ഗർഭത്തിലുള്ള ശിശുവിന്റെ ജാതകം കുറിയ്ക്കുന്നതു സാഹസമാണു്. ‘നാളെ’യിലെ കവിതയെക്കുറിച്ചു് നാം പറയുന്ന അഭിപ്രായങ്ങൾക്കും ലക്ഷണനിർവ്വചനങ്ങൾക്കും ഏറിയ കൂറും ഊഹത്തിന്റെ പിൻബലമേ ഉള്ളു. മോഹമോ ആശങ്കുകളോ നമ്മുടെ ഋജ്ജുവിക്ഷണത്തെ ബാധിയ്ക്കാൻ എളുപ്പമുണ്ടു്. കരുതിയിരിക്കേണ്ട മറ്റൊരു ഉഗ്രസത്യമാണു് കലയിൽ പ്രവചനങ്ങൾക്കു് സ്ഥാനമില്ലെന്നുള്ളതു്. കലയുടെ വികാസത്തിനു് (ജീവിതവികാസത്തിനെന്നപോലെ തന്നെ) യാതൊരു നിയതക്രമവും ഇല്ല്ലല്ലോ. വികാസത്തിന്നടിയിലുള്ള സാമുഹ്യ പ്രവണതകളെ നാമെത്രയ്ക്കളന്നു തിട്ടപ്പെടുത്തിയാലും ശരി, സർഗ്ഗാത്മകമണ്ഡലങ്ങളിൽ ഒരു നൂതന പ്രസ്ഥാനത്തിന്റെ തുടക്കം മിയ്ക്കപ്പോഴും ആകസ്മികമായൊരു വിധിനിഷേധത്തിൽ നിന്നാണു്. ഏതു സാഹിത്യചരിത്രവും ശരിവയ്ക്കുന്ന ഒന്നാണു് കലയുടെ ഈ ആകസ്മികത. കവിതയുടെ ഭാവിയെക്കുറിച്ചു് തുടർന്നു നടത്തുന്ന ചർച്ചയിൽ ഈയൊരു മാർജിൻ മനസ്സിൽ കരുതുന്നതു് നന്നായിരിക്കും.
കവിതയ്ക്ക ഭാവി ഉണ്ടോ? മനുഷ്യനു് ഭാവിയയണ്ടെങ്കിൽ കവിതയ്ക്കു് ഭാവിയുണ്ടു്; പക്ഷേ, ജീവിതം പരിവർത്തന ശീലമാകയാൽ ജീവിതാത്മാവായ കവിതയും. പരിവർത്തനവിധേയമാണു്; രൂപപരമായും ഭാവപരമായും. ഈ വിശ്വാസം കേവലം നിരുപാധികമല്ല; പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ ചർച്ചവഴി ഉപാധികൾ കണ്ടെത്താം.
കവിതയ്ക്കു് ഭാവിയില്ല എന്നു സ്ഥാപിയ്ക്കാൻ താഴെപ്പറയുന്ന യുക്തികളാണു് ഉന്നയിച്ചുകേട്ടിട്ടുള്ളതു്.
- റേഡിയോ, ടെലിവിഷൻ തുടങ്ങിയ വിനോദോപാധികളുടെ കടുത്ത മത്സരത്തിൽ ജയിച്ചുനിന്നു നേടാൻ കവിതയ്ക്കാവില്ല.
- ആസ്വാദകരിലൊരു ന്യുനപക്ഷത്തിന്റെ മാത്രം ചെപ്പടിവിദ്യയായ ഛന്ദസ്കൃതശൈലിയാണു് കവിതയ്ക്കുള്ള വിശേഷം. കൂടതൽ രസനീയതയുള്ള കലാരൂപങ്ങൾ വളർന്നുവരുന്ന ഇക്കാലത്തു കവിത ക്ഷീണിക്കും.
- ജീവിതം നാടകീയമായ പ്രത്യക്ഷവത്ത്വത്തോടെ ഉള്ളിൽ പതിപ്പിക്കണം സാക്ഷാൽ കല. അതിന്നു് ഗദ്യ സാഹിത്യം മെച്ചപ്പെട്ടു കാണുന്നൂ—കവിത ശോഷിക്കും.
- കവിതയിലെ അതിമാനുഷരുടെ കാലം കഴിഞ്ഞു—ചെറിയ മനുഷ്യരുടെ ഈ നൂറ്റാണ്ടിൽ കവിത മരണശയ്യയിലാണു്.
ഓരോന്നായെടുത്തു് വിശകലനം ചെയ്യാം.
- വിനോദോപാധികൾക്കു് പകരം നില്കലാണു് കവിതയുടെ ധർമ്മം എന്ന തെറ്റിദ്ധാരണയാണു് ഈ വാദത്തിന്നാസ്പദം. കവിതയുടെ ഉത്തമലക്ഷ്യം ആനന്ദവും ധർമ്മോദബോധനവും ഏകകാലത്തുതന്നെ സാദ്ധ്യമാക്കുകയാണു്. ഭാവനയെ സംസ്കരിച്ചു്, മനസ്സിനെ താഴുന്ന സങ്കചിതത്വങ്ങളിൽനിന്നു വിടർത്തി, ഉന്നത മണ്ഡലങ്ങളിലേക്ക് ആത്മാവിനു സ്വൈര വിഹാരം അനുവദിക്കുന്ന ശക്തിയാണു് യഥാർത്ഥ കവിത പണ്ടും, ഇന്നും. കാലഘട്ടത്തിന്റെ കണ്ണാടിയും; അതേസമയം സഹൃദയ വീക്ഷണം നിർമ്മലമാക്കുന്ന കണ്ണടയും കൂടിയാണു് കവിത. കവിതയുടെ ഈ വിമലീകരണ സ്വഭാവം; “അംഗീകരിക്കപ്പെടാത്ത മനുഷ്യവർഗ്ഗവിധാതാക്കൾ” എന്നു് ഷെല്ലി കവികൾക്കു നല്ക്കിയ വിശേഷണത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു: വിനോദോപാധികൾക്കാവാത്ത വിദ്യാധാനമാണു് കവിതയുടെ ലക്ഷ്യം എന്നിരിക്കെ അതിന്റെ ഭാവിയെ നിയന്ത്രിക്കുന്നതു് റേഡിയോവും ടെലിവിഷനും അല്ലെന്നു വ്യക്തം. അല്ലെങ്കിലോ, നരിവേട്ടതൊട്ടു് നരഹത്യവരെയുള്ള ക്രൂരവിനോദങ്ങളുടെ ഒരു പഴയ യുഗത്തിൽ കാട്ടുതീയിൽ കുരുത്തു് പാട്ടും കൂത്തുമായി വളർന്ന കവിത, റേഡിയോവിലെ ലഘുവൈദ്യുതിയേറ്റ് തളരുമെന്നു് വിചാരിക്കുന്നതാണു് മൗഢ്യം.
- ഈ വാദത്തിന്നും സൂക്ഷ്മഹേതു കവിതയുടെ മൗലിക സ്വഭാവത്തെക്കുറിച്ചുള്ള ബോധമില്ലായ്മ തന്നെ. കവിത ഛന്ദസ്കൃതമായാലുമല്ലെങ്കിലും, അതിനെ ഛന്ദ്രസ്സിനോടു് സമീകരിക്കുന്നതു് കഷ്ടമാണു്. തൊലി എത്ര ചമഞ്ഞാലും മനസ്സാവില്ലല്ലോ! കവിതയുടെ ആത്യന്തികധർമ്മം നിർവ്വഹിപ്പാൻ ഛന്ദസ്സ്-നിയതമോ ശ്ലഥമോ ആയ താളക്രമം-സഹായിക്കുന്നു. പക്ഷേ, കവിതയുടെ ധർമ്മം ആ താളസംക്രമണം അല്ലതന്നെ. ഇതര കലാരൂപങ്ങൾക്കോ യുക്ത്യധിഷ്ഠിതമായ ശാസ്രൂങ്ങൾക്കോ കടന്നുചെല്ലാനാവാത്ത അന്തർമണ്ഡലത്തിന്റെ ആഴങ്ങളിലേക്കു് കടന്നുചെല്ലുകയും, അവിടെ നിദ്രകൊള്ളന്ന ഭാവസ്ഥിരങ്ങളായ പൂർവ്വാനുഭവ പരമ്പരകളെ വിളിച്ചുണർത്തിക്കാട്ടുകയും ചെയ്യുമ്പോഴാണു് കവിത കവിതയാവുന്നതു്.
ദാഹം പൊറാതൊരു തൈനെല്ലങ്ങനെ
പോളതുറന്നു നീർ മോന്തുമ്പോൾ
അകത്തെളിനീരേ നുകർന്നൂ കോമൻ;
ഒരച്ഛനതല്ലോ ചെയ്യുന്നു!
ഇടശ്ശേരി (പുത്തൻകലവും അരിവാളും)
തുടങ്ങിയ വരികളിൽ വാഗർത്ഥങ്ങൾക്കതീതമായ ഏതൊരു ശക്തിയാണോ ഉള്ളിന്നുള്ളിലുറങ്ങുന്ന കർമ്മബന്ധങ്ങളെ അനുഭവവേദ്യമാക്കിത്തരുന്നതു്, അതുതന്നെ കവിതയുടെ കേവലരൂപം. വാക്കും അർത്ഥവും മേളിച്ചുണ്ടാകുന്ന ഈ തൃതീയരശ്മി കവിതയ്ക്കു മാത്രമുള്ള ഐശ്വര്യമാകയാൽ ഇതരസാഹിത്യരൂപങ്ങൾ കവിതയോടു മത്സരിക്കുന്ന പ്രശ്നമേയില്ല. കവിതയ്ക്കുമാത്രം നൽകാവുന്ന ഈ വെളിച്ചം ആഗ്രഹിക്കുന്നവർ. നോവൽകൊണ്ടു തൃപ്തിയടയുമെന്നു വിചാരിപ്പാൻ വഴിയില്ല. അനുയായികളുടെ തല എണ്ണി മൂല്യത്തിന്റെ മതിപ്പു് തിട്ടപ്പെടുത്തുന്നതു് ജീവിതത്തിലും കലയിലും പഴഞ്ചൻരീതിയാണുതാനും. ചുരുക്കത്തിൽ, ഇതരകലാരൂപത്തിനു ചെയ്യാൻ വയ്യാത്തതെന്തോ ആ ധർമ്മം അനുഷ്ഠിക്കുന്ന കവിതയ്ക്കു് എത്ര മത്സരങ്ങളണ്ടെങ്കിലും, നിലനില്പിനെ ചൊല്ലി അന്ധാളിക്കേണ്ടതില്ല.
- ‘എല്ലാവരും ശ്വസിച്ചുകൊള്ളണം’ എന്ന നിബന്ധന പോലെ നിരർത്ഥകമാണു് ‘ജീവിതം പ്രതിപാദിച്ചു കൊള്ളണം’ എന്നതും. കവിതയെക്കറിച്ചു് തലങ്ങും വിലങ്ങും കമ്പോടുകമ്പു പഠിച്ചപഗ്രഥിച്ച പണ്ഡിതന്മാർ ഇതു പറയുമ്പോൾ, കാപ്പിയിൽ പഞ്ചസാരയുടെ പ്രവർത്തനത്തെ ക്കുറിച്ചു് ഒരായുഷ്ക്കാലം ഗവേഷണം നടത്തിയിട്ടു് ‘പഞ്ചസാര മധുരം ഉണ്ടാക്കുന്നു’ എന്നു പറഞ്ഞ ശാസ്ത്രജ്ഞനെയാണു് ഓർമ്മ വരുക. ഇവിടെ ജീവിത്മാണ് കലയുടെ ജീവൻ എന്നതു സുസമ്മതമായ കാര്യമത്രേ. പക്ഷേ, രംഗമണ്ഡപം ഉളവാക്കുന്ന പ്രത്യക്ഷവത്ത്വം ഉള്ളിലുദിപ്പിക്കുന്ന വിധം നാടകീയമായ ആവിഷക്കരണരീതിയാണു് ജീവിതപ്രതിപാദനത്തിന്നുള്ള ഏക മാർഗ്ഗം എന്നു ശാഠ്യം പിടിക്കുമ്പോഴാണു കുഴപ്പ൦. ഫലപ്രദമായ മറെറന്തെല്ലാം മാർഗ്ഗങ്ങളുണ്ടു്! പ്രസ്തുത വാദം സ്വീകരിക്കുകയാണെങ്കിൽ ഭാവഗാനം എന്നൊരു കാവ്യശാഖയെത്തന്നെ ‘റൂൾ ഔട്ട്’ ചെയ്യാം. യാതൊരു സംഘട്ടനവിഘട്ടന പ്രതീതിയും പ്രയോഗിക്കാതെ തന്നെ ബേണ്‍സ്,
“Ah, my love is a red red rose!”
എന്ന വരിയിലൂടെ എത്ര ഉൽക്കൃഷ്ടമായൊരു ജീവിതഭാവം പകർന്നു തരുന്നു! ജീവിതാവിഷ്കരണമെന്ന ലക്ഷ്യം നന്നു്; പക്ഷേ, പ്രത്യക്ഷവത്ത്വം എന്ന മാർഗ്ഗം അതിന്നു് ഉള്ള ഒരേ ഒരു ഉപാധിയല്ല, തീർച്ച. നിഷ്കൃഷ്ടമായ യൂണിറ്റിന്നുകൂടി മോശപ്പെട താപ്പ് സ്വീകരിക്കുന്നതു ഭംഗിയാവില്ല. ഇതരസാഹിത്യരൂപങ്ങൾക്കു് പ്രത്യക്ഷവത്ത്വം ഉളവാക്കുക മാത്രമായിരിക്കാം രസാധാനത്തിനുള്ള ഉപായം; കവിതയ്ക്കു് ആ ഗതികേടു വന്നിട്ടില്ല. ‘കവിത നിലനില്ക്കണമെങ്കിൽ വർണ്ണനാപരമാവണം, നോവൽമട്ടാവണം’ എന്നാരോ ഉപദേശിച്ചുകേട്ടു: നല്ലൊരു ഫലിതമാണു് അതു്. ഭാവാധാനം മുതൽ കാവ്യനിർമ്മാണപ്രക്രിയ തുടങ്ങുന്നു എന്നു വിശ്വസിക്കുന്ന എനിക്കു് ഈ നോവലീകരണം ‘തീരഞ്ചും’ പിടികിട്ടുന്നില്ല
നിത്യജീവിതത്തിൽ നാം വെറുക്കുന്നവയും അകറ്റുന്നവയുമായ ദുഃഖം, നിരാശ, മൗഢ്യം തുടങ്ങിയ പരുക്കൻ വികാരങ്ങൾ കവിതയിലാവിഷ്കൃതമാവുമ്പോൾ നാം രസിക്കയും ഉൾക്കൊള്ളുകയും ചെയ്യുന്നു. ഈ മാസ്മരവിദ്യ എന്താണു്? കവിയുടെ. കൈവശമുള്ള അസംസ്കൃതവികാരങ്ങൾ കാവ്യനിർമ്മാണമെന്ന രാസവികാരത്തിന്നുശേഷം, എങ്ങിനെ, എവിടെവെച്ചു് ഉദാത്തഭാവങ്ങളായി മാറുന്നു? അന്വേഷിക്കേണ്ടതാണു്. ഈ പ്രോസസ് ധരിച്ചുകൊള്ളന്ന കവിക്കു് ഫലപ്രദമായി ജീവിതം ആവിഷാക്കരിക്കാൻ കഴിഞ്ഞേക്കും. അതിനു സഹായകമായ നിരൂപണ ചർച്ചകളും അക്കാരണത്താൽ സ്വാഗതാർഹങ്ങളാകുന്നു. ജീവിതാവിഷ്ക്കരണത്തിൽ നിഷ്കർഷയുള്ള നിരൂപകൻ ജീവിതത്തിലെ പരുക്കൻ വികാരങ്ങളെ കവിതയിൽ മധുരഭാവങ്ങളാക്കുന്ന ഉപായം ആരായണം. ഭാവമാണ് ജീവൻ” എന്നാണല്ലോ പ്രസിദ്ധനിരൂപകനായ മുണ്ടശ്ശേരിയുടെ മതം.
- ഈ നൂറ്റാണ്ടു് ചെറിയ മനുഷ്യരുടേതാണോ എന്നു തീർച്ചപ്പെടുത്താൻ വയ്യാത്തവണ്ണം നാം ഈ നൂറ്റാണ്ടിൽ അന്തർഭവിച്ചുനിൽക്കുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. അങ്ങനെയാണെങ്കിൽത്തന്നെ അതിമാനുഷരെ ഏറ്റവും അധികം ആവശ്യമുള്ള നൂറ്റാണ്ടു് ഈ കലികാലം തന്നെയാണല്ലോ! “ധീരോദാത്തത കുറ്റിയറ്റു പോവുമ്പോൾ ഒരു വേള നമ്മുടെ ജനായത്ത—ശാസ്ത്രീയ—നാഗരികതയ്ക്കു സർവ്വസ്വവും നഷ്ടപ്പെട്ടേയ്ക്കാം” എന്നു് ചിന്തകന്മാർ പറയുന്നു. അതായത് മാനവവംശത്തിന്റെയാകെ നിലനില്പിനെ ഉലയ്ക്കുന്ന ഈ ട്രാജഡി കവിതയ്ക്കും ബാധകമാണു്. ശരി തന്നെ, സമ്മതിക്കുന്നൂ. പക്ഷേ, ഈ ചിന്ത നമ്മെ നയിക്കുന്നതു്, “അണുബോംബിന്റെ സ്ഫോടനം മനുഷ്യരാശിയെയും, കൂട്ടത്തിൽ കവിതയെയും ഉന്മൂലനാശം ചെയ്യാം.” എന്ന ഇടത്തേക്കാണെന്നു് ഓർമ്മിക്കണം. ചെറിയ മനുഷ്യരുടെ യുഗത്തിൽ വലിയ മനുഷരുടെ മാതൃകയെങ്കിലും കാഴ്ചവെച്ചു് കവിതയ്ക്കു ചാരിതാർത്ഥ്യം കൊള്ളാം. ജീവിതഗതിക്കൊത്തു് താഴ്‌ന്നും ഉയർന്നും തന്നെയാണല്ലോ കവിത എന്നും നിലനിന്നിട്ടുള്ളതും!
ഈ വാദങ്ങളെക്കൂടാതെ “യുക്തിയുടെ തീക്ഷ്ണപ്രസരം കവിതയെ ശോഷിപ്പിക്കും”, “തിക്കും തിരക്കും കാരണം മനുഷ്യനു് കവിത വായിക്കാൻ നേരമില്ല”, “വ്യവസായ യുഗം വരുന്നു, അതു് സർവ്വഭക്ഷകമാണു്, ആരും തിരിഞ്ഞുനോക്കാത്ത കവിതയുടെ കാര്യം ‘ശേഷം ചിന്ത്യം’ ആണു,” തുടങ്ങി ധാരാളം ഒച്ചപ്പാടുകൾ ഉണ്ടായിട്ടണ്ടു്. ജ്യോതിഷത്തിൽ പഠിപ്പും വിശ്വാസവും കഷ്ടിയായ ഇളംതലമുറക്കാർക്ക് ഇവിടെ മൗനമാവും ഭേദം. മാത്രമല്ല, ഇതൊക്കെ എത്രയോ തവണ ഉയർന്നു വന്നതും കാലം അപ്പപ്പോൾ പരിഹരിച്ചിട്ടുള്ളതുമായ വൃഥാ ശങ്കകളാണ്! “ഭാവിയില്ലാവാദ”ത്തെ സാഹിത്യ ചരിത്ര പശ്ചാത്തലത്തിൽ ഒന്നു വീക്ഷിച്ചാൽ ഈ ആശങ്കകൾ നീങ്ങും; ഭാവിയെക്കുറിച്ചു ഒരുറച്ച വിശ്വാസം ഉളവാക്കുകയും ചെയ്യും.
സോക്രട്ടീസിനെ കാഴ്ചവച്ച ഗ്രീക്ക് സംസ്കാരംതന്നെയാണു് കാവ്യ വൈരികളുടെ ഭീഷ്മപിതാമഹനായ പ്ലേറ്റോവിനും ജന്മം നല്ക്കിയതു്. പാരത്രികസത്യത്തിന്റെ പകർപ്പായ, ഐഹിക ജീവിതത്തിന്റെ പകർപ്പായ കവിത നുണയാണെന്നും തൽക്കർത്താക്കൾ ആദർശരാഷ്ടത്തിൽനിന്നും പുറന്തള്ളപ്പെടുമെന്നും പ്ലേറ്റോ നിശ്ചയിച്ചു. മഹാതത്ത്വജ്ഞാനിയായിരുന്നിട്ടും സാഹിത്യ നിരൂപണ രംഗത്തു്, സമകാലികരെ വിഗണിച്ച ആ പിതാമഹൻ ഇന്നും ശരശയ്യയിലാണു്. ഏറ്റവുമൊടുവിൽ ശരം തൊടുത്ത R.A. Scott James ന്റെ മതം ശ്രദ്ധിക്കുക: വനത്തെ പകർത്തുന്ന ചിത്രകാരൻ വനത്തിന്റെ പല വിശദാംശങ്ങളും ഒഴിവാക്കുന്നു. സത്യദ്യഷ്ട്യാ ഇതു് തരംതാഴ്ത്തലാണു്. പക്ഷേ, കലാപക്ഷമനുസരിച്ചു് ഇവിടെ ചിത്രകാരൻ വനത്തെക്കുറിച്ചുള്ള തന്റെ ദർശനം, കൃതിയിൽ സൃഷ്ടിച്ചിരിക്കയാണു; സർഗ്ഗാത്മകമായൊരു മൂല്യം—മേന്മ—അയാൾ വനത്തിനു നൽകിയിരിക്കുകയാണു്. (കവിയുടെ പകർപ്പിൽ പുനഃസൃഷ്ടിയും ഉണ്ടു്). കവി വെറുതെ കണ്ടതിനെ പകർത്തുകയല്ല, കാണേണ്ടതിനെ കാട്ടിത്തരതികയാണെന്നു സാരം. വികാരശുദ്ധീകരണമാണു് കവിതയുടെ ധർമ്മം എന്നു നിർവ്വചിച്ച സ്വന്തം ശിഷ്യനായ അരിസ്റ്റോട്ടിലിന്റെ “കാവ്യാനു ശാസന”ത്തിൽ, പ്ലേറ്റോവിനുള്ള അർത്ഥഗർഭമായ മറുപടി അടങ്ങിയിരിക്കുന്നു. അക്കാലം കവിതയ്ക്കു് ഏറ്റവും മെച്ചപ്പെട്ട വിളവെടുപ്പിന്റെ സമയമായിരുന്നു എന്നുകൂടി ഓർക്കണം. വാസ്തവത്തിൽ “ഭാവിയില്ലാവാദം” കവിതയ്ക്കു് പിറക്കാൻ പോകുന്ന സുവർണ്ണയുഗത്തിന്റെ നാന്ദിയല്ലേ എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. 1581-ൽ സ്റ്റീഫൻ ഗാസ്സൻ എഴുതി: “കവിതയ്ക്കു് ഭാവിയില്ല, അതു് മനുഷ്യനെ വഴി തെറ്റിക്കുന്ന ഒരു ദുഷ്പ്രവണതയാണു്” എന്നു്. ഇന്നു് ഗാസ്സനെ നാം ഓർക്കുന്നതു് നവോത്ഥാന ചുഡാമണിയായ സിഡ്നി എഴുതിയ അത്യുജ്ജ്വലമായ മറുപടിയുടെ പേരിലാണു്. ഒരു പന്തീരാണ്ടിന്നകം കവിവേധസ്സായ ഷേക്സ്പീയർ ഗാസ്സന്റെ വാദങ്ങളെ സ്വകൃതികളാൽ നിരർത്ഥകമാക്കി കാറ്റിൽപ്പറപ്പിച്ചു. “യുക്തിയുടെ യുഗത്തിൽ കവിതയ്ക്ക് നില്ക്കക്കള്ളിയില്ലെന്നും, കാടത്തത്തിന്റെ കൂടപ്പിറപ്പായ കവിതയെ കുഴിച്ചു മൂടാറായി” എന്നും ഒരുഗർജ്ജനം പിന്നീടുണ്ടായതു് വ്യവസായ യുഗത്തിന്റെ പിള്ളത്തൊട്ടിലായ 19-ാം നൂറ്റാണ്ടിന്റെ ആദ്യദേശകങ്ങളിലാണു്. അന്നു S.L. പീക്കോക്കിനു്, ഷെല്ലി എഴുതിയ ധീരമായ പ്രത്യാഖ്യാനം “കവിതയുടെ പ്രതിരോധമായിത്തന്നെ ഇന്നും അവശേഷിക്കുന്നു. റൊമാന്റിസിസത്തിന്റെ വിശ്വോത്തര ഫലങ്ങൾ ആംഗലഭാഷയിൽ വിളഞ്ഞകാലമാണിതു്. നമുക്കാശിക്കുക, സ്റ്റിഫൻഗാസന്റെ പ്രേതം ഇന്നു നടത്തുന്ന കലിതുള്ളലും കവിതയ്ക്കും ഉജ്ജ്വലമായൊരു നാളെയുടെ നാന്ദിയാകട്ടെ. നമുക്കു് ശുഭാപ്തി വിശ്വാസം തരുന്നതു്, മനുഷ്യന്റെ വളർച്ചയ്ക്കൊത്തു് ഊർന്നുപോകേണ്ട പുറന്തൊലിയാണു കവിത എന്ന ജല്പനം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്നും, കാലം ആ ധിക്കാരത്തെ തിരുത്തിയിട്ടുണ്ടെന്നും ഉള്ള വാസ്തവമാണു്
ഭാവി എന്ന വാഗ്ദാനം, പക്ഷേ, മനുഷ്യകർമ്മം എന്ന ഉപാധിയിൻമേലാണ് സഫലമാകന്നതു്. കവിതയ്ക്ക് ഭാവിയുണ്ടെന്ന വിശ്വാസത്തിനർതഥം നൽകുന്നതു് കവികൾ തങ്ങളുടേതായ കാവ്യമര്യാദയിൽ ഗൗരവപൂർവ്വമായ ഉത്തരവാദിത്വമേറെറടുക്കാൻ തയ്യാറാകമെന്ന ബോധമാണു്. ഭാവിയും പുരുഷ പ്രയത്നവും പരസ്പരാശ്രിതങ്ങളാണല്ലോ.
ഇന്നത്തെ കവിതാമണ്ഡലം ആകെ ഒന്നു നിരീക്ഷിച്ചാൽ ഈപ്പറഞ്ഞ സ്വധർമ്മ നിർവ്വഹണത്തിന്റെ ശുഭസൂചനകൾ കാണ്മാനുണ്ടോ? കവികൾ തങ്ങളുടെ കാലഘട്ടത്തിന്റേതായ വെല്ലുവിളികൾ ഏറെറടുക്കുവാൻ പ്രാപ്തരാകുന്നുവോ? അത്രത്തോളം ചെന്നില്ലെങ്കിലിം, കൃത്യാകൃത്യങ്ങളെ വേർതിരിച്ചെടുക്കാനുള്ള ധർമ്മബോധം, അഥവാ പുതിയ വിശ്വാസങ്ങളുടെ ഒരു ചിത്രപടം, ആവശ്യമാണെന്ന നിശിതമായ മനശ്ശല്യം ഇക്കൂട്ടർ അനുഭവിക്കുന്നുണ്ടോ?
ഇവിടെ, കവിതയുടെ നിലനില്പിനെ അർത്ഥവത്താക്കുന്ന ധർമ്മം എന്തെന്നു് സൂക്ഷ്മമായി ആലോചിക്കേണ്ടതുണ്ട്.
ജീവജാലങ്ങളുടെ അവയവങ്ങൾ നൂറ്റാണ്ടുകളിലൂടെ പരിണാമമാർന്നു് തനതായ വ്യക്തിത്വവും പൂർണ്ണതയും ആർജ്ജിച്ചിട്ടുള്ളതിനു് ജൈവവിജ്ഞാനം നല്കുന്ന സമാധാനം ശ്രദ്ധേയമാണു്. ഓരോ യുഗത്തിലേയും ജീവിതസാഹചര്യങ്ങളോടു മല്ലിടുവാൻ ജീവികൾക്ക് അനുഷ്ഠിക്കേണ്ടിവരുന്ന ധർമ്മങ്ങൾ (functions) ആണു അവയവങ്ങളുടെ രൂപപരിണാമത്തെ നിയന്ത്രിക്കുന്നതു്. ഒരേ അവയവമാണു് പക്ഷിയിൽ ചിറകായും, മത്സ്യത്തിൽ ചെകിളയായും, മനുഷ്യനിൽ കൈയായും വികസിച്ചു വളർന്നതു് എന്ന വസ്തുത അതതു പരിണാമങ്ങൾക്കടിയിലുള്ള ഭിന്നധർമ്മങ്ങളെയാണു ചൂണ്ടിക്കാട്ടുന്നതു്. സാഹിത്യാദികലകളെ ജീവൽപ്രതിഭാസങ്ങളായി കണക്കാക്കുന്നപക്ഷം അവയുടെ രൂപപരിണാമങ്ങൾക്കും ഇത്തരം ചില ധർമ്മങ്ങൾ നിദാനമായി വർത്തിച്ചിട്ടുണ്ടെന്നു കണ്ടെത്താൻ പ്രയാസമില്ല. ജീവചൈതന്യമുള്ള എല്ലാറ്റിനും—ജന്തുമണ്ഡലത്തിലും—അന്തർമണ്ഡലത്തിലും—പ്രകൃതി ഒരേ നിയമം വിധിച്ചിരിക്കുന്നുവെങ്കിൽ അതിൽ അസ്വാഭാവികമായി ഒന്നുമില്ല. “
ചേതനയെ വിടർത്തുമാറാകണേ!” എന്നു് സുമലളിതമായ ശൈലിയിൽ പ്രാർത്ഥിച്ച വൈദികകവിമുതൽ “നീയുണരാവു വസുധേ!” എന്നു പടഹമടിക്കുന്ന ആധുനിക കവിവരെ നീണ്ടുകിടക്കുന്ന കവിതാചരിത്രം പരിശോധിച്ചാൽ, നാനാവിചിത്രങ്ങളായ പരിണാമങ്ങളിലുടെയായാണു് സാഹിത്യത്തിന്റെ ഉത്തമാംഗമായ കവിത അതിന്റെ ഇന്നുള്ള വ്യക്തിത്വം ആർജ്ജിച്ചിട്ടുള്ളതെന്നു കാണാം. ഹോമറുടേയും, കാളിദാസന്റേയും ഷെല്ലിയുടേയും കാലഘട്ടങ്ങളിൽ കവിതയ്ക്കു് ഭിന്നധർമ്മങ്ങളാണ് അനുഷ്ഠേയങ്ങളായിരുന്നതു്. അവയ്ക്കനുസൃതമായ രൂപപരിണാമങ്ങളാണ് അക്കാലത്തെ കവിതക്കു വൈശിഷ്യമണച്ചിരുന്നതും. “കവിതയ്ക്കു് ആനന്ദമെന്നു ധർമ്മോദബോധനമെന്നും രണ്ടു കർത്തവ്യങ്ങളാണുള്ളതു്; ഇവയിൽക്കവിഞ്ഞു് കവിതയിൽ ശാശ്വതമായി മറ്റൊന്നുമില്ല.” എന്നു സാമാന്യമായി പറഞ്ഞു നിർത്തുന്നതു്, ഈ കലാരൂപത്തിന്റെ സാർതാഥകപരിണാമങ്ങളിൽ നിന്നു ദൃഷ്ടി തിരിക്കാനുള്ള സമാധാനമേ ആകൂ. അതിനാൽ നാമിന്നു കവിതയിൽ കാണുന്ന വൈചിത്ര്യങ്ങൾക്കും രൂപപരിണാമങ്ങൾക്കും പിന്നിലുള്ള കാവ്യധർമ്മമെനെന്നു നിരൂപിക്കുകയാണ്, കേവലാസ്വാദനത്തിനപ്പൂറം താല്പര്യമുള്ള അനുവാചകനു’ ചെയ്യാനുള്ളതു്.
ഒരു നൂറ്റാണ്ടു മുമ്പു് മാത്യു ആർനോൾഡ് പ്രവചിക്കുകയുണ്ടായി, വരാനിരിക്കുന്ന ശാസ്ത്രയുഗത്തിൽ കവിത മതത്തിനു പകരം നില്ക്കുമെന്നു്. അദ്ദേഹം പിന്നീടതിൽ ശങ്കാലുവായിത്തീർന്നുവെങ്കിലും, ഇരുപതാംനുറ്റാണ്ടിലെ കവികൾ ആ പഴയ പ്രവചനത്തെ ശരിവയ്ക്കാൻ ശ്രമിച്ചിരുന്നവരാണെന്നു കാണാം. യേറ്റ്സും എലിയറ്റും ഓഡനും മറ്റും സമകാലികസമസ്യകളോടു് താന്താങ്ങളടേതായ ശൈലിയിൽ ഇടയുകയും, കാവ്യമര്യാദയിൽ പ്രതികരണം നടത്തുകയും ചെയ്തിരന്നവരാണെങ്കിലും അവരുടെ കവിതകളിലെ ഭാവസാകല്യത്തിനു് കുറെക്കൂടി വിപുലമായ ഉദ്ദിഷ്ടമാണുള്ളതെന്നു വ്യക്തമത്രേ. യേററ്സിന്റെ കഥയെടുക്കുക: ഐറിഷ് സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിന്നപ്പുറം ദേശീയപുരാണസമ്പത്തിന്റെ മൂല്യങ്ങളിൽനിന്നും വിശ്വാസങ്ങളിൽനിന്നും പുതിയൊരു പ്രത്യയശില്പം വാർത്തെടുക്കാനുള്ള വ്യഗ്രത ആ കാവ്യജീവിതത്തിലൂടനീളം കണ്ടെത്താവുന്നതാണു്. എലിയറ്റ് അക്ഷരാർത്ഥത്തിൽത്തന്നെ മതവിശ്വാസം വീണ്ടെടുക്കുകയും, കവിതയിലൂടെ അതു പ്രഖ്യാപിക്കുകയും ചെയ്തു. താൻ ‘നേടിയ’ പഴയ മദ്ധ്യകാലമതവിശ്വാസം പുതിയകാലത്തിന്നിണങ്ങുമോ എന്നുള്ളതിനെക്കുറിച്ചു് അദ്ദേഹം അത്ര വ്യാകുലപ്പെട്ടിരുന്നില്ല. ഓഡനാകട്ടേ, രാഷ്ടരീയവിശ്വാസങ്ങളുടേതായ ഒരു മതവും സ്വർഗ്ഗസങ്കല്പവും ഏറെനാൾ പുലർത്തുകയും പ്രചരിപ്പിക്കയും ചെയ്തു. ആ കാഴ്ചപ്പാടു് കൈമോശംവന്നപ്പോൾ നൈതികമൂല്യങ്ങളടെ പുതിയൊരു വിശ്വാസശില്പം മെനഞ്ഞെടുക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ മൂന്നു് ഉദാഹരണങ്ങളും എടുത്തുപറഞ്ഞതു് ഒരുകാര്യം വ്യക്തമാക്കാനാണു്: നമ്മുടെ ശാസ്ത്രിയനാഗരികതയുടെ ദുർമ്മർദ്ദത്താൽ തകർന്നുപോയ പഴയ വിശ്വാസങ്ങളുടെ സ്ഥാനത്തു് പുതിയൊരുവിശ്വാസശില്പം പടുത്തുയർത്താനുള്ള ത്വരയാണു് അവരുടെ കവിതകളിൽ അന്തർദ്ധാരയായും പ്രചോദനമായും വർത്തിച്ചിരുന്നതു്. ഈ നുറ്റാണ്ടിൽ കവിതയുടെ ധർമ്മം അതായിരുന്നു; അതിന്നായിട്ടാണ് ഈ കവികൾ നിയുക്തരായതു്.അതിനുവേണ്ടിയുള്ള അന്വേഷണമത്രേ പുതുകവിതയുടെ സവിശേഷതയും.
വളരെയേറെ തെറ്റിദ്ധരിക്കപ്പെടാവുന്ന ഒരു വാക്കാണ് ഈ ‘അന്വേഷണം’. സമുഹമദ്ധൃത്തുനിന്നകന്നു, ആളൊഴിഞ്ഞ മരമൂട്ടിലിരുന്നു് അപ്രമേയമായ ‘ആ ഒന്നി’നെക്കുറിച്ചു് മൂക്കുപിടിച്ചു ധ്യാനിക്കുക എന്ന അപകടകരമായ അർത്ഥം അതിനു് എങ്ങനെയോ വന്നുചേർന്നിരിക്കുന്നു. വ്യക്തിയുടെ ആന്തരസത്യങ്ങളെ തേടിയുള്ള പോക്കു് തീർച്ചയായും അന്വേഷണത്തിന്റെ ഭാഗംതന്നെ, പലപ്പോഴും കവിതയ്ക്കു് അതൊരു പ്രിയവിഷയവുമാകുന്നു. എന്നാൽ അതൊന്നു മാത്രമായി അന്വേഷണത്തിന്റെ അർത്ഥവ്യാപ്തിയെ ചുരുക്കിക്കളയുന്നതു ശരിയല്ല. വാസ്തവത്തിൽ സമൂഹഗതമായ വസ്തുതകളുടെ അന്തസ്സുത്തയെക്കുറിച്ചുള്ള അന്വേഷണം, ആത്മിയാന്വേഷണം പോലെതന്നെ അമൂല്യമത്രേ—ഒരുവേള അതിനെ മഹത്തരമെന്നു പറയേണ്ടി വരും; കാരണം, സമഷ്ടിസത്യം വ്യക്തിസത്യങ്ങളടെ ആകെത്തുകയാണല്ലോ. കവിയെ സംബന്ധിച്ചിടത്തോളം വ്യക്തിയും സമൂഹവും രണ്ടു വിരുദ്ധപ്രതിഭാസങ്ങളല്ല; ജീവിതസത്യത്തിന്റെ രണ്ടു വിതാനങ്ങൾ മാത്രമാണു്. ജീവിതത്തിന്റെ അന്തസ്സത്തയെ അന്വേഷിച്ചിറങ്ങുന്നവർക്കു രണ്ടു മാർഗ്ഗങ്ങളും അവലംബിക്കേണ്ടിവരും.
മലയാളകവിതയുടെ ഇന്നത്തെ ദശാസന്ധിയിലാകട്ടെ, ശില്പത്തിന്നുവേണ്ടിയുള്ള ഇത്തരമൊരു അന്വേഷണത്തിന്നു രണ്ടു വിധത്തിൽ പ്രസക്തിയുണ്ട്: ഒന്നു സമൂഹപരം, പിന്നൊന്നു് സാഹിത്യചരിത്രപരം. “നാലഞ്ചു പുകക്കുഴലുകൾ മാത്രം ഉയർന്നുവന്നിട്ടുള്ള ഈ കേരളത്തിലോ വ്യവസായയുഗത്തിന്റെ സമ്മർദ്ദം?” എന്നു ചോദിച്ചു കേട്ടിട്ടുണ്ടു്. വിശ്വാസത്തകർച്ചയുടെ ആഴമളക്കാൻ പുകക്കുഴലുകൾ എണ്ണിയാൽ മതിയെങ്കിൽ വളരെ ഏളപ്പമുണ്ടായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ ജീവിതപ്രശ്നങ്ങൾ കുറെക്കൂടി സങ്കീർണ്ണമാണു്. ശാസ്ത്രിയവിദ്യാഭ്യാസത്തിന്റെ പ്രചാരം, ഗ്രാമങ്ങളുടെ തിരോധാനം, പൊതുജീവിതത്തിൽ വേരുറച്ചുപോയ മിഥ്യാചാരത്തിന്റെ വിഷവൃക്ഷം, ഇടത്തരക്കാരതൊട്ടു താഴോട്ടുള്ള നാഗരികജന സാമാന്യത്തെ പ്രത്യാംഗം ഗ്രസിച്ചു നില്ക്കുന്ന കുത്തകമുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തം അങ്ങനെ പലതിലേക്കും കാരണം തേടിച്ചെന്നാലേ വിശ്വാസത്തകർച്ചയുടെ സാമൂഹ്യമായ വശം പ്രത്യക്ഷമാകൂ. പുലർന്നു അന്തിമയങ്ങുംവരെ നാം ഉപയോഗിക്കുന്ന പേസ്റ്റ്, ബ്ലേഡ്, എണ്ണ, മരുന്നുകൾത തൊട്ടു് വാടകയ്ക്കെടുത്ത ഇരുമ്പുകട്ടിൽവരെയുള്ള സാധനങ്ങൾക്കായി നാം ചെലവാക്കുന്ന സംഖ്യ, നമ്മെ കൂടതൽ കൂടുതൽ ദരിദ്രരാക്കുന്ന ഒരു കർത്തകവ്യവസ്ഥയിലേക്കാണു് മുതൽക്കൂട്ടുന്നത് എന്നോർത്താൽ മതി; പുകക്കുഴലുകളുടെ എണ്ണും നോക്കാതെതന്നെ നമ്മെച്ചുഴന്നുനില്ക്കുന്ന നാഗരികതയുടെ ‘അധോലോകം’ ദൃഷ്ടിഗോചരമാകും.
സാഹിത്യചരിത്രപരമായി, പുതിയ മൂല്യങ്ങൾ തേടിയുളള പോക്കിനു് സവിശേഷമായ പ്രസക്തിയുണ്ടെന്നു കാണാം. ക്ലാസ്സിസിസത്തിൽ കവിതയുടെ മൂല്യം വെറും രസമായിരുന്നെങ്കിൽ, പിന്നീടുണ്ടായ റൊമാന്റിക് വസന്തകാലത്ത് ‘രസ’ത്തിന്നു് കുറെക്കൂടി ഉദാത്തവും ജീവിതഗന്ധിയയമായ അർത്ഥം കൈവന്നു. തൊട്ടടുത്ത കാലഘട്ടത്തിൽ കവിതയിലെ മൂല്യമായി വാഴ്ത്തപ്പെട്ടതു് വിപ്ലവം ആയിരുന്നു. പക്ഷേ, ദുർല്ലഭം ചില മികച്ച കൃതികളൊഴിച്ചാൽ, നമുക്കു ലഭിച്ചതു് ഏറിയകൂറും തൊലിപ്പുറമേ കടന്നുപോകുന്ന മുദ്രാവാക്യങ്ങൾ ആയിരുന്നു. ചുറ്റുപാടുകളെക്കുറിച്ചും തന്നെക്കുറിച്ചും വിപ്ലവാത്മകമായ പുതിയ കാഴ്പ്പാടുകൾ നല്ക്കി വായനക്കാരനെ ബോധവാനാക്കുന്ന വിഷയത്തിൽ മുദ്രാവാക്യപ്രാണങ്ങളായ കവിതകളുടെ കാര്യം പരുങ്ങലായിരുന്നു. ഗൗരവപ്പെട്ട ഒന്നാണു കവിതയെഴുത്തു് എന്ന സങ്കല്പംപോലും വിസ്മൃതമായോ എന്നു തോന്നിയിരുന്ന ഒരു ഘട്ടത്തിലാണു,’ആധുനികന്മാർ’ എന്നു് കളിയായും കാര്യമായും വിളിക്കപ്പെടുന്ന പുതിയ തലമുറ രംഗപ്രവേശം ചെയുന്നതു്. ഇവർക്കു തീർച്ചയായും പുതിയൊരു അന്വേഷണം ആവശ്യുമായിരിക്കുന്നു. തങ്ങളെക്കുറിച്ചു ചുറ്റുപാടുകളെക്കുറിച്ചു്; പുതിയ കാഴ്ചപ്പാടുകളെക്കുറിച്ചു് ഇവയെല്ലാം സമർത്ഥമായി പ്രതിപാദിക്കാൻ ഉതകുന്ന പുതിയ ഉപാധികളെക്കുറിച്ചു്. പുതിയ സമസ്യകൾക്കു് പുതിയ സമീപനങ്ങൾ വേണം.
ഇന്നത്തെ കവിതാരംഗത്തെ സാമാന്യമായൊന്നവലോകനം ചെയ്താൽ, തനതായ സമീപനങ്ങൾക്കുവേണ്ടിയുള്ള ഈ അന്വേഷണം ഒരു പൊതുസ്വഭാവമാണെന്നു കാണാം. അവരുടെ കവിതകൾക്കു തനിമ നല്ക്കുന്ന ഘടകവും വേറൊന്നല്ല. വ്യക്തി, കുടുംബം, വർഗ്ഗം, ദേശം, രാജ്യം, ലോകം എന്നിങ്ങനെ നാനാപ്പസൃതമായ ജീവിതമണ്ഡലങ്ങളിലെ അധുനികസമസ്യയെ കാലികവും കാലാതീതവുമായ പശ്ചാത്തലത്തിൽ കണ്ടറിയുകയും തനതായ സമീപനങ്ങൾ ആവിഷ്ക്കരിക്കാൻ യത്നിക്കുകയും ചെയ്യുന്നവരാണു് നമ്മുടെ കവികൾ. സ്വാഭാവികമായും അവരുടെ ശൈലികൾ ഭിന്നങ്ങളും വിചിത്രങ്ങളമാകന്നു. എന്നാൽ ശൈലികൾ സാധകങ്ങൾ മാത്രമാണ്; സാധ്യം കവിതയിലെ മാനുഷികാനുഭവം ആണല്ലോ. ആ അനുഭവം നിവേദിഴ്കാത്തപക്ഷം ശൈലികൊണ്ടുകാര്യമില്ല. നിവേദിക്കന്നുണ്ടെങ്കിലോ ഏതുതരം ശൈലിയായാലും ആർക്കും ഒട്ടു വിരോധവും ഇല്ല.
1965–1970