images/vnn-kavithayude-dna-cover.jpg
Two nudes, two women, an oil on canvas painting by Jean Metzinger (1883–1956).
ഭാരതീയ സാഹിത്യത്തിന്റെ പരിപ്രേക്ഷ്യം

ഇങ്ങനെയൊരു തലവാചകത്തിനു താഴെ പെട്ടെന്നു് പ്രതീക്ഷിക്കാവുന്ന വിഷയങ്ങൾ എന്തൊക്കെയാണു്? സാഹിത്യത്തിന്റെ ആന്തരവും ബാഹ്യവുമായ രൂപത്തെച്ചൊല്ലിയുള്ള സാമ്പ്രദായിക ചർച്ചകൾ, സൗന്ദര്യനിർദ്ധാരണ ശൈലികൾ, സമീപനങ്ങൾ, ലക്ഷ്യപ്രയോജനങ്ങളെക്കുറിച്ചുള്ള വാദമുഖങ്ങൾ തുടങ്ങിയവയാവും. ഭരതൻ, ആനന്ദവർദ്ധനൻ, അഭിനവഗുപ്തൻ എന്നിങ്ങനെ ഒരു ത്രികോണവും അതിലടങ്ങുന്ന ഒരു പരികല്പനചക്രവും ആലേഖനം ചെയ്തു് അതിനെ “രസധ്വനി സിദ്ധാന്തം” എന്നു വിളിക്കുന്നപക്ഷം ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ഏറിയകൂറും അതിൻറ പരിധിക്കുള്ളിൽ ഒതുക്കാം.

എന്നാൽ മറ്റൊരു വിശേഷവിവക്ഷകൂടി ഈ തലവാചകത്തിന്റെ പിടിയിൽ ഒതുങ്ങിനില്പുണ്ട്: ആദികവിതൊട്ടു് ഇന്നോളം ഭാരതീയപാരമ്പര്യത്തെ കാലാകാലങ്ങളിൽ സ്വന്തം പ്രാണധാരകൊണ്ടു നനച്ചു് നിലനിർത്തിപ്പോന്ന പ്രതിഭാശാലികൾ നമുക്കു് ആകെമൊത്തം സമ്മാനിച്ചിട്ടുപോയ വീക്ഷണം. പ്രപഞ്ചത്തെയും ജീവിതത്തെയും പ്രാണനെയും ധർമ്മത്തെയും അർത്ഥകാമമോക്ഷങ്ങളെയും പറ്റി അവർ ജീവരക്തത്തിൽ കുറിച്ചുവെച്ച വാങ്മയം. അതിലുടെ ചുറ്റുപാടും നോക്കിക്കാണുമ്പോൾ വിടർന്നുവരുന്ന പരിപ്രേക്ഷ്യം. ആധുനികയുഗത്തിൽ ഏറെ പ്രസക്തമെന്നു ഞാൻ കരുതുന്നതു് ഈ പരിപ്രേക്ഷ്യമാകയാൽ ഇതേക്കുറിച്ചാണു് ഇവിടെ പ്രതിപാദിക്കാൻ പോകുന്നതു്.

പരമ്പരാഗതമായ ഭാരതീയ സാഹിത്യവീക്ഷണം ലോകത്തെവിടെയുമുള്ള സാഹിത്യവീക്ഷണത്തിന്റെ സാർവ്വലൗകികവും സാർവ്വകാലികവുമായ അംശങ്ങളെ അതായതു് പൊതുഘടകങ്ങളെ, അതേപടി ഉൾക്കൊള്ളുന്നു. കാവ്യം മനുഷ്യനു് കേവലമായ ആനന്ദവും ധാർമ്മികമായ ഉന്നമനവും ഏകകാലത്തു് പ്രദാനം ചെയ്യുന്നു. കവിക്കു് സനാതന മൂല്യങ്ങളോടെന്നപോലെ കാലികമായ അവസ്ഥകളൊടും ഉത്തരവാദിത്വം ഉണ്ടു്. കാലിക സമസ്യകളിലൂടെ ധർമ്മത്തിന്റെ ഗഹനമായ ഗതിയെ കണ്ടറിഞ്ഞു് കർത്തവ്യം എന്തെല്ലാമെന്നും അകർത്തവ്യം എന്തെല്ലാമെന്നും വെളിവാക്കിക്കൊടുക്കാൻ കവി ബാധ്യസ്ഥനാകുന്നു. ആത്മസുഖം എന്നപോലെ പരനിർവ്വതിയും തന്റെ പ്രകൃഷ്ടലക്ഷ്യമായി കുണ്ടെത്തുന്നവന്നുമാത്രമേ ശരിയായ കവിത്വം സാക്ഷാത്കരിക്കുവാൻ കഴിയൂ. അതാകട്ടെ ഋഷിത്വത്തിൽനിന്നു് ഭിന്നമല്ല താനും. ഇത്തരം ഉപദർശനങ്ങളുടെ ഒരു സമാകലനം തീർച്ചയായും മഹത്തായ എല്ലാ ലോകസാഹിത്യവീക്ഷണങ്ങളിലും അടങ്ങിയിരിക്കുന്നു ഊന്നലിൽ വ്യത്യാസം ഉണ്ടാകാമെങ്കിലും സാരാംശത്തിൽ കാളിദാസന്റെ കാലത്തും ടാഗോറിന്റെ കാലത്തും ഭാരതീയ സാഹിത്യകാരന്റെ വീക്ഷണം ഈ പറഞ്ഞമട്ടിൽ ആയിരുന്നു.

ആധ്യാത്മികത്വം

എങ്കിലും ഭാരതീയ സാഹിത്യവർക്ഷണത്തിന്റെ വ്യാവർത്തകഘടകമായി മറ്റൊന്നുകൂടി എല്ലാക്കാലത്തും നിലനിന്നുപോന്നു. അതിന്നു് മറ്റു് പേരില്ലായ്ക്കുയാൽ, തെറ്റിദ്ധരിക്കപ്പെടാൻ വളരെ സാദ്ധ്യതയുണ്ടെങ്കിൽപോലും ഞാൻ അതിനെ ആധ്യാത്മികത്വം എന്നു വിളിക്കുന്നു. ഫിലോസഫി, മെറ്റഫിസിക്സ്, റിലിജ്യൻ എന്നൊക്കെ പലമട്ടിൽ ഭാഷാന്തരണം ചെയ്തു് വികലമാക്കാവുന്ന ഒന്നത്രെ ഈ ഘടകം. എന്നാലും ആവക പാശ്ചാത്യ പദപ്രയോഗങ്ങൾക്കൊന്നും ഉൾക്കൊള്ളാൻ ആവാത്ത വാസ്തവികതയുടെ ഒരു അംശം നമ്മുടെ ആധ്യാത്മികതയിൽ ഉണ്ടു്. കാരണം പലപ്പോഴും അതു് മതനിരപേക്ഷമാണു്, തത്ത്വശാസ്ത്രനിരപേക്ഷമാണു, ദർശനനിരപേക്ഷംപോലും ആണു്. അതിന്റെ തിളക്കം ഇന്ത്യൻ സമൂഹത്തിന്റെ അടിത്തട്ടിലെ പളുങ്കമണികളായ ഗ്രാമീണജനതയിൽ താൻ നിസ്സംശയം കണ്ടെത്തുന്നതായി ഗാന്ധിജി രേഖപ്പെടുത്തിയിരിക്കുന്നു. നിത്യജീവിതത്തിന്റെ നൂറു നൂറു നൂലാമാലകളിൽ അനുപ്രയോഗിക്കുവാനും സാക്ഷാല്ക്കരിക്കുവാനും ഉള്ളതാണതു; മരമുട്ടിൽ ഇരുന്നു് കണ്ണടച്ചു് ധ്യാനിക്കുവാൻ മാത്രമുള്ളതല്ല. വ്യക്തിയുടെ സ്വകാര്യമായ അന്തർമണ്ഡലത്തിലും സമുഹജീവിതത്തിന്റെ സങ്കിർണ്ണുമായ നാനാവ്യവഹാരങ്ങളിലും ഇതു് ഒരുപോലെ പ്രസക്തമാകുന്നു. പരത്തിന്നെന്നപോലെ ഇഹത്തിനും ഏതൊന്നാണോ ശ്രേയസ്സരുളന്നതു് അതുതന്നെയാണു് ഇതിന്റെ സത്ത.

കുളികറിഭക്ഷണമെന്നു തുടങ്ങിയ
പല പല ജീവിത പരിപാടിയിലും
കുമുദം ചന്ദ്രനിലെന്ന കണക്കേ
പരമാത്മാവിലൊരുന്മുഖ നോട്ടം

എന്നു കെ. കെ. രാജാ മേലോട്ടു നോക്കി ആ സത്യം അറിയുന്നു. വള്ളത്തോളാകട്ടെ,

ഞാനൊന്നു ചോദിക്കട്ടേ
സാദരം; മഹാമുനേ!
ധ്യാനത്തിലുൾച്ചേരുന്നാ
സച്ചിദാനന്ദം താനോ
മാനിച്ചീയിളം പൂമെയ്–
പുല്കലിലുളവാകും
ആനന്ദം താനോ ഭവാ–
ന്നധികം സമാസ്വാദ്യം?

എന്നു് താഴേക്കു് ചുഴിഞ്ഞുനോക്കി അതേ പൊരുൾ ചൂണ്ടിക്കാട്ടുന്നു. ഭൗതികസത്യത്തിന്നെതിരെ മുഖംതിരിച്ചു് ആത്മീയ സ്വർഗ്ഗത്തിലേക്കു് കണ്ണുനട്ടിരിക്കുന്ന കപടസന്യാസം അല്ല, ഭൗതികത്തെയും ഭൗതികാതീതത്തെയും സമന്വയിപ്പിക്കുന്ന സൗവർണ്ണമായ അനുഭവമാണു് ഭാരതീയ കവിയുടെ ആധ്യാത്മികത്വം.

രണ്ടു ഘടകങ്ങൾ

ഈ വീക്ഷണത്തിന്റെ പ്രസക്തഘടകങ്ങളിൽ, ആധുനികകാലത്തു് സർവപ്രധാനമായിത്തീർന്നിരിക്കുന്ന രണ്ടെണ്ണം മാത്രം ഇവിടെ തൊട്ടുകടന്നുപോകാം; ഒന്നു് സാമുഹികമെങ്കിൽ മറ്റതു് ദാർശനികമാണു്. ഒന്നാമത്തേതു് അപരിഗ്രഹം. ഭൂമിയിൽനിന്നും അതിന്റെ സമ്പന്നമായ ആവരണത്തിൽനിന്നും എത്രയും കുറച്ചു് ഉൾക്കൊള്ളാമോ, അത്രയും കുറച്ചു് സ്വീകരിക്കുക എന്ന സംയമശീലം ആണിത്. ധാതുക്കളും ലോഹങ്ങളും ചോർത്തിക്കുറന്നു ഇനി ഒന്നും കഴിച്ചെടുക്കാനില്ലെന്ന മട്ടിൽ ഭൂമിയെ നാം ഒരു വരണ്ട തൊണ്ടു് മാത്രമാക്കിത്തീർത്തു കുഴിഞ്ഞു. കാടും കുന്നും നശിപ്പിച്ചു് പുഴയും തടാകവും ദുഷിപ്പിച്ചു ഇന്നു് ജീവിക്കാൻകൊള്ളാത്ത ഒരു ഗ്രഹമായി വസുന്ധര മാറിക്കൊണ്ടിരിക്കുന്നു. (എത്ര ഭീഷണമാണു് ഈ പരമാർത്ഥമെന്നറിയാൻ ഒ. എൻ. വി.യുടെ “ഭൂമിക്കൊരു ചരമഗീതം” വായിക്കുക) സർവസംഹാരകമായ അണബ്വായുധഭീഷണി വേറെയും നിലവിലുണ്ടു്. ഇത്രയൊക്കെ പ്രകൃതിവിഭവങ്ങളെ ദുർവ്യയം ചെയ്തു് നാം നിലനിർത്തുന്ന വ്യാവസായിക സമൃദ്ധിയാകട്ടെ ഫലത്തിൽ, ഏതാനും ഭാഗ്യജാത മാത്രമാണു് ഉപകരിക്കുന്നതു്. മുതലാളിത്തവും അതിന്നൊരു പരിഹാരമെന്ന നിലയ്ക്കു കഴിഞ്ഞ നൂറ്റാണ്ടിൽ ഉയർന്നുവന്ന കമ്മ്യൂണിസവും സാരാംശത്തിൽ പ്രാകൃതമായ ഒരേ ധൂർത്തിന്റെ രണ്ടു് പ്രകാരഭേദങ്ങൾ മാത്രം ആണെന്നു് തെളിഞ്ഞുകഴിഞ്ഞുവല്ലോ. ലോകഭൂപടത്തിലെങ്ങും പുരോഗതിയുടെയും സ്ഥിതിസ്ഥാപനത്തിന്റെയും കളങ്ങൾ കൂടിക്കലർന്നു്, നിറം മാറി, രൂപം മാറി, ഉയിരും മാറി കണ്‍കെട്ടുകളി നടത്തുകയാണെന്നു് പത്രം വായിക്കുന്ന ആർക്കാണു് ഇന്നു് അറിഞ്ഞുകൂടാത്തതു്? വർഗാധിപത്യങ്ങൾ സർവ്വധിപത്യങ്ങളാകന്നു; ഏകാധിപത്യങ്ങൾ മതാധിപത്യങ്ങളാകുന്നു; ജനാധിപത്യങ്ങൾ കക്ഷ്യാധിപത്യങ്ങളാകുന്നു. അഞ്ച് വൻകരകളിലൂടെയും സമകാലിക ചരിത്രം നിവർത്തിക്കാട്ടുന്ന ചിത്രം ഒന്നുതന്നെ. പ്രത്യയശാസ്ത്രങ്ങളടെ ഈ ചുടലക്കളത്തിൽ നില്ക്കന്ന ആധുനിക കവിയാകട്ടെ, കാലിന്നടിയിലെ മണ്ണു് ചാരമായിമാറുന്നതു് അറിയുന്നു. വാദശില്പങ്ങൾ തിന്നാൻ കൊള്ളില്ല എന്നും, ജീവിതത്തെപ്പോറ്റുന്ന മണ്ണിന്റെ വീര്യം കെടുത്താനുള്ള കള്ളക്കളിക്ക് മറമാത്രമാണു് അവയെന്നും അനുഭവം അവന്റെ കാതിൽ പറയുന്നു. എല്ലാ ഭരണകൂടങ്ങളും പ്രത്യയശാസ്ത്രങ്ങളു “സഹവർത്തിച്ചു്” കൈകോർത്ത് ചേരുന്നതു്, ഈ മണ്ണിനെയും ആകാശത്തെയും കൊന്നുചാരമാക്കാനുള്ള പ്രക്രിയയിൽ മാത്രമാണല്ലോ. രാഷ്ട്രിയപരിഹാരം ഒന്നിന്റേയും പരിഹാരമാകുന്നില്ല എന്ന വേദനാകരമായ ച്ചിന്ത സ്വാഭാവികമായും ഈ നൂറ്റാണ്ടിലെ മനുഷ്യനെ മദ്ധ്യകാലമതസ്ഥാപനങ്ങളിലേക്കു് അഭയം അന്വേഷിക്കാൻ തിരിച്ചു വിടുന്നു. ഏകശിലാനിർമിതം എന്നു കരുതപ്പെടുന്ന കമ്മ്യൂണിസ്റ്റ് സമുഹവ്യവസ്ഥയും ഇതിന്ന് അപവാദമല്ല എന്നല്ലേ പോളണ്ടു് നല്കുന്ന സൂചന? ഏഷ്യയിലാകട്ടെ, മദ്ധ്യകാലീന മതഭരണ വ്യവസ്ഥയെ ആസ്പദിച്ചുള്ള പുതിയ ഭരണകൂടങ്ങൾതന്നെ ഉയർന്നുവരുന്നു. പുതിയകക്ഷികൾ ഈ അടിത്തറയിൻമേൽ എങ്ങും സംഘടിപ്പിക്കപ്പെടന്നു. അനിവാര്യമായും അത്തരം ഭിന്നമത സംഘടനകൾ തമ്മിൽ സംഘർഷവും രക്തച്ചൊരിച്ചിലും ഉളവാകുന്നു. ഫലമോ? അറബീയും ജൂതനും കത്തോലിക്കനും ഹിന്ദുവും ഇസ്ലാമും എല്ലാം താന്താങ്ങളുടെ വിശുദ്ധപൈതൃകങ്ങളെ വിസ്മരിക്കുന്നു; സ്വയം തിന്മയ്ക്കു് ഇരയാകുന്നു; ജീവിതം ചൂഷണ ദൂഷിതമാക്കിത്തീർക്കുന്നു.

പരിഹാരം

ലോകത്തെമ്പാടുമുള്ള ഈ അശാന്തിക്കു് പരിഹാരമായി ചിലർ നിർദ്ദേശിക്കുന്നതു് പുതിയ സാമ്പത്തിക അടിസ്ഥാനത്തിലുളള വർഗങ്ങളുടെ സ്ഥാപനവും തുടർന്നുള്ള വർഗ്ഗസംഘർഷവുമാണു്. തലവേദന മാറ്റാൻ അതു് മറന്നു പോകുന്നമട്ടിൽ വയറുവേദന വർദ്ധിപ്പിക്കുക എന്ന ചികാത്സാരീതിയാണതു്; ഇനിയൊരു നിർദ്ദേശം ഉള്ളതു് മതത്തെ ഉന്മൂലനാശം ചെയ്തുകൊണ്ടുള്ള ഒരു പുതിയ യുക്ത്യധിഷ്ഠിത സമുഹത്തിന്റെ സൃഷ്ടിയാണു്. ഇതാകട്ടേ തലവേദന മാറ്റാൻ ശിരശ്ച്ഛേദം വിധിക്കുന്നതിനു് തുല്യമാണു്. മതവൈരം അകറ്റാനും യഥാർത്ഥ ജീവിതപ്രശ്നങ്ങളിലേക്ക് കണ്ണുതുറപ്പിക്കാനും ഒരൊറ്റ വഴിയെ ഉള്ളു: വൃഷ്ടിയും സമഷ്ട്രിയും യഥാർത്ഥമായ മതബോധത്തെ സാക്ഷാത്കരിക്കുക. ഗാന്ധിജിയും വിവേകാനന്ദനും തെളിച്ചു കാട്ടിയ മാർഗമാണു് അതു്. അപരിഗ്രഹത്തിൽ അധിഷ്ഠിതമായ ജനജീവിതശൈലിയുടെ വഴിയാണത്. അരനൂറ്റാണ്ടുമുമ്പു് രവീന്ദ്രനാഥടാഗോർ തന്റെ പാശ്ചാത്യപര്യടനവേളയിൽ ഇന്ത്യയുടെ സന്ദേശമായി അവതരിപ്പിച്ചതും അതുതന്നെ. പക്ഷേ, ഇന്നു നമുക്ക് അതവതരിപ്പിക്കണം എന്നുണ്ടെങ്കിൽ, നമ്മുടെ കൈവശം അതു് അല്പം ഉണ്ടായിരിക്കണമല്ലോ. രാഷ്ട്രീയ പരിഹാരത്തിന്നപ്പുറം സമഗ്രമായൊരു പരിഹാരമായി തന്റെ രചനാത്മക പരിപാടിയെ ഗാന്ധിജി അവതതരിപ്പിച്ചപ്പോൾ അദ്ദേഹവും ഊന്നി നിന്നതു് ഈ തറയിലായിരുന്നു എന്ന സത്യം ഓർക്കുക. അനുക്ഷണം നശിച്ചുവരുന്ന പ്രകൃതി വിഭവങ്ങളുടെ വിവേകപൂർവവും മിതവുമായ വിനിയോഗത്തിലൂടെ എങ്ങനെ ചുഷണവിമുക്തമായ ഒരു നവ സമുഹം കെട്ടിപ്പടക്കാം എന്നു് ചിന്തിക്കുന്നവർക്ക് ആശാവഹമായ ഒരു രജതരേഖയാണു് ഈയിടെ അന്തരിച്ച ഇ. എഫ്. ഷുമാക്കറുടെ (E.F. Schumacher) അർത്ഥശാസ്ത്രദർശനം. വർഗാതീതവും അഗാധവുമായ യഥാർതഥ സാമ്പത്തിക വസ്തുതകളുടെ മീതെ ആണു് തന്റെ നിലപാട് അദ്ദേഹം ഉറപ്പിക്കുന്നതു്. അദ്ദേഹത്തിന്റെ “മിതം തന്നെ സുന്ദരം” (Small is Beautiful), “വിഷമത്തിൽ പെട്ടവർക്കൊരു സഹായി” (A Guide for the Perplexed) എന്നീകൃതികളിലൂടെയും, ചരമാനന്തരം പ്രകാശിതമായ “മിതം സാദ്ധ്യമാകുന്നു്” (Small is possible) എന്ന സമാഹാരത്തിലൂടെയും ഇടത്തരം സാങ്കേതിക വിദ്യാവികസന സമിതി (Intermediate Technology Development Group) പോലുള്ള വ്യാപകമായ സാമൂഹ്യപ്രസ്ഥാന പരീക്ഷണങ്ങളിലൂടെയും നമുക്കു് ലഭ്യമാകുന്ന പുതിയ മൂല്യദർശനം അപരിഗ്രഹത്തിന്റെ ദർശനമാകുന്നു. ഇതു് ആശാസ്യം എന്നല്ല അനിവാര്യം എന്നാണു് ആധുനിക അർത്ഥശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നതു്. കാരണം ജനം പെരുത്തു് പൊളിയാറായ നമ്മുടെ ഭൂമിയെന്ന ഗ്രഹത്തിന്മേൽ മനുഷ്യജീവിതത്തിന്റെ നിലനില്പു തന്നെ ഇത്തരം ഒരു നവജീവിതശൈലിയോടു് വേഴ്ചപ്പെട്ടിട്ടേ ഇനിയങ്ങോട്ട് സാദ്ധ്യമാകൂ എന്നതാണു് അവസ്ഥ മെറ്റ ഇകണോമിക്സിനെ പ്പറ്റി പ്രൊഫ. പി. ഏ. വാസുദേവൻ എഴുതാറുള്ള ഉൾക്കാഴ്ച തികഞ്ഞ ലേഖനങ്ങൾ വായിച്ചിട്ടുള്ളവർക്കു ഇപ്പറഞ്ഞ സമസ്യതയുടെ ഗൗരവം ബോദ്ധ്യുമായിട്ടുണ്ടായിരിക്കും.

ഉദാരത

ഭാരതീയപരിപ്രേക്ഷ്യത്തെ പ്രസക്തമാക്കുന്ന രണ്ടാമത്തെ ഘടകമായി എനിക്ക് ചൂണ്ടിക്കാട്ടാനുള്ളതു് നമ്മുടെ വിശിഷ്ടവാങ്മയ പാരമ്പര്യത്തിലുടെ വിടർന്നുവരുന്ന ഉദാരതയാണ്. നിഗമനങ്ങളെത്തൊട്ടു് ശപഥം ചെയ്തുറപ്പിക്കാൻ നമ്മെ അനുവദിക്കാത്തവിധം സത്യാന്വേഷണത്തിൽ നാം പുലർത്തിപ്പോന്നിരുന്ന തുറന്ന മനഃസ്ഥിതിയാണ് ഇതു്. വാശിയും വീറും കക്ഷിമനഃസ്ഥിതിയും ആൾക്കൂട്ടച്ചിട്ടകളും ഈ ഗുണത്തിന്റെ എതിർ ചേരിയിൽ നില്ക്കുന്നു. ഈ ഉദാരതയെ ഉൾക്കൊള്ളുന്നതുകാരണമാണ്, ഇന്നും ശാസ്ത്രിയ ഗവേഷണ രംഗത്തു് ഏതുതരം പുതിയ സിദ്ധാന്തങ്ങൾക്കും സമസന്ധമായി ഭാരതീയ ദർശനം അവിവാദമായും അവിരുദ്ധമായും നിലനിന്നു പോരുന്നതു്. ഡോ: ജോർജ് സുദർശനന്നു് അമേരിക്കയിലെ തന്റെ പുതിയ പരീക്ഷ്ണലാബറട്ടറിയിൽ ഏതു് നവീന നിഗമനങ്ങളിലേക്കു് ചെന്നെത്തുമ്പോഴും താൻ പിറന്ന നാട്ടിൽനിന്നു് ഉൾക്കൊണ്ട ആധാരസത്യ വിശ്വാസങ്ങളെ കൈവെടിയേണ്ടിവരുന്നില്ല. പ്രപഞ്ചത്തെയും ജീവനെയും ധാർമികമൂല്യങ്ങളെയും പറ്റി ഇന്ത്യയുടെ മുഖത്തുനിന്നു് അഭ്യസിച്ച വാക്കുകളിൽ ഒന്നുപോലും ആർക്കും പൊളിച്ചെഴുതേണ്ടി വരുന്നില്ല. ഉദാഹരണമായി ഹാലോഗ്രഫി മനുഷ്യചേതനയുടെയും സൂക്ഷ്മശരീരത്തിന്റെയും പ്രഭാമണ്ഡലത്തെപ്പറ്റി പുതിയ അറിവുകൾ നിരത്തുമ്പോൾ നമ്മുടെ പഴയ സത്വരജസ്തമോഗുണങ്ങളെന്ന സങ്കല്പം വാസ്തവത്തിൽ അന്വർത്ഥമാക്കുന്നതേയുള്ളു.

വേറൊരു ദൃഷ്ടാന്തം പറയാം: നോബെൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനായ എർവിൻ ഷ്റോഡിംഗർ ഒരു സവിശേഷരീതിയിൽ ലേസർ രശ്മികളെ പ്രയോഗിച്ചു് “ഹോളോഗ്രാം” എന്നു പേരായ പ്രത്യേകതരം ത്രിമാനചിത്രം എടുക്കുന്നു. അണുവിന്നും ഉള്ളിലുള്ള അതിസൂക്ഷ്മസ്പന്ദങ്ങൾ. ചേതനാകണങ്ങൾ, അവിടെ ആരേഖണത്തിന്നു് ഉപയോഗപ്പെടുന്നു. എന്നിട്ടു് ആ ചിത്രത്തിന്റെ പക്തി മുറിച്ചെടുത്തു് സ്ക്രീനിൽ പ്രക്ഷേപിച്ചാൽ പക്തി ബിംബമല്ല, പൂർണ ചിത്രത്തിന്റെയും ബിംബം മുന്നിൽ തെളിഞ്ഞു കാണുന്നു. ചിത്രത്തിന്റെ കാൽഭാഗം മുറിച്ചെടുത്തു് വെളിച്ചത്തിൽ പിടിച്ചാലും, തിരശ്ശീലയിൽ കാണുന്നതു്. പഴയ മുഴുചിത്രത്തിന്റെ ബിംബംതന്നെ. അത്ഭുതം തീർന്നില്ല; ആ ചിത്രത്തിന്റെ എത്ര ചെറിയൊരംശം മുറിച്ചെടുത്തു് സ്ക്രീനിലേക്ക് പ്രക്ഷേപിച്ചാലും മുഴുവൻ ചിത്രത്തിന്റെ ബിംബം മുന്നിൽ തെളിയുന്നു! ചിത്രകഷണം ചെറുതാവും തോറും ബിംബത്തിന്റെ തെളിച്ചം കുറഞ്ഞു കുറഞ്ഞുവരും; എങ്കിലും മുന്നിൽ കാണുന്ന ബിംബം മുഴുചിത്രത്തിന്റേതായിരിക്കും പൂർണത്തിന്റെ ഓരോ തരിയും പൂർണ്ണത്തെ സമഗ്രമായി ഉൾക്കൊള്ളുന്നു (പൂർണ്ണസ്യപൂർണ്ണം ആദായ പൂർണമേവ അവശിഷ്യതേ) എന്ന് മന്ത്രമുഗ്ധമായ സ്വരത്തിൽ ആ ശാസ്ത്രജ്ഞൻ ഉരുവിടുന്നു (Erwin Schrödinger, My View of the World).

പക്ഷേ, അറിവ് ജീവിതത്തിൽ പ്രയോഗിക്കപ്പെടുമ്പോൾ ആണ് സത്യത്തിൽ അറിവാകുന്നതെന്നു് ഉപനിഷത്തുക്കൾ പഠിപ്പിക്കുന്നു. “ഈ പഠിച്ച അറിവിനെക്കൊണ്ടു് ഞാൻ രാപ്പകലുകളെ സന്ധിപ്പിച്ചുകൊള്ളാം.” (അനേന അധീതേന അഹോരാത്രാൻ സന്ദധാമി) എന്നാണല്ലോ ശാന്തിപാഠത്തിലെ ഒരു പ്രതിജ്ഞ. തർക്കിക്കാനും ജയിക്കാനും മാത്രമുള്ള അറിവ് വെറും വ്യർത്ഥ വിചാരം ആണെന്നു് ശ്രീ നാരായണഗുരു അടുത്തകാലത്തു് നമ്മെ അനുസമരിപ്പിച്ചു. ജ്ഞാനത്തിന്റെ ഉദാരത സാഫല്യമടയുന്നതു് ജീവിതത്തിന്റെ പ്രാണപടമായി അതു് വർത്തിക്കുമ്പോൾ ആണു്. കാരണം, അവിടെ പരമാർത്ഥങ്ങളുടെ സൂക്ഷമലോകം തൊട്ടു് പുരുഷകർമങ്ങളുടെ സ്ഥൂലലോകംവരെ സകലത്തെയും ജ്ഞാനം ആദിത്യരശ്മിയെന്നപോലെ സപർശിച്ചു് ഉണർത്തുന്നു. സർവസമാശ്ളേഷകമായ ഈ ഉദാരതയാണ് അറിവിന്റെ വിശ്വരൂപം. ഭാരതീയസാഹിത്യം തലമുറകളായി പ്രക്ഷേപിച്ചുപോരുന്ന ജീവിതാദർശം ഈ പൊരുളിനെ ശരിവെയ്ക്കുന്നു. നാട്ടിലെ ഭരണമണ്ഡലത്തിൽ നീതിപിഴച്ചാൽ കാട്ടിലെ ചെടികൾക്ക് നാമ്പു് മുളക്കില്ലെന്നു വിശ്വസിച്ച കാളിദാസന്റെ ദുഃഷന്തൻ, വൈശാഖമാസത്തിൽ അത്തിമരം മുറിച്ചാൽ കുലക്ഷായം സംഭവിക്കുമെന്നു ഭയപ്പെടുന്ന വാല്മീകിയുടെ രാവണൻ, ബ്രഹ്മസൃഷ്ടിയായ വാക്കിന്റെ ലക്ഷ്യം പൂർത്തിയാക്കാൻവേണ്ടി താൻ മനുഷ്യനെപ്പറ്റി പാടാൻ പോകുന്നു എന്നു് ദേവകളോടറിയിക്കുന്ന ടാഗോറിന്റെ ആദികവി, കാലവ്യാഘ്രത്തെ ഇണക്കിക്കഴിഞ്ഞിട്ടും പരമപദപ്രാപ്തിയിൽ ഭൂമിക്കാതെ മഹാപ്രസ്ഥാനം തുടരുന്ന വൈലോപ്പിള്ളിയുടെ ഋഷിസംഘപരമ്പര… ഇവരെല്ലാം കൊന്നും തിന്നും വെന്നും ഇണചേർന്നും നശിക്കുന്ന ജീവപ്രപഞ്ചത്തിലേക്കു് ആ ഉദാരതയുടെ അമൃതബിന്ദുക്കളെ വർഷിച്ചവരത്രേ. ഇവർ മധുരത്തിലൂടെ മഹിതത്തിലേക്കു് മനസ്സിനെ ഉപനയിച്ചവരാണ്; നിത്യനൈമിത്തികങ്ങളുടെ പരിഹാരം സത്യസനാതനങ്ങളിലാണെന്നു് ഇരുകൈയും ഉയർത്തി വിളിച്ചു പറഞ്ഞവരാണു്. ദയാവിമുക്തമായ നീതിയും കർമവിമുഖമായ ദർശനവും ഒരേപോലെ അനർത്ഥകാരികൾ ആണെന്നു് ഇവർ കാട്ടിത്തരുന്നു.

ഭാരതീയ സാഹിത്യപരിപ്രേക്ഷ്യത്തിലെ തേജോമയമായ രണ്ടംശങ്ങളെ മാത്രമാണ് ഇവിടെ സ്പർശിക്കാൻ ശ്രമിച്ചിട്ടുള്ളതു്. കലഹാകലവും ചേതനാദരിദ്രവും ആയ ഇരുപതാംനൂറ്റാണ്ടിന്റെ ചരമശയ്യയ്ക്കരികിൽ നിന്നുകൊണ്ടു് കല്പാന്ത ദർശികളായ ആ ഋഷിവര്യൻമാരുടെ അർത്ഥഗർഭമായ വാക്കുകളെ ഉരുവിട്ടു് പ്രക്ഷേപിക്കുന്നതിൽ അനല്പമായ സുഖം തോന്നുന്നു; ശാന്തിതോന്നുന്നു. അകത്തുനിന്നും പുറത്തുനിന്നും ഇന്നുള്ള ഭീഷണങ്ങളായ വെല്ലുവിളികളെ അതിജീവിച്ചു് മനുഷ്യവർഗം വിണ്ടും സംസ്കാരത്തിന്റെ അധിക്യതയിലേക്കു് കുതിക്കുന്നപക്ഷം അവന്റെ ചുണ്ടിൽനിന്നു് ഉതിരുന്നതു് ശാന്തിമന്ത്രം ആയിരിക്കും. റസ്സലും ടോയ്ൻബിയും ഡ്യറെൻറും ഇപ്പറഞ്ഞതിന്റെ സാരാംശത്തെ അനുവദിക്കുന്നു.

—1983

Colophon

Title: Kavithayude DNA (ml: കവിതയുടെ ഡിഎൻഎ).

Author(s): Vishunarayanan Namboothiri.

First publication details: Sayahna Foudation; Trivandrum, Kerala;; 2021.

Deafult language: ml, Malayalam.

Keywords: Poetics, Kavithayude DNA, Vishnunarayanan Namboodiri, കവിതയുടെ ഡിഎൻഎ, വിഷ്ണുനാരായണൻ നമ്പൂതിരി, ലേഖനങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 14, 2021.

Credits: The text of the original item is copyrighted to N. Adithi, Trivandrum and N. Aparna, Trivandrum. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holders and Sayahna Foundation and must be shared under the same terms.

Cover: Two nudes, two women, an oil on canvas painting by Jean Metzinger (1883–1956). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: Abdul Gafoor; Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.