SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/mkn-mrealism-cover.jpg
Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940).
വർ​ഗ്ഗാ​ധി​പ​തി​യു​ടെ വീഴ്ച
ഡബിൾ എന്ന സങ്ക​ല്പം

One Hundred Years of Solitude എന്ന ചേ​തോ​ഹ​ര​മായ നോ​വ​ലി​ലെ ഫാ​ന്റ​സി തന്നെ​യാ​ണു് മാർ​കേ​സി​ന്റെ അടു​ത്ത നോ​വ​ലായ “The Autumn of the Patriarch”—“വർ​ഗ്ഗാ​ധി​പ​തി​യു​ടെ വീഴ്ച” എന്ന​തി​ലു​മു​ള്ള​തു്. സെൻ​ട്രൽ അമേ​രി​ക്ക, വെ​സ്റ്റ് ഇൻ​ഡീ​സ്, സൗ​ത്തു് അമേ​രി​ക്ക ഇവ അതി​രു​ക​ളാ​യു​ള്ള കരീ​ബി​യൻ സമു​ദ്ര​ത്തി​ലേ​ക്കു് (അറ്റ്ലാ​ന്റി​ക് സമു​ദ്ര​ത്തി​ന്റെ ഒരു ഭാഗം) നോ​ക്കി​ക്കി​ട​ക്കു​ന്ന മരു​സ്ഥല സദൃ​ശ​മായ തീ​ര​ത്തു് ഒരു റി​പ്പ​ബ്ലി​ക്കു​ണ്ടു്. പേ​രി​ല്ലാ​ത്ത ആ റി​പ്പ​ബ്ലി​ക്കി​ന്റെ അധി​പ​തി​ക്കു​ണ്ടായ പത​ന​മാ​ണു് നോ​വ​ലിൽ വർ​ണ്ണി​ച്ചി​ട്ടു​ള്ള​തു്. നോവൽ ആരം​ഭി​ക്കു​മ്പോൾ ആ സ്വേ​ച്ഛാ​ധി​പ​തി ഇല്ല. അയാ​ളു​ടെ ശവം മാ​ത്രം നമ്മൾ കാ​ണു​ന്നു. Over the week-​end the vultures got into the presidential palace by pecking through the screens on the balcony windows and the flapping of their wings stirred up the stagnant time inside and at dawn on Monday the city awoke out of its lethargy of centuries with the warm soft breeze of a great man dead and rotting grandeur എന്നാ​ണു് നോ​വ​ലി​ലെ ആദ്യ​ത്തെ വാ​ക്യം. കഴു​ക​ന്മാർ പ്ര​സി​ഡ​ന്റി​ന്റെ—സ്വേ​ച്ഛാ​ധി​പ​തി​യു​ടെ—കൊ​ട്ടാ​ര​ത്തിൽ ബാൽ​ക്ക​ണി ജന​ലു​ക​ളിൽ​ക്കൂ​ടി കട​ന്നു​ചെ​ല്ലു​മ്പോൾ അയാ​ളു​ടെ അഴു​കു​ന്ന ശവം അവിടെ കി​ട​ക്കു​ന്ന​തു് അവ കാ​ണു​ന്നു. അവ​യ്ക്കു പിറകേ വി​പ്ല​വ​കാ​രി​ക​ളും ചെ​ന്നെ​ത്തു​ന്നു. നൂറു കൊ​ല്ല​മാ​യി ഡി​ക്ടേ​റ്റർ​ഷി​പ്പു നട​ത്തി റി​പ്പ​ബ്ലി​ക്കി​നെ ദ്രോ​ഹി​ച്ചി​രു​ന്ന ആ സ്വേ​ച്ഛാ​ധി​പ​തി വെ​റും​ത​റ​യിൽ കമി​ഴ്‌​ന്നു​കി​ട​ക്കു​ക​യാ​ണു്, വല​തു​കൈ മട​ക്കി തല​യ​ണ​യാ​ക്കി​വ​ച്ചു​കൊ​ണ്ടു്. വി​പ്ല​വ​കാ​രി​കൾ ആ മൃ​ത​ദേ​ഹം മറി​ച്ചി​ട്ടു നോ​ക്കി. പക്ഷേ, ആ മുഖം കണ്ടി​ട്ടും അവർ​ക്കു് അയാളെ തി​രി​ച്ച​റി​യാൻ കഴി​ഞ്ഞി​ല്ല. കഴു​ക​ന്മാർ ആ മുഖം കൊ​ത്തി വി​കൃ​ത​മാ​ക്കി​യി​രു​ന്നി​ല്ല. എങ്കി​ലും അവർ തി​രി​ച്ച​റി​യാ​തെ​യി​രു​ന്ന​തു് അവർ അയാളെ ഒരി​ക്ക​ലും കണ്ടി​രു​ന്നി​ല്ല എന്ന​തു​കൊ​ണ്ടാ​ണു്. എല്ലാ നാ​ണ​യ​ങ്ങ​ളു​ടെ​യും എല്ലാ പോ​സ്റ്റേ​ജ് സ്റ്റാ​മ്പു​ക​ളു​ടെ​യും രണ്ടു​വ​ശ​ത്തും ഗർ​ഭ​നി​രോ​ധ​ന​കോ​ശ​ത്തി​ന്റെ ലേ​ബ​ലു​ക​ളി​ലും അയാ​ളു​ടെ അർ​ദ്ധ​മു​ഖാ​ലേ​ഖ്യം ഉണ്ടാ​യി​രു​ന്നു. പക്ഷേ അവ അയാ​ളു​ടെ ചി​ത്ര​ത്തി​ന്റെ പകർ​പ്പി​ന്റെ പകർ​പ്പു​കൾ മാ​ത്ര​മാ​യി​രു​ന്നു. പി​ന്നെ അവർ കണ്ടി​രി​ക്കാൻ ഇട​യു​ള്ള ആൾ ആരാ​ണു്? ആ മനു​ഷ്യൻ ഡി​ക്ടേ​റ്റർ ആയി​രു​ന്നി​ല്ല. അയാ​ളു​ടെ ദ്വൈ​ത​രൂ​പ​ത്തെ—ഡബി​ളി​നെ—മാ​ത്രം. ഛാ​യ​യു​ടെ സാ​ദൃ​ശ്യം​കൊ​ണ്ടു തി​രി​ച്ച​റി​യാൻ കഴി​യാ​തി​രു​ന്ന ആ രണ്ടാ​മ​ന്റെ പേര് പെ​ട്രീ​ഷ്യോ അറ​ഗോ​ണ​സ് എന്നാ​യി​രു​ന്നു. അറ​ഗോ​ണ​സ് നിർ​വ്വ​ഹി​ച്ച പ്ര​ഭാ​ഷ​ണ​ങ്ങൾ സ്വ​ന്തം പ്ര​ഭാ​ഷ​ണ​ങ്ങ​ളാ​യി ഡി​ക്ടേ​റ്റർ പത്ര​ത്തിൽ വാ​യി​ച്ചി​രി​ക്കും. അറ​ഗോ​ണ​സാ​ണു് യഥാർ​ത്ഥ​ത്തി​ലു​ള്ള പ്ര​സി​ഡ​ന്റ് എന്നു വി​ചാ​രി​ച്ചു് ശ്രോ​താ​ക്കൾ കൈ​യ​ടി​ച്ച​പ്പോൾ ആ കര​ഘോ​ഷം തനി​ക്കു​വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു​വെ​ന്നു കരുതി അയാൾ ആഹ്ലാ​ദി​ച്ചി​രി​ക്കും. അതെ​ല്ലാം പ്ര​സി​ഡ​ന്റ്—ഡി​ക്ടേ​റ്റർ—മന​സ്സി​ലാ​ക്കു​ന്ന​തു് അയാൾ​ക്കു​വേ​ണ്ടി മാ​ത്രം ഒറ്റ​പ്ര​തി​യാ​യി അച്ച​ടി​ക്ക​പ്പെ​ടു​ന്ന പത്ര​ത്തിൽ​നി​ന്നാ​ണു്.

ഡബി​ളി​ന്റെ അസ്ത​മ​യം

ഡി​ക്ടേ​റ്റർ ചെ​റു​പ്പ​കാ​ല​ത്തു് വെ​റു​മൊ​രു കർ​ഷ​ക​നേ​താ​വാ​യി​രു​ന്നു. പടി​പ്പ​ടി​യാ​യി ഉയർ​ന്നു് അയാൾ റി​പ്പ​ബ്ലി​ക്കി​ന്റെ അധി​പ​തി​യാ​യി. കൊ​ല​പാ​ത​കം നട​ത്താൻ, കൂ​ട്ട​ക്കൊല നട​ത്താൻ അയാൾ​ക്കു മടി​യി​ല്ലാ​യി​രു​ന്നു. വെ​പ്പാ​ട്ടി​ക​ളെ കൊ​ട്ടാ​ര​മാ​കെ നി​റ​ച്ചു​വ​യ്ക്കാൻ അയാൾ​ക്കു് എന്തു താ​ല്പ​ര്യ​മാ​യി​രു​ന്നെ​ന്നോ? അതി​നും പുറമേ ധാ​രാ​ളം പശു​ക്ക​ളും. ആ പശു​ക്ക​ളു​ടെ പാ​ലു​കു​ടി​ച്ചും വി​ഷ​യ​സു​ഖം അനു​ഭ​വി​ച്ചും, ക്രൗ​ര്യ​വും ഭീ​തി​യും വളർ​ത്തി​യും അയാൾ വി​രാ​ജി​ച്ചു. അയാ​ളു​ടെ ആരാ​ധ​കർ എന്തെ​ല്ലാം കഴി​വു​കൾ അയാൾ​ക്കു കല്പി​ച്ചു​കൊ​ടു​ത്തു! ഭൂ​മി​കു​ലു​ക്കം വന്നാൽ ഡി​ക്ടേ​റ്റർ​ക്കു് അതു തടയാൻ സാ​ധി​ക്കും. ഗ്ര​ഹ​ണ​മു​ണ്ടാ​യാൽ, അധി​ക​ദി​ന​വ​ത്സ​രം (leap-​year) വന്നാൽ അയാൾ​ക്കു് അവ ഇല്ലാ​താ​ക്കാൻ കഴി​യും. ആന​യു​ടെ കാ​ലി​നു തു​ല്യ​മായ കാ​ലാ​ണു് അയാൾ​ക്കു​ണ്ടാ​യി​രു​ന്ന​തു്. അതു വലി​ച്ചു​വ​ച്ചു് മഞ്ഞി​ലൂ​ടെ അയാൾ നട​ക്കും. ഗോ​പു​ര​ത്തി​ലെ മണി പന്ത്ര​ണ്ട​ടി​ക്കേ​ണ്ടി​വ​രു​ന്ന സമ​യ​ത്തു് പന്ത്ര​ണ്ട​ടി​ച്ചു​കൂ​ടാ എന്നു് അയാൾ ആജ്ഞാ​പി​ച്ചു. ജീ​വി​തം ദീർ​ഘ​ത​യു​ള്ള​താ​ക്കാൻ രണ്ടു​ത​വണ മാ​ത്ര​മേ അതു ശബ്ദി​ക്കാ​വൂ. ആ കല്പ​ന​യ​നു​സ​രി​ച്ചു് മണി തി​രു​ത്ത​പ്പെ​ട്ടു. ഈ ഭയ​ങ്ക​ര​നാ​ണു് മരി​ച്ചു​കി​ട​ക്കു​ന്ന​തു്. ഡി​ക്ടേ​റ്റർ​ക്കാ​യി കരു​ത​പ്പെ​ട്ടി​രു​ന്ന വിഷം അയാ​ളു​ടെ ഡബിൾ അറ​ഗോ​ണ​സി​ന്റെ ശരീ​ര​ത്തിൽ കട​ന്ന​പ്പോൾ അയാൾ (ഡബിൾ) അന്ത​രി​ച്ചു. തന്റെ അധി​കാ​ര​ത്തി​ന്റെ അസ്ത​മ​യം ജനി​പ്പി​ച്ച ഏകാ​ന്ത​ത​യിൽ​പ്പെ​ട്ടു് ഡി​ക്ടേ​റ്റർ ഉഴ​ലു​ക​യാ​യി. (“lulled by the sound of the trail of yellow leaves of his autumn of pain” എന്നു് മാർ​കേ​സ്.) അപ്പോൾ മന്ത്രി​മാർ സ്വേ​ച്ഛാ​ധി​കാ​ര​ത്തി​ന്റെ കൊ​ള്ള​വ​സ്തു പങ്കി​ട്ടെ​ടു​ക്കു​ന്ന​തി​ന്റെ കോ​ലാ​ഹ​ലം അയാൾ കേ​ട്ടു. നോവൽ തു​ട​ങ്ങു​മ്പോൾ ഡി​ക്ടേ​റ്റർ ഇല്ലെ​ന്നു പറ​ഞ്ഞ​ല്ലോ. അയാൾ “പു​രാ​വൃ​ത്ത”മായി രൂ​പാ​ന്ത​ര​പ്പെ​ട്ടി​രി​ക്കു​ന്നു. ആ “പു​രാ​വൃ​ത്തം” ചോ​ര​യും നീരും മാം​സ​വു​മാർ​ന്നു് നമ്മു​ടെ മുൻ​പിൽ നിൽ​ക്കു​ന്ന​തു് പല​രു​ടെ​യും ആഖ്യാ​ന​ത്തി​ലൂ​ടെ​യാ​ണു്. അയാ​ളു​ടെ, അയാ​ളു​ടെ അമ്മ​യു​ടെ, വെ​പ്പാ​ട്ടി​യു​ടെ, സു​ന്ദ​രി​യായ മൻ​യൂ​ലേ​യു​ടെ അത്ഭു​താ​വ​ഹ​ങ്ങ​ളായ ആഖ്യാ​ന​ങ്ങ​ളി​ലൂ​ടെ പേ​രി​ല്ലാ​ത്ത ഡി​ക്ടേ​റ്റർ നമ്മു​ടെ മുൻ​പിൽ വന്നു​നിൽ​ക്കു​ന്നു. അയാൾ എന്നും പു​രാ​വൃ​ത്ത​മാ​യി​രു​ന്നു. അയാ​ളെ​ക്കു​റി​ച്ചു​ള്ള യാ​ഥാ​ത​ഥ്യം ബഹു​ജ​ന​മ​റി​ഞ്ഞി​രു​ന്ന​തു് ഡബി​ളായ അറ​ഗോ​ണ​സി​ലൂ​ടെ​യാ​ണു്. യാ​ഥാർ​ത്ഥ്യ​ത്തി​ന്റെ രൂ​പ​മാർ​ന്ന ഡബി​ളി​നെ വധി​ച്ച​പ്പോൾ ആദ്യ​രൂ​പ​മായ ഡി​ക്ടേ​റ്റ​റു​ടെ അന്ത്യ​വും സം​ഭ​വി​ച്ചു. സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ന്റെ അയ​ഥാർ​ത്ഥ സ്വ​ഭാ​വം അഭി​വ്യ​ഞ്ജി​പ്പി​ക്കു​ന്ന​തി​നു സഹാ​യി​ക്കു​ന്ന ‘ഡബി​ളി​നു്’ ഈ നോ​വ​ലിൽ പര​മ​പ്രാ​ധാ​ന്യ​മു​ണ്ടു്. അയാ​ളു​ടെ പേരു പറ​യു​ക​യും ഡി​ക്ടേ​റ്റ​റു​ടെ പേരു പറ​യാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തും ശ്ര​ദ്ധാർ​ഹ​മ​ത്രേ. സ്വേ​ച്ഛാ​ധി​കാ​രം അല്ലെ​ങ്കിൽ ഡെ​സ്പോ​ട്ടി​സം അസ​ത്യ​മാ​ണ​ല്ലോ. അതു് അസ​ത്യ​മാ​ണെ​ന്നു് ഡി​ക്ടേ​റ്റ​റെ ബോ​ദ്ധ്യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്ന​തു അറ​ഗോ​ണ​സാ​ണു്. അതി​നാ​ലാ​ണു് അയാൾ മരി​ച്ചു​ക​ഴി​യു​മ്പോൾ ഡി​ക്ടേ​റ്റർ​ക്കും നി​ല​നി​ല്പി​ല്ലാ​തെ​യാ​യി​ത്തീ​രു​ന്ന​തു്. മാർ​കേ​സി​നു് വളരെ ഇഷ്ട​പ്പെ​ട്ട ഒരാ​ശ​യ​മാ​ണു് ‘ഡബിൾ’ എന്ന​തു്. അദ്ദേ​ഹ​ത്തി​ന്റെ “The Other Side of Death” എന്ന അത്യ​ന്ത​സു​ന്ദ​ര​വും അതി​പ്രൗ​ഢ​വു​മായ ചെ​റു​ക​ഥ​യി​ലും ഈ ആശയം ആവിർ​ഭ​വി​ക്കു​ന്നു. ഈ ആശ​യാ​വി​ഷ്കാ​ര​ത്തി​നു് നോ​വ​ലി​സ്റ്റി​നു സാ​ഹാ​യ്യം നൽ​കു​ന്ന​തു ഫാ​ന്റ​സി​യും.

ചരി​ത്ര​ത്തി​ലെ സ്വേ​ച്ഛാ​ധി​കാ​രി​കൾ​ക്കെ​ല്ലാം ജന​യി​താ​ക്ക​ളി​ല്ല. അതു​പോ​ലെ ഈ ഡി​ക്ടേ​റ്റർ​ക്കും അച്ഛ​നി​ല്ല. അയാൾ​ക്കു് അമ്മ മാ​ത്ര​മേ​യു​ള്ളു. അമ്മ പു​രു​ഷ​ന്റെ സഹാ​യ​മി​ല്ലാ​തെ​യാ​ണു് ഭാവി ഡി​ക്ടേ​റ്റ​റെ ഗർ​ഭാ​ശ​യ​ത്തിൽ വഹി​ച്ച​തെ​ന്നു് അവി​ട​ത്തെ പാ​ഠ്യ​പു​സ്ത​ക​ങ്ങ​ളിൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അയാൾ ജനി​ച്ചു, വളർ​ന്നു, ഡി​ക്ടേ​റ്റ​റാ​യി. ആദ്യ​കാ​ല​ത്തൊ​ക്കെ അയാൾ ഭയ​ങ്കര സ്വേ​ച്ഛാ​ധി​കാ​രി​യാ​യി​രു​ന്നെ​ങ്കി​ലും, ജീ​വി​ത​സാ​യാ​ഹ്ന​ത്തോ​ടു് അടു​ത്ത​പ്പോൾ ദുർ​ബ്ബ​ല​നാ​യി​ത്തീർ​ന്നു. ഒരു കന്യാ​സ്ത്രീ​യെ മോ​ഷ്ടി​ച്ചു​കൊ​ണ്ടു​വ​ന്നു് അവളെ വി​വാ​ഹം ചെയ്ത അയാൾ, ബൂ​ട്ട്സ് മാ​റ്റാ​തെ, വാ​ളു​മാ​റ്റാ​തെ, ഹെർ​ണി​യ​കൊ​ണ്ടു വലു​താ​യി​പ്പോയ വൃ​ഷ​ണ​ത്തെ താ​ങ്ങു​ന്ന ബെൽ​റ്റ് മാ​റ്റാ​തെ അവ​ളോ​ടു ലൈം​ഗി​ക​വേ​ഴ്ച​യ്ക്കു തയ്യാ​റായ അയാൾ ഡബി​ളി​ന്റെ മര​ണ​ത്തി​നു​ശേ​ഷം അശ്ശ​ക്ത​നാ​യി​ബ്ഭ​വി​ച്ചു. അയാ​ളു​ടെ വി​ശ്വ​സ്ത​നായ ഒരു മന്ത്രി വഞ്ചന കാ​ണി​ച്ചു. ബാൻ​ക്വി​റ്റി​നു് ആ മന്ത്രി​യേ​യും ഡി​ക്റ്റേ​റ്റർ ക്ഷ​ണി​ച്ചു. അയാൾ വന്ന​തു് വെ​ള്ളി ട്രേ​യിൽ കി​ട​ന്നു​കൊ​ണ്ടാ​ണു്. എല്ലാ മെ​ഡ​ലു​ക​ളും അയാൾ ധരി​ച്ചി​രു​ന്നു. കൂ​ടാ​തെ “കോ​ളി​ഫ്ലൗ​വർ”, മസാല ഇവ​കൊ​ണ്ടു് അയാ​ളു​ടെ മാം​സ​ത്തി​ന്റെ രുചി വർ​ദ്ധി​പ്പി​ച്ചി​രു​ന്നു. അതി​ഥി​കൾ​ക്കു് ആ മൃ​ത​ദേ​ഹം ഭക്ഷി​ക്കേ​ണ്ട​താ​യി വന്നു. (“…because only she had reached the inconceivable triumph of take your boots off so you don’t soil my Brabant sheets, and he took them off, take off your saber and your truss and your leggings take every thing off my love I can’t feel you” എന്ന ഭാ​ഗ​ത്തിൽ യൂ​ണി​ഫോ​മി​ട്ടു​കൊ​ണ്ടു് ലൈം​ഗിക വേ​ഴ്ച​യ്ക്കു തു​നി​യു​ന്ന ഡി​ക്ടേ​റ്റ​റു​ടെ ചി​ത്രം. “The distinguished General Roderigo de Aguilar entered on a silver tray, stretched out garnished with Cauliflower and laurel steeped with spices… and in all his medals, is served up roast” എന്ന ഭാ​ഗ​ത്തു് ക്രൗ​ര്യ​ത്തി​ന്റെ ചി​ത്രം.) ഈ ഭയ​ങ്ക​രൻ മരി​ക്കു​ന്ന​തി​ന്റെ തലേ​ദി​വ​സം തകർ​ന്ന കൊ​ട്ടാ​ര​ത്തി​നു​ചു​റ്റും ആശ്ര​യ​ര​ഹി​ത​നാ​യി നട​ക്കു​ക​യും തന്റെ പശു​ക്ക​ളെ എണ്ണി​നോ​ക്കു​ക​യും കാ​ണാ​ത്ത​വ​യെ അന്വേ​ഷി​ക്കു​ക​യും ചെ​യ്യു​ന്നു. സ്വേ​ച്ഛാ​ധി​കാ​രം ഏതു നി​ല​യിൽ മനു​ഷ്യ​നെ കൊ​ണ്ടെ​ത്തി​ക്കു​മെ​ന്നു കാ​ണി​ച്ചു​ത​രി​ക​യാ​ണു് അസു​ല​ഭ​സി​ദ്ധി​ക​ളു​ള്ള മാർ​കേ​സ്. അതി​നു​വേ​ണ്ടി​യാ​ണു് അദ്ദേ​ഹം ഫാ​ന്റ​സി​യെ കൂ​ട്ടു​പി​ടി​ക്കു​ന്ന​തു്.

പ്ര​തി​ഭ​യു​ടെ വി​ലാ​സം

വർ​ണ്ണ​നാ​വൈ​ദ​ഗ്ദ്ധ്യ​ത്തിൽ മാർ​കേ​സി​നെ സമീ​പി​ക്കു​ന്ന ഏതെ​ങ്കി​ലും നോ​വ​ലി​സ്റ്റ് ഇപ്പോ​ഴു​ണ്ടൊ? ഇല്ലെ​ന്നു​ത​ന്നെ​യാ​ണു് ഈ ലേ​ഖ​ക​ന്റെ ഉത്ത​രം. ഡി​ക്ടേ​റ്റ​റു​ടെ അമ്മ ക്യാൻ​സർ പി​ടി​ച്ചു മരി​ക്കു​ന്ന​തി​ന്റെ വർ​ണ്ണ​നം ഈ നോ​വ​ലി​ലു​ണ്ടു്. അതു വാ​യി​ക്കു​ന്ന​വർ വി​സ്മ​യാ​ധീ​ന​രാ​യി ഇരു​ന്നു​പോ​കും. അത്ര​യ്ക്കു​ണ്ടു് അതി​ന്റെ ശക്തി. കാ​ല​ത്തെ​ക്കു​റി​ച്ചു് പരി​വൃ​ത്തി സങ്ക​ല്പ​മാ​ണു് (cyclic conception of time) മാർ​കേ​സി​നു​ള്ള​തു്; രേ​ഖാ​മ​യ​സ​ങ്ക​ല്പ​മ​ല്ല (linear conception), അതിനു യോ​ജി​ച്ച​വി​ധ​ത്തി​ലു​ള്ള ആഖ്യാ​ന​വും വർ​ണ്ണ​ന​വും ആണു് ഈ നോ​വ​ലിൽ കാണുക. കു​ള​ത്തി​ലേ​ക്കു് ഒരു കല്ലെ​റി​യൂ. ആദ്യം ഒരു കൊ​ച്ചു തരംഗം അതിനെ വല​യം​ചെ​യ്തു് വേ​റൊ​രു തരംഗം. അങ്ങ​നെ തരം​ഗ​ത്തി​ന്റെ വലി​പ്പം കൂ​ടി​ക്കൂ​ടി ഒടു​വിൽ മഹാ​ത​രം​ഗം. ഇമ്മ​ട്ടിൽ കൊ​ച്ചു​ത​രം​ഗ​ങ്ങ​ളും വലിയ തരം​ഗ​ങ്ങ​ളും മഹാ​ത​രം​ഗ​ങ്ങ​ളും ഈ നോ​വ​ലിൽ നി​റ​ഞ്ഞി​രി​ക്കു​ന്നു. അതു​കൊ​ണ്ടു് ഇതി​നു് എന്തെ​ന്നി​ല്ലാ​ത്ത ഘനത അല്ലെ​ങ്കിൽ സാ​ന്ദ്രത കൈ​വ​ന്നി​രി​ക്കു​ന്നു. ചില ഭാ​ഗ​ങ്ങൾ തി​ക​ച്ചും കാ​വ്യാ​ത്മ​ക​ങ്ങ​ളാ​ണു്. യാ​ഥാർ​ത്ഥ്യ​വും ഫാ​ന്റ​സി​യും മാർ​കേ​സ് ഒരു​മി​ച്ചു ചേർ​ക്കു​മ്പോൾ യാ​ഥാർ​ത്ഥ്യ​മേ​തു് ഫാ​ന്റ​സി​യേ​തു് എന്നു നമു​ക്കു തി​രി​ച്ച​റി​യാൻ കഴി​യാ​തെ വരു​ന്നു. രണ്ടും സത്യാ​ത്മ​ക​ത​യി​ലേ​ക്കു നമ്മ​ളെ കൊ​ണ്ടു ചെ​ല്ലു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ One hundred Years of Solitude എന്ന നോ​വ​ലിൽ ഹോസ് ആർ​ക്കേ​ഡി​യോ ബു​വേ​ണ്ടി​യോ​യെ അയാ​ളു​ടെ ഭാര്യ കൊ​ല്ലു​ന്ന​താ​യി വർ​ണ്ണ​ന​യു​ണ്ടു്. മരി​ച്ച​യാ​ളി​ന്റെ രക്ത​ത്തി​നു​പോ​ലും വീ​ട്ടി​ലേ​ക്കു് ഒഴി​കി​പ്പോ​കാ​നു​ള്ള വഴി​യ​റി​യാം. പടി​ക്കെ​ട്ടി​റ​ങ്ങി ടർ​ക്ക് സ്ട്രീ​റ്റിൽ​ക്കൂ​ടി ഒഴുകി വല​ത്തോ​ട്ടും ഇട​ത്തോ​ട്ടും തി​രി​ഞ്ഞു​തി​രി​ഞ്ഞ് അതു് അടഞ്ഞ വാ​തി​ലി​ന​ടി​യിൽ​ക്കൂ​ടി പോയി തീൻ​മേ​ശ​യിൽ തട്ടാ​തെ ചെ​ന്നു് അടു​ക്ക​ള​യിൽ എത്തു​ന്നു. അവിടെ ഉർസൂല പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു​വേ​ണ്ടി മു​പ്പ​ത്തി​യാ​റു മു​ട്ട​കൾ പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. ചോ​ര​യ്ക്കു​ള്ള ഈ ജ്ഞാ​നം മാർ​കേ​സി​ന്റെ ഈ പുതിയ നോ​വ​ലി​ലെ ഓരോ ക്ഷു​ദ്ര​വ​സ്തു​വും പ്ര​ക​ടി​പ്പി​ക്കു​ന്നു. അസാ​ധാ​ര​ണ​മായ, അന്യാ​ദൃ​ശ​മായ കലാ​ശി​ല്പ​മാ​ണി​തു്. ഇതു് ആദ്യം വാ​യി​ച്ച​പ്പോൾ വി​ര​സ​മാ​യി എനി​ക്ക​നു​ഭ​വ​പ്പെ​ട്ടു. പക്ഷേ, നോ​വ​ലി​ന്റെ കവർ​പേ​ജിൽ നൽ​കി​യി​രു​ന്ന നിർ​ദ്ദേ​ശം അല്ലെ​ങ്കിൽ അനു​ശാ​സ​ന​മ​നു​സ​രി​ച്ചു് ഞാൻ വീ​ണ്ടും വീ​ണ്ടും വാ​യി​ച്ചു. ഒറ്റ വാ​യ​ന​കൊ​ണ്ടു് നോ​വ​ലി​ന്റെ ഗാം​ഭീ​ര്യം വെ​ളി​പ്പെ​ട്ടു​വ​രി​കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വം. ആവർ​ത്തി​ച്ചു വാ​യി​ക്കുക എന്ന​താ​യി​രു​ന്നു ഉപ​ദേ​ശം. അങ്ങ​നെ വാ​യി​ച്ച​പ്പോൾ മാർ​കേ​സി​ന്റെ ഈ നോ​വ​ലി​നെ അതി​ശ​യി​ക്കാൻ വേ​റൊ​രു കൃ​തി​യി​ല്ലെ​ന്നു് എനി​ക്കു തോ​ന്നി.

Colophon

Title: Magical Realism (ml: മാ​ജി​ക്കൽ റി​യ​ലി​സം).

Author(s): M Krishnan Nair.

First publication details: Prabhatham Printing and Publishing Co Ltd; Trivandrum, India; 1985.

Deafult language: ml, Malayalam.

Keywords: M Krishnannair, Magical Realism, മാ​ജി​ക്കൽ റി​യ​ലി​സം, എം കൃ​ഷ്ണൻ നായർ, Literary criticism, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 8, 2022.

Credits: The text of the original item is copyrighted to J Vijayamma. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: KB Sujith; Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.