്ണുപൊത്തി കുനിഞ്ഞിരിക്കുകയായിരുന്നു.
രാഘവൻ:
(സ്നേഹപൂർവം വിളിക്കുന്നു) മോനേ, ഉണ്ണീ…
രാഘവന്റെ ശബ്ദം കേട്ടു് ജാനകി മുഖമുയർത്തുന്നു.
ജാനകി:
മോനേ, ഇതാ ഇളയച്ഛൻ! നോക്കൂ! നിന്റെ ഇളയച്ഛൻ!
ഉണ്ണി:
(മുഖംപൊത്തിയ കൈ മാറ്റി രാഘവനെ സൂക്ഷിച്ചുനോക്കുന്നു. അല്പനിമിഷം ഒന്നും മിണ്ടാതെ അങ്ങനെയിരിക്കുന്നു. പിന്നെ സംശയം തീർക്കാനെന്നവിധം പതുക്കെ വിളിക്കുന്നു.) ഇളയച്ഛാ!
രാഘവൻ:
(കഠിനവേദനയോടെ) മോനേ, നിനക്കെന്നെ മനസ്സിലായില്ലേ?
ഉണ്ണി:
ഇളയച്ഛാ! (എഴുന്നേറ്റു് കെട്ടിപ്പിടിക്കുന്നു.)
രാഘവൻ:
(ഉണ്ണിയുടെ മൂർധാവിൽ ചുംബിക്കുന്നു.) മോനേ. മോനേ… (ജാനകി കണ്ണു് തുടയ്ക്കുന്നു. പ്രഭാകരൻ ഒന്നു് തിരിഞ്ഞു നോക്കുന്നു; എഴുന്നേല്ക്കുന്നു. തോക്കു് കൈയിൽത്തന്നെയുണ്ടു്. ഇടതുവശത്തെ—രാഘവന്റെ—മുറിയുടെ നേർക്കു് നടക്കുന്നു. അതിന്റെ വാതിൽ തുറന്നു് അകത്തു് കടക്കുന്നു. ജാലകം തുറന്നിടുന്നു. ലൈറ്റിടുന്നു. മുറിയിൽ പഴയ വെളിച്ചം വരുന്നു. ഉണ്ണി രാഘവനെ തന്റെ അടുത്തു് പിടിച്ചിരുത്തുന്നു.)
ഉണ്ണി:
ഇളയച്ഛൻ ഇതുവരെ എവിട്യായിരുന്നു?
രാഘവൻ:
അങ്ങനെ പോയി മോനേ.
ഉണ്ണി:
ഇനി ഇളയച്ഛൻ എവിടേം പോണ്ട. (രാഘവൻ മിണ്ടുന്നില്ല) പോവ്വോ ഇളയച്ഛാ? എന്താ മിണ്ടാത്തതു്?
രാഘവനെ കണ്ടതോടെ ഉണ്ണിയുടെ സ്വഭാവത്തിൽ സ്പഷ്ടമായ മാറ്റങ്ങൾ വരുന്നു. മുഖം പ്രസന്നമാവുന്നു.
രാഘവൻ:
ഇളയച്ഛൻ ചോദിക്കട്ടെ; എന്റെ മോനിങ്ങനെ പരവശനായതെന്താ? കോളേജിൽ പോവാറില്ലേ?
ഉണ്ണി:
മുത്തച്ഛൻ വരും (മുഖത്തു് പഴയ ഭാവം പ്രകടമാവുന്നു.)
രാഘവൻ:
ചെറിയ കുട്ടികളെപ്പോലെ വിഡ്ഢിത്തം പറയുന്നോ.
ഉണ്ണി:
ഇളയച്ഛനിവിടെയുണ്ടായാൽ വരില്ല.
രാഘവൻ:
ഇങ്ങനെ വിഡ്ഢിത്തം കാട്ടരുതു്; ഉണ്ണി കോളേജിൽ പോണം, പഠിക്കണം, വലിയ ആളാവണം. (ഉണ്ണി ഒന്നും മിണ്ടാതെ നോക്കിയിരിക്കുന്നു.) എന്താ പോവില്ലേ?
ഉണ്ണി:
ഇളയച്ഛൻ ഇവിടെ ഉണ്ടാവണം.
രാഘവൻ:
ഇളയച്ഛൻ ഇവിടെ ഉണ്ടായാൽ?
ഉണ്ണി:
(സന്തോഷം) കോളേജിൽ പോവും, പഠിക്കും.
പ്രഭാകരൻ തിരിച്ചുവന്നു് വാതില്ക്കൽ നിന്നു് അല്പനേരം രാഘവനേയും ഉണ്ണിയേയും നോക്കുന്നു.
പ്രഭാകരൻ:
(വികാരരഹിതനായി) ജാനു! (ഉണ്ണിയുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റം കണ്ടു് സന്തോഷിച്ചു് നില്ക്കുന്ന ജാനകി അറിയാതെ ഞെട്ടുന്നു; തിരിഞ്ഞുനോക്കുന്നു.) ഉണ്ണാറായി; ഊണെടുത്തുവെയ്ക്കൂ.
ഉണ്ണി:
ഉണ്ണാൻ ഞാനും ഇളയച്ഛനും ഒന്നിച്ചിരിക്കും.
ജാനകി:
വേഗം വന്നോളൂ. (അകത്തേക്കു് പോകുന്നു. പിറകെ പ്രഭാകരനും)
ഉണ്ണി:
ഇളയച്ഛനു് ഉണ്ണണ്ടെ?
രാഘവൻ:
വേണം.
ഉണ്ണി:
എത്ര കാലമായി ഇളയച്ഛാ നമ്മളൊക്കെ ഒരുമിച്ചിരുന്നിട്ടു്. നന്ദിന്യേടത്തിയേയും വിളിക്കണം. (എഴുന്നേല്ക്കുന്നു.)
രാഘവൻ:
അവളെവിടെ (എഴുന്നേല്ക്കുന്നു.)
ഉണ്ണി:
അകത്തു് കിടപ്പാണു്; എപ്പോഴും ഇങ്ങനെ ഒരിടത്തു് കിടക്കും. (രണ്ടുപേരും ചേർന്നു് പിടിച്ചു് അകത്തേക്കു് പോകാൻ തുടങ്ങുമ്പോൾ എതിരെ പ്രഭാകരൻ വരുന്നു. രാഘവനും പ്രഭാകരനും പരസ്പരം ഒരു നിമിഷം നോക്കിനില്ക്കുന്നു. പ്രഭാകരൻ തന്റെ മുറിയിലേക്കു് കടന്നുപോകുന്നു.) ഇളയച്ഛൻ വന്നതു് നന്ദിന്യേടത്തി അറിയില്ല; ഞാൻ പോയി പറയട്ടെ. ഇളയച്ഛാ? ഒട്ടും വിശ്വസിക്കില്ല.
രാഘവൻ:
ഉണ്ണി വരൂ; നമുക്കൊരുമിച്ചുചെന്നു് കാണാം.
പ്രഭാകരന്റെ മുറിയിൽനിന്നു് തോക്കു് പൊട്ടുന്ന ശബ്ദം. ഉണ്ണി ഞെട്ടുന്നു. രാഘവൻ തിരിഞ്ഞുനോക്കുന്നു; ശ്രദ്ധിക്കുന്നു. ശബ്ദം കേട്ടു് ജാനകി ഒരു കൊടുങ്കാറ്റുപോലെ അകത്തുനിന്നോടിവരുന്നു. പരിഭ്രമിച്ചു് ചുറ്റും നോക്കുന്നു. ഓടി പ്രഭാകരന്റെ മുറിയിലേക്കു് പോകുന്നു. പിന്നാലെ രാഘവനും ചെല്ലുന്നു. വാതില്ക്കലെത്തി മുറിയിലേക്കു് കടക്കാൻ ശ്രമിക്കുന്ന ജാനകി ഏതോ ഭയങ്കരമായ കാഴ്ച കണ്ടു് ഉഗ്രമായി നിലവിളിക്കുന്നു. ബോധംകെട്ടു് പിറകോട്ടു് ചായുന്നു. രാഘവൻ മുൻപോട്ടു നീങ്ങി, ജാനകിയെ താങ്ങുന്നു. ഉണ്ണി ഭയപ്പെട്ടു് വിറയ്ക്കുന്നു. പഴയ അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ കാട്ടുന്നു.

—യവനിക—

Colophon

Title: Tīppori (ml: തീപ്പൊരി).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, തീപ്പൊരി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: View of Auvers, an oil on canvas painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.