images/mkn-mrealism-cover.jpg
Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940).
രണ്ടു നോബൽ സമ്മാനങ്ങൾ
images/mkn-mr9-01.jpg
വ്ലാഡി സ്ലാഫ് ഗമുൽക

ചരിത്രം ആവർത്തിക്കുന്നു എന്ന ചൊല്ലു് പലപ്പോഴും സത്യാത്മകമാണു്. 1956-ൽ പോളണ്ടിലെ പൊസ്നാന്യ നഗരത്തിലെ തൊഴിലാളികൾ തെരുവുകളിലിറങ്ങി സർക്കാരിനോടു് ആഹാരം ചോദിച്ചു. അവരുടെ നേതാവായിരുന്നു വ്ലാഡി സ്ലാഫ് ഗമുൽക. പോളണ്ടിലെ തൊഴിലാളി കക്ഷിയുടെ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. പതിന്നാലു് കൊല്ലം കഴിഞ്ഞു് 1970-ൽ ഗഡാൻസ്കിലെ തുറമുഖത്തൊഴിലാളികൾ വിപ്ലവം നടത്തി. അതിന്റെ ഫലമായി ഗമുൽക അധികാരഭൃഷ്ടനായി. അദ്ദേഹത്തിനുപകരം അധികാരസ്ഥാനത്തിൽ പ്രവേശിച്ചതു് ഗൈറക്കായിരുന്നു. വ്യക്തിപരമായ അധികാരത്തിന്റെ അടിസ്ഥാനത്തിനു് ദൃഢത കൈവരുത്തിയ അദ്ദേഹം 1976-ൽ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തെച്ചൊല്ലി തൊഴിലാളികൾ ലഹളകൾ ഉണ്ടാക്കിയപ്പോൾ ആ അടിത്തറയ്ക്ക് അത്രത്തോളം ദാർഢ്യമില്ലയോ എന്നു സംശയിച്ചിരിക്കണം. 1980-ൽ ഗഡാൻസ്കിലും മറ്റു ചില പട്ടണങ്ങളിലും എട്ടുലക്ഷം തൊഴിലാളികൾ പണിമുടക്കി. മാംസത്തിന്റെ വില കൂടിയതിനെ പ്രധാനമായും കുറ്റപ്പെടുത്തിക്കൊണ്ടുണ്ടായ ആ പണിമുടക്കിന്റെ ആഘാതം സഹിക്കാനാവാതെ ഗൈറക്കു് രാജിവച്ചു. സ്റ്റാനി സ്ലാഫ് കനിയ അധികാരമേൽക്കുകയും തൊഴിലാളികളുടെ സംഘടനയായ സോളിഡാരിറ്റി’യെ 1981-ൽ (മേയ് മാസത്തിൽ) അംഗീകരിക്കുകയും ചെയ്തു. 1980-നോടു് അടുപ്പിച്ചു് സോളിഡാരിറ്റിയുടെ നേതാവായി രംഗത്തുവന്ന ആളാണു് വലേസ. (പോളിഷ് ഉച്ചാരണം വിഭിന്നമാണു്) പിന്നീടുള്ള സംഭവങ്ങൾ ആരുടേയും ഓർമ്മയിൽനിന്നു മാഞ്ഞുപോയിട്ടില്ല. പോളണ്ടിലെ പട്ടാളഭരണവും വലേസയുടെ ബന്ധനവും പട്ടാളഭരണം അവസാനിച്ചപ്പോൾ അദ്ദേഹത്തിനുലഭിച്ച മോചനവുമെല്ലാം എല്ലാവർക്കും അറിയാം. ഗഡാൻസ്കിലെ ലെനിൻ ഷിപ്പ്യാർഡ് തൊഴിലാളികളുടെ നേതാവായ വലേസയ്ക്കാണു് 1983-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകിയിരിക്കുന്നതു്. [1] അങ്ങനെ അദ്ദേഹത്തെ മാർട്ടിൻ ലൂഥർകിംഗ്, (1964-ലെ സമ്മാനം) ഹാമാർഷോൾഡ് (1961-ലെ സമ്മാനം), ആർബർ ഷ്വൈറ്റ്സർ (1952-ലെ സമ്മാനം) ഇവർക്കു സദൃശനാക്കി കല്പിച്ചിരിക്കുന്നു അക്കാഡമി. ഡിസംബർ പത്താം തീയതി നോർവയിലെ ഉസ്ലൂവിൽ ചെന്നു് വലേസ സമ്മാനം വാങ്ങും. സാഹിത്യത്തിനുള്ള നോബൽ സമ്മാനം സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ചെന്നു് വില്യം ഗോൾഡിങ്ങും സ്വീകരിക്കും. രണ്ടുപേരും അതു സ്വീകരിക്കുമെന്നതിൽ ഒരു സംശയമില്ല. സമ്മാനം കിട്ടിയെന്നു് അറിഞ്ഞപ്പോൾ വലേസ പറഞ്ഞതു് “നോക്കു ഇതു സത്യമാണെന്നു മനസ്സിലാക്കുമ്പോൾ എനിക്കു നേരെ സംസാരിക്കാൻപോലും വയ്യ” എന്നാണു്. “യേശുവിനെ കല്ലെറിയുകയും ഒടുവിൽ കുരിശിലേറ്റുകയും ചെയ്തു. പീഡിപ്പിക്കുന്നവർ ഉയർത്തപ്പെടും” എന്നും കൂടി വലേസ പ്രഖ്യാപിച്ചു. ഈ സമ്മാനദാനം മുതലാളിത്ത രാഷ്ട്രങ്ങളെ എന്തെന്നില്ലാതെ ആഹ്ലാദിപ്പിച്ചിരിക്കുന്നു. “മൃഗീയശക്തിക്കു മുകളിലുള്ള സാന്മാർഗ്ഗിക ശക്തിയുടെ വിജയമായിട്ടാണു് പ്രസിഡന്റ് റെയ്ഗൻ അതിനെ കാണുന്നതു് (വലേസയുടെയും റെയ്ഗന്റെയും പ്രസ്താവനകൾ ന്യൂസ് വീക്കിൽനിന്നു്.)

images/mkn-mr9-02.jpg

ഇതെഴുതുന്ന ആളിനു് രാഷ്ട്രവ്യവഹാരത്തിൽ താല്പര്യമില്ല. പക്ഷേ ചരിത്രം ആവർത്തിക്കുന്നതുകണ്ടു് തെല്ലൊരു അത്ഭുതത്തോടെ സംഭവവികാസങ്ങളെ വീക്ഷിക്കുന്നു. 1956-ലെ പൊസ്നാന്യ വിപ്ലവംതന്നെയല്ലേ 1970-ൽ ആവർത്തിക്കപ്പെട്ടതു്. 1970-ലെ ലഹളതന്നെയല്ലേ 1976-ൽ ആവിർഭവിച്ചതു്. 1980-ൽ ഗഡാൻസ്കിലും മറ്റു പട്ടണങ്ങളിലുമുണ്ടായ ‘റയറ്റ്സി’നു്. 1976-ലെ ‘റയറ്റ്സി’ൽനിന്നു് വല്ല വ്യത്യാസവുമുണ്ടോ? സംഖ്യാബലത്തിലല്ലാതെ. 1956-തൊട്ടുണ്ടായ മൂന്നു ലഹളകളുടേയും നേതാക്കന്മാർക്കു ലഭിക്കാത്ത സമ്മാനം 1980-ലെ ബഹളത്തിന്റെ നേതാവിനു് എങ്ങനെ ലഭിച്ചു? പോളണ്ടിന്റെ ‘ഒഫിഷ്യൽ ഐദിയോളജി, ഒന്നിനൊന്നു് ജീർണ്ണിച്ചുവെന്നും ബഹുജനത്തിനു ആ ജീർണ്ണത സഹിക്കാനാവാതെ വന്നുവെന്നും ജീർണ്ണത അതിന്റെ പരകോടിയിലെത്തിയപ്പോൾ പോളണ്ടിലെ സാമൂഹ്യശക്തികൾ ഒരുമിച്ചുകൂടി ഒരു വ്യക്തിയിൽ ആഘാതമേല്പിച്ചുവെന്നും അതിന്റെ ഫലമായി ആ വ്യക്തി വലേസയായി പ്രത്യക്ഷനായിയെന്നും ചിലർ പ്രഖ്യാപിച്ചേക്കാം. വാദത്തിനുവേണ്ടി ഇതു് ശരിയാണെന്നു് സമ്മതിച്ചാലും വലേസ സമാധാനത്തിന്റെയും ശാന്തിയുടേയും പ്രവാചകൻ ആകുന്നതെങ്ങനെ? ലോകശാന്തിക്കുവേണ്ടിമാത്രം യത്നിച്ചു് വെടിയേറ്റു മരിച്ച മാർട്ടിൻലൂഥർകിങ്ങിനും ഹുമാനിറ്റോറിയൻ എന്ന നിലയിൽ എല്ലാവരും ആദരിച്ച സ്വൈറ്റ്സർക്കും അദ്ദേഹം സദൃശനാകുന്നതെങ്ങനെ? ലോകം കണ്ട അത്ഭുതപുരുഷന്മാരിൽ ഒരാളായ മഹാത്മാഗാന്ധി നൗഖാലിയിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മയൂഖമാലകൾ വീശിക്കൊണ്ടു് നടന്ന കാലത്തു് സ്വീഡിഷ് അക്കാഡമിയും നോർവീജിയൻ പാർലമെന്റ് തിരഞ്ഞെടുത്ത കമ്മിറ്റിയും കൂടി വിശ്വശാന്തിക്കുള്ള നോബൽസമ്മാനം കൊടുത്തതു് അമേരിക്കയിലെ ഏതോ ഫ്രണ്ട്സ് സർവീസ് കമ്മിറ്റിക്കാണു്. പരാർത്ഥവാദത്തിന്റെ വേഷമെടുത്തു് സ്വാർത്ഥവാദം പ്രത്യക്ഷപ്പെടാറുണ്ടു്. സ്വാർത്ഥവാദത്തിന്റെ ജോലി അധികാരമന്വേഷിക്കലാണു്. ശീതയുദ്ധത്തിന്റെയും പവർ പൊളിറ്റിക്സിന്റെയും സ്വാർത്ഥവാദം പരാർത്ഥവാദത്തിന്റെ വേഷം കെട്ടി സമ്മാനങ്ങൾ നൽകുന്നുവെന്നേ ഇവിടെ പറയാനുള്ളു. വലേസ ധീരനായിരിക്കാം. നേതാവായിരിക്കാം. മർദ്ദനത്തിനു വഴങ്ങിക്കൊടുക്കാത്ത വീരപുരുഷനായിരിക്കാം. സമീപഭാവിയിൽ അദ്ദേഹം ഗമുൽക്കയെപ്പോലെ ഗൈറക്കിനെപ്പോലെ അധികാരത്തിൽ വന്നേക്കാം. പക്ഷേ വിശ്വശാന്തിയുടെ സന്ദേശവാഹകനല്ല. കമ്മ്യൂണിസത്തിൽ ലക്ഷ്യത്തിനും മാർഗ്ഗത്തിനും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നു് ചൂണ്ടിക്കാണിക്കുന്നവർ ക്യാപ്പിറ്റലിസത്തിലുള്ള ഇത്തരം പൊരുത്തക്കേടുകൾകൂടി കാണാത്തതെന്താണു്? (കൂട്ടത്തിൽ പറയട്ടെ, ഈ ലേഖകൻ കമ്മ്യൂണിസ്റ്റല്ല.) സുശക്തങ്ങളായ ‘പവർബ്ലോക്കുകൾ’ നിലനിൽക്കുന്നതു് ക്ഷുദ്രങ്ങളായ മുദ്രാവാക്യങ്ങളിലാണു്. ‘വലേസ മനുഷ്യരാശിയുടെ സംരക്ഷകൻ’ എന്നതു അമേരിക്ക പ്രചരിപ്പിക്കുന്ന വിലകുറഞ്ഞ മുദ്രാവാക്യമാണു്.

II

(എനിക്കു്) ‘അമ്പരപ്പാണു്’ (ഈ ബഹുമതിയിൽ) ഇതു സത്യമോ എന്നു വിചാരിച്ചുവിചാരിച്ചു് ഞാൻ അത്ഭുതപ്പെടുന്നു. (ന്യൂസ് വീക്കു്)-എന്നു പറഞ്ഞ ഗോൾഡിങ് സ്റ്റോക്ക് ഹോമിൽ പോയി. സമ്മാനം വാങ്ങാതിരിക്കില്ല. മാർകേസും ഏല്യാസ കനേറ്റിയും നിന്ന സ്ഥലത്തുതന്നെ നിന്നു് അദ്ദേഹം 190,000 ഡോളർ വാങ്ങും. പക്ഷേ ഗോൾഡിങ്ങിനു അതിനുള്ള അർഹതയുണ്ടോ? ഗോൾഡിങ്ങിന്റെ നോവലുകളിൽ ചിലതു ഞാൻ വീണ്ടും വായിച്ചു. സ്വീഡിഷ് അക്കാഡമിയിലെ അംഗമായ അർറ്റൂർ ലുണ്ട്ക്വിസ്റ്റ് “a little English phenomenon of no special interest-വിശേഷിച്ചൊരു ശ്രദ്ധയും അർഹിക്കാത്ത തുച്ഛ സംഭവം”—എന്നു ഗോൾഡിങ്ങിന്റെ നോവലുകളെക്കുറിച്ചു പറഞ്ഞതു ശരിയാണെന്നു തോന്നുകയും ചെയ്തു. പരസ്യമായി നിർവഹിക്കപ്പെട്ടതാണു് ഈ പ്രസ്താവമെന്നു ന്യൂസ്വീക്കു് ലേഖകൻ എഴുതുന്നു. 1982-ലെ സാഹിത്യത്തിനുള്ള നോബൽസമ്മാനം നേടിയ മാർകേസിനുപോലും ആരാധ്യനായ ബോർഹെസിനു ലഭിക്കേണ്ട ഈ സമ്മാനം ‘അലിഗറിസ്റ്റ്’ (ലാക്ഷണികകഥകൾ എഴുതുന്ന ആൾ) മാത്രമായ ഗോൾഡിങ്ങിനു് എങ്ങനെ കിട്ടി? ഉത്തരംകിട്ടാത്ത ചോദ്യമായി അതു് അവശേഷിക്കുന്നു.

കല സഹജഭാവ ബോധമായതുകൊണ്ടു് (Intuition)രണ്ടും വേർതിരിക്കാൻ വയ്യ എന്നാണു് ക്രോച്ചെയുടെ മതം. പ്രതിരൂപത്തെ വേർതിരിച്ചെടുക്കാൻ കഴിയുമെങ്കിൽ അവിടെ ധിഷണാപരമായ ഭ്രമം ഉണ്ടാകും. അലിഗറിയിൽ പ്രതിരൂപത്തെ വേർപെടുത്തിയെടുക്കാം. ഭാവംതന്നെ രൂപമായതാണു് കല. അതുകൊണ്ടു് എവിടെ പ്രതിരൂപത്തെ വേർതിരിച്ചു് എടുക്കാൻ കഴിയുന്നുവോ അവിടെ കലയില്ല. അലിഗറി അക്കാരണത്താൽ കലയല്ല. ഹെഗലെന്ന തത്ത്വചിന്തകനും അലിഗറി കലയല്ലെന്നു സ്ഥാപിച്ചിട്ടുണ്ടു്. ഇതുകൊണ്ടാവണം പടിഞ്ഞാറൻ ദേശത്തെ അലിഗറി നോവലായി മാറിയതു്. ഈ വികാസം മനുഷ്യമനസ്സിന്റെ വികാസത്തിനു അനുരൂപമാണു്. ഗോൾഡിംഗ് ഇവിടെ പരാങ്മുഖനായി വർത്തിക്കുകയാണു്. അല്ലെങ്കിൽ പ്രതിലോമകാരിയായി പ്രത്യക്ഷനാവുകയാണു്. അദ്ദേഹം നോവലിനെ വീണ്ടും അലിഗറിയാക്കി മാറ്റുന്നു.

‘സിങ്ക്’ (നാകം) ‘സൾഫ്യൂറിക് ആസിഡി’ൽ ഇട്ടാൽ തിളച്ചു പൊന്തൽ ഉണ്ടാകും. മനുഷ്യനെ ഇഷ്ടംപോലെ ജീവിക്കാൻ അനുവദിക്കു. ഭൂമി മണൽക്കാടായി മാറും. രണ്ടും പ്രകൃതിനിയമമാണു്. ഈ ആശയത്തെ ദൃഷ്ടാന്തീകരിക്കാനാണു് ഗോൾഡിംഗ് Lord of the Flies എന്ന അലിഗറി രചിച്ചതു്. കുറെ കുട്ടികളെ അദ്ദേഹം ഒരു ദ്വീപിൽ കൊണ്ടിടുന്നു. അവർ തീവച്ചു് എല്ലാം നശിപ്പിക്കുന്നു. മൃഗങ്ങൾ ഇല്ല, വൃക്ഷങ്ങൾ ഇല്ല. ഭൂമിതന്നെ വന്ധ്യമായിമാറി. ഇതു ദ്വീപിലെ കഥ. ഇംഗ്ലണ്ടിലും അമേരിക്കയിലും യൂറോപ്പിലും കിഴക്കൻ രാജ്യങ്ങളിലും താമസിക്കുന്ന ആളുകളെ സംബന്ധിച്ചാണെങ്കിൽ? അവർ പാർക്കുന്ന രാജ്യങ്ങളും ഇതുപോലെ വന്ധ്യമാകും. ഇതാണു് ഗോൾഡിങ്ങിന്റെ ‘മഹനീയമായ’ ആശയം. ഇതു പ്രതിപാദിക്കാൻ അദ്ദേഹം സ്വകീയങ്ങളായ പ്രതിരൂപങ്ങൾ സ്വീകരിക്കുന്നു. സ്വാഭാവികങ്ങളല്ലാത്ത ഇമേജുകൾ നിവേശിപ്പിക്കുന്നു. ആ പ്രതിരൂപങ്ങളേയും ഇമേജുകളേയും മാറ്റൂ. നമ്മൾ കാണുന്നതു് തുച്ഛമായ ആശയം മാത്രം. ഈ ആശയം മതപരമായ യാഥാസ്ഥിതികത്വത്തോടു് ബന്ധപ്പെട്ടിരിക്കുന്നു. ആദാമും ഔവ്വയും ഈശ്വരന്റെ ആജ്ഞ അനുസരിച്ചില്ല. അവർ ജ്ഞാനമന്വേഷിച്ചു. ഈ അന്വേഷിക്കലാണു് ആദിപാപം. അവരുടെ ‘പിൻമുറക്കാർ’ ഈ പാപത്തോടുകൂടി ജനിക്കുന്നു; ജീവിക്കുന്നു; മരിക്കുന്നു. സൾഫ്യൂരിക് ആസിഡു് വീഴുന്ന സിങ്ക് കഷണം തിളച്ചുമറിയൽ ഉണ്ടാക്കുന്നതുപോലെ ഭൂമിയിൽ വന്നുവീഴുന്ന മനുഷ്യൻ അതിനെ വന്ധ്യമാക്കും. അതു തടയണമെങ്കിൽ സംസ്ക്കാരത്തിന്റെ ഉദ്ബോധനങ്ങൾക്കു യോജിച്ച മട്ടിൽ അവർ ജീവിക്കണം അതു സാധ്യമല്ല. ബഹിർഭാഗസ്ഥമായ അല്ലെങ്കിൽ ഉത്താനസ്വഭാവമാർന്ന ഈ ആശയത്തിനു് ശൈലീവിഷയകമായ ഉജ്ജ്വലത നൽകുന്നതേയുള്ളു ഗോൾഡിംഗു്. കാട്ടാളത്തത്തെ നിയന്ത്രിക്കാൻ പ്രയാസമാണു്, നിയന്ത്രിച്ചാൽത്തന്നെ അതിനു് ക്ഷണികസ്വഭാവമേ ഉണ്ടാകൂ എന്ന ആശയത്തിൽ എന്തു മൗലികതയിരിക്കുന്നു? ഏതു നോവലിന്റെ ആശയവും ഇമ്മട്ടിൽ അബ്സെഡായി ലഘൂകരിച്ചുകൂടേ എന്ന ചോദ്യമുണ്ടാകാം. വയ്യ എന്നാണു് ഉത്തരം മെർവില്ലിന്റെ ‘മൊബിഡിക്ക്’ തോമസ് മന്നിന്റെ ‘മാജിക്‍ മൗണ്ടൻ’, ഇവോ ആൻഡ്രിച്ചിന്റെ ‘ഡ്രീനാ നദിയിലെ പാലം’ ഇവയെല്ലാം ജീവിതംപോലെ വിശാലതയാർന്നതാണു്. പാരാവാര സദൃശമായ ജീവിതം. അവയെ ഒരു വാക്യത്തിലൊതുക്കിപ്പറയാൻ സാധിക്കുകയില്ല. Lord of the Flies അലിഗറിയായതുകൊണ്ടാണു് അതിന്റെ ആശയത്തെ പ്രതിരൂപത്തിൽനിന്നു മാറ്റിനിറുത്തി പ്രതിപാദിക്കാൻ നമുക്കു് കഴിയുന്നതു്.

images/Cortazar.jpg
ഹൂലിയോ കോർട്ടസാർ

ഗോൾഡിങ്ങിന്റെ മാസ്റ്റർപീസായ Lord of the Flies ഇത്തരത്തിലാണെങ്കിൽ മറ്റുള്ള കൃതികളുടെ നിലയെന്താണെന്നു ഊഹിക്കാവുന്നതേയുള്ളു. ആശയപ്രധാനങ്ങളും കൃത്രിമങ്ങളുമായ കൃതികളാണു് The inheritors, Pincher Martin, Free Fall, The Spire, Rites of Passage എന്നിവ. പ്രഥമ കൃതികളുടെ ന്യൂനതകളെല്ലാം ഇവയ്ക്കുമുണ്ടു്. അഞ്ചുവയസ്സായ കുട്ടി അമ്പതു വയസ്സുള്ളവനെപ്പോലെ പെരുമാറുകയും സംസാരിക്കുകയും ചെയ്താൽ നമുക്കു വെറുപ്പുതോന്നും അവനോടു്. Lord of the Flies എന്ന കൃതിയിൽ കുട്ടികൾ പ്രായംകൂടിയവരെപ്പോലെ പെരുമാറി അനുവാചകരുടെ വെറുപ്പു തേടുന്നു. മാനുഷികാവസ്ഥകൾ രസകരങ്ങളാകുന്നതു ആ അവസ്ഥയിൽപ്പെട്ട മനുഷ്യർ ആന്തരമോ ബാഹ്യമോ ആയ സംഘട്ടനങ്ങളിൽ ഏർപ്പെടുമ്പോഴാണു്. ഗോൾഡിങ്ങിന്റെ കഥാപാത്രങ്ങൾ “പിരിലൂസുകളാണു്.” നിത്യജീവിതത്തിലെ പിരിലൂസുകൾ സംസാരിച്ചും പ്രവർത്തിച്ചും നമ്മളെ ശല്യം ചെയ്യും. എന്നാൽ ഈ സാഹിത്യകാരന്റെ മാനസസന്തതികൾ നിശ്ചലങ്ങളായി വർത്തിച്ചുകൊണ്ടു് അവയുടെ സാമാന്യഭിന്നസ്വഭാവം പ്രകടിപ്പിക്കുന്നു.

രണ്ടു മിനിറ്റുകൊണ്ടു് മുങ്ങിച്ചാകുന്നവന്റെ ഓർമ്മയാണു് അനേകം പുറങ്ങളോളം നീണ്ട ഒരു ‘നോവലി’ന്റെ പ്രതിപാദ്യം. (Pincher Martin.) താൻ വശീകരിച്ച പെണ്‍കുട്ടി ഭ്രാന്തിയാകുമ്പോൾ ആത്മാവു് നഷ്ടമായി എന്നു കരുതുന്നവനാണു് വേറൊരുവൻ. (Free Fall.) അസ്തിവാരമുറയ്ക്കാത്ത പള്ളിയുടെ മുകളിൽ നാനൂറടിപ്പൊക്കത്തിൽ ഗോപുരം കെട്ടുന്നു വേറൊരു കിറുക്കൻ. ആകെക്കൂടി അസ്വാഭാവികത, കൃത്രിമത്വം. മഹാന്മാരായ നോവലിസ്റ്റുകളുടെ കൃതികൾ വായിക്കുമ്പോൾ കറുത്ത അക്ഷരങ്ങളിൽ നിന്നു് ജീവനാർന്ന മനുഷ്യർ എഴുന്നേറ്റു് നമ്മുടെ അടുത്തേക്കു നടന്നു വരും. ഗോൾഡിങ്ങിന്റെ കഥാപാത്രങ്ങൾ അച്ചടിച്ച അക്ഷരങ്ങളിൽ അവയുടെ അനിയത സ്വഭാവത്തോടുകൂടി കിടക്കുന്നതേയുള്ളു. വലേസയ്ക്കു വാക്കുകൾ കിട്ടുന്നില്ല. ഗോൾഡിങ്ങിനു് അമ്പരപ്പും. അർഹതയില്ലാത്തതു കിട്ടുമ്പോൾ ഇതൊക്കെ സംഭവിക്കും. അത്ഭുതപ്പെടാൻ എന്തിരിക്കുന്നു?

ആർജെന്റൈൻ സാഹിത്യകാരനായ ഹൂലിയോ കോർട്ടസാർ (Julio Cortazar—b 1914) എഴുതിയ ഒരു ചെറുകഥയിൽ ഒരു കഥാപാത്രം ജീവനുള്ള മുയലുകളെ ഛർദ്ദിക്കുന്നതായി വർണ്ണിച്ചിരിക്കുന്നു. കൊളമ്പിയൻ നോവലിസ്റ്റ് ഗാബ്രിയേൽ ഗറീസയോ മാർകേസിന്റെ (Gabriel Garcia Marquez-b 1928) One Hundred Years of Solitude എന്ന നോവൽ വിശ്വവിഖ്യാതമായിക്കഴിഞ്ഞല്ലോ. നോവലെഴുത്തുകാരുടെ കൂട്ടത്തിൽ മാർകേസിനെ അതിശയിക്കുന്ന മറ്റൊരു നോവലിസ്റ്റ് ഇല്ലെന്നു പലരും അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഈ നോവലിൽ യുക്തിക്കു നിരക്കാത്ത മനോരഥസൃഷ്ടികളുടെ—ഫാന്റസികളുടെ—വിളയാട്ടം കാണാം. മദ്യപാനത്താലുള്ള ബോധശൂന്യതയും വാർദ്ധക്യത്താലുള്ള കാഴ്ചക്കുറവും പല കാരണങ്ങളാൽ വന്നുചേർന്ന ഭ്രാന്തുമൊക്കെ ഈ ഫാന്റസികളുടെ സൃഷ്ടിക്കു സഹായമരുളുന്നു. മഞ്ഞപ്പൂക്കൾ അന്തരീക്ഷത്തിൽ വന്നുവീഴുന്നതായി പ്രസ്താവം. മരിച്ച ഒരു ജിപ്സി ജീവനാർന്നുവരുന്നു. നോവലിലെ മറ്റൊരു കഥാപാത്രമായ ഒറീലിയാനോ ബുവേണ്ടിയ പതിനൊന്നു വയസ്സു മാത്രമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നു. രാത്രിതോറും കിടന്നു മൂത്രമൊഴിക്കുന്ന അവളുടെ ശീലം അങ്ങോട്ടുമാറിയതേയുള്ളു. അപ്പോഴാണു് വിവാഹം. കല്യാണത്തിനു വന്നവർക്കു് ചുംബിക്കാൻവേൻടി ശിശുവായ വധുവിനെ മറ്റാളുകൾ എടുത്തുയർത്തിക്കൊടുക്കുന്നു. അമരാന്ത ഉർസൂലയും അവളുടെ അനന്തിരവനും തമ്മിലുള്ള അവിഹിതവേഴ്ചയിൽനിന്നു ജനിച്ച ശിശുവിനു് പന്നിയുടെ വാലുണ്ടായിരുന്നു. ഇങ്ങനെ എത്രയെത്ര ഫാന്റസികൾ! നോവൽ യഥാതഥ്യത്തെ അതേപടി പ്രതിഫലിപ്പിക്കുന്ന ദർപ്പണമല്ല, അതൊരു സാങ്കല്പിക സൃഷ്ടി മാത്രമാണെന്നു വിശ്വസിക്കുന്നവരാണു് ലാറ്റിനമേരിക്കൻ സാഹിത്യകാരന്മാർ. ബോർഹെസിന്റെ (Borges) El otro tigre എന്ന കാവ്യത്തിൽ കവിതയിൽ ആലേഖനം ചെയ്യപ്പെടുന്ന കടുവയും, ബംഗാളിലെ വനത്തിൽ നടക്കുന്ന കടുവയും തമ്മിൽ അന്തരമുണ്ടെന്നു വ്യക്തമാക്കിയിരിക്കുന്നു. രചന എത്ര യഥാതഥമായാലും അതു സാങ്കല്പികമല്ലേ? അപ്പോൾ കടുവയ്ക്കു നാലു കാലുണ്ടെന്നു് എന്തിനു പറയണം? അതിനു സംസ്കൃതം അറിഞ്ഞുകൂടെന്നു് എന്തിനു കരുതണം? കാവ്യത്തിലെ കടുവയ്ക്കു മൂന്നു കാലുകൾ ആകാം. അതു ഹോക്കി കളിക്കാം. അതിനു സംസ്കൃതം സംസാരിക്കാം. ഈ ഫാന്റസി, ലാറ്റിനമേരിക്കൻ സാഹിത്യസൃഷ്ടികളുടെ ഒരനുപേക്ഷണീയഘടകമാണു്. മാർകേസിന്റെ ചെറുകഥകളിലും നോവലുകളിലും അതു ചേതോഹരമായി പ്രത്യക്ഷപ്പെട്ടു് കലയുടെ സത്യത്തിലേക്കു വായനക്കാരെ നയിക്കുന്നു.

മാർകേസിന്റെ “A very old man with Enormous Wings” എന്ന ചെറുകഥയിൽ പെലയോ എന്ന കഥാപാത്രം ധാരാളം ഞണ്ടുകളെ കൊല്ലുന്നതായിട്ടാണു് ആദ്യത്തെ പ്രസ്താവം. തന്റെ കുട്ടിക്കു പനി വന്നതു് ചത്ത ഞണ്ടുകളുടെ നാറ്റംകൊണ്ടാണെന്നു് അയാൾ കരുതുന്നു. ആ ഞണ്ടുകളെ കടലിൽ വലിച്ചെറിഞ്ഞിട്ടു് അയാൾ തിരിച്ചുവരുമ്പോൾ, മുറ്റത്തു് ഒരു കിഴവൻ എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്നു. അതിന്റെ ഹേതുവെന്താണെന്നു നോക്കിയപ്പോൾ ആ കിഴവനു രണ്ടു വലിയ ചിറകുകൾ. മാലാഖ സുഖക്കേടു പിടിച്ച കുട്ടിയെ കൊണ്ടുപോകാൻ സ്വർഗ്ഗത്തുനിന്നു വന്നിരിക്കുകയാണെന്നു് എല്ലാവരും കരുതി.

സമുദ്രതീരത്തുനിന്നു് വളരെ അകന്നു്, കടന്നുചെല്ലാൻ വയ്യാത്ത കാടുകളും അനൂപദേശങ്ങളും നിറഞ്ഞ ഒരു സാങ്കല്പിക പ്രദേശമാണു് മാക്കോണ്ട. അവിടെയാനു് One Hundred Years of Solitude എന്ന നോവലിലെ കഥ നടക്കുന്നതു്. അവിടം തികച്ചും അപരിഷ്കൃതങ്ങളാണു്. ആ സ്ഥലത്തുനിന്നു് ഇരുന്നൂറോ മുന്നൂറോ നാഴിക അകലെയായി ആധുനിക പരിഷ്കാരത്തിന്റെ എല്ലാ സൗകര്യങ്ങളുമുള്ള പട്ടണങ്ങളുണ്ടു്. അവിടെനിന്നു് അയസ്കാന്തവും ഭൂതക്കണ്ണാടിയും മാക്കോണ്ടയിലെത്തുമ്പോൾ ആളുകൾ അത്ഭുതപ്പെടുന്നു. പക്ഷേ, അവിടെ മാനത്തുനിന്നു മഞ്ഞപ്പൂക്കൾ വീഴുമ്പോൾ ആളുകൾ നൂറുവർഷത്തിലധികം ജീവിക്കുമ്പോൾ, ചത്തവർ ജീവനോടെ എഴുന്നേറ്റു വരുമ്പോൾ അവർക്കു് അത്ഭുതമില്ല. ഒറ്റപ്പെടൽകൊണ്ടുണ്ടാകുന്ന മാനസികാവസ്ഥയാണിതു്. ഇതിനെ സ്ഥൂലീകരിച്ചു് മാർകേസ് നോവലിൽ പ്രതിപാദിക്കുന്നു. അപഗ്രഥിച്ചുനോക്കൂ. ഫാന്റസിയിൽനിന്നു് നിങ്ങൾക്കു സത്യത്തിലെത്താം.

കുറിപ്പുകൾ
[1]

വലേസക്കു നോബൽസമ്മാനം കൊടുത്തപ്പോൾ രചിച്ച ലേഖനം.

Colophon

Title: Magical Realism (ml: മാജിക്കൽ റിയലിസം).

Author(s): M Krishnan Nair.

First publication details: Prabhatham Printing and Publishing Co Ltd; Trivandrum, India; 1985.

Deafult language: ml, Malayalam.

Keywords: M Krishnannair, Magical Realism, മാജിക്കൽ റിയലിസം, എം കൃഷ്ണൻ നായർ, Literary criticism, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 8, 2022.

Credits: The text of the original item is copyrighted to J Vijayamma. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Glance of a Landscape, watercolor sprayed drawing by Paul Klee (1870–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Proofing: KB Sujith; Typesetter: Sayahna Foundation; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.