SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/devika-kcu-cover.jpg
The Girl in a Picture Frame, an oil on canvas by Rembrandt (1606–1669).
മാ​റു​ന്ന മാ​തൃ​ത്വം
kimages/Kulasthree_Chapter_six_pic01.png

കു​ടും​ബ​ത്തി​ന്റെ നെ​ടും​തൂ​ണെ​ന്നു് എല്ലാ​വ​രും സമ്മ​തി​ക്കു​ന്ന മാ​തൃ​ത്വം, പക്ഷേ, യഥാർ​ത്ഥ​ജീ​വി​ത​ത്തിൽ വേ​ണ്ട​ത്ര മാ​നി​ക്ക​പ്പെ​ടു​ന്നു​ണ്ടോ? അമ്മ​യാ​വു​ക​യെ​ന്ന അനു​ഭ​വം വളരെ ആന​ന്ദ​ക​ര​മാ​ണെ​ന്നു നാം പറ​യു​മ്പോ​ഴും അതു പല​പ്പോ​ഴും ആശ​ങ്ക​നി​റ​ഞ്ഞ, യാ​ത​നാ​പൂർ​ണ്ണ​മായ അനു​ഭ​വ​മാ​യി​ത്തീ​രു​ന്ന​തെ​ന്തു​കൊ​ണ്ടു്? കു​ട്ടി​ക​ളെ വളർ​ത്താ​നു​ള്ള പര​മ്പ​രാ​ഗ​ത​രീ​തി​ക​ളെ തള്ളി​ക്ക​ള​ഞ്ഞു​കൊ​ണ്ടാ​ണു് നവീ​ന​മാ​തൃ​ത്വാ​ദർ​ശം ഇവിടെ രം​ഗ​പ്ര​വേ​ശം​ചെ​യ്ത​തു്. ആധു​നി​ക​വി​ദ്യാ​ഭ്യാ​സം നേടിയ സ്ത്രീ​ക​ളു​ടെ ആദ്യ​ത​ല​മുറ പുതിയ മാ​തൃ​ത്വാ​ദർ​ശ​ത്തി​ന്റെ സാ​ദ്ധ്യ​ത​ക​ളെ​ക്കു​റി​ച്ചു് സൂ​ക്ഷ്മ​മാ​യി ആലോ​ചി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പക്ഷേ, സ്ത്രീ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നു് കൃ​ത്യ​മായ ഉറ​പ്പൊ​ന്നും നൽ​കാ​ത്ത, ആധു​നിക കു​ടും​ബ​ത്തി​ന്റെ ഇടു​ങ്ങിയ താൽ​പ​ര്യ​ങ്ങൾ​ക്കു​ള്ളിൽ തള​യ്ക്ക​പ്പെ​ട്ട ഒരു മാ​തൃ​ത്വ​ദർ​ശ​മാ​ണു് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്ക​പ്പെ​ട്ട​തും പ്ര​യോ​ഗ​ത്തിൽ​വ​ന്ന​തും.

‘അമ്മ’യ്ക്കും മാ​റ്റ​മോ?

“പോ​റ്റ​മ്മ എത്ര ചമ​ഞ്ഞു​വ​ന്നാ​ലും പെ​റ്റ​മ്മ​യാ​വി​ല്ല’ എന്ന പഴ​ഞ്ചൊ​ല്ലു് കേൾ​ക്കാ​ത്ത മല​യാ​ളി​കൾ കു​റ​യും. പ്ര​സ​വി​ച്ച അമ്മ​യു​ടെ സ്നേ​ഹ​ത്തി​നൊ​പ്പ​മെ​ത്തു​ന്ന ഒന്നും​ത​ന്നെ​യി​ല്ലെ​ന്ന അർ​ത്ഥ​മാ​ണു് നാം ഇതി​നു് സാ​ധാ​രണ കൽ​പ്പി​ക്കാ​റു്. ‘അമ്മ’ എന്ന ആദർ​ശ​രൂ​പ​ത്തി​നു് കാ​ല​ത്തി​നു് അതീ​ത​മായ പ്ര​സ​ക്തി​യാ​ണു് നാം കൽ​പ്പി​ക്കാ​റു്. എന്തെ​ല്ലാം മാ​റി​യാ​ലും മാ​റാ​ത്ത ഒന്നാ​ണു് ‘മാ​താ​വു്’ എന്ന സങ്കൽ​പ്പം എന്നു നമ്മൾ കരു​തു​ന്നു.

പക്ഷേ, മാ​റി​വ​രു​ന്ന കു​ടും​ബ​വ്യ​വ​സ്ഥ​യ്ക്കു​ള്ളിൽ മാ​തൃ​ത്വ​വും മാ​റു​ന്നു​ണ്ടെ​ന്നാ​ണു് ചരി​ത്ര​ഗ​വേ​ഷ​ണം നമു​ക്കു​ത​രു​ന്ന അറി​വു്. കൂ​ട്ടു​കു​ടും​ബ​വ്യ​വ​സ്ഥ നി​ല​നി​ന്ന​പ്പോ​ഴു​ണ്ടാ​യി​രു​ന്ന മാ​തൃ​സ​ങ്കൽ​പ്പം, ലേ​ശ​വും മാ​റാ​തെ, അണു​കു​ടും​ബ​ങ്ങൾ സാർ​വ്വ​ത്രി​ക​മാ​യി​ത്തീർ​ന്നി​രി​ക്കു​ന്ന ഇന്നും നി​ല​വി​ലു​ണ്ടെ​ന്നു് വി​ചാ​രി​ക്കു​ന്ന​തിൽ​ത്ത​ന്നെ അൽ​പ്പം പന്തി​കേ​ടി​ല്ലേ? അതു​പോ​ലെ മരു​മ​ക്ക​ത്താ​യ​കു​ടും​ബ​ങ്ങ​ളും മക്ക​ത്താ​യ​കു​ടും​ബ​ങ്ങ​ളും ഇവ​ര​ണ്ടും ചേർ​ന്നു​ണ്ടായ “മി​ശ്ര​ദായ’കു​ടും​ബ​ങ്ങ​ളും നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കേ​ര​ള​ത്തിൽ എല്ലാ​വ​രു​ടെ​യും മാ​തൃ​സ​ങ്കൽ​പ്പം ഒന്നു​ത​ന്നെ​യാ​യി​രു​ന്നി​രി​ക്കാൻ ഇട​യി​ല്ല​ല്ലോ?

എന്താ​യാ​ലും മരു​മ​ക്ക​ത്തായ കു​ടും​ബ​ങ്ങ​ളിൽ ‘അമ്മ’ എന്ന സ്ഥാ​ന​ത്തി​നു് പ്ര​ത്യേ​കം വി​ല​യും മാ​ന്യ​ത​യു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു് കേ​ര​ള​ത്തി​ലെ മരു​മ​ക്ക​ത്താ​യ​ത്തെ​പ്പ​റ്റി പഠനം നട​ത്തിയ നര​വം​ശ​ശാ​സ്ത്ര​ജ്ഞ​രു​ടെ രച​ന​ക​ളും മരു​മ​ക്ക​ത്തായ കൂ​ട്ടു​കു​ടും​ബ​ങ്ങ​ളിൽ ജനി​ച്ചു​വ​ളർ​ന്ന പല​രു​ടെ​യും ആത്മ​ക​ഥ​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. കാ​ര​ണ​വർ​ക്കു് ഒപ്പം​ത​ന്നെ തറ​വാ​ട്ടി​ലെ മൂ​ത്ത​സ്ത്രീ​ക്കു പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു് ഈ ലേഖകർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. തറ​വാ​ടു​മാ​യി ഓരോ വ്യ​ക്തി​യും ബന്ധ​പ്പെ​ട്ടി​രു​ന്ന​തു് അമ്മ​വ​ഴി​യാ​യി​രു​ന്ന​തി​നാൽ മാ​താ​വും സന്താ​ന​ങ്ങ​ളും തമ്മി​ലു​ള്ള ബന്ധം വളരെ ശക്ത​മായ ഒന്നാ​യി​രു​ന്നു. ഇന്ന​ത്തെ അണു​കു​ടും​ബ​ത്തിൽ ഭർ​ത്താ​വു് വീ​ട്ടി​നു​പു​റ​ത്ത​ദ്ധ്വാ​നി​ച്ചു് ഭാ​ര്യ​യേ​യും മക്ക​ളേ​യും പോ​റ്റു​ന്ന രീ​തി​യാ​ണ​ല്ലോ നട​പ്പി​ലു​ള്ള​തു്. എന്നാൽ പഴയ കൂ​ട്ടു​കു​ടും​ബ​ങ്ങ​ളിൽ ഇതാ​യി​രു​ന്നി​ല്ല പതി​വു്. കു​ടും​ബ​ത്തി​നാ​വ​ശ്യ​മായ ഭൗ​തി​ക​വി​ഭ​വ​ങ്ങൾ സമ്പാ​ദി​ക്കു​ന്ന​തി​നു് കു​ടും​ബം നേ​രി​ട്ടു നട​ത്തു​ക​യോ നട​ത്തി​ക്കു​ക​യോ ചെയ്ത കൃഷി മു​ത​ലായ പ്ര​വർ​ത്ത​ന​ങ്ങ​ളിൽ മൂ​ത്ത​സ്ത്രീ​കൾ പങ്കാ​ളി​ക​ളാ​യി​രു​ന്നു; അവർ പണം കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. ഇന്നു നമ്മൾ വീ​ട്ടു​ജോ​ലി എന്നു തി​രി​ച്ച​റി​യു​ന്ന​തി​നേ​ക്കാൾ വളരെ വി​പു​ല​മായ പ്ര​വർ​ത്ത​ന​ങ്ങ​ളാ​ണു് അക്കാ​ല​ത്തു് വീ​ട്ടു​കാ​രു​ടെ ദൈ​നം​ദി​ന​നി​ല​നിൽ​പ്പി​നാ​വ​ശ്യ​മാ​യി​രു​ന്ന​തു് (മു​മ്പൊ​ര​ദ്ധ്യാ​യ​ത്തിൽ ഇതു വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ടു്.) ഇങ്ങ​നെ കു​ടും​ബ​ജീ​വി​ത​ത്തി​ന്റെ എല്ലാ​വ​ശ​ങ്ങ​ളി​ലും മൂ​ത്ത​സ്ത്രീ​കൾ​ക്കു് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്നു. ‘തറ​വാ​ട്ടി​ല​മ്മ’യുടെ സ്ഥാ​നം കേവലം ‘സ്നേ​ഹ​ത്തി​ന്റേ’താ​യി​രു​ന്നി​ല്ല എന്നർ​ത്ഥം! അതു് ഭൗ​തി​ക​മായ അധി​കാ​ര​മു​ള്ള സ്ഥാ​നം​ത​ന്നെ​യാ​യി​രു​ന്നു. സ്വ​ത്തു​ബ​ന്ധ​വും കു​ടും​ബ​ബ​ന്ധ​വും അച്ഛൻ​വ​ഴി​ക്കു കണ​ക്കാ​ക്കിയ മക്ക​ത്താ​യ​കു​ടും​ബ​ങ്ങ​ളിൽ​പ്പോ​ലും പ്രാ​യ​മു​ള്ള സ്ത്രീകൾ-​വിശേഷിച്ചു് മൂ​ത്ത​പു​രു​ഷ​ന്റെ അമ്മ-​വളരെ വലിയ സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്നു​ന്നെ​ന്നും രേഖകൾ സൂ​ചി​പ്പി​ക്കു​ന്നു. ഭൗ​തി​ക​കാ​ര്യ​ങ്ങ​ളി​ലും കു​ടും​ബ​കാ​ര്യ​ങ്ങ​ളി​ലും അവ​രു​ടെ അഭി​പ്രാ​യം പല​പ്പോ​ഴും പ്ര​ധാ​ന​മാ​യി​രു​ന്നു.

മറ്റൊ​രു​വി​ധ​ത്തിൽ​പ്പ​റ​ഞ്ഞാൽ, പഴയ കൂ​ട്ടു​കു​ടും​ബ​ങ്ങ​ളിൽ പെ​റ്റ​മ്മ​യ്ക്കു കൽ​പ്പി​ച്ച പ്രാ​ധാ​ന്യം അവ​രു​ടെ സ്വ​ഭാ​വ​ത്തി​ലെ​യോ പെ​രു​മാ​റ്റ​ത്തി​ലെ​യോ നന്മ​തി​ന്മ​ക​ളെ അധികം ആശ്ര​യി​ച്ചി​രു​ന്നി​ല്ല. അതെ​ന്താ​യാ​ലും മാ​താ​വി​ന്റെ സ്ഥാ​നം പൂ​ജ​നീ​യ​മാ​യി​രു​ന്നു, വി​ശേ​ഷി​ച്ചും മരു​മ​ക്ക​ത്താ​യ​കു​ടും​ബ​ങ്ങ​ളിൽ. നേ​ര​ത്തെ പറ​ഞ്ഞ​തു​പോ​ലെ, കു​ടും​ബ​ത്തി​ന്റെ ഘട​ന​യി​ലേ​ക്കു് ഓരോ വ്യ​ക്തി​യെ​യും ചേർ​ക്കു​ന്ന​തു് മാ​താ​വാ​യ​തു​കൊ​ണ്ടു് അവ​രു​ടെ സ്ഥാ​ന​ത്തി​നു് സവി​ശേ​ഷ​മായ പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നു. എന്നാൽ 19-ആം നൂ​റ്റാ​ണ്ടോ​ടു​കൂ​ടി ഈ വി​ശ്വാ​സ​ത്തിൽ മാ​റ്റം​വ​ന്നു. കൂ​ട്ടു​കു​ടും​ബം എന്ന ആദർ​ശ​ത്തി​നു​പ​ക​രം ആധു​നിക അണു​കു​ടും​ബ​മാ​തൃക ഉന്ന​യി​ക്ക​പ്പെ​ട്ട കാ​ല​മാ​യി​രു​ന്നു അതു്. കു​ട്ടി​ക​ളെ ഏറ്റ​വും നന്നാ​യി വളർ​ത്തി​യെ​ടു​ക്കാ​നാ​വു​ന്ന​തു് അണു​കു​ടും​ബ​ത്തി​ലാ​ണെ​ന്നും അച്ഛ​ന​മ്മ​മാ​രു​ടെ നേ​രി​ട്ടു​ള്ള ശ്ര​ദ്ധ​യും പരി​ച​ര​ണ​വു​മാ​ണു് കു​ട്ടി​ക​ളു​ടെ വളർ​ച്ച​യ്ക്കു് അത്യ​ന്താ​പേ​ക്ഷി​ത​മെ​ന്നും 19-ആം നൂ​റ്റാ​ണ്ടിൽ മി​ഷ​ണ​റി​മാ​രും, ആധു​നി​ക​വി​ദ്യാ​ഭ്യാ​സം നേടിയ നാ​ട്ടു​കാ​രു​ടെ ചെ​റു​സം​ഘ​വും വാ​ദി​ച്ചു. ഇതു് ക്ര​മേണ അമ്മ​യു​ടെ ഉത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നു് പര​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. ‘മാ​താ​വു്’ എന്ന പേ​രി​നു് അർ​ഹ​യാ​ക​ണ​മെ​ങ്കിൽ പ്ര​സ​വി​ച്ചാൽ​മാ​ത്രം പോര, ഏറ്റ​വും നന്നാ​യി വളർ​ത്തു​ക​കൂ​ടി ചെ​യ്യ​ണ​മെ​ന്ന ആവ​ശ്യ​മാ​യി​രു​ന്നു ഈ നവ​മാ​തൃ​ത്വാ​ദർ​ശ​ത്തി​ന്റെ കാതൽ. മക്ക​ളു​ടെ നന്മ​യ്ക്കു​വേ​ണ്ടി ജീ​വി​ത​വും ജീ​വ​നും ഉഴി​ഞ്ഞു​വ​യ്ക്ക​ന്ന മാ​താ​വാ​ണു് ഉത്ത​മ​മാ​താ​വു്; കു​ട്ടി​ക​ളെ സമർ​ത്ഥ​മാ​യി നി​യ​ന്ത്രി​ച്ചും നേർ​വ​ഴി​ക്കു നട​ത്തി​യും വി​ദ്യാ​ഭ്യാ​സം ചെ​യ്യി​ച്ചും, അതു​പോ​ലെ അവ​രു​ടെ ശാ​രീ​രി​ക​വ​ളർ​ച്ച​യെ പര​മാ​വ​ധി പോ​ഷി​പ്പി​ച്ചു​മാ​ണു് അമ്മ തന്റെ കടമ നിർ​വ്വ​ഹി​ക്കേ​ണ്ട​തു്; ഇങ്ങ​നെ സ്വ​ന്തം കർ​ത്ത​വ്യം അറി​ഞ്ഞു​ചെ​യ്യു​ന്ന അമ്മ​മാർ വീ​ടി​നു​മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​നു​ത​ന്നെ വലിയ നേ​ട്ടം ഉണ്ടാക്കിക്കൊടുക്കുന്നവരാണു്-​19-ആം നൂ​റ്റാ​ണ്ടിൽ​നി​ന്നു​ള്ള നി​ര​വ​ധി രേഖകളിൽ-​ആദ്യകാല നോ​വ​ലു​ക​ളിൽ, മി​ഷ​ണ​റി​മാ​രു​ടെ എഴു​ത്തു​കു​ത്തു​ക​ളിൽ, സർ​ക്കാർ​രേ​ഖ​ക​ളിൽ, പത്രമാസികകളിൽ-​ഈ ആശ​യ​ങ്ങൾ നി​റ​ഞ്ഞു​നിൽ​ക്കു​ന്നു​വെ​ന്നു് കാണാം. മറ്റൊ​രു​വി​ധ​ത്തിൽ പറ​ഞ്ഞാൽ പ്ര​സ​വ​മെ​ന്ന ശാ​രീ​രി​ക​പ്ര​ക്രി​യ​യെ​ക്കാ​ള​ധി​കം വളർ​ത്തുക എന്ന സാ​മൂ​ഹ്യ​വൽ​ക്ക​ര​ണ​പ്ര​ക്രി​യ​യ്ക്കു് നവ​മാ​തൃ​ത്വ​ത്തിൽ പ്രാ​ധാ​ന്യ​മേ​റി.

kimages/Kulasthree_Chapter_six_pic02.png

ഈ മാ​റ്റം അക്കാ​ല​ത്തു ജീ​വി​ച്ചി​രു​ന്ന പലരും രചി​ച്ച ആത്മ​ക​ഥ​ക​ളിൽ സ്പ​ഷ്ട​മാ​യും കാണാം. ഇരു​പ​താം​നൂ​റ്റാ​ണ്ടി​ന്റെ ആദ്യ​ഘ​ട്ട​ത്തിൽ തി​രു​വി​താം​കൂ​റി​ലെ പ്ര​മുഖ പണ്ഡി​ത​നും സമു​ദാ​യ​നേ​താ​വും സർ​ക്കാ​രു​ദ്യോ​ഗ​സ്ഥ​നു​മാ​യി​രു​ന്ന സാ​ഹി​ത്യ​പ​ഞ്ചാ​ന​നൻ പി. കെ.നാ​രാ​യ​ണ​പി​ള്ള തന്റെ അമ്മ​യെ​ക്കു​റി​ച്ചെ​ഴു​തി​യ​തു് ശ്ര​ദ്ധി​ക്കുക:

മാ​താ​ക്ക​ളെ​ക്കു​റി​ച്ചു് ആദ​ര​വും ഭക്തി​യും തോ​ന്നു​ന്ന​തു് അവ​രു​ടെ ശീലം, ജ്ഞാ​നം മു​ത​ലായ ഗു​ണ​ങ്ങൾ നോ​ക്കി​യ​ല്ല​ല്ലോ? അങ്ങ​നെ​യു​ള്ള ഗു​ണ​ങ്ങൾ കു​റി​ക്കോൽ​കൊ​ണ്ടു് അള​ന്നു​നോ​ക്കി മാ​തൃ​ഭ​ക്തി​യിൽ ഏറ്റ​ക്കു​റ​വു​കൾ അനു​ഷ്ഠി​ക്കു​ന്ന​തും പതി​വ​ല്ല. എങ്കി​ലും എന്റെ മാ​താ​വി​ന്റെ​പേ​രിൽ ഗാ​ഢ​മായ പ്ര​തി​പ​ത്തി​ക്കു വി​ശേ​ഷാൽ സം​ഗ​തി​ക​ളു​മു​ണ്ടു്.

(സ്മ​ര​ണ​മ​ണ്ഡ​ലം, കോ​ട്ട​യം, (1943)1964, പുറം 107)

മാ​താ​വി​നോ​ടു​ള്ള സ്നേ​ഹ​ബ​ഹു​മാ​ന​ങ്ങൾ തന്നിൽ വർ​ദ്ധി​ക്കാ​നി​ട​യായ സം​ഭ​വ​ങ്ങ​ളാ​ണു് അദ്ദേ​ഹം തു​ടർ​ന്നു വർ​ണ്ണി​ക്കു​ന്ന​തു്. എന്നാൽ നി​ല​വി​ലു​ള്ള ആദർശം മറ്റൊ​ന്നാ​യി​രു​ന്നു​വെ​ന്ന അദ്ദേ​ഹ​ത്തി​ന്റെ നി​രീ​ക്ഷ​ണം ശ്ര​ദ്ധേ​യ​മാ​ണു്. ഈ കാ​ര്യം മി​ഷ​ണ​റി​മാ​രു​ടെ ശ്ര​ദ്ധ​യി​ലും പെ​ട്ടി​രു​ന്നു. ശക്ത​രായ തറ​വാ​ട്ടി​ല​മ്മ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​ലൂ​ടെ​വേ​ണം ഈ നാ​ട്ടിൽ ആധു​നിക വി​ദ്യാ​ഭ്യാ​സം വ്യാ​പ​ക​മാ​ക്കേ​ണ്ട​തെ​ന്നു് ഇക്കൂ​ട്ട​രിൽ ചിലർ കരുതി. 1846-ൽ കോ​ട്ട​യ​ത്തെ സി. എം. എസ്. (CMS) മി​ഷ​ണ​റി ആസ്ഥാ​ന​ത്തു പ്ര​വർ​ത്തി​ച്ചി​രു​ന്ന ശ്രീ​മ​തി ഹോ​ക്ക്സ്വർ​ത്തു് (Mrs. Hawkesworth) എന്ന സ്ത്രീ 1847-ൽ ഇങ്ങ​നെ എഴുതി:

ഇം​ഗ്ല​ണ്ടി​ലെ അമ്മ​മാർ തങ്ങ​ളു​ടെ സന്ത​തി​ക​ളു​ടെ മന​സ്സിൽ ഇത്ര​യ​ധി​കം സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു​വെ​ങ്കിൽ… തങ്ങ​ളു​ടെ സന്താ​ന​ങ്ങ​ളു​ടെ​മേൽ പതി​ന്മ​ട​ങ്ങ് സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​വ​രായ ഈ നാ​ട്ടി​ലെ മാ​താ​ക്ക​ന്മാ​രു​ടെ മന​സ്സു​ക​ളെ നേർ​വ​ഴി​യി​ലേ​ക്കു തി​രി​ച്ചു​വി​ടേ​ണ്ട​തു് എത്ര​യോ ആവ​ശ്യ​മാ​യി​രി​ക്കു​ന്നു!

(The Missionary Register, London, 1847, പുറം 476)

പുതിയ മാ​തൃ​സ​ങ്കൽ​പ്പ​മ​നു​സ​രി​ച്ചു് ഇത്ത​രം സം​സ്ക​ര​ണ​മാ​ണു് സാ​മൂ​ഹ്യ​മാ​റ്റ​ത്തി​ന്റെ ആദ്യ​ചു​വ​ടു്. കാരണം മാ​താ​വി​ന്റെ ശീ​ല​ങ്ങ​ളും സ്വ​ഭാ​വ​ങ്ങ​ളും അപ്പാ​ടെ കു​ട്ടി​ക​ളി​ലേ​ക്കു പക​രു​മെ​ന്ന വി​ശ്വാ​സം​ത​ന്നെ. സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ഏറ്റ​വും സാ​ധാ​ര​ണ​മായ ന്യാ​യീ​ക​ര​ണ​മാ​യി ഇതു മാറി. ഒപ്പം, പര​മ്പ​രാ​ഗ​ത​കു​ടും​ബ​ങ്ങ​ളിൽ കു​ട്ടി​ക​ളെ വളർ​ത്തു​ന്ന രീതി ആകെ അബ​ദ്ധ​മാ​ണെ​ന്ന പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​യി. ആദ്യ​കാ​ല​മ​ല​യാ​ള​നോ​വ​ലു​ക​ളിൽ പലതും ‘നല്ല​കു​ടുംബ’ത്തി​ന്റെ​യും ‘ചീത്ത കു​ടുംബ’ത്തി​ന്റെ​യും മാ​തൃ​ക​ക​ളെ വാ​യ​ന​ക്കാ​രു​ടെ മു​ന്നി​ല​വ​ത​രി​പ്പി​ച്ചു.

എന്നാൽ കു​ട്ടി​ക​ളു​ടെ ശരി​യായ പരി​ച​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ഉപ​ദേ​ശം ആദ്യ​കാ​ല​ത്തു് പു​രു​ഷ​ന്മാ​രെ​യും ഉന്നം​വ​ച്ചി​രു​ന്നു. നവീ​ന​വി​ദ്യാ​ഭ്യാ​സം, പെ​രു​മാ​റ്റ​രീ​തി​കൾ, സദാ​ചാ​ര​മൂ​ല്യ​ങ്ങൾ തു​ട​ങ്ങി​യ​വ​യു​മാ​യി കൂ​ടു​തൽ പരി​ച​യം ആ കാ​ല​ത്തു് പു​രു​ഷ​ന്മാർ​ക്കാ​യി​രു​ന്ന​തു​കൊ​ണ്ടാ​യി​രു​ന്നി​രി​ക്കാം ഇങ്ങ​നെ സം​ഭ​വി​ച്ച​തു്. 1889-ൽ ആധു​നി​ക​തി​രു​വി​താം​കൂ​റി​ന്റെ സ്ര​ഷ്ടാ​വാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ദിവാൻ മാ​ധ​വ​രാ​യർ എഴു​തിയ Hints on the Training of Native Children എന്ന പു​സ്ത​കം (1889) അച്ഛ​ന്മാ​രെ​യാ​ണു് അഭി​സം​ബോ​ധന ചെ​യ്യു​ന്ന​തു്. ‘കോ​ലു​കൊ​ണ്ടു​ള്ള’ ശാസന യാ​തൊ​രു ഗു​ണ​വും​ചെ​യ്യി​ല്ലെ​ന്നു് ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടു് കു​ട്ടി​ക​ളു​ടെ കാ​യി​ക​വും മാ​ന​സി​ക​വും വൈ​കാ​രി​ക​വു​മായ പരി​ര​ക്ഷ​യു​ടെ സൂ​ക്ഷ്മ​വ​ശ​ങ്ങ​ളി​ലേ​ക്കു് മാ​ധ​വ​രാ​യർ ഈ പു​സ്ത​ക​ത്തിൽ കട​ന്നു. അച്ഛ​ന്റെ ശീ​ല​വും പെ​രു​മാ​റ്റ​വും അനു​ക​രി​ക്കാ​നു​ള്ള വാസന കു​ട്ടി​ക​ളി​ലു​ണ്ടെ​ന്ന​തി​നാൽ സ്വയം നന്നാ​വാൻ അച്ഛൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു് അദ്ദേ​ഹം നിർ​ദ്ദേ​ശി​ക്കു​ന്നു:

അച്ഛ​ന്റെ നടത്ത നല്ല​താ​യി​രു​ന്നാൽ അതിനെ കു​ഞ്ഞു​ങ്ങൾ കണ്ടു​പ​ഠി​ക്കു​ന്ന​തി​നാ​ലു​ണ്ടാ​കു​ന്ന ഫലം അച്ഛ​ന്റെ ഉപ​ദേ​ശ​ങ്ങ​ളെ​ക്കാ​ളും അധികം ഗു​ണ​ക​ര​മാ​യി​രി​ക്കും… അതി​നാൽ കു​ഞ്ഞു​ങ്ങൾ പിൽ​ക്കാ​ല​ത്തിൽ എങ്ങ​നെ നട​ക്ക​ണ​മെ​ന്നു് അച്ഛൻ വി​ചാ​രി​ക്കു​ന്നു​വോ ആ മാ​തി​രി കു​ഞ്ഞു​കാൺ​കെ അച്ഛൻ നട​ന്നു​കൊ​ള്ളു​ന്ന​തി​നു ശ്ര​മി​ക്ക​ണം. (പുറം 23)

എന്നാൽ 20-ആം നൂ​റ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും ഈ ഉപ​ദേ​ശം ഏതാ​ണ്ടു് മു​ഴു​വ​നും സ്ത്രീ​ക​ളെ ഉദ്ദേ​ശി​ച്ചാ​യി. സമു​ദാ​യ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും സർ​ക്കാ​രി​ന്റെ പ്ര​ച​ര​ണ​ത്തി​ലൂ​ടെ​യും പുതിയ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും മറ്റും നവ​മാ​തൃ​ത്വാ​ദർ​ശ​ത്തി​നു് നല്ല പ്ര​ച​ര​ണം ലഭി​ച്ചു. ആദ്യ​കാ​ല​സ്ത്രീ​വാ​ദി​ക​ളിൽ പലരും ഈ ആദർശം സ്ത്രീ​ക്കു് അണു​കു​ടും​ബ​ത്തി​നു​ള്ളിൽ പ്ര​വർ​ത്തി​ക്കാൻ കൂ​ടു​തൽ അവസരം നൽ​കു​ന്നു​ണ്ടെ​ന്നു് വാ​ദി​ച്ചു; സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ശക്ത​മായ ന്യാ​യീ​ക​ര​ണ​മെ​ന്ന നി​ല​യ്ക്കും ഇത​വർ​ക്കു് സ്വീ​കാ​ര്യ​മാ​യി​ത്തീർ​ന്നു. എന്താ​യാ​ലും, അണു​കു​ടും​ബ​ത്തി​ന്റെ ചി​ട്ട​വ​ട്ട​ങ്ങ​ളി​ലാ​ണു് കു​ഞ്ഞു് വള​രു​ന്ന​തു്, അല്ലെ​ങ്കിൽ വള​രേ​ണ്ട​തു്, എന്ന ധാ​ര​ണ​യാ​യി​രു​ന്നു ഈ ഉപ​ദേ​ശ​ങ്ങ​ളു​ടെ പി​ന്നിൽ. 1921-ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ‘വി​ദ്യാ​ഭ്യാ​സ​ത്തിൽ സ്ത്രീ​ക​ളു​ടെ സ്ഥാ​നം’ എന്ന ലേഖനം നല്ല ഉദാ​ഹ​ര​ണ​മാ​ണു്:

(ഒരു ശിശു) ആദ്യം പരി​ച​യ​പ്പെ​ടാൻ ഇട​വ​രു​ന്ന ആളുകൾ അതി​ന്റെ മാ​താ​പി​താ​ക്ക​ന്മാ​ര​ല്ലാ​തെ മറ്റാ​രു​മ​ല്ല​ല്ലോ. മാ​താ​പി​താ​ക്ക​ന്മാ​രിൽ​ത്ത​ന്നെ​യും മാ​താ​വി​നെ​യാ​ണു് അതു് അധി​ക​വും സം​ബ​ന്ധി​ക്കു​ന്ന​തു്. ശൈ​ശ​വ​ത്തിൽ നമ്മെ ശു​ശ്രൂ​ഷി​ച്ചു സർ​വ്വ​ഥാ കാ​ത്തു​സൂ​ക്ഷി​ച്ചു​പോ​രു​ന്ന​തു നമ്മു​ടെ അമ്മ​യാ​കു​ന്നു. പി​താ​വി​നു വേറെ ധാ​രാ​ളം ജോ​ലി​കൾ നിർ​വ്വ​ഹി​ക്കു​വാ​നു​ള്ള​തു​കൊ​ണ്ടു് അദ്ദേ​ഹ​ത്തി​ന്റെ ലാ​ള​ന​യ്ക്കു് നാം അത്ര​യ​ധി​കം പാ​ത്രീ​ഭ​വി​ക്കു​ന്നി​ല്ല. തന്നി​മി​ത്തം ശി​ശു​ക്ക​ളാ​യി​രി​ക്കു​മ്പോൾ നമ്മു​ടെ സ്നേ​ഹ​ഭാ​ജ​ന​മായ അമ്മ​യു​ടെ സകല ചേ​ഷ്ട​ക​ളെ​യും നാം ശ്ര​ദ്ധാ​പൂർ​വ്വം അനു​ക​രി​ക്കു​ന്നു…

(ലക്ഷ്മീ​ഭാ​യി, പുറം 206)

എന്നാൽ കൂ​ട്ടു​കു​ടും​ബ​ങ്ങ​ളിൽ കു​ട്ടി​ക​ളെ വളർ​ത്തു​ന്ന​തി​ന്റെ ഉത്ത​ര​വാ​ദി​ത്വം പെ​റ്റ​മ്മ​യു​ടേ​തു മാ​ത്ര​മാ​യി​രു​ന്നി​ല്ലെ​ന്നും, ഇവി​ടെ​പ്പ​റ​ഞ്ഞ നേ​രി​ട്ടു​ള്ള, തീ​വ്ര​മായ, അനു​ക​ര​ണം അവിടെ സം​ഭ​വി​ക്കാ​നി​ട​യി​ല്ലെ​ന്നു​മാ​ണു് നര​വം​ശ​ശാ​സ്ത്ര​ജ്ഞ​രു​ടെ രചനകൾ നമു​ക്കു തരു​ന്ന സൂചന. കൂ​ട്ടു​കു​ടും​ബ​ങ്ങ​ളെ​പ്പ​റ്റി ഇവർ നട​ത്തിയ പഠ​ന​ങ്ങ​ളിൽ പഴയ നാ​യർ​ത​റ​വാ​ടു​ക​ളിൽ പെ​റ്റ​മ്മ​യ്ക്കു​പു​റ​മെ വല്യമ്മ-​ചെറിയമ്മമാർ, അമ്മൂ​മ്മ​മാർ, മു​ത്ത​ശ്ശി മു​ത​ലായ നി​ര​വ​ധി സ്ത്രീ​ക​ളും തറ​വാ​ട്ടിൽ പണി​യെ​ടു​ക്കു​ന്ന സ്ത്രീ​ക​ളും ചേർ​ന്നാ​ണു് ശി​ശു​സം​ര​ക്ഷ​ണ​ത്തി​ന്റെ ചുമതല വഹി​ച്ചി​രു​ന്ന​തു്. M. S. A. Rao എന്ന നര​വം​ശ​ശാ​സ്ത്ര​ജ്ഞൻ 1951-ൽ നട​ത്തിയ ഗവേ​ഷ​ണ​ത്തിൽ​പ്പോ​ലും കൂ​ട്ടു​കു​ടും​ബ​ങ്ങ​ളിൽ ഇതു​ത​ന്നെ​യാ​യി​രു​ന്നു സ്ഥി​തി. അതു​പോ​ലെ ചെ​റു​പ്രാ​യം കഴി​ഞ്ഞാൽ ആൺ​കു​ട്ടി​ക​ളു​ടെ മേൽ​നോ​ട്ടം തറ​വാ​ട്ടി​ലെ പുരുഷന്മാർ-​വിശേഷിച്ചു് അമ്മാവന്മാർ-​ഏറ്റെടുത്തിരുന്നുവെന്നും ഇദ്ദേ​ഹം പറ​യു​ന്നു. മല​യാ​ള​ബ്രാ​ഹ്മ​ണ​രു​ടെ കൂ​ട്ടു​കു​ടും​ബ​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ‘ഇരി​ക്ക​ണ​മ്മ’മാ​രാ​യി നാ​യർ​സ്ത്രീ​ക​ളെ നി​യ​മി​ക്കു​ന്ന രീ​തി​യെ​ക്കു​റി​ച്ചു് കാ​ണി​പ്പ​യ്യൂർ ശങ്ക​രൻ​ന​മ്പൂ​തി​രി​പ്പാ​ടു് എന്റെ സ്മ​ര​ണ​കൾ എന്ന കൃ​തി​യിൽ പറ​യു​ന്നു​ണ്ടു്. ഈ സം​വി​ധാ​നം ഏറ്റ​വും കാ​ര്യ​ക്ഷ​മ​മായ ബാ​ല​പ​രി​ച​ര​ണ​ത്തി​നു് ഉത​കു​ന്ന​ത​ല്ല എന്നാ​യി​രു​ന്നു പരി​ഷ്ക്ക​ര​ണ​വാ​ദി​ക​ളു​ടെ പക്ഷം.

‘കാ​ര്യ​ക്ഷ​മ​മായ മാ​തൃ​ത്വം’ 1930-​കളോടെ സർ​വ്വ​സാ​ധാ​ര​ണ​മായ ഒരു മു​ദ്രാ​വാ​ക്യ​മാ​യി​ത്തീർ​ന്നു.സർ​ക്കാ​രി​ന്റെ ജന​ക്ഷേ​മ​പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നു് അനി​വാ​ര്യ​മായ ഒരു ഘട​ക​മാ​യി അതം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. ഇതോ​ടൊ​പ്പം സന്താ​ന​നി​യ​ന്ത്ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ചർ​ച്ച​യും ചൂ​ടു​പി​ടി​ച്ചു. കു​ട്ടി​ക​ളു​ടെ എണ്ണം കു​റ​ച്ചാൽ കാ​ര്യ​ക്ഷ​മ​മായ ബാ​ല​പ​രി​ച​ര​ണം എളു​പ്പ​മാ​കു​മെ​ന്നാ​യി​രു​ന്നു സന്താ​ന​നി​യ​ന്ത്ര​ണാ​നു​കൂ​ലി​ക​ളു​ടെ വാദം. കാ​ര്യ​ക്ഷ​മ​മായ മാ​തൃ​ത്വ​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണു് കേ​ര​ളീ​യ​സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ച​ണ്ടായ ഒട്ടു​വ​ള​രെ ചർ​ച്ച​ക​ളും നട​ന്ന​തു്. സ്ത്രീ​വി​ദ്യാ​ഭ്യാ​സം, വി​വാ​ഹ​പ്രാ​യം, ഉന്ന​ത​വി​ദ്യാ​ഭ്യാ​സം, ജോലി, പൊതുപ്രവർത്തനം-​ഇങ്ങനെ പോ​കു​ന്നു വി​ഷ​യ​ങ്ങ​ളു​ടെ പട്ടിക. ഇപ്പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ​ല്ലാം മാ​തൃ​ത്വ​ത്തെ എങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന ഉപ​വി​ഷ​യം ഏറെ ചർ​ച്ച​ചെ​യ്യ​പ്പെ​ട്ടു. സ്ത്രീ​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ കൂ​ടു​തൽ നല്ല അമ്മ​മാ​രു​ണ്ടാ​വു​മോ? ചെ​റു​പ്പ​ത്തി​ലേ വി​വാ​ഹി​ത​രായ സ്ത്രീ​കൾ​ക്കു് കാ​ര്യ​ക്ഷ​മ​മായ മാ​തൃ​ത്വം സാ​ധി​ക്കു​മോ? ജോ​ലി​ക്കു​പോ​കു​ന്ന സ്ത്രീ നല്ല അമ്മ​യാ​കു​മോ?-​ഇതൊക്കെയാണു് ഈ ചർ​ച്ച​ക​ളി​ലു​യർ​ന്നു​വ​ന്ന സം​ശ​യ​ങ്ങൾ. എന്തി​നു്, സ്ത്രീ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ അള​വു​കോ​ലു​ത​ന്നെ പു​രു​ഷ​ന്മാ​രു​ടേ​തിൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​ണെ​ന്നും ഒരു നല്ല മാ​താ​വാ​കാൻ ഒരു സ്ത്രീ​ക്കു് എത്ര സ്വാ​ത​ന്ത്ര്യം ആവ​ശ്യ​മു​ണ്ടോ അത്ര​മാ​ത്ര​മേ പൊ​തു​വെ സ്ത്രീ​കൾ​ക്കു് അനു​വ​ദി​ക്കേ​ണ്ട​തു​ള്ളൂ എന്നു​ത​ന്നെ വാ​ദി​ച്ച​വ​രു​ടെ എണ്ണം കു​റ​വാ​യി​രു​ന്നി​ല്ല! ഇതു തു​ല്യ​പൗ​ര​ത്വ​മ​ല്ല​ല്ലോ എന്നു് ആശ​ങ്ക​പ്പെ​ട്ട​വ​രോ​ടു് സ്ത്രീ​ക​ളു​ടെ പൗ​ര​ത്വം അമ്മ​മാർ എന്ന നി​ല​യി​ലാ​ണെ​ന്നു് മറു​പ​ടി പറ​യാ​നും ഇക്കൂ​ട്ടർ മടി​ച്ചി​ല്ല. അവി​വാ​ഹി​ത​ക​ളും പ്ര​സ​വി​ക്കാ​ത്ത​വ​രും ഈ പൗ​ര​ത്വ​ത്തി​നു പു​റ​ത്താ​വി​ല്ലേ എന്ന ചോ​ദ്യ​ത്തി​നു് മാ​തൃ​വാ​സന സ്ത്രീ​ക​ളു​ടെ ‘സഹ​ജ​മായ വാസന’യാ​ണെ​ന്നും അതാ​ണു് പ്ര​കൃ​തി​നി​യ​മം എന്നു​മാ​യി​രു​ന്നു മറു​പ​ടി.

ആധു​നി​ക​കു​ടും​ബ​ത്തിൽ അമ്മ​യ്ക്കു കൽ​പ്പി​ച്ച അധി​കാ​ര​ത്തി​നും പ്ര​ത്യേ​ക​ത​ക​ളു​ണ്ടാ​യി​രു​ന്നു. ഭൗ​തി​കാ​ധി​കാ​ര​ത്തി​നു​ള്ള മോഹം പു​രു​ഷ​ന്മാ​രെ​പ്പോ​ലെ സ്ത്രീ​ക്കി​ല്ലെ​ന്നും ‘മാ​തൃ​വാ​സന’യുള്ള സ്ത്രീ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​മേൽ ‘സൗ​മ്യാ​ധി​കാര’മാണു് ചെ​ലു​ത്തു​ന്ന​തെ​ന്നും നി​ര​വ​ധി ലേഖകർ വാ​ദി​ച്ചു. എന്താ​ണീ ‘സൗ​മ്യാ​ധി​കാ​രം?’ മുൻ അദ്ധ്യാ​യ​ത്തിൽ സൂ​ചി​പ്പി​ച്ച​തു​പോ​ലെ കു​ടും​ബ​ത്തി​നു​ള്ളി​ലെ സ്ത്രീ​ക്കു്, പ്ര​ത്യേ​കി​ച്ചു് അമ്മ​യ്ക്കു്, ന്യാ​യ​മാ​യും ചെ​ലു​ത്താ​വു​ന്ന പരോ​ക്ഷ​മായ സ്വാ​ധീ​ന​ത്തെ ‘സൗ​മ്യാ​ധി​കാ​രം’ എന്നു വി​ളി​ക്കാ​വു​ന്ന​താ​ണു്. പു​രു​ഷ​ന്മാ​രെ​പ്പോ​ലെ ബല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യോ ഭീ​ഷ​ണി​യി​ലൂ​ടെ​യോ അല്ല സ്ത്രീ കാ​ര്യ​ങ്ങൾ നട​ത്തു​ന്ന​തു്; മറി​ച്ചു് സൗ​മ്യ​വും സ്നേ​ഹ​പൂർ​ണ്ണ​വു​മായ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ, നല്ല വാ​ക്കു​പ​ദേ​ശി​ക്കു​ന്ന​തി​ലൂ​ടെ, പ്രാർ​ത്ഥ​ന​യി​ലൂ​ടെ, ക്ഷ​മാ​ശീ​ല​ത്തി​ലൂ​ടെ, കണ്ണു​നീ​രി​ലൂ​ടെ ആണു് അമ്മ മക്ക​ളെ സ്വാ​ധീ​നി​ക്കു​ന്ന​തു് എന്ന അവ​കാ​ശ​വാ​ദ​മാ​ണു് ഉന്ന​യി​ക്ക​പ്പെ​ട്ട​തു്.

ആദ്യ​കാ​ല​മ​ല​യാ​ള​നോ​വ​ലു​കൾ പല​പ്പോ​ഴും ‘നല്ല അമ്മ’യു​ടെ​യും ‘ചീത്ത അമ്മ​യു​ടെ’യും മാ​തൃ​ക​കൾ സൃ​ഷ്ടി​ച്ച​വ​ത​രി​പ്പി​ച്ചു. കു​ഞ്ഞു​ങ്ങ​ളു​ടെ പു​രോ​ഗ​തി എന്ന ലക്ഷ്യ​ത്തി​നു് സ്വ​യം​സ​മർ​പ്പി​ച്ചു്, അവ​രു​ടെ ആഹാരം, വസ്ത്രം, ദി​ന​ച​ര്യ എന്നി​വ​യെ യു​ക്തി​പൂർ​വ്വം ക്ര​മീ​ക​രി​ച്ചു്, അനു​സ​ര​ണ​യു​ടെ​യും കഠി​നാ​ദ്ധ്വാ​ന​ത്തി​ന്റെ​യും പാ​ത​യി​ലൂ​ടെ അവരെ നട​ത്താൻ ശ്ര​മി​ക്കു​ന്ന അമ്മ​യോ വീ​ട്ടു​കാ​രോ ആണു് ‘നല്ല മാതൃക’. കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മായ വളർ​ച്ച​യാ​ണു് സ്വ​ന്തം ജീ​വി​ത​ല​ക്ഷ്യ​മെ​ന്നം​ഗീ​ക​രി​ക്കാ​തെ വീ​ട്ടി​നു​പു​റ​ത്തു​ള്ള പ്ര​വൃ​ത്തി​ക​ളി​ലോ വി​നോ​ദ​ങ്ങ​ളി​ലോ ഏർ​പ്പെ​ടു​ന്ന, സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ളിൽ കൂ​ടു​തൽ താൽ​പ​ര്യം കാ​ട്ടു​ന്ന സ്ത്രീ ‘ചീത്ത മാതൃക’യും! ബാ​ല​പ​രി​ച​ര​ണ​ത്തി​നു​ള്ള സഹ​ജ​വാ​സന കു​റ​ഞ്ഞ​വ​രോ നല്ല വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ അതിനെ വളർ​ത്താൻ ശ്ര​മി​ക്കാ​ത്ത​വ​രോ ആണു് ഈ ‘ചീത്ത അമ്മ​മാർ’ എന്നാ​യി​രു​ന്നു നവ​മാ​തൃ​ദർ​ശ​ന​ത്തി​ന്റെ വക്താ​ക്ക​ളു​ടെ അഭി​പ്രാ​യം. വീ​ടി​നു​പു​റ​ത്തു​ള്ള പ്ര​വൃ​ത്തി​ക​ളിൽ അധികം ശ്ര​ദ്ധ​പ​തി​പ്പി​ക്കു​ന്ന പെ​ണ്ണു​ങ്ങൾ അവ​രു​ടെ മാ​തൃ​ത്വ​ത്തെ​യും സ്ത്രീ​ത്വ​ത്തെ​യും നശി​പ്പി​ക്കു​ക​യാ​ണെ​ന്നു​പോ​ലും ഇവരിൽ പലർ​ക്കും അഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്നു. ഉദാ​ഹ​ര​ണ​ത്തി​നു്, അക്കാ​ല​ത്തെ പ്ര​ശ​സ്ത​ലേ​ഖ​ക​നും കൊ​ച്ചീ​രാ​ജ്യ​ത്തി​ലെ പ്ര​മു​ഖ​രാ​ജ​സേ​വ​ക​നു​മാ​യി​രു​ന്ന പു​ത്തേ​ഴ​ത്തു രാ​മ​മേ​നോൻ. അദ്ദേ​ഹ​ത്തി​ന്റെ ചില വാ​ക്കു​കൾ:

പു​റം​ജോ​ലി​ക്കു പോ​കു​ന്ന സ്ത്രീ​കൾ​ക്കു് ആ ജോ​ലി​യു​ടെ ചു​റ്റു​പാ​ടു​ക​ളിൽ അവ​രു​ടെ മാ​തൃ​സ​ഹ​ജ​ങ്ങ​ളായ ഹൃ​ദ​യ​ത​ര​ള​ത​യ്ക്കും സ്നേ​ഹാ​ദ​ര​ങ്ങൾ​ക്കും ത്യാ​ഗ​സ​ന്ന​ദ്ധ​ത​യ്ക്കും ഏറെ​ക്കു​റെ ഇടിവു സം​ഭ​വി​ക്കു​ന്ന​തും അസം​ഗ​ത​മ​ല്ല. അപ്ര​കാ​ര​മു​ള്ള​വ​രാ​ണു പ്രാ​യേണ പൗ​രു​ഷ​മു​ള്ള​വ​രാ​യി, പരു​ഷ​സ്വ​ഭാ​വ​ക്കാ​രാ​യി, അഹം​ഭാ​വി​ക​ളാ​യി, സ്ത്രീ​പു​രു​ഷ​മ​ത്സ​ര​ത്തി​ന്റെ ധ്വ​ജ​വാ​ഹി​ക​ളാ​യി ഭവി​ക്കു​ന്ന​തു്… ഇത്ത​രം സ്ത്രീ​കൾ സ്വ​ന്തം ഗൃ​ഹ​ത്തി​നു മാ​ത്ര​മ​ല്ല, സമു​ദാ​യ​ത്തി​നും രാ​ജ്യ​ത്തി​നും മാ​ന​വ​വം​ശ​ത്തി​നു​ത​ന്നെ​യും വി​പ​ത്തു​ക​ള​ത്രെ.

(‘സ്ത്രീ​പു​രു​ഷ​മ​ത്സ​രം’, അറി​വു​ള്ള അജ്ഞാ​നി​കൾ, കൊ​ല്ലം, 1995, പുറം 48-49)

ഇപ്പ​റ​ഞ്ഞ​തു് എത്ര​ത്തോ​ളം അസം​ബ​ന്ധ​മാ​ണെ​ന്നു് സ്ത്രീ​ക​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തിൽ മന​സ്സി​ലാ​ക്കാൻ പ്ര​യാ​സ​മി​ല്ല. ജോ​ലി​ക്കു​പോ​കു​ന്ന സ്ത്രീ​ക​ളു​ടെ മാ​തൃ​ത്വം കു​റ​ഞ്ഞു​പോ​കു​മെ​ന്നോ വീ​ട്ടി​ലി​രി​ക്കു​ന്ന പെ​ണ്ണു​ങ്ങൾ​മു​ഴു​വൻ മാ​ലാ​ഖ​മാ​രാ​ണെ​ന്നോ ഇന്നു പറ​ഞ്ഞാൽ അതു് ഒരി​ട​ത്തും ചെ​ല്ലി​ല്ല. അതു​പോ​ലെ വീ​ട്ടിൽ​ത്ത​ന്നെ തപ​സ്സി​രു​ന്നു​കൊ​ണ്ടു് കു​ട്ടി​ക​ളെ വര​ച്ച​വ​ര​യിൽ നിർ​ത്തി ‘ഒന്നാം​റാ​ങ്കു’കാ​രാ​ക്കി​ത്തീർ​ക്കാൻ പണി​പ്പെ​ടു​ന്ന മാ​താ​പി​താ​ക്ക​ന്മാർ മാ​തൃ​ക​യ​ല്ലെ​ന്നാ​ണു് ഇന്നു് നമ്മോ​ടു് വി​ദ്യാ​ഭ്യാ​സ​വി​ച​ക്ഷ​ണ​രും മനു​ഷ്യാ​വ​കാ​ശ​പ്ര​വർ​ത്ത​ക​രും കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു് വേ​വ​ലാ​തി​പ്പെ​ടു​ന്ന എല്ലാ​വ​രും പറ​യു​ന്ന​തു്. കു​ഞ്ഞു​ങ്ങൾ​ക്കു് ലാ​ള​ന​യും പരി​ഗ​ണ​ന​യും സ്വ​ന്തം​വ​ഴി​ക്കു ചി​ന്തി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും കൊ​ടു​ക്കു​ന്ന എല്ലാ​വ​രും മാ​തൃ​ത്വ​വാ​സന കു​റ​ഞ്ഞ​വ​രും പ്ര​കൃ​തി​നി​യ​മം ലം​ഘി​ക്കു​ന്ന​വ​രു​മാ​ണെ​ന്നു് ഇന്നു് സ്ഥി​ര​ബു​ദ്ധി​യു​ള്ള​വ​രാ​രും പറ​യി​ല്ല!

എന്നാൽ ‘നല്ല അമ്മ’, ‘ചീത്ത അമ്മ’ മു​ത​ലായ വാർ​പ്പു​മാ​തൃ​ക​കൾ രൂ​പ​പ്പെ​ട്ട​കാ​ല​ത്തു​ത​ന്നെ അവ​യു​ടെ കു​ഴ​പ്പ​ങ്ങൾ തി​രി​ച്ച​റി​ഞ്ഞ ചി​ല​രെ​ങ്കി​ലു​മു​ണ്ടാ​യി​രു​ന്നു. അതി​ലൊ​രാ​ളാ​യി​രു​ന്നു ആദ്യ​കാല സ്ത്രീ​വാ​ദി​യും കേ​ര​ള​ത്തിൽ ആദ്യ​മാ​യി നി​യ​മ​ബി​രു​ദം​നേ​ടിയ സ്ത്രീ​യു​മാ​യി​രു​ന്നു അന്നാ ചാ​ണ്ടി. പു​ത്തേ​ഴ​ന്റെ പോ​ലു​ള്ള വാ​ദ​ങ്ങ​ളോ​ടു് (മു​മ്പു് ഉദ്ധ​രി​ച്ച) അവർ പ്ര​തി​ക​രി​ച്ച​തു് ഇപ്ര​കാ​ര​മാ​ണു്:

സ്ത്രീ​കൾ ഉദ്യോ​ഗ​ത്തി​നു​പോ​യാൽ അവ​രു​ടെ കു​ഞ്ഞു​ങ്ങ​ളെ ശരി​യാ​യി പരി​ച​രി​ക്കാൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്നാ​ണു് വേ​റൊ​രാ​ക്ഷേ​പം. പ്ര​ഥ​മ​ദൃ​ഷ്ടി​യിൽ ഇതി​ലൽ​പ്പം വാ​സ്ത​വ​മു​ണ്ടെ​ന്നു് തോ​ന്നി​യാ​ലും സൂ​ക്ഷ്മം ആലോ​ചി​ച്ചാൽ സ്ത്രീ​ക​ളെ ഉദ്യോ​ഗ​ത്തിൽ​നി​ന്ന​ക​റ്റി​നിർ​ത്ത​ത്ത​ക്ക ന്യാ​യ​മ​ല്ല ഇതെ​ന്നു​കാ​ണാം. ശി​ശു​പ​രി​ച​ര​ണ​ത്തിൽ അമ്മ​യു​ടെ സാ​ന്നി​ദ്ധ്യം ഒഴി​ച്ചു​കൂ​ടാൻ പാ​ടി​ല്ലാ​ത്ത​തു പ്ര​സ​വ​ശേ​ഷ​മു​ള്ള കു​റ​ച്ചു​കാ​ലം മാ​ത്ര​മാ​ണു്. സ്കൂ​ളി​ല​യ​ച്ചു​തു​ട​ങ്ങി​യാൽ പി​ന്നെ അടു​ക്ക​ള​മൂർ​ത്തി​ക​ളാ​യ​വ​രു​ടെ കു​ട്ടി​കൾ​ക്കു​പോ​ലും മാ​തൃ​പ​രി​ച​ര​ണം രാ​ത്രി​മാ​ത്ര​മേ ലഭി​ക്കു​ന്നു​ള്ളൂ. ഉദ്യോ​ഗ​സ്ഥ​കൾ​ക്കും അനു​ദ്യോ​ഗ​സ്ഥ​കൾ​ക്കും ആവ​ശ്യ​ത്തി​നു​ള്ള ശി​ശു​പ​രി​ച​ര​ണം സാ​ദ്ധ്യ​മാ​ണെ​ന്നാ​ണു് എനി​ക്കു​തോ​ന്നു​ന്ന​തു്. അഥവാ സ്വൽ​പ്പം കറ​ഞ്ഞു​പോ​യാ​ലും അതു രാ​ജ്യ​ന​ന്മ​യ്ക്കു നല്ല​താ​ണെ​ന്നാ​ണു് എന്റെ അഭി​പ്രാ​യം…

…ഏതാ​ണ്ടു് നി​സ്സ​ഹാ​യാ​വ​സ്ഥ​യിൽ​നി​ന്നു് ഒരു ശി​ശു​വി​നെ കര​ക​യ​റ്റ​ണ​മെ​ന്നു​ള്ള ഉത്ത​ര​വാ​ദി​ത്വ​മേ മാ​താ​പി​താ​ക്ക​ന്മാർ​ക്കു​ള്ളൂ എന്നു നാം വി​ചാ​രി​ച്ചാൽ നമ്മു​ടെ കു​ട്ടി​കൾ സ്വാ​ശ്ര​യ​ശ​ക്തി​യു​ള്ള​വ​രും ബി. എ. പരീ​ക്ഷാ​ഫ​ല​ത്തി​നു കമ്പി​കി​ട്ടു​മ്പോൾ ഹൃദയം സ്തം​ഭി​ച്ചു് മരി​ച്ചു​പോ​കാ​ത്ത​വ​രും ആകും.

(‘സ്ത്രീ​സ്വാ​ത​ന്ത്യ്ര​ത്തെ​പ്പ​റ്റി’, സഹോ​ദ​രൻ വി​ശേ​ഷാൽ​പ്ര​തി, 1929)

‘സൗ​മ്യാ​ധി​കാ​രം’ വീ​ട്ടി​നു​പു​റ​ത്തേ​ക്കു്

പുതിയ മാ​തൃ​ത്വാ​ദർ​ശ​ത്തെ സമു​ദാ​യ​പ​രി​ഷ്ക്ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങ​ളും സർ​ക്കാ​രു​ക​ളും ദേശീയ പ്ര​സ്ഥാ​ന​വും സ്വാ​ഗ​തം ചെ​യ്തു​വെ​ന്നു് പറ​ഞ്ഞി​രു​ന്ന​ല്ലോ. അഭ്യ​സ്ത​വി​ദ്യ​രായ സ്ത്രീ​ക​ളിൽ നല്ലൊ​രു പങ്കു് പുതിയ മാ​തൃ​ത്വം മു​ന്നോ​ട്ടു​വ​ച്ച പുതിയ കടമകൾ, കർ​ത്ത​വ്യ​ങ്ങൾ, പ്ര​വർ​ത്തി​ക്കാ​നു​ള്ള അവ​സ​ര​ങ്ങൾ, ഇവയിൽ ആകൃ​ഷ്ട​രാ​വു​ക​യും​ചെ​യ്തു. പക്ഷേ, പുതിയ മാ​തൃ​ത്വാ​ദർ​ശ​ത്തെ​ക്കു​റി​ച്ചു് സ്ത്രീ​പ​ക്ഷ​ത്തു​നി​ന്നു സം​ശ​യ​ങ്ങ​ളു​യർ​ത്തിയ നി​ര​വ​ധി ശബ്ദ​ങ്ങ​ളും ഇവി​ടെ​യു​ണ്ടാ​യി​രു​ന്നു. അവയിൽ ചി​ല​തു് പഴയ “തറ​വാ​ട്ടി​ല​മ്മ’യുടെ നിലയെ പു​നഃ​സൃ​ഷ്ടി​ക്കാ​നാ​ണു് ശ്ര​മി​ക്കേ​ണ്ട​തെ​ന്നു് വാ​ദി​ച്ചു. മറ്റു​ചി​ലർ പുതിയ മാ​തൃ​സ​ങ്കൽ​പ്പ​ത്തെ അണു​കു​ടും​ബ​ത്തി​ന്റെ നാ​ലു​ചു​മ​രു​കൾ​ക്ക​പ്പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കാൻ ശ്ര​മി​ച്ചു. വേ​റെ​യും ചിലർ പുതിയ മാ​തൃ​ത്വം സ്ത്രീ​ക​ളു​ടെ​മേൽ അനാ​വ​ശ്യ​മായ പരി​മി​തി​കൾ ആരോ​പി​ക്കു​ക​യ​ല്ലേ എന്നു ശങ്കി​ച്ചു.

ഇപ്പ​റ​ഞ്ഞ വി​മർ​ശ​നാ​ത്മ​ക​നി​ല​പാ​ടു​ക​ളിൽ ആദ്യ​ത്തേ​തു് മഹി​ള​യിൽ 1935-ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഒരു കു​റി​പ്പാ​ണു്. അണു​കു​ടും​ബ​ത്തേ​ക്കാ​ള​ധി​കം കൂ​ട്ടു​കു​ടും​ബ​രീ​തി പരി​ച​യി​ച്ച, ഒരു സ്ത്രീ​ക്കു് ഒരു വി​വാ​ഹ​മേ പാ​ടു​ള്ളൂ എന്ന നി​യ​മ​വു​മാ​യി അധികം പരി​ച​യ​മി​ല്ലാ​ത്ത, ഒരു ശബ്ദ​മാ​ണു് ഈ കു​റി​പ്പിൽ. ‘തറ​വാ​ട്ടി​ല​മ്മ’ എന്ന നി​ല​യോ​ടാ​ണു് ഇവർ​ക്കു് പ്ര​തി​പ​ത്തി. കേ​ര​ളീ​യ​സ്ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചു് ഇന്ത്യ​യി​ലെ​ങ്ങും പ്ര​ശം​സ​യാ​ണു കേൾ​ക്കു​ന്ന​തെ​ന്നും അതു് ‘പണ്ട​ത്തെ തറ​വാ​ട്ടി​ല​മ്മ​മാ​രു​ടെ അന്ത​സ്സും പ്രൗ​ഢി​യും നി​മി​ത്ത​മാ​ണെ​ന്നു​ള്ള​തു് ഒരി​ക്ക​ലും വി​സ്മ​രി​ക്കു​വാൻ പാ​ടി​ല്ലെ’ന്നും അവർ പറ​യു​ന്നു. ഈ ഗൗ​ര​വ​മേ​റിയ സ്ഥാ​നം വഹി​ക്കാൻ സ്ത്രീ​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ​മാ​ണു് സ്ത്രീ​കൾ​ക്കു് ആവ​ശ്യ​മെ​ന്നു് ഈ ലേഖിക അഭി​പ്രാ​യ​പ്പെ​ട്ടു. ‘തറ​വാ​ട്ടി​ല​മ്മ’യു​ടെ​പോ​ലെ മാ​ന്യ​മായ ഒരു സ്ഥാ​നം വഹി​ക്കു​ന്ന സ്ത്രീ​ക്കു് (അന്ന​ത്തെ മരു​മ​ക്ക​ത്തായ സമു​ദാ​യ​പ​രി​ഷ്ക്കാ​രി​കൾ അവ​കാ​ശ​പ്പെ​ട്ട​തു​പോ​ലെ) ഒരൊ​റ്റ വി​വാ​ഹം​മാ​ത്ര​മേ പാ​ടു​ള്ളൂ എന്ന വി​ശ്വാ​സം അവർ​ക്കു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണു് ലേ​ഖ​ന​ത്തി​ന്റെ സൂചന! മാ​ത്ര​മ​ല്ല സ്ത്രീ​ക്കു് സ്വ​ന്തം​പേ​രു​പോ​ലും അനു​വ​ദി​ക്കാ​ത്ത ഈ പരി​ഷ്ക്കാ​ര​ത്തി​ലൂ​ടെ ‘തറ​വാ​ട്ടി​ല​മ്മ’മാർ എങ്ങ​നെ​യു​ണ്ടാ​കും എന്ന​വർ ചോ​ദി​ക്കു​ന്നു.

ഒരു ചെ​റോ​ട്ടി​ക്കോ കു​ഞ്ഞ​മ്മ​യ്ക്കോ എന്തു​കൊ​ണ്ടു് ചെ​റോ​ട്ടി​യും കു​ഞ്ഞ​മ്മ​യും തന്നെ​യാ​യി​രു​ന്നു​കൂ​ടാ? വി​വാ​ഹം​ക​ഴി​യു​മ്പോൾ അവർ മി​സ്സി​സ്സ് ചാ​പ്പ​നോ കോ​ര​പ്പ​നോ ആയി​ത്തീ​രു​ന്നു. ഇതാ​ണു​പോൽ പരി​ഷ്ക്കാ​രം. സ്ത്രീ​കൾ പു​രു​ഷ​ന്മാ​രോ​ടു സമ​ത്വം നേ​ടു​ന്ന​തു് അവ​രു​ടെ പി​ന്നിൽ തൂ​ങ്ങി​യി​ട്ടാ​ണു​പോ​ലും…ഇന്നു കണാരൻ മരി​ച്ചാൽ കണാ​ര​ന്റെ മി​സ്സി​സ്സ് നാളെ ഒരു അമ്പു​വി​നെ​യാ​യി​രി​ക്കും മാ​ല​യി​ടു​ന്ന​തു്. അപ്പോ​ഴോ ഇന്ന​ല​ത്തെ മി​സ്സി​സ്സ് കണാരൻ ഇന്ന​ത്തെ മി​സ്സി​സ്സ് അമ്പു​വാ​യി. പോരാ മറ്റ​ന്നാൾ അവൾ ഒരു കോ​പ്പ​നെ സ്വീ​ക​രി​ക്കു​ന്നു. അപ്പോ​ഴോ അവൾ മി​സ്സി​സ്സ് കോ​പ്പ​നാ​ക​ണം… ആ ചെ​റോ​ട്ടി​ക്കു് എന്നും ചെ​റോ​ട്ടി​ത​ന്നെ​യാ​യി തന്റെ പേരു നി​ല​നിർ​ത്ത​രു​തോ?

(ഇട്ടി​ച്ചി​രി​യ​മ്മ. ‘പെ​ണ്ണു​ങ്ങ​ളും പരി​ഷ്ക്കാ​ര​വും’. മഹിള 16 (3.)1935)

ഇട്ടി​ച്ചി​രി​യ​മ്മ​യു​ടെ വി​മർ​ശ​നം മുൻ​കാല ആദർ​ശ​ങ്ങ​ളെ മുൻ​നിർ​ത്തി​യാ​യി​രു​ന്നെ​ങ്കിൽ, പുതിയ മാ​തൃ​ത്വാ​ദർ​ശ​ത്തെ വി​മർ​ശി​ച്ച പലരും അതിനെ വി​പു​ലീ​ക​രി​ക്കാ​നും പു​നർ​നിർ​വ്വ​ചി​ക്കാ​നു​മാ​ണു് ശ്ര​മി​ച്ച​തു്. ഇവർ പുതിയ മാ​തൃ​ത്വ​ത്തെ തള്ളി​ക്ക​ള​ഞ്ഞി​ല്ല; ‘തറ​വാ​ട്ടി​ല​മ്മ’യുടെ സ്ഥാ​നം അതി​നെ​ക്കാൾ മഹ​ത്ത​ര​മാ​ണെ​ന്നു് വാ​ദി​ച്ചു​മി​ല്ല. യഥാർ​ത്ഥ​മാ​തൃ​ത്വ​ത്തി​നു് ശാ​രീ​രി​ക​മായ വശ​ങ്ങ​ളു​ണ്ടെ​ങ്കി​ലും അതിനു ചില പ്ര​ത്യേക മനോ​ഗു​ണ​ങ്ങൾ ആവ​ശ്യ​മാ​ണെ​ന്നും ഇവ സ്ത്രീ​ക​ളിൽ സഹ​ജ​മാ​യു​ണ്ടെ​ന്നും സമ്മ​തി​ച്ചു. സ്ത്രീ​കൾ​ക്കു് ഏറ്റ​വും നന്നാ​യി വഹി​ക്കാൻ​ക​ഴി​യു​ന്ന അധി​കാ​രം ‘സൗ​മ്യാ​ധി​കാര’മാ​ണെ​ന്നും അവർ കരുതി. ഒറ്റ​ക്കാ​ര്യ​ത്തി​ലേ അവർ​ക്ക​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ; ‘സൗ​മ്യ​മായ അധി​കാ​രം’ ചെ​ലു​ത്താ​നു​ള്ള സ്ത്രീ​യു​ടെ കഴി​വി​നു് വീ​ട്ടി​ന​ക​ത്തു​മാ​ത്ര​മ​ല്ല, പു​റ​ത്തും പ്ര​സ​ക്തി​യു​ണ്ടു്. പണ്ടു​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന മർ​ദ്ദ​ന​പ​ര​മായ ശി​ക്ഷാ​വി​ധി​ക​ളും​മ​റ്റും ഉപേ​ക്ഷി​ച്ചു് ഭര​ണ​കൂ​ട​ങ്ങൾ​പോ​ലും ജന​ക്ഷേ​മ​പ​രി​പാ​ടി​ക​ളി​ലൂ​ടെ ജന​ങ്ങ​ളെ ഉദ്ധ​രി​ക്കാൻ ശ്ര​മി​ക്കു​ന്ന ആധു​നി​ക​ലോ​ക​ത്താ​ണു് നാം ജീ​വി​ക്കു​ന്ന​തെ​ന്നു് ഈ വി​മർ​ശ​കർ ചൂ​ണ്ടി​ക്കാ​ട്ടി. ‘സൗ​മ്യ​മായ അധി​കാര’ത്തി​ന്റെ പ്ര​യോ​ഗം ആവ​ശ്യ​മായ സ്ഥാ​പ​ന​ങ്ങൾ കു​ടും​ബ​ത്തി​നു​പു​റ​മേ നി​ര​വ​ധി​യു​ണ്ടെ​ന്നും അവ​യു​ടെ എണ്ണ​വും ആവ​ശ്യ​വും വള​രു​ക​യാ​ണെ​ന്നും. വി​ദ്യാ​ല​യ​ങ്ങൾ, ആശു​പ​ത്രി​കൾ, അഗ​തി​മ​ന്ദി​ര​ങ്ങൾ, മു​ത​ലായ സ്ഥാ​പ​ന​ങ്ങൾ മർ​ദ്ദ​ന​പ​ര​മായ അധി​കാ​ര​ത്തി​ലൂ​ടെ​യ​ല്ല, ‘സൗ​മ്യാ​ധി​കാര’ത്തി​ലൂ​ടെ​യാ​ണു് നന്നാ​യി നട​ക്കു​ക​യെ​ന്നും അതി​നാൽ സ്ത്രീ​കൾ​ക്കു് അവ​രു​ടെ സഹ​ജ​മായ കഴി​വു​കൾ പ്ര​ക​ടി​പ്പി​ക്കാൻ കു​ടും​ബ​ത്തി​നു പു​റ​ത്തും സാ​ധി​ക്കു​മെ​ന്നു് ഇക്കൂ​ട്ടർ വാദിച്ചു-​ഇതു് ലോ​ക​ത്തി​ന്റെ നന്മ​യ്ക്കു​ത​ന്നെ അത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നാ​യി​രു​ന്നു അവ​രു​ടെ പക്ഷം. സ്ത്രീ​യെ​യും സൗ​മ്യ​മാ​യി ഭരി​ക്കാൻ അവൾ​ക്കു​ള്ള കഴി​വി​നെ​യും കു​ടും​ബ​ത്തി​ന്റെ നാ​ലു​ചു​മ​രു​കൾ​ക്കു​ള്ളിൽ തള​ച്ചി​ട്ട​ശേ​ഷം ലോകം ഭരി​ക്കാ​നി​റ​ങ്ങിയ പു​രു​ഷൻ ഇവിടെ ഹിം​സ​യ്ക്കും യു​ദ്ധ​ത്തി​നും മത്സ​ര​ത്തി​നും അമി​ത​മായ പ്രാ​ധാ​ന്യം കൽ​പ്പി​ക്കു​ന്ന​തു് മനു​ഷ്യ​രാ​ശി​യെ​ത്ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യി​ല്ലേ എന്ന​വർ ചോ​ദി​ച്ചു. സ്ത്രീ​യു​ടെ സൗ​മ്യാ​ധി​കാ​ര​മാ​യി​രു​ന്നു പൊ​തു​ഭ​ര​ണ​ത്തെ സ്വാ​ധീ​നി​ച്ച​തെ​ങ്കിൽ ഇതു​ണ്ടാ​കി​ല്ലാ​യി​രു​ന്നു​വെ​ന്നു് ഉറ​പ്പി​ച്ചു​പ​റ​യു​ക​യും ചെയ്ത വി. കെ. ചി​ന്ന​മ്മാ​ളു അമ്മ​യു​ടെ വാ​ക്കു​ക​ളിൽ:

kimages/Kulasthree_Chapter_six_pic03.png
ശ്രീ പാ​റ​യിൽ വേ​ലാ​യു​ധ​നും കു​ടും​ബ​വും (ഇരു​പ​താം നൂ​റ്റാ​ണ്ടി​ന്റെ തു​ട​ക്ക​ത്തിൽ), സുനിൽ, ജി.-യുടെ ശേ​ഖ​ര​ത്തിൽ നി​ന്നു്.

താൻ ക്ലേ​ശ​മ​നു​ഭ​വി​ച്ചു പ്ര​സ​വി​ച്ചു് വളർ​ത്തിയ സന്താനങ്ങളുടെ-​സമുദായാംഗങ്ങളുടെ-ഭാവി നി​യ​ന്ത്ര​ണം ചെ​യ്യു​ന്ന​തിൽ സ്ത്രീ​ക്കും ഒരു സ്ഥാ​നം കൽ​പ്പി​ക്കേ​ണ്ട​തു് ന്യാ​യ​വും ആവ​ശ്യ​വു​മാ​ണു്. സ്ത്രീ മാ​തൃ​ത്വം വഹി​ക്കേ​ണ്ട​തു​കൊ​ണ്ടു് സമു​ദാ​യ​കാ​ര്യ​ങ്ങ​ളിൽ പ്ര​വേ​ശി​ച്ചു​കൂ​ടാ എന്നാ​ണു് ചി​ല​രു​ടെ അഭി​പ്രാ​യം. എന്നാൽ വാ​സ്ത​വ​ത്തിൽ കാ​ര്യം നേരെ മറി​ച്ചാ​ണു്. മാ​തൃ​ത്വം സ്ത്രീ​ക്കു​മാ​ത്രം നി​റ​വേ​റ്റു​വാൻ കഴി​യു​ന്ന ഒരു അവ​സ്ഥ​യാ​യി എത്ര​ത്തോ​ളം​കാ​ലം ഈശ്വ​രൻ നി​ശ്ച​യി​ക്കു​ന്നു​വോ, അത്ര​ത്തോ​ളം​കാ​ലം സമു​ദാ​യ​ത്തി​ലെ എല്ലാ കാ​ര്യ​ങ്ങ​ളി​ലും സ്ത്രീ​ബു​ദ്ധി​യും സ്ത്രീ​യു​ടെ അഭി​പ്രാ​യ​ങ്ങ​ളും പ്ര​ബ​ല​പ്പെ​ട്ടു കാ​ണേ​ണ്ട​താ​ണു്. കാരണം, മനു​ഷ്യ​ജീ​വ​ന്റെ വില സ്ത്രീ അറി​യു​ന്ന​തു​പോ​ലെ ഒരു​കാ​ല​ത്തും പു​രു​ഷൻ അറി​യു​ന്നി​ല്ല…

…യു​ദ്ധം എങ്ങ​നെ​യാ​ണു് ഇല്ലാ​താ​ക്കേ​ണ്ട​തു് എന്നു് ലോ​ക​ത്തിൽ സകല രാ​ജ്യ​ക്കാ​രും ആലോ​ചി​ച്ചു​വ​രു​ന്നു… സ്ത്രീ​കൾ​ക്കും പു​രു​ഷ​ന്മാ​രെ​പ്പോ​ലെ സാ​മു​ദാ​യി​ക​കാ​ര്യ​ങ്ങ​ളിൽ പ്രാ​ബ​ല്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കിൽ ഈ അവസ്ഥ ഒരി​ക്ക​ലും വരു​ന്ന​ത​ല്ല. ഭൂമി മനു​ഷ്യ​ര​ക്തം​കൊ​ണ്ടു നന​യു​ന്ന​തു​ക​ണ്ടു മേ​ലി​ലു​ണ്ടാ​വാൻ​പോ​കു​ന്ന ധനവും കച്ച​വ​ട​ലാ​ഭ​വും ആലോ​ചി​ച്ചു് സ്ത്രീ​ക്കു് സന്തോ​ഷി​പ്പി​ക്കാൻ കഴി​യു​ന്ന​ത​ല്ല.

…രാ​ജ്യ​ത്തു വൈ​ദ്യ​ന്മാ​രും ആസ്പ​ത്രി​ക​ളും സ്കൂ​ളു​ക​ളും പോരാ എന്നു പറ​യു​മ്പോൾ സൈ​ന്യ​ച്ചെ​ല​വി​നു പണം ആവ​ശ്യ​മു​ള്ള​തു​കൊ​ണ്ടു് ഈവക കാ​ര്യ​ങ്ങ​ളിൽ പണം ചെ​ല​വു​ചെ​യ്യാൻ സാ​ധി​ക്ക​യി​ല്ലെ​ന്നാ​ണു് ഇന്ന​ത്തെ ഭര​ണാ​ധി​കാ​രി​കൾ പറ​യു​ന്ന​തു്. മനു​ഷ്യ​ജീ​വ​നെ നശി​പ്പി​ക്കു​ന്ന​തി​നു് അതിനെ രക്ഷി​ക്കു​ന്ന​തി​നേ​ക്കാൾ ആവ​ശ്യ​മായ സം​ഗ​തി​യാ​യി​ട്ടു് അവർ വി​ചാ​രി​ക്കു​ന്നു. പൗ​ര​കാ​ര്യ​ങ്ങ​ളിൽ പു​രു​ഷ​ന്മാർ​ക്കെ​ന്ന​പോ​ലെ സ്ത്രീ​കൾ​ക്കും അധി​കാ​ര​മു​ണ്ടെ​ങ്കിൽ നി​ശ്ച​യ​മാ​യും ഇങ്ങ​നെ ഒരു അഭി​പ്രാ​യം ഒരു​രാ​ജ്യ​ത്തും പ്ര​ചാ​ര​ത്തിൽ വരി​ക​യി​ല്ല.

സ്ത്രീ​ക​ളു​ടെ പൊ​തു​പ്ര​വർ​ത്ത​നം അവ​രു​ടെ കു​ടുംബ ഉത്ത​ര​വാ​ദി​ത്വ​ത്തെ ബാ​ധി​ക്കു​മെ​ന്ന എതിർ​പ്പി​നെ മുൻ​കൂ​ട്ടി കണ്ടു​കൊ​ണ്ടു് ചി​ന്ന​മ്മാ​ളു അമ്മ അതിനു മറു​പ​ടി പറ​യു​ന്നു​ണ്ടു്:

kimages/Kulasthree_Chapter_six_pic04.png

ഒന്നാ​മ​ത്തെ വി​രോ​ധം പൗ​ര​കാ​ര്യ​ങ്ങ​ളിൽ പ്ര​വേ​ശി​ച്ചാൽ മാ​തൃ​ത്വ​വും ഭാ​ര്യാ​ത്വ​വും സ്ത്രീ​കൾ​ക്കു കു​റ​ഞ്ഞു​പോ​കു​മെ​ന്നാ​ണു്. അവ സ്വീ​ക​രി​ച്ചാൽ​ത്ത​ന്നെ​യും വേ​ണ്ടും​വ​ണ്ണം നിർ​വ്വ​ഹി​ക്ക​യി​ല്ല എന്നാ​ണു പി​ന്ന​ത്തെ വാദം. പ്ര​ഥ​മ​ദൃ​ഷ്ടി​യിൽ ഈ ന്യാ​യ​ങ്ങൾ​ക്കു വളരെ അടി​സ്ഥാ​ന​മു​ണ്ടെ​ന്നു തോ​ന്നി​പ്പോ​കും. പക്ഷേ, അൽ​പ്പം ആലോ​ചി​ച്ചാൽ അവ നി​സ്സാ​ര​ങ്ങ​ളാ​ണെ​ന്നു കാണാം. ഒരു സമു​ദാ​യ​ത്തിൽ ജനി​ച്ച എല്ലാ സ്ത്രീ​ക​ളും മാ​തൃ​ത്വ​ത്തെ​യും ഭാ​ര്യാ​പ​ദ​ത്തെ​യും വഹി​ക്കു​ന്നി​ല്ല. ചിലർ വി​ധ​വ​ക​ളാ​യി​പ്പോ​കു​ന്നു​ണ്ടു്. ചിലർ കന്യ​ക​ക​ളാ​യി​ത്ത​ന്നെ ഇരി​ക്കു​ന്നു. സമു​ദാ​യ​ത്തി​ന്റെ നി​ല​നിൽ​പ്പി​നു് എല്ലാ സ്ത്രീ​ക​ളും ആ പദ​വി​കൾ വഹി​ക്ക​ണ​മെ​ന്നും ഇല്ല. നാം ഇപ്പോൾ ആ അപ​രി​ഷ്കൃ​ത​കാ​ല​ത്തി​ല​ല്ല ജീ​വി​ക്കു​ന്ന​തു്. … ഈ 20-ആം നൂ​റ്റാ​ണ്ടിൽ സമു​ദാ​യ​ത്തി​ന്റെ എണ്ണ​മ​ല്ല ഗു​ണ​മാ​ണു് ഉത്ക്കർ​ഷ​ത്തി​ന്റെ ലക്ഷ​ണം.

(‘സമു​ദാ​യ​ത്തിൽ സ്ത്രീ​ക​ളു​ടെ സ്ഥാ​നം’, മഹിള 4(7), 1924)

വേ​ങ്ങാ​ലിൽ കെ. ചി​ന്ന​മ്മാ​ളു അമ്മ

കഴി​വു​ള്ള പു​രു​ഷ​നു് പ്ര​ശ​സ്തി​യും അം​ഗീ​കാ​ര​വും കൂ​ടു​തൽ എളു​പ്പ​ത്തിൽ കി​ട്ടു​ന്നു; കഴി​വു​ള്ള സ്ത്രീ​യോ, പല​പ്പോ​ഴും കു​ട​ത്തി​ലെ ദീ​പം​പോ​ലെ​യാ​ണു്. ഈ ദുഃ​ഖ​സ​ത്യ​ത്തി​നു തെ​ളി​വാ​ണു് വി. കെ. ചി​ന്ന​മ്മാ​ളു അമ്മ. കോ​ഴി​ക്കോ​ടു് പന്നി​യ​ങ്ക​ര​യ്ക്കു സമീ​പ​മു​ള്ള പ്ര​ശ​സ്ത​മായ വേ​ങ്ങാ​ലിൽ തറ​വാ​ട്ടിൽ കോ​മ​ത്തു് കൃ​ഷ്ണ​ക്കു​റു​പ്പി​ന്റെ​യും വേ​ങ്ങാ​ലിൽ ലക്ഷ്മി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും മൂ​ത്ത​മ​ക​ളാ​യി​രു​ന്നു അവർ. അസാ​മാ​ന്യ​മായ ഭാ​ഷാ​പാ​ട​വ​മു​ണ്ടാ​യി​രു​ന്ന അവർ മല​യാ​ളം, സം​സ്കൃ​തം, ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, ലാ​റ്റിൻ എന്നീ ഭാ​ഷ​ക​ളിൽ ലേ​ഖ​ന​ങ്ങ​ളും പ്ര​ബ​ന്ധ​ങ്ങ​ളും രചി​ച്ചി​രു​ന്നു. അവർ 14-ആം വയ​സ്സിൽ രചി​ച്ച സം​സ്കൃ​ത​ഗ്ര​ന്ഥം മെ​ട്രി​ക്കു​ലേ​ഷൻ (10-ആം ക്ലാ​സ്) പരീ​ക്ഷ​യ്ക്കു പാ​ഠ​പു​സ്ത​ക​മാ​യി​രു​ന്നു. അങ്ങ​നെ സ്വ​ന്തം പു​സ്ത​കം പരീ​ക്ഷ​യ്ക്കു പഠി​ച്ചു പാ​സാ​വുക എന്ന അപൂർ​വ്വ​ഭാ​ഗ്യം അവർ​ക്കു കൈ​വ​ന്നു! വി​ദ്യാ​ഭ്യാ​സാ​ന​ന്ത​രം ചി​ന്ന​മ്മാ​ളു​വ​മ്മ മദ്രാ​സി​ലേ​ക്കു് താമസം മാ​റ്റി; വി​വാ​ഹം വേ​ണ്ടെ​ന്നു​വ​ച്ചു. അദ്ധ്യാ​പിക, സാ​മൂ​ഹ്യ​പ്ര​വർ​ത്തക എന്ന നി​ല​ക​ളിൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. എന്നാൽ, ചി​ന്ന​മ്മാ​ളു​വ​മ്മ​യെ​ക്കു​റി​ച്ച​റി​യു​ന്ന മല​യാ​ളി​കൾ ചു​രു​ങ്ങും. അവ​രു​ടെ സഹോ​ദ​ര​നെ, പക്ഷേ, എല്ലാവരുമറിയും-​സാക്ഷാൽ വി. കെ. കൃ​ഷ്ണ​മേ​നോൻ, നെ​ഹ്രു​വി​ന്റെ സന്ത​ത​സ​ഹ​ചാ​രി, ആദ്യ​കാല ഇന്ത്യൻ വി​ദേ​ശ​ന​യം രൂ​പ​പ്പെ​ടു​ത്തു​ന്ന​തിൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി, നെ​ഹ്രു മന്ത്രി​സ​ഭ​യി​ലെ പ്ര​തി​രോ​ധ​മ​ന്ത്രി എന്നീ നി​ല​ക​ളിൽ പ്ര​ശ​സ്ത​നാ​ണ​ല്ലോ അദ്ദേ​ഹം.

പുതിയ മാ​തൃ​ത്വ​ത്തി​ന്റെ അടി​സ്ഥാ​ന​ല​ക്ഷ്യ​ങ്ങ​ളെ വി​പു​ലീ​ക​രി​ക്കു​ക​യാ​യി​രു​ന്നു വി. കെ. ചി​ന്ന​മ്മാ​ളു അമ്മ​യു​ടെ താൽ​പ്പ​ര്യം. എന്നാൽ ഈ അടി​സ്ഥാ​ന​ല​ക്ഷ്യ​ങ്ങൾ സമൂ​ഹ​ത്തി​നു് ഹി​ത​ക​ര​മാ​ണോ സ്ത്രീ​കൾ​ക്കു് അവ കൂ​ടു​തൽ അനു​കൂ​ലം​ത​ന്നെ​യോ എന്നു​ള്ള ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ച​വ​രും ഇതേ​കാ​ല​ത്തു​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ഇവ​രു​ടെ വി​മർ​ശ​നം പുതിയ മാ​തൃ​ത്വ​ത്തി​ന്റെ അടി​സ്ഥാന ന്യാ​യീ​ക​ര​ണ​ങ്ങൾ​ക്കു​നേ​രെ​യാ​യി​രു​ന്നു. മല​യാ​ള​ത്തി​ലെ പ്ര​മുഖ സാ​ഹി​ത്യ​കാ​രി​ക​ളായ ലളി​താം​ബി​കാ അന്തർ​ജ​നം, കെ. സര​സ്വ​തി അമ്മ എന്നി​വ​രു​ടെ പേ​രു​കൾ ഇവിടെ ഓർ​ക്കേ​ണ്ട​തു​ണ്ടു്. തി​ക​ച്ചും വ്യ​ത്യ​സ്ത​മായ രീ​തി​ക​ളി​ലാ​ണെ​ങ്കി​ലും, പുതിയ മാ​തൃ​ത്വ​ത്തി​ന്റെ അടി​സ്ഥാ​ന​ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു് ഇരു​വ​രും ചോ​ദ്യ​ങ്ങ​ളു​യർ​ത്തി​യ​തു്.

ഇവരിൽ സര​സ്വ​തി​യ​മ്മ പൊ​തു​വെ ‘മാ​തൃ​ത്വ​മ​ഹിമ’യെ​ക്കു​റി​ച്ചു​ള്ള അവകാശവാദത്തെ-​അതായതു്, സ്ത്രീ​കൾ​ക്കു് നേ​ടാ​വു​ന്ന ഏറ്റ​വും ഉന്ന​ത​മായ, ഉത്കൃ​ഷ്ട​മായ സാ​മൂ​ഹ്യ​നില അമ്മ​യു​ടേ​താ​ണു് എന്ന വാദത്തെ-​സംശയത്തോടെയാണു് കണ്ട​തു്. സത്യ​ത്തിൽ അമ്മ എന്ന നില അത്ര മഹ​ത്ത​ര​മാ​ണോ എന്നു് തന്റെ കഥ​ക​ളി​ലൂ​ടെ അവർ ചോ​ദി​ച്ചു. മാ​തൃ​വാ​ത്സ​ല്യ​ത്തെ​ക്കു​റി​ച്ചു​ള്ള പു​ക​ഴ്ത്ത​ലു​കൾ സർ​വ്വ​ത്ര കേൾ​ക്കാ​മെ​ങ്കി​ലും അത​ത്ര​വ​ള​രെ ഉറ​പ്പു​ള്ള​താ​ണോ എന്ന ചോ​ദ്യ​മാ​ണു് ‘വാ​ത്സ​ല്യ​ത്തി​ന്റെ ഉറവു്’ എന്ന കഥ​യി​ലൂ​ടെ അവർ ഉന്ന​യി​ക്കാൻ ശ്ര​മി​ച്ച​തു്. സ്ത്രീ​ശ​രീ​ര​ത്തി​ന്റെ പ്ര​ത്യേ​ക​ത​ക​ളായ ഗർ​ഭ​ധാ​ര​ണം, പ്ര​സ​വം മു​ത​ലായ പ്ര​ക്രി​യ​കൾ സ്ത്രീ​കൾ​ക്കു് പ്ര​ത്യേ​കി​ച്ചൊ​രു സദാ​ചാ​ര​മ​ഹി​മ​യും പ്ര​ദാ​നം ചെ​യ്യു​ന്നി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല അതവരെ സമൂ​ഹ​ത്തിൽ പി​ന്നാ​ക്കം വലി​ക്കു​ന്നു​ണ്ടെ​ന്നും അവർ വാ​ദി​ച്ചു. ‘സ്ത്രീ​സ​ഹ​ജ​വാ​സന’കളെ​ക്കു​റി​ച്ചു​ള്ള പറ​ച്ചിൽ കേൾ​ക്കാൻ സു​ഖ​മാ​ണെ​ങ്കി​ലും സ്ത്രീ​ക​ളെ ചില വാർപ്പുമാതൃകകളിൽ-​സ്ത്രീസ്വഭാവത്തെക്കുറിച്ചുള്ള ചില പരിമിതധാരണകളിൽ-​ഒതുക്കുകയല്ലേ ചെ​യ്യു​ന്ന​തു്? കു​ടും​ബ​മെ​ന്ന സ്ഥാ​പ​നം നൽ​കു​ന്ന സാ​ദ്ധ്യ​ത​കൾ​ക്കും ക്ഷമ, ദയ, സഹ​ന​ശീ​ലം മു​ത​ലായ ‘സ്ത്രീ​ഗു​ണ​ങ്ങൾ’ നൽ​കു​ന്ന സാ​ദ്ധ്യ​ത​കൾ​ക്കു​മ​പ്പു​റം മറ്റു സാ​ദ്ധ്യ​ത​ക​ളി​ല്ലേ? സേ​വ​ന​ത്തി​നും ത്യാ​ഗ​ത്തി​നും ഒന്നും​പോ​കാ​തെ ‘സ്വ​ന്തം​പാ​ടു’നോ​ക്കി​ന​ട​ക്കു​ന്ന​വ​രും പു​രു​ഷ​ന്റേ​തെ​ന്നു കരു​ത​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ളിൽ അഭി​രു​ചി​യും കഴി​വു​ള്ള​വ​രു​മായ സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങൾ​ക്കു് സര​സ്വ​തി​യ​മ്മ​യു​ടെ കഥാ​ലോ​ക​ത്തിൽ വലിയ ഇട​മു​ണ്ടു്. ‘സഹ​ജ​വാ​സന’കളു​ടെ​പേ​രിൽ സ്ത്രീ​കൾ സമൂ​ഹ​ത്തി​ന്റെ വിശാല ഇട​ങ്ങ​ളിൽ​നി​ന്നു് പു​റ​ത്താ​ക്കാ​നി​ട​വ​ര​രു​തു് എന്ന മു​ന്ന​റി​യി​പ്പാ​ണു് അവർ നൽ​കി​യ​തു്.

അന്തർ​ജ​ന​മാ​ക​ട്ടെ, മറ്റൊ​രു​ത​രം വി​മർ​ശ​ന​മാ​ണു​യർ​ത്തി​യ​തു്. അമ്മ​യും കു​ഞ്ഞും തമ്മി​ലു​ള്ള ബന്ധ​ത്തെ വെറും ഒരു ഉപ​ക​ര​ണം​പോ​ലെ​യ​ല്ലേ പുതിയ മാ​തൃ​ത്വം കാ​ണു​ന്ന​തെ​ന്ന​താ​യി​രു​ന്നു അവർ വീ​ണ്ടും​വീ​ണ്ടും ഉന്ന​യി​ച്ച ചോ​ദ്യം. മാ​തൃ​ത്വം വി​ല​പ്പെ​ട്ട​തും മഹ​ത്ത​ര​വും സ്ത്രീ​കൾ​ക്കു് സവി​ശേ​ഷ​മാ​യി ലഭി​ച്ച അനു​ഗ്ര​ഹ​വു​മാ​ണെ​ന്നു് അന്തർ​ജ​നം കരുതി-​അത്രത്തോളം യോ​ജി​പ്പു് പുതിയ മാ​തൃ​ത്വ​ത്തി​ന്റെ വക്താ​ക്ക​ളു​മാ​യി അവർ​ക്കു​ണ്ടാ​യി​രു​ന്നു. പക്ഷേ, ഈ മഹ​ത്ത​ര​മായ മാ​തൃ​ത്വ​ത്തി​നു് അനു​സ​ര​ണ​യും അദ്ധ്വാ​ന​ശീ​ല​വും ആരോ​ഗ്യ​വു​മു​ള്ള കു​ട്ടി​ക​ളെ വാർ​ത്തെ​ടു​ക്കുക എന്ന ലക്ഷ്യം​മാ​ത്ര​മേ ഉള്ളു​വെ​ന്നാ​ണോ? കു​ട്ടി​ക​ളെ ‘ഭരി​ക്കുക’, അവ​രു​ടെ ദൈ​നം​ദി​ന​ജീ​വി​ത​ത്തെ ‘ചിട്ട’പ്പെ​ടു​ത്തുക, കേവലം ‘അസം​സ്കൃ​ത​വ​സ്തു’വി​നെ​പ്പോ​ലെ കു​ഞ്ഞു​ങ്ങ​ളെ കരു​തി​ക്കൊ​ണ്ടു് ഭാ​വി​യിൽ പൂർ​ണ്ണ​വ്യ​ക്തി​ക​ളാ​യി അവരെ വാർത്തെടുക്കുക-​ഇതൊക്കെയാണു് അമ്മ ചെ​യ്യേ​ണ്ട​തു് എന്ന വാ​ദ​ത്തോ​ടു​ള്ള കഠി​ന​മായ എതിർ​പ്പു് അന്തർ​ജ​ന​ത്തി​ന്റെ ഒട്ട​ന​വ​ധി കഥ​ക​ളിൽ നി​റ​ഞ്ഞു​നിൽ​ക്കു​ന്നു. അമ്മ എന്ന നിലയെ വെറും ‘മാ​നേ​ജർ’ ആക്കി ചു​രു​ക്കു​ക​യാ​ണു് ഈ പുതിയ മാ​തൃ​ത്വ​മെ​ന്നു് അവർ വീ​ണ്ടും​വീ​ണ്ടും വി​ളി​ച്ചു​പ​റ​യു​ന്നു.

ഈ ചു​രു​ക്ക​ലി​നെ രണ്ടു​രീ​തി​ക​ളിൽ നേ​രി​ടാൻ അവർ ശ്ര​മി​ക്കു​ന്നു. ഒന്നാ​മ​തു് അത്ത​രം ചു​രു​ക്ക​ലി​നു വി​ധേ​യ​മാ​കാ​ത്ത മാ​തൃ​ത്വ​ങ്ങ​ളെ തന്റെ കഥ​ക​ളിൽ നിർ​മ്മി​ച്ചു​കൊ​ണ്ടു്. ‘മു​ല​പ്പാ​ലി​ന്റെ മണം’ എന്ന കഥ ഒരു​ദാ​ഹ​ര​ണ​മാ​ണു്. രണ്ടാ​മ​തു്, പുതിയ മാ​തൃ​ത്വം വി​ല​കൽ​പ്പി​ക്കാ​ത്ത​തും എന്നാൽ സു​പ്ര​ധാ​ന​വു​മായ ശാ​രീ​രി​ക​ഭാ​വ​ങ്ങ​ളെ പു​നർ​മൂ​ല്യം ചെ​യ്തു​കൊ​ണ്ടു്. ‘പ്ര​സ​വി​ച്ചാൽ​പ്പോര, നന്നാ​യി വളർ​ത്തു​ക​കൂ​ടി ചെ​യ്താ​ലേ അമ്മ എന്ന സ്ഥാ​ന​ത്തി​നു് സ്ത്രീ അർ​ഹ​ത​നേ​ടൂ’ എന്നാ​യി​രു​ന്നു പുതിയ മാ​തൃ​ത്വ​ത്തി​ന്റെ മു​ദ്രാ​വാ​ക്യം എന്നു് മു​മ്പു പറ​ഞ്ഞു​വ​ല്ലോ. ഇതി​നെ​യാ​ണു് അന്തർ​ജ​നം ചോ​ദ്യം​ചെ​യ്ത​തു്. പ്ര​സ​വം, ഗർ​ഭ​ധാ​ര​ണം, മു​ല​യൂ​ട്ടൽ എന്നീ ശാ​രീ​രി​ക​പ്ര​ക്രി​യ​ക​ളെ അങ്ങ​നെ തള്ളി​ക്ക​ള​യാൻ പാ​ടി​ല്ലെ​ന്നു് അവർ സ്ഥാ​പി​ക്കു​ന്ന കഥ​ക​ളിൽ ഈ പ്ര​ക്രി​യ​ക​ളെ​ല്ലാം കാ​ര്യ​മായ പു​നർ​മൂ​ല്യ​ത്തി​നു വി​ധേ​യ​മാ​കു​ന്നു. പ്ര​സ​വ​മെ​ന്ന അനു​ഭ​വ​ത്തി​ലൂ​ടെ ആഴ​ത്തി​ലു​ള്ള മാ​റ്റ​ങ്ങൾ അനു​ഭ​വി​ക്കു​ന്ന നി​ര​വ​ധി സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അവർ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടു്. മാ​ത്ര​മ​ല്ല, ജാതി-​മത-ധനിക-ദരിദ്ര ഭേ​ദ​ങ്ങൾ​ക്ക​പ്പു​റം സ്ത്രീ​ക​ളെ ഒറ്റ​ക്കെ​ട്ടാ​ക്കു​ന്ന അനു​ഭ​വ​ങ്ങ​ളാ​ണിവ എന്നു​കൂ​ടി അന്തർ​ജ​നം സൂ​ചി​പ്പി​ക്കു​ന്നു. ‘സ്നേ​ഹ​യാ​ച​കി’ എന്ന കഥ നല്ലൊ​രു​ദാ​ഹ​ര​ണ​മാ​ണു്. ധനി​ക​യായ ഒരു യു​വ​തി​യും പര​മ​ദ​രി​ദ്ര​യായ ഒരു ഭി​ക്ഷ​ക്കാ​രി​യും തമ്മിൽ ആശ​യ​വി​നി​മ​യം സാ​ദ്ധ്യ​മാ​ക്കു​ന്ന ഒരി​ട​മാ​യി മാ​തൃ​ത്വം സങ്കൽ​പ്പി​ക്ക​പ്പെ​ടു​ന്നു, ഇതിൽ. ‘സ്ത്രീ​ഗു​ണ​ങ്ങൾ​ക്ക്’-​അതായതു് സ്ത്രീസ്വഭാവഗുണങ്ങൾക്കു്-​നവമാതൃത്വാദർശം നൽകിയ അമി​ത​പ്രാ​ധാ​ന്യ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​യി ഇതിനെ വാ​യി​ക്കാ​വു​ന്ന​താ​ണു്. ഈ രണ്ടു പ്ര​തി​ക​ര​ണ​ങ്ങൾ​ക്കു​പു​റ​മെ, മാ​തൃ​ത്വ​വും പൊ​തു​ജീ​വി​ത​വും പര​സ്പ​രം ചേ​രാ​ത്ത രണ്ടു കാ​ര്യ​ങ്ങ​ളാ​ണെ​ന്ന വാ​ദ​ത്തെ അവർ വളരെ ശക്ത​മാ​യി എതിർ​ത്തി​ട്ടു​മു​ണ്ടു്. മാ​തൃ​ത്വ​ത്തെ ഒഴി​വാ​ക്കു​ന്ന പൊ​തു​ജീ​വി​ത​വും പൊ​തു​ജീ​വി​ത​ത്തെ ഒഴി​വാ​ക്കു​ന്ന മാ​തൃ​ത്വ​വും അപൂർ​ണ്ണ​മാ​ണു് എന്നു് അവർ പ്ര​ഖ്യാ​പി​ക്കു​ന്നു. ഈ രണ്ടു ജീ​വി​ത​വ​ഴി​കൾ ഇങ്ങ​നെ വേർ​പെ​ടാ​നി​ട​യാ​യ​താ​ണു് മല​യാ​ളി​സ്ത്രീ​കൾ​ക്കു സം​ഭ​വി​ച്ച ദു​ര​ന്ത​മെ​ന്ന സന്ദേ​ശ​മാ​ണു് അഗ്നി​സാ​ക്ഷി എന്ന അവ​രു​ടെ നോവൽ നൽ​കു​ന്ന​തു്. (അഗ്നി​സാ​ക്ഷി ഒരർ​ത്ഥ​ത്തിൽ വരേ​ണ്യ​മ​ല​യാ​ളി​സ്ത്രീ​ക​ളു​ടെ ചരി​ത്രം​ത​ന്നെ​യാ​ണു്.)

അന്തർ​ജ​ന​വും സര​സ്വ​തി​യ​മ്മ​യും രണ്ടു​വി​ധ​ത്തിൽ നട​ത്തിയ ആഴ​ത്തി​ലു​ള്ള വി​മർ​ശ​നം അടു​ത്ത​കാ​ലം​വ​രെ​യും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​യ​തെ​ന്തു​കൊ​ണ്ടെ​ന്ന ചോ​ദ്യം ചോ​ദി​ക്കാ​തെ വയ്യ! ഇവി​ടു​ത്തെ സാ​ഹി​ത്യ​വി​മർ​ശ​കർ അന്തർ​ജ​ന​ത്തെ ‘മാ​തൃ​ത്വ​ത്തി​ന്റെ കഥാ​കാ​രി’ എന്നു പ്ര​ഖ്യാ​പി​ച്ചു് ഒരു മൂ​ല​യ്ക്കി​രു​ത്തി; ചി​ല​രൊ​ക്കെ സര​സ്വ​തി​യ​മ്മ​യെ ‘കു​ടും​ബ​വി​രോ​ധി’യായി മു​ദ്ര​കു​ത്തി. പുതിയ മാ​തൃ​ത്വ​ത്തെ​ക്കു​റി​ച്ചു് ഇവ​രു​യർ​ത്തിയ ചോ​ദ്യ​ങ്ങ​ളു​ടെ ഗൗരവം സാ​ഹി​ത്യ​വി​മർ​ശ​ക​രും പണ്ഡി​ത​രും തി​രി​ച്ച​റി​ഞ്ഞ​തേ​യി​ല്ല! പുതിയ മാ​തൃ​ത്വ​ത്തെ​ക്കു​റി​ച്ചൊ​രു ചർച്ച, അതു് സാ​ഹി​ത്യ​ത്തി​ലൂ​ടെ​യാ​ണെ​ങ്കി​ലും, ഈ നാ​ട്ടിൽ നട​ന്നു​വെ​ന്ന കാ​ര്യം​പോ​ലും ചരി​ത്ര​ര​ച​യി​താ​ക്കൾ തി​രി​ച്ച​റി​ഞ്ഞി​ല്ല എന്ന​താ​ണു് ദുഃ​ഖ​ക​ര​മായ വസ്തുത. പക്ഷേ, മാ​തൃ​ത്വ​ത്തെ ചരി​ത്ര​ദൃ​ഷ്ടി​യി​ലൂ​ടെ വി​ല​യി​രു​ത്താ​നു​ള്ള സാ​ദ്ധ്യ​ത​പോ​ലും അടു​ത്ത​കാ​ല​ത്താ​ണു് വെ​ളി​വാ​യ​തു് എന്ന​കാ​ര്യം ഓർ​ക്കേ​ണ്ട​താ​ണു്. ‘അമ്മ’ എന്ന നില ശാ​ശ്വ​ത​വും ചോ​ദ്യ​ങ്ങൾ​ക്ക​പ്പു​റ​വു​മാ​ണെ​ന്ന ധാരണ ശക്ത​മാ​യി​ത്തു​ടർ​ന്ന അന്ത​രീ​ക്ഷ​മാ​യി​രു​ന്നു കേ​ര​ള​ത്തിൽ അടു​ത്തി​ടെ​വ​രെ​യു​ണ്ടാ​യി​രു​ന്ന​തു്. ഇന്ന​തു് മാറിവരുന്നു-​അതോടുകൂടി മാ​റി​വ​രു​ന്ന കു​ടും​ബ​രീ​തി​ക​ളെ​യും മാ​തൃ​ത്വ​സ​ങ്കൽ​പ്പ​ങ്ങ​ളെ​യും ചരി​ത്ര​ദൃ​ഷ്ടി​യി​ലൂ​ടെ നാം വി​ല​യി​രു​ത്തി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു.

kimages/Kulasthree_Chapter_six_pic05.png
സര​സ്വ​തി അമ്മ

ലളി​താം​ബി​ക​യു​ടെ ശൈ​ലി​യിൽ​നി​ന്നും തീർ​ത്തും വ്യ​ത്യ​സ്ത​മായ കഥ​ക​ളാ​യി​രു​ന്നു സര​സ്വ​തി അമ്മ എഴു​തി​യ​തെ​ങ്കി​ലും പുതിയ സാ​മൂ​ഹ്യ​സാ​ഹ​ച​ര്യ​ങ്ങൾ സ്ത്രീ​കൾ​ക്കു നൽകിയ സാ​ദ്ധ്യ​ത​ക​ളെ​പ്പ​റ്റി​യു​ള്ള വി​ചി​ന്ത​ന​ങ്ങ​ളാ​ണു് അവ​രു​ടെ കഥ​ക​ളി​ലും. 1919-ൽ കു​ന്ന​പ്പു​ഴ​യിൽ കി​ഴ​ക്കേ​വീ​ട്ടിൽ കാർ​ത്ത്യാ​യ​നി​യ​മ്മ​യു​ടെ മക​ളാ​യി അവർ ജനി​ച്ചു. 1928-മുതൽ തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു സര​സ്വ​തി​യ​മ്മ​യു​ടെ കു​ടും​ബം താ​മ​സി​ച്ച​തു്. തി​രു​ന​ന്ത​പു​ര​ത്തു സ്കൂൾ​വി​ദ്യാ​ഭ്യാ​സം പൂർ​ത്തി​യാ​ക്കിയ അവർ പഠ​ന​ത്തിൽ മികവു കാ​ട്ടി​യി​രു​ന്നു. കു​ടും​ബ​ത്തി​നു് സാ​മ്പ​ത്തി​ക​ശേ​ഷി കു​റ​വാ​യി​രു​ന്നു. വീ​ട്ടിൽ​നി​ന്നു പ്രോ​ത്സാ​ഹ​നം കു​റ​വാ​യി​രു​ന്നു. എങ്കി​ലും സ്കോ​ളർ​ഷി​പ്പി​ന്റെ പിൻ​ബ​ല​ത്തിൽ ഗവൺ​മെ​ന്റ് വി​മൻ​സ് കോ​ളേ​ജിൽ ഇന്റർ​മീ​ഡി​യ​റ്റി​നു ചേർ​ന്നു. വളരെ ബു​ദ്ധി​മു​ട്ടി​യാ​ണു് പി​ന്നീ​ടു ബി​രു​ദ​വി​ദ്യാ​ഭ്യാ​സം പൂർ​ത്തി​യാ​ക്കി​യ​തു്. പു​രു​ഷ​ന്മാ​രായ വി​ദ്യാർ​ത്ഥി​ക​ളോ​ടു് സമ​ഭാ​വ​ന​യോ​ടെ പെ​രു​മാ​റി​യി​രി​ന്ന​തു​കൊ​ണ്ടും പെൺ​കു​ട്ടി​കൾ കയ​റി​ച്ചെ​ല്ലാൻ മടി​ച്ചി​രു​ന്ന വേ​ദി​ക​ളി​ലേ​ക്കു് സധൈ​ര്യം കട​ന്നു​ചെ​ന്നി​രു​ന്ന​തു​കൊ​ണ്ടു​മാ​വാം ‘വട്ടു​സ​ര​സ്വ​തി’ എന്ന പരി​ഹാ​സ​പ്പേർ അവർ​ക്കു വീണു എന്നു് സഹ​പാ​ഠി​കൾ പറ​യു​ന്നു. 1942-ൽ ബി. ഏ പാ​സാ​യ​ശേ​ഷം കു​റ​ച്ചു​കാ​ലം അദ്ധ്യാ​പി​ക​യാ​യി പ്ര​വർ​ത്തി​ച്ചു. 1945-ൽ ലോ​ക്കൽ ഫണ്ടു് ഓഡി​റ്റ് ഡി​പ്പാർ​ട്ട്മെ​ന്റിൽ ഉദ്യോ​ഗ​സ്ഥ​യാ​യി. സ്വ​ന്തം വീടു് പണി​ക​ഴി​പ്പി​ച്ചു് ഒറ്റ​യ്ക്കു താ​മ​സി​ച്ചു. കേ​ര​ള​ത്തിൽ അക്കാ​ല​ത്തു പ്ര​ച​രി​ച്ചു​വ​ന്ന പു​തി​യ​കു​ടും​ബ​മൂ​ല്യ​ങ്ങ​ളു​ടെ സ്ത്രീ​വി​രു​ദ്ധ​ത​യെ വി​ട്ടു​വീ​ഴ്ച്ച​യി​ല്ലാ​തെ തു​റ​ന്നു​കാ​ട്ടു​ന്ന കഥ​ക​ളാ​ണ​വ​രു​ടേ​തു്.

‘കേ​ര​ള​മാ​തൃക’യും മാ​തൃ​ത്വ​വും

1930-കളിൽ ഇന്ത്യ​യു​ടെ പല ഭാ​ഗ​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​സ്ത്രീ​ക​ളെ ഭാ​ര​മേ​റിയ വേ​ല​ക​ളിൽ​നി​ന്നു ഒഴി​വാ​ക്കാ​നെ​ന്ന പേരിൽ നട​പ്പാ​ക്കിയ നി​യ​മ​ങ്ങ​ളും യന്ത്ര​സം​വി​ധാ​ന​ങ്ങ​ളു​ടെ വര​വോ​ടെ സ്ത്രീ​ക​ളെ തൊ​ഴി​ലി​ട​ത്തു​നി​ന്നു പു​റ​ത്താ​ക്കു​ന്ന രീ​തി​യും ശക്ത​മാ​യി​യെ​ന്നു സ്ത്രീ​ച​രി​ത്ര​ര​ച​യി​താ​ക്കൾ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ടു്. മേൽ​വി​വ​രി​ച്ച മാ​തൃ​ത്വ​പ്ര​ത്യ​യ​ശാ​സ്ത്രം തൊ​ഴി​ലാ​ളി സ്ത്രീ​കൾ​ക്കി​ട​യിൽ പ്ര​ച​രി​ക്കാ​നു​ള്ള അന്ത​രീ​ക്ഷം ഇതോ​ടു​കൂ​ടി സജ്ജ​മാ​യി​ത്തു​ട​ങ്ങി​യെ​ന്നും ഇവർ നി​രീ​ക്ഷി​ക്കു​ന്നു. 1939-ൽ തി​രു​വി​താം​കൂ​റിൽ സ്ത്രീ​കൾ രാ​ത്രി​സ​മ​യ​ത്തു് പണി​യെ​ടു​ത്തു​കൂ​ടെ​ന്നു നി​യ​മം​വ​ന്നു—രാ​വി​ലെ 7-നും വൈ​കി​ട്ടു് 5-നും ഇടയിൽ മാ​ത്ര​മേ അവർ​ക്കു പണി​നൽ​കാ​വൂ. ഇത​വർ​ക്കു കൂ​ടു​തൽ വി​ശ്ര​മം​കി​ട്ട​ട്ടെ എന്ന കരു​ത​ലിൽ​നി​ന്ന​ല്ല ജനി​ച്ച​തെ​ന്നു കശു​വ​ണ്ടി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ചരി​ത്രം പഠി​ച്ച അന്നാ ലി​ന്റ​ബർ​ഗ് പറ​യു​ന്നു. സ്ത്രീ​ക​ളു​ടെ ഗൃ​ഹ​ജോ​ലി​ക​ളെ ഫാ​ക്ട​റി​സ​മ​യം ബാ​ധി​ക്ക​രു​തെ​ന്ന കരു​ത​ലേ നി​യ​മ​ത്തെ അനു​കൂ​ലി​ച്ച​വർ​ക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. 1940-കളിൽ തൊ​ഴി​ലി​ട​ത്തെ ലിം​ഗ​തു​ല്യ​ത​യ്ക്കും സ്ത്രീ​കൾ​ക്കു് അധി​ക​മാ​യി വഹി​ക്കേ​ണ്ടി​വ​ന്ന കു​ടും​ബ​ഭാ​ര​വും തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണെ​ന്ന വസ്തു​ത​യെ പരോ​ക്ഷ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന നീ​ക്ക​ങ്ങൾ തൊ​ഴി​ലാ​ളി​പ്ര​സ്ഥാ​ന​ത്തി​ന്റെ നി​ല​പാ​ടു​ക​ളിൽ ദൃ​ശ്യ​മാ​യി​രു​ന്നു. ഉദാ​ഹ​ര​ണ​ത്തി​നു്, ആല​പ്പു​ഴ​ജി​ല്ല​യിൽ ശക്ത​മാ​യി​രു​ന്ന കയർ​ത്തൊ​ഴി​ലാ​ളി​യൂ​ണി​യ​നി​ലെ സ്ത്രീ​ക​ളു​ടെ ഫാ​ക്ട​റി​ക്ക​മ്മ​റ്റി​ക​ളു​ടെ ഇട​പെ​ടൽ​മൂ​ലം 1944-45-ൽ 288 കേ​സു​ക​ളിൽ പ്ര​സ​വാ​നു​കൂ​ല്യ​ങ്ങൾ അനു​വ​ദി​ക്ക​പ്പെ​ട്ടു​വെ​ന്നും, പ്ര​സ​വാ​നു​കൂ​ല്യ​നി​യ​മം നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കൊ​ച്ചി​യി​ലെ അവ​സ്ഥ​യോ​ടു താ​ര​ത​മ്യം​ചെ​യ്യു​മ്പോൾ ഇതു വളരെ മെ​ച്ച​മാ​ണെ​ന്നും മീരാ വേ​ലാ​യു​ധൻ പറ​യു​ന്നു. എന്നാൽ ഈ കമ്മ​റ്റി​കൾ സ്ത്രീ​ക​ളു​ടെ കൂ​ലി​യിൽ കുറവു വരു​ത്തൽ, ജോ​ലി​യിൽ​നി​ന്നു അന്യാ​യ​മായ പി​രി​ച്ചു​വി​ടൽ, ഗാർ​ഹി​ക​പീ​ഡ​നം, എന്നി​വ​യെ പ്ര​സ​വാ​നു​കൂ​ല്യം നേ​ടി​യെ​ടു​ക്ക​ലി​നൊ​പ്പം പ്രാ​ധാ​ന്യ​ത്തോ​ടു​കൂ​ടി​ത്ത​ന്നെ പരി​ഗ​ണി​ച്ചി​രു​ന്നു (കാണുക, മീരാ വേ​ലാ​യു​ധൻ, ‘Women Workers and Struggle in Alleppey’, Samya-​Shakti-A Journal of Women Studies, Vol.1, No. 2.) ഈ കാ​ല​ത്തു് സ്ത്രീ​ക​ളു​ടെ തു​ല്യ​വേ​ത​ന​ത്തി​ന്റെ പ്ര​ശ്ന​വും ഇവ ഉയർ​ത്തി​യി​രു​ന്നു. 1943-ൽ ഈ പ്ര​ശ്ന​മു​യർ​ത്തി​യ​പ്പോൾ തു​ല്യ​വേ​ത​ന​മു​റ​പ്പാ​ക്കാ​മെ​ങ്കിൽ കൂ​ലി​കൂ​ട്ടു​ന്ന​തിൽ അല്പം​കൂ​ടി സാ​വ​ധാ​നം അം​ഗീ​ക​രി​ക്കാൻ യൂ​ണി​യൻ തയ്യാ​റാ​യി​രു​ന്നെ​ന്നു് മീര രേ​ഖ​പ്പെ​ടു​ത്തു​ന്നു. ഇക്കാ​ല​ത്തു് യൂ​ണി​യൻ നേ​തൃ​ത്വ​ത്തിൽ സവി​ശേ​ഷ​മായ സ്ത്രീ​സാ​ന്നി​ദ്ധ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന കാ​ര്യം പ്ര​ധാ​ന​മാ​ണു്—1940-​കളിലെ രാ​ഷ്ട്രീ​യ​പ്ര​ക്ഷു​ബ്ദ്ധ​ത​മൂ​ലം പു​രു​ഷ​ന്മാ​രായ നേ​താ​ക്ക​ളിൽ അധി​കം​പേ​രും ഒളി​വി​ലും മറ്റു​മാ​യി​രു​ന്ന കാ​ല​മാ​യി​രു​ന്നു ഇതു്. 1950-കളിൽ ഈ സ്ത്രീ​പ​ക്ഷ കാ​ഴ്ച​പ്പാ​ടു മാ​റി​പ്പോ​വു​ക​യും തൊ​ഴി​ലാ​ളി​സ്ത്രീ​കൾ പ്ര​ഥ​മ​വും പ്ര​ധാ​ന​വു​മാ​യി വീ​ട്ട​മ്മ​മാ​രാ​ണെ​ന്ന ധാ​ര​ണ​യെ അര​ക്കി​ട്ടു​റ​പ്പി​ക്കു​ന്ന നി​ല​പാ​ടു​കൾ പൊ​തു​വേ ശക്ത​മാ​വു​ക​യും ചെ​യ്തു. തൊ​ഴി​ലാ​ളി​സ്ത്രീ​ക​ളു​ടെ ലോ​ക​ത്തേ​ക്കു് പുതിയ മാ​തൃ​ത്വാ​ദർ​ശ​ത്തി​നു് പ്ര​വേ​ശ​മു​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യം അങ്ങ​നെ മെ​ല്ലെ ഒരു​ങ്ങി.

നവ​വ​രേ​ണ്യ​സാം​സ്ക്കാ​രി​ക​പ​രി​സ​ര​ങ്ങ​ളിൽ ഉട​ലെ​ടു​ത്ത മേൽ​വി​വ​രി​ച്ച മാ​തൃ​ത്വാ​ദർ​ശം തൊ​ഴി​ലാ​ളി​സ്ത്രീ​ക​ളു​ടെ ജീ​വി​ത​യാ​ഥാർ​ത്ഥ്യ​ങ്ങ​ളെ​യോ താൽ​പ​ര്യ​ങ്ങ​ളെ​യോ പരി​ഗ​ണി​ച്ചി​രു​ന്നി​ല്ല. അതു​കൊ​ണ്ടു​ത​ന്നെ അവ ഇര​ട്ട​ഭാ​രം അടി​ച്ചേൽ​പ്പി​ക്കു​ന്ന​വ​യാ​യി​രു​ന്നു. എന്നാൽ സർ​ക്കാ​രി​നും പൊ​തു​സ​മൂ​ഹ​ത്തി​നും ഇതൊരു നേ​ട്ട​മാ​യി​രു​മ​ന്നു—പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്തു് ഒരു കു​തി​ച്ചു ചാ​ട്ടം തന്നെ ഇതി​ലൂ​ടെ​യു​ണ്ടാ​യി എന്നു് പല പണ്ഡി​ത​ന്മാ​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു.

1960-​കളോടെ പുതിയ മാ​തൃ​ത്വം കേ​ര​ള​ത്തിൽ യാ​ഥാർ​ത്ഥ്യ​മാ​യി​ക്ക​ഴി​ഞ്ഞു​വെ​ന്നു് സർ​ക്കാ​രി​ന്റെ ഭാ​ഗ​ത്തു​നി​ന്നു് സമ്മ​ത​മു​ണ്ടാ​യി. അഭ്യ​സ്ത​വി​ദ്യ​യായ മല​യാ​ളി​സ്ത്രീ കു​ട്ടി​ക​ളെ നന്നാ​യി പരി​ച​രി​ക്കാൻ തു​ട​ങ്ങി​യ​തി​ന്റെ ഫല​മാ​യി ശി​ശു​മ​ര​ണ​ങ്ങ​ളും ബാ​ല​മ​ര​ണ​ങ്ങ​ളും കു​റ​ഞ്ഞു​തു​ട​ങ്ങി​യെ​ന്നും കു​ട്ടി​ക​ളു​ടെ ആരോ​ഗ്യ​ത്തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും മെ​ച്ചം കണ്ടു​തു​ട​ങ്ങി​യെ​ന്നും സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ളിൽ​നി​ന്നു് സൂ​ച​ന​കൾ ഇക്കാ​ല​ത്തു ലഭി​ച്ചു. കേ​ര​ള​ത്തി​ലെ നാലാം പഞ്ച​വ​ത്സ​ര​പ​ദ്ധ​തി (1969-74) നിർ​മ്മി​ച്ച​വർ തങ്ങ​ളു​ടെ റി​പ്പോർ​ട്ടിൽ ഇക്കാ​ര്യം എടു​ത്തു​പ​റ​യു​ന്നു​ണ്ടു്. കുടുംബ-​ശിശു ക്ഷേ​മ​കേ​ന്ദ്ര​ങ്ങ​ള​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള കേ​ന്ദ്ര​പ​ദ്ധ​തി​ക്കു് കേ​ര​ള​ത്തി​ലു​ള്ള പ്ര​സ​ക്തി​യെ​ക്കു​റി​ച്ചു പറ​യു​ന്നി​ട​ത്താ​ണി​തു്. ഈ പദ്ധ​തി സ്ത്രീ​ക​ളെ നല്ല മാ​താ​ക്ക​ളാ​ക്കാ​നു​ള്ള പരി​ശീ​ല​ന​ത്തി​നാ​ണു് ഊന്നൽ നൽ​കു​ന്ന​തെ​ന്നും അതു് കേ​ര​ള​ത്തിൽ അപ്ര​സ​ക്ത​മാ​ണെ​ന്നും ലേഖകർ വാ​ദി​ക്കു​ന്നു: ‘രാ​ജ്യ​ത്തി​ന്റെ ഈ ഭാ​ഗ​ത്തെ ഗ്രാ​മീ​ണ​മാ​താ​ക്കൾ​ക്കു് ബാ​ല​പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ചു് വേ​ണ്ട​ത്ര ഗ്രാ​ഹ്യ​മു​ള്ള​തി​നാൽ മാ​തൃ​ത്വ​പ​രി​ശീ​ല​ന​ത്തി​നു നൽ​കി​യി​ട്ടു​ള്ള ഊന്നൽ ഇവിടെ പ്ര​സ​ക്ത​മ​ല്ലാ​തെ​യാ​ണി​രി​ക്കു​ന്ന​തു്.’ (നാ​ലാം​പ​ദ്ധ​തി 1969-1974, കര​ടു​രേഖ, സം​സ്ഥാന ആസൂ​ത്ര​ണ​ബോർ​ഡ്, തി​രു​വ​ന​ന്ത​പു​രം, 1969, പുറം 248.) 1970-​കൾമുതൽ ആരം​ഭി​ച്ച കേ​ര​ള​മാ​തൃ​കാ​വി​ക​സ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ചർ​ച്ച​യിൽ കേ​ര​ള​ത്തി​ലെ അമ്മ​മാർ വലിയ കയ്യ​ടി​നേ​ടു​ക​യും ചെ​യ്തു. ശി​ശു​മ​ര​ണ​നി​ര​ക്കു കു​റ​യ്ക്കു​ന്ന​തി​ലും സ്കൂൾ​പ​ഠ​ന​ത്തി​ലേ​ക്കു കു​ട്ടി​ക​ളെ തയ്യാ​റാ​ക്കു​ന്ന​തി​ലും ജന​ന​നി​ര​ക്കു​കു​റ​ച്ചു് ആരോ​ഗ്യ​മു​ള്ള കു​ടും​ബ​ങ്ങൾ ഉണ്ടാ​ക്കു​ന്ന​തി​ലും ഇവി​ടു​ത്തെ അഭ്യ​സ്ത​വി​ദ്യ​രായ കു​ടും​ബി​നി​ക​ളു​ടെ സം​ഭാ​വന മു​ന്തി​യ​താ​ണെ​ന്ന അം​ഗീ​കാ​രം അന്താ​രാ​ഷ്ട്ര​ത​ല​ത്തിൽ​ത്ത​ന്നെ​യു​ണ്ടാ​യി.

ഈ അനു​മോ​ദ​ന​ങ്ങൾ അവിടെ നിൽ​ക്ക​ട്ടെ. പ്ര​ശം​സ​യ്ക്ക​പ്പു​റം കേ​ര​ള​ത്തി​ലെ മാ​താ​ക്ക​ളു​ടെ ഇന്ന​ത്തെ നില എന്താ​ണെ​ന്നു് തി​ര​ക്കി​യാ​ലോ? പ്ര​ശം​സ​കൊ​ണ്ടു് വയ​റു​നി​റ​യി​ല്ലെ​ന്നു് പണ്ടാ​രോ പറ​ഞ്ഞ​തു​പോ​ലെ പ്ര​ശം​സ​കൊ​ണ്ടു് അമ്മ​മാ​രു​ടെ സ്ഥി​തി മെ​ച്ച​പ്പെ​ടു​മെ​ന്നി​ല്ലെ​ന്നു സമ്മ​തി​ക്കേ​ണ്ടി​വ​രും! കേ​ര​ള​ത്തി​ലെ പ്രാ​യ​മായ അമ്മ​മാ​രു​ടെ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മായ നില തീരെ മെ​ച്ച​മ​ല്ലെ​ന്നാ​ണു് ഗവേ​ഷ​കർ പറ​യു​ന്ന​തു്. വയ​സ്സു​കാ​ല​ത്തു് സ്വ​ത്തു​ക്ക​ളോ വരു​മാ​ന​മോ ഇല്ലാ​ത്ത വി​ധ​വ​ക​ളു​ടെ​യും ഒറ്റ​യ്ക്കു താ​മ​സി​ക്കേ​ണ്ടി​വ​രു​ന്ന വൃ​ദ്ധ​മാ​താ​ക്ക​ളു​ടെ​യും എണ്ണം ഇവിടെ കൂ​ടു​ത​ലാ​ണു്. ഇതൊ​രു​കാ​ര്യം.

മറ്റൊ​രു കാ​ര്യം, കു​ടും​ബാ​സൂ​ത്ര​ണ​ത്തെ​ക്കു​റി​ച്ചാ​ണു്. നവ​മാ​തൃ​ത്വ​ത്തി​നു് പറ്റിയ ഉപ​ക​ര​ണ​മാ​ണു് കു​ടും​ബാ​സൂ​ത്ര​ണ​മെ​ന്ന ആശയം 1930-​കളിലേ കേട്ടുതുടങ്ങിയതാണു്-​എണ്ണം കു​റ​യു​മ്പോൾ കു​ട്ടി​ക​ളെ കൂ​ടു​തൽ പരി​ച​രി​ക്കാ​നാ​കു​മെ​ന്ന സാ​മാ​ന്യ​ബോ​ധ​മാ​യി​രു​ന്നു ഇതിനു പി​ന്നിൽ. 1960-​കളായപ്പോഴേക്കും ഈ ആശയം ദേ​ശീ​യ​കു​ടും​ബാ​സൂ​ത്ര​ണ​പ​രി​പാ​ടി​യി​ലൂ​ടെ വലിയ പ്ര​ചാ​രം​നേ​ടി. കു​ടും​ബ​ത്തി​ന്റെ വലു​പ്പം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്റെ മുഖ്യ ഉത്ത​ര​വാ​ദി​ത്വം മാ​താ​വി​നാ​ണെ​ന്നു് പ്ര​ത്യ​ക്ഷ​മാ​യും പരോ​ക്ഷ​മാ​യും സ്ഥാ​പി​ക്ക​പ്പെ​ട്ടു. 1970-​കളുടെ ഒടു​ക്ക​മാ​യ​പ്പോ​ഴേ​ക്കും കേ​ന്ദ്ര​സർ​ക്കാർ നയം​ത​ന്നെ ഇതിനെ അനു​കൂ​ലി​ക്കു​ന്ന​വി​ധം മാ​റ്റി​യെ​ഴു​താ​നു​ള്ള സാ​ഹ​ച​ര്യം വന്നു. പു​രു​ഷ​ന്മാ​രു​ടെ വന്ധ്യം​ക​ര​ണം 1970-​കളുടെ ആദ്യ​വർ​ഷ​ങ്ങ​ളിൽ കേ​ര​ള​ത്തിൽ വള​രെ​യ​ധി​കം നട​ന്നി​രു​ന്നു. കു​ടും​ബ​നാ​ഥ​ന്മാർ എന്ന നി​ല​യിൽ പു​രു​ഷ​ന്മാർ തങ്ങ​ളു​ടെ കർ​ത്ത​വ്യം നിർ​വ്വ​ഹി​ക്ക​ണ​മെ​ന്നും ജന​പ്പെ​രു​പ്പ​ത്തെ അക​റ്റി രാ​ജ്യ​ത്തെ രക്ഷി​ക്ക​ണ​മെ​ന്നും മറ്റു​മു​ള്ള ആഹ്വാ​ന​ങ്ങൾ വള​രെ​യ​ധി​കം കേ​ട്ടി​രു​ന്നു. പക്ഷേ, 1970-​കളുടെ ഒടു​ക്ക​ത്തോ​ടെ സ്ത്രീ​ക​ളു​ടെ വന്ധ്യം​ക​ര​ണ​ത്തി​നു് വർ​ദ്ധി​ച്ച പ്ര​ചാ​രം​നൽ​കാ​നു​ള്ള ശ്ര​മ​ങ്ങൾ സജീ​വ​മാ​വു​ക​യാ​ണു​ണ്ടാ​യ​തു്. ഇതോടെ ‘ചെ​റി​യ​കു​ടുംബ’ത്തി​ന്റെ ഭാ​രം​മു​ഴു​വൻ അമ്മ​മാ​രു​ടെ തല​യി​ലാ​വു​ക​യും ചെയ്തു-​ഇന്നും അങ്ങ​നെ​ത​ന്നെ. 2000-01-ലെ കണ​ക്കു​പ്ര​കാ​രം ഇവിടെ 1,545 പു​രു​ഷ​വ​ന്ധ്യം​ക​ര​ണ​ങ്ങ​ളും 1,49,498 സ്ത്രീ​വ​ന്ധ്യം​ക​ര​ണ​ങ്ങ​ളു​മാ​യി​രു​ന്നു നട​ന്ന​തു്. 1999-2000 വർ​ഷ​ത്തി​ലാ​ണെ​ങ്കിൽ ഈ സം​ഖ്യ​കൾ 653 ഉം 1,53,515 ഉം ആയി​രു​ന്നു! വളരെ ചെ​റു​പ്പ​ത്തിൽ​ത്ത​ന്നെ സ്ത്രീ​കൾ വന്ധ്യം​ക​ര​ണ​ത്തി​നു് വി​ധേ​യ​രാ​കു​ന്നു​ണ്ടു്, കേ​ര​ള​ത്തിൽ. ഗർ​ഭ​മ​ല​സി​പ്പി​ക്കൽ കു​ടും​ബാ​സൂ​ത്ര​ണ​രീ​തി​യാ​യി ഉപ​യോ​ഗി​ക്കു​ന്ന പ്ര​വ​ണ​ത​യും കാ​ണാ​നു​ണ്ടു്. ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ സ്ത്രീ​ശ​രീ​ര​ത്തെ ‘ചെറിയ കു​ടും​ബം’ എന്ന ലക്ഷ്യം​നേ​ടാ​നു​ള്ള വെ​റു​മൊ​രു മാർ​ഗ്ഗം​മാ​ത്ര​മാ​യി തരം​താ​ഴ്ത്തു​ക​യാ​യി​രു​ന്നു നാം. നവ​മാ​തൃ​ത്വം സ്ത്രീ​ശ​രീ​ര​ത്തെ മാ​നി​ക്കു​ന്നി​ല്ലെ​ന്ന ലളി​താം​ബി​കാ അന്തർ​ജ​ന​ത്തി​ന്റെ വി​മർ​ശ​നം അസ്ഥാ​ന​ത്താ​യി​രു​ന്നി​ല്ലെ​ന്നു് ചു​രു​ക്കം!

‘കേ​ര​ള​മാ​തൃക’ (Kerala Model)

1970-​കൾവരെ കേരളം ഇന്ത്യ​യി​ലെ ‘പ്ര​ശ്ന​സം​സ്ഥാന’മാ​യാ​ണു് എണ്ണ​പ്പെ​ട്ട​തു്. ഇന്ത്യ​യി​ലെ ഏറ്റ​വും ദരി​ദ്ര​സം​സ്ഥാ​ന​ങ്ങ​ളിൽ ഒന്നാ​യി​രു​ന്നു കേരളം-​രാഷ്ട്രീയസ്ഥിരത തീ​രെ​യി​ല്ലാ​ത്ത ഒരിടം. എന്നാൽ 1970-കളിൽ ഈ ചി​ത്ര​ത്തി​നു മാ​റ്റ​മു​ണ്ടാ​യി. ഈ സാ​മ്പ​ത്തി​ക​പി​ന്നോ​ക്കാ​വ​സ്ഥ​യി​ലും കേരളം സാ​മൂ​ഹ്യ​വി​കാ​സ​ത്തിൽ നേടിയ വൻ​നേ​ട്ട​ങ്ങൾ ഗവേ​ഷ​കർ തി​രി​ച്ച​റി​യാൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണു് ഇതു്. വി​ദ്യാ​ഭ്യാ​സം, ആരോ​ഗ്യം, ജന​സം​ഖ്യാ​നി​യ​ന്ത്ര​ണം, ജന​ങ്ങ​ളു​ടെ ആയുർ​ദൈർ​ഘ്യം (ഇതൊ​ക്കെ​ച്ചേർ​ന്ന​താ​ണു് ‘സാ​മൂ​ഹ്യ​വി​ക​സ​നം’) മു​ത​ലാ​യ​വ​യിൽ മല​യാ​ളി​കൾ ഇന്ത്യ​യി​ലെ സമ്പ​ന്ന​സം​സ്ഥാ​ന​ങ്ങ​ളെ​ക്കാൾ ഏറെ മു​ന്നി​ലാ​ണെ​ന്നും വി​ക​സി​ത​രാ​ജ്യ​ങ്ങൾ​ക്കൊ​പ്പം പു​രോ​ഗ​തി നാം നേ​ടി​യെ​ന്നും വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണു് ‘കേ​ര​ള​മാ​തൃ​കാ​വി​ക​സന’ത്തെ​ക്കു​റി​ച്ചു​ള്ള ചർച്ച സജീ​വ​മാ​യ​തു്. ഇത്ര​യും ദരി​ദ്ര​മായ ഒരു പ്ര​ദേ​ശം ഇത്ര​യും നേ​ട്ടം കൊ​യ്ത​തെ​ങ്ങ​നെ എന്ന ചോ​ദ്യ​മാ​യി​രു​ന്നു ഗവേ​ഷ​ക​രു​ടെ​യും ഭര​ണ​കർ​ത്താ​ക്ക​ളു​ടെ​യും അന്താ​രാ​ഷ്ട്ര​സം​ഘ​ട​ന​ക​ളു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​തു്. ഇതോടെ ലോ​ക​ത്തി​ലെ ദരി​ദ്ര​രാ​ജ്യ​ങ്ങൾ​ക്കു് കേ​ര​ള​ത്തി​ന്റെ സാ​മൂ​ഹ്യ​വി​ക​സ​നം ഒരു ‘മാതൃക’യാ​ണെ​ന്നു് പര​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. ഈ സാ​മൂ​ഹ്യ​വി​ക​സ​ന​നേ​ട്ട​ങ്ങ​ളിൽ കേ​ര​ള​ത്തി​ലെ അമ്മ​മാർ​ക്കു് വലിയ പങ്കു​ണ്ടെ​ന്നു് പലരും വാ​ദി​ച്ചു.

നവ​മാ​തൃ​ത്വ​ത്തി​ന്റെ ദോ​ഷ​വ​ശ​ങ്ങൾ പലതും നമ്മു​ടെ കണ്മു​മ്പിൽ​ത്ത​ന്നെ​യു​ണ്ടു്, പ്ര​ത്യേ​കി​ച്ചും ഇട​ത്ത​രം വീ​ടു​ക​ളിൽ. ട്യൂ​ഷൻ, ഡാൻ​സ്ക്ലാ​സ്, പാ​ട്ടു​ക്ലാ​സ്, ക്വി​സ് മത്സ​രം, സ്കൂൾ​പ​ഠ​നം എന്നി​ങ്ങ​നെ​യു​ള്ള പലതരം ശി​ക്ഷ​ക​ളി​ലൂ​ടെ കു​ട്ടി​ക​ളെ ദി​നം​തോ​റും കട​ത്തി​വി​ട്ടു് അവരെ ‘വിജയി’കളാ​ക്കി​ത്തീർ​ക്കു​ന്ന​താ​ണു് അമ്മ​മാ​രു​ടെ കടമ എന്നു കരു​തു​ന്ന​വ​രു​ടെ എണ്ണം ഈ നാ​ട്ടിൽ ചെ​റു​ത​ല്ല. സമൂ​ഹ​ത്തിൽ മത്സ​ര​ത്തി​ന്റെ വേഗം കൂ​ടു​ന്തോ​റും മക്ക​ളെ തള്ളി​ത്ത​ള്ളി​വി​ടാ​നു​ള്ള ആവേ​ശ​വും വർ​ദ്ധി​ച്ചു​വ​രു​ന്നു. നവ​മാ​തൃ​ത്വം ആന​ന്ദ​ക​ര​മാ​ണെ​ങ്കി​ലും പല ആശ​ങ്ക​കൾ​ക്കും അതു് ഇട​യാ​ക്കു​ന്നു​വെ​ന്നു് അതി​ന്റെ ആദ്യ​കാല വക്താ​ക്കൾ​ത​ന്നെ വള​രെ​പ്പ​ണ്ടേ നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ടു്. കു​ട്ടി ജനി​ക്കു​മ്പോൾ​ത്ത​ന്നെ അതി​ന്റെ ഭാ​വി​യെ​പ്പ​റ്റി വി​ചാ​രി​ച്ചു് മാ​താ​വു് ആശ​ങ്കാ​കു​ല​യാ​കു​ന്ന​തി​ന്റെ നി​ര​വ​ധി ചി​ത്ര​ങ്ങൾ ബാ​ലാ​മ​ണി​യ​മ്മ​യു​ടെ കവി​ത​ക​ളി​ലു​ണ്ടു്. (‘അമ്മ​യും മകനും’, ‘പി​ച്ച​വെ​പ്പ്’ മു​ത​ലായ കവി​ത​കൾ.) ആന​ന്ദ​വും ആശ​ങ്ക​യും കൂ​ടി​ക്ക​ലർ​ന്നു​ള്ള അവ​സ്ഥ​യെ​യാ​ണു് ബാ​ലാ​മ​ണി​യ​മ്മ വി​വ​രി​ച്ച​തെ​ങ്കിൽ ഇന്നു് ആശങ്ക മാ​ത്ര​മേ​യു​ള്ളോ എന്നു സം​ശ​യി​ച്ചു​പോ​കു​ന്ന അവ​സ്ഥ​യാ​ണു് പല വീ​ടു​ക​ളി​ലും.

kimages/Kulasthree_Chapter_six_pic06.png
ബാ​ലാ​മ​ണി​യ​മ്മ

20-ആം നൂ​റ്റാ​ണ്ടി​ലെ ആധു​നിക മല​യാ​ള​ക​വി​താ​രം​ഗ​ത്തു് ആദ്യ​മാ​യി സ്വ​ന്തം വ്യ​ക്തി​മു​ദ്ര പതി​പ്പി​ച്ച സ്ത്രീ​യാ​ണു് ബാ​ലാ​മ​ണി​യ​മ്മ. 1930-മുതൽ 1956-​വരെയുള്ള കാ​ല​യ​ള​വിൽ അവർ പതി​മൂ​ന്നു കവി​താ​സ​മാ​ഹാ​ര​ങ്ങൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇതിൽ ‘മാ​തൃ​ത്വ’ത്തെ വാ​ഴ്ത്തു​ന്ന നി​ര​വ​ധി കവി​ത​കൾ ഏറെ ചർ​ച്ച​ചെ​യ്യ​പ്പെ​ട്ടു. എന്നാൽ മറ്റു കവി​ത​കൾ ഒരു​പ​ക്ഷേ, കൂ​ടു​തൽ വി​ശി​ഷ്ട​ങ്ങ​ളാ​ണു്. രാ​ഷ്ട്രീ​യ​വും സമ​കാ​ലി​ക​വു​മായ വി​ഷ​യ​ങ്ങ​ളെ സ്പർ​ശി​ക്കു​ന്ന ധാ​രാ​ളം കവി​ത​ക​ളും അവ​രു​ടേ​താ​യു​ണ്ടു്. തന്റെ അമ്മാ​വ​നും ഗു​രു​വു​മായ നാ​ല​പ്പാ​ട്ടു് നാ​രാ​യ​ണ​മേ​നോ​ന്റെ മര​ണാ​ന​ന്ത​രം ബാ​ലാ​മ​ണി​യ​മ്മ രചി​ച്ച ‘ലോ​കാ​ന്ത​ര​ങ്ങ​ളിൽ’ എന്ന കവി​ത​യാ​ണു് അവർ ഏറ്റ​വു​മൊ​ടു​വിൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തു്. പ്ര​ശ​സ്ത​സാ​ഹി​ത്യ​കാ​രി മാ​ധ​വി​ക്കു​ട്ടി മക​ളാ​ണു്. ബാ​ലാ​മ​ണി​യ​മ്മ​യു​ടെ അതേ​കാ​ല​ത്തു് കവി​താ​രം​ഗ​ത്തു് സ്വ​ന്തം ഇടം​നേ​ടിയ സ്ത്രീ​കൾ വേ​റെ​യു​മു​ണ്ടാ​യി​രു​ന്നു. കട​ത്ത​നാ​ട്ടു മാ​ധ​വി​യ​മ്മ, മേ​രി​ജോൺ തോ​ട്ടം, കൂ​ത്താ​ട്ടു​കു​ളം മേരി ജോൺ മു​ത​ലാ​യ​വർ.

കേ​ര​ള​ത്തി​ലെ വൃ​ദ്ധ​മാ​താ​ക്കൾ

ദേശീയ സാ​മ്പിൾ സർ​വ്വേ കണ​ക്കു​പ്ര​കാ​രം കേ​ര​ള​ത്തി​ലെ വൃ​ദ്ധ​രായ സ്ത്രീ​ക​ളിൽ ഏക​ദേ​ശം 75%പേർ സ്വ​ന്തം​പേ​രിൽ ധന​പ​ര​മായ മുതൽ (ബാ​ങ്ക് ഡെ​പ്പോ​സി​റ്റു​കൾ മു​ത​ലാ​യവ) ഇല്ലാ​ത്ത​വ​രാ​ണു്. 54%പേർ​ക്കു് ഭൂ​മി​യി​ല്ല. ഇന്ത്യ​യു​ടെ മൊ​ത്തം കണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോൾ ഇതു് വളരെ അധി​ക​മാ​ണെ​ന്നു് ജന​സം​ഖ്യാ​ശാ​സ്ത്ര​ജ്ഞ​നായ ഡോ. എസ്. ഇരു​ദ​യ​രാ​ജൻ നി​രീ​ക്ഷി​ക്കു​ന്നു. അതു​പോ​ലെ, 2004-ലെ കണ​ക്കു​പ്ര​കാ​രം കേ​ര​ള​ത്തിൽ ഒറ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വൃ​ദ്ധ​ക​ളു​ടെ എണ്ണം വൃ​ദ്ധ​ന്മാ​രെ​യ​പേ​ക്ഷി​ച്ചു് വള​രെ​യ​ധി​ക​മാ​ണെ​ന്നും ഇദ്ദേ​ഹം അവ​കാ​ശ​പ്പെ​ടു​ന്നു. (s. Irudayarajan and Sreerupa, ‘Gender Disparity in Kerala: A Critical Reinterpreation’, Swapna Mukhopadhyay (ed.) The Enigma of the Kerala Woman, New Delhi,2007)

ഇത്ര​യു​മ​ധി​കം ശു​ഷ്കാ​ന്തി​യോ​ടെ മക്ക​ളെ പഠി​പ്പി​ച്ച അമ്മ​മാർ​പോ​ലും വാർ​ദ്ധ​ക്യ​കാ​ല​ത്തു് പല​പ്പോ​ഴും അശ​ര​ണ​രാ​യി​പ്പോ​കു​ന്ന​തെ​ന്തു​കൊ​ണ്ടു്? ‘സൗ​മ്യാ​ധി​കാര’ത്തി​ന്റെ പരി​മി​തി​ക​ളി​ലേ​ക്ക​ല്ലേ ഇതു് വി​രൽ​ചൂ​ണ്ടു​ന്ന​തെ​ന്നു് നാം ആലോ​ചി​ക്ക​ണം. മരു​മ​ക്ക​ത്താ​യ​കൂ​ട്ടു​കു​ടും​ബ​ങ്ങ​ളി​ലെ സ്ത്രീ​കൾ പണ​ത്തി​നു് അത്യാർ​ത്തി കാ​ട്ടി​യി​രു​ന്നു​വെ​ന്ന ധാരണ പല സാ​ഹി​ത്യ​കൃ​തി​ക​ളി​ലും സി​നി​മ​ക​ളി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​കാ​ണാ​റു​ണ്ടു്. അവർ​ക്കു് ആരോ​ടും സ്നേ​ഹ​മി​ല്ലെ​ന്നും മക്ക​ളെ അവർ വേ​ണ്ട​ത്ര പരി​ച​രി​ക്കു​ന്നി​ല്ലെ​ന്നും മറ്റു​മാ​ണു് ആരോ​പ​ണ​ങ്ങൾ. സ്വ​ന്തം സാ​മ്പ​ത്തി​ക​സു​ര​ക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ചു് വി​ചാ​ര​മു​ള്ള സ്ത്രീ ‘ചീത്ത അമ്മ’യായി കണ​ക്കാ​ക്ക​പ്പെ​ടും; എന്നാൽ ഉള്ള​തു​മു​ഴു​വൻ മക്കൾ​ക്കു് യാ​തൊ​രു ചോ​ദ്യ​വും​കൂ​ടാ​തെ കൊ​ടു​ക്കു​ന്ന സ്ത്രീ ‘നല്ല അമ്മ​യും’ (സി​നി​മ​യി​ലെ ‘കവി​യൂർ​പൊ​ന്ന​മ്മ​മാ​തൃ​ത്വ’ത്തെ​ക്കു​റി​ച്ചു് ആലോ​ചി​ച്ചു​നോ​ക്കൂ.) ഈ ‘നല്ല അമ്മ’യ്ക്കു് ‘സൗ​മ്യാ​ധി​കാര’മു​ള്ള​തു​കൊ​ണ്ടു് അവരെ എല്ലാ​വ​രും സ്നേ​ഹി​ക്കു​ക​യും രക്ഷി​ക്കു​ക​യും ചെ​യ്യു​മെ​ന്നാ​ണു് നവ​മാ​തൃ​ത്വ​ത്തി​ന്റെ വക്താ​ക്കൾ കരു​തി​യ​തു്. ‘സൗ​മ്യാ​ധി​കാ​രം’ എല്ലാ​യ്പ്പോ​ഴും പ്ര​വർ​ത്തി​ക്കു​മെ​ന്നും അതി​ലൂ​ടെ മാ​താ​വി​ന്റെ സം​ര​ക്ഷ​ണം ഉറ​പ്പാ​കു​മെ​ന്നും തീർ​ച്ച​യി​ല്ലെ​ന്ന​താ​ണു് കാ​ര്യം. കേ​ര​ളീ​യ​സ്ത്രീ​കൾ​ക്കു മാതൃക എന്നു വാ​ഴ്ത്ത​പ്പെ​ട്ട വനി​ത​കൾ​ക്കു​പോ​ലും ഇതു് എളു​പ്പ​മാ​യി​രു​ന്നി​ല്ല. അത്ത​ര​ത്തിൽ പ്ര​ശം​സി​ക്ക​പ്പെ​ട്ട ഒരു വനിത-​സ്വദേശാഭിമാനി രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാര്യ ബി. കല്യാണിയമ്മ-​ഇക്കാര്യം തു​റ​ന്നു​സ​മ്മ​തി​ക്കു​ന്നു​ണ്ടു്:

ഭർ​ത്താ​വി​നെ അനു​സ​രി​ക്കു​ക​യ​ല്ലാ​തെ ഉപ​ദേ​ശി​ക്കുക എന്ന കടമ ഞാൻ ഒരി​ക്ക​ലും നിർ​വ്വ​ഹി​ച്ചി​രു​ന്നി​ല്ല. അതു് അദ്ദേ​ഹ​ത്തി​നു ഹി​ത​മാ​യി​രി​ക്ക​യി​ല്ലെ​ന്നും ഞാൻ അറി​ഞ്ഞി​രു​ന്നു… വല്ല പുതിയ കാ​ര്യ​ങ്ങ​ളും തു​ട​ങ്ങു​മ്പോൾ അദ്ദേ​ഹം ചി​ല​പ്പോൾ എന്നോ​ടു അഭി​പ്രാ​യം ചോ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു. അങ്ങ​നെ​യു​ള്ള അവ​സ​ര​ങ്ങ​ളിൽ അദ്ദേ​ഹ​ത്തി​നു രസി​ക്ക​ത്ത​ക്ക അഭി​പ്രാ​യ​മേ ഞാൻ പറക പതി​വാ​യി​രു​ന്നു​ള്ളൂ.

(വ്യാ​ഴ​വ​ട്ട​സ്മ​ര​ണ​കൾ, തൃശൂർ (1916), 1958, പുറം 68-69)

kimages/Kulasthree_Chapter_six_pic07.png
ബി. കല്യാ​ണി​യ​മ്മ (1880-1942)

തി​രു​വി​താം​കൂ​റി​ലെ നാ​യർ​സ്ത്രീ​ക​ളിൽ ആദ്യ​മാ​യി ബി. ഏ ബി​രു​ദം കര​സ്ഥ​മാ​ക്കി​യ​തു് ബി. കല്യാ​ണി​യ​മ്മ​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു് ജനി​ച്ചു​വ​ളർ​ന്ന അവർ കോ​ട്ട​യ്ക്ക​ക​ത്തെ സെ​നാ​നാ​മി​ഷൻ സ്കൂ​ളി​ലാ​ണു് പ്രാ​ഥ​മി​ക​വി​ദ്യാ​ഭ്യാ​സം പൂർ​ത്തി​യാ​ക്കി​യ​തു്. പ്ര​ശ​സ്ത പത്ര​പ്ര​വർ​ത്ത​കൻ സ്വ​ദേ​ശാ​ഭി​മാ​നി കെ. രാ​മ​കൃ​ഷ്ണ​പി​ള്ള​യെ വി​വാ​ഹം​ക​ഴി​ച്ചു. തി​രു​വി​താം​കൂർ സർ​ക്കാ​രി​ന്റെ അഴി​മ​തി​ക​ളെ​ക്കു​റി​ച്ചു് തു​റ​ന്നെ​ഴു​തി​യ​തി​നു് രാ​മ​കൃ​ഷ്ണ​പി​ള്ള നാ​ടു​ക​ട​ത്ത​പ്പെ​ട്ടു. കല്യാ​ണി​യ​മ്മ​യും കു​ടും​ബ​വും അദ്ദേ​ഹ​ത്തോ​ടൊ​പ്പം മല​ബാ​റി​ലേ​ക്കു താ​മ​സം​മാ​റ്റി. ശാരദ എന്ന ആദ്യ​കാ​ല​സ്ത്രീ​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ പത്രാ​ധി​പ​മാ​രി​ലൊ​രാ​ളാ​യി​രു​ന്നു. മല​ബാ​റിൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പിൽ ജോ​ലി​നോ​ക്കി. തന്റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും രാ​മ​കൃ​ഷ്ണ​പി​ള്ള​യു​മാ​യു​ള്ള സഹ​വാ​സ​ത്തെ​ക്കു​റി​ച്ചും എഴു​തിയ വ്യാ​ഴ​വ​ട്ട​സ്മ​ര​ണ​കൾ എന്ന പു​സ്ത​കം പ്ര​സി​ദ്ധ​മാ​ണു്. കല്യാ​ണി​യ​മ്മ പിൽ​ക്കാ​ല​ത്തെ​ഴു​തിയ ആത്മ​ക​ഥാ​പ​ര​മായ രചനകൾ മകളായ ഗോമതി അമ്മ ഓർ​മ്മ​യിൽ​നി​ന്നു് എന്ന പേരിൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടു്.

ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ നവ​മാ​തൃ​ത്വ​ത്തെ​ക്കു​റി​ച്ചു് 20-ആം നൂ​റ്റാ​ണ്ടി​ന്റെ മദ്ധ്യ​ദ​ശ​ക​ങ്ങ​ളിൽ ലേ​ഖി​ക​മാർ ഉന്ന​യി​ച്ച സം​ശ​യ​ങ്ങൾ അസ്ഥാ​ന​ത്താ​യി​രു​ന്നി​ല്ല എന്നു് നാ​മി​ന്നു മന​സ്സി​ലാ​ക്കു​ന്നു. അവ​രു​ടെ വി​മർ​ശ​ന​ങ്ങ​ളിൽ അസാ​ധു​വായ ഒന്നു​മി​ല്ലെ​ന്ന​ല്ല ഇതി​നർ​ത്ഥം. തീർ​ച്ച​യാ​യു​മു​ണ്ടു്. ‘സ്ത്രീ​സ​ഹ​ജ​വാ​സന’യെ​പ്പ​റ്റി ചി​ന്ന​മ്മാ​ളു അമ്മ​യും മാ​തൃ​ത്വ​ത്തി​ന്റെ മഹ​ദ്ശ​ക്തി​യെ​ക്കു​റി​ച്ചു് അന്തർ​ജ​ന​വും സ്ത്രീ​ശ​രീ​ര​ത്തി​ന്റെ കു​റ​വു​ക​ളെ​പ്പ​റ്റി സര​സ്വ​തി​യ​മ്മ​യും വച്ചു​പു​ലർ​ത്തിയ ധാ​ര​ണ​കൾ അതി​ശ​യോ​ക്തി​പ​ര​മാ​യി​രു​ന്നി​ല്ലേ എന്ന ചോ​ദ്യ​മു​ണ്ടു്; മാ​തൃ​ത്വ​ത്തി​ലൂ​ടെ സ്ത്രീ​കൾ ഒന്നി​ക്കു​മെ​ന്നും അതിനെ വി​ക​സി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സമൂഹം കൂ​ടു​തൽ മനു​ഷ്യ​ത്വ​പൂർ​ണ്ണ​മാ​കു​മെ​ന്നും മറ്റു​മു​ള്ള പ്ര​തീ​ക്ഷ​കൾ എത്ര അയ​ഥാർ​ത്ഥ​മാ​ണെ​ന്നു് പിൻ​ദൃ​ഷ്ടി​യിൽ വ്യ​ക്ത​മാ​കു​ന്നു​മു​ണ്ടു്. എന്നാൽ സ്വ​ന്തം (അണു)കു​ടും​ബ​ത്തി​ന്റെ നാ​ലു​ചു​മ​രു​കൾ​ക്ക​പ്പു​റ​ത്തേ​ക്കു് സ്ത്രീ​ക​ളെ കട​ക്കാ​ന​നു​വ​ദി​ക്കാ​ത്ത മാ​തൃ​ത്വം സ്ത്രീ​വി​രു​ദ്ധ​മാ​കാ​നാ​ണിട എന്ന ആ തി​രി​ച്ച​റി​വി​ന്റെ പ്ര​സ​ക്തി​യെ കു​റ​ച്ചു​കാ​ണാ​നെ​ളു​പ്പ​മ​ല്ല! ഇക്കാ​ര്യം തി​രി​ച്ച​റി​യുക മാ​ത്ര​മ​ല്ല, ഇതി​ന​നു​സൃ​ത​മാ​യി സ്വ​ന്തം ജീ​വി​ത​ത്തെ പു​നഃ​ക്ര​മീ​ക​രി​ക്കാ​നും തയ്യാ​റായ സ്ത്രീ​കൾ കേ​ര​ള​ത്തിൽ അക്കാ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്ന​താ​ണു് വസ്തുത! അവ​രി​ലൊ​രാ​ളാ​യി​രു​ന്ന കെ. ചി​ന്ന​മ്മ​യു​ടെ ജീ​വ​ച​രി​ത്ര​കാ​രൻ വി​വ​രി​ച്ച ഒരു സം​ഭ​വ​മാ​ണു് ഇവിടെ ഓർ​മ്മ​വ​രു​ന്ന​തു്. തി​രു​വ​ന​ന്ത​പു​ര​ത്തു് ഹി​ന്ദു​മ​ഹി​ളാ​മ​ന്ദി​രം എന്ന കേ​ന്ദ്രം ദരി​ദ്ര​സ്ത്രീ​കൾ​ക്കാ​യി തു​റ​ന്ന മനു​ഷ്യ​സ്നേ​ഹി എന്ന നി​ല​യിൽ അവർ 20-ആം നൂ​റ്റാ​ണ്ടി​ന്റെ ആദ്യ​ദ​ശ​ക​ങ്ങ​ളിൽ പ്ര​സി​ദ്ധ​യാ​യി​രു​ന്നു. അവർ​ക്കു നേ​രി​ടേ​ണ്ടി​വ​ന്ന വി​മർ​ശ​ന​ത്തെ​ക്കു​റി​ച്ചാ​ണു് ജീ​വ​ച​രി​ത്ര​കാ​രൻ വി​വ​രി​ക്കു​ന്ന​തു്:

സാ​ധാ​രണ ഒരു ഗൃ​ഹ​നാ​യി​ക​യെ​പ്പോ​ലെ കഥാ​നാ​യി​ക​യും (ചി​ന്ന​മ്മ) വീ​ട്ടു​കാ​ര്യ​ങ്ങ​ളും ഭർ​തൃ​ശു​ശ്രൂ​ഷ​യും പു​ത്ര​പ​രി​ച​ര​ണ​വും നോ​ക്കേ​ണ്ട​താ​യി​ട്ടു​ണ്ടു് എന്നു പറ​ഞ്ഞി​ട്ടു​ണ്ട​ല്ലോ. എന്നാൽ മന്ദി​ര​ത്തി​ന്റെ (ഹി​ന്ദു​മ​ഹി​ളാ​മ​ന്ദി​ര​ത്തി​ന്റെ) ഭാരം കേവലം തന്റെ ചു​മ​ലിൽ​ത്ത​ന്നെ താ​ങ്ങേ​ണ്ടി​വ​ന്ന​തു​മു​തൽ വീ​ട്ടു​കാ​ര്യ​ങ്ങ​ളിൽ കഥാ​നാ​യിക കാ​ണി​ച്ചി​രു​ന്ന അനാ​സ്ഥ​യെ​ക്ക​ണ്ടി​ട്ടു “നി​ങ്ങൾ സ്വ​ന്തം​ഭ​വ​നം മറ​ന്ന​തു​പോ​ലെ തോ​ന്നു​ന്നു, അല്ലേ” എന്നു് ഒരു ബന്ധു ചോ​ദി​ച്ച​പ്പോൾ, “അതെ എന്റെ വ്യ​ക്തി​ത്വ​ത്തി​നു് എനി​ക്കൊ​രു സ്വ​ന്തം വീ​ടു​വേ​ണ്ട…” എന്നാ​ണെ​ത്രെ മറു​പ​ടി പറ​ഞ്ഞ​തു്.

(എൻ. ബാ​ല​കൃ​ഷ്ണൻ നായർ, കെ. ചി​ന്ന​മ്മ: ജീ​വ​ച​രി​ത്രം, തി​രു​വ​ന​ന്ത​പു​രം, 1947, പുറം. 120)

ഇങ്ങ​നെ​യു​ള്ള ധൈര്യം-​വീട്ടിനുപുറത്തും മാ​തൃ​ത്വം സാ​ദ്ധ്യ​മാ​ണെ​ന്ന ആത്മ​വി​ശ്വാ​സ​വും അതു വെ​ട്ടി​ത്തു​റ​ന്ന​ങ്ങു പറ​യാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും കലർ​ന്ന ആ ധൈര്യം-​ഇക്കാലത്തു് വി​ര​ള​മാ​യി​മാ​ത്ര​മേ കാ​ണു​ന്നു​ള്ളു​വെ​ന്ന​താ​ണു് കേ​ര​ളീ​യ​മാ​തൃ​ത്വ​ത്തി​ന്റെ പ്ര​ശ്നം. നവ​മാ​തൃ​ത്വ​ത്തി​ന്റെ ദോ​ഷ​ഫ​ല​ങ്ങൾ ഇന്നു് പര​ക്കെ വി​മർ​ശി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന​തു് നേരുതന്നെ-​പക്ഷേ, അതിനെ കു​ടും​ബ​പ​രി​ധി​കൾ​ക്ക​പ്പു​റം നവീ​ക​രി​ക്കാൻ, സ്ത്രീ​ശ​രീ​ര​ത്തോ​ടു് നവ​മാ​തൃ​ത്വം കാ​ട്ടു​ന്ന അനീ​തി​കൾ അവ​സാ​നി​പ്പി​ക്കാൻ, ത്യാ​ഗം, ദയ മു​ത​ലാ​യ​വ​യെ ‘സ്ത്രീ​ഗു​ണ​ങ്ങ​ളാ’യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ഫല​ത്തിൽ പു​രു​ഷ​ന്മാ​രെ അവ​യിൽ​നി​ന്നു് ഒഴി​വാ​ക്കു​ന്ന രീ​തി​യെ എതിർ​ക്കാൻ, ആരു​ണ്ടു് തയ്യാർ?

കൂ​ടു​തൽ ആലോ​ച​ന​യ്ക്ക്

പ്ര​ബ​ല​ചി​ന്താ​ധാ​ര​ക​ളിൽ ‘ശാ​ശ്വ​തം’, ‘ചരി​ത്രാ​തീ​തം’ എന്നൊ​ക്കെ വാ​ഴ്ത്ത​പ്പെ​ടു​ന്ന പ്ര​ക്രി​യ​ക​ളെ​യും പ്ര​തി​ഭാ​സ​ങ്ങ​ളെ​യും ആ നി​ല​യിൽ​നി​ന്നു താ​ഴെ​ക്കൊ​ണ്ടു​വ​ന്നു് ചരി​ത്ര​ദൃ​ഷ്ടി​ക്കു വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​യാ​ണു് ‘ചരി​ത്ര​വൽ​ക്ക​ര​ണ​ശ്ര​മ​ങ്ങ’ളെ​ന്നു പറ​യു​ന്ന​തു്. എല്ലാ​ക്കാ​ല​ത്തും നി​ല​നി​ന്നു​വെ​ന്നു നാം കരു​തു​ന്ന പലതും-​മനുഷ്യശരീരം, ബാ​ല്യ​കാ​ലം, മാ​തൃ​ത്വം ഇങ്ങ​നെ പലതും-​ഇന്നു് ‘ചരി​ത്ര​വൽ​ക്ക​രി​ക്ക’പ്പെ​ട്ടി​രി​ക്കു​ന്നു. ഈ അദ്ധ്യാ​യം ‘കേ​ര​ളീയ മാ​തൃ​ത്വ’ത്തെ ചരി​ത്ര​ദൃ​ഷ്ടി​യി​ലൂ​ടെ പഠി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക​ശ്ര​മ​മാ​ണു്. ‘ചരി​ത്ര​വൽ​ക്ക​ര​ണം’ ഒരു​ത​രം ചോ​ദ്യം​ചെ​യ്യ​ലാ​ണു്: ഭൗതിക സാ​ഹ​ച​ര്യ​ങ്ങ​ളും ആശ​യ​വ്യ​വ​സ്ഥ​ക​ളും മാ​റു​ന്ന​ത​നു​സ​രി​ച്ചു് ‘മാ​റ്റ​മി​ല്ലാ​ത്തവ’യായി നാം പൂ​ജി​ക്കു​ന്ന പ്ര​തി​ഭാ​സ​ങ്ങ​ളും പ്ര​ക്രി​യ​ക​ളും രൂ​പ​പ്പെ​ട്ടു​വ​ന്ന​തി​ന്റെ സങ്കീർ​ണ്ണ​മായ ചരി​ത്ര​മാ​ണു് ഇതി​ലൂ​ടെ നാം തേ​ടു​ന്ന​തു്. ഇതു​പോ​ലു​ള്ള ചോ​ദ്യം​ചെ​യ്യ​ലി​നു് വി​ധേ​യ​മാ​ക്കാൻ കഴി​യു​ന്ന മറ്റേ​തൊ​ക്കെ പ്ര​തി​ഭാ​സ​ങ്ങ​ളു​ണ്ടു് കേ​ര​ള​ത്തിൽ?

Colophon

Title: Kulastrīyum Cantappeṇṇum Uṇṭāyatengane? (ml: കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?).

Author(s): J Devika.

First publication details: Center For Development Studies; Trivandrum, India; 2010.

Deafult language: ml, Malayalam.

Keywords: J Devika, Kulasthreeyum Chanthappennum Undaayathengane, ജെ ദേവിക, കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?, Gender studies, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: The Girl in a Picture Frame, an oil on canvas by Rembrandt (1606–1669). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: ml.wikisource.org; Proofing: KB Sujith; Typesetter: Sayahna Foundation; Artwork by: B Priyaranjan Lal; Graphic files optimized by: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.