“ഓ, ഹോയു്.”
അയാൾ നീട്ടി ഒച്ചയെടുത്തു.
മൂരികളുടെ പുറത്തു് മുടിങ്കോൽകൊണ്ടു് മാറിമാറി ആഞ്ഞടിച്ചു.
മൂരികൾ പിടഞ്ഞു് നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ടു് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയർന്നുകൊണ്ടിരിക്കുന്ന വയലുകൾക്കുമുകളിൽ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തിൽനിന്നു് വയലുകളിലേയ്ക്കു് വെയിൽ ചുരന്നൊഴുകി. തോട്ടിറമ്പിൽ പരൽമീനുകളെക്കാത്തു് വെള്ളക്കൊക്കുകൾ തപസ്സിരുന്നു.
“പോ കാക്കേ”,
ചീല കാക്കകളുടെ നേർക്കു് കൈവീശി. ഒരുകൈ തലയിലുള്ള മണിക്കുടുക്കയിലിരുന്നു.
അവളെക്കണ്ടു് തോട്ടിറമ്പിലെ കൊക്കുകൾ തപസ്സിൽനിന്നിളകി. അവളുടെ കാലൊച്ചകേട്ടു് കുഞ്ഞുതവളകൾ വരമ്പിൽ നിന്നെടുത്തുചാടി.
“എട്ടാ”, അവൾ വിളിച്ചു.
അയാൾ തിരിഞ്ഞുനോക്കി.
“നീയിന്നു നേരത്തെയാണല്ലോ.”
ചീല ചിരിച്ചു.
അവൾ കുടുക്ക വരമ്പത്തിറക്കിവെച്ചു.
അയാൾ ഞേങ്ങോലുവിട്ടു്, എരുതുകളോടു് അനങ്ങാതെ നിൽക്കാൻ പറഞ്ഞു് വരമ്പത്തേയ്ക്കു നടന്നു. പൂട്ടാതെ കിടക്കുന്ന അടുത്ത കണ്ടത്തിലെ തെളിഞ്ഞ വെള്ളത്തിൽ കൈ കഴുകി. മുഖത്തെ വിയർപ്പു തുടച്ചു.
അയാൾ വരമ്പിലിരുന്നു.
‘നീ കുടിച്ചോ?’ ‘ങ്ങ്ഹാ.’
‘വേണോ?’
‘ങ്ങുഹും.’
ഏട്ടൻ കഞ്ഞിവെള്ളം കുടിക്കുന്നതും നോക്കി ചീല നിന്നു.
ഏട്ടനോടുള്ള സ്നേഹവും പ്രതിപത്തിയും കണ്ണുകളിൽ തിളങ്ങി. ചെറിയ കുഞ്ഞായിരുന്നപ്പോൾ ഏട്ടന്റെ ചുമലിലിരുന്നു് നക്ഷത്രങ്ങളെ നോക്കാറുണ്ടായിരുന്നതു് ഓർമ്മയിലെത്തി.
വരമ്പിലൂടെ, മഠത്തിലെ കാര്യസ്ഥനായ അവറോന്നൻ ചന്തുനമ്പ്യാർ കൊട്ടമ്പാളയിട്ട രണ്ടു പുലയരുടെ അകമ്പടിയോടെ നടന്നടുത്തു
‘വരമ്പ്ന്നു് എണീക്ക്ടാ.’
അവറോന്നൻ ഗാംഭീര്യത്തോടെ പറഞ്ഞു.
കോടിലോൻ രാമൻ നോവിക്കപ്പെട്ട പൊലെ അയാളെയൊന്നു് നോക്കി.
എന്നിട്ടു് പറഞ്ഞു:
‘വേറെ വഴിയില്ലേ?’
അവറോന്നൻ മുന്നോട്ടാഞ്ഞുനിന്നു.
‘എന്താ നീ പറഞ്ഞതു്.’
കോടിലോൻ അതു കേട്ടതായി ഭാവിച്ചില്ല.
‘നിന്റെ കുറുമ്പു് കുറേനാളായി ഞാൻ ശ്രദ്ധിക്കുന്നുണ്ടു്.’
അവറോന്നൻ തിരിഞ്ഞു് പുലയരോടു് കല്പിച്ചു:
‘പിടിച്ചു് മാറ്റ്ടാ ഇവനെ.’
അവൻ ചെളിയിലിറങ്ങി നടന്നു് കോടിലോന്റെ മുന്നിലെത്തി. തമ്പുരാന്റെ കാര്യസ്ഥൻ കല്പിച്ചിരിക്കയല്ലേ. അനുസരിക്കാതെ പറ്റില്ലല്ലോ. അവൻ കോടിലൊന്റെ കൈക്കരുത്തു് മനസ്സിൽ ആലോചിച്ചു്, തെല്ലുനേരം സംശയിച്ചു നിന്നു.
കാര്യസ്ഥൻ കയർത്തു.
‘എന്ത്ന്നിന്ടാ നോക്കി നില്ക്കുന്നതു്.’
അതുകേട്ടു് ചീലിയ്ക്കു പേടിയായി. അവൾ ഏട്ടന്റെ ചുമലിൽ പിടിച്ചു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അയാൾക്കാകട്ടെ ഒരു കുലുക്കവുമില്ല. കുടുക്കയിൽ ബാക്കിയൂണ്ടായിരുന്ന വെള്ളം ഒരു വലിക്കു് കുടിച്ചു് ചിറി തുടച്ചുകൊണ്ടു് പതുക്കെ എണീറ്റു. പുലയരുടെ മുഖങ്ങളിലേയ്ക്കു് തുറിച്ചുനോക്കി. അവരൊന്നു് പതറി. തീ പാറുന്ന നോട്ടമാണു്. നേരിടാൻ ബുദ്ധിമുട്ടുണ്ടു്. അവർ അന്തം വിട്ടു് നിൽക്കുമ്പോൾ അയാളുടെ കൈകൾ മിന്നൽ വേഗത്തിൽ ചലിച്ചു. രണ്ടു പുലയരും ചെളിയിൽ വീണുകിടക്കുന്നതാണു് പിന്നെ കണ്ടതു്. അയാൾ രണ്ടുപേരെയും പിടിച്ചെഴുന്നേല്പിച്ചു് ഓരോന്നുകൂടി കൊടുത്തു. ചെളിയിൽ നിന്നു് ഉരുണ്ടുപിരണ്ടെണീറ്റു് അവർ ഓടി. അവരുടെ പിന്നാലെ കാര്യസ്ഥൻ നീട്ടി വലിച്ചു് നടന്നു.
ചീല പറഞ്ഞു് വിവരമറിഞ്ഞപ്പോൾ പാട്ടിയും കുഞ്ഞങ്ങയും നടുക്കം കൊണ്ടു് ഭഗവതിയെ വിളിച്ചു. അവറോന്നൻ മഠത്തിൽ ചെന്നു് നായനാരോടു് ഒന്നിനു് പത്തുകൂട്ടി പറഞ്ഞുകേൾപ്പിക്കും. നായനാരെന്താണു ചെയ്യുകയെന്നു് ആർക്കാണു് പറയാൻ പറ്റുക. വിഷപ്പാമ്പിനെയാണു് നോവിച്ചു വിട്ടിരിക്കുന്നതു്. ന്റെ കണ്ണങ്കട്ടു് ഭഗവതീ, ന്റെ കുളന്താട്ടിൽ ഭഗവതീ കാക്കണേ, പാട്ടി തലയ്ക്കു കൈവച്ചു് പ്രാർത്ഥിച്ചു.
വെള്ളാറയിലെ ഭാര്യവീട്ടിൽനിന്നും വരികയായിരുന്ന കേളുവും വിവരമറിഞ്ഞു് വേവലാതിപ്പെട്ടു. ആലിമമ്മതിന്റെ പീടികയിൽ അതാണു് ചർച്ചാവിഷയം. അവിടെ നിന്നാണു് കേളു അറിഞ്ഞതു്.
വീട്ടിൽ വന്നു കയറിയപാടേ ചോദിച്ചു:
‘രാമൻ വന്ന്വോ, എട്ടീ.’
‘ഇല്ല. നീ അറിഞ്ഞ്വോ?’ കുഞ്ഞങ്ങ ചോദിച്ചു.
‘അറിഞ്ഞു.’
കേളു ഇറയത്തു് കുന്തിച്ചിരുന്നു.
‘ഇങ്ങന്യെര് അവിവേകം ഇവൻ കാട്ടാമ്പാട്ണ്ടാ?’
‘ഞാനെന്ത്ന്നാ പറയേണ്ടതു്.’ പാട്ടി പറഞ്ഞു: ‘ആപത്തു് വലിച്ചു് വെക്ക്വല്ലേ ഓൻ ചെയ്യ്ന്നു്. വേണോ ഇത്?’
‘തടീം തെറും’ണ്ടു്. നേരെന്നെ. എന്നു് വെച്ചിറ്റു് ഒരം [1] കളിക്കല്ണ്ടാ?’
കേളുവിനു് അനിയനോടു് അടക്കാനാവാത്ത ദേഷ്യം തോന്നി. ചെറുപ്പം തൊട്ടേ അവനൊരു എടുത്തുചാട്ടക്കാരനും മുൻകോപിയുമാണു്. ആലോചന തീരെയില്ല. ബുദ്ധി രണ്ടാമതു് മാത്രമേ പ്രവർത്തിക്കൂ. പറഞ്ഞാലൊട്ടു് അനുസരിക്കുകയുമില്ല. ഇന്നു് ചെയ്തിരിക്കുന്നതു് തമാശയും കുട്ടിക്കളിയുമല്ല. കേളുവിനു് പേടി തോന്നി. നായനാരിതറിഞ്ഞാൽ-ഈശ്വരാ, ആലോചിക്കാൻ തന്നെ കഴിയുന്നില്ല.
‘എട്ടനതാ വെര്ന്ന്ണ്ടു്.’ ചീല അകലേക്കു് നോക്കി അറിയിച്ചു. അവളുടെ ചങ്കിടിപ്പു് ഇനിയുമടങ്ങിയില്ല.
കാലിപൂട്ടിക്കഴിഞ്ഞു് പുഴയിൽ നിന്നു് കുളിയും കഴിച്ചു്, ചങ്ങാതിയായ മാളത്തിൽ കണ്ണന്റെയൊപ്പം കോടിലോൻ നടന്നു. മഠത്തിന്റെ മുന്നിലുള്ള പടിപ്പുര അവർക്കു കാണാം. വയൽക്കരയിലാണു് പടിപ്പുര. വയലുകളിൽ പണി നടക്കുന്നതുകാണാൻ നായനാരും കൊട്ടിലമ്മയും അതിനുള്ളിലാണു് ഇരിക്കാറു്. ഇപ്പോഴതിനുള്ളിൽ ആരുമില്ലെന്നു് തോന്നുന്നു. വയലുകളിൽ പുലയരുണ്ടു്. അവർ വയലുകളിൽ ചേറിൽ വിത്തുകൾ പൊട്ടിപ്പിളർന്നു് തുളച്ചുപൊന്തിയതാനെന്നു് തോന്നും. വരമ്പത്തു് ഉറപ്പിച്ചുവെച്ച ഒരു പ്രതിമപോലെ കാര്യസ്ഥനുണ്ടു്. രണ്ടാം കാര്യസ്ഥനായിരിക്കാം. മാറുമറയ്ക്കാത്ത ചെറുമികളെ നോക്കിക്കൊണ്ടുള്ള നില്പാണു്. കോടിലോൻ പല്ലിറുമ്മി. ഇവനെയൊക്കെ-
‘നായനാർ എടത്തേക്കോ പോയിറ്റാള്ളതു് വന്നാലു്-കണ്ണൻ പറഞ്ഞുനിർത്തി.
‘വരട്ടെ.’
‘കരുതി നടക്കണം.’
‘ഉം.’
എന്തും ചെയ്യാൻ മടിക്കാത്ത കൂട്ടരാ.’
‘നമ്മളും മന്ഷ്യരന്നെല്ലേ.’
കോടിലോന്റെ ആ പറച്ചിൽ അന്തരീക്ഷത്തിനു് കനംകൂട്ടി. അവർ പിന്നീടൊന്നും പറഞ്ഞില്ല. കോടിലോൻ എരുതുകളോടു് നേരെ നടക്കാൻ ഒച്ചയിട്ടു. കൂവപ്പക്കുന്നിൽ നിന്നു് കാറ്റു് കിഴക്കോട്ടു് വീശി. കോടിലോൻ മൂരികളെയും തെളിച്ചു് അവയ്ക്കു് വെള്ളം കൊടുക്കാൻ പറഞ്ഞൂ. വല്ലത്തിലേയ്ക്കു് വൈക്കോൽ വാരിയിട്ടു. പിന്നെ ഇറയത്തുകയറി നനഞ്ഞ തോർത്തുമുണ്ടു മാറ്റി വേറൊന്നുടുത്തു.
കണ്ണനെ കഞ്ഞിക്കു് ക്ഷണിച്ചു.
‘വേണ്ട, ഞാൻ വീട്ടിലേക്കു് പോവ്വാ.’
‘അതെന്ത്ന്നാ, നിനക്കു് ഈട്ന്നു് കുടിച്ചൂടാ?’ പാട്ടി ചോദിച്ചു.
‘കുടിച്ചൂടാന്നൊന്നും ഇല്ല.’
‘ന്നാലു് വന്നിരിക്കു്.’
ഓരോ തെരിയയെടുത്തുവെച്ചു് രണ്ടുപേരും ഇരുന്നു. പാട്ടി കിണ്ണങ്ങളിൽ കഞ്ഞി വിളമ്പിക്കൊണ്ടുവന്നു. കുഞ്ഞങ്ങ മന്താലങ്ങളിൽ മൊളകൂഷ്യം വിളമ്പി. ഇലക്കീറ്റുകളിൽ ചെമ്മീനിട്ടുവെച്ച വാഴക്കായയും.
‘മൊളീശ്യം നന്നായിട്ട്ണ്ടു്.’ കണ്ണൻ പറഞ്ഞു. ‘ഇല്ലേ’. രാമന്റെ മുഖത്തേക്കു നോക്കി. അയാളെന്തോ ആലോചിക്കുകയായിരുന്നു. കണ്ണൻ ചോദിച്ചതു കേട്ടില്ല.
‘എന്ത്ന്നാ ആലോയിക്ക്ന്ന്?’ കണ്ണൻ തിരക്കി.
‘ഒന്നൂല്ല’. അയാൾ പറഞ്ഞു.
കേളു എന്തെങ്കിലും ചോദിക്കുമെന്നും വിചാരിച്ചു് പാട്ടിയും കുഞ്ഞേങ്ങയും കാത്തുനിന്നു. ഒന്നുമുണ്ടായില്ല. കേളു ബീഡി വലിച്ചുകൊണ്ടു് ചുവരുചാരിയിരുന്നു.
സന്ധ്യ. കാനായിയിൽ നിന്നു് കുറ്റൂരിലേക്കുള്ള നാട്ടുവഴിയിലൂടെ ഒരു മഞ്ചൽ നീങ്ങുകയാണു്. മഞ്ചൽക്കാർ കിതപ്പിന്റെ ഉയർച്ച താഴ്ചകൾക്കൊത്തു് താളത്തിൽ മൂളിക്കൊണ്ടിരുന്നു. അവരുടെ ദേഹങ്ങൾ വിയർത്തിട്ടുണ്ടു്. മുഖങ്ങളിൽ ക്ഷീണത്തിന്റെ നിഴൽപ്പാടുകൾ വ്യക്തമായി കാണാം. കൂറ്റിക്കാടുകളും മേടുകളും കടന്നു് നീളുന്ന ചെമ്മണ്‍ പാതയിൽ ഇലകൾ വാടിക്കിടക്കുന്നു. പാതയിലേയ്ക്കു് അതിക്രമിച്ചു വളർന്ന പൊന്തകൾ തലേന്നു് വെട്ടിനീക്കിയതാണു്. മഞ്ചലിനു് കടന്നുപോകാൻവേണ്ടി വഴികൾ വെടിപ്പാക്കേണ്ടതു് നാട്ടുകാരുടെ ചുമതലയാണു്. ആ ചുമതല ഭംഗിയായി നിറവേറ്റപ്പെട്ടിരിക്കുന്നു.
മഞ്ചലിനകത്തിരിക്കുന്നതു് കുറ്റൂർ മഠത്തിലെ കൃഷ്ണൻ നായനാരാണു്. നീളം കുറഞ്ഞു് തടിച്ച ശരീരപ്രകൃതി. കയ്യിൽ പൊൻവളയും നെറ്റിയിൽ ചന്ദനക്കുറിയുമുണ്ടു്. കസവുവേഷ്ടി പുതച്ചു് പാതിമയക്കത്തിൽ ചാരിയിരിക്കുകയാണു്.
കാര്യസ്ഥന്മാരിൽ ഒരാളായ പുല്ലായിക്കൊടി കോരൻ നമ്പ്യാർ മഞ്ചലിന്റെ പിന്നാലെ ഭവ്യത പ്രകടിപ്പിച്ചുകൊണ്ടു് നടക്കുന്നു. ഇടയ്ക്കു് മഞ്ചൽക്കാരെ ശകാരിക്കുന്നുണ്ടു്. അതു കേൾക്കെ കുത്തേറ്റപൊലെ പുളഞ്ഞു് മഞ്ചൽക്കാർ കാൽവെപ്പുകൾക്കു് വേഗം വർദ്ധിപ്പിക്കുന്നു.
പൊടുന്നനെ മഞ്ചൽ നിർത്താനുള്ള ആജ്ഞയുണ്ടായി.
‘എന്താ എന്താ’ എന്നു ചോദിച്ചുകൊണ്ടു് കോരൻ നമ്പ്യാർ നായനാരെ സമീപിച്ചു.
നായനാർ നേരെയിരുന്നു്, പ്രസന്നത കളിയാടുന്ന മുഖഭാവത്തോടെ പുറത്തേയ്ക്ക്, ഒരു പുൽപ്പുരയുടെ നേർക്കു് വിരൽ ചൂണ്ടി.
കാര്യസ്ഥന്റെ കണ്ണുകൾ ഉദ്വേഗത്തോടെ അങ്ങോട്ടു തിരിഞ്ഞു. അവിടെ പുടവയുടുത്ത ഒരു പെണ്‍കുട്ടി മുറ്റമടിക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖത്തു് ശൃംഗാരരസം തുടിച്ചു. ഒരിളം ചിരിയോടെ പറഞ്ഞു:
‘അതുണ്ടല്ലോ, കാരോന്തൻ കഴിഞ്ഞാഴ്ച മാതമംഗലത്ത്ന്നു് കല്യാണം കയിച്ചു് കൊണ്ടന്ന പെണ്ണാ. മീനാക്ഷിന്നോ മറ്റോ ആണു് പേരു്.
അവൾ മഞ്ചൽ നിൽക്കുന്നതുകണ്ടു് ഭയന്നു്, ചൂലു് മുറ്റത്തിട്ടു് ഓടിപ്പോയിക്കഴിഞ്ഞിരുന്നു.
‘ആങ്ങ്ഹാ, എന്നിട്ടു് ഞാനറിഞ്ഞില്ലല്ലോ.’ നായനാർ പറഞ്ഞു.
‘മഞ്ചൽ അങ്ങോട്ടെടുക്കു്.’ കാര്യസ്ഥൻ മഞ്ചൽക്കാരോടു് കല്പിച്ചു.
മുറ്റത്തു് മഞ്ചൽ വന്നുനിന്നപ്പോൾ കുടിയിലുള്ളവർ ഭയചകിതയായി. കണ്ണുകൾ ഇരുണ്ടു. കാരോന്തന്റെ അച്ഛനും അമ്മയും തൊഴുകയ്യോടെ ഓടിമുറ്റത്തിറങ്ങി. നായനാർ അവരെ ശ്രദ്ധിക്കാതെ ഇറയത്തേക്കു കയറി. ചെറിയ കുട്ടികൾ പകച്ചു് കണ്ടുനിന്നു.
‘എവിടെ ആ പെണ്ണു്?’ നായനാർ ശബ്ദമുയർത്തി ചോദിച്ചു.
മറൂപടിയില്ല. ഒരു തേങ്ങലുയർന്നു കേട്ടു.
മഞ്ചൽ പൊയ്ക്കഴിഞ്ഞിട്ടും മീനാക്ഷി പായയിൽനിന്നെണീറ്റില്ല. പുടവ നേരാംവണ്ണം ഉടുക്കുകപോലും ചെയ്യാതെ തലയണയിൽ മുഖമമർത്തിക്കരഞ്ഞുകൊണ്ടു് അവൾ കിടന്നു. കണ്‍പോളകളിലെ കരിമഷി കണ്ണുനീരിൽ കലർന്നു് കവിളിലങ്ങിങ്ങു് പരന്നിരുന്നു. നീണ്ടുചുരുണ്ടുമുടിക്കെട്ടഴിഞ്ഞു് ചിതറിയിരുന്നു. മെയ്യിലെ മുറിവുകൾ നീറി, അവളുടെ എങ്ങലടികൾ കേട്ടു് സമാധാനിപ്പിക്കാൻ പോലുമാവാതെ, കാരോന്തന്റെ അച്ഛനുമമ്മയും മരവിച്ചതുപോലെ ഇരുന്നു. പകുതി തുറന്നുകിടക്കുന്ന വാതിൽപ്പാളികൾക്കിടയിലൂടെ അവർക്കു് മകന്റെ ഭാര്യയെ കാണാം. നായനാർ കടന്നുപിടിച്ചപ്പോൾ അവൾ മുളചീന്തുംമട്ടിൽ നിലവിളിച്ചു. മൽപ്പിടുത്തത്തിന്റെ ശബ്ദങ്ങൾ പുറത്തുള്ളവർക്കു് കേൾക്കാൻ കഴിഞ്ഞു. മഞ്ചൽക്കാർ തങ്ങളൊന്നും കേൾക്കുന്നില്ലെന്ന ഭാവത്തിൽ നിസ്സംഗരായി നിന്നു. കുട്ടികൾ വിമ്മിക്കരഞ്ഞു. കാരോന്തൻ എവിടെ നിന്നോ വന്നെത്തിയപ്പോൾ അവർ പറഞ്ഞു:
‘മഞ്ചലു് വന്നിനു്.’
കാരോന്തനൊന്നു് നടുങ്ങി.
താടിക്കു കൈകൊടുത്തു്, പരസ്പരം നോക്കാതെ, ഒരക്ഷരം ഉരിയാടാതെ, ഒരു മരണത്തെ തുടർന്നെന്നപോലെ, ഒരു ചിത്രത്തിൽ എഴുതപ്പെട്ടപോലെ തന്റെ അച്ഛനുമ്മയും ഇരിക്കുന്നതു് കാരോന്തൻ കണ്ടു.
ഓടി അകത്തേക്കു് ചെന്നു. അരണ്ട വെളിച്ചത്തിൽ മീനാക്ഷി കിടക്കുന്നതുകണ്ടു. അവൾ അവന്റെ കാലുകൾ കെട്ടിപിടിച്ചു് കരഞ്ഞു.
‘എനിക്കു മനസ്സിലായി.’ കാരോന്തൻ പറഞ്ഞു: ‘കരയേണ്ട’ അവന്റെ തൊണ്ടയിടറി.
തെറം-ബലം, ഒറം-ധിക്കാരം